തമ്പി ആന്റണി

പേരുപറയാത്ത പെണ്‍കുട്ടി

ഒരിക്കല്‍ വഴിതെറ്റിപോയ ആ ഫോണ്‍ കോളില്‍ കുടുങ്ങി പൊട്ടിച്ചിരിച്ച പെണ്‍കുട്ടി. ഫേസ് ബുക്കില്‍ പോലും ഫെയ്ക്ക് ഐഡിയുമായി എത്തിനോക്കിയ അവള്‍ ഇപ്പോള്‍ എവിടെയാണ ്എന്നറിയാത്തതില്‍ ഉണ്ണിക്രുഷ്ണന് ഒരു കുറ്റബോധം തോന്നി . എത്ര തവണ പേരുചോദിച്ചു. എന്നിട്ടും അവള്‍ പറയാതിരുന്നത് എന്തുകൊണ്ടാണ് . ഈ പെണ്‍കുട്ടികളുടെ ഒരു പ്രകൃതം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . 

പലപ്പോഴായി എത്രയോ തവണ വിളിച്ചിരിക്കുന്നു എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ഒക്കെ വെറുതെയായി . കുറെ സംസാരിച്ചു കഴിഞ്ഞാല്‍ ഒരടുപ്പം ഉണ്ടാകും എന്ന് ഉണ്ണിയെപോലെയുള്ളവര്‍ക്ക് അറിയാം . അപ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തില്‍ എന്തുവേണമെങ്കിലും ചോദിക്കാമെന്ന് കരുതിയെങ്കിലും അതിനോന്നുമുള്ള പല അവസരങ്ങളും അവള്‍ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നില്ലേ .

പല പെണ്‍കുട്ടികളോടും വളരെ അടുത്ത് ഇടപെട്ടു പരിചയമുള്ള ഉണ്ണിക്ക് ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രം സകല കണക്കുകൂട്ടലും തെറ്റി. ആളിത്തിരി തരികിടയാ അല്ലെങ്കില്‍ അല്‍പ്പം ഓവര്‍ സ്മാര്‍ട്ട് . അതിനുമാത്രം ഒരു സംശയവുമില്ല . ഓരോ തവണ ആ കുയില്‍നാദം കേള്‍ക്കുബോഴും ഉണ്ണികൃഷ്ണന്‍ ഒരു സുന്ദരികുട്ടി മനസ്സില്‍ വന്ന് പുഞ്ചിരിക്കുന്നതായി അങ്ങു സങ്കല്‍പ്പിക്കും . സങ്കല്‍പ്പത്തിലെങ്കിലും അവള്‍ ഒരു സുന്ദരി ആയിരിക്കണമെല്ലൊ .

ആ മധുരമൊഴിയും ഇടെക്കിടെ മൂളുന്ന ആ പാട്ടും കേട്ടാല്‍ ഏതൊരാള്‍ക്കും അങ്ങനെയോക്കെയെ സങ്കല്‍പ്പിക്കാന്‍ പറ്റുകയുള്ളു . എന്നാലും വെറുതെ ഓര്‍ക്കാറുണ്ട് ഈശ്വരാ ഇതൊരു തട്ടിപ്പ് കേസാണോ. ഒരുപക്ഷെ വെര്‍ച്ച്വല്‍ ലോകത്തിലെ ഒരപകട മേഖലയിലാവാം തന്റെയീ തീക്കളി എന്നൊക്കെ . എന്നിട്ട് സ്വയം മനസിനെ അങ്ങു സ്വാന്തനപ്പെടുത്തും . ഇല്ല ഒരിക്കലുമില്ല അഥവാ ഇനി അങ്ങനെ ആയിരുന്നെങ്കില്‍പോലും അവളോട് സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അത്രക്കും അങ്ങടുത്തുപോയതുപോലെ . 

പഠിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ അവള്‍ എവിടെയോ എയര്‍ ഹൊസ്റ്റെസ് ആകാനുള്ള ട്രെയിനിങ്ങില്‍ ആണെന്നാനാണ് പറഞ്ഞത് . അതും എവിടെയാണെന്നു മാത്രം പറഞ്ഞില്ല . അതുകൂടെ അറിഞ്ഞപ്പോള്‍ ഒരു സൌന്ദര്യ ദേവതേ തന്നെ മനസ്സില്‍ ധ്യാനിച്ചു . അങ്ങനെ ഒരു സുന്ദരിയായിരിക്കും എന്ന മനസമാധാനത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നും ഉറങ്ങാറുണ്ടായിരുന്നത്. 

ഫെയിസ് ബുക്കില്‍ ഒന്നുകൂടി വെറുതെ ഒന്നു പരതി നോക്കി . പ്രൊഫൈലിലെ ഫോട്ടോ ഇപ്പോഴും പ്രസിദ്ധ ഗായിക ശ്രേയാ ഘോഷാല്‍ തന്നെ. അത് പാട്ടിനോടും ആ പാട്ടുകാരിയോടുമുള്ള അന്ധമായ ആരാധനകൊണ്ടു മാത്രമാനന്നാണ് പറഞ്ഞത്. ഏതായാലും ഇവളും ഒരു പാട്ടുകാരിതന്നെ. അത് അവള്‍ ഫോണിലൂടെ ഇടെക്കിടെ ഈണത്തില്‍ മൂളുന്നതുകൊണ്ട് മാത്രം മനസ്സിലാക്കാവുന്നതേയുള്ളൂ . ക്ലാസ്സിക്കല്‍ സംഗീതം പഠിച്ചിട്ടുണ്ട് എന്ന് എപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നു. അത് നുണയാനെങ്കിലും അതൊന്നും ഒരു പ്രശ്‌നമേയല്ല. ഈണത്തില്‍ ഒന്നു മൂളാന്‍ പോലുമറിയാത്ത എത്രയോ സുന്ദരിമാരുണ്ട് ഈ ലോകത്തില്‍.

എന്നാലും അങ്ങനെ കുറെ നാളുകള്‍ ഊരും പേരും പറയാതെ കടന്നുപോയപ്പോള്‍ ഒരസ്വസ്ഥത തോന്നി. ഈ അന്തരീഷ സംഗമം അങ്ങു നിര്‍ത്തിയാലോ . ഒരുമാതിരി ചുമ്മാ ചുമ്മി ചുമ്മി മടുത്ത ചുമടുപോലെ എത്ര നാളാ . 

അതുകൊണ്ട് ഒരു ദിവസം രണ്ടും കല്‍പ്പിച്ച് അവളോടു കാര്യം പറയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടിലൊന്നറിയണം. പക്ഷെ എന്തു പറയും എങ്ങനെ പറയും . ഇത്രയും നാള്‍ എക്‌സ്ട്രാ ഡീസന്റ് ജെന്റില്‍മാന്‍ ആയി നിന്നിട്ട് ഒന്നു ചുവടുമാറ്റി ചവിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ഇവളുടെ കാര്യത്തില്‍ അത്ര എളുപ്പമൊന്നുമല്ല . സംഗതി നിസ്സാരമായി തോന്നുന്നുവെങ്കിലും ഈ സങ്കല്‍പ്പ സുന്ദരിയോട് ഉള്ള ഫ്രെണ്ട്ഷിപ്പുകൂടി ഇല്ലാതാകുന്നത് ഓര്‍ക്കാന്‍പോലും പറ്റുന്നില്ല . 

ഒരു പ്രയോജനവും ഇല്ലങ്കിലും ഇരിക്കെട്ടെ ഒരു സുന്ദരി നാലുപേരു കാണുന്ന മുഖ പുസ്തകമല്ലേ . ശ്രേയാ ഘോഷാല്‍ ആണെന്നൊന്നും ആ നിഴലു പോലെയുള്ള പടം കണ്ടാല്‍ ആരും അത്ര പെട്ടന്നൊന്നും ശ്രെദ്ധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ തനിക്കുപോലും ഈ അപകടം പറ്റിയത് . എന്നാലും നമ്മള്‍ ഒരിക്കലും കാണരുത് എന്ന് ഇടക്കിടെ കളിയായിട്ടാണങ്കിലും പറയാറുള്ള ഒരു പെണ്ണിനുവേണ്ടി തന്റെ വിലയേറിയ സമയം പാഴാക്കി കളയുക. അതില്‍ എന്തോ ഒരു കല്ലുകടി ഉള്ളതുപോലെ . കൂട്ടുകാരറിഞ്ഞാല്‍ ആകെ നാണക്കേടാകും . ഒരിക്കല്‍ കൂടെ പഠിച്ച കൂട്ടുകാരാന്‍ പൊകലമോഹനാണ് പറഞ്ഞത് .

' എടാ ഉണ്ണി നിനക്കു നാണമില്ലേടാ വെറുതെ ഇങ്ങനെ കൊച്ചുവര്‍ത്തമാനോം പറഞ്ഞു സമയം കളയാന്‍ . കളഞ്ഞിട്ടു പോടെയ് '

ഭാഗ്യത്തിന് അവനു മാത്രമേ ഇക്കാര്യം അറിയത്തുള്ളൂ . ആ ജേക്കബ് ജോബ് എങ്ങാനും അറിഞ്ഞാല്‍ ആകെ പുകിലാകും . വേണമെങ്കില്‍ അവളെ വിളിച്ച് പച്ച തെറിവിളിക്കാനും മതി. അവന്റെ വില്ലന്‍ സ്വഭാവം അറിഞ്ഞൊണ്ട് അങ്ങനെ ഒരു കടുകൈ ഒരിക്കലും വേണ്ടാ എന്നുതന്നെ തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി ട്ടൗണില്‍നിന്ന് അല്‍പ്പം അകലെ മാറി പഴേ ചന്തയിലാണ് മോഹന്‍ദാസിന്റെ പോകലക്കട . അച്ഛന്‍ ഭാസ്‌ക്കരേട്ടന്റെ സ്ഥാപനമാണ് . എന്നാലും മോഹന്‍ദാസ് സമയം കിട്ടുബോഴുക്കെ അച്ചനെ സഹായിക്കാന്‍ അവിടെ പോയിരിക്കും . അച്ഛന്റെ അനുസരണയുള്ള അരുമ മകന്‍ . അതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാരിട്ട പേരാണ് പൊകല മോഹന്‍ . നല്ല പൊക്കവും തടിയും ഒക്കെയുണ്ടെങ്കിലും ആളൊരു പാവമാണ് ഒരു പെണ്ണിന്റെ മുഖത്തു നോക്കാന്‍ പോലും പേടിയാ. അങ്ങനെയുള്ളവന് ഈ പെണ്ണുങ്ങളുടെ കാര്യം വല്ലോം പറഞ്ഞാല്‍ പോത്തിന്റെ ചെവിയില്‍ വേദമൂതിയതു പോലെയാ. 

പണ്ട് പള്ളിക്കുടത്തില്‍ പഠിച്ച കുട നന്നാക്കനുണ്ടോ എന്ന കഥയിലെ അസ്സല്‍ കുടക്കാരന്‍ . ഒന്നും കേട്ടില്ലെങ്കിലും ചുമ്മാതിരുന്നങ്ങു മൂളും . അവസാനം വെറുതെ ട്യുബ് ലൈററ്റുപോലെ വെളുക്കെ ചിരിക്കും. വല്ലപ്പോഴുമേ വല്ലതും പറയൂ . അറിയാവുന്ന ഒരേ ഒരു വിഷയം കണക്കാണ് . മറ്റെല്ലാ വിഷയത്തിനും പൂജ്യത്തിന്റെ അടുത്തുനില്‍ക്കും മാര്‍ക്ക്. അതുകൊണ്ട് ഭാസ്‌ക്കരേട്ടന് അവന്റെ കോളേജു പഠിത്തം നിര്‍ത്താനുള്ള ഒരാലോചനയിലാണ് എന്നും കേള്‍ക്കുന്നു. അവനോട് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതില്‍ വലിയ കഴമ്പുണ്ട് എന്നു തോന്നുന്നില്ല . 

എന്നിട്ടും ഒരു ശനിയാഴ്ച്ച ദിവസം കടയില്‍ പോയി സോറ പറഞ്ഞിരുന്നപ്പോള്‍ അറിയാതെ പറഞ്ഞുപോയി. കേട്ടപ്പോള്‍ ഒന്നും മനസിലായില്ലെങ്കിലും അവന്‍ പറഞ്ഞ ആ വാചകം വീണ്ടും തികട്ടി തികട്ടി വരുവാ ..

' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക്ബുക്ക് '

കളഞ്ഞിട്ടു പോടെയ് എന്നത് അതവന്റെ സ്ഥിരം പല്ലവിയാണ് എന്നറിയാം. പക്ഷെ ഫൈക് ബുക്ക് എന്നത് അവന്റെ വായില്‍നിന്ന് ആദ്യം വരുകാ.. എന്നാലും ഒരു പെണ്ണിന്റെയും മുഖത്തുപോലും നോക്കാത്ത പൊകലക്കടക്കാരാന്‍ അങ്ങനെ പറയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല . മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല കയിച്ചിട്ട് ഇറക്കാനും പറ്റുന്നില്ല . ഒരിക്കല്‍ അവളോട് യഥാര്‍ഥ പേരു ചോദിച്ചപ്പോള്‍ അവള്‍ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

' നമ്മള്‍ വെറും വെര്‍ച്ച്വല്‍ ഫ്രെണ്ടല്ലേ ഉണ്ണിക്കുട്ടാ പിന്നെ പേരറിയുന്നത് എന്തിനാണ്'

അവളുടെ ഈ ഉണ്ണിക്കുട്ടാ വിളിയാണ് അതിലും കുഴപ്പം . ആ മധുരസ്വരത്തില്‍ അതു കേള്ക്കുബോള്‍ ആകെ മനസിനൊരു കുളിരാണ് . ചിലപ്പോള്‍ അതും അവളുടെ ഒരു നമ്പറല്ലെ എന്നും ഒരു തോന്നല്‍.

അപ്പോള്‍ ഉണ്ണി വേറൊരു നമ്പര്‍ സൗമ്മ്യമായി അങ്ങോട്ട് ഇട്ടുകൊടുത്തു ..

' എന്നാലും ഫോണില്‍ ഇന്‍കമിംഗ് കോള്‍ വരുബോള്‍ ഒന്നു തിരിച്ചറിയണ്ടേ '

' അതിനല്ലേ ഈ അക്കങ്ങള്‍ ഉള്ളത് ഒന്നേ, രണ്ടേ , മൂന്നേ എന്നൊക്കെ പറഞ്ഞ് അല്ലെങ്കില്‍ എ.ബി.സി.ഡി. ഓ ഈ മണ്ടൂസിന്റെ ഒരു കാര്യം ' .

ഇടെക്കിടെ അവള്‍ എന്നെ മണ്ടൂസ് എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ മധുരമൊഴിയില്‍ അതൊക്കെ കേള്‍ക്കാനും ഒരു സുഖമാക്കെയുണ്ട് . അതുകൊണ്ട് അതിനൊന്നും പ്രതികരിക്കാറില്ലായിരുന്നു. ഇതിപ്പം ഈ നമ്പരുകള്‍ , അതില്‍ അന്തോ പന്തികെടുള്ളതുപോലെ . 

അപ്പോഴാണ് ഉണ്ണികൃഷ്ണന് സംഗതികളുടെ കിടപ്പു മനസിലായത് . അതിപ്പിന്നെ താന്‍ എത്രാമത്തെ നമ്പര്‍ ആണന്നു പോലും ചോദിച്ചിട്ടില്ല. മോഹന്‍ദാസ് കളഞ്ഞിട്ടു പോടെയ് എന്നു ചുമ്മാ പറഞ്ഞതിലും അതില്‍ എന്തോ കാര്യമുണ്ടെന്നു തോന്നി .

പഠിക്കാന്‍ മണ്ടനാണെങ്കിലും മോഹന്‍ദാസ് ചില കാര്യങ്ങളില്‍ അച്ചട്ടാണ് എടുത്തടിച്ചതുപോലെ കാര്യം പറയും . ചിലപ്പോള്‍ അതില്‍ കാര്യവും കാണും .

അങ്ങനെ അവളെ മുഖ പുസ്തകത്തില്‍ നിന്ന് വെട്ടി മാറ്റാന്‍തന്നെ തീരുമാനിച്ചു. എന്നാലും അവള്‍ ആരായിരിക്കും എന്ന് ഒന്നറിയാനുള്ള ഒരാഗ്രഹം ഉണ്ണികൃഷ്ണനെ പിന്തുടര്‍ന്നു . അതുകൊണ്ട് ഒരു ദിവസം ഗൂഗിളിലും ഫേസ്ബുക്കിലും തപ്പി തമ്പാന്‍ ജോസഫ് എന്ന തന്തപ്പടിയുടെ പേരു കണ്ടുപിടിച്ചു. ഫോണ്‍ നബര്‍ വെച്ചുതന്നെ അഡ്രസ് ഒരുതരത്തില്‍ തിരഞ്ഞു . അതുമാത്രം പോകല മോഹനോടു പറഞ്ഞില്ല .

ഒരന്വേഷണത്തിനൊക്കെ പറ്റിയ ആള്‍ ഞങ്ങളുടെ കൂടെ പഠിക്കുന്ന ജേകബ് തന്നെ. അവനോട് അങ്ങനെയാണ് ചരിത്രങ്ങള്‍ ഒക്കെ പറയേണ്ടി വന്നത് . നേരത്തെ പറയാഞ്ഞതില്‍ ആദ്യം അല്‍പ്പം പരിഭവം പറഞ്ഞെങ്കിലും . സംഗതി കൂളായി ഏറ്റെടുത്തു. പെണ്ണുകേസ്സല്ലേ അവനു പ്രത്യകം താല്‍പ്പര്യം കാണുമെന്നും അറിയാമായിരുന്നു. ആ പോകലക്കടക്കാരനോട് ഇനി ഒന്നും പറയരുതേ എന്ന് അവന്‍ ഒന്നോര്‍മ്മിപ്പിക്കുകയും ചെയിതു .

പിന്നെ എല്ലാം പെട്ടന്നായിരുന്നു . അങ്ങനെ തീരുമാനിച്ചതുപോലെ ഒരു ദിവസം രാവിലെ അവന്‍ ചേട്ടന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കളില്‍ പറന്നുവന്നു .

' നീ കേറ് വാ പോകാം '

അതവന്റെ സ്ഥിരം പരിപാടിയ അവധിദിവസങ്ങളില്‍ ചേട്ടന്റെ ബൈക്ക് എടുത്തുള്ള കറക്കം. ഉണ്ണി ഇതിനു മുമ്പും ആ ബൈക്കിന്റെ പിറകില്‍ ഇരുന്ന് ആരും അറിയാതെ കോളേജിനടുത്തുള്ള നിരത്തുകവല ഉപഷാപ്പില്‍ പലതവണ പോയിട്ടുണ്ട്. 

ഒരു ബന്തിന്റെ അന്ന് കോളേജില്‍ പോയി വരുന്ന ദിവസം ടൗണില്‍ വെച്ച് ഒരു ഓട്ടോ റിക്ഷായുമായി കൂട്ടിയിടിച്ച് രണ്ടുപേരും തലേകുത്തി മറിഞ്ഞതാണ് . ഭാഗ്യത്തിന് രേക്ഷപെട്ടു എന്നു പറഞ്ഞാ മതിയല്ലോ. പക്ഷെ ഇടികൊണ്ടത് ഒരു നാടോടി ആക്രി കച്ചവടക്കാരനിട്ടാണ്. അയാള്‍ ഇല്ലാത്ത പുകിലെല്ലാം ഉണ്ടാക്കി . അവസാനം വീട്ടുകാര്‍ ഇടപെട്ടു കാര്യമായ എന്തോ കൊടുത്ത് ഒതുക്കി തീര്‍ത്തു . 

അതിപ്പിന്നെ ഉണ്ണിക്കുട്ടന്‍ അവനുമായുള്ള ബൈക്കേലുള്ള പോക്കേ വേണ്ടെന്ന് വെച്ചതാണ്. എന്നാലും ഈ യാത്ര വേണ്ടെന്നു വെക്കാന്‍ രണ്ടുപേര്‍ക്കും തോന്നിയതുമില്ല . അങ്ങനെ അവര്‍ രണ്ടുപേരും ഒരു സിനിമാ സ്‌റ്റൈല്‍ കേസ്സന്ന്വഷണത്തിന് തയാര്‍ എടുക്കുകയായിരുന്നു .

മാത്രമല്ല ഉണ്ണികൃഷ്ണന്റെ ഈ കദനകഥ കേട്ടപ്പോള്‍ ജേകബ് എല്ലാം മറന്നു. A friend indeed is a friend in need ' എന്നല്ലേ 

കാഞ്ഞിരപ്പള്ളി വഴി നേരെ ഹൈ റേഞ്ചിലേക്ക് തിരിച്ചു . പുല്ലുപാറ എത്തിയപ്പോള്‍ ഒരു ചായ കുടിക്കാനായി ബൈക്ക് ഒരു ചായക്കടയുടെ ഓരം ചേര്‍ത്തി നിര്‍ത്തി . കടയില്‍ ഇരുന്ന് ഫോണില്‍ അഡ്രസ് ഒന്നുകൂടി നോക്കി. ബില്ലു കൊടുത്തപ്പോള്‍ ചായക്കടക്കാരനോട് കുശലം പറഞ്ഞു. വളരെ തന്ത്രപൂര്‍വ്വം ആ വീട്ടുപേരറിയുമോ എന്നു ചോദിച്ചു. അയാള്‍ ഒന്നു ചിരിച്ചിട്ട് പറഞ്ഞു.

' അതുപിന്നെ ആരോട് ചോദിച്ചാലും അറിയാം . പുതുപ്പള്ളിക്കാരന്‍ തമ്പാന്‍ ജോസഫിന്റെ വീടേതാ എന്നു ചോദിച്ചാല്‍ മതി. അവിടെത്തന്നെ ആയിരക്കണക്കിനേക്കര്‍ തേയിലത്തോട്ടംമുണ്ട് എന്താ വിശേഷിച്ച് '

' കൂട്ടുകാരന്റെ വീടാ ജോസഫ് ചേട്ടന്റെ മകന്‍ ഞങ്ങളുടെ കോളേജിലാ '

ജേകബ് അവസരോചിതമായ ഒരു നുണ തട്ടിവിട്ടു. ചായക്കടക്കാരാന്‍ രണ്ടുപേരെയും ഒന്നു സൂഷിച്ചു നോക്കി. എന്തോ മനസിലാകാത്തതുപോലെ . ഇനി അയാള്‍ക്ക് അങ്ങനെ ഒരു മകനില്ലെങ്കിലോ . ആകെ പുകിലാകും. പെട്ടന്നു സ്ഥലം കാലിയാക്കുന്നതാ നല്ലതെന്നു തോന്നി. ജേകബ് ബൈക്ക് സ്റ്റാര്‍ട്ടാക്കി 

അപ്പോഴേക്കും ചായക്കടക്കാരന്‍ മുറ്റത്തേക്ക് ഇറങ്ങിവന്നു പറഞ്ഞു.

' മക്കളെ സൂഷിച്ചോ വലിയ വെടിക്കാര . ഡബിള്‍ ബാരല്‍ തോക്കുകൊണ്ടാ തോട്ടത്തിലൊക്കെ പോകുന്നത്. മിക്കവാറും തൊഴിലാളി പ്രശ്‌നങ്ങളാ . ഒരാളെ കൊല്ലാനൊന്നും ഒരു മടിയുമില്ലാത്ത വര്‍ഗ്ഗമാ '

ജേകബും ഉണ്ണിയും വീണ്ടും യാത്രയായി. ചായക്കടയില്‍നിന്നു കിട്ടിയ വിവരം അത്ര സുഖകരമല്ല . അതുകൊണ്ട് ഇനി അതുവഴി പോകുന്നത് ചിലപ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട് . എന്നാലും ജേകബ് വിടുന്ന ലക്ഷണമില്ല . അവന്‍ അങ്ങനെയാ കാലു മുന്നോട്ടു വെച്ചാല്‍ പിറകോട്ടില്ല . ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. 

' എന്തായാലും ഇറങ്ങിത്തിരിച്ചു വീടെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ ശരിയാവില്ല'

അവന്‍ പറഞ്ഞ ധൈര്യത്തില്‍ കുട്ടിക്കാനവും കഴിഞ്ഞു ബൈക്ക് നേരെ പാമ്പനാറിലേക്കു വിട്ടു. അപ്പോഴേക്കും അവിടെ പോകുന്നതും അന്ന്വേഷിക്കുന്നതും ഒക്കെ ഒരു റിസ്‌ക്കാണെന്ന് അവര്‍ക്കു മനസിലായികഴിഞ്ഞിരുന്നു. എന്നാലും ഒരാകാംഷ അപ്പോഴും ബാക്കിയായി .

' നമുക്ക് ആദ്യം കുമളിയിലേക്ക് പോകാം . ഒരു ബാറില്‍ ഇരുന്നു കാര്യങ്ങള്‍ തീരുമാനിക്കാം '

ജേക്കബ് അല്ലെങ്കിലും അങ്ങനെയാ എന്ത് കാര്യം പറയണമെങ്കിലും ബാറില്‍ പോകണം. ഇങ്ങനെ ഒരു പ്രത്യക സാഹചര്യത്തില്‍ അതുപറഞ്ഞപ്പോള്‍ ഉണ്ണികൃഷ്ണനും . ഓ.ക്കെ പറഞ്ഞു . ഡബിള്‍ ബാരല്‍ തോക്കിന്റെ മുന്നിലേക്ക് ചെല്ലണമെങ്കില്‍ രണ്ടെണ്ണം വീശാതെ പറ്റില്ലല്ലോ .

അങ്ങേനെ രണ്ടു പേരുടെയും എകപഷീയമായ തീരുമാനത്തിലാണ് അവര്‍ കുമളിയിലെത്തിയത് . ടൌണില്‍ കയറുന്നതിനു മുന്‍പ് തന്നെ റോഡ് സൈഡില്‍ ഗ്രീന്‍ ഫോറസ്റ്റ് റിസോര്‍ട്ട് എന്ന ഒരു നെയിം ബോര്‍ഡ് കണ്ടു. ബോര്‍ഡിലെ ആരോ കാണിച്ചിരിക്കുന്നത് ഒരു കുന്നിന്‍ ചെരിവിലേക്കാണ്. മലമുകളിലേക്ക് കയറിപ്പോകുന്ന ഒരു വീതികുറഞ്ഞ ടാറിട്ട റോഡും . അങ്ങോട്ടുതന്നെ പോകാന്‍ തീരുമാനിച്ചു. അവിടെ പരിസരങ്ങളിലൊന്നും പകലായിരുന്നതുകൊണ്ട് ഒരു തിരക്കും ഇല്ലായിരുന്നു. അവര്‍ നേരെ ബാറിലേക്ക് കയറി . അവിടെ വെളിച്ചം കുറഞ്ഞ ഭാഗത്തുള്ള ഒരു ടേബിളില്‍ പോയിരുന്നു. ഉടനെ തന്നെ വെയിറ്റര്‍ വന്നു. ജേക്കബ് ഐസ് ഇട്ട് രണ്ടു പെഗ്ഗ് ബ്രാണ്ടി ഓര്‍ഡര്‍ ചെയിതു. ഒരെണ്ണം കഴിച്ചപ്പോഴേ ജേകബ് പദ്ധതി അവതരിപ്പിച്ചു.

' നീ ബൈക്കുമായി തമ്പാന്‍ ജോസഫിന്റെ ഗൈറ്റിന്റെ വാതിക്കല്‍ നില്‍ക്കുന്നു . ഞാന്‍ നേരെ വാതിക്കല്‍ പോയി ബെല്ലടിക്കുക്കന്നു '

എന്നിട്ട് ഒരെണ്ണം കൂടെ ഓര്‍ഡര്‍ ചെയിതു . ഉണ്ണിക്കുട്ടന്‍ അപ്പോഴും ആദ്യത്തെ പെഗ്ഗ് പതുക്കെ പതുക്കെ നുണയുകയായിരുന്നു.

അതിത്തിരി റിസ്‌ക്ക് അല്ലേടാ ചുമ്മാ വല്ലവരെയും വീട്ടില്‍ചെന്നു വാതിലില്‍ മുട്ടുക . അവരോട് നീ എന്തു പറയും. അല്ല ഈ ഗേറ്റ് ഉണ്ടെന്ന് നിന്നോടാരു പറഞ്ഞു '

'അതൊക്കെ ഒന്നൂഹിക്കാവുന്ന കാര്യങ്ങളല്ലേ . ഡബിള്‍ ബാരല്‍ തോക്കുള്ളവര്‍ക്ക് ഗേറ്റില്ലാതിരിക്കുമോ . പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞോളാം . ഉണ്ണി നീ ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയാല്‍ മതി . നീയെന്തിനാ പേടിക്കുന്നത് ഞാനല്ലേ കോളേജിലെ ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ ' എന്നൊരഹങ്കാരത്തില്‍ തന്നെ പറഞ്ഞു.

' തമ്പാന്‍ ജോസഫിന് തോക്കുള്ളതുകൊണ്ട് മിക്കവാറും ഓടണ്ടി വരില്ല അതെതാണ്ടുറപ്പായി ' ഉണ്ണി ഒരു തമാശമട്ടില്‍ പറഞ്ഞു.

എന്നാലും ഒരെണ്ണം അകത്തായപ്പോള്‍ ഉണ്ണികൃഷ്ണനും ഒരു ധൈര്യം വന്നതുപോലെ .

അധികം താമസിയാതെ അവര്‍ ഗ്രീന്‍ ഫോറസ്റ്റ് ബാറില്‍നിന്ന് പുറത്തേക്കിറങ്ങി . ജേകബ് അല്‍പ്പം കൂടുതല്‍ കഴിച്ചതുകൊണ്ട് ഉണ്ണിയാണ് ബൈക്ക് ഓടിച്ചത്. പാമ്പനാറില്‍ ഒരു കുരിശുകവലയില്‍ എത്തിയപ്പോള്‍ . ആദ്യം കണ്ട ആളിനോടുതന്നെ വഴിചോദിച്ചു . കവലയില്‍നിന്ന് ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ തേയില തോട്ടങ്ങള്‍ക്കു നടുവിലൂള്ള ഒരു വീതികുറഞ്ഞ റോഡിലൂടെ കയറ്റം കയറി മുന്നോട്ടു പോയി . അധികം ബുദ്ധിമുട്ടൊന്നുമില്ലതെ പ്രതീഷിച്ചതുപോലെ തബാന്‍ ജോസഫ് എന്നെഴുതിയ ഒരു ഗൈറ്റ് കണ്ടു. 

നേരത്തെ തീരുമാനിച്ചുറപ്പിച്ചതുപോലെ ഉണ്ണി ഗേറ്റിന്റെ വാതുക്കല്‍ തന്നെ ബൈക്കുമായി വെയിറ്റ് ചെയ്യിതു . ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴേ യുനിഫോമിട്ട കാവല്‍ക്കാരല്‍ വന്നു. അത് ഒട്ടും പ്രതീഷിച്ചില്ല . എന്നാലും ഒരു പ്രാഥമികമായ അന്വേഷണം ആ തമിള്‍ നാട്ടുകാരനോട് തന്നെ ആകാം എന്നുതന്നെ അവര്‍ കരുതി. അവനോട് എന്തു ചോദിക്കണം എന്നറിയാതെ അല്‍പ്പമൊന്നു പരുങ്ങി . അപ്പോഴേക്കും അവന്‍ തന്നെ പറഞ്ഞുതുടങ്ങി.

' നീങ്കയാരാ.. നാന്‍ വാച്ച്മാന്‍ വടിവേലു ആരെ പാക്കതക്കു വന്താച്ചെ '

ജേകബ് അറിയാവുന്ന തമിഴില്‍ വിക്കി വിക്കി ഒരു നുണ കൂടി പറഞ്ഞു.

' നങ്കാ അന്ത മുതലാളി മകളുടെ ക്ലാസ് മേറ്റ് . പാക്കതക്കു വന്തതാ '

' അയ്യോ സാര്‍ നിങ്കളുക്ക് വീടു ശെരിയാവാത് . മുതലാളി മകള്‍ ഒരു ആക്‌സിഡെന്റില്‍ലാ മരിച്ചത് . രണ്ടു വര്‍ഷമായിറുക്കെ . അമ്മ മട്ടും ഇങ്കെ ഇരുക്കെ തമ്പാന്‍ സാര്‍ തോട്ടത്തിലേക്ക് പോയാച്ച് എന്തോ തൊഴില്‍ പ്രശ്‌നം '

തീര്‍ത്തും അപ്രതീഷിതമായിരുന്നു ആ പ്രതികരണം. ഉണ്ണികൃഷ്ണനോട് ഇതെങ്ങനെ അവതരിപ്പിക്കും. അവനോട് ഒന്നും പറയാതിരുന്നാലോ എന്നുപോലും ഒരുനിമിഷം ആലോചിച്ചു . അതോ അമ്മയെ കണ്ടിട്ട് അനുശോചനം അറിയിച്ചിട്ട് പോകണോ . എന്നൊക്കെയുള്ള ഒരങ്കലാപ്പിലായി ജേക്കബ് . അപ്പോഴേക്കും തമിഴന്‍ വീണ്ടും പ്രതികരിച്ചു .

' നീങ്കെ ഉള്ളെ വാങ്കെ അമ്മക്ക് ഉടബുക്ക് നല്ല സുഖമില്ലേ . അന്ത ആക്‌സിടെണ്ടില്‍ ഒരു കാല്‍ പോയാച്ച്. അതിനാലെ അന്ത വീല്‍ചെയറിലാ '

അത് രണ്ടാമത്തെ ഷോക്കിംഗ് ന്യുസ് ആയിരുന്നു. അവിടെ നിന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും എന്നുള്ളതിന് ഒരു സംശയവും തോന്നിയില്ല. ഇനിയിപ്പം ഡബിള്‍ തോക്കുമായി തമ്പാന്‍ ജോസഫ് വരുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും രക്ഷ പെടണം എന്നൊരു വിചാരമായിരുന്നു ജേക്കബിന് . 

'ഞാന്‍ പോയിട്ട് പിന്നാലെ വരാം '

പിന്നീട് അറിയാവുന്ന തമിഴില്‍ എന്തൊക്കെയോ പറഞ്ഞിട്ട് നേരെ തിരിച്ച് ഉണ്ണിയുടെ ബൈക്കിന്റെ അടുത്തേക്ക് നടന്നു. വടിവേലുവും എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളെ അനുഗമിച്ചു .ഉണ്ണി കാര്യം അന്വേഷിച്ചു .ജേക്കബ് ബൈക്കിന്റെ പിറകില്‍ കയറി.

' ഇനി നില്‍ക്കണ്ട നമുക്കു പോകാം . കാര്യങ്ങളൊക്കെ വിശദമായിട്ട് പറയാം '

കാര്യങ്ങള്‍ മനസിലായില്ലെങ്കിലും ഉണ്ണിക്ക് പിന്നീട് അവിടെ നിലക്കുന്നതില്‍ എന്തോ ഒരപാകത തോന്നിയിരുന്നു. അങ്ങനെ അവര്‍ വീണ്ടും ഒരു മടക്കയാത്ര ആരംഭിച്ചു. ജേക്കബിന് വീണ്ടും സംശയങ്ങളുടെ ഒരു ഘോഷയാത്ര . എന്നാലും ഇപ്പോളും ഫേസ് ബോക്കില്‍ ജീവിച്ചിരിക്കുന്ന ആ പേരില്ലാത്ത പെണ്‍കുട്ടി ആരായിരിക്കും. അവളുടെ അമ്മയുടെ ഫെയ്ക്ക് ഐഡി ആയിരിക്കുമോ . അല്ലെങ്കില്‍ അവളുടെ ഏതെങ്കിലും കൂട്ടുകാര്‍ ഒപ്പിച്ച കെണിയില്‍ ഉണ്ണി വീഴുകയായിരുന്നോ. അതോ തന്റെ നഷ്ടമായ മകള്‍ ഈ വെര്‍ച്ച്വല്‍ ലോകത്തെങ്കിലും ജീവിച്ചിരിക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും . 

ആരുടെയെങ്കിലും സ്വപ്നങ്ങളിലെങ്കിലും ഒരു കാമുകിയായി . അതായിരിക്കാം അവരെക്കൊണ്ടു അങ്ങനെയൊക്കെ ചെയിക്കുന്നത് . ഒരു പക്ഷെ ഈ തമ്പാന്‍ ജോസഫ് പോലും അവള്‍ മനപ്പൂര്‍വം ഇട്ട ഫെയ്ക്ക് അപ്പന്‍ ആയിരിക്കുമോ. എന്തുതന്നെയായാലും അതൊന്നും അന്ന്വഷിക്കാന്‍ പോലും അവര്‍ക്കു തോന്നിയില്ല. കുറെ നേരം രണ്ടു പേരും ഒന്നും സംസാരിച്ചതെയില്ല.

' ഇത് വല്ലാത്തൊരു ഷോക്കായിപ്പോയി '

ജേകബ് ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത് . അപ്പോഴേക്കും അവര്‍ പുല്ലുപാറയില്‍ എത്തിയിരുന്നു. ആ ചായക്കടയില്‍ ഒന്നുകയറണം എന്ന് വിചാരിച്ചെങ്കിലും ഉണ്ണി ബൈക്ക് അവിടെ നിര്‍ത്തിയില്ല . നേരെ കാഞ്ഞിരപ്പള്ളിയിലേക്ക് വിട്ടു. ടൌണില്‍ ഉള്ള ഹില്‍ടോപ്പ് വ്യു ബാറില്‍ തന്നെ കയറി . കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.

അപ്പോഴാണ് പെണ്‍ കുട്ടികളുടെ മനശാസ്ത്രം അല്‍പ്പംപോലുമറിയാത്ത പോകലമോഹന്‍ പറഞ്ഞ കാര്യം ഉണ്ണിയെ ഒന്നുകൂടെ ഉണര്‍ത്തിയത്. 

' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക് ബുക്ക് '

Read more

ഒറ്റപ്പാലംകാറ്റ്

തെമ്മാടി കുന്നിനു മുകളില്‍ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാര്‍മേഘങ്ങള്‍ തെക്കെന്‍കാറ്റില്‍ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ്­ ആ പ്രഖ്യാപനം ഉണ്ടായത്.

"ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ ­ഒന്നും പേടിക്കേണ്ട
ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ
വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും ".

കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ് വര്‍ക്കിചേട്ടന്‍റെ "വര്‍ക്കി ആന്‍ഡ്­ സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം ബോര്‍ഡില്ലങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേല്‍ക്കൂര പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടര്‍ന്നു പന്തലിച്ച വന്‍മരങ്ങളാണ്. ടാറിട്ട മെയിന്‍ റോഡില്‍നിന്ന് അല്‍പ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തില്‍ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണില്‍പെടാന്‍ ഒരു സാധ്യതയുമില്ല . തെമ്മാടിക്കുന്നിലെ താമസ്സക്കാര്‍ ഒരെളുപ്പത്തിനു പറയുന്ന പേരാ വര്‍ക്കിക്കട . അങ്ങോട്ടേക്കാണ് മുകുന്ദന്‍ പോയത് .ഇടിയും മഴയും വന്നപ്പോള്‍ ഒരു കാലന്‍ കുടയുമായി അതിന്റെ തിണ്ണയില്‍ കയറി അവിടെക്കിടന്ന പഴയ ബഞ്ചില്‍ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി അയാള്‍ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതില്‍ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവര്‍ക്കൊക്കെ തോന്നി. കാരണം ആ നാട്ടില്‍ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാള്‍ മുകുന്ദന്‍ മേനോനാണന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോള്‍ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാള്‍ കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു . അതില്‍ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയില്‍ ഒരു വര്‍ത്തമാനമൊക്കെ ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം . ഒറ്റപാലാമായതു ക്കൊണ്ട് മേനോന്‍ അല്ലെങ്കില്‍ നായര്‍ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാര്‍ക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആര്‍ക്കും ഒരൂഹവുമില്ല. കാണാന്‍ ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നില്‍ ആകെ പരന്നിട്ടുണ്ട് .

"ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേര്‍ച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ. 

അതു റ്റീ ഷോപ്പ് ഓണര്‍ വര്‍ക്കിചേട്ടന്‍ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവള്‍ പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിന്‍റെ ലുക്ക് ആണ് എന്നൊരു സംസാരം എങ്ങനെയോ പടര്‍ന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷന്‍ കുട്ടികള്‍മാത്രമാണ് 

"അവള്‍ നടന്നാല്‍ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവള്‍ നടക്കുബോള്‍ ആ ന്യുജെനറേഷന്‍ പിന്നാമ്പുറങ്ങളില്‍ പാടുന്നത് . അബലത്തില്‍ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവള്‍ പതുക്കെ ശ്രഗാരഭാവത്തില്‍ അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ് വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തില്‍ മൂത്ത കുട്ടി ഒരു പ്രസ്ഥാവന ഇറക്കി.

" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് " "

അവള്‍ക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷന്‍ കുട്ടികള്‍ പറയുന്നത് ഈ നീര്‍ക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലന്നാണ്. അതും വര്‍ക്കി ആന്‍ഡ്­ സണ്‍സ റ്റീ ഷോപ്പില്‍ ഇരുന്നുകൊണ്ട് . അതിന്‍റെ അര്‍ഥം എന്താണെന്ന് വര്‍ക്കിച്ചേട്ടന്‍ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമന്‍ കേട്ടഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദന്‍ അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ കാത്തിക്കുകയായിരുന്നു . ഉത്തമന്‍ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടില്‍ കണക്കുബുക്കില്‍ മുഖം കുനിച്ചിരുന്നു. അല്ലെങ്കില്‍ത്തന്നെ വല്ല്യപ്പന്‍റെ പ്രായമുള്ള വര്‍ക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ ശക്തിയായി റ്റീ ഷോപ്പിന്‍റെ മുറ്റത്തുടെ കാറ്റത്ത്­ ചെരിഞ്ഞു പെയിതു. വെള്ളം വരാന്തയിലേക്ക്­ ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത് . മുകുന്ദന്‍ കുടയും നിവര്‍ത്തി ഓടിപ്പോയി അതില്‍ കയറി. അയാള്‍ ആ നാട്ടിലെ ഒരു ഫ്രീലാന്‍സ െ്രെഡവര്‍ ആണെന്ന കാര്യം അപ്പോഴാണ്­ ഓര്‍ത്തത്­ . ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോള്‍ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദന്‍ പോയപ്പോഴാണ് ഒരു സമാധാനമായത് . ഉത്തമനറിയാം വര്‍ക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല . എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .

" അവള്‍ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികള്‍ ഒന്നും അത്ര ശരിയല്ല എന്‍റെ വര്‍ക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞ്ഞാട്ടക്കാരാ "

എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേള്‍ക്കാത്തതായി ഭാവിച്ചതാ . അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലായി. തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാന്‍ തുടങ്ങിയപ്പോഴേ വര്‍ക്കിച്ചേട്ടന്‍ വീണ്ടും വിളിച്ചു .

" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിന്‍റെ അച്ഛന്‍ മാധവന്‍നായരുടെ പറ്റു കൂടി കൂടി വരുവാ. "

അതൂടെ കേട്ടപ്പോള്‍ ഉത്തമന്റെ നടത്തത്തിനു അറിയാതെ അല്‍പ്പം വേ ഗത കൂടി. ഇടക്കിടെ വര്‍ക്കിചേട്ടന്‍റെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല . അതും കോളേജില്‍നിന്നു വരുന്ന വഴി വൈകുന്നേരങ്ങളില്‍ മാത്രം. അതിനൊക്കെ അയാള്‍ കൃത്യമായി ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ " വര്‍ക്കി ആന്‍ഡ്­ സണ്‍സ് "ടീ ഷോപ്പില്‍ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കില്‍ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വര്‍ത്തമാനം പറയാനും പത്രത്തില്‍ നോക്കി ചൂടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തില്‍ മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാര്‍ക്കാണങ്കില്‍ മലമുകളില്‍തന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദര്‍. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കില്‍ ഏതു പ്രസ്ഥാനത്തിനും മുബില്‍ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കില്‍ കാല്‍നടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി തെങ്ങേ കേറാന്‍പോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ . ഇടക്ക് അയാള്‍ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തന്‍റെ കുഞ്ഞാടുകളുടെ തനിനിറം കാണാന്‍ . എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്­ .

" എടാ മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ."
എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോള്‍ ഒരു കുഞ്ഞാടു പറഞ്ഞുപോലും .

"അച്ഛന്‍ അള്‍ത്താരയില്‍ നിന്ന് ആകാശത്തോട്ടു നോക്കി പാനം ചെയ്യുന്നു ഞങ്ങള്‍ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി കുടിക്കുന്നു".

അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു .എന്നാലും അച്ഛന്‍റെ ഈ സന്ദര്‍ശനത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവര്‍ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദര്‍ ഇടെക്കിടെ അവിടെ വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാല്‍ പരദൂഷണം വര്‍ക്കികടയില്‍നിന്നു വീണുകിട്ടുന്ന ചൂടുള്ള വാര്‍ത്തകളാ കേട്ടോ .

ചിലപ്പോള്‍ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകള്‍ക്ക് ഈ കുടിയേറ്റക്കാര്‍ എന്ന പേരുണ്ടായത് എന്നുപോലും.

അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം . അല്ലെങ്കില്‍ വര്‍ക്കിചേട്ടന്‍ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കില്‍ പരദൂഷണത്തിന്‍റെ ഉപജ്ഞാതാവാണ് . വേണമെങ്കില്‍ അതില്‍ത്തന്നെ ഒരു ഡോക്ടര്‍ ഡിഗ്രി കൊടുക്കാം . അതാണ്­ പ്രകൃതം. പിറ്റേദിവസവും ഉത്തമന്‍ പതിവുപോലെ കോളജില്‍ നിന്ന് വരുന്ന വഴി തെമ്മാടിക്കുന്നു കവലയില്‍ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് . ഉത്തമനെ കണ്ടപ്പോഴേ വര്‍ക്കിചേട്ടന്‍ ആദ്യം ചോദിച്ചത് മുകുന്ദന്‍റെ കാര്യമാണ് ..

" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ വല്ലതുമറിഞ്ഞോ"

" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാന്‍ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാന്‍ പറ്റുമോ "

" അതല്ലടാ അവളു പോയതിന്­ എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല " 

അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതില്‍ അര്‍ഥമില്ല . എന്നും രാവില വര്‍ക്കികടയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍നിനു കിട്ടുന്ന പല കാര്യങ്ങളും അയാള്‍ക്ക്­ പൂര്‍ണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തന്‍റെ അടുത്താണ് . എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോള്‍ തന്‍റെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ അടുത്ത ചോദ്യം വന്നു. അതും തീര്‍ത്തും അപ്രതീഷിതമായ ഒരു മിസൈല്‍ തന്നെ ആയിരുന്നു .

" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ . അവര്‍ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി ."

ലെസ്ബ്യന്‍ എന്നാണ് ചേട്ടന്‍ ഉദ്ദേശിച്ചത് എന്ന് മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വര്‍ക്കിയച്ചായാന്‍ ലോക കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തര്‍ദേശീയ കാര്യങ്ങള്‍ ഇടെക്കിടെ ചര്‍ച്ചക്കു വരാറുണ്ട്. അതിനൊന്നും ഉത്തമന്‍ സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടക്കിടെ ശ്രദ്ധിക്കണ്ടതായിരുന്നു എന്നൊരു തോന്നല്‍ അപ്പോഴാണ്­ ഉണ്ടായത് .എന്നാലും ഇനി എങ്ങനെയാ വര്‍ക്കിചേട്ടനെ ഒന്നു പറഞ്ഞു മനസിലാക്കുക . ഉത്തമന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. എന്നാലും എങ്ങും തൊടാതെ ഒന്നു പറഞ്ഞുനോക്കി .

" ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല ലെസ്ബിയെന്‍ എന്നോ മറ്റോ ആണ്. പെണ്ണുങ്ങള്‍ മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട് "."
" അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവര്‍ക്ക് കുട്ടികള്‍ വേണ്ടേ. ഇനി അതിനും വല്ല കുറുക്കുവഴിയുമുണ്ടോ '

വര്‍ക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു. ഉടനെയെങ്ങും വിടുന്ന ലക്ഷണമില്ല . വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമന്‍ വിഷയം ഒന്നു മാറ്റിപ്പിടിക്കാന്‍ നോക്കി .

" ത്രിവേണി പോയത് അവരുതമ്മില്‍ ചേരാത്തതുകൊണ്ടാനന്നാ മാണിക്കതാഴത്തച്ചന്‍ പറഞ്ഞത് . അവസാനം അവരുടെ വീട്ടുകാരുതന്നെയാ അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത് "

അച്ഛന്‍റെ പേരു ഉത്തമന്‍ മനപ്പൂര്‍വം വലിച്ചിട്ടതാണ് . അതിന്‍റെ സത്യാവസ്ഥയൊ ന്നും അവനും അറിയില്ലായിരുന്നു. എന്നാലും തല്‍ക്കാലം ഒന്നു പിടിച്ചുനില്‍ക്കണമെല്ലോ. ആ നാട്ടില്‍ ആര്‍ക്കെങ്കിലും അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത് ഫാദര്‍. മാണിക്കതാഴാത്തച്ചനോടാ . അതുകൊണ്ട് വര്‍ക്കിചേട്ടന്‍ ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തില്‍നിന്നാണ് മനസിലായത്.

" നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം . എനിക്കു തോന്നുന്നത് നീ നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാന്നാ '

"ലബനീസിയം അല്ല ചേട്ടാ ലെസ്ബിയന്‍ . ആണുങ്ങളാണങ്കില്‍ ഗയിസം എന്നും പറയും .അവരു തമ്മില്‍ കല്ല്യാണം കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ "

" കര്‍ത്താവേ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ ഇതൊക്കെ . ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം " 

അതുമിക്കവാറും വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെയായി . അച്ഛനാകാന്‍ പോകുന്നവരും ചിലരൊക്കെ അങ്ങനയാണന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുകൊണ്ട് അതു തനിക്കുതെന്നെ പാരയാകും. പാവം കത്തനാര്‍ ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയിപ്പം ഈ ഊരാ കുരിക്കില്‍നിന്ന് എങ്ങനെ രക്ഷപെടാം എന്നുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവി ടെ പിടിച്ചിടണ്ടായിരുന്നു. അതിനൊരു പോം വഴി എന്നോളം ഉത്തമന്‍ പറഞ്ഞു.

" അയ്യോ വര്‍ക്കിച്ചേട്ടന്‍ ഒന്നും ചോദിക്കേണ്ട നാളെ ഞാന്‍ അങ്ങേരെ നേരിട്ടു കാണുന്നുണ്ട് . കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു പറയാം "

"എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുബോള്‍ എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാന്‍നായരുടെ പറ്റിന്‍റെ കാര്യംകൂടി മറക്കേണ്ട. അതും നീതന്നെ ചോദിച്ചാ മതി . ഞാനാരോടും ഒന്നും പറഞ്ഞു മുഷിയുന്നില്ല "

ഉത്തമന് ശ്വാസം നേരെവീണെങ്കിലും വര്‍ക്കിച്ചേട്ടന്‍റെ ഈ പുണ്യാലച്ചന്‍ സ്വഭാവമാ ഒട്ടും പിടിക്കാത്തത് . സകല ഗുലുമാലും ഒപ്പിച്ചിട്ട് തന്ത്രപൂര്‍വ്വം ഒറ്റ മുങ്ങലാ. കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി സ്വരൂപമാ .ഉത്തമന്‍ യാത്ര പറഞ്ഞിട്ട് ഉടനെ അവിടുന്നിറങ്ങി. നടപ്പിന് അറിയാതെതന്നെ അല്‍പ്പംകൂടി വേഗത കൂടി . തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വരികയായിരുന്നു . അപ്പോഴാണ്­ മുകുന്ദ ന്‍ പറഞ്ഞതൊര്‍ത്തത്. ഈ കാറ്റും അത്ര പേ ടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി ആര്‍ജിച്ചുകൊണ്ടിരുന്നു. ഉത്തമന്‍ തിരിഞ്ഞുനോക്കാതെ വേഗത്തില്‍ നടന്നു . 

രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ്­ മുകുന്ദന്‍ ദൂരെയോട്ടം കഴിഞ്ഞു വന്നത് . പതിവു തെറ്റിക്കാതെ ചായകുടിക്കാന്‍ വര്‍ക്കിക്കടയിലേക്കു കയറി . പരദൂഷണം വര്‍ക്കിച്ചേട്ടന്‍ അങ്ങനെ കാത്തിരുന്ന ഒരു ഇരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ചു . ആദ്യം മുകുന്ദന്‍ എന്തെങ്കിലും പറയുമോന്നറിയാന്‍ ഒന്നു വെയിറ്റ് ചെയ് തു . മുഖത്തിനാണങ്കില്‍ ഒരു ഭാവ വ്യത്യാസവും ഇല്ല .ചായയും പരിപ്പുവടയും ഓര്‍ഡര്‍ പ്രകാരം മേശപ്പുറത്തു വിളബി .അവസാനംക്ഷമകെട്ടിട്ടാണ് വര്‍ക്കിച്ചേട്ടന്‍ ചോദിച്ചത് .

" എടാ മുകുന്ദ ­ ആ പെങ്കൊച്ചിനെതെന്തു പറ്റി . അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം എന്നൊക്കെ പറയുന്നത് "

മുകുന്ദന്‍റെ പഷം ചേര്‍ന്ന് ത്രിവേണിയുടെ എന്തെങ്കിലും പുതിയ ന്യുസ് കിട്ടണം . അതിനുള്ള ഒരു നബരാണ് വര്‍ക്കിച്ചേട്ടന്‍ അവിടെ കളിച്ചത് . പക്ഷെ സംഗതി ചീറ്റിപ്പോയി. 

മുകുന്ദന്‍ പരിപ്പുവട കാറു മുറാന്നു കടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .

" കുഴപ്പം എന്‍റെതു തന്നാ . അതൊന്നും പറഞ്ഞാ വര്‍ക്കിചെട്ടനു മനസിലാവില്ല "

അല്ലെങ്കിലും തനിക്കു മനസിലാകാത്ത ഒരുപാടു കാര്യ ങ്ങളുണ്ട് ഈ ഭൂമിമലയാളത്തില്‍ . ചില നേരങ്ങളില്‍ എന്തെങ്കിലും ചോദിക്കുബോള്‍ ഒന്നുംമിണ്ടാതെ ഉത്തമന്‍റെ ഒരു നോട്ടമുണ്ട്. അതിന്‍റെ ഗുട്ടന്‍സും അയാള്‍ക്ക്­ അപ്പോഴാണ്­ മനസിലായത് . എന്നാലും വര്‍ക്കിച്ചേട്ടന്‍ ഉത്തമന്‍ പറഞ്ഞ കാര്യംമാത്രം മറന്നിട്ടില്ല . അമേരിക്കെലോക്കെ അങ്ങനെയുള്ള ആണുങ്ങളും ഉണ്ടെന്ന് . എന്നിട്ട് സ്വയം നെടുവീര്‍പ്പിട്ടുകൊണ്ട് ഒരാത്മഗതം 

" നമ്മടെ തെമ്മാടികുന്നും പുരോഗമിക്കുന്നുണ്ട് . കര്‍ത്താവേ ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു."

മുകുന്ദന്‍ ഒന്നും കേട്ടില്ല എന്ന മട്ടില്‍ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി . നിരത്തു കടന്ന് ദൂരേക്കു നടന്നകന്നു . അപ്പോള്‍ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു. അയാള്‍ അറിയാതെ അയാള്‍ക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി .

കാറ്റുവന്നു കള്ളനെപോലെ 
കാട്ടുമുല്ലെക്കൊരുമ്മകൊടുത്തു 
കാമുകനെ പോ­ലെ.. 

Read more

ഒരു ചുബനം മാത്രം

വയസൻമരങ്ങളുടെ മറവിൽനിന്ന് ഒളിഞ്ഞുനോക്കുന്ന ഗുഡ് സമരിട്ടൻ ഹോസ്പിറ്റൽ. അവിടുത്തെ ഇരുട്ടുനിറഞ്ഞ  ഇടനാഴിലെ ആദ്യ സംഗമത്തിൽതന്നെ അവൾ  അവന്റെ  കണ്ണുകളിലേക്കു നോക്കി . അവൻ വിളിച്ചപ്പോൾ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ അവൻറെയൊപ്പം പൂന്തോട്ടത്തിലൂടെ നടന്നു. അവിടെക്കിടന്ന പഴകിയ ചാരുബഞ്ചിൽ അവൻ ഇരുന്നു. അപ്പോൾ അവൾ പോക്കുവെയിലിനു അഭിമിഖമായി  അവനേ നോക്കിനിൽക്കുകയായിരുന്നു . ആ ചുവന്ന സന്ധ്യാവെളിച്ചതിൽ അവളുടെ മുടികൾക്കു സ്വർണ്ണനിറമായിരുന്നു. അവളുടെ  കണ്ണുകളിൽ നഷത്രങ്ങൾ മിന്നി മറയുന്നതുപോലെ. ഒക്കെ അതേ പ്രായത്തിലുള്ള ഏതൊരു പെണ്‍കുട്ടിയുടെയും പ്രത്യേകതകൾ  ആയിരിക്കാമെന്നു അറിയാമായിരുന്നിട്ടും  ഗോതബിൻറെ  നിറമുള്ള ആ  സുന്ദരിക്കുട്ടിയോട് വെറുതെ ഒരിഷ്ട്ടം തോന്നിയിരുന്നു.  " എന്തിനോ തോന്നിയോരിഷ്ട്ടം എപ്പോഴോ തോന്നിയോരിഷ്ട്ടം"  അതുകൊണ്ടുമാത്രമാണ് അങ്ങെനെ ചോദിച്ചത്.
 
 "നീ എന്തിനാണ് എന്നെ അനുസരിച്ചത്?" 
 " എന്നോട് ചോദിച്ചു വാങ്ങിയതല്ലേ "
 അങ്ങനെ ആരുചോദിച്ചാലും കൊടുക്കാനുള്ളതാണോ"
 "അല്ലെന്നെനിക്കറിയാം"
 "പിന്നെ എന്തിനാണ് ഒരു ചുബനം മാത്രം"
 "അത്രെക്കിഷ്ട്ടമായി , അതുകൊണ്ടു തന്നെ "
 " അപ്പോൾ ലവ് അറ്റ്‌ ഫസ്റ്റ്സൈറ്റ്  ആണോ"
 "അതൊന്നും എനിക്കറിയില്ല "
 
മഞ്ഞ ലോങ്ങ്‌ സ്കേർട്ടും ബ്രൌണ്‍ നിറത്തിലുള്ള ബ്ലൌസുമണിഞ്ഞആ സാധാരണ ഗ്രാമീണപ്പെണ്‍കുട്ടിയോട് ഇനിയും ആരേയും അനുസരിക്കില്ലാ എന്നു വാക്കു തരണം എന്നു പറയണമെന്നുണ്ടായിരുന്നു . പക്ഷെ പറഞ്ഞില്ല . അങ്ങനെ ആധികാരികമായി പറയാനുള്ള അടുപ്പമൊന്നും ആദ്യചുംബനത്തിലൂടെ ഉണ്ടാകുമോ ?.
 എന്നാലും പേരു ചോദിച്ചു .
 
"ആരതി"
 " എന്നോട് പേരു പറഞ്ഞില്ലല്ലോ "
 "കുറുവച്ചൻ , പള്ളിവാതുക്കൽ കോരയുടെ മകൻ. എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷം   "
 "ഓ വലിയ എഞ്ചിനീയർ ആണല്ലേ ?പള്ളിവാതുക്കൽ കോര . കേട്ടിട്ടുണ്ട് . റബ്ബർ മുതലാളിയല്ലേ"
 " അതേ കൊരമുതലാളി"
 " ഞങ്ങൾ പാവങ്ങളാണ് . അച്ഛന് താഴ്വാരത്ത് ചായക്കട , അമ്മ നേരത്തേപോയി. അച്ഛന് എന്തോ രോഗമാണ് . അതാ ഇപ്പം ഇവിടെ . ചികിത്സിച്ചാൽ ഭേതമാകാത്ത ഏതോ രോഗമാണന്നാണ് ഡോക്ടർ പറഞ്ഞത്"
 " എല്ലാം ഒരു നിമിത്തമാ "
 " അച്ഛന് അസുഖം വന്നതോ"
 'എല്ലാം...അല്ലെങ്കിൽ നമ്മൾ ഒരിക്കലും കാണുമായിരുന്നില്ലല്ലോ"
 
അവൾ അല്പ്പമോന്നു പതറിയതുപോലെ. അങ്ങെനെ പറയേണ്ടിയിരുന്നില്ലായിരുന്നു  എന്നു കുറുവച്ചനു തോന്നി. അവൾ കണ്ണിൽ തന്നെ നോക്കി പറഞ്ഞു.
 " അച്ഛൻ വിളിക്കും എനിക്കു പോകണം"
 " കോളേജിലെ അഡ്രസ്‌ തരുമോ"
 "എനിക്കെഴുതെണ്ട . അച്ഛനറിയും"
 " എനിക്കെഴുതുമോ അഡ്രസ്‌ തരാം " 
 
അവൾ വീണ്ടും വശ്യമായി പുഞ്ചിരിച്ചുകൊണ്ട്  പതുക്കെ പറഞ്ഞു .
 " എഴുതാം .. എന്തെഴുതണം "
 "എന്തുവേണമെങ്കിലും എഴുതാം. ഒരു നിബന്ധനമാത്രം "
 " അതെന്താണ്"
 "ആദ്യം ചോദിച്ചുവാങ്ങിയത് എല്ലാ കത്തിലുമുണ്ടാകണം "
 
അവൾ കത്തയക്കാതിരുന്ന ദിവസങ്ങൾ ഒന്നിച്ചുകൂടി ആഴ്ച്ചകളായി , മാസങ്ങളായി , വർഷങ്ങളായി , എന്തേ അവൾ എഴുതാതിരുന്നത്. പെണ്‍ മനസുകളുടെ നിഘൂടതകളിലെ ഉത്തരംകിട്ടാത്ത ചോദ്യചിഹ്ന്നംപോലെ അവന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു . ജീവിതം പലപ്പോഴും  അങ്ങേനെയാണ്. യാദൃചികമായി  കണ്ടുമുട്ടുന്നവരെയൊക്കെ ചിലപ്പോൾ വീണ്ടും കണ്ടെന്നു വരാം.  പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ലന്നും വരാം. വെറും മണിക്കൂറുകൾ മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടിയോട് അങ്ങെനെയൊക്കെ ചോദിച്ചതിലും  പെരുമാറിയതിയതിലും  കുറുവച്ചന്  വല്ലാത്തൊരു കുറ്റബോതം തോന്നി.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC