പ്രത്യേക ശ്രദ്ധയ്ക്ക്

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്ലറിൻറെ മാർപ്പാപ്പയോ?

ജോസഫ് പടന്നമാക്കല്‍ 2018-06-11 05:50:43pm

വാഴ്ത്തപ്പെട്ട 'പന്ത്രണ്ടാം പിയുസ്' മാർപ്പാപ്പ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ചരിത്രത്തിലെ വിവാദ നായകനായിട്ടാണ് അറിയപ്പെടുന്നത്. നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഹിറ്റ്ലറെ സ്വാധീനിച്ച്, അദ്ദേഹം ജർമ്മൻ കത്തോലിക്ക പാർട്ടിയുടെ എതിരാളികളെ ഇല്ലായ്മ ചെയ്തുവെന്നു ആരോപിക്കുന്നു. യൂറോപ്പിലെ യഹൂദരെ ചതിച്ചുവെന്നും അവരുടെ കൂട്ടക്കൊലയിൽ മാർപ്പാപ്പ നിശ്ശബ്ദനായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. തെറ്റി ധരിക്കപ്പെടുന്ന യഹൂദരുടെയിടയിൽ അദ്ദേഹത്തിൻറെ പ്രതിച്ഛായക്ക് മങ്ങലേറ്റെങ്കിലും സത്യം ഇന്നു അദ്ദേഹത്തിനു  അനുകൂലമായിക്കൊണ്ടിരിക്കുന്നു. ചരിത്രം മാർപ്പാപ്പയോട് ക്രൂരമായി പെരുമാറിയെന്നു കരുതണം

1939 മുതൽ 1958 വരെ റോമ്മിന്റെ ബിഷപ്പും റോമ്മൻ കത്തോലിക്ക സഭയുടെ തലവനും മാർപ്പാപ്പയുമായിരുന്ന അദ്ദേഹം ചരിത്രത്തിലെ തന്നെ വിവാദാസ്പദമായി മാറിക്കഴിഞ്ഞിരിക്കുന്നു.   അദ്ദേഹത്തിൻറെ ഭരണ കാലഘട്ടത്തിൽ, നാസികളുടെ ക്രൂരയഴിഞ്ഞാട്ടങ്ങളും, അവർ നടത്തിയ കൂട്ടക്കൊലകളും, രണ്ടാം ലോക മഹായുദ്ധവും, ഫാസിസ്റ്റ് ഭരണകൂടങ്ങളും സോവിയറ്റ് കമ്മ്യുണിസ്റ്റ് ഭരണവും യഹൂദ കൂട്ടക്കൊലകളും യുദ്ധ ശേഷമുള്ള രാജ്യങ്ങളുടെ പുനർനിർമ്മാണവും ശീതസമരവും ചരിത്ര രേഖകളിൽ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി സമകാലിക ലോകത്തിലെ സ്നേഹിക്കുന്നവർ കരുതിയിരുന്നെങ്കിലും യഹൂദ കൂട്ടക്കൊലകളിൽ പ്രതിക്ഷേധ ശബ്ദങ്ങൾ മുഴക്കാതെ നിശ്ശബ്ദനായിരുന്നതുകൊണ്ടു ലോക മാധ്യമങ്ങളിൽ അങ്ങേയറ്റം വിമർശിക്കപ്പെട്ടിരുന്നു. യുദ്ധത്തിനു ശേഷം അദ്ദേഹത്തിൻറെ നയങ്ങളും അഭിപ്രായങ്ങൾ മാറ്റവും കമ്മ്യുണിസ്റ്റ് വിരോധവും കൂടുതൽ വിവാദങ്ങളിലേക്കു വഴി തെളിയിച്ചു.

പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയുടെ ഔദ്യോഗികമായ പേര് 'യൂജിനോ മരിയ ഗിസേപ്പേ പസെല്ലി' (Eugenio Maria Giuseppe Giovanni Pacelli,) എന്നായിരുന്നു. അദ്ദേഹം 1876 മാർച്ച് രണ്ടാം തിയതി റോമ്മിൽ ജനിച്ചു. മാതാപിതാക്കൾ ധനികരും സഭയുടെ ഉപദേഷ്ടാക്കളായ നിയമജ്ഞർ അടങ്ങിയ കുടുംബവുമായിരുന്നു. തലമുറകളായി വത്തിക്കാനിൽ ഈ കുടുംബം വിവിധ തലങ്ങളിൽ സേവനം ചെയ്തുകൊണ്ടിരുന്നു. ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പയുടെ കാലത്ത് (1831–46) അദ്ദേഹത്തിൻറെ മുതു മുത്തച്ഛൻ വത്തിക്കാന്റെ സാമ്പത്തിക ചുമതലകൾ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ പതിനൊന്നാം പീയൂസിന്റെ കാലത്ത് (1846–78) വത്തിക്കാന്റെ അണ്ടർ സെക്രട്ടറിയായിരുന്നു. പിതാവ് വത്തിക്കാൻ അറ്റോർണിമാരുടെ 'ഡീൻ' ആയിരുന്നു. രണ്ടു സഹോദരികളും ഒരു സഹോദരനുമുണ്ടായിരുന്നു. തീവ്ര ദൈവ ഭക്തി നിറഞ്ഞ ഒരു കത്തോലിക്ക കുടുംബാന്തരീക്ഷത്തിൽ വളർന്നു. ബാല്യകാലം മുത്തച്ഛനോടൊപ്പം കഴിഞ്ഞു. ഒരു പരിഷ്കൃത യുവാവായിട്ടാണ് യൂജിനിയോ പസെല്ലി വളർന്നത്. മിക്കവാറും സമയങ്ങളിൽ കൈകളിൽ വായിക്കാൻ ഒരു പുസ്തകമുണ്ടായിരുന്നു. ഭാഷകൾ പഠിക്കാൻ നല്ല പ്രാഗത്ഭ്യവും നേടിയിരുന്നു. അഗാധമായ ദൈവ ഭക്തിയിലാണ് വളർന്നതെങ്കിലും രാഷ്ട്രീയമായി അദ്ദേഹം തികച്ചും ഒരു തന്ത്രശാലിയുടെ നിലവാരത്തിൽ പെരുമാറിയിരുന്നു. അവിടെ ഒരിക്കലും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലായിരുന്നു.

'യൂജിൻ പസെല്ലി' പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും കഴിഞ്ഞു ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമവും ദൈവ ശാസ്ത്ര ഡിഗ്രികളും നേടി. 1899ൽ ഒരു പുരോഹിതനായി വ്രതമെടുത്തു. 1901-ൽ 'പേപ്പൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ്' എന്ന പദവിയിൽ നിയമിതനായി. കാനോൻ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനായി അദ്ദേഹം കർദ്ദിനാൾ ഗാസ്പാരിയുടെ (Cardinal Gasparri) സഹകാരിയായി പ്രവർത്തിച്ചു. റോമ്മിലെ നയതന്ത്രർക്കുള്ള സ്‌കൂളിൽ നിയമം പഠിപ്പിക്കുന്ന അദ്ധ്യാപകനായും ജോലി ചെയ്തു. വത്തിക്കാന്റെ സെക്രട്ടറിയായി 1914 മുതൽ ചുമതലകൾ വഹിച്ചിരുന്നു.

1848 മുതൽ മാർപ്പാപ്പമാർക്ക് ഇറ്റലിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. 'യൂജിൻ' ജനിക്കുന്നതിനു അഞ്ചു വർഷംമുമ്പ്‌ റോമ്മാ ആക്രമിക്കപ്പെടുകയും പേപ്പസിയ്ക്ക് ഭീഷണികൾ നേരിടുകയും ചെയ്തിരുന്നു. 1870-ൽ ഒന്നാം സൂനഹദോസ് കൂടുകയും മാർപ്പാപ്പമാർക്ക് തെറ്റാവരമെന്ന അപ്രമാദിത്യം കൽപ്പിക്കുകയും ചെയ്തു. ഭൗതിക കാര്യങ്ങളിൽ മാർപ്പാപ്പയ്ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും അദ്ധ്യാത്മിക കാര്യങ്ങളിൽ മാർപ്പാപ്പ ആഗോള സഭകളുടെ പരമാധികാരിയായി നിശ്ചയിക്കുകയും ചെയ്തു. രാജ്യങ്ങൾ നഷ്ടപ്പെട്ട മാർപ്പാപ്പയ്ക്ക് ആത്മീയ നിലകളിൽ അധികാരം ഉറപ്പിക്കാനുളള ഒരു ഉപാധികൂടിയായിരുന്നു അപ്രമാദിത്വം. 1870-ൽ പ്രത്യേകമായ ഒരു ചാക്രിക ലേഖനത്തിൽക്കൂടി മാർപ്പാപ്പമാരുടെ അപ്രമാദിത്വമെന്ന അധികാരം ബലവത്താക്കുകയും ചെയ്തു. 1901-ൽ യുവ അഭിഭാഷകനായ യൂജിൻ പാസെല്ലിയെ നിയമ പരിഷ്ക്കരണത്തിനായി പതിനൊന്നാം പിയൂസ് മാർപ്പാപ്പ നിയമിക്കുകയും ചെയ്തു. കാനോൻ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിന് അദ്ദേഹം മുൻകൈ എടുത്തു.1917-ൽ പ്രസിദ്ധരായ ഏതാനും നിയമജ്ഞരുടെ സഹായത്തോടെ പസെല്ലിയുടെ നേതൃത്വത്തിൽ  കാനോൻ നിയമത്തിൽ ചില പരിഷ്‌ക്കാരങ്ങൾ വരുത്തി.

1917-ൽ ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിക്കാനായി ബെനഡിക്റ്റ് പതിനഞ്ചാം മാർപ്പാപ്പ (1914–22) യുജിൻ പസെല്ലിയെ വത്തിക്കാന്റെ അംബാസഡറായി ജർമ്മനിയിലയച്ചു. സമാധാനം സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം ബെനഡിക്റ്റ് പതിനഞ്ചാം മാർപ്പാപ്പായുടെ നിഷ്പക്ഷ നയങ്ങളെ ഇരുമുന്നണികളോടും ബോദ്ധ്യപ്പെടുത്തിയിരുന്നു. യുദ്ധത്തിനു ശേഷം അദ്ദേഹം മ്യൂനിച്ചിലുള്ള ബവേറിയൻ നഗരത്തിൽ താമസിച്ചിരുന്നു. കമ്മ്യുണിസത്തിന്റെ ക്രൂരമായ അഴിഞ്ഞാട്ടങ്ങളിൽ അവരുടെ പാർട്ടിയെയും സിദ്ധാന്തങ്ങളെയും ഭയപ്പെടാനും തുടങ്ങി.

1929-ൽ പസെല്ലി കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്തു. 1930-ൽ കർദ്ദിനാൾ ഗാസ്പരി (Gasparri) വഹിച്ചിരുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനവും ലഭിച്ചു. 1935-ൽ പതിനൊന്നാം പിയുസ് മാർപ്പാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ പ്രധാന കാര്യസ്ഥനായി (papal chamberlain) നിയമിച്ചു. പസെല്ലി, മാർപ്പാപ്പയുടെ പ്രതിനിധിയായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 1934ൽ തെക്കേ അമേരിക്കയും, 1936-ൽ വടക്കേ അമേരിക്കയും 1937-ൽ ഫ്രാൻസും സന്ദർശിച്ചു. ജർമ്മൻ ഭാഷാ പരിജ്ഞാനവും ജർമ്മനിയിലുള്ള ജീവിത പരിചയവും മൂലം അദ്ദേഹത്തെ പതിനൊന്നാം പിയുസ് മാർപ്പാപ്പയുടെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചു. ഹിറ്റ്ലറിന്റെയും നാസികളുടെയും നയങ്ങളെ പഠിക്കുക എന്നതും അദ്ദേഹത്തിൻറെ ചുമതലയായിരുന്നു. ഹിറ്റ്ലറിൻറെ വർഗ നയങ്ങളെ എതിർത്തിരുന്നു. എങ്കിലും ഹിറ്റ്ലറെയും നാസികളെയും പ്രത്യക്ഷത്തിൽ കുറ്റപ്പെടുത്തിയിരുന്നില്ല.

1939 ഫെബ്രുവരി പത്താംതീയതി പതിനൊന്നാം പിയൂസ് മരിച്ച ശേഷം കർദ്ദിനാൾ യുജിൻ പസെല്ലിയെ കർദ്ദിനാൾ സംഘം മാർപ്പാപ്പയായി തിരഞ്ഞെടുത്തു. കർദ്ദിനാൾ സംഘത്തിന്റെ മുമ്പാകെ പന്ത്രണ്ടാം പിയൂസ് എന്ന നാമവും സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയവുമായിരുന്നു.  യുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാനായി മാർപ്പാപ്പ യൂറോപ്യൻ സർക്കാരുകളുമായി നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയം കണ്ടെത്തിയില്ല. നാസി ജർമ്മനിയുടെയും ഫാസിസ്റ്റ് ഇറ്റലിയുടെയും ശത്രുത നേടാൻ മാർപ്പാപ്പ  ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു അവരെ വെറുപ്പിക്കുന്ന തരത്തിലുള്ള പേപ്പൽ ലേഖനങ്ങൾ അദ്ദേഹം തയ്യാറാക്കിയിരുന്നില്ല. അതുമൂലം അദ്ദേഹത്തിൻറെ എതിരാളികൾ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ജർമ്മനി പോളണ്ടിനെ ആക്രമിച്ചപ്പോൾ മാർപ്പാപ്പ യാതൊരു എതിർപ്പും കാണിക്കാതെ നിശബ്ദനായിരുന്നതും കടുത്ത വിമർശനങ്ങളിൽപ്പെടുന്നു.

യുദ്ധം വ്യാപിക്കുന്നതു തടയാൻ കഴിയാതെ അദ്ദേഹം തുടർച്ചയായി സമാധാനത്തിന്റെ സന്ദേശവാഹകനായി റേഡിയോ പ്രഭാഷണങ്ങൾ മുഴക്കിക്കൊണ്ടിരുന്നു. പുത്തനായ ഒരു ലോക വ്യവസ്ഥിതിക്കായി ലോക രാഷ്ട്രങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. സ്വാർത്ഥ തീവ്ര ദേശീയതക്കെതിരെ പോരാടാനായുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. യുദ്ധ മുന്നണിയിലെ ഇരു കക്ഷികളോടും നിഷ്പക്ഷമായ ഒരു സമീപനമായിരുന്നു അനുവർത്തിച്ചിരുന്നത്. എന്നാൽ തീവ്രമായ കമ്മ്യുണിസ്റ്റ് വിരോധം പുലർത്തുകയും ചെയ്തിരുന്നു. കമ്മ്യുണിസത്തോടു വിരോധമായിരുന്നെങ്കിലും നാസികൾ സോവിയറ്റ് യൂണിയനെ ആക്രമിച്ചത് അദ്ദേഹം പിന്താങ്ങിയില്ല. 1940-ൽ യുണൈറ്റഡ് സ്റ്റേറ്റിന്റെ പ്രസിഡന്റ് 'ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റി'ന്റെ പ്രതിനിധി 'മിറോൺ സി റ്റെയിലോറു'മായി (Myron C. Taylor) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്കിലും നാസികളുടെ ഭീകരതയെ മാർപ്പാപ്പ എതിർക്കാൻ തയ്യാറല്ലായിരുന്നു. പകരം യുദ്ധത്തിന്റെ തിന്മകളെ മാത്രം ചൂണ്ടി കാണിച്ചുകൊണ്ട് പ്രസ്താവനയിറക്കി. നാസികൾക്കെതിരെ പ്രസ്താവനകൾ ഇറക്കിയാൽ ഹിറ്റ്ലർ വത്തിക്കാനിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.

1943 ജൂലൈ പത്തൊമ്പതാം തിയതി ആംഗ്ലോ അമേരിക്കൻ ശക്തികൾ റോമ്മിലുള്ള സാൻ ലോറെൻസോയിൽ ബോംബിട്ടപ്പോൾ മാർപ്പാപ്പ അവിടം സന്ദർശിച്ചു. 1943 സെപ്റ്റംബറിൽ ഇറ്റലി, ആംഗ്ലോ അമേരിക്കൻ ശക്തികൾക്ക് കീഴടങ്ങിയപ്പോൾ ജർമ്മൻ പട്ടാളം അവിടം തിരിച്ചു പിടിച്ചു. ഫാസിസത്തിന് എതിരായി പ്രവർത്തിച്ച രാഷ്ട്രീയക്കാർക്കും യഹൂദർക്കും രഹസ്യമായി പള്ളികളിൽ അഭയം കൊടുത്തതും പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയായിരുന്നു. 1943 ഒക്ടോബർ പതിനാലാം തിയതി ഒരു ശാബത്ത് ദിനത്തിൽ പട്ടാളം യഹൂദ വീടുകൾ വളഞ്ഞു. ആയിരക്കണക്കിന് പേരെ രക്ഷപെടുത്താൻ വത്തിക്കാനു സാധിച്ചെങ്കിലും എണ്ണൂറിൽ കൂടുതൽ യഹൂദരും രാഷ്ട്രീയപോരാളികളും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു.

യുദ്ധം അവസാനിക്കാറായപ്പോൾ, ജർമ്മനി, ജപ്പാൻ അച്ചുതണ്ടു കക്ഷികൾ ആംഗ്ലോ അമേരിക്കൻ ശക്തികൾക്കുമുമ്പിൽ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാർപ്പാപ്പ അത് എതിർത്തു. യുദ്ധം നീണ്ടുപോവുമെന്നും കമ്മ്യുണിസം ആധിപത്യം സ്ഥാപിക്കുമെന്നും ഭയപ്പെട്ടിരുന്നു. സോവിയറ്റ് യുണിയന്റെ കമ്മ്യുണിസം കിഴക്കേ യൂറോപ്പിലും മധ്യ യൂറോപ്പിലും വ്യാപിക്കുമെന്നും ആശങ്കയുണ്ടായി. പ്രസിഡന്റ് റൂസ്‌വെൽറ്റും ജോസഫ് സ്റ്റാലിനും വിൻസ്റ്റൺ ചർച്ചിലും ഒത്തുചേർന്നു 'യാൾട്ടാ കോൺഫറൻസിൽ' ഒപ്പുവെച്ച ഉടമ്പടിയിലും സന്തുഷ്ടനായിരുന്നില്ല. മാർപ്പാപ്പ കണക്കുകൂട്ടിയതുപോലെ സംഭവിച്ചു. സോവിയറ്റ് യൂണിയന്റെ സ്വാധീനം കിഴക്കും മധ്യ യൂറോപ്പും മുഴുവനും വ്യാപിച്ചു. ഹംഗറിയിലെയും പോളണ്ടിലെയും കർദ്ദിനാൾമാരെ അവിടത്തെ ഭരണകൂടങ്ങൾ ജയിലിൽ അടച്ചു. 1949-ൽ മാർപ്പാപ്പ സോവിയറ്റ് യൂണിയന്റെ ഏകാധിപത്യത്തിനെതിരെ ചാക്രിക ലേഖനം ഇറക്കിയിരുന്നു. ദൈവമില്ലെന്ന സമൂഹത്തിൽ പ്രവർത്തിക്കുന്നവരെ മതത്തിൽനിന്നും പുറത്താക്കാനും കൽപ്പിച്ചു.

1869–70-ൽ നടന്ന ഒന്നാം വത്തിക്കാൻ സുനഹദോസിലെ അപ്രമാദിത്വ വരമനുസരിച്ച്, യേശുവിന്റെ അമ്മയായ മേരി ഉടലോടെ സ്വർഗത്തിൽ പോയിയെന്ന ചാക്രീക വിളംബരം മാർപാപ്പാ പുറപ്പെടുവിച്ചു. അദ്ദേഹം യാഥാസ്ഥിതികരെ സന്തോഷിപ്പിക്കുമ്പോൾ ലിബറൽ ചിന്താഗതിക്കാർ അസ്വസ്ഥരാകുമായിരുന്നു. വിവാഹ ജീവിത രീതികളിലും കുടുംബാസൂത്രണ വിഷയങ്ങളിലും   യാഥാസ്ഥിതികരോടൊപ്പമായിരുന്നു. അതേ സമയം നോമ്പ് നോക്കുന്ന ദിവസങ്ങൾ കുറച്ചതിൽ യാഥാസ്ഥിതികരെ കുപിതരാക്കിയിരുന്നു. കുർബാന കൈകൊള്ളുന്നതിനു മുമ്പ് ഉപവസിക്കണമെന്ന നിയമത്തിനും അയവു വരുത്തി. പ്രാർത്ഥനാ പുസ്തകങ്ങൾ പരിഷ്‌കരിച്ചു. കുർബാന, സായം കാലങ്ങളിലും അർപ്പിക്കാമെന്ന പരിഷ്‌ക്കാരവും വരുത്തി.

1950-ൽ മാർപ്പാപ്പയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ വത്തിക്കാന്റെ ഭരണകാര്യങ്ങൾ  യാഥാസ്ഥിതികരുടെ നിയന്ത്രണത്തിൽ അകപ്പെട്ടിരുന്നു. യാഥാസ്ഥിതികരുടെ നേതൃനിരയിൽ പ്രവർത്തിച്ചുകൊണ്ടു 'ആൽഫ്രഡോ ഒട്ടവാനി' വത്തിക്കാന്റെ ചുമതലകൾ വഹിക്കുകയും ചെയ്തു. മാർപ്പാപ്പയുടെ ആരോഗ്യം മോശമാവുകയും വേനൽക്കാല വസതിയായ ഇറ്റലിയിലെ കാസ്റ്റിൽ ഗണ്ടോഫോയിൽ വിശ്രമത്തിലായിരുന്നപ്പോൾ, അവിചാരിതമായി മരണത്തിനു കീഴ്പ്പെടുകയും ചെയ്തു. മരണാചാര ചടങ്ങുകളിൽ സംബന്ധിച്ച ലോക നേതാക്കന്മാർ അദ്ദേഹത്തിന്റെ സമാധാന ദൗത്യങ്ങളെ അങ്ങേയറ്റം വിലയിരുത്തിക്കൊണ്ട് പ്രസംഗിച്ചിരുന്നു. പ്രത്യേകിച്ച് യഹൂദ നേതാക്കന്മാർ രണ്ടാം ലോക മഹായുദ്ധ കാലങ്ങളിലെ യഹൂദരുടെ ജീവൻ രക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ മാനുഷിക സേവനങ്ങളെ പുകഴ്ത്തുകയും ചെയ്തു.

1963-ൽ 'ഡെപ്യുട്ടി' എന്ന പ്രൊഫഷണൽ നാടകം സ്റ്റേജിൽ അരങ്ങേറിയപ്പോൾ മുതലാണ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായുടെ പേരിനു മങ്ങലേൽക്കാൻ തുടങ്ങിയത്. ജർമ്മൻകാരനായ 'റോൾഫ് ഹോച്ചുത്ത്' ആയിരുന്നു ആ നാടകം അവതരിപ്പിച്ചത്. കത്തോലിക്ക സഭ അതിലെ കഥകൾ അവാസ്തവമെന്നു പ്രഖ്യാപിച്ചിട്ടും അതിന്റെ മാറ്റൊലി കാട്ടുതീ പോലെ ലോകം മുഴുവൻ പകർന്നു കഴിഞ്ഞിരുന്നു. അതിൽ പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെ യഹൂദ ജനത ക്രൂരനായ മതഭ്രാന്തനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മാർപ്പാപ്പയ്ക്ക് ലഭിച്ച പേരുദോഷം ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു.

പന്ത്രണ്ടാം പിയൂസിനെ ഹിറ്റ്ലറിൻറെ മാർപ്പാപ്പയായി അവതരിപ്പിച്ചുകൊണ്ട്, ബ്രിട്ടനിലെ പ്രസിദ്ധ ജേർണലിസ്റ്റായ ജോൺ കോൺവെൽ 1990-ൽ വിവാദപരമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.  നാസിസം വളരുന്ന കാലത്തിൽ അതിനെതിരായി പ്രതികരിക്കാതെ നിശബ്ദത പാലിച്ചിരുന്നുവെന്നാണ് പുസ്തകത്തിലെ ആരോപണം. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് കാണിച്ച് മാർക്ക് റിബ്ലിങ് പുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഹിറ്റ്‌ലറെ അധികാര സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികളിൽ മാർപ്പാപ്പ സഹകരിക്കുകയായിരുന്നവെന്നാണ് പുസ്തകത്തിലെ ഉള്ളടക്കം. അതിനായി മാർപ്പാപ്പ ജർമ്മൻ വിമതർക്കൊപ്പം സഹകരിച്ചതായ തെളിവുകളും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പന്ത്രണ്ടാം പിയൂസ്, സഭയുടെ വിശ്വാസം കാത്തു സൂക്ഷിച്ചിരുന്ന ഒരു സന്യാസിയെപ്പോലെ ജീവിച്ചിരുന്ന മാർപ്പാപ്പയായിരുന്നു. അങ്ങനെ വിശുദ്ധമായി ജീവിച്ചിരുന്ന ഒരു പുരോഹിതൻ യഹൂദരെ ചതിച്ചുവെന്നുള്ള പ്രചാരണം തികച്ചും അവിശ്വസനീയമാണ്. ചിലരുടെ ഗ്രന്ഥങ്ങളിൽ പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പ ഹിറ്റ്ലറെ അധികാരം നിലനിർത്താനായി സഹായിച്ചിരുന്നുവെന്നും എഴുതിയിട്ടുണ്ട്. തെളിവുകളുടെ അഭാവങ്ങൾ അദ്ദേഹത്തിനെതിരായുള്ള ഗ്രന്ഥങ്ങളിൽ പ്രകടവുമാണ്. യുദ്ധം കഴിഞ്ഞ ശേഷമുള്ള നാസികൾക്കെതിരായ പ്രസ്താവനകൾ അദ്ദേഹത്തിൻറെ കപട മുഖമായിരുന്നുവെന്നു ഒരു വലിയ വിഭാഗം യഹൂദ ജനത വിശ്വസിക്കുന്നു.

അറുപതു ലക്ഷത്തിൽപ്പരം യഹൂദരെയാണ് ഹിറ്റ്ലറിൻറെ നാസിപ്പട കൊന്നൊടുക്കിയത്. പന്ത്രണ്ടാം പീയൂസിന്റെ ജീവിതവും നാസി കൂട്ടക്കൊലകൾക്കെതിരെയുള്ള അദ്ദേഹത്തിൻറെ പ്രതികരണങ്ങളും അയ്യായിരത്തില്പ്പരം കത്തുകളുമുൾപ്പടെ പന്ത്രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തക ശേഖരം വത്തിക്കാൻ ലൈബ്രറിയിലുണ്ട്. മർദ്ദന വിധേയരായ യഹൂദർക്ക് വേണ്ടി അദ്ദേഹം സഹായം അഭ്യർത്ഥിക്കുകയും സഹായം ലഭിച്ചവരുടെ നന്ദി പ്രകടനങ്ങളും വിവിധ കാലഘട്ടങ്ങളിലായി അദ്ദേഹം നൽകിയ സഹായവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1939-ൽ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ യഹൂദരുടെ രക്ഷക്കായി എല്ലാ വിധ സജ്ജീകരണങ്ങളും വത്തിക്കാൻ ചെയ്യുന്നുണ്ടായിരുന്നു. നയതന്ത്രമുള്ള രാജ്യങ്ങളുമായി ബന്ധം ദൃഢപ്പെടുത്തി അവരുമായുള്ള സഹായ സഹകരണങ്ങൾ അതാതു രാജ്യങ്ങളിൽനിന്നും വത്തിക്കാൻ നേടിയിരുന്നു. യുദ്ധകാലത്തു യഹൂദ ജനതയ്ക്ക് ആശ്വാസം നൽകിയിരുന്നത് വത്തിക്കാന്റെ സാമൂഹിക പ്രവർത്തനങ്ങൾ വഴിയായിരുന്നു. ജാതിയോ മതമോ ദേശമോ നോക്കാതെ  യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചു കൊണ്ടിരുന്നു. വത്തിക്കാനു നയതന്ത്രമുള്ള രാജ്യങ്ങളിൽ അഭയാർത്ഥികളെ എത്തിച്ച് അവരുടെ യാതന നിറഞ്ഞ ജീവിതത്തിനു ആശ്വാസവും നൽകിയിരുന്നു.

നാസി ഭരണത്തിന്റെ ക്രൂരതയെ അപലപിക്കുകയും അവരുടെ കിരാത പ്രവർത്തികളെ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്താവനകൾ വത്തിക്കാനിലെ യുദ്ധ കാല റേഡിയോകളിൽ ശ്രവിക്കാൻ സാധിക്കും. നാസികളുടെയും ഹിറ്റ്ലറിന്റെയും പേരെടുത്തുള്ള പ്രസ്താവനകൾ ഇല്ലെങ്കിലും സ്വേച്ഛാധിപത്യമെന്നും വർഗ ധ്രുവവൽക്കരണമെന്നുള്ള പ്രയോഗങ്ങളിൽനിന്നും വത്തിക്കാൻ റേഡിയോ കുറ്റപ്പെടുത്തിയിരുന്നത് നാസികളെയും ഹിറ്റ്ലറെയെന്നും വ്യക്തമായിരുന്നു.

പന്ത്രണ്ടാം പിയുസിന്റെ മഹത്വമറിയാൻ ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകളും പ്രസ്താവ്യമാണ്. അദ്ദേഹം പറഞ്ഞു, "നാസികളുടെ അതിക്രൂരതയിൽ മനം മടുത്ത താൻ സ്വാതന്ത്ര്യം തേടി സർവ്വകലാശാലകളെ അഭയം പ്രാപിച്ചു. എന്നാൽ നാസികളുടെ അതിക്രമങ്ങൾക്കും മനുഷ്യ വേട്ടകൾക്കുമെതിരെ പ്രതികരിക്കാൻ അവർ അശക്തരായിരുന്നു. നിശബ്ദരായി നാസികളുടെ ഭീകരതയെ ശരി വെച്ചു. സ്വാതന്ത്ര്യത്തിന്റെ ശബ്ദവുമായി എന്നും പട പൊരുതിയിരുന്ന പത്ര പ്രവർത്തകരുടെയും പത്രാധിപന്മാരുടെയും മാധ്യമങ്ങളുടെയും സഹായം തേടി അവരുടെ മുമ്പിലും എത്തി. എന്നാൽ അവരും പ്രതികരിക്കാതെ നിശബ്ദരായി മാറിനിന്നു. വാസ്തവത്തിൽ സധൈര്യം നാസികൾക്കെതിരെ പ്രതികരിച്ചത് പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയും കത്തോലിക്കാ സഭയുമായിരുന്നു. പിയൂസും സഭയും ശക്തമായ ഭാഷയിൽ യുദ്ധത്തിനെതിരെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയും പ്രതികരിക്കുന്നുണ്ടായിരുന്നു."

യഹൂദരുടെ പത്രമായ ന്യൂയോർക്ക് ടൈംസിൽ പന്ത്രണ്ടാം പിയൂസ് യഹൂദരെ യുദ്ധക്കെടുതിയിൽ നിന്നും സംരക്ഷിച്ച കഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1945-ൽ യുദ്ധം അവസാനിച്ചയുടൻ ഇസ്രായേൽ വിദേശ കാര്യമന്ത്രി 'മോഷെ ഫാരത്ത്' വത്തിക്കാനിൽ എത്തി യഹൂദർക്ക് ചെയ്ത ദുരിതാശ്വാസ സേവനങ്ങളെ പ്രകീർത്തിച്ച് മാർപ്പാപ്പയ്ക്ക് നന്ദി പറയുകയുണ്ടായി. യഹൂദരെ അപകടമേഖലകളിൽ നിന്നും രക്ഷിക്കാനും അവരുടെ കുട്ടികൾക്ക് സംരക്ഷണം നൽകാനും മാർപ്പാപ്പ നൽകിയ സേവനങ്ങൾ അവിസ്മരണീയവും ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുള്ളതുമാണ്. എട്ടു ലക്ഷത്തിൽപ്പരം യഹൂദരെ അദ്ദേഹം രക്ഷപ്പെടുത്തിയെന്നാണ് ചരിത്ര പണ്ഡിതർ രേഖപ്പെടുത്തിയിരിക്കുന്നത്.

പിഞ്ചാസ് ലാപിഡേ (Pinchas Lapide) എന്ന ഇസ്രായേലി നയതന്ത്രജ്ഞന്റെ വാക്കുകളും ശ്രദ്ധേയമാണ്. 'യഹൂദർക്ക് നന്ദി അർപ്പിക്കാൻ പിയൂസ് മാർപ്പാപ്പയേക്കാളും മഹനീയനായ മറ്റൊരു വ്യക്തി ചരിത്രത്തിലില്ല. പന്ത്രണ്ടാം പിയുസ് എന്ന പേരിൽ ഒരു വനം ഉണ്ടാക്കണമെന്നും ആ വനത്തിൽ മരിച്ചുപോയ യഹൂദരുടെ സ്മാരകമായി 8,60,000 വൃക്ഷങ്ങൾ നടണമെന്നും കത്തോലിക്ക സഭയും പന്ത്രണ്ടാം പിയൂസും അത്രമാത്രം ജനലക്ഷങ്ങളുടെ ജീവൻ നാസികളിൽ നിന്നും രക്ഷിക്കാൻ കാരണമായിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെപ്പറ്റിയുള്ള യഹൂദ ലോകത്തിലെ തെറ്റായ ധാരണകൾക്കു മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധാർഹമാണ്‌. ഒരു നല്ല വിഭാഗം യഹൂദ നേതാക്കന്മാർ മാർപ്പാപ്പയ്ക്ക് അനുകൂലമായി സംസാരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചരിത്രപരമായ അന്വേഷണങ്ങളും യുദ്ധകാലത്തെ യഹൂദരെ രക്ഷിക്കാനുള്ള മാർപ്പാപ്പയുടെ ശ്രമങ്ങളും അതിനുള്ള തെളിവുകളും യഹൂദ ഗവേഷകർക്ക്‌ ലഭിച്ചു കഴിഞ്ഞു. 'അഡോൾഫ് ഹിറ്റ്ലറിന്റെ മാർപ്പാപ്പാ' എന്ന ചിന്തകൾക്ക് മാറ്റം വരുത്തി അദ്ദേഹത്തെ ലോക രാഷ്ട്രങ്ങളുടെ പട്ടികയിലെ നീതിമാന്മാരുടെ നിരയിൽ എത്തിക്കണമെന്നുള്ള അഭിപ്രായങ്ങൾ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ഏതു രാഷ്ട്രങ്ങളെക്കാളും മതങ്ങളെക്കാളും മനുഷ്യ ജീവിതം രക്ഷിച്ചത് കത്തോലിക്കാ സഭയും പോപ്പ് പിയൂസ് പന്ത്രണ്ടാമനുമായിരുന്നു.

ന്യൂയോർക്കിലുള്ള ഗാരി ക്രൂപ്പ (Gary Krupp) എന്ന സാമൂഹിക പ്രവർത്തകൻ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പായ്ക്കെതിരെയുള്ള വിവാദ അഭിപ്രായങ്ങൾക്കു മാറ്റങ്ങൾ വരുത്തി 200 പേജുകളുള്ള ഒരു ഗവേഷണ ഗ്രന്ഥം രചിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, "മറ്റെല്ലാ യഹൂദരെപ്പോലെ താനും പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെ മനസ്സുകൊണ്ടു വെറുത്തിരുന്നു. യഹൂദ കൂട്ടക്കൊലകളിൽ അദ്ദേഹം നിശ്ശബ്ദനായിരുന്നുവെന്നുള്ള ധാരണയിൽ ബാല്യകാലം മുതൽ വിശ്വസിച്ചിരുന്നു. എന്നാൽ സങ്കുചിത മനസില്ലാതെയുള്ള അന്വേഷണങ്ങളും ചരിത്ര തെളിവുകളും കൂട്ടക്കൊലകളിൽ നിന്നും രക്ഷപ്പെട്ടവരിൽനിന്നുള്ള ദൃക്‌സാക്ഷി വിവരങ്ങളും ഡോകുമെന്റുകളും പരിശോധിച്ചപ്പോൾ അന്നുവരെ പുലർത്തിയിരുന്ന വിശ്വാസങ്ങൾ പൂർണ്ണമായും തെറ്റായിരുന്നുവെന്നു മനസിലായി."

മത സൗഹാർദ്ദം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രസിഡന്റെന്ന നിലയിൽ ഗാരി ക്രൂപ്പ തയ്യാറാക്കിയ റിപ്പോർട്ടിൽ യുദ്ധകാല വാർത്താ റിപ്പോർട്ടുകളും നേരിൽ കണ്ട കഥകളും യുദ്ധകാല ശേഷം മാർപ്പാപ്പയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളും ദൃക്‌സാക്ഷി വിവരങ്ങളും ഇസ്രയേലിന്റെ പ്രധാന മന്ത്രി 'ഗോൾഡാ മേയറി'ന്റെ മാർപ്പാപ്പയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനകളും ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകളും പ്രമുഖ യഹൂദ പുരോഹിതരുടെ ഉദ്ധരണികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 'ഗാരി ക്രൂപ്പ'  പറയുന്നു, 'നാസികളുടെ ക്രൂരതയിൽ ജീവിച്ചിരുന്നവർക്കും കത്തോലിക്കാ സഭ രക്ഷിച്ചവർക്കും പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളൂ. എന്നാൽ യുദ്ധം അവസാനിച്ച് നാസികളെ തോൽപ്പിച്ച ശേഷം ജനിച്ചു വളർന്ന ചരിത്രബോധമില്ലാത്തവർക്ക് മറ്റൊരു അഭിപ്രായവുമാണുള്ളത്.'

പന്ത്രണ്ടാം പിയുസിനെപ്പറ്റിയുള്ള ഗവേഷണ പരമ്പരകൾ ഒന്നൊന്നായി പുറത്തു വരാൻ തുടങ്ങിയപ്പോൾ പീയൂസിന്റെ വിമർശകരായിരുന്ന പലരുടെയും അഭിപ്രായങ്ങൾക്കും മാറ്റങ്ങൾ  സംഭവിച്ചു. 'ഹിറ്റ്ലറിൻറെ മാർപ്പാപ്പ' എന്ന പുസ്തകം എഴുതിയ 'ജോൺ കോൺവെൽ' പന്ത്രണ്ടാം പിയുസിന് അനുകൂലമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. തന്റെ പുസ്തകത്തിൽ ഭാവനകൾ നിരത്തിയെന്നും അദ്ദേഹം സമ്മതിക്കുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി യഹൂദ പണ്ഡിതർ യുദ്ധകാല മാർപ്പാപ്പയുടെ യഹൂദർക്ക് നൽകിയ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നതുമൂലം സത്യത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുന്നതും കാണാം.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC