മോന്‍സി കൊടുമണ്‍

കാടു കവര്‍ന്നവര്‍ കാടിന്റെ മകനെ കള്ളനാക്കി

കാടിന്റെ സമ്പത്ത് കവര്‍ന്നെടുത്തിട്ട് കാടിന്റെ മകനെ കള്ളനെന്നു മുദ്രകുത്തി തല്ലിക്കൊല്ലുന്ന കാടത്തം നിറഞ്ഞ കേരളത്തിന്റെ മക്കളോട്....

ഉത്തരേന്ത്യന്ന അപരിഷ്കൃത സംസ്ഥാനത്തോട് കിടപിടിക്കാന്‍ നിങ്ങള്‍ തുനിയരുത്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നു പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്രയും ക്രൂരവും പൈശാചികവുമായ ഒരു സംഭവം നടന്നതില്‍ അതിയായ വേദന തോന്നുന്നു. മായമില്ലാത്ത മധുരമുള്ള തേനും, വിഷമില്ലാത്ത പച്ചക്കറികളും, നല്ല കാട്ടുപഴങ്ങളും, വനസമ്പത്തും, ആയുര്‍വേദ മരുന്നുകളും നമുക്ക് നല്‍കി നമ്മെ പരിപോഷിക്കുന്ന കാടിന്റെ മക്കളോട് കാട്ടിയ കൊടിയ ക്രൂരത ഒരിക്കലും സഹിക്കാവുന്നതല്ല. 22 കോടിയോളം രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടക്കിയിട്ടും അട്ടപ്പാടി എന്ന ഗ്രാമത്തില്‍ 700 മനോരോഗികള്‍ ചികിത്സ ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. അതുപോലെ ചോരക്കുഞ്ഞുങ്ങളുടെ നിരന്തരമായ മരണം നമ്മെ വേദനിപ്പിക്കുന്നുണ്ട്.

ടണ്‍ കണക്കിന് അരിച്ചാക്കുകള്‍ കെട്ടിക്കടന്ന് അഴുകിയ ഒരു സംസ്ഥാനത്ത് ഒരുപിടി അന്നം വിശപ്പടക്കാന്‍ മോഷ്ടിച്ചവന് വെള്ളംപോലും നല്‍കാതെ തല്ലിക്കൊന്നതിന്റെ വീഡിയോ എടുത്ത് വൈറലാക്കുന്ന കാപാലികര്‍ കേരളത്തിന് ആപത്തായി മാറുന്നു.

ഇവിടെ ഒരു ആദിവാസി കൊല്ലപ്പെട്ടതിനേക്കാള്‍ നമുക്ക് ഭയക്കേണ്ടത് ചൂരലുമായി തെരുവില്‍ സദാചാര പോലീസ് ചമഞ്ഞു നടക്കുന്ന കപട സദാചാരന്മാരായ ഒരുപറ്റം എമ്പോക്കികളെയാണ്. കേരളത്തില്‍ പണ്ട് നക്‌സലൈറ്റുകള്‍ പരസ്യമായി വിചാരണ ചെയ്ത് കുറ്റവാളികളെ ശിക്ഷിക്കുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനാണ് ഈ കാടത്തം നിര്‍ത്തലാക്കി നാടിനെ രക്ഷിച്ചത്. ഇപ്പോള്‍ സദാചാര പോലീസ് ചമഞ്ഞ് കേരളത്തിലുടനീളം ശിക്ഷ നല്കുന്ന കപടന്മാര്‍ കേരളത്തിലുടനീളം താണ്ഡവമാടുന്നുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്ന കമിതാക്കളെ കല്ലെറിയാനും ചൂരല്‍ പ്രയോഗം നടത്താനും ഇത്തരം തന്തയില്ലാത്തവര്‍ കേരളത്തിലും വേരുറപ്പിച്ചുകഴിഞ്ഞു.

ഭിക്ഷാടന മാഫിയ കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. പക്ഷെ അവരെ പോലീസില്‍ ഏല്‍പിക്കുന്നതിനു പകരം പരസ്യമായി ശിക്ഷിക്കുവാന്‍ നമുക്ക് അധികാരമില്ല. പോലീല്‍ ഏല്‍പിച്ചാല്‍ ഒരു വാതിലില്‍ക്കൂടി കയറി മറുവാതിലില്‍ക്കൂടി അവര്‍ തിരിച്ചുവന്ന് പഴയ പണിതന്നെ ചെയ്യുന്നുണ്ട്. അത് മറ്റൊരു വസ്തുത. ഇല നക്കി നായയുടെ ചിറി നക്കിയായി പോലീസ് മാറുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇന്ന് പോലീസിനേക്കാള്‍ അധികാരം ഇത്തരം കപട സദാചാര പോലീസ് ചമയുന്നവര്‍ക്കാണ്. ഇതാണ് നാം നിര്‍ത്തലാക്കേണ്ടത്.

ശ്രീ മധു എന്ന ആദിവാസി വിശപ്പിനുവേണ്ടി അല്പം അരിയും മുളകും മോഷ്ടിച്ചുവെങ്കില്‍ അവനെ പോലീസില്‍ ഏല്‍പ്പിക്കുന്നതില്‍ കവിഞ്ഞ് നാട്ടുകാര്‍ക്ക് പരസ്യ ശിക്ഷ കൊടുക്കുവാനും അത് വീഡിയോയില്‍ പകര്‍ത്തുവാനും എന്തധികാരം. ഒരുപക്ഷെ നമുക്ക് കുറ്റവാളികളെ വീഡിയോയില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത് നല്ല കാര്യം. മധു എന്ന പാവത്തിന്റെ തലയില്‍ ഏറ്റ മാരകമായ മുറിവാണ് മരണത്തിന് ഇടയാക്കിയത്. ആ മനുഷ്യനെ കള്ളനെന്നു മുദ്ര കുത്തുവാന്‍ സാധിക്കില്ല. കാരണം. എട്ടുവര്‍ഷമായി വീട് വിട്ട് ഗുഹയില്‍ താമസിക്കുന്ന ഒരു മനോരോഗിയായിരുന്നു മധു എന്ന ആദിവാസി. വനത്തിലല്ല, ക്രൂര മൃഗങ്ങള്‍ നാട്ടിലാണെന്നറിയാന്‍ മധുവിന് സാധിക്കാതെ പോയി.

എട്ടുവര്‍ഷമായി മധു എവിടെ എന്നു മാതാപിതാക്കള്‍ക്കുപോലും അറിവില്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഈ മനുഷ്യന്റെ തിരോധാനം മാതാപിതാക്കള്‍ പോലീസില്‍ അറിയിച്ചില്ല. ആരാണ് ഈ മനുഷ്യന്റെ തലയില്‍ മാരകമായ മുറിവേല്‍പിച്ചത്. മൊബൈലില്‍ ഇദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി തല്ലുന്നത് കാണാന്‍ സാധിക്കുന്നില്ല. പോലീസ് വന്ന് ഇദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ ഈ മനുഷ്യന് ബോധമുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ വച്ച് മധു എല്ലാ പ്രതികളുടേയും പേര് വ്യക്തമായി പറഞ്ഞിരുന്നു. പിന്നെ എങ്ങനെ മധു പെട്ടെന്ന് മരണപ്പെട്ടു? പോലീസിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ?. ഫോറസ്റ്റുകാര്‍ എന്തിന് മധുവിനെ കാട്ടിക്കൊടുത്തു? മുക്കാലിയില്‍ നിന്നും വനത്തിനുള്ളില്‍ മധുവിന്റെ ഗുഹിയിലേക്ക് പോയവര്‍ ID ഇല്ലാതെ എങ്ങനെ വനത്തില്‍ എത്തപ്പെട്ടു? എന്തുകൊണ്ട് വനപാലകര്‍ ID ഇല്ലാതെ ഇവരെ വനത്തിനുള്ളില്‍ പ്രവേശിപ്പിച്ചു? ഇത്തരം ദുരൂഹതകള്‍ അവശേഷിക്കുമ്പോള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചത് പോലീസാണോ, വനപാലകരാണോ, നാട്ടുകാരാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തലയിലെ മാരകമായ മുറിവ് എങ്ങനെയുണ്ടായി? സംശയത്തിന്റെ നൂലാമാലകള്‍ ബാക്കിയാക്കിക്കൊണ്ട് ഞങ്ങളുടെ മധു എന്ന സഹോദരന്‍ ഈ ലോകത്തോട് വിടപറയപ്പെട്ടു. വിഷമില്ലാത്ത മധുവും കാട്ടുപഴവര്‍ഗ്ഗങ്ങളും പച്ചമരുന്നുകളും വനസമ്പത്തും ജീവന്‍പോലും പണയപ്പെടുത്തി നമുക്ക് നല്‍കുന്ന കാടിന്റെ മക്കളെ നാം ഒരിക്കലും വിസ്മരിക്കരുത്. അവര്‍ നിഷ്കളങ്കരാണ്. ദൈവത്തിന്റെ മക്കളാണ്. പ്രിയപ്പെട്ട മധുവിന് അന്ത്യപ്രണാമം! 

Read more

പുല്ലുകുഴിയിലെ റാണി മരിയ ഇനി ലോകത്തിന്റെ പുണ്യവതി

അഞ്ചു കര്‍ദ്ദിനാള്‍മാരും അമ്പതോളം മെത്രാന്‍മാരും അനേകം സിസ്റ്റര്‍മാരും പതിനയ്യായിരത്തോളം വിശ്വാസികളും നിറഞ്ഞുനിന്ന സദസ്സില്‍ സിസ്റ്റര്‍ റാണി മരിയയെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചു നവംബര്‍ നാലാം തീയതി ഭാരതസഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി വത്തിക്കാന്‍ സ്ഥാനപതി പ്രഖ്യാപിച്ചപ്പോള്‍ സിസ്റ്റര്‍ റാണി മരിയയുടെ സ്വന്തം ഗ്രാമമായ പുല്ലുകുഴിയിലെ വിശ്വാസികള്‍ സന്തോഷ കണ്ണീരണിഞ്ഞു.

1995 -ല്‍ വധിക്കപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാന്‍ 22 വര്‍ഷമെടുത്തതില്‍ ആദ്യം പരിഭവം രേഖപ്പെടുത്തട്ടെ. ചടങ്ങില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി, ഇന്‍ഡോര്‍ എം.പി. സുമിത്ര മഹാജന്‍ തുടങ്ങിയ ഉന്നത രാഷ്ട്രീയനേതാക്കളും പങ്കെടുത്തതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തട്ടെ.

ഹൈന്ദവ സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണം മൂലമാണ് ഇന്ത്യയില്‍ ക്രിസ്തീയ സഭകള്‍ പുരോഗമിക്കുന്നതെന്ന് ആദ്യം ഞാന്‍ നന്ദിയോടെ സ്മരിക്കട്ടെ. ചിലര്‍ തീവ്രവാദികള്‍ ആകുന്നതില്‍ അവര്‍ക്കുവേണ്ടി നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം.

ക്ഷമിക്കുക എന്ന ദൗത്യമാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്. സഹോദരനേട് ഏഴല്ല എഴുപതു വട്ടംകൂടി ക്ഷമിക്കേണ്ടതുണ്ട് എന്ന് ക്രിസ്തു ഉപദേശിക്കുമ്പോള്‍- അതു ജീവിതത്തില്‍ പ്രാര്‍ത്തികമാക്കിയത് സിസ്റ്റര്‍ സെല്‍വിയാണ്. സ്വന്തം സഹോദരി സിസ്റ്റര്‍ റാണി മരിയയെ നാല്‍പ്പത്തിയൊന്നാം വയസ്ലില്‍ 54 പ്രാവശ്യം മൂര്‍ച്ഛയേറിയ കത്തികൊണ്ട് കുത്തിക്കൊന്ന കൊലപാതകി സമീന്ദര്‍ സിംഗിനു മാപ്പു കൊടുത്തതു മാത്രമല്ല, ആ ക്രൂരന്റെ കൈയ്യില്‍ രാഖി കെട്ടി അദ്ദേഹത്തെ സ്വന്തം സഹോദരനാക്കുകകൂടി ചെയ്തപ്പോള്‍ ശത്രുവിനെപ്പോലും സ്‌നേഹിക്കണം എന്ന ക്രിസ്തുവിന്റെ ഉപദേശം അവിടെ പാലിക്കപ്പെടുകയാണുണ്ടായത്. ക്ഷമയുടെ പുണ്യംകൊണ്ട് ആ കൊടുംകൊലപാതകി പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറയുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഒരു കുഗ്രാമത്തില്‍ രാഷ്ട്രീയക്കാരാലും മറ്റു സമൂഹങ്ങളാലും ഉപേക്ഷിക്കപ്പെട്ട ഒരുപറ്റം പാവങ്ങള്‍ക്കുവേണ്ടി ചോരയും നീരും വറ്റിക്കൊണ്ട് സേവനം അനുഷ്ഠിച്ചിരുന്ന റാണി മരിയ എന്ന സിസ്റ്റര്‍ തന്റെ സേവനമെല്ലാം കഴിഞ്ഞ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ തന്റെ ബന്ധുക്കളെ കാണുക പതിവായിരുന്നു. ആ കുഗ്രാമത്തില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്‌തെങ്കിലേ ഇന്‍ഡോറിലെത്തുകയുള്ളൂ. ഈ ബസ് യാത്രാവേളയിലാണ് ബസിനുള്ളില്‍ വച്ചു സിസ്റ്റര്‍ റാണി മരിയയെ കരുതിക്കൂട്ടി സമീന്ദര്‍ സിംഗ് എന്ന ദുഷ്ടന്‍ 1995 ഫെബ്രുവരി 25-നു കുത്തിക്കൊല്ലുന്നത്. പ്രാണരക്ഷാര്‍ത്ഥം ബസിന്റെ കമ്പിയില്‍ പ്രതിരോധിച്ച സിസ്റ്റര്‍ റാണി മരിയയുടെ കൈ ഈ കൊടുംക്രൂരന്‍ വെട്ടിമാറ്റുകയും, മരണം ഉറപ്പിക്കാന്‍ ശ്വാസനാളം മുറിച്ചു കളയുകയുമാണുണ്ടായത്.

സിസ്റ്റര്‍ റാണി മരിയയെ 41-ാം വയസ്സില്‍ 54 പ്രാവശ്യം കത്തികൊണ്ട് കുത്തിയ ആ ക്രൂരനായ മനുഷ്യന്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി സഭ പ്രഖ്യാപിക്കുമ്പോള്‍ സ്റ്റേജിന്റെ മുമ്പില്‍ ഇരുന്ന് പശ്ചാത്തപിച്ച് കുറ്റം ലോകത്തോട് പറഞ്ഞ് കണ്ണീരണിയുന്ന കാഴ്ച ഏതു നീചന്റേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഇതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു ഞാന്‍ മനസിലാക്കുന്നു. പാപികളെ വെറുക്കുകയും എന്നാല്‍ പാപികളെ രക്ഷിപ്പാനും താണിറങ്ങിവന്ന ലോകരക്ഷകന്റെ മുന്നില്‍ നമുക്ക് തലവണങ്ങാം. സമീന്ദര്‍ സിംഗ് ഏതു മതക്കാരനായിക്കൊള്ളട്ടെ ഇവിടെ മതത്തിനല്ല പ്രസക്തി നമ്മുടെ നന്മയുള്ള മനസ്സുകള്‍ക്കാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ വന്ദ്യ സിസ്റ്ററിന്റെ ആത്മാവിനു മുന്നില്‍ ഒരിക്കല്‍ക്കൂടി പ്രണാമം അര്‍പ്പിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദി നേര്‍ന്നുകൊണ്ടും...

Credits to joychenputhukulam.com

Read more

ദിലീപിന് അനുകൂലമായും പ്രതികൂലമായും നടത്തുന്ന പ്രസ്താവനകള്‍ ഇനിയും അവസാനിപ്പിക്കണം

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ പാടില്ല അതാണ് ഇന്‍ഡ്യന്‍ നീതിന്യായ നിയമം. ഇപ്പോള്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്ന വ്യക്തിക്കു നേരേ അനുകൂലമായും പ്രതികൂലമായും ജനങ്ങളും സോഷ്യല്‍ മീഡിയകളും സിനിമാതാരങ്ങളും രാഷ്ട്രീയകപടവേഷധാരികളും ടി.വി.ചാനല്‍കാരും നടത്തുന്ന കോപ്രായ പ്രസ്താവനകള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ വ്യക്തി ആരേ വിവാഹം കഴിക്കണം എന്നുള്ളത് അവന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. ഇവിടെ അതിനെക്കുറിച്ച് എഴുതി പേജ് കളയുന്നില്ല. ചാനല്‍കാര്‍ക്കു ചാകരകിട്ടുവാന്‍ ഏതു വിഡ്ഢിവേഷവും കാത്ത് അവര്‍ അണിയറയില്‍ കാത്തിരിക്കുകയാണ്. സരിതയെ വളര്‍ത്തികൊണ്ടു വന്നതും നശിപ്പിച്ചതും ഇവര്‍ തന്നെയല്ലേ?

ദിലീപില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഉപകാരങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ അദ്ദേഹത്തിനു നേരെ തിരിയരുത് എന്ന് ഒരു എം.എല്‍.എ. ആയ ഗണേഷ്‌കുമാര്‍ പറയുമ്പോള്‍, ഇരപോലും മൗനം പാലിക്കപ്പെടുന്നു. തന്നെ ആക്രമിച്ചതിന്റെ പിന്നില്‍ ആരാണെന്നും തന്റേടമായി പറയുവാന്‍ ഇര തയ്യാറാകാത്തതില്‍ കാരണം കേസ് വളരെ നീണ്ടുപോകുകമാത്രമല്ല, നടിയെ ആക്രമിച്ചതിന്റെ സി.ഡി. കിട്ടാത്തിടത്തോളം കാലം കേസിന്റെ തെളിവുകള്‍ക്ക് മങ്ങലേല്‍ക്കാനും സാദ്ധ്യതയുണ്ട്.

ഈ പശ്ചാത്തലം മുതലാക്കി ഒരു എം.എല്‍.എ.യും ദിലീപിന് അനുകൂലമായി രംഗത്തുള്ളതില്‍ കേരള സ്ത്രീ സമൂഹം ലജ്ജിക്കുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ട് തന്നെ അമേരിക്കയില്‍ മലയാളികളെ പരസ്യമായി അഹങ്കാരികളാണെന്നു കൂടി പറയുമ്പോള്‍- ആരാണ് ഇവിടെ അഹങ്കാരി എന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ് അതുപോകട്ടെ.

90 ദിവസത്തിനകം കേസ് തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ വിചാരണ തുടങ്ങേണ്ടി വരും അല്ലെങ്കില്‍ ദിലീപിന് ജാമ്യം കൊടുക്കേണ്ടിവരും. ഉടന്‍തന്നെവിചാരണ തുടങ്ങി ദിലീപിന് ജാമ്യം നല്‍കാതിരിക്കാനാണ് ഇപ്പോഴത്തെ തന്ത്രങ്ങളില്‍ കൂടി നാം മനസ്സിലാക്കേണ്ടത്. ഏതു കൊലകൊമ്പനായാലും സ്ത്രീ സമൂഹത്തിനെതിരേ നടത്തുന്ന പീഡന വീരന്മാരെ കല്‍തുറങ്കില്‍ അടയ്ക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചിലപ്പോള്‍ ഫലവത്തായെന്നും വരാന്‍ സാദ്ധ്യതയുണ്ട്. ശ്രീമാന്‍ പിണറായിയുടെ ധൈര്യത്തിന് അഭിനന്ദനം.

സ്ത്രീ സമൂഹത്തിനു നേരെയുള്ള ഇന്‍ഡ്യയിലെ ആദ്യത്തെ ക്വട്ടേഷന്‍ ബലാല്‍സംഗമാണ് ഈ ഹിനകൃത്യം എന്നു നാം മനസ്സലാക്കേണ്ടതാണ്. നമുക്കറിയാം ഒരു മിനിട്ടില്‍ 12 സ്ത്രീകള്‍ ഇന്‍ഡ്യയില്‍ പീഡിപ്പിക്കപ്പെടുന്നു. കേരളം ഇതില്‍ വാശിപ്പിടിച്ചു മുന്നേറിക്കൗണ്ടിരിക്കുന്നു. മന്ത്രി പുംഗവന്‍മാരും, മതപുരോഹിതരും, ആള്‍ദൈവങ്ങളും മാത്രമല്ല ഗുരുക്കന്മാര്‍ പോലും പ്രായപൂര്‍ത്തിയാകാത്ത നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചതില്‍ കാരണം ജയിലില്‍ കിടന്നു ഉപ്പുവെള്ളം കുടിക്കുന്നുണ്ടല്ലോ അവര്‍ നിര്‍ദാക്ഷ്യണ്യം അവിടെതന്നെ തല്‍ക്കാലം കിടക്കട്ടെ.

സത്‌നാംസിംഗിന്റെ കൊലപാതകവും ചേകന്നൂര്‍ മൗലവി, അഭയകേസ് മുതലായ പീഡനങ്ങളും കൊലപാതകവും തെളിയാതെ പോയതുമൂലം വീണ്ടും വേട്ടക്കാര്‍ക്കു വിളയാടാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഗോവിന്ദചാമി ജയിലില്‍ കിടന്നു തടിച്ചുകൊഴുത്തു സുന്ദരനായിരിക്കുന്നു. ഒരു മോഷണക്കേസില്‍ ഒരു കൈ പോയിട്ടും വീണ്ടും കൊലപാതകത്തിനും പീഡനത്തിനും ഇവന്‍ മുതിര്‍ന്നത് എന്നതുകൊണ്ട്? ആര്‍ക്കും ശരിയായ ശിക്ഷ ലഭിക്കുന്നില്ലല്ലോ അപ്പോള്‍ ശരിയായ ശിക്ഷണം ലഭിച്ചെങ്കില്‍ മാത്രമെ ഇത്തരം ക്രൂരകൃത്യങ്ങള്‍ അവസാനിക്കുകയുള്ളൂ. ഇന്ന് നോര്‍ത്ത് ഇന്‍ഡ്യയില്‍ ആള്‍ ദൈവങ്ങള്‍ അകത്തായിക്കൊണ്ടിരിക്കുന്നു. മൂന്ന് വലിയ ആള്‍ ദൈവങ്ങളെ മോദി കല്‍തുറങ്കില്‍ അടച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീമാന്‍ പിണറായി വിജയനും താമസിയാതെ സ്വയം ദൈവങ്ങളെ അകത്താക്കി അക്രമം നിര്‍ത്താക്കുമെന്നും പ്രത്യാശിക്കുന്നു. അതിനു വേണ്ടി നാം ഒത്തൊരുമിക്കണം ഇതില്‍ ജാതിയോ മതമോ നോക്കാതെ അനീതിക്കെതിരെ നാം പോരാടണം.
ദിലീപിന്റെ കേസിലേക്കുവരാം.ഞാന്‍ തടവിലായിരുന്നപ്പോള്‍ നീ എന്നെ വന്നു കണ്ടില്ല എന്നൊരു വചനം ബൈബിളിലുണ്ടല്ലോ. ആയതിനാല്‍ ദിലീപിനെ ജയിലില്‍ കാണാന്‍ വരുന്നവരെല്ലാം മോശക്കാരാണെന്നു കരുതരുത്. ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല കുറ്റാരോപിതന്‍ മാത്രമാണ്. ആയതിനാല്‍ കുറ്റം തെളിയിക്കപ്പെടുന്ന സമയം വരേയും അനുകൂലമായും പ്രതികൂലമായുമുള്ള പ്രസ്താവനകള്‍ നിര്‍ത്തലാക്കണം. നിഷ്പക്ഷമായി നിന്നുകൊണ്ട് നമുക്ക് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ശ്രമിക്കാം. ഒരു ബലാല്‍സംഗിക്ക് ഇഷ്ടം ബലാല്‍സംഗം ചെയ്യാനും, മോഷ്ടാവിന് മോഷണവും കൊലപാതകിക്ക് കൊലപാതകവുമാണ് താല്‍പര്യം. പക്ഷെ നിയമം അതിവിടെ അനുവദിക്കുന്നില്ലെന്നു മാത്രമല്ല കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും നല്‍കും. എന്തായാലും ഉമ്മന്‍ചാണ്ടി സാര്‍ പറയുന്നതുപോലെ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ.

ഒരു കലാകാരന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നു കരുതി എന്തു തോന്നിവാസവും എഴുതാനുള്ളതല്ല സാഹിത്യലോകം. ക്രിസ്തുവിനെതിരായും ശ്രീകൃഷ്ണനെതിരായും നബിക്കെതിരായും നാടകവും കൃതികളും എഴുതിയ കോമാളികള്‍ ഉള്ള നാടാണ് കേരളം. ഒരു പാവം സെക്യൂരിറ്റിയെ കാറിടിപ്പിച്ചുകൊന്ന വലിയ പണക്കാരനായ നിഷാമിനു വേണ്ടി പ്രകടനം നടത്തിയ കാപാലികന്മാരുള്ള കേരളം കഷ്ടം തന്നെ. ഇന്ന് ദിലീപിനു വേണ്ടി വന്‍ ഒപ്പു ശേഖരണം നടത്തുവാന്‍ കേരളത്തിലെ സിനിമാതാരങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രിയ സഹോദരന്മാരെ ഇതു തമിഴ്‌നാടല്ല കേരളമാണെന്നോര്‍ത്താല്‍ നന്ന് സാക്ഷര കേരളം വിഡ്ഢികളുടെ നാടല്ല എന്നു കൂടി ഓര്‍ത്ത് മുന്‍പോട്ട് പോകുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം.

ചുരുക്കത്തില്‍ പറയാം ദിലീപ് നിരപരാധിയാകട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. നല്ല ഒരു കലാകാരനാണ് ദിലീപ് എന്നു കരുതി ഇത്തരത്തിലുള്ള തെറ്റുകള്‍ ക്ഷമിക്കുവാന്‍ പറ്റുമോ? ഒരു സമയത്ത് എന്റെ പ്രിയപ്പെട്ട താരം ദിലീപായിരുന്നു. അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ഫോട്ടോയ്ക്ക് ഞങ്ങള്‍ പോസ് ചെയ്തു ധാരാളം സംസാരിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കൂടെ നിന്നും ഫോട്ടോ എടുത്തു. എന്റെ ഇളയ മകന്റെ ഇഷ്ടതാരം ദിലീപാണെന്നു പറഞ്ഞപ്പോള്‍ മാത്രമാണ് ആ മുഖത്ത് സന്തോഷം വിരിഞ്ഞത്. മറ്റു പലര്‍ക്കും ഫോട്ടോയെടുക്കുവാന്‍ അവസരം  കൊടുത്തിരുന്നുമില്ല. അദ്ദേഹം കുറ്റവാളിയാകാതിരിക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. നേരെ മറിച്ച് ശരിയായ തെളിവുകള്‍ ദിലീപിനു നേരെയുണ്ടെങ്കില്‍ ദിലീപ് തീര്‍ച്ചയായും ശിക്ഷാര്‍ഹനാണ്. ശിക്ഷ കഴിഞ്ഞ് പശ്ചാത്തപിച്ചാല്‍ വീണ്ടും അദ്ദേഹത്തിന് ഒരു നല്ല മനുഷ്യനാകുവാന്‍ കഴിയും. തെറ്റു ചെയ്യാത്തവര്‍ ആരാണ് ഈ ലോകത്തിലുള്ളത് മദ്ദലന മറിയത്തിനുപോലും ദൈവം മാപ്പു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ദിലീപ് കുറ്റക്കാരനാണെന്നു കോടതി തെളിയിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ അദ്ദേഹം തയ്യാറാകണം. സ്ത്രീ സമൂഹം ആദരിക്കപ്പെടേണ്ടതാണ് ഒരു പുരുഷനും ആ സമൂഹത്തെ ചവുട്ടി മെതിക്കാന്‍ അനുവദിക്കയുമരുത്. ആയതിനാല്‍ കുറ്റം തെളിയുന്ന സമയം വരെയും ദിലീപിന് അനുകൂലമായും പ്രതികൂലമായുള്ള പ്രസ്താവനകള്‍ നിര്‍ത്തുക.

തല്‍ക്കാലം കാത്തിരിക്കാം.
മോന്‍സി കൊടുമണ്‍

Read more

സിനിമാതാരങ്ങള്‍ അമ്മയെന്ന പദത്തെ കളങ്കപ്പെടുത്തി

അമ്മയെന്ന പദത്തിന് അനേകം അര്‍ത്ഥങ്ങളുണ്ട്. സ്‌നേഹത്തിന്റെ നിറകുടമാണമ്മ. കരുണയുടെ വറ്റാത്ത നീരുറവയാണ് അമ്മ.

"അമ്മയല്ലാതൊരു ദൈവമുണ്ടോ...
അതിലും വലിയൊരു കോവിലുണ്ടോ' (ശ്രീകുമാരന്‍തമ്പി)

ആ അമ്മയെന്ന പരിശുദ്ധ നാമത്തെ ഒരു സിനിമാ സംഘടനയ്ക്ക് നല്‍കി കളങ്കപ്പെടുത്തിയവരാണ് കേരളത്തിലെ താര രാജാക്കന്മാര്‍. കോമഡി കാട്ടുന്ന കുറെ താരങ്ങളെ എം.പിയാക്കിയും എം.എല്‍.എ ആക്കിയും കേരള ജനത സംസ്കാര ശൂന്യരായിരിക്കുന്നു. ഒരു സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കൂട്ടുനില്‍ക്കുന്ന കാപാലികന്മാര്‍. വേട്ടക്കാരനേയും ഇരയേയും ഒരുപോലെ കാണുന്ന വെറും നീചന്മാര്‍ തന്നെ.

മിമിക്രിയില്‍ തുടങ്ങി, നായകനായി, ജനപ്രിയ നടനായി അവസാനം യഥാര്‍ത്ഥ വില്ലനായിത്തീര്‍ന്ന അഭിനയ ചക്രവര്‍ത്തിയുടെ ജീവിതം താമസിയാതെ അഴിക്കുള്ളിലാകും.കുറ്റം പൂര്‍ണ്ണമായി തെളിഞ്ഞാല്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പായിരിക്കും. 90 ദിവസത്തിനകം കുറ്റം തെളിയണം. ഇതിനകം പല കളികളും അമ്മ നടത്തിയിരിക്കും. കാരണം വമ്പന്‍ സ്രാവുകളാണ് വലയില്‍ കുടങ്ങിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത "ദൈവത്തിന്റെ സ്വന്തംനാട്'. ഈ പേര് നല്‍കിയ വിദ്വാന് ഒരു അവാര്‍ഡ് കൊടുക്കണം.

കേരളം ഒരു ഭ്രാന്താലയം മാത്രമല്ല. ഒരു പീഢനാലയം കൂടിയായിത്തീര്‍ന്നിരിക്കുന്നുവെന്നു പറയുമ്പോള്‍ മൂക്കത്ത് വിരല്‍വെയ്‌ക്കേണ്ടിവന്നേക്കാം. ഒരു പ്രശസ്തയായ നടിയുടെ ഗതി ഈവിധത്തിലായെങ്കില്‍ പാവപ്പെട്ട സ്ത്രീകളുടെ ഗതി എന്തായിരിക്കും?

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്ത് സ്പര്‍ശിക്കുവാന്‍ അവളുടെ അമ്മയ്ക്കുപോലും അവകാശമില്ല. ഇത്തരമൊരു ഹീനകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ചലച്ചിത്ര താരമാകുന്നുവെന്നു വരുമ്പോള്‍ ലോകത്തിനു മുന്നില്‍ മലയാള സിനിമയ്ക്കു ഒരു വലിയ അപമാനം തന്നെയാണ്. കേരള പോലീസ് കൃത്യമായ തെളിവുകളുടെ പേരിലാണ് ഈ അറസ്റ്റ് എങ്കില്‍ അവരെ അഭിനന്ദിക്കണം. പീഡനക്കാരേയും ബലാത്സംഗവീരന്മാരേയും പിന്താങ്ങുകയും, മലയാള സിനിമയിലെ ചില നടിമാര്‍ വേണമെങ്കില്‍ നിര്‍ബന്ധിച്ചാല്‍ കിടക്കപങ്കിടാനും തയാറാണെന്നും പുലമ്പിയ അമ്മയുടെ പ്രസിഡന്റ് ശ്രീമാന്‍ ഇന്നസെന്റ് എം.പിസ്ഥാനവും പ്രസിഡന്റ് സ്ഥാനവും രാജിവെയ്ക്കണം. നിങ്ങള്‍ക്ക് കോമഡി കാണിക്കാനുള്ളതല്ല ലോക് സഭയും നിയമസഭയും. അതുപോലെ ബഡായി ബംഗ്ലാവിലെ ബഡായി പറയുന്നതുപോലെയല്ല നിയമസഭ എന്നു ശ്രീമാന്‍ മുകേഷും മനസ്സിലാക്കുന്നത് നന്നായിരിക്കും. സ്വന്തം സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന നിങ്ങള്‍ നാലു കാലുള്ള മനുഷ്യ മൃഗങ്ങളാണ്. കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിനെ ഒരു പീഡന കേരളമാക്കി ലോകത്തിനു മുന്നില്‍ തരംതാഴ്ത്താന്‍ കൂട്ടുനിന്ന നിങ്ങള്‍ക്ക് വേണ്ടത് കല്‍ത്തുറുങ്ക് തന്നെയായിരിക്കും.

കേരളാ പോലീസിന് അഭിനന്ദനം നേര്‍ന്നുകൊണ്ട് അമേരിക്കന്‍ മലയാളികളുടെ ബിഗ് സല്യൂട്ട്. 

Credits to joychenputhukulam.com

Read more

അമേരിക്കന്‍ മലയാളി സംഘടനകള്‍ ഇവിടെ വളരും കലാകാരന്മാര്‍ക്ക് സ്റ്റേജുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കണം

ആവശ്യാനുസരണം വളവും വെള്ളവും അനുസ്യൂതം പകര്‍ന്നു നല്‍കിയെങ്കില്‍ മാത്രമെ ഒരു ഫലവൃക്ഷം അതില്‍ നിന്നും ശരിയായ ഫലങ്ങളും തണലും തരികയുള്ളൂ എന്നു പറയുന്നതുപോലെ നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്ന് നല്ല കലാമൂല്യവും സംസ്ക്കാരമുള്ളവരുമായിതീരണമെങ്കില്‍ നിരന്തരം അവരെ നമ്മുടെ കമ്മ്യൂണിറ്റിയിലേക്ക് കൈപിടിച്ചു നടത്തി കൊണ്ടുവരികയും അവര്‍ക്കു വേണ്ടുന്ന കലാപരമായ പ്രോല്‍സാഹനങ്ങള്‍ നല്‍കി വളര്‍ത്തികൊടുക്കുകയും ചെയ്യേണ്ടതുണ്ട്. കലാപരമായി കഴിവുള്ള ധാരാളം കുഞ്ഞുങ്ങള്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍ തന്നെയുണ്ട്. നല്ല രീതിയില്‍ ഗാനം ആലപിക്കാനും അനേകം മ്യൂസിക് ഇന്‍സ്ട്രമെന്റ്‌സ് വായിക്കാനും പ്രസംഗിക്കാനും കഴിവുള്ള ധാരാളം യുവാക്കള്‍ അമേരിക്ക എന്ന കുടിയേറ്റ ഭൂമിയില്‍ അധിവസിക്കുന്നുവെന്നു നാം മനസ്സിലാക്കണം.

സംഗീതത്തിന്റെ ചിറകടിച്ച് വിഹായസ്സില്‍ പറന്നുയരാന്‍ കൊതിക്കുന്ന ഒരു പറ്റം ഗായകര്‍, സംഗീത ഉപകരണത്തിന്റെ മാസ്മരികതയില്‍ നമ്മെ കോള്‍മയിര്‍കൊള്ളിക്കുന്ന 30ല്‍ പരം കലാകാരന്മാര്‍, നൃത്തചുവടുകളാല്‍ നമ്മെ ആനന്ദലഹരിയിലാറാടിക്കുന്ന ഒരു കൂട്ടം പെണ്‍കൊടിമാര്‍, പ്രാസംഗിക കലയില്‍ പ്രാവീണ്യം നേടിയ ധാരാളം യുവാക്കള്‍ അങ്ങനെ ഏതാണ്ട് മൂന്നു നാലു ഗ്രൂപ്പുകള്‍ ഉള്‍ക്കൊണ്ട ഒരു വലിയ കലാകാരന്മാരുടെ കൂട്ടം ഒരു സ്‌റ്റേജിനു വേണ്ടി കാത്തുദാഹിച്ചിരിക്കുമ്പോള്‍ അവര്‍ക്കൊരു പ്രോല്‍സാഹനം തീര്‍ച്ചയായും നമുക്ക് നല്‍കേണ്ടത് അത്യാന്താപേക്ഷിതമാണ്. ന്യൂയോര്‍ക്കില്‍ മലയാളികള്‍ തിങ്ങിവസിക്കുന്ന ന്യൂഹൈഡ്പാര്‍ക്കില്‍ ഇവര്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.

ഇവരെ പ്രോല്‍സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കി നല്ല കലാകാരന്മാരാക്കി നമ്മടെ കമ്മ്യൂണിറ്റിയില്‍ ഉയര്‍ത്തികൊണ്ടു വന്നെങ്കില്‍ മാത്രമെ നമ്മുടെ പൈതൃകത്തിലും ശിക്ഷണത്തിലും സംസ്ക്കാരത്തിലും ഇവര്‍ വളര്‍ന്നു വരികയുള്ളൂ. നമ്മുടെ സംസ്ക്കാരവും ആത്മീയ പാരമ്പര്യങ്ങളും വിശ്വാസങ്ങളും യുവതലമുറയിലേക്കു പകര്‍ന്നു നല്‍കുവാന്‍ മൂല്യമുള്ള കലാസൃഷ്ടികള്‍ക്കു സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തിലുള്ള കലാസംഘടനകളില്‍ യുവാക്കളെ അംഗങ്ങളാക്കി വളര്‍ത്തിവലുതാക്കേണ്ട ബാദ്ധ്യത തീര്‍ച്ചയായും നമുക്കുണ്ട്.

ഇതുകൊണ്ടു മാത്രം മതിയാകുന്നില്ല. ഇവര്‍ക്കു കുറെ നല്ല സ്‌റ്റേജുകള്‍ ലഭിക്കേണ്ട ആവശ്യകതയുമുണ്ട്. ആയതിനാല്‍ നമുക്ക് പറയുവാന്‍ അനേകം മലയാളി സംഘടനകള്‍ ഉണ്ട്, ഫൊക്കാന, ഫോമ, മഹിമ, കേരളസമാജം, ഓര്‍മ്മ, ഒരുമ, നോര്‍ക്കാന, വേള്‍ഡ് മലയാളി അതുപോലെ തന്നെ അനവധി സ്ഥലനാമ അസോസിയേഷനുകള്‍ക്കു പുറമേ അനേകം ആത്മീയ സംഘടനകള്‍ ഇതര മതസംഘടനകള്‍ ഇവരെല്ലാവരും കൂടി ഒരു മതേതരസ്വഭാവത്തോടു കൂടി കൈകോര്‍ത്താല്‍ നമ്മുടെ യുവതലമുറയ്ക്കു ധാരാളം സ്‌റ്റേജുകള്‍ ലഭിക്കുമെന്നുള്ളത് ഒരു സത്യാവസ്ഥയാണ്.

മറ്റു രാജ്യത്തുനിന്നും ധാരാളം കലാകാരന്‍മാര്‍ ഈ രാജ്യത്തുവന്ന് ടാക്‌സ് പോലും നല്‍കാതെ ധാരാളം ഡോളര്‍ ഉണ്ടാക്കി കൊണ്ട് നമ്മെ പുച്ഛമാക്കി തിരികെ പറന്നു പോകുന്ന കാഴ്ച എല്ലാ സമ്മര്‍കാലദിനങ്ങളിലും നാം കാണാറുള്ളതാണല്ലോ അവരില്‍ ചിലര്‍ നമ്മെ കോമാളികളാക്കിയും ശുംഭന്മാരാക്കിയതും കഴിഞ്ഞ കഥ. അതുപോകട്ടെ അവര്‍ക്കു നല്‍കുന്ന നാലിലൊന്നു പണം നമ്മുടെ വളര്‍ന്നു വരുന്ന ഇവിടുത്തെ യുവതലമുറയ്ക്കു നല്‍കിയാല്‍ അവര്‍ക്കൊരു പ്രോല്‍സാഹനവുമാകും മുന്‍പ് പറഞ്ഞതുപോലെ നമ്മുടെ കമ്മ്യൂണിയോട് ഒരു പ്രതിബദ്ധതയും അവരില്‍ ഉളവാവുകയും അവര്‍ നമ്മെ വേണ്ടവിധം ബഹുമാനിക്കയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. ആയതിനാല്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ വളര്‍ന്നു വരുന്ന ഈ കലാകാരന്മാര്‍ക്ക് കുറച്ചു സ്‌റ്റേജുകളെങ്കിലും നല്‍കി അവരെ പ്രോല്‍സാഹിപ്പിക്കണമെന്നു താഴ്മയായി അപേക്ഷിച്ചു കൊള്ളട്ടെ.

സ്‌നേഹത്തോടെ മോന്‍സി കൊടുമണ്‍

Read more

ചെറ്റത്തരം കാട്ടിയ ഏഷ്യാനെറ്റിനെ അനുകരിച്ചു മംഗളവും

മുന്‍മന്ത്രി തെറ്റയില്‍ കാണിച്ചത് തെറ്റ് തന്നെയായിരുന്നെങ്കില്‍ പോലും ആ ലൈംഗികദൃശ്യം സന്ധ്യാസമയത്ത് വീടുകളില്‍ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ ടിവിയില്‍ കാട്ടിയത് തീര്‍ച്ചയായും ചെറ്റത്തരമായിരുന്നു. അന്യന്റെ അടുക്കളില്‍ ആരും കാണാതെ എത്തിനോക്കുന്ന മലയാള സംസ്‌ക്കാരം മംഗളവും അനുവര്‍ത്തിച്ചിരിക്കുന്നു. ഇന്നു മംഗളം ടിവി കാണിച്ചതും സദാചാര വിരുദ്ധമായ പ്രവര്‍ത്തനമാണ്. ഇതിന്റെ പേര്‍ മാദ്ധ്യമപ്രവര്‍ത്തനമെന്നല്ലെ അമേത്യ പ്രവര്‍ത്തനമെന്നാണ്.

യൂട്യൂബില്‍ ചില ഞരമ്പുരോഗികള്‍ ഒരു മാന്യമായ മിഹിളയുടെ പടം കാണിച്ചിട്ട് ചില കമ്പി സംഭാഷണങ്ങള്‍ പുറത്തുവിടുന്ന തരംതാണ പരിപാടിയല്ലേ മംഗളവും അനുവര്‍ത്തിച്ചത്. ഒരു പടം ഹിറ്റാകണമെങ്കില്‍ ചില മസാലക്കൂട്ടുകള്‍ അനിവാര്യമായി വരും പോലെ മംഗളവും അല്‍പം മസാലകാട്ടി കൊഴുപ്പുകൂട്ടിയെന്നു സമ്മതിക്കുന്നുവെങ്കില്‍ പോലും- ഒരു ടെലിവിഷന്റെ തുടക്കത്തില്‍ത്തന്നെ ഒരു മഞ്ഞവാര്‍ത്തകൊണ്ടു പുതിയ ചാനലിന്റെ റേറ്റുകൂട്ടുവാന്‍ കാട്ടിയ ലൈംഗിക കോമാളിത്തരം പുതിയ തലമുറയേപോലും വഴിതെറ്റിക്കുമെന്നതില്‍ ഉല്‍കണ്ഠയില്ലാതില്ല. മന്ത്രി ചെയ്തത് തെറ്റോ ശരിയോ അതിനല്ല ഇവിടെ പ്രസക്തി. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ നടത്തുന്ന സ്വകാര്യ ഫോണ്‍ സംഭാഷണത്തെ ഒളിക്യാമറവെച്ച് പബ്ലിക്കായി കാട്ടുന്ന പ്രവര്‍ത്തനം സദാചാര വിരുദ്ധവും നെറികേടുമാണ്. ഒരു ഗേള്‍ഫ്രണ്ടിനും ബോയ്ഫ്രണ്ടിനും സ്വകാര്യമായി സമ്മേളിക്കാന്‍ ഇടമില്ലാത്ത സംസ്ഥാനം കേരളായ ദൈവത്തിന്‍ നാടാണ്.

അവരുടെ സ്വകാര്യതിയില്‍ നമ്മള്‍ എന്തിനു ഇടപെടണം. ഒരു ഭാര്യയും ഭര്‍ത്താവും വഴിയരികില്‍ നിന്നു സംസാരിച്ചാല്‍ പോലും സദാചാര പോലീസ് എന്ന  തെമ്മാടികള്‍ ചൂരലുമായി കടന്നുവരുന്നു. നിങ്ങള്‍ വിവാഹിതരാണോ എങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കുക എന്നുള്ള പോലീസിന്‍റെ ക്രൂരമായ ചോദ്യങ്ങളും കേരളത്തിന് ഒരു  തീരാശാപമായ മാറികൊണ്ടിരിക്കുന്നു. പിതാവും മുത്തച്ഛനും മത നേതാക്കളും കാട്ടിക്കൂട്ടിയ ലൈംഗിക പേകൂത്തു നിറഞ്ഞ ഒരു സംസ്ഥാനത്താണ് ഇത്തരം സ്വകാര്യതയാല്‍ ഒളിഞ്ഞു നോട്ടം നടത്തുന്ന കപട സദാചാരത്തിന്‍റെ തിവ്രവാദികള്‍ വിലസുന്നത് എന്നും നാം ഓര്‍ക്കണം. എറണാകുളത്തും , കൊച്ചിയിലും നടന്ന പ്രതിഷേധ സമരത്തില്‍ ചൂരപ്രയോഗം നടത്തിയത് ഒരു പീഡനകേസിലെ പ്രതിയായിരുന്നു വെന്നും ഈ അവസരത്തില്‍ സൂചിപ്പിക്കട്ടെ.  മന്ത്രി കാണിച്ച രാജിയില്‍ അഭിനന്ദിക്കുന്നുവെങ്കിലും ഇത്തരം ലൈംഗിക ചുവയുള്ള സംഭാഷണം ഒരു പൊതുപ്രവര്‍ത്തകനു പറ്റിയതല്ല എന്നുള്ളതില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കിലും ശരിയായ തെളിവില്ലാതെ മന്ത്രി എന്തിനു രാജിവെച്ചുവെന്നതില്‍ യോജിക്കാനാവുന്നില്ല . കാരണം ഇതു മൂലം പൊതു ഖജനാവിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലായിരുന്നു. സരിതയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും പൊതു ഖജനാവിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലായിരുന്നു.  അതിനാല്‍ ഉമ്മന്‍ചാണ്ടി രാജിസന്നദ്ധത പോലും പ്രകടിപ്പിച്ചില്ലായിരുന്നുവെന്നു മാത്രമല്ല ചുവപ്പു നായകന്മാര്‍ തിരുവനന്തപുരത്തു നടത്തിയ സമരത്തെ അദ്ദേഹം തവിടു പൊടിയാക്കികൊടുക്കുകയാണുണ്ടായത്. പിന്നെ ശ്രീമാന്‍ ശശീന്ദ്രന്‍ ഒരു പുതിയ ടെലിവിഷനായ മംഗളം കാട്ടിയ ഉമ്മാക്കിയില്‍ എന്തിനു രാജി സമര്‍പ്പിച്ചു.? ഉത്തരം കിട്ടാത്ത ചോദ്യങ്ങല്‍ ധാരാളം അവശേഷിച്ചിരിക്കുന്നു.   മിമിക്രി എന്ന മാന്ത്രിക കലകൊണ്ട് ആരുടെയും സംഭാഷണം അനുകരിക്കാവുന്ന കാലഘട്ടത്തില്‍ ഇതൊരു തെളിവായി കോടതി അംഗീകരിക്കണമെന്നുമില്ല.

സരിതയും ലക്ഷമിനായരും കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു സ്ത്രീ വിഷയവുമായി വീണ്ടും ഒരു ചാനലുകാര്‍ പണ്ട് മുത്തുചിപ്പി എന്ന കുമ്പിക്കഥ എഴുതിയവര്‍ ഒരു മന്ത്രിയുടെ രാജിക്കു വഴികാട്ടി പുതിയ വഴികള്‍ തുറന്നിട്ടിരിക്കുന്നു  മന്ത്രിക്കസേരയ്ക്കു വേണ്ടി കഴുക കണ്ണുമായി മറ്റൊരു ശതകോടീശ്വരന്‍ കാത്തിരിക്കുന്നു. മഞ്ഞവാര്‍ത്തകള്‍ കാതോര്‍ത്തിരിക്കുന്ന നമുക്ക് ഇതിലും തരം താണ വാര്‍ത്തകള്‍ക്കു കാതോര്‍ത്തിരിക്കാം.
                
ശുഭം

Read more

എല്ലാ വൈദികരേയും കുറ്റവാളികളാക്കരുത്

ഒരുത്തന്‍ പാപ കര്‍മ്മം ചെയ്തീടില്‍, അതിന്‍ പരിണിത ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെയും തട്ടും എന്ന് ഒരു ചൊല്ലുണ്ട്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഒരു ചാക്കില്‍ ആയിരം മാമ്പഴം ഉണ്ടായെന്നിരിക്ക ഒന്നു ചീഞ്ഞു നാറിയാല്‍ എല്ലാ മാമ്പഴവും ചീഞ്ഞുനാറിയിരിക്കും. ആയതിനാല്‍ ചീഞ്ഞ മാമ്പഴത്തെ പുറത്ത് ഗാര്‍ബേജിലേക്ക് വലിച്ചെറിയണം. ഇവിടെ സംഭവിച്ചതും, പണ്ടു സംഭവിച്ചിരുന്നതും, പലരും മൂടിവെച്ച് സംഭവം ഒതുക്കി തീര്‍ക്കാനുള്ള ഒരു സംഘടിത ശ്രമമായിരുന്നു.

ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരുമില്ലായെന്നു വചനം സത്യമായി പറയുമ്പോള്‍ നാം എന്തിന് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കണം. ആശാന്‍ പിഴച്ചാല്‍ ഏത്തമില്ലായെന്നൊരു ചൊല്ലുണ്ട്. അതുവെറും പാഴ് ചൊല്ലാണ്. ബൈപിള്‍ കയ്യിലെടുത്ത് പ്രസംഗിക്കുന്നവര്‍ എല്ലാവരും നേരായവഴിയില്‍ സഞ്ചരിക്കുന്നുവെന്ന മിഥ്യാധാരണ നമ്മെ വലിയ ഊരാക്കുടുക്കില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. വചനം വീണ്ടും പറയുന്നു 'അന്ത്യനാഴികയില്‍ പലരും എന്റെ പറഞ്ഞു പറ്റിക്കാന്‍ വന്നെന്നിരിക്കും നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍, പ്രാവിനെപോലെ നിഷ്കളങ്കരും എന്നാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും ആയിരിക്കുവിന്‍'. കാളവണ്ടിയുഗത്തില്‍നിന്നും കംമ്പ്യൂട്ടര്‍യുഗത്തിലേക്ക് കാലം കടന്നുവന്നപ്പോള്‍ നമ്മുടെ ബുദ്ധിക്ക് മാന്ദ്യം സംഭവിച്ചോ?

ഇവിടെ പൂജാരിയാകട്ടെ, മദ്രസ അദ്ധ്യാപകനാകട്ടെ വൈദികനാകട്ടെ സ്ത്രീ വര്‍ഗ്ഗത്തെ ആക്രമിക്കുന്ന അല്ലെങ്കില്‍ പ്രായപുര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാതിമതവ്യത്യാസമില്ലാതെ ശക്തരായി മുമ്പോട്ടിറങ്ങേണ്ടസമയം അതിക്രമിച്ചിരിക്കുന്ന.

ഒരു മതേതര ഗവണ്‍മെന്റാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്് അതുകൊണ്ട് കുറ്റവാളികളെ രക്ഷിക്കുവാന്‍ പോകുന്ന കപട ഭക്തര്‍ക്കു തടയിടാന്‍ സാധിക്കുമെന്നു പൂര്‍ണ്ണമായി വിശ്വസിക്കുന്നു. വേലിതന്നെ വിളവുതിന്നുമ്പോള്‍ കൃഷിക്കാരനുണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. യൂറോപ്പിലും അമേരിക്കയിലും ഇങ്ങനെ സംഭവിച്ചതിനാല്‍ അതിന്റെ ഒരു പകര്‍ച്ചയായി ഇവിടെയും നടക്കുന്നു എന്നു ന്യായീകരിക്കുന്നവര്‍ ഈ കൊടും ക്രൂരതമറച്ചുവയ്ക്കാനും കുറ്റവാളിയെ രക്ഷപ്പെടുത്താനും ഒരു ശ്രമംനടത്തുന്നുണ്ടോയെന്നും പര്‌ശോധിക്കേണ്ടതുണ്ട്. സിനമാക്കാരേയും ആത്മീയ നേതാക്കളേയും ഒരുപോലെകാണുന്നവര്‍ അന്ധന്‍മാരാണ് സിനിമാകാര്‍ക്ക് തിയോളജി പഠിക്കേണ്ട ആവശ്യവുമില്ലല്ലോ.

പലപ്പോഴും ഞാന്‍ ഉരുവിടുന്ന ശ്രീകുമാരന്‍ തമ്പിസാര്‍ എഴുതിയ ഒരു മഹത്തായ ഗാനമുണ്ട് 'അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ?' എങ്കില്‍ ഞാന്‍ പറയുന്നു ആ കോവിലിലിരിക്കുന്ന ദേവനാണുപുരുഷന്‍. ആ പുരുഷന്‍ സ്ത്രീക്കു സുരക്ഷയായി നില്‍ക്കേണ്ടതിനു പകരം അവളെ നശിപ്പിക്കുന്ന അന്ധകനായി മാറുന്നതില്‍ അതിയായ ദു:ഖം രേഖപ്പെടുത്തികൊള്ളട്ടെ.

ചുരുക്കത്തില്‍ പറയുന്നു: ഒരു വൈദികന്‍ തെറ്റു കാണിച്ചുവെന്നു കരുതി എല്ലാ വൈദികരേയും കുറ്റപ്പെടുത്തി സഭയെ നശിപ്പിക്കുന്നതു നന്നല്ല. അനേകം നല്ല വൈദികര്‍ നമുക്കുണ്ട്. കുഷ്ഠരോഗികള്‍ക്കിടയില്‍ ജീവിതം സമര്‍പ്പിച്ച് കുഷ്ഠരേഗം പിടിപ്പെടു മരിച്ച ഫാദര്‍ ഡാനിയല്‍, അതുപോലെ സ്വന്തം വൃക്ക മറ്റു മതസ്ഥര്‍ക്കു ദാനം നല്‍കിയ അനേകം വൈദികര്‍ അനേകം പാവപ്പെട്ടവര്‍ക്കു പാര്‍പ്പിടം നല്‍കി അവരെ തീറ്റിപ്പോറ്റുന്ന ക്രിസ്ത്യന്‍ സംഘടനകള്‍. ഇവരെ നാം വിസ്മരിക്കരുത്. അതുകൊണ്ട് ഈ കൊടും ക്രൂരതയെ ഞാന്‍ ന്യായീകരിക്കുകയല്ല. രണ്ടോ മൂന്നോ വൈദികര്‍ കാണിച്ച കുറ്റത്തിന് ആഗോളസമൂഹത്തെ കുറ്റപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് തല്‍ക്കാലം വിടവാങ്ങട്ടെ.

Read more

വേഷവിധാനവും ധനവുംകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുന്നവര്‍

ഒരു ദേവാലയത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തിനുമുമ്പ് പ്രസംഗം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ പിന്‍ ബഞ്ചില്‍ വളരെ വിശ്വാസത്തിലിരിക്കുകയാണ്. ദേവാലയത്തില്‍ വരുന്നവര്‍ മനോഹരമായ വേഷവിധാനങ്ങള്‍ ധരിച്ചുകൊണ്ട് വന്നാല്‍ മതി എന്ന ഒരു നിയമംകൂടി അവിടെ അപ്പോള്‍ നടപ്പാക്കി. 

ഞന്‍ എത്രയോ ഇംഗ്ലീഷ് ചര്‍ച്ചില്‍ ആരാധനയില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ കാണുവാന്‍ സാധിച്ച വിശ്വാസികളുടെ വേഷവിധാനം എന്നെ വളരെ ലളിത ഹൃദയമുള്ളവനാക്കി. വേനല്‍ക്കാല സമയങ്ങളില്‍ വെറും ഒരു ഷോര്‍ട്ട്‌സും ടീഷര്‍ട്ടും ധരിച്ചുവരുന്ന വിശ്വാസജനങ്ങള്‍. അതില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വളരെ ധനവാന്മാരും പാവപ്പെട്ടവരുമുണ്ട്. സമത്വസുന്ദരമായ ദേവാലയം. അവിടെ പൊങ്ങച്ചവും, വിടുവായത്തവും ഏണിപറച്ചിലുമില്ല. മാര്‍പാപ്പ പറയുന്ന നിയമങ്ങള്‍ പരിപാലിക്കപ്പെടുന്ന ദേവാലയങ്ങളാണിത്. അമിതായി പണം പിരിച്ചെടുത്ത്, പാവങ്ങളെ പിഴിഞ്ഞ് ആര്‍ഭാടമായ ദേവാലയം സ്ഥാപിച്ചതിനുശേഷം അവിടെ വരേണ്ടതും ആര്‍ഭാടമായിട്ടുവേണം എന്നു പറയുന്നത് ദൈവത്തിനു നിരക്കുന്നതാണോ? വസ്ത്രങ്ങള്‍ക്ക് ഇവിടെ എന്തു പ്രസക്തി? മനോഹരമായ വെള്ളവസ്ത്രങ്ങള്‍ അണിഞ്ഞതിനുശേഷം നെഞ്ചില്‍ വഞ്ചനയും ചുണ്ടില്‍ പുഞ്ചിരിമായി നില്‍ക്കുന്നവരെയാണ് ക്രിസ്തു വിളിച്ചത് 'നിങ്ങള്‍ വെള്ളതേച്ച ശവക്കല്ലറകളാണ്' എന്ന്. അപ്പോള്‍ പുറമെയുള്ള വേഷവിധാനങ്ങള്‍കൊണ്ടും, കയ്യിലുള്ള ധനം കൊണ്ടും ദൈവത്തെ പ്രസാദിപ്പിക്കാമെന്നു പറയുന്നവര്‍ ആനയെ കണ്ട അന്ധന്മാരായ പമ്പര വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് നില്‍ക്കുന്നത് എന്നതില്‍ സംശയമില്ല. 

വേഷവും ധനവും ദൈവത്തെ സംതൃപ്തിപ്പെടുത്തുന്നില്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചുകൊണ്ടു പ്രവേശിക്കാമെന്നു സുപ്രീം കോടതി വിധി കല്‍പ്പിച്ചിട്ടും ആ നിയനം നിഷേധിക്കുന്ന കപട ഭക്തരെ നാം കണ്ടുകഴിഞ്ഞു. സ്ത്രീകളുടെ എല്ലാ ഭാഗങ്ങളും മറച്ചുവെയ്ക്കുന്ന ഒരു വേഷവിധാനമാണ് ചുരിദാര്‍. നഗ്നപൂജ നടത്തുന്നതാണ് ഈശ്വരാനുഗ്രഹം എന്നുപറയുന്ന വിഡ്ഢികള്‍ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ട് എന്നുള്ളത് വളരെ അതിശയോക്തി തന്നെ!

ചില ദേവാലയങ്ങളില്‍ ചില വേഷങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നു പറയുന്ന ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകേണ്ടതാണ്. വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ഒരു പരിധിവരെ ആചാരം ആവശ്യമാണ്. പക്ഷെ അത് അധികമാകുമ്പോള്‍ ദുരാചാരമായി മാറി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമെന്നുകൂടി മനസ്സിലാക്കണം. ചില ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്തതും ദൈവത്തോട് കാട്ടുന്ന അനീതി തന്നെ. ദേവാലയങ്ങള്‍ സകല ജാതിക്കും വേണ്ടി ദൈവസം സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ അതിനെ മതം തിരിച്ചും ജാതി തിരിച്ചും വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്കും തുടക്കമിട്ട് രക്തക്കളമാക്കി മാറ്റിയിരിക്കുന്നു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ വേഷഭാഷാദികളുടെ വ്യത്യാസമില്ലാതെ ഈശ്വരനെ ആരാധിക്കുവാനും ദേവാലയങ്ങളില്‍ പ്രവേശിക്കാനും അനുവദിക്കൂ! ജനങ്ങളെ ഈശ്വരനില്‍ നിന്നും അകറ്റാതെയും അവരെ ആചാരത്തിന്റെ കുരുക്കിലിട്ട് കുഴയ്ക്കാതെയും, നേരിട്ട് ദൈവത്തെ വിളിക്കുവാനും അനുവദിക്കൂ....!

Read more

മൂക്കിലല്ല ഇനി ചെവിയിലും പഞ്ഞി വെയ്‌ക്കേണ്ടിവരും

മരണം ഉറപ്പാക്കിയാല്‍ മൂക്കില്‍ പഞ്ഞിക്കഷണം വെയ്ക്കുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്. മരണം കഴിഞ്ഞ പഞ്ഞിക്കഷണം തിരുകിവെയ്ക്കുന്നത്, നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുവരാതിരിക്കാനാണെന്ന് ഒരു തമാശയ്ക്കുവേണമെങ്കില്‍ പറയാം. പക്ഷെ അതിലും വലിയ ഒരു തമാശ കഴിഞ്ഞദിവസം ഒരു മന്ത്രി മൂളി. അന്താരാഷ്ട്ര നിലയില്‍ പ്രശസ്തനായിരുന്ന അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലി കേരളത്തിനുവേണ്ടി ഒട്ടനവധി ഓട്ടുമെഡല്‍ നേടിയ താരമായിരുന്നുവെന്ന് പുതിയ സ്‌പോര്‍ട്‌സ് മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി. പാവം കോമഡിക്കാരുടെ കഞ്ഞിയില്‍ പാറ്റയിടരുതേ! അവര്‍ ജീവിച്ചുപൊയ്‌ക്കോട്ടെ. മറ്റൊരു മുന്‍മന്ത്രി ഒരിക്കല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ താരത്തിന്റെ പേരു പറയാന്‍ പെടുന്ന പാട് കണ്ട് ഞാനും കരഞ്ഞുപോയി. നസ്രിയ എന്ന പേരു പറയാന്‍ പാടുപെട്ട മന്ത്രിയും മോശക്കാരനാകുന്നില്ല. 

മന്ത്രിമാര്‍ക്ക് നല്ല പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടല്ലോ. പക്ഷെ ചാനലുകാര്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ചില ഊരാക്കുടുക്ക് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പണി ചിലപ്പോള്‍ പാല്‍പായസത്തില്‍ കിട്ടും. പക്ഷെ നമ്മുടെ കേരളത്തില്‍ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ കരുതിയാണ് ചാനലുകാരോട് സംസാരിക്കുന്നത്. ഇത് മറ്റു മന്ത്രിമാര്‍ കണ്ടു പഠിക്കേണ്ടതാണ്. പക്ഷെ അടവുകള്‍ പതിനെട്ടും പഠിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ചില ചാനലുകാര്‍ പണി പതിനെട്ടും നോക്കിയിട്ടും പറ്റിയില്ലെന്നാണ് തോന്നുന്നത്. ഒന്നുമില്ലെങ്കില്‍ അദ്ദേഹം പറയും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞ് നേമം നേമത്തിന്റെ വഴിക്കുതന്നെ പോയി. രാജേട്ടന്‍ രാജാവായി താമര വിരിയിച്ചു. ചെളിയില്‍ വളരുന്ന താമരയ്ക്ക് ശോഭയേറിയെന്നു വേണമെങ്കില്‍ പറയാം. പക്ഷെ ഇവര്‍ക്കും മലപ്പുറത്ത് പണികിട്ടി. വെങ്കയ്യ നായിഡുവിന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ നടത്തിയ വി. മുരളീധരന്‍ നന്നേ പ്രയാസപ്പെടുന്നതു കണ്ടു. ചെവിയില്‍ പഞ്ഞിക്കഷണം ഇവിടേയും പലര്‍ക്കും വെയ്‌ക്കേണ്ടിവന്നു. ഇവിടംകൊണ്ട് അവസാനിക്കുന്നില്ല, ഇന്ത്യക്കാരുടെ ദേശീയ ഗാനം പാടാന്‍ അറിയാത്ത ഖദര്‍ധാരികളെ കണ്ടു നാം തലകുനിച്ചതാണ്. ഇവരേക്കാള്‍ ഭംഗിയായി ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുന്ന ഒരു കൊറിയക്കാരിയെ ഫെയ്‌സ് ബുക്കില്‍ കണ്ടപ്പോള്‍ ആയിരം ലൈക്ക് കൊടുക്കണമെന്നും തോന്നിപ്പോയി. 

വൃന്ദാ കാരാട്ട് കേരളത്തില്‍ വന്നപ്പോള്‍ ഒരു പ്രശസ്ത വക്കീല്‍ അവരുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമാശ രംഗം ഏവരും ഓര്‍ക്കുന്നുണ്ടാകാം. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക കേസിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തത് കേരള നാടിനു ഒരു അപമാനം തന്നെയെന്നുള്ളത് അഭിമാനമാണെന്ന് ഈ വക്കീല്‍ പരിഭാഷപ്പെടുത്തിയപ്പോഴും തലകുനിക്കേണ്ടിവന്നു. കഷ്ടംതന്നെ. ഈ സാക്ഷര കേരളത്തില്‍ ഒരു നല്ല പരിഭാഷകനെ കണ്ടുപിടിക്കാന്‍ ഇത്ര ബുദ്ധിമുട്ടോ? ലോക്‌സഭയില്‍ ഒരു മലയാളി വനിതാ എം.പിയുടെ ഇംഗ്ലീഷ് പ്രസംഗം കേട്ട് ചിരിച്ച് മണ്ണുകപ്പിയതാണ്. എന്തിനു പറയുന്നു കാവ്യ മാധവന്‍ അമേരിക്കയില്‍ വന്നു ഇംഗ്ലീഷില്‍ പ്രസംഗിച്ചത് കേട്ടപ്പോഴും ചിരിയുടെ മാലപ്പടക്കം പൊട്ടി. സിനിമാതാരമാകുമായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്നുള്ള ചാനലുകാരുടെ ചോദ്യത്തിനു ഡോക്ടറാകുമെന്നായിരുന്നു എന്നാണ് കാവ്യ ഒരിക്കല്‍ മറുപടി പറഞ്ഞത്. കേരളത്തിലെ രോഗികളുടെ ഭാഗ്യം എന്നുപറഞ്ഞാല്‍ മതിയല്ലോ! എന്തായാലും സമൂഹമധ്യത്തില്‍ നടത്തുന്ന പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ഒന്നു കരുതി സംസാരിക്കുക. വിഡ്ഢിത്തം വിളിച്ചുപറഞ്ഞാല്‍ ശവം പോലും എഴുന്നേറ്റ് വന്ന് നല്ല ഭാഷ പറഞ്ഞെന്നിരിക്കും. അതുകൊണ്ട് മൂക്കില്‍ മാത്രമല്ല ചെവിയിലും അല്പം പഞ്ഞിക്കഷണം തിരുകി വെയ്ക്കാന്‍ നമുക്ക് ഫ്യൂണറല്‍കാരോട് എന്നു സൂചിപ്പിക്കുന്നത് നന്നായിരി­ക്കും!

Read more

പി.സി. ജോര്‍ജ് പൂഞ്ഞാറിന്റെ പുലിക്കുട്ടി

പി.സി. ജോര്‍ജ് ഇനി പൂഞ്ഞാറിന്റെ പുലിക്കുട്ടി മാത്രമല്ല കേരളത്തിന്റേയും പുലിക്കുട്ടിയാണ്. കോണ്‍ഗ്രസ് മുന്നണിയും, കമ്യൂണിസ്റ്റ് മുന്നണിയും കിണഞ്ഞു പി.സിയെ തളയ്ക്കാന്‍ ശ്രമിച്ചിട്ടും പതറാതെ, തളരാതെ കേരളത്തിന്റെ പുലിക്കുട്ടിയായി പൂഞ്ഞാറില്‍ വിജയശ്രീലാളിതനായിരിക്കുന്നു. വളരെ ചുരുക്കം ചില ആളുകള്‍ മാത്രമേ കേരളത്തില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ വിജയിച്ചിട്ടുള്ളൂ. ഏറ്റുമാനൂരില്‍ ജോര്‍ജ് ജോസഫ് പൊടിപാറയും, പത്തനംതിട്ടയില്‍ എന്റെ ഗുരുനാഥന്‍ കെ.കെ. നായര്‍ സാറും ഇതിനു ഉദാഹരണം. പാലായില്‍ പല പ്രാവശ്യം കെ.എം. മാണി വന്‍ ഭൂരിപക്ഷത്തിനു ജയിച്ചിട്ടുണ്ടെങ്കിലും ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ മാണിക്കു ജയിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. ആ സ്ഥാനത്താണ് 27,000 -ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ കരുത്തനായ പി.സി. ജോര്‍ജിന്റെ താരത്തിളക്കം. യു.ഡി.എഫിനെ തറപറ്റിച്ചതിന്റെ പ്രധാന ആണിക്കല്ല് ഈ ഒറ്റയാന്‍ അഴിമതി വിരുദ്ധനാണ്. യു.ഡി.എഫിന്റെ പിണിയാളായി നിന്ന പി.സി ജോര്‍ജ് പിന്നെ അതിന്റെ അന്തകനായി മാറുകയായിരുന്നു. കോഴ വിവാദത്തില്‍ മാണിയേയും മകനേയും തള്ളിപ്പറഞ്ഞപ്പോള്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പക്ഷെ ഒരു മതേതരവാദിയായ താന്‍ തന്റെ മകനെ ഒരു ഹൈന്ദവ സഹോദരിക്കു നല്‍കിക്കൊണ്ട് മതേതരത്വത്തിനു വഴികാട്ടി. പാവപ്പെട്ടന്റെ നീറുന്ന കണ്ണുനീര്‍ ഒപ്പിയെടുക്കാന്‍ ജാതി മത ചിന്തകള്‍ കൂടാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഇദ്ദേഹം ഈരാറ്റുപേട്ടയുടെ കണ്ണിലുണ്ണിയാണ്. ഇപ്പോള്‍ കേരളത്തിന്റേയും കണ്ണിലുണ്ണിയായില്ലേ?

കോണ്‍ഗ്രസിനും കമ്യൂണിറ്റിനും ബദലായ ഒരു മൂന്നാം മുന്നണിക്ക് സാധ്യത കേരളത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് പി.സി. ജോര്‍ജിന്റെ വിജയം. സാക്ഷര കേരള ജനത വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിന്റെ ബി.ജെ.പി എന്ന മൂന്നാം മുന്നണിയുടെ പരാജയം. നേമത്ത് ബി.ജെ.പിയ്ക്കുണ്ടായ വിജയം രാജേട്ടനോടുള്ള സഹതാപം മാത്രം. പല പ്രവാശ്യം നിന്നു തോറ്റ അദ്ദേഹത്തിന് ഒരു ആശ്വാസം കൊടുത്തു എന്നു മാത്രം. മോഡി വന്നിട്ടും, സുരേഷ് ഗോപിയെ എം.പി ആക്കിയിട്ടും, രാജസേനന്‍, ജയറാം, കവിയൂര്‍ പൊന്നമ്മ, ഭീമന്‍ രഘു എന്നീ സിനിമാക്കാര്‍ കൊണ്ടുപിടിച്ചിട്ടും കാര്യമായ പ്രതീക്ഷയ്‌ക്കൊത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ ബി.ജെ.പിയ്ക്ക് കഴിയാതെ പോയി. എന്നാല്‍ മൂന്നാം മുന്നണി ഒരു മതേതര മുന്നണിയാണെങ്കില്‍ കേരളത്തില്‍ വിജയസാധ്യതയേറുകതന്നെ ചെയ്യും. ജാതിമത വിഷമിളക്കിവിട്ട് കേരളത്തെ വിലയ്‌ക്കെടുക്കാമെന്ന വെള്ളാപ്പള്ളിയുടെ വ്യാമോഹവും സ്വപ്നവും തകര്‍ന്നടിഞ്ഞുപോയി. കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരാണെന്ന് ഇപ്പോഴേ തെളിഞ്ഞിരിക്കുന്നുവെന്നുതന്നെ പറയാം. ആള്‍ദൈവങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനശരം തൊടുത്തുവിട്ടത് കേരളത്തിന്റെ നട്ടെല്ലുള്ള നേതാവ് ശ്രീ പിണറായി വിജയന്‍ മാത്രമാണ്. അതിന്റെ ഫലമാണ് അദ്ദേഹത്തിന് കിട്ടിയ വന്‍ ഭൂരിപക്ഷം. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും കഴിക്കാനും ധരിക്കാനും ബി.ജെ.പി വന്നാല്‍ സാധിക്കില്ലെന്നും, ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും തമ്മിലുള്ള ഐക്യവും സൗഹാര്‍ദ്ദവും തകരുമെന്നും മനസ്സിലാക്കിയ കേരള ജനത ബി.ജെ.പി മുന്നണിയെ തകര്‍ത്ത് തരിപ്പണമാക്കി. ശ്രീമാന്‍ വെള്ളാപ്പള്ളി രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കാന്‍ സാധ്യത കാണുന്നു. മത വികാരം ഇളക്കിവിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഈഴവരെ അടര്‍ത്തിയെടുത്തും തനിക്കും മകനും രാഷ്ട്രീയ കൊട്ടാരം പണിത് അതില്‍ സുഖലോലുപരായി കഴിഞ്ഞുകൂടാമെന്നുമുള്ള ആഗ്രഹം ഒരു പേക്കിനാവായി പര്യവസാനിച്ചു. ഇപ്പോള്‍ താരമായത് പി.സി. ജോര്‍ജ് ആണോ, അതോ വെള്ളാപ്പള്ളിയാണോ എന്നു കേരള ജനത മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഒരു രാഷ്ട്രീയ കക്ഷിയുടേയും പിന്തുണയില്ലാതെ മത്സരിച്ച് വന്‍ ഭൂരിപക്ഷം നേടിയ നേതാവിനെ ഉമ്മന്‍ചാണ്ടിയും പിണറായിയും കൂട്ടത്തില്‍ ചേര്‍ക്കില്ലെന്നു തറപ്പിച്ചു പറഞ്ഞിരിക്കുന്നു. പക്ഷെ, സഖാവ് വി.എസ് മൗനം പാലിക്കുന്നു. പൂഞ്ഞാറില്‍ പി.സിയ്‌ക്കെതിരേ വി.എസ് ഒരു യോഗത്തിലും ഒരക്ഷരം പോലും പറഞ്ഞില്ല. അഴിമതിക്കെതിരേ വോട്ട് ചെയ്യണമെന്നുമാത്രം പറഞ്ഞുനിര്‍ത്തി. ആരെന്തൊക്കെ പറഞ്ഞാലും രണ്ടു മുന്നണിക്കുമെതിരേ ഒരു കരുത്തുറ്റ നേതാവായി പി.സി. വളര്‍ന്നിരിക്കുന്നു. ആള്‍ അഴിമതി രഹിതനാണെങ്കിലും കൂടെ നില്‍ക്കുന്നവരെ തിരിഞ്ഞുകൊത്തുന്ന ഒരു സ്വഭാവം ഇദ്ദേഹത്തിനുണ്ട്. ചിലപ്പോള്‍ അദ്ദേഹം കരിമൂര്‍ഖനായി മാറുകയും ചെയ്യും. അതുകൊണ്ടാണ് ഈ മുര്‍ഖനെ ഒരിക്കല്‍ ഉമ്മന്‍ചാണ്ടി പാലായിലെ മാണിയുടെ വീട്ടുവളപ്പില്‍ കൊണ്ടുവിട്ടത്. പലപ്പോഴും മാണിക്കും മകനും ഈ മുര്‍ഖന്റെ കടിയേറ്റിട്ടുണ്ട്. ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ? എന്തായാലും ഇദ്ദേഹത്തെ പിണക്കിയാല്‍ പലരുടേയും പല പൂച്ചും പുറത്തുവരും. എല്ലാവരും ഒന്നു സൂക്ഷിക്കുന്നത് നന്ന്. പാലായിലെ മാണിക്യം ഒന്നു കരുതുന്നതു നന്നായിരിക്കും. പി.സി. ഒരു അഴിമതി വിരുദ്ധനും കരുത്തനുമാണെന്നതില്‍ സംശയമില്ല. ഒരു പാവം സെക്യൂരിറ്റിയെ കാര്‍ ഇടിപ്പിച്ചുകൊന്ന 5000 കോടി സ്വത്തുള്ള നിസാമിന് ഇന്നു ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കാരണം ഈ പുലിക്കുട്ടിയാണ്. ഡി.ജി.പിയും പോലീസുകാരും തമ്മിലുള്ള ഒത്തുകളി ഈ കരുത്തുറ്റ നേതാവാണ് പുറത്തുകൊണ്ടുവന്നത്. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ കൂടെ നിന്നുകൊണ്ട് കോണ്‍ഗ്രസിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന് യു.ഡി.എഫിനെ ഇന്നു തോല്‍പിച്ചത് ഈ പുലിക്കുട്ടി തന്നെയാണ്. സുധീരനും ചിലകളികള്‍ നടത്തി പല്ലിടകുത്തി മണപ്പിച്ചതും നഗ്നസത്യം തന്നെ. എന്തായാലും ഇടതുമുന്നണി പി.സി ജോര്‍ജിനോട് കടപ്പെട്ടിരിക്കുന്നതിനാല്‍ പി.സിയെ നിര്‍ദാക്ഷിണ്യം തഴയാന്‍ ഇടയില്ല. എന്നാല്‍ അഴിമതിയ്‌ക്കെതിരേ ഒരു ഒറ്റയാന്‍ പോരാട്ടം നടത്തിയ പി.സി. ജോര്‍ജിനും ഇടതുമുന്നണിക്കും അഭിനന്ദനങ്ങള്‍. അഴിമതിക്കാര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അന്ത്യം അഴിക്കുള്ളിലായിരിക്കും.

ജയ്ഹി­ന്ദ്. 

Read more

കേരളം ആരൂ ഭരിക്കണം

മൂന്നു രാഷ്ട്രീയ വിഷവള്ളികളാണ് ഇന്നു കേരളത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്നത്     1) അഴിമതിരാഷ്ട്രീയം     2) അക്രമരാഷ്ട്രീയം  3) ജാതിമതരാഷ്ട്രീയം അല്ലെങ്കില്‍ വര്‍ഗ്ഗീയ രാഷ്ട്രീയം.  കേരളം ആരുഭരിക്കും എന്നറിയാന്‍ കര്‍ത്തകെട്ടി ആകാംക്ഷയോടെ ചെന്നായെപോലെ നില്‍ക്കുന്ന രാഷ്ട്രീയ ദ്രവ്യാഗ്രഹികള്‍. അതിലുപരിയായി അന്നത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനുമായി യാചിച്ചു നില്‍ക്കുന്ന നിരാലംബരായ പാവം ജനങ്ങള്‍ ഭരണം ആര്‍ക്കാണ് ?  ആരാണു കേരളം ഭരിക്കേണ്ടത്? കഴിഞ്ഞ 5 വര്‍ഷം കേരളം ഭരിച്ച കോണ്‍ഗ്രസ്സ് മുന്നണിയോ ? കേരള ചരിത്രത്തില്‍ വെച്ച് ഏറ്റവും വലിയ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല, സൂര്യനെല്ലി തുടങ്ങി അവസാനം ജിഷയില്‍ വന്ന് എത്തിനില്‍ക്കുന്നു.  സരിതയെന്ന ഒരു പീറപെണ്ണിനെകൊണ്ട് പൊറുതി മുട്ടിയ സര്‍ക്കാര്‍, പക്ഷെ ആരോപണ ശരങ്ങള്‍ എയ്തുവിടാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു ശരവും മര്‍മ്മഭാഗത്ത്  തറപ്പിച്ചു കയറ്റുവാനോ തന്‍റെ ഇരയെ കൊല്ലുവാനോ വേട്ടക്കാരനു സാധിക്കാത്തതുപോലെ  നിരാശരായി പ്രതിപക്ഷവും ദു:ഖിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ ജനം ആര്‍ക്കു വോട്ടുചെയ്യണം എന്നു സംശയിച്ചുനില്‍ക്കാം.  ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിനു കഴിയാതെ പോയി.  മലപോലെവന്ന കോഴക്കഥ എലിപോലെപോയില്ലേ, ക്രമസമാധാനം ഒരു പരുവത്തിന് കൊണ്ടുപോകുമ്പോള്‍ മുഖ്യമന്ത്രിയുടെ കാറിനുപോലും കല്ലെറിഞ്ഞ്  ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.

ചുംബനസമരത്തില്‍ കൂടി സമരം നടത്തുന്നു, പക്ഷെ ഉമ്മകൊടുത്തവരെല്ലാം ഇന്ന് അമ്മയെ കാണാതെ കല്‍തുറുങ്കില്‍ കിടക്കുന്നു.  സദാചാരപോലീസുകാര്‍ ചമയുന്നവരും ചാരിറ്റിനടത്തുന്നവര്‍പോലും അഴിക്കുള്ളിലാകാന്‍ പോകുന്നു.  ജിഷയുടെ കൊലപാതകം തെളിയിക്കാന്‍ രമേശിന്‍റെ പോലീസിനു കഴിയാതെപോകുന്നു.  കലാഭവന്‍ മണിയുടേയും സുനന്ദാപുഷ്കറിന്‍റെയും, സത്നാംസിംങ്ങിന്‍റെയും മരണത്തിന്‍റെ ദുരൂഹത മറ നീക്കിപുറത്തുവരുന്നില്ല  അല്ലെങ്കില്‍ പുറത്തുവരുവാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.  ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയ നേതാക്കന്‍മരും ആള്‍ദൈവങ്ങളും ഒത്തുകളിക്കുന്നു. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും കള്ളനുകഞ്ഞിവെയ്ക്കുന്നു.  

വളരണം ഈ നാട് തുടരണം ഈ ഭരണം ഇതുവെറും പഴമൊഴിയാകുമോ ?  വരളണം ഈ നാട് തുടരണം ഈ അഴിമതികള്‍ എന്നാണ് ജനം ചിന്തിക്കുന്നത്.  പെട്രോളിന്‍റെ വില കുതിച്ചുയരുന്നു പട്ടാപകല്‍കൊള്ള, ബലാല്‍സംഗം, അഴിമതി പിടിച്ചുപറി, പാവം നഴ്സുമാരെ പറ്റിച്ചവര്‍ എവിടെ പോയി,  സന്തോഷ് മാധവനുവീണ്ടും ഭൂമിപതിച്ചുകൊടുക്കുവാന്‍ ധൃതി, കോടികള്‍ ആസ്ഥിയുള്ള എം.പിമാര്‍ക്കു ചികിത്സിക്കാന്‍ വീണ്ടും കോടികള്‍, പാവം ആദിവാസികള്‍ക്കു തലചായ്ക്കാന്‍ ഇടമില്ല.  ആദിവാസികളുടെ പേരുപറഞ്ഞു നടന്ന ദളിത് വനിതാസുന്ദരി ഇന്നുവര്‍ഗ്ഗീയ മുതലാളിമാരുടെ കൊട്ടാരങ്ങളില്‍ സുഖമായി അന്തിയുറങ്ങുന്നു.  ഇവരൊക്കെയാണോ കേരളഭരണം നയിക്കേണ്ടത്.  അഴിമതിയുടെ കുത്തരങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന നാടകനടന്മാരെയും നടികളേയും നമുക്ക് ഇനിയും വേണോ.  ഇനി ഇടത്തോട്ട് നമുക്കൊന്നു ചിന്തിക്കാം എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും ജനം ചിന്തിക്കുന്നത് എല്‍.ഡി.എഫ് വരും എല്ലാവരേയും ശരിയാക്കും എന്നല്ലേ?  ഇടതുപക്ഷത്തിന് അഴിമതിയുടെ കറകള്‍ കൈകളില്‍ അധികം പതിഞ്ഞിട്ടില്ലെങ്കിലും അക്രമത്തിന്‍റെ രക്തക്കറമുഖത്ത് ചീറ്റിച്ച ചരിത്രമാണ് ഇവര്‍ക്കു പറയുവാനുള്ളത്.  51 വെട്ടുകള്‍ വെട്ടികൊല്ലാകൊലചെയ്ത ടിപിയുടെ ഭാര്യ രമയെപോലും വീണ്ടും കൊല്ലാന്‍ ശ്രമം നടത്തുമ്പോള്‍ ഇവിടെ രക്തപങ്കിലമായ ഒരു വലിയ അക്രമമാണ് ഇവര്‍വീണ്ടും കേരളത്തില്‍ സംജാതമാക്കുവാന്‍ പോകുന്നത് എന്ന് നിശ്ചയം തന്നെ. കണ്ണൂരില്‍ നിന്നും പിടിച്ചെടുത്ത വന്‍ ബോബും ശേഖരവും ആയുധങ്ങളും ഇതിനുദാഹരണമാണ്.  പാവം പിഞ്ചുകുഞ്ഞുങ്ങളെ അദ്ധ്യാപകന്‍റെ മുന്‍പിലിട്ട് വെട്ടിക്കൊല്ലുന്ന ക്രൂരമായ ഹീനകൃത്യം വീണ്ടും ആവര്‍ത്തിക്കും എന്നാണ് ഇവരുടെ പ്രകടനപത്രിക എന്നു തോന്നും. നടക്കുവാന്‍ പോലും കഴിയാത്ത ചില വയോവൃദ്ധന്മാരേയും ചിലസിനിമാകോമാളികളേയും ചിലകപടമീഡിയ പ്രവര്‍ത്തകരേയും സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി ജനത്തെ കഴുതകളാക്കുന്ന കപടരാഷ്ട്രീയം നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  ചെറുപ്പക്കാരായ നല്ലചുറുചുറുക്കുള്ള യുവനേതൃത്വം പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ അഴിമതിരഹിതരായിനില്‍ക്കുമ്പോള്‍ മാത്രമെ പാര്‍ട്ടിവളര്‍ന്നുപന്തലിക്കയുള്ളു.  ഡി.വൈ.എഫ്.ഐ യുടെ ചില നേതാക്കന്മാര്‍ രാജേഷിനെപ്പോലെയുള്ളവര്‍ ഇതിനര്‍ഹരാണ്.  പക്ഷെ ഇവരെ മുന്‍പോട്ടുകൊണ്ടുവരാന്‍ ചില ലോബികള്‍ അനുവദിക്കുന്നില്ല കമ്പ്യൂട്ടര്‍ വന്നപ്പോള്‍ മുഖം ചുളിച്ച ഇടതുനേതാക്കന്മാരുടെ കാറിലും വീട്ടിലും കമ്പ്യൂട്ടര്‍ തരംഗമാണിന്ന്. പാവം കൂലിതൊഴിലാളി കമ്പ്യൂട്ടര്‍ പഠിച്ചാല്‍ ഇവരെപിന്നെ കൊടിപിടിക്കാന്‍ കിട്ടില്ലല്ലോ, പോസ്റ്റര്‍ ഒട്ടിച്ചുനടന്നവനും കൊടിപിടിച്ചുനടന്ന പാവം തൊഴിലാളിക്കും സീറ്റുകൊടുക്കാതെ കള്ളമീഡിയാക്കാരിക്കും മീഡിയാക്കാരനും കുത്തകമുതലാളിമാര്‍ക്കും സിനിമാ കോമാളിക്കും സീറ്റുകൊടുത്തുകൊണ്ട് സ്വന്തം വയര്‍ വീര്‍പ്പിക്കുന്ന സ്വാര്‍ത്ഥനിര്‍ത്തലാക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അധ:പതനം സുനിശ്ചിതം.  നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങടേതാകും പൈങ്കിളിയേ.  പക്ഷെ ആ വയലുകള്‍ നികത്തി ഇന്നു പാര്‍ട്ടി ഓഫീസുകളും റിസോര്‍ട്ടുകളും ഉയര്‍ത്തി അന്തരീക്ഷത്തിലെ ഓസോണ്‍ പാളികള്‍ക്കുപോലും വിള്ളലുകളുണ്ടാക്കി കൊടും ചൂടുവരുത്തിവെയ്ക്കുന്ന ബുദ്ധിശൂന്യമായ പെരുമാറ്റം നിങ്ങളെ പെരുവഴിയിലാക്കും ഇങ്ങനെയുള്ളവര്‍ കേരളം ഭരിക്കണോ?  സന്തോഷ് മാധവനും  ആള്‍ ദൈവങ്ങള്‍ക്കും വീണ്ടും ഭൂമി പതിച്ചുകൊടുക്കുവാന്‍ വെമ്പുന്ന രാഷ്ട്രീയ അന്ധന്മാര്‍ കേരളം ഭരിക്കണോ, പക്ഷെ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി നട്ടെല്ലോടുകൂടി സംസാരിക്കുന്ന നേതാവ് പിണറായി വിജയന്‍ എന്നുപറയുന്നതില്‍ തര്‍ക്കമില്ല.  എന്തായാലും നമുക്ക് വേണ്ടത് മതേതരസുന്ദരസമാധാനകേരളമാണ്.  ബി.ജെ.പി യും കമ്മ്യൂണിസ്റ്റും തമ്മിലടിച്ചു കേരളത്തിന്‍റെ സമാധാനം കെടുത്തുന്നു.  ഇതു കോണ്‍ഗ്രസ്സ് മുന്നണിയുടെ കളിയാണോ? അപ്പോള്‍ കേരളം ആരുഭരിക്കണം ?  
ഇനിയും ബി.ജെ.പി മുന്നണിയിലേക്ക് നമുക്ക് കടന്നുവരാം.

മതേതരകേരളം കെട്ടിപ്പടുക്കുവാന്‍ ബി.ജെ.പിക്ക് വോട്ടു നല്‍കണമെന്ന് ബി.ജെ.പി പറയുമ്പോള്‍ എന്തു വിരോധാദാസമാണുണ്ടാകുന്നത്.  മതേതരത്വം കാത്തുസൂക്ഷിക്കാന്‍ വര്‍ഗ്ഗിയ പിന്തിരിപ്പന്‍ മൂരച്ചികള്‍ക്കു വോട്ടുനല്‍കണോ.  ഇവര്‍കേരളം ഭരിക്കണോ ഏത് ആഹാരം കഴിക്കണമെന്നുള്ള  വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നിയമം കേരളത്തില്‍ നടപ്പിലാക്കുവാന്‍ ബി.ജെ.പി ശ്രമിക്കുന്നു.  പശുവിനേയും പോത്തിനേയും ആനയേയും ദൈവമാക്കി ദൈവത്തെ തരം താഴ്ത്തുന്ന നാണംക്കെട്ട നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുവാന്‍ ബി.ജെ.പി ശ്രമിക്കുന്നു.  കേരളത്തെ സോമാലിയ ആക്കുന്നു.  അംബാനിമാരുടേയും വിജയമല്യയുടേയും ടാറ്റായുടെയും ബിര്‍ലയുടേയും ഭാര്യമാരുടെ മുന്‍പില്‍ മുട്ടുക്കുത്തുന്ന രാഷ്ട്രീയവര്‍ഗ്ഗീയ നേതാക്കന്മാരുടെ പാര്‍ട്ടി കേരളം ഭരിക്കാന്‍ പാടില്ല.  ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും സഹോദരന്മാരെപ്പോലെ കഴിയുന്ന കേരളത്തെ വര്‍ഗ്ഗവിഷം ചീറ്റി നശിപ്പിക്കുവാന്‍ പോകുന്ന വര്‍ഗ്ഗീയ വിഷവാദികളും കേരളം ഭരിക്കരുത്.  വെള്ളാപ്പള്ളിയാണ് മൂന്നാം മുന്നണി നയിക്കുന്നതെങ്കില്‍ മദ്യം വീണ്ടും ഒഴുകും.  കേരളം മദ്യകേരളമാകും.  അദ്ദേഹത്തിന്‍റെ വാക്ക് പലപ്പോഴും കുഴഞ്ഞ് മറിയുന്നു. പാവം എം.എം മണിയെ കരികുരങ്ങനെന്നും കറുമ്പനെന്നും വിളിച്ച് വ്യക്തഹത്യനടത്തുമ്പോള്‍ കേരളം ഒരു സിറിയയോ പാകിസ്ഥാനോ നൈജീരയോ ആകുവാന്‍ പോലും സാദ്ധ്യതയില്ലാതില്ല.  പിണറായി വിജയന്‍ നട്ടെല്ലുള്ള നേതാവാണ്.  ഉമ്മന്‍ചാണ്ടി പാവപ്പെട്ടവരോടു കരുണയുള്ളനേതാവും ഇവരിലാരെങ്കിലും കേരളം ഭരിച്ചോട്ടെ.  തമ്മില്‍ ഭേദം തൊമ്മന്‍ എന്നനിലയില്‍ ഇവര്‍ ഭരിച്ചോട്ടെ, നാം എന്തു കഴിക്കണം കുടിക്കണം നമ്മുടെ അവകാശമാണ്.  അതിനാല്‍ വിഷം ചീറ്റുന്ന വര്‍ഗ്ഗീയ വാദികളെ അകറ്റിനിര്‍ത്തുക. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും തോളോടുതോള്‍ ചേര്‍ന്ന് കേരളം ഭരിക്കണം.  പശ്ചിമബംഗാളിലെ കൂട്ടായ്മ കേരളവും മാതൃകയാക്കി കേരളത്തെ ദൈവത്തിന്‍റെ നാടായി നിലനിര്‍ത്തട്ടെ, ജയ്ഹിന്ദ്.

Read more

ഒ.എന്‍.വി. ഇനി ഓര്‍മ്മയായി.....

കവിതയില്‍ ജനിച്ച്, കവിതയില്‍ വളര്‍ന്ന്, കവിതയില്‍ മരിച്ച കവിയാണ് ഒ.എന്‍.വി.സാര്‍. ഇനി ഒരു ജന്‍മമുണ്ടെങ്കില്‍ കവിയായി തന്നെ ജനിക്കുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കവിതയ്ക്കും ഗാനത്തിനും അതിര്‍വരമ്പുകളില്ലെന്നു തെളിയിച്ച സ്‌നേഹശീലനായ ആത്മീയഗുരുനാഥനായിരുന്നു പ്രിയകവി.

1931ല്‍ ജനനം. 1957ല്‍ മഹാരാജാസ് കോളേജ് അദ്ധ്യാപകന്‍. 1958ല്‍ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകനായതോടു കൂടി കവിതാരചനയില്‍ അതീവശ്രദ്ധാലുവായി.

2007ല്‍ ജ്ഞാനപീഠം, 2008ല്‍ എഴുത്തച്ഛന്‍ അവാര്‍ഡ്, പത്മഭൂഷന്‍ എന്നിവയ്ക്കു പുറമെ, ഏറ്റവും നല്ല ഗാനരചനയ്ക്ക് പതിമൂന്ന് പ്രാവശ്യം സംസ്ഥാന അവാര്‍ഡ് കൂടാതെ, മറ്റു ധാരാളം പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും ഭാഷയുടെ ഒരു പ്രത്യേക സംസ്‌ക്കാരശൈലിയുണ്ടായിരുന്നു. 'കുഞ്ഞേടത്തി' എന്ന കവിതയാണ് ആദ്യം എന്റെ മനസ്സിന്റെ ചെപ്പില്‍ ഓടിയെത്തുന്നത്. ഈ കവിത അദ്ദേഹം തന്നെ ആലപിച്ചിട്ടുള്ള ഒരു കാസറ്റ് പലപ്രാവശ്യം ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. നല്ല ശീലങ്ങളും അടുക്കും ചിട്ടയും സ്‌നേഹശീലവുമുള്ള ഒരു വന്ദ്യഗുരുനാഥന്റെ കര്‍ക്കശമായ ഉപദേശങ്ങള്‍ ചിലര്‍ക്ക് അദ്ദേഹം മുശടനായിത്തോന്നിയേക്കാം. എന്നാല്‍, ഒരു ദീനാനുകമ്പയുള്ള കവിയുടെ ഹൃദയം പലപ്പോഴും പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കാറുണ്ടായിരുന്നു. തീവ്രവാദികളാല്‍ കൈ അറ്റുപോയ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ജോസഫ് സാറിനെ പല ആത്മീയനേതാക്കളും പടിക്കു തള്ളി പുറത്താക്കിയപ്പോള്‍ സ്‌നേഹത്തോടെ ഒരു കവിതയും 25000 രൂപയുടെ ചെക്കും അയച്ചുകൊടുത്ത കാരുണ്യവാനായിരുന്നു അദ്ദേഹം. സാമൂഹികസംസ്‌കാരികസാഹിത്യ രംഗത്തെ സൂര്യദേവനായിരുന്നു ഇദ്ദേഹം.

എല്ലാവരുടെയും കവിതകളും ഗാനങ്ങളും മനസ്സില്‍ കുടിയിരിക്കുക സാദ്ധ്യമല്ല. വയലാറിന്റെ കവിതകള്‍ മനസ്സിന്റെ ചെപ്പില്‍ പതിഞ്ഞിരിക്കുന്നതുപോലെ വളരെ മൃദുത്വവും, ആശയവും, സംഗീതവും തുളുമ്പുന്നതായിരുന്നു ഒ.എന്‍.വി.യുടെ കവിതയും ഗാനങ്ങളും.

മനസ്സില്‍ പതിഞ്ഞിട്ടുള്ള ചില ഗാനങ്ങള്‍

1. നീര്‍മിഴിപീലികള്‍
നീര്‍മണി തുളുമ്പി നീയെന്നരികില്‍ വന്നു...

2. മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി....

3. ഒരുവട്ടം കൂടിയെന്‍...

4. മെല്ലെ മെല്ലെ മുഖപടം....

5. തുമ്പി വാ തുമ്പകുടത്തില്‍....

6. അരികില്‍ നീ....

7. മലരൊളിയെ മന്ദാരമലരേ മഞ്ചാടി മണിയേ...

എന്നു തുടങ്ങുന്ന പുതിയ ഗാനവും പ്രശസ്തിയാര്‍ജ്ജിച്ചതാണ്. അതുപോലെ, നഖക്ഷതങ്ങള്‍, വൈശാലി, പഴശ്ശിരാജാ എന്ന ചിത്രങ്ങളും ഒ.എന്‍.വി.യുടെ വരികള്‍കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട്.

പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നുള്ള ചില വിപ്ലവഗാനങ്ങളും നമ്മെ കോള്‍മയിര്‍ കൊള്ളിച്ചിട്ടുണ്ട്. കെ.പി.എ.സി.വളര്‍ന്നു പന്തലിച്ചതിന്റെ പിന്നില്‍ ഒ.എന്‍.വി.യുടെ പങ്കും മറക്കാവുന്നതല്ല. ചലച്ചിത്ര ഗാനരചനയ്ക്ക് ഒരു പുതിയ സംസ്‌ക്കാരനക്ഷത്രം തെളിയിക്കുവാന്‍ ഗാനരചയിതാവെന്ന നിലയില്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുതിയ അടിപൊളി ഗാനങ്ങള്‍ മോശമാണ് എന്നര്‍ത്ഥമില്ല. അതിന് അതിന്റേതായ ആവശ്യകതയും ആവേശവുമുണ്ട്. പക്ഷേ, ഒ.എന്‍.വി.യുടെ ഭാഷാശൈലി വ്യത്യസ്ഥമായിരുന്നു. കുമാരസംഭവം എന്ന ചലച്ചിത്രത്തിന് വയലാറും ഒ.എന്‍.വി.യും ഗാനങ്ങളെഴുതിയതില്‍ മെച്ചപ്പെട്ട ഗാനങ്ങള്‍ ഒ.എന്‍.വി.യുടേതായിരുന്നുവെന്ന് ഒരിക്കല്‍ വയലാര്‍ പോലും പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടെയും കെമിസ്ട്രി ഒന്നു തന്നെയായിരുന്നിരിക്കാം. ആയതിനാല്‍ രണ്ടുപേരുടെയും ഗാനങ്ങള്‍ മനസ്സിന്റെ ചെപ്പില്‍ മായാതെ കിടക്കുകയും ചെയ്യും.

21 വയസ്സില്‍ ഒരു പുരുഷായുസ്സിനു ചെയ്യാവുന്നതില്‍ കൂടുതലും ഒ.എന്‍.വി. ചെയ്തിട്ടുണ്ടെന്ന് മുണ്ടശ്ശേരി മാഷ് പറഞ്ഞത് ഇത്തരത്തരുണത്തില്‍ ഓര്‍ക്കുന്നു. തൂലിക പടവാളാക്കിയ മലയാളസാഹിത്യസൂര്യതേജസ്സ് അസ്തമിക്കുമ്പോള്‍ ഒരു പിടി ഓര്‍മ്മകളുമായി ജനങ്ങള്‍ വിങ്ങിപ്പൊട്ടുന്നതില്‍ അതിശയോക്തിയില്ല. അദ്ദേഹമെഴുതിയ ഗാനങ്ങളിലും കവിതകളിലും പ്രണയം നിറഞ്ഞുതുളുമ്പി നിന്നിരുന്നു. 82 വയസ്സിലും 83 വയസ്സിലും എഴുതിയ ഗാനങ്ങളില്‍ പോലും പ്രണയത്തിന്റെ മാധുര്യവും, സ്‌നേഹവും തുളുമ്പി നിന്നിരുന്നതില്‍ ചില പുതിയ കവികള്‍ക്കുപോലും അസൂയ തോന്നിയിട്ടുണ്ട്. പ്രണയവും, വിപ്ലവവും, ആശയവും തുളുമ്പുന്ന കവിതകളും, ഗാനങ്ങളും രചിക്കാന്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചാലുകളില്‍ കൂടി സഞ്ചരിക്കുവാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ല.

ചില വ്യക്തികള്‍ അദ്ദേഹത്തെ ചില പാര്‍ട്ടിയില്‍ മന:പൂര്‍വ്വം മുക്കിയെടുത്തതാണെന്നു പറയുന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ജീവിതശൈലിയിലും രചനകളിലും ഇതു നമുക്ക് വ്യക്തമായി കാട്ടിത്തരുന്നുണ്ട്.

ഒ.എന്‍.വി. മാഷിന്റെ വിയോഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള കവിതകളും ഗാനങ്ങളും മാത്രമല്ല നമുക്ക് മുതല്‍കൂട്ട്. അദ്ദേഹത്തിന്റെ ജീവിതശൈലിയും ആദര്‍ശവും, സത്യസന്ധതയും, കാരുണ്യവും സമത്വവും മതേതരത്വവും നമുക്ക് തന്നിട്ടുള്ള വിലയേറിയ സ്വത്തുക്കളാണ്. അതു കാത്തു പരിപാലിക്കാനും മാതൃകയാക്കുവാനും പുതിയ തലമുറക്കാരായ നാം കടപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ വന്ദ്യപുണ്യനായ പ്രിയപ്പെട്ട ഞങ്ങളുടെ കവിക്ക് അമേരിക്കന്‍ മലയാളികളുടെ കണ്ണീര്‍ പ്രണാമം....


 

Read more

കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യന്‍ ഉമ്മന്‍ചാണ്ടി തന്നെ

വെട്ടിനിരത്തുവാന്‍ വി.എസിനെ വെല്ലുവാന്‍ ആരുമില്ലെന്നായിരുന്നു കേട്ടുകേഴ്വി. എന്നാല്‍ വെട്ടിനിരത്തുകള്‍ മാത്രമല്ല, ശത്രുക്കളെ അരിഞ്ഞുവീഴ്ത്തി നുറുക്കികളയുവാനും കുതന്ത്രങ്ങള്‍ പയറ്റി തെളിഞ്ഞ രാഷ്ട്രീയ ചാണക്യതന്ത്രജ്ഞന്‍ ഉമ്മന്‍ചാണ്ടി തന്നെ. കേരളാ ഭരണം സരിതാനായരുടെ സാരിതുമ്പില്‍ ആടിയുലഞ്ഞപ്പോഴും സുസ്‌മേരവദനനായി നിയമസഭയില്‍ തന്ത്രങ്ങള്‍ മെനഞ്ഞെടുത്ത കുതന്ത്രശാലിയായിരുന്നു ഉമ്മന്‍ചാണ്ടി. ചിലയാളുകള്‍ക്ക് മദ്യപാനമാണ് ദൗര്‍ബല്യമെങ്കില്‍ മറ്റു ചിലര്‍ക്ക് പുകവലിയോ, വ്യഭിചാരമോ, മോഷണമോ ആയിരിക്കും. എന്നാല്‍ ഇദ്ദേഹത്തിന്റെ ദൗര്‍ബല്യം ഇതൊന്നുമല്ല. തന്റെ എതിരാളികളെ എങ്ങനെ അരിഞ്ഞുവീഴ്ത്തണമെന്നു കൂലംകഷമായി ചിന്തിച്ചുകൊണ്ട് കുതന്ത്രങ്ങള്‍ മെനയുകയാണ് ഇദ്ദേഹത്തിന്റെ ദൗര്‍ബല്യം. ആയതിനാല്‍ മുടി കത്രിക്കുവാന്‍ പോലും സമയം കിട്ടുന്നില്ല. ജനസേവന തത്പരനായി എപ്പോഴും തലചൊറിഞ്ഞുകൊണ്ടും പലരുടേയും ഉറക്കംകെടുത്തിക്കൊണ്ടും സദാ ഭരണതന്ത്രജ്ഞനായി കാണപ്പെടുന്നു.

ഹരിത കേരളം സരിത കേരളമാക്കി തന്നെ കുഴയ്ക്കാന്‍ വന്ന കേരളത്തിലെ ചുവപ്പു നായകന്മാരുടേയും അണികളുടേയും ഒരു വലിയ ചൂടന്‍ സമരത്തേയാണ് തിരുവനന്തപുരത്ത് അദ്ദേഹം തവിടുപൊടിയാക്കി കൊടുത്തത്. വി.എസു പോലുമറിയാതെ സമരം നിര്‍ത്തി അണികള്‍ വീട്ടിലേക്കു മടങ്ങിയത് ഒരുപക്ഷെ പലര്‍ക്കും ഇന്നും അത്ഭിതംതന്നെ.

വി.എസും പിണറായിയും തമ്മില്‍ നടത്തുന്ന പടലപിണക്കങ്ങള്‍ക്ക് കാരണക്കാരന്‍ എപ്പോഴും ഈ ചാണക്യന്റെ തന്ത്രങ്ങള്‍ തന്നെ. കേരള സി.പി.എമ്മിലെ ഗര്‍ജ്ജിക്കുന്ന സംഹമായിരുന്ന എം.വി. രാഘവനെ യു.ഡി.എഫ് മുന്നണിയില്‍ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നും കുത്തി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.എം.പിയെ തുണ്ടംതുണ്ടമാക്കിയപ്പോള്‍ ഉള്ളില്‍ ഏറെ പുഞ്ചിരിച്ചതും ഈ സമര്‍ത്ഥന്‍ തന്നെ. സി.പി.എമ്മിന്റെ മറ്റൊരു പെണ്‍പുലി കെ.ആര്‍. ഗൗരിയമ്മയ്ക്കും കൊടുത്തു ഒരെട്ടിന്റെ പണി. ഗൗരിയമ്മയുടെ പാര്‍ട്ടിയും പലതായി മുറിഞ്ഞ് ഗത്യന്തരമില്ലാതെ ഇന്ന് അനാഥ പ്രേതംപോലെ നടക്കുന്നതും ഈ ചാണക്യന്റെ തന്ത്രമല്ലേ? പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ അമ്മയെ എന്നാലും കേരള ജനത ഒരിക്കലും മറക്കില്ല. ഒരിക്കല്‍ അമ്മ പറഞ്ഞ കാര്യമാണ് പോലീസിന്റെ ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രവസിക്കുമായിരുന്നെന്ന്. ആ ധീരവനിതയുടെ പാര്‍ട്ടിയേയും ഇദ്ദേഹം വെട്ടിനുറുക്കിയിരിക്കുന്നു.

പാലാക്കാര്‍ക്കുവേണ്ടി തേനും പാലും ഒഴുക്കിക്കൊണ്ടിരുന്ന പാലായിലെ മാണിക്യത്തിനു ഇന്ന് ഈ ഗതി വരുത്തുവാന്‍ ഈ ചാണക്യനെയ്തത് ഒളിയമ്പുതന്നെ. ഒരിക്കല്‍ മുഖ്യമന്ത്രിപദത്തിനുവേണ്ടി കാക്കക്കണ്ണെറിഞ്ഞതിന്റെ വൈരാഗ്യമാണ് മാണിക്യത്തിനെ ഇന്നു കഴുകന്മാര്‍ക്കു കൊത്തിനുറുക്കാന്‍ എറിഞ്ഞുകൊടുത്തത്. പട്ടംമുതല്‍ പാലാ വരെ റീത്തുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് മാണിക്യം ചെയ്ത കേരളാ കോണ്‍ഗ്രസിന്റെ ചരമ പ്രസംഗം കേട്ട് പൂഞ്ഞാറിലെ പുലിക്കുട്ടി പിച്ചും പേയും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഒരുകോടി കോഴ വാങ്ങിയവന്‍ നരകത്തിലും 10 കോടി കോഴ വാങ്ങിയവന്‍ സ്വര്‍ഗ്ഗത്തിലും എത്തിയന്നദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ പുലിക്കുട്ടിയെക്കൊണ്ട് പലപ്പോഴും മാണിക്യത്തിനെ മാന്തിക്കീറിപ്പറിക്കുന്ന കൊടുംക്രൂരത നാം നേരില്‍ കണ്ടിട്ടുള്ളതാണല്ലോ? ഉമ്മന്‍ചാണ്ടിക്കു നേരേ ചീറ്റി വന്ന പി.സി മൂര്‍ഖനെ പാലായിലെ വീടിന്റെ തിരുമുറ്റത്തു കൊണ്ടു വിട്ടുകൊടുത്തു ഇത്രയും നാള്‍ അയോഗ്യനാക്കാതിരുന്ന പി.സി. ജോര്‍ജിനെ ഇപ്പോള്‍ അയോഗ്യനാക്കിയത് ആരെ സന്തോഷിപ്പിക്കാനാണ്? എന്തായാലും തന്റെ ഏറ്റവും വലിയ അരമന രഹസ്യങ്ങള്‍ അറിയാമായിരുന്ന ഭയപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇനി ഭയക്കേണ്ട ആവശ്യമില്ല. കാരണം പൂഞ്ഞാറിന്റെ ഏറ്റവും വലിയ ശത്രു ഇന്ന് പാലാ മാണിക്യമാണ്. കുഞ്ഞാടിനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയെപ്പോലെ ദാഹിച്ചു നില്‍ക്കുന്ന ഉമ്മച്ചനെയാണ് ഇനി നമുക്കു കാണാന്‍ സാധിക്കുന്നത്.

സംഭവം തീരുന്നില്ല ആര്‍.എസ്.പിയുടെ ഒരു വിഭാഗത്തെ മുറിപ്പിച്ചുകൊണ്ട് യു.ഡി.എഫില്‍ ചേര്‍ത്ത് തല അവിടേയും വാല് ഇവിടേയുമാക്കിത്തീര്‍ത്തു. ഇതോടുകൂടി ആര്‍.എസ്.പിയും പിളര്‍ന്ന് മണ്ണിലേക്ക് ലയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അതിവേഗം ബഹുദൂരത്തില്‍ യു.എന്‍ അവാര്‍ഡും കരസ്ഥമാക്കിയ തന്ത്രജ്ഞന്‍ കേരളാ കോണ്‍ഗ്രസ് ബി എന്ന പാര്‍ട്ടിയേയും കാറ്റില്‍ പറത്തിക്കളഞ്ഞു. ചരടു പൊട്ടിയ പട്ടംപോലെ കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ ചിലര്‍ അലഞ്ഞു നടക്കുന്നുണ്ടാകാം. മന്ത്രി കസേര പോയിട്ട് പ്യൂണിന്റെ കസേര പോലും കൊടുത്തില്ല.

യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ക്കും മകനും ഈ അധോഗതി വരുത്തിക്കൊടുത്തതാര്? കേരള രാഷ്ട്രീയത്തിന്റെ ചാണക്യവീരനല്ലേ? എല്ലാ ഘടകകക്ഷികളേയും നിലംപരിശാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഒറ്റകക്ഷിയായി കേരളം ഭരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുമ്പോള്‍ തന്റെ അടുത്ത ലക്ഷ്യം ലീഗിനെ കൂടി പിളര്‍ത്തുക എന്നുള്ളതാണ്. മതവര്‍ഗീയ കക്ഷികള്‍ തീര്‍ച്ചയായും കേരളത്തിന് ആപത്താണ്. അവരെ നശിപ്പിക്കുന്നത് അനിവാര്യമാണെങ്കില്‍ പോലും പോഴിയുന്ന അപ്പക്കഷണങ്ങള്‍ പെറുക്കിയെടുക്കുവാന്‍ മറ്റൊരു ഭിക്ഷാടകകൂട്ടര്‍ കാത്തിരിപ്പുണ്ടല്ലോ. അതാണ് കേരളത്തിന്റെ ഏറ്റവും വലിയ ആപത്ത്. കേരളം മതേതര സംസ്ഥാനമാക്കണം. മതങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ മാനവകുലത്തിന് പ്രാധാന്യംകൊടുത്തുകൊണ്ടും അവരുടെ നന്മയ്ക്കുവേണ്ടിയും ഭരിക്കുവാന്‍ പിണറായി എന്ന നട്ടെല്ലുള്ള ഒരു പുത്രന്‍ ഉണ്ടെന്നുള്ളത് മനസിലാക്കുന്നത് നന്നായിരിക്കും. ആള്‍ദൈവങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച ഒറ്റ നേതാവേ കേരളത്തിലുള്ളുവെന്നുകൂടി മനസിലാക്കാന്‍ കേരള ജനത തയാറാകും. കോണ്‍ഗ്രസ് ഭരിച്ചാലും കമ്യൂണിസ്റ്റ് ഭരിച്ചാലും കേരളം വര്‍ഗ്ഗീയ ഭ്രാന്തില്‍ വെന്തുരുകുവാന്‍ പടില്ല എന്നതാണ് എന്റെ അഭിപ്രായം. ബീഹാര്‍ എന്ന സംസ്ഥാനം അതാണ് നമുക്ക് കാട്ടിത്തരുന്നത്. മതവും ജാതിയും വര്‍ഗീയതയും വിട്ട് കേരളം ആര് ഭരിക്കുന്നുവോ അവര്‍ ഭരിക്കട്ടെ. എങ്കില്‍ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറുകയുള്ളൂ.

ജയ്ഹിന്ദ്. 

Read more

ഉണരുവിന്‍ മക്കളേ അവകാശങ്ങള്‍ നേടിയെടുക്കുവിന്‍

'അദ്ധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ നിങ്ങള്‍ എന്റെയടുത്ത് വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.' ഈ വാക്യങ്ങള്‍ ഉച്ഛരിക്കേണ്ടത് നമ്മുടെ തൊഴിലാളി നേതാക്കളല്ലേ. തൊഴിലാളികള്‍ക്ക് ശരിയായ വേതനം വാങ്ങിക്കൊടുത്ത് അവരെ ആശ്വസിപ്പിക്കേണ്ടത് തൊഴിലാളി നേതാക്കന്മാരുടെ കടമയാണ്. അസംഘടിത മേഖലകള്‍ സംഘടിച്ച് തൊഴിലാളികള്‍ അവരുടെ ആവശ്യം നേടിയെടുക്കേണ്ട സമയം സമാഗതമായിരിക്കുന്നു.

പണ്ടേ പറയുന്ന ഒരു പല്ലവിയാണ് സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍. ടാറ്റയും, ബിര്‍ളയും തുടങ്ങിയ കുത്തക മുതലാളിമാര്‍ തൊഴിലാളികളെ ചൂഷണം ചെയ്ത് വന്‍ കോടികള്‍ സമ്പാദിച്ചുകൊണ്ടേയിരിക്കുന്ന കുത്തക മുതലാളിത്ത വ്യവസ്ഥിതിക്ക് കടിഞ്ഞാണിടാന്‍ കാലം അതിക്രമിച്ചിരിക്കുന്നു. ഇന്നു ടാറ്റയുടേയും ബിര്‍ളയുടേയും ഭാര്യമാരുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന നേതാക്കന്മാരെയാണ് നമുക്ക് നേരില്‍കാണുവാന്‍ സാധിക്കുന്നത്. നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ... എന്ന ചക്കര വാക്കു പറഞ്ഞ് തൊഴിലാളിവര്‍ഗ്ഗത്തെ പറ്റിച്ച് കീശവീര്‍പ്പിക്കുന്ന നേതാക്കന്മാര്‍ വെറും ഒശുരൃമലേകളായി മാറിയ കാലമാണിത്.

പണ്ട് കൊല്ലത്തും കുണ്ടറയിലും അതുപോലെ മറ്റു സ്ഥലങ്ങളിലും കശുവണ്ടി തല്ലി തല്ലി കയ്യും കാലും മുഖവും കറുത്ത് വിരൂപരായി മാറിയ പാവപ്പെട്ട കശുവണ്ടി തൊഴിലാളികള്‍ക്ക് എന്തെങ്കിലും ഭാവിയുണ്ടായിട്ടുള്ളതായി കേട്ടുകേഴ്വി പോലുമില്ലെന്നത് സത്യം തന്നെ.

നിത്യദാരിദ്ര്യം അനുഭവിച്ച കശുവണ്ടി തൊഴിലാളികളുടെ നീണ്ട സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി കശുവണ്ടി മുതലാളിമാരുടെ അന്ത:പ്പുരം കയറി നടന്ന ഛോട്ടാ നേതാക്കന്മാര്‍ കുത്തക മുതലാളിമാരുടെ കയ്യില്‍ നിന്നും കോടികള്‍ കോഴ വാങ്ങി സമരം ഒത്തുതീര്‍പ്പാക്കിയതുകൊണ്ടാണ് കഴിഞ്ഞ നാളുകളില്‍ മൂന്നാറില്‍ നടന്ന തൊഴിലാളി സമരങ്ങളില്‍ നിന്നും എം.എല്‍.എയെ വിരട്ടിയോടിച്ചതെന്ന് നാം മനസിലാക്കണം. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായി ഇന്നത്തെ രാഷ്ട്രീയ തൊഴിലാളി നേതാക്കന്മാര്‍ മാറിക്കഴിഞ്ഞുവെന്നുള്ള നഗ്ന സത്യം പാവപ്പെട്ട തൊഴിലാളികള്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഭരണപ്രതിപക്ഷ നേതാക്കന്മാരെ ഇവര്‍ കാലുകൊണ്ട് തിരസ്‌കരിച്ച് കളഞ്ഞിരിക്കുന്നത്.

വേതനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പശ്ചിമബംഗാളിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ശരിയായ കൂലി കൊടുക്കാത്തതിന്റെ പരിണിത ഫലമല്ലേ ഇന്ന് കേരളത്തിലേക്കുള്ള അവരുടെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുന്നതിനു കാരണം. ഇവരില്‍ നിന്ന് നമുക്ക് ഉപകാരം ലഭ്യമാകുന്നുവെങ്കില്‍ പോലും കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നത് ഇടുങ്ങിയ മുറികളില്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന ഇവരുടെ ഇടയില്‍ നിന്ന് ധാരാളം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. ഇതിനൊന്നും കേരള സര്‍ക്കാര്‍ പരിഹാരം കാണുന്നില്ല.

അരുവിക്കരയിലെ അമിതാഹ്ലാദം അഴിമതി ആഴത്തില്‍ വേരോടുവാന്‍ സഹായകമാകുന്നതിന്റെ തെളിവാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാന്‍ഫെഡ് അഴിമതി.

വിയര്‍പ്പോടെ അപ്പം ഭക്ഷിക്കാന്‍ മടിയുള്ള മലയാളിക്കുഞ്ഞുങ്ങള്‍ ഇന്ന് ക്വട്ടേഷന്‍ സംഘഝങ്ങളില്‍ അംഗമായി കോടികള്‍ സാമ്പാദിക്കുവാനും, ജോലി ചെയ്യുന്നവരെ നോക്കി ഭയപ്പെടുത്തി നോക്കുകൂലി വാങ്ങി കുടിച്ച് കൂത്താടുവാനും അതീവ താത്പര്യം കാണിക്കുന്നു.

എന്നാല്‍ മൂന്നാറില്‍ തമിഴ് തൊഴിലാളികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തേയില കൊളുന്ത് നുള്ളിയിട്ടും ശരിയായ വേതനം ഇവര്‍ക്ക് ലഭിക്കുന്നില്ല. ഭാരമേറിയ സഞ്ചിയും തോളില്‍ തൂക്കി പകലന്തിയോളം തേയില കൊളുന്ത് നുള്ളി,നുള്ളി സ്ത്രീകളുടെ യൂട്രസ് താഴേയ്ക്കിറങ്ങിവരുന്നതും, ക്യാന്‍സറും മറ്റ് മാരകമായ രോഗങ്ങളുമാണ് ഇവരുടെ സമ്പാദ്യം. ഫാക്ടറി വളപ്പിലെ ആശുപത്രികളില്‍ നിന്നും എല്ലാ അസുഖത്തിനും കുറെ വെളുത്ത ഗുളികള്‍ മാത്രമാണ് ലഭ്യം! ഒരു കൂലിത്തൊഴിലാളിക്ക് 600 650 രൂപ ദിവസവും വേതനം ലഭിക്കുമ്പോള്‍ നിത്യവും ജോലിചെയ്യുന്ന തോട്ടം തൊഴിലാളി 500 രൂപ ദിവസക്കൂലി ചോദിക്കുന്നത് തീര്‍ച്ചയായും ന്യായമാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസം 15000 രൂപ എന്നത് ഒരു സാധാരണ ജീവിതത്തിനുവേണ്ട ന്യായമായ ശമ്പളമാണ്.

തൊഴിലാളി പ്രേമം നടിക്കുന്നവരെ ഇന്നവര്‍ക്ക് വിശ്വാസം വരാത്തതില്‍ അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. 13 ശതമാനം കിട്ടിക്കൊണ്ടിരുന്ന ബോണസ് 8 ശതമാനമായി കുറഞ്ഞു. ഗവി എന്ന പ്രദേശത്തും തമിഴ് തൊളിലാളികള്‍ക്ക് ശരിയായ ആനുകൂല്യമോ, വേതനമോ ലഭിക്കുന്നില്ലെന്ന വസ്തുത ഞാന്‍ നേരില്‍ കണ്ടതാണ്.

കോടികള്‍ സമ്പാദിക്കുന്ന ആശുപത്രി മേഖലകളില്‍ പാവപ്പെട്ട നേഴ്‌സുമാര്‍ക്ക് ശരിയായ വേതനം ലഭിക്കുന്നുണ്ടോ? അമൃതാ, മുത്തൂറ്റ്, പുഷ്പഗിരി എന്നീ ആശുപത്രികളില്‍ ഇന്നും നേഴ്‌സുമാര്‍ക്ക് ശരിയായ വേതനം ലഭിക്കുന്നില്ലെന്ന് നട്ടെല്ലുയര്‍ത്തി ഞാന്‍ പറയുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ മുന്തിയതരം വീഞ്ഞുകുടിച്ച് നടക്കുന്നതല്ലാതെ ആര്‍ക്കെന്തു പ്രയോജനം. മുംബൈയില്‍ ജോലി ചെയ്യുന്ന നേഴ്‌സിന് 30,000 രൂപ പ്രതിമാസം ലഭിക്കുമ്പോള്‍ കേരളത്തിലെ നേഴ്‌സുമാര്‍ക്ക് പ്രതിമാസം വെറും പതിനായിരം രൂപ പോലും തികച്ച് ലഭിക്കുന്നില്ല. ഒരേ രാജ്യത്തു തന്നെ ഒരേ തൊഴിലിനു പല വേതനം ലഭിക്കുന്ന ഒരേയൊരു രാജ്യം ഒരുപക്ഷെ നമ്മുടെ ഇന്ത്യാ മഹാരാജ്യമായിരിക്കും. 2011ലെ കണക്കനുസരിച്ച് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 1600 പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി അന്തസായി മറുപടി പറഞ്ഞു! പക്ഷെ ഇറാക്കില്‍ എത്ര മലയാളി നേഴ്‌സുമാര്‍ കുടുങ്ങിയിട്ടുണ്ടെന്നു മന്ത്രിക്കു പോയിട്ട് നമ്മുടെ എംബസിക്കുപോലുമറിയില്ലായിരുന്നു. കൂട്ടില്‍ കിടക്കുന്ന താറാവിനു പോലും എണ്ണമുണ്ട്. പക്ഷെ മനുഷ്യന്റെ ജീവനും സ്വത്തിനും ഒരു വിലയുമില്ലാതായിത്തീരുന്ന ദുര്‍വ്യവസ്ഥ നാട്ടില്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജനപ്രതിനിധികള്‍ ഇതിനൊക്കെ പരിഹാരം കാണാത്തതിന്റെ ഫലമായിട്ടായിരിക്കാം പ്രശസ്ത സാഹിത്യകാരന്‍ സഖറിയ നമ്മുടെ മന്ത്രിമാരെ സഭ്യമായ ഭാഷയില്‍ യുട്യൂബില്‍ അവഹേളിച്ചത്. അത് നൂറുശതമാനം ഞാനും അംഗീകരിക്കുന്നു.

എന്തുതന്നെയായാലും മേല്‍പറഞ്ഞ ചൂഷണങ്ങളില്‍ നിന്നും നാം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാട്ടില്‍ നടക്കുന്ന ന്യായമായ സമരത്തിന് നമ്മുടെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് അമേരിക്കന്‍ മലയാളികളുടെ കടമയാണ്. അനേകം അസോസിയേഷനുകള്‍ നമുക്കിവിടെയുണ്ട്. പേരെടുത്ത് ആരേയും ഇവിടെ പരാമര്‍ശിക്കുന്നില്ലെങ്കില്‍ പോലും നാട്ടില്‍ നിന്നു വരുന്ന മന്ത്രിമാരുടെ പൃഷ്ഠം താങ്ങി അവരെകൊണ്ടുനടക്കുമ്പോള്‍ ഒന്നോര്‍ക്കണം. സാമൂഹിക ബതിബദ്ധതയുള്ളവരായി അവരെ ബോധവാന്മാരാക്കേണ്ടത് നിങ്ങളുടെ കടമയാണ്. അല്ലെങ്കില്‍ നമ്മുടെ കടമയാണ്. ദയാബിയിയെപ്പോലെ പാവപ്പെട്ടവരോട് കരുണ ചെയ്യുന്ന നേതാക്കളെയാണ് നാം ബഹുമാനിക്കേണ്ടത്. അതിനു ചില സംഘടനകള്‍ അമേരിക്കയില്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ശാഘനീയമാണെന്നും, ഇതു കണ്ട് മറ്റ് സംഘടനകളും ഇങ്ങനെ പ്രവര്‍ത്തിക്കണമെന്നും താഴ്മയായി അപേക്ഷിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ. 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC