lekhanam

മഹാത്മാക്കള്‍ തിരസ്ക്കരിക്കപ്പെടുമ്പോള്‍....

വാസുദേവ് പുളിക്കല്‍ 2017-09-29 04:49:28am

മഹാത്മാക്കള്‍ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തില്‍ അവര്‍ ആദരിക്കപ്പെടുന്നോ തിരസ്കരിക്കപ്പെടുന്നോ? ജനക്ഷേമത്തിനായി ജീവിതം അര്‍പ്പിക്കുമ്പോഴാണ് മഹാത്മാക്കള്‍ ജന്മമെടുക്കുന്നത്.് തത്വങ്ങള്‍ മനസ്സിലാക്കുകയും അവയൊക്കെ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്തതിനു ശേഷം മാത്രം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്നവരാണ് മഹാത്മാക്കള്‍ അല്ലെങ്കില്‍ ആചാര്യന്മാര്‍. വ്യാസനും യേശുദേവനും ബുദ്ധനും നബിയും സോക്രട്ടീസും മഹാത്മഗാന്ധിയും നാരായണഗുരുവുമൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന മഹാത്മാക്കളാണ്. അവരെല്ലാം തന്നെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മാറ്റൊരു വിധത്തില്‍ തിരസ്കരിക്കപ്പെട്ടവരാണ്, പരാജയം ഏറ്റു വാങ്ങിയവരാണ്,. മഹാത്മാക്കളുടെ മഹത്വമറിയാത്തവര്‍ക്ക് അവരെ അവഗണിക്കാനല്ലാതെ ബഹുമാനിക്കാന്‍ സാധിക്കുകയില്ല. മഹാത്മാക്കളുടെ വിജയത്തിന്റെയും പരാജയത്തിന്റേയും ചരിത്രം പരിശോധിക്കുന്നത് വേദനാജനകമാണ്. മഹാന്മാക്കളുടെ ജനങ്ങളെ നന്നാക്കാനുള്ള ശ്രമം വൃഥാവിലായി എന്നു പറഞ്ഞാല്‍ ഒരുപക്ഷെ അതൊരു ആക്ഷേപമായി തോന്നിയേക്കാം. എന്നാല്‍ തിരസ്ക്കരിക്കപ്പെട്ട മഹത്തുക്കളുടെ ജീവിതസത്യത്തിനു നേരെ കണ്ണടക്കാന്‍ സാധിക്കുകയില്ലല്ലൊ.

ലോകക്ഷേമത്തിനായി ഇനി മറ്റൊരു മഹാത്മാവ് അവതരിക്കണമെന്നാണോ? കാലത്തിന്റെ ചക്രവാള സീമയില്‍ വിരിഞ്ഞു വന്ന ഈ അവതാരങ്ങളുടെ ലക്ഷ്യം വ്യര്‍ത്ഥമായെങ്കില്‍ ഭാവിയില്‍ മറ്റൊരു അവതാരം ജന്മമെടുത്താലും സ്ഥിതിഗതികള്‍ക്ക് മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ജീവിതത്തില്‍ ആചരണത്തേയും പ്രചാരണത്തേയും വാക്കിനേയും പരമമായ ഏകത്വത്തേയും സുന്ദരമായി സമ്മേളിപ്പിക്കുന്നവരാണ് അവതാരങ്ങള്‍. രാഷ്ട്രീയക്കാര്‍ സാഹചര്യത്തിനൊത്ത് നയങ്ങള്‍ മാറ്റുകയും രാഷ്ട്രീയകക്ഷികളുടെ ശബ്ദത്തിനു പകരം അവര്‍ ഉള്‍പ്പെടുന്ന സമൂദായത്തിന്റെ മാത്രം ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുന്നതുപോലെ മഹാത്മാക്കളെ പരാജയപ്പെടുത്താന്‍ പുതിയ ജനത സങ്കീര്‍ണ്ണങ്ങളായ പുത്തന്‍ പദ്ധതികളൊരുക്കും. ദുഃഖിതരായിരുന്നു മഹാന്മാര്‍. അവരുടെ വിലാപത്തിന്റെ മാറ്റൊലി അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും ജനങ്ങള്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലല്ലോ എന്ന് വ്യാസന്‍ തലയില്‍ കൈ വെച്ചു കരഞ്ഞു. കൃഷ്ണനിലുടെ ധര്‍മ്മസംസ്ഥാപനത്തിനായുള്ള വ്യാസന്റെ സമീപനത്തെ വിമര്‍ശനാത്മകമായി വ്യാഖ്യാനിക്കുന്നവര്‍ നിരവധി. സര്‍വ്വവും നശിപ്പിച്ചിട്ടാണോ ധര്‍മ്മസംസ്ഥാപനം ഏന്നാണ് അവരുടെ ചോദ്യം. അര്‍ജ്ജുനന്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്ത് ഭീഷ്മപിതാമഹനെ ശരശയ്യയില്‍ കിടത്തിയതും, ധൃഷ്ടിധ്യൂമ്‌നനെക്കൊണ്ട് ദ്രോണാചാര്യരുടെ തല കൊയ്യിക്കാന്‍ യുധിഷ്ടിരന്‍ കള്ളം പറയാതെ പറഞ്ഞതിലെ ചതിയും, രഥയുദ്ധനീതി പാലിക്കാതെ കര്‍ണ്ണന്റെ നേരെ അസ്ര്തം പ്രയോഗിക്കാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിച്ചതും, ഗദായുദ്ധത്തില്‍ അജയ്യനായ ദുര്യോധനനെ തോല്‍പ്പിക്കാന്‍ ദുര്യോധനന്റെ തുടക്കടിക്കാന്‍ ഭീമനു ആംഗ്യഭാഷയില്‍ നിര്‍ദ്ദേശം നല്‍കിയതും, ദുര്യോധനന്റെ തുടകള്‍ ബലഹീനമാകാനുള്ള തന്ത്രമൊരുക്കിയതും അങ്ങനെ കുതന്ത്രങ്ങളിലൂടെ മഹാഭാരത യുദ്ധം ജയിച്ചതിലുള്ള ന്യായീകാരണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

"ലക്ഷ്യത്തിലെത്തുന്നതിലല്ല
കാഴ്ചകള്‍ കാണുന്നതിലാണെനിക്കാനന്ദം'

ഏന്ന് കവി പറഞ്ഞതു പോലെയാണ് ഈ വിമര്‍ശകരും. ലക്ഷ്യത്തിന്റെ മഹത്വത്തില്‍ മാര്‍ഗ്ഗം അപ്രസക്തമാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് വ്യാസനെ അവര്‍ മനസ്സിലാക്കിയില്ല. വ്യാസന്‍ തിരസ്ക്കരിക്കപ്പെട്ടു.

ആധുനികതയിലും വായനക്കാര്‍ പ്രത്യേകിച്ച് നിരൂപകര്‍ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന ആശയഗതിയുടെ അന്തര്‍ഭാവവും രചനയുടെ സ്വഭാവവും മനസ്സിലാക്കാനുള്ള വൈഭവം ഇക്ലാതെ വരുമ്പോള്‍ ഉപരിപ്ലവതയിലൂടെ സഞ്ചരിച്ച് എഴുത്തുകാരെ പരിഹസിക്കുന്ന പ്രവണത കാണുന്നുണ്ട്. ഈ ദോഷം കൂട്തതല്‍ കാണുന്നത് അമേരിക്കന്‍ മലയാളി നിരൂപകരിലാണ്. പരിഹാസം നിരൂപണമല്ല, എഴുത്തുകാരോടുള്ള വൈരാഗ്യം തീര്‍ക്കലാണ്. അമേരിക്കന്‍ മലയാളസാഹിത്യ രംഗത്ത് നിരൂപണശഖയേ ഇല്ലെന്ന് വിളംബരം ചെയ്യുന്നതു പോലെ ആരോപണം ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ നിരൂപകര്‍ എഴുത്തുകാരനോടുള്ള വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി നിരൂപണസാഹിത്യത്തിന്റെ നിലവാരം താഴ്ത്തിക്കളയുന്ന വിധത്തില്‍ നിരൂപണമെഴുതുന്നത് ആ ശാഖയെ അധഃപതിപ്പിക്കുകയേയുള്ളൂ. രചനകള്‍ക്ക് സാഹിത്യപരമായും ആവിഷ്ക്കാരപരമായും ആശയപരമായും മറ്റും വൈവിധ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ആ വൈവിധ്യങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിത്വത്തിനു തന്നെ പോറലേല്‍പ്പിക്കുന്ന വിധത്തില്‍ പരിഹാസത്തിലേക്ക് ചാഞ്ഞു പോകാതെ, രചനയുടെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലാണ് നിരൂപണത്തിന്റെ മഹത്വമിരിക്കുന്നത്. ഇതിഹാസത്തിലെ ഒരു ശ്രേഷ്തവനിത എന്ന പദവിയുള്ള പാഞ്ചാലിയുടെ മനസ്സില്‍ കിളര്‍ത്ത അഹങ്കാരം മൂലമാണ് ഇന്ദ്ര്ര്രപസ്ഥത്തില്‍ ദുര്യോധനനേയും സ്വയംവരവേളയില്‍ കര്‍ണ്ണനേയും പരിഹസിച്ചത് എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ പാഞ്ചാലിപേമികളായ നിരൂപക യഥാസ്തികര്‍ വൈചാരികതയുടെ തലത്തില്‍ നിന്നും തെന്നി മാറി വൈകാരികതയുടെ തലത്തിലൂടെ സഞ്ചരിച്ച് കലശല്‍ കൂട്ടി എഴുത്തുകാരനെ അധിക്ഷേപിച്ചെന്നിരിക്കും. ഇതൊക്കെ നിരൂപകരുടെ വീക്ഷണത്തിലുള്ള അപക്വതയായി കണക്കാക്കാം.

ദിവ്യാത്മാക്കളുടെ കൂട്ടത്തില്‍ യേശുദേവനുണ്ടായ തിരസ്ക്കാരത്തിന്റെ മാറ്റുരച്ചു നോക്കാനുള്ള ചാണക്കല്ല് ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. യേശുവിനെ വേണോ ബറാബസിനെ വേണോ എന്ന ചോദ്യത്തിന്റെ പ്രതികരണത്തില്‍ ലോകജനത ഇപ്പോഴും സ്തംഭിച്ചു നില്‍ക്കുന്നു. അത് യൂദാസിനേയും തളര്‍ത്തിക്കാണും. യേശുദേവന്റെ പതനമാണ് യുദാസ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ ഹര്‍ഷാരവത്തില്‍ യുദാസ് സന്തോഷം കൊണ്ട് മതിമറക്കുമായിരുന്നു. എന്നാല്‍, യുദാസ് ദുഃഖത്തിന്റെ ആഴക്കടലില്‍ ആഴ്ന്നു പോവുകയാണ് ചെയ്തത്. യേശുദേവന് കുരുശില്‍ കരയാന്‍ ഇടയായല്ലോ എന്ന ദുഃഖമാണ് യൂദാസിനെ ദുര്‍ബ്ബലനാക്കിയത്. യേശുദേവന്റെ ആത്മപ്രഭയില്‍ ഉത്തേജിതനായ യൂദാസിന് വിരോധികളുടെ മനം മാറ്റാനും അവരെ സ്വന്തം വഴിയിലേക്ക് കൊണ്ടുവരാനും യേശുദേവന് സാധിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നിരിക്കണം. യേശുദേവന്റെ ദിവ്യത്വവും ഉള്‍വിളിയും ആ ജ്ഞാനശ്രോതസ്സിലൂടെ ഒഴുകിവന്ന വാക്കുകള്‍ ഈശ്വര ചൈതന്യത്തില്‍ സ്ഫുടം ചെയെ്തടുത്തതാണെന്നും യറുശലേമിലെ മതാധിപന്മാര്‍ക്ക് മനസ്സിലായില്ല. രക്ഷകനായി മുന്നില്‍ പ്രത്യക്ഷപ്പെട്ട യേശുവിനെ അവര്‍ കാര്‍ക്കിക്ലു തുപ്പിയത് അഹങ്കാരം കൊണ്ടു തന്നെ. അഹങ്കാരം വിജ്രംഭിച്ചിരിക്കുമ്പോള്‍ സത്യം അകന്ന് പോകുന്നു. സത്യത്തെ പുല്‍കാന്‍ അഹങ്കാരം തണുത്ത് മനസ്സ് പ്രശാന്തമാകണം. യൂദാസിന് അവരുടെ അഹങ്കാരത്തിന്റേയും ഗൂഢോദ്ദേശ്യത്തിന്റേയും ആഴമളക്കാന്‍ സാധിച്ചില്ല. .യേശുദേവനെ തള്ളിപ്പറഞ്ഞവര്‍ ഇന്നും അവരുടെ രിക്ഷകനെ കാത്തിരിക്കുന്നു. ഒരിക്കല്‍ അവതരിച്ച രക്ഷകനെ അംഗീകരിക്കാന്‍ അവരുടെ അഹംഭാവം സമ്മതിച്ചില്ല. യേശുദേവന്റെ പതനത്തിന് യൂദാസ് കാരണക്കാരനായി ഭവിച്ചു. തന്നെ ശിഷ്യന്മാരിലൊരാള്‍ ഒറ്റിക്കൊടുക്കുമെന്ന് യേശുദേവന്‍ അവസാന അത്താഴ മുഹൂര്‍ത്തത്തില്‍ പറയുകയും ആ ശിഷ്യന്‍ യൂദാസാണെന്ന് യേശുദേവന്‍ തന്നെ പ്രകടമാക്കുകയും ചെയ്തപ്പോള്‍ മറ്റു ശിഷ്യന്മാര്‍ യൂദാസിനെ വെറുത്തു. കുറ്റാരോപിതനായി ഇറങ്ങിപ്പോയ യൂദാസിന്റെ ആത്മഗതം, "ഇല്ല ഞാന്‍ ഒരിക്കലും അങ്ങയെ ഒറ്റിക്കൊടുക്കുകയില്ല, മറിച്ച് അങ്ങേക്ക് ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് സത്യം വെളിപ്പെടുത്താനുള്ള അവസരം ഒരുക്കുമെന്നായിരുന്നിരിക്കാം.'' കാരണം ഗുരുക്കന്മാര്‍ ആദരിക്കപ്പെടുന്നതും അവരുടെ മഹത്വം വാഴ്ത്തപ്പെടുന്നതും ശിഷ്യന്മാരിലൂടെയാണ്. എന്നാല്‍, ഇവിടെ യുദാസ് വില്ലന്റെ സ്ഥനത്ത് അവരോധിക്കപ്പെട്ടു. വില്ലനില്‍ വര്‍ഷിക്കപ്പെടുന്നത് സ്‌നേഹമല്ല, വെറുപ്പും വിദ്വേഷവുമാണ്. യൂദാസിനെ ഒറ്റുകാരനായി യേശുദേവന്‍ തന്നെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് യൂദാസ്സിന് വില്ലന്റെ സ്ഥാനത്തു നിന്ന് മോചനമില്ല. മുപ്പതു വെള്ളിക്കാശിന്റെ പ്രലോഭനം പാപത്തിന്റെ അടയാളമായി യൂദാസിനോട് ചേര്‍ത്തുവച്ചപ്പോള്‍ വിക്ലന്റെ സ്ഥാനം ഉറപ്പായി.
ഗുരുവിനൊപ്പം താനുമെന്ന ചിന്തയായിരിക്കാം തന്റെ ഉദ്യമത്തില്‍ പരാജയപ്പെട്ട യുദാസിനെ മരണക്കയറിലെത്തിച്ചത്. യേശുദേവന്റെ കുരിശാരോഹണ സമയത്തെ യുദാസിന്റെ മാനസിക സമ്മര്‍ദ്ദം എന്തായിരുന്നുവെന്ന് യുക്തിപൂര്‍വ്വം വിശകലനം ചെയ്യുന്നത് പല കണ്ടെത്തലുകള്‍ക്കും വഴിയൊരുക്കിയേക്കാം. കൂടുതല്‍ നികൃഷ്ടത കാണേണ്ടത് യേശുദേവനെ കുരുശില്‍ കരയില്ല തികച്ചും മൂല്യശോഷണം സംഭവിച്ച, ജനസമൂഹത്തിലാണ്. ദൈവമേ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിവിക്ലാത്ത ഈ പാവങ്ങള്‍ക്ക് മാപ്പ് കൊടുക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ചരമം പൂകിയ, മഹത്വത്തിന്റെ മൂര്‍ത്തിയായ യേശുദേവവനും തിരസ്ക്കാരത്തിന്റെ വലയില്‍ കുടുങ്ങിപ്പോയി.

സഹോദരി സഹോദരങ്ങളായിരിക്കേണ്ട ഹിന്ദുക്കളും മുക്ലിങ്ങളും നേര്‍ക്ക് നേര്‍ കഠാരി ഉയര്‍ത്തിയത് ഗാന്ധിജിക്ക് അസഹനീയമായിരുന്നു. ഭിന്നിപ്പിച്ച്് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണനയത്തിന്റെ പരിണിത ഫലമായിരുന്നു ഹിന്ദു-മുസ്ലിം ലഹള എന്ന് ആരോപിക്കുന്നതിനേക്കാള്‍ യുക്തം ഭാരതീയ സാഹോദര്യ ഭാവത്തിന് മങ്ങലേറ്റു എന്ന് സമ്മതിക്കുന്നതായിരിക്കും. ഒരു സംസ്കാരത്തില്‍ അടിഞ്ഞു കൂടിയ തിന്മയുടേയും ഹിംസാത്മകതയുടേയും മനുഷ്യവിരുദ്ധതയുടേയും അടയാളമായി ഹിന്ദു-മുസ്ലീം ലഹളയുടെ അലകള്‍ ഭാരതീയാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ഹിന്ദുവായും ക്രിസ്ത്യാനിയായും മുസ്ലിമായും ജീവിച്ച ഗാന്ധിജിയുടെ മനസ്സില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആദര്‍ശം നിരന്തരം പ്രധിധ്വനിച്ചിരുന്നു എന്നു വേണം കരുതാന്‍. ആ ഹൃദയത്തിന്റെ വിശാലത കാണാന്‍ തീവ്രവാദികള്‍ക്ക് സാധിച്ചില്ല. അവര്‍ മറ്റൊരു ഗന്ധിക്ക് ജന്മം കൊടുത്തു. ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥുറാം അവര്‍ക്ക് പുതിയ ഗാന്ധി. ഗാന്ധിജിയുടെ സ്ഥാനത്ത് അവര്‍ കൊലയാളിയെ പൂജിക്കുന്നു. നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ സ്ഥാനത്ത് മോദി. അതുകണ്ട് രസിക്കുന്നവര്‍ ഇന്‍ഡ്യയ്ക്കു ശാപം. എവിടേയും തിരസ്ക്കരിക്കപ്പെടുന്ന മഹാത്മാവ്. അഹിംസയുടെ മന്ത്രങ്ങളോതിത്തന്ന ഗാന്ധിജിയെ തന്നെ ഹിംസിച്ചു, സ്‌നേഹം മനസ്സില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ സ്‌നേഹത്തില്‍ അധിഷ്ടിതമായ തത്വസംഹിതകളും നിഷ്പ്രഭമാകുന്നു. അവ പറഞ്ഞു തന്ന മഹാന്മാര്‍ പരാജയപ്പെടുന്നു. ഹിന്ദു മുസ്ലീം മൈത്രി കാണാന്‍ ആഗ്രഹിച്ച ഗാന്ധിജി ഹിന്ദു-മുസ്ലിം വിരോധത്തിന്റെ മദ്ധ്യത്തില്‍ മരണത്തിലൂടെ പരാജയം ഏറ്റുവാങ്ങി. ഗാന്ധിജിയുടെ പരാജയം സൂചിപ്പിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ പരാജയമാണ്. എല്ലാമതങ്ങളും അനുഭൂതിനിഷ്ഠമാണെന്നു മനസ്സിലാക്കാതെ ഇന്‍ഡ്യയുടെ ഭൂതകാലചരിത്രത്തിന് കളങ്കം വരുത്തിയ മതയുദ്ധങ്ങള്‍ തുടരാതിരിക്കണമെങ്കില്‍ "പൊരുതു ജയിച്ചതസാദ്ധ്യമൊന്നിനോടൊന്നൊരു മതവും പൊരുതാലൊടുങ്ങിവീല " എന്നറിയണം.

മഹാനായ ഗുരു എന്ന് റൊമയന്‍ റൊളണ്ട് വിശേഷിപ്പിച്ച നാരായണഗുരുവും അനുയായികളാല്‍ അവഗണിക്കപ്പെട്ടു. കേരളീയ നവോത്ഥാനത്തിന്റെ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന നാരായണഗുരു സമൂഹോദ്ധാരണത്തിന് അശ്രാന്തം പരിശ്രമിച്ചു. സാമൂഹ്യപ്രരിഷ്ക്കരണത്തില്‍ മതപരിഷ്ക്കരണങ്ങളും ജാതിവിരുദ്ധ സമരങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നു. ജാതിവിരുദ്ധതയുടെ ആശയപ്രചാരണത്തിനായി ശക്തമായ സാമൂഹ്യ പ്രസ്ഥാനമായാണ് എസ്. എന്‍. ഡി. പി. യോഗം നാരായണഗുരു വിഭാവന ചെയ്തത്. സമൂദായിക രഷ്ട്രീയ ഭിത്തികളെ ഉല്ലഘിക്കുന്ന ഭാരതീയ സസ്കൃതിയുടെ നിറം കലര്‍ത്തിയാണ് നാരായണഗുരു എസ്, എന്‍. ഡി. പി. യോഗത്തിന് ജന്മം നല്‍കിയതെങ്കിലും അപഥസഞ്ചാരികളായ യോഗനേതാന്മാര്‍ക്ക് ആ പേരിനെ അന്വര്‍ത്ഥമാക്കാന്‍ സാധിച്ചില്ല. ഗുരു വിഭാവന ചെയ്ത പുത്തന്‍ മാനവികതയെ നിഷേധിച്ചു കൊണ്ട് തങ്ങള്‍ക്ക് താഴെയുള്ള സമൂഹത്തോട് വരേണ്യവര്‍ഗ്ഗം തങ്ങളോട് കാണിച്ച അതേ വിമുഖതയും ദാര്‍ഷ്ട്യവും പ്രകടമാക്കിയപ്പോള്‍ യോഗം ജാതിവിരുദ്ധദൗത്യത്തെ നിഷ്പ്രഭമാക്കി. തന്റെ ആശയങ്ങളെ നിഷേധിച്ചുകൊണ്ടുള്ള യാഥാസ്തികത യോഗത്തില്‍ പ്രബലമായപ്പോള്‍ ഗുരുവിന് യോഗം വിട്ടു പോകേണ്ടി വന്നു. ഗുരുവിനോടുള്ള തിരസ്ക്കാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാരിക്കണം ഗുരു േ്രകരളം തന്നെ ഉപേക്ഷിച്ച് ശ്രീലങ്കയില്‍ സ്ഥിരമായി താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പട്ടിയേയും ചണ്ഡാളനേയും ഒരു പോലെ കാണണമെന്ന ഗീതാവചനം അന്വര്‍ത്ഥമാക്കി ജനങ്ങളെ മനുഷ്യാഐക്യത്തിന്റെ സോപാനത്തിലേക്ക് നയിച്ച ഗുരുവിന്റെ അനുയായികള്‍ ഗുരുവിനെ മനസ്സിലാക്കാതെ വന്നപ്പോള്‍ തന്റെ അനുയായികളില്‍ നിന്ന് തന്നെ രക്ഷിക്കണേ എന്ന് കരഞ്ഞുകൊണ്ട് ഗുരു ജന്മനാട് വിട്ടുപോയതില്‍ എന്താണത്ഭുതം. ഇപ്പോഴും പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ രാഷ്ട്രീപ്പാര്‍ട്ടികളുടെ ഭാഗമായിക്കൊണ്ട് ഉന്നയിക്കുന്ന പ്രശ്‌നം സ്വന്തം സമൂദയത്തിന്റേതു മാത്രമാണ്.്. നാരായണഗുരു ദൈവദശകട്ടില്‍ ദൈവത്തെ ദയാസിന്ധോ എന്ന് വിളിക്കുന്നു. ഒരു അദൈ്വതിയുടെ ജ്ഞാനത്തില്‍ നിന്ന് ദയയിലേക്കുള്ള സംക്രമണമാണിത്. ദയാപരനായ കര്‍ത്താവേ എന്ന് ക്രിസ്ത്യാനികളൂം പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വജീവജാലങ്ങളോടു ഒരു പോലെ ദയയും സ്‌നേഹവും പ്രകടിപ്പിക്കുന്ന ഒരു സന്യാസിയായിരിക്കണം ഒരു ആശ്രമത്തിന്റെ നേതാവായിരിക്കേണ്ടത് എന്ന നാരായണഗുരുവിന്റെ അഭിമതത്തിന് വിപരീതമായാണ് ശിവഗിരി ആശ്രമത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഗുരുവിനെ നിരാശപ്പെടുത്തി. സന്യാസിമാരുടെ ആദര്‍ശപരവും ആത്മീയപരവുമായ വീഴ്ചകള്‍ അവര്‍ ഗുരുവിനെ അവഗണിക്കുന്നതിന് തുല്യമായി.

നന്മയില്‍ കടഞ്ഞെടുത്ത മനസ്സുമായാണ് മുസ്ലിങ്ങള്‍ മറ്റു മതങ്ങളെ സമീപിക്കേണ്ടതെന്ന് മുഹമ്മദ് നബി ഖുറാന്‍ അടിസ്ഥാനമാകി ഉല്‍ഘോഷിക്കുന്നു. നിങ്ങളുടെ മതം നിങ്ങള്‍ക്ക് എന്റെ മതം എനിക്ക് എന്ന് ഖുറാനില്‍ പറഞ്ഞിരിക്കുന്നതിന്റെ പൊരുളറിയുന്നവര്‍ക്ക് മതസഹിഷ്ണതയെ പറ്റി പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല. മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ മതസഹിഷ്ണത എന്തെന്ന് ബോധ്യമാകും.

ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു സോക്രട്ടിസില്‍ ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹത്തിന്റെ വിഷപാനത്തില്‍ കലാശിച്ചു. എന്നെ സമീപിച്ചവരോടാണ് ഞാന്‍ സംസാരിച്ചത് എന്ന സോക്രട്ടീസിന്റെ വാക്കുള്‍ അധികാരികള്‍ക്ക് സമ്മതമായില്ല. പരസ്പരം കലഹിക്കാനല്ല ബുദ്ധമതം സ്ഥാപിതമായത്. ബുദ്ധഭിക്ഷുക്കളുടെ കലഹം കണ്ട് ദുഃഖിതനായാണ് ഗൗതമബുദ്ധനും നിര്‍വ്വാണം പ്രാപിച്ചത്.

വ്യാസനും യേശുദേവനും ബുദ്ധനും സോക്രട്ടിസും ഗാന്ധിജിയും നാരായണഗുരുവുമൊക്കെ അന്തിമനാളുകളില്‍ വിഷാദഭരിതരായിരുന്നു. വ്യക്തിപരമായുണ്ടായ വിരോധമല്ല അവരുടെ സന്ദേശങ്ങളുടെ തിരസ്ക്കാരമാണ് അവരെ വേദനിപ്പിച്ചത്. മഹാന്മാരുടെ തിരസ്ക്കാരം ലോകാധഃപതനത്തിന് വഴി തെളിക്കും. മഹാന്മാരെ അന്ത്യകാലത്ത് അലട്ടിയിരുന്ന വ്യഥയുടെ കാരണങ്ങളെപറ്റിയും അതിന് ഇന്നുള്ള പ്രസക്തിയെപറ്റിയും ഒരു പുനഃപരിശോധന നടത്തി വിശകലനം ചെയ്യുന്നതുകൊണ്ട് ആ മഹത്മാക്കളുടെ തത്വപ്രചാരണം നടത്താന്‍ പാകത്തിന് ധൈഷണികതയും മഹത്ത്വവും ഉള്ളവര്‍ ഉണ്ടായെന്നു വരാം. ലോകത്തിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന അവതാരങ്ങളുടെ സന്ദേശങ്ങള്‍ കാലത്തിന്റെ പരിപാകതയില്‍ സ്വീകരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

Credits to joychenputhukulam.com


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC