ത്രേസ്യാമ്മ തോമസ്

ചില ചോദ്യങ്ങള്‍ ചോദിക്കാതെ വയ്യ.

1, ഓരോ മനുഷ്യനും സമൂഹത്തോടു ചില കടമകളില്ലെ? അതു നിര്‍വഹിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലെ? അപ്പോള്‍

2, മാദ്ധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചു അവര്‍ എത്രമാത്രം ബോധവാന്മാരാണ്?

3,സിനിമകള്‍ വെറും വിനോദോപാധി എന്നതില്‍ കവിഞ്ഞ് സമൂഹത്തിനു നല്‍കേണ്ട കടമയെക്കുറിച്ചു സംവിധായകനും നടീനടന്മാരും ചിന്തിക്കുന്നുണ്ടൊ? എങ്കില്‍

4, മമ്മുട്ടി പ്രധാന കഥാപത്രമായ ‘കസബ‘ കേരള സ്ത്രീ സമൂഹത്തിനു നല്‍കുന്ന ധാര്‍മ്മിക പിന്തുന എന്താണ്?

5, സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ തനിയാവര്‍ത്തനത്തിനു പ്രചോദനം നല്‍കുന്നതിലെ മനശാസ്ത്രം എന്താണ്?

6, ഒരു സിനിമയില്‍‘ നീ വെറും പെണ്ണ്‘ എന്നു പറയുന്ന മമ്മുട്ടിയും പറയിപ്പിക്കുന്ന സംവിധായകനും അറിയാതെ പോകുന്നതാണെന്നു ചിന്തിച്ചിട്ടുണ്ടോ?

7, കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇത്ര മുതിര്‍ന്ന ഒരു താരമായിട്ടും ഒഴിവാക്കാതിരുന്നതെന്താണ്? അതൊ

8, അഭിനയത്തിന്റെ പേരില്‍ എന്തും പറയാം എന്ന ധാര്‍ഷ്ട്യം തന്നെ പിന്തുടരുന്നുണ്ടാവുമോ?

9, മദ്യത്തിനും സിഗരറ്റിനും മായം കലര്‍ന്ന ഭക്ഷണത്തിനും പരസ്യവുമായി നില്‍ക്കുമ്പോള്‍ ചെയ്യുന്ന ജൊലിയുടെ തിന്മ വശങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

10, സൂപ്പര്‍ താരങ്ങള്‍ എന്തു ചെയ്താലും അവര്‍ എല്ലാറ്റിനും അതീതരാണെന്ന കാഴ്ചപ്പാട് വിദ്യാഭ്യാസത്തില്‍ മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ ഉണ്ടായതെങ്ങനെയാണ്.?

11,സിനിമാതാരങ്ങളെ പ്രൊമൊട്ടു ചെയ്യാനും ചാനലുകള്‍ക്കു പണം കൊയ്യാനുമുള്ള ഉപാധിയായി തീര്‍ന്നിരിക്കുന്നു; റിയാലിറ്റി ഷോകള്‍, എന്നു തിരിച്ചറിയാതെ പോകുന്നതെന്താണ്?.

12, കൊച്ചു കുഞ്ഞുങ്ങളോടു പോലും സിനിമാക്കാര്യങ്ങള്‍ ചോദിക്കുന്ന രിയാലിറ്റി ഷോകളില്‍ അമ്മമാര്‍ എന്തുകൊണ്ടു പ്രതികരിക്കുന്നില്ല?

13,പല സിനിമകളും സമൂഹത്തിലേല്‍പ്പിക്കുന്ന അഘാതത്തെക്കുറിച്ചു ആരെങ്കിലും ബോധവാന്മാരാകുന്നുണ്ടോ?

14, സീരിയലിലും സിനിമയിലും കൊല്ലുക എന്നതു വളരെ നിസ്സാരമായ, മനസാക്ഷിക്കുത്തില്ലാത്ത ഒരു സംഭവമായി മാറിയിരിക്കുന്നു.. വികലമായ സമൂഹ മനസ്സാക്ഷിയെ സൃഷ്ടിക്കലല്ലെ അതെല്ലാം?

15,സിനിമാക്കാരോടും അഭിനയത്തോടുമുള്ള അമിതാവേശം മൂലം എത്രയോ കുട്ടികളുടെ ജീവിതം അര്‍ത്ഥശൂന്യമായിപ്പോയിട്ടുണ്ടെന്നു അറിയാത്തവരുണ്ടാകുമോ?

ചോദ്യങ്ങള്‍ള്‍ അവസാനിക്കുന്നില്ല. .....തല്‍ക്കാലം നിര്‍ത്തുന്നു.

Read more

അവനെക്കാള്‍ ഒട്ടും പിറകിലല്ല അവളും

ജിഷയുടെ ഘാതകനെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍
'പുരുഷാധിപത്യ സമൂഹത്തില്‍ പെണ്ണിന്റെ ജീവനെന്തൂട്ട് വില ല്ലേ 'എന്നു സ്ത്രീപക്ഷ്ത്തു നിന്നു ചിന്തിക്കുന്ന ഒരു സുഹൃത്തിന്റെ ചോദ്യം ചങ്കിലാണ് വന്നു തറയ്ക്കുന്നത്. 

ആരാണ് പുരുഷനെ സകലത്തിന്റെയും അധിപനാക്കിയത്? കായബലത്തിന്റെ പേരിലല്ലാതെ പുരുഷനെന്തു മേന്മ? സ്ത്രീയില്ലാതെ പുരുഷനെന്തു ജീവിതം? അവളെ സംരക്ഷിക്കാനാണ് ഈശ്വരന്‍ അവനു ശക്തി കൊടുത്തിരിക്കുന്നത്. പുരുഷന്റെ സുഖത്തിനു വേണ്ടിയുള്ളവള്‍ മാത്രമാണ് അവളെന്ന് ആരാണ് അവനെ പഠിപ്പിച്ചത്? പുരുഷാധിപത്യം നടക്കാന്‍ വേണ്ടി ആരൊക്കൊയൊ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ ആചാരങ്ങളായി. അവള്‍ പുരുഷന്റെ അടിമയായി.

കാരണവന്മാര്‍ അവളുടെ സ്ഥാനം വാതില്‍ പിറകില്‍ എന്നു നിശ്ചയിച്ചു. ആധുനിക സിനിമകളില്‍ പോലും 'ന്നീ ഒരു വെറും പെണ്ണ്' എന്നു പറയിച്ച് തരം താഴ്ത്തി. എന്നിട്ടും തങ്ങളുടെ ശക്തി തിരിച്ചറിയാതെ ഇപ്പൊഴും അടിമകളയി ജീവിക്കുന്ന പാവം സ്ത്രീകള്‍. 

അടിമത്തത്തില്‍ സ്‌നേഹമില്ല, ഭയവും നീരസവുമേയുള്ളുവെന്നു പുരുഷന്‍ തിരിച്ചറിയാത്തതെന്തേ? 

പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമനവുമില്ലാത്തിടത്തു എന്തു കുടുംബ ജീവിതം? അങ്ങനെയല്ലാത്തവര്‍ വിവാഹം കഴിക്കാന്‍ പോലും അര്‍ഹരല്ല. അടിമയാക്കനുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ള വിവാഹം ഒരിക്കലും നടക്കരുതാത്തതാണ്. അമ്മമരും ആണ്‍കുട്ടികള്‍ക്കാണു പ്രധാന്യം കൊടുക്കുന്നതു. അവനെക്കാള്‍ ഒട്ടും പിറകിലല്ല അവളും എന്നുള്ള തിരിച്ചറിവാണു അമ്മമാര്‍ കൊടുക്കേണ്ടതു. അതു വീടുകളില്‍ നടക്കുന്നില്ല. അവര്‍ക്കു കിട്ടാത്തതൊന്നും മക്കള്‍ക്കും വേണ്ടെന്നാണോ അവര്‍ ചിന്തിക്കുന്നത്?.

നമ്മുടെ സമൂഹത്തില്‍ എവിടൊക്കെയൊ വല്ലാത്ത പാളിച്ചകള്‍ ഉണ്ടായിപ്പോയി. സ്ത്രീകള്‍ പ്രത്യേകിച്ചു ആദിവാസി പെണ്‍കുട്ടികള്‍ അടിച്ചമര്‍ത്തലിന്റെ ഇരകളായി. ജിഷ നിയമം പഠിച്ചിട്ട് അവള്‍ക്കു രക്ഷയുണ്ടായൊ? എന്നു പുരുഷന്റെ മനോഭാവത്തിനു മാറ്റം വരുന്നൊ എന്നു സ്ത്രീ അവളുടെ ശക്തി തിരിച്ചറിയുന്നൊ അന്നേ ജിഷമാര്‍ക്കും സ്ത്രീകള്‍ക്കും രക്ഷയുള്ളൂ.

തിരിച്ചറിവുള്ളവര്‍ ഉള്ളതു കൊണ്ടാണു ഇത്രയെങ്കിലും ഭംഗിയായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നതു. വരും തലമുറ അടിമത്ത മുകതമായ ഒരു ജീവിതം ആസ്വദിക്കും എന്നു വിശ്വസിക്കാം

Read more

മാറ്റത്തിന്റെ ശംഖൊലി

അമേരിക്കന്‍ മലയാളികള്‍ അമേരിക്കയിലാണു ജീവിക്കുന്നതെന്ന തിരിച്ചറിവിലേക്ക് വന്നതായി തൊന്നിത്തുടങ്ങിയതു ഈയടുത്തകാലത്താണ്. പത്രങ്ങള്‍ സംഘടനകള്‍.ചാനലുകള്‍ തുടങ്ങിയവയെല്ലാം നാട്ടിലെ വാര്‍ത്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മുന്‍തൂക്കം കൊടുത്തിരുന്നത്. നാട്ടിലാണു ജീവിക്കുന്നതെന്നൊ നാട്ടില്‍ പൊയി ജീവിക്കീണ്ടവരാണെന്നൊ ഉള്ള ഒരു ചിന്ത മിക്കവരെയും പിടികൂടിയിരുന്നു. ഇവിടെ വന്നവരില്‍ 90 % പെരും ഇവിടെ തന്നെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നു മനസ്സിലാകുമ്പോഴെങ്കിലും ഇവിടെ നന്നായി ജീവിച്ചു തീര്‍ക്കാനുള്ള വഴികളല്ലെ ആരായേണ്ടത്?

നമ്മുടെ സംസ്കാരവും ഭാഷയും ആചാരങ്ങളും നാം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം നമ്മള്‍ ജീവിക്കുന്നത് ഇവിടെയാണെന്നകാര്യം മറന്നു പോകരുത്.ഇവിടുത്തെ വായുവും വെള്ളവും നിരത്തും സൌകര്യങ്ങളുമൊക്കെയാണു നമ്മള്‍ അനുഭവിക്കുന്നത്; ഇവിടുത്തെ നിയമങ്ങളാണ് നാം അനുസരിക്കുന്നത്. ആറടി മണ്ണില്‍ ഒടുങ്ങിത്തീരേണ്ടതും ഇവിടെത്തന്നെയാണ്. അപ്പോള്‍ ഇവിടെ ജീവിക്കാനുതകുന്ന കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയേ മതിയാകൂ. നാട്ടില്‍ ചെന്നാല്‍ അമേരിക്കക്കാരനായും ഇവിടെ വന്നാല്‍ കേരളക്കാരനായും ജീവിക്കാന്‍ ശ്രമിക്കുന്ന അക്കരപ്പച്ച സംസ്കാരമാണ് പലരും കൊണ്ടു നടക്കുന്നത്.പിറന്ന നാടിനെ മറക്കണമെന്നല്ല , ചവിട്ടി നില്‍ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ നോക്കണ്ടതും ആവശ്യമാണല്ലൊ.

പലപ്രാവശ്യം ഈ വിഷയത്തെക്കുറിച്ചു ഞാന്‍ എഴുതിയിട്ടും ഫലം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പലരും എന്നെപ്പോലെ ചിന്തിക്കുന്നവരായി ഉണ്ടെന്നുള്ളത് ചരിതാര്‍ത്ഥ്യം തന്നെ. പല സംഘടനകളും ആ അശയം മുന്നില്‍ക്കണ്ടുകൊണ്ടു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഇവിടുത്തെ നിയമങ്ങള്‍!, വിദ്യാഭ്യാസം വ്യവസായം സാമൂഹ്യസാംസ്കാരിക ഇടപെടലുകള്‍, ആരോഗ്യ സംര്ക്ഷണം, അവകാശങ്ങള്‍, ഇന്‍ഷുറന്‍സുകള്‍ കവരറേജ് തുടങ്ങിയവയെല്ലാം അറിയാനും അവ പ്രാവര്‍ത്തികമാക്കാനും സമ്ഘടനകളും സാംസ്കാരിക നായകന്മാരും മുന്നോട്ടു വന്നേ മതിയാകു.. നമ്മുടെ സാംസ്കാരിക കൂട്ടായ്മകളിലേക്കു അമേരിക്കന്‍ നേതാകളെയും ഭരണകര്‍ത്താക്കളെയും പങ്കെടുപ്പിക്കണം.അപ്പോള്‍ നമ്മളെക്കുറിച്ചറിയാനും നമ്മുടെ സംസ്കാരത്തിന്റെ നല്ലവശങ്ങളെക്കുറിച്ചറിയാനും അവര്‍ക്കു അവസരം ലഭിക്കുന്നു.നമുക്കും ഈ നാടിന്റെ ഹൃദയത്തിലേക്കു ഇറങ്ങിച്ചെല്ലാനും അതൊരവസരമാണ്. ഇല്ലിനൊയില്‍ കൊല്ലപ്പെട്ട പ്രവീണിന്റെ കേസേറ്റെടുത്ത അറ്റോര്‍ണി ആദ്യമായാണു ഒരു ഇന്ത്യന്‍ കുടുംബത്തെ പരിചയപ്പെടുന്നതെന്നു പറയുകയുണ്ടായി.അപ്പോഴാണു അവര്‍ക്ക് ഇന്ത്യന്‍ വംശജരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായുള്ള നല്ല വശങ്ങളെക്കുറിച്ചു അറിയാന്‍ കഴിഞ്ഞതും, ഇന്ത്യാക്കാരെക്കുറിച്ചു നല്ലൊരു മനൊഭാവമുണ്ടാക്കാന്‍ ഇടയായതും.

ഇന്ത്യയില്‍ നിന്നു പ്രത്യേകിച്ചു കെരളത്തില്‍ നിന്നും വന്നിട്ടുള്ളവര്‍ സ്ത്രീപുരുഷഭേമെന്യേ വിദ്യഭ്യാസത്തിലും ധിഷണയിലും മികവുറ്റവരാണ്. ആ പ്രത്യേകത അമേരിക്കന്‍ ജനത അറിയണം. ഇന്ത്യന്‍ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ നിലവാരമെന്തെന്നു അവര്‍ മനസ്സിലാക്കണം. ഒരു രണ്ടാംതരം പൌരന്മാരായി കഴിയേണ്ടവരല്ല നമ്മള്‍ .അതിനു യുവതലമുറ പൊതു ധാരയിലേക്കു വരണം. ഇവിടുത്തെ ഉന്നത പദവികള്‍ നമ്മുടെ കുട്ടികളില്‍ എത്താനുള്ള കരുക്കള്‍ മുതിര്‍ന്നവര്‍ ഒരുക്കികൊടുക്കണം. നേരായ വഴിയിലൂടെ ബുദ്ധിപൂര്‍വ്വം ശ്രമിച്ചാല്‍ ഉയര്‍ന്ന ഐ ക്യു ഉള്ള നമ്മുടെ കുട്ടികള്‍ക്കു അതു സാധിച്ചെടുക്കാം.സിറ്റിയുടേയും സ്‌റ്റേറ്റിന്റെയും ഉയര്‍ന്ന തസ്തികകളില്‍ അവര്‍ക്കു ഇടം കിട്ടണം. ഭരണതലത്തിലായാലും അവര്‍ക്കു കടന്നു ചെല്ലാന്‍ തക്കവണ്ണം വഴികാട്ടികളാകാന്‍ നമുക്കു കഴിയണം. നാട്ടില്‍ നിന്നും കുറേപെരെ വരുത്തി മീറ്റിംഗുകളും നടത്തി അവരുടെകൂടെ നിന്നു കുറേഫോട്ടോയും എടുത്തു പത്രത്തിലും ഇട്ടാല്‍ എല്ലാം നേടി എന്നു വിചരിക്കുമ്പോള്‍ നമുക്കു തെറ്റി. നമ്മുടെ ഇടയില്‍ത്തന്നെയുള്ള പ്രഗത്ഭമതികളെ കണ്ടെത്തി ആദരിക്കാനും പ്രൊത്സാഹിപ്പിക്കാനും നമുക്കു കഴിയണം. നമുക്കൊരു പ്രശ്‌നമുണ്ടായാല്‍ ഒറ്റക്കെട്ടായി നിന്നു അതിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും നമ്മുടെ ശക്തി തെളിയിക്കപ്പെടുകയും ചെയ്യണം . അതിനു നല്ലൊരു ദൃഷ്ടാന്തമാണ് പ്രവീണിനു വേണ്ടി അമ്മ ലൌലി നടത്തുന്ന പോരാട്ടവും പിന്നില്‍ ഒരു വലിയ സമൂഹത്തിന്റെ പിന്തുണയും . അതിനു വേണ്ടി നടത്തപ്പെട്ട ഫോണ്‍ കോണ്‍ഫറന്‍സില്‍ എല്ലാവരുടെയും സഹായ വാഗ്ദാനം ഉണ്ടായിരുന്നത് ശുഭോദര്‍ക്കമായ കര്യമാണ്.

ഫോമായിലൂടെ ജിബിതൊമസ് ,ബന്നി വാച്ചാച്ചിറ ,ജോസി കുരിശ്ശിങ്കല്‍ എന്നിവര്‍ നടത്തിയ പ്രസ്താവന അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമാണ്. അവരുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ “അമേരിക്കയിലെ മലയാളി പുതുതലമുറയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക, എട്ട് ലക്ഷത്തോളം വരുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളികളില്‍ അര്‍ഹരായവരെ അമേരിക്കയില്‍ വോട്ട് ചെയ്യാന്‍ പ്രബുദ്ധരാക്കുക, പ്രോത്സാഹിപ്പിക്കുക, വോട്ടിന് രജിസ്ട്രര്‍ ചെയ്യാന്‍ സഹായിക്കുക്ക കൂടാതെ തദ്ദേശ സ്കൂള്‍ ബോറ്ഡുകള്‍, സിറ്റി, കൗണ്ടി തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളിലും സ്‌റ്റേറ്റ് അസംബ്ലി, യുഎസ് കോണ്‍ഗ്രസ് എന്നിവിടങ്ങളിലൊക്കെ ജനപ്രതിനിധികളായി എങ്ങനെ എത്തിച്ചേരാമെന്നും,അതിനായി മുന്നോട്ടു വരുന്ന യുവതലമുറയ്ക്ക് തദ്ദേശ മലയാളി അസോസിയേഷന്‍ വഴിയും മുഖ്യസംഘടനയായ ഫോമാ വഴിയും വേണ്ട സഹായങ്ങളും ജനപിന്തുണയും നല്‍കുക, അമേരിയ്ക്കന്‍ മലയാളികളുടെ മുഖ്യധാരാരാഷ്ട്രീയ പ്രബുദ്ധത വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയ ഡിബേറ്റുകള്‍ അമേരിയ്ക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുക തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഷിക്കാഗോയില്‍ നിന്നും ബെന്നി വച്ചാച്ചിറ, ന്യുജഴ്‌സിയില്‍ നിന്നും ജിബി തോമസ്, ജോസി കുരിശിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രള്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ഒരു കാഴ്ച്ചപ്പാടാണു നമുക്കുണ്ടാകേ­ണ്ടത്. 

Read more

നമുക്ക് ഒരുമിക്കാം

അമേരിക്കയിലുള്ള മലയാളി സ്ത്രീകളുടെ ഒരു കൂട്ടായ്മയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നെങ്കിലും ആ ചിന്ത ശക്തമായത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഒരു ഫോണ്‍ കോണ്‍ഫറന്‍സിനു ശേഷമാണ്.രണ്ടു വര്‍ഷം മുന്‍പു കൊല്ലപ്പെട്ട ഇല്ലിനോയി വിദ്യാര്‍ത്ഥി പ്രവീണിന്റെ മരണത്തിന്റെ ദുരൂഹതകള്‍ ഇതുവരെരെയും ദൂരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, നീതിയുടെ പൊരാട്ടം തുടരുന്നതിനുള്ള ഒരു ഒത്തുചേരലായിരുന്നു അത്.

ലോകത്തിന്റെ നനാ ഭാഗത്തുനിന്നുമുള്ളവര്‍ അതില്‍ പങ്കെടുത്തു. 250 പേര്‍ക്കുമാത്രമെ അതില്‍ പങ്കെടുക്കാനുള്ള സൌകര്യം ഒരുക്കിയിരുന്നുള്ളു.അത്രത്തോളം ആള്‍ക്കാര്‍ വെളിയിലും ഉണ്ടായിരുന്നു.ഒരിക്കലും സംഭവിച്ചിട്ടില്ലത്ത വിധത്തില്‍ സ്ത്രീ പ്രാതിനിധ്യവും ഏറെയായിരുന്നു.

അമേരിക്കയില്‍ ആയിരത്തിലധികം സംഘടനകളിലായി നാം കാണുന്ന മലയാളികള്‍ ഗൃഹാതുരത്വവും ഇന്‍ഡ്യന്‍ രാഷ്ട്രീയവും ചാരിറ്റിയും ഒക്കെ മനസ്സില്‍ പേറി നടക്കുമ്പോള്‍ ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും വേണ്ടത്ര പ്രധാന്യം കൊടുക്കുന്നില്ല. എന്നാല്‍ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള 'ജസ്റ്റിസ് ഫൊര്‍ ഓള്‍ എന്ന സംഘടന' ഇതിനൊരപവാദമാണ് . അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് അതു പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനു പ്രത്യേകിച്ചു മലയാളീ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ നമ്മുടെ ഒരോരുത്തരുടെയും പ്രശ്‌നമാണെന്നു മനസ്സിലാക്കി അതിനു വേണ്ടി പ്രവര്‍ത്തിക്കാനാകണം. അടുത്ത തലമുറ അമേരിക്കക്കാരനായി തീരാനാണ് സാധ്യത. അപ്പോഴും ഇന്‍ഡ്യന്‍ അമേരിക്കന്‍ എന്നല്ലാതെ തനി അമേരിക്കക്കാരനായി ആരും അവരെ കാണുമെന്നു തോന്നുന്നില്ല. അപ്പോള്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ ഒരു ശക്തിയായി ഒരു പ്രശ്‌നമുണ്ടായാല്‍ ഒന്നിച്ചു നില്‍ക്കാന്‍ ഉണ്ടാവണം. അതിനുള്ള കരുക്കള്‍ ഒരുക്കിക്കൊടുക്കാന്‍ ഈ തലമുറയ്ക്കു കഴിയണം.നിരപരാധികളായ ഇന്ത്യന്‍ യുവത്വം ജയിലറകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കു വേണ്ടി പൊരാടാന്‍ അവരുടെതന്നെ രക്തത്തിനു വേദിയുണ്ടാകണം.ഈ നാട്ടില്‍ എല്ലാവരും സ്വതന്ത്രരാണ്, നിയമ പരിരക്ഷയുണ്ട് എന്നൊക്കെ പറഞ്ഞാലും ഒറ്റപ്പെട്ടു പോകുന്ന ചില വേളകള്‍, അബദ്ധത്തില്‍ ചെന്നു പെട്ടുപോകുന്ന ഇടങ്ങള്‍,! ഒന്നുറക്കെ വിളിക്കാന്‍ പോലുമാകാതെ ചതിയില്‍പ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങള്‍ ഒക്കെ ഉണ്ടാവാം.അപ്പോള്‍ പെട്ടെന്നു സഹായിക്കാന്‍ പറ്റുന്ന ഒരാളുമായൊ പലരുമായൊ ബന്ധപ്പെടാന്‍ സാധിക്കുക ,ഒരു തിരോധാനമുണ്ടായാല്‍ അവനെപ്പറ്റി അറിയാവുന്ന ആരെങ്കിലും ഉണ്ടായിരിക്കുക,ഇതൊക്കെ ആവശ്യമാണ്. സ്വാതന്ത്ര്യത്തോടൊപ്പം സുരക്ഷ്യും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു അവ വിരല്‍ ചൂണ്ടുന്നത്.

അടുത്തകാലത്ത് കണാതായ ഒരു മകള്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ ആദ്യമൊന്നും വേണ്ട സഹായങ്ങള്‍ ഒരിടത്തു നിന്നുപോലും കിട്ടിയില്ല എന്നാണറിഞ്ഞത്.പാര്‍ക്കിങ് ലോട്ടില്‍ നിന്നു കാണാതായവര്‍,യാത്രയില്‍ കാണാതായവര്‍ അവരൊന്നും തിരിച്ചു വന്നിട്ടേയില്ല. കാറില്‍ മരിച്ചു കിടന്ന പെണ്‍കുട്ടിയുടെ അന്ത്യനിമിഷങ്ങള്‍ ഇപ്പോഴും നമുക്കറിയില്ല. റിനിയെപ്പറ്റി വിവരങ്ങള്‍ ഒന്നുമില്ല. പ്രവീണ്‍ കൊലചെയ്യാപ്പെട്ടതാണെന്ന വ്യക്തമായ തെളിവുണ്ടായിട്ടും കൊലപാതകമണെന്നു തെളിയിക്കപ്പെടുന്നില്ല. കൊലപാതകിക്കു ശിക്ഷ കിട്ടുന്നുമില്ല.

മലയാളികളായ ഒരുപാടുപേര്‍ ഇപ്പോള്‍ ഉന്നത തലങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരെപ്പറ്റി നമ്മള്‍ അറിയണം. വേണ്ട സമയത്ത് മതാപിതാക്കള്‍ക്കു അവരുമായി ബന്ധ്‌പ്പെടന്‍ കഴിയും വിധത്തിലുള്ള സംവിധാനം ഉണ്ടാകണം.തന്റെ മകന്റെ അകാല മരണം, കൊല്ലപ്പെട്ടതാണെന്നു മനസ്സിലായിട്ടും ഘാതകനെപ്പറ്റി അറിയാന്‍ കഴിയാത്ത അവസ്ഥ, നീതിലഭിക്കാത്തതിന്റെ വേദന, ഇങ്ങനെയൊന്നും ഇനി ഒരമ്മയും അനുഭവിക്കാനിട വരരുത്.ആര്‍ക്കാണ് എപ്പോഴാണ് ഒരു ദുരനുഭവം ഉണ്ടാകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവുകയില്ലല്ലൊ.

ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ മാനവികതയിലും ബൗദ്ധികതയിലും മുന്‍പന്തിയിലാണു. അതില്‍ അസൂയാലുക്കല്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ആനന്ദ് ജോണിന്റെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെ ആയിരിക്കില്ലെ?അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് നമ്മുടെ ശക്തി തെളിയിച്ചില്ലെങ്കില്‍ നമുക്കു വീണ്ടും നഷ്ടപ്പെടലുകള്‍ ഉണ്ടാകാം, നിരപരാധികള്‍ കൊല്ലപ്പെടാം, ജയിലില്‍ അടയ്ക്കപ്പെടാം.

യതൊരു നേതൃസ്ഥാനങ്ങളുമില്ലാതെ പേരിനു വാലും തലയുമില്ലാതെ ജോലിയുടെ തലക്കനം ഇല്ലാതെ തനി മലയാളികളായി മലയാളി സ്ത്രീകള്‍ക്കു ഒന്നിച്ചുകൂടാന്‍ ഒരു വേദി ഉണ്ടാകണം. ഈ സൈബര്‍ യുഗത്തില്‍ 50 സ്‌റ്റേറ്റുകളില്‍ നിന്നും ഒന്നിച്ചു കുടാന്‍ നമുക്കു സാധിക്കും.സോഷ്യല്‍ മീഡിയാകള്‍ അതിനു സഹായകമാകും.നമുക്കു എന്തെങ്കിലും നേടാനുണ്ടൊ എന്നല്ല ചിന്തിക്കുന്നത്. മറ്റുള്ളവര്‍ക്കുവെണ്ടി എന്തെങ്കിലും ചെയ്യാനാകുമൊ എന്നു മാത്രമാണ്.

സ്ത്രീകളില്‍ ഏറിയ പങ്കും വീടും ജോലിയും ടീവിയുമൊക്കെയായി ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നവരാണ്.വിവിധകഴിവുകള്‍ കൊണ്ടു അനുഗൃഹീതരായ സ്ത്രീകള്‍ അവരുടെ ശക്തി തിരിച്ചറിയുന്നില്ല
.
ഇവിടെ ലൌലി വറുഗീസ് വലിയ ഒരു മാതൃകയാണ്. പലതരത്തിലും മായിച്ചു കളയാന്‍ ശ്രമിച്ച കേസ്,നിജസ്ഥിതി അറിയാതെ താന്‍ പിന്നോട്ടില്ല എന്നു തീരുമാനിച്ച ധീരമായ മനസ്സിന്റെ ഉടമയാണ്. ആ പോരാട്ടത്തില്‍ കൂടെ നില്‍ക്കാന്‍ കഴിവുള്ള ധാരാളം വനിതകളും ഉണ്ടെന്നു ആ സമ്മേളനവും തെളിയിച്ചിരിക്കുന്നു,

മലയാളീ സ്ത്രീകളുടെ ഈ കഴിവും ധൈര്യവും സ്‌നേഹവും ക്ഷമയും സഹാനുഭൂതിയും ഉപയോഗിക്കപ്പെടണം. ഇനി ഒരമ്മയും ഇതുപോലെ വേദനിക്കാന്‍ ഇടവരരുത്. നമുക്കു അമ്മമാര്‍ക്ക് ,സഹോദരങ്ങള്‍ക്കു ഒരുമിക്കാം;ഒരു ശക്ക്തിയാകാം.പിന്തുണയുമായി ധാരാളം പെരുണ്ടാകുമെന്നുപ്രതീക്ഷിക്കാം..

Read more

തിരഞ്ഞെടുപ്പുകാലത്ത് ചില തെരിഞ്ഞെടുപ്പുകള്‍

പ്രകടനപത്രിക
കേരളത്തില്‍ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കില്‍,ഒരാളെങ്കിലും പാര്‍പ്പിടമില്ലാതെ വഴിയോരങ്ങളില്‍ അലയുന്നുണ്ടെങ്കില്‍, കുടിക്കാന്‍ ശുദ്ധജലംലഭിക്കുന്നില്ലെങ്കില്‍,വിഷമുക്തമായആഹാരസാധനങ്ങള്‍ ഭക്ഷിക്കാന്നാവുന്നില്ലെങ്കില്‍ !എന്തെല്ലാം പ്രകടന പത്രിക ഇറക്കിയാലും വികസനത്തിന്റെ പേരില്‍ കോടികള്‍ മുടക്കിയാലും അതിലൊരര്‍ത്ഥവും കാണാനാവുകയില്ല. പാവപ്പെട്ടവനു ഭക്ഷണവും പാര്‍പ്പിടവും ആരൊഗ്യവും ഉണ്ടായെ നാടു നന്നാകു..ഒരു നാടിന്റെ സ്വത്തു അതിലെ ആരോഗ്യമുള്ള ജനങ്ങളാണു. കാന്‍സര്‍ സെന്ററുകള്‍ ഉണ്ടാക്കും മുന്‍പു ജനങ്ങളുടെ ആരൊഗ്യമാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. അതിനവരെ ബോധവല്‍ക്കരിക്കണം. ഒപ്പം ഭാരതത്തിന്റെ മഹത്തയ പരമ്പര്യവും ആയുവേദചികിത്സാരീതികളും ജൈവ സമ്പത്തിന്റെ സംരക്ഷണവും മനസ്സിലാക്കാനുള്ള അവസരങ്ങളും ഉണ്ടാക്കണം. വൃദ്ധജനങ്ങള്‍ക്കു ശരിയായ സംരക്ഷണം ഉറപ്പു വരുത്തണം. മതാപിതാക്കളെ സംരക്ഷിക്കാത്ത , അവരെ നിന്ദിക്കുന്ന മക്കള്‍ക്കു പരമാവധി ശിക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാകണം. പ്രത്യേക സഹചര്യങ്ങളില്‍ വൃദ്ധമന്ദിരങ്ങള്‍ ആവശ്യമായേക്കാം എന്നാല്‍ അതിലേക്കുള്ള പ്രോത്സാഹനങ്ങള്‍ അധികമാകരുത്. തെരുവിനായ്ക്കളും പേപിടിച്ച പട്ടികളും മനുഷ്യജീവിതത്തിന്റെ സൈ്വരത കെടുത്താന്‍ ഇടവരരുത്.

ശുചിത്വം
വികസനത്തിന്റെ ഭാഗമായി പുതിയ റോഡുകള്‍ പാലങ്ങള്‍ എന്നിവ പണിയുമ്പോഴും എന്തുകൊണ്ടു നല്ല കക്കൂസുകള്‍ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല? ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടിവരുമ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രീയ മേലധികാരികള്‍ അറിയാതെ പോകുന്നതു എന്തുകൊണ്ടാണ്?ശുചിത്വ കേരളം എന്നു പറയുന്നതല്ലാതെ ബസ്സ് സ്റ്റേഷനുകളിലൊ റയില്‍ വേ സ്റ്റേഷനുകളിലൊ വൃത്തിയുള്ള ടൊയിലറ്റുകള്‍ ഉണ്ടൊ? അതു ശുചിയായി സുക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടോ? നഗരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതെങ്ങനെയെന്നു ബോധവല്‍ക്കരണം നടത്തുകയും നിയമങ്ങള്‍ ഉന്ണ്ടാക്കുകയും നിയമ ലംഘനത്തിനു പിഴ ഈടാക്കുകയും ചെയ്യണം. പ്രാഥമികങ്ങളായ ഇത്തരം കാര്യങ്ങള്‍ അദ്യം നടത്തട്ടെ. പണം കൊയ്യാന്‍ വലിയ വികസനങ്ങള്‍ നടത്തിയാലെ പറ്റു എന്നതുകൊണ്ടു ചെറിയ വികസനങ്ങള്‍ക്കു ആരും മുന്നോട്ടു വരില്ലാ എന്നറിയാം, എങ്കിലും ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. അല്ലെങ്കില്‍ മനസ്സാക്ഷിയുള്ളവര്‍ അതേറ്റെടുക്കട്ടെ; നടപ്പാക്കട്ടെ.പിന്നീടാകട്ടെ വലിയ വികസനങ്ങള്‍

സ്ത്രീയോടുള്ള മനോഭാവം
സ്വാതത്ര്യം ,സമത്വം, സാഹൊദര്യം എന്നെല്ലാം പറയുമ്പോഴും സ്ത്രീക്കു ഭയം കൂടാതെ, യാത്രചെയ്യാനും ജീവിക്കാനും കഴിയണം. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുമ്പൊഴാണു പീ!ഡനവും വര്‍ദ്ധിക്കുന്നത്.പുരുഷനു തുല്യം എല്ലാ മെഖലകളിലും പരിഗണന ഉണ്ടാവുകയും സ്ത്രീയോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുകയും വേണം. പുരുഷ മേധാവിത്വം അതിരുകടക്കുന്ന സാഹചര്യം ഒരിടത്തും ഉണ്ടാകാന്‍ ഇടയാകരുത്. കടുംബത്തില്‍ പോലും അസഹിഷ്ണുതയുണ്ടാക്കാന്‍ അതു കാരണമാകും. മിടുക്കരായ സ്ത്രീകളെ സമൂഹനന്മയ്ക്ക് ഉപയോഗിക്കാനറിയാത്ത ഭരണകര്‍ത്താക്കളും, സ്ത്രീകളെക്കണ്ടാല്‍ കൊതിയൂറുന്ന കാമകിങ്കരന്മാരും, ഗോസിപ്പുകളും കള്ളക്കഥകളും നിര്‍മ്മിച്ചു വഴിതെറ്റിക്കുന്ന ചാനലുകളും ചേര്‍ന്ന കേരളം നന്നാകണമെങ്കില്‍ മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത കര്‍മ്മ നിരതരായ യുവനേതാക്കള്‍ രംഗത്തു വരണം.

ആള്‍ദൈവങ്ങള്‍
ചാരിറ്റിയുടെ പേരില്‍ കണക്കില്ലാതെ ഒഴുകിയെത്തുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടൊ എന്നറിയാനുള്ള സംവിധാനം ഉണ്ടാവണം.ആള്‍ ദൈവങ്ങളെ ഒരു തരത്തിലും പ്രൊത്സഹിപ്പിക്കരുത്.അല്ലെങ്കില്‍ തന്നെ ഒരൊ മതത്തിനും ആവശ്യത്തിലും അതിലധികവും ദൈവങ്ങളുള്ളപ്പൊള്‍ ഈ ദൈവങ്ങളുടെ അവശ്യം എന്താണ്.ചാനലുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആള്‍ ദൈവങ്ങള്‍ പണം കായ്ക്കുന്ന മരങ്ങളായതുകൊണ്ടാണ് ഇവര്‍ ഇത്ര തഴച്ചു വളരുന്നതും അവരെക്കുറിച്ചുള്ള പരാതികള്‍ കാറ്റില്‍ പറക്കുന്നതും.

വിദ്യാഭ്യാസം
മാനുഷിക മൂല്യങ്ങള്‍ക്കുപ്രാധാന്യം കല്‍പ്പിക്കുന്ന വിദ്യഭ്യസ സബ്രദായം നിലവില്‍ വരണം.ഒരു വ്യക്തി വളര്‍ന്നു വലുതായാല്‍ അവന്‍ സമുഹത്തിനു നന്മ ചെയ്യുന്നവനാകണം, എന്ന ബോധ്യമാണു നല്‍കേണ്ടതു. പണത്തിനും പ്രതാപത്തിനും വേണ്ടി മാത്രമാണ് വിദ്യഭ്യാസം എന്ന ചിന്ത കുട്ടികളില്‍ രൂഡമൂലമാകരുത്.അവര്‍ക്കു മാതൃകയാവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം.മഹത്മാഗാന്ധി, ശ്രീ നാരായണഗുരു, രവീന്ദ്രനാഥ ടാഗോര്‍. സ്വമി വിവേകാനന്ദന്‍ ,എ പി ജെ അബ്ദുല്‍ കലാം തുടങ്ങിയവരെക്കുരിച്ചു കുട്ടികള്‍ പഠിക്കട്ടെ.സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമല്ല സമൂഹത്തിനു മാതൃകയെന്നു വീട്ടില്‍ നിന്നു തന്നെ അവര്‍ മനസ്സിലാക്കണം.ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.അതിനു പ്രത്യേകം വൈദഗ്ധ്യം സിദ്ധിച്ച അധ്യാപകരെക്കൊണ്ടു ക്ലാസ്സുകള്‍ എടുപ്പിക്കണം .താഴ്ന്ന ക്ലാസ്സുകളിലെങ്കിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം.

ചാനലുകള്‍
ചനലുകളുടെ അതിപ്രസരവും സീരിയലുകളും കേരളനാടിന്റെ സംസ്‌കാരത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു.അടര്‍ത്തി മറ്റാനാവത്തവിധം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന സീരിയലുകള്‍. മനുഷ്യനെ വഴിതെറ്റിക്കുന്ന ,മാനസിക വികലത ഉണ്ടാക്കുന്ന സീരിയലുകളുടെ നിര്‍മ്മാണം തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. .കണ്ണീര്‍ സീരിയലുകളുടെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു. ഇപ്പൊള്‍ കുശുമ്പും കുരുട്ടുബുദ്ധിയും ക്രിമിനല്‍ സ്വഭാവവുമുള്ള കഥാപാത്രങ്ങളേക്കൊണ്ടാണ് അരങ്ങ് കൊഴുപ്പിക്കുന്നത്.ചിന്താശക്തി നശിച്ച യാതൊരു നന്മയും പ്രതീക്ഷിക്കനാവാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാനെ ഇത്തരത്തിലുള്ള സീരിയലുകള്‍ക്ക് കഴിയൂ. സമൂഹ നന്മയെ ലാക്കാക്കിയുള്ളതും മാനസികാനന്ദം നല്‍കുന്നതും ബുദ്ധിവികാസത്തിനു ഉതകുന്നതുമായ പരിപടികളാണ് ഉണ്ടാകേണ്ടത്.

സിനിമാതാരങ്ങള്‍
സിനിമാതാരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും ഇത്രയേറെ പ്രധന്യം നല്‍കുന്നതു എന്തിനാണ്?
വിഷുവൊ ഓണമൊ ക്രിസ്സ്മസ്സൊ വന്നാല്‍ ആശംസ അര്‍പ്പിക്കാന്‍ യോഗ്യരായ എത്രയോ പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ ഉണ്ടായിരിക്കെ ഒന്നൊ രണ്ടൊ സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ സിനിമാതാരങ്ങള്‍ക്കു പ്രമുഖ്യം കൊടുക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.ഇപ്പോള്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ എല്ലാം തന്നെ സിനിമയേയും സിനിമാതാരങ്ങളേയും പ്രോത്സാഹിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള വേദികളായി മാറിയിരിക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുന്‍പോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍എന്തുകൊണ്ട് ഉണ്ടാവുന്നില്ല? സിനിമാ മോഹം തലയ്ക്കു പിടിച്ച് അപകടത്തില്‍ ചെന്നു ചാടുന്നവര്‍ ധരാളമാണ്. കാണാതാവുന്ന പെണ്‍ കുട്ടികള്‍, ചതിക്കപ്പെട്ടിട്ടു അത്മഹത്യ ചെയ്യുന്നവര്‍ ഒക്കെ ഉണ്ടായിരിക്കെ, ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചാനലുകള്‍ എന്തുകൊണ്ടു ഗ്ലാമര്‍ ലോകത്തേക്കുള്ള വഴികള്‍ കാണിച്ചു കൊടുക്കുന്നു?സിനിമയില്‍ വന്നു ജയിച്ചവരെക്കാള്‍ കൂടുതല്‍ തോറ്റവര്‍ ആണെന്നു അവരെ മനസ്സിലാക്കേണ്ട ചുമതല അര്‍ക്കും ഇല്ലാതെ പോകുന്നതു എന്തുകൊണ്ടാണ്?

മാനുഷികമൂല്യങ്ങള്‍
നൂതന സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ സുഗമമായ ജീവിതത്തിന് ഉതകേണ്ടതാണ്.അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചെറുപ്പകാലത്തു തന്നെ മുതിര്‍ന്നവരില്‍ നിന്നും ലഭ്യമാകണം.അല്ലാത്തപക്ഷം ഉണ്ടാകുന്ന വിപത്തുകള്‍ ഉദാഹരണമായി കാട്ടിക്കൊടുക്കണം.ആറ്റിങ്ങല്‍ കൊലപാതകം ഉത്തമ ദൃഷ്ടാന്തമാണല്ലൊ.ഉന്നത വിദ്യഭ്യാസം നേടിയിട്ടും മാനുഷിക മൂല്യങ്ങള്‍ മനസ്സിലാക്കാതെ പോയതിന്റെ പരിണതഫലം ഒരു നാടിന്റെ തന്നെ സമാധാനത്തെയാണ് നശിപ്പിച്ചത്. കൂട്ടു കുടുംബ വ്യവസ്ഥിതി മാറിയതോടെ സ്വന്തം കാര്യം സ്വന്തം സുഖം എന്ന ചിന്തക്കു പ്രമുഖ്യം കൂടി.ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ഞങ്ങള്‍ എന്നതിനെക്കാള്‍ പ്രാധാന്യം ഞാന്‍ എന്നതിനായി. നിന്റെ സുഖം എന്റെ സുഖം എന്നു വഴി മാറി ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. വിവാഹം എന്നതു വ്യത്യസ്തമായ ഒരു ജീവിതാന്തസ്സാണ്. അതുവരെ ആയിരുന്ന അവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അവസ്ഥ.അപ്പോള്‍ തീര്‍ച്ചയായും വിവാഹ ഒരുക്ക ക്ലാസ്സുകള്‍ അത്യാവശ്യമാണ്. വീടുകളില്‍ നിന്നും കിട്ടുന്ന മതൃകകള്‍ മാത്രമാണ് പലപ്പോഴും വധൂവരന്മാര്‍ക്കു ആശ്രയമായിട്ടുള്ളത്. ശരിയായ മതൃക നല്‍കാന്‍ എത്ര വീടുകള്‍ക്കാകുന്നുണ്ടെന്നത് സംശയമുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞു വേര്‍പിരിഞ്ഞുള്ള ജീവിതമാണു പലയിടത്തും പ്രശ്‌നങ്ങളാകുന്നത്.. സ്ത്രീക്കു കിട്ടേണ്ട താങ്ങും തണലും കിട്ടാതെയാകുമ്പോള്‍ പല പ്രലോഭനങ്ങളിലും പെട്ടുപോകാന്‍ ഇട വരും. അതുകൊണ്ട് കഴിവതും ഒന്നിച്ചു ജീവിക്കാനുള്ള സഹചര്യം ഒരുക്കുന്നതാണ് അഭികാമ്യം.ഒരു നല്ല ഭര്‍ത്താവുള്ള സ്ത്രീ ഒരിക്കലും തെറ്റാനിടവരില്ല എന്നത് പരക്കെ അംഗീകരിക്കുമ്പോള്‍ പുരുഷന്റെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതാണ്.കരുതലിനും സ്‌നേഹത്തിനും വേണ്ടി അവള്‍ ആരെയും തിരഞ്ഞു പൊകാന്‍ ഇടവരരുത്.

കേരളവും അമേരിക്കയും
കേരളത്തിലിരുന്നുകൊണ്ട് അമെരിക്കയിലെപോലെ ജീവിക്കനാണു പലരും ശ്രമിക്കുന്നത്.അതായത് അമേരിക്ക കേരളത്തിലേക്കു വളരുന്നൊ എന്നൊരു സംശയം.ഭാഷയിലും വേഷത്തിലും സ്വാതന്ത്ര്യത്തിലും അമേരിക്കയെ അനുകരിക്കുമ്പോള്‍ കാലവസ്ഥ,സംസ്‌ക്കാരം നിയമങ്ങള്‍ ഇവയിലെല്ലാമുള്ള വ്യത്യാസം അറിയാന്‍ ശ്രമിക്കുന്നില്ല. അമേരിക്കയില്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ഏതു പാതിരാത്രിയിലും ഭയം കൂടാതെ സ്ത്രീകള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയുന്നുവെങ്കില്‍ അതു നിയമങ്ങളുടെ കാര്‍ക്കശ്യവും മനൊഭാവങ്ങളിലെ സന്തുലിതാവസ്ഥയുമാണ്. നിയമങ്ങള്‍ പാലിക്കപ്പെടുകയും പാലിച്ചില്ലെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും. കൈക്കൂലിയും കോഴകൊടുപ്പും കൂട്ടിക്കൊടുപ്പും ഒന്നും അവിടെ വിലപ്പോകില്ല.

സാക്ഷരതയിലും സാങ്കേതിക വിദ്യയിലും മറ്റു പല കാര്യങ്ങളിലും കേരളം മുന്‍പില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിലും സ്ത്രീകളുടെ സംരക്ഷ്ണത്തിലും നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം വളരെ പിന്നോക്കാവസ്ഥയില്‍ത്തന്നെയാണ്. പീഡനങ്ങള്‍, ആത്മഹത്യകള്‍,കൊലപാതകങ്ങള്‍, ഒളിച്ചോട്ടങ്ങള്‍ കാണാതാകലുകള്‍ തുടങ്ങിയവകൊണ്ട് കലുഷിതമായ ഒരന്തരീക്ഷത്തില്‍ പ്രകടന പത്രികകളും വികസനപദ്ധതികളും കാണിച്ച് ഒരു തിരഞ്ഞെടുപ്പ് മത്രം പോരാ മറ്റു പല തെരിഞ്ഞെടുപ്പുകളും ആവശ്യമാണ്. 

Read more

സരിതയല്ല ശാപം

കേരളം സരിത എന്ന അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ സരിത ആ അച്ചുതണ്ടു കറക്കിക്കൊണ്ടിരിക്കുന്നു. രഷ്ട്രീയക്കാരെ കൂടാതെ സമൂഹത്തില്‍ മാന്യരെന്നു ജനങ്ങള്‍ ധരിച്ചു വച്ചിരിക്കുന്ന പലരും നാളെ അവര്‍ എന്താണു വിളിച്ചു പറയുക എന്ന ഭയത്തിലാണ്. ഇന്‍ഡ്യയിലെ ഏതു സംസ്ഥാനത്തെക്കാളും സാക്ഷരതയിലും വിദ്യാഭ്യാസ യോഗ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളജനതയെ ആണ് സരിത എന്ന സ്ത്രീ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്..

കേരളത്തിന് അതു വേണം. പല ചീഞ്ഞളിഞ്ഞ കേസും തുമ്പില്ലാതെ കിടക്കുകയും ഐസ്‌ക്രീംകാരും കിളിരൂര്‍കാരും സമൂഹത്തില്‍ മാന്യന്മാരായി വിലസുകയും ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സ്ത്രീ എല്ലാം വെളിപ്പെടുത്താന്‍ തയ്യാറാകുന്നതു നല്ലതാണ്. കേരളം അവളിലൂടെ നന്നാകുന്നെങ്കില്‍ നന്നാകട്ടെ. കുടുംബ ബന്ധങ്ങളുടെ പവിത്രതയും കോഴവാങ്ങലിന്റെ തിക്തഫലങ്ങളും മനസ്സിലാക്കട്ടെ.

എന്തിനും തുനിഞ്ഞിറങ്ങുന്ന ഒരു സ്ത്രീയെ കൊണ്ടേ അത്തരക്കരുടെ ഒളിച്ചുകളികള്‍ വെളിച്ചത്തു കൊണ്ടുവരാനാവൂ. അവര്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല. വാട്‌സപ് പ്രചരണം പൊലും അവര്‍ക്കു ശക്തി കൂട്ടിയ്അതെ ഉള്ളൂ. മേനിക്കൊഴുപ്പുകണ്ടു മോഹന വാഗ്ദാനങ്ങളുമായി വാലാട്ടി പിറകെ പോയ ഞരമ്പു റൊഗികള്‍ക്കു അവരില്‍ നിന്നു തന്നെ തിരിച്ചടി കിട്ടണം. സോളാര്‍ കേസു യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും' സെന്‍സേഷണല്‍ ന്യൂസിനു വേണ്ടി ചാനലുകളും മാധ്യമങ്ങളും പല സത്യങ്ങളും വളച്ചൊടിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ക്കു സത്യാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. സരിതയുടെ കത്തു തന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇതിന്റെയൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്ര വിലകുറഞ്ഞവരാണ്, എത്ര നിസ്സാരരാണ് എന്നു ജനങ്ങള്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?.

എന്‍ഡോസള്‍ഫാന്‍ ദുരന്തമൊ പാര്‍വതിപുത്തനാര്‍ ദുരന്തമൊ. അതിന്റെ തുടര്‍ പ്രവര്‍ത്തനങളൊ ആദിവസി ദുരിതങ്ങളൊ ഒന്നും തന്നെ ചാനലുകള്‍ക്കു ശ്രദ്ധിക്കുവാന്‍ സമയമില്ല. അവര്‍ സരിത എവിടെ പോയാലും അവരുടെ പിറകെ ഒഴിയാബാധപോലെ കുടുകയും രാഷ്ട്രീയ പൊര്‍വിളികള്‍ക്കു അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്.

കേരളത്തില്‍ സംഭവിച്ചുകൊണിരിക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാന കാരണം കുടുംബവിദ്യാഭാസ വ്യവസ്ഥിതികളിലെ പാളിച്ചകളാണ്. ആണ്‍കുട്ടികളെ നേരായ വഴിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കറിയില്ല. ഒരു പെണ്ണിനെ ഒറ്റക്കു കണ്ടാല്‍ ഒരുമിച്ചൊരു മുറിയില്‍ കഴിയേണ്ടിവന്നാല്‍ ഞരമ്പു രോഗികളായി പോകുന്നത്; അപ്പോള്‍ തന്റെ അമ്മയുടെയൊ ഭാര്യയുടെയൊ സഹോദരിയുടെയൊ മുഖം ഓര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്, അതിന്റെയെല്ലാം ഉത്തരവാദിത്തം മതാപിതാക്കള്‍ക്കുള്ളതാണ്. അദ്ധ്യാപകര്‍ക്കുള്ളതാണ്.പിന്നെ ഒരു പരിധിവരെ സിനിമകളും .സീരിയലുകളളും.. ഒരു പെണ്ണിനെ ബഹുമാനിക്കാനുള്ള മാനസികാരോഗ്യം ഇല്ലാതെ തനിക്കെന്തുമാകാം എന്ന പുരുഷന്റെ മാനസികാവസ്ഥ ശോചനീയമാണ്.

സരിതയെ പോലെ മിടുക്കിയായ ഒരു സ്ത്രീയെ സമൂഹ നന്മക്കു വേണ്ടി ഉപയോഗിക്കാനറിയാത്ത, നേര്‍വഴിക്കു കൊണ്ടു പോകാനറിയാത്ത പുരുഷന്മാരാണ് കേരളത്തിന്റെ ശാപം.

 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC