പ്രത്യേക ശ്രദ്ധയ്ക്ക്

വിശുദ്ധ പദവിയിലെത്തുന്ന പോൾ ആറാമൻ മാർപാപ്പയും സംഭവവിവരണങ്ങളും

ജോസഫ് പടന്നമാക്കല്‍ 2018-05-29 03:41:29am

വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെ 2018 ഒക്ടോബർ പതിനാലാം തിയതി വിശുദ്ധനായി വാഴിക്കുന്ന വിവരം ഫ്രാൻസീസ് മാർപ്പാപ്പ ലോകത്തെ അറിയിച്ചു കഴിഞ്ഞു. ഗർഭത്തിൽ തന്നെ മാരകമായ അസുഖം ബാധിച്ചിരുന്ന ഒരു കുട്ടിയുടെ 'അമ്മ', പോൾ ആറാമന്റെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുകയും കുട്ടിയും അമ്മയും പൂർണ്ണ സുഖം പ്രാപിക്കുകയും ചെയ്തുവെന്ന അത്ഭുത രോഗശാന്തിയെപ്പറ്റി വത്തിക്കാൻ സ്ഥിതികരിച്ചിരിക്കുന്നു. അമ്മയുടെ ജീവനും അപകടമെന്ന് കണ്ട് ഡോക്ടർമാർ ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടിട്ടും ആ സ്ത്രീ സമ്മതിച്ചില്ല. അവർ പ്രതീക്ഷകൾ കൈവിടാതെ പോൾ ആറാമന്റെ ജന്മസ്ഥലത്തു തീർഥാടനം നടത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആരോഗ്യവതിയായ ഒരു കുട്ടിയെ അവർ പ്രസവിക്കുകയും അമ്മയുടെയും കുട്ടിയുടെയും രോഗം മാറുകയും ചെയ്തുവെന്നു  സാക്ഷ്യപ്പെടുത്തുന്നു. അത്ഭുതകരമായ ഈ രോഗ ശാന്തിയെപ്പറ്റിയുള്ള വാർത്ത വത്തിക്കാൻ സ്ഥിതികരിക്കുകയും ചെയ്തു.

1897 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി വടക്കേ ഇറ്റലിയിൽ ബ്രെസ്‌സിയാ എന്ന സ്ഥലത്ത് ഭാവി മാർപ്പാപ്പായായ 'ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനി' ജനിച്ചു. മാർപാപ്പായായ ശേഷമാണ് 'പോൾ ആറാമൻ' എന്ന പേര് സ്വീകരിച്ചത്. മോണ്ടിനിയുടെ പിതാവ് ജോർജിയോ മോണ്ടിനി (Giorgio Montini) ഒരു വക്കീലും ജേർണലിസ്റ്റുമായിരുന്നു. കത്തോലിക്ക പ്രവർത്തന സമിതിയുടെ ഡൈറക്റ്ററും ഇറ്റാലിയൻ പാർലമെന്റ് അംഗവുമായിരുന്നു. 'അമ്മ ജിയുഡെറ്റാ അൽഖിസി (Giudetta Alghisi) സാധാരണ ഒരു ഗ്രാമീണ വീട്ടമ്മയുമായിരുന്നു. ജിയോവാന്നി മോണ്ടിനിക്ക് രണ്ടു സഹോദരന്മാരുമുണ്ടായിരുന്നു. അവരിൽ ഫ്രാൻസികോ മോണ്ടിനി (Francesco Montini) ഒരു ഡോക്ടറും രണ്ടാമത്തെ സഹോദരൻ ലോഡോവികോ മോണ്ടിനി ഒരു വക്കീലും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. 1897 സെപ്റ്റംബർ മുപ്പതാം തിയതി ശിശുവായിരുന്ന  മോണ്ടിനിയെ  മാമ്മോദീസ മുക്കി.

കുഞ്ഞായിരിക്കുമ്പോൾ മോണ്ടിനി അസുഖം ബാധിച്ച ഒരു കുട്ടിയായിരുന്നു. ചെറുപ്പകാലങ്ങളിൽ അനാരോഗ്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്, സ്വന്തം വീട്ടിലിരുന്നുകൊണ്ടുള്ള പഠനത്തിൽക്കൂടിയായിരുന്നു. പിന്നീട് അദ്ദേഹം ബ്രേസിയയിൽ പഠിച്ചു. ഭൂരിഭാഗം ഇറ്റാലിയൻ കുട്ടികളെപ്പോലെ മോണ്ടിനിയെ മാതാപിതാക്കൾ കർശനമായ കത്തോലിക്ക വിശ്വാസത്തിൽ വളർത്തി.  1916-ൽ സെമിനാരിയിൽ പുരോഹിതനാകാൻ ചേർന്നു, 1920 മെയ് ഇരുപത്തിയൊമ്പതാം തിയതി പൗരാഹിത്യം സ്വീകരിച്ചു. ഉന്നത പഠനത്തിനായി മോണ്ടിനിയെ അദ്ദേഹത്തിൻറെ ബിഷപ്പ് റോമ്മിലയച്ചു. 1920-ൽ അദ്ദേഹം പുരോഹിതനായപ്പോൾ മുതൽ വിശ്രമമില്ലാതെ സഭയുടെ ഔദ്യോഗികമായ ജോലികളിൽ വ്യാപൃതനായിരുന്നു. ഫാദർ മോണ്ടിനി തന്റെ പൗരാഹിത്യ ജീവിതത്തിൽ ഒരിക്കലും ഒരു പള്ളി വികാരിയായി ജോലിചെയ്തിട്ടില്ല.

വത്തിക്കാന്റെ വാർസോയിലുള്ള നയതന്ത്ര കാര്യാലയത്തിൽ ജോലിയാരംഭിച്ചു. എന്നാൽ കൂടെ കൂടെയുള്ള അസുഖം നിമിത്തം അദ്ദേഹം വീണ്ടും അതേ വർഷം തന്നെ റോമ്മിലേക്ക് മടങ്ങി വന്നു. പിന്നീട് 1922 മുതൽ വത്തിക്കാൻ സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പന്ത്രണ്ടാം പീയൂസ് മാർപാപ്പായുടെ ഏറ്റവും അടുത്ത സഹകാരിയായി പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസികളിൽനിന്നും റോമൻ യഹൂദരെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

റോമിലെ യുവാവായ ഈ പുരോഹിതൻ ജോലിക്കാര്യങ്ങളിൽ കഴിവുകൾ പ്രകടിപ്പിച്ചതുകൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും സ്ഥാനക്കയറ്റങ്ങൾ വഴി വത്തിക്കാന്റെ സുപ്രധാനങ്ങളായ കാര്യാലയ ചുമതലകളുടെ മേധാവിയായും പ്രവർത്തിച്ചു. ഒരു സ്വതന്ത്ര സർക്കാരിനെപ്പോലെ വത്തിക്കാന്റെ പ്രവർത്തനമണ്ഡലങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളും ഏറെയുണ്ടായിരുന്നു. മുപ്പതു വർഷത്തോളം 'മോണ്ടിനി' വത്തിക്കാനിലെ വിവിധ തസ്തികകളിൽ ജോലിചെയ്തു. അവസാനം വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ മേധാവിയുമായി. 1953-ൽ കർദ്ദിനാളാകാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സ്വീകരിച്ചില്ല. 1954-ൽ പന്ത്രണ്ടാം പിയൂസ് അദ്ദേഹത്തെ മിലാനിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. 1958-ൽ ജോൺ ഇരുപത്തിമൂന്നാമൻ  കർദ്ദിനാൾ സ്ഥാനത്തേയ്ക്കും ഉയർത്തി. 1963-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ മരണശേഷം കർദ്ദിനാൾ സംഘം മോണ്ടിനിയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. 1963-ൽ മാർപാപ്പയായി തിരഞ്ഞെടുത്തതുമുതൽ 1978-ൽ മരിക്കുന്ന വരെയുള്ള കാലഘട്ടം കത്തോലിക്കാ സഭയുടെ ഏറ്റവും നിർണ്ണായക നാളുകളും മാറ്റങ്ങൾ ഉൾക്കൊണ്ടതും ബുദ്ധിമുട്ടുകൾ നിറഞ്ഞതുമായിരുന്നു.

പോൾ ആറാമൻ മാർപാപ്പ, മാർപാപ്പയായി സ്ഥാനമേറ്റപ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആദ്യത്തെ സഭാസമ്മേളനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആധുനിക ലോകവുമായി സഭയെ എങ്ങനെ നയിക്കാമെന്നുള്ള വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും ചെയ്തു. വത്തിക്കാൻ സുന്നഹദോസിൽ അംഗങ്ങളുടെയിടയിൽ തീവ്ര വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കാൻ ഒരു വിഭാഗവും പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് പുരോഗമനാശയങ്ങളുമായി വാദിക്കുന്ന മറ്റൊരു വിഭാഗവും സുന്നഹദോസിന്റെ ചർച്ചകളുടെ പ്രത്യേകതകളായിരുന്നു.

ഇറ്റലിക്ക് പുറത്തുള്ള രാജ്യങ്ങളിൽ സഞ്ചരിച്ച ആദ്യത്തെ മാർപ്പാപ്പയും അദ്ദേഹമായിരുന്നു. പറക്കുന്ന മാർപാപ്പായെന്നും അറിയപ്പെട്ടിരുന്നു. അഞ്ചു ഭൂകണ്ഡങ്ങളിലായി പത്തൊമ്പതു രാജ്യങ്ങൾ  സന്ദർശിച്ചിട്ടുണ്ട്. അക്കൂടെ മിഡിൽ ഈസ്റ്റ്, അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ, ഫിലിപ്പിയിൻസ് എന്നീ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും തുറസായ സ്ഥലങ്ങളിൽ കാണാൻ താല്പര്യപ്പെട്ടിരുന്നു. 1970-ൽ ചൈനയുടെ അടുത്തുള്ള ഹോങ്കോങ്ങിലും സന്ദർശനം നടത്തി. ഹോങ്കോങ് ചൈനയുടെ ഭാഗമായിരുന്നെങ്കിലും അന്ന് ആ രാജ്യം ബ്രിട്ടന്റെ ഭരണത്തിൻ കീഴിലായിരുന്നു. മാവോ സേതുങ്ങിനെ നിരാശപ്പെടുത്താൻ കഴിയാത്തതു കൊണ്ട് ഹോങ്കോങ്ങിലെ പ്രസിഡന്റ് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാൻ വന്നില്ല.

1970 നവംബർ ഏഴാം തിയതി പോൾ ആറാമൻ മാർപാപ്പാ ഫിലിപ്പൈൻസിലുള്ള മനിലായിൽ എത്തി. ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു ബൊളീവിയൻ മനുഷ്യൻ മാർപാപ്പയെ കത്തികൊണ്ട് വധിക്കാനായി എത്തി. എന്നാൽ അദ്ദേഹത്തിൻറെ തൊട്ടടുത്തു നിന്ന ഷിക്കാഗോയിലെ ആറടിയിൽക്കൂടുതൽ പൊക്കവും അതിനൊത്ത ശരീരവുമുള്ള സുഹൃത്ത് 'ഫാദർ പോൾ മാർസിങ്കസ്' (Paul Marcinkus) തക്ക സമയത്ത് പ്രതിരോധിച്ചതുകൊണ്ടു മാർപാപ്പായുടെ ജീവൻ രക്ഷപെട്ടു. മാർസിങ്കസിന്റെ ഈ സാഹസികപ്രവർത്തിക്ക് പിന്നീടുള്ള കാലങ്ങളിൽ വലിയ വിലയും കൊടുക്കേണ്ടി വന്നു.  വത്തിക്കാനിലുള്ള അഴിമതികൾക്ക് ചുക്കാൻ പിടിച്ചിരുന്ന അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ  മുഴുവനായിത്തന്നെ പിൽക്കാലങ്ങളിൽ മാർപാപ്പായ്ക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിയും വന്നു.

ദരിദ്രരോടുള്ള സമീപനത്തിൽ പോൾ ആറാമനും ഫ്രാൻസീസ് മാർപാപ്പായുമായി വളരെയേറെ സാമ്യങ്ങളുണ്ടായിരുന്നു. പോൾ ആറാമൻ മാർപാപ്പായായപ്പോൾ അദ്ദേഹത്തിന് ലഭിച്ച കിരീടം വിൽക്കുകയും ഒരു മാർപാപ്പാ രാജാവല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു നിരകളിലായുള്ള കിരീടം വിറ്റ വകയിൽ ലഭിച്ച പണം കൽക്കട്ടയിലെ മദർ തെരേസ സമൂഹത്തിനു നൽകുകയും ചെയ്തു. അന്നുമുതൽ ഒരു മാർപാപ്പാമാരും അധികാരചിന്ഹമായി കിരീടം ധരിച്ചിട്ടില്ല. അമേരിക്കയിലെ കത്തോലിക്കാ സമൂഹം മാർപാപ്പായുടെ കിരീടം ഒരു മില്യൺ ഡോളറിനു വിലയ്ക്ക് വാങ്ങുകയും ചെയ്തു. വാഷിംഗ്ടൺ ഡീസിയിൽ മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയിൽ  കിരീടം സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയിൽ സന്ദർശിച്ച വേളയിൽ 'റോൾസ് റോയിസ്' കാർ അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുകയുണ്ടായി. അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിപോയപ്പോൾ 'കാർ' മദർ തെരാസായുടെ സാധുക്കൾക്കായുള്ള ഫണ്ടിലേക്ക് നല്കുകയാണുണ്ടായത്. ഫ്രാൻസീസ് മാർപാപ്പായ്ക്ക് ലഭിച്ച വിലപിടിപ്പുള്ള 'ലാംബർഗിനി' കാറും ഇറാക്കിലെ സാധു ജന ഫണ്ടിലേക്ക് സംഭാവന നൽകിയതും എടുത്തു പറയേണ്ടിയിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ പോൾ മാർപാപ്പയും  വത്തിക്കാന്റെ ആഡംബരങ്ങൾ കുറച്ചിരുന്നു. മാർപാപ്പായ്ക്ക് വേണ്ടിയുള്ള സ്വിസ് പട്ടാളക്കാരുടെ അംഗസംഖ്യയിലും ഗണ്യമായി കുറവ് വരുത്തി.

ഫ്രാൻസീസ് മാർപാപ്പയ്ക്ക് എൺപതു വയസു തികഞ്ഞപ്പോൾ അദ്ദേഹം പോൾ ആറാമൻ ധരിച്ചിരുന്ന ലളിതമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടായിരുന്നു ഞായറാഴ്ച കുർബാന ചൊല്ലിയത്. പോൾ മാർപാപ്പായുടെ വെള്ളി വടി ഫ്രാൻസീസ് മാർപാപ്പാ അന്ന് കൈകളിൽ ഊന്നിയിരുന്നു. ഫ്രാൻസീസ് മാർപാപ്പായെപ്പോലെ പോൾ മാർപ്പാപ്പയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പോൾ മാർപാപ്പാ ആരോഗ്യ പ്രശ്നങ്ങൾ കാരണം സെമിനാരി കാലങ്ങളിൽ സ്വന്തം വീട്ടിലായിരുന്നു കൂടുതൽ കാലങ്ങളും ചെലവഴിച്ചിരുന്നത്. അതുപോലെ ഫ്രാൻസീസ് മാർപാപ്പയും കുഞ്ഞായിരുന്ന കാലങ്ങളിൽ അദ്ദേഹത്തിൻറെ ശ്വാസകോശങ്ങളിൽ ഒന്ന് ഏതോ അണുബാധ കാരണം പ്രവർത്തനരഹിതമായിരുന്നു.

1962-65 കാലങ്ങളിൽ മാർപ്പാപ്പായുടെ നിർദ്ദേശപ്രകാരം വത്തിക്കാനിൽ മെത്രാന്മാരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ആഗോള തലത്തിൽ നിലനിന്നിരുന്ന ലത്തീൻ ഭാഷയിലുള്ള കുർബാനയ്ക്കു  പകരം അതാത് നാട്ടു ഭാഷകളിൽ കുർബാന അർപ്പിക്കാനുള്ള തീരുമാനമാവുകയും ചെയ്തു. അല്മായർക്കും സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങളും പങ്കാളിത്തങ്ങളും നിർദ്ദേശിച്ചിരുന്നു. മറ്റുള്ള സഭകളുമായി ഐക്യവും ബന്ധവും സ്ഥാപിക്കാൻ വിപ്ലവകരങ്ങളായ മാറ്റങ്ങളും സൃഷ്ടിച്ചിരുന്നു. യഹൂദ ജനതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലഘൂകരിക്കാനും സാധിച്ചു. നൂറ്റാണ്ടുകളായി  ക്രിസ്തുവിന്റെ മരണത്തിൽ യഹൂദർ ഒന്നടങ്കം കുറ്റക്കാരെന്നുള്ള പഴിചാരലുകൾ അവസാനിപ്പിക്കുകയും ചെയ്തു. മുൻകാല സഭാ പിതാക്കന്മാരുടെ നിരവധി വിശ്വാസങ്ങൾക്കു  മാറ്റങ്ങൾ വരുത്തിയ പോൾ ആറാമന്റെ കാലടികളാണ് ഫ്രാൻസീസ് മാർപ്പാപ്പയും തുടർന്നുകൊണ്ടിരിക്കുന്നത്. സഭയെ കൂടുതൽ ചൈതന്യവത്താക്കാനുള്ള ഫ്രാൻസീസ് മാർപാപ്പായുടെ ശ്രമങ്ങളും പോൾ തുടങ്ങി വെച്ച അതേ വഴികളിൽക്കൂടിയായിരുന്നു.

രണ്ടാം വത്തിക്കാൻ സുന്നഹദോസിൽ ലൈംഗിക കാര്യങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളിൽ പോൾ മാർപ്പാപ്പ നിലവിലുള്ള പാരമ്പര്യ വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ലായിരുന്നു. അതിൽ കത്തോലിക്കാ ലോകം മാർപാപ്പായുടെ ഈ കടുംപിടുത്തത്തിൽ നിരാശരായിരുന്നു. പോൾ മാർപാപ്പ തന്നെ സ്വന്തം താൽപ്പര്യം അനുസരിച്ച് ഒരു കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ ജനന നിയന്ത്രണത്തിനെതിരായ ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഭൂരിഭാഗവും സഭയുടെ ഗർഭനിരോധനത്തെ സംബന്ധിച്ചുള്ള നയങ്ങളെ അനുകൂലിക്കുകയും ചെയ്തു. 'മാനുഷിക ജീവിത'മെന്ന അർത്ഥത്തിൽ 'Humanae Vitae' എന്ന സഭയുടെ വിജ്ഞാന പത്രിക പോൾ മാർപാപ്പാ തയ്യാറാക്കി. കൃത്രിമ ജനന നിയന്ത്രണത്തെപ്പറ്റിയുള്ള സഭയുടെ പഠനം ഈ വിജ്ഞാപനം അനുസരിച്ച് ഇന്നും പിന്തുടരുന്നു. മനുഷ്യ ജീവിതം സംരക്ഷിക്കലും അതുവഴി വിശ്വാസത്തെ സംരക്ഷയ്ക്കലും സഭയുടെ കാതലായ വിഷയങ്ങളായി അദ്ദേഹം പാലിച്ചു വന്നിരുന്നു.

പോൾ മാർപാപ്പായുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒന്ന് 1978-ലെ വസന്തകാലത്തിൽ അദ്ദേഹത്തിൻറെ ഉറ്റമിത്രമായിരുന്ന മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി 'എൽദോ മോറോ' യെ 'റെഡ് ബ്രിഗേഡ്‌സ്' എന്ന ഭീകര സംഘടന തട്ടിക്കൊണ്ടു പോയതായിരുന്നു. അദ്ദേഹം ഭീകരരോട് എൽദോ മോറോയെ യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒരു കാറിന്റെ പുറകിൽ ബുള്ളറ്റുകൾ തറച്ച അദ്ദേഹത്തിൻറെ ശവ ശരീരം കണ്ടെത്തുകയായിരുന്നു. പോൾ മാർപാപ്പാ കാർമ്മികനായി നടത്തിയ സ്റ്റേറ്റ് ശവ സംസ്ക്കാര ചടങ്ങുകളിൽ 'മോറോ കുടുംബം' സംബന്ധിച്ചില്ല. ഉപാധികളൊന്നുമില്ലാതെ മോചിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഉറച്ചു നിന്നതുകൊണ്ടാണ് മോറോയുടെ  മരണം സംഭവിച്ചതെന്ന് കുടുംബം വിശ്വസിക്കുന്നു. ഭീകരരുടെ ഡിമാന്റുകൾ ചെവികൊണ്ടിരുന്നുവെങ്കിൽ ഒരു പക്ഷെ പൊലിഞ്ഞുപോയ മോറോയുടെ ജീവിതം രക്ഷിക്കാമായിരുന്നുവെന്നു കുടുംബം വിശ്വസിക്കുന്നു.

രണ്ടാംവത്തിക്കാൻ കൗൺസിലിൽ 2500 ബിഷപ്പുമാരുടെ വ്യത്യസ്ത അഭിപ്രായങ്ങളിലും ഒരു പൊതു അജണ്ട തയ്യാറാക്കാനും അദ്ദേഹത്തിനു സാധിച്ചു. സഭയുടെ തത്ത്വങ്ങളെ ബലികഴിക്കാതെ അവർക്കിടയിൽ ഒരു മദ്ധ്യവർത്തിയായി പ്രവർത്തിക്കാനും സാധിച്ചു. ആയിരത്തിൽപ്പരം വർഷങ്ങളായി നിലവിലുണ്ടായിരുന്ന ഓർത്തോഡോക്സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലഘുകരിക്കാനും സഭകൾ തമ്മിലുള്ള അകലം കുറക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായുളള കൂടിക്കാഴ്ചയും ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മതങ്ങൾ തമ്മിലുള്ള എല്ലാ വിധമുള്ള സൗഹാർദ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള വഴികൾ ഒരുക്കുകയും ചെയ്തു.

ഹൈന്ദവ വേദാന്തിയായ 'സ്വാമി ചിൻമോയ', പോൾ ആറാമൻ മാർപാപ്പായുടെ ഒരു ആരാധകനായിരുന്നു. വത്തിക്കാനിൽ മാർപാപ്പായെ സന്ദർശിച്ചപ്പോൾ ചിൻമോയ എഴുതിയ മൂന്നു പുസ്തകങ്ങൾ അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. 'താങ്കൾ തന്ന ആത്മാവിന്റെ ഗീതങ്ങളടങ്ങിയ പുസ്തകങ്ങൾ വായിക്കുമെന്നും' മാർപാപ്പ സ്വാമി ചിൻമോയ്ക്ക് ഉറപ്പു കൊടുത്തു. ചിന്മയോ മാർപാപ്പായോട് പറഞ്ഞു, "ഞാൻ അങ്ങയുടെ ചിന്തകളിൽ ആകൃഷ്ടനാണ്. അങ്ങ് പറയുന്നു, ഭൗതികതയും ആത്മീയതയും ഒരേ ദിശയിൽ പരസ്പ്പരം ബന്ധിച്ച് സഞ്ചരിക്കുന്നു. എന്റെ എളിയ ചിന്തകളും അതു തന്നെയാണ്. മനസ്സിനുള്ളിലെ ഉത്‌കടമായ അഭിലാഷങ്ങളും ആഗ്രഹങ്ങളും ബാഹ്യവും ഭൗതികമായ ജീവിതവും ദൈവികമായ സാക്ഷാത്ക്കരണത്തിൽക്കൂടി ഒത്തു ചേർന്നു പോവണം." മാർപാപ്പ പറഞ്ഞു, "അങ്ങയുടെ താത്ത്വിക ചിന്തകളെ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ക്രിസ്ത്യൻ ജീവിതവും ഹിന്ദു ജീവിതവും ഒരേ നദിയിൽക്കൂടി ഒരേ ഒഴുക്കിൽക്കൂടി ഒന്നായി സഞ്ചരിക്കണം. അങ്ങയുടെ സന്ദേശവും എന്റെ സന്ദേശവും ഒന്നുതന്നെയാണ്." ഒരു വർഷം കഴിഞ്ഞു ചിന്മയോ രണ്ടാമതും വത്തിക്കാനിൽ എത്തിയപ്പോൾ മാർപാപ്പ പറഞ്ഞു, "ഞാൻ വാക്കു തന്നപോലെ അങ്ങയുടെ എല്ലാ പുസ്തകങ്ങളും വായിച്ചു. മനസുനിറയെ സന്തോഷവുമുണ്ടായി. ഞാൻ പറയട്ടെ, 'അങ്ങൊരു ഇന്ത്യനാണ്. ഞാനും ഇന്ത്യയെപ്പറ്റി അങ്ങേയറ്റം അഭിമാനമുള്ളവനാണ്.' മൂന്നാം പ്രാവശ്യവും ചിന്മയോ മാർപാപ്പയെ സന്ദർശിച്ചപ്പോൾ മാർപാപ്പയെ ആദരിച്ചുകൊണ്ടുള്ള 'കാരുണ്യത്തിന്റെ പിതാവ്, സാഹോദര്യത്തിന്റെ വിജയി, ഉത്തമ സുഹൃത്ത്' (Compassion-Father, Champion-Brother,Perfection-Friend) എന്ന പേരിലുള്ള പുസ്തകവും സമ്മാനിച്ചു.

പോൾ മാർപാപ്പ മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് പറഞ്ഞു, "വിശ്വാസം സംരക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനും പൊരുതി. മനുഷ്യ ജീവിതത്തെ പ്രതിരോധിക്കുകയും ചെയ്തു." ഗർഭ നിരോധനം സഭയുടെ പാപമായി മുദ്രകൊത്തിക്കൊണ്ടുള്ള കർശന നിയന്ത്രണം വഴി യാഥാസ്ഥിതികരുടെ കയ്യടി വാങ്ങിയതിലും മാർപാപ്പ അഭിമാനിച്ചിരുന്നു. 1978 ആഗസ്റ്റ് ആറാംതീയതി അദ്ദേഹം റോമ്മിലുള്ള മാർപാപ്പാമാരുടെ വസതിയിൽ വിശ്രമത്തിലായിരിക്കവേ അവിചാരിതമായി മരണമടഞ്ഞു.

വത്തിക്കാന്റെ സാമ്പത്തികം കുഴഞ്ഞു മറിഞ്ഞ കാലങ്ങളിലായിരുന്നു പോൾ ആറാമനു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. ഒരു മാസത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിൻറെ പിൻഗാമിയായ ജോൺ പോൾ ഒന്നാമന്റെ ആകസ്മികമായ മരണത്തിൽ ദുരൂഹതകളുണ്ട്. മരണ കാരണത്തിൽ, വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളുമായി ബന്ധപ്പെടുത്തിയുള്ള കിംവദന്തികളുമുണ്ട്. ലോകത്തിലെ നിഗുഢമായ ബാങ്കെന്നാണ് വത്തിക്കാന്റെ ഈ ബാങ്കിനെപ്പറ്റി ഫോബ്‌സ് മാഗസിൻ വിശേഷിപ്പിച്ചത്. ദൈവത്തിന്റെ ബാങ്കെന്നാണ് വത്തിക്കാൻ ബാങ്കിനെ അറിയപ്പെട്ടിരുന്നത്. ഈ ബാങ്കിന്റെ തലപ്പത്തിരുന്നുകൊണ്ടു ആർച്ച് ബിഷപ്പ് മാർസിങ്കസ്  ദീർഘകാലം ഭരണം നടത്തിയിരുന്നു. ബാങ്കോ അംബ്രോസിയാനൊയുടെ ചെയർമാനായിരുന്ന 'റോബർട്ടോ കാൽവി' ലണ്ടൻ പാലത്തിനടിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതൊരു കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കൊല ചെയ്തത് ആരെന്നു മാത്രം വ്യക്തമല്ല. റോബർട്ടോ കാൽവിക്ക് വത്തിക്കാൻ ബാങ്കുമായി ഇടപാടുകളും അടുത്ത ബന്ധവുമുണ്ടായിരുന്നു. കാൽവിയും വത്തിക്കാൻ ബാങ്കിന്റെ ചെയർമാനായ ആർച്ച് ബിഷപ്പ് മാർസിങ്കസുമായി സുഹൃത്തുക്കളുമായിരുന്നു.

1950-ൽ മാർസിങ്കസ്, റോമ്മിലേക്ക് പോവുന്നതിനുമുമ്പ് ഷിക്കാഗോ രൂപതയിൽ സേവനം ചെയ്തിരുന്നു. അതിനുശേഷം കാനോൻ നിയമങ്ങൾ പഠിക്കാൻ റോമ്മിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. വത്തിക്കാൻ സെക്രട്ടറിയേറ്റിൽ ജോലി ലഭിക്കുകയും ചെയ്തു. അക്കാലയളവിലാണ് ഭാവി മാർപാപ്പായായ ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനിയുമായി സൗഹാർദ്ദ  ബന്ധം സ്ഥാപിച്ചത്. മാർപാപ്പായായ ശേഷം പോൾ ആറാമൻ അദ്ദേഹത്തെ വത്തിക്കാൻ ബാങ്കിന്റെ ചുമതലകൾ ഏൽപ്പിച്ചു. 'മാർസിങ്കസ്' ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ലിത്ത്‌വാനിയൻ എന്നീ ഭാക്ഷകൾ ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു. മാർപ്പാപ്പാ വിദേശത്തു സഞ്ചരിക്കുന്ന വേളകളിൽ അദ്ദേഹത്തോടൊപ്പം മാർസിങ്കസും സഞ്ചരിക്കുമായിരുന്നു. അങ്ങനെയുള്ള ഒരു യാത്രക്കിടയിലാണ് മാർസിങ്കസിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം മാർപാപ്പായുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. വത്തിക്കാൻ ബാങ്കിലെ സാമ്പത്തിക അഴിമതികളിൽ മാർസിങ്കസും കുറ്റവാളിയായിരുന്നു.

പോൾ ആറാമൻ, ആർച്ച് ബിഷപ്പായി ഉയർത്തിയ മാർസിങ്കസെപ്പോലെ വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളിൽ ഇത്രമാത്രം പങ്കുള്ള മറ്റൊരു പുരോഹിതനില്ല. പണമിടപാട് കേസിൽ ഇറ്റാലിയൻ ക്രിമിനലന്വേഷകരുടെ ദൃഷ്ടിയിൽ മാർസിങ്കസ്  കുറ്റവാളിയാണെങ്കിലും പോൾ ആറാമൻ അദ്ദേഹത്തെ വത്തിക്കാനുള്ളിൽ സുരക്ഷിതമായി സംരക്ഷിച്ചു. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനിൽ താമസിക്കുന്ന മാർസിങ്കസിനെതിരെ ഇറ്റാലിയൻ നിയമങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. വത്തിക്കാൻ ബാങ്കുമായി അഴിമതി ബന്ധമുള്ള മറ്റൊരു 'ബാങ്കർ' ജയിലിൽ വെച്ച് ഭക്ഷണത്തിൽ ആരോ വിഷം കലർത്തി കൊല ചെയ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര രാഷ്ട്രമെന്ന പദവിയുടെ വെളിച്ചത്തിലും കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരിക്കുന്ന നിലയിലും പോൾ ആറാമൻ മാർപാപ്പായ്ക്ക് മാർസിങ്കസിനെ ഇറ്റാലിയൻ നിയമ വ്യവസ്ഥയിൽനിന്നും ജയിൽ ശിക്ഷയിൽനിന്നും രക്ഷിക്കാൻ കഴിഞ്ഞു. തന്റെ ജീവൻ രക്ഷിച്ച കടപ്പാടുകൾ മൂലമുള്ള പ്രത്യുപകാരമായി മാർപാപ്പാ അദ്ദേഹത്തെ വത്തിക്കാനുള്ളിൽ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തു.

1978-ൽ പോൾ ആറാമന്റെ മരണശേഷം ജോൺ പോൾ ഒന്നാമൻ മാർപാപ്പായായത് തികച്ചും യാദൃശ്ചികമായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളിൽ ചുക്കാൻ പിടിച്ചിരുന്ന മാർസിങ്കസോട് ജോൺ പോൾ ഒന്നാമൻ മാർപാപ്പായ്ക്ക് വ്യക്തിപരമായി നീരസവുമുണ്ടായിരുന്നു. മാർസിങ്കറുടെ സാമ്പത്തിക അഴിമതികളുമായി ഒത്തുപോകാൻ പുതിയ മാർപാപ്പായ്ക്ക് സാധിക്കില്ലായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ തലപ്പത്ത് മാർസിങ്കസ്  തുടരുന്നതിനോടും  വിയോജീപ്പുണ്ടായിരുന്നു. മാർസിങ്കസിനു തന്റെ അധികാരം നഷ്ടപ്പെടുമോയെന്ന അങ്കലാപ്പുമുണ്ടായിരുന്നു. ജോൺ പോൾ ഒന്നാമനെ മാർപാപ്പയായി വാഴിച്ച രണ്ടാം ദിവസം റഷ്യൻ ഓർത്തോഡോക്‌സിലെ ആർച്ച് ബിഷപ്പ് 'നിക്കോടിമസ്' വത്തിക്കാന്റെ സ്വീകരണ മുറിയിൽ തലയടിച്ചു വീണു മരണപ്പെട്ടിരുന്നു. കാപ്പിക്കകത്ത് വിഷം ചെന്ന് മരിച്ചതെന്നും വാർത്തകളുണ്ട്. വിഷം ജോൺ പോൾ ഒന്നാമനെ ലക്ഷ്യം വെച്ചു വധിക്കാനായിരുന്നുവെന്നും പറയപ്പെടുന്നു. ഏതായാലും പിന്നീട് ഒരുമാസത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ജോൺ പോൾ ഒന്നാമൻ മാർപാപ്പാ മരണപ്പെടുകയായിരുന്നു. ജോൺ പോൾ രണ്ടാമനും മാർസിങ്കസുമായി സുഹൃത്തുക്കളായിരുന്നതുകൊണ്ടു മാർസിങ്കസിനു വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക മേധാവിയായി തുടരാനും സാധിച്ചു.

പോൾ ആറാമൻ മാർപാപ്പായുടെ ഉദ്ധരണിയും പ്രസക്തമാണ്. "നിങ്ങൾ സമാധാനം കാംക്ഷിക്കുന്നുവെങ്കിൽ നീതിക്കായി പൊരുതൂ! ലളിതമായ ജീവിതവും ഹൃദയത്തിന്റെ ഗീതങ്ങളിൽനിന്നുള്ള പ്രാർത്ഥനയും പാവങ്ങൾക്കു നൽകുന്ന സഹായവും സഹാനുഭൂതിയും വിനയവും ആത്മാർപ്പണവും ത്യാഗവും നിസ്സംഗത്വവും നാം ഓരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുന്നു. വിശുദ്ധിയുടെ ഈ വാക്കുകളുടെ അഭാവത്തിൽ ലോകത്ത് അരാജകത്തമുണ്ടാവുകയും ആധുനിക മനുഷ്യന്റെ ഹൃദയ സ്പർശനം ഉൾക്കൊള്ളാൻ സാധിക്കാതെയും വരുന്നു."


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC