എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

അന്ന് ആ ക്രിസ്മസ് രാവില്‍

വഴിവിളക്കുകളില്ലാത്ത, വൈദ്യുതി വെട്ടം വിതറാത്ത ചെമ്മണ്‍ വഴിത്താരകളിലൂടെ നിലാവെളിച്ചമില്ലാത്ത, ഇളംകുളിര്‍ ചൊരിയുന്ന നനുത്ത ഡിസംബര്‍ രാവിന്റെ പ്രശാന്തതയില്‍, ആകാശ നീലിമയില്‍ അങ്ങിങ്ങായി മിന്നുന്ന വജ്രമുത്തുകളുടെ മാസ്മര പ്രഭയില്‍, ഒരു ചൂട്ടുകറ്റയുടെ മുനിവെളിച്ചത്തില്‍ മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ ഒരു ചെറുസംഘം ക്രിസ്ത്മസ് രാത്രിയില്‍ അകലെയുള്ള ദേവാലയത്തിലേക്ക് ക്രിസ്ത്മസ് ആരാധനയ്ക്ക് പോകയാണ്. അര്‍ത്ഥരാത്രിയിലാണ് ദേവാലയത്തില്‍ ക്രിസ്ത്മസ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. ചെരുപ്പിടാത്ത കുഞ്ഞിക്കാലുകള്‍ പെറുക്കി ഉറക്കച്ചടവോടെ ചുറുചുറാ നടക്കുന്ന കുട്ടികളുടെ ഉത്സാഹത്തിമിര്‍പ്പ് ആ സംഘത്തിന്റെ ആവേശം തന്നെ ആയിരുന്നു. മൂന്നു നാലു മൈല്‍ നടക്കേണ്ടതിന്റെ ആദ്യപകുതിയിലെത്തി, ചൂട്ടുകറ്റ എരിഞ്ഞു തീരാറായി, ഒരെണ്ണം കൂടി കരുതിയിട്ടുണ്ട്. അതാ ഒരു വലിയ മൂര്‍ഖന്‍ പാമ്പ് റോഡിനു കുറുകെ കിടക്കുന്നു, 'അയ്യോ പാമ്പ്' ചൂട്ടുകറ്റക്കാരന്‍ ഉറക്കെ വിളിച്ചു കൂകി, കുട്ടികളും മുതിര്‍ന്നവരും ആ ഇരുട്ടില്‍ ചിതറിമാറി, ധൈര്യം സംഭരിച്ച് ഞങ്ങളുടെ നേതാവ് കത്തുന്ന ചൂട്ടുകറ്റകൊണ്ട് പാമ്പിനെ കുത്തി, ഭാഗ്യവശാല്‍ ആ പാവം ജീവി ജീവനും കൊണ്ട് വഴിയോരത്തു മറഞ്ഞു, കറ്റയിലെ തീ അണഞ്ഞെങ്കിലും ഞങ്ങളുടെ ആ സംഘം അരണ്ട വെളിച്ചത്തില്‍ ആവുന്നത്ര വേഗത്തില്‍ പള്ളിയിലെത്താനുള്ള ഓട്ടത്തില്‍ കിതച്ചും തളര്‍ന്നും എങ്ങനെയും പള്ളിയിലെത്തിയപ്പോഴേയ്ക്കും, പള്ളിയുടെ പടിഞ്ഞാറു വശത്ത് കുരിശാകൃതിയിലുള്ള കുഴിയിലിട്ട് കുരുത്തോലകള്‍ കത്തിക്കുന്ന സമയമായിരുന്നു, ഓശാനപ്പെരുന്നാളിനു വീട്ടില്‍ കൊണ്ടുപോയിരുന്ന കുരുത്തോലകള്‍ ഞങ്ങള്‍ കുഴിയിലിട്ടു. യേശുകുഞ്ഞു ജനിച്ചപ്പോള്‍ ആകാശത്തു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ സൂചിപ്പിക്കുന്നതാണ് ആ തീജ്വാലയെന്ന് അന്നൊന്നും അറിവില്ലായിരുന്നു. ആ ജ്വാലയുടെ ചുറ്റും നിന്നു തീ കായുന്നതും ഒരാനന്ദമായിരുന്നു. പ്രാര്‍ത്ഥനാ മന്ത്രണങ്ങളുടെ അര്‍ത്ഥമറിയാത്ത ബാല്യത്തില്‍ ലഭ്യമായ ചിട്ടകളും മുടങ്ങാതെ ദേവാലയത്തില്‍ പോകാനുള്ള തീഷ്ണതയും ഇന്നും തുടര്‍ന്നുപോകുന്നതും അന്നത്തെ ശീലം കൊണ്ടു തന്നെയാണ്. തീജ്വാലാ ശുശ്രൂഷയ്ക്കുശേഷം ദേവാലയത്തിനകത്തു കയറുന്നതോടുകൂടി കൊച്ചുകുട്ടികള്‍ തളര്‍ന്ന് ഒരു മൂലയ്ക്കിരുന്ന് ഉറക്കം പിടിച്ചു. എന്റെ ബാല്യകാലത്ത്, മുതിര്‍ന്നവര്‍ക്കു മാത്രമേ പ്രാര്‍ത്ഥനാക്രമ പുസ്തകങ്ങള്‍ ഉണ്ടായിരുന്നുള്ളൂ, കുട്ടികളൊക്കെ കേട്ടുപഠിക്കയായിരുന്നു. നേരം വെളുക്കുന്നതിനു മുമ്പുതന്നെ ഗൃഹനാഥന്‍ എഴുന്നേറ്റ്

'അതിരാവിലെ തിരുസന്നിധിയണയുന്നോരീ സമയേ,
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍കാ യേശു പരനേ'

എന്ന് ഉച്ചത്തില്‍ ചൊല്ലുമ്പോഴേയ്ക്കും അമ്മ മുതല്‍ ഇളയ കുട്ടിവരെ ഉണര്‍ന്നു വരും. പാതിയുറക്കത്തിലായിരിക്കുന്ന ഇളയ കുട്ടി വരെയും അപ്പന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഉരുവിടും. കുഞ്ഞുങ്ങള്‍ നാലു വയസ്സൊക്കെ ആകുമ്പോഴേയ്ക്കും സന്ധ്യാ പ്രഭാത പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമറിയില്ലെങ്കിലും ഹൃദിസ്ഥമാക്കിയിരുന്നു. എത്ര പണവും പ്രതാപവുമുള്ള തറവാടാണെങ്കിലും വീടുനിറയെയുള്ള അംഗങ്ങള്‍ക്ക് വെവ്വേറെ കിടക്കമുറികളില്ലായിരുന്നു ആ കാലങ്ങളില്‍. ഉള്ള മുറികളില്‍ തറയില്‍ പായ വിരിച്ചും കട്ടിലുകളിലുമൊക്കെയായി സുഖമായ ഉറക്കം. ചൂടകറ്റാന്‍ ഫാനും എയര്‍കണ്ടീഷ്‌നറുമൊന്നും ഇല്ലായിരുന്നുവെങ്കിലും ജനാലകള്‍ തുറന്നും ഗ്രാമശാന്തിയിലെ ഇളംകാറ്റിന്റെ കുളിര്‍മ്മയിലും, പുറത്തു മഴപെയ്യുമ്പോഴുണ്ടാകുന്ന ആന്ദോളനത്തിന്റെ താരാട്ടിലും രാത്രിയിലെ സുഖനിദ്ര ഒരാനന്ദം തന്നെയായിരുന്നു. അമ്മ വച്ചുണ്ടാക്കുന്ന ഭക്ഷണം ആബാലവൃദ്ധം ആസ്വദിച്ചു ഭുജിച്ചിരുന്നു. മറുചോദ്യമില്ലാതെ തെറ്റുകള്‍ക്കു തക്ക ശിക്ഷ മാതാപിതാക്കള്‍ നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ അവരവരുടെ പ്രാപ്തിയനുസരിച്ചു കുട്ടികള്‍ക്കും വീതിച്ചു നല്‍കിയിരുന്നു.

ക്രിസ്ത്മസ് അടുക്കുമ്പോഴേയ്ക്കും വര്‍ണ്ണക്കടലാസ് ഒട്ടിച്ച് തോരണങ്ങളും വിളക്കുകളും ഉണ്ടാക്കുന്നത് ഓരോ വീട്ടിലെയും ആഘോഷമായിരുന്നു. നക്ഷത്ര വിളക്ക്, പെട്ടിവിളക്ക് മുതലായ പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത വിളക്കുകളും കൊടികളുമൊക്കെയായി വീടുകള്‍തോറും കരോളിനു പോകുന്നത് വലിയവര്‍ക്കും കുട്ടികള്‍ക്കും വലിയ ആനന്ദവും ആഘോഷവും തന്നെയായിരുന്നു. പാട്ടുകള്‍ പാടി കല്ലും മലയോരങ്ങളും ചവിട്ടി വളരെ ദൂരങ്ങളില്‍ രാത്രി ഏറെ വൈകുന്നതുവരെയും ചെലവഴിച്ചാലും ക്ഷീണമൊന്നും അറിയില്ലായിരുന്നു. ഒരു ഗ്രാമത്തില്‍ ഒരു ദേവാലയം ഒക്കെയേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ ദൂരങ്ങള്‍ താണ്ടിയായിരുന്നു ദേവാലയ യാത്ര. ക്രിസ്ത്മസ് കരോള്‍ സംഘത്തിന് പല വീടുകളിലും കപ്പ, കാച്ചില്‍, ഏത്തയ്ക്കാ ഒക്കെ പുഴുങ്ങിയതും കട്ടന്‍കാപ്പിയും, ചിലര്‍ മറ്റു പലഹാരങ്ങള്‍ ഒക്കെയും കൊടുക്കുമായിരുന്നു. 50-70 ആള്‍ക്കാര്‍വരെയുള്ള കരോള്‍ സംഘം ഭക്ഷണം കഴിച്ച് അല്പം ക്ഷീണമകറ്റി അടുത്ത ഭവനത്തിലേക്കു പോകും. ഞങ്ങളുടെ ഗ്രാമത്തിലെ ആനന്ദനാളുകളായിരുന്നു അവയൊക്കെ. അന്നൊന്നും ഞങ്ങളുടെ ഗ്രാമപ്രദേശത്ത് ക്രിസ്തുമസ് കേക്ക് വാങ്ങാറില്ലായിരുന്നു, അമ്മ കേയ്ക്കുണ്ടാകുന്നതിന് മുതിര്‍ന്ന കുട്ടികള്‍ സഹായിച്ചു. ഓവന്‍ ഒന്നു ഇല്ലായിരുന്നതിനാല്‍ ചിരട്ടക്കരി പാത്രത്തിന് താഴെയും മുകളിലും ഇട്ടു ബേയ്ക്കു ചെയ്യുകയായിരുന്നു പതിവ്. ക്രിസ്തുമസ് രാവിലെ പള്ളിയില്‍ നിന്നു മടങ്ങി വരുമ്പോഴേയ്ക്കും താറാവുകറിയും പാലപ്പവും കേയ്ക്കും ലഭിക്കുമെന്നുള്ള സന്തോഷത്തിലാണ് പള്ളിയില്‍ നിന്നു വീട്ടിലേക്കുള്ള മടക്കയാത്ര.

ഉറക്കച്ചടവോടെയാണെങ്കിലും പ്രഭാതത്തിലെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എന്തുന്മേഷമായിരുന്നു. ചിലപ്പോള്‍ അമ്മയോ പ്രായമായ മകളോ വീട്ടിലുള്ളവര്‍ തിരികെയെത്തുമ്പോഴേയ്ക്കും പ്രഭാതഭക്ഷണമൊരുക്കാനായി വീട്ടിലുണ്ടായിരിക്കും. ക്രിസ്ത്മസിന്റെ നോമ്പുവീടലും വിഭവസമൃദ്ധമായിരുന്നു. സാധാരണ ദിവസങ്ങളിലെ ഭക്ഷണത്തിന് മീനു പച്ചക്കറികളുമാണ് വിഭവങ്ങള്‍, ഇറച്ചി ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും മാത്രം സാധാരണക്കാരുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിസ്ത്മസ്, വലിയ നോമ്പുവീടല്‍ എന്നീ വിശേഷദിവസങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ കന്നുകാലികളെ അറുക്കുന്നതും, അതു പങ്കുപങ്കായി വില്‍ക്കുന്നതും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സംഭവം തന്നെയായിരുന്നു. ഒരു പങ്ക് എന്നാല്‍ സാധാരണ ഒരു കിലോഗ്രാം എന്ന കണക്കില്‍, പല പങ്കുകളായി ഇറച്ചി പകുത്തു വയ്ക്കും, ഒരു പങ്കിന് രണ്ടും മൂന്നും രൂപയൊക്കെയായിരുന്നു വില. ഒരു കൂലിവേലക്കാരന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പണി ചെയ്താല്‍ കിട്ടുന്ന കൂലി അന്ന് എട്ടണ(അരരൂപ) ആയിരുന്നു. പെണ്ണാളിന് നാലണ. ഫ്രിഡ്ജ് ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അന്നന്നു വച്ചുണ്ടാക്കുന്ന ഭക്ഷണം അന്നന്നു തന്നെ കഴിച്ചു തീര്‍ക്കും. ഭക്ഷണത്തിന്റെ പ്രൗഢതയേക്കാള്‍ കുടുംബബന്ധത്തിന്റെ, സാഹോദര്യ-സൗഹൃദബന്ധങ്ങളുടെ കെട്ടുറപ്പും, ഇഴയടുപ്പവും, ദൃഢതയും ഓരോ വ്യക്തിയുടെയും സാമൂഹ്യ സാംസ്‌ക്കാരിക ബന്ധത്തെയും സ്വഭാവരൂപീകരണത്തെയും ബലവത്താക്കി. ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, വിഷുവും, ബക്രീദും, ക്രിസ്തുമസും ഗ്രാമത്തിന്റെ തന്നെ പൊതുവായ ഉത്സവങ്ങളായി ആചരിച്ചിരുന്നതിനാല്‍ ആധുനികതയുടെ മാസ്മരികതയിലും വര്‍ണ്ണഭംഗിയില്ലാത്ത ആ പഴയ ദിനങ്ങള്‍ ഓര്‍മ്മയില്‍ വിണ്‍പ്രഭ ചൊരിഞ്ഞുകൊണ്ട് തെളിഞ്ഞുനില്‍ക്കുന്നു.

ഇന്നുമെന്നാത്മാവിനെത്തൊട്ടുണത്തുന്ന-
തെന്നുമെന്‍ ബാല്യത്തിന്‍ സുന്ദരസ്വപ്‌നങ്ങള്‍
എന്നുമെന്‍ ജീവിതം സംഫുല്ലമാക്കുന്ന-
തെന്‍ ബാല്യകാലത്തില്‍ കാലടിപ്പാടുകള്‍.
ഇന്ന് ലോകമെമ്പാടും ക്രിസ്ത്മസിന്റെ വര്‍ണ്ണരാജികളില്‍, സമൃദ്ധിയുടെ താളക്കൊഴുപ്പില്‍ ആനന്ദ നര്‍ത്തനമാടുമ്പോള്‍, വേദനയിലും, ദാരിദ്ര്യത്തിലും, മരണത്തിന്റെ കരിനിഴലിലും നമ്മുടെ സ്വന്തനാട്ടില്‍പ്പോലും നട്ടംതിരിയുന്ന ജനസഹസ്രങ്ങളുടെ ദുഃഖത്തില്‍ വിവിധ തരത്തില്‍ പങ്കാളികളാക്കുവാന്‍ നമുക്കു ബാധ്യതയില്ലേ!!

എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും അനുഗ്രഹപ്രദമായ ക്രിസ്തുമസ്- പുതുവത്സരാശംസകള്‍

Read more

എന്റെ ജന്മഗ്രാമത്തിന്റെ നെല്‍പ്പാടങ്ങള്‍ ഇന്ന് റബ്ബര്‍പ്പാടങ്ങള്‍ (ഭാഗം-4)

പച്ചപ്പട്ടു പുതച്ചു്, മന്ദമാരുതന്റെ തലോടലില്‍ ആലോലമാടുന്ന നെല്‍പ്പാടങ്ങളെ സ്വപ്നത്തില്‍ താലോലിച്ചും, കളസംഗീതം പൊഴിച്ചു നര്‍ത്തനാലാപത്തില്‍ കുണുങ്ങിയൊഴുകുന്ന ചെറുതോടും, അതില്‍ ഇളകിമറിയുന്ന മത്സ്യകുഞ്ഞുങ്ങളെയും ആര്‍ത്തിയോടെ കാണുവാന്‍ കാത്തും, വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്നുനീങ്ങിയ വയല്‍ വരമ്പിലൂടെ ഒന്നു കൂടി നഗ്നപാദയായി നടക്കുവാന്‍ കൊതിച്ചുമാണ് ഞാന്‍ ഓടിയെത്തിയത്.

എവിടെയാണ് ആ നീണ്ടു പരന്നു കിടന്ന പാടശേഖരങ്ങള്‍? ഈരിഴയന്‍ തോര്‍ത്തുകൊണ്ട് ചെറുമീനുകളെ കോരിയെടുത്തു കളിച്ച ആ കളിത്തോടിന്നെവിടെ?

എവിടെയാണ്് ആറ്റുവക്കത്തെ തെങ്ങോലകളില്‍ തൂങ്ങിയാടുന്ന, ആരെയും അത്ഭുത പരതന്ത്രരാക്കുന്ന ആ കുഞ്ഞുകുരുവികളുടെ കരവിരുതായ കുരുവിക്കൂടുകള്‍?

കൂട്ടുകാരും സഹോദരങ്ങളുമൊത്ത് അല്ലലെന്തെന്നറിയാത്ത ബാല്യത്തില്‍ ഓടിക്കളിച്ച, കാലത്തും വൈകിട്ടും നീന്തിത്തുടിച്ച ആ ചെറുതോട്, ഗ്രാമത്തിന്റെ ജീവസ്രോതസ്സായിരുന്ന പാടശേഖരത്തിനിടയിലൂടൊഴുകിയ ആ ചെറുതോടും, പാടവരമ്പുകളും കാലത്തിന്റെ താളുകളില്‍ നിന്നും വറ്റി വരണ്ടിരിക്കുന്ന കാഴ്ച ഹൃദയത്തില്‍ വിള്ളലുണ്ടാക്കുന്നു. ചെറുവരമ്പുകളാല്‍ വേര്‍തിരിക്കപ്പെട്ട നോക്കെത്താ ദൂരത്തെ പാടങ്ങളെല്ലാം ഇന്ന് റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റബ്ബര്‍പ്പാടങ്ങളായി മാറിയിരിക്കുന്നു. വെള്ളത്തിന്റെ കണിക പോലും കാണാത്ത നീണ്ടു പരന്നു കിടക്കുന്ന ആ റബ്ബര്‍ക്കാട്ടില്‍ ഞാന്‍ ഒരിറ്റു വെള്ളത്തിനായാര്‍ത്തിയോടെ ചുറ്റി നടന്നു. ആ റബ്ബര്‍പ്പാടങ്ങളുടെ സമീപത്തുള്ള മിക്ക ഭവനങ്ങളും ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ദയനീയ ദൃശ്യം! കണ്ടു പരിചയിച്ച, സ്‌നേഹിച്ച മുഖങ്ങളെല്ലാം കാലയവനികയില്‍ മറഞ്ഞുപോയി ! വയല്‍ വരമ്പത്തു കാറ്റുകൊണ്ടികുന്ന കൊക്കുകള്‍, കാക്കകള്‍, പാടത്തെ മീനിനെ കൊത്തിത്തിന്നാന്‍ പാടിപ്പറന്നു മത്സരിക്കുന്ന സുന്ദര ദൃശ്യം ഓര്‍മ്മ മാത്രമായി ! കൃഷിക്കായി പാടം ഒരുക്കിയിരുന്ന ആ തത്രപ്പാട് ഇന്നെവിടെ ?. തോര്‍ത്തും തലപ്പാളയുമണിഞ്ഞ് കാളകളെ പൂട്ടിയ നുകത്തിന്റെ അറ്റത്തു പിടിച്ചുകൊണ്ട് വെള്ളവും ചെളിയും നിറഞ്ഞ പാടങ്ങളില്‍ മനുഷ്യ രൂപങ്ങള്‍ ചെളിപ്പാവകളായി നീങ്ങുന്ന കാഴ്ച ! കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നടത്തുന്ന മരമടി മത്സരം, നാടിന്റെ ഒരു ഹരം തന്നെയായിരുന്നു. തടിച്ചു കൊഴുത്ത കാളകളെ മത്സരത്തിനായി മാത്രം വളര്‍ത്തുന്ന ഏതാനും മത്സരപ്രേമികള്‍ ആ കാളയോട്ട മത്സരത്തിനുവേണ്ടി ആര്‍ത്തിയോടെ കാത്തിക്കുന്നു. കഴുത്തില്‍ കയറുമാലയില്‍ കുടമണി കെട്ടി, തലയെടുപ്പോടെ മത്സരത്തിനെത്തുന്ന ഓരോ ഏര്‍ കാളകളെയും (രണ്ടു കാളകള്‍ വീതം) വാത്സല്യത്തോടെ തഴുകി അയയ്ക്കുന്ന യജമാനന്റെ ആഹ്‌ളാദം ! കാണികള്‍ പാടശേഖരത്തിന്റെ വശങ്ങളില്‍ ഇടതൂര്‍ന്ന് നിന്ന് ആവേശം പകരുന്ന കൂക്കുവിളികള്‍ ഇന്നും കാതുകളില്‍ മുഴങ്ങി നില്‍ക്കയാണ്. കര്‍ഷകരുടെ നാടായിരുന്ന കടമ്പനാടന്‍ മണ്ണില്‍, ധൃതി വച്ചു് മണിമുഴക്കത്തിനൊപ്പം ചലിക്കേണ്ടാത്ത, വേണ്ടുവോളം സമയം മണ്ണിനൊപ്പം ചെലവാക്കിയ, പട്ടണപ്പരിഷ്ക്കാരത്തിന്റെ കേളികൊട്ടു മുഴങ്ങാത്ത ആ കാലമാണ് മനസ്സിന്റെ അടിത്തട്ടില്‍ ഇന്നും പാകപ്പെട്ടു കിടക്കുന്നത്. മത്സരക്കാളകളുടെ പിന്നില്‍ തലയില്‍ കെട്ടും, കച്ചത്തോര്‍ത്തുമുടുത്ത്, ഒരു നീണ്ടു പരന്ന തടിക്കഷണം വെള്ളത്തില്‍ തൊടുന്ന ഭാഗത്തു ഘടിപ്പിച്ച പിടിയില്‍ (മരം) പിടിച്ചും കാളകള്‍ക്കൊപ്പം ഓടി നീങ്ങുന്ന മത്തായിയും, ചാക്കോയും, ദാവീദും, വേലപ്പനും ഹരം പിടിച്ചു് മതിമറന്ന് ഓടി ക്ഷീണിച്ചു വരുമ്പോള്‍ അവര്‍ക്ക് കള്ളും കപ്പപ്പുഴുക്കും ഒക്കെയായി കാത്തു നില്‍ക്കുന്ന ആളുകളുടെ ആരവാഘോഷം ! ജയിച്ചു വരുന്ന കാളകള്‍ക്കും ഉടയവനും സമ്മാനവര്‍ഷം! മരമടി മത്സരം കഴിയുമ്പോഴേയ്ക്കും പാടങ്ങളെല്ലാം കൃഷിയിറക്കാന്‍ നിരന്നു കഴിയും. പച്ചിലയും, ചാണകവും, ചാരവും, എല്ലുപൊടിയും വാരി വിതറി വീണ്ടും പൂട്ടിയടിച്ച പാടങ്ങളില്‍ ഞാറു നടുന്നതും ഒരു മേളം തന്നെയായിരുന്നു. മുട്ടറ്റം മുണ്ടും ജമ്പറും തലയില്‍ തോര്‍ത്തും അണിഞ്ഞ ചെറുമികള്‍ നിരയൊത്തു നിന്ന്് ഞാറ്റുപാട്ടു പാടി ഞാറു നടുന്ന കാഴ്ച ! അവരുുടെ തുടുത്ത സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വയല്‍വരമ്പത്തു നിന്ന് പണിയെടുപ്പിക്കുന്ന കുടചൂടിയ തമ്പ്രാക്കന്മാരുടെ മുഖത്തെ സംതൃപ്തി, ഒക്കെ ഇങ്ങിനി വരാത്ത സ്മരണകളായി. നിരയൊത്ത നെല്‍ച്ചെടികള്‍ പരന്നു കിടക്കുന്ന, പച്ചപ്പരവതാനി വിരിച്ച നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിന്റെ മധുരസ്പര്‍ശം , ആ നിര്‍മ്മല ഗന്ധം, സ്വര്‍ഗീയാനുഭൂതി തന്നെയായിരുന്നു. ഇളംകാറ്റില്‍ ആലോലമാടുന്ന നെല്‍ച്ചെടികള്‍, താന്‍പോരിമയോടെ നില്‍ക്കുന്ന ഇളം നെല്‍ക്കതിരുകള്‍ അന്ം അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്തും, സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന പാകമായ നെല്‍ക്കതിരുകള്‍ തലചായ്ച് വിനീതരായി നിലകൊള്ളുന്നതും , മനുഷ്യ ജീവിതത്തിന്റെ ബാല്യത്തിന്റെയും, അഹങ്കാരവും അഹംഭാവവും കലരുന്ന യൗവ്വനത്തിന്റെയും, പക്വതയെത്തിയ വാര്‍ദ്ധക്യത്തിന്റെയും പ്രതീകങ്ങളായി തോന്നിയിരുന്നു. കൊയ്ത്തുകാലം ഒരുത്സവം തന്നെയായിരുന്നു. യന്ത്രങ്ങളുടെ കാലൊച്ച കേള്‍ക്കാത്ത ഗ്രാമീണ പാടങ്ങളില്‍ ആവോളം വിയര്‍പ്പൊഴുക്കി ചെറുമനും ചെറുമികളും കൃഷിപ്പണികളും, കൊയ്ത്തും, കറ്റകെട്ടും, മെതിയും നടത്താറുണ്ടായിരുന്ന ആ കാലം ! വിളഞ്ഞു പഴുത്ത നെല്‍ക്കതിരുകള്‍ നിരയൊത്തുനിന്നു കൊയ്തു കറ്റകളാക്കി കെട്ടിയിട്ടു നീങ്ങുമ്പോള്‍ എങ്ങനെയാണ് ആ കറ്റകളെ തിരിച്ചറിയുന്നതെന്ന എന്റെ ബാലമനസ്സിലെ സംശയം പലപ്പോഴും സംശയമായിത്തന്നെ നിലകൊണ്ടു. കറ്റകള്‍ ചേര്‍ത്തുകെട്ടി വലിയ കെട്ടുകളായി, തലച്ചുമടായി കൊണ്ടുവന്ന്് ചാണകം മെഴുകി തറവാട്ടു മുറ്റത്തു തയ്യാറാക്കിയിരുന്ന കളിത്തറകളില്‍ അടുക്കിയിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കാലുകൊണ്ട ു കറ്റകള്‍ മെതിയ്ക്കുന്നതും, പതിര്‍ തൂറ്റി നീക്കി നെല്ലു കൂനയായി കൂട്ടിയിടുന്നതും, അതിനു വട്ടം കുട്ടികളൊക്കെ ഓടി നടന്നതും വൈക്കോല്‍ക്കൂനകള്‍ക്കിടയില്‍ കുട്ടികള്‍ ഒളിച്ചു കളിച്ചതും ഒക്കെ സുന്ദര സ്വപ്നമാണിന്നും. പുന്നെല്ലിന്റെ അരിയുടെ ചോറിന്റെ സ്വാദ്, ഒരനുഭൂതിയായിരുന്നു. കറ്റ മെതിച്ചു നെല്ലാക്കിത്തരുമ്പോള്‍ ആറില്‍ ഒന്ന്, എട്ടില്‍ ഒന്ന് എന്നൊക്കെ പതം അളന്നു കൊടുത്ത് കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്ന ദാവീദു മൂപ്പനായിരുന്നു തറവാട്ടിലെ കാര്യസ്ഥന്‍. രാവിലെ ഏഴുമണിയ്ക്കു മുമ്പ് ജോലിക്കെത്തുന്ന, കാരിരുമ്പിന്റെ കരുത്തും കരിവീട്ടിയുടെ കറുപ്പും ഉള്ള ദാവീദുമൂപ്പനെ പിതൃവാത്സല്യം തുളുമ്പുന്ന ആദരവേടെയാണ്് ഞാന്‍ കണ്ടികുന്നത്. ചുണ്ടില്‍ സദാ തത്തിക്കളിച്ച പുഞ്ചിരി, രാവിലെ അല്പം താമസിച്ചെത്തിയാല്‍ തമ്പുരാട്ടിയുടെയും തമ്പുരാന്റെയും മുഷിച്ചില്‍ കലര്‍ന്ന ശകാരം വകവയ്ക്കാതെ, തോര്‍ത്തുമണ്ടുടുത്ത്, തലപ്പാള ചൂടി , തോളത്തു കൂന്താലിയുമായി നടന്നു നീങ്ങുന്ന ആ രൂപം മായ്ച്ചാലും മായ്ക്കാത്ത ഒരു വിഗ്രഹം തന്നെയാണ്. ആത്മാര്‍ത്ഥതയുടെയും, കഠിനാഥ്വാനത്തിന്റെയും, സത്യസന്ധതയുടെയും ആ ആള്‍രൂപം കാലത്തിന്റെ ഏടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

മാതാപിതാക്കള്‍ മണ്‍മറഞ്ഞു, ചരടുപൊട്ടിയ മാലയിലെ മണികള്‍ പോലെ മക്കളെല്ലാം ചിതറി വിവിധ സ്ഥലങ്ങളിലായി, അടഞ്ഞ വാതിലുകളും അനാഥമായ മുറികളുമായി ശ്മശാന മൂകത തളം കെട്ടിയ തറവാടിന്റെ മുറ്റം വൃക്ഷങ്ങള്‍ പൊഴിയ്ക്കുന്ന കണ്ണീര്‍ക്കണങ്ങള്‍പോലെ പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ നിരന്നും, കദനഭാരത്താല്‍ സൂര്യദേവന്‍ പോലും തന്റെ രശ്മികളെ മറച്ചുവോയെന്നപോല്‍ പ്രകൃതി ഇരുളാര്‍ന്നുും കിടക്കുന്ന കാഴ്ചയില്‍ എന്റെ ഹൃദയം നുറുങ്ങി, ആ എകാന്തമായ തുരുത്തിലേക്ക് സുന്ദരസ്മരണകള്‍ തളം കെട്ടി നില്‍ക്കുന്ന ആ തളര്‍ന്ന തറവാട്ടിലേക്ക് ഒരു കൂടി നോക്കി, ഒരു തുള്ളി കണ്ണുനീര്‍ അവിടെ നേദിച്ചും, മണ്‍മറഞ്ഞുപോയ വന്ദ്യ മാതാപിതാക്കളെ ആരാധനയോടെ സ്മരിച്ചും, അവരുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നും തിരിച്ചു നടന്നു, വിതുമ്പുന്ന മനസ്സുമായ്.

എന്നെന്നുമെന്നുടെയന്തരാത്മാവിങ്കല്‍
ആനന്ദബാഷ്പം നിറച്ച്
സ്‌നേഹത്തിന്‍ കൈത്തിരിത്താലവുമായെന്നെ
മാടിവിളിക്കുന്നെന്‍ നാട്....

നന്ദി....നമസ്ക്കാരം.... 

Read more

എന്റെ ജന്മനാടിന്റെ അനാഥത്വം (ഭാഗം-3)

വര്‍ഷങ്ങളേറെക്കടന്നു ഞാനെത്തിയെന്‍
ഹര്‍ഷപ്രദീപ്തമമാം ഗ്രാമീണ ഭൂമിയില്‍
ചെറ്റക്കുടിലുകളങ്ങിങ്ങു കണ്ടിടാം
പുത്തന്‍മണിമേട യേറെയുയര്‍ന്നിട്ടും
നെല്ലും പതിരുമിടയ്ക്കിടെച്ചേര്‍ന്നപോല്‍
ഉല്ലസിക്കുന്നവ ഗ്രാമീണശാന്തിയില്‍.
വൃദ്ധരാമച്ഛനുമമ്മയും മാത്രമായ്
ഉത്തുംഗമായൊരാ മേടതന്‍ കോണിലായ്
മുറ്റത്തുണങ്ങും കപ്പയ്ക്കും റബ്ബറിനും
മുറ്റുമേ കാവല്‍ പോല്‍ എകാന്ത ചിത്തരായ്,
എന്നോ വെക്കേഷനു വന്നിടും മക്കളെ
സ്വപ്നത്തില്‍ കണ്ടങ്ങിരിയ്ക്കുന്ന കാഴ്ചയും,
കാളവണ്ടിയില്ല, നാട്ടാശാന്മാരില്ല
കാണുവാനില്ലേറെ വീരയുവാക്കളെ,
ചട്ടയും മുണ്ടുമേ പൊട്ടിനു മാത്രമായ്
കാട്ടുവാനായിട്ടേ കാണുവാനിന്നുള്ളു,
സാരിയും സാല്‍വാറും പാന്‍സും മിഡിയുമായ്
നാരീമണികളെന്‍ കൗതുകമാളിച്ചു.
നാല്‍ക്കവലേലാ ചുമടുതാങ്ങിയിന്നു
നോക്കുകുത്തിപോലനാഥമായ് നില്പഹോ !
ജീവിതചക്രത്തിരിച്ചിലിന്‍ മാസ്മരം
എവിധമിന്നെന്നെ മാറ്റിയെന്നാകിലും
എന്നെ ഞാനാക്കിയൊരെന്‍ ഗ്രാമ ചേതന
എന്നാത്മ തന്ത്രിയിന്‍ നിത്യമാം മര്‍മ്മരം.

കുളിര്‍കോരുന്ന ക്രിസ്ത്മസ് രാത്രിയില്‍ ചൂട്ടുകറ്റ മിന്നിച്ചു മൈലുകള്‍ അകലെയുള്ള ദേവാലയത്തിലേയ്ക്ക്, മുമ്പില്‍ നടന്നു നീങ്ങുന്ന മുതിര്‍ന്നവരുടെ പിന്നില്‍ നീങ്ങുന്ന കുട്ടികളുടെ ഉത്സാഹവും ആവേശവും, ദേവാലയത്തിലെത്തുമ്പോഴേയ്ക്കും ശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നതും, കുരുത്തോലകള്‍ ആഴിയില്‍ ഇടുന്നതിനുള്ള തത്രപ്പാടും, ക്രിസ്ത്മസ് രാവിലെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിയ്ക്കുന്ന പാലപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും കേക്കിന്റെയും കൊതിയുറുന്ന രുചിയും ഇടയ്ക്കിടെ ഓര്‍ത്തുകൊണ്ടുമാണ് കുട്ടികളായ ഞങ്ങള്‍ ദേവാലയത്തില്‍ സമയം കഴിച്ചു കൂട്ടുന്നതും,, ശുശ്രൂഷകളില്‍ യാന്ത്രികമായി അര്‍ത്ഥം മനസ്സിലാക്കാതെ പങ്കെടുത്തതും തേനൂറും ഓര്‍മ്മകളാണിന്നും.

വീടുനിറയെ കുട്ടികളും, അവരുടെ ബാല്യത്തിന്റെ ലളിതമായ ചാപല്യങ്ങളും, കൗതുകങ്ങളും, കൂട്ടംകൂടിയുള്ള കളികളും, അവര്‍ ഓടിക്കളിച്ച മുറ്റവും തൊടികളും ഒന്നോ രണ്ടോ കുട്ടികളുടെപോലും ശബ്ദം കേള്‍ക്കാനില്ലാതെ ഇന്നു കേഴുന്നു. കൃഷിയിടങ്ങള്‍ തരിശുഭൂമികളാകുന്നു. വീടുകള്‍ മിക്കവയും ആളില്ലാതെ പൂട്ടിക്കിടക്കുന്നു. പ്രതാപൈശ്വര്യങ്ങള്‍ വര്‍ണ്ണപ്രഭ വീശി നിന്ന ഔന്നത്യമാര്‍ന്ന തറവാടുകള്‍ വിജനമായും പ്രകാശമറ്റും ആളനക്കമില്ലാതെയും പ്രേതഭവനങ്ങള്‍ പോലെയും, ചിലവ മണ്‍കൂനകളായും കിടക്കുന്ന കാഴ്ച ഭയാനകം തന്നെ. കാല്‍നടക്കാരില്ലാതെ ഗ്രാമപാതകള്‍ നിര്‍ജ്ജീവമായും വിജനമായും കാണപ്പെടുന്നു. പൂട്ടും വിതയും കൊയ്ത്തും മെതിയും തമിഴ്‌നാടിനു തീറെഴുതിക്കൊടുത്തിരിക്കുന്നു. ഭാരിച്ച സ്ത്രീധനം അനേകം യുവതികളെ അവിവാഹിതരാക്കി നിര്‍ത്തുന്നു. ഒരുവശത്ത് സമൃദ്ധിയുടെ കേളികൊട്ട്, മറുവശത്ത് നിര്‍ദ്ധനതയുടെ അഗാഥ ഗര്‍ത്തം. കുട്ടികളുണ്ടാവാന്‍ തന്നെ സമയവും കാലവും നോക്കേണ്ടിയിരിക്കുന്നു. അണു കുടുംബങ്ങളില്‍ അമ്മൂമ്മക്കഥകളില്ല, കൊച്ചുമക്കള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ അമ്മൂമ്മമാര്‍ അടുത്തില്ല. തൊടികള്‍ കുഞ്ഞിക്കാലുകള്‍ ഓടാനില്ലാതെ തേങ്ങുന്നു. കിണറുകള്‍ വെള്ളം കോരാതെ നിശ്ചലമായി വിതുമ്പുന്നു. കുഞ്ഞിനു പാലുകൊടുക്കാന്‍ കൂടി അമ്മയ്ക്കു നേരമില്ല. ക്രഷും, നേഴ്‌സറിയും, കുപ്പിപ്പാലും നല്‍കുന്ന യാന്ത്രികത്വം കുഞ്ഞിനു ജന്മസുഹൃത്താകുന്നു.

തള്ളതന്‍ പാലു കുടിച്ചു വളരാത്ത
പിള്ളയ്ക്കു മാതൃവിചാരമുണ്ടാകൊലാ
പള്ളാട്, എരുമ ഇവറ്റതന്‍ പാലാണ്
പിള്ളാരിലുള്ള മൃഗീയതാ കാരണം.

ജനനം മുതലേ എക്‌സ്‌പോര്‍ട്ടു ക്വാളിറ്റിയായി (പുറം നാടുകളിലേയ്ക്ക് കയറ്റി
അയയ്ക്കാനായി) വളര്‍ത്തപ്പെടുന്നതിനാല്‍ കുട്ടികള്‍ക്കു കളിക്കാന്‍ നേരമില്ല, റ്റിയൂഷനൊഴിഞ്ഞ സമയമില്ല, കൊടും ചൂടിലും കോട്ടും കഴുത്തിറുക്കുന്ന ടൈയും, വിയര്‍ത്തൊലിക്കുന്ന സോക്‌സും ഷൂസും, ഭാരമേറിയ പുസ്തക ഭാണ്ഡവും പേറി തല്ലിപ്പഴുപ്പിച്ച ബാല്യങ്ങള്‍ക്ക് മുലപ്പാലും മാതൃഭാഷയും ഇന്നന്യമായി മാറിക്കൊണ്ടിരിക്കുന്നു. മലയാളം പഠിത്തം പഴഞ്ചനെന്ന മുന്‍വിധിയില്‍, മലയാളം സ്കൂളുകളില്‍ പഠിക്കാന്‍ കുട്ടികളില്ല, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ വന്‍കോഴ കൊടുത്തു പ്രവേശനം, നാഴികമണിയുടെ ചലനത്തിനൊത്തുള്ള പാച്ചിലില്‍ കഞ്ഞുങ്ങള്‍ ബാല്യചാപല്യങ്ങളനുഭവിക്കാതെ വളര്‍ന്നുപോകുന്നു. നാലക്ഷരം ഇംഗ്ലീഷു പഠിച്ചാല്‍ നാടു കടക്കാന്‍ വെമ്പുന്ന യുവതലമുറ, സ്വന്തം നാട്ടില്‍ കൈകൊണ്ടു മെയ് ചൊറിയാന്‍ മടിയ്ക്കുന്ന പുതുതലമുറ. വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കള്‍ മിക്കവരും പുറംനാടുകളിലേയ്ക്ക് ചേക്കേറുന്നു. നാടിന്റെ വീരയുവാക്കള്‍ അന്യനാടുകളുടെ ശക്തിസ്രോതസ്സാകുന്നു. നാല്‍ക്കവലകളിലെ ചായക്കടകളില്‍ ഉച്ചത്തിലുള്ള പത്രപാരായണം കേള്‍ക്കാന്‍ വട്ടത്തില്‍ ആള്‍ക്കൂട്ടമില്ല. തമ്പ്രാനും അടിയാനും ഓര്‍മ്മയായി. വഴിക്കവലകളിലെ ചുമടുതാങ്ങികള്‍ നോക്കുകുത്തികളായി. ക്രിസ്മസും, ഓണവും, വിഷുവും, തൃക്കാര്‍ത്തികയും റെഡി മൈഡ് പാക്കറ്റുകളിലായി. ഭവനങ്ങളില്‍ കുടുംബപ്രാര്‍ത്ഥന കറയുന്നു. വിവാഹ ജീവിതത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയുന്നു. വൃദ്ധനും, നരച്ച തലകളും, പല്ലില്ലാത്ത കവിളുകളും കാണ്‍മാനില്ല. മരണ ശേഷം മോര്‍ച്ചറികളില്‍ വയ്ക്കാത്ത ശവശരീരങ്ങള്‍ വിരളം. മരണത്തില്‍ കണ്ണുനീരും കരച്ചിലും അന്യം നിന്നുപോകുന്നു.

എഴുത്തുകാരും സാംസ്ക്കാരിക നായകന്മാരും ഒന്നുപോലെ ശബ്ദമുയര്‍ത്തുന്ന ഒരു വിഷയമാണ് കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും കൈമോശം വന്നുകൊണ്ടിരിക്കുന്നുവെന്നത്. നിര്‍ഭാഗ്യവശാല്‍ ഇവയെല്ലാം വനരോദനങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. കാരണം ആധുനികതയുടെ ആഡംബരങ്ങളില്‍ ഭ്രമിച്ചു കഴിയുന്ന ഒരു ജനതയ്ക്ക് അവരടെ പൈതൃകവും, ചരിത്രവും അന്വേഷിക്കാനും അതു സംരക്ഷിക്കാനും താത്പര്യമില്ല. വേഷം, ഭാഷ, ആചാരങ്ങള്‍, ജീവിതരീതി എല്ലാം പ്രതിദിനം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കുടുംബ ശിഥിലീകരണവും സമൂഹത്തില്‍ അശാന്തിയും വര്‍ദ്ധിച്ചുവരുന്നു.

ആഗോളവല്‍ക്കരണത്തിനിരയാകുന്നതില്‍ സാക്ഷര കേരളം മാത്രം മുന്‍പന്തിയില്‍ വരുന്നതിന്റെ കാരണം അന്ധമായ ആവേശത്തോടെ പാശ്ഛാത്യ ലോകത്തില്‍ (western world) നടക്കുന്ന തിന്മയുടെ മായാജാലങ്ങള്‍ മാത്രം അനുകരിക്കുവാന്‍ ഒരു തലമുറ തയ്യാറാകുന്നു. അങ്ങനെ വരുമ്പോള്‍ ആ സമൂഹത്തില്‍ അധഃപതനം ഉറപ്പാകുന്നു. നന്മ അപ്പോഴും വിജയിക്കുകയും അതിന്റെ ശക്തി കാലാകാലങ്ങളില്‍ നിലകൊള്ളുകയും ചെയ്യുന്നു. ഇന്നു കോണ്‍ക്രീറ്റു വനങ്ങള്‍ കൊണ്ടു നിറയുന്ന കേരളത്തിനു നഷ്ടപ്പെടുന്ന പ്രകൃതിസമ്പത്തിനെക്കുറിച്ചു് ആരെങ്കിലും ബോധവാന്മാരാകുന്നുണ്ടോ? 2025 ല്‍ ലോകം മുഴുവന്‍ കുടിനീര്‍പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരു ലോക സര്‍വ്വേയില്‍ പറയുന്നു. കായലും പുഴയും നികത്തി കെട്ടിടസമുച്ചയങ്ങള്‍ ഉയര്‍ത്തുന്നവര്‍ താല്‍ക്കാലികലാഭം നോക്കുമ്പോള്‍ വരുംതലമുറ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. വിസ്താരഭയത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. തെങ്ങോലകള്‍ പീലിവിടര്‍ത്തുന്ന, കായലോരങ്ങള്‍ കവിത പാടുന്ന, പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് പുഴകള്‍ ഒഴുകുന്ന, മല്ക്കും ആഴിയ്ക്കും ഇടയില്‍ കിടക്കുന്ന, മാവേലിപ്പാട്ടുപാടി ആമോദത്തോടെ ജനങ്ങള്‍ വസിച്ചിക്കുന്ന ആ സുന്ദര കേരളം അതു നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഓരോ മലയാളിയും പ്രതിബദ്ധത കാണിക്കണം. കേരളത്തിന്റെ പ്രകൃതിസൗന്ദര്യമാണ് സഞ്ചാരികളെ അവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.. അല്ലാതെ, അയ്യഞ്ചു സെന്റില്‍ പണിത കെട്ടിടങ്ങളും അടിമുടി അഴിമതിയും, ബന്ദും, ഹര്‍ത്താലും, ക്വട്ടേഷന്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന ഗുണ്ട ണ്ട ണ്ട ാക്കൂട്ടവും ഉള്ള ഒരു നാട്ടിലേയ്ക്ക് സഞ്ചാരികള്‍ വരികില്ലെന്നല്ല അവിടെ താമസിക്കുന്നവര്‍ പോലും വേറെ നാട്ടിലേയ്ക്ക് മാറി താമസിക്കാന്‍ ആഗ്രഹിക്കും.

ഇന്ന് പാക്കറ്റുകളില്‍ ലബിക്കുന്ന ഓണവും ക്രിസ്ത്മസും യാന്ത്രികമായി ഓര്‍മ്മകള്‍ പുലര്‍ത്തപ്പെടുന്നു. ദേവാലയങ്ങളില്‍ ആരാധനയ്ക്് ദൈര്‍ഘ്യം കൂടുതലെന്ന പരാതി. വൃദ്ധരായ മാതാപിതാക്കള്‍ ഒഴിഞ്ഞു കിട്ടാനുള്ള വേവലാതി. വൃദ്ധരായ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാദ്ധ്യതയായി മാറുന്നു, വിരലിലെണ്ണാന്‍ മാത്രം ഒന്നോ രണ്ടോ മക്കള്‍, അവരും വിദേശത്തും ആകുമ്പോള്‍ അനാഥരായ മാതാപിതാക്കള്‍ക്കിന്ന് വൃദ്ധസദനങ്ങളും ശരണാലയങ്ങളുമാണ് അഭയം, വേദനാജനകമായ ഈ അവസ്ഥയാണ് കേരളത്തിലെവിടെയും. ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവോ? അടുത്ത അയല്‍ക്കാരന്റെ പേരുപോലും ഇന്ന് അറിയുന്നുവേണ്ടാ? ഭവനത്തില്‍ പരസ്പരം സംസാരിക്കുവാന്‍ പോലും സാവകാശം ലഭിക്കാത്തതിനാല്‍ ബന്ധങ്ങള്‍ ഉലയുന്നുവോ? ദൈവത്തെപ്പോലും ഇഞ്ചിഞ്ചായി പകുത്തെടുത്ത് അവനവന്റെ ഇംഗിതമനുസരിച്ച് മത നാമങ്ങളില്‍ കുടുക്കുന്നതിനാല്‍ ഈശ്വരന്‍ പോലും ഭയന്ന് അകലുന്നുവോ? ഗ്രാമീണ ശാന്തിയും ലാളിത്യവും എവിടെയോ ഒലിച്ചു പോയോ? തോക്കും, കഠാരയും, മണ്ണെണ്ണയും, തീയും, പെണ്‍വാണിഭവും, ബലാല്‍സംഗവും, മാഫിയായും "ദൈവത്തിന്റെ സ്വന്തം നാടിന്റെ' മറയിടങ്ങളില്‍ പതിയിരിക്കുന്നതിനാല്‍ ‘God’s own country of crime’ എന്ന് ഒരു വിദേശപത്രം കേരളത്തെ വിശേഷിപ്പിച്ചപ്പോള്‍ കേരളത്തില്‍ നിന്നും പുറത്തു കടന്ന കൈരളീ മക്കള്‍ വേദനിക്കുന്നില്ലേ?
(തുടരും)

Read more

കേരളപ്പിറവി നാളുകളില്‍ എന്റെ ജന്മഗ്രാമം (ഭാഗം-2)

കൂട്ടുകുടുംബത്തില്‍ രണ്ടും മൂന്നും തലമുറകളുടെ തിക്കും തിരക്കും. വീടു നിറയെ കുട്ടികള്‍. ഭക്ഷണത്തിനു കൂടുതലും പച്ചക്കറികളും, അന്തിച്ചന്തയില്‍ നിന്നു വാങ്ങുന്ന മത്സ്യവും. പച്ചക്കറികള്‍ അധികവും അവനവന്റെ പറമ്പില്‍ കൃഷിചെയ്തവയും. മാംസാഹാരം വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളു, മിക്കപ്പോഴും ഞയറാഴ്ചകളില്‍ മാത്രം നാല്‍ക്കവലയിലെ കടയില്‍ കാളയിറച്ചി ആലിലയില്‍ പൊതിഞ്ഞു വാങ്ങാന്‍ കിട്ടും, ക്രിസ്മസിനും, ഉയര്‍പ്പു പെരുനാളിനും ഞങ്ങളുടെ വീടിനടുത്ത് കന്നുകാലികളെ അറുക്കുക ഒരു സംഭവമായിരുന്നു, ഒരു പങ്ക് (ഏകദേശം രണ്ടു കിലോ) ആണ്, രണ്ടു രൂപ വില, ആ ഇറച്ചി കറി വച്ചു കഴിക്കുമ്പോഴുള്ള രുചി ഇന്നും നാവിലൂറുന്നു. അമ്മ വച്ചു വിളമ്പിത്തരുന്നത് അടുക്കളയില്‍ നിരത്തിയിട്ട കുരണ്ടികളില്‍ ഇരുന്ന് സംതൃപ്തിയോടെ കഴിച്ചിരുന്നു. വീട്ടിലെ ആവശ്യത്തിനുള്ള പാലും മുട്ടയും വീട്ടില്‍ വളര്‍ത്തുന്ന പശുവും ആടും കോഴിയും നല്‍കിയിരുന്നു. ഇറച്ചിയ്ക്ക് വല്ലപ്പോഴും കോഴിയെ കൊന്ന് ഇറച്ചിക്കറി വയ്ക്കുന്നത് വലിയ രുചിയോടെ വീടു നിറയെയുള്ളവര്‍ ഭക്ഷിച്ചിരുന്നു. സ്ക്കൂള്‍ തുറക്കുമ്പോഴും ഓണത്തിനും ചിലപ്പോള്‍ പിറന്നാളിനും ഒക്കെ മാത്രമേ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നുള്ളൂ, വളരെ കുറച്ചു ജോഡി വസ്ത്രങ്ങള്‍ മാത്രമേ ഓരോരുത്തര്‍ക്കും അന്ന് ് ഉണ്ടായിരുന്നുള്ളു.

സന്ധ്യയ്ക്കു കൊളുത്തിവച്ച നിലവിളക്കിനരികില്‍ നിലത്തു വിരിച്ചിട്ട പായയില്‍ നിരന്നിരന്ന് ഉരുവിട്ട സന്ധ്യാപ്രാര്‍ത്ഥനയും രാമനാമജപവും സാന്ധ്യനീലിമയിലെ നീരലകളായി മാറ്റൊലിക്കൊണ്ടു. പിറന്നാള്‍പ്പായസം, ഓണസദ്യ, ക്രിസ്തുമസ്, വലിയ നോമ്പുവീടല്‍, കടമ്പനാട്ടു പള്ളിയിലെ പെരുനാള്‍, മലനട അമ്പലത്തിലെ ഉത്സവം, റംസാന്‍ ഒക്കെ ഗ്രാമത്തിന്റെ പൊതുവായ ഉത്സവമേളങ്ങളും, കുട്ടികളും വലിയവരും ആര്‍ത്തിയോടെ കാത്തിരുന്ന വിശേഷദിനങ്ങളുമായിരുന്നു. ഓണത്തിന് പത്തു ദിവസം മുമ്പ് അത്തം തൊട്ട് പൂക്കളമൊരുക്കല്‍, വീടിന്റെ മുറ്റവും വഴിയും ചെത്തിമിനുക്കല്‍, വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ഊഞ്ഞാലിടീല്‍, നെല്ലു പുഴുങ്ങി കുത്തി അരി തയ്യാറാക്കല്‍, നെല്ലു കുത്തിയെടുക്കുന്നത് വീട്ടിലെ ഉരലിലായിരുന്നു, ഓണത്തലേന്ന് ഉപ്പേരി വറുക്കലും ഒക്കെ ആയി ആ ഗ്രാമീണ അടുക്കളയില്‍ ഒരു ശബ്ദകോലാഹലം നിറഞ്ഞ തത്രപ്പാട്. എണ്ണ തേച്ച് ഓണക്കുളി, ഓണക്കോടി, ഓണ സദ്യ, അതു കഴിഞ്ഞുള്ള ഓണക്കളികളും ഒക്കെ എന്റെ ഗ്രാമത്തിന്റെ പൊതുവായ ആനന്ദാമൃത ലഹരിയായിരുന്നു. പുരമേയലും തുറുവിടീലും കൂട്ടര്‍ ഒത്തൊരുമിച്ചു നടത്തലും അതിനുശേഷമുള്ള സദ്യയൂണും ആഘോഷമായി നടത്തിയിരുന്നു. കാളപൂട്ടും, ഞാറുനടീലും, കളപറിക്കലും, കൊയ്ത്തും മെതിയും പകര്‍ന്നു നല്‍കിയ സൗഹൃദ സമുഹ സമ്മേളനം, കല്യാണത്തലേരാത്രികള്‍ ആഹ്ലാദത്തിമിര്‍പ്പോടെ ബന്ധുമിത്രാദികള്‍ കൂടി പകര്‍ന്ന മാധുര്യം, പരസ്പര സ്‌നേഹബഹുമാനാദരവുകള്‍ നിറഞ്ഞുനിന്ന കൂട്ടുകുടുംബങ്ങള്‍, ജീവിതത്തിന് ഊടും പാവും പകര്‍ന്നു.

ഗ്രാമത്തിലെ കുടിപ്പള്ളിക്കൂടങ്ങളും കുടിയാശാന്മാരും കുട്ടികളുടെ ബാല്യകാല വിദ്യാഭ്യാസം നടത്തിയിരുന്നു. നാട്ടാശാന്റെ കുടിപ്പള്ളിക്കൂടത്തിലെ മണലിലെഴുത്തും, ആശാന്റെ വടിയുടെ ചൂടും, അക്ഷരങ്ങള്‍ എഴുതിയ എഴുത്തോലക്കെട്ടും എല്ലാം എന്നും മങ്ങാത്ത സ്മരണകളാണ്്. കലാലയ വിദ്യാഭ്യാസം പലര്‍ക്കും മരീചികയായിരുന്നു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ അധികം പെണ്‍കുട്ടികളും നേഴ്‌സിംഗിനും, ആണ്‍കുട്ടികള്‍ മിലിട്ടറി, എയര്‍ഫോഴ്‌സ് തുടങ്ങി വലിയ ചെലവില്ലാതെ ജോലി ലഭിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്കുമായിരുന്നു യാത്ര.

അന്നു മാതാപിതാക്കള്‍ വടിയെ സ്‌നേഹിക്കാതെ മക്കളെ ശിക്ഷിച്ചിരുന്നു. അദ്ധ്യാപകരെ ആരാധനയോടെ നോക്കിയിരുന്നു. വീട്ടിലും സമൂഹത്തിലും ഉള്ള മുതിര്‍ന്നവരെ ബഹുമാനത്തോടെ സംബോധന ചെയ്തിരുന്നു. അവരവര്‍ വിശ്വസിച്ചു പ്രാര്‍ത്ഥിച്ചുപോന്ന പള്ളികളും അമ്പലങ്ങളും ഓരോരുത്തരുടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളായിരുന്നു. മതപരിവര്‍ത്തനത്തിന് ആരും ആരെയും വശീകരിച്ചിരുന്നില്ല. കര്‍ഷകയൂണിയനുകളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ അടിയാന്മാരും തമ്പ്രാന്മാരും ആത്മാര്‍ത്ഥതയോടെ കൃഷിയെ സ്‌നേഹിച്ചിരുന്നു. രാത്രിയില്‍ യാത്രയ്ക്കുവേണ്ടി ചൂട്ടുകറ്റകള്‍ മിക്ക വീടുകളിലും തയ്യാറാക്കി വച്ചിരുന്നു. മില്‍മായും ബൂത്തും ഒന്നും എത്തിനോക്കാഞ്ഞതിനാല്‍ കരിപ്പെട്ടിക്കാപ്പിയോടെ നേരം പുലര്‍ന്നു. രോഗത്തിന് ആയുര്‍വ്വേദവും സര്‍ക്കാരാശുപത്രിയും ആശ്വാസം നല്‍കി. സ്ത്രീകളുടെ പ്രസവം വീട്ടില്‍ത്തന്നെ വയറ്റാട്ടികളുടെ വിദഗ്ധ ശുശ്രൂഷയിലായിരുന്നു നടന്നിരുന്നത്. പാംപര്‍, ബേബിഫുഡ്, നഴ്‌സറി എന്നൊന്നും അന്നു കേട്ടിരുന്നില്ല. വീടിനരികെയുള്ള തോട്ടിലെ നീരാട്ട്, സ്ക്കൂളിലേയ്ക്ക് വാഴയിലയിലെ ചോറ്റുപൊതി, വയല്‍വരമ്പിലൂടെ നഗ്നപാദങ്ങളാല്‍ ദീര്‍ഘദൂരം നടത്തം, വിശപ്പോടുകൂടി ഭക്ഷണം, ഒരുമിച്ചുള്ള അത്താഴം, കഥപറച്ചില്‍, നിലത്തു വിരിച്ച പായിലോ പത്തായപ്പുറത്തോ കിടന്നു സുഖമായ ഉറക്കം ഒക്കെയിന്ന് ഗ്രാമത്തെ പട്ടണം ആദേശം ചെയ്തതോടുകൂടി അന്യം നിന്നുപോയി.

(തുടരും)

Read more

കേരളപ്പിറവി കാലത്തെ എന്റെ ജന്മഗ്രാമം (ഭാഗം-1)

കാലങ്ങള്‍ കഴിയുന്തോറും പരിണാമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഇത് അനിവാര്യമാണല്ലോ ! അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കേരളത്തിന്റെ പ്രകൃതി രമണീയമായ ശാലീന സൗന്ദര്യം എവിടെയോ കൈമോശംവന്നുവോ? 1956 നവംബര്‍ 1 -ന് തിരുവിതാംകൂര്‍, കൊച്ചി , മലബാര്‍, എന്നീ മൂന്ന ഭാഗങ്ങളായി വിഭജിച്ചു കിടന്നിരുന്ന ദേശങ്ങള്‍ യോജിച്ചു കേരളം രൂപീകൃതമായി. ഈ 60 വര്‍ഷങ്ങളിലൂടെ കേരളം വളരെയധികം മാറിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍, ഐ ടി മേഖലയില്‍, ഗ്രാമത്തിന്റെ കെട്ടിലും മട്ടിലും, വിദേശത്തേക്കുള്ള ആളുകളുടെ കുത്തൊഴുക്കില്‍, ഭാഷ, സംസ്ക്കാരം, വസ്ത്രം എന്നിവയിലും, കൂടാതെ അന്യസംസ്ഥാനത്തൊഴിലാളികളുടെ അധിനിവേശം, എല്ലാം തന്നെ കേരളത്തിന്റെ മുഖഛായ വളരെയേറെ മാറ്റിക്കളഞ്ഞിരിക്കുന്നു. വിദേശപ്പണത്തിന്റെ വരവു വളരെയേറെ വര്‍ദ്ധിച്ചു, ഗ്രാമശ്രീ നഷ്ടപ്പെട്ടു പോയ എന്റെ ഗ്രാമം ഇപ്പോള്‍ ആധുനികതയുടെ പേക്കോലം പോലെ മാറിയപ്പോള്‍ വിലപിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ! കീടനാശിനിയില്‍ മുക്കിയെടുത്ത പച്ചക്കറികള്‍, മാലിന്യം നിറഞ്ഞ പുഴകള്‍ പരത്തുന്ന മാരകരോഗങ്ങള്‍, കുഴല്‍ക്കണറുകള്‍ ഭൂഗര്‍ഭജലം ചോര്‍ത്തുന്നതിനാല്‍ വെള്ളമറ്റ കിണറുകള്‍, ലോറിയില്‍ എവിടെനിന്നോ കയറ്റിവിടുന്ന വിഷലിപ്തമായ കുടിവെള്ളം എന്നിങ്ങനെ അനേകവിധം മാറ്റങ്ങള്‍ എന്റെ ജന്മനാടിന്റെ പച്ചയാം വിരിപ്പിനെ ഇന്നു വികീര്‍ണ്ണമാക്കിയിരിക്കുന്നു.

എന്റെ കുട്ടിക്കാലത്ത് (1950 കളില്‍) എന്റെ ഗ്രാമം വളരെ ചെറിയ ഒരു ലോകമായിരുന്നു. കാടും, മേടും, പൊടിയും ചെങ്കല്ലും നിറഞ്ഞ വഴിത്താരകളും, പാടവും പുഴകളും, പൂജവയ്പും, പൂവിളിയും, പടയണിയും, പൂത്തിരുവാതിരയും കേളികൊട്ടിയിരുന്ന കടമ്പനാട് എന്ന ശാന്തസുന്ദരമായ ഗ്രാമാരാമം. പ്രഭാതം മുതല്‍ പ്രദോഷം വരെ പാടത്തും പറമ്പിലും തോര്‍ത്തുമുണ്ടുടുത്ത് തലപ്പാളയും വച്ചു പണിയെടുക്കുന്ന പുലയ ആണാളും, മുണ്ടും ജമ്പറും തലയില്‍ തോര്‍ത്തും കെട്ടിയ പെണ്ണാളും. ജോലിക്കാര്‍ക്ക് തമ്പ്രാന്റെ വീട്ടില്‍ നിന്നുമാണ്് ഭക്ഷണം. രാവിലെ കിണ്ണത്തില്‍ കഞ്ഞിയും കപ്പപ്പുഴുക്കും, ഉച്ചയ്ക്ക് കപ്പയും ചോറും ഒന്നോ രണ്ടോ കറികളും, വൈകിട്ടു കാപ്പിയൊന്നം പതിവില്ല. ഒരു ദിവസത്തെ കൂലി എട്ടണ, പെണ്ണാളര്‍ക്ക്് നാലണയും. വീടിനു പുറത്തുള്ള വരാന്തയിലിരുത്തിയാണ് ഭക്ഷണം. നെല്ലു വിളഞ്ഞു കിടക്കുന്ന പാടശേഖരങ്ങള്‍, ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന വിളകള്‍ നിറഞ്ഞ തൊടികള്‍, പഴുത്ത ചക്കയും, മാങ്ങയും, അയണിച്ചക്കയും ഒരുക്കിത്തന്ന മാധുര്യം എല്ലാം ഇന്നും കിനാവുകളായി തത്തിക്കളിക്കുന്നു. ഓടിട്ട വീടുകള്‍ വിരളമായിരുന്നു. ചാണകം മെഴുകിയ ഒന്നോ രണ്ടോ കിടപ്പുമുറികള്‍, ചെറിയ അടുക്കള, ഒരു ചെറിയ പൊതുവായ മുറി, ഒരു തിണ്ണ, ഒന്നോ രണ്ടേ കട്ടിലുകള്‍, സോഫായൊന്നുമില്ല, ഒന്നോ രണ്ടോ സ്റ്റൂളുകള്‍, തടിബഞ്ചുകള്‍, ചില ഭവനങ്ങളില്‍ തടിയില്‍ തുണി കോര്‍ത്ത ഒരു ചാരുകസേര, എന്നിവയടങ്ങിയ ഓലമേഞ്ഞ പുരകളുടെ മുകളിലൂടെ വെളുപ്പിനുയരുന്ന വെളുത്ത പുകപടലം, ഒക്കെയായിരുന്നു ഒരു സാധാരണ ഗ്രാമീണ ഭവനത്തിന്റെ കെട്ടും മട്ടും. തടിയില്‍ തീര്‍ത്ത അറയും നിരയും, നിലവറയും, അകത്തളങ്ങളും ഇരുളടഞ്ഞ മുറികളും, മച്ചും, വലിയ അടുക്കളയും, പത്തായപ്പുരയും, നടുമുറ്റവും, നെല്ലറകളും, കളീലും, കന്നുകാലികളെ കെട്ടാനുള്ള എരിത്തിലും, നീണ്ടു പരന്നു കിടക്കുന്ന മണല്‍മുറ്റവും, പടിപ്പുരയും, പ്രാവിന്‍കൂടും, പരിചാരകരും ഒക്കെ അടങ്ങുന്ന വലിയ തറവാടുകളും എന്റെ ഗ്രാമത്തിന്റെ പ്രൗഢത വിളിച്ചേുതുന്നവയായിരുന്നു.

ഇന്ന് ആ തറവാടുകള്‍ നാമാവശേഷമായി, കുടിലുകള്‍ മിക്കവയും കോണ്‍ക്രീറ്റു കെട്ടിടങ്ങളായി. തമ്പ്രാനും അടിയാനും എന്ന അന്തരം അലിഞ്ഞില്ലാതെയായി. ഓഛാനിച്ചു നില്‍ക്കുന്ന പരിചാരകവൃന്ദം ഓര്‍മ്മയില്‍ നിന്നു പോലും മാഞ്ഞുപോയി. അന്ന് വിദൂരദേശങ്ങളായ സിംഗപ്പൂര്‍, പേര്‍ഷ്യ, അമേരിക്ക തുടങ്ങിയ കണ്ണും കാലും എത്താത്ത ദേശങ്ങളെപ്പറ്റി വിരളമായേ ഞാന്‍ കേട്ടിരുന്നുള്ളു. വര്‍ത്തമാനപ്പത്രങ്ങളും സുലഭമായിരുന്നില്ല. ടാറിടാത്ത റോഡുകള്‍, ചെരുപ്പിടാത്ത കാലുകള്‍, ബസുകളുടെ ദൗര്‍ലഭ്യം മൂലം വിയര്‍ത്തൊലിച്ചു നടന്നുനീങ്ങുന്ന, ഒറ്റമുണ്ടും തോളില്‍ തോര്‍ത്തും, മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും, ധരിച്ച പുരുഷന്മാര്‍, കാല്‍നടക്കാര്‍, തലച്ചുമടുകാര്‍, ഗ്രാമീണ വേഷത്തില്‍ (മുണ്ടും റൗക്കയും) സ്ത്രീജനങ്ങള്‍, മുണ്ടും ചട്ടയും നേരിയതും ധരിച്ച നസ്രാണിനികള്‍, പാവാടയും ബ്ലൗസും അണിഞ്ഞ് ഈറന്‍ മുടിത്തുമ്പില്‍ തളസിക്കതിര്‍ ചൂടിയ തളിര്‍ യൗവ്വനക്കാര്‍, സാരി ധരിച്ച ചുരുക്കം യുവതികള്‍, വള്ളിനിക്കറിട്ട് കളിപ്പന്തും വട്ടും കളിക്കുന്ന കൗമാരക്കാര്‍, നിക്കറും അരക്കയ്യന്‍ ഷര്‍ട്ടും ധരിച്ച സ്കൂള്‍ ആണ്‍കുട്ടികള്‍, കുളക്കടവിലും ആറ്റുവക്കിലും അരങ്ങേറുന്ന മുലക്കച്ച കെട്ടിയ തരുണീമണികളുടെ കുളിരംഗങ്ങള്‍, കൗമാര നീരാട്ടങ്ങള്‍, കുടമണി തൂക്കിയ കാളകള്‍ വലിയ്ക്കുന്ന കാളവണ്ടികളുടെ ഘടഘടാരവം, കാളവണ്ടിയില്‍ കൃഷിസാധനങ്ങളുമായി വളരെ ദൂരം യാത്രചെയ്തും, തലച്ചുമടുമായി നടക്കുന്നവര്‍ ക്ഷീണിയ്ക്കുമ്പോള്‍ വഴിവക്കിലെ ചുമടുതാങ്ങിയില്‍ ചുമടിറക്കി ആശ്വസിക്കല്‍, ആഴ്ചച്ചന്തകളിലേക്കുള്ള ഗ്രാമീണരുടെ ദീര്‍ഘയാത്ര, ഒക്കെ എന്റെ ഗ്രാമീണ പരവതാനിയിലെ വര്‍ണ്ണരാജികളായിരുന്നു. നാല്‍ക്കവലയിലെ ചായക്കടയില്‍ ഒത്തുകൂടി ജാതിമതേേഭദമെന്യേയുള്ള സൗഹൃദം പങ്കുവയ്ക്കല്‍, അക്കൂട്ടത്തിലുള്ള അക്ഷരാഭ്യാസിയുടെ ഉച്ചത്തിലുള്ള പത്രവായന, മലമുകളിലെ അമ്പലത്തിലെ പ്രഭാതകീര്‍ത്തനം, ക്രിസ്തീയ ദേവാലയത്തിലെ സാന്ദ്രമണിനാദം, മുസ്ലീംദേവാലയത്തിലെ വാങ്കുവിളി, ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഗ്രാമാതിര്‍ത്തിയിലെ റോഡില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കല്‍ക്കരി കൊണ്ടോടിച്ചിരുന്ന, വശങ്ങള്‍ തുറന്ന, ടാര്‍പ്പൊളിന്‍ തൂക്കിയ ബസുകള്‍, ആഴ്ചയിലൊരിക്കല്‍ ആകാശത്തു മിന്നിമറയുന്ന കൊച്ചു വിമാനം കാണുവാന്‍ ആര്‍ത്തിയോടെ മുറ്റത്തേയ്ക്കുള്ള കുതിപ്പ്, ഒക്കെ ഇന്നു ഭൂതകാലത്തിന്റെ ചവറ്റു കുട്ടയില്‍ മുങ്ങിക്കഴിഞ്ഞു. കൈവിരലിലെണ്ണാന്‍ മാത്രമുള്ള പരുത്തിവസ്ത്രങ്ങള്‍ ശനിയാഴ്ച സോപ്പിട്ടലക്കി ഉണക്കിയെടുത്തു ധരിച്ച് നാഴികകള്‍ നടന്നുള്ള വിദ്യാലയ തീര്‍ത്ഥയാത്ര, ഞായറാഴ്ചകളിലെ ദേവാലയ തീര്‍ത്ഥാടനം, അവധിക്കാലങ്ങള്‍ക്കുവേണ്ടി ആര്‍ത്തിയോടെയുള്ള കാത്തിരുപ്പ്, അവധിക്കാലം വരുമ്പോള്‍ ചെരിപ്പിടാത്ത പിഞ്ചുകാലുകള്‍ പെറുക്കിവച്ച്് ദീര്‍ഘദൂരം നടന്നും ബസുകേറിയും അമ്മവീട്ടില്‍പ്പോകാനും പുത്തനുടുപ്പു കിട്ടാനും ഉള്ള തിക്കല്‍, ഒക്കെയും എന്നുും മധുരിക്കുന്ന കിനാവുകളായിരുന്നു. റ്റി.വി. ഇല്ലാത്തതിനാല്‍ വീട്ടില്‍ മാതാപിതാക്കളും കുട്ടികളുമൊത്തുസന്ധ്യയ്ക്കു വട്ടംകൂടി കഥപറഞ്ഞിരിക്കാന്‍ ധാരാളം സമയം. വൈദ്യുതിയും പൈപ്പുവെള്ളവും എത്തിനോക്കാത്ത ഗ്രാമത്തില്‍ ഓട്ടുപാത്രങ്ങള്‍ ചാരംതേച്ചു മിനുക്കി വെളുപ്പിനു തന്നെ വെള്ളംകോരി നിറച്ചിരുന്നു. സന്ധ്യയ്ക്കു കൊളുത്തി വച്ച നിലവിളക്കുകളാല്‍ ഗ്രാമസന്ധ്യകള്‍ പ്രകാശമാര്‍ന്നു. ഓരോ കുഞ്ഞിനും അതിനു ചെയ്യാവുന്ന ജോലി ഉണ്ടായിരുന്നു. ആടിനെ തീറ്റുക മുതല്‍ വീട്ടു ജോലികള്‍ കുട്ടികളുടെ പ്രായമനുസരിച്ചു വിഭജിച്ചു കൊടുത്തിരുന്നു. മണ്ണെണ്ണ ഒഴിച്ചു കത്തിയ്ക്കുന്ന മുനിഞ്ഞുകത്തുന്ന തകരവിളനും ഓട്ടുവിളനും നല്‍കിയ മങ്ങിയ വെളിച്ചത്തിലായിരുന്നു അത്താഴം കഴിക്കലുംകു ട്ടികളുടെ പഠിത്തവും സന്ധ്യാപ്രാര്‍ത്ഥനയും എല്ലാം. സന്ധ്യാനേരം പ്രാര്‍ത്ഥനാ മന്ദ്രധ്വനിയില്‍ എന്റെ ഗ്രാമാന്തരീക്ഷം മുഖരിതമായിരുന്നു. അല്പം സാമ്പത്തിക സൗകര്യമുള്ള വീടുകളില്‍ റേഡിയോ ഉണ്ടായിരുന്നു, അതിനു ചുറ്റും വിരളമായി ലഭിക്കുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ആവേശത്തോടെ അയല്‍ക്കാര്‍ കൂടിയിരുന്നു.

(തുടരും)

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC