സരോജ വര്‍ഗീസ്സ്

ക്രിസ്തുമസ്സ് - സ്‌നേഹത്തിന്റെ പൂക്കാലം

മഞ്ഞണിഞ്ഞു നില്‍ക്കുന്ന പ്രകൃതി നൈമ്മര്‍ല്യത്തിന്റെയും പരിശുദ്ധിയുടെയും ഓര്‍മ്മകള്‍ പകരുന്നു. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി ഒരു ശിശുവിന്റെ ജന്മത്താല്‍ ധന്യയായി. മലയാളത്തിന്റെ പ്രിയകവി ആ സംഭവത്തെ ഇങ്ങനെ മനോഹരമായി വര്‍ണ്ണിച്ചു. 

"ദൈവത്തിന്‍ പുത്രന്‍  ജനിച്ചു
ഒരു പാവന നക്ഷത്രം വാനില്‍ ഉദിച്ചു'

ആ നക്ഷത്രത്തിന്റെ പ്രകാശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തു വിശ്വാസികളുടെ ഉദയത്തിനു ഹേതുവായി. അവര്‍ സമൂഹമായി ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചു. ആ സമൂഹം ക്രിസ്തുസഭയായി അറിയപ്പെട്ടു. ലോകത്തില്‍ മറ്റൊരു സമൂഹവും ചെയ്യാന്‍ ഒരുമ്പെടാത്ത ധാരാളം സദ്പ്രവര്‍ത്തികള്‍ ക്രിസ്തുനാമത്തില്‍ ചെയ്യാന്‍ ഈ സമൂഹത്തിനു കഴിയുന്നു. അനാഥരെ സംരക്ഷിക്കുക, ,രോഗികളെ ശുശ്രുഷിക്കുക, നിരക്ഷരരെ വിദ്യാഭ്യാസ്യയോഗ്യതയുള്ളവരാക്കുക തുടങ്ങി കാരുണ്യപ്രവര്‍ത്തികളില്‍ കൂടി ലോകത്തില്‍ സ്‌നേഹത്തിന്റെ സൗരഭ്യം പരത്തുന്നതിനു ക്രിസ്തുവിലുള്ള വിശ്വാസം ഈ സമൂഹത്തെ പ്രാപ്തരാക്കുന്നു.  ഒരു മതം സൃഷ്ടിക്കാനല്ല ക്രിസ്തുദേവന്‍ ഭൂജാതനായത്, മറിച്ച് മനുഷ്യരാശിയുടെ ഉദ്ധാരണം, അവരെ നന്മയുടെ വഴിയിലേക്ക് ആനയിക്കുക എന്നിവയായിരുന്നു അവന്റെ ജന്മോദ്ദേശ്യം. അവന്റെ വചനങ്ങള്‍ ശ്രവിച്ചവരും അവന്റെ വഴിയിലൂടെ നടന്നവരും ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് അസാദ്ധ്യമെന്നു തോന്നിയ പലതും സാദ്ധ്യമാക്കി. 

മിസ്സിസ്സിപ്പി നദിയുടെ തീരങ്ങളിലൂടെ കയ്യില്‍ ബൈബിചഴഃ ഏന്തി ഒരു പതിനേഴുകാരന്‍ നടക്കുമ്പോള്‍ അവന്‍ ഒരു ദൃശ്യം കണ്ടു.  കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഇരുമ്പ് വടികൊണ്ടടിച്ച് ചോരയൊലിപ്പിച്ച് കുറെ പേര്‍ മൃഗങ്ങളെ പോലെ ആട്ടി കൊണ്ട് വരുന്നു. വെളുത്ത വര്‍ഗക്കാരനായ ആണ്‍കുട്ടിയുടെ മനസ്സില്‍ അത് കണ്ട് സന്തോഷമല്ല ഉണ്ടായത്. യേശുദേവന്റെ വചനങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന ആ ബാലന്‍ ആകാശത്തേക്കു നോക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. "ദൈവമേ ഈ അനീതി നിറുത്തലാക്കാന്‍ നീ എനിക്ക് അധികാരം തന്നാല്‍ ഞാന്‍ അത് നിറുത്തിയിരിക്കും" വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ പ്രസിഡന്റായി തീര്‍ന്ന എബ്രാഹാം ലിങ്കണായിരുന്നു ആ ബാലന്‍. ദൈവം അവനു കൊടുത്ത അധികാരം വിനിയോഗിച്ച് കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കുന്ന സമ്പ്രദായം നിറുത്തല്‍ ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസമാണ് ദു:ഖിതരും പീഡിതരിലും കരുണ തോന്നാന്‍ ആ ബാലന് പ്രേരകമായത്ത്തീര്‍ന്നത്. ജാതിയുടെയും മത ത്തിന്റെയും പേരില്‍ അക്രമങ്ങള്‍ പെരുകി വരുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത ആ പാവന സ്‌നേഹം മറ്റുള്ളവരിലേക്ക് പ്രവഹിപ്പിക്കാന്‍ മനുഷ്യന് കഴിയണം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാതനായ ക്രിസ്തുവിന്റെ ജനനം ഉത്ഘോഷിച്ചുകൊണ്ട് താളമേളങ്ങളോടെ വീടുകള്‍ തോറും കയറിയിറങ്ങുന്ന വിശ്വാസികള്‍ ഈ ക്രിസ്തുമസ് കാലത്ത് മാത്രമല്ല ക്രിസ്തുവിനെ ഓര്‍ക്കേണ്ടതും അവനെ കൊണ്ടാടേണ്ടതും.

വിലയേറിയ ആ സ്‌നേഹം അശരണരിലേക്കും അനാഥരിലേക്കും പകരേണ്ട അവസരങ്ങള്‍ നിത്യേനയുണ്ട്.  ആണ്ടിലൊരിക്കല്‍ ക്രിസ്തുവിന്റെ ജനനം വിളംബരം ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനു പ്രിയങ്കരമാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ്, മറ്റുള്ളവരുടെ കഷ്ടതകളില്‍ അവര്‍ക്ക് ആശ്രയമാകുമ്പോഴാണ് "ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം" എന്ന ക്രിസ്തു സന്ദേശം മനുഷ്യ മനസ്സിലും ജനിക്കുകയുള്ളു. ഈ ക്രിസ്തുമസ് കാലം നന്മയുടെ വഴികള്‍ കാണാനും അതിലൂടെ സഞ്ചരിക്കാനും ഉതകുന്നതാകട്ടെ! 

"If Christ a thousand times
In Bethlehem were born
But was not born in thee
For thee He lived in vain"

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

Credits to joychenputhukulam.com

Read more

ക്രിസ്തുമസ് മരത്തണലില്‍ ഇത്തിരിനേരം

മഞ്ഞും കുളിരുമായി ക്രിസ്തുമസ് മാസം പിറന്നു. ആഹ്ലാദത്തിന്റെ അലയൊലികള്‍ എങ്ങും നിറഞ്ഞു.ദൈവപുത്രനെ എതിരേല്‍ക്കാന്‍ മാലാഖമാര്‍ പാടിയപാട്ടിന്റെ ഈണം പോലെ ക്രിസ്തുമസ് കരോള്‍ കേട്ടുതുടങ്ങി. ഉത്സാഹത്തിന്റേയും സന്തോഷത്തിന്റേയും നാളുകള്‍ തുടങ്ങുകയായി.ദൈവം മനുഷ്യനായി അവതരിച്ച ആ ദിവ്യദിനം ആര്‍ഭാടമായി ആഘോഷിക്കാന്‍ സമസ്തലോകവും തയ്യാറെടുക്കയാണ്. ക്രിസ്തുദേവന്റെ ജനനം മനുഷ്യനു ലഭിച്ച ഔന്നത്യത്തിന്റേയും മഹത്വത്തിന്റേയും പ്രതീകമാണ്.

"എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു''യേശുദേവന്‍ മനുഷ്യനു നല്‍കിയ വിലയേറിയ വാഗ്ദാനം. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും അശാന്തിയുടെ ഭീകരങ്ങളായ ദുരന്തങ്ങളാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണു മനുഷ്യനു സമാധാനം നഷ്ടപ്പെടുന്നത്? ദൈവത്തില്‍നിന്നും മനുഷ്യനു കിട്ടിയപത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ അവനു കഴിയുന്നില്ല. ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ പരസ്പരം വെറുക്കുന്നു. വ്യക്തിബന്ധങ്ങള്‍ മാനിക്കപ്പെടേണ്ടതിനായി പാലങ്ങള്‍ പണിയാതെ മതിലുകള്‍ കെട്ടിപ്പൊക്കുകയാണ് ഇന്നത്തെ മനുഷ്യര്‍.എല്ലാവര്‍ക്കും സമാധാനം വേണമെന്നാഗ്രഹമുണ്ട്. എന്നാല്‍ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി അവര്‍ അവരുടെ ശാന്തി നഷ്ടപ്പെടുത്തുന്നു. മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അതുകൊണ്ട്ഒരാള്‍ ചെയ്യുന്ന തെറ്റുകള്‍മുഴുവന്‍ സമൂഹത്തെബാധിക്കുന്നു. തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് നന്മയുടെ വഴിയിലേക്ക് നീങ്ങുന്നതിനുള്ള ഉദാഹരണങ്ങളും യേശുദേവന്‍ നമുക്ക് കാണിക്ല്തന്നിട്ടുണ്ട്. എന്നാല്‍ ചപല വികാരങ്ങള്‍ക്കടിമകളായി നല്ല ദിവസങ്ങളെ നഷ്ടപ്പെടുത്തുകയാണു മനുഷ്യര്‍.

ക്രിസ്തുമസ് മരവും, അതില്‍തൂക്കിയിടുന്ന അലങ്കാരങ്ങളും, ഭക്തിയോടെ ചൊല്ലുന്ന സ്തുതി ഗീതങ്ങളും വാണിജ്യപരമായ നേട്ടങ്ങള്‍ക്കും വെറും വിനോദത്തിനുമാകുമ്പോഴാണു ക്രിസ്തുമസ്സിന്റെ വിശുദ്ധിനഷ്ടപ്പെടുന്നത്. വീടും പരിസരങ്ങളും അതിനപ്പുറത്തുള്ള ലോകവും അണിഞ്ഞൊരുങ്ങുന്നു. അതു ഉപരിപ്ലവമായ ഒരു പ്രകടനമാകരുത് ഹ്രുദയത്തിലും അതേപോലെ അണിഞ്ഞൊരുങ്ങേണ്ടതുണ്ട്. ''ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തുചെയ്യേണം എന്നുചോദിച്ച ഒരു ന്യായശാസ്ര്തിയോട് (ലുക്കോസ് 10:25-27) കര്‍ത്താവ് ചോദിച്ചു "ന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെവായിക്കുന്നു''. അതിനുമറുടിയായി അവന്‍:"നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹ്രുദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്‌നേഹിക്കണം, നിന്റെ കൂട്ടുകാരനെനിന്നെപോലെ സ്‌നേഹിക്കണം" കര്‍ത്താവ്: "നീപറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക, എന്നാല്‍ നീ ജീവിക്കും''.

എല്ലാവരും ദൈവവചനങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതുവേണ്ടപോലെ ഉള്‍ക്കൊള്ളുന്നില്ല. ശാന്തിയും സമാധാനവുമില്ലെന്ന് മുറവിളി കൂട്ടിനടക്കുന്നവരും ഒരു നിമിഷം ചിന്തിക്കാന്‍വേണ്ടി ഉപയോഗിച്ചാല്‍ അവര്‍ക്ക് ഉത്തരം കണ്ടെത്താം. പത്തുകല്‍പ്പനകളോരോന്നും വായിക്കുമ്പോള്‍ നമ്മള്‍ തന്നെ നമ്മേ ഒരു ആത്മപരിശോധനനടത്തുക. ഏതെങ്കിലും ഒന്നു ലംഘിക്കുമ്പോള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുന്നു.ക്രിസ്തുമസ് കാലം എല്ലാം ഒന്നു പുന:പരിശോധിക്കാന്‍ അവസരം നല്‍കുന്നു. കട കമ്പോളങ്ങള്‍ ആഘോഷ സാമഗ്രികളും, നല്ല ഭക്ഷണവും ഒരുക്കുമ്പോള്‍ ഒപ്പം ഒരു "വചന വിരുന്ന്''നമ്മള്‍ ഒരുക്കണം. അതിന്റെ ചേരുവകള്‍ വളരെ ലളിതമാണു. വിശുദ്ധവേദപുസ്തകത്തിലെ തിരുവചനങ്ങള്‍ മനസ്സിലാക്കി അതുപോലെ ജീവിതം നയിക്കുക എന്നതാണു ആ വിരുന്നിന്റെ പാചക വിധി. കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എല്ലാ നാളിലും പ്രത്യേകിച്ച് അവന്റെ തിരുന്നാളില്‍ വായിക്കുകയും, ഓര്‍മ്മിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുമ്പോള്‍ ഈ ക്രിസ്തുമസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി.

കാല്‍നട യാത്രയില്‍ ഒരു മരത്തണല്‍ എത്രയോ ആശ്വാസം തരുന്നു.പൂക്കളും, പഴങ്ങളും നല്‍കി അത്പഥികരെ സന്തോഷിപ്പിക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ഇത്തിരിനേരം യേശുവാകുന്നമരത്തിന്റെ തണലില്‍സുരക്ഷിതരാകുക. ്രകിസ്തുമസ് മരത്തണലില്‍, യേശുവിന്റെ മരത്തണലില്‍ ആശ്വാസം കണ്ടെത്തുക. അവനായി ഹ്രുദയമൊരുക്കുക. ഈ ക്രിസ്തുമസ് എല്ലാവായനകാര്‍ക്കും ശാന്തിയും, സന്തോഷവും പ്രദാനം ചെയ്യട്ടെ.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC