പ്രത്യേക ശ്രദ്ധയ്ക്ക്

അമ്മയെ അപമാനപ്പെടുത്തുന്ന താര രാജാക്കന്മാര്‍

ബ്‌ളസന്‍ ഹൂസ്റ്റന്‍ 2018-07-10 05:14:01am

അമ്മയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളസിനിമ താരങ്ങളുടെ സംഘടന ഇന്ന് വിവാദത്തിന്റെ കൊടുമുടിയിലാണ്. നടി ആക്രമിക്കപ്പെട്ടതില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണം. നടനെ തിരിച്ചെടുത്തത് തെറ്റാണെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് മറ്റൊരു കൂട്ടര്‍ വാദിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് മറ്റൊരു കൂട്ടര്‍ വാദിച്ചതോടെയാണ് ഇത് വിവാദത്തിന്റെ കൊടുമുടി കയറിയത്.

സോഷ്യല്‍ മീഡില്‍ എന്ന മഹാപ്രസ്ഥാനത്തിലായിരുന്നു ഈ വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതില്‍കൂടി ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അവര്‍ക്ക് മേമ്പൊടിയായി അന്തിച്ചന്ത ചര്‍ച്ചകള്‍ നടത്തുന്ന നമ്മുടെ ചാനലുകാരും കൂടി. അതോടെ ഈ വിഷയം വിവാദത്തിന് തിരികൊളുത്തി. ഇന്ന് സോഷ്യല്‍ മീഡിയായും ചാനലുകളും അവരെക്കൊണ്ട് കഴിയാവുന്നത്ര വിവാദമുണ്ടാക്കികൊണ്ടിരിക്കുകയാണ്.ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് ചായക്കടകളിലും മാടക്കടകളിലും വെയിറ്റിംങ്ങ് ഷെഡ്ഡിലും കലുങ്കിന് മുകളിലുമായിരുന്നു സമയം മെനക്കെടുത്തിയിരുന്നത്.

കേരളത്തിലെ പൗരന്മാരുടെ ഇടയിലായിരുന്നു. ഒരു ജോലിക്കും പോകാതെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും യാതൊരു ഗുണവുമില്ലാതെ ഭൂമിയ്ക്ക് തന്നെ ഭാരമായി ഒരു കൂട്ടര്‍ നമ്മുടെ നാടിനെ ഒരു കാലത്ത് അലങ്കരിച്ചിരുന്നുയെന്ന് ആകാലഘട്ടത്തിലെ ആളുകള്‍ക്ക് അറിയാം. യാതൊരു ജോലിയുമില്ലാതിരുന്നെങ്കിലും ഇവരുടെ പ്രധാന ജോലി നാട്ടില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി താത്വികമായ അവലോകനം നടത്തുകയെന്നതായിരുന്നു. ആ താത്വീകമായ ചര്‍ച്ചകള്‍ രാവിലെ തുടങ്ങിയാല്‍ ഉച്ചയൂണിന് വിളിവരുന്നതുവരെയോ ആമാശയം ഹരിതവിപ്ലവം ആരംഭിക്കുന്നതുവരെയോ ആമാശയം ഹരിതവിപ്ലവം ആരംഭിക്കുന്നതുവരെയോ നീണ്ടു പോകാറുണ്ടായിരുന്നു.

ആ ചര്‍ച്ചയുടെ ഒരു പ്രത്യേകതയെന്നെന്ന് ചോദിച്ചാല്‍ അത് ആ കരക്കപ്പുറം പോകാറില്ലായിരുന്നുയെന്നതാണ് സത്യാവസ്ഥ. അതുകൊണ്ടുതന്നെ അത് ഒരിക്കലും ആഗോളവിപ്ലവവും വിവാദത്തിന്റെ മാലപ്പടക്കമോ ഉണ്ടാകാറില്ലായിരുന്നു.അന്ന് അങ്ങനെ ചര്‍ച്ച നടത്തിയിരുന്ന സംഭവങ്ങള്‍ ഇന്നത്തെ ആധുനിക ലോകത്ത് സോഷ്യല്‍ മീഡിയായില്‍ കൂടിയാണെന്നതാണ് ഒരു വസ്തുത. ഇതില്‍ ആര്‍ക്കും പങ്കുചേരുമെന്നതും ഏത് വ്യക്തിക്കും എന്തും പറയാമെന്നതും അത് ലോകം മുഴുവന്‍ അറിയുമെന്നതുമാണ് ഒരു പ്രത്യേകത.

ഇതിന്റെ ഒരു ഗുണമെന്തെന്നാല്‍ വന്‍കിട മാധ്യമങ്ങള്‍ പങ്കപാദം കാട്ടി സത്യങ്ങള്‍ മൂടപ്പെട്ടാലും അത് വളച്ചൊടിച്ചാലും സോഷ്യല്‍ മീഡിയായില്‍ കൂടി അത് പുറത്തു വരികയും ജനങ്ങള്‍ അത് അറിയുകയും അതിനെകുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്യുമെന്നതാണ്. പല പകല്‍മാന്യന്മാരുടെയും കണ്ണടച്ചുള്ള പാലുകുടി കണ്ടെത്തുകയും അത് പുറംലോകത്തെ അറിയിക്കാന്‍ കഴിയുകയും ചെയ്യുമെന്നതു മാത്രമല്ല അവരുടെ പുറം തോല്‍ പുറത്താക്കി അവരുടെ യഥാര്‍ത്ഥ രൂപം തുറന്നു കാട്ടാന്‍ കഴിയുമെന്നതുകൂടിയുണ്ട്.

ശരിയോ തെറ്റോ എന്തും പുറംലോകത്ത് മാധ്യമഭീമന്മാരുടെ പിന്തുണയില്ലാതെ എത്തിക്കാന്‍ സോഷ്യല്‍ മീഡീയായ്ക്ക് കഴിയുമെന്നതാണ്. സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സര്‍ക്കാരിന്റെയും വരെ തെറ്റായ തീരുമാനങ്ങളും നടപടികളും ഇന്ന് സോഷ്യല്‍മീഡിയായില്‍ സജീവമായി ചര്‍ച്ചയാകുന്നുണ്ട്. അത് വിവാദങ്ങളും വിമര്‍ശനങ്ങളുമാകാറുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ മലയാള സിനിമ നടിനടന്മാരുടെ സംഘടനയായ അമ്മയുടെ ദിലീപിനെ തിരിച്ചെടുത്ത നടപടിയെ ചൊല്ലിയുണ്ടാകുന്നത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ കൂടി നടക്കുന്നതും വിവാദമാകുന്നതും.

അമ്മയെന്ന സംഘടന നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തിരക്കു പിടിച്ച് തീരുമാനമെടുത്തുയെന്നാണ് പ്രധാന വിമര്‍ശനം.വിമര്‍ശനം വിവാദമായതോടെ സംഘടനയും ഭാരവാഹികളും പ്രതിഷേധത്തിന്റെ മുള്‍മുനയിലായി തീര്‍ന്നു. അതില്‍ കിടന്ന് ഞെളിപ്പിരികൊള്ളുകയാണവര്‍ ഇപ്പോള്‍. മലയാള സിനിമയെന്നത് ചില താര രാജാക്കന്മാരുടെയും അവര്‍ക്കൊപ്പം ഒത്താശപാടി നില്‍ക്കുന്ന സഹനടീനടന്മാരുടെതുമായി ഇന്ന് മാറിയിരിക്കുന്നു. ഇപ്പോഴുള്ള വിവാദത്തിന്റെയും ഇതിനു മുമ്പ് ഉണ്ടായിട്ടുള്ള വിവാദങ്ങളുടെയും കാരണം ഇതുതന്നെയാണ്.

തങ്ങളുടെ നിയന്ത്രണത്തില്‍ കൂടി മാത്രമെ മലയാളി സിനിമപോകാവുയെന്നതാണ് ഈ താരരാജാക്കന്‍മാരുടെ ആഗ്രഹം. അതിനവര്‍ അധികാരത്തിലിരിക്കുന്നവരെയും രാഷ്ട്രീയ നേതൃത്വത്തെയും വശത്താക്കിക്കൊണ്ട് അവരുടേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയാണിപ്പോള്‍ ചെയ്യുന്നത്. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഉന്‍മൂലനം ചെയ്യാന്‍ അവര്‍ ഏത് മാര്‍ഗ്ഗവും ഇതിനായി സ്വീകരിക്കും.

സംവിധായകരെക്കൊണ്ട് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും അവരഭിനയിക്കുന്ന ചിത്രങ്ങള്‍ തീയ്യേറ്ററുകളില്‍ വന്നാല്‍ തങ്ങളുടെ അപ്രഖ്യാപിതരായ ഗുണ്ടകളെന്നറിയപ്പെടുന്ന ഫാന്‍സുകാരെകൊണ്ട് തീയ്യേറ്ററുകളില്‍ കയറ്റി കൂവിപടം വളരെ മോശമാണെന്ന് വരുത്തി തീര്‍ക്കും. ഒന്ന് രണ്ട് ചിത്രങ്ങളില്‍ അവസരം ലഭിക്കാതെ വന്നാല്‍ സിനിമാലോകത്തു നിന്നു തന്നെ പുറത്തായ അവസ്ഥയാണ് പിന്നീട് ഉണ്ടാകുന്നത്.ഇനിയും രണ്ട് പടങ്ങള്‍ക്ക് കൂവി പടം വിജയിച്ചില്ലയെന്ന് പ്രചരണമുണ്ടായാലും അവര്‍ക്ക് പിന്നീട് സിനിമകള്‍ കിട്ടാത്ത അവസ്ഥയായിരിക്കും.

പിന്നീട് ഒരു സംവിധായകനോ നിര്‍മ്മാതാവോ അവരെ വിളിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് ഈ താരരാജാക്കന്മാരുടെ പീഡനകലാരൂപങ്ങള്‍ക്ക് ഇരയായവര്‍ക്കറിയാം. പലരും അത് വെളിപ്പെടുത്തിയിട്ടുമുള്ളതാണ്. അതുകൊണ്ട് തന്നെ ചലച്ചിത്രമേഖലയില്‍ പിടിച്ചുനില്‍ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഈ താരരാജാക്കന്മാരെ എതിര്‍ക്കാറില്ല. കൂടുതല്‍ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ ഇവരുടെ ഇത്തിള്‍ കണ്ണികളുമാകാറുണ്ട്.

ഇങ്ങനെ തങ്ങളുടെ നിയന്ത്രത്തില്‍ മാത്രമെ മോളിവുഡ് ചലിക്കാവൂയെന്ന രീതിയില്‍ എതിര്‍്ക്കുന്നവര്‍ക്ക് പണിയും മറുപണിയും നല്‍കുന്ന ഈ താരരാജാക്കന്മാരെന്ന സ്വരൂപങ്ങള്‍ മലയാള സിനിമാ ലോകത്തെ വൃത്തികേടുകളുടെ ഇരിപ്പിടങ്ങളും കൂട്ടികൊടുപ്പിന്റെ ലോകവും പാദസേവകരുടെ ആലയങ്ങളുമാക്കി തീര്‍ത്തിരിക്കുന്നു. അത് സഹപ്രവര്‍ത്തകരുടെ മാനത്തിനു പോലും വില കല്പിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് അവരില്‍ ചിലര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളി സിനിമാലോക ചരിത്രത്തില്‍ ഒരു നടിയെ ആക്രമിച്ച് അവരുടെ നഗ്‌നത വീഡിയോയില്‍ പകര്‍ത്തിയത് ഒരു സൂപ്പര്‍സ്റ്റാറിന്റെ മേല്‍നോട്ടത്തിലായിരുന്നുയെന്ന് പറയുമ്പോള്‍ മലയാള സിനിമാ താരങ്ങളുടെ നിലവാരം ഇന്ന് എത്രയെന്ന് ഊഹിയ്ക്കാം.

ലോകോത്തര സിനിമകളുടെ നിലവാരത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിച്ച സിനിമാ സംവിധായകരും നടന്മാരും നമ്മുടെ മലയാള സിനിമകളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. സ്വന്തം കഴിവിനൊപ്പിച്ച് കഥാപാത്രങ്ങളെ തിരക്കഥാകൃത്തുക്കളെകൊണ്ട് സൃഷ്ടിച്ചെടുത്ത് വന്‍ പരസ്യത്തില്‍ കൂടി സൂപ്പര്‍താര പദവിയിലെത്തിയ ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അവരുമായി താരതമ്യം ചെയ്യാന്‍ പോയാല്‍ ജനങ്ങളുടെ മുന്നില്‍ അവരുടെ മനസ്സില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം ഒരു ലൈറ്റ് ബോയിയുടെ അത്രയും പോലുമില്ല.

സ്വന്തം സാമ്രാജ്യത്തില്‍ നിങ്ങള്‍ പാലും പഴവും നല്‍കി വളര്‍ത്തികൊണ്ടുവരുന്ന മാര്‍ജാരപ്രജകളുടെ സ്തുതി പ്രകടനങ്ങള്‍ മാത്രം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത്് നന്ന്. റേഷന്‍ വാങ്ങാന്‍ പോലും കടം വാങ്ങിക്കുന്നവര്‍ നിര്‍മ്മാതാക്കള്‍ മലയാള സിനിമയുടെ ചരിത്രത്തിലുണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ക്കുപോലും ഡേറ്റ് കൊടുത്തിരുന്ന നിത്യഹരിത നായകന്‍മാര്‍ മലയാള സിനിമയിലുണ്ടായിരുന്നു. ഒരു സംഘമോ സംഘടനയോ അവര്‍ക്കുചുറ്റുമോ അവ രംഗമായോ ഉണ്ടായിരുന്നില്ല.

എന്നാല്‍ അവര്‍ക്ക് ജനങ്ങളുടെ മനസ്സിലുണ്ടായ സ്ഥാനം നിങ്ങള്‍ ഇന്ന് വാങ്ങുന്ന പ്രതിഫലത്തെക്കാള്‍ എത്രയോ അധികമായിരുന്നുയെന്ന് ചിന്തിക്കണം. ജനങ്ങളുടെ കൈയ്യിലെ കൈയ്യടിയും കാശുമാണ് തങ്ങളെ നായകരാക്കുന്നതെന്ന് പറയുക മാത്രമല്ല ആ ജനത്തെ മറന്നുള്ള യാതൊരു പ്രവര്‍ത്തിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലയെന്ന് ഓര്‍ക്കണം.ഇന്നും പകരം വെയ്ക്കാന്‍ കഴിയാത്ത അതുല്യ നടന്മാരുടെ നാട്ടില്‍ സ്വയം ആളാകാനും വേണ്ടി തല്ലി കൂട്ടിയ പ്രസ്ഥാനത്തില്‍ എന്ത് നടന്നാലും അത് സാധാരണക്കാരായ ജനങ്ങളെ ബാധിക്കില്ല.

നിങ്ങള്‍ ആരെ തിരിച്ചെടുത്താലും പുറത്താക്കിയാലും അത് നിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നം മാത്രമായിരിക്കും. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടക്കുന്നുമില്ല. എന്നാല്‍ അവരുടെ മനസ്സില്‍ നിന്ന് നിങ്ങള്‍ പുറത്തായാല്‍ നേരെ തിരിച്ചായിരിക്കും സംഭവിക്കുക. ജനങ്ങളില്ലെങ്കില്‍ അവരുടെ അംഗീകാരമില്ലെങ്കില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം എവിടെയെന്ന് നാലാംകിട രാഷ്ട്രീയം കളിക്കുന്നതിനിടയിലും കുതികാല്‍ വെട്ടുന്നതിനിടയിലും സഹപ്രവര്‍ത്തകരെ വെട്ടിനിരത്താനുള്ള തന്ത്രങ്ങള്‍ക്കിടയിലും ഓര്‍ക്കുന്നത് നന്ന്.നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികളും കോലാഹലങ്ങളും വിവാദങ്ങളും അന്തിച്ചര്‍ച്ച നടത്തുന്ന ചാനലുകാര്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് കിട്ടിയ ഇരമാത്രമാണ്.

പത്രക്കാര്‍ക്ക് കോളം തികയ്ക്കാനുള്ള വിഷയം മാത്രമാണ്. സോഷ്യല്‍മീഡിയായില്‍ കൂടിയുള്ളവര്‍ക്ക് ഒരു നേരം പോക്കും അതില്‍ കൂടി അവരുടെ പ്രതിഷേധവുമായിരിക്കും അല്ലാതെ മറ്റൊന്നുമില്ല സമൂഹമാധ്യമത്തില്‍ നിങ്ങള്‍ സ്വയം കരിവാരി മുഖത്ത് തേച്ചതിന് തുല്യമാകും ജനങ്ങള്‍ നിങ്ങളെ അതില്‍ കൂടി വെറുക്കും എന്നാല്‍ നിങ്ങള്‍ അപമാനിക്കുന്നത് മഹത്തായ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മലയാള ചലച്ചിത്ര ലോകത്തെയാണ്
Credits to joychenputhukulam.com


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC