സുനില്‍ എം എസ്, മൂത്തകുന്നം

ഓറോവില്‍ അണക്കെട്ടില്‍ നിന്നുള്ള പാഠം

കാലിഫോര്‍ണിയയിലെ ഓറൊവില്‍ അണക്കെട്ടില്‍ നിന്നു വെള്ളത്തിനു മൂന്നു മാര്‍ഗങ്ങളിലൂടെ പുറത്തേക്കൊഴുകാം. നമ്മുടെ മൂലമറ്റത്തുള്ളതുപോലെ, ഭൂഗര്‍ഭത്തിലാണ് ഓറോവില്ലിലേയും വൈദ്യുതോല്പാദനകേന്ദ്രം. അതിലേക്കു ടണലിലൂടെയുള്ളതാണ് വെള്ളമൊഴുക്കിനുള്ള ഒരു മാര്‍ഗം. വൈദ്യുതോല്പാദനത്തിനു ശേഷമുള്ള വെള്ളം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകി താഴെ പുഴയില്‍ ചെന്നു ചേരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഒരു നിശ്ചിത അളവിലേറെയാകുമ്പോള്‍ അധികൃതര്‍ മുഖ്യസ്പില്‍വേയുടെ ഷട്ടറുകളുയര്‍ത്തി വെള്ളം തുറന്നു വിടുന്നു; ഇതാണു രണ്ടാമത്തെ മാര്‍ഗം. ഇനി മൂന്നാമതൊരു മാര്‍ഗമുണ്ട്. എമര്‍ജന്‍സി സ്പില്‍വേ എന്ന പേരിലാണത് അറിയപ്പെടുന്നത്. അതു വെറുമൊരു മതിലാണ്. സ്പില്‍വേകള്‍ക്കു പൊതുവിലുണ്ടാകാറുള്ള ഷട്ടറുകള്‍ ഈ എമര്‍ജന്‍സി സ്പില്‍വേക്കില്ല. അണക്കെട്ടിലെ ജലനിരപ്പ് എമര്‍ജന്‍സി സ്പില്‍വേയുടെ മതിലിനു മുകളിലുയര്‍ന്നാല്‍, മതിലിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിപ്പൊയ്‌ക്കോളും. എമര്‍ജന്‍സി സ്പില്‍വേയുടെ മറുവശത്ത് ഒരു കുന്നിന്‍ ചരിവാണുള്ളത്. പാറകള്‍ കൊണ്ട് ഉറച്ച കുന്നിന്‍ ചരിവ്. എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെ വെള്ളം ഒഴുകിപ്പോകുകയാണെങ്കില്‍ അതു പാറകളുള്ള കുന്നിന്‍ ചരിവിലൂടെ ഒലിച്ചിറങ്ങി താഴെയുള്ള നദിയില്‍ ചെന്നു ചേര്‍ന്ന് ഒഴുകിപ്പോകുന്നു. അണക്കെട്ടിന്റെ മുഖ്യഭിത്തി സുരക്ഷിതമായി നിലനില്‍ക്കുകയും ചെയ്യും. ഇത്തരത്തിലുള്ളതാണ് ഓറോവില്‍ അണക്കെട്ടിന്റെ രൂപകല്പന.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പു കാലിഫോര്‍ണിയയിലാകെ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. പേമാരി ദിവസങ്ങളോളം നീണ്ടു നിന്നു. അണക്കെട്ടിലെ വെള്ളം അതിവേഗമുയര്‍ന്നു. പതിവു പോലെ അധികൃതര്‍ മുഖ്യസ്പില്‍വേ തുറന്നുകൊടുത്തു. അതിലൂടെ വെള്ളം ശക്തിയായി താഴേക്കൊഴുകി. ഇതു പണ്ടുമുതല്‍ക്കുള്ള പതിവാണെങ്കിലും, പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മുഖ്യസ്പില്‍വേയില്‍ ഒരിടത്തു വലിയൊരു കുഴിയുണ്ടായി. ശക്തമായ ജലപ്രവാഹത്തില്‍ കുഴി പെട്ടെന്നു വലുതായി. മുഖ്യസ്പില്‍വേക്കു കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാന്‍ വേണ്ടി അതിലൂടെയുള്ള ജലപ്രവാഹം അധികൃതര്‍ ഗണ്യമായി കുറച്ചു. ആ ദിവസങ്ങളില്‍ പേമാരിയുമുണ്ടായിരുന്നു. പേമാരി മൂലവും, മുഖ്യസ്പില്‍വേയിലൂടെയുള്ള ഒഴുക്കു കുറച്ചതു മൂലവും അണക്കെട്ടിലെ ജലനിരപ്പ് അതിവേഗമുയര്‍ന്ന് എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെയുള്ള കവിഞ്ഞൊഴുക്ക് ആരംഭിച്ചു. 1968ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഒരിക്കലും എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയിരുന്നില്ല. പാറകളുള്ള കുന്നിന്‍ ചരിവിനു നാശനഷ്ടങ്ങളുണ്ടാക്കാന്‍ വെള്ളത്തിന്റെ കവിഞ്ഞൊഴുക്കിനാവില്ല എന്ന വിശ്വാസം തെറ്റി. ശക്തമായ ഒഴുക്കില്‍ കുന്നിന്‍ ചരിവിലെ പലയിടങ്ങളും ഇളകിത്തെറിച്ചു. കുന്നിന്‍ ചരിവ് കൂടുതല്‍ ഇടിയാതിരിക്കാന്‍ വേണ്ടി അധികൃതര്‍ എമര്‍ജന്‍സി സ്പില്‍വേയുടെ തൊട്ടു മുന്നില്‍ വലിയ കല്ലുകള്‍ നിരത്തിയിട്ട് ഒഴുക്കിന്റെ ശക്തി കുറച്ചു. അതിനിടയില്‍ പേമാരി നിലയ്ക്കുകയും ചെയ്തു.

ഇതിനിടയിലെല്ലാം അണക്കെട്ടിന്റെ മുഖ്യഭിത്തി സുരക്ഷിതമായിത്തന്നെ തുടര്‍ന്നു. മുഖ്യഭിത്തിയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥിതി ഒരിക്കലും വന്നിട്ടില്ല.

എഞ്ചിനീയര്‍മാരേക്കാള്‍ കൂടുതല്‍ സാമാന്യബുദ്ധി നാട്ടുകാര്‍ക്കുണ്ടാകുന്നത് അപൂര്‍വമാണ്. ഉണ്ടായാല്‍ത്തന്നെയും എഞ്ചിനീയര്‍മാര്‍ അതാദ്യം അവഗണിക്കുകയും ചെയ്‌തേക്കാം. ഓറോവില്ലിലും അതു സംഭവിച്ചിരുന്നു. എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയാണെങ്കില്‍ അതൊഴുകാന്‍ പോകുന്ന കുന്നിന്‍ ചരിവിന്റെ കെല്പില്‍ എഞ്ചിനീയര്‍മാര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കിലും, നാട്ടുകാര്‍ക്കു വിശ്വാസക്കുറവുണ്ടായിരുന്നു. കുന്നിന്‍ ചരിവാകമാനം കോണ്‍ക്രീറ്റു പൂശി ബലപ്പെടുത്തണമെന്നു നാട്ടുകാര്‍ 2005ല്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുന്നയിച്ച ആവശ്യത്തെ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. അതിനു വേണ്ടി വരുന്ന ചെലവു ലാഭിക്കുകയായിരുന്നു, അധികൃതരുടെ ലക്ഷ്യം. നേരേ മറിച്ച്, നാട്ടുകാരുന്നയിച്ച ആവശ്യം അനുവദിച്ച്, കുന്നിന്‍ ചരിവു കോണ്‍ക്രീറ്റുപയോഗിച്ച് ബലപ്പെടുത്തിയിരുന്നെങ്കില്‍ ആപദ്ഭയം മൂലം കഴിഞ്ഞയാഴ്ച ധൃതിയില്‍ രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമായിരുന്നില്ല.

മുഖ്യസ്പില്‍വേയുടെ ആനുകാലിക പരിശോധനയും കാര്യക്ഷമമായിരുന്നില്ലെന്നു തീര്‍ച്ച. അല്ലെങ്കിലതില്‍ അഞ്ഞൂറടി നീളമുള്ള കുഴി അതിവേഗം രൂപം കൊള്ളുമായിരുന്നില്ല. അധികൃതരുടെ അനാസ്ഥ തന്നെ മുഖ്യകാരണം. സമ്പന്നരാജ്യമായ അമേരിക്കയില്‍പ്പോലും അധികൃതരുടെ അനാസ്ഥയുണ്ടാകാമെന്നര്‍ത്ഥം. അധികൃതരെവിടെയായാലും, അവിടെ അനാസ്ഥയുമുണ്ടാകും. പല കാര്യങ്ങളിലും അനാസ്ഥ ഗുരുതരാവസ്ഥയിലേക്കു നയിച്ചെന്നു വരില്ലെങ്കിലും, യാതൊരനാസ്ഥയും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത ചില രംഗങ്ങളിലൊന്നാണ് അണക്കെട്ടുകള്‍; അധികൃതരും നാട്ടുകാരും ഒരുപോലെ നിരന്തര, നിതാന്തജാഗ്രത പുലര്‍ത്തേണ്ട രംഗം. മുല്ലപ്പെരിയാറും ഇടുക്കിയുമുള്‍പ്പെടെ മൂന്നു ഡസനോളം അണക്കെട്ടുകളുള്ള കൊച്ചുകേരളത്തിനു വിലപ്പെട്ട പാഠമാണു ഓറോവില്ലില്‍ നിന്നു ലഭിക്കുന്നത്.

പ്രതികരണങ്ങള്‍ക്കു സ്വാഗതം: sunilmssunilms@rediffmail.com

Read more

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം

സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാൻ അവിടെ തുടർച്ചയായി എട്ടു വർഷം ജീവിച്ചാൽ മതി. ചിലരുടെ കാര്യത്തിൽ ഏതാനും വർഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്, തുടർന്നും സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ സ്വീകരിക്കപ്പെട്ട അഭയാർത്ഥികൾക്ക് അതതു രാജ്യങ്ങളിലെ പൗരത്വം കിട്ടാൻ എത്ര വർഷം വേണ്ടിവരുമെന്നു നോക്കാം: ജർമ്മനി - എട്ടു വർഷം. ഹംഗറി - മൂന്നു വർഷം. സ്വീഡൻ - അഞ്ചു വർഷം, അഭയാർത്ഥികൾക്കു നാലു വർഷം മതി. ഇറ്റലി - പത്തു വർഷം, അഭയാർത്ഥികൾക്ക് അഞ്ചു വർഷം. ഫ്രാൻസ് - അഞ്ചു വർഷം. പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യയിലെത്തുന്നതായി കേട്ടിട്ടില്ല. ഇന്ത്യയിലെത്തുന്ന ഒരു വിദേശിയ്ക്ക് ഇന്ത്യൻ പൗരത്വം കിട്ടാൻ പന്ത്രണ്ടു വർഷം മതി. ഇടയ്ക്കൊരു സൂചന: നാലായിരത്തിലേറെ പദങ്ങളുള്ള, നീണ്ട ലേഖനമാണിത്. സമയമുണ്ടെങ്കിൽ മാത്രം തുടർന്നു വായിക്കുക.

എന്നാൽ ഏഷ്യയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ മ്യാൻമാറിലെ പൗരത്വം കിട്ടണമെങ്കിൽ ഇപ്പറഞ്ഞ കാലയളവൊന്നും മതിയാവില്ല; 194 കൊല്ലം തുടർച്ചയായി മ്യാൻമാറിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കു മാത്രമേ സമ്പൂർണപൗരത്വം കിട്ടുകയുള്ളൂ! പണ്ടു നമ്മുടെ തീവണ്ടികളിലുണ്ടായിരുന്നതു പോലുള്ള ഉച്ചനീചത്വങ്ങൾ മ്യാൻമാറിലെ പൗരത്വത്തിനുമുണ്ട്. തീവണ്ടിയിൽ പണ്ട് ഒന്നാം ക്ളാസ്സ്, രണ്ടാം ക്ളാസ്സ്, മൂന്നാം ക്ളാസ്സ് എന്നിങ്ങനെ മൂന്നു ക്ളാസ്സുകളുണ്ടായിരുന്നു. മ്യാൻമാറിലെ പൗരത്വവും മൂന്നു ക്ളാസ്സുകളിലായി വേർതിരിച്ചിട്ടുണ്ട്: പൗരത്വം, അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം. ഇവയിൽ സമ്പൂർണമായതു പൗരത്വമാണ്. പൗരത്വമുള്ളവർക്കു മാത്രമേ അവിടത്തെ ഭരണത്തിൽ പങ്കു വഹിക്കാനുള്ള അവകാശമുള്ളൂ. അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം എന്നിവ മാത്രമുള്ളവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമില്ല; അതുകൊണ്ടവർക്കു ഭരണാധികാരികളുമാകാനാവില്ല. നൂറ്റാണ്ടുകളായി മ്യാൻമാറിൽ ജീവിച്ചുപോരുന്ന ഭൂരിപക്ഷസമുദായങ്ങൾക്കു മാത്രമായി ഭരണാധികാരം പരിമിതപ്പെടുത്തുകയാണ് ഈ നിയന്ത്രണങ്ങളുടെ ഉദ്ദേശ്യലക്ഷ്യമെന്നു വ്യക്തം. വംശാധിപത്യേച്ഛയുടെ പല രൂപങ്ങളിലൊന്ന്.

നമ്മുടെ നാട്ടിലെ കാര്യമെത്ര എളുപ്പം! ഇരുപത്തഞ്ചു വയസ്സു തികഞ്ഞ ഏതു പൗരനുമിവിടെ പ്രധാനമന്ത്രിയാകാം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞ ഏതു പൗരനുമിവിടെ രാഷ്ട്രപതിയുമാകാം. മ്യാൻമാറിലാകട്ടെ, എഴുപതു വയസ്സു കഴിഞ്ഞ ആങ് സാൻ സൂ കീ എന്ന ആഗോളപ്രശസ്തയായ വനിതയ്ക്കു രാഷ്ട്രപതിയാകാൻ മറ്റാർക്കുമില്ലാത്ത യോഗ്യതകളെല്ലാമുണ്ടായിട്ടും അതു സാദ്ധ്യമാകുന്നില്ല. സൂ കീയ്ക്കു സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഒന്നിലേറെ ബിരുദങ്ങളുണ്ട്, ബിരുദാനന്തരബിരുദമുണ്ട്. അഹിംസയിലും ജനാധിപത്യത്തിലും സൂ കീയ്ക്ക് അടിയുറച്ച വിശ്വാസമുണ്ട്. മുകളിൽപ്പറഞ്ഞ, 194 കൊല്ലം തുടർച്ചയായി മ്യാൻമാറിൽ ജീവിച്ചുപോരുന്നൊരു കുടുംബത്തിലെ അംഗവുമാണു സൂ കീ. മ്യാൻമാറിന്റെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന, പരേതനായ ആങ് സാൻ എന്ന മഹദ്‌വ്യക്തിയുടെ മകളുമാണു സൂ കീ. ഇതിനെല്ലാമുപരിയായി, സൂ കീയുടെ നേതൃത്വത്തിലുള്ള പാർട്ടി ഏറ്റവുമൊടുവിൽ നടന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ എൺപതു ശതമാനത്തിലേറെ സീറ്റുകളും നേടിയിട്ടുണ്ട്. ഇതൊക്കെയായിട്ടും, സൂ കീയ്ക്കു മ്യാൻമാറിലെ രാഷ്ട്രപതിയാകാനാകുന്നില്ല!

ഈ 194 കൊല്ലമെന്ന ഉപാധിയെപ്പറ്റി അല്പം ചരിത്രം: 194 വർഷം മുമ്പ്, 1823ൽ, ബ്രിട്ടൻ മ്യാൻമാറിന്റെ ചില ഭാഗങ്ങൾ കൈയടക്കി. തുടർന്ന്, അല്പാല്പമായി, മ്യാൻമാറിന്റെ ഭൂരിഭാഗവും ബ്രിട്ടൻ കൈവശപ്പെടുത്തി. അധികം താമസിയാതെ മ്യാൻമാർ ബ്രിട്ടന്റെ കോളനിയായി മാറി. അന്ന് ഇന്ത്യയും ബ്രിട്ടന്റെ കോളനി തന്നെ. ഇന്ത്യയും മ്യാൻമാറും അടുത്തടുത്തു കിടക്കുന്ന സ്വന്തം കോളനികളായതുകൊണ്ട്, ബ്രിട്ടൻ ഭരണസൗകര്യാർത്ഥം മ്യാൻമാറിനെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രോവിൻസുകളിലൊന്നാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ്, ബോംബേ, ബംഗാൾ, മുതലായ എട്ടു പ്രോവിൻസുകളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു ബർമ്മാ പ്രോവിൻസും. 1937ൽ ബ്രിട്ടൻ മ്യാൻമാറിനെ ബ്രിട്ടീഷിന്ത്യയിൽ നിന്നടർത്തി, ബർമ്മാ ഓഫീസിന്റെ കീഴിലാക്കി; സ്വന്തം കോളനി തന്നെ, വേറിട്ട ഒന്ന് എന്നു മാത്രം.

മ്യാൻമാറിനെ ബ്രിട്ടന്റെ കൈപ്പിടിയിൽ നിന്നു വിടുവിക്കാൻ കഠിനാദ്ധ്വാനം നടത്തിയ വ്യക്തിയായിരുന്നു, ആങ് സാൻ സൂ കീയുടെ പിതാവായിരുന്ന ആങ് സാൻ. ‘ആങ് സാൻ’, ‘ആങ് സാൻ സൂ കീ’: ഈ പേരുകൾ ആശയക്കുഴപ്പമുണ്ടാക്കാനിടയുണ്ട്. അതൊഴിവാക്കാൻ ചെറിയൊരു വിശദീകരണം സഹായിക്കും. മാതാപിതാക്കളുടേയും, മാതാപിതാക്കളുടെ മാതാപിതാക്കളുടേയും പേരുകളിൽ നിന്നാണു മ്യാൻമാറിലെ പലർക്കും പേരുകൾ കിട്ടുന്നത്. ആങ് സാൻ സൂ കീയുടെ പേരിന്റെ തുടക്കത്തിലുള്ള ‘ആങ് സാൻ’ പിതാവായ ആങ് സാനിൽ നിന്നാണു കിട്ടിയത്. ആങ് സാനിന്റെ മാതാവിന്റെ (സൂ കീയുടെ പിതൃമാതാവ്) പേരിൽ നിന്നു സൂ എന്ന പേരു കിട്ടി. ആങ് സാനിന്റെ പത്നിയും ആങ് സാൻ സൂ കീയുടെ മാതാവുമായിരുന്ന ഖിൻ കീയിൽ നിന്നു കീ എന്ന പേരും കിട്ടി. അങ്ങനെ, ആങ് സാനിന്റേയും ഖിൻ കീയുടേയും മകൾക്ക് ആങ് സാൻ സൂ കീ എന്ന പേരു കിട്ടി.

ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. അതേ പോലെ, മ്യാൻമാറിൽ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരേ പോരാടാൻ ആങ് സാൻ ബർമ്മാ ഇൻഡിപെന്റൻസ് ആർമിക്കു രൂപം കൊടുത്തു. ബോസിനെപ്പോലെ ആങ് സാനും ബ്രിട്ടന്റെ ശത്രുവായിരുന്ന ജപ്പാന്റെ സഹായം തേടി. ശത്രുവിന്റെ ശത്രു മിത്രം. ഇമ്പീരിയൽ ജാപ്പനീസ് ആർമിയോടൊത്ത് ബർമ്മാ ഇൻഡിപ്പെന്റൻസ് ആർമി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി. ഇരുകൂട്ടരും ചേർന്ന് 1942ൽ ബ്രിട്ടനെ പരാജയപ്പെടുത്തി. ആങ് സാൻ ബർമ്മാ ഡിഫൻസ് ആർമി രൂപീകരിച്ചു. 1943ൽ ജപ്പാൻ തങ്ങളുടെ ആധിപത്യം കൈവിടാതെ തന്നെ മ്യാൻമാറിനു നേരിയ ആഭ്യന്തര ഭരണസ്വാതന്ത്ര്യം അനുവദിച്ചു. ഭാഗികമായ സ്വയംഭരണമുള്ള ബർമ്മീസ് സർക്കാർ രൂപം കൊണ്ടു. ആങ് സാനായിരുന്നു, അതിന്റെ നേതൃസ്ഥാനത്ത്. ബർമ്മാ ഡിഫൻസ് ആർമി ബർമ്മാ നാഷണൽ ആർമിയായിത്തീർന്നു.

ജപ്പാൻ അധികം താമസിയാതെ മ്യാൻമാറിനു പൂർണസ്വാതന്ത്ര്യം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. “വിരുന്നു വന്നവർ ഭരണം പറ്റി” എന്ന കവിവാക്യം അന്വർത്ഥമായി. മ്യാൻമാർ വിട്ടൊഴിഞ്ഞു പോകാൻ ജപ്പാൻ വരുത്തിയ വിളംബം മ്യാൻമാറിനു പൂർണസ്വാതന്ത്ര്യം നൽകാനുള്ള യാതൊരുദ്ദേശവും ജപ്പാന് ഇല്ലെന്നു വ്യക്തമാക്കി. ജപ്പാൻ ബ്രിട്ടനേക്കാൾ വെറുക്കപ്പെട്ടവരായി. ആങ് സാൻ ജപ്പാനെതിരെ പ്രതിഷേധിച്ചു, പട നയിച്ചു. ജപ്പാന്റെ ആധിപത്യം അവസാനിപ്പിക്കാൻ വേണ്ടി, ആങ് സാൻ ബ്രിട്ടീഷുകാരുമായി സഖ്യത്തിലെത്തി: വീണ്ടും ശത്രുവിന്റെ ശത്രു മിത്രം. 1945ൽ ബർമ്മാ നാഷണൽ ആർമിയുടെ സഹായത്തോടെ ബ്രിട്ടീഷ് സഖ്യസേന ജപ്പാനെ മ്യാൻമാറിൽ നിന്നു തുരത്തി. മ്യാൻമാർ വീണ്ടും ബ്രിട്ടന്റെ അധീനതയിലായി.

ഇത്തവണ വലിയ പ്രശ്നമുണ്ടായില്ല: മ്യാൻമാറിന്റെ ആധിപത്യം വീണ്ടും ബ്രിട്ടനു കൈവന്നെങ്കിലും, അധികം താമസിയാതെ തന്നെ മ്യാൻമാറിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ആങ് സാനിന്റെ നേതൃത്വത്തിൽ തുടക്കമായി. 1947 ജനുവരിയിൽ ലണ്ടനിൽ വെച്ച് ആങ് സാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ളെമന്റ് അറ്റ്ലിയുമായി കരാറൊപ്പു വെച്ചപ്പോൾ മ്യാൻമാറിന്റെ സ്വാതന്ത്ര്യം ഉറപ്പായി.

അധികാരക്കൈമാറ്റം സംബന്ധിച്ച നടപടികളുടെ ഭാഗമായി 1947 ഏപ്രിലിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആങ് സാന്റെ നേതൃത്വത്തിലുള്ള ആന്റി ഫാഷിസ്റ്റ് പീപ്പിൾസ് ഫ്രീഡം പാർട്ടി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയിൽ 83% സീറ്റുകൾ നേടി; ആങ് സാൻ പ്രധാനമന്ത്രിയായി. പൂർണസ്വാതന്ത്ര്യലബ്ധിയ്ക്കു മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, 1947 ജുലായ് പത്തൊമ്പതിന് ആങ് സാനിന്റെ രാഷ്ട്രീയപ്രതിയോഗിയായ യു സോ അയച്ച ആയുധധാരികൾ ആങ് സാനിനേയും അദ്ദേഹത്തിന്റെ ആറു മന്ത്രിമാരേയും വെടിവെച്ചു കൊലപ്പെടുത്തി. ആങ് സാൻ ചരിത്രാവശേഷനായെങ്കിലും, അദ്ദേഹം ആശിച്ചിരുന്നതു പോലെ തന്നെ അടുത്ത വർഷം, 1948ൽ, മ്യാൻമാറിനു സ്വാതന്ത്ര്യം കിട്ടി. ആങ് സാൻ സ്വതന്ത്രമ്യാൻമാറിന്റെ രാഷ്ട്രപിതാവായി ആരാധിക്കപ്പെടുന്നു. ഇത്രയും ചരിത്രം.

മ്യാൻമാർ ബ്രിട്ടീഷ് കോളനി ആയിത്തീരുന്നതിനു മുമ്പു മ്യാൻമാറിൽ ജീവിച്ചിരുന്നവരുടെ പരമ്പരകൾക്കു മാത്രമേ പൗരത്വമുള്ളൂ എന്നൊരു നിയമം 1982ൽ മ്യാൻമാറിൽ പ്രാബല്യത്തിൽ വന്നതോടെയാണു പൗരത്വപ്രശ്നം തലപൊക്കിയത്. 1823നു മുമ്പ് മ്യാൻമാറിൽ ആരൊക്കെ സ്ഥിരതാമസമാക്കിയിരുന്നു എന്നുള്ളതിന് ആധികാരികമായ തെളിവുകൾ ലഭ്യമായിരുന്നു കാണാനിടയില്ല. അവയന്വേഷിച്ചു കണ്ടെത്തുകയെന്ന പാഴ്‌വേലയ്ക്ക് അന്നത്തെ സർക്കാർ തുനിഞ്ഞുമില്ല; ഉർവശീശാപം ഉപകാരം. ബാമർ, കച്ചിൻ, കയാഹ്, കയിൻ, ചിൻ, മോൻ, രഹൈൻ, ഷാൻ മുതലായ ചില ഭൂരിപക്ഷ സമുദായങ്ങൾക്കു മാത്രമായി പൗരത്വം പരിമിതപ്പെടുത്തണമെന്നതായിരുന്നു സാൻ യൂ എന്ന ജനറൽ നേതൃത്വം വഹിച്ചിരുന്ന അന്നത്തെ പട്ടാളസർക്കാരിന്റെ ഉദ്ദേശ്യം. പൗരത്വനിയമം നിലവിൽ വന്നപ്പോൾ ആ ഭൂരിപക്ഷ സമുദായങ്ങൾക്കു പൂർണപൗരത്വം ലഭിച്ചു. ബാമർ എന്ന സമുദായം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരും. ബാമറും അതോടൊപ്പം മുകളിൽപ്പറഞ്ഞ സമുദായങ്ങളും ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനത്തോളം വരും. സമ്പൂർണപൗരത്വം ലഭിച്ചിരിക്കുന്ന ഈ സമുദായങ്ങളെല്ലാം ബുദ്ധമതവിശ്വാസികളുമാണ്. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനം ബുദ്ധമതാനുയായികളുള്ള മ്യാൻമാർ മതേതരരാഷ്ട്രമല്ല, പ്രത്യുത, ബുദ്ധമതരാഷ്ട്രമാണ്; ബുദ്ധമതം ദേശീയമതവും.

വാസ്തവത്തിൽ ഇന്ത്യയെപ്പോലുള്ള മതേതരരാഷ്ട്രങ്ങൾ ഏഷ്യയിൽ കുറവാണ്. മ്യാൻമാറുൾപ്പെടെ പത്തു രാഷ്ട്രങ്ങളുണ്ടു ദക്ഷിണപൂർവേഷ്യയിൽ. അവയിൽ, ഒരു കോടിയിലേറെ ജനസംഖ്യയുള്ള രാഷ്ട്രങ്ങളിൽ മതേതരമെന്നു പറയാവുന്നതായി ആകെ രണ്ടു രാഷ്ട്രങ്ങളേയുള്ളൂ: ഫിലിപ്പൈൻസും വിയറ്റ്നാമും. അഞ്ചു കോടിയിലേറെ ജനങ്ങളുള്ള മ്യാൻമാർ മതേതരരാഷ്ട്രമല്ല.

1982ലെ പൗരത്വനിയമം നിലവിൽ വന്നതോടെ ഭരണാധികാരം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരുന്ന ബാമർ എന്ന വിഭാഗത്തിന്റെ കൈപ്പിടിയിലായെന്നു പറയാം. ബാമർ എന്ന പദത്തിൽ നിന്നാണു ബ്രിട്ടീഷുകാർ നൽകിയ ബർമ്മ എന്ന പഴയ പേരുണ്ടായത്. ബർമ്മ ബാമർമാരുടേത് എന്നൊരു പൊതുധാരണയുണ്ട്. മ്യാൻമാർ എന്ന പദവും ബാമറിൽ നിന്നുണ്ടായതാണ്. 1989ൽ നിലവിലുണ്ടായിരുന്ന ബർമ്മീസ് സർക്കാർ സ്ഥലനാമങ്ങൾക്കു മാറ്റം വരുത്തിയപ്പോൾ ബർമ്മ മ്യാൻമാർ ആയിത്തീർന്നു, നമ്മുടെ കൽക്കട്ട കൊൽക്കത്തയും കാലിക്കറ്റ് കോഴിക്കോടും ആയതുപോലെ. യൂറോപ്പുകാർ വിരളമായി മാത്രമേ മ്യാൻമാർ എന്ന പേരുപയോഗിക്കാറുള്ളൂ. അവർക്കിപ്പോഴും മ്യാൻമാർ ബർമ്മ തന്നെയാണ്.

ബർമ്മ എന്ന പേരു കേൾക്കുമ്പോൾ ചിലർക്കെങ്കിലും ഇന്ത്യയിലുണ്ടായിരുന്ന ബർമ്മാ ഓയിൽ കമ്പനി (ബി ഓ സി), ബർമ്മാ ഷെൽ എന്നീ പേരുകൾ ഓർമ്മ വന്നേക്കാം. ഇവയ്ക്കു ബർമ്മയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യവുമുയർന്നേക്കാം. നാലു പതിറ്റാണ്ടു മുമ്പാണിവിടെ, ഇന്ത്യയിൽ, ബർമ്മാ ഷെൽ എന്ന പെട്രോളിയം കമ്പനിയുണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അതു ബർമ്മാ ഓയിൽ കമ്പനിയായിരുന്നു. ബർമ്മാ ഓയിൽ കമ്പനിയുടെ തുടക്കമാകട്ടെ, റംഗൂൺ ഓയിൽ കമ്പനിയെന്ന പേരിലും. എല്ലാം ബ്രിട്ടീഷ് കമ്പനികൾ. മ്യാൻമാറിന്റെ തലസ്ഥാനമായ യാംഗോണിന്റെ പഴയ പേരാണു റംഗൂൺ.

ബർമ്മാ ഓയിൽ കമ്പനി മ്യാൻമാറിലും പ്രവർത്തിച്ചിരുന്നെന്നു പറയേണ്ടതില്ലല്ലോ. 1962ൽ ജനറൽ നെവിന്റെ നേതൃത്വത്തിലുള്ള ബർമ്മീസ് പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. അതായിരുന്നു, നാല്പത്തെട്ടുകൊല്ലം നീണ്ടുനിന്ന പട്ടാളഭരണത്തിന്റെ തുടക്കം. ജനറൽ നെവിൻ കുറേയേറെ വ്യവസായങ്ങളെ കൂട്ടത്തോടെ ദേശസാൽക്കരിച്ചു. അക്കൂട്ടത്തിൽ, 1963ൽ, ബർമ്മാ ഓയിൽ കമ്പനിയുടെ മ്യാൻമാറിലെ വിഭാഗവും പെട്ടു. അങ്ങനെയുണ്ടായതാണ് ഇപ്പോഴത്തെ മ്യാൻമാ (കമ്പനിയുടെ പേരിൽ ‘മ്യാൻമാ’ എന്നേയുള്ളൂ, മ്യാൻമാർ എന്നില്ല) ഓയിൽ ആന്റ് ഗാസ് എന്റർപ്രൈസ് എന്ന സർക്കാർ കമ്പനി.

പതിമൂന്നു വർഷത്തിനു ശേഷം, 1976ൽ, ബർമ്മാ ഷെല്ലിന്റെ ഇന്ത്യയിലെ വിഭാഗവും ദേശസാൽക്കരിക്കപ്പെട്ടു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണതു ദേശസാൽക്കരിച്ചത്; അടിയന്തരാവസ്ഥക്കാലത്ത്. ആദ്യമതു ഭാരത് റിഫൈനറീസ് ലിമിറ്റഡ് ആയി, അടുത്ത വർഷം ഭാരത് പെട്രോളിയം കോർപ്പറേഷനുമായി: ഇന്നത്തെ ബീ പീ സി എൽ.

സോഷ്യലിസത്തിലേക്കുള്ള ചുവടുവെപ്പായാണു മ്യാൻമാറിലെ പട്ടാളഭരണകൂടം വൻതോതിലുള്ള ദേശസാൽക്കരണം നടത്തിയതെങ്കിലും, അത് ഒരിക്കൽ സമ്പന്നരാജ്യമായിരുന്ന മ്യാൻമാറിനെ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി എന്നാണു പൊതു വിമർശം.

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്: രൊഹിംഗ്യകൾ. (രൊഹിഞ്ചായ, രൊഹിഞ്ച്യ എന്നും ഈ പദം ഉച്ചരിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.) ഇവർ പന്ത്രണ്ടു ലക്ഷത്തിലേറെയുണ്ട്.

ഭൂപടത്തിൽ, ബംഗ്ളാദേശിൽപ്പെട്ട കോക്സ് ബസാറിനു താഴെ, മ്യാൻമാറിൽ പെട്ട, കടലരികത്തുള്ളൊരു സംസ്ഥാനമാണു രഹൈൻ. (Rakhine എന്ന് ഇംഗ്ലീഷിൽ. ശരിയുച്ചാരണം രഹൈൻ ആണെന്നാണു മനസ്സിലായത്. ചിലർ രഖൈൻ എന്നും പറയുന്നുണ്ടാവാം.) രഹൈനിലെ ജനസംഖ്യ മുപ്പത്തൊന്നു ലക്ഷം. അതിൽ അമ്പത്തേഴു ശതമാനം ബുദ്ധമതക്കാരാണ്. ഇവർ സ്വയം രഹൈനുകൾ എന്നു വിളിക്കുന്നു. തങ്ങൾ നൂറ്റാണ്ടുകളായി ഇവിടെത്തന്നെ താമസിക്കുന്നവരാണെന്നാണു രഹൈനുകൾ അവകാശപ്പെടുന്നത്. രഹൈനിലെ നാല്പത്തിമൂന്നു ശതമാനം വരുന്ന രൊഹിംഗ്യകൾ വിദേശങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും രഹൈനുകൾ ആരോപിക്കുന്നു. രഹൈനിൽ പെട്ട മ്യാൻമാർ-ബംഗ്ലാദേശ് അതിർത്തിയിലാണു രൊഹിംഗ്യകളേറെയും താമസിക്കുന്നത്. ആ ഭാഗങ്ങളിൽ അവരാണധികവും: എൺപതു മുതൽ തൊണ്ണൂറു ശതമാനത്തോളം.

മ്യാൻമാർ ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ, തൊഴിലാവശ്യങ്ങൾക്കായി ബ്രിട്ടൻ ബംഗ്ലാദേശിൽ നിന്ന് (അന്നു ബംഗ്ലാദേശല്ല, ബ്രിട്ടീഷിന്ത്യയിൽ തന്നെയുൾപ്പെട്ട ബംഗാൾ പ്രോവിൻസ്) വിളിച്ചുവരുത്തിയവരാണു രൊഹിംഗ്യകളിൽ കുറേപ്പേർ; 1971ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിനിടയിൽ അന്നു പൂർവപാക്കിസ്താനായിരുന്ന ബംഗ്ളാദേശിൽ നിന്ന് ഓടിപ്പോന്ന അഭയാർത്ഥികളാണു മറ്റു കുറേപ്പേർ.

ഇതു മ്യാൻമാർ സർക്കാരിന്റെ ഭാഷ്യമാണ്. രൊഹിംഗ്യകളെല്ലാം മുസ്ലീങ്ങളാണെന്നത് ഇവിടെ ശ്രദ്ധേയമാണ്. മ്യാൻമാറിൽ തൊണ്ണൂറ്റൊന്നു ശതമാനത്തോളം വരുന്ന ബുദ്ധമതവിശ്വാസികൾക്ക് ന്യൂനപക്ഷങ്ങളിലൊന്നായ, നാലു ശതമാനം മാത്രം വരുന്ന മുസ്ലീങ്ങളുമായി പൊതുവിൽ വലിയ ചങ്ങാത്തമില്ല. മുസ്ലീങ്ങളിൽപ്പെടുന്ന രൊഹിംഗ്യകളോടാണെങ്കിൽ ബുദ്ധമതവിശ്വാസികൾക്കു തികഞ്ഞ ശത്രുതയാണു താനും. രഹൈനുകൾക്കു പ്രത്യേകിച്ചും. രൊഹിംഗ്യകളെ കാണുമ്പോൾ മ്യാൻമാറിലെ ബുദ്ധമതവിശ്വാസികൾ ശ്രീബുദ്ധന്റെ അഹിംസാസിദ്ധാന്തമെല്ലാം പാടെ വിസ്മരിച്ചുകളയുന്നു! തങ്ങളാരാധിക്കുന്ന ദൈവങ്ങളുടെ ഉപദേശങ്ങൾ അനുസരിച്ചു ജീവിതം നയിക്കുന്ന മതവിശ്വാസികൾ ലോകത്തു വിരളമായിത്തീർന്നിരിക്കുന്നു എന്ന ദുഃഖസത്യം മ്യാൻമാർ നമ്മെ പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു. മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന്.

ബ്രിട്ടീഷുകാർ മ്യാൻമാറിൽ ഭരണം നടത്തിയിരുന്നത് 1823 മുതൽ 1948 വരെയായിരുന്നു. രൊഹിംഗ്യകളെ രഹൈനിൽ തൊഴിൽ ചെയ്യാനായി ബ്രിട്ടീഷുകാർ ബംഗാൾ പ്രോവിൻസിൽ നിന്നു വിളിച്ചു വരുത്തിയതാണെങ്കിൽത്തന്നെയും, അങ്ങനെ വന്നെത്തിയ ശേഷം കാലമെത്ര കഴിഞ്ഞുപോയി! ബ്രിട്ടീഷുകാർ സ്ഥലം വിട്ടിട്ടു തന്നെ ഏഴു പതിറ്റാണ്ടാകാറായി. രൊഹിംഗ്യാകുടുംബങ്ങളിലെ ഭൂരിപക്ഷവും അതിനൊക്കെ വളരെ മുമ്പു വന്നവരായിരിക്കണം. 1971ലെ അഭയാർത്ഥിപ്രവാഹത്തിന്റെ ബഹുഭൂരിഭാഗവും ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയായിരുന്നല്ലോ ബംഗ്ളാദേശികളുടെ സ്വാതന്ത്ര്യത്തിന്നായി പാക്കിസ്താനോട് എതിരിട്ടത്. ഇന്ത്യയിലേക്കു വന്ന അഭയാർത്ഥികളുടെ എണ്ണം യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളിൽ കോടി കവിഞ്ഞിരുന്നു. കുറച്ചുപേർ മ്യാൻമാറിലേക്കും കടന്നിരിക്കാം. അന്നു മ്യാൻമാറിലേക്ക്  ഓടിപ്പോന്നവരാണെങ്കിൽ പോലും, അവരങ്ങനെ വന്നിട്ടിപ്പോൾ അര നൂറ്റാണ്ടു തികയാറായി.

രൊഹിംഗ്യകൾ ഇത്ര നീണ്ട കാലമായി രഹൈനിൽ താമസിക്കുന്നവരാണെന്ന കാര്യം പരിഗണിക്കാൻ മ്യാൻമാർ സർക്കാർ തയ്യാറായിട്ടില്ല. തങ്ങളുടെ പൂർവികർ 194 കൊല്ലത്തിനു മുമ്പ് മ്യാൻമാറിൽ സ്ഥിരതാമസമാക്കിയിരുന്നവരാണെന്നു രൊഹിംഗ്യകൾ തെളിയിക്കാത്തതിനാൽ, അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ നിവൃത്തിയില്ല, അവർക്ക് ഒരു തരത്തിലുള്ള പൗരത്വവും നൽകാനുമാവില്ല എന്ന യുക്തിരഹിതമായ, കർക്കശനിലപാടാണു മ്യാൻമാർ സർക്കാർ സ്വീകരിച്ചുപോന്നിട്ടുള്ളത്. 194 കൊല്ലത്തിനു മുമ്പ് മ്യാൻമാറിൽ താമസിച്ചിരുന്നവരാണെന്നു തെളിയിക്കുന്നതു രൊഹിംഗ്യകൾക്ക് തികച്ചും അസാദ്ധ്യമാണെന്നു സർക്കാരിനു ബോദ്ധ്യവുമുണ്ട്. രൊഹിംഗ്യകൾക്കു പൗരത്വം കൊടുക്കരുത് എന്നതാണു സർക്കാരിന്റെ ഗൂഢലക്ഷ്യമെന്നു വ്യക്തം.

മ്യാൻമാറിനു വിസ്തീർണത്തിൽ ഇന്ത്യയുടെ അഞ്ചിലൊന്നിലേറെ വലിപ്പമുണ്ടെങ്കിലും, അവിടത്തെ ജനസംഖ്യ (5.1 കോടി) ഇന്ത്യയുടേതിന്റെ ഇരുപത്തഞ്ചിലൊന്നു മാത്രം. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണു മ്യാൻമാർ: ഒരു ചത്രുരശ്ര കിലോമീറ്ററിൽ നാം ചുറ്റി നടന്നാൽ കണ്ടുമുട്ടാൻ പോകുന്നത് വെറും 76 പേരെ മാത്രം. ഇതു ദേശീയശരാശരി. മ്യാൻമാറിന്റെ ഭൂരിഭാഗം വരുന്ന നാട്ടിൻപുറങ്ങളിലെ ജനസാന്ദ്രത ദേശീയശരാശരിയേക്കാൾ വളരെക്കുറവായിരിക്കണം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 390 ആണ്. കേരളത്തിലേത് 859. ബംഗ്ലാദേശിലേതാണു ഭീകരം: 1319. ബംഗ്ളാദേശിൽ നിന്ന് മ്യാൻമാറിലേക്കും ഇന്ത്യയിലേക്കും ജനം കുടിയേറിപ്പാർക്കുന്നതിൽ അതിശയമില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഇന്നുള്ള അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരുടെ എണ്ണം ഒരുകോടിയിലേറെ വരുമെന്നു വിക്കിപ്പീഡിയയിൽ കാണുന്നു. ഇതിന് ആധികാരികതയില്ല, ശരിയാകാം, തെറ്റുമാകാം. മ്യാൻമാറിലെ രൊഹിംഗ്യകളാകെ പന്ത്രണ്ടു ലക്ഷമേ ഉള്ളൂ. വാസ്തവത്തിൽ, ജനസാന്ദ്രത വളരെക്കുറഞ്ഞ മ്യാൻമാർ ബംഗ്ളാദേശിൽ നിന്ന് ഇനിയുമേറെപ്പേരെ സ്വമേധയാ സ്വീകരിക്കേണ്ടതാണ്. നിസ്സഹായരായ അഭയാർത്ഥികളെ സ്വീകരിക്കുന്ന മഹാമനസ്കരായ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മ്യാൻമാറൊന്നു ശിരസ്സുയർത്തി നോക്കിയിരുന്നെങ്കിൽ!

രൊഹിംഗ്യകൾ ബംഗ്ളാദേശിൽ നിന്നു വന്നവരാണെന്ന പൊതുധാരണ നിലവിലുണ്ടെങ്കിലും, അവരെ തിരിച്ചെടുക്കാൻ ബംഗ്ളാദേശും ഒരുക്കമല്ല. മ്യാൻമാർ സർക്കാരാണെങ്കിൽ രൊഹിംഗ്യകളെ പലവിധത്തിൽ ഞെക്കിഞെരുക്കുകയും. രൊഹിംഗ്യകളെ അനധികൃതകുടിയേറ്റക്കാരായി കണക്കാക്കി, അവർക്കു യാതൊരുവിധ പൗരത്വവും മ്യാൻമാർ സർക്കാർ നൽകുന്നില്ലെന്നതിനു പുറമെ, ബുദ്ധമതക്കാരായ രഹൈനുകൾ രൊഹിംഗ്യകൾക്കെതിരേ ലഹള നടത്തിയപ്പോഴൊക്കെ സർക്കാർ സേന കണ്ണടച്ചുകളയുകയോ, ക്രൂരതകളിൽ രഹൈനുകളോടൊപ്പം പങ്കുചേരുകയോ ചെയ്തിട്ടുമുണ്ട്. രഹൈനുകളും സൈന്യവും ചേർന്ന് എല്ലാത്തരം ക്രൂരതകളും രൊഹിംഗ്യകളുടെ മേൽ അഴിച്ചു വിട്ടിട്ടുണ്ട്. പല തവണ.

ഉപദ്രവം അസഹനീയമായാൽ ഏതു കടിക്കാത്ത നായ് പോലും കടിച്ചെന്നു വരും. രൊഹിംഗ്യകളും സഹികെട്ട് ചില്ലറ അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ‘സൈന്യത്തിന്റെ ബോർഡർ പോസ്റ്റുകൾ രൊഹിംഗ്യകൾ കത്തിച്ചു’: സൈന്യത്തിന്റെ ഭാഷ്യമാണ്. സൈന്യത്തിന്റെ ഭാഷ്യങ്ങൾ ശരിയും തെറ്റുമാകാം. ആഭ്യന്തരവകുപ്പു സൈന്യത്തിന്റെ പിടിയിലാണ്. ഒന്നിനു പത്ത് എന്ന സൈന്യത്തിന്റെ പ്രതികാരനയത്തിനുള്ള ന്യായീകരണമാകാം സൈന്യത്തിന്റെ പ്രത്യാരോപണങ്ങൾ. ജനാധിപത്യത്തിനു ഭരണത്തിൽ പങ്കാളിത്തം ലഭിച്ച സമീപവർഷങ്ങളിൽ പോലും (2012, 2013, 2014, 2016) രൊഹിംഗ്യകളുടെ മേലുള്ള കൂട്ടക്കൊലകൾ നടന്നിട്ടുണ്ട്: കുറഞ്ഞ തോതിലും കൂടിയ തോതിലും. നിരവധി ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരേ പതിവായി ശബ്ദമുയർത്താറുണ്ട്. എങ്കിലും, കാര്യമായ ഫലമുണ്ടായിട്ടില്ല.

ശ്രീബുദ്ധന്റെ ഉപദേശങ്ങളാണു ബുദ്ധമതത്തിന്റെ അടിസ്ഥാനം. അന്യരെ ദ്രോഹിക്കാതിരിക്കുകയും, അവരെ പൂർണമായി സ്നേഹിക്കുകയും, അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണു ശ്രീബുദ്ധന്റെ ഉപദേശങ്ങളിലൊന്ന്. ഈ ഉപദേശം തൊണ്ണൂറ്റൊന്നു ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള മ്യാൻമാറിൽ പതിവായി അവഗണിക്കപ്പെടുകയാണു ചെയ്തിട്ടുള്ളത്. രൊഹിംഗ്യകളോടുള്ള സമീപനത്തിൽ പ്രത്യേകിച്ചും. രൊഹിംഗ്യകളെ ഉപദ്രവിക്കാറുള്ള രഹൈനുകളും മ്യാൻമാർ സേനയും ബുദ്ധമതാനുയായികളാണ്. ഉറുമ്പുകളെപ്പോലും ദ്രോഹിക്കരുതെന്ന് ഉപദേശിച്ച ശ്രീബുദ്ധനെ ഈശ്വരനായി ആരാധിക്കുന്നവർ തന്നെ സഹജീവികളെ നിഷ്‌കരുണം ഉപദ്രവിക്കുന്നുവെന്നതു വൈരുദ്ധ്യവും കാപട്യവും ദുഃഖകരവുമാണ്.

രൊഹിംഗ്യകളുടെ മേൽ മ്യാൻമാർ സൈന്യം നടത്തിയ കൂട്ടക്കൊലകൾ അന്താരാഷ്ട്രനിയമങ്ങളനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന ലോകാഭിപ്രായം ബലപ്പെട്ടിട്ടുണ്ട്. കൂട്ടക്കൊലകൾ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ മ്യാൻമാർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതും മനപ്പൂർവമായിരിക്കണം. സൈന്യം കുറ്റവാളികളെന്ന നിലയിൽ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കാണാൻ ഏതു സർക്കാരാണിഷ്ടപ്പെടുക! കഴിഞ്ഞ അര നൂറ്റാണ്ടു കാലം മ്യാൻമാറിൽ പട്ടാളഭരണമാണു നടന്നിരുന്നത്. ജനാധിപത്യവിരുദ്ധമായ പട്ടാളഭരണകൂടത്തിനു സങ്കുചിതമായ സാമുദായിക പക്ഷപാതിത്വം കൂടിയായപ്പോൾ മ്യാൻമാർ സർക്കാർ ഒരു ഫാഷിസ്റ്റ് ഭരണകൂടമായി, ജനവിരുദ്ധവുമായി.

യഥാർത്ഥ ജനാധിപത്യമാണു മ്യാൻമാറിൽ നിലവിലിരുന്നതെങ്കിൽ ഒരു ജനവിഭാഗവും, അതെത്ര ന്യൂനപക്ഷമായാലും, കൂട്ടക്കൊലയ്ക്കു വിധേയമാകുമായിരുന്നില്ല. വ്യക്തിജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അഹിംസാസിദ്ധാന്തം പാലിക്കേണ്ടതുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആങ് സാൻ സൂ കീ രാഷ്ട്രപതിയാകുകയും, സൂ കീയുടെ കീഴിൽ, സൈന്യത്തിന്റെ ഇടപെടലില്ലാത്ത, യഥാർത്ഥ ജനാധിപത്യസർക്കാർ അധികാരത്തിൽ വരികയും ചെയ്യുന്നെങ്കിൽ രൊഹിംഗ്യകളുടെ ഇന്നത്തെ പരിതാപാവസ്ഥയിൽ ആശാവഹമായ പുരോഗതിയുണ്ടാകുമെന്നു തീർച്ച. ഇന്നു നിലവിലിരിക്കുന്ന, പട്ടാളത്തിനു മേൽക്കൈയുള്ള സർക്കാരിൽ സൂ കീയ്ക്കു പങ്കാളിത്തമുണ്ടെങ്കിലും അതു യഥാർത്ഥ ജനാധിപത്യസമ്പ്രദായം അനുസരിച്ചുള്ളൊരു സർക്കാരല്ല.

2015 നവമ്പർ എട്ടാം തീയതി നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആങ് സാൻ സൂ കീയുടെ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻ എൽ ഡി) തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ എൺപതു ശതമാനത്തിലേറെ നേടിയെന്നും, രാഷ്ട്രപതിയാകാൻ ആവശ്യമുള്ളതിനേക്കാൾ വളരെയധികം സീറ്റുകൾ നേടിയിട്ടും സൂ കീയ്ക്കു രാഷ്ട്രപതിയാകാനായിട്ടില്ലെന്നും മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വയം രാഷ്ട്രപതിയാകാൻ സൂ കീയ്ക്കു സാധിച്ചില്ലെങ്കിലും, എൻ എൽ ഡിയിലെ ഒരംഗം (ഹിതിൻ ക്യാവ്) തന്നെയാണു രാഷ്ട്രപതിയായി 2016 മാർച്ച് മുപ്പതാം തീയതി സത്യപ്രതിജ്ഞ ചെയ്ത് രാജ്യഭാരമേറ്റത്. രണ്ടു മാറ്റങ്ങൾ ആവശ്യമാണ്: ഒന്ന്, സൂ കീ തന്നെ രാഷ്ട്രപതിയാകണം; രണ്ട്, പട്ടാളത്തിനു സർക്കാരിന്റെ മേൽ ഇപ്പോഴുമുള്ള പിടി വിടുവിക്കണം. ജനാധിപത്യ ഭരണവ്യവസ്ഥയിൽ സർക്കാരിനു സൈന്യത്തിന്റെ മേലാണു പിടി വേണ്ടത്; സർക്കാരിന്റെ മേൽ ജനത്തിനും. പക്ഷേ, മ്യാൻമാറിൽ നിലവിലിരിക്കുന്ന നിയമങ്ങൾ ഇത് അസാദ്ധ്യമാക്കുന്നു; അവയിലേക്കൊന്നു കണ്ണോടിക്കാം.

2008ൽ അന്ന് അധികാരത്തിലിരുന്ന പട്ടാളസർക്കാർ ഭരണഘടനയിൽ വരുത്തിയ ഭേദഗതികൾ മൂലമാണു 2015ലെ പൊതുതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടും, സൂ കീയ്ക്കു രാഷ്ട്രപതിയാകാൻ ആകാത്തത്. രാഷ്ട്രപതിയാകുന്നയാൾക്കു രാഷ്ട്രത്തിന്റെ രാഷ്ട്രീയ, ഭരണ, സാമ്പത്തികവിഷയങ്ങളോടൊപ്പം സൈനികവിഷയവും സുപരിചിതമായിരിക്കണം എന്നു 2008ൽ പരിഷ്കരിച്ച ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 57ഡി നിർദ്ദേശിക്കുന്നു. സൂ കീയ്ക്കു മറ്റു മൂന്നു വിഷയങ്ങളിലും തഴക്കമുണ്ടെങ്കിലും, സൈനികവിഷയത്തിൽ പരിചയമില്ല. ഈ നിബന്ധന ജനാധിപത്യത്തിനു നിരക്കുന്നതല്ലെങ്കിലും, ഈ നിബന്ധനയുടെ പാലനം അത്ര കർക്കശമല്ലെന്ന് ഇപ്പോൾ രാഷ്ട്രപതിയായ ഹിതിൻ ക്യാവോയുടെ നിയമനം സൂചിപ്പിക്കുന്നു; ക്യാവോയ്ക്കു സൈനികവിഷയത്തിൽ പരിചയമില്ല.

കൂടുതൽ കർക്കശമായത് ഇനിയുദ്ധരിക്കുന്ന നിബന്ധനയാണ്: രാഷ്ട്രപതിയുടെ മാതാപിതാക്കൾ, പതി അഥവാ പത്നി, സന്താനങ്ങൾ എന്നിവരിൽ ആരും തന്നെ ഒരു വിദേശരാജ്യത്തെ പൗരന്മാരായിരിക്കരുത് എന്നാണു ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 59 എഫ് നിഷ്കർഷിക്കുന്നത്. സൂ കീയുടെ ഭർത്താവ്, പരേതനായ മൈക്കിൽ ആരിസ് ഒരു ബ്രിട്ടീഷ് പൗരനായിരുന്നു. സൂ കീയുടെ മക്കളായ അലക്സാണ്ടർ ആരിസും കിം ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്. അതുകൊണ്ട്, അലക്സാണ്ടറും കിമ്മും വിദേശപൗരന്മാരായിരിക്കുന്നിടത്തോളം സൂ കീയ്ക്കു രാഷ്ട്രപതിയാകാനാവില്ല.

ഭരണഘടനയിൽ ഭേദഗതി വരുത്തിയാൽ മുകളിൽ വിവരിച്ച പ്രതിബന്ധങ്ങളകറ്റി സൂ കീയ്ക്കു രാഷ്ട്രപതിയാകാം. ഭരണഘടനയിൽ ഭേദഗതി വരുത്താനുമുണ്ട് വലിയൊരു കടമ്പ. അതു ചുരുക്കി വിവരിക്കാം.

ഇന്ത്യയിൽ പാർലമെന്റും പാർലമെന്റിൽ ലോക്‌സഭയും രാജ്യസഭയും ഉള്ളതു പോലെ, കേന്ദ്രത്തിൽ ഒരു പാർലമെന്റും അതിൽ രണ്ടു സഭകളും മ്യാൻമാറിലുമുണ്ട്. പിഡാങ്സു ഹ്‌ലുട്ടോ എന്നാണ് ഇരുസഭകളുമുൾപ്പെടുന്ന മ്യാൻമാർ പാർലമെന്റ് അറിയപ്പെടുന്നത്. പയിതു ഹ്‌ലുട്ടോ നമ്മുടെ ലോക്‌സഭയ്ക്കും അമ്യോതാ ഹ്‌ലുട്ടോ രാജ്യസഭയ്ക്കും സമാനമാണ്.

പയിതു ഹ്‌ലുട്ടോയിൽ ആകെയുള്ള 440 സീറ്റിൽ 323 എണ്ണത്തിലേക്കാണു 2015 നവമ്പറിൽ തെരഞ്ഞെടുപ്പു നടന്നത്. അതിൽ 255 എണ്ണം സൂ കീയുടെ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻ എൽ ഡി) നേടി. തീവ്രവാദപ്രവർത്തനം മൂലം ഷാൻ എന്ന സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനനുകൂലമായ സമാധാനാന്തരീക്ഷം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഷാനിൽ നിന്നുള്ള ഏഴു സീറ്റുകളിൽ തെരഞ്ഞെടുപ്പു നടന്നില്ല. ഷാനിലെ ഏഴു സീറ്റുകൾ കൂടി കണക്കിലെടുത്താൽ തന്നെയും 330 സീറ്റുകളേ ആകുന്നുള്ളൂ. പയിതു ഹ്‌ലുട്ടോയിൽ ആകെയുള്ളത് 440 സീറ്റുകളാണു താനും. ശേഷിക്കുന്ന 110 സീറ്റുകളിൽ എന്തുകൊണ്ടു തെരഞ്ഞെടുപ്പു നടന്നില്ല? ന്യായമായ ചോദ്യം. ഉത്തരം വിചിത്രമാണ്. ആ 110 സീറ്റുകൾ സൈന്യത്തിനുള്ളതാണ്. അവയിൽ തെരഞ്ഞെടുപ്പില്ല. ആ സീറ്റുകളിലേക്ക് സൈന്യം സൈനികരെ നാമനിർദ്ദേശം ചെയ്യും. അവരെ രാഷ്ട്രപതി കണ്ണുമടച്ചു സ്വീകരിച്ചുകൊള്ളണം.

ഭരണഘടന ഭേദഗതി ചെയ്യാൻ പയിതു ഹ്‌ലുട്ടോവിൽ 75 ശതമാനം അനുകൂലവോട്ടു കിട്ടണം. 440ന്റെ 75 ശതമാനമെന്നാൽ 330. സൂ കീയുടെ എൻ എൽ ഡീയ്ക്ക് 255 സീറ്റുകളാണു കിട്ടിയത്. ഇതു തെരഞ്ഞെടുപ്പു നടന്ന 323 സീറ്റിന്റെ എൺപതു ശതമാനത്തോളം വരുന്നുണ്ടെങ്കിലും, ആകെയുള്ള 440 സീറ്റിന്റെ 58 ശതമാനമേ ആകുന്നുള്ളൂ. ഭേദഗതി പാസ്സാകണമെങ്കിൽ എൻ എൽ ഡിയുടെ 255 വോട്ടുകൾക്കു പുറമെ, 75 വോട്ടു കൂടി കിട്ടണം. മറ്റു പതിനൊന്നു രാഷ്ട്രീയപ്പാർട്ടികൾക്കായി ഇപ്പോൾ 68 സീറ്റുണ്ട്, അത്രയും തന്നെ വോട്ടുകളുമുണ്ട്. അവരൊന്നടങ്കം എൻ എൽ ഡിയോടൊപ്പം ഭേദഗതിയെ അനുകൂലിച്ചു വോട്ടു ചെയ്യണം. ഷാനിലെ ഏഴു സീറ്റുകളിൽ തെരഞ്ഞെടുപ്പു നടക്കുകയും, അവയിൽ ജയം നേടുന്നവരും ഭേദഗതിയെ അനുകൂലിക്കുകയും വേണം. എങ്കിൽ മാത്രമേ, ഭേദഗതി പയിതു ഹ്‌ലുട്ടോയിൽ പാസ്സാകാനാവശ്യമുള്ള 330 വോട്ടുകൾ - ആകെ വോട്ടിന്റെ 75% - തികയുകയുള്ളൂ.

ഇതു നടക്കില്ല. കാരണം, എൻ എൽ ഡി കൂടാതെയുള്ള പതിനൊന്നു പാർട്ടികളിൽ പ്രമുഖമായതു യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്മെന്റ് പാർട്ടി (യു എസ് ഡി പി) എന്ന കക്ഷിയാണ്. ഇതു സൈന്യം രൂപം കൊടുത്ത, സൈന്യത്തെ അനുകൂലിക്കുന്ന പാർട്ടിയുമാണ്. 2015ലെ തെരഞ്ഞെടുപ്പിൽ പയിതു ഹ്‌ലുട്ടോയിലെ 255 സീറ്റു നേടിയ എൻ എൽ ഡി ഭരണപക്ഷത്തായപ്പോൾ, സൈന്യത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള യു എസ് ഡി പി 30 സീറ്റു മാത്രം നേടി പ്രതിപക്ഷത്താണ്. തെരഞ്ഞെടുപ്പിൽ തങ്ങളെ തോല്പിച്ച എൻ എൽ ഡിയെ ബദ്ധശത്രുവായാണു യു എസ് ഡി പി കണക്കാക്കുന്നത്. എൻ എൽ ഡി നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി എത്ര തന്നെ മഹത്തായിരുന്നാലും യു എസ് ഡി പി അതിനെ പിന്തുണയ്ക്കില്ല. അമ്മയെത്തല്ലിയാലും പക്ഷം രണ്ട് എന്നാണല്ലോ ചൊല്ല്! യു എസ് ഡി പി ഭേദഗതിയെ തുണയ്ക്കാതിരുന്നാൽ, മറ്റെല്ലാ കക്ഷികളും എൻ എൽ ഡി നിർദ്ദേശിക്കുന്ന ഭേദഗതിയെ തുണച്ചാൽപ്പോലും, അത് ആകെ വോട്ടിന്റെ 68% മാത്രമേ ആകുകയുള്ളൂ. ഭേദഗതി പയിതു ഹ്‌ലുട്ടോയിൽ പാസ്സാകാനാവശ്യമുള്ള 75% എൻ എൽ ഡിയുടെ കൈയെത്തും ദൂരത്തിനുമകലെയാണ്.

സമാനമാണ് അമ്യോതാ ഹ്‌ലുട്ടോയിലേയും സ്ഥിതി. ആകെയുള്ള 224 സീറ്റിൽ 168 എണ്ണത്തിൽ തെരഞ്ഞെടുപ്പു നടന്നു. സൂ കീയുടെ എൻ എൽ ഡി 135 സീറ്റുകൾ നേടി: തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ 80 ശതമാനം. പക്ഷേ, ഇത് ആകെയുള്ള 224 സീറ്റുകളുടെ 60% മാത്രമേ ആകുന്നുള്ളൂ. 56 സീറ്റുകളിൽ തെരഞ്ഞെടുപ്പില്ല; അവ സൈന്യത്തിനുള്ളതാണ്; അവയിലേക്കായി സൈന്യം നാമനിർദ്ദേശം ചെയ്യുന്ന സൈനികരെ കണ്ണുമടച്ചു സ്വീകരിക്കാനേ രാഷ്ട്രപതിക്കാവൂ. ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിൽ പാസ്സാകണമെങ്കിൽ 75% വോട്ടു നേടണം. അമ്യോതാ ഹ്‌ലുട്ടോയിൽ യു എസ് ഡി പിയ്ക്ക് 11 സീറ്റുണ്ട്. അവർ എൻ എൽ ഡി കൊണ്ടുവരുന്ന ഭരണഘടനാഭേദഗതിയെ എതിർക്കും. മറ്റെല്ലാ പാർട്ടികളുടേയും പിന്തുണ ഭേദഗതിക്കു കിട്ടിയാൽത്തന്നെയും അത് 70 ശതമാനമേ ആകൂ. അതുകൊണ്ടു ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിലും പരാജയപ്പെടുക തന്നെ ചെയ്യും.........................

Pls Click Here to 

Read more

ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35

ഷട്ടില്‍ ബാഡ്മിന്റനും ടെന്നീസും തമ്മില്‍ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതല്‍ വശ്യം ടെന്നീസാണ്. ഷട്ടില്‍ ടൂര്‍ണമെന്റിന് ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു ന്യൂനത. ഇതില്‍ നിന്നു വിഭിന്നമായി, തുറന്ന കോര്‍ട്ടുകളിലാണു ടെന്നീസ് മത്സരങ്ങളില്‍ കൂടുതലും നടക്കാറ്. ഷട്ടില്‍ കോര്‍ട്ടിനു നാല്പത്തിനാലടി നീളവും ഇരുപതടി വീതിയും മാത്രമേയുള്ളൂ. ടെന്നീസ് കോര്‍ട്ടിന് ഏകദേശം ഇരട്ടി നീളവും (78 അടി) വീതിയും (36 അടി) ഉണ്ട്. കോര്‍ട്ടിനു വലിപ്പം കൂടുമ്പോള്‍ കൂടുതല്‍ കാണികള്‍ക്കു കളി കൂടുതല്‍ വ്യക്തമായി കാണാനാകും. യൂ എസ് ഓപ്പന്‍ നടക്കുന്ന ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് ടെന്നീസ് സ്‌റ്റേഡിയത്തില്‍ ഇരുപത്തിമൂവായിരത്തിലേറെ കാണികള്‍ക്കു കളി കാണാനാകും. ഒരു നെറ്റിനിരുവശവും നിന്നുകൊണ്ട്, രണ്ടേരണ്ടു കളിക്കാര്‍ മാത്രമായി നേര്‍ക്കുനേര്‍ പോരാടുന്ന മറ്റൊരു കളിയും ഇത്രയും പേര്‍ക്ക് ഒരേ സമയം കാണാനാവില്ലെന്നതു ടെന്നീസിന്റെ മാത്രം പ്രത്യേകതയാണ്.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ 68000 പേര്‍ക്ക് ഇരിക്കാനാകും; കൊല്‍ക്കത്തയിലെ തന്നെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 66000 പേര്‍ക്കും. നമ്മുടെ സ്വന്തം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍പ്പോലും 62000 പേര്‍ക്കിരിയ്ക്കാം. പക്ഷേ, ഇതെല്ലാം ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിവയ്ക്കുള്ള സ്‌റ്റേഡിയങ്ങളാണ്. ഓരോ ടീമിലും പതിനൊന്നുപേര്‍ വീതം. ഫുട്‌ബോളില്‍ ഒരേസമയം ഇരുപത്തിരണ്ടുപേര്‍ കളിക്കുന്നു. ക്രിക്കറ്റില്‍ പതിമ്മൂന്നു പേരും. എന്നാല്‍ ടെന്നീസില്‍ രണ്ടുപേരാണു കളിക്കുക; അങ്ങേയറ്റം നാലുപേര്‍.

കളി ഏതായാലും, അതു കണ്ടുകൊണ്ടിരിക്കുന്ന കാണികള്‍ മിക്കപ്പോഴും രണ്ടു പക്ഷങ്ങളായി തിരിയുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്ത്യയില്‍ വെച്ചു നടക്കുന്ന ക്രിക്കറ്റുകളിയാണെന്നു കരുതുക. നാം മുഴുവനും ഇന്ത്യയ്ക്കു വേണ്ടി ആരവമുയര്‍ത്തുമ്പോള്‍ ബ്രിട്ടീഷ് കാണികള്‍ അവര്‍ എണ്ണത്തില്‍ കുറവായിരിക്കും ഇംഗ്ലണ്ടിനെ പിന്താങ്ങും. കാണികള്‍ സ്വന്തം ടീമുകളെ പിന്താങ്ങുന്നതു സ്വാഭാവികം. എന്നാല്‍, ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള കളിയാണ് ഇന്ത്യയില്‍ വെച്ചു നടക്കുന്നതെങ്കില്‍ നാമേതു ടീമിനെയാണു പിന്താങ്ങുക?

നാളെ, ജനുവരി 29, ഞായറാഴ്ച, ആസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള റോഡ് ലേവര്‍ അറീനയില്‍ വച്ചു നടക്കാന്‍ പോകുന്ന ടെന്നീസ് ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായിരുന്ന റോജര്‍ ഫെഡററും റഫേല്‍ നഡാലും തമ്മില്‍ മുപ്പത്തഞ്ചാമതു തവണ ഏറ്റുമുട്ടുമ്പോള്‍, ആസ്‌ട്രേലിയന്‍ കാണികള്‍ അവരിലാരെയാണു പിന്തുണയ്ക്കുക?

ഫെഡററും നഡാലും ആസ്‌ട്രേലിയക്കാരല്ല. ഫെഡറര്‍ സ്വിറ്റ്‌സര്‍ലന്റുകാരനും, നഡാല്‍ സ്‌പെയിന്‍കാരനുമാണ്. ഇവരിരുവരും വിദേശികളായതുകൊണ്ട്, ഇവര്‍ തമ്മിലുള്ള കളി കാണാന്‍ ആസ്‌ട്രേലിയക്കാര്‍ക്കു വലുതായ ആകാംക്ഷയൊന്നുമുണ്ടാവില്ല എന്നാണു നാം കരുതിപ്പോകുക. പക്ഷേ, വിഭിന്നമാണു വസ്തുത: നാളെ, 15000 പേര്‍ക്കിരിക്കാവുന്ന റോഡ് ലേവര്‍ സ്‌റ്റേഡിയം സൂചികുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞിരിക്കും, യാതൊരു സംശയവും വേണ്ട. ലോകമെമ്പാടുമായി, ദശലക്ഷക്കണക്കിനു ടെന്നീസ് പ്രേമികള്‍ ടീവിയില്‍ കളിയുടെ തത്സമയപ്രക്ഷേപണം ആകാംക്ഷയോടെ കാണും.

ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്‌ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും. കൂടുതല്‍പ്പേര്‍ ഫെഡററെയാണു പിന്തുണയ്ക്കുകയെന്ന് എങ്ങനെ പറയാന്‍ പറ്റും? ചോദ്യമുയരാം.

ഫെഡററും നഡാലും ടെന്നീസ് തന്നെയാണു കളിക്കുന്നതെങ്കിലും, അവരുടെ രീതികള്‍ വിഭിന്നമാണ്. ഫെഡറര്‍ വലതുകരമുപയോഗിക്കുന്നു; നഡാല്‍ ഇടതുകരവും. ലോകത്തില്‍ ഇടതുകൈയ്യര്‍ കുറവാണ്: പത്തു ശതമാനം മാത്രം. തൊണ്ണൂറു ശതമാനവും വലതുകൈയ്യര്‍. ഇടതുകൈ ഉപയോഗിച്ചുകൊണ്ടുള്ള കളി ആസ്വദിക്കാന്‍ വലതുകൈയ്യര്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ട്. ലോകത്തില്‍ ഭൂരിപക്ഷവും വലതുകൈയ്യരായതിനാല്‍, വലതുകരമുപയോഗിച്ചു കളിക്കുന്ന ഫെഡററുടെ കളി ആസ്വദിക്കാന്‍ കൂടുതല്‍പ്പേരുണ്ടാകുന്നതു സ്വാഭാവികം മാത്രം.

പക്ഷേ, റോജര്‍ ഫെഡറര്‍ ഒരു അസാമാന്യപ്രതിഭ കൂടിയാണ്. അതിവിശിഷ്ടമായ കളി മിക്കപ്പോഴും പുറത്തെടുക്കുന്ന അപൂര്‍വപ്രാഭവാന്‍. കളിക്കളത്തില്‍ മാത്രമല്ല, അതിനു പുറത്തും ഫെഡറര്‍ ഒരു വിശിഷ്ടവ്യക്തിയാണ്. ഫെഡറര്‍ക്കു മാതൃഭാഷയ്ക്കു പുറമെ ആറ് ഇതരഭാഷകള്‍ കൂടിയറിയാം: ഫ്രെഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, സ്വീഡിഷ്, പിന്നെ അസ്സല്‍ ഇംഗ്ലീഷും. പറയുന്നതെപ്പോഴും ഫെഡറര്‍ നര്‍മ്മം കലര്‍ത്തിയാണു പറയുക. തികച്ചും പ്രസാദാത്മകവുമായിരിയ്ക്കും, ഫെഡററുടെ വാക്കുകള്‍. ചുരുക്കത്തില്‍, കളിയിലൂടെ മാത്രമല്ല, വാക്കിലൂടെയും ഫെഡറര്‍ കാണികളെ കൈയിലെടുക്കും.

ടെന്നീസിലെ നടപടിക്രമങ്ങള്‍ കൂടുതലും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് മനസ്സിലാക്കുന്നയിടങ്ങളിലാണു ടെന്നീസ് ടൂര്‍ണമെന്റുകളില്‍ കൂടുതലും. ഉദാഹരണത്തിന്, ആകെയുള്ള നാലു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ മൂന്നും – ആസ്‌ട്രേല്യന്‍ ഓപ്പന്‍, വിംബിള്‍ഡന്‍, യു എസ് ഓപ്പന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാണ്. പാരീസില്‍ നടക്കുന്ന ഫ്രെഞ്ച് ഓപ്പന്‍ മാത്രമാണ് ഒരിംഗ്ലീഷിതര ടൂര്‍ണമെന്റ്. നഡാലിന് ഇംഗ്ലീഷ് പരിജ്ഞാനം താരതമ്യേന കുറവാണ്. അതുകൊണ്ട് നഡാലിന് ഇംഗ്ലീഷ് സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാണികളെ വാക്കുകളിലൂടെ ആകര്‍ഷിക്കാനുള്ള കഴിവ് ഫെഡറോളമില്ല. പക്ഷേ, വാക്കുകളിലുള്ള വൈദഗ്ദ്ധ്യക്കുറവ് കളിയിലൂടെ നഡാല്‍ പരിഹരിക്കുന്നു. നഡാലിനെപ്പോലെ ‘മരിച്ചു’ കളിക്കുന്നവര്‍ അന്താരാഷ്ട്ര ടെന്നീസില്‍ വേറെയില്ല. എതിരാളി അടിച്ചുവിടുന്ന പന്ത് എത്ര അസാദ്ധ്യമായിരുന്നാലും, നഡാല്‍ അതിന്റെ പിന്നാലെയോടുന്നു, ഏതു വിധേനയും അതിനെ അതേ നാണയത്തില്‍ത്തന്നെ തിരികെക്കൊടുക്കാന്‍ കഠിനശ്രമം നടത്തുന്നു. ടെന്നീസ് കോര്‍ട്ടില്‍ നഡാലിനോളം പോരാട്ടവീര്യം മറ്റൊരു കളിക്കാരനും പ്രദര്‍ശിപ്പിക്കാറില്ല. മറ്റെന്തുവേണം, കാണികള്‍ക്ക്!

സെര്‍വ് ആന്റ് വോളിയാണു ഫെഡററുടെ പതിവു രീതി. സെര്‍വു ചെയ്തയുടന്‍ ഓടിച്ചെന്നു നെറ്റിനടുത്തു നിലയുറപ്പിക്കുകയും, എതിരാളിയുടെ പന്തുകളെ നെറ്റിനടുത്തു നിന്നുകൊണ്ട് അനായാസം തടുത്തിടുകയുമാണ് ആ രീതി. നെറ്റിനടുത്തു നിന്നുകൊണ്ടു പന്തിനെ തടുത്തിടുന്നതിനു വോളി എന്നു പറയുന്നു. ഇത്തരത്തില്‍ മുന്നോട്ട് ഓടിച്ചെല്ലുന്ന പതിവു നഡാലിനു വിരളമാണ്. കോര്‍ട്ടിന്റെ പുറകറ്റത്തുള്ള, ബേസ്‌ലൈന്‍ എന്നറിയപ്പെടുന്ന ഭാഗത്തു നിന്നുകൊണ്ടാണു നഡാല്‍ കൂടുതല്‍ സമയവും കളിക്കാറ്. നഡാല്‍ ബേസ്‌ലൈന്‍ കളിക്കാരനും, ഫെഡറര്‍ സെര്‍വ് ആന്റ് വോളി കളിക്കാരനുമാണ്.

ടെന്നീസിലും ഷട്ടിലിലും സെര്‍വുകളുണ്ടെങ്കിലും, ടെന്നീസില്‍ ഒരു വ്യത്യാസമുണ്ട്: ഒരു സെര്‍വു പിഴച്ചുപോയാല്‍, വിഷമിക്കാനില്ല, അതു രണ്ടാമതും ചെയ്യാം. ഇങ്ങനെ, ടെന്നീസില്‍ ഒന്നാം സെര്‍വും രണ്ടാം സെര്‍വുമുണ്ട്. ഒന്നാം സെര്‍വു പിഴച്ചുപോയാല്‍ രണ്ടാമതും ചെയ്യാമല്ലോ എന്ന ധൈര്യത്തില്‍, മിക്ക കളിക്കാരും ഒന്നാം സെര്‍വുകള്‍ അതിശക്തമായാണു ചെയ്യുക. പലപ്പോഴും അവ പിഴച്ചുപോകും. ചിലപ്പോഴൊക്കെ, അവയ്ക്കു കണിശത ലഭിക്കുകയും ചെയ്യും. ശക്തിയും കണിശതയും ചേര്‍ന്നു വരുന്ന സെര്‍വുകളെ നേരിടാന്‍ എതിരാളികള്‍ക്കു ചിലപ്പോളാകാതെ വരും. ഇങ്ങനെ, എതിരാളിക്കു സ്പര്‍ശിക്കാന്‍ പോലുമാകാത്ത സെര്‍വുകള്‍ ഏയ്‌സുകള്‍ എന്നറിയപ്പെടുന്നു. ഏറ്റവുമധികം ഏയ്‌സുകളുതിര്‍ത്തിട്ടുള്ള മൂന്നാമത്തെ കളിക്കാരനാണു ഫെഡറര്‍: ആകെ 9734 ഏയ്‌സുകള്‍! നഡാലും ഏയ്‌സുകള്‍ സെര്‍വു ചെയ്യാറുണ്ട്; പക്ഷേ, കുറവാണ്: ആകെ 2777. ഫെഡററുടേതിന്റെ ഏകദേശം മൂന്നിലൊന്നു മാത്രം.

ഇവിടെ ഒരു ചോദ്യമുയരാം: ഫെഡററേക്കാള്‍ വളരെക്കുറവ് ഏയ്‌സുകള്‍ മാത്രം സെര്‍വു ചെയ്ത നഡാലിനു 141 ആഴ്ച ലോക ഒന്നാം നമ്പറായി വാഴാന്‍ എങ്ങനെ സാധിച്ചു?

എതിരാളിക്കു സ്പര്‍ശിക്കാനാകാത്ത സെര്‍വുകളാണ് ഏയ്‌സുകളെന്നു മുകളില്‍ സൂചിപ്പിച്ചു. ഏയ്‌സുകള്‍ സെര്‍വു ചെയ്യുന്നത് എളുപ്പമല്ല. എതിരാളിക്കു സ്പര്‍ശിക്കാനാകുന്ന സെര്‍വുകളാണു മിക്ക കളിക്കാരും കൂടുതലായി ചെയ്യുന്നത്. നഡാലുമതേ. നഡാലിന്റെ ഒന്നാം സെര്‍വുകള്‍ എതിരാളിക്കു സ്പര്‍ശിക്കാനും, മിക്കപ്പോഴും മടക്കിക്കൊടുക്കാനുമാകും. എങ്കിലും, നഡാലിന്റെ ഒന്നാം സെര്‍വുകള്‍ക്കു പൊതുവില്‍ കൂടുതല്‍ കണിശതയുണ്ട്. ഒന്നാം സെര്‍വുകളുടെ കണിശതയുടെ കാര്യത്തില്‍ നഡാല്‍ അഞ്ചാംസ്ഥാനത്താണുള്ളത്: കണിശത 69 ശതമാനം. ഇക്കാര്യത്തില്‍ ഫെഡറര്‍ വളരെ പുറകിലാണ്: കണിശത 62 ശതമാനം മാത്രം; സ്ഥാനം 55. ഫെഡററുടെ കൂടുതല്‍ സെര്‍വുകള്‍ പിഴച്ചുപോകുന്നു എന്നു സാരം. നഡാലിന്റെ 69ഉം ഫെഡററുടെ 62ഉം തമ്മിലുള്ള ഏഴുശതമാനത്തിന്റെ ഈ അന്തരം സാരമുള്ളതാണ്. കണിശതയുള്ള ഒന്നാം സെര്‍വുകള്‍ മടക്കിക്കൊടുക്കാന്‍ എതിരാളിക്കായാല്‍ത്തന്നെയും, ആ മടക്കലുകള്‍ പലപ്പോഴും ദുര്‍ബലമായിരിക്കും. ആ ദൗര്‍ബല്യം മുതലെടുത്ത്, പോയിന്റു നേടാന്‍ നഡാലിന് അസാമാന്യമായ കഴിവുണ്ട്.

സെര്‍വു ചെയ്ത് എതിരാളിയെ കുഴക്കുന്നതോടൊപ്പം, എതിരാളിയുടെ സെര്‍വു മടക്കിക്കൊടുക്കാനും ഒരു നല്ല കളിക്കാരനു സാധിക്കണം. എങ്കില്‍ മാത്രമേ, മുന്‍ നിരയിലെത്താനാകൂ. ഇവിടെയും നഡാല്‍ തന്നെ മുന്നില്‍: നേരിട്ട ഒന്നാം സെര്‍വുകളില്‍ 34 ശതമാനത്തെ അതിജീവിച്ചു നഡാല്‍ പോയിന്റു നേടി. ഇക്കാര്യത്തിലും ഫെഡറര്‍ പിന്നിലാണ്: 33 ശതമാനം മാത്രം. നഡാല്‍ മൂന്നാം സ്ഥാനത്ത്, ഫെഡറര്‍ പതിനൊന്നാമതും. ഫെഡറര്‍ നഡാലിന്റെ തൊട്ടു പിറകില്‍ത്തന്നെയുണ്ടെങ്കിലും, അവര്‍ തമ്മിലുള്ള ഒരു ശതമാനത്തിന്റെ വ്യത്യാസം അതിപ്രധാനമാണ്.

കണിശതയുള്ള സെര്‍വുകള്‍ ചെയ്യാനും, എതിരാളിയുടെ സെര്‍വുകള്‍ മടക്കിക്കൊടുക്കാനുമുള്ള കഴിവു നഡാലിനു ഫെഡററേക്കാള്‍ കൂടുതലുണ്ടെന്ന് ഇതില്‍ നിന്നെല്ലാം തെളിയുന്നു. വാസ്തവത്തില്‍ ഈ കഴിവാണു നഡാലിനു ഫെഡററുമായുള്ള ഏറ്റുമുട്ടലുകളില്‍ മേല്‍ക്കൈ നേടാന്‍ സഹായകമായിട്ടുള്ളത്. നഡാലും ഫെഡററും തമ്മില്‍ ആകെ 34 തവണ പോരാടിയിട്ടുണ്ട്. ഫെഡറര്‍ 11 തവണ മാത്രം ജയം നേടിയപ്പോള്‍ നഡാല്‍ 23 തവണ വിജയിച്ചു. ഫെഡറര്‍ ഏറ്റവുമധികം തവണ പരാജയത്തിന്റെ കയ്പു രുചിച്ചിരിക്കുന്നതു നഡാലിന്റെ കരം കൊണ്ടാണ്. നഡാലിനെ ഫെഡററുടെ ‘അന്തകന്‍’ ആയി പലരും വിശേഷിപ്പിക്കുന്നത് ഇക്കാരണത്താലാണ്.

ഇതൊക്കെ ശരിയാണെങ്കിലും, ഏറ്റവുമധികം ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നതു ഫെഡററാണ്: പലപ്പോഴായി ആകെ 302 ആഴ്ച. അവയില്‍ 237 ആഴ്ച തുടര്‍ച്ചയായുള്ളതായിരുന്നു. ഇവ രണ്ടും ലോകറെക്കോഡുകളാണ്: മറ്റൊരു കളിക്കാരനും ഇത്രയധികം ആഴ്ച തുടര്‍ച്ചയായോ അല്ലാതെയോ ഒന്നാം സ്ഥാനത്തു കഴിയാനായിട്ടില്ല. നഡാല്‍ പലപ്പോഴായി ആകെ 141 ആഴ്ച മാത്രം ഒന്നാം സ്ഥാനത്തായിരുന്നു; തുടര്‍ച്ചയായി 56 ആഴ്ച മാത്രവും.

ടെന്നീസില്‍ വിവിധ തരം പന്തടികള്‍ സ്‌ട്രോക്കുകള്‍ ഉണ്ട്. ഫോര്‍ഹാന്റ്, ബാക്ക്ഹാന്റ് എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം. നാം വലതുകൈ കൂടുതലുപയോഗിക്കുന്നവരാണെന്നും, നാം വലതുകൈത്തലം കൊണ്ട് ഒരാളുടെ ഇടതുകരണത്ത് ഒന്നു ‘പൊട്ടിക്കുന്നു‘ എന്നും കരുതുക. ഫോര്‍ഹാന്റ് സ്‌ട്രോക്കിനുള്ള ഉദാഹരണമാണത്; അതു വളരെ ശക്തവുമായിരിക്കും. നാം വലതുകൈപ്പുറം കൊണ്ട് ഒരാളുടെ വലതുകരണത്ത് അടിക്കുന്നെന്നു കരുതുക. ഇതാണു ബാക്ക്ഹാന്റ് സ്‌ട്രോക്ക്. ഫോര്‍ഹാന്റ് സ്‌ട്രോക്കില്‍ കൈത്തലം മുന്നോട്ടു പോകുമ്പോള്‍, ബാക്ക്ഹാന്റില്‍ കൈപ്പുറമാണു മുന്നോട്ടു പോകുന്നത്. ബാക്ക്ഹാന്റ് സ്‌ട്രോക്കിനു ഫോര്‍ഹാന്റിനോളം ശക്തിയുണ്ടാവില്ല. പ്രധാനമായും ഇടതുകൈ ഉപയോഗിക്കുന്ന നഡാലിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം, ഇടതുകൈത്തലം മുന്നോട്ടു പോകുന്നവയായിരിക്കും, ഫോര്‍ഹാന്റ് സ്‌ട്രോക്കുകള്‍; ഇടതു കൈത്തലത്തിനു പകരം ഇടതുകൈപ്പുറം മുന്നോട്ടു പോകുമ്പോള്‍ അവരുടെ ബാക്ക്ഹാന്റ് സ്‌ട്രോക്കുണ്ടാകുന്നു.

ബാക്ക്ഹാന്റ് സ്‌ട്രോക്കിനു ഫോര്‍ഹാന്റ് സ്‌ട്രോക്കിനേക്കാള്‍ ശക്തി പൊതുവില്‍ കുറവായിരിക്കുമെന്നതിനാല്‍, കളിക്കാര്‍ എതിരാളിയെക്കൊണ്ടു ബാക്ക്ഹാന്റ് സ്‌ട്രോക്കു ചെയ്യിക്കാന്‍ നിര്‍ബദ്ധരാക്കി, ബാക്ക്ഹാന്റിന്റെ ശക്തിക്കുറവു മുതലെടുക്കാന്‍ ശ്രമിക്കാറുണ്ട്. ചില കളിക്കാര്‍ റാക്കറ്റ് ഇരുകൈകളും കൊണ്ടു മുറുകെപ്പിടിച്ചാണു ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ ചെയ്യാറ്. ഇതു ഡബിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് എന്നറിയപ്പെടുന്നു. ബാക്ക്ഹാന്റില്‍ പൊതുവിലുള്ള ശക്തിക്കുറവു പരിഹരിക്കാന്‍ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുള്ള ഈ പ്രയോഗം സഹായകമാകാറുണ്ട്. നഡാല്‍ ഡബിള്‍ഹാന്‍ഡഡ് ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ ചെയ്യുന്നൊരു കളിക്കാരനാണ്. ഇപ്പോഴത്തെ കളിക്കാരില്‍ ഭൂരിഭാഗം പേരും ഈ രീതി സ്വീകരിച്ചവരാണ്. എന്നാല്‍, ഫെഡറര്‍ ഒരു കൈ മാത്രമുപയോഗിച്ചു ബാക്ക്ഹാന്റ് സ്‌ട്രോക്കു ചെയ്യുന്നയാളാണ്. അതുകൊണ്ട്, നഡാലിന്റേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെഡററുടെ ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ പൊതുവില്‍ ശക്തി കുറഞ്ഞവയാണ്. ഫെഡററുടെ ബാക്ക്ഹാന്റ് സ്‌ട്രോക്കുകളുടെ ശക്തിക്കുറവ് നഡാല്‍ മുതലെടുക്കാറുണ്ട്. നഡാലിന്റേതു ഡബിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് ആയതുകൊണ്ട്, നഡാലിന്റെ ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ ഫോര്‍ഹാന്റ് സ്‌ട്രോക്കുകള്‍ പോലെ തന്നെ ശക്തമാണ്. നഡാലിനു ഫെഡററുടെ മേല്‍ മേല്‍ക്കൈ നേടാനായതിനുള്ള പല കാരണങ്ങളിലൊന്ന് ഇതു തന്നെ.

ഇവിടെയൊരു വൈരുദ്ധ്യമുണ്ട്. ഫെഡററുടെ സിംഗിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ നഡാലിന്റെ ഡബിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് സ്‌ട്രോക്കുകളേക്കാള്‍ ആകര്‍ഷകമാണ്. ബാക്ക്ഹാന്റ് സ്‌ട്രോക്കുകളെന്നല്ല, ഫെഡററുടെ മിക്ക സ്‌ട്രോക്കുകളും മനോഹരമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്‌ട്രോക്കുകള്‍ ക്രിക്കറ്റിലെ ടെക്സ്റ്റ്ബുക്ക് സ്‌ട്രോക്കുകളെന്നു വര്‍ണിക്കപ്പെടാറുണ്ട്: മനോഹരം എന്നര്‍ത്ഥം. ഫെഡററുടെ സ്‌ട്രോക്കുകളും അത്തരത്തിലുള്ളവയാണ്: അവ ടെന്നീസിലെ ഏറ്റവും ആകര്‍ഷകമായവയാണ്. ഭൂരിപക്ഷം കാണികളും ഫെഡററുടെ വ്യത്യസ്ത സ്‌ട്രോക്കുകള്‍ ആസ്വദിക്കുന്നു. നഡാലുള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ക്കു പൊതുവില്‍ ദുഷ്കരമായ പല സ്‌ട്രോക്കുകളും ഫെഡറര്‍ അനായാസം ചെയ്യുന്നു.

ഒരു പോയിന്റു നേടിയാലുടന്‍ എതിരാളിയെ ഭീഷണമാം വിധം തുറിച്ചു നോക്കി മുഷ്ടി ചുരുട്ടുകയും അലറുകയും ചെയ്യുന്നതു വനിതകളുള്‍പ്പെടെയുള്ള പല ടെന്നീസ് കളിക്കാരുടേയും പതിവാണ്. ഫെഡറര്‍ക്കുമുണ്ട് ആ പതിവ്. എങ്കിലും, നഡാലിനാണതു കൂടുതല്‍. നഡാലിന്റെ ഇത്തരം പ്രകടനം പലപ്പോഴും അമിതവും അരോചകവുമായി ഈ ലേഖകനു തോന്നിയിട്ടുണ്ട്. കാണികളില്‍ കുറേപ്പേര്‍ അതാസ്വദിക്കുന്നു എന്നതാണു വാസ്തവം. ഇക്കാര്യത്തില്‍ ഭേദം ഫെഡറര്‍ തന്നെ. ഫെഡറര്‍ പൊതുവില്‍ അക്ഷോഭ്യനാണ്. ജയിക്കുകയാണെങ്കിലും തോല്‍ക്കുകയാണെങ്കിലും ഫെഡററുടെ മുഖത്തു വലുതായ ഭാവമാറ്റങ്ങളുണ്ടാകാറില്ല. ഈ കുലുക്കമില്ലായ്മ ഫെഡററുടെ വിജയങ്ങള്‍ക്കു നിദാനമാണ്, തോല്‍വിയുടെ വക്കില്‍ നിന്നു പോലും അതു ഫെഡററെ വിജയത്തിലേക്കു നയിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ചുരുക്കം ചിലപ്പോള്‍ ഇടഞ്ഞിട്ടുണ്ടെങ്കിലും, കളിക്കളത്തിലെ മാന്യനാണു ഫെഡറര്‍. കളി നടക്കുന്നത് ലോകത്തെവിടെയായിരുന്നാലും, ഫെഡറര്‍ക്കു ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് ഫെഡറര്‍ കളിക്കളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മാന്യതയാണെന്നതില്‍ സംശയമില്ല.

പ്രവചനങ്ങള്‍ തെറ്റാറുണ്ട്. നാളെ, ആസ്‌ട്രേല്യന്‍ ഓപ്പനിന്റെ കലാശക്കളിയില്‍ ആരാണു ജയിക്കാന്‍ പോകുന്നതെന്നു പ്രവചിക്കുക എളുപ്പമല്ല. നഡാലിനു ഫെഡററെ 23 തവണ തോല്പിക്കാനായിട്ടുണ്ട്. ഫെഡറര്‍ക്കു നഡാലിനെ 11 തവണ മാത്രമേ തോല്പിക്കാനായിട്ടുള്ളൂ. നഡാലിന് 68 ശതമാനം വിജയം; ഫെഡറര്‍ക്കു 32 ശതമാനം മാത്രവും. അവരുടെ അവസാനത്തെ ഏറ്റുമുട്ടല്‍ ഫെഡററുടെ വിജയത്തിലാണ് അവസാനിച്ചത്. 2015ലായിരുന്നു അത്; ഫെഡററുടെ നാടായ ബാസലില്‍ വെച്ച്. ഒന്നിനെതിരേ രണ്ടു സെറ്റിനു ഫെഡറര്‍ നഡാലിനെ തറപറ്റിച്ചെന്നു പറയുന്നതോടൊപ്പം തന്നെ, അതിനു മുമ്പു നടന്ന അഞ്ചു കളികളില്‍ തുടര്‍ച്ചയായി നഡാല്‍ വിജയം നേടിയിരുന്ന കാര്യവും പറഞ്ഞേ തീരൂ.

മുകളിലുദ്ധരിച്ച സ്ഥിതിവിവരക്കണക്കുകള്‍ നഡാലിന് അനുകൂലമാണ്. ഭൂതകാല ചരിത്രത്തിന് അനുസൃതമാകണമെന്നില്ല, ഭാവി. ചരിത്രം തിരുത്തപ്പെടാറുമുണ്ട്. പക്ഷേ, സ്ഥിതിവിവരക്കണക്കുകളെ ന്യായീകരിക്കത്തക്ക മികച്ച ഫോമിലാണു നഡാലിപ്പോള്‍. അതുകൊണ്ടു നഡാല്‍ നാളെ വിജയിച്ചാല്‍ തെല്ലും അതിശയിക്കാനില്ല.

ഫെഡറര്‍ നഡാലിനേക്കാളേറെ ഏയ്‌സുകള്‍ സെര്‍വു ചെയ്യാറുണ്ട്, പക്ഷേ, ഒന്നാം സെര്‍വുകളുടെ കണിശതയുടെ കാര്യത്തില്‍ നഡാല്‍ ഫെഡററേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നു മുകളില്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. നഡാലുമായുള്ള മത്സരങ്ങളില്‍ പലപ്പോഴും ഫെഡററെ കൈവിട്ടുപോകാറുള്ളത് ഒന്നാം സെര്‍വുകളുടെ കണിശതയാണ്. ഫെഡററുടെ ഫോര്‍ഹാന്റ് സ്‌ട്രോക്കുകള്‍ പൊതുവില്‍ മാരകമാണെന്നാണു കണക്കാക്കപ്പെടുന്നത്. ഫോര്‍ഹാന്റ് സ്‌ട്രോക്കുകളില്‍ ഫെഡറര്‍ അധികം പിഴവുകള്‍ വരുത്താറില്ല. ഫെഡററുടെ ഫോര്‍ഹാന്റ് സ്‌ട്രോക്കുകളുടെ പതിവു നിലവാരം തുടരുകയും, ഫെഡററുടെ ഒന്നാം സെര്‍വുകള്‍ക്ക് എണ്‍പതു ശതമാനത്തില്‍ കുറയാത്ത കണിശത ലഭിക്കുകയും ചെയ്യുന്നെങ്കില്‍, എങ്കില്‍ മാത്രം, നാളെ മെല്‍ബണിലെ റോഡ് ലേവര്‍ അറീനയില്‍ നോര്‍മന്‍ ബ്രൂക്ക്‌സിന്റെ പേരെഴുതിയ ആസ്‌ട്രേല്യന്‍ ഓപ്പന്‍ കപ്പ് ഉയര്‍ത്തിപ്പിടിക്കുന്നതു ഫെഡററായിരിക്കും; ഫെഡററുടെ അഞ്ചാമത് ആസ്‌ട്രേല്യന്‍ കപ്പും പതിനെട്ടാമതു ഗ്രാന്റ് സ്ലാം കിരീടവുമായിരിക്കും അത്. സെര്‍വുകളും ഫോര്‍ഹാന്റ് സ്‌ട്രോക്കുകളും ഫെഡററെ കൈവിട്ടാല്‍, നഡാല്‍ കപ്പ് കൈക്കലാക്കും. നഡാലിന്റെ രണ്ടാമത്തെ ആസ്‌ട്രേല്യന്‍ ഓപ്പന്‍ കപ്പും പതിനഞ്ചാമതു ഗ്രാന്റ് സ്ലാമുമായിരിക്കും അത്.

അന്തിമപോരാട്ടം മെല്‍ബണില്‍ ആരംഭിക്കുന്നത്, ഞായറാഴ്ച, ഇന്ത്യന്‍ സമയം ഉച്ചയ്ക്കു രണ്ടു മണിയ്ക്ക്. സോണി സിക്‌സ് ചാനലില്‍. നമുക്കു കാത്തിരിക്കാം.

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങള്‍ sunilmssunilms@rediffmail.com എന്ന ഈമെയില്‍ ഐഡിയിലേക്കയ്ക്കുക. പ്രതികരണങ്ങള്‍ക്കു സ്വാഗതം.

 

Read more

ആസ്‌ട്രേല്യന്‍ ഓപ്പന്‍ 2017

ജനുവരി ഇരുപത്താറാം തീയതി, ഇന്ത്യന്‍ സമയം രാവിലെ അഞ്ചരയ്ക്ക് ആസ്‌ട്രേല്യന്‍ ഓപ്പന്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിയ്ക്കും. കൊക്കൊ വാന്‍ഡവൈ, വീനസ് വില്യംസ് എന്നിവര്‍ തമ്മിലുള്ളതാണു പ്രഥമ മത്സരം. തുടര്‍ന്ന്, ക്രൊയേഷ്യക്കാരിയായ മിര്യാനാ ലൂചിച്ച് ബറോനിയും അമേരിക്കയുടെ സെറീന വില്യംസും തമ്മിലുള്ള മത്സരം നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്കൊന്നരയ്ക്കാണു ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിയ്ക്കുന്ന റോജര്‍ ഫെഡററും സ്‌റ്റെനിസ്‌ലാസ് വാവ്രിങ്കയും തമ്മിലുള്ള പോരാട്ടം. റഫേല്‍ നഡാലും ഗ്രിഗോര്‍ ഡിമിട്രോവും തമ്മിലുള്ള സെമിഫൈനല്‍ മത്സരം അടുത്ത ദിവസമാണു നടക്കുക.

ആസ്‌ട്രേല്യന്‍ ഓപ്പനില്‍ നിന്നു കളിക്കാര്‍ക്കു കിട്ടുന്ന സമ്മാനത്തുകയെത്രയെന്ന് അറിയുന്നതു രസകരമായിരിക്കും; പലര്‍ക്കും പ്രചോദനപ്രദവും. ജനുവരി ഇരുപത്തെട്ടിനു നടക്കുന്ന വനിതകളുടെ ഫൈനലില്‍ വിജയം നേടുന്ന കളിക്കാരിയ്ക്കു കപ്പോടൊപ്പം കിട്ടാന്‍ പോകുന്ന ചെക്കിന്റെ തുക പത്തൊമ്പതു കോടി രൂപയ്ക്കു തുല്യമായ 37 ലക്ഷം ആസ്‌ട്രേല്യന്‍ ഡോളറാണ്. ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ആസ്‌ട്രേല്യന്‍ ഡോളറിന് അമ്പത്തൊന്നര രൂപ വിലയുണ്ട്. ജനുവരി ഇരുപത്തൊമ്പത്, ഞായറാഴ്ച, നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫൈനലിലെ ജേതാവിനു ലഭിയ്ക്കാന്‍ പോകുന്നതും ഇതേ തുക തന്നെ.

ആസ്‌ട്രേല്യന്‍ ഓപ്പന്‍, ഫ്രെഞ്ച് ഓപ്പന്‍, വിംബിള്‍ഡന്‍, യു എസ് ഓപ്പന്‍ എന്നിവയാണു ടെന്നീസിലെ ഏറ്റവുമുയര്‍ന്ന ടൂര്‍ണമെന്റുകള്‍. ഇവ ഗ്രാന്റ് സ്ലാമുകള്‍ എന്നും അറിയപ്പെടുന്നു. ഇവയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്കു തങ്ങളുടെ ഓരോ കളിയിലും പരമാവധി അഞ്ചു സെറ്റുകള്‍ കളിയ്‌ക്കേണ്ടി വന്നേയ്ക്കാം; എന്നാല്‍ വനിതകള്‍ക്കാകട്ടെ, ഓരോ കളിയിലും പരമാവധി മൂന്നു സെറ്റുകള്‍ വീതം കളിച്ചാല്‍ മതി. ജയം നേടാന്‍ പുരുഷന്മാര്‍ കൂടുതല്‍ സെറ്റുകള്‍ കളിയ്‌ക്കേണ്ടി വരുന്നതിനാല്‍ പുരുഷന്മാര്‍ക്ക് ഉയര്‍ന്ന സമ്മാനത്തുക നല്‍കണമെന്ന ആവശ്യം ഏറെക്കാലം ലോകഒന്നാം നമ്പര്‍ താരമായിരുന്ന നൊവാക്ക് ജ്യോക്കോവിച്ച് ഉയര്‍ത്തിയിരുന്നു. തുല്യസമ്മാനത്തുക വേണമെന്ന വനിതകളുടെ അവകാശവാദത്തെ പരിഹസിച്ച മുന്‍കാല അമേരിക്കന്‍ ടെന്നീസ് താരം ജിമ്മി കോണേഴ്‌സ് അക്കാലത്തു പറഞ്ഞത്, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കൂടി ഒറ്റ ടൂര്‍ണമെന്റു മാത്രം മതിയെന്നായിരുന്നു.

ഇതൊക്കെയാണെങ്കിലും, തുല്യസമ്മാനത്തുക വേണമെന്ന വനിതകളുടെ ആവശ്യത്തെ ഭൂരിപക്ഷം പുരുഷകളിക്കാരും ശക്തമായി പിന്തുണയ്ക്കുകയും, ഒടുവില്‍ അന്താരാഷ്ട്ര ടെന്നീസ് രംഗത്തു നിന്നു ലിംഗവിവേചനം നിഷ്കാസിതമാകുകയും ചെയ്തു. തല്‍ഫലമായി ടെന്നീസില്‍ പുരുഷന്മാര്‍ക്കു ലഭിയ്ക്കുന്ന തുക തന്നെ വനിതകള്‍ക്കും ലഭിയ്ക്കുന്നു. ഫുട്‌ബോള്‍, ബാസ്കറ്റ് ബോള്‍ എന്നിങ്ങനെ പല രംഗങ്ങളിലും ഈ പൂര്‍ണസമത്വം നിലവില്‍ വന്നിട്ടില്ല.

ഫൈനലില്‍ ജേതാവാകുന്നയാള്‍ക്കു മാത്രമല്ല സമ്മാനത്തുക കിട്ടുന്നത്. ആസ്‌ട്രേല്യന്‍ ഓപ്പനില്‍ പങ്കെടുക്കുന്ന സകല കളിക്കാര്‍ക്കും സമ്മാനത്തുക കിട്ടുന്നു. ഒന്നാം റൗണ്ടില്‍ കളിക്കുന്നവര്‍ക്കു കിട്ടുന്ന തുക പോലും വലുതാണ്: ഇരുപത്തഞ്ചേമുക്കാല്‍ ലക്ഷം രൂപ! കളിക്കണമെന്നേയുള്ളൂ, ജയിക്കണമെന്നില്ല. രണ്ടാം റൗണ്ടില്‍ കളിക്കുന്നവര്‍ക്ക് നാല്പത്തൊന്നു ലക്ഷം രൂപ, മൂന്നാം റൗണ്ടില്‍ അറുപത്തേഴു ലക്ഷം, നാലാം റൗണ്ടില്‍ നൂറ്റിപ്പതിമൂന്നു ലക്ഷം ഒരു കോടിയിലേറെ എന്നിങ്ങനെയാണു കിട്ടുക. രണ്ടേകാല്‍ക്കോടി, നാലരക്കോടി, ഒമ്പതേമുക്കാല്‍ക്കോടി എന്നീ തുകകള്‍ യഥാക്രമം ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നീ തലങ്ങളില്‍ കളിക്കുന്നവര്‍ക്കു കിട്ടുന്നു; ഫൈനല്‍ ജേതാവിനു 19 കോടി രൂപയും. സിംഗിള്‍സിലെ സമ്മാനത്തുകകള്‍ മാത്രമാണ് ഇവിടത്തെ പരാമര്‍ശവിഷയം.

ആസ്‌ട്രേല്യന്‍ ഓപ്പനില്‍ കപ്പു നേടാന്‍ ഒരു കളിക്കാരന് കളിക്കാരിക്കും ആകെ ഏഴു തവണ കളിക്കേണ്ടതുണ്ട്. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, പത്തൊമ്പതുകോടി രൂപ നേടാന്‍ ആകെ എഴു കളിക്കാരെ മാത്രം പരാജയപ്പെടുത്തിയാല്‍ മതി. കേള്‍ക്കുന്നയത്ര എളുപ്പമല്ലിത്. ആസ്‌ട്രേല്യന്‍ കളിക്കാരനായ സാമുവല്‍ ഗ്രോത്ത് ഒരിക്കല്‍ എതിരാളിയുടെ നേര്‍ക്കു സെര്‍വു ചെയ്ത പന്തിന്റെ വേഗം 263 കിലോമീറ്ററിലേറെയായിരുന്നു. ഇന്നുള്ള ടെന്നീസ് കളിക്കാരില്‍ പലരും ഇരുനൂറു കിലോമീറ്ററിലേറെ വേഗത്തില്‍ സെര്‍വു ചെയ്തിട്ടുള്ളവരാണ്; ചില പേരുകളിതാ:

ജോണ്‍ ഈസ്‌നര്‍ 253 കി.മീ.
മിലോസ് റാവനിച്ച് 250 കി.മീ.
ജോ വില്‍ഫ്രീഡ് സോങ്ക 237 കി.മീ.
ഗെയല്‍ മോണ്‍ഫീല്‍സ് 235 കി.മീ.
സ്‌റ്റെനിസ്ലാസ് വാവ്രിങ്ക 234 കി.മീ.

എഴുപത്തെട്ടടി നീളവും ഇരുപത്തേഴടി വീതിയുമുള്ള സിംഗിള്‍സ് കോര്‍ട്ടില്‍ മുകളില്‍ സൂചിപ്പിച്ച തരം വേഗങ്ങളില്‍ പന്തു നിരന്തരമടിച്ച് എതിരാളിയെ കീഴടക്കുന്നത് അതികായന്മാര്‍ക്കു മാത്രം സാദ്ധ്യമാകുന്ന കാര്യമാണ്. ഇന്ത്യയില്‍ നിന്നാരും പുരുഷന്മാരുടേയോ വനിതകളുടേയോ സിംഗിള്‍സ് ഗ്രാന്റ് സ്ലാമുകളില്‍ ഒന്നു പോലും ഇത്രയും കാലത്തിനിടയില്‍ നേടിയിട്ടില്ലെന്ന സങ്കടകരമായ വസ്തുത ഇവിടെ ഓര്‍ക്കാതെ നിവൃത്തിയില്ല. ഫ്രെഞ്ച് ഓപ്പനും ആസ്‌ട്രേല്യന്‍ ഓപ്പനും ഓരോ തവണ നേടിയ ലീ നാ എന്ന ചൈനീസ് വനിതയെ മാറ്റി നിര്‍ത്തിയാല്‍, ഏഷ്യയുടെ നിലയും ഇന്ത്യയുടേതില്‍ നിന്നു വിഭിന്നമല്ല.

ഉടന്‍ നടക്കാന്‍ പോകുന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ വിവിധ കളിക്കാര്‍ക്കുള്ള ജയസാദ്ധ്യത വിലയിരുത്താന്‍ ശ്രമിക്കാം. പ്രഥമ മത്സരം കൊക്കൊ വാന്‍ഡവൈയും വീനസ് വില്യംസും തമ്മിലുള്ളതാണെന്നു സൂചിപ്പിച്ചു കഴിഞ്ഞു. 36 വയസ്സായ വീനസ് വില്യംസ് രണ്ടു തവണ യു എസ് ഓപ്പനും അഞ്ചു തവണ വിംബിള്‍ഡനും നേടിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണു വീനസിനെ ഷോഗ്രന്‍സ് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചത്. ഈ രോഗം മൂലമുണ്ടാകുന്ന സന്ധിവേദനയും പെട്ടെന്നുള്ള തളര്‍ച്ചയും സഹിയ്ക്കുന്നൊരാള്‍ക്ക് അങ്ങേയറ്റത്തെ കായികക്ഷമത ആവശ്യമുള്ള ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ വിജയം നേടുക അസാദ്ധ്യമാണ്. എന്നിട്ടും ഇത്തവണത്തെ ആസ്‌ട്രേല്യന്‍ ഓപ്പനില്‍ സെമിഫൈനല്‍ വരെയെത്താനായത് വീനസിന്റെ സഹനശക്തിയും ദൃഢനിശ്ചയവും മൂലമാണ്. ലോകറാങ്കിംഗില്‍ പതിനേഴാമതാണു വീനസ്സിന്റെ സ്ഥാനം.

25 വയസ്സുകാരിയായ കൊക്കൊ വാന്‍ഡവൈ പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരിയായത് 2008ല്‍ മാത്രമാണ്; വീനസ്സാകട്ടെ, 1994ലും. നീണ്ട ഇരുപത്തിമൂന്നു വര്‍ഷത്തെ തഴക്കം വീനസ്സിനുണ്ട്. വാന്‍ഡവൈയുടേത് ഒമ്പതു വര്‍ഷം മാത്രവും. വാന്‍ഡവൈയുടെ റാങ്ക് 21. റാങ്കിലും തഴക്കത്തിലുമുള്ള അന്തരങ്ങള്‍ തല്‍ക്കാലം നമുക്കു വിസ്മരിക്കാം. പകരം, ഇത്തവണത്തെ ആസ്‌ട്രേല്യന്‍ ഓപ്പനില്‍ ഇരുവരും കാഴ്ച വെച്ച പ്രകടനങ്ങളെ ഒന്നു താരതമ്യം ചെയ്യാം.

എതിരാളിയ്ക്കു സ്പര്‍ശിക്കാനാകാത്ത സെര്‍വുകളാണ് ഏയ്‌സുകള്‍. ഈ ടൂര്‍ണമെന്റില്‍ വാന്‍ഡവൈ ആകെ 35 ഏയ്‌സുകള്‍ ഉതിര്‍ത്തിട്ടുണ്ട്; വീനസ് 17 മാത്രവും. ടെന്നീസില്‍ ഓരോ സെര്‍വും രണ്ടു തവണ വീതം ചെയ്യാവുന്നതാണ്. ഒന്നാമത്തെ സെര്‍വു പിഴച്ചുപോയാല്‍, രണ്ടാമതും ചെയ്യാം. ടെന്നീസില്‍ മാത്രമുള്ളൊരു ആനുകൂല്യമാണത്. ഇതുമൂലം, ഒന്നാം സെര്‍വു പൊതുവില്‍ അതിശക്തമായിരിക്കും; ശക്തി കൂടുമ്പോള്‍ കണിശത കുറഞ്ഞെന്നു വരാം. പക്ഷേ, ശക്തിയോടൊപ്പം കണിശത കൂടി ലഭിച്ചാല്‍, ഒന്നാം സെര്‍വുകള്‍ എതിരാളിയെ കുഴക്കിയതു തന്നെ. വാന്‍ഡവൈയുടെ 82% ഒന്നാം സെര്‍വുകള്‍ പോയിന്റുകള്‍ നേടിയപ്പോള്‍ വീനസ്സിന്റെ ശതമാനം 66 മാത്രമായിരുന്നു. ടെന്നീസില്‍ സ്‌ട്രോക്കുകളും അടികള്‍ സെര്‍വിനോടൊപ്പം പ്രധാനമാണ്. എതിരാളിയ്ക്കു സ്പര്‍ശിയ്ക്കാനാകാഞ്ഞ 172 അടികള്‍ വാന്‍ഡവൈ അടിച്ചപ്പോള്‍ വീനസിന് 153 എണ്ണം മാത്രമേ ഉതിര്‍ക്കാനായുള്ളൂ.

സെമിഫൈനലിലേക്കുള്ള പാതയില്‍ ഇരുവരും കീഴടക്കിയ എതിരാളികള്‍ ആരൊക്കെയെന്നു നോക്കാം. ലോകറാങ്കിംഗില്‍ പതിനേഴാമതുള്ള വീനസിനു കീഴടങ്ങിയ എതിരാളികളും അവരുടെ ലോകറാങ്കിംഗും താഴെ കൊടുക്കുന്നു:

കാറ്ററൈന കോസ്ലോവാ 101
സ്‌റ്റെഫനി വോഗല്‍ 112
യിങ് യിങ് ദുവാന്‍ 87
മോന ബാര്‍ട്ടല്‍ 181
അനസ്‌റ്റേസ്യ പാവ്‌ല്യുച്ചെങ്കോവ 24

ലോകറാങ്കിംഗില്‍ ഇരുപത്തൊന്നാം സ്ഥാനമുള്ള വാന്‍ഡവൈ തോല്പിച്ച കളിക്കാര്‍ താഴെപ്പറയുന്നവരാണ്:

ഗാര്‍ബൈന്‍ മുഗുരൂസ 7
ഏഞ്ചലീക്ക് കേര്‍ബര്‍ 1
യൂജനി ബൗച്ചേഡ് 47
പൗലീന്‍ പാമെന്റിയ 67
റോബര്‍ട്ടാ വിന്‍സി 19

താരതമ്യേന ഉയര്‍ന്ന റാങ്കുള്ളവരാണ് വാന്‍ഡവൈക്കു കീഴടങ്ങിയ അഞ്ചില്‍ നാലു പേരും. അവരില്‍ ലോകഒന്നാം നമ്പറും ഏഴാം നമ്പറും ഉള്‍പ്പെടുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. വീനസ് പരാജയപ്പെടുത്തിയവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും വളരെത്താഴ്ന്ന റാങ്കു മാത്രമുള്ളവരാണ്.

എന്നാലിതൊന്നും നാളത്തെ കളിയെപ്പറ്റിയുള്ള പ്രവചനത്തിന് ഉപകരിച്ചെന്നു വരില്ല. കളിക്കളത്തില്‍ വച്ചു തല്‍സമയം പുറത്തെടുക്കുന്ന കളിയുടെ നിലവാരമാണു വിജയിയെ നിര്‍ണയിക്കുന്നത്. ഏ സമം ബി, ബി സമം സി, അതുകൊണ്ട് ഏ സമം സി എന്നിങ്ങനെയുള്ള ഗണിതസമവാക്യങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. എന്നുവരികിലും, ഇരുവര്‍ക്കും മുകളില്‍ കൊടുത്തിരിക്കുന്ന ഘടകങ്ങള്‍ അതേ തോതില്‍ത്തന്നെ സെമിഫൈനലിലും തുടരാനായാല്‍, കൊക്കൊ വാന്‍ഡവൈക്കു ജയസാദ്ധ്യത കൂടുതലുണ്ടാകും.

നാളെ രണ്ടാമതു സെമിഫൈനല്‍ സെറീന വില്യംസും മിര്യാന ലൂച്ചിച് ബറോനിയും തമ്മിലുള്ളതാണെന്നു മുകളില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ലോകരണ്ടാം നമ്പര്‍ കളിക്കാരിയാണു സെറീന. മിര്യാനയുടെ റാങ്ക് 79 മാത്രവും. തൊണ്ണൂറുകളിലാണു മിര്യാനയുടെ ടെന്നീസ് ജീവിതം ആരംഭിക്കുന്നത്. എങ്കിലും ഇടക്കാലത്ത് ഒരു പതിറ്റാണ്ടിലേറെക്കാലം മിര്യാന ടെന്നീസില്‍ നിന്നു വിട്ടു നിന്നിരുന്നു. പതിനെട്ടു കൊല്ലം മുമ്പാണു മിര്യാന ഒരു ഗ്രാന്റ് സ്ലാമിന്റെ സെമിഫൈനലില്‍ അവസാനമായി കളിച്ചത്. ടെന്നീസ് രംഗത്തേക്കു വീണ്ടും വന്ന ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, മിര്യാനയ്ക്കു വലുതായ നേട്ടങ്ങള്‍ കൊയ്യാനായിട്ടില്ല. സെറീനയാകട്ടെ മികച്ച പ്രകടനം തുടര്‍ച്ചയായി കാഴ്ചവെച്ചു പോരുകയാണു താനും. വിജയസാദ്ധ്യത കൂടുതലുള്ളതു സെറീനയ്ക്കാണ്.

പുരുഷന്മാരുടെ സെമിഫൈനലുകളുടെ ഫലപ്രവചനം ദുഷ്കരമാണ്. ഒന്നാമത്തെ സെമിഫൈനല്‍ റോജര്‍ ഫെഡററും സ്‌റ്റെനിസ്ലാസ് വാവ്രിങ്കയും തമ്മിലാണ്. രണ്ടാമത്തേതു റഫേല്‍ നഡാലും ഗ്രിഗോര്‍ ഡിമിട്രോവും തമ്മിലും.

ഫെഡററും വാവ്രിങ്കയും ഒരേ നാട്ടുകാരാണ്: സ്വിറ്റ്‌സര്‍ലന്റുകാര്‍. സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി ഒരുമിച്ചു കളിച്ച് ഒളിമ്പിക് സ്വര്‍ണം വരെ നേടിയിട്ടുള്ളവര്‍. ഇരുവരുടേയും കഴിവുകള്‍ ഇരുവര്‍ക്കും സുപരിചിതം. സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി ഇരുവരും ഒന്നിക്കുമെങ്കിലും, വ്യക്തിഗതടൂര്‍ണമെന്റുകളില്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്, ഇതുവരെയായി 21 തവണ ഏറ്റുമുട്ടിയിട്ടുമുണ്ട്. 18 തവണ ഫെഡററും, മൂന്നു തവണ മാത്രം വാവ്രിങ്കയും ജയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ രണ്ടു തവണ വിജയം നേടിയതു ഫെഡററായിരുന്നു. ഈ വിജയങ്ങള്‍ രണ്ടും 2015ലായിരുന്നു.

2016ല്‍ പരിക്കു കാരണം ഫെഡറര്‍ക്ക് ആറുമാസത്തോളം കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഇതുമൂലം ഫെഡററുടെ ലോകറാങ്കിംഗിന് ഇടിവു തട്ടി. ഫെഡററുടെ ഇപ്പോഴത്തെ റാങ്ക് 17 ആണ്. വാവ്രിങ്കയ്ക്ക് ഉയര്‍ന്ന റാങ്കുണ്ട്: നാല്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഫെഡറര്‍ കളിക്കളത്തില്‍ തിരികെയെത്തിയതു വലിയ പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു. ആസ്‌ട്രേല്യന്‍ ഓപ്പനില്‍ ഇത്രത്തോളം പോലും എത്താനാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെഡറര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആറു മാസത്തെ ഇടവേള മൂലം ഫെഡററുടെ റാങ്കിംഗിന് ഇടിവു തട്ടിയിട്ടുണ്ടെങ്കിലും, ഫെഡററുടെ കളിയുടെ നിലവാരത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണു ഈ ടൂര്‍ണമെന്റിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തോമസ് ബേര്‍ഡിച്ചിന്റെ മേല്‍ ഫെഡറര്‍ നേടിയ അനായാസവിജയം ഇതിനൊരു തെളിവാണ്. വാവ്രിങ്ക മികച്ച ഫോമിലാണിപ്പോള്‍. എങ്കിലും, നാളത്തെ സെമിഫൈനലില്‍ വാവ്രിങ്കയ്ക്കുള്ളതിനേക്കാള്‍ ഒരല്പം കൂടുതല്‍ വിജയസാദ്ധ്യത ഫെഡറര്‍ക്കാണുള്ളത്.

റഫേല്‍ നഡാലും ഗ്രിഗോര്‍ ഡിമിട്രോവും തമ്മിലാണു രണ്ടാമത്തെ സെമിഫൈനല്‍. അവരിരുവരും ആകെ എട്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴു തവണ നഡാലും ഒരു തവണ മാത്രം ഡിമിട്രോവും വിജയിച്ചു. അവര്‍ തമ്മില്‍ അവസാനം നടന്ന കളി കഴിഞ്ഞ വര്‍ഷം ബെയ്ജിംഗില്‍ വെച്ചായിരുന്നു. അതില്‍ വിജയം ഡിമിട്രോവിനൊപ്പം നിന്നു. ഇരുവരും മികച്ച ഫോമിലാണ്. സെമിഫൈനലിലേയ്ക്കുള്ള വഴിയില്‍ അലക്‌സാണ്ടര്‍ സ്വരേവിനെ കീഴ്‌പെടുത്താന്‍ നഡാല്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും, ഫ്‌ലോറിയന്‍ മായര്‍, മാര്‍ക്കോസ് ബഗ്ഡാറ്റിസ്, ഗേയല്‍ മോണ്‍ഫീല്‍സ്, മിലോസ് റാവനിച്ച് എന്നിവരെ അധികം വിയര്‍ക്കാതെ തന്നെ കീഴടക്കാന്‍ നഡാലിന്നായി. മറുവശത്ത് ഡിമിട്രോവ് പരാജയപ്പെടുത്തിയ എതിരാളികളില്‍ നൊവാക്ക് ജ്യോക്കോവിച്ചിനെ തറ പറ്റിച്ച ഡെനിസ് ഇസ്‌റ്റോമിന്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നഡാലിന്റെ സെമിഫൈനല്‍ പാതയായിരുന്നു കൂടുതല്‍ ദുര്‍ഘടം പിടിച്ചത്. അതുകൊണ്ട്, നേരിയൊരു മുന്‍തൂക്കം നഡാലിനാണ് എന്നാണെന്റെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കു സ്വാഗതം. അഭിപ്രായങ്ങള്‍ sunilmssunilms@rediffmail.com എന്ന ഈമെയില്‍ ഐഡിയിലേയ്ക്കയയ്ക്കുക.

Read more

പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ്

റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ വലുത്?

യാതൊരു സംശയവും വേണ്ടാ, കേന്ദ്രസർക്കാർ തന്നെ. രണ്ടു തെളിവുകളിതാ: ഒന്ന്, റിസർവ് ബാങ്കിന്റെ തലവനായ ഗവർണറെ നിയമിയ്ക്കുന്നതു കേന്ദ്രസർക്കാരാണ്. രണ്ട്, കറൻസി നോട്ടുകളിൽ ഒപ്പിട്ടിരിയ്ക്കുന്നതു റിസർവ് ബാങ്ക് ഗവർണറാണെങ്കിലും, അവയുടെയെല്ലാം മുകളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ചു വച്ചിരിയ്ക്കുന്നത് ഇതാണ്: “ഗാരന്റീഡ് ബൈ ദ സെൻട്രൽ ഗവണ്മെന്റ്”: ‘നോട്ടിന്റെ പണം റിസർവ് ബാങ്കു തന്നില്ലെങ്കിൽ ഞങ്ങൾ തന്നോളാം’ എന്ന്. കേന്ദ്രസർക്കാരിന്റെ ഉറപ്പിന്റെ ബലമാണു നോട്ടുകളുടെ ബലം.

പരമാധികാരമുള്ള കേന്ദ്രസർക്കാർ ഒരു നോട്ടിവിടെ അച്ചടിച്ചിറക്കുന്നുണ്ട്: ഒരുരൂപാ നോട്ട്. ശക്തി കുറഞ്ഞ റിസർവ് ബാങ്ക് രണ്ടായിരത്തിന്റെ നോട്ടുകൾ പോലും അച്ചടിച്ചിറക്കുമ്പോൾ, ശക്തി കൂടിയ കേന്ദ്രസർക്കാരിറക്കുന്നതു വെറും ഒരുരൂപാനോട്ട്! വിരോധാഭാസമാണിത്. പക്ഷേ, സംഗതി വാസ്തവം. രണ്ടായിരത്തിന്റെ നോട്ടു കിട്ടാൻ ഇപ്പോൾ വിഷമമില്ലെങ്കിലും ഒരുരൂപാനോട്ടു കണി കാണാൻ പോലും കിട്ടാറില്ല; പുതിയതായാലും പഴയതായാലും. എങ്കിലും, പതിനായിരം ഒരുരൂപാനോട്ടുകളുമായി അക്കൗണ്ടിൽ അടയ്ക്കാൻ വേണ്ടി നാം ബാങ്കിൽ ചെന്നുകയറുന്നു എന്നു കരുതുക. ഒരുരൂപാ നോട്ടുകളുടെ കെട്ടുകൾ കാണുമ്പോഴേയ്ക്കു ക്യാഷ്യറുടെ മുഖം ഇരുളും: “അതെണ്ണിയെടുക്കാൻ ഇവിടെയാളില്ല” എന്നു പറഞ്ഞ് സാക്ഷാൽ കേന്ദ്രസർക്കാരിന്റെ തന്നെ നോട്ടുകെട്ടുകളെ തിരസ്കരിയ്ക്കാനാണിട.

ആളുകളല്ല, യന്ത്രങ്ങളാണിപ്പോൾ നോട്ടെണ്ണാറ്. എത്ര നോട്ടു വേണമെങ്കിലും യന്ത്രം എണ്ണിത്തരും. മിക്ക യന്ത്രങ്ങളും ഒരു മിനിറ്റുകൊണ്ട് ആയിരം നോട്ട് എണ്ണിത്തീർക്കും. പതിനായിരം നോട്ടെണ്ണാൻ പത്തു മിനിറ്റേ വേണ്ടൂ. ഇത്തരം വാദങ്ങളൊന്നും അവിടെ വിലപ്പോകാനിടയില്ല. യന്ത്രം പത്തു മിനിറ്റെടുത്തു പതിനായിരം ഒരുരൂപാ നോട്ടെണ്ണിയാൽ ബാങ്കിനു കിട്ടാൻ പോകുന്ന നിക്ഷേപം പതിനായിരം രൂപാ മാത്രം. എന്നാൽ, എണ്ണുന്നത് ഒരുരൂപാനോട്ടല്ല, രണ്ടായിരത്തിന്റെ പതിനായിരം നോട്ടുകളാണെങ്കിലോ! ബാങ്കിനു പത്തുമിനിറ്റു കൊണ്ടു രണ്ടു കോടി രൂപയുടെ നിക്ഷേപം സ്വീകരിയ്ക്കാനാകും. ബാങ്കുകൾക്കു നിക്ഷേപങ്ങൾ അത്യാവശ്യമാണ്. കുറഞ്ഞ സമയം കൊണ്ടു കൂടുതൽ നിക്ഷേപമുണ്ടാക്കാനായാൽ അത്രയും നല്ലത്. സ്വാഭാവികമായും വലിയ നോട്ടുകളോടായിരിയ്ക്കും അവർക്കു പ്രതിപത്തി. ഒരുരൂപാനോട്ടിനെ തിരസ്‌കരിയ്ക്കുന്ന കാഷ്യർ തന്നെ ആദരവോടെ എഴുന്നേറ്റു നിന്നായിരിയ്ക്കും രണ്ടായിരത്തിന്റെ പതിനായിരം രൂപാനോട്ടുകൾ സ്വീകരിയ്ക്കുന്നത്!

സർക്കാരുജോലിയിൽ നിന്നല്പം വിഭിന്നമാണു ബാങ്കുജോലി. ഓരോ വർഷം കഴിയുമ്പോഴും ഓരോ ബാങ്കും ജീവനക്കാരുടെ പ്രതിശീർഷ‌ഇടപാടും പ്രതിശീർഷലാഭവും കണക്കാക്കും. 2012-13ലെ ദേശീയശരാശരികൾ യഥാക്രമം 12.1 കോടിയും 8.3 ലക്ഷവുമായിരുന്നു. ഈ സൂചികകളിൽ മുൻനിരയിലെത്താൻ വേണ്ടി ബാങ്കുകളും ബാങ്കുജീവനക്കാരും വലിയ തുകകൾക്കു മുൻഗണന നൽകിപ്പോകുന്നതു സ്വാഭാവികമാണ്. അതുകൊണ്ട് ഒരുരൂപാനോട്ടുകളെടുക്കാൻ കാഷ്യർമാർ വൈമുഖ്യം കാണിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

നോട്ടിനേക്കാൾ പണി കുറഞ്ഞ പണരൂപങ്ങൾ ഇന്നുണ്ട്. ചെക്കു തന്നെ ഒരുദാഹരണം. വാസ്തവത്തിൽ ചെക്കിനോളം പ്രസിദ്ധിയാർജിച്ച മറ്റൊരു പണരൂപമില്ല. ഏഷ്യാനെറ്റിന്റെ ‘നിങ്ങൾക്കുമാകാം കോടീശ്വരനി’ലെ ജേതാവായ സനൂജ രാജനു സമ്മാനത്തുകയായ ഒരു കോടി രൂപ സുരേഷ് ഗോപി കൈമാറിയതു ചെക്കിന്റെ രൂപത്തിലായിരുന്നു. ‘കോൻ ബനേഗാ കരോഡ്പതി’യിൽ അചിൻ നരുലയും സർത്തക്ക് നരുലയും വിജയിച്ചപ്പോൾ അമിതാഭ് ബച്ചൻ അവർക്കു സമ്മാനിച്ചത് ഏഴു കോടി രൂപയുടെ ചെക്ക്. ഇക്കഴിഞ്ഞ യൂ എസ് ഓപ്പൻ ടെന്നീസ് ടൂർണമെന്റിൽ കപ്പു നേടിയ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്കു കിട്ടിയത് ഇരുപത്തിമൂന്നു കോടി രൂപയ്ക്കു തുല്യമായ ഡോളർ ചെക്കായിരുന്നു. കേവലം ഒമ്പതര ഇഞ്ചു നീളവും മൂന്നര ഇഞ്ചു വീതിയും മാത്രമുള്ള ചെക്ക് എന്നു വിളിയ്ക്കപ്പെടുന്ന ചെറു കടലാസ്സുകഷണത്തിന്റെ വില ഇരുപത്തിമൂന്നു കോടി രൂപയേക്കാളേറെയുമാകാം. ചെക്കിലെഴുതാവുന്ന തുകയ്ക്ക് ഒരേയൊരു പരിധിയേ ഉള്ളൂ: അക്കൗണ്ടിലെ നിക്ഷേപം. അക്കൗണ്ടിൽ പണമില്ലാതെ ചെക്കെഴുതിയാൽ രണ്ടുവർഷത്തെ ജയിൽ വാസം പ്രതീക്ഷിയ്ക്കാം; ചെക്കിന്റെ തുകയുടെ ഇരട്ടി പിഴയും.

ചെക്കിനിപ്പോഴും സമ്മാനദാനച്ചടങ്ങുകളിൽ സ്ഥാനമുണ്ടെങ്കിലും, നോട്ടിതരപണരൂപങ്ങളിൽ മുഖ്യമായത് എന്ന സ്ഥാനം കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ അതിനു നഷ്ടമായിരിയ്ക്കുന്നു. ഇന്റർനെറ്റിന്റെ സർവവും കീഴടക്കിക്കൊണ്ടുള്ള വരവാണ് അതിനു കാരണമായത്.

കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പൻ പിള്ളയിൽ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കൽ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പൻ പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയിൽ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.

ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ തൃശൂർ ശാഖയിലും കാദറുകുട്ടിയ്ക്കു കാനറാബാങ്കിന്റെ തന്നെ പൊന്നാനി ശാഖയിലുമാണ് അക്കൗണ്ട് എന്നു കരുതുക. കാദറുകുട്ടി തനിയ്ക്കാവശ്യമുള്ള കശുവണ്ടിയുടെ അളവെത്രയെന്നു ഫോണിലൂടെ ദേവസ്സിയെ അറിയിയ്ക്കുന്നു, ദേവസ്സി അതു പൊന്നാനിയിലേയ്ക്കു കൊടുത്തയയ്ക്കുന്നു. അതു കിട്ടിയ ഉടൻ അതിന്റെ വിലയായ മുന്നൂറു രൂപ ദേവസ്സിയുടെ അക്കൗണ്ടിലേയ്ക്കയയ്ക്കാൻ കാനറാബാങ്കിന്റെ പൊന്നാനി ശാഖയിലേയ്ക്കു കാദറുകുട്ടി ചെല്ലുന്നു, ഒരു പേ-ഇൻ-സ്ലിപ്പെടുത്ത് ദേവസ്സിയുടെ പേരും അക്കൗണ്ട് നമ്പറുമെഴുതുന്നു, സ്ലിപ്പും മുന്നൂറു രൂപയും കൂടി കാഷ്യർക്കു കൊടുക്കുന്നു, കാഷ്യർ തുക സ്വീകരിയ്ക്കുന്നു.

ദേവസ്സിയുടെ അക്കൗണ്ട് തൃശൂർ ശാഖയിലാണെങ്കിലും, പൊന്നാനി ശാഖക്കാർക്ക് അവരുടെ കമ്പ്യൂട്ടറിൽ ദേവസ്സിയുടെ അക്കൗണ്ടെടുത്തു തുറന്ന്, കാദറുകുട്ടി അടച്ചിരിയ്ക്കുന്ന മുന്നൂറു രൂപ അതിൽ അനായാസം വരവു വെയ്ക്കാനാകും. അവരതു ചെയ്തയുടൻ ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ എസ് എം എസ്സ് കിട്ടുന്നു: ‘സന്തോഷവാർത്ത! നിങ്ങളുടെ അക്കൗണ്ടിൽ മുന്നൂറു രൂപ വന്നിരിയ്ക്കുന്നു.’ അതിനിടയിൽ പണമടച്ച കാര്യം കാദറുകുട്ടി ദേവസ്സിയെ വിളിച്ചറിയിച്ചിട്ടുമുണ്ടാകും.

കശുവണ്ടി വാങ്ങിയ വകയിൽ ദേവസ്സി തങ്കപ്പൻ പിള്ളയ്ക്കു ആയിരം രൂപ കൊടുക്കാനുണ്ടെന്നും തങ്കപ്പൻ പിള്ളയുടെ അക്കൗണ്ട് സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലാണെന്നും കരുതുക. ദേവസ്സി സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശൂർ ശാഖയിൽ ചെല്ലുന്നു. പേ-ഇൻ-സ്ലിപ്പെടുത്ത് തങ്കപ്പൻ പിള്ളയുടെ പേരും അക്കൗണ്ട് നമ്പറും തുകയുമെഴുതി, തുകയോടൊപ്പം കാഷ്യർക്കു കൊടുക്കുന്നു. കാഷ്യർ പണം സ്വീകരിച്ചയുടൻ ശാഖയിലെ മറ്റാരെങ്കിലും കമ്പ്യൂട്ടറിൽ തങ്കപ്പൻ പിള്ളയ്ക്കു കൊല്ലം ശാഖയിലുള്ള അക്കൗണ്ടെടുത്തു തുറന്ന്, ദേവസ്സിയടച്ച ആയിരം രൂപ അതിൽ വരവു വെയ്ക്കുന്നു. തങ്കപ്പൻ പിള്ളയ്ക്കും കിട്ടും, ഒരെസ്സെമ്മെസ്സ്: ‘സന്തോഷവാർത്ത! അക്കൗണ്ടിൽ ആയിരം രൂപ വന്നിരിയ്ക്കുന്നു.’

തങ്കപ്പൻ പിള്ള കാസർഗോഡ് സന്ദർശിയ്ക്കുന്നതിനിടയിൽ പലരിൽ നിന്നായി രണ്ടുലക്ഷം രൂപയ്ക്കു തോട്ടണ്ടി വാങ്ങിയെന്നു കരുതുക. പണം ഉടൻ നോട്ടായി കൊടുക്കണം. തങ്കപ്പൻ പിള്ളയുടെ പക്കൽ അത്രയും പണമില്ല. അക്കൗണ്ടിലുണ്ട്, കൈവശം ചെക്കുബുക്കുമുണ്ട്. സിൻഡിക്കേറ്റ് ബാങ്കിനു കാസർഗോഡ് ശാഖയുണ്ട്. തങ്കപ്പൻ പിള്ള അവിടേയ്ക്കു ചെല്ലുന്നു, രണ്ടുലക്ഷം രൂപയുടെ ചെക്കെഴുതിക്കൊടുക്കുന്നു, അതിന്റെ പണം നോട്ടുരൂപത്തിൽ ആവശ്യപ്പെടുന്നു. കാസർഗോഡ് ശാഖയിലുള്ളവർക്കു തങ്കപ്പൻ പിള്ളയെ തീരെ പരിചയമില്ല. പക്ഷേ, കുഴപ്പമില്ല, അവർക്കു തങ്കപ്പൻ പിള്ളയുടെ ചിത്രവും ഒപ്പിന്റെ മാതൃകയും ചെക്കു നമ്പറും മറ്റെല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ കാണാം. അതെല്ലാം പരിശോധിച്ച്, ആളിതു തന്നെയെന്നു ബോദ്ധ്യപ്പെട്ട ശേഷം ശാഖ ചെക്കു പാസ്സാക്കുന്നു, തങ്കപ്പൻ പിള്ളയ്ക്കു പണം കൊടുക്കുന്നു.

ഇതിൽ നിന്നു ചില കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. ഒരു ബാങ്കിന്റെ ഒരു ശാഖയിലുള്ള അക്കൗണ്ടിൽ പണമടയ്ക്കാൻ ആ ബാങ്കിന്റെ മറ്റേതു ശാഖയിൽ ചെന്നാലും മതി. ഒരു ബാങ്കിന്റെ ഒരു ശാഖയിലുള്ള അക്കൗണ്ടിൽ നിന്നു പണമെടുക്കാൻ ആ ബാങ്കിന്റെ മറ്റേതു ശാഖയിൽ ചെന്നാലും മതി. ചില നിയന്ത്രണങ്ങളുണ്ടാകാം. രണ്ടുലക്ഷം രൂപ പിൻവലിയ്ക്കാൻ ചെക്കുമായി തങ്കപ്പൻ പിള്ള ചെല്ലുന്നതു കാസർഗോഡ് ജില്ലയിൽപ്പെട്ട ബദിയഡ്ക്ക ശാഖയിലാണെന്നും, ബദിയഡ്ക്ക ശാഖ വളരെച്ചെറിയ ശാഖയാണെന്നും കരുതുക. ചെറുശാഖയായതുകൊണ്ടു പെട്ടെന്നു രണ്ടുലക്ഷം രൂപ കൊടുക്കാൻ അവരുടെ പക്കലുണ്ടായെന്നു വരില്ല. ഇത്തരം അവസ്ഥയുണ്ടാകാതിരിയ്ക്കാൻ വേണ്ടി പല ശാഖകളിലും അന്യശാഖാചെക്കുകളിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു വരാം.

പണം പിൻവലിയ്ക്കലിന്മേൽ മാത്രമല്ല, പണമടവിന്മേലും നിയന്ത്രണങ്ങളുണ്ടാകാം. തങ്കപ്പൻ പിള്ളയ്ക്കു സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലുള്ള അക്കൗണ്ടിലടയ്ക്കാൻ വേണ്ടി ദേവസ്സി തൃശൂർ ശാഖയിലേയ്ക്കു കൊണ്ടു ചെല്ലുന്നത് ആയിരം രൂപയല്ല, പത്തുലക്ഷം രൂപയാണ് എന്നു സങ്കല്പിയ്ക്കുക. ‘ഇതെന്താണു സംഭവം’ എന്നു ശാഖക്കാർ ദേവസ്സിയോടു ചോദിച്ചെന്നു വരാം. കള്ളപ്പണമിടപാടൊന്നുമല്ലല്ലോ എന്നു ബോദ്ധ്യം വരുത്താൻ വേണ്ടിയായിരിയ്ക്കും ചോദ്യങ്ങൾ. ചോദ്യങ്ങൾ പലതു ചോദിച്ചാലും പണം സ്വീകരിയ്ക്കാതെ ശാഖ മടക്കിവിടുകയില്ല. നിക്ഷേപങ്ങൾക്കായി ബാങ്കുകാർ നെട്ടോട്ടമോടാറുണ്ട്. അതുകൊണ്ട്, തനിയേ വന്നുകയറിയ നിക്ഷേപത്തെ അവരൊരിയ്ക്കലും തിരസ്കരിയ്ക്കില്ല.

രണ്ടായിരാമാണ്ടിനു തൊട്ടു മുൻപും പിൻപുമുള്ള പതിറ്റാണ്ടുകളിൽ വിവരസാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം ഇന്ത്യയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കമ്പ്യൂട്ടറുകളും ഇന്റർനെറ്റും പ്രചാരത്തിലായി. ഇവ രണ്ടും ബാങ്കിംഗ് മേഖലയെ അടിമുടി മാറ്റി മറിച്ചു. അതിനു മുമ്പ്, ലെഡ്ജറുകൾ എന്നറിയപ്പെട്ടിരുന്ന ബൈന്റു ചെയ്ത, ഭാരിച്ച അക്കൗണ്ടുപുസ്തകങ്ങൾ ബാങ്കുശാഖകളിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ഇടപാടുകാരുടെ അക്കൗണ്ടുകൾ ലെഡ്ജറുകളിലാണുണ്ടായിരുന്നത്. അയ്യായിരം അക്കൗണ്ടുകളുള്ളൊരു ശാഖയിൽ ഇത്തരം മുപ്പതു-നാല്പതു ലെഡ്ജറുകളെങ്കിലും ഉണ്ടാകുമായിരുന്നു. കമ്പ്യൂട്ടറുകൾ ലെഡ്ജറുകളെ സ്ഥാനഭ്രഷ്ടരാക്കി.

രണ്ടായിരം മുതൽ രണ്ടായിരത്തിപ്പത്തു വരെയുള്ള ദശാബ്ദത്തിൽ ബാങ്കുശാഖകൾ അവയുടെ മുഖ്യകേന്ദ്രവുമായി ഇന്റർനെറ്റിലൂടെ ബന്ധപ്പെടുത്തപ്പെട്ടു; ബാങ്കുകൾ റിസർവ് ബാങ്കുമായും ബന്ധപ്പെടുത്തപ്പെട്ടു. ബാങ്കിംഗ് മേഖലയെ ഒന്നാകെ സംയോജിപ്പിച്ചുകൊണ്ട് കോർബാങ്കിംഗ് എന്നൊരു സംവിധാനം നിലവിൽ വന്നു. സെൻട്രലൈസ്‌ഡ് ഓൺലൈൻ റിയൽ ടൈം എക്സ്‌ചേഞ്ച് എന്നതിന്റെ ചുരുക്കപ്പേരാണു കോർ. ഓരോ ബാങ്കുശാഖയ്ക്കും ഇന്ത്യൻ ഫൈനാൻഷ്യൽ സിസ്റ്റം കോഡ് എന്ന ഐ എഫ് എസ് കോഡ് ലഭിച്ചു. അക്കൗണ്ട് നമ്പറിലെ അക്കങ്ങളുടെ എണ്ണം കൂടി.

കോർ ബാങ്കിംഗ് സിസ്റ്റം വരുന്നതിനു മുമ്പ് ഒരു ശാഖയിലെ കസ്റ്റമർ ആ ശാഖയുടെ മാത്രം കസ്റ്റമറായിരുന്നു; ഒരു കസ്റ്റമറുടെ അക്കൗണ്ട് ഒരു ശാഖയിലെ പുസ്തകങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടിൽ പണമടയ്ക്കണമെങ്കിലും അതിൽ നിന്നു പണമെടുക്കണമെങ്കിലും കസ്റ്റമർക്ക് തന്റെ ശാഖയിൽത്തന്നെ ചെല്ലേണ്ടിവന്നിരുന്നു. കോർ ബാങ്കിംഗ് സംവിധാനം വന്നപ്പോൾ അക്കൗണ്ടുകൾ ശാഖകളിലെ വലിപ്പവും കനവുമുള്ള ലെഡ്ജറുകളിൽ നിന്നു ബാങ്കുകളുടെ ആസ്ഥാനങ്ങളിലുള്ള കേന്ദ്രസെർവറുകളിലേയ്ക്കു കുടിയേറി. കസ്റ്റമർ ഏതെങ്കിലുമൊരു ശാഖയുടെ മാത്രമല്ല, ബാങ്കിന്റെ ഒന്നാകെയുള്ള കസ്റ്റമറായിത്തീർന്നു. ‘എനിവെയർ ബാങ്കിംഗ്’ സാദ്ധ്യവുമായി.

സെർവർ എന്താണെന്നു കൂടി ഇവിടെ സൂചിപ്പിയ്ക്കാം. ഒന്നിലേറെ കമ്പ്യൂട്ടറുകളെ നിയന്ത്രിയ്ക്കുന്നൊരു കമ്പ്യൂട്ടറാണു സെർവർ. വീടുകളിലുപയോഗിയ്ക്കുന്ന കമ്പ്യൂട്ടറുകൾ പൊതുവിൽ ഡെസ്‌ക് ടോപ്പുകൾ എന്നറിയപ്പെടുന്നു. ഡെസ്കിന്റെ മുകളിലുള്ള കമ്പ്യൂട്ടറുകൾ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ. ഡെസ്ക് ടോപ്പുകളുമായി സെർവറിനു യാതൊരു സാമ്യവുമുണ്ടായെന്നു വരില്ല. അടുപ്പിച്ചടുപ്പിച്ചു വെച്ചിരിയ്ക്കുന്ന അലമാരകളോടായിരിയ്ക്കും വലിയ സെർവറുകൾക്കു സാമ്യം. അവയിരിയ്ക്കുന്ന മുറികൾ ശീതീകരിച്ചിട്ടുണ്ടാകും, അവയ്ക്കടുത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിതവുമായിരിയ്ക്കും. അടുത്തും അകലേയുമുള്ള അനേകം ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ സെർവറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും; സെർവറുടെ നിയന്ത്രണത്തിലായിരിയ്ക്കും അവ പ്രവർത്തിയ്ക്കുന്നതും. സെർവറുകൾ നിയന്ത്രിയ്ക്കുന്ന, പ്രത്യേകജോലികൾ നിർവഹിയ്ക്കുന്ന ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ വർക്ക്‌സ്റ്റേഷനുകൾ എന്ന പേരിലും അറിയപ്പെടാറുണ്ട്. ബാങ്കിന്റെ കൗണ്ടറുകളിൽ നാം കാണുന്ന കമ്പ്യൂട്ടറുകളിൽ മിക്കതും വർക്ക് സ്റ്റേഷനുകളായിരിയ്ക്കും.

ഇന്ത്യയിൽ ചെക്ക് ഉപയോഗത്തിൽ വന്നിട്ട് ഒന്നര നൂറ്റാണ്ടോളം ആയെങ്കിലും, രണ്ടു പതിറ്റാണ്ടു മുമ്പു വരെ പണത്തിന്റെ മുഖ്യമായ രൂപം നോട്ടു തന്നെയായിരുന്നു. ചെക്ക് ട്രങ്കേഷൻ (ഇതേപ്പറ്റി ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ വിവരിച്ചിട്ടുണ്ട്) എന്ന സാങ്കേതികവിദ്യ നടപ്പിൽ വന്നപ്പോൾ ചെക്കു മാറിക്കിട്ടാനുള്ള കാലതാമസം ഗണ്യമായി കുറയുകയും, ചെക്കുകൾ കൂടുതൽ പ്രചാരം നേടുകയും ചെയ്തു. ഇതു ബാങ്കിംഗ് മേഖലയിൽ നോട്ടുകളുടെ പ്രസക്തി കുറച്ചു. ഇന്റർനെറ്റും കോർബാങ്കിംഗും വന്നപ്പോൾ ചെക്കിന്റെ പ്രസക്തിയ്ക്കും ഇടിവു തട്ടി. ഇരുപതു വർഷത്തിനപ്പുറം ചെക്കു നിലവിലുണ്ടാകുമോയെന്നു കണ്ടറിയണം. ചെക്കിനു വംശനാശം സംഭവിയ്ക്കുന്നെങ്കിൽ അതിനുള്ള മുഖ്യകാരണം നെറ്റ് ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ്, സൈബർ ബാങ്കിംഗ്, ഈബാങ്കിംഗ്, വെബ് ബാങ്കിംഗ് എന്നെല്ലാമറിയപ്പെടുന്ന ഇന്റർനെറ്റ് ബാങ്കിംഗായിരിയ്ക്കും.

നെറ്റ് ബാങ്കിംഗ് പണം കൊടുക്കൽ-വാങ്ങലിനെ അനായാസമാക്കിയിരിയ്ക്കുന്നു. സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്കു പണമയയ്ക്കാൻ ദേവസ്സി ബാങ്കിന്റെ തൃശൂർ ശാഖയിലേയ്ക്കു ചെല്ലേണ്ടതില്ല. സ്വന്തം വീട്ടിലോ കടയിലോ സുഖമായിരുന്നുകൊണ്ട്, ഇന്റർനെറ്റുള്ളൊരു കമ്പ്യൂട്ടറുപയോഗിച്ച് തങ്കപ്പൻ പിള്ളയ്ക്കു പണമയയ്ക്കാൻ ദേവസ്സിയ്ക്കിന്നു സാധിയ്ക്കും. നെറ്റ് ബാങ്കിംഗിലൂടെ തന്റെ അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ വേണ്ടി അതിനുള്ള യൂസർ നെയിമും പാസ്‌വേർഡുകളും ആദ്യം തന്നെ ദേവസ്സി കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ നിന്നു വാങ്ങുന്നു. ബാങ്കിന്റെ വെബ്സൈറ്റിൽ അവയുപയോഗിച്ചു ദേവസ്സി ലോഗിൻ ചെയ്യുന്നു, തന്റെ അക്കൗണ്ടെടുത്തു തുറന്ന്, പണമയയ്ക്കലിനുള്ള ലിങ്കു ക്ലിക്കു ചെയ്യുന്നു.

തങ്കപ്പൻ പിള്ളയ്ക്കു പണമയയ്ക്കാനാകും മുൻപ്, ദേവസ്സി തങ്കപ്പൻ പിള്ളയെ ഗുണഭോക്താവ് അഥവാ ബെനിഫിഷ്യറി ആയി കാനറാബാങ്കിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗുണഭോക്താവിന്റെ പേര്, ബാങ്കിന്റെ പേര്, ബാങ്കിന്റെ ശാഖയുടെ പേര്, ശാഖയുടെ ഐ എഫ് എസ് കോഡ് എന്നീ നാലു വിവരങ്ങളാണ് ഇതിനാവശ്യം. ഈ വിവരങ്ങൾ യഥാവിധി നൽകിയ ശേഷവും, ഗുണഭോക്താവിന്റെ പേരു രജിസ്റ്റർ ചെയ്തു കിട്ടാൻ അല്പസമയം എടുത്തെന്നു വരാം. ഈ പ്രക്രിയയ്ക്കു സ്റ്റേറ്റ് ബാങ്ക് നാലു മണിക്കൂർ എടുക്കുന്നു. എച്ച് ഡി എഫ് സി ബാങ്കാകട്ടെ, മുപ്പതു മിനിറ്റു മാത്രവും. ബാങ്കുശാഖകളുടെ ഐ എഫ് എസ് കോഡുകൾ അതതു ബാങ്കുകളുടെ വെബ്സൈറ്റുകളിൽ അനായാസം കണ്ടെത്താനാകും. മറ്റു പല വെബ്സൈറ്റുകളിലും ഐ എഫ് എസ് കോഡുകൾ കാണാം. പുതിയ പാസ്സ്ബുക്കുകളിലും അവയുണ്ട്.

ഏതാനും മണിക്കൂറിനുള്ളിൽ തങ്കപ്പൻ പിള്ളയെ ഗുണഭോക്താവായി രജിസ്റ്റർ ചെയ്തതായുള്ള സന്ദേശം ദേവസ്സിയുടെ മൊബൈൽ ഫോണിലെത്തും. തുടർന്നു പണമയയ്ക്കാം. പണമയയ്ക്കാനായി കാനറാബാങ്കിന്റെ വെബ്സൈറ്റിലുള്ള അക്കൗണ്ട്പേജ് ദേവസ്സി വീണ്ടും തുറക്കുന്നു. പണമയയ്ക്കലിനുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുന്നു. ഗുണഭോക്താക്കളുടെ ലിസ്റ്റ് എടുക്കുന്നു. ലിസ്റ്റിൽ തങ്കപ്പൻ പിള്ളയുടെ പേരുണ്ട്, അതിൽ ക്ലിക്കു ചെയ്യുന്നു. ‘മേക്ക് എ ട്രാൻസാക്‌ഷൻ’ എന്ന ലിങ്ക് എടുക്കുന്നു, തുകയെഴുതാനുള്ള കളത്തിൽ ആയിരം രൂപയെന്നു രേഖപ്പെടുത്തുന്നു, ഇടപാടുകൾക്കു പ്രത്യേകമായുള്ള പാസ്‌വേർഡ് രേഖപ്പെടുത്തുന്നു, എസ്സ് എം എസ്സിലൂടെ കിട്ടുന്ന ഒറ്റത്തവണപ്പാസ്‌വേർഡ് രേഖപ്പെടുത്തുന്നു, സബ്‌മിറ്റ് അല്ലെങ്കിൽ സമാനമായ ബട്ടണിൽ ക്ലിക്കു ചെയ്യുന്നു, പണമയയ്ക്കൽ പ്രക്രിയ വിജയകരമായെന്ന സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു.

മുകളിൽ വിവരിച്ചിരിയ്ക്കുന്ന പ്രക്രിയ താത്വികമായി മാത്രം ശരിയാണ്; പ്രാവർത്തികതലത്തിൽ, വിഭിന്ന ബാങ്കുകളിൽ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, പണമയയ്ക്കൽ അനായാസം നടക്കും. ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണമയയ്ക്കുന്നതു വിശദീകരിയ്ക്കുന്ന വീഡിയോകൾ യൂട്യൂബിലുണ്ട്. അവയിൽ ഒന്നോ രണ്ടോ എണ്ണം ഒന്നു രണ്ടു തവണ കണ്ടാൽ പണമയയ്ക്കൽ അനായാസം നടത്താനാകും. അതുകൊണ്ട് അത്തരം പ്രാവർത്തികതലങ്ങളിലേയ്ക്ക് ഈ ലേഖനം കടക്കുന്നില്ല. പണമയയ്ക്കലുകളെത്തുടർന്ന്, അണിയറയ്ക്കു പിന്നിൽ നടക്കുന്ന പ്രക്രിയകൾ വിവരിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ദേവസ്സി തന്റെ അക്കൗണ്ടിൽ നിന്നു തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിലേയ്ക്കു നെറ്റ് ബാങ്കിംഗിലൂടെ പണമയച്ചുകഴിഞ്ഞു എന്നു കരുതുക. കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ ദേവസ്സിയ്ക്കുള്ള അക്കൗണ്ടിൽ നിന്നു പണം സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്ക് എങ്ങനെ ചെന്നെത്തുന്നു? ദേവസ്സി അയച്ച പണം നേരേ സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലേയ്ക്കു പോകുന്നില്ല. അല്പം വളഞ്ഞ വഴിയിലൂടെയാണു പണത്തിന്റെ സഞ്ചാരം. അതു ചുരുക്കി വിവരിയ്ക്കാം.

ബാങ്കുകൾക്കെല്ലാം റിസർവ് ബാങ്കിൽ അക്കൗണ്ടുകളുണ്ട്, ആ അക്കൗണ്ടുകളിൽ കുറേയേറെ പണം ബാങ്കുകൾ നിക്ഷേപിച്ചു വെച്ചിട്ടുമുണ്ട്. ദേവസ്സി പണമയയ്ക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞ ഉടൻ കാനറാബാങ്കിന്റെ ബന്ധപ്പെട്ട കേന്ദ്രം ദേവസ്സിയുടെ അക്കൗണ്ടിൽ ആയിരം രൂപ കുറവു ചെയ്യുന്നു. തുടർന്നവർ റിസർവ് ബാങ്കിലേയ്ക്കൊരു സന്ദേശമയയ്ക്കുന്നു: ‘ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിനു കൊടുക്കുക; അതവരുടെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള ഇത്രാമതു നമ്പർ അക്കൗണ്ടിൽ വരവു വെയ്ക്കാൻ നിർദ്ദേശിയ്ക്കുക.’ സന്ദേശം ഹ്രസ്വമായിരിയ്ക്കും; അതിൽ ഐ എഫ് എസ് കോഡ്, അക്കൗണ്ട് നമ്പർ മുതലായ വിവരങ്ങൾ അടങ്ങിയിരിയ്ക്കും.

കാനറാബാങ്കിൽ നിന്നു നിർദ്ദേശം കിട്ടിയ ഉടൻ റിസർവ് ബാങ്ക് കാനറാബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു, തുക അവരുടെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിൽ വരവു വെയ്ക്കണമെന്നു നിർദ്ദേശിയ്ക്കുകയും ചെയ്യുന്നു. സിൻഡിക്കേറ്റ് ബാങ്ക് അതനുസരിച്ചു പ്രവർത്തിയ്ക്കുന്നു. ഐ എഫ് എസ് കോഡും അക്കൗണ്ട് നമ്പറുമുള്ളതുകൊണ്ട്, തുക തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽത്തന്നെ വരവു വെച്ചു കിട്ടുന്നു.

ഇത്തരത്തിൽ ബാങ്കുകൾ വഴി പണമയയ്ക്കാൻ ഇന്നു ചില സംവിധാനങ്ങളുണ്ട്: അവ താഴെ കൊടുക്കുന്നു:

നാഷണൽ ഇലക്‌ട്രോണിക്ക് ഫണ്ട്സ് ട്രാൻസ്‌ഫർ (എൻ ഇ എഫ് ടി അഥവാ നെഫ്റ്റ്)

റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്റ് (ആർ റ്റി ജി എസ്)

ഇവയിൽ നിന്നു വ്യത്യസ്തമായ ഒരു സംവിധാനം കൂടിയുണ്ട്: ഇമ്മീഡിയറ്റ് പേയ്‌മെന്റ് സിസ്റ്റം (ഐ എം പി എസ്).

നെഫ്റ്റ്, ആർ റ്റി ജി എസ് എന്നിവയിലൂടെ റിസർവ് ബാങ്കിന്റെ പ്രവൃത്തിദിനങ്ങളിൽ മാത്രമേ, പണമയയ്ക്കാനാകൂ. പ്രവൃത്തിദിനങ്ങളിൽത്തന്നെ, രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു മണി വരെ മാത്രമേ നെഫ്റ്റു വഴിയുള്ള പണമയയ്ക്കൽ നടക്കുകയുള്ളൂ; ശനിയാഴ്‌ചകൾ പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും ആകാറുണ്ട്. പ്രവൃത്തിദിനങ്ങളായ ശനിയാഴ്‌ചകളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെയാണു നെഫ്റ്റു വഴിയുള്ള പണമയയ്ക്കൽ നടക്കുന്നത്. ആർ റ്റി ജി എസ്സിലൂടെയുള്ള പണമയയ്ക്കൽ സാധാരണ പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലര വരേയും, പ്രവൃത്തിദിനങ്ങളായ ശനിയാഴ്‌ചകളിൽ ഒമ്പതു മുതൽ രണ്ടു വരേയും നടക്കുന്നു.

പ്രവൃത്തിദിനങ്ങളായ ശനിയാഴ്‌ചകളിലെ പ്രവർത്തനസമയം മറ്റു പ്രവൃത്തിദിനങ്ങളിലേതിനു തുല്യമാകയാൽ, നെഫ്റ്റ്, ആർ റ്റി ജി എസ്സ് എന്നിവയിൽ ശനിയാഴ്‌ചകളിലും മറ്റു പ്രവൃത്തിദിനങ്ങളിലെ സമയക്രമം തന്നെ പിന്തുടരാൻ റിസർവ് ബാങ്കിനെ നിർബന്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

മുകളിൽ സൂചിപ്പിച്ച സമയങ്ങൾ റിസർവ് ബാങ്കിന്റേതാണ്. ഈ സംവിധാനങ്ങളുപയോഗിച്ചു പണമയയ്ക്കുന്ന ബാങ്കുകളുടെ സമയനിഷ്‌കർഷകൾ വ്യത്യസ്തമായിരിയ്ക്കും. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഏഴു മണി വരെ നെഫ്റ്റ് അയയ്ക്കാമെങ്കിൽ ആറര മണി വരെ മാത്രമേ ഐസിഐസിഐ ബാങ്കിൽ നെഫ്റ്റയയ്ക്കാനാകൂ. എച്ച് ഡി എഫ് സി ബാങ്കിലാകട്ടെ, ആറു മണി വരെ മാത്രവും.

ഐ എം പി എസ്സിനു സമയപരിധികളില്ല; അവധിദിനങ്ങളിൽപ്പോലും ഐ എം പി എസ് വഴിയുള്ള പണമയയ്ക്കൽ നിർബാധം നടക്കും.

നെഫ്റ്റിലൂടെ അയയ്ക്കുന്ന പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെച്ചു കിട്ടാൻ രണ്ടോ മൂന്നോ മണിക്കൂറെടുത്തെന്നു വരാം. നെഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നൊരു ശാഖ ഓരോ ബാങ്കിനും മുംബൈയിലുണ്ട്; നെഫ്റ്റ് പൂളിംഗ് സെന്റർ എന്ന് ആ ശാഖ അറിയപ്പെടുന്നു. ദേവസ്സിയുടെ സന്ദേശം കിട്ടിയ ഉടൻ കാനറാബാങ്കിന്റെ മുംബൈയിലുള്ള നെഫ്റ്റ് പൂളിംഗ് സെന്ററാണു ദേവസ്സിയുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപ കുറവു ചെയ്യുന്നതും റിസർവ് ബാങ്കിനു ബന്ധപ്പെട്ട സന്ദേശമയയ്ക്കുന്നതും.

നെഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മുംബൈയിൽ റിസർവ് ബാങ്കിനുമുണ്ടൊരു പ്രത്യേക കേന്ദ്രം. അതു നെഫ്റ്റ് ക്ലിയറിംഗ് സെന്റർ എന്നറിയപ്പെടുന്നു. ദേവസ്സിയുടെ പണമയയ്ക്കലിടപാടിൽ കാനറാബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖ റിസർവ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് സെന്ററിനാണു സന്ദേശമയയ്ക്കുന്നത്.

‘ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിനു കൊടുക്കുക; അതവരുടെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള ഇത്രാമതു നമ്പർ അക്കൗണ്ടിൽ വരവു വെയ്ക്കാൻ നിർദ്ദേശിയ്ക്കുക’ എന്ന സന്ദേശം കാനറാബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയിൽ നിന്നു കിട്ടിയ ഉടൻ റിസർവ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് കേന്ദ്രം കാനറാബാങ്കിനു റിസർവ് ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത്, സിൻഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു; അതോടൊപ്പം കാനറാബാങ്കിന്റെ നിർദ്ദേശം സിൻഡിക്കേറ്റ് ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് സെന്ററിനു കൈമാറുകയും ചെയ്യുന്നു.

റിസർവ് ബാങ്കു നിർവഹിയ്ക്കുന്ന ഈ ജോലിയ്ക്കു നെഫ്റ്റ് സെറ്റിൽമെന്റ് എന്നു പറയുന്നു. ഇത് ഒരു മണിക്കൂർ ഇടവിട്ടു മാത്രമാണു റിസർവ് ബാങ്കു ചെയ്യുന്നത്. ഒന്നാമത്തെ നെഫ്റ്റ് സെറ്റിൽമെന്റ് എട്ടുമണിയ്ക്കു നടക്കുന്നു. രണ്ടാമത്തേത് ഒമ്പതുമണിയ്ക്ക്. പന്ത്രണ്ടാമത്തേതു വൈകുന്നേരം ഏഴുമണിയ്ക്കു നടക്കുന്നതോടെ ഒരു സാധാരണ പ്രവൃത്തിദിനത്തിലെ നെഫ്റ്റ് സെറ്റിൽമെന്റുകൾ സമാപിയ്ക്കുന്നു.

റിസർവ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് സെന്ററിൽ നിന്ന് ഒരു ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയ്ക്കു പണം കിട്ടിക്കഴിഞ്ഞാൽ, അതു പരമാവധി രണ്ടു മണിക്കൂറിനകം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ തുക വരവു വെച്ചിരിയ്ക്കണം എന്നാണു നിബന്ധന. ദേവസ്സി രാവിലെ അയച്ച പണം റിസർവ് ബാങ്കിന്റെ പതിനൊന്നു മണിയ്ക്കുള്ള സെറ്റിൽമെന്റിലൂടെ സിൻഡിക്കേറ്റ് ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയ്ക്കു കിട്ടിക്കഴിഞ്ഞാൽ, ഒരു മണിയ്ക്കുള്ളിൽ സിൻഡിക്കേറ്റ് ബാങ്ക് തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ പണം വരവു വെച്ചിരിയ്ക്കണം എന്നർത്ഥം.

നെഫ്റ്റിലൂടെ അയച്ചുകഴിഞ്ഞ പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെച്ചുകിട്ടാൻ മൂന്നു മണിക്കൂറോ അതിലധികമോ വേണ്ടി വരാമെങ്കിലും, പ്രായേണ ഒന്നൊന്നര മണിക്കൂർ മതിയാകാറുണ്ട്. ചെക്കു മാറിക്കിട്ടാനുണ്ടായിരുന്ന എട്ടുപത്തു ദിവസത്തെ കാലതാമസവുമായി താരതമ്യം ചെയ്യുമ്പോൾ നെഫ്റ്റ് എടുക്കുന്ന മൂന്നു മണിക്കൂർ സമയം ഒരു താമസമേയല്ല എന്നു തോന്നാമെങ്കിലും, പണമയയ്ക്കുന്നയാൾ അതയച്ച നിമിഷം തന്നെ ഗുണഭോക്താവിനു പണം കിട്ടുകയാണു വേണ്ടത്. ഒരു മിനിറ്റു പോലും താമസമുണ്ടാകാതെ തന്നെ അതു സാദ്ധ്യമാക്കുന്ന സാങ്കേതികവിദ്യ ഇന്നു ലഭ്യമായതിനാൽ, അതുപയോഗിച്ച് നെഫ്റ്റിനെ ഒരു തത്സമയസേവനമാക്കി പരിഷ്‌കരിയ്ക്കാവുന്നതേയുള്ളൂ. കാലക്രമേണ റിസർവ് ബാങ്ക് ഇതു നടപ്പിൽ വരുത്തുമെന്നു പ്രതീക്ഷിയ്ക്കാം.

നെഫ്റ്റ് സെറ്റിൽമെന്റുകൾ ഓരോ മണിക്കൂറിടവിട്ടു മാത്രം നടക്കുമ്പോൾ ആർ റ്റി ജി എസ്സിൽ ഓരോ നിമിഷവും സെറ്റിൽമെന്റു നടക്കുന്നു. സന്ദേശം കിട്ടിയയുടൻ റിസർവ് ബാങ്ക് പണമയച്ചയാളുടെ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നു പണമെടുത്ത് ഗുണഭോക്താവിന്റെ ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു. തുടർന്നുള്ള അരമണിക്കൂറിനുള്ളിൽ ഗുണഭോക്താവിന്റെ ബാങ്ക് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ തുക വരവുവെച്ചിരിയ്ക്കണം എന്നാണു റിസർവ് ബാങ്കിന്റെ നിബന്ധന. നെഫ്റ്റിന്റെ സെറ്റിൽമെന്റുകൾ രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ, ആകെ പതിനൊന്നു മണിക്കൂർ നടക്കുമ്പോൾ ആർ റ്റി ജി എസ്സിന്റേത് എഴര മണിക്കൂർ മാത്രം നടക്കുന്നു. ശനിയാഴ്‌ചകളിൽ നെഫ്റ്റും ആർ റ്റി ജി എസ്സും അഞ്ചു മണിക്കൂർ വീതം നടക്കുന്നു; ഇതും മറ്റു പ്രവൃത്തിദിനങ്ങളിലേതിനോടു തുല്യമാക്കാനുണ്ട്.

ഒരു രൂപ മുതലുള്ള ഏതു തുക വേണമെങ്കിലും നെഫ്റ്റു വഴി അയയ്ക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുണ്ടെങ്കിലും, വ്യത്യസ്തബാങ്കുകൾ അതിനു പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കും എച്ച് ഡി എഫ് സി ബാങ്കും നെഫ്റ്റു വഴിയുള്ള പണമയയ്ക്കലിന് ഏർപ്പെടുത്തിയിരിയ്ക്കുന്ന പരിധി പത്തു ലക്ഷമാണ്. ആർ റ്റി ജി എസ്സ് വഴിയുള്ള പണമയയ്ക്കലിന് അവർ മൂവരും ഏർപ്പെടുത്തിയിരിയ്ക്കുന്ന പരിധിയും പത്തുലക്ഷം തന്നെ. സ്റ്റേറ്റ് ബാങ്കിൽ വ്യാപാർ, വിസ്താർ എന്നു പേരുള്ള ചില അക്കൗണ്ടുകളുണ്ട്. വ്യാപാർ അക്കൗണ്ടുകളിൽ നിന്നു നെഫ്റ്റും ആർ റ്റി ജി എസ്സും വഴി അമ്പതു ലക്ഷം വരെ ട്രാൻസ്‌ഫർ ചെയ്യാവുന്നതാണ്. വിസ്താർ അക്കൗണ്ടുകളിൽ നിന്ന് അഞ്ഞൂറു ലക്ഷം വരേയും. ഇവ രണ്ടും കോർപ്പറെറ്റ് അക്കൗണ്ടുകളാണ്. ആർ റ്റി ജി എസ്സിൽ രണ്ടു ലക്ഷം രൂപയേക്കാൾ കുറഞ്ഞ തുകകളുടെ ട്രാൻസ്‌ഫർ അനുവദിച്ചിട്ടില്ല.

മറ്റന്നാൾ പ്രവൃത്തിദിനമാണെന്നും അന്ന് ആയിരം രൂപയുടെ ട്രാൻസ്‌ഫർ നടക്കണമെന്നു ദേവസ്സി ആഗ്രഹിയ്ക്കുന്നുണ്ടെന്നും കരുതുക; അതിനുള്ള നിർദ്ദേശം ഓൺലൈനായി ഇന്നു തന്നെ കൊടുത്തുവെയ്ക്കാവുന്നതാണ്. അതിനുള്ള തുക അക്കൗണ്ടിൽ ഒരുക്കി വെച്ചിരിയ്ക്കണം എന്നു മാത്രം. മറ്റന്നാൾ തന്നെ ബാങ്ക് പണം അയച്ചിരിയ്ക്കും. ഒരു സമീപഭാവിതീയതിയിൽ നടക്കേണ്ടുന്ന പണമയയ്ക്കൽ ഇപ്പോൾത്തന്നെ ഏർപ്പാടാക്കി വെയ്ക്കാനാകും എന്നു ചുരുക്കം.

കോർബാങ്കിംഗിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ബാങ്കുശാഖകൾക്കും പ്രത്യേകം നമ്പറുകളുണ്ട്. അവയ്ക്കാണ് ഐ എഫ് എസ് കോഡുകൾ എന്നു പറയുന്നത്. പതിനൊന്ന് അക്കങ്ങളോ അക്ഷരങ്ങളോ ചേർന്നൊരു നമ്പറാണ് ഐ എഫ് എസ് കോഡ്. അതിന്റെ ഇടതറ്റത്തുള്ള നാലക്കങ്ങൾ അക്ഷരത്തിലുള്ളവയായിരിയ്ക്കും; അവ ബാങ്കിനെ സൂചിപ്പിയ്ക്കുന്നു. വലതറ്റത്തുള്ള ആറെണ്ണം ബാങ്കുശാഖയെ സൂചിപ്പിയ്ക്കുന്നു. ഇവയ്ക്കിടയിലുള്ള പൂജ്യം ഭാവിഉപയോഗത്തിനുള്ളതാണ്.

ഒരു ശാഖയുടെ ഐ എഫ് എസ് കോഡ് മറ്റൊരു ശാഖയ്ക്കുണ്ടാവില്ല. ഐ എഫ് എസ് കോഡും അക്കൗണ്ട് നമ്പറും ശരിയാണെങ്കിൽ തുക വഴിതെറ്റിപ്പോകുകയില്ല; പണം ഉദ്ദിഷ്‌ട അക്കൗണ്ടിൽത്തന്നെ, കൃത്യമായി എത്തിച്ചേരുന്നു. നെഫ്റ്റു വഴി അയച്ച പണം എന്തെങ്കിലും കാരണത്താൽ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവുവെയ്ക്കാനാകാതെ വന്നാൽ, ഗുണഭോക്താവിന്റെ ബാങ്ക് രണ്ടു മണിക്കൂറിനകം തുക തിരിച്ചയച്ചിരിയ്ക്കണം എന്നാണു നിലവിലുള്ള നിർദ്ദേശം; തുക അയച്ചയാളുടെ അക്കൗണ്ടിലേയ്ക്ക് അന്നു തന്നെ അതു മടങ്ങിച്ചെല്ലും. ഇതൊക്കെയാണെങ്കിലും, നെഫ്റ്റിലൂടെ അയച്ച തുക പലപ്പോഴും ദിവസങ്ങളോളം അക്കൗണ്ടിൽ വരവു വെയ്ക്കാതെയോ തിരികെപ്പോകാതെയോ ഇരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആർ റ്റി ജി എസ്സു വഴി അയച്ച പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കാനാകുന്നില്ലെങ്കിൽ, അത് ഒരു മണിക്കൂറിനുള്ളിൽ പണമയച്ചയാളുടെ അക്കൗണ്ടിൽ തിരികെയെത്തണമെന്നു റിസർവ് ബാങ്ക് നിഷ്‌കർഷിയ്ക്കുന്നു.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിലേയ്ക്കു മാത്രമല്ല, ലോൺ അക്കൗണ്ടുകളിലേയ്ക്കും പണമയയ്ക്കാനാകും. അയയ്ക്കുന്ന തുക ലോൺ അക്കൗണ്ടിൽ ശേഷിപ്പുള്ള തുകയേക്കാൾ കൂടുതലാകരുത്. ലോൺ അക്കൗണ്ടിലെ ബാലൻസിനേക്കാൾ ഉയർന്ന തുക അയച്ചുപോയാൽ അതു മടങ്ങിപ്പോകും...........

CLICK HERE TO READ MORE THIS ARTICLE

Read more

പണം കൊടുക്കാം, വാങ്ങാം ഭാഗം 1 ചെക്ക്

2016 നവംബര്‍ എട്ടാം തീയതി 500, 1000 എന്നീ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നിലവിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ എണ്‍പത്താറര ശതമാനം അസാധുവായിത്തീര്‍ന്നു. ശേഷിച്ച പതിമൂന്നര ശതമാനം ഇവിടത്തെ ഇടപാടുകള്‍ക്കു തികയില്ലെന്നു വ്യക്തം. രണ്ടായിരത്തിന്റെ നോട്ടുകള്‍ വന്നെങ്കിലും, അക്കൗണ്ടില്‍ നിന്നു പിന്‍വലിയ്ക്കാവുന്ന തുകയിന്മേലുള്ള നിയന്ത്രണം മൂലം അവയുടെ ലഭ്യതയും നിയന്ത്രിതമായിത്തുടരുന്നു. ഇതെഴുതുമ്പോഴും, പുതിയ 500, 1000 എന്നീ നോട്ടുകള്‍ പലയിടങ്ങളിലും എത്തിയിട്ടില്ല.

പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്. കറന്‍സി നോട്ടുകളില്‍ ഏറ്റവും വലുത് രണ്ടായിരമാണ്. ഒരാള്‍ക്കൊരു പത്തുലക്ഷം രൂപ കൊടുക്കാനുണ്ടെന്നു കരുതുക. രണ്ടായിരത്തിന്റെ അഞ്ഞൂറു നോട്ടു കൊടുത്താല്‍ മാത്രമേ തുക തികയുകയുള്ളൂ. ആയിരത്തിന്റേതാണെങ്കില്‍ 1000 നോട്ടുകള്‍ വേണം. നൂറിന്റേതാണെങ്കില്‍ പതിനായിരം നോട്ടുകളും. ചെക്കാണെങ്കിലോ, ഒരെണ്ണം മാത്രം മതി! ചെക്കിന്റെ തുകയ്ക്ക് പരിധിയില്ല; ലക്ഷമോ, ദശലക്ഷമോ, കോടിയോ ഒക്കെയാകാം. അത്രയും തുക അക്കൗണ്ടിലുണ്ടാകണമെന്നേയുള്ളൂ. ചെക്കു തപാല്‍ വഴി അനായാസം അയയ്ക്കാം. കറന്‍സി നോട്ടുകളാകട്ടെ, ഇന്‍ഷൂര്‍ ചെയ്തയയ്‌ക്കേണ്ടി വരും.

ചെക്ക് വെള്ളിവെളിച്ചത്തിന്‍ കീഴില്‍ വന്നതു നോട്ടുകളുടെ അസാധുവാക്കലിനെ തുടര്‍ന്നാണെങ്കിലും, നൂറ്റാണ്ടുകള്‍ മുമ്പു തന്നെ അതു പ്രചാരത്തിലുണ്ട്. ക്രിസ്തുവിന് ഒരു നൂറ്റാണ്ടു മുമ്പും, ക്രിസ്തുവിനു ശേഷമുള്ള ഒമ്പതാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ചെക്കുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ ചെക്കുകളെ സംബന്ധിച്ചുള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്റ്റ് നിലവില്‍ വന്നത് 1881ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമനിര്‍മ്മാണസഭയായിരുന്ന ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആണതു പാസ്സാക്കിയത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷവും വളരെക്കാലം ആ നിയമം ഇവിടെ നിലവിലിരുന്നു. പലപ്പോഴായി അതു പരിഷ്കരിയ്ക്കപ്പെട്ടു. അതനുസരിച്ച്, രണ്ടായിരാമാണ്ടു മുതല്‍, ചെക്കിന്റെ കെട്ടിലും മട്ടിലും വലുതായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇന്ന ആള്‍ക്ക് ഇത്ര രൂപ കൊടുക്കണം എന്നൊരു നിര്‍ദ്ദേശം ഒരു വ്യക്തി കടലാസ്സില്‍ പെന്‍സില്‍ കൊണ്ടെഴുതിയൊപ്പിട്ട്, തനിയ്ക്ക് അക്കൗണ്ടുള്ള ബാങ്കിനു നല്‍കിയാല്‍ അതു നിയമാനുസൃതമായൊരു ചെക്ക് ആയി പരിഗണിയ്ക്കപ്പെട്ടിരുന്നു, പണ്ടുപണ്ട്. എന്നാലിപ്പോള്‍ അത്തരം കുറിപ്പുകളെ ചെക്കുകളായി ബാങ്കുകള്‍ കണക്കാക്കാറില്ല.

ചെക്കുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധന മൂലമാണമത്. നൂറുകണക്കിനു ചെക്കുകളാണിപ്പോള്‍ മിക്ക ബാങ്കുശാഖകള്‍ക്കും ദിവസേന കൈകാര്യം ചെയ്യേണ്ടി വരുന്നത്; അതു യന്ത്രവല്‍ക്കൃതവുമാണ്. യന്ത്രങ്ങളുടെ നിബന്ധനകള്‍ പാലിയ്ക്കുന്ന ചെക്കുകളെ മാത്രമേ യന്ത്രങ്ങള്‍ തിരിച്ചറിയൂ. യന്ത്രങ്ങളുടെ നിബന്ധനകള്‍ പാലിയ്ക്കാതെ കാര്യങ്ങളൊന്നും നടക്കില്ലെന്നായിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ അടുത്തുള്ളൊരു ബാങ്കില്‍ ചെന്നപ്പോള്‍, ബാങ്കു നിറയെ ആളുകള്‍; ബാങ്കുജീവനക്കാരെല്ലാം യഥാസ്ഥാനങ്ങളിലുണ്ട്. പ്രവര്‍ത്തനം മാത്രം നടക്കുന്നില്ല. കാരണം, കമ്പ്യൂട്ടര്‍ പണിമുടക്കിയിരിയ്ക്കുന്നു. മനുഷ്യരെ പ്രസാദിപ്പിയ്ക്കുക എളുപ്പമാണ്, ചിലപ്പോളൊന്നു തൊഴുതാല്‍ മതിയായേയ്ക്കും. പക്ഷേ, കമ്പ്യൂട്ടറിന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചാലും ഫലമില്ല. അതുകൊണ്ട്, യന്ത്രത്തിനു സ്വീകാര്യമായ രൂപം ധരിയ്ക്കുകയല്ലാതെ, മറ്റു മാര്‍ഗങ്ങളൊന്നും ചെക്കിന്റെ മുന്നിലില്ല.

നോട്ടുകള്‍ അസാധുവാക്കുന്നതിനു മുമ്പും പണമിടപാടുകളില്‍ ഭൂരിഭാഗവും ചെക്കുകളിലൂടെയായിരുന്നു നടന്നിരുന്നത്. നോട്ടുകളുടെ അസാധുവാക്കലിനു ശേഷം, ചെക്കുകളുടെ പ്രചാരം കൂടിയിട്ടുണ്ടാകണം. ബാങ്ക് ഡ്രാഫ്റ്റുകളും പലപ്പോഴും ചെക്കുകളുടെ കൂട്ടത്തില്‍ തന്നെ പെടുത്താറുണ്ട്. ഇന്നയാള്‍ക്ക് ഇത്ര രൂപ നല്‍കണം എന്ന് ഒരു വ്യക്തി ഒരു ബാങ്കുശാഖയ്ക്കു നല്‍കുന്ന നിര്‍ദ്ദേശമാണു ചെക്ക്. ഇന്നയാള്‍ക്ക് ഇത്ര രൂപ നല്‍കണം എന്ന് ഒരു ബാങ്കുശാഖ മറ്റൊരു ശാഖയ്ക്കു നല്‍കുന്ന നിര്‍ദ്ദേശമാണു ഡ്രാഫ്റ്റ്. നിര്‍ദ്ദേശം ഒരു കേവലവ്യക്തിയുടേതാകുമ്പോള്‍, പണം കിട്ടുമെന്ന് ഉറപ്പില്ല. എന്നാല്‍, നിര്‍ദ്ദേശം ബാങ്കിന്റേതാകുമ്പോള്‍, പണം കിട്ടുമെന്നുറപ്പ്. ഡ്രാഫ്റ്റും ചെക്കും തമ്മിലുള്ള കാതലായ വ്യത്യാസം അതു മാത്രം.

ചെക്കിടപാടുകളില്‍ വന്നിരിയ്ക്കുന്ന മാറ്റങ്ങള്‍ ലളിതമായി വിശദീകരിയ്ക്കാന്‍ വേണ്ടി ഒരുദാഹരണം പറയാം. കൊല്ലത്തുള്ളൊരു കശുവണ്ടി മുതലാളിയാണു തങ്കപ്പന്‍ പിള്ള. തൃശൂരുള്ളൊരു വ്യാപാരിയാണു ദേവസ്സി. തങ്കപ്പന്‍ പിള്ളയുടെ പക്കല്‍ നിന്നു കുറേ കശുവണ്ടി ഇടയ്ക്കിടെ ദേവസ്സി വാങ്ങാറുണ്ട്. അപ്പോഴൊക്കെ ദേവസ്സി ആയിരം രൂപയുടെ ഒരു ചെക്ക് തങ്കപ്പന്‍ പിള്ളയ്ക്ക് അയച്ചു കൊടുക്കാറുമുണ്ട്. ദേവസ്സിയുടെ അക്കൗണ്ട് കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലായതുകൊണ്ട് ദേവസ്സിയുടെ ചെക്കുകളെല്ലാം, ആ ശാഖയിന്മേലുള്ളവയാണ്. പതിറ്റാണ്ടുകളായി പതിവുള്ളൊരു ഇടപാടാണ് ഇവരുടേത് എന്നും സങ്കല്പിയ്ക്കുക.

വളരെപ്പണ്ട്, ദേവസ്സിയുടെ ചെക്കിന്റെ തുക കൈപ്പറ്റാന്‍ വേണ്ടി തങ്കപ്പന്‍ പിള്ളയ്ക്കു കൊല്ലത്തു നിന്നു തൃശൂരു വരെ യാത്ര ചെയ്ത്, കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ ചെക്കു നേരിട്ടു ഹാജരാക്കേണ്ടി വന്നിരുന്നു. ചെക്കിന്റെ പണവുമായി തിരികെ കൊല്ലത്തേയ്ക്കും പോകും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ പിള്ളയുടെ വീടിനടുത്തൊരു ബാങ്കുശാഖ തുറന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റേതായിരുന്നു, അത്. തങ്കപ്പന്‍ പിള്ള അവിടെ അക്കൗണ്ടു തുടങ്ങി. ദേവസ്സിയുടെ ചെക്കു കിട്ടുമ്പോഴൊക്കെ അതവരെ ഏല്പിയ്ക്കാന്‍ തുടങ്ങി. സിന്‍ഡിക്കേറ്റ് ബാങ്കിന് ഒരു ശാഖ തൃശൂരുമുണ്ടായിരുന്നു.

തങ്കപ്പന്‍ പിള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ ദേവസ്സിയുടെ ചെക്ക് ഏല്പിച്ചയുടന്‍ അവരതു തപാല്‍ വഴി തങ്ങളുടെ തൃശൂര്‍ ശാഖയ്ക്ക് അയച്ചുകൊടുത്തു. തൃശൂര്‍ ശാഖയിലെ ഒരുദ്യോഗസ്ഥന്‍ കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ ചെക്കു കൊണ്ടുപോയി കൊടുത്ത്, അതിന്റെ പണം വാങ്ങുകയും, തന്റെ ശാഖയില്‍ മടങ്ങിച്ചെന്ന് അവിടെ പണമടയ്ക്കുകയും ചെയ്തു. ചെക്കിന്റെ പണം കിട്ടിയിട്ടുണ്ടെന്നു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖ കൊല്ലം ശാഖയെ എഴുതി അറിയിച്ചു. കമ്മീഷന്‍ ഈടാക്കിയ ശേഷമുള്ള തുക കൊല്ലം ശാഖ തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ വരവു വെച്ചു. തങ്കപ്പന്‍ പിള്ള പണം പിന്‍വലിച്ചു. ഈ ഉദാഹരണത്തില്‍ ചെക്കിന്റേയും പണത്തിന്റേയും ഗതികള്‍ താഴെക്കൊടുക്കുന്നു:

ചെക്ക്:

ദേവസ്സിയില്‍ നിന്നു തങ്കപ്പന്‍ പിള്ളയിലേയ്ക്ക്
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലേയ്ക്ക്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.
കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.

പണം

ദേവസ്സിയില്‍ നിന്നു കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.
കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ നിന്നു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയിലേയ്ക്ക്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയില്‍ നിന്നു കത്തുവഴി കൊല്ലം ശാഖയിലേയ്ക്ക്.
കൊല്ലം ശാഖയില്‍ നിന്നു തങ്കപ്പന്‍ പിള്ളയ്ക്ക്.

കുറേക്കാലം കഴിഞ്ഞപ്പോള്‍ തൃശൂരുള്ള സ്‌റ്റേറ്റ് ബാങ്ക് അവിടെയുള്ള ബാങ്കുകളുടെ മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി. കാനറാബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കുമുള്‍പ്പെടെ, തൃശൂരുള്ള എല്ലാ ബാങ്കുകളും സ്‌റ്റേറ്റ് ബാങ്കില്‍ അക്കൗണ്ടു തുടങ്ങി. എല്ലാ ബാങ്കുകളുടേയും പ്രതിനിധികള്‍ ദിവസേന രണ്ടു നേരം വീതം സ്‌റ്റേറ്റ് ബാങ്കിലെത്തും. ദേവസ്സിയുടെ ചെക്കു കിട്ടുമ്പോഴൊക്കെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധി അതു സ്‌റ്റേറ്റ് ബാങ്കിനെ ഏല്പിയ്ക്കുന്നു. സ്‌റ്റേറ്റ് ബാങ്ക് അതു കാനറാബാങ്കിന്റെ പ്രതിനിധിയ്ക്കു കൊടുക്കുന്നു.

കാനറാബാങ്കിന്റെ പ്രതിനിധി ചെക്കുമായി തന്റെ ശാഖയിലേയ്ക്കു ചെല്ലുന്നു. ദേവസ്സിയുടെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപ കുറവു ചെയ്ത് ചെക്കു പാസ്സാക്കുന്നു. ആയിരം രൂപയുമായി സ്‌റ്റേറ്റ് ബാങ്കില്‍ച്ചെന്ന്, കാനറാബാങ്കിന് സ്‌റ്റേറ്റ് ബാങ്കിലുള്ള അക്കൗണ്ടില്‍ അതടയ്ക്കുന്നു. ചെക്കു പാസ്സായ വിവരം സ്‌റ്റേറ്റ് ബാങ്കിനെ അറിയിയ്ക്കുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധിയും വീണ്ടും സ്‌റ്റേറ്റ് ബാങ്കിലെത്തിയിട്ടുണ്ടാകും. സ്‌റ്റേറ്റ് ബാങ്ക് കാനറാബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപയെടുത്ത് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് അതു പിന്‍വലിയ്ക്കുന്നു. ചെക്കിന്റെ തുക കിട്ടിയ കാര്യം കൊല്ലം ശാഖയെ തപാല്‍ വഴി അറിയിയ്ക്കുന്നു. കൊല്ലം ശാഖ തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ കമ്മീഷന്‍ കഴിച്ചുള്ള ചെക്കിന്റെ തുക വരവു വെയ്ക്കുന്നു. തങ്കപ്പന്‍ പിള്ള അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിയ്ക്കുന്നു.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധിയ്ക്കും കാനറാബാങ്കിന്റെ പ്രതിനിധിയ്ക്കും ചെക്കു പരസ്പരം കൈമാറാനുള്ള വേദിയായതു സ്‌റ്റേറ്റ് ബാങ്കിന്റെ തൃശൂര്‍ ശാഖയാണല്ലോ. സിന്‍ഡിക്കേറ്റ് ബാങ്കും കാനറാബാങ്കും മാത്രമല്ല, തൃശൂരുള്ള എല്ലാ ബാങ്കുകളും അവര്‍ക്കു കിട്ടിയ ചെക്കുകളുമായി പ്രതിനിധികളെ സ്‌റ്റേറ്റ് ബാങ്കിലേയ്ക്കയയ്ക്കാന്‍ തുടങ്ങി. സ്‌റ്റേറ്റ് ബാങ്കില്‍ അവരെല്ലാവരും ഒരുമിച്ചിരുന്ന്, പരസ്പരം ചെക്കുകള്‍ കൈമാറി. സ്‌റ്റേറ്റ് ബാങ്ക് പ്രത്യേകം ഒരുക്കിയ ഒരു കെട്ടിടത്തില്‍ വെച്ചായിരുന്നു ഈ കൈമാറല്‍ നടന്നിരുന്നത്. ആ കെട്ടിടത്തെ ക്ലിയറിംഗ് ഹൗസ് എന്നു വിളിയ്ക്കാന്‍ തുടങ്ങി. 200910 കാലഘട്ടത്തില്‍ ഇന്ത്യയിലിത്തരം 1148 ക്ലിയറിംഗ് ഹൗസുകളുണ്ടായിരുന്നു.

തൃശൂര്‍ ക്ലിയറിംഗ് ഹൗസ് തുടങ്ങിയിട്ടും തങ്കപ്പന്‍ പിള്ളയ്ക്കു പണം കിട്ടാനുള്ള കാലതാമസത്തില്‍ വലുതായ കുറവുണ്ടായില്ല. ചെക്ക് രജിസ്‌റ്റേഡ് പോസ്റ്റ് ആയി തൃശൂരെത്താന്‍ നാലു ദിവസം, അതു സ്‌റ്റേറ്റ് ബാങ്കു വഴി കാനറാബാങ്കിലെത്താന്‍ ഒരു ദിവസം, ചെക്കു പാസ്സായ വിവരം തപാല്‍ വഴി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലെത്താന്‍ മൂന്നു ദിവസം; ഇടയില്‍ ഒഴിവുദിവസങ്ങളുണ്ടെങ്കില്‍ താമസം കൂടുന്നു.

ചുരുക്കത്തില്‍, കൊല്ലത്തുള്ള ബാങ്കില്‍ കൊടുത്തേല്പിച്ച ചെക്കിന്റെ പണം അക്കൗണ്ടില്‍ വരവു വെച്ചുകിട്ടാന്‍ പത്തു ദിവസം വേണം, അതായിരുന്നു സ്ഥിതി. അത്രയും നാള്‍ പണം ആര്‍ക്കും ഉപയോഗപ്പെടാതെ പോകുന്നു: തങ്കപ്പന്‍ പിള്ളയ്ക്കു ചെക്കിന്റെ പണം കിട്ടുന്നില്ലാത്തതുകൊണ്ട് അതു മറ്റൊരാള്‍ക്കു കൊടുക്കാനാകുന്നില്ല; ദേവസ്സിയ്ക്കാണെങ്കില്‍ ചെക്ക് തങ്കപ്പന്‍ പിള്ളയ്ക്കു കൊടുത്തുപോയിരിയ്ക്കുന്നതുകൊണ്ട് അതിനായി അക്കൗണ്ടില്‍ കരുതിയിരിയ്ക്കുന്ന പണം മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കാനുമാവില്ല.

പണത്തിന്റെ ഈ നിഷ്ക്രിയത്വം ഒരു പ്രശ്‌നമായി അവശേഷിച്ചു. അതുപോലുള്ള ദശലക്ഷക്കണക്കിന് ഇടപാടുകള്‍ ഇന്ത്യയൊട്ടാകെ ദിവസേന നടന്നിരുന്നു. അനേകം ചെക്കുകള്‍ പാസ്സാവാന്‍ എട്ടും പത്തും ദിവസങ്ങളെടുത്തിരിയ്ക്കണം. 200910ല്‍ അന്നുണ്ടായിരുന്ന 1148 ക്ലിയറിംഗ് ഹൗസുകളിലായി 130 കോടിയിലേറെ ചെക്കുകള്‍ കൈകാര്യം ചെയ്യപ്പെട്ടെന്നു കണക്കുകള്‍ കാണിയ്ക്കുന്നു. ഇത്രയധികം ചെക്കുകള്‍ മാറുന്നതിലുള്ള കാലതാമസം അകറ്റിയാല്‍, അല്ലെങ്കില്‍ താമസമല്പം കുറയ്ക്കുകയെങ്കിലും ചെയ്താല്‍, അത് ഇടപാടുകാര്‍ക്കു മാത്രമല്ല, രാഷ്ട്രത്തിന്റെ സാമ്പത്തികനിലയ്ക്കും ഗുണം ചെയ്യുമെന്നു സര്‍ക്കാര്‍ മനസ്സിലാക്കി.

ഒരു ദിവസം തന്നെ വളരെയധികം ചെക്കുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍, ക്ലിയറിംഗ് ഹൗസുകള്‍ യന്ത്രത്തെ ആശ്രയിയ്ക്കാന്‍ തുടങ്ങി. ബാങ്കുകള്‍, അവയുടെ ശാഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ചെക്കുകളെ തരം തിരിയ്ക്കാന്‍ യന്ത്രങ്ങള്‍ എം ഐ സി ആര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു, അതിനു വേണ്ടി ചെക്കുകളുടെ ഘടനയില്‍ ഐകരൂപ്യം വരുത്തി. എം ഐ സി ആര്‍ എന്നാല്‍ മാഗ്‌നറ്റിക്ക് ഇങ്ക് കാരക്റ്റര്‍ റെക്കഗ്‌നിഷന്‍. ചെക്കിന്റെ ചുവട്ടില്‍ എം ഐ സി ആര്‍ കോഡ് എന്നറിയപ്പെടുന്ന, ഒമ്പതക്കമുള്ളൊരു നമ്പറുണ്ട്: ഓരോ ബാങ്ക് ശാഖയ്ക്കും ഒരു പ്രത്യേക എം ഐ സി ആര്‍ കോഡുണ്ടാകും. കോഡിലെ ആദ്യത്തെ മൂന്നക്കങ്ങള്‍ സ്ഥലത്തേയും, അടുത്ത മൂന്നക്കങ്ങള്‍ ബാങ്കിനേയും അവസാനത്തെ മൂന്നക്കങ്ങള്‍ ബാങ്കുശാഖയേയും സൂചിപ്പിച്ചു. ചെക്കിലുള്ള എം ഐ സി ആര്‍ കോഡ് യന്ത്രം വായിയ്ക്കുകയും, ചെക്ക് ഏതു ബാങ്കിന്റെ, ഏതു ശാഖയുടേതെന്നു തിരിച്ചറിയുകയും, അതനുസരിച്ചു ചെക്കുകളെ തരം തിരിയ്ക്കുകയും ചെയ്തു.

എം ഐ സി ആര്‍ യന്ത്രത്തിന്റെ ആഗമനം മൂലം ക്ലിയറിംഗ് ഹൗസുകളുടെ എണ്ണം 1148ല്‍ നിന്ന് 66 ആയി കുറഞ്ഞു. ക്ലിയറിംഗ് കുറേക്കൂടി കാര്യക്ഷമമായി. എങ്കിലും, തങ്കപ്പന്‍ പിള്ളയ്ക്കു ദേവസ്സിയുടെ ചെക്കിന്റെ പണം കിട്ടാനുള്ള കാലതാമസത്തില്‍ കാര്യമായ കുറവു വന്നില്ല. പത്തുദിവസത്തെ താമസമുണ്ടായിരുന്നതില്‍ ഒന്നോ രണ്ടോ ദിവസത്തെ കുറവു വന്നു എന്നു മാത്രം. കൊല്ലത്തു നിന്നു തൃശൂരിലേയ്ക്കുള്ള ദൂരം 216 കിലോമീറ്റര്‍. അത്ര മാത്രം അകലമുള്ളപ്പോള്‍ പോലും എട്ടു ദിവസം വേണ്ടി വന്നിരുന്ന നിലയ്ക്ക്, ആയിരവും രണ്ടായിരവും കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ പണം ചെക്കുകളുടെ രൂപത്തില്‍ കൂടുതല്‍ ദിവസം കുടുങ്ങിക്കിടന്നു കാണണം.

വിവരസാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ഏറ്റവുമധികം സഹായിച്ച പല രംഗങ്ങളിലൊന്ന് ചെക്ക് കളക്ഷനാണ്. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുതിയൊരു രീതി നടപ്പില്‍ വരുത്തി. അതു ചെക്ക് കളക്ഷന്‍ രംഗത്തു വിപ്ലവകരമായ മാറ്റത്തിനിട വരുത്തി. പുതിയ രീതിയനുസരിച്ച്, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖ ദേവസ്സിയുടെ ചെക്ക് തൃശൂര്‍ക്ക് അയച്ചുകൊടുക്കുന്നില്ല. പകരം, ചെക്കിന്റെ ഫോട്ടോ അതായത് സ്കാന്‍ മാത്രം അയയ്ക്കുന്നു. അതയയ്ക്കുന്നതു തൃശൂര്‍ക്കല്ല, ചെന്നൈയിലുള്ള റിസര്‍വ് ബാങ്കിന്റെ ക്ലിയറിംഗ് ഹൗസിലേയ്ക്കാണ്. ഇലക്‌ട്രോണിക് മാര്‍ഗത്തിലൂടെ, ഡിജിറ്റലായാണ് അതിന്റെ യാത്ര. ചെന്നൈ ക്ലിയറിംഗ് ഹൗസില്‍ നിന്നതു കാനറാബാങ്കിന്റെ തൃശൂര്‍ ശാഖയിലെത്തുന്നു. ശാഖയതു പാസ്സാക്കുന്നു.

ചെക്കു പാസ്സായ ഉടന്‍ ആ വിവരം ചെന്നൈയിലെ ക്ലിയറിംഗ് ഹൗസിലെത്തുന്നു. ക്ലിയറിംഗ് ഹൗസില്‍ എല്ലാ ബാങ്കുകള്‍ക്കും അക്കൗണ്ടുണ്ട്. ക്ലിയറിംഗ് ഹൗസ് കാനറാബാങ്കിന്റെ അക്കൗണ്ടില്‍ നിന്നു ചെക്കിന്റെ തുകയായ ആയിരം രൂപയെടുത്തു സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. ആ വിവരം ഉടന്‍ തന്നെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയ്ക്കു കിട്ടുന്നു. അവര്‍ തുക തങ്കപ്പന്‍ പിള്ളയുടെ അക്കൗണ്ടില്‍ വരവു വെയ്ക്കുന്നു. തുടര്‍ന്ന്, തങ്കപ്പന്‍ പിള്ളയ്ക്കു തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിയ്ക്കാം.

പുതിയ രീതിയില്‍, കൊല്ലത്തുള്ള അക്കൗണ്ടില്‍ തൃശൂരുള്ളൊരു ചെക്കിന്റെ പണം വരവു വെച്ചു കിട്ടാന്‍ ആകെ വേണ്ടിവരുന്ന സമയം ഏതാനും മണിക്കൂറുകള്‍ മാത്രം! അങ്ങേയറ്റം ഒരു ദിവസം. ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം അഥവാ സി ടി എസ് എന്നാണ് ഈ സംവിധാനത്തിനു പേര്. ട്രങ്കേറ്റ് ചെയ്യുകയെന്നാല്‍ വെട്ടിച്ചുരുക്കുക എന്നര്‍ത്ഥം: വിസ്താരമേറിയ ചെക്കിനെ അക്കങ്ങളുടെ (ഡിജിറ്റല്‍) സൂക്ഷ്മരൂപത്തിലാക്കുന്ന പ്രക്രിയ.

ദേവസ്സിതങ്കപ്പന്‍പിള്ള ഇടപാടിലെ യഥാര്‍ത്ഥ ചെക്ക് കൊല്ലം സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പക്കലാണുണ്ടാകുക. അവരാണു തങ്കപ്പന്‍ പിള്ളയുടെ ചെക്കുനിക്ഷേപം സ്വീകരിച്ചത്. അത്തരത്തില്‍ ചെക്കുനിക്ഷേപം സ്വീകരിയ്ക്കുന്ന ബാങ്കുകള്‍ യഥാര്‍ത്ഥ ചെക്ക് പത്തു വര്‍ഷത്തോളം സൂക്ഷിച്ചു വെക്കേണ്ടി വരും.

ചെക്ക് ട്രങ്കേഷന്‍ സംവിധാനത്തിന്റെ നടത്തിപ്പിന്റെ ചുമതല നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ്. എന്‍ പി സി ഐ എന്ന ചുരുക്കപ്പേരുള്ള ഇത് റിസര്‍വ് ബാങ്കിന്റെ സഹോദരസ്ഥാപനമാണ്. ചെന്നൈ കൂടാതെ ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും സമാനമായ ക്ലിയറിംഗ് ഹൗസുകളുണ്ട്. മുമ്പ് ഇന്ത്യയിലെ ക്ലിയറിംഗ് പ്രവര്‍ത്തനം മുഴുവനും നടത്തിയിരുന്നത് എം ഐ സി ആര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന 66 ക്ലിയറിംഗ് ഹൗസുകളായിരുന്നെന്നു മുകളില്‍ സൂചിപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ അവയുടെ ചുമതലകള്‍ മുഴുവന്‍ ചെക്ക് ട്രങ്കേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ എന്നീ മൂന്ന് ക്ലിയറിംഗ് ഹൗസുകള്‍ നിര്‍വഹിയ്ക്കുന്നു. എം ഐ സി ആര്‍ ക്ലിയറിംഗ് ഹൗസുകള്‍ നിറുത്തലാക്കുകയും ചെയ്തു.

കോടിക്കണക്കിനു ചെക്കുകളാണിപ്പോള്‍ ഓരോ മാസവും ക്ലിയറിംഗ് ഹൗസുകള്‍ കൈകാര്യം ചെയ്യുന്നത്. 201516 സാമ്പത്തികവര്‍ഷത്തില്‍ 69.88 ലക്ഷം കോടി രൂപയ്ക്കുള്ള 91.98 കോടി ചെക്കുകള്‍ കൈകാര്യം ചെയ്തുവെന്നു എന്‍ പി സി ഐയുടെ വെബ്‌സൈറ്റില്‍ കാണുന്നു. നടപ്പുവര്‍ഷത്തില്‍ അവയില്‍ വര്‍ദ്ധനവുണ്ടാകാനാണിട. ചെക്ക് ട്രങ്കേഷന്‍ എന്ന സാങ്കേതികവിദ്യ ഉദയം ചെയ്തില്ലായിരുന്നെങ്കില്‍, കുറേയേറെ ചെക്കുകളുടെ പണം ഏഴെട്ടു ദിവസത്തോളം ആര്‍ക്കും ഉപയോഗിയ്ക്കാനാകാതെ നിഷ്ക്രിയമായി കിടക്കുമായിരുന്നു.

1995ല്‍ ചെക്ക് ട്രങ്കേഷന്‍ ആരംഭിയ്ക്കാന്‍ വേണ്ടി നിയമങ്ങള്‍ പരിഷ്കരിച്ച ന്യൂസിലന്റാണ് ഈ രംഗത്തു വഴികാട്ടിയായത്. ചെക്ക് ട്രങ്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളാണധികവും. നാം 2002ല്‍ പാസ്സാക്കിയ നിയമത്തിലൂടെ ചെക്ക് ട്രങ്കേഷനു നിയമസാധുത നല്‍കി; പിന്നേയും കുറേക്കൊല്ലം കൂടി കഴിഞ്ഞാണെങ്കിലും, ചെക്ക് ട്രങ്കേഷന്‍ സംവിധാനം നടപ്പില്‍ വരുത്തുകയും ചെയ്തു; വികസിതരാജ്യമായ ബ്രിട്ടനേക്കാള്‍ മുമ്പ്!

കറന്‍സി നോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ സത്യത്തിന്റെ പ്രകാശം ചെക്കിന്മേലുണ്ട്. ഒരാള്‍ കുറേ കറന്‍സി നോട്ടുകള്‍, ഒരു ചെക്ക് എന്നിവയൊരുമിച്ചു മോഷ്ടിച്ചെന്നു കരുതുക. അയാള്‍ക്കു നോട്ടുകള്‍ യഥേഷ്ടം ചെലവഴിയ്ക്കാനാകും; പക്ഷേ, ചെക്കിന്റെ പണം കൈപ്പറ്റുന്നത് എളുപ്പമാവില്ല. ചെക്കിന്റെ പണം കൈപ്പറ്റാന്‍ അയാള്‍ക്ക് ബാങ്കിലേയ്ക്കു ചെല്ലുകയും ചെക്കിന്റെ പിറകില്‍ പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്യേണ്ടി വരും. അതിനിടയില്‍ ചെക്കിന്റെ ഉടമയ്ക്കു തന്റെ ചെക്കു നഷ്ടപ്പെട്ടെന്നു മനസ്സിലാക്കാനായാല്‍, ചെക്കിന്റെ പണം ആര്‍ക്കും നല്‍കരുത് എന്ന നിര്‍ദ്ദേശം ബാങ്കിനു കൊടുക്കാനാകും. ‘സ്‌റ്റോപ്പ് പേയ്‌മെന്റ്’ നിര്‍ദ്ദേശം നിലവിലുള്ളപ്പോള്‍ ബാങ്ക് ആ ചെക്കിന്റെ പണം നല്‍കുകയില്ല.

ചെക്കുകളില്‍ ‘ഓര്‍ ബെയറര്‍’ എന്ന വാക്കുകളുണ്ടാകും. ചെക്കു കൈവശമുള്ളയാള്‍ ആരുമാകട്ടെ, അയാള്‍ക്കു ചെക്കിന്റെ പണം നല്‍കണം എന്നാണ് ‘ഓര്‍ ബെയറര്‍’ എന്ന വാക്കുകളുടെ അര്‍ത്ഥം. ചെക്കിന്റെ പണം നല്‍കരുത് എന്ന നിര്‍ദ്ദേശം ബാങ്കിനു കിട്ടിയിട്ടില്ലെങ്കില്‍, മോഷ്ടാവിനു പോലും ബെയറര്‍ചെക്കിന്റെ പണം കിട്ടും, ബാങ്കില്‍ച്ചെന്ന് ഒപ്പിട്ടു കൊടുക്കാന്‍ അയാള്‍ തയ്യാറാണെങ്കില്‍. ബെയറര്‍ചെക്കു കൊണ്ടുവരുന്നയാളോട് ‘നിങ്ങള്‍ക്ക് ഈ ചെക്ക് എങ്ങനെ കിട്ടി’ എന്നു ബാങ്ക് ചോദിയ്ക്കാന്‍ മിനക്കെടില്ല.

‘ഓര്‍ ബെയറര്‍’ എന്ന വാക്കുകള്‍ പേന കൊണ്ടു വെട്ടിക്കളഞ്ഞിരിയ്ക്കുന്നു എന്നു കരുതുക. ‘ഓര്‍ ബെയറര്‍’ വെട്ടിയിട്ടുണ്ടെങ്കില്‍ ഓര്‍ഡര്‍ചെക്ക് ആയിത്തീര്‍ന്നു എന്നര്‍ത്ഥം. ‘ഓര്‍ ബെയറര്‍’ എന്ന വാക്കുകള്‍ വെട്ടിയിട്ടുണ്ടെങ്കില്‍ അതിനു മുകളില്‍ ‘ഓര്‍ ഓര്‍ഡര്‍’ എന്നെഴുതിയിട്ടുണ്ടെങ്കിലും എഴുതിയിട്ടില്ലെങ്കിലും ‘ചെക്കു കൊണ്ടുവരുന്നയാള്‍ ആരെന്നു തിരിച്ചറിഞ്ഞ ശേഷമേ പണം കൊടുക്കാവൂ’ എന്ന വ്യക്തമായ നിര്‍ദ്ദേശമാണ് അതില്‍ നിന്നു ബാങ്കിനു കിട്ടുന്നത്. ‘ഓര്‍ ബെയറര്‍’ എന്ന വാക്കുകള്‍ വെട്ടിയിരിയ്ക്കുന്നതു കാണുന്ന മാത്രയില്‍ ബാങ്ക് ജാഗ്രത്താകും; ‘യോദ്ധാ’ എന്ന മലയാളസിനിമയില്‍ എം എസ് തൃപ്പൂണിത്തുറ മോഹന്‍ലാലിനോടു ചോദിച്ച “താനാരാ, ഹൂ ആര്‍ യൂ, തും കോന്‍ ഹോ” എന്ന ചോദ്യം തന്നെ ബാങ്കും ചോദിയ്ക്കും. ‘നിങ്ങള്‍ക്ക് ഈ ചെക്ക് എങ്ങനെ കിട്ടി’ എന്നും ചോദിയ്ക്കും, ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ കൊണ്ടുവരാനും പറയും. കസ്റ്റമറോടു കൂടുതല്‍ പ്രതിബദ്ധതയുള്ള ബാങ്കുകള്‍ കസ്റ്റമറുമായി ഫോണില്‍ ബന്ധപ്പെട്ട് ‘ചെക്കു കൊണ്ടുവന്നിരിയ്ക്കുന്നയാള്‍ക്കു പണം കൊടുക്കണോ’ എന്ന് ആരാഞ്ഞെന്നും വരാം. ബോദ്ധ്യം വരാത്ത സന്ദര്‍ഭങ്ങളില്‍ ‘ഏതെങ്കിലും ബാങ്കു വഴി പ്രസന്റു ചെയ്യുക’ എന്ന നിര്‍ദ്ദേശത്തോടെ ആളെ മടക്കിവിട്ടെന്നും വരും. മോഷ്ടാക്കള്‍ ചെക്കിന്റെ പണം വാങ്ങുന്നതു തടയാന്‍ ‘ഓര്‍ ബെയറര്‍’ എന്ന വാക്കുകള്‍ വെട്ടുന്നതു സഹായകമാകും എന്നു ചുരുക്കം.

ചെക്കിലെ ‘ഓര്‍ ബെയറര്‍’ വെട്ടുന്നതിനേക്കാളേറെ സുരക്ഷിതത്വം ചെക്കു ‘ക്രോസ്സു’ ചെയ്യുന്നതാണ്. ചെക്കിന്റെ ഇടതുമുകള്‍മൂലയില്‍ രണ്ടു ചെറുസമാന്തരരേഖകള്‍ ചരിച്ചു വരയ്ക്കുന്നതിനാണു ക്രോസ്സിംഗ് എന്നു പറയുന്നത്. വരകള്‍ക്കിടയില്‍ ‘&ഇീ’ എന്നെഴുതുന്നതും പതിവാണ്, പക്ഷേ, നിര്‍ബന്ധമില്ല. ‘ആന്റ് കോ’യ്ക്കു പകരം ‘അക്കൗണ്ട് പേയീ’ എന്നുമെഴുതിയിട്ടുണ്ടാകാം. ക്രോസ്സു ചെയ്ത ചെക്കിന്റെ പണം കിട്ടാന്‍ ഏതെങ്കിലുമൊരു ബാങ്കിനെ ഏല്‍പ്പിയ്ക്കുക തന്നെ വേണം. അതിന്, അവിടെ ഒരക്കൗണ്ട് ഉണ്ടായിരിയ്ക്കണം. അക്കൗണ്ടില്ലെങ്കില്‍ പുതിയ ഒരക്കൗണ്ടു തുടങ്ങേണ്ടി വരും. അക്കൗണ്ടു തുടങ്ങാന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധം. തിരിച്ചറിയപ്പെടേണ്ടി വരുമെന്നതിനാല്‍, ക്രോസ്സു ചെയ്ത ചെക്കിന്റെ പണം വാങ്ങുകയെന്ന സാഹസത്തിനു മോഷ്ടാക്കള്‍ തുനിയാനിടയില്ല.

ക്രോസ്സു ചെയ്‌തൊരു ചെക്കിന്റെ പണം അക്കൗണ്ടിലൂടെയല്ലാതെ, രൊക്കം പണമായി ഒരന്യനു ബാങ്കു നല്‍കിപ്പോയി എന്നു കരുതുക. അങ്ങനെ പണം നല്‍കാന്‍ ബാങ്കിന് അധികാരമില്ല. അങ്ങനെ പണം നല്‍കിപ്പോയെങ്കില്‍, കസ്റ്റമര്‍ക്കു പണം തിരികെ നല്‍കാന്‍ ബാങ്കിനു ബാദ്ധ്യതയുണ്ട്, തിരികെ നല്‍കുകയും ചെയ്യും. ചെക്കു ക്രോസ്സു ചെയ്യുന്നതു വഴി കസ്റ്റമര്‍ക്കു സംരക്ഷണം കിട്ടുന്നു. സ്വന്തം ചെക്കുകള്‍ എപ്പോഴും ക്രോസ്സു ചെയ്തു വെയ്ക്കുന്നതു നന്നായിരിയ്ക്കും.

കറന്‍സി നോട്ടുകള്‍ കള്ളപ്പണമായിരിയ്ക്കാമെന്നു നാം ഈയിടെ കണ്ടു. കള്ളപ്പണമെന്നാല്‍ കണക്കില്‍ പെടാത്ത പണം, അണ്‍ അക്കൗണ്ടഡ് മണി, അക്കൗണ്ടിലടയ്ക്കാത്ത പണം, നികുതിയടയ്ക്കാത്ത പണം, എന്നെല്ലാമര്‍ത്ഥം. അക്കൗണ്ടിലുള്ള പണത്തെ, അക്കൗണ്ടഡ് മണിയെ ആണു ചെക്കു പ്രതിനിധീകരിയ്ക്കുന്നത്. കറന്‍സിയുടെ നിറം ഇടയ്‌ക്കൊക്കെ ‘കറുപ്പ്’ അഥവാ ബ്ലാക്ക് ആകാമെങ്കില്‍, ചെക്കിന്റെ നിറം സദാ ‘വെളുപ്പ്’ അഥവാ വൈറ്റ് ആയിരിയ്ക്കും. ‘കറുപ്പി’നെതിരേയുള്ള പോരാട്ടത്തില്‍ ‘വെളുപ്പി’ന്റെ മൂല്യം വര്‍ദ്ധിച്ചിരിയ്ക്കുന്നു; ചെക്കിനു മാന്യത കൂടിയിരിയ്ക്കുന്നു.

കറന്‍സി നോട്ടു വ്യാജനുമാകാം. നമ്മുടെ തന്നെ നാട്ടുകാരില്‍പ്പലരും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചിവിടെ വിതരണം ചെയ്തിട്ടുണ്ടെന്നാണു സര്‍ക്കാര്‍ പറയുന്നത്. നാട്ടുകാരേക്കാള്‍ കൂടുതല്‍ വ്യാജ ഇന്ത്യന്‍ കറന്‍സി അച്ചടിച്ചു വിതരണം ചെയ്തിരിയ്ക്കുന്നതു പാക്കിസ്ഥാനാണെന്നും വാര്‍ത്തകളില്‍ കാണുന്നു. പറഞ്ഞതു സര്‍ക്കാരായതുകൊണ്ട് സംഗതി വാസ്തവമായിരിയ്ക്കണം. കറന്‍സി നോട്ടു വ്യാജനായാലും, ചെക്ക് വ്യാജനാകുന്ന പ്രശ്‌നമില്ല. ചെക്ക് വ്യാജനിര്‍മ്മിതമായാല്‍ കമ്പ്യൂട്ടര്‍ തിരസ്കരിയ്ക്കും. ചെക്കിലെ ഒപ്പു വ്യാജമാണെന്നും അക്കാര്യം കണ്ടുപിടിയ്ക്കാതെ ബാങ്കതു പാസ്സാക്കുന്നെന്നും കരുതുക; അതിന്റെ പണം കസ്റ്റമര്‍ക്കു തിരികെക്കൊടുക്കാന്‍ ബാങ്കു ബാദ്ധ്യസ്ഥമാണ്. കാരണം, കസ്റ്റമറുടെ ഒപ്പില്ലാതെ പണം അന്യനു കൈമാറാന്‍ ബാങ്കിന് അധികാരമില്ല. അന്യരിട്ടിരിയ്ക്കുന്ന വ്യാജഒപ്പ് കസ്റ്റമറുടെ ഒപ്പിനേക്കാള്‍ അഴകുള്ളതാണെങ്കില്‍പ്പോലും, പണം കൈമാറാന്‍ ബാങ്കിനാവില്ല. പണം കൈമാറിപ്പോയാല്‍ കസ്റ്റമര്‍ക്കു പണം ഉറപ്പായും തിരികെക്കിട്ടും.

ചുരുക്കിപ്പറഞ്ഞാല്‍, കറന്‍സി നോട്ടു കൊടുക്കുന്നതിനു പകരം അതിനേക്കാള്‍ സുരക്ഷിതത്വമുള്ള ചെക്കെഴുതി കൊടുക്കാവുന്നതേയുള്ളൂ. കറന്‍സി നോട്ടു വാങ്ങുന്നതിനു പകരം ചെക്കു വാങ്ങുകയും ചെയ്യാം. ചെക്കെഴുത്തിനെ ഇപ്പോള്‍ പ്രോത്സാഹിപ്പിയ്ക്കുന്ന സര്‍ക്കാര്‍ തന്നെയാണ് അതിനെ ഇതുവരെ നിരുത്സാഹപ്പെടുത്തിപ്പോന്നിട്ടുള്ളത്. വീട്ടുനികുതി, വസ്തുനികുതി, വൈദ്യുതിബില്ല്, വെള്ളക്കരം, ഇങ്ങനെ സര്‍ക്കാരിലേയ്ക്കടയ്‌ക്കേണ്ട പലതും രൊക്കം പണമായി വേണം എന്ന സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് ഏറ്റവും വലിയ പ്രതിബന്ധം. ഈയടുത്ത കാലത്തായി ചില വകുപ്പുകള്‍ ഈ നിലപാടിനു മാറ്റം വരുത്തിക്കാണുന്നുണ്ട്; അതു ചെക്കുകള്‍ക്ക് അനുകൂലമല്ലെന്നു മാത്രം.

മുന്‍കാലങ്ങളില്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ മടങ്ങുന്നതു വ്യാപകമായിരുന്നു. ചെക്കുമടക്കത്തെ നിരുത്സാഹപ്പെടുത്താനായി സര്‍ക്കാര്‍ തന്നെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്റ്റില്‍ ഭേദഗതികള്‍ വരുത്തി. അക്കൗണ്ടില്‍ പണമില്ലാത്തതുകൊണ്ടു ചെക്കു മടങ്ങിയാല്‍ ചെക്കെഴുതിയ വ്യക്തിയ്ക്കിപ്പോള്‍ രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചെന്നു വരാം. ചെക്കിന്റെ ഇരട്ടിത്തുക പിഴയായി അടയ്‌ക്കേണ്ടിയും വരാം. അക്കൗണ്ടില്‍ പണമില്ലാത്തതു കൊണ്ട് ചെക്കു മടങ്ങിയാലുടന്‍ അക്കൗണ്ടു ക്ലോസുചെയ്തു കളയുന്ന ബാങ്കുകളും ഇവിടെയുണ്ട്: ‘ചെക്കു മടങ്ങുന്ന അക്കൗണ്ട് ഞങ്ങള്‍ക്കു വേണ്ട!’ എന്നാണ് അവരുടെ നിലപാട്. പണമില്ലാതെ മടങ്ങുന്ന ചെക്കുകള്‍ ‘വണ്ടിച്ചെക്കുകള്‍’ എന്ന പേരില്‍ പരിഹസിയ്ക്കപ്പെടാറുണ്ട്. വണ്ടിച്ചെക്കുകള്‍ രാജ്യത്തിനു പോലും അപമാനമാണെന്നു കരുതുന്നവരും ധാരാളം. ഈ കര്‍ക്കശനിലപാടുകള്‍ മൂലം ചെക്കുകള്‍ കറന്‍സി നോട്ടുപോലെ തന്നെ മൂല്യമുള്ളതായിത്തീര്‍ന്നിരിയ്ക്കുന്നു. തടസ്സമേതുമില്ലാതെ ചെക്കുകള്‍ സ്വീകരിച്ചുകൊണ്ടു സര്‍ക്കാര്‍ തന്നെ ചെക്കെഴുത്തിനെ പ്രോത്സാഹിപ്പിയ്‌ക്കേണ്ടതാണ്.

പക്ഷേ, പഴയൊരു സിനിമയില്‍ പ്രേംനസീര്‍ ‘വൈകിപ്പോയനിയാ, വൈകിപ്പോയി’ എന്നു പറഞ്ഞതു പോലെ, ചെക്കുകളുടെ വൈശിഷ്ട്യം തിരിച്ചറിയാന്‍ വൈകിപ്പോയി എന്നു പറയേണ്ടിയിരിയ്ക്കുന്നു. സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം ചെക്കു മാറാനുണ്ടായിരുന്ന കാലതാമസത്തെ കേവലം മണിക്കൂറുകള്‍ മാത്രമായി കുറവു ചെയ്തു വിപ്ലവം സൃഷ്ടിച്ചെങ്കിലും, സാങ്കേതികവിദ്യയില്‍ തുടര്‍ന്നുണ്ടായ ചില മുന്നേറ്റങ്ങള്‍ ചെക്കുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു. മെയില്‍ ഈമെയിലായും പത്രം ഈപത്രമായും ബുക്ക് ഈബുക്കായും മാറിയതു പോലെ, ചെക്കിനു പകരം ‘ഈചെക്ക്’ ഇപ്പോള്‍ നിലവിലുണ്ട്, അതിനു നിയമത്തിന്റെ പിന്‍ബലം കിട്ടിക്കഴിഞ്ഞു; തല്‍ക്കാലം അധികം പ്രചാരം നേടിയിട്ടില്ലെന്നു മാത്രം.

പക്ഷേ, സാങ്കേതികവിദ്യയില്‍ വന്നിരിയ്ക്കുന്ന മറ്റു ചില മാറ്റങ്ങള്‍ ‘ഈചെക്കു’ പോലും ആവശ്യമില്ലാത്തൊരു യുഗത്തിനു തുടക്കമിട്ടിരിയ്ക്കുന്നു. ‘ഈചെക്കി’ന്റെ പോലും ഗതി അതായിരിയ്‌ക്കെ, കടലാസ്സുചെക്കുകളുടെ സ്ഥിതി അതിനേക്കാള്‍ പരുങ്ങലിലാണെന്നു പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും ഇന്റര്‍നെറ്റു ലഭ്യമാക്കാന്‍ സര്‍ക്കാരാഗ്രഹിയ്ക്കുന്ന നിലയ്ക്ക്, കടലാസ്സുചെക്കുകള്‍ ഒരു പതിറ്റാണ്ടിനപ്പുറം കടക്കുമോ എന്നു സംശയമാണ്. സാങ്കേതികവിദ്യയുടെ പുരോഗതി മൂലമുണ്ടായ ഈ മാറ്റങ്ങള്‍ക്ക് നോട്ടുകളുടെ അസാധുവാക്കല്‍ ആക്കം കൂട്ടുകയും ചെയ്തിരിയ്ക്കുന്നു. അതേപ്പറ്റി ഈ ലേഖനത്തിന്റെ അടുത്ത ഭാഗത്തില്‍.

sunilmssunilms@rediffmail.com

Read more

കാട്ജുവും ഭരണഘടനാബെഞ്ചും

കേരളീയരാണ് യഥാര്‍ത്ഥ ഭാരതീയരെന്ന് ഒരു മുന്‍ സുപ്രീം കോടതി ജഡ്ജി കഴിഞ്ഞ ആഗസ്റ്റില്‍ പറഞ്ഞു. അതാരെന്നല്ലേ! 2006 മുതല്‍ 2011 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കാട്ജു. വിഭിന്ന ജാതിമതസ്ഥരുള്‍പ്പെട്ട കേരളീയജനത ഒരുമയോടെ, ഒറ്റ ജനതയായി ജീവിച്ചുപോരുന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. അത് അന്യസംസ്ഥാനജനതകള്‍ കണ്ടു പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയാണദ്ദേഹം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കാട്ജുവിനു നന്ദി പറയുകയും ചെയ്തു.

കേരളീയരെപ്പറ്റിയുള്ള കാട്ജുവിന്റെ അഭിപ്രായം വായിച്ചു രോമാഞ്ചകഞ്ചുകമണിയും മുമ്പ്, കാട്ജു തുടര്‍ന്നു 'പൊട്ടിച്ച ബോംബുകളുടെ' കാര്യവും കേള്‍ക്കുന്നതു നന്നായിരിയ്ക്കും. കാട്ജുവിന്റെ 'ബോംബുകളി'ലൊന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപത്തിലായിരുന്നു. ലോകം മുഴുവനും അമ്മയായി കരുതുന്ന മദറിനെപ്പറ്റി കാട്ജു പറഞ്ഞതു മുഴുവനും ഇവിടെയെഴുതാന്‍ ബുദ്ധിമുട്ടുണ്ട്. കാട്ജുവിന്റെ 'വചന'ങ്ങളില്‍ ഒന്നു മാത്രം പറയാം: 'പത്തു മില്യന്‍ ഡോളര്‍ തന്നാല്‍ ദരിദ്രരുടേയും അനാഥരുടേയുമിടയില്‍ ഞാനും സേവനമനുഷ്ഠിയ്ക്കാം.'

നാലു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കാട്ജു വീണ്ടുമൊരു സ്‌ഫോടനം നടത്തി: ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌­രിവാളിന്റെ തലയ്ക്കകം ശൂന്യമാണ് എന്നായിരുന്നു അത്. ഖരഗ്പുര്‍ ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദമെടുത്തയാളാണു കെജ്‌­രിവാള്‍. അതിനു പുറമേ, ഐ ഏ എസ്സിനു സമാനമായ ഐ ആര്‍ എസ്സുമുണ്ട്, കെജ്‌­രിവാളിന്റെ പോക്കറ്റില്‍. കെജ്‌­രിവാളിനെപ്പറ്റിയുള്ള അഭിപ്രായപ്രകടനം നടത്താന്‍ കാട്ജുവിനെ പ്രേരിപ്പിച്ചത്, ജനുവരിയില്‍ നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയാല്‍ അമൃത്‌­സറിനും ആനന്ദ്പുര്‍ സാഹിബ്ബിനും പുണ്യനഗരപദവി നല്‍കാമെന്ന് ഒരു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ കെജ്‌­രിവാള്‍ നല്‍കിയ വാഗ്ദാനമായിരുന്നു. കെജ്‌­രിവാളിന്റെ വാഗ്ദാനമെങ്ങാന്‍ പാലിയ്ക്കപ്പെട്ടാലത് അലഹബാദ്, വാരാണസി, അയോദ്ധ്യ, മഥുര, പുരി, ദ്വാരക എന്നിങ്ങനെ അനേകം നഗരങ്ങളേയും പുണ്യനഗരപദവി ആവശ്യപ്പെടാന്‍ പ്രേരിപ്പിയ്ക്കുമെന്നും, കെജ്‌­രിവാള്‍ രാഷ്­ട്രീയവും മതവും കൂട്ടിക്കലര്‍ത്തുകയാണെന്നും കാട്ജു കുറ്റപ്പെടുത്തി.

'ബോംബുകള്‍ പൊട്ടിയ്ക്കുന്നത്' കാട്ജുവിന്റെ പതിവാണെന്നു വേണം പറയാന്‍. ദേശത്തും വിദേശത്തും ആദരിയ്ക്കപ്പെടുന്ന രബീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ് ഏജന്റായിരുന്നെന്നും, സുഭാഷ് ചന്ദ്രബോസ് ജാപ്പനീസ് ഏജന്റായിരുന്നെന്നും കാട്ജു തന്റെ ബ്ലോഗില്‍ ഒരിയ്ക്കലെഴുതിയിരുന്നു. അതിനെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസ്സാക്കിയിരുന്നു.

ടാഗോറിനോടും ബോസിനോടും കാട്ജു കാണിച്ച അനാദരവ് ഇന്ത്യയിലെ ബഹുശതം ജനങ്ങളെ ക്രുദ്ധരാക്കിയെങ്കില്‍, പശുവിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് ഇന്ത്യയിലെ പകുതിയിലേറെപ്പേരെയെങ്കിലും രസിപ്പിച്ചിട്ടുണ്ടാകും: കാട്ജുവിന്റെ പോസ്റ്റ് ചുരുക്കത്തില്‍ ഇതായിരുന്നു: "കുതിരയേയും പട്ടിയേയും പോലൊരു മൃഗം മാത്രമാണു പശു. അത് ആരുടേയും അമ്മയല്ല...ബീഫ് തിന്നാന്‍ ഞാനിഷ്ടപ്പെടുന്നെങ്കില്‍ അതിലെന്താണു കുഴപ്പം? ആര്‍ക്കാണെന്നെ തടയാനാകുക?"

കാട്ജുവിന്റെ മുകളിലുദ്ധരിച്ച പ്രസ്താവനകള്‍ ബോംബുകള്‍ക്കു സമമായിരുന്നെങ്കില്‍, അണുബോംബിനു തുല്യമായൊരെണ്ണം ഇക്കഴിഞ്ഞ ഞായറാഴ്ച കാട്ജു പൊട്ടിയ്ക്കുകയുണ്ടായി. ഇത്തവണയും ബോംബിന്റെ രൂപം ഫേസ്ബുക്ക് പോസ്റ്റിന്റേതു തന്നെ. അതിന്റെ രത്‌നച്ചുരുക്കമിതാ:

"പാക്കിസ്ഥാനികളേ, നമുക്കു തര്‍ക്കങ്ങളവസാനിപ്പിയ്ക്കാം. ബീഹാറിനെക്കൂടി നിങ്ങളെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിന്മേല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു കശ്മീരിനെ തരാം. പക്ഷേ, ബീഹാറിനെ വേണ്ടെങ്കില്‍ കശ്മീരുമില്ല. സമ്മതിച്ചോ?"

കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ രാജ്യത്ത്, ജീവപര്യന്തം തടവു വരെ കിട്ടാവുന്നൊരു രാജ്യദ്രോഹക്കുറ്റമായി കാട്ജുവിന്റെ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടെന്നു വരാം. ഒരുപക്ഷേ, കാട്ജുവിന്റെ പോസ്റ്റിനെ ഒരു തമാശയായി മാത്രം കണക്കാക്കി, സര്‍ക്കാരും ജനവും കാട്ജുവിനെ വെറുതേ വിട്ടെന്നും വരാം. കാട്ജു രാജ്യദ്രോഹക്കുറ്റം ചെയ്തുവോ ഇല്ലയോ എന്നതല്ല, ഈ ലേഖനവിഷയം. ഭരണഘടനാഭേദഗതികളെ അസാധുവാക്കാന്‍ കാട്ജുവിനെപ്പോലുള്ളവരും ഉള്‍പ്പെടാനിടയുള്ള, അഞ്ചു സുപ്രീംകോടതി ജഡ്ജിമാര്‍ മാത്രമടങ്ങുന്ന, ഭരണഘടനാബെഞ്ചിനാകും: ഭരണഘടനാബെഞ്ചിനുള്ള ഈ അധികാരമാണിവിടത്തെ വിഷയം.

അല്പം വിശദീകരിയ്ക്കാം: നമ്മുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അതു പാസ്സാക്കിയിരിയ്ക്കണം; തുടര്‍ന്ന്, പകുതിയിലേറെ സംസ്ഥാനനിയമസഭകളും അതു പാസ്സാക്കിയിരിയ്ക്കണം. ഈ സഭകളിലെല്ലാം ജനത നേരിട്ടു തെരഞ്ഞെടുത്ത പ്രതിനിധികളോ, ജനതയുടെ പ്രതിനിധികള്‍ തെരഞ്ഞെടുത്ത പ്രതിനിധികളോ ആണുള്ളത്. പാര്‍ലമെന്റില്‍ മാത്രമായി 778 പ്രതിനിധികള്‍. പകുതിയിലേറെ നിയമസഭകളെന്നു പറയുമ്പോള്‍, ചുരുങ്ങിയത് 2500 നിയമസഭാസാമാജികര്‍. ആകെ മൂവായിരത്തി ഇരുനൂറിലേറെ ജനപ്രതിനിധികളുടെ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കില്‍ മാത്രമേ, ഒരു ഭരണഘടനാഭേദഗതി നിയമമാകുകയുള്ളൂ.

ഇങ്ങനെ ലോക്‌­സഭയും രാജ്യസഭയും ഭൂരിപക്ഷം നിയമസഭകളും പാസ്സാക്കിയ ഭരണഘടനാഭേദഗതിയെ അസാധുവാക്കാന്‍ അഞ്ചു സുപ്രീംകോടതി ജഡ്ജിമാര്‍ മാത്രമടങ്ങിയ ഭരണഘടനാബെഞ്ചിനു സാധിയ്ക്കും. ഭരണഘടനാഭേദഗതിയെന്ന പ്രക്രിയയെ ഒരു തുലാസ്സായി സങ്കല്പിച്ചാല്‍, ഒരു തട്ടില്‍ 3200 ജനപ്രതിനിധികള്‍; മറ്റേതില്‍ അഞ്ചു ജഡ്ജിമാര്‍ മാത്രം. എന്നിട്ടും, ജഡ്ജിമാരുടെ തട്ടിനു തന്നെ ഭാരക്കൂടുതല്‍!

ജനപ്രതിനിധികള്‍ രൂപീകരിച്ച സര്‍ക്കാര്‍ നിയമിച്ചവരാണു ജഡ്ജിമാര്‍. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നവര്‍. ജഡ്ജിമാര്‍ ജനപ്രതിനിധികളുമല്ല. മാത്രവുമല്ല, ജഡ്ജിമാരില്‍ ചിലരെങ്കിലും മാര്‍ക്കണ്ഡേയ കാട്ജുവിനെപ്പോലുള്ളവരായിരിയ്ക്കാം. ജഡ്ജിമാരില്‍ വിവേകക്കുറവുള്ളവരുണ്ടാകാം. ഏതാനും മുന്‍ ചീഫ് ജസ്റ്റീസുമാരുടെ തന്നെ പ്രസ്താവനകള്‍ കണക്കിലെടുക്കുമ്പോള്‍ ജഡ്ജിമാര്‍ക്കിടയില്‍ അഴിമതിക്കാരുമുണ്ടാകാം. ജനപ്രതിനിധികള്‍ കൂട്ടായെടുത്ത തീരുമാനങ്ങളെ അസാധുവാക്കാന്‍ വിവേകക്കുറവും അഴിമതിസ്പര്‍ശവുമുള്ള ജഡ്ജിമാരും ഉള്‍പ്പെട്ടേയ്ക്കാവുന്നൊരു ചെറുസംഘത്തിന് അധികാരമുണ്ടാകുന്നതു ജനാധിപത്യത്തിന് അനുകൂലമല്ല.

സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ച് പിരിച്ചു വിടുകയും, ഭാവി ഭരണഘടനാഭേദഗതികളിലോരോന്നും പാര്‍ലമെന്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കിയ ശേഷം ജനതയുടെ തീരുമാനത്തിനു വിടുകയുമാണു വേണ്ടത്. ജനതയുടെ തീരുമാനം വോട്ടെടുപ്പിലൂടെ വേണം നിര്‍ണയിയ്ക്കാന്‍. "പാര്‍ലമെന്റു പാസ്സാക്കിയിരിയ്ക്കുന്ന ഇത്രാമതു ഭരണഘടനാഭേദഗതി നിര്‍ദ്ദേശത്തെ നിങ്ങള്‍ അനുകൂലിയ്ക്കുന്നുവോ?" "ഉവ്വ്" അല്ലെങ്കില്‍ "ഇല്ല" എന്ന ഉത്തരം ഓരോ പൗരനും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും സൗകര്യവും വോട്ടിംഗ് യന്ത്രങ്ങള്‍ ലഭ്യമാക്കണം. ജനതയുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷപിന്തുണ ലഭിച്ചാല്‍ മാത്രം ഭരണഘടനാഭേദഗതി നിയമമായിത്തീരണം; അല്ലെങ്കിലത് അസാധുവായിത്തീരണം. ജനാധിപത്യത്തില്‍ ജനങ്ങളായിരിയ്ക്കണം, പരമോന്നതം.

sunilmssunilms@rediffmail.com 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC