ജോണ്‍ മാത്യു

പോസ്റ്റ്‌മോഡേണ്‍ സൃഷ്ടിയായ ട്രംപ് പ്രസിഡന്‍സി

വളരെ ശ്രദ്ധയോടെയാണ് ഇങ്ങനെയൊരു തലക്കെട്ടു നല്‍കിയത്. ഡോണാള്‍ഡ് ട്രംപിനു വോട്ടു നല്‍കിയവര്‍, ഇന്നും കയ്യടി കൊടുത്തുകൊണ്ടിരിക്കുന്നവര്‍, നിശ്ചയമായും ഉത്തരാധുനിക ചന്താഗതിക്കാരല്ല, പലരും അങ്ങനെയൊരു സംജ്ഞ കേട്ടിട്ടുപോലുമുണ്ടായിരിക്കില്ല. യാഥാസ്ഥിക മുതലാളിത്വത്തിനും ചില ജനപദങ്ങളോടു പകപുലര്‍ത്തന്നതുമായ എന്നാല്‍ പരസ്പര ബന്ധമില്ലാത്ത ഒരു സംവിധാനത്തിനുമാണ് അവര്‍ വോട്ടു ചെയ്തത്. അപ്പോള്‍ ക്യാപിറ്റലിസമല്ലാത്ത ഉത്തരാധുനികതയും "ട്രംപുചിന്ത'കളുമായി എങ്ങനെ ചേര്‍ന്നുപോകും?

പോസ്റ്റ് മോഡേണിസം അഥവാ ഉത്തരാധുനികത എഴുതിയറിക്കുക അത്ര എളുപ്പമല്ല. കലകളോടു ചേര്‍ന്ന പ്രസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അല്ലെങ്കില്‍ ഭംഗിക്കുവേണ്ടിയോ മനുഷ്യമനസ്സിനെ കരുക്കിലാക്കുന്ന അനേകം പേരുകള്‍ കടന്നുവരും. ഇമ്മാനുവല്‍ കാന്റ്, ജ്വാകിസ് ദെരിദാ തുടങ്ങി നിരവധി! വായനക്കാര്‍ക്ക് പലപ്പോഴും ഉത്തരാധുനികതയെന്നാല്‍ സാഹിത്യത്തിലെ ഒരു പ്രസ്ഥാനം. ആധുനികതയില്‍ നിന്നു "വളര്‍ച്ച', എന്നാല്‍ ഈ ഉത്തരാധുനികത മേലോട്ടുള്ള വളര്‍ച്ചയിലൂന്നിയ സാഹിത്യപ്രസ്ഥാനമായി കണക്കാക്കാനും പറ്റില്ല. വാസ്തുശില്പത്തില്‍, തത്ത്വശാസ്ത്രത്തില്‍, ജീവിതത്തിന്റെ മറ്റു പല രംഗങ്ങളിലും നടത്തുന്ന പ്രതിപ്രവര്‍ത്തനമാണ് ഉത്തരാധുനികത. പരമ്പരാഗത ശൈലി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഉത്തരാധുനികനായി രൂപപ്പെടാന്‍ സാദ്ധ്യമല്ല തന്നെ. ഉത്തരാധുനികതയില്‍ ഒരു പരമസത്യമില്ല. ആധുനികതക്കാണെങ്കില്‍ ചില നിഷ്ക്കര്‍ഷതകളുണ്ടായിരുന്നു. എന്നാല്‍ ഉത്തരാധുനികത എല്ലാ യുക്തികളും വിശ്വാസങ്ങളും പരമാധികാരങ്ങളും നിഷേധിക്കുന്നു, എന്നിട്ട് സ്വന്തം അനുഭവങ്ങളിലേക്കു തന്നെ തിരിയുന്നു. ആ അനുഭവങ്ങള്‍ മാത്രം സത്യം! മറ്റൊരാള്‍ ഉപദേശിക്കുന്നത് പ്രസക്തമല്ല. അതുകൊണ്ടാണ് മേഡേണിസത്തേക്കാള്‍ പോസ്റ്റ് മോഡേണിസം അവസാനവാക്കില്ലാതെ സാര്‍വ്വത്രികമായത്.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അറിയാതെ തന്നെ ഇന്ന് ഉത്തരാധുനികത നമ്മെ സ്വാധീനിക്കുന്നു. ക്രൈസ്തവ മതത്തില്‍, കത്തോലിക്ക മതത്തിലെ, ആ പരമാധികാരം പോലും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പരമാധികാരികള്‍പോലും പറയുന്നു തങ്ങള്‍ക്ക് അങ്ങനെയൊരു അധികാരമൊന്നുമില്ലെന്ന്. പല ക്രൈസ്തവ സഭാവിഭാഗങ്ങളും "വിശ്വാസം' അവരവര്‍ക്ക് മനസ്സിലാകുന്ന ഭാഷ്യത്തിലേക്ക് ചുരുക്കിയിരിക്കുന്നു. ദൈവ വിശ്വാസം അവകാശപ്പെടുമെങ്കിലും ആ ദൈവത്തിനും മേലാണു പോലും സ്വന്തം അനുഭവം!

ആധുനികതയാണെങ്കില്‍ ഇനിയും പുതിയതൊന്ന് പറയാനില്ലെന്നും കൊളോണിയലിസത്തില്‍ക്കൂടിയും വ്യവസായ വിപ്ലവത്തില്‍ക്കൂടിയും ശാസ്ത്രീയമായും എല്ലാം നേടിയെന്ന് ധരിച്ചിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ഒരിക്കല്‍ പറഞ്ഞു കഴിഞ്ഞതിനു പുതുമ നല്‍കുന്ന പ്രസ്ഥനമായിട്ടായിരുന്നു തുടക്കം. പാശ്ചാത്യ ജീവിതരീതിയുടെ, വ്യവസായ വിപ്ലവത്തിന്റെ ആവേശത്തില്‍ പുതുമ നിറഞ്ഞ ആവിഷ്ക്കാരമായിരുന്നു ആധുനികത. മുതലാളിത്തം, മതേതരത്വം, ലിബറല്‍ ഡമോക്രസി, ഹ്യൂമനിസം തുടങ്ങിയവയ്ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കൊടുത്ത നിര്‍വ്വചനമാണ് ആധുനികത. സമൂഹത്തിനു പകരം "വ്യക്തി'കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആധുനികത ചെയ്തത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി നിരന്തരം ചര്‍ച്ച ചെയ്ത ദര്‍ശനങ്ങള്‍ കേവലം രണ്ടു പാരഗ്രാഫില്‍ എഴുതുന്നത് അത്ര പന്തിയല്ലെന്നറിയാം. അനേകം സാഹിത്യകൃതികള്‍ക്കും കലാരൂപങ്ങള്‍ക്കും പ്രേരകമായ പ്രസ്ഥാനങ്ങളാണിതെന്നുമറിയാം.

എന്റെ സ്വന്തം കാഴ്ചപ്പാട് ലിബറലിസമാണ്. അതായത് പാശ്ചാത്യ മുഖ്യധാര പ്രൊട്ടസ്റ്റന്റ് - ആംഗ്ലിക്കന്‍, എപ്പിസ്‌ക്കോപ്പല്‍, ലൂഥറന്‍, മെഥഡിസ്റ്റ് തുടങ്ങിവയുടെയും യാഥാസ്ഥിതികവും കരിസ്മാറ്റിക്കും അല്ലാത്ത ഒരു വിഭാഗം കത്തോലിക്ക സഭയുടെയും ബ്രിട്ടീഷ്, ഇന്ത്യാ ഡെമോക്രസികളുടേയും ദര്‍ശനമായ ലിബറലിസം. ഈ ലിബറല്‍ ചിന്ത മോഡേണിസത്തിന്റെ തുടര്‍ച്ചയും. പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് സഭകളുടെ തന്നെ ഒരു വിഭാഗമായ ബാപ്റ്റിസ്റ്റ് തുടങ്ങിയവ തീവ്ര മുതലാളിത്തത്തിലേക്കു നീങ്ങിയപ്പോള്‍ ഭൂരിപക്ഷ യൂറോപ്യന്‍ രാജ്യങ്ങളും സ്വാതന്ത്ര്യം, സാഹോദര്യം സമത്വം എന്ന ലിബറല്‍ ആശയങ്ങളില്‍ത്തന്നെ ഉറച്ചു നിന്നു.

അറിഞ്ഞോ അതോ അറിയാതെയോ ലിബറലിസവും കമ്മ്യൂണിസവും ചേര്‍ത്തുവെക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതത്ര ശരിയല്ലെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമ്മ്യൂണിസവും സോഷ്യലിസവും ഒരിക്കലും ലിബറല്‍ അല്ല തന്നെ. ആധുനികതയെക്കുറിച്ച് അല്പം നര്‍മ്മം ചേര്‍ത്ത് നികിതാ ക്രൂഷേവ് പറഞ്ഞത് ഇങ്ങനെ: "കഴുതവാല്‍ ചാണകവെള്ളത്തില്‍ മുക്കി മതിലില്‍ അടിക്കുന്നതുപോലെ.' കമ്മ്യൂണിസം അതില്‍ത്തന്നെ യാഥാസ്ഥിതികമാണ്.

ക്യാപിറ്റലിസത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര മതേതരത്വസമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ആവിഷ്ക്കാരമാണ് ലിബറലിസം. പാശ്ചാത്യ മതേതരത്വം എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ മതത്തിന്റെ, സംഘടിതവും അല്ലാത്തതുമായ മതത്തിന്റെ, ആദര്‍ശങ്ങളോ ചിഹ്നങ്ങളോ ദിവ്യമെന്നു കരുതാത്ത അവസ്ഥയും. ഇതൊരു ഉട്ടോപ്യന്‍ ചിന്തയാണെങ്കില്‍പ്പോലും ഭരണത്തിന് അവസാന വാക്കായി "മതം' വേണ്ട.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളില്‍ അമേരിക്കയിലെ ഭരണസംവിധാനം മോഡേണിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള ലിബറല്‍ ചിന്ത ഉള്‍ക്കൊണ്ടിരുന്നെങ്കില്‍, ജോണ്‍ എഫ്. കെന്നഡി ഭരണത്തെ ആ മോഡേണ്‍ സമൂഹത്തിന്റെ തുടര്‍ച്ചയെന്ന് വിശേഷിപ്പിക്കാമെങ്കില്‍ ആ ആശയങ്ങളുടെ എതിര്‍ദിശയിലാണ് ഇന്ന് ട്രംപ് സഞ്ചരിക്കുന്നത്, ഉത്തരാധുനിക ചിന്തകളുടെ പ്രതിനിധിയായി! ഇരുപതാം നൂറ്റാണ്ടിന്റെ ആധുനികതയില്‍ നിന്നുള്ള വ്യതിയാനമായി ട്രംപ് പ്രസിഡന്‍സിയെ ചരിത്രകാരന്മാര്‍ വിലയിരുത്തും. ട്രംപ് പ്രസിഡന്‍സി ഉത്തരാധുനികതയുടെ ചിന്തകള്‍ കൃത്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. നാം ധരിച്ചുവെച്ചതല്ല സത്യം, മറ്റൊരു പകരസത്യമുണ്ട്. ലിബറല്‍ ആശയങ്ങളായ കുടിയേറ്റ ഉദാരവല്‍ക്കരണം, മതേതരത്വം തുടങ്ങിയവ ആവശ്യമില്ല. ക്യാപിറ്റലിസ്റ്റ് ലിബറലിസം കാലഹരണപ്പെട്ടതാണ്, കൂടാതെ യുക്തിക്കു നിരക്കാത്ത മറ്റൊരു സത്യമുണ്ടെന്ന വെളിപാടും. ശാസ്ത്രത്തിന് അതീതമായ സ്വന്തം ഭൂതോദയങ്ങള്‍! ഇതൊക്കെത്തന്നെയല്ലേ പോസ്റ്റ് മോഡേണിസത്തിന്റെ അന്തര്‍ധാരകളും. ആധുനികത "ലിബറല്‍' ആണെങ്കില്‍ ഉത്തരാധുനികത സ്വയം വെളിപ്പെട്ടുവരുന്നവ തന്നെ. ഭരണ തലത്തിലും ഈ ചിന്തകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തായാലും കൗതുകമുണര്‍ത്തുന്നു.

പക്ഷേ, ഏകാധിപതികളില്‍ നിന്ന് തുടര്‍ച്ചയായി "വെളിപാടുകള്‍' അനുയായികള്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ സ്വന്തം വെളിപാടുകള്‍, അതെന്തായാലും, ഏകാധിപതിയുടെ "വലിയ' ചിന്തകള്‍ക്കു മുന്നില്‍, പതിവുപോലെ, അടിയറവുവെച്ചേ തീരൂ, ഉത്തരാധുനികതയുടെ സാര്‍വ്വത്രികത അവഗണിച്ചുകൊണ്ട്, തത്ത്വശാസ്ത്രങ്ങള്‍ ക്യത്യമായി വിലയിരുത്താതെ! 

Credits to joychenputhukulam.com

Read more

ഭൂമിബന്ധത്തിന്റെ അവസാന നാളുകള്‍

ഈ ലോകം കനിവുതോന്നി നമുക്കു തന്ന വ്യവസ്ഥിതി എന്താണ്? ആശയസംഹിതകളോട് പ്രത്യേക പ്രതിപത്തിയില്ലാതെ പറഞ്ഞാല്‍ അത് ഫ്യൂഡലിസമാണ്. അല്ലെങ്കില്‍ ജന്മിത്വം, ജന്മിയല്ലെങ്കിലും ആ മാനസികാവസ്ഥയില്‍ ജീവിക്കുന്ന സാമൂഹികാവസ്ഥ! ഒരു ഭൂമി ബന്ധം!

പതിനെട്ടാം നൂറ്റാണ്ടില്‍ ആയിരത്തിയഞ്ഞൂറ് ഏക്കര്‍ സ്വന്തമായിട്ടുണ്ടായിരുന്നവര്‍പ്പോലും കേവലം "ചില്ലറ'ക്കാരായിരുന്നുവത്രേ. തോമസ് ജഫേഴ്‌സണ്‍ കുടുംബവും ആക്കൂട്ടത്തില്‍ ആയിരുന്നെന്നു പറയപ്പെടുന്നു. റിച്ചാര്‍ഡ് കാര്‍ട്ടര്‍ എന്നൊരാള്‍ മൂന്നു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമയായിരുന്നു. അതിനു ചേര്‍ന്ന അടിമകളും കുടിയാന്മരും വേറെ. ഇതെല്ലാം വഴിയേ പറഞ്ഞുവെന്നു മാത്രം. നമ്മുടെ അറിവില്‍പ്പെട്ട വ്യവസ്ഥതിയിലേക്ക് മടങ്ങിവരാം.

ഭൂമിബന്ധത്തെപ്പറ്റി സംശയമുള്ളവര്‍ ബൈബിളിന്റെ ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുക. അവിടെ ദൈവത്തെയും മനുഷ്യനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു പ്രസ്താവനയുണ്ട്. വേദശാസ്ത്രവും അതിന്റെ വ്യത്യസ്ത സ്കൂളുകളും ഈ ചെറു ലേഖനത്തില്‍ വിഷയമല്ല, അതനുസരിച്ചുള്ള വ്യാഖ്യാനങ്ങളും വേണ്ട. സാധാരണ ഭാഷയില്‍ ഒരു "ഡൗണ്‍ ടു എര്‍ത്ത്' സമീപനം. എഴുതിയിരിക്കുന്നത് വളരെ ലളിതമായിത്തന്നെ! ഒരിടത്തുനിന്നും കടമെടുക്കാതെ ഒരു നിര്‍വ്വചനം എഴുതുകയാണെങ്കില്‍ ജന്മിത്വമെന്ന സാങ്കേതിക പദം: "ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുന്നതല്ല, പകരം ഭൂമിയും അതില്‍ ജീവിക്കുന്നവരുമായുള്ള നിരന്തര ബന്ധമാണ്.' ബൈബിളില്‍ എഴുതിയിരിക്കുന്നത് മുന്‍വിധികളില്ലാതെ വായിക്കുക. "വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു.'

അതേ, പടിഞ്ഞാട്ടു ചായുന്ന സൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍ ആസ്വദിച്ച്, മന്ദമാരുതന്റെ തലോടലേറ്റ്, ഉയരമുള്ള മരത്തില്‍ നിന്ന് നിലത്തു വീണുകിടക്കുന്ന ഉണങ്ങിയ ഇലകളില്‍ "കിരുകിര' ശബ്ദമുണ്ടാക്കി ദൈവം ഭൂമിയില്‍ നടന്നു. ദൈവത്തിനു മനുഷ്യനോടും ഭൂമിയോടുമുള്ള ബന്ധം ഇതില്‍ക്കൂടുതല്‍ വ്യക്തമായി എങ്ങനെയാണ് പറയുക. ഇവിടെ ദൈവം മുതലാളിയല്ല, കമ്മ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റുമല്ല, ഫണ്ടമെന്റലിസ്റ്റല്ല, ലിബറലുമല്ല. ഒന്നാംതരം ജന്മി! കുടിയാനെ വല്ലപ്പോഴും ഒന്നു പേടിപ്പിക്കുന്ന, അടുത്തറിയുന്ന, ആവശ്യമുള്ളതുമാത്രം ദാനം ചെയ്യുന്ന, അവന്റെ കഴിവിനനുസരിച്ച് പണിയെടുപ്പിക്കുന്ന, തോട്ടത്തില്‍ നിന്ന് ഒരു പഴവും ഇറുത്തു തിന്നാന്‍ സമ്മതിക്കാത്ത, കുടികിടപ്പു കുട്ടികളുടെ കൊതി കണക്കാക്കാതെ പാകമാകുമ്പോള്‍ വാഴക്കുല വെട്ടിക്കൊണ്ടുപോകുന്ന ജന്മി. തോട്ടത്തിലെ വിശിഷ്ട ഫലം ജന്മിക്കുമാത്രം! ഇനിയും അറ്റകൈക്ക് ഒരു കുടിയിറക്കും നടത്തുന്ന ജന്മി. എങ്കിലും അയാള്‍ കുടികിടപ്പുകാരെ സഹിക്കുന്നു, അതുകൊണ്ടാണ് ഈ ജന്മിത്വ ആശയത്തോട് എനിക്കുള്ള പ്രതിപത്തി.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു പറഞ്ഞു ""ഞാനെന്റെ ആ കുപ്പായം അവസാനമായി അഴിച്ചുവെച്ചു. ഞാനിനിയും ഒരു ഭൂവുടമയല്ല, അവിടെയും ഇവിടെയും'' കേരളത്തിലും അമേരിക്കയിലും ഭൂമിയെന്ന സമ്പത്ത് ഇല്ലപോലും. ഭൂമിയില്‍, മണ്ണില്‍ കാലു കുത്തേണ്ട. മണ്ണുമായോ മരങ്ങളുമായോ ബന്ധമില്ല.

അയാള്‍ തുടര്‍ന്നു:

"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്....'

ഞാന്‍ അവസാനമായി പാടുകയാണ്, ഇപ്പോള്‍ വരെയുണ്ടായിരുന്ന ഭൂമിയെക്കുറിച്ച്. മറുനാടന്‍ മലയാളിയുടെ ഗീതം "മാമലകള്‍ക്കപ്പുറത്തു മലയാളമെന്നൊരു നാട്' ആണെങ്കില്‍ പ്രവാസിയുടെ ഗീതമാണ് "നാളികേരത്തിന്റെ നാട്ടില്‍.....' അയാള്‍ വീണ്ടും: "അടുത്ത ലൈന്‍, അതു പാടാന്‍ കഴിയുകയില്ലെങ്കിലും...'

"അതില്‍ നാരായണക്കിളി കൂടുപോലൊരു
നാലുകാലോലപ്പുരയുണ്ട്.....' അതൊരിക്കലും ഇല്ലായിരുന്നു.

ഇനിയും കുടിയേറ്റക്കാരന്റെ ഗീതം, അതെന്നെങ്കിലും ഉണ്ടാകുമോ? ഒരു അസംബന്ധ ഗീതം, ഒരു "ജാഡ' സംസ്കാരത്തിന്റെ ഗീതം, ഇല്ല, അതു പ്രതീക്ഷിക്കേണ്ട തുടര്‍ന്നൊരു സ്വപ്നമില്ലാത്തതുകൊണ്ട്.

അറുപതുകളിലെ മറുനാടന്‍ മലയാളി ജീവിതത്തില്‍ സ്വപ്നമുണ്ടായിരന്നു, എഴുപതുകളിലെ പ്രവാസജീവിതത്തിലും. വിദേശയാത്രകളുടെ തുടക്കത്തില്‍ കരുതിയത് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന പ്രതാപം വീണ്ടെടുക്കുകയോ അല്ലെങ്കില്‍ വീണ്ടും വാങ്ങിക്കൂട്ടാനുള്ള അവസരമെന്ന പ്രതീക്ഷ. കാലം ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു ഈ കുടിയേറ്റം ഒരു കുരുക്കാണെന്ന്.

ഭൂമി മനസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ മാത്രമല്ല, ആധുനിക സമ്പദ്‌വ്യവസ്ഥയില്‍ ധനസമ്പാദനം നടത്തുന്നവരുടെയെല്ലാം അവസാന ആഗ്രഹം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ തോട്ടത്തില്‍ നടക്കുന്ന ജന്മിയുടെ സ്വഭാവത്തിലേക്ക് എത്തിച്ചേരണമെന്നാണ്. പക്ഷേ, എല്ലാവര്‍ക്കും ഒരേ ആഗ്രഹവും അവസരവും സമ്പത്തും വന്നു ചേര്‍ന്നപ്പോള്‍ ഒരു സ്ഥിതിസമത്വ രീതി അംഗീകരിക്കപ്പെട്ടു.

രാഷ്ട്രീയ തത്വസംഹിതകള്‍ എങ്ങനെയോ മനുഷ്യരെ തുല്യ അനുഭവക്കാരായി മാറ്റാന്‍ അവസരം തന്നുകൊണ്ടിരിക്കുന്നു, ചിലപ്പോള്‍ അങ്ങനെയെങ്കിലും. ധനം ഇന്ന് നേരില്‍ കാണപ്പെടാത്തതാണ്, അത് ബാങ്കില്‍, സ്റ്റോക്ക് മാര്‍ക്കറ്റില്‍ അല്ലെങ്കില്‍ ഏറ്റവും പുതിയ ചിന്താഗതിയായ "ബിറ്റ് കോയ്‌നില്‍' ഉണ്ടെന്നു പറയപ്പെടുന്നു, നേരില്‍ കാണാനാവാതെ! സുവര്‍ണ്ണത്തുട്ടുകള്‍ കിലുക്കി ശബ്ദമുണ്ടാക്കി അതു ആസ്വദിക്കുന്ന കാലവും കഴിഞ്ഞു. അവസാനം എന്റെ സുഹൃത്തു പറഞ്ഞു "നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി ഒപ്പിട്ടു കൊടുത്തപ്പോള്‍ കൈ വിറച്ചു, ഒരു യുഗം അവസാനിക്കുന്നതിന്റെ പ്രതീകമായി ഇടതു തള്ളവിരല്‍ അമര്‍ത്തി വിരലടയാളം പതിച്ചുകൊടുത്തു.' 

credits to joychenputhukulam.com

Read more

വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

"ഓര്‍മ്മ യാത്ര ജീവിതം' വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം വായിക്കാന്‍ അവസരമുണ്ടായി. നാല്പതുകള്‍ വരെയുള്ള മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം, അനുഭവങ്ങള്‍! പരിചയമുള്ള സ്ഥലങ്ങളും സന്ദര്‍ഭങ്ങളും വീണ്ടും ഓര്‍മ്മയില്‍ക്കൂടി കടന്നുപോയി. തിരുവല്ലായിലും, കോട്ടയത്തും പുതുപ്പള്ളിയിലും എടത്വായിലും ചങ്ങനാശ്ശേരിയിലും അദ്ദേഹത്തിന്റെയൊപ്പം നടന്നു.

അമ്പതുകളുടെ തുടക്കത്തിലെന്നോ മല്ലപ്പള്ളിയിലെ സെന്റ് മേരീസ് പ്രൈമറി സ്കൂളില്‍ ഒരു കഥാപ്രസംഗം. കാഥികന്‍ ശ്രീ. പി.സി. അബ്രഹാം. അന്ന് കേവലം ബാലനായിരുന്ന എന്നെ ആകര്‍ഷിച്ചത് സാധാരണയില്‍ കവിഞ്ഞ ശരീരപുഷ്ടിയുള്ള പി.സി., സുന്ദരമായി പാടുന്ന പി.സി., മാത്രമല്ല പാടുന്നത് അതേ സ്വരത്തില്‍ ഫിഡില്‍ വായനയിലൂടെ നമ്മെ കേള്‍പ്പിക്കുന്ന ഫിഡിലിസ്റ്റ്. അതിരമ്പുഴ റ്റി.ഡി. മാത്യു, സംസാരിക്കുന്ന "വീണ'ക്കാരന്‍! അത് അന്നൊരു അത്ഭുതമായിരുന്നു. പാട്ടും വായനയും ഒരു മത്സരം പോലെ തുടര്‍ന്നു. ഈ മേളം അവസാനിക്കരുതേയെന്ന് ഞങ്ങളും ആഗ്രഹിച്ചു. ഇന്നും അത് അവസാനിക്കാതെ കാതുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഒരു വിശിഷ്ടാതിഥിയായി മലയാള മനോരമ പത്രാധിപര്‍ കെ.സി. മാമ്മന്‍ മാപ്പിളയും വന്നിരുന്നതായി ഓര്‍ക്കുന്നു. വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പു കയ്യിലെടുത്തപ്പോള്‍ത്തന്നെ അന്നത്തെ ആ സായാഹ്നത്തിന്റെ ചിത്രമാണ് മനസ്സിലേക്ക് കടന്നുവന്നത്.

ഏകദേശം 1910 മുതല്‍ 1940-കള്‍ വരെയുള്ള കാലമാണ് ശ്രീ. പി.സി. അബ്രഹാം തന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം പട്ടണമായ തിരുവല്ലായുടെ അക്കാലത്തെ ചിത്രം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ഇങ്ങനെ:

"തിരുവല്ലായിലെ കാപ്പിക്കടകളില്‍ വിതരണത്തിനായി പാലും തൈരും കൊടുക്കേണ്ട ചുമതല കേവലം എട്ടു വയസ്സുള്ള എന്റെ ചുമലില്‍ കയറി. തിരുവല്ല SCS കവലയിലുള്ള മുണ്ടകത്തില്‍, മംഗലശ്ശേരി, മതിലുങ്കല്‍ തുടങ്ങിയ കടകളില്‍ ഇവയൊക്കെ കൃത്യത തെറ്റിക്കാതെ എത്തിച്ച് ഞാന്‍ മടങ്ങിവരും. കന്നുകാലികളെ അഴിച്ചുവിട്ടശേഷം കുളിച്ച് ആഹാരം കഴിച്ച് സമയം തെറ്റാതെ തിരുവല്ലായിലെ സ്കൂളിലെത്തും. തുടര്‍ന്ന് അന്നത്തെ തിരുവല്ലായുടെ രൂപഘടന:

"SC കവലയില്‍ മണ്‍ഭിത്തിയോടുകൂടിയ നാലഞ്ചു വീടുകള്‍, തെക്കേക്കവല, കുടിശുംമൂടന്മാര്‍, ഈപ്പന്‍ വക്കീല്‍, അണ്ണാച്ചിയുടെ കാപ്പിക്കട, കച്ചേരി, ആശുപത്രി, മലയാളം സ്കൂള്‍. കാടും പടലും പിടിച്ച് വിസ്തൃതമായിരുന്ന മലഞ്ചെരിവുകള്‍.' തിരുവല്ലായുടെ നൂറുവര്‍ഷം മുന്‍പുള്ള നേര്‍ചിത്രം!

മലയാളം പഠിപ്പ് പൂര്‍ത്തിയാക്കി ജോലിയന്വേഷണമായി, തന്റെ പിതാവുമൊത്ത് ഇതിനിടെ റാവു സാഹബ്ബ് ഓം ചെറിയാന്‍ എന്ന തിരുവിതാംകൂര്‍ സ്കൂള്‍ ഇന്‍സ്‌പെക്ടറേയും പരിചയപ്പെടുത്തുന്നു: തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത ധീഷണാസമ്പന്നന്‍. സിംഹപ്രഭാവനായ ഉദ്യോഗസ്ഥ മേധാവി, നീണ്ടു തടിച്ച ഉഗ്രമൂര്‍ത്തി.

പള്ളത്ത് കോരുതാശാനേയും പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "മടങ്ങിപ്പോരവെ, രാത്രി എട്ടുമണിയോടെ ചാറ്റല്‍മഴ തുടങ്ങി. ആയതിനാല്‍ ഞങ്ങള്‍ കോരുതാശാന്റെ ബംഗ്ലാവില്‍ വിശ്രമാര്‍ത്ഥം കയറി.' തുടരുന്നു. "രാത്രി ഉറങ്ങുന്നതിനു മുന്‍പ് എല്ലാവരും മുഴങ്കാല്‍ മടക്കി. ഭക്ത്യാദരപൂര്‍വ്വം ആ മഹാപുരുഷന്റെ വ്യക്തമായ പ്രാര്‍ത്ഥന. ഹാ, എത്ര ലളിതം, ഹൃദയം പകരുകയായിരുന്നു. മദുബഹായിലെ ത്രോണോസിന്റെ വിശുദ്ധിയും കാന്തിയും അവിടെ ഓളംവെട്ടി.'

രാവിലെ ഇറങ്ങുമ്പോള്‍ കോരുതാശാന്‍ അപ്പനോടു പറഞ്ഞു "ഇവിടെ കരിമ്പിന്‍കാലാ സ്കൂളില്‍ ഒരൊഴിവുണ്ടാകും. ഉടനെ അറിയിക്കാം പയ്യനെ ഇങ്ങോട്ടു പറഞ്ഞു വിടണം.'

അങ്ങനെ ജോലിയുടെ തുടക്കം.

പിന്നീടു പുതുപ്പള്ളിയിലും കുറേക്കാലം ജോലി നോക്കി. അവിടെയുമുണ്ട് ഒരാശാന്‍. മാത്യു ആശാന്‍. തികഞ്ഞ ഭക്തന്‍, പക്ഷേ പള്ളിഭക്തന്‍!

ഇവിടെ അന്നത്തെ വിദ്യാഭ്യാസമേഖലയുടെ ദുരിതങ്ങള്‍ ചര്‍ച്ചാവിഷയമാണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അത് ഒരുപോലെതന്നെ. താഴ്ന്ന ക്ലാസുകളില്‍ ഇരിക്കാന്‍ ബഞ്ചുകളില്ല, ക്ലാസ്സുകള്‍ തമ്മില്‍ മറയുണ്ടാക്കുന്ന ഏര്‍പ്പാടില്ല! കുട്ടികള്‍ അധികവും തീരെ ദരിദ്രര്‍. അദ്ധ്യാപകര്‍ക്ക് സേവനവ്യവസ്ഥയോ ജീവിക്കാനുള്ള വേതനമോ ഇല്ലതന്നെ. ഇതാ, അവധിക്കാലം കഴിഞ്ഞ് മടങ്ങിച്ചെന്നപ്പോള്‍ ഒരു ക്ലാസുതന്നെ വേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. അങ്ങനെ ജോലി നഷ്ടപ്പെട്ടു. കാരൂര്‍ നീലകണ്ഠപിള്ളയുടെ "പൊതിച്ചോര്‍' എന്ന കഥ ഓര്‍മ്മിക്കുക.

അതിനുശേഷം ചങ്ങനാശ്ശേരി ട്രെയിനിംഗ് സ്കൂളിലെ പഠനം. ഇതാ മറ്റൊരു ചരിത്രം. തീര്‍ച്ചയായും ദുഃഖത്തിനൊപ്പം ഒരു ചെറുപുഞ്ചിരി നമ്മുടെ ചുണ്ടില്‍ വിരിയും. ട്രെയിനിംഗ് സ്കൂളിലെ ചാക്കോ സാര്‍ ബി.എ.എല്‍.ടി. മഹാജ്ഞാനി, ജ്ഞാനക്കയം! ടൈ കെട്ടി, കോട്ടുധരിച്ച് തലപ്പാവും അണിഞ്ഞ് നാലഞ്ചു പുസ്തകവുമായി പതിനൊന്നു മണിക്ക് വന്നുകേറിയാല്‍ ഒരു മണിക്കൂര്‍ തുടരെ ലക്ചര്‍. പക്ഷേ, എന്തുചെയ്യാം പ്രാരാബ്ധക്കാരന്‍, പ്യൂണ്‍ കുര്യാക്കോസിനോടു വരെ കാശു കടം വാങ്ങും. ചാക്കോ സാര്‍ സ്ഥലം മാറിപ്പോയി, പകരം വന്നയാളെ ശ്രീ. പി.സി. പരിചയപ്പെടുത്തുന്നു. "മൂത്തു മുരടിച്ച ഒരു ഗംഭീരന്‍, കാല്‍ക്കാശിനു കൊള്ളാത്ത ഒരബദ്ധ്ന്‍!'

സതീര്‍ത്ഥ്യരില്‍ പില്‍ക്കാലത്ത് നേട്ടങ്ങളുണ്ടാക്കിയവരുടേയും പേരുകള്‍ ശ്രീ. പി.സി. അബ്രഹാം മറക്കാറില്ല. ഉദാഹരണത്തിന് മുണ്ടകപ്പാടം അഗതിമന്ദിരത്തിന്റെ തുടക്കക്കാരനായ ശ്രീ. പി.സി. ജോര്‍ജ്ജിനെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു!

വിദ്വാന്‍ പി.സി. എവിടെയെല്ലാം ഉദ്യോഗാര്‍ത്ഥം താമസിച്ചിട്ടുണ്ടോ ആ പ്രദേശങ്ങളും ജനങ്ങളും അവരുടെ ജീവിതവും അദ്ദേഹം പഠിച്ചിരിക്കും, അടയാളപ്പെടുത്തിയിരിക്കും. എടത്വാ സെന്റ് അലോഷ്യസ് സ്കൂളില്‍ മലയാളം മുന്‍ഷിയായി നിയമനം. അവിടം മുതലാണ് തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമുണ്ടായതും. സ്കൂളിലെ സാംസ്കാരിക ജീവിതം സജീവമായി. നാടകങ്ങളും ഗാനമേളകളും പ്രഹസനങ്ങളും അരങ്ങേറി. പിന്നീട് ഉദയാ സ്റ്റുഡിയോയുടെ ഉടമയായ കുഞ്ചാക്കോ സെന്റ് അലോഷ്യസില്‍ ശ്രീ. പി.സി.യുടെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഇതിനിടെ അന്തനായി മാറിയ പുതുപ്പള്ളിയിലെ മാത്യു ആശാനുവേണ്ടി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അഞ്ഞൂറ് റുപ്പിക പിരിച്ചെടുത്തത് അക്കാലത്ത് നാട്ടിലും സ്കൂളിലും ഒരത്ഭുതമായി.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് എടത്വാ സമ്പന്നമായിരുന്നു, അല്ലെങ്കില്‍ അങ്ങനെയൊരു സമൂഹവുമായാണ് ഇടപെട്ടത്. സുഭിക്ഷമായ ഭക്ഷണം, സമ്പന്നതയുടേയും ഐശ്വര്യത്തിന്റെയും വിവിധ മുഖങ്ങള്‍. ഒരു വീടുപണിയെപ്പറ്റി വിവരിക്കുന്നതിങ്ങനെ: ""മാന്നാത്ത് ഇളമതയില്‍ അന്തോണി വക വലിയ മരപ്പണികെട്ടിടം പൊളിച്ചുകൊണ്ടുവന്നു, തെക്കേതില്‍ പരിഷ്ക്കരിച്ചു പണിതു.'' നല്ലകാലം എന്നും നീണ്ടുനില്‍ക്കണമെന്നില്ല. ഈ കാലയളവില്‍ സംഭവിച്ച ഒരു പ്രകൃതിക്ഷോഭത്തെപ്പറ്റി അദ്ദേഹം വിശദമായി എഴുതിയിരിക്കുന്നു. കൊല്ലവര്‍ഷം 1099-ല്‍, അതായത് 1924-ലെ വര്‍ഷകാലത്ത് സംഭവിച്ചത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍:

""എല്ലാ അവസാനിക്കാറായതുപോലെ. പ്രകൃതിക്ഷോഭം തുടങ്ങി. തുള്ളിക്ക് കുടം എന്ന കണക്കിന് തോരാതെ അഹോരാത്രം പേമാരി. നാടുമുഴുവന്‍, കാടുമുഴുവന്‍, രാജ്യമൊട്ടാകെ വെള്ളത്തില്‍ മുങ്ങി. മലവെള്ളം കടപിഴുത വന്‍മരങ്ങളേയും കാട്ടാനകളേയും മറ്റു കാട്ടുമൃഗങ്ങളേയും തീരവാസികളേയും മണിമന്ദിരങ്ങളേയുംകൊണ്ടു കലങ്ങിമറിഞ്ഞു. പമ്പ, മണിമല, അച്ചന്‍കോവില്‍, പെരിയാര്‍ എല്ലാം ഒന്നായി പെരുകി. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് "എന്റെ ജനങ്ങള്‍' എന്നു നിലവിളിച്ച് മാറത്തടിച്ച് പുറകോട്ടു മറിഞ്ഞുവീണ് ദിവംഗതനായി. കെടുതിയുടെ പുറത്ത് കെടുതി. മഹാകവി കുമാരനാശാനും പല്ലന ആറ്റുവളപ്പില്‍ റെഡീമര്‍ ബോട്ടപകടത്തില്‍ മരിച്ച കര്‍ണ്ണകഠോരമായ വാര്‍ത്തകൂടി പരന്നു. "ദുഃഖപ്പെണ്ണു തോഴിമാരുമായേ വരൂ നമ്മെക്കാണാന്‍'!

ശ്രീ. പി.സി.യുടെ ചില യാത്രകളും ഇവിടെ പ്രസക്തമാണ്. ഒരു "മാപ്പിള'സ്വാമിയായി ശബരിമലയ്ക്ക് നടന്നുപോയത് തികച്ചും നൂതന അനുഭവമായിരുന്നു. സുഖഭോഗങ്ങള്‍ ത്യജിച്ച് കാടുതാണ്ടി, മലകയറി ഭക്തിപൂര്‍വ്വം സന്നിധാനത്തിലെത്തിയതിന്റെ ആത്മസംതൃപ്തി! കന്യാകുമാരിയിലേക്കു നടത്തിയ സൈക്കിള്‍ യാത്രയും തമിഴ്‌നാട്ടിലൂടെയുള്ള യാത്രകളും ഇനിയും വരാനിരിക്കുന്ന സാഹസികതയുടെ മുന്നോടികള്‍ മാത്രമായിരുന്നു.

സെന്റ് അലോഷ്യസ്സുമായുണ്ടായ ചില അഭിപ്രായഭിന്നതകള്‍ കാരണം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിലേക്ക് ഉദ്യോഗം മാറി. അങ്ങനെ ചങ്ങനാശ്ശേരിയില്‍ പുതിയ പാതകള്‍ വെട്ടിത്തുറക്കാനുള്ള അവസരമുണ്ടായി. തിരുവിതാംകൂറിലെ "നിവര്‍ത്തന പ്രസ്ഥാന'ത്തില്‍ ഇടപെട്ടു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായ ഒരു സമര മുഖമായിരുന്നു നിരവര്‍ത്തപ്രസ്ഥാനം. ഇതിനിടെ പ്രമുഖ വ്യവസായിയായ ശ്രീ. പി.ജെ. കുഞ്ചാക്കോയുമായുള്ള ചങ്ങാത്തം ഒരു ഭാഗ്യമായി. എന്തിനേറെ പറയുന്നു ദിവാന്‍ സ്വാമി ശ്രീ. പി.സി. അബ്രഹാമിന്റെ അദ്ധ്യാപക ലൈസന്‍സ് റദ്ദുചെയ്തപ്പോള്‍ ഈ വ്യവസായ പ്രമുഖനായ കുഞ്ചാക്കോ ബന്ധമാണ് മലയാളത്തിന് കാഥികനെ നേടിത്തന്നത്. പിന്നീടുള്ള ചരിത്രം മുഴുവന്‍ തിരുവിതാംകൂറിലെ രാഷ്ട്രീയ സമരങ്ങളുടേയും കഥകളാണ്. എത്രയെത്ര പ്രഗത്ഭരുമായിട്ടാണ് പ്രസംഗവേദികള്‍ പങ്കുവച്ചത്. ടി.എം. വറുഗീസ്, സി. കേശവന്‍, പട്ടംതാണുപിള്ള, പി.ടി. പുന്നൂസ്, എ.കെ. ഗോപാലന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം.

ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം സാഹസിക യാത്രകളുടെ വിവരണങ്ങളാണ്. അദ്ധ്യാപക ലൈസന്‍സ് റദ്ദാക്കിയിട്ടും തിരുവിതാംകൂര്‍ പോലീസിന്റെ വേട്ടയാടല്‍ തുടര്‍ന്നു. സമരമുഖം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. ചില സമരതന്ത്രങ്ങള്‍ വായിക്കുമ്പോള്‍ ചിരിച്ചു മണ്ണുകപ്പും. തിരുവിതാംകൂറിലേക്ക് മൈക്ക് തിരിച്ചുവച്ച് കൊച്ചിയില്‍ നിന്ന്, അതിര്‍ത്തിയില്‍ നിന്ന്, പ്രസംഗിക്കുക. ദിവാന്‍ സ്വാമിക്ക് ശുണ്ഠിപിടിക്കാന്‍ ഇതില്‍പ്പരമെന്താണ് വേണ്ടത്. തിരുവിതാംകൂര്‍ പോലീസിന്റെ അധികാരങ്ങള്‍ കൊച്ചിയിലേക്കും പിന്നാമ്പുറത്തുകൂടി നീണ്ടപ്പോഴാണ് ബോംബെയ്ക്ക് കപ്പല്‍ മാര്‍ഗ്ഗം യാത്രതിരിച്ചത്.

വര്‍ഷങ്ങള്‍ ഉത്തരേന്ത്യയില്‍ ജീവിച്ചിട്ടും പലരും നിരീക്ഷിക്കാത്ത കാര്യങ്ങള്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് ശ്രീ. പി.സി. വശത്താക്കുമ്പോള്‍ നമുക്ക് അസൂയയല്ലെ ഉണ്ടാകുക. ചരിത്രപരമായ കാര്യങ്ങള്‍ ഗ്രഹിച്ചെടുത്തു. ഏതുനഗരത്തില്‍ ചെന്നാലും തന്റെ പരിചയ സമൂഹത്തില്‍ നിന്നോ അല്ലെങ്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്നോ ഒരാളെ തപ്പിയെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ശ്രീ. പി.സി. അബ്രഹാമിന്റെ ഈ കഴിവിനെ അപാരം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ബോംബെയില്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തന്നെ തനിക്ക് വേണ്ടതായ ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ഏതാനും നാളത്തെ താമസവും അവിടെ തരമാക്കി.

ഇതാ കേള്‍ക്കൂ, ബോംബെയിലെ താജ്മഹല്‍ ഹോട്ടലിന്റെ വിവരണം: "വൃത്ത ഭയങ്കരാകാരത്തിലുള്ള ഭീമന്‍ ഹോട്ടല്‍. നിത്യക്കൂലി കേട്ടാല്‍ ഭയന്നു തലകറങ്ങും. നൂറു റുപ്പിക മുതല്‍ ആയിരം റുപ്പിക വരെ മുറി വാടക. ഭക്ഷണം വേറെയും. ദരിദ്രനു ഇതിന്റെ വരാന്തയില്‍പ്പോലും കേറാന്‍ അനുവാദമില്ല. രാജാക്കന്മാരും പ്രഭുക്കന്മാരും ജമീന്ദര്‍മാരുമേ അവിടെ പോകാറുള്ളു.'

അല്പം ചരിത്രം പറയട്ടെ:

പണ്ടൊരു മുതലാളി "റ്റാറ്റാ' ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ വെള്ളക്കാരന്റെ ഹോട്ടലില്‍ നിന്നും പിടിച്ചിറക്കിവിട്ടത്രേ. പണമില്ലാഞ്ഞല്ല ഇന്ത്യാക്കാരനായതുകൊണ്ട്. അതിന്റെ വാശിയും വൈരാഗ്യവും ചേര്‍ന്ന് വെള്ളക്കാരനെ വെല്ലുവിളിച്ചുകൊണ്ട് നിര്‍മ്മിച്ചതാണത്രേ ബോംബെയിലെ താജ് ഹോട്ടല്‍!

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനകാര്യമന്ത്രിപദം തൃണസമാനം വലിച്ചെറിഞ്ഞ, "റ്റാറ്റാ' കമ്പനികളുടെ തലവനായിരുന്ന, മേധാസമ്പന്നനായ ഡോക്ടര്‍ ജോണ്‍ മത്തായിക്ക് താജ് ഹോട്ടലില്‍ മൂന്നു മുറികള്‍ സ്ഥിരമായി ഉണ്ടായിരുന്നുവത്രേ. ഇതിനിടെ, ഡോക്ടര്‍ ജോണ്‍ മത്തായി, അക്കാലത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ നേതാവായിരുന്ന ഇലഞ്ഞിക്കല്‍ ജോണ്‍ പീലിപ്പോസിന്റെ സഹോദരി ഭര്‍ത്താവെന്നുകൂടി എഴുതിയപ്പോള്‍ വിവരണവും പരിചയപ്പെടുത്തലും പൂര്‍ണ്ണമാകുന്നു, ശ്രീ. പി.സി.യുടെ അഭിമാനമായ തിരുവല്ലാ ബന്ധവും!

തുടര്‍ന്ന് പൂനെ, ഡല്‍ഹി, ലക്‌നൗ, അലഹബാദ്, കാശി, കല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ച വിവരണങ്ങളും കഥകള്‍പോലെ വായിച്ചുപോകാം. എല്ലായിടത്തും കൈമുതലായുണ്ടായിരുന്നത് പഴയകാല പരിചയത്തില്‍ക്കൂടി പിടിച്ചുകയറി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ്, അപരിചിതരെപ്പോലും സുഹൃത്തുക്കളാക്കാനുള്ള വാചാലത, വേണ്ടുന്ന സ്ഥലത്ത് നേര്‍ക്കുനേര്‍ നിന്ന് പോരാടാനുള്ള ധൈര്യം. ഇതിനും പുറമെയാണ് കാഥികന്‍ എന്ന നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞത്. ചെന്നിടത്തെല്ലാം കഥാപ്രസംഗം നടത്തി തരക്കേടില്ലാത്ത പ്രതിഫലവും പറ്റി.

കല്‍ക്കത്ത സന്ദര്‍ശനവേളയില്‍ മഹാകവി രബീന്ദ്രനാഥ് ടാഗോറിനേയും സന്ദര്‍ശിക്കാനുള്ള ഭാഗ്യം ശ്രീ. പി.സി. അബ്രഹാമിനുണ്ടായി. "ഭുവന്‍പുരം ഗ്രാമത്തില്‍ വണ്ടിയിറങ്ങി. യാതൊരു വിശേഷവുമില്ല, കുറെ പാഴ്‌വൃക്ഷങ്ങളും കള്ളിമുള്‍ച്ചെടികളും. വാഹനങ്ങളില്ല. രണ്ടര മൈല്‍ദൂരം വിശ്വഭാരതിയിലേക്ക് നടന്നു. രണ്ടു മലയാളി പെണ്‍കുട്ടികള്‍ അവിടെ താമസിച്ചു പഠിക്കുന്നുണ്ട്. ഡോ. ജോണ്‍ മത്തായിയുടെ മകള്‍ വത്സയും, വറുഗീസ് മാപ്പിളയുടെ മകന്റെ മകള്‍ ലീലയും. സഹോദരിപുത്രിമാര്‍. പിറ്റേ ദിവസം ഗുരുദേവിനെ കണ്ടു. സ്വര്‍ണ്ണപ്രഭയെ വെല്ലുന്ന ഗാത്രം. എഴുപത്തിയാറു തികഞ്ഞ കാലം. വത്സ എന്നെ ഗുരുവിന് പരിചയപ്പെടുത്തി. ചോദ്യങ്ങള്‍ക്ക് വിനയസമേതം മറുപടി പറഞ്ഞു. ബൈബിളില്‍ തൃക്കൈകൊണ്ട് ഒപ്പിട്ടുതന്നു.'

യാത്ര തുടരുന്നു. മറ്റു ചില ചിത്രങ്ങള്‍ നോക്കുക. അക്കാലത്ത് പ്രതിമാസം നാലായിരം രൂപ ശമ്പളം പറ്റുന്ന മലയാളി ചെറുപ്പക്കാര്‍, തെരുവില്‍ക്കൂടി "ശില്‍ക്ക്, ശില്‍ക്ക്' എന്നുവിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന ചൈനാക്കാരനായ സില്‍ക്ക് കച്ചവടക്കാരന്‍, ബംഗാള്‍ ഗവര്‍ണ്ണറുടെ, രാജകീയമായ, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രൗഢിക്കൊത്ത ശവസംസ്ക്കാരയാത്ര, സുപ്രസിദ്ധമായ സെറാംപൂര്‍ കലാശാലയുടെ മേധാവി റവ.ഡോ. സി.ഇ. അബ്രഹാം അച്ചനെ സന്ദര്‍ശിച്ചത് തുടങ്ങി അനേകം വിവരണങ്ങള്‍. ശ്രീ. പി.സി. അബ്രഹാം എന്തെഴുതിയാലും ഒരു അദ്ധ്യാപകന്റെ നിരീക്ഷണ പാടവത്തോടെ അതു നമുക്ക് മനസ്സിലാക്കിത്തരുന്നു. ഇവിടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം സഹായത്തിനെത്തുന്നു.

അവസാനം കൊച്ചിയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം എടത്വായില്‍ മടങ്ങിയെത്തി. അവിടെ നിന്ന് മണിമലയാറ്റില്‍ക്കൂടി മണിമലക്കുപോകുന്ന കച്ചവട വള്ളത്തില്‍ കാറ്റോട്ടുകടവില്‍ ഇറങ്ങുമ്പോള്‍ ഒരു ജീവിതം, യാത്ര, വായനക്കാരെ ഒപ്പം കൂട്ടിക്കൊണ്ടുള്ള യാത്ര ഒരുവട്ടമെത്തുന്നു. മഹത്തായ ഒരനുഭവം, ഒരു നാടിന്റെ ചരിത്രം, സമരങ്ങളുടെ കഥകളും!


("ഓര്‍മ്മ യാത്ര ജീവിതം' എന്ന പുസ്തകം എന്റെ പക്കല്‍ എത്തിച്ചത് ശ്രീ. പി.സി. അബ്രഹാമിന്റെ പുത്രന്‍ ഡോ. സാലാസ് അബ്രഹാമാണ്. അദ്ദേഹത്തോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. - copies available at B. Books, Ambalapuzha, Kerala, India - Price Rs. 220/-) 

Read more

കള്ളന്റെ ധനതത്വശാസ്ത്രം

സുപ്രധാനമായ ഒരു ഫോണ്‍കാള്‍. തികച്ചും ഇന്ത്യന്‍ ഉച്ചാരണം. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു മലയാളി ലക്ഷണം, കള്ളലക്ഷണമെന്നു പറയുന്നതുപോലെ. അയാളുടെ ഇംഗ്ലീഷ് സംഭാഷണം എകദേശമായി ഇങ്ങനെ: 

"നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ് ബാധിച്ചിരിക്കുന്ന വിവരം ദിവ്യദൃഷ്ടികൊണ്ട് ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന് പ്രതിവിധി ഒരൊറ്റമൂലി. "വിന്‍ഡോ ക്ലീനിംഗ്.'

തുടര്‍ന്നുവന്ന സാങ്കേതിക പ്രസംഗം ഞാന്‍ എടുത്തെഴുതുന്നില്ല. അയാളുടെ വാക്കുകള്‍ക്ക് പിന്നാലെ വാക്കുകളായി പ്രവഹിച്ചുകൊണ്ടിരുന്നത് ശ്രവിക്കാതെ ഞാന്‍ "വിന്‍ഡോ' എന്ന പദത്തിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് പറഞ്ഞു: 

"എന്റെ വിന്‍ഡോ ക്ലീന്‍ ചെയ്യാന്‍ ഞാന്‍ ഒരാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.'

അപ്പോള്‍ അയാള്‍ ഏറെ വാചാലനായി വിന്‍ഡോ ക്ലീനിംഗിന്റെ വിവിധ വശങ്ങളെപ്പറ്റി വിശദീകരിച്ചു. 

ഞാന്‍ പ്രതികരിച്ചു:

"എന്റെ വീട് മൂന്നു നിലയിലുള്ളതാണ്. മൂന്നാം നിലയില്‍ വരെയെത്തണമെങ്കില്‍ അത്ര നീളമുള്ള കോണി ഇല്ല. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഫീസ് എത്രയെന്ന് പറയുക.'

"ഞങ്ങള്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദഗ്ദ്ധരാണ്.'

അത് അവഗണിച്ചുകൊണ്ട് ഞാന്‍:

"എട്ടു വിന്‍ഡോകളുണ്ട്, എന്തു കെമിക്കലാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്?' ഇതിനിടയില്‍ അയാള്‍ തന്റെ സഹപ്രവര്‍ത്തകരോട് മലയാളത്തില്‍ പറഞ്ഞത് ഇങ്ങനെ കേട്ടു: 

"ഇന്ന് നമുക്ക് കൈനേട്ടമായി കിട്ടിയത് ഒരു ശുംഭനെയാണ്.'

മരുന്നടിക്കാരന്‍ പച്ചപ്പുല്ലിന്റെ ആകര്‍ഷണീയതയും പടവും പതിപ്പിച്ച വണ്ടിയിലാണ് വന്നത്. അയാള്‍ തലങ്ങും വിലങ്ങും ഭൂതക്കണ്ണാടിവച്ച് പരിശോധിച്ചു. പതിനഞ്ച് മിനിട്ട് ചുറ്റിക്കറങ്ങിയിട്ട് ഒരു റിപ്പോര്‍ട്ട് തന്നു. 

"നിങ്ങളുടെ യാര്‍ഡില്‍ പുല്ലിന്റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. അതുകൊണ്ട് കുറഞ്ഞപക്ഷം രണ്ടു ട്രക്ക് മേല്‍മണ്ണ് ഇവിടെ ആവശ്യമുണ്ട്. എന്നിട്ട് ഒരു ആശ്വാസമായി കൂട്ടിച്ചേര്‍ത്തു "കളയില്ല.'

കുറിപ്പടിയനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു. അവിടവിടെ വട്ടത്തിലുള്ള മഞ്ഞനിറം മാറ്റിയെടുക്കണമെങ്കില്‍ ഏറെ മണ്ണു വേണം. മണ്ണു കച്ചവടക്കാരന്‍ മണ്ണിറക്കി, മിനിമം വേജില്‍ പണിയെടുക്കുന്ന മെക്‌സിക്കന്‍ തൊഴിലാളി ഭംഗിയായി മണ്ണു നിരത്തി. 

ഒരു മാസം കഴിഞ്ഞപ്പോള്‍ മരുന്നടിക്കാരന്‍ വീണ്ടുമെത്തി. പതിവുപോലെ പരിശോധനകള്‍ കഴിഞ്ഞ് വീണ്ടും കുറിപ്പടിയെഴുതി. 

"കള ആര്‍ത്തു വളരുന്നു. ഞങ്ങളുടെ ഒരു പുതിയ കെമിക്കലുണ്ട്, ഇപ്പോള്‍ മാര്‍ക്കറ്റില്‍ വന്നത്, ഒരൊറ്റ ആപ്ലിക്കേഷന്‍, കളയെല്ലാം വേരോടെ കരിയും.'

അപ്പോള്‍ ഞാനോര്‍ത്തു മരുന്നടിക്കാരനും മണ്ണടിക്കാരനും തമ്മിലുള്ള ഒത്തുകളി. കളയുടെ വിത്തിട്ട മണ്ണ് യാര്‍ഡില്‍ നിരത്തിയിട്ട് നമ്മെക്കൊണ്ട് വീണ്ടും മരുന്നടിപ്പിക്കുന്നു. നല്ല കച്ചോടം. കംപ്യൂട്ടര്‍ക്കാരന്‍ വൈറസ് കുത്തിവച്ച് രോഗം പടരുമ്പോള്‍ വിന്‍ഡോ ക്ലീന്‍ ചെയ്യിക്കുന്നതുപോലെ!

കഴിഞ്ഞ ദിവസം കള്ളന്‍ ഞങ്ങളുടെ ഗ്യാരജില്‍ നിന്ന് ഒരു സൈക്കിള്‍ മോഷ്ടിച്ചു. ഞാനെന്റെ സെക്യൂരിറ്റി ക്യാമറിയില്‍ക്കൂടി പിന്നോട്ടുപോയി കള്ളനെ പിടിക്കാന്‍. അവസാനം അധികാരികളെയും അറിയിച്ചു. അവരെന്നെ കുറ്റപ്പെട്ടുത്തി. ഒന്ന്: ഗ്യാരജ് സുരക്ഷിതമാക്കിയില്ല, രണ്ട് : സെക്യൂരിറ്റി ക്യാമറയില്‍ രൂപങ്ങള്‍ അവ്യക്തമാണ്. 

ഉപദേശം തുടരുന്നു:

"നിങ്ങള്‍ അല്പംകൂടി വിലപിടിപ്പുള്ള സിസ്റ്റം വാങ്ങി പിടിപ്പിക്കുക. ആരെങ്കിലും യാര്‍ഡില്‍ കാലുകുത്തിയാല്‍ മതി വിളക്കുകള്‍ കത്തും, വാതിലില്‍ തൊട്ടാല്‍ മതി അലറിയറിയിക്കും.'

സെയില്‍സ്മാന്‍ വിശദീകരിച്ചു:

കള്ളന്‍ വരുന്നതും പോകുന്നതും രാത്രിയിലും പകലും ഒരുപോലെ കാണാം. അവന്റെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാം. വിശന്നിട്ടുവരുന്ന കള്ളനാണോ അതോ മോഷണം തൊഴിലാക്കിയവനാണോ ഇതെല്ലാം വായിച്ചറിയാം. അതിനുശേഷം സാങ്കേതികതകളും നിരത്തി. 

"ഈ ക്യാമറയുടെ സ്പീഡ് അപാരമാണ്. കള്ളന്റെ കയ്യനങ്ങുന്നത്, കാലനങ്ങുന്നത്, പിന്നെ നിങ്ങള്‍ക്ക് ഒരു മാസംവരെയും കള്ളന്റെ പിന്നാലെ ഓടാം.'

"അതെങ്ങനെ?'

ഈ സിസ്റ്റത്തില്‍ ഒരു മാസം വരെ കള്ളനുണ്ടായിരിക്കും. വില മൂവായിരത്തിയഞ്ഞൂറ് ഡോളര്‍ മാത്രം. ഞാന്‍ സംശയിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞു: "അഷ്ടദിക്ക്പാലകരാണ്.'

അപ്പോഴും ഞാന്‍ മുഖങ്ങള്‍ താരതമ്യപ്പെടുത്തുകയായിരുന്നു. 

എനിക്കറിയില്ല ഏതെങ്കിലും കലാശാലകള്‍ കള്ളന്റെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നുണ്ടോയെന്ന്.. ഇല്ലായിരിക്കാം. അതുകൊണ്ടൊരു ശുപാര്‍ശ. സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന കൂട്ടത്തില്‍ ഒരു കള്ളനെക്കൂടി ചേര്‍ക്കുക. 

Read more

ഇവിടെ, വടക്കെ അമേരിക്കയിലും, വമ്പനാനകള്‍

അക്ഷരാര്‍ത്ഥത്തില്‍ അവ വമ്പനാനകള്‍ത്തന്നെ. കൊളമ്പിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഗജവീരന്മാര്‍, മാമത്തുകള്‍. കണ്ടുമറന്ന ചിത്രങ്ങളില്‍ നിന്ന് നമ്മുടെ മനസ്സില്‍ കുടിപാര്‍ക്കുന്ന രൂപങ്ങള്‍.

പേടിക്കേണ്ട, വമ്പനാനകളെന്ന് അഭിനയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന മലയാളികളെപ്പറ്റിയല്ല ഈ ലേഖനം. രാഷ്ട്രീയത്തില്‍ കളിക്കുന്ന വമ്പനാനകളും ഇവിടെ വിഷയമല്ല.

വടക്കെ അമേരിക്കയില്‍ മുഴുവനായും ടെക്‌സാസിലെ പ്രയറി പുല്‍മേടുകളില്‍ പ്രത്യേകിച്ചും യഥേഷ്ടം വിഹരിച്ചിരുന്ന, രണ്ടു മില്യന്‍ വര്‍ഷങ്ങളിലേറെ നീണ്ടുനിന്ന ഹിമയുഗത്തിലെ, ആനകളാണിവിടെ ചര്‍ച്ചാവിഷയം.

ഞങ്ങളുടെ "എ എ ആര്‍പി ചാപ്റ്റര്‍' ഒക്‌ടോബര്‍ മാസത്തെ പഠനയാത്ര ക്രമീകരിച്ചിരുന്നത് ടെക്‌സാസ് സ്റ്റേറ്റ് തലസ്ഥാനമായ ഓസ്റ്റിനും ഡാളസ് നഗരത്തിനും ഇടയ്ക്ക് ഐ-തേര്‍ട്ടിഫൈവ് ഫ്രീവേയിലുള്ള വെയ്‌ക്കോയിലെ മാമത്ത് മ്യൂസിയം കാണാനായിരുന്നു. വെയ്‌ക്കോ എന്ന ചെറുപട്ടണം സുപ്രസിദ്ധമാണ്, മറ്റു ചിലപ്പോള്‍ ഡേവിഡ് കോരേഷുമായി ബന്ധപ്പെട്ട് കുപ്രസിദ്ധവും. ഒരു വശത്ത് ഐവി ലീഗിനടുത്തുവരെയെത്തുന്ന ബെയ്‌ലര്‍ കലാശാല, മറുവശത്ത് ഇപ്പോഴും ഞെട്ടിപ്പിക്കുന്ന ബ്രാഞ്ച് ഡേവിഡിയന്‍സിലെ കോരേഷ്കാലത്തെ കറുത്ത അദ്ധ്യായങ്ങള്‍.

കുട്ടികളുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പലതവണ വെയ്‌ക്കോയിലേക്ക് പോകേണ്ടതായി വന്നിട്ടുണ്ട്. അന്നൊന്നും ഈ മാമത്ത് മ്യൂസിയം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

"ദൈവത്തിന്റെ കരങ്ങള്‍' എന്ന് സ്പാനീഷുകാര്‍ വിളിച്ചിരുന്ന നദിയുടെ ചുരുക്കപ്പേരാണ് ബ്രാസോസ് റിവര്‍. ഏകദേശം ആയിരത്തി ഇരുനൂറിലധികം മൈല്‍ നീളമുള്ള ഈ നദി ടെക്‌സാസ് സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തുകൂടി വെയ്‌ക്കോ തുടങ്ങിയ പട്ടണങ്ങള്‍ കടന്ന് മെക്‌സിക്കന്‍ കടലില്‍ പതിക്കുന്നു. വെയ്‌ക്കോ പട്ടണത്തിനു സമീപം ബോര്‍സ്ക്യു എന്നൊരു അരുവിയും ബ്രാസോസ് നദിയോടു ചേരുന്നു.

ആ ബോര്‍സ്ക്യു സംഗമത്തുരുത്ത്, ആരും അത്ര പ്രാധാന്യം കൊടുക്കാതിരുന്നത്, ആകസ്മികമായി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഏതാണ്ട് നാല്പതു വര്‍ഷം മുന്‍പ് അമ്പെയ്ത്ത് പരിശീലിച്ചുകൊണ്ടിരുന്ന ചില കുട്ടികള്‍ മണ്ണോടു ചേര്‍ന്ന് ദ്രവിച്ച ആനക്കൊമ്പിന്റെ ചില ഭാഗങ്ങള്‍ കണ്ടെടുത്തതോടെ. തുടര്‍ന്ന് ഈ കണ്ടെത്തല്‍ വെയ്‌ക്കോ കലാശാലയുടെ ശാസ്ത്രവിഭാഗം ഏറ്റെടുത്തു. എന്തിനേറെപ്പറയുന്നു, ആ സ്ഥലം ഒരു ഗവേഷണകേന്ദ്രമായി!

ഏതാണ്ട് രണ്ടു മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി പതിനായിരം വര്‍ഷം മുന്‍പ് അവസാനിച്ചതാണ് ഹിമയുഗം. ശാസ്ത്രജ്ഞന്മാരുടെ സിദ്ധാന്തം ശരിയെങ്കില്‍ നാമുള്‍പ്പെടെ ഇന്നത്തെ ജീവജാലങ്ങള്‍ ഈ അതിശൈത്യത്തെ ക്രമേണ തരണം ചെയ്തവരാണ്.

നമ്മുടെ സങ്കല്പത്തിന് അപ്പുറമായ ഈ ഹിമകാലഘട്ടത്തിലാണ് രാക്ഷസീയ ആകാരമുള്ള വിവിധ മൃഗങ്ങള്‍ ഈ ഭൂമിയിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ നിന്ന് വേഗം ഓര്‍മ്മിക്കാന്‍ കഴിയുന്നത്, ഒരു ചിത്രം രൂപപ്പെടുത്താന്‍ കഴിയുന്നത്, അക്കാലത്തെ മാമത്ത് അല്ലെങ്കില്‍ ഗജവീരന്മാരുടേതാണ്. ഈ അതികായന്മാരുടെ കൊമ്പുകള്‍ ശ്രദ്ധിക്കുക. സുന്ദരന്മാരായ ഇന്ത്യന്‍ ആനകളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് പച്ചിലകള്‍ ശേഖരിക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ഉതകുംവിധം, കൊളുത്തുപോലെ, വളഞ്ഞ കൊമ്പുകളുള്ള ഇപ്പോള്‍ അന്യം നിന്നുപോയ ഈ ജീവികള്‍.

ബോര്‍സ്ക്യു-ബ്രാസോസ് സംഗമ തുരുത്തില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പ് വെയ്‌ക്കോയിലെ ബയ്‌ലര്‍ കലാശാലയില്‍ പഠനവിധേയമാക്കി. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കോണ്ടാണ് അതിന് അറുപതിനായിരത്തിലേറെ വര്‍ഷത്തെ പഴക്കം വിധിച്ചത്. അതേ അറുപതിനായിരം! ബൈബിള്‍ പൂര്‍ണ്ണമായി എഴുതപ്പെട്ടിട്ട് രണ്ടായിരത്തില്‍ താഴെ വര്‍ഷങ്ങള്‍, ലോകത്തിലെ പുരാതന വേദഗ്രന്ഥങ്ങള്‍ ഒന്നിനും തന്നെ മൂവായിരത്തിയഞ്ഞൂറു വര്‍ഷത്തിനുമേല്‍ പ്രായമില്ല. ലിപി രൂപപ്പെട്ടിട്ട് ആറായിരത്തില്‍ താഴെ വര്‍ഷങ്ങല്‍. ഗോള്‍ഡന്‍ ക്രസന്റ് സമതലം "ഏദന്‍' തോട്ടമായിരുന്നത്, ഫലഭൂയിഷ്ഠമായിരുന്നത്, അതായത് മനുഷ്യന്‍ കൃഷിയില്‍ ഏര്‍പ്പെട്ടത് പതിനയ്യായിരം വര്‍ഷത്തില്‍ താഴെ മാത്രം കാലത്ത്. ഈ ചരിത്രം മുഴുവന്‍ എത്രയോ കാവ്യാത്മകമായി ബൈബിളിന്റെ ആദ്യ അദ്ധ്യായത്തില്‍ ഏതാനും വാക്കുകള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളില്‍ക്കൂടി പറഞ്ഞിട്ടുണ്ട്.

തുടരട്ടെ,

വെയ്‌ക്കോ കലാശാലയിലെ ഗവേഷകരുടെ ശ്രദ്ധ ഈ ആനക്കൂട്ടങ്ങളെപ്പറ്റി പഠിക്കുന്നതിലേക്ക് തിരിഞ്ഞു. നൂറു കണക്കിന് ഗവേഷകര്‍ അവിടെയെത്തി ഖനന പ്രക്രിയയില്‍ ഏര്‍ര്‍പ്പെട്ടു. പലരും സ്വന്തം ഉത്തരവാദിത്വത്തില്‍!

ശാസ്ത്രീയത തെളിയിക്കാനുള്ള ഖനനങ്ങള്‍ ശ്രമകരമാണ്, അത് അതിസൂക്ഷ്മമായി രിക്കണം. ഇതില്‍ ഏര്‍പ്പെടുന്നവരില്‍ അധികം പേര്‍ക്കും ഉപജീവനത്തിന് മറ്റു മാര്‍ഗ്ഗങ്ങളുള്ളവരാണ്, കൂടാതെ ശാസ്ത്ര ഭ്രാന്തന്മാര്‍, ഗവേഷക തല്പരര്‍, സാഹസികര്‍, അഥവാ ഒന്നും കണ്ടെത്തിയില്ലെങ്കിലും നിരാശപ്പെടാത്തവരുമാണ്.

മേല്‍മണ്ണ് നീക്കാന്‍ മാത്രം യന്ത്രസഹായം തേടിയിരിക്കാം. തുടര്‍ന്നുള്ള "ആയുധങ്ങള്‍' അതായത് ഉപകരണങ്ങള്‍ ചെറിയ കരണ്ടിയും ബ്രഷും സ്വന്തം കയ്യും തന്നെ. ഇങ്ങനെ ഒരു ദശകത്തിലേറെക്കാലം അവിടെ പ്രവര്‍ത്തിച്ചവരുണ്ട്. അവരുടെ അദ്ധ്വാനഫലമെന്നു പറയട്ടെ കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും അടങ്ങിയ ഒരു കൂട്ടം അപകടത്തില്‍പ്പെട്ടതിന്റെ നാടകീയത മണ്ണിലെഴുതിയ കവിതയായി രൂപപ്പെട്ടത്.

വെയ്‌ക്കോ നഗരത്തിനു സ്വന്തമായ ഈ മ്യൂസിയം പ്രധാനപ്പെട്ട ഒരു സ്ഥാപനമായി ഇന്ന് സംരക്ഷിക്കപ്പെടുന്നു. ഖനനം ചെയ്ത ഭൂമിക്കുമേല്‍ മനോഹരമായ ഒരു കെട്ടിടം. സന്ദര്‍ശകര്‍ക്കു സൗകര്യപൂര്‍വ്വം നിന്നു കാണാനുള്ള ബാല്‍ക്കണി. താഴെ ഒരു കാലത്ത് മരണമടഞ്ഞ കൊളമ്പിയന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ആനകളുടെ അസ്ഥികൂടങ്ങള്‍. കലയേയും ശാസ്ത്രത്തേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രയത്‌നം!

കണ്ടു മടങ്ങുമ്പോള്‍ ഞാന്‍ കാലങ്ങളിലൂടെ പിന്നോട്ടുപോയി. "സ്ലോട്ടര്‍ ഹൗസ് ഫൈവ്' എന്ന നോവലിലെ ബില്ലി പില്‍ഗ്രിമിനെപ്പോലെ കാലത്തില്‍ക്കൂടി മടങ്ങി സഞ്ചരിച്ചു. ഈ ബ്രാസോസ്-ബോര്‍സ്ക്യു നദീതീരത്തു മാത്രമല്ലല്ലോ മൃഗങ്ങളും മനുഷ്യരും ജീവിച്ചിരുന്ന തെന്നും ഓര്‍ത്തു.

ഭൂമിക്കടിയില്‍ മുഴുവന്‍ ഗവേഷണത്തിനുള്ള വകയുണ്ട്, അതേ ഈ ഭൂമി മുഴുവന്‍ ഒരു ജീവശാസ്ത്ര കാഴ്ചബംഗ്ലാവാണ്. പക്ഷേ, നമുക്കത് കാണാനുള്ള കണ്ണുകളില്ല, നേരമില്ല. പഠനങ്ങളുടെ വെളിച്ചത്തില്‍, ശാസ്ത്രത്തിന്റെ പുരോഗതിയില്‍, മൃതപ്പെട്ടുവെന്ന് കരുതപ്പെടുന്നവ മടങ്ങിവന്ന് കഥ പറയുന്ന കാലം ഇനിയും പുരോഗമിക്കില്ലേ, ഇത് മതവിശ്വാസങ്ങള്‍ മാത്രമല്ല, ചിലപ്പോള്‍ വിശ്വാസങ്ങള്‍ക്കുമതീതമായ ശാസ്ത്രസത്യവുമാകാം. ഒരു ശാസ്ത്രീയ പ്രതീക്ഷയെന്നും കൂടി ഇപ്പോള്‍ കരുതിക്കൊള്ളൂ!

Read more

ഭൂമി­ക്കു­മേ­ലൊരു മുദ്ര (നോവല്‍ റിവ്യൂ)

മല­യാ­ളി­ക­ളുടെ അമേ­രി­ക്കന്‍ കുടി­യേ­റ്റ­ത്തിന്റെ പശ്ചാ­ത്ത­ല­ത്തില്‍ സുവര്‍ണ്ണ­ജൂ­ബിലിസ്മാ­ര­ക­മായി ഒരു ദാര്‍ശ­നിക നോവല്‍ 

ഇതെ­ങ്ങ­നാ­യി­ങ്ങനെ? നോവ­ലി­സ്റ്റു­തന്നെ നോവല്‍ പരി­ച­യ­പ്പെ­ടു­ത്തു­കയോ? അതേ, അത­ങ്ങ­നെ­ത­ന്നെ­യാണ് വേണ്ടത്. ഞാന്‍ എഴു­തി­യത് എന്താ­ണെന്ന് ഞാന്‍ തന്നെ­യല്ലേ വായ­ന­ക്കാ­രോട് പറ­യേ­ണ്ട­ത്?

ഒരു പതി­വാ­ണ്. പുസ്ത­ക­മെ­ഴു­തി­യാല്‍ മറ്റൊ­രാള്‍ നല്ല വാക്ക് പറ­യു­ന്ന­ത്. അത് സ്ഥലത്തെ "അറി­യ­പ്പെ­ടുന്ന' ആരെ­ങ്കിലും ആയി­രി­ക്കു­കയും വേണം. പറ­ഞ്ഞു­പ­റഞ്ഞ് പ്രസ്തുത കൃതിയെ തോളില്‍ക്ക­യ­റ്റി­വെ­ച്ചു­ക­ളയും ചിലര്‍, റിട്ട­യര്‍ഡ് ഉദ്യോ­ഗ­സ്ഥര്‍ സ്വഭാ­വ­സര്‍ട്ടി­ഫി­ക്കറ്റ് കൊടു­ത്തി­രു­ന്ന­തു­പോ­ലെ. ഇതി­നു­പ­കരം ഗ്രന്ഥ­കര്‍ത്താ­വു­തന്നെ വിമര്‍ശ­നാ­ത്മ­ക­മായി സ്വന്തം കൃതിയെ സമീ­പി­ക്കുന്ന ഒരു രീതി എന്തു­കൊണ്ട് നമുക്ക് വളര്‍ത്തി­ക്കൊ­ണ്ടു­വ­ന്നു­കൂടാ? ഗ്രന്ഥ­കര്‍ത്താ­വിന്റെ മന­സ്സില്‍ എന്തോ ഉണ്ടാ­യി­രു­ന്നു­വെന്ന് അന്യര്‍ പറ­യു­ന്ന­തിലും സത്യ­സ­ന്ധ­മായി സ്വയം അതങ്ങു വെളി­പ്പെ­ടു­ത്ത­രുതോ?

കഴിഞ്ഞ ഏതാനും വര്‍ഷ­ങ്ങ­ളായി ആഴ്ച­തോ­റു­മുള്ള എന്റെ കോള­മെ­ഴു­ത്തിലെ പ്രധാന വിഷ­യ­ങ്ങ­ളി­ലൊന്ന് "മനു­ഷ്യന്റെ യാത്ര' യായി­രു­ന്നു. ആ യാത്ര തുട­ങ്ങി­യിട്ട് കാല­ങ്ങ­ളാ­യി. അത് ഇന്നും തുടര്‍ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. പതി­നാ­യി­ര­ക്ക­ണ­ക്കിനു വര്‍ഷ­ങ്ങള്‍ക്ക് മുന്‍പു മുതല്‍ തീറ്റയും വെള്ളവും തേടി.

ആധു­നിക കാലത്തും ഇതിന്റെ പരി­ഷ്കൃ­ത­ തുടര്‍ച്ച. അതാ­യത് ചരി­ത്ര­ത്തിന്റെ ഒരു സുപ്ര­ധാ­ന­ഘ­ട്ട­ത്തില്‍ അവി­ചാ­രി­ത­മായി തക്ക­തായ സാഹ­ച­ര്യം വന്നു­പെ­ട്ട­തു­കൊണ്ട് മല­യാ­ള­നാ­ട്ടില്‍ നിന്നും അമേ­രി­ക്ക­യി­ലേക്കും ഒരു കുടി­യേറ്റം നട­ന്നു. ചരി­ത്ര­ത്തില്‍ മറ്റൊരു ജന­യാ­ത്ര, പക്ഷേ ഇത് കേര­ള­ത്തിലെ പല സംവി­ധാ­ന­ങ്ങ­ളെയും മാറ്റി­മ­റി­ക്കു­ന്ന­താ­യി­രുന്നു, ഭാഷ­യുള്‍പ്പെ­ടെ.

അതേ, "യാത്ര' തന്നെ­യാണ് ഈ ആഖ്യാ­യി­ക­യുടെ പ്രമേ­യ­വും. മനു­ഷ്യന്റെ അന­ന്ത­മായ യാത്ര. അഞ്ഞൂറു വര്‍ഷം­മുന്‍പ് പേടി­സ്വ­പ്ന­ങ്ങ­ളു­മാ­യി, സുര­ക്ഷി­ത­മായി ജീവി­ക്കാന്‍ മാത്രം, യൂറോ­പ്പില്‍നിന്ന് ഇറ­ങ്ങി­പ്പു­റ­പ്പെട്ട ഇര­ട്ട­ക്കു­ട്ടി­കള്‍. ബൈബി­ളിലെ അബ്ര­ഹാ­മിന്റെ യാത്ര­യുടെ ഓര്‍മ്മ­പ്പെ­ടു­ത്ത­ലു­മായി ഓനാ­പ്പി­യെന്ന എട്ടു വയ­സു­കാ­രന്റെ യാത്രയും അതിന്റെ ശുഭ­പ്ര­തീ­ക്ഷ­യും. കാല­ങ്ങള്‍ കഴി­ഞ്ഞ­പ്പോള്‍ ഏതൊരു മല­യാളി ചെറു­പ്പ­ക്കാ­ര­നെ­യും­പോലെ ടോമി­യുടെ യാത്ര, പിന്നീട് ഡിട്രോ­യ്റ്റില്‍നിന്ന് മറ്റൊരു എട്ടു വയ­സ്സു­കാ­രന്റെ യാത്ര, അവ­സാനം ടോമിയുടെ സ്വന്ത­നാ­ട്ടില്‍പ്പോലും അന്യ­ദേ­ശ­ക്കാര്‍ കുടി­യേ­റു­ന്ന­തോ­ടു­കൂടി നോവല്‍ അവ­സാ­നി­ക്കു­ന്നു. ഇതൊരു വശം മാത്രം. ഇതി­നിടെ ഒരു പ്രണ­യം, ഒളി­ഞ്ഞി­രി­ക്കു­ന്ന­തു­പോ­ലെ, മന­സ്സില്‍കൊ­ണ്ടു­ന­ട­ക്കു­ന്ന­തു­പോലെ !

അവ­താ­രി­ക­ക്കാ­രന്‍ ശ്രീ ചെറ­മം­ഗലം രാധാ­കൃ­ഷ്ണന്‍ രസ­ക­രവും അതേ­സ­മയം വിവാ­ദ­പ­ര­വു­മായ ചില പ്രസ്താ­വ­ന­കള്‍ നട­ത്തു­ന്നു­ണ്ട്. ഞങ്ങ­ളെല്ലാം എത്രയോ കാലം ഒരേ "സ്കൂളില്‍' ഒരു­മി­ച്ചു­ണ്ടാ­യി­രു­ന്നു. അന്ന് ഔദ്യോ­ഗിക പദ­വി­ക­ളിലും കൂടാതെ സാഹി­ത്യ­-­ക­ലാ­രം­ഗ­ങ്ങ­ളിലും സ്ഥിര­പ്ര­തിഷ്ഠ നേടി­യ­വ­രോ­ടു­പോലും ചര്‍ച്ച­ക­ളില്‍ ഏറ്റു­മു­ട്ടു­ന്ന­തിന് സാധാ­രണ ഗുമ­സ്ത­രാ­യി­രുന്ന ഞങ്ങള്‍ക്ക് ഒരു സങ്കോ­ചവും തോന്നി­യി­ട്ടില്ല. ഇനീം "പോലീ­സു­കാ­രന്‍' എന്ന­റി­യ­പ്പെ­ട്ടി­രുന്ന നാരാ­യ­ണന്‍ നായ­രോ­ടാ­ണാ­ണെ­ങ്കിലോ? ഇടി വരു­മെന്ന കമന്റ് പിന്നില്‍നിന്ന് കേള്‍ക്കാം. പക്ഷേ, ചെറു­പ്പ­ക്കാര്‍ക്ക­തൊന്നും വിഷ­യ­മ­ല്ല. നാരാ­യ­ണന്‍നാ­യര്‍ വെറും പോലീ­സു­കാ­ര­നൊ­ന്നു­മ­ല്ല, കേട്ടോ, സി.­ബി.­ഐ­യുടെ തല­പ്പ­ത്തി­രി­ക്കു­ന്ന­യാള്‍!

ശ്രീ ചെറ­മം­ഗലം രാധാ­കൃ­ഷ്ണന്‍ ഈ നോവ­ലിന്റെ അവ­താ­രി­ക­യില്‍ ഇങ്ങനെയെഴുതി. "സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ അഭിപ്രായം ശ്രദ്ധേയമാണ്, എന്റെ ട്യൂണുകള്‍ നല്ലതാകാം മോശമാകാം. പക്ഷേ, ആ ട്യൂണുകള്‍ എന്റേതായിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.'

അനേകം കഥകളും അതിലധികം ലേഖനങ്ങളും പിന്നെ ഇപ്പോള്‍ ഈ ആഖ്യായികയും എഴുതിയപ്പോഴെല്ലാം എന്റെ മനസ്സില്‍ ഉണ്ടായിരുന്നതും ഇതേ ചിന്തയായിരുന്നു. എഴുന്നതിലെല്ലാം സ്വന്തം അനുഭവങ്ങളുടെ മുദ്രയുണ്ടായിരിക്കണം, അത് കഥയായാലും ലേഖനമായാലും, അത് നല്ലതാകട്ടെ മോശമാകട്ടെ, വായനക്കാരുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ!

ഒരു എഴുത്തുകാരനും ഒറ്റപ്പെട്ട ജീവിയല്ല. അവന്‍ പ്രചോദനമുള്‍ക്കൊള്ളുന്നത് അനുഭവത്തില്‍ നിന്നോ വായിച്ചറിഞ്ഞതില്‍നിന്നോ ആയിരിക്കും. അതു മനസ്സിലാക്കാം. എന്നാല്‍ ഒരാള്‍ നേരെയങ്ങ്‌കേറി അനുകരിച്ചാലോ, അല്ലെങ്കില്‍ പലര്‍ക്കും അറിയാത്തത് താനെന്തോ പുതുതായിക്കണ്ടെത്തിയതാണെന്ന ഭാവേന പ്രദര്‍ശിപ്പിക്കുന്നതോ ഒരിക്കലും സ്വീകാര്യമല്ല. മലയാളത്തിലെ "ആധുനികത'പോലെ! സ്വന്തമായ ഒരു ജീവിതം ചിത്രീകരിക്കുന്നിടത്ത് അനുകരണത്തിന്റെ പ്രശ്‌നമേയില്ല, അതേസമയം പാശ്ചാത്യദേശത്തുനിന്നും കിട്ടിയ അല്ലെങ്കില്‍ പറഞ്ഞുകേട്ടത് എഴുതിപ്പിടിപ്പിക്കുമ്പോള്‍ അത് ചോദ്യം ചെയ്‌തേതീരൂ. അതുകൊണ്ടാണ് മലയാളത്തിലെ ചില പ്രശസ്ത കൃതികള്‍ക്കെതിരെ ആരോപണങ്ങളുണ്ടായിട്ടും പ്രതിരോധിക്കാന്‍ ആ എഴുത്തുകാര്‍ മുന്നോട്ടു വരാതിരുന്നത്. ഇവിടെ എനിക്കു തോന്നുന്നു ഏതോ ചില തത്വചിന്തകളുടെ ഭാരം മുഴുവന്‍ തങ്ങളുടെ തോളിലാണെന്നപോലെ എഴുത്തുകാര്‍ നീങ്ങുന്നതാണു ചോദ്യം ചെയ്യപ്പെടേണ്ടതെന്നു. കേശവദേവോ, വൈക്കം മുഹമ്മദ് ബഷീറോ സമൂഹത്തിന്റെയും ഗ്രാമീണരുടെയും കഥ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരോപണം ഉണ്ടായില്ല. എന്തിന്, ലോകമെമ്പാടും സഞ്ചരിച്ച എസ്.കെ.പൊറ്റക്കാടിനും ഇങ്ങനെയൊരാരോപണം നേരിടേണ്ടതായ വന്നില്ല. ഈയവസരത്തിലാണ് ഈ ചര്‍ച്ചയിലേക്ക് ഒ.വി.വിജയനും അദ്ദേഹത്തിന്റെ "ഖസാക്കിന്റെ ഇതിഹാസവും' കടന്നുവരുന്നത്. അദ്ദേഹത്തിന്റെ എഴുത്ത് മൗലീകമാണെന്ന് ഞാന്‍ പറയുമ്പോള്‍തന്നെ യുദ്ധാനന്തര അമേരിക്കയിലെ യുവമനസ് ഒപ്പിയെടുത്ത് സൃഷ്ടിക്കപ്പെട്ട "ക്യാച്ചര്‍ ഇന്‍ ദ റൈ' യുടെ സ്വാധീനം തുറന്നുപറയാന്‍ ശ്രീ വിജയന് ഒരു മടിയുമില്ലായിരുന്നു. സാഹിത്യമീറ്റിംഗുകളില്‍ അദ്ദേഹമിതു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ ഞാനിതു കേള്‍ക്കുകയും ചെയ്തു. മാത്രമല്ല "ക്യാച്ചര്‍ ഇന്‍ ദ് റൈ' യുടെ, താളുകള്‍ ഉതിര്‍ന്നു വീണുകൊണ്ടിരുന്ന ഒരു കോപ്പി എന്റെ കൈയിലേക്ക് തരികയും ചെയ്തു. സമ്പത്ത് കുമിഞ്ഞു കൂടിയതിന്റെ പാശ്ചാത്യ പ്രതിഷേധമായ "ഹിപ്പി' രീതികള്‍ മാറ്റിനിര്‍ത്തിക്കൊണ്ട്, മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത കേരളീയ "വ്യക്തി' യിലേക്കാണ് അറുപതുകളിലെ വിജയനുള്‍പ്പെടെയുള്ള നമ്മുടെ ചില എഴുത്തുകാരെങ്കിലും തിരിഞ്ഞത്.

ചര്‍ച്ചാവിഷയമായ അഖ്യായികയിലേക്ക് മടങ്ങിവരാം.

മദ്ധ്യതിരുവിതാംകൂറിന്റെ നവോത്ഥാനക്രൈവസ്തവത എങ്ങനെയാണ് മറക്കപ്പെട്ടത്? ആ പശ്ചാത്തലത്തില്‍ അധികം കൃതികളൊന്നും ഉണ്ടായിട്ടില്ല. തോടുകളും പാടങ്ങളും ഏറെ ഉയരമില്ലാത്ത കുന്നുകളും നിറഞ്ഞ മദ്ധ്യതിരുവിതാംകൂര്‍ മനോഹരമാണ്. ധനു, മകരം മാസങ്ങളോടെ, വിളവെടുപ്പു കഴിയുമ്പോള്‍, സമൂഹം ഉണരുകയായി. തെളിഞ്ഞ ആകാശം, വരണ്ട കാറ്റ്, എല്ലാ മതവിഭാഗങ്ങള്‍ക്കും ഉത്സവം. പ്രത്യേകിച്ചും നവോത്ഥാനത്തിന്റെ പ്രതീകമായ "ഉണര്‍വ്വ്' യോഗങ്ങള്‍. ഉണര്‍വ്വ്, ആന്തരികമായും ഭൗതികമായും. നല്ല വിളവു നേടിയതിന്റെ നന്ദിപ്രകടനത്തിന് മേളങ്ങളോടുകൂടിയ ഗാനാലാപനങ്ങളും കഥാപ്രസംഗശൈലിയിലുള്ള പ്രതീക്ഷയുണര്‍ത്തുന്ന പ്രഭാഷണങ്ങളും. ഇതെന്തേ സാഹിത്യലോകത്തിന്റെ, കലാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാതിരുന്നത്? ഈ സംവിധാനത്തിന്റെ നോവലിലെ സൂത്രധാരനാണ് "മാത്തുണ്ണിയപ്പച്ചന്‍.'

നവോത്ഥാനം, നവീകരണം തുടങ്ങിയ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതാണ്. ചില മതവിഭാഗങ്ങള്‍ ഇന്നും കരുതുന്നത് തങ്ങളുടെ പാരമ്പര്യങ്ങളുടെമേല്‍ കത്തിവെച്ചവയാണ് നവീകരണമെന്നുതന്നെ. "ജന്മി' ഭാഷയായി നിലനിന്ന മലയാളത്തെ ജനങ്ങളിലേക്കടുപ്പിച്ചത് ഈ നവീകരണപ്രസ്ഥാനങ്ങളാണ്. പ്രസംഗങ്ങളില്‍ക്കൂടി, കഥപറച്ചില്‍ക്കൂടി, ഗാനങ്ങളില്‍ക്കൂടി ജനങ്ങളെ സമൂഹത്തില്‍ പങ്കാളികളാക്കി. തുടക്കത്തില്‍ ഇതൊരു ക്രൈസ്തവഭാഷ്യമായിരുന്നെങ്കിലും മറ്റു സമുദായങ്ങളിലേക്കും വിവിധ രീതികളില്‍ ഈ പരിവര്‍ത്തം വളരെ വേഗം പടര്‍ന്നുപിടിച്ചു.

ഇടപാടുകളില്‍ കച്ചവടംമാത്രം മുന്നില്‍ നിര്‍ത്തുന്ന മദ്ധ്യതിരുവിതാംകൂറിനു വൈകാരികത അവകാശപ്പെടാന്‍ കഴിയുകയില്ലായിരുന്നു. അതായിരിക്കും സാഹിത്യ - കലാരംഗങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെപോയത്. സാഹിത്യത്തില്‍ മദ്ധ്യതിരുവിതാംകൂറിന്റെ "ജോണ്യേട്ട'നേക്കാള്‍ എത്രയോ ഉയരത്തിലാണ് വള്ളുവനാട്ടുകാരന്‍ "ഉണ്യേട്ടന്‍.' വിലപേശി സ്ത്രീധനം കിട്ടിയിട്ട് പറമ്പ് വാങ്ങാന്‍ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന ജോണ്യേട്ടനും മുറപ്പെണ്ണിനെയും സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന ഉണ്യേട്ടനും ഇരുധ്രുവങ്ങളിലാണ്.

ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ സങ്കല്പങ്ങളിലേക്ക് നോവല്‍ ഇറങ്ങിച്ചെല്ലുന്നില്ല. പക്ഷെ, നവോത്ഥാനത്തില്‍ക്കൂടി പാരമ്പര്യങ്ങളില്‍നിന്ന് മോചിതനായ ടോമി നോഹയെന്ന കഥപാത്രത്തില്‍ക്കൂടി ലിബറല്‍ ക്രൈസ്തവചിന്ത വളര്‍ത്തിയെടുത്ത "ആധുനിക' സമൂഹത്തിന്റെ പശ്ചാത്തലത്തിലേക്ക് ഊളിയിടുകയാണ്. എത്ര "തത്വ'ശാസ്ത്രങ്ങള്‍ പരിചയപ്പെട്ടാലും ടോമി മലയാള"രീതി'യിലേക്ക് വേഗം മടങ്ങിയെത്തുന്നു. ആ പൊങ്ങച്ചത്തിന്റെ പ്രതീകമാണ് അവസാനം "ഗ്ലോമു'വെന്ന സംഘടന. നോവലിലെ ജോര്‍ച്ചയുടെ കണക്കുകൂട്ടലുകളും, അല്ലെങ്കില്‍, മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവനവീകരണവും അതിനോടുചേര്‍ന്ന പൊങ്ങച്ചങ്ങളും നവമുതലാളിത്തവും തമ്മില്‍ കൈകോര്‍ത്തുപോകുന്നത് തികച്ചും സ്വാഭാവികമാണ്. അതായത് ടോമി ഒരിക്കലും ആധുനികനല്ല. ടോമിയില്‍ക്കൂടി എങ്ങുമെങ്ങുമെത്താത്ത ഒരു ഉത്തരാധുനിക കഥാപാത്രത്തെ, മേനിപറച്ചിലിനുവേണ്ടി സൃഷ്ടിച്ചുവെന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ആധുനിക ജീവിത ശൈലിയിലേക്ക് ഒരു പരിചയപ്പെടല്‍ നോഹയില്‍ക്കൂടി ടോമിക്കുണ്ടായിയെന്നുമാത്രം.

അടിസ്ഥാനപരമായ വ്യവസായങ്ങളും അതിനോടുചേര്‍ന്ന ഉത്പാദനവും തൊഴിലവസരങ്ങളും കേരളത്തിലില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ സേട്ടുമാര്‍ക്ക് ഗുമസ്തരെ വേണം. അതിനു മത്സരപ്പരീക്ഷകള്‍ വേണ്ടിയിരുന്നില്ല, കാലങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇത് അമ്പതുകളിലെ കഥ. എന്നാല്‍ ഇതിനിടയില്‍ മദ്ധ്യതിരുവിതാംകൂറില്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒരു നിശ്ശബ്ദവിപ്ലവം നടന്നുകൊണ്ടിരുന്നു. അതു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് തുടങ്ങിയത്. അദ്ധ്വാനത്തില്‍ പങ്കുചേരാന്‍ ക്രൈസ്തവസ്ത്രീകള്‍ പ്രകടിപ്പിച്ച ധൈര്യം! "ആശാന്‍' ജോലി സ്വീകരിക്കുന്നവരുടെ ഭാര്യമാര്‍ക്ക് അക്ഷരം അറിഞ്ഞിരിക്കണമെന്ന മിഷനറിമാരുടെ നിബന്ധനയുണ്ടായപ്പോള്‍ പാടത്തെ പണിക്കൊപ്പം പെണ്‍കുട്ടികള്‍ പഠനത്തിലേക്കും ശ്രദ്ധിച്ചു.... ഇവിടെ നിന്ന് തുട­ങ്ങുന്നു സ്ത്രീവി­ദ്യാ­ഭ്യാ­സ­ത്തിന്റെ മുന്നേ­റ്റം. കഴിഞ്ഞ നൂറ്റാണ്ട് പാതി­വ­ഴി­യി­ലെ­ത്തി­യ­പ്പോ­ഴേക്കും ഒരു തൊഴി­ലി­നു­വേണ്ടി ആഗ്ര­ഹി­ക്കുന്ന അഭ്യ­സ്ത­വി­ദ്യാ­രായ പെണ്‍കു­ട്ടി­ക­ളുടെ എണ്ണം ഏറി­വ­ന്നു. ആതു­ര­ശു­ശ്രൂ­ഷാ­രം­ഗത്ത് ഇവര്‍ക്കു­വേണ്ടി ദേശ­മൊ­ട്ടാകെ വാതി­ലു­കള്‍ തുറ­ന്നു­കി­ട­ന്നു. അറു­പ­തു­ക­ളില്‍ത്തന്നെ ഇന്ത്യ­യി­ലാ­ക­മാ­ന­മുള്ള ആശു­പ­ത്രി­ക­ളിലെ നേഴ്‌സിംഗ് വിഭാ­ഗ­ങ്ങ­ളുടെ മേധാ­വി­ക­ളായി മല­യാ­ളി­സ്ത്രീ­കള്‍ ആധി­പ­ത്യം­നേ­ടി. തുടര്‍ന്ന് അമേ­രി­ക്കന്‍ സാമ്പ­ത്തി­ക­ത ഉത്തേ­ജി­പ്പി­ക്കാന്‍ കുടിയേറ്റ വ്യവ­സ്ഥിതി ഉദാ­ര­വ­ത്ക്ക­രി­പ്പെ­ട്ട­പ്പോള്‍ മറ്റാ­രോടും മത്സരം വേണ്ടാതെ "എംബ­സി­യില്‍ ചെന്നാല്‍ മതി വിസാ' എന്ന നില­യി­ലേക്ക് ഇവ­രെ­ത്തി. അത് ഇന്നേക്ക് "അമ്പതു' വര്‍ഷം മുന്‍പ്. ഈ ചരി­ത്ര­ത്തിനൊപ്പം തൊട്ടു­രുമ്മി നട­ക്കാന്‍ കഴി­ഞ്ഞത് എന്റെ തല­മു­റ­യുടെ ഭാഗ്യം. മധു­രമായ ഒരു സുവര്‍ണ്ണ­ജൂ­ബി­ലി­യാ­ഘോ­ഷം. ഈ അവ­സ­ര­ത്തില്‍ ഒരു ആഖ്യാ­യിക സമര്‍പ്പി­ക്കാന്‍ കഴി­യു­ന്നതും ഭാഗ്യ­മായി ഞാന്‍ കണ­ക്കാ­ക്കു­ന്നു.

കുടി­യേ­റ്റ­ത്തിന്റെ ചരി­ത്ര­ത്തി­ലു­മ­ധികം ഇവിടെ പ്രസ്ക്ത­മാ­യത് അതു വരു­ത്തി­വെച്ച മാറ്റ­ങ്ങ­ളാ­ണ്. ഇവിടെ ഈ ആഖ്യാ­യി­ക­യില്‍ ഞാന്‍ ഊന്നല്‍ കൊടു­ക്കാന്‍ ശ്രമി­ച്ചതും ഇങ്ങ­നെ­യൊരു ചിന്താ­ഗ­തി­ക്കാ­ണ്. ഭാഷ­യില്‍ സാംസ്കാ­രി­ക­ജീ­വി­ത­ത്തില്‍, മുത­ലാ­ളി­ത്ത­ത്തോ­ടുള്ള സമീ­പ­ന­ത്തില്‍ നമ്മുടെ സമൂ­ഹ­ത്തില്‍ വന്നു ഭവിച്ച മാറ്റ­ങ്ങള്‍ ശ്രദ്ധേ­യ­മാ­ണ്. മുത­ലാ­ളി­ത്വ­ത്തി­ന­തീ­ത­മായ ഒരു സോഷ്യ­ലിസ്റ്റ് മുഖം­മൂടി യുണൈ­റ്റഡ് സ്റ്റേറ്റ്‌സി­നു­ണ്ടെന്ന് നമ്മുടെ സമൂഹം കരു­തി­യി­രു­ന്നി­ല്ല. 

ഏതു സാഹി­ത്യ­കൃ­തിയും കവി­ത­യാ­യി­രി­ക്ക­ണം. മറ്റ് എന്തെല്ലാം പ്രസ്ഥാ­ന­ങ്ങ­ളോടൊ സാങ്കേ­തി­ക­ളോടോ താല്പര്യം പുലര്‍ത്തി­യാലും കാല്പ­നി­ക­തയും നാട­കീ­യ­തയും ഒഴി­ച്ചു­കൂ­ടാന്‍ പാടി­ല്ലാ­ത്ത­താണ്. ഇവിടെ നിശ്ശ­ബ്ദ­മായി മുന്നേ­റുന്ന ഒരു നാടന്‍ പ്രണ­യ­ക­ഥ­യും­കൂ­ടി, അതിന്റെ ചൂടു നഷ്ടപ്പെ­ടാതെ, ഈ ആഖ്യാ­യി­ക­ക്കൊപ്പം കൊണ്ടു­പോ­കാന്‍ കഴി­ഞ്ഞു­വെ­ന്നു­തന്നെ ഞാന്‍ കരു­തു­ന്നു.

അവ­സാനം ചില കഥാ­പാ­ത്ര­ങ്ങളെ ഒരു­മി­ച്ചു­കൊ­ണ്ടു­വ­രു­ന്ന­തി­ലു­ണ്ടാ­കാ­മാ­യി­രുന്ന അതി­നാ­ട­കീ­യ­ത­യാ­യി­രുന്നു എനി­ക്കേറെ തല­വേ­ദന സൃഷ്ടി­ച്ച­ത്. ഈ ആഖ്യാ­യി­ക­യുടെ എഴു­ത്തിലെ ഏറ്റവും വലിയ വെല്ലു­വിളി! വായ­ന­ക്കാര്‍ക്ക് സ്വന്തം ഭാവ­ന­യു­പ­യോ­ഗിച്ച് ചിത്ര­ങ്ങള്‍ മെന­യാ­വു­ന്ന­തു­പോലെ ഈ സന്ദര്‍ഭ­ങ്ങ­ള്‍ നേരി­ടാന്‍ കഴി­ഞ്ഞതും ഒരു ഭാഗ്യ­മായി ഞാന്‍ കണ­ക്കാ­ക്കു­ന്നു.

അമേ­രി­ക്ക­യിലെ എന്റെ നഗരം ഡിട്രോ­യ്റ്റാ­ണ്. ആദ്യ­മായി ഞാന്‍ കണ്ടത് ആ നഗ­ര­ത്തിന്റെ ഊടു­വ­ഴി­ക­ളാ­യി­രു­ന്നു. "ഒരു നഗരം എന്തെന്ന് അറി­യ­ണ­മെ­ങ്കില്‍ അതിന്റെ ഊടു­വ­ഴി­ക­ളില്‍ക്കൂടി സഞ്ച­രി­ക്കുക' എന്ന് ഈ ആഖ്യാ­യി­ക­യില്‍ത്തന്നെ ഒരു കഥാ­പാത്രം പറ­യു­ന്നു­ണ്ട്.

ഡിട്രോ­യ്റ്റിലെ കാസ്‌കോ­റി­ഡോ­റി­നെ­പ്പറ്റി എഴു­ത­ണ­മെന്ന ആഗ്രഹം ഇന്നും ഇന്ന­ലെയും തുട­ങ്ങി­യ­ത­ല്ല, നേര്‍ത്ത മഞ്ഞു­വീ­ഴ്ച­യു­ണ്ടാ­യി­രുന്ന ഏപ്രില്‍മാ­സത്തെ ഒരു സന്ധ്യാ­നേ­രത്ത് പീറ്റര്‍ബ­റോ­യില്‍ കാലു­കു­ത്തി­യ­പ്പോള്‍ മുതല്‍. അമേ­രി­ക്ക­യിലെ തൊഴി­ലാ­ളി­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ, ആധു­നി­ക­ത­യു­ടെ, ദാര്‍ശ­നി­ക­ത­യു­ടെ, കുടി­യേ­റ്റ­ത്തു­ട­ക്കങ്ങ­ളു­ടെ, പരീ­ക്ഷ­ണ­ങ്ങ­ളുടെ തല­സ്ഥാ­ന­മാ­യി­രുന്ന കാസ്‌കോ­റി­ഡോ­റിന് ഈ ആഖ്യാ­യി­ക­യില്‍കൂടി, സ്വപ്ന­ത്തി­ലെ­ങ്കി­ലും, ഒരു പുതു­ജീ­വന്‍ കൊടു­ക്കാന്‍ കഴി­ഞ്ഞെന്നു തന്നെ ഞാന്‍ വിശ്വ­സി­ക്കു­ന്നു. ഇവി­ട­മാ­യി­രുന്നു മല­യാ­ളി­ക­ളുടെ തറ­വാ­ട്, ഒരു തിരു­വോ­ണ­ക്കാ­ലത്ത് ഡിട്രോ­യ്റ്റിലെ കേരള ക്ലബ്ബിന്റെ തുട­ക്കം­കു­റി­ച്ചതും ഇവി­ടെ­ത്ത­ന്നെ. ഏതാനും വര്‍ഷ­ങ്ങള്‍ക്കു­ശേ­ഷം, നോവ­ലില്‍ കഥാ­നാ­യ­കന്‍ മാത്ര­മ­ല്ല, സ്വന്തം അനു­ഭ­വ­മായും കാസ്‌കോ­റി­ഡോ­റില്‍നിന്ന് ഐ-­സെ­വന്റി­ഫൈ­വി­ലേക്ക് തിരി­യു­മ്പോള്‍ അതും മറ്റൊരു യാത്രയും തുട­ക്കം.

ഒരു "ഗ്ലോമു' വിന്റെ ഗ്ലാമ­റി­ല്ലാതെ എന്തു മല­യാ­ളി­ജീ­വിതം അമേ­രി­ക്ക­യില്‍. ഗ്ലോമു നമ്മുടെ സ്വന്തം സംഘ­ട­ന­യാ­ണ്. നമ്മുടെ പ്രതി­നി­ധി­ക­ളായ പപ്പനും ടോമിയും ജേക്കബും അതിന്റെ സ്ഥിരം ഭാര­വാ­ഹി­ക­ളും, സ്ഥാന­ങ്ങള്‍ തന്ത്ര­പൂര്‍വ്വം വെച്ചു­മാ­റി­ക്കൊ­ണ്ട്. ഇവിടെ ചില സംഘ­ന­കള്‍ പിള­രു­ന്നു. മറ്റു­ചി­ലത് മര­ണ­മ­ട­യു­ന്നു, എന്നാല്‍ "ഗ്ലോമു' ഒരി­ക്കലും മരി­ക്കി­ല്ലെന്ന് എനി­ക്കു­റ­പ്പു­ണ്ട്.

ശൈലി­യിലും ആവി­ഷ്ക്കാ­ര­ത്തിലും മാത്ര­മല്ല അദ്ധ്യാ­യ­ങ്ങളും ഉപ­ദ്ധ്യാ­യ­ങ്ങളും വേര്‍തി­രി­ക്കു­ന്ന­തില്‍പ്പോലും ഞാന്‍ ശ്രദ്ധ ചെലു­ത്തി­യി­ട്ടു­ണ്ട്. ഒരു നോവ­ലിസ്റ്റ് എന്നും ഭയ­പ്പെ­ടു­ന്നത് ആഖ്യാ­ന­ത്തില്‍ അധി­ക­പ്ര­സം­ഗ­ങ്ങള്‍ നട­ത്തുമോ എന്നാ­ണ്. അതു­പോലെ സംഭാ­ഷ­ണ­ത്തി­ലും. ഇവി­ടെ­യെല്ലാം കഴിയു­ന്നിട­ത്തോളം കടി­ഞ്ഞാ­ണി­ട്ടുണ്ടെ­ന്ന­ു­തന്നെ ഞാന്‍ വിശ്വ­സി­ക്കു­ന്നു.

മനു­ഷ്യന്റെ യാത്ര­യിലെ ചില നാഴി­ക­ക്ക­ല്ലു­കള്‍ എടു­ത്തു­കാ­ട്ടാന്‍ കഴി­ഞ്ഞെ­ങ്കില്‍, വായ­ന­ക്കാരെ പുതിയ മേച്ചില്‍പ്പു­റ­ങ്ങ­ളി­ലേക്ക് കൂട്ടി­ക്കൊ­ണ്ടു­പോ­കാന്‍ കഴി­ഞ്ഞെ­ങ്കില്‍, വംശീ­യം, വേദ­ശാ­സ്ത്രം, സാമൂ­ഹി­കം, സാമ്പ­ത്തി­കം, രാഷ്ട്രീയം തുട­ങ്ങിയ രംഗ­ങ്ങ­ളില്‍ സംവാ­ദ­ങ്ങള്‍ തുട­ങ്ങി­വെ­ക്കാന്‍ കഴി­ഞ്ഞെ­ങ്കില്‍, വായ­ന­ക്കാര്‍ക്ക് അത് മന­സ്സില്‍ക്കൊ­ണ്ടു­ന­ട­ക്കാന്‍ പറ്റു­മെ­ങ്കില്‍ നാമെല്ലാം വിജ­യി­ച്ചു. ഒരു പുതിയ ജീവിതം സൃഷ്ടി­ച്ചെ­ടു­ക്കു­ന്ന­താ­ണല്ലോ ആഖ്യാ­യി­കാ­രന്റെ ചുമ­ത­ല.

അവ­സാ­ന­മായി വായ­ന­ക്കാ­രോട് ഒര­പേക്ഷ മാത്രം. നിങ്ങള്‍ ഈ നോവല്‍ ഒരു ചര്‍ച്ച­ക്കെ­ന്ന­പോലെ വിമര്‍ശ­നാ­ത്മ­ക­മാ­യി­ത്തന്നെ വായി­ക്കു­ക. കലാ­സൃ­ഷ്ടി­ക­ളെല്ലാം തുടര്‍ചര്‍ച്ച­ക­ളി­ലേക്ക് നയി­ക്കു­ന്ന­താ­യി­രി­ക്ക­ണ­മെ­ന്നാണ് എന്റെ ഉറച്ച വിശ്വാ­സം. 

പ്രസാധകര്‍ : സത്യഭാമാഗ്ലോബല്‍, തിരുവനന്തപുരം
വിതരണം : സണ്‍കോ പബ്ലിഷിംഗ് ഡിവിഷന്‍, തിരുവനന്തപുരം
പേജ് : 400 
വില : 330/­- 
ഫോണ്‍ : 7561054562 (ഇന്ത്യ)

Read more

അമ്പതാം വര്‍ഷ­ത്തിന്റെ ആഘോഷം

എഴുപ­തു­ക­ളില്‍ ഒരി­ക്കല്‍ ഞങ്ങ­ളുടെ ചരിത്ര ക്ലാസ്സിലെ ചര്‍ച്ച എങ്ങ­നെയോ അന്നത്തെ മിഷി­ഗന്‍ സെന­റ്റര്‍ ആയി­രുന്ന ഫിലിപ്പ് ഹാര്‍ട്ടി­ലേക്ക് എത്തി­ചേര്‍ന്നു. ഏതാണ്ട് ഇരു­പ­തോളം വര്‍ഷ­ക്കാലം മിഷി­ഗന്‍ സംസ്ഥാ­നത്തെ യു.­എ­സ്. സെന­റ്റില്‍ പ്രതി­നി­ധീ­ക­രിച്ച ഫിലിപ്പ് അലോ­ഷ്യസ് ഹാര്‍ട്ട് ഡെമോ­ക്രാ­റ്റിക്ക് കക്ഷി­ക്കാ­ര­നാ­യി­രു­ന്നു. അദ്ദേഹം രോഗ­ബാ­ധി­ത­നായി ജീവി­ത­ത്തിന്റെ അവ­സാ­ന­ത്തോ­ട­ടുത്ത സമ­യ­മാ­യി­രു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കണം തങ്ങ­ളുടെ പ്രിയ­ങ്ക­ര­നായ സെന­റ്റ­റുടെ ജീവിതം പ്രൊഫ­സര്‍ ഒരു ചര്‍ച്ചാ­വി­ഷ­മാ­യി­യെ­ടു­ത്ത­ത്. ഇതെല്ലാം ക്ലാസ്സു­ക­ളില്‍ സംഭ­വി­ക്കു­ന്ന­താ­ണ്. അധികം വിദ്യാര്‍ത്ഥി­കളും, വിശി­ഷ്യാ, വിദേ­ശ­ത്തു­നിന്ന് വരു­ന്ന­വര്‍, ഇങ്ങ­നെ­യുള്ള കാര്യ­ങ്ങ­ളില്‍ അമി­ത­താ­ല്പര്യം കാണി­ക്കാ­റു­മി­ല്ല. എങ്ങ­നെയും പഠനം മുഴു­മി­പ്പിച്ച് ഒരു തൊഴില്‍ ആയി­രു­ന്നല്ലോ അവര്‍ക്ക് വേണ്ടി­യി­രു­ന്ന­ത്. അതി­നു­വേണ്ടി ചരിത്ര ക്ലാസു­ക­ളില്‍ ഇരുന്ന് ഒരു മൂന്ന് ക്രെഡിറ്റ് ഹവറും!

സെന­റ്റര്‍ ഫിലിപ്പ് ഹാര്‍ട്ടിന്റെ അനേകം നേട്ട­ങ്ങ­ളില്‍ ഒന്ന് ആയി­ര­ത്തി­തൊ­ള്ളാ­യി­രത്തി അറു­പ­ത്തി­യ­ഞ്ചിലെ ഇമ്മി­ഗ്രേ­ഷന്‍ ആന്‍ഡ് നേഷ­നാ­ലിറ്റി ബില്ലിന് ന്യൂയോര്‍ക്കിലെ ഇമ്മാ­നു­വന്‍ സെല്ല­റു­മായി ചേര്‍ന്ന് ചുക്കാന്‍ പിടി­ച്ച­താ­യി­രു­ന്നു.

അമേ­രി­ക്ക­യി­ലേ­ക്കുള്ള നമ്മുടെ കൂട്ട­മായ കുടി­യേ­റ്റ­ത്തിന്റെ അമ്പതാം വാര്‍ഷി­ക­ത്തെ­പ്പറ്റി ചര്‍ച്ച ചെയ്യുന്ന ഈ അവ­സ­ര­ത്തില്‍ അതി­നു­വേണ്ടി ആത്മാര്‍ത്ഥ­മായി പ്രവര്‍ത്തി­ച്ച­വരെ ഒന്ന് ഓര്‍ക്കു­ന്നത് ഉചി­ത­മാ­യി­രി­ക്കും.

ഞങ്ങള്‍ കുടി­യേ­റ്റ­ത്തിന്റെ ആദ്യത്തെ കുറേ വര്‍ഷ­ങ്ങള്‍ മിഷി­ഗന്‍ സംസ്ഥാ­നത്ത് താമ­സി­ച്ചി­രു­ന്ന­തു­കൊണ്ട് സെന­റ്റര്‍ ഹാര്‍ട്ടി­നോട് പ്രത്യേക താല്പര്യം തോന്നി. അന്ന് ആ ക്ലാസ്സിലെ ചര്‍ച്ച­കള്‍ക്ക് ശേഷ­മാണ് കുടി­യേറ്റ നിയ­മ­ഭേ­ദ­ഗ­തി­യെ­പ്പറ്റി കൂടു­തല്‍ വായി­ക്കാന്‍ എനിക്ക് അവ­സരം കിട്ടി­യ­ത്.
അതി­നു­മുന്‍പ്, 1969 മുതല്‍ ഇങ്ങ­നെ­യൊരു മാറ്റം സംഭ­വിച്ചു എന്ന­റി­യാ­മാ­യി­രു­ന്നു. അന്നത്തെ അറിവ് ഒട്ടു­മു­ക്കാലും ട്രാവല്‍ ഏജന്റു­മാര്‍ വഴി ചോര്‍ന്നു കിട്ടി­യ­തും. എന്നാല്‍ നേഴ്‌സിം­ഗില്‍ യോഗ്യത നേടി­യ­വര്‍ക്ക് മുക­ളില്‍ പറഞ്ഞ പശ്ചാ­ത്ത­ല­ത്തില്‍ ധൃത­ഗ­തി­യില്‍ ഇമ്മി­ഗ്രേ­ഷന്‍ കിട്ടാ­നു­ണ്ടായ കാരണം വിയറ്റ്‌നാം യുദ്ധം­ത­ന്നെ. അന്ന് യുദ്ധം അതിന്റെ മൂര്‍ദ്ധ­ന്യ­ത­യില്‍ ആയി­രു­ന്ന­ല്ലോ.

എന്താ­യി­രുന്നു ഈ നിയ­മ­ത്തിന്റെ പിന്നില്‍? നേര­ത്തെ­യു­ണ്ടാ­യി­രുന്ന ക്വോട്ടാ പുനഃ­പ­രി­ശോ­ധന ചെയ്തു­കൊ­ണ്ടുള്ള ഭേദ­ഗ­തി­യാ­യി­രുന്നു ഇത്. യൂറോ­പ്യന്‍ വംശ­ജര്‍ക്ക് മാത്രം അനു­വ­ദി­ച്ചി­രുന്ന വീസാ സമ്പ്ര­ദായം മറ്റ് എല്ലാ രാജ്യ­ക്കാര്‍ക്കും അവ­കാ­ശ­പ്പെ­ട്ട­താ­ക്കി. കൂടാതെ കുടും­ബാം­ഗ­ങ്ങള്‍ക്ക് അതാതു രാജ്യ­ത്തി­നു­വേണ്ടി അനു­വ­ദി­ക്ക­പ്പെട്ട പങ്കി­നു­പ­രി­യായ പരി­ഗ­ണ­ന­യും. നേരത്തെ ഏഷ്യ­യില്‍നിന്നും ആഫ്രിക്ക­യില്‍നി­ന്നു­മുള്ള കുടി­യേറ്റം കര്‍ശ­ന­മായി നിയ­ന്ത്രി­ച്ചി­രു­ന്നി­ട­ത്താണ് വിപ്ല­വ­ക­ര­മായ ഈ നിയമം കൊണ്ടു­വ­ന്ന­ത്. അതി­നു­മുന്‍പ് വിവിധ രംഗ­ങ്ങ­ളില്‍ പ്രാഗല്‍ഭ്യം തെളി­യി­ച്ചി­രു­ന്ന­വര്‍ക്കു­മാ­ത്രമേ കുടി­യേറ്റം അനു­വ­ദി­ച്ചി­രു­ന്നു­ള്ളൂ. അയി­രത്തി തൊള്ളാ­യി­രത്തി അറു­പ­ത്തി­യെട്ട് ജൂണ്‍ മുപ്പതാം തീയതി പ്രസി­ഡന്റ് ജോണ്‍സണ്‍ ഒപ്പു­വെച്ച് ഈ ബില്‍ നിയ­മ­മായി പ്രഖ്യാ­പി­ച്ചു.

രസ­ക­ര­മായ ഒരു നിരീ­ക്ഷണം ഇവിടെ നട­ത്ത­ട്ടെ. ഇരു കക്ഷി­ക­ളി­ലെയും ബഹു­ഭൂ­രി­പക്ഷം അംഗ­ങ്ങളും ഈ നിയ­മത്തെ അനു­കൂ­ലിച്ച് വോട്ടു­ചെ­യ്തു. എന്നാല്‍ ശക്ത­മായ ഒരു ന്യൂന­പക്ഷം എതിര്‍ത്തു. അന്നത്തെ മുന്ന­റി­യിപ്പ് ഒരു നൂറ്റാ­ണ്ടെ­ത്തു­മ്പോ­ഴേക്കും വെളുത്ത വര്‍ഗ്ഗ­ക്കാര്‍ ഇവിടെ ന്യൂന­പ­ക്ഷ­മാ­യി­ത്തീ­രു­മെ­ന്നാ­യി­രു­ന്നു. ഒന്ന് തിരി­ഞ്ഞു­നോ­ക്കു­ക, ഇന്നാ­യി­രുന്നു ഇതു­പോ­ലൊരു ബില്‍ അവ­ത­രി­ക്ക­പ്പെ­ട്ടി­രു­ന്നെ­ങ്കില്‍ അംഗീ­കാരം നേടു­മാ­യി­രുന്നോ? "ഇല്ല' എന്ന് ഞാന്‍ തീര്‍ത്തു പറ­യു­ക­യാ­ണ്. യാഥാ­സ്ഥി­തി­കര്‍ പല്ലും നഖവും ഉപ­യോ­ഗിച്ച് എതിര്‍ക്കും, സംശയം വേണ്ട!

പൊടു­ന്ന­നെ­യു­ണ്ടായ അവ­സരം ഏറ്റവും അധികം മുത­ലെ­ടു­ത്തത് അറു­പ­തു­ക­ളില്‍ നേഴ്‌സിംഗ് വിദ്യാ­ഭ്യാസം പൂര്‍ത്തി­യാ­ക്കിയ മല­യാ­ളി­കള്‍ത്ത­ന്നെ. അറു­പ­തു­ക­ളുടെ അവ­സാനം വളരെ സാവ­ധാനം തുട­ങ്ങിയ കുടി­യേറ്റം എഴു­പ­തു­ക­ളുടെ പാതി­യെ­ത്തി­യ­പ്പോ­ഴേക്കും ഒരു ഒഴു­ക്കായി മാറി.
മിഷി­ഗന്‍ സംസ്ഥാ­ന­ത്തിന്റെ പ്രിയ­ങ്ക­ര­നാ­യി­രുന്ന സെന­റ്റര്‍ എഴു­പ­ത്തി­യാറ് അവ­സാ­ന­ത്തോടെ അന്ത­രി­ച്ചു. ഏഷ്യ­യില്‍നിന്നും ആഫ്രി­ക്ക­യില്‍നി­ന്നു­മുള്ള കുടി­യേ­റ്റ­ക്കാര്‍ എന്നു­മെന്നും അദ്ദേ­ഹ­ത്തോട് കട­പ്പെ­ട്ടി­രി­ക്ക­ണം.

എണ്‍പ­തു­ക­ളുടെ ആദ്യ വര്‍ഷ­ങ്ങ­ളിലെ ഒരു വേനല്‍ക്കാ­ലത്ത് ഞങ്ങള്‍ മാക്കി­നാക്ക് ദ്വീപി­ലേക്ക് യാത്ര ചെയ്തു. ഐ-­സെ­വന്റി­ഫൈവ് നോര്‍ത്ത്, മിഷി­ഗന്‍ സംസ്ഥാ­ന­ത്തിന്റെ നെറു­ക­യില്‍ക്കൂ­ടി. മാക്കി­നോ, അവി­ടെ­നിന്ന് ഉത്ത­ര­-­ദ­ക്ഷിണ അര്‍ദ്ധ­ദ്വീ­പു­കളെ കൂട്ടി­യി­ണ­ക്കുന്ന ഇടു­ക്കില്‍ അഞ്ചു മൈലോളം നീള­മുള്ള പാലം. അതി­നോ­ട­ടുത്ത തടാ­ക­ത്തി­ലാണ് മാക്കി­നാക്ക് എന്ന ചെറിയ ദ്വീപ്. ആ ഐലന്റില്‍ മോട്ടോര്‍ വാഹ­ന­ങ്ങള്‍ക്ക് പ്രവേ­ശ­ന­മി­ല്ല. മോട്ടോര്‍ ബോട്ടു­വഴി ദ്വീപില്‍ എത്തി. പിന്നീ­ടുള്ള യാത്ര കുതി­ര­വ­ണ്ടി­ക­ളി­ലും. മാക്ക്‌നാക്ക് ദ്വീപ് മനോ­ഹ­ര­മാ­ണ്, ശാന്ത സുന്ദ­ര­മാ­ണ്, ചരി­ത്ര­പ്രാ­ധാ­ന്യ­മു­ള്ള­താ­ണ്.

ഗൈഡിന് ഏറെ പറ­യാ­നു­ണ്ടാ­യി­രു­ന്നത് മൃദു­രോ­മ­വ­സ്ത്ര­വ്യാ­പാ­രി­യാ­യി­രുന്ന ജോണ്‍ ജേക്കബ് അസ്റ്റിന്റെ കഥ­കളും. പത്തൊന്‍പതാം നൂറ്റാ­ണ്ടിന്റെ സമ്പ­ന്ന­ത­യുടെ ആവി­ഷ്ക്കാ­ര­മായി പ്രഭ്വി­കള്‍ക്ക് വേണ്ടി­യി­രു­ന്നത് ഫര്‍ കോട്ടു­കള്‍, അതിന്റെ സ്മാര­ക­മാ­യി­രുന്നു മാക്കി­നാക്ക് ദ്വീപിലെ "ആസ്റ്റര്‍ ഹൗസ്.'
യാത്ര­ തു­ടര്‍ന്നു, ഐലന്റി­ലുള്ള ഒരു ശ്മശാ­ന­ത്തില്‍ ഞങ്ങ­ളെ­ത്തി. ഒരു ചെറിയ തല­ക്ക­ല്ലില്‍ കൊത്തി­വെച്ച പേര് : "ഫിലിപ്പ് ഹാര്‍ട്ടു.' ഏതാനും നിമി­ഷ­ങ്ങള്‍ മൗന­മായി ഞങ്ങ­ള­വിടെ നിന്നു! 

Read more

ധാരണകള്‍ മാറുമ്പോള്‍ "പ്ലൂട്ടോയും യൂറോപ്പും"

ആരോ പറഞ്ഞുധരിപ്പിച്ചത് സത്യമെന്ന് കരുതാന്‍ വിധിക്കപ്പെട്ടവരാണ് നാമെല്ലാം. ചോദ്യം ചെയ്യാന്‍ താത്വികമായി അനുവാദമുണ്ടെങ്കിലും 'വിദ്യാര്‍ത്ഥി' മേല്‍ക്കൈ നേടാന്‍ പാടില്ല. ഒരിക്കല്‍ നമ്മെ പഠിപ്പിച്ചിരുന്നത് 'പ്ലൂട്ടോ' ഒരു ഗ്രഹമാണെന്നായിരുന്നു. ആ അദ്ധ്യാപകനെ അദ്ദേഹത്തിന്റെ പ്രഫസര്‍ പഠിപ്പിച്ചതും അങ്ങനെതന്നെ. ഏതോ പുസ്തകശാല പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ എഴുതിവെച്ചിരുന്നതാണ് പ്രഫസര്‍ പഠിച്ചത്. അങ്ങനെ അറിവുനേടിയവര്‍ ചില പ്രസ്താവന ചെയ്യുന്നു, അത് സത്യമെന്നുതന്നെ ലോകം കരുതുന്നു. മറ്റൊരു കൊമ്പന്‍ വരുന്നതുവരെ ചില കൊമ്പന്മാര്‍ അങ്ങനെതന്നെ. അതാണ് നമ്മുടെ 'ഇളയമ്മ'യായ പ്ലൂട്ടോയ്ക്കും പറ്റിയത്. പിന്നീട് ആരോ അങ്ങു നിശ്ചയിച്ചു പ്ലൂട്ടോ ഒരു ഗ്രഹമല്ലെന്ന്. നമ്മുടെ മക്കളും പേരക്കിടാങ്ങളും അതും പഠിക്കാന്‍ വിധിക്കപ്പെട്ടവര്‍!

ഇതാ ഇപ്പോള്‍ ചിലര്‍ കുമ്പസാരിക്കുന്നു 'മിയ കുള്‍പ', എന്റെ പിഴയെന്ന്. ഭാഷയിലെ ഏറ്റവും ശക്തമായ വാക്ക് 'സോറി', സ്വന്തം തെറ്റുകള്‍ മനസ്സിലാക്കുന്നത്, മോക്ഷത്തിനര്‍ഹരാകുംവിധം.

ആകാശത്തുള്ള പൂട്ടോക്ക് സംഭവിച്ചതിന് പക്ഷം ചേര്‍ന്ന് വാദിക്കാനെങ്കിലും ആളുണ്ട്. ധാരണകള്‍ തിരുത്താന്‍ ഒറ്റയാന്മാരായവര്‍ക്കെവിടെ അവസരം? ഈ ധാരണകള്‍ മാറ്റിയെഴുതാന്‍ ശക്തയില്ലാത്തവരാണ് ജനം. 'പൂച്ചെക്കാരു മണികെട്ടും' എന്നു പറയുന്നതുപോലെ.

മുന്‍പൊരു കഥ കേട്ടിട്ടുണ്ട്. ഒരു ഉന്നതതലയോഗം. റഷ്യ, അമേരിക്ക പിന്നെ ചൈനയും പങ്കെടുക്കുന്നു. ചൈനാക്കാരന്‍ പുറത്തേക്കുപോയ തക്കം നോക്കി മറ്റു രണ്ടുപേരും പറഞ്ഞുവത്രേ നമ്മള്‍ വെളുത്തവരല്ലേ, ഒരുമിച്ചു നില്ക്കണം. നര്‍മ്മകഥയാണെങ്കിലും ഇതിന്റെ പൂര്‍വ്വരൂപമായിരുന്നു: 'യൂറോപ്പ്!'

എത്രയോ തവണ മനസ്സില്‍ ഓര്‍ത്തിട്ടുണ്ട് ഒരു ചോദ്യം: സാറേ,ഈ യൂറോപ്പെങ്ങനാ ഒരു ഭൂഖണ്ഡമായതെന്ന്?
ഒരിക്കലും ചോദിച്ചില്ല. ചോദിച്ചാല്‍ത്തന്നെ അതൊരു വിഡ്ഢിചോദ്യമായി ഭൂരിപക്ഷ ആരവത്തില്‍ അലിഞ്ഞില്ലാതാകും. അഥവാ തുടര്‍ന്നാലും ഒരു സംവാദത്തിനുള്ള പടക്കോപ്പുകളൊന്നും എന്റെ പക്കലില്ലതാനും.

ഒരിക്കല്‍ ഇസ്താംബൂളിലെ ബോസ്ഫ്രസ് കടലിടുക്കിന്‍തീരത്ത് നില്ക്കുമ്പോള്‍ ഗൈഡു പറഞ്ഞു: ഇവിടമാണ് ചരിത്രമുറങ്ങുന്ന ഭൂമി. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്ക് കന്നതിവിടെയാണ്. ഭൂഖണ്ഡങ്ങുടെ അതിരുകള്‍ ഇവിടെയാണ്.

അപ്പോള്‍ ഞാനോര്‍ത്തു ഈ തോടിന്റെ തീരത്താണോ ഭൂഖണ്ഡങ്ങള്‍ കൂട്ടിയിടിക്കുന്നതെന്ന്. എന്തൊരു ശുംഭത്തരം! പറഞ്ഞതുതന്നെ വീണ്ടും പറയാന്‍ വിധിക്കപ്പെട്ട ഗൈഡുകളോട് കുരുക്കുചോദ്യങ്ങളൊന്നും ചോദിക്കരുത്. അവരുടെ സ്ഥിരം പ്രതികരണം: അങ്ങനെയാണ് കരുതപ്പെടുന്നതെന്ന്, അതാണ് വിശ്വാസമെന്ന്. വിശ്വാസത്തെ ചോദ്യം ചെയ്യരുതല്ലോ.

ആരാണിതു നിശ്ചയിച്ചത്, യൂറോപ്പ് ഒരു ഭൂഖണ്ഡമാണെന്ന്? മലയാളത്തില്‍ തുടങ്ങി അവിടെ അവസാനിപ്പിക്കാം. സായിപ്പ്, സാഹിബ്ബ്, അതായത് ഏമാന്‍ ഏമാന്‍, ഒരു കരുത്തന്‍.

ഇതൊരു തൊട്ടുകൂടായ്മയായിരുന്നു. ഞങ്ങളെല്ലാം വ്യത്യസ്തരായ മനുഷ്യര്‍. ജീവിതത്തിനു അടുക്കും ചിട്ടയുമുള്ളവര്‍. ഞങ്ങളുടെ ആയുധവിദ്യയുടെ അറിവ് നിങ്ങളുടേതിനേക്കാള്‍ എന്നും ഒരു പടി മേലെയാണ്.

ഇങ്ങനെ പറയുകയില്ലെങ്കിലും വാക്കുകള്‍ക്കും വരികള്‍ക്കുമിടയിലുള്ള ഉത്തരം ഇതാണ്. ഭൂമിശാസ്ത്രപരമായിട്ടല്ലെങ്കിലും സാമൂഹികമായും സാംസ്‌ക്കാരികമായും 'യൂറോപ്പ്' വേറിട്ടു നില്ക്കുന്നു.

ഇവിടൊരു മറുചോദ്യം:
എന്നാല്‍ ഈ വലിയ ഭൂഖണ്ഡത്തെ സാംസ്‌ക്കാരികമായി നാലായിട്ടങ്ങ് വിഭജിച്ചുകൂടെ, ഓരോ പേരു കൊടുത്ത്? അറബ്, വിശാല ഇന്ത്യ, വിശാല ചൈന, പിന്നെ യൂറോപ്പും. പക്ഷേ അംഗീകരിക്കാന്‍ അല്പം വിഷമം അല്ലേ, പഠിച്ചതുതന്നെ ശരിയെന്ന് വിശ്വസിക്കുന്നവര്‍ക്ക്.

യൂറോപ്യന്‍ യൂണിയന്‍ ഉണ്ടായപ്പോഴേക്കും സ്വയം അഭിഷക്തരായ വേദശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. പത്തു കൊമ്പുള്ള മൃഗം എഴുന്നേറ്റിരിക്കുന്നു! പിന്നീട് പത്ത് വളര്‍ന്നും പിളര്‍ന്നും ഇരുപത്തിയെട്ടുവരെയെത്തി. ഇപ്പോഴിതാ പ്രശ്‌നം 'പോണോ, വേണ്ടായോ'? അല്ലെങ്കില്‍ 'അകത്തോ പുറത്തോ'? തുടര്‍ന്ന് റോമന്‍ അക്ഷരമാല ക്രമത്തില്‍ 'എക്‌സിറ്റു'കള്‍ പലതുണ്ടാകാം. ചരിത്രപാരമ്പര്യം ഒരു വട്ടമെത്തി തുടങ്ങിയിടത്തുതന്നെ.

കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളായി യൂറോപ്പ് ലോകചരിത്രം നിയന്ത്രിച്ചു. അവര്‍ ഉന്നതജനതയെന്ന് സ്വയം വിധിയെഴുതി. ഒരു ഭൂഖണ്ഡം മുഴുവന്‍ സ്വന്തംപേരില്‍ പതിച്ചെടുത്തു.

കൈവശം വന്നുചേര്‍ന്ന കോളണികള്‍ വിട്ടുപോയപ്പോള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ നോക്കിക്കൊണ്ടേയിരിക്കുന്നു. ഒരു യൂണൈറ്റ്ഡ് യൂറോപ്പിന് സാമ്പത്തികമസ്സിലുപിടിച്ച് വീണ്ടും ആധിപത്യം നേടാമെന്ന ആഗ്രഹം. പക്ഷേ, ഇനിം ചിലപ്പോള്‍ അവരവര്‍ സ്വന്തം കാര്യം നോക്കുന്ന സ്ഥിതിയും വന്നേക്കാം. ഇംഗ്ലണ്ട് ഇന്ത്യയിലെ ഒരു സംസ്ഥാനപദവിക്ക് ന്യൂഡല്‍ഹിയില്‍ ഒരപേക്ഷ കൊടുത്തെന്ന് കേട്ടാലും ഞാന്‍ അത്ഭുതപ്പെടുകയില്ല.

നമുക്ക് തുടക്കത്തിലെ പ്ലൂട്ടോയിലേക്ക് മടങ്ങാം. കുറേക്കാലം പഠിപ്പിച്ചു പ്ലൂട്ടോ ഒരു ഗ്രഹമാണെന്ന്, യൂറോപ്പ് ഒരു ഭൂഖണ്ഡമാണെന്ന്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുകയാണ് ഇന്ത്യയിലെയോ ചൈനയിലെയോ  ബുദ്ധിജീവികള്‍ ഈ 'ഭൂഖണ്ഡവാദം' തിരസ്‌ക്കരിക്കാത്തത് എന്തുകൊണ്ടാണെന്ന്?

Read more

പ്രസ്ഥാനങ്ങള്‍ക്കതീതമായി യുവ-എഴുത്തുകള്‍

അപ്രതീക്ഷിതമായ മാറ്റങ്ങളാണ് മലയാളം എഴുത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് വലിയ തത്വചിന്തയിലൊന്നുമല്ല. സാധാരണ ജീവിത വീക്ഷണത്തിലും അതിനുമുപരി വാക്കുകളുടെ ഉപയോഗത്തില്‍ സൂക്ഷ്മത നിലനിര്‍ത്തുന്നതിലും നിശ്ചിത നിയമങ്ങള്‍ ക്കുണ്ടായിരുന്ന ആധിപത്യം എടുത്തുകളയപ്പെട്ടു, പകരം സൃഷ്ടിക്കപ്പെടുന്ന ‘ചലനം’ ആകര്‍ഷണീയവുമായി.

അനേകം കോപ്പികള്‍ വിറ്റഴിയുന്നുവെന്ന് പറയപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍ക്കുള്ള അത്രതന്നെ സ്വാധീനം ചെറിയ ‘ബ്ലോഗ് ’ എഴുതുന്നവര്‍ക്കും ഇന്നുണ്ട്. കാരണം ചെറിയ എഴുത്തും അതിന്റെ വായനക്കാരും ആത്മാര്‍ത്ഥതയുള്ളവരാണ്.

ഈയിടെ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കഥയാണ് ലിജോ പുത്തന്‍കുളത്തിന്റെ ‘തുമ്പിശാപം’. ഒരു പാരഗ്രാഫ് മാത്രമുള്ള ലക്ഷണമൊത്ത ഈ എഴുത്തിനെ ‘കഥ’യെന്നുതന്നെ ഞാന്‍ വിളിക്കുകയാണ്. ഇവിടെ എന്നെ ആകര്‍ഷിച്ച ഒരു കാര്യം വളരെ കുറച്ച് വാക്കുകളില്‍ സൃഷ്ടിക്കപ്പെട്ട ‘തുമ്പി കുടുംബ’ത്തിന്റെ ലോകമാണ്. ഇത് ഒരുകാലത്തെ കേരളീയ ജീവിതത്തിന്റെ തനിപ്പകര്‍പ്പ്.

തുടരുകയാണ്:

ഏതാനും വാക്കുകളില്‍ക്കൂടി ലിജോയുടെ ‘വലിയ ലോകം’. ചെറുപ്പകാലത്തിന്റെ, ഇന്ന് നഷ്ടപ്പെട്ടിരിക്കുന്ന, ആ സാമ്രാജ്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കഥ.

“ഓര്‍മ്മകളിലെ ‘കൊളൊസിയം’ കിണറ്റിന്‍കരയാണ്. എന്റെ കൊളൊസിയങ്ങളില്‍ ക്രൂരവിനോദ ബലിമൃഗങ്ങളായ തുമ്പികള്‍ അനവധിയാണ്. JCB കളുടെ ജീവനുള്ള നാനോപതിപ്പ്....”

എത്ര അനായാസമായാണ് കല്ലെടുക്കുന്ന തുമ്പികളെ ശ്രദ്ധിച്ചിരുന്ന കഴിഞ്ഞ കാലത്തോടൊപ്പം ഇന്നിന്റെ പ്രായോഗിക ശാസ്ത്രം കോര്‍ത്തിണക്കിയിരിക്കുന്നത്. “ഇഹലോകവാസം വെടിഞ്ഞവ ചിരട്ടകൊണ്ട് മണ്ണുകോരിയ ഖബറുകളില്‍ എന്നെ ശപിച്ചുറങ്ങി....”

ഈ ഞാനിവിടെ ഘാതകനാണ്, ക്രൂരനാണ്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് എന്റെ വിനോദമായിരുന്നു.

കഥയുടെ അവസാനത്തേക്കു വരാം. ഇവിടെ രേഖപ്പെടുത്തുന്ന വര്‍ത്തമാനകാല സാമൂഹിക വിമര്‍ശനം ശ്രദ്ധിക്കുക:

“.........അമ്മത്തുമ്പി, അച്ഛന്‍ത്തുമ്പി, ചേട്ടന്‍, ചേച്ചി തുമ്പികള്‍ മുതല്‍ പല തുമ്പികളുടെ ശാപങ്ങള്‍ എന്റെ തലയില്‍ കാണും. അവരുടെ പ്രണയം തകര്‍ത്തവനും, കുടുംബം തകര്‍ത്തവനുമാകുമോ ഞാന്‍. ഇതൊരു മാപ്പിരക്കലാണ്. .........ഇന്നിപ്പോള്‍ നിങ്ങള്‍ (തുമ്പികള്‍) സുരക്ഷിതരാണ്. ആരേയും പേടിക്കാതെ തുമ്പിതുള്ളാം. ...........ഞങ്ങള്‍ ഒന്നും ചെയ്യില്ല. നിങ്ങളുടെ ശാപം ഫലിച്ചിരിക്കുന്നു. കാരണം ഞങ്ങള്‍ക്ക് നിങ്ങളെ അറിയില്ല. കാണാറില്ല. ഞങ്ങള്‍ക്ക് നേരമില്ല. സുഖമായിരിക്കുക, ഒരു കുട്ടിയും ഇനി കല്ലെടുപ്പിക്കുകയില്ല, അവരിപ്പോള്‍ തുമ്പികളാണ്, അവരും കല്ലെടുക്കുകയാണ് ............കരിങ്കല്ലുകള്‍, അനങ്ങാപ്പാറകള്‍.....”

ശൈശവീകത നിറഞ്ഞുനിന്ന ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്ന്, കല്ലെടുക്കുന്ന തുമ്പിയില്‍ നിന്ന് കരിങ്കല്ലെടുക്കുന്ന കുട്ടിയിലേക്ക് വരുന്ന മാറ്റം തനി കേരളീയമാണ്. ആധുനികവും വൈദേശികവുമായ ബിംബങ്ങളെ ആശ്രയിക്കുന്ന ഒരു എഴുത്തുകാരനായിരുന്നുവെങ്കില്‍ ഇന്നത്തെ ‘കുട്ടി’ കല്ലെടുക്കുന്ന തുമ്പിയായി ചിറകു വച്ച് ‘രൂപാന്തരം’ പ്രാപിക്കുമായിരുന്നു. ഒരു നിമിഷംകൊണ്ട് ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ സങ്കല്‍പ്പങ്ങളിലേക്ക് അവന്‍ മടങ്ങിപ്പോകുമായിരുന്നു.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള്‍കൊണ്ടായിരിക്കണം നമ്മുടെ ജീവിത രീതിയും എഴുത്തുകളും അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്. ഒരു ജീവിതകാലത്ത് തന്നെയുണ്ടായ മാറ്റങ്ങളെപ്പറ്റി ഇതിനകം എത്രയോ തവണ എഴുതി കഴിഞ്ഞു. വര്‍ഷങ്ങളായി വിദേശത്ത് താമസിച്ച് എഴുതുന്ന മലയാളിക്ക് മലയാളത്തിന്റെ മാറ്റങ്ങളുടെയൊപ്പം എന്തായാലും ഓടിയെത്താന്‍ കഴിയുകയില്ല. ജീവിക്കുന്ന വിദേശ നാടുകളിലെ സാമൂഹിക മാറ്റങ്ങള്‍പോലും അവര്‍ക്ക് അന്യമാണ്. ഏറെ അമ്പരിപ്പിക്കുന്നത് ഇതൊന്നും ഇവിടെ ചര്‍ച്ചാ വിഷയമാകുന്നില്ല എന്നതാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ പുതിയ മലയാളം എഴുത്തിനെ നാമൊക്കെ അംഗീകരിച്ചേ മതിയാകൂ. ഇത് ഭാഷയിലെ ചെപ്പടിവിദ്യകളല്ല, പുതിയ തലമുറയുടെ ചിന്തകളാണ്. നിശബ്ദരായ ഭൂരിപക്ഷത്തിന്റെ ശബ്ദമാണ്.

വ്യത്യസ്തമായ എഴുത്തിനെ ആധുനികത എന്നുപറഞ്ഞ് തള്ളിക്കളയുകയോ അല്ലെങ്കില്‍ ഉത്തരാധുനികത എന്നുപറഞ്ഞ് പാടി പുകഴ്ത്തുകയോ ചെയ്യേണ്ടതില്ല. പ്രസ്ഥാനങ്ങള്‍ അതിന്റെ വഴിക്കുപോകട്ടെ. പക്ഷേ, ഇന്നു നാം അഭിമുഖീകരിക്കുന്നത് കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും കേരള സമൂഹവുമായി ബന്ധമുള്ള മനുഷ്യന്റെ ചിന്തകളുമാണ്. അതായത് ഇന്നത്തെ മലയാളി സമൂഹം കേരളത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ മാത്രമല്ല വിദേശത്തുംകൂടിയാണ്. ഇവരെയെല്ലാം ഉള്‍ക്കൊണ്ടിട്ടാണ് മലയാളം എഴുത്ത്. അനന്തമായ യാത്രകളുടേയും കുടിയേറ്റങ്ങളുടേയും സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകളാണ് ഇനിയുള്ള മലയാള സാഹിത്യം. ഇതിനോടൊപ്പമാണ് അന്യനാട്ടുകാരുടെ കേരളത്തിലേക്കുള്ള പ്രവാഹവും അതിന്റേതായ പിരിമുറുക്കങ്ങളും ഭാവപ്പകര്‍ച്ചകളും!

ഈ പശ്ചാത്തലത്തിലാണ് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു തുമ്പിയുടെ ബിംബത്തില്‍ക്കൂടി ഒന്നിലധികം തലമുറയുടെ ‘വലിയ’ കഥ ലിജോ പുത്തന്‍കുളം അവതരിപ്പിക്കുന്നത്. ഇതുപോലെയുള്ള എഴുത്തുകള്‍ മലയാളത്തിന് മുതല്‍കൂട്ടായിരിക്കും. വഴിത്തിരിവുണ്ടാക്കും, തീര്‍ച്ച!

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC