പി.റ്റി. പൗലോസ്

ജോസ്പ്രകാശും സൈക്കോയും കോമ്പാറമുക്കിലെ എഗ്രിമെന്റും(ഓര്‍മ്മക്കുറിപ്പ്)

അഭിനയകലയിലെ ചടുലപ്രതിഭ, മലയാള സിനിമയുടെ സുവര്‍ണകാലത്ത് നിറഞ്ഞുനിന്ന പ്രതിനായക വ്യക്തിത്വം, വിഭജന കാലത്ത് സൈന്യത്തിലായിരുന്നപ്പോള്‍ മഹാത്മാഗാന്ധിയുടെ അംഗരക്ഷകന്‍ സാക്ഷാല്‍ ജോസ്പ്രകാശ് എന്ന അനുഗ്രഹീത കലാകാരന്‍ വിട പറഞ്ഞിട്ട് മാര്‍ച്ച് ഇരുപത്തിനാലിന് ആറു വര്‍ഷം തികയുകയാണ്. കോട്ടയംകാരന്‍ കെ. ബേബി ജോസഫ് എന്ന വിമുക്ത ഭടന്റെ ഉള്ളില്‍ ഒരു കലാകാരന്‍ ഒളിച്ചിരിപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്ന എക്കാലത്തെയും സര്‍വ്വകലാവല്ലഭനാണ്. പല സിനിമകളിലും അഭിനയിച്ചെങ്കിലും നാടകാഭിനയവും ഗാനാലാപനവുമായി കലാരംഗത്തു നിലയുറപ്പിക്കുവാന്‍ ശ്രമിച്ച ബേബി ജോസഫിന് ജോസ്പ്രകാശ് എന്ന പേര് നല്‍കി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് തിക്കുറിശ്ശിയാണ്. അക്കാലത്തു 1963 ല്‍ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. സുബ്രമണ്യം മുട്ടത്തു വര്‍ക്കിയുടെ തിരക്കഥയില്‍ സ്‌നാപകയോഹന്നാന്‍ സിനിമയാക്കുന്നു. ടൈറ്റില്‍ റോളില്‍ സ്‌നാപകയോഹന്നാന്‍ ആയി സുബ്രമണ്യം സ്വാമിയോട് തിക്കുറിശ്ശി നിര്‍ദേശിച്ചത് ജോസ്പ്രകാശിനെയാണ്. സ്വാമി അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ സിനിമയില്‍ ജോസ്പ്രകാശ് സ്‌നാപകയോഹന്നാന്‍ എന്ന നായക കഥാപാത്രമായി തിളങ്ങി. പ്രേംനസീര്‍, തിക്കുറിശ്ശി, എസ്. പി. പിളള, മിസ്സ്‌കുമാരി , അടൂര്‍ പങ്കജം എല്ലാം സഹനടീനടന്മാര്‍. സ്‌നാപകയോഹന്നാന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു പണം വാരിയെങ്കിലും ജോസ്പ്രകാശിന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായില്ല. പ്രതിസന്ധികളില്‍ തളരാതെ ആത്മധൈര്യവും കലക്ക് വേണ്ടിയുള്ള സ്വയം സമര്‍പ്പണവും കൊണ്ട് മുന്നൂറില്പരം സിനിമകളിലൂടെ ജോസ്പ്രകാശ് മലയാളികളുടെ അനശ്വരകാലാകാരനായി.

ഒരു നാടക സിനിമ നടനല്ലാത്ത ജോസ്പ്രകാശ് എന്ന പച്ച മനുഷ്യന്റെ ഹ്രദയവിശാലതയാണ് ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അറുപതുകളുടെ പകുതിയില്‍ നാടകഭ്രാന്തും ജീവിതമാര്‍ഗത്തിന് ഒരു ട്യൂട്ടോറിയല്‍ കോളേജുമായി കൂത്താട്ടുകുളത്തു കഴിഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്. കഌസ്സില്ലാത്ത ഒരു ദിവസം ഞാന്‍ ഓഫീസിലിരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത് അയാളുടെ സുഹൃത്തായ ജോസ്പ്രകാശുമായി എന്റെ ഓഫീസില്‍ വന്നു. ജോസ്പ്രകാശ് എന്ന സിനിമ നടനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടു. സ്‌നാപകയോഹന്നാന്‍ ഞാന്‍ രണ്ടു പ്രാവശ്യം കണ്ടതുകൊണ്ട് അല്പം ആരാധനയും കൂടി. ഞങ്ങളുടെ ട്യൂട്ടോറിയല്‍ കോളേജിന്റെ പരിതാപകരമായ അവസ്ഥയും സയന്‍സ് വിഷയങ്ങള്‍ക്ക് ഒരു ലാബ് ഇല്ലാത്തതിനാല്‍ കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം പൊതുവായി സംസാരിക്കുന്നതിനിടയില്‍ ഒരു ജാഡയുമില്ലാതെ ഞാന്‍ പറഞ്ഞു. അപ്പോള്‍ ജോസ്പ്രകാശ് ഒരു നിര്‍ദേശം വച്ചു. കോളേജ് ലാബിന്റെ ധനശേഖരണാര്‍ത്ഥം ഒരു നാടകം നടത്താം . നാടകഭ്രാന്തനായ ഞാന്‍ സമ്മതിക്കുകയും ചെയ്തു. ജോസ്പ്രകാശിന് അന്ന് കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പുണ്ട്. ''സൈക്കോ'' എന്ന പോലീസ് കഥയാണ് ആ വര്‍ഷത്തെ നാടകം. അദ്ദേഹം കഥ പറഞ്ഞു. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. നാടകാവതരണത്തിന് എഴുന്നൂറ്റന്പത് രൂപ കൊടുക്കണം. ടിക്കറ്റ് വച്ച് നടത്തുമ്പോള്‍ കുറെ ലാഭമുണ്ടാക്കാം എന്ന് കണക്കുകൂട്ടി. നാടകം ബുക്ക് ചെയ്യാന്‍ പിറ്റേദിവസം എറണാകുളത്തു വച്ച് കാണാമെന്ന ഉറപ്പോടെ ഞങ്ങള്‍ പിരിഞ്ഞു.

എറണാകുളത്തെ കോബാറമുക്ക് കള്ളുഷാപ്പ് തെങ്ങിന്‍കള്ളിനും കരിമീന്‍കറിക്കും അന്ന് പ്രസിദ്ധമാണ്. ഞാനും എന്റെ ഒരു സുഹൃത്തും ജോസ്പ്രകാശും അവിടെയാണ് സമ്മേളിച്ചത് . നുരഞ്ഞു പൊങ്ങുന്ന തെങ്ങിന്‍കള്ളിന്റെ ലഹരിയില്‍ പൊള്ളിച്ച കരിമീനിന്റെ രുചിയില്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുക ആയിരുന്നു. ആകാശത്തിനു കീഴെയുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ നാടക ബുക്കിങ് വൈകുന്നേരം നാലുമണി വരെ നീണ്ടു. ഷാപ്പിലെ പറ്റ് ഞാന്‍ തീര്‍ത്തതുകൊണ്ടു നാടകത്തിന് അഡ്വാന്‍സ് കൊടുക്കാന്‍ പറ്റിയില്ല. എന്നാല്‍ നാടകത്തുക ഞങ്ങളോടുള്ള പ്രത്യേക പരിഗണനയില്‍ അഞ്ഞൂറുരൂപയാക്കി കുറച്ചു തന്നു.

നാടക ദിവസമെത്തി. നല്ല പബ്ലിസിറ്റി കൊടുത്തതുകൊണ്ടും കോളേജ് ലാബിന്റെ ധനശേഖരണാര്ഥമായതുകൊണ്ടും തിയേറ്റര്‍ ഹാള്‍ ഹൗസ് ഫുള്‍ ആയിരുന്നു. ഞങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം കൊണ്ടാകണം നാടകത്തിനു മുന്‍പ് പണമാവശ്യപ്പെട്ടില്ല. നാടകം വന്‍വിജയം. ജോസ്പ്രകാശും കോട്ടയം നാരായണനും ശ്രീമൂലനഗരം വിജയനും നടി സുജാതയുമെല്ലാം തകര്‍ത്തഭിനയിച്ചു . കോളേജിലെ കുട്ടികളെ ആണ് ടിക്കറ്റ് കൗണ്ടറില്‍ ഇരുത്തിയത്. നാടകം തുടങ്ങിയപ്പോള്‍ മുഴുവന്‍ കളക്ഷനുമായി കുട്ടികള്‍ സ്ഥലം വിട്ടു. ട്രൂപ്പ് മാനേജര്‍ നാടകം കഴിഞ്ഞ് എന്നോട് പണമാവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ ഒന്നുമില്ല. എന്റെ നിസ്സഹായത കണ്ട് ജോസ്പ്രകാശ് നാടക വാനുമായി സ്ഥലം വിട്ടു. കാരണം എന്നെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തില്‍ കൂടിയാണല്ലോ.

കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ടെസ്റ്റ് ട്യൂബുകളും വീട്ടില്‍ റബ്ബര്‍ പാല്‍ പ്രോസസ്സ് ചെയ്‌യാന്‍ വച്ചിരുന്ന സള്‍ഫൂരിക്ക് ആസിഡും വടകര കത്തോലിക്കാ പള്ളി ശവക്കോട്ടയിലെ അസ്ഥിക്കുഴിയില്‍ നിന്നും വികാരിയച്ഛനറിയാതെ പാതിരാത്രിയില്‍ ഞങ്ങള്‍ മോഷ്ടിച്ച മനുഷ്യന്റെ തലയോട്ടികളും തുടയെല്ലുകളും കൊണ്ട് രണ്ടു ദിവസത്തിനകം സയന്‍സ് ലാബ് ഞങ്ങള്‍ ഉല്‍ഘാടനം ചെയ്തു.

പിന്നീട് ജോസ്പ്രകാശ് സിനിമയില്‍ തെരക്കായപ്പോള്‍ ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. 2005 ല്‍ ഞാന്‍ എറണാകുളത്തു ജോലി ചെയ്യുമ്പോഴാണ് അറിയുന്നത് അദ്ദേഹം പ്രമേഹ രോഗിയായി വലതു കാല്‍ മുറിച്ചു മകന്റെ വീട്ടില്‍ ആണെന്ന്. ഞാന്‍ വളഞ്ഞമ്പലത്തു ചിറ്റൂര്‍ റോഡിലുള്ള പ്രകാശ് ഭവനില്‍ എത്തി. നാല്‍പ്പത് വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ലെങ്കിലും കൂത്താട്ടുകുളത്തെ സൈക്കോ നാടകാവതരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ എന്നെ അദ്ദേഹത്തിന്റെ കട്ടിലില്‍ പിടിച്ചിരുത്തി. അപ്പോള്‍ മകന്റെ ഭാര്യ രണ്ടു കപ്പു ചായയുമായി എത്തി. പിന്നീടാണ് ഞാന്‍ കോബാറമുക്ക് കള്ളുഷാപ്പിലെ എഗ്രിമെന്റിന്റെ കഥ പറയാന്‍ തുടങ്ങിയത്. കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം ഗതകാലങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തി. അവസാനകാലത്തു ഇതുപോലുള്ള കഥകള്‍ പറയുവാന്‍ സുഹൃത്തുക്കള്‍ എത്തുന്നില്ലല്ലോ എന്ന് പറഞ്ഞ് വിഷാദത്തോടെ എന്നോട് യാത്ര പറയുമ്പോള്‍ എന്റെ ഉള്ള് നിറഞ്ഞു ഒരു നല്ല ദിവസം ഈ വലിയ മനുഷ്യന് കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്ത്തിയില്‍.

Read more

ത്രിപുരയും കാവിയുടുത്തു

അങ്ങനെ ത്രിപുരയും കാവിയണിഞ്ഞു. 1977 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വെറും രണ്ട് എം. പി. മാരുണ്ടായിരുന്ന ഭാരതീയ ജനസംഘം അഴിച്ചു വിട്ട ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) എന്ന യാഗാശ്വം ഏതാണ്ട് ഭാരതം മുഴുവനും കാവി പുതപ്പിച്ചു നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചെങ്കോട്ടയായ ത്രിപുരയില്‍ എത്തി നില്കുന്നു, അശ്വമേധം തുടരുവാനുള്ള തയ്യാറെടുപ്പോടെ! പിടിച്ചുകെട്ടുവാന്‍ ആരുമില്ല എന്ന നെഞ്ചുറപ്പോടെ !!

തികച്ചും ആപല്‍ക്കരമായ അവസ്ഥയിലാണ് ഭാരതം എത്തിനില്‍ക്കുന്നത്. ആരെയാണ് ഇവിടെ പഴിക്കേണ്ടത് ? ജനങ്ങളെയോ ? ജനങ്ങള്‍ എന്നും കഴുതകള്‍ ആയിരുന്നല്ലോ. ഇവിടെ പഴിക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തെ തന്നെ. ഏതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ പഴക്കമുണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്. സ്വാതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃപാടവം കൊണ്ടും അഴിമതി ഇല്ലാത്ത ഭരണരീതി കൊണ്ടും ഭാരതം പുരോഗതിയുടെ പുത്തന്‍ മേഘലകളിലെത്തി. പ്രതിപക്ഷത്തു ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രണ്ടു ദശകങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ സുവര്‍ണ കാലമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

അറുപതുകളുടെ ആദ്യ പകുതിയിലുണ്ടായ നെഹ്രുവിന്റെ മരണവും കോണ്‍ഗ്രസിന്റെ ബലക്ഷയവും പ്രതിപക്ഷ ശക്തിയായ കമ്മ്യൂണിസ്റ്റ് കോട്ടയിലെ വിള്ളലും ഇന്ത്യയുടെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന് മങ്ങലേല്‍പ്പിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിഷസര്‍പ്പങ്ങളായി ജനമനസ്സുകളിലൂടെ ഇഴയാന്‍ തുടങ്ങി. മണ്ണിലാണ്ടുകിടന്ന വര്‍ഗീയതയുടെ വിത്തുകള്‍ മുളപൊട്ടി വിഷമുള്ളുകള്‍ ആയി വളരാന്‍ തുടങ്ങി. അതോടെ ജനാധിപത്യ സംവിധാനം അഴിമതിയിലധിഷ്ഠിതമായ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു. ബഹുഭൂരിപക്ഷം നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനങ്ങളില്‍ കമ്മ്യൂണല്‍ പൊളിറ്റിക്‌സിന്റെ വിത്തിട്ടാല്‍ അത് തഴച്ചു വളരുവാനുള്ള വളക്കൂറുള്ള മണ്ണാണ് ഇന്ത്യ എന്ന് ബിജെപി മനസ്സിലാക്കി. അവരുടെ കണക്കുകള്‍ തെറ്റിയില്ല. അദ്വാനി രാമക്ഷേത്രത്ത്തിലേക്ക് രഥമുരുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി തെളിച്ചു. ഇന്ന് മതേതര ഭാരതത്തിന്റെ പരിശുദ്ധിയെ ഗോമൂത്രത്തില്‍ തുടച്ചു മാറ്റി പശുവിന്റെ വായില്‍ ഹിന്ദുത്വ അജണ്ട തിരുകി കോര്‍പ്പറേറ്റുകളുടെ ബിനാമിയായി ഇന്ത്യയെ മൊത്തമായി വില്‍ക്കുവാന്‍ മോദി തയ്യാറായി നില്‍ക്കുന്നു. തികച്ചും പേടിക്കേണ്ട അവസ്ഥയല്ലേ ഇത് ?

മതേതര ഭാരതത്തിന്റെ നെഞ്ചത്ത് ബിജെപി പാകിയ വര്‍ഗീയതയുടെ വിഷമുള്ളുകള്‍ തഴച്ചു വളരുന്നത് കാണാതെ നാല് പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എവിടെ ആയിരുന്നു? ത്രിപുരയും ബംഗാളും മാറി മാറി കേരളവും ഉണ്ടെന്ന അഹങ്കാരമല്ലായിരുന്നോ ? അവിടത്തെ കഴുതകളായ ജനങ്ങളുടെ രക്തമാംസങ്ങള്‍ സേവിച്ചു തടിച്ചു കൊഴുത്തു ശീതീകരിച്ച ചില്ലുമേടകളില്‍ പള്ളിയുറക്കമല്ലായിരുന്നോ ? അധികാരത്തിന്റെ അകത്തളങ്ങളിലെ ചക്കരഭരണികള്‍ നക്കി സുഖിച്ചപ്പോള്‍ ശരാശരി ഭാരതീയന്റെ ആത്മാവില്‍ ആശങ്കയുടെ അഗ്‌നി പടരുകയായിരുന്നു. അപ്പോള്‍ ബിജെപി കമ്മ്യൂണല്‍ കാര്‍ഡ് എന്ന വാക്കത്തികൊണ്ട് വാഴ വെട്ടാന്‍ തുടങ്ങി. നിരക്ഷരരും ദരിദ്രരുമായ ജനങ്ങളുടെ ഭിക്ഷാ പാത്രങ്ങളിലേക്ക് അവര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങളില്‍ വര്‍ഗീയതയുടെ വിഷം പുരണ്ടിട്ടുണ്ട് എന്ന് പാവം ജനങ്ങള്‍ അറിയുന്നില്ല.

''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെയാകും പൈങ്കിളിയെ ...'' എന്ന് പ്രതീക്ഷയുടെ പാട്ട് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വടക്കേ ഇന്ത്യയിലെ നിരക്ഷരരെ അക്ഷരം പഠിപ്പിക്കാന്‍ എന്ത് ചെയ്തു ? മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇ.എം.എസ് നമ്പൂതിരിപ്പാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ നടന്ന ഹൗറാ പ്ലീനത്തില്‍ പ്രസംഗിക്കുന്നത് ഈ ലേഖകനും കേള്‍ക്കാന്‍ അവസരമുണ്ടായി. പ്രസംഗത്തിലെ ശ്രദ്ധേയമായ ഒരു വാചകമിതാ ''ഞാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ എന്റെ ആദ്യത്തെ ശ്രദ്ധ ഹിന്ദി സ്പീകിംഗ് ബെല്‍റ്റിലെ ജനങ്ങളുടെ ഇടയില്‍ പുരോഗമന ആശയങ്ങളുമായി മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മുഖപത്രം ഇറക്കുക എന്നതായിരിക്കും '' പക്ഷെ ഇന്നുവരെ ഒരു ബിറ്റ് നോട്ടീസ് പോലും അവിടങ്ങളില്‍ ഇറങ്ങിയതായി ഈ ലേഖകന് അറിവില്ല. പശുവും ചത്തു മോരിലെ പുളിയും പോയി. ഇപ്പോള്‍ ചെങ്കൊടിയുടെ വക്താക്കളായ കുട്ടി സഖാക്കള്‍ പറയുന്നു ഇനിയും ഒരു ജനകീയ വിപ്ലവത്തിന് സ്‌കോപ്പ് ഉണ്ട് എന്ന്. ഇനി എന്ന് വരും ജനകീയ വിപ്ലവം ? കോഴിക്ക് മുല വരുമ്പോഴോ ? മാമ്പഴക്കാലം പോലെ വന്നുപോകുന്നതാണോ ഈ വിപ്ലവം. വിപ്ലവം ചേമ്പിലയില്‍ വീണ വെള്ളം പോലെ ഒഴുകി പോയത് നാം കണ്ടതല്ലേ. വിപ്ലവ നേതാക്കള്‍ അധികാരത്തിന്റെ മാമ്പഴം ആര്‍ത്തിയോടെ കടിച്ചു തിന്ന് അവശേഷിക്കുന്ന അണ്ടിക്കുവേണ്ടി ജനകീയ വിപ്ലവം പ്രസംഗിക്കുന്നു.

ജനാധിപത്യത്തെ മുഖ്യധാരയില്‍ നിന്ന് സൗകര്യപൂര്‍വം തള്ളിയകറ്റിയ വര്‍ത്തമാനകാല രാഷ്ട്രീയദുര്യോഗത്തില്‍, ഒരു സാംസ്കാരിക പരിവര്‍ത്തനമല്ലേ ഇവിടെ അഭികാമ്യം. അതിന് ജാടയും പേടിയുമായി ആരുടെയോ ഒക്കെ മാളങ്ങളില്‍ മയങ്ങിക്കിടക്കുന്ന സാംസ്കാരിക നായകന്മാരെ ആദ്യം ഊതി ഉണര്‍ത്തുക. അവരുടെ വളഞ്ഞ നട്ടെല്ലുകള്‍ ഇടതു പക്ഷത്തിന്റെ ചെങ്കോലിനാല്‍ നിവരട്ടെ ! അത് ഒരു പടയൊരുക്കത്തിന്റെ പള്ളിയുണര്‍ത്തല്‍ ആകട്ടെ !! ഇടതു പക്ഷത്തിന് ഒരു അങ്കത്തിനുകൂടി ബാല്യമുണ്ടെങ്കില്‍ മാത്രം. 

Read more

പ്രതിബദ്ധതയില്ലാത്ത അമേരിക്കന്‍ മലയാളി

അറുപതുകളുടെ ആരംഭത്തിൽ വിയറ്റ്നാം യുദ്ധത്തിൽ ഗുരുതരമായ പരുക്കുകൾ ഏറ്റ പട്ടാളക്കാരെ കൊണ്ട് അമേരിക്കയിലെ ആശുപത്രികൾ നിറഞ്ഞു. ആശുപത്രികളിൽ നഴ്സുമാർ തികയാതെ വന്നു. ഒഴിവുകൾ ക്രമാതീതമായി വർദ്ധിച്ചു. ഇൗ സമയം കേരളത്തിലും ഇന്ത്യയിലെ വിവിധ ആശുപത്രികളിലും ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാർ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി അമേരിക്കയിലേക്ക് പ്രവഹിക്കുവാൻ തുടങ്ങി. അവരുടെ സേവനം ഇവിടെ അംഗീകരിക്കപ്പെട്ടു. തുടർന്ന് അവരുടെ ഭർത്താക്കന്മാർ, മാതാപിതാക്കൾ, സഹോദരങ്ങൾ എല്ലാം ഇങ്ങോട്ടെത്തി. അങ്ങനെ ജീവിതത്തിന്റെ പച്ചപ്പ് തേടിയുള്ള മലയാളിയുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ പൊതുവായ കഥ അവിടെ ആരംഭിച്ച് ഇന്നും അനുസ്യൂതം തുടരുന്നു.

അമേരിക്ക എന്ന വ്യത്യസ്ഥ സംസ്കാരത്തിന്റെ ഭൂമികയിലേക്ക് പറിച്ച് നടപ്പെട്ട മലയാളി പിറന്ന നാടിന്റെ സംസ്കാരത്തേയും ഒപ്പം കൂട്ടി. വേളാങ്കണ്ണി മാതാവ്, പരുമല തിരുമേനി,  ഗുരുവായൂരപ്പൻ, ശബരിമല ശാസ്താവ്, മകരവിളക്ക്, തിരുവോണം, വിഷു അങ്ങനെ എല്ലാം കൂടെ പോന്നു. അമേരിക്കൻ മലയാളി അങ്ങനെ കറ തീർന്ന കത്തോലിക്ക നായി, പൊന്തിക്കോസ്ഥായി, പാത്രിയർക്കീസ് ആയി, ഓർത്തഡോക്സ് ആയി, നായരായി, നമ്പൂരിയായി, ഈഴവൻ ആയി, അമ്പല - പള്ളി പ്രവർത്തനമായി, സാമൂഹ്യ ജീവിതത്തിന്റെ പ്രമാണം പഠിക്കാത്ത പ്രമാണിയായി. മലയാളിക്ക് തെരക്കായി. തെറ്റ് പറയാനാവില്ല. ഇതെല്ലാം മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് സൗകര്യപൂർവം പറഞ്ഞൊഴിയാം.

എന്നാല് വിവേകമില്ലാത്ത മലയാളിയുടെ അഹങ്കാരത്തിന്റെ കഥ വ്യക്തമായി പറയേണ്ടതുണ്ട്. പിറന്നു വീണ കുഞ്ഞിനെ സംരക്ഷിക്കുന്ന മാതാവിനെ പോലെ അമേരിക്ക നമ്മളെയും നമ്മുടെ പരമ്പര കളെയും കാലങ്ങളായി സംരക്ഷിച്ച് പോരുന്നു. എല്ലാ സൗകര്യങ്ങളും നമുക്കിവിടെ കിട്ടുന്നു. നെറികേടിനെ നെഞ്ചിലേറ്റിയ ഒരോ മലയാളിയും തുറന്ന മനസ്സോടെ ഒരാത്മപരിശോധന നടത്തേണ്ട സമയമായി. അന്തരിച്ച അമേരിക്കൻ പ്രസിഡന്റ് ജോൺ. എഫ്. കെന്നഡിയുടെ പ്രസിദ്ധമായ വാക്കുകൾ ഇവിടെ പ്രസക്തമാണ്: 

ASK NOT WHAT YOUR COUNTRY  CAN DO FOR YOU;                       
ASK  WHAT YOU CAN DO FOR YOUR COUNTRY 

ഒന്നും ചോദിക്കാതെ എല്ലാം ഇൗ രാഷ്ട്രം നമുക്ക് തന്നപ്പോൾ, നമ്മൾ എന്താണ് തിരിച്ചു കൊടുത്തത്? നാമിവിടെ ജോലി ചെയ്യുന്നു,ചെയ്തിട്ടുണ്ട്. എവിടെ ആണെങ്കിലും ജീവിക്കണമെങ്കിൽ ജോലി ചെയ്യണം. എന്നാല് അതിനെല്ലാം അപ്പുറം, നമുക്കും നമ്മുടെ മാതാപിതാക്കൾക്കും  സഹോദരങ്ങൾക്കും സന്തതി പരമ്പരകൾ ക്കും ജന്മ നാട്ടിലേക്ക് തിരിച്ച് പോകാത്ത രീതിയിൽ ഒരു വലിയ ജീവിതം തന്നപ്പോൾ, നാം ഇൗ രാഷ്ട്രത്തിന് നല്കിയ സംഭാവന എന്താണ്? ദേശസ്നേഹം എന്ന മഹത്തായ കർത്തവ്യതെ സൗകര്യപൂർവം മറന്ന് വ്യക്തി ജീവിതത്തിൻെറ സ്വാർത്ഥത യെ വാരിപ്പുണർന്നു.

ജാതി മത രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ വളരെ വിശാലമായ കാഴ്ചപ്പാടോടെ അമേരിക്ക നമുക്ക് പൗരത്വം നല്കി. അമേരിക്കൻ ദേശീയ പതാകയെ സാക്ഷി നിറുത്തി ഇൗ രാജ്യത്തോട് കൂറ് പുലർത്തി കൊള്ളാമെന്ന് നെഞ്ചിൽ കൈ വച്ച് നാം സത്യ പ്രതിജ്ഞ ചെയ്തു. ആ പ്രതിജ്ഞ ഇല്‍‌ മുഴുവൻ ഹൃദയ വിശുദ്ധി ഉണ്ടായി രുന്നോ ? ഇൗ രാജ്യത്തോട് നമുക്ക് പ്രതിബദ്ധത ഇല്ലേ? നാം ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഏറെ വർഷങ്ങൾക്ക് മുൻപുള്ള അമേരിക്കയിലെ നിയമങ്ങൾക്കനുസരിച്ചാണ്. കാലം വളരെ മുൻപോട്ട് പോയി. നമ്മൾ അനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ വന്നേക്കാം. ഇതിലും മെച്ചമായ ജീവിത സൗകര്യങ്ങൾ നമ്മുടെ പുതിയ തലമുറക്ക് ആവശ്യമാണ്. അതുകൊണ്ട് അമേരിക്കയിലെ ഭരണ സംവിധാനത്തിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭാഗമാകേണ്ടതും നിയമ നിർമാണങ്ങൾ നമുക്കും പ്രയോജന പ്പെടുന്ന തലത്തിലേക്ക് ഉയരേണ്ടതും നമ്മുടെ കൂടെ ആവശ്യമാണ്. വിരലിൽ എണ്ണാവുന്ന ചിലർ രംഗത്തുള്ളത് വിസ്മരിക്കുന്നില്ല.

ഇവിടെ കൗൺസിലുക ളിലും പൊതു വിദ്യാഭ്യാസ - ലൈബ്രറി ബോർഡുക ളിലും എല്ലാം സൃഷ്ടിപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് അവസരങ്ങൾ ഉണ്ടു്. നമ്മൾ അതിന് ശ്രമിക്കാത്ത തുകൊണ്ടാണ്. പള്ളി പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണത്തി നും അമ്പലങ്ങളിൽ വിശേഷാൽ പൂജ നടത്തുന്നതിനും വർഗീയ വിഷം ചീറ്റുന്ന അണലി പറ്റങ്ങൾക്ക് അത്താഴ പൂജ നടത്തുന്നതിനും കൂട്ടി കൊടുപ്പുകാരനും കരിച്ചന്തക്കാരനും വിടുപണി ചെയ്യുന്ന രാഷ്ടീയനപുംസകങ്ങള്‍ക്ക് അമേരിക്കൻ മണ്ണിൽ കാവടി ആടുന്നതിനും നമുക്ക് സമയമുണ്ട്. അതെങ്ങനെ, അലക്കൊഴിഞ്ഞിട്ട് വേണ്ടേ കാശിക്ക് പോകാൻ !!

ഇവിടുത്തെ ഭരണ സംവിധാനങ്ങളുമായി സഹകരിച്ച് ജാതി - മത - രാഷ്ട്രീയ സങ്കുചിത ചിന്തകൾ ഇല്ലാതെ സ്വതന്ത്രചിന്തയോടെ വിശാലമായ കാഴ്ചപ്പാടിൽ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ തുറന്ന മനസ്സോടെ ഓരോ മലയാളിയും മുന്നോട്ട് വന്ന് മലയാളത്തിന്റെ നിറമുള്ള മലയാളത്തിന്റെ മണമുള്ള ഒരു പുത്തൻ സാംസ്കാരിക അടിത്തറയ്ക്ക് രൂപം നൽകേണ്ട സമയമായി. അറുപതുകളിൽ നമ്മുടെ പൂർവികരായ മലയാളി നഴ്സുമാർ അമേരിക്കയിൽ  അംഗീകരിക്കപ്പെട്ട അതേ അളവിൽ ഓരോ മലയാളിയും ഇന്ന് അമേരിക്കയിൽ അംഗീകരിക്ക പ്പെടണം - അത് കാലത്തിന്റെ അനിവാര്യത കൂടിയാണ്.

Read more

ഭജനക്കുടിലിലെ ഭദ്രകാളി (സംഭവകഥ)

1964 ലെ ഒരു വൃശ്ചിക പുലരി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ഓച്ചിറക്കാരന്‍ ദശപുത്രന്റെ ക്ഷണമനുസരിച്ച് ഉത്സവം കൂടാന്‍ ഞാന്‍ കൂത്താട്ടുകുളത്ത് നിന്നും പുലര്‍ച്ചെ ഓച്ചിറയില്‍ എത്തി.

നാല്പതോളം ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്ര പരിസരം. ഇന്നവിടെ ഉള്ളത്‌പോലെ ഓംകാര സത്രമോ പരബ്രഹ്മ സത്രമോ ഗസ്റ്റ് ഹൗസുകളോ ഒന്നുമില്ലാത്ത കാലം. പരബ്രഹ്മ സന്നിധാനം ഒഴിച്ചാല്‍ വനവൃക്ഷങ്ങളും കാട്ടു ചെടികളും നിറഞ്ഞ വനഭൂമി. അങ്ങിങ്ങായി കട്ടുവള്ളികള്‍ പടര്‍ന്നു
കയറിയ ആല്‍ത്തറകള്‍. സന്നിധാനത്തില്‍ നിന്നകന്ന് അവിടവിടെ ഓല കെട്ടിയുണ്ടാക്കിയ ഭജനക്കുടിലുകളിലും ആല്‍ത്തറകളിലും ഭജനം പാര്‍ക്കുന്ന ഭക്തജനങ്ങള്‍. 

ക്ഷേത്ര പരിസരത്ത് സുഹൃത്തിനെ തേടി ഞാന്‍ അലഞ്ഞു. അവനെ ഒരിടത്തും കണ്ടില്ല. അന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന കെ.പി.എ.സി.യുടെ നാടകത്തെക്കുറിച്ചും ഓച്ചിറ രാമചന്ദ്രന്റെ കഥപ്രസംഗത്തെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാം. നേരം സന്ധ്യ ആകുന്നു. സന്നിധാന പരിസരത്തെ നിയോണ്‍ വിളക്കുകള്‍ ഒഴിച്ചാല്‍ ക്ഷേത്രഭൂമി ഇരുളിലാണ്. കൗമാരം വിട്ടുമാറാത്ത എനിക്ക് നേരിയ ഭയത്തിന്റെ തരിപ്പ്. അപ്പോഴാണ് ഇരുളില്‍ നിന്നും ഒരു കൈ എന്റെ ചുമലില്‍ സ്പര്‍ശിച്ചത്. ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. നീളന്‍ മുടിയും നീണ്ട താടി രോമങ്ങളും മുറുക്കി ചുമപ്പിച്ച ചുണ്ടുകളും കറയുള്ള പല്ലുകളും ചുമന്നു തുടുത്ത കണ്ണുകളും ഉള്ള കാവി വേഷധാരിയായ ഒരു സന്യാസിയുടെ ഭീകര രൂപം. മദ്യത്തിന്റെ രൂക്ഷഗന്ധം. അയാള്‍ തടികൊണ്ട് ഉണ്ടാക്കിയ ഒരു കാല്‍ പാദത്തിന്റെ രൂപം എന്റെ കയ്യില്‍ തന്ന് സന്നിധാനത്തേക്ക് നടക്കാന്‍ ആജ്ഞാപിച്ചു. യാന്ത്രികമായി അനുസരിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

സന്നിധാനത്ത് എത്തുന്നതിന് മുന്‍പായി ആളില്ലാത്ത ഒരു കോണിലെത്തിയപ്പോള്‍ നില്‍ക്കാന്‍ ആജ്ഞാപിച്ചു. എന്നിട്ട് കാല്‍പാദം അയാള്‍ തിരികെ വാങ്ങി ഇരുപത് രൂപ ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ കൊന്ന് കൊക്കയില്‍ എറിയും എന്ന ഭീഷണിയും. ഭീതിയോടെ ഇരുപത് രൂപ അയാളെ ഏല്പ്പിച്ചു തിരികെ പോകാന്‍ തുടങ്ങിയപ്പോള്‍, അതേ രൂപത്തിലുള്ള മറ്റൊരു സന്യാസി എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് തടിയില്‍ തീര്‍ത്ത ' കൈ ' യുടെ രൂപവും ആയി മുന്നില്‍. സന്നിധാനത്ത് പോകുമ്പോള്‍ ' കൈ ' പിടിച്ചുകൊണ്ട് പോകണമെന്നാണ് ക്ഷേത്ര നിയമം എന്ന് പറഞ്ഞു കൊണ്ട് ' കൈ ' എന്റെ കയ്യില്‍ തന്ന് മുന്നോട്ട് നടക്കാന്‍ ആജ്ഞാപിച്ചു. ഇദ്ദേഹത്തില്‍ നിന്നും ചാരായത്തിന്റെ രൂക്ഷ ഗന്ധം. ഞാന്‍ ' കൈ ' യുമായി രണ്ടടി നടന്നപ്പോള്‍ നില്‍ക്കാന്‍ പറഞ്ഞ് ' കൈ ' അയാള്‍ തിരികെ വാങ്ങി. അയാള്‍ക്കും വേണം സന്നിധാന നേര്‍ച്ചയായി ഇരുപത് രൂപ. കൊടുക്കുവാന്‍ മടിച്ചപ്പോള്‍ മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് എന്റെ കൈ വിരലുകള്‍ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ കരഞ്ഞ് പറഞ്ഞു എന്റെ കൈവശം പതിനഞ്ച് രൂപയെ ഉള്ളു. അതും കൊടുത്ത് അവിടെ നിന്നും ഇരുട്ടിലൂടെ ഓടി. ഒരു ആല്‍ത്തറ യോട് ചേര്‍ന്നുള്ള ഒരു ഭജനക്കുടിലിന്റെ സമീപമെത്തി. കുടിലിന്റെ വാതിലിലൂടെ കരിവളകളിട്ട ഒരു കറുത്ത കൈ ശക്തിയോടെ പിടിച്ച് വലിച്ച് എന്നെ കുടിലിനകത്തേക്ക് കയറ്റി. സത്യത്തില്‍ കുടിലിന്റെ തറയിലേക്ക് എന്നെ തള്ളിയിടുക ആയിരുന്നു.

ആറടിയോളം പൊക്കം. കറുത്ത് തടിച്ച ആജാനുബാഹുവായ ഒരു സ്ത്രീരൂപം രാക്ഷ്‌സീയ ഭാവത്തില്‍. കൈ നിറയെ കരിവളകള്‍. മുറുക്കി ചുവപ്പിച്ച ചുണ്ടുകളും പുകയില ക്കറയുള്ള പല്ലുകളും. നിറഞ്ഞ മാറില്‍ പല അടക്കുകള്‍ ആയുള്ള രുദ്രാക്ഷ മാലയും മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ എനിക്ക് കാണാമായിരുന്നു. നിലത്ത് വീണ എന്നെ അവര്‍ വരിഞ്ഞു മുറുക്കി. എന്റെ ബലിഷ്ഠമായ എല്ലുകള്‍ ഒടിയുന്നതുപോലെ... 

ഉത്സവം കാണാന്‍ എത്തിയത് ആണെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു. അപ്പോല്‍ അവള് "സന്നിധാനത്ത് പ്രാര്‍ത്ഥിക്കുന്നതും എന്നെ പ്രാപിക്കുന്ന തും ഒന്നുതന്നെ. ഈ ഭജനക്കുടിലിലെ ദേവിയാണ് ഞാന്‍. ദേവീ പ്രസാദം ഞാനിന്ന് നിനക്ക് തരും". രക്ത നിറമുള്ള കണ്ണുകള്‍ തുറിച്ച് അവളുടെ നീണ്ട നാക്ക് പുറത്തേക്ക്... ശരിക്കും ഭദ്രകാളി പോലെ. 

കാമവികാരം തലക്ക് പിടിച്ച അവള് എന്നെ അവളോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ ആ പിശാചിന്റെ കയ്യില്‍ ഞാന്‍ ആഞ്ഞ് കടിച്ചു. വേദന കൊണ്ട് പുളഞ്ഞ അവര്‍ പിടി വിട്ടു. ഈ സമയം ഓലക്കുടിലിന്റെ വാതില്‍ തട്ടിതെറിപ്പിച്ചു ഞാന്‍ പുറത്തു ചാടി. ഭക്തജനങ്ങളുടെ ഇടയിലൂടെ എങ്ങോട്ടെന്നറിയാതെ ഞാനോടി, ആ രക്ത യക്ഷി പുറകെ ഉണ്ടോ എന്ന് നോക്കിക്കൊണ്ട്. 

ഓടിയും നടന്നുമായി ഞാന്‍ ഹൈവേയില്‍ എത്തി, നഗ്‌നപാദനായി. എന്റെ ചെരുപ്പുകള്‍ കുടിലില്‍ എവിടെയോ ഇട്ടിട്ടാണ് ഞാന്‍ ജീവനും കൊണ്ടോടിയത്. ഞാന്‍ തീര്‍ത്തും അവശന്‍ ആയിരുന്നു. കയ്യില്‍ പണവുമില്ല. ഹൈവേയിലൂടെ ഏഴ് കിലോമീറ്റര്‍ നടന്ന് കയംകുളത്ത് എത്തി. തളര്‍ന്ന് അവശനായി അവിടെ ഒരു ഹോട്ടലില്‍ കയറി. ഇപ്പോഴും ഞാനോര്‍ക്കുന്നു. കുട്ടന്‍ പിളളയുടെ ഭഗവതി വിലാസം ഹോട്ടല്‍. 

അവശനായ എന്നെ കണ്ടപ്പോള്‍ ഒന്നും ചോദിക്കാതെ കുട്ടന്‍ പിള്ള ചേട്ടന്‍ ഒരു കട്ടന്‍ കാപ്പി തന്നു. പിന്നീട് കാര്യങ്ങല്‍ ചോദിച്ചറിഞ്ഞു. ആ രാത്രി അവിടെ വിശ്രമിച്ച് പിറ്റെ ദിവസം വെളുപ്പിന് കുട്ടന്‍ പിള്ള ചേട്ടന്‍ ദയവ് തോന്നി എനിക്ക് തന്ന ഏഴ് രൂപയുമായി ഞാന്‍ മുവ്വാറ്റുപുഴ ബസില്‍ കയറി കൂത്താട്ടുകുള ത്തിനുള്ള മടക്കയാത്രയ്ക്ക്.

Read more

പാലം കല്യാണസുന്ദരം

1962 നവംബറിലെ ഒരു സായാഹ്നം. സ്ഥലം മറീന ബീച്ച് മദ്രാസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്മാര്‍ ചൈന പട്ടാളത്തെ നിലംപരിശാക്കി മുന്നേറുന്നു. ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അന്നത്തെ തമിഴ് നാട് (മദ്രാസ് ) മുഖ്യമന്ത്രി കെ. കാമരാജ് പ്രസംഗിക്കുന്നു. പ്രധാന മന്ത്രി നെഹ്രുവിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയ പ്രതിരോധ നിധിയിലേക്ക് ഉദാരമായ സംഭാവന നല്‍കുവാന്‍ കാമരാജ് അവിടെ കൂടിയ ജനങ്ങളോട് ആഹുവാനം ചെയ്തു. ഉടനെ ആള്‍ക്കൂട്ടത്തില്‍ നിന്നും നീണ്ട് മെലിഞ്ഞ ഒരു കോളേജ് പയ്യന്‍ വേദിയിലേക്ക് ഓടിക്കയറി തന്റെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വര്‍ണമാല ഊരി പ്രതിരോധ നിധിയിലേക്കുള്ള സംഭാവനയായി മുഖ്യ മന്ത്രിയെ ഏല്‍പ്പിച്ചു. അതായിരുന്നു പാലം കല്യാണസുന്ദരം എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ കുതിപ്പിന്റെ തുടക്കം. ആ കുതിപ്പ് ഇന്നും തുടരുന്നു.

1943 ല്‍ തമിഴ് നാട്ടിലെ തിരുനെല്‍വേലിയില്‍ സാമാന്യം ഭേദപ്പെട്ട ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. സെന്റ് സേവിയേഴ്‌സില്‍ നിന്നും തമിഴ് മുഖ്യ വിഷയമായെടുത് ആഅ ബിരുദം. പിന്നെ ലൈബ്രറി സയന്‍സില്‍ ഗോള്‍ഡ് മെഡല്‍, സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍. തൂത്തുക്കുടിയിലെ കുമാരകറുപ്പ ആര്‍ട്‌സ് കോളേജില്‍ ലൈബ്രേറിയന്‍ ആയി നിയമനം. 35 വര്‍ഷത്തെ സേവനത്തിന് ശേഷം 1998 ല്‍ അവിടെനിന്നും വിരമിച്ചു. തന്റെ ആദ്യത്തെ ശമ്പളമായ 140 രൂപ കിട്ടിയപ്പോള്‍ 40 രൂപ സ്വന്തം ചിലവിനും 100 രൂപ പഠിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്കുമായി വീതിച്ചു കൊടുത്തു.

അങ്ങനെ അഞ്ചു വര്‍ഷം . പിന്നീട് കല്യാണസുന്ദരം തന്റെ ശമ്പളം മുഴുവനും ചേരിപ്രദേശത്തെ പാവങ്ങള്‍ക്കും പഠിക്കാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്ക് വേണ്ടിയും ചിലവഴിച്ചു. തന്റെ രണ്ടു നേരത്തെ ഭക്ഷണത്തിനായി ജോലി കഴിഞ്ഞാല്‍ രാത്രി കാലങ്ങളില്‍ ഹോട്ടലുകളിലും അലക്കുകടകളിലും അദ്ദേഹം പണിയെടുത്തു. തെരുവോരങ്ങളിലും റെയില്‍വേ പ്ലാറ്റുഫോമുകളിലും പാവങ്ങളുടെ കൂടെ അന്തിയുറങ്ങി ദാരിന്ദ്രമെന്തെന്നറിയാന്‍ , മുഴുവന്‍ വരുമാനവും അവര്‍ക്കായി ചിലവഴിച്ചുകൊണ്ട് . പുറംലോകമതറിഞ്ഞില്ല. അദ്ദേഹമറിയിച്ചുമില്ല. എന്നാല്‍ 1990 ല്‍ ഇദ്ദേഹത്തിന് ഒരു ലക്ഷം രൂപ ശമ്പള വര്‍ധനവിന്റെ മൃൃലമൃ െയൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഒന്നിച്ചു നല്‍കിയപ്പോള്‍, ആ തുക മുഴുവനും പാവപ്പെട്ട കുട്ടികള്‍ക്കായി ചിലവഴിക്കാന്‍ ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു. കളക്ടര്‍ അതിന് വലിയ പബ്ലിസിറ്റി കൊടുത്തു.

അങ്ങനെ കല്യാണസുന്ദരത്തെക്കുറിച്ചു പലരും അറിയാന്‍ തുടങ്ങി. ജോലിയില്‍ നിന്നും വിരമിച്ച ശേഷം 1998 ല്‍ "പാലം" എന്ന സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചു വരുന്നു. ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക്, വേദനിക്കുന്നവന്റെ ഹ്രദയങ്ങളിലേക്ക് സാന്ത്വനത്തിന്റെ ഒരു പാലമായി കല്യാണസുന്ദരം 74 വയസ്സിലും ചുറുചുറുക്കോടെ പുത്തന്‍ പ്രതീക്ഷകളുമായി ഇന്നും തന്റെ പ്രവര്‍ത്തന വഴികളിലുണ്ട്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പുസ്തകം പഠിച്ച ഓര്‍മ്മയുടെ പിന്‍ബലത്തില്‍ മുഴുവന്‍ വരുമാനവും മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിച്ച ലോകത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് പാലം കല്യാണസുന്ദരം. പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയ 10 ലക്ഷവും കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷനും ഒരു അമേരിക്കന്‍ സംഘടന ങമി ീള വേല ങശഹഹലിിശൗാ ആയി ഇദ്ദേഹത്തിന് കൊടുത്ത മുപ്പതു കോടി രൂപയും ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനും കുട്ടികളുടെ പഠിപ്പിനുമായി മാറ്റിവച്ചുകൊണ്ട് , വിവാഹം കഴിച്ചുപോലും ജീവിതം ആര്‍ഭാടമാക്കാതെ , ചെന്നൈയിലെ സൈദാപ്പേട്ടിലുള്ള തന്റെ കൊച്ചു വസതിയിലെ ഏകാന്തമായ ലാളിത്യത്തിലേക്ക് അദ്ദേഹം ഒതുങ്ങി.

പദ്മശ്രീയും പദ്മവിഭൂഷണും ഭാരതര്തനവുമൊക്കെ അര്‍ഹതയില്ലാത്തവന്റെ നെഞ്ചത്തേക്ക് ഉളുപ്പില്ലാതെ ചാര്‍ത്തിക്കൊടുക്കാന്‍ രാഷ്ട്രീയനപുംസകങ്ങള്‍ കോമരം തുള്ളുന്ന ഈ നെറികെട്ട രാഷ്ട്രീയ ഭൂമികയില്‍ നമുക്ക് അഭിമാനിക്കാം, കല്യാണസുന്ദരം പോലുള്ള മനുഷ്യ രത്‌നത്തിന് ഭാരതര്തനം കിട്ടിയില്ലെങ്കിലും ഭാരതത്തിലെ ദരിദ്രനാരായണന്മാരുടെ ഹ്രദയങ്ങളില്‍ രത്‌നസിംഹാസനം പണിത് അദ്ദേഹം ഉപവിഷ്ടനായി എന്ന്. നവമാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന മറ്റുചില സത്യങ്ങളും നമുക്കിവിടെ കൂട്ടി വായിക്കാം :

atcress Rekha attended Rajya Sabha for 18 days in last 5 years and took home 65+ lakhs as salary and allowances .

Sachin Tendulkar attended Rajya Sabha 23 days and took home 59+ lakhs .

നമ്മുടെ നികുതിപ്പണം മലവെള്ളം പോലെ ഒഴുകിത്തീരുമ്പോള്‍ നമുക്ക് ലജ്ജയോടെ തലകുനിക്കാം ജനാധിപധ്യത്തിന്റെ മൂല്യത്തകര്‍ച്ചയോര്‍ത് . അതോടൊപ്പം പാലം കല്യാണസുന്ദരത്തിന്റെ വാക്കുകള്‍ നമുക്ക് തങ്കലിപികളിലും കുറിച്ചിടാം :

"we cannot sustain ourselves unless we cotnribute to the socitey in some way or the other . What do we take with us when we leave planet earth ?" 

Credits to joychenputhukulam.com

Read more

എന്റെ ഗ്രാമം രക്തസാക്ഷികളുടെ നാട്: കൂത്താട്ടുകുളം

എ. കെ. ജി. തന്റെ ആത്മകഥയില്‍ രക്ത സാക്ഷികളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടകുളത്തെ "രക്ത സാക്ഷികളുടെ നാട്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമാണ് കൂത്താട്ടുകുളം ഇപ്പോള്‍ മുന്‍സിപ്പാലിറ്റി . 1930 കളുടെ അവസാനത്തിലും 40 കളുടെ ആരംഭത്തിലും state congress പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രമായിരുന്നു കൂത്താട്ടുകുളം .

ഉത്തരവാദഭരണ പ്രഷോഭത്തിന്റെ അലകള്‍ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അടയാത്ത
അധ്യായമാണ്. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള കൂത്താട്ടുകുളത്തിന്റെ സുദീര്‍ഘമായ രാഷ്ട്രീയ ചരിത്രത്തില്‍ വിവിധ ലോക്കപ്പുകളിലും ജയിലറകളിലും കിടന്ന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ദേശാഭിമാനികളായ യുവരക്തസാക്ഷികള്‍ : ചൊള്ളമ്പേല്‍
പിള്ള , മണ്ണത്തൂര്‍ വര്‍ഗീസ് , തിരുമാറാടി രാമകൃഷ്ണന്‍ , പാമ്പാക്കുട അയ്യപ്പന്‍ എന്നിവര്‍ അവിസ്മരണീയരാണ്. ഏറ്റവും കൂടുതല്‍ സ്വാതന്ത്രസമര സേനാനികളെ ഭാരതത്തിന് സംഭാവന ചെയ്ത ഗ്രാമവും കൂത്താട്ടുകുളം തന്നെ.

കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലബാറിലെ വടകരയില്‍ നിന്നുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ വിശ്രമിച്ച സ്ഥലം വടകരയും അവിടെ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകര പള്ളിയുമായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രചിച്ച വടകര പള്ളിയിലെ ചുമര്‍ ചിത്രങ്ങള്‍ കാല്പനിക സൗന്ദര്യാവിഷ്ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്.

വില്ലാളി വീരനായ അര്‍ജുനന്‍ പാശുപതാസ്ത്രത്തിനു വേണ്ടി തപസ്സനുഷ്ഠിച്ച അര്‍ജുനന്‍മല , ജൈന പാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോള്‍ ശ്രീധരീയം ), കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശില്പങ്ങള്‍ , തീര്‍ത്ഥാടകരുടെ ആകര്‍ഷണകേന്ദ്രമായ ആയിരം തിരികള്‍ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹായുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹ്രദയ ദേവാലയം, ഒന്നര നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാര്‍ഷികസംസ്കാരത്തിന്റെ അടയാളമായ കാക്കൂര്‍ കാളവയല്‍, 1865 നോടടുത്തു ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്തു ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത , മുന്‍രാഷ്ടപതി കെ. ആര്‍. നാരായണന്‍, കമ്മ്യൂണിസ്റ്റ് നേതാവും കേരള ൃല്‌ലിൗല മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി. ജെ. തോമസ്, എന്നീ ഉന്നത വ്യക്തികള്‍ പഠിച്ച വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍, അന്‍പതുകളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ രൂപംകൊണ്ട നവജീവന്‍ ആര്‍ട്‌സ് ക്ലബ് എന്ന നാടക സമിതി, ദേശപ്പഴമയുടെ അടയാളമായി പ്രകൃതി സ്‌നേഹികളുടെ മനം കുളിര്‍പ്പിക്കുന്ന 200 ലേറെ വന്മരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീകോവിലില്‍ വനദുര്‍ഗയുടെ പ്രതീകമായി പൂജിക്കുന്ന ബോണ്‍സായ് മാതൃകയിലുള്ള ഏതാണ്ട് രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പ വൃക്ഷവും കാവിനെ തഴുകിയൊഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു .

കൂത്താട്ടുകുളത്തിന്റെ കായിക ചരിത്രത്തില്‍ മാര്‍ഷല്‍, കൈമ, സ്പാര്‍ട്ടന്‍സ് എന്നീ പ്രാദേശിക ഫുട്‌ബോള്‍ ടീമുകളെ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളില്‍ കൂത്താട്ടകുളത് അഖിലേന്ത്യ ടൂര്‍ണമെന്റുകള്‍ നടന്നിരുന്നു എന്ന് പറയാതിരുന്നാല്‍ കൂത്താട്ടുകുളത്തിന്റെ കായിക ചരിത്രം പൂര്‍ണ്ണമാകുന്നില്ല . chakkappan മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഖിലേന്ത്യ വോളീബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്രാ പോലീസ്, FACT , EME സെന്‍ട്രല്‍ സെക്കന്‍ഡറാബാദ് എന്നിവരായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകള്‍.

ചങ്ങമ്പുഴയുടെ "രക്തപുഷ്പങ്ങള്‍" എന്ന കൃതിക്ക് അവതാരികയെഴുതിത് ഒരു കൂത്താട്ടുകുളം കാരനാണ് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കുകയില്ല. എന്നാല്‍ അത് കൂത്താട്ടുകുളം വടകര സ്വദേശിയും പണ്ഡിതനും വാഗ്മിയും സാഹിത്യപ്രതിഭയുമായിരുന്ന Rev Dr എബ്രഹാം വടക്കേല്‍ ആയിരുന്നു. മലയാള നാടക സങ്കല്‍പ്പത്തിനും മലയാള നാടക സാഹിത്യത്തിനും ഒരു പുത്തന്‍ ദിശാബോധം നല്‍കിയ സി. ജെ. തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളം , കൂത്താട്ടുകുളത്തിന്റെ കല സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ് കാരനും കേരള ൃല്‌ലിൗല മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, കൂത്താട്ടകുളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ നേരവകാശികളില്‍ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന കെ. സി. സക്കറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സില്‍ അദ്ധ്യാത്മികവിശുദ്ധിയുടെ പൊന്‍കിരണങ്ങള്‍ തൂകിയ കവയിത്രി സിസ്റ്റര്‍ ബനീഞ്ഞ എന്ന മേരിജോണ്‍ തോട്ടം, പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ. വി. എസ് . ഇളയത്, കവിയും സംസ്ക്രത പണ്ഡിതനും ആയുര്‍വേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ. എന്‍. വാസുദേവന്‍ നമ്പൂതിരി, നാടക സിനിമ അഭിനയ കലയിലെ ചടുല പ്രതിഭയായിരുന്ന എന്‍. എസ് . ഇട്ടന്‍ , പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ സമര നേതാക്കളും കമ്മ്യൂണിസ്റ്റ് കരുമായിരുന്ന കൂത്താട്ടുകുളം മേരി, കെ. വി. ജോണ്‍, എം. ജെ. ജോണ്‍ , കേരളം സംസ്ഥാന മന്ത്രിയായിരുന്ന ടി. എം. ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ കൂത്താട്ടകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായാത്ത കാല്‍പ്പാടുകള്‍ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകള്‍ അവരുടെ പ്രോചോദനവുമാണ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ങഘഅ യും മുന്‍കേരളമന്ത്രിയുമായ അനൂപ് ജേക്കബ്, കെപിസിസി സെക്രട്ടറി ആയിരുന്ന ജെയ്‌സണ്‍ ജോസഫ്, സിനിമ സംവിധായകന്‍ ജിത്തു ജോസഫ്, സിനിമ സീരിയല്‍ നടീനടന്മാരായ ടി. എസ് . രാജു, ധന്യ മേരി വര്‍ഗീസ്, ബിന്ദു രാമകൃഷ്ണന്‍ എന്നീ ഇളംതലമുറക്കാര്‍ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇന്നും നിറഞ്ഞു നില്‍ക്കുന്നു. 

Read more

വെച്ചൂര്‍ പശുവിന്റെ പെരുമതേടി....

വെച്ചൂര്‍ പശുക്കള്‍-ഗ്രാമനിഷ്‌ക്കളങ്കതയുടെ മറ്റൊരു വാക്കായിരുന്നു 19860 കളുടെ അവസാനം വരെ. അതിനുശേഷം വംശം നിന്നു പോകുന്ന അമൂല്യ മൃഗസമ്പത്തിന്റെ പട്ടികയില്‍ വെച്ചൂര്‍ പശുവും ഉള്‍പ്പെട്ടു. വെച്ചൂര്‍ പശുവിന്റെ പാലിന് അസമാന്യമായ ഔഷധഗുണമുണ്ടായിരുന്നു. പ്രമേഹത്തിനും ഹൃദ്രോഹത്തിനും ഓട്ടിസത്തിനും അത്യുത്തമമെന്ന് ആയ്യുര്‍വേദ ആചാര്യ•ാര്‍ വിധിയെഴുതി. ഒരു പശു ദിവസേന ശരാശരി മൂന്നു ലിറ്റര്‍ മാത്രമേ പാല് തരൂ. ശരാശരി 90 സെ.മി. പൊക്കവും 125 സെ.മി. നീളവും 130 കിലോ ഗ്രാം വരെ തൂക്കമുള്ള ഈ കുഞ്ഞിപ്പശുവിന്റെ ഖ്യാതി ആഗോളതലത്തില്‍ എത്തി. കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ 'വെച്ചൂര്‍' എന്ന കൊച്ചുഗ്രാമം അങ്ങനെ ലോകഭൂപടത്തില്‍ ഇടം നേടി. ഏറ്റവും കൂടുതല്‍ ഔഷധമൂല്യമുള്ള പാല് തരുന്നതും ഏറ്റവും ചെറിയതുമായ പശുവാണ് വെച്ചൂര്‍ പശു എന്ന ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തി. ഇപ്പോള്‍ യു.എന്‍. ഏജന്‍സിയായ എഅഛ യുടെ 'World Watch List of Domestic Animal Diverstiy'യിലും വെച്ചൂര്‍ പശു ഇടം നേടി. 

ലോകത്തില്‍ പലയിടങ്ങളിലുമായി ഏതാണ്ട് 200 ല്‍ പ്പരം വെച്ചൂര്‍ പശുക്കള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന ഈ ലേഖകന്റെ ധാരാണ വെറും അബദ്ധ ധാരണയായിരുന്നു എന്നും വെച്ചൂര്‍ പശു ഇന്ന് ചരിത്രരേഖകളില്‍ മാത്രമെ ഉള്ളൂ എന്നും ഈയിടെ മനസ്സിലായി. വെച്ചൂര്‍ പശുവിന്റെ പെരുമ തേടിയുള്ള യാത്രയില്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.യും സാഹിത്യകാരനും ഒരു നല്ല കൃഷിക്കാരനുമായ വെച്ചൂര്‍ സ്വദേശി മോഹന്‍ദാസ് വെച്ചൂരിനെ കണ്ടുമുട്ടി. 

ഇനി  വെച്ചൂര്‍ പശുക്കളെക്കുറിച്ച് മോഹന്‍ദാസിന്റെ ഭാഷയില്‍:
'അമ്മിണിയേ.....' പുറംബണ്ടില്‍ നിന്നും കൊണ്ടുള്ള അമ്മയുടെ നീട്ടിവിളിയും പാടത്തിന്‍ നടുവില്‍ സഹപൈക്കളോടൊപ്പം കറുകപുല്ലിന്റെ സുകൃതം നുണഞ്ഞ് വീണ്ടരക്കുന്നതിനിടയില്‍ 'മാ'...... എന്നു സ്‌നേഹത്തോടെയുള്ള മറുകരച്ചിലിലും തുടങ്ങുന്നു വെച്ചൂര്‍ പശുക്കളെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍. പണ്ടൊക്കെ എന്റെ ഗ്രാമത്തിലെ മിക്കവീടുകളിലും വെച്ചൂര്‍ പശുക്കളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ പൈക്കിടാവിന് അമ്മ ഇട്ട പേരാണ് 'അമ്മിണി'. ഉയരം കുറഞ്ഞ്, ഉരുണ്ടചന്തിയും, നിലം തൊടുന്ന വാലും, വാലിട്ടെഴുതിയ കണ്ണുകളും, അടക്കവും ഒതുക്കവുമുള്ള കറുത്ത സുന്ദരി! തിടമ്പേറ്റിയ ഗജരാജന്റെ ഗമയില്‍ ഗ്രാമത്തിലെ മണ്‍വഴിയിലൂടെ നടന്നു നീങ്ങുന്ന വിത്തുകാളയും മൂക്കുകയറില്‍ ബന്ധിച്ച കയര്‍ മാടിയൊതുക്കി ഇടംകയ്യില്‍പ്പിടിച്ച് വലംകയ്യില്‍ ചാട്ടവാറുമായി കാളയെതെളിക്കുന്ന കാളക്കാരനും ബാല്യത്തിലെ കൗതുകകാഴ്ചകളില്‍ ഒന്നായിരുന്നു. കാളയുടെ കഴുത്തിലെ മണികിലുക്കം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഓടിയെത്തും. ഒരിക്കല്‍ കാളയും കാളക്കാരനും എവിടേക്കാണ് പോകുന്നത് എന്നറിയാതെ കാഴ്ചയുടെ കൗതുകത്തില്‍ ലയിച്ചിരിക്കുമ്പോള്‍ അടുത്തുനിന്ന ചേട്ടന്‍ അയല്‍പക്കത്തെ ചേച്ചിയോട് എന്തോപറഞ്ഞു. 

പൊട്ടിച്ചിതറാതെ ഇറുക്കിപ്പിടിച്ച ചിരിയുമായി നിന്ന ചേച്ചി പൊട്ടിച്ചിതറിയതിന്റെ പൊതുള്‍ അറിയാന്‍ പിന്നെയും കാലങ്ങള്‍ വേണ്ടി വന്നു. പിന്നീട് ഗ്രാമനിഷ്‌ക്കളങ്കതയുടെ മറുവാക്കായിരുന്ന വെച്ചൂര്‍ പശുക്കളും വിത്തുകാളകളും കാലയവനികക്കുള്ളില്‍ മറഞ്ഞു. ഒരിക്കല്‍ വികസനം എത്തിനോക്കാത്ത എന്റെ ഗ്രാമത്തില്‍ ഒരു അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ സ്ത്രീയും രണ്ടുമൂന്നു ചെറുപ്പക്കാരും ആയിരുന്നു അതില്‍. കാളയെക്കാണുന്ന കൗതുകത്തോടെ ഞങ്ങള്‍ ചുറ്റിലും കൂടി. അവര്‍ മുതിര്‍ന്നവരോട് വെച്ചൂര്‍ പശുക്കളെപ്പറ്റി അന്വേഷിച്ചു. എന്റെ ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയെത്തേടി എത്തിയ അവര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.ശോശാമ്മ ഐപ്പും സംഘവുമായിരുന്നു. ടി.കെ.വേലുപ്പിള്ളയുടെ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍' എന്ന ഗ്രന്ഥത്തില്‍ വെച്ചൂര്‍ പശുക്കളെയും അതിന്റെ പാലിന്റെ ഔഷധമൂല്യങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. അതുവായിച്ചറിഞ്ഞ് വെച്ചൂര്‍ പശുവിന് പുനര്‍ജ•ം നല്‍കുക എന്ന സ്വപ്‌നപദ്ധതിയുമായി എത്തിയവരായിരുന്നു അവര്‍. നാടന്‍ പശുക്കളുടെ പ്രജനനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അത്യുല്പാദനശേഷിയുള്ള വിദേശബീജം ഇറക്കുമതി ചെയ്ത് കുത്തിവെയ്ക്കാന്‍ തുടങ്ങിയതോടെ നാടന്‍ പശുക്കള്‍ക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞിരുന്നു. വെച്ചൂര്‍ പശുക്കളുമായി സാമ്യമുള്ള പശുക്കളെയും കാളകളെയും ബീജസങ്കലനം നടത്തി രണ്ടുമൂന്ന് തലമുറ പിറക്കുമ്പോള്‍ യഥാര്‍ത്ഥ വെച്ചൂര്‍ പശു പുനര്‍ജനിക്കുമെന്നായിരുന്നു നിഗമനം. നാട്ടില്‍ നിന്നും ഏതാനും പശുക്കളെ വാങ്ങിക്കൊണ്ടു പോയി പദ്ധതി വിജയകരമായി നടപ്പിലാക്കി വരവെ വിവാദങ്ങള്‍ ഉയര്‍ന്നു. സര്‍വ്വകലാശാലയിലെ ഫാമില്‍ സംരക്ഷിച്ചു വന്നിരുന്ന വെച്ചൂര്‍ പശുക്കള്‍ ഒന്നൊന്നായി ചത്തൊടുങ്ങാന്‍ തുടങ്ങി. പശുക്കളുടെ മരണകാരണം തേടിയുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് കള്ളന്‍ കപ്പലില്‍ തന്നെ എന്ന നിഗമനത്തിലായിരുന്നു. പദ്ധതി അട്ടിമറിക്കാന്‍ അസൂയ മൂത്ത ചിലര്‍ ഈ മിണ്ടാപ്രാണികള്‍ക്ക് വിഷം നല്‍കി വെഷമം തീര്‍ക്കുകയായിരുന്നു. അതിനിടയില്‍ വെച്ചൂര്‍ പശുവിന്റെ പേരും പെരുമയും കടല്‍ കടന്ന് ലോകത്തെമ്പാടുമെത്തി. ഒരിക്കല്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഡോ.വന്ദന ശിവ ദില്ലിയില്‍ ഒരു പത്രസമ്മേളനം നടത്തി. 

ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വെച്ചൂര്‍ പശുക്കളുടെ പേറ്റന്റിന് അപേക്ഷിച്ചു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ അരങ്ങേറി. ഇന്ന് വെച്ചൂര്‍ പശുക്കള്‍ ഒരു അലങ്കാര വളര്‍ത്തുമൃഗമായി മാറിയിരിക്കുന്നു. റിസോര്‍ട്ടുകളിലും പണക്കാരുടെ വീടുകളിലും ആധുനിക തൊഴുത്തുകളില്‍ ആഢംബര കാലിത്തീറ്റകളും തിന്നു ജീവിക്കാനാണ് വിധി. മേനി നടിക്കാനായി വലിയ വില നല്‍കി വാങ്ങി സംരക്ഷിക്കുന്ന അവയില്‍ പലതിനും യഥാര്‍ത്ഥ വെച്ചൂര്‍ പശുക്കളുമായി വിദൂര സാമ്യം പോലുമില്ല എന്നത് മറ്റൊരു കാര്യം. എങ്കിലും വെച്ചൂര്‍ എന്ന ഗ്രാമത്തിന്റെ സ്വച്ഛതയില്‍, വിശാലമായ കൃഷിയിടങ്ങളില്‍ നീണ്ടു വളര്‍ന്ന കറുകപ്പുല്ലും മുത്തങ്ങ പുല്ലും മറ്റ് ഔഷധസസ്യങ്ങളും യഥേഷ്ടം കഴിച്ച്, വിഷമയം ഇല്ലാത്ത നാടന്‍ കുത്തരിക്കാടിയും കുടിച്ച്, കയറിന്റെ ബന്ധനങ്ങളില്ലാതെ, അതിനുവേലികളില്ലാത്ത തൊടികളില്‍, നിലാവിന്റെ കുളിരണിഞ്ഞ് സ്‌നേഹത്തിന്റെ നറു പാല്‍ ചുരത്തി കഴിഞ്ഞിരുന്ന അവള്‍..... ഇന്ന് നാമം മാത്രമായിരിക്കുന്നു.

Read more

മൃതകന്മാര്‍

ലോകത്തിലെ എഴുന്നൂറ് കോടി ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഈ ഭൂമിയില്‍ ഉണ്ട്. ഞാനൊരു ഈശ്വരവിശ്വാസി ആണെങ്കില്‍ ഞാന്‍ പറയും, ദൈവം ഒരു വിഭാഗത്തെ തീറ്റി തീറ്റി പെരുവയറന്മാരാക്കുന്നു, മറ്റൊരു വിഭാഗത്തെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന്. ഞാനിന്നലെ നെറ്റില്‍ ഒരു ഫോട്ടോ കണ്ടു. ഒട്ടകത്തിന്റെ മലദ്വാരത്തിലേക്ക് വാ പിളര്‍ന്നു നില്‍ക്കുന്ന ഒരു സുഡാന്‍ ബാലന്റെ. ഒട്ടകം വിസര്‍ജ്ജിക്കുന്നതും കാത്ത്, അതാഹരിക്കുവാനായി. ദാരിദ്ര്യം അതിന്റെ പരമ കാഷ്ഠയിലെത്തിയതിന് മറ്റെന്ത് ഉദാഹരണമാണ് വേണ്ടത്?

സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്ന് കവി പാടിയ മണ്ണില്‍ അവര്‍ പണിത സ്‌നേഹവിഗ്രഹങ്ങളുടെ ഉടഞ്ഞ ചില്ലുകള്‍ പെറുക്കുവാനാണ് നമുക്ക് യോഗം. ജന്മം നല്കിയ അമ്മയേയും അച്ഛനേയും അമ്പലനടകളില്‍ തള്ളുന്ന ഒരു കെട്ട കാലത്തിന്റെ വാതില്‍പ്പടികളിലാണ് നാമിന്ന്!

നമ്മള്‍ വിശ്വസിക്കുന്ന മതങ്ങള്‍ തന്നെ നമുക്ക് പാര പണിയുന്നു. സവര്‍ണ്ണ മേധാവിത്വമുള്ള പല ഹൈന്ദവക്ഷേത്രങ്ങളും ഇന്ന് കേരളത്തിലുണ്ട്. പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍. അവിടെ അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ആരാധനാ സ്വാതന്ത്ര്യമില്ല.

പത്രോസിന്റെ പാറമേല്‍ പണിത ഉറപ്പുള്ള കത്തോലിക്കസഭ. സഭയുടെ ഒത്താശയില്‍ മുസ്ലീം തീവ്രവാദികളെക്കൊണ്ട് ജോസഫ് സാറിന്റെ കൈവെട്ടിച്ചത് നമുക്ക് മറക്കാം. അദ്ദേഹത്തിന്റെ ഭാര്യ ശലോമി ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്തതും നമുക്ക് മറക്കാം. കര്‍ത്താവിന്റെ മണവാട്ടിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നതും നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം. കൈതവനയില്‍ വേദപാഠ ക്ലാസ്സിന് പോയ ശ്രേയ എന്ന മാലാഖക്കുട്ടിയെ പീഢനത്തിന് ശേഷം കുളത്തില്‍ എറിഞ്ഞ് ഇല്ലാതാക്കിയ സര്‍പ്പസന്തതികളെയും വേണമെങ്കില്‍ നമുക്ക് മറക്കാം. എന്നാല്‍ ഇറാക്കിലെ പതിമൂന്നരലക്ഷം കൃസ്ത്യാനികളെ കഴുത്ത് ഞെരിച്ചും കഴുത്തറുത്തും തീവ്രവാദികള്‍ കൊന്നപ്പോള്‍, ഭ്രൂണഹത്യ മഹാപാപമാണെന്നും അതിനെതിരെ വചനോത്സവങ്ങളില്‍ ധാര്‍മ്മിക പ്രസംഗങ്ങള്‍ നടത്തുന്ന വത്തിക്കാന്റെ മൗനമാണ് നമുക്ക് മറക്കാന്‍ കഴിയാത്തത്.

എന്നാണ് നമ്മളൊരു നല്ല ക്രിസ്ത്യാനി ആകുന്നത്? എന്നാണ് നമ്മളൊരു നല്ല ഹിന്ദുവാകുന്നത്? എന്നാണ് നമ്മളൊരു നല്ല മുസ്ലീം ആകുന്നത്?

സ്വതന്ത്രഭാരതത്തിന് 68 വയസ്സായി. മരിക്കാതിരുന്നിട്ടും ജീവിക്കുന്നു എന്ന് തെളിയിക്കാന്‍ കഴിയാത്ത നിസ്സഹായരായ മൃതകന്മാരുടെ ഒരു സമൂഹം നമ്മുടെ ജനാധിപത്യഭാരതത്തില്‍ ഉണ്ട്. ഉത്തര്‍പ്രദേശില്‍ അസംഗഢ് എന്ന ഒരു ജില്ലയുണ്ട്. യു.പി. മുഖ്യമന്ത്രിയായിരുന്ന റാം നരേഷ് യാദവിന്റെയും ഉറുദു കവിയായ കൈഫി ആസ്മിയുടെയും പ്രശസ്ത രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകയും ബോളിവുഡ് സിനിമാനടിയുമായ ഷബാന ആസ്മിയുടെയുമൊക്കെ ജഗ്ഗദേശം. അവിടെയാണ് അതി വിചിത്രമായ അവസ്ഥയില്‍ കുറെ മനുഷ്യര്‍. 'മൃതകന്മാര്‍' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ജോലി തേടിയോ മറ്റെന്തെങ്കിലും കാര്യത്തിനോ എപ്പോഴെങ്കിലും ഗ്രാമം വിട്ടു പോകുന്നവരാണ് തിരിച്ചു വരുമ്പോള്‍ മൃതകന്മാരാകുന്നത്. ലോക്പാലിന് കൈക്കൂലി കൊടുത്ത് റവന്യൂ റിക്കാര്‍ഡില്‍ ഇവര്‍ മരിച്ചു എന്ന് രേഖയുണ്ടാക്കുന്നു. ഇവരുടെ ഭൂമി മുഴുവന്‍ തട്ടിയെടുക്കുന്നു. ഇക്കൂട്ടര്‍ ജീവിച്ചിരിക്കുന്നതിന് പിന്നെ യാതൊരു തെളിവുമില്ല. ഇങ്ങനെ ആയിരക്കണക്കിന് മൃതകന്മാരാണ് അസംഗഢിലുള്ളത്. അവര്‍ക്ക് സംഘടനയുണ്ട്. ലാല്‍ ബിഹാരി മൃതക് എന്നയാളാണ് ഇപ്പോള്‍ നേതാവ്. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ മൃതകന്മാര്‍ പലതും ചെയ്യും. അറസ്റ്റ് ചെയ്താല്‍ രേഖയുണ്ടാവുമെന്നതിനാല്‍ അവര്‍ പല കുറ്റങ്ങളും ചെയ്യും. പക്ഷെ, പോലീസ് അവരെ അറസ്റ്റ് ചെയ്യില്ല. അറസ്റ്റ് ചെയ്യാനായി മൃതകന്മാര്‍ തന്നെ പോലീസിന് കൈക്കൂലി കൊടുക്കാറുണ്ട്. ആരാണ് ജീവിച്ചിരിക്കുന്നവന്‍ ആരാണ് മരിച്ചവന്‍ എന്നറിയാത്ത സ്വതന്ത്ര ഭാരതത്തിലെ ഒരു വിചിത്ര സമൂഹം. ജനനേതാക്കള്‍ സൗകര്യപൂര്‍വ്വം ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു.

ഇവിടെയാണ് മഹാശ്വേതാദേവിയെപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി. തനിക്കു കിട്ടിയ പുരസ്‌ക്കാരതുക മുഴുവനും ജ്ഞാനപീഠവും മഗ്‌സാസെയുമുള്‍പ്പെടെ പിന്നോക്കക്കാര്‍ക്കും, ആദിവാസികള്‍ക്കും ദാനം നല്കി ഏകാന്തമായ ലാളിത്യത്തിലേക്ക് ഒതുങ്ങി. മഹാശ്വേതയുടെ രോഷത്തില്‍ നിന്നും പാറി വീഴുന്ന തീപ്പൊരികള്‍ കൊണ്ട് ബംഗാളിലെ അധികാരമേടകള്‍ എരിഞ്ഞു പോകുന്നത് സമീപകാലങ്ങളില്‍ നാം കണ്ടതാണ്. തന്റെ രാജ്യത്തോടുള്ള കൂറും പച്ചയായ മനുഷ്യരോടുള്ള ആത്മാര്‍ത്ഥസ്‌നേഹവും - അതുകൊണ്ടാണ് 2006-ലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകോത്സവത്തില്‍ മഹാശ്വേത പ്രസംഗിച്ചപ്പോള്‍ വിദേശികള്‍ പോലും വിതുമ്പിക്കരഞ്ഞത്. രാജ്കപുര്‍ ചിത്രത്തിലെ പ്രശസ്തമായ പാട്ടിന്റെ വരികള്‍ അവര്‍ ഓര്‍ത്തു: 'മേരാ ജൂത്താ ഹെ ജപ്പാനി'..'. സത്യത്തില്‍ ഇത് ഷൂ ജപ്പാന്റെയും പാന്റ്‌സ് ബ്രിട്ടന്റെയും തൊപ്പി റഷ്യയുടെയും കാലമാണ്. പക്ഷെ, ഹൃദയം.. ഹൃദയം എപ്പോഴും ഭാരതീയമാണ്. കീറിയതും, ജീര്‍ണ്ണിച്ചതും, പൊടിപുരണ്ടതുമാണ് എന്റെ രാജ്യം. മണ്‍കുടിലുകളും, മണിസൗധങ്ങളും ഉള്ള എന്റെ രാജ്യം. കന്യാകുമാരിയും, കാഷ്മീരും കാളീക്ഷേത്രങ്ങളും ഉള്ള എന്റെ രാജ്യം. ഭക്തിയും, ഭക്തിരാഹിത്യ പ്രത്യയശാസ്ത്രങ്ങളുമുള്ള എന്റെ രാജ്യം'. എന്റെ രാജ്യം.. വാക്കുകള്‍ മുറിഞ്ഞു പോയപ്പോള്‍ വിദേശികളുടെ മിഴശിമ നിറഞ്ഞു. ഇന്‍ഡ്യയുടെ എഴുത്തുകാരി ജന്മം കൊണ്ട് സ്പര്‍ശിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞു.

ഇവിടെ ആവശ്യം ഒരു സാംസ്‌ക്കാരിക പരിവര്‍ത്തനമാണ്, ധാര്‍മ്മിക നവോത്ഥാനമാണ്. ഹൃദയവിശുദ്ധിയോടെ നമുക്ക് ഒരാത്മപരിശോധന നടത്താം. നമുക്ക് നമ്മളെ മനസ്സിലാക്കാന്‍' അതൊരു തുടക്കമാകട്ടെ!

 

Read more

വിശുദ്ധചുംബനം

'നിങ്ങള്‍ വിശുദ്ധചുംബനത്തിന് അന്യോന്യം
അഭിവാദനം ചെയ്യുവിന്‍' (1, കൊറിന്തോസ് 16:20)

'വിശുദ്ധചുംബനം കൊണ്ട് എല്ലാ സഹോദരരേയും
അഭിവാദനം ചെയ്യുവിന്‍' (1, തെസലോണിയര്‍ 5:26)

'സ്‌നേഹചുംബനം കൊണ്ട് നിങ്ങള്‍ പരസ്പരം
അഭിവാദനം ചെയ്യുവിന്‍' (1, 5:14)

തൊട്ടടുത്ത ജോയ്ഗിരി കോണ്‍വെന്റില്‍ നിന്നും വികാരിയച്ഛന്റെ കിടക്കവിരി മാറ്റുവാന്‍ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്റര്‍ എല്‍സ്‌റാണിയെ ചേര്‍ത്തു നിര്‍ത്തി, വിശുദ്ധ ചുംബനത്തിന്റെ ആത്മീയ വശങ്ങളെക്കുറിച്ച് ഫാദര്‍ സേവിറാനിയോസ് വാചാലനായി. ചുംബനത്തിലെ ആത്മീയത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കിലും വിശുദ്ധ പൗലോസിനെയും വിശുദ്ധ പത്രോസിനെയും ഓര്‍ത്ത് ചുംബനത്തിന്റെ പ്രായോഗികതലങ്ങളിലേക്ക് കടന്ന അച്ചന്റെ മുമ്പില്‍ സിസ്റ്റര്‍ തളര്‍ന്നു നിന്നു. വിശുദ്ധചുംബനത്തില്‍ നിന്നും അതിനടുത്തുള്ള സങ്കീര്‍ണ്ണമായ മേഖലകളിലേക്ക് അച്ചന്‍ ധീരമായി പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്‍സ്‌റാണി കുതറിയോടി മഠത്തിന്റെ അടുക്കളയില്‍ കയറി കതകടച്ചു. കൊച്ചുസിസ്റ്റര്‍ക്ക് ഇത്ര ധിക്കാരമോ? സുപ്പീരിയറമ്മ പുറകെ എത്തി അടുക്കളക്കാരി ഏത്തലമ്മയെ പുറത്താക്കി കതകടച്ച് കുറ്റിയിട്ടു. അടുക്കളയില്‍ പപ്പടം കാച്ചുന്നതിന് ഏത്തലമ്മ വെച്ച എണ്ണ ഉരുളിയില്‍ തിളച്ചു മറിയുന്നു. മൂലയില്‍ ചുരുണ്ടുകൂടി കൊച്ചുസിസ്റ്റര്‍ എല്‍സ്‌റാണി... അന്ന് വൈകുന്നേരം എഴുപത്തഞ്ചു ശതമാനം പൊള്ളലോടെ എല്‍സ്‌റാണിയെ പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റെ ദിവസം സെന്റ് തോമസ് ഡേ. വെളുപ്പിന് അഞ്ചു മണിക്ക് ജോയ്ഗിരിയില്‍ പ്രഭാത മണി മുഴങ്ങിയപ്പോള്‍ എല്‍സ്‌റാണി അന്ത്യശ്വാസം വലിച്ചു. അന്ന് വൈകിട്ട് ജനറക്കൂറ്റിലെ റിട്രീറ്റ് ഹാളില്‍ ചേര്‍ന്ന ഏഴുദിന ധ്യാനത്തിന്റെ സമാപനസമ്മേളനത്തില്‍ സിസ്റ്റര്‍ എല്‍സ്‌റാണിയുടെ 'അപകട' മരണത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട്, കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ് സഹനത്തിന്റെയും ത്യാഗത്തിന്റെയും ശരശയ്യ ഇരന്നു വാങ്ങിയ അല്‍ഫോന്‍സാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ജനറാളമ്മയുടെ അദ്ധ്യക്ഷ പ്രസംഗം കത്തിക്കയറുകയാണ്. അപ്പോള്‍ ജോയ്ഗിരിയുടെ പടിഞ്ഞാറന്‍ ചക്രവാളം ചുമന്നു തുടുത്തു.

 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC