പ്രത്യേക ശ്രദ്ധയ്ക്ക്

തോക്കുകള്‍ കഥ പറയാതെ ഇരിക്കാന്‍ നമുക്ക് ഒന്നിക്കാം

ബ്‌ളസന്‍ ഹൂസ്റ്റന്‍ 2018-06-07 02:57:01am

ടെക്‌സാസിലെ സാന്റഫെ ഹൈസ്കൂളില്‍ നടന്ന വെടിവെയ്പ് അമേരിക്കന്‍ ജനതയെ ഒരിക്കല്‍ കൂടി ദുഃഖത്തിലാഴ്ത്തി. അമ്പരപ്പും കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആകുലതയും ഒരിക്കല്‍ക്കൂടി രക്ഷിതാക്കളെ ഭയവിഹ്വലരാക്കി. സ്കൂളുകളില്‍ പോലും തോക്കുകള്‍ കഥ പറയുന്ന രീതിയിലേക്ക് എത്തുന്നുയെന്നതാണ് അമേരിക്കന്‍ ജനത പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പ് തീര്‍ത്ത ആ ഘാതത്തില്‍ നിന്ന് അമേരിക്കന്‍ ജനത വിട്ടുമാറുന്നതിന് മുന്‍പ് തന്നെ സാന്റഫെ ഹൈസ്കൂളില്‍ നടന്ന വെടിവെയ്പ് അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുക മാത്രമല്ല ഞെട്ടിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സി -ഫിലാഡല്‍ഫിയ ഭാഗത്തുള്ള സ്കൂളില്‍ വെടിവെയ്പ് നടത്തിയപ്പോള്‍ മുതല്‍ സ്കൂളുകളിലെ സുരക്ഷിതത്വത്തിനുമേല്‍ ഉള്ള ആശങ്ക രക്ഷിതാക്കളുടെ ഇടയില്‍ സജീവമായ ചര്‍ച്ചാ വിഷയമായിരുന്നു. ഫ്‌ളോറിഡയില്‍ അതിന് ആക്കം കൂട്ടിയപ്പോള്‍ സാന്റഫെയില്‍ അത് കൂടുതല്‍ ചിന്തിക്കാന്‍ കാരണമായി.

ഇന്ന് അമേരിക്കയിലെ സാധാരണക്കാരുടെ ഇടയിലും രക്ഷിതാക്കളുടെ ഇടയിലും ഈ ചിന്ത ശക്തമായിക്കഴിഞ്ഞു. സ് കൂളുകളില്‍ മാത്രമല്ല തോക്കുകള്‍ കൂട്ടക്കുരുതികള്‍ നടത്തിയത് മറ്റ് ഭാഗങ്ങളിലുമുണ്ട്. ഒരു ഗവേഷണ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയായിലെ ഒരു മാളില്‍ തോക്കിനിരയാക്കിയത് ഏകദേശം ഡസ്സനേളം ആളുകളെ ആയിരുന്നു. ഒരു കോണ്‍ഗ്രസ്സ് അംഗത്തെയുള്‍പ്പെടെ നിരവധിപ്പേരെ വെടിവെച്ചത് അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എടുത്തത് ഏറെ നാളുകളിലെ വിദഗ്ദ്ധ ചികിത്സയില്‍ കൂടിയായിരുന്നു. അങ്ങനെ നിരവധി സംഭവങ്ങള്‍ നിരത്താം സ്കൂളുകളുടെ പുറത്തു നടന്നവയില്‍ എങ്കില്‍ പകയും വൈരാഗ്യവും തീര്‍ത്തത് അതിലൊക്കെ എത്രയോ ആണ്. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തത് തുടങ്ങി തോക്കു കൊണ്ട് കളിച്ച് സഹോദരങ്ങളെയോ സുഹൃത്തുക്കളെയോ ഇല്ലാതാക്കിയ കൊച്ചു കുട്ടികളുടെ കഥയും നിരവധിയാണ്. ഇതുകൂടാതെയാണ് മോഷണത്തിനിടയിലും ഭവനഭേദന ത്തിനിടയിലും വെടിയുതിര്‍ക്കുന്നവരുടെ കഥ. അതില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതിന്റെ കണക്കെടുത്താല്‍ ഒരു യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതലുണ്ടാകാം. ഓരോ ദിവസവും അതിന്റെ എണ്ണം കൂടി വരുന്നുയെന്നതാണ് സത്യം.

അമേരിക്കയില്‍ 36 പേരെങ്കിലും ഒരു ദിവസം തോ ക്കിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. 99 മുതല്‍ 2013 വരെ യുള്ള കണക്കില്‍ 464033 പേരോളം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. തോക്കില്‍ നിന്ന് ഉതിര്‍ക്കുന്ന വെടിയുണ്ടകള്‍കൊണ്ട് അമേരിക്കയില്‍ 2018 വരെ പതിനെട്ട് സ്കൂളുകളില്‍ വെടിവെയ്പ് നടത്തിയിട്ടുണ്ട് അക്രമ കാരികള്‍. സ്വയരക്ഷയ്ക്കും മറ്റുമായി വെടിവെച്ചതുമായ കേസ്സുകളുടെ കണക്കെടുത്താല്‍ ഇതുവരെയും മൂന്ന് മില്യനോളമുണ്ടെന്നാണ്.

നൂറില്‍ എണ്‍പത്തിയെട്ടു പേര്‍ക്ക് അമേരിക്കയില്‍ തോക്ക് കൈവശമുണ്ടെന്നാണ് ശരാശരി കണക്ക്. ഇത് നിയമപരമായി കൈവശം വെയ്ക്കാനുള്ള കണക്കാണ്. ഇതില്‍ കൂടുതലായിരിക്കും അനധികൃതമായി സൂക്ഷിക്കുന്നവരുടെ കണക്ക്. മുപ്പത്തിയഞ്ച് ശതമാനം പുരുഷന്മാര്‍ക്കും പന്ത്രണ്ട് ശതമാനത്തോളം സ്ത്രീകള്‍ക്കും അമേ രിക്കയില്‍ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ട്. ഭരണ ഘടനയുടെ രണ്ടാം ഭേദഗതിയില്‍ സ്വയ രക്ഷക്കായി പൗരന് തോക്ക് കൈവശം വെക്കാവുന്നതാണെങ്കില്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ് തോക്കു മുതലാളിമാര്‍. അതുകൊണ്ടു തന്നെ തോക്കുകള്‍ അമേരിക്കന്‍ ജനതയുടെ ഭാ ഗമായിക്കൊണ്ടിരിക്കുകയാണി പ്പോള്‍ അല്ല ആയിക്കഴിഞ്ഞു.

തോക്കില്ലാത്ത അമേരിക്കക്കാര്‍ എന്ന് പറയാത്ത രീതിയിലേക്ക് ഇങ്ങനെ പോയാല്‍ എത്തിച്ചേരുമെന്നതാണ് ഈ കണക്കുകളില്‍ കൂടി വ്യക്തമാക്കുന്നത്. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുകയും ചെയ്തതോടുകൂടി തോക്കുകള്‍ യഥേഷ്ടം അമേരി ക്കയില്‍ വാങ്ങാമെന്ന സ്ഥിതിയാണ് ഇപ്പോള്‍. അക്രമണം നടത്തുന്നവരാണെങ്കില്‍ തോക്കുകള്‍ കരസ്ഥമാക്കുന്ന കടകള്‍ അതിക്രമിച്ചുകൊണ്ട് മോഷണത്തില്‍ കൂടിയാണ്.

പൊതു നിരത്തുകളില്‍ നടന്നിരുന്ന വെടിവെയ്പ് നൈറ്റ് ക്ലബ്ബുകളിലും മാളുകളിലും മറ്റുമായി പടര്‍ന്നു പിടിച്ചപ്പോള്‍ അമേരിക്കയുടെ സുരക്ഷിതത്വത്തെപ്പറ്റി പലരും ചിന്തിക്കാന്‍ തുടങ്ങി. കള്ളന്മാര്‍ തോക്കുചൂണ്ടി പിടിച്ചുപറി നടത്താന്‍ ശ്രമിക്കുമ്പോള്‍ അവരെ എതിര്‍ക്കുന്നവര്‍ക്ക് ജീവഹാനി സംഭവിക്കുന്നതാണ് പൊതു നിരത്തിലെ വെടിവെയ്പിന്റെ ഒരു കാരണമെങ്കില്‍ പകപോക്കലും വഴക്കും അടിപിടിയുമാണ് മറ്റൊരു കാരണം. അങ്ങോട്ടുമിങ്ങോട്ടും അടിക്കാന്‍ നില്‍ക്കാതെ തോക്കെടുത്ത് എതിരാളിയെ തകര്‍ക്കുന്നതാണ് അമേരിക്കന്‍ തെരുവില്‍ കൂടിയുള്ള ഏറ്റുമുട്ടലില്‍ കാണുന്നത്. പിടിച്ചു പറി മുതലായവയില്‍ കൂടി ജീവന്‍ നഷ്ടപ്പെടുന്നത് നിരപരാധികള്‍ക്കാണ്. ഇവരെ നേരിടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവഹാനി സംഭവിക്കുന്നുണ്ട്.

ഇങ്ങനെ പലവിധത്തിലാണ് അമേരിക്കയില്‍ തോക്കുകള്‍ ജനങ്ങളുടെ ജീവനെടുക്കുന്നത്. ഇതില്‍ ഇരയാകുന്നവര്‍ പലപ്പോഴും നിരപരാധികളാണ്. ഇപ്പോള്‍ അത് സ്കൂളുകളിലേക്കും വ്യാപിച്ചുകൊണ്ട് കുട്ടികളു ടെ കൂടി ജീവനെടുക്കാന്‍ തുട ങ്ങിയിരിക്കുന്നു. ശക്തമായ തോ ക്കു നിയന്ത്രണം വേണമെന്ന ആവശ്യത്തിന് ഇപ്പോള്‍ ശക്തി വന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ഫെഡറല്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകളാണ്. എന്നാല്‍ അവരുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു ശക്തമായ നീക്കമുണ്ടോയെന്നാണ് ജനത്തിന്റെ സംശയം. ഓരോ പ്രസിഡന്റ് അധികാരത്തിലേറുന്നതിനു മുന്‍പും തോക്കു നി യന്ത്രണത്തെക്കുറിച്ച് വാചാലരാകാറുണ്ട്. അധികാരത്തില്‍ കയ റിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ച് അവര്‍ അത്രക്ക് ഒന്നും തന്നെ പറയാറില്ല.

ഒബാമയുടെ ഭരണകാലത്ത് തോക്കു നിയന്ത്രണം വരുമെന്ന് എല്ലാവരും കരുതിയതാണ്. രണ്ടാം ഭരണഘടന ഭേദഗതിക്ക് മാറ്റം വരുത്തിക്കൊണ്ട് ഇതിന് നിയന്ത്രണം വരുത്തുന്നതിന് അദ്ദേഹം ശ്രമങ്ങള്‍ ന ടത്തിയെങ്കിലും അത് പൂര്‍ണ്ണതയിലെത്തിയില്ല. പാര്‍ട്ടിക്കകത്തു പോലും എതിര്‍പ്പ് കണ്ടതോടെ കോണ്‍ഗ്രസ്സില്‍ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം ഭയന്നതുകൊണ്ടാണ് ആ ശ്രമത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയ തെന്നാണ് പറയപ്പെടുന്നത്.

പ്രസിഡന്റ് ട്രംപും ശക്തമായ നിയന്ത്രണം കൊണ്ടു വരുമെന്ന് അധികാരത്തില്‍ കയറും മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ അടുത്ത സമയത്ത് ഡാളസ്സില്‍ നടന്ന എന്‍.ആര്‍.എ. കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്തതോടെ അതിലും പ്രതീക്ഷ ഇല്ലാതായി. ഫ് ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പിനുശേഷം നടന്ന കണ്‍വെന്‍ഷനായതിനാല്‍ ഡാളസ്സിലെ എന്‍.ആര്‍.എ. കണ്‍വെന്‍ഷന് ശക്തമായ പ്രതിഷേധവുമായി സാധാരണക്കാരായ ജനങ്ങള്‍ രംഗത്തു വരികയുണ്ടായി. എന്നാല്‍ അതിന് രാഷ്ട്രീയ പിന്തുണയില്ലാത്തതിനാല്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലായെന്നതാണ് ഒരു സത്യം. തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന അമേരിക്കയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ ഒരിക്കലും കിട്ടിയിട്ടില്ല. മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ വാതോരാതെ സംസാരി ക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയം വരുമ്പോള്‍ മൗനം പാലിക്കുകയാണ് പതിവ്. ആ വിഷയത്തെപ്പറ്റി അഭിപ്രായം പറയാന്‍ പോലും ഭയമാണ് ജനപ്രതിനിധികളുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ക്ക്. ചോറ് ഇവിടാണെങ്കിലും കൂറ് അവിടെ യെന്നതാണ് ഒരു കാരണമെന്നതാണ് പരക്കെയുള്ള ജനസംസാരം. ഇന്ത്യയിലെ കുത്തക മുതലാളിമാരെ പിണക്കാതെ പ്രവര്‍ത്തനം നടത്തുന്ന അവിടുത്തെ രാഷ്ട്രീയ ജനപ്രതിനിധികളെ പ്പോലെയാണ് തോക്കു മുതലാ ളിമാരെ പിണക്കാറില്ല ഇവിടെയുള്ളവരുമെന്നതാണ് അതിന്റെ ര്തന ചുരുക്കം.

രാഷ്ട്രീയ പിന്‍ബലമില്ലാത്തതിനാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാദ്ധ്യത വളരെ കുറവായിരിക്കും. അല്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വരണം. സ്കൂളുകളിലായാലും പുറത്ത് മറ്റ് സ്ഥലങ്ങളിലായാലും വെടിവെയ്പ് നടത്തിക്കഴിയുമ്പോള്‍ അധികാ രത്തിലിരിക്കുന്നവര്‍ പറയുന്ന ഒരു പല്ലവിയുണ്ട് ശക്തമായ നിയന്ത്രണം വേണമെന്ന്. ജനങ്ങളും അതു തന്നെ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനും കുമിളകളുടെ ആയുസ്സുമാത്രമെ ഉള്ളു. കാരണം സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നതു തന്നെ. എന്നാല്‍ ജനങ്ങളുടെ ഈ ആവശ്യത്തിനുനേരെ അധികാരികള്‍ കണ്ണു തുറക്കണം. ഇല്ലെങ്കില്‍ അത് എത്രമാത്രം ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് പറയാന്‍ പറ്റില്ല.

ഇന്നലെ വരെ എങ്ങോ നടന്ന ഒരു സംഭവം ഇന്ന് എന്റെ തൊട്ടരികില്‍ വന്നപ്പോള്‍ അറിയാതെ പകച്ചു പോയി. കാരണം സാന്റഫെ ഹൈസ്കൂള്‍ കേവലം മൈലുകള്‍ക്ക് അപ്പുറം മാത്രമാണെന്നതും അക്രമിയെ അറസ്റ്റ് ചെയ്തത് അടുത്ത സിറ്റിയില്‍ നിന്നാണെന്നതാണ്. പലപ്പോഴും നാം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നത് നമ്മെ അത് ബാധിക്കുമ്പോഴോ അങ്ങനെയൊരു തോന്നലുണ്ടാകുന്ന സാഹചര്യമുണ്ടാകുമ്പോഴോ ആണ്. അതു വരെയും നാം അതിനെ ഗൗരവമായി കാണില്ല. തോക്കുകള്‍ കഥ പറയുന്ന കാലത്തെ മാറ്റിയെടുക്കാം നമുക്ക്. അതിനായി നാം ഒറ്റക്കെട്ടായി പൊരുതേണ്ടിയിരിക്കുന്നു. 

Credits to joychenputhukulam.com


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC