തമ്പി ആന്റണി

മലയാളികളുടെ "ഡോക്ക്ട്ടര്‍ രോഗം"

Medical obsession of Malayali communtiy in USA)

മലയാളികളുടെ പ്രേത്യകിച്ചു് അമേരിക്കന്‍ മലായാളി മാതാപിതാക്കളുടെ അജ്ഞതയും അഹന്തയുംകൊണ്ട് എത്രയോ മലയാളി കുട്ടികളാണ് കരീബിയന്‍ ദ്വീപുകളിലും മാണിപ്പാലിലുമൊക്കെപ്പോയി ഡോക്ടറാകാന്‍ കഷ്ടപ്പെടുന്നത്.മക്കള്‍ ഡോക്ടര്‍ ആയില്ലെങ്കില്‍ എന്തോ ഒരു കുറവുപോലെയാണ് അവര്‍ക്കൊക്കെ. പ്രത്യകിച്ചും ആരെങ്കിലും ഒരു ഡോക്ടര്‍ ഫാമിലിയില്‍ ഉണ്ടെങ്കില്‍ പറയുകയും വേണ്ട . 

ഡോക്ടര്‍ എന്നുള്ള പദവി അമേരിക്കയില്‍ ഒരു സ്റ്റാറ്റസ് സിബല്‍ അല്ല മറിച്ച് രോഗികളെ സേവിക്കാനും പരിരക്ഷിക്കാനുമുള്ള ഒരു ലൈസന്‍സ് ആണന്നകാര്യം അവര്‍ സൗകര്യപൂര്‍വം മാറക്കുന്നതുപോലെ . അതിനിഷ്ടമുള്ള കുട്ടികള്‍ പോകട്ടെ അമേരിക്കയില്‍ തന്നെ അതിനുള്ള അവസരമുണ്ടല്ലോ. ഇവിടെ സാധിക്കാത്ത കാര്യം ലക്ഷങ്ങള്‍ മുടക്കിയാണങ്കിലും അന്യരാജ്യങ്ങളില്‍ വിട്ട് പഠിപ്പിച്ചേ തീരൂ എന്നു വാശിപിടിക്കുന്നതെന്തിനാണ്. അതുകൊണ്ട് ആ കുട്ടികള്‍ക്കുണ്ടാകുന്ന ാലിമേഹ റലുൃലശൈീി അല്ലെങ്കില്‍ മാനസിക സഘര്‍ഷങ്ങളെപ്പറ്റിയൊന്നും ചോദിക്കാനോ അന്ന്വഷിക്കാനോ അവര്‍ ശ്രെമിക്കാറില്ലെന്നുള്ളതാണ് ഏറ്റവും ആശ്ചര്യകരം. ഇവിടെ വന്നാലോ പിന്നെയും പല കടമ്പകളും കടക്കണം . യുവത്വത്തിന്‍റെ നല്ല സമയം മുഴുവനും വീണ കുഴിയില്‍നിന്നു രക്ഷപെടാനുള്ള പരിശ്രമമാണ്. ആണ്‍കുട്ടികളാണെങ്കില്‍ എങ്ങനെയും സമാധാനമുണ്ട് . പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. എല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍പോലും മിനിമം മുപ്പതു വയസു കഴിയും അപ്പോള്‍പിന്നെ പരാജയപ്പെടുന്നവരുടെ കാര്യമോ. മുപ്പത്തഞ്ചും നാല്‍പ്പതു വയസായിട്ട് ഒരിടത്തു എത്താതെ മാനസികവ്യഥയുമായി നടക്കുന്ന ഒരുപാടു പേരുടെ കഥ കേട്ടതുകൊണ്ടു മാത്രമാണ് ഞാനീ കുറിപ്പെഴുതുന്നത് . 

ഏറ്റവും അപകടമായ സ്ഥിതിവിശേഷം ഡോക്ടര്‍ എന്ന ലേബല്‍ വീണാല്‍പ്പിന്നെ വേറൊരു പണിക്കും പോകാന്‍ പറ്റില്ല എന്നുള്ള അവസ്ഥയാണ്. അങ്ങനെയൊരു സ്ഥിതിയുമില്ലാത്ത ഒരേയൊരു പ്രൊഫഷന്‍ എഞ്ചിനീയറിംഗ് ആണെന്നാണ് പറയപ്പെടുന്നത്. എല്ലാവര്‍ക്കും അതും സാധിച്ചെന്നു വരില്ല. എന്നാലും വേറെ എത്രയോ നല്ല പ്രൊഫെഷന്‍സ് ഉണ്ട്. ഏതു ഡിഗ്രി കഴിഞ്ഞാലും എം.ബി.എ.യും കൂടെ എടുത്താലും ഇത്രയധികം വര്‍ഷങ്ങള്‍ ബലികഴിക്കേണ്ടി വരില്ല. അതുകൊണ്ട് ഡോക്ട്ടര്‍ എന്നല്ല ഏതു പഠിക്കണമെന്ന് കുട്ടികള്‍ പറഞ്ഞാലും ഏതെങ്കിലും കൗണ്‍സലറെകൊണ്ട് അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. അല്ലെങ്കില്‍ വെറും അജ്ഞതകൊണ്ടു മാത്രം സംഭവിക്കുന്ന. ഈ പ്രക്രിയകൊണ്ട് എത്ര കുട്ടികളാണ് ബലിയാടാകുന്നത് .രോഗികള്‍ക്കുവേണ്ടി ത്യാഗം ചെയ്യേണ്ടവരും ഏതുറക്കത്തിലും അവര്‍ക്കുവേണ്ടി ഉണരേണ്ടിവരുന്നവരുമാണ്
നല്ല ഡോക്ട്ടര്‍ന്മാര്‍ . 

എല്ലാവരും നല്ലതുപോലെ ആലോചിച്ചുമാത്രം ഈ മഹത്തായ സേവനത്തിന്‍റെ മാതൃക തിരഞ്ഞടുക്കുക. അങ്ങനെയാണെങ്കില്‍ മാത്രമേ നമുക്ക് നല്ല ഡോക്ട്ടന്മാരുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. എല്ലാം മനസ്സിലാക്കയാല്‍ അടുത്ത തലമുറക്കെങ്കിലും ഈ ശ്രെമകരമായ "ഡോക്റ്റര്‍ രോഗ" ത്തില്‍നിന്നു മുക്തി പ്രാപി­ക്കാം. 

Read more

ആരാണ് മദര്‍ തെരേസ?

എന്തു ലക്ഷ്യത്തിനുവേണ്ടി ആയിരുന്നെങ്കിലും ആതുര സേവനം നടത്തുന്നവരെ അംഗീകരിക്കുക തന്നെ വേണം. അതിനുംമതം തിരിച്ചുകൊണ്ടുള്ള വാക്കുതര്‍ക്കങ്ങളാണ് ഇപ്പോള്‍ ഫേസ് ബുക്കില്‍ നിറയെ. അമേരിക്കയില്‍ പോയി ആശ്രമം സ്ഥാപിച്ച ഭഗവാന്‍ രജനീഷുമായി താരതമ്മ്യം ചെയിതാണ് ഇപ്പോള്‍ കേരളത്തില്‍ കൂട്ട അടി നടത്തുന്നത്. അതും പതിവുപോലെ സോഷ്യല്‍ മീഡിയായില്‍ മാത്രമേയുള്ളു കേട്ടോ.

ആതുര സേവനം രണ്ടു തരത്തിലുണ്ട് ഒന്നാമത്തേത് ഒരുപാട് സമ്പത്തുണ്ടാകുബോള്‍ ജനസമ്മതിക്കും പ്രശസ്തിക്കും നികുതിവെട്ടിപ്പിനും മറ്റുമായി ചെയ്യുന്ന വമ്പന്മാര്‍ . രണ്ടാമത്തേത് സ്വയം കഷ്ടപെട്ടും മറ്റുള്ളവരില്‍നിന്നുംപണം ഇരന്നു വാങ്ങിയും പാവങ്ങളെ സഹായിക്കുന്നവരും. രണ്ടു കൂട്ടരെയും അംഗീകരിക്കേണ്ടതു തന്നെ. എന്നാലും രണ്ടാമത്തെ കൂട്ടരാണ് ഈ പരിശുദ്ധര്‍ എന്ന പദത്തിനര്‍ഹര്‍. കാരണം അവര്‍ ഇല്ലായ്മയില്‍നിന്നും വളര്‍ന്നവരാണ് . എന്നിട്ടും അവര്‍ സ്വയം നിന്ദിതര്‍ക്കും പീഡിതര്‍ക്കും രോഗികള്‍ക്കുമായി മാത്രം ജീവിക്കുന്നു. അല്ലെങ്കില്‍ മദര്‍ തെരേസയെപോലെയുള്ള ഒരു കന്ന്യാസ്ത്രിക്ക് യൂറോപ്പില്‍ നിന്ന് കല്‍ക്കട്ടയില്‍ വരേണ്ട ആവശ്യമുണ്ടോ. അതും ഇന്ത്യന്‍ പൗരത്വമൊക്കെ സ്വീകരിച്ചു കുഷ്ടരോഗികളുടെ ഇടയില്‍ ജീവിക്കേണ്ട ആവശ്യമുണ്ടായിരുന്നോ. അവര്‍ എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാണ് കല്‍ക്കട്ടയിലെ ഹിന്ദു മുസ്ലിം സമുദായങ്ങളുടെ പീഡനങ്ങളെ അതിജീവിച്ചത് എന്നത് അവരുടെ ചരിത്രം കുറച്ചെങ്കിലും പഠിച്ചവര്‍ക്കറിയാം. ഉദാഹരണത്തിന് ഒരു സംഭവം പറയാം.

കല്‍ക്കട്ടയില്‍ ഒരു പണക്കാരന്റെവീട്ടില്‍ പണപ്പിരിവിനു ചെന്നപ്പോള്‍ അയാള്‍ മുഖത്തേക്കു കാര്‍ക്കിച്ചു തുപ്പിപോലും . ഉടന്‍തന്നെ മദര്‍ തുണികൊണ്ട് മുഖം തുടച്ചിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞുപോലും, 'എനിക്കുള്ളത് കിട്ടി ഇനി എന്റെ കുട്ടികള്‍ക്കുള്ളതാണ് എനിക്കു വേണ്ടത്' എന്ന്. അയാള്‍ അവരെ ഉടനെ ആട്ടിയോടിച്ചെങ്കിലുംയദ്ധാര്‍ഥ്യംമനസിലാക്കിയ ആ കല്‍ക്കട്ടക്കാരന്‍പിന്നീട് മാനസാന്തരപെട്ടു കുറെ സ്വത്തുക്കള്‍ അമ്മയുടെ ആതുരാലയത്തിന് എഴുതിക്കൊടുത്തു എന്നാണ് അറിഞ്ഞത്. 

അദ്ദേഹം ഒരിക്കലും മതപരിവര്‍ത്തനംചെയിതിട്ടില്ലന്നുകൂടി ഓര്‍ക്കണം. എല്ലാ മതക്കാരും അവരുടെ മതമാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒരു കന്യാസ്ത്രിയായ മദര്‍ തെരേസ അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാലും അവര്‍ ആരെയെങ്കിലും നിര്‍ബന്ധിച്ചു മതം മാറ്റിയതായി ഒരറിവുമില്ല. അങ്ങനെ ആരെങ്കിലും മതം മാറിയിട്ടുണ്ടെങ്കില്‍ അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ്.

കേരളത്തില്‍ കൃസ്ത്യാനികളും മുസ്ലീമുങ്ങളും ഒക്കെ ഉണ്ടായത് മദര്‍ തെരേസ വന്നിട്ടല്ലല്ലോ. അതൊക്കെ ഒരോര്‍ത്തരുടെ ചിന്താഗതിയനുസരിച്ചു സംഭവിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരേ മതമാണെങ്കില്‍ തീരുന്നതാണോ നമ്മുടെയൊക്കെ പ്രശ്‌നങ്ങള്‍. അല്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് നമ്മുടെ തൊട്ടയല്‍പക്കത്തുള്ള പാക്കിസ്ഥാനും ഇറാക്കും ഒക്കെ. അപ്പോള്‍ പിന്നെ ഇന്ത്യമുഴുവന്‍ ഹിന്ദുക്കളായാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്നു വിശ്വസിക്കുന്നതുതന്നെ എന്തൊരു വിഡ്ഢിത്വമാണ്.

മദറിനെ ഏറ്റവം കൂടുതല്‍ ആദരിച്ചതും നമ്മുടെ രാജ്യം തന്നെയാണെന്നുകൂടി ഓര്‍ക്കണം. പത്മശ്രീയുള്‍പ്പെടെ നിരവധി അംഗീരങ്ങള്‍ ഇന്ത്യ നേരത്തെ നല്‍കിക്കഴിഞ്ഞു. ഇതൊക്കെ കൃസ്ത്യാനി ആയതുകൊണ്ടല്ല എന്നുകൂടി ഓര്‍ക്കണം. 

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമേരിക്കയില്‍ പോയി പണക്കാരുടെ പ്രിയപ്പെട്ട ദൈവം എന്നറിയപ്പെട്ടഭഗവാന്‍ രജനീഷിനേക്കാള്‍ അംഗീകരിക്കപ്പെടേണ്ടത് പാവങ്ങളുടെ ഭാവഗതിയായമദര്‍ തെരേസായെത്തന്നെയാണ്.അവര്‍ ക്രിസ്ത്യാനിയായതു കൃസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ചതുകൊണ്ടു മാത്രമാണ് . അതുകൊണ്ടു പാപികളെയും പാവങ്ങളെയും സഹായിക്കുന്നത് കൃസ്തുവിന്റെ വഴിയാണെന്ന് അവര്‍ വിശ്വസിക്കുന്നു. 

മദറിന് ആതുര സേവനത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് കത്തോലിക്കാ സഭയാണ് . അവര്‍ ബ്രീട്ടീഷ് ഇന്ത്യയുടെ കാലത്ത് നമ്മുടെ നാട്ടിലേക്കു വന്നത്മതം മാറ്റാന്‍ മാത്രമാണെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. ഇന്ത്യയിലാണ്മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചെങ്കിലും ആഫ്രിക്കയുള്‍പ്പെടെലോകം മുഴുവന്‍ അവരുടേ സേവനങ്ങള്‍ എത്തുന്നുണ്ട്. 

അതില്‍ മതസംഘടനകള്‍ക്ക് മതപരിവര്‍ത്തനം എന്ന ഒരു നിഗൂഢ അജണ്ട ഉണ്ടെങ്കില്‍പോലും അത് മദര്‍ തെരേസയില്‍ ആരോപിക്കേണ്ട ഒരു കുറ്റകൃത്യമാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് കൃസ്ത്യാനിയായി ജനിച്ച മറ്റു കന്യസ്ത്രീകളൊന്നും അന്നത്തെ കാലത്ത്ഇത്രയധികം ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് ആതുര സേവനത്തിന് ഇന്ത്യയിലേക്കു വന്നില്ല . 

തീര്‍ച്ചയായും അത് അവരുടെ വ്യക്തിപരമായ കാര്യമാണ് . അല്ലെങ്കില്‍ അവരുടെ ജന്മനായുള്ള മാനസികാവസ്ഥ മാത്രമാണ് . ഏതു മതത്തില്‍ ജനിച്ചാലും മദര്‍ പാവങ്ങളെയും രോഗികളെയും സംരക്ഷിക്കുമായിരുന്നു എന്നുതന്നെയാണ് ഇതില്‍നിന്നും മനസ്സിലാകുന്നത് . കൃസ്തുവിന്റെ വചനങ്ങള്‍ അഥവാ കത്തോലിക്കാ സഭ അതിനൊക്കെ ഒരു നിമിത്തമായി എന്നുമാത്രം.

അതുകൊണ്ടുതന്നെ കൃസ്ത്യന്‍ സഭക്കു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ് മദര്‍ തെരേസ . എണ്‍പത്തി രണ്ടു റോള്‍സ് റോയിസുമായി അമേരിക്കക്കാരെ പുളകം കൊള്ളിച്ച ആത്മീയ ഗുരുവാണ് ഓഷോ എന്ന രജനീഷ് . അദ്ദേഹത്തെയുംഅദ്ദേഹത്തിന്റെ ആശയങ്ങളെയുമൊക്കെഒക്കെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ. ഒരിക്കലും ഒരു മദര്‍ തെരേസയാകാന്‍ അദ്ദേഹത്തിനു കഴിയില്ല. മറിച്ച് മദറിന് ഒരു ഭഗവാന്‍ രജനീഷ് ആകാനും കഴിയില്ല . 

വെറുതെ ഒരു താരതമ്മ്യം ചെയ്തു തമ്മിലടിക്കണ്ട ആവശ്യമില്ലല്ലോ. അമേരിക്കയിലെ പണക്കാരുടെ ദൈവം എന്നറിയപ്പെട്ട കാലത്തുപോലും നമ്മള്‍അദ്ദേഹത്തെഭഗവാന്‍ എന്നു വിളിച്ചിരുന്നു.അപ്പോള്‍പിന്നെ മദര്‍ തെരേസയെ വിശുദ്ധ എന്നു വിളിക്കുന്നതില്‍ ഒരുതെറ്റുമുണ്ടെന്നു തോന്നുന്നില്ല. 

Read more

എന്താണ് വര്‍ഗീയത ?

എന്താണ് വര്‍ഗീയത എന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റില്ല. കാരണം അത് ഒരു വ്യക്തിയുടെ കഷിചേരലല്ല മറിച്ച് ഒരു സമൂഹത്തിന്റെതാണ് . സമൂഹം വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമാണത് . ഈ മുഖപുസ്തകത്തില്‍ അല്ലെങ്കില്‍ ഫായിസ് ബുക്കില്‍ വര്‍ഗീയത നിറയാന്‍ കാരണവും മറ്റൊന്നുമല്ല . ഇതൊരു കൂട്ടായ്മയാണ്. കൂട്ടായിമ്മയില്‍ . അപ്പോള്‍ ഒരു കഷിചേരല്‍ വെറുതെ സംഭാവിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് . ഉദാഹരണത്തിന് രാജ്യാന്തിര മത്സരങ്ങളില്‍ സംഭവിക്കുന്നതും അതുതന്നെയാണ്. രണ്ടു രാജ്യങ്ങളും നമ്മളുമായി ഒരു ബെന്ധവുമില്ലെങ്കിലും ഒരു രാജ്യത്തിന്റെ ചേരിയിലേക്ക് നാം അറിയാതെ വീണുപോകുന്നു . അല്ലെങ്കില്‍ കളി കാണാതെ മാറിനില്‍ക്കേണ്ടി വരും . ആരു കളിച്ചാലും ഒരു ചേരിയില്‍ നില്‍ക്കാതെ കാളികാന്നുന്നതില്‍ എന്തു രെസമാന്നുള്ളത് . ഒരു ജാതിയിലുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ വേറൊരു ജാതിയില്‍ഉള്ളവര എതിര്‍ക്കുന്നതുപോലും ഈ കഷിചേരലാണ്. ഒരു തര്‍ക്കമുണ്ടാകുബോള്‍ എവിടെയെങ്കിലും ചേരണമെല്ലോ.അപ്പോള്‍ സ്വോപാവികമായും സ്വൊന്തം ജാതിയിലേക്ക് തെന്നി വീഴുകയാണ് ചെയുന്നത്. അത് തീര്‍ച്ചയായും അപ്പോള്‍ ഒരു വ്യക്തിയുടെ അഭിപ്രായമല്ല . കൂട്ടായമ്മയുടെ അഭിപ്രായമായി മാറുന്നു. അമ്രുതാനന്ത മയിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. അവര്‍ ചയിതതു തെറ്റാനെന്നറിയാവുന്നവര്‍ പോലും ഫെസ് ബുക്കില്‍ വന്നപ്പോള്‍ എല്ലാം തകിടം മറിയുന്നു. നേരത്തെ പറഞ്ഞ കഷിചേരല്‍ എന്ന പ്രതിഭാസത്തിലൂടെ അവരുടെ അനുകൂലികളായിതീരുന്നു . അതുപോലെ തന്നെ അച്ചന്മാരുടെ കാര്യം പറയുബോള്‍ ക്രിസ്ത്യാനികളും . തീവ്രവാതത്തിന്റെ കാര്യം പറയുബോള്‍ ഇസ്ലാമും വികാരം കൊള്ളുന്നു. ഇത് വെറും കാപട്യമാണ്. ഇതൊന്നും അവരുടെ വ്യക്തിപരമായ അഭിപ്രായമല്ല. അതിനെ വര്‍ഗീയമായി കാണേണ്ട കാര്യവുമില്ല. വെറുതെ ഒരു കളികാണല്‍ അത്രെയേയുള്ളൂ. അല്ലാതെ മുഖപുസ്തകം വന്നപ്പോള്‍ സാഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളം മുഴുവന്‍ വര്‍ഗീയമായി എന്നു തെറ്റിദ്ധരിക്കേണ്ട കാര്യമൊന്നുമില്ല.

എന്തിനു പറയുന്നു നമ്മുടെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലും ഇപ്പോള്‍ ഫെസ് ബുക്ക് സമൂഹം ഏറ്റെടുക്കുന്നു . ഒരു കൂട്ടര്‍ കുറ്റം പറയുബോള്‍ മറ്റേ കൂട്ടര്‍ എതിര്‍ക്കണമെല്ലോ . എന്നാലല്ലേ ഒരു രസമൊക്കെഉള്ളു. അങ്ങെനെ ആ തല്ലല്‍ നാമറിയാതെതന്നെ രണ്ടു ജാതിയിലേക്ക് തിരിയുകയാണ്. ഇത് ഒരിക്കെലും മമ്മൂട്ടിയും മോഹന്‍ലാലും ആഗ്രഹിച്ചതല്ല . കാരണം അവര്‍ രണ്ടു വ്യക്തികള്‍ മാത്രമാണ്. നല്ല സുഹൃത്തുക്കളുമാണ്. എന്നാലും അവര്‍ ഒന്നു നിന്നുകൊടുക്കുകയാണ് ചെയുന്നത് . നമ്മുടെ നടന്‍ ഇന്നസ്സെന്റ്‌റ് ഒരിക്കേല്‍ പറഞ്ഞതുപോലെ പടമില്ലാതെ തെണ്ടി നടന്നോപ്പോള്‍ ഒരു ജാതിചീട്ടു കളിച്ചു. ഏതോ ക്രിസ്ത്യന്‍ സംവിധായകനെ പോയി കണ്ടുപോലും . പക്ഷേ സംഗതി തിരിച്ചടിച്ചു. ഒന്നും സംഭവിച്ചില്ല എന്നുമാത്രമല്ല നാണക്കേടുമായി. ഞാന്‍ പറഞ്ഞുവന്നത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യമാണ് . അവരും നിലനില്‍പ്പിനുവേണ്ടി ഈ ജാതി ഫാനസുകള്‍ക്ക് മൗനാനുവാദം കൊടുക്കുന്നു. ഒരു സമൂഹം കൂടെ നില്ക്കുന്നെങ്കില്‍ നിന്നോട്ടെ . ഇന്നച്ചന്‍ പറഞ്ഞതുപോലെ ഒരു ജാതിചീട്ടുകളി . വ്യക്തിപരമായി ഒരു നല്ല കലാകാരനും അങ്ങെനെ ആവില്ലെന്ന് പാവം കൂട്ടായിമ്മയില്‍ പെട്ടുപോകുന്ന പൊതുജനം എന്ന കഴുതകള്‍ക്കറിയില്ലല്ലോ .

കലാരെഗത്ത്­ വര്‍ഗീയത ഇല്ലെന്നു തന്നെയാണ് എനിക്ക് എന്റെ അനുഭവത്തില്‍നിന്ന് മനസിലായിട്ടുള്ളത്­. അത് നൂറു ശതമാനം ശെരിയാണെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയുന്നു. ഒരു യെഥാര്‍ത്ത കലാകരാന്‍ സൃഷ്ടി നടത്തുബോള്‍ അത് ലോകോത്തര സൃഷ്ടി ആകണമെന്നു തന്നെയാണ് അയാള്‍ ആഗ്രഹിക്കുന്നത് . അതുപോലെ തന്നെയാണ് സംവിധായകന്റെ കാര്യവും . അയാളുടെ സിനിമ ഒരു നല്ല സൃഷ്ടി ആകണം എന്നുമാത്രമാണ് അവന്റെ ആഗ്രഹം. അതിന് ജാതിനോക്കിയല്ല താരങ്ങളെ നിര്‍ണയിക്കുന്നത് . തിലകന്‍ എന്ന മഹാനടാന്‍ ഈ കാര്യത്തില്‍ ഒരു പരുതിവരെ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ളതാണ് സത്യം. തിലകന് അവസരങ്ങള്‍ കുറഞ്ഞത്­ ആരോഗ്യപരമായ കാരണങ്ങളാണെന്നു ആര്‍ക്കാണ് അറിയാത്തത്. നടകരെഗത്തും , നൃത്ത രേഗത്തും ഒക്കെ അങ്ങേനെയെ സംഭവിക്കുകയുള്ളൂ. കലാകാരന്മാര്‍ തമ്മിലുള്ള മത്സരങ്ങള്‍ ഏതു കലാരൂപത്തിലാണെ ങ്കിലും നല്ലതാണ് . എന്നാലല്ലേ നല്ല സൃഷ്ടി ഉണ്ടാകാനുള്ള ശ്രമമെങ്കിലും ഉണ്ടാവുകയുള്ളൂ.

മതം ഒരു ശീലമാണ് , ആചാരമാണ് അത് ആര്‍ക്കും മായിച്ചുകളയാന്‍ പറ്റില്ല. ഓരോരുത്തരും ഓരോ മതത്തെ പ്രധിനിതീകരിക്കുന്നത് അവര്‍ ആ മതത്തില്‍ ജനിച്ചുപോയതുകൊണ്ടാണ് . അതവരുടെ കുറ്റമല്ല. വ്യക്തികള്‍ക്ക് മിക്കപ്പോഴും പരിമിതികളുണ്ട് . അവരുടെ ഇഷ്ടങ്ങളേക്കാളും സമൂഹത്തിന്റെ ഇഷ്ടങ്ങളുടെ കൂടെ നില്‍ക്കേണ്ടി വരികയാണ് . അതുകൊണ്ട് കൂട്ടായമ്മയില്‍ ഉണ്ടാകുന്ന വര്‍ഗീയ വിചാരങ്ങളേ വെറുതെ വിട്ടേക്കുക .

അതുകൊണ്ട് കേരളം മുഴുവന്‍ വര്‍ഗീയമായി എന്ന് കരുതുന്നതില്‍ അര്‍ഥമില്ല . ഏറ്റവും കൂടുതല്‍ ഇന്റെര്‍കാസ്റ്റ് മാരിയേജ് ഒരു പ്രശ്‌നവുമില്ലാതെ നടക്കുന്ന കേരളത്തിലെ ന്യു ജെനറേഷന്‍ കുട്ടികള്‍ ബുദ്ധിയുള്ളവരാണ്. അവര്‍ ഒരിക്കലും അങ്ങെനെ ആവുകയില്ല. രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും അവരെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അതിലേക്ക് വലിച്ചിഴക്കാതിരുക്കുക.

Read more

ആള്‍ദൈവം ആനന്ദകല്യാണി

വീട്ടിലൊരു ആള്‍ ദൈവമുണ്ടെങ്കില്‍ പിന്നെ ഒരു എമ്പോക്കിയേയും പേടിക്കേണ്ട ആവശ്യമില്ല എന്നു തന്നെയാണ് റേഷന്‍കട ഗോപാലപിള്ളയുടെ സുന്ദരിയായ ഭാര്യ ഗോമതിയുടെ വിശ്വാസം. അതിന് തക്കതായ കാരണവുമുണ്ടെന്നു കൂട്ടിക്കോളൂ. ഇപ്പോള്‍ ആള്‍ ദൈവം സ്റ്റാറ്റസ് സ്വന്തമാക്കിയിരിക്കുന്ന കല്യാണിയുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. രണ്ടു കൊല്ലത്തിനു മുന്‍പ് വീട്ടുവേലക്കു വന്നതാണ് . വയസ് മുപ്പത്തിയൊന്‍പത്. പക്ഷെ കണ്ടാല്‍ അത്രക്ക് അങ്ങോട്ട് തോന്നില്ല. എന്തോ ദിവ്യ ശക്തിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്നു. അതില്‍ ഗോപാലപിള്ളക്ക് ഒരു പരാതിയുമില്ല. പക്ഷെ പല അനുഭാവത്തില്‍കൂടി ഭാര്യ ഗോമതി അവരെ അന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ട് ഗോപാലപിള്ളയും ഒരു പരിധിവരെ വിശ്വസിക്കുന്നതായി അഭിനയിക്കുന്നു. ആറാം ക്ലാസില്‍ രണ്ടു തവണ തോറ്റു എന്നുള്ളതാണ് കല്യാണിയുടെ വിദ്യാഭ്യാസ യോഗ്യത. അല്ലെങ്കിലും ആള്‍ ദൈവങ്ങള്‍ക്ക് പ്രത്യക വിദ്യാഭ്യാസ യോഗ്യത ഒന്നും വേണമെന്ന് ഒരിടെത്തും കേട്ടു കേള്‍വിപോലുമില്ല.

കുട്ടികള്‍ ഇല്ലങ്കിലും തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സാക്ഷാല്‍ കല്യാണിക്കുട്ടി ദൈവം തന്നെയാണ് എന്നാണ് ഭാര്യ ഗോമതിയും ഗോപാലപിള്ളയും വിശ്വസിക്കുന്നത്.

ജന്മനാ നിരീശ്വരനും മൂത്ത കമ്മ്യുണിസ്റ്റ്കാരനുമായ താമരാഷന്‍ പിള്ളയുടെ മൂത്ത മകനാണ് ഗോപാലപിള്ള. എന്നിട്ടും വെറും പെണ്‍ ആള്‍ദൈവത്തിന്റെ മുമ്പില്‍ മുട്ടു മടക്കി എന്നുതന്നെ പറയാം. അതിന്റെ ഒരു ചമ്മല്‍ പിള്ളേച്ചന്റെ മുഖത്ത് എഴിതി വച്ചിട്ടുണ്ട് .

രാവിലെ എവിടെ പോകണമെങ്കിലും എന്തു ചെയ്യണമെങ്കിലും ആള്‍ദൈവത്തോട് ഒന്നു ചോദിക്കാനുള്ള ഒരു സൗകര്യം അതൊരു വല്ല്യ കാര്യം തന്നെയാണ് എന്നുതന്നെയാണ് ഇപ്പോള്‍ ഗോപാലപിള്ളയും വിശ്വസിക്കുന്നത്. അതുകൊണ്ട് അല്ലാതെ പുറത്തേക്കിറങ്ങുന്ന പ്രശ്‌നമില്ല. എന്തു ചോദിച്ചാലും കല്യാണി രാമായണം എടുത്ത് മലര്‍ക്കെ തുറന്നുവെക്കും. എന്നിട്ട് ഒരു രണ്ടു മിനിട്ടുനേരം കണ്ണടച്ചിരിക്കും. മാസ ശബളം കൃത്യമായി കൊടുക്കാത്തതുകൊണ്ട്

'ഈശ്വരാ ഈ പിള്ളേച്ചന്‍ മുടിഞ്ഞു പോകണേ'

എന്നാണോ പറയുന്നത് എന്നാണ് ആദ്യം കരുതിയത്. അങ്ങെനെ ആകാന്‍ വഴിയില്ല ഓരോ തവണ കണ്ണടക്കുബോഴും കിട്ടുന്ന ദക്ഷിണ മാത്രം കണക്കു കൂട്ടിയാല്‍ മാസ ശമ്പളത്തില്‍ എത്രയോ കൂടുതലാണ് . അത് ആള്‍ദൈവത്തിന് നല്ലതുപോലെ അറിയുകയും ചെയും. അതും കൂടാതെ ഭാര്യ ഗോമതിക്കുവേണ്ടി പ്രത്യകം ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കണ്ണടക്കാറുണ്ട്. അത് പിള്ളേച്ചന്‍ അറിയാതെയുള്ള കിട്ടുമേനിയാണ്. അതിനിപ്പം കട്ടുമേനി എന്നു പറയുന്നതിലും ഒരു തകരാറുമില്ല. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് സന്താനലബ്ധിക്കാണ് എന്നു പഞ്ഞതുകൊണ്ട് ഗോപാലപിള്ളയും ഒന്നു കണ്ണടച്ചു അത്രയേയുള്ളൂ. എന്നിട്ടും കുട്ടികളുണ്ടാകുന്നതിന്റെ ഒരു ലക്ഷണവും കണ്ടതുമില്ല .

അങ്ങെനെ എല്ലാംകൊണ്ടും ആള്‍ ദൈവം കല്യാണിയുടെ ഭരണത്തിലാണ് പ്ലാത്ര തറവാട് എന്നു പറയുന്നതില്‍ ഒരപാകതയുമില്ല . പക്ഷെ പെട്ടന്ന് ഒരു സുപ്രഭാതത്തിലാണ് ആള്‍ദൈവത്തിന് ഒരു വെളിപാടുണ്ടായത് . പിള്ളേച്ചന്റെ വീടിന് എന്തോ കാര്യമായ തകരാറുണ്ട് . പരിഹരിച്ചില്ലെങ്കില്‍ ഒരു മരണം ഉറപ്പാണ് . അത് രണ്ടുപേര്‍ക്കും ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. അടുക്കളയുടെ ദര്‍ശനത്തിലാണ് തകരാര്‍ എത്രയും വേഗം പൊളിച്ചു പണിയണം. വീടിന്റെ കിഴക്കുവശത്തിരിക്കുന്ന അടുക്കള പൊളിച്ചു പടിഞ്ഞാറു വശത്തേക്ക് മാറ്റി വെക്കണം. അതുകേട്ടപ്പോഴാണ് ഗോപാലപിള്ളക്ക് ജീവിതത്തില്‍ ആദ്യത്തെ നെഞ്ചുവേദന അനുഭവപ്പെടുന്നത് . അപ്പോള്‍തന്നെ ഗോമതി ഒരു പ്രസ്ഥാവന ഇറക്കി .

' കല്യാണിക്കുട്ടി പറഞ്ഞാ അച്ചട്ടാ.. കണ്ടില്ലേ പറഞ്ഞങ്ങോട്ടു നാക്കെടുത്തില്ല അപ്പോഴേ തുടങ്ങി നെഞ്ചുവേദന'

അതൂടെ കേട്ടപ്പോള്‍ ഗോപാലപിള്ളക്ക് വന്നത് വറും നെഞ്ചുവെദനയാണോ അതോ ഹാര്‍ട്ട് അറ്റായിക്ക് ആണോ എന്നൊരു സന്ദേഹം . ഇനിയിപ്പം അടുക്കള മാറ്റാതെ ഗോമതി സമ്മതിക്കുമെന്നു തോന്നുന്നില്ല . ഇവളുടെ പോന്ന അമ്മാവന്‍ മിത്രക്കരിയില്‍ നിന്നു കൊണ്ടുവന്ന വിത്താ കല്യാണി. പോന്നു മരുമകളെ സഹായിക്കാന്‍. കണ്ടപ്പോഴേ ഗോമതീടെ മുഖം ഒന്നു മഞ്ഞളിച്ചതാ . കാരണം അല്പം ഇരുണ്ടാതാണെങ്കിലും കണ്ടാല്‍ ഒരു ആനച്ചന്തമോക്കെയുണ്ടേ. അപ്പോള്‍ പിള്ളേച്ചന്റെ വായീന്ന് അറിയാതെ വന്നുപോയി.

'ഇതുമാതിയമ്മാവാ അമ്മാവനിനി എത്രനാളാ ഇങ്ങെനെ വേലക്കാരെ അന്ന്വഷിച്ചു നടക്കുന്നത് ഇക്കാലത്ത് എല്ലാം ഒത്തിണങ്ങിയ ഒരെണ്ണത്തിനെ എവിടുന്നു കിട്ടാനാ'

അന്നവള്‍ എന്നെയൊന്നു ഒന്നു നോക്കി ദഹിപ്പിചതാ അതയാള്‍ കണ്ടില്ലാന്നു നടിച്ചു. ഇതിപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ.

ഇപ്പോള്‍ ഞാനും അതനുഭവിക്കാന്‍ പോകുന്നു. എന്ന് പിള്ളേച്ചന്‍ മനസുകൊണ്ട് ഓര്‍ത്തു. എന്തുവന്നാലും അടുക്കള മാറ്റുന്ന പ്രശ്‌നമില്ല. ഗോമതി അറിയാതെ ആള്‍ ദൈവത്തിന് ഇത്തിരി ചിക്കലി കൊടുത്ത് വല്ല പരിഹാരമോ മറ്റോ ചെയ്യിക്കാം. ഒന്നുമല്ലേലും ഉള്ളിന്റെ ഉള്ളില്‍ പിള്ളേച്ചന്‍ പരബരാഗതമായ ഒരൊന്നാന്തരം കമ്മ്യുണിസ്റ്റുകാരന്‍ തന്നെയെന്ന കാര്യം അറിയാതെ വീണ്ടും ഓര്‍ത്തുപോയി.

ഏതു ദൈവം കോപിച്ചാലും അടുക്കള പൊളിച്ചു മാറ്റാന്‍ പറ്റില്ല. അതിലും എളുപ്പം തന്റെ ഈ ഹാര്‍ട്ട് അങ്ങു മാറ്റിവെക്കുന്നതാ. കല്ലിനും, കമ്പിക്കുമൊക്കെ എന്നാ വെലെയാ. മാത്രമല്ല നല്ല പണിക്കാരെ കിട്ടണ്ടേ. കണ്ട ബീഹാറികളെയും ആസ്സാമികളെയും ഒക്കെ വിളിച്ചു വേണ്ടാതീനത്തിനൊന്നും ഇ ഗോപാലപിള്ളേ കിട്ടില്ല. കല്യാണിയെ കൈയില്‍ എടുത്ത് പരിഹാരം കാണണം.
പക്ഷെ അവളറിയാതെ എങ്ങെനെ കാര്യം സാധിക്കും. ഇതാണ് ഇപ്പോള്‍ പിള്ളേച്ചന്റെ പ്രധാന പ്രശ്‌നം. ഈ കല്യാണി ദൈവത്തെ രഹസ്യമായി കാണാതെ ഒന്നും നടക്കില്ല . ഗോമാതിയാനെങ്കില്‍ ഒറ്റെക്കു പോകുന്ന ഒരേ ഒരു സ്ഥലം അമ്പലമാണ്. അതും ഞാന്‍ പോയതിനുശേഷം മാത്രം. ഇടെക്കിടെ എന്നോട് പറയാറുണ്ട് .

'ചേട്ടനെ ഒറ്റക്കാക്കിയിട്ട് എങ്ങും പോകുന്നത് എനിക്കിഷ്ടടമല്ല കല്യാണിയിവിടെ ഉണ്ടെന്നു പറഞ്ഞാലും ചേട്ടന്റെ കാര്യങ്ങളൊന്നും കൃത്യമായി ചെയ്യാന്‍ അവളെക്കൊണ്ട് പറ്റുമോ'

ഒന്നാലോചിച്ചാല്‍ അതില്‍ എന്തോ ഒരു കല്ലുകടിയില്ലേ . ആള്‍ ദൈവമെന്നൊക്കെ പറഞ്ഞാലും ആണ്‍ ആണും പെണ്ണ് പെണ്ണുമാണ്. മാത്രമല്ല അവള്‍ ഇടെക്കിടെ പറയാറുണ്ട് . എനിക്ക് ഈ ആണ്‍ വര്‍ഗ്ഗത്തിനെ ഒന്നും വിശ്വാസമില്ല എന്ന്. എന്നിട്ട് ഒരു ശ്രുംഗാര ചിരിയോടെ പറയും

'ഗോപേട്ടനെ എനിക്കറിയാം ഒരു പഞ്ച പാവമാ. ആരെയും വിശ്വസിക്കും'

അത് തനിക്കിട്ടെന്നു ഊതിയതല്ലേ എന്നൊരു തോന്നല്‍ പിള്ളേച്ചനു പെട്ടന്നു കത്തി .

ഗോലാപലപിള്ള പലപ്പോഴും വിചാരിച്ചതാ അവളോട് ഇത്തിരി നേരത്തെ അമ്പലത്തില്‍ പോകാന്‍ പറഞാലോ എന്ന് . ഈ ഒരു പ്രത്യേക സാഹചര്യത്തില്‍
അത് ചിപ്പോള്‍ അവള്‍ക്കു കലിപ്പാകും . കാരണം കല്യാണികുട്ടിക്ക് അല്‍പ്പം ഇരുണ്ട നിറമാണെങ്കിലും കണ്ടാല്‍ ഒരുരുപ്പെടിയാ. പെണ്‍ ആള്‍ദൈവമാണെന്നൊക്കെ അറിയാമെങ്കിലും പെണ്ണല്ലേ വര്‍ഗ്ഗം വെറുതെ സംശയത്തിനുള്ള കാരണമാകും. അത് തീര്‍ച്ചയായും തന്റെ ചാരിത്രിയത്തിനു ഒരു വെല്ലുവിളിയാകും . അതിന് കാരണവുമുണ്ട് . ഗോമതി ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പയിങ്കിളിക്കതയില്‍ മുഴുവനും വീട്ടുവേലക്കരിയും യജമാനനുമായുള്ള സൃഗാര ഭാവങ്ങളാണ് . അതവള്‍ ഇടെക്കിടെ ഒര്‍മ്മിക്കുന്നതിന്റെ രെഹസ്യം ഒരു മുന്നറിയിപ്പിനുള്ള മുന്‍കൂര്‍ ജാമ്മ്യമാണെന്നുള്ളതില്‍ അയാള്‍ക്ക് ലെവലേശം സംശയമില്ല .

പിള്ളേച്ചന്‍ പല പോംവഴികളും ആലോചിച്ചു . ഒടുക്കം ഒരു ആദ്മഹത്ത്യാ പരമായ തീരുമാനത്തിലെത്തി . അതിനു കാരണക്കാരന്‍ പഞ്ചായത്തുമെമ്പര്‍ കരുണാകരനാണ്. മിക്കവാറും വൈകുന്നേരങ്ങളില്‍ നല്ല പൂക്കുറ്റിയാണ്. എന്നാലും ഗോപാലപിള്ളയുടെ ആദ്മസുഹ്രുത്തും ബാല്യകാലസഖിയും മുഖ്യ ഉപദേശകനുമാണ്. മിക്കവാറും ശനിയാഴ്ച്ചകളില്‍ അവര്‍ നഗരാതിര്‍ത്തി വിട്ട് തെക്കേത്തുകവലയിലുള്ള വാനപ്രസ്ഥം ബാറില്‍ പോയി രണ്ടെണ്ണം വീശാറുണ്ട്. അവിടാകുബോം നാട്ടുകാരുടെ ശല്ല്യം കുറയുമെന്ന് രണ്ടു മാന്ന്യന്‍മ്മാര്‍ക്കും അറിയാം. അതുകഴിഞ്ഞ് അവിടുന്നുതന്നെ രണ്ടു വെളുത്തുള്ളിമേടിക്കും. കാറില്‍ പോകുന്നവഴി അതു ചവച്ചോണ്ടിരിക്കും. എന്നിട്ട് ധൈര്യമായി വീട്ടിലോട്ടു ചെല്ലും. ഈ ഉള്ളി ഒരു മണസംഹാരിയാനെന്നാണ് പറയപ്പെടുന്നത് . അല്ലെങ്കില്‍ വാനപ്രസ്ഥ സംഗമത്തിന്റെ കാര്യം ഗോമതി അറിയും എന്നുറപ്പാണ് . ഈ നാളുവരെ അത് പരമരഹസ്യവുമാണ് . ആ ധൈര്യത്തില്‍തന്നെയാണ് കഴിഞ്ഞ ശനിയാഴ്ച്ച അവിടെവെച്ചുതന്നെ കരുണനോടു കാര്യം തുറന്നു പറഞ്ഞത്. ഉടന്‍തന്നെ കരുണന് ഒരു കുബുത്തി തോന്നി.

എടാ പിള്ളേച്ചാ തിങ്കളാഴ്ച്ച രാവിലെ സാധാരണപോലെ വീട്ടില്‍നിന്നിറങ്ങുക എന്നിട്ട്. എന്നിട്ട് ഗോമതി അബലത്തില്‍ പോകുന്ന വഴിയില്‍ എവെടെയെങ്കിലും അവള്‍ കാണാത്ത മറവില്‍ സ്‌കൂട്ടര്‍ ഒതുക്കി നിര്‍ത്തുക .അവള്‍ പോയിക്കഴിയുബോള്‍ നേരെ നടന്നു വീട്ടിലേക്കു തിരിച്ചുചെല്ലുക . കല്യാണിയോട് കാര്യം പറയുക . അപ്പോഴേക്കും കരുണന്‍ മൂന്നാമത്തെ പെഗ്ഗ് വലിച്ചുകുടിച്ചു എരുവുള്ള കണ്ണിമാങ്ങാ അച്ചാറു തൊട്ടു നാക്കില്‍ വെച്ച് ഒന്നു നുണഞ്ഞു. എന്നിട്ട് എന്തോ ആലോചിച്ച് കുറച്ചുനേരം മിണ്ടാതിരുന്നു. പിള്ളേച്ചന്റെ ഹൃദയം പടപടാന്ന് അടിക്കാന്‍ തുടങ്ങി. എന്നാലും ആകാംഷയോടെ ചെവിയോര്‍ത്തിരുന്നു.

എന്നിട്ട് അങ്ങോട് പറയുക .

'ഞാനൊരു കറതീര്‍ന്ന കമ്മ്യുണിസ്റ്റ് കാരനാണെന്ന് . നിന്റെ ഈ തട്ടിപ്പും പൂജയുമൊക്കെ എന്റെ ഈ വീട്ടില്‍ നടക്കില്ലെടി' .

'എടാ കരുണാ ഈ ഷാപ്പിലിരുന്നോണ്ട് രണ്ടെണ്ണം വിട്ടോണ്ട് പറയുബോള്‍ കേള്‍ക്കാന്‍ ഒരു സുഖമോക്കെയുണ്ട്. വേലക്കരിയാണെന്നു പറഞ്ഞാലും. അവരും ഒരു സ്ത്രീയല്ലേ. അല്‍പ്പം മെലിഞ്ഞിട്ടു കാണാനും ഒരാനചന്ദമൊക്കെയുണ്ട്. അതും ഗോമതിയുടെ കണ്ണു വെട്ടിച്ചുള്ള കളിയല്ലേ. അതൂടെ ഓര്‍ക്കുബോള്‍ . അവളുടെ അടുത്തുചെല്ലുബോള്‍ മുട്ടു കൂട്ടിയിടിക്കും അതുറപ്പാ. പിന്നെ അതു വകുപ്പു വേറെയാകും സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം അങ്ങെനെ പലതും'

അതുപറഞ്ഞതും പിള്ളേച്ചന്‍ മൂന്നാമത്തെ പെഗ്ഗ് അകത്താക്കിയതും ഒന്നിച്ചായിരുന്നു . കരുണാകരന്‍ ഒച്ചവെച്ചുകൊണ്ട് ചിരിച്ചു. പിള്ളേച്ചന്‍ ഏതാണ്ട് എലിക്കു പ്രാണവേദന പൂച്ചക്കു പിള്ളകളി എന്ന പരുവത്തിലായി . എന്തായാലും ഒരു തീരുമാനത്തിലെത്താതെ പറ്റില്ലല്ലോ . അടുക്കള പൊളിക്കുന്ന കാര്യം ഇനിയിപ്പം സാഷാല്‍ ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നു പറഞ്ഞാലും നിടക്കില്ല . പിന്നെയല്ലേ ഈ കല്യാണികുട്ടി കുട്ടിദൈവം. അതുകൊണ്ട് പിള്ളേച്ചന്‍ വീണ്ടും തീവ്ര കമ്മ്യുണിസ്റ്റ്കാരനാകാനുള്ള തീരുമാനത്തില്‍തന്നെ ഉറച്ചുനിന്നു. ഇനിയിപ്പം ഗോമതിയെ എങ്ങെനെ കാര്യംങ്ങള്‍ പറഞ്ഞു മനസിലാക്കും. വായനാശീലമുണ്ടെങ്കില്‍ വല്ല കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റൊയോ മറ്റോ കൊണ്ടേ കൊടുക്കാമായിരുന്നു . അതെങ്ങേനെയാ ഈ ഒടുക്കത്തെ ടി.വി.കാരുടെ സീരിയല്‍ കാരണം മനോരമ്മ കഥപോലും വയിക്കാതെയായി. പിന്നെ വായിക്കുന്നതോ ഇഷ്ടമുള്ളപ്പോള്‍ മാത്രം ഇറങ്ങുന്ന ഇഷ്ടിക വീക്കിലിയില്‍ വരുന്ന മൂന്നാംതരം പൈങ്കിളി കഥകള്‍.

കരുണാകരന്‍ പറഞ്ഞ കഥതന്നെയാ തമ്മില്‍ ഭേതം . പക്ഷെ അത് നടപ്പാക്കിയാല്‍ തന്റെ കാര്യത്തിലും ഒരു തീരുമാനമാകുമെന്ന് തോന്നാതിരുന്നില്ല .

അന്നു രാത്രി ഉറങ്ങാന്‍ നേരം ഗോപാല പിള്ള ഒരു തലയിണ മന്ത്രം പ്ലാന്‍ചയിതു .

അവള്‍ നല്ല മൂ ഡിലുമായിരുന്നു. തനിക്കിഷ്ടമുള്ള ചുവന്ന നൈറ്റ് ഗവുണ്‍ ഒക്കെയിട്ട് ബെഡില്‍ ഒരു സൃഗാര ഭാവത്തില്‍ വന്നിരുന്നു. പിള്ളേച്ചനോര്‍ത്തു ഈ പൈങ്കിളി കഥകളൊക്കെ വായിക്കുന്നതുകൊണ്ട് ഇങ്ങെനെയുള്ള ചില ഗുണങ്ങളൊക്കെ ഉണ്ടെല്ലോ എന്ന് . അയാള്‍ മൃതുലമായി കെട്ടിപ്പിടിച്ച് സ്‌നേഹപൂര്‍വ്വം ഒന്നുകൂടി ചേര്‍ന്നുകിടന്നു നേരത്തെ പറഞ്ഞ കാര്യം ഒന്നു മന്ത്രിച്ചുനോക്കി. പക്ഷെ അത് ഒരു നനഞ്ഞ പടക്കംപോലെ ചീറ്റിപോയി. അവള്‍ ഒച്ചവെച്ചു ചാടിയെഴുനേറ്റു ബഹളംവെച്ചു. പ്രതീഷിച്ചതുപോലെതന്നെ ഒന്നും നടക്കാത്ത ഒരു ദുരവസ്ഥ.

ഇനിയിപ്പം എന്തുവന്നാലും കരുണാകാരന്റെ പദ്ധദി നടപ്പാക്കാതെ നിവര്‍ത്തിയില്ല എന്നുതന്നയാണ് തോന്നിയത്. അങ്ങെനെ രണ്ടും കല്‍പ്പിച്ചു രാത്രി മയങ്ങിപ്പോയതറിഞ്ഞില്ല. രാവിലെ കല്യാണി ദൈവത്തിന്റെ മന്ത്രം കട്ടു . കണ്ണടച്ച് ഗോമാതിയോട് എന്തൊക്കെയോ പുലബുന്നുണ്ട് . പറയുന്നതിനിടെക്ക് ഒരാട്ടമുണ്ട് പലതും വ്യക്തമല്ല എന്നാലും എല്ലാം ശ്രെദ്ധിച്ചാല്‍ മനസിലാകും. അതൊരു നബരല്ലേ എന്നും പിള്ളേച്ചനു തോന്നിയിട്ടുണ്ട് . എന്നാലും ഗോമതിയുടെ ഈ അന്ധമായ ആരാധന കാണുബോള്‍ അസുയ തോന്നുന്നു. ഭരാജാവിനെക്കാള്‍ വലിയ രാജഭക്തിഭ അതും വെറും ഒരു വീട്ടുജോലിക്കാരി ആള്‍ ദൈവത്തിനോട് . അതങ്ങെനെ വെറുതെവിട്ടാല്‍ അടുക്കള പൊളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

രാവിലെ തലേദിവസം ഒന്നും സംഭവിച്ചില്ല എന്നതുപോലെതന്നെ കാര്യങ്ങള്‍ നടന്നു. എന്നാലും സ്‌ക്കൂട്ടര്‍ ഒളിപ്പിച്ചു വെക്കാന്‍ പറ്റിയ ഒരു സ്ഥലത്തെപ്പട്റ്റിയായിരുന്നു ആലോചന മുഴുവനും . ഗോമതിക്ക് ഒരു ക്ലൂ പോലും കൊടുക്കാതെ വേണം കരുക്കള്‍ നീക്കാന്‍ . വലിയ ബുധിമതിയൊന്നുമല്ലെങ്കിലും പെണ്‍വിഷയത്തില്‍ കൂര്‍മബുധിയാ. ഒറ്റ നോട്ടത്തില്‍ ഏതു പെണ്ണിനെപറ്റിയും തുറന്നടിച്ചങ്ങു പറയും . എന്നിട്ടും കല്ല്യണിക്കുട്ടിയുടെ കാര്യത്തില്‍ അവള്‍ക്കു തെറ്റുപറ്റി. ഈ പെണ്ണുങ്ങള്‍ക്ക് അങ്ങെനെ ഒരു കുഴപ്പമുണ്ട് സ്വന്തം വര്‍ഗത്തിനെ അത്ര ഇഷ്ടമില്ലെങ്കിലും ചില പെണ്ണുങ്ങളെയങ്ങ് കണ്ണുമടച്ചു വിശ്വസിക്കും.

ഗോപാലപിള്ള പതിവിനു വിപരീതമായി പോകാന്‍ വാതുക്കല്‍ എത്തിയപ്പം കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. അതിത്തിരി ഒവറായില്ലേ എന്നൊരു തോന്നല്‍ ഇല്ലാതിരുന്നില്ല . എന്നാലും സാധാരണ മട്ടില്‍ സ്‌കൂട്ടറില്‍ കയറി കൈ വീശി ധൈര്യപൂര്‍വ്വം മുന്നോട്ടു പോയി .

രണ്ടു വീടിനപ്പുറത്തു വക്കച്ചന്‍മുതലാളിയുടെ ചുറ്റും മതിലുകെട്ടിയ പറബുണ്ട് . സ്‌കൂട്ടറുമായി അതിന്റെ തുറന്നുകിടന്ന ഗേറ്റ് കടന്ന് ഒരുവിധത്തില്‍ അകത്തുകടന്നു . കുറേനേരം കാത്തുനിന്നു . അപ്പോഴാണ് വെപ്രാളത്തിനിടയില്‍ സെല്‍ഫോണ്‍ എടുക്കാന്‍ മറന്നു എന്ന് മനസിലായത് . ഗോമതിയെ ഒട്ടു കാണുന്നുമില്ല . ഗോപാലപിള്ള ആകെ അങ്കലാപ്പിലായി . സമയം മുന്നോട്ട് പോവുകയാണ .റേഷന്‍കടയാ സമയത്തു തുറന്നിലെങ്കില്‍ പണി പാളും. ഏതാണ്ട് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അനാസ്ഥയിലായി. ആ കരുണാകരന്റെ ഒരു ഒടുക്കത്തെ ദുര്‍ബുദ്ധി. ഇനിയിപ്പം ഇത് നാട്ടുകാര് കണ്ടാല്‍ പല തെറ്റിധാരണകള്‍ക്കും കാരണമാകും . തൊട്ടടുത്താണെങ്കില്‍ങ്കില്‍ ഒരു ക്ലിനിക്കാണ് . അവിടെ സുന്ദരിമാരായ രണ്ടു നെഴ്‌സുമാരുണ്ട് . അതുകൊണ്ട് ഇതു ഒരു തീക്കളിയാകാനുള്ള സാധ്യതയൊന്നും പിള്ളേച്ചന്‍ തള്ളിക്കളയുന്നില്ല . അങ്ങെനെ അവസാനം തടിക്കു കേടാകാതെ ആ ഒളിച്ചുകളിയില്‍നിന്നു പിന്മാറാനുള്ള തീരുമാനമായി . സ്‌ക്കൂട്ടര്‍ പതുക്കെ റോഡിലേക്ക് തള്ളിയിറക്കി മതിലേല്‍ ചരിവെച്ചു നടന്നു.

പെട്ടന്ന് ഒരു കാറുവന്നു സഡന്‍ ബ്രെയിക്ക് ഇട്ടു നിന്ന . ആദ്യം ഒന്നു ഞെട്ടി . ഈശ്വരാ വക്കച്ചന്‍ മുതലാളിയാണ് . ആരെങ്കിലും വിളിച്ചു പറഞ്ഞുകാണുമോ എന്തോ . പ്രൊപ്രറ്റി എന്‍ക്രോച്ച്‌മെന്റിനു വകുപ്പു വേറെയാ .സമാധാനമായി ഡോര്‍ തുറന്ന് ചിരിച്ചുകൊണ്ടാണ് അയാളുടെ വരവ് .

'ഞാന്‍ ഗോപാലപിള്ളേ ഒന്നു കാണാനിരിക്കുകയായിരുന്നു . തേടിയ വള്ളി കാലേല്‍ ചുറ്റിയപോലെയായി ഇപ്പോള്‍.

'എന്താ വക്കച്ചായാ വിശേഷിച്ചു'

'ദി ഈ സ്ഥലം കണ്ടോ മോനൊരു വീടുവെക്കാനുള്ളതാ . ഉടനെ തന്നെ കല്യാണവും ഉണ്ട് . പിള്ളേച്ചന്റെ വീട്ടില്‍ വന്ന് ആ കല്യാണിയെ ഒന്നു കാണണം . പലരും പറഞ്ഞുകേട്ടു അവര്‍ക്കെന്തോ ദിവ്യശക്തിയുണ്ടെന്ന്'
'അതിനെന്താ .വക്കച്ചായാ എപ്പ വേണമെങ്കിലും വരാമല്ലോ'

'വിശേഷങ്ങളൊക്കെ വരുബോള്‍ പറയാം . അല്പം തിരക്കുണ്ട് എന്നാലും നാളെത്തന്നെ വരാം . സീയു'

വക്കച്ചന്‍ ചിരിച്ച്‌കൊണ്ട് കാറില്‍ കയറിപോയി . അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അവിടംവരെയായി . ഈ ക്രിസ്ത്യാനികള്‍ പുരൊഗമനമൊക്കെ പറഞ്ഞു വീബടിക്കുമെങ്കിലും സ്വന്തം കാര്യം വരുബോള്‍ രാഹുകാലവും ജാതകവുമൊക്കെ നോക്കുകയും ചെയ്യും . ഇതു മൊത്തം ഇന്ത്യാക്കാരുടെ ജാതകദോഷം അല്ലാതെന്ത് . ചുമ്മാതല്ല ശശി തരൂര്‍ ഏതോ പുസ്തകത്തില്‍ എഴുതിയത് .

' An Indian without horoscope is like an American without a credit card'
ഇതൊക്കെ ആരോട് പറയാന്‍ . ആരു കേള്‍ക്കാന്‍ .

എന്തായാലും സെല്‍ ഫോണ്‍ എടുക്കണമെല്ലോ നേരെ വീട്ടിലേക്കു തിരിച്ചു .ഗോമതി അപ്പോള്‍ വീടിന്റെ വാതുക്കല്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .

'എനിക്കറിയാം ഗോപേട്ടന്‍ തിരിച്ചു വരുമെന്ന് . സ്‌കൂട്ടര്‍ എവിടെ.. അതും മറന്നോ'
'അത് ഞാനവിടെ വെച്ചിട്ട് നടന്നു. ഒരു മോര്‍ണിവാക്ക് ആയിക്കോട്ടെ എന്നു കരുതി'
'ഞാനതുകൊണ്ട് ഇന്ന് അമ്പലത്തില്‍ പോകുന്നില്ല എന്നങ്ങു തീരുമാനിച്ചു . ഈ ഗോപേട്ടന് ഈയിടെയായിട്ട് മറവി ഇത്തിരി കൂടുതലാ'.

ഇനിയിപ്പം ഗോമതിയെ സോപ്പിടാതെ കാര്യങ്ങള്‍ ഒന്നും നടപ്പില്ലെന്ന് ഏതാണ്ട് ഉറപ്പായി . അല്ലെങ്കില്‍ നാട്ടുകാര്‍ ഇതേറ്റെത്താല്‍ അടുക്കള പോളിക്കുമെന്നു മാത്രമല്ല . ഇവിടെത്തന്നെ ആനന്ദകല്യാണിക്ക് ആശ്രമവും പണിയും.

ഗോപാലപിള്ള വിഷയം ഒന്നു മാറ്റിപിടിച്ചു

'ഇന്നു നമുക്കൊരു സിനിമക്കു പോകാം ഞാനിത്തിരി നേരത്തെ വരാം'
'അതൊക്കെ നാളത്തേക്ക് മാറ്റിവെക്കാം. അത്യാവിശ്യമായി ഇന്നു വൈകിട്ട് രണ്ടു പേരുംകൂടി അബലത്തില്‍ പോയി ഒരു വഴിപാടു നടത്തണം . പിന്നെ ആ കല്യാണിക്ക് ദെക്ഷി ണയായി ഒരു പതിനായിരം രൂപയും അല്ലെങ്കില്‍ അടുക്കള ഉടനെ പൊളിക്കേണ്ടി വരും.'

ഗോപാലപിള്ള ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഒരു നല്ല കാര്യത്തിനല്ലേ എന്നു സമാധാനിച്ചു. സമ്മതം മൂളി.
'എന്നാപ്പിന്നെ അതങ്ങ് നടക്കട്ടെ ഗോമതി. സിനിമക്ക് നാളെയാണെങ്കിലും പൊകാമെല്ലൊ'
ഗോമതി ഒരു സൃഗാരത്തോടെ പിള്ളേച്ചന്റെ തോളില്‍ ചെറുതായി ഒന്നു തട്ടിയീട്ട് .

'ഈ ഗോപേട്ടന്റെ ഒരു കാര്യം . എല്ലാം അറിയാം എന്നാല്‍ ഒന്നും അറിയത്തുമില്ല'. 

Read more

സംസ്ഥാന സിനിമാ അവാര്‍ഡും, വിവാദങ്ങളും

അവാര്‍ഡിനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുമ്പ് ഈ അവാര്‍ഡ് എന്നു പറഞ്ഞാല്‍ എന്താണന്ന് ആദ്യം മനസിലാക്കണം. ഒരു കമ്മറ്റിയില്‍ ഇരിക്കുന്ന കുറേപേര്‍ കൂടി അവര്‍ക്കിഷ്ടപെട്ട സിനിമക്ക് അവാര്‍ഡു കൊടുക്കുന്നു. അതു കിട്ടിന്നതിനല്ലേ ഈ ഭാഗ്യം എന്നൊക്കെ പറയുന്നത്. അത് എല്ലാവര്‍ക്കും ഇഷ്ടപെടണമെന്നു വാശിപിടിക്കുന്നതാണ് ഈ വിവാദങ്ങള്‍ക്കെല്ലാം കാരണം. ഒരു കലാകാരനെ വിലയിരുത്തുന്നതിന്റെ അന്തിമ വിധികര്‍ത്താക്കള്‍ ഒരിക്കലും അവരല്ല. ജനങ്ങള്‍ തന്നെയാണ്. അതിനുതന്നെ നമുക്ക് എത്രയോ ഉദാഹരണങ്ങളുണ്ട്. തിലകന്‍, നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍, ദിലിപ്, ഇന്നസന്റ്, കെ.പി.എ.സി ലളിത, സുകുമാരി, അടൂര്‍ ഭവാനി അങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട് മലയാളത്തില്‍. ഇവര്‍ക്കാര്‍ക്കും ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇവരൊക്കെ മോശം നടന്മാരും നടികളുമാണന്നു ആരെങ്കിലും പറഞ്ഞതായിട്ടുപോലും കേട്ടിട്ടില്ല. നേരെ മറിച്ചും അങ്ങനെതന്നെയാണ്. ദേശീയ പുരസ്‌ക്കാരം കിട്ടിയവരാരും ലോകത്തര നടന്മാരും ആണെന്ന് എല്ലാവരും സമ്മതിക്കുമെന്നും തോന്നുന്നില്ല. അമ്മയെ കൊന്നാലും രണ്ടു പക്ഷമുണ്ട്. ഓരോര്‍ത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ. പിന്നെ പലരും ചിലര്‍ക്ക് അവാര്‍ഡു കൊടുത്തേ തീരൂ എന്നു എന്നു വെറുതെ വാശിപിടിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. അതും അവാര്‍ഡുകള്‍ അവര്‍ക്കുപോലും മടുത്തുകാണും.

ഗായകന്‍ യേശുദാസ് കുറച്ചുവര്‍ഷങ്ങള്‍ അവാര്‍ഡ് സ്വീകരിക്കുന്നില്ല എന്ന് തീരുമാനിച്ച വിവരം ഇപ്പോഴാണ് ഓര്‍ത്തത്. പിന്നീട് മറ്റാരും അതു പിന്തുടരാഞ്ഞതുകൊണ്ട് അദ്ദേഹംതന്നെ ആ തീരുമാനം മാറ്റുകയായിരുന്നു എന്നാണു അറിഞ്ഞത്. ഒത്തിരി അവാര്‍ഡു കിട്ടിയവര്‍ക്ക് അങ്ങനെ ഒരു തീരുമാനം എടുക്കുന്നതില്‍ തെറ്റില്ല എന്നുതന്നെയാണ് തോന്നുന്നത്. പദ്മശ്രീയും മറ്റും അങ്ങനെ ഒരിക്കല്‍ മാത്രമേയുള്ളൂ. അതില്‍ ആര്‍ക്കും ഒരു പരാതിയുമില്ലതാനും. അങ്ങനെയാകുബോള്‍ അവാര്‍ഡു കമ്മറ്റിക്കും എളുപ്പം. ഈശ്വരാ രക്ഷപെട്ടു കൊടുത്തവര്‍ക്ക് ഇനി കൊടുക്കേണ്ടല്ലോ എന്നൊന്ന് ആശ്വസിക്കാമെല്ലൊ. അതുപോലെ ദേശീയ അവാര്‍ഡു മുതല്‍ കിട്ടി മടുത്തവര്‍ ധാരാളമുണ്ട് നമ്മുടെ സിനിമയില്‍. അവര്‍ക്കുപൊലും വേണ്ടാത്ത പൂച്ചെണ്ടുകള്‍ക്കുവേണ്ടി വെറുതെ നമ്മളെന്തിനാണ് വിലപിക്കുന്നത്. ഒക്കെ സര്‍ക്കാരു കാര്യം മുറപോലെ നടക്കും. ആദ്യംതന്നെ മത്സരിക്കുന്ന സിനിമകളുടെ എണ്ണം കുറക്കുക. അതിന് ആദ്യം മുന്‍കൈ എടുക്കേണ്ടത് നിര്‍മ്മാതാക്കളാണ്. നിങ്ങളൊക്കെ പുശ്ചിച്ചു തള്ളുന്ന അവാര്‍ഡ് പടമെടുക്കുന്ന ചില പാവപ്പെട്ട കലാകാരന്മാര്‍ പാടുപെട്ട് സിനിമയെടുക്കുന്നുണ്ട്. അവര്‍ക്കുവേണ്ടിയെങ്കിലം ഒന്നു മാറിക്കൊടുത്തുകൂടെ. സാറ്റിലൈറ്റ് റൈറ്റും അത്യാവശ്യം കാശുമൊക്കെ ജനങ്ങലില്‍നിന്നു കിട്ടുന്നുണ്ടല്ലോ. പിന്നെയെന്തിനീ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നു.

അവാര്‍ഡിനായി എന്തെങ്കിലും പടത്തില്‍ ഉണ്ടെങ്കില്‍ മാത്രം അവാര്‍ഡിനയക്കുക. ഇനി കലാകാരന്മാരോട് ഒരുപദേശം കൂടി. ഏതു പടമാണങ്കിലും അതില്‍ വര്‍ക്ക്‌ചെയ്യുമ്പോള്‍ അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുക പിന്നെയെല്ലാം അവാര്‍ഡ് കമ്മറ്റിയുടെ കൈയ്യിലാണ് എന്ന് സമാധാനിക്കുക. താന്‍ പാതി ദൈവം പാതി എന്നൊക്കെ പറയുന്നതുപോലെ. ഏതോ സിനിമയില്‍ ജഗതി പറഞ്ഞതാണ് ഓര്‍മ്മ വരുന്നത് ഭകിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടിഭ അല്ല പിന്നെ....

വരൂ, അല്പം മലയാളം പഠിക്കൂ.. According to John Paul ( Chairman) ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ജോണ്‍പോളിന്റെ ജൂറി എഴുതിയുണ്ടാക്കിയ മലയാളത്തില്‍ നിന്ന് ചില ഭാഗങ്ങള്‍..

സ്റ്റാറ്റസ് എഴുതുമ്പോള്‍ ഉപകരിക്കും grin emoticon

മികച്ച സംവിധായകന്‍ സനല്‍കുമാര്‍
ജഡബന്ധിതമായ ജീവിതത്തെ തുടര്‍യാനത്തില്‍ ആത്മീയതയുടെ വെളിപാടുകളായി പരിണമിപ്പിച്ചുണര്‍ത്തിയ ദൃശ്യാവിഷ്‌കാരവൈഭവത്തിന്.

മികച്ച നടന്‍ നിവിന്‍ പോളി
പാത്രാവിഷ്‌കാരത്തില്‍ അവനവനെ ത്യജിച്ചുള്ള പകര്‍ന്നാട്ടത്തിലെ അനായാസതയ്ക്ക്.

മികച്ച നടി നസ്രിയ
കഥാപാത്രങ്ങളുടെ ഭാവസൂക്ഷ്മങ്ങളിലെ പ്രസരിപ്പിനെയും നിസ്സഹായതയെയും ആത്മാവിലേക്കാവാഹിച്ചുകൊണ്ട് അനായാസ സുന്ദരമായി കാഴ്ചവെച്ച പ്രകാശനത്തിന്.

മികച്ച ചിത്രം ഒറ്റാല്‍
കഥാതഥത്തിന്റെ ചോരനേരുതേമ്പിനില്‍ക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരമികവ് ആദരണീയം.

ഇത്രയും വായിച്ചതിന് എല്ലാവര്‍ക്കും നന്ദി. വെറും നന്ദിയല്ല, എന്റെ ആത്മാവിലേക്കാവാഹിച്ച ചോരനേരുതേമ്പിനില്‍ക്കുന്ന ജഡബന്ധിതമല്ലാത്ത ഒരായിരം നന്ദി.

വാലറ്റം

എല്ലാം കഴിഞ്ഞു ഇനി കമ്മറ്റിയുടെ വിശദീകരണമാണ് എറ്റവും രെസകരം. പണ്ടൊരു കണിയാരു പെരക്കു തീപിടിച്ചപ്പോള്‍ അയല്‍പക്കത്തേക്കൊടി വിവരം പറഞ്ഞു. പക്ഷെ പറഞ്ഞത് മുഴുവനും സംസ്‌കൃതത്തിലായിരുന്നു. എല്ലാവര്‍ക്കും മനസിലായിവന്നപ്പോഴേക്കും പുര കത്തി ചാബലായി. അതുപോലെയാണ് ചില എഴുത്തുകാരും പ്രാസംഗികരും. ആര്‍ക്കും അറിയാന്‍പാടില്ലാത്ത പദങ്ങള്‍ വെച്ചങ്ങു നിറക്കും. അവര്‍ക്ക് അവരുടെ അറിവിലുള്ള സാമര്‍ഥ്യം മുഴുവന്‍ കിട്ടുന്ന അവസരംകൊണ്ട് പ്രകടിപ്പിക്കും. അവരെയാണ് സാഹിത്യഭാഷയില്‍ 'ഘശലേൃമൃ്യ ളൃമൗറ' എന്നു വിളിക്കുന്നത്. എന്തിനാണ് ഇത്രയധികം അവര്‍ കഷ്ടപെടുന്നത്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അങ്ങെഴുതിയാല്‍ പോരെ അല്ലെങ്കില്‍ പറഞ്ഞാല്‍ പോരേ. ഫേസ് ബുക്കില്‍ എഴുതുന്ന ചില നല്ല എഴുത്തുകാരേപോലും ഇക്കൂട്ടര്‍ പുശ്ചിച്ചു തള്ളുന്നത് അതുകൊണ്ടാണ്. പ്രവാസികളാണങ്കില്‍ പിന്നെ പറയുകയും വേണ്ട. അതോ ഇനി ഈ സോഷ്യല്‍ മീഡിയയുടെ പ്രാധാന്ന്യം മനസിലാക്കതുകൊണ്ടാണോ എന്നും അറിയില്ല. അവാര്‍ഡു കമ്മറ്റിയും ഏതാണ്ടതുപോലെയാണ്. അവാര്‍ഡിനെ പറ്റി എന്തെങ്കിലും ചോദിച്ചാല്‍ കമ്മറ്റി അംഗങ്ങള്‍ ഇങ്ങനെ ആര്‍ക്കും മനസിലാകാത്ത ഭാഷയില്‍ എന്തെങ്കിലും പുലമ്പികൊണ്ടിരിക്കും. എല്ലാവര്‍ക്കും മനസിലായി വരുബോഴേക്കും വിവാദങ്ങള്‍ മുഴുവനും കെട്ടടങ്ങുകയും ചെയ്യും.

Read more

ഒറ്റപ്പാലത്തെ കാറ്റ്

തെമ്മാടികുന്നിനു മുകളില്‍ ആകാശം കറുത്തിരുണ്ടുതുടങ്ങി. കാര്‍മേഘങ്ങള്‍ തെക്കെന്‍കാറ്റില്‍ വെറുതെ ഒഴുകിനടക്കുകയായിരുന്നു. ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി അപ്പോഴാണ് ആ പ്രഖ്യാപനം ഉണ്ടായത്.

'ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ ഒന്നും പേടിക്കേണ്ട. ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമല്ലകേട്ടോ. വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി മഴയുമായി വടക്കോട്ടു പൊക്കോളും '.

കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാട്ടുകാരുടെ സംഗമസ്ഥലമാണ് വര്‍ക്കിചേട്ടന്റെ 'വര്‍ക്കി ആന്‍ഡ് സണ്‍സ് റ്റീ ഷോപ്പ്'. അങ്ങനെ ഒരു നെയിം ബോര്‍ഡില്ലങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴയ പൊട്ടിപൊളിഞ്ഞ ഓടിട്ട വീടാണന്നേ തോന്നു. ചുറ്റും പടര്‍ന്നു പന്തലിച്ച മരങ്ങളാണ് ടാറിട്ട മെയിന്‍ റോഡില്‍നിന്ന് അല്‍പ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തില്‍ വഴിപോക്കരുടെയോ അപരിചിരുതരുടെയോ കണ്ണില്‍പെടാന്‍ ഒരു സാധ്യതയുമില്ല. ദേശ വാസികള്‍ ഒരെളുപ്പത്തിനു പറയുന്ന പേരാ വര്‍ക്കിക്കട. അങ്ങോട്ടേക്കാണ് മുകുന്ദന്‍ പോയത് .ഇടിയും മഴയും പേടിച്ച് ഒരു പഴെയ കുടയുമായി അതിന്റെ തിണ്ണയില്‍ കയറി. അവിടെക്കിടന്ന പഴെയ ബഞ്ചില്‍ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി എന്തിനാണ് അങ്ങനെ പ്രഖ്യാപനം നടത്തിയത്. അതില്‍ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവര്‍ക്കൊക്കെ തോന്നി. കാരണം ആ നാട്ടില്‍ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാള്‍ മുകുന്ദനാണന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടിപ്പോള്‍ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ. കാര്യം എന്താണെന്ന് ആരു ചോദിച്ചാലും മുകുന്ദന്‍ കമാന്നോരഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രെഹസ്യമായിരുന്നു. അതില്‍ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടെയില്‍ ഒരു വര്‍ത്തമാനമൊക്കെ ഉണ്ടായിരുന്നു. പെണ്ണിന്റെ പേരു ത്രിവേണി എന്നാ പറഞ്ഞത്. ഒറ്റപ്പലമായതുകൊണ്ട് മേനോന്‍ അല്ലെങ്കില്‍ നായര്‍ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാര്‍ക്കറിയുള്ളൂ. ഇനി നബൂരിയാണോ എന്നും ആര്‍ക്കും ഒരൂഹവുമില്ല. ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നില്‍ ആകെ പരന്നിട്ടുണ്ട് .

'ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേര്‍ച്ച വേണ്ടേ. ജാതീം ജാതകോം മാത്രം ഒത്താ മതിയോ.

അതു റ്റീ ഷോപ്പ് ഓണര്‍ വര്‍ക്കിചേട്ടന്‍ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി. എന്തായാലും മൂന്നു മാസം തികച്ചില്ല അവള്‍ പമ്പ കടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് എവിടെയോ കണ്ടു മറന്ന ഒരു സിനിമാതാരത്തിന്റെ ലുക്ക് ഉണ്ടെന്ന് നാട്ടില്‍ ഒരു സംസാരമൊക്കെയുണ്ട്. അത് നാട്ടിലുള്ള പൂവലന്മാര്‍ക്കെല്ലാം അറിയാമായിരുന്നു .

'അവള്‍ നടന്നാല്‍ ഭൂമി കുലുങ്ങും... എന്ന പഴെയ ആ പാട്ടാണ് അവള്‍ നടക്കുമ്പോള്‍ ന്യു ജെനറേഷന്‍ കുട്ടികള്‍പോലും പിന്നാമ്പുറങ്ങളില്‍ പാടുന്നത്. അബലത്തില്‍ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവള്‍ സൃഗാരഭാവത്തില്‍ ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിയുണ്ട്. അതു കണ്ടപ്പോഴേ സംഘത്തില്‍ ഒരാള്‍ ഒരു പ്രസ്ഥാവന ഇറക്കി.

'എന്റെ അണ്ണാ എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് '

ആന എത്ര ആറാട്ട് കണ്ടതാ എന്നമട്ടില്‍ അവള്‍ ഒന്നുകൂടെ പതുക്കെ നടക്കും. അവള്‍ക്ക് അതൊക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. പൂവാലസഘം പറയുന്നത് ഈ നീര്‍ക്കോലി പോലിരിക്കുന്ന മുകുന്ദനെ കൊണ്ട് അവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലന്നാണ്. അതും വര്‍ക്കി ആന്‍ഡ് സണ്‍സ് റ്റീ ഷോപ്പില്‍ ഇരുന്നുകൊണ്ട്. അതിന്റെ അര്‍ഥം എന്താണെന്ന് വര്‍ക്കിച്ചേട്ടന്‍ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമന്‍ കേട്ട ഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദന്‍ അതൊന്നും ശ്രെധിക്കാതെ ആരെയോ കാത്തിരിക്കെയായിരുന്നു. ഉത്തമന്‍ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടില്‍ കണക്കുബുക്കില്‍ മുഖം കുനിച്ചിരുന്നു. അല്ലെങ്കില്‍ത്തന്നെ വല്ല്യപ്പന്റെ പ്രായമുള്ള വര്‍ക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ കാറ്റില്‍ ശക്തിയായി റ്റീ ഷോപ്പിന്റെ മുറ്റത്തുകൂടെ ചെരിഞ്ഞു പെയ്യ്തു. മഴവെള്ളം വരാന്തയില്‍ ആകെ ചിതറിവീണു. ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത്. മുകുന്ദന്‍ കുടയും നിവര്‍ത്തി ഓടിപ്പോയി അതില്‍ കയറി. അയാള്‍ ഒരു ഫ്രീലാന്‍സ് ഡ്രൈവര്‍ ആണെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. ഏതു ദൂരെ ഒട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോള്‍ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് മുകുന്ദന്‍ പോയപ്പോഴാണ് ഒരു സമാധാനമായത്. ഉത്തമനറിയാം വര്‍ക്കിച്ചേട്ടന് അത്ര ഷമയൊന്നും ഉള്ള ആളല്ല. എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ.

'അവള്‍ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികള്‍ ഒന്നും അത്ര ശെരിയല്ല എന്റെ വര്‍ക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞാട്ടക്കാരാ '

എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ്. ആദ്യം ഇടിയും മഴയും കാരണം കേള്‍ക്കാത്തതായി ഭാവിച്ചതാ. അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലായി. തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാന്‍ തുടങ്ങിയപ്പോഴേ വര്‍ക്കിച്ചേട്ടന്‍ വീണ്ടും വിളിച്ചു .

'എടാ ഉത്തമാ നാളെ വരുമ്പോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിന്റെ അച്ഛന്‍ മാധവന്‍നായരുടെ പറ്റു കൂടി കൂടി വരുവാ.'

അതൂടെ കേട്ടപ്പോള്‍ ഉത്തമന്റെ നടത്തത്തിനു അറിയാതെ അല്‍പ്പം വേഗത കൂടി. ഇടെക്കിടെ വര്‍ക്കിചേട്ടന്റെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് ഒന്നും ചോദിക്കില്ല എന്നൊന്നും ഉത്തമന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. അതും കോളേജില്‍നിന്നു വരുന്ന വഴി വൈകുന്നേരങ്ങളില്‍ മാത്രം. അതിനൊക്കെ അയാള്‍ കൃത്യമായി ശമ്പളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ'വര്‍ക്കി ആന്‍ഡ് സണ്‍സ് 'ടീ ഷോപ്പില്‍ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കില്‍ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങലല്ലേ.

സമപ്രായക്കാരുമായിട്ടൊക്കെ വര്‍ത്തമാനം പറയാനും പത്രത്തില്‍ നോക്കി ചൂടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായിമ്മ. അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തില്‍ മറ്റെന്താണ് ഉള്ളത്. ചെട്ടന്മാര്‍ക്കാണങ്കില്‍ മലമുകളില്‍തന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദര്‍. മാത്യു മണിക്കതാഴം. ആ അച്ചനാണങ്കില്‍ ആണങ്കില്‍ ഏതു പ്രസ്ഥാനത്തിനും മുമ്പില്‍ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൗണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കില്‍ കാല്‍നടയായി നാടുമുഴുവനും ചുറ്റും. ലോഹ മടക്കികുത്തി തെങ്ങേ കേറാന്‍പോലും ഒരു മടിയുമില്ല. ഇടെക്ക് അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ. തന്റെ കുഞ്ഞാടുകളുടെ തനിനിറം കാണാന്‍. എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്.

'എടാ മക്കെളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തെക്കരുത്' എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. അതില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവര്‍ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദര്‍. മാണിക്കതാഴം അവിടെ വന്നില്ലെങ്കിലാ 'കുടിയേറ്റക്കാര്‍ക്ക്' പ്രശനം .
ചിലപ്പോള്‍ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകള്‍ക്ക് ഈ കുടിയേറ്റക്കാര്‍ എന്ന പെരുണ്ടായത് എന്നുപോലും.

അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദനോടു തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാകണം. അല്ലെങ്കില്‍ വര്‍ക്കിചേട്ടന്‍ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും. അയാളാണങ്കില്‍ പരദൂഷണത്തിന്റെ ഉപജ്ഞാതാവാണ്. വേണമെങ്കില്‍ അതില്‍ത്തന്നെ ഒരു ഡോക്ടര്‍ ഡിഗ്രി കൊടുക്കാം. അതാണ് പ്രകൃതം. പിറ്റേദിവസവും ഉത്തമന്‍ പതിവുപോലെ കോളജില്‍ നിന്ന് വരുന്ന വഴി നേരെ തെമ്മാടിക്കുന്നു കവലയില്‍ ബസിറങ്ങി റ്റീഷാപ്പിലെക്കാണ് പോയത്. ഉത്തമനെ കണ്ടപ്പോഴേ വര്‍ക്കിചേട്ടന്‍ ആദ്യം ചോദിച്ചത് മുകുന്ദന്റെ കാര്യമാണ്..

'എടാ ആ മുകുന്നനെ ഇന്നിങ്ങോട്ടു കണ്ടതേയില്ല. നീ വല്ലതുമറിഞ്ഞോ'

'ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാന്‍ പോയി. അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാന്‍ പറ്റുമോ'

'അതല്ലടാ അവളു പോയതിന് എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല'

അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു. പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതില്‍ അര്‍ഥമില്ല. എന്നും രാവിലെ വര്‍ക്കികടയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍നിന്നു കിട്ടുന്ന പല കാര്യങ്ങളും അയാള്‍ക്ക് പൂര്‍ണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തന്റെ അടുത്താണ്. എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോള്‍ തന്റെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ അടുത്ത ചോദ്യം വന്നു. അതും തീര്‍ത്തും അപ്രതീഷിതമായ ഒരു മിസൈല്‍ തന്നെ ആയിരുന്നു .

'എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ. അവര്‍ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി .'

ലെസ്ബ്യന്‍ എന്നാണ് ചേട്ടന്‍ ഉദ്ദേശിച്ചത് എന്ന് മനസിലായി. കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വര്‍ക്കിയച്ചായാന്‍ ലോക കാര്യങ്ങള്‍ ഒക്കെ മനസിലായിതുടങ്ങിയിരിക്കുന്നു. വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തര്‍ദേശീയ കാര്യങ്ങള്‍ ഇടെക്കിടെ ചര്‍ച്ചക്കു വരാറുണ്ട്. അതിനൊന്നും ഉത്തമന്‍ സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടെക്കിടെ ശ്രദ്ധിക്കണ്ടാതായിരുന്നു എന്നൊരു തോന്നല്‍ അപ്പോഴാണ് ഉണ്ടായത്. എന്നാലും ഇനി എങ്ങനെയാ വര്‍ക്കിചേട്ടനെ ഒന്നു പറഞ്ഞു മനസിലാക്കുക. ഉത്തമന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. എന്നാലും എങ്ങും തൊടാതെ ഒന്നു പറഞ്ഞുനോക്കി .

'ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല ലെസ്ബിയെന്‍ എന്നോ മറ്റോ ആണ്. പെണ്ണുങ്ങള്‍ മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട്'

'അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവര്‍ക്ക് കുട്ടികള്‍ വേണ്ടേ. ഇനി അതിനും വല്ല കുറുക്കുവഴിയുമുണ്ടോ'

വര്‍ക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു. ഉടനെയെങ്ങും വിടുന്ന ലെക്ഷനമില്ല. വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമന്‍ വിഷയം ഒന്നു മാറ്റിപ്പിടിക്കാന്‍ നോക്കി .

'ത്രിവേണി പോയത് അവരുതമ്മില്‍ ചേരാതതുകൊണ്ടാനെന്നാ മാണിക്കതാഴതച്ചന്‍ പറഞ്ഞത്. അവസാനം നാട്ടുസംഘമാണ് അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത്'

അച്ഛന്റെ പേരു ഉത്തമന്‍ മനപ്പൂര്‍വം വലിച്ചിട്ടാതാണ്. അതിന്റെ സത്യാവസ്ഥയുന്നും അവനും അറിയില്ലായിരുന്നു. എന്നാലും തല്‍ക്കാലം ഒന്നു പിടിച്ചുനില്‍ക്കണമെല്ലോ. ആ നാട്ടില്‍ ആര്‍ക്കെങ്കിലും അല്‍പ്പമെങ്കിലും ബെഹുമാനമുണ്ടെങ്കില്‍ അത് ഫാദര്‍. മാണിക്കതാഴാത്തച്ചനോടാ. അതുകൊണ്ട് വര്‍ക്കിചേട്ടന്‍ ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തില്‍നിന്നാണ് മനസിലായത്.

'നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം. എനിക്കു തോന്നുന്നത് നീ നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാനന്നാ'

'ലബനീസിയം അല്ല ചേട്ടാ ലെസ്ബിയന്‍. ആണുങ്ങളാണങ്കില്‍ ഗയിസം എന്നും പറയും. അവരു തമ്മില്‍ കല്ല്യാണം കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ'

'കര്‍ത്താവേ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ ഇതൊക്കെ. ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം'

അതുമിക്കവാരും വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെയായി. അച്ഛന്‍ ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയിപ്പം ഈ ഉരാകുരിക്കില്‍നിന്ന് എങ്ങനെ രെക്ഷപെടാം എന്നുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവടെ പിടിച്ചിടണ്ടായിരുന്നു. അതിനൊരു പോവഴി എന്നോളം ഉത്തമന്‍ പറഞ്ഞു.

'അയ്യോ വര്‍ക്കിച്ചേട്ടന്‍ ഒന്നും ചോദിക്കേണ്ട നാളെ ഞാന്‍ അങ്ങേരെ നേരിട്ടു കാണുന്നുണ്ട്. കാര്യങ്ങള്‍ വിശദമായി അന്വഷിച്ചു പറയാം'

'എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുമ്പോള്‍ എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാന്‍നായരുടെ പറ്റിന്റെ കാര്യംകൂടി മറക്കേണ്ട. അതും നീതന്നെ ചോദിച്ചാ മതി. ഞാനതൊന്നും പറഞ്ഞു മുഷിയുന്നില്ല'

ഉത്തമന് ശ്വാസം നേരെവീണെങ്കിലും. യാത്ര പറഞ്ഞിട്ട് ഉടനെ അവിടുന്നിറങ്ങി നടപ്പിന് അറിയാതെതന്നെ അല്‍പ്പംകൂടി വേഗത കൂടി. തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വരികയായിരുന്നു. അപ്പോഴാണ് മുകുന്ദന്‍ പറഞ്ഞതൊര്‍ത്തത്. അതുകൊണ്ട് ഈ കാറ്റും അത്ര പേടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി ആര്‍ജിച്ചുകൊണ്ടിരുന്നു. 'ഒന്നും പേടിക്കാനില്ല' എന്നല്ലേ മുകുന്ദന്‍ പറഞ്ഞത് അതോര്‍ത്തുകൊണ്ട് ഉത്തമന്‍ തിരിഞ്ഞുനോക്കാതെ വേഗത്തില്‍ നടന്നു.

രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ് മുകുന്ദന്‍ ദൂരെയോട്ടം കഴിഞ്ഞു വന്നത്. പതിവു തെറ്റിക്കാതെ ചായകുടിക്കാന്‍ വര്‍ക്കിക്കടയിലേക്കു കയറി. പരദൂഷണം വര്‍ക്കിച്ചേട്ടന്‍ അങ്ങനെ കാത്തിരുന്ന ഇരയെ കിട്ടീയമാതിരി ഒന്നു പുഞ്ചിരിച്ചു. ആദ്യം മുകുന്ദന്‍ എന്തെങ്കിലും പറയുമോന്നറിയാന്‍ ഒന്നു വെയിറ്റ് ചെയിതു. ചായയും പരിപ്പുവടയും ഓര്‍ഡര്‍ പ്രകാരം വിളമ്പി. അവസാനം ഷെമകെട്ടിട്ടാണ് ചോദിച്ചത്.

'എടാ മുകുന്ദാ ആ പെങ്കൊച്ചിനെതെന്തു പറ്റി. അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം എന്നൊക്കെ പറയുന്നത് '

മുകുന്ദന്‍ ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .

'കുഴപ്പം എന്റെതു തന്നാ. അതൊന്നും പറഞ്ഞാ വര്‍ക്കിചെട്ടനു മനസിലാവില്ല'

അപ്പോഴാണ് വര്‍ക്കിച്ചേട്ടന്‍ ഉത്തമന്‍ പറഞ്ഞ കാര്യം ഓര്‍ത്തത്. അമേരിക്കെലോക്കെ അങ്ങനെയുള്ള ആണുങ്ങളും ഉണ്ടെന്ന്. എന്നിട്ട് സ്വയം നെടുവീര്‍പ്പിട്ടുകൊണ്ട് ഒരാല്‍മ്ഗതം

'നമ്മടെ തെമ്മാടികുന്നും പുരോഗമിക്കുന്നുണ്ട്. കര്‍ത്താവേ ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു.'

മുകുന്ദന്‍ ഒന്നും കേട്ടില്ല എന്ന മട്ടില്‍ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി. നിരത്തു കടന്ന് ആകാശം നോക്കി മലംചെരിവിലൂടെ ദൂരേക്കു നടന്നകന്നു. അപ്പോള്‍ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു. മുകുന്ദന്‍ അറിയാതെ അയാള്‍ക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി .

കാറ്റുവന്നു കള്ളനെപോലെ
കാട്ടുമുല്ലെക്കൊരുമ്മകൊടുത്തു
കാമുകനെ പോലെ..

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC