എ. സി. ജോര്‍ജ്

അഖിലലോക പ്രണയദിനവും മലയാളികളും ചില ശിഥിലചിന്തകള്‍

ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധനമുറകളുമായി പ്രണയ ഗോദയിലെത്തുന്ന കാമുകി കാമുകന്മാര്‍ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നല്‍കുന്നത്. വിവാഹിതരായോ അവിവാഹിരായോ കഴിയുന്ന കാമുകി കാമുകന്മാര്‍ക്കും ഓര്‍ക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ട സ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് നല്‍കുന്നത്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റുവാങ്ങുവാനുമുള്ള ഒരു കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരല്പം നര്‍മ്മത്തില്‍ ചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവര്‍ണ്ണ മര്‍മ്മശകലങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. 

പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക്‌സമുദ്രത്തേക്കാള്‍ ആഴമുള്ളതും അറ്റ്‌ലാന്റിക് സമുദ്രത്തേക്കാള്‍ പരന്നതും വിസ്തീര്‍ണ്ണമുള്ളതുമാണ്. നൈമിഷികവും ഒരു താല്ക്കാലിക ആനന്ദമോ ഹോബിയോ എന്നപോലെ പ്രണയിക്കാനോ, ചാന്‍സു കിട്ടിയാല്‍ രമിക്കാനോ തക്കം നോക്കി നടക്കുന്ന ചില അഭിനവ പൂവാലന്മാരെപ്പറ്റിയുള്ള ഒരു സിനിമാഗാനം ഈ ലേഖകന്റെ മനസ്സില്‍ ഓടിയെത്തുന്നു. 

'സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം
ഒരു പെണ്‍മണി വഴിയേ നടന്നുപോയാല്‍ ഇടക്കഴുത്തിനു പിടിവാതം
പിന്നിലൊരുത്തി നടന്നുവരുമ്പോള്‍ പിടലിക്കൊരു തളര്‍വാതം
കണ്ണും കണ്ണും ഇടഞ്ഞുകഴിഞ്ഞാല്‍ കരളിനകത്തൊരു കുയില്‍നാദം'

എന്നാല്‍ അഭിനവ പൂവാലികളെപ്പറ്റി തിരിച്ചും സിനിമാഗാനങ്ങളുണ്ടാകാം. പ്രണയ-പ്രേമ സങ്കല്പങ്ങലോ പ്രകനങ്ങളോ ഓരോകാലഘട്ടത്തിലും വ്യത്യസ്തമാണ്. ഈ ലേഖകന്റെയൊക്കെ ചെറുപ്പകാലത്ത് ഒരു പരിധിവരെ പ്രണയവും പ്രേമവും അതുവഴിയുള്ള കണ്ടുമുട്ടലുകളും ചേഷ്ടകളും മുഖ്യധാരാ സമൂഹത്തിന് അത്ര സ്വീകാര്യമായിരുന്നില്ല. അന്നധികവും രഹസ്യ പ്രണയബന്ധങ്ങളായിരുന്നു. അന്ന്കമിതാക്കള്‍ അതീവരഹസ്യമായാണ് പ്രേമാഭ്യര്‍ത്ഥന നടത്തുകയോ പ്രണയകത്തുകളോ ലേഖനങ്ങളോ കൈമാറിയിരുന്നത്. തിരിച്ചറിവില്ലാത്ത കുട്ടികള്‍ വഴിയോ, ബുദ്ധിവളര്‍ച്ചയെത്തിയിട്ടില്ലാത്ത പൊട്ടന്മാരെയോ പൊട്ടികളെയോ മുഖാന്തിരം പ്രണയകത്തുകളും ദൂതുകളും പ്രണയിതാക്കള്‍ പരസ്പരം കൈമാറി. അക്കാലങ്ങളില്‍ ഇറങ്ങിയിരുന്ന സിനിമകളിലെല്ലാം ഇത്തരംരംഗങ്ങള്‍ ധാരാളമായിട്ടുണ്ടായിരുന്നു. പ്രേമ ലേഖനം അല്ലെങ്കില്‍ പ്രണയലേഖനം എഴുതുക എന്നത് ചില കോളേജ് കുമാരി കുമാരന്മാര്‍ക്ക് വളരെ ദുര്‍ഘടം പിടിച്ച പണിയായിരുന്നു. 

എന്നാല്‍ ചിലര്‍ക്ക് അത് വളരെ എളുപ്പവും മനസ്സിന് ആഹ്ലാദവും കുളിര്‍മ്മയും പകരുന്ന ഒരു പരിപാടിയായിരുന്നു. ഓരോകാലത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോകാലത്തേയും സിനിമയും സിനിമാ അനുഭവങ്ങളും എന്നു സൂചിപ്പിച്ചല്ലോ. ലൗലെറ്റര്‍ -പ്രണയലേഖനം എങ്ങനെ എഴുതാമെന്ന് അത്ര അറിവില്ലാത്ത ഒരു സിനിമാകഥാ നായിക പാടുകയാണ് 'പ്രിയതമാ.... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം ..... പുളകം ചൂടുംമാറിടമാകെ പ്രേമലോലുപ നീവരുമോ.... പിന്നീട് പ്രേമലോലുപനായ നായകന്‍ മറ്റൊരിക്കല്‍ പാടുകയാണ്' സ്വര്‍ണ്ണത്താമരയി തളിലുറങ്ങും കന്യതപോവന കന്യകേ... ആരുടെ അനുരാഗമല്ലിക നീ... ആരുടെ സ്വയംവര കന്യക നീ... ചൂടാത്ത നവരത്‌ന മണിപോലെ ചുംബനമറിയാത്ത പൂപോലെ... ' ഏതായാലും അന്നത്തെ പ്രണയകമിതാക്കളുടെ പ്രണയലേഖനങ്ങളില്‍ തിരഞ്ഞെടുത്ത നല്ല മധുരമുള്ള ത്രസിപ്പിക്കുന്ന തുടിപ്പിക്കുന്ന ഹൃദയ ഹാരിയായവാക്കുകളും വാചകങ്ങളും അഭിസംബോധനകളും നിറഞ്ഞുനിന്നു. 

'എന്‍ പ്രണയപ്രാണേശ്വരി, പ്രാണേശ്വരാ, ഇഷ്ടപ്രാണേശ്വരി, നിന്‍ അധരം മധുരോദാരം.. മാതളകനിയേ... പൂവിതറും നിന്‍ പൂപുഞ്ചിരി, നിന്‍ ശ്വാസ നിശ്വാസങ്ങള്‍ക്കും സുഗന്ധം. കെട്ടിപിടിച്ചൊരുശീല്‍ക്കാര മധുരചുംബനം നിന്‍... ആപാദചൂഢം അര്‍പ്പിക്കട്ടെ..... നനവിന്റെ കനിവിന്റെ മുത്താരം മുത്തെ.. എന്റെ കള്ളിച്ചെല്ലമ്മേ... ഒരു താമരവള്ളിയായ് എന്‍ മെയ് ആകസകലം പടര്‍ന്നു പന്തലിച്ചെന്നെ മാറോടു ചേര്‍ത്തു പുല്‍കൂ... എന്‍ സ്വപ്നഗായികേ എന്‍ സ്വപ്നനാഥ തുടങ്ങിയ ആയിരമായിരം പ്രേമ-പ്രണയാലങ്കാരിക പദങ്ങളാല്‍ വളരെ സങ്കീര്‍ണ്ണവും സമ്പന്നവുമായിരുന്നു അന്നത്തെ പ്രേമ പ്രണയലേഖനങ്ങളും സിനിമ-നാടക അനുഭവങ്ങളും പ്രേമ..പ്രണയഗാനങ്ങളും. 

'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവെ.. മെയ്യില്‍പാതി പകുത്തുതരൂ.. മനസ്സില്‍പാതി പകുത്തുതരൂ... മാന്‍കിടാവെ... ' ഇപ്രകാരമുള്ള പ്രേമാഭ്യര്‍ത്ഥന ഗാനങ്ങളില്‍ ആരാണ് വീഴാത്തത്. പകല്‍ മാന്യന്മാരും മാന്യകളുമായ സദാചാരപോലീസുകാര്‍ ഗുണ്ടകള്‍ അന്ന് ഇന്നത്തേക്കാള്‍ കൂടുതലുണ്ടായിരുന്നു. പരമപ്രധാനമായൊരു യാഥാര്‍ത്ഥ്യം പ്രണയത്തെ ഭയപ്പെട്ടിരുന്നവര്‍ക്കും, പ്രണയം പാപമാണ് അധര്‍മ്മമാണ് എന്ന് ധരിച്ചിരിന്നവരും അല്ലെങ്കില്‍ പ്രണയിക്കാന്‍ ധൈര്യമോ, ചങ്കുറപ്പോ, സാഹചര്യമോഇല്ലാത്തവരായിരുന്നു അന്ന് അധികവും. യാതൊരുലക്കും ലഗാനവുമില്ലാത്ത അനിയന്ത്രിത സ്വാര്‍ത്ഥ താല്പര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന അധാര്‍മ്മിക പ്രണയങ്ങളോ, പ്രണയകുരുക്കുകളോ നിയന്ത്രിക്കേണ്ടത് ഓരോസമൂഹത്തിന്റെയും കെട്ടുറപ്പിനും ആരോഗ്യകരമായ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന കാര്യം കൂടി ഈയവസരത്തില്‍സ്മരിക്കുന്നു. 

എന്നാല്‍ ഇന്ന് കാലവും കോലവും മാറി. പ്രണയത്തിനും പ്രേമത്തിനും അല്പംകൂടി തുറന്ന മനസ്ഥിതിയും സ്വീകാര്യതയു ംവന്നു. ഇന്ന് ആരേയും പേടിച്ച് പാത്തും പതുങ്ങിയും പ്രണയാഭ്യര്‍ത്ഥനകള്‍ നടത്തേണ്ടതില്ല. പ്രായപരിധിയും സ്വന്തംകാലില്‍ നില്‍ക്കാനുള്ളവരുമാനവും തന്റേടവുമുണ്ടെങ്കില്‍ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെ ആര്‍ക്കും ആരേയും നിയമാനുസൃതമായി പ്രേമിക്കാം പ്രണയിക്കാം. നിയമസാധുതയും പരിരക്ഷയുമുണ്ടെങ്കില്‍ ചില പ്രഖ്യാതങ്ങളോ, അപ്രഖ്യാതങ്ങളോ ആയ കുല-മത, ആചാരങ്ങളെയോ വിലക്കുകളെയോ വകവയ്ക്കാതെ തന്നെ കമിതാക്കള്‍ക്ക് സ്വതന്ത്രമായി പ്രണയിക്കാം. പലയിടങ്ങളിലും പ്രണയ-പ്രണയിനികള്‍ക്ക് വിവാഹം പോലുംകഴിക്കാതെ ഒരുമിച്ച് താമസിക്കുവാന്‍ യാതൊരു വിലക്കുകളോ പ്രയാസങ്ങളോ ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഒരുപക്ഷേ വിവാഹിതരല്ലാത്ത പ്രണയമിഥുനങ്ങള്‍ സദാചാരഗുണ്ടകളെയോ തീവ്രമതഫണ്‍ടമലിസ്റ്റുകളാലോ പിടിക്കപ്പെടാം, അക്രമിക്കപ്പെടാം എന്നാല്‍ നിങ്ങള്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ ഒരു യഥാര്‍ത്ഥ പോലീസിനെയോ, സദാചാര പോലീസിനെയോ ഇന്ത്യയില്‍ പേടിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക് അവിടെ അനിയന്ത്രിത പ്രണയവും പ്രണയവാണിഭങ്ങളും അനാശാസ്യവും നിര്‍ഭയം നടത്താം. അഥവാകുടുങ്ങിയാല്‍ നിര്‍ഭയം ഊരിപ്പോരുകയും ചെയ്യാം. അവിടെ പണവും സ്വാധീനവും ഇല്ലെങ്കില്‍ വിവാഹേതര പ്രണയകുരുക്കില്‍പ്പെട്ടാല്‍ നിങ്ങള്‍കുടുങ്ങിയതുതന്നെ. ഇത്തരംഅവിഹിത പ്രണയ പൊട്ടക്കിണറ്റില്‍ വിചാരിതമായിട്ട് അവിചാരിതമായിട്ട്കുറച്ച് അമേരിക്കന്‍ മലയാളികള്‍വീണുകിടന്ന് ചക്രശ്വാസംവലിക്കുന്നതായി ഈ ലേഖകനറിഞ്ഞു. 

ഗ്ലോബലൈസേഷനും വിവരസാങ്കേതികവിദ്യയുടെ വിപ്ലവാതീതമായ മാറ്റവും വളര്‍ച്ചയും വന്നതോടെ പ്രണയബന്ധങ്ങളും സങ്കല്പങ്ങളും തല്‍സംബന്ധിയായ സന്ദേശങ്ങളും ആര്‍ക്കും എവിടേയും ആകാം എന്ന ഒരു പരുവത്തിലായി. ദേശജാതി-മത-വര്‍ഗ്ഗ അതിരുകളില്ലാത്ത സുഗമമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് സോഷ്യല്‍മീഡിയായില്‍ക്കൂടെ ഇപ്പോള്‍ലഭ്യമായിരിക്കുന്നത്. ആഗോളമലയാളികളുടെ തന്നെ പ്രണയസങ്കല്പങ്ങളും പ്രണയസന്ദേശങ്ങള്‍ക്കും മറ്റെവിടെയുമെന്നപോലെ മാറ്റവും പരിണാമവും സംഭവിച്ചു. ആലങ്കാരിക സാഹിത്യഭാഷയിലുള്ള പ്രേമ-പ്രണയ-ലേഖനങ്ങള്‍ക്കോ ഗാനങ്ങള്‍ക്കോ ഇന്ന് അധികം പ്രസക്തികാണുന്നില്ല. കുത്തിയിരുന്ന് ആലോചിച്ച് പ്രണയലേഖനം എഴുതാന്‍ ആര്‍ക്കുംസമയമില്ല. പഴയ ഒരു തമിഴ്‌സിനിമയില്‍ സുമുഖനായ നായകന്‍ പാടുന്നപോലെ 'കാതലിക്കാന്‍ നേരമില്ലൈ കാതലിക്കാന്‍ ആരുമില്ലൈ'. അതായത് ചിലര്‍ക്ക് പ്രേമിക്കാന്‍ നേരമില്ല. അതുപോലെ പ്രേമിക്കാന്‍ ആരുമില്ലതാനും. അതിനാല്‍ ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയായില്‍ കൂടികാണുന്ന പലര്‍ക്കും ഒരു ലൈക്കോ ഒരു ലൗവ്വോ അടിച്ചോ ചിലചിഹ്നങ്ങളില്‍ കൈഅമര്‍ത്തിയോ നിമിഷനേരം കൊണ്ട് ലൗ അല്ലെങ്കില്‍ പ്രണയ ഇഷ്ട അനിഷ്ട സന്ദേശങ്ങള്‍ കൈമാറുന്നു. കോളേജ് ക്യാമ്പസുകളിലാണെങ്കില്‍ ഒരുതരംകൂട്ട പ്രണയങ്ങളാണ് അരങ്ങേറുന്നത്. കൂട്ടമായിട്ടാണെങ്കില്‍ ഒരു പക്ഷേ ആരെങ്കിലും സീരിയസ് പ്രണയചൂണ്ടയില്‍ കൊത്തിയാലായി. അതുകൊണ്ടാകാം ഇപ്പോഴത്തെ സിനിമാ പ്രണയ ഗാനങ്ങളില്‍പ്പോലും പ്രണയജോഡികളോടൊപ്പം ഒരുപിടി സംഘഗാന നൃത്തകര്‍ തുള്ളിച്ചാടുന്നതും കുലുകുലാകുലുക്കുന്നതും.

ഇന്ന് വടക്കേ അമേരിക്കയിലെ പല മലയാളി മാതാപിതാക്കളും സ്വന്തം പ്രായംചെന്ന മക്കളെ ഏതെങ്കിലും പ്രണയകുരുക്കില്‍വീഴ്ത്താന്‍ ശ്രമിക്കുകയാണ്. പലരുടേയും വളരുംതലമുറ വിവാഹപ്രായത്തിന്റെ ലൈന്‍ ബസ്സ്‌തെറ്റിയിരിക്കുന്നു. മുപ്പതുകഴിഞ്ഞ് നാല്‍പ്പതിന്റെവക്കിലെത്തിനില്‍ക്കുന്ന അവരാണ് പ്രണയ-പ്രേമ കുരുക്കില്‍പ്പെട്ടാണെങ്കിലും ശരി ഒന്നുകെട്ടിയിട്ടു വേണം കണ്ണടയ്ക്കാനെന്ന് പാവംമാതാപിതാക്കള്‍ ആഗ്രഹിക്കുന്നതില്‍തെറ്റുണ്ടോ? പണ്ടുകാലത്ത് യുവതിയുവാക്കളെ പ്രണയത്തില്‍ നിന്നും മാതാപിതാക്കള്‍ വിലക്കിയിരുന്നു. എന്നാല്‍ ഇന്ന് ഒരുപിടി അമേരിക്കന്‍ മലയാളി മാതാപിതാക്കള്‍ മോനെയും മോളേയും ഒന്നുകെട്ടാനും കെട്ടിക്കാനും പ്രണയിപ്പിക്കാനും പ്രേത്സാഹനവര്‍ഷം വാരിക്കോരി ലഭ്യമാക്കുന്നു. അത് എല്ലാ ദിശയിലും ദിക്കിലും വേദിയിലും ചൊരിയുകയാണ്. ഈ പ്രണയദിനത്തില്‍... വാലന്റെയിന്‍ഡേയില്‍... എല്ലാവരുടേയും പ്രണയ ആശയ അഭിലാഷങ്ങള്‍ പൂവണിയട്ടെ.... നിറവേറട്ടെ... ഈ ലേഖകന്റെ പ്രായത്തിലുള്ളഎല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും, അല്ലാത്തവര്‍ക്കും താഴെകുറിക്കുന്ന ഗാനം അര്‍പ്പിക്കുന്നു. അതായത് ഡെഡിക്കേറ്റ്‌ചെയ്യുന്നു. ഈ ഗാനം 'ഭാര്യമാര്‍സൂക്ഷിക്കുക' എന്ന സിനിമയില്‍ യേശുദാസും പി.ലീലയും പാടിയതാണ്. 

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നുരാഗമേഘം
നിന്‍ മിഴിയിലലിയുന്നു ജീവമേഘം
താരകയോ നീലത്താമരയോ നിന്‍
താരടിക്കണ്ണില്‍ കതിര്‍ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ പുണ്യജന്മമോ നിന്‍
മാനസത്തില്‍ മധുപകര്‍ന്നു.
മാധവമോതവ ഹേമന്തമോ നിന്‍
മണിക്കവിള്‍മലയാര് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേന്‍മലര്‍ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍.' 

Read more

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം


രാജാക്കന്മാരെ രാജകൊട്ടാരങ്ങളില്‍നിന്നും ഇറക്കി അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ വന്നു പിറന്നവന്റെ കാലിത്തൊഴുത്തിലെത്തിച്ചതു നക്ഷത്രമാണ്. ആ നക്ഷത്ര പ്രതീകങ്ങളാണ്
ക്രിസ്മസ്സിനു നമ്മുടെ വീടുകളില്‍ നാം ഉയര്‍ത്തുന്ന നക്ഷത്രവിളക്കുകള്‍.

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ കണ്ണുകള്‍ക്കില്ല, “”സന്മനസ്സുള്ളവര്‍ക്കു സമാധാനം’’ എന്ന സന്ദേശം സ്വീകരിക്കാന്‍ നമ്മുടെ ബധിര കര്‍ണ്ണങ്ങള്‍ക്കാവുന്നില്ല, മാലാഖമാര്‍ക്കൊപ്പം സ്തുതിപാടാന്‍ നമ്മുടെ അധരങ്ങള്‍ അനക്കുന്നില്ല, ദൈവപുത്രനു പൊന്നും മീറയും കാഴ്ചവയ്ക്കാന്‍ നമ്മുടെ കൈകള്‍ക്കു പിശുക്കാണ്. അപകട സൂചനകള്‍ തിരിച്ചറിഞ്ഞു “കുഞ്ഞിനെയുംകൊണ്ട് ഈജിപ്തിലേക്ക്’ ഓടാന്‍ നമ്മുടെ കാലുകള്‍ക്കു ബലമില്ല. നന്മയ്ക്കു മനസ്സു കൊടുത്താലേ ഇന്ദ്രിയങ്ങള്‍ക്കു തിന്മയെ ചെറുക്കാനാവൂ. തണുത്തു വിറങ്ങലിച്ച പാതിരാവിന്റെ ഇരുട്ടിനെ ഭേദിച്ച നക്ഷത്രവെളിച്ചത്തിന്റെ ചേദനയില്‍ നിസ്സംഗതയുടെ അന്ധകാരത്തെ അകറ്റാനുള്ള ക്ഷണമാണു ക്രിസ്മസ്സിന്റേത്.

സിസിലി രാജ്യത്തിന്റെ രാജാവായിരുന്ന അല്‍ഫോന്‍സോ ഒരിക്കല്‍ കുതിരസവാരി ചെയ്യുകയായിരുന്നു. കമ്പാനിയായിലുള്ള ഒരു ചതുപ്പു പ്രദേശത്തിനടുത്തെത്തിയപ്പോള്‍ കാഴ്ചയില്‍ പാവമെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍ അദ്ദേഹത്തെ സമീപിച്ച് ദയനീയമായി അഭ്യര്‍ത്ഥിച്ചു:

“”എനിക്കൊരു ഉപകാരം ചെയ്തിട്ടു പോകുമോ?’’

“”എന്തുപകാരമാണു ഞാന്‍ നിങ്ങള്‍ക്കു ചെയ്യേണ്ടത്?’’ രാജാവ് ചോദിച്ചു.

“”ഞാന്‍ യാത്ര ചെയ്തിരുന്ന കഴുത, അതാ ആ ചതുപ്പു നിലത്തു താഴ്ന്നുപോയി. അതിനെ വലിച്ചു പൊക്കാന്‍ ഞാനൊറ്റയ്ക്കു വിചാരിച്ചിട്ടു കഴിയുന്നില്ല!’’

അതുകേട്ട രാജാവുടനെ കുതിരപ്പുറത്തുനിന്നും താഴെയിറങ്ങി.

രണ്ടുപേരും കൂടി കഴുതയെ ചെളിയില്‍നിന്നും വലിച്ചു കയറ്റി. ആ പാവം മനുഷ്യന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.

എങ്കിലും അയാള്‍ പറഞ്ഞു: “”ഒരു സഹായത്തിനായി ഞാനെത്രപേരെ സമീപിച്ചെന്നോ! ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. താങ്കളോടെങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.’’

“”ഇതിനെന്തിനാ നിങ്ങള്‍ നന്ദി പറയുന്നത്.’’ ഒരു ചെറു പുഞ്ചിരിയോടെ രാജാവു ചോദിച്ചു. “”ഇതെന്റെ കടമയാണ്. ഞാനതു ചെയ്തു. അത്രയേയുള്ളൂ. അതിനു നന്ദി പറയേണ്ട ആവശ്യമൊന്നുമില്ല.’’

“”ഇതെങ്ങനെയാണു താങ്കളുടെ കടമയാകുന്നത്? നമ്മള്‍ തമ്മില്‍ യാതൊരു പരിചയവുമില്ലല്ലോ!...’’ ആ പാവം മനുഷ്യന്‍ അത്ഭുതപ്പെട്ടു.
“”അതുകൊണ്ടുമാത്രം ഇതെന്റെ കടമയല്ലാതാകുന്നില്ല സഹോദരാ. ഞാനീ രാജ്യത്തെ രാജാവാണ്!’’

പെട്ടെന്നാ മനുഷ്യന്‍ വല്ലാതായി. തന്റെ രാജാവിനെയാണു താനീ ചെളിയിലിറക്കിയതെന്നു മനസ്സിലായപ്പോള്‍ അയാള്‍ക്കു വല്ലാത്ത കുറ്റബോധം തോന്നി.

“”ക്ഷമിക്കണം മഹാരാജാവേ! അടിയനതറിഞ്ഞില്ല.’’ അയാള്‍ രാജാവിന്റെ മുമ്പില്‍ മുട്ടുകുത്തി.

“”ഛെ... ഛെ... അരുത്!’’ രാജാവ് അയാളെ തടഞ്ഞു: “”ക്ഷമ ചോദിക്കാന്‍ തക്കവണ്ണം നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. ഒരാളോട് ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നത് എങ്ങനെ തെറ്റാകും? നിങ്ങളിത്ര ശുദ്ധനായിപ്പോയല്ലോ!’’

രാജാവ് അയാളെ തോളില്‍ തട്ടി സമാശ്വസിപ്പിച്ചിട്ട് കുതിരപ്പുറത്തു കയറി യാത്രയായി. അല്‍ഫോന്‍സോ രാജാവിന്റെ ഇത്തരം സല്‍പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ ബദ്ധശത്രുക്കളെ വരെ ഉറ്റമിത്രങ്ങളാക്കിയിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് മഷിയിട്ടു നോക്കിയാല്‍പോലും കാണാന്‍ കഴിയുന്നതല്ല ഇത്തരം സേവന മനഃസ്ഥിതി. തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും എന്ന അവബോധം ഉള്ളവര്‍ക്കേ ഇത്തരം സേവനമനഃസ്ഥിതി ഉണ്ടാകൂ...

വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയില്ലായിരിക്കാം. എന്നാലും, തിരക്കുള്ള റോഡു മുറിച്ചു കടക്കാന്‍ തത്രപ്പെടുന്ന ഒരു കുരുടന്റെ പെടാപ്പാടു കണ്ട് കൈ കൊട്ടി ചിരിക്കാതെ അയാളെ കൈപിടിച്ചു സഹായിക്കാന്‍ നമുക്കു കഴിയും! ഇത്തരം കൊച്ചുകൊച്ചു സേവനങ്ങള്‍ കൊണ്ടു നമുക്ക് ഈ ക്രിസ്മസ്സിന് ഉണ്ണിയേശുവിനു പുല്‍ക്കൂടു തീര്‍ക്കാന്‍ ശ്രമിക്കാം. ക്രിസ്മസ്സ് ആശംസകള്‍!

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC