lekhanam

മനുഷ്യനെ മയക്കുന്ന മതങ്ങൾ

പി.റ്റി. പൗലോസ് 2018-02-13 04:13:37am

''ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്ന് രുചിച്ച ചോരക്ക്‌ ഒരേ രുചി''

കുരീപ്പുഴ ശ്രീകുമാർ എന്ന സാംസ്‌കാരിക വിപ്ലവകാരി വർഗീയ വിഷം ചീറ്റുന്ന അണലി പറ്റങ്ങൾക്കു നേരെ എറിഞ്ഞ അറിവിന്റെ അമ്പുകളാണിത്. ഫാന്റസി കഥകളിലെ നായകന്മാരെപ്പോലെ മനുഷ്യൻ സൃഷ്‌ടിച്ച ദൈവങ്ങളെ മാറ്റി നിറുത്തി മനുഷ്യന്റെ മഹിമയെ മഹത്വീകരിച്ചപ്പോൾ RSS എന്ന വർഗീയ വാദികൾ കുരീപ്പുഴയെ കടന്നാക്രമിച്ചു. കുരീപ്പുഴക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്കാരിക പ്രവർത്തകർ അതേറ്റെടുത്തു. അതൊരു സാംസ്കാരിക വിപ്ലവത്തിന്റെ അല്ലെങ്കിൽ പരിവർത്തനത്തിന്റെ പടപ്പുറപ്പാട് ആകട്ടെ എന്നാശംസിച്ചു കൊണ്ട് മതം എന്ന വിഷ ജലത്തിൽ കാലങ്ങളായി മുങ്ങി താഴുന്ന മന്ദ ബുദ്ധികളായ മനുഷ്യ ജന്മങ്ങളെക്കുറിച്ച് അല്പം .

2017 ല്‍ ഇന്ത്യൻ പാർലമെൻറിൽ അവതരിപ്പിച്ച കാണക്കനുസരിച്ചു ഭാരതത്തിലെ ജനസംഖ്യയിൽ 74 .33 ശതമാനം ഹിന്ദുക്കൾ, 14 .20 ശതമാനം മുസ്ലിങ്ങൾ, 5 .84 ശതമാനം ക്രിസ്തിയാനികൾ, 5 .63 ശതമാനം മറ്റുള്ളവർ. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത പാവങ്ങളുടെ കണക്കില്ല. പട്ടിണി കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കില്ല. വീടില്ലാത്തവന്റെയും തുണിയില്ലാത്തവന്റെയും തൊഴിലില്ലാത്തവന്റെയും കണക്കില്ല. എന്നാലിവിടെ ഹിന്ദുവിന്റെ കണക്കു വേണം. മുസ്ലിമിന്റെ കണക്കു വേണം. ക്രിസ്തിയാനിയുടെ കണക്കു വേണം. ഒരു സംശയം. നമ്മുടെ രാജ്യത്തു ഹിന്ദുവും മുസ്ലിമും ക്രിസ്തിയാനിയും മറ്റു മതങ്ങളും മാത്രമേയുള്ളൂ. മനുഷ്യരായ ഇന്‍ഡ്യക്കാരില്ലേ ?

മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്ടികളാണ്. അവയുടെ വേരുകൾ ആഴ്ന്നിറങ്ങി  മനുഷ്യ ഹ്രദയങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുകയാണ് . ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് '' എന്ന് പറഞ്ഞ കാറൽ മാക്സിന്റെ അനുയായികൾ ആള്‍ദൈവങ്ങളെ ആലിംഗനം ചെയ്യുമ്പോൾ , പളനിയിൽ തല മുണ്ഡനം ചെയ്യുമ്പോൾ, മല ചവിട്ടാൻ കെട്ടു നിറക്കുമ്പോൾ നമുക്ക് ചിന്തിക്കാം മതം എത്ര മാത്രം മനുഷ്യനെ മന്ദബുദ്ധികൾ ആക്കിയെന്ന് . എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും തുല്യ അധികാരമുള്ള ഇന്ത്യയിലെ രാഷ്ട്രീയ ഭരണ ചക്രം ഒരു പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിലൂടെ തിരിയുമ്പോൾ കാണേണ്ടതല്ലാത്ത കാഴ്ചകൾക്ക് മുൻപിൽ നമുക്ക് കണ്ണുകളടക്കേണ്ടി വരുന്നു. പശുവിനെ  ദൈവമാക്കുമ്പോൾ, ഗോമാംസം തിന്നുന്നവനെ അടിച്ചുകൊല്ലുമ്പോൾ , നഗ്‌നരായ സന്ന്യാസിമാരുടെ ലിംഗം തൊട്ടു വണങ്ങുന്ന ഭരണ കർത്താക്കളെ കാണുമ്പോൾ, ലിംഗ പൂജ നടത്തി സംതൃപ്തരാകുന്ന ആർഷ ഭാരതത്തിലെ കുല സ്ത്രീകളെ കാണുമ്പോൾ. ആയിരമായിരം വർഷങ്ങൾക്ക് അപ്പുറത്തെ ആർഷ ഭാരത സംസ്കാരം കൊട്ടി ഘോഷിക്കുന്ന ഹൈന്ദവ മതത്തിന്റെ വക്താക്കളെന്ന് വീമ്പിളക്കുന്നവരോട് ഒരു ചോദ്യം ? നിങ്ങളെങ്ങോട്ടാണ് ? പച്ച മാംസം തിന്ന് കല്ല് കൊണ്ട് കാട്ടുതീ ഉണ്ടാക്കിയ മനുഷ്യന്റെ അപരിഷ്ക്രത യുഗത്തിലേക്കോ ? ഉത്തരം കാണില്ല. കാരണം നിങ്ങൾ  മതത്തിന്റെ ലഹരിയിൽ മയങ്ങി കിടക്കുകയാണ്. നിങ്ങളുടെ നേതാക്കൾക്ക് ചെങ്കോട്ടയിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെങ്കിൽ വർഗീയ വിഷം നിങ്ങളുടെ സ്വതന്ത്ര ചിന്തയെ തളർത്തിയിരിക്കണം. ഒരു ചോദ്യം കൂടി. നിങ്ങളെങ്ങനെയാണ് ഹൈന്ദവമതത്തിന്റെ വക്താക്കളായത് ? മതപരമായ ഒരു ഭൂതകാലം ഇന്ത്യക്കില്ല. ആര്യന്മാരുടെയും ഇൻഡോ പാർഥിയൻസിന്റെയും ബാക്ടറിയൻ ഗ്രീസുകാരുടെയും ശാകന്മാരുടെയും കുശാനന്മാരുടെയും ഒക്കെ നാനാതരം സംസ്കാരധാരകളുടെ വ്യാമിശ്രമായ കൂടിക്കലരുകളെ മതപരമായി തെറ്റിദ്ധരിക്കപ്പെട്ടതല്ലേ പ്രാചീന ഇന്ത്യയുടെ ഹൈന്ദവമതം. ബ്രിട്ടിഷുകാർ അതിനെ വളം വച്ച് വളർത്തി.

സ്വർഗ്ഗത്തിന്റെ നേരവകാശികൾ എന്ന് പറയുന്ന ക്രിസ്തിയാനികൾക്ക് വഴി പിഴച്ചവരെ സ്വർഗത്തിലേക്ക് വഴി കാട്ടുന്ന ചൂണ്ടുപലകകളായ ആത്മീയത്തൊഴിലിളികള്‍ ഉണ്ട്. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് മുതലാളിമാരും. ഇവർക്കെല്ലാം ഓശാന പാടുന്ന ഒരു പറ്റം സാംസ്കാരിക നായകന്മാരും യജമാനന്റെ തീൻ മേശയിൽ നിന്നും എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്കായി കാത്തുകിടക്കുന്നു . അപ്പോൾ അഭയ കേസിലെ പ്രതിക്ക് അവാർഡ് കിട്ടും. വേദപാഠ ക്ലാസ്സിനു പോകുന്ന സ്രേയമാരുടെ ജഡങ്ങൾ കുളങ്ങളിൽ പൊങ്ങും. സത്നാംസിംഗുമാരുടെ പ്രേതങ്ങൾ വഴിയോരങ്ങളിൽ നിത്യകാഴ്ചയാകും. അരമനകളിലും ആരധനാമഠങ്ങളിലും അറപ്പില്ലാതെ അരങ്ങേറുന്ന ലൈംഗീക വൈകൃതങ്ങൾ വേറിട്ടൊരു കാഴ്ചയാവില്ല. തിരുസഭക്ക് ഇളക്കം വരാതെ ആ വിശുദ്ധ പാപങ്ങൾ അതീവ രഹസ്യമായി വത്തിക്കാന്റെ അകത്തളങ്ങളിൽ നൂറ്റാണ്ടുകളോളം സൂക്ഷിക്കപ്പെടും.

ലോകപ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിന്സിനോട് 2010 ല്‍ തന്റെ ന്യൂസിലാൻഡ്  - ഓസ്ട്രേലിയ സന്ദർശന വേളയിൽ ഒരു കൂട്ടം പത്രലേഖകർ ചോദിച്ചു ''താങ്കൾ ബൈബിളിനെ മാത്രം വിമർശിക്കുന്നു. എന്തുകൊണ്ട് ഇസ്ലാമിനെ വിമർശിക്കുന്നില്ല ''.  ഡോക്കിൻസിന്റെ മറുപടി ഇതായിരുന്നു ''എനിക്ക് ഇസ്‌ലാമിനെ ഭയമാണ്‌ ''.  അതാണ് ഇസ്‌ലാമിന് എതിരെയുള്ള ശക്തിയായ വിമർശനം എന്ന് അവർ പിറ്റേദിവസത്തെ പത്രങ്ങളിൽ എഴുതി. ഭയപ്പെടേണ്ട മതത്തിൽ ഭീകരത അല്ലാതെ മൂല്യങ്ങൾ ഉണ്ടാകില്ലല്ലോ.

മതം എന്നും മനുഷ്യനെ സങ്കുചിതമാക്കിയിട്ടേയുള്ളു. സ്വതന്ത്രമായി ചിന്തിക്കാൻ അവകാശമുണ്ടാവില്ല. നമ്മൾ മതത്തിലേക്ക് ജനിച്ചു വീഴുകയാണ്. നമ്മളറിയാതെ തന്നെ മതം നമ്മളിൽ അടിച്ചേല്പിക്കപ്പെടുന്നു മതത്തിൽ നന്മയുണ്ട് എന്ന കാരണത്താൽ. എല്ലാ മത ഗ്രന്ഥങ്ങളിലും അവ എഴുതപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളനുസരിച്ചു നന്മയും തിന്മയും ഉണ്ട്. മതഗ്രന്ഥങ്ങൾ സാഹിത്യ സൃഷ്ടികളാണ്. വിശ്വാസപരമായി ചൂഷണം ചെയ്യപ്പെടാതിരിക്കാൻ നമ്മൾ മയക്കത്തിൽ നിന്നും സ്വതന്ത്ര ചിന്തയോടെ ഉണരണം.

ഹൈന്ദവമതത്തിന് ആധുനിക യുഗചിന്തയുടെയും മാനവികതയുടെയും പുതിയ മുഖം കൊടുത്ത സ്വാമി വിവേകാനന്ദൻ ഒരു മതത്തെയും തള്ളിപറഞ്ഞില്ല. ഹിന്ദുവാണെങ്കിൽ ഒരു നല്ല ഹിന്ദുവാകൂ, മുസ്ലിമാണെങ്കിൽ  ഒരു നല്ല മുസ്ലിമാകൂ, ക്രിസ്ത്യൻ ആണെങ്കിൽ ഒരു നല്ല ക്രിസ്ത്യൻ ആകൂ. സർവോപരി ഒരു നല്ല മനുഷ്യൻ ആകൂ. എന്നാലിന്ന് ഗോമാംസം തിന്നുന്നവനെ ത്രിശൂലത്തിൽ കുത്തിയെറിഞ്ഞു ഗോമാതാവിനെയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കാവി വസ്ത്ര ധാരികളുടെ പടയോട്ടത്തിൽ ഹിന്ദു മതത്തിന്‌ മാനവികതയുടെ പുതിയ മുഖം കൊടുക്കുവാൻ ശ്രമിച്ച കാവിയുടുത്ത ഗുരുവിനെ  മറന്നു. 

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ അരുതായ്മകളുടെ അങ്കത്തട്ടുകൾ പൊളിച്ചടുക്കി സമൂഹത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യത്വത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് നമുക്കാവശ്യം. അത് ഒരു സാംസ്കാരിക പരിവർത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതാകട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമ്മുടെ   സ്വപ്നവും !!


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC