പ്രത്യേക ശ്രദ്ധയ്ക്ക്

മുഹമ്മദാലി ജിന്ന ഇന്ത്യ വിഭജനത്തിന്റെ വില്ലനോ?

ജോസഫ് പടന്നമാക്കല്‍ 2018-05-11 03:36:29am

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അർഹരായവരെ പരിഗണിക്കാതെ അവ്യക്തതകൾകൊണ്ട് എഴുതിയുണ്ടാക്കിയതാണ്. സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പോരാടിയ മഹാന്മാരുടെ ചരിത്രങ്ങൾ  അധികാരത്തിന്റെ ബലത്തിൽ ഇല്ലാതാക്കിയിരിക്കുന്നതു കാണാം. അക്കൂടെ അവഗണിക്കപ്പെട്ട പ്രമുഖരായ രണ്ടു സ്വാതന്ത്ര്യ സമര യോദ്ധാക്കളാണ് വീർ സവേർക്കറും മുഹമ്മദാലി ജിന്നയും. സ്വാതന്ത്ര്യ സമരംമൂലം മുതലെടുത്തവർ നായകന്മാരും ത്യാഗങ്ങൾ സഹിച്ചവർ വില്ലന്മാരുമായുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അധികാരവും പണവും കൈവശപ്പെടുത്തിയവർ ഇന്ത്യയുടെ ചരിത്രവും കളങ്കം വരുത്തിയാണ് കടന്നുപോയിട്ടുള്ളത്. മറക്കപ്പെട്ട അനേകായിരം ധീര ദേശാഭിമാനികളുടെ രക്തം ചൊരിഞ്ഞു പടുത്തയർത്തിയ സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്നത്. ഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും നാം അറിയാതെ പോവുന്ന മണ്മറഞ്ഞു പോയ അനേകായിരം സ്വാതന്ത്ര്യ സമരയോദ്ധാക്കളും അവരെ നയിച്ച മഹാന്മാരുമുണ്ട്. രാജ്യത്തിനുവേണ്ടി ധ്യാഗം സഹിച്ചവരെ  മനഃപൂർവം ചരിത്രത്തിന്റെ ചെളിക്കുഴിയിൽ താഴ്ത്തിക്കെട്ടിയെന്നുള്ളതും ദുഃഖകരമായ ഒരു സത്യമാണ്.

മുഹമ്മദാലി ജിന്ന സ്വതന്ത്ര പാക്കിസ്ഥാനു വേണ്ടി വാദിച്ച ഇന്ത്യൻ നേതാവും പാക്കിസ്ഥാന്റെ ആദ്യത്തെ ഗവർണ്ണർ ജനറലുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ജിന്നയെ അങ്ങേയറ്റം വെറുക്കപ്പെട്ട വ്യക്തിയായി കരുതുന്നു. അദ്ദേഹം വർഗീയ വാദിയും സ്വാതന്ത്ര്യ സമരത്തിനെതിരെ കോടാലി വെച്ചവനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചാരനും പാകിസ്ഥാൻ വിഭജനം നടത്തിയവനുമെന്നുള്ള വിശേഷണങ്ങളിലാണ് അറിയപ്പെടുന്നത്. വസ്തുതകളുടെ മറവിൽ ജിന്നയെന്ന വ്യക്തിത്വത്തെ ചായം പൂശി കോടാനുകോടി ജനങ്ങളെ തെറ്റി ധരിപ്പിച്ച ചരിത്രമാണ്, നമുക്കുള്ളത്.

1876 ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ജിന്ന കറാച്ചിയിൽ ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് ഒരു വ്യവസായ പ്രമുഖനായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ക്രിസ്ത്യൻ മിഷിനറി സ്‌കൂളിലായിരുന്നു. ബോംബെ യൂണിവേഴ്സിറ്റിയിലും പിന്നീട് ലണ്ടനിലുമായി പഠിച്ചു. അതിനുശേഷം വിജയകരമായി നിയമത്തിൽ പരിശീലനം നേടി. അക്കാലത്തെ ഏറ്റവും ഫീസ് ഈടാക്കുന്ന വക്കീലായിരുന്നു അദ്ദേഹം. ഒരു കേസ് വാദിക്കുന്നതിന് 1500 രൂപയായിരുന്നു ഫീസ്. ഇന്ത്യയിൽ ജിന്നയെക്കാൾ കഴിവും വ്യക്തിത്വവും നിറഞ്ഞ നിയമ ജ്ഞാനമുള്ളവർ അക്കാലത്ത് കുറവായിരുന്നു. തികച്ചും മഹാനുഭാവനായ അദ്ദേഹം സ്വന്തം ജീവിതത്തിൽ ഹിന്ദുക്കളോടും മുസ്ലിമുകളോടും, സിക്കുകാരോടും പാർസികളോടും യാതൊരു വ്യത്യാസവും കാണിച്ചിരുന്നില്ല.

പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേറിട്ടിട്ടും ജിന്നയുടെ ഏകമകൾ ഇന്ത്യയിൽ താമസിക്കുകയായിരുന്നു. ജിന്നയുടെ ഒരു സഹോദരിയൊഴിച്ചു ജിന്നയുടെ കുടുംബത്തിൽനിന്നു ആരും തന്നെ പാക്കിസ്ഥാനിലേക്ക് കുടിയേറിയില്ല. 'ജിന്ന' വിവാഹം ചെയ്തത് മുസ്ലിമല്ലാത്ത ഒരു പാർസിയെ ആയിരുന്നു. അന്ന് ജിന്നയ്ക്ക് നാൽപ്പതു വയസ് പ്രായം. ഭാര്യ 'റെറ്റിന ഭായി'യുടെ പ്രായം പതിനാറായിരുന്നു. അവർ ഒന്നിച്ച് വിസ്‌കി കുടിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു, റെറ്റിന ഭായി ജിന്ന 1929 ഫെബ്രുവരി ഇരുപതാം തിയതി ഇരുപത്തിയൊമ്പതാം വയസിൽ മരണമടഞ്ഞു. ജിന്നയുടെ ഏക മകൾ ഡീനായും പാർസിയെ വിവാഹം കഴിച്ചു. ജിന്നയുടെ ജീവിതം പൊതുവെ ഇസ്‌ലാമിക ആചാരങ്ങൾക്ക് എതിരേയായിരുന്നു. മകളുടെ വിവാഹത്തിൽ  ജിന്നയ്ക്കു എതിർപ്പുണ്ടായിരുന്നു.

ഒരു വലിയ വിഭാഗം മുസ്ലിമുകൾ പാക്കിസ്ഥാൻ എന്ന വേറിട്ട രാജ്യത്തെ ചിന്തിക്കാതെ ഇന്ത്യയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടുവെന്ന യാഥാർഥ്യവും മറക്കാൻ സാധിക്കില്ല. അവരുടെ പൂർവികർ ജനിച്ചു വളർന്ന ഈ നാട് സ്വന്തം മാതൃരാജ്യമായി കണക്കാക്കിയിരുന്നു. അങ്ങനെ ചിന്തിക്കുന്നവർക്ക് ജിന്നയെ ഒരു ദേശീയവാദിയായി കണക്കാക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ജനിച്ച പാകിസ്ഥാനിയാണ് ജിന്ന. ഒരു ഭ്രാന്തൻ രാജ്യമായ പാക്കിസ്ഥാനെ സൃഷ്ടിച്ചതും ജിന്നയുടെ നേട്ടമാണ്. ഇങ്ങനെ ജിന്നയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടു അനേകമനേകം ചരിത്രകൃതികളും സൃഷ്ടിച്ചിട്ടുണ്ട്.

യഥാർത്ഥത്തിൽ, 'ജിന്ന' ബ്രിട്ടീഷ്കാർക്കെതിരെ യാതൊരു ഒത്തുതീർപ്പില്ലാതെ പോരാടിയ സമര യോദ്ധാവായിരുന്നു. അദ്ദേഹം തികച്ചും സ്വരാജ്യ സ്നേഹിയും തെറ്റി ധരിക്കപ്പെട്ടവനും സ്വദേശാഭിമാനിയുമായിരുന്നു. മതേതര ചിന്താഗതിയുള്ള ദേശീയ വാദിയുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്രാജിക അസംബ്ലിയിൽ അംഗമായിരുന്ന കാലത്ത് ഇന്ത്യ ഒന്നായി കാണാൻ നാൽപ്പതു കൊല്ലത്തോളം പൊരുതി. ബ്രിട്ടീഷ്കാർ കൊടുത്ത 'സർ' എന്ന സ്ഥാനം ദൂരെയെറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഭജനത്തെക്കാളും ഒന്നായ രാജ്യത്തിലെ മുസ്ലിമുകൾക്കു തുല്യ നീതി വേണമെന്ന വാദങ്ങളേ അദ്ദേഹം ഉന്നയിച്ചിരുന്നുള്ളൂ.

ജിന്നയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നോക്കുന്നുവെങ്കിൽ അദ്ദേഹം ഒരു ചതിയനും രാജ്യ ദ്രോഹിയുമല്ലെന്ന് വിലയിരുത്തേണ്ടി വരും. ഇന്ന് കാണുന്നപോലെ ഒരു ഇന്ത്യ അന്ന് നിലനിൽക്കിന്നില്ലായിരുന്നു. രാജ്യം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നതുകൊണ്ട് അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതിലും അർത്ഥമില്ല. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകനെന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. സരോജിനി നായിഡു ജിന്നയെ പുകഴ്ത്തികൊണ്ടു 'രാജ്യത്തിന്റെ ഐക്യത്തിനായി പൊരുതിയ കർമ്മധീരനെന്നു ' വിശേഷിപ്പിക്കുമായിരുന്നു. ആൻഡമാൻ ദ്വീപിലേക്ക് ബാല ഗംഗാധര തിലകനെ ജയിലിൽ അയച്ചപ്പോൾ അതിനെതിരായി ശക്തിയായി പ്രതികരിച്ചത് ജിന്നയായിരുന്നു. സൗത്ത് ആഫ്രിക്കയിൽ ഗാന്ധിജി ഇന്ത്യക്കാരുടെ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുമ്പോൾ ജിന്ന ഗാന്ധിജിക്കു വേണ്ടി  ലെജിസ്ളേറ്റിവ് അസംബ്ലിയിൽ അംഗമെന്ന നിലയിൽ വീറോടെ വാദിക്കുന്നുണ്ടായിരുന്നു.

ജിന്നയുടെ മത രാഷ്ട്രീയ ദേശീയ ചിന്താഗതികളെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുടെ നല്ല വശങ്ങളെയും തിരിച്ചറിയണം. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിൽ മുസ്ലിമുകൾ ഭൂരിഭാഗവും ഒരു ജനാധിപത്യ സംവിധാനം ആഗ്രഹിച്ചിരുന്നില്ല. 1857-ലെ സമരത്തിൽ ഒന്നിച്ച് പോരാടിയെങ്കിലും പിന്നീട് ഹൈന്ദവ മേധാവിത്വം പടർന്നപ്പോൾ മുസ്ലിമുകൾ ഹൈന്ദവരോട് അകന്നു നിൽക്കാനും ആഗ്രഹിച്ചു. 1885-ൽ 'ജിന്ന' കോൺഗ്രസിൽ ചേർന്നപ്പോൾ ധനികരായ മുസ്ലിമുകൾ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനുണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം മുസ്ലിം ലീഗിൽ ചേരുകയായിരുന്നു. ജിന്ന, ഗോപാല കൃഷ്ണ ഗോഖലെ, ദാദാ ബായി നവറോജി, മുതലായ മഹാന്മാരുമൊത്ത് ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി പൊരുതുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. 1904-ൽ കോൺഗ്രസ്സിൽ ചേർന്ന കാലം മുതൽ തീവ്ര ചിന്തകളോടെയുള്ള സ്വാതന്ത്ര്യം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിംഗ്‌  ആരംഭം മുതൽ എതിർത്തിരുന്നു.

ഇസ്‌ലാമിക സംസ്ക്കാരം ലവലേശമില്ലാത്ത അദ്ദേഹം ഒരു പാശ്ചാത്യനെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്. മുസ്ലിമുകൾക്ക് ഹറാമായ 'പോർക്കും മദ്യവും' കഴിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ഏറെയും ഇസ്‌ലാമിക സങ്കുചിത യാഥാസ്ഥിതിക ചിന്തകർക്കെതിരെയായിരുന്നു.   സംഭാഷണ ശൈലിയും ഒരു മുസ്ലിമെന്ന നിലയിലല്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലപ്പോൾ മത മൗലിക വാദികളായ മുസ്ലിമുകളുമായി ഒന്നിച്ച് യാത്ര ചെയ്യേണ്ട സന്ദർഭങ്ങളും  വന്നിട്ടുണ്ട്. 'അവരുമായി ഒന്നിച്ച് യാത്ര ചെയ്യുന്നുണ്ടെങ്കിലും അവരുടെ വിഡ്ഢി ചിന്തകളെ തന്റെ ജീവിതത്തിൽ പകർത്തിയിട്ടില്ലായിരുന്നുവെന്ന്' ജിന്ന പറയുമായിരുന്നു.

സാഹചര്യങ്ങളാണ് ജിന്നയെ ഒരു മതേതര വാദിയായി വളർത്തിയത്. വളർന്ന ചുറ്റുപാടുകളും പാശ്ചാത്യ സംസ്ക്കാരവും അതിന് കാരണമായിരുന്നു. അദ്ദേഹം, ബ്രിട്ടീഷുകാരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്ന   കോൺഗ്രസ് പാർട്ടിയിലെ അംഗവുമായിരുന്നു. 1913-ൽ  മുസ്ലിം ലീഗിൽ ചേർന്നു. ഹിന്ദു രാജ്യത്തു മുസ്ലിമുകളുടെ താത്പര്യമനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി രൂപീകരിച്ച പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. 1916-ൽ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. 1920-ൽ വിദേശ നിർമ്മിത വസ്തുക്കൾ വർജിക്കാനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യം മുഴുവൻ ആഹ്വാനം ചെയ്തു. 1920-ൽ 'ജിന്ന' നിസഹകരണ നയം എതിർക്കുകയും കോൺഗ്രസ്സിൽ നിന്ന് രാജി വെക്കുകയും ചെയ്തു.

ഗാന്ധിജിയുമായി ഇടപെടാൻ ജിന്നയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പടിഞ്ഞാറൻ ഫാഷനിൽ എന്നും നടന്നിരുന്ന ജിന്നയ്ക്ക് ഗാന്ധിയുടെ എളിയ വേഷങ്ങളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അർദ്ധ നഗ്നനായ ഗാന്ധിജിയെപ്പറ്റി കാര്യമായി ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. വാസ്തവത്തിൽ ഗാന്ധിയുടെ ഖിലാഫത്ത് മൂവുമെന്റിനെയും നിസഹകരണ പ്രസ്ഥാനത്തെയും ജിന്ന എതിർക്കുകയായിരുന്നു. മതവും രാഷ്ട്രീയവും ഒരിക്കലും ഇടകലർത്തരുതെന്ന് അദ്ദേഹം പറയുമായിരുന്നു. ജിന്നയുടെ മതേതരത്വ പ്രസംഗങ്ങൾ മൂലം അക്കാലത്ത് മുസ്ലിമുകൾ ഗാന്ധിജിക്കായിരുന്നു പിന്തുണകൾ നൽകിയിരുന്നത്. ജിന്നയ്ക്ക് തന്മൂലം മുസ്ലിമുകളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. സഹികെട്ട അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് ബോംബയിൽനിന്ന് ലണ്ടനിൽ പോയി.

ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ജിന്നയെ പ്രേരിപ്പിക്കാൻ കോൺഗ്രസ്സും ഒരു കാരണമായിരുന്നു.  അദ്ദേഹത്തെ കോൺഗ്രസ്സ് എല്ലാ തലങ്ങളിലും തഴയാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു വന്ന മതേതര വാദിയായ ജിന്നയോട് എല്ലാ വിധത്തിലും ശത്രുത പുലർത്താനും അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുമാണ് അന്ന് കോൺഗ്രസ്സ് നേതാക്കൾ ശ്രമിച്ചിരുന്നത്. പിന്നീട് കുറേക്കാലം ലണ്ടനിൽ ജീവിച്ചു. കോൺഗ്രസ് പാർട്ടി എല്ലാവരുടെയും വ്യക്തിത്വത്തെ ഒരു പോലെ മാനിച്ചിരുന്നെങ്കിൽ, ജിന്നയ്ക്ക് അർഹമായ ബഹുമാനം നൽകിയിരുന്നെങ്കിൽ ജിന്നയെപ്പോലെയും സുബാഷ് ചന്ദ ബോസിനെപ്പോലെയും പ്രഗത്ഭരായവർ കോൺഗ്രസിൽ തന്നെ നിലകൊള്ളുമായിരുന്നു. ഇന്ത്യ ഒരിക്കലും വിഭജിക്കുകയില്ലായിരുന്നു. ഇന്ത്യയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ മതത്തിന്റെ പേരിൽ പരസ്പ്പരം മല്ലടിച്ചു ജീവിക്കില്ലായിരുന്നു.

മതമൗലിക വാദികൾ മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം കൈവശപ്പെടുത്തിയതുകൊണ്ടാണ് വിഭജനത്തിനുള്ള വഴികൾ ഒരുക്കിയത്. വാസ്തവത്തിൽ ദേശീയ രാഷ്ട്രീയത്തിൽ അലിഞ്ഞു ചേർന്നിരുന്ന നിരവധി മുസ്ലിമുകളെ നേതൃത്വനിരയിലുണ്ടായിരുന്ന കോൺഗ്രസും മറ്റു രാഷ്ട്രീയ നേതൃത്വവും തഴഞ്ഞുവെന്നതും ചരിത്ര സത്യമാണ്. ബ്രിട്ടീഷുകാർ പോയി കഴിയുമ്പോൾ അധികാരത്തിനു നോട്ടമിട്ടിരുന്ന ചില ഹിന്ദു വർഗീയ വാദികൾ വാഗ്മിയും അഭിഭാഷകനും മതേതരത്വ വാദിയുമായ 'ജിന്ന' ദേശീയ നേതൃത്വത്തിൽ ഉയർന്നു വരുവാൻ ആഗ്രഹിച്ചിരുന്നുമില്ല. ഇസ്‌ലാം തനിമയുള്ള രാജ്യവും ഹിന്ദു തനിമയുള്ള രാജ്യവുമെന്ന ആശയങ്ങൾ രാജ്യം മുഴുവൻ പ്രചരിക്കുകയും ചെയ്തിരുന്നു. വിഭജിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ നയവുമായിരുന്നു. അവരുടെ ചാണക്യ തന്ത്രം അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കുകയും ചെയ്തു. വർഗീയത വളർത്താനുള്ള എല്ലാ വഴികളും ബ്രിട്ടീഷുകാർ തുറന്നു കൊടുക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും ഇന്ത്യയിലെ നിയന്ത്രിക്കാൻ പാടില്ലാത്തവിധം നിയമ നിഷേധങ്ങളും കാരണം ബ്രിട്ടീഷുകാർ ഭരണമവസാനിപ്പിച്ച് രാജ്യം വിടണമെന്നും താല്പര്യപ്പെട്ടിരുന്നു. ഇന്ത്യ മുഴുവനായി വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരക്ഷരരായ അറിവും ബോധവുമില്ലാത്ത ഇന്ത്യൻ ജനതയ്ക്ക് ഇന്ത്യയിലെ സംഭവ വികാസങ്ങളെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. സ്വാർത്ഥത നിറഞ്ഞ നേതാക്കന്മാരുടെ പുറകിൽ അറിവും വിവേകവുമില്ലാത്ത ജനക്കൂട്ടം അണിനിരന്നു. രാജ്യം മുഴുവൻ പൈശാചികത ഇളകി മറിഞ്ഞിരുന്നു. അങ്ങനെയാണ് അവർ ഹിന്ദു മുസ്ലിം രാജ്യ വിഭജനത്തിനായി തീരുമാനിച്ചത്. ജ്വാലീയൻവാല കൂട്ടക്കൊലയിൽ ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും ഒരു പോലെ രക്തച്ചൊരിച്ചിൽ നടത്തിയ വിവരം ജനം മറന്നുപോയിരുന്നു. അവസാനം ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ലോർഡ് മൗണ്ട് ബാറ്റൺ തീരുമാനിച്ചു.

ജിന്ന തീർത്തും ദേശീയ വാദിയായിരുന്നു. അഴിമതി രഹിതനായിരുന്നു. ഒരു പ്രോവിൻസിന്റെ ഗവർണറായുള്ള സ്ഥാനം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് സർക്കാർ 'സർ' എന്ന പ്രഭു സ്ഥാനം നൽകിയതും നിരസിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര നേതാവായിരുന്ന ബാല ഗംഗാധര തിലകുമായി അദ്ദേഹത്തിന് നല്ല സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനത്തിൽ സഹകരിക്കാതെ 'ജിന്ന' കോൺഗ്രസ്സ് പാർട്ടി വിട്ടിരുന്നു. അതിനുശേഷം അദ്ദേഹം സ്വന്തമായി തന്നെ ഒരു പാർട്ടിയുണ്ടാക്കി. 'ഞാൻ ഒരു ഇന്ത്യനും രണ്ടാമത് മുസ്ലിമെന്നും' അദ്ദേഹം എന്നും തുറന്നു പ്രസംഗിക്കുമായിരുന്നു.

പാക്കിസ്ഥാനും ഇന്ത്യയും രണ്ടു രാഷ്ട്രങ്ങളാകാനുള്ള കാരണം ജിന്നയല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ചരിത്രം പഠിപ്പിക്കുന്നത്. വാസ്തവത്തിൽ എന്നും സങ്കുചിത വിഘടന രാഷ്ട്രീയത്തിനെതിരായി പ്രവർത്തിച്ച ജിന്നയെ സാഹചര്യങ്ങൾ പിന്നീട് വിഭജന രാഷ്ട്രീയത്തിലേക്ക് നയിക്കുകയായിരുന്നു. പാക്കിസ്ഥാൻ വിഭജനം ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നുവെന്നു വേണം കരുതാൻ. രാഷ്ട്രീയത്തിൽ ഉടലെടുത്ത ഇത്തരം മത വർഗീയ വാദികളുടെ സാഹചര്യങ്ങളിൽ നിന്നായിരിക്കാം താൻ വിശ്വസിച്ചിരുന്ന മതേതരത്വം ബലി കഴിച്ചുകൊണ്ട് മുസ്ലിം രാഷ്ട്രത്തിനായി അദ്ദേഹം രംഗത്തു വന്നത്. മറുഭാഗത്ത് വീര സവേർക്കറുടെ ഹിന്ദു വാദവും ശക്തിയായി വളർന്നിരുന്നു.

തീവ്രത മുസ്ലിം സമുദായത്തിൽ ശക്തി പ്രാപിച്ച നാളുകളിലാണ് 'ജിന്ന' മുസ്ലിം രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ വന്നത്. മുസ്ലിമുകൾക്കു മാത്രമായി ഒരു രാഷ്ട്രമെന്ന ആവശ്യം വിഭജനത്തിൽക്കൂടിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനു അന്നത്തെ മുസ്ലിം തീവ്ര ചിന്താഗതിക്കാർ  സമ്മതിച്ചിരുന്നുമില്ല. കോൺഗ്രസിന്റെ കീഴിൽ മുസ്ലിമുകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്നുള്ള ചിന്താഗതിയും ദേശീയ രാഷ്ട്രീയത്തിൽ വളർന്നിരുന്നു. നിരന്തരമായ കൂട്ടക്കൊലകളും കലഹങ്ങളും കാരണം മനസ് മരവിച്ച സർദാർ പട്ടേൽ പോലും ഒടുവിൽ വിഭജനത്തെ അനുകൂലിക്കുകയായിരുന്നു. സ്വാതന്ത്ര്യം നേടണമെങ്കിൽ വിഭജനം ആവശ്യമായിരുന്നുവെന്ന ഘട്ടവും വന്നു. ഈ യാഥാർഥ്യം മനസിലാക്കി അന്നുള്ള നേതൃത്വം പ്രവർത്തിച്ചിരുന്നെങ്കിൽ രക്തപങ്കിലമായ ഇന്ത്യയുടെ ചരിത്രത്തിലെ അന്നത്തെ കൂട്ട നരഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

രാഷ്ട്രീയക്കാരുടെ അധികാര മോഹം മൂലം ഇന്ത്യൻ ജനത പരസ്പ്പരം ശത്രുക്കളായി മാറിയിരുന്നു. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കലാപം പൊട്ടി പുറപ്പെട്ടു. ഹിന്ദുക്കളിലും മുസ്ലിമുകളിലുമുളള മതഭ്രാന്തന്മാർ, പരസ്പ്പരം നിഷ്കളങ്കരായവരെ കൊന്നുകൊണ്ടിരുന്നു. എണ്ണാൻ പാടില്ലാത്ത വിധം ജനങ്ങൾ അവരുടെ ഭവനങ്ങൾ ഉപേക്ഷിച്ചു. ലക്ഷക്കണക്കിന് ജനം മുറിവേറ്റു. വിശന്നു തളർന്ന ജനങ്ങൾ തങ്ങളുടെ വീട്ടു സാധനങ്ങളുമായി ഇരു രാജ്യങ്ങളിലെയും അതിർത്തികൾ കടന്നുകൊണ്ടിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബലാൽസംഗം ചെയ്ത നൂറായിരം കഥകളുണ്ട്. എണ്ണാൻ പാടില്ലാതെ സ്ത്രീകൾ തങ്ങളുടെ അഭിമാനം രക്ഷിക്കാൻ ആത്മഹത്യ ചെയ്തു. ഈ സാഹചര്യങ്ങളിൽ മൌണ്ട് ബാറ്റൺ പ്രഭു ഒരു എമർജൻസി കമ്മറ്റി രൂപീകരിച്ചു. പട്ടേലും നെഹ്രുവായും പൊതുചർച്ചകളുണ്ടായിട്ടും വിഭജനം ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടിട്ടും മൗണ്ട് ബാറ്റൺ സമ്മതിച്ചില്ല.

ജിന്ന ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലം 'ദാദാ ഭായി നവറോജിയുമായി ഒത്തോരുമിച്ചു പ്രവർത്തിച്ചിരുന്നു. നവറോജി യുകെ പാർലമെന്റ് മെമ്പറായി മത്സരിച്ചപ്പോൾ അദ്ദേഹത്തിൻറെ വിജയത്തിനായി ജിന്നയും ഒപ്പം പ്രവർത്തിച്ചു. നവറോജി ഒരു പാർസിയായിരുന്നു. പാർസിയ്ക്കു വേണ്ടി പ്രവർത്തിച്ച ജിന്നയുടെ മതേതരത്വ ചിന്താഗതിയാണ് അവിടെ വ്യക്തമാക്കുന്നത്'. 1904-ൽ നവറോജി ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിരുന്നത് ജിന്നയായിരുന്നു.

ബംഗാളിനെ ബ്രിട്ടീഷ് കാലത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ തുടങ്ങിയപ്പോൾ 'ജിന്ന' അത് ശക്തിപൂർവ്വം പ്രതിക്ഷേധിച്ചു. മതങ്ങളുടെ അടിസ്ഥാനത്തിൽ, മുസ്ലിമുകളും ഹിന്ദുക്കളും വെവ്വേറെയായി പ്രാദേശിക അസബ്ലികളിൽ വോട്ടിങ്ങിനു തയ്യാറായപ്പോൾ അദ്ദേഹം അത് എതിർത്തു. 1906-ൽ മുസ്ലിം ലീഗ് സ്ഥാപിക്കുന്ന സമയം മതാടിസ്ഥാനത്തിലുള്ള ഒരു സംഘടനയെ ആദ്യം എതിർത്ത വ്യക്തിയും ജിന്നയായിരുന്നു. 1906-ൽ 'ആഗാ ഖാൻ' മുസ്ലിമുകളുടെ അവകാശങ്ങൾക്കായി 'ലോർഡ് മൺട്രോയെ'  കണ്ടിരുന്നു. മുസ്ലിമുകൾക്ക് മാത്രമായി ആനുകൂല്യങ്ങൾ ചോദിക്കുന്ന ആഗാഖാനെ ജിന്ന അന്ന് ചോദ്യം ചെയ്തു. മുസ്ലിം ലീഗെന്ന സംഘടന രൂപീകരിക്കുന്നതിലും അദ്ദേഹം എതിർത്തിരുന്നു. അദ്ദേഹം ഡെഹ്‌റാഡൂണിൽ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥാപിച്ചവരിൽ ഒരാളായിരുന്നു.

1916-ൽ ആനീ ബസന്റും ബാലഗംഗാധര തിലകും രൂപീകരിച്ച 'ആൾ ഇന്ത്യ ഹോം റൂൾ ലീഗിനെ' പിന്തുണച്ചു. ഇന്ത്യയുടെ ആഭ്യന്തര ഭരണം പിടിച്ചെടുക്കുകയായിരുന്നു സംഘടനയുടെ ലക്‌ഷ്യം. എന്നാൽ യുദ്ധകാലം ആയിരുന്നതുകൊണ്ട് അത്തരം ആവശ്യങ്ങൾ ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സ്വയം ഭരണാവകാശത്തിനുള്ള ആദ്യത്തെ പടിയായി ഈ സ്വാതന്ത്ര്യ സമര നീക്കത്തെ കണക്കാക്കാം. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെ സ്വരാജ് പാർട്ടി ഒന്നടങ്കം എതിർത്തിരുന്നു. 'ജിന്നാ' നല്ലയൊരു രാഷ്ട്ര തന്ത്രജ്ഞനായിരുന്നതുകൊണ്ടു സ്വയം ഭരണമെന്ന ആശയത്തെ അനേകമാളുകൾ ഇഷ്ടപ്പെട്ടിരുന്നു. വലിയൊരു ജനവിഭാഗം ജിന്നയോടൊപ്പം സ്വരാജ് പാർട്ടിയിൽ ചേരുകയും ചെയ്തു. ബ്രിട്ടനിൽ നടന്ന ആദ്യത്തെ രണ്ടു റൗണ്ട് ടേബിൾ കോൺഫെറൻസിലും ജിന്ന ഹാജരായിരുന്നു. മൂന്നു കോൺഫറൻസുകളും ബ്രിട്ടീഷുകാരോട് ഒരു ഒത്തുതീർപ്പുണ്ടാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു. അന്ന് മുസ്ലിമുകളുടെ പ്രതിനിധിയായല്ല അദ്ദേഹം വട്ടമേശസമ്മേളനത്തിൽ പങ്കുകൊണ്ടത്.

വട്ടമേശ സമ്മേളനം പരാജയപ്പെട്ടപ്പോൾ അദ്ദേഹം ലണ്ടനിൽ കുറച്ചുകാലം കൂടി തങ്ങി. അവിടെ 'അല്ലാമാ ഇഖ്‌ബാലും'  'ലിയഖാത്ത് ആലിയും' ഇന്ത്യയിലേക്ക് മടങ്ങിപ്പോവാനും മുസ്ലിമുകൾക്കുവേണ്ടി നിലകൊള്ളാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ കാരണം പരസ്പ്പരം മല്ലടിച്ചു കഴിഞ്ഞിരുന്നു. 1946 വരെ 'ജിന്ന' ഒരു ഏകഭാരതത്തിനു വേണ്ടി നിലകൊണ്ടു. അതിനായി അദ്ദേഹം ലോർഡ് മൗണ്ട് ബാറ്റൺ പ്രഭുവിനെ കണ്ടു. രാജ്യം വിഭജിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മൗണ്ട് ബാറ്റൺ ഒട്ടും വഴങ്ങാതെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനായി നിലകൊണ്ടു. ഇന്ത്യ ഒന്നാണെങ്കിൽ അത് ഒരു വൻശക്തിയായി നിലകൊള്ളുമെന്നും ജിന്ന അന്നുവരെ വിശ്വസിച്ചിരുന്നു.

1937-ൽ ചില പ്രൊവിൻസുകളുടെ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്സ്, മുസ്ലിം ലീഗുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ബന്ധം വഷളാകാനും തുടങ്ങി. 1940-ൽ ലാഹോറിൽ നടന്ന മുസ്ലിം ലീഗ് മീറ്റിംഗിൽ ഇന്ത്യ വിഭജിക്കാനും മുസ്ലിമുകൾക്കു മാത്രമായ പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ഹിന്ദു മുസ്ലിം ഐക്യം സാധ്യമാണെന്നായിരുന്നു ജിന്ന ചിന്തിച്ചിരുന്നത്. എന്നാൽ മനസില്ലാ മനസോടെ മുസ്ലിമുകളുടെ സുരക്ഷതയ്ക്ക് പാക്കിസ്ഥാൻ ആവശ്യമാണെന്നുള്ള വാദത്തോട് യോജിക്കുകയായിരുന്നു. ബ്രിട്ടീഷ് സർക്കാരുമായുള്ള ചർച്ചകളിൽ ബ്രിട്ടീഷുകാർ വിഭജനത്തിനു അനുകൂലമായിരുന്നു. അങ്ങനെ 1947 ഓഗസ്റ്റ് പതിന്നാലാം തിയതി പാക്കിസ്ഥാൻ എന്ന രാഷ്ട്രം ഉണ്ടായി. ഇത് ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും തമ്മിൽ വലിയ തോതിൽ കലാപത്തിന് കാരണമായി. 'ജിന്ന' പാകിസ്ഥാന്റെ ആദ്യത്തെ ഗവർണ്ണർ ജനറലുമായി. ജിന്ന' അധികാരമെടുത്തയുടൻ പറഞ്ഞു, "രാജ്യം അരാജകത്വമാകുമെന്നും ഇങ്ങനെയെല്ലാം സംഭവിക്കുമെന്നും ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതകാലത്തു പാക്കിസ്ഥാനെന്ന രാജ്യമുണ്ടാകുമെന്ന് വിചാരിച്ചിരുന്നുമില്ല."

പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഗവർണ്ണർ ജനറലെന്ന നിലയിൽ ജിന്നയുടെ കന്നി പ്രസംഗം ഹൃദ്യമായിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങൾക്ക് ഹിന്ദുവാകാം, മുസ്ലിമാകാം, സിക്കാകാം. എന്നാൽ മതത്തിന്റെ പേരിൽ വിഭിന്നതകൾ പാടില്ല. മനുഷ്യൻ മനുഷ്യനെ പരസ്പ്പരം വേർതിരിച്ചുള്ള മതത്തിന്റെ സങ്കുചിത ചിന്താഗതിയിൽ നിന്ന് നാം മുക്തരാകേണ്ടതുണ്ട്. മത വിവേചനം നമ്മുടെ സമൂഹത്തിൽ നിന്നും പാടെ ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. നമുക്ക് സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് തടസമായിരുന്നത് ഇത്തരം മനുഷ്യനിലുണ്ടായിരുന്ന വർഗീയ ചിന്തകളായിരുന്നു. ഇവയില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യം വളരെ മുമ്പേ നമുക്ക് ലഭിക്കുമായിരുന്നു. നിങ്ങളുടെ ഏതു ജാതിയും മതവും രാജ്യകാര്യങ്ങളെ ബാധിക്കില്ല." സ്വാർത്ഥ രാഷ്ട്രീയത്തിലും മതത്തിലും അടിസ്ഥാനമായ ഒരു പുതിയ രാഷ്ട്രത്തിന്റെ തലവന്റെ വാക്കുകളാണ് ഇതെന്നും ഓർക്കണം. മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഒരു നേതാവായിരുന്നു ജിന്നായെന്നു ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമുണ്ടോ? 1948 സെപ്റ്റംബർ പതിനൊന്നാം തിയതി ക്ഷയരോഗ ബാധിതനായി അദ്ദേഹം മരണമടഞ്ഞു.

സ്വാതന്ത്ര്യ സമരം ശരിയായി പഠിച്ചിട്ടുള്ളവർക്ക് ജിന്നയുടെ വ്യക്തി സ്വഭാവവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ജിന്ന ആരെന്നും ശരിക്കും മനസിലാക്കാൻ സാധിക്കും. എന്നിട്ടും പൊതുസമൂഹത്തിൽ ജിന്നയെ വെറുക്കപ്പെട്ട ഒരു കഥാപാത്രമായി രാഷ്ട്രീയവും ചരിത്രവും പഠിപ്പിക്കുന്നു. അതിനെതിരായി, അത് തിരുത്താനായി ജസ്വന്ത് സിങ്, 'ജിന്നയും ഇന്ത്യയും വിഭജനവും സ്വാതന്ത്ര്യവും' എന്ന പേരിൽ ഇംഗ്ളീഷിൽ ഒരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകം നിരോധിക്കാൻ കോൺഗ്രസ് ഉൾപ്പടെയുള്ള മത വർഗീയ വാദികൾ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. മുഹമ്മദാലി ജിന്ന ക്രൂരനായ ഒരു മുസ്ലിമും ഒറ്റുകാരനുമെന്നത് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കേണ്ടത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയാണ്. നെഹ്രുവിനെപ്പോലെയോ പട്ടേലിനെപ്പോലെയോ ജനങ്ങളുടെ മനസ്സിൽ പടുത്തുയർത്തിയിരിക്കുന്ന വിഗ്രഹത്തെക്കാൾ മറ്റൊരു വിഗ്രഹത്തെ വാർത്തെടുക്കാൻ, രാഷ്ട്രീയ പുങ്കവന്മാർ ആഗ്രഹിക്കില്ല.

"സത്യമേവ ജയതേ" ("Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു. എന്നാൽ സത്യം പറയുന്നവരെ തീയിലിട്ടു ചുടുകയെന്ന തന്ത്രവും രാഷ്ട്രീയ ചിന്തകളുടെ ഭാഗമാണ്. വിഭജനവും വിഭജനകാലത്തെ ദുരന്തവും ഏറ്റെടുക്കാൻ ഒരു വില്ലനെ വേണമായിരുന്നു. ആ വില്ലന്റെ പദവി ജിന്നയ്ക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽ നിന്ന് ജിന്നയെന്ന വില്ലനെ എടുത്തുകളയാനും പ്രയാസമായിരിക്കും. ചരിത്രത്തിൽ കൊഴിഞ്ഞു പോയ ഭൂതകാലത്തേക്കാളും പ്രാധാന്യം ഇന്നുള്ള വർത്തമാന കാലങ്ങൾക്കാണ്. അതുകൊണ്ട് വില്ലൻ വേഷം അണിഞ്ഞിരിക്കുന്ന ജിന്ന മത മൗലിക വാദി, ഭാരതത്തെ രണ്ടാക്കിയവൻ എന്നിങ്ങനെ നാളെയുടെ ചരിത്രത്തിലും കറുത്ത മഷികൊണ്ടുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ടാകാം. സ്‌കൂളുകളിൽ പാഠപുസ്തകങ്ങളിലെ വില്ലനെന്ന ജിന്നയെ ഒരു ബിംബംപോലെ കുട്ടികളുടെ മനസ്സിൽ പതിപ്പിച്ചുകൊണ്ടുമിരിക്കും. എങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ മേധാവിത്വവും അധികാരവും ചിലരുടെ കൈകളിൽ മാത്രം കുത്തകയാക്കാൻ സാധിക്കുള്ളൂ.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC