ജെ. മാത്യൂസ്

മലയാള മാധ്യമങ്ങള്‍ അമേരിക്കയില്‍

ഈയിടെ ലാന നടത്തിയ ഒരു മാധ്യമ ചര്‍ച്ചയില്‍ പ്രകടിപ്പിച്ച ചില ആശങ്കകള്‍ ശ്രദ്ധേയമാണ്. 'സാമ്പത്തിക പ്രതിസന്ധിയുണ്ട്, കിട്ടുന്ന രചനകളില്‍ ഒട്ടേറെ തെറ്റുകള്‍. തലക്കെട്ടില്‍ പോലും അക്ഷരത്തെറ്റ്, വരിക്കാര്‍ കുറഞ്ഞുവരുന്നു, ഒരേ രചനതന്നെ പല മാധ്യമങ്ങള്‍ക്കും അയച്ചുകൊടുക്കുന്നു.' 1970 മുതല്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 30ല്‍ പരം അച്ചടി മാധ്യമങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ല. അവ നടത്തി കൈപൊള്ളിയവര്‍ക്കുണ്ടായ പ്രതിസന്ധികളും ഇവയൊക്കെത്തന്നെയായിരുന്നു.

അച്ചടിമാധ്യമങ്ങള്‍ ഇന്നു നേരിടുന്ന വെല്ലുവിളി, ഇന്ത്യന്‍ കടകളില്‍ നിന്നും മറ്റും 'വെറുതെ' പെറുക്കിയെടുക്കാന്‍ കിട്ടുന്ന മലയാളപത്രങ്ങള്‍ തന്നെയാണ്. വെറുതെ കിട്ടുമെങ്കില്‍ വരിസംഖ്യ മുടക്കി പത്രം വരുത്താന്‍ ആര്‍ക്കാണു താല്‍പര്യം? അത്രകണ്ടു ഭാഷാസ്‌നേഹമൊന്നും ഭൂരിപക്ഷം മലയാളികളുടെയും ഉള്ളിലില്ല. 'തമിഴത്തി' അല്ലല്ലോ മലയാളിയുടെ അമ്മ!

പെരുകിവരുന്ന ടിവി ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങല്‍, പുറമെ അതിവേഗം പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ ഇവയെ ഒക്കെയും നേരിട്ടുകൊണ്ടുവേണം ആഴ്ചയില്‍ ഒരിക്കല്‍ അച്ചടിക്കുന്ന മലയാളപത്രങ്ങള്‍ നിലനില്‍ക്കാന്‍. കടലാസ് കയ്യില്‍ പിടിച്ച്, അക്ഷരങ്ങള്‍ നോക്കി വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം മലയാളികള്‍ അമേരിക്കയിലുണ്ട്. അവര്‍ക്കു കിട്ടേണ്ടത് രണ്ടുമൂന്നാഴ്ച പഴകിയ വാര്‍ത്തകളല്ല. വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയില്‍ പത്രങ്ങള്‍ മാറ്റം വരുത്തണം. ഓരോ വാര്‍ത്തയും വിശദമായി വിശകലനം ചെയ്തുകൊണ്ടുള്ള അവലോകനം വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കണം. അവ സമൂഹത്തെ ഏതു രീതിയില്‍ ബാധിക്കുമെന്നും സ്വാധീനിക്കുമെന്നുമുള്ള വിലയിരുത്തല്‍ വേണം. ചുരുക്കത്തില്‍, അറിയാനും ആസ്വദിക്കാനും പഠിക്കാനുമുള്ള കാര്യങ്ങള്‍ പത്രത്തില്‍ വേണം. ഈ അവതരണരീതി ഓരോ പത്രത്തിനും വ്യത്യസ്തമായിരിക്കും. ആ വ്യത്യാസമാണ് അതാതു പത്രത്തിന്റെ പ്രത്യേകത. വരിസംഖ്യ കൊടുത്തു വാങ്ങിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന സവിശേഷത പത്രങ്ങള്‍ സ്വയം നേടിയെടുക്കണം.

കിട്ടുന്നതെന്തും അതേപടി അച്ചടിച്ചുവിടുന്ന പതിവ് മാറ്റണം. സൂഷ്മതയോടെയുള്ള പ്രൂഫ്‌റീഡിംഗ് അത്യാവശ്യമാണ്. പത്രങ്ങളില്‍ വരുന്ന തെറ്റുകളുടെ ഉത്തരവാദിത്വം പത്രത്തിനു തന്നെയാണ്, എഴുത്തുകാരുടെ നേരെ വിരല്‍ചൂണ്ടരുത്. അക്ഷരത്തെറ്റുകളെപ്പറ്റി പത്രാധിപരോടു പരാതി പറയുമ്പോള്‍, 'ഓ, അതങ്ങു തിരുത്തിവായിച്ചാല്‍ പോരെ?' എന്നുള്ള മറുപടിയല്ല പത്രാധിപരില്‍നിന്നും പ്രതീക്ഷിക്കുന്നത്.

ചില എഴുത്തുകാര്‍ അവരുടെ രചനകള്‍ കഴിയുന്നത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. എല്ലാ മാധ്യമങ്ങളിലും തന്റെ രചന വന്നുകാണണമെന്നാണവരുടെ ആഗ്രഹം. ആരില്‍നിന്നും അവര്‍ പ്രതിഫലം പറ്റിയിട്ടില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്നാല്‍ ഇത്തരം എഴുത്തുകള്‍ നിരസിക്കാനുള്ള അധികാരം പത്രാധിപര്‍ക്കുണ്ട്. ഒരേ സാഹിത്യസൃഷ്ടിതന്നെ ഏതാണ്ട് ഒരേസമയത്ത് പല മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ തനതായ മൗലികസ്വഭാവമാണ്. എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കാനുള്ള സാമ്പത്തികശേഷി മാധ്യമങ്ങള്‍ക്കുണ്ടാകുമ്പോള്‍(ഉണ്ടായാല്‍!) ഈ പ്രശ്‌നം ഒട്ടൊക്കെ പരിഹരിക്കപ്പെടും.

സാഹിത്യസൃഷ്ടികളെപ്പറ്റി വായനക്കാര്‍(?)കൃത്രിമ പേരില്‍ എഴുതിവിടുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും മാധ്യമങ്ങളുടെ മാന്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാനുള്ള അവകാശം വായനക്കാര്‍ക്കുണ്ട്. ഉദ്ദേശശുദ്ധിയോടെയുള്ളതാണ് ആ പ്രതികരണങ്ങളെങ്കില്‍, സ്വന്തം ശരിയായ പേരുവച്ച് ഈ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. 'ഭദ്രകാളി', 'യൂദാസ്', 'വാമനന്‍', 'വിവരദോഷി' തുടങ്ങിയ കൃത്രിമപേരുകളില്‍ വരുന്ന അഭിപ്രായങ്ങള്‍ ഇരുട്ടത്തിരുന്നുള്ള കൊഞ്ഞനം കാട്ടലാണ്, അത് പത്രത്തിന്റെ അന്തസിനു ചേര്‍ന്നതല്ല.(ബോധപൂര്‍വ്വം വിവാദം സൃഷ്ടിച്ച മാധ്യമത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ മാധ്യമഉടമതന്നെ ചെയ്യുന്ന കള്ളക്കളിയാണിതെന്ന് പലരും കരുതുന്നു!) ഭാഷയോടും സാഹിത്യത്തോടും ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണത്.

പ്രസിദ്ധീകരിക്കാന്‍ കിട്ടുന്ന ഒരു ലേഖത്തിന്റെ/ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാണിച്ചാല്‍, തിരുത്താനുള്ള പത്രധര്‍മ്മം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കണം.

അമേരിക്കയിലുള്ള മലയാളമാധ്യമങ്ങള്‍ മിക്കവയും സാമ്പത്തികലാഭത്തിനുവേണ്ടി പ്രസിദ്ധീകരിക്കുന്നവയല്ല. പലതും നഷ്ടം സഹിക്കുന്നുമുണ്ട്. പക്ഷേ, ഈ 'നഷ്ട'മാണ് ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും നിലനില്‍പിനു വേണ്ടി ഭാഷാസ്‌നേഹികള്‍ മുടക്കുന്ന മൂലധനം!

ജെ .മാത്യൂസ് (Janani November editorial) 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC