പ്രത്യേക ശ്രദ്ധയ്ക്ക്

സീറോ മലബാർ സഭയും കത്തോലിക്ക അസ്ഥിത്വവും പോരാട്ടങ്ങളും

ജോസഫ് പടന്നമാക്കല്‍ 2018-05-06 02:53:12am

കത്തോലിക്ക' എന്ന വാക്ക് ഉത്ഭവിച്ചത് ഗ്രീക്കു പദത്തിൽ നിന്നാണ്. 'സാർവത്രിക'മെന്നാണ് അതിന്റെ അർത്ഥം. റോമ്മുമായി കൂദാശകളിൽ പങ്കുചേരുന്ന സഭകൾക്കാണ് സാധാരണയായി ഈ  വാക്ക് പ്രയോഗിക്കുന്നത്. ഇന്ത്യയിലാകമാനം ഏകദേശം ഇരുപതു മില്യൺ കത്തോലിക്ക ജനസംഖ്യയുണ്ടെന്നു   കണക്കാക്കിയിരിക്കുന്നു. ക്രിസ്ത്യൻ സഭകളിൽ എണ്ണംകൊണ്ട് കത്തോലിക്ക സഭയാണ് ഏറ്റവും വലിയ സഭ.  സഭയിൽ ഏകദേശം 174 രൂപതകൾ അതാത് മെത്രാന്മാരുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ 132 രൂപതകൾ ലാറ്റിൻ സമുദായത്തിന്റേതാണ്. 31 സീറോ മലബാർ രൂപതയും പതിനൊന്നു സീറോ മലങ്കര രൂപതകളും  സഭയ്ക്കുണ്ട്. ക്നാനായ രൂപതകൾ സീറോ മലബാർ രൂപതകളിൽ ഉൾപ്പെടും.  ക്രിസ്‌ത്യാനികളെ നസ്രാണി ക്രിസ്ത്യാനികളെന്നും വിളിച്ചിരുന്നു. നസ്രാണിയെന്നുള്ളത് സുറിയാനി പദമാണ്. നസ്രായക്കാരനായ യേശുവിന്റെ പിൻഗാമികളെന്നാണ് അർത്ഥം.

കേരളത്തെ ഇന്ത്യയിലെ കത്തോലിക്കരുടെ 'വത്തിക്കാൻ' എന്ന് വിളിക്കുന്നതിൽ അതിശയോക്തിയില്ല. ഇവിടെ  ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് സെന്റ് തോമസ് ഇന്ത്യയിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ്. രണ്ടാമത് പോർട്ടുഗീസ് മിഷ്യനറിമാർ വന്നു ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിതത്തെ പരിവർത്തനാത്മകമാക്കി ചരിത്രം തന്നെ മാറ്റിയെഴുതിയെന്നുള്ളതാണ്. മൂന്നാമത് ക്രിസ്ത്യാനികളുടെ പ്രധാന സംഭവങ്ങൾ മുഴുവൻ നടന്നത് കേരളത്തിലാണ്. 1599-ലെ ഉദയം പേരൂർ സൂനഹദോസ്, 1652-ലെ മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശു സത്യം, 1874-ലെ തൃശൂരിലുണ്ടായ കൽദായ വാദികളുമായ വിഭജനം, എന്നിങ്ങനെയുള്ള സംഭവങ്ങൾക്കെല്ലാം കേരളം ദൃക്‌സാക്ഷിയായിരുന്നു. കൂടാതെ ഇന്ത്യയുടെ മൊത്തം  കത്തോലിക്കരുടെ പകുതിയും കേരളത്തിലാണ് വസിക്കുന്നത്.

മലബാർ ക്രിസ്ത്യാനികൾ അല്ലെങ്കിൽ സിറോ മലബാർ ക്രിസ്ത്യാനികൾ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേർഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങൾ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേർഷ്യയിൽ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികൾ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. പോർട്ടുഗീസുകാർ ഇന്ത്യയിൽ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികൾ ബാബിലോണിയൻ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാക്ഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങൾ അനുസരിച്ച് കുർബാന ക്രമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു.  ചരിത്രകാരന്മാരുടെ കണക്കുകൂട്ടലിൽ നാലാം നൂറ്റാണ്ടുമുതൽ ഇന്ത്യയിൽ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

ക്രിസ്തുശിക്ഷ്യൻ, അവിശ്വാസിയായ തോമസ് ഇന്ത്യയിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ് കേരള ക്രിസ്ത്യാനികളുടെയിടയിലെ പരക്കെയുള്ള വിശ്വാസം. സെന്റ് തോമസ് ഭാരതത്തിൽ വന്നതിന്റെ തെളിവുകൾ ചോദിച്ചാൽ 'കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന ക്രിസ്തു വചനം മാത്രമേ ഉത്തരമുള്ളൂ. കാരണം, ക്രിസ്തു മൂന്നാം നാൾ ഉയർത്തുവെന്ന വിശ്വാസം അവിശ്വാസിയായ തോമസ് വിശ്വസിച്ചില്ല. അതുപോലെ ഇന്നുള്ള ആധുനിക ചരിത്രകാരും തോമസിന്റെ ഇന്ത്യയിലെ പ്രേഷിത ദൗത്യത്തെ അംഗീകരിക്കുന്നില്ല.  ഒരു സിറിയൻ കച്ചവടക്കാരനായ ക്നാനായ തോമസ് ഭാരതത്തിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നും ഇവിടെ കോളനികൾ സ്ഥാപിച്ചുവെന്നും മറ്റൊരു വിശ്വാസവുമുണ്ട്. കേരളത്തിലെ ക്രിസ്തീയ വിശ്വാസം അടിസ്ഥാനമില്ലാത്ത രണ്ടു ദിവ്യന്മാരാൽ പടുത്തുയർത്തിയെന്നു വേണം ചിന്തിക്കാൻ.

ആറാം നൂറ്റാണ്ടിൽ ചെന്നൈയിൽ മൈലാപ്പൂരെന്ന ഗ്രാമത്തിൽ സെന്റ് തോമസിന്റെ കുഴിമാടം കണ്ടുപിടിച്ചത് അർമേനിയൻ ക്രിസ്ത്യാനികളാണ്. അതേ സ്ഥാനത്ത് അവർ അവിടെ ഒരു പള്ളിയും പണിതു. യാത്രികനായിരുന്ന മാർക്കോപോളോ ഈ പള്ളി സന്ദർശിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. 1523-ൽ പോർട്ടുഗീസുകാർ തോമസ് കുഴിമാടത്തിൽ ഒരു പള്ളി പണിതു. ആ പള്ളിയെ 'സാൻ തോം' എന്ന് വിളിച്ചു. 1606-ൽ പോർട്ടുഗൽ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെ അപേക്ഷപ്രകാരം 'പോപ്പ് പോൾ അഞ്ചാമൻ' സെന്റ് തോമസ് പള്ളിയെ ബസ്‌ലീക്കായായി ഉയർത്തി. 1898-ൽ 'ഡോം ഹെൻറിക്‌സ് റീഡ് ഡീ സിൽവാ' മൈലാപ്പൂരിലെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. അവിടെ ഗോതിക്ക് മാതൃകയിലുള്ള കത്തീഡ്രൽ പണിയുകയും ചെയ്തു.

പടിഞ്ഞാറേ മിഷനറിമാർ ഇന്ത്യയിൽ വന്നപ്പോൾ ക്രിസ്ത്യാനികൾ നെസ്തോറിയൻ വിശ്വാസമായിരുന്നു പുലർത്തിയിരുന്നത്. അത്തരം വിശ്വാസം അവർക്ക് അസഹനീയമായിരുന്നു. എന്നാൽ ചില ചരിത്രകാരന്മാർ എഴുതിയിരിക്കുന്നത്, 'യൂറോപ്യൻ മിഷ്യനറിമാർ ഇന്ത്യയിൽ വരുന്ന സമയം ആദ്യമ ക്രിസ്ത്യാനികളുടെ വിശ്വാസം നെസ്തോറിയനിസമായിരുന്നില്ല മറിച്ച് കിഴക്കേ സിറിയാ ആചരിച്ചുവന്നിരുന്ന കത്തോലിക്ക വിശ്വാസമായിരുന്നു'വെന്നാണ്. ഇവിടെ ചരിത്രകാരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ, വ്യക്തമായ ഒരു ഉത്തരം ലഭിക്കുക പ്രയാസമാണ്.

1247 മുതൽ 1328 വരെ ജീവിച്ചിരുന്ന 'ജോൺ ജിയോവാന്നി മോണ്ടെ കാർവിനോ ' എന്ന ഇറ്റാലിയൻ ഫ്രാൻസിസ്‌ക്കൻ പുരോഹിതൻ ഇന്ത്യയിലെ ക്രിസ്തുമതം പ്രചരിപ്പിച്ച ആദ്യകാല മിഷിനറിയായി കരുതുന്നു. അദ്ദേഹം റോമൻ കത്തോലിക്ക മതം ഇന്ത്യയിലും ചൈനയിലും പ്രചരിപ്പിച്ചിരുന്നു. പീക്കിങ്ങിലെ ആർച്ച് ബിഷപ്പും പൗരസ്ത്യ ദേശങ്ങളിലെ ചുമതലകളും വഹിച്ചിരുന്നു. പതിമൂന്നു മാസം ചെന്നൈയിൽ സെന്റ് തോമസ് മൗണ്ടിനു സമീപം മതം പ്രസംഗിച്ചു. എ.ഡി. 1291 അല്ലെങ്കിൽ എ.ഡി. 1292-ൽ നൂറു കണക്കിന് ജനത്തെ മാമ്മൂദീസ നൽകി കത്തോലിക്ക സഭയിൽ ചേർത്തു. കേരളത്തിലെ ആദ്യത്തെ റോമ്മൻ കത്തോലിക്ക രൂപത 1329 ആഗസ്റ്റ് ഒമ്പതാം തിയതി കൊല്ലത്തു സ്ഥാപിച്ചു. പോപ്പ് ജോൺ പന്ത്രണ്ടാമനായിരുന്നു രൂപത സ്ഥാപിക്കാൻ അനുവാദം നൽകിയത്. ഫ്രഞ്ച് ഡൊമിനിക്കനായ 'ജോർഡാനസ് കാറ്റാലനിഡീ സെവേരക്കിനെ' ആദ്യത്തെ ബിഷപ്പായും കൊല്ലത്തു  വാഴിച്ചു.

1498-ൽ പോർട്ടുഗീസ് നാവികനായ വാസ്കോഡി ഗാമ കോഴിക്കോട് എത്തി. എന്നാൽ കോഴിക്കോട് സാമൂതിരി വാസ്‌ക്കോഡി ഗാമയ്ക്ക് സ്വാഗതം നൽകിയില്ല. അറബികളെ പ്രീതിപ്പെടുത്തുന്ന നയമായിരുന്നു സാമൂതിരിക്കുണ്ടായിരുന്നത്. അക്കാലത്ത് കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മിൽ ശത്രുതയിലായിരുന്നു. പോർട്ടുഗീസുകാരെ ഹാർദ്ദമായി കൊച്ചി രാജാവ് സ്വീകരിച്ചു. സാമൂതിരിക്കെതിരെ പടയോട്ടം നയിക്കാൻ പോർട്ടുഗീസുകാരുടെ സഹായം ബലവത്താകുകയും ചെയ്തു. കൊച്ചിയിൽ വാണിജ്യം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി രാജാവ് പോർട്ടുഗീസുകാർക്ക് നൽകി. കേരളത്തിന്റെ തീരത്ത് ശക്തമായ ഒരു വ്യവസായ സാമ്രാജ്യം സ്ഥാപിക്കാൻ പോർട്ടുഗീസുകാർക്ക് അതൊരു അവസരമായിരുന്നു. കോലത്തിരി രാജാവും പോർട്ടുഗീസ് നാവികരെ സഹായിച്ചിരുന്നു. ഒന്നര നൂറ്റാണ്ടോളം വാണിജ്യ ബന്ധം തുടർന്നു. 1504-ൽ പോർട്ടുഗീസുകാർ സാമൂതിരിയിൽനിന്നും കൊടുങ്ങല്ലൂരും തൃശൂരും പിടിച്ചെടുത്തു.

1510-ൽ പോർട്ടുഗീസുകാർ ഗോവാ പിടിച്ചെടുക്കുകയും ഗോവയെ പോർട്ടുഗലിന്റെ കിഴക്കിന്റെ തലസ്ഥാനമായി കരുതുകയും ചെയ്തു. സഭാ സംബന്ധമായ വിഷയങ്ങളുടെ കേന്ദ്രമായും ഗോവയെ കരുതിയിരുന്നു. 1534-ൽ ഗോവയിൽ ബിഷപ്പുണ്ടാവുകയും 1557-ൽ അതിരൂപതയാവുകയും ചെയ്തു. കേരളം ഉൾപ്പെട്ട പ്രദേശങ്ങളുടെ ആത്മീയ നിയന്ത്രണവും ഗോവയിലെ ബിഷപ്പിനായിരുന്നു. 1541-ൽ അവർ കൊടുങ്ങല്ലൂരിൽ ഒരു സെമിനാരി സ്ഥാപിക്കുകയുമുണ്ടായി. 1542-ൽ ഈശോ സഭാ വൈദികരും 1548-ൽ ഡോമിനക്കൻ പുരോഹിതരും മിഷ്യനറി പ്രവർത്തനങ്ങൾക്കായി എത്തി. 1542-ൽ ഈശോ സഭാ വൈദികനായിരുന്ന ഫ്രാൻസീസ് സേവിയർ ഗോവായിൽ വന്നെത്തുകയും ഗോവാ കേന്ദ്രമാക്കി മിഷ്യൻ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. താഴ്ന്ന വിഭാഗങ്ങളിലുള്ള ഹിന്ദുക്കൾ ഉയർന്ന ജാതികളുടെ മനുഷ്യത്വ രഹിതമായ പീഡനം മൂലം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.

പോർട്ടുഗീസുകാരുടെ സമ്മർദ്ദത്തോടെ ക്രിസ്ത്യാനികളിൽ നിരവധി സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി.  1599 ജൂൺ ഇരുപതാം തിയതി കൂടിയ ഉദയംപേരൂർ സുന്നഹദോസിൽ വന്നെത്തിയ പ്രമാണിമാർ ഒറ്റമുണ്ടും ധരിച്ചുകൊണ്ടായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. അക്കാലത്ത് ക്രിസ്ത്യാനികളുടെ തലയിൽ പ്രാകൃതമായ രീതിയിൽ ഒരു തരം വിചിത്രമായ കുടുമ്മ കെട്ടി വെക്കുമായിരുന്നു. മറ്റു ജാതികളിൽനിന്നും വ്യത്യസ്തമായി കുടുമ്മയുടെ അറ്റത്ത് ഒരു കുരിശും കാണും. അവർ ക്രിസ്ത്യാനികളെന്ന് തിരിച്ചറിഞ്ഞിരുന്നതും കുടുമ്മയിൽ കുരിശു കാണുമ്പോഴായിരുന്നു. കാതിൽ വലിയ കടുക്കനും ധരിച്ചിരുന്നു. മഴക്കാലത്തു ഓലക്കുട ചൂണ്ടുകയോ തൊപ്പിക്കുട ധരിക്കുകയോ ചെയ്തിരുന്നു. ഉടുത്തിരുന്ന തുണിക്കുപുറമെ അരയിൽ ചുവന്ന കച്ചയും കെട്ടിയിരുന്നു. കച്ചയ്ക്കുള്ളിൽ പണവും സൂക്ഷിച്ചിരുന്നു. മന്ത്രവാദം, കൂടോത്രം, ജാതകപൊരുത്തമെല്ലാം ക്രിസ്ത്യാനികളുടെ തൊഴിലായിരുന്നു. പോർട്ടുഗീസുകാരുടെ സാമൂഹിക പരിഷ്‌ക്കാരങ്ങളിൽക്കൂടിയാണ് അക്രൈസ്തവമായ അത്തരം ദുരാചാരങ്ങൾ ഇല്ലാതായത്. തീണ്ടൽ, തൊടീൽ എന്നിങ്ങനെയുള്ള ആചാരങ്ങൾ കൃസ്ത്യൻ സഭകളിൽ പാടില്ലാന്നുള്ള കർശന നിയമങ്ങളും പോർട്ടുഗീസുകാർ കൊണ്ടുവന്നിരുന്നു.

കേരള ക്രൈസ്തവരുടെ പിന്തുടർച്ച അവകാശത്തെപ്പറ്റിയും സുന്നഹദോസിൽ ചർച്ച ചെയ്തിരുന്നു. ആൺക്കുട്ടികൾ ഇല്ലാത്ത വീടുകളിൽ സ്വത്തുക്കൾ പെൺമക്കൾക്ക് നൽകണമെന്ന വ്യവസ്ഥ സൂനഹദോസ് പ്രമാണത്തിൽ എഴുതി ചേർത്തു. അക്കാലത്ത് ക്രിസ്ത്യാനികളുടെയിടയിൽ ബാല്യകാല വിവാഹം സാധാരണമായിരുന്നു. അത്,  അനുവദിച്ചുകൂടായെന്നും സൂനഹദോസ് തീരുമാനിച്ചു. ആണിനും പെണ്ണിനും വിവാഹം കഴിക്കേണ്ട പ്രായവും തീരുമാനിച്ചു. അന്യായ പലിശ വാങ്ങുന്നതും ക്രിസ്തീയതയ്‌ക്കെതിരെന്നു സൂനഹദോസ് പാസാക്കി. ജാതക പൊരുത്തമില്ലാതെ ചീത്ത നക്ഷത്രത്തിൽ പിറക്കുന്ന കുട്ടികളെ കൊല്ലുന്ന പതിവ്  ഹൈന്ദവരെപ്പോലെ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു.  അത്തരം ക്രൂരപ്രവർത്തികൾ ഇല്ലാതാക്കിയുള്ള നിയമങ്ങളുമുണ്ടാക്കി.  സൂനഹദോസിൽ നിരവധി സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയതുമൂലം യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ എതിർപ്പുകൾ ശക്തമായി നേരിടേണ്ടി വന്നു. ഒടുവിൽ അത് കൂനൻ കുരിശു സത്യത്തിലേക്ക് നയിക്കുകയായിരുന്നു.

പോർട്ടുഗൽ രാജാവ് കോളനികൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ കത്തോലിക്ക മതം പ്രചരിപ്പിക്കുന്നതിനും അവിടെ സഭാപരമായ തീരുമാനങ്ങൾ എടുക്കാനും രാജാവിന് അധികാരമുണ്ടെന്നുള്ള വത്തിക്കാന്റെ ഒരു കൽപ്പന അക്കാലത്തുണ്ടായിരുന്നു. കോളനികളിൽ ബിഷപ്പുമാരെ നിയമിക്കാനും പോർട്ടുഗൽ രാജാവിന് അധികാരം കൊടുത്തിരുന്നു. അങ്ങനെ കേരളത്തിലും ഫ്രാൻസീസ് അസീസ് എന്ന ഈശോ സഭാ പുരോഹിതനെ മെത്രാപ്പോലീത്തായായി നിയമിച്ചു. ആദ്യം അദ്ദേഹം അങ്കമാലിയിലും പിന്നീട് കൊടുങ്ങല്ലൂർ രൂപതയിലും സേവനം ചെയ്തു. 1624 മുതൽ 1641 വരെ  'സ്റ്റീഫൻ ബ്രിട്ടോ' അദ്ദേഹത്തിൻറെ പിൻഗാമിയായിരുന്നു. പിന്നീട് 1641-ൽ ഫ്രാൻസിസ് ഗാർസിയ ആർച്ചു ബിഷപ്പായി സഭയെ ഭരിച്ചു. പോർട്ടുഗീസു ബിഷപ്പുമാർ! സഭയെ ഭരിക്കുന്നത് ദേശീയ ക്രിസ്ത്യാനികൾ ഇഷ്ടപ്പെട്ടിരുന്നില്ല. അസന്തുഷ്ടരായ ജനങ്ങൾ സ്വന്തം നാട്ടിൽനിന്ന് മെത്രാന്മാരെ ലഭിക്കാത്ത പക്ഷം പേർഷ്യയിൽ നിന്ന് ഒരു ബിഷപ്പിനെ വരുത്താൻ ആഗ്രഹിച്ചു. നാട്ടു മെത്രാനുവേണ്ടിയുള്ള  അപേക്ഷകളും ഗോവൻ മെത്രാപ്പോലീത്തായ്ക്കു അയച്ചുകൊണ്ടിരുന്നു.

സുറിയാനി ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ പിന്തുടർച്ചയിൽ വിശ്വസിച്ചിരുന്നതുകൊണ്ടു സുറിയാനി ഭാഷയുടെ സ്ഥാനത്ത് ലത്തീൻ ഭാക്ഷ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ രണ്ടു ഗ്രുപ്പുകളും തമ്മിൽ ശത്രുതയുമാരംഭിച്ചു. പോർട്ടുഗീസുകാർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടു സുറിയാനി ക്രിസ്ത്യാനികളും പേർഷ്യൻ പാത്രിയാക്കീസുമാരുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കാനും അവർക്ക് സാധിച്ചു. എന്നിട്ട് ക്രിസ്ത്യാനികളെ അവരുടെ അധികാര പരിധിയിൽ കൊണ്ടുവരുകയുമുണ്ടായി. പേർഷ്യൻ മെത്രാന്മാരെ കേരളത്തിൽ എത്തിക്കാതിരിക്കാനുള്ള എല്ലാ അടവുകളും അവർ പ്രയോഗിച്ചിരുന്നു. പേർഷ്യയിൽനിന്നും മാർ എബ്രാഹം കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് വലിയ പ്രതിക്ഷേധങ്ങൾ നേരിടേണ്ടി വന്നു. പോർട്ടുഗീസ് അധികാരികൾ മടക്കി അയക്കുമെന്ന ഭീക്ഷണികളും മുഴക്കിയിരുന്നു. എങ്കിലും 1597 മരണം വരെ അദ്ദേഹം പ്രതിസന്ധികളിൽക്കൂടി ക്രിസ്ത്യാനികളെ നയിച്ചുകൊണ്ടിരുന്നു.

1652-ൽ സുറിയാനി ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം ബാബിലോണിയൻ പാത്രിയർക്കീസ് സുറിയാനി സഭയുടെ ഭരണത്തിനായി 'ബിഷപ്പ് അഹത്തുള്ളാ'യെ കേരളത്തിലേക്ക് അയച്ചു. എന്നാൽ പോർട്ടുഗീസ് അധികാരികൾ അദ്ദേഹത്തെ കേരളത്തിൽ കാലു കുത്താൻ അനുവദിച്ചില്ല. അവർ അദ്ദേഹത്തെ ഗോവയിലേക്ക് നാട് കടത്തി. കൊച്ചിയിൽ അഹത്തുള്ളായെ പോർട്ടുഗീസുകാർ മുക്കിക്കൊന്നുവെന്ന ഒരു വ്യാജ വാർത്തയും പ്രചരിച്ചിരുന്നു. നിരാശരായ ജനം മട്ടാഞ്ചേരി കുരിശിനു ചുറ്റും കൂടി 'ഇനിമേൽ ഗോവാ ബിഷപ്പിന്റെ അധികാരത്തിൽ തങ്ങളുടെ ആത്മീയ ആചാരങ്ങൾ നടത്തില്ലെന്ന്' പ്രതിജ്ഞ ചെയ്തു. അവിടെ കൂടിയ ഓരോ വിശ്വാസിയും കുരിശിൽ തൊട്ടു സത്യം ചെയ്യണമായിരുന്നു. ജനക്കൂട്ടം കുരിശിൽ വലിയ ഒരു കയർ വലിച്ചുകെട്ടുകയും ഓരോരുത്തരും  കയറിൽ തൊട്ടു ഇനിമേൽ റോമ്മാ സഭയുമായി ബന്ധമില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ സുറിയാനി ക്രിസ്ത്യാനികളുടെയിടയിൽ 'കൂനൻ കുരിശു' സത്യമെന്ന് അറിയപ്പെടുന്നു.  അങ്ങനെ പ്രതിജ്ഞ ചെയ്തവരെല്ലാം ആലങ്ങാട് സമ്മേളനം കൂടി. പന്ത്രണ്ടു പുരോഹിതർ ഒന്നിച്ചുകൂടി കൈവെയ്പ്പ് നടത്തി ആർച്ച് ഡീക്കനായിരുന്ന തോമസ് പറമ്പിലിനെ ബിഷപ്പായി വാഴിച്ചു. എന്നാൽ ഈ നടപടിയെ ബഹുഭൂരിപക്ഷം അംഗീകരിച്ചില്ല. അവിടെ വിഭജനമുണ്ടാവുകയും ചെയ്തു. തോമസ് പറമ്പിലുമായി യോജിച്ചു പോയവർ അന്തിയോഖ്യ യാക്കോബായ സഭയുമായി പിന്നീട് ലയിച്ചു. മറ്റുള്ളവർ ലത്തീൻ രൂപതകളുടെ കീഴിൽ സുറിയാനി കത്തോലിക്കരായി ആത്മീയ കാര്യങ്ങൾ നിർവഹിച്ചു പോന്നു. പിന്നീട് അവരെ സീറോ മലബാർ കത്തോലിക്കരെന്നു അറിയപ്പെടാൻ തുടങ്ങി.

പോർട്ടുഗീസ് മിഷിണറിമാർ നാട്ടു ക്രിസ്ത്യാനികളോടു കാണിച്ച ക്രൂരതകളെപ്പറ്റി റോമ്മായിലെ സഭയുടെ അധികാരികൾക്ക് വിവരം കിട്ടി. 'അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പ' വിവരങ്ങൾ അന്വേഷിക്കാനും കേരളസഭയെപ്പറ്റി പഠിക്കാനും ഫാദർ ജോസഫ് സെബാസ്റ്റ്യനെയും ഏതാനും കർമ്മലീത്ത പുരോഹിതരെയും ഇന്ത്യയിലേക്ക് അയച്ചു. നാട്ടുകാരായ ഫാദർ ചാണ്ടി പറമ്പിലിന്റെയും ഫാദർ ചാണ്ടി കടവിലിന്റെയും സഹായത്താൽ വിഘടിച്ചുപോയ ആർച്ച് ഡീക്കൻ തോമസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാൽപ്പതോളം പള്ളികളെയും സമുദായാംഗങ്ങളെയും ഫാദർ സെബാസ്റ്റ്യൻ കത്തോലിക്ക സഭയിലേക്ക് മടക്കിക്കൊണ്ടുവന്നു. 1663-ൽ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ മൊത്തം 84 പള്ളികൾ മടങ്ങി വന്നിരുന്നു.

1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കി. അവർ യൂറോപ്പ്യന്മാരായ എല്ലാ പുരോഹിതരെയും കൊച്ചിയിൽനിന്ന് പുറത്താക്കി. ഇറ്റലിക്കാരായ കർമ്മലീത്താ പുരോഹിതർക്ക് രാജ്യം വിടേണ്ടി വന്നു. ബിഷപ്പ് സെബാസ്റ്റ്യൻ ഇറ്റലിയിലേക്ക് മടങ്ങി പോവുന്നതിനുമുമ്പ് ചാണ്ടി പറമ്പിലിന് മലബാർ പ്രോവിൻസിന്റെ മുഴുവൻ അധികാരവും കൊടുത്തിരുന്നു. അദ്ദേഹത്തെ മലബാറിന്റെ അപ്പോസ്തോലിക വികാരിയായി നിയമിച്ചു. പോർട്ടുഗീസ് രാജാവിന്റെ കീഴിലുള്ള ഈശോ സഭ വൈദികരെ കൊടുങ്ങല്ലൂർ രൂപതയുടെ ചുമതലയും ഏൽപ്പിച്ചിരുന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിൽ സീറോ മലബാർ രണ്ടു രൂപതകളുടെ കീഴിൽ രണ്ടായി പ്രവർത്തിച്ചിരുന്നു.

നാട്ടുകാരനിൽ ഒരാൾ ബിഷപ്പായോ അല്ലെങ്കിൽ പേർഷ്യയിൽനിന്ന് ഒരു ബിഷപ്പിനെ ലഭിക്കാനോ വേണ്ടിയുള്ള ശ്രമങ്ങൾ സുറിയാനി കത്തോലിക്കർ തുടർന്നുകൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലയളവിൽ ഫാദർ ജോസഫ് കാരിയാറ്റിലിനെയും ഫാദർ തോമസ് പാറേമാക്കലിനെയും ആ ദൗത്യത്തിനായി നിയമിച്ചു. അവർ ഇരുവരും കൂടി പോർട്ടുഗലിലേക്കും റോമിലേക്കും  നിവേദനങ്ങളുമായി യാത്ര പുറപ്പെട്ടു. മിഷ്യനറിമാരുടെ ക്രൂരതയും അഹന്തയും അനീതിയും പ്രതിഫലിപ്പിക്കുന്ന അഭിപ്രായങ്ങൾ നിവേദനത്തിലുണ്ടായിരുന്നു. ജോസഫ് കരിയാറ്റിൽ കൊടുങ്ങല്ലൂരിന്റെ ബിഷപ്പായി നിയമിതനായെങ്കിലും അദ്ദേഹത്തിന് സ്വന്തം ജനങ്ങളുടെ ഇടയനാകാൻ സാധിച്ചില്ല. 1786-ൽ ദുരൂഹമായ ഏതൊ സാഹചര്യത്തിൽ അദ്ദേഹം ഗോവയിൽ വെച്ച് മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ്,  പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഭരണകർത്താവായി നിയമിച്ചിരുന്നു. പാറേമ്മാക്കൽ, 1786 മുതൽ 1799 വരെ കൊടുങ്ങല്ലൂർ രൂപതയെ നയിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യമായ 'വർത്തമാന പുസ്തകം' രചിച്ചത് പാറേമ്മാക്കലായിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഭരണം വീണ്ടും വിദേശികളുടെ നിയന്ത്രണത്തിലായി.

1861-കാലഘട്ടങ്ങളിലും സുറിയാനി കത്തോലിക്കർ സ്വന്തം നാട്ടു മെത്രാന്മാർക്കായി കലഹിച്ചുകൊണ്ടിരുന്നു. റോമിന്റെ കീഴിലുളള കൽദായ പാത്രിയാക്കീസ് 'മാർ ജോസഫി ഒഡോ' അയച്ച ബിഷപ്പ് 'മാർ റോക്കോസ്', സഭാ ശുശ്രുഷകൾക്കായി തൃശൂരിലെത്തി. റോമ്മിന്റെ അനുവാദം കൂടാതെ, കൽദായ മെത്രാന്റെ അധികാര പരിധിക്കു വെളിയിൽ നിന്നായിരുന്നു 'റോക്കോസ്' കേരള സുറിയാനി  സഭയുടെ ഔദ്യോഗിക കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്. കൽദായ പാത്രിയാക്കീസുമാർക്ക് മലബാറിലേക്ക് ബിഷപ്പുമാരെ അയക്കുവാനുള്ള അധികാരം റോം വിലക്കിയിട്ടുമുണ്ടായിരുന്നു.  റോക്കോസ് പ്രശ്നത്തിന്റെ പേരിൽ സഭയിൽ വീണ്ടും വിഭജനമാരംഭിച്ചു. ഈ പ്രശ്ന കാലത്താണ് ഫാദർ ചാവറ കുറിയാക്കൊസ് ഏലിയാസിനെ സീറോ മലബാറിന്റെ വികാരി ജനറാളായി നിയമിച്ചത്. അദ്ദേഹവും അനുയായികളും റോക്കോസിനെതിരെ പ്രതികരിക്കുകയും പ്രതിക്ഷേധിക്കുകയും ചെയ്തു. '1862-ൽ റോക്കോസിനെ കൽദായ പാത്രിയർക്കീസ് തിരികെ വിളിച്ചില്ലെങ്കിൽ സഭയിൽനിന്ന് മഹറോൺ ചെല്ലുമെന്ന വത്തിക്കാനിൽനിന്നും ഒരു കൽപ്പനയും വന്നെത്തി. ഭൂരിഭാഗം സുറിയാനി കത്തോലിക്കരും വിചാരിച്ചിരുന്നത് റോക്കോസ് സഭാ ശുശ്രുഷകൾ തുടങ്ങിയത് റോമ്മിന്റെ അനുവാദത്തോടെയെന്നായിരുന്നു. റോക്കോസിനെ പിന്തുണച്ച ചെറിയ ഒരു ന്യുന പക്ഷം മാത്രം റോമ്മാ സഭയിൽനിന്നും അകന്നു നിന്നു.

1874-ൽ സഭയിൽ മറ്റൊരു വിഭജനം കൂടിയുണ്ടായി. റോമ്മിന്റെ കീഴിലുണ്ടായിരുന്ന സീറോ കൽദായ പാത്രിയർക്കീസ്! തങ്ങളുടെ മെത്രാനായ 'മാർ മേലുസിനെ കേരളസഭയുടെ ശുശ്രുഷ പരിപാലനത്തിനായി അയച്ചു. തൃശൂരിലെ ജനങ്ങളായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. റോമ്മിന്റെ അനുവാദത്തോടെയാണ് കൽദായ ബിഷപ്പ് 'മേലൂസ്‌' വന്നതെന്നു കരുതി തൃശൂർ ജനത അദ്ദേഹത്തിന് വലിയ സ്വീകരണങ്ങൾ നൽകി. റോമ്മിന്റെ  അനുവാദമില്ലാതെ മെത്രാന്റെ ചുമതലകൾ വഹിച്ച മേലൂസിനെ  മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം  'ലിയോണാർഡ് മെത്രാപ്പോലീത്താ' സഭയിൽ നിന്നും പുറത്താക്കി. ജനങ്ങൾ തീരുമാനമെടുക്കാൻ കഴിയാതെ ചിന്താ കുഴപ്പത്തിലാവുകയുമുണ്ടായി. ഏതാനും കുടുംബങ്ങൾ വിഭജനക്കാരോടൊപ്പം സഭയിൽ നിന്നു പോയതൊഴിച്ചാൽ ഭൂരിഭാഗവും മാതൃസഭയിൽ തന്നെ ഉറച്ചു നിന്നു. 1882 മാർച്ച് മാസത്തിൽ മേലൂസ്  മടങ്ങിപ്പോവുകയും ചെയ്തു.  മേലൂസിനൊപ്പം നിന്ന ഒരു ചെറിയ സമൂഹം മാത്രം തൃശൂരിൽ അവശേഷിച്ചു. പിന്നീട് അവർ കൽദായ നെസ്തോറിയൻ പാത്രിയർക്കീസിന്റെ കീഴിൽ നെസ്തോറിയൻ സഭയിൽ ചേർന്നു. റോമ്മൻ സഭയുമായി അകന്നു കഴിയുകയുമുണ്ടായി.

പേർഷ്യൻ സഭയുമായുള്ള കൂട്ടുകൾ സഭയിൽ വിഭജനമുണ്ടാക്കാൻ മാത്രമേ സഹായിക്കുള്ളൂവെന്ന് മനസിലാക്കി സീറോ മലബാർ കത്തോലിക്കർ വിദേശികളിൽ നിന്നും മോചിതരാകാനും സ്വന്തം വികാരിയാത്തു സ്ഥാപിക്കാനുമായി റോമിലേക്ക് പെറ്റിഷൻ അയക്കാൻ തുടങ്ങി. 1886-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തൻ അതിരൂപതയിൽ നിന്നും സുറിയാനി സഭയെ വേർപെടുത്തി. സീറോ മലബാർ കത്തോലിക്കർക്കായി പ്രത്യേകം വികാരിയത്തുകൾ ഏർപ്പെടുത്തി.  ഇംഗ്ളീഷുകാരനായ 'അഡോൾഫ് മെഡിക്കോട്ട്' തൃശൂർ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതല വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരിൽ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷൻ അയച്ചുകൊണ്ടിരുന്നു. അവസാനം 1896-ൽ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാർക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാർ ജോൺ മേനാച്ചേരി തൃശൂരും, മാർ അലോഷ്യസ് പഴേപറമ്പിൽ എറണാകുളത്തും, മാർ മാത്യു മാക്കിൽ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911-ൽ തെക്കുംഭാഗം കത്തോലിക്കർക്കായി കോട്ടയം രൂപതയുണ്ടായപ്പോൾ 'മാക്കിൽ മെത്രാൻ' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാർ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി.

നാട്ടു മെത്രാന്മാർ വന്നതോടു കൂടി സീറോ മലബാർ സഭ എല്ലാ മേഖലകളിലും അതിവേഗം പുരോഗമിക്കാൻ തുടങ്ങി. നാട്ടു മെത്രാന്മാരുടെ കഠിന പ്രയത്നം മൂലം സീറോ മലബാർ രൂപതയിൽ വന്ന അതിവേഗമുള്ള പുരോഗതിയെ റോം അഭിനന്ദിക്കുകയുണ്ടായി. ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ സഭയെ മൂന്നു റീത്തുകളായി വിഭജിക്കപ്പെട്ടു. ആരാധന സമ്പ്രദായത്തിന്റെ വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലാണ് റീത്തുകളെ തരം തിരിച്ചിരിച്ചിരിക്കുന്നത്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC