സുനില്‍ എം എസ്, മൂത്തകുന്നം

ദാമ്പത്യവും കുറ്റകൃത്യങ്ങളും

ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തവരാണ്. അപകടങ്ങളിൽ മസ്തിഷ്കത്തിനു ഗുരുതരമായ പരിക്കു പറ്റാതെ രക്ഷപ്പെടാൻ ഹെൽമറ്റുകൾ പലപ്പോഴും സഹായകമാകാറുണ്ട്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചിലരെ കാണുമ്പോൾ ഹെൽമറ്റു ധരിക്കണമെന്ന് അവരെ ഉപദേശിക്കാൻ തോന്നാറുള്ളതു പോലെ തന്നെ, ഹെൽമറ്റു ധരിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നരുടെ പുറത്തൊന്നു തലോടി അനുമോദിക്കാനും തോന്നാറുണ്ട്: ആരും തല പൊട്ടി ചോരയിൽ കുളിച്ച് തെരുവിൽ കിടക്കാൻ ഇട വരാതിരിക്കട്ടെ; യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായി മാറാതിരിക്കട്ടെ. എന്നാൽ, മാല പൊട്ടിച്ചവരിൽ മിക്കവരും ഹെൽമറ്റുധാരികളായിരുന്നെന്നു വാർത്തകളിൽ കാണുന്നതുകൊണ്ട്, ഹെൽമറ്റുധാരികളെ പൊതുവിൽ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടിയും വന്നിരിക്കുന്നു: ഹെൽമറ്റിനുള്ളിൽ സുരക്ഷിതമായി മറഞ്ഞിരിയ്ക്കുന്നതു പിടിച്ചുപറി ആസൂത്രണം ചെയ്യുന്ന മസ്തിഷ്കങ്ങളായിരിക്കുമോ!

ഹെൽമറ്റു ധരിച്ച് ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന രണ്ടു പുരുഷന്മാരുടെ മുന്നിൽ ഒരു സ്ത്രീയ്ക്ക് എന്തു ചെയ്യാനാകും! ദുർബലരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, നിസ്സഹായാവസ്ഥ മുതലെടുക്കുന്നവർ വെറുക്കപ്പെടേണ്ടവരാണ്. പക്ഷേ, കഴിഞ്ഞ ദിവസത്തെ ഒരു മാല പൊട്ടിക്കൽ വാർത്തയിൽ പരാമർശിക്കപ്പെട്ടിരുന്ന, ഹെൽമറ്റു ധരിച്ച്, ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചു മാല പൊട്ടിച്ച ജോടിയെ എനിക്കിഷ്ടമായി: കാരണം, അവർ ഭാര്യാഭർത്താക്കന്മാരായിരുന്നു! ഈ അപൂർവ തസ്കരദമ്പതികൾ ഹെൽമറ്റു ധരിച്ച്, ഇരുചക്രവാഹനത്തിൽ ചുറ്റിയടിച്ച്, തരം കിട്ടുമ്പോൾ കാൽനടയാത്രക്കാരായ വനിതകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയിരുന്നത്രേ! മാല പൊട്ടിക്കലിൽ ഭാര്യയുടേയും  സജീവപങ്കാളിത്തം. മാല പൊട്ടിക്കലിനേക്കാൾ ‘മുന്തിയ സംരംഭങ്ങൾ’ തുടങ്ങിവെച്ച ദമ്പതിമാരുടെ വാർത്തകളും പത്രത്തിൽ ഈയടുത്ത കാലത്തു വന്നിട്ടുണ്ട്: വിദേശജോലിയും ഫ്ലാറ്റുകളും മറ്റും വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടി മുങ്ങിയ ദമ്പതിമാരും അക്കൂട്ടത്തിൽ പെടുന്നു.

ഇന്ത്യയിലിപ്പോൾ ‘സ്റ്റാർട്ട് അപ്പു’കളുടെ സീസണാണ്. സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ മുഖം തന്നെ മാറ്റുമെന്നു പ്രതീക്ഷിക്കപ്പെടുന്നതുകൊണ്ടു സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്ന ഊർജസ്വലരായ സംരംഭകർ അഭിനന്ദിയ്ക്കപ്പെടണം, പ്രോത്സാഹിപ്പിയ്ക്കപ്പെടണം. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതു ദമ്പതിമാരാണെങ്കിൽ അവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കാരണമുണ്ട്; തങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളെത്തുടർന്നു വിവാഹമോചനഹർജിയുമായി നേരേ കുടുംബക്കോടതിയെ സമീപിക്കുന്ന ദമ്പതിമാർ ഏറ്റവുമധികമുള്ള രണ്ടാമത്തെ സംസ്ഥാനമായി ‘പുരോഗമിച്ചിരിക്കുന്നു’ നമ്മുടെ കൊച്ചുകേരളം. ‘വിവാഹമോചനക്കേസുകളുടെ തലസ്ഥാനം’ എന്ന കുപ്രസിദ്ധി ഏറ്റവുമധികം കേസുകൾ നിലവിലുള്ള തിരുവനന്തപുരം കൈക്കലാക്കുകയും ചെയ്തിരിക്കുന്നു! ദമ്പതിമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുകളും സാധാരണയായിരിയ്ക്കുന്ന കേരളത്തിൽ ഇവിടത്തെ നവമുഖ്യധാരയിൽ നിന്നു വിഭിന്നമായി കുറ്റകൃത്യങ്ങളിൽപ്പോലും ഒരുമയും സ്വരുമയും പ്രദർശിപ്പിച്ചതിനു മുകളിൽ പരാമർശിക്കപ്പെട്ട തസ്കരദമ്പതിമാർ സത്യത്തിൽ നമ്മുടെ കൈയടി അർഹിക്കുന്നു. യാത്ര നേർവഴിയിലൂടെയാണെങ്കിലും, നിസ്സാരകാര്യത്തിനു പോലും പരസ്പരം വഴക്കടിച്ചും ഭിന്നിച്ചും ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഈ തസ്കരദമ്പതിമാർ പ്രദർശിപ്പിച്ച അഭിപ്രായൈക്യം ഒരു മാതൃകയാകട്ടെ.

വിവാഹമോചനക്കേസുകളുടെ ആധിക്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിനുണ്ടായിരിക്കുന്ന കുപ്രസിദ്ധിക്ക് അവസാനമുണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ വേർപിരിയുകയും പുതുജോടികൾ രൂപീകരിക്കുകയും ചെയ്യുമ്പോൾ അനാഥവും അസംതൃപ്തവുമായൊരു ഇളംതലമുറ സൃഷ്ടിക്കപ്പെട്ടെന്നു വരാം. അതു സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദാമ്പത്യബന്ധങ്ങൾ ഉറച്ചതാക്കാൻ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ട്. ദമ്പതിമാർ കൂട്ടായി നടത്തിയ മാല പൊട്ടിക്കലും തട്ടിപ്പുകളും അവർക്കിടയിലുള്ള ഉറച്ച ദാമ്പത്യബന്ധത്തിനുള്ള അസന്ദിഗ്ദ്ധമായ തെളിവാണ്. അവർക്കു വഴി പിഴച്ചെങ്കിലും, ഇത്തരം ദമ്പതിമാരെ സാധാരണ മോഷ്ടാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തരുത്. ദമ്പതിമാർ കൂട്ടായി ചെയ്ത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വിധിക്കുമ്പോൾ, അവർക്കിടയിലുള്ള ഒരുമയ്ക്കു പ്രത്യേക പരിഗണന ലഭിക്കണം. മാല പൊട്ടിച്ച ദമ്പതിമാരിൽ നിന്നു മാല പിടിച്ചെടുക്കണം. ജോലിയും ഫ്ലാറ്റും വാഗ്ദാനം ചെയ്തു പണം തട്ടിയ ദമ്പതിമാരിൽ നിന്നു പണം പലിശസഹിതം പിടിച്ചെടുത്ത്, തട്ടിപ്പിനിരയായവർക്കു തിരികെക്കൊടുക്കണം; ഇക്കാര്യങ്ങളിൽ ഒരമാന്തവും പാടില്ല, പക്ഷേ, അതിനു ശേഷം ദമ്പതിമാരോടു ദയവു കാണിക്കണം; മേലാൽ ഇപ്പണിയ്ക്കിറങ്ങിയേക്കരുത് എന്ന താക്കീതു നൽകി കഴിവതും വെറുതെ വിടുക, അല്ലെങ്കിൽ ലഘുവായ ശിക്ഷ മാത്രം നൽകുക.

ദമ്പതിമാർ കേവലം മാല പൊട്ടിക്കലും തട്ടിപ്പുമല്ല, കൊള്ള തന്നെ നടത്തുന്നു എന്നു കരുതുക. കൊള്ളയ്ക്കുള്ള ശിക്ഷ കഠിനതടവാണ്: പത്തു വർഷം മുതൽ പതിന്നാലു വർഷം വരെ. നിയമം സകലർക്കും ഒന്നു പോലെ ബാധകമാണ്. കൊള്ള നടത്തിയ ദമ്പതിമാരെ ജയിലിലടച്ചേ തീരൂവെങ്കിൽ അവരെ ഒരുമിച്ച്, ഒരേ സെല്ലിൽത്തന്നെ വേണം പാർപ്പിക്കാൻ. ദമ്പതിമാരെ വേർപെടുത്താൻ ഒരു നിയമത്തിനുമാകരുത് (“ടിൽ ഡെത്ത് ഡു അസ് പാർട്ട്”). ഇന്ത്യ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായതിനു ശേഷം ഇതുവരെയായി പാർലമെന്റ് 772 നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെന്നു കാണുന്നു. അവയ്ക്കു പുറമെ, ഓരോ സംസ്ഥാനവും നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടാകും. കേന്ദ്രത്തിന്റേതും സംസ്ഥാനത്തിന്റേതുമായ ആയിരത്തിലേറെ നിയമങ്ങൾക്ക് ഒരേസമയം വിധേയനായിക്കൊണ്ടായിരിക്കും ഓരോ പൗരനും ജീവിക്കുന്നത്. ഇവയ്ക്കൊക്കെപ്പുറമേ, ഭരണഘടനയ്ക്കും വിധേയരാണു പൗരർ. പക്ഷേ, അവയൊന്നും ഭാര്യാഭർത്താക്കന്മാരെ ഭിന്നിപ്പിക്കുകയോ തമ്മിലകറ്റുകയോ ചെയ്യുന്നവയാകരുത്. ദാമ്പത്യബന്ധങ്ങളെ മാനിക്കുകയും അവയ്ക്കു പരിരക്ഷ നൽകുകയുമായിരിക്കണം ലക്ഷ്യം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് അതാവശ്യമാണ്.

ഭാര്യാഭർത്താക്കന്മാർ നടത്തിയ കുറ്റകൃത്യങ്ങളെപ്പറ്റി കേൾക്കുമ്പോഴൊക്കെ, പണ്ടു കണ്ട ഒരു ഇംഗ്ലീഷ് സിനിമയെപ്പറ്റി ഓർത്തുപോകാറുണ്ട്: “ഫൺ വിത്ത് ഡിക്ക് ആന്റ് ജെയിൻ.” പതിറ്റാണ്ടുകൾക്കു മുമ്പാണതു കണ്ടത്. ജോർജ് സീഗൽ എന്ന നടനായിരുന്നു ചിത്രത്തിൽ ഭർത്താവായി അഭിനയിച്ചത്. രണ്ടു തവണ അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ജെയിൻ ഫോണ്ടയായിരുന്നു ചിത്രത്തിൽ ഭാര്യ. ദമ്പതിമാരിരുവരും ഉദ്യോഗസ്ഥരായിരുന്നു. അതിനിടെ, ഭർത്താവിന് ഉദ്യോഗക്കയറ്റം കിട്ടുകയും ഉന്നതശമ്പളം കിട്ടിത്തുടങ്ങുകയും ചെയ്തതുകൊണ്ട് അവർ നീന്തൽക്കുളവും മറ്റുമുള്ളൊരു രമ്യഹർമ്യത്തിലേക്കു താമസം മാറ്റുന്നു, ജീവിതം ആഡംബരപൂർണമാകുന്നു, ചെലവേറുന്നു. കനത്ത ശമ്പളമുള്ള ഭർത്താവും കുഞ്ഞുമടക്കമുള്ള കുടുംബത്തിന്റെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി ഭാര്യ ജോലി രാജി വെക്കുന്നു.

ദൗർഭാഗ്യവശാൽ, വ്യവസായരംഗത്ത് അപ്രതീക്ഷിതമായുണ്ടായ ഗുരുതരപ്രതിസന്ധി മൂലം ഭർത്താവിന്റെ കമ്പനി തകരുന്നു, ജോലി നഷ്ടപ്പെടുന്നു, കുടുംബം അതിജീവനത്തിനായി കഷ്ടപ്പെടുന്നു. ഒരു ലോണിനു വേണ്ടി ഇരുവരും സന്ദർശിച്ച ബാങ്കിൽ കൊള്ള നടക്കുന്നു, കൊള്ളക്കാരുടെ പക്കൽ നിന്നു വീണുപോയ നോട്ടുകെട്ടുകളിലൊന്ന് ദമ്പതിമാർക്കു കിട്ടുന്നു. ബാങ്കുകൊള്ള നടത്തൽ എത്ര അനായാസം! അവർ ചിന്തിക്കുന്നു. തുടർന്ന്, അത്തരം കൊള്ളകൾ നടത്താൻ അവർ തീരുമാനിക്കുന്നു. സ്ഥലത്തെ ടെലിഫോൺ കമ്പനിയാപ്പീസായിരുന്നു അവർ തങ്ങളുടെ ‘കടിഞ്ഞൂൽ’ കൊള്ളയ്ക്കായി തെരഞ്ഞെടുത്തത്. യാതൊരു തടസ്സവും കൂടാതെ അവരുടെ ‘പരിപാടി’ നടന്നു. ടെലിഫോൺ കമ്പനിയുടെ സേവനത്തിൽ അതൃപ്തരായിരുന്ന വരിക്കാർ അവിടെ ക്യൂ നിന്നിരുന്നു. അവർ ‘കൊള്ളക്കാരെ’ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു! ദമ്പതിമാർ ആനന്ദത്തിലാറാടി. അത്തരം കൂടുതൽ ‘പരിപാടികൾ’ ആസൂത്രണം ചെയ്യാൻ അവരൊരുങ്ങി.

കഥയുടെ ശേഷം ഭാഗത്തിനിവിടെ പ്രസക്തിയില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭിപ്രായൈക്യത്തിനാണിവിടെ പ്രസക്തി. ദമ്പതിമാർ ചെയ്തതു കുറ്റകൃത്യമാണെങ്കിൽപ്പോലും, അതവർ ഒരുമയോടെ, തുല്യപങ്കാളിത്തത്തോടെ നിർവഹിച്ചതാണെങ്കിൽ അവരെ ദയവോടെ വീക്ഷിക്കണം എന്നാണിവിടെ പറയാനുദ്ദേശിച്ചത്. ദമ്പതിമാർ തമ്മിലുള്ള മാനസികപ്പൊരുത്തവും അഭിപ്രായൈക്യവും സമൂഹത്തിന്റെ കെട്ടുറപ്പിന് അനുപേക്ഷണീയമായതു കൊണ്ട്, തസ്കരദമ്പതിമാരെ കൈകാര്യം ചെയ്യുമ്പോഴൊക്കെ, അവർ ദമ്പതിമാരാണെന്ന പരിഗണന ബന്ധപ്പെട്ടരുടെ ഓർമ്മയിലുണ്ടാകണം എന്ന് ഊന്നിപ്പറയുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ദമ്പതിമാരെ ജീവിതപങ്കാളികൾ എന്നാണു വിശേഷിപ്പിക്കാറ്: ലൈഫ് പാർട്ട്ണർമാർ. ദാമ്പത്യത്തിന്റെ അടിസ്ഥാന ആശയം തന്നെ പങ്കാളിത്തമാണ്. കിടപ്പറയിലെ പങ്കാളിത്തത്തോടൊപ്പം അവരുടെ മറ്റെല്ലാ പ്രവൃത്തികളിലും സജീവപങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നു. ദമ്പതിമാരിലൊരാൾ ഒരു കുറ്റകൃത്യം ചെയ്യാനൊരുമ്പെടുന്നെന്നു കരുതുക. ഉദാഹരണത്തിന്, ദമ്പതിമാരിലൊരാൾ മാല പൊട്ടിക്കാൻ പോകുന്നു, അല്ലെങ്കിൽ ജോലിയോ ഫ്ലാറ്റോ വാഗ്ദാനം ചെയ്തു ജനത്തിനെ വഞ്ചിച്ചു പണം തട്ടാനൊരുങ്ങുന്നു; അതുമല്ലെങ്കിൽ കൊള്ള നടത്താനൊരുങ്ങുന്നു. ഇത്തരം സന്ദർഭങ്ങളിൽ മറ്റെയാൾ എന്തു നിലപാടെടുക്കണം?

സങ്കീർണമായൊരു ചോദ്യമാണത്. മാല പൊട്ടിക്കലും വഞ്ചനയും കൊള്ളയുമൊക്കെ സാമൂഹ്യദ്രോഹങ്ങളാണ്, നിലവിലുള്ള നിയമങ്ങളനുസരിച്ചു ശിക്ഷാർഹവുമാണ്. കൊള്ളയ്ക്കു പതിന്നാലു വർഷത്തെ കഠിനതടവു വരെ ലഭിച്ചേക്കാമെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധപ്രവൃത്തികളിലും നിയമവിരുദ്ധപ്രവൃത്തികളിലും പങ്കാളിയാകാൻ ഞാനില്ല എന്നു പറഞ്ഞ് ദമ്പതിമാരിലൊരാൾ അത്തരം പ്രവൃത്തികളിൽ നിന്നകന്ന്, നിഷ്ക്രിയമായി നിന്നെന്നു വരാം. നൂറ്റെൺപത്തിനാലു പേരെ വധിച്ച കൊള്ളക്കാരനായിരുന്നു വീരപ്പൻ. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സ്വീകരിച്ചതു വീരപ്പന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാതെ, നിസ്സംഗതയോടെ, നിഷ്ക്രിയയായി അകന്നുമാറി നിൽക്കുന്ന നിലപാടായിരുന്നു. തെറ്റായ വഴിയേ പോകാൻ ഇഷ്ടപ്പെടാത്തവർ സ്വാഭാവികമായും ഈ നിലപാടാണെടുക്കുക. മുത്തുലക്ഷ്മിയുടെ മേലും കുറ്റങ്ങളാരോപിക്കപ്പെട്ടിരുന്നു, അവരും ജയിലിൽ കിടന്നിരുന്നു. ഭർത്താവിന്റെ കുറ്റകൃത്യങ്ങളിൽ തനിക്കു പങ്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തയാക്കണമെന്നും മുത്തുലക്ഷ്മി കോടതിയോടഭ്യർത്ഥിച്ചു. മുത്തുലക്ഷ്മിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി മുത്തുലക്ഷ്മിയെ കുറ്റവിമുക്തയാക്കി. നിരപരാധിയായ മുത്തുലക്ഷ്മിയെ കോടതി മോചിപ്പിച്ചതു നന്നായെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, മുത്തുലക്ഷ്മിയുടെ ദാമ്പത്യം കേവലം കിടപ്പറയിലെ പങ്കാളിത്തം മാത്രമായി ചുരുങ്ങിപ്പോയിരുന്നു എന്നൂഹിക്കേണ്ടി വരുന്നു. പ്രവൃത്തികളിലുള്ള പങ്കാളിത്തമില്ലാതെ ജീവിതപങ്കാളിയാവില്ല.

മുത്തുലക്ഷ്മിയുടെ കാര്യമോർക്കുമ്പോൾ രാമായണരചയിതാവായ വാത്മീകിമഹർഷിയുടെ കാര്യവും ഓർത്തു പോകുന്നു. മഹർഷിയായിത്തീരുന്നതിനു മുമ്പ് അദ്ദേഹം  രത്നാകരൻ എന്ന പേരുള്ളൊരു കൊള്ളക്കാരനായിരുന്നു. വനത്തിലൂടെ കടന്നുപോകുന്നവരെ കൊള്ളയടിക്കുന്നതായിരുന്നു രത്നാകരന്റെ മുഖ്യതൊഴിൽ. ഒരു ദിവസം രത്നാകരന്റെ മുന്നിൽ നാരദമുനി വന്നു പെട്ടു. രത്നാകരൻ നാരദമുനിയെ കൊള്ളയടിക്കാനൊരുങ്ങിയപ്പോൾ മുനി ചോദിച്ചു:

“നീയെന്തിനു വേണ്ടിയാണിങ്ങനെ കൊള്ള നടത്തുന്നത്?”

“കുടുംബം പോറ്റാൻ വേണ്ടി.”

“കൊള്ള പാപമാണ്. ഇന്നല്ലെങ്കിൽ നാളെ പാപഫലം അനുഭവിക്കേണ്ടി വരും. നീ മാത്രമല്ല, നിന്റെ കുടുംബവും. നിന്റെ പാപഫലം പങ്കിടാൻ നിന്റെ കുടുംബം തയ്യാറാണോ?”

“അതറിയില്ല.”

“അതവരോടു ചോദിച്ചറിഞ്ഞു വരൂ.” മുനി നിർദ്ദേശിച്ചു.

രത്നാകരൻ മുനിയെ ഒരു മരത്തോടു ചേർത്തു കെട്ടി; മുനി രക്ഷപ്പെട്ടു പൊയ്ക്കളയരുതല്ലോ. വീട്ടിലേയ്ക്കു ചെന്ന്, മുനിയുടെ ചോദ്യം ഭാര്യയോടും മക്കളോടും ആവർത്തിച്ചു. അവരാരും പാപഫലം പങ്കിടാൻ തയ്യാറായിരുന്നില്ല. വിഷണ്ണനായി തിരികെച്ചെന്നു മുനിയെ കാര്യമറിയിച്ചു.

“അവർക്കു വേണ്ടി നീ ചെയ്യുന്ന പാപത്തിനുള്ള ശിക്ഷ പങ്കിടാൻ അവർ തയ്യാറല്ലെങ്കിൽ, നീയെന്തിനിങ്ങനെ പാപം ചെയ്തുകൂട്ടുന്നു?” മുനി ചോദിച്ചു.

ആ ചോദ്യം രത്നാകരനെക്കൊണ്ടു ചിന്തിപ്പിച്ചു, ഇനി പാപം ചെയ്യില്ലെന്ന പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. കൊള്ളക്കാരനായിരുന്ന രത്നാകരൻ അങ്ങനെ നേർവഴിയിലേക്കു തിരിച്ചു വന്നു. തുടർന്നദ്ദേഹം കഠിനതപം ചെയ്തെന്നും, ഘോരതപസ്സിനിടയിൽ അദ്ദേഹത്തെ ചിതൽപ്പുറ്റ് (വൽമീകം) മൂടിയെന്നും, അതുകൊണ്ടദ്ദേഹം വാത്മീകി മഹർഷി എന്നറിയപ്പെടാൻ തുടങ്ങിയെന്നുമാണ് ഐതിഹ്യം.

രത്നാകരന്റെ പാപകർമ്മങ്ങൾക്കുള്ള ശിക്ഷ പങ്കിടാൻ തങ്ങൾ തയ്യാറല്ലെന്നു രത്നാകരന്റെ ഭാര്യ പറഞ്ഞതും, വീരപ്പന്റെ കുറ്റകൃത്യങ്ങളിൽ തനിക്കു യാതൊരു പങ്കുമില്ല, തന്നെ മോചിപ്പിക്കണമെന്നു മുത്തുലക്ഷ്മി ആവശ്യപ്പെട്ടതും സമാനമായ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു. ദാമ്പത്യത്തിലെ അനിവാര്യഘടകമായ കൂട്ടുത്തരവാദിത്തം ഇവരുടെ ബന്ധങ്ങളിലുണ്ടായിരുന്നില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ദാമ്പത്യം ദാമ്പത്യമല്ല. ജീവിതപങ്കാളിയുമായി അവർക്കു കിടപ്പറയിലൂടെയല്ലാത്ത പങ്കാളിത്തമില്ല. ദാമ്പത്യമെന്നാൽ കേവലം കിടപ്പറ പങ്കിടുന്നതിനുള്ള ലൈസൻസല്ല. സർവാത്മനാലുള്ള പങ്കാളിത്തം അവിടെ മുഖ്യഘടകമാണ്. സുഖത്തിലും ദുഃഖത്തിലും നന്മയിലും തിന്മയിലുമെല്ലാമുള്ള പങ്കാളിത്തവും ഉണ്ടായെങ്കിലേ, ദാമ്പത്യം എല്ലാ അർത്ഥത്തിലുമുള്ള ദാമ്പത്യമാകൂ. ദമ്പതിമാർക്കിടയിൽ ഉപാധികൾ - ഈഫും ബട്ടും – ഉണ്ടാകാൻ പാടില്ല.

ഒരു തീവ്രവാദി ട്രെയിനിനു ബോംബു വെക്കാനൊരുങ്ങുന്നെന്നും ആ രഹസ്യം അയാൾ ഭാര്യയുമായി പങ്കു വെക്കുന്നെന്നും, ആ പ്രവൃത്തിയിൽ ഭാര്യയുടെ പങ്കാളിത്തം ആവശ്യപ്പെടുന്നെന്നും കരുതുക. ഭർത്താവിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാകണമെന്നു ദാമ്പത്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും, വിവേകമുള്ള ആർക്കും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകാനാവില്ല. മാത്രമല്ല, കുറ്റകൃത്യങ്ങൾ നടക്കാൻ പോകുന്നതായി അറിവു കിട്ടിയവർ അക്കാര്യം അധികാരികളെ അറിയിക്കാൻ ബാദ്ധ്യസ്ഥരുമാണ്; നിയമം അതനുശാസിക്കുന്നു. തീവ്രവാദിയുടെ ഭാര്യ ബോംബു വെക്കലിൽ പങ്കാളിത്തം വഹിക്കുന്നില്ലെന്നു മാത്രമല്ല, അക്കാര്യത്തെപ്പറ്റി പോലീസിന് അറിവു കൊടുക്കുക കൂടി ചെയ്യുന്നെന്നു കരുതുക. ഇവിടെ സമൂഹത്തോടും നിയമത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ പാലിക്കപ്പെടുന്നു, പക്ഷേ, ദാമ്പത്യം അവഗണിക്കപ്പെടുന്നു.

കുറ്റകൃത്യത്തിനൊരുങ്ങുന്ന ഭർത്താവിനെ അതിൽ നിന്നു പിന്തിരിയാൻ നിർബന്ധിക്കണമെന്നതു ഭാര്യയുടെ കടമയാണ്, യാതൊരു സംശയവുമില്ല. പിന്തിരിപ്പിക്കാൻ കഠിനപ്രയത്നം നടത്തുക തന്നെ വേണം. തീവണ്ടിക്കു ബോംബു വെക്കാൻ തുനിയുന്ന ഭർത്താവിനെ, ആ ഹീനകൃത്യത്തിലുള്ള സാമൂഹ്യവിരുദ്ധതയും നിയമവിരുദ്ധതയുമെല്ലാം ഭാര്യ ബോദ്ധ്യപ്പെടുത്തി, അയാളെ ആ കൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കുക തന്നെ വേണം. എന്നിട്ടുമയാൾ പിന്തിരിയാൻ ഭാവമില്ലെന്നും, ഭർത്താവിനെ ഹീനകൃത്യത്തിൽ നിന്നു തടയാനായി ഭാര്യ ഭർത്താവിനെ കൊല്ലുന്നു എന്നും കരുതുക. ഈ സന്ദർഭത്തിലാണു ‘മദർ ഇന്ത്യ’യെന്ന അതിപ്രശസ്തമായിരുന്ന ഹിന്ദിസിനിമയെപ്പറ്റി ഓർത്തു പോകുന്നത്. മദർ ഇന്ത്യയിൽ ചുട്ടെരിക്കുന്നതു ഭാര്യ ഭർത്താവിനെയല്ല, അമ്മ ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെയാണ്. എങ്കിലും, യഥാർത്ഥജീവിതത്തിൽ ജീവിതപങ്കാളികൾക്കിടയിലും അത്തരം ചുട്ടെരിക്കലുകൾ നടന്നെന്നു വരാമെന്നതുകൊണ്ട്, മദർ ഇന്ത്യയുടെ കഥയ്ക്കിവിടെ പ്രസക്തിയുണ്ട്.

മദർ ഇന്ത്യയിൽ ‘രാധ’(നർഗീസ്)യുടെ മകൻ ‘ബിർജു’ (സുനിൽ ദത്ത്) ‘രൂപ’(ചഞ്ചൽ) എന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു. അരുത്, അരുത് എന്നു രാധ മകനെ ആവർത്തിച്ചു വിലക്കുന്നു. വികാരവിക്ഷുബ്ധമായ ആ രംഗത്ത് അമ്മയും മകനും തമ്മിൽ നടന്ന സംഭാഷണം (ഇത് പ്രസിദ്ധമായിത്തീർന്നിരുന്നു) താഴെ കൊടുക്കുന്നു:

അമ്മ: രൂപാ കോ ഛോഡ് ദേ. നാ തോ മെ തുഝെ ജാൻ സെ മാർ ഡാലൂംഗി

മകൻ: തൂ മുഝെ നഹി മാർ സക്‌തി; തൂ മേരി മാ ഹെ

അമ്മ: മെ ഏക് ഓരത് ഹൂം

മകൻ: മെ തെരാ ബേട്ടാ ഹൂം

അമ്മ: രൂപാ സാരി ഗാവ് കി ബേട്ടി ഹെ, വോ മേരി ലാജ് ഹെ

മകൻ: തൂ മാർ സക്‌തി ഹെ തൊ മാർ. മെ അപ്‌നി കസം നഹി തോഡൂംഗാ (രൂപയെ തട്ടിക്കൊണ്ടു കുതിരപ്പുറത്തു പായുന്നു)

അമ്മ: ബേട്ടാ (വെടി വെക്കുന്നു)

മകൻ വെടിയേറ്റു നിലം പതിക്കുന്നു.

‘മദർ ഇന്ത്യ’ ഇന്ത്യയെ മുഴുവൻ അക്ഷരാർത്ഥത്തിൽ കീഴടക്കി. ലോകപ്രശസ്തിയുമാർജിച്ചു. അതിന് അക്കാദമി അവാർഡ് (സാക്ഷാൽ ഓസ്കാർ!) കിട്ടാതെ പോയതു കേവലം ഒരു വോട്ടിന്! ഇന്ത്യയിലെ പല തിയേറ്ററുകളിലും ഒരു വർഷത്തിലേറെക്കാലം തുടർച്ചയായി പ്രദർശിപ്പിച്ച ആദ്യ സിനിമയായിരുന്നു അത്. അത് ഏറ്റവുമധികം വിദേശരാജ്യങ്ങളിൽ മൊഴിമാറ്റം ചെയ്തു പ്രദർശിപ്പിക്കപ്പെട്ട പ്രഥമ ഇന്ത്യൻ സിനിമയായി. കണക്കുകൾ ലഭ്യമല്ലെങ്കിലും, നാണയപ്പെരുപ്പം കണക്കിലെടുത്താൽ, ഏറ്റവുമധികം കളക്ഷൻ ലഭിച്ച സിനിമയും അതു തന്നെയാണ് എന്നാണെന്റെ ഊഹം. ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെ വെടിവെച്ചു കൊല്ലുന്ന അമ്മയുടെ റോളിൽ തകർത്തഭിനയിച്ച നർഗീസ് മറ്റു പല അവാർഡുകൾക്കും പുറമെ കാർലോ വിവാരി ചലച്ചിത്രമേളയിൽ ഏറ്റവും നല്ല നടിക്കുള്ള അന്തർദ്ദേശീയ അവാർഡും നേടി.

രാഷ്ട്രപുനരുത്ഥാരണത്തിനുള്ള ആഹ്വാനം മദർ ഇന്ത്യയിലടങ്ങിയിട്ടുണ്ട്. അതിനേക്കാളേറെ മഹത്വവൽക്കരിക്കപ്പെട്ടതു മകൻ ഹീനകൃത്യത്തിലേർപ്പെടുന്നതു തടയാൻ വേണ്ടി മാതാവു മകനെ വെടിവെച്ചു കൊന്നതാണ്. അന്യമെന്നോ സ്വന്തമെന്നോ നോക്കാതെ പാപകൃത്യങ്ങൾ തടയണം: ഇതാണു മദർ ഇന്ത്യ കൈമാറുന്ന സന്ദേശങ്ങളിലൊന്ന്. മദർ ഇന്ത്യ മഹത്വവൽക്കരിക്കപ്പെട്ടെങ്കിലും, കുറ്റകൃത്യം തടയേണ്ടതു തന്നെയെങ്കിലും, അതു മറ്റൊരു കുറ്റകൃത്യത്തിലൂടെയാകരുത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മകനെ കൊന്നതു സ്വന്തം അമ്മയായിരുന്നാൽത്തന്നെയും, കൊല കൊല തന്നെ, കുറ്റകൃത്യം തന്നെ. ഒരു കുറ്റകൃത്യം തടയാൻ മറ്റൊരു കുറ്റകൃത്യം ചെയ്യുന്നത് അഭികാമ്യമല്ല.

മദർ ഇന്ത്യയുടെ കഥയ്ക്കൊരു ഭേദഗതി ആവശ്യമാണ്: മകനെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കാനാകാത്ത നിരാശയാൽ അമ്മ ‘എന്റെ മകന്റെ കുറ്റകൃത്യം തടയാൻ എനിക്കാകുന്നില്ലെങ്കിൽ, എനിക്കിനി ജീവിക്കേണ്ട’ എന്നു പറഞ്ഞുകൊണ്ടു സ്വന്തം മാറിലേക്കു തന്നെ നിറയൊഴിക്കേണ്ടിയിരുന്നു. എങ്കിലതു കൂടുതൽ മഹത്വമുള്ളതാകുമായിരുന്നു. കുറ്റകൃത്യത്തിനൊരുമ്പെടുന്നവരെ കൊല ചെയ്തും കുറ്റകൃത്യം തടയണം എന്ന വികലമായ സന്ദേശത്തിനു പകരം, സ്വന്തം ജീവൻ ബലി കഴിച്ചും കുറ്റകൃത്യം തടയണം എന്ന ആഹ്വാനം അതിൽ നിന്നുയരുമായിരുന്നു. പക്ഷേ, യഥാർത്ഥജീവിതത്തിൽ ഈ നിലപാടാണ് ഏറ്റവും ദുഷ്കരമെന്നു പറയേണ്ടതില്ലല്ലോ. ഇത്തരം കാര്യങ്ങൾക്കു വേണ്ടി ആരാണ് ആത്മഹത്യ ചെയ്യാനൊരുങ്ങുക!

ദമ്പതിമാരിലൊരാൾ കുറ്റകൃത്യത്തിനൊരുങ്ങുമ്പോൾ, മറ്റെയാൾ വിവിധ നിലപാടുകൾ എടുക്കാനിടയുണ്ട് എന്നു മുകളിൽ കൊടുത്തിരിക്കുന്ന ഖണ്ഡികകളിൽ നാം കണ്ടു. ദാമ്പത്യബന്ധത്തെ മാനിച്ച് കുറ്റകൃത്യനിർവഹണത്തിൽ ജീവിതപങ്കാളിക്കു സജീവപങ്കാളിത്തം നൽകുകയാണ് നിലപാടുകളിലൊന്ന്; ഭർത്താവും ഭാര്യയും ഒരുമിച്ചു നടത്തിയ മാല പൊട്ടിക്കലും ജോലിതട്ടിപ്പും ഫ്ലാറ്റുതട്ടിപ്പുമെല്ലാം ഈ നിലപാടു സ്വീകരിച്ചവരാണ്. ഈ നിലപാടിൽ ദമ്പതികൾ ഒറ്റക്കെട്ടാണ്. എല്ലാ പ്രവൃത്തികളിലും പ്രവർത്തനങ്ങളിലും പൂർണമായും പങ്കാളികൾ. ആസ്വാദ്യമാണു സ്വരുമയുള്ള ഇത്തരം ദാമ്പത്യം; പക്ഷേ, സ്വീകരിച്ച വഴി പിഴച്ചതായിപ്പോയെന്ന കുഴപ്പമുണ്ട്. പിഴച്ച വഴി ദാമ്പത്യസരണിയ്ക്കു വിഘാതമായിത്തീരും.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെപ്പോലെ, ഭർത്താവിന്റെ കുറ്റകൃത്യങ്ങളിൽ പങ്കു വഹിക്കാതെ, നിഷ്ക്രിയമായി അകന്നു നിൽക്കുകയാണു മറ്റൊരു നിലപാട്. പങ്കാളി ചെയ്യാൻ പോകുന്ന ഹീനകൃത്യത്തെപ്പറ്റി അധികാരികൾക്ക് അറിവു കൊടുത്ത് നിയമത്തിന്റെ മുന്നിൽ നല്ല കുട്ടിയാകുകയാണ് അല്പം കൂടി വ്യതിരിക്തതയുള്ള സമീപനം. ഹീനകൃത്യം ചെയ്യാരുമ്പെടുന്ന പങ്കാളിയെ കൊന്ന് ഹീനകൃത്യം തടയുന്നതൊരു കടുങ്കൈയാണ്; കുറ്റകൃത്യം തടയാൻ ആത്മഹത്യ ചെയ്യുന്നത് അറ്റകൈയും. ഇവയേക്കാളെല്ലാം നല്ല സമീപനം, വിവേകശൂന്യനായ ഭർത്താവിനു വിവേകം നൽകി, അയാളെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കുന്നതാണ്.

ഒടുവിൽപ്പറഞ്ഞ നിലപാടാണ് ആദർശദാമ്പത്യത്തിന്റെ ഉത്തമലക്ഷണം. കുറ്റകൃത്യങ്ങളിലടങ്ങിയ സാമൂഹ്യമൂല്യധ്വംസനവും നിയമലംഘനവും വരുംവരായ്കകളുമെല്ലാം വിശദീകരിച്ചുകൊടുത്ത് ജീവിതപങ്കാളിയെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിവതും ശ്രമിക്കുക. വിവേകം നഷ്ടപ്പെട്ടിരിക്കുന്ന ജീവിതപങ്കാളിക്കു വിവേകമുള്ള പങ്കാളി വിവേകം പകർന്നു കൊടുക്കുക. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം’ എന്നു കിരാതം ഓട്ടൻതുള്ളലിൽ കുഞ്ചൻ നമ്പ്യാർ ചൊല്ലിയിട്ടുണ്ട്. അതോടൊപ്പം ‘സുജനഗുണം കൊണ്ടു ബഹുമാനവിശേഷം വരും’ എന്നു നമ്പ്യാർ പൂരിപ്പിച്ചിട്ടുമുണ്ട്. ദമ്പതിമാരിലൊരാൾ സുജനവും മറ്റെയാൾ ദുർജനവുമാണെങ്കിൽ, സുജനത്തിന്റെ സാമീപ്യം (സൗരഭ്യം) ദുർജനത്തേയും സുജനമാക്കി (സുരഭിലമാക്കി) തീർക്കുമെന്ന കാര്യത്തിൽ നമ്പ്യാർക്കു സംശയമില്ല. ഇതിനേക്കാൾ പ്രസാദാത്മകമായ നിലപാടു വേറെയില്ല.

വഴിതെറ്റിപ്പോയൊരു യുവാവിനെ ഒരു യുവതി നേർവഴിയിലേക്കു കൊണ്ടുവരുന്ന ഇതിവൃത്തമുള്ള പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. 1950ൽ ഇറങ്ങിയ സംഗ്രാം എന്ന ഹിന്ദി സിനിമയായിരുന്നിരിക്കണം, അക്കൂട്ടത്തിൽ ആദ്യത്തേത്. നളിനി ജയ്‌വന്ത് - അശോക് കുമാർ ജോടി നായികാനായകന്മാരായി അഭിനയിച്ച ആ ചിത്രം, അക്കാലത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വെള്ളിത്തിരയിലെ വില്ലനെ സൽസ്വഭാവിയാക്കി ഉത്ഥരിക്കാൻ നായികയ്ക്കു കഥാകൃത്തിന്റേയും സംവിധായകന്റേയുമെല്ലാം സഹായം ലഭ്യമായിട്ടുണ്ട്, തീർച്ച. വെള്ളിത്തിരയുടെ കാല്പനികതയിൽ നിന്നകന്ന്, ദുരിതപൂർണമായ യഥാർത്ഥജീവിതത്തിൽ, ഇത്തരത്തിലുള്ള ഉത്ഥാരണം എളുപ്പമല്ല. വീരപ്പനെ ഉത്ഥരിക്കാൻ മുത്തുലക്ഷ്മിക്കു കഴിഞ്ഞില്ല. കൊല നടത്താൻ തോക്കുമായി ഇറങ്ങുന്ന വീരപ്പനെ സ്നേഹപാശം കൊണ്ടു കെട്ടിവരിഞ്ഞ്, ഹീനകൃത്യങ്ങളിൽ നിന്നകറ്റി, 184 കൊലപാതകങ്ങൾ തടയാൻ മുത്തുലക്ഷ്മിക്കായിരുന്നെങ്കിൽ! ആ സങ്കല്പം പോലും മാധുര്യമുള്ളതാണ്. അതു യാഥാർത്ഥ്യമായിരുന്നെങ്കിൽ മുത്തുലക്ഷ്മിയുടേയും വീരപ്പന്റേയും ദാമ്പത്യം ആദർശദാമ്പത്യമായേനേ; അവരുടെ ജീവിതം  വെള്ളിത്തിരയിലേതിനേക്കാൾ പ്രകാശോജ്ജ്വലവും അനുകരണീയവും ആവേശദായകവുമായേനേ!

ഭർത്താവിനെ കുറ്റകൃത്യത്തിൽ നിന്നു തടയാൻ വേണ്ടി ഭാര്യ അയാളെ വെടിവെച്ചു കൊല്ലുകയോ, അല്ലെങ്കിൽ ഭാര്യ സ്വയം വെടിവെച്ചു മരിക്കുകയോ ചെയ്യുമ്പോൾ ദാമ്പത്യം അതോടെ അവസാനിച്ചു പോകുന്നുവെന്നതാണ് ആ സമീപനങ്ങളുടെ ന്യൂനത. പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും, സാമൂഹ്യമൂല്യങ്ങൾ പരിരക്ഷിക്കപ്പെടുകയും, ദാമ്പത്യം ശാശ്വതമായി, പൂർവാധികം കെട്ടുറപ്പോടെ നിലനിൽക്കുകയും വേണം: അതാകണം ലക്ഷ്യം. അതു സാദ്ധ്യമാക്കുന്ന സമീപനമാണു സ്വീകരിക്കേണ്ടത്. ദാമ്പത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള സമീപനങ്ങൾക്കു പ്രസക്തിയില്ല. ദാമ്പത്യങ്ങൾ കെട്ടുറപ്പുള്ളതാകുമ്പോൾ സമൂഹം കെട്ടുറപ്പുള്ളതാകും; രാഷ്ട്രവും.

കുറിപ്പ്: മുകളിലെ ചില ഖണ്ഡികകൾ വായിക്കുമ്പോൾ ഭർത്താവാണ് എല്ലായ്പോഴും കുറ്റകൃത്യങ്ങൾക്കൊരുമ്പെടാറ് എന്നൊരു ധാരണ ഉടലെടുത്തെന്നു വരാം. പുരുഷമേധാവിത്വത്തിന് ഇടിവു തട്ടുകയും, പല രംഗങ്ങളിലും വനിതകൾ പുരുഷന്മാരോടൊപ്പമോ അവരേക്കാൾ മുന്നിലോ വന്നെത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു കുറ്റകൃത്യരംഗത്തും വനിതകൾ ഒരുമ്പെട്ടിറങ്ങാറുണ്ട്. കുപ്രസിദ്ധിയാർജിച്ച പല കേസുകളിലും (‘സയനൈഡ് മല്ലിക’, നേഹ വർമ്മ, ഇന്ദ്രാണി മുഖർജി, സിമ്രാൻ സൂദ്...) കുറ്റവാളികൾ വനിതകളായിരുന്നെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എങ്കിലും, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്നു പറയാതെ തരമില്ല; ഇതിനുപോദ്ബലകമായ കണക്കുകളിതാ: 2011, 2012, 2013, 2014 എന്നീ വർഷങ്ങളിൽ ഓരോ വർഷാവസാനവും ഇന്ത്യയിലെ ജയിലുകളിലുണ്ടായിരുന്ന തടവുപുള്ളികളിൽ 95 ശതമാനവും പുരുഷന്മാരായിരുന്നു; അഞ്ചു ശതമാനം മാത്രമായിരുന്നു, സ്ത്രീകുറ്റവാളികൾ. ഈ സ്ഥിതിവിവരക്കണക്കുകളിലടങ്ങിയ സത്യം ഈ ലേഖകനുൾപ്പെടുന്ന പുരുഷവർഗത്തിന് അപമാനകരമാണെങ്കിലും, സത്യത്തെ നിഷേധിക്കാൻ ആർക്കാണു കഴിയുക!

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങളറിയാൻ ആകാംക്ഷയുണ്ട്. അവ sunilmssunilms@rediffmail.com എന്ന ഈമെയിൽ ഐഡിയിലേക്കയയ്ക്കുക.

Read more

ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന

കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള’ എന്ന താളില്‍ കാണുന്നു. 2012നു ശേഷവും കേരളത്തില്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹര്‍ത്താലുകള്‍. ഒക്‌റ്റോബര്‍ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും, നവംബര്‍ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹര്‍ത്താലുകള്‍ നടത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ പൊന്തിവന്നൊരു പേജിന്റെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു:

ഹര്‍ത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. ഒരു പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലിനെ എതിര്‍പാര്‍ട്ടികള്‍ നിശിതമായി വിമര്‍ശിയ്ക്കുന്നു: ഹര്‍ത്താല്‍ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമര്‍ശനം. ആ വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. എന്നാല്‍, അധികം താമസിയാതെ, എതിര്‍പാര്‍ട്ടികള്‍ സ്വന്തം വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹര്‍ത്താലുമായി വരുന്നു. ഹര്‍ത്താലാചരിച്ചതിനു മുമ്പു വിമര്‍ശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹര്‍ത്താലിനെ വിമര്‍ശിയ്ക്കുന്നത്. ഈ റോള്‍മാറ്റം തുടരുന്നു.

സര്‍ക്കാര്‍ ഏതു മുന്നണിയുടേതായാലും, ഹര്‍ത്താല്‍ ഏതു മുന്നണി നടത്തുന്നതായാലും, ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ പൊതുവില്‍ നിഷ്ക്രിയമാകുന്നെന്നു മാത്രമല്ല, ഹര്‍ത്താലുകളോടു പരോക്ഷമായി സഹകരിയ്ക്കുക കൂടി ചെയ്യുന്നു എന്നതാണു വാസ്തവം. അതുമൂലം ഹര്‍ത്താല്‍ദിനത്തില്‍ ഭരണരഥത്തിന്റെ കടിഞ്ഞാണ്‍ അനൗപചാരികമായി ഹര്‍ത്താല്‍ നടത്തുന്നവരിലേയ്‌ക്കെത്തുന്നു. ഹര്‍ത്താല്‍ദിനത്തില്‍ സംസ്ഥാനത്തെന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു കിട്ടുന്നു. പരോക്ഷമായ ഈ അധികാരക്കൈമാറ്റം മൂലമാണു ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദുസ്സഹമാക്കുന്നവയായിത്തീരുന്നത്.

ജനാധിപത്യഭരണവ്യവസ്ഥ നിലവിലിരിയ്ക്കുന്നൊരു രാജ്യത്തു പണിമുടക്കാനും പ്രതിഷേധിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ജനതയ്ക്കുണ്ടാകണം. എന്നാല്‍, ആ സ്വാതന്ത്ര്യമുപയോഗിച്ചു പണിമുടക്കുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുന്നതിനിടയില്‍, പണിമുടക്കാത്തവരുടേയും പ്രതിഷേധിയ്ക്കാത്തവരുടേയും മൗലികാവകാശങ്ങളെ നിഷേധിയ്ക്കുക കൂടി ചെയ്യുമ്പോള്‍ ജനാധിപത്യം ഓക്‌ളോക്രസി അഥവാ മോബോക്രസി ആയി പരിണമിയ്ക്കുന്നു. ഈ വഴിമാറിപ്പോക്കു തടയേണ്ടതു ജനതയുടെ സ്വാതന്ത്ര്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഇതിലേയ്ക്കായി ഒരഭ്യര്‍ത്ഥന ഈ ലേഖകന്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്കു സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ പതിനെട്ടിന് ഈമെയിലായി അയച്ച അഭ്യര്‍ത്ഥന താഴെ ഉദ്ധരിയ്ക്കുന്നു:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യര്‍ത്ഥന

കേരളത്തില്‍ പതിവായിത്തീര്‍ന്നിരിയ്ക്കുന്ന ഹര്‍ത്താലുകള്‍ ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്ന മൗലികാവകാശങ്ങളില്‍ രണ്ടെണ്ണത്തെ ലംഘിയ്ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു, ഒക്ടോബര്‍ 13, വ്യാഴാഴ്ച, സംസ്ഥാനവ്യാപകമായി നടന്ന ഹര്‍ത്താല്‍. താഴെപ്പറയുന്നവയാണു ഹര്‍ത്താല്‍ ദിനങ്ങളില്‍ ലംഘിയ്ക്കപ്പെടാറുള്ള മൗലികാവകാശങ്ങള്‍:

19 (1) (d) All citizens shall have the right to move freely throughout the territory of India. (സഞ്ചാരസ്വാതന്ത്ര്യം)

19 (1) (g) All citizens shall have the right to practise any profession, or to carry on any occupation,t rade or business (ഉപജീവനസ്വാതന്ത്ര്യം)

ഹര്‍ത്താല്‍ ദിനങ്ങളില്‍ നടക്കുന്ന ഈ മൗലികാവകാശലംഘനങ്ങളെപ്പറ്റി വിശദമായി താഴെ വിവരിയ്ക്കുന്നു.

സഞ്ചാരസ്വാതന്ത്ര്യലംഘനം

പത്രത്തില്‍ വരാറുള്ള ഹര്‍ത്താല്‍ പ്രഖ്യാപനത്തെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ പ്രഖ്യാപനത്തെപ്പറ്റി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നുള്ള ഭാഗം താഴെ ഉദ്ധരിയ്ക്കുന്നു:

“ആസ്പത്രി, മെഡിക്കല്‍ സ്‌റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്കാരത്തിനു പോകുന്നവര്‍, വിമാനത്താവളത്തിലേക്കു പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.”

ഹര്‍ത്താല്‍ദിനത്തിലെ സംസ്ഥാനഭരണാധികാരം മുഴുവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പിടിച്ചെടുത്തെന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്. പ്രഖ്യാപിക്കുക മാത്രമല്ല, ഹര്‍ത്താലനുകൂലികള്‍ പ്രഖ്യാപനം കര്‍ക്കശമായി നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹര്‍ത്താല്‍ദിനത്തില്‍ ഫലവത്തായ നടപടികളെടുക്കാതിരിയ്ക്കുമ്പോള്‍ അതു സൂചിപ്പിയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭരണാധികാരം സര്‍ക്കാര്‍ ഹര്‍ത്താലനുകൂലികള്‍ക്കു കൈമാറിയിരിയ്ക്കുന്നെന്നാണ്. ജനതയാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ കൂടുതലധികാരം ഹര്‍ത്താലനുകൂലികള്‍ക്കു കൈവരുന്ന പതിവിനു മാറ്റം വരണം.

ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയവയൊഴികെയുള്ള വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ ഹര്‍ത്താല്‍ ദിവസം തടയുന്നു. ചിലയിടങ്ങളില്‍ ഒഴിവാക്കിയവയെപ്പോലും തടയുന്നു. ഹര്‍ത്താല്‍ ദിവസം സര്‍ക്കാരുടമസ്ഥതയിലുള്ള കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യവാഹനങ്ങളും തങ്ങളുടെ ഭൂരിഭാഗം ട്രിപ്പുകളും മുടക്കുന്നു. ജനതയുടെ സഞ്ചാരം അതോടെ അസാദ്ധ്യമാകുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുക മാത്രമല്ല, കല്ലെറിഞ്ഞും ടയറുകളുടെ കാറ്റഴിച്ചു വിട്ടും അവയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. കല്ലേറിലും മറ്റും ബസ്സ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കു പറ്റുന്നതും പതിവാണ്. തുടര്‍ന്ന്, ബസ്സുകളും അവയിലെ സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ള യാത്രക്കാരും നടുറോഡില്‍ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.

കെ എസ് ആര്‍ ടി സി ബസ്സുകള്‍ പോലും റോഡിലിറങ്ങാത്ത സ്ഥിതിയില്‍ ടാക്‌സികളും ഓട്ടോറിക്ഷകളും ഓടുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരുചക്രവാഹനങ്ങളല്ലാത്ത സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കാന്‍ മിക്കവരും ധൈര്യപ്പെടാറില്ല. ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ ഇരുചക്രവാഹനങ്ങളെപ്പോലും തടയാറുണ്ട്. ആസ്പത്രിസംബന്ധമായോടുന്ന വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നെന്നായിരിയ്ക്കും പ്രഖ്യാപനമെങ്കിലും, പലപ്പോഴും ആംബുലന്‍സുകളേയും ഹര്‍ത്താലനുകൂലികള്‍ വെറുതേ വിടാറില്ല. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനം കല്ലേറു കൊണ്ട ഒരാംബുലന്‍സിന്റെ ചിത്രം ദേശാഭിമാനിയില്‍ വന്നിരുന്നതു താഴെ കൊടുക്കുന്നു:

ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞതിന്റെ ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു

ചുരുക്കിപ്പറഞ്ഞാല്‍, ഹര്‍ത്താല്‍ ദിനത്തില്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശം പാടേ നിഷേധിയ്ക്കപ്പെടുന്നു.

ഉപജീവനസ്വാതന്ത്ര്യലംഘനം

വ്യാപാരവാണിജ്യവ്യവസായസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ഹര്‍ത്താലനുകൂലികള്‍ അനുവദിയ്ക്കാറില്ല. ഏതെങ്കിലും കടകള്‍ തുറന്നിരിയ്ക്കുന്നതു കണ്ടാല്‍ അവരവ ഉടന്‍ അടപ്പിയ്ക്കുന്നു. ഫാക്ടറികള്‍, ധനകാര്യസ്ഥാപനങ്ങള്‍, മറ്റു വ്യവസായസ്ഥാപനങ്ങള്‍ അവയൊക്കെ ഹര്‍ത്താലനുകൂലികള്‍ അടപ്പിയ്ക്കുന്നു. അടയ്ക്കാന്‍ വിസമ്മതിയ്ക്കുന്നവ ഹര്‍ത്താലനുകൂലികള്‍ തല്ലിപ്പൊളിച്ചതു തന്നെ. ഇക്കഴിഞ്ഞ ബന്ദിനെപ്പറ്റി വന്ന ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

അന്നന്നു ജോലി ചെയ്തു വേതനം പറ്റുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഹര്‍ത്താല്‍ ദിനം ജോലിനഷ്ടവും വേതനനഷ്ടവുമുണ്ടാക്കുന്നു. ചെറുതും വലുതുമായ വ്യവസായസംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം നഷ്ടമുണ്ടാകുന്നു.

സര്‍ക്കാര്‍സേവനത്തിനുള്ള പൊതുജനാവകാശം

പ്രവൃത്തിദിനങ്ങളിലുള്ള സര്‍ക്കാരാപ്പീസുകളുടെ സേവനം പൊതുജനത്തിന്റെ അവകാശമാണ്. ഹര്‍ത്താല്‍ ദിനങ്ങളില്‍ കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാരാപ്പീസുകളും സാമാന്യസേവനം നല്‍കുന്നുണ്ടാവില്ല. ഇക്കഴിഞ്ഞ ഹര്‍ത്താലിനെപ്പറ്റി മുകളില്‍ കൊടുത്തിരിയ്ക്കുന്ന വാര്‍ത്താശകലങ്ങളിലൊന്ന് കാക്കനാട് സിവില്‍ സ്‌റ്റേഷനെപ്പറ്റിയുള്ളതാണ്. അവിടത്തെ സര്‍ക്കാരാപ്പീസുകളില്‍ പകുതിയില്‍ താഴെ മാത്രമായിരുന്നു ഹാജര്‍നിലയെന്നു വാര്‍ത്തയില്‍ കാണുന്നു. ആപ്പീസില്‍ ഹാജരുള്ള ജീവനക്കാരുടെ എണ്ണം പകുതിയില്‍ താഴെ മാത്രമാകുമ്പോള്‍, അവിടങ്ങളില്‍ അന്നേദിവസം പൊതുജനസേവനം നടന്നുകാണാനിടയില്ല. മുപ്പതു ശതമാനത്തോളം ആപ്പീസുകള്‍ തുറക്കുക പോലും ചെയ്തില്ലെന്നും വാര്‍ത്തയില്‍ കാണുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനത്തിന്റെ സര്‍ക്കാര്‍ സേവനത്തിനുള്ള അവകാശവും ലംഘിയ്ക്കപ്പെടുന്നു എന്നു ചുരുക്കം.

സാമ്പത്തികനഷ്ടം

ഹര്‍ത്താല്‍ മൂലം മിക്ക പ്രദേശങ്ങളിലും വലുതായ വരുമാനനഷ്ടമുണ്ടാകുന്നു. ഓരോ ഹര്‍ത്താല്‍ ദിനവും സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്ന് ഒരു വര്‍ഷം മുമ്പു പത്രത്തില്‍ കണ്ടിരുന്നു. ഈ നഷ്ടത്തിന്റെ വലിയൊരു ഭാഗം സഹിയ്‌ക്കേണ്ടി വരുന്നതു പൊതുജനമാണ്.

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ബീജേപ്പിയാണു നടത്തിയത്. യൂഡിഎഫും എല്‍ഡിഎഫും ഇവിടെ ധാരാളം ഹര്‍ത്താലുകള്‍ നടത്തിയിട്ടുണ്ട്. യൂഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ഹര്‍ത്താല്‍ ദിനങ്ങളിലും മുകളില്‍ വിവരിച്ച പൊതുജനാവകാശലംഘനങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടായിട്ടുണ്ട്. യൂഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ബീജേപ്പിയുടേയും മാത്രമല്ല, പ്രാദേശികസംഘടനകളുടെ ഹര്‍ത്താലുകളും ഇവിടെ ഇടയ്ക്കിടെ നടന്നിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹര്‍ത്താലുകള്‍ ആചരിച്ചിരുന്ന നിലയ്ക്ക് ഹര്‍ത്താലുകള്‍ നിരോധിയ്ക്കുന്നതു ശരിയായ സമീപനമാവുകയില്ലെന്നാണ് ഒരു വാദം. അക്കാലത്തിവിടെ വിദേശികളാണു ഭരണം നടത്തിയിരുന്നത്. ഇന്നിപ്പോള്‍ ജനങ്ങള്‍ തന്നെ ഭരിയ്ക്കുന്നു. അന്നത്തെ ഹര്‍ത്താലുകള്‍ വിദേശസര്‍ക്കാരിനെതിരെയുള്ളതായിരുന്നെങ്കില്‍, ഇന്നിവിടെ നടക്കുന്ന ഹര്‍ത്താലുകളെല്ലാം ഇവിടത്തെ ജനതയ്‌ക്കെതിരായുള്ളവയാണ്. കേരളത്തില്‍ സമീപകാലങ്ങളില്‍ നടന്നുകണ്ടിട്ടുള്ള ഹര്‍ത്താലുകളൊന്നടങ്കം ജനതയ്‌ക്കെതിരായിരുന്നു താനും. ഹര്‍ത്താലുകളുടെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധികം സഹിയ്‌ക്കേണ്ടി വന്നതു ജനതയ്ക്കായിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച മൗലികാവകാശലംഘനങ്ങളുണ്ടാകുന്നത് അനുവദിയ്ക്കാന്‍ പാടില്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇതിലേയ്ക്കുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുമ്പാകെ സമര്‍പ്പിയ്ക്കുന്നു:

നിര്‍ദ്ദേശം (1) സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവയ്ക്കരുത്

ഒരു ദിവസം ഹര്‍ത്താലായി ആചരിയ്ക്കുമെന്ന് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ മുന്നണിയോ മറ്റേതെങ്കിലും സംഘടനകളോ പ്രഖ്യാപിച്ചാലുടന്‍ ആ ദിവസം നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ പരിപാടികളെല്ലാം മാറ്റിവയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ആണ് എല്‍ഡിഎഫ് സര്‍ക്കാരുകളും യുഡിഎഫ് സര്‍ക്കാരുകളും ചെയ്തു പോന്നിരിയ്ക്കുന്നത്. നിലവിലിരിയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇക്കഴിഞ്ഞ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ‘ആദരിച്ച്’ മുന്‍ പതിവു തന്നെ തുടര്‍ന്നു. ഹര്‍ത്താല്‍ മൂലം സര്‍ക്കാര്‍ മാറ്റിവച്ച പരിപാടികളെപ്പറ്റി പത്രത്തില്‍ വന്ന ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

ഹര്‍ത്താലിനോടു സര്‍ക്കാര്‍ സഹകരിയ്ക്കുന്നതായും, ഹര്‍ത്താലിനെ സര്‍ക്കാര്‍ അംഗീകരിയ്ക്കുന്നതായുമൊക്കെയാണ് ഇത്തരം മാറ്റിവെപ്പുകള്‍ പരോക്ഷമായെങ്കിലും സൂചിപ്പിയ്ക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താലനുകൂലികള്‍ സര്‍ക്കാരിനേക്കാള്‍ വലിയ അധികാരികളായിത്തീരുന്നതിന് ഇതിടയാക്കുന്നു. സര്‍ക്കാര്‍പരിപാടികള്‍ യഥാസമയം നടത്താനുള്ള ദൃഢനിശ്ചയവും സ്ഥൈര്യവും കഴിവും സര്‍ക്കാരിനുണ്ടാകണം. സംസ്ഥാനത്തെ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ മടിഞ്ഞാല്‍, ജനതയുടെ കാര്യം കഷ്ടത്തിലാകും; തങ്ങളുടെ നിയമപരമായ അവകാശസംരക്ഷണത്തിന്നായി ജനതയ്ക്കു സമീപിയ്ക്കാന്‍ അധികാരികളില്ലാതാകും.

ഈ വിഷയത്തില്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളിലൊന്ന് ഇതാണ്: സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികളിലൊരെണ്ണം പോലും ഹര്‍ത്താല്‍ മൂലം മാറ്റിവയ്ക്കരുത്. സര്‍ക്കാര്‍ നിശ്ചയിച്ച പരീക്ഷകളായാലും ഇന്റര്‍വ്യൂകളായാലും യോഗങ്ങളായാലും, അവയെല്ലാം ഹര്‍ത്താല്‍ ദിവസം നടത്തുക തന്നെ വേണം. അവയൊന്നും മാറ്റിവയ്ക്കരുതെന്നു മാത്രമല്ല, അവ രണ്ടാമതൊരു തവണ കൂടി നടത്തുകയുമരുത്. ചുരുക്കിപ്പറഞ്ഞാല്‍, ഹര്‍ത്താല്‍ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും അതേ ദിവസം തന്നെ നടത്തണം.

ഹര്‍ത്താല്‍ ദിനങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവയ്ക്കുകയെന്ന, മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി, ഭാവിയിലുണ്ടായേയ്ക്കാവുന്ന ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റി വയ്ക്കുകയില്ലെന്നും, അവ മുന്‍കൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കണമെന്നും ഞാനഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുവരെയുള്ളതില്‍ നിന്നു വ്യത്യസ്തമായ ഈ സമീപനത്തെപ്പറ്റി ജനതയെ മുന്‍കൂറായി തെര്യപ്പെടുത്താന്‍ അടുത്ത ഹര്‍ത്താല്‍ വരെ കാത്തിരിയ്ക്കരുതെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു.

നിര്‍ദ്ദേശം (2) ട്രിപ്പു മുടക്കുന്ന ബസ്സുകളില്‍ നിന്നു പിഴ ഈടാക്കണം

ജീവികള്‍ക്കു രക്തചംക്രമണമെന്ന പോലെ അനുപേക്ഷണീയമാണ് ഒരു രാജ്യത്തിനു ഗതാഗതം. ഗതാഗതം ഒരിയ്ക്കലും നിലയ്ക്കാന്‍ പാടില്ല. പൊതുജനത്തിന്റെ സഞ്ചാരത്തിന് യാതൊരു പ്രതിബന്ധവുമുണ്ടാകാന്‍ പാടില്ല. ബസ്സുകള്‍ അവശ്യസേവനമാണ്. സ്വകാര്യബസ് സര്‍വീസുകളായാലും കെ എസ് ആര്‍ ടി സി യുടെ സര്‍വീസുകളായാലും അവ മുടങ്ങാന്‍ പാടില്ല. ഹര്‍ത്താല്‍ ദിവസം ഭൂരിഭാഗം സ്വകാര്യബസ്സുകളും റോഡിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടീ സി ബസ്സുകള്‍ നാമമാത്രമായി സര്‍വീസുകള്‍ നടത്തുന്നു. അവരും തങ്ങളുടെ ഭൂരിഭാഗം ബസ്സുകളും ഡിപ്പോകളില്‍ നിന്നു പുറത്തിറക്കാറില്ല.

ഇക്കാര്യത്തിലും എനിയ്‌ക്കൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാനുണ്ട്. ട്രിപ്പുകള്‍ മുടക്കിയ ബസ്സുകളില്‍ നിന്ന് അവ മുടക്കിയ ഓരോ ട്രിപ്പിനും പിഴ ഈടാക്കണം. ഒരു ബസ്സിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനത്തെ ഒരു ദിവസത്തെ ആകെ ട്രിപ്പുകളുടെ എണ്ണം കൊണ്ടു ഭാഗിച്ചു കിട്ടുന്ന തുക ഹര്‍ത്താല്‍ ദിനത്തില്‍ മുടക്കിയ ഓരോ ട്രിപ്പിനുമുള്ള പിഴയായി ഈടാക്കണം. ഒരു ബസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ ട്രിപ്പുകളും മുടക്കുന്നെങ്കില്‍, ആ ബസ്സിന്റെ ശരാശരി പ്രതിദിനവരുമാനം പിഴയായി ഈടാക്കണം. ഈ പിഴ സ്വകാര്യബസ് സര്‍വീസുകള്‍ക്കു മാത്രമല്ല, ട്രിപ്പു മുടക്കുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കും ഒരേ പോലെ ബാധകമാക്കണം. ട്രിപ്പു മുടക്കിയാല്‍ കനത്ത പിഴയെന്ന ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.

നിര്‍ദ്ദേശം (3) എഴുപത്തഞ്ചു ശതമാനത്തില്‍ കുറഞ്ഞ ഹാജര്‍നില

പൊതുജനത്തെയാണു സര്‍ക്കാര്‍ ആപ്പീസുകള്‍ സേവിയ്ക്കുന്നത്. സര്‍ക്കാര്‍ ആപ്പീസു പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ കഷ്ടപ്പെടുന്നതു പൊതുജനമാണ്. ഒരു ദിവസം ഒരു സര്‍ക്കാര്‍ ആപ്പീസിലെ ഹാജര്‍ നില എഴുപത്തഞ്ചു ശതമാനത്തില്‍ കുറവാണെങ്കില്‍ ആ ദിവസം ആ ആപ്പീസില്‍ നിന്നു പൊതുജനത്തിനു കിട്ടേണ്ടതായ സേവനം വേണ്ടുംവണ്ണം കിട്ടിയിട്ടുണ്ടാവില്ല. പൊതുജനസേവനം മുടങ്ങാന്‍ പാടില്ല. ഹര്‍ത്താല്‍ ദിവസം ഒരാപ്പീസില്‍ ഇരുപത്തഞ്ചു ശതമാനത്തിലേറെപ്പേര്‍ ജോലിയ്ക്കു ഹാജരാകാതിരുന്നാല്‍, അന്നു ഹാജരാകാതിരുന്ന ജീവനക്കാര്‍ക്ക് ആ ദിവസത്തേയ്ക്കുള്ള വേതനം നല്‍കരുതെന്നാണ് എന്റെ മറ്റൊരു നിര്‍ദ്ദേശം. ഹര്‍ത്താല്‍ ദിവസം പൊതുജനത്തിനു ലഭിയ്‌ക്കേണ്ട സേവനം നിര്‍ബാധം ലഭിയ്ക്കുന്നതിനു തടസ്സമുണ്ടാകാതിരിയ്ക്കാന്‍ ഈ നടപടി ആവശ്യമാണ്. ചികിത്സയ്ക്കായി ഹര്‍ത്താല്‍ ദിവസത്തിനു മുമ്പു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിരുന്നതു മൂലം (അഡ്മിറ്റു ചെയ്യപ്പെട്ടിരുന്നതിനാല്‍) ഹര്‍ത്താല്‍ ദിവസം ജോലിയ്ക്കു ഹാജരാകാന്‍ കഴിയാതെ പോയവര്‍ക്കു വേതനം നിഷേധിയ്ക്കുകയില്ല എന്നൊരിളവ് ഇവിടെ അനുവദിയ്ക്കണം.

നിര്‍ദ്ദേശം (4) സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം

ഒരു ഹര്‍ത്താല്‍ ദിവസം ഏറെ സമയം കാത്തുനിന്നിട്ടും കെ എസ് ആര്‍ ടി സി ബസ്സുകള്‍ കാണാതിരുന്നപ്പോള്‍ ബന്ധപ്പെട്ട ഡിപ്പോയില്‍ വിളിച്ചു ചോദിച്ചു. ബസ്സുകളോടിയ്ക്കാനുള്ള ക്ലിയറന്‍സ് പോലീസ് അധികാരികള്‍ നല്‍കിയിട്ടില്ല എന്ന ഉത്തരമാണു കിട്ടിയത്. പോലീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍, ബസ്സുകള്‍ ഓടിയ്‌ക്കേണ്ട എന്ന നിര്‍ദ്ദേശം കൊടുത്തിട്ടില്ല എന്നും അറിഞ്ഞു. തിരികെ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വിളിച്ചപ്പോള്‍, ‘െ്രെഡവര്‍മാരും കണ്ടക്ടര്‍മാരുമൊക്കെ മനുഷ്യരല്ലേ, അവര്‍ക്കും ജീവനില്‍ കൊതിയുണ്ടാകും, കല്ലേറും തല്ലും ഇടിയും കൊള്ളാനുമൊക്കെ ആരാണു തയ്യാറാകുക” എന്ന മറുചോദ്യമായിരുന്നു മറുപടി.

ബസ്സുകളോടിയ്ക്കാന്‍ ജീവനക്കാര്‍ ഭയക്കുന്ന വിധം ആപത്കരമാണ് ഒരു പ്രദേശമെങ്കില്‍, ആ പ്രദേശത്താകെ സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം എന്നാണു ഞാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശം. അത്തരം പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ദിവസം നാലിലേറെപ്പേര്‍ ഒരുമിച്ചു നടക്കുന്നതു നിരോധിയ്ക്കണം. ഹര്‍ത്താല്‍ ദിവസം ഹര്‍ത്താലനുകൂലികള്‍ കൂട്ടം കൂട്ടമായാണു വഴി തടയാനും വാഹനങ്ങള്‍ക്കു കല്ലെറിയാനും മറ്റക്രമങ്ങള്‍ക്കുമൊക്കെയായി തെരുവിലിറങ്ങുന്നത്. നാലിലേറെപ്പേര്‍ ഒരുമിച്ചു നടക്കുന്നതു നിരോധിച്ചാല്‍, ഹര്‍ത്താല്‍ ദിനത്തിലെ അക്രമപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും.

ഹര്‍ത്താലിനു തൊട്ടു മുന്‍പത്തെ ദിവസം, ഹര്‍ത്താല്‍ ദിനം, ഹര്‍ത്താലിന്റെ അടുത്ത ദിനം എന്നിങ്ങനെ മൂന്നു ദിവസത്തേയ്ക്കായിരിയ്ക്കണം സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കുന്നത്. സെക്ഷന്‍ 144 അനുസരിച്ചുള്ള പ്രഖ്യാപനം ലംഘിച്ചുകൊണ്ടു ഹര്‍ത്താലനുകൂലികള്‍ തെരുവിലിറങ്ങിയാല്‍ അവരെ നിയമമനുസരിച്ചു തന്നെ കൈകാര്യം ചെയ്യണം: ചൂരല്‍പ്രയോഗം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗം, ജലപീരങ്കി – ഇവയുപയോഗിച്ച് നിയമലംഘനം ഏതുവിധേനയും തടയുകയും സുഗമമായ വാഹനഗതാഗതം സാദ്ധ്യമാക്കുകയും വേണം. സര്‍ക്കാരിനോട് എതിര്‍പ്പുണ്ടെങ്കില്‍ അതു പ്രകടിപ്പിയ്ക്കാന്‍ ഇവിടെ നിയമം അനുവദിയ്ക്കുന്ന മാര്‍ഗങ്ങള്‍ പലതുമുണ്ട്; അവ സ്വീകരിയ്ക്കുന്നതിനു പകരം തെരുവിലിറങ്ങി പൊതുജനത്തെ ദ്രോഹിയ്ക്കുന്ന പതിവിന് ഒരവസാനമുണ്ടാകണം.

ഹര്‍ത്താല്‍ ദിനത്തില്‍ മുടക്കം കൂടാതെ എല്ലാ ട്രിപ്പുകളും ഓടിയ്ക്കാന്‍ തയ്യാറാണോ അല്ലയോ എന്നു കെ എസ് ആര്‍ ടി സിയോടും സ്വകാര്യബസ്സുകാരോടും ഹര്‍ത്താല്‍ ദിനത്തിന് ഏതാനും ദിവസം മുമ്പു തന്നെ ആരായണം. ആപല്‍ശങ്കയുണ്ട്, ബസ്സോടിയ്ക്കില്ല എന്നാണ് ഒരു പ്രദേശത്തു നിന്നുള്ള ഉത്തരമെങ്കില്‍ ആ പ്രദേശത്തു നിശ്ചയമായും സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം. ഒരു ജില്ലയൊന്നാകെ ഭീതിയിലാണെങ്കില്‍ ജില്ലയൊന്നാകെ സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം. ട്രിപ്പുകള്‍ മുടക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം സ്വകാര്യബസ്സുകള്‍ക്കും കെ എസ് ആര്‍ ടി സിയ്ക്കും നല്‍കണം.

അക്രമം നടത്തുന്നവര്‍

ഹര്‍ത്താല്‍ ദിനത്തില്‍ സാമൂഹ്യവിരുദ്ധരാണു ഹര്‍ത്താലനുകൂലികളെന്ന വ്യാജേന അക്രമം നടത്തുന്നത്. ബസ്സുകളും ആപ്പീസുകളും മറ്റും തല്ലിത്തകര്‍ക്കുന്നവര്‍ സാമൂഹ്യവിരുദ്ധര്‍ തന്നെ, യാതൊരു സംശയവുമില്ല. രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരാണ് അക്രമം നടത്തുന്നതെങ്കില്‍ അവര്‍ സാമൂഹ്യവിരുദ്ധരാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ സാമൂഹ്യവിരുദ്ധതയെന്നാല്‍ ജനശത്രുത. അത്തരം ജനശത്രുക്കളെ തിരിച്ചറിഞ്ഞ്, അവരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്താക്കണം. ഹര്‍ത്താല്‍ ദിനത്തില്‍ ജനതയുടെ മൗലികാവകാശസംരക്ഷണത്തിന്നായി കര്‍ക്കശനടപടികളെടുക്കാതെ സര്‍ക്കാര്‍ പിന്തിരിയുമ്പോള്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണു നടക്കുക. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ക്കശനടപടികളെടുക്കാതിരിയ്ക്കുമ്പോള്‍ നിസ്സഹായരായ ജനത സാമൂഹ്യവിരുദ്ധര്‍ക്കു കീഴ്‌പ്പെടേണ്ടി വരുന്നു. അതുകൊണ്ട്, ഹര്‍ത്താലുകളെ നേരിടാന്‍ മുകളില്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിയ്ക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യര്‍ത്ഥന ഇവിടെ അവസാനിയ്ക്കുന്നു.

മുകളില്‍ കൊടുത്തിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ പല വിഭാഗങ്ങളും എതിര്‍ക്കാനിടയുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ട്രിപ്പു മുടക്കിയാല്‍ പിഴയൊടുക്കേണ്ടി വരുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസ്സുടമകളും, ഹര്‍ത്താല്‍ ദിനങ്ങള്‍ ശമ്പളസഹിത അവധിദിനങ്ങളല്ലാതായിത്തീരുന്നതു കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരും എതിര്‍ക്കാതിരിയ്ക്കില്ല. ഹര്‍ത്താല്‍ ദിനത്തില്‍ നൂറ്റിനാല്പത്തിനാലാം വകുപ്പു പ്രഖ്യാപിച്ചാല്‍, കൂട്ടത്തോടെ തെരുവിലിറങ്ങി വാഹനങ്ങളെ കല്ലെറിയാനും, ആപ്പീസുകളും വ്യാപാരവാണിജ്യവ്യവസായസ്ഥാപനങ്ങളും ബലം പ്രയോഗിച്ച് അടപ്പിയ്ക്കാനും സാധിയ്ക്കാതെ വരുന്നതു കൊണ്ടു ഹര്‍ത്താലനുകൂലികളും നിര്‍ദ്ദേശങ്ങളെ എതിര്‍ക്കും; നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ഇക്കൂട്ടര്‍ എതിര്‍ക്കുക മാത്രമല്ല, അതിനോടു പ്രതിഷേധിയ്ക്കാന്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്യും, തീര്‍ച്ച.

കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ chiefminister@kerala.gov.in എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയച്ച അഭ്യര്‍ത്ഥനയിന്മേല്‍ നടപടികളെന്തെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചതായി അറിയിപ്പു കിട്ടിയിട്ടില്ല. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള ഹര്‍ത്താലുകളെ അനുകൂലിയ്ക്കാത്തവര്‍ വായനക്കാരുടെ ഇടയിലുണ്ടെങ്കില്‍ അവരോടൊരു അഭ്യര്‍ത്ഥനയുള്ളത്, അവരും മുകളില്‍ ഉദ്ധരിച്ചിരിയ്ക്കുന്നതു പോലുള്ള അഭ്യര്‍ത്ഥനകള്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്ക് അയയ്ക്കണം എന്നതാണ്. അഞ്ചോ പത്തോ അഭ്യര്‍ത്ഥനകള്‍ അനുകൂലനിലപാടെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചെന്നു വരില്ല. എന്നാല്‍, അഭ്യര്‍ത്ഥനകള്‍ ആയിരമോ പതിനായിരമോ ആയാല്‍, അനുകൂലഫലമുണ്ടാകാം.

ഹര്‍ത്താലുകളുടെ നിരോധനമല്ല നമ്മുടെ ആവശ്യം. ഹര്‍ത്താലുകള്‍ നടത്താന്‍ ജനതയ്ക്കുള്ള സ്വാതന്ത്ര്യം പരിരക്ഷിയ്ക്കപ്പെടുന്നതോടൊപ്പം, ഹര്‍ത്താലുകളില്‍ പങ്കെടുക്കാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യവും ജനതയ്ക്കുണ്ടാവണം, ഹര്‍ത്താലുകളില്‍ പങ്കു ചേരാത്തവരുടെ മൗലികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിയ്ക്കപ്പെടുകയും വേണം: അതാണു നമ്മുടെ ആവശ്യം.

പ്രതികരണങ്ങള്‍ക്കു സ്വാഗതം; അവ sunilmssunilms@rediffmail.com എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയയ്ക്കാനഭ്യര്‍ത്ഥിയ്ക്കുന്നു.

Read more

നെയ് വിളക്ക്

എന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാല്‍ നിലവിളക്കിനു ക്ലാവു പിടിച്ച പോലെ, പച്ച നിറം വരുമായിരുന്നു. പച്ചനിറം വന്ന നിലവിളക്കു തേച്ചു കഴുകുക എളുപ്പമായിരുന്നില്ല. പൊതുവില്‍ പുന്നക്കയെണ്ണയോട് ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും, അന്നതിനു വിലക്കുറവുണ്ടായിരുന്നു കാണണം. അല്ലെങ്കിലത് അധികമാരും ഉപയോഗിയ്ക്കുമായിരുന്നില്ല.
 
മരോട്ടിയെണ്ണയും അക്കാലത്തു നിലവിളക്കില്‍ ഉപയോഗിച്ചിരുന്നു. പുന്നക്കയെണ്ണയേക്കാള്‍ അല്പം ഭേദം എന്നു മാത്രം. അതിനു പച്ചനിറമുണ്ടായിരുന്നില്ല. എങ്കിലും, അതുപയോഗിച്ചു കഴിയുമ്പോള്‍ നിലവിളക്കില്‍ പച്ചനിറം വന്നിരുന്നു, കുറഞ്ഞ തോതിലെങ്കിലും. അതിന്റെ വെളിച്ചത്തിനും കാര്യമായ പ്രകാശക്കൂടുതലുണ്ടായിരുന്നില്ല എന്നാണോര്‍മ്മ.
 
ഇവയേക്കാളേറെ പ്രകാശിച്ചിരുന്നതു നല്ലെണ്ണ അഥവാ എള്ളെണ്ണയായിരുന്നു. അക്കാലത്ത് വിലക്കൂടുതലുള്ളൊരു 'ലക്ഷുറി ഐറ്റ'മായിരുന്നു, നല്ലെണ്ണ. അതുകൊണ്ടതു വിശേഷദിവസങ്ങളില്‍ മാത്രം നിലവിളക്കിലുപയോഗിച്ചിരുന്നു. നല്ലെണ്ണയൊഴിയ്ക്കുന്നതിനു മുമ്പു നിലവിളക്കു നന്നായി തേച്ചു കഴുകി മിനുക്കിയിരിയ്ക്കും.
 
എള്ളെണ്ണയേക്കാള്‍ പ്രകാശത്തോടെ കത്തുന്നതു വെളിച്ചെണ്ണയാണെങ്കിലും, അക്കാലത്തു നിലവിളക്കില്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതു കണ്ടിട്ടില്ല. വെളിച്ചെണ്ണ പെട്ടെന്നു കത്തുന്നതുകൊണ്ടും, അതിനന്നു താരതമ്യേന വിലക്കൂടുതലായിരുന്നതുകൊണ്ടും ആകാമത്. അതോടൊപ്പം, മുഖ്യ ഭക്ഷ്യ എണ്ണയുമായിരുന്നു, വെളിച്ചെണ്ണ. ആഹരിയ്ക്കാനുള്ളതെടുത്തെങ്ങനെ കത്തിച്ചു കളയും എന്നു വിചാരിച്ചും കാണും. ഇന്നിപ്പോള്‍ അതിന്റെ വില എള്ളെണ്ണയുടേതിനേക്കാള്‍ കുറവാണ്. വെളിച്ചെണ്ണ നല്ല പോലെ കത്തുമെന്ന ഗുണം മൂലമായിരിയ്ക്കണം, അതു ഡീസലോടൊപ്പം ചേര്‍ത്തു വാഹനങ്ങളോടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നത്.
 
കേരളീയരുടെ ആഹാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായ വെളിച്ചെണ്ണ വാഹനങ്ങളുടെ ഇന്ധനമായിത്തീര്‍ന്നാല്‍ ഭക്ഷ്യ ആവശ്യങ്ങള്‍ക്കതു കിട്ടാനില്ലെന്നു വന്നേയ്ക്കാം. അനിയന്ത്രിതമായ വാഹനപ്പെരുപ്പമുള്ള കേരളത്തില്‍ കേരളീയര്‍ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണയിലേയ്ക്കു തിരിയേണ്ടിയും വരും. എഞ്ചിനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതു കൊണ്ടാവാം, വെളിച്ചെണ്ണ ഇവിടത്തെ വാഹനങ്ങളില്‍ ഇന്ധനമായി വന്‍ തോതില്‍ ഉപയോഗിയ്ക്കാന്‍ തുടങ്ങാത്തത്. അത്രയും നന്ന്!
 
പണ്ടു മുറികളില്‍ വെളിച്ചത്തിനായി രാത്രി ഉപയോഗിച്ചിരുന്നത് 'അരിക്ക്‌ലാമ്പ്' എന്ന വിളിപ്പേരുണ്ടായിരുന്ന ഹറീക്കെയ്ന്‍ ലാമ്പ്, അഥവാ തൂക്കുവിളക്ക് ആയിരുന്നു. പിന്‍മുറികളില്‍ ഓട്ടുവിളക്കുകളുപയോഗിച്ചു. മണ്ണെണ്ണയായിരുന്നു, അവയിലെ ഇന്ധനം. മണ്ണെണ്ണ അപകടകാരിയായതിനാലാവാം, അതൊരിയ്ക്കലും നിലവിളക്കിലുപയോഗിച്ചിരുന്നില്ല.
 
സമ്പന്നരല്ലാത്ത കുടുംബങ്ങളിലെ പതിവുകളാണു മുകളില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്. വൈദ്യുതിയില്ലാത്ത വീടുകളായിരുന്നു അന്നു കൂടുതലും. ഇന്നാകട്ടെ, ഞങ്ങളുടെ വില്ലേജില്‍ സമ്പൂര്‍ണവൈദ്യുതവല്‍ക്കരണം നടന്നിരിയ്ക്കുന്നു; വൈദ്യുതിയില്ലാത്ത വീടുകളില്ല. കറന്റു പോകുമ്പോള്‍ നിമിഷനേരം കൊണ്ട് എമര്‍ജന്‍സി ലാമ്പ് തെളിയുന്ന വീടുകളിന്നു ധാരാളം; ഇന്‍വേര്‍ട്ടര്‍ ഉള്ളയിടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ മെഴുകുതിരി തെളിയുന്നു. വിരളമായി ഓട്ടുവിളക്കും. പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും കാണുക പോലും ചെയ്യാത്തവരായിരിയ്ക്കും ഇന്നു കൂടുതലും.
 
വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്. ട്യൂബ്‌ലൈറ്റിന്റെ പാല്‍വെളിച്ചം പരന്നിരിയ്ക്കുന്ന വരാന്തയില്‍ കുറച്ചു നേരം നിലവിളക്കും തനിയ്ക്കാകുന്ന വിധം കത്തുന്നു. ബള്‍ബു പോയി ട്യൂബ്‌ലൈറ്റു വന്നു. ട്യൂബ്‌ലൈറ്റ് സി എഫ് എല്ലിനു വഴി മാറിക്കൊടുത്തു. സീ എഫ് എല്ലിനെ എല്‍ ഈ ഡി പുറത്താക്കിയിരിയ്ക്കുന്നു. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടും നിലവിളക്കിനു ഭ്രഷ്ട് സംഭവിച്ചിട്ടില്ല. എല്‍ ഈ ഡിയുടേതായ ആധുനികയുഗത്തെ പഴയ കാലവുമായി ബന്ധിപ്പിയ്ക്കുന്നൊരു 'ലിങ്ക്' ആയി നിലവിളക്കു തുടരുന്നു. പഴമയെ നാം പൂര്‍ണമായി മറന്നുപോകാതിരിയ്ക്കാന്‍ നിലവിളക്കു സഹായിയ്ക്കുന്നു.
 
ഭക്ഷിയ്ക്കാനുള്ളതല്ല എന്ന മുന്നറിയിപ്പോടു കൂടിയ 'വിളക്കെണ്ണ' വാങ്ങാന്‍ കിട്ടും. വില കൂടിയ നല്ലെണ്ണയ്ക്കു പകരം, വില കുറഞ്ഞ വിളക്കെണ്ണയാണിപ്പോള്‍ നിലവിളക്കില്‍ കൂടുതലും ഉപയോഗിയ്ക്കപ്പെടുന്നത്. പണം 'കത്തിച്ചു' കളയുന്നതു കഴിയുന്നത്ര കുറയട്ടെ എന്നു മിക്കവരും വിചാരിയ്ക്കുന്നുണ്ടാകും. ഉപയോഗശൂന്യമായ പാചക എണ്ണയാണു വിളക്കെണ്ണയെന്ന പേരില്‍ വില്‍ക്കപ്പെടുന്നതെന്ന വാര്‍ത്ത ദൃഷ്ടിയില്‍ പെട്ടിരുന്നു. അതു മൃഗങ്ങളുടെ അറവു മാലിന്യങ്ങളില്‍ നിന്നുണ്ടാക്കുന്നതാണെന്ന അപശ്രുതിയും കേട്ടിരുന്നു. ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയില്ല. കുപ്പിയില്‍ ഭംഗിയായി പാക്കു ചെയ്തിരിയ്ക്കുന്ന, വൃത്തിയുള്ള വിളക്കെണ്ണ കാണുമ്പോള്‍ അതില്‍ മാലിന്യങ്ങളുണ്ടെന്നു തോന്നാറില്ല. അതുകൊണ്ടു കൂടിയായിരിയ്ക്കണം, അപവാദങ്ങള്‍ പലതുമുണ്ടായിട്ടും, പലരുമതു വാങ്ങുന്നത്.
 
പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും ഇപ്പോള്‍ വിസ്മൃതിയിലാണ്ടു പോയിരിയ്ക്കുന്നു. ഭൂരിഭാഗം കടകളിലും അവ വാങ്ങാന്‍ കിട്ടുമെന്നും തോന്നുന്നില്ല. മുകളില്‍ സൂചിപ്പിച്ച പോലെ, എള്ളെണ്ണയാണിപ്പോള്‍ നിലവിളക്കു കത്തിയ്ക്കാനുപയോഗിച്ചു കാണാറ്. വിരളമായെങ്കിലും വെളിച്ചെണ്ണയും ഉപയോഗിയ്ക്കുന്നുണ്ടാകാം. രണ്ടും ഭക്ഷ്യഎണ്ണകളെന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരിയ്ക്കുന്നവയാണ്. ആഹരിയ്ക്കാനുള്ള എണ്ണകളാണവയെങ്കിലും, അവ രണ്ടും നിലവിളക്കിലുപയോഗിയ്ക്കുന്നതു മനസ്സിലാക്കാം; വൃത്തിയും തൃപ്തിയുമുള്ള എന്തെങ്കിലും വേണമല്ലോ, നിലവിളക്കിലൊഴിയ്ക്കാന്‍. പക്ഷേ, മനസ്സിലാക്കാനാകാത്തതു നിലവിളക്കിലെന്തിനു നെയ്യുപയോഗിയ്ക്കുന്നൂ എന്നതാണ്.
 
ശബരിമലയില്‍ നെയ്‌വിളക്കു തെളിയിച്ചു എന്നൊരു വാര്‍ത്ത ചാനലുകളിലുണ്ടായിരുന്നു. എള്ളെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം നിലവിളക്കില്‍ നെയ്യൊഴിച്ചു കത്തിച്ചുവത്രേ! ശബരിമലയില്‍ മാത്രമല്ല, മറ്റു പല ക്ഷേത്രങ്ങളിലും നിലവിളക്കു തെളിയിയ്ക്കുന്നതു നെയ്യൊഴിച്ചായിരിയ്ക്കാം; വിശേഷദിവസങ്ങളിലെങ്കിലും.
 
പക്ഷേ, വിളക്കു തെളിയിയ്ക്കാന്‍ നെയ്യുപയോഗിയ്ക്കുന്ന പതിവ് അവസാനിപ്പിയ്ക്കണം എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. നെയ്യിന്റെ ഉയര്‍ന്ന വില തന്നെ കാരണം. 200 ഗ്രാം മില്‍മ നെയ്യിന്റെ വില 102 രൂപയാണ്. ഈ നിരക്കില്‍ ഒരു കിലോവിന് അഞ്ഞൂറിനടുത്തു വില വരുമെന്ന് അനുമാനിയ്ക്കാം. എള്ളെണ്ണ ഒരു ലിറ്ററിന് 155 രൂപയേ ഉള്ളൂ. കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വില 130 രൂപ മാത്രം. എള്ളെണ്ണയുടേയും വെളിച്ചെണ്ണയുടേയും വിലകളുടെ മൂന്നിരട്ടിയിലേറെയാണു നെയ് വില.
 
മൊത്ത ആഭ്യന്തരോല്പാദനത്തെ അടിസ്ഥാനമാക്കി ഇന്റര്‍നാഷണല്‍ മോണറ്ററി ഫണ്ട് തയ്യാറാക്കിയിരിയ്ക്കുന്ന ലോകരാഷ്ട്രങ്ങളുടെ റാങ്ക് ലിസ്റ്റില്‍ ഏഴാമതായി നാമുയര്‍ന്നിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ, ഇവിടത്തെ സാമാന്യജനത സമ്പന്നരായിത്തീര്‍ന്നിട്ടില്ല. ഒരു ദിവസം 84 രൂപ (ഒന്നേകാല്‍ ഡോളര്‍) പോലും കിട്ടാത്ത 27 കോടി ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കേരളത്തിലെ സ്ഥിതി താരതമ്യേന അല്പം മെച്ചമാണെങ്കിലും, മറ്റു ചില സംസ്ഥാനങ്ങളിലെ ജനതയുടെ സ്ഥിതിയിപ്പോഴും പരിതാപകരമാണെന്നതിനു തെളിവുകളേറെ. കേരളത്തില്‍പ്പോലും, നെയ്യ് പതിവുഭക്ഷണത്തിലെ ഒരു സ്ഥിരം ഇനമാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ ഏറെയുണ്ടാകും.
 
രാജ്യത്തെ അഞ്ചിലൊന്നു ജനത സമ്പന്നതയില്‍ നിന്നു ബഹുകാതമകലെ, അതിജീവനത്തിനായി തത്രപ്പെടുമ്പോള്‍, അഞ്ഞൂറു രൂപയുടെ നെയ്യ് വിളക്കിലൊഴിയ്ക്കാനുപയോഗിയ്ക്കുന്നതു ധാരാളിത്തമാണെന്നു തന്നെ പറയണം. സാമാന്യജനത്തിന്റെ അവസ്ഥ കണക്കിലെടുത്ത് നിലവിളക്കില്‍ നെയ്യിനു പകരം എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കുകയും, അതുമൂലം മിച്ചം വയ്ക്കാനാകുന്ന തുക ശബരിമലയിലെത്തുന്ന ഭക്തസഹസ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിയ്ക്കുകയും ചെയ്താല്‍, ശ്രീഅയ്യപ്പന്‍ കൂടുതല്‍ പ്രസാദിയ്ക്കുകയേ ഉള്ളൂ, തീര്‍ച്ച.
 

Read more

‘ഹൃദയ’പൂർവം ചില തിരുത്തുകൾ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്‌കവും ഹൃദയത്തേക്കാൾ താഴ്‌ന്നവയാണെന്നു പറയുക ബുദ്ധിമുട്ടാണെങ്കിലും, മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്നിടത്ത്, പ്രത്യേകിച്ച് സാഹിത്യത്തിൽ, ഹൃദയത്തിനുള്ള സ്ഥാനം മറ്റൊരവയവത്തിനുമില്ല. ചങ്കിൽ കൈ വെച്ചുകൊണ്ടു പറയുക, ചങ്കിൽ കുത്തുക, ചങ്കുപൊട്ടി കരയുക എന്നിങ്ങനെ എഴുത്തിലുള്ള വികാരപ്രകാശനങ്ങളിൽ ഹൃദയത്തിനോളം സ്ഥാനം കരളിനോ മസ്തി‌ഷ്‌കത്തിനോ ഇല്ല.

അങ്ങനെ കൈ കഴുകി തൊടേണ്ട ‘ഹൃദയ’ത്തിനു പകരം ‘ഹ്രുദയം’ എന്ന് ആവർത്തിച്ചുപയോഗിച്ചിരിയ്ക്കുന്നത്, പ്രവാസിരചനകൾക്കു മുൻഗണന നൽകുന്ന ചില മലയാളം ബ്ലോഗ്സൈറ്റുകളിൽ ഇയ്യിടെ വന്നൊരു ബ്ലോഗിൽ കാണാനിടയായി. ഭാവി ബ്ലോഗുകളിലെങ്കിലും ‘ഹൃദയം’ ‘ഹ്രുദയ’മായിപ്പോകാതിരിയ്ക്കാൻ സഹായിയ്ക്കണമെന്നു തോന്നിയതിൻ ഫലമാണീ ലേഖനം.

ഹൃദയശസ്ത്രക്രിയയെപ്പോലെ ‘ഹൃദയം’ എന്ന പദത്തിന്റെ ഓൺലൈനെഴുത്തും മുമ്പ് എളുപ്പമായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ യൂണിക്കോഡ് ഫോണ്ടുകളുപയോഗിച്ചുള്ള മലയാളം ട്രാൻസ്ലിറ്ററേഷൻ അനായാസമായിത്തീർന്നിട്ടുണ്ട്. കീബോർഡിലെ ഇരുപത്താറു കീകളും ഷിഫ്റ്റുമുൾപ്പെടെ, ആകെ 27 കീകൾ കൊണ്ട് എഴുതാനാകാത്ത അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും മലയാളത്തിലുള്ള 460 ലിപികളിൽ ഇന്നില്ല എന്നു തന്നെ പറയാം.

മലയാളം ട്രാൻസ്ലിറ്ററേഷന് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളുപയോഗിയ്ക്കപ്പെടുന്നുണ്ട്. വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ വ്യത്യസ്തരീതികളുപയോഗിച്ച് (വ്യത്യസ്ത കീകളുപയോഗിച്ച്) ആയിരിയ്ക്കാം, ‘ഹൃ’ എഴുതുന്നത്. ഈ ലേഖകനുപയോഗിയ്ക്കുന്ന ഇൻകി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ‘ഹൃ’ എഴുതാനുള്ള കീ സ്‌ട്രോക്കുകളിവയാണ്: ആദ്യം ഇംഗ്ലീഷക്ഷരം ‘എച്ച്’ അടിയ്ക്കുക. ഷിഫ്റ്റ് അമർത്തിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷക്ഷരം ആർ അടിയ്ക്കുക: ‘ഹൃ’ വന്നു കഴിഞ്ഞിരിയ്ക്കും. ലളിതം! ഒരു വ്യഞ്ജനത്തോട് ഋ എന്ന സ്വരം ചേർക്കാൻ ഷിഫ്റ്റ് ആർ അടിയ്ക്കണമെന്നു ചുരുക്കം. ഋ ചേർത്ത മറ്റു ചില അക്ഷരങ്ങളുടെ കീ സ്‌ട്രോക്കുകൾ താഴെ കൊടുക്കുന്നു:

കൃ = k shift r

ജൃ = j shift r

തൃ = th shift r

ദൃ = d shift r

ധൃ = dh shift r

നൃ = n shift r

പൃ = p shift r

ഭൃ = bh shift r

മൃ = m shift r

വൃ = v shift r

ശൃ = S shift r

സൃ = s shift r

മുകളിൽ കൊടുത്തിരിയ്ക്കുന്ന കീ സ്‌ട്രോക്കുകൾ മറ്റു സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തിച്ചെന്നു വരില്ല. വ്യഞ്ജനങ്ങളോട് ഋ എന്ന സ്വരം ചേർക്കാൻ ഇംഗ്ലീഷക്ഷരം ആറിനോടൊപ്പം ^ എന്ന ചിഹ്നം ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുണ്ടെന്നും മനസ്സിലായിട്ടുണ്ട്.

വ്യഞ്ജനത്തോട് ഋ ചേർക്കുന്നത് ഇന്നു ദുഷ്‌കരമല്ലെങ്കിലും, തിരക്കിട്ടെഴുതുമ്പോൾ ഋ ചേർക്കേണ്ടിടത്തു റകാരം ചേർത്തുപോകാറുണ്ട്. ഈയബദ്ധം ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമായൊതുങ്ങിയാൽ സാരമില്ല. പക്ഷേ, ഒരേ ബ്ലോഗിൽത്തന്നെ ‘ഹ്രുദയം’ ആവർത്തിച്ചു വരികയും, അതിനു പുറമേ മറ്റനവധി വൈകല്യങ്ങളുമുണ്ടാകുകയും ചെയ്യുമ്പോൾ ബ്ലോഗിന്റേയും ബ്ലോഗ്സൈറ്റിന്റേയും, എല്ലാറ്റിനുമുപരി, ഭാഷയുടെ തന്നെയും മഹിമ നഷ്ടപ്പെടുന്നു. മുകളിൽ പരാമർശിച്ച ബ്ലോഗിൽ കണ്ട വൈകല്യങ്ങളും അവയുടെ ശരിരൂപങ്ങളും ചെറു വിശദീകരണങ്ങളോടൊപ്പം താഴെ കൊടുക്കുന്നു; ബ്ലോഗുകളിലെ മലയാളഭാഷയുടെ ശുദ്ധിയും അഴകും കഴിയുന്നത്ര വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം; അച്ചടിമാദ്ധ്യമത്തിൽ നിന്നു വായനക്കാരെ ബ്ലോഗ്സൈറ്റുകളിലേയ്ക്ക് ആകർഷിയ്ക്കാൻ ഇതാവശ്യമാണ്:

ഹ്രുദയാഭിലാഷം - ഹൃദയാഭിലാഷം

ഹ്രുദയപൂർവ്വം - ഹൃദയപൂർവം

ഹ്രുദയത്തിൽ - ഹൃദയത്തിൽ

ഹ്രുദയത്തിലെ - ഹൃദയത്തിലെ

യുവഹ്രുദയങ്ങളിൽ - യുവഹൃദയങ്ങളിൽ

ഹ്രുദ്യമായ - ഹൃദ്യമായ

ഗ്രഹാതുരമായി - ഗൃഹാതുരമായി

ഗ്രഹാതുരത്വത്തിന്റെ - ഗൃഹാതുരത്വത്തിന്റെ

ഹ്രുസ്വവിവരണങ്ങളും – ഹ്രസ്വവിവരണങ്ങളും (ഇവിടെ ഹ്ര ശരി തന്നെ.)

ഹ്രുസ്വസർഗ്ഗങ്ങളിലൂടെ - ഹ്രസ്വസർഗങ്ങളിലൂടെ

സ്രുഷ്ടികൾ - സൃഷ്ടികൾ

സ്രുഷ്ടിച്ച - സൃഷ്ടിച്ച

കാലനുസ്രുതമായ - കാലാനുസൃതമായ

ആക്രുഷ്ടരായി - ആകൃഷ്ടരായി

സംത്രുപ്തരാകുന്നു – സംതൃപ്തരാകുന്നു

‘ഹൃദയ’വൈകല്യമാണ് ഈ ലേഖനമെഴുതാൻ പ്രേരിപ്പിച്ചതെങ്കിലും, മറ്റു ചില വൈകല്യങ്ങൾ കൂടി മുമ്പു പരാമർശിച്ച ബ്ലോഗിൽ കണ്ടതുകൊണ്ട്, അവ കൂടി തിരുത്തിക്കാണിയ്ക്കാൻ ഈയവസരം വിനിയോഗിയ്ക്കുന്നു. ഏകദേശം പത്തു വാക്കുകളിൽ ‘ച്ച’ എന്ന കൂട്ടക്ഷരത്തിനു പകരം ‘ല്ല’ എന്നുപയോഗിച്ചു പോയിട്ടുണ്ട്. അവയുടെ ശരിരൂപങ്ങൾ താഴെ കൊടുക്കുന്നു:

വളർല്ല - വളർച്ച

വിളില്ലു - വിളിച്ചു

വെളില്ലം - വെളിച്ചം

ഏൽപ്പില്ല - ഏല്പിച്ച, ഏൽപ്പിച്ച

നിർവ്വഹില്ലിരിക്കുന്നു - നിർവഹിച്ചിരിക്കുന്നു

നിർവ്വഹില്ലിരിക്കുന്നത് - നിർവഹിച്ചിരിക്കുന്നത്

ജീവിതത്തെക്കുറില്ലൊക്കെ - ജീവിതത്തെക്കുറിച്ചൊക്കെ

നഗരങ്ങളെക്കുറില്ലുള്ള - നഗരങ്ങളെക്കുറിച്ചുള്ള

കെടുതികളെക്കുറില്ല് - കെടുതികളെക്കുറിച്ച്

ഗതിക്കനുസരില്ലുള്ള – ഗതിക്കനുസരിച്ചുള്ള

ഇരട്ടിപ്പുകൾ വേണ്ടിടങ്ങളിൽ അവയുപയോഗിയ്ക്കാതെ പോയ ഏതാനും സന്ധികളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:

ഒതുങ്ങി കൂടുന്നു - ഒതുങ്ങിക്കൂടുന്നു

ഏറെകാലം - ഏറെക്കാലം

വാരിതേക്കുകയും - വാരിത്തേക്കുകയും

വാങ്ങി കൂട്ടി - വാങ്ങിക്കൂട്ടി

എഴുതികൊടുക്കാൻ - എഴുതിക്കൊടുക്കാൻ

കോരികൊടുക്കുന്ന - കോരിക്കൊടുക്കുന്ന

മേച്ചിൽ പുറങ്ങൾ - മേച്ചിൽപ്പുറങ്ങൾ

തേടിപോകുന്നു – തേടിപ്പോകുന്നു

താഴെ കൊടുക്കുന്ന ഉദാഹരണങ്ങളിൽ ഇരട്ടിപ്പ് ആവശ്യമില്ലാത്തിടത്ത് അതു കൊടുത്തുപോയിരിയ്ക്കുന്നു:

ആവിഷ്‌ക്കാരത്തിലും - ആവിഷ്‌കാരത്തിലും (ഷകാരത്തോടു ചേരുന്ന കകാരം ഇരട്ടിയ്ക്കേണ്ടതില്ല)

രംഗാവിഷ്‌ക്കാരത്തിന്റെ - രംഗാവിഷ്‌കാരത്തിന്റെ

ചില പദങ്ങൾ ചേരുമ്പോൾ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സ്വരം ദീർഘിയ്ക്കും. അങ്ങനെയല്ലാതെ എഴുതിപ്പോയിരിയ്ക്കുന്ന ചില പദങ്ങളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:

ആരാധനഭാവത്തോടെ - ആരാധനാഭാവത്തോടെ

സഹോദരി പുത്രനായ - സഹോദരീപുത്രനായ

അതെപോലെ - അതേപോലെ

രചനതന്ത്രങ്ങളെ – രചനാതന്ത്രങ്ങളെ

രണ്ടു പദങ്ങൾ അടുത്തടുത്തു വരുമ്പോൾ അവയിലേതെങ്കിലുമൊന്നിനു മിക്കപ്പോഴും മാറ്റമുണ്ടാകും. ഈ മാറ്റം, രണ്ടാമത്തെ പദത്തിന്റെ തുടക്കം സ്വരത്തിലോ വ്യഞ്ജനത്തിലോ എന്നതിനെ ആശ്രയിച്ചിരിയ്ക്കും. സ്വരത്തിലെങ്കിൽ, ഒന്നാമത്തെ പദത്തിന്റെ അവസാനം ചന്ദ്രക്കല (സംവൃതോകാരം) പ്രയോഗിയ്ക്കണം. ചില ഉദാഹരണങ്ങൾ:

ആചാരങ്ങളാണു എല്ലാറ്റിനും

ഇവിടെ രണ്ടാമത്തെ വാക്കായ എല്ലാറ്റിനും എന്ന വാക്കിന്റെ തുടക്കത്തിലുള്ളത് എ; ഒരു സ്വരമാണ് എ. അതുകൊണ്ട്, ഒന്നാമത്തെ വാക്ക് ചന്ദ്രക്കലയിൽ അവസാനിയ്ക്കണം:

ആചാരങ്ങളാണ് എല്ലാറ്റിനും.

അതുപോലുള്ള മറ്റു ചിലത്:

സാഹിത്യരൂപത്തിനു ഇപ്പോൾ - സാഹിത്യരൂപത്തിന് ഇപ്പോൾ, സാഹിത്യരൂപത്തിനിപ്പോൾ

സംസ്കാരമാണു അദ്ദേഹത്തിന്റെ - സംസ്കാരമാണ് അദ്ദേഹത്തിന്റെ

പ്രവാസത്തിനു ഒരു - പ്രവാസത്തിന് ഒരു, പ്രവാസത്തിനൊരു

വിവേചനത്തിനു ഇരകളാകുന്നെങ്കിലും - വിവേചനത്തിന് ഇരകളാകുന്നെങ്കിലും

അലിയിക്കയാണു അല്ലാതെ - അലിയിക്കയാണ്, അല്ലാതെ (ഇവിടെ ചെറിയൊരു നിറുത്തുള്ളതിനാൽ കോമ വേണം)

അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളിൽ രണ്ടാമത്തേതു തുടങ്ങുന്നതു വ്യഞ്ജനത്തിലാണെങ്കിൽ ഒന്നാമത്തെ പദം ഉകാരത്തിലവസാനിയ്ക്കണം:

വിലങ്ങ്തടിയായി – വിലങ്ങുതടിയായി

തിരിഞ്ഞ്നോക്കുന്നു – തിരിഞ്ഞുനോക്കുന്നു

കാരണം വിശദീകരിയ്ക്കുന്ന വാക്യത്തിൽ, കാരണത്തെ തുടർന്ന് അല്പവിരാമം (കോമ) വേണം:

കാരണം. ഇത്തരം... - കാരണം, ഇത്തരം...

സമാനപദങ്ങളെ ഉം ചേർത്തെഴുതുമ്പോൾ അവയിക്കിടയിൽ കോമ വേണ്ട താനും:

സംസ്കാരവും, വിശേഷങ്ങളും - സംസ്കാരവും വിശേഷങ്ങളും

അകാരത്തിലവസാനിയ്ക്കുന്ന വാക്കിനെത്തുടർന്ന് ഇരട്ട കകാരം വരുമ്പോൾ യകാരം ചേർക്കണം:

ഒറ്റക്ക് – ഒറ്റയ്ക്ക്

ബ്ലോഗിൽ എഴുതിക്കണ്ട മറ്റു ചില പ്രയോഗങ്ങളുടെ അല്പം കൂടി നല്ല രൂപങ്ങൾ താഴെ കൊടുക്കുന്നു:

നമുക്ക് കുടിയേറിയ രാജ്യം അവകാശപ്പെട്ടിട്ടും - നാം കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും, കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും

നിഘണ്ടുവിൽ നിന്നും - നിഘണ്ടുവിൽ നിന്ന്

യാത്രകളിൽ നിന്നും - യാത്രകളിൽ നിന്ന്

സഹതാപസ്ഥിതിയിൽ മനമലിഞ്ഞ് - പരിതാപസ്ഥിതിയിൽ, ദയനീയസ്ഥിതിയിൽ

മെൽടിങ്ങ്പോട്ടിനും - മെൽറ്റിംഗ് പോട്ടിനും

ഹൂസ്റ്റൻ - ഹ്യൂസ്റ്റൻ

സുരക്ഷിതാബോധവും - സുരക്ഷാബോധവും, സുരക്ഷിതത്വബോധവും

ഒരു വാക്യത്തിലെ പദങ്ങളുടെ പ്രാധാന്യം വ്യത്യസ്തമായിരിയ്ക്കും. പ്രാധാന്യം കുറഞ്ഞ വാക്കുകൾ കഴിവതും പ്രധാനപ്പെട്ട പദങ്ങളുമായോ പരസ്പരമോ ചേർത്തെഴുതുന്നതു നന്ന്:

എന്ന ഒരു – എന്നൊരു

മേലെ ഒരു - മേലൊരു

ചുറ്റിലും ഉള്ള – ചുറ്റിലുമുള്ള

ർ എന്ന ചില്ലിനു ശേഷം ക, ച, ട, ത, പ, ന എന്നിവയൊഴികെ മറ്റക്ഷരങ്ങൾ ഇരട്ടിയ്ക്കേണ്ടതില്ല:

വിവാഹപൂർവ്വദിനങ്ങളിൽ - വിവാഹപൂർവദിനങ്ങളിൽ

സർഗ്ഗങ്ങളിലൂടെ – സർഗങ്ങളിലൂടെ

ഘടകപദങ്ങൾ സമാസിച്ചുണ്ടാകുന്ന സമസ്തപദം ചേർത്തെഴുതണം:

ജാതി വ്യവസ്ഥയുടെ – ജാതിവ്യവസ്ഥയുടെ

സമാസിക്കാത്ത പദങ്ങൾ ചേർക്കാതെഴുതണം:

പുതിയലോകം - പുതിയ ലോകം

യാത്രയുഗങ്ങളായി - യാത്ര യുഗങ്ങളായി

പുരോഗതിതേടിയുള്ള - പുരോഗതി തേടിയുള്ള

അതിനെസ്വന്തമാക്കാൻ - അതിനെ സ്വന്തമാക്കാൻ

വിവാഹത്തിനുമുമ്പുള്ള - വിവാഹത്തിനു മുമ്പുള്ള

പുതിയതലമുറ - പുതിയ തലമുറ

 
മറ്റു ചില തിരുത്തുകൾ

നേഴുമാരെ - നേഴ്‌സുമാരെ

സ്‌ര്‌തീകളുടെ - സ്ത്രീകളുടെ

വിസേഷദിവസങ്ങൾ - വിശേഷദിവസങ്ങൾ

വിശുദ്ധിപ്പോലെ - വിശുദ്ധി പോലെ

പലുതരാനും - പാലു തരാനും

കുടുമ്പം - കുടുംബം

മലയാളി കുടുമ്പം - മലയാളികുടുംബം

കൂട്ടുകുടുമ്പങ്ങളുടെ - കൂട്ടുകുടുംബങ്ങളുടെ

കാണൂക - കാണുക

ചൂഷണങ്ങൽ - ചൂഷണങ്ങൾ

പാശ്ചാത്തലത്തിൽ - പശ്ചാത്തലത്തിൽ

യാഥസ്ഥിതത്തോടെ - യഥാതഥമായി, യാഥാർത്ഥ്യബോധത്തോടെ

ആശയ വില്ലേഷണം - ആശയപ്രകാശനം (ആശയവിശ്ലേഷണം എന്നുമാകാം, പക്ഷേ, അർത്ഥം വ്യത്യസ്തമാകും.)

അത്മറ്റു സംസ്കാരങ്ങളെ - അത് മറ്റു സംസ്കാരങ്ങളെ

ഭരിക്കുന്നത്തങ്ങളാണോ - ഭരിക്കുന്നത് തങ്ങളാണോ

നല്ലത്തന്നെ - നല്ലത് തന്നെ

കുടിയേറ്റക്കരുടേതായ - കുടിയേറ്റക്കാരുടേതായ

മധ്യതിരുവതാംക്കൂറിന്റെ - മധ്യതിരുവിതാംകൂറിന്റെ

നിഷക്കളങ്കരായ - നിഷ്‌കളങ്കരായ

ബ്രഡ് – ബ്രെഡ്

അതിഥികളുടെ മുമ്പാകെ ആദരപൂർവം വിളമ്പുന്ന ഭക്ഷണത്തിൽ കല്ലുണ്ടാകരുത്. അതിഥികൾക്കു വിളമ്പുന്ന ഭക്ഷണത്തിനു തുല്യമാണു ബ്ലോഗർ പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്ന ബ്ലോഗ്. വൈകല്യങ്ങൾ കഴിവതും ഒഴിവാക്കി, ശ്രദ്ധയോടെ വേണം അതവതരിപ്പിയ്ക്കാൻ. തെറ്റു പറ്റാത്തവരില്ലെന്നതു ശരി തന്നെ. പക്ഷേ, തെറ്റുകളധികമായാലോ, അതു വായനക്കാരോടുള്ള അനാദരവാകും.

മലയാളം ബ്ലോഗെഴുത്ത് ഏകദേശം ഒരു ദശാബ്ദം തികയ്ക്കാറായിട്ടും, ബ്ലോഗുകളിൽ ഇത്തരത്തിൽ നിരവധി തെറ്റുകളുണ്ടാകുന്നത് ഒഴിവാക്കേണ്ടിയിരിയ്ക്കുന്നു. മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കുറേയേറെ തെറ്റുകൾക്കു കാരണം സാങ്കേതികവിദ്യയുടെ ന്യൂനതയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങൾകൊണ്ടു സാങ്കേതികവിദ്യ സ്വന്തം തെറ്റുകൾ തിരുത്തി, വികാസം പ്രാപിച്ചിട്ടുണ്ട്; നാം, ബ്ലോഗർമാരാണ് ഇനി സ്വയം തിരുത്തേണ്ടത്.

ഗഹനമായ ആശയങ്ങളുൾക്കൊള്ളുന്ന രചനകൾ സൃഷ്ടിയ്ക്കാനുള്ള ചിന്താശക്തി സാധാരണക്കാരായ നമുക്കില്ല. പക്ഷേ, തെറ്റുകളില്ലാത്ത മലയാളമെഴുതാൻ നമുക്കാവും. അതിന് പതിവായുള്ള പത്രവായനയേ വേണ്ടൂ. തെറ്റുകളൊഴിവാക്കി, ബ്ലോഗുകളുടെ ഗുണനിലവാരമുയർത്താൻ ബ്ലോഗർമാർ ശ്രദ്ധിച്ചെങ്കിൽ മാത്രമേ, മലയാളം ബ്ലോഗ്സൈറ്റുകൾക്കും ബ്ലോഗർമാർക്കും വളരാനാകൂ. കല്ലുകളുള്ള ഭക്ഷണം സൗജന്യമായാൽത്തന്നെയും, അതു ഭുജിയ്ക്കാൻ ആരാണു വരിക!

sunilmssunilms@rediffmail.com

Read more

ഓണവും കേരളവും

അമേരിക്കന്‍ പ്രവാസിയും സാഹിത്യകാരനുമായ ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട് "ഓണം, അന്നും ഇന്നും" എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളെപ്പറ്റിയുള്ളതാണീ കുറിപ്പ്.

ശ്രീ മണ്ണിക്കരോട്ടിന്റെ ലേഖനത്തില്‍ നിന്നുള്ള ചില വാചകങ്ങള്‍:

"...അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല; പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം. ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന ഓര്‍മ്മകളുടെ ഒരേടു മാത്രം..."

അര നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടത്തെയായിരിയ്ക്കാം 'കുട്ടിക്കാലം' എന്ന പദം കൊണ്ടു ശ്രീ ജോര്‍ജ് മണ്ണിക്കരോട്ടു വിവക്ഷിച്ചിരിയ്ക്കുന്നത്. കേരളചരിത്രത്തില്‍ പുറകോട്ടു പോകുന്തോറും, ജാതിമതവിവേചനവും ഉച്ചനീചത്വങ്ങളും കേരളത്തില്‍ കൂടുതല്‍ രൂക്ഷമായിരുന്നെന്നതിനു തെളിവുകളേറെ. പ്രത്യേകിച്ച് സ്വാതന്ത്ര്യപൂര്‍വചരിത്രത്തില്‍. സ്വാതന്ത്ര്യലബ്ധിയ്ക്കു കേവലം പതിനൊന്നു കൊല്ലം മുമ്പു മാത്രമാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും കിട്ടിയത്. അക്കാലത്തു ജാതിമതചിന്തകള്‍ സമൂഹത്തിന്മേല്‍ നീരാളിപ്പിടിത്തമിട്ടിരുന്നു. അതിന്റെ അവശിഷ്ടങ്ങളിന്നുമുണ്ടെങ്കിലും, ആ പിടിത്തത്തിനിന്ന് കുറേയേറെ അയവു വന്നിട്ടുണ്ട്. തൊട്ടുകൂടായ്­മയും തീണ്ടിക്കൂടായ്­മയും പഴങ്കഥയായിരിയ്ക്കുന്നതു തന്നെ വലിയൊരു തെളിവ്.

"...മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം..." – ശ്രീ മണ്ണിക്കരോട്ട്.

സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം മാത്രമാണു വോട്ടവകാശം കേരളത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാരുടേയും മൗലികാവകാശമായത്. അതിനു മുമ്പ്, ഒരു നിശ്ചിതതുകയില്‍ കുറയാത്ത വസ്തുനികുതിയടയ്ക്കുന്ന ഭൂവുടമകള്‍ക്കും മറ്റും മാത്രമാണു വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിഭാഗം ജനതയ്ക്കും വോട്ടവകാശമില്ലാതിരുന്ന അക്കാലത്തിവിടെ സമത്വമില്ലായിരുന്നു. 1969ല്‍ കേരള ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പിവിടെ ജന്മി­കുടിയാന്‍ വ്യവസ്ഥയാണു നിലനിന്നിരുന്നത്. പൊതുവില്‍ കുടിയാന്മാര്‍ക്കു പ്രതികൂലവും ജന്മിമാര്‍ക്ക് അനുകൂലവുമായിരുന്ന ആ വ്യവസ്ഥ നിലനിന്നിരുന്നപ്പോള്‍ ജന്മി­കുടിയാന്‍ തുല്യതയുണ്ടായിരുന്നില്ല. ഭൂപരിഷ്കരണനിയമം നടപ്പിലായതിനു ശേഷമാണു സമത്വം നിലവില്‍ വരാന്‍ തുടങ്ങിയത്. ജന്മി­കുടിയാന്‍ വിവേചനം ഇന്നു കേരളത്തിലില്ല. ഇന്നു സാമ്പത്തികാന്തരങ്ങളുണ്ടെങ്കിലും അവസരസമത്വമുണ്ട്.

അക്കാലത്തു മുതലാളി­തൊഴിലാളി വ്യത്യാസമുണ്ടായിരുന്നില്ല എന്ന പ്രസ്താവനയും ശരിയല്ല. നേരേ മറിച്ച്, അക്കാലത്തായിരുന്നു മുതലാളി­തൊഴിലാളി വ്യത്യാസം കൂടുതല്‍. കേരളത്തില്‍ കശുവണ്ടി വ്യവസായം തുടങ്ങിയിട്ടു നാലു നൂറ്റാണ്ടിലേറെക്കാലമായി. അന്നു മുതലിവിടെ കശുവണ്ടിമുതലാളിമാരും കശുവണ്ടിത്തൊഴിലാളികളുമുണ്ട്; അതുപോലെ തന്നെ, കയര്‍വ്യവസായമുതലാളിമാരും കയര്‍നിര്‍മ്മാണത്തൊഴിലാളികളും, മില്ലുടമകളും മില്‍ത്തൊഴിലാളികളും. പഴയ കാലങ്ങളില്‍ തൊഴിലാളികള്‍ പൊതുവില്‍ മുതലാളിമാരുടെ കാല്‍ച്ചുവട്ടിലായിരുന്നു. മുതലാളിമാരും തൊഴിലാളികളും തമ്മില്‍ തുല്യതയുണ്ടായിരുന്നില്ല.

വ്യാവസായികസംരംഭങ്ങള്‍ എവിടെയുണ്ടോ, അവിടെയെല്ലാം മുതലാളിമാരും തൊഴിലാളികളുമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇന്നും വ്യാവസായികസംരംഭങ്ങളുണ്ട്. അതുകൊണ്ട് ഇന്നും മുതലാളിമാരും തൊഴിലാളികളുമുണ്ട്. ഇക്കാര്യത്തില്‍ അന്നും ഇന്നും തമ്മിലുള്ള കാതലായ വ്യത്യാസം, അന്നു തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിയ്ക്കപ്പെട്ടിരുന്നില്ല. ഇന്നവ അംഗീകരിയ്ക്കപ്പെടുകയും സംരക്ഷിയ്ക്കപ്പെടുകയും ചെയ്തിരിയ്ക്കുന്നു എന്നതാണ്. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതു പണ്ടു പതിവായിരുന്നെങ്കില്‍, ഇന്നു ചൂഷണം ഇങ്ങോട്ടു മാത്രമല്ല, അങ്ങോട്ടുമുണ്ട്: ഉദാഹരണം, നോക്കുകൂലി. മുതലാളി­തൊഴിലാളിബന്ധങ്ങളില്‍ ഏകദേശമൊരു സമതുലിതാവസ്ഥ ഇന്നു നിലനില്‍ക്കുന്നുണ്ട്; അതു പണ്ടുണ്ടായിരുന്നില്ല.

"...ജാതിയും മതവും കവര്‍ന്നെടുത്ത നാട്ടില്‍ സാഹോദര്യവും സ്‌നേഹവും ഐക്യവും ചില്ലുകൊട്ടാരം പോലെ പൊട്ടിത്തകര്‍ന്നു..."

സമകാലിക കേരളത്തിന്റെ യഥാതഥചിത്രമല്ല മുകളിലുദ്ധരിച്ചിരിയ്ക്കുന്ന വാചകങ്ങളില്‍ കാണുന്നത്. 2001ലെ കാനേഷുമാരിയനുസരിച്ച് കേരളത്തില്‍ 19 ശതമാനം ക്രിസ്ത്യാനികളും 24 ശതമാനം മുസ്ലീങ്ങളും 56 ശതമാനം ഹിന്ദുക്കളുമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിഭിന്ന മതാനുയായികള്‍ തമ്മിലുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിലില്ല. 'മാറാട്' മറന്നുകൊണ്ടല്ല, ഇതെഴുതുന്നത്. സാമുദായികസംഘര്‍ഷങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടായപ്പോഴും കേരളത്തിലവയുണ്ടായിട്ടില്ല. കേരളം ഒരിയ്ക്കലും കലാപബാധിതപ്രദേശമായിരുന്നിട്ടില്ല. വിഭിന്നമതസ്ഥര്‍ തമ്മില്‍ സാമൂഹികതലത്തിലുള്ള സഹകരണം ഇന്നിവിടെ മുമ്പത്തേക്കാളേറെയുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളം മറ്റു പല സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, രാഷ്ട്രങ്ങള്‍ക്കും മാതൃകയാണ്.

"രാഷ്ട്രം രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു..."

"കരാളഹസ്തങ്ങളില്‍" എന്ന വാക്കിനു പകരം "സുദൃഢഹസ്തങ്ങളില്‍" എന്നു തിരുത്തേണ്ടിയിരിയ്ക്കുന്നു. കേരളത്തിലെ ജനത രാഷ്ട്രീയപ്രബുദ്ധരാണ്. കേരളത്തിലേതാണു ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മാതൃകകളിലൊന്ന്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ ആധിപത്യം കേരളത്തില്‍ നടപ്പില്ല. ഇവിടെ പരമാധികാരം ജനതയ്ക്കു തന്നെ. അഞ്ചുകൊല്ലം കൂടുമ്പോഴെല്ലാം ജനത അടുത്ത ഭരണം ആരു നയിയ്ക്കണമെന്ന വിധിപ്രസ്താവം മുഖം നോക്കാതെ തന്നെ നടത്താറുമുണ്ട്. ഒരു സര്‍ക്കാരില്‍ പ്രീതരല്ലെങ്കില്‍, ആ സര്‍ക്കാരിനെ ജനത നീക്കം ചെയ്യുന്നു: യഥാര്‍ത്ഥ ജനാധിപത്യം. പല രാജ്യങ്ങളിലേയും ജനതകള്‍ക്കു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ല. ആ സ്വാതന്ത്ര്യമില്ലാത്തൊരു കാലം ഇവിടേയുമുണ്ടായിരുന്നു. എന്നാലിന്ന്, ആ സ്വാതന്ത്ര്യം ഇവിടത്തെ ജനതയ്ക്കുണ്ട്.

"...വെട്ടും കുത്തും വെടിയും ബോംബും ബന്തും എല്ലാമായി നാടിന്റെ നട്ടെല്ലു തകര്‍ന്നു..."

ഹര്‍ത്താല്‍, പൊതുപണിമുടക്ക് എന്നിങ്ങനെ പല പേരുകളില്‍, ഇടയ്ക്കിടെ, അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന ബന്ത് ജനതയെ വലയ്ക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം മാത്രമല്ല, ഭരണകക്ഷിപോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതു കേരളത്തിന് അപരിചിതമല്ല. പക്ഷേ, വെടിയും ബോംബും ഇടയ്ക്കിടെ പൊട്ടുന്ന ഇടങ്ങള്‍ വടക്കന്‍ കേരളത്തിലെ ചുരുക്കം ചില ഇടങ്ങളിലൊഴികെ, കേരളത്തിലില്ലെന്നു തന്നെ പറയണം. വെട്ടും കുത്തും അങ്ങനെ തന്നെ. പണ്ടു കേരളത്തില്‍ വെടി, അടി, വെട്ട്, കുത്ത് എന്നിവ ഇന്നത്തേക്കാളേറെയുണ്ടായിരുന്നു; അതൊക്കെ ചെയ്തിരുന്നവര്‍ സ്വാധീനശക്തിയുപയോഗിച്ചു രക്ഷപ്പെട്ടു പോയിരുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ആ പഴയ നില ഇന്നിവിടെയില്ല. ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍, ഉന്നതരുള്‍പ്പെടെ, ഇന്നു പൊതുവില്‍ ശിക്ഷിയ്ക്കപ്പെടുന്നുണ്ട്.

പല വടക്കേ ഇന്ത്യന്‍, പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിലുള്ളതു സമാധാനാന്തരീക്ഷമാണെന്നാണു കേന്ദ്രസര്‍ക്കാരിന്റെ പോലും വീക്ഷണം. ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന എട്ടാമത്തെ സംസ്ഥാനവുമാണ് ഈ കൊച്ചുകേരളം. കേരളാപോലീസിന്റെ കണക്കുകളനുസരിച്ച് കേരളത്തില്‍ 2014ല്‍ 367 കൊലപാതകങ്ങള്‍ നടന്നിരുന്നു. 2015ല്‍ അതു 318 ആയി കുറഞ്ഞു. ലക്ഷം പേര്‍ക്ക് 0.97 പേര്‍ വീതം. അമേരിക്കയിലെ കൊലപാതകനിരക്ക് (2013ലേത്) 3.9 ആണ്: കേരളത്തിന്റേതിന്റെ നാലിരട്ടി!

നാല്പതു ലക്ഷത്തോളം അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നു കണക്കുകള്‍ കാണിയ്ക്കുന്നു. അവരില്‍ ഭൂരിഭാഗവും സമ്പന്നരല്ല. അവര്‍ക്കിടയില്‍ ഊരും പേരുമില്ലാത്തവരുമുണ്ട്. ഇവിടെ വേരുകളില്ലാത്ത ഇത്തരക്കാരുടെ സംഖ്യ ഉയരുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതു സ്വാഭാവികമാണ്. മൂന്നേകാല്‍ക്കോടി നാട്ടുകാരും നാല്പതു ലക്ഷം മറുനാട്ടുകാരുമടങ്ങിയ സമൂഹത്തില്‍ കൊലപാതകങ്ങള്‍ മുന്‍കൂട്ടിത്തടയാന്‍ മതിയായതല്ല, കേരളാപ്പോലീസിന് ഇന്നുള്ള അമ്പത്തയ്യായിരം പോലീസുകാര്‍. പോലീസ് സേനയുടെ ശക്തി കൂട്ടാനുള്ള സാമ്പത്തികം കേരളസര്‍ക്കാനിരില്ല താനും.

"...ജനങ്ങളുടെ ഗതിമുട്ടി, അവരുടെ ജീവിതം വഴിമുട്ടി..."

ഈ നിരീക്ഷണം കേരളത്തിലുള്ള മൂന്നരലക്ഷം പട്ടികവര്‍ഗക്കാരെ (അവരില്‍ ഭൂരിഭാഗവും ആദിവാസികള്‍) സംബന്ധിച്ചിടത്തോളം ശരിയായിരിയ്ക്കാം. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേരളത്തിനിന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, അവരൊഴികെയുള്ള മൂന്നേകാല്‍ക്കോടി ജനത്തിന്റെ സ്ഥിതി അമ്പതു വര്‍ഷം മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.

പണ്ട് ഇടവപ്പാതി മുതല്‍ ചിങ്ങം പിറക്കുന്നതു വരെയുള്ള മൂന്നു മാസക്കാലം കേരളത്തിലെ വലിയൊരു വിഭാഗം ജനതയ്ക്ക് കഷ്ടപ്പാടുകളുടെ കാലമായിരുന്നു. 'കര്‍ക്കടകവറുതി' എന്ന പദപ്രയോഗം അതിനുള്ള തെളിവാണ്. ഇന്നിപ്പോള്‍, അങ്ങനെയൊരു വറുതി കര്‍ക്കടകത്തിലോ കാലവര്‍ഷത്തിന്റെ മറ്റേതെങ്കിലും മാസങ്ങളിലോ ഇല്ല. കോരിച്ചൊരിയുന്ന ജൂണ്‍­ജുലായ് മാസങ്ങളില്‍പ്പോലും തൊഴില്‍ ലഭ്യം. ആ മാസങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണാം. പണ്ടു കാലവര്‍ഷക്കാലത്തു മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ അല്പമൊന്നുയര്‍ന്നാല്‍ പെരിയാറിന്റെ തീരത്തുള്ള വീടുകളുടെ മുറ്റവും ചവിട്ടും ചിലപ്പോഴൊക്കെ മുറിയ്ക്കകവും വെള്ളത്തിനടിയിലാകുമായിരുന്നു. നദികളിലുയര്‍ന്നിരിയ്ക്കുന്ന അണക്കെട്ടുകളെ പലരും വിമര്‍ശിയ്ക്കുന്നുണ്ടെങ്കിലും, അവ മൂലം കാലവര്‍ഷക്കാലം ദുരിതപൂര്‍ണമല്ലാതായി. കര്‍ക്കടകവും ചിങ്ങവും തമ്മില്‍ ആഹ്ലാദതലങ്ങളിലുണ്ടായിരുന്ന വ്യത്യാസവുമില്ലാതായി.

"...റേഷനായി കിട്ടുന്നതു തന്നെ ക്ഷുദ്രജീവികള്‍ ആസ്വദിച്ചാനന്ദിച്ചുപേക്ഷിച്ച അരിയുടെ അവശിഷ്ടങ്ങള്‍. അതു കഴിച്ചാല്‍ വയറ്റിളക്കം കൊണ്ടു വാടി വീഴുന്ന കുട്ടികള്‍ ഫലം."

ഈ ലേഖകന്‍ റേഷന്‍സാധനങ്ങള്‍ വാങ്ങുന്ന റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ പൊതുവില്‍ നിലവാരമുള്ളതാണെന്ന് അവിടന്നുള്ള റേഷന്‍ സാധനങ്ങള്‍ പല പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നയാളെന്ന നിലയ്ക്ക് എനിയ്ക്കുറപ്പിച്ചു പറയാന്‍ കഴിയും. ഇത് ഒരുദാഹരണമായെടുത്താല്‍, ഉപയോഗയോഗ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ധാരാളം റേഷന്‍ കടകള്‍ കേരളത്തിലിപ്പോഴുണ്ട് എന്നാണെന്റെ വിശ്വാസം. റേഷന്‍ കടക്കാരന്‍ 'തിരിമറി' നടത്തുന്നില്ലെങ്കില്‍, ചുറ്റുമുള്ള ജനത പ്രബുദ്ധരെങ്കില്‍, റേഷന്‍ ഇനങ്ങള്‍ പൊതുവില്‍ ഉപയോഗയോഗ്യമായിരിയ്ക്കും.

"...ഇന്ന് എവിടെയാണ് യഥാര്‍ത്ഥ ഓണം? ഓണം സ്വീകരണമുറിയിലെ ദൂരദര്‍ശിനികളിലും ഹോട്ടലുകളില്‍ നിന്നു ലഭിക്കുന്ന പ്ലാസ്റ്റിക്ക് ഇലയിലെ സദ്യയിലും ഒതുങ്ങി..."

മുകളിലുദ്ധരിച്ച നിരീക്ഷണത്തിന് ഈ ലേഖകന്റെ പരിസരത്തില്‍ ആധികാരികതയില്ല. നാനാജാതിമതസ്ഥരുമുള്ള, അതിസമ്പന്നരും അതിദരിദ്രരുമില്ലാത്ത ഒരു നാട്ടിന്‍ പുറമാണു ഞങ്ങളുടേത്. ഓണമുണ്ണാത്ത വീടുകള്‍ ഇവിടെയില്ലെന്നു തന്നെ പറയാം. വ്യക്തിപരമായ കാരണങ്ങളാല്‍ ചില വീടുകളില്‍ ആഘോഷമുണ്ടാകാറില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മരണമുണ്ടായിട്ടുള്ള വീടുകള്‍ അക്കൂട്ടത്തില്‍ പെടുന്നു. ഓണമാഘോഷിയ്ക്കുന്ന വീടുകളിലെല്ലാം തന്നെ, ഉച്ചയൂണ് വാഴയിലയിലായിരിയ്ക്കും. ഒന്നു രണ്ടു വാഴകളെങ്കിലും മിക്ക പുരയിടങ്ങളിലുമുണ്ടാകും. വാഴയില്ലാത്തവര്‍ക്കത് അയല്‍പക്കങ്ങളില്‍ നിന്നു കിട്ടുന്നു. പട്ടണങ്ങളില്‍ വാഴകൃഷിയില്ലെങ്കിലും, വാഴയിലക്ഷാമമുണ്ടാകാറില്ല.

വാഴയിലയില്‍ വിളമ്പിയ ഊണിനുള്ള രുചിയൊന്നു വേറെ തന്നെ. എങ്കിലും, ഓണസദ്യയ്ക്കു പ്ലാസ്റ്റിക് ഇല ഉപയോഗിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ഓണത്തിന്‍ നാള്‍ വാഴയിലയിലായാലും പ്ലാസ്റ്റിക് ഇലയിലായാലും പ്ലേറ്റിലായാലും ജനത്തിനു വയറു നിറയെ ഊണു കഴിയ്ക്കാനാകണം, ആഹ്ലാദിയ്ക്കാനാകണം. ജനതയ്ക്കു സമൃദ്ധിയും സുഭിക്ഷതയും സന്തുഷ്ടിയുമുണ്ടാകണം എന്നതാണ് ഓണത്തില്‍ ഉള്ളടങ്ങിയിരിയ്ക്കുന്ന ആശയം. ഭരണകര്‍ത്താക്കളുടെ വലിയൊരു പരീക്ഷയാണ് ഓണം. മഹാബലിയുടെ കാലത്തുണ്ടായിരുന്ന സമൃദ്ധിയും സന്തുഷ്ടിയും ജനങ്ങള്‍ക്കിന്നുണ്ടോ എന്നതാണ് ഓണക്കാലത്തുയരുന്ന കാതലായ ചോദ്യം. ജനങ്ങള്‍ക്കു സമൃദ്ധിയും സന്തുഷ്ടിയുമില്ലെങ്കില്‍ ഇന്നത്തെ ഭരണം മോശം എന്നര്‍ത്ഥം. അമ്പതു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സുഭിക്ഷതയും സമൃദ്ധിയും ഇന്നു തീര്‍ച്ചയായുമുണ്ട്. ശ്രീ ജോര്‍ജ് മണ്ണിക്കരോട്ടിനെപ്പോലുള്ള പ്രവാസിമലയാളികളുടെ അദ്ധ്വാനഫലം കൂടിയാണതെന്നു പറയാന്‍ സന്തോഷമുണ്ട്.

ഒന്നൊന്നരപ്പതിറ്റാണ്ടായി സന്തോഷകരമായൊരു പ്രതിഭാസം ഇവിടെ നിലവില്‍ വന്നിട്ടുണ്ട്. നാട്ടിന്‍പുറത്തെ കുടുംബങ്ങളില്‍ പലതും രണ്ടും മൂന്നും ചെറു സംഘങ്ങളിലോ സംഘടനകളിലോ അംഗങ്ങളാണ്. അവയില്‍പ്പലതും ഓണം പ്രമാണിച്ച് അംഗങ്ങള്‍ക്ക് അരിയും വെളിച്ചെണ്ണയും സൗജന്യമായി നല്‍കുന്നു. പത്തുകിലോ അരി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ: ഇതാണു പലയിടങ്ങളിലും പതിവ്. അതുകൊണ്ട്, ഓണംനാള്‍ ഊണു സുഭിക്ഷം. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിലും ആഹാരത്തിനു പഞ്ഞമില്ല.

ഓണപ്പരിപാടികളില്ലാത്ത ഗ്രാമങ്ങളില്ല. ഓരോ ഗ്രാമത്തിലും അവരുടേതായ പരിപാടികളുണ്ടാകും. നാട്ടിന്‍പുറങ്ങളിലുമുണ്ട്, റെസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു പല സംഘടനകളും. അവരെല്ലാം പലവിധ പരിപാടികളോടെ ഓണമാഘോഷിയ്ക്കുന്നു. ചിലയിടങ്ങളിലെ ഓണപ്പരിപാടികള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നു. ഓണപ്പൂക്കളമിട്ടിട്ടുള്ള ആപ്പീസുകളും വ്യാപാരസ്ഥാപനങ്ങളും നിരവധിയുണ്ടാകും. പലയിടങ്ങളിലും അത്തം മുതല്‍ പൂക്കളമിട്ടിരിയ്ക്കുന്നതു കാണാം. ആപ്പീസുകളിലും ഫാക്ടറികളിലുമെല്ലാം ഓണസ്സദ്യ പതിവാണ്. ഓണദിവസം അവധിദിനമായതിനാല്‍, ഓണത്തിനു മുമ്പുള്ളൊരു ദിവസമായിരിയ്ക്കും ആഘോഷം. ഓണസ്സദ്യയിലെ ചിലയിനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയതായിരിയ്ക്കാം. അവരവരുടെ വീടുകളിലുണ്ടാക്കിക്കൊണ്ടു വന്നു പങ്കു വെയ്ക്കുന്നതും സാധാരണയാണ്. വിഭവസമൃദ്ധമായ ഓണസ്സദ്യയൊരുക്കല്‍ കൂട്ടുകുടുംബങ്ങളില്‍ അനായാസമായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളിലതു പലപ്പോഴും സാദ്ധ്യമായെന്നു വരില്ല.

നഗരങ്ങളില്‍ ഓണാഘോഷം അല്പം ശബ്ദകോലാഹലത്തോടെയാകാറുണ്ട്. അതു കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെടുന്നു. നാട്ടിന്‍പുറങ്ങളിലെ ആഘോഷങ്ങള്‍ താരതമ്യേന ശാന്തമായിരിയ്ക്കും. പൊതുവില്‍ ഓണക്കാലം കേരളമാകെ ശബ്ദായമാനമാണ്. ഇതിനിടയില്‍ ടീവിപ്പരിപാടികള്‍ കാണാനും ആളുണ്ടാകാതിരിയ്ക്കില്ല. വീട്ടില്‍ത്തന്നെ ഇരിയ്ക്കുന്നവര്‍, ഇരിയ്‌ക്കേണ്ടി വരുന്നവര്‍ ടീവിപ്പരിപാടികള്‍ കണ്ടാഹ്ലാദിയ്ക്കുന്നു. ഓണാഘോഷങ്ങള്‍ ടീവിയില്‍ കണ്ടാഹ്ലാദിയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ജനം ആഹ്ലാദിയ്ക്കണം എന്നതാണു ലക്ഷ്യം. എന്നാല്‍, ഓണാഘോഷം ടീവിയ്ക്കു മുമ്പില്‍ മാത്രമായൊതുങ്ങിയെന്നു പറയാനാവില്ല. കേരളത്തിലങ്ങോളമിങ്ങോളം സോല്ലാസം, സഹര്‍ഷം നടന്നു വരുന്ന ഓണാഘോഷങ്ങളെ അവഗണിയ്ക്കലാകും അത്. കേരളത്തില്‍ ഓണാഘോഷം സജീവമായിത്തന്നെ നടക്കുന്നുണ്ട്.

പക്ഷേ, പാലടപ്രഥമനിലൊരു കല്ല് എന്ന പോലെ, ഓണാഘോഷത്തെപ്പറ്റി അപ്രീതികരമായൊരു കാര്യം ഇവിടെ സൂചിപ്പിയ്ക്കാതെ വയ്യ: വിദേശമദ്യവില്പനയില്‍ കേരളസര്‍ക്കാരിന്റെ ബെവരെജസ് കോര്‍പ്പ് റെക്കോഡുകള്‍ ഭേദിയ്ക്കുന്ന അവസരം കൂടിയാണ് ഓണം. ഓണത്തിനു ജനം ആഹ്ലാദിയ്ക്കണമെന്നതു ശരി. പക്ഷേ, ആഹ്ലാദിയ്ക്കാന്‍ മദ്യപാനത്തെ ആശ്രയിയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം. കേരളജനത കഴിഞ്ഞ വര്‍ഷം കുടിച്ചുകൂട്ടിയ മദ്യത്തിന്റെ വില പതിനായിരം കോടി കവിഞ്ഞെന്നു വാര്‍ത്ത. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ മലയാളികളേയും ആശങ്കാകുലരാക്കേണ്ട വാര്‍ത്തയാണത്. കേരളീയരുടെ വര്‍ദ്ധിച്ചുവരുന്ന മദ്യപാനത്തിനെതിരെ നിശിതമായ വിമര്‍ശനം ശ്രീ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ലേഖനത്തിലും ഉണ്ടായിരുന്നെങ്കില്‍ നന്നായേനേ.

"നാടിന്റെ നട്ടെല്ലു തകര്‍ന്നു..."

ഭരിയ്ക്കുന്നത് ഏതു മുന്നണിയായാലും, കേരളസര്‍ക്കാര്‍ സമ്പന്നമാകാറില്ല. മാത്രമല്ല, കേരളസര്‍ക്കാര്‍ ജീവിച്ചുപോകാന്‍ കണ്ടെത്തുന്ന പല വഴികളില്‍ച്ചിലത് മദ്യം, ലോട്ടറി, ഭക്തി എന്നിവയുടെ വില്പനയുമാണ്. പ്രതിവര്‍ഷം ആയിരത്തിരുനൂറു കോടി രൂപയോളം വരുമാനം സര്‍ക്കാരിനു നേടിക്കൊടുക്കുന്ന ഭക്തിപ്രസ്ഥാനത്തെ കേരളസര്‍ക്കാരിന്റെ ഒരു വ്യവസായമായിത്തന്നെ കാണണം. പ്രവാസികള്‍ കേരളത്തിലേയ്ക്കയയ്ക്കുന്ന പണം നാട്ടിലുണ്ടാക്കുന്ന വികസനത്തിലൂടെ സര്‍ക്കാരിനു ലഭിയ്ക്കുന്ന വരുമാനമാണു സര്‍ക്കാരിന്റെ മുഖ്യസ്രോതസ്സുകളിലൊന്ന്. ടൂറിസം മറ്റൊന്ന്.

സംസ്ഥാനത്തു പുതിയ വൈദ്യുതോല്പാദനപദ്ധതികളും വ്യവസായങ്ങളും സ്ഥാപിച്ചു വരുമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ സര്‍ക്കാരിനാകുന്നില്ലെങ്കിലും, സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധികളില്‍ അകപ്പെട്ടിട്ടില്ല. കേരളസര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും ഇതുവരെ മുടക്കിയിട്ടില്ല. ശമ്പളവും പെന്‍ഷനും മുടങ്ങുമോ എന്ന സന്ദിഗ്ദ്ധാവസ്ഥയില്‍ ഇതുവരെ എത്തിയിട്ടുമില്ല. അമേരിക്കയിലാകട്ടെ, 2013 ഒക്‌റ്റോബര്‍ 1 മുതല്‍ 16 വരെയുള്ള പതിനാറു ദിവസം അനേകം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ശമ്പളം/പെന്‍ഷന്‍ കിട്ടാതിരുന്നു. അത്തരമൊരു പ്രതിസന്ധി നമ്മുടെ കൊച്ചുകേരളത്തിലുണ്ടായിട്ടില്ല. കേരളം കടമെടുക്കുന്നുണ്ടെങ്കിലും, അതു നിലവിലുള്ള പരിധികള്‍ക്കുള്ളിലാണ്. 'നാടിന്റെ നട്ടെല്ലു' തകര്‍ന്നിട്ടില്ലെന്നര്‍ത്ഥം.

കേരളസര്‍ക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടാത്തതില്‍ അതിശയമില്ല. സര്‍ക്കാരുടമസ്ഥതയിലുള്ള കെ എസ് ആര്‍ ടി സി ബസ്സുകളുടെ കാര്യമെടുക്കാം: അവയിലെ മിനിമം ചാര്‍ജ് ആറു രൂപ മാത്രം. അമേരിക്കയിലിത് ഒന്നേമുക്കാല്‍ ഡോളറാണെന്നു കാണുന്നു; ഇന്നത്തെ വിനിമയനിരക്കനുസരിച്ച് നൂറു രൂപയിലേറെ. അമേരിക്കയിലെ നിരക്കിന്റെ പതിനേഴിലൊന്നു മാത്രമേ നമ്മുടെ കെ എസ് ആര്‍ ടി സി ഈടാക്കുന്നുള്ളൂ. കെ എസ് ആര്‍ ടി സിയുടെ നിരക്ക് ഒരുദാഹരണമായിപ്പറഞ്ഞെന്നേയുള്ളൂ. വീട്ടുകരവും വസ്തുനികുതിയുമെല്ലാം ഇവിടെ അമേരിക്കയിലേതിനേക്കാള്‍ കുറവായിരിയ്ക്കണം. ആഫ്രിക്കന്‍ വന്‍കരയിലാകെയുള്ളതിനേക്കാളേറെ ദരിദ്രര്‍ ഇന്ത്യയിലുള്ളതുകൊണ്ട്, ലോകത്തു മറ്റൊരു രാജ്യത്തിനുമില്ലാത്ത സാമ്പത്തികബാദ്ധ്യതകള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ട്. എന്നിട്ടും നമ്മുടെ സര്‍ക്കാരുകളുടെ നികുതിനിരക്കുകള്‍ താരതമ്യേന മൃദുവാണ്, അതുകൊണ്ടു ജനസൗഹൃദവുമാണ്. സബ്‌സിഡികളുള്‍പ്പെടെയുള്ള പലവിധ ധനസഹായങ്ങള്‍ക്കും ഇളവുകള്‍ക്കും വേണ്ടിയുള്ള മുറവിളി ഇവിടെ കൂടുതലാണ്. "നിലത്തൊന്നു നില്‍ക്കാനായിട്ടു വേണ്ടേ, അടവെടുക്കാന്‍" എന്നു പറഞ്ഞതു പോലെയാണു കേരളസര്‍ക്കാരിന്റെ സ്ഥിതി.

"നട്ടുവളര്‍ത്തി വിളവുണ്ടാക്കാന്‍ നാട്ടില്‍ ആളുകളില്ല. എല്ലാം അയല്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വിഷം വിതച്ച വിളവുകള്‍."

കൃഷി ചെയ്യാന്‍ കേരളത്തില്‍ ആളുകളില്ലെന്ന സൂചന ശരിയാണെന്നു തോന്നുന്നില്ല. കൃഷി ചെയ്യാന്‍ കേരളത്തില്‍ ആളുകളുണ്ട്. കൃഷി നടക്കുന്നുമുണ്ട്. പക്ഷേ, രണ്ടു പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിലെ ജനപ്പെരുപ്പമാണൊന്ന്. ജനപ്പെരുപ്പത്തിന്നനുസൃതമായ വര്‍ദ്ധന കൃഷിഭൂമിയിലില്ലെന്നതു മറ്റൊന്ന്.

കേരളസര്‍ക്കാരിന്റെ കണക്കുകളനുസരിച്ച്, 1955­56ല്‍ കേരളത്തില്‍ 22.1 ലക്ഷം ഹെക്റ്റര്‍ കൃഷിയിടങ്ങളാണുണ്ടായിരുന്നത്. 2014­15ല്‍ അത് 26.2 ലക്ഷം ഹെക്റ്ററായി ഉയര്‍ന്നു; 18 ശതമാനം വര്‍ദ്ധന. ഞങ്ങളുടെ പ്രദേശത്തുള്ള കൃഷിയിടങ്ങളെ ഉദാഹരണങ്ങളായെടുത്താല്‍, കേരളത്തില്‍ കൃഷി നടക്കുന്നുണ്ട് എന്നു തന്നെ കരുതണം. കൃഷി നടക്കാത്ത കൃഷിയിടങ്ങള്‍ വിരളമായിരിയ്ക്കണം. കാര്‍ഷികോല്പാദനത്തില്‍ പണ്ടത്തേക്കാള്‍ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്. പക്ഷേ, ജനപ്പെരുപ്പം!

1951ല്‍ കേരളത്തിലെ ജനസംഖ്യ 1.35 കോടി മാത്രമായിരുന്നു. അറുപതു വര്‍ഷം കൊണ്ടത് 3.34 കോടിയായി: വര്‍ദ്ധന 147 ശതമാനം! ജനസംഖ്യ 147 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ കൃഷിയിടം 18 ശതമാനം മാത്രമേ വര്‍ദ്ധിച്ചുള്ളൂ. കൃഷിയിടം വര്‍ദ്ധിയ്ക്കാതിരുന്നതിനും കാരണമുണ്ട്. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായിത്തീര്‍ന്നപ്പോള്‍ വീടുകളുടെ എണ്ണം വര്‍ദ്ധിച്ചു. 1951ല്‍ 24 ലക്ഷം മാത്രമുണ്ടായിരുന്ന വീടുകള്‍ 2011ലെ സെന്‍സസ് അനുസരിച്ച് 112 ലക്ഷമായി വര്‍ദ്ധിച്ചു: വര്‍ദ്ധന 366 ശതമാനം. വീടുകളുടെ എണ്ണത്തിലുണ്ടായ നാലിരട്ടിയോളമുള്ള വര്‍ദ്ധന കൃഷിയിടത്തിന്റെ വര്‍ദ്ധനയ്ക്കു തടസ്സമായിക്കാണണം.

സര്‍ക്കാരിനു നിയന്ത്രിയ്ക്കാനാകാത്ത ഒന്നാണു ജനസംഖ്യാവര്‍ദ്ധന. എങ്കിലും, കേരളജനത ഇക്കാര്യത്തില്‍ ബോധവാന്മാരാണെന്നു തീര്‍ച്ച; കാരണം, കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ കേരളത്തിലെ ജനസംഖ്യാവര്‍ദ്ധന അര ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഇതേ കാലയളവിനുള്ളിലെ ദേശീയനിരക്കാകട്ടെ, 1.76 ശതമാനവും. ഒന്നു രണ്ടു പതിറ്റാണ്ടു കൂടിക്കഴിഞ്ഞാല്‍ കേരളത്തിലെ സദാ ഉയര്‍ന്നു കൊണ്ടിരുന്ന ജനപ്പെരുപ്പനിരക്ക് ചരിത്രത്തിലാദ്യമായി താഴാന്‍ തുടങ്ങുമെന്നു പ്രവചിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

കൃഷിയില്‍ യന്ത്രങ്ങളിന്നു വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഇവിടത്തെ കൃഷിസ്ഥലങ്ങളുടെ വലിപ്പക്കുറവാണു ഉല്പാദനവര്‍ദ്ധനവിനുള്ള മുഖ്യ പ്രതിബന്ധം. അമേരിക്കന്‍ നെല്പാടങ്ങള്‍ക്ക് ആയിരം ഏക്കറിലേറെ ശരാശരി വലിപ്പമുണ്ടെന്നു കാണുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരുടേയും കൃഷിഭൂമി അഞ്ചേക്കറില്‍ത്താഴെയാണ്. അതിലും താഴെയായിരിയ്ക്കും, കേരളത്തിലെ കര്‍ഷകരുടേത്.

കേരളത്തിലുള്ള കൃഷിഭൂമികൊണ്ടു കേരളജനതയെ മുഴുവന്‍ തീറ്റിപ്പോറ്റുക അസാദ്ധ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷികോല്പന്നങ്ങള്‍ ഉപയോഗിയ്ക്കാതെ നിവൃത്തിയില്ല. കീടനാശിനികളുടെ ഉപയോഗം അയല്‍സംസ്ഥാനങ്ങളില്‍ മാത്രമല്ല, അമേരിക്കയിലുമുണ്ട്. ലോകത്ത് ഉപയോഗിയ്ക്കപ്പെടുന്ന കീടനാശിനികളുടെ 22% അമേരിക്കയിലാണുപയോഗിയ്ക്കുന്നത്; ഇതു 100 കോടി ടണ്ണോളം വരുന്നു. കേരളത്തില്‍പ്പോലും കീടനാശിനികളുപയോഗിയ്ക്കുന്നുണ്ട്. ഇവിടെ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ജൈവപച്ചക്കറിയിലും കീടനാശിനിയുള്ളതായി വാര്‍ത്ത. കീടനാശിനി ഉപയോഗിയ്ക്കുന്നതല്ല, അമിതമായി ഉപയോഗിയ്ക്കുന്നതാണു കുഴപ്പം. ഉപയോഗം അനുവദനീയമായ അളവിലും കവിയുന്നില്ല എന്നുറപ്പു വരുത്താന്‍ കേരളത്തിലേയും അയല്‍സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിയ്‌ക്കേണ്ടതുണ്ട്. പക്ഷേ, അതിനാവശ്യമുള്ള മാനവശേഷിയും ധനശേഷിയും വിഭവശേഷിയും അവര്‍ക്കുണ്ടോയെന്ന ചോദ്യം മിക്കപ്പോഴും സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിവര്‍ഷ ബഡ്ജറ്റില്‍ച്ചെന്നു വഴിമുട്ടി നില്‍ക്കുമെന്നതാണു ദുഃഖസത്യം.

ലേഖനത്തിനു ചുവട്ടില്‍ ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട് സ്വന്തം ഈമെയില്‍ ഐഡി കൊടുത്തിരിയ്ക്കുന്നതു പ്രശംസയര്‍ഹിയ്ക്കുന്നു. അനുകരണീയമായ മാതൃകയാണത്. ധൈര്യസമേതം സ്വന്തം ഈമെയില്‍ ഐഡി പ്രദര്‍ശിപ്പിയ്ക്കുന്ന ലേഖകര്‍ വിരളം.

sunilmssunilms@rediffmail.com

Read more

കറുപ്പിനഴകും മെഡലും

അത്‌­ലറ്റിക്‌സ് എന്നു കേള്‍ക്കുമ്പോളൊക്കെ ട്രാക്കിലോടുന്ന അത്‌­ലറ്റുകളുടെ ചിത്രമാണു മനസ്സിലോടിയെത്താറ്. ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്­കസ് ത്രോ, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ, പോള്‍ വോള്‍ട്ട് എന്നിങ്ങനെ പല ഇനങ്ങളും അത്‌­ലറ്റിക്‌സിലുള്‍പ്പെടുന്നുണ്ടെങ്കിലും, ഓട്ടത്തിനാണ് ഏറ്റവും പ്രിയം. കാണികള്‍ ഓടിക്കൂടുന്നത് ഓട്ടം കാണാനായതുകൊണ്ട്, ഏറ്റവുമധികം "ഗ്‌ളാമര്‍" ഓട്ടത്തിനും ഓട്ടക്കാര്‍ക്കും തന്നെ. വിവിധ ഇനങ്ങള്‍ ഓട്ടത്തിലുമുണ്ട്: നൂറു മീറ്റര്‍, നൂറ്റിപ്പത്തു മീറ്റര്‍ ഹര്‍ഡില്‍സ്, ഇരുനൂറു മീറ്റര്‍, നാനൂറു മീറ്റര്‍, നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ്, എണ്ണൂറു മീറ്റര്‍, ആയിരത്തഞ്ഞൂറു മീറ്റര്‍, മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, അയ്യായിരം മീറ്റര്‍, പതിനായിരം മീറ്റര്‍, പിന്നെ, 42 കിലോമീറ്റര്‍ നീണ്ട മാരത്തോണും. ഇത്രയുമിനങ്ങള്‍ ഓട്ടത്തില്‍പ്പെടുന്നു.

വെടിയൊച്ച കേട്ടയുടന്‍ വെടി കൊള്ളാതിരിയ്ക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്നതു പോലുള്ള നൂറു മീറ്റര്‍ സ്പ്രിന്റ് ലോകത്തിലെ ഏറ്റവുമധികം വേഗമുള്ള വ്യക്തിയേതെന്നു കണ്ടെത്തുന്നു. ഓട്ടങ്ങളിലെ ഗഌമര്‍ ഇനവും അതു തന്നെ. അതിലെ ജേതാവു തന്നെ അത്‌­ലറ്റിക്‌­സിലെ താരവും. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‌സുകളില്‍ നൂറു മീറ്റര്‍ സ്പ്രിന്റിലെ ജേതാവായ ജമൈക്കക്കാരന്‍ ഉസെയ്ന്‍ ബോള്‍ട്ട് താരങ്ങളിലെ താരമാണ്. നൂറു മീറ്റര്‍ കഴിഞ്ഞാല്‍ അടുത്ത ഇനം ഇരുനൂറു മീറ്ററാണ്. ഇരുനൂറു മീറ്ററിലും കഴിഞ്ഞ മൂന്നു തവണയായി ബോള്‍ട്ടു തന്നെ ജേതാവ്. ഇവ രണ്ടിലും മാത്രമല്ല, 100 മീറ്റര്‍ ഃ 4 റിലേയിലും, ബോള്‍ട്ടും കൂട്ടരും തന്നെ ജേതാക്കള്‍; അതും മൂന്നു തവണ. അങ്ങനെ, മൂന്നു സ്വര്‍ണം വീതം മൂന്ന് ഒളിമ്പിക്‌സിലും നേടിയ ജേതാവാണു ബോള്‍ട്ട്: ട്രിപ്പിളിന്റെ ട്രിപ്പിള്‍!

അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ദക്ഷിണ അമേരിക്കയ്ക്കുമിടയിലുള്ള കരീബിയന്‍ കടലിലെ ദ്വീപുകളിലൊന്നാണ് ഉസെയ്ന്‍ ബോള്‍ട്ടിന്റെ ജന്മദേശമായ ജമൈക്ക. വെസ്റ്റിന്റീസ് ക്രിക്കറ്റ് ടീമില്‍ പല സ്വതന്ത്ര, പരമാധികാര രാഷ്ട്രങ്ങളില്‍ നിന്നുള്ള കളിക്കാരുമുണ്ട്. ആ രാഷ്ട്രങ്ങളിലൊന്നാണു ജമൈക്ക. ട്വെന്റി ട്വെന്റിയില്‍ വെടിക്കെട്ടുതിര്‍ക്കുന്ന ക്രിസ് ഗെയ്­ല്‍സ് ജമൈക്കക്കാരനാണ്. വെസ്റ്റിന്റീസിന്റെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളും ക്യാപ്റ്റനുമായിരുന്ന കോര്‍ട്ട്‌­നി വാല്‍ഷും ജമൈക്കക്കാരനായിരുന്നു.

ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നു പറയാറുണ്ടെങ്കിലും, ക്യൂബയുടെ കിഴക്ക്, അറ്റ്‌ലാന്റിക്കില്‍, ബഹാമാസില്‍പ്പെട്ട സാന്‍ സാല്‍വഡോര്‍ എന്ന ചെറു ദ്വീപിലായിരുന്നു, കൊളംബസ് 1492ല്‍ ആദ്യമായി കപ്പലിറങ്ങിയിരുന്നത്. അവിടുന്നദ്ദേഹം ക്യൂബയിലും, ഇപ്പോഴത്തെ ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ പെട്ട സാന്റോ ഡോമിംഗോയിലും ചെന്ന്, അമേരിക്കന്‍ വന്‍കരയില്‍ കാലുകുത്താതെ, മടങ്ങിപ്പോയി. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും വന്നപ്പോള്‍ അദ്ദേഹം ജമൈക്ക സന്ദര്‍ശിച്ചിരുന്നു. കൊളംബസ് ഇറ്റലിക്കാരനായിരുന്നെങ്കിലും, സ്‌പെയിനിനു വേണ്ടിയായിരുന്നു, അദ്ദേഹത്തിന്റെ സഞ്ചാരങ്ങള്‍. അദ്ദേഹത്തെ പിന്‍തുടര്‍ന്നു സ്‌പെയിന്‍കാര്‍ വന്‍ തോതില്‍ ജമൈക്കയിലെത്തി, അവിടം അവരുടെ കോളണിയാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ബ്രിട്ടന്‍ ജമൈക്കയെ തങ്ങളുടെ അധീനതയിലാക്കി. ബ്രിട്ടന്റെ കീഴില്‍ ജമൈക്ക ഏറ്റവുമധികം പഞ്ചസാര ഉല്പാദിപ്പിയ്ക്കുന്ന രാഷ്ട്രങ്ങളിലൊന്നായി മാറി. കരിമ്പിന്‍ തോട്ടങ്ങളില്‍ അടിമപ്പണിയ്ക്കായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കയില്‍ നിന്ന് ആളുകളെ ഇറക്കുമതി ചെയ്തു. അങ്ങനെ കറുത്ത നിറമുള്ളവര്‍ ജമൈക്കയിലെ ഭൂരിപക്ഷനിവാസികളായി. ഇപ്പോള്‍ ജമൈക്കയിലെ 92 ശതമാനം ജനങ്ങളും കറുത്ത നിറമുള്ളവരാണ്; ഉസെയ്ന്‍ ബോള്‍ട്ടുള്‍പ്പെടെ.

ബോള്‍ട്ടിനെപ്പോലെ, ആഫ്രിക്കന്‍ ഭൂഖണ്ഡം ഉപേക്ഷിച്ചുപോന്നിട്ടു മൂന്നു ശതാബ്ദക്കാലമായെങ്കിലും, ആഫ്രിക്കയുമായി ജനിതകബന്ധമുള്ള അത്‌­ലറ്റുകള്‍ ഒളിമ്പിക്‌സിന്റെ ഓട്ടമത്സരങ്ങളില്‍ ജേതാക്കളാകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. 1932ലെ ഒളിമ്പിക്‌സില്‍ നൂറു മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണമെഡല്‍ നേടിയ, അമേരിക്കക്കാരനായിരുന്ന എഡ്ഡീ ടോലന്‍ കറുത്ത നിറക്കാരനായിരുന്നു. 1936ലെ ഒളിമ്പിക്‌സില്‍ നൂറു മീറ്റര്‍ സ്പ്രിന്റില്‍ ജേതാവായത് എക്കാലത്തേയും മഹാനായ അത്‌­ലറ്റ് എന്നറിയപ്പെടുന്ന ജെസ്സി ഓവന്‍സ് ആയിരുന്നു. ജെസ്സി ഓവന്‍സും അമേരിക്കക്കാരനായിരുന്നു, കറുത്ത നിറക്കാരനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം മൂലം 1940, 1944 എന്നീ വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സുണ്ടായില്ല.

അമേരിക്കയെ പ്രതിനിധീകരിച്ച് നൂറു മീറ്ററില്‍ 1948ല്‍ സ്വര്‍ണം നേടിയ ഹാരിസന്‍ ഡില്ലേര്‍ഡ്, 1968ല്‍ സ്വര്‍ണം നേടിയ ബോബ് ഹേയ്‌സ്, 1972ല്‍ സ്വര്‍ണം നേടിയ ജിം ഹൈന്‍സ്, ഇവരെല്ലാം കറുത്ത നിറക്കാരായിരുന്നു. 1976ലെ നൂറു മീറ്റര്‍ സ്വര്‍ണം കൊണ്ടുപോയതും കറുത്ത നിറക്കാരന്‍ തന്നെ: വെസ്റ്റിന്റീസില്‍പ്പെട്ട ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ നിന്നുള്ള ഹാസ്‌­ലി ക്രോഫോര്‍ഡ്. ഒരൊളിമ്പിക്‌സു കൂടി കഴിഞ്ഞപ്പോള്‍ വന്നൂ, "ദ ഗ്രെയ്റ്റ്" കാള്‍ ലൂയിസ്: അമേരിക്കക്കാരനും കറുത്ത നിറക്കാരനുമായിരുന്ന കാള്‍ ലൂയിസ് രണ്ടൊളിമ്പിക്‌സില്‍ നൂറു മീറ്റര്‍ ജേതാവായി. കാള്‍ ലൂയിസിന്റെ വരവോടെ ഒളിമ്പിക്‌സിലെ നൂറു മീറ്റര്‍ സ്പ്രിന്റിനുള്ള സ്വര്‍ണം കറുത്ത നിറക്കാരുടെ 'കുത്തക'യായി എന്നു തന്നെ പറയാം: കാള്‍ ലൂയിസിനു ശേഷം, ഉസെയ്­ന്‍ ബോള്‍ട്ടിന്റെ വരവിനു മുന്‍പു വരെയുള്ള ജേതാക്കളിവരായിരുന്നു: ലിന്‍ഫോര്‍ഡ് ക്രിസ്റ്റി (ബ്രിട്ടന്‍), ഡോണൊവാന്‍ ബെയ്‌­ലി (ക്യാനഡ), മോറിസ് ഗ്രീന്‍ (യു എസ് ഏ), ജസ്റ്റിന്‍ ഗാറ്റ്‌­ലിന്‍ (യു എസ് ഏ). എല്ലാം കറുത്ത നിറക്കാര്‍.

ഓട്ടത്തില്‍ ഇനങ്ങളേറെയുണ്ടെന്നു പറഞ്ഞുവല്ലോ. ഓട്ടത്തെ ഹ്രസ്വദൂര ഇനങ്ങളെന്നും ദീര്‍ഘദൂര ഇനങ്ങളെന്നും വിഭജിയ്ക്കാം. നൂറു മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെയുള്ളവയെ ഹ്രസ്വദൂരവിഭാഗത്തിലും, ഒന്നര കിലോമീറ്റര്‍ മുതല്‍ 42 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ളവയെ ദീര്‍ഘദൂരവിഭാഗത്തിലും പെടുത്താം. ദീര്‍ഘദൂര ഇനങ്ങളിലും കറുത്ത നിറക്കാര്‍ക്കു തന്നെ മേല്‍ക്കൈ. ഇക്കഴിഞ്ഞ ഒളിമ്പിക്‌സിന്റെ കാര്യം തന്നെയെടുക്കാം. 5000 മീറ്ററില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ മൂന്നു മെഡലുകളും നേടിയതു യഥാക്രമം ബ്രിട്ടന്റെ ഫറാ മൊഹമ്മദ്, അമേരിക്കയുടെ ചെലിമോ പോള്‍ കിപ്‌കെമോയ്, എത്യോപ്യയുടെ ഗെബ്രിവെറ്റ് ഹാഗോസ് എന്നിവരായിരുന്നു. മൂവരും കറുത്ത നിറക്കാര്‍ തന്നെ. പതിനായിരം മീറ്ററിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല: ബ്രിട്ടന്റെ ഫറാ മൊഹമ്മദ് (വീണ്ടും), കെനിയയുടെ തനുയി പോള്‍ കിപ്നഗെറ്റിച്ച്, എത്യോപ്യയുടെ ടോലാ ടമിററ്റ് എന്നിവരായിരുന്നു ജേതാക്കള്‍; അവരുടെയെല്ലാം നിറം കറുപ്പു തന്നെ.

മാരത്തോണ്‍ വിജേതാക്കളായിരുന്നതു കെനിയയില്‍ നിന്നുള്ള കെന്‍ കിപ്‌ചോഗെ എലിയുഡ് (സ്വര്‍ണം), എത്യോപ്യയില്‍ നിന്നുള്ള ലൈലെസ ഫെയിസ (വെള്ളി), അമേരിക്കയില്‍ നിന്നുള്ള റപ്പ് ഗാലെന്‍ (വെങ്കലം) എന്നിവരായിരുന്നു. ഗാലെനൊഴികെയുള്ളവര്‍ രണ്ടും കറുത്ത നിറക്കാരായിരുന്നു. ദീര്‍ഘദൂരജേതാക്കളില്‍ കറുത്ത നിറത്തിനു മാത്രമല്ല, ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കും മുന്‍തൂക്കമുണ്ടായിരുന്നു. ഉസെയ്ന്‍ ബോള്‍ട്ടിന്റെ ജമൈക്കയ്ക്ക് ആറു സ്വര്‍ണം കിട്ടിയെങ്കില്‍, ആഫ്രിക്കയിലുള്ള കെനിയയ്ക്കും കിട്ടി, അത്ര തന്നെ സ്വര്‍ണം. ജമൈക്കയ്ക്കു മൂന്നു വെള്ളി കിട്ടിയപ്പോള്‍ കെനിയയ്ക്ക് ആറു വെള്ളി കിട്ടിയിരുന്നു. വികസിതരാജ്യങ്ങളായ ക്യാനഡ, ഡെന്മാര്‍ക്ക്, സ്വീഡന്‍, ബെല്‍ജിയം എന്നിവരെയെല്ലാം കെനിയ പിന്തള്ളി. ദാരിദ്ര്യമൊഴിയാത്ത എത്യോപ്യയ്ക്കുമുണ്ട് ഒരു സ്വര്‍ണവും രണ്ടു വെള്ളിയുമുള്‍പ്പെടെ എട്ടു മെഡലുകള്‍. ഇവയെല്ലാം മുഖ്യമായും ദീര്‍ഘദൂര ഓട്ടങ്ങളിലായിരുന്നു.

ഓട്ടങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാന്നിദ്ധ്യം ഒട്ടും പ്രകടമായിരുന്നില്ല. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവും നേടി മൂന്നാം സ്ഥാനത്തെത്തിയ ചൈനയ്ക്കു പോലും ഓട്ടങ്ങളില്‍ ഒരു മെഡല്‍ പോലും നേടാനായില്ല. ട്രിപ്പിള്‍ ജമ്പിനൊരു വെങ്കലം; നടപ്പിന് ഏതാനും മെഡലുകള്‍. ഇവയൊന്നും ഓട്ടങ്ങളായിരുന്നില്ല. നമ്മുടെ ഭാരതവും അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവയും ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ ജനത തവിട്ടുനിറക്കാരായാണു പൊതുവില്‍ കണക്കാക്കപ്പെടുന്നത്. കറുത്ത നിറത്തോടു വെളുത്ത നിറത്തേക്കാള്‍ സാമീപ്യമുണ്ടു തവിട്ടു നിറത്തിന്. എങ്കിലും, കറുത്ത നിറത്തോടുള്ള സാമീപ്യമൊന്നും ഒളിമ്പിക് ഓട്ടങ്ങളില്‍ നമ്മെ തുണച്ചിട്ടില്ല.

വേണുഗോപാല്‍ മാഷ് എന്റെ സുഹൃത്തായിരുന്നു. മാഷ്, പാവം, ഇന്നില്ല. ആറടിയിലേറെ ഉയരമുണ്ടായിരുന്നു മാഷിന്. ഞങ്ങള്‍ ഒരേ ബസ്സില്‍ കുറേക്കാലം യാത്ര ചെയ്തിരുന്നു. മൂന്നു സ്‌റ്റോപ്പുകള്‍ക്കപ്പുറത്തു നിന്നാണു മാഷു ബസ്സില്‍ കയറിയിരുന്നത്. ബസ്സില്‍ കയറിയാലുടന്‍ ഞാന്‍ മാഷിനെ തിരക്കും. മാഷു നില്‍ക്കുകയാണെങ്കില്‍ കണ്ടുപിടിയ്ക്കാന്‍ എളുപ്പമാണ്. മറ്റെല്ലാ ശിരസ്സുകളേക്കാളും ഉയരത്തില്‍ മാഷിന്റേതുണ്ടാകും. പക്ഷേ, മാഷു സീറ്റിലിരിയ്ക്കുകയാണെങ്കില്‍, മാഷിന്റെ ശിരസ്സ് ഇരിയ്ക്കുന്ന മറ്റുള്ളവരുടേതില്‍ നിന്ന് അധികമുയര്‍ന്നു കണ്ടിരുന്നില്ല. അല്പമൊന്നു തിരഞ്ഞ ശേഷം മാത്രമേ, ഇരിയ്ക്കുന്നവരുടെ കൂട്ടത്തില്‍ മാഷിനെ കണ്ടെത്താനായിരുന്നുള്ളൂ. അതായത്, മാഷ് എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഉയരം വ്യക്തമായിരുന്നെങ്കിലും, മാഷ് ഇരിയ്ക്കുമ്പോള്‍ അധികമുയരം തോന്നിയിരുന്നില്ല എന്നര്‍ത്ഥം.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ഉയരം ഏകദേശം ആറരയടിയായിരുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ക്കു നീളക്കൂടുതലുണ്ടായിരുന്നത്രേ. അക്കാര്യത്തിനു ലിങ്കണിനെ പരിഹസിയ്ക്കാന്‍ വേണ്ടി ആരോ ഒരാള്‍ ചോദിച്ചു, "ഒരാളുടെ കാലുകള്‍ക്ക് എത്ര നീളമാകാം?" ഉടന്‍ വന്നു, ലിങ്കണിന്റെ മറുപടി: "ഉടലില്‍ നിന്നു നിലത്തെത്താനുള്ള നീളം."

ലോകമെമ്പാടുമുള്ള മനുഷ്യരുടെ രൂപഘടന ഒന്നാണ്. രണ്ടു കൈ, രണ്ടു കാല്, രണ്ടു കണ്ണ്, ഒരു മൂക്ക്... ശരീരാനുപാതങ്ങളും പൊതുവില്‍ സമാനം. എങ്കിലും, ചില ചെറിയ വ്യത്യാസങ്ങള്‍ അനുപാതങ്ങളിലുണ്ടാകാമെന്നു വിശദീകരിയ്ക്കാന്‍ വേണ്ടിയാണു വേണുഗോപാല്‍ മാഷിന്റേയും എബ്രഹാം ലിങ്കണിന്റേയും കാര്യം പറഞ്ഞത്. മനുഷ്യശരീരത്തിനു രണ്ടുയരങ്ങളുണ്ട്: നില്‍ക്കുമ്പോഴുള്ള ഉയരവും, ഇരിയ്ക്കുമ്പോഴുള്ള ഉയരവും. നട്ടെല്ല് + ശിരസ്സ്: ഇതാണ് ഇരിയ്ക്കുമ്പോഴുള്ള ഉയരം; ഇരിപ്പിടത്തില്‍ നിന്നു നെറുക വരെ. ഈ രണ്ടുയരങ്ങള്‍ തമ്മിലുള്ള അനുപാതം മനുഷ്യരില്‍ പൊതുവില്‍ സമാനമാണെങ്കിലും, നേരിയ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. ഈ വ്യത്യാസങ്ങള്‍ക്ക് ഓട്ടത്തില്‍ പ്രസക്തിയുണ്ട്. ഭൗതികശാസ്ത്രമനുസരിച്ച്, ഓട്ടം കാലുകള്‍ നിര്‍വഹിയ്ക്കുന്നൊരു ജോലിയാണ്. ഉടലിന്റെ ഭാരം മുഴുവനും വഹിച്ചുകൊണ്ടാണു കാലുകളോടുന്നത്. ഉടലിന്റെ ഭാരം കൂടിയാല്‍ കാലുകളുടെ ജോലി ദുഷ്കരമാകും. 'അമ്മേ, എന്തൊരു ഭാരം' എന്നു കാലുകള്‍ ഞെരങ്ങുമ്പോള്‍ ഓട്ടം പതുക്കെയാകും. ഉടലിന്റെ ഭാരം കുറഞ്ഞാല്‍, ഓട്ടത്തിന്റെ വേഗം കൂടും. ഉടലിനു നീളം കുറവും, കാലുകള്‍ക്കു നീളം കൂടുതലുമാണെങ്കില്‍, ഓട്ടം അനായാസമാകും എന്നു ചുരുക്കം.

ഒളിമ്പിക്‌സിലെ ഓട്ടമത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കറുത്ത നിറമുള്ളവര്‍ക്കു നേരിട്ടോ മുന്‍ തലമുറകളിലൂടെയോ ആഫ്രിക്കയുമായി ജനിതകബന്ധമുണ്ട്: അതിന്‍ ഫലമാണു നീണ്ട കാലുകളും നീളം കുറഞ്ഞ ഉടലും. അവരുടെ കാലുകള്‍ക്ക് സമാന ഉയരമുള്ള ഇതരരേക്കാള്‍ ഒന്നര ഇഞ്ചു വരെ (മൂന്നു സെന്റിമീറ്റര്‍) നീളക്കൂടുതലുണ്ടായേയ്ക്കാമെന്നു പഠനങ്ങള്‍ കണ്ടെത്തിയതായി ചില വെബ്‌സൈറ്റുകള്‍ പറയുന്നു. ഈ ഘടകം ഓട്ടമത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിയ്ക്കുന്നതിന് അവരെ സഹായിച്ചിരിയ്ക്കണം. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളിലെ ജനതകള്‍ക്കു താരതമ്യേന നീളമുള്ള ഉടലുള്ളതുകൊണ്ടാണ് അവര്‍ക്ക് ഓട്ടമത്സരങ്ങളില്‍ കറുത്ത നിറമുള്ളവരുടെ മുന്നിലെത്താനാകാത്തത്. ഉടല്‍ മുഖ്യജോലി നിര്‍വഹിയ്ക്കുന്ന മത്സര ഇനങ്ങളില്‍ മേല്‍ക്കൈ നേടാന്‍ അവര്‍ക്കാകുമെങ്കിലും, കാലുകള്‍ മുഖ്യജോലി നിര്‍വഹിയ്ക്കുന്ന ഓട്ടത്തില്‍ അവര്‍ പിന്നിലാകുന്നു. ആഫ്രിക്കന്‍ ബന്ധമുള്ള കറുത്ത നിറമുള്ളവരെ ഓട്ടത്തില്‍ കീഴ്‌­പെടുത്തുന്നതു ദുഷ്കരമാണെന്നു ബോദ്ധ്യപ്പെട്ട ചില ഏഷ്യന്‍ രാഷ്ട്രങ്ങള്‍ മറ്റൊരു തന്ത്രം സ്വീകരിച്ചു. ഇംഗ്ലീഷിലുള്ള ഒരു പഴമൊഴി അവര്‍ നടപ്പാക്കി: "ഇഫ് യൂ കാണ്ട് ബീറ്റ് ദെം, ജോയിന്‍ ദെം!" നിങ്ങള്‍ക്കവരെ തോല്പിയ്ക്കാനായില്ലെങ്കില്‍ നിങ്ങളവരോടു ചേരുക!

2006ല്‍ ഖത്തറിലെ ദോഹയില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ബഹറീനും ഖത്തറും തങ്ങളുടെ ഓട്ടക്കാരായി കെനിയയില്‍ ജനിച്ചവരെ ഇറക്കുമതി ചെയ്തു. ആ അത്‌­ലറ്റുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള അത്‌­ലറ്റുകളെയെല്ലാം അനായാസം മറികടന്ന്, പുരുഷന്മാരുടെ 800 മീറ്റര്‍, 1500 മീറ്റര്‍, 5000 മീറ്റര്‍, 10000 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, മാരത്തോണ്‍ എന്നിവയെല്ലാം തൂത്തുവാരി. 2010ല്‍ ചൈനയിലെ ഗ്വാങ്­ഷൗവില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്റര്‍, 10000 മീറ്റര്‍ എന്നിവയില്‍ ആകെയുള്ള ആറു മെഡലുകളില്‍ ആറും ബഹറിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്ത ആഫ്രിക്കന്‍ ഓട്ടക്കാര്‍ പിടിച്ചെടുത്തു. മറ്റു ദീര്‍ഘദൂര ഓട്ടങ്ങളിലും അവരുടെ മേല്‍ക്കോയ്മ പ്രകടമായിരുന്നു.

2014ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസിലും ഇതു സംഭവിച്ചു. നാലുമാസം മുമ്പു വരെ നൈജീരിയക്കാരിയായിരുന്ന ഒലുവാക്കെമി അടെക്കോയ ബഹറീനില്‍ താമസമാക്കിയിട്ടു വെറും നാലുമാസമേ ആയിരുന്നുള്ളൂ. അപ്പോഴേയ്ക്കവര്‍ ബഹറീനു വേണ്ടി ഇഞ്ചിയോണ്‍ ഗെയിംസില്‍ വനിതകളുടെ നാനൂറു മീറ്ററിലോടി സ്വര്‍ണം കയ്യടക്കി. ഏഷ്യന്‍ ഗെയിംസിനെ ലാക്കാക്കി നടത്തിയ ഇറക്കുമതിയായിരുന്നു, അതെന്നു സൂചന. കെനിയയില്‍ ജനിച്ച റൂത്ത് ജെബെറ്റ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ബഹറീനു വേണ്ടി സ്വര്‍ണം നേടി. അതിനിടയില്‍ എത്യോപ്യയില്‍ നിന്നുള്ള അലിയ സയീദ് മൊഹമ്മദ് 10000 മീറ്ററില്‍ സ്വര്‍ണം നേടി, യുണൈറ്റഡ് അരബ് എമിറേറ്റ്‌സിനു വേണ്ടി.

പുരുഷന്മാരുടെ മത്സരരംഗത്തും ഇക്കഥ തന്നെ ആവര്‍ത്തിച്ചു. 5000 മീറ്ററില്‍ സ്വര്‍ണം നേടിയതു ഖത്തറായിരുന്നു. അവര്‍ക്കു വേണ്ടി ഓടിയതാകട്ടെ, മൊറോക്കോവില്‍ ജനിച്ച മൊഹമ്മദ് അല്‍ ഗര്‍നിയും. ബഹറീനു വേണ്ടി എത്യോപ്യയില്‍ നിന്നു വന്ന അലെമു ബെക്കെലെ ഗെബ്രെ വെള്ളിയും, കെനിയയില്‍ നിന്നു വന്ന ആല്‍ബര്‍ട്ട് കിബിച്ചൈ റോപ്പ് വെങ്കലവും നേടി. നൈജീരിയയില്‍ ജനിച്ച ഫെമി ഒഗുനൊഡെ പുരുഷന്മാരുടെ 100 മീറ്റര്‍ 9.93 സെക്കന്റുകൊണ്ട് ഓടി, ഏഷ്യന്‍ റെക്കോഡു തകര്‍ത്ത്, ഖത്തറിനു സ്വര്‍ണം നേടിക്കൊടുത്തു. ചൈനയില്‍ നിന്നുള്ള സു ബിംഗ്ഷ്യാന്‍ 10.10 സെക്കന്റില്‍ വെള്ളിയും ജപ്പാന്റെ കെയ് ടകാസെ 10.15 സെക്കന്റില്‍ വെങ്കലവും നേടി. പ്രച്ഛന്നവേഷക്കാര്‍ മുന്നില്‍, തനി നാട്ടുകാര്‍ പിന്നില്‍!

ആഫ്രിക്കന്‍ ഓട്ടക്കാരെ ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത്, ഏഷ്യക്കാരെ ഏഷ്യയില്‍ പുറകോട്ടു തള്ളി ഖ്യാതി നേടാനുള്ള ചില ഏഷ്യന്‍ രാജ്യങ്ങളുടെ പ്രവണതയ്‌ക്കെതിരേ ചൈന, ജപ്പാന്‍, കൊറിയ എന്നീ രാഷ്ട്രങ്ങള്‍ പ്രതിഷേധിച്ചു. അമേരിക്കയിലെ കറുത്ത നിറമുള്ള ബോബ് ഹേയ്‌സ് 1960ല്‍ 9.9 സെക്കന്റില്‍ നൂറു മീറ്ററോടി പത്തു സെക്കന്റെന്ന കടമ്പ കടന്നിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. ഇതിനിടയില്‍ ഉസെയ്ന്‍ ബോള്‍ട്ടു വരെയുള്ളവര്‍ 116 തവണ പത്തു സെക്കന്റില്‍ക്കുറഞ്ഞ സമയം കൊണ്ടു 100 മീറ്റര്‍ ഓടിയെത്തിയിട്ടുമുണ്ട്. എങ്കിലും, ഏഷ്യയിലെ പുരുഷന്മാര്‍ക്ക് നൂറു മീറ്ററില്‍ പത്തു സെക്കന്റെന്ന കടമ്പ കടക്കാന്‍ ഇതുവരെ ആയിട്ടില്ലെന്ന ഇച്ഛാഭംഗമായിരുന്നു, ആ പ്രതിഷേധത്തിന്റെ പിന്നില്‍.

പ്രതിഷേധത്തില്‍ ന്യായമില്ല. ആഗോളവല്‍ക്കരണം മൂലം ലോകം ചെറുതായിക്കഴിഞ്ഞിരിയ്ക്കുന്ന ഇക്കാലത്തു മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാവാകുന്നതില്‍ അര്‍ത്ഥമില്ല. ലോകം കൂടുതല്‍ ഏകീകൃതമായിക്കഴിഞ്ഞിരിയ്ക്കുന്നു. ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനതകളുടെ വേര്‍തിരിവിനു പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ആര്‍ക്കും എവിടേയും മത്സരിയ്ക്കാമെന്ന സ്ഥിതിയാണ് അത്‌­ലറ്റിക്‌സില്‍ അഭികാമ്യം. നമ്മുടെ ദേശീയമത്സരങ്ങളില്‍പ്പോലും ആഫ്രിക്കന്‍ ബന്ധമുള്ള ഓട്ടക്കാരെ പങ്കെടുപ്പിയ്ക്കുകയാണെങ്കില്‍ തുടക്കത്തിലതു നമ്മുടെ മെഡലുകള്‍ നഷ്ടപ്പെടുത്തിയേയ്ക്കാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു നമുക്കു ഗുണം ചെയ്യും. ആഫ്രിക്കക്കാരോടു പൊരുതി നില്‍ക്കാനാകുന്ന സ്ഥിതി കൈവരിച്ചാല്‍, ക്രമേണ ലോകവേദികളിലും പൊരുതിജയിയ്ക്കാന്‍ നമുക്കാകും. അതുകൊണ്ട്, ഉസെയ്ന്‍ ബോള്‍ട്ടിനെപ്പോലുള്ളവരെ ഇന്ത്യന്‍ ട്രാക്കുകളില്‍ നമ്മോടൊപ്പം ഓടാന്‍ ക്ഷണിയ്ക്കുകയാണു നാം ആദ്യം തന്നെ ചെയ്യേണ്ടത്. കുറേത്തവണ ഒരുമിച്ചോടിക്കഴിയുമ്പോള്‍ നാമും അവരോടൊപ്പം എത്താതിരിയ്ക്കില്ല. നമ്മുടെ കാലുകള്‍ കുറിയതാണെങ്കില്‍പ്പോലും.

sunilmssunilms@rediffmail.com 

Read more

ഫുട്‌ബോളിലെ ദേവാസുരന്മാര്‍

ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്‌സ് 2016ന്റെ ഉദ്ഘാടനം നടന്ന റിയോ ഡി ജനൈറോവിലെ വിശ്വപ്രസിദ്ധമായ മാറക്കാനാ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ (ശനിയാഴ്ച, ആഗസ്റ്റ് 20) രാത്രി ബ്രസീലും ജര്‍മനിയുമായി ഒളിമ്പിക് ഫുട്‌ബോള്‍ ഫൈനല്‍ നടന്നു. നെയ്­മാര്‍ എന്ന ചുരുക്കപ്പേരില്‍ ലോകം മുഴുവനും അറിയപ്പെടുന്ന, പത്താം നമ്പര്‍ ജേഴ്‌­സിയണിഞ്ഞ നെയ്­മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്‌കോര്‍ തുല്യം: ബ്രസീലിനും ജര്‍മനിയ്ക്കും നാലു ഗോള്‍ വീതം. ജര്‍മനിയുടെ ഫോര്‍വേഡ് നില്‍സ് പീറ്റേഴ്‌­സന്‍ എടുത്ത പെനല്‍റ്റി കിക്ക് ബ്രസീലിന്റെ ഗോള്‍കീപ്പര്‍ വെവെര്‍ട്ടന്‍ പെരൈര ഡ സില്‍വ തടുത്തിട്ടിരുന്നു. നെയ്­മാറിന്റെ ഷോട്ടു വല കുലുക്കിയപ്പോള്‍ ജര്‍മന്‍ ഗോള്‍കീപ്പറായ റ്റൈമോ ഹോണിനു നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ ബ്രസീല്‍ അഞ്ച്, ജര്‍മനി നാല്. ഒളിമ്പിക് സ്വര്‍ണം ബ്രസീലിന്റേത്.

പല സന്തോഷങ്ങളാണ് ഈ വിജയത്തിലൂടെ ബ്രസീലുകാര്‍ക്കുണ്ടായത്. മാറക്കാന സ്‌റ്റേഡിയത്തെ സംബന്ധിച്ചുള്ള സന്തോഷത്തെപ്പറ്റിത്തന്നെ വേണം ആദ്യം പറയാന്‍. 1950ലെ ഫിഫാ ലോകകപ്പിന്റെ ഫൈനല്‍ ബ്രസീലും യുറുഗ്വായും തമ്മിലായിരുന്നു. അതു നടന്നതു ബ്രസീലിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന റിയോ ഡി ജനൈറോവിലെ (ഹീയുഡ് ശനൈറൊ എന്നാണു ബ്രസീലുകാരുടെ ഏകദേശ ഉച്ചാരണമെന്നു കാണുന്നു) മാറക്കാന സ്‌റ്റേഡിയത്തിലായിരുന്നു. അതു വരെ ബ്രസീലിനു ലോകകപ്പു കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന്നൊരു മാസം മുന്‍പു മാത്രമായിരുന്നു, മാറക്കാനയുടെ നിര്‍മ്മാണം പൂര്‍ത്തിയായതും ഉദ്ഘാടനം ചെയ്യപ്പെട്ടതും. ബ്രസീല്‍ ലോകകപ്പു നേടുന്നതു നേരില്‍ കണ്ടാനന്ദിയ്ക്കാന്‍ 1950 ജുലായ് പതിനാറാം തീയതി മാറക്കാനയിലെത്തിച്ചേര്‍ന്നിരുന്നത് 199854 പേരായിരുന്നു. ഫുട്‌ബോള്‍ ലോകത്തിതു ലോകറെക്കോഡായി ഇന്നും നിലകൊള്ളുന്നു. ബ്രസീലിന്റെ ജയം ഉറപ്പിച്ചിരുന്ന ബ്രസീലിയന്‍ ജനതയുടെ വിശ്വാസം തെറ്റി: യുറുഗ്വായ് ബ്രസീലിനെ 2­1നു തോല്പിച്ചു കപ്പു നേടി. അങ്ങനെ, ഒരു ദുരന്തത്തില്‍ തുടക്കമിട്ട മാറക്കാനയില്‍ വച്ചു ലോകകപ്പു നേടാന്‍ ബ്രസീലിന് ഒരിയ്ക്കലുമായിട്ടില്ല. അതുകൊണ്ടു ശനിയാഴ്­ചയിലെ ഒളിമ്പിക് നേട്ടം മാറക്കാനയുടെ ചരിത്രനേട്ടം കൂടിയാണ്.

ഏറ്റവുമധികം തവണ ഫുട്‌ബോള്‍ ലോകകപ്പു നേടിയിട്ടുള്ള ബ്രസീലിന് ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണത്തില്‍ മുത്തമിടാനുള്ള അവസരം മിനിഞ്ഞാന്നു വരെ സിദ്ധിച്ചിരുന്നില്ല. വിചിത്രമാണത്. പക്ഷേ, സത്യവുമാണ്. ആ ന്യൂനത നെയ്­മാറിന്റെ പെനല്‍റ്റി കിക്കോടെ തിരുത്തപ്പെട്ടു. ബ്രസീലിന്റെ ടീം ഒളിമ്പിക് സ്വര്‍ണമണിഞ്ഞു.

ബ്രസീലിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണു ബെലോ ഹൊറിസോണ്ടെ. അവിടത്തെ മിനെയ്‌­റാവൊ സ്‌റ്റേഡിയത്തില്‍ രണ്ടു വര്‍ഷം മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 2014 ജുലായ് എട്ടാം തീയതി ലോകകപ്പു ഫുട്‌ബോളിന്റെ ഒന്നാമത്തെ സെമിഫൈനല്‍ മത്സരം നടന്നു. ബ്രസീലും ജര്‍മനിയും തമ്മില്‍ നടന്ന ആ മത്സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളിനു ബ്രസീല്‍ തകര്‍ന്നു. കേവലമൊരു ഫുട്‌ബോള്‍ കളിയായിരുന്നെങ്കിലും, ഫുട്‌ബോളിനെ പ്രേമിയ്ക്കുന്ന ബ്രസീലിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം ആ തകര്‍ച്ചയൊരു ദേശീയദുരന്തം തന്നെയായിരുന്നു. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ വരഞ്ഞിട്ടിരിയ്ക്കുന്ന ആ തകര്‍ച്ച എത്ര മായ്­ചാലും മായില്ല. എങ്കിലും, ആ ദുരന്തത്തിന്റെ സങ്കടത്തിന് ഇന്നലെ നടന്ന ഒളിമ്പിക് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനിയെ തോല്പിയ്ക്കാനായപ്പോള്‍ നേരിയൊരു കുറവു വന്നു. ചരിത്രം തിരുത്താനാവില്ല, പുതിയ ചരിത്രം കുറിയ്ക്കാനാകും. നെയ്­മാറിന്റെ പെനല്‍റ്റി കിക്ക് ബ്രസീലിയന്‍ ഫുട്‌ബോളില്‍ പുതിയ ചരിത്രം കുറിച്ചു. സുവര്‍ണലിപികളില്‍.

ദേശീയദുരന്തമായിത്തന്നെ കണക്കാക്കപ്പെടുന്ന 2014 ലോകകപ്പിലെ ബ്രസീല്‍­ജര്‍മനി സെമിഫൈനലിനു നാലു ദിവസം മുമ്പു കൊളമ്പിയയുമായി നടന്നിരുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളമ്പിയയുടെ യുവാന്‍ കാമിലോ സുനിഗയെന്ന ഫുള്‍ ബാക്കിന്റെ മുട്ടുകാല്‍പ്രയോഗമേറ്റു നെയ്­മാറിന്റെ നട്ടെല്ലിലെ കശേരുവിനു പൊട്ടല്‍ വീണിരുന്നു. നിലത്തു വീണ നെയ്­മാറിനെ സ്‌­ട്രെച്ചറിലെടുത്തുകൊണ്ടു പോകേണ്ടി വന്നു. അതുമൂലം എട്ടാം തീയതി ജര്‍മനിയുമായി നടന്ന സെമിഫൈനലില്‍ നെയ്­മാറിനു കളിയ്ക്കാനായിരുന്നില്ല. എങ്കിലും, ജര്‍മനിയില്‍ നിന്നേറ്റ പരാജയത്തിന്റെ പേരില്‍ ബ്രസീലിയന്‍ ജനത നെയ്­മാറിനേയും കുറ്റപ്പെടുത്തി. ഇത്തവണ നടന്ന ഒളിമ്പിക് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പു തലത്തില്‍ ദക്ഷിണാഫ്രിക്കയും ഇറാക്കുമായി ആഗസ്റ്റ് നാലിനും ഏഴിനും നടന്ന ബ്രസീലിന്റെ ആദ്യ രണ്ടു കളികളില്‍ ഗോളുകളടിയ്ക്കാന്‍ നെയ്­മാറിന്റെ നേതൃത്വത്തിലുള്ള ടീമിനായിരുന്നില്ല. ഡെന്മാര്‍ക്കുമായി പത്താം തീയതി നടന്ന മത്സരത്തില്‍ ബ്രസീല്‍ 4­0 എന്ന സ്‌കോറിനു ജയിച്ചിരുന്നെങ്കിലും, ക്യാപ്റ്റനായ നെയ്­മാറിനു ഗോളടിയ്ക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ, ആദ്യ മൂന്നു മത്സരങ്ങളിലും നെയ്­മാറിനു ഗോളടിയ്ക്കാനാകാഞ്ഞതിനു ബ്രസീലിലെ ചില ഫുട്‌ബോള്‍ പ്രേമികള്‍ നെയ്­മാറിനെ പരിഹസിച്ചു; എങ്ങനെ? “കാണ്മാനില്ല” എന്നൊരു ശീര്‍ഷകത്തിന്‍ കീഴില്‍ നെയ്­മാറിന്റെ ചിത്രം ഒട്ടിച്ച പോസ്റ്ററുകള്‍ പുറത്തിറക്കിക്കൊണ്ട്!

അതു മാത്രമോ! ഒളിമ്പിക്‌സിലെ വനിതകളുടെ ഫുട്‌ബോളില്‍ ആഗസ്റ്റ് ആറിനു ബ്രസീലും സ്വീഡനും തമ്മില്‍ നടന്ന മത്സരത്തില്‍ മാര്‍ത്ത ഡ സില്‍വ എന്ന ബ്രസീലിന്റെ കളിക്കാരി രണ്ടു ഗോളടിച്ചിരുന്നു. അന്താരാഷ്ട്രമത്സരങ്ങളില്‍ മാര്‍ത്ത നേടിയ തൊണ്ണൂറ്റിരണ്ടാമത്തേയും തൊണ്ണൂറ്റിമൂന്നാമത്തേയും ഗോളുകളായിരുന്നു അവ. ബ്രസീലിയന്‍ ജനത നെയ്­മാറിനോടുള്ള പരിഹാസസൂചകമായി നെയ്­മാറുടെ പേരു കറുത്ത മഷികൊണ്ടു വെട്ടുകയും, അതിന്റെ ചുവട്ടില്‍ മാര്‍ത്തയുടെ പേര് പ്രണയസൂചകമായ ഹൃദയചിഹ്നത്തോടൊപ്പം എഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചുകൊണ്ടു നടക്കുകയും, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു. ഫുട്‌ബോള്‍നൈരാശ്യം മൂലം അന്ധരായിത്തീര്‍ന്നിരുന്ന ബ്രസീലിയന്‍ ജനത ക്രൂരരുമായിത്തീര്‍ന്നോ എന്ന സംശയവും അതുണ്ടാക്കി. എന്നാല്‍, ഇന്നലെ നെയ്­മാര്‍ ജര്‍മന്‍ വലയില്‍ പത്താമത്തെ പെനല്‍റ്റി കിക്ക് അടിച്ചുകയറ്റിയ നിമിഷം മാറക്കാന സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന ബ്രസീലിയന്‍ ജനത നെയ്­മാറിനെ അസുരപദത്തില്‍ നിന്നു മോചിപ്പിച്ച്, ദേവസ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നിമിഷം മുമ്പു വരെ അസുരന്‍, അടുത്ത നിമിഷം ദേവന്‍!

നെയ്­മാറിന്റെ തോളില്‍ നിന്ന് അപമാനത്തിന്റെ മാറാപ്പ് എടുത്തു മാറ്റാനും നെയ്­മാറുടെ ശിരസ്സില്‍ കിരീടമണിയിയ്ക്കാനും ബ്രസീലിയന്‍ ജനതയ്ക്കു നാലിലൊന്നു നിമിഷമേ വേണ്ടി വന്നുള്ളൂ. നിമിഷമെന്നാല്‍ ഒരു സെക്കന്റാണെങ്കില്‍, പെനല്‍റ്റി കിക്കില്‍ നിന്നുള്ള പന്തിനു വെടിയുണ്ട പോലെ 36 അടി ദൂരം കടന്ന്, ഗോള്‍പോസ്റ്റിലേയ്ക്കു പറന്നു കയറാന്‍ കാല്‍ സെക്കന്റു മാത്രം മതിയാകുമത്രേ!

പെനല്‍റ്റികിക്കില്‍ നിന്നു പറക്കുന്ന പന്തിന് എത്ര വേഗമുണ്ടാകും? അതിനു പരിധിയില്ല. സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍ എന്നൊരു പോര്‍ച്ചുഗീസ് ക്ലബ്ബിനു വേണ്ടി നെയ്­മാറുടെ നാട്ടുകാരനായ റോന്നി ഹെബേഴ്‌­സന്‍ 2006ല്‍ എടുത്തൊരു ഫ്രീകിക്കിന്റെ വേഗം മണിക്കൂറില്‍ 210 കിലോമീറ്ററായിരുന്നു. ഹെബേഴ്‌­സന്റേയും, കിക്കെടുക്കുന്നതില്‍ ലോകപ്രശസ്തിയാര്‍ജിച്ചിരുന്ന റോബര്‍ട്ടോ കാര്‍ലോസിന്റേയും നാട്ടുകാരന്‍ തന്നെയായ നെയ്­മാര്‍ ശനിയാഴ്­ചയെടുത്ത പെനല്‍റ്റി കിക്കിന് വേഗക്കുറവുണ്ടായിക്കാണാനിടയില്ല. നെയ്­മാറിനെ തങ്ങള്‍ക്കു കിട്ടാന്‍ വേണ്ടി ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബു കൈമാറിയിരുന്നത് 1162 കോടി രൂപ (132.4 മില്യന്‍ ബ്രിട്ടീഷ് പൗണ്ട്) ആയിരുന്നു. 1162 കോടി രൂപ വിലയുള്ള കളിക്കാരന്റെ കിക്കിന്റെ വേഗമെങ്ങനെ കുറവായിരിയ്ക്കും!

നെയ്­മാറിന്റെ പെനല്‍റ്റി കിക്ക് ബ്രസീലിനു ഫുട്‌ബോളില്‍ പ്രഥമ ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത്, ബ്രസീലിയന്‍ ജനതയെ മാത്രമല്ല, ബ്രസീലിയന്‍ ഫുട്‌ബോളിനു ലോകമെമ്പാടുമുള്ള, ഞാനുള്‍പ്പെടെയുള്ള, ആരാധകരേയും ആനന്ദിപ്പിച്ചെങ്കിലും, പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ഫുട്‌ബോളിലെ വിജയിയെ നിര്‍ണയിയ്ക്കുന്ന സമ്പ്രദായത്തോട് ഈ ലേഖകനു യോജിപ്പില്ല. ഫുട്‌ബോള്‍ രണ്ടു ടീമുകള്‍ തമ്മിലുള്ള കളിയാണ്. പതിനൊന്നു പേരടങ്ങുന്നൊരു ടീം പതിനൊന്നു പേരടങ്ങുന്ന മറ്റൊരു ടീമുമായി മത്സരിയ്ക്കുന്നു. ഒരു ടീം മറ്റൊരു ടീമിനോട് എന്ന സ്ഥിതി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇല്ലാതാകുന്നു; രണ്ടു വ്യക്തികള്‍ മാത്രം പങ്കെടുക്കുന്ന മത്സരമായി ഫുട്‌ബോള്‍ ചുരുങ്ങുന്നു. ഇരുപത്തിരണ്ടുപേരില്‍ ഇരുപതു പേര്‍ അകന്നു മാറി, കളി കണ്ടു നില്‍ക്കുന്നു. രണ്ടു വ്യക്തികള്‍ മാത്രം തമ്മിലുള്ള മത്സരത്തിനായിരുന്നെങ്കില്‍ ടെന്നീസോ ഷട്ടില്‍ ബാഡ്­മിന്റനോ ടേബിള്‍ ടെന്നീസോ കണ്ടാല്‍ മതിയാകുമായിരുന്നു. ഇരുപത്തിരണ്ടു പേര്‍ പങ്കെടുക്കേണ്ട മത്സരം രണ്ടു വ്യക്തികള്‍ മാത്രം തമ്മിലുള്ളതായി ചുരുങ്ങുന്നത് ആന്റി ക്ലൈമാക്‌സാണ്.

പെനല്‍റ്റി ഷൂട്ടൗട്ടിന് ഇനിയുമുണ്ടു കുഴപ്പങ്ങള്‍. ടെന്നീസിലും ഷട്ടില്‍ ബാഡ്­മിന്റനിലും ടേബിള്‍ ടെന്നീസിലും മത്സരം രണ്ടു വ്യക്തികള്‍ തമ്മിലാണെങ്കില്‍, അവരിരുവര്‍ക്കും തുല്യനീതിയുണ്ട്. അവര്‍ തുല്യമായ അവകാശങ്ങളോടെ, നെറ്റിന്റെ ഇരുവശത്തും നിന്നു കളിയ്ക്കുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലെക്കാര്യം വ്യത്യസ്തമാണ്. അവിടെ കിക്കെടുക്കുന്നയാള്‍ പൊതുവേ സ്വതന്ത്രനാണെങ്കില്‍, ഗോള്‍കീപ്പര്‍ കൂച്ചുവിലങ്ങിലാണ്. പെനല്‍റ്റി കിക്കു നേരിടുന്ന ഗോള്‍കീപ്പര്‍ കിക്കിനു മുമ്പു ഗോള്‍ലൈനില്‍ത്തന്നെ നില്‍ക്കണം എന്നാണു നിബന്ധന. അയാള്‍ ഗോള്‍ലൈനില്‍ത്തന്നെ വശങ്ങളിലേയ്ക്കു നീങ്ങുന്നത് അനുവദനീയമാണെങ്കിലും, ഗോള്‍ലൈനില്‍ നിന്നു മുന്നോട്ടു വരാന്‍ പാടില്ല. പെനല്‍റ്റി കിക്കെടുക്കുന്നയാള്‍ പന്തു തട്ടിയ ശേഷമേ, ഗോള്‍കീപ്പര്‍ ഗോള്‍ലൈനില്‍ നിന്നു മുന്നോട്ടു ചെല്ലാവൂ. ഒരാള്‍ മാത്രമടങ്ങിയൊരു ഫയറിംഗ് സ്ക്വാഡിനു മുന്നില്‍ ഗോള്‍കീപ്പറെ ഗോള്‍പോസ്‌റ്റെന്ന സാങ്കല്പികഭിത്തിയോടു ചേര്‍ത്തു നിറുത്തിയിരിയ്ക്കുന്നു; കൈകള്‍ വിടര്‍ത്തിനില്‍ക്കാമെന്ന ഒരിളവുണ്ട് എന്നു മാത്രം! ഗോള്‍കീപ്പര്‍ മുന്നോട്ടു ചെന്നിട്ടും കാര്യമില്ല. വെറും മുപ്പത്താറടി അകലത്തില്‍ നിന്നു മാത്രം, മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വേഗത്തില്‍ വെടിയുണ്ട പോലെ ഇരച്ചുവരുന്ന പന്തിന്റെ മുന്നില്‍ച്ചെന്നു പെട്ടാലുള്ള ആപത്തു കൂടി ക്ഷണിച്ചുവരുത്തുകയാകും ഫലം.

ഇരുപത്തിനാലടിയാണു ഗോള്‍പോസ്റ്റുകള്‍ക്കിടയിലുള്ള അകലം. ക്രോസ്സ് ബാറിന്റെ ഉയരം എട്ടടിയും. ഒമ്പതിഞ്ചോളം പോലും വ്യാസമില്ലാത്ത പന്തിനു ഗോള്‍കീപ്പറെ “ഉപദ്രവിയ്ക്കാതെ” കടന്നുപോകാന്‍ 192 ചതുരശ്ര അടി സ്ഥലം ധാരാളം. അതു കടന്നു പോകുകയും ചെയ്യും. 85 ശതമാനത്തോളം പ്രാവശ്യം അതങ്ങനെ കടന്നുപോയിട്ടുമുണ്ട്. അന്താരാഷ്­ട്ര മത്സരങ്ങളിലെ പെനല്‍റ്റി ഷൂട്ടൗട്ടുകളിലുണ്ടായ 286 കിക്കുകള്‍ കണക്കിലെടുത്തൊരു സര്‍വേയുടെ ഫലം കാണിയ്ക്കുന്നത് അതാണ്. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, പെനല്‍റ്റി കിക്കെടുക്കുന്ന കളിക്കാരന് എണ്‍പത്തഞ്ചു ശതമാനം നീതി ലഭിയ്ക്കുമ്പോള്‍ കിക്കു നേരിടുന്ന ഗോള്‍കീപ്പര്‍ എണ്‍പത്തഞ്ചു ശതമാനം അനീതി അനുഭവിയ്ക്കുന്നു. ഈ സ്ഥിതിയില്‍ സാക്ഷാല്‍ ഈശ്വരന്‍ തന്നെ ഗോള്‍കീപ്പറായി വന്നു നിന്നാല്‍പ്പോലും, പെനല്‍റ്റി കിക്കെടുക്കുന്നയാള്‍ പിഴവു വരുത്തുകയോ കനിവു കാണിയ്ക്കുകയോ ചെയ്താലല്ലാതെ, ഗോള്‍ തടയാനാകുകയില്ല, തീര്‍ച്ച! കളിക്കാര്‍ക്കു തുല്യനീതി നല്‍കാത്ത പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ മത്സരവിജയിയെ നിര്‍ണയിയ്ക്കുന്നതു വാസ്തവത്തില്‍ അവസാനിപ്പിയ്‌ക്കേണ്ടതാണ്.

മുകളിലെഴുതിയിരിയ്ക്കുന്ന അഭിപ്രായം കേട്ട്, “പെനല്‍റ്റി കിക്കുകള്‍ പാഴാക്കിക്കളയുന്നതും വിരളമല്ലല്ലോ, അപ്പോള്‍പ്പിന്നെ പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ തുടരുന്നതിലെന്താ കുഴപ്പം” എന്നൊരു ചോദ്യം വായനക്കാരില്‍ ചിലരെങ്കിലും ഉയര്‍ത്തിയെന്നു വരാം. കഴിഞ്ഞ ജൂണില്‍ രണ്ടു പ്രശസ്തകളിക്കാര്‍ പെനല്‍റ്റി കിക്കുകള്‍ പാഴാക്കിക്കളഞ്ഞതിനെപ്പറ്റിയുള്ള പരോക്ഷമായ പരാമര്‍ശം കൂടിയായിരിയ്ക്കാം ആ ചോദ്യം. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്താറിന് അമേരിക്കയിലെ ന്യൂജേ­ഴ്‌­സിയില്‍ വച്ച് അര്‍ജന്റീനയും ചിലിയും തമ്മില്‍ നടന്ന കോപ്പാ അമേരിക്കയുടെ ഫൈനലിന്നൊടുവിലുണ്ടായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ പ്രഥമ കിക്കെടുത്തതു വിശ്വപ്രസിദ്ധനായ ലിയൊണെല്‍ മെസ്സിയായിരുന്നു. മെസ്സിയടിച്ച പന്ത് ഗോള്‍പോസ്റ്റിനു മുകളിലൂടെ കാണികളുടെ ഇടയിലേയ്ക്കു പറന്നു പോയി! അതിനു ദിവസങ്ങള്‍ മാത്രം മുമ്പ്, യൂറോ കപ്പില്‍ പോര്‍ച്ചുഗലും ഓസ്­ട്രിയയും തമ്മിലുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു, ഒരു പെനല്‍റ്റി കിക്ക്. പഴയ മഹാരഥന്മാരിലുമുണ്ടു പെനല്‍റ്റി കിക്കു പാഴാക്കിക്കളഞ്ഞിട്ടുള്ളവര്‍: അര്‍ജന്റീനയുടെ ഡിയഗോ മാറഡോണ, ബ്രസീലിന്റെ സീക്കോ, സോക്രട്ടീസ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കം, ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ, നെതര്‍ലന്റ്‌സിന്റെ മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ എന്നിവരൊക്കെ. എന്തിനധികം, 1162 കോടി വിലയുള്ള നെയ്­മാര്‍ പോലും പെനല്‍റ്റി കിക്കു പാഴാക്കിയ കൂട്ടത്തിലാണ്.

ലോകപ്രശസ്തരായ കളിക്കാര്‍ പോലും പെനല്‍റ്റി കിക്കുകള്‍ പാഴാക്കിക്കളഞ്ഞിട്ടുണ്ടെന്ന കാര്യം നിരസിയ്ക്കാനാവില്ലെങ്കിലും, അതു വിരളമാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിയ്‌ക്കേണ്ടതുണ്ട്. മെസ്സി അഞ്ഞൂറിലേറെ ഗോളുകളടിച്ചിട്ടുണ്ട്. അവയില്‍ കുറേയെണ്ണം പെനല്‍റ്റി കിക്കു വഴിയെടുത്തതായിരിയ്ക്കണം. മെസ്സി പെനല്‍റ്റി കിക്കുകള്‍ അധികമൊന്നും പാഴാക്കിക്കളഞ്ഞു കാണാനിടയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും മുമ്പു പരാമര്‍ശിച്ച മറ്റുള്ളവരുടേയുമെല്ലാം സ്ഥിതിയും അതു തന്നെയായിരുന്നിരിയ്ക്കണം. പെനല്‍റ്റി കിക്കിലൂടെ അവര്‍ നേടിയ ഗോളുകളുടെ എണ്ണം അവര്‍ പാഴാക്കിക്കളഞ്ഞ പെനല്‍റ്റി കിക്കുകളുടെ പല മടങ്ങായിരുന്നിരിയ്ക്കണം. അല്ലെങ്കിലവര്‍ ഇത്രത്തോളം ലോകപ്രശസ്തരാകുമായിരുന്നില്ല.

അതുകൊണ്ടു മുകളില്‍പ്പറഞ്ഞ അഭിപ്രായം ഇവിടെ ആവര്‍ത്തിയ്ക്കുന്നു: കളിക്കാര്‍ക്കു തുല്യനീതി നല്‍കാത്ത പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ മത്സരവിജയിയെ നിര്‍ണയിയ്ക്കുന്നത് അവസാനിപ്പിയ്‌ക്കേണ്ടതാണ്.

sunilmssunilms@rediffmail.com

Read more

ബ്യാഗോ ബേഗോ ബായ്‌ഗോ?

കേരളസര്‍ക്കാരിന്റെ മലയാളം മീഡിയം സ്കൂളുകളില്‍ പണ്ട് രണ്ട് അഞ്ചാംക്ലാസ്സുകളുണ്ടായിരുന്നു: മലയാളം അഞ്ചും ഇംഗ്ലീഷ് അഞ്ചും. ഇംഗ്ലീഷ് അഞ്ചിലാണ് ഇംഗ്ലീഷുപഠനം തുടങ്ങിയിരുന്നത്. ഇംഗ്ലീഷു പഠിയ്ക്കുന്ന ആദ്യത്തെ ക്ലാസ്സായതുകൊണ്ട് ഇംഗ്ലീഷഞ്ചു പൊതുവിലറിയപ്പെട്ടിരുന്നത് “ഫസ്റ്റ്” എന്നാണ്. ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ്, ഫോര്‍ത്ത്, ഫിഫ്­ത്ത്, ഒടുവില്‍ സിക്‌സ്­ത്ത്. സിക്‌സ്‌ത്തെന്നാല്‍ എസ് എസ് എല്‍ സി.

ഒന്നു മുതല്‍ അഞ്ചു വരെ അഞ്ചു വര്‍ഷവും, ഫസ്റ്റു മുതല്‍ സിക്‌സ്­ത്തു വരെ ആറു വര്‍ഷവും. ആകെ പതിനൊന്നു കൊല്ലം സ്കൂളില്‍. മുണ്ടശ്ശേരി മാസ്റ്റര്‍ അഞ്ചുകള്‍ ലയിപ്പിച്ച്, സ്കൂള്‍പഠനം പതിനൊന്നു വര്‍ഷത്തില്‍ നിന്നു പത്താക്കി കുറച്ചു. സ്കൂളില്‍ കുറച്ചതു കോളേജില്‍ കൂട്ടി. ഒരു വര്‍ഷം മാത്രമുണ്ടായിരുന്ന പ്രീയൂണിവേഴ്‌­സിറ്റിയെ രണ്ടുവര്‍ഷമുള്ള പ്രീഡിഗ്രിയാക്കി. അടുത്ത കാലം വരെ, കോളേജുവിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു പ്രീഡിഗ്രി.

അക്കാലത്തു കോളേജിലാകെ ഇംഗ്ലീഷുമയമായിരുന്നു. ഭാഷയൊഴികെ സര്‍വവും ഇംഗ്ലീഷില്‍. അതു വരെ കേട്ടിട്ടില്ലാത്ത പദങ്ങള്‍ കേട്ടു കണ്ണുമിഴിച്ചു. കേട്ടിട്ടുള്ള പദങ്ങള്‍ പോലും കേട്ടിട്ടുള്ള തരത്തിലല്ല ഉച്ചരിച്ചു കേട്ടത്. ഇംഗ്ലീഷെടുത്തിരുന്ന ബാലകൃഷ്­ണന്‍ മാഷു ചോദിച്ചു, “ആണ്ട് യു ഗോയിംഗ്?”

എനിയ്‌ക്കൊരു പിടുത്തവും കിട്ടിയില്ല. ആണ്ട് എന്നൊരു പ്രയോഗം ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. അൃലി' േഎന്ന പദം സ്കൂളില്‍ വച്ച് ഉച്ചരിച്ചു കേട്ടിരുന്നത് ആറിന്റ് എന്നായിരുന്നു. അതിന്റെ ശരിരൂപം ആണ്ട് ആണെന്നു ഞാനുണ്ടോ അറിയുന്നു! ബാലകൃഷ്ണന്‍ മാഷുടെ മുന്നില്‍ ഞാന്‍ വായും പൊളിച്ചു നിന്നു.

കുറ്റം സ്കൂളില്‍ ഇംഗ്ലീഷു പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടേതല്ല, എന്റേതു തന്നെയായിരുന്നു. അത് ഏറെക്കാലം കഴിഞ്ഞ ശേഷമാണു മനസ്സിലായത്. പാഠപുസ്തകങ്ങളില്‍ ഇംഗ്ലീഷുപദങ്ങളുടെ മുകളില്‍ അവയുടെ ഉച്ചാരണം മലയാളത്തില്‍ എഴുതിയെടുക്കുന്നൊരു പതിവ് എനിയ്ക്കുണ്ടായിരുന്നു. ശരിയെന്ന് ഉറപ്പുവരുത്താതെ പറഞ്ഞുപഠിച്ചു. ഉദ്ദേശം നല്ലതായിരുന്നെങ്കിലും, അതു മൂലം എന്റെ ഇംഗ്ലീഷുച്ചാരണം അബദ്ധമയമായിത്തീര്‍ന്നു. അതില്‍ നിന്നു പില്‍ക്കാലത്തു മനസ്സിലാക്കാനായ ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.

പല ഇംഗ്ലീഷു പദങ്ങളുടേയും ശരിയുച്ചാരണം അതേപടി മലയാളത്തിലെഴുതുക അസാദ്ധ്യമാണ്. ഇമ േഎന്ന ഒരൊറ്റപ്പദം മതി അക്കാര്യം തെളിയിയ്ക്കാന്‍. ഇമ േഎന്ന പദം മലയാളത്തില്‍ കാറ്റ്, ക്യാറ്റ്, കേറ്റ് എന്നിങ്ങനെ മൂന്നു തരത്തിലെഴുതാമെങ്കിലും, ഇവ മൂന്നും ശരിയുച്ചാരണങ്ങളല്ല. അല്പം കൂടി രസകരമാണു യമഴ എന്ന പദത്തിന്റെ സ്ഥിതി. ഇമെേന മൂന്നു തരത്തിലെഴുതാമെങ്കില്‍, യമഴ നാലു തരത്തിലെഴുതിക്കാണാറുണ്ട്: ബാഗ്, ബ്യാഗ്, ബേഗ്, പിന്നെയൊരു ബായ്ഗും. അവയൊന്നും ശരിയല്ല താനും. ഇമേേനാടു സാമ്യമുള്ള നിരവധി പദങ്ങളുണ്ട് ഇംഗ്ലീഷില്‍: വമ,േ മെ,േ ാമ,േ ൃമ.േ.. അവയുടേയും ശരിയുച്ചാരണം മലയാളത്തിലെഴുതുക സാദ്ധ്യമല്ല.

മുന്‍പറഞ്ഞ ഇംഗ്ലീഷു പദങ്ങളിലെ മ എന്ന സ്വരത്തിന്റെ ഉച്ചാരണം അ, എ എന്നിവയ്ക്കിടയിലുള്ളതാണ്. അതിന്റെ ഉച്ചാരണം ഇംഗ്ലീഷില്‍ എഴുതിക്കാണിയ്ക്കുന്നതും മ, ല എന്നീ അക്ഷരങ്ങള്‍ പുറത്തോടു പുറം ചേര്‍ത്തുവച്ചുകൊണ്ടു തന്നെ; നമുക്കതു തല്‍ക്കാലം മ­ല എന്നെഴുതാം.

‘ആംബുലന്‍സ് പറന്നു വന്നു’ എന്നു പത്രത്തിലെഴുതിക്കാണാറുണ്ട്. അതു നല്ല കാര്യം തന്നെ. രോഗി രക്ഷപ്പെടാനതു തീര്‍ച്ചയായും സഹായിച്ചിരിയ്ക്കണം. പക്ഷേ, ‘ആംബുലന്‍സ്’ എന്നു മലയാളത്തിലെഴുതിയിരിയ്ക്കുന്ന പദം വായിയ്ക്കുമ്പോഴുള്ള ഉച്ചാരണം അതിന്റെ ഇംഗ്ലീഷു പദത്തിന്റെ ശരിയുച്ചാരണമല്ല. ആംബുലന്‍സിന്റെ തുടക്കത്തിലെ ഏയ്ക്ക് മ­ലയുടെ ഉച്ചാരണമാണുള്ളത്. അതു കൂടാതെ, ബു ബ്യു എന്നാകേണ്ടിയുമിരിയ്ക്കുന്നു; ബ്യ, ബ്യെ എന്നിങ്ങനെയുമാകാം. ആംബ്യുലന്‍സ്, ആംബ്യെലന്‍സ്, ആംബ്യലന്‍സ് എന്നീ രൂപങ്ങളൊക്കെ ആംബുലന്‍സ് എന്നെഴുതുന്നതിനേക്കാള്‍ ശരിയാണ്.

സ്വരങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ്ീംലഹ െഎന്നാണു പറയുക. ഢീംലഹ എന്ന പദത്തിന്റെ ഉച്ചാരണം ദുഷ്കരമാണ്. മലയാളത്തിലെഴുതുമ്പോള്‍ വവല്‍, വവ്വല്‍, വാവല്‍, എന്നൊക്കെയേ എഴുതാനാകൂ. ഇമെേന്റ കാര്യം പോലെ തന്നെയിതും; വവലും വവ്വലും വാവലും ശരിയല്ല. ശരിരൂപം മലയാളത്തിലെഴുതാനും പറ്റില്ല. മ­ല എന്ന രീതിയിലുള്ള വാ; തുടര്‍ന്ന് വ്­ള്‍, വ്­ല്‍, വുല്‍ എന്നിവയ്ക്കിടയിലൊരു ശബ്ദം. വാ­വ്­ള്‍, വാ­വ്­ല്‍, വാ­വുള്‍.

ഇമേേലതില്‍ നിന്നു വ്യത്യസ്തമായി, നമ്മുടെ സ്വന്തം ആ എന്ന സ്വരം അതേപടി ഉപയോഗിയ്ക്കുന്നൊരു വാക്കാണു രമി'.േ കാന്റ് എന്നെഴുതിയാല്‍ ഉച്ചാരണം ഏകദേശം ശരി. കാണ്‍റ്റ് എന്നായിരിയ്ക്കാം അല്പം കൂടി നല്ലത്. ഇതു ബ്രിട്ടീഷുച്ചാരണം. ഒരു കാലത്തു ബ്രിട്ടീഷുകാരില്‍ നിന്ന് എപ്പോഴും വ്യത്യസ്തരാകാനാഗ്രഹിച്ചിരുന്ന അമേരിക്കക്കാര്‍ രമി' േഉച്ചരിയ്ക്കുമ്പോള്‍ അതിലെ മ രമെേല മയെപ്പോലെ, അതായത് മ­ല പോലെ, ഉച്ചരിയ്ക്കുന്നു. ഇമി എന്നല്ലേ ഇവര്‍ പറഞ്ഞതെന്നു സംശയം തോന്നിപ്പോകും. അമേരിക്കക്കാരുടെ രമി' േഎന്ന വാക്കും ബ്രിട്ടീഷുകാരുടെ രമി എന്ന വാക്കും ഉച്ചരിച്ചു തുടങ്ങുന്നത് ഏകദേശം ഒരുപോലെയാണ്, വിപരീതങ്ങളാണെങ്കിലും. അമേരിക്കക്കാരുടെ രമി അതിഹ്രസ്വമാണ്: ഐ കെന്‍ ഡുയിറ്റ്.

ഏീറ എന്ന പദത്തിന്റെ അമേരിക്കനുച്ചാരണം ഗാഡ് എന്നാണ്. നമ്മുടെ രീതികളനുസരിച്ചു ഗാഡ് ആളു വേറെയാണ്, ഗോഡല്ല. അമേരിക്കക്കാര്‍ ഗോഡിനു ഗാഡെന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ ചിരി വരും; ദൈവം നമ്മോടു പൊറുക്കട്ടെ. ഗോഡിന്റെ ബ്രിട്ടീഷുച്ചാരണം മലയാളത്തില്‍ കൃത്യമായെഴുതാനാവില്ല. ഗോഡ് എന്നാണെഴുതാറെങ്കിലും അതു ഭാഗികമായി മാത്രം ശരിയാണ്.

മലയാളത്തിലെ ഓ എന്ന സ്വരത്തിന് ഒരേസമയം ഇംഗ്ലീഷിലെ മൂന്നു സ്വരങ്ങളെ പ്രതിനിധീകരിയ്ക്കാനുണ്ടെന്നതാണു പ്രശ്‌­നം; അവയുപയോഗിയ്ക്കുന്ന ചില വാക്കുകളിതാ: ഴീ,േ ഴീ, യമഹഹ. പോയി എന്ന വാക്കിലെ ദീര്‍ഘ ഒകാരത്തോടു സാമ്യമുള്ള ഒന്നാണു യമഹഹ എന്ന വാക്കിന്റെ ബ്രിട്ടീഷുച്ചാരണത്തിലുള്ളത്. സംവൃതോകാരത്തില്‍ (ചന്ദ്രക്കല) തുടങ്ങി, ദീര്‍ഘമായ ഒകാരത്തിലവസാനിയ്ക്കുന്ന ഒരുച്ചാരണമാണു ഴീ എന്ന വാക്കിനുള്ളത്. ഏീ േഎന്ന വാക്കിലാകട്ടെ, അ, ഒ എന്നിവയുടെ മദ്ധ്യത്തിലുള്ള, ഹ്രസ്വമായൊരു സ്വരവും.

ചുരുക്കിപ്പറഞ്ഞാല്‍, ഛ എന്ന അക്ഷരം ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷു പദങ്ങള്‍ കാഴ്­ചയില്‍ ലളിതമായിരിയ്ക്കാമെങ്കിലും, അവയുടെ ഉച്ചാരണം മലയാളത്തിലെഴുതിയെടുക്കാന്‍ തുനിഞ്ഞാല്‍ തെറ്റിയതു തന്നെ. എനിയ്ക്കു തെറ്റുകയും ചെയ്തു: ബോളും ഗോയും ഗോട്ടുമെല്ലാം ഞാന്‍ ഒരേ രീതിയില്‍ ഉച്ചരിച്ചു. ഇംഗ്ലീഷു പദങ്ങളില്‍ ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്ന നാലക്ഷരങ്ങളിലൊന്നാണു താനും ഛ. അത് ഒരു പാരാവാരം പോലെ തെറ്റുകള്‍ വരുത്തി.

നാമെപ്പോഴും ഉപയോഗിയ്ക്കുന്നൊരു പദമാണ് ീൗൃ. ലളിതമായ പദം. പക്ഷേ, അതിന്റെ ശരിയുച്ചാരണം മലയാളത്തിലെഴുതാനാവില്ല. അവര്‍ എന്നേ എഴുതാനാകൂ. അതു ശരിയല്ല താനും. അ, എ എന്നിവയുടെ മദ്ധ്യത്തിലുള്ളൊരു സ്വരത്തിലാണ് അതു തുടങ്ങുന്നത്. തുടര്‍ന്നുള്ളതു വകാരമാണെന്നു തോന്നുമെങ്കിലും, അതു പൂര്‍ണമാകുന്നില്ല. ഒീൗൃ എന്ന പദത്തിന്റെ ഉച്ചാരണവും ീൗൃന്റേതു തന്നെ. ഉച്ചാരണം മലയാളത്തിലെഴുതിയെടുക്കുന്ന പതിവുള്ളവര്‍ വശത്താക്കുന്നത് ഇവയുടെ ശരിയുച്ചാരണമാകാനിടയില്ല.

ഇവ എന്ന രണ്ടക്ഷരങ്ങളുടെ ജോടി കുഴയ്ക്കുന്ന ഒന്നാണ്. ഇവമശൃ ചെയര്‍ ആണെങ്കിലും രവലാശേെൃ്യ കെമിസ്­ട്രിയാണ്. ഇവലള ആകട്ടെ, ഷെഫും. ഒരു ജോടി തന്നെ ച, ക ഷ എന്നീ വ്യത്യസ്ത ശബ്ദങ്ങളുണ്ടാക്കുന്നു. ഇവീൃൗ െകോറസ് ആണെങ്കിലും രവീൃല ചോര്‍ ആണ്. ഈ പദങ്ങളുടെ ഉച്ചാരണം മലയാളത്തിലെഴുതാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, രവീശൃ എന്നൊരു വാക്കുണ്ട്. ക്വൊയ, ക്വായ, ക്വായര്‍ എന്നിവയ്ക്കിടയിലെന്തോ ആണ് അതിന്റെ ഉച്ചാരണം. അതിലെ ആര്‍ എന്ന അക്ഷരം നിശ്ശബ്ദമാണെന്നു പറയാം.

ടൗൃുൃശലെ, ുലൃവമു െഎന്നിവ നിശ്ശബ്ദമായ ആറിനുള്ള മറ്റു രണ്ടുദാഹരണങ്ങളാണ്: സെ പ്രായ്‌­സ്, സ് പ്രായ്‌സ്, സി പ്രായ്‌­സ്, ഇവയെല്ലാം പറഞ്ഞുകേള്‍ക്കാറുണ്ട്. അതുപോലെ, ആര്‍ നിശ്ശബ്ദമായ പെ ഹാപ്‌­സ് ആണു ുലൃവമുന്റൈ ശരിയുച്ചാരണം. പക്ഷേ, ഉച്ചാരണം മലയാളത്തിലെഴുതിയെടുത്തതുകൊണ്ടു ഞാന്‍ ആര്‍ വ്യക്തമായുച്ചരിച്ച് സര്‍­ര്‍­ര്‍ ­െ്രെപസ്, പെര്‍­ര്‍­ര്‍­ഹാപ്‌­സ് എന്നെല്ലാം പറഞ്ഞു പഠിച്ചുപോയി; അവ രണ്ടും തെറ്റു തന്നെയെന്നു പറയേണ്ടതില്ലല്ലോ.

ഡ എന്ന അക്ഷരത്തിന്റെ പൊതുവിലുള്ള ഉച്ചാരണം അ എന്നായതുകൊണ്ട്, അതു മലയാളത്തിലെഴുതാന്‍ ബുദ്ധിമുട്ടില്ല. അപ്പോണ്‍, അപ്‌­സെറ്റ്, അള്‍ട്ടിമെറ്റ്. യു, യൂ എന്നീ ഉച്ചാരണങ്ങളുമുണ്ടു ൗയ്ക്ക്. അവയും മലയാളത്തിലെഴുതാം. യുബിക്വിറ്റസില്‍ യു ഉപയോഗിയ്ക്കുന്നു. യൂസ്, യൂറിനല്‍ എന്നിവയില്‍ യൂ ആണുപയോഗിയ്ക്കുന്നത്.

എന്നാലിതാ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ൗ ഉച്ചരിയ്ക്കുന്ന രണ്ടു വാക്കുകള്‍: ൗൃഴല, ൗൃഴലി.േ ഈ വാക്കുകളിലെ ൗ എന്ന അക്ഷരത്തിന്റെ ഉച്ചാരണം മലയാളത്തിലെഴുതുക അസാദ്ധ്യം. സംവൃതോകാരത്തിനു (ചന്ദ്രക്കല) സ്വതന്ത്രമായൊരു ദീര്‍ഘരൂപവുമുണ്ടായിരുന്നെങ്കില്‍ അത് ഈ ഉച്ചാരണത്തെ പ്രകടിപ്പിയ്ക്കുമായിരുന്നു; പക്ഷേ, നമ്മുടെ സംവൃതോകാരത്തിനു സ്വതന്ത്രരൂപമില്ല, ദീര്‍ഘരൂപവുമില്ല. അതുകൊണ്ടു ഞാന്‍ പറഞ്ഞു പഠിച്ചുപോയത് തെറ്റായ രൂപങ്ങളായ അര്‍ജന്റ്, അര്‍ജന്‍സി എന്നിവ.

ഏയ്ക്കുമുണ്ട് ഒന്നിലേറെ ഉച്ചാരണങ്ങള്‍. ഏല േഗെറ്റ് ആണെങ്കില്‍ ഴശമി േജയന്റ് ആണ്. ഏശ്‌ല ഗിവ് ആണെങ്കില്‍ ഴശി ജിന്‍ ആണ്. ഏശിഴലൃ ജിഞ്ചറാണെങ്കില്‍ ഴശഴമയ്യലേ ഗിഗബൈറ്റാണ്. ഏശള േഗിഫ്റ്റ് ആയിരിയ്ക്കാം, പക്ഷേ ഴലിഹേല ജെന്റില്‍ ആണ്. ഏലീൃഴല ജോര്‍ജ് എന്നുച്ചരിയ്ക്കുന്ന ഓര്‍മ്മയില്‍ ഴീൃഴലീൗ െജോര്‍ജ്യസ് എന്നുച്ചരിച്ചുപോയാല്‍ പെട്ടതു തന്നെ; ഗോര്‍ജ്യസ് ആണു ശരി.

ഇംഗ്ലീഷ് ഭാഷയിലെ അക്ഷരമാല ചൊല്ലാനറിയാത്തവര്‍ ചുരുങ്ങും. മിക്കവരേയും പോലെ, ഞാനും ഒരൊറ്റ ശ്വാസത്തില്‍ ഇരുപത്താറക്ഷരവും പറയും. പക്ഷേ, ഒ എന്ന അക്ഷരത്തിന്റെ ഉച്ചാരണം ഇന്നുമെനിയ്ക്കു ശരിയ്ക്കറിയില്ല. എച്ച് എന്നാണു ഞാനുച്ചരിച്ചുപോരുന്നത്. ഹെയ്­ച് എന്നും ഉച്ചരിച്ചു കേള്‍ക്കാറുണ്ട്. രണ്ടും തെറ്റു തന്നെയെന്നു കാണുന്നു. എ­യ്­ച്ച്, എയ്­ഛ് എന്നിവയ്ക്കിടയിലെവിടേയോ ആണ് അതിന്റെ ഉച്ചാരണം കിടക്കുന്നത്.

ജ എന്ന അക്ഷരം നമ്മില്‍ മിക്കവരും പി എന്നാണുച്ചരിച്ചുപോരുന്നത്. പക്ഷേ, ജയ്ക്ക് പഫബഭമയിലെ ഫ എന്ന മലയാള അക്ഷരത്തിന്റെ ശബ്ദത്തോടാണു ‘പ’യോടുള്ളതിലേറെ സാമീപ്യം. പേപ്പര്‍ എന്നു നാം പറഞ്ഞുപോകാറുള്ളതിന്റെ ശരിയുച്ചാരണം, ഏകദേശം ഫേയ്­പര്‍ എന്നാണ്. ഫ ശകലം മൃദുവായിരിയ്ക്കണമെന്നു മാത്രം.

ചെറിയൊരു വ്യത്യാസം കൂടി വരുത്താനുണ്ട്: ഫേയ് പ്­ര്‍, ഫേയ് പെര്‍ എന്നിവയ്ക്കിടയിലാണു പേപ്പര്‍ എന്ന വാക്കിന്റെ ശരിയുച്ചാരണം. പ്­ര്‍, പെര്‍ എന്നിവയിലെ പകാരത്തിനും ര്‍ എന്ന ചില്ലിനുമിടയിലുള്ള സ്വരം സംവൃതോകാരത്തിനും (ചന്ദ്രക്കലയ്ക്കും) ഹ്രസ്വമായ എകാരത്തിനും ഇടയിലുള്ളതാണ്. ഈ സ്വരത്തിനു ഷ്വാ (രെവംമ) എന്നു പറയുന്നു. ഇംഗ്ലീഷില്‍ ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്ന ശബ്ദവും ഷ്വാ തന്നെ. ഷ്വായ്ക്കു തുല്യമായൊരു സ്വരം മലയാളത്തിലില്ല.

മലയാളത്തില്‍ സര്‍വസാധാരണമായിരിയ്ക്കുന്നൊരു പദമാണു ഫേയ്‌സ് ബുക്ക്. എ എന്ന ഇംഗ്ലീഷക്ഷരത്തിനു തുല്യമായി മലയാളത്തില്‍ ഉപയോഗിയ്ക്കപ്പെടുന്ന ഫ എന്ന അക്ഷരത്തിന്റെ ഉച്ചാരണം എന്റേതല്ല. ഫ എന്ന അക്ഷരത്തിന്റെ ശരിയുച്ചാരണം ഫലം, ഫണം, ഫലിതം എന്നീ വാക്കുകളിലേതാണ്. അതിന് എ എന്ന ഇംഗ്ലീഷക്ഷരത്തിന്റെ ഉച്ചാരണമില്ല. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, എ എന്ന ഇംഗ്ലീഷക്ഷരത്തിനു തുല്യമായ അക്ഷരം മലയാളത്തിലില്ല.

ഉ എന്ന അക്ഷരത്തിനു തുല്യമായ അക്ഷരമല്ല, മലയാളത്തിലെ ഡ. ഡ എന്ന മലയാള അക്ഷരം ഉച്ചരിയ്ക്കുമ്പോള്‍ വായുടെ മേല്‍ത്തട്ടില്‍ ഉള്ളിലേയ്ക്കു നീങ്ങിയാണു നാവു സ്പ്ര്‍ശിയ്ക്കുന്നത്. ഇംഗ്ലീഷക്ഷരം റ ഉച്ചരിയ്ക്കുമ്പോഴാകട്ടെ, മേല്‍പ്പല്ലുകളുടെ നിരയുടെ തൊട്ടുപുറകിലാണു നാവു മുട്ടേണ്ടത്. ഇംഗ്ലീഷക്ഷരം ഠയ്ക്കും ഇതേ കുഴപ്പമുണ്ട്: ട അല്ല, റ്റ ആണു ശരി. ടേബിള്‍, ടെയ്‌­ലര്‍, ടൈപ്പ് എന്നിവയിലെ ഠയുടെ ഉച്ചാരണം യഥാക്രമം റ്റേ, റ്റെ, റ്റൈ എന്നാണ്. തിരുവനന്തപുരത്തുകാര്‍ ഇതു കൃത്യമായി ഉച്ചരിയ്ക്കാറുണ്ട്. ഞാനുള്‍പ്പെടെയുള്ള എറണാകുളം ജില്ലക്കാര്‍ക്ക് ട യോടാണ് ആഭിമുഖ്യം.

മലയാള അക്ഷരമാലയില്‍ ദ എന്ന ഇംഗ്ലീഷക്ഷരത്തിനു തുല്യമായ അക്ഷരമില്ല. ഹിന്ദിയിലതുണ്ട്: ജ എന്ന അക്ഷരത്തിനടിയില്‍ കുത്തിട്ടാല്‍ ്വന്റെ ഉച്ചാരണം കിട്ടുന്നു. മലയാളത്തില്‍ അതില്ലാത്തതുകൊണ്ടു ്വലൃീ സീറോയും ദലല ഠഢ സീ ടീവിയുമാകുന്നു.

എഴുത്തുപോലെ തന്നെ ഉച്ചരിയ്ക്കാവുന്ന ഭാഷയാണു മലയാളം; ഫൊണറ്റിക് ലാംഗ്വേജ്. മലയാളത്തിന്റെ ഉച്ചാരണത്തില്‍ സന്ദിഗ്ദ്ധതകളില്ല. ഇംഗ്ലീഷുച്ചാരണമാണെങ്കില്‍ നേര്‍ വിപരീതവും; എഴുതിയിരിയ്ക്കുന്ന പോലെ ഒരിയ്ക്കലും വായിയ്ക്കാത്ത ഭാഷയാണിംഗ്ലീഷ്. ശ െഎന്ന ഒറ്റയുദാഹരണം മതി ഇതു തെളിയിയ്ക്കാന്‍. ശ െഎന്നെഴുതിയാല്‍ ഐസ് എന്നാണു വായിയ്‌ക്കേണ്ടതെങ്കിലും, ഇംഗ്ലീഷുകാരത് ഈസ് എന്നാണു വായിയ്ക്കുന്നത്. ഐസി എന്നു വായിയ്‌ക്കേണ്ട ശരലയെ അവര്‍ ഐസെന്നും വായിയ്ക്കും.

മലയാളത്തിന്റേയും ഇംഗ്ലീഷിന്റേയും ഉച്ചാരണസമ്പ്രദായങ്ങളിലുള്ള വൈജാത്യത്തെ അതിജീവിയ്ക്കാന്‍ മലയാളികള്‍ക്കു കുറേയൊക്കെ ആകാറുണ്ട്. എന്നാല്‍, നമുക്കിംഗ്ലീഷു പറയാനാകുന്നതുപോലെ, ബ്രിട്ടീഷുകാര്‍ക്കു മലയാളം പറയാനാകുമോ! ഇംഗ്ലീഷുകാര്‍ ‘കുരച്ചു കുരച്ചു മലയാലം’ പറയുമ്പോള്‍ നാം ചിരിച്ചു ചിരിച്ചു മണ്ണുകപ്പും. അതുപോലെ ചിരിച്ചു മറിയാനുള്ള അവസരം നമ്മുടെ ഇംഗ്ലീഷുച്ചാരണം അവര്‍ക്കു നല്‍കാറില്ലെന്നു ഞാന്‍ ആത്മവിശ്വാസത്തോടെ തന്നെ പറയും; കാരണം, ഇംഗ്ലീഷുകാരോളം തന്നെ മികച്ച ഇംഗ്ലീഷു സംസാരിയ്ക്കുന്ന ചില പ്രവാസികളെ എനിയ്ക്കു നേരിട്ടറിയാം.

അന്യഭാഷ സംസാരിയ്ക്കുമ്പോള്‍ കടന്നു വരുന്ന മദര്‍ ടങ്ങ് ഇന്‍ഫ്‌ലുവന്‍സ് ­ എം ടി ഐ – എന്നു പൊതുവില്‍ അറിയപ്പെടുന്ന മാതൃഭാഷാസ്വാധീനം നമ്മേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷുകാരെയായിരിയ്ക്കും ബാധിയ്ക്കുന്നതെന്നു തീര്‍ച്ച.

sunilmssunilms@rediffmail.com 

Read more

കാവ്യതേജസ്സും ഞാനും (ലേഖനം)

അച്ഛനൊരു തവണ ലീവിനു വന്നപ്പോള്‍ ഒരു ഗ്രാമൊഫോണ്‍ കൊണ്ടു വന്നു. ഇംഗ്ലീഷു വഴങ്ങാനുള്ള ബുദ്ധിമുട്ടു മൂലം ഞങ്ങളതിനെ ഗ്രാഫൂണ്‍ എന്നു വിളിച്ചു. ഗ്രാമൊഫോണില്‍ വച്ചു പാടിയ്ക്കാന്‍ വേണ്ടി ഏതാനും റെക്കോഡുകളും (ഇവയ്ക്കു 'പ്ലേറ്റുകള്‍' എന്നും പറയാറുണ്ടായിരുന്നു) അച്ഛന്‍ വാങ്ങി. ഗ്രാമൊഫോണില്‍ ഒരു റെക്കോഡു വച്ചു പാടിയ്ക്കുന്നതിനു മുമ്പ്, ഒരു ഹാന്റില്‍ അഥവാ ലീവര്‍ കറക്കി 'വൈന്റു' ചെയ്യണം. ചില ദിവസങ്ങളില്‍ അച്ഛന്‍ ഗ്രാമൊഫോണെടുത്ത് അരമതിലിന്മേല്‍ വച്ചു പാട്ടുകള്‍ പാടിയ്ക്കും. അക്കാലത്ത് അതൊരു സംഭവമായിരുന്നു. ഗ്രാമൊഫോണിന്റെ ശബ്ദം വളരെച്ചെറുതായിരുന്നെങ്കിലും, പാട്ടു കേട്ട് അയല്‍വീടുകളില്‍ നിന്നു പലരും ഓടി വരുമായിരുന്നു. അവര്‍ വരാന്തയിലും ചവിട്ടിന്മേലും മുറ്റത്തുമൊക്കെയായി ക്ഷമയോടെ കുത്തിയിരുന്ന് ആര്‍ത്തിയോടെ പാട്ടുകള്‍ കേട്ടു.

ആറു പതിറ്റാണ്ടിലേറെക്കാലം മുമ്പുണ്ടായ കാര്യമാണിപ്പറഞ്ഞത്. അന്നു വീട്ടിലുണ്ടായിരുന്ന മലയാളം റെക്കോഡുകളില്‍ ഭൂരിഭാഗവും നാടകഗാനങ്ങളായിരുന്നു. അവയില്‍ ഭൂരിഭാഗവും ഓ എന്‍ വിപ്പാട്ടുകളും. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'സര്‍വ്വേക്കല്ല്' എന്നീ നാടകങ്ങളിലെ റെക്കോഡുകളായിരുന്നു, ആദ്യം വാങ്ങിയിരുന്നത്. അതുകൊണ്ടവ അച്ഛനും, പിന്നീടു ഞാനും, നിരവധി തവണ പാടിച്ചിട്ടുണ്ട്.

പാട്ടുകള്‍ പാടിയ്ക്കുന്നതിന് ഒരു പ്രത്യേക ക്രമമുണ്ടായിരുന്നു, അച്ഛന്. പരിപാടി തുടങ്ങിയിരുന്നതു 'പൊന്നരിവാള്‍ അമ്പിളിയില്' എന്ന പാട്ടോടെയായിരുന്നു. 'ഓടക്കുഴലുമായ് വന്നവനിന്നലെ', 'മാരിവില്ലിന്‍ തേന്മലരേ', എന്നിങ്ങനെ ഓ എന്‍ വിപ്പാട്ടുകള്‍ ഒന്നിനു പിറകേ ഒന്നായി വന്നു കൊണ്ടിരിയ്ക്കും. മിഠായിയ്ക്കായി വാശിപിടിയ്ക്കുന്നതു പോലെ, ഞങ്ങള്‍ കുട്ടികള്‍ ഒന്നു രണ്ടു പാട്ടുകള്‍ രണ്ടും മൂന്നും തവണ കേള്‍ക്കണമെന്നു ശാഠ്യം പിടിയ്ക്കും: 'അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തൊണ്ട്', 'ചെപ്പു കിലുക്കണ ചെങ്ങാതി നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂല്ലേ'. ഞങ്ങളുടെ ആവശ്യം മാനിച്ച് അച്ഛനവ ആവര്‍ത്തിച്ചു പാടിച്ചു തരികയും ചെയ്തിരുന്നു. അവയെല്ലാം ഓ എന്‍ വിപ്പാട്ടുകള്‍ തന്നെ.

രണ്ടു മലയാളസിനിമകളിലെ പാട്ടുകളുമുണ്ടായിരുന്നു: 'നീലക്കുയില്‍', 'രാരിച്ചന്‍ എന്ന പൗരന്‍'; അവ പി ഭാസ്‌കരന്റേതായിരുന്നു; സംഗീതം രാഘവന്‍ മാസ്റ്ററുടേതും. നാടകഗാനങ്ങളും മലയാളസിനിമാപ്പാട്ടുകളും പിന്നെ ഒന്നു രണ്ടു ഹിന്ദിപ്പാട്ടുകളും കഴിഞ്ഞ് അച്ഛന്‍ ജീ എന്‍ ബാലസുബ്രഹ്മണ്യത്തിന്റേയും, ത്യാഗരാജഭാഗവതരുടേയും (ത്യാഗരാജസ്വാമികളല്ല) മറ്റും കര്‍ണ്ണാടകസംഗീതരചനകളിലേയ്ക്കു കടക്കുമ്പോള്‍ ജനം പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങും.

ഒരു കാര്യം തീര്‍ച്ച: അച്ഛന് ഓ എന്‍ വിയുടേയും പി ഭാസ്‌കരന്റേയും പാട്ടുകളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അക്കാലത്തു വയലാര്‍ രാമവര്‍മ്മ രചിച്ച ചില നാടകഗാനങ്ങള്‍ ഓ എന്‍ വിയുടേതിനോളം തന്നെ പ്രസിദ്ധമായിരുന്നു. എങ്കിലും, വീട്ടിലുണ്ടായിരുന്ന റെക്കോഡുകളില്‍ വയലാറിന്റേതായി ഒന്നു പോലുമുണ്ടായിരുന്നില്ല. അങ്ങനെ, ഓ എന്‍ വിയുടെ നാടകഗാനങ്ങളും പി ഭാസ്‌കരന്റെ സിനിമാഗാനങ്ങളും കേട്ടു വളര്‍ന്നതു മൂലം അവരിരുവരും എന്റേയും ഇഷ്ടകവികളായിത്തീര്‍ന്നു.

ഓ എന്‍ വിയെപ്പറ്റി എനിയ്ക്കു ചില സ്വകാര്യ അഭിമാനങ്ങളുണ്ട്. അവയിതാ.

എന്റെ ജ്യേഷ്ഠന്‍ (ഇളയച്ഛന്റെ മകന്‍) മഹാരാജാസില്‍ പ്രീയൂണിവേഴ്‌സിറ്റി മുതല്‍ എം ഏ വരെ, ആറു വര്‍ഷം പഠിച്ചു. അദ്ദേഹത്തിന്റെ പഠനകാലത്ത് മഹാരാജാസിലെ മലയാളവിഭാഗത്തിലുണ്ടായിരുന്ന രണ്ടദ്ധ്യാപക പ്രതിഭകളായിരുന്നു, ഓ എന്‍ വിയും എം കെ സാനു മാഷും. ചരിത്രവിദ്യാര്‍ത്ഥിയായിരുന്ന ജ്യേഷ്ഠനെ അവര്‍ പഠിപ്പിച്ചിരുന്നില്ല. എം ഏ വിദ്യാര്‍ത്ഥികള്‍ അക്കാലത്തു കുറവായിരുന്നതുകൊണ്ട്, ജ്യേഷ്ഠന് ഇവരിരുവരേയും പരിചയമുണ്ടായിരുന്നു. ഓ എന്‍ വിയ്ക്ക് ജ്യേഷ്ഠനെ നേരിയ തോതില്‍ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഓ എന്‍ വി മഹാരാജാസില്‍ കുറഞ്ഞൊരു കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാനു മാഷു മഹാരാജാസില്‍ കൂടുതല്‍ കാലമുണ്ടായിരുന്നു. അതുകൊണ്ട് സാനു മാഷുമായി ജ്യേഷ്ഠനു പരിചയം മാത്രമല്ല, അടുപ്പവുമുണ്ടായിരുന്നു. ഓ എന്‍ വിയേയും സാനുമാഷിനേയും പറ്റി ചര്‍ച്ച ചെയ്യുന്നിടത്തെല്ലാം ഒന്നു 'ഞെളിയാന്‍' വേണ്ടി ഞാന്‍ എന്റെ ജ്യേഷ്ഠന് ഓ എന്‍ വിയുമായും സാനുമാഷുമായുമുണ്ടായിരുന്ന പരിചയത്തെപ്പറ്റി പറയുമായിരുന്നു. എന്റെ ജ്യേഷ്ഠന്‍, പാവം, ഇന്നില്ല.

ഞാനൊരു കാര്യം എന്റെ സുഹൃത്തുക്കളെ തെല്ലു ഗര്‍വ്വോടെത്തന്നെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു: ഓ എന്‍ വിയും ഞാനും ഒരേ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്! ഓ എന്‍ വി ജ്ഞാനപീഠം നേടിയ ശേഷമാണ് ഈ അവകാശവാദം ഞാനുന്നയിയ്ക്കാന്‍ തുടങ്ങിയത്. സംഗതി സത്യമാണ്. കൊല്ലം ജില്ലയിലെ ചവറയിലുള്ള ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലാണ് ഓ എന്‍ വി പഠിച്ചത്. അദ്ദേഹം ചവറ സ്വദേശിയുമായിരുന്നല്ലോ. ഞാന്‍ ചവറ സ്വദേശിയല്ലെങ്കിലും, എനിയ്ക്കും ഇതേ സ്‌കൂളില്‍ നാലു വര്‍ഷം പഠിയ്ക്കാനിട വന്നിരുന്നു. അത് 1958ണ്ട62 കാലഘട്ടത്തിലായിരുന്നു. അതിന് ഒന്നരപ്പതിറ്റാണ്ടെങ്കിലും മുമ്പായിരിയ്ക്കണം ഓ എന്‍ വി അവിടെ പഠിച്ചിരുന്നത്. ഞാന്‍ ചവറ ഹൈസ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ ഓ എന്‍ വി എറണാകുളത്തോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ കോളേജദ്ധ്യാപകനായി ജോലി നോക്കുകയായിരുന്നിരിയ്ക്കണം.

ഓ എന്‍ വി പഠിച്ച സ്‌കൂളില്‍ ഞാനും പഠിച്ചിട്ടുണ്ടെന്ന എന്റെ 'വീമ്പിളക്കല്‍' കേട്ട് എന്റെ സുഹൃത്തുക്കളിലൊരാള്‍ ഒരു കമന്റു പാസ്സാക്കി: 'അതിന്റെ യാതൊരു ഗുണവും നിനക്കു കിട്ടിയിട്ടില്ല.' 'അതെന്താ?' എന്റെ ചോദ്യം കേട്ടു സുഹൃത്തൊരു മറുചോദ്യം ചോദിച്ചു, 'ഇത്രയും കാലത്തിനിടയില്‍ നീയൊരു രണ്ടു വരിക്കവിതയെങ്കിലും എഴുതിയിട്ടുണ്ടോ!'

ഒരു രണ്ടു വരിക്കവിതപോലും എനിയ്‌ക്കെഴുതാനായിട്ടില്ലെന്നു തുറന്നു സമ്മതിയ്ക്കുകയേ തരമുള്ളൂ. ഒരു ദുഃഖസത്യമാണത്. ഞാന്‍ ബ്ലോഗുകളെഴുതിയിട്ടുണ്ട്. എന്നാലവ കഥകളും ലേഖനങ്ങളുമാണ്. അവയില്‍ കവിതയില്ല. കവിതയെഴുതുകയെന്ന സാഹസത്തിനു ഞാനൊരിയ്ക്കലും മുതിര്‍ന്നിട്ടില്ല, മുതിരുകയുമില്ല. കവിത വൃത്തബദ്ധമായിരിയ്ക്കണമെന്ന നിബന്ധന ഇപ്പോളില്ലാത്തതുകൊണ്ട് അല്പം ചങ്കൂറ്റമുള്ള ആര്‍ക്കും ണ്ട 'ഏതു പോലീസുകാരനും!' ണ്ട ഇന്നു കവിതയെഴുതാം. എങ്കില്‍പ്പോലും, കാവ്യഗുണവും മഹത്വവുമുള്ള കവിതകളെഴുതുന്നത് ഇന്നും ദുഷ്‌കരമായിരിയ്ക്കണം. അത്തരം കവിതകള്‍ അതിവിരളമാണെന്നതു തന്നെ തെളിവ്.

ബ്ലോഗുകളെ സാഹിത്യമായി കണക്കാക്കാറില്ല. ഏതാണ്ടതുപോലെ, ഒരു കാലത്തു സിനിമാപ്പാട്ടുകളെ കവിതകളായി കണക്കാക്കിയിരുന്നില്ല. വാസ്തവത്തില്‍ കവിതകളെഴുതുന്നതിനേക്കാള്‍ കൂടുതല്‍ ദുഷ്‌കരം സിനിമാപ്പാട്ടുകളെഴുതാനായിരിയ്ക്കണം. കാരണം പറയാം. കവിതയെഴുതുമ്പോള്‍ നമുക്കിഷ്ടമുള്ള ആശയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; അതിഷ്ടം പോലെ നീട്ടിപ്പരത്തി പ്രകാശിപ്പിയ്ക്കാനും. നേരേ മറിച്ച്, കര്‍ക്കശമായ ചട്ടക്കൂടുകള്‍ക്കുള്ളിലുള്ളവയാണു സിനിമാപ്പാട്ടുകള്‍. അവ കഥാസന്ദര്‍ഭത്തിനു യോജിച്ചതാകണം. പത്തോ പന്ത്രണ്ടോ വരികള്‍ കൊണ്ട് ആശയം വ്യക്തമാക്കിയിരിയ്ക്കണം. ഭാവവും രാഗവും ചേരണം. ഉപയോഗിച്ചിരിയ്ക്കുന്ന പദങ്ങള്‍ ഗായകരുടെ വായിലൊതുങ്ങുന്നവയുമായിരിയ്ക്കണം. ഇവയ്‌ക്കൊക്കെപ്പുറമേ, പാട്ടുകള്‍ക്കു കാവ്യഗുണവും വേണം. പോരേ!

സര്‍ക്കസ്സില്‍, ഒരു ഞാണിന്മേല്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട്, മറ്റേക്കാലുകൊണ്ട് കപ്പുകളും സോസറുകളും ഒടുവിലൊരു സ്പൂണും മുകളിലേയ്‌ക്കെറിഞ്ഞ്, ശിരസ്സില്‍ ചാതുര്യത്തോടെ അടുക്കിവയ്ക്കുന്ന അഭ്യാസിയുടേതാണ് ഓ എന്‍ വിയുടേയും മറ്റും സിനിമാപ്പാട്ടെഴുത്തിനെപ്പറ്റിപ്പറയുമ്പോള്‍ എന്റെ മനസ്സിലേയ്ക്കു കടന്നുവരാറുള്ള ചിത്രം. എന്റെ കാഴ്ചപ്പാടില്‍ അത്രത്തോളം പ്രയാസമുള്ളതാണു സിനിമാപ്പാട്ടെഴുത്ത്. എന്നിട്ടും, ഓ എന്‍ വിയത് അനായാസേന, ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചെയ്തിരിയ്ക്കുന്നു. ഡസന്‍ കണക്കിന് അവാര്‍ഡുകളാണ് അദ്ദേഹമതിനു നേടിയിരിയ്ക്കുന്നതും! അതോടൊപ്പം വമ്പിച്ച ജനപ്രീതിയും നേടിയിരിയ്ക്കുന്നു. അറുപതു കൊല്ലം തുടര്‍ച്ചയായി എഴുതിയതൊക്കെ ജനപ്രിയമായിത്തീര്‍ന്നതിനെ അത്ഭുതാദരങ്ങളോടെ മാത്രമേ നോക്കിക്കാണാനാവൂ. അക്കൂട്ടത്തില്‍ അദ്ദേഹം സിനിമാപ്പാട്ടുകളെ സാഹിത്യമായി ഉയര്‍ത്തുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍, അദ്ദേഹം തൊട്ടതെല്ലാം പൊന്നായി!

സിനിമ ഒരു വ്യവസായമാണ്. പണമാണ് ആ വ്യവസായത്തിന്റെ ലക്ഷ്യം. പാട്ടുകള്‍ ആ വ്യവസായത്തിന്റെയൊരു ഭാഗമാണ്; പണമുണ്ടാക്കാനുള്ള പല മാര്‍ഗ്ഗങ്ങളിലൊന്ന്. എങ്കിലും, സിനിമകള്‍ക്കു വേണ്ടി അദ്ദേഹമെഴുതിയ പാട്ടുകള്‍ക്കൊരു മൃദുത്വവും ആഴവും, അതിലെല്ലാമുപരി ആത്മീയതയുമുണ്ട്. ഈ മൃദുത്വവും ആഴവും ആത്മീയതയും മൂലം, ഓ എന്‍ വിയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോളൊക്കെ മനസ്സില്‍ പൊന്തി വരാറുള്ളൊരു വാക്കുണ്ട്: സാംസ്‌കാരികത. ഓ എന്‍ വിയുടേതു പോലുള്ള പാട്ടുകളെഴുതുന്ന കവികള്‍ ഇനിയുണ്ടാകുമോയെന്ന കാര്യം സംശയമാണ്. പക്ഷേ, ഓ എന്‍ വിയുടെ വിയോഗം മൂലം കേരളത്തിനുണ്ടായിരിയ്ക്കുന്ന ഏറ്റവും വലിയ നഷ്ടം സാംസ്‌കാരികമാണ്. സമൂഹമനസ്സാക്ഷിയുടെ വാഹകരായ ഇത്തരം മഹദ്ണ്ടവ്യക്തികള്‍ ഒരു നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ മാത്രമേ ജന്മമെടുക്കാറുള്ളൂ. ഇനിയെന്നാണ് ഇത്തരമൊരു മഹദ്ണ്ടവ്യക്തിയെ സമൂഹത്തിനു ലഭിയ്ക്കുക! ഇതാണ് ഏറ്റവും വലിയ സങ്കടം.

sunilmssunilms@rediffmail.com

 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC