പ്രത്യേക ശ്രദ്ധയ്ക്ക്

പുരോഹിതരും മദ്യത്തിന്റെ രാഷ്ട്രീയവും നയങ്ങളും

ജോസഫ് പടന്നമാക്കല്‍ 2018-04-12 03:04:07am

കേരള ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സി, കേരളത്തിലെ ബാറുകൾ പുനഃസ്ഥാപിക്കുന്നതിനെതിരെ സമരങ്ങൾ നയിക്കാൻ തങ്ങളുടെ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. പുരോഹിതരും ബിഷപ്പുമാരും സഭ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനായി സർക്കാരിനെതിരായുള്ള അടവുകളുമായി രംഗത്തിറങ്ങിയിരിക്കുന്നു. പൊതു ജനങ്ങളെയോ കുഞ്ഞാടുകളെയോ നന്നാക്കണമെന്ന ലക്ഷ്യമല്ല മദ്യനിരോധനത്തിന്റെ വക്താക്കളായി വന്ന ഈ ഇടയന്മാർക്കുള്ളത്. വൻകിട ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും കോഴകോളെജുകളും ആകാശം മുട്ടെയുള്ള പള്ളികളും അരമനകളും കോർപ്പറേറ്റ് പ്രസ്ഥാനങ്ങളും നടത്തുന്ന പുരോഹിത മുതലാളിമാർ വിശ്വാസികളെ ഇളക്കാനായുള്ള തന്ത്രങ്ങളും നെയ്തുകൊണ്ടിരിക്കുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മദ്യം നിരോധിച്ച തീരുമാനം ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കിയും മതപുരോഹിതരുടെ താൽപ്പര്യം സംരക്ഷിക്കാനുമായിരുന്നു. അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ കേരളത്തെ മദ്യ നിരോധന മേഖലയാക്കാമെന്നുള്ള ലക്ഷ്യവുമുണ്ടായിരുന്നു. മദ്യ നിരോധനം വഴി ഇന്ത്യയ്ക്ക് ചരിത്രപരമായി ഓർമ്മിക്കാൻ നിരവധി വസ്തുതകളുണ്ട്. മദ്യം,  സാമൂഹിക തിന്മയെന്നത്, മഹാത്മാഗാന്ധിയുടെ ആശയങ്ങളിലൊന്നായിരുന്നു. ഗാന്ധിയൻ ചിന്താഗതികൾ കാലത്തിനു യോജിച്ചതോയെന്നറിയാൻ, കൂടുതൽ പഠന വിധേയമാക്കേണ്ടതുമുണ്ട്. മുതലാളിത്ത ധന തത്ത്വത്തിൽ കുതിച്ചുയരുന്ന ഭാരതത്തിൽ പഴയതിനെ മാറ്റി പുതിയതിനെ പ്രതിഷ്ഠിക്കേണ്ടതായുമുണ്ട്. ആധുനിക നാഗരികതയിൽ മദ്യമെന്നുള്ളത്‌ സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കോൺഗ്രസ്സ് മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയിരുന്ന മദ്യ നിരോധനം കമ്മ്യുണിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത് വിവാദങ്ങൾക്ക് വഴി തെളിയിക്കുന്നു. ഉമ്മൻ ചാണ്ടി വീണ്ടും ഭരണത്തിൽ വരാതിരുന്ന കാരണവും അദ്ദേഹത്തിൻറെ കാലത്തെ തെറ്റായ മദ്യനയമായിരുന്നുവെന്നതും ഓർമ്മിക്കേണ്ടതാണ്. അടച്ചിട്ടിരുന്ന ബാറുകൾ വീണ്ടും തുറക്കുമെന്ന വാഗ്ദാനങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടി ജനങ്ങൾക്കു നല്കിയിരുന്നു. ജനങ്ങളോടുള്ള പ്രതിജ്ഞ നടപ്പിലാക്കേണ്ടതും പിണറായി സർക്കാരിന്റെ കടമയായിരുന്നു. അതിൽ ബിഷപ്പുമാർ സമരകോലാഹലങ്ങളുമായി രംഗത്ത് പ്രത്യക്ഷപ്പെടേണ്ട ആവശ്യമോ അവർക്ക് അതിനുള്ള അവകാശമോയില്ല. ഒരിക്കൽ മദ്യാസക്തരായാൽ മദ്യം വർജിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുപോലെ മദ്യ വില്പനയിൽക്കൂടിയുള്ള നികുതി വരുമാനം ഇല്ലാതാകുന്നതും സർക്കാരിനെ കുഴപ്പത്തിലാക്കുന്നു.

കേരളത്തിലെ സദാചാര വാദികളാണ് മദ്യം നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. അക്കൂടെ ബിഷപ്പുമാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കപട സദാചാരത്തിന്റെ പേരിൽ വാതോരാതെ സംസാരിക്കാറുണ്ട്. മദ്യം വിഷമാണ്, മദ്യം കലഹമുണ്ടാക്കുന്നു, കുടുംബങ്ങളെ  തകർക്കുന്നുവെന്നല്ലാമുള്ള സാരോപദേശങ്ങൾ അവരിൽനിന്നു കേൾക്കുകയും ചെയ്യാം. ശുദ്ധമായ തെങ്ങും കള്ളും പനങ്കള്ളും കുടിച്ചു ജോലി ചെയ്തിരുന്ന കർഷക വർഗത്തിന് കാര്യമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി അറിവില്ല. വിദേശികൾ രാജ്യം ഭരിക്കാൻ തുടങ്ങിയതിൽ പിന്നീടാണ് വിദേശ മദ്യങ്ങൾ ഇവിടെ ലഭിക്കാൻ തുടങ്ങിയത്. മദ്യം ജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്നമാണെങ്കിൽ അതിനേക്കാളും മുമ്പേ നിരോധിക്കേണ്ട നിരവധി വിതർക്ക വിഷയങ്ങൾ കേരളത്തിലുണ്ട്. കെമിക്കൽ കലർന്ന ഭക്ഷണ പദാർഥങ്ങളും വിഷമയമായ പാനീയങ്ങളും പച്ചക്കറികളും നിരോധിക്കാനുള്ള തീക്ഷ്ണത, അല്ലെങ്കിൽ അത് ജനങ്ങളിൽ ബോധവാന്മാരാക്കാനുള്ള സന്മനസ്സ്, മത പുരോഹിതരിലും രാഷ്ട്രീയക്കാരിലും കാണുന്നില്ല. ഒരാൾ മദ്യം കൊണ്ട് പ്രശ്‍നം ഉണ്ടാക്കുന്നുണ്ടെങ്കിൽ, മദ്യപിച്ച് കാർ ഓടിക്കുന്നുവെങ്കിൽ, കുടുംബത്ത് കലഹമുണ്ടാക്കുന്നെങ്കിൽ മാന്യമായി മദ്യം ഉപയോഗിക്കുന്നവരെയും മദ്യം മരുന്നായി പ്രയോജനപ്പെടുത്തുന്നവരെയും ശിക്ഷിക്കേണ്ട ആവശ്യമുണ്ടോ?

ലോകത്ത് മദ്യ നിരോധനം നടത്തിയിട്ടുള്ള ഒരു രാജ്യവും വിജയിച്ച ചരിത്രമില്ല. അത് മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും സഹായിക്കുക മാത്രമേയുള്ളൂ. മയക്കു മരുന്നുകൾ സമൂഹത്തിനു തന്നെ അപകടകരമായ സ്ഥിതിവിശേഷങ്ങൾക്ക് കാരണമാകുന്നു. കേരളത്തിന്റെ പ്രധാന വരുമാന മാർഗം വിനോദ സഞ്ചാരികളിൽ നിന്നായിരുന്നു. മദ്യം നിരോധിച്ചതു കാരണം ആ വ്യവസായം തന്നെ തകർച്ചയെ നേരിടേണ്ടി വന്നു.

വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യൻ പള്ളികളിൽ പുരോഹിതർ വീഞ്ഞ് ഉത്ഭാദിപ്പിക്കുന്നു. ബൈബിളിൽ പറഞ്ഞിരിക്കുന്ന പോലെ എന്തുകൊണ്ട് ഇവർ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കുന്നില്ല. ആദ്യം മദ്യ നിരോധനം നടത്തേണ്ടത് പുരോഹിതരുടെയിടയിലാണ്. അതിനു ശേഷം പോരെ, മദ്യ നിരോധനത്തിനായുള്ള പ്രക്ഷോപണങ്ങൾ.! മദ്യ നിരോധനം നടപ്പാക്കണമെന്ന് വാദിക്കുന്ന ക്രിസ്ത്യൻ പുരോഹിതർ പള്ളിയാവശ്യത്തിനുള്ള വീഞ്ഞിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുയായികൾ വർദ്ധിച്ചതുകൊണ്ടു കൂടുതൽ വീഞ്ഞ് ആവശ്യമുണ്ടെന്നാണ് സഭ ആവശ്യപ്പെടുന്നത്. കുർബാനയ്ക്ക് ഉപയോഗിക്കാനുള്ള വീഞ്ഞു 23 ഫാക്റ്ററികളിലായി കത്തോലിക്കാസഭ ഉത്ഭാദിപ്പിക്കുന്നുണ്ട്. ഒരു വർഷം 6000 ലിറ്റർ വൈൻ ഉത്ഭാദിപ്പിക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.

സഭയുടെ വക്താവായ ഫാദർ പോൾ തേലേക്കാട്ടിൽ പറയുന്നത് പള്ളികളുടെ എണ്ണം കൂടുന്നതും ജനസംഖ്യ വർദ്ധിക്കുന്നതുമനുസരിച്ച് വീഞ്ഞിന്റെ ആവശ്യവും കൂടി വരുന്നുവെന്നാണ്. എന്നാൽ സെൻസസ് അനുസരിച്ച് കത്തോലിക്കരുടെ എണ്ണം വളരെയധികം കുറഞ്ഞതായി കാണുന്നു. കുടുംബാസൂത്രണ പദ്ധതി പ്രകാരം കുടുംബങ്ങളുടെ അംഗസംഖ്യ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം ഏറ്റവും കൂടുതൽ നടത്തുന്നതും ക്രിസ്ത്യൻ സമൂഹങ്ങളാണ്. സഭയിൽ ആവശ്യത്തിന് പുരോഹിതരെയും കന്യാസ്ത്രികളെയും ലഭിക്കുന്നില്ലെന്ന കാരണത്താൽ മൂന്നാമതു  ജനിക്കുന്ന കുട്ടിക്ക് സഭ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പോരാഞ്ഞ്, വളരുമ്പോൾ ആ കുട്ടിക്ക് സ്‌കൂളിൽ സ്‌കോളർഷിപ്പ് നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയുടെ അംഗങ്ങൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലും കുടിയേറുന്നതു എണ്ണം കുറയാൻ കാരണമാകുന്നു. ഏകദേശം ആറുലക്ഷത്തിൽപ്പരം ക്രിസ്ത്യൻ ജനത വിദേശങ്ങളിൽ കുടിയേറിയതും അതാത് രാജ്യങ്ങളിലെ പൗരത്വം എടുത്തതും ജനസംഖ്യ കുറയാൻ മറ്റൊരു കാരണവുമാണ്.

സഭ വീഞ്ഞുത്ഭാദനം ഒരു വ്യവസായമാക്കാൻ ആഗ്രഹിക്കുന്നു. കുർബാനയ്ക്ക് ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വീഞ്ഞ് മാർക്കറ്റിൽ വിൽക്കുന്നുമുണ്ട്. പള്ളികൾ വീഞ്ഞു വിൽക്കുന്നതായി വെള്ളാപ്പള്ളി നടേശൻ ആരോപണമുയർത്തിയിരുന്നു. പള്ളിക്ക് വീഞ്ഞുത്ഭാദിപ്പിക്കുന്ന ലൈസൻസ് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വീഞ്ഞു വിൽക്കുന്നതും നിയമ വിരുദ്ധമാണ്. സാധാരണ ഗതിയിൽ വീഞ്ഞു വ്യവസായം തുടങ്ങാൻ 23 ലക്ഷം രൂപ ഫീസ് ഉണ്ടെന്നിരിക്കെ സഭയ്ക്കുവേണ്ടിയുള്ള  ലൈസൻസ് ഫീ വെറും 250 രൂപ മാത്രമാണ്. കുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞിൽ 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുമ്പോൾ ബിയറിനുള്ളിൽ ആറു ശതമാനം ആൽക്കഹോൾ മാത്രമേയുള്ളൂ. ഭാഗികമായി മദ്യ നിരോധനം നടത്തിയപ്പോൾ 'വെള്ളാപ്പള്ളി നടേശൻ' പള്ളികൾക്കു നൽകുന്ന വീഞ്ഞിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സഭ, മദ്യ നിരോധനത്തിനു ആവേശപൂർവം പ്രചരണങ്ങൾ നടത്തുന്ന കാരണം പള്ളികൾക്കു അനുവദിച്ചിരിക്കുന്ന ലൈസൻസ് നിർത്തൽ ചെയ്യാൻ ബിജെപി യിലെ ഘടക കക്ഷികളും നിർദ്ദേശിച്ചിരുന്നു.

വീഞ്ഞിന്റെ കാര്യത്തിൽ വിവാദങ്ങളുള്ളതുകൊണ്ട് കുർബാനയ്ക്ക് അത് ആവശ്യമില്ലെന്നും മാർത്തോമ്മാ ബിഷപ്പ് മാർ ഫിലിപ്പോസ് ക്രിസോസ്റ്റം പറയുകയുണ്ടായി. വീഞ്ഞിനു പകരം മുന്തിരി ചാർ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഈ രണ്ടു ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ ദൈവശാസ്ത്ര വിവാദങ്ങളും ഉണ്ടായി. മാർത്തോമ്മാ സഭ വീഞ്ഞു ക്രിസ്തുവിന്റെ രക്തത്തിന്റെ പ്രതീകമായി മാത്രമേ വിശ്വസിക്കുന്നുള്ളൂ. എന്നാൽ കത്തോലിക്ക സഭ കുർബാന മദ്ധ്യേ വീഞ്ഞ്! ക്രിസ്തുവിന്റെ രക്തമായി രൂപാന്തരം പ്രാപിക്കുന്നുവെന്നും വിശ്വസിക്കുന്നു. 'അത് വെറും പ്രതീകമോ അടയാളമോ അല്ലെന്നും മറ്റു യാതൊരു പദാർത്ഥങ്ങളും പാനീയങ്ങളും വീഞ്ഞിനു പകരം സ്വീകരിക്കാൻ സാധിക്കില്ലെന്നും' ആലഞ്ചേരി പറഞ്ഞു. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്നും അതിനു മാറ്റം വരണമെങ്കിൽ ലോകാവസാനം സംഭവിക്കണമെന്നും കർദ്ദിനാൾ ന്യായികരിക്കുകയുമുണ്ടായി.

ഗുണ്ടാ മോഡലിലുള്ള പ്രസ്ഥാനങ്ങളെയാണ് ബിഷപ്പ് സംഘടനകൾ വളർത്തുന്നത്. രാജ്യത്തു എന്ത് നടപ്പാക്കണം, ഏതു തരത്തിലുള്ള പുരോഗമനം വേണമെന്നുള്ളത് തെരഞ്ഞെടുത്ത സർക്കാരുകളാണ് നിശ്ചയിക്കേണ്ടത്. സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അനുകൂലിക്കുന്നതിനു പകരം പ്രതിക്ഷേധങ്ങളിൽക്കൂടി നാട്ടിലെ നിയമ വ്യവസ്ഥ കൈവശപ്പെടുത്തുകയല്ല വേണ്ടത്. പിണറായുടെ ഭരണം ളോഹധാരികൾക്ക് ഇഷ്ടമില്ലെങ്കിൽ സമാധാനമായി എവിടെയെങ്കിലും പള്ളിയും അരമനയും ഭരിച്ചു നടന്നുകൊള്ളുക! ജനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് അടുത്ത മന്ത്രിസഭ കയ്യടക്കാമെന്നുള്ള വ്യാമോഹങ്ങളുമുണ്ടായിരിക്കാം. അതിനുപകരം സമ്പൂർണ്ണ മദ്യനിരോധനമെന്ന പേരിൽ രാജ്യത്തെ ക്രമസമാധാനം നശിപ്പിക്കുകയല്ല വേണ്ടത്.

ഭീകര കൊള്ളകൾ നടത്തുന്ന ഭൂരിഭാഗം ഹോസ്പിറ്റലുകളും സ്‌കൂളുകളും ക്രിസ്ത്യൻ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. സ്വന്തം സമുദായത്തിലെ ദരിദ്രർക്കു പോലും മാനുഷിക പരിഗണ നൽകാതെ സ്ഥാപനങ്ങൾ നടത്തുന്ന ഇവർക്ക് അല്മായരെ നിയന്ത്രിക്കാൻ എന്തധികാരമാണുള്ളതെന്നും അറിയില്ല! ക്രിസ്ത്യാനി മദ്യം കിട്ടാനായി ഏതു സ്ഥലങ്ങളിലും പോവും. ബീവറേജിന്റെയും ബാറിന്റെയും മുമ്പിൽ നീണ്ട ലൈൻ കാണാം. അനാവശ്യമായി രാഷ്ട്രീയ പ്രശ്നമുണ്ടാക്കി മദ്യ നിരോധനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെന്നുള്ളതാണ് ഇവരുടെ പരമമായ ലക്ഷ്യവും. അതുവഴി സർക്കാരിനെ താഴെയിറക്കി പുതിയതായി വരുന്ന ഭരണകൂടത്തെ തങ്ങളുടെ നിയന്തണത്തിൽ കൊണ്ടുവരാനും പുരോഹിതർ ആഗ്രഹിക്കുന്നു.

ധാർമ്മികത ലവലേശം പുരോഹിതർക്കില്ല. പുരോഹിതരോട് ലളിത ജീവിതം നയിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുമ്പോൾ കേരള പുരോഹിതരും മെത്രാന്മാരും ആഡംബര ജീവിതമാണ് നയിക്കുന്നത്. വില കൂടിയ കാറിൽ സഞ്ചരിക്കുമ്പോൾ, രാജകീയ അരമനയ്ക്കുള്ളിൽ കഴിയുമ്പോൾ, തിളങ്ങുന്ന കുപ്പായങ്ങൾ ധരിക്കമ്പോൾ പാവപ്പെട്ടവന്റെ ദുഃഖത്തെപ്പറ്റി ചിന്തിക്കേണ്ടതുമില്ല. സർക്കാരിന്റെ മദ്യനിരോധനത്തിനുള്ള ജനപിന്തുണ ഇല്ലാതാക്കുകയെന്നതും ലക്ഷ്യമാണ്. സ്ഥിരമായി കള്ളുകുടിക്കുന്ന ഒരാളിനെ നന്നാക്കാൻ ധ്യാന ഗുരുക്കന്മാർക്കോ മെത്രാൻമാർക്കോ സാധിക്കില്ല. അത്തരക്കാരായ ദരിദ്ര കുടിയൻമാർക്ക് സ്വന്തം സ്ഥാപനങ്ങളിൽ സൗജന്യമായ ചീകത്സ നൽകാൻ അഭിഷിക്ത ലോകം തയാറാകുമോ? ഇന്ന് പുരോഹിതരുടെ വചനങ്ങൾ ശ്രവിക്കാൻ വിശ്വാസികളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതു കാണാം. അവരുടെ ആഭാസത്തരം നിറഞ്ഞ കഥകൾ സോഷ്യൽ മീഡിയാകളിൽ നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. നേഴ്‌സറി മുതൽ ഒരു കുട്ടിക്ക് സ്‌കൂളിൽ അഡ്മിഷൻ വേണമെങ്കിൽ വലിയ തോതിലുള്ള കോഴപ്പണം കൊടുക്കണം. വ്യവസായ സാമ്രാജ്യം പടുത്തുയർത്തുന്ന അത്മായ ഗുരുക്കന്മാരുടെ വാക്യങ്ങൾ ബൗദ്ധിക തലത്തിലുള്ളവർ പുച്ഛത്തോടെ ശ്രവിക്കുന്ന കാലമാണിതെന്നും ഓർക്കണം.

വത്തിക്കാന്റെ ഹൃദ്യഭാഗത്തായി ഒരു മദ്യശാല പ്രവർത്തിക്കുന്നുണ്ട്. ഇറ്റലിയിലെ എല്ലാ നഗരങ്ങളെക്കാൾ അവിടെ വില കുറച്ചു മദ്യം കിട്ടുന്നു. അവിടെനിന്ന് മദ്യം മേടിക്കാൻ വത്തിക്കാനിലെ അന്തേവാസികൾക്കും പുരോഹിതർക്കും മാത്രമേ സാധിക്കുള്ളൂ. കേരളത്തിൽ മദ്യം നിരോധിക്കുന്നതിനുമുമ്പ് ആദ്യം മദ്യ നിരോധനം വത്തിക്കാനിൽ നടപ്പാക്കാൻ ശ്രമിക്കരുതോ? ആദ്യമേ മാർപ്പാപ്പയെ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങൾ പഠിപ്പിക്കുക! അതിനുശേഷം പള്ളിയിൽ വരുന്ന വിശ്വസികളുടെയിടയിൽ മദ്യ നിരോധനം പ്രചരിപ്പിക്കുന്നതായിരിക്കും ഉത്തമം. മാർപ്പാപ്പയേക്കാളും കേരളത്തിലെ പുരോഹിതർ മെച്ചമായ ക്രിസ്ത്യാനികളോ?

അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ മദ്യം നിരോധിച്ചിട്ടില്ല. അതുകൊണ്ടു ആ രാജ്യമൊന്നും സാംസ്‌കാരികമായി തകർന്നുപോയിട്ടില്ല. ഉത്തരവാദിത്വ ബോധത്തോടെ മദ്യം കഴിക്കണമെന്നുള്ള ബോധവൽക്കരണമാണ് കെ.സി.ബി.സി പോലുള്ള ബിഷപ്പുമാരുടെ സംഘടനകൾ തങ്ങളുടെ അല്മായർക്കായി നൽകേണ്ടത്.! വത്തിക്കാനിൽപ്പോലും മദ്യ നിരോധനം നടപ്പാക്കാത്ത സ്ഥിതിക്ക് ഹിന്ദുക്കളും ഇതര സമുദായങ്ങളും ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് പറയാൻ പുരോഹിതർക്ക് എന്തവകാശം? വത്തിക്കാനിൽ താമസിക്കുന്ന പുരോഹിതർക്ക് നികുതി കൊടുക്കാതെ കുറഞ്ഞ വിലക്ക് നിത്യവും മദ്യവും കഴിക്കാം. കേരളത്തിലെ നല്ലൊരു ശതമാനം വൈദികരും മദ്യത്തിനടിമപ്പെട്ടവരെന്നുള്ള കാര്യവും മദ്യവിരുദ്ധ പുരോഹിതർ മറക്കുന്നു.

സമൂഹത്തിൽ എന്തുതന്നെ ദുഷിച്ച വ്യവസ്ഥകളുണ്ടെങ്കിലും കത്തോലിക്ക സഭ ചെറു വിരൽ അനക്കാറില്ല, ഏറ്റവും കൂടുതൽ സ്ത്രീധനം മേടിക്കുന്ന സമുദായമാണ് ഈ സഭയിലുള്ള അംഗങ്ങൾ.  സ്ത്രീധനം കൊടുക്കാൻ നിവൃത്തിയില്ലാതെ വിവാഹിതരാകേണ്ട പെൺകുട്ടികളുടെ രക്ഷകർത്താക്കൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. 1966-ൽ സ്ത്രീധന നിരോധനം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. സ്വന്തം സമുദായത്തെ നന്നാക്കാൻ കഴിവില്ലാത്ത കത്തോലിക്ക സമുദായം നാട് നന്നാക്കാൻ ഒരുമ്പെട്ടിരിക്കുന്നതും തികച്ചും വിരോധാഭാസമാണ്. സാമൂഹിക ജീവിതത്തിന്റെ അടിത്തറ തന്നെ ഇവർ മാന്തിയെന്നുള്ളതാണ് സത്യം. ആദായകരമായ വിദ്യാഭ്യാസ കച്ചവടം സഭയെ ഇട്ടുമൂടിയ പണം കൊണ്ട് കൊഴുപ്പിക്കുകയും ചെയ്തു. ഇങ്ങനെ കോഴ മേടിച്ചുകൊണ്ട് രക്ഷകർത്താക്കളെ പിഴിഞ്ഞു ജീവിക്കുന്ന ഇവരാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയിരിക്കുന്നത്. മദ്യത്തിനടിമപ്പെട്ടാൽ ജനങ്ങളുടെ ആരോഗ്യം നശിക്കുംപോലും! പുരോഹിതരും ബിഷപ്പുമാരും മുതല കണ്ണുനീർ പൊഴിക്കുന്നതല്ലാതെ അല്മായരുടെ ക്ഷേമങ്ങളിൽ യാതൊരു വിധ  താൽപ്പര്യവും  കാണിക്കാറില്ല.

മദ്യ നിരോധനം കൊണ്ട് ഒരാളിന്റെ മദ്യാസക്തി ഇല്ലാതാക്കാനും സാധിക്കില്ല. ചാരായ വാറ്റും വിഷം കലർന്ന മദ്യങ്ങളുടെ ഉത്ഭാദനവും കുടിയിട വ്യവസായങ്ങളായി മാറും. മദ്യം കഴിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. മദ്യം കഴിക്കണമെന്ന് സാധാരണഗതിയിൽ ഒരു മദ്യപാനിയെ ആരും നിർബന്ധിക്കാറില്ല. സൗകര്യമുള്ളവർ മദ്യം കഴിക്കട്ടെയെന്ന യുക്തമായ ഒരു തീരുമാനമാണ് സ്വീകരിക്കേണ്ടത്. എന്ത് കുടിക്കണം, എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരോ മതസ്ഥാപനങ്ങളോ ആയിരിക്കരുത്. ഒരാൾ കുടിക്കുന്നവനെന്നോ കുടിക്കാത്തവനെന്നോ സർക്കാർ എങ്ങനെ മനസിലാക്കും! മദ്യ നിരോധനം ഒരാളിന്റെ അവകാശത്തിലുള്ള കൈകടത്തലാണ്.

ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രം മദ്യം വിൽക്കാമെന്നുള്ള സ്ഥിതിവിശേഷം നീതികരിക്കാവുന്നതല്ല.  ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകാൻ കഴിവില്ലാത്തവർ സാധാരണ ഹോട്ടലുകളിൽ ചെന്നാൽ ഭക്ഷണം മാത്രം കഴിച്ച് മദ്യം ലഭിക്കാതെ പച്ചയായി മടങ്ങി പോവേണ്ടി വരും. ചെറു കുടിയൻമാർക്ക് മദ്യം ഇല്ലാതെ ജീവിക്കാനും സാധിക്കും. പക്ഷെ വൻകിട കുടിയന്മാരുടെ മാനസികാവസ്ഥ കഷ്ടമായിരിക്കും. സർക്കാർ നടത്തുന്ന മദ്യശാലകളുടെ മുമ്പിൽ നീണ്ട ലൈനിൽ നിന്ന് മദ്യം മേടിക്കേണ്ടി വരുന്നു. കുടിയന്മാർ കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കാനുള്ള മദ്യം ഒന്നിച്ച് മേടിക്കും. ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രം മദ്യം ഉപയോഗിച്ചിരുന്ന കുടിയന്മാരായവർ ദിവസവും കുടിക്കാനാരംഭിക്കും. കുടിച്ചിട്ട് കലഹം ഉണ്ടാക്കിയും സംസ്ക്കാരരഹിതങ്ങളായ ഭാഷകളുപയോഗിച്ചും പൊതുനിരത്തുകളിൽക്കൂടി സഞ്ചരിക്കുകയും ചെയ്യും. വീട്ടിൽ മദ്യം സ്റ്റോക്ക് ചെയ്യുമ്പോൾ കുടിയന്മാർക്കു നിയന്ത്രണമില്ലാതെ കുടിക്കാനും സാധിക്കുന്നു.

ഗുജറാത്ത് മദ്യ നിരോധനം നടപ്പാക്കിയ ഒരു സംസ്ഥാനമാണ്. എങ്കിലും മദ്യം ആ സംസ്ഥാനത്ത് സുലഭമാണെന്നുള്ളതാണ് വസ്തുത. അടുത്തുള്ള സംസ്ഥാനങ്ങൾ ഗുജറാത്തിലേക്ക് മദ്യം ഒഴുക്കി ലാഭം കൊയ്തുകൊണ്ടിരിക്കുന്നു. മദ്യനിരോധനം കൊണ്ട് അവിടെയാരും മദ്യവർജനം നടപ്പാക്കിയില്ലെന്നുള്ളതാണ് വാസ്തവം. കേരളത്തിലും സമ്പൂർണ്ണമായ മദ്യനിരോധനം നടപ്പാക്കിയാൽ നിയമപരമല്ലാത്ത മദ്യം ഈ സംസ്ഥാനത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കും. മദ്യം അന്യ സംസ്ഥാനത്തിൽ നിന്ന് വരുന്നവഴി കോഴ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ സമ്പത്തും ബ്ളാക്ക് പണവും വർദ്ധിക്കാനിടയാകും. മദ്യത്തിൽ അടിമപ്പെട്ടു കഴിഞ്ഞാൽ എന്ത് ചെലവിലും അവർ എവിടെനിന്നെങ്കിലും മദ്യം എത്തിച്ചു കൊണ്ടിരിക്കും. സാക്ഷരത ഏറ്റവും കൂടുതലുള്ള കേരളത്തെ മദ്യം മൂലം കള്ളക്കടത്തു നടത്തുന്ന കുപ്രസിദ്ധ കേന്ദ്രവുമാക്കും. കുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുന്നതിനിടയാകും.

മദ്യ നിരോധനം നടപ്പായാൽ സ്റ്റേറ്റിന് വരുമാനം കുറയും. ബ്ളാക്ക് മാർക്കറ്റിലൂടെയുള്ള വ്യവസായികൾ നിയമവിരുദ്ധമായി കൊള്ളലാഭം കൊയ്യാൻ തുടങ്ങും. അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മുതലെടുക്കും. മദ്യ വ്യവസായം മൂലം സർക്കാരിനു 8000 കോടി രൂപാ വരുമാനം ലഭിക്കുന്നുണ്ട്. അതില്ലാതാക്കിയാൽ സർക്കാരിന്റെ പ്രവർത്തനം തന്നെ സ്തംഭിപ്പിക്കാൻ ഇടയാക്കും. റമ്മും വിസ്ക്കിയും ബ്രാണ്ടിയും മദ്യ മാർക്കറ്റിന്റെ എൺപതു ശതമാനം ഉപഭോക്താക്കൾ കൈവശപ്പെടുത്തിയിരിക്കുന്നു. മദ്യ വിൽപ്പനയിൽ നിന്നും നഷ്ടപ്പെടുന്ന വരുമാനം സർക്കാരിനു എങ്ങനെ വീണ്ടെടുക്കാൻ സാധിക്കുമെന്നും വ്യക്തതയില്ല. സ്റ്റേറ്റിന്റെ 20 ശതമാനം വരുമാനം മദ്യത്തിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു.

മദ്യ വിവാദങ്ങൾക്കു പകരം മത സംഘടനകൾ ആദ്യം ചെയ്യേണ്ടത് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദരിദ്രർക്കും പഠിക്കാനുള്ള അവസരം കൊടുക്കുക, അവർ നടത്തുന്ന ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലെ ആദായ വീതത്തിൽ ഒരു വിഭാഗം ദരിദ്രരുടെ ക്ഷേമത്തിനായും പ്രയോജനപ്പെടുത്തുക, എന്നിവകളാണ്. സംസ്ഥാനത്തെ നേഴ്‌സുമാർക്ക് മാന്യമായ ശമ്പളം കൊടുത്താലും മാനുഷിക ധർമ്മത്തിന് ഒരു അർത്ഥമുണ്ടാകും. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വലിയ ശതമാനം മദ്യത്തിൽ നിന്നുമായ സ്ഥിതിക്ക് സർക്കാരിനും ക്ഷേമകരമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഈ വരുമാനം ഉപയോഗിക്കാനും കഴിയുന്നു.

മദ്യപാനത്തെ സംബന്ധിച്ച് സമഗ്രമായ ഒരു പഠനം ആവശ്യമാണ്. കുടിയന്മാരെപ്പറ്റി ഒരു ഗവേഷണം നടത്തുകയാണെങ്കിൽ അതനുസരിച്ച് സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻസാധിച്ചേക്കാം. കുടിയന്മാരുടെ സാമ്പത്തിക നില, വിദ്യാഭ്യാസം, കുടുംബത്തിലെ അസമാധാനം, മാനസിക വിഭ്രാന്തി എന്നിവകൾ കുടിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച ശേഷം അവർക്കു വേണ്ട ചീകിത്സ നൽകുകയാണെങ്കിൽ മദ്യനിരോധനത്തെക്കാളും ഗുണപ്രദമാകുമായിരുന്നു. മദ്യത്തിന് വില കൂട്ടിയാൽ അത് സാധാരണക്കാരെ മാത്രമേ ബാധിക്കുള്ളൂ. മദ്യത്തിന്റെ അമിതവില കുടിയന്മാരുടെ കുടുംബത്തെ സാമ്പത്തികമായി തകർക്കാനുമിടയുണ്ട്.

മതേതര രാജ്യമായ ഇന്ത്യയിൽ മതസംഘടനകളല്ല സർക്കാരിന്റെ നയങ്ങളെ നിയന്ത്രിക്കേണ്ടത്. മദ്യ നിരോധനം വേണമെന്നു മതസംഘടനകൾ ആവശ്യപ്പെട്ടാൽ അവരെ ചർച്ചക്കു പോലും ക്ഷണിക്കരുത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ സ്തംബിപ്പിക്കണമെന്ന ഉദ്ദേശ്യമാണ് മത പുരോഹിതർക്ക് കൂടുതലായുമുള്ളത്. പുരോഹിതർ ആദ്യം പോയി അവരുടെ പള്ളിയിലെ വീഞ്ഞിനു പകരം പൈനാപ്പിൾ ജ്യൂസോ ഓറഞ്ചു ജ്യൂസോ ഉപയോഗിക്കുന്ന വ്യവസ്ഥിതിയുണ്ടാക്കട്ടെ. മതവും സർക്കാരും രണ്ടു ധ്രുവങ്ങളായി പ്രവർത്തിക്കേണ്ട മണ്ഡലങ്ങളാണ്. അവിടെ സർക്കാരിനെ നിയന്ത്രിക്കേണ്ടത് ഇന്ത്യൻ നിയമമനുസരിച്ചാണ്. വിദേശ നിയമമായ കാനോനിക പുസ്തകത്തിന് നീതിനിർവഹണത്തിൽ ഒരു കടലാസിന്റെ വിലപോലുമില്ല.

മദ്യ നിരോധനം ഇല്ലാതാക്കി ബാറുകൾക്ക് ലൈസൻസ് കൊടുത്ത് മദ്യം പുനഃസ്ഥാപിച്ചാൽ  രാഷ്ട്രീയക്കാരെയും അഴിമതി ഉദ്യോഗസ്ഥരെയും അകറ്റി നിർത്തേണ്ടതായുമുണ്ട്. ബാർ ഹോട്ടൽ ലൈസൻസ് ലഭിക്കാൻ രാഷ്ട്രീയക്കാർക്കും നേതാക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും കോഴ കൊടുക്കുന്ന വ്യവസ്ഥിതിക്കും മാറ്റം വരണം. ലാഭമുണ്ടാക്കാൻ ബാർ ഉടമകൾ നിലവാരം കുറഞ്ഞ മദ്യം ബോട്ടിലിനകത്താക്കി വിൽക്കുന്ന പതിവുമുണ്ട്. അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കി തക്കതായ ശിക്ഷയും കൊടുക്കണം. ശരിയായ കംപ്യുട്ടർ ബില്ലിംഗ് സമ്പ്രാദായം നടപ്പായാൽ ബാർ ഉടമകൾക്ക്  നികുതി വെട്ടിക്കാനുള്ള അവസരങ്ങളും നഷ്ടപ്പെടും. ബാറുകളിൽ സർക്കാർ മേൽനോട്ടത്തിൽ കർശനമായ ഓഡിറ്റിങ്ങും ആവശ്യമാണ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC