പ്രത്യേക ശ്രദ്ധയ്ക്ക്

ഈശ്വരനെന്തിനാ മനുഷ്യന്റെ പാറാവ്

പി.പി. ചെറിയാന്‍ 2018-05-12 03:49:39am

അമേരിക്കയിലുടനീളം ദേവാലയ സംരക്ഷത്തിന് പരിശീല ക്ലാസ്സുകളും, ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്കു മെയ് ആറാം തിയ്യതി ടെക്സസ്സില് നിന്നും തുടക്കം കുറിച്ചു എന്ന വാര്ത്ത വായിച്ചപ്പോഴാണ് 1989 മുതല് 1991 വരെ കേരളം ഭരിച്ച പ്രഗത്ഭനായ മുഖ്യമന്ത്രി ഇ.കെ. നായനാര് ചോദിച്ച മേലുദ്ധരിച്ച ചോദ്യം മനസ്സില് ഉയര്ന്നുവന്നത്-
 
“ഈശ്വരെനന്തിനാടൊ മനുഷ്യന്റെ പാറാവ്”
 
കേരളത്തില് അങ്ങോളമിങ്ങോളം അമ്പലങ്ങളില് കളവുകള് വര്ദ്ധിക്കുകയും, ഈശ്വര പ്രതിഷ്ഠകളും, തിരുവാഭരണങ്ങളും അപ്രത്യക്ഷമാകുകയും ചെയ്തിരുന്ന കാലഘട്ടം. മത നേതാക്കന്മാരും, ഈശ്വര വിശ്വാസികളും ഗവണ്മെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. മോഷ്ടാക്കളെ പിടികൂടുന്നതിനും, കവര്ച്ചകള് തടയുന്നതിനും സര്ക്കാര് പരാജയപ്പെട്ടു എന്ന മുറവിളി നിയമസഭയ്ക്കകത്തും, പുറത്തും. ഈ സന്ദര്ഭത്തിലാണ് നിഷ്ക്കളങ്കനായ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അധരങ്ങളില് നിന്നും അറിഞ്ഞോ, അിറയാതേയോ ഈ മൊഴികള് അടര്ന്നുവീണത്. ഈ പ്രസ്താവന ഉയര്ത്തിവിട്ട വിവാദങ്ങളുടെ കൊടുങ്കാറ്റിന്റെ പരിണിത ഫലമാകാം ഒരു പക്ഷേ കാലാവധി പൂര്ത്തിയാക്കാതെ ഇ.കെ. നായനാരുടെ മന്ത്രിസഭ പുറത്തുപോയത്.
വര്ഷങ്ങളും, ദശാബ്ദങ്ങളും പിന്നിട്ടിട്ടും ഇ.കെ. നായനാരുടെ ശബ്ദം ഇന്നും അന്തരീക്ഷത്തില് ചോദ്യചിഹ്നമായി അവശേഷിക്കുന്ന എന്നതാണ് യാഥാര്ത്ഥ്യം.
 
മൂന്നു ശതമാനം പോലും ക്രൈസ്തവ പ്രാതിനിധ്യം അവകാശപ്പെടാനില്ലാത്ത ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തില് നടന്ന കാര്യം അവിടെ നില്ക്കട്ടെ- ക്രൈസ്തവ രാജ്യമെന്ന് അവകാശപ്പെടുകയും, അഭിമാനിക്കുകയും ചെയ്യുന്ന അമേരിക്കയിലെ ദേവാലയങ്ങളുടെ സ്ഥിതി ഇന്ന് എന്താണ്. ശാന്തിയുടേയും, സമാധാനത്തിന്റേയും, പരസ്പര സ്നേഹത്തിന്റേയും വിളനിലമായി പരിണമിക്കേണ്ട ദേവാലയങ്ങളില് അക്രമവും, അനീതിയും, സ്വജനപക്ഷവാതവും, ഗ്രൂപ്പിസവും, അധികാര മോഹവും, സ്വാര്ത്ഥേച്ഛയും, കാപട്യവും നിറഞ്ഞു നില്ക്കുന്നു. ഇതില് നിന്നും ഒട്ടും ഭിന്നമല്ല പ്രവാസി മലയാളികളുടെ ആരാധനാലയങ്ങളുടേയും സ്ഥിതി. തീര്ത്തും അന്യം നിന്നു പോയിട്ടില്ലാത്ത ചില യഥാര്ത്ഥ വിശ്വാസികള്ക്കു പോലും ദേവാലയങ്ങള് ഇന്ന് പേടി സ്വപ്നമായിരിക്കുന്നു.
 ഈയ്യിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി “ആരാധനാലയങ്ങളില് ആരാധനയ്ക്കായി കടന്നു വരുന്നവരില് ചിലരെങ്കിലും അരയില് മറച്ചുവെച്ചിരിക്കുന്ന തോക്കുമായിട്ടാണ് പരിപാവനമായ ആരാധനകളില് പങ്കെടുക്കുന്നതത്രെ! തകച്ചും മത ഭക്തനെന്നു തോന്നിപ്പിക്കുന്ന ഒരു വിശ്വാസി പറയുകയുണ്ടായി എന്റെ വീട്ടിലും ഞാന് അത്യാവശ്യത്തിന് ഒരു തോക്കു കരുതിയിട്ടുണ്ട്.” ചൂടുപിടിച്ച വാഗ്വാദങ്ങള്ക്കുശേഷം പള്ളി കമ്മറ്റി മീറ്റിങ്ങ് കഴിഞ്ഞു പുറത്തുവന്ന ഒരംഗം പ്രതികരിച്ചതിങ്ങനെയാണ് “ഞാന് ഈ മീറ്റിങ്ങില് വരുന്നത് ഒന്നുമില്ലാതെയാണ് എന്നാണോ നീ ധരിച്ചിരിക്കുന്നത്. നിന്നെയൊക്കെ ചുട്ടുപറപ്പിക്കാന് പറ്റിയ സാധനം എന്റെ കൈവശം കരുതിയിട്ടുണ്ട്.”
 
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന് പറഞ്ഞു തള്ളിക്കളയാവുന്ന ഒരു സാഹചര്യത്തിലാണോ നാം ഇന്ന് എത്തിനില്ക്കുന്നത്? ഇന്ത്യയുടേയും, കേരളത്തിന്റേയും വിവിധ തുറമുഖങ്ങളില് നിന്നും കപ്പലില് കയറിപ്പറ്റി മാസങ്ങളോളം യാത്ര ചെയ്തു അമേരിക്ക എന്ന സ്വപ്നലോകത്ത് എത്തിച്ചേര്ന്ന ആദിമ പ്രവാസി മലയാളികളും, ഇപ്പോള് എത്തിച്ചേര്ന്നിരിക്കുന്നവരും ഒരു മതത്തില് അല്ലെങ്കില് മറ്റൊന്നില് ഉള്പ്പെട്ടുനില്ക്കുന്ന വിശ്വാസ സമൂഹമാണ്. പരസ്യമായി ഇത് ഏറ്റുപറയുന്നതിന് ആര്ക്കും ഒരും മടിയുമില്ല. ഒരു കാര്യം കൂടി ഇവര് എല്ലാവരും സമ്മതിക്കും, ഞങ്ങള് ഇവിടെ എത്തുമ്പോള് കൈവശം പത്തുഡോളര് പോലും തികച്ചും എടുക്കുവാനുണ്ടായിരുന്നില്ല. കുടുംബ ഭദ്രത പോലും കാത്തുസൂക്ഷിക്കാനാകാതെ വിശ്രമരഹിതമായ കഠിനാദ്ധ്വാനവും, ഈശ്വരാനുഗ്രഹവും ഒത്തുചേര്ന്നപ്പോള് ആദ്യകഷ്ടപ്പാടുകളുടെ കടമ്പ സാവകാശം പിന്നിട്ടു. പടിപടിയായുള്ള സാമ്പത്തിക വളര്ച്ചയില് കുമിഞ്ഞു കൂടിയ പച്ചനോട്ടുകള് കരുതല് ധനമായി മാറിയപ്പോള് സ്വസ്ഥത നഷ്ടപ്പെടുകയും, വിവിധ വേവലാധികള് മനസ്സിനെ വേട്ടയാടുകയും ചെയ്തു.
 
ലഭിച്ച അനുഗ്രഹങ്ങളെല്ലാം ഈശ്വരദാനമാണെന്ന് അംഗീകരിക്കുമ്പോള് തന്നെ ഇതിന്റെ സംരക്ഷണാവകാശം ഈശ്വരനു വിട്ടുനല്കാതെ സ്വയം ഏറ്റെടുക്കുന്നവരാണ്. ഭൂരിപക്ഷവും. ഇവിടെയാണ് വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന ഈശ്വരവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്.
 
മനുഷ്യന്റെ അവസ്ഥ ഇതാണെങ്കില് നിര്ജ്ജീവങ്ങളായ കല്ലും, മരവും, സിമന്റും ഉപയോഗിച്ചു പടുത്തുയര്ത്തിയിരിക്കുന്ന മനോഹര സൗധങ്ങളെപോലും വെല്ലുന്ന പ്രൗഢ ഗംഭീരമായ ആരാധനാലയങ്ങളുടെ സ്ഥിതിയെക്കുറിച്ചു കൂടെ ചിന്തിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.
 
ചുരുങ്ങിയത് ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയ്ക്കെന്ന പേരില് എത്തിചേരുന്ന ഈശ്വരവിശ്വാസികള്, പരസ്പരം സൗഹൃദവും, മൂന്നാമതൊരാളുടെ കുറ്റവും കുറവും പങ്കിട്ട് ആരാധനകളും, പൂജകളും കഴിഞ്ഞു ഈശ്വരനെ അതിനുള്ളിലിട്ട് തന്നെ പൂട്ടി പുറത്തിറങ്ങികഴിഞ്ഞാല് പിന്നെ ഭയം ദേവാലയത്തില് കുടിയിരുത്തിയിരിക്കുന്ന ഈശ്വരനെ കുറിച്ചും, ആലയം മോടി പിടിപ്പിക്കുന്നതിനും, പൂജാ കര്മ്മങ്ങള്ക്കും വേണ്ടി വാങ്ങി കൂട്ടിയിരിക്കുന്ന വിലമതിക്കാനാവാത്ത സജ്ജീകരണങ്ങളെ കുറിച്ചുമാണ്. ഇവിടേയും കളവുകള് വര്ദ്ധിക്കുന്നു. തസ്ക്കരന്മാര് നോട്ടമിടുന്നത് അവരുടെ ദൃഷ്ടിയില് കഠിനാദ്ധ്വാനികളും, സമ്പന്നന്മാരുമായ പ്രവാസി ഇന്ത്യക്കാരെ- പ്രത്യേകിച്ചു മലയാളികളേയുമാണ്. ഇവരുടെ ഭവനങ്ങളും, സമ്പന്നതയുടെ പ്രതീകങ്ങളായി കെട്ടിയുയര്ത്തപ്പെട്ടിരിക്കുന്ന ദേവാലയങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മാനുഷിക രീതിയില് കെട്ടിയുയര്ത്തിയിരിക്കുന്ന പ്രതിരോധന സജ്ജീകരണങ്ങള് നൂതന സാങ്കേതിക വിദ്യ കൈവശമാക്കിയിട്ടുള്ള തസ്ക്കരന്മാര് തച്ചുടക്കുന്നത് സാധാരണ സംഭവമാണ്.
 
നോക്കണേ ഈശ്വരന് ദാനമായി നല്കിയിരിക്കുന്ന ധനം ഈശ്വര പ്രസാദത്തിനായി ചിലവഴിക്കാതെ കെട്ടികിടക്കുന്ന ചാവുകടലിനു സമം സ്വരൂപിച്ചു വെച്ചിരിക്കുന്നതിന്റെ അനന്തരഫലം. ചില ഈശ്വര വിശ്വാസികള് ഒന്നിച്ചിരുന്ന ആരാധനാലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനെ കുറിച്ചു ചൂടുപിടിച്ച ചര്ച്ചകളും , വാഗ്വാദങ്ങളും നടക്കുകയാണ്- ചുരുക്കം ചില വര്ഷത്തേക്കു അനുവദിക്കപ്പെട്ട സേവന കാലാവധി വലിയ പരുക്കുകളില്ലാതെ പൂര്ത്തീകരിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഇരു കൂട്ടരേയും തൃപ്തിപ്പെടുത്തുകയും, വ്യക്തമായ റൂളിങ്ങ് നല്കുന്നതില് നിന്നും തെന്നിമാറുകയും ചെയ്ത പ്രതിപുരുഷന്റെ ദയനീയാവസ്ഥ മനസ്സിലാക്കി കൂടിയിരുന്നവരില് ഒരാള് കേരള മുഖ്യമന്ത്രിയുടെ മേലുദ്ധരിച്ച വിവാദപരമായ ആപ്തവാക്യം പരസ്യമായി ആവര്ത്തിച്ചു
 
‘ഈശ്വരനെന്തിനാടൊ മനുഷ്യന്റെ പാറാവ’് ഈ ഒറ്റപ്പെട്ട ശബ്ദം ആരു കേള്ക്കാന്-
 
ദൈവ കല്പന ലംഘിച്ച ആദ്യ പിതാവായ ആദമിനേയും ഹവ്വയേയും ഏദെന് തോട്ടത്തില് നിന്നും പുറത്താക്കിയതിനു ശേഷം അവിടേക്ക് ഇനി ആരും പ്രവേശിക്കാതിരിക്കുന്നതിന് ഊരി പിടിച്ച വാളുമായി ദൂതന്മാരെ കാവല് നിര്ത്തിയ സത്യം ഗ്രഹിക്കുന്നവര് ആരുണ്ട്? ആരാധനാലയത്തിനകത്തും പുറത്തും സൂഷ്മനിരീക്ഷണം നടത്തുന്നതിന് ക്യാമറകള് സ്ഥാപിക്കണമെന്ന ഭൂരിപക്ഷനിര്ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ചര്ച്ചകള്ക്കു വിരാമമിട്ടത്.
 
ഈശ്വരന്റെ സംരക്ഷണയില് മനുഷ്യന് സുരക്ഷിതത്വം കണ്ടെത്തുന്നതിനാണോ അതോ മനുഷ്യന് തീര്ക്കുന്ന സംരക്ഷമ വലയത്തില് ഈശ്വരനെ തളച്ചിടുന്നതിനാണോ ഇന്ന് സമൂഹം ശ്രമിക്കുന്നത്.
 
കേരളത്തില് പണിതുയര്ത്തിയിരിക്കുന്ന അംബര ചുംബിയായ ഒരു ആരാധനാലയത്തിനു നെറുകെ സ്ഥാപിച്ചിരിക്കുന്ന ഈശ്വര പ്രതിമക്കും മുകളില് ഘടിപ്പിച്ചിരിക്കുന്ന കാന്തം കണ്ട് ഒരു വിദ്വാന് ഇപ്രകാരം പറഞ്ഞു- “മനുഷ്യരെ സംരക്ഷിക്കുന്നത് ഈശ്വരന്, ഈശ്വരനെ സംരക്ഷിക്കുന്നത് കാന്തം”


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC