lekhanam

വഴികാട്ടി.

Paul Chacko 2017-08-02 04:17:15am

"എടാ...വഴി തെറ്റീന്ന് തോന്നുന്നു. വണ്ടി നിർത്ത്, നമ്മുക്കാരോടെങ്കിലും ഒന്ന് ചോദിക്കാം. എന്നിട്ട്‌ പോകാം"

"വേണ്ടന്നെ, വഴി ഒക്കെ എനിക്കറിയാം" ഡ്രൈവർ അപ്പുണ്ണി ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നിസ്സാരമട്ടിൽ മീശ തടവി പറഞ്ഞു.

"നമ്മളിപ്പൊ എവിടെയാ?" വഴി തെറ്റിയില്ലാ എന്നുറപ്പ് വരുത്താന്‍ ചേട്ടന്‍ തോമസ്‌ എടുത്തു ചോദിച്ചു.

"ആ"...അപ്പുണ്ണി ഇടതുകൈ മലർത്തി വാ പൊളിച്ചു കാണിച്ചു.

കൂടുതലൊന്നും പറയാത് മുന്നോട്ടു നോക്കി അവന്‍ വണ്ടിയോടിച്ചു.

മണിമല സ്റ്റാന്‍ഡില്‍ നിന്നും ഞങ്ങള്‍ പിടിച്ചോണ്ട് പോയ ടാസ്ക്കി 87 മോഡല്‍ ആണെങ്കിലും ഒരു കാറിനുള്ളിൽ എന്തൊക്കെ സുഖസൗകര്യങ്ങൾ ആകാമോ അതെല്ലാം അപ്പുണ്ണിയുടെ കാറിലുണ്ട്. മൂത്രിക്കാം, ചർദ്ധിക്കാം, ചാരിയിരുന്ന് ഉറങ്ങാം, കുടിക്കാന്‍ സോഡയുണ്ട്, കൊറിക്കാന്‍ ചിപ്പ്സ് ഉണ്ട്, വലിക്കാന്‍ ബീഡിക്ക് ബീഡി, സിഗററ്റിന് സിഗരറ്റ്. കുളിമുറീം കക്കൂസും കണ്ടില്ല. ഡിക്കി തുറന്നാൽ അതും കാണുമാരിക്കും.

ഇന്നത്തെ ബെന്‍സിനെ വെല്ലുന്ന സംവിധാനങ്ങള്‍!

വഴി തെറ്റി എന്ന ബോദ്ധ്യം ഉണ്ടായിട്ടും സൈഡ് ചേര്‍ത്ത് നിറുത്താനോ ആരോടെങ്കിലും വഴി ചോദിക്കാനോ ഡ്രൈവര്‍ അപ്പുണ്ണി തീരുമാനിച്ച ലക്ഷണമില്ല. ആരോടും വഴി ചോദിക്കാതെ മണിമലയില്‍ എത്തിപ്പെടാം എന്നൊരു തോന്നല്‍ അവനുണ്ടാവാം. അതിനാണ് ആത്മവിശ്വാസം എന്ന്‍ പറയുന്നത്.

______________________________________

എന്‍റെ മകന്‍റെ മാമ്മോദീസ കൂടാന്‍ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ അളിയനെ തിരികെ എയര്‍പോര്‍ട്ടില്‍ എത്തിച്ചിട്ട് ഞാനും എന്‍റെ ചേട്ടന്‍മാരായ വറുഗീസ്സും തോമസ്സും നെടുമ്പാശേരിയില്‍ നിന്നും തിരികെ മണിമലക്ക് പോകുന്നതാണ് കഥയിലെ ഈ രംഗം. ഞാന്‍ അമേരിക്കയില്‍ എത്തിയ കാലത്ത് ധാരാളം ഉപകാരപ്പെട്ടിട്ടുള്ള അളിയനാണ് ഈ അളിയന്‍.

അളിയന്‍ തിരികെ പോയത് ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കഴിഞ്ഞതവണ എയര്‍ പോര്‍ട്ടില്‍ പോയി തിരികെ വന്ന ഓര്‍മ്മവച്ച് തവളക്കുഴിയിലെ കുമാരേട്ടന്‍റെ ഷാപ്പിലാണ് ഞങ്ങള്‍ നങ്കൂരം അടിച്ചത്. അവിടെ താറാവിനെ നിറുത്തി പൊരിച്ചതും പാലപ്പവും കരിമീനും സരസുചേച്ചി കുടംപുളി ഇട്ടുവച്ച നല്ല ചെമ്മീന്‍ കറിയും കിട്ടും. അത് നമ്മുടെ ആഗ്രഹപ്രകാരം സരസ്സു ചേച്ചി തന്നെ കൂടെ നിന്ന് വിളംബീം തരും.

സരസു ചേച്ചിയുടെ ചെമ്മീന്‍ കറിയുടെ ചാര്‍ ഒരു ലഹരിയായി ഞങ്ങളുടെ ഉള്ളില്‍ പടര്‍ന്ന്‍ കത്തി.

പിന്നീട് വീട്ടിലേക്കുള്ള യാത്രയില്‍ ആ കത്തല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.​ അങ്ങനെയാണ് വഴി തെറ്റിയത്.

_____________________________________-

"എടാ നീ ആരോടെങ്കിലും വഴി ചോദിക്ക്" തോമസ്‌ ചേട്ടന്‍ ഊന്നി പറഞ്ഞു.

വണ്ടി പിടിച്ച മുതലാളിയുടെ നിര്‍ദേശം സ്വീകരിക്കാന്‍ ഒടുവില്‍ അപ്പുണ്ണി തീരുമാനിച്ചു.

അടുത്ത വളവില്‍, ഒരു കലുങ്കിന് സമീപം മൂന്നാല് പേര് നിന്നിരുന്നു.

അപ്പുണ്ണി വണ്ടി ഒതുക്കി നിറുത്തി.

കലുങ്കിന് സമീപം നിന്നവര്‍ അവിടെ തന്നെ നിന്നു, കാറില്‍ വന്നവരെ ബഹുമാനിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അഹങ്കാരികള്‍!

തല വെളിയിലേക്കിട്ട് അപ്പുണ്ണി ചോദിച്ചു..."ചേട്ടാ ഈ മണിമലക്ക് പോകുന്നത് ഏത് വഴിയാ?"

നാലാളില്‍ മൂത്തയാള്‍ വണ്ടിയുടെ അടുത്തേക്ക് വന്ന് കൈവെട്ടം പിടിച്ച് അകത്തേക്ക് നോക്കി. വഴി പറഞ്ഞു കൊടുക്കുന്നതിന് മുന്‍പ് കാറിനുള്ളില്‍ ആരാ ഇരിക്കുന്നെ എന്നറിയണമല്ലോ. അനാശ്യാസ്സം വല്ലതും ഉണ്ടെങ്കില്‍ കണ്ട്രോള്‍ ടവറില്‍ വിളിച്ചു പറയണ്ടേ.

അങ്ങേര് നോക്കിയപ്പോ കാറിനുള്ളില്‍ കളരിവിളക്ക് തെളിച്ചപോലെ പ്രൌഡഗംഭീരരായ മൂന്ന്‍ യുവാക്കള്‍.

അനാശ്യാസ്സം ഒന്നുമില്ലാന്ന്‍ മനസ്സിലാക്കിയ അപ്പച്ചന്‍ ഡ്രൈവര്‍ അപ്പുണ്ണിയെ നോക്കി ചോദിച്ചു.

"നിങ്ങക്ക് എങ്ങോട്ടാടാ പോകണ്ടത്?" ​

അദ്ദേഹം നന്നായി ആടുന്നുണ്ട്. കക്ഷത്തില്‍ ഇരുന്ന കുട പലതവണ ഊര്‍ന്ന്‍ പോയി. കൂട്ടത്തില്‍ അഴിഞ്ഞുപോകുന്ന മുണ്ടും വാരിയെടുത്ത് ഉടുക്കുന്നുണ്ട്.

​"മണിമലക്ക്" നീരസ്സം പുറത്തുകാണിക്കാത് അപ്പുണ്ണി വീണ്ടും പറഞ്ഞു.

താന്‍ നില്‍ക്കുന്ന സ്ഥലം ഏതാണെന്ന്‍ ഉറപ്പു വരുത്താന്‍ അദേഹം ചുറ്റിനും ഒന്ന് നോക്കി.

എന്നിട്ട് ഇടത്തോണ്ട് ചൂണ്ടി പറഞ്ഞു...

"ഈ വഴി ഒരു ഒന്നര മൈല്‍ പോകുമ്പോ..." എന്നിട്ടദേഹം വലത്തോട്ട് ഒന്ന് പാളി നോക്കി.

"അല്ലേല്‍ വേണ്ട" എന്നിട്ട് വലത്തോട്ട് ചൂണ്ടി കാണിച്ചു.

"ഈ വഴി ഒരു രണ്ടു മൈല്‍ പോകുമ്പോ കറുകച്ചാല്‍ എത്തും. അവിടുന്ന്‍ അങ്ങ് പോയാ മതി"

അങ്ങേര് തീരുമാനം മാറ്റുന്നതിന് മുന്‍പ് അപ്പുണ്ണി ഗീയര്‍ മാറി.

ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയാന്‍ അമേരിക്കന്‍ ജീവിതം എന്നെ ഓര്‍മ്മിപ്പിച്ചു.

തല വെളിയിലേക്കിട്ട്‌ ഞാന്‍ പറഞ്ഞു

"താങ്ക്സ്"

അത് കേട്ട അദേഹം വളരെ മര്യാദക്ക് പ്രതിവചിച്ചു.

'ഭാ മൈ...അത് നിന്‍റെ അമ്മക്ക് കൊണ്ടുപോയി കൊടുക്കടാ" [അതേ...അതേ തെറി തന്നെ. നാം ചെറുപ്പം മുതല്‍ കേട്ടുശീലിച്ച ആ തെറി]

ആ ആട്ടില്‍ അദേഹത്തിന്‍റെ വായിലിരുന്ന തെറുപ്പ് ബീഡി തെറിച്ച് പോയി.

അതെടുക്കാന്‍ റോഡില്‍ വീണ് പരതുന്ന തക്കം നോക്കി അപ്പുണ്ണി വണ്ടി മുന്നോട്ടെടുത്തു. ​

ഒരു കൌതുകത്തിന് ഞാന്‍ തിരിഞ്ഞ് നോക്കി. ബീഡി കിട്ടിയെങ്കിലും ഉടുതുണി നഷ്ട്ടപ്പെട്ട ഒരു വഴികാട്ടിയെ ആണ് എനിക്ക് കാണാന്‍ സാധിച്ചത്.

അദേഹം അപ്പോഴും കിടന്നിടത്ത് കിടന്ന്‍ ഞങ്ങളെ തെറി വിളിക്കുന്നുണ്ടായിരുന്നു

 

Courtesy: FB page of Paul Chacko


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN