സന്തോഷ് പിള്ള

വേണമെങ്കിൽ ചക്ക കൊച്ചിയിലും കായ്ക്കും

പണ്ടൊക്കെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട്  ഒരു അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം എന്നാണ് നമുക്കുണ്ടാവുക എന്ന്. തുടർച്ചയായി ലഭിക്കേണ്ട വിദ്യുച്ഛക്ക്തി, ജലം, എന്നീ വിഭവങ്ങളും, ബന്ദ്‌ , ഹർത്താൽ എന്നീ ഭീകരരെയും  ഓർക്കുമ്പോൾ, നല്ല ഒരു വിമാനത്താവളം എങ്ങനെ ഉണ്ടാവാൻ,  എന്നോർത്ത് നിരാശപ്പെട്ടിട്ടുണ്ട്. 1994ൽ ഒരു മലയാളി സമ്മേളനത്തിന് പങ്കെടുക്കാൻ നാട്ടിൽ നിന്നും അമേരിക്കയിൽ  എത്തിയ ഉദ്യോഗസ്ഥ പ്രമുഖരോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം, കേരളത്തിലെ വിമാനത്താവളത്തിലെത്തിയാൽ അവരവരുടെ പെട്ടികൾ ഉടമസ്ഥർക്കു തന്നെ എടുത്തു വണ്ടിയിൽ വക്കാനുള്ള സൗകര്യം ഒന്നുണ്ടാക്കി തരണം എന്നതായിരുന്നു. അന്നൊക്കെ ഉണ്ടായിരുന്ന കസ്റ്റംസ്കാരുടെ അതിക്രമത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഒരു കുറ്റവാളിയോടെന്ന രീതിയിലാണ്  അന്നൊക്കെ യാത്രക്കാരോട് പെരുമാറിയിരുന്നത്.

എന്നാൽ, പുതിയ അന്താരാഷ്ട്ര നിലയം തുറന്നതിനുശേഷം നെടുമ്പാശ്ശേരിയിലൂടെ  യാത്ര ചെയ്തപ്പോൾ  ആണ്, എല്ലാ തലത്തിലും മുൻപന്തിയിലെത്തിയ ഒരു വിമാനത്താവളം നമുക്കും ലഭിച്ചിരിക്കുന്നു എന്ന് അനുഭവിച്ചറിയാൻ സാധിച്ചത്. ലോകത്തിലെ ഏതു വിമാനത്താ വളത്തോടും കിടപിടിക്കത്തക്ക വൃത്തിയാണ്  ആദ്യമായി ശ്രദ്ധയിൽ പെട്ടത്. മലയാളികൾ വേണമെന്ന് വിചാരിച്ചാൽ, ലോകത്തിലെ ആദ്യ പദവിയിൽ തന്നെ എത്താൻ സാധിക്കും എന്ന്, സൗരോർജം കൊണ്ടുമാത്രം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന ഖ്യാതിയിലൂടെ നമ്മൾ തെളിയിച്ചിരിക്കുന്നു. സർക്കാരും വ്യക്തികളും ഒരുപോലെ നിക്ഷേപിച്ച്  നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ വിമാനത്താവളവും കൊച്ചി തന്നെ. ഭാരതത്തിലെ മൂന്നാമത്തെ വലിയ നിലയം എന്നതും നെടുമ്പാശ്ശേരിക്ക്  സ്വന്തം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വളരെ  മാന്യമായി പെരുമാറുന്നു. അന്യ രാജ്യത്തുനിന്നും അമേരിക്കയിലെത്തുമ്പോൾ കസ്റ്റൻസിന്റെ ഒരു ചോദ്യാവലി യാത്രക്കാർ പൂരിപ്പിച്ചു കൊടുക്കേണ്ടതായിട്ടുണ്ട്. ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് അതിൽ ചോദിച്ചിരിക്കും. നാട്ടിൽ ചെല്ലുമ്പോഴും,  പണ്ടൊക്കെ ഇതു പതിവായിരുന്നു. എന്നാൽ ഇപ്പോൾ ഫോം ഒന്നും ഇല്ലെന്നു മാത്രമല്ല, ഒരു പരിശോധനയും ഇല്ലാതെ പെട്ടിയും എടുത്തു്  പുറത്തേക്ക് പോകാം. പെട്ടികൾ നഷ്ടപ്പെടുക, പെട്ടിയിൽ നിന്നും സാധനങ്ങൾ മോഷണം പോവുക, പെട്ടിയെടുക്കാനായി നിർബന്ധപൂർവം പോർട്ടർമാർ വരിക,  എന്നതൊക്കെയും പഴയ കഥകളായി  മാറിയിരിക്കുന്നു.

യാത്രക്കാരുടെ സൗകര്യത്തിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ടാണ്  ടെർമിനൽ മുഴവൻ സജ്ജീകരിച്ചിരിക്കുന്നത്. പെട്ടികൾ എടുത്തുവച്ച് കൊണ്ടുപോകാനായി ഉപയോഗിക്കുന്ന കാർട്ടുകൾ പോലും  ഉന്നത നിലവാരം പുലർത്തുന്നു. ഭക്ഷണ സ്റ്റാളിൽ നിന്നും ലഭിച്ച സ്പൂൺ, മരത്തിലുണ്ടാക്കിയിരിക്കുന്നു. പ്ലാസിറ്റിക്കിന്റെ ഉപയോഗം കുറക്കാനുള്ള ശ്രമം.  സെൻസർ നിയന്ത്രിത പൈപ്പുകൾ പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന്  വിശദമായി മലയാളത്തിൽ എഴുതിയ നിർദേശങ്ങൾ  ശൗചാലയത്തിൽ കാണാൻ സാധിച്ചു . പുതിയ രീതിയിലുള്ള പൈപ്പുകൾ ഉപയോഗിച്ച് ശീലമില്ലാത്തവർക്ക്  ഈ നിർദേശങ്ങൾ വളരെ സഹായകരമാണ്.

 നെടുമ്പാശ്ശേരി  വിമാനത്താവളം പ്രവർത്തന സജ്‌ജമായതുമുതൽ നേരിൽകണ്ട മറ്റൊരു സവിശേഷത,  ഇവിടുത്തെ ഇരിപ്പടങ്ങളാണ്. ഇത്രയും വലിപ്പം കൂടിയതും, സുഖപ്രദവുമായ  ഇരിപ്പിടങ്ങൾ ലോകത്തിലെ മറ്റൊരു വിമാനത്താവളത്തിലും ഉണ്ടെന്ന് തോന്നുന്നില്ല.

യാത്രക്കിടയിൽ പരിചയപെട്ട ഒരു യൂറോപ്യൻ വിനോദസഞ്ചാരി അഭിപ്രായപ്പെട്ടത്, കേരളത്തിൽ,  സ്ത്രീകൾക്ക്  ഉയർന്ന സാമൂഹ്യ നില ലഭിക്കുന്നു എന്ന്,   നെടുമ്പാശ്ശേരിയിലൂടെ യാത്ര ചെയ്തപ്പോൾ മനസ്സിലായി എന്നാണ്.  അദ്ദേഹം,  അനേകം വനിതാ ജോലിക്കാരെ ഇവിടെ കണ്ടത്രെ. ഉദ്യോഗസ്ഥരായ വനിതകൾക്ക് ,  സമൂഹത്തിൽ പുരുഷന്മോരോടപ്പം സ്ഥാനം ലഭിക്കുന്നു എന്നാണ്  അവർ ഉദ്ദേശിച്ചത്.

 നെടുമ്പാശ്ശേരി വിമാനത്താവളം നിർമിച്ചവരും,  തുടർന്ന് നല്ലരീതിയിൽ സംരക്ഷിച്ച്, നിലനിർത്തി കൊണ്ടുപോകുന്നതിലും പങ്കാളികളായ എല്ലാവരും അങ്ങേയറ്റത്തെ അഭിനന്ദനം അർഹിക്കുന്നു. 89 ലക്ഷം യാത്രക്കാർ ഒരുവർഷം കടന്നുപോകുന്ന ഈ സുന്ദര സൗധം, എല്ലാ മലയാളികളുടെയും ആത്മാഭിമാനത്തെ ആകാശത്തോളം ഉയർത്തുന്നു.

Read more

മനുഷ്യൻ കുരങ്ങനിൽ നിന്നോ?

"പരിണാമ   സിദ്ധാന്തം   പൊളിയാണ് .  കുരങ്ങനിൽ  നിന്നും മനുഷ്യനുണ്ടായോ? മനുഷ്യനേക്കാൾ  ബുദ്ധി കൂടിയ  മറ്റൊരു   ജീവി  ഉണ്ടാകേണ്ടതല്ലേ?  അതെവിടെ?"   പൊതുവെ കേൾക്കുന്ന ചോദ്യങ്ങൾ.
അനേകം  കോടി വർഷം  ചരിത്രമുള്ള  ഭൂമിയിൽ  കേവലം  നൂറു  വർഷം  മാത്രം ജീവിക്കുന്ന  ഒരു മനുഷ്യന്  ഈ പ്രതിഭാസം  എങ്ങനെ  നോക്കി  കാണാൻ സാധിക്കും?  ഒരു  മണിക്കൂറിൽ  67000 മൈൽ  വേഗതിയിൽ  ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറഞ്ഞാൽ,  പിന്നെ അതെങ്ങനെ  സംഭവിക്കാനാ?. ഞാനതറിയിന്നില്ലല്ലോ,  എന്നായിരിക്കും  പലരുടെയും ചിന്താഗതി. ഇതോടൊപ്പം മണിക്കൂറിൽ  1000  മൈൽ  വേഗതിയിൽ  ഒരു  പമ്പരം  കറങ്ങുന്നതു പോലെ സ്വയം  കറങ്ങി  കൊണ്ടിരിക്കുന്നു  എന്ന്  കൂടി  ആയാലോ? !!!

ജീവൻ  ജലത്തിൽ  ഉത്ഭവിച്ചു.  പിന്നീട്  ഉഭയ  ജീവികളായി  പതുക്കെ കരയിലേക്ക്   കുടിയേറി.  അവരിൽ  ചിലർ  ആകാശത്ത്  പറവകളായി, കരയിൽ  വാസം തുടങ്ങിയവരിൽ  ചിലർ  വീണ്ടും  വെള്ളത്തിലേക്ക്   താമസം മാറ്റി.  അങ്ങനെ  അങ്ങനെ  മാറി  മാറി  മനുഷ്യരായി  തീർന്നു.  അമ്മയുടെ  ഗർഭ പാത്രത്തിൽ   ഭ്രൂണമായി  ഉടലെടുക്കുന്ന  ഒരു ജീവൻ  വളർച്ചയുടെ  ഓരോ ഘട്ടങ്ങളിലും  പരിണാമത്തിന്റെ  ചരിത്രത്തിലൂടെ  കടന്നുപോകുന്നു. 

ഇതെല്ലാം   കേട്ടുപഴകിയ കഥ.   പുതിയതെന്തെങ്കിലും  ഉണ്ടോ? 

സുഹൃത്തിൻറെ  നവജാത  ശിശുവിനെ  കാണാൻ  ചെന്നപ്പോൾ,  കുഞ്ഞ്  മുഷ്ടി ചുരുട്ടി  ബലമായി  പിടിച്ചിരിക്കുന്നു.  ഫലിത  പ്രിയനായ  സുഹൃത്ത്  പറഞ്ഞു, ഇവൻ  വളർന്ന്  ഒരുരാഷ്ട്രീയക്കാരൻ  ആകുമെന്ന  എല്ലാ  ലക്ഷണവും  കാണുന്നുണ്ട്.  “ ഇപ്പോഴേ മുഷ്ടി ചുരുട്ടി,  ഇങ്കിലാബ്  സിന്ദാബാദ്  വിളി  തുടങ്ങി”. പക്ഷെ, ഭൂമിയിൽ  പിറന്നു വീഴുന്ന  എല്ലാ കുഞ്ഞുങ്ങളും ബലമായി കൈകൾ ചുരുട്ടി  പിടിച്ചിരിക്കും.   മരം ചാടിയും, മരത്തിനു  മുകളിലും   ജീവിച്ചിരുന്ന  പൂർവികർക്ക്  കുട്ടികൾ  ജനിക്കുമ്പോൾ,  കുഞ്ഞുങ്ങൾ  താഴെ വീണ്  അപകടം സംഭവിക്കാതിരിക്കാൻ  പ്രകൃതി   സ്വയമേ  പഠിപ്പിച്ചതാണത്രേ  ഈ വിദ്യ. രോമാവൃതമായ  മാതാവിൻറെ  ശരീരത്തിൽ  അള്ളിപ്പിടിച്ചു  കിടന്ന്  വീഴ്ചയിൽ നിന്നും  രക്ഷനേടാൻ.

അനേകം  മാറ്റങ്ങളിലൂടെ  കടന്നു വന്ന  നമ്മളുടെ ശരീരത്തിൽ ,  പൂർവികർ ഉപയോഗിച്ചിരുന്നതും,  എന്നാൽ  ഇപ്പോൾ  ഉപയോഗമില്ലാത്തതുതമായ നിരവധി പേശികൾ  കാണാൻ സാധിക്കുന്നു.  ചില  മനുഷ്യരിൽ  ചെവി ക്കുട  ചലിപ്പിക്കാവുന്ന  പേശികൾ  നിലനിൽക്കുന്നതിനാൽ  അവർക്ക്  ചെവി അനക്കാൻ  സാധിക്കുന്നു.  ശബ്ദം കേൾക്കുന്ന  ദിശയിലേക്കു  ചെവി തിരിക്കുന്ന ജീവികളുടെ  പിന്തുടർച്ചയാണിത്.  പുതുതായി പണിതീർത്ത  കെട്ടിടത്തതിന്റെ വക്കിനും  മൂലക്കുമൊക്കെ,  തേക്കുമ്പോൾ  അധികം  വരുന്ന  സിമിന്റ്‌   എപ്രകാരമാണോ  പറ്റി  പിടിച്ചിരിക്കുന്നത്   അതുപോലെ  പല  അനാവശ്യ  പേശികളും, എല്ലുകളും, പല്ലുകളും  നമ്മളുടെ ശരീരത്തിലും കുടികൊള്ളുന്നു.

കൈപ്പത്തി  നിവർത്തിപ്പിടിച്ച്   ചെറുവിരൽ  തള്ള വിരലിനോട് ചേർത്തുപിടിച്ചാൽ പതിനഞ്ച്  ശതമാനം  മനുഷ്യരുടെ  കൈത്തണ്ടയിലും എഴുന്ന്  നിൽക്കുന്ന  "പൽമാരിസ്  ലോങ്ങസ്സ്" എന്ന  പേശി കാണാൻ സാധിക്കും. നമ്മളുടെ ശരീരത്തിന്  ഒരു ഗുണവും ഇല്ലാത്ത  ഈ  പേശി,  നടക്കാൻ  നാല് കാലുകളും ഉപയോഗിച്ചിരുന്ന  ജീവികളിൽ  നിന്നും പിന്തുടർച്ചയായി നമ്മൾക്ക്  ലഭിച്ചതാണ് . ശരീരത്തിലെ  മറ്റുള്ള  സ്ഥലങ്ങളിൽ  പേശിക്ക്‌  ആവശ്യം വരുമ്പോൾ,  ഡോക്ടർമാർ  ആദ്യമായി  ശസ്ത്രക്രിയ  ചെയ്തെടുക്കുന്നതും  ഈ പേശി തന്നെ. എൺപത്തിയഞ്ചു  ശതമാനം  ജനങ്ങളിലും  ഈ  പേശി  ഇല്ലാത്തതു കൊണ്ട് , കൈകളുടെ  പ്രവർത്തനത്തിൽ  ഒരു  തകരാറും  ഇല്ലതാനും.
ഭക്ഷണം  പാകം  ചെയ്യാൻ  പഠിക്കുന്നതിനു  മുമ്പ്  നല്ലതുപോലെ  ചവച്ചരച്ചാണ്  മുൻ  തലമുറക്കാർ  ആഹാരം കഴിച്ചിരുന്നത്. പല്ലുകൾക്ക്  വേണ്ടത്ര പരിചരണം ഇല്ലാത്തതു  മൂലം  കൗമാര പ്രായത്തിൽ  ദന്ത നഷ്ടം  സാധാരണമായിരുന്നു. വേവിച്ച്  ഭക്ഷിക്കാൻ  ആരംഭിച്ചപ്പോൾ  പല്ലുകൾക്ക്  അധികം വ്യായാമം ആവശ്യമില്ലാതെ  വരുകയും,  താടിയെല്ലുകൾ  ചെറുതാവുകയും  ചെയ്തു. എന്നാൽ  പഴയ കാലത്തിന്റെ  ഓർമ്മയിൽ  നിന്നും  വിസ്‌ഡം ടീത്ത്  എന്ന ഓമന  പേരിൽ  ഒരു അണപല്ല്  യൗവ്വനാരംഭത്തിൽ  ഉണ്ടായിവരുമ്പോൾ ,  അതിന്  നിലകൊള്ളാൻ  താടിയെല്ല്   ഇല്ലാത്തതു കൊണ്ട്   പറിച്ച്  മാറ്റേണ്ടതായി വരുന്നു.

വൻകുടലിൻറെ  അറ്റത്തായി  ഒരു കുഴലിന്റെ  ആകൃതിയിൽ  ഉള്ള  ചെറിയ അറയാണ്  അപ്പന്റിക്സ് .  ഒരു  കോടി  വർഷങ്ങളിൽ  ഉണ്ടായിട്ടുള്ള  സസ്തനങ്ങളെ പരിശോധിച്ചപ്പോൾ  പല ജീവികളിലും  അപ്പന്റിക്സ്  നിലനിൽക്കുകയും,  പിന്നീട്  പല സസ്തനങ്ങളിലും  ഇല്ലാതാവുകയും  ചെയ്യുന്നതായി കണ്ടെത്തി.  അണുബാധ  ഉണ്ടായി പൊട്ടുമ്പോൾ  വളരെ  പെട്ടെന്ന്  ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്യേണ്ട  ഒരു കുഴപ്പക്കാരനായിട്ടാണ്   അപ്പന്റിക്‌സി നെ   പൊതുവെ അറിയപ്പെട്ടിരുന്നത് .  പല  സസ്തനങ്ങളിലും  ഇല്ലാതായിട്ട്   മനുഷ്യരിൽ  വീണ്ടും  പ്രത്യക്ഷപെടാനുള്ള   കാരണം  ശാസ്ത്രജ്ഞർ  അന്വേഷിച്ചു.  ഉദര രോഗങ്ങൾ  ഉണ്ടാക്കുന്ന  അപകട കാരികളായ  ബാക്ടീരിയകളിൽ  നിന്നും രക്ഷ  നേടുവാനായി നമ്മൾക്കാവിശ്യമുള്ള  നല്ല  ബാക്ടീരിയകൾക്ക്   ഒളിച്ചു താമസിക്കാനുള്ള  സ്ഥലമായതുകൊണ്ടാണ്  അപ്പന്റിക്സ്  വീണ്ടും മനുഷ്യരിൽ വച്ചുപിടിപ്പിച്ചിരിക്കുന്നത്.
നട്ടെല്ലിന്റെ  താഴത്തെ  അറ്റത്ത്  മൂന്ന് മുതൽ  അഞ്ചു വരെ കശേരുക്കൾ ചേർന്നുണ്ടായിരിക്കുന്ന ഭാഗത്തെയാണ് "കോക്കിക്സ് " എന്നുപറയുന്നത് .

വാൽ എല്ല് എന്ന പേരിലും  ഇവ അറിയപ്പെടുന്നു.  പരിണാമത്തിൻറെ പിന്നാമ്പുറത്തെവിടെയോ  കൈമോശം വന്ന  ഒരു വാലിന്റെ  ശേഷ  ഭാഗമായി അവ  ഇപ്പോഴും  നമ്മോടൊപ്പം  കൂടിയിരിക്കുന്നു. നമ്മൾക്ക്  ഏറെക്കുറെ ആവശ്യമില്ലാതെ  വന്നിട്ടും  ഇപ്പോഴും  ശരീരത്തിൽ  നിലനിൽക്കുന്ന  രോമം പോലെ, വാലും  കൂടി  നിലനിന്നിരുന്നെങ്കിൽ, --- ആലോചിക്കാൻ  രസമുള്ള  ഒരു വിഷയമാണ് . തലമുടിയിൽ കാണിക്കുന്ന  വിക്രിയ കൾ  പോലെ, വാലിൽ  നമ്മൾ എന്തൊക്കെ  ചെയ്യുമായിരുന്നേനെ?

നല്ല ഒരു ഗാനം ആസ്വദിച്ചു്  സ്വയംമറന്നിരിക്കുമ്പോ ഴും, തീവ്ര വികാരങ്ങൾക്കടിമപ്പെടുമ്പോഴുമെല്ലാം ശരീരത്തിലെ  രോമങ്ങൾ എഴുന്നു നിൽക്കുന്നത്   അനുഭവപ്പെടാത്തവർ  ഉണ്ടാവില്ല. "രോമാഞ്ച കഞ്ചുകം " എന്നൊക്കെ  ഒരു കാവ്യാ ഭാഷയും  ഉണ്ടല്ലോ?  തൊലിപ്പുറത്തു  തടിപ്പും ഇതിനോടൊപ്പം വരുന്നതു കൊണ്ടാവാം  "ഗൂസ്  ബംപ്സ് " എന്നും അറിയപ്പെടുന്നത് . തണുപ്പിൽ നിന്നും രക്ഷനേടുന്നതിനായി പക്ഷികളും, മൃഗങ്ങളുമൊക്കെ ശരീരത്തിലെ രോമം എഴുന്നു നിർത്തി, അതിനുള്ളിൽ,  ശരീരത്തിൽ  തട്ടി ചൂടായിട്ടുള്ള  വായുവിനെ കുടുക്കി ഇടുന്നതിനു വേണ്ടിയാണ്  ഇങ്ങനെ ഒരു സ്വഭാവം പ്രകടമാക്കുന്നത്.  ആക്രമിക്കപ്പെടുമ്പോൾ  സ്വന്തം  ശരീര  വലിപ്പം  പെരുപ്പിച്ചു  കാണിക്കുവാനും  ജന്തു വർഗം ഈ മാർഗം സ്വീകരിക്കാറുണ്ട്‌ .

ഇതൊന്നും  എനിക്ക്  വിശ്വസിക്കാൻ  കഴിയില്ല. എപ്പോഴും മാറികൊണ്ടിരിക്കുകയാണെങ്കിൽ  മനുഷ്യനെക്കാൾ  ബുദ്ധിയുള്ള  വേറൊരു ജീവി വരേണ്ടതല്ലേ,  അതെവിടെ?

ആയിരത്തിഅഞ്ഞൂറുകളിൽ  സ്പാനിഷ്  സഞ്ചാരികൾ,  യൂറോപ്പിൽ  നിന്നും, കപ്പലിൽ  കുതിരകളെ കൊണ്ടുവന്ന്  അതിന്മേൽ യാത്ര ചെയ്ത്  അമേരിക്കയിലെ  റെഡ്‌ ഇന്ത്യക്കാരെ  നേരിട്ടപ്പോൾ , കുതിരയേയും, അതിൽ യാത്രചെയ്യുന്ന മനുഷ്യരെയും  ആദ്യമായി കാണുന്ന  റെഡ് ഇന്ത്യൻസ്  വിചാരിച്ചത്  ഇതൊരു പുതിയ ജീവി ആണെന്നാണ് .  കുതിരയും  മനുഷ്യനും  ചേർന്ന  ഒറ്റ ജീവി!!! പിന്നീട്  അമേരിക്കൻ  ഭൂഖണ്ഡത്തിൽ  ആകമാനം  നടന്ന  വർഗ്ഗ സമരത്തിൽ അമേരിക്കൻ  ഇൻഡ്യക്കാരെ,  യൂറോപ്പിൽ  നിന്നും  വന്നവർ  കീഴ്പെടുത്തി. മെച്ചമായ  ആയുധങ്ങൾ  കൊണ്ടും, യുദ്ധ തന്ത്രങ്ങൾ  കൊണ്ടും ഒരുവിഭാഗം മനുഷ്യർ  മറ്റൊരു  വിഭാഗത്തെ അടിച്ചമർത്തുന്നതിന്  അമേരിക്ക  സാക്ഷ്യം വഹിച്ചു.  അനേക സംവത്സരങ്ങളായി സമുദ്രത്താൽ  വേർപെട്ടു  നിന്ന  മനുഷ്യ സമൂഹങ്ങളിൽ  നിലനിന്നിരുന്ന  രോഗങ്ങൾ  പോലും വ്യത്യസ്തങ്ങളായിരുന്നു. വസൂരി എന്ന മാരക രോഗം  എന്തെന്നറിയാതിരുന്ന  അമേരിക്കൻ ഇൻഡ്യക്കാരിൽ  പലരും അസുഖം  പടർന്നുപിടിച്ചു മരണമടഞ്ഞു.   അസുഖം  ബാധിച്ച  യൂറോപ്പുകാർ  പുതച്ച കമ്പിളി പുതപ്പുകൾ, ഞങ്ങൾ സന്തോഷത്തോടെ ദാനമായി തരുകയാണ്  എന്ന കപട  നാട്യത്താലാണ് അവർക്ക്  കൊടുത്തത് . ഈ  രോഗത്തിനെതിരെയുള്ള പ്രതിരോധ  ശക്തി  റെഡ്   ഇ ൻഡ്യൻസിനില്ലായിരുന്നു.  പുതപ്പ്  ഒരു ജൈവ ആയുധമായിരിന്നു. കടൽ കടന്നു  വന്നവർക്കെന്തോ  അത്ഭുദ സിദ്ധിയുള്ളതുകൊണ്ടാണ്  ഈ അസുഖം ഞങ്ങളിൽ പരത്താൻ  സാധിക്കുന്നെതെന്നു  അമേരിക്കൻ  ഇന്ത്യക്കാർ  ഉറച്ചു വിശ്വസിച്ചിരുന്നു.

ആയിരം വർഷങ്ങൾ കഴിഞ്ഞാൽ അമേരിക്കയിലെ  ആദിവാസികൾ അമേരിക്കൻ  ഇന്ത്യൻസ്  ആയിരുന്നു  എന്ന് പറഞ്ഞാൽ  അന്നുണ്ടാകാൻ പോകുന്ന തലമുറ  വിശ്വസിക്കുമോ?  ചിത്രങ്ങളും, ചരിത്ര രേഖകളും ഉള്ളത്  കൊണ്ട്  കുറച്ചു പേർ സത്യം അറിഞ്ഞെന്നിരിക്കും.  ഇപ്പോൾ  തന്നെ  വളരെ  കുറച്ചു്  റിസർവേഷനുകളിലായി  ഒതുങ്ങി  ജീവിക്കുന്ന  റെഡ് ഇന്ത്യൻസ്,  ഭൂരിപക്ഷ സമൂഹത്തിൽ  ലയിച്ചില്ലാതാകാനുള്ള  സാധ്യത വളരെ അധികമാണ് . രൂപത്തിൽ  തന്നെ  യൂറോപ്പിൽ  നിന്നും  കുടിയേറിയവരിൽ  നിന്നും  ഇവർ വ്യത്യാസപ്പെട്ടിരിക്കുന്നു  എന്ന്  ഇവരെ  നേരിൽ  കാണുന്ന  ഇന്നത്തെ  ജനത മനസ്സിലാക്കും.  പക്ഷെ നമ്മുടെ പിൻതലമുറക്കാരോ?  ഹോമോസേപ്പിയൻസ്  എന്ന വംശത്തിലെ  തന്നെ  ഒരു വിഭാഗം  മറ്റൊരു  വിഭാഗത്തെ  ഇല്ലാതാക്കുന്നതിന്റെ  നല്ല  ഒരു നേർക്കാഴ്ചയാണ്  ഇപ്പോൾ  അമേരിക്കയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കുറേക്കൂടി  പിന്നോട്ട്  പോയാൽ,  അഗ്നിയെ ആദ്യമായി നിയന്ത്രണ വിധേയമാക്കിയ  ആദിമമനുഷ്യരെ,  അവരുടെ  തൊട്ട്  മുമ്പുള്ള  തലമുറ അത്ഭുദത്തോടെ  ആയിരിക്കും  നോക്കികണ്ടത് .  പുതിയ ഒരു ജീവിവർഗം എന്നുപോലും അവർ കരുതിയിരിക്കാം. 

ഓരോ  പുതിയ ഉപകരണങ്ങളും, ആയുധങ്ങളും നിർമ്മിച്ച്  അവ ഉപയോഗിക്കാൻ  മനുഷ്യർ  പഠിച്ചപ്പോഴെല്ലാം,   പുതിയ  ഒരു ജീവിവർഗം  ഉദയം ചെയ്യുകയാണുണ്ടായത്.  ആശയ  വിനിമയത്തിന്   ഭാഷ കൂടി കണ്ടുപിടിച്ചതോട്,  മാറ്റത്തിന്റെ  അനന്തസാധ്യതയുടെ  വാതായനം നമ്മൾ  മലർക്കെ തുറന്നിട്ടു . അക്ഷരങ്ങളിലൂടെയും, അക്കങ്ങളിലൂടെയും,  അറിവുകൾ  നഷ്ടപ്പെടാതെ  അടുത്ത  തലമുറകൾക്ക്  പകർന്നു  കൊടുക്കുവാനും  നമ്മൾക്ക്  ഇപ്പോൾ സാധിക്കുന്നു.  

ശൂന്യാകാശ  പര്യവേഷണം  കഴിഞ്ഞു  മാതൃപേടകത്തിൽ  നിന്നും ഗഗനസഞ്ചാരികൾ  ഭൂമിയിലേക്കിറങ്ങുമ്പോൾ പുതിയ  ഒരു  ജീവി വർഗത്തെ നമ്മൾ കാണുന്നു.   അഞ്ച്  വയസ്സുള്ള  ഒരു  കുട്ടി, സെൽ  ഫോണിൽ കുഞ്ഞുവിരലുകൾ ചലിപ്പിച്ചു  അനായാസേനെ  ഓരോരൊ  ആപ്ലിക്കേഷനിലൂടെ  യാത്ര ചെയ്ത്  കളിച്ചു രസിക്കുമ്പോളും  നമ്മൾ  കാണുന്നത് പുതിയ  ഒരു  ജീവിവർഗ്ഗത്തിന്റെ  ഉദയം  തന്നെയാണ്.  നമ്മൾക്ക് സമ്മതമാണെങ്കിലും, അല്ലെങ്കിലും, നമ്മൾ അറിയിന്നുണ്ടെങ്കിലും, ഇല്ലെങ്കിലും നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ് . ഈ പ്രതിഭാസത്തിന്  നമ്മൾക്കിഷ്ടമുള്ള നാമം കൊടുക്കാം.  മാറ്റം, ചലനം, പട്ടണവാസി, പരിഷ്കാരി,  പരിണാമം അങ്ങനെ പലതും.

കടപ്പാട്.
https://www.sciencealert.com/your-appendix-might-serve-an-important-biological-function-after-all-2

Read more

ഈശ്വരന്, നന്ദി പൂര്‍വം...

ഇന്നലെ പെയ്ത മഴ ചെന്നൈയിലെ കൊടുവേനലിനെ അല്പമൊന്നു തണുപ്പിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍, മകള്‍ ആവശ്യപ്പെട്ടു, എന്തായാലും ഇത്തവണ തിരുപ്പതിയില്‍ പോയേ തീരൂ. വിദേശത്തു ജനിച്ചു വളര്‍ന്ന മകള്‍ എങ്ങനെയോ തിരുപ്പതിയെ കുറിച്ചറിഞ്ഞിരിക്കുന്നു. ചെന്നയിലെ ബന്ധു വീട്ടില്‍ നിന്നും അങ്ങനെ ആറംഗ സംഘം വെളുപ്പിനെ മൂന്ന് മണിക്ക് യാത്ര പുറപ്പെട്ടു. പട്ടണത്തിലെ നിരത്തിനിരുവശവും കെട്ടിടങ്ങള്‍ നിരനിരയായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഒഴുകിപോകാന്‍ സാധിക്കാതെ തലേന്ന് പതിച്ച മഴവെള്ളം അവിടവിടെ തളം കെട്ടി കിടക്കുന്നു. നഗരം ഉണര്‍ന്നിട്ടില്ല!!! എത്രയും വേഗം നാഗരാ തൃത്തി കടന്നുകിട്ടി ട്രാഫിക്കില്‍ നിന്നും രക്ഷനേടാനാണ് െ്രെഡവറുടെ ശ്രമം.

മെല്ലെ മെല്ലെ തമിഴ്‌നാടിനോട് വിടചൊല്ലി ഞങ്ങള്‍ ആന്ധ്രയി ലേക്ക് പ്രവേശിച്ചു. ഹൈവേയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതു കൊണ്ട് വാഹനങ്ങളെ ഗ്രാമത്തിനുള്ളിലൂടെ പോകുന്ന ചെറിയ റോഡുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. രാത്രി പകലിനോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പാതക്കിരുവശവും തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതശിഖരങ്ങള്‍. അവയുടെ താഴ്‌വാരങ്ങളില്‍ പച്ചപ്പട്ടു വിരിച്ച നെല്‍പ്പാടങ്ങള്‍. പച്ച പട്ടുസാരിയുടെ ബോര്‍ഡറായി, വരമ്പുകളാല്‍ തീര്‍ത്ത നീര്‍ച്ചാലുകള്‍. ഇരുവശവം പരന്നു കിടക്കുന്ന പച്ചപ്പിനൊരു വേര്‍തിരുവായി കറുത്ത ടാറുകളാല്‍ തീര്‍ത്ത ഋജുവായ റോഡുകള്‍. മഴവെള്ളം റോ ഡില്‍ നിന്നും അതിവേഗം നീര്‍ച്ചാലിലേക്ക് വാര്‍ന്നുപോയിക്കൊണ്ടിരിക്കുന്നു. കുട്ടനാടന്‍ പ്രകൃതി ഭംഗിയോട് കിടപിടിക്കുന്ന നെല്പാടങ്ങള്‍. ഒരു വ്യത്യാസം മാത്രം. ആന്ധ്രയിലെ നെല്‍പ്പാടങ്ങള്‍ക്ക് മലനിരകളാല്‍ തീര്‍ത്ത കോട്ടകള്‍.

മുന്നില്‍ കാണുന്ന പര്‍വത നിരകള്‍ക്കുമുകളില്‍ പടര്‍ന്നു പൊന്തി വരുന്ന വെള്ളിവെളിച്ചം ഒരു മഹാ പ്രതിഭാസത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. അന്ധകാരത്തിന്റെ അന്തകന്റെ എഴുന്നള്ളത്തിനുള്ള ശുഭ മുഹൂര്‍ത്തം സമാഗതമായി.

ദിവസത്തിലെ ആദ്യയാമ മായ വിദ്യാലക്ഷ്മിയുടെ യാമം, പുലര്‍ച്ചെ മൂന്നു മുതല്‍ ആറ് മണിവരെയുള്ള സമയം ഇതാ കഴിയുന്നു. തമോഗുണം അകന്ന് സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തവും നിര്‍മ്മലവുമാകുന്ന ഈ സമയത്തിനെത്തന്നെയാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നും പറയപ്പെടുന്നത്. ഈ യാമത്തിന് മറ്റൊരു പേരുകൂടി ഉണ്ടല്ലോ? അതേ , അതേ സരസ്വതീയാമം. അത് ഓര്‍ത്തെടുത്തപ്പോള്‍…, നാവിന്‍ തുമ്പിലേക്ക് ഈ ഗാനം എവിടുന്നാണ് ഒഴുകി വരുന്നത്? "സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു, വെണ്‍കൊറ്റ കുടചൂടും മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുയര്‍ന്നു." ഇപ്പോള്‍ കണ്‍മുന്നില്‍ പൊട്ടിവിരിയുന്ന ഉഷസ്സിന്റെ എല്ലാ ഭാവങ്ങളും നേരില്‍ കണ്ട് മനോഹരമായി ഒപ്പിയെടുത്തതുപോലെയുള്ള വരികള്‍. വയലാര്‍ എന്ന അതുല്യപ്രതിഭക്കൊരായിരം പ്രണാമം. ലോകത്തിലെ ഏറ്റവും വേഗം കൂടിയ വാഹനം എന്ന ചോദ്യത്തിന്, ഒറ്റ ഉത്തരം….” മനസ്സ്”.

ഹൈസ്കൂളില്‍ എത്തിയപ്പോളാണ് ഒരു സൗണ്ട് സിസ്റ്റം സ്കൂളില്‍ വേണമെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് തീരുമാനിച്ചത് . അതിനു വേണ്ടി പിരിവു നടത്തി ഒരു ഗ്രാമഫോണ്‍ പ്ലെയറും രണ്ട് കോളാമ്പി ലൗഡ് സ്പീക്കറുകളും സ്കൂളില്‍ വാങ്ങിച്ചു . ഉച്ച ഊണു സമയത്ത്, വരുന്ന തിങ്കളാഴ്ച മുതല്‍ സിനിമാ ഗാനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ ശിവരാമന്‍ സാര്‍ അസംബ്ലിയില്‍ അനൗണ്‍സും ചെയ്തു. പാട്ടു പെട്ടി പ്രവര്‍ത്തിക്കുന്നതു കാണാന്‍ ഓഫീസ് മുറിയുടെ ജാലകത്തിനടുത്തു് അനേകം കുട്ടികള്‍ തടിച്ചു കൂടി. ഒരു വെളുത്ത കവറിനുള്ളില്‍ നിന്നും സാര്‍ പുറത്തെടുത്ത കറുത്ത ഡിസ്ക്കില്‍ വൃത്താകൃതിയിലുള്ള അനേകം വരകള്‍. അതിന് പുറത്ത് സുന്ദരനായ ഒരു നായയുടെ ചിത്രം. ഒരു ഡിസ്ക് , പാട്ട് പെട്ടിയില്‍ വച്ചിട്ട് കൈ പോലെയുള്ള സാധനം അതിനു മുകളിലേക്ക് ശിവരാമന്‍ സാര്‍ എടുത്തു വച്ചു. ഡിസ്ക് കറങ്ങാന്‍ തുടങ്ങിയപ്പ്‌പോള്‍ ആ അത്ഭുതം സംഭവിച്ചു. സ്കൂളിന്റെ മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരുന്ന കോളാമ്പിയില്‍ നിന്നും ,""സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു" എന്ന ഗാനം അലയടിച്ചുയര്‍ന്നു. ആര്‍പ്പു വിളിച്ച് , കൈകള്‍ കൊട്ടി, തുള്ളിച്ചാടി ആഹ്‌ളാദ പ്രകടനം നടത്തിയാണ് വിദ്യാലയത്തില്‍ കേട്ട ആദ്യ ഗാനത്തെ അന്ന് കുട്ടികളെല്ലാം എതിരേറ്റത്. അതിനു ശേഷം കുറച്ചു മാസങ്ങള്‍ മാത്രം മനസ്സില്‍ തങ്ങിനിന്ന ഈ ഗാനം ഇപ്പോഴിതാ ഓര്‍മയില്‍ ഓടി എത്തിയിരിക്കുന്നു.

പ്രകൃതി ഒരുക്കിയ യമാസ്മരികയ ചുറ്റുപ്പാട് യആവോളം നുകര്‍ന്നുകൊണ്ട് കുച്ചു ദൂരം യാത്ര ചെയ്തുയ കഴിഞ്ഞപ്പോള്‍ വഴിയരികിലെയ മറക്കാനാവാത്ത ആ കാഴ്ച കണ്ണില്‍ പെട്ടത് . പാതയോരത്തെ തണല്‍ മരത്തിന് ചുവട്ടില്‍ വലിയ ഒരു കുട്ടനിറയെ പേരക്ക വില്‍ക്കാനായി, ശോഷിച്ച്, എല്ലും തോലും മാത്രമായ ശരീരത്തില്‍, സാരിച്ചുറ്റി കുത്തിയിരിക്കുന്ന ഒരു ഗ്രാമീണ മധ്യ വയസ്ക.. അവര്‍ക്കരികിലായി ഇരുകൈകളും മുന്നോട്ടു നീട്ടി അതീവശ്രദ്ധയോടെ ചോറ്റുപാത്രത്തില്‍ മാത്രം കണ്ണും നട്ട് കിടക്കുന്ന ഒരു ശുനകന്‍. ചെറിയ ചോറ്റുപാത്രത്തിലെ ഭക്ഷണം ഒരാള്‍ക്കുപോലും തികയില്ല. എന്നാലും, അതും പങ്ക് വെക്കാന്‍ തയ്യാറായ പേരക്ക വില്പനക്കാരിയില്‍ വിളങ്ങിനില്‍ക്കുന്നു സഹാനുഭൂതി.

തിരുപ്പതി എന്ന ചെറുപട്ടണത്തില്‍ നിന്നുമാണ് തിരുമലയിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. മല കയറുന്നതിനായി ഒരുദിശയിലേക്ക് മാത്രം പോകുന്നു പാതയും, മല ഇറങ്ങുന്നതിനായി മറ്റൊരു പാതയും നിര്‍മ്മിച്ചിരിക്കുന്നു. ഇതേ പോലെ ശബരിമലയിലും ഒരു ദിശയിലേക്കുള്ള പാതകള്‍ മാത്രം നിര്‍മിച്ചിരുന്നെങ്കില്‍ എത്ര അപകട മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി.

തിരു മലകയറുന്ന ബസുകള്‍ എല്ലാംതന്നെ നീളം കുറഞ്ഞവയും, “ഗട്ട് റെഡി” എന്ന് എഴുതി വച്ചവയും ആയിരുന്നു. മല കയറുന്ന എല്ലാ ബസുകളും പ്രത്യേക പരിശോധനക്ക് വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തുമത്രെ. പാതകള്‍ക്കിരുവശവും ചെറിയ മരണങ്ങളാല്‍ പ്രക്രുതി ഒരുക്കിയ വനപ്രദേശത്തിനുള്ളിലൂടെ മലചവുട്ടി കയറുന്ന ഭക്തര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന കാനന പാത. ദര്‍ശനത്തിനായി നീണ്ട വരിയില്‍ അഞ്ച് മണിക്കൂര്‍ കാത്തുനില്‍കണം. ഇടക്കിടെ വിശ്രമിക്കാനായി മുറികള്‍ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോള്‍ പല വരികളും ഒരുമിക്കുന്നതുകൊണ്ട് വലിയ തിക്കും തിരക്കും. “ജനമഹാസമുദ്രം” ഗോവിന്ദാ! ഗോവിന്ദാ! വിളികളുമായി ബാലാജിയെ കാണാനെത്തിയിരിക്കുന്നു. മുണ്ഡനം ചെയ്ത തലകളില്‍ വാരിത്തേച്ചിരിക്കുന്ന ചന്ദനത്തിന്റെ സുഗന്ധം പ്രദേശമാകെ പരന്നിരിക്കുന്നു. ചാക്കുകളില്‍ നിറയെ കാണിക്ക അര്‍പ്പിക്കാനുള്ള പണവും ചുമന്നാണ് ചിലര്‍ എത്തിയിരിക്കുന്നത്. ഇടിച്ചു മുന്നോട്ടു കയറുന്നതു ശീലിച്ചിട്ടില്ലാത്തതുകൊണ്ട് ഞങ്ങളുടെ സംഘത്തെ പിന്നോട്ടു തള്ളി കടന്നുപോകുന്ന ജനക്കൂട്ടം.

ദര്‍ശനം ശേഷം ശ്രീകോവില്‍ വലം വക്കാന്‍ ആരംഭിച്ചപ്പോള്‍ മകളോട് ഒരാള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒറ്റനോട്ടത്തില്‍ അമ്പതു വയസ്സ് തോന്നിക്കുന്ന ഒരു തനി നാടന്‍ തെലുങ്കന്‍. പക്ഷെ അയാള്‍ പറയുന്നതെല്ലാം, ഇംഗ്ലീഷും, അല്പം മലയാളവും മാത്രം അറിയാവുന്ന മകള്‍ക്ക് മനസ്സിലാവുന്നുണ്ട് . തിരുപ്പതി എന്ന മഹാക്ഷേത്രത്തെ നല്ലവണ്ണം അറിയാവുന്ന ഒരു ഗൈഡിനെ പോലെ അയാള്‍ ക്ഷേത്രത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം മകള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു. പണം ആയിരിക്കാം ഉദ്ദേശം, അതുകൊണ്ട് കുറച്ചു രൂപ കൊടുക്കാന്‍ നോക്കുമ്പോഴേക്കും ജനക്കൂട്ടത്തിനിടയില്‍ അയാള്‍ അപ്രത്യക്ഷനായി!!!.

ഉന്തും, തള്ളും, തിക്കും, തിരക്കും നിറഞ്ഞ ക്ഷേത്രാങ്കണത്തില്‍ നിന്നും ഒരുവിധം രക്ഷപെട്ടു പ്രസാദം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി. അവിടുത്തെ നീണ്ട നിരകണ്ടു നിരാശപ്പെട്ട് തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ കൂടെ വന്നവര്‍, "അയ്യോ ഇവിടുന്ന് ലഡ്ഡു വാങ്ങാതെ പോവരുതേ" എന്നറിയിച്ചു. പ്രസാദമായ ലഡ്ഡു കയ്യില്‍ കിട്ടിയപ്പോള്‍ കാത്തുനില്പിന്റെ പരിഭവമെല്ലാം അലിഞ്ഞില്ലാതായി. ഇത്രയും വലിയ ലഡ്ഡു അന്നുവരെ കണ്ടിട്ടില്ലായിരുന്നു.

ഒരു ലക്ഷം തീര്‍ത്ഥാടകര്‍ ഒരുദിവസം സന്ദര്‍ശിക്കുന്ന സ്ഥലത്ത്, ആവിശ്യത്തിലധികം ശൗചാലയങ്ങളും, അവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്ന അനേകം ജോലിക്കാരും. ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നുപോയാലും പരിസരം അതീവ ശുദ്ധിയായി സൂക്ഷിക്കുന്ന “ഡിസ്‌നി വേള്‍ഡി” നോടു കിട പിടിക്കുന്ന ശുചിത്വം. ശബരി മലയുമായി താരതമ്യം ചെയ്തപ്പോള്‍, മലയാളികളെക്കാള്‍ എത്രയോ മെച്ചമായി ഒരു സ്ഥാപനം നടത്തികൊണ്ട് പോകാന്‍ അന്യ സസ്ഥാനക്കാര്‍ക്ക് സാധിക്കുന്നു എന്ന് നേരില്‍ കണ്ട് ബോധ്യമായി. മുപ്പത്തിനായിരത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും എല്ലാ ദിവസവും ഇവിടെ വിതരണം ചെയ്യപ്പെടുന്നു.

ദര്‍ശന നിര്‍വൃതിയില്‍ ആറാടി, മലമുകളിലെ കാഴ്ചകള്‍ ആസ്വദിച്ച് രാവിന്‍റെ മൂടു പടലത്തിലൂടെ ഞങ്ങള്‍ മലയിറക്കം ആരംഭിച്ചു. ഹെയര്‍ പിന്‍ വളവുകളിലൂടെ വാഹനം താഴേക്കു ഗമിക്കുമ്പോള്‍, അകലെ സമതലത്തില്‍, പ്രഭാപൂരിതമായ തിരുപ്പതി പട്ടണം. വിണ്ണില്‍ നിന്നും അടര്‍ന്നു വീണ നക്ഷത്രക്കു ലകള്‍, മണ്ണില്‍ തട്ടി ചിതറി കിടക്കുന്നതു പോലെ, വൈദ്യു തി വിളക്കുകളാല്‍ മിന്നി, മിന്നി വിളങ്ങുന്നു. പാതിയുറക്കത്തിലേക്ക് വീഴുന്ന മകളോട് "ക്ഷേത്രത്തിനുള്ളില്‍ അമ്പലത്തിലെ കാഴ്ചകള്‍ വിശദീകരിച്ച വ്യക്തി ഏതു ഭാഷയില്‍ ആണ് സംസാരിച്ചത് എന്നു ചോദിച്ചു. " ഇംഗ്ലീഷില്‍ എന്നായിരുന്നു മറുപടി.

“ അയാള്‍ ആരായിരുന്നു”? മോളോട് മാത്രം എന്തുകൊണ്ട് മുപ്പതു മിനിറ്റോളം ചിലവഴിച്ചു എന്ന് വീണ്ടും ചൊദിച്ചപ്പോള്‍,
“തിരുപ്പതിയില്‍ പോകണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധം” എന്നായി മകളുടെ ചോദ്യം?
അച്ഛന് മനസിലായില്ലേ?
“അത് ഭഗവാന്‍ തന്നെ ആയിരുന്നു…...” ക്ഷേത്രവും ചുറ്റുപാടുകളുമെല്ലാം നേരിട്ട് വന്ന് എനിക്ക് വിശദീകരിച്ചു തന്നു.

ദേവാലയങ്ങളില്‍ ഈശ്വരനെ തിരഞ്ഞു ഞാന്‍ നടക്കുമ്പോള്‍, തൊട്ടു മുമ്പില്‍ ഭഗവാന്‍ വന്നുനിന്നാലും തിരിച്ചറിയാന്‍ സാധിക്കാതെ പോയല്ലോ, എന്ന നിരാശ ബോധവും, കൗമാരപ്രായത്തിലേക്ക് കാല്‍വെച്ചു നില്‍ക്കുന്ന മകളുടെ ആത്മ ജ്ഞാനത്തിനു മുമ്പില്‍ താനെത്ര ശിശുവാണെന്ന തിരിച്ചറിവും എന്‍റെ ബോധ മണ്ഡലത്തെ പിടിച്ചുലച്ചു.

അപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും വിമുക്തി നേടി മനസ്സു ശാന്തമായപ്പോള്‍, വാഹനത്തിനുള്ളിലേക്കു വീശിയടിക്കുന്ന തണുത്ത കാറ്റിനോടൊപ്പം ശ്രീകുമാരന്‍ തമ്പിയുടെ കേട്ടു മറന്ന വരികള്‍ എന്നെ തേടിയെത്തി .

"ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ .........
ആടകള്‍ ചാര്‍ത്തിയ കണ്മണി വിഗ്രഹം അവിടെയും സൂക്ഷിച്ചിരുന്നു..............
ഒരു പിടി ചോറിനായ് യാചിച്ചു ദൈവം ചിരികള്‍ മുഴങ്ങി സദസ്സില്‍, ചിരികള്‍ മുഴങ്ങി സദസ്സില്‍,
ഒരു കാവല്‍ക്കാരന്‍ വാളോങ്ങി നിന്നു, ചിരിച്ചു, പിന്‍വാങ്ങി, ഭഗവാന്‍, ഭഗവാന്‍ ......."

Read more

മലയാളികളുടെ മാതാവിന് പ്രണാമം

“അമ്മേ പ്രണാമം”. മുപ്പത് വയസ്സിനോടടുക്കുന്ന സുമുഖനായ യുവാവ്  അടുക്കലേക്ക്  വന്നു പറഞ്ഞു, “ഞാൻ മേഴത്തോൾ അഗ്നിഹോത്രി, വേദാദ്ധ്യാപകൻ, ഇത്രയും നാൾ ഞാൻ ചെയ്ത എല്ലാ നല്ല കർമങ്ങളുടെയും ഫല ങ്ങൾ അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു”. ജന്മം നൽകി, കുറച്ചുദിവസങ്ങൾക്കുള്ളിൽ വേർ പിരിയേണ്ടി വന്ന ആദ്യത്തെ കുഞ്ഞിന്റെ മുഖത്തുനിന്നും കണ്ണ്  എടുക്കുവാൻ അമ്മക്ക് കഴിയുന്നില്ല. അവർ ഗാഢമായ ആലിംഗനത്തിൽ മുഴുകി, അമ്മയുടെ കണ്ണുനീരിനാൽ മകൻറെ തല മുഴുവൻ നനഞ്ഞു കുതിർന്നു. നിരന്തരമായ കോരിചൊരിയലാൽ വറ്റിപോയി എന്ന് കരുതിയിരുന്ന എന്റെ കണ്ണിൽ ഇത്രയുംകണ്ണുനീർ ശേഷിച്ചിരുന്നോ?? പഞ്ചമി ആശ്ചര്യപെട്ടു. ജീവതത്തിൽ ഒരിക്കലേ യാചിച്ചിട്ടുള്ളു. അത് ഈ പുത്രനുവേണ്ടിയായിരുന്നു. ഭർത്താവിന്റെ കാൽ പിടിച്ചു കരഞ്ഞു നോക്കി. കുഞ്ഞിനെ ഉപേക്ഷിക്കരുതേ, ഉപേക്ഷിക്കരുതേ എന്ന്”. അനുനയിപ്പിക്കാനായി  വീണ്ടും കെഞ്ചി, “ഉണ്ണി ക്കുട്ടൻറെ മുഖം ഒന്ന് കാണു. അങ്ങയുടെ തനി സ്വരൂപം തന്നെ”. “എനിക്ക് കാണണ്ട. യാത്ര തുടരാൻ സമയമായി. കുഞ്ഞിനെ അവിടെ കിടത്തിയിട്ട് എന്നോടൊപ്പം പുറപ്പെട്ടോളൂ”. അയ്യോ എന്താണീ പറയുന്നത്, “ഈ പിഞ്ചുകുഞ്ഞിന്  ആര്  ഭക്ഷണം കൊടുക്കും”? പെട്ടെന്നായിരുന്നു ഉത്തരം. “വായ് കീറിയിട്ടുണ്ടല്ലോ? അപ്പോൾ അതേ പ്രകൃതി ശക്തി തന്നെ അതിനുള്ള മാർഗ്ഗവും കണ്ടെത്തും. നമ്മളുടെ ജീവിതക്രമത്തിൽ വിവാഹം പറഞ്ഞിട്ടുണ്ട്, പക്ഷെ കുട്ടികളെ വളർത്തുക എന്നത് നമ്മളുടെ ധർമ്മമല്ല”. “ഓമനത്തം തുളുമ്പുന്ന ഈ പിഞ്ചുകു ഞ്ഞിനെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല. മറ്റൊന്നും ഇനി  ഞാൻ ആവശ്യപെടില്ല. കുഞ്ഞിന്റെ എല്ലാകാര്യങ്ങളും ഞാൻ തനിച്ചു് നോക്കിക്കൊള്ളാം. അങ്ങയെ ഒരുകാര്യത്തിലും ബുദ്ധിമുട്ടിക്കില്ല. നമ്മളുടെ യാത്രകളിൽ ഇവനെയും ഒപ്പം കൂട്ടാം”.

വരരുചി പ്രസ്‌താവിച്ചു, “സത്യാന്വേഷണ, പരീക്ഷണ, നിരീക്ഷണ യാത്രകളിൽ കുടുംബം ഒരു വഴിമുടക്കി ആവരുത്. പന്ത്രണ്ട്  കുട്ടികൾ ഉണ്ടാവുമെന്നും, അവർ പന്ത്രണ്ടു കുലങ്ങൾ സ്ഥാപിക്കുമെന്നും വിധി നേരത്തെ നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞു. അത്  നടപ്പിലാകുന്നത് കാണട്ടെ”?  വിവാഹനാളിൽ ഞാൻ പറഞ്ഞത് വീണ്ടും ഓർമിപ്പിക്കുകയാണ് "വിധിയുമായുള്ള നിരന്തര  സമരമാണെന്റെ ജീവിതം. ഇതുവരെ എനിക്കൊറ്റക്ക് വിധിയെ തോൽപിക്കാനായിട്ടില്ല. നമുക്കൊരുമിച്ചതിന് ശ്രമിക്കാം. നമുക്ക് നാടില്ല, വീടില്ല, കുടുംബമില്ല, അറിവുസമ്പാദിക്കനായി നമുക്ക് ദേശങ്ങൾ  തോറും  അലഞ്ഞു നടക്കാം”.  “അങ്ങ് അന്ന് പറഞ്ഞതി ൽ,  പിറക്കാൻ പോകുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കണം  എന്ന അർത്ഥം കൂടി ഉണ്ടായിരുന്നു എന്ന് ഞാൻ കരുതിയില്ല”. പഞ്ചമീ, “എനിക്ക് പോയേ തീരു--. വിവാഹ നാളിൽ നമ്മളെടുത്ത പ്രതിജ്ഞ ലംഘിക്കുന്നത് പാപമല്ല എന്നു നീ കരുതുന്നു എങ്കിൽ നിനക്കിവിടെ നിൽക്കാം”.

ദൈവമേ ഇതെന്തൊരു വിധി. മാതൃത്വം പോലും നിഷേധിക്കപെടുന്നല്ലോ!!!. പെറ്റമ്മ ആരെന്നറിയാതെ, ശിശുവായിരിക്കുമ്പോൾ തന്നെ  തലയിൽ കാരമുള്ള് തറച്ചു കയറ്റി, പാള തോണിയിൽ, പന്തവും കത്തിച്ചു വച്ച്  ശിപ്രാ നദിയിൽ ഒഴുക്കപെട്ടവൾ. വളർത്തച്ഛന്റെ വറ്റാത്ത സ്നേഹത്താൽ വിവാഹദിവസം വരെ ജീവിച്ചു. മകളെ ഭർത്താവിനെ ഏല്പിച്ചിട്ട്  ജീവിതാന്ത്യം പ്രതീക്ഷിച്ചു്  ഹിമാലയം ലക്ഷ്യമാക്കി യാത്ര ആരംഭിച്ച അച്ഛൻ എന്റെ ദീനരോധനം  കേൾക്കുന്നുണ്ടാവുമോ. ജീവതത്തിലെ  ഏറ്റവും വലിയ ആഗ്രഹം, എന്റെ  വിധി എൻറെ കുഞ്ഞുങ്ങൾക്കുണ്ടാവരുതേ എന്നതായിരുന്നു. പക്ഷെ ഏറ്റവും ബീഭത്സ രീതിയിൽ ഇതാ എനിക്കുണ്ടായ അനുഭവം  പുനരാവിഷ്കരിക്കാൻ തുടങ്ങുന്നു. മകനെ മാപ്പ് തരിക. നീയും ഞാനും രണ്ടല്ല, ഒന്നാണെന്ന സത്യം മനസിലാക്കുക. മനുഷ്യത്വമുള്ള ഒരു പണ്ഡിതനായി  നീ വളരൂ. അമ്മയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കൂ. ഓമന കുഞ്ഞിനെ വള്ളികുടിലിലെ പുഷ്പശയ്യയിൽ കിടത്തി നിറുകയിൽ അനേകം തവണ മുത്തം നൽകി ആശീർവദിച്ച്, വരരുചി നടന്നു മറഞ്ഞ പാത അറ്റത്തേക്ക് ഒപ്പം എത്താനായി പഞ്ചമി മെല്ലെ ഓടാൻ തുടങ്ങി.

അറിവിൻറെ സർവജ്ഞ പീഠം കയറിയ  ശ്രേഷ്ഠൻ,  ജ്യോതിഷ,  വേദ,  ശാസ്ത്ര  പണ്ഡിതൻ,  മകൾക്ക്  ഭർത്താവായി കിട്ടിയതു തന്നെ മഹാഭാഗ്യം, അച്ഛന്റെ വാക്കുകൾ. രാജധാനിയിൽ ആസ്ഥാന വിദ്വാൻ പട്ടം ലഭിച്ചിട്ടും നിസ്സാരമായി തള്ളിക്കളഞ്ഞ ജ്ഞാനി. ഭിക്ഷയോ, സൗജന്യ ഭക്ഷണമോ, ആതിഥ്യമോ, ദാനമോ സ്വീകരിക്കാത്ത അഹങ്കാരിയും, മുരടനുമായു പണ്ഡിതൻ എന്നാണല്ലോ ഭർത്താവിനെ കുറിച്ചാളുകൾ പറയുന്നത്. പക്ഷെ, ഗർഭിണി ആയപ്പോൾ മുതൽ അദ്ദേഹം നൽകിയ പരിചരണം എന്തായിരുന്നു. ആയുർവേദ ഔഷധ കൂട്ടുകൾ ഉണ്ടാക്കിത്തന്നും, മെച്ചമേറിയ ഫലവർഗങ്ങൾ തേടിത്തന്നും നല്ല രീതിയിൽ സംരക്ഷിച്ചു. കൂടുതൽ അറിവുകൾ നേടാൻ, ആശ്രമങ്ങളിൽ നിന്നും ആശ്രമങ്ങളിലേക്കും, ഗുരുകുലങ്ങളിൽ നിന്നും ഗുരുകുലങ്ങളിലേക്കുക്കുമുള്ള യാത്രകൾക്കിടയിൽ വീണ്ടും വീണ്ടും വള്ളികുടിലുകളും അവിടെ ഭർത്താവൊരുക്കുന്ന ശയ്യകളും, അവയിൽ പിറന്നുവീഴുന്ന ഉണ്ണികളും. കുറച്ചുദിവസങ്ങൾക്കുശേഷം ഉപേക്ഷിക്കപെടുമ്പോൾ  കണ്ണീർവാർത്തു, തിരിഞ്ഞുനോക്കി, തിരിഞ്ഞു നോക്കി, മരവിച്ച  മനസ്സുമായി വരരുചിയുടെ പുറകെ വിതുമ്പി നടന്നു നീങ്ങേണ്ടി വരുന്ന മാതൃജന്മം. പതിനൊന്നു ശിശുക്കളെ പ്രസവിച്ചപ്പോളും വായ് കീറിയിരുന്നു. വായ് കീറിയിട്ടുണ്ടെങ്കിൽ ഇരയുമുണ്ട് എന്നാണ് ഭർത്താവിന്റെ പക്ഷം.

പന്ത്രണ്ടാമത്തെ കുട്ടിയും ജനിക്കാറായി. സൂതി ശാസ്ത്രവും പഠിച്ചിരുന്ന വരരുചിക്ക്  അകാല പ്രസവത്തിന്റെ അങ്കലാപ്പനുഭവപ്പെട്ടു. നിരന്തര യാത്രകളും, പ്രസവങ്ങളും പഞ്ചമിയെയും പരിക്ഷീണ ആക്കിയിരുന്നു. മനസ്സുകൊണ്ട്  പഞ്ചമി ഒരു തീരുമാനമെടുത്തു. ധർമ്മപത്നിയായി  ഭർത്താവിനെ അനുസരിച്ചു് ഇത്രയും നാൾ ജീവിച്ചു. ഇനി ജനിക്കുന്ന കുഞ്ഞിനെ ഭർത്താവെതിർത്താലും  വേണ്ടീല ഞാൻ വളർത്തും. വിധിയോട്  പടവെട്ടി പരാജിതനായ വരരുചിയുടെ മനസ്സിലും, ഈ കുഞ്ഞിനെ വളർത്താനനുവദിക്കണം എന്ന് പഞ്ചമി അഭ്യർത്തിച്ചെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിക്കിന്നുണ്ടായിരുന്നു. കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോൾ പഞ്ചമി വള്ളികുടിലിൽ നിന്നും വിളിച്ചുപറഞ്ഞു, വായ് കീറിയിട്ടില്ല, ഉപേക്ഷിക്കാതെ കഴിഞ്ഞു, അല്ലെ? ആദ്യമായി സ്വന്തം കുഞ്ഞിന്റെ മുഖം വരരുചി കണ്ടു. എന്നെപോലെ ഒരാൾ ജീവനില്ലാത്ത ഒരു കുഞ്ഞിനെ മാത്രമേ അർഹിക്കുന്നുള്ളു. വിധി ഇവിടെയും എന്നെ കീഴ്പെടുത്തി.

തപോബലത്തിന്റെ തുണയാൽ, പഞ്ചമിയുടെ അവസാനത്തെ ആഗ്രഹമായ എല്ലാമക്കളെയും ഒരുമിച്ചു കാണണമെന്ന ആവശ്യം വരരുചി  സാധിച്ചു കൊടുത്തു. ഒന്നാമത്തെ പുത്രൻ അമ്മയെ ആശ്ലേഷിച്ചതിനുശേഷം എല്ലാ മക്കളും അമ്മയുടെ അരികിലേക്ക്  വരുവാൻ തുടങ്ങി. രണ്ടാമൻ വന്ന് പരിചയപ്പെടുത്തി. അമ്മേ, ഞാൻ രജകൻ, മനസ്സിന്റെയും, വസ്ത്രത്തിന്റെയും അഴുക്കുകൾ  കഴുകി വൃത്തിയാക്കുന്നവൻ. ഈ വീരാളിപ്പട്ട് അമ്മക്കായി അർപ്പിക്കുന്നു.  ഞാൻ പെരുന്തച്ചനാണമ്മേ, എൻറെ ഉളിയും,  മുഴക്കോലും കാഴ്ച്ചവെക്കുന്നു. ഞാൻ പാടത്തു കൃഷി ചെയ്യുന്ന വള്ളോൻ, എന്റെ വിയർപ്പിന്റെ ഫലങ്ങളായ ധാന്യങ്ങളിതാ സമർപ്പിക്കുന്നു. ഞാൻ പടയാളി, വടുതല നായർ, വാളും പരിചയും സ്വീകരിച്ചാലും. ഞാൻ വൈശ്യൻ, കച്ചവടക്കാരനായ  ഉപ്പുകൊറ്റൻ, ഭൂമിയുടെ സത്തായ ഉപ്പിതാ സമർപ്പിക്കുന്നു. ഏഴാമത്തെയാൾ, ഞാൻ നർത്തകിയും, ഗായികയും കുലവധുവുമായ കാരയ്ക്കലമ്മ, എൻറെ വീണയും, ചിലങ്കയും ഇതാ അമ്മക്കുള്ള സമ്മാനം. ഞാൻ അകവൂർ ചാത്തൻ, മന്ത്രവാദിയും, വൈദ്യനും, എന്റെ ദണ്ഡും, കവടിയും, പലകയും ഇതാ.  ഞാൻ പായും, പനമ്പും, കുട്ടയും നെയ്യുന്ന  പറയാനാണമ്മേ. പാക്കനാർ ഇതൊക്കെ തന്നെ എൻറെ ഉപഹാരം. കവിയും, സഞ്ചാരിയും, ഗായകനുമായ പാണനാരാണ് ഞാൻ, എന്റെ ഉടുക്ക് അമ്മയുടെ പാദങ്ങളിൽ അർപ്പിക്കുന്നു.

ഈ മഹാസമാഗമം ദൂരെ നിന്നു വീക്ഷിച്ച ചെറുപ്പക്കാരനെ പെട്ടെന്നാണ് പഞ്ചമി ശ്രദ്ധിച്ചത്. വരരുചി ചെറുപ്രായത്തിൽ ഇരുന്നതുപോലെ തന്നെ. പതിനൊന്നാമത്തെ മകനെ അരികിലേക്ക് വിളിച്ചപ്പോൾ  അയാൾ പറഞ്ഞു, ഞാൻ, ഞാനൊരു ഭ്രാന്തനാണമ്മേ, നാറാണത്തു ഭ്രാന്തൻ. എന്റെ കയ്യിൽ അമ്മക്കു തരാനായി ഭ്രാന്തല്ലാതെ മറ്റൊന്നുമില്ല. അമ്മയുടെ മാറിൽ വീണ് വിങ്ങി പൊട്ടിക്കരയുന്ന മകനെ കണ്ടപ്പോൾ വരരുചിയും ഓടി അടുത്തുവന്നു. നിന്റെ ഭ്രാന്ത് ഞാനാണ് മോനെ. എല്ലാം അച്ഛന്റെ ഭ്രാന്തിന്റെ ഫലങ്ങളാണ്. എത്രയെത്ര മനുഷ്യജന്മങ്ങൾക്കാണ് വിധിയുമായുള്ള പോരാട്ടമെന്ന പേരിൽ ഞാൻ പെറ്റമ്മയുടെ സ്നേഹം നിഷേധിച്ചത്. നോക്കൂ, ഇപ്പോൾ തന്നെ, എല്ലാ മക്കൾക്കും കാണേണ്ടതും, ആശ്ലേഷിക്കേണ്ടതും, അമ്മയെ മാത്രം. അച്ഛൻ അറിവ് കൊണ്ട് നേടാം എന്നു  കരുതിയത് അമ്മ സ്നേഹം കൊണ്ട് നേടിയിരിക്കുന്നു. വിധിയെ തോല്പിക്കാനായി ഞാൻ ചെയ്ത പരീക്ഷണങ്ങളെല്ലാം വൃഥാവിലായി.

തന്റെ എല്ലാ മക്കളെയും ചേർത്തുപിടിച്ച് പശ്ചാത്താപത്തിന്റെയും, പരിശുദ്ധസ്നേഹത്തിന്റെയും ഉറവവറ്റാത്ത കണ്ണുനീർ പഞ്ചമിയിൽ നിന്നും പ്രവഹിച്ചപ്പോൾ, മാതൃസ്നേഹത്തിന്റെ നിലക്കാത്ത  അമൃതധാരയായി അത് മാറി. എല്ലാ മക്കളേയും  ഒരുമിച്ചു കാണാൻ സാധിച്ചു എന്നത്, അനുനിമിഷം അവരെകുറിച്ചോർത്തു നീറി നീറി കൊണ്ടിരുന്ന ആ അമ്മക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി മാറി. പെറ്റതല്ലെങ്കിലും, തൻറെ മക്കൾ പതിനൊന്ന് പേരെയും പോറ്റി വളർത്തി സമൂഹത്തിനുപകരിക്കുന്ന വ്യക്തികളാക്കി മാറ്റിയ അമ്മമാരെയെല്ലാം പഞ്ചമി മനസ്സാൽ നമിച്ചു.

പറയി പെറ്റ പന്തിരു കുലത്തിലെ സന്തതി പരമ്പരകളാണ് കേരളീയർ എന്നാണ് ഐതീഹ്യം. ജ്ഞാന സമ്പാദനത്തിനായി വരരുചി ദേശാടനം നടത്തി എങ്കിൽ ധന സമ്പാദനത്തിനായി  അദ്ദേഹത്തിന്റെ പിൻതലമുറ ഇപ്പോൾ ദേശാടനം നടത്തുന്നു. വരരുചി  ലക്ഷ്യത്തിനു വിഘാതമാവും എന്നു കരുതി, അന്ന് മക്കളെ ഉപേക്ഷിച്ചു എങ്കിൽ, പിൻതലമുറ അവരുടെ  ലക്ഷ്യത്തിനു വിഘാതമാവും എന്ന് കരുതി, ഇന്ന് മാതാപിതാക്കൻമാരെ ഉപേക്ഷിക്കുന്നു. 

കുടുംബത്തിന്റെ കെട്ടുറപ്പിനുവേണ്ടി, ഭർത്താവിന്റെയും, കുട്ടികളുടെയും എല്ലാ തെറ്റുകുറ്റങ്ങളും സഹിച്ച്, കാണപ്പെട്ട ദൈവമായി, ഭൂമിയിൽ അവതരിച്ച്, മനുഷ്യ രാശിയെ മുന്നോട്ടു നയിക്കുന്ന എല്ലാ അമ്മമാർക്കും ഹൃദയംഗമായ  മാതൃ ദിന  ആശംസകൾ.

കടപ്പാട്: ഇന്നലത്തെ മഴ: എൻ മോഹനൻ

Read more

അന്ത്യം അരികിലുണ്ട്

ഒരു മണിക്കൂറില്‍ നാല്പത്തിഅയ്യായിരം മൈല്‍ വേഗതയില്‍ ഒന്‌പോതു മൈല്‍ വീതിയുള്ള ഉല്ക്ക അന്തരീക്ഷത്തിലൂടെ കത്തി ജ്വലിച്ച് ഭൂമിയിലേക്ക് ഇടിച്ചു കയറി. മെക്‌സിക്കോയിലെ ചിക്ക് സൂ ലൂബ് എന്ന ചെറിയ പട്ടണത്തിനടുത്ത് അറുപത്തഞ്ച് അടി താഴ്ച്ചയുള്ള സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇരുപതു മൈല്‍ ആഴത്തിലും നൂറ്റിപത്തു മൈല്‍ നീളത്തിലും ഒരു ഗര്‍ത്തം രൂപപെട്ടു. ഇടിയുടെ ആഘാതത്തില്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള പാറക്കൂട്ടങ്ങള്‍ ഉരുകി ഒലിച്ച് ദ്രാവകാവസ്ഥയില്‍ ആയിത്തീര്‍ന്നു . റിച്ചര്‍ സ്‌കേലില്‍ 12 തീവ്രതയുള്ള ഭൂമികുലക്കം പര്‍വ്വത ശിഖരങ്ങളെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തു തരിപ്പണമാക്കി. 600 മൈല്‍ വേഗതയില്‍ കൊടുംകാറ്റടിച്ച് നോര്‍ത്ത് അമേരിക്കയിലെയും മെക്‌സിക്കോയിലെയും വൃക്ഷലതാദികള്‍നിലം പരിശാക്കി. ടെക്‌സസിലെയും ഫ്‌ളോറിഡയിലെയും കടല്‍ത്തീരങ്ങളില്‍ നൂറടിയില്‍ കൂടുതല്‍ഉയരത്തിലുള്ള സുനാമിതിരമാലകള്‍ആഞ്ഞടിച്ചു. 36000 ഡിഗ്രിഫാരന്‍ ഹൈറ്റിലുള്ളതീജ്വാലകള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തെ ചുട്ടുചാമ്പലാക്കി . ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊന്തിയ സള്‍ഫറും, പൊടിപടലവും അനേകവര്‍ഷംഭൂമിയെ അന്ധകാരത്തിലാഴ്ത്തി . സൂര്യപ്രകാശം ലഭിക്കാതെ, പ്രകാശസംശ്ലേഷണം സാധ്യമാകാത്തതുമൂലം ഉണങ്ങിനശിച്ച കാടുകളില്‍, അഗ്‌നി ,സംഹാരതാണ്ഡവം നടത്തി.ഭൂമിയിലെ കരപ്രദേശം മുഴുവന്‍ ചാരകൂമ്പാരമായപ്പോള്‍,ജീവന്‍ നഷ്ടപെട്ട കടല്‍ജീവികളാല്‍ സമുദ്രത്തിന്റെ അടിത്തട്ട് മൂടപ്പെട്ടു

660 ലക്ഷംവര്‍ഷത്തിനു മുമ്പ്ഭൂമിയില്‍ സംഭവിച്ച ഈ പ്രതിഭാസത്തിലൂടെ അന്ന് നിലനിന്നിരുന്ന 75 ശതമാനം ജീവജാലങ്ങളും അപ്രത്യക്ഷമായി. കരയില്‍വസിച്ചിരുന്ന 55 പൗണ്ടില്‍ കൂടുതല്‍ ഭാരമുള്ളജീവികള്‍ക്കൊന്നും തന്നെനിലനില്‍ക്കാന്‍ സാധിച്ചില്ല.അങ്ങനെ 1800 ലക്ഷംവര്‍ഷങ്ങള്‍ നീണ്ടുനിന്ന ഡൈനസോറുകളുടെ വംശംനാമാവശേഷമായി. ഉരഗവര്‍ഗ്ഗത്തിലെ ബഹുഭൂരിപക്ഷം ജീവികളുടെയൂം തിരോധാനം, ഭൂമുഖത്ത്പുതിയഒരുവര്‍ഗത്തിന്റെ ആധിപത്യത്തിന് കാരണമായി. സസ്തനങ്ങള്‍!!!.

ഡൈനസോറുകളുടെ വംശനാശത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച ശാസ്ത്രജ്ഞസംഘം 660 ലക്ഷംവര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ "ഇറിഡിയം' എന്നമൂലകത്തിന്റെ അതിസാന്നിധ്യം ഫോസില്‍ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഭൂമിയില്‍ സാധാരണ കാണപെടാത്തതും ഉല്‍ക്കകളില്‍ കാണപെടുന്നതുമായ ഈ മൂലകം പൊടുന്നനെ ഭൂമിയില്‍ അധികതോതില്‍ എത്താന്‍ കാരണം ഉല്‍ക്കാപാതം മൂലമാണെന്ന് അനുമാനിച്ചു.പതിച്ചസ്ഥലത്തെക്കുറിച്ചുള്ള അന്വേഷണം ശാസ്ത്രജ്ഞരെ, മെക്‌സിക്കോയിലെ, യുക്കെട്ടാന്‍ പെനിന്‍സുലേക്ക് വടക്കുഭാഗത്തുള്ള ചിക്ക്‌സൂലൂബിലെകടലിടുക്കിലേക്ക് കൊണ്ടെത്തിച്ചു. ലണ്ടനിലെ ഇമ്പീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞ, ജോഹാന്നമോര്‍ഗന്റെ നേതൃത്വത്തിലുള്ള സംഘം 1996 ല്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് മൂന്നുമാസം നടത്തിയ സീസ്മിക്പഠനത്തിലൂടെ ഉല്‍ക്കപതിച്ച കൃത്യസ്ഥലംകണ്ടെത്തി.

അതിന് ചുറ്റുംവലയ രൂപത്തില്‍ ഉടലെടുത്ത ഭൂവിഭാഗം, ഉല്‍ക്കാപാതംമൂലം ചന്ദ്രനില്‍ നിലനില്‍ക്കുന്ന "ഷ്രോഡിങ്ങര്‍ കിടങ്ങിനോട്' വളരെ അധികംസാമ്യമുണ്ടെന്നും കണ്ടെത്തി. ആഹാതം നടന്നസ്ഥലം ഡ്രില്‍ ചെയ്ത് വിവിധ ആഴത്തിലുള്ള പാറ സാമ്പിള്‍ ശേഖരിച്ച്പഠനംനടത്തി ഏതുതരത്തിലുള്ള ജീവികളാണ് ആദ്യം ഈ പ്രദേശത്തേക്ക് തിരികെവസിക്കാനെത്തിയതെന്ന് കണ്ടുപിടിക്കാനാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . എണ്ണഖനനത്തിനുപയോഗിക്കുന്ന റിഗ്സ്ഥാപിച്ച് 5000 അടിതാഴ്ചവരെയുള്ള സാമ്പിളുകള്‍ശേഖരിച്ചുകൊണ്ടിരിക്കുന്നു. കടലിനടിയിലെ പാറതുരന്നെടുക്കുന്ന സിലണ്ടര്‍ ആകൃതിയിലെ 10 അടി, 10 അടിനീളമുള്ള ഖണ്ഡങ്ങള്‍ ജെര്‍മനിയിലെ ലാബില്‍ എത്തിച്ച് വിശകലനം ചെയ്യുമ്പോള്‍ ആദ്യസാമ്പിളുകള്‍ വളരെ മൃദുവാണെന്ന്കണ്ടെത്തി.

അല്പംകൂടിതാഴത്തെ പാറകളിലെ ചാരനിറം 500 ലക്ഷംവര്‍ഷങ്ങള്‍ക്കു മുമ്പ്‌പൊട്ടിത്തെറിച്ച മെക്‌സിക്കന്‍ അഗ്‌നിപര്‍വതത്തിന്റെ അവശിഷ്ടങ്ങളാണെന്നും മനസ്സിലാക്കി. ക്രട്ടേഷ്യസ്സ്കാലത്തിന്‍റെ അന്ത്യത്തില്‍ സംഭവിച്ചആഘാതത്തിന്റെ തെളിവുകളായ, ആകാശത്തിനിന്നും പതിച്ചഉരുകിയപാറകളുടെയും. സുനാമിതിരമാലകള്‍ തടുത്തുകൂട്ടിയ പദാര്‍ത്ഥങ്ങളുംഅടങ്ങിയ പാറയുടെഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞര്‍.

ചൊവ്വക്കും (മാര്‍സ് ),വ്യാഴത്തിനും (ജുപിറ്റര്‍ ), ഇടക്കുള്ള ഒരുഭ്രമണപഥത്തില്‍ തലങ്ങുംവിലങ്ങും, ചരിഞ്ഞും മറിഞ്ഞുംഅനേക കോടിവര്‍ഷങ്ങള്‍ സുര്യനെവലം വച്ചിരുന്നഒരുപട്ടണത്തിന്റെ വലിപ്പമുള്ള ഈപാറക്കഷ്ണം എങ്ങനെയാണ് അവിടുന്നുതെന്നിത്തെറിച്ച്ഭൂമിയെല ക്ഷ്യംവച്ച ്പ്രയാണംആരംഭിച്ചതെന്ന് ഇപ്പോഴുംമനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിലും വലിപ്പമുള്ള അനേകംഉല്‍ക്കകള്‍ഇപ്പോഴും ഈപ്രദേശത്ത് അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സൗരയൂധത്തിന്റെ താളത്തിന ്ഇളക്കംതട്ടാവുന്നചെറിയ ഒരുപ്രതിഭാസംമതി, മറ്റൊരുഉല്‍ക്കക്ക് ഭൂമിയെലാക്കാക്കിയുള്ള സഞ്ചാരം തുടങ്ങാന്‍.
മനുഷ്യരാശിയെ ഒന്നടങ്കം നിരവധിതവണ കൊന്നൊടുക്കാനുള്ള മാരകആയുധങ്ങള്‍ മിക്ക രാജ്യങ്ങളും നിര്‍മിച്ചുവച്ചിരിക്കുന്നു.ഏറ്റവും അധികം മാരകശേഷിയുള്ള ആയുധങ്ങള്‍ ആരാണ് ആദ്യംനിര്‍മിനിര്‍മ്മിക്കുന്നത്, എന്നപന്തയത്തിലാണ് വികസിതരാഷ്ട്രങ്ങളെല്ലാം. പരസ്പര സ്‌നേഹം,ദയ, സഹവര്‍ത്തിത്വം, എന്നിവയൊക്കെ ആഹ്വാനം ചെയ്യുന്ന മതഗ്രന്ധങ്ങള്‍ തന്നെയാണ് പരസ്പരകലഹത്തിനും കാരണമായി മാറ്റപ്പെടുന്നത് എന്നത് തീ ര്‍ത്തുംവിരോധാഭാസംതന്നെ. മാത്സര്യം മാറ്റിവച്ച് ,എല്ലാരാജ്യങ്ങളും സഹകരിച്ച്, അവരവരുടെ കഴിവുകള്‍ ഏകോകിപ്പിച്ച്, പ്രപഞ്ചരഹസ്യങ്ങളുടെ ചുരുള്‍ അഴിക്കുവാനാണ് ശ്രമിക്കേണ്ടത്

.സഹവര്‍ത്വത്തിലൂടെ പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങ ള്‍കണ്ടെത്തി അവയെപ്രതിരോധിക്കാനുള്ള മാര്‍ഗംഎത്രയും പെട്ടെന്ന്‌നമ്മള്‍കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, അനേകലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം മറ്റോരു ജീവിവര്‍ഗ്ഗം,ഫോസിലുക ള്‍പരിശോധിച്ച് മനുഷ്യര്‍ എന്നൊരു വര്‍ഗം ഭൂമിയില്‍ ജീവിച്ചിരുന്നു എന്നും അവരുടെ സര്‍വ്വനാശം എങ്ങനെസംഭവിച്ചു എന്നും കണ്ടുപിടിക്കുമാ യിരിക്കാം!!!. വര്‍ഗ്ഗ,ദേശ,മത,ഭാഷ,വേര്‍തിരുവികള്‍ മാറ്റിവെച്ച് ഒത്തൊരുമയോടെ മുന്നോട്ട്‌പോകു ന്നില്ല എങ്കില്‍ മനുഷ്യരാശിയുടെ തിരോധാനം അതിവിദൂരത്തിലല്ല.

സന്തോഷ് പിള്ള
കടപ്പാട് :ഡിസ്കവര്‍ മാഗസിന്‍

Read more

കന്നിക്കെട്ട് ശബരിമലയ്ക്ക്

പുലര്‍ച്ച  ഉറക്കത്തില്‍ നിന്നും അമ്മ  പാല്  വാങ്ങിക്കാന്‍  സൊസൈറ്റിയില്‍ പോകാന്‍  വിളിച്ചെഴുന്നേല്പിക്കുമ്പോള്‍  മനസ്സില്ലാമനസ്സോടാണ്  പാല്‍പാത്രം കയ്യിലെടുക്കുന്നത് . ധനു മാസത്തിലെ    മഞ്ഞില്‍  പുതഞ്ഞു കിടക്കുന്ന പ്രഭാതത്തില്‍  നാട്ടുപാതയിലൂടെ,  മുല്ലക്കല്‍  ക്ഷേത്രത്തിലെ ചിറപ്പ്  മഹോത്സവത്തിന്  വാങ്ങിയ  'അറക്കാന്‍  വാപ്പാന്‍, ചീരാന്‍ വാപ്പനെ' ഉരുട്ടികൊണ്ടും, ഇടക്കിടെ ചൂടുള്ള നിശ്വാസ വായു ശക്തിയായി പുറത്തേക്ക്  ഊതിവിട്ട്   പുകവലയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുമായിരിന്നു പാല്‍ വാങ്ങാന്‍  പോയിരുന്നത്.  ' മാമരം കോച്ചും തണുപ്പത്ത്, താഴ്വര പൂക്കുന്ന കാലത്തു് , മൂടിപ്പുതച്ചു കിടക്കും കാറ്റേ,  മൂളിക്കുതിച്ചു പറന്നാട്ടേ'',  എന്നോ മറ്റോ  കഴിഞ്ഞാഴ്ച സ്‌കൂളില്‍ പഠിപ്പിച്ച  പദ്യം  മനഃപാഠമാക്കാന്‍   ശ്രമിച്ചുകൊണ്ട്  നടക്കുമ്പോള്‍  ചുറ്റുവട്ടത്തെ  ഒരു കൂട്ടം ചെറുപ്പക്കാര്‍  സൈക്കളില്‍  അടുത്തുള്ള  അയ്യപ്പ ക്ഷേത്ര ദര്‍ശനത്തിനു പോകുന്നു.   ഈ തണുപ്പത്തും,  അതിരാവിലെ കുളിച്ചു,  വ്രതശുദ്ധിയോട്   മലക്ക്  പോകാനൊരുങ്ങന്ന  അവരെ  അന്ന് വളരെ ആദരവോടെയാണ്  വീക്ഷിച്ചത്. കാരണം  അവരെല്ലാം  ടൂറിസ്റ്റ് ബസ്സിലാണ്  ശബരിമലക്ക്  പോകുന്നത് .

സായം  സന്ധ്യക്ക്  അടുത്തുള്ള   അമ്പലത്തിലെ  കോളാമ്പി മൈക്കിലൂടെ    ''വൃശ്ചിക പൂംപുലരി   വ്രത ശുദ്ധി തരും  പുലരി,  മുദ്ര അണിഞ്ഞവര്‍ അമ്പലമുറ്റത്തു  ഒത്തുചേരും  പുലരി '  എന്ന അയ്യപ്പ ഭക്തി ഗാനം ഒഴുകി വന്നു കഴിയുമ്പോള്‍  ശബരിമല തീര്‍ത്ഥാടനത്തിന്  പോകുന്ന  തയ്യില്‍  ട്രാവല്‍സ് എന്ന ടൂറിസ്റ്റ് ബസ്  നാല്‍ക്കവലയില്‍ എത്തിചേരും. ടൂറിസ്റ്റ് ബസിനുള്ളില്‍ പച്ചയും, മഞ്ഞയും, ചുകപ്പും നിറങ്ങളില്‍ ചതുരാകൃതിയില്‍  ഉള്ള ലൈറ്റുകള്‍  കാണാന്‍  നല്ല ശേലാണ് . സാധാരാണ  ലൈയിന്‍  ബസിലെ  ലൈറ്റുകള്‍ വലിയ ഇഡ്ഡലിയുടെ വലുപ്പത്തില്‍  ഉള്ളവയും,  അതിനുമുകളിലായി എട്ടുകാലി വലയുടെ ആകൃതിയില്‍ കമ്പിവളച്ചു വച്ച്  വികൃതമാക്കിയവയും   ആയിരുന്നു.   കല്യാണ  ഓട്ടത്തിനു  പോകുമ്പോള്‍ ഇമ്പമേറിയ സിനിമാ പാട്ടുകളും,  തീര്‍ത്ഥാടനത്തിനു  പോകുമ്പോള്‍ മേളക്കൊഴുപ്പാര്‍ന്ന  ഭക്തി ഗാനങ്ങളും  ബസിനുള്ളിലെ  സ്റ്റീരിയോ    സ്പീക്കറിലൂടെ  മുഴക്കമാര്‍ന്ന  ശബ്ദത്തില്‍ വരുന്നത്   വഴിയോരത്തുനിന്നും  കേട്ടിട്ടുണ്ട് .  കൂടെ പഠിക്കുന്ന ജോഷിയുടെ  അപ്പച്ചന്റേതാണ് തയ്യില്‍  ട്രാവല്‍സ് .  ആ വണ്ടിയില്‍ കയറി  ദീര്‍ഘ യാത്ര ചെയ്യുന്ന  കഥകളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് ക്ലാസ്സില്‍ വിളമ്പാന്‍  ജോഷി  മിടുക്കനാണ് . സീറ്റിനു മുകളില്‍  തലചായ്ക്കാനായി  ഉയര്‍ത്തി  ഉരുട്ടി വച്ചിരിക്കുന്നതിനകത്തൊക്കെ  മൃദുവായ  സ്‌പോഞ്ചാണത്രേ. എന്നൊങ്കിലും  ഒരിക്കല്‍  അതിനകത്തൊന്ന്  കയറണം.   അടുത്തുള്ള  ചായക്കടയിലിരുന്ന്   ബസ്സ്  ഡ്രൈവര്‍ , കണാരന്‍  ചേട്ടന്‍ ഏത്തക്കാപ്പം അകത്താക്കുന്നു.  അടുത്തിരുന്ന് ,  ഡയറിയില്‍  യാത്രക്കാരുടെ എണ്ണം കൂട്ടിനോക്കുന്ന  ട്രാവല്‍ ഏജന്റ്  ദാസപ്പന്‍  ചേട്ടന്‍.  ശബരിമല  സീസണാകുമ്പോള്‍, ''ശബരിമല തീര്‍ഥാടനത്തിനു സമീപിക്കുക ദാസപ്പന്‍''  എന്നും,  അല്ലാത്ത സമയങ്ങളില്‍ ' ഗുരുവായൂര്‍, പഴനി, വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു സമീപിക്കുക  ദാസപ്പന്‍''  എന്നും  മാറി  മാറി നാല്‍ക്കവലയില്‍  ദാസപ്പന്‍  ചേട്ടന്റെ ബോര്‍ഡുകള്‍  കാണാം.  ശബരിമലയിലേക്ക്  പോകുന്ന  വഴിയിലെ  പ്രധാന പട്ടണങ്ങളില്‍ നിന്നുമെല്ലാം  അയ്യപ്പന്മാരെ  കയറ്റി  ബസ്സ്  നിറച്ചിട്ടാണ്  ദാസപ്പന്‍ ചേട്ടന്‍ പമ്പയില്‍ എത്തിച്ചേരുന്നത്  .

ധനു  മാസത്തിലെ   ഒരു ശനിയാഴ്ച   സന്ധ്യക്ക്  അമ്മപറഞ്ഞു,  ''വേഗം പോയി ഒന്നുകൂടി കുളിച്ചിട്ടു വാ. സന്ധ്യക്ക്  മാധവി പേരമ്മയുടെ വീട്ടില്‍  അയ്യപ്പന്‍ വിളക്കും  ആഴിയും ഒക്കെ  ഉണ്ട്'' .  അമ്മുമ്മയുടെ  പ്രായത്തിനടുത്തുള്ള  സ്ത്രീ  ജനങ്ങളെയെല്ലാം അമ്മ,  പേരമ്മ  എന്നാണ്  വിളിക്കുക.  മാധവി പേരമ്മയുടെ വീട്ടു മുറ്റത്ത്,   കുരുത്തോല തോരണങ്ങള്‍ കൊണ്ട്   അലങ്കരിച്ച  വലിയ  ഒരു പന്തല്‍.  പന്തലിനുള്ളില്‍  ശ്രീധര്‍മ്മശാസ്താവിന്റെ  ചില്ലിട്ട  ചിത്രം  അലങ്കരിച്ചു വച്ചിരിക്കുന്നു.  ചിത്രത്തിനുമുമ്പില്‍ ഫല വര്‍ഗ്ഗങ്ങള്‍  നിറച്ച  രണ്ട് കുട്ടകള്‍, വലിയ  ഒരു  ഉരുളിയില്‍ അവല്‍  നനച്ചതും,  മറ്റൊരെണ്ണത്തില്‍ ഉണ്ണിയപ്പവും വലിയൊരു  തൂശനിലകൊണ്ട്  മൂടിവച്ചിരിക്കുന്നു.  ദീപാരാധന  കഴിയുമ്പോള്‍ പ്രസാദമായി  വിതരണം  ചെയ്യാനുള്ള  ഭക്ഷണ വസ്തുക്കള്‍.  നിറക്കാനായി അടുക്കിവച്ചിരിക്കുന്ന  ഇരുമുടി സഞ്ചികള്‍,  ചകിരി നാരുകള്‍  ചീകി മിനുക്കി വൃത്തിയാക്കി വച്ചിരിക്കുന്ന നാളികേരങ്ങള്‍,  അവയില്‍  നിറക്കാനായി  ഉരുക്കി വച്ചിരിക്കുന്ന  ശുദ്ധമായ പശുവിന്‍ നെയ്യ് ,  മലര്‍ ,  കല്‍ക്കണ്ടം,  കദളിപ്പഴം, ചന്ദനത്തിരി,  കര്‍പ്പൂരം,  ഭസ്മം,  വെറ്റില,  അടക്ക,   മുതലായ പൂജാദ്രവ്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു, ഗുരുസ്വാമിയായ  രാഘവമ്മാവന്‍ .  രാഘവമ്മാവനെ  കുറിച്ചുള്ള   അനേകം  കഥകള്‍  നാട്ടില്‍ പാട്ടാണ് .  ശബരിമലക്ക്  വനത്തിലൂടെ യാത്രചെയ്യുമ്പോള്‍  നേര്‍ക്കുനേര്‍  ആക്രമിക്കാന്‍  വന്ന  പുലിയോട്  ' ഞാന്‍ ഗുരുസ്വാമിയാണ്, എന്നോട്  നിന്റെ കളി വേണ്ട ' എന്ന് ആക്രോശിച്ചു്  ആട്ടി ഓടിച്ചു  എന്നും,  വഴി മുടക്കി  നിന്ന കാട്ടാനയെ ' പമ്പാ ഗണപതിയെ ശരണമയ്യപ്പാ ' എന്നുറക്കെ വിളിച്ചുകൊണ്ട്  'വഴിമാറി നില്‍ക്ക് '  എന്ന്  ആജ്ഞാപിച്ച്   മാറ്റി  നിര്‍ത്തി  എന്നും  ഒരു ശ്രുതി പൊതുവെ കേള്‍ക്കുന്നുണ്ട്. നര കലര്‍ന്ന നീളന്‍ താടിയും, മുടിയും,  ദീര്‍ഘമായ  കൈകളും, മൂര്‍ച്ചയേറിയ കണ്ണുകളുമുള്ള, നല്ല ഉറച്ച ശരീരത്തിനുടമ.   പന്തലിനു  മുമ്പിലായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന  വാഴത്തണ്ടില്‍,  വളയരൂപത്തില്‍ ഈര്‍ക്കില്‍ കുത്തിയിരിക്കുന്നു.  അതിനു മുകളിലായി  മരോട്ടിക്ക പിളര്‍ന്ന് കുരുകളഞ്ഞി ട്ട്, അതിനകത്ത് എണ്ണ  ഒഴിച്ച്  തിരിയിട്ട്  ദീപം കൊളുത്തി വച്ചിരിക്കുന്നു. അമ്പലത്തിനു മുമ്പിലെ കല്‍വിളക്ക് കത്തിച്ചതുപോലെ തന്നെ  തോന്നിപ്പിക്കുന്ന വാഴവിളക്ക്.  

പന്തലിന്  മുന്നില്‍    ഇടതു വശത്തായി  മണ്ണില്‍  തടം എടുത്തു  വിറക്  തടി  കൂട്ടി  ഇട്ടിരിക്കുന്നു.  ഇരുട്ടിന് കട്ടികൂടിയപ്പോള്‍  ആരോ ചെന്ന്  വിറകുകത്തിച്ച്   ആഴി  കൂട്ടി.   അന്തരീക്ഷം  ശരണം വിളിയാല്‍ മുഖരിതമായി .  കൈമണി,ഗഞ്ചിറ എന്നിവയുടെ അകമ്പടിയോട്   അയ്യപ്പ ഭജനയും തുടങ്ങി കഴിഞ്ഞു.  ഉരുക്കിയ  നെയ്യുടെ  കൊതിപിടിപ്പിക്കുന്ന  ഗന്ധം, ചന്ദനത്തിരിയുടെയും, കര്‍പ്പൂരത്തിന്റെയും  ഗന്ധത്തിനു  വഴിമാറി.  അയ്യപ്പന്മാരെല്ലാം ഇരുമുടികെട്ടുകള്‍  നിറക്കാന്‍ ആരംഭിച്ചു. ഒരുനെയ്‌ത്തേങ്ങ എന്നോടും നിറക്കാന്‍  അമ്മ  ആവശ്യപെട്ടു.  ആറുമാസം മുമ്പ്  പിടിപെട്ട,  വിട്ടുമാറാത്ത  പനി  മാറാന്‍  വേണ്ടി  നേര്‍ന്നതാണ ത്രെ.   ഉരുകിയ നെയ്യ്,  തുണി കൊണ്ട്  ചുറ്റിയ സ്റ്റീല്‍ ഗ്ലാസില്‍  എടുത്ത്  ചെറിയ  സുഷിരത്തിലൂടെ തേങ്ങക്കുള്ളിലേക്കൊഴിക്കാന്‍  രാഘവമ്മാമനും സഹായിച്ചു.   വര്‍ദ്ധിച്ചു വരുന്ന തണുപ്പകറ്റാന്‍  മിക്കവരും   ആഴിക്കടുത്തേക്ക്   മാറിനില്‍ക്കുന്നു.  കെട്ടുനിറയും  ദീപാരാധനയും  കഴിഞ്ഞപ്പോഴേക്കും ആളി കത്തി നിന്നിരുന്ന  ആഴിയും അമരാന്‍  തുടങ്ങിക്കഴിഞ്ഞിരുന്നു. 

ഉറക്കെയുള്ള  ശരണം  വിളികേട്ടാണ്  ഞെട്ടി  ഉണര്‍ന്നത് . തീക്കനലിലൂടെ രാഘവമ്മാവന്‍ തലങ്ങും വിലങ്ങും ഓടുന്നു. പല അയ്യപ്പന്‍ മാരുടെയും ശരീരം  പൂക്കുല  പോലെ  നിന്ന്  വിറക്കുന്നു.  എന്റെ കുട്ടപ്പാ ചാടരുത് ! ചാടരുത്!  എന്ന് മാധവി പേരമ്മ  അലറിവിളിച്ചപ്പോഴേക്കും,  കുട്ടപ്പന്‍ ചേട്ടന്‍  ആഴിക്കുള്ളിലേക്ക് എടുത്തു ചാടിക്കഴിഞ്ഞിരുന്നു. അകത്തേക്ക്  ചാടിയതിലും വേഗത്തില്‍ , ''എന്റമ്മോ'' , എന്നലറികൊണ്ടു  ആഴിയുടെ പുറത്തേക്ക്  കുതിച്ചു ചാടി.  കൈകള്‍ കൊണ്ട്, പൊള്ളി കുടുര്‍ന്ന ഇരു കാല്പാദങ്ങളും അമര്‍ത്തിപ്പിടി ച്ച്  വാവിട്ടു കരയാന്‍ തുടങ്ങി. തോര്‍ത്തുമുണ്ട്  നനച്ചുകൊണ്ടു കുട്ടപ്പന്‍  ചേട്ടനെ  പരിചരിക്കാന്‍ കുറേപ്പേര്‍ ഓടിഅടുത്തു. ദേവകി പേരമ്മയുടെ നാലാമത്തെ പുത്രനാണ് കുട്ടപ്പ ന്‍ ചേട്ടന്‍. നാട്ടുകാര്‍ വിളിക്കുന്നത് കള്ളന്‍ കുട്ടപ്പന്‍ എന്നാണ് . അയല്പക്കത്തെ തങ്കമ്മചേച്ചിയുടെ കോഴിയും താറാവുമൊക്കെ രാത്രിയില്‍ കാണാതെ പോകുന്നതില്‍ കുട്ടപ്പചേട്ടനൊരു വലിയ പങ്കുണ്ടെന്നാണ് ജനസംസാരം. ഈ ബഹളങ്ങളൊന്നും അറിയാതെ, രാഘവമ്മാവന്‍ ആഴിക്കുള്ളില്‍ നിന്നും തീക്കനല്‍, വാരി വിതറി എറിഞ്ഞുകൊണ്ടേയിരുന്നു.

ടൂറിസ്റ്റ് ബസില്‍ കയറാന്‍ അടുത്തവര്‍ഷം സാധിക്കുമെന്ന്  സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. മറ്റൊരു പനിയുടെ രൂപത്തിലാണ്  ഭാഗ്യം കയറിവന്നത് . പനി  മൂര്‍ച്ഛിച്ചപ്പോള്‍, തോമസ് ഡോക്ടറുടെ ക്ലിനിക്കല്‍ ചെന്ന്  കുത്തിവയ്പു തന്ന് തിരികെ വരുമ്പോള്‍  അമ്മ നേര്‍ന്നു, 'എന്റെ അയ്യപ്പസ്വാമി, ഈ പനിയൊന്നു മാറികിട്ടിയാല്‍ മകനെ അടുത്ത വര്‍ഷം മലക്കയച്ചേക്കാം' ഇരുമുടി കെട്ടുമേന്തി രാഘവമ്മാവനോടൊപ്പം ബസില്‍ കയറി സീറ്റില്‍ ഇരുന്നപ്പോള്‍ ജീവിത സാഫല്യം നേടിയ അനുഭൂതി. അനേക നിറങ്ങളിലെ ലൈറ്റുകള്‍ മാറിമാറി വീക്ഷിച്ചു് , മൃദുവായ സീറ്റില്‍ അമര്‍ന്നിരുന്നു. ഉത്സവകാലത്ത്  കണ്ണാടിക്കൂട്ടില്‍ അടച്ചുവച്ചു വില്‍ക്കുന്ന കടും ചുവപ്പുനിറമുള്ള അലുവയുടെ അതേ നിറത്തിലുള്ള സീറ്റുകള്‍. 'പള്ളികെട്ട്  ശബരിമലക്ക് , കല്ലും മുള്ളും കാലുക്ക്  മെത്തയ് ,  സ്വാമിയേ  അയ്യപ്പോ , അയ്യപ്പോ സ്വാമിയേ' വീരമണിയുടെ തമിഴ് ഗാനം ആരോഹണ അവരോഹണ ക്രമത്തില്‍ ബസിനുള്ളില്‍ അലയടിച്ചുയരുന്നു. ആ ഗാനത്തിനോടൊപ്പം ഒരുമിച്ച് പാടുന്ന യാത്രക്കാരായ എല്ലാ അയ്യപ്പന്മാരും ഒക്കെക്കൂടി, ആ വര്‍ണ്ണ, നാദ പ്രപഞ്ചത്തില്‍ അലിഞ്ഞലിഞ്ഞില്ലാതായി എപ്പോഴോ ദീര്‍ഘനിദ്രയെ പ്രാപിച്ചു.

കന്നി സ്വാമീ! ഉണരൂ, ഉണരൂ, എന്ന്  രാഘവമ്മാവന്‍ വിളിച്ചുണര്‍ത്തി. വെളുപ്പിനെ നാലുമണിക്ക്  പമ്പയിലെ തണുത്ത ജലത്തില്‍ കുളികഴിഞ്ഞിട്ട്  പിതൃക്കള്‍ക്ക്  ബലിയര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ അതാ നില്കുന്നു 'ലംബകര്‍ണന്‍ '.പഞ്ചതന്ത്രം കഥയിലെ നായകന്‍, പിന്നിലെ ഒരുകാല്‍ അല്പം മടക്കി ഉയര്‍ത്തിപ്പിടിച്ചു് ഏകനായി വിഷമിച്ചു നില്‍ക്കുന്നു. ചുറ്റുമുള്ള വനത്തില്‍നിന്നും കൂട്ടംതെറ്റി എത്തിയതാവും എന്നാണ്  ആദ്യം കരുതിയത്.  മലകയറാന്‍ തുടങ്ങിയപ്പോളാണ്  ഇവരുടെ ഗതികേട് നേരില്‍ കാണുന്നത് . ഇടക്കിടെ അടികൊടുത്തു്, വലിയ ചാക്കു കെട്ടുകള്‍ പുറത്തുവെച്ചുകെട്ടി, വരിവരിയായി മലക്ക് മുകളിലേക്ക്  ചുമടെടിപ്പിച്ചു കൊണ്ടുപോകുന്നു. മിക്ക കഴുതകളുടേയും പുറം അടികൊണ്ട്  പൊളിഞ്ഞിരിക്കുന്നു. അടുത്ത അടി അവരുടെ പുറത്തു വീണപ്പോള്‍ സ്വന്തം ശരീരത്തു അടി കൊണ്ടതുപോലെ, അയ്യോ! അയ്യോ! എന്ന്  ഉറക്കെ  വിളിച്ചു  പോയി. ഇതൊന്നും ശ്രദ്ധിക്കാതെ ശരണം വിളിച്ചു മല ചവിട്ടി കയറുന്ന ഞങ്ങളുടെ അയ്യപ്പ സംഘത്തില്‍ നിന്നും രാഘവമ്മാവന്‍ 'കന്നി സ്വാമി എന്തുപറ്റി' എന്ന് വിളിച്ചു ചോദിച്ചു. ശരംകുത്തിയാലില്‍ ശരം തറച്ച് , കച്ചമുറി ഉപേക്ഷിച്ചു സന്നിധാനത്തില്‍ എത്തിച്ചേര്‍ന്നു. കന്നിസ്വാമി പതിനെട്ടാം പടിയിലെ ഒന്നാമത്തെ പടിയില്‍ തേങ്ങ ഉടക്കണം, യാത്ര തുടങ്ങുമ്പോളെ പറഞ്ഞേല്പിച്ചതാണ്. അതിനുവേണ്ടി  തോള്‍സഞ്ചിയില്‍  സൂക്ഷിച്ചിരിക്കുന്ന നാളികേരം അവിടെത്തന്നെയുണ്ടല്ലോ എന്ന്  വീണ്ടും ഉറപ്പുവരുത്തി. ഒന്നാം പടി തൊട്ടുമുമ്പില്‍ കണ്ടപ്പോള്‍, ശരണം വിളിച്ച്  സര്‍വശക്തിയും സംഭരിച്ച്  തേങ്ങാ എറിഞ്ഞതും, പുറകില്‍ നിന്നും തള്ള്  വന്നതും ഒപ്പമായിരുന്നു. മുന്നില്‍ പടികയറുന്ന തുളസി ചേട്ടന്റെ ഉപ്പൂറ്റിക്കും പടിക്കല്ലിനും ചേര്‍ത്താണ്  ഏറു കൊണ്ടത് . സ്വാമിയേയ്  എന്ന്  ഉറക്കെ വിളിച്ചു് ഒന്നും സംഭിവിക്കാത്തതു പോലെ തുളസി ചേട്ടന്‍ പടികയറുന്നു. അയ്യോ! തുളസി ചേട്ടന്റെ കാലിലെ എല്ല്  പൊട്ടികാണും. അത്രക്ക് ശക്തിക്കാണ്  എറിഞ്ഞത്. പൊട്ടിച്ചിതറിയ തേങ്ങയില്‍ ചവിട്ടി കുഞ്ഞുകാലുകള്‍ കൊണ്ട്  ശ്രമപ്പെട്ട്  പടികയറുമ്പോള്‍ പെട്ടെന്ന്  ഇരുകക്ഷത്തിലും പിടിച്ചു്  ആരോ പൊക്കി പടി കയറ്റുന്നു. പതിനെട്ട്  പടികളും ഇങ്ങനെ പൊക്കിയെടുത്തു കയറ്റിക്കഴിഞ്ഞപ്പോള്‍ ആരാണ് സഹായി ച്ചത് എന്ന് അറിയാനായി തിരിഞ്ഞു നോക്കി. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പോലീസുകാരാണ് ഈ മഹത്തായ സേവനം ശബരിമലയില്‍ ചെയ്യുന്നത്.  പടി ചവിട്ടുന്ന എല്ലാ അയ്യപ്പന്മാരിലും , മാളികപ്പുറങ്ങളിലും ഭഗവാനെ ദര്‍ശിച്ചു കൊണ്ട്, അവര്‍ തങ്ങളുടെ സേവനം അയ്യപ്പസ്വാമിക്കുള്ള അര്‍ച്ചനയായി അര്‍പ്പിക്കുന്നു. പോലീസ്  അയ്യപ്പന്മാര്‍ക്ക്  എല്ലാ അനുഗ്രഹങ്ങളും ശ്രീ ധര്‍മ്മ ശാസ്താവ്  നല്‍കട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് ശ്രീകോവിലിനു മുമ്പില്‍ എത്തിച്ചേര്‍ന്നു. 'ഭൂത ഗണനാഥനയ്യപ്പന്‍, ഭൂമി മലയാളം കാക്കുന്നു', കന്നി സ്വാമിയായി തിരുസന്നിധി ക്ക് മുന്നില്‍ നിന്ന് അന്ന് ചെയ്ത കന്നി പ്രാര്‍ത്ഥന, ''എല്ലാ ജീവജാലങ്ങളിലും പ്രകാശിക്കുന്ന ആത്മചൈതന്യമേ, അങ്ങേക്കുവേണ്ടി ചുമടെടുക്കുന്ന ലംബ കര്‍ണ്ണന്മാരെ അനുഗ്രഹിക്കേണമേ'' എന്നതായിരുന്നു. ആവശ്യത്തിന് പരിചരണം ലഭിക്കാതെ താഡനം ഏറ്റുവാങ്ങി ചുമടെടുക്കുന്ന കഴുതകളുടെ യാതന നേരില്‍ കണ്ടത്, കന്നിയാത്രയിലെ നീറുന്ന നൊമ്പരമായി നിലനിന്നിരുന്നു.

പതിറ്റാണ്ടുകള്‍ക്കു ശേഷം ശബരിമല വിശേഷങ്ങള്‍ പത്രത്തിലൂടെ വായിച്ചറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. പമ്പയില്‍ നിന്നും സന്നിധാനത്തിലേക്ക്  സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍  ഇപ്പോള്‍ കഴുതകളെ ഉപയോഗിക്കാറില്ല, പകരം ട്രാക്ടറുകളാണ്  ഉപയോഗിക്കുന്നത്.  'അഭീഷ്ട ദായകനെ, ശരണമയ്യപ്പ'. കാലമേറെ കഴിഞ്ഞെങ്കിലും പ്രാര്‍ത്ഥന ഭഗവാന്‍ സാധിച്ചു തന്നല്ലോ. അതോ, പണ്ടത്തെ ലംബ കര്‍ണ്ണന്മാര്‍ പലവുരു കഷ്ടതയനുഭവിച്ച് മലചവിട്ടിയതുകൊ ണ്ട് അവരുടെ പിന്തലമുറക്കാര്‍ക്ക് ക്രൂരമായ പീഡനത്തില്‍ നിന്നും കലിയുഗവരദന്‍ മോക്ഷം കൊടുത്തതാണോ? കാരണം എന്തായാലും കഴുതകള്‍ രക്ഷപെട്ടല്ലോ!.

ധനു മാസത്തിന് ഇപ്പോള്‍ പഴയ തണുപ്പില്ല. കവലയിലെ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പ ഭക്തി ഗാനങ്ങള്‍ ഉച്ചഭാഷണിയിലൂടെ മുഴങ്ങി കേള്‍ക്കാറില്ല. ശബ്ദ മലിനീകരണ നിയന്ത്രണം. ടൂറിസ്‌ററ്  ബസുകള്‍, എയര്‍കണ്ടീഷന്‍ ഉള്ള എയര്‍ ബസുകള്‍ ആയി മാറിയിരിക്കുന്നു. ഗ്ലാസ്സിട്ട ജനലുകള്‍, കര്‍ട്ടന്‍ കൊണ്ട് മറച്ചിരിക്കുന്നതു കൊണ്ട് ബസിനുള്ളിലെ ശബ്ദവും വെളിച്ചവും പുറത്തേക്ക് വരാറില്ല. ഇരുമുടിയേന്തി ശരണം വിളിച്ചുവരുന്ന ഒരുകൂട്ടം അയ്യപ്പന്‍മാരുമായി ഗുരുസ്വാമി, തുളസി ചേട്ടന്‍ ശബരിമല യാത്രക്കൊരുങ്ങി വരുന്നു. യാത്ര തുടങ്ങുന്നതിന് മുമ്പ്, കവലയിലെ ക്ഷേത്രത്തില്‍ തേങ്ങാ അടിക്കുന്ന പതിവ് അറിയാവുന്നതു കൊണ്ട്,  കുട്ടിത്തം വിട്ടുമാറാത്ത മനസ്സ്, തേങ്ങാപ്പൂള്‍ പെറുക്കിഎടുക്കാനായി വ്യഗ്രത പൂണ്ടു. ഗുരുസ്വാമി, 'ഉപ്പൂറ്റി ശ്രദ്ധിച്ചോണേ, കന്നി അയ്യപ്പന്മാര്‍ ഇത്തവണയും കൂടെ ഉണ്ടല്ലോ' എന്നതിന്, നാളികേരം പടിയില്‍ അടിക്കുന്ന സമ്പ്രദായം മാറ്റിയിട്ട് അനേകവര്‍ഷങ്ങളായി എന്ന് തുളസി ചേട്ടന്‍ ഉത്തരം നല്‍കി. കയ്യില്‍ കിട്ടിയ തേങ്ങാപൂളും കടിച്ച്, അയ്യപ്പ സംഘം യാത്ര ആരംഭിക്കുന്നത് അടുത്തുനിന്നു കാണുന്നതിനായി, തുറന്നു വരുന്ന ബസിന്റെ മുന്‍ വാതില്‍ക്കലേക്ക് നീങ്ങി നിന്നപ്പോള്‍, ' ആ ദിവ്യ നാമം അയ്യപ്പാ, ഞങ്ങള്‍ക്കാനന്ദ ദായക നാമം, ആ മണി രൂപം അയ്യപ്പാ ഞങ്ങള്‍ക്കാപാദ ചൂഢമധുരം'' എന്ന ഭക്തിഗാനം ബസിനുള്ളില്‍ നിന്നും ഒഴുകി എത്തി എന്റെ കര്‍ണപുടങ്ങളെ അഭിഷേകം ചെയ്തിരുന്നു. 

Read more

രാവില്‍ ഭീകരമാകുന്ന മധുരജലം (യാത്രാവിവരണം)

ഒരു പതിമൂന്നാം തീയതി വെള്ളിയാഴ്ച്ച സന്ധ്യക്ക് ഞങ്ങള്‍ ഡാള്ളസില്‍ നിന്നും ടെക്‌സസിലെ തന്നെ ലബ്ബക്ക് എന്ന കോളേജ് ടൌണിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാവിലെ മകള്‍ക്ക് കോളേജ് അഡ്മിഷന്‍റെ ഇന്റര്‍വ്യൂ ഉള്ളതുകൊണ്ടാണ് ആവഴിക്ക് യാത്ര ആരംഭിച്ചത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്‌സസിന്‍റെ വടക്ക് പടിഞ്ഞാറെ ഭാഗത്തായ്, ഡാള്ളസില്‍ നിന്നും 350 മൈല്‍ ദൂരത്തിലാണ് ഈ പട്ടണം നിലകൊള്ളുന്നത്. ഇതുവരെ പോകാത്ത വീഥികളിലൂടെ ജി പി എസ്സിന്‍റെ സഹായത്തോടെയാണ് െ്രെഡവിംഗ് ആരംഭിച്ചത്. ഡാള്ളസ് പട്ടണാതിര്‍ത്തി പിന്നിട്ടപ്പോള്‍ തന്നെ ഇളം നീലനിറത്തിലുള്ള പടിഞ്ഞാറെ ചക്രവാള കാന്‍വാസില്‍ കടും നിറത്തിലുള്ള വിവിധ വര്‍ണങ്ങള്‍ വാരിവിതറികൊണ്ട് ആരോ മനോഹര ചിത്രങ്ങള്‍ വരയുന്നത് കാണുവാന്‍ സാദിച്ചു.

പ്രധാന പാതക്ക് കുറുകെ പോകുന്ന ചെറിയ നിരത്തുകളുടെ പേരുകള്‍ F M ല്‍ തുടങ്ങുന്നു. കൃഷിസ്ഥലങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ ചന്തയിലേക്ക് എത്തിക്കുവനായീ നിര്‍മ്മിച്ചിരിക്കുന്നവ ആയതുകൊണ്ടാണ് ഫാം ടു മാര്‍ക്കറ്റ് എന്നതിന്‍റെ ചുരുക്ക പേരായ എഫ് എം ല്‍ ഈ പാതകള്‍ നാമകരണം ചെയ്തിരിക്കുന്നത്.സന്ധ്യയും, ചന്തയും ഒക്കെ ചിന്തിച്ചപ്പോള്‍ മറവിയുടെ അഗാധതയില്‍ മറഞ്ഞു കിടന്ന പഴയ ഒരു സിനിമാഗാനം ഓര്‍മയുടെ ഓള പരപ്പിലേക്ക് നുരപൊന്തി വന്നു. ആ ഗാനത്തിലെ വരികള്‍ ഓര്‍മിച്ചെടുക്കുമ്പോഴേക്കും, അതാ പാസ്സിഞ്ചെര്‍ സീറ്റില്‍ ഇരിക്കുന്ന, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിത പന്ഥാവിലേക്ക് കടന്നു വന്ന സഹധര്‍മിണി “സന്ദ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം ബന്ധൂരെ രാഗ ബന്ധൂരെ നീ എന്തിനീവഴി വന്നു” എന്ന ഗാനം മൂളാന്‍ തുടങ്ങുന്നു. ഇതെന്തൊരു പ്രതിഭാസം? യാത്രാ വേളകളില്‍ ഇതിനു മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുംമ്പോഴേക്കും അതേ ഗാനം ഭാര്യ പാടാന്‍ തുടങ്ങികഴിഞ്ഞിരിക്കും!!!!.

എന്നാലും ബന്ധൂരെയുടെ അര്‍ത്ഥം എന്താവാം? രാഗ ബന്ധൂരെ എന്നാണ് കവി എഴുതിയിരുക്കുന്നത്. ഗാനത്തിന്‍റെ സന്ദര്‍ഭം വച്ചുനോക്കുമ്പോള്‍ സുന്ദരിയായ ഒരു ജീവിത പങ്കാളിയെക്കുറിച്ചായിരിക്കാം എന്ന് അനുമാനിക്കാം.

ഇനിയുള്ള ഗ്യാസ് സ്‌റ്റേഷന്‍ 60 മൈല്‍ അകലെ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ എക്‌സിറ്റ് ഇറങ്ങി ഇന്ധനം നിറച്ചു. ഉറക്കത്തെ മാറ്റിനിര്‍ത്താനായി ഹോട്ട് ചീറ്റൊസും സോഡായും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു.

വടക്കുനിന്നും തണുത്ത വായുപ്രവാഹം വരുന്നതുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് പൊടുന്നനെ താഴാന്‍ തുടങ്ങുകയും, മഴയും ഉണ്ടാവുമെന്ന് റേഡിയോയിലൂടെ അറിയിപ്പുണ്ടായി. ഒരു വേനല്‍ക്കാലം കൂടി വിടവാങ്ങുന്നു. ശക്തിയായ കാറ്റും, അതിനോടൊപ്പം മഴയും, ദൈര്‍ഘം കുറഞ്ഞ സായാഹ്നവുമെല്ലാം വരാനിരിക്കുന്ന മഞ്ഞ് കാലത്തിന്‍റെ തീവ്രതയെ വിളിച്ചറിയിക്കുന്നു. കട്ടിയേറിയ കറുത്ത കരിമ്പടം കൊണ്ട് ആരോ പെട്ടെന്ന് മൂടിയതുപോലെ ഇരുട്ടിന്‍റെ കനത്ത ആവരണം ചുറ്റുപാടും വ്യാപിച്ചു. നിരത്തിലെ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നു. ഞങ്ങളുടെ വാഹനത്തെ കടന്ന് അതിവേഗത്തില്‍ മുന്നോട്ടു പോയ ഒരു കാര്‍ പെട്ടെന്ന് അപ്രത്ത്യക്ഷമായി. ആ വണ്ടിക്ക്എന്തു സംഭവിച്ചു എന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍, അയ്യോ അതെവിടെ പോയി? എന്ന് ഭാര്യയും ആശ്ചര്യപെട്ടു. കുറച്ചു സമയത്തിനു ശേഷം അങ്ങ് വിദൂരതയില്‍ വീണ്ടും ആ വണ്ടിയുടെ പിന്നിലെ മങ്ങിയ ചുവപ്പു പ്രകാശം കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ വാഹനം അവിടെ എത്തിയപ്പോളാണ് മനസ്സിലായത് നേര്‍ രേഖ പോലെ കിടക്കുന്ന ഹൈവേയിലെ താഴ്ന്ന സ്ഥലത്തെത്തുമ്പോള്‍ ആണ് ദൂരെനിന്നും നോക്കുമ്പോള്‍ വാഹനം കാണാന്‍ സാധിക്കാതെ വരുന്നതെന്ന്.

പ്രധാന ഹൈവേയില്‍ നിന്നും ലബ്ബക്കിലേക്ക് പോകുന്ന വഴിയിലൂടെ യാത്ര ആരംഭിച്ചപ്പോള്‍ റോഡ്പണി നടക്കുന്നതുകൊണ്ട് വേഗത നിയന്ത്രിക്കുക എന്ന ബോര്‍ഡുകള്‍ റോഡിനിരുവശത്തും സ്ഥാപിച്ചിരിക്കുന്നു. ഒരുദിശയിലേക്ക് മാത്രം പോയികൊണ്ടിരുന്ന ഇരുവരി പാത ഇരുവശത്തേക്കും പോകുന്ന ഒറ്റവരിപാതയാക്കി മാറ്റിയിരിക്കുന്നു. തലയിലും, താടിയിലും തീജ്വാല വമിപ്പിച്ചുകൊണ്ട് വിഴുങ്ങാനായി ഓടി അടുക്കുന്ന വ്യാളിയെപ്പോലെ പതിനെട്ട് ചക്ര വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്നും ഭൂമികുലുക്കി കൊണ്ട് ഓടി അടുക്കുന്നു.പാതയില്‍ തളം കെട്ടികിടക്കുന്ന മഴ വെള്ളം വലിയ ഡ്രമ്മില്‍ കോരി വിന്‍ഡ്ഷീല്‍ഡിലേക്ക് ഒഴിക്കുന്നതുപോലെ, വെള്ളം തെറിപ്പിച്ചുകൊണ്ടാണ് ഇവയുടെ പരക്കംപാച്ചില്‍. ട്രക്കുകള്‍ പോയികഴിഞ്ഞാല്‍ കുറച്ചു സമയത്തേക്ക് മുന്നിലെ വഴി കാണാനേ കഴിയില്ല.

വീണ്ടും വിജനമായ വഴിയിലൂടെ മുന്നോട്ടുപോയപ്പോള്‍ ഞങ്ങളുടെ വാഹനത്തെ ലക്ഷ്യം വച്ച് വലിയ ഒറ്റ വിളക്കിന്‍റെ പ്രകാശം അടുത്തടുത്തു വരുന്നു. പിന്നിലെ സീറ്റില്‍ ഉറങ്ങികിടന്ന മകളെ വിളിച്ചുണര്‍ത്തി ഭാര്യയോടുമായി, അടുത്തുവരുന്ന ഒറ്റകണ്ണന്‍ ഇപ്പോള്‍ നമ്മളുമായി മുഖാമുഖം ഇടിച്ചു എല്ലാം തകര്‍ക്കുമെന്നറിയിച്ചു. ഒറ്റകണ്ണന്‍ അടുത്തെത്തിയപ്പോള്‍ ഞങ്ങളുടെ വാഹനത്തിന്‍റെ വേഗത പരമാവതി കുറച്ച് ഇടിയുടെ ആഘാതം കുറയ്ക്കാനായി ശ്രമിച്ചു. ഞങ്ങളുടെ പാതയോട് ഉരുമ്മികൊണ്ട് സൈറനും മുഴക്കി കുടുക്ക്—കുടുക്ക്, കുടുക്ക്—കുടുക്ക് എന്ന ശബ്ദത്തോട് ഭീമാകാരനായ ഒരു ട്രെയിന്‍ പരിസരം പിടിച്ചുലച്ച് കടന്നുപോകുന്നു. ചുറ്റും പരന്നുകിടക്കുന്ന കുറ്റാകൂരിരുട്ട് മൂലം റെയില്‍വേ ട്രാക്ക് കാണുവാന്‍ സാധിച്ചില്ല.

വാഹനത്തിലെ സമയസൂചി 12 മണിയോടടുക്കുന്നു. ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് പ്രിയതമ ചോദിച്ചു,” നമ്മള്‍ കരയിലൂടെ തന്നെയാണോ സഞ്ചരിക്കുന്നത്., അതോ കടലിനു നടുക്കുകൂടിയാണോ?” കൂരിരിട്ടില്‍ മിന്നി മിന്നി കാണുന്ന ചുവന്ന പ്രകാശം പെട്ടെന്നാണ് ശ്രദ്ധയില്‍ പെട്ടത്. ആരോരുമില്ലാത്ത ഈ പ്രദേശത്ത് ആരാണ് മിന്നുന്ന ചുവന്ന്! ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്?. മുന്നോട്ടു പോകുന്തോറും വിളക്കുകളുടെ എണ്ണം കൂടി കൂടി വരുന്നു. വണ്ടിയുടെ ചുറ്റും വീക്ഷിച്ചു കൊണ്ട് മകള്‍ പറഞ്ഞു,” നമുക്ക് ചുറ്റും ഒരു വല വിരിച്ചതു പോലെ തോന്നുന്നു”. അനേകം ചുവന്ന വിളക്കുകള്‍ ഞങ്ങള്‍ക്കുചുറ്റും മിന്നി മിന്നി പ്രകാശിക്കുന്നു. നിരത്തില്‍ മറ്റു വാഹനങ്ങള്‍ ഒന്നും തന്നെ കാണുന്നുമില്ല. ഇത് സംശയമില്ല!!! അന്യഗ്രഹ ജീവികള്‍ തന്നെ!!!. നമ്മളെ വലവീശി പിടിക്കാന്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം കണ്ട ഇംഗ്ലീഷ് സിനിമയിലെ ഭീകര ദ്രിശ്യങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിവരുന്നു. കാര്‍ നിലത്തുനിന്നും ഉയരുന്നതു പോലെ തോന്നുന്നു. വലക്കുള്ളില്‍ കുടുങ്ങിയോ!!!! ദൈവമേ, എന്തൊക്കെ പരീക്ഷണങ്ങളാണോ ആകാശ നൌകയില്‍ വച്ച് അന്യഗ്രഹ ജീവികള്‍ ഞങ്ങളില്‍ നടത്താന്‍ പോകുന്നത്?. വാഹനത്തിന്‍റെ വേഗത പെട്ടെന്ന് വര്‍ദ്ധിപ്പിച്ച് വലയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. അതിവേഗത്തില്‍ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, സാവധാനം പുറകിലേക്ക് നീങ്ങി നീങ്ങി പോകുന്ന മിന്നുന്ന ചുവന്ന വിളക്കുകള്‍ കാണുവാന്‍ സാധിച്ചു. വലയില്‍ നിന്നും രക്ഷ്‌പെടുത്തിയതിന് എല്ലാ ഈശ്വരന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ലബ്ബക്കിനെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

35000 വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ വലിയ സര്‍വകലാശാലയാണ് ടെക്‌സസ് ടെക്ക് എന്ന കോളേജ്.പരുത്തി പാടങ്ങള്‍ നിറഞ്ഞു നില്‍കുന്ന ലബ്ബക്ക് പട്ടണത്തിന്‍റെ ജനസംഖ്യ 3 ലക്ഷത്തോളംവരും. മകളുടെ ഇന്‍റര്‍വ്യൂ കഴിഞ്ഞ് ഉച്ചയോടുകൂടി മടക്ക യാത്ര ആരംഭിച്ചു. 

പാതിരാവില്‍ ചുവന്ന വിളക്കുകളാലുള്ള വല കണ്ട സ്ഥലത്തെത്തിയപ്പോള്‍ “അതാ നോക്കിക്കേ, നമ്മളെ പേടിപ്പിച്ചവര്‍ ആകാശം മുട്ടെ നിവര്‍ന്നുനില്‍ക്കുന്നു,” എന്ന് ഭാര്യ അറിയിച്ചു. ചുറ്റും കാണുന്ന മോട്ടകുന്നുകളിലും, സമതലങ്ങളിലുമെല്ലാമായി മൊത്തം 585 കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. മൈലുകള്‍ ദൂരത്തില്‍, ഹൈവേക്കിരുവശവുമായി 212 അടി ഉയരത്തില്‍, 166 അടി നീളമുള്ള ബ്ലൈഡുകള്‍ ഒരേവേഗത്തില്‍ പതുക്കെ പതുക്കെ നിരന്തരമായി കറക്കികൊണ്ടാണ് ഈ വിന്‍ഡ് മില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. പവനനെ പാട്ടിലാക്കി, ശുദ്ധമായ മാര്‍ഗ്ഗത്തിലൂടെ ഭീമാകാരമായ ഈ യന്ത്രങ്ങള്‍ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്നു. ഇവ നിലകൊള്ളുന്ന സിറ്റിയുടെ പേരോ, അതി വിചിത്രം. “സ്വീറ്റ് വാട്ടര്‍”. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ വിന്‍ഡ് മില്ലുകളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിന്നുന്ന ചുവന്ന വിളക്കുകളാല്‍ ചുറ്റും വലവിരിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന പ്രദേശം. വിന്‍ഡ് മില്ലുകളുടെ നിറം വെള്ളയായതുകൊണ്ടും, ചുറ്റുപാടും മറ്റു വെളിച്ചങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഇരുട്ടില്‍ ഈ യന്ത്രങ്ങളെ കാണുവാന്‍ സാധിക്കില്ല. നിശാ സഞ്ചാരത്തിന് ഒട്ടും മധുരമല്ലാത്ത “സ്വീറ്റ് വാട്ടര്‍” സിറ്റിയോട് വിടപറഞ്ഞ് ദീര്‍ഹ ദൂരം സഞ്ചരിച്ച് വീടിന്‍റെ സുരക്ഷിതത്വത്തില്‍ എത്തിച്ചേര്‍ന്നിട്ട്, സോഫയിലേക്ക് ചാഞ്ഞു. കടുപ്പമേറിയ കട്ടന്‍ കാപ്പിയും നാടന്‍ മിക്‌സറുമായി സഹധര്‍മ്മിണി അടുത്തുവന്നപ്പോള്‍ മകള്‍ ചോദിച്ചു, ടിവിയില്‍ “എക്‌സ്ട്രാടെരെസ്ട്രിയല്‍സ്” എന്ന സിനിമ ഉണ്ട്, വക്കട്ടെ?

വേണ്ട വേണ്ട എന്ന്! അഞ്ചാറുപ്രാവശ്യം എന്തിനു പറഞ്ഞു എന്നും,സോഫയില്‍ നിന്നും എന്തിനു ചാടി എഴുനേറ്റു എന്നും ഇപ്പോഴും മനസ്സിലാകുന്നില്ല. 

Read more

ഇന്ദുപുഷ്പം ചൂടിനിന്ന ഒരു രാത്രി

ഒ.എന്‍.വി സാറിന്റെ വിയോഗമറിഞ്ഞപ്പോള്‍, സാറിനോട് ഇനി എങ്ങനെ ആ സംശയം ചോദിച്ചു മനസ്സിലാക്കുവാന്‍ സാധിക്കും എന്നോര്‍ത്ത് വിഷമിച്ചു. വേമ്പനാട്ടു കായലിലെ, വട്ടക്കായാല്‍ എന്ന തടാകത്തിന്റെ ഒത്തനടുവില്‍ വെച്ചാ ആ സംശയം ഉടലെടുത്തത്. വെന്നിലാവിന്റെ കുളിര് ആവോളം നുകര്‍ന്ന്, കുഞ്ഞോളങ്ങളാല്‍ ആലോലമാട്ടപെട്ടു, വിദൂരതയില്‍, കായലില്‍ പ്രതിഫലിച്ചു കാണുന്ന കേരവൃക്ഷങ്ങളുടെ ഇളകിയാടുന്ന നിഴലുകള്‍ ആസ്വദിച്ചിരുന്നപ്പോള്‍, ഈ വശ്യ സുന്ദരമായ പ്രകൃതി എന്റെ ഓര്‍മകളില്‍ നിന്നും ഈ ഗാനം ഉയര്ത്തി#്‌കൊണ്ടുവരുന്നു എന്ന്! മുരളി അറിയിച്ചു. ഹൗസ്സ് ബോട്ടിനരികിലൂടെ ഒഴുകിനീങ്ങുന്ന തോണിയിലെ അമരക്കാരന്റെ തുഴ ഒരേ താളത്തില്‍ ജലത്തില്‍ മുട്ടുമ്പോള്‍ പുറപ്പെടുവിക്കുന്ന 'ഗ്ലും ഗ്ലും' ശബ്ദം ആരംഭം ആക്കികൊണ്ട് മുരളി ആലാപനം ആരംഭിച്ചു.

'ഇന്ദുപുഷ്പം ചൂടി നില്കും രാത്രി, ചന്ദനപൂം പുടവ ചാര്‍ത്തി രാത്രി..'

ആ രാവിന് ഏറ്റവും അനുയോജ്യമായ വിവരണം. തെളിഞ്ഞ ആകാശത്ത് വൃത്താകൃതിയില്‍ ഒരു വലിയ പുഷ്പം പോലെ പൂര്‍ണചന്ദ്രന്‍ പുഞ്ചിരിയുമായി ഞങ്ങളെ നോക്കിയിരിക്കുന്നു. ചന്ദന നിറത്തിലുള്ള പുടവ ചാര്‍ത്തിയ രാവ് മനസ്സിനെ മത്തുപിടിപ്പിക്കുന്നു.

'പഞ്ചബാണ ദൂതിയായ് നിന്നരികിലെത്തി, ചഞ്ചലെ നിന്‍ വിപഞ്ചിക തൊട്ടുണര്‍ത്തി'

1988ല്‍ ഭരതന്‍ അണിയിച്ചൊരുക്കിയ വൈശാലി എന്ന അഭ്രകാവ്യത്തില്‍ പിതാവിനെ അല്ലാതെ മറ്റൊരു മനുഷ്യനെയും കണ്ടിട്ടില്ലാത്ത കാനന മദ്ധ്യത്തില്‍ വസിക്കുന്ന ഋഷ്യശൃംഗന്‍ എന്ന മുനികുമാരനെ വശീകരിച്ചു കൊണ്ടുവരാന്‍പോകുന്ന ദേവദാസി കന്യകയ്ക്ക് അമ്മ നല്കുന്ന ആശീര്‍വാദമാണ് ഈ ഗാനം. കാമദേവന്റെ ദൂതിയായി ഇന്നത്തെ രാത്രി നിന്റെ അരികിലെത്തിയിരിക്കുന്നത്, പ്രണയം കൊണ്ട് ചഞ്ചല ചിത്തയായ നിന്റെ ഉളളിലെ വീണകമ്പികള്‍ തൊട്ടുണര്‍ത്താന്‍ വേണ്ടിയാണ്.

'ഏലസ്സില്‍ അനംഗത്തിരുമന്ത്രങ്ങളക്കുറിച്ച്, പൊന്‍ നൂലില്‍ ചേര്‍ത്തീയരയില്‍ അണിയിക്കട്ടെ'
ബ്രഹ്മചാരിയായ മുനികുമാരന്റ് മനസ്സ് മാറ്റി കൂട്ടികൊണ്ടുവരുവാനായി വശീകരണ മന്ത്രം അടക്കം ചെയ്ത തകിട് അമ്മ, മകളുടെ അരയില്‍ അണിയിക്കുന്നു.

'മാമുനിയെ മാന്‍കികടാവായ് മാറ്റും മന്ത്രം, താമര കണ്മുനകളാല്‍ പകര്‍ത്തി വെച്ചു'
12 വര്‍ഷം മഴപെയ്യാതിരുന്ന രാജ്യത്ത് മഴ പെയ്യിക്കാനായി മഹായാഗം നടത്താന്‍ മുനികുമാരനെ, പിതാവ് അറിയാതെ വശീകരിച്ച് കൂട്ടികൊണ്ടുവരാന്‍ മനസ്സും ശരീരവും പാകപെടുത്തുന്ന ഒരുകന്യകയുടെ ചിത്രം പകര്‍ത്തിയെടുത്ത വരികള്‍.

ഏതോ ഒരു ഗന്ധര്‍വ്വലോകത്തുനിന്നും ഒഴുകിയെത്തുന്നതുപോലെ മുരളിയുടെ ഗാനാലാപം തുടര്‍ന്നു.
'ഏതൊരുഗ്ര തപസ്സിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നോരഗ്നിയായ് നീ പടരൂ, പൂവല്ല പൂനിലാവിന്‍ കിരണമല്ലോ നിന്‍ പൂമിഴികള്‍ അനന്തന്റ് പ്രിയ ബാണങ്ങള്‍'.

പാട്ടവസനിച്ചപ്പോള്‍ ഞങ്ങള്‍ അവസാന വരികളെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു. ഉഗ്രനായ താപസ്സിയുടെ പ്രാണങ്ങളിലാകെ 'കുളിരേകുന്നോരഗ്നിയായ് നീ പടരൂ' എന്നത് എങ്ങനെ ശരിയാവും എന്നായി സാബുവിന്റെ സംശയം. അഗ്നിക്ക് കുളിരല്ലല്ലോ ചൂടല്ലേ ഉള്ളത്?

ഒരു താപസന്റെ ശരീരത്തിലെ താപാഗ്നിയെ ശമിപ്പിക്കുവാന്‍ കാമാഗ്നിക്കെ കഴിയൂ എന്നായി ടോമി. ഉഷ്ണം ഉഷ്‌ണേനെ ശാന്തി എന്നതിനു സമാനപ്രയോഗം, വൈകാരിക അനുഭൂതിയെ വിവരിക്കുവാന്‍ ഇതിലും നല്ല ഒരു കാവ്യഭാഷ ഇല്ല എന്നും ടോമി തുടര്‍ന്നു. ഒ എന്‍ വി സാറിനെ നേരില്‍ കണ്ടുതന്നെ ഈ സംശയം തീര്‍ക്കണം എന്ന് അപ്പോള്‍ തീരുമാനിച്ചു. അഗാധപാണ്ഡിത്യവും, പ്രതിഭാശാലിയും ആയിരുന്ന സാര്‍ ഉദ്ദേശിച്ചിരുന്ന അര്‍ത്ഥം ചിലപ്പോള്‍ ഇതൊന്നുമായിരിക്കില്ല.

എം ടി യുടെ തിരക്കഥയും, ഭരതേന്റെ സംവിധാനവും, ഒ എന്‍ വി യുടെ ഗാനരചനയും കൊണ്ട് അവിസ്മരണീയമായ സിനിമയിലെ. ദേശീയ അവാര്‍ഡ് ലഭിച്ച ഗാനം. മലയാളികള്‍ക്ക് മറക്കാനാവത്ത എത്ര എത്ര ഗാനങ്ങളാണ് അദ്ദേഹം കൈരളിക്ക് സമര്‍പി്ച്ചത്.

പശ്ചിമ ദിക്കിലേക്ക് ചായാന്‍ തുടുങ്ങുന്ന പൂനിലാവ് കെട്ടുവള്ളത്തിന്റെ സ്വീകരണ മുറിയിലേക്ക് എത്തി നോല്ക്കുന്നു. കുട്ടനാടന്‍ വയലോലകളെ മുത്തംവച്ചെത്തുന്ന ഇളം കാറ്റിന്റെ അകമ്പടിയോടെ ഒ എന്‍ വി സാറിന്റെ! മറ്റൊരു ഗാനം മുരളിയുടെ ശ്രുതി മധുരമായ ശബ്ദത്തില്‍ അലയടിക്കുവാന്‍ തുടങ്ങി.

'വാതില്‍ പഴുതിലൂടെന്മുമ്പില്‍ കുങ്കുമംവാരി വിതറും ത്രിസന്ധ്യപോകെ, അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടൂ, മധുരമാം കാലൊച്ച കേട്ടൂ'. തന്റൈ രചനകള്‍ കൊണ്ട് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കിയ സാറിന്റെ കാലൊച്ച ഒരിക്കല്‍ കൂടി കേള്‍ക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍'

വെറുതെയീമോഹങ്ങള്‍ എന്നറിയുമ്പോളും വെറുതെ മോഹിക്കുവാന്‍ മോഹം . വെറുതെ മോഹിക്കുവാന്‍ മോഹം..

 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC