മോന്‍സി കൊടുമണ്‍

പാവം മഹാബലിയെ വെറുതെ വിടുക

പശു ചത്തു മോരിലെ പുളിയും പോയി എന്നു പറഞ്ഞതുപോലെ ഓണവും കഴിഞ്ഞു അതിന്റെ സ്മരണകളും മറഞ്ഞു പോയി ഇനി എന്തിനാണ് മഹാബലിയേയും ഓണത്തെക്കുറിച്ചും എഴുതണം ശരി തന്നെ. പക്ഷെ ഹൃദയം മുറിക്കുന്ന ചില വര്‍ഗ്ഗീയവാദികളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തൂലിക അറിയാതെ ചലിച്ചു പോകുന്നതിന് ആദ്യമേ ക്ഷമ ചോദിച്ചുകൊള്ളട്ടെ. പരമ്പരാഗതമായി കേരള ജനത വിശ്വസിച്ചു പോകുന്ന മഹാബലിക്കഥ തിരുത്തികുറിച്ചുകൊണ്ടും ജാതിവ്യവസ്ഥയിലെ മേലാളനെ തിരിച്ചുകൊണ്ടുവരുവാനും ചില സവര്‍ണ്ണ മേധാവികള്‍ ശ്രമിക്കുമ്പോള്‍ മഹാബലിയെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ചുപറയേണ്ടിവരുന്നു. 

ആരാണ് ഈ മഹാബലി- സത്യവും ധര്‍മ്മവും സമത്വവും സമാധാനവും സ്‌നേഹവും സാഹോദര്യവും കാത്തുപരിപാലിച്ചു ഭരണം നടത്തിയ ഒരു നല്ല ഭരണാധികാരി അല്ലെങ്കില്‍ സാധാരണ ജനങ്ങളുടെ കണ്ണുനീര്‍ ഒപ്പിയെടുക്കുവാന്‍ ദൈവം  അയച്ച ഒരു പ്രവാചകന്‍ എന്നു തന്നെ കരുതിക്കൊള്ളൂ. ആ നാളുകളില്‍ കള്ളവും ചതിയും പൊളിവചനങ്ങളും വര്‍ഗ്ഗീയതയും ഒട്ടുമേയില്ലായിരുന്നു. 

നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ  ജാതിമതസീമകള്‍ക്കതീതമായി സ്‌നേഹിച്ചിരുന്ന കാലം. ഇന്ന് ക്രിസ്ത്യാനികള്‍പോലും ഇതു കാത്തുപരിപാലിക്കപ്പെടുന്നില്ല. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദമെന്നു തോന്നുന്നു. 

പക്ഷെ കേരളത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റിച്ചുകൊണ്ട് ജാതിയുടേയും മതത്തിന്റെയും പേരു പറഞ്ഞ് മാവേലി ഭരിച്ച നാട്ടിലെ ജനങ്ങളെ ഓണത്തിനുപോലും തമ്മിലടിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നു.

ഗുരുവില്‍ നിന്നും കുഞ്ഞുങ്ങള്‍  മ്ലേഛമായ വര്‍ഗ്ഗീയ വിഷം പുരണ്ട വാക്കുകള്‍ പഠിക്കാന്‍ പാടില്ല. ഗുരുവില്‍ നിന്നും കുട്ടികള്‍ പഠിക്കേണ്ടത്- ജാതി മതസീമകള്‍ക്കതീതമായി സ്‌നേഹിക്കുവാനും ഉപകാരം ചെയ്യുവാനുമുള്ള ഗുണപാഠങ്ങളാണ്. 

 ശ്രീമതി ശശികല പറയുന്നു. മഹാബലി ഒരു ദുഷിച്ച ഭരണാധികാരിയും അത്യാഗ്രഹിയും മറ്റുരാജ്യങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ദുരാഗ്രഹിയുമായിരുന്നുവെന്ന് അതിനാലാണ് വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തികൊന്നതെന്ന്. അതുകൊണ്ട് ഓണമെന്നു പറയുന്നത് വാമനജയന്തിയാണ് അതാണ് നാം ആഘോഷിക്കേണ്ടത് എന്നും. ഏതാണ്ട് ആറായിരത്തോളം വര്‍ഷം പഴക്കമുള്ള മുനിമാരുടേയും മഹര്‍ഷിമാരുടേയും ഭാരതമെന്ന രാജ്യത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ മഹാഉത്സവമായ ഓണം എന്ന  ഉത്സവത്തെ മാറ്റി മറിക്കുവാന്‍ പോകുന്നുവോ? 

ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍? ചില ചാനലുകാര്‍ക്ക് ഇവരെ പൊക്കിപ്പിടിച്ചു കൊണ്ടുനടക്കുവാന്‍ വേറെ പണിയൊന്നുമില്ലേ. സരിത എന്ന സ്ത്രീ പോയപ്പോള്‍ മറ്റൊരു സ്ത്രീയെ മായാദേവിയാക്കി ചരിത്രം മാറ്റിയെഴുതുവാന്‍ ചില മീഡിയകളും ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.

വീണ്ടും മഹാബലിയിലേക്കുവരാം. മഹാബലി ഒരു കരുണാമയനായ ഭരണാധികാരിയായിരുന്നു. അതുപോലെ ഒരു ഭരണാധികാരി ദുബായ് മന്ത്രിസഭയിലുണ്ട്. അദ്ദേഹം ഓണത്തിന് താഴെ ഇലയിട്ടു നമ്മുടെ മലയാളികളുടെ ഒപ്പമിരുന്ന് ഓണമുണ്ടതു യൂട്യൂബിലൂടെ കണ്ടപ്പോള്‍ എനിക്കും രോമാഞ്ചമുണ്ടായി. 

മഹാബലിയെകൊന്ന വാമനനും മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്കും  സ്തുതി പാടുന്നവര്‍ മനുഷ്യരല്ല. അതുപോലെ മദര്‍ തെരേസ ഭാരതം നശിപ്പിക്കാന്‍ വന്ന കള്ളിയാണ് എന്നും ഇവര്‍ സ്ഥാപിക്കുന്നുണ്ട്. ഒരു വ്യക്തിയേപ്പോലും മദര്‍ മതം മാറ്റിയിട്ടില്ലെന്നുള്ള വസ്തുത ഓര്‍ക്കുന്നത് നന്ന്. 

തെരുവില്‍ കിടക്കുന്ന കുഷ്ഠരോഗികളെ താലോലിച്ചു മടിയില്‍ കിടത്തി ശുശ്രൂഷിക്കുന്നവര്‍ ദൈവദൂതര്‍തന്നെ. ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം. ഏതെങ്കിലും വഴിയില്‍ കിടക്കുന്ന ഒരു കുഷ്ഠരോഗി ഒരു ഹൈന്ദവ സഹോദരനായിട്ടു പോലും നിങ്ങള്‍ എന്തുകൊണ്ട് ചെയ്തില്ല അല്ലെങ്കില്‍ ചെയ്യുന്നില്ല പോകട്ടെ 

മഹാബലിയിലേക്കും വീണ്ടും തിരികെ വരാം. മൂന്നിട മണ്ണു ചോദിച്ചു വന്ന വാമനു മണ്ണു നല്‍കാന്‍ തികയാതെ വന്നപ്പോള്‍ തന്റെ തല താഴ്ത്തിക്കൊടുത്തില്ലായിരുന്നെങ്കില്‍ വാമനന്‍ കേരളത്തേയും കേരളത്തിലെ ജനങ്ങളേയും ചുട്ടുക്കരിക്കുമായിരുന്നു. തന്റെ പ്രജകളുടെ രക്ഷക്കായ് പാതാളത്തിലേക്കുപോയ പുണ്യവാനാണ് മഹാബലി. അദ്ദേഹം കാട്ടിയത് ഒരു വലിയ ബലിയാണ് അതായത് മഹാ-ബലി. ആ മഹാബലിയെയാണ് നാം സ്മരിക്കേണ്ടത്. 

ഐതിഹ്യം എന്തുമായിക്കൊള്ളട്ടെ ഇതിന്റെയെല്ലാം പേരില്‍ നമുക്ക് സ്‌നേഹം പങ്കിടുവാന്‍ സാധിക്കുമെങ്കില്‍ ഓണവും, വിഷുവും, ക്രിസ്തുമസ്സും റംസാനും നമുക്ക് ഒത്ത് ചേര്‍ന്ന് ആഘോഷിച്ച് സ്‌നേഹത്തിന്റെ പൂത്തിരി കത്തിക്കാം.

എന്തായാലും മൂന്നടി മണ്ണും ചോദിച്ചു വന്ന ചതിയന്‍ വാമനനേക്കാള്‍ കേരളമക്കളെ രക്ഷിച്ച മഹാബലിയേയാണ് ഞങ്ങള്‍ക്കിഷ്ടം. ആ മഹാമനസ്സുള്ള മഹാബലിയുടെ ഓര്‍മ്മപുതുക്കി വീണ്ടും ഞങ്ങള്‍ ഓണം ആഘോഷിക്കും. ഇതിനെ തടസ്സപ്പെടുത്തുവാന്‍ വരുന്ന പിശാചുക്കള്‍ക്ക് കേരള മക്കള്‍ തക്കതായ സമ്മാനം കൊടുക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC