kavitha

പമ്പരപ്പൊരുള്‍

ആരോ തിരിക്കുന്നു ആരോ കറക്കുന്നു
ഞാനിന്നു ഭൂമിയിലാടീടുന്നു
കുഞ്ഞിന്റെ ചുണ്ടിലെ പുഞ്ചിരിയാകുന്ന
മുത്തുകളത്രയും വാരിച്ചാര്‍ത്തി,
ചുറ്റിലുമുള്ളോരു കാഴ്ചകള്‍ കാണുവാന്‍
ഹാ, എന്റത്ര സൗഭാഗ്യമാര്‍ക്കുമില്ല.
ഞാനൊന്നു സ്വയമേ തിരിയുകിലെന്തുണ്ടു
മാറ്റമതിന്നു നല്‍ ഭൂമിയുമായ്?
ചിന്തിച്ചു വാനോളമായപ്പോള്‍ തോന്നുന്നു
എന്നുടെ വേഗത മെല്ലെയെന്നു
കാലു കുഴഞ്ഞിട്ടു ദിക്കൊക്കെ മാറുന്നു
അങ്ങോട്ടുമിങ്ങോട്ടുമാടീടുന്നു
പൈതലിന്‍ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിതു
നല്ലൊരു വേടന്റെ ഭാവമായി!
എന്‍ ചാരത്തെത്തിയ പൈതലിന്‍ തീക്ഷ്ണമാം
നോട്ടത്തില്‍ ഞാനൊന്നുലഞ്ഞുമെല്ലെ,
ഞാനങ്ങു മെല്ലവേ ചായുന്നു ഭൂമിയില്‍
ഞാനെന്ന ഭാവം വെടിഞ്ഞപോലെ.

Read more

കൃഷ്ണീയം

ഒരു കാറ്റിന്റെ മൂളലിലൂടെ
ഒരു മര്‍മരത്തിന്‍ വിളിയോടെ
അറിയുു ഞാനെന്‍, കണ്ണന്റെ ഗീതം
കൊഞ്ചലുമായ് വൃന്ദാവനിയും.

കാളിയന്‍ തുടെ ഹുങ്കു കളയു
വെണ്ണയിതൊിനു ഊയലിലാടു
നന്ദജനിവനെ നീ കണ്ടുവോ രാധേ?

കണ്ണിനു നല്ല കണിയായീടു
ആസുര ശക്തിയെ മുക്തമാക്കീടു
നന്ദജനിവനെ നീ കണ്ടുവോ രാധേ?

Read more

ഉത്സവപിറ്റേന്ന് (ഓട്ടംതുള്ളല്‍)

മാമാങ്കത്തില്‍ കേട്ടതു മോശം
മലയാളികളുടെ നെറിയുടെ നാറ്റം
വന്നവരൊക്കെ പൊങ്ങമ്മാരായി
ആടുകളെ പട്ടികളാക്കി
പട്ടികളെ ആടുകളാക്കി
മദ്യമൊഴുകി അരമനതോറും
വിദ്യകളനവധി പയറ്റും വമ്പര്‍!

ബാങ്ക്വറ്റ് ഹാളില്‍ വമ്പര്‍ നിരന്നു
വായ്താളമതങ്ങനെ ഒഴുകി
ജാഡയിലെത്തി സിനിമാസീരിയല്‍
ജാള്യതമന്യേ വീമ്പുമുഴക്കി

മാധ്യമ ചര്‍ച്ചയും,മതസൗഹാര്‍ദ്ദവും
കോട്ടംകടാതെ നടന്നു
സാഹിത്യവും,സുവനീറും
സംസ്ക്കരത്തിന്‍ വിഴുപ്പുകളായി
അക്ഷരമറിത്തവരമരക്കാരായി
സരസ്വതിയെ കുപ്പിയിലാഴ്ത്തി

നേതാക്കന്മാരെ ചുറ്റി
സിനിമാക്കാരെ ചുറ്റി
ഈച്ചപറക്കും പോലെ
നടക്കും കൂട്ടര്‍
തോളില്‍ കയ്‌നിട്ടൊരു ഫോട്ടോ
എടുക്കും കൂട്ടര്‍
എവിടയുമങ്ങനെ ചില ചുറ്റിക്കളികള്‍!

ആനകളൊന്നാകാന്‍
ആഹ്വാനം കേട്ടുതുടങ്ങി
എവിടെ നടക്കാന്‍?
കസേരകളില്ലാത്ത കസേരകളി
എവിടെ നടക്കാന്‍!! 

Read more

1+1=?

ഒന്നും ഒന്നും
 രണ്ട് 
അല്ല,ഇമ്മിണി ബല്യ ഒന്ന് 
അല്ല,
പതിനൊന്നു
എന്ന് പറഞ്ഞിട്ട് 
ഉമ്മാന്റെ 
ഒരു ചിരിയുണ്ടായിരുന്നു

ഒന്നും ഒന്നും
പതിനൊന്ന്
എന്നത് തന്നെ 
ശരി എന്ന് 
ഞാൻ ഉറപ്പിച്ചു

കാരണം 
ഉമ്മാന്റെ ഉത്തരത്തോട് 
എനിക്കൊരു പ്രണയമുണ്ട്

ഒന്നും ഒന്നും 
പതിനൊന്നു 
മാറ്റില്ല, ഉറപ്പിച്ചു

Read more

ഇതും

ഉറുമ്പില്‍ നിന്നുമൊരൊറ്റവരി പഠിക്കണം
ഉറ്റവര്‍ക്കറിയാത്ത കാര്യം തിരക്കണം
മറ്റുള്ളവര്‍ക്കായ് വെളിച്ചം പകര്‍ന്നിടാന്‍
തൊട്ടരുകിലുദയാര്‍ക്കനായ് പിറന്നീടണം.
കെട്ടുപോയോര്‍ക്കാകെയെന്നുമുന്മേഷമായ്
ഭ്രഷ്ടുകല്‍പ്പിച്ചിടാതൊന്നായുണര്‍ത്തണം
നഷ്ടസ്വപ്നങ്ങള്‍ പിഴുതെറി,ഞ്ഞപരന്റെ
കഷ്ടകാലത്തിന്‍ മതില്‍പൊളിച്ചീടണം
പേടിച്ച ലോകത്തില്‍ പേപിടിച്ചീടാത്ത
ചിന്തകള്‍ക്കെങ്കിലും കൂടൊരുക്കീടണം
വേര്‍പെട്ടവര്‍ക്കേറുമാടങ്ങളില്‍പ്പുതിയ
താവളം പണിയുവാന്‍ കൂടെയുണ്ടാകണം
കാമാന്ധരായവര്‍ ശൈശവങ്ങള്‍ക്കുമേല്‍
പൈശാചികമാ-യിര തിരഞ്ഞീടിനാല്‍
ശൈവചാപംകണക്കെയ്തുവീഴ്ത്തീടുവാന്‍
കഴിയുവോരായിപ്പരിണമിച്ചീടണം
പതിതര്‍ക്കുമേലിന്നു കുതിരകയറീടുന്ന
പ്രവണതകള്‍ക്കും കടിഞ്ഞാണ്‍മുറുക്കണം
കാലത്തിനോടൊത്തുപോകുവാനാകാത്ത
കാതരഹൃദയര്‍ക്കു സാന്ത്വനം പകരണം
മുള്‍വേലികെട്ടാ മനസ്സുകള്‍ക്കുള്ളിലാ-
യലിവിന്റെയരുവിയായിനിയുമൊഴുകണം
പുഴകള്‍ മരിക്കാതിരിക്കുവാന്‍ ഝടിതിയി-
ന്നുയരുന്നൊരുര്‍ജ്ജപ്രവാഹമായീടണം
പ്രണമിച്ചിടുന്നവനോടുപരി പ്രേമമോ-
ടറിവിന്‍ മഹാജാലകം തുറന്നേകുവാന്‍
വ്രതശുദ്ധിയോടെ പ്രാര്‍ത്ഥിച്ചുടല്‍ക്കോവിലി-

Read more

പിതൃതര്‍പ്പണം

ജൂണ്‍ പതിനേഴിന്‍ ലോകൈക പിതൃദിനേ
മല്‍ പ്രിയ താതനെയോര്‍പ്പൂ ഞാനാദരാല്‍,
ഇന്നീ വിശാലമാം താരാപഥത്തിന്‍ കീഴ്
എന്‍ തായ്‌വഴിക്രമ പ്രസ്പന്ദനമായി
ഈ പ്രപഞ്ചത്തിന്റെ സൗഭഗവീഥിയില്‍
എന്നെ സംസൃഷ്ടിച്ച വന്ദ്യ ജനിത്വരെ
ജന്മജന്മാന്തര സുകൃതമായ് കാണ്‍മേന്‍ !
ഗര്‍ഭാഗാരത്തില്‍ നിഗൂഢമാം വേളയില്‍
അദൃഷ്ട മവര്‍ണ്യ മനര്‍ഘ സൃഷ്ടിയായ്
യൗവ്വന സ്വപ്ന സാക്ഷാത്ക്കാരമായ് വംശ
വൃക്ഷത്തിന്‍ നാരായ വേരിന്‍ തുടര്‍ച്ചയായ്്
അത്ഭുതം, ഏറെ ഭയങ്കരമായഹോ
ആദിപരനെന്നെ മെനഞ്ഞെന്നോര്‍പ്പൂ ഞാന്‍ !
അര്‍ത്ഥം ഗ്രഹിക്കാത്ത പ്രായത്തില്‍ ദൈവത്തെ
ചിത്തത്തിലേറ്റാന്‍ പഠിപ്പിച്ചും, സത്യത്തിന്‍
പാതയില്‍ നീങ്ങണമെന്നുപദേശിച്ചും
ചൊല്ലിപ്പഠിപ്പിച്ച പ്രാര്‍ത്ഥനാഗീതികള്‍
ചൊല്ലുന്നതാണിന്നെന്‍ പ്രാതസാന്ധ്യാര്‍ത്ഥനം;
വിദ്യയാം വിത്തത്തെ ആവതിലപ്പുറം
ത്യാഗം സഹിച്ചഛന്‍ മക്കള്‍ക്ക് നല്‍കിയും
മുഖ്യോപാദ്ധ്യയനാം തന്‍ തുഛവേതനം
അഷ്ഠതനൂജര്‍ക്ക് വിദ്യാര്‍ത്ഥമാക്കിയെന്‍
താതനെയോര്‍മ്മിപ്പേനാനന്ദാശ്രുക്കളാല്‍
മല്‍താതനാണെന്റെയാരാദ്ധ്യ മൂര്‍ത്തിയും
ഓതുവാനാവതില്ലെന്‍ ചിത്തവീചികള്‍,
മെല്ലിച്ച തന്‍കരവല്ലി വിരിച്ചെന്റെ
ശീര്‍ഷത്തിലര്‍പ്പിച്ചനുഗ്രഹ വര്‍ഷമാ
ണെന്നുമെന്‍ ജീവിതസാന്ത്വനമറിയുന്നേന്‍ !
നല്‍æവാനായില്ലെനിക്കൊന്നുമങ്ങേയ്ക്ക്
നല്‍കുന്നിന്നര്‍ഘ്യമായീ പിതൃതര്‍പ്പണം !

ജൂണ്‍ 17 പിതൃദിനം. ഇന്ന് എന്റെ വന്ദ്യപിതാവിനെഭക്ത്യാദരങ്ങളോടെ സ്മരിക്കുന്നു. 1909 മുതല്‍ 2002 വരെ 93 വര്‍ഷക്കാലം സന്തോഷ സന്താപ സമ്മിശ്രമായ ജീവിതം നയിച്ച, പ്രഗത്ഭനായ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായ, കവിപുംഗവനായ കഠിനാദ്ധ്വാനി. എട്ടുമക്കളെ നല്ല ശിക്ഷണത്തില്‍ കഴിവിനപ്പുറം വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി, സത്യം, നീതി, ദൈവാശ്രയം എന്നിവ മുറുകെപ്പിടിച്ച് ശ്രേഷ്ഠമായ ജീവിതം നയിച്ച എന്റെ വന്ദ്യപിതാവിനെ (റ്റി.ജി. തോമസ്, താഴേതില്‍, കടമ്പനാട്) ഈ പിതൃദിനത്തില്‍ സ്‌നേഹാദരങ്ങളോടെ ഹൃദയകോവിലില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്നു !!

Credits to joychenputhukulam.com

Read more

തീരത്തടുക്കാതെ*..

തവജീവിതത്തിലിരുള്‍മഷി പടര്‍ന്നതിന്‍ നൊമ്പരം
നീയെനിക്കെന്നും പാതിവായിച്ച പുസ്തകം
വാക്കെറിഞ്ഞിടയ്‌ക്കിടെ വീഴ്ത്തുന്ന ചിന്തപോല്‍
വാഴ്‌ത്തുന്നൊടുവില്‍ പലര്‍ നിന്റെ നന്മകം.

ഇടനെഞ്ചില്‍ ചേര്‍ത്തുനിര്‍ത്തീടുന്ന സ്‌മരണകള്‍
തുടിക്കുന്നിടയ്‌ക്കിടെയെങ്കിലും ചില നരര്‍-
മറക്കുന്നതെന്തുനിന്നൊടുങ്ങാത്ത കവിതപോല്‍
തപംചെയ്തെഴുതിയോ,രാമിഴിത്തുളളികള്‍.

നിനക്കുനേര്‍ക്കെയ്‌തെത്രയൊളിയമ്പുകള്‍-ഖലര്‍
തുടച്ചുനീക്കാ,നുറച്ചെന്നപോല്‍ നിന്നവര്‍
വിറച്ചു: നിന്‍ മനഃശ്ശക്തിക്കനല്‍മിഴികള്‍ കണ്ടവര്‍
സ്‌മരിപ്പതേനിന്നുനിന്നൂര്‍ജ്ജത്തുടിപ്പുകള്‍.

കവിതയില്‍ വിരഹാര്‍ദ്രകാലങ്ങള്‍ പെരുകയാല്‍
കനല്‍വഴികളില്‍ ചിതറിവീണ,നിന്നാശകള്‍
തിരഞ്ഞുഞാനൊരുപാടലഞ്ഞതാണോര്‍മ്മയില്‍
നിറഞ്ഞന്നിമകളില്‍ ചുടുനിണത്തുളളികള്‍.

പിന്‍തിരിഞ്ഞെങ്ങോമറഞ്ഞ പൊന്‍പുലരിപോല്‍
വഴിപിരിഞ്ഞകലേയ്ക്കകന്നുനീ,യെങ്കിലും;
അനുതാപമാണിതെന്‍ സ്‌മരണതന്‍ നയനനീര്‍-
തിരകളായറിയാതുയരുമെന്‍-കവിതയില്‍!!

----------------------------------------------
*പ്രിയ കവി ശ്രീ. ഡി. വിനയചന്ദ്രന്‍ മാഷിനെ സ്മരിച്ചുകൊണ്ട്.

Read more

ആത്മഗീതം

മാരുതന്‍ മെല്ലെ വീശി വന്നെത്തുവാന്‍,
ജാലകങ്ങള്‍ തുറന്നിട്ടിടുന്നു ഞാന്‍.
താതനെപ്പോലെ തലയില്‍ തലോടി
യെന്നരികിലല്‍പ്പമിരിക്കുമോ തെന്നലേ...

ഉടപ്പിറപ്പിന്‍റെ കരുതുന്ന സ്‌നേഹമായ്,
കരുത്തിലൊട്ടും കുറയ്ക്കാതെതന്നെ നീ
ഒരു കൊടുങ്കാറ്റു പോലെന്റെ ചുറ്റിലും
കവചമായെന്നെ കാത്തു രക്ഷിക്കുമോ?

കുസൃതികാട്ടിപ്പിണങ്ങിയും പിന്നെ
വന്നുമ്മവച്ചും കിണുങ്ങിയും നില്‍ക്കുന്ന,
തനയനായി നീ മന്താനിലാ എന്‍റെ
യരികിലേക്കൊന്നു വീശി വന്നെത്തുമോ..

കോപഭാവം മറയ്ക്കുന്നൊരെന്നിലെ
സ്‌നേഹവാത്സല്യമെല്ലാമറിയുന്ന
എന്‍റെ ചിന്തകള്‍ക്കൊപ്പം ചരിക്കുന്ന
നല്ല ചങ്ങാതിയായി നീയെത്തുമോ...

എന്‍റെയൂഷ്മള സ്‌നേഹം കൊതിക്കുന്ന
മാനസത്തെ കളങ്കപ്പെടുത്തുവാന്‍
എത്തിടേണ്ട നീ കാമുകവേഷത്തില്‍മാത്ര
മെന്നരികില്‍ പ്രണയ കാപട്യമായ്.

Credits to joychenputhukulam.com

Read more

കടവും കടപ്പാടും

വീട്ടുവാനാകും ഏതു കടവും, ഒരിക്കലും
വീട്ടുവാനാവാക്കടം ചിലതുണ്ടറിയില്ലേ?
കടമേയില്ലാത്തൊരു ജീവിയുമിവിടില്ലാ
ക്കടം വീട്ടുവാന്‍ തെല്ലുമാവുകില്ലൊരുത്തര്‍ക്കും!

മൃഗങ്ങള്‍ക്കറിയില്ലിക്കടത്തിന്നിടപാടു
മൂഴിയിലവര്‍ക്കെന്നു മജ്ഞാതം, കടപ്പാടും!
സ്പഷ്ടമാണൊരു കാര്യം, ഭൂവിതില്‍ നരര്‍ മാത്രം
കടവും, കടപ്പാടും വേര്‍തിരിച്ചറിയുന്നു!

ഋഷി ഋണവും, ദേവ ഋണവും,പിന്നെ, പിതൃ
ഋണ മിങ്ങനെ മൂന്നുണ്ടിഋണങ്ങള്‍ നമുക്കെല്ലാം!
ഋഷികള്‍ നമുക്കേകി വേദവും വേദാന്തവും
ഋജുവായ് വര്ഷിച്ചല്ലോ സ്‌തോത്രങ്ങള്‍, ശ്ലോകങ്ങളും!

ദേവന്മാര്‍ സര്‍വൈശ്വര്യ ദായികള്‍, നല്‍കു,ന്നവര്‍
ദിവ്യമാം വസ്തുക്കളും സുഖവും ഭഗങ്ങളും!
വൈമനസ്യമേയില്ലാ തോതണം, കൃതജ്ഞത
വൈഭവം മാത്രം പോരാ,ഈശ്വര കടാക്ഷവും!

പെറ്റു നമ്മളെ പോറ്റി വളര്‌ത്തോരല്ലോ, മാതാ
പിതാക്കളവരോടുണ്ടോട്ടേറെ കടമകള്‍!
പൂജകള്‍ ചെയ്‌വൂ ദേവപ്രീതിയ്ക്കായതുപോലെ
പൂജ്യരാം പിതൃക്കള്‍ക്കു ചെയ്യുന്നു പിതൃ കര്‍മ്മം! 

credits tojoychenputhukulam.com

Read more

തുടര്‍ച്ച..

വേലിപ്പടര്‍പ്പുകള്‍ പോലെ മുന്നില്‍-ചിലര്‍
ചേര്‍ന്നെന്റെ ചിന്തകള്‍ വേര്‍തിരിക്കെ,
സ്പന്ദനം മന്ദം നിലച്ച വാച്ചില്‍-എന്റെ 
സമയം ക്രമപ്പെടുത്താന്‍ ശ്രമിക്കെ,
നുള്ളിനോവിച്ചന്നകന്ന മോഹം-വൃഥാ
തുള്ളിക്കളിപ്പിച്ചകം പുകയ്ക്കെ,
ചെറുതിരിനാളം കെടുത്തുവാനായ്-മനം
പതിവുപോലൊളിയമ്പയച്ചിടുമ്പോള്‍
അണയാത്ത ദുഃഖക്കനലിലൂടെ-പ്രാണ-
ശിഖയുമായെങ്ങനെയോടിനീങ്ങും;
അന്തിച്ചുവപ്പിന്നിടയിലൂടെന്‍-കൊച്ചു-
വെള്ളരിപ്രാവെങ്ങനരികിലെത്തും?
 
തകരട്ടെയെന്റെ സങ്കല്‍പ്പമെല്ലാം-പക്ഷെ
നുകരട്ടെ ഞാനതിന്‍മുന്‍പൊരല്പം
ഒരു കരപ്പാടിന്നകലെമാത്രം-വന്നു
നില്‍ക്കുന്നൊളിഞ്ഞപമൃത്യൂവീണ്ടും
കാക്കുന്നതേതു കരങ്ങള്‍ രണ്ടും-വിഭോ,
കാല്‍ക്കലര്‍പ്പിച്ചവനാണു പണ്ടും
ഒരുതുള്ളി രുധിരമേ ബാക്കിയുള്ളൂ-എന്റെ
തൂലിക തെളിയാതുഴറിടുന്നു
പോരാടുവാനിന്നുറച്ചുനില്‍ക്കെ-സ്മേര-
കാവ്യസൂനങ്ങള്‍ കരിഞ്ഞുവീണു
ചന്തംവെടിഞ്ഞിരുള്‍ ചാരെവന്നു-മമ
ബന്ധങ്ങള്‍ വന്‍ചിതല്‍ കാര്‍ന്നുതിന്നു.
* * * *
വിസ്മയിപ്പിക്കുമീ ധന്യലോകം-സദാ
വെട്ടിത്തിരുത്തുന്നു ജീവകാവ്യം
ഉരുവിട്ടൊരിക്കല്‍ പഠിച്ചശേഷം-മായ്ച്ചു-
നീക്കാതിരിക്കുന്നനന്തകാലം
പകരാന്‍ ശ്രമിക്കുന്നു തൂമരന്ദം-പാന-
പാത്രത്തിലേകുന്നു സ്നേഹബന്ധം
കൈപിടിച്ചെഴുതിച്ചിടുന്നു മന്ദം-കേള്‍ക്ക!
ലോകമേ,യീ പാമരന്റെ ശബ്ദം.
Read more

നീമാത്രം...

അലയടിച്ചെത്തുന്ന തിരകളാല്‍ ജീവിതം
കടലെടുത്തീടാതിരിക്കാന്‍ ധരാതലം
തിരികെനീ,യെന്നടുത്തേയ്ക്കടുപ്പിച്ചുടന്‍
കരുതല്‍ച്ചിറകിലൊതുക്കുന്നു പിന്നെയും
വെറുതെയ,ല്ലകതാരിലെന്നും നിറയുന്ന
സുമധുര കാവ്യമായി പരിണമിപ്പിക്കുന്നു
മഹനീയ തൂലികത്തുമ്പിലേയ്ക്കാ, വിരല്‍
ചേര്‍ത്തുമീ,മനനം തുടരാന്‍ തുണയ്ക്കുന്നു.

കാരുണ്യമേ, നിന്നുണര്‍ത്തുപാട്ടിന്‍ സ്വനം
കളകൂജനങ്ങളായ് കാതില്‍പ്പതിക്കുന്നു
സഹനാര്‍ദ്ര ചിന്തകള്‍ കരളിലേയ്ക്കേകി നീ,
ശുഭദിനം നേര്‍ന്നുകൊണ്ടരികിലെത്തീടുന്നു
നിത്യ,മെന്നാത്മവിശ്വാസമായ് പ്രതിരൂപ-
മനബലത്താലെനിക്കാശ്വാസമേകുന്നു
സുരകാല പുലരികള്‍പോലെയീ മനസ്സിലും
സ്ഥിര നവോന്മേഷത്തുടിപ്പേകിയണയുന്നു.

ഒരു വീര പോരാളിയെപ്പോലെയനുദിനം
ധീരമായോരോ ചുവടുമെന്‍ ധരണിയില്‍
സമ സ്പന്ദനങ്ങള്‍ക്കുണര്‍വ്വേകിയീവിധം
നന്നായ് ക്രമപ്പെടുത്തീടവേ, ചിന്തകള്‍
ചിറകടിച്ചീടാന്‍ ശ്രമിക്കുന്നു; പാരിതില്‍
പുലരിത്തുടിപ്പിനോടൊത്തുണര്‍ന്നീടുന്നു
ചെങ്കതിര്‍ കരളിലേയ്ക്കൊന്നുപോലെത്തവേ
കദനങ്ങള്‍ത്തന്നെയും കളകളംപാടുന്നു!!
തുളസീദളത്തിന്‍ വിശുദ്ധിപോല്‍ പിന്നെയും
മോഹങ്ങളില്‍ കുളിര്‍തെന്നല്‍ തലോടുന്നു!!

Read more

അമ്മമാരേ, ആശംസകള്‍ !

അമ്മയില്ലാത്തൊരു വീട്ടിലേക്കിന്നു ഞാന്‍
ആരെക്കാണാനിനി പോകണം ചിന്തിപ്പേന്‍ !
റാണിയില്ലാത്തൊരുതേനീച്ചക്കൂടാണെന്‍
ചേണറ്റമാതൃദീപം പൊലിഞ്ഞഗേഹം !

വിശ്വത്തെയാകെ ത്രസിപ്പിക്കും പഞ്ചിരി
വാത്സല്യംവാര്‍ന്നൊലിച്ചീടും പരിഭവാല്‍
മെല്ലിച്ച കൈവിരല്‍ചേര്‍ത്തുതലോടലും
ഇല്ലിനി, യില്ലാപ്പരിതപ്തവേശകേ !

ഇന്നുമെന്‍ ജീവിത വീഥിയിന്‍ സാന്ത്വനം
എന്‍ മാതൃചിത്തത്തിന്‍ പ്രാര്‍ത്ഥനാ മന്ത്രണം !
വിശൈ്വകസൗന്ദര്യം ദൂരെയൊളിക്കുമാ
വിശ്വവിതാനത്തിന്‍ സൗഭഗമാണമ്മ !

ഓമനപ്പൈതലിന്‍ ചോരിവായ്‌ചോര്‍ത്തവേ
അമ്മിഞ്ഞപ്പാലേകും പൈതലിന്‍സായൂജ്യം !
ലോകാലോകങ്ങളിലാകെത്തിരഞ്ഞാലും
ആര്‍ക്കുമേലഭ്യമാവാത്തൊരനുഭൂതി !

കന്മഷമില്ലാത്ത കാêണ്യവാരിധി
ജന്മജന്മാന്തരാമൃതകമാണമ്മ !
നിസ്തുലസ്‌നേഹത്താല്‍ നിസ്തുഷാര്‍ത്ഥനയാല്‍
സാത്വികത്വത്തില്‍വളര്‍ത്തും തന്‍ തനൂജര്‍
സത്യധര്‍മ്മാദി സദ്ഗുണധന്യരാം
ജാതരവര്‍വിശ്വസൗഷ്ടവ സമ്പാദ്യം!
നന്മതുളുമ്പിടും മാതാക്കളേ, മക്കള്‍
നന്ദിയോടര്‍പ്പിപ്പൂ, ആശംസാഹാരങ്ങള്‍ !

Read more

അമേരിക്കന്‍ മലയാളി വൃത്താന്തം (ഓട്ടംതുള്ളല്‍)

കേട്ടീലയോ ചില്ലറ വര്‍ത്തമാനം
നാട്ടില്‍ പരക്കെയൊരു പാട്ടായി

കേരള മുഖ്യമന്ത്രി വരുന്നെന്ന്
ഫോക്കാനാ കൂട്ടര,് എങ്കില്‍
ഫോമക്കു വരുന്നു കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രിയോ,കേരളമന്ത്രിയോ
ആരാണ് കേമനെന്നു ജനം!
കേട്ടിലയോ.....

മന്ത്രിമാര്‍ വരട്ടെ വാചാലരായ്
മാധ്യമപ്രവര്‍ത്തകര്‍ പോരട്ടെ
എമ്മെല്ലേ,എംപിമാര്‍ പോരട്ടെ
രാഷ്ട്രീയ ചാട്ടവാറുകള്‍ വീശി
നാക്കുകൊണ്ടങ്ങു പോക്കറ്റടിക്കട്ടെ!
കേട്ടീലയോ......

നാക്കുവളച്ചു ഭാഷപറയാത്ത
നാരിമാരവതാരകര്‍,മാതൃഭാഷയെ
പരിഹസിച്ചവരുടെ മംഗ്ലീഷുഭാഷ
കേള്‍ക്കാമീമാമാങ്കങ്ങളില്‍
കേട്ടിലയോ.....

താരസുന്ദരികള്‍ എത്തുന്നു
കണ്ണില്‍ പൂനിലാവുമായി
ചാരെ നിന്ന് ഫോട്ടോകള്‍
എടുത്ത് ചാരിതാര്‍ത്ഥ്യമടയാന്‍
എത്തുന്നു ആരാധകവൃന്ദം
കേട്ടീലയോ.......

ഗര്‍വ്വില്‍ ജനപ്രിയ,മെഗാതാരങ്ങള്‍
എത്തി വല്ലാത്ത ജാഡകള്‍ കാട്ടി
സ്‌റ്റേജില്‍ നിന്നു തിളങ്ങി
വിളങ്ങി നമ്പരടിച്ചു നടക്കുബോള്‍
പിന്നാലെ കൂടും പാവങ്ങളേറെ
കേട്ടീലയോ.....

കോമരംതുള്ളിയുറയും ചെണ്ടക്കാര്‍
കോലിട്ടടിച്ചു താളംപിടിക്കവേ,
കോമാളിവേഷം കെട്ടി ഇറങ്ങും
കോമളാംഗികള്‍,കണ്ണും പുരികവും
കറുപ്പിച്ച് വാര്‍ദ്ധക്യ വിദ്വേഷിനികള്‍ല്‍
കേട്ടിലയോ......

കറുപ്പിച്ചു കറുപ്പിച്ചു ചെമ്പിച്ച
നരയുമായി പിന്നാലെ എത്തും
കുംഭകരണന്മാര്‍, സ്‌മോള്‍ വിട്ടു
കലങ്ങിയ കണ്ണുകളോടപരനോട്
ഒരു ചോദ്യം,ആരോഗ്യമെങ്ങനെ?
കേട്ടീലയോ......

കപ്പപുഴുങ്ങി,കാച്ചിലു പുഴങ്ങി
ചുട്ടമുളകു ചമന്തികൂട്ടി വിസ്കി
വിഴുങ്ങാന്‍ ചിലര്‍ക്കിഷ്ടമവരോ
ചിരിച്ചു നടന്നു പരദൂഷണം കാച്ചി
കൊച്ചു തെറിയും പറഞ്ഞങ്ങു നടന്നേറെ
കേട്ടീലയോ......

ബാറിന്‍െറ മുമ്പിലേറെപ്പേര്‍
ബാര്‍ബേറിയരായ് നാക്കിട്ടടിച്ച്
അശ്ശീലം പറഞ്ഞാസ്വദിക്കുബോള്‍
ആഹാ,ഇതൊരു മാമാങ്കം
ഇനിയുമെത്രനാളിങ്ങനെയൊരു മാമാങ്കം!!

Read more

ബാല്യവിലാപങ്ങള്‍

കാടിന്‍റെയുള്ളിലും
മരത്തിന്‍റെ പൊത്തിലും
പാറതന്‍ വിടവിലും
എത്രയോ പെണ്‍ബാല്യങ്ങള്‍
മരിച്ചുറങ്ങീടുന്നു
കല്ലായ്,മഴയായ്,മിന്നലായഗ്‌നിയായ്
പലരൂപേ മനിതര്‍ തന്‍
മനസ്സില്‍ വാഴുന്നോരീ
ദൈവങ്ങള്‍ക്കുമീ
ബാല്യവിലാപങ്ങള്‍
കേട്ടുമടുത്തില്ലെയോ...?
മനുഷ്യര്‍തന്‍ കരവിരുതുകളാല്‍
പലരൂപേ മെനയുന്ന
ദൈവങ്ങള്‍ക്കുമീ
ബാല്യവിലാപങ്ങളൊരു
യുഗ്മഗാനങ്ങളാകുന്നുവോ
വികലമാം മനസ്സുകള്‍
ക്കടിമയായമരുന്ന
ബാല്യവിലാപങ്ങള്‍
എന്ന് തീര്‍ന്നീടുമോ....?

Read more

ഓർമ്മയിലെ വിഷു

വസന്തം ഒരുക്കുന്ന ആ മഞ്ഞപ്പൂക്കാലം
വിഷുവായ് വിരിയുന്നു  ഈ മഞ്ഞിന്റെ നാട്ടിൽ
വിഷുക്കണിയും കണ്ടു ,കൈനീട്ടവും വാങ്ങി
കുഞ്ഞു കൂട്ടുകാർ പടിയിറങ്ങുമ്പോൾ
ഓർക്കുന്നു ഞാനെൻ കുട്ടിക്കാലം

പൂക്കൾ നിറഞ്ഞൊരാ തൊടിയും
നെൽ വിത്തുകൾ പാകിയ പാടവും
വൈക്കോൽ തുറുവിൽ സ്വർണ്ണ
നിറം പൂശിയ സൂര്യനും
ഓർമ്മയിലെ  വിഷു ആയി  ഈ മണ്ണിൽ

കണ്ണുകൾ മൂടി അമ്മതൻ കൈ ചുറ്റി
കാർ വർണ്ണനെ കണികണ്ട ആ നല്ല കാലം
കാണുവാൻ ഇനിയുമെൻ മനം
കരകൾക്കുമിപ്പുറം  കാത്തിരിക്കുന്നു
ഓർമ്മയിലെ ആ നല്ല വിഷുവിനായ്

കൈ നിറയെ തുളുമ്പുന്ന
കൈനീട്ടവും വാങ്ങി തൊടിയിലെ
മാവിൽ ഊഞ്ഞാലിൽ ആടിയ
മേന്മയുടെ നിറമുള്ള ആ വിഷുക്കാലം
വേനലിലൊരു  കുളിരായ് ഓർമപൂവായ്‌

നാടും നഗരവും മാറി മറിയുമ്പോൾ
ഓർക്കുന്നു ഞാനെൻ നീലാംബരനെ
മഞ്ഞപ്പട്ടിലും,കണിക്കൊന്നയിലും
മുങ്ങി മന്ദ മാരുതനായി വീണ്ടും 
മനസ്സിൽ നിറയുന്ന പൊൻ വിഷുക്കാലം..

ചന്ദന മണമുള്ള ആൽത്തറക്കാവും
കണിക്കൊന്നകയിൽ മുങ്ങിയ പൂമുറ്റവും
കുരുത്തോലയിൽ തീർത്ത ശ്രീകോവിലും
മുന്നിലൊരു കുളിരായി മുറപ്പെണ്ണും
ആ നല്ല വിഷു വിന്റെ കൗമാര ഓർമ്മയായ്‌
ഓടി അണയുന്ന ഈ പൊൻ വിഷുക്കാലം.
എൻ ഓർമ്മയിലെ ആ നല്ല വിഷുക്കാലം 

Read more

കൂകി പാഞ്ഞിതാ എത്തി ശകടവും

ഞാനിതാ കേറി യാത്ര തിരിക്കുന്നു
കാലമെത്രയായ് എന്നുടെയീ യാത്ര
ഏതു മാത്രയിലാദ്യം കുറിച്ചുവോ
ശ്ലഥബിംബങ്ങളായി മമസ്മൃതി
ഒന്നിനുമൊരു രൂപം വരുന്നില്ല
രാത്രിതന്നുടെ നിശ്ശബ്ദതയിലായ്
വാനിലേക്കൊരു നൂലേണി പോലവേ
നിഴൽരൂപങ്ങളായി തെളിയുന്നു
വികസിച്ചതാ ചലനം തുടങ്ങുന്നു
മെല്ലെ മെല്ലെയാ ചിത്ര ശകലങ്ങൾ
കൂടി ചേർന്നൊരു രൂപമായ് മാറുന്നു
എന്റെ മുന്നിലായ് വന്നു നിന്നീടുന്നു
ഇപ്പോഴും പൂർണമായില്ല ആ രൂപം
പേടിയോടെ നോക്കി നിൽക്കുന്നു ഞാൻ
കണ്ണ് ചിമ്മുവാൻ പോലും കഴിയാതെ
വ്യക്തമവ്യക്തമങ്ങനെ സമ്മിശ്ര
ശ്രേണിയായി ഒരുങ്ങിയൊരുമ്പെട്ടു
നൃത്തമാടാൻ തുടങ്ങിയവരതാ

Read more

ദൈവമെവിടെ ?---

തിരികൾ കൊളുത്തി 
പുഷ്പങ്ങൾ ചാർത്തി 
കീർത്തികൾ പാടി 
 നീ വിളിച്ചുണർത്തുന്ന ദൈവമെവിടെ ?
നീ തീർത്ത പള്ളികളിൽ ദൈവമെവിടെ ?

ഒരിടത്തു ദുഃഖിതന്റെ രോധനമുയരുമ്പോൾ 
ഒരിടത്തു വിശപ്പിന്റെ നിലവിളി ഉയരുമ്പോൾ 
മുഖം തിരിച്ചോടുന്ന ധനവാനെ 
നീ തീർത്ത 
മുത്തു മണി  പള്ളികളിൽ ദൈവമെവിടെ ?

Read more

നോവ്

പേറ്റുനോവോരോന്നും, കുറിച്ചിടും ദന്തങ്ങള്‍
സാഷ്യങ്ങളായങ്ങ് കൈത്തണ്ടനിറയുന്നു
നോവിന്റെ ശക്തിയും,ആഴവും,നീളവും
സാഷ്യങ്ങളെ ഇരുള്‍ചിത്രങ്ങളാക്കുന്നു.

ദന്തക്ഷതങ്ങള്‍ രചിക്കും ചിത്രങ്ങളില്‍
ചോരച്ചുവപ്പിന്റെ ചാരുതചിലനേരം
പലദിനം ഓര്‍മ്മപ്പെടുത്തലായ് നിലകൊളളും
നീലിച്ചരേഖകള്‍ മറഞ്ഞിടാന്‍മടിയായ്.

ജന്മങ്ങള്‍ ഓരോന്നും, ഉരുത്തിരിയും വേളയൊരു
ജീവന്മരണത്തിന്‍ മത്സരവേദിയാം
സസ്യവുംകീടവും, എന്ത് തന്നാകിലും
പിറവികള്‍ എല്ലാമേ, വേദനാപൂരിതം

പേറ്റുനോവെന്തെന്നറിഞ്ഞീടുവാനായി
പെണ്ണായ്പിറക്കണം,നോവറിഞ്ഞീടണം
”ളേള”യെന്നുള്ളോരു, ശബ്ദത്തിലൂടെയാ
തള്ളതന്‍പേറ്റുനോവെങ്ങൊമറഞ്ഞുപോം
ശേഷമതോര്‍മ്മയില്‍, പരതിടാമെങ്കിലും
ഓര്‍മ്മിക്കാന്‍ കഴിയാത്തോരല്ത്ഭുതപ്രക്രിയ.

ദൈവത്തിന്‍ കൈവിരല്‍ തുമ്പിലെനിര്‍ണ്ണയം
വിധിയായ് മാറുന്നതോരോരോ ജന്മങ്ങളില്‍
ജനനവും, മരണവും, ബുദ്ധിയും,ശക്തിയും
എല്ലാമീക്കൈവിരല്‍ തുമ്പിലത്രേ .....!

(പ്രസവവേദനയെ ഓരോരുത്തരും ഓരോരീതിയിലാണ് നേരിടുന്നത്.
ആവര്‍ത്തിച്ചുണ്ടാകുന്ന പ്രസവവേദനയെ കൈത്തണ്ടയില്‍
അമര്‍ത്തിക്കടിച്ച് ഒതുക്കുന്ന ഒരു അനുഭവമാണ് ഈ കവിതയില്‍.)

Read more

വൃദ്ധസദനത്തിലെ വിലാപം (നര്‍മ്മഗാനം)

(ആരേയും പ്രത്യേകം പുച്ഛിക്കാനൊ കളിയാക്കാനോ ഉദ്ദേശിച്ച് എഴുതിയതല്ല ഈ ഗാനം. ഇതിലെ മുഖ്യകഥാപാത്രങ്ങളായ തങ്കമ്മയും തങ്കച്ചനും വൃദ്ധസദനങ്ങളില്‍ ആരോരുമില്ലാതെ ഏകരായി ദുരിതമനുഭവിച്ച് കാലയവനികക്കുള്ളില്‍ മണ്‍മറയുന്ന അനേകായിരങ്ങളുടെ പ്രതീകങ്ങളാണ്. അവരുടെ യാതനയും വേദനയും വേര്‍പാടും നര്‍മ്മത്തില്‍ ചാലിച്ച് ഒരു നര്‍മ്മകവിതാ ഗാനത്തിലൂടെ ചിത്രീകരിക്കാന്‍ ശ്രമിക്കുക മാത്രമാണിവിടെ ചെയ്തിരിക്കുന്നത്. കുറവുകള്‍ സദയം ക്ഷമിക്കുക വിമര്‍ശിക്കാന്‍ വേണ്ടി മാത്രം അക്ഷരാര്‍ത്ഥത്തില്‍ ആരും ഗൗരവമായി ഇതെടുത്ത് വ്യാഖ്യാനിക്കരുതേയെന്ന് യാചിക്കുന്നു. ഈ ലേഖകനും ഒരു വൃദ്ധന്‍ തന്നെ എന്നതില്‍ സംശയം വേണ്ട. ഇതില്‍ എന്തു നെഗറ്റിവിസം കണ്ടാലും അതിലും ഈ ലേഖകനും ഭാഗഭാക്കാണ്. ഒരെഴുത്തുകാരന്റെ സ്വാതന്ത്ര്യവും, മൗലികതയും കൂടി സ്മരിക്കണം.)

അയ്യോ..തങ്കമ്മേ..വയറ്റിലെല്ലാം.. ഗ്യാസ്..
ഇരുന്നാല്‍ ഗ്യാസ്... നിന്നാല്‍ ഗ്യാസ്...
നടന്നാല്‍ ഗ്യാസ്.. മറിഞ്ഞാല്‍ ഗ്യാസ്....
തിരിഞ്ഞാല്‍ ഗ്യാസ്.. ഗ്യാസ്സൊ.. അയ്യൊ..
തങ്കമ്മേ..വയറ്റിലെല്ലാം ഗ്യാസോടൂ..ഗ്യാസ്..
പബ്ലിക്കിപോയാ പിന്നെ...ശൂ ശൂ ശൂളമടിക്കും ഗ്യാസ്..
അയ്യൊ..തങ്കച്ചാ..എന്റെ പൊന്നു തങ്കച്ചാ....
വയറ്റില്‍ പൊട്ടല്..ചീറ്റല്‍..കൊളുത്തി പിടിക്കല്‍...
പരവേശം.... ഓക്കാനം.... ഛര്‍ദ്ദി.... തലചുറ്റല്‍....
ദേഹമാസകലം മുടിഞ്ഞ പെയിനാണു തങ്കച്ചാ..
അയ്യയ്യേ...പണിപറ്റിച്ചേ..തങ്കച്ചാ ബക്കറ്റെവിടെ..
മേലോട്ടും കീഴോട്ടും ഗ്യാസ് ലീക്ക്..തങ്കച്ചാ.
അയ്യയ്യൊ...തലചുറ്റുന്നേ...വയ്യ വയ്യ തങ്കച്ചാ...
വെള്ളം പോകുന്നേ പാബര്‍ കെട്ടിട്ടില്ലെ തങ്കമ്മേ....
പാബര്‍ മുറുക്കെടി...തങ്കം.. നെഞ്ചില്‍ പെടപെടപ്പ്.
പരവേശം... പെരുപെരുപ്പ്.... മരവിപ്പ്... കറക്കം..
തലകറക്കം.. ദാ.. പിടി..തങ്കച്ചാ..തളര്‍ച്ച.. വിളര്‍ച്ച....
വാതം..പിത്തം..കഫം..അയ്യാ അയ്യോ ഈശ്വരോ..
പോറ്റിവളര്‍ത്തിയ.. മക്കളെവിടെന്റെ തങ്കം....
തങ്കമ്മേ...തിരിഞ്ഞൊന്നു നോക്കിടാന്‍....ആരുമില്ല..
തങ്കമ്മേ..മക്കളെ ഫോണി..വിളിക്കെടി..തങ്കമ്മേ..
ഫോണു വിളിച്ചാലെടുക്കണ്ടെ.. തങ്കച്ചാ....
തൊണ്ട വരളുന്നല്‍പ്പം കഞ്ഞികിട്ട്യാല്‍....
കോരിക്കുടിക്കാം തങ്കച്ചാ...കഞ്ഞിയുണ്ടോ..കഞ്ഞി...
എവിടെ.. കഞ്ഞി. റൊട്ടി വേണോ. ഒണക്ക റൊട്ടി.
എന്തെല്ലാം...ഏതെല്ലാം.. മോഹങ്ങളായിരുന്നു..
ആശകളാം..അഭിലാഷങ്ങളാം..നമ്മള്‍...തന്‍..
മനതാരില്‍..നെയ്‌തെടുത്ത..സ്വപ്ന..പുഷ്പങ്ങളെല്ലാം...
വാടിക്കരിഞ്ഞല്ലൊ..എന്തും...ഏതും..വെട്ടിപ്പിടിക്കാന്‍
നെട്ടോട്ടം...ഓമനിച്ച്...താലോലിച്ച.. വളര്‍ത്തിയ
അരുമകള്‍...ഒന്നെത്തി നോക്കിയിട്ടെത്ര നാള്‍...
വല്ലപ്പോഴുമെങ്കിലവര്‍ അരികിലുണ്ടായിരുന്നെങ്കില്‍...
തങ്ങള്‍ തലോടി....പാലൂട്ടിയ.. പൊന്നോമനകള്‍...
ഇന്നു കണികാണാന്‍ പോയിട്ട്.... അവര്‍ തന്‍..
ശബ്ദകോലാഹലങ്ങളൊന്നു..ശ്രവിക്കാന്‍..
ഭാഗ്യമില്ലാ.. ഹത നിര്‍ഭാഗ്യരാം.... നമ്മള്‍....
ജയിലറ പോലുള്ളി ...വൃദ്ധസദനത്തില്‍...
നാലുചുവരുകള്‍ക്കുള്ളില്‍..ഗദ്ഗദപൂരിതം...
ദുരിതമാം ജീവിതം നാനാരോഗബാധിതമാം...
തളര്‍ന്ന മനസ്സും...ശരീരവും. പേറിയീ തമസ്സില്‍...
ജീവഛവങ്ങളായിനിയെത്ര നാളീ ഭൂവില്‍....
ഇന്ന്..ആശയില്ല..ആവേശമില്ല...അഭിനിവേശമില്ല...
വേദന മാത്രം..നീറുന്ന വേദന ഉറക്കമില്ലാ രാവുകള്‍..
രാഷ്ട്രീയമില്ല..പള്ളിയില്ല..പണം കോരിക്കൊടുത്ത
പട്ടക്കാരനില്ല..ഒന്നു തിരിഞ്ഞുനോക്കാനാരുമില്ല...
വാര്‍ദ്ധക്യ കാല ദുരവസ്ഥയാം പീഡനം....
ഭൂമിയിലെ മാലാഖകള്‍...നഴ്‌സുകള്‍...വരും..പോകും..
മറിക്കും..തിരിക്കും..ഉരുട്ടും..വിരട്ടും..ചുരുട്ടും..ചിലര്‍
ചവിട്ടും...കര്‍ണ്ണ കഠോരമാം അസഭ്യം ചൊരിയും....
മേലോട്ടെറിയും...കീഴോട്ടെറിയും...കെട്ടിയിരുത്തും...
ആരുണ്ടിവിടെ..ചോദിക്കാന്‍..പറയാന്‍...
അയ്യൊ..തങ്കമ്മേ...അയ്യയ്യോ..മേലാകെ...വിറയല്‍..
മേല്‍ശ്വാസമില്ല...കീഴ്ശ്വാസമില്ല..തുമ്മലും..ചീറ്റലും...
വയറു കമ്പിക്കുന്നേ..ഗ്യാസ്...വെള്ളം... വെള്ളം..
തങ്കച്ചന്‍..വിളികേട്ടില്ല..തങ്കമ്മ.... ശ്വാസം നിലച്ച ചലനമറ്റ..
തങ്കമ്മ...കാറ്റുപോയ തങ്കമ്മ...ഗ്യാസായ ഗ്യാസെല്ലാം
നിലച്ചിവിടെ.... തണുത്ത തറയില്‍ വാ പിളര്‍ന്നങ്ങനെ
ഈശ്വരാ.... വിങ്ങിപൊട്ടി തേങ്ങികരഞ്ഞ തങ്കച്ചന്‍..
തങ്കമ്മ തന്‍.... ജഡത്തെ കെട്ടിപിടിച്ച്...ബോധമറ്റു...
ഇന്നു സര്‍വ്വവും വെട്ടിപിടിച്ച് തിമിര്‍ത്താടും....
എന്‍ സോദരരേ..നമ്മളോര്‍ക്കിതു വല്ലപ്പോഴും... 

Read more

ജലരൂപാന്തരം

അടർന്നു വീഴുന്ന മഞ്ഞിൻ കണങ്ങളും
മഞ്ഞിനാൽ മൂടിയ ഭൂതലവും
കണ്ടുറങ്ങീ,യുണർന്നോരിപ്പുലർകാലം
മിഴികൾക്കു നല്ലോരുത്സവമായ്.

പ്രകൃതി തൻ വികൃതിപോൽ ഭൂവിൽ-
നിറഞ്ഞതാമത്ഭുതക്കാഴ്ച്ചയിൽ
വിസ്മയംപേറി ഞാൻ.

ആരാലും വർണ്ണിപ്പാൻ സാദ്ധ്യമല്ലാത്തയീ-
കാഴ്ച്ച വർണ്ണിപ്പതെനിക്കുമസാദ്ധ്യമാം.
പിന്നിട്ട രാവിലും, പകലിലും കണ്ടൊരാ-
ദൃശ്യമല്ലിന്നെൻറെ മുന്നിൽ തെളിഞ്ഞതും.

ഇലകൾ കൊഴിഞ്ഞതാം മാമരചില്ലകൾ
ഇലകൾ പൊതിയുന്ന സസ്യജാലങ്ങളും
ഹിമക്കതിരുകളാലങ്ങലംകൃതമായവ
പളുങ്കുകൾ പോലങ്ങ് മിന്നിത്തിളങ്ങുന്നു.

സൂര്യകിരണങ്ങൾ പതിക്കുന്ന നേരത്ത്
മഴവില്ലിന്നേഴു നിറങ്ങളും ചില നേര-
മൊരു വേള ചില്ലയിൽ മിന്നിത്തെളികയായ് .
കണ്ടിട്ടും,കണ്ടിട്ടും മതി വരാതുള്ളോരീ-
ആഘോഷങ്ങൾക്കായെൻ മിഴികൾ തുറന്നിട്ടു.

ഒറ്റയായ്, കൂട്ടമായ്‌,നിരയായ് നിലകൊള്ളും
ഹിമക്കതിരുകളാൽ ചാരുതയേറുംമരങ്ങൾ-
തന്നുത്സവം കാണുന്ന വേളയിലെന്മനം
“വണ്ടർലാൻഡ്”എന്നു മനസ്സിൽകുറിക്കയായ്.

യക്ഷിക്കഥയിലെ ചില്ലു കൊട്ടാരമീ--
ക്കാഴ്ചയിൽ തിരുകിഞാൻ, പല നേരമീ ദിനം.

ഹിമപാളികകൾ തന്നധിക ഭാരങ്ങളാൽ
ശിഖരങ്ങൾ പലതും നിലം പതിച്ചീടുന്നു.
ഒരു വശം കഷ്ട്ടമാം കാഴ്ചയാണെങ്കിലും
മറുവശമൊരത്ഭുത ദൃശ്യവും തന്നെയാം.

പളുങ്കുപോലുള്ളോരീ ദൃശ്യമേകീടുന്ന--
മനസ്സിൽ നിറയുമീ കിലുകിലാരവങ്ങളെ
ചിത്രങ്ങളായെൻ മനസ്സിൽ കുറിക്കയായ്.

Read more

പട്ടടയില്‍നിന്നൊരു പാട്ട്

വെറുപ്പിന്‍ കനല്‍നോട്ടമെയ്‌തെന്നെ നോവിച്ച
കണ്ണുകളിലെന്തിനിന്നനുതാപ നീരുറവ?
ഇന്നോളമെന്നിലറപ്പു ദര്‍ശിച്ചവര്‍,ഇന്നെന്‍റെ
മൃത്യുവുറപ്പാക്കി മാപ്പിരക്കുന്നുവോ?

ഉയിരുള്ള കാലത്തു ഭ്രഷ്ടുകല്‍പ്പിച്ചവര്‍
ഇന്നെന്‍റെ ചത്ത ദേഹത്തെയുടപ്പിറപ്പാക്കുവോര്‍!!
നിര്‍ലജ്ജമിനിയുമീ പാഴ്‌മൊഴികളുരചെയ്തു
പരിഹസിക്കാതെന്റെ മൃതശരീരത്തെയും.

ഇനിയെന്നെ പിന്തുടര്‍ന്നീടരുത്,,നിങ്ങളെ
ന്നാത്മാവിനെങ്കിലും ശാന്തിതരികാ...
അവസാന പട്ടിണിക്കോലമല്ലീഞാന്‍
അനീതികള്‍ക്കവസാനയിരയുമല്ലാ...

ഉച്ചനീചത്വങ്ങളതിരിട്ടകറ്റിയ,
സ്വപ്നങ്ങളില്ലാത്ത നരജാതികള്‍ക്കായ്,
ഇനിയും മരിക്കാത്തവര്‍ക്കു ജീവിക്കുവാന്‍
ഉയിരിന്നു കൂട്ടായ പാട്ടുകെട്ടീടുക. 

Credits to joychenputhukulam.com

Read more

കുരുതിയരുതേ

നിണമൊഴുക്കി പകപെരുപ്പിച്ചവര്‍
നേട്ടമെണ്ണുന്നു കുരുതിക്കളത്തിലും,
പുലരിയിരുളിലാഴ്ത്തിക്കൊണ്ടു പിന്നെയും
തെരുവുനരശ്വാനരിരകളെ തേടുന്നു.

പല കുടുംബത്തിനത്താണി പിഴുതെ
റിഞ്ഞാശ്രിതര്‍ക്കന്ധകാരം വിധിക്കുന്ന,
രുധിരതാണ്ഡവം തുടരുവാനാഹ്വാന
മേകിടും നേതൃപുംഗവര്‍ക്കറിയുമോ?

പുത്രനഷ്ടം വരുത്തുന്ന വ്യഥയി
ലുരുകിയസ്തമിച്ചീടുന്ന ജനനിയെ!
പതിവിയോഗഫലമാകുന്ന ശൂന്യത
യിലേകരാകുന്ന പെണ്‍ജീവിതങ്ങളെ!..

പുതിയ പുലരിപ്രതീക്ഷകളാകേണ്ട
ഇളമുറക്കാര്‍ക്കനാഥത്വമേകിയിട്ടിനി
യുമീ പോര്‍വിളിക്കായ് മുതിര്‍ന്നിടും
കെട്ടകാല കെടുതിസന്താനങ്ങള്‍.

ധരണിയില്‍ നരജാതരായ് പോയെന്ന
വിധിയിലിത്രമേല്‍ കഷ്ടം സഹിക്കുന്ന,
ഇഴഞ്ഞു ശിഷ്ടകാലം കഴിക്കേണ്ടവര്‍,
ഇരുളില്‍ തപ്പുന്ന ജീവിതബാക്കികള്‍.

രക്തസാക്ഷിയെന്നൂറ്റം പറഞ്ഞിടാന്‍
ഉറ്റവര്‍ക്കെങ്ങിനാവുമെന്‍ കൂട്ടരേ?
ഇനിയുമെത്രപേര്‍ വെട്ടേറ്റൊടുങ്ങണം
നിദ്ര ഭാവിക്കും നീതിയൊന്നുണരുവാന്‍!! 

Credits to joychenputhukulam.com

Read more

സ്മരണകള്‍

അരുതായ്മകളുടെ ദണ്ഡനമേകാന്‍
അലസത കാട്ടാത്തറേബ്യയില്‍,
അരുതുകളൊക്കെ കരുതലിനാ
ണെന്നറിയുകയെതിരു ചരിക്കാതെ.

കുചേലനേയും കുബേരനാക്കിയ
പൊന്നു വിളഞ്ഞിടുമീനാടിന്‍
ശരികള്‍ക്കൊപ്പം നില്‍ക്കേണം,നാം
ഇവിടെ വസിക്കണമെങ്കില്‍.

അളവില്ലാത്ത സമൃദ്ധികളറകളില്‍
നിധിയായുള്ളൊരു നാട്ടില്‍നിന്നും,
കാലിക്കൈകളുമായിവിടെത്തിയ
വേലക്കാര്‍ നാം പ്രവാസികള്‍.

കനവുകള്‍ നിറവാക്കീടും നാടിന്‍
കനിവുകളേറെ നുകര്‍ന്നില്ലേ!
ക്ഷണിച്ചുവന്നവരല്ലെന്നാലും
നേട്ടവുമേറെക്കൊയ്തില്ലേ!

ഊഷരമാമീ ഭൂമി കനിഞ്ഞൊരു
ഭാസുരകാലമതോര്‍ക്കേണം.
കഷ്ടം വരുമൊരു നേരത്തും,നാം
പോറ്റിയ കൈകളെ വാഴ്‌ത്തേണം.

തിരുഗേഹങ്ങള്‍ നിലകൊള്ളുന്നൊരു
പരിപാവനമാം നാടേ....നിന്നുടെ
അഭ്യുദയത്തിനു കാംക്ഷിപ്പവരാം
ഭാരതപുത്രര്‍ ഞങ്ങള്‍...

ഇന്നോളം നീയേകിയ തണലിന്‍
നേരിയ കുറവിനെയോര്‍ത്തല്ലാ,
അന്നം നല്‍കിയ നാടേ ,നിന്നെ –
പിരിയുവതോര്‍ത്താണീ ദുഃഖം...

Credits to joychenputhukulam.com

Read more

തേനീച്ച

തേനീച്ചയാണു ഞാന്‍, ഓരോരോ പൂവിലും
തേടുന്നു നിത്യം മധു കണങ്ങള്‍!
കിട്ടുന്ന തേനെല്ലാമൊട്ടും കളയാതെ
പെട്ടെന്നറകളില്‍ സംഭരിപ്പൂ!

പാടുപെട്ടെന്നും ഞാന്‍ ശേഖരിക്കുന്നൊരു
പാടു തേനേലുമെന്‍ കൂട്ടരെപ്പോല്‍,
നോക്കിയിരിക്കുന്നതല്ലാതെ തൊട്ടൊന്നു
നക്കുവാന്‍ പോലും മനം വരില്ല!

എന്നെപ്പോലൊന്നല്ലനേകം തേനീച്ചകള്‍
എന്നും മുടങ്ങാതെ ജോലി ചെയ്‌വു!
എത്രയോ പൂക്കളുണ്ടെങ്കിലും തേനുള്ള
പുഷ്പങ്ങള്‍ ഭൂവില്‍ വിരളമല്ലോ!

തന്നേ യാതേനുണ്ട് തെല്ലു മയങ്ങുവാന്‍
തന്നേയില്ലീശ്വരന്‍ സ്വാര്‍ത്ഥ ബുദ്ധി!
ഏവരും ചേര്‍ന്നിരുന്നിഷ്ടം പോല്‍ മോന്തുവാന്‍
ഏറെനാളായ് ഞങ്ങള്‍ കാത്തിരിപ്പൂ!

എന്നുമുടങ്ങാതുണരുന്നു ഞാന്‍ ബ്രഹ്മ
യാമത്തില്‍ കര്‍ത്തവ്യ ബോധപൂര്‍വം!
കണ്ണുകള്‍ പൂട്ടി ഞാന്‍ അര്‍ത്ഥിക്കുമീശനോ
ടിന്നുമെന്‍ കര്‍മ്മം ഫലം തരണേ!

നിസ്സാരമാം ചെറു ജീവി ഞാന്‍ സേവനം
നൈസര്‍ഗ്ഗിക ഗുണം മാത്രമല്ലോ!
നിസ്സീമമെന്നാത്മ നിര്‍വൃതി എന്നു ഞാന്‍
നിസ്സംശയം തുറന്നോതിടട്ടേ!

തെല്ലുമേ ജോലിചെയ്യാതെയലസന്മാര്‍
വല്ലോരും ചേര്‍ക്കും തേനുണ്ടു വാഴ്‌വു!
സമ്പാദ്യമെല്ലാമൊരുദിനമാരേലും
നമ്പുവാനാവാതപഹരിപ്പൂ!

സന്ദേഹമേയില്ല,നമ്മുടെ ജീവിതം
സന്ദേശമാകാന്‍ ശ്രമിക്കണം നാം!
മന്നിതില്‍ ജീവിക്കുമോരോ നിമിഷവും
ധന്യമായീടുവാന്‍ പ്രാര്‍ത്ഥിക്ക നാം!

സേവന സന്നദ്ധമാവണം നമ്മുടെ
ജീവിതം വിസ്മരിച്ചീടരുതേ!
മധുപോലെയെന്നാളുംനിങ്ങടെ ജീവിതം
മധുരിതമാവട്ടേ,മാനവരേ!

Credits to joychenputhukulam.com

Read more

ത്യാഗോജ്ജ്വല താരകം

സത്യത്തിന്‍ സാക്ഷ്യമായ് മന്നിതിലെത്തിയ
ദൈവത്തിന്‍ പുത്രനാമുണ്ണീ.
നിന്‍റെ ജനങ്ങളാം ഞങ്ങള്‍തന്‍ പാപത്തിന്‍
ശിക്ഷകളേല്‍ക്കുന്ന ദേവാ

ത്യാഗത്തിലൂടെ നീ ലോകര്‍ക്കു
സ്‌നേഹത്തിന്‍ മാതൃകകാട്ടിയതല്ലേ,
എന്നിട്ടുമെന്തേ മനുഷ്യര്‍ തമസ്സിലൂ
ടെന്നും ചരിക്കുന്നു ഭൂവില്‍..

മഹിയിലീമര്‍ത്യര്‍ മതങ്ങളില്‍ മത്തരാ
യവിവേകമോടെ വര്‍ത്തിപ്പൂ,
സുരലോകവാസികള്‍ക്കിടയിലു
മിക്കാണും കുടിലത നടമാടുന്നുണ്ടോ?

മാമക ദുഷ്കൃതിക്കുത്തരമായെന്‍റെ
നാഥാ നീയേല്‍ക്കുന്ന പീഡനങ്ങള്‍,
എന്നുടെ മാനസംതന്നിലസഹ്യമാം
വേദനയായെന്നും വിങ്ങിടുന്നൂ…

മര്‍ത്യാപരാധത്തിന്‍ ദണ്ഡനമേല്‍ക്കുവാ
നെത്തിടും നീയെന്നതാവാമീമാനുഷര്‍
പാപങ്ങളാല്‍ പരിപാവനമാകുമീ
പാരിതില്‍ നാശം വിതച്ചിടുന്നു..

സ്‌നേഹിച്ചു ശത്രുവെ തന്നോടണക്കുന്ന
കാരുണ്യരൂപനാമേശുനാഥാ,
നിന്നപദാനങ്ങളെത്ര വാഴ്ത്തീടിലും
മതിവരുകില്ലല്ലോ കരുണാനിധേ…. 

Read more

പെണ്‍മനമൊരു ശിലയത്രേ

നിശ്ശബ്ദതയിലൊളിപ്പിച്ചു ഞാനെന്റെ
നിശ്ചലതയോളമെത്തിക്കാം.
നിധിപോലമൂല്ല്യമീ സ്‌നേഹാമൃതം
നിനക്കേകാതടച്ചു താഴിട്ടു വയ്ക്കാം.

വാഗ്ദാനമേകിയതു പാലിക്കുവാനെന്‍റെ
പാരതന്ത്ര്യം വിലക്കാകുമെങ്കില്‍,
അഭീഷ്ടനഷ്ടം ഭയന്നെന്‍ കനവുപാടത്തു
സ്വപ്നം വിതക്കാതിരിക്കാം.

പെണ്‍ചതി പാടുന്ന പാണനാകാനെന്‍റെ
പ്രാണനേ നീയുമെത്താതിരിക്കാന്‍,
നിറമാര്‍ന്ന കനവുകളെയാട്ടിയോടിച്ചെന്‍റെ
നനവാര്‍ന്ന മിഴിതുടച്ചാശ്വസിക്കാം.

നീറ്റലായോര്‍മ്മകളേകിച്ചതിക്കുന്ന
നീചയാവാതിരിക്കാനായ്,
ആശതന്‍പാശക്കുരുക്കിട്ടു നിന്നെ
യൊരുന്മാദിയാക്കാതിരിക്കാന്‍,

മൗനത്തിന്‍ താഴുതുറക്കാതെയൂഴി
വിട്ടെന്നേക്കുമായ് യാത്രചൊല്ലിടുമ്പോള്‍,
എന്നോടുകൂടെ ഞാന്‍ കൊണ്ടുപോയീടുമീ
നിന്നോടെനിക്കുള്ള സ്‌നേഹമെല്ലാം.

നിന്നെ നോക്കിക്കണ്ണടക്കാതെ മാനത്തു
താരകമായ് വന്നുദിച്ചുനില്‍ക്കാം.
എന്നെങ്കിലും നീയുമെത്തുന്നതും കാത്തു
കണ്ണടക്കാതെ ഞാന്‍ കാത്തിരിക്കാം..... 

Credits to joychenputhukulam.com

Read more

ക്ഷേത്രാങ്കണം

ചുറ്റും വിളക്കുകള്‍ മറയാതെ
നില്‍ക്കവേ മുന്നില്‍ വരുന്നതിന്നോര്‍മ്മകളോ?
കൂരിരുള്‍ തെല്ലൊന്നുണര്‍ന്നു വരുകിലും
കാണുന്നു ഞാനുമാ ക്ഷേത്രാങ്കണം
എരിയുന്ന തിരിയുടെ ശ്രീയുമായ് നില്‍ക്കുന്നു
നറുമണം ചീന്തുന്ന കല്‍വിളക്കും
മധുമന്ദഹാസമുതിര്‍ത്തു നിന്നാടുന്നു
കാലം കുറിക്കുന്നോരോട്ടുമണി
കുറുകിപ്പറക്കുന്നു പിന്നെയും കുറുകുന്നു
അധികാരമേന്തിടും വെണ്‍പിറാക്കള്‍
കാത്തിരിക്കുന്നുണ്ടു നേദ്യഹവിസ്സിനായ്
തപസ്സനുഷ്ഠിക്കും ബലിക്കല്ലുകള്‍
മോക്ഷവാതായനം കാത്തുകിടക്കുന്നു
മുറ്റത്തിലങ്ങിങ്ങു മണ്‍തരികള്‍
ഈറനതേറെയായെങ്കിലും പിന്നെയും
ഈറനണിഞ്ഞിടും കല്‍പ്പടവും,
സ്വച്ഛസമീരനെ നെഞ്ചേറ്റിലാളിച്ചു
സ്വച്ഛമായ് നിന്നിടും വൃക്ഷരാജന്‍
കനിവിന്റെ മാധുര്യം വര്‍ഷമായ് ചൊരിയട്ടെ
സ്വച്ഛയായ് നില്‍ക്കട്ടെ ക്ഷേത്രാങ്കണം !

Read more

നിയതിയുടെ നീതി

നല്ലോരോമനയായകുഞ്ഞ്, പവനും നാണിച്ചൊളിച്ചോടിടും
പല്ലോകൊച്ചരിപോലെ, ചുണ്ടു പവിഴം, തത്തയ്‌ക്കെഴും നാസികം
കല്ലോലത്തിനു തുല്യമായമുടി, എന്നാല്‍, ഇല്ല കണ്ണൊന്ന,യേ,
എല്ലാംകൂടിയൊരിക്കലും കുറവുതീര്‍ന്നാക്കാണു കിട്ടീടുക ?

ആകെപ്പാലിരുനാഴി, പാതിജലവുംചേര്‍ത്ത് അപ്പൊട്ടന്‍തുടം
പാകത്തില്‍പെരുമാറിടുമ്പൊഴുളവാകും നാഴിയുംചേരവേ
ആകെക്കൂടിയിടങ്ങഴി പതിവിതാ, ണപ്പോഴതാമിന്നലാല്‍
ചാകുന്നപ്പശു സത്യസാക്ഷി ഭഗവാന്‍ നീതിജ്ഞനോ, ക്രൂരനോ?

ആവുംനാളിലനേകരുണ്ട് പിറകേ പറ്റിപ്പിടിച്ചീടുവാന്‍
ആവാനാളിലൊരുത്തനേയുമതുപോല്‍ കാണുന്നതില്ലെങ്ങുമേ
ചാവുനേരം സുകൃതമൊരുവനേ കൂടെനില്‍ക്കാനുള്ളുവെന്ന്
പാവംമര്‍ത്യനറിഞ്ഞുകൂട, അറിയുമ്പൊഴേയ്ക്കതാ മൃത്യുവും ! 

Read more

വിണ്‍ഛത്രം

വിശ്വമാനവരനേക ചിന്ത-
കളനശ്വര സ്നേഹ ചിത്തരായ്,
വിവേചനം വിഷം ചീറ്റിടാത്തൊരീ-
വിണ്‍കുടക്കീഴിനുള്ളിലായ്,

ഐക്യമോടെ മരുവീടുമെങ്കിലീ-
ഭൂതലം ശാന്തസുന്ദരം.
ഒത്തുചേര്‍ന്നങ്ങു നില്‍ക്കുകില്‍-
കാരിരുമ്പു തോല്‍ക്കുന്ന ശക്തര്‍ നാം.

കൂടെയല്ല പിറന്നതെങ്കിലു-
മുടപ്പിറപ്പുകള്‍ തന്നെ നാം.
കൂരിരുള്‍ നീക്കി സ്നേഹ ദീപം
തെളിച്ചിടും നല്‍ സഹോദരര്‍.

പാതി വീഥിയിലഴല്‍കയത്തി-
ലേക്കാഴ്ന്നുപോം സഹജീവിയെ,
സാന്ത്വനത്തിന്‍ കരങ്ങളേകി-
യുയര്‍ത്തി ശക്തി പകര്‍ന്നിടാം.

ഫലമോര്‍ത്തിടാതെ തണലേകിടും-
തരുവായിടാം കര്‍മ്മവീഥിയില്‍.
ധാര്‍ഷ്ട്യചിന്ത വെടിഞ്ഞു നമ്മിലെ-
ധര്‍മ്മ ബോധമുണര്‍ത്തിടാം.

Read more

അമ്മ മകനോട്......

അമ്മതന്‍മാറില്‍ തലചായ്ചാപൈതലാള്‍ചോദിപ്പൂ
അമ്മേ ഞാനാരായിത്തീരണം ഭാവിയില്‍?

നന്മയുംസത്യവും ധര്‍മ്മവുമുള്ളില്‍ നിറഞ്ഞിടും
നിര്‍മ്മലമാനസം നിന്‍ കൈമുതലാകണം,

അന്യന്റെ ദുഃഖത്തെ ആര്‍ദ്രതയോടെ വീക്ഷിക്കണം
നന്ദിയോടപരന്റെ കര്‍മ്മങ്ങള്‍ കാണണം,

നീറും മനസ്സിനു സാന്ത്വനലേപം നീയാകണം
നീരിനായ്‌കേഴുവോര്‍ക്കു തെളിനീരാകണം,

താഴ്മയും ദീനാനുകമ്പയും നിന്നില്‍ നിറയണം
തന്നെക്കാളപരനെ ധന്യനായ്കാണണം,

അര്‍ഥിയായണയുവോര്‍ക്കത്താണിയാകണം
ആര്‍ത്തരെ കനിവോടെചേര്‍ത്തുനിര്‍ത്തീടണം,

മാതാപിതാക്കള്‍, ഗുരുഭൂതര്‍, സ്ഥാനീയര്‍, മാനിതര്‍
ക്കാദരംസൗമ്യമായ്‌സാരള്യം നല്‍കണം,

ചിന്മയരൂപം അപരനില്‍ ദര്‍ശിപ്പാന്‍ പ്രാപ്തമാം
ഉണ്‍മനിറയട്ടെ നിന്നുള്ളിലെപ്പോഴും,

സത്പഥംവിട്ടുചരിയ്ക്കാതെനിന്‍പദംനന്മയില്‍
സന്തതം നീങ്ങുവാന്‍ സാകല്യം ശ്രദ്ധിക്ക,

ഇത്രയേയുള്ളല്ലോയെന്നു നിനയ്ക്കാതെമാനസേ
ഇത്രയുണ്ടല്ലോയെന്നോരുകില്‍ സംതൃപ്തം.

വിത്തവിഖ്യാദികള്‍ ശ്രീകരപാതകളാര്‍ജ്ജിക്കെ
അന്തരംഗത്തിലഹന്തയുണ്ടാകൊല !

ഉച്ഛത്തിലേറ്റിടുംഏണിപ്പടികളഗണ്യമായ്
പുച്ഛമായ് നോക്കാനിടവരാപൈതലേ !

കൈകളുംചിത്തവുംകളങ്കമറ്റു നീകാക്കുകില്‍
സദ്പഥചാരിയായ് സൗഷ്ഠവം ജീവിക്കില്‍,

സത്കര്‍മ്മവൃത്തര്‍ക്കനുഗതമാകുന്നശാന്തിയും
സംതൃപ്തിയും ജന്മസായൂജ്യവും ഫലം !

സ്‌നേഹവുംതാഴ്മയും ഈശ്വരചിന്തയും നിന്‍ചിത്തേ
വാഹിതമായിവളരുകെന്നോമലേ !

********

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക് (yohannan.elcy@gmail.com)

Read more

ക്യാന്‍വാസ്

വര്‍ണ്ണങ്ങള്‍ നിറച്ച ക്യാന്‍വാസില്‍
നിന്നും പറന്നു പോകുന്നുണ്ട്
സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍ 
ഇണയെ തേടിയൊരു പക്ഷി...!!

ഇറങ്ങി നടന്ന മരം തിരയുന്നു
ഈർപ്പം നിറഞ്ഞ മണ്ണ് 
ആഴത്തിലോടിയ വേരുകളെ
പച്ചപ്പ്‌ നിറഞ്ഞ കുപ്പായത്തെ...!!

ഞെട്ടിയുണർന്ന പുഴ 
കണ്ടദിക്കിലേകി ഒഴുകിത്തു ടങ്ങി 
..കടലിന്റെ മണം പിടിച്ചു

'അല്ല പിന്നെ... ഈ കാന്‍വാസില്‍
ഒതുക്കി നിര്‍ത്താന്‍ ഞങ്ങള്‍
എന്താ നിന്റെ ചായ്ക്കൂട്ടോ'
എന്നൊരു ചോദ്യവും...!!

ഒഴിഞ്ഞു തീര്‍ന്ന ക്യാന്‍വാസില്‍ 
ചായക്കൂട്ടുകള്‍ തേടി ഞാനും
നിറങ്ങളില്ലാതെ നീയും 
വരകളില്ലത്ത ചിത്രം പോലെ!!

Read more

ഓണസ്വപ്നം

ഓണമായോണമായോണമായി...
 മാവേലിമന്നന്‍ വരവായി...
 നാട്ടില്‍ പ്രജകള്‍ക്കു ക്ഷേമമാണോ
 നീളെ നടന്നൊന്നു കാണുവാനായ്

 നല്ലൊരുനാളിന്റെയോര്‍മ്മയുമായ്
 നിന്നു ചിരിതൂകും പൂക്കള്‍ കാണാന്‍
 മാവേലിമന്നന്‍ വരവായി...
 ഓണമായോണമായോണമായി..

 നാടിന്‍ മുഖമാകെ മാറിപ്പോയി
 വീടുകള്‍ക്കിടയില്‍ മതിലായി
 നന്മകളെങ്ങോയിറങ്ങിപ്പോയി
 പൂവിളിപ്പാട്ടുകള്‍ കേള്‍ക്കാതെയായ്..

 ഗ്രാമങ്ങള്‍ പട്ടണം പോലെയായി
 പട്ടിണിപ്പാവങ്ങളേറിവന്നൂ
 അക്രമാതിക്രമമൊത്തിരിയായ്
 മാവേലി കണ്ടുമടുത്തുനില്‍പ്പായ്

 ഉഴവില്ല, കൃഷിയില്ല,യൊന്നുമില്ല
 നല്ലോരു പുന്നെല്ലിന്‍ മണവുമില്ല
 പാടങ്ങളൊക്കെ കരകളായി
 കരകളില്‍ ഫ്‌ളാറ്റിന്‍ സമുച്ചയമായ്

 പൂവിളിക്കൊപ്പമാ പൂത്തുമ്പിയും
 പാറിപ്പറന്നെങ്ങോ പേയിതല്ലോ
 പാവം കുരുന്നുകള്‍ക്കോണമില്ലാ
 പാടിപ്പഴകിയ ആ പാട്ടുമാത്രം

 നാട്ടിലേക്കെന്തിനിനി വരണം
 നാടുമെന്‍ നാട്ടാരുമില്ലെങ്കില്‍
 മാവേലി ചോദിച്ചിതുള്ളില്‍ മൂകം
 വേഗം മിഴികള്‍ നിറഞ്ഞുപോയി

 നല്ലൊരുസ്വപ്നം തകര്‍ന്നതിന്‍ വേദന
 കണ്ണുനീര്‍ച്ചാലായൊഴികിടുമ്പോള്‍
 മെല്ലെത്തുടച്ചങ്ങു യാത്രചോദിക്കുന്ന
 മന്നന്‍ മനസില്‍ പറഞ്ഞുപോയി

 ഇല്ലിനി വീണ്ടും വരവിവിടേക്കില്ല
 ഇല്ലെനിയോര്‍ക്കുവാനൊന്നുമില്ല 
 ഇല്ലിനി വീണ്ടും വരവിവിടേക്കില്ല
 ഇല്ലെനിയോര്‍ക്കുവാനൊന്നുമില്ല

Read more

അച്ഛൻ

Read more

സ്വാതന്ത്ര്യദിനം

സ്വതന്ത്രയാം ഭാരത മണ്ണില്‍നിന്നും
സദാ വിലാപങ്ങളുയര്‍ന്നിടുമ്പോള്‍,
ശിശുക്കള്‍ പ്രാണനു മല്ലിടുമ്പോള്‍,
പഥികര്‍ വെട്ടേറ്റുവീണിടുമ്പോള്‍,
നാരി ഇരയായിരന്നിടുമ്പോള്‍,
സ്വതന്ത്രരോ ഭാരതപുത്രരിന്നും?

വിദേശശക്തിയൊട്ടേറ്റുമുട്ടി
പിതാമഹര്‍ രക്തമൊഴുക്കി നേടി,
നമുക്കു നല്‍കീ നിധിപോലെ കാക്കാന്‍,
പകുത്തുവന്നേ പല തുണ്ടമാക്കി.

പുകഞ്ഞുപൊന്തും പക മറച്ചുവക്കാന്‍
മതേതരത്വക്കുട ചൂടിയന്നേ.
ജനാധിപത്യത്തില്‍ നാടുവാണു,പിന്നെ
പണാധിപത്യമതേറ്റെടുത്തിന്നതു
മൃഗാധിപത്യത്തിലെത്തി നില്‍പ്പൂ.

കാലില്‍ കുരുക്കിട്ടു പാറിയ സ്വാതന്ത്ര്യം
ചിറകരിഞ്ഞിട്ടിരിക്കുന്നു.
കുരുക്കില്ല കൂടില്ല കാവലാളില്ല,
സ്വതന്ത്രരത്രേ നമ്മള്‍ ഭാരതീയര്‍.

പിറന്നമണ്ണിനായ് ഉയിര്‍ കൊടുത്തവര്‍
നമുക്കു നന്മക്കായ് പോരടിച്ചോര്‍.
രണാങ്കണത്തില്‍ പൊലിഞ്ഞ പൂര്‍വ്വികര്‍
പൊറുത്തിടട്ടെയീ മഹാപരാധങ്ങള്‍.... 

Credits to joychenputhukulam.com

Read more

ഉണ്ണിക്കണ്ണാ!

ഉണ്ണിക്കണ്ണാ നിന്‍ മായാസ്വരൂപമെന്‍
ഉള്ളത്തില്‍ മുറ്റി നിറഞ്ഞുനില്പൂ!
ആരെയും രോമാഞ്ചം കൊള്ളിയ്ക്കും രൂപവും
ആ മന്ദഹാസവും ഞാന്‍ സ്മരിപ്പൂ!

കയ്യിലെ മിന്നും പൊന്നോടക്കുഴലുമാ-
മയ്യിട്ട താമരക്കണ്ണുകളും,
മെയ്യിലെ പീതവസനവും വാരഞ്ചും
മുല്ലപ്പൂ തോല്ക്കുന്ന പല്ലുകളും,

കാലിലെ തങ്കച്ചിലമ്പും, ചലിയ്ക്കുമ്പോള്‍
കാതില്‍പ്പതിയ്ക്കുമതിന്നൊലിയും,
എങ്ങിനെ വിസ്തരിച്ചിടും, പ്രപഞ്ചത്തി-
ലെങ്ങും നിറഞ്ഞുനിന്നീടും പ്രഭോ!

ഗോകുലമെങ്ങും നീയോടിക്കളിയ്ക്കുന്നു
ഗോവര്‍ദ്ധനധാരീ, ഗോരക്ഷകാ,
ഏവര്‍ക്കും, നന്ദഗോപര്‍ക്കും, യശോധയ്ക്കും
എന്നുമേ വാത്സല്യഭാജനം നീ!

എന്നും ഞാന്‍ കാണ്മതാ ഭൂമുഖമാകണം
എന്നും ഞാന്‍ കാണ്മതാ തൃപ്പാദവും!
എന്നും സ്മരിപ്പതുമാ നാമമാകണം
എന്നാളും കേള്‍പ്പതാ പൂങ്കുഴലും!

Credits to joychenputhukulam.com

Read more

സത്യസ്വരൂപിണീ...

സത്യസ്വരൂപിണീ, മൂകാംബികേ, അമ്മേ,
സപ്തസ്വരങ്ങള്‍ തന്‍ സാരാംശമേ!
അക്ഷരദേവതേ, ജ്ഞാനാംബികേ, ചെമ്മേ,
അക്ഷികളാല്‍ കടാക്ഷിക്കേണമേ!

നിന്‍ വാഗ്‌വിലാസം താന്‍ മല്‍വിരല്‍ത്തുമ്പിലും
നാവിലും വര്‍ഷിപ്പതക്ഷരങ്ങള്‍!
എന്നുമെന്‍ മാനസപുഷ്പതല്പത്തില്‍ നീ
വന്നുപവിഷ്ടയായീടേണമേ!

പൊന്നിന്‍ ചിലങ്ക കിലുങ്ങും നിന്‍ പാദങ്ങ-
ളൊന്നെന്റെ മൂര്‍ദ്ധാവില്‍ സ്പര്‍ശിയ്ക്കണേ!
പത്മാസനാ! മമജിഹ്വാഗ്രത്തില്‍ തവ
പത്മാംഗുലി പതിഞ്ഞീടണമേ!

കൊല്ലൂരില്‍ വാണിടും ദേവീ, സൗപര്‍ണ്ണികാ
കല്ലോലമാല തന്നാരവത്തില്‍,
കള്‍ക്കുന്നു ഞാന്‍ തവ നാമാവലികള്‍ തന്‍
കോള്‍മയിര്‍കൊള്ളിയ്ക്കും സൗകുമാര്യം!

അര്‍ത്ഥിച്ചിടുന്നേന്‍ ഞാന്‍ അംബേ, വിദ്യാധനം
അര്‍പ്പിച്ചിടുന്നേന്‍ സ്വജീവിതമേ!
ദേവികേ, ഭക്തുപ്രിയേ നിന്‍ നിരന്തര
സേവനംമാത്രമാണെന്റെ ലക്ഷ്യം!

Credits to joychenputhukulam.com

Read more

സാറും സോറിയും

അഞ്ചക്ഷരമുള്ള ‘സോറി’ പറയുവാന്‍
ആംഗലര്‍ നമ്മള്‍ക്കുചൊല്ലിതന്നു!
‘സാറേ’യെന്നൊന്നു വിളിച്ചിടുനമ്മോടു
‘സോറി’ പറയുമ്പോളെന്തു സുഖം!

പൊള്ളുംപോല്‍ ചൂടുള്ള പാത്രത്തിലിത്തിരി
വെള്ളമൊഴിച്ചെന്നാലെന്ന പോലെ,
‘സാറേ’യെന്നുള്ള വിളി ശ്രവിച്ചീടുമ്പോള്‍
സാരമില്ലെന്നു പറഞ്ഞുപോകും!

ചെയ്യുന്നതെറ്റുമനപ്പൂര്‍വ്വമല്ലേലും
ചൊല്ലുമ്പോളീപ്പദം തത്സമയം
വാസ്തവം ചൊന്നെന്നാല്‍ നാമൊരു മാത്രയാ
മാസ്മരശക്തിയ്ക്കടിമയാകും!

മദിയ്ക്കുവാനോ, ശകാരപദാവലി
വര്‍ഷിയ്ക്കുവാനോ ശപിയ്ക്കുവാനോ
ചിന്തിച്ചിടും നേരം ‘സോറി’യെന്നോതുമ്പോള്‍
ചിന്തയില്‍ നിന്നതുമാഞ്ഞുപോകും!

സോറിചൊല്ലുന്നതു നാരിയാണെങ്കിലോ
സന്തോഷത്തോടുള്ളില്‍ നന്ദി ചൊല്ലും!
പൊങ്ങച്ചം വാരി വിളമ്പിയവളുടെ
ചങ്ങാത്തം നേടാനൊരുങ്ങും മെല്ലെ!

തെറ്റൊരു ചെയ്താലും തെറ്റാണതു തീര്‍ക്കാന്‍
സോറിയ്‌ക്കൊരിയ്ക്കലുമാവുകില്ല!
കേവലം സാമാന്യമര്യാദമാത്രംതാ-
നേവനുമോര്‍മ്മിച്ചിരിയ്‌ക്കേണമേ!

‘സോറി’യില്‍ ‘സാറെ’ന്ന വാക്കില്‍ മയങ്ങാതെ
സര്‍വ്വസാധാരണമായെടുത്താല്‍
സന്തോഷത്തോടെയിരുന്നിടാം, പിന്നീടു
സന്തപിയ്ക്കാനുമിടവരില്ല!

Credits to joychenputhukulam.com

Read more

ഉദയമാവുക!

അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍
ചിലനേരമൊരുനുളളു പൊന്‍വെളിച്ചം
തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം
തിരികെവാങ്ങുന്നു,നീ മിഴികള്‍രണ്ടും.

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,
തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും
വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍
തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.

കനലുകള്‍പ്പോലിന്നു കവലകള്‍പ്പൊതുവെയെ-
ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍
മഹിയിതിലുണരാത്ത മനസ്സുമായ്‌നില്‍ക്കയാ-
ലറിയാതെയുലയുന്നു വ്യഥിതചിത്തം.

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-
യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം
തെളിമയോടുയരാന്‍ശ്രമിക്കെ,മമ സ്‌മരണയ്ക്കു-
മമ്പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.

കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-
പുലരിയാലൊരുപുതിയ സുദീനതീരം
നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍
പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.

പതിവുപോലുയരുവാനാകാതെ പകുതിയെന്‍
മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;
നിനവുപോല്‍ സുഭഗ-ഗീതങ്ങള്‍ നുകര്‍ന്നിടാ-
തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ.

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-
ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍?
കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-
നുഴറിയോനൊരുവേളയേകിയെങ്കില്‍!!

Read more

പിതൃസ്മരണ

ജനിക്കുവാന്‍ ജനിത്രിയും വസിക്കുവാന്‍ ധരിത്രിയും
ജനിത്വനായി ധന്യതാതനേയുമേകിജീവിതം
മനോരമായി ഇത്രനാളനാæലം നയിക്കുവാന്‍
അനന്തശക്തി തന്ന വന്‍ കൃപയ്ക്കു നന്ദി ചൊന്നിതേന്‍ !

കഴിഞ്ഞുകര്‍മ്മഭൂവിതില്‍ നിറഞ്ഞകര്‍മ്മവൃത്തനായ്
ഉഴിഞ്ഞുവച്ചുജീവിതം പരംകൃതാര്‍ത്ഥതൃപ്തനായ്
കഴിച്ചഹോദശാബ്ദമൊന്‍മ്പതോടു മൂന്നുമീഭുവില്‍ (1) 93
പൊഴിച്ചുകണ്ണുനീരൊടര്‍ത്ഥനാദിയഷ്ടജാതരില്‍.

വിപത്തുകള്‍, പരീക്ഷകള്‍, ജയം പരാജയങ്ങളും
അപായഗര്‍ത്തവീഥികള്‍ കടുത്ത ദുഃഖപാതകള്‍
അപക്വബുദ്ധിപോലഹോകടìപോയിയെങ്കിലും
തപിച്ചിടാതെദൈവശക്തിയാല്‍ ജയംവരിച്ചുതാന്‍.

നിരന്തരംസനാതനന്റെ പാതതന്റെയാശ്രയം
നിരര്‍ഗളംതുടര്‍ന്നു ജീവിതംനയിച്ചതാല്‍ പിതാ
വൊരിക്കലുംതകര്‍ന്നിടാതെ ധന്യമായനേകനാള്‍
നിരാമയംകഴിഞ്ഞു ഭാഗ്യമൃത്യുവുംവരിച്ചഹോ.

പ്രശസ്ത മുഖ്യനാമുപാദ്ധ്യയന്റെ കര്‍മ്മവേദിയില്‍
പ്രശസ്തരായുയര്‍ന്നുവന്നനേകമാന്യ വ്യക്തികള്‍
പ്രഗത്ഭനായവാഗ്മിയും പ്രതാപിയാംഗൃഹസ്ഥനും
പ്രശാന്തനായ നന്മയാര്‍ന്ന നേതൃമാന്യവ്യക്തിയും

നിറഞ്ഞ തുഷ്ടിയോടെ ലഭ്യമായതുച്ഛവേതനം
പരംപæത്തുവിദ്യയേറെ നല്‍കി തല്‍ തനൂജരില്‍
“അറിഞ്ഞുകൊണ്ടൊരുത്തരേം ചതിച്ചിടൊല്ലനീതിയില്‍
പരന്റെ സ്വത്തുതന്റെ സ്വത്തിലാകൊലെന്നു ശിക്ഷണം”

സര്‍വ്വം പിന്നിട്ടന്ത്യത്തില്‍ തന്‍ മക്കളാമോദം വസിപ്പതും കണ്ടും
സര്‍വ്വേശ്വരന്‍ തല്‍ ജീവിതത്തെ നന്മയില്‍ നടത്തിനയിച്ചതും
ഉര്‍വ്വിയില്‍ തന്റെജീവാന്ത്യത്തിലും സംപ്രീതംജീവിച്ച മല്‍ പിതാ,
താവക നാമം സ്മരിçന്നീദിനേ, അര്‍പ്പിപ്പേന്‍ പിതൃതര്‍പ്പണം ! 

Credits to joychenputhukulam.com

Read more

കാലം

തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-
മറിയാത്തപോലേ കടന്നുപോകും.

വാസന്തമേറേയകന്നുനില്‍ക്കും-പാവം
മര്‍ത്യരോ ശിശിരങ്ങളായ്‍‌ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.

അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-
നുലകത്തിന്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാം ജീവിതങ്ങള്‍-ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീ-നവ
തലമുറകള്‍വന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.

Read more

ജനിച്ചതേ കഷ്ടം

കോലായില്‍ മാര്‍ബിള്‍ത്തറയില്‍
കാല്‍നീട്ടിയിരുന്നു മുത്തശ്ശി
കണ്ണിനു കാഴ്ചക്കുറവു
കാതിനു കേള്‍വിക്കുറവു
എന്നുവെച്ചിപ്പം മേളീന്നു വിളിക്കാതെ
എങ്ങനെ ചാകാന്‍ പറ്റും!

എത്ര വയസ്സായീന്നു കൃത്യം അറിയീല
തൊണ്ണൂറു കഴിഞ്ഞെന്നു എല്ലാരം പറേണു
എത്ര പൂര്‍ണ്ണചന്ദ്രോദയം കണ്ടു
പ്രളയവും വേനലും ക്ഷാമവും കണ്ടു
പ്രതികരണശേഷി എന്നേ നശിച്ചു
ഒരുപിടിച്ചോറിനു എത്ര ശകാരം!
മരുമകള്‍ തന്നെ പുച്ഛിച്ചു തള്ളുന്നു
ഒരു പോലഞെട്ടിനു എന്ത് പ്രയാസം!

പണ്ടൊക്കെ കെട്ട്യോനു വെറ്റ തെറുത്തു
ഉണ്ടുകഴിഞ്ഞൊരു മുറുക്കിന് രസം
ഉണ്ടായതില്ല നാളേറെയായി
മരുമകള്‍ ദുഷ്ടമേദസ് മുറ്റിയ
മച്ചിയാണെന്നു പരക്കെ സംസാരം
മകനോ, മണ്ടന്‍! അച്ചായണവന്
മെച്ചമായ് ഈ ഉലകില്‍
പെണ്‍കോന്തനവന്‍! പെറാത്ത മച്ചിക്ക്
കണ്ണുചിമ്മിയിരിക്കും കാവലാള്‍

എന്തിനൊരു നീണ്ട ജന്മം
സ്വന്തമെന്നു പറയാന്‍ എന്തുണ്ട്!
കൂട്ടുകുടുംബമില്ലിന്നു, സ്‌നേഹമില്ലിന്നു
കെട്ടി വേറേ പൊറുക്കുന്നു
കെട്ട വര്‍ഗ്ഗങ്ങള്‍ അച്ചിഭക്തന്മാര്‍
അമ്മയെ നോക്കാന്‍ ആളില്ല
അഗതിമന്ദിരങ്ങള്‍ അനവധി
ആരാന്റെ അമ്മെ കാശിനു നോക്കുന്ന
അരാച്ചാര്‍ സദനങ്ങള്‍ എങ്ങും!
അതിനൊന്നില്‍ എന്നെ പാര്‍പ്പിക്കാന്‍
ധൃതിവെച്ചീടുന്നു, മരുമോളും മോനും
അമ്മക്കിനി ഒന്നിനും കുറവു വരില്ലത്രേ
അമ്പലത്തില്‍ തൊഴാന്‍ കൂട്ട്
കാച്ചിയ എണ്ണതേപ്പിച്ച് കുളിപ്പിക്കാന്‍ ആള്‍
കാലത്തും ഉച്ചയ്ക്കും അന്തിക്കും
കാപ്പീം പലാരോം ഊണും
പിന്നെ മൂന്നുംകൂട്ടി മുറുക്ക്
ഒന്നിനും കുറവില്ല എന്നു ഭാഷ്യം!
കൃഷ്ണാ, ഗുരുവായൂരപ്പാ, ഒന്ന്
കടാക്ഷിക്ക് വെക്കം
കാലനില്ലാത്തൊരു കാലമോ!
ജീവിച്ചു, ജീവിച്ചു മടുത്തു,
ജനിച്ചതേ, ഹാ കഷ്ടം. !!

credits to joychenputhukulam.com

Read more

തത്ത്വമസി

തിരുരവംപോലെയീ, വിപിനത്തിനിടയിലൂ-
ടൊഴുകിയെത്തുന്നിളമരുവിതന്‍പ്രിയസ്വരം
സാന്ത്വനംപകരുവാനുണരുന്ന മലരുപോ-
ലരികെനിന്‍ സ്മിതകാല വദനമാംവാസരം

പരിപാവനാരാമ സാമ്യമെന്‍ പാരിനെ-
പരിപാലനംചെയ്‌തുണര്‍ത്തുന്നുദാരകം
തവ നന്മയറിയാതഹന്തയാല്‍ മര്‍ത്യകം
പരിണമിച്ചീടുന്നുലകിതില്‍ പലവിധം.

വിണ്ണിലൂടല്ല! നിന്‍ സഞ്ചാരമെന്നിവര്‍-
ക്കാരോതിയേകിടാനിന്നെന്‍ ദയാനിധേ,
ഹസ്തങ്ങള്‍ നീട്ടിത്തുണയ്‌പ്പുനീ,യല്ലാതെ
ദുഃഖങ്ങള്‍ പകരുന്നതില്ലെന്നുടയതേ. 

നിന്നെയളക്കുവാനാകുന്നതില്ല! സുര-
സ്നേഹിതരാം പാമരന്‍മാര്‍ക്കൊരിക്കലും
കാത്തുവയ്ക്കുന്നു കരുതലില്‍ കൈകളാ-
ലാമോദനാളം കെടാതവര്‍ക്കുള്ളിലും!

ചേറില്‍നിന്നഴകാര്‍ന്നയംബുജങ്ങള്‍ നിര-
ത്തുന്നതു,മലിവാലുലകുണര്‍ത്തുന്നതും
പാടേമറന്നു! പടുചിന്തകള്‍ക്കൊത്തുചേര്‍-
ന്നുലയു,ന്നരികെനീയെന്നറിയാതെയും!

സ്വസ്ഥമേയല്ലെന്ന തോന്നലാണിതരര്‍ക്കു
ഹൃത്തിലായുളളതെന്നറിയുന്നുവെങ്കിലും
ഭക്തവര്‍ണ്ണങ്ങള്‍ചേര്‍ത്തെഴുതുന്നു ചിന്തയില്‍
പൊന്‍തൂവല്‍കൊണ്ടുനീയാരമ്യ പുലരികള്‍.

മഹിതമാണെല്ലാം; മറക്കുന്നു വെറുതെയീ-
ജന്മവുമെന്നപോല്‍ ധരയിതില്‍ ചിരജനം
നിറയുന്നു ചുറ്റിലും തിരുനാമമൊരുപോലെ-
യെന്നുണര്‍ത്തുന്നുപരിയടിയന്റെഹൃത്തടം.

സ്തുതിമാത്രമോതിടുന്നനുമാത്ര,യറിവിതേന്‍
സ്മൃതിയിലൂടിഴചേര്‍ന്നിരിപ്പെന്നുമെന്‍വിഭോ
കരുണതന്‍ദീപം തിരിച്ചൊന്നു; വേഗേനെ
മനനവുമൊന്നായ്‌ത്തെളിക്കെന്‍ മഹാപ്രഭോ.

Read more

കാവ്യാംഗനയുടെ ചോദ്യം

കാവ്യാംഗനയൊരു ചോദ്യവുമായി
കാവ്യലോകത്തേക്കിറങ്ങി വന്നു.
അക്ഷരമാലകളണിഞ്ഞു മണിവിരല്‍
മോതിരമിട്ടു മറച്ചുപിടിച്ചും
ആപാദചൂഡമണിഞ്ഞൊരു നേരിയ
പുടവത്തുമ്പുകള്‍ കാറ്റിലിലച്ചും
നെറ്റിക്കുറിയിലെ കുങ്കുമമിത്തിരി
കയ്യിലെടുത്തവള്‍ ചോദ്യമെഴുതി
സുലളിത മോഹന കല്പനകള്‍
പൊന്‍ചിറകില്‍ പാറി നടക്കുമ്പോള്‍
ദുര്‍ഗ്രഹയായൊരഭിസാരികയായ്
എന്നെ ദുഷിപ്പിക്കുന്നൊരു ദുഷ്ടര്‍
മൂകയും ബധിരയും ഭ്രാന്തിയുമായ്
പൊട്ടിപ്പെണ്ണായ് കരുതരുതെന്നെ
ഞാനോ കവിതാമനോഹരിയായവള്‍
ഭാഷകള്‍ ചുടും വാടാ ഹാരം
എന്നിലെയിതളുകള്‍ നുള്ളിയെറിഞ്ഞും
എന്നിലെ ഗന്ധം കാറ്റിലെറിഞ്ഞു,
വാക്കുള്‍ വെട്ടി, കുത്തിമലര്‍ത്തി
ശവമാക്കുന്നു നൂതന കവികള്‍
കടലാസ്സ്പൂവ്വായി മാറ്റുന്നു ചിലര്‍
എന്നെ, കവികള്‍കലയില്ലാത്തോര്‍
പഴമയിലെന്നും പുണ്യംപുലരുമൊരനര്‍ഘ
സുന്ദര കവിതകള്‍ എവിടെ?

credits to joychenputhukulam.com

Read more

അനിര്‍വചനീയന്‍

സൈ്വര്യമായ് ഇമയടച്ചീടുവാനാകാതെ,
ഇരവുപകലൊഴുകി നീങ്ങീടുന്നതറിയാതെ,

ഇഷ്ടങ്ങള്‍ നഷ്ടമായീടുന്നതോര്‍ക്കാതെ,
ശിഷ്ടകാലത്തെക്കുറിച്ചൊന്നുമോര്‍ക്കാതെ,

അല്‍പ്പം തനിക്കെന്നു ചൊല്ലി നീക്കീടാതെ,
കഷ്ടങ്ങള്‍ പേറിടാന്‍ ചുമലുകാട്ടുന്നോന്‍.

അഷ്ടിക്കായ് അറിയാത്ത ദിക്കുകള്‍ പൂകുവോന്‍,
ഇഴ മുറിഞ്ഞീടാതെ ബന്ധങ്ങള്‍ കാക്കുവോന്‍.

കല്മഷലേശമില്ലാത്തതാം വാത്സല്ല്യം,
കണ്മണിക്കായ് കാത്തു വച്ചിടുന്നോന്‍.

പഞ്ചേന്ദ്രിയങ്ങളുമുണര്‍ന്നിരിക്കുന്നുറ്റ
ജന്മങ്ങള്‍ ഭദ്രമാണാക്കരത്തില്‍.

അതിരറ്റ സ്‌നേഹമുണ്ടകതാരിലെന്നാലും,
അതു കാട്ടിടാന്‍ തെല്ലു മടി കാട്ടുവോന്‍.

ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലേറ്റുമ്പൊഴും,
ആത്മവിശ്വാസം പകര്‍ന്നിടുന്നോന്‍.

പ്രാരാബ്ദഭാരം ചുമന്നവശനാകിലും,
ആശ്വാസവചനം ചൊരിഞ്ഞിടുന്നോന്‍.

സങ്കടക്കനലെരിഞ്ഞീടിലും ഒരുതുള്ളി
കണ്ണുനീര്‍ വാര്‍ത്തിടാ ധീരനച്ഛന്‍.

അഴലേതുമറിയാതെ അരുമകള്‍ വളരുവാന്‍
രക്തം വിയര്‍പ്പായൊഴുക്കുന്ന താതന്‍.

ആശ്രിതര്‍ക്കശ്രു പൊഴിച്ചിടാനവസരം
സൃഷ്ടിച്ചിടാത്ത നല്‍പുരുഷനച്ഛന്‍. 

Credits to joychenputhukulam.com

Read more

പറന്നു..പറന്ന്..

കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?

നിളപറയുന്നു! നിഴലുകളുരുകിയ-
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.

തിരയുരചെയ്‌വൂ; പതിരുകളില്ലാ-
ക്കഥപോലലിവോടതിരിന്‍ കദനം-
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.

മകളോതിയതോ, മലരുകള്‍തൂകിയ-
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക-
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.

മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം.

നിരവധിയോര്‍മ്മകളുഴുതുമറിച്ചേ-
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ-
യരികിലണഞ്ഞേയ്ക്കാം തവസ്‌മൃതിയില്‍!!

Read more

സീതയും ആധുനിക സ്ത്രീയും

ആരാണ് സീത?

രാമായണത്തിലെ ദുഃഖപുത്രിയോ?
അയോദ്ധ്യാപതി രാമന്റെ
പത്‌നിയോ, രാജ്ഞിയോ?
അസുരരാജാവിന്റെ ഹൃദയമപഹരിച്ചവളോ?
അയാളാല്‍ അപഹരിക്കപ്പെട്ടവളോ?
ഭര്‍ത്താവ് പരിത്യജിച്ചവളോ?
പരിശുദ്ധ തെളിയിക്കാന്‍
അഗ്‌നിയില്‍ ചാടേണ്ടി വന്നവളോ?
പൊന്മാനിനെ കണ്ടു മോഹിച്ച
സാധാരണ സ്ത്രീയോ?
ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍
കാടും കൊട്ടാരവും ഒന്നെന്നു കരുതിയവളോ?
അല്ല.

സമൂഹമെന്ന വേടന്റെ
അമ്പു കൊണ്ട് എന്നും പിടയുന്ന പക്ഷി.
മാ നിഷാദ പാടാന്‍ വല്‍മീകിയില്ലാതെ
നിഷാദശരം എന്നും കൊള്ളുന്നവള്‍.
ജനസംസാരം മാത്രം കേള്‍ക്കുന്ന
പുരുഷന്റെ സാധുവായ ഭാര്യ.
പവിത്രയായിട്ടും പതിയും സമൂഹവും
അഗ്‌നിയിലിട്ടു പരീക്ഷിച്ചവള്‍.
പുരുഷന്റെ വെറും ഉപകരണമായി
അവന്റെ താളത്തിനൊത്തു തുള്ളി
ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍
അമ്മയെ വിളിച്ചു കരയുന്നവള്‍
ഒരു പുരുഷനു വേണ്ടി കന്യകാത്വം.
കാത്തു സൂക്ഷിക്കുന്നവള്‍.
അതു കവരുന്നവന്റെ
നിത്യദാസിയാകുന്നവള്‍.
പരപുരുഷനെ നോക്കാത്തവള്‍.
പരപുരുഷനെ കേള്‍ക്കാത്തവള്‍.
എന്നിട്ടും സമൂഹമെന്ന ശരമേറ്റ്
ഭൂമിയില്‍ വീഴുന്നവള്‍.
ഇന്നത്തെ പാവം സ്ത്രീ
പീഡിപ്പിക്കപ്പെടുന്നവള്‍, വില്‍ക്കപ്പെടുന്നവള്‍
പൊന്നും പണവും കൊടുത്ത്
പുരുഷനെ വാങ്ങിയിട്ടും
അവന്റെ അടിമയാകുന്നവള്‍.
ശാപമില്ലാത്ത രാവണന്മാരാല്‍
ബലാത്സംഗം ചെയ്യപ്പെടുന്നവള്‍.
ഏതു നിമിഷവും തീയ്യില്‍ ചാടി
പരിശുദ്ധി തെളിയിക്കേണ്ടവള്‍.

Credits to joychenputhukulam.com

Read more

കാഴ്ച്ചക്കപ്പുറം

കണ്മുന്നില്‍ കാണുന്ന ഇത്തിരി 'വട്ട' ത്തില്‍
എന്തല്ലാം കാഴ്ച്ചകള്‍ കാണ്മൂ നമ്മള്‍
സൂര്യനുദിക്കുന്നു, ചന്ദ്രനുദിക്കുന്നു
രാപ്പകല്‍ മാറി മറഞ്ഞീടുന്നൂ
ഇന്നലെ കണ്ടവര്‍ ഇന്നില്ല ലോകത്തില്‍
'ഇന്നോ', നാളെയിന്നായി മാറീടുന്നു.
എത്ര കുറച്ചു നാം കാണുന്നു, അറിയുന്നു
പഞ്ചേന്ദിയങ്ങളിലൂടെ നിത്യം
പരിധികളുണ്ട്, പരാധീനതയുണ്ട്
നരജന്മം ഒട്ടുമേ പൂര്‍ണ്ണമല്ല
അല്പജ്ഞാനത്തിന്റെ' ഠ' വട്ടമല്ലാതെ
ഞാനെന്ന് ഭാവിക്കാന്‍ ഒന്നുമില്ല
നിത്യം കലഹിച്ചഹങ്കരിച്ചീ ജന്മം
പാഴാക്കുന്നല്ലോ മനുഷ്യരെല്ലാം
കാഴ്ച്ചകള്‍ കണ്ടു നാം മുന്നോട്ട് നീങ്ങുമ്പോള്‍
കാഴ്ച്ചകള്‍ പിന്നിലും മാറിപ്പോകും
ഒരു കൊച്ചു ജീവിതം ജീവിച്ച് തീര്‍ക്കുന്ന
മനുഷ്യനറിയുന്നതെത്ര തുച്ഛം
എന്നിട്ടുമെല്ലാമറിയുന്ന നാട്യവും
ഞാനെന്ന ഭാവവും എന്തിനാവോ?

credits to joychenputhukulam.com

Read more

അമ്മമാര്‍ക്കായി രണ്ടു കവിതകള്‍

(എല്ലാ അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ക്കും മാതൃദിനാശംസകള്‍....മുംബൈയില്‍ നിന്നു തൊടുപുഴ കെ. ശങ്കര്‍. അമ്മമാര്‍ക്കായി രണ്ടു കവിതകള്‍ സമര്‍പ്പിക്കുന്നു)


ദിവ്യദര്‍ശനം

ലക്ഷം തവണ ഞാന്‍
ക്ഷേത്രങ്ങളില്‍ തേടി
ലക്ഷ്മി, സരസ്വതി
ദേവിമാരെ!
കണ്ടേയില്ലെങ്ങുമൊ -
ടുവിലവരെ ഞാന്‍,
കണ്ടേനെന്നമ്മതന്‍
പൂമുഖത്തില്‍!


എന്റെ അമ്മ

സ്‌നേഹത്തിനാഴമളക്കാന്‍ കഴിയാത്ത
സാഗരമല്ലയോ മാത്രുഹ്രുത്തം.
ആ മഹാസാഗരവീചിയിലാവോളം
ആലോലമാടീയെന്‍ ബാല്യകാലം!

അമ്മടിത്തട്ടില്‍ മയങ്ങി ഞാന്‍ തൊട്ടിലില്‍
അമ്മതന്‍ താരാട്ടു കേട്ടുറങ്ങി.
ആ പുണ്യക്കൈകളാല്‍ വാത്സല്യമാര്‍ന്നെന്നെ
ഊട്ടിയ ചോറുണ്ടു ഞാന്‍ വളര്‍ന്നു!

എല്ലാമെനിയ്‌ക്കെന്നുമന്‍പോടു നല്‍കിടും
കല്‍പദ്രുമമെനിക്കമ്മയെന്നും.
ആദ്രുമക്കീഴില്‍ ഞാന്‍ നില്‍ക്കുവോളം തെല്ലും
ആര്‍ദ്രമാകില്ലമ്മേ, നിന്‍ മിഴികള്‍!

സ്ത്രീകളില്‍ രത്‌നമായ്, ഉത്തമസാധ്വിയായ്
ലോകത്തിനമ്മയായ് വര്‍ത്തിപ്പൂ നീ.
സൗമ്യത്തിന്‍, ത്യാഗത്തിന്‍ രൂപമായ് സദ്ഗുണ-
സമ്പന്നയായെന്നും വര്‍ത്തിപ്പു നീ

Read more

ഉരുകുന്ന മനസ്സ്

പ്രിയമുള്ളവര്‍ ദേഹം വെടിഞ്ഞാലും
വിട്ടു പോകുന്നില്ലവര്‍ നമ്മേ.
ഏകാഗ്രതയില്‍ ചിറകു വിരിയും
നമ്മുടെയോര്‍മ്മയിലവര്‍ ജീവിക്കുന്നു.
ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍
അമ്മയുടെയോര്‍മ്മ നീര്‍ച്ചാലുപോലെന്‍
മനസ്സിലേക്കൊഴുകിയൊഴുകി വന്നു.
ദുഃഖത്തിന്നാഴക്കടലില്‍ ഇളകിമറിയുമീ
ഓര്‍മ്മകളിലില്ലൊന്നുമേ താലോലിക്കാന്‍.

തോളിലേഴു പെണ്‍കുട്ടികളുടെ ഭാരം
പാടത്തു പണിയെടുക്കും കര്‍ഷകര്‍ക്കൊപ്പം
വയലില്‍ മൂവന്തിയോളം പണിയെടുത്തെത്ര
തളര്‍ന്നിട്ടുണ്ടാകുമാ ശരീരവും മനസ്സും.
സൂര്യതാപത്തിലിരുണ്ടമ്മയുടെ മുഖകാന്തി.
ദുഃഖച്ചുടിലെരിഞ്ഞു നിന്നമ്മയുടെ മനസ്സ്.
കാലിടറാതെ മുന്നോട്ടു പോയയമ്മ
പ്രലോഭനത്തില്‍ കുടുങ്ങിയില്ലൊട്ടുമേ
സാന്ത്വനത്തണലിനായ് കൊതിച്ചെങ്കിലും
ഭയത്താല്‍ തുണയായ് സ്വീകരിച്ചില്ലാരേയും
മനസ്സുരുകിയ ഏകാകിയുടെ ഗദ്ഗദം
അന്തരീക്ഷവായുവിലലിഞ്ഞു പോയ്.

കര്‍മ്മനിരതയായമ്മ കര്‍ത്തവ്യങ്ങള്‍
ഒന്നൊന്നായ് നിറവേറ്റി സ്വസ്ഥയായ്.
വാര്‍ദ്ധ്യക്യത്തിലുള്ളതു പകുത്തുകൊടുത്തും
പേരക്കുട്ടികളെ തലോലിച്ചും സുന്തുഷ്ടയായ്.
മാറി മാറിയുള്ള മരുമക്കളുടെ ഔദാര്യത്തില്‍
സ്വന്തമിടമില്ലെന്ന ചിന്ത അമ്മയെയലട്ടിയോ?
വിലക്കുകളില്‍ അമ്മയുടെ മനം നൊന്തുവോ?
തൂവെളിച്ചം നല്‍കാന്‍ ജീവിതത്തിരിയിലില്ലെണ്ണ
എരിയുന്നത് കരിന്തിരിയെന്നു തോന്നിയോ?

പലവട്ടം വിളിച്ചിട്ടും നില്‍ക്കാതെ, മിണ്ടാതെ
മൗനത്തിന്‍ വലയത്തിലൊതുങ്ങിയയമ്മ
കണ്ണിരില്‍ കുളിച്ച് കോടിയുടുത്ത് ഭര്‍ത്താവിന്‍
ചിതാകുംഭം കയ്യിലെടുത്തു പോയതെങ്ങോട്ട്?
പുണ്യനദിയുടെ പുണ്യത്തിനു മാറ്റുകൂട്ടും
ഭഗീരഥി-മന്ദാകിനി സംഗമത്തിലേക്കോ?

മക്കളുടെ തേങ്ങലുകള്‍ ചിതയുടെ സൂചനയോ?
ബഷ്പാജ്ഞലിയായോയവരുടെ കണ്ണിര്‍കണങ്ങള്‍! 

Read more

ഓര്‍മ്മയില്‍..

പുതിയ കല്പടവുകള്‍ക്കയറിയന്നന്‍പിന്റെ
യറിവുകളേറെപ്പകര്‍ന്ന കാലം
ശ്രുതി മധുര സലില സംഗീതമായരുവികള്‍
ഹരികീര്‍ത്തനങ്ങളുരച്ച കാലം
മതിലാലകം വേര്‍പെടുത്താതെയൊരു നല്ല
സദ്യപോല്‍ ജന്മം രുചിച്ച കാലം
കനിവിന്റെ നെല്‍പ്പാടമരികെയുണ്ടായിരു
ന്നഴകാര്‍ന്ന ഗ്രാമങ്ങളായിരുന്നു
കതിരുകള്‍ മധു തൂകി നിന്നയക്കാലമെന്‍
കനവുപോലതിരമ്യമായിരുന്നു
മിഴികളന്നാര്‍ദ്ര നിലാവുപോ,ലൊരുമതന്‍
പനിനീരു തൂകിത്തുടുത്തിരുന്നു
സുമ തോരണങ്ങളണിഞ്ഞ ദ്രുമങ്ങള്‍ തന്‍
ശീതളഛായയൊന്നാസ്വദിക്കാന്‍
തെല്ലു വലുപ്പവുംകാട്ടാതെ പതിവുപോല്‍
കവിതകള്‍ പാടിനാമന്നണഞ്ഞു
കുളിരേകിയെങ്ങുമുയര്‍ന്ന സ്വരങ്ങള്‍ തന്‍
നിരകളാലോണം തളിരണിഞ്ഞു
ചേറുപുരണ്ടവര്‍ക്കകതാരിലൊരു, ഹരിത
ഗീതകം മുറിയാതുയര്‍ന്നിരുന്നു
മതിവരുന്നില്ലയെന്‍ സ്മരണയിലുണരുന്ന
പൊന്നോണമേ, മമ ഗ്രാമബാല്യം
നദിപോലെയൊഴുകിയകന്നുവല്ലോ, സൗമ്യ
ശാലീനഭാവം നുകര്‍ന്ന കാലം.
* * *
കനിവാകെവറ്റിയിപ്പുലരിതന്‍ ചിരി മാഞ്ഞ
പോലായി വാനവുമിന്നു പാരും
പേരിന്നുപോലുമില്ലാതെയായ് ശാന്തി തന്‍
നൈര്‍മ്മല്യകാവുമാപ്പൂ നിലാവും
വിധിയിന്നിതൊക്കെയുമെന്നു; കരുതുവാ
നാകില്ല, വ്യഥയാലുടഞ്ഞു ചിത്തം
കഥകഴിഞ്ഞെന്നപോല്‍ മൂകമായ്, കാരുണ്യ
കാവ്യങ്ങള്‍ കേള്‍പ്പിച്ച ജന്മഗ്രാമം
ഹര്‍മ്മ്യങ്ങളെങ്ങുമുയര്‍ന്നു മറഞ്ഞു പോയ്
നൈര്‍മ്മല്യ കോകിലാനന്ദഗീതം
വറ്റുന്നു പിന്നെയും സ്‌നേഹാര്‍ദ്ര സരസ്സുകള്‍
തെറ്റി വന്നീടുന്നൃതുക്കള്‍ പാരില്‍.
* * *
വല്ലാതെ നിലമറക്കുന്നവര്‍ പതിവു പോല്‍
തലമറന്നെണ്ണതേയ്ക്കാനുറയ്‌ക്കെ,
വിഷലിപ്ത ഹൃത്താലൊരുവന്റെ സൗഖ്യം
കെടുത്തിടാന്‍മാത്രമമര്‍ന്നിരിക്കെ

വന്നടുത്തെത്തുന്നതെങ്ങനെന്‍ ലോകമേ
യനുപമകാലങ്ങ,ളനുഭവത്താല്‍
സുഖനിദ്രയെന്തെന്നറിയുന്നതെങ്ങനെന്‍
കാലമേയരുമകളിനി,വരത്താല്‍
വീണടിഞ്ഞെത്രയി,ന്നിവിടെയീ ധരണിയി
ലീണങ്ങളാകേണ്ട ജീവിതങ്ങള്‍?
തിരികെയെത്തീടാന്‍ മടിക്കുന്നു കമനീയ
വര്‍ണ്ണങ്ങളകലെനിന്നീധരയില്‍
ശുഷ്‌ക ചിത്തങ്ങളില്‍ നിറയുമീ വൈകല്യം
ഹൃത്തിനേകില്ല! കൈവല്യസൂനം
വ്യര്‍ത്ഥമാക്കേണ്ടതല്ലവനിയില്‍ ജീവിതം;
ശക്തമാക്കേണ്ടതാണിറ്റു സ്‌നേഹം
വറ്റിടാനനുവദിച്ചീടായ്ക! കവിത പോല്‍
കാത്തുക്ഷിക്കേണ്ടതാണു കാലം
ചുറ്റുമിരുള്‍പ്പടര്‍ത്തീടും തടുക്കായ്കില്‍
മുറ്റിനില്‍ക്കുന്നതാം; ഛിദ്രഭാവം
കാവല്‍ നില്‍ക്കാ,മീപ്രപഞ്ച സുഖതാളം
തെളിമയോടുയരട്ടെ നിത്യകാലം
തളിരണിഞ്ഞീടാനൊരുങ്ങുന്നു: കേരളം:
തളരാതെസ്പന്ദിച്ചിടട്ടെ! ലോകം.

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC