ജോസഫ് പടന്നമാക്കല്‍

കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും

ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായി അറിയപ്പെടുന്നു. ഇന്ത്യയിൽ ലൈംഗിക വാക്കുകൾ ദൈനം ദിന ജീവിതത്തിൽ പ്രയോഗിക്കുന്നത് സദാചാര വിരുദ്ധമാണ്. സ്‌കൂളുകളിൽ കുട്ടികളെ ലൈംഗികത പഠിപ്പിക്കുവാൻ സാമൂഹിക ചുറ്റുപാടുകൾ അനുവദിക്കുന്നില്ല. അദ്ധ്യാപകർ ലൈംഗിക വാക്കുകൾ ക്ളാസുകളിൽ പ്രയോഗിക്കുന്നതുപോലും വിലക്ക് കല്പിച്ചിരിക്കുന്നു. ജനിച്ചു വളരുന്ന കുടുംബത്തിലും സ്‌കൂളിലും ലൈംഗിക പാഠങ്ങൾ ഒളിച്ചുവെക്കുന്നുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത മനുഷ്യരുടെ രതിവികാരംകൊണ്ട് ഇന്ത്യ 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രമായി അറിയപ്പെടുമെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക കാര്യങ്ങൾ ഭാര്യ ഭർത്താക്കന്മാർപോലും സംസാരിക്കാൻ ഇഷ്ടപ്പെടില്ല. 'താൻ എങ്ങനെ ഉണ്ടായി'യെന്നുള്ള കുട്ടികളുടെ ചോദ്യത്തിനു മുമ്പിലും ഉത്തരം പറയാതെ മാതാപിതാക്കൾ ഒഴിഞ്ഞുമാറും. എന്നാൽ ശിവലിംഗത്തെ തൊഴുത് ആരാധിക്കുന്നതിനു യാതൊരു മടിയുമില്ല. കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ മാത്രം ലൈംഗിക ക്രിയകളിൽ സ്ത്രീയും പുരുഷനും ഉൾപ്പെടാൻ പാടുള്ളൂവെന്നാണ് പ്രമാണം. ലൈംഗികതയെ എങ്ങനെ പരമാനന്ദമാക്കാമെന്നും അതിനുള്ള ഉപാധികളെന്തെല്ലാമെന്നും ആരും ചിന്തിച്ചിരുന്നുമില്ല. 'മല്ലനാഗ വാത്സ്യായന' മഹർഷി രചിച്ച 'കാമസൂത്ര' അതിനൊരു അപവാദമായിരുന്നു.

ഇന്ത്യയുടെ ലൈംഗിക ചരിത്രം ഋഗ്‌വേദം മുതൽ കാമസൂത്ര കാലം വരെയും അവിടെനിന്ന് മുഗൾ കാലം വരെയും വിശദമായി വിവരിച്ചിട്ടുണ്ട്. മുഗൾകാലഘട്ടത്തിൽ 'ലൈംഗികത' വെറുക്കപ്പെട്ട ഒന്നല്ലായിരുന്നുവെന്ന് കാണാൻ സാധിക്കും. മുഗൾ സാഹിത്യത്തിലും കലകളിലും ലൈംഗികതയ്ക്ക് പ്രത്യേകമായ പ്രാധാന്യം കല്പിച്ചിരുന്നു. ഹിന്ദു ദൈവങ്ങളും ദേവതകളും അപ്സരസുകളും പൗരാണിക അമ്പലങ്ങളിൽ ലൈംഗികത പ്രദർശിപ്പിച്ചിരിക്കുന്നത്‌ കാണാം. അജന്ത, എല്ലോറ, കജറാവു എന്നിവടങ്ങളിൽ ദേവി ദേവന്മാരുടെ ലൈംഗിക ആനന്ദങ്ങൾ വിവിധ ഭാവരൂപങ്ങളിൽ കൊത്തി വെച്ചിരിക്കുന്നതും പൗരാണിക കലാ സാംസ്ക്കാരികതയെ വിളിച്ചറിയിക്കുന്നു.

വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ സാംസ്ക്കാരികതയിൽ നിരവധി പുസ്തകങ്ങൾ എഴുതപ്പെട്ടതിൽ ബ്രിട്ടീഷുകാർ അടിസ്ഥാനമായി കണ്ടത് മനുസ്മൃതിയായിരുന്നു. മനുവിന്റെ യാഥാസ്തിക ചിന്തകൾ വിക്ടോറിയൻ കാലഘട്ടത്തിലേക്ക് എത്തിച്ചിരുന്നു. ബ്രിട്ടീഷുകാർ ആദ്യം സംസ്കൃതത്തിൽ നിന്ന് ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്ത പുസ്തകവും മനുസ്മൃതി തന്നെ. ഇന്ത്യയുടെ ഭരണ സംവിധാനത്തിനുള്ള നിയമങ്ങൾ സൃഷ്ടിക്കാൻ അവർ മനുവിയൻ നിയമങ്ങളെ ആശ്രയിച്ചിരുന്നു. പുരോഗമന ചിന്തകളുള്ള ഋഗ്‌വേദവും കാമസൂത്രവും പരിപൂർണ്ണമായും നിരസിച്ചു. അങ്ങനെ മനുസ്മൃതി ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആധികാരിക ഗ്രന്ഥമായി കണക്കാക്കിയിരുന്നു.

ഹൈന്ദവമതത്തിന്റെ സ്വന്തമെന്നു കരുതുന്ന കാമസൂത്ര പുസ്തകങ്ങൾ രണ്ടാംനൂറ്റാണ്ടിൽ  എഴുതിയതെന്നു അനുമാനിക്കുന്നു. ലൈംഗിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഭാഷയിലാണ്, കാമസൂത്ര ഉടനീളം വിവരിച്ചിരിക്കുന്നത്. ഭാരതത്തിലെ ഗ്രന്ഥങ്ങളിൽ ഭഗവദ്ഗീത കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കുന്നത് കാമസൂത്രയാണ്. സരസനും പണ്ഡിതനുമായ മല്ലനാഗ വാത്സ്യായാന മഹർഷിയാണ് ഇതിന്റെ രചയിതാവ്. പൗരാണിക ദർശനങ്ങളിൽ ഇത്രമാത്രം വിമർശിക്കപ്പെട്ട ഒരു ഗ്രന്ഥം വളരെ വിരളമായിരിക്കും. യൂറോപ്പിലും അമേരിക്കയിലും ഈ ഗ്രന്ഥത്തിന് വളരെയധികം പ്രചാരണം ലഭിച്ചിരിക്കുന്നതായും കാണാം. ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം ഭക്ഷണം പോലെ വൈകാരിക ജീവിതവും അത്യാവശ്യമാണ്. അതിനെ അടിച്ചമർത്തിയുള്ള ജീവിതം മാനസികമായ അടിമത്വത്തിലേക്ക് വഴി തെളിയിക്കും. ലൈംഗിക ജീവിതത്തെപ്പറ്റിയും കാമം ശമിപ്പിക്കാനുള്ള വിഷയങ്ങളെപ്പറ്റിയും ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പ്രാചീന ഗ്രന്ഥമാണ് കാമസൂത്രം. ഒരുപാട് സിനിമകൾ, സാഹിത്യ കൃതികൾ മുതാലാവകൾ കാമസൂത്ര രചനകളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ആധുനിക കാലത്ത് ലൈംഗിക കാര്യങ്ങൾ വായിക്കുന്നത് പുതുമയുള്ളതല്ലെങ്കിലും പൗരാണിക കാലത്ത് അത്തരം കാര്യങ്ങൾ വിശദീകരിക്കുക അപൂർവവും വിചിത്രവുമായിരുന്നു.

രതിജന്യമായ 'കാമസൂത്ര' ലോകത്തിലെ ഏറ്റവും പൗരാണികമായ പുസ്തകമായി വിലയിരുത്തുന്നു.  പാശ്ചാത്യലോകവും പൗരസ്ത്യലോകവും ഒരു പോലെ ഈ പുസ്തകത്തിന്റെ മഹത്വത്തെ പ്രകീർത്തിക്കാറുണ്ട്. സംസ്കൃത ഭാഷയിൽ വടക്കേ ഇന്ത്യയിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. എന്നാൽ കാമസൂത്രയെ വെറും ഒരു രതി പുസ്തകമായി തള്ളിക്കളയുന്നവരുമുണ്ട്. അതിനുള്ളിലെ ശാസ്ത്രീയ വശങ്ങളെ ചിന്തിക്കാതെ സാംസ്ക്കാരികതയുടെ അപര്യാപ്തതയെന്ന നിലയിൽ പുസ്തകത്തെ വിലയിരുത്തുന്നവരുമുണ്ട്. കാമസൂത്രയെ ഒരു ലൈംഗിക ശാസ്ത്രമായി കണക്കാക്കുന്നവർ അതൊരു അത്യുത്തമമായ മനഃശാസ്ത്ര ഗ്രന്ഥമായും ചിന്തിക്കും.

ഇന്ത്യയുടെ പരമ്പരാഗതമായ ചരിത്രം കണ്ണോടിച്ചാലും പൗരാണിക ലൈംഗിക ശാസ്ത്രവും ആധുനിക ലൈംഗിക ശാസ്ത്രവും തമ്മിൽ വലിയ അന്തരമില്ലെന്ന് കാണാം. ഋഗ്വേദം പറയുന്നു, "സ്ത്രീയുടെ രക്തസ്രാവം മൂലം നിത്യം ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ രക്തക്കറപിടിച്ചാൽ, ആരെങ്കിലും രക്തക്കറ പുരണ്ട വസ്ത്രങ്ങളെ സ്പർശിച്ചാൽ വസ്ത്രങ്ങൾ ഉടൻ നശിപ്പിക്കണം." വസ്ത്രത്തെ സ്പർശിച്ചവർ കുളിച്ചു വെടിപ്പായി, ചുറ്റും ചാണക വെള്ളം തളിച്ച ശേഷമേ വീണ്ടും ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. അർത്ഥശാസ്ത്രം പറയുന്നു, "ഒരു പെൺക്കുട്ടിയുടെ കന്യകത്വം നഷ്ടപ്പെടുന്നുവെങ്കിൽ അവളുടെ വിവാഹം നിയമാനുസൃതമല്ലാതാവുന്നു. പുരുഷന്മാർക്ക് വിവാഹത്തിനു വെളിയിലുള്ള ലൈംഗികത അനുവദനീയമല്ല. പരസ്ത്രീയുമായി പുരുഷൻ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വലിയ പിഴ അടക്കേണ്ടി വരും."

സ്ത്രീ പുരുഷന്മാർ അനുഷ്ഠിക്കേണ്ട ലൈംഗിക നിയമങ്ങളെയാണ് കാമസൂത്രയിൽ വിവരിച്ചിരിക്കുന്നത്. കാമയെന്നാൽ വിഷയാസക്തിയെന്നർത്ഥം. അത് ഹൈന്ദവ ജീവിതത്തിന്റെ ഒരു ലക്ഷ്യമായി കരുതുന്നു. ധർമ്മം, ലക്‌ഷ്യം, മുക്തി എന്നീ മൂന്നു വസ്തുതകളും ഹിന്ദു ധർമ്മത്തിന്റെ ഘടകങ്ങളാണ്. ഈ നാല് തത്ത്വങ്ങളെയും യോജിപ്പിക്കുന്ന ചരടിനെ സൂത്രയെന്നു പറയുന്നു. കാമസൂത്രം ജീവിതത്തെ ഇമ്പമുള്ളതും അനുഗ്രഹീതവുമാക്കുന്നു. പ്രകൃതിയിൽ നിന്നും ലഭ്യമാകുന്ന സ്നേഹത്തെയും നുകരുന്നു. കുടുംബ ജീവിതത്തെപ്പറ്റിയും മറ്റുള്ള ജീവിതാനന്ദത്തെയും വിവരിക്കുന്നു. കാമസൂക്തമെന്നത് സ്നേഹത്തിന്റെ തത്ത്വ ശാസ്ത്രമാണ്. തലമുറകളായി വാമൊഴികളിൽക്കൂടി കൈമാറിക്കൊണ്ടിരുന്നു. വേദങ്ങളുടെ കാലത്തെ പേരും പെരുമയുമേറിയ തത്ത്വ ചിന്തകരെപ്പോലെ വാത്സ്യായാനനു അർഹമായ സ്ഥാനം കല്പിച്ചിട്ടില്ല. വാത്സ്യായനൻ ഗദ്യ രൂപത്തിലാണ് കാമസൂത്രം എഴുതിയത്. കവിതയുടെ രൂപഭാവത്തിൽ വളരെ കുറച്ചു മാത്രമേ പുസ്തകത്തിലുള്ളു.

കാമസൂത്ര എഴുതിയ കാലഘട്ടത്തിൽ ലൈംഗിക വിഷയങ്ങളെ സംബന്ധിച്ച് പരസ്യമായി ആരും പറയുകയോ എഴുതുകയോ ചെയ്യില്ലായിരുന്നു. എന്നാൽ ഇന്ന് ലൈംഗികത ഉത്തേജിപ്പിക്കുന്ന നോവലുകൾ, ഫിലിമുകൾ, വീഡിയോകൾ, സുലഭമാണ്. ആർക്കും അത്തരം കാര്യങ്ങൾ വായിച്ചാൽ പുതുമകൾ അനുഭവപ്പെടാറില്ല. കാമസൂത്രയുടെ തത്ത്വചിന്തകൾ, ശരിയായ ഒരു ജീവിതം എങ്ങനെ നയിക്കണമെന്നുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. ഒരു പങ്കാളിയെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നും വിവരിച്ചിട്ടുണ്ട്. വിവാഹ ജീവിതം  സന്തോഷപ്രദമാക്കാമെന്നും ശക്തിപ്പെടുത്താമെന്നും വിശദീകരിച്ചിട്ടുണ്ട്. പണമുള്ളവർക്ക് ജീവിതം ആനന്ദപ്രദമാക്കാനുള്ള നിർദ്ദേശങ്ങളും നൽകുന്നു.

കാമസൂത്ര വായിക്കുന്നവർക്ക്! പൗരാണിക ഭാരതീയർ കാമം ഉത്തേജിപ്പിച്ച സാഹചര്യങ്ങൾ അത്തരത്തിലോയെന്നു സംശയിക്കും. അവരുടെയിടയിൽ യോഗ പ്രാബല്യത്തിലായിരുന്നതുകൊണ്ടു ഒരു പക്ഷെ സത്യമായേക്കാം. നല്ല യോഗ അഭ്യസിച്ചവർക്ക് ശരീരം ഏതു ഭാഗത്തേക്കും വളച്ചു കൊണ്ടുവരാൻ സാധിക്കും. പക്ഷെ അങ്ങേയറ്റം ശരീര ഭാഗങ്ങൾ വളച്ചുകൊണ്ടുള്ള രതിക്രിയകൾ കാമസൂത്ര എഴുതിയ വാത്സ്യയാനന്റെ ഭാവനകളായിരിക്കാം. കാമസൂത്രയിലെ പടങ്ങൾ ചിരിക്കാൻ മാത്രം ജിംനാസ്റ്റിക്ക് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വാത്സ്യായനൻ കാമസൂത്രത്തെപ്പറ്റി വിവരിച്ചിരിക്കുന്നത് അത്യധികം അതി സൂക്ഷ്മ ദർശനത്തോടെയാണെന്ന് മനസിലാക്കാൻ സാധിക്കും. ഒരു മനഃശാസ്ത്രജ്ഞന്റെ വീക്ഷണവും കാമസൂത്രയിൽ വ്യക്തമാണ്. വിവാഹിതരായ നിരവധി സ്ത്രീകളെപ്പറ്റി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അവരിൽ ഭർത്താവിനെ ലൈംഗിക കാര്യങ്ങളിൽ ചതിക്കുന്നവർ, മക്കളില്ലാത്ത സ്ത്രീകൾ, എല്ലാ മക്കളും മരിച്ചുപോയവർ, ലൈംഗിക വ്യാപാരം കൊണ്ട് ജീവിക്കുന്നവർ, സ്വയം കഴിവിൽ അഭിമാനിക്കുന്നവർ, ഭർത്താവിന്റെ വിഡ്ഡിത്തരത്തിൽ ലജ്ജിതരായവർ, യാത്രാ പ്രിയരായ ഭർത്താക്കന്മാർ, അസൂയ പിടിച്ച ഭാര്യമാർ, ദുർഗന്ധം വമിക്കുന്നവർ, സന്താന ശേഷിയില്ലാത്തവർ, പുരുഷത്വമില്ലാത്തവർ, രോഗികൾ, വൃദ്ധന്മാർ എന്നിവരെല്ലാം കാമസൂത്രയുടെ ഉള്ളടക്കത്തിലുണ്ട്.

മനുസ്മൃതി ക്രിസ്തുവിനു മുമ്പ് എഴുതിയ ഹിന്ദു ധർമ്മ ശാസ്ത്രമാണ്. ഈ പൗരാണിക ഗ്രന്ഥം  ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്നു. വിവാഹം, വിവാഹ ബന്ധം, ലൈംഗികത എന്നിങ്ങനെയുള്ള മനുഷ്യന്റെ അനുഷ്ഠാനങ്ങൾ മനുസ്മൃതിയിൽ വിവരിച്ചിട്ടുണ്ട്. മനുസ്‌മൃതിയ്ക്ക് വിമർശനമുള്ളതുപോലെ ആ ഗ്രന്ഥത്തിനു പൂജ്യതയും കല്പിക്കാറുണ്ട്. പുരോഗമന ചിന്താഗതിയുള്ളവർ മനുസ്മൃതിയെ തിരസ്ക്കരിക്കുമ്പോൾ യാഥാസ്ഥിതികരായവർ പൂജിതമായ ഈ ഗ്രന്ഥം ഒരുവന്റെ ധർമ്മമായി പാലിക്കേണ്ട നിയമങ്ങളായി കരുതുന്നു. ഇന്ത്യയിലെ ജാതി വിഭജനത്തിനു കാരണം മനുസ്‌മൃതിയെന്നു അംബേദ്ക്കർ കരുതുന്നു. എന്നാൽ ഗാന്ധിജി മനുസ്മൃതിയ്പ്പറ്റി വിഭിന്നമായി ചിന്തിച്ചിരുന്നു. മനുസ്മൃതി മുഴുവനായി വായിക്കണമെന്നായിരുന്നു ഗാന്ധിജി നിർദ്ദേശിച്ചിരുന്നത്. അതിലെ സത്യവും അഹിംസയും മാത്രം തെരഞ്ഞെടുക്കാൻ അദ്ദേഹം ഉപദേശിക്കുന്നു. മറ്റുള്ള സാമൂഹികമായ കാര്യങ്ങൾ പൊരുത്തപ്പെടാത്തത് നിരസിക്കാനും ഉപദേശിച്ചിരുന്നു.

ഒരു സ്ത്രീയുടെ കന്യകാവ്രതത്തിന് ഭാരതീയ ചിന്തകളിൽ വലിയ പ്രാധാന്യം കൽപ്പിക്കുന്നു. വിവാഹ രാത്രിയിൽ ഒരു സ്ത്രീ കന്യകയായിരിക്കണമെന്ന നിയമവുമുണ്ട്. സമൂഹത്തിൽ ഇത്തരം മാമൂലുള്ളതിനാൽ സ്ത്രീകൾ വിവാഹത്തിനുമുമ്പ് പുരുഷനുമായി ലൈംഗികതയിൽ ഏർപ്പെടാറില്ല. ലൈംഗികതയുടെ ആനന്ദവും അനുഭവിക്കാറില്ല. വിവാഹത്തിനു ശേഷവും ഒരു സ്ത്രീയ്ക്ക് ലൈംഗികത ഒരു പുരുഷനുമായി മാത്രമേ പാടുള്ളൂ. അയാളിൽ നിന്നും കുട്ടികളും ജനിച്ചിരിക്കണം. ചെറിയ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നു ലൈംഗികതയെപ്പറ്റി ശരിയായ മാർഗ നിർദ്ദേശങ്ങളും ലഭിച്ചിരുന്നില്ല. ഗർഭഛിദ്രം നടത്തിയിരുന്നത് അശാസ്ത്രീയമായ രീതിയിലും വളരെ അപകടം പിടിച്ച മാർഗങ്ങളിലുമായിരുന്നു.

പതിനൊന്നു വയസുള്ളപ്പോൾ മുതൽ പെൺക്കുട്ടികളെ സമൂഹത്തിലുള്ള വിലക്കുകളെപ്പറ്റി പറഞ്ഞു പഠിപ്പിക്കും. 'ആർത്തവ കാലങ്ങളിൽ പെണ്ണുങ്ങൾക്ക് അമ്പലത്തിൽ പോകുവാൻ പാടില്ല; ദേവി കോപിക്കും; അത് ദൈവനിന്ദയാണ്,' എന്നിങ്ങനെയെല്ലാം കൗമാരപ്രായത്തിൽ പെൺക്കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അവരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നു. ഇന്നും സ്ത്രീകളുടെയിടയിൽ പ്രാകൃതമായ അത്തരം ആചാരങ്ങൾ തുടരുന്നു. രക്തസ്രാവം എന്നത് എന്തോ പാപമാണെന്നുള്ള കുറ്റബോധവും പെൺക്കുട്ടികളിൽ സൃഷ്ടിക്കുന്നു. ലൈംഗിതയെന്നത് അവിശുദ്ധവും ചീത്തയെന്നുമുള്ള ധാരണ കുട്ടിപ്രായം മുതൽ സ്ത്രീകളുടെ മനസ്സിലുണ്ടാകും. എല്ലാ പെൺക്കുട്ടികളുടെയും ചിന്ത ലൈംഗികതയെന്നത് അധാർമ്മികതയെന്നാണ്. വാസ്തവത്തിൽ അത് ഒരാളിന്റെ വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. പുരോഗമന ചിന്താഗതികളുള്ള സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നിലവിലുള്ള ഈ വ്യവസ്ഥിതിയ്ക്കെതിരെ പ്രതികരിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേസമയം അമ്പലത്തിൽ ദേവിയുടെ യോനിയെ ആരാധിക്കുന്ന പ്രദേശങ്ങളുമുണ്ട്. ലൈംഗികതയെ പാപമായി കരുതുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ആസാമിലുള്ള ഗോഹട്ടിയിൽ കാമാക്ഷി അമ്പലത്തിൽ ദേവിയുടെ യോനിയെ പൂജാവസ്തുക്കളുമായി തൊഴാൻ എത്താറുണ്ട്. ഇന്ത്യയിൽ ഏറ്റവും വിശുദ്ധി നിറഞ്ഞ ഒരു അമ്പലമായി അത് കരുതുന്നു. കൂടാതെ കാമാക്ഷി ദേവിയുടെ പേരിൽ വർഷത്തിൽ നാലു ദിവസം ഉത്സവം നടത്താറുണ്ട്. അന്ന് ദേവിക്ക് ആർത്തവ കാലമെന്നാണ് വെപ്പ്.

മനുസ്മൃതിയിൽ സ്ത്രീകൾക്കെതിരെ സങ്കീർണ്ണങ്ങളായ നിരവധി നിയമങ്ങൾ എഴുതിയിട്ടുണ്ട്. അതേ സമയം സ്ത്രീയെ ബഹുമാനിക്കുന്നുമുണ്ട്. പീഡിപ്പിക്കുന്ന ഭർത്താവുമായി ബന്ധങ്ങൾ വേർപെടുത്താൻ മനുസ്മൃതി അനുവദിച്ചിട്ടുണ്ട്. അതുപോലെ ഭാര്യ ധിക്കാരിയും ദുർമ്മാർഗ ജീവിതം നയിക്കുന്നവളാണെങ്കിലും ബന്ധം വേർപെടുത്തി വിവാഹം കഴിക്കാം. ഭർത്താവ് നാടുവിട്ടുപോയശേഷം കണ്ടെത്താതെ നഷ്ടപ്പെട്ടു പോയാലും, സ്ത്രീയെ ഭർത്താവ് ഉപേക്ഷിച്ചാലും സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാം. ഭർത്താവു മരിച്ച വിധവകളും ചാരിത്ര്യം കാത്തു സൂക്ഷിക്കണമെന്നു നിർദ്ദേശിക്കുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 'ഒരു സ്ത്രീ കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കളുടെ സംരക്ഷണത്തിലും യുവതിയായിരിക്കുമ്പോൾ ഭർത്താവിന്റെയും വിധവയായിരിക്കുമ്പോൾ മക്കളുടെ സംരക്ഷണയിലും കഴിയണം'(മനുസ്മൃതി). 'സ്ത്രീ ഭർത്താവിനെ ദൈവ തുല്യം ആരാധിക്കണം. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കണമെന്നും' പറയുന്നുണ്ട്. 'എവിടെ സ്ത്രീകൾ ബഹുമാനിതരാകുന്നുവോ അവിടെ ദൈവങ്ങൾ പ്രസാദിക്കും. 'സ്ത്രീയെ അവഹേളിക്കുന്നിടങ്ങളിൽ പരിശുദ്ധയുടെ ഫലം വിളയുകയില്ലെന്നും' മനുസ്മ്രിതി പറയുന്നു.

വേദകാലങ്ങളിൽ സ്ത്രീയ്ക്ക് പുരുഷനെപ്പോലെ സ്വതന്ത്രമായ ഒരു ജീവിതമുണ്ടായിരുന്നു. എന്നാൽ മനുസ്മ്രിതിയുടെ കാലം വന്നപ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ പലതുമുണ്ടായി. അവർക്ക് സാമൂഹികമായി പ്രവർത്തിക്കാനോ രാഷ്ട്രീയത്തിൽ ഇടപെടാനോ അവകാശമുണ്ടായിരുന്നില്ല. ലൈംഗിക വിഷയങ്ങളിലും തികച്ചും യാഥാസ്ഥിതികത പുലർത്തണമായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്തും സ്ത്രീകളുടെ മേൽ യാഥാസ്ഥിതിക നിയമങ്ങളായിരുന്നു നടപ്പിലുണ്ടായിരുന്നത്. വാസ്തവത്തിൽ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ അവർ നെയ്തെടുത്ത നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷുകാർ പ്രമുഖരായ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കളോടൊപ്പം നിയമങ്ങൾ നിർമ്മിക്കുകയായിരുന്നു. അവർ നിയമങ്ങളുണ്ടാക്കിയപ്പോൾ മനുസ്മൃതിയിലെ നിയമങ്ങൾ മാത്രം പരിഗണനയിലെടുത്തു. നിയമങ്ങൾ പ്രാബല്യമാക്കാൻ യാഥാസ്ഥിതികരായ ഹൈന്ദവ ജനതയുടെ വികാരങ്ങളുംകൂടി കണക്കാക്കണമായിരുന്നു.

മനുസ്മൃതിയിലെ നിയമങ്ങളെ വെല്ലുവിളിക്കത്തക്കവിധം കാമസൂത്രയിൽ സ്ത്രീക്ക് നിരവധി സ്വാതന്ത്ര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. 'സ്നേഹിക്കുന്ന ഭർത്താവിനെ വെറുക്കാൻ തുടങ്ങുമ്പോൾ സ്വയം അവൾക്കു പിരിഞ്ഞു പോകാം. പുരുഷന് അറിയാൻ പാടില്ലാത്ത സംഗതികൾ സ്ത്രീ കയറി അഹങ്കാരത്തോടെ അഭിപ്രായങ്ങൾ പറയുന്നതും വായിക്കാം. ഭർത്താവ് പറയുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സദാ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളും കാമസൂത്രയിലുണ്ട്. കാര്യബോധത്തോടെ ഭർത്താവ് പറയുന്ന വസ്തുതകളെ മനഃപൂർവം വളച്ചൊടിച്ചു ഭർത്താവിനെ വിഡ്ഢിയാക്കാൻ ശ്രമിക്കൽ, ഭർത്താവ് തമാശ പറഞ്ഞില്ലെങ്കിലും മറ്റെന്തെങ്കിലും പറഞ്ഞു ഭർത്താവിനെ പരിഹസിച്ചു ചിരിക്കുക, പൊതു ജനങ്ങളുടെ മുമ്പിൽ ഭർത്താവിന്റെ മാറ്റാൻ സാധിക്കാത്ത വിചിത്ര സ്വഭാവങ്ങളെപ്പറ്റി പരിഹസിക്കലുകൾ മുതലായവകളും കാമസൂത്രയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാത്സ്യായനന്റെയും മനുവിന്റെയും ലൈംഗിക തത്ത്വങ്ങൾ തികച്ചും വിപരീതങ്ങളെന്നു കാണാം. മനു ഒരു പുരുഷന് ഏക ഭാര്യയെന്ന നിയമം എഴുതി. 'ലൈംഗികതയെന്നാൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ മാത്രമെന്നും' മനുസ്മ്രിതി പറയുന്നു. എന്നാൽ 'ലൈംഗികത മനുഷ്യന്റെ സന്തോഷത്തിനു വേണ്ടിയുള്ളതെന്നു' കാമശാസ്ത്രം പറയുന്നു. 'ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തിയില്ലെങ്കിൽ അവർ തന്റെ ഭർത്താവിനെ വെറുക്കുമെന്നും ലൈംഗിക സുഖത്തിനായി മറ്റുള്ള പുരുഷന്മാരെ തേടി പോവുമെന്നും' കാമശാസ്ത്രത്തിലുണ്ട്.

മനുവിന്റെ നിയമം പറയുന്നു, 'ഉത്തമയായ ഒരു സ്ത്രീ അവരുടെ ഭർത്താവിനെ നിത്യവും പരിചരിച്ചുകൊണ്ടിരിക്കും. ഭർത്താവിനെ ദൈവത്തിനു തുല്യമായി കണക്കാക്കണം. അയാൾ ക്രൂരനെങ്കിലും, മറ്റുള്ള സ്ത്രീകളുമായി വ്യപിചാരം ചെയ്യുന്നുണ്ടെങ്കിലും അയാളിൽ നല്ല ഗുണങ്ങൾ ഇല്ലെങ്കിലും ശിഷ്ടകാലം ഭർത്താവിനെ പരിചരിച്ചു ജീവിക്കണം.' കാമസൂത്രയിൽ ഒരു മനുഷ്യന്റെ മറ്റു ഭാര്യമാരെപ്പറ്റിയുള്ള പരാമർശനങ്ങൾ കാണാം. എന്നാൽ മനുസ്മ്രിതിയിൽ ഒരു മനുഷ്യന് മറ്റു ഭാര്യമാരുണ്ടെങ്കിൽ അയാളെ രാജാവ് ശിക്ഷിക്കണമെന്ന് എഴുതിയിട്ടണ്ട്. മറ്റൊരു ജാതിയിൽ നിന്ന് കുഞ്ഞു ജനിച്ചാലും ജാതി ഭൃഷ്ട്ട് കൽപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അപര സ്ത്രീകളുമായി ലൈംഗികതയിലേർപ്പെടുന്നതും മനുസ്മൃതി എതിർത്തിരിക്കുന്നു.

കാമസൂത്രയിലെ ലൈംഗികാസക്തിയെ മറ്റു പൗരാണിക ഗ്രന്ഥങ്ങളും ഖണ്ഡിച്ചിട്ടുണ്ട്. കാമസൂത്ര എഴുതുന്നതിനു വളരെ നൂറ്റാണ്ടുകൾ മുമ്പ് എഴുതിയതാണ് ഭഗവദ് ഗീത. ലൈംഗിക മോഹങ്ങളിലുള്ള നിയന്ത്രണങ്ങളും ഭഗവദ് ഗീതയിലുണ്ട്. ഇത് വളർന്നു കഴിഞ്ഞ കൃഷ്ണന്റെ വാക്കുകളാണ്. കൗമാര പ്രായത്തിൽ ഗോപ സ്ത്രീകളുമായി ശ്രീ കൃഷ്ണൻ വൃന്ദാവനത്തിൽ പ്രേമിച്ചു നടന്നതും അവരുമായി ലൈംഗികതയിൽ ഏർപ്പെട്ടിരുന്നതും മറ്റൊരു കഥ.

ബ്രഹ്മസമാജം ഹിന്ദുമതത്തിലെ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമാണ്. ബ്രഹ്മസമാജത്തിൽ വേദാന്തവും സൂഫിസവും ക്രിസ്ത്യൻ ദൈവിക സിദ്ധാന്തവും പിന്തുടരുന്നു. രാജ റാം മോഹൻ റായിയാണ് അതിന്റെ സ്ഥാപകൻ. സതിയ്‌ക്കെതിരെയും ശിശു വിവാഹത്തിനെതിരെയും സ്ത്രീകളുടെ സാംസ്ക്കാരിക പുരോഗമനത്തിനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം ലൈംഗിക വിഷയങ്ങളിൽ പുരോഗമനവാദിയായിരുന്നു. ഉയർന്നവനും താഴ്ന്നവനെന്നുമുള്ള ജാതി വ്യവസ്ഥയെ എതിർത്തിരുന്നു. യൂറോപ്യൻ ജീവിതചര്യകളും ചിന്തകളുമാണ് അദ്ദേഹത്തെ സമൂഹത്തിന്റെ മാറ്റങ്ങൾക്കായി നയിച്ചിരുന്നത്. മഹാത്മാ ഗാന്ധിക്കും ലൈംഗിക കാര്യങ്ങളിൽ പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. സ്ത്രീ അഹിംസയുടെയും സ്വയമർപ്പണത്തിന്റെയും പരിശുദ്ധിയുടെയും മൂർത്തികരണമെന്ന് ഗാന്ധിജി പറയുമായിരുന്നു.

വിവേകാനന്ദനും വ്യത്യസ്ത ചിന്തകളോടെയുള്ള ലൈംഗിക അഭിപ്രായങ്ങളിൽ വിശ്വസിച്ചിരുന്നു.  . ലൈംഗിക മോഹങ്ങളില്ലാതെയുള്ള സ്നേഹമാണ് ഏറ്റവും മഹത്വമെന്നും പറയുമായിരുന്നു. ശരീരത്തിൽ നിന്ന് ലൈംഗികതയെ വേർപ്പെടുത്തുമ്പോഴാണ് മനുഷ്യൻ പൂർണ്ണമാകുന്നത്. സ്ത്രീകൾക്ക് മാതൃക സീതയാണെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തിലെ സീത ചാരിത്യ്ര ദേവതയെന്നു വിവേകാനന്ദൻ പറയുമായിരുന്നു. ഒരു സ്ത്രീ ചാരിത്രവതിയും ഏക പതിവ്രതയുമായിരിക്കണമെന്നും പ്രേമമെന്ന അംഗീകാരം നേടുന്നത് വിവാഹശേഷവുമെന്നും അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു. സമൂഹത്തിന്റെ നാട്ടു നടപ്പനുസരിച്ചു, നിയമങ്ങളനുസരിച്ചു, വിവാഹിതർ ജീവിക്കണമെന്നും ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഭർത്താവിന് കഴിയണമെന്നും വിവേകാനന്ദൻ പറയുമായിരുന്നു.

ലൈംഗിക കാര്യങ്ങളിൽ ചിലർ കൃഷ്‌ണനെയും രാധയെയും റോൾ മോഡലായി കാണാറുണ്ട്. ഏക പതിവൃതം അനുഷ്ടിച്ച സീതയിൽ നിന്നും വ്യത്യസ്ത ചിന്തകളോടെ രാധയെ ആരാധിക്കുന്നു. സീത രാജകുടുംബത്തിൽ വളർന്നവളും ചാരിത്രവതിയുമായിരുന്നു. രാധ അതെ സമയം കൃഷ്ണന്റെ കൂട്ടുകാരിയായിരുന്നു. രാജ്ഞി എന്ന നിലയിൽ സീത പൊതു ശ്രദ്ധ നേടിയ ദേവിയായിരുന്നു. രാധ, കൃഷ്ണന്റെ അനേകം കൂട്ടുകാരികളിൽ ഒരാൾ മാത്രമായിരുന്നു. ഇന്ത്യയിൽ നിരവധി  അമ്പലങ്ങളിൽ  രാധയെ ദേവിയായി പൂജിക്കുന്നു. കവിതകളിൽ ദേവിയായ രാധയെ വർണ്ണിക്കുന്നുമുണ്ട്. കലകളിലും സാഹിത്യത്തിലും രാധയുടെയും കൃഷ്ണന്റെയും പ്രേമമുണ്ട്. ഭക്തിയുടെ ലഹരിയിൽ ആർക്കും രാധയെ അവഗണിക്കാൻ സാധിക്കില്ല. അനേകം ഭക്തി ഗാനങ്ങൾ കൃഷ്ണന്റെയും രാധയുടെയും പ്രേമത്തെപ്പറ്റിയുണ്ട്.

Read more

മുഹമ്മദാലി ജിന്ന ഇന്ത്യ വിഭജനത്തിന്റെ വില്ലനോ?

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അർഹരായവരെ പരിഗണിക്കാതെ അവ്യക്തതകൾകൊണ്ട് എഴുതിയുണ്ടാക്കിയതാണ്. സ്വാതന്ത്ര്യ സമരത്തിൽ വീറോടെ പോരാടിയ മഹാന്മാരുടെ ചരിത്രങ്ങൾ  അധികാരത്തിന്റെ ബലത്തിൽ ഇല്ലാതാക്കിയിരിക്കുന്നതു കാണാം. അക്കൂടെ അവഗണിക്കപ്പെട്ട പ്രമുഖരായ രണ്ടു സ്വാതന്ത്ര്യ സമര യോദ്ധാക്കളാണ് വീർ സവേർക്കറും മുഹമ്മദാലി ജിന്നയും. സ്വാതന്ത്ര്യ സമരംമൂലം മുതലെടുത്തവർ നായകന്മാരും ത്യാഗങ്ങൾ സഹിച്ചവർ വില്ലന്മാരുമായുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അധികാരവും പണവും കൈവശപ്പെടുത്തിയവർ ഇന്ത്യയുടെ ചരിത്രവും കളങ്കം വരുത്തിയാണ് കടന്നുപോയിട്ടുള്ളത്. മറക്കപ്പെട്ട അനേകായിരം ധീര ദേശാഭിമാനികളുടെ രക്തം ചൊരിഞ്ഞു പടുത്തയർത്തിയ സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്നത്. ഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും നാം അറിയാതെ പോവുന്ന മണ്മറഞ്ഞു പോയ അനേകായിരം സ്വാതന്ത്ര്യ സമരയോദ്ധാക്കളും അവരെ നയിച്ച മഹാന്മാരുമുണ്ട്. രാജ്യത്തിനുവേണ്ടി ധ്യാഗം സഹിച്ചവരെ  മനഃപൂർവം ചരിത്രത്തിന്റെ ചെളിക്കുഴിയിൽ താഴ്ത്തിക്കെട്ടിയെന്നുള്ളതും ദുഃഖകരമായ ഒരു സത്യമാണ്.

മുഹമ്മദാലി ജിന്ന സ്വതന്ത്ര പാക്കിസ്ഥാനു വേണ്ടി വാദിച്ച ഇന്ത്യൻ നേതാവും പാക്കിസ്ഥാന്റെ ആദ്യത്തെ ഗവർണ്ണർ ജനറലുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ജിന്നയെ അങ്ങേയറ്റം വെറുക്കപ്പെട്ട വ്യക്തിയായി കരുതുന്നു. അദ്ദേഹം വർഗീയ വാദിയും സ്വാതന്ത്ര്യ സമരത്തിനെതിരെ കോടാലി വെച്ചവനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചാരനും പാകിസ്ഥാൻ വിഭജനം നടത്തിയവനുമെന്നുള്ള വിശേഷണങ്ങളിലാണ് അറിയപ്പെടുന്നത്. വസ്തുതകളുടെ മറവിൽ ജിന്നയെന്ന വ്യക്തിത്വത്തെ ചായം പൂശി കോടാനുകോടി ജനങ്ങളെ തെറ്റി ധരിപ്പിച്ച ചരിത്രമാണ്, നമുക്കുള്ളത്.

1876 ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ജിന്ന കറാച്ചിയിൽ ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് ഒരു വ്യവസായ പ്രമുഖനായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ക്രിസ്ത്യൻ മിഷിനറി സ്‌കൂളിലായിരുന്നു. ബോംബെ യൂണിവേഴ്സിറ്റിയിലും പിന്നീട് ലണ്ടനിലുമായി പഠിച്ചു. അതിനുശേഷം വിജയകരമായി നിയമത്തിൽ പരിശീലനം നേടി. അക്കാലത്തെ ഏറ്റവും ഫീസ് ഈടാക്കുന്ന വക്കീലായിരുന്നു അദ്ദേഹം. ഒരു കേസ് വാദിക്കുന്നതിന് 1500 രൂപയായിരുന്നു ഫീസ്. ഇന്ത്യയിൽ ജിന്നയെക്കാൾ കഴിവും വ്യക്തിത്വവും നിറഞ്ഞ നിയമ ജ്ഞാനമുള്ളവർ അക്കാലത്ത് കുറവായിരുന്നു. തികച്ചും മഹാനുഭാവനായ അദ്ദേഹം സ്വന്തം ജീവിതത്തിൽ ഹിന്ദുക്കളോടും മുസ്ലിമുകളോടും, സിക്കുകാരോടും പാർസികളോടും യാതൊരു വ്യത്യാസവും കാണിച്ചിരുന്നില്ല.

പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേറിട്ടിട്ടും ജിന്നയുടെ ഏകമകൾ ഇന്ത്യയിൽ താമസിക്കുകയായിരുന്നു. ജിന്നയുടെ ഒരു സഹോദരിയൊഴിച്ചു ജിന്നയുടെ കുടുംബത്തിൽനിന്നു ആരും തന്നെ പാക്കിസ്ഥാനിലേക്ക് കുടിയേറിയില്ല. 'ജിന്ന' വിവാഹം ചെയ്തത് മുസ്ലിമല്ലാത്ത ഒരു പാർസിയെ ആയിരുന്നു. അന്ന് ജിന്നയ്ക്ക് നാൽപ്പതു വയസ് പ്രായം. ഭാര്യ 'റെറ്റിന ഭായി'യുടെ പ്രായം പതിനാറായിരുന്നു. അവർ ഒന്നിച്ച് വിസ്‌കി കുടിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു, റെറ്റിന ഭായി ജിന്ന 1929 ഫെബ്രുവരി ഇരുപതാം തിയതി ഇരുപത്തിയൊമ്പതാം വയസിൽ മരണമടഞ്ഞു. ജിന്നയുടെ ഏക മകൾ ഡീനായും പാർസിയെ വിവാഹം കഴിച്ചു. ജിന്നയുടെ ജീവിതം പൊതുവെ ഇസ്‌ലാമിക ആചാരങ്ങൾക്ക് എതിരേയായിരുന്നു. മകളുടെ വിവാഹത്തിൽ  ജിന്നയ്ക്കു എതിർപ്പുണ്ടായിരുന്നു.

ഒരു വലിയ വിഭാഗം മുസ്ലിമുകൾ പാക്കിസ്ഥാൻ എന്ന വേറിട്ട രാജ്യത്തെ ചിന്തിക്കാതെ ഇന്ത്യയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടുവെന്ന യാഥാർഥ്യവും മറക്കാൻ സാധിക്കില്ല. അവരുടെ പൂർവികർ ജനിച്ചു വളർന്ന ഈ നാട് സ്വന്തം മാതൃരാജ്യമായി കണക്കാക്കിയിരുന്നു. അങ്ങനെ ചിന്തിക്കുന്നവർക്ക് ജിന്നയെ ഒരു ദേശീയവാദിയായി കണക്കാക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ജനിച്ച പാകിസ്ഥാനിയാണ് ജിന്ന. ഒരു ഭ്രാന്തൻ രാജ്യമായ പാക്കിസ്ഥാനെ സൃഷ്ടിച്ചതും ജിന്നയുടെ നേട്ടമാണ്. ഇങ്ങനെ ജിന്നയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടു അനേകമനേകം ചരിത്രകൃതികളും സൃഷ്ടിച്ചിട്ടുണ്ട്.

യഥാർത്ഥത്തിൽ, 'ജിന്ന' ബ്രിട്ടീഷ്കാർക്കെതിരെ യാതൊരു ഒത്തുതീർപ്പില്ലാതെ പോരാടിയ സമര യോദ്ധാവായിരുന്നു. അദ്ദേഹം തികച്ചും സ്വരാജ്യ സ്നേഹിയും തെറ്റി ധരിക്കപ്പെട്ടവനും സ്വദേശാഭിമാനിയുമായിരുന്നു. മതേതര ചിന്താഗതിയുള്ള ദേശീയ വാദിയുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്രാജിക അസംബ്ലിയിൽ അംഗമായിരുന്ന കാലത്ത് ഇന്ത്യ ഒന്നായി കാണാൻ നാൽപ്പതു കൊല്ലത്തോളം പൊരുതി. ബ്രിട്ടീഷ്കാർ കൊടുത്ത 'സർ' എന്ന സ്ഥാനം ദൂരെയെറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഭജനത്തെക്കാളും ഒന്നായ രാജ്യത്തിലെ മുസ്ലിമുകൾക്കു തുല്യ നീതി വേണമെന്ന വാദങ്ങളേ അദ്ദേഹം ഉന്നയിച്ചിരുന്നുള്ളൂ.

ജിന്നയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നോക്കുന്നുവെങ്കിൽ അദ്ദേഹം ഒരു ചതിയനും രാജ്യ ദ്രോഹിയുമല്ലെന്ന് വിലയിരുത്തേണ്ടി വരും. ഇന്ന് കാണുന്നപോലെ ഒരു ഇന്ത്യ അന്ന് നിലനിൽക്കിന്നില്ലായിരുന്നു. രാജ്യം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നതുകൊണ്ട് അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതിലും അർത്ഥമില്ല. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകനെന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. സരോജിനി നായിഡു ജിന്നയെ പുകഴ്ത്തികൊണ്ടു 'രാജ്യത്തിന്റെ ഐക്യത്തിനായി പൊരുതിയ കർമ്മധീരനെന്നു ' വിശേഷിപ്പിക്കുമായിരുന്നു. ആൻഡമാൻ ദ്വീപിലേക്ക് ബാല ഗംഗാധര തിലകനെ ജയിലിൽ അയച്ചപ്പോൾ അതിനെതിരായി ശക്തിയായി പ്രതികരിച്ചത് ജിന്നയായിരുന്നു. സൗത്ത് ആഫ്രിക്കയിൽ ഗാന്ധിജി ഇന്ത്യക്കാരുടെ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുമ്പോൾ ജിന്ന ഗാന്ധിജിക്കു വേണ്ടി  ലെജിസ്ളേറ്റിവ് അസംബ്ലിയിൽ അംഗമെന്ന നിലയിൽ വീറോടെ വാദിക്കുന്നുണ്ടായിരുന്നു.

ജിന്നയുടെ മത രാഷ്ട്രീയ ദേശീയ ചിന്താഗതികളെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുടെ നല്ല വശങ്ങളെയും തിരിച്ചറിയണം. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിൽ മുസ്ലിമുകൾ ഭൂരിഭാഗവും ഒരു ജനാധിപത്യ സംവിധാനം ആഗ്രഹിച്ചിരുന്നില്ല. 1857-ലെ സമരത്തിൽ ഒന്നിച്ച് പോരാടിയെങ്കിലും പിന്നീട് ഹൈന്ദവ മേധാവിത്വം പടർന്നപ്പോൾ മുസ്ലിമുകൾ ഹൈന്ദവരോട് അകന്നു നിൽക്കാനും ആഗ്രഹിച്ചു. 1885-ൽ 'ജിന്ന' കോൺഗ്രസിൽ ചേർന്നപ്പോൾ ധനികരായ മുസ്ലിമുകൾ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനുണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം മുസ്ലിം ലീഗിൽ ചേരുകയായിരുന്നു. ജിന്ന, ഗോപാല കൃഷ്ണ ഗോഖലെ, ദാദാ ബായി നവറോജി, മുതലായ മഹാന്മാരുമൊത്ത് ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി പൊരുതുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. 1904-ൽ കോൺഗ്രസ്സിൽ ചേർന്ന കാലം മുതൽ തീവ്ര ചിന്തകളോടെയുള്ള സ്വാതന്ത്ര്യം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിംഗ്‌  ആരംഭം മുതൽ എതിർത്തിരുന്നു.

ഇസ്‌ലാമിക സംസ്ക്കാരം ലവലേശമില്ലാത്ത അദ്ദേഹം ഒരു പാശ്ചാത്യനെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്. മുസ്ലിമുകൾക്ക് ഹറാമായ 'പോർക്കും മദ്യവും' കഴിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ഏറെയും ഇസ്‌ലാമിക സങ്കുചിത യാഥാസ്ഥിതിക ചിന്തകർക്കെതിരെയായിരുന്നു.   സംഭാഷണ ശൈലിയും ഒരു മുസ്ലിമെന്ന നിലയിലല്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലപ്പോൾ മത മൗലിക വാദികളായ മുസ്ലിമുകളുമായി ഒന്നിച്ച് യാത്ര ചെയ്യേണ്ട സന്ദർഭങ്ങളും  വന്നിട്ടുണ്ട്. 'അവരുമായി ഒന്നിച്ച് യാത്ര ചെയ്യുന്നുണ്ടെങ്കിലും അവരുടെ വിഡ്ഢി ചിന്തകളെ തന്റെ ജീവിതത്തിൽ പകർത്തിയിട്ടില്ലായിരുന്നുവെന്ന്' ജിന്ന പറയുമായിരുന്നു.

സാഹചര്യങ്ങളാണ് ജിന്നയെ ഒരു മതേതര വാദിയായി വളർത്തിയത്. വളർന്ന ചുറ്റുപാടുകളും പാശ്ചാത്യ സംസ്ക്കാരവും അതിന് കാരണമായിരുന്നു. അദ്ദേഹം, ബ്രിട്ടീഷുകാരിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ശ്രമിച്ചിരുന്ന   കോൺഗ്രസ് പാർട്ടിയിലെ അംഗവുമായിരുന്നു. 1913-ൽ  മുസ്ലിം ലീഗിൽ ചേർന്നു. ഹിന്ദു രാജ്യത്തു മുസ്ലിമുകളുടെ താത്പര്യമനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി രൂപീകരിച്ച പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. 1916-ൽ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. 1920-ൽ വിദേശ നിർമ്മിത വസ്തുക്കൾ വർജിക്കാനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യം മുഴുവൻ ആഹ്വാനം ചെയ്തു. 1920-ൽ 'ജിന്ന' നിസഹകരണ നയം എതിർക്കുകയും കോൺഗ്രസ്സിൽ നിന്ന് രാജി വെക്കുകയും ചെയ്തു.

ഗാന്ധിജിയുമായി ഇടപെടാൻ ജിന്നയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പടിഞ്ഞാറൻ ഫാഷനിൽ എന്നും നടന്നിരുന്ന ജിന്നയ്ക്ക് ഗാന്ധിയുടെ എളിയ വേഷങ്ങളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അർദ്ധ നഗ്നനായ ഗാന്ധിജിയെപ്പറ്റി കാര്യമായി ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. വാസ്തവത്തിൽ ഗാന്ധിയുടെ ഖിലാഫത്ത് മൂവുമെന്റിനെയും നിസഹകരണ പ്രസ്ഥാനത്തെയും ജിന്ന എതിർക്കുകയായിരുന്നു. മതവും രാഷ്ട്രീയവും ഒരിക്കലും ഇടകലർത്തരുതെന്ന് അദ്ദേഹം പറയുമായിരുന്നു. ജിന്നയുടെ മതേതരത്വ പ്രസംഗങ്ങൾ മൂലം അക്കാലത്ത് മുസ്ലിമുകൾ ഗാന്ധിജിക്കായിരുന്നു പിന്തുണകൾ നൽകിയിരുന്നത്. ജിന്നയ്ക്ക് തന്മൂലം മുസ്ലിമുകളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. സഹികെട്ട അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് ബോംബയിൽനിന്ന് ലണ്ടനിൽ പോയി.

ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ജിന്നയെ പ്രേരിപ്പിക്കാൻ കോൺഗ്രസ്സും ഒരു കാരണമായിരുന്നു.  അദ്ദേഹത്തെ കോൺഗ്രസ്സ് എല്ലാ തലങ്ങളിലും തഴയാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു വന്ന മതേതര വാദിയായ ജിന്നയോട് എല്ലാ വിധത്തിലും ശത്രുത പുലർത്താനും അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുമാണ് അന്ന് കോൺഗ്രസ്സ് നേതാക്കൾ ശ്രമിച്ചിരുന്നത്. പിന്നീട് കുറേക്കാലം ലണ്ടനിൽ ജീവിച്ചു. കോൺഗ്രസ് പാർട്ടി എല്ലാവരുടെയും വ്യക്തിത്വത്തെ ഒരു പോലെ മാനിച്ചിരുന്നെങ്കിൽ, ജിന്നയ്ക്ക് അർഹമായ ബഹുമാനം നൽകിയിരുന്നെങ്കിൽ ജിന്നയെപ്പോലെയും സുബാഷ് ചന്ദ ബോസിനെപ്പോലെയും പ്രഗത്ഭരായവർ കോൺഗ്രസിൽ തന്നെ നിലകൊള്ളുമായിരുന്നു. ഇന്ത്യ ഒരിക്കലും വിഭജിക്കുകയില്ലായിരുന്നു. ഇന്ത്യയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ മതത്തിന്റെ പേരിൽ പരസ്പ്പരം മല്ലടിച്ചു ജീവിക്കില്ലായിരുന്നു.

മതമൗലിക വാദികൾ മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം കൈവശപ്പെടുത്തിയതുകൊണ്ടാണ് വിഭജനത്തിനുള്ള വഴികൾ ഒരുക്കിയത്. വാസ്തവത്തിൽ ദേശീയ രാഷ്ട്രീയത്തിൽ അലിഞ്ഞു ചേർന്നിരുന്ന നിരവധി മുസ്ലിമുകളെ നേതൃത്വനിരയിലുണ്ടായിരുന്ന കോൺഗ്രസും മറ്റു രാഷ്ട്രീയ നേതൃത്വവും തഴഞ്ഞുവെന്നതും ചരിത്ര സത്യമാണ്. ബ്രിട്ടീഷുകാർ പോയി കഴിയുമ്പോൾ അധികാരത്തിനു നോട്ടമിട്ടിരുന്ന ചില ഹിന്ദു വർഗീയ വാദികൾ വാഗ്മിയും അഭിഭാഷകനും മതേതരത്വ വാദിയുമായ 'ജിന്ന' ദേശീയ നേതൃത്വത്തിൽ ഉയർന്നു വരുവാൻ ആഗ്രഹിച്ചിരുന്നുമില്ല. ഇസ്‌ലാം തനിമയുള്ള രാജ്യവും ഹിന്ദു തനിമയുള്ള രാജ്യവുമെന്ന ആശയങ്ങൾ രാജ്യം മുഴുവൻ പ്രചരിക്കുകയും ചെയ്തിരുന്നു. വിഭജിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ നയവുമായിരുന്നു. അവരുടെ ചാണക്യ തന്ത്രം അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കുകയും ചെയ്തു. വർഗീയത വളർത്താനുള്ള എല്ലാ വഴികളും ബ്രിട്ടീഷുകാർ തുറന്നു കൊടുക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും ഇന്ത്യയിലെ നിയന്ത്രിക്കാൻ പാടില്ലാത്തവിധം നിയമ നിഷേധങ്ങളും കാരണം ബ്രിട്ടീഷുകാർ ഭരണമവസാനിപ്പിച്ച് രാജ്യം വിടണമെന്നും താല്പര്യപ്പെട്ടിരുന്നു. ഇന്ത്യ മുഴുവനായി വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരക്ഷരരായ അറിവും ബോധവുമില്ലാത്ത ഇന്ത്യൻ ജനതയ്ക്ക് ഇന്ത്യയിലെ സംഭവ വികാസങ്ങളെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. സ്വാർത്ഥത നിറഞ്ഞ നേതാക്കന്മാരുടെ പുറകിൽ അറിവും വിവേകവുമില്ലാത്ത ജനക്കൂട്ടം അണിനിരന്നു. രാജ്യം മുഴുവൻ പൈശാചികത ഇളകി മറിഞ്ഞിരുന്നു. അങ്ങനെയാണ് അവർ ഹിന്ദു മുസ്ലിം രാജ്യ വിഭജനത്തിനായി തീരുമാനിച്ചത്. ജ്വാലീയൻവാല കൂട്ടക്കൊലയിൽ ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും ഒരു പോലെ രക്തച്ചൊരിച്ചിൽ നടത്തിയ വിവരം ജനം മറന്നുപോയിരുന്നു. അവസാനം ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ലോർഡ് മൗണ്ട് ബാറ്റൺ തീരുമാനിച്ചു.

ജിന്ന തീർത്തും ദേശീയ വാദിയായിരുന്നു. അഴിമതി രഹിതനായിരുന്നു. ഒരു പ്രോവിൻസിന്റെ ഗവർണറായുള്ള സ്ഥാനം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് സർക്കാർ 'സർ' എന്ന പ്രഭു സ്ഥാനം നൽകിയതും നിരസിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര നേതാവായിരുന്ന ബാല ഗംഗാധര തിലകുമായി അദ്ദേഹത്തിന് നല്ല സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനത്തിൽ സഹകരിക്കാതെ 'ജിന്ന' കോൺഗ്രസ്സ് പാർട്ടി വിട്ടിരുന്നു. അതിനുശേഷം അദ്ദേഹം സ്വന്തമായി തന്നെ ഒരു പാർട്ടിയുണ്ടാക്കി. 'ഞാൻ ഒരു ഇന്ത്യനും രണ്ടാമത് മുസ്ലിമെന്നും' അദ്ദേഹം എന്നും തുറന്നു പ്രസംഗിക്കുമായിരുന്നു.

പാക്കിസ്ഥാനും ഇന്ത്യയും രണ്ടു രാഷ്ട്രങ്ങളാകാനുള്ള കാരണം ജിന്നയല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ചരിത്രം പഠിപ്പിക്കുന്നത്. വാസ്തവത്തിൽ എന്നും സങ്കുചിത വിഘടന രാഷ്ട്രീയത്തിനെതിരായി പ്രവർത്തിച്ച ജിന്നയെ സാഹചര്യങ്ങൾ പിന്നീട് വിഭജന രാഷ്ട്രീയത്തിലേക്ക് നയിക്കുകയായിരുന്നു. പാക്കിസ്ഥാൻ വിഭജനം ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നുവെന്നു വേണം കരുതാൻ. രാഷ്ട്രീയത്തിൽ ഉടലെടുത്ത ഇത്തരം മത വർഗീയ വാദികളുടെ സാഹചര്യങ്ങളിൽ നിന്നായിരിക്കാം താൻ വിശ്വസിച്ചിരുന്ന മതേതരത്വം ബലി കഴിച്ചുകൊണ്ട് മുസ്ലിം രാഷ്ട്രത്തിനായി അദ്ദേഹം രംഗത്തു വന്നത്. മറുഭാഗത്ത് വീര സവേർക്കറുടെ ഹിന്ദു വാദവും ശക്തിയായി വളർന്നിരുന്നു.

തീവ്രത മുസ്ലിം സമുദായത്തിൽ ശക്തി പ്രാപിച്ച നാളുകളിലാണ് 'ജിന്ന' മുസ്ലിം രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ വന്നത്. മുസ്ലിമുകൾക്കു മാത്രമായി ഒരു രാഷ്ട്രമെന്ന ആവശ്യം വിഭജനത്തിൽക്കൂടിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനു അന്നത്തെ മുസ്ലിം തീവ്ര ചിന്താഗതിക്കാർ  സമ്മതിച്ചിരുന്നുമില്ല. കോൺഗ്രസിന്റെ കീഴിൽ മുസ്ലിമുകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്നുള്ള ചിന്താഗതിയും ദേശീയ രാഷ്ട്രീയത്തിൽ വളർന്നിരുന്നു. നിരന്തരമായ കൂട്ടക്കൊലകളും കലഹങ്ങളും കാരണം മനസ് മരവിച്ച സർദാർ പട്ടേൽ പോലും ഒടുവിൽ വിഭജനത്തെ അനുകൂലിക്കുകയായിരുന്നു. സ്വാതന്ത്ര്യം നേടണമെങ്കിൽ വിഭജനം ആവശ്യമായിരുന്നുവെന്ന ഘട്ടവും വന്നു. ഈ യാഥാർഥ്യം മനസിലാക്കി അന്നുള്ള നേതൃത്വം പ്രവർത്തിച്ചിരുന്നെങ്കിൽ രക്തപങ്കിലമായ ഇന്ത്യയുടെ ചരിത്രത്തിലെ അന്നത്തെ കൂട്ട നരഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

രാഷ്ട്രീയക്കാരുടെ അധികാര മോഹം മൂലം ഇന്ത്യൻ ജനത പരസ്പ്പരം ശത്രുക്കളായി മാറിയിരുന്നു. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കലാപം പൊട്ടി പുറപ്പെട്ടു. ഹിന്ദുക്കളിലും മുസ്ലിമുകളിലുമുളള മതഭ്രാന്തന്മാർ, പരസ്പ്പരം നിഷ്കളങ്കരായവരെ കൊന്നുകൊണ്ടിരുന്നു. എണ്ണാൻ പാടില്ലാത്ത വിധം ജനങ്ങൾ അവരുടെ ഭവനങ്ങൾ ഉപേക്ഷിച്ചു. ലക്ഷക്കണക്കിന് ജനം മുറിവേറ്റു. വിശന്നു തളർന്ന ജനങ്ങൾ തങ്ങളുടെ വീട്ടു സാധനങ്ങളുമായി ഇരു രാജ്യങ്ങളിലെയും അതിർത്തികൾ കടന്നുകൊണ്ടിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബലാൽസംഗം ചെയ്ത നൂറായിരം കഥകളുണ്ട്. എണ്ണാൻ പാടില്ലാതെ സ്ത്രീകൾ തങ്ങളുടെ അഭിമാനം രക്ഷിക്കാൻ ആത്മഹത്യ ചെയ്തു. ഈ സാഹചര്യങ്ങളിൽ മൌണ്ട് ബാറ്റൺ പ്രഭു ഒരു എമർജൻസി കമ്മറ്റി രൂപീകരിച്ചു. പട്ടേലും നെഹ്രുവായും പൊതുചർച്ചകളുണ്ടായിട്ടും വിഭജനം ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടിട്ടും മൗണ്ട് ബാറ്റൺ സമ്മതിച്ചില്ല.

ജിന്ന ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലം 'ദാദാ ഭായി നവറോജിയുമായി ഒത്തോരുമിച്ചു പ്രവർത്തിച്ചിരുന്നു. നവറോജി യുകെ പാർലമെന്റ് മെമ്പറായി മത്സരിച്ചപ്പോൾ അദ്ദേഹത്തിൻറെ വിജയത്തിനായി ജിന്നയും ഒപ്പം പ്രവർത്തിച്ചു. നവറോജി ഒരു പാർസിയായിരുന്നു. പാർസിയ്ക്കു വേണ്ടി പ്രവർത്തിച്ച ജിന്നയുടെ മതേതരത്വ ചിന്താഗതിയാണ് അവിടെ വ്യക്തമാക്കുന്നത്'. 1904-ൽ നവറോജി ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിരുന്നത് ജിന്നയായിരുന്നു.

ബംഗാളിനെ ബ്രിട്ടീഷ് കാലത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ തുടങ്ങിയപ്പോൾ 'ജിന്ന' അത് ശക്തിപൂർവ്വം പ്രതിക്ഷേധിച്ചു. മതങ്ങളുടെ അടിസ്ഥാനത്തിൽ, മുസ്ലിമുകളും ഹിന്ദുക്കളും വെവ്വേറെയായി പ്രാദേശിക അസബ്ലികളിൽ വോട്ടിങ്ങിനു തയ്യാറായപ്പോൾ അദ്ദേഹം അത് എതിർത്തു. 1906-ൽ മുസ്ലിം ലീഗ് സ്ഥാപിക്കുന്ന സമയം മതാടിസ്ഥാനത്തിലുള്ള ഒരു സംഘടനയെ ആദ്യം എതിർത്ത വ്യക്തിയും ജിന്നയായിരുന്നു. 1906-ൽ 'ആഗാ ഖാൻ' മുസ്ലിമുകളുടെ അവകാശങ്ങൾക്കായി 'ലോർഡ് മൺട്രോയെ'  കണ്ടിരുന്നു. മുസ്ലിമുകൾക്ക് മാത്രമായി ആനുകൂല്യങ്ങൾ ചോദിക്കുന്ന ആഗാഖാനെ ജിന്ന അന്ന് ചോദ്യം ചെയ്തു. മുസ്ലിം ലീഗെന്ന സംഘടന രൂപീകരിക്കുന്നതിലും അദ്ദേഹം എതിർത്തിരുന്നു. അദ്ദേഹം ഡെഹ്‌റാഡൂണിൽ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥാപിച്ചവരിൽ ഒരാളായിരുന്നു.

1916-ൽ ആനീ ബസന്റും ബാലഗംഗാധര തിലകും രൂപീകരിച്ച 'ആൾ ഇന്ത്യ ഹോം റൂൾ ലീഗിനെ' പിന്തുണച്ചു. ഇന്ത്യയുടെ ആഭ്യന്തര ഭരണം പിടിച്ചെടുക്കുകയായിരുന്നു സംഘടനയുടെ ലക്‌ഷ്യം. എന്നാൽ യുദ്ധകാലം ആയിരുന്നതുകൊണ്ട് അത്തരം ആവശ്യങ്ങൾ ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സ്വയം ഭരണാവകാശത്തിനുള്ള ആദ്യത്തെ പടിയായി ഈ സ്വാതന്ത്ര്യ സമര നീക്കത്തെ കണക്കാക്കാം. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെ സ്വരാജ് പാർട്ടി ഒന്നടങ്കം എതിർത്തിരുന്നു. 'ജിന്നാ' നല്ലയൊരു രാഷ്ട്ര തന്ത്രജ്ഞനായിരുന്നതുകൊണ്ടു സ്വയം ഭരണമെന്ന ആശയത്തെ അനേകമാളുകൾ ഇഷ്ടപ്പെട്ടിരുന്നു. വലിയൊരു ജനവിഭാഗം ജിന്നയോടൊപ്പം സ്വരാജ് പാർട്ടിയിൽ ചേരുകയും ചെയ്തു. ബ്രിട്ടനിൽ നടന്ന ആദ്യത്തെ രണ്ടു റൗണ്ട് ടേബിൾ കോൺഫെറൻസിലും ജിന്ന ഹാജരായിരുന്നു. മൂന്നു കോൺഫറൻസുകളും ബ്രിട്ടീഷുകാരോട് ഒരു ഒത്തുതീർപ്പുണ്ടാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു. അന്ന് മുസ്ലിമുകളുടെ പ്രതിനിധിയായല്ല അദ്ദേഹം വട്ടമേശസമ്മേളനത്തിൽ പങ്കുകൊണ്ടത്.

വട്ടമേശ സമ്മേളനം പരാജയപ്പെട്ടപ്പോൾ അദ്ദേഹം ലണ്ടനിൽ കുറച്ചുകാലം കൂടി തങ്ങി. അവിടെ 'അല്ലാമാ ഇഖ്‌ബാലും'  'ലിയഖാത്ത് ആലിയും' ഇന്ത്യയിലേക്ക് മടങ്ങിപ്പോവാനും മുസ്ലിമുകൾക്കുവേണ്ടി നിലകൊള്ളാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ കാരണം പരസ്പ്പരം മല്ലടിച്ചു കഴിഞ്ഞിരുന്നു. 1946 വരെ 'ജിന്ന' ഒരു ഏകഭാരതത്തിനു വേണ്ടി നിലകൊണ്ടു. അതിനായി അദ്ദേഹം ലോർഡ് മൗണ്ട് ബാറ്റൺ പ്രഭുവിനെ കണ്ടു. രാജ്യം വിഭജിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മൗണ്ട് ബാറ്റൺ ഒട്ടും വഴങ്ങാതെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനായി നിലകൊണ്ടു. ഇന്ത്യ ഒന്നാണെങ്കിൽ അത് ഒരു വൻശക്തിയായി നിലകൊള്ളുമെന്നും ജിന്ന അന്നുവരെ വിശ്വസിച്ചിരുന്നു.

1937-ൽ ചില പ്രൊവിൻസുകളുടെ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്സ്, മുസ്ലിം ലീഗുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ബന്ധം വഷളാകാനും തുടങ്ങി. 1940-ൽ ലാഹോറിൽ നടന്ന മുസ്ലിം ലീഗ് മീറ്റിംഗിൽ ഇന്ത്യ വിഭജിക്കാനും മുസ്ലിമുകൾക്കു മാത്രമായ പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ഹിന്ദു മുസ്ലിം ഐക്യം സാധ്യമാണെന്നായിരുന്നു ജിന്ന ചിന്തിച്ചിരുന്നത്. എന്നാൽ മനസില്ലാ മനസോടെ മുസ്ലിമുകളുടെ സുരക്ഷതയ്ക്ക് പാക്കിസ്ഥാൻ ആവശ്യമാണെന്നുള്ള വാദത്തോട് യോജിക്കുകയായിരുന്നു. ബ്രിട്ടീഷ് സർക്കാരുമായുള്ള ചർച്ചകളിൽ ബ്രിട്ടീഷുകാർ വിഭജനത്തിനു അനുകൂലമായിരുന്നു. അങ്ങനെ 1947 ഓഗസ്റ്റ് പതിന്നാലാം തിയതി പാക്കിസ്ഥാൻ എന്ന രാഷ്ട്രം ഉണ്ടായി. ഇത് ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും തമ്മിൽ വലിയ തോതിൽ കലാപത്തിന് കാരണമായി. 'ജിന്ന' പാകിസ്ഥാന്റെ ആദ്യത്തെ ഗവർണ്ണർ ജനറലുമായി. ജിന്ന' അധികാരമെടുത്തയുടൻ പറഞ്ഞു, "രാജ്യം അരാജകത്വമാകുമെന്നും ഇങ്ങനെയെല്ലാം സംഭവിക്കുമെന്നും ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതകാലത്തു പാക്കിസ്ഥാനെന്ന രാജ്യമുണ്ടാകുമെന്ന് വിചാരിച്ചിരുന്നുമില്ല."

പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഗവർണ്ണർ ജനറലെന്ന നിലയിൽ ജിന്നയുടെ കന്നി പ്രസംഗം ഹൃദ്യമായിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങൾക്ക് ഹിന്ദുവാകാം, മുസ്ലിമാകാം, സിക്കാകാം. എന്നാൽ മതത്തിന്റെ പേരിൽ വിഭിന്നതകൾ പാടില്ല. മനുഷ്യൻ മനുഷ്യനെ പരസ്പ്പരം വേർതിരിച്ചുള്ള മതത്തിന്റെ സങ്കുചിത ചിന്താഗതിയിൽ നിന്ന് നാം മുക്തരാകേണ്ടതുണ്ട്. മത വിവേചനം നമ്മുടെ സമൂഹത്തിൽ നിന്നും പാടെ ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. നമുക്ക് സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് തടസമായിരുന്നത് ഇത്തരം മനുഷ്യനിലുണ്ടായിരുന്ന വർഗീയ ചിന്തകളായിരുന്നു. ഇവയില്ലായിരുന്നെങ്കിൽ സ്വാതന്ത്ര്യം വളരെ മുമ്പേ നമുക്ക് ലഭിക്കുമായിരുന്നു. നിങ്ങളുടെ ഏതു ജാതിയും മതവും രാജ്യകാര്യങ്ങളെ ബാധിക്കില്ല." സ്വാർത്ഥ രാഷ്ട്രീയത്തിലും മതത്തിലും അടിസ്ഥാനമായ ഒരു പുതിയ രാഷ്ട്രത്തിന്റെ തലവന്റെ വാക്കുകളാണ് ഇതെന്നും ഓർക്കണം. മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഒരു നേതാവായിരുന്നു ജിന്നായെന്നു ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമുണ്ടോ? 1948 സെപ്റ്റംബർ പതിനൊന്നാം തിയതി ക്ഷയരോഗ ബാധിതനായി അദ്ദേഹം മരണമടഞ്ഞു.

സ്വാതന്ത്ര്യ സമരം ശരിയായി പഠിച്ചിട്ടുള്ളവർക്ക് ജിന്നയുടെ വ്യക്തി സ്വഭാവവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ജിന്ന ആരെന്നും ശരിക്കും മനസിലാക്കാൻ സാധിക്കും. എന്നിട്ടും പൊതുസമൂഹത്തിൽ ജിന്നയെ വെറുക്കപ്പെട്ട ഒരു കഥാപാത്രമായി രാഷ്ട്രീയവും ചരിത്രവും പഠിപ്പിക്കുന്നു. അതിനെതിരായി, അത് തിരുത്താനായി ജസ്വന്ത് സിങ്, 'ജിന്നയും ഇന്ത്യയും വിഭജനവും സ്വാതന്ത്ര്യവും' എന്ന പേരിൽ ഇംഗ്ളീഷിൽ ഒരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകം നിരോധിക്കാൻ കോൺഗ്രസ് ഉൾപ്പടെയുള്ള മത വർഗീയ വാദികൾ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. മുഹമ്മദാലി ജിന്ന ക്രൂരനായ ഒരു മുസ്ലിമും ഒറ്റുകാരനുമെന്നത് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കേണ്ടത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയാണ്. നെഹ്രുവിനെപ്പോലെയോ പട്ടേലിനെപ്പോലെയോ ജനങ്ങളുടെ മനസ്സിൽ പടുത്തുയർത്തിയിരിക്കുന്ന വിഗ്രഹത്തെക്കാൾ മറ്റൊരു വിഗ്രഹത്തെ വാർത്തെടുക്കാൻ, രാഷ്ട്രീയ പുങ്കവന്മാർ ആഗ്രഹിക്കില്ല.

"സത്യമേവ ജയതേ" ("Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു. എന്നാൽ സത്യം പറയുന്നവരെ തീയിലിട്ടു ചുടുകയെന്ന തന്ത്രവും രാഷ്ട്രീയ ചിന്തകളുടെ ഭാഗമാണ്. വിഭജനവും വിഭജനകാലത്തെ ദുരന്തവും ഏറ്റെടുക്കാൻ ഒരു വില്ലനെ വേണമായിരുന്നു. ആ വില്ലന്റെ പദവി ജിന്നയ്ക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽ നിന്ന് ജിന്നയെന്ന വില്ലനെ എടുത്തുകളയാനും പ്രയാസമായിരിക്കും. ചരിത്രത്തിൽ കൊഴിഞ്ഞു പോയ ഭൂതകാലത്തേക്കാളും പ്രാധാന്യം ഇന്നുള്ള വർത്തമാന കാലങ്ങൾക്കാണ്. അതുകൊണ്ട് വില്ലൻ വേഷം അണിഞ്ഞിരിക്കുന്ന ജിന്ന മത മൗലിക വാദി, ഭാരതത്തെ രണ്ടാക്കിയവൻ എന്നിങ്ങനെ നാളെയുടെ ചരിത്രത്തിലും കറുത്ത മഷികൊണ്ടുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ടാകാം. സ്‌കൂളുകളിൽ പാഠപുസ്തകങ്ങളിലെ വില്ലനെന്ന ജിന്നയെ ഒരു ബിംബംപോലെ കുട്ടികളുടെ മനസ്സിൽ പതിപ്പിച്ചുകൊണ്ടുമിരിക്കും. എങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ മേധാവിത്വവും അധികാരവും ചിലരുടെ കൈകളിൽ മാത്രം കുത്തകയാക്കാൻ സാധിക്കുള്ളൂ.

Read more

സീറോ മലബാർ സഭയും കത്തോലിക്ക അസ്ഥിത്വവും പോരാട്ടങ്ങളും

കത്തോലിക്ക' എന്ന വാക്ക് ഉത്ഭവിച്ചത് ഗ്രീക്കു പദത്തിൽ നിന്നാണ്. 'സാർവത്രിക'മെന്നാണ് അതിന്റെ അർത്ഥം. റോമ്മുമായി കൂദാശകളിൽ പങ്കുചേരുന്ന സഭകൾക്കാണ് സാധാരണയായി ഈ  വാക്ക് പ്രയോഗിക്കുന്നത്. ഇന്ത്യയിലാകമാനം ഏകദേശം ഇരുപതു മില്യൺ കത്തോലിക്ക ജനസംഖ്യയുണ്ടെന്നു   കണക്കാക്കിയിരിക്കുന്നു. ക്രിസ്ത്യൻ സഭകളിൽ എണ്ണംകൊണ്ട് കത്തോലിക്ക സഭയാണ് ഏറ്റവും വലിയ സഭ.  സഭയിൽ ഏകദേശം 174 രൂപതകൾ അതാത് മെത്രാന്മാരുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ 132 രൂപതകൾ ലാറ്റിൻ സമുദായത്തിന്റേതാണ്. 31 സീറോ മലബാർ രൂപതയും പതിനൊന്നു സീറോ മലങ്കര രൂപതകളും  സഭയ്ക്കുണ്ട്. ക്നാനായ രൂപതകൾ സീറോ മലബാർ രൂപതകളിൽ ഉൾപ്പെടും.  ക്രിസ്‌ത്യാനികളെ നസ്രാണി ക്രിസ്ത്യാനികളെന്നും വിളിച്ചിരുന്നു. നസ്രാണിയെന്നുള്ളത് സുറിയാനി പദമാണ്. നസ്രായക്കാരനായ യേശുവിന്റെ പിൻഗാമികളെന്നാണ് അർത്ഥം.

കേരളത്തെ ഇന്ത്യയിലെ കത്തോലിക്കരുടെ 'വത്തിക്കാൻ' എന്ന് വിളിക്കുന്നതിൽ അതിശയോക്തിയില്ല. ഇവിടെ  ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് സെന്റ് തോമസ് ഇന്ത്യയിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ്. രണ്ടാമത് പോർട്ടുഗീസ് മിഷ്യനറിമാർ വന്നു ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിതത്തെ പരിവർത്തനാത്മകമാക്കി ചരിത്രം തന്നെ മാറ്റിയെഴുതിയെന്നുള്ളതാണ്. മൂന്നാമത് ക്രിസ്ത്യാനികളുടെ പ്രധാന സംഭവങ്ങൾ മുഴുവൻ നടന്നത് കേരളത്തിലാണ്. 1599-ലെ ഉദയം പേരൂർ സൂനഹദോസ്, 1652-ലെ മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശു സത്യം, 1874-ലെ തൃശൂരിലുണ്ടായ കൽദായ വാദികളുമായ വിഭജനം, എന്നിങ്ങനെയുള്ള സംഭവങ്ങൾക്കെല്ലാം കേരളം ദൃക്‌സാക്ഷിയായിരുന്നു. കൂടാതെ ഇന്ത്യയുടെ മൊത്തം  കത്തോലിക്കരുടെ പകുതിയും കേരളത്തിലാണ് വസിക്കുന്നത്.

മലബാർ ക്രിസ്ത്യാനികൾ അല്ലെങ്കിൽ സിറോ മലബാർ ക്രിസ്ത്യാനികൾ കിഴക്കിലെയും പൗരസ്ത്യ നാടുകളിലെയും പേർഷ്യയുടെയും സിറിയായുടെയും ആരാധന ക്രമങ്ങൾ ആചരിച്ചിരുന്നതുകൊണ്ടാണ് അവരെ അങ്ങനെ അറിയപ്പെട്ടിരുന്നത്. പേർഷ്യയിൽ നിന്നു വന്നിരുന്ന ബിഷപ്പുമാരുടെ കീഴിലായിരുന്നു ആദ്യകാലത്തെ ക്രിസ്ത്യാനികൾ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. പോർട്ടുഗീസുകാർ ഇന്ത്യയിൽ വന്ന കാലത്ത് സുറിയാനി ക്രിസ്ത്യാനികൾ ബാബിലോണിയൻ പാത്രിയാക്കീസുമാരുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ സഭാ സംബന്ധമായ ഭാക്ഷ സുറിയാനിയായിരുന്നു. ഭാരതീയ സാഹചര്യങ്ങൾ അനുസരിച്ച് കുർബാന ക്രമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു.  ചരിത്രകാരന്മാരുടെ കണക്കുകൂട്ടലിൽ നാലാം നൂറ്റാണ്ടുമുതൽ ഇന്ത്യയിൽ കൃസ്തുമതം പ്രചരിച്ചിരുന്നുവെന്നാണ്.

ക്രിസ്തുശിക്ഷ്യൻ, അവിശ്വാസിയായ തോമസ് ഇന്ത്യയിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാണ് കേരള ക്രിസ്ത്യാനികളുടെയിടയിലെ പരക്കെയുള്ള വിശ്വാസം. സെന്റ് തോമസ് ഭാരതത്തിൽ വന്നതിന്റെ തെളിവുകൾ ചോദിച്ചാൽ 'കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന ക്രിസ്തു വചനം മാത്രമേ ഉത്തരമുള്ളൂ. കാരണം, ക്രിസ്തു മൂന്നാം നാൾ ഉയർത്തുവെന്ന വിശ്വാസം അവിശ്വാസിയായ തോമസ് വിശ്വസിച്ചില്ല. അതുപോലെ ഇന്നുള്ള ആധുനിക ചരിത്രകാരും തോമസിന്റെ ഇന്ത്യയിലെ പ്രേഷിത ദൗത്യത്തെ അംഗീകരിക്കുന്നില്ല.  ഒരു സിറിയൻ കച്ചവടക്കാരനായ ക്നാനായ തോമസ് ഭാരതത്തിൽ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നും ഇവിടെ കോളനികൾ സ്ഥാപിച്ചുവെന്നും മറ്റൊരു വിശ്വാസവുമുണ്ട്. കേരളത്തിലെ ക്രിസ്തീയ വിശ്വാസം അടിസ്ഥാനമില്ലാത്ത രണ്ടു ദിവ്യന്മാരാൽ പടുത്തുയർത്തിയെന്നു വേണം ചിന്തിക്കാൻ.

ആറാം നൂറ്റാണ്ടിൽ ചെന്നൈയിൽ മൈലാപ്പൂരെന്ന ഗ്രാമത്തിൽ സെന്റ് തോമസിന്റെ കുഴിമാടം കണ്ടുപിടിച്ചത് അർമേനിയൻ ക്രിസ്ത്യാനികളാണ്. അതേ സ്ഥാനത്ത് അവർ അവിടെ ഒരു പള്ളിയും പണിതു. യാത്രികനായിരുന്ന മാർക്കോപോളോ ഈ പള്ളി സന്ദർശിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. 1523-ൽ പോർട്ടുഗീസുകാർ തോമസ് കുഴിമാടത്തിൽ ഒരു പള്ളി പണിതു. ആ പള്ളിയെ 'സാൻ തോം' എന്ന് വിളിച്ചു. 1606-ൽ പോർട്ടുഗൽ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെ അപേക്ഷപ്രകാരം 'പോപ്പ് പോൾ അഞ്ചാമൻ' സെന്റ് തോമസ് പള്ളിയെ ബസ്‌ലീക്കായായി ഉയർത്തി. 1898-ൽ 'ഡോം ഹെൻറിക്‌സ് റീഡ് ഡീ സിൽവാ' മൈലാപ്പൂരിലെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. അവിടെ ഗോതിക്ക് മാതൃകയിലുള്ള കത്തീഡ്രൽ പണിയുകയും ചെയ്തു.

പടിഞ്ഞാറേ മിഷനറിമാർ ഇന്ത്യയിൽ വന്നപ്പോൾ ക്രിസ്ത്യാനികൾ നെസ്തോറിയൻ വിശ്വാസമായിരുന്നു പുലർത്തിയിരുന്നത്. അത്തരം വിശ്വാസം അവർക്ക് അസഹനീയമായിരുന്നു. എന്നാൽ ചില ചരിത്രകാരന്മാർ എഴുതിയിരിക്കുന്നത്, 'യൂറോപ്യൻ മിഷ്യനറിമാർ ഇന്ത്യയിൽ വരുന്ന സമയം ആദ്യമ ക്രിസ്ത്യാനികളുടെ വിശ്വാസം നെസ്തോറിയനിസമായിരുന്നില്ല മറിച്ച് കിഴക്കേ സിറിയാ ആചരിച്ചുവന്നിരുന്ന കത്തോലിക്ക വിശ്വാസമായിരുന്നു'വെന്നാണ്. ഇവിടെ ചരിത്രകാരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ, വ്യക്തമായ ഒരു ഉത്തരം ലഭിക്കുക പ്രയാസമാണ്.

1247 മുതൽ 1328 വരെ ജീവിച്ചിരുന്ന 'ജോൺ ജിയോവാന്നി മോണ്ടെ കാർവിനോ ' എന്ന ഇറ്റാലിയൻ ഫ്രാൻസിസ്‌ക്കൻ പുരോഹിതൻ ഇന്ത്യയിലെ ക്രിസ്തുമതം പ്രചരിപ്പിച്ച ആദ്യകാല മിഷിനറിയായി കരുതുന്നു. അദ്ദേഹം റോമൻ കത്തോലിക്ക മതം ഇന്ത്യയിലും ചൈനയിലും പ്രചരിപ്പിച്ചിരുന്നു. പീക്കിങ്ങിലെ ആർച്ച് ബിഷപ്പും പൗരസ്ത്യ ദേശങ്ങളിലെ ചുമതലകളും വഹിച്ചിരുന്നു. പതിമൂന്നു മാസം ചെന്നൈയിൽ സെന്റ് തോമസ് മൗണ്ടിനു സമീപം മതം പ്രസംഗിച്ചു. എ.ഡി. 1291 അല്ലെങ്കിൽ എ.ഡി. 1292-ൽ നൂറു കണക്കിന് ജനത്തെ മാമ്മൂദീസ നൽകി കത്തോലിക്ക സഭയിൽ ചേർത്തു. കേരളത്തിലെ ആദ്യത്തെ റോമ്മൻ കത്തോലിക്ക രൂപത 1329 ആഗസ്റ്റ് ഒമ്പതാം തിയതി കൊല്ലത്തു സ്ഥാപിച്ചു. പോപ്പ് ജോൺ പന്ത്രണ്ടാമനായിരുന്നു രൂപത സ്ഥാപിക്കാൻ അനുവാദം നൽകിയത്. ഫ്രഞ്ച് ഡൊമിനിക്കനായ 'ജോർഡാനസ് കാറ്റാലനിഡീ സെവേരക്കിനെ' ആദ്യത്തെ ബിഷപ്പായും കൊല്ലത്തു  വാഴിച്ചു.

1498-ൽ പോർട്ടുഗീസ് നാവികനായ വാസ്കോഡി ഗാമ കോഴിക്കോട് എത്തി. എന്നാൽ കോഴിക്കോട് സാമൂതിരി വാസ്‌ക്കോഡി ഗാമയ്ക്ക് സ്വാഗതം നൽകിയില്ല. അറബികളെ പ്രീതിപ്പെടുത്തുന്ന നയമായിരുന്നു സാമൂതിരിക്കുണ്ടായിരുന്നത്. അക്കാലത്ത് കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മിൽ ശത്രുതയിലായിരുന്നു. പോർട്ടുഗീസുകാരെ ഹാർദ്ദമായി കൊച്ചി രാജാവ് സ്വീകരിച്ചു. സാമൂതിരിക്കെതിരെ പടയോട്ടം നയിക്കാൻ പോർട്ടുഗീസുകാരുടെ സഹായം ബലവത്താകുകയും ചെയ്തു. കൊച്ചിയിൽ വാണിജ്യം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി രാജാവ് പോർട്ടുഗീസുകാർക്ക് നൽകി. കേരളത്തിന്റെ തീരത്ത് ശക്തമായ ഒരു വ്യവസായ സാമ്രാജ്യം സ്ഥാപിക്കാൻ പോർട്ടുഗീസുകാർക്ക് അതൊരു അവസരമായിരുന്നു. കോലത്തിരി രാജാവും പോർട്ടുഗീസ് നാവികരെ സഹായിച്ചിരുന്നു. ഒന്നര നൂറ്റാണ്ടോളം വാണിജ്യ ബന്ധം തുടർന്നു. 1504-ൽ പോർട്ടുഗീസുകാർ സാമൂതിരിയിൽനിന്നും കൊടുങ്ങല്ലൂരും തൃശൂരും പിടിച്ചെടുത്തു.

1510-ൽ പോർട്ടുഗീസുകാർ ഗോവാ പിടിച്ചെടുക്കുകയും ഗോവയെ പോർട്ടുഗലിന്റെ കിഴക്കിന്റെ തലസ്ഥാനമായി കരുതുകയും ചെയ്തു. സഭാ സംബന്ധമായ വിഷയങ്ങളുടെ കേന്ദ്രമായും ഗോവയെ കരുതിയിരുന്നു. 1534-ൽ ഗോവയിൽ ബിഷപ്പുണ്ടാവുകയും 1557-ൽ അതിരൂപതയാവുകയും ചെയ്തു. കേരളം ഉൾപ്പെട്ട പ്രദേശങ്ങളുടെ ആത്മീയ നിയന്ത്രണവും ഗോവയിലെ ബിഷപ്പിനായിരുന്നു. 1541-ൽ അവർ കൊടുങ്ങല്ലൂരിൽ ഒരു സെമിനാരി സ്ഥാപിക്കുകയുമുണ്ടായി. 1542-ൽ ഈശോ സഭാ വൈദികരും 1548-ൽ ഡോമിനക്കൻ പുരോഹിതരും മിഷ്യനറി പ്രവർത്തനങ്ങൾക്കായി എത്തി. 1542-ൽ ഈശോ സഭാ വൈദികനായിരുന്ന ഫ്രാൻസീസ് സേവിയർ ഗോവായിൽ വന്നെത്തുകയും ഗോവാ കേന്ദ്രമാക്കി മിഷ്യൻ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. താഴ്ന്ന വിഭാഗങ്ങളിലുള്ള ഹിന്ദുക്കൾ ഉയർന്ന ജാതികളുടെ മനുഷ്യത്വ രഹിതമായ പീഡനം മൂലം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.

പോർട്ടുഗീസുകാരുടെ സമ്മർദ്ദത്തോടെ ക്രിസ്ത്യാനികളിൽ നിരവധി സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി.  1599 ജൂൺ ഇരുപതാം തിയതി കൂടിയ ഉദയംപേരൂർ സുന്നഹദോസിൽ വന്നെത്തിയ പ്രമാണിമാർ ഒറ്റമുണ്ടും ധരിച്ചുകൊണ്ടായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. അക്കാലത്ത് ക്രിസ്ത്യാനികളുടെ തലയിൽ പ്രാകൃതമായ രീതിയിൽ ഒരു തരം വിചിത്രമായ കുടുമ്മ കെട്ടി വെക്കുമായിരുന്നു. മറ്റു ജാതികളിൽനിന്നും വ്യത്യസ്തമായി കുടുമ്മയുടെ അറ്റത്ത് ഒരു കുരിശും കാണും. അവർ ക്രിസ്ത്യാനികളെന്ന് തിരിച്ചറിഞ്ഞിരുന്നതും കുടുമ്മയിൽ കുരിശു കാണുമ്പോഴായിരുന്നു. കാതിൽ വലിയ കടുക്കനും ധരിച്ചിരുന്നു. മഴക്കാലത്തു ഓലക്കുട ചൂണ്ടുകയോ തൊപ്പിക്കുട ധരിക്കുകയോ ചെയ്തിരുന്നു. ഉടുത്തിരുന്ന തുണിക്കുപുറമെ അരയിൽ ചുവന്ന കച്ചയും കെട്ടിയിരുന്നു. കച്ചയ്ക്കുള്ളിൽ പണവും സൂക്ഷിച്ചിരുന്നു. മന്ത്രവാദം, കൂടോത്രം, ജാതകപൊരുത്തമെല്ലാം ക്രിസ്ത്യാനികളുടെ തൊഴിലായിരുന്നു. പോർട്ടുഗീസുകാരുടെ സാമൂഹിക പരിഷ്‌ക്കാരങ്ങളിൽക്കൂടിയാണ് അക്രൈസ്തവമായ അത്തരം ദുരാചാരങ്ങൾ ഇല്ലാതായത്. തീണ്ടൽ, തൊടീൽ എന്നിങ്ങനെയുള്ള ആചാരങ്ങൾ കൃസ്ത്യൻ സഭകളിൽ പാടില്ലാന്നുള്ള കർശന നിയമങ്ങളും പോർട്ടുഗീസുകാർ കൊണ്ടുവന്നിരുന്നു.

കേരള ക്രൈസ്തവരുടെ പിന്തുടർച്ച അവകാശത്തെപ്പറ്റിയും സുന്നഹദോസിൽ ചർച്ച ചെയ്തിരുന്നു. ആൺക്കുട്ടികൾ ഇല്ലാത്ത വീടുകളിൽ സ്വത്തുക്കൾ പെൺമക്കൾക്ക് നൽകണമെന്ന വ്യവസ്ഥ സൂനഹദോസ് പ്രമാണത്തിൽ എഴുതി ചേർത്തു. അക്കാലത്ത് ക്രിസ്ത്യാനികളുടെയിടയിൽ ബാല്യകാല വിവാഹം സാധാരണമായിരുന്നു. അത്,  അനുവദിച്ചുകൂടായെന്നും സൂനഹദോസ് തീരുമാനിച്ചു. ആണിനും പെണ്ണിനും വിവാഹം കഴിക്കേണ്ട പ്രായവും തീരുമാനിച്ചു. അന്യായ പലിശ വാങ്ങുന്നതും ക്രിസ്തീയതയ്‌ക്കെതിരെന്നു സൂനഹദോസ് പാസാക്കി. ജാതക പൊരുത്തമില്ലാതെ ചീത്ത നക്ഷത്രത്തിൽ പിറക്കുന്ന കുട്ടികളെ കൊല്ലുന്ന പതിവ്  ഹൈന്ദവരെപ്പോലെ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു.  അത്തരം ക്രൂരപ്രവർത്തികൾ ഇല്ലാതാക്കിയുള്ള നിയമങ്ങളുമുണ്ടാക്കി.  സൂനഹദോസിൽ നിരവധി സാമൂഹിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയതുമൂലം യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ എതിർപ്പുകൾ ശക്തമായി നേരിടേണ്ടി വന്നു. ഒടുവിൽ അത് കൂനൻ കുരിശു സത്യത്തിലേക്ക് നയിക്കുകയായിരുന്നു.

പോർട്ടുഗൽ രാജാവ് കോളനികൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ കത്തോലിക്ക മതം പ്രചരിപ്പിക്കുന്നതിനും അവിടെ സഭാപരമായ തീരുമാനങ്ങൾ എടുക്കാനും രാജാവിന് അധികാരമുണ്ടെന്നുള്ള വത്തിക്കാന്റെ ഒരു കൽപ്പന അക്കാലത്തുണ്ടായിരുന്നു. കോളനികളിൽ ബിഷപ്പുമാരെ നിയമിക്കാനും പോർട്ടുഗൽ രാജാവിന് അധികാരം കൊടുത്തിരുന്നു. അങ്ങനെ കേരളത്തിലും ഫ്രാൻസീസ് അസീസ് എന്ന ഈശോ സഭാ പുരോഹിതനെ മെത്രാപ്പോലീത്തായായി നിയമിച്ചു. ആദ്യം അദ്ദേഹം അങ്കമാലിയിലും പിന്നീട് കൊടുങ്ങല്ലൂർ രൂപതയിലും സേവനം ചെയ്തു. 1624 മുതൽ 1641 വരെ  'സ്റ്റീഫൻ ബ്രിട്ടോ' അദ്ദേഹത്തിൻറെ പിൻഗാമിയായിരുന്നു. പിന്നീട് 1641-ൽ ഫ്രാൻസിസ് ഗാർസിയ ആർച്ചു ബിഷപ്പായി സഭയെ ഭരിച്ചു. പോർട്ടുഗീസു ബിഷപ്പുമാർ! സഭയെ ഭരിക്കുന്നത് ദേശീയ ക്രിസ്ത്യാനികൾ ഇഷ്ടപ്പെട്ടിരുന്നില്ല. അസന്തുഷ്ടരായ ജനങ്ങൾ സ്വന്തം നാട്ടിൽനിന്ന് മെത്രാന്മാരെ ലഭിക്കാത്ത പക്ഷം പേർഷ്യയിൽ നിന്ന് ഒരു ബിഷപ്പിനെ വരുത്താൻ ആഗ്രഹിച്ചു. നാട്ടു മെത്രാനുവേണ്ടിയുള്ള  അപേക്ഷകളും ഗോവൻ മെത്രാപ്പോലീത്തായ്ക്കു അയച്ചുകൊണ്ടിരുന്നു.

സുറിയാനി ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ പിന്തുടർച്ചയിൽ വിശ്വസിച്ചിരുന്നതുകൊണ്ടു സുറിയാനി ഭാഷയുടെ സ്ഥാനത്ത് ലത്തീൻ ഭാക്ഷ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ രണ്ടു ഗ്രുപ്പുകളും തമ്മിൽ ശത്രുതയുമാരംഭിച്ചു. പോർട്ടുഗീസുകാർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടു സുറിയാനി ക്രിസ്ത്യാനികളും പേർഷ്യൻ പാത്രിയാക്കീസുമാരുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കാനും അവർക്ക് സാധിച്ചു. എന്നിട്ട് ക്രിസ്ത്യാനികളെ അവരുടെ അധികാര പരിധിയിൽ കൊണ്ടുവരുകയുമുണ്ടായി. പേർഷ്യൻ മെത്രാന്മാരെ കേരളത്തിൽ എത്തിക്കാതിരിക്കാനുള്ള എല്ലാ അടവുകളും അവർ പ്രയോഗിച്ചിരുന്നു. പേർഷ്യയിൽനിന്നും മാർ എബ്രാഹം കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് വലിയ പ്രതിക്ഷേധങ്ങൾ നേരിടേണ്ടി വന്നു. പോർട്ടുഗീസ് അധികാരികൾ മടക്കി അയക്കുമെന്ന ഭീക്ഷണികളും മുഴക്കിയിരുന്നു. എങ്കിലും 1597 മരണം വരെ അദ്ദേഹം പ്രതിസന്ധികളിൽക്കൂടി ക്രിസ്ത്യാനികളെ നയിച്ചുകൊണ്ടിരുന്നു.

1652-ൽ സുറിയാനി ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം ബാബിലോണിയൻ പാത്രിയർക്കീസ് സുറിയാനി സഭയുടെ ഭരണത്തിനായി 'ബിഷപ്പ് അഹത്തുള്ളാ'യെ കേരളത്തിലേക്ക് അയച്ചു. എന്നാൽ പോർട്ടുഗീസ് അധികാരികൾ അദ്ദേഹത്തെ കേരളത്തിൽ കാലു കുത്താൻ അനുവദിച്ചില്ല. അവർ അദ്ദേഹത്തെ ഗോവയിലേക്ക് നാട് കടത്തി. കൊച്ചിയിൽ അഹത്തുള്ളായെ പോർട്ടുഗീസുകാർ മുക്കിക്കൊന്നുവെന്ന ഒരു വ്യാജ വാർത്തയും പ്രചരിച്ചിരുന്നു. നിരാശരായ ജനം മട്ടാഞ്ചേരി കുരിശിനു ചുറ്റും കൂടി 'ഇനിമേൽ ഗോവാ ബിഷപ്പിന്റെ അധികാരത്തിൽ തങ്ങളുടെ ആത്മീയ ആചാരങ്ങൾ നടത്തില്ലെന്ന്' പ്രതിജ്ഞ ചെയ്തു. അവിടെ കൂടിയ ഓരോ വിശ്വാസിയും കുരിശിൽ തൊട്ടു സത്യം ചെയ്യണമായിരുന്നു. ജനക്കൂട്ടം കുരിശിൽ വലിയ ഒരു കയർ വലിച്ചുകെട്ടുകയും ഓരോരുത്തരും  കയറിൽ തൊട്ടു ഇനിമേൽ റോമ്മാ സഭയുമായി ബന്ധമില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ സുറിയാനി ക്രിസ്ത്യാനികളുടെയിടയിൽ 'കൂനൻ കുരിശു' സത്യമെന്ന് അറിയപ്പെടുന്നു.  അങ്ങനെ പ്രതിജ്ഞ ചെയ്തവരെല്ലാം ആലങ്ങാട് സമ്മേളനം കൂടി. പന്ത്രണ്ടു പുരോഹിതർ ഒന്നിച്ചുകൂടി കൈവെയ്പ്പ് നടത്തി ആർച്ച് ഡീക്കനായിരുന്ന തോമസ് പറമ്പിലിനെ ബിഷപ്പായി വാഴിച്ചു. എന്നാൽ ഈ നടപടിയെ ബഹുഭൂരിപക്ഷം അംഗീകരിച്ചില്ല. അവിടെ വിഭജനമുണ്ടാവുകയും ചെയ്തു. തോമസ് പറമ്പിലുമായി യോജിച്ചു പോയവർ അന്തിയോഖ്യ യാക്കോബായ സഭയുമായി പിന്നീട് ലയിച്ചു. മറ്റുള്ളവർ ലത്തീൻ രൂപതകളുടെ കീഴിൽ സുറിയാനി കത്തോലിക്കരായി ആത്മീയ കാര്യങ്ങൾ നിർവഹിച്ചു പോന്നു. പിന്നീട് അവരെ സീറോ മലബാർ കത്തോലിക്കരെന്നു അറിയപ്പെടാൻ തുടങ്ങി.

പോർട്ടുഗീസ് മിഷിണറിമാർ നാട്ടു ക്രിസ്ത്യാനികളോടു കാണിച്ച ക്രൂരതകളെപ്പറ്റി റോമ്മായിലെ സഭയുടെ അധികാരികൾക്ക് വിവരം കിട്ടി. 'അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പ' വിവരങ്ങൾ അന്വേഷിക്കാനും കേരളസഭയെപ്പറ്റി പഠിക്കാനും ഫാദർ ജോസഫ് സെബാസ്റ്റ്യനെയും ഏതാനും കർമ്മലീത്ത പുരോഹിതരെയും ഇന്ത്യയിലേക്ക് അയച്ചു. നാട്ടുകാരായ ഫാദർ ചാണ്ടി പറമ്പിലിന്റെയും ഫാദർ ചാണ്ടി കടവിലിന്റെയും സഹായത്താൽ വിഘടിച്ചുപോയ ആർച്ച് ഡീക്കൻ തോമസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നാൽപ്പതോളം പള്ളികളെയും സമുദായാംഗങ്ങളെയും ഫാദർ സെബാസ്റ്റ്യൻ കത്തോലിക്ക സഭയിലേക്ക് മടക്കിക്കൊണ്ടുവന്നു. 1663-ൽ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ മൊത്തം 84 പള്ളികൾ മടങ്ങി വന്നിരുന്നു.

1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കി. അവർ യൂറോപ്പ്യന്മാരായ എല്ലാ പുരോഹിതരെയും കൊച്ചിയിൽനിന്ന് പുറത്താക്കി. ഇറ്റലിക്കാരായ കർമ്മലീത്താ പുരോഹിതർക്ക് രാജ്യം വിടേണ്ടി വന്നു. ബിഷപ്പ് സെബാസ്റ്റ്യൻ ഇറ്റലിയിലേക്ക് മടങ്ങി പോവുന്നതിനുമുമ്പ് ചാണ്ടി പറമ്പിലിന് മലബാർ പ്രോവിൻസിന്റെ മുഴുവൻ അധികാരവും കൊടുത്തിരുന്നു. അദ്ദേഹത്തെ മലബാറിന്റെ അപ്പോസ്തോലിക വികാരിയായി നിയമിച്ചു. പോർട്ടുഗീസ് രാജാവിന്റെ കീഴിലുള്ള ഈശോ സഭ വൈദികരെ കൊടുങ്ങല്ലൂർ രൂപതയുടെ ചുമതലയും ഏൽപ്പിച്ചിരുന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിൽ സീറോ മലബാർ രണ്ടു രൂപതകളുടെ കീഴിൽ രണ്ടായി പ്രവർത്തിച്ചിരുന്നു.

നാട്ടുകാരനിൽ ഒരാൾ ബിഷപ്പായോ അല്ലെങ്കിൽ പേർഷ്യയിൽനിന്ന് ഒരു ബിഷപ്പിനെ ലഭിക്കാനോ വേണ്ടിയുള്ള ശ്രമങ്ങൾ സുറിയാനി കത്തോലിക്കർ തുടർന്നുകൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലയളവിൽ ഫാദർ ജോസഫ് കാരിയാറ്റിലിനെയും ഫാദർ തോമസ് പാറേമാക്കലിനെയും ആ ദൗത്യത്തിനായി നിയമിച്ചു. അവർ ഇരുവരും കൂടി പോർട്ടുഗലിലേക്കും റോമിലേക്കും  നിവേദനങ്ങളുമായി യാത്ര പുറപ്പെട്ടു. മിഷ്യനറിമാരുടെ ക്രൂരതയും അഹന്തയും അനീതിയും പ്രതിഫലിപ്പിക്കുന്ന അഭിപ്രായങ്ങൾ നിവേദനത്തിലുണ്ടായിരുന്നു. ജോസഫ് കരിയാറ്റിൽ കൊടുങ്ങല്ലൂരിന്റെ ബിഷപ്പായി നിയമിതനായെങ്കിലും അദ്ദേഹത്തിന് സ്വന്തം ജനങ്ങളുടെ ഇടയനാകാൻ സാധിച്ചില്ല. 1786-ൽ ദുരൂഹമായ ഏതൊ സാഹചര്യത്തിൽ അദ്ദേഹം ഗോവയിൽ വെച്ച് മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ്,  പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഭരണകർത്താവായി നിയമിച്ചിരുന്നു. പാറേമ്മാക്കൽ, 1786 മുതൽ 1799 വരെ കൊടുങ്ങല്ലൂർ രൂപതയെ നയിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യമായ 'വർത്തമാന പുസ്തകം' രചിച്ചത് പാറേമ്മാക്കലായിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഭരണം വീണ്ടും വിദേശികളുടെ നിയന്ത്രണത്തിലായി.

1861-കാലഘട്ടങ്ങളിലും സുറിയാനി കത്തോലിക്കർ സ്വന്തം നാട്ടു മെത്രാന്മാർക്കായി കലഹിച്ചുകൊണ്ടിരുന്നു. റോമിന്റെ കീഴിലുളള കൽദായ പാത്രിയാക്കീസ് 'മാർ ജോസഫി ഒഡോ' അയച്ച ബിഷപ്പ് 'മാർ റോക്കോസ്', സഭാ ശുശ്രുഷകൾക്കായി തൃശൂരിലെത്തി. റോമ്മിന്റെ അനുവാദം കൂടാതെ, കൽദായ മെത്രാന്റെ അധികാര പരിധിക്കു വെളിയിൽ നിന്നായിരുന്നു 'റോക്കോസ്' കേരള സുറിയാനി  സഭയുടെ ഔദ്യോഗിക കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്. കൽദായ പാത്രിയാക്കീസുമാർക്ക് മലബാറിലേക്ക് ബിഷപ്പുമാരെ അയക്കുവാനുള്ള അധികാരം റോം വിലക്കിയിട്ടുമുണ്ടായിരുന്നു.  റോക്കോസ് പ്രശ്നത്തിന്റെ പേരിൽ സഭയിൽ വീണ്ടും വിഭജനമാരംഭിച്ചു. ഈ പ്രശ്ന കാലത്താണ് ഫാദർ ചാവറ കുറിയാക്കൊസ് ഏലിയാസിനെ സീറോ മലബാറിന്റെ വികാരി ജനറാളായി നിയമിച്ചത്. അദ്ദേഹവും അനുയായികളും റോക്കോസിനെതിരെ പ്രതികരിക്കുകയും പ്രതിക്ഷേധിക്കുകയും ചെയ്തു. '1862-ൽ റോക്കോസിനെ കൽദായ പാത്രിയർക്കീസ് തിരികെ വിളിച്ചില്ലെങ്കിൽ സഭയിൽനിന്ന് മഹറോൺ ചെല്ലുമെന്ന വത്തിക്കാനിൽനിന്നും ഒരു കൽപ്പനയും വന്നെത്തി. ഭൂരിഭാഗം സുറിയാനി കത്തോലിക്കരും വിചാരിച്ചിരുന്നത് റോക്കോസ് സഭാ ശുശ്രുഷകൾ തുടങ്ങിയത് റോമ്മിന്റെ അനുവാദത്തോടെയെന്നായിരുന്നു. റോക്കോസിനെ പിന്തുണച്ച ചെറിയ ഒരു ന്യുന പക്ഷം മാത്രം റോമ്മാ സഭയിൽനിന്നും അകന്നു നിന്നു.

1874-ൽ സഭയിൽ മറ്റൊരു വിഭജനം കൂടിയുണ്ടായി. റോമ്മിന്റെ കീഴിലുണ്ടായിരുന്ന സീറോ കൽദായ പാത്രിയർക്കീസ്! തങ്ങളുടെ മെത്രാനായ 'മാർ മേലുസിനെ കേരളസഭയുടെ ശുശ്രുഷ പരിപാലനത്തിനായി അയച്ചു. തൃശൂരിലെ ജനങ്ങളായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. റോമ്മിന്റെ അനുവാദത്തോടെയാണ് കൽദായ ബിഷപ്പ് 'മേലൂസ്‌' വന്നതെന്നു കരുതി തൃശൂർ ജനത അദ്ദേഹത്തിന് വലിയ സ്വീകരണങ്ങൾ നൽകി. റോമ്മിന്റെ  അനുവാദമില്ലാതെ മെത്രാന്റെ ചുമതലകൾ വഹിച്ച മേലൂസിനെ  മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം  'ലിയോണാർഡ് മെത്രാപ്പോലീത്താ' സഭയിൽ നിന്നും പുറത്താക്കി. ജനങ്ങൾ തീരുമാനമെടുക്കാൻ കഴിയാതെ ചിന്താ കുഴപ്പത്തിലാവുകയുമുണ്ടായി. ഏതാനും കുടുംബങ്ങൾ വിഭജനക്കാരോടൊപ്പം സഭയിൽ നിന്നു പോയതൊഴിച്ചാൽ ഭൂരിഭാഗവും മാതൃസഭയിൽ തന്നെ ഉറച്ചു നിന്നു. 1882 മാർച്ച് മാസത്തിൽ മേലൂസ്  മടങ്ങിപ്പോവുകയും ചെയ്തു.  മേലൂസിനൊപ്പം നിന്ന ഒരു ചെറിയ സമൂഹം മാത്രം തൃശൂരിൽ അവശേഷിച്ചു. പിന്നീട് അവർ കൽദായ നെസ്തോറിയൻ പാത്രിയർക്കീസിന്റെ കീഴിൽ നെസ്തോറിയൻ സഭയിൽ ചേർന്നു. റോമ്മൻ സഭയുമായി അകന്നു കഴിയുകയുമുണ്ടായി.

പേർഷ്യൻ സഭയുമായുള്ള കൂട്ടുകൾ സഭയിൽ വിഭജനമുണ്ടാക്കാൻ മാത്രമേ സഹായിക്കുള്ളൂവെന്ന് മനസിലാക്കി സീറോ മലബാർ കത്തോലിക്കർ വിദേശികളിൽ നിന്നും മോചിതരാകാനും സ്വന്തം വികാരിയാത്തു സ്ഥാപിക്കാനുമായി റോമിലേക്ക് പെറ്റിഷൻ അയക്കാൻ തുടങ്ങി. 1886-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ കൊടുങ്ങല്ലൂരുള്ള വേറൊപ്പള്ളി മെത്രോപ്പോലീത്തൻ അതിരൂപതയിൽ നിന്നും സുറിയാനി സഭയെ വേർപെടുത്തി. സീറോ മലബാർ കത്തോലിക്കർക്കായി പ്രത്യേകം വികാരിയത്തുകൾ ഏർപ്പെടുത്തി.  ഇംഗ്ളീഷുകാരനായ 'അഡോൾഫ് മെഡിക്കോട്ട്' തൃശൂർ രൂപതയുടെയും ഫ്രഞ്ചുകാരനായ ഈശോ സഭയിലെ അംഗം ബിഷപ്പ് ചാറല്സ് ലെവീഞ്ഞ് ചങ്ങനാശേരി രൂപതയുടെയും ചുമതല വഹിച്ചു. സുറിയാനി സമൂഹം വിദേശ മെത്രാന്മാരിൽ തൃപ്തരല്ലാത്തതുകൊണ്ടു നാട്ടു മെത്രാനുവേണ്ടി വീണ്ടും റോമ്മിലേക്ക് പെറ്റിഷൻ അയച്ചുകൊണ്ടിരുന്നു. അവസാനം 1896-ൽ തൃശൂരും എറണാകുളവും ചങ്ങനാശേരിയും നാട്ടു മെത്രാന്മാർക്കുള്ള രൂപതകളായി റോം അംഗീകരിച്ചു. മാർ ജോൺ മേനാച്ചേരി തൃശൂരും, മാർ അലോഷ്യസ് പഴേപറമ്പിൽ എറണാകുളത്തും, മാർ മാത്യു മാക്കിൽ ചങ്ങനാശേരിയിലും മെത്രാന്മാരായി നിയമിതരായി. 1911-ൽ തെക്കുംഭാഗം കത്തോലിക്കർക്കായി കോട്ടയം രൂപതയുണ്ടായപ്പോൾ 'മാക്കിൽ മെത്രാൻ' കോട്ടയത്തെ രൂപതയുടെ ചുമതല ഏറ്റെടുത്തു. അതിനുശേഷം മാർ തോമസ് കുരിയാളശേരി ചങ്ങനാശേരി രൂപതയുടെ മെത്രാനായി.

നാട്ടു മെത്രാന്മാർ വന്നതോടു കൂടി സീറോ മലബാർ സഭ എല്ലാ മേഖലകളിലും അതിവേഗം പുരോഗമിക്കാൻ തുടങ്ങി. നാട്ടു മെത്രാന്മാരുടെ കഠിന പ്രയത്നം മൂലം സീറോ മലബാർ രൂപതയിൽ വന്ന അതിവേഗമുള്ള പുരോഗതിയെ റോം അഭിനന്ദിക്കുകയുണ്ടായി. ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ സഭയെ മൂന്നു റീത്തുകളായി വിഭജിക്കപ്പെട്ടു. ആരാധന സമ്പ്രദായത്തിന്റെ വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലാണ് റീത്തുകളെ തരം തിരിച്ചിരിച്ചിരിക്കുന്നത്.

Read more

യാക്കോബായ -ഓർത്തോഡോക്സ് സഭകൾ, പാശ്ചാത്തല ചരിത്രം

ക്രിസ്തുവിനു ശേഷമുള്ള ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയമായ ഒരു സഭ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആരംഭസഭ അപ്പോസ്തോലന്മാർ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. ആദ്യത്തെ മൂന്നും നാലും നൂറ്റാണ്ടുകളിൽ തെറ്റായ പല വിശ്വാസങ്ങളെയും സഭ സ്വീകരിക്കുകയും ത്യജിക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യമ സഭയിൽ പുലർത്തിവന്ന അന്ധവിശാസങ്ങൾ കാലക്രമത്തിൽ നവീകരണ ചിന്താഗതികളോടെ പരിവർത്തനങ്ങൾക്കു  വിധേയമായിക്കൊണ്ടിരുന്നു. പിന്നീട് പേഗൻ മതങ്ങളിൽനിന്നും യഹൂദ മതങ്ങളിൽനിന്നും പല വിധ പാരമ്പര്യങ്ങളും കൂട്ടിയിണക്കി സഭയുടെ വിശ്വാസത്തിന്റെ ഭാഗമായി മാറിയിരുന്നു. പൗരാഹിത്യം, കൂദാശകൾ, വിശുദ്ധന്മാരെ വാഴ്ത്തുക അങ്ങനെ പലതും പിൽക്കാലത്ത് സഭയിൽ വന്നുകൂടിയതാണ്.

അഞ്ചാം നൂറ്റാണ്ടായപ്പോൾ ദൈവിക ശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിൽ സഭയിൽ പൊട്ടിത്തെറികൾ ആരംഭിച്ചിരുന്നു. ഏഴാം നൂറ്റാണ്ടായപ്പോൾ കുറഞ്ഞ പക്ഷം നാല് വ്യത്യസ്ത സഭകളെങ്കിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. റോമ്മായിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും  സഭകൾ, ഓർത്തോഡോക്സ് സഭകൾ, നെസ്തോറിയൻ, യാക്കോബാ, കോപ്റ്റിക്ക് സഭകൾ എന്നിവകൾ അതിലുൾപ്പെടും. പതിനൊന്നാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭയെ പടിഞ്ഞാറേ സഭ എന്നും കിഴക്കിന്റെ ഓർത്തോഡോക്സ് സഭയെന്നും രണ്ടായി വിഭജിച്ചു. കത്തോലിക്കാ സഭയൊഴിച്ച് മറ്റെല്ലാ സഭകളും അപ്പോസ്തോലന്മാർക്കു ശേഷമുള്ള മൂന്നും നാലും നൂറ്റാണ്ടുകളിൽ രൂപീകരിച്ചതാണ്. ഓരോ സഭകൾക്കും അതാതു സഭകളുടെ സ്ഥാപകരുള്ളപ്പോൾ കത്തോലിക്കാ സഭയ്ക്കു വ്യക്തമായ ഒരു സ്ഥാപകന്റെ ചരിത്രമില്ല. റോമൻ കത്തോലിക്ക സഭയൊഴിച്ച് മറ്റെല്ലാ സഭകളുടെയും സ്ഥാപകൻ അപ്പോസ്തോലന്മാർക്ക് ശേഷം വന്ന വ്യക്തികളാണ്. അക്കൂടെ പിരിഞ്ഞു പോയ സഭകളിൽ ലൂഥറൻ, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയൻ, ആംഗ്ലിക്കൻ, പെന്തകോസ്റ്റൽ എന്നിങ്ങനെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ബൈബിൾ വായിക്കുമ്പോഴും അപ്പോസ്തോലിക കാലത്തുണ്ടായിരുന്ന സഭയുടെ ചരിത്രം പഠിക്കുമ്പോഴും ആദ്യമ സഭയായിരുന്ന റോമൻ കത്തോലിക്ക സഭ ക്രിസ്തുമതത്തോട് സാമ്യമുണ്ടോയെന്നുള്ളത് മറ്റു സഭകളുടെ എന്നുമുള്ള ചർച്ചാ വിഷയങ്ങളാണ്. കാരണം, ലൂഥറൻ സഭകളും, ഡച്ചു നവീകരണ സഭകളും കത്തോലിക്ക സഭയിൽനിന്ന് പിരിഞ്ഞു പോയപ്പോൾ അവരാണ് യഥാർത്ഥ ക്രിസ്ത്യാനികളെന്നാണ് അവകാശപ്പെട്ടത്. ബൈബിളിലെ വചനങ്ങൾ വ്യാഖ്യാനിച്ചാണ് ഓരോരുത്തരും സത്യമായ സഭയേതെന്ന് തെളിയിക്കുന്നത്. റോമ്മാ സഭയാണ് ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീടു വന്ന സഭകളും ക്രിസ്തുവിന്റെ കാലത്തോളം പാരമ്പര്യം അവകാശപ്പെടുന്നു.

യാക്കോബായ സഭ കിഴക്കിന്റെ സഭകളെന്നാണ് അറിയുന്നത്. കൂടാതെ അന്തിയോക്ക്യൻ സിറിയൻ ഓർത്തോഡോക്സ് സഭയെന്നും പറയുന്നു. എ.ഡി.451-ൽ കൂടിയ കൌൺസിൽ ഓഫ് ചാൾസിഡോണിൽ ചില അംഗങ്ങൾ ക്രിസ്തുവിൽ ഏകസ്വഭാവമെന്ന വാദങ്ങളുന്നയിച്ചു. ഏകസ്വഭാവ വാദികളെ ജസ്റ്റിൻ 1 ചക്രവർത്തിയും അദ്ദേഹം നിയമിച്ച ബിഷപ്പുമാരുമൊത്ത് എ.ഡി 510-ൽ കോൺസ്റ്റാന്റിനോപ്പിളിയിൽ കൂടിയ സഭയിൽ നിന്നും പുറത്താക്കി. മതനിന്ദയെന്നു പറഞ്ഞായിരുന്നു കാരണം കാണിച്ചിരുന്നത്. അക്കൂടെ അമ്പത് ബിഷപ്പുമാരെയും പുറത്താക്കിയിരുന്നു. ചക്രവർത്തിയുടെ സ്വാധീനത്തിൽ ഏക സ്വഭാവ വാദികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്റെ മനുഷ്യനായ സൃഷ്ടിയെ പരിപൂർണ്ണ ദൈവമായി ഏക സ്വഭാവവാദികൾ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസത്തിൽ യേശു ഭൂമിയിൽ മനുഷ്യനായി വന്നെങ്കിലും ദൈവ സത്ത പൂർണ്ണമായി നിറഞ്ഞിരുന്ന അദ്ദേഹം മനുഷ്യനല്ലായിരുന്നു. മനുഷ്യരൂപത്തിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുവെന്നു ഏകസ്വഭാവ വാദികൾ വിശ്വസിച്ചിരുന്നു. പിന്നീട് നാഥനില്ലാത്ത അലഞ്ഞുനടന്നിരുന്ന ഏകസ്വഭാവ വാദികളെ 'യാക്കോബായ' എന്നറിയപ്പെടാൻ തുടങ്ങി. എഡെസയിൽ ജീവിച്ചിരുന്ന യാക്കോബ് ബറദായി എന്ന ഒരു സന്യാസി വര്യനായിരുന്നു ഏക സ്വഭാവ വാദികളുടെ നേതാവ്. ആ പുരോഹിതന്റെ പേരിനൊപ്പം യാക്കോബായ സഭയെന്നറിയപ്പെട്ടു.

എ.ഡി. 540-ൽ ക്രിസ്തുവിൽ ഏകസ്വഭാവത്വം പ്രചരിപ്പിക്കാനായി 'യാക്കോബ്' കോൺസ്റ്റാനോപ്പിൾ മുഴുവൻ യാത്ര ചെയ്തിരുന്നു. അദ്ദേഹത്തെ എതിരാളികളായ ബിഷപ്പുമാർ പതിനഞ്ചു കൊല്ലം ജയിലിൽ അടച്ചിരുന്നു. പിന്നീട് യാക്കോബ് ഏകസ്വഭാവ വാദികളുടെ ബിഷപ്പായി തെരഞ്ഞെടുത്തു. സിറിയയിൽ യാക്കോബാ സഭ സ്ഥാപിക്കുകയും പ്രവർത്തന മണ്ഡലങ്ങൾ അവിടെയാക്കുകയും ചെയ്തു. എ.ഡി.512-ൽ യാക്കോബായിലെ മെത്രാനായ 'സെർവിയൂസിനി'യെ യാക്കോബിന്റെ പിന്തുടർച്ചക്കാരനായി തെരഞ്ഞെടുത്തു.  യാക്കോബിനെ അന്തിയോക്ക്യയിലെ ആദ്യത്തെ പാത്രിയാർക്കീസായി ആദരിക്കുന്നു.  അദ്ദേഹം 89 ബിഷപ്പുമാരെയും അനേകം പുരോഹിതരെയും നിയമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യാക്കോബ സഭ എന്ന പേര് ലഭിച്ചത് പഴയ നിയമത്തിലെ യാക്കോബിൽ നിന്നുമായിരുന്നെന്ന് വാദങ്ങൾ ഉണ്ട്. യഹൂദന്മാർ ക്രിസ്ത്യാനികളായി മതം മാറിയപ്പോൾ യാക്കോബാ സഭയെന്നറിയപ്പെട്ടുവെന്നും പറയുന്നു.

ആദ്യ ക്രിസ്ത്യാനികളുടെ ഉറവിടം അന്തിയോക്ക്യയായിരുന്നു. അവിടെയായിരുന്നു യാക്കോബായ  സഭയുടെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നിരുന്നത്.  എ.ഡി. 538-ൽ സെർവിയൂസിനിന്റെ മരണശേഷം യാക്കോബായക്കാരെ അന്തിയോക്കിയായിൽ നിന്നും പുറത്താക്കിയിരുന്നു. യാക്കോബായക്കാരെന്ന പേര് അവരിൽ ഉറച്ചത് അവരുടെ എതിരാളികളായ ഗ്രീക്ക് ഓർത്തോഡോക്സ് സഭകളിൽ നിന്നുമായിരുന്നു. ഓർത്തോഡോക്സ് സഭകളിൽ അവരെ യാക്കോബിന്റെ അനുയായികളെന്ന അർത്ഥത്തിൽ യാക്കോബായക്കാരെന്ന് അറിയപ്പെടാനും തുടങ്ങി.

ദേശീയവും സാംസ്ക്കാരികവും ദൈവ ശാസ്ത്രപരമായും വൈരുദ്ധ്യങ്ങൾ നിറഞ്ഞ കാരണങ്ങളാൽ  യാക്കോബയാക്കാരും മറ്റു ഗ്രീക്കു ക്രിസ്ത്യാനികളും തമ്മിൽ എന്നും ഏറ്റുമുട്ടലുകളും പരസ്പ്പര മത്സരങ്ങളുമുണ്ടായിരുന്നു. സിറിയൻ ചിന്താഗതികളും ഹെലനിസ്റ്റിക്ക് സംസ്ക്കാരവുമായുള്ള അന്തരവും പരസ്പ്പര മത്സരത്തിന് കാരണമായിരുന്നു. യേശുവിന്റെയും അപ്പോസ്തോലന്മാരുടെയും  സുവിശേഷം പ്രസംഗിക്കുന്നതിനൊപ്പം അന്തിയോക്ക്യൻ ക്രിസ്ത്യാനികളെ യഹൂദ പാരമ്പര്യവും സ്വാധീനിച്ചിരുന്നു. എ.ഡി. 661-750 ൽ സിറിയയിൽ ഉമയാദ് രാജവംശം നിലവിലുണ്ടായിരുന്ന സമയം യാക്കോബായ വിശ്വസം ശക്തിപ്പെട്ടു. കാരണം, മുസ്ലിം രാജാക്കന്മാർക്ക് മറ്റുള്ള ക്രിസ്തീയ വിശ്വാസത്തെക്കാൾ പ്രിയം യാക്കോബായ വിശ്വാസമായിരുന്നു.

ചാൾസിഡോൺ കൗൺസിലിനു ശേഷം സിറിയയിൽ യാക്കോബായക്കാരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും തമ്മിൽ ശത്രുത വർദ്ധിച്ചു. ഇവർ ഇരുകൂട്ടരും തമ്മിലുള്ള വഴക്കുകൾ നൂറു വർഷങ്ങളോളം നിലനിന്നിരുന്നു. അന്തിയോക്ക്യ പാത്രീയാക്കീസിന് ഒരേ തത്ത്വത്തിലധിഷ്ഠിതമായ വിശ്വാസത്തിനുപകരം പലപ്പോഴും ചഞ്ചലമായ വിശ്വാസമായിരുന്നുണ്ടായിരുന്നത്. ചില സമയം ക്രിസ്തുവിൽ ഏക സ്വഭാവമെന്നു പഠിപ്പിക്കും. മറ്റുസമയങ്ങളിൽ ഓർത്തോഡോക്സ് ചിന്താഗതികളും പഠിപ്പിച്ചിരുന്നു. ഇവരിൽ ഏറ്റവും പ്രധാന പാത്രിയർക്കീസ് 'മാർ സെർവിയൂസിനി' ആയിരുന്നു.  ഗ്രീക്ക് ഭാഷകളിൽ പുസ്തകങ്ങളും രചിച്ചിരുന്നു. മരണം വരെ ഏകസ്വഭാവ വിശ്വാസികളുടെ നേതാവുമായിരുന്നു.

ഏകസ്വഭാവ വാദികളും ഓർത്തോഡോക്സുകാരും തമ്മിലുള്ള പിളർപ്പുകൾ ജസ്റ്റിറ്റീനിയൻ രണ്ടാമൻ  ചക്രവർത്തിയുടെ കാലത്ത് അതി രൂക്ഷമായിരുന്നു. ഈ ചക്രവർത്തിയുടെ കാലത്ത് ഏകസ്വഭാവ വാദികളായ യാക്കോബായക്കാരെ പീഡിപ്പിച്ചിരുന്നു. അന്തിയോക്ക്യയിൽ നിന്നു  പുറത്താക്കിയിരുന്നെങ്കിലും അവരുടെ പാത്രീയാക്കീസുമാർ 'അന്തിയോക്ക്യയുടെ പാത്രീയാക്കീസെന്ന്' സ്വയം സംബോധന ചെയ്യുമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ അവർ സ്വന്തം രാജ്യത്ത് താമസിക്കാനാകാതെ മറ്റു രാജ്യങ്ങളിലായിരുന്നു താമസിച്ചിരുന്നത്.

എഡേസ്സായിലും അന്ത്യോക്ക്യയിലും ജെറുസലേമിലുമുള്ള പ്രാദേശിക ക്രിസ്ത്യൻ വിഭാഗങ്ങളുടെ പരസ്പരമുള്ള വഴക്കുകളും കലഹങ്ങളും മുസ്ലിം ഭരണാധികാരികളുടെ അപ്രീതിയും യാക്കോബായ സഭയെയും ബാധിച്ചിരുന്നു. എങ്കിലും കുരിശു യുദ്ധ കാലത്ത് യാക്കോബായക്കാർ മറ്റുള്ള ക്രിസ്ത്യാനികളുമായി ഒരു മിലിറ്ററി കൂട്ടുകെട്ടിന് പോകാത്തതുകൊണ്ടു മുസ്ലിമുകളിൽനിന്നു പ്രതികാരങ്ങൾ ഒന്നും ഉണ്ടായില്ല. 1258-ൽ മംഗോളിയർ ഇറാക്ക് ആക്രമിച്ചപ്പോൾ താൽക്കാലികമായി കഷ്ടപ്പാടുകൾ യാക്കോബായ സമുദായത്തിനുണ്ടായി. പിന്നീട് നെസ്തോറിയൻ ക്രിസ്ത്യാനികളുടെ സ്വാധീനവും യാക്കോബായ സഭയിലുണ്ടായി.

മംഗോളിയൻമാർ പരാജയപ്പെട്ടശേഷം പ്രാദേശിക ക്രിസ്ത്യൻ സഭകളെ മംലൂക്ക്‌ സുൽത്താന്മാരും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. വിദേശത്തുള്ള ക്രിസ്ത്യൻ നേതാക്കന്മാർക്ക്, സുൽത്താൻ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ടൈമൂറിന്റെ ആക്രമം മൂലം ടൂർ ആബിദിൻ എന്ന പ്രദേശത്തെ ഭൂരിഭാഗം യാക്കോബായക്കാർ മരണമടഞ്ഞു. മാർദീനിലും മൊസൂളിലും ഒരിക്കൽ ഭൂരിപക്ഷമായിരുന്ന യാക്കോബായക്കാർ ന്യുനപക്ഷമായി മാറുകയും ചെയ്തു. അലപ്പോയ്ക്ക് കിഴക്കും പടിഞ്ഞാറും മൊസൂളിനു വടക്കുമായി യാക്കോബായക്കാർ സമൂഹമായി താമസിച്ചിരുന്നു. വടക്കേ മെസൊപൊട്ടോമിയായിൽ നിന്ന് യാക്കോബായ സഭ ഇറാൻ വരെ പടർന്നിരുന്നു. അവിടെ നെസ്തോറിയൻ സഭ വളർന്നു പന്തലിച്ചിരുന്നു.

ഓട്ടോമൻ രാജവംശത്തിന്റെ കാലത്ത് യാക്കോബായക്കാരുടെയിടയിൽ വ്യവസായങ്ങൾ അഭിവൃത്തി പ്രാപിക്കുന്നുണ്ടായിരുന്നു.    കാത്തലിക്ക് മിഷൻ പ്രവർത്തനം ആരംഭിക്കുകയും അനേകരെ കത്തോലിക്കരാക്കി റോമിന്റെ കീഴിലാക്കുകയുമുണ്ടായി. കൽദായ വാദങ്ങൾക്കെതിരെ കത്തോലിക്കരിൽ ഒരു വൈരാഗ്യ മനോഭാവവും മിഷ്യനറിമാർ സൃഷ്ടിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇവരെ സിറിയൻ കത്തോലിക്കരെന്നും സിറിയൻ ഓർത്തോഡോക്‌സെന്നും രണ്ടായി അറിയപ്പെടാൻ തുടങ്ങി. യാക്കോബായക്കാർ അവരുടെ ഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നു. അറബികൾ ആക്രമിച്ച ശേഷം ആരാധന അറബിയിലുമായി. "മുസ്ലിമുകൾ യാക്കോബായ പള്ളികളുമായി ആചാരങ്ങളിൽ പങ്കു വെച്ചിരുന്നുവെന്നും  ക്രിസ്ത്യൻ  ദിവ്യന്മാരെയും ബഹുമാനിച്ചിരുന്നുവെന്നും" എപ്പിസ്കോപ്പൽ മിഷനറി 'ഹൊറാറ്റിയോ സൗത്ത്ഗേറ്റ് ' രേഖപ്പെടുത്തിയിരിക്കുന്നു. കാരണം ക്രിസ്ത്യാനികളുടെ പൂർവികർ ഇസ്‌ലാമായി മതം മാറിയെന്ന വിശ്വാസമായിരുന്നുണ്ടായിരുന്നത്.

ഏഴാം നൂറ്റാണ്ടിൽ മിഡിൽ ഈസ്റ്റിൽ യാക്കോബയാക്കാർ സാമ്പത്തികമായും സാമൂഹികമായും വളരെയേറെ പുരോഗതി പ്രാപിച്ചിരുന്നു. എ.ഡി 720-ൽ, 'ജെയിംസ് ഓഫ് എഡെസ' അവരുടെയിടയിൽ പ്രമുഖനായ ഒരു എഴുത്തുകാരനായിരുന്നു. ഒരു കവിയും പോരാഞ്ഞ് ഗ്രീക്കിൽനിന്ന് ഗ്രന്ഥങ്ങളും പരിവർത്തനം ചെയ്തിരുന്നു. മദ്ധ്യകാലത്തെ എഴുത്തുകാരിൽ ഗ്രിഗറി ബാർ ഹെബ്രോയൂസ് (1286),മൊസൂൾ ഭാഗങ്ങളിൽ സേവനം ചെയ്തിരുന്നു. മുസ്ലിം ഭരണകാലത്ത് യാക്കോബായ സഭ ശാസ്ത്രത്തിലും, മെഡിസിനിലും, സാഹിത്യത്തിലും പ്രഗത്ഭരും നിരവധി നേട്ടങ്ങളും കൊയ്തിരുന്നു.  മുസ്ലിം സാഹിത്യവും സഭയെ സ്വാധീനിച്ചിരുന്നു.

ഓട്ടോമൻ രാജവംശത്തിന്റെ കാലത്ത് രാജാക്കന്മാർ യാക്കോബായ ആദ്ധ്യാത്മിക നേതൃത്വത്തെയും അവരുടെ സ്ഥാനമാനങ്ങളെയും ബഹുമാനിച്ചിരുന്നു. ഓട്ടോമൻ സുൽത്താന്റെ ഭരണപരമായ നയങ്ങളിലും യാക്കോബായ സമുദായത്തിന് സ്വാധീനമുണ്ടായിരുന്നു. ദൈവശാസ്ത്രപരമായി അവർ കൂടുതലും കോപ്റ്റിക്ക് മതങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പാത്രിയാക്കീസിനെ തെരഞ്ഞെടുത്തിരുന്നത് സഭാമക്കളായിരുന്നു. യാക്കോബായ ബിഷപ്പുമാർ, മാർഡിനെന്ന സ്ഥലത്ത് വസിച്ചിരുന്നു. മെത്രാന്മാരെ ആശ്രമമായി ജീവിച്ചിരുന്ന പുരോഹിതരിൽ നിന്നും  തെരഞ്ഞെടുത്തിരുന്നു. മെത്രാന്മാർക്ക് അവരുടെ സഭാമക്കളുടെ പേരിൽ ജഡ്ജിമാരുടെ അധികാരമുണ്ടായിരുന്നു. വിവാഹവും വിവാഹ മോചനവും വിധി കല്പിച്ചിരുന്നതും മെത്രാന്മാരായായിരുന്നു. ഒരു മെത്രാനാകുന്ന ഒരാൾക്ക് കുറഞ്ഞത് 35 വയസുണ്ടായിരിക്കണം. ഡീക്കൻമാർക്ക് 20 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. അവർക്ക് സുറിയാനിയിൽ ഗീതങ്ങൾ വായിക്കാൻ കഴിവുമുണ്ടായിരിക്കണം. പാരീഷ് കൗൺസിലുകൾ പാരീഷ് പുരോഹിതനെ തെരഞ്ഞെടുത്തിരുന്നു. യാക്കോബായ സന്യാസിമാർക്കായി ആശ്രമങ്ങൾ വ്യാപകമായുണ്ടായിരുന്നു. ഓരോ ആശ്രമങ്ങളും ബിഷപ്പുമാരുടെ അധികാരപരിധിയിൽ പ്രവർത്തിച്ചിരുന്നു.

ഇന്ന് യാക്കോബായക്കാർ കൂടുതലും വടക്കേ ഇറാക്കിലാണ് കാണുന്നത്. ടർക്കിയിലും യാക്കോബായക്കാർ അധിവസിക്കുന്നു. ടർക്കിയിൽ രണ്ടു ലക്ഷം യാക്കോബായക്കാരുണ്ട്.  ഇറാക്കിലും സിറിയയിലും അതെ അനുപാതത്തിൽ രണ്ടു ലക്ഷം വീതം യാക്കോബായക്കാരുണ്ടെന്ന് അനുമാനിക്കുന്നു. മൊസൂളിലും ഡമാസ്‌ക്കസിലും യാക്കോബായക്കാർ വസിക്കുന്നു. കച്ചവടക്കാരാണ് കൂടുതലും. സ്വർണ്ണ വ്യാപാരികളും ധാരാളം. ഇസ്റ്റാമ്പുളിലും യാക്കോബായ പള്ളികളുണ്ട്. വളരെയേറെ പൗരാണിക പള്ളികളും യാക്കോബായക്കാരുടെ വകയായി ടർക്കിയിലുണ്ട്.

ഭാരത സഭയിൽ, യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ള കലഹം വ്യക്തമാക്കണമെങ്കിൽ 1599ലെ ഉദയംപേരൂർ സുനഹദോസിന്റെ കാലം വരെ എത്തേണ്ടിയിരിക്കുന്നു.  സെന്റ് തോമസ് ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള നിയമങ്ങൾക്ക് അടിത്തറ ഉണ്ടാക്കിയത് ഉദയം പേരൂർ സുനഹദോസായിരുന്നു. അതുവരെ കത്തോലിക്കാ സഭയുമായി ഒരു ഐക്യദാർഢ്യത്തിൽ യാക്കോബായ സഭയും ഒത്തുപ്രവർത്തിക്കുകയായിരുന്നു. യാക്കോബായ സഭകൾ പിന്നീട് റോമിന്റെ കീഴിലുള്ള സഭയുമായി ബന്ധം വേർപെടുത്തേണ്ടി വന്നു. അവർ അന്ത്യോക്ക്യ ബാവായുടെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയൂം മാർപാപ്പായുടെ നിയമങ്ങൾ ത്യജിക്കുകയും ചെയ്തു. യാക്കോബായക്കാരെ അന്നുമുതൽ പുത്തൻകൂറ്റുകാരെന്നും കത്തോലിക്കരെ പഴയകൂറ്റുകാരെന്നും അറിയപ്പെട്ടു.

ഉദയംപേരൂർ സുനഹദോസിനുശേഷം കത്തോലിക്കാ സഭയിൽനിന്നു വേറിട്ട യാക്കോബായ സഭയിൽ വീണ്ടും വിഭജനമുണ്ടായി. ഒരു ഗ്രുപ്പ് അന്ത്യോക്ക്യ പാത്രിയർക്കീസിന്റെ കീഴിലുള്ള ബാവകക്ഷിയെന്നു(യാക്കോബായ സഭ) അറിയപ്പെടുകയും ചെയ്തു. രണ്ടാമത്തെ വിഭാഗം കോട്ടയത്തുള്ള ബാവയെ പിന്താങ്ങി. അവരെ മെത്രാൻ കക്ഷി (ദി കേരള മലങ്കര ഓർത്തോഡോക്സ് ചർച്ച്) എന്നറിയപ്പെട്ടിരുന്നു. കേരള യാക്കോബായ സഭയിലെ വട്ടശേരിൽ മാർ ദീവന്നാസ്യോസിനെ 1908-ൽ അന്തിയോക്ക്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് മുടക്കിയതു വിഭജനത്തിനു കാരണമായിരുന്നു.

'വട്ടിപ്പണക്കേസ്' എന്നത് യാക്കോബായ ഓർത്തോഡോക്സ് സഭകളിൽ അരങ്ങേറിയ സുപ്രധാനമായ ഒരു കോടതി വ്യവഹാരമായിരുന്നു. ഈ കേസ് ഇരുസഭകളിലും പതിറ്റാണ്ടുകളോളം നില നിന്നിരുന്നു. വട്ടി എന്നാൽ പലിശയെന്നർത്ഥം. യാക്കോബായ സഭയും ഓർത്തോഡോക്സ് സഭയും ഒന്നായിരുന്ന കാലത്ത് ആറാം മാർത്തോമ്മാ മെത്രാ പ്പോലീത്താ മലങ്കര സഭയിലെ സെമിനാരി പിള്ളേരെ പഠിപ്പിക്കാനായി ബ്രിട്ടീഷ് സർക്കാരിന്റെ ബാങ്കിൽ സ്ഥിര നിക്ഷേപം ആരംഭിച്ചിരുന്നു. ഏഴാം മാർത്തോമ്മായുടെ കാലത്ത് ഈ നിക്ഷേപം വളരുകയും ചെയ്തു. വട്ടിപ്പണത്തിൽ നിന്നുണ്ടാകുന്ന നിക്ഷേപമോ പലിശയോ പിൻവലിക്കാനുള്ള അധികാരം അതാത് കാലത്തെ മലങ്കര മെത്രാപ്പോലീത്താമാർക്കായിരുന്നു. അതിനിടയിലാണ് അന്ത്യോക്ക്യ പാത്രീയാക്കീസായിരുന്ന അബ്ദുള്ള പാത്രീയാക്കീസ്, മലങ്കരയിലെ മെത്രാപ്പോലീത്താ മാർ ഗീവർഗീസ് ദിവാനിയോസിനെ (വട്ടശേരി) സഭയുടെ ചുമതലകളിൽനിന്നും മുടക്കിയത്. വട്ടിപ്പണം കൈകാര്യം ചെയ്യാനുള്ള അവകാശം നിക്ഷിപ്തമായിരുന്നത് മാർ ഗീവർഗീസ് ദിവ്യനോസിലായിരുന്നു. . തുടർന്നുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ 1913-ൽ വട്ടിപ്പണക്കേസ് ആരംഭിച്ചു. 'അബ്ദുല്ല പാത്രീയാക്കീസ്‌' മലങ്കരയുടെ മേൽ അധികാരമുള്ള പാത്രിയാക്കീസെന്ന നിലയിൽ! വട്ടിപ്പണം പിൻവലിക്കാൻ വട്ടശേരി മെത്രാന് അധികാരമില്ലെന്നുള്ള വാദം തുടങ്ങി. വട്ടിപ്പണത്തിന്റെ അവകാശത്തിന്മേൽ കേസ് കോടതിയിലുമെത്തി. 1923-ൽ വട്ടിപ്പണക്കേസിൽ മെത്രാൻ കക്ഷിയായ വട്ടശേരിക്കെതിരെ ജസ്റ്റിസ് വീര രാഘവ അയ്യരുടെ വിധിയുണ്ടായി. പ്രതികൂല വിധിയുണ്ടായ സാഹചര്യത്തിൽ മെത്രാൻ കക്ഷി, കേസ് പുനരാലോചിക്കാനായി വീണ്ടും അപ്പീൽ നൽകി. 1928-ൽ മലങ്കര മെത്രാപ്പോലീത്തായെ പൂർണ്ണമായി അംഗീകരിച്ചുകൊണ്ട് വട്ടശേരിയ്ക്ക് അനുകൂലമായ വിധിയും വന്നു.

1926-ൽ ബഥനിയുടെ എപ്പിസ്കോപ്പാ ആയിരുന്ന മാർ ഈവാനിയോസ് ബിഷപ്പിന്റെ നേതൃത്വത്തിൽ പരുമലയിൽ വെച്ച് മലങ്കരസഭയുടെ ഒരു സൂനഹദോസ് കൂടിയിരുന്നു. സഭാ വഴക്കിൽ അസ്വസ്ഥരായിരുന്ന ഏതാനും ബിഷപ്പുമാരുമൊത്ത് റോമൻ കത്തോലിക്കസഭയിൽ ലയിക്കാനായിരുന്നു സൂനഹദോസ് വിളിച്ചുകൂട്ടിയിരുന്നത്. അതിനായി മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മെത്രാൻ കക്ഷിക്ക് അനുകൂലമായ വിധി വന്നതു കൊണ്ട് മറ്റു മെത്രാന്മാർ റോമൻ കത്തോലിക്ക സഭയിൽ ലയിക്കുന്നതിൽനിന്നും പിന്മാറിയിരുന്നു. എങ്കിലും മാർ ഈവാനിയോസും അനുയായികളും മലങ്കര ഓർത്തോഡോക്സ് സഭ വിട്ടു മലങ്കര കത്തോലിക്ക സഭ സ്ഥാപിക്കുകയാണുണ്ടായത്.

1934-വരെ ഇരുകൂട്ടരുടെയും സമരങ്ങൾ സമാധാനപരമായി തുടർന്നിരുന്നു. 1934-ൽ രണ്ടു ഗ്രൂപ്പുകളും ബസേലിയോസ് ഗീവർഗീസ് കാതോലിക്കയെ ബിഷപ്പായി തെരഞ്ഞെടുക്കാൻ കോട്ടയത്ത് സമ്മേളിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന കാതോലിക്ക അന്ത്യോക്ക്യാ ബാവായുടെ കീഴിലായിരിക്കില്ലെന്നു ഓർത്തോഡോക്സ് സഭക്കാരുടെ വ്യവസ്ഥയുമുണ്ടായിരുന്നു. അധികാരം മുഴുവൻ കോട്ടയം ബിഷപ്പിനും അന്ത്യോക്ക്യാ ബാവയെ ആത്മീയ നേതൃത്വമായി മാത്രം അംഗീകരിക്കാമെന്നുമായിരുന്നു തീരുമാനം. അന്ത്യോക്ക്യാ പാത്രീയാക്കീസിന് സഭാ മക്കളുടെമേൽ അവകാശങ്ങളൊന്നുമില്ലെങ്കിലും യാക്കോബായ നേതൃത്വവും തെരഞ്ഞെടുപ്പുടമ്പടികളിൽ ഒപ്പു വെച്ചിരുന്നു.

1958-ൽ ഇരു സഭകളിലും സമാധാന ഐക്യം സ്ഥാപിച്ചിരുന്നു. 1964-ൽ അന്തിയോക്ക്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവായെ മെത്രാൻ കക്ഷി ബാവായായ മാർ തിമോത്തിയോസ് ഔഗേൻ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കോട്ടയത്തു വമ്പിച്ച സ്വീകരണം നൽകി സ്വീകരിച്ചു. ഇരു സഭകളും തമ്മിൽ ഐക്യം സ്ഥാപിച്ചതും ചരിത്ര മുഹൂർത്തമായിരുന്നു. മെത്രാൻ കക്ഷി ബാവായെ അന്ന് വാഴിച്ചതും അന്ത്യോക്ക്യ ബാവായായിരുന്നു.

1975-ൽ തർക്കം വീണ്ടും മൂർച്ഛിക്കുകയും രണ്ടാം പിളർപ്പിലേക്ക് വഴിതെളിയിക്കുകയും ചെയ്തു. നിലവിലുള്ള ഓർത്തോഡോക്സ് സഭയുടെ കാതോലിക്കായെ യാക്കോബായ സഭ അംഗീകരിക്കാതെയും പുതിയ ബാവായെ തെരഞ്ഞെടുക്കുകയും ചെയ്തു. മോർ ഫീലക്സീനോസ് മെത്രാപ്പൊലീത്തായെ ഈ സ്ഥാനത്തേക്ക് അന്തിയോക്ക്യ പാത്രിയർക്കീസ് വാഴിച്ചു. പിളർപ്പിനു മുമ്പുണ്ടായിരുന്ന 'കാതോലിക്കാ ഔഗേൻ ഒന്നാമൻ' ഓർത്തോഡോക്സ് വിഭാഗത്തിന്റെ കാതോലിക്കയായി തുടരുകയും ചെയ്തു. അങ്ങനെ പിളർപ്പ് ശക്തി പ്രാപിക്കുകയും ഒരേ സമയത്തുതന്നെ രണ്ടു ബാവകൾ സഭകളെ നയിക്കുകയും ചെയ്തു.

2002-ൽ അന്ത്യോക്ക്യാ പാത്രിയാക്കീസിനെ പിന്തുണച്ച യാക്കോബായക്കാർ എറണാകുളത്ത് പുത്തൻ കുരിശിൽ സമ്മേളിച്ച് സഭയ്ക്ക് പുതിയ നിയമാവലിയുണ്ടാക്കി. യാക്കോബായ സഭയെ 'യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന' നാമകരണവും ചെയ്തു. യാക്കോബായക്കാർ നിയന്ത്രിച്ചിരുന്ന പല പള്ളികളിലും ചേരി തിരിഞ്ഞുള്ള വഴക്കുകളുമാരംഭിച്ചു. പുത്തൻ കുരിശു കേന്ദ്രമാക്കിയുള്ള യാക്കോബായക്കാരും കോട്ടയം ദേവലോകം അരമന കേന്ദമാക്കിയുള്ള ഓർത്തോഡോക്സ് പള്ളികളും തമ്മിൽ ശക്തമായ അധികാര വടംവലികളും തുടങ്ങി. വർഷങ്ങളോളം കലഹം തുടർന്നുകൊണ്ടിരുന്നു. പള്ളികളുടെ മുമ്പിൽ പ്രതിക്ഷേധങ്ങൾ നിത്യ സംഭവങ്ങളായിരുന്നു. അനേകം പള്ളികൾ അടച്ചുപൂട്ടി. വർഷങ്ങളായി കോലഞ്ചേരി പള്ളി അടച്ചുപൂട്ടിയിരിക്കുന്നു. ഓർത്തോഡോക്സ് സഭ പള്ളി തുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം യാക്കോബാ സഭ തടയുമായിരുന്നു. രണ്ടു കൂട്ടർക്കും വ്യത്യസ്ത സമയങ്ങളിൽ കുർബാന അർപ്പിച്ചാലും പ്രശ്നങ്ങളുണ്ടാവുമായിരുന്നു.

1934-ലെ ഉടമ്പടി ഓർത്തോഡോക്സ് സഭകൾക്ക് അനുകൂലമായിരിക്കെ 1995-ൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിന്മേൽ കേസ് സുപ്രീം കോടതിയിൽ എത്തി. 2013 ജൂലൈയിലുണ്ടായ സുപ്രീം കോടതി വിധി ഒരു തീരുമാനം കൽപ്പിച്ചതും ഇരു സഭകളുടെയും കലഹത്തിന് ഒരു താൽക്കാലിക ശമനമുണ്ടാകാൻ കാരണമായി. 1934-ൽ ഇരു സഭകളുമുണ്ടാക്കിയ ഉടമ്പടി സുപ്രീം കോടതി ശരിവെച്ചു. 2002-ൽ യാക്കോബായ സഭയുണ്ടാക്കിയ നിയമാവലി സാധുവല്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. 2017 ജൂലയിലുണ്ടായ സുപ്രീം കോടതി വിധിയിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണെന്ന് ശരി വെക്കുകയായിരുന്നു. 1934-ലെ ഉടമ്പടി പ്രകാരം എല്ലാ ഇടവകകളും രൂപതകളും ഓർത്തോഡോക്സ് സഭയുടെയും ബിഷപ്പുമാരുടെയും അധികാര പരിധിയിലെന്നായിരുന്നു വിധി. കേസ്, കോലഞ്ചേരി, മണ്ണത്തൂർ, വാരിക്കോലി പള്ളികളുടെ അവകാശത്തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരുന്നെങ്കിലും ഈ നിയമം എല്ലാ യാക്കോബായ ഓർത്തോഡോക്സ് പള്ളികൾക്കും ഒരുപോലെ ബാധകമാണെന്ന് സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു.

സാങ്കേതികമായി യാക്കോബായക്കാർ മലങ്കര സഭയുടെ വേറിട്ട ഭാഗമല്ല. അവർക്ക് പെന്തിക്കോസ്സ്കാരെപ്പോലെ സ്വതന്ത്രമായ സഭയായോ ഓർത്തോഡോക്സ് സഭയോട് ലയിക്കുകയോ ചെയ്യാം. എന്നിരുന്നാലും യാക്കോബായ സഭ, ഓർത്തോഡോക്സ് സഭയുമായി യോജിക്കുന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവരുടേതായ പള്ളികൾ പണിയുന്ന കാര്യത്തിലും തീരുമാനമായില്ല. സുപ്രീം കോടതി തീരുമാനം പുനഃ പരിശോധിക്കാൻ അപ്പീലിന് പോകാൻ തയ്യാറാവുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടു വിഭാഗങ്ങളും ഒരേ ആചാരങ്ങളും വിശ്വാസങ്ങളുമാണ് പിന്തുടരുന്നത്. ഇരുകൂട്ടരും തങ്ങളുടെ അധീനതയിലുള്ള  പള്ളികളിൽ പ്രാർത്ഥനകൾ തുടർന്നുകൊണ്ടിരിക്കുന്നു.  പുതിയ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ യാക്കോബായ സഭയ്ക്ക് സ്വതന്ത്ര സഭയായി പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഓർത്തോഡോക്സ് സഭയോട് ലയിക്കുകയോ വേണ്ടി വരുന്നു.

Read more

കത്തോലിക്ക സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും

കത്തോലിക്കാ സഭ തങ്ങളുടെ സഭാ മക്കൾ  കൂടുതൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും അതുവഴി ജനസംഖ്യ വർദ്ധിപ്പിക്കാനുമുള്ള നയമാണ് പുലർത്തുന്നത്.  അതിനുവേണ്ടി സർക്കാർ നയങ്ങളായ കുടുംബാസൂത്രണത്തെ പരിപൂർണ്ണമായി എതിർക്കുകയും ചെയ്യുന്നു. ജനപ്പെരുപ്പം മൂലം ലോകത്ത് അസമാധാനവും പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നു. ബിഷപ്പുമാരും പുരോഹിതരും സ്ത്രീകളെയും ബലഹീനരായ പുരുഷന്മാരെയും സ്വാധീനിക്കുകയും പട്ടിണിയും ദാരിദ്ര്യവും കണക്കാക്കാതെ സന്താന നിയന്ത്രണമെന്ന പാപബോധം അവരുടെ തലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഭൂരിഭാഗം ക്രിസ്ത്യാനികൾ സന്താന ഉത്ഭാദന വിഷയങ്ങൾ കൂടുതൽ വിവേകത്തോടെ ചിന്തിക്കാനും തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറകൾക്ക് വിവേകം വർദ്ധിച്ചതോടെ പുരോഹിതരുടെയും ബിഷപ്പുമാരുടെയും അഭിപ്രായങ്ങളെ ഇന്ന് മുഖവിലയ്‌ക്കെടുക്കാറുമില്ല.

കര്‍ദ്ദിനാൾ‍ ആലഞ്ചേരി അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. കൂടുതൽ ‍സന്താന ഉത്ഭാതനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രവുമായിരുന്നു. ദൈവം ബൈബിളിലെ പിതാവായ അബ്രാഹാമിനു കടൽ‍ത്തരിപോലെ മക്കളുണ്ടാകാൻ കൊടുത്ത അതേ വരം ആലഞ്ചേരി വിശ്വാസികളുടെയിടയിൽ പ്രായോഗികമാക്കാൻ ശ്രമിക്കുന്നു. മൂന്നു മക്കളിൽ കൂടുതലുള്ള മാതാപിതാക്കളുടെ നാലാമത്തെ കുട്ടിമുതൽ സൗജന്യവിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയിലേക്കുള്ള വൈദികരുടെയും കന്യാസ്ത്രികളുടെയും അപര്യാപ്തയാണ് കാരണം.

ഒരുവന്റെ സന്താനോത്ഭാദന കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുവാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത് ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ എന്ന് ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരുവ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല. 'ഇത് എന്റെ ശരീരമാണ്, എന്റെ ശരീരത്തിൽ എന്തുംചെയ്യുവാൻ അവകാശമുണ്ടെന്നും' ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ പറയും. ഒരു സ്ത്രീ ബലാത്സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക് അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം. കൃഷിഭൂമികൾ ആവശ്യത്തിനില്ല. കുടിക്കാൻ കുടിവെള്ളം ഇല്ല. എന്തിന്! ഇങ്ങനെയുള്ള ഹതഭാഗ്യരായവരെ, ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് ക്ഷണിക്കണം.

മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്റെ ചുമതലയാണെന്ന് ഗർഭം അലസിപ്പിക്കുന്നതിനെ എതിർക്കുന്നവർ ചിന്തിക്കും. ഒരുവന്റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല. ജനിക്കുവാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും  ഘട്ടങ്ങളായി ഗർഭസ്ഥ ശിശുവിൽ കാണപ്പെടുന്നു. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും വിവിധ അവസ്ഥകളിലായിട്ടാണ് പൂർണ്ണനായ ഒരു മനുഷ്യനും വ്യക്തിയുമായി രൂപാന്തരപ്പെടുന്നത്.

'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്റെ ഉദരത്തിൽ ജനിക്കുന്നു. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിൽ ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽസംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ടു കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെകൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരുകുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം! ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം?

ഗർഭനിരോധനത്തെയും കുടുംബാസൂത്രണത്തെയും എതിർത്തുകൊണ്ട് കത്തോലിക്കാസഭ വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്തു പെരുപ്പിക്കാൻ സംഘിടിതമായ ആശയപ്രചരണങ്ങളും നടത്തുന്നുണ്ട്. അതിനെതിരെ ഏതാനും വിവേകശാലികളായ ഇറ്റാലിയൻ ബിഷപ്പുമാരുടെ പഠന റിപ്പോർട്ടിൽ 'ഇന്നത്തെ ജനനനിരക്കു കുറക്കേണ്ടത് ഭാവിതലമുറകളോട് നമ്മൾ പുലർത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.' ഒരു കുടുംബത്തിനു രണ്ടു മക്കൾവീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്നും ഈ മെത്രാൻസമിതി വത്തിക്കാനോട്ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്സു ദീർഘിക്കുന്നതോടൊപ്പം ജനനനിരക്കും കുറയേണ്ടതായുണ്ട്. രണ്ടു വർഷത്തോളം നടത്തിയ സുദീർഘമായ ഈ പഠനത്തിൽ ശാസ്ത്രജ്ഞരും ബൗദ്ധിക തലങ്ങളിലുള്ള അല്മെനികളും വിവിധ രാജ്യങ്ങളിലെ മതനേതാക്കന്മാരും പങ്കു ചേർന്നിരുന്നു.

കുടുംബാസൂത്രണം  സംബന്ധിച്ചുള്ള ഈ കമ്മറ്റിറിപ്പോർട്ട് സമർപ്പിച്ചത് ബെനഡിക്റ്റ് മാർപ്പായുടെ ഭരണകാലത്തായിരുന്നു. അതിൽ അന്ന് ബെനഡിക്റ്റ് മാർപാപ്പാ രോഷാകുലനാവുകയാണുണ്ടായത്. കോടാനുകോടി മനുഷ്യർ ആഹാരമില്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും അത്തരം പ്രശ്നങ്ങളൊരിക്കലും സഭയോ മാർപാപ്പയോ ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാർഗങ്ങളെയും സഭ എതിർക്കുകയും ചെയ്യുന്നു.

ഭൂമിയിൽ ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മതം കല്പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം ഇന്ന് പൊതുവെ തിരസ്ക്കരിക്കുന്നതായി കാണുന്നു. പൗരാഹിത്യവും  വത്തിക്കാനും സ്വീകരിച്ചിരിക്കുന്ന കുടുംബാസൂത്രണ നിലപാടുകളെ പരിഷ്കൃതരാജ്യങ്ങൾ സാധാരണ ഗൌനിക്കാറില്ല. എങ്കിലും ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങളിൽ വത്തിക്കാന് ഇന്നും സ്വാധീനമുണ്ട്.

ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നതു പാപമെന്ന സങ്കൽപ്പത്തെ ന്യായികരിക്കാം. വത്തിക്കാന്റെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്യാം. എന്നാൽ ആധുനിക ഗർഭനിരോധക മാർഗങ്ങൾ സന്താനോത്ഭാദന നിയന്ത്രണൾക്ക് അവലംബമാകുമ്പോൾ വത്തിക്കാൻ അതിനെ പ്രതിരോധിച്ചാൽ അത് സാമൂഹിക വളർച്ചക്ക് തടസമാകും. പിറക്കാൻ പോവുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയും കൂടിയാണ്. മാർപാപ്പാമാരുടെ തെറ്റാവരത്തിന് ഇവിടെ തെറ്റു പറ്റിയെന്നുവേണം അനുമാനിക്കുവാൻ.

മാർപാപ്പാമാർ വസിക്കുന്ന രാജ്യമായ ഇറ്റലി മാർപാപ്പയുടെ നയങ്ങൾക്കെതിരേ കുടുംബാസൂത്രണ പദ്ധതികൾ വളരെക്കാലംമുമ്പുതന്നെ നടപ്പാക്കിയിരുന്നു. തൽഫലമായി 1982 കാലഘട്ടത്തിൽ, 2,34,800 ഗർഭ അലസിപ്പിക്കലുകൾ ഇറ്റലിയിൽ നടത്തിയെങ്കിൽ, 1992 ലെ ഗർഭം അലസിപ്പിക്കലുകൾ, ആ രാജ്യത്തു 1,55,200 ആയി കുറയ്ക്കുവാനും സാധിച്ചു. അതിനു കാരണം ആധുനിക ഗർഭനിരോധക മാർഗങ്ങളായിരുന്നു. ഇറ്റലി ഇന്നു ജനന നിരക്കു കുറച്ചെന്നു മാത്രമല്ല രാജ്യത്തു ജനസംഖ്യ കുറഞ്ഞതുകൊണ്ടു ജനന നിരക്ക്, കൂട്ടണമെന്നു ചിന്തിക്കുകയും ചെയ്യുന്നു.

സഭയുടെ ഭരണ നിലപാടിലും പ്രാമാണിക ഗ്രന്ഥങ്ങളനുസരിച്ചും സഭ സ്ത്രീകളോട് നീതി പുലർത്താറില്ല. സ്ത്രീയെന്നുപറഞ്ഞാൽ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറിയെന്ന ചിന്തകൾ സഭയെയും ബാധിച്ചിട്ടുണ്ട്. സ്ത്രീയെ പുരുഷൻ അടക്കി ഭരിക്കുന്ന ചരിത്രമാണു കത്തോലിക്കാ സഭയ്ക്കുള്ളത്. മതം പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ളതിൽ സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകിൽ പുരുഷൻ സ്ത്രീയുടെ മസ്തിഷ്കത്തിൽ ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി. അല്ലെങ്കിൽ പുരുഷനില്ലാതെ സ്ത്രീ സുരക്ഷയല്ലെന്നു അവള്‍ക്കുള്ള തോന്നലുമാകാം.

ഗർഭം അലസിപ്പിക്കുന്നതു തെറ്റാണെന്നു തോന്നുന്നുവെങ്കിൽ അത് പാപസങ്കൽപ്പമെന്ന് മനഃസാക്ഷിയെ കുത്തുന്നുവെങ്കിൽ അത്തരം ‍പ്രവർത്തികളിൽനിന്ന് പിൻവാങ്ങണം. കാരണം അതു ജീവിതത്തില്‍ പിന്നീടു മാനസിക വിഭ്രാന്തികൾക്ക് കാരണമാകും. എന്നാൽ‍ വിശപ്പിൻറെ മുറവിളി കൂട്ടുന്ന ഈ ലോകത്ത് മറ്റു കുടുംബാസൂത്രണപദ്ധതികളെ വത്തിക്കാൻ എന്തുകൊണ്ടു‍ എതിർ‍ക്കുന്നുവെന്നു മനസിലാകുന്നില്ല? ഒരിക്കലും വിവാഹംചെയ്യാത്ത, ഗർ‍ഭം വഹിക്കാത്ത വൃദ്ധരായ ഈ പുരോഹിതർ‍ക്കും തലമൂത്ത കർദ്ദിനാൾ സ്‌കൂളിനും കുടുംബാസൂത്രണമെന്തെന്നു മനസിലാവുകയില്ല.  സ്ത്രീ പുരുഷന്മാർ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ ഉദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നു മനസ്സിലാകും. അതുകൊണ്ട്, ഉദരത്തിൽ കിടക്കുന്ന ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാൽ പാപമില്ലെന്ന‍ വാദവും വചനാധിഷ്ഠിതമാണ്.

ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാടിൽ നീതികരണമുണ്ട്. എന്നാൽ  മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നത് യുക്തിരഹിതമാണ്‌. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു ജീവനുള്ള തലമുടികൾ പൊഴിയുന്നത്തിനു തുല്യമാണ്. ബീജകോശം, അണ്ഡകോശത്തിലെത്താതെ ജീവൻ തുടിക്കുകയില്ല.

ഭൂമിയിൽ ജനിക്കുന്ന മനുഷ്യർ സഭയുടെ ചട്ടക്കൂട്ടിൽനിന്നുകൊണ്ടു വിശക്കുന്ന വയറുകളുമായി എത്യോപ്യായെന്ന പട്ടിണിരാജ്യംപോലെ ജീവിക്കണോ? മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപായങ്ങൾ ഉണ്ടായിരിന്നില്ലല്ലോ! അങ്ങനെ ഗർഭനിരോധക മാർഗങ്ങൾ ബൈബിളിന് എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. വാസ്തവത്തിൽ, സന്താന നിയന്ത്രണം വഴി സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയല്ലേ! സ്ത്രീയെ അടിച്ചമർത്തപ്പെട്ടാലും സ്ത്രീ എല്ലായ്പ്പോഴും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.

ബെനഡിക്റ്റ് മാർപാപ്പായുടെ കാലത്ത് ഗർഭനിരോധന ഗുളികകൾ സംബന്ധിച്ചുള്ള രസകരമായ ഒരു വാർത്ത വത്തിക്കാനിൽനിന്നുമുണ്ടായിരുന്നു. ഗർഭനിരോധ ഗുളികകൾ പരിസ്ഥിതി അശുദ്ധമാക്കുമെന്നായിരുന്നു കണ്ടുപിടിത്തം. സന്താനോല്പാദനശേഷി നഷ്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു. അതിനുള്ള ശാസ്ത്രീയതെളിവുകൾ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകൾക്കു ധാരാളം മൂത്രഭ്രമം ഉണ്ടാകുമെന്നു വാർത്തയിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രകൃതി മുഴുവൻ ഹോർമോണുകൾ നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങൾ പ്രകൃതിയെ മലിനമാക്കുമെന്നും അവരുടെ നിഗമനങ്ങളിലുണ്ട്. ഇങ്ങനെ മാനസിക വിഭ്രാന്തികൾ പരത്തിക്കൊണ്ടു ലോകം മുഴുവൻ വത്തിക്കാൻ പരിഭ്രമം സൃഷ്ടിക്കുന്നതും കാണാം. 

കന്യാസ്ത്രികൾ ആരോഗ്യസംരക്ഷണത്തിനു ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് വിവാദപരമായ ഒരു ചർച്ചാവിഷയമാണ്. തീർച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടു കന്യാസ്ത്രികൾക്കെതിരെ ഈ ഗുളികയുടെപേരിൽ ലോകം ശബ്ദം ഉയർത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവർക്കു മക്കൾ ഇല്ല. മക്കളില്ലാത്ത സ്ത്രീകൾക്ക് കൂടെകൂടെ ആർത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാൻസറിന്റെ സാധ്യതകളും വർദ്ധിക്കും. ഗർഭനിരോധനൗഷധ കമ്പനികൾ കോടികൾ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരുആരോപണം. രക്തം കട്ടിയായേക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നു. ലോകത്തിലുള്ള ലക്ഷക്കണക്കിന് കന്യാസ്ത്രികൾ തങ്ങളുടെ ചാരിത്രം കാത്തുസൂക്ഷിക്കുന്നതിനു കടുത്ത വില നല്കേണ്ടിവരുന്നുവെന്നു പറയപ്പെടുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാറിടങ്ങളിലും ഗർഭപാത്രത്തിലും ബീജകോശങ്ങളിലും കാൻസർ സാധ്യതയേറെയാണ്. സഭ ഗർഭ നിരോധ ഗുളികകൾ സൌജന്യമായി വിതരണം ചെയ്താൽ ഇരുപതു ശതമാനംവരെ മരണനിരക്കു കുറയ്ക്കാമെന്നു ശാസ്ത്ര റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 1968 മുതൽ‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാൻ എതിർ‍ത്തിരുന്നു. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യപ്രശ്നമാണ്. ജീവന്‍റെയും പ്രശ്നമാണ്. ഗർ‍ഭനിരോധന ഗുളികകൾ‍ ഡോക്ടർ‍മാര്‍ നിർ‍ദ്ദേശിക്കുന്നുവെങ്കിൽ‍ പുരോഹിതർ അത് എതിർ‍ക്കുകയും ചെയ്യുന്നു.

അമേരിക്കയിലുള്ള ഫീനിക്സിലെ ബിഷപ്പ് 'ഒമ്സ്റ്റഡ്‌' (Olmsted) ഭ്രൂണഹത്യ നടത്തിയ ഡോക്ടറെയും  സഹായിച്ച ഒരു കന്യസ്ത്രിയെയും സഭയിൽനിന്നു പുറത്താക്കിയിരുന്നു. കൂടാതെ ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങൾ പാലിക്കുവാൻ സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ‍ നയങ്ങൾ പരാജയപ്പെട്ടുവെന്നു ആരോപണവും വന്നു. തന്മൂലം പ്രസ്തുത ഹോസ്പിറ്റൽ ഇനി മേൽ ഒരു കത്തോലിക്കാ സ്ഥാപനത്തിന്റെ പദവിയിൽ തുടരുന്നില്ലെന്നും ഇടയ ലേഖനത്തിലുണ്ടായിരുന്നു. മരണത്തിലേക്കു പോയിരുന്ന ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ ആ സ്ത്രീയുടെ ഉദരത്തിലുണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിച്ചതിലുള്ള പ്രതികരണമായി ഒരു ഹോസ്പിറ്റൽ തന്നെ പൂട്ടുവാൻ കാരണമായതും സഭയുടെ യാഥാസ്ഥിതിക നയമായിരുന്നു.

ഈ ഗർഭം അലസിപ്പിക്കൽ, ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിൻറെ ഭരണാധികാരി എന്ന നിലയിലാണ്, 'മാക്ബ്രൈഡു' എന്ന കന്യാസ്ത്രി സഹോദരി തന്റെ സമ്മതപത്രം നല്കിയത്. കർ‍മ്മനിരതയായി സ്വന്തം ജോലി നിർവഹിക്കുവാനായി പ്രോത്സാഹിപ്പിക്കുന്നതിനുപകരം ജനിച്ചുവീണ വിശ്വാസത്തിൽനിന്നു, കത്തോലിക്കാസഭയിൽനിന്നു നിർദ്ദയം സഭ അവരെ പുറത്താക്കുകയായിരുന്നു. മതഭ്രാന്തന്മാരായ ബിഷപ്പുമാരും പുരോഹിതരും ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്ടർമാർക്കും ഹോസ്പിറ്റൽ പ്രവർത്തകർക്കും ജോലി നഷ്ടമാകുമെന്ന ഭയത്താൽ അനേകരുടെ ജീവനെ കുരുതി കൊടുക്കേണ്ടി വരുന്നു. കത്തോലിക്കാ ഹോസ്പിറ്റലുകളിൽ യാഥാസ്ഥിതികരായവരുടെ പരിരക്ഷയിലുള്ള ഗർഭിണികൾ ഓപ്പറെറ്റിങ്(operating) ചേമ്പറിൽ മരണമേറ്റുവാങ്ങുന്നത് നിത്യേനയുള്ള കാഴ്ചകളാണ്.

ഒബാമയുടെ ഭരണകാലത്ത് അമേരിക്കയുടെ ആരോഗ്യസുരക്ഷാപദ്ധതി പ്രകാരം സ്ത്രീകളുടെ ഗർഭധാനപ്രതിരോധനത്തിനുള്ള ചെലവുകൾ കത്തോലിക്ക മതസ്ഥാപനങ്ങൾ വഹിക്കേണ്ടതില്ലന്നുള്ള നിയമം പ്രാബല്യത്തിൽ വന്നിരുന്നു. സ്ത്രീകളുടെ അനാവശ്യഗർഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചെലവുകളും അതാതു സ്ഥാപനങ്ങളുടെ ഇൻഷുറൻസ് കമ്പനികൾ വഹിക്കണമെന്നുള്ളതായിരുന്നു നിയമം. സഭയുടെ മനസാക്ഷിക്കെതിരാണെന്നു സഭ കല്പ്പിക്കുന്ന പക്ഷം മാത്രമാണ് ഇൻഷുറൻസ് കമ്പനികൾ ഗർഭസുരക്ഷാമാർഗങ്ങൾക്കായുള്ള ചെലവുകൾ വഹിക്കേണ്ടത്. ഭീമമായ ഇന്‍ഷുറൻസു ചെലവുകളില്‍നിന്നും സ്ഥാപനങ്ങളെ ഒഴിവാക്കിയതും കത്തോലിക്ക സഭയുടെ ഒരു നേട്ടമെന്നു പറയാം. ഇതു സ്ത്രീകളുടെ ഒരുവിജയംകൂടിയിരുന്നു.  സഭയുടെ എക്കാലത്തെയും മുന്‍ഗണന എന്നും അത്മീയതയെക്കാളുപരി പണമായിരുന്നുവല്ലോ. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയായിരുന്നു. എന്നാൽ ചെലവുകൾ നികത്തുവാൻ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർധിപ്പിച്ചാൽ സഭാസ്ഥാപനങ്ങൾക്ക് അധിക ചെലവുകൾ വരുമെന്നും സഭയുടെ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടു ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അമേരിക്കൻ ബിഷപ്പുമാർ തൃപ്തരല്ലായിരുന്നു.

കുടുംബാസൂത്രണ നിരോധകങ്ങള്‍ക്കു ഉപകരിക്കുംവിധം ജോലി ചെയ്യുന്നവർക്കു നിര്‍ബന്ധിതമായി സൌജന്യ ഇന്‍ഷുറന്‍സ് നല്‍കണമെന്നുണ്ട്. നിലവില്‍ കോ പെയ്മെൻറ്സഹിതം ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽ ‍ഈ നിയമം പ്രാബല്യത്തിലുണ്ട്. ഒബാമ നിയമമനുസരിച്ച് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള്‍ ഗര്‍ഭനിരോധന  മാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാൽ അതാതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നയാൾ ‍ആവശ്യപ്പെട്ടാല്‍, ‍ജോലി ഉടമ സൌജന്യ ഇന്‍ഷുറൻസു കൊടുക്കുവാനും ബാധ്യസ്ഥനാണ്. ആര്‍ക്കും ഈ സൌജന്യ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലായെന്നും പുരോഹിതർ, ‍വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്നു പുരോഹിതര്‍ ചിന്തിക്കുന്നില്ല.

ഗർഭനിരോധക കാര്യങ്ങളിൽ അമേരിക്കയിലും കത്തോലിക്ക ബിഷപ്പുമാർ അങ്ങേയറ്റം യാഥാസ്ഥിതികത പുലർത്തുന്നതു കാണാം. മതാധിപത്യം അമേരിക്കയിലും ഒരു ദുഃഖസത്യം തന്നെ. ഗർഭധാരണ നിരോധനത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്കു പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടു ശതമാനവും അമേരിക്കക്കാര്‍ ഗര്‍ഭധാരണ നിരോധന ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. ദാരിദ്ര്യത്തിനെതിരെ പൊരുതുവാൻ സഭയ്ക്ക് സമയമില്ല. പരിഷ്കൃതങ്ങളായ കുടുംബാസൂത്രണ പദ്ധതികളും ജനോപകാരപ്രദമായ ആരോഗ്യസുരക്ഷാപദ്ധതികളും നിയമങ്ങളായി അവതരിപ്പിക്കുന്ന വേളകളിൽ പുരോഹിത ലോകം രണ്ടും കല്പ്പിച്ച്‌ അത്തരം നിയമങ്ങളെ തകർക്കാൻ ശ്രമിക്കും. അമേരിക്ക എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാൽ ഇവർക്കായി പൊരുതുവാൻ അമേരിക്കൻ ഐക്യനാടുകളിൽ വിശ്വാസികളില്ലെന്നതും പരിഹാസ ജനകമായിരുന്നു. എങ്കിലും ട്രംപ് ഭരണകൂടം ഇവർക്ക് അനുകൂലമായ നിയമങ്ങൾ പാസ്സാക്കുകയും ചെയ്തു.

ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന ഗർഭ നിരോധക നിയമങ്ങൾ ഇല്ലാതാക്കിക്കൊണ്ടു 2017 ഒക്ടോബറിൽ ട്രംപ് ഭരണകൂടം പുതിയ നിയമങ്ങൾ നടപ്പാക്കി. തൊഴിൽ നൽകുന്നവർക്ക് കൂടുതൽ അവകാശങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതായിരുന്നു ട്രംപിന്റെ നിയമം. മത വിശ്വാസം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ഗർഭ നിരോധനം സംബന്ധിച്ചുള്ള പ്രീമിയം ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക്  നൽകേണ്ടതില്ല. മത വിശ്വാസത്തിനെതിരായുള്ള നിയമങ്ങൾ നടപ്പാക്കില്ലെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവിടെ പ്രസിഡന്റ് ട്രംപ് പാലിക്കുകയായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തിലെ തൊഴിലുടമകൾക്കായുള്ള ഈ സൗജന്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.  ഒബാമ നിയമം അനുസരിച്ച് 55 മില്യൺ സ്ത്രീകൾക്ക് ഗർഭ നിരോധക (Contraceptives) സംരക്ഷണം ലഭിച്ചിരുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. ട്രംപിന്റെ നിയമപ്രകാരം അത്തരം ആനുകൂല്യങ്ങൾ ആയിരക്കണക്കിന് സ്ത്രീകൾക്ക് നഷ്ടപ്പെടുന്നു.

കന്യാസ്ത്രികൾക്ക് ക്യാൻസർ തടയാൻ ഗർഭ നിരോധക ഗുളികൾ നിർദ്ദേശിച്ചതിനെതിരെ 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പൂവർ' (Little sisters of poor) എന്ന സംഘടന സുപ്രീം കോടതിയുടെ മുമ്പാകെ പ്രകടനം നടത്തിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം കന്യാസ്ത്രികൾക്ക് ഗർഭ നിരോധകങ്ങൾ നടപ്പാക്കുകയില്ലെന്നും അറിയിച്ചു. ഒബാമയുടെ കാലം മുതൽ തുടങ്ങിയതാണ് കന്യാസ്ത്രീകളുടെ ഈ സമരം. 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പൂവർ' എന്ന കന്യാസ്ത്രീകളുടെ സംഘടന ട്രംപിന്റെ പുതിയ നിയമം സ്വാഗതം ചെയ്യുകയും ചെയ്തു. ഒബാമ നടപ്പാക്കിയ നിയമം കന്യാസ്ത്രീകളെ ചാവു ദോഷത്തിലേക്ക് നയിക്കുമെന്നായിരുന്നു അവരുടെ വാദം.

ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതൽ മക്കളെ മാതാപിതാക്കൾ‍ക്ക് ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായും പൊത്തി ശ്രവിക്കുമായിരുന്നു. പട്ടിണിയിൽക്കൂടിയെ സഭ വളരുകയുള്ളൂവെന്ന ചിന്താഗതി സഭയെ നയിക്കുന്നുവെന്നു വേണം കരുതാൻ. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച് അവരെ ഷന്ധന്മാരാക്കുകയുംചെയ്യാം. വിദേശത്തയച്ച് സാമ്പത്തിക ലാഭവുമുണ്ടാക്കാം. മെത്രാൻ വടിയും തൊപ്പിയും മോതിരവും എന്നും പൂജിതമായിരിക്കണമെന്നും സഭ കരുതുന്നു.

ലൈംഗിക സംഭോഗങ്ങളും മോഹങ്ങളും സന്താനോത്‌പാദനവുമെല്ലാം മനുഷ്യന്‍റെ മൌലിക ധർ‍മ്മങ്ങളില്‍പ്പെട്ടതാണ്. ലൈംഗികത സന്താനോത്പാദനത്തിനു മാത്രമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്‌. ലൈംഗികമോഹങ്ങളിൽ ‍ആനന്ദം കണ്ടെത്തുന്നവർ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാർ‍പാപ്പാമാർ ചാക്രിക ലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്. പ്രണയിനിയോട് കിടക്കയിൽ പങ്കിടുന്ന പ്രേമത്താലുള്ള ആനന്ദനിമിഷങ്ങൾ പോലും സഭയുടെ കാഴ്ചപ്പാടിൽ അസന്മാർ‍ഗികമാണുപോലും!

കുടുംബാസൂത്രണ പദ്ധതികളെപ്പറ്റി ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. മാർപ്പാപ്പ പറഞ്ഞു, "ഗർഭഛിദ്രം, സ്വവർഗ വിവാഹങ്ങൾ, ഗര്‍ഭനിരോധ ഉപാധികൾ മാത്രമല്ല പ്രശ്നങ്ങളായി നാം  കണക്കാക്കേണ്ടത്. സഭയ്ക്ക് അതിലെല്ലാം വ്യക്തമായ നയങ്ങളുണ്ട്. ഞാനും സഭയുടെ എളിയ ഒരു പുത്രൻ മാത്രം. എല്ലാക്കാലത്തും ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചു സംസാരിക്കേണ്ട ആവശ്യമില്ല."

Read more

പുരോഹിതരും മദ്യത്തിന്റെ രാഷ്ട്രീയവും നയങ്ങളും

കേരള ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സി, കേരളത്തിലെ ബാറുകൾ പുനഃസ്ഥാപിക്കുന്നതിനെതിരെ സമരങ്ങൾ നയിക്കാൻ തങ്ങളുടെ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുകയാണ്. പുരോഹിതരും ബിഷപ്പുമാരും സഭ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനായി സർക്കാരിനെതിരായുള്ള അടവുകളുമായി രംഗത്തിറങ്ങിയിരിക്കുന്നു. പൊതു ജനങ്ങളെയോ കുഞ്ഞാടുകളെയോ നന്നാക്കണമെന്ന ലക്ഷ്യമല്ല മദ്യനിരോധനത്തിന്റെ വക്താക്കളായി വന്ന ഈ ഇടയന്മാർക്കുള്ളത്. വൻകിട ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും കോഴകോളെജുകളും ആകാശം മുട്ടെയുള്ള പള്ളികളും അരമനകളും കോർപ്പറേറ്റ് പ്രസ്ഥാനങ്ങളും നടത്തുന്ന പുരോഹിത മുതലാളിമാർ വിശ്വാസികളെ ഇളക്കാനായുള്ള തന്ത്രങ്ങളും നെയ്തുകൊണ്ടിരിക്കുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മദ്യം നിരോധിച്ച തീരുമാനം ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കിയും മതപുരോഹിതരുടെ താൽപ്പര്യം സംരക്ഷിക്കാനുമായിരുന്നു. അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ കേരളത്തെ മദ്യ നിരോധന മേഖലയാക്കാമെന്നുള്ള ലക്ഷ്യവുമുണ്ടായിരുന്നു. മദ്യ നിരോധനം വഴി ഇന്ത്യയ്ക്ക് ചരിത്രപരമായി ഓർമ്മിക്കാൻ നിരവധി വസ്തുതകളുണ്ട്. മദ്യം,  സാമൂഹിക തിന്മയെന്നത്, മഹാത്മാഗാന്ധിയുടെ ആശയങ്ങളിലൊന്നായിരുന്നു. ഗാന്ധിയൻ ചിന്താഗതികൾ കാലത്തിനു യോജിച്ചതോയെന്നറിയാൻ, കൂടുതൽ പഠന വിധേയമാക്കേണ്ടതുമുണ്ട്. മുതലാളിത്ത ധന തത്ത്വത്തിൽ കുതിച്ചുയരുന്ന ഭാരതത്തിൽ പഴയതിനെ മാറ്റി പുതിയതിനെ പ്രതിഷ്ഠിക്കേണ്ടതായുമുണ്ട്. ആധുനിക നാഗരികതയിൽ മദ്യമെന്നുള്ളത്‌ സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കോൺഗ്രസ്സ് മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയിരുന്ന മദ്യ നിരോധനം കമ്മ്യുണിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത് വിവാദങ്ങൾക്ക് വഴി തെളിയിക്കുന്നു. ഉമ്മൻ ചാണ്ടി വീണ്ടും ഭരണത്തിൽ വരാതിരുന്ന കാരണവും അദ്ദേഹത്തിൻറെ കാലത്തെ തെറ്റായ മദ്യനയമായിരുന്നുവെന്നതും ഓർമ്മിക്കേണ്ടതാണ്. അടച്ചിട്ടിരുന്ന ബാറുകൾ വീണ്ടും തുറക്കുമെന്ന വാഗ്ദാനങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടി ജനങ്ങൾക്കു നല്കിയിരുന്നു. ജനങ്ങളോടുള്ള പ്രതിജ്ഞ നടപ്പിലാക്കേണ്ടതും പിണറായി സർക്കാരിന്റെ കടമയായിരുന്നു. അതിൽ ബിഷപ്പുമാർ സമരകോലാഹലങ്ങളുമായി രംഗത്ത് പ്രത്യക്ഷപ്പെടേണ്ട ആവശ്യമോ അവർക്ക് അതിനുള്ള അവകാശമോയില്ല. ഒരിക്കൽ മദ്യാസക്തരായാൽ മദ്യം വർജിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുപോലെ മദ്യ വില്പനയിൽക്കൂടിയുള്ള നികുതി വരുമാനം ഇല്ലാതാകുന്നതും സർക്കാരിനെ കുഴപ്പത്തിലാക്കുന്നു.

കേരളത്തിലെ സദാചാര വാദികളാണ് മദ്യം നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. അക്കൂടെ ബിഷപ്പുമാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കപട സദാചാരത്തിന്റെ പേരിൽ വാതോരാതെ സംസാരിക്കാറുണ്ട്. മദ്യം വിഷമാണ്, മദ്യം കലഹമുണ്ടാക്കുന്നു, കുടുംബങ്ങളെ  തകർക്കുന്നുവെന്നല്ലാമുള്ള സാരോപദേശങ്ങൾ അവരിൽനിന്നു കേൾക്കുകയും ചെയ്യാം. ശുദ്ധമായ തെങ്ങും കള്ളും പനങ്കള്ളും കുടിച്ചു ജോലി ചെയ്തിരുന്ന കർഷക വർഗത്തിന് കാര്യമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി അറിവില്ല. വിദേശികൾ രാജ്യം ഭരിക്കാൻ തുടങ്ങിയതിൽ പിന്നീടാണ് വിദേശ മദ്യങ്ങൾ ഇവിടെ ലഭിക്കാൻ തുടങ്ങിയത്. മദ്യം ജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്നമാണെങ്കിൽ അതിനേക്കാളും മുമ്പേ നിരോധിക്കേണ്ട നിരവധി വിതർക്ക വിഷയങ്ങൾ കേരളത്തിലുണ്ട്. കെമിക്കൽ കലർന്ന ഭക്ഷണ പദാർഥങ്ങളും വിഷമയമായ പാനീയങ്ങളും പച്ചക്കറികളും നിരോധിക്കാനുള്ള തീക്ഷ്ണത, അല്ലെങ്കിൽ അത് ജനങ്ങളിൽ ബോധവാന്മാരാക്കാനുള്ള സന്മനസ്സ്, മത പുരോഹിതരിലും രാഷ്ട്രീയക്കാരിലും കാണുന്നില്ല. ഒരാൾ മദ്യം കൊണ്ട് പ്രശ്‍നം ഉണ്ടാക്കുന്നുണ്ടെങ്കിൽ, മദ്യപിച്ച് കാർ ഓടിക്കുന്നുവെങ്കിൽ, കുടുംബത്ത് കലഹമുണ്ടാക്കുന്നെങ്കിൽ മാന്യമായി മദ്യം ഉപയോഗിക്കുന്നവരെയും മദ്യം മരുന്നായി പ്രയോജനപ്പെടുത്തുന്നവരെയും ശിക്ഷിക്കേണ്ട ആവശ്യമുണ്ടോ?

ലോകത്ത് മദ്യ നിരോധനം നടത്തിയിട്ടുള്ള ഒരു രാജ്യവും വിജയിച്ച ചരിത്രമില്ല. അത് മയക്കുമരുന്ന് കച്ചവടക്കാരെയും കള്ളക്കടത്തുകാരെയും സഹായിക്കുക മാത്രമേയുള്ളൂ. മയക്കു മരുന്നുകൾ സമൂഹത്തിനു തന്നെ അപകടകരമായ സ്ഥിതിവിശേഷങ്ങൾക്ക് കാരണമാകുന്നു. കേരളത്തിന്റെ പ്രധാന വരുമാന മാർഗം വിനോദ സഞ്ചാരികളിൽ നിന്നായിരുന്നു. മദ്യം നിരോധിച്ചതു കാരണം ആ വ്യവസായം തന്നെ തകർച്ചയെ നേരിടേണ്ടി വന്നു.

വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യൻ പള്ളികളിൽ പുരോഹിതർ വീഞ്ഞ് ഉത്ഭാദിപ്പിക്കുന്നു. ബൈബിളിൽ പറഞ്ഞിരിക്കുന്ന പോലെ എന്തുകൊണ്ട് ഇവർ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കുന്നില്ല. ആദ്യം മദ്യ നിരോധനം നടത്തേണ്ടത് പുരോഹിതരുടെയിടയിലാണ്. അതിനു ശേഷം പോരെ, മദ്യ നിരോധനത്തിനായുള്ള പ്രക്ഷോപണങ്ങൾ.! മദ്യ നിരോധനം നടപ്പാക്കണമെന്ന് വാദിക്കുന്ന ക്രിസ്ത്യൻ പുരോഹിതർ പള്ളിയാവശ്യത്തിനുള്ള വീഞ്ഞിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുയായികൾ വർദ്ധിച്ചതുകൊണ്ടു കൂടുതൽ വീഞ്ഞ് ആവശ്യമുണ്ടെന്നാണ് സഭ ആവശ്യപ്പെടുന്നത്. കുർബാനയ്ക്ക് ഉപയോഗിക്കാനുള്ള വീഞ്ഞു 23 ഫാക്റ്ററികളിലായി കത്തോലിക്കാസഭ ഉത്ഭാദിപ്പിക്കുന്നുണ്ട്. ഒരു വർഷം 6000 ലിറ്റർ വൈൻ ഉത്ഭാദിപ്പിക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.

സഭയുടെ വക്താവായ ഫാദർ പോൾ തേലേക്കാട്ടിൽ പറയുന്നത് പള്ളികളുടെ എണ്ണം കൂടുന്നതും ജനസംഖ്യ വർദ്ധിക്കുന്നതുമനുസരിച്ച് വീഞ്ഞിന്റെ ആവശ്യവും കൂടി വരുന്നുവെന്നാണ്. എന്നാൽ സെൻസസ് അനുസരിച്ച് കത്തോലിക്കരുടെ എണ്ണം വളരെയധികം കുറഞ്ഞതായി കാണുന്നു. കുടുംബാസൂത്രണ പദ്ധതി പ്രകാരം കുടുംബങ്ങളുടെ അംഗസംഖ്യ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുടുംബാസൂത്രണം ഏറ്റവും കൂടുതൽ നടത്തുന്നതും ക്രിസ്ത്യൻ സമൂഹങ്ങളാണ്. സഭയിൽ ആവശ്യത്തിന് പുരോഹിതരെയും കന്യാസ്ത്രികളെയും ലഭിക്കുന്നില്ലെന്ന കാരണത്താൽ മൂന്നാമതു  ജനിക്കുന്ന കുട്ടിക്ക് സഭ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പോരാഞ്ഞ്, വളരുമ്പോൾ ആ കുട്ടിക്ക് സ്‌കൂളിൽ സ്‌കോളർഷിപ്പ് നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയുടെ അംഗങ്ങൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലും കുടിയേറുന്നതു എണ്ണം കുറയാൻ കാരണമാകുന്നു. ഏകദേശം ആറുലക്ഷത്തിൽപ്പരം ക്രിസ്ത്യൻ ജനത വിദേശങ്ങളിൽ കുടിയേറിയതും അതാത് രാജ്യങ്ങളിലെ പൗരത്വം എടുത്തതും ജനസംഖ്യ കുറയാൻ മറ്റൊരു കാരണവുമാണ്.

സഭ വീഞ്ഞുത്ഭാദനം ഒരു വ്യവസായമാക്കാൻ ആഗ്രഹിക്കുന്നു. കുർബാനയ്ക്ക് ഉപയോഗിച്ച ശേഷം മിച്ചം വരുന്ന വീഞ്ഞ് മാർക്കറ്റിൽ വിൽക്കുന്നുമുണ്ട്. പള്ളികൾ വീഞ്ഞു വിൽക്കുന്നതായി വെള്ളാപ്പള്ളി നടേശൻ ആരോപണമുയർത്തിയിരുന്നു. പള്ളിക്ക് വീഞ്ഞുത്ഭാദിപ്പിക്കുന്ന ലൈസൻസ് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വീഞ്ഞു വിൽക്കുന്നതും നിയമ വിരുദ്ധമാണ്. സാധാരണ ഗതിയിൽ വീഞ്ഞു വ്യവസായം തുടങ്ങാൻ 23 ലക്ഷം രൂപ ഫീസ് ഉണ്ടെന്നിരിക്കെ സഭയ്ക്കുവേണ്ടിയുള്ള  ലൈസൻസ് ഫീ വെറും 250 രൂപ മാത്രമാണ്. കുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞിൽ 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുമ്പോൾ ബിയറിനുള്ളിൽ ആറു ശതമാനം ആൽക്കഹോൾ മാത്രമേയുള്ളൂ. ഭാഗികമായി മദ്യ നിരോധനം നടത്തിയപ്പോൾ 'വെള്ളാപ്പള്ളി നടേശൻ' പള്ളികൾക്കു നൽകുന്ന വീഞ്ഞിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സഭ, മദ്യ നിരോധനത്തിനു ആവേശപൂർവം പ്രചരണങ്ങൾ നടത്തുന്ന കാരണം പള്ളികൾക്കു അനുവദിച്ചിരിക്കുന്ന ലൈസൻസ് നിർത്തൽ ചെയ്യാൻ ബിജെപി യിലെ ഘടക കക്ഷികളും നിർദ്ദേശിച്ചിരുന്നു.

വീഞ്ഞിന്റെ കാര്യത്തിൽ വിവാദങ്ങളുള്ളതുകൊണ്ട് കുർബാനയ്ക്ക് അത് ആവശ്യമില്ലെന്നും മാർത്തോമ്മാ ബിഷപ്പ് മാർ ഫിലിപ്പോസ് ക്രിസോസ്റ്റം പറയുകയുണ്ടായി. വീഞ്ഞിനു പകരം മുന്തിരി ചാർ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഈ രണ്ടു ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ ദൈവശാസ്ത്ര വിവാദങ്ങളും ഉണ്ടായി. മാർത്തോമ്മാ സഭ വീഞ്ഞു ക്രിസ്തുവിന്റെ രക്തത്തിന്റെ പ്രതീകമായി മാത്രമേ വിശ്വസിക്കുന്നുള്ളൂ. എന്നാൽ കത്തോലിക്ക സഭ കുർബാന മദ്ധ്യേ വീഞ്ഞ്! ക്രിസ്തുവിന്റെ രക്തമായി രൂപാന്തരം പ്രാപിക്കുന്നുവെന്നും വിശ്വസിക്കുന്നു. 'അത് വെറും പ്രതീകമോ അടയാളമോ അല്ലെന്നും മറ്റു യാതൊരു പദാർത്ഥങ്ങളും പാനീയങ്ങളും വീഞ്ഞിനു പകരം സ്വീകരിക്കാൻ സാധിക്കില്ലെന്നും' ആലഞ്ചേരി പറഞ്ഞു. അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്നും അതിനു മാറ്റം വരണമെങ്കിൽ ലോകാവസാനം സംഭവിക്കണമെന്നും കർദ്ദിനാൾ ന്യായികരിക്കുകയുമുണ്ടായി.

ഗുണ്ടാ മോഡലിലുള്ള പ്രസ്ഥാനങ്ങളെയാണ് ബിഷപ്പ് സംഘടനകൾ വളർത്തുന്നത്. രാജ്യത്തു എന്ത് നടപ്പാക്കണം, ഏതു തരത്തിലുള്ള പുരോഗമനം വേണമെന്നുള്ളത് തെരഞ്ഞെടുത്ത സർക്കാരുകളാണ് നിശ്ചയിക്കേണ്ടത്. സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അനുകൂലിക്കുന്നതിനു പകരം പ്രതിക്ഷേധങ്ങളിൽക്കൂടി നാട്ടിലെ നിയമ വ്യവസ്ഥ കൈവശപ്പെടുത്തുകയല്ല വേണ്ടത്. പിണറായുടെ ഭരണം ളോഹധാരികൾക്ക് ഇഷ്ടമില്ലെങ്കിൽ സമാധാനമായി എവിടെയെങ്കിലും പള്ളിയും അരമനയും ഭരിച്ചു നടന്നുകൊള്ളുക! ജനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് അടുത്ത മന്ത്രിസഭ കയ്യടക്കാമെന്നുള്ള വ്യാമോഹങ്ങളുമുണ്ടായിരിക്കാം. അതിനുപകരം സമ്പൂർണ്ണ മദ്യനിരോധനമെന്ന പേരിൽ രാജ്യത്തെ ക്രമസമാധാനം നശിപ്പിക്കുകയല്ല വേണ്ടത്.

ഭീകര കൊള്ളകൾ നടത്തുന്ന ഭൂരിഭാഗം ഹോസ്പിറ്റലുകളും സ്‌കൂളുകളും ക്രിസ്ത്യൻ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. സ്വന്തം സമുദായത്തിലെ ദരിദ്രർക്കു പോലും മാനുഷിക പരിഗണ നൽകാതെ സ്ഥാപനങ്ങൾ നടത്തുന്ന ഇവർക്ക് അല്മായരെ നിയന്ത്രിക്കാൻ എന്തധികാരമാണുള്ളതെന്നും അറിയില്ല! ക്രിസ്ത്യാനി മദ്യം കിട്ടാനായി ഏതു സ്ഥലങ്ങളിലും പോവും. ബീവറേജിന്റെയും ബാറിന്റെയും മുമ്പിൽ നീണ്ട ലൈൻ കാണാം. അനാവശ്യമായി രാഷ്ട്രീയ പ്രശ്നമുണ്ടാക്കി മദ്യ നിരോധനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെന്നുള്ളതാണ് ഇവരുടെ പരമമായ ലക്ഷ്യവും. അതുവഴി സർക്കാരിനെ താഴെയിറക്കി പുതിയതായി വരുന്ന ഭരണകൂടത്തെ തങ്ങളുടെ നിയന്തണത്തിൽ കൊണ്ടുവരാനും പുരോഹിതർ ആഗ്രഹിക്കുന്നു.

ധാർമ്മികത ലവലേശം പുരോഹിതർക്കില്ല. പുരോഹിതരോട് ലളിത ജീവിതം നയിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുമ്പോൾ കേരള പുരോഹിതരും മെത്രാന്മാരും ആഡംബര ജീവിതമാണ് നയിക്കുന്നത്. വില കൂടിയ കാറിൽ സഞ്ചരിക്കുമ്പോൾ, രാജകീയ അരമനയ്ക്കുള്ളിൽ കഴിയുമ്പോൾ, തിളങ്ങുന്ന കുപ്പായങ്ങൾ ധരിക്കമ്പോൾ പാവപ്പെട്ടവന്റെ ദുഃഖത്തെപ്പറ്റി ചിന്തിക്കേണ്ടതുമില്ല. സർക്കാരിന്റെ മദ്യനിരോധനത്തിനുള്ള ജനപിന്തുണ ഇല്ലാതാക്കുകയെന്നതും ലക്ഷ്യമാണ്. സ്ഥിരമായി കള്ളുകുടിക്കുന്ന ഒരാളിനെ നന്നാക്കാൻ ധ്യാന ഗുരുക്കന്മാർക്കോ മെത്രാൻമാർക്കോ സാധിക്കില്ല. അത്തരക്കാരായ ദരിദ്ര കുടിയൻമാർക്ക് സ്വന്തം സ്ഥാപനങ്ങളിൽ സൗജന്യമായ ചീകത്സ നൽകാൻ അഭിഷിക്ത ലോകം തയാറാകുമോ? ഇന്ന് പുരോഹിതരുടെ വചനങ്ങൾ ശ്രവിക്കാൻ വിശ്വാസികളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതു കാണാം. അവരുടെ ആഭാസത്തരം നിറഞ്ഞ കഥകൾ സോഷ്യൽ മീഡിയാകളിൽ നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. നേഴ്‌സറി മുതൽ ഒരു കുട്ടിക്ക് സ്‌കൂളിൽ അഡ്മിഷൻ വേണമെങ്കിൽ വലിയ തോതിലുള്ള കോഴപ്പണം കൊടുക്കണം. വ്യവസായ സാമ്രാജ്യം പടുത്തുയർത്തുന്ന അത്മായ ഗുരുക്കന്മാരുടെ വാക്യങ്ങൾ ബൗദ്ധിക തലത്തിലുള്ളവർ പുച്ഛത്തോടെ ശ്രവിക്കുന്ന കാലമാണിതെന്നും ഓർക്കണം.

വത്തിക്കാന്റെ ഹൃദ്യഭാഗത്തായി ഒരു മദ്യശാല പ്രവർത്തിക്കുന്നുണ്ട്. ഇറ്റലിയിലെ എല്ലാ നഗരങ്ങളെക്കാൾ അവിടെ വില കുറച്ചു മദ്യം കിട്ടുന്നു. അവിടെനിന്ന് മദ്യം മേടിക്കാൻ വത്തിക്കാനിലെ അന്തേവാസികൾക്കും പുരോഹിതർക്കും മാത്രമേ സാധിക്കുള്ളൂ. കേരളത്തിൽ മദ്യം നിരോധിക്കുന്നതിനുമുമ്പ് ആദ്യം മദ്യ നിരോധനം വത്തിക്കാനിൽ നടപ്പാക്കാൻ ശ്രമിക്കരുതോ? ആദ്യമേ മാർപ്പാപ്പയെ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങൾ പഠിപ്പിക്കുക! അതിനുശേഷം പള്ളിയിൽ വരുന്ന വിശ്വസികളുടെയിടയിൽ മദ്യ നിരോധനം പ്രചരിപ്പിക്കുന്നതായിരിക്കും ഉത്തമം. മാർപ്പാപ്പയേക്കാളും കേരളത്തിലെ പുരോഹിതർ മെച്ചമായ ക്രിസ്ത്യാനികളോ?

അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ മദ്യം നിരോധിച്ചിട്ടില്ല. അതുകൊണ്ടു ആ രാജ്യമൊന്നും സാംസ്‌കാരികമായി തകർന്നുപോയിട്ടില്ല. ഉത്തരവാദിത്വ ബോധത്തോടെ മദ്യം കഴിക്കണമെന്നുള്ള ബോധവൽക്കരണമാണ് കെ.സി.ബി.സി പോലുള്ള ബിഷപ്പുമാരുടെ സംഘടനകൾ തങ്ങളുടെ അല്മായർക്കായി നൽകേണ്ടത്.! വത്തിക്കാനിൽപ്പോലും മദ്യ നിരോധനം നടപ്പാക്കാത്ത സ്ഥിതിക്ക് ഹിന്ദുക്കളും ഇതര സമുദായങ്ങളും ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് പറയാൻ പുരോഹിതർക്ക് എന്തവകാശം? വത്തിക്കാനിൽ താമസിക്കുന്ന പുരോഹിതർക്ക് നികുതി കൊടുക്കാതെ കുറഞ്ഞ വിലക്ക് നിത്യവും മദ്യവും കഴിക്കാം. കേരളത്തിലെ നല്ലൊരു ശതമാനം വൈദികരും മദ്യത്തിനടിമപ്പെട്ടവരെന്നുള്ള കാര്യവും മദ്യവിരുദ്ധ പുരോഹിതർ മറക്കുന്നു.

സമൂഹത്തിൽ എന്തുതന്നെ ദുഷിച്ച വ്യവസ്ഥകളുണ്ടെങ്കിലും കത്തോലിക്ക സഭ ചെറു വിരൽ അനക്കാറില്ല, ഏറ്റവും കൂടുതൽ സ്ത്രീധനം മേടിക്കുന്ന സമുദായമാണ് ഈ സഭയിലുള്ള അംഗങ്ങൾ.  സ്ത്രീധനം കൊടുക്കാൻ നിവൃത്തിയില്ലാതെ വിവാഹിതരാകേണ്ട പെൺകുട്ടികളുടെ രക്ഷകർത്താക്കൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. 1966-ൽ സ്ത്രീധന നിരോധനം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. സ്വന്തം സമുദായത്തെ നന്നാക്കാൻ കഴിവില്ലാത്ത കത്തോലിക്ക സമുദായം നാട് നന്നാക്കാൻ ഒരുമ്പെട്ടിരിക്കുന്നതും തികച്ചും വിരോധാഭാസമാണ്. സാമൂഹിക ജീവിതത്തിന്റെ അടിത്തറ തന്നെ ഇവർ മാന്തിയെന്നുള്ളതാണ് സത്യം. ആദായകരമായ വിദ്യാഭ്യാസ കച്ചവടം സഭയെ ഇട്ടുമൂടിയ പണം കൊണ്ട് കൊഴുപ്പിക്കുകയും ചെയ്തു. ഇങ്ങനെ കോഴ മേടിച്ചുകൊണ്ട് രക്ഷകർത്താക്കളെ പിഴിഞ്ഞു ജീവിക്കുന്ന ഇവരാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയിരിക്കുന്നത്. മദ്യത്തിനടിമപ്പെട്ടാൽ ജനങ്ങളുടെ ആരോഗ്യം നശിക്കുംപോലും! പുരോഹിതരും ബിഷപ്പുമാരും മുതല കണ്ണുനീർ പൊഴിക്കുന്നതല്ലാതെ അല്മായരുടെ ക്ഷേമങ്ങളിൽ യാതൊരു വിധ  താൽപ്പര്യവും  കാണിക്കാറില്ല.

മദ്യ നിരോധനം കൊണ്ട് ഒരാളിന്റെ മദ്യാസക്തി ഇല്ലാതാക്കാനും സാധിക്കില്ല. ചാരായ വാറ്റും വിഷം കലർന്ന മദ്യങ്ങളുടെ ഉത്ഭാദനവും കുടിയിട വ്യവസായങ്ങളായി മാറും. മദ്യം കഴിക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. മദ്യം കഴിക്കണമെന്ന് സാധാരണഗതിയിൽ ഒരു മദ്യപാനിയെ ആരും നിർബന്ധിക്കാറില്ല. സൗകര്യമുള്ളവർ മദ്യം കഴിക്കട്ടെയെന്ന യുക്തമായ ഒരു തീരുമാനമാണ് സ്വീകരിക്കേണ്ടത്. എന്ത് കുടിക്കണം, എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരോ മതസ്ഥാപനങ്ങളോ ആയിരിക്കരുത്. ഒരാൾ കുടിക്കുന്നവനെന്നോ കുടിക്കാത്തവനെന്നോ സർക്കാർ എങ്ങനെ മനസിലാക്കും! മദ്യ നിരോധനം ഒരാളിന്റെ അവകാശത്തിലുള്ള കൈകടത്തലാണ്.

ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രം മദ്യം വിൽക്കാമെന്നുള്ള സ്ഥിതിവിശേഷം നീതികരിക്കാവുന്നതല്ല.  ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകാൻ കഴിവില്ലാത്തവർ സാധാരണ ഹോട്ടലുകളിൽ ചെന്നാൽ ഭക്ഷണം മാത്രം കഴിച്ച് മദ്യം ലഭിക്കാതെ പച്ചയായി മടങ്ങി പോവേണ്ടി വരും. ചെറു കുടിയൻമാർക്ക് മദ്യം ഇല്ലാതെ ജീവിക്കാനും സാധിക്കും. പക്ഷെ വൻകിട കുടിയന്മാരുടെ മാനസികാവസ്ഥ കഷ്ടമായിരിക്കും. സർക്കാർ നടത്തുന്ന മദ്യശാലകളുടെ മുമ്പിൽ നീണ്ട ലൈനിൽ നിന്ന് മദ്യം മേടിക്കേണ്ടി വരുന്നു. കുടിയന്മാർ കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കാനുള്ള മദ്യം ഒന്നിച്ച് മേടിക്കും. ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രം മദ്യം ഉപയോഗിച്ചിരുന്ന കുടിയന്മാരായവർ ദിവസവും കുടിക്കാനാരംഭിക്കും. കുടിച്ചിട്ട് കലഹം ഉണ്ടാക്കിയും സംസ്ക്കാരരഹിതങ്ങളായ ഭാഷകളുപയോഗിച്ചും പൊതുനിരത്തുകളിൽക്കൂടി സഞ്ചരിക്കുകയും ചെയ്യും. വീട്ടിൽ മദ്യം സ്റ്റോക്ക് ചെയ്യുമ്പോൾ കുടിയന്മാർക്കു നിയന്ത്രണമില്ലാതെ കുടിക്കാനും സാധിക്കുന്നു.

ഗുജറാത്ത് മദ്യ നിരോധനം നടപ്പാക്കിയ ഒരു സംസ്ഥാനമാണ്. എങ്കിലും മദ്യം ആ സംസ്ഥാനത്ത് സുലഭമാണെന്നുള്ളതാണ് വസ്തുത. അടുത്തുള്ള സംസ്ഥാനങ്ങൾ ഗുജറാത്തിലേക്ക് മദ്യം ഒഴുക്കി ലാഭം കൊയ്തുകൊണ്ടിരിക്കുന്നു. മദ്യനിരോധനം കൊണ്ട് അവിടെയാരും മദ്യവർജനം നടപ്പാക്കിയില്ലെന്നുള്ളതാണ് വാസ്തവം. കേരളത്തിലും സമ്പൂർണ്ണമായ മദ്യനിരോധനം നടപ്പാക്കിയാൽ നിയമപരമല്ലാത്ത മദ്യം ഈ സംസ്ഥാനത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കും. മദ്യം അന്യ സംസ്ഥാനത്തിൽ നിന്ന് വരുന്നവഴി കോഴ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ സമ്പത്തും ബ്ളാക്ക് പണവും വർദ്ധിക്കാനിടയാകും. മദ്യത്തിൽ അടിമപ്പെട്ടു കഴിഞ്ഞാൽ എന്ത് ചെലവിലും അവർ എവിടെനിന്നെങ്കിലും മദ്യം എത്തിച്ചു കൊണ്ടിരിക്കും. സാക്ഷരത ഏറ്റവും കൂടുതലുള്ള കേരളത്തെ മദ്യം മൂലം കള്ളക്കടത്തു നടത്തുന്ന കുപ്രസിദ്ധ കേന്ദ്രവുമാക്കും. കുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുന്നതിനിടയാകും.

മദ്യ നിരോധനം നടപ്പായാൽ സ്റ്റേറ്റിന് വരുമാനം കുറയും. ബ്ളാക്ക് മാർക്കറ്റിലൂടെയുള്ള വ്യവസായികൾ നിയമവിരുദ്ധമായി കൊള്ളലാഭം കൊയ്യാൻ തുടങ്ങും. അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മുതലെടുക്കും. മദ്യ വ്യവസായം മൂലം സർക്കാരിനു 8000 കോടി രൂപാ വരുമാനം ലഭിക്കുന്നുണ്ട്. അതില്ലാതാക്കിയാൽ സർക്കാരിന്റെ പ്രവർത്തനം തന്നെ സ്തംഭിപ്പിക്കാൻ ഇടയാക്കും. റമ്മും വിസ്ക്കിയും ബ്രാണ്ടിയും മദ്യ മാർക്കറ്റിന്റെ എൺപതു ശതമാനം ഉപഭോക്താക്കൾ കൈവശപ്പെടുത്തിയിരിക്കുന്നു. മദ്യ വിൽപ്പനയിൽ നിന്നും നഷ്ടപ്പെടുന്ന വരുമാനം സർക്കാരിനു എങ്ങനെ വീണ്ടെടുക്കാൻ സാധിക്കുമെന്നും വ്യക്തതയില്ല. സ്റ്റേറ്റിന്റെ 20 ശതമാനം വരുമാനം മദ്യത്തിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു.

മദ്യ വിവാദങ്ങൾക്കു പകരം മത സംഘടനകൾ ആദ്യം ചെയ്യേണ്ടത് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദരിദ്രർക്കും പഠിക്കാനുള്ള അവസരം കൊടുക്കുക, അവർ നടത്തുന്ന ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലെ ആദായ വീതത്തിൽ ഒരു വിഭാഗം ദരിദ്രരുടെ ക്ഷേമത്തിനായും പ്രയോജനപ്പെടുത്തുക, എന്നിവകളാണ്. സംസ്ഥാനത്തെ നേഴ്‌സുമാർക്ക് മാന്യമായ ശമ്പളം കൊടുത്താലും മാനുഷിക ധർമ്മത്തിന് ഒരു അർത്ഥമുണ്ടാകും. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വലിയ ശതമാനം മദ്യത്തിൽ നിന്നുമായ സ്ഥിതിക്ക് സർക്കാരിനും ക്ഷേമകരമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഈ വരുമാനം ഉപയോഗിക്കാനും കഴിയുന്നു.

മദ്യപാനത്തെ സംബന്ധിച്ച് സമഗ്രമായ ഒരു പഠനം ആവശ്യമാണ്. കുടിയന്മാരെപ്പറ്റി ഒരു ഗവേഷണം നടത്തുകയാണെങ്കിൽ അതനുസരിച്ച് സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻസാധിച്ചേക്കാം. കുടിയന്മാരുടെ സാമ്പത്തിക നില, വിദ്യാഭ്യാസം, കുടുംബത്തിലെ അസമാധാനം, മാനസിക വിഭ്രാന്തി എന്നിവകൾ കുടിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച ശേഷം അവർക്കു വേണ്ട ചീകിത്സ നൽകുകയാണെങ്കിൽ മദ്യനിരോധനത്തെക്കാളും ഗുണപ്രദമാകുമായിരുന്നു. മദ്യത്തിന് വില കൂട്ടിയാൽ അത് സാധാരണക്കാരെ മാത്രമേ ബാധിക്കുള്ളൂ. മദ്യത്തിന്റെ അമിതവില കുടിയന്മാരുടെ കുടുംബത്തെ സാമ്പത്തികമായി തകർക്കാനുമിടയുണ്ട്.

മതേതര രാജ്യമായ ഇന്ത്യയിൽ മതസംഘടനകളല്ല സർക്കാരിന്റെ നയങ്ങളെ നിയന്ത്രിക്കേണ്ടത്. മദ്യ നിരോധനം വേണമെന്നു മതസംഘടനകൾ ആവശ്യപ്പെട്ടാൽ അവരെ ചർച്ചക്കു പോലും ക്ഷണിക്കരുത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ സ്തംബിപ്പിക്കണമെന്ന ഉദ്ദേശ്യമാണ് മത പുരോഹിതർക്ക് കൂടുതലായുമുള്ളത്. പുരോഹിതർ ആദ്യം പോയി അവരുടെ പള്ളിയിലെ വീഞ്ഞിനു പകരം പൈനാപ്പിൾ ജ്യൂസോ ഓറഞ്ചു ജ്യൂസോ ഉപയോഗിക്കുന്ന വ്യവസ്ഥിതിയുണ്ടാക്കട്ടെ. മതവും സർക്കാരും രണ്ടു ധ്രുവങ്ങളായി പ്രവർത്തിക്കേണ്ട മണ്ഡലങ്ങളാണ്. അവിടെ സർക്കാരിനെ നിയന്ത്രിക്കേണ്ടത് ഇന്ത്യൻ നിയമമനുസരിച്ചാണ്. വിദേശ നിയമമായ കാനോനിക പുസ്തകത്തിന് നീതിനിർവഹണത്തിൽ ഒരു കടലാസിന്റെ വിലപോലുമില്ല.

മദ്യ നിരോധനം ഇല്ലാതാക്കി ബാറുകൾക്ക് ലൈസൻസ് കൊടുത്ത് മദ്യം പുനഃസ്ഥാപിച്ചാൽ  രാഷ്ട്രീയക്കാരെയും അഴിമതി ഉദ്യോഗസ്ഥരെയും അകറ്റി നിർത്തേണ്ടതായുമുണ്ട്. ബാർ ഹോട്ടൽ ലൈസൻസ് ലഭിക്കാൻ രാഷ്ട്രീയക്കാർക്കും നേതാക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും കോഴ കൊടുക്കുന്ന വ്യവസ്ഥിതിക്കും മാറ്റം വരണം. ലാഭമുണ്ടാക്കാൻ ബാർ ഉടമകൾ നിലവാരം കുറഞ്ഞ മദ്യം ബോട്ടിലിനകത്താക്കി വിൽക്കുന്ന പതിവുമുണ്ട്. അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കി തക്കതായ ശിക്ഷയും കൊടുക്കണം. ശരിയായ കംപ്യുട്ടർ ബില്ലിംഗ് സമ്പ്രാദായം നടപ്പായാൽ ബാർ ഉടമകൾക്ക്  നികുതി വെട്ടിക്കാനുള്ള അവസരങ്ങളും നഷ്ടപ്പെടും. ബാറുകളിൽ സർക്കാർ മേൽനോട്ടത്തിൽ കർശനമായ ഓഡിറ്റിങ്ങും ആവശ്യമാണ്.

Read more

നായിക വരദയെ വില്ലൻ സ്വന്തമാക്കിയ കഥയും പ്രണയവും

മലയാളത്തിലും തമിഴിലുമുള്ള സിനിമകളിലും സീരിയലുകളിലും അറിയപ്പെടുന്ന ഒരു നടിയാണ് വരദ.  2006-ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന സിനിമയിൽക്കൂടിയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. 2008-ൽ പുറത്തിറങ്ങിയ 'സുൽത്താൻ' എന്ന സിനിമയിൽ നായികയായിരുന്നു. സിനിമയിൽ അത്യുജ്ജലമായ അഭിനയം കാഴ്ച്ച വെച്ചെങ്കിലും വരദ പ്രസിദ്ധയായത് മിനി സ്‌ക്രീനിൽ സീരിയൽ നടിയായുള്ള അഭിനയത്തിൽക്കൂടിയാണ്. നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും മിനി സ്ക്രീനുകളിൽ ചുരുങ്ങിയ കാലഘട്ടത്തിൽ കരസ്ഥമാക്കുകയും ചെയ്തു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതിൽ പിന്നീടാണ് വരദയെന്ന പേര് സ്ഥിരമായത്. അതിനുമുമ്പ്  വീട്ടിലും സ്‌കൂളിലും 'എമി മോൾ' എന്നറിയപ്പെട്ടിരുന്നു.

1988 ഏപ്രിൽ 29ന് തൃശൂരുള്ള മോഹൻ എബ്രാഹം പടന്നമാക്കലിന്റെയും പുഷ്പ്പ മോഹന്റെയും മകളായി ജനിച്ചു. വരദയ്ക്ക് 'എറിക്ക് മോഹൻ' എന്ന സഹോദരനുമുണ്ട്. 2004-ൽ തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം 'ഇരവു' സ്ഥലത്തുള്ള ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ പൂർത്തിയാക്കി. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. 2014 മെയ് ഇരുപത്തിയഞ്ചാം തിയതി അമല എന്ന സീരിയലിൽ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനായ ജിഷിൻ മോഹനെ വിവാഹം കഴിച്ചു. 2017-മാർച്ചു ഇരുപത്തിമൂന്നാം തിയതി ഈ ദമ്പതികൾക്ക് 'ജിയാൻ' എന്ന ഒരു ആൺകുട്ടി കുട്ടി ജനിച്ചു.

ഒരു താരത്തിനൊത്ത അഴകാർന്ന മുഖതേജസോടെയുള്ള നടിയാണ് വരദ. 'സുൽത്താൻ' എന്ന സിനിമയിൽക്കൂടിയാണ് അഭിനയ രംഗത്ത് വന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ നിറയാൻ തുടങ്ങിയത് അമല എന്ന സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയ സമയം മുതലാണ്. സദാ ചിരിച്ചും കളിച്ചും ഉല്ലസിച്ചും നടക്കുന്ന ഈ യുവ നടിക്ക് ഒരു താരമാണെന്നുള്ള അഹന്ത ഒരിക്കലുമുണ്ടായിട്ടില്ല. 'മഴവിൽ മനോരമ'യിലെ ജനപ്രിയ നായികയായിരുന്നു അമലയായി അഭിനയിച്ച വരദ.   'അമല' എന്ന സീരിയലിൽ തിളങ്ങി നിൽക്കവേ അതിലെ വില്ലനുമായി വരദ  പ്രേമത്തിലായതും ഒടുവിൽ നായികയെ വില്ലൻ ജീവിതത്തിലും സ്വന്തമാക്കിയതും വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. സീരിയലിലെ ക്രൂരനായ വില്ലൻ പ്രശസ്ത നായികയും നിഷ്കളങ്കയുമായ ഒരു പെണ്ണിനെ സ്വന്തമാക്കിയപ്പോൾ എതിർപ്പുകൾ സ്വന്തം വീട്ടിൽ നിന്നും ആയിരക്കണക്കിന് ആരാധകരിൽ നിന്നും ഒരുപോലെയുണ്ടായി. പാവം നായികയെന്ന സഹതാപം ലക്ഷക്കണക്കിന് പ്രേഷകരിൽനിന്നും ലഭിച്ചിരുന്നു.

തമിഴിലും മലയാളത്തിലും കന്നഡയിലും വരദ നായികയായി അഭിനയിച്ചിട്ടുണ്ട്. 2006-ൽ മലയാളത്തിലെ 'വാസ്തവം' എന്ന സിനിമയിൽ ബാലചന്ദ്രന്റെ സഹോദരിയായും 'യേസ് യേസ് യുവർ ഹോണർ' എന്ന സിനിമയിൽ രവിശങ്കറുടെ മരുമകളായും അഭിനയിച്ചു. സുൽത്താനിൽ നിഷിധ, മകന്റെ അച്ഛനിൽ ആൻ, ഉത്തരാ സ്വയംവരത്തിൽ അമ്പിളി, വലിയങ്ങാടിയിൽ ഗൗരി, മുതലായ സിനിമകളിലും അഭിനയിച്ചിരുന്നു. 2012-ൽ തമിഴിലെ കാതലിക്കലമ, കന്നഡയിലെ അജന്ത എന്നീ സിനിമകളിലും വരദയുടെ അഭിനയം കാഴ്ച്ച വെച്ചിരുന്നു. സൂര്യ ടീവിയിലെ സ്നേഹക്കൂടിലെ സ്വപ്ന (2012), മഴവിൽ മനോരമയുടെ ഹൃദയം സാക്ഷി സീരിയലിൽ ഭാമയും ഗാഥയും ഇരട്ട റോളുകൾ(2013), മഴവിൽ മനോരമയുടെ അമല (2013-2015), സൂര്യ ടിവിയുടെ സ്പന്ദനം (2015), ഏഷ്യ നെറ്റിലെ പ്രണയം സീരിയലിൽ ഡോ. ലക്ഷ്മി ഷരൻ (2015-2017) അമൃത ടീവിയിലെ ജാഗ്രതയിൽ ശിവകാമി, (2017) ഒരു ടെലിഫിലിമായ സൂര്യ ടീവിയിലെ മാലാഖായുടെ മകൾ- (2017) മുതലായ സീരിയലുകളിൽ വരദ അഭിനയിച്ചിരുന്നു. നിരവധി പ്രോഗ്രാമുകളിൽ അവർ സെലിബ്രറ്റി അതിഥിയായി എത്തിയിട്ടുണ്ട്. ഫ്ളവേഴ്‌സ്, സൂര്യ, മഴവിൽ, ഏഷ്യാനെറ്റ്, കൈരളി, ടിവി പരിപാടികളിൽ പങ്കെടുക്കുന്നതും പതിവാണ്. സെലിബ്രിറ്റി ലീഗ്, പൊന്നോണ ഓണം, ഡോണ്ട് ഡു ഡോണ്ട് ഡു,കോമഡി സ്റ്റാർസ്, ഒന്നും ഒന്നും മൂന്ന്, അശ്വമേധം, സൂര്യോത്സവം, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ, വനിത, റൺ ബേബി റൺ എന്നീ പ്രോഗ്രാമുകളിൽ സെലിബ്രറ്റിയായി എത്തിയിരുന്നു. റീയാലിറ്റി ഷോകളിലും അവർ തനതായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കൈരളി ടെലിവിഷനിൽ 'പട്ടുറുമാലിൽ' അവതാരകയായി (Anchor) തിളങ്ങിയിരുന്നു. 'രാരീ രാരീരം രാരോ' എന്ന കൗമുദി ടിവിയിലും അവതാരികയായി തന്നെ പങ്കെടുത്തു. കൈരളി ടീവിയിൽ 'ആർപ്പോ എറോ' എന്ന പരിപാടിയിൽ മത്സരാർത്ഥിയായി സമ്മാനങ്ങൾ നേടി. സൂര്യാ ടീവിയിലെ സ്റ്റാർ വാറിലും ഫ്‌ളവേഴ്‌സ് ടീവിയിലെ 'താമര പത്രത്തിലും' സൂര്യ ടീവിയിലെ സൂപ്പർ ജോഡിയിലും പങ്കെടുത്തിരുന്നു. ഫ്‌ളവേഴ്‌സ് ടീവിയിൽ 'മലയാളി വീട്ടമ്മ' പരിപാടിയിൽ സഹനടിയുമായിരുന്നു.

അമലയായി (മഴവിൽ മനോരമ)അഭിനയിച്ചതിന് നിരവധി അവാർഡുകൾ വരദ നേടിക്കഴിഞ്ഞു.  സുരാസു മെമ്മോറിയൽ അവാർഡ്, കളർ ഫുൾ ഫിലിം ആൻഡ് ടീവി അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, മണപ്പുറം അവാർഡ്, സി.കെ.എം.എ അവാർഡ്, സ്മാർട്സ് കണ്ണൂർ അവാർഡ്,വിന്ധ്യൻ അവാർഡ് എന്നിങ്ങനെ അവാർഡുകളുടെ ഒരു നിരതന്നെയുണ്ട്. പ്രണയം സീരിയൽ അഭിനയത്തിനും  ഏഷ്യനെറ്റ് അവാർഡ് ലഭിച്ചിരുന്നു.

'അമല' എന്ന സീരിയലിൽ നായികയായി വരദ അഭിനയിച്ചപ്പോൾ അതിൽ വില്ലനായി അഭിനയിച്ചത് ജിഷിനായിരുന്നു. വരദ പറയുന്നു, "ആദ്യമായി താൻ ജിഷിനെ കണ്ടുമുട്ടിയപ്പോൾ ജിഷിനോട് അത്രമാത്രം മതിപ്പൊന്നും തോന്നിയിരുന്നില്ല. എന്നാൽ സംഗീതത്തിന്റെ താൽപ്പര്യം വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ സംഗീതവും പാട്ടും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു." അങ്ങനെ ഒരേ താളങ്ങളോടെയുള്ള സംഗീതം വരദയേയും ജിഷുവിനെയും നല്ല സുഹൃത്തുക്കളാക്കി. അതിനുശേഷം വാട്സ് അപ്പു വഴിയും മറ്റു സോഷ്യൽ മീഡിയാകളിൽക്കൂടിയും അവർ തമ്മിൽ സല്ലപിക്കുകയും അനുരാഗബദ്ധരായി സ്നേഹബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.

മഴവിൽ മനോരമയുടെ 'അമല' എന്നുള്ളത് ജിഷിന്റെ അഭിനയ ലോകത്തിലെ സുപ്രധാനമായ ഒരു സീരിയലായിരുന്നു. ഈ സീരിയലിലും അദ്ദേഹത്തിനുണ്ടായിരുന്നത് വില്ലൻ റോളായിരുന്നു. വരദയാണ് അതിലെ പ്രധാന നായിക. 'ഹരീഷ്' എന്ന കഥാപാത്രത്തിനാണ് ജിഷൻ ജീവൻ കൊടുത്തത്. അതിനുള്ളിൽ അമല എന്ന കഥാപാത്രത്തോട് ചെയ്യുന്ന ക്രൂരതമൂലം ഈ കഥാപാത്രം അതിവേഗം പ്രേഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെട്ടു. അമല  സീരിയൽ ഒരു വലിയ വിജയമായിരുന്നു. ഏഷ്യനെറ്റ് വിക്ഷേപണം ചെയ്ത 'അമ്മ' ജിഷന്റെ വിജയിച്ച മറ്റൊരു സീരിയലായിരുന്നു. ജിഷൻ, 'രാഹുൽ' എന്ന കഥാപാത്രത്തെ അവിടെ അവതരിപ്പിച്ചു. രാഹുൽ ബ്രിട്ടനിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വീട്ടിൽ വരുകയായിരുന്നു. ആരംഭത്തിൽ രാഹുൽ എന്ന കഥാപാത്രം വക്രതയും ക്രൂരതയും പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവത്തിന് മാറ്റം വരുന്നു. അയാൾ വില്ലനിൽനിന്നും നല്ലവനായി തീരുന്നു. ജിഷിന്റെ കഥാ പാത്രങ്ങളെല്ലാം ഒന്നുകിൽ പരിപൂർണ്ണമായും വില്ലനായിരിക്കും. അല്ലെങ്കിൽ നല്ലവനിൽ നിന്ന് വില്ലനാവുന്ന കഥാപാത്രമായിരിക്കും. ഇതിലെ കഥാപാത്രം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തന്റെ അഭിനയകല മുഴുവൻ ഈ നായകനിൽക്കൂടി പ്രകടമായിരുന്നു. 2014-ൽ ഏഷ്യ നെറ്റിന്റെ വില്ലനായുള്ള അഭിനയത്തിന് ജിഷനായിരുന്നു അവാർഡ് ലഭിച്ചത്.

മനോരമയിൽ അമല എന്ന വരദ സ്വന്തം ജീവിതത്തെപ്പറ്റി മനസുതുറക്കുന്ന ഒരു ലേഖനമുണ്ട്. അഭിമുഖ സഭാഷണത്തിൽ ചോദിക്കുന്ന വ്യക്തിപരമായ ചോദ്യങ്ങൾക്ക്  ഉത്തരവും പറയുന്നു.    തന്റെ പ്രേമവും ജീവിതത്തിലേക്ക് വന്ന അഭിനയ വില്ലന്റെ യഥാർത്ഥ മുഖവും വരച്ചു കാട്ടുന്നുമുണ്ട്. വരദ പറയുന്നു, "പ്രേമിച്ചു നടന്നിരുന്ന സമയത്ത് പരസ്പ്പരം കണ്ടു അടുത്തിടപഴുകി നടക്കാനുള്ള അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. യഥാർത്ഥ പ്രേമം തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. കമിതാക്കളുടെ ദിനമായ വാലന്റയിനിൽ മാത്രം ഒതുങ്ങുന്നതല്ല പ്രേമം. അത് നിത്യം പ്രേമമെന്ന ആ സത്ത ഞങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. എങ്കിലും 'വാലന്റൈൻ' ദിനങ്ങളിൽ ജിഷിൻ സമ്മാനങ്ങൾ നൽകാൻ മറക്കില്ല. ഞങ്ങൾ തമ്മിൽ ആദ്യകാലങ്ങളിൽ വെറും സൗഹാർദ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ. പാട്ടുകൾ ഞങ്ങളുടെ സ്നേഹിക്കുന്ന ഹൃദയങ്ങളെ അടുപ്പിച്ചു. ഞാൻ നായികയും ചേട്ടൻ വില്ലനുമായി അഭിനയിക്കുന്നതുകൊണ്ടു ലൊക്കേഷനിലും വളരെ അപൂർവമായി മാത്രമേ കണ്ടുമുട്ടുമായിരുന്നുള്ളൂ. പ്രേമം എന്ന സങ്കല്പം ഒരു സൗഹാർദ്ദത്തെക്കാൾ ഉപരിയായി എന്റെ മനസിലുണ്ടായിരുന്നില്ല. ഒരിക്കൽ ചേട്ടൻ എന്നോട് ഇഷ്ടമെന്ന് പറഞ്ഞു. എനിക്കതൊരു തമാശയായി തോന്നി. 'എന്താ അസുഖം ബാധിച്ചോ' എന്ന് ഞാൻ ഒന്നും കാര്യമാക്കാതെ മറുപടി കൊടുത്തു. ഒരു ദിവസം ഞാൻ വീട്ടിൽ ഇല്ലാതിരുന്ന സമയം ചേട്ടൻ എന്റെ മാതാപിതാക്കളെ കണ്ട് എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വാസ്തവത്തിൽ അത്തരം ഒരു നീക്കം എന്നെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. വിവാഹാലോചന വന്നപ്പോൾ എന്റെ മാതാപിതാക്കളിൽനിന്നും ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. അവർ നിത്യം അമല സീരിയൽ കാണുന്നുണ്ടായിരുന്നു. സ്വന്തം മകളെ വില്ലൻ ഉപദ്രവിക്കുന്ന രംഗങ്ങൾ കാണുന്നതുകൊണ്ടു അവർ വില്ലനായ ഈ നടനെ വെറുത്തിരുന്നു. സീരിയലിലെപ്പോലെയാണ് ജീവിതമെന്നും അവർ തെറ്റി ധരിച്ചു. പിന്നീട് ചേട്ടനെ മനസിലാക്കി വന്നപ്പോൾ അവരുടെ എതിർപ്പുകളുടെ ശക്തി കുറയുകയും ചെയ്തു. ചേട്ടന്റെ വ്യക്തിത്വം മനസിലാക്കുകയും ചെയ്തു. ഞങ്ങളുടെ പ്രേമം വാസ്തവത്തിൽ ആരംഭിച്ചത് വിവാഹ ശേഷമാണ്. സ്വാതന്ത്ര്യത്തോടെ അതിനു ശേഷം പുറത്തു കറങ്ങാനും ആഘോഷങ്ങളിൽ പങ്കു ചേരുവാനും സുഹൃത്തുക്കളുമായി കമ്പനി കൂടുവാനും സാധിച്ചു. രണ്ടു പേരും പല സ്ഥലങ്ങളിലായി ഷൂട്ടിങ്ങിൽ തിരക്കിലായതിനാൽ വളരെ കുറച്ചു സമയം മാത്രമേ ഒന്നിച്ച് പരസ്പ്പരം കൂടുവാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഞങ്ങളുടെ സ്നേഹത്തെ അത് കൂടുതൽ ദൃഢതരമാക്കുകയാണുണ്ടായത്. ഞങ്ങൾ തമ്മിലുള്ള പ്രേമം  തീവ്രമാവുകയും ചെയ്തു."

ഒരു ജേർണലിസ്റ്റുമായുള്ള മറ്റൊരു അഭിമുഖ സംഭാഷണത്തിലും വരദ പറഞ്ഞു, "ഷൂട്ടിങ്ങു സ്ഥലത്ത് അവരുടെ സൗഹാർദത്തെ തെറ്റായ രീതിയിൽ ചുറ്റുമുണ്ടായിരുന്നവർ വ്യാഖ്യാനിക്കാനും തുടങ്ങി. കിംവദന്തികളും വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നു. അതിനാൽ കുറെ നാൾ പരസ്പ്പരം സംസാരിക്കാതെയുമിരുന്നു." അവസാനം ഇരുവരും സ്നേഹബന്ധങ്ങൾ മനസിലാക്കി അവർ സ്നേഹത്തിലെന്ന വിവരം. മാതാപിതാക്കളെ അറിയിക്കുകയും അവരുടെ അനുവാദത്തോടെയും അനുഗ്രഹാശംസകളോടെയും 2014 മെയ് ഇരുപത്തിയഞ്ചാം തിയതി വിവാഹിതരാവുകയും ചെയ്തു.

വില്ലനായ അഭിനേതാവ് ജിഷിൻ മോഹൻ  കണ്ണൂർ ജില്ലക്കാരനാണ്. കണ്ണൂരുള്ള നെടുംഗോമേ സർക്കാർ ഹൈസ്‌കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. അതിനുശേഷം കോഴിക്കോട് യുണിവേഴ്സിറ്റിയിൽ നിന്ന് ബികോം ബിരുദമെടുത്തു. ഐ.സി.ഐ.സി.ഐ ബാങ്കിൽ ബാംഗളൂരിൽ ആദ്യം പ്രോസസ്സ് അസ്സോസിയേറ്റ് ആയി ജോലി ചെയ്തു. ബാംഗളൂർ അടിസ്ഥാനമായുള്ള ക്രിസ്റ്റൽ ഗ്രുപ്പിൽ കളക്ഷൻ മാനേജരായും ജോലി ചെയ്തിരുന്നു. പിന്നീട് അടുത്ത തൊഴിൽ ദാതാവ് ബാങ്കളൂരുള്ള ഡെമഗ് ക്രയിൻസ് ആൻഡ് കമ്പോണന്റ്സ് കമ്പനിയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായും ജോലി ചെയ്തിട്ടുണ്ട്. ജിഷിന്, ജിതീഷ് എന്ന സഹോദരനുമുണ്ട്. അഭിനയം കൂടാതെ ജിഷിൻ മോഹൻ നിരവധി ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 'ഡോണ്ട് ഡു ഡോണ്ട് ഡു' എന്ന ഏഷ്യ നെറ്റ് റിയാലിറ്റി ഷോ, 'ഇവിടെ ഇങ്ങനാണ് ഭായി,' (മനോരമ മഴവിൽ) 'സ്മാർട്ട് ഷോ' (ഫ്ലവർസ് റ്റിവി) 'ആർപ്പൂ ഈരൂ' (കൈരളി ടീവി) 'ഒന്നും ഒന്നും മൂന്ന്' (മഴവിൽ മനോരമ) എന്നീ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

 സീരിയലിൽ വില്ലനെങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സൗമ്യനും വിശാലഹൃദയനും കുടുംബസ്നേഹിയുമാണ്. ഏഷ്യാനെറ്റിലെ 'ഓട്ടോഗ്രാഫ്' സീരിയലിൽ ആണ് ജിഷിന്റെ അഭിനയത്തിന്റെ തുടക്കം. ഈ സീരിയലിൽ 'ജെസ്വിൻ രാം' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് വളരെ ഹിറ്റായ സീരിയൽ ആയിരുന്നു. അതിലെ 'രാം' എന്ന ഉജ്വല കഥാപാത്രം പ്രസിദ്ധമാവുകയും ചെയ്തു. രാം അതിനുള്ളിലെ വില്ലനായിരുന്നു. വിസ്‌മയകരമായി വില്ലൻ കഥാപാത്രം ജിഷിൻ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ആദ്യത്തെ സീരിയലിൽ തന്നെ ജിഷിൻ പ്രസിദ്ധനായി തീർന്നിരുന്നു.

ഒരിക്കൽ അഭിനയിക്കാനുള്ള അവസരത്തിനായി ജിഷിൻ ഓരോ ഷൂട്ടിംഗ് സ്ഥലങ്ങളിലും അലഞ്ഞു നടക്കുമായിരുന്നു. ഇന്ന് അദ്ദേഹം പ്രസിദ്ധനായി തീർന്നതുകൊണ്ടു വാഗ്ദാനങ്ങൾ അദ്ദേഹത്തെ തേടി വരുന്നു. ഈ നടന്റെ കഴിവിനെ സിനിമാ നിർമ്മാതാക്കളും ഡയറക്ടർമാരും അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ടു ഇന്ന് അഭിനയിക്കാനുള്ള അവസരങ്ങൾക്കായി തേടി നടക്കേണ്ട ആവശ്യമില്ല. സ്വന്തം കഠിനാധ്വാനമാണ് അദ്ദേഹത്തെ അഭിനയലോകത്ത് ഉയർത്തിയത്. ഫിലിം വ്യവസായത്തിൽ നിന്നും  ധാരാളം വാഗ്ദാനങ്ങൾ വരാറുണ്ട്. നല്ല സിനിമകളിൽ അഭിനയിച്ചു പ്രസിദ്ധനാവുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയാറുണ്ട്. ഇപ്പോൾ കിട്ടുന്ന അവസരങ്ങളെപ്പറ്റി വിശദമായി ഒന്നും പുറത്തു വിടുന്നില്ല. അത് സിനിമാ പ്രേമികളിൽ സന്ദേഹവുമുണ്ടാക്കുന്നു.

ജിഷിൻ യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലെ അംഗവും വരദ പാരമ്പര്യമുള്ള ക്രിസ്ത്യൻ കുടുംബത്തിൽനിന്നു ജനിച്ചു വളർന്നവളുമായിരുന്നു. മതത്തിനും ജാതിക്കുമതീതമാണ് യഥാർത്ഥ  സ്നേഹമെന്ന സത്യം അവർ സ്വജീവിതത്തിൽക്കൂടി തെളിയിക്കുകയും ചെയ്തു. മഴവിൽ മനോരമയുടെ 'അമല' സീരിയൽ വാസ്തവത്തിൽ അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. ജെഷിനും വരദയുമായുള്ള വിവാഹവും ലളിതമായ ഒരു ചടങ്ങായിരുന്നു. അടുത്തുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. നവ ദമ്പതികൾക്ക് സൽക്കാരവും സ്വീകരണവും നൽകിയത് ചെമ്പഴന്തിയിൽ തിരുവനന്തപുരം കാൻസർ സെന്ററിനോടനുബന്ധിച്ചുള്ള ഒരു ഹാളിലായിരുന്നു. സ്വീകരണപന്തലിൽ രോഗികളായ കുട്ടികളുമൊത്ത് അവർ ആഘോഷങ്ങളിൽ  പങ്കുകൊണ്ടു. തിരുവനന്തപുരത്ത്, വരദയും ജിഷിനും താമസിക്കുന്ന പുതിയതായി പണിത വീടിന് അമലയെന്നു പേരിട്ടിരുന്നു. അമല എന്ന സീരിയലിൽക്കൂടി കണ്ടുമുട്ടി ജീവിതം കരുപിടിപ്പിച്ചതുകൊണ്ടാണ് അവർ വീടിനു അമല എന്ന് വീട്ടുപേര് നൽകിയത്.

ജിഷിൻ വില്ലനായി പ്രേഷകരുടെ മനസ്സിൽ പതിഞ്ഞെങ്കിലും സ്വന്തം ജീവിതത്തിൽ അദ്ദേഹം നല്ലയൊരു കുടുംബ പ്രേമിയാണ്. ഭാര്യയും കുഞ്ഞുമെന്നു വെച്ചാൽ ജീവനാണ്. യഥാർത്ഥ ജീവിതത്തിൽ യാതൊരു വില്ലത്തരവുമില്ലാതെ കുടുംബസ്ഥനായി കഴിയുന്നു. വിവാഹ ശേഷവും വരദ അഭിനയം തുടർന്നിരുന്നു. പൂർണ്ണ ഗർഭിണിയായിരിക്കുമ്പോഴും ഏഷ്യാനെറ്റിലെ പ്രണയമെന്ന സീരിയലിൽ  അഭിനയിക്കുന്നുണ്ടായിരുന്നു. പ്രസവ സമയം അടുക്കാറായ സമയത്താണ് വരദ സീരിയലുകളിലെ അഭിനയത്തിൽ നിന്നും താൽക്കാലികമായി മാറി നിന്നത്.

വില്ലനായി അഭിനയിച്ചതുകൊണ്ട് സമൂഹവും അദ്ദേഹത്തെ ഒരു ഭീകരരൂപമായി കണ്ടിരുന്നു. സ്ത്രീകൾ ജിഷനെ കാണുമ്പോൾ കുപിതരായി അകന്നുപോവുകയും പതിവായിരുന്നു. ജീവിതത്തിലും ജിഷന്റെ  സ്വഭാവം അങ്ങനെയെന്ന് പലരും തെറ്റിദ്ധരിച്ചു. ഷോപ്പിംഗ് മാളിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ആ പ്രശ്നമുണ്ടായിരുന്നു. അത്തരം പ്രതികരണങ്ങൾ ജിഷന് സന്തോഷകരമായിരുന്നു. അദ്ദേഹത്തിൻറെ 'രാം' എന്ന കഥാപാത്രം കാഴ്ചക്കാരിൽ സ്വാധീനമുളവാക്കിയതിൽ സംതൃപ്തനുമായിരുന്നു.

ഭക്ഷണ രീതികളിൽ വരദയും ജിഷനും വ്യത്യസ്തരാണ്. വരദ ഇറച്ചി, മീൻ മുതലായവ കഴിക്കുമ്പോൾ ജിഷൻ എന്നും സസ്യാഹാരം മാത്രമേ കഴിക്കുള്ളൂ. മുട്ട പോലും കഴിക്കില്ല. അത്രയ്ക്ക് യാഥാസ്ഥിതികമായി കഴിഞ്ഞു പോവുന്ന കുടുംബമാണിത്. സീരിയലിൽ ഇറച്ചിയും മീനും കഴിക്കുന്ന കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെങ്കിലും ജീവിതത്തിൽ എന്നും സസ്യാഹാരം മാത്രം കഴിച്ചാണ് ജീവിച്ചു പഠിച്ചത്.

വിവാഹ സമയത്തുണ്ടായ ചില പ്രതികരണങ്ങളും സോഷ്യൽ മീഡിയാകളിലെ അമർഷങ്ങളും പ്രതികൂലവും അനുകൂലവുമായ കമന്റുകളും വരദ വിശകലനം ചെയ്യുന്നുണ്ട്. "ഞാൻ വിവാഹ സമയം മറ്റുളളവരോട് വിവാഹം കഴിക്കുന്നത് സീരിയലിലെ വില്ലനെയെന്ന് പറയുമ്പോൾ പലരും പ്രതികരിക്കുന്നത് ഭയത്തോടെയായിരുന്നു. എന്റെ കൊച്ചെ, നിന്റെ ജീവിതം തന്നെ പാഴായി പോയിയെന്ന് കേൾക്കുന്നവർ പറയുമായിരുന്നു. ഫേസ് ബുക്കിൽ കമന്റുകളുടെ ഘോഷയാത്രയായിരുന്നു. 'ഇവനാണോ നിന്നെ കെട്ടുന്നത്. അമല പിന്തിരിയൂ' എന്ന് കമന്റുകൾ വരുന്നുണ്ടായിരുന്നു. ജിഷനും  ഞാനും ഒരിക്കൽ ബസ് യാത്ര നടത്തുകയായിരുന്നു. ഒരു മദ്ധ്യവയസ്ക്കയായ സ്ത്രീ ജിഷന്റെ തോളത്ത് അടിച്ചു കൊണ്ട് പറഞ്ഞു, 'എടാ നീ പെണ്ണിനെ വെറുതെ വിടൂ. നീ ആ പെണ്ണിന്റെ ജീവൻ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്.' ഇങ്ങനെയുള്ള അനേകം അനുഭവങ്ങളിൽക്കൂടിയാണ് ഞങ്ങൾ കടന്നു പോവുന്നത്."

ഒരു നായകൻ സാധാരണ നായികയെ വിവാഹം കഴിക്കുന്നതായുളള വാർത്തകൾ സാധാരണമാണ്. എന്നാൽ ഒരു നായിക അതേ സീരിയലിലുള്ള ഒരു വില്ലനെ കല്യാണം കഴിക്കുന്ന ചരിത്രം  അപൂർവവുമാണ്. വരദ പറയുന്നു, "താൻ ജിഷിനെ സ്നേഹിച്ചത് അഭിനയത്തിന്റെ മികവിലല്ല. ക്രൂരനും വില്ലനുമായ ഒരു അഭിനേതാവിനെ സാധാരണ ഒരു പെൺകുട്ടി ഇഷ്ടപ്പെടുകയില്ല. 'അമല' എന്ന സീരിയലിൽ അഭിനയിക്കാൻ വന്നപ്പോൾ ആദ്യം ചേട്ടന്റെ 'അടി തൊട്ടു മുടി വരെയുള്ള ഒരു നോട്ടവും' ഓർമ്മിക്കുന്നു. അഭിനയം കണ്ടാൽ ഒരു പെൺകുട്ടിയും ഇദ്ദേഹത്തെ വിവാഹം കഴിക്കുകയില്ലെന്നുള്ളതും ഉറപ്പാണ്. പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ ഒരേ താല്പര്യക്കാരായിരുന്നു.  ഞാനും ചേട്ടനും തമ്മിൽ ഒന്നിച്ചുള്ള ഈണംവെച്ചുള്ള പാട്ടുകളും ഞങ്ങളെ അടുപ്പിച്ചിരുന്നു. ലൊക്കേഷനിൽ വെച്ച് മൊബൈലിൽ പാട്ടുകൾ വെക്കുമായിരുന്നു. പിന്നീട് വാട്സപ്പ് മെസ്സേജിൽക്കൂടി സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. കല്യാണം കഴിപ്പിച്ചത് ഫിലിം കമ്പനിയാണെങ്കിലും വാസ്തവത്തിൽ പാട്ടിന്റെ ലോകമാണ് ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത്. ഒരു ഘട്ടത്തിൽ പരസ്പ്പരം സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. കിംവദന്തികൾ ശക്തമായി വന്നു."

സ്വന്തം വ്യക്തിത്വത്തെപ്പറ്റിയും കുടുംബജീവിതത്തെപ്പറ്റിയും വരദ പറഞ്ഞു, "ഞാൻ അമലേയെപ്പോലെ കണ്ണീരിൽ കുതിർന്നു ജീവിക്കുന്നവളോ പാവമോ അല്ല. ഞാൻ ഒരു സംസാരപ്രിയയാണ്. സ്വതന്ത്രമായ ലോകത്തിൽ പാട്ടും കൂത്തുമായി കൊഞ്ചിയും ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന ഒരുവളാണ് ഞാൻ.  വില്ലത്തികളായ അമ്മായിയമ്മമാരുമായി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ എനിക്കുള്ള അമ്മായിയമ്മ വെറും പാവമാണ്. ആദ്യമായി ചേട്ടനെ  കണ്ടുമുട്ടിയപ്പോൾ കണ്ണൂരെന്ന സ്ഥലം കേട്ടപ്പോഴേ ഭയപ്പെട്ടിരുന്നു. കണ്ണൂരെന്ന സ്ഥലം ബോംബേറ് എന്നൊക്കെയാണല്ലോ ദിനം പ്രതി നാം വാർത്തകളിൽ വായിക്കുന്നത്. ഇവരുടെ വീട്ടിൽ വന്നു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഇത്രയും പാവം പിടിച്ച ഒരു അമ്മയും അച്ഛനും. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. ഞാൻ ഇട്ടിരിക്കുന്ന ഇന്നത്തെ ഡ്രസ്സ് പോലും എന്റെ അമ്മയ്ക്ക് തുല്യമായ അമ്മായിയമ്മ മേടിച്ചു തന്നതാണ്. എന്റെ 'അമ്മ എങ്ങനെയാണോ അതുപോലെയാണ് എന്റെ അമ്മായിയമ്മയും. ഭക്ഷണം പാകം ചെയ്യാനൊന്നും എനിക്കറിയില്ല. ചെറുതായി ഞാൻ സഹായിക്കുമെന്നല്ലാതെ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് അമ്മായിയമ്മയാണ്."

വിവാഹ ശേഷം നായികയായി അഭിനയിച്ച അനുഭവങ്ങളും അമല വിവരിക്കുന്നുണ്ട്. "പുതു മണവാളനും പുതു മണവാട്ടിയുമായിരുന്നപ്പോൾ തമാശകളും പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങും. ലൊക്കേഷനിൽ എത്തുമ്പോൾ ഞങ്ങളുടെ ഭാവങ്ങൾ മാറും. പരസ്പ്പരം ചീത്ത വിളികളായി, മല്പിടുത്തങ്ങളായി ഷൂട്ടിങ് തുടർന്നിരുന്നു. വിവാഹം വരെ എന്റെ കാഥാപാത്രം ഒരു പാവം പെൺക്കുട്ടിയായിട്ടായിരുന്നു. വിവാഹശേഷം കഥാപാത്രത്തിന്റെ സ്വഭാവം കൂടുതൽ പരുക്കനായി മാറി. തിരിച്ചു തറുതല പറയാനും എടാ പോടാ വിളികളും തുടങ്ങി. വില്ലൻ മരിച്ച അഭിനയഭാഗം വന്നപ്പോൾ വില്ലന് റീത്ത് വെച്ച ഒരു രംഗം ഉണ്ടായിരുന്നു. സ്വന്തം ഭർത്താവിന്റെ ശരീരമാണെന്ന മാനസിക വികാരമൊന്നും അന്ന് മനസ്സിൽ പ്രകടമായില്ല. അതും ഒരു കഥയുടെ ഭാഗമായി തികച്ചും ലാഘവത്തോടെ വിജയകരമായി അഭിനയിച്ചു."

ഭാവിയെപ്പറ്റിയും വരദയ്ക്ക് ചില വീക്ഷണങ്ങളും അഭിലാഷങ്ങളുമുണ്ട്. സിനിമയിൽ എത്താവുന്നടത്തോളം പിടിച്ചുകയറണമെന്നും ആഗ്രഹിക്കുന്നു. സിനിമയിൽ നല്ല റോളുകളുടെ അവസരങ്ങൾ കിട്ടിയാൽ ഇനിയും ചെയ്യുമെന്നും അവർ പറയുന്നു. 'ഇടയ്ക്ക് ചെറിയ റോളുകൾക്കായി വിളിച്ചിരുന്നെങ്കിലും സമയക്കുറവുകൊണ്ടു പോകാൻ സാധിച്ചില്ലന്നും നായികാ സ്ഥാനം മോഹിക്കുന്നില്ലെങ്കിലും ചെയ്യുന്ന അഭിനയത്തിന് അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചെങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ളൂവെന്നും' വരദ പറഞ്ഞു.
(Ref: Manorama, Hindu, Times of India)

Read more

സോണിയ ഗാന്ധിയും ജീവിത രേഖയും രാഷ്ട്രീയവും

സോണിയ ഗാന്ധി, 1946 ഡിസംബർ ഒമ്പതാം തിയതി ഇറ്റലിയിൽ ലൂയിസിയാനയിൽ കോണ്ട്രാട  എന്ന ഗ്രാമത്തിൽ ജനിച്ചു. അത് ഇറ്റലിയിലെ വിസെൻസ, വെനെറ്റോയിൽ നിന്നും മുപ്പതു മൈൽ ദൂരത്തായുള്ള പ്രദേശമാണ്. തലമുറകളായി അവരുടെ കുടുംബം ജീവിച്ചിരുന്നതും ആ ഗ്രാമ പ്രദേശത്തായിരുന്നു. മാതാപിതാക്കളായ  സ്‌റ്റെഫാനോ മൈനോയുടെയും പൗലോയുടെയും മൂന്നു പെണ്മക്കളിൽ ഒരാളായിരുന്നു അവർ. പിതാവ് കെട്ടിട നിർമ്മാണ വ്യവസായത്തിൽ ഉപജീവനം നടത്തിയിരുന്നു. വിവാഹിതയാകുന്നതിനു മുമ്പ് അവരെ എഡ്‌വിജ് അന്റോണിയ ആൽബിന മൈനോ എന്നറിയപ്പെട്ടിരുന്നു. ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചു വളർന്നത്.

പ്രാഥമിക വിദ്യാഭ്യാസം കത്തോലിക്ക സ്‌കൂളിലായിരുന്നു. ട്യൂറിനു സമീപമുള്ള ഓർബസ്സാണോ (Orbassano) എന്ന സ്ഥലത്ത് കൗമാരം കഴിച്ചു കൂട്ടി. 1964-ൽ കെയിംബ്രിഡ്ജിലെ ഒരു ഭാഷാ സ്ഥാപനത്തിൽ ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. പഠനത്തോടൊപ്പം സ്‌കൂളിലെ ട്യൂഷൻ ഫീ കൊടുക്കാനായി ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ വെയിറ്ററസായി (Waitress) ജോലി ചെയ്തു. അവിടെ വെച്ചാണ് നെഹ്‌റു കുടുംബത്തിലെ ഇളം തലമുറക്കാരനായ രജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്. കെയിംബ്രിഡ്ജ് യുണിവേസിറ്റിയിൽ രജീവ് ഗാന്ധി അന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിനു പഠിക്കുകയായിരുന്നു. സോണിയയും രജീവും തമ്മിൽ സ്നേഹത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയുടെ ദത്തുപുത്രീയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരത്ത് നീണ്ടകാലം അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു.

രജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുള്ള പ്രേമം പൊട്ടിമുളച്ച് അവസാനിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കായിരുന്നു. നിർണ്ണായകമായ കാലഘട്ടത്തിൽ അവർ കോൺഗ്രസിനെ ധീരമായി നയിച്ചു. ഇന്ന് ലോകം അവരെപ്പറ്റി രാഷ്ട്രീയ ജീവിതം മാത്രമല്ല വ്യക്തിപരമായ ജീവിതവും അറിയപ്പെടാത്ത സത്യങ്ങളും വെളിവാക്കികൊണ്ടിരിക്കുന്നു. ഒരു ചെറിയ ഇറ്റാലിയൻ ഗ്രാമത്തിൽനിന്നും ന്യൂ ഡൽഹിയിൽ 10 ജനപത് വരെയുള്ള യാത്രയാണ് അവർക്കു  മുമ്പിലുള്ളത്.

രജീവ് ഗാന്ധി യാദൃച്ഛികമായി കെയിംബ്രിഡ്‌ജിലുള്ള ഗ്രീക്ക് റെസ്റ്റോറന്റിൽ ഒരു ഇറ്റാലിയൻ പെൺകുട്ടിയെ കണ്ടയുടൻ അവളിൽ ആകൃഷ്ടനായി. ആ പെൺകുട്ടി മറ്റാരുമായിരുന്നില്ല, ഭാവിയിൽ' ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ തങ്കത്തിലകം കുറിക്കാൻ വിധിച്ച വിശ്വപ്രസിദ്ധയായ സോണിയാ ഗാന്ധി തന്നെയായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖഭാവമുള്ള രജീവ് ഗാന്ധി, ഗ്രീക്ക് ഹോട്ടൽ ഉടമയായ ചാൾസ് അന്റോണിയോട് ആ പെൺകുട്ടിയെ തനിക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞു. രണ്ടു രാജ്യങ്ങളിൽ ജനിച്ചു വളർന്ന വ്യത്യസ്ത സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലമുള്ള രജീവും സോണിയയും ജീവിതം ഒന്നായി പങ്കുവെച്ചത് ഈശ്വര സങ്കല്പമോ, വിധിയുടെ തിരുവെഴുത്തോ എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. സോണിയയുടെയും രജീവിന്റെയും പ്രേമ കഥ അധികമൊന്നും ജനസംസാരമായിരുന്നില്ല. അവരുടെ ഹൃദയങ്ങൾ തമ്മിൽ ഐക്യപ്പെട്ട കൊച്ചു പ്രേമത്തിന്റെ നാൾവഴികൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഗതി തിരിക്കുന്നതിന് കാരണമായി. രജീവിന്റെയും സോണിയയുടെയും പ്രേമത്തിന്റെ കഥ വൈകാരികത സൃഷ്ടിക്കുന്നതാണ്. ഒരു എഴുത്തുകാരന്റെ പേന വിശ്രമമില്ലാതെ ചലിപ്പിക്കുംവിധം ആവേശവും നൽകും.

സോണിയയും രജീവും  തമ്മിൽ പരസ്പ്പരം കണ്ടുമുട്ടിയ ദിവസം സോണിയ എന്ന സുന്ദരി രജീവിന്റെ മനസ്സിൽ ഒരു സ്വപ്ന മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. ഉടൻ തന്നെ അവൾക്കുവേണ്ടി ഒരു കടലാസ്സിൽ രജീവ് ഒരു കവിത എഴുതി. ഒരു കുപ്പി വൈനും ഒപ്പം പ്രേമ ലഹരിയിൽ രജീവ് എഴുതിയ കവിതയും ചാൾസ് വഴി സോണിയാക്ക് കൊടുത്തു. പ്രേമത്തിന്റെ മാദകലഹരിയിൽ അടിമപ്പെട്ടിരുന്ന അനുഭവകാലങ്ങളെപ്പറ്റി രജീവ് പറയുമായിരുന്നു, "ഞാൻ ആദ്യമായി സോണിയയേ കണ്ടുമുട്ടിയപ്പോൾ അവൾ എനിക്കുവേണ്ടിയുള്ളവളെന്ന് എന്റെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു. കളങ്കമില്ലാത്ത അവളുടെ മനസിനെ എന്റെ ഹൃദയം കീഴ്‌പ്പെടുത്തി. എന്തും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു,  വായാടിയായ അവൾ ഒന്നും മനസ്സിൽ ഒളിച്ചു വെക്കില്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവൾ എന്നെ പരിപൂർണ്ണമായും മനസിലാക്കിയിരുന്നു. അവളുടെയും എന്റെയും പാവനമായ  സ്നേഹത്തിനുമുമ്പിൽ ഞാൻ സ്വയം ഒരു സ്വപ്ന തീർത്ഥാടകനായി മാറിക്കഴിഞ്ഞിരുന്നു."

സായം കാലങ്ങളിൽ ഇരുവരും പട്ടണം ചുറ്റി കറങ്ങാൻ പോവുമായിരുന്നു. സത്യജിത്ത് റേയുടെ 'പഥേർ പാഞ്ചാലി'യാണ് അവർ ഒന്നിച്ചു കണ്ട ആദ്യത്തെ സിനിമ. ഒരു സാധാരണക്കാരനെപ്പോലെയാണ്, രജീവ് കെയിംബ്രിഡ്ജിൽ കഴിഞ്ഞതെങ്കിലും മഹത്തായ ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെയും നെഹ്‌റു കുടുംബത്തിന്റെയും പിന്തുടർച്ചക്കാരനായിരുന്ന വസ്തുത കെയിംബ്രിഡ്ജിൽ അധികം പേർക്ക് അറിയില്ലായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പുത്രനായിരുന്ന വിവരവും അടുത്തുള്ളവർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സോണിയയോടുള്ള അത്യാഗാതമായ സ്നേഹം പ്രകടമാക്കിക്കൊണ്ടും തന്റെ ഭാവി വധുവാണെന്നു അറിയിച്ചുകൊണ്ടും രജീവ് അമ്മയ്ക്ക് ഒരു കത്തെഴുതിയിരുന്നു. ഇന്ദിരക്ക് കത്ത് ലഭിക്കുകയും ഇക്കാര്യം അവരുടെ അമ്മായിയായ വിജയ ലക്ഷ്മി പണ്ഡിറ്റുമായി ആലോചിക്കുകയും ചെയ്തു. അതിനുശേഷം ഭാവി മരുമകളെ കാണാനും തീരുമാനിച്ചു.

നെഹൃവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഒരു പൊതു പ്രദർശനത്തിനു (exhibition) സംബന്ധിക്കാൻ 1965-ൽ ഇന്ദിരാ ഗാന്ധി ഇംഗ്ളണ്ടിലെത്തി. അവിടെ വെച്ച് സോണിയയെ രജീവ് പരിചയപ്പെടുത്തി. അപ്പോഴേക്കും യുവ കമിതാക്കളായ രജീവും സോണിയയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. തുറന്ന ചിന്താഗതിയുണ്ടായിരുന്ന ഇന്ദിരാഗാന്ധി അവരുടെ ബന്ധത്തിന് തടസം നിന്നില്ല. താൻ എന്തെങ്കിലും അഭിപ്രായം പറയുന്നതിനുമുമ്പ് മറ്റു ബന്ധുജനങ്ങളോടും ആലോചിക്കാനായി സോണിയ ഇന്ത്യ സന്ദർശിക്കണമെന്നും  ആവശ്യപ്പെട്ടു.

ഇന്ദിരാഗാന്ധി സമ്മതിച്ചെങ്കിലും സോണിയയുടെ പിതാവ് മിസ്റ്റർ സ്‌റ്റെഫാനോ മൈനോയ്ക്ക് ഇവരുടെ വിവാഹ കാര്യത്തിൽ ഭയമുണ്ടായിരുന്നു. രജീവിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നെങ്കിലും പ്രബലമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമെന്ന നിലയിലും ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ മകനെനെന്ന നിലയിലും രജീവിനെ സോണിയ വിവാഹം കഴിക്കുന്നതിൽ ആ പിതാവിനു ദുഃഖമുണ്ടായിരുന്നു.

രണ്ടു മഹനീയ വ്യക്തികളായ രജീവിന്റെയും സോണിയയുടെയും വിശ്വപ്രേമത്തിനു സാക്ഷ്യം വഹിച്ച കെയിംബ്രിഡ്ജിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാതെ 1967-ൽ രജീവ് ഗാന്ധി ഇന്ത്യയിൽ മടങ്ങിയെത്തി. 1968-ൽ സോണിയായ്ക്ക് 21 വയസു തികഞ്ഞപ്പോൾ അവരും രജീവിനൊപ്പം കൂട്ടുകാരിയായി ജീവിക്കാൻ ഇന്ത്യയിൽ എത്തി. രജീവ് കെയിംബ്രിഡ്‌ജിൽ നിന്ന് മടങ്ങി വന്നയുടൻ പൈലറ്റായി ജോലിചെയ്യുകയായിരുന്നു. സോണിയ വിവാഹിതയാകുംമുമ്പ് ബച്ചൻ കുടുംബത്തിലായിരുന്നു താമസിച്ചിരുന്നത്. അതിനിടയിൽ ഇന്ദിര കുടുംബം കല്യാണത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. രജീവും സോണിയയും തമ്മിലുള്ള ബന്ധം ഗൗരവപൂർവമായതിനാൽ അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിക്കുകയാണുണ്ടായത്. ബന്ധുക്കളുടെയും മിത്രങ്ങളുടേയുമിടയിൽ വേണ്ടാത്ത കിംവദന്തികളും തുടങ്ങിയിരുന്നു. ഇന്ദിരാ ഗാന്ധി തന്നെ വിവാഹ  ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.

1968 ജനുവരി അവസാനം രജീവും സോണിയയുമായുള്ള വിവാഹ നിശ്ചയവും ഉറപ്പിക്കലും നടന്നു. ന്യൂഡൽഹിയിലുള്ള ബച്ചന്റെ ഭവനത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ വീടിനു പുറകിലായി ഔദ്യോഗികമായ വിവാഹവും നടന്നു. രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും പ്രമുഖരായ അനേകമാളുകൾ വിവാഹ ചടങ്ങുകളിൽ പങ്കുകൊള്ളാൻ വന്നിരുന്നു. ആഘോഷങ്ങളെ അപ്പോഴപ്പോൾ വാർത്തകളാക്കാൻ പത്രപ്രവർത്തകരുടെ തിക്കും തിരക്കും വളരെയധികമായിരുന്നു. പിറ്റേദിവസം ഹൈദ്രബാദ് ഹൌസിൽ വലിയ തോതിലുള്ള സദ്യയും വിവാഹത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും പാട്ടുകച്ചേരി സഹിതമുള്ള ആഘോഷങ്ങളുമുണ്ടായിരുന്നു.

രാഷ്ട്രീയത്തിൽ ഇടപെടാതെ ഒരു കുടുംബനാഥനായി രജീവ് ഗാന്ധി ഒതുങ്ങി കഴിയുകയായിരുന്നു. 1970 ജൂൺ പത്തൊമ്പതാം തിയതി ഈ ദമ്പതികൾക്ക് രാഹുൽ ഗാന്ധിയുണ്ടായി. പ്രിയങ്ക 1972 ജനുവരി പന്ത്രണ്ടാം തിയതിയും ജനിച്ചു. സോണിയ ഒരു വീട്ടമ്മയായി കഴിഞ്ഞുകൂടി. തന്റെ ഭർത്താവ് രജീവ് ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ അവർ ആഗ്രഹക്കുന്നില്ലായിരുന്നു. രജീവിനും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ  താല്പര്യമില്ലായിരുന്നു. താനൊരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്ന് രജീവ് സോണിയാക്ക് വാക്കു കൊടുത്തിരുന്നു.

രാഷ്ട്രീയത്തിൽ നിന്നും പൊതു ജനങ്ങളുടെ ശ്രദ്ധയിൽ നിന്നും അകന്ന് ഒരു കുടുംബിനിയെപ്പോലെ സോണിയ ഗാന്ധി കഴിയുകയായിരുന്നു. സജ്ജയ ഗാന്ധിയുടെ അപ്രതീക്ഷിതമായ മരണശേഷം 'രജീവിന് താൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്നുള്ള' സോണിയയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കാതെ വന്നു. ദുഃഖിതയായ തന്റെ അമ്മയെ രാഷ്ട്രീയ കാര്യങ്ങളിലും രാജ്യ കാര്യങ്ങളിലും സഹായിക്കേണ്ട ചുമതലകൾ അദ്ദേഹത്തിൽ വന്നു കൂടി. രജീവിന്റെ രാഷ്ട്രീയത്തിലുള്ള പ്രവേശനത്തെ എതിർത്തുകൊണ്ട് സോണിയ ദിവസങ്ങളോളം കരഞ്ഞു. അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഏറ്റുമുട്ടലുകൾക്കുമീതെ  രജീവിന്റെ രാഷ്ട്രീയപ്രവേശനം ഒരു നിമിത്തമായി മാറി. ക്രമേണ രാജ്യത്തെ സേവിക്കേണ്ടത് തന്റെ ഭർത്താവിന്റെ കടമയെന്നും അവർ മനസിലാക്കി.

രജീവ് ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം അവർ ജനങ്ങളുമായി സമ്പർക്കമാരംഭിച്ചു. രജീവ് ഗാന്ധി പ്രധാനമന്ത്രിയായി മത്സരിക്കുന്ന വേളയിൽ ഭർത്താവിനൊപ്പം പൊതുപരിപാടികളിലും സഹകരിച്ചുകൊണ്ടിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് കൂടുതലും രാഷ്ട്രീയ കാര്യങ്ങൾക്കായി അവർ ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ ആരംഭിച്ചത്. 1984-ൽ മേനക ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ പങ്കുകൊണ്ടു. അന്ന് രജീവ് ഗാന്ധിക്കെതിരെ അമേത്തിയായിൽ മേനക ഗാന്ധി മത്സരിച്ചിരുന്നു. രജീവ് ഗാന്ധി വിജയിക്കുകയും ആ വർഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ അവർ അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും വിദേശങ്ങളിലും സഞ്ചരിച്ചിരുന്നു.  എന്നാൽ 1991-ൽ രജീവ് ചെന്നൈയിൽ വെച്ച് തമിഴ്പുലികളാൽ അതിക്രൂരമാം വിധം കൊല്ലപ്പെട്ടു. അന്ന് കുടുംബത്തിനും രാജ്യത്തിനും ആ വാർത്ത വലിയൊരു ഞെട്ടലായി മാറി. അതിനുശേഷം സോണിയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീടുള്ള കഥകളെല്ലാം രാജ്യത്തിന്റെ ചരിത്രമായി സുവർണ്ണ താളുകളിൽ  എഴുതിക്കൊണ്ടിരിക്കുന്നു.

രജീവിന്റെ മരണശേഷം കോൺഗ്രസ്സ് പാർട്ടി സോണിയാ ഗാന്ധിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണുണ്ടായത്. അവരുടെ ആഗ്രഹപ്രകാരം പി.വി. നരംസിംഹ റാവുവിനെ നേതാവായി തിരഞ്ഞെടുത്തു. പിന്നീട് സ്വന്തം കുടുംബത്തിൽപ്പെട്ടവരും രാഷ്ട്രീയത്തിലെ മുതിർന്നവരും നെഹ്‌റു കുടുംബത്തെ അവഗണിക്കാനുളള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. രാഷ്ട്രീയഭാവി കൈവിട്ടുപോകുമെന്നു ബോദ്ധ്യം വന്നപ്പോഴായിരുന്നു സോണിയ രാഷ്ട്രീയത്തിലേക്ക് കാലു കുത്താൻ തുടങ്ങിയത്. അവരുടെ പ്രവേശനം ബി.ജെ.പി.യിൽ പരിഭ്രാന്തിയുണ്ടാക്കാൻ തുടങ്ങി.

1999-ൽ അവർ ബെല്ലാരിയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഏതു വിധേനയും തോൽപ്പിക്കാനുള്ള തന്ത്രങ്ങളും ബിജെപി നെയ്തെടുക്കുന്നുണ്ടായിരുന്നു. എതിരാളിയായി സുഷമാ സ്വരാജിനെയിറക്കി. പട്ടു വസ്ത്രവും സാരികളും അണിയിച്ച് കൈകൾ നിറയെ കുപ്പിവളകളും ധരിച്ചു ആരെയും ആകർഷിക്കത്തക്ക വിധം സുന്ദരിയായിട്ടായിരുന്നു സുഷമാ സ്വരാജ് പ്രചരണം നടത്തിയിരുന്നത്. സുഷമയുടെ ചന്തമുള്ള ചുവന്ന പൊട്ട് സ്ത്രീകളുടെ അനുകരണമായി മാറുകയും ചെയ്തു. എങ്കിലും രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്രുവിയൻ കുടുംബത്തിൽ ഇന്ദിരയുടെ മരുമകളായി വന്ന സോണിയയേ തോൽപ്പിക്കാൻ സുഷമയ്ക്ക് സാധിച്ചില്ല. സോണിയ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. 1999-ൽ പതിമൂന്നാം ലോകസഭയിൽ പ്രധാന മന്ത്രി വാജ്‌പേയുടെ കീഴിൽ എൻ.ഡി.എ സർക്കാർ ഭരിച്ചിരുന്ന നാളുകളിൽ അവർ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

ഉത്തർ പ്രദേശിലെ റായ് ബറേലിൽ നിന്ന് സോണിയ 2004-ലും 2009-ലും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് സോണിയ 2004-ൽ റായ് ബറേലിൽ നിന്നും വിജയിച്ചത്. സോണിയ ഗാന്ധി പ്രസിഡന്റ് കെ.ആർ.നാരായണനെ കാണുകയും പാർലമെന്റിൽ 272 അംഗബലം ഉണ്ടെന്ന് അറിയിക്കുകയും ഇനിയും കൂടുതൽ അംഗങ്ങൾ മറ്റു പാർട്ടികളിൽ നിന്നും തങ്ങളോടൊപ്പം വരാൻ ആഗ്രഹിക്കുന്ന വിവരവും അറിയിച്ചു. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹവും സോണിയ പ്രസിഡന്റ് നാരായണൻ മുമ്പാകെ അവതരിപ്പിച്ചു. അതുവരെ രാഷ്ട്രീയത്തിൽ യാതൊരു പരിജ്ഞാനവുമില്ലാഞ്ഞ സോണിയ പ്രധാന മന്ത്രി പദം മോഹിക്കുന്ന വിവരം അന്നാണ് ഔദ്യോഗികമായി അറിയിച്ചത്.

2004-ൽ, യു.പി.എ എന്ന പേരിൽ പതിനഞ്ചു പാർട്ടികൾ യോജിച്ചുകൊണ്ടു അവർ ഒരു കൂട്ടുനേതൃത്വം അടങ്ങിയ സംഘടന രൂപീകരിച്ചു. പതിനഞ്ചു പാർട്ടികൾ കൂടിയ യു.പി.എ സർക്കാർ കേന്ദ്ര മന്ത്രിസഭയുണ്ടാക്കി ഭരണമാരംഭിച്ചു. സോണിയ പ്രധാന മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും  എൻ.ഡി.എ പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പുകളുണ്ടായതു കാരണം അന്നത്തെ മോഹം സാധിച്ചില്ല. വിദേശ ജന്മം പ്രധാനമന്ത്രിയാകാൻ അവർക്ക് തടസമായി തീർന്നു. അതുമൂലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗിനെ സോണിയ ശുപാർശ ചെയ്തു.

2006 മാർച്ചിൽ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി എം.പി സ്ഥാനവും ദേശീയ ഉപദേശക സമിതി അദ്ധ്യക്ഷസ്ഥാനവും രാജിവയ്ക്കേണ്ടി വന്നു. കോൺഗ്രസിന്റെ ഉപാദ്ധ്യക്ഷ എന്ന നിലയിൽ അവർ പ്രതിഫലവും പറ്റുന്നുണ്ടായിരുന്നു. എം.പിയായിരിക്കെ പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നുവെന്നതിന്റെ പേരില്‍ സോണിയയ്ക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. സോണിയ സ്വയം ന്യായികരിക്കാൻ സർക്കാരിനെയും പാര്‍ലമെന്റിനെയും ഉപയോഗിക്കുകയാണെന്ന ആരോപണവുമുണ്ടായിരുന്നു. അത് സോണിയയെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തു. 2006- മെയ് മാസത്തിൽ സോണിയ റായ് ബറേലിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയത്തിലും സോണിയ ഗാന്ധി സർവ്വവിധ അടവുകളോടെ മറ്റെല്ലാ രാഷ്ട്രീയക്കാരെപ്പോലെതന്നെ   സമർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. രജീവ് ഗാന്ധിയുടെ വധക്കേസിൽ സംശയത്തിന്റെ നിഴൽ വീശിയിരുന്ന ഡി.എം.കെ.യുമായി സഖ്യത്തിലേർപ്പെട്ടത് അവരുടെ വിജയമായിരുന്നു. പ്രധാനമന്ത്രി പദം വേണ്ടെന്നു വെച്ച ത്യാഗോജ്ജലമായ ഒരു മനസും അവർക്കുണ്ടായിരുന്നു. നെഹ്രുവിയൻ സോഷ്യലിസത്തെ തന്റെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ടുവരാൻ സാധിച്ചതും നേട്ടമായിരുന്നു. 2002-ലെ ഗുജറാത്ത് കലാപം മുൻനിർത്തി സോണിയ ഗാന്ധി നടത്തിയ പ്രചരണവും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ഗുജറാത്ത് കലാപം സോണിയ ഗാന്ധി തിരഞ്ഞെടുപ്പു കാലങ്ങളിൽ വിവാദവിഷയമായി അവതരിപ്പിച്ചത് തന്റെ പാർട്ടിയുടെ പരാജയത്തിന് കാരണമായിയെന്നു വാജ്‌പേയി പറഞ്ഞിരുന്നു. ഇന്ത്യൻ ജനാധിപത്യം അപമാനിക്കപ്പെട്ടിരുന്ന നാളുകളിൽ സോണിയ ഗാന്ധിയുടെ നേതൃത്വം പാർട്ടിക്ക് ഉന്മേഷവും ഉണർവും നൽകിക്കൊണ്ടിരുന്നു. അവരുടെ ഇന്ത്യയെന്ന സങ്കല്പം മതഭ്രാന്തന്മാരുടെ വിഷം നിറഞ്ഞ മനസായിരുന്നില്ല. മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ വിശ്വസിച്ചുകൊണ്ടുള്ള ആശയ പോരാട്ടങ്ങൾക്കായിരുന്നു അവർ മുൻഗണന നൽകിയിരുന്നത്.

സോണിയ 2007-ൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാംതിയതി യുണൈറ്റഡ് നാഷനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചിരുന്നു. 2007 ജൂലൈ പതിനഞ്ചാം തിയതി ഒക്ടോബർ രണ്ടിനെ ആഗോള അഹിംസാ ദിനമായി യുണൈറ്റഡ് നാഷൻ പ്രഖ്യാപിക്കുകയുണ്ടായി. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നയിക്കുന്ന യു.പി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. കോൺഗ്രസ്സ് 206 സീറ്റു നേടി ഏറ്റവും വലിയ പാർട്ടിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലകളും വഹിച്ചു.

സോണിയ ഗാന്ധിയെ എതിരാളികൾ മതേതര കോർപ്പറേറ്റ് സോഷ്യലിസ്റ്റെന്ന് വിളിക്കാറുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ അഴിമതികളെ നിശബ്ദമായി നോക്കി നിന്നതും അവരുടെ പരാജയമായി കരുതുന്നു. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഒരു ഡൈനാസ്റ്റി ഭരണം നീണ്ട കാലത്തോളം ഇന്ത്യയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബം കോൺഗ്രസിനെ കുടുംബസ്വത്തായി കൊണ്ടുനടന്നുവെന്നും ആരോപിക്കുന്നു.  നശിച്ചു പോകാറായ കോൺഗ്രസിനെ പുനർ ജീവിപ്പിച്ച് അടുത്ത തലമുറക്ക് കൈമാറണമെന്നുള്ള ദൗത്യവും അവർ നിർവഹിച്ചു. അവസാനം കോൺഗ്രസ്സെന്ന പ്രസ്ഥാനം രാഹുലിന്റെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ച ശേഷമാണ് അവർ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വിട വാങ്ങിയത്. നെഹ്‌റു കുടുംബത്തെ പിന്താങ്ങിയവരെ മാത്രം വളർത്തുകയും മറ്റുള്ളവരെ രാഷ്ട്രീയക്കളരിയിൽനിന്നും പുറം തള്ളിയ ചരിത്രവും സോണിയായിൽ ആരോപിക്കുന്നുണ്ട്.

ബോഫേഴ്സ് വിവാദത്തിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമല്ലെങ്കിലും അത്തരം ഒരു ആരോപണത്തിന്റ പേരിൽ സോണിയയേയും അപകീർത്തിപ്പെടുത്തുകയുണ്ടായി. ഇറ്റാലിയൻ വ്യവസായി ഒട്ടാവോ ക്വട്ടറോച്ചി (Ottavio Quattrocchi) സോണിയയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ പ്രധാന മന്ത്രിയുടെ ഓഫിസുമായി നല്ല സൗഹാർദ്ദ ബന്ധം സ്ഥാപിച്ചിരുന്നു. ഒട്ടാവിയോ ക്വട്ടറോച്ചി  ഇന്ത്യൻ സൈന്യത്തിനുവേണ്ടി ആയുധം വിറ്റ വകയിൽ അഞ്ചുമില്ലിയൻ പൗണ്ട് കമ്മീഷൻ നേടിയെന്നുള്ള ആരോപണമായിരുന്നു ഒച്ചപ്പാടുകൾക്ക് കാരണമായത്. 2009-ൽ ഇറ്റാലിയൻ വ്യവസായിക്കെതിരെയുള്ള ക്രിമിനൽ കേസ് കോൺഗ്രസ്സ് സർക്കാർ തേച്ചു മായിച്ചു കളഞ്ഞെങ്കിലും ആദായ നികുതി വകുപ്പ് കേസുമായി രംഗത്ത് വന്നു. അഞ്ചുമില്ലിയൻ കമ്മീഷൻ കാരണം നികുതിയിനത്തിൽ കിട്ടാനുള്ള വരവ് ലഭിച്ചില്ലെന്ന പേരിലായിരുന്നു ആദായ നികുതി വകുപ്പ് കേസ്സെടുത്തത്.  ബിജെപി ഇതിൽ അവസരം മുതലാക്കിക്കൊണ്ടു പാർലമെന്റിൽ ഒച്ചപ്പാടുമുണ്ടാക്കിയിരുന്നു.

2004-ൽ സോണിയാ ഗാന്ധിയെ ഫോർബ്സ് മാഗസിൻ (Forbes) ലോകത്തിലെ മൂന്നാമത്തെ പ്രബലയും ശക്തയുമായ വനിതയായി വിശേഷിപ്പിച്ചിരുന്നു.  2006-ൽ ബ്രസ്സൽസ് യൂണിവേഴ്സിറ്റി അവരെ ഹോണററി ഡോക്ടർ ബിരുദം നൽകി ബഹുമാനിച്ചു. 2006-ൽ ബെൽജിയം സർക്കാർ കിംഗ് ലിയോപോൾഡ് എന്ന ബഹുമതി നൽകി ആദരിച്ചു. 2007-ലും 2008-ലുമുള്ള ടൈം മാഗസിനിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ സോണിയാ ഗാന്ധിയുടെ പേരുമുണ്ടായിരുന്നു. 2008-ൽ മദ്രാസ് യൂണിവേഴ്സിറ്റി അവരെ സാഹിത്യത്തിൽ ഹോണററി ഡോക്റ്ററേറ്റ് നൽകി ആദരിച്ചു. 2010-ലെ ബ്രിട്ടീഷ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലോകത്തിലെ അഞ്ചു സ്വാധീനമുള്ള സ്ത്രീകളുടെ ലിസ്റ്റിൽ  അവരുമുണ്ടായിരുന്നു.

സോണിയ ഗാന്ധി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യത്തെ പുസ്തകം ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുത്ത സുഭാഷിതങ്ങളെപ്പറ്റിയാണ്. ('Indira Gandhi: Selected Sayings') ഈ പുസ്തകത്തിൽ ഇന്ദിരയുടെ പ്രസംഗത്തിൽ നിന്നും വന്ന ഉദ്ധരണികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയെ കണ്ടെത്തലും ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നു. രാഷ്ട്രീയത്തിനുപരി അവരുടെ വ്യക്തിപരമായ ജീവിതവും പുസ്തകത്താളുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 'റ്റൂ എലോൺ, റ്റൂ റ്റുഗതർ'  ('Two Alone, Two Together') എന്ന പുസ്തകം ജവഹർലാൽ നെഹ്‌റുവിന്റെ 'ഒരു അച്ഛൻ മകൾ ഇന്ദിരയ്ക്കയച്ച കത്തുകളെ'പ്പറ്റിയാണ്.  ഒരു നാണം കുണുങ്ങിയായിരുന്ന  ഇന്ദിര എന്ന സ്‌കൂൾക്കുട്ടിയുടെ ജീവിത പശ്ചാത്തലം  മുതൽ ചരിത്രം തുടങ്ങുന്നു. പിന്നീട് ലോക രാഷ്ട്രീയത്തിൽ തന്നെ അത്ഭുത പ്രതിഭാസമായിരുന്ന ഉരുക്കു വനിത ഇന്ദിരയെപ്പറ്റി തന്നെയാണ് പുസ്തകത്തിലെ ഉള്ളടക്കം. രണ്ടു മഹത് വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിന്റെ സാരം. അതിൽ കുടുംബ വിവരങ്ങളുണ്ട്. രാഷ്ട്രീയവുമുണ്ട്. രാഷ്ട്രത്തിന്റെ സാമൂഹിക പ്രശ്നങ്ങളും  ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സംഭവ ബഹുലമായ അവരുടെ ജീവിതവും പോരാട്ടങ്ങളും  അവർണ്ണനീയമാണ്. സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങളുടെ ഒരു ജീവിതമായിരുന്നു  അവർ നയിച്ചിരുന്നത്. അധികാരത്തിനുള്ള മോഹങ്ങൾക്കായി  കലഹിച്ചില്ല. എന്നാൽ കൂടെക്കൂടെ ദുഃഖപൂർണ്ണമായ സംഭവങ്ങൾ അവരുടെ കുടുംബത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു.  ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി വഹിച്ച ശേഷമായിരുന്നു അവർ ആ സ്ഥാനത്തുനിന്നും പിന്മാറിയത്. മകൻ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തെങ്കിലും ഭാവിയിലും  കോൺഗ്രസ് പ്രവർത്തകയായി രാഷ്ട്ര ക്ഷേമത്തിനായി  പ്രവർത്തിക്കുമെന്നും   അവർ പറയുന്നു.

Read more

പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും

പുരോഹിതരുടെ അവിവാഹിതാവസ്ഥ കത്തോലിക്ക സഭയിലെ കാലാകാലങ്ങളായുള്ള ഒരു വിവാദ വിഷയമാണ്. പൗരാഹിത്യത്തെപ്പറ്റിയും അതിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും യേശു ഒന്നും തന്നെ പറഞ്ഞിട്ടില്ല. പകരം, യേശു പുരോഹിതരോട് പലപ്പോഴും കലഹമുണ്ടാക്കുന്നതായിട്ടാണ് വചനങ്ങളിൽ നാം വായിക്കുന്നത്. യേശു ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നുവെന്നും അവിവാഹിതനായിരുന്നുവെന്നും സഭ വിശ്വസിക്കുന്നു. അപ്പോസ്തോലന്മാർ വിവാഹിതരായിരുന്നെങ്കിലും അവർ തങ്ങളുടെ ഭാര്യമാരും കുടുംബങ്ങളുമായി യേശുവിനെ അനുഗമിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. കാനോൻ നിയമത്തിൽ പുരോഹിതരുടെ ബ്രഹ്മചര്യവ്രതമെന്നത്, ദൈവത്തിന്റെ വരദാനമെന്നും സഭയുടെ അനുസരണവ്രതം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള മുടന്തൻ ന്യായങ്ങളിലും സഭ വിശ്വസിക്കുന്നു. അവിവാഹിതർക്ക് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും കരുതുന്നു.

ഒരു സ്ത്രീക്ക് ഒരു പുരുഷൻ വേണം. അത് പ്രകൃതി നിയമമാണ്. സന്താനോത്‌പാദനം, പക്ഷി മൃഗാദികൾ തൊട്ട് മനുഷ്യൻവരെ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. നമുക്കു വരുന്ന വികാരങ്ങളെ അടിച്ചമർത്തുന്നതു ഒരു മാനസിക സംഘർഷത്തിനു കാരണമാകുന്നു. അത് പ്രകൃതിയുടെ നിശ്ചയത്തിനും എതിരാണ്. തീവ്രമായ വികാരങ്ങളിൽ അടിമപ്പെട്ടു ജീവിച്ചാൽ മനസിന്റെ സമനില തെറ്റുന്നതിനും കാരണമാകുന്നു. പൂർണ്ണമായി വളർച്ചയെത്തേണ്ട ഒരു മനുഷ്യന്റെ വ്യക്തിത്വം മിക്ക പുരോഹിതർക്കും ഇല്ലാതെ പോവുന്നതും പ്രകൃതി അനുഗ്രഹിച്ച വികാരങ്ങളെ സ്വയം പീഢിപ്പിക്കുന്നതുകൊണ്ടാണ്.

പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന് പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പറഞ്ഞിട്ടില്ല. പുരോഹിതരോ സഭാശുശ്രുഷകരോ വിവാഹം അരുതെന്ന് കൃസ്തുവും പറഞ്ഞിട്ടില്ല. ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചിട്ടുമില്ല. പോളിന്റെ ലേഖനത്തിൽ കൊരിന്ത്യാക്കാർക്ക് എഴുതിയ ആദ്യത്തെ കത്തിൽ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് പുരോഹിതരുടെ അവിവാഹിതാവസ്ഥയെ സംബന്ധിച്ചല്ല. ആദ്യത്തെ മാർപാപ്പായെന്നു കരുതുന്ന പീറ്റർ വിവാഹിതനായിരുന്നുവെന്ന് 'മാത്യു'എഴുതിയ സുവിശേഷത്തിൽ 8:14 വാക്യത്തിൽ പറഞ്ഞിട്ടുണ്ട്. യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന കാര്യവും ബൈബിളിൽ വിവരിച്ചിട്ടുണ്ട്. അപ്പോസ്തോലരിൽ കുറെ പേർ വിവാഹിതരും മറ്റുള്ളവർ അവിവാഹിതരുമായിരുന്നു. യേശുവിന്റെ കാലത്ത് സുവിശേഷം പ്രസംഗിക്കുന്നവർ വിവാഹിതരാകണമോ അവിവാഹിതരായി ജീവിക്കണമോയെന്നു പ്രത്യേകമായ ഒരു നിയമം ഇല്ലായിരുന്നു. മദ്ധ്യകാല യുഗത്തിൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സങ്കല്പം സഭയിൽ എങ്ങനെയോ വന്നുകൂടി. പുരോഹിതർ വിവാഹം ചെയ്യരുതെന്നുള്ള തീരുമാനം എപ്പോൾ വേണമെങ്കിലും സഭയ്ക്ക് മാറ്റാവുന്നതേയുള്ളൂ. പുരോഹിതരുടെ ബ്രഹ്മചര്യാനുഷ്ഠ സഭയുടെ പ്രാമാണിക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

എ.ഡി.304-ൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന കാനോൻ എഴുതപ്പെട്ടു. 'എൽവിറ കൗൺസിലിൽ' പുരോഹിതർ അവരുടെ ഭാര്യമാരിൽ നിന്നു അകന്ന് ജീവിക്കണമെന്നും അവർക്ക് കുട്ടികൾ പാടില്ലാന്നും നിർദ്ദേശിക്കുന്നുണ്ട്. കിഴക്കിന്റെ കത്തോലിക്കരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും കൗൺസിലിന്റെ അഭിപ്രായങ്ങളെ നിരാകരിച്ചിരുന്നു. വിവാഹിതരായവരെയും പുരോഹിതരായും ഡീക്കന്മാരായും അവരുടെ സഭകൾ വാഴിച്ചിരുന്നു.

എ.ഡി.325-ൽ കോൺസ്റ്റാന്റിൻ ചക്രവർത്തി, വിവാഹിതരായവർ പുരോഹിതരാകുന്നതിൽ നിന്നും വിലക്ക് കൽപ്പിച്ചു. പിന്നീട് ആയിരം വർഷങ്ങളോളം പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വിവാദ വിഷയങ്ങളായി ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ വിവാഹിതരെയും പൗരാഹിത്യ ജോലിക്ക് അനുവദിച്ചിരുന്നു. ചിലയിടങ്ങളിൽ ഭാര്യയുമായി ലൈംഗിക ബന്ധങ്ങൾ പാടില്ലാന്നും നിയമങ്ങളുണ്ടാക്കി. മദ്ധ്യകാലങ്ങളിലാണ് പുരോഹിതർ പൂർണ്ണമായും അവിവാഹിതരായിരിക്കണമെന്നുള്ള നിയമം വന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഗ്രിഗറി ഏഴാമൻ മാർപാപ്പാ, പുരോഹിതർ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള ചാക്രിക ലേഖനമിറക്കി. ഈ നിയമം അതാത് രൂപതയിലെ ബിഷപ്പുമാർ നടപ്പാക്കണമെന്ന കൽപ്പനയും കൊടുത്തു. അന്നു മുതൽ ലത്തീൻ റീത്തനുസരിച്ച് പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സഭയുടെ നിയമം നിർബന്ധമാക്കി.

ഗ്രിഗറി ഏഴാമൻ മാർപാപ്പായുടെ ചാക്രിക ലേഖനങ്ങൾ ഉണ്ടായിരുന്നെങ്കിലും പുരോഹിതരും ബിഷപ്പുമാരും പോപ്പുമാർ വരെയും നിയമങ്ങളെ ലംഘിച്ച് ലൈംഗികതയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ആദ്യത്തെ പത്തു നൂറ്റാണ്ടുകാലം പുരോഹിതർക്കും മാർപാപ്പാമാർക്കും കുടുംബവും ഭാര്യയും മക്കളുമുണ്ടായിരുന്നു. ചില മാർപാപ്പാമാർ വെപ്പാട്ടികളുമായി കഴിഞ്ഞവരുമുണ്ട്. ലൈംഗികത പാപമായി കരുതിയിരുന്നെങ്കിലും കുമ്പസാരവും പശ്ചാത്താപവും വഴി അവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്‌താൽ മതിയായിരുന്നു. ഇന്ന് കത്തോലിക്ക സഭയിൽ പുരോഹിതരായി പ്രതിജ്ഞ ചെയ്ത ശേഷം വിവാഹം അനുവദനീയമല്ല. എങ്കിലും കിഴക്കിന്റെ പുരോഹിതരായ കത്തോലിക്കർക്കും ഓർത്തോഡോക്സ്കാർക്കും വിവാഹിതരാകാം. വിവാഹം എന്നത് പൗരാഹിത്യത്തിനു മുമ്പായിരിക്കണം. വിവാഹം കഴിക്കാത്ത പുരോഹിതർക്കു മാത്രമേ അവരുടെയിടയിൽ ബിഷപ്പാകാൻ സാധിക്കുകയുള്ളൂ.

പുരോഹിതർ വിവാഹിതരായാൽ! സ്വവർഗ രതിക്ക് ശമനം വരുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത് സത്യമാണൊയെന്നറിയില്ല. ആഗോള തലത്തിൽ സ്വവർഗ രതിക്കാരായ പുരോഹിതർ ഒരു ശതമാനത്തിൽ താഴെയുള്ളൂവെന്നാണ് വെപ്പ്. ബാക്കിയുള്ളവർ എതിർ ലിംഗത്തോട് താല്പര്യമുള്ളവരാണ്. കത്തോലിക്കാ പുരോഹിതരിൽ രണ്ടു ശതമാനത്തിൽ താഴെ ലൈംഗികത ദുരുപയോഗം ചെയ്യുന്നതായും വത്തിക്കാനിൽ നിന്നുള്ള സർവ്വേ കണക്കാക്കുന്നു. കുടുംബമായി ജീവിക്കുന്ന വിവാഹിതരായ പുരുഷന്മാരും അത്രയും തന്നെ പരസ്ത്രീകളെ പ്രാപിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാവുന്ന പ്രൊട്ടസ്റ്റന്റ് പുരോഹിതർക്കും ഇതേ പ്രശ്നങ്ങൾ തന്നെയുണ്ട്. പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കാത്തത് വെറും സാമ്പത്തിക ലക്ഷ്യമാണെന്ന് വ്യക്തമാണ്.

ഒരിയ്ക്കൽ വിവാഹിതരായി എപ്പിസ്ക്കോപ്പൽ സഭകളിൽ നിന്ന് വന്ന പുരോഹിതർക്കും വിവാഹം കഴിച്ച അല്മായർക്കും പൗരാഹിത്യം സ്വീകരിക്കാൻ കത്തോലിക്കാ സഭ അനുവദിച്ചിട്ടുണ്ട്. ചില പൗരസ്ത്യ സഭകളിലെ പുരോഹിതർക്കും വിവാഹം കഴിക്കാൻ അനുവദനീയമാണ്.  പുരോഹിതപ്പട്ടം അവസാന കൂദാശയെന്നാണ് വെപ്പ്. ആ നിലയിൽ ഒരാൾ പുരോഹിതനായ ശേഷം പൗരാഹിത്യത്തിൽ നിന്നുകൊണ്ട് വിവാഹം കഴിക്കാൻ അനുവദിക്കില്ല. അതുപോലെ ഭാര്യ മരിച്ച പുരോഹിതരെയും പിന്നീട് വിവാഹിതരാകാൻ സഭയിൽ അനുവദനീയമല്ല. അക്കാര്യം മാർപാപ്പാ വത്തിക്കാനിൽ എടുത്തു പറയുകയും ചെയ്തിരുന്നു.

എപ്പിസ്‌കോപ്പൽ സഭകളിലും മറ്റു സഭകളിലും വിവാഹിതരായവർ, പള്ളിക്കാര്യങ്ങൾ വളരെ കാര്യക്ഷമതയോടെ നോക്കുന്നതു കാണാം. കൂടാതെ വിവാഹിതരായ പുരോഹിതരുടെ ഭാര്യമാർ പള്ളിക്കാര്യങ്ങളിൽ വളരെ താല്പര്യം കാണിക്കുന്നതും സാധാരണമാണ്. പുരോഹിതനായ ഭർത്താവിന്റെ പോരായ്മകൾ ഭാര്യ അവിടെ പരിഹരിക്കുന്നു. മക്കളും കുടുംബവുമുണ്ടെങ്കിൽ പുരോഹിതർ കൂടുതൽ മനുഷ്യത്വമുള്ളവരായും പ്രവർത്തിക്കും. സന്മനസ്സുള്ള മക്കളുണ്ടെങ്കിൽ, ആത്മീയ പ്രവർത്തനങ്ങളിലും പിതാവിനെ സഹായിക്കാൻ ഒപ്പം കാണും.  

ബ്രിട്ടനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ആംഗ്ലിക്കൻ പുരോഹിതരായിരുന്ന കത്തോലിക്ക പുരോഹിതർ എല്ലാവരും തന്നെ വിവാഹിതരാണ്. ഉക്രൈനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ കത്തോലിക്കാ പുരോഹിതരും വിവാഹിതർ തന്നെ. അവരുടെ നാടുകളിലുള്ള കിഴക്കൻ സഭകളിൽ പുരോഹിതർക്ക് വിവാഹം ചെയ്യാം. എന്നാൽ ലോകം മുഴുവനുള്ള ബിഷപ്പുമാർ പുരോഹിതർ വിവാഹം ചെയ്യുന്നതിനെ അനുകൂലിക്കാൻ തയ്യാറാവുന്നില്ല. ഒരു തലമുറക്കുള്ളിൽ ഇന്നുള്ള വിവാഹിതരായ പുരോഹിതർ ഇല്ലാതാവും. ഇതര സഭകളിൽനിന്നും വന്നു ചേർന്ന അവിവാഹിതരായ പുരോഹിതർ കത്തോലിക്ക സഭയുടെ പൗരാഹിത്യം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് വിവാഹം അനുവദനീയമല്ല.

ആഗോളതലത്തിൽ ഏകദേശം 50,000 പുരോഹിതരുടെ കുറവുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം കഴിച്ചവരെ പൗരാഹിത്യത്തിൽ പ്രവേശിപ്പിച്ചാൽ സഭയ്‌ക്ക്‌ ആ കുറവ് പരിഹരിക്കാൻ സാധിക്കും. അല്ലെങ്കിൽ എപ്പിസ്ക്കോപ്പൽ സഭകൾപോലെ സ്ത്രീകൾക്കും പൗരാഹിത്യം നൽകിയാൽ സഭയുടെ പുരോഹിത ക്ഷാമം പരിഹരിക്കാൻ സാധിച്ചേക്കാം. എന്നാൽ ഫ്രാൻസീസ് മാർപാപ്പാ സ്ത്രീകളെ പൗരാഹിത്യത്തിൽ പ്രവേശിപ്പിക്കുന്നതിൽ അനുകൂലിയല്ല.  അത് വീണ്ടും പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുമെന്ന് സഭ വിലയിരുത്തുന്നു.

ഫ്രാൻസിൽ ശരാശരി പുരോഹിതരുടെ പ്രായം അറുപതു വയസ്സാണ്. അയർലണ്ടിൽ 'മെയ്നൂത്ത്‌ എന്ന സ്ഥലത്തുള്ള സെമിനാരി 500 വൈദിക വിദ്യാർത്ഥികൾക്കുവേണ്ടി പണിതുയർത്തിയതാണ്. അവിടെ ഈ വർഷം പഠിക്കാനെത്തിയ സെമിനാരി വിദ്യാർത്ഥികളുടെ എണ്ണം ആറുപേര് മാത്രമാണ്. പുരോഹിതരുടെ ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് അവർക്കു വിവാഹം കഴിക്കാമെന്നുള്ള നിയമം കൊണ്ടുവരാൻ ഒരു മാർപാപ്പായ്ക്ക് പേനാത്തുമ്പിൽ ഒപ്പിടാനുള്ള കാര്യമേയുള്ളൂ. അപ്രമാദിത്വം വരദാനമായി മാർപ്പാപ്പാമാർക്കുള്ളപ്പോൾ ഇക്കാര്യം ഒരു സിനഡു സമ്മേളിച്ച് തീരുമാനിക്കേണ്ട ആവശ്യവുമില്ല. സഭയുടെ യാതൊരു തത്ത്വങ്ങളും മാറ്റേണ്ടതുമില്ല. അസാധാണ സന്ദർഭങ്ങളിൽ പുരോഹിതർക്കു വിവാഹം കഴിക്കാൻ സാധിക്കുമെന്നതു പടിഞ്ഞാറൻ സഭകളിൽപ്പോലും അനുവദിച്ചിട്ടുണ്ട്

വത്തിക്കാന്റെ റിപ്പോർട്ടനുസരിച്ച് ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം 1975 നു ശേഷം നേരെ ഇരട്ടിയായിട്ടുണ്ട്. 710 മില്യൺ ജനതയുണ്ടായിരുന്ന സഭ ഇന്ന് ആഗോളതലത്തിൽ രണ്ടുബില്യൺ  ജനങ്ങളിൽ കൂടുതലുണ്ട്. എന്നാൽ പുരോഹിതർ രണ്ടു ശതമാനം താഴെ മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. മൊത്തം പുരോഹിതരിൽ കൂടുതലും യുറോപ്യന്മാരാണ്. അവരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. 1975-ൽ 404,783 പുരോഹിതർ ഉണ്ടായിരുന്നു. ഇന്നും അവരുടെ എണ്ണത്തിനു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

പോപ്പ് ബെനഡിക്റ്റിന്റെ രാജിക്കുശേഷം അമേരിക്കയിൽ പുരോഹിതരുടെ ബ്രഹ്മചര്യവസ്ഥയെ സംബന്ധിച്ച് ഒരു സർവ്വേ എടുത്തപ്പോഴും 60 ശതമാനം പുരോഹിതരും വിവാഹം കഴിക്കണമെന്ന താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. പള്ളിയിൽ നിത്യം പോവുന്നവരുടെ ഇടയിലും ഒരു സർവേയിൽ 46 ശതമാനം ജനങ്ങൾ പുരോഹിതരുടെ വൈവാഹിക ജീവിതത്തെ പിന്താങ്ങി. പള്ളിയിൽ വല്ലപ്പോഴും കുർബാനക്ക് പോവുന്ന വിശ്വാസികളിൽ 70 ശതമാനം പേരും പുരോഹിതർ വിവാഹം കഴിക്കണമെന്നുള്ള അഭിപ്രായക്കാരായിരുന്നു.

കോൺവെന്റ് സ്‌കൂളിലും പുരോഹിതർ നടത്തുന്ന സ്‌കൂളിലും പഠിക്കുന്ന കുട്ടികൾ കുഞ്ഞായിരിക്കുമ്പോൾ അവർ റോൾ മോഡലായി കാണിക്കുന്നത് കന്യാസ്ത്രികളെയും പുരോഹിതരേയുമായിരിക്കും. അവരുടെ കുപ്പായങ്ങൾ പരിശുദ്ധങ്ങളെന്നു കുഞ്ഞുങ്ങളെ ധരിപ്പിക്കും. പുരോഹിതരുടെയും കന്യാസ്ത്രികളുടെയും സേവനം ലോകത്ത് ഏറ്റവും ഉത്തമമെന്ന് പഠിപ്പിക്കും.  കുട്ടികൾ കൗമാരമാകുമ്പോഴേ അവരെ സ്വാധീനിക്കാനും തുടങ്ങും. ക്രിസ്തുവിന്റെ മണവാട്ടിയെന്നുള്ള സുന്ദരമായ പദങ്ങൾ കുട്ടി മനസ്സിൽ അലങ്കരിക്കും. കന്യാസ്ത്രിയാകാൻ അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. 'കുഞ്ഞനുജന്മാരെ, കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാൻ വരൂവെന്നു' സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ നൽകി കൗമാരപിള്ളേരുടെ മനസ്സുകളിലും വിഷയമ്പുകൾ എയ്തു കൊണ്ടിരിക്കും. ഇങ്ങനെയുള്ള പ്രലോഭനങ്ങളിൽപ്പെട്ടു പുരോഹിതരാകുന്നവർ പിന്നീട് സഭയ്ക്ക് തലവേദനയാവുകയേയുള്ളൂ. കുടുംബമായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങൾ മനസ്സിൽ വന്നടിയുന്ന സമയം അവരിൽ പൗരാഹിത്യത്തിന്റെ കുരുക്കുകൾ വീണു കഴിഞ്ഞിരിക്കും. ഒരിക്കൽ മഠത്തിൽ ചേർന്നു കഴിയുമ്പോഴാണ് ഈ പെൺകുട്ടികൾ, പള്ളിയിലെ വികാരിയാണ് മണവാളനെന്ന സത്യം മനസിലാക്കുന്നത്. പിന്നീട് അവർക്ക് അവിടെനിന്നും രക്ഷപ്പെടാനും എളുപ്പമല്ല. സെമിനാരിയിൽ ചേരുന്ന കുട്ടികൾ മുന്തിരിത്തോപ്പിനു പകരം കാണുന്നത് സ്വയം കഴുത്തിൽ നുകം വെച്ച കാളകളെപ്പോലെയുള്ള ജീവിതമായിരിക്കും. സെമിനാരിയിൽനിന്നു പഠനം കഴിഞ്ഞു പുറത്തുവരുമ്പോൾ അയാൾ പിന്നീട് വ്യത്യസ്തനായ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയുമാകും.

പ്രായപൂർത്തിയാകാത്ത, പാകത വരാത്ത കുട്ടികളെ സെമിനാരികളിൽ പഠനത്തിനായി അയക്കുന്നത് നിരോധിക്കണം. സെമിനാരിയിലും കോൺവെന്റുകളിലും കുട്ടികളുടെ മാതാപിതാക്കന്മാർക്ക് യാതൊരു നിയന്ത്രണവുമില്ല. സീനിയർ സെമിനാരിയൻ മുതൽ അറുപതു വയസുകഴിഞ്ഞ കിളവൻ അച്ചന്മാർ വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാർത്തകൾ നിത്യവും നാം വായിക്കുന്നു. ഇന്ത്യൻ നിയമമനുസരിച്ചു സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ട്. അതേ നിയമം തന്നെ സെമിനാരിയിൽ പോവുന്ന ഒരു ആൺകുട്ടി അല്ലെങ്കിൽ കന്യാസ്ത്രിയാകാൻ പോവുന്ന പെൺകുട്ടിയ്ക്കും നിശ്ചയിക്കണം. അതിനുശേഷം അവരുടെ ദൈവവിളിയെന്ന സങ്കല്പം തെരഞ്ഞെടുക്കട്ടെ.

ലോകമാകമാനം ലക്ഷക്കണക്കിന് വൈദികർ പൗരാഹിത്യം ഉപേക്ഷിച്ചതായി സർവേകളിൽ കാണുന്നു. കേരളത്തിൽ ആകാശം മുട്ടെ പള്ളികളും കത്തീഡ്രലുകളും പണിതുയരുമ്പോൾ യൂറോപ്പിൽ ദേവാലയങ്ങൾ നിശാശാലകളും മദ്യ വിൽപ്പന ശാലകളുമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന  കാഴ്ചകളാണ് നാം കാണുന്നത്. മനുഷ്യർക്ക് പുരോഹിതരോടും സഭയോടുമുളള വിശ്വാസം കുറയുന്നതാണ് കാരണം. സഭ അനുവർത്തിക്കുന്ന ചില നയങ്ങൾ, യാഥാസ്ഥിതികവും കാലഹരണപ്പെട്ടതും മാറ്റമില്ലാത്തതുമാണ്. അത്തരം പഴഞ്ചൻ ചിന്തകളിൽ നിന്നു വിശ്വാസസമൂഹം സ്വതന്ത്രമാകാനും ആഗ്രഹിക്കുന്നു.

തൊണ്ണൂറു ശതമാനം വിവാഹിതരായ കത്തോലിക്കരും കുടുംബാസൂത്രണത്തിൽ വിശ്വസിക്കുന്നവരാണ്. ഭ്രൂണഹത്യ സഭയിൽ പാപമായി കരുതുന്നു. അതുപോലെ ഗർഭച്ഛിദ്രവും അനുവദനീയമല്ല. എച്ച്.ഐ. വി. രോഗ ബാധിതർക്കു പോലും ഗർഭ നിരോധക ഉറകൾ ഉപയോഗിക്കുന്നതിൽ സഭയിൽ നിയന്ത്രണമുണ്ട്. സഭയിൽ ഒരു ചെറിയ മാറ്റമുണ്ടാകണമെങ്കിലും നൂറ്റാണ്ടുകളെടുക്കും. ഇത്തരം മാറ്റമില്ലാത്ത സഭയിൽ നിന്നും വിശ്വാസികൾ അകന്നു പോവുമ്പോൾ സമൂഹത്തിൽ പുരോഹിതരുടെ ആവശ്യങ്ങൾ ഇല്ലാതെയാവുന്നു. ദേവാലയങ്ങൾ വിശ്വാസികളുടെ അഭാവംമൂലം പൂട്ടേണ്ട ഗതികേടും സംഭവിക്കുന്നു.

സ്ത്രീ പുരുഷ ബന്ധം സന്താനോത്ഭാദനത്തിനു മാത്രമേ പാടുള്ളുവെന്ന സഭയുടെ പ്രാചീന നിയമം ഇന്നുമുണ്ട്. അല്ലാത്ത പക്ഷം വൈദികരുടെ മുമ്പാകെ കുമ്പസാരിക്കണം. കുടുംബാസൂത്രണത്തിനു ഉറകൾ ഉപയോഗിക്കുന്നതിനു പകരം സ്ത്രീകളുടെ ആർത്തവ കണക്കിൻപ്രകാരം മാത്രം ലൈംഗികത അനുവദനീയമാണ്. കൂടുതൽ കൂടുതൽ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാനാണ് സഭ ഉപദേശിക്കുന്നത്. കർദ്ദിനാൾ ന്യുമാൻ പറയുമായിരുന്നു, "കത്തോലിക്കാ സഭയെപ്പോലെ സുന്ദരമായതും അതിനേക്കാൾ വൈരൂപ്യമേറിയതുമായ മറ്റൊരു സഭയില്ല. അതുകൊണ്ടു കാലത്തിന്റെ ഇന്നത്തെ ആവശ്യം സഭയിലുള്ള വൈരൂപ്യങ്ങൾ ഇല്ലാതാക്കുകയെന്നതാണ്. എത്രമാത്രം സഭയുടെ ചെളിപുരണ്ട മുഖം കഴുകി
വൃത്തിയാക്കുന്നുവോ അത്രമാത്രം സഭ വീണ്ടും സൗന്ദര്യാത്മകമായി പ്രത്യക്ഷപ്പെടും."

അടുത്ത കാലത്ത് ഇറ്റലിയിൽ ഇരുപത്തിയാറ് യുവതികൾ തങ്ങൾ പുരോഹിതരായ കാമുകരുമൊത്ത് രഹസ്യബന്ധം തുടരുന്നുണ്ടെന്നും പൗരാഹിത്യം ഉപേക്ഷിക്കാതെ തന്നെ അവരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും കാണിച്ച് ഫ്രാൻസീസ് മാർപാപ്പായ്ക്ക് ഒരു കത്ത് അയച്ചിരുന്നു. തങ്ങൾ സ്നേഹിക്കുന്നവർ പൗരാഹിത്യം ഉപേക്ഷിക്കുന്നതിൽ അതീവ ദുഃഖത്തിലാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. പുരോഹിതർക്ക് വിവാഹം ചെയ്യാൻ പാടില്ലാന്നുള്ള സഭയുടെ നയങ്ങൾക്ക് മാറ്റം വരുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. പുരോഹിതരുടെ ബ്രഹ്മചര്യം സഭയുടെ നിയമം അല്ലെന്നും അത് പുരോഹിതർക്കിടയിലുള്ള അച്ചടക്കത്തിന്റെ ഒരു മാനദണ്ഡമാണെന്നും വിശ്വാസവുമായി പുരോഹിതരുടെ ബ്രഹ്മചര്യത്തിനു യാതൊരു ബന്ധവുമില്ലെന്നും സഭയ്ക്ക് ഏതു കാലത്തും അത്തരം തീരുമാനം മാറ്റാവുന്നതേയുള്ളുവെന്നും മാർപാപ്പാ എഴുതിയ 'സ്വർഗ്ഗത്തിലും ഭൂമിയിലും' (ഓൺ ഹെവൻ ആൻഡ് എർത്ത്) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

2019 ഒക്ടോബറിൽ ലാറ്റിൻ അമേരിക്കയിലെ 'പാൻ ആമസോൺ' സ്ഥലത്തു കൂടുന്ന സഭാ സിനഡിൽ പുരോഹിതർക്ക് വിവാഹം കഴിക്കാമെന്നുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നുള്ള വാർത്തകൾ  പ്രചരിക്കുന്നുണ്ട്. പുരോഹിതരുടെ ഈ നിയമം ലാറ്റിൻ അമേരിക്കൻ ഭൂപ്രദേശങ്ങൾക്കു മാത്രം ബാധകമായിരിക്കുമെന്നാണ് ഊഹോപാഹങ്ങൾ. അങ്ങനെ ഒരു തീരുമാനം സഭയെടുക്കുന്നുവെങ്കിൽ അത് സഭയുടെ നൂറ്റാണ്ടുകൾക്കുശേഷമുള്ള ചരിത്രത്തിലെ സുപ്രധാനമായ ഒരു കാൽവെപ്പായിരിക്കും. വാർത്തകൾ നാനാഭാഗങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പുരോഹിതർക്ക് വിവാഹം അനുവദിക്കുമോയെന്ന വിഷയത്തെപ്പറ്റി ചർച്ച ചെയ്യുമോയെന്നതും സംശയത്തിലാണ്. അത് പിന്നീട് റോമിൽ നടക്കുന്ന സിനഡിലെ ചർച്ചാവിഷയങ്ങളായി മാറ്റിയേക്കാം. റോമിൽനിന്നും വേറിട്ട് മറ്റൊരു രാജ്യത്ത് സിനഡ് കൂടുന്നതും ഫ്രാൻസീസ് മാർപ്പാപ്പ ഭരണം ഏറ്റതിൽ പിന്നീടുള്ള ആദ്യത്തെ സംഭവമായിരിക്കും.

ബിഷപ്പുമാരുടെ ബ്രസീലിൽ നടക്കാൻ പോകുന്ന ഈ സിനഡിൽ പുരോഹിതരുടെ അവിവാഹിതാവസ്ഥ ചർച്ചാവിഷയമാക്കുകയാണെങ്കിൽ ശക്തമായ എതിർപ്പുകളും പ്രതീക്ഷിക്കാം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം പുരോഹിതരുടെ ബ്രഹ്മചര്യവ്രതം ഫ്രാൻസീസ് മാർപാപ്പാ അവസാനിപ്പിക്കുമെന്നും പറയുന്നു. സിനഡിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പലതരത്തിലാണ് പ്രചരിക്കുന്നത്. ഇന്ന് സെമിനാരി ജീവിതത്തിൽക്കൂടി വ്രതമെടുത്ത് പുരോഹിതരാകാൻ അധികമാളുകൾ രംഗത്ത് വരുന്നില്ല. പുരോഹിത ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ലാറ്റിൻ അമേരിക്കൻ ഭൂവിഭാഗങ്ങളിലാണ്.

ബ്രസീലിൽ വിവാഹിതരായ പുരോഹിതരുടെ ആവശ്യങ്ങൾ വരുന്നുവെന്നും സഭയ്ക്ക് ബോധ്യമുണ്ട്. 1970-ൽ 92 ശതമാനം ബ്രസീലിയൻ ജനത കത്തോലിക്കരായിരുന്നു. 2010-ൽ അവരുടെ എണ്ണം 65 ശതമാനമായി. പെന്തകോസ്റ്റൽ സഭകൾ അവിടെ ശക്തി പ്രാപിച്ചതുകൊണ്ടാണ് കത്തോലിക്കരുടെ എണ്ണം കുറഞ്ഞത്. കത്തോലിക്കരല്ലാത്ത സഭകളിൽ വിവാഹിതരായ പാസ്റ്റർമാരും സ്ത്രീകളും സഭാ പ്രവർത്തനങ്ങൾ നടത്തുന്നു. ബ്രസീലിൽ 140 മില്യൺ കത്തോലിക്കരുണ്ട്. അവരുടെ സേവനത്തിനായി ആകെ 18000 പുരോഹിതർ മാത്രമാണുള്ളത്. ആമസോൺ പ്രദേശങ്ങളിലാണ് അമിതമായ പുരോഹിത ക്ഷാമമുള്ളത്. രാജ്യത്ത് പുരോഹിതരെ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ മുഴുവൻ പരാജയപ്പെടുകയും ചെയ്തു. സാംസ്ക്കാരികമായ അന്തരമാണ് കാരണം. യൂറോപ്പിലും അമേരിക്കയിലും പുരോഹിത ക്ഷാമം പരിഹരിക്കാൻ വികസിക്കുന്ന രാഷ്ട്രങ്ങളിൽനിന്ന് അവരെ ഇറക്കുമതി ചെയ്യുന്നു. അവിടങ്ങളിലെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായതുകൊണ്ടു പുരോഹിതക്ഷാമം ഒരു അളവ് വരെ പരിഹരിക്കാൻ സാധിക്കുന്നു.  ബ്രസീലിൽ പുരോഹിതർ വിവാഹം കഴിക്കില്ലെന്നുള്ള ‌ പ്രതിജ്ഞയ്ക്കെതിരെ ബ്രസീലിലെ സിനഡിൽ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ റോമ്മായിൽ നടത്തുന്ന സിനഡിൽ സഭ അവരുടെ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടി വരും.

വിവാഹിതരായ പുരോഹിതരോടുള്ള ബിഷപ്പുമാരുടെ മനോഭാവം മനസിലാക്കാമെന്നേയുള്ളൂ! പുരോഹിതർ വിവാഹിതരായാൽ സഭയുടെ സാമ്പത്തികം തകർക്കുമെന്ന് ഭയപ്പെടുന്നു. സഭ പുലർത്തിവരുന്ന പാരമ്പര്യത്തെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുമെന്നും കരുതുന്നു. ഇടവക ജനത്തിന് പുരോഹിതരുടെ കുടുംബത്തിനും ചെലവുകൾ കൊടുക്കേണ്ടി വരും. അവർക്ക് താമസിക്കാനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും വഹിക്കേണ്ടി വരും. കുടുംബമായി താമസിക്കുമ്പോൾ ആദ്ധ്യാത്മിക കാര്യങ്ങളിലും അതിന്റേതായ കുറവുകൾ വരാം. വിവാഹിതരായ പുരോഹിതരുടെയിടയിൽ വിവാഹമോചനവുമുണ്ടാകാം. അവിവാഹിതരായി ജീവിക്കുന്ന പുരോഹിതരിലും എതിർപ്പുകൾ ഉണ്ടാവാം. അവർ സഹിച്ചതുപോലുള്ള ത്യാഗങ്ങൾ പുതിയതായി പുരോഹിതപ്പട്ടം ലഭിക്കുന്നവർക്ക് സഹിക്കേണ്ടതില്ലായെന്ന തീരുമാനം അവരിൽ എതിർപ്പുകൾ ഉണ്ടാക്കാം. തന്മൂലം ഇന്നത്തെ പുരോഹിതരുടെ ബ്രഹ്മചര്യവ്രതങ്ങളിൽ മാറ്റങ്ങളുണ്ടാവുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Read more

ക്നാനായ സമുദായവും സാംസ്ക്കാരിക പശ്ചാത്തലവും

ക്നാനായ തൊമ്മൻ ഏതു കാലത്തു ജീവിച്ചിരുന്നുവെന്നോ, കേരളത്തിൽ വന്നുവെന്നോ, അങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നുവെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. പരിശുരാമൻ കേരളക്കര സൃഷ്ടിച്ചതുപോലെ, സെന്റ് തോമസ് കേരളത്തിൽ ഏഴര കുരിശ് സ്ഥാപിച്ചപോലെ, ക്നാനായ കഥകളും ചരിത്രമായി ക്നാനായ ജനത കൊണ്ടാടുന്നു. അദ്ദേഹം ഏതു രാജ്യത്തുനിന്ന് വന്നുവെന്നുള്ള ചരിത്രത്തെപ്പറ്റിയും  പൊതുവായ ഒരു ധാരണയില്ല. ഒരു ബിഷപ്പായിരുന്നുവെന്ന് ചരിത്രമുണ്ട്. അതല്ല ഒരു കച്ചവടക്കാരനായിരുന്നുവെന്നും വിശ്വസിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാക്കപ്പലിൽ കേരളത്തിൽ വന്നു താമസമാക്കിയെന്നു പറയുന്നു. എന്നാൽ ഭൂരിഭാഗം പേരും നാലാം നൂറ്റാണ്ടിൽ വന്നുവെന്നും വിശ്വസിക്കുന്നു. ചരിത്രത്തെക്കാളുപരി അനുമാനങ്ങളെ അടിസ്ഥാനമാക്കി ക്നാനായ തൊമ്മന്റെ കഥകൾ  ഐതിഹ്യമാലകളാൽ കോർത്തിണക്കിയിരിക്കുന്നതും സ്പഷ്ടമാണ്.

1980-മുതലാണ് തെക്കുംഭാഗരെ ക്നാനായക്കാരെന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന് തെക്കുംഭാഗരെന്നതിനേക്കാൾ കൂടുതലായും ഈ സമൂഹത്തെ അറിയപ്പെടുന്നത് ക്നാനായക്കാരെന്നാണ്. 1939-ൽ തിരുകൊച്ചി നിയമസഭാ സാമാജികനായിരുന്ന ശ്രീ ജോസഫ് ചാഴികാടൻ ക്നാനായക്കാരുടെ ഐതിഹ്യങ്ങൾ കോർത്തിണക്കി 'തെക്കുംഭാഗം സമുദായ ചരിത്രം' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഇംഗ്ലീഷ് തർജിമയുമുണ്ട്. അതിൽ  ചരിത്രത്തോടൊപ്പം അവരുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും വിവരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനുമുമ്പ് തെക്കുംഭാഗരെപ്പറ്റി പരാമർശിച്ചിരിക്കുന്നതായ രേഖകളൊന്നും ചരിത്രത്തിൽ കാണാൻ സാധിക്കില്ല. ഒരു പക്ഷെ തെക്കുംഭാഗർ എന്നതിന് പകരം മറ്റേതെങ്കിലും നാമത്തിൽ അവരെ അറിയപ്പെട്ടിരിക്കാം.

പൊതുവെ ക്നാനായക്കാർ സൽക്കാര പ്രിയരാണ്. യഹൂദർക്ക് നിഷിദ്ധമായ കള്ളും പന്നിയിറച്ചിയും അവരുടെ പ്രിയമുള്ള പാനീയവും ആഹാരവുമാണ്. കാഴ്ചയിൽ 'തെക്കും ഭാഗർ' തനി കേരളീയരെപ്പോലെ തന്നെ. ഒരു യഹൂദനെപ്പോലെയോ മിഡിലീസ്റ്റ് രാജ്യക്കാരെപ്പോലെയോ ശരീരഘടന ആർക്കും തന്നെയില്ല. യഹൂദ ജനം കുടിയേറുന്ന പ്രദേശങ്ങളിൽ അവരുടെ ഭാഷയായ ഹീബ്രുവും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാൽ ഹീബ്രു അറിയാവുന്ന ക്നാനായക്കാർ ആരും തന്നെയില്ല. ചിലർ പൈതൃകം തേടി അടുത്ത കാലത്ത് ഹീബ്രു പഠനം ആരംഭിച്ചിട്ടുമുണ്ട്.

ക്നാനായക്കാരെ സ്വവംശ വർഗ്ഗമെന്നും അറിയപ്പെടുന്നു. ഇന്ത്യയിലും വിവിധ ഭാഗങ്ങളിലുമായി ഏകദേശം മൂന്നു ലക്ഷം ക്നാനായക്കാരുണ്ടെന്നു കണക്കാക്കുന്നു. തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടുതരം ക്രിസ്ത്യാനികൾ ഉണ്ടായെതെങ്ങനെയെന്ന് അറിയില്ല! ക്നാനായ ചരിത്രം ആറായിരം വർഷങ്ങൾക്കപ്പുറമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യഹൂദ ജനങ്ങളുടെ ചരിത്രംവരെ എത്തിക്കുന്നുണ്ട്. ഇത്തരം പൊള്ളയായ വാദങ്ങൾ ഭൂരിഭാഗം ക്നാനായ ജനതയും വിശ്വസിക്കുന്നു. മിക്ക പുരോഹിതരുടെയും പ്രഭാഷണങ്ങളിൽ ക്നാനായ മൂലചരിത്രം ആരംഭിക്കുന്നത് ദാവീദിന്റെ വംശാവലിയിൽ നിന്ന് കേൾക്കാം!

യൂറോപ്യന്മാർ ഇന്ത്യയിൽ കോളനികൾ സ്ഥാപിക്കാൻ തുടങ്ങിയ കാലങ്ങൾമുതലാണ്, ക്നാനായക്കാരുടെ ചരിത്രത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ  ഇവർ കേരള സമൂഹത്തിൽ ഒരു പ്രധാന വിഭാഗമായി അറിയപ്പെടാൻ തുടങ്ങി. ക്നാനായക്കാരിൽ അനേകമാളുകൾ പടിഞ്ഞാറൻ പ്രദേശങ്ങളിലും അമേരിക്കയിലും കുടിയേറിയിരിക്കുന്നു. അവിടെയെല്ലാം അവരുടെ പള്ളികളും സമൂഹവും ഉയർത്തിയിട്ടുണ്ട്. അമേരിക്കയിൽ ഷിക്കാഗോയിലാണ്  കൂടുതലായും അവരുടെ ജനം കുടിയേറിയിരിക്കുന്നത്.

ക്നാനായക്കാരെ ചാരം കെട്ടികളെന്നു വിളിക്കുന്ന പതിവുണ്ട്. അത് ക്നാനായക്കാരെ മാത്രമല്ല, ജൂതന്മാരെയും ചാരൻ കെട്ടികളെന്ന് വിളിക്കാറുണ്ട്. എ.ഡി. എഴുപതിൽ ജെറുസേലം ദേവാലയം തകർക്കപ്പെട്ടു. അന്ന് അവിടെനിന്നും ജൂതൻമാർ പലായനം ചെയ്തപ്പോൾ അന്നത്തെ കത്തിയ ദേവാലയത്തിന്റെ ചാരം കിഴിയായി കെട്ടിക്കൊണ്ടായിരുന്നു അവർ പോയത്. പിൽക്കാലത്ത് ഓരോ യഹൂദനും മരിക്കുമ്പോൾ ശവമഞ്ചത്തിനുമേലെ ഈ ചാരത്തിന്റെ അവശിഷ്ടം നിക്ഷേപിച്ചിരുന്നുവെന്നും പറയപ്പെടുന്നു. യഹൂദ പാരമ്പര്യത്തിൽ ഇങ്ങനെ ഒരു ആചാരം ഉണ്ടായിരുന്നതുകൊണ്ട് യഹൂദരെയും ചാരൻ കെട്ടികളെന്നു വിളിച്ചിരുന്നതായും ക്നാനായ ചരിത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. പോർട്ടുഗീസുകാർ വന്നപ്പോൾ കൊച്ചിയിലെ പല ജൂതപ്പള്ളികളും അവർ കത്തിച്ചു കളഞ്ഞു. ആ കത്തിച്ചു കളഞ്ഞ ചാരവുമായിട്ടായിരുന്നു തെക്കുംഭാഗർ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കാൻ തുടങ്ങിയത്. അങ്ങനെ ക്നാനായക്കാർക്കും ആ പേര് വന്നുചേരുകയും ചെയ്തു. ക്നാനായക്കാർ എഡേസായിൽനിന്നു പുറപ്പെട്ടപ്പോൾ അവരുടെ ഭവനങ്ങളും കത്തിച്ച ശേഷം ചാരക്കിഴിയുമായി വന്നുവെന്നും ചരിത്രമുണ്ട്.

നാലാം നൂറ്റാണ്ടിൽ ജൂതന്മാരും ജൂത ക്രിസ്ത്യാനികളും കൊടുങ്ങല്ലൂരിന്റെ തെക്കേ ഭാഗത്ത് താമസിച്ചിരുന്നു. ഇന്നും മലബാറി ജൂതന്മാരെ തെക്കുംഭാഗരെന്നും എറണാകുളത്തുള്ള ജൂതപ്പള്ളികളെ  തെക്കുഭാഗം പള്ളികളെന്നും അറിയപ്പെടുന്നു. മണിഗ്രാമം എന്ന സ്ഥലം ചേരമാൻ പെരുമാൾ ക്നാനായ തൊമ്മനും അനുയായികൾക്കും നൽകിയിരുന്നതായും പറയപ്പെടുന്നു. കൂടാതെ 72 രാജ പദവികളും നൽകിയിരുന്നു. ക്നാനായക്കാരുടെ വിവാഹം സംബന്ധിച്ച ചടങ്ങുകളും രാജപദവികളിൽ വിവരിച്ചിട്ടുണ്ട്. അവരുടെ താലിക്കുപോലും പ്രത്യേകതയുണ്ട്. കുമ്പളത്താലിയാണ് ഉപയോഗിക്കുന്നത്. ഇരുപത്തൊന്നു സുവർണ്ണ വരകളുള്ള ഈ താലി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തിക്കുന്ന ഒരു പാരമ്പര്യമുണ്ട്. താലിയുമായി വരുമ്പോൾ വരന്റെ വീട്ടുകാർ വധുവിന് എന്തൊക്കെ കൊടുക്കണമെന്ന വിവരങ്ങൾ രാജപദവികളിൽ പറഞ്ഞിട്ടുണ്ട്. പതിനേഴു ജാതികളുടെ മേലെയുള്ള അധികാരവും ചേരമാൻ പെരുമാൾ കൽപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു. നടവിളി, ചന്ദം ചാർത്തൽ അനുഷ്ഠിക്കൽ, ഇതെല്ലാം 72 പദവികളിൽപ്പെട്ട ജൂത പാരമ്പര്യങ്ങളായി കണക്കാക്കുന്നു. തരിസാപ്പള്ളി ചെപ്പേട്, മണിഗ്രാമം ചെപ്പേട് എന്നിവകളിൽ പദവികൾ കൊടുത്തതായി പറഞ്ഞിട്ടുണ്ട്. കാലാ കാലങ്ങളിൽ വന്ന ചേരമാൻ പെരുമാൾമാർ ക്നാനായക്കാർക്ക് കൊടുത്ത ഈ പദവികൾ പുതുക്കി കൊടുത്തതായും അവരുടെ ചരിത്രത്തിലുണ്ട്.

ക്നാനായക്കാർ മഹത്തായ രാജകീയ പിന്തുടർച്ചക്കാരെന്നുള്ളതാണ് മറ്റൊരു ചരിത്രം. ഉദയംപേരൂർ കേന്ദ്രമായി വല്ല്യാർ വട്ടം എന്ന സ്ഥലത്ത് ക്രിസ്ത്യാനികളായ തോമ്മാ രാജാക്കന്മാർ ഭരിച്ചിരുന്നുവെന്നും ക്നാനായക്കാർ വിശ്വസിക്കുന്നു. ക്നാനായ ജനത ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ രാജാക്കന്മാരുടെ പിന്തുടർച്ചക്കാരായും 'യൂട്യൂബിൽ' വരുന്ന ചില പ്രഭാഷണങ്ങളിൽ  ശ്രവിക്കാം. പോർട്ടുഗീസുകാർ കേട്ടിരുന്നത് കേരളത്തിലെ അക്കാലത്തെ ജനതകളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളെന്നായിരുന്നു. ക്നാനായ തൊമ്മന്റെ പിന്തുടർച്ചക്കാർ തോമ്മാ രാജാക്കന്മാരുടെ അനുയായികളെന്നായിരുന്നു കേട്ടിരുന്നത്. ക്ഷേത്രങ്ങൾ മാതാവിന്റെ നാമത്തിലുള്ള പള്ളികളെന്നു വാസ്കോഡിഗാമ തെറ്റി ധരിച്ചു. റോമ്മാ പോപ്പ് പലതവണ തോമ്മാ രാജാക്കന്മാർക്ക് കത്തുകൾ അയച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നു. അങ്ങനെ രാജാക്കന്മാരുടെ പാരമ്പര്യം, ആറായിരം വർഷം പഴക്കമുള്ള യഹൂദ പാരമ്പര്യം, ദാവീദ് രാജാവിന്റെയും തോമ്മാ രാജാക്കന്മാരുടെയും പിന്തുടർച്ച, രാജകീയ അവകാശങ്ങൾ, ചേരമാൻ പെരുമാളിന്റെ വാത്സല്യം എന്നിവകൾ ഭൂതകാലത്തിന്റെ സ്മരണകളായി ക്നാനായ സമുദായം കൊണ്ടാടുന്നു. ആത്മീയതക്കുപരിയായി പാരമ്പര്യത്തിനും പൈതൃകത്തിനും പ്രാധാന്യം അവർ കൽപ്പിക്കുന്നു.

സാംസ്‌കാരികമായി ക്നാനായ്ക്കാർക്ക് തനതായ നാടോടി പാട്ടുകളുണ്ട്. കലാ സാംസ്ക്കാരിക മൂല്യങ്ങളുമുണ്ട്. കല്യാണാഘോഷങ്ങളിലും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളിലും മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും ക്നാനായക്കാർ വ്യത്യസ്തത പുലർത്തുന്നതും കാണാം. നൂറ്റാണ്ടുകളായി അവർ തനതായ ആചാരങ്ങൾ കൊണ്ടാടുന്നു. ക്നാനായക്കാരുടെയിടയിലുള്ള പാട്ടുകൾ കൊച്ചിയിലെ യഹൂദ പാട്ടുകളുമായി താദാത്മ്യമുണ്ടെന്ന് അവരുടെ എഴുതപ്പെട്ട കൃതികളിൽ കാണുന്നു. മാർഗം കളി ഡാൻസ്, പെസഹാ, എന്നീ ആചാരങ്ങൾ പടിഞ്ഞാറും കിഴക്കുമുള്ള സുറിയാനി പാരമ്പര്യത്തിൽ നിന്നുമുള്ളതാണ്. അത് തെക്കൻ ക്രിസ്ത്യാനികളും വടക്കൻ ക്രിസ്ത്യാനികളും ഒരുപോലെ ആഘോഷിക്കുന്നു.

കോട്ടയം അടുത്തുളള ചിങ്ങവനത്തിൽ 1910-ൽ യാക്കോബായ ക്നാനായ രൂപത സ്ഥാപിച്ചു. ക്നാനായ സമുദായത്തിന് തനതായ കോട്ടയം വികാരിയത്തു നേടിയെടുക്കാൻ മാർ മാത്യു മാക്കിലും മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിലുമൊന്നിച്ച് 1911 മെയ് ഇരുപത്തിയഞ്ചാം തിയതി റോമിൽ പത്താം പിയൂസ് മാർപ്പാപ്പായെ നേരിൽ കാണുകയുണ്ടായി. ഇവരുടെ ശ്രമഫലമായി 1911 ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി തെക്കുംഭാഗർക്ക് തനതായ വികാരിയത്തു സ്ഥാപിച്ചുകൊണ്ടുള്ള കൽപ്പന റോമിൽനിന്നും ലഭിച്ചു. മാർ മാക്കിൽ, രൂപതയുടെ ആദ്യത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മരണശേഷം അലക്‌സാണ്ടർ ചൂളപ്പറമ്പിൽ കോട്ടയം രൂപതയുടെ മെത്രാനായി ചുമതലകൾ വഹിച്ചുവന്നു. കോട്ടയം കേന്ദ്രമായി 1923-ൽ ക്നാനായ രൂപതയും സ്ഥാപിതമായി. 2005-ൽ അത് അതിരൂപതയായി ഉയർത്തപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ മാത്രമേ വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള വേറിട്ട രണ്ടായ ക്രിസ്തീയ ചരിത്രം അറിവിലുള്ളൂ. പോർട്ടുഗീസ് ചരിത്രങ്ങളിൽ ക്നാനായ തൊമ്മൻ വരുന്നതിനുമുമ്പ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്ന് മാത്രമേ കുറിച്ചിട്ടുള്ളൂ. പോർട്ടുഗീസുകാർ വന്നതിൽ പിന്നീടാണ് തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടായി തിരിയാൻ കാരണമായത്. കാലക്രമേണ വ്യത്യസ്ത പള്ളികൾ ഇരുകൂട്ടരും പണിയാനും ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്കുംഭാഗരും വടക്കുംഭാഗരുമായി സാമൂഹികാചാരങ്ങളിൽ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ 1910-ൽ യാക്കോബാ മലങ്കര ഓർത്തോഡോക്സ് സമുദായത്തിൽ ക്നാനായ സമുദായത്തിനു മാത്രമായി രൂപത വന്നപ്പോൾ യഹൂദ ആചാരങ്ങളിൽ പലതും അവർ പകർത്താനാരംഭിച്ചു. തെക്കുംഭാഗരും വടക്കുംഭാഗരും രണ്ടായി തിരിയാനുള്ള ചരിത്രത്തിന്റെ വഴിത്തിരിവിനും അത് കാരണമായി. 1911-ൽ സുറിയാനി കത്തോലിക്കരുടെയിടയിൽ കോട്ടയം രൂപതയുടെ സ്ഥാപകനായ മാക്കിൽ മെത്രാന്റെ നേതൃത്വത്തിൽ ആ ചേരി തിരിവ് ശക്തമാക്കി.

തെക്കും ഭാഗ ജനതയുടെ ആരംഭം യഹൂദ ക്രിസ്ത്യാനികളെന്നു ചരിത്രരേഖകളില്ല. അതേ സമയം പതിനാറാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ഡോക്യൂമെന്റുകളിൽ ബിഷപ്പ് തോമസോ അല്ലെങ്കിൽ കച്ചവടക്കാരൻ തോമസോ അനേകരെ ക്രിസ്ത്യാനികളായി മലബാറിൽ മതപരിവർത്തനം നടത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ചരിത്രമനുസരിച്ച് ചേരമാൻ പെരുമാളിന്റെ ചരിത്രം തുടങ്ങുന്നത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആണ്. നാലാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളിന്റെ ചരിത്രവും ക്നാനായി തൊമ്മന്റെ ചരിത്രവുമായി യോജിപ്പിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. കോപ്പർ പ്ലേറ്റുകളിൽ ഓരോ കാലത്ത് പല വിധ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നുള്ളതും ആധികാരികമായി തെളിയിച്ചിട്ടുള്ളതാണ്.

വടക്കൻ ക്രിസ്ത്യാനികൾ തോമ്മാ ശ്ലീഹായുടെ കാലത്ത് മത പരിവർത്തനം ചെയ്തവരെന്നു വിശ്വസിക്കുന്നു. തെക്കൻ ക്രിസ്ത്യാനികൾ ഒരു മിഷ്യനറിയും കച്ചവടക്കാരനുമായ ക്നാനായ തൊമ്മന്റെ ഒപ്പം വന്ന കുടിയേറ്റക്കാരുടെ അനുയായികളെന്നും കരുതുന്നു. നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ക്നാനായ തൊമ്മൻ എഴുപത്തി രണ്ടു കുടുംബങ്ങളുമായി വന്നുവെന്നാണ് ക്നാനായക്കാരുടെ നാടൻ പാട്ടുകളിൽ വ്യക്തമാക്കുന്നത്. ക്നാനായ തൊമ്മനെപ്പറ്റി നിരവധി കഥകൾ നെയ്തെടുത്തിട്ടുണ്ട്. സത്യമാണോ സത്യമല്ലെന്നോ അറിഞ്ഞുകൂടാ. പലതും നാടോടി പാട്ടുകളിൽക്കൂടി  ഐതിഹ്യങ്ങളായി നെയ്തെടുത്തതാണ്. ക്നാനായ നാടോടി കഥ ആദ്യം എഴുതിയുണ്ടാക്കിയത് 1700-ൽ സിറിയൻ ഓർത്തോഡോക്സ് ബിഷപ്പായിരുന്ന മാർ ഗാവ്രിൽ എന്ന് കരുതപ്പെടുന്നു.

1518-ലെ ഒരു പോർട്ടുഗീസ് ഡയറിയിൽ ക്നാനായ തോമ്മായെപ്പറ്റി പെൺടീടോ  എന്നയാൾ ഏതാനും വിവരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലത്തും കൊടുങ്ങല്ലൂരുമുള്ള തോമസ് ക്രിസ്ത്യാനികളെപ്പറ്റി അദ്ദേഹം വിവരിച്ചിരിക്കുന്നു. ക്രിസ്തു ശിക്ഷ്യനായ തോമ്മാശ്ലീഹാ വന്നതിനു ശേഷം വൃദ്ധനായ ഒരു അർമേനിയൻ കച്ചവടക്കാരൻ വന്നുവെന്നും തിരിച്ചു പോകാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ ആദായമുള്ള ഒരു പുരയിടം സ്ഥലത്തെ രാജാവിൽ നിന്നും മേടിച്ചുവെന്നും എഴുതിയിരിക്കുന്നു. ഭൂമിയുടെ അവകാശം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. വസ്തുവിലുള്ള ആദായം മൂത്ത മകന് കൊടുത്തുകൊണ്ട് അദ്ദേഹത്തിൻറെ വസ്തുക്കൾ പള്ളിക്ക് എഴുതിക്കൊടുത്തു. ഈ കച്ചവടക്കാരന് അടിമകളുമുണ്ടായിരുന്നു. അവരെയെല്ലാം ക്രിസ്ത്യാനികളായി മതപരിവർത്തനം ചെയ്തിരുന്നു. അടിമകളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും ന്യായാധിപനെപ്പോലെ തീർപ്പു കല്പിച്ചുകൊണ്ടിരുന്നതും അദ്ദേഹത്തിൻറെ രണ്ടാമത്തെ മകനായിരുന്നു. ഇതിനിടെ മക്കൾ തമ്മിൽ വഴക്കുണ്ടായി. മതം മാറിയ അടിമകൾ രണ്ടാമത്തെ മകനൊപ്പം മൂത്തയാളിനോട് വഴക്കുണ്ടാക്കി. മൂത്ത മകൻ യഹൂദരുടെ സഹായം ആവശ്യപ്പെട്ടു. അവർ വന്നു രണ്ടാമത്തെ മകനെയും മതം മാറിയ ക്രിസ്ത്യാനികളെയും അവിടെനിന്നു ഓടിച്ചു. ആ വസ്തുക്കളുടെ ഉടമസ്ഥാവകാശം യഹൂദർക്ക് ലഭിച്ചു. അവർ കൊച്ചി രാജാവിന് സേവനം ചെയ്തുകൊണ്ട് കൃഷികാര്യങ്ങളും രാജസേവനവും ചെയ്തു ജീവിച്ചുവെന്നാണ് ഒരു കഥ. അവരുടെ അനന്തര തലമുറകളാണ് ക്നാനായക്കാരെന്നും പറയുന്നു.

കൽദായ ബിഷപ്പായിരുന്ന മാർ ജേക്കബ് ആബൂന 1533-ൽ ഒരു കച്ചവടക്കാരനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. കാനൻ ദേശത്തുനിന്ന് ഒരു കച്ചവടക്കാരൻ തീർത്ഥാടനത്തിനായി മൈലാപ്പൂർ വന്നുവെന്നും അവിടെ കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ കണ്ടതുകൊണ്ടു അദ്ദേഹം കൊടുങ്ങല്ലൂർക്കു പോയിയെന്നും ഐതിഹ്യം പറയുന്നു. കൊടുങ്ങല്ലൂർ സ്ഥലം മേടിക്കുകയും പള്ളി പണിയുകയും ചെയ്തു. ഈ കച്ചവടക്കാരൻ മരിച്ചപ്പോൾ പള്ളിക്കു സമീപം കുഴിച്ചിടുകയും ചെയ്തു. 1564-ലെ കോറീയ  എഴുതിയ കുറിപ്പിലും ആബൂനായുടെ കാഴ്ചപ്പാടാണുള്ളത്. അർമേനിയൻ കച്ചവടക്കാരനായ ഒരാൾ അപ്പോസ്തോലൻ തോമസിന്റെ ഒരു ജോലിക്കാരനെ കണ്ടുമുട്ടിയെന്നും എഴുതിയിരിക്കുന്നു.  കച്ചവടക്കാരൻ തന്റെ വസ്തു മേടിക്കുന്നതിനുമുമ്പ് അയാളോടുകൂടി താമസിച്ചിരുന്നുവെന്നും കുറിച്ചുവെച്ചിട്ടുണ്ട്.

1578-ൽ ഡിയോണിസിയോ  എന്നയാൾ ക്നാനായി തൊമ്മനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വന്നത് മാർ ശബരിശോയും മാർ പിറുസിനു ശേഷമെന്നും പ്രാമാണികരിച്ചിരിക്കുന്നു. ബാബിലോണിയൻ ദേശക്കാരനായ കച്ചവടക്കാരനായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ വന്നു കച്ചവടം തുടങ്ങി. പണവും സ്വാധീനവുമായപ്പോൾ സ്ഥലത്തെ രാജാവുമായി കൂട്ടായി. തോമ്മാശ്ലീഹായുടെ നാമത്തിൽ പള്ളി വെക്കുവാൻ രാജാവ് 500 അടി സ്ഥലം കൊടുത്തു. അന്നുള്ള ക്രിസ്ത്യൻ ജനതയെ ഒന്നാകെ യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അനേകരെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനവും ചെയ്തു. പള്ളി പണിയാനുളള ഭീമമായ തുകയും രാജാവ് കൊടുത്തു. അദ്ദേഹത്തിൻറെ കാലത്ത് ക്രിസ്തുമതം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. തോമ്മാ, നാട്ടുകാരത്തി ഒരു സ്ത്രീയെ വിവാഹം ചെയ്തു. നായർ സ്ത്രീയെ വിവാഹം ചെയ്തെന്നു പറയുന്നു. ക്രിസ്ത്യാനികളെ നായന്മാർക്ക് തുല്യമായി തുല്യ ആദരവോടെ അക്കാലങ്ങളിൽ ഗൗനിച്ചിരുന്നു.

മോൺസെറാറ്റെ  1579-ൽ എഴുതിയിരിക്കുന്നു, 'ക്നാനായ തൊമ്മൻ വന്നപ്പോൾ കൊല്ലത്തും കൊടുങ്ങല്ലൂരും ക്രിസ്ത്യാനികളെ കണ്ടു. അവർ തോമ്മാശ്ലീഹായുടെ പിൻഗാമികളായിരുന്നു. ക്രിസ്ത്യാനികൾ നായന്മാരെ വിവാഹം ചെയ്തിരുന്നു. അവർ ക്രിസ്ത്യൻ പേരിലറിയപ്പെട്ടിരുന്നു. കഴുത്തിൽ കുരിശുകളും ഉണ്ടായിരുന്നു. ക്നാനായ തൊമ്മൻ അവരെ യോജിപ്പിക്കുകയും ജാതിയിൽ കൂടിയ സമൂഹമായി ഉയർത്തുകയുമുണ്ടായി.

ക്നാനായ തൊമ്മനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ കോപ്പർ പ്ളേറ്റിനെപ്പറ്റി 'ഫ്രാൻസിസ് റോസ്' (1603)വിവരിച്ചിട്ടുണ്ട്. അവസാന ചേരമാൻ പെരുമാളിന്റെ കാലത്ത് ബാബിലോണിയായിൽനിന്ന് ക്നാനായ തൊമ്മൻ വന്നു. രാജാവിന് വലിയ ഒരു തുക പണം കൊടുത്തു. അവിടെ സെന്റ്. തോമസ് പള്ളി പണിതു.' എന്നിരുന്നാലും തൊമ്മൻ വരുന്നതിനു മുമ്പ് ആ പ്രദേശമാകെ ക്രിസ്ത്യാനികളുണ്ടായിരുന്നു. മറ്റൊരു ചെപ്പേടിൽ പറയുന്നു, ക്നാനായ തൊമ്മൻ കൊടുങ്ങല്ലൂർ വന്നെത്തിയപ്പോൾ ചേരമാൻ പെരുമാൾ നേരിട്ട് വന്നു അദ്ദേഹത്തെ സ്വീകരിച്ചു. അത് ഒരു ഫെബ്രുവരി ഏഴാംതീയതി നിലാവുള്ള  രാത്രിയായിരുന്നു. മഹോദരം പട്ടണം ക്നാനായ തൊമ്മനായി രാജാവ് നൽകി. അവിടെ തൊമ്മൻ  മതപരമായ ആവശ്യത്തിനായി  പള്ളിയും താമസിക്കാൻ വീടും പണിതു. പൂന്തോട്ടങ്ങൾ സഹിതം രാജാവിന്റെ സഹായത്താൽ 62 വീടുകൾ പണി കഴിപ്പിച്ചു. വഴികളും ഉണ്ടാക്കി. ഇപ്പറഞ്ഞ തൊമ്മന് ഒരു ഭാര്യയും ഒപ്പം താമസിക്കാൻ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. അവർ രണ്ടുപേരും മാർഗം കൂടിയ മലബാറിയൻ ക്രിസ്ത്യാനികളായിരുന്നു. ക്നാനായ തൊമ്മന്റെ വംശാവലിയിൽ ഒരു ക്രിസ്ത്യൻ സമൂഹം തന്നെയുണ്ടായി.

അടുത്ത കാലത്ത് ക്നാനായക്കാർ അന്യമതക്കാരെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തിൽ കാനഡയിലെ ബിഷപ്പ് 'മൈക്കല്‍ മുല്‍ഹാലിന്റെ' നേതൃത്വത്തിലുള്ള കമ്മീഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ക്നാനായക്കാർ പുറത്തുള്ള മറ്റു കത്തോലിക്കരെ വിവാഹം ചെയ്‌താൽ സമുദായത്തിൽനിന്നും പുറത്താക്കുന്നത് നീതീകരിക്കാൻ സാധിക്കുന്നില്ലെന്നും അത് ക്രിസ്തീയതയല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അമേരിക്കയിൽ രൂപതകളും പള്ളികളും സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ക്നാനായ സമുദായത്തിലുള്ള ആൾ സീറോ മലബാർ രൂപതയിൽപ്പെട്ടവരെ വിവാഹം കഴിച്ചാലും സമുദായ ഭ്രഷ്ട്ട് കൽപ്പിക്കുന്ന നടപടിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്നാനായുടെ അസ്തിത്വത്തെ തകരാറാക്കുന്ന വിധമാണ് ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ ഏകപക്ഷീയമായ ഈ തീരുമാനം. കേരളത്തിലും അമേരിക്കയിലും സമഗ്രമായ ഒരു അന്വേഷണം നടത്തിയ ശേഷമാണ് കാനേഡിയൻ ബിഷപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വളരെയധികം ആശങ്കകളോടെയാണ് സമുദായം ഈ റിപ്പോർട്ടിനെ കാണുന്നത്. നൂറ്റാണ്ടുകളായി പവിത്രമായി കരുതുന്ന സ്വവംശ വിവാഹമെന്ന പാരമ്പര്യത്തിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

സ്വവംശ വിവാഹത്തെ സംബന്ധിച്ച് വത്തിക്കാൻ പുറത്തുവിട്ട വിവാദ ഉത്തരവിൽ ക്നാനായ സമുദായം അസന്തുഷ്ടരാണ്. റോമിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിക്ഷേധങ്ങൾക്കും കാരണമായേക്കാം. ഇതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവനും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏകദേശം ഒരുലക്ഷം ക്നാനായക്കാർ സമുദായത്തിന് വെളിയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവർക്ക് സ്വന്തം സഹോദരങ്ങളോടൊപ്പം മാതാപിതാക്കളോടൊപ്പം ആചാരങ്ങളിൽ പങ്കു ചേരാൻ സാധിക്കാതെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുന്നു. ക്നാനായ സമുദായത്തിൽനിന്നുമല്ലാത്തവരെ വിവാഹം ചെയ്‌തുവെന്ന കാരണത്താൽ അവർ സഭയ്ക്ക് പുറത്തു പോവുന്നതും ക്രിസ്തീയ പാരമ്പര്യത്തിനെതിരാണ്. അത്തരം വൈകൃതങ്ങളായ പാരമ്പര്യങ്ങളെ ശ്രദ്ധിക്കാതെ വത്തിക്കാന്  കൈകെട്ടി നിൽക്കാനും സാധിക്കില്ല. വത്തിക്കാൻ നിയമിച്ച കമ്മീഷന്റെ നിലപാടും അതുതന്നെയായിരുന്നു.

വത്തിക്കാൻ നിർദ്ദേശം അവഗണിച്ചുകൊണ്ട് ക്നാനായ സമുദായം എങ്ങനെ മുമ്പോട്ട് പോകും? ഒന്നുകിൽ ഇവർക്ക് സ്വതന്ത്രമായ സഭയുണ്ടാക്കാം. അല്ലെങ്കിൽ ക്നാനായ യാക്കോബാ സമുദായത്തോട് ചേരുവാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ക്നാനായ സഭയുടെ സ്വത്തുക്കളിൽ തീരുമാനത്തിനായി കോടതികളെ ആശ്രയിക്കേണ്ടി വരും. യാക്കോബായും ഓർത്തോഡോക്സും തമ്മിലുള്ളതുപോലെ ഒരു പൊരിഞ്ഞ യുദ്ധത്തിനും കാരണമാകാം. ക്നാനായിലെ വലിയൊരു വിഭാഗം റോമിന്റെ ഭരണത്തിൻകീഴിൽ തുടരാൻ താല്പര്യപ്പെടുന്നതിനാൽ സമുദായത്തിനുള്ളിൽ അത് പിളർപ്പിലേക്കും വഴിതെളിയിക്കും. യുവ ജനങ്ങളിൽ അനേകർ ക്നാനായ സമുദായത്തിൽ നിന്ന് വിട്ട് പുറത്തുള്ള സഭകളുമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും കാണാം. ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാവുമെന്നതിലും സംശയമില്ല.

അമേരിക്കയിൽ സീറോ മലബാർ സഭയുടെ ബിഷപ്പ് അങ്ങാടിയത്തും ബിഷപ്പ് മൂലെക്കാട്ടിലും മുത്തേലത്തച്ചനുമൊത്ത് ക്നാനായക്കാരെ ചതിച്ചുവെന്നുള്ള വിവാദങ്ങളുമുണ്ട്. മുത്തേലത്തച്ചൻ എന്ന പുരോഹിതൻ ക്നാനായക്കാരെക്കൊണ്ട് പള്ളികൾ മേടിപ്പിച്ച ശേഷം ആ പള്ളികൾ മുഴുവൻ അങ്ങാടിയത്തിനു തീറെഴുതി കൊടുക്കുകയാണുണ്ടായത്. സഭ മാറി കെട്ടിയ ക്നാനായക്കാർക്കും അവരുടെ കുടുംബത്തിനും ക്നാനായ പള്ളിയിൽ അംഗത്വം കൊടുക്കുന്നതും ക്നാനായ സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഭാവിയിൽ ഈ ഫോർമുല മൂലെക്കാട്ടിൽ കേരളത്തിലും കൊണ്ടുവരുമെന്നും ഭയപ്പെടുന്നു. ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന പദ്ധതിയാണിതെന്നു സമുദായത്തിലുള്ളവർ ആശങ്കപ്പെടുന്നു. അമേരിക്കൻ ക്നാനായ സഭകളുടെമേൽ തനിക്ക് അധികാരമില്ലെന്നു ബിഷപ്പ് മൂലേക്കാടൻ പ്രഖ്യാപിച്ചതും വലിയ ഒച്ചപ്പാടുകൾക്ക് കാരണമായിരുന്നു.

Read more

വഴുതിപ്പോകുന്ന കാനോൻ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും

ആദ്ധ്യാത്മികതയുടെ നാടായ ഭാരതത്തിൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തീയ ചൈതന്യം വേരൂന്നിയിരുന്നുവെന്നു പാരമ്പര്യമായി നാം വിശ്വസിച്ചുവരുന്നു.  ഇന്ത്യയുടെ സാംസ്ക്കാരിക മുന്നേറ്റത്തിൽ ക്രിസ്ത്യൻ സംസ്ക്കാരവും ഭാരതീയ ദേശീയതയിൽ ലയിച്ചു ചേർന്നിരുന്നു. പൗരാണിക ഭാരതീയ ക്രിസ്ത്യാനികൾക്ക് പടിഞ്ഞാറൻ ക്രിസ്ത്യാനികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പോർട്ടുഗീസുകാർ കോളനികൾ സ്ഥാപിച്ചപ്പോൾ നാട്ടു ക്രിസ്ത്യാനികളെ റോമിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു. അതിനെ ദേശീയ ക്രിസ്ത്യാനികൾ എതിർക്കുകയും പോർട്ടുഗീസുകാരുടെ ശ്രമങ്ങളെ വിഘ്നപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

1653-ൽ കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിൽ ക്രൈസ്തവ സഭകളെ പാശ്ചാത്യവൽക്കരിക്കുന്നതിനെതിരെ ക്രിസ്ത്യാനികൾ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. പോർട്ടുഗീസുകാർക്കെതിരെ പ്രതിക്ഷേധിക്കുകയും വിദേശ ആചാരങ്ങളെയും റോമ്മായുടെ മതപരമായ കാഴ്‌ചപ്പാടുകളെയും ഭാരത സഭയിൽ അടിച്ചേൽപ്പിക്കുന്നതിൽ എതിർക്കുകയും ചെയ്തു. അവിടെ ഒരു കുരിശിൽ കയറു കെട്ടി കൈകൾ കയറിന്മേൽ! പിടിച്ചുകൊണ്ടു തങ്ങൾക്ക് റോമ്മാ സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിജ്ഞയും ചെയ്തു. ജനക്കൂട്ടം കുരിശിൽ കെട്ടിയ കയറുകൾ താഴോട്ടു വലിച്ചിരുന്നതുകൊണ്ട് കുരിശു വളയുകയുമുണ്ടായി. അന്നുമുതൽ ചരിത്രപ്രധാനമായ ഈ സത്യപ്രതിജ്ഞയെ കൂനൻ കുരിശു സത്യമെന്ന് അറിയപ്പെടുന്നു. കൂനൻ കുരിശു സത്യത്തെ പ്രതിജ്ഞ ചെയ്തവർ യാക്കോബാ, ഓർത്തോഡോക്സ്, മാർത്തോമ്മാ, സി.എസ്.ഐ വിഭാഗങ്ങളായി മാറുകയും റോമ്മായെ അനുകൂലിച്ചവർ കത്തോലിക്കരായി തുടരുകയും ചെയ്തു.

പോർട്ടിഗീസുകാർക്കെതിരെ നാട്ടു ക്രിസ്ത്യാനികൾ സമരം പ്രഖ്യാപിച്ചത് ക്രിസ്ത്യാനികളുടെ പാരമ്പര്യ സാംസ്ക്കാരികതയെ പരിരക്ഷിക്കാനായിരുന്നു. അന്നുവരെ ക്രിസ്ത്യാനികൾ അനുഷ്ടിച്ചു വന്ന നിയമത്തെ തോമസ് നിയമങ്ങളെന്നു പറഞ്ഞു വന്നിരുന്നു. തോമസ് നിയമം അനുസരിച്ച് ഒരോ പള്ളിയും സ്വതന്ത്രമായിരുന്നു. ഭൗതിക കാര്യങ്ങൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ മാത്രമേ ചുമതലയുണ്ടായിരുന്നുള്ളൂ. സഭയുടെ ഭൗതിക കാര്യങ്ങളിൽ അവർക്ക് യാതൊരു അവകാശങ്ങളും ഉണ്ടായിരുന്നില്ല. ഓരോ പുരോഹിതനുമുള്ള പ്രതിഫലം ഇടവക ജനങ്ങൾ നിശ്ചയിച്ചിരുന്നു.

പോർട്ടുഗീസുകാർക്ക്, പ്രാചീനമായി ക്രിസ്ത്യാനികൾ പുലർത്തി വന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നശിപ്പിച്ച് ഭൂരിഭാഗം ക്രിസ്ത്യാനികളെ പോപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചു. പോപ്പിന്റെ പ്രതിനിധികളായ മെത്രാന്മാർക്കും കർദ്ദിനാൾവരെയും  ആദ്ധ്യാത്മിക അധികാരത്തിനു പുറമേ ഭൗതികമായ അധികാരങ്ങളുമുണ്ടായിരുന്നു. പോപ്പ് കൊടുത്ത ഏകാധിപത്യ തീരുമാനം പുരോഹിതർക്കും മെത്രാന്മാർക്കും അല്മെനികളെ നിയന്ത്രിക്കാനുള്ള അധികാരവുമായി മാറി. അടിമ-യജമാനൻ എന്ന മനസ്ഥിതിയും രൂപാന്തരപ്പെട്ടു. പുരോഹിതരും മെത്രാന്മാരും രാജ്യത്തിന്റെ നിയമങ്ങൾക്കു മീതെ സഞ്ചരിക്കുന്നുവെന്ന അഹങ്കാരവുമുണ്ടായി. ഓരോ രൂപതകളുടെ പള്ളികളും സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പുരോഹിതരുടെ കുത്തകയായി മാറ്റപ്പെട്ടു. മദ്ധ്യകാലത്തിലെ പ്രഭുത്വത്തിനു തുല്യമായി രാജകീയ വേഷങ്ങളണിഞ്ഞുകൊണ്ടു ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനും ആരംഭിച്ചു. സഭയുടെ വസ്തുക്കളിൽ അവർക്കു മാത്രം പരമാധികാരം. പള്ളിക്കു സ്വത്തുണ്ടാക്കേണ്ടത് അല്മെനികളും. മില്യൺ കണക്കിനു വരുന്ന കറൻസികളുടെ വാർഷിക വരുമാനവും ഭൗതിക സ്വത്തുക്കളും റോമിലെ കാനോൻ നിയമമനുസരിച്ച് അതാത് സ്ഥലങ്ങളിലെ ബിഷപ്പുമാർ നിയന്ത്രിക്കുന്നു. മതസ്ഥാപനമായതുകൊണ്ടു നികുതിയും കൊടുക്കേണ്ട.

ഇന്ത്യൻ ഭരണഘടനയുടെ മുപ്പതാം വകുപ്പനുസരിച്ച് ന്യുനപക്ഷ അവകാശമെന്ന പേരിൽ സഭാസ്വത്തുക്കൾക്ക് സംരക്ഷണവും ലഭിക്കുന്നു. കാനോൻ നിയമം അനുസരിച്ച് ബിഷപ്പിന് ഭരണ ചുമതലയും നിയമ നിർമ്മാണവും പരിപൂർണ്ണ തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമുണ്ട്. വ്യക്തിപരമായി ഈ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു. സഭയുടെ ഭൗതിക സ്വത്തുക്കളിൽ, അല്മായന് യാതൊരു അധികാരവുമില്ല. ഓരോ ബിഷപ്പുമാരും മാർപാപ്പാ നിയമിച്ച സ്ഥലത്തെ മഹാരാജാക്കന്മാർക്ക് തുല്യമായി ജീവിക്കുന്നു. അല്മായർ ഈ മഹാരാജാവിനോട് വിധേയത്വം പുലർത്തുകയും വിശ്വസ്തരുമായിരിക്കണം.

കാനോൻ നിയമം പുരോഹിതർക്കുവേണ്ടിയുള്ള ഒരു സൃഷ്ടിയാണ്. അതിലെ നിയമം 191 അനുസരിച്ച് ഇന്ത്യ മുഴുവനുമായുളള സഭയുടെ ഭൗതിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാനുള്ള അധികാരം പോപ്പ് നിയമിക്കുന്ന ബിഷപ്പിനാണ്. ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിയമവും കോടതികളും ബിഷപ്പുമാർക്ക് അനുകൂലമായ തീരുമാനമായിരുന്നു എക്കാലവും എടുത്തിരുന്നത്. ന്യുനപക്ഷ അവകാശങ്ങളുടെ തണൽ പറ്റിയാണ് ഇവർ കോടതിയിൽ വിജയം നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത കാലത്തെ കോടതി വിധികൾ അനുകൂലമല്ലാതെയും വന്നിട്ടുണ്ട്.

സൈബർ ലോകത്തെയും സോഷ്യൽ മീഡിയാകളെയും സഭയും പുരോഹിതരും ഭയപ്പെടുന്നു. അന്തരിച്ച സുപ്രീം കോടതി ജഡ്ജി ശ്രീ വി.ആർ. കൃഷ്ണയ്യർ കൊണ്ടുവന്ന ചർച്ച് ആക്ട് നടപ്പിലായാൽ പൗരാഹിത്യത്തിന്റെ അധികാര ശൃംഖല പൊട്ടി തകരുമെന്നും വേവലാതിപ്പെടുന്നുണ്ട്. പള്ളിയും പട്ടക്കാരുമായുള്ള ദുരനുഭവങ്ങളിൽ ബലിയാടാകേണ്ടി വരുന്ന വിശ്വാസികൾക്ക് താഴെ വിവരിച്ചിരിക്കുന്ന ചില കോടതിവിധികൾ പ്രയോജനപ്പെട്ടേക്കാം. വിശ്വാസത്തെക്കാളും പുരോഹിതർക്ക് മുഖ്യം പണമാണെന്നു ഓരോ കാലഘട്ടങ്ങളിലുണ്ടായ കേസ് വിസ്താരങ്ങളിൽനിന്നു മനസിലാക്കാനും സാധിക്കും.

മോളി-സെബാസ്റ്റ്യൻ വിവാഹമോചന കേസ്:

 2017 ജനുവരിയിൽ സഭാകോടതിയുടെ തീരുമാനമനുസരിച്ച് സീറോ മലബാർ സഭയിലെ വിവാഹിതരായ മോളി-സെബാസ്റ്റ്യൻ ദമ്പതികൾക്ക് വൈവാഹിക ബന്ധത്തിൽനിന്നും മോചനം നൽകിയിരുന്നു. ഈ  കേസ് 1996-ൽ സഭാ കോടതിയിൽ തീർപ്പു കല്പിച്ചതായിരുന്നു. എന്നാൽ ഇന്ത്യയുടെ പരമോന്നത കോടതി അവരുടെ  വിവാഹ മോചനം ഔദ്യോഗികാംഗീകാരമില്ലാത്തതെന്നു സ്ഥിതീകരിച്ചു. സഭയുടെ അധികാര പരിധിയിലുള്ള വിവാഹമോചനം ഇന്ത്യൻ നിയമം അനുസരിച്ച് അതാത് നിയമാതിർത്തിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വിവാഹ മോചനത്തിന് സാധുതയില്ലെന്നായിരുന്നു വിധി. സഭാകോടതിയുടെ തീരുമാനം ഇന്ത്യൻ പരമോന്നത നിയമങ്ങൾക്ക് വിധേയമല്ലെന്നും കോടതിയുടെ വിസ്താരത്തിലുണ്ടായിരുന്നു. സഭ, വിവാഹ മോചനം നൽകിയാലും നിയമത്തിന്റെ മുമ്പിൽ അവർ ഭാര്യ ഭർത്താക്കന്മാർ തന്നെയാണ്. ഒരേ സമയം രണ്ടു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവുള്ള വ്യക്തി (bigamist) ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റക്കാരുമാണ്. 1869-ലെ ക്രിസ്ത്യൻ വിവാഹമോചന പ്രകാരം വിവാഹ മോചനം നിയമപരമായി രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച്, സഭയുടെ അറ്റോർണി ക്ലാരേൻസ് പയസ് വഴി നൽകിയ പെറ്റിഷൻ തള്ളിക്കളയുകയും ചെയ്തു.

വിവാഹവും വിവാഹ മോചനവും കത്തോലിക്ക സഭയെ സംബന്ധിച്ച് കാനോൻ നിയമങ്ങളാണ്  നിയന്ത്രിക്കുന്നത്. സഭാക്കോടതിയിൽ നൂറു കണക്കിന് വിവാഹ മോചനത്തിനായുള്ള കേസു‌കളുടെ ഫയലുകൾ കെട്ടി കിടക്കുന്നുവെന്ന് സഭാവക്കീൽ 'പയസ്‌' വാദിച്ചിരുന്നു. കാനോൻ നിയമം അനുസരിച്ച് ഇടവകയിലെ വികാരി വിവാഹം കൂദാശ ചെയ്യുമ്പോൾ വിവാഹം സാധുവാകുന്നു. അതുപോലെ വിവാഹ മോചനവും. എന്നാൽ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമ പ്രകാരം കാനോൻ നിയമപ്രകാരമുള്ള വിവാഹത്തിന് യാതൊരു സാധുതയുമില്ലെന്നുള്ളതാണ്. സഭയുടെ നിയമം അനുസരിച്ചു മാത്രം പുനർ വിവാഹം ചെയ്തു ജീവിക്കുന്നവർ ഇന്ത്യൻ വകുപ്പ് 494 ബഹുഭാര്യത്വം, ബഹുഭർത്തൃത്വം പ്രകാരം ജയിൽ ശിക്ഷയ്ക്ക് വിധേയരുമായിരിക്കും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ നൂറു കണക്കിന് ഭാര്യ ഭർത്താക്കന്മാർ ജയിൽ ശിക്ഷയോ കോടതി ഫൈനോ നേരിടേണ്ടി വരും. വിവാഹ മോചനത്തിന് സഭാ കോടതികളുടെ തീരുമാനത്തിന് യാതൊരു വിലയുമില്ലെന്നു ഈ കോടതി വിധിയിലൂടെ തെളിയുകയാണ്.

പള്ളി യോഗത്തിൽ സംബന്ധിക്കാത്തതിനുള്ള കേസ് :

ഇരിഞ്ഞാലക്കുട രൂപതയിൽ കൈപ്പമംഗലം പള്ളിയിലെ വികാരി ഫാദർ സെബി കുളങ്ങര  വേദപാഠ ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. ഒരു കുട്ടിയുടെ പിതാവായ 'പോൾസൺ പണ്ടാരി' ആ യോഗത്തിൽ സംബന്ധിച്ചിരുന്നില്ല. യോഗത്തിൽ പങ്കു ചേരാതിരുന്നതിന്റെ പേരിൽ പോൾസന്റെ രണ്ടു മക്കൾ 'വിവേകിനേയും വൈശാഖിനെയും'ക്ലാസ്സിൽ നിന്നും പുറത്താക്കി. നീതിയില്ലാത്ത വികാരിയുടെ ഈ പ്രവർത്തിക്കെതിരെ പോൾസൺ കൊടുങ്ങല്ലൂരുള്ള മുനിസിഫിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. വികാരിയ്‌ക്കെതിരെ കേസ് കൊടുത്ത്, സഭയയെയും പള്ളിയെയും അപമാനിച്ചെന്ന് പറഞ്ഞുകൊണ്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റിൽ പോൾസനെ പള്ളിയോടനുബന്ധിച്ചുള്ള കൂദാശകൾ സ്വീകരിക്കുന്നതിൽനിന്നും മുടക്കി. കുമ്പസാരവും കുർബാനയും മുടക്കുകയും പള്ളിയിൽ വരാൻ പാടില്ലെന്നു കൽപ്പനയും  പുറപ്പെടുവിച്ചു. അതിനെതിരെയും പോൾസൺ കൊടുങ്ങല്ലൂർ മുൻസിഫ്‌ കോടതിയിൽ കേസ് കൊടുത്തു.

പ്രതിഭാഗം വക്കീൽ കെ.ജെ.മിഖൈയാൽ 'ഇതൊക്കെ കത്തോലിക്ക സഭയുടെ കാനോൻ നിയമപ്രകാരമുള്ളതാണ്, കേസ് നിലനിൽക്കില്ലെന്നും' വാദിച്ചു. എന്നാൽ വാദിഭാഗം വക്കീലായിരുന്ന കെ.കെ. അൻസാറിന്റെ ജൂനിയർ മിസ് ശബളയുടെ വാദത്തിൽ 'കാനോൻ നിയമം വാദിയുടെ പൗരാവകാശ നിയമത്തെ ചോദ്യം ചെയ്യുന്നുവെന്നും' വാദിച്ചു. നിയമത്തിന്റെ പഴുതുകൾ തേടി കോടതിയിൽ സഹായം തേടിയെന്ന പേരിൽ കൂദാശകൾ നിരസിക്കുന്നതു രാജ്യത്തിലെ സിവിൽ നിയമങ്ങളോടുള്ള അവഹേളനമാണെന്നും വാദങ്ങളിൽ ഉണ്ടായിരുന്നു. ഇതിനു സമാനമായ സുപ്രീം കോടതിയിലെ ഒരു വിധിയും ചൂണ്ടി കാണിച്ചിരുന്നു. കൊടുങ്ങല്ലൂർ മുനിസിഫ് ശ്രീ അനന്തകൃഷ്ണൻ, കേസിൽ പോള്സണും മക്കൾക്കും അനുകൂലമായി വിധി പ്രസ്താവിച്ചു. 2009 മാർച്ച് ഇരുപത്തിനാലാം തിയ്യതിയായിരുന്നു വിധി പ്രസ്താവിച്ചത്. പള്ളി വികാരിയും കൂട്ടരും ഈ വിധിക്കെതിരെ പിന്നീട് അപ്പീലുമായി മേൽക്കോടതികളിൽ പോയില്ല. അതുകൊണ്ടു ആ നിയമം ഇന്നും പ്രാബല്യമാണ്. ഈ കേസ് നടക്കുന്ന മൂന്നു വർഷത്തോളം പള്ളിയിൽ ആദ്യകുർബാന ചടങ്ങുകളുണ്ടായിരുന്നില്ല.

സഭയുടെ ഒരു വസ്തുക്കേസ്: 

2012 ഒക്ടോബർ മാസം കേരള ഹൈക്കോടതിയിൽ ജഡ്ജി കെ വിനോദ് ചന്ദ്രൻ പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിൽ സഭയുടെ വസ്തു വകകളിൽ ഇടവക ജനത്തിന് അവകാശമുണ്ടായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. കൊല്ലത്ത് ശക്തികുളങ്ങരയിലുള്ള മുക്കാട് തിരുക്കുടുംബ ദേവാലയ അധികാരികളും ഇടവക ജനങ്ങളും തമ്മിൽ പള്ളിവക വസ്തുക്കളെ സംബന്ധിച്ച വസ്തു തർക്കങ്ങളായിരുന്നു, കേസിനാസ്പദം. ഇടവക ജനം ഒന്നായോ അവരുടെ കമ്മിറ്റി പ്രതിനിധികൾക്കോ പള്ളിയുടെ സ്വത്തുക്കളിൽ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തി.

കാനോൻ നിയമം അനുസരിച്ച് പള്ളിയുടെ സ്വത്തുക്കൾ ബിഷപ്പിന്റെയോ വികാരിയുടെയോ  പേരിലായിരിക്കും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വികാരിയെയോ ബിഷപ്പിനെയോ മാത്രമേ കേസുകൾ വിസ്തരിക്കാൻ അനുവാദം കൊടുക്കാറുള്ളൂ. 'പള്ളി അല്മായന്റെയും കൂടിയാണെന്ന സ്ഥിതിക്ക് യാതൊരു വിധത്തിലും കാനോൻ നിയമം ഈ രാജ്യത്ത് ബാധകമല്ലെന്നും' വിധിന്യായത്തിലുണ്ടായിരുന്നു.
പള്ളിയും സ്വത്തുക്കളും മെത്രാന്റെയോ പോപ്പിന്റെയോ അധീനതയിലായിരിക്കരുത്. റോം സംസാരിക്കുന്നുവെങ്കിൽ കേസ് അവസാനിപ്പിക്കുമായിരുന്നു. എന്നാൽ ആ നിയമം ഈ രാജ്യത്ത് വിലപ്പോവില്ലന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള കാനോൻ നിയമം ഇന്ത്യയുടെ പൗര നിയമങ്ങൾക്ക് മറ സൃഷ്ടിക്കുന്നു. പൗരാവകാശ നിയമങ്ങൾക്ക് അതിരു കടക്കുന്ന കാനോൻ  നിയമങ്ങൾ സമൂഹത്തിൽനിന്നും നീക്കം ചെയ്യേണ്ടതാണെന്നും വിധിയിലുണ്ടായിരുന്നു.

കാനോൻ നിയമങ്ങൾ അനുസരിച്ച് പുരോഹിതർക്കും മെത്രാന്മാർക്കും ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാം. എന്നാൽ അത് ഈ രാജ്യത്തിലെ പൗരാവകാശ നിയമങ്ങളെ മറി കടന്നുള്ളതായിരിക്കരുത്. അതൊരു വ്യക്തിഗതമായ നിയമമാണ്. കാനോൻ നിയമങ്ങൾ ദൈവ ശാസ്ത്രപരമോ സഭാ സംബന്ധിയായ വിഷയങ്ങളിലോ ഉപകരിച്ചേക്കാം. അത്തരം വ്യക്തിഗത നിയമങ്ങൾക്ക് യാതൊരു നിയമ പ്രാബല്യവുമില്ലെന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് പ്രസ്താവിച്ചു. സുപ്രിം കോടതിക്ക് ഈ വിധിയെ ഭേദഗതി ചെയ്യാമെന്നും വിധിയിലുണ്ടായിരുന്നു.

ഷിക്കാഗോ രൂപതയിലെ കല്യാണക്കുറി കേസ്:

പള്ളി വികാരികളും മെത്രാന്മാരും സാധാരണ അല്മായന് മാനസിക പീഢനം കൊടുക്കുന്നത് മാമ്മോദീസായോ കല്യാണമോ മരണമോ സംഭവിക്കുമ്പോഴാണ്. അപ്പോഴെല്ലാം പുരോഹിതർ തനി ബിസിനസുകാരെപ്പോലെ പെരുമാറും. അന്യായമായി പണം ഈടാക്കാനുള്ള പദ്ധതികളുമായി അരങ്ങേറും. കേരളത്തിൽ ഇത്തരം തരികിട കളികൾ ചെലവാകും. പക്ഷെ അമേരിക്കയിലും ഇതേ നയം ചെലവാക്കാൻ നോക്കിയ ഷിക്കാഗോ രൂപത മെത്രാനെപ്പറ്റിയും മറ്റു രണ്ടു പുരോഹിതരെപ്പറ്റിയുമുള്ള ശ്രീ ജയിംസ് തുണ്ടത്തിലിന്റെയും ലിസിയുടെയും  ഒരു പോസ്റ്റ് വായിക്കാനിടയായി.  ബിഷപ്പ് അങ്ങാടിയത്തിനയച്ച അറ്റോർണിയുടെ നോട്ടീസും ലേഖനത്തോടൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിക്കാൻ പോകുന്ന യുവ വധുവരന്മാരുടെ പരീക്ഷണങ്ങളുടേതായ ഈ കഥ വായിച്ചാൽ, ആരിലും സഭയുടെ കപട മുഖമെന്തെന്നുള്ള പ്രതിച്ഛായ നിഴലിച്ചു വരും. പണത്തിനുവേണ്ടി ഷിക്കാഗോ രൂപത അനുവർത്തിച്ച നയങ്ങളിലൂടെ വിവാഹിതരാകാൻ പോകുന്ന  യുവദമ്പതികൾക്കും അവരുടെ മാതാപിതാക്കൾക്കും  നൽകിയ പീഡനങ്ങൾ സാമാന്യ ജനത്തിനു ഉൾക്കൊള്ളാൻ സാധിക്കുകയില്ല. അത്രക്ക് ഭീകരവും ജുഗുപ്സാവഹവുമായി രൂപത ഈ യുവതി യുവാക്കളെ അങ്ങേയറ്റം മാനസികമായി പീഢിപ്പിച്ചു.

ജെയിനി, ജോമോൻ എന്നീ വധുവരന്മാരുടെ വിവാഹത്തിനുള്ള കല്യാണക്കുറി കൊടുക്കാൻ ഷിക്കാഗോ രൂപതയുടെ വൈദികനായ ഫാദർ ഇല്ലികുന്നുംപുറത്തും ഇടവക ലാറ്റിൻ പള്ളി സഹവികാരിയായ ഫാദർ തറയിലുമൊത്തുകൂടി 3000 ഡോളർ ആവശ്യപ്പെട്ടു. അരമനയും ബിഷപ്പും പുരോഹിതരെ പിന്തുണക്കുകയും ചെയ്തു. അത്രയും വലിയ ഒരു തുക രൂപതയ്ക്ക് കൊടുക്കാൻ, വിവാഹം കഴിക്കാൻ പോവുന്ന ദമ്പതികൾ തയാറായിരുന്നില്ല. ഒടുവിൽ വധു വരന്മാരുടെ മാതാപിതാക്കൾ നിയമപരമായ നോട്ടീസ് കൊടുത്തു കഴിഞ്ഞാണ്, 'രൂപത' കുറി കൊടുക്കാൻ തയ്യാറായത്. ഈ രാജ്യത്തെ നിയമങ്ങളറിയാതെയുള്ള പുരോഹിതരുടെ വിളച്ചിലുകൾ ഇവിടെ പരാജയപ്പെട്ടു. ഇത് അമേരിക്കയാണ്, നിയമങ്ങൾ വേറെയെന്നുമുള്ള കഥകളും അവർ മറന്നു പോയിരുന്നു. ആത്മീയ ചൈതന്യം വിതറേണ്ട ബിഷപ്പും ഫാദർ തറയിലും ഫാദർ ഇല്ലികുന്നുംപുറത്തും കളിച്ച കളികൾ ഡോളറിനുവേണ്ടിയായിരുന്നു. പക്ഷെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.

മനസുചോദ്യവും കല്യാണത്തിനുള്ള ഹാളും സകല കല്യാണ ഒരുക്കങ്ങളും നടത്തി കഴിഞ്ഞിട്ടും ഡോളറിനു വേണ്ടി ഈ ത്രിമൂർത്തികളായ പുരോഹിതർ നല്ലൊരു ഗെയിം തന്നെ കളിച്ചു. സീറോ മലബാർ ബിഷപ്പ് അങ്ങാടിയത്തിനും പുരോഹിതർക്കും മാറി മാറി കത്തുകൾ മാസങ്ങളോളം ഈ കുടുംബം അയച്ചുകൊണ്ടിരുന്നു. ഇമെയിലുകളും അയക്കുമായിരുന്നു. മറുപടി കിട്ടാതെ ഒരു കുടുംബത്തിന്റെ സമയം മുഴുവൻ പാഴാക്കിക്കൊണ്ടിരുന്നു. നേരിട്ടു കണ്ടാൽ ഭംഗിവാക്കുകളാൽ  കുറിയുടൻ തരാമെന്നു വാഗ്ദാനം ചെയ്തു കളിപ്പിച്ചുവിടുമായിരുന്നു. കുറിയുടെ കാര്യത്തിലെ ഒരു തീരുമാനത്തിനായി കുടുംബത്തിൽനിന്നും മാറി മാറി ഓരോരുത്തരും അരമന സന്ദർശനവും നടത്തിയിരുന്നു. അപ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകളുടെ മറുപടിയും കിട്ടും. ഇക്കാര്യത്തിൽ ഇടവക സഹ വികാരിയായ ഫാദർ തറയിലും ക്നാനായ വികാരി ഇല്ലികുന്നുംപുറത്തും കപടതയുടെ മുഖം മൂടിയണഞ്ഞു ഒരേ ടീമായി പ്രവർത്തിച്ചു. അവർ ഇരുവരെയും കല്യാണക്കുറിക്കായി മാറി മാറി കണ്ടുകൊണ്ടിരുന്നിട്ടും പ്രയോജനമുണ്ടായില്ല. കല്യാണ ദിവസങ്ങൾ അടുത്തുകൊണ്ടുമിരുന്നു.

ഒടുവിൽ ഫാദർ തറയിൽ ഇവരുടെ വിവാഹം നടത്തില്ലെന്നറിയിച്ചപ്പോഴാണ് നിയമപരമായ നടപടികളിലേക്ക് ഈ കുടുംബം നീങ്ങിയത്. വക്കീലിന്റെ നോട്ടീസ് കിട്ടിയയുടൻ തന്നെ കല്യാണക്കുറി തയ്യാറാക്കി വക്കീലിനെ ഏൽപ്പിക്കുകയും ചെയ്തു. വരന്റെ മാതാവായ ലിസി തുണ്ടത്തിൽ പറയുന്നു, "ഒരു കല്യാണക്കുറി ലഭിക്കാൻ പള്ളിക്ക് മൂവായിരം ഡോളർ കൊടുത്തിരുന്നുവെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. അഴിമതിയിൽക്കൂടി കാര്യം നേടാൻ ആഗ്രഹിക്കാത്തതുകൊണ്ടു ഈ വിഷയത്തിൽ അവരുടെ കുടുംബം ഒറ്റക്കെട്ടായി അനീതിയ്‌ക്കെതിരെ പോരാടി. ഇത്തരം ഒരു സാഹസത്തിൽക്കൂടി അവർ പോരാടിയത്."ഭാവി തലമുറയ്ക്ക് നീതി കിട്ടണമെന്ന ഉദ്ദേശത്തിലായിരുന്നുവെന്നും" ലിസ്സി പറഞ്ഞു.

ശവസംസ്ക്കാരം നിഷേധിച്ച കേസുകൾ: 

നിസാര കാര്യത്തിനുപോലും പാവങ്ങളും ദളിതരും മരിച്ചാൽ പ്രതികാരം ചെയ്യുകയെന്നുള്ളത്, പുരോഹിതരുടെ ഒരു ക്രൂര വിനോദമാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് കല്ലുവെട്ടത്ത് കുട്ടപ്പൻ എന്ന സാധു ദളിതൻ മരിച്ചപ്പോൾ വികാരി അയാളുടെ ശവസംസ്ക്കാര ചടങ്ങുകൾ നിഷേധിച്ചത് പാലായിലെ പൗര ജനങ്ങളുടെയിടയിൽ വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. അതിലെ വില്ലൻ ഫാദർ മൈക്കിൾ നരിക്കോട്ട് എന്ന വികാരിയായിരുന്നു. കുട്ടപ്പന്റെ ഭാര്യ കേണപേക്ഷിച്ചിട്ടും നാട്ടിലെ പ്രമുഖർ പലരും ആവശ്യപ്പെട്ടിട്ടും വികാരിയുടെ മനസ്സലിഞ്ഞില്ല. ദരിദ്രനായി മരിച്ച കുട്ടപ്പന്റെ വീട്ടിൽ ചെല്ലാനുള്ള മനസ്ഥിതി അയാൾക്കുണ്ടായില്ല. കർമ്മങ്ങളിൽ പങ്കു കൊള്ളാതെ വികാരി പരിപൂർണ്ണമായി ഒഴിഞ്ഞു നിന്നു. നാട്ടുകാരും ബന്ധുജനങ്ങളും ശവപ്പെട്ടിയുമായി പള്ളിയിലെത്തിയപ്പോൾ പള്ളി അടച്ചിട്ടിരുന്നു. മൃതദേഹം പള്ളിയിൽ പ്രവേശിപ്പിക്കാനോ സെമിത്തേരിയിൽ പോലും പ്രവേശിപ്പിക്കാനോ അനുവദിച്ചില്ല. അവസാനം മൃതദേഹം പള്ളിയുടെ വാതിൽക്കൽ ഉപേക്ഷിച്ചു പോവുമെന്ന ഘട്ടം വന്നപ്പോഴാണ് സെമിത്തേരിയുടെ വാതിൽ തുറന്നുകൊടുത്തത്. ഇത്രയെല്ലാം ഒച്ചപ്പാടുണ്ടായിട്ടും മനുഷ്യത്വം നശിച്ച ആ പുരോഹിതൻ സെമിത്തേരിയിൽ വരുകയോ കർമ്മങ്ങളിൽ പങ്കു ചേരുകയോ ഉണ്ടായില്ല. ക്രിസ്തുവിന്റെ പരിവേഷം ധരിച്ച അയാളുടെ മനസുമുഴുവൻ അഹങ്കാരം കട്ടപിടിച്ചു കിടക്കുകയായിരുന്നു. കുട്ടപ്പൻ ജീവിച്ചിരുന്നപ്പോൾ ചെയ്ത പാപം പള്ളിയിൽ 'ആത്മ സ്ഥിതി വിവരങ്ങൾ'  എടുത്തപ്പോൾ സഹകരിച്ചില്ലെന്നായിരുന്നു. എഴുത്തും വായനയും അറിയാത്ത കുട്ടപ്പന് ആ ഫോറം പൂരിപ്പിക്കാൻ പോലും അറിയില്ലായിരുന്നു. ഇത്തരം വിചാര ശൂന്യന്മാരായ വികാരിമാർ ക്രൈസ്തവലോകത്തിൽ നിറഞ്ഞിരിക്കുകയാണ്. അക്രൈസ്തവർ ക്രിസ്ത്യാനികളെ പരിഹസിക്കുന്ന കാരണവും ഇങ്ങനെയുള്ള നെറികെട്ടവരെ സഭയും കുഞ്ഞാടുകളും തീറ്റിപോറ്റുന്നതുകൊണ്ടാണ്.

കുറവിലങ്ങാട് കെ. കുര്യൻ കേസിലും ഒരു വികാരിയുടെ മർക്കട മുഷ്ടിമൂലം ശവസംസ്ക്കാരം നിഷേധിച്ചിരുന്നു. ആ കേസിൽ നഷ്ടപരിഹാരമായി പാലാ ബിഷപ്പ് രണ്ടേകാൽ ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. കൂടാതെ കോടതി ചിലവും അരമന വഹിക്കേണ്ടി വന്നു. പ്രസിദ്ധമായ കുര്യൻ കേസിലെ വിധിയിൽ പറയുന്നു, "മരിച്ച ഒരാളിന്റെ ശവസംസ്ക്കാര കർമ്മങ്ങൾ മാന്യമായ രീതിയിൽ നടത്തുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അത് നിഷേധിച്ചാൽ കാനോൻ നിയമത്തിനുപരി മാനുഷികാവകാശങ്ങൾ കോടതി വഴി നടപ്പാക്കാൻ ഒരു പൗരന് അവകാശമുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിൽ സമാനമായ കേസുകൾ നടത്തി വിശ്വാസികൾ ജയിച്ചതായ ചരിത്രവുമുണ്ട്.

മൃതദേഹത്തോട് ആദരവ് കാണിക്കാതെയും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാതെയുമുള്ള ഒരു കേസ്  സി.എസ്.ഐ സഭയിലുമുണ്ടായി. ഗ്രന്ഥകാരനും കോളേജ് പ്രൊഫസറുമായിരുന്ന ജേക്കബ് മരിച്ചപ്പോൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവദിച്ചില്ല. മരിച്ച ജേക്കബ് തന്റെ പുസ്തകത്തിൽ സഭയുടെ ശിശുസ്നാനത്തെ വിമർശിച്ചുവെന്നായിരുന്നു ആരോപണം. അത് സഭയുടെ ദൈവശാസ്ത്രത്തെ ചോദ്യം ചെയ്യലായി ബിഷപ്പ് ദാനിയേൽ കരുതി. നടപടിയെന്നോണം സഭയിൽ വിലക്കും കല്പ്പിച്ചിരുന്നു. ഈരാറ്റുപേട്ട ജഡ്ജ് 'ഹാരീഷ് ജി' മരിച്ച പ്രൊഫ. ജേക്കബിന്റെ കുടുംബത്തിന്  പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി  നൽകണമെന്നും വിധിച്ചു. ബിഷപ്പ് കെ.ജി. ദാനിയേൽ മരിച്ചുപോയ പ്രൊഫ. ജേക്കബിന്റെ കുടുംബത്തെ അപമാനിച്ചുവെന്നും മൃതദേഹത്തോട് മാന്യത കൽപ്പിച്ചില്ലെന്നും വിധിയിൽ കുറിച്ചിട്ടുണ്ടായിരുന്നു. മരിച്ച ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് നൽകിയ കേസിന്മേലായിരുന്നു വിധി.

ഭൂമി വിവാദവും കർദ്ദിനാൾ ആലഞ്ചേരിയും:

കോടിക്കണക്കിന് വിലയുളള സഭയുടെ സ്വത്തുക്കൾ നിസാര വിലയ്ക്കു വിറ്റ കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ ചൂടുപിടിച്ച വിവാദങ്ങൾ നാടെങ്ങും പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്നു. ഭൂമിവിവാദത്തിനെതിരെ സീറോ മലബാർ ഗ്രുപ്പിലെ ഏതാണ്ട് ഇരുപതോളം നവീകരണ വിഭാഗങ്ങൾ ശക്തമായ പ്രതിക്ഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഓൾ കേരള ചർച്ച് ആക്ട് എന്ന സംഘടന  രൂപീകരിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ ചർച്ച് ആക്ട് ഉടനടി നടപ്പിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സഭയുടെ സ്വത്തുക്കൾ മാർപ്പാപ്പയുടെ അധീനതയിലാണെന്നും പൊതുജനങ്ങൾക്ക് അത് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നുമുള്ള കർദ്ദിനാളിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം രേഖ സമർപ്പിച്ചപ്പോഴും ഇതേ അഭിപ്രായങ്ങൾ തന്നെ കർദ്ദിനാൾ രേഖപ്പെടുത്തുകയും ചെയ്തു.

സഭാ സ്വത്തുക്കളുടെ വാങ്ങൽ വിൽപ്പന നടക്കുന്നത് കാനോൻ നിയമം അനുസരിച്ചാണ്. അതിനൊരു മാറ്റമുണ്ടാകണമെന്നാണ് കേരളാ ക്രിസ്ത്യൻ നവീകരണ സംഘടനകൾ ആവശ്യപ്പെടുന്നത്. ഒരു കർദ്ദിനാളോ മെത്രാനോ സഭാവക സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സർക്കാരോ സഭാജനമോ അറിയുന്നില്ല. സഭയുടെ സ്വത്തുക്കൾ മെത്രാന്റെയോ പുരോഹിതരുടെയോ കുടുംബത്തിൽ നിന്നും കൊണ്ടുവന്നതുമല്ല. സമൂഹം നൽകിയ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള അവകാശം സമൂഹത്തിനാണ്. ഹിന്ദു ധർമ്മ സ്ഥാപനങ്ങൾക്ക്  സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സർക്കാർ നിയന്ത്രണമുള്ള ദേവസം ബോർഡുണ്ട്. അതുപോലെ മുസ്ലിമുകൾക്ക് വക്കഫ് ബോർഡും. എന്നാൽ കർദ്ദിനാൾ ആലഞ്ചേരി പറയുന്നു, "സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശം തനിക്കു മാത്രം. തന്നെ ചോദ്യം ചെയ്യാൻ മാർപ്പാപ്പയ്ക്ക് മാത്രമേ കഴിയൂ. തനിക്കുമീതെ ഒരു സർക്കാരുമില്ല." എന്തേ! ഒരു ജനാധിപത്യ രാജ്യത്തു രണ്ടു നിയമങ്ങളൊ? ഒരു ഏകാധിപതിയുടെ ശബ്ദമാണ് കർദ്ദിനാൾ ഹൈക്കോടതിയിൽ മുഴക്കിയത്. ഇത്തരം വിവാദാസ്പദമായ പ്രസ്താവനകൾ ഒരു ജനാധിപത്യ സംവിധാനത്തിനും സാമൂഹിക ചിന്തകൾക്കുതന്നെയും അപമാനകരമാണ്.

Read more

അറപ്പോടെ അവരെ കാണണോ? ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും

സൃഷ്ടി ജാലങ്ങളിൽ ആൺ-പെൺ എന്നിങ്ങനെ മനുഷ്യനെ സൃഷ്ടിച്ചുവെന്ന സങ്കല്പങ്ങളാണ് നമുക്കേവർക്കുമുള്ളത്. എന്നാൽ അതിനുമപ്പുറത്ത് സ്ത്രീയുടെ വികാരാനുഭൂതികളോടെ നടക്കുന്ന മൂന്നാമതൊരു ലിംഗ വിഭാഗം കൂടിയുണ്ട്. അവരെ ട്രാൻസ് ജെൻഡേഴ്സ് അഥവാ ഹിജടകൾ എന്ന് വിളിക്കുന്നു. നപുംസകങ്ങൾ എന്നും അറിയപ്പെടുന്നു. തൊട്ടുകൂടാ ജാതികളെക്കാളും വെറുക്കപ്പെട്ട സമൂഹങ്ങളായി ഇവരെ ലോകം കരുതുന്നു. സ്ത്രീകളെപ്പോലെ വേഷഭൂഷാദികളണിഞ്ഞു കൊണ്ട് സ്ത്രീത്വവും സ്ത്രൈവണ ഭാവാദികളും പ്രകടിപ്പിക്കുന്ന മുഖമാണ് ഒരു ഹിജട തന്റെ സ്വത്തായി കരുതുന്നത്. അവരുടെ ചുണ്ടുകൾ വിലകുറഞ്ഞ ചായം കൊണ്ട് മിനുക്കി തേച്ചിരിക്കും. മുഖം നിറയെ പൗഡർ പൂശിയിരിക്കും. ദേഹത്തിനു അനുയോജ്യമായ ബ്ലൗസ്, നിറമുള്ള സാരി, വിചിത്രമായ സ്ത്രീ രൂപം എന്നിവകൾ ഹിജടകളുടെ പ്രത്യേകതകളാണ്.

അവർ കൂട്ടമായിട്ടാണ് തിരക്കുള്ള തെരുവുകളിൽക്കൂടി യാത്ര ചെയ്യുന്നത്. വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം മേടിക്കും. തെരുവിൽ കാണുന്ന സാധാരണ ഭിക്ഷക്കാരല്ല അവർ. അവർക്ക് പുരുഷന്മാരുടെ ശബ്ദമായിരിക്കുമുണ്ടാകുന്നത്. ആശ്ചര്യകരമായ നിരർത്ഥക പദങ്ങൾകൊണ്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കും. കൈകൾ കൊട്ടിക്കൊണ്ടു നടക്കും. നടക്കുന്ന വഴിയേ മനസിനെ സ്പർശിക്കുന്ന പ്രാർത്ഥനകളും ഉരുവിടും. ധർമ്മം കൊടുത്തില്ലെങ്കിൽ യാത്രക്കാരെ അസഭ്യ വാക്കുകൾ വിളിക്കും. ചിലർ കൂട്ടത്തോടെ സാരി പൊക്കി ലിംഗ വിച്ഛേദനം ചെയ്ത ഭാഗം പൊക്കി കാണിച്ചും. കാൽ നടക്കാരുടെ മുഖത്തിനു നേരെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിച്ചും പണം ശേഖരിക്കും. പൊതു നിരത്തിൽക്കൂടി ഹിജടകൾ കൂട്ടത്തോടെ വരുമ്പോൾ കാണുന്നവർക്കു ഭയവും ജ്വലിക്കുക സ്വാഭാവികമാണ്. ഭിക്ഷാടനം നടത്തിയും ലൈംഗിക തൊഴിലുകളിലും ഉപജീവനങ്ങളാക്കി ഹിജടകൾ ജീവിക്കുന്നു. ഇന്ത്യയിലാകെ ഏകദേശം ഇരുപതു ലക്ഷം ഹിജടകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലിംഗ വിച്ഛേദനം നടത്തിയ ഹിജടകൾ അഥവാ നപുംസകങ്ങൾ ഇന്ത്യയിൽ ബി.സി. ഒമ്പതാം നൂറ്റാണ്ടു മുതലുണ്ടെന്നു അനുമാനിക്കുന്നു. ഇംഗ്ളീഷിൽ ഇവരെ യൂനിക്സ് (Eunuchs) എന്ന് പറയും. ഈ പദം ഗ്രീക്കിൽ നിന്നും വന്നതാണ്. കിടക്കയുടെ കാവൽക്കാരനെന്ന അർത്ഥമാണുള്ളത്. കാരണം രാജകീയ അന്തപ്പുരങ്ങൾ കാത്തുകൊണ്ടിരുന്നത് പുരുഷ ഹിജടകളായിരുന്നു. ട്രാൻസ് ജെണ്ടർ (Trans gender) എന്നും പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നു.

ഹിജട സമൂഹങ്ങളെ  നൂറ്റാണ്ടിൽപ്പരം വർഷങ്ങളായി താന്തോന്നികളായും വഴിതെറ്റി നടക്കുന്നവരായും അറിയപ്പെടുന്നു. ലൈംഗിക താൽപര്യമുള്ളവരെ ഇരപിടിച്ചു നടക്കുന്ന വർഗമായി അവഹേളിക്കുകയും പൊതുസദസുകളിൽ നിന്നും അവരെ മാറ്റി നിർത്തുകയും ചെയ്യും. സ്വവർഗ രതികളോട് മിതമായ സമീപനം അടുത്തകാലത്തു കാണിക്കാൻ തുടങ്ങിയെങ്കിലും ഹിജടകൾ (ട്രാൻസ് ജെൻഡർസ്) ഇന്നും സമൂഹത്തിൽ പരിഹാസപാത്രമായുള്ളവരാണ്. നിയമം ഉണ്ടാക്കുന്നവരും ഹിജടകളോട് നീതി പാലിക്കാതെ വിരോധ ഭാവം തുടരുന്നു. 'ഹിജട' എന്ന വ്യക്തിത്വം സ്ഥാപിക്കുന്ന മുതൽ കുടുംബവും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരും സാധാരണ അവരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യും.

ചൈനയിൽ 'മിങ്ങ് രാജവംശ' കാലത്ത് ഹിജടകളെ രാജകൊട്ടാരങ്ങൾ സൂക്ഷിക്കാൻ ഏർപ്പെടുത്തിയിരുന്നു. അവിടെ ഹിജടകൾ 1930 വരെ ലക്ഷക്കണക്കിനുള്ളതായും തെളിവുകളുണ്ട്. 1930-ൽ ചൈനയിലെ അറുപതിനും എൺപത്തിനുമിടക്കുള്ള ഹിജടകളുമായി അമേരിക്കൻ റിപ്പോർട്ടർമാർ അഭിമുഖ സംഭാഷണങ്ങൾ നടത്തിയിരുന്നു. ചൈനയിലെ ഹിജടകളിൽ കൂടുതൽ പേരും പ്രത്യേക രീതിയിൽ തലമുടി കഴുത്തുവരെ നീട്ടി പിന്നിയിടുന്നവരും, തടിച്ച ചുണ്ടുള്ളവരും പരുക്കൻ ശബ്‌ദക്കാരുമായിരുന്നുവെന്നു അവരുടെ റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നു. രാജസേവനം ചെയ്തുകൊണ്ടിരുന്ന ചൈനയിലെ അവസാനത്തെ ഹിജട 'സൺ യോയിങ്' 1996-ൽ തൊണ്ണൂറ്റി നാലാം വയസിൽ മരിച്ചു.

ഹിജടകളെ അമേരിക്കയിൽ 'ട്രാൻസ് ജെണ്ടർ' എന്നറിയപ്പെടുന്നു. ജീവിതത്തിന്റെ നാനാ തുറകളിലും കലാ സാംസ്ക്കാരിക മേഖലകളിലും അമേരിക്കൻ ഹിജടകൾ പ്രവർത്തിക്കുന്നുണ്ട്. ഹിജടകൾ അമേരിക്കയിലും അവഗണിക്കപ്പെട്ട വർഗമാണ്. അമേരിക്കയിലെ പ്രസിദ്ധ നടി 'ലാവെൻ കോക്സ്', എഴുത്തുകാരൻ 'ജാനറ്റ് മോക്ക്' മുതലായ പ്രസിദ്ധരായവരും ഹിജടകളായിരുന്നു. ഹിജടകളെപ്പറ്റി ഒരു കണക്ക് വ്യക്തമല്ലെങ്കിലും ഏകദേശം ഒരു മില്യൺ ഹിജടകൾ അമേരിക്കയിലുണ്ടെന്നു കരുതുന്നു. അവരുടെ ജനസംഖ്യയെപ്പറ്റി വ്യക്തമായ ഒരു കാഴ്ച്ചപ്പാടിനായി അധികമൊന്നും ഗവേഷണങ്ങൾ നടത്തിയിട്ടില്ല.

സാഹചര്യങ്ങൾ കൊണ്ടും നിയമപരമായ സംരക്ഷണമില്ലാത്തതിനാലും അമേരിക്കൻ ഹിജടകളുടെയിടയിൽ തൊഴിലില്ലായ്മാ ശക്തമാണ്. പതിനഞ്ചു ശതമാനം ജനം ജീവിക്കുന്നതും നിത്യ ദാരിദ്ര്യത്തിലും വാർഷിക വരുമാനം പതിനായിരം ഡോളറിനു താഴെയുമാണ്. 34 ശതമാനം കറുത്തവരും ഇരുപത്തിനാലു ശതമാനം ലാറ്റിനോ ഹിജടകളും തൊഴിലില്ലാത്തവരാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മായും കാരണം അവർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും അമേരിക്കയിൽ ലഭിക്കാറില്ല. കൂടുതലും ഭവനരഹിതരാണ്. ലൈംഗികത്തൊഴിലുകൾ ഉപജീവനമായി തിരഞ്ഞെടുത്തിരിക്കുന്നു. ചിലർ മയക്കുമരുന്ന് ബിസിനസിലും ഏർപ്പെട്ടിട്ടുണ്ട്. അതുമൂലം അവരുടെയിടയിൽ കൂടുതൽ അറസ്റ്റും ലഹളകളും സാധാരണമാണ്.

ഹിജടകൾക്കെതിരെ ക്രൂരകൃത്യങ്ങൾ അമേരിക്കയിലും സംഭവിക്കുന്നു. ഡസൻകണക്കിന് ഹിജട സ്ത്രീകൾ അമേരിക്കയിൽ ഓരോ വർഷവും കൊലചെയ്യപ്പെടുന്നുണ്ട്. കൂടുതലും അവരുടെ പങ്കാളികളോ അപരിചിതരോ, കത്തി കൊണ്ടോ, വെടിവെച്ചോ കഴുത്തു ഞെരിച്ചോ കൊല ചെയ്യുന്ന കഥകളാണ് കേൾക്കുന്നത്. നിയമവും പോലീസും ഇവർക്ക് തുല്യവും നീതിപൂർവമായ പരിഗണനകളും നൽകില്ല. അതുകൊണ്ട് അവർക്ക് പോലീസിൽ പരാതിപ്പെടാനും മടിയാണ്.

ഒരു സമൂഹത്തിൽ ജീവിക്കണമെങ്കിൽ ശരിയായ ഐഡന്റിഫിക്കേഷൻ വേണം. അതില്ലാതെ യാത്ര ചെയ്യാനോ സ്‌കൂളിൽ ചേരാനോ സാധിക്കില്ല. സമൂഹത്തിന്റെ എല്ലാ തുറകളിലും ജീവിക്കാൻ ശരിയായ തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ) ആവശ്യമാണ്. താമസിക്കാൻ വീടുകളോ കാറുകൾ വാടകയ്‌ക്കെടുക്കുന്നതിനോ തിരിച്ചറിയൽ കാർഡുകൾ ആവശ്യമായി വരുന്നു. അമേരിക്കയിൽ ഹിജടകളുടെ ലിംഗം സ്ഥാപിച്ചെടുക്കുന്നതിനായി അമിതമായി ഫീസും ചെലവുകളും വഹിക്കണം.  അവരുടെ ലിംഗപദവി (ജെണ്ടർ) സ്ഥാപിച്ചാലും പിന്നീട് പുതുക്കുവാൻ ചെലവുള്ളതിനാൽ മുപ്പത്തിരണ്ട് ശതമാനം ഹിജടകൾ തങ്ങളുടെ തിരിച്ചറിവ് കാർഡുകൾ (ഐഡന്റിറ്റി) പുതുക്കാറില്ല.

ഡൊണാൾഡ് ട്രംപിന്റെ മിലിറ്ററിയിൽ ഹിജട സമൂഹത്തെ നിരോധിച്ചത് അവർ എതിർത്തുകൊണ്ടിരിക്കുന്നു. ട്രംപിന്റെ മിലിറ്ററിപരിഷ്‌ക്കാരത്തിൽ സൈന്യത്തിൽ ജോലിചെയ്തിരുന്ന   ഹിജടകളെ പുറത്താക്കിയിരുന്നു. പുതിയതായി ഹിജടകളെ മിലിറ്ററിയിൽ റിക്രൂട്ട് ചെയ്യില്ല. ഹിജടയായി ലിംഗമാറ്റം നടത്താനുള്ള സർജറിയും അതിനോടനുബന്ധിച്ചുള്ള ഫണ്ടും അനുവദിക്കുന്നില്ല, ട്രംപിന്റെ പദ്ധതികളായ എച്ച്.ഐ.വി എയ്ഡ്സ് ഫണ്ട് കുറയ്ക്കുന്നതും ഫുഡ് സ്റ്റാംപ്സ്, ഹൌസിങ്. മെഡിക്കെയർ സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാം എന്നിവകൾക്കു നിയന്ത്രണം വരുത്തുന്നതും ഹിജട സമൂഹത്തിന്റെ ജീവിത നിലവാരത്തെ ബാധിക്കും. പൗരാവകാശ നിയമത്തിൽ, ലിംഗവ്യത്യാസം, നിറം, വർഗം, ജന്മം എന്നീ അടിസ്ഥാനത്തിൽ വിവേചനം പാടില്ലാന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹിജടകൾ നടത്തിയ കേസുകളിലൊന്നിലും അവർക്ക് അനുകൂലമായ വിധികൾ അമേരിക്കൻ കോടതികളിൽ നാളിതുവരെ ലഭിച്ചിട്ടില്ല.

ഹിജടകളുടെ പാരമ്പര്യം സൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. ഇന്ന് അവർ രാജകുടുംബത്തിലെ സേവകരും വിശ്വസ്ഥരുമല്ലെങ്കിലും മില്യൺ കണക്കിന് ഹിജടകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇന്ന് ഹിജടകൾ ഒരു സമൂഹമായതുകൊണ്ടു അവർക്ക് വേണ്ടി സംസാരിക്കാനും സമൂഹത്തിലുള്ളവരുണ്ട്. ഹിജട സമൂഹം ഒരു ഗുരുവിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്നു. അവർക്കായി ചില നിയമങ്ങൾ ഉണ്ട്. സൂപ്പർവൈസർ മുതൽ ഗുരുവരെ അവരുടെ സമൂഹത്തെ നിയന്ത്രിക്കുന്നു. വടക്കേ ഇന്ത്യയിൽ ഹിജടകളുടെ വേഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിൽ തെക്കേ ഇന്ത്യയിൽ ഹിജടകൾക്ക് താല്പര്യമുള്ള വേഷങ്ങൾ ധരിക്കാം.

ഹിജടകൾ മറ്റുള്ളവരെ പേടിപ്പിച്ചു ജീവിക്കുന്ന ഒരു സമൂഹമായി അറിയപ്പെടുന്നു. ആരും അവരോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. പൊതുവഴികളിൽ യാത്രചെയ്യുന്നവരെ കണ്ടുമുട്ടിയാൽ കൈമുട്ടുകൾകൊണ്ടു തട്ടുകയോ മുഖത്ത് അടിക്കുകയോ ഇടിക്കുകയോ തലോടുകയോ ചെയ്യുന്ന പതിവുകളുണ്ട്. ധർമ്മം കൊടുക്കാത്തവരെ അപഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്യും. യാചക വൃത്തി ചെയ്യുന്നതോടൊപ്പം യാത്രക്കാരിൽനിന്നും പണം തട്ടിയെടുക്കലും പതിവാണ്. കൈകൾ തിരിച്ചു ബലമായി പണം യാചിക്കുന്നതും നിത്യ സംഭവങ്ങളാണ്.

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഹിജടകളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയെന്നത് പാരമ്പര്യമായ ഒരു ആചാരമാണ്. അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞു ഹിജടയായി പോവുമെന്ന വിശ്വസവുമുണ്ട്. കാലുകളിൽ ചിലങ്കയുമിട്ട് പാട്ടും പാടി ഹിജടകൾ അവിടെയെത്തുക സാധാരണമാണ്. വീടിനു പുറത്ത് പാട്ടുപാടിയും ഡാൻസ് ചെയ്തും പലവിധ പരിപാടികൾ അവതാരിപ്പിക്കാറുണ്ട്. ചിലപ്പോൾ കുഞ്ഞുങ്ങളുടെ അമ്മമാർ കുഞ്ഞുങ്ങളെ കാണാൻ അനുവദിക്കുംവരെ വീട്ടുകാർക്ക് ശല്യമായി കുഴപ്പങ്ങളും സൃഷ്ടിക്കും. ഒരു ഭവനത്തിൽ കല്യാണം വരുമ്പോഴും പുതിയ ഭവനത്തിൽ പ്രവേശിക്കുമ്പോഴും വിശേഷ ദിനങ്ങളിലും അവർ വന്നെത്തും. ഹിജടകൾക്ക് മാന്ത്രിക ശക്തിയുണ്ടെന്ന വിശ്വസവുമുണ്ട്. അവർക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്നാണ് വിശ്വാസം. അനുഗ്രഹ ചടങ്ങുകൾക്കായി വലിയ തുകയായ പ്രതിഫലവും ആവശ്യപ്പെടും. കുഞ്ഞിന്റെ ബാഹ്യ ചർമ്മങ്ങളും പരിശോധിക്കും. ജന്മനാ ഹിജടയായി ജനിച്ചെങ്കിൽ ആ കുഞ്ഞിനെ അവർക്ക് നല്കണമെന്ന് ഹിജടകൾ ആവശ്യപ്പെടും. അങ്ങനെയൊരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ സമൂഹത്തിൽ നാണക്കേട് പരിഹരിക്കാൻ പല കുടുംബങ്ങളും ആഗ്രഹിക്കുന്നു. ഹിജടകൾക്ക് കീഴ്‌വഴങ്ങുകയും ചെയ്യുന്നു. ഹിജടകളുടെ സമൂഹം ലിംഗവ്യത്യാസത്തോടെ ജനിക്കുന്ന കുഞ്ഞിനെ അവരുടെ വീടുകളിൽ കൊണ്ടുപോയി അവരിൽ ഒരാളായി വളർത്താറുമുണ്ട്. എല്ലാ സ്ത്രൈണവും ഏറ്റുവാങ്ങി ഒരിക്കലും പ്രസവിക്കാത്ത അമ്മയെന്ന സ്ഥാനവും ഇവർ വഹിക്കുന്നു.

ഹിജടകൾ താമസിക്കുന്ന തെരുവ് ഗ്രഹങ്ങളിൽ നടക്കുന്ന രഹസ്യങ്ങൾ പുറംലോകത്തിന് വളരെ കുറച്ചു മാത്രമേ അറിയുള്ളൂ. അവിടെ അവർ എങ്ങനെ വന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ.  എങ്ങനെ ജനിച്ചുവെന്നും ചിലർ ചിന്തിക്കുന്നു. പൊതുവെ ഹിജിടകൾക്ക് സാമാന്യ ജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരോട് പ്രതികാര മനോഭാവം കാണാം. ഹിജിടകളിൽ പലർക്കും നഷ്ടപ്പെടാൻ ഒന്നുമില്ലെന്നുള്ള ചിന്താഗതികളുമുണ്ട്. കാരണം, പരിഷ്കൃത സമൂഹം അവരോടു പെരുമാറുന്നത് തൊട്ടുകൂടാ ജാതികളെക്കാളും കഷ്ടമായിട്ടാണ്.

ഇന്ത്യയിലെ സംവരണങ്ങൾ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ആൺ-പെൺ എന്ന വിഭാഗങ്ങളായി വേർതിരിച്ചെടുത്തു. എന്നാൽ മൂന്നാമതൊരു വിഭാഗമായ ഹിജടകൾക്ക് വിദ്യാഭ്യാസത്തിലോ ഉദ്യോഗങ്ങളിലോ സാമൂഹിക ക്ഷേമങ്ങളിലോ സംരക്ഷണങ്ങളിലോ യാതൊരു പരിഗണനകളുമില്ല. അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളുമെല്ലാം ക്രോഡീകരിച്ചിരിക്കുന്നത് പുരുഷനും സ്ത്രീയ്ക്കും മാത്രം. ഹിജടകളെ ഹൈന്ദവ സംസ്ക്കാരത്തിൽ ഐശ്വര്യത്തിന്റെ ദേവികളെപ്പോലെ കരുതിയിരുന്നു. പുരാണങ്ങളിലും ഹിജടകൾക്ക് ദേവി സങ്കല്പങ്ങളാണ് നൽകിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലാണ് അവരെ തീണ്ടാ ജാതികളായി കരുതാൻ തുടങ്ങിയത്.

പകൽ മുഴുവൻ എവിടെയെങ്കിലും വിശ്രമിച്ച ശേഷം രാത്രിയാകുമ്പോൾ ഭിക്ഷാടനത്തിനും വേശ്യാവൃത്തിക്കും ഇറങ്ങും. വിശപ്പു സഹിക്ക വയ്യാതെ വരുമ്പോൾ ഹോട്ടലുകളുടെ പിന്നാമ്പുറത്തുനിന്നു ഉച്ചിഷ്ട ഭക്ഷണങ്ങൾ വരെ നക്കിത്തിന്നും. ചെറിയ തുകയ്ക്ക് ആർക്കും വേണ്ടാത്ത അവരുടെ ശരീരവും വിൽക്കും. ഹിജടകൾ തങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും പുറംലോകത്ത് വെളിപ്പെടുത്താതെ മറച്ചു വെക്കും. സ്ത്രീ പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു ജീവിക്കുന്ന ഇരു കാല മനുഷ്യരാണ് ഹിജടകളെന്ന ബോധം ഒരു സാമൂഹിക പ്രവർത്തകരെയും ഉണർത്തിയിട്ടില്ല.

ഹിജടകളുടെ സമൂഹത്തിൽ പുരുഷന്മാർക്ക് പുരുഷാവയവങ്ങൾ ഉണ്ടായിരിക്കില്ല. യൗവനം ആയിരുന്നപ്പോൾ ബലമായി വൃഷ്ണച്ഛേദം നടത്തിയവരും അക്കൂടെയുണ്ട്. സ്വാഭാവിക ജനനത്തോടെ ഷണ്‌ഡത പ്രാപിച്ചവരുമുണ്ട്. ഹിജടകളായവർ ഭൂരിഭാഗവും സ്വവർഗ രതികളിൽ താല്പര്യമുള്ളവരാണ്. മൂന്നാം ലിംഗവിഭാഗം (Third gender) എന്നറിയാൻ ഇവരുടെ സമൂഹം താല്പര്യപ്പെടുന്നു. കാരണം സ്വവർഗ രതിക്കാരെ സമൂഹം അംഗീകരിച്ചിട്ടില്ല. ജന്മനാ ഹിജിടയല്ലാത്തവർ സ്ത്രീകളെ വിവാഹം കഴിക്കുകയോ അവരിൽ നിന്ന് കുട്ടികളെ ജനിപ്പിക്കാനോ താത്പര്യപ്പെട്ടിരുന്നില്ല.

ഹിജടകളായി ഓപ്പറേഷൻ നടത്തുന്ന ചടങ്ങുകൾ ആഘോഷമായി കൊണ്ടാടുന്നു. പാട്ടും ഡാൻസും സദ്യയും പാരമ്പര്യ ദേവി ദേവന്മാരോടനുബന്ധിച്ച നൃത്തങ്ങളും  അന്നുണ്ടായിരിക്കും. ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ഗുരുക്കന്മാരും കാണും. വൃഷണങ്ങളിൽ ശസ്ത്ര ക്രിയ ചെയ്യുന്നതും പ്രാകൃത രൂപത്തിലായിരിക്കും. ലിംഗ വിച്ഛേദനത്തിനുമുമ്പ് കുട്ടികളെ കറുപ്പും മയക്കുമരുന്നും പാലും കൊടുത്ത് മയക്കാറുണ്ട്. ചുറ്റും ഹിജടകൾ അവനെ തറയിൽ കിടത്തി ബലമായി പിടിച്ചുകൊണ്ടിരിക്കും. ഓപ്പറേഷൻ കഴിഞ്ഞാൽ അവരുടെ സ്വകാര്യ അവയങ്ങളിൽനിന്ന് മണിക്കൂറോളം രക്തം പുറത്തു പോകും. അതോടെ പുരുഷത്വം അവിടെ അവസാനിക്കുകയാണ്.

ലിംഗ വിച്ഛേദനവും ആചാരങ്ങൾക്കും ശേഷം ഹിജടകളെ സമൂഹത്തിലെ പുതിയ അംഗമായി ചേർക്കുന്നു. യുവാവായ ഹിജട സമൂഹത്തിന്റെ ആചാരങ്ങളും പഠിക്കാനാരംഭിക്കും. ഗുരുവിന്റെ കാലുകൾ നമസ്ക്കരിക്കുകയും വേണം. സ്നേഹപൂർവമുള്ള അന്തരീക്ഷത്തിൽ ഹിജടക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി പരിപാലിക്കും. അവൻ സുരക്ഷിതമാകും വരെ സ്വയം കാലിൽ നിൽക്കുന്നവരെ എല്ലാ കാര്യങ്ങളും സമൂഹം നോക്കിക്കൊള്ളും.

ലതായെന്ന ഹിജടയുടെ കഥ സൈബർ പേജുകളിൽ വായിക്കുകയുണ്ടായി. ലത ബിഹാറിലെ ഒരു ആൺകുട്ടിയായി വളർന്നു. അവൻ ബാലനായപ്പോൾ ഒഴിഞ്ഞ ക്‌ളാസ് മുറിയിൽ കൊണ്ടുപോയി അവന്റെ സ്‌കൂൾ മാസ്റ്റർ പ്രകൃതി വിരുദ്ധ ലൈംഗികതകൾ ചെയ്യിപ്പിക്കുമായിരുന്നു. പിന്നീട് പുരുഷന്മാർക്ക് ഇഷ്ടമാണെന്നറിഞ്ഞ അവൻ കുറച്ചു പണമുണ്ടാക്കി ഷണ്ഡനായി ഓപ്പറേഷൻ ചെയ്തു. സ്ത്രീയായി വേഷങ്ങൾ ധരിക്കാൻ തുടങ്ങി. ഒരു ദിവസം സ്വന്തം ഭവനത്തിൽ നിന്നും ഒളിച്ചോടി ബോംബയിൽ ഹിജട സമൂഹത്തിൽ വന്നു ലൈംഗികത്തൊഴിലാളിയായി ജോലി തുടങ്ങുകയും ചെയ്തു.

മദ്രാസിനു ഇരുന്നൂറു മൈലുകൾക്കപ്പുറം 'കൂവാങ്കം' എന്ന സ്ഥലത്ത് ഹിജടകൾ ദേവപൂജകൾ നടത്തി ആണ്ടുതോറും ആഘോഷിക്കാറുണ്ട്. തമിഴ് കലണ്ടറനുസരിച്ചുള്ള പുതു വർഷത്തിൽ ഉറങ്ങി കിടക്കുന്ന ഈ ഗ്രാമം ഹിജടകളെ കൊണ്ട് ജനനിബിഢമാകും. വിവാഹാഘോഷങ്ങളും ഉടൻ തന്നെ വിധവകളുമാകുന്ന വർണ്ണമയമായ ഒരു ആഘോഷമാണത്. മഹാഭാരതത്തിലെ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള രംഗങ്ങളാണ് അവിടെ അനുഷ്ഠിക്കുന്നത്.

കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവ സഹോദരന്മാർക്ക് യുദ്ധം ജയിക്കാൻ ഒരു യോദ്ധാവിനെ ബലി കൊടുക്കണമായിരുന്നു. അർജുനന്റെ മകനായ 'അരവണനെ' മഹാഭാരത യുദ്ധം ആസൂത്രണം ചെയ്തവർ തെരഞ്ഞെടുത്തു. ശ്രീകൃഷ്ണൻ പങ്കെടുക്കുന്ന ഒരു വിശുദ്ധ യുദ്ധത്തിൽ ബലിയാടാകാൻ ആ യുവാവിന് ഇഷ്ടമായിരുന്നു. ക്രൂരന്മാരും അധർമ്മം പ്രവർത്തിക്കുന്നവരുമായ കൗരവ സഹോദരന്മാരെ ഇല്ലാതാക്കണമെന്നത് അരവണന്റെ ലക്ഷ്യവുമായിരുന്നു. പക്ഷെ അതിനു മുമ്പ് അരവണനു വിവാഹം കഴിക്കണമെന്നും പറഞ്ഞു. അതും പ്രശ്നമായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞു യുദ്ധത്തിൽ മരിക്കാൻ പോവുന്ന ഒരു യുവാവിനെ വിവാഹം കഴിക്കാൻ ആരും തയ്യാറായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ ശ്രീ കൃഷ്‌ണൻ സുന്ദരിയായ മോഹിനിയായി രൂപാന്തരപ്പെട്ടു. മോഹിനി അരവണനെ വിവാഹം ചെയ്തു. പുരുഷനും സ്ത്രീയുമെന്നുള്ള മോഹിനി സംയോഗമാണ് ഹിജടകൾ ആഘോഷമായി കൊണ്ടാടുന്നത്.

കഴിഞ്ഞ അഞ്ഞൂറു വർഷങ്ങളായി അർജുനന്റെ മകൻ 'അരവണൻ' ഹിജടകളുടെ മനസ്സിൽ പതിഞ്ഞ ഒരു ദേവനാണ്. അന്നേ ദിവസം ഉത്സവത്തിന് ഹിജടകൾ മോഹിനിയായി വേഷം കെട്ടും. 'അരവണ' നായി വേഷം കെട്ടി അമ്പലത്തിലെ പൂജാരിയായ പുരോഹിതൻ എല്ലാ ഹിജടകളെയും വിവാഹം കഴിക്കും. അടുത്ത ദിവസം തന്നെ പുരോഹിതൻ ഹിജടകളുടെ കഴുത്തിൽ കെട്ടിയ മംഗള സൂത്രങ്ങൾ മുറിച്ചു കളയും. ഉടൻതന്നെ എല്ലാ ഹിജിടകളും വിധവകളാവുകയും ചെയ്യും. വിവാഹവും വിധവയും ആയ ശേഷം ഹിജടകൾ പിന്നീട് അവരുടെ പങ്കാളികളെ തേടാൻ തുടങ്ങും.

ഹിജടകൾക്കു ദേവി ദേവ ദൈവ സങ്കല്പങ്ങളുണ്ട്. ഒരിക്കൽ ഹിജടകളുടെ ദേവി ദൈവമായി കരുതുന്ന 'മാതാ ബഹുചര മാതായും' സഹോദരികളുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ വെച്ച് 'ബാപ്പിയ' എന്ന ഒരു രാക്ഷസൻ അവരെ ആക്രമിച്ചു. ദേവി ദൈവവും സഹോദരികളും അവരുടെ മാറിടങ്ങൾ മുറിച്ചു എറിഞ്ഞുകൊടുത്തുകൊണ്ട് രാക്ഷസനായ ബാപ്പിയായെ ശപിച്ചുവെന്നു പുരാണങ്ങൾ പറയുന്നു. ശാപമേറ്റ രാക്ഷസനു ലൈംഗിക ശേഷി നഷ്ടപ്പെടുകയും സ്ത്രീ സ്വഭാവത്തോടെ പെരുമാറാൻ തുടങ്ങുകയും ചെയ്തു. ശാപമോക്ഷം ലഭിക്കാൻ നീണ്ടകാലം ബഹുചര മാതായേ ധ്യാനിച്ചുകൊണ്ട് തപസു ചെയ്യുകയും ശാപമോചനം ലഭിക്കുകയും ചെയ്തു. അതിന്റെ സ്മാരകമായി ഹിജടകൾ ബഹുചര മാതായേ ദൈവമായി ആരാധിക്കുന്നു.

വർഷത്തിലൊരിക്കൽ സൗന്ദര്യ മത്സരവും അവർ നടത്താറുണ്ട്. ആഭരണങ്ങൾ അണിഞ്ഞു, എംബ്രോയ്ഡറി ചെയ്ത സാരിയുമുടുത്ത് മേക്കപ്പ് ചെയ്തു സൗന്ദര്യ മത്സരത്തിൽ ഹിജിടകൾ പങ്കെടുക്കുന്നു. അങ്ങനെ ആൾക്കൂട്ടത്തിൽ നിന്ന് അവർ കയ്യടികളും നേടാറുണ്ട്. അടുത്ത കാലത്ത് അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന ഹിജടകളുടെ സൗന്ദര്യ മത്സരവും പൊതുജന ശ്രദ്ധ നേടിയിരുന്നു.  അത് ഇന്ത്യയുടെ ഫാഷൻ ലോകത്തും മീഡിയാകൾക്കും പുത്തനായ വാർത്തകളായിരുന്നു. ഇങ്ങനെയൊരു മത്സരം പൊതു ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുകയും ചെയ്തു. സൗന്ദര്യ മത്സര പരിപാടികൾ വമ്പിച്ച വിജയവുമായിരുന്നു. മിസ് ഇന്ത്യ മത്സരത്തിലും അവർക്ക് പങ്കു ചേരാമെന്നുള്ള സാധ്യതകളും തെളിഞ്ഞു വന്നിട്ടുണ്ട്.

ആധുനിക ഇന്ത്യയിൽ ഹിജടകളെ രക്ഷിക്കാൻ, അവരുടെ ക്ഷേമങ്ങളെ പടുത്തുയർത്താൻ ഒരു ഗാന്ധിയന്മാരും അവതരിച്ചിട്ടില്ല. 1871-ൽ ബ്രിട്ടീഷ് സർക്കാർ പാസാക്കിയ നിയമപ്രകാരം അവരെ കുറ്റവാളികളായി മുദ്ര കുത്തിയിരുന്നു. പൊതുജനങ്ങൾക്ക് നേരെ ആക്രമവും മാർഗ തടസവും അപമര്യാദകളും വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകൾ പാരതന്ത്ര്യത്തിൽ ജീവിച്ച ഭാരത ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഹിജടകളെ സാമൂഹിക ഉച്ഛനീചത്വങ്ങളിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. സ്വതന്ത്രവും ക്ഷേമ പൂർണ്ണമായ ഒരു ജീവിതവും അവർക്കു നൽകാൻ മാറി മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടുമില്ല.

ഹിജടകളെ മൂന്നാം തരം വർഗമായി തരം തിരിച്ച സുപ്രീം കോടതി വിധിയും സ്വാഗതാർഹമാണ്. എന്നാൽ നിയമത്തിന്റെ പഴുതുകളിൽക്കൂടി ഇവരെ രക്ഷിക്കാൻ സാധിക്കില്ല. ആദ്യം മനുഷ്യ മനസുകൾ തന്നെ മാറേണ്ടതായുണ്ട്. ഇവരോടുള്ള പരിഹാസവും വെറുപ്പും കലർന്ന മനുഷ്യന്റെ ചിന്തകൾക്കാണ് മാറ്റം വരുത്തേണ്ടത്. അതിനായി ഇവരെ ഐശ്വര്യത്തിന്റെ പ്രതീകമായി പൗരാണിക യുഗങ്ങളിൽ കണ്ടിരുന്ന കാലഘട്ടത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതായുമുണ്ട്. ഹിജട സമൂഹം നമ്മുടെ സുഹൃത്തുക്കളും അയൽക്കാരും സഹപ്രവർത്തകരും കുടുംബത്തിലുള്ളവരുമായി കരുതുന്ന ഒരു സമൂഹത്തെയാണ് പുത്തൻ തലമുറകളിൽക്കൂടി വാർത്തെടുക്കേണ്ടത്. അതിനു ഓരോ ജനസമൂഹത്തിന്റെയും മാനസികാവസ്ഥയ്ക്കും മാറ്റം വരണം. രാത്രി കാലങ്ങളിൽ വിശപ്പകറ്റാൻ പൊതുനിരത്തുകളിൽ വന്നെത്തുന്ന ഹിജടകളോടുള്ള വെറുപ്പ് അകറ്റുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയ്ക്കു വേണ്ടിയുള്ള സ്വപ്നങ്ങൾ ഇന്നും വളരെയകലെയാണ്.

Read more

ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചു വർഷങ്ങളും അജപാലനവും

കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ജോർജ് ബെർഗോളിയോ (ഫ്രാൻസിസ് മാർപാപ്പ)  1936 ഡിസംബർ പതിനേഴാം തിയതി അർജന്റീനയിൽ ബ്യൂണസ് അയേഴ്സ് (Buenos Aires) എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് മാരിയോയും പിതാവ് റജീന ബെർഗോളിയുമായിരുന്നു. 2013-ൽ മാർപാപ്പയായി ചുമതലയേറ്റപ്പോൾ അസ്സീസിയിലെ ഫ്രാൻസീസിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. യുറോപ്യൻ രാജ്യങ്ങളിൽ നിന്നല്ലാത്ത പ്രഥമ മാർപാപ്പയായി  അറിയപ്പെടുന്നു. അതുപോലെ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽനിന്നും ആദ്യമായി മാർപാപ്പയുടെ കിരീടം അണിഞ്ഞുതും അദ്ദേഹമായിരുന്നു. ജെസ്യുട്ട്  സഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയായും ചരിത്രം കുറിച്ചു.

ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിൽ സ്വന്തം നാട്ടിൽ കർദ്ദിനാളായിരുന്ന കാലത്തുപോലും സാധാരണക്കാരനെപ്പോലെ ജീവിച്ചിരുന്നു. കർദ്ദിനാൾമാർക്കുള്ള കൊട്ടാരത്തിൽ താമസിക്കാതെ ലളിതമായ അപ്പാർട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. യാത്രകൾ ചെയ്തിരുന്നത് കൂടുതലും  ട്രെയിനിലും മറ്റു പൊതു വാഹനങ്ങളിലുമായിരുന്നു. സെമിനാരിയിൽ പഠിക്കുന്നതിനു മുമ്പ് അദ്ദേഹം കെമിക്കൽ എഞ്ചിനീയറായിരുന്നു. കൂടാതെ നിശാക്ലബിൽ അതിഥികളായി വരുന്നവരെ ശ്രദ്ധിക്കാനായി ബൗൺസർ ജോലിയും ചെയ്തിരുന്നു. 1969-ൽ പൗരാഹിത്യം സ്വീകരിച്ചു.  മാർപാപ്പയായി തിരഞ്ഞെടുത്തയുടൻ ലോകത്തെ അനുഗ്രഹിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടത്. മുൻഗാമികൾ താമസിച്ചിരുന്ന മനോഹര രാജമന്ദിരത്തിൽ  താമസിയ്ക്കാതെ അവിടെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു ചെറിയ വീട്ടിൽ താമസവും ആരംഭിച്ചു. .

മാർപാപ്പ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് ക്രിയാത്മകവും പുരോഗമനപരവുമായ പ്രവർത്തനങ്ങളിൽക്കൂടി പ്രസിദ്ധനായി തീർന്നു. മാറ്റങ്ങളുടെ മാർപാപ്പയെന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. മനുഷ്യൻ എന്തു ജാതിയാണെങ്കിലും ഏതു മതത്തിൽ വിശ്വസിച്ചാലും ലോകത്ത് നടമാടിയിരിക്കുന്ന അനീതിയിലും അക്രമത്തിലും ലജ്ജിക്കണമെന്നു മാർപാപ്പ പറയുന്നു. സമത്വപൂർണ്ണമായ ഒരു ലോകത്തെയാണ് അദ്ദേഹം സ്വപ്നം കാണുന്നത്.

വിനയവും ലാളിത്യവും അദ്ദേഹത്തിൻറെ മുഖമുദ്രയാണ്‌. ദരിദ്ര ലോകത്തോടും രോഗികളോടും ഉത്‌കണ്‌ഠ പുലർത്തിക്കൊണ്ടുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.  വ്യത്യസ്തമായ  ജീവിതരീതികളും സാംസ്ക്കാരിക ദർശനങ്ങളും ലളിതമായ ജീവിതവും കാരണം ഫ്രാൻസീസ് മാർപാപ്പ ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രിയപെട്ട പാപ്പയായി സ്ഥാനം പിടിച്ചു കഴിഞ്ഞു. ആഡംബര ജീവിതവും പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും എതിർക്കുന്നു. സ്വതന്ത്രമായ ഒരു സഭാന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ ധര്‍മ്മപ്രബോധവും സന്മാർഗവുമായ ജീവിതവും  ലോകത്തിനുതന്നെ ഒരു മാതൃകയാണ്.

ആഗോളതലത്തിൽ മാർപാപ്പയുടെ പ്രയത്‌നം ഏറ്റവുമധികം സഫലമായത് അമേരിക്കൻ ഐക്യനാടുകളും ക്യൂബയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിലൂടെയായിരുന്നു. അക്കാര്യത്തിൽ മാർപാപ്പയുടെ നേതൃത്വം ലോക സമാധാനത്തിനു നൽകിയ അനിവാര്യമായ ഒരു സംഭാവന തന്നെയാണ്.  ഒബാമ ഭരണകൂടവും ക്യൂബയുടെ  സർക്കാരും തമ്മിലുള്ള ഉടമ്പടികളുടെ ഗുണദോഷങ്ങളെപ്പറ്റി ട്രംപ് ഭരണകൂടത്തിൽ ഔപചാരികമായ ചർച്ചകളുണ്ടായിരുന്നു. എന്നിരുന്നാലും മാർപാപ്പയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടതും അതുവഴി ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതും അഭിനന്ദിനീയം തന്നെ.  2015 മെയ് ഇരുപത്തിയൊമ്പതാം തിയതി ക്യൂബായെ അമേരിക്കയുടെ ഭീകര ലിസ്റ്റിൽ നിന്ന് എടുത്തുകളയുകയും ചെയ്തു.  ശീത സമരത്തിനുശേഷം ക്യൂബായുമായുള്ള പ്രശ്നങ്ങൾക്ക് ഒരു ശമനമുണ്ടായതും ഫ്രാൻസീസ് മാർപാപ്പയുടെ  നേട്ടമായിരുന്നു.   മാർപാപ്പയുടെ ശ്രമഫലമായി ക്യൂബയിലും അമേരിക്കയിലും ജയിലിൽ കഴിയുന്ന തടവുകാരായ പൗരന്മാരെ മോചിപ്പിച്ചു. 2014 ഡിസംബറിൽ 'റൗൾ കാസ്ട്രോ' മാർപാപ്പയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് പരസ്യമായി നന്ദി രേഖപ്പെടുത്തിയതും ചരിത്രമായിരുന്നു. 1959-ൽ ക്യൂബയിൽ ഫിദൽ കാസ്ട്രോ പള്ളികൾ പണിയുന്നത് നിരോധിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പയുടെ നയതന്ത്ര ഫലമായി ആ ഉപരോധം നീക്കം ചെയ്യുകയും ചെയ്തു.

മാർപാപ്പയായി ചുമതലയേറ്റ ശേഷം ഏതാനും മാസത്തിനുള്ളിൽതന്നെ വത്തിക്കാൻ ബാങ്കിനുള്ളിലെ ക്രമക്കേടുകളെ ഇല്ലാതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വത്തിക്കാൻ ബാങ്കിൽ വമ്പിച്ച തോതിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടായിരുന്നു. ബാങ്കിങ്ങ് പ്രവർത്തനങ്ങളെ സമൂലമായി മാറ്റങ്ങൾക്കു വിധേയമാക്കിയും ബാങ്കിന്റെ വരവ് ചിലവുകളെപ്പറ്റി ശരിയായ ബാലൻസ്ഷീറ്റ് തയ്യാറാക്കിയും വത്തിക്കാൻ ബാങ്കിങ്ങ് വളരെയധികം കാര്യക്ഷമമുള്ളതാക്കി തീർത്തു. പരിഷ്ക്കരണങ്ങൾക്കായി പോപ്പ് ഫ്രാൻസിസ് ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. കമ്മറ്റി ബാങ്കിന്റെ മുഴുവനുമുള്ള അക്കൗണ്ടുകളും ബാങ്കിനെ സംബന്ധിച്ചുള്ള അഴിമതികളും കുറ്റാരോപണങ്ങളും പരിശോധിക്കുകയും ചെയ്തു. ബാങ്കിന്റെ സുപ്രധാന ചുമതലകളുണ്ടായിരുന്ന  നാലഞ്ച് കർദ്ദിനാളന്മാരെ അവരുടെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വിരമിക്കുന്ന കാലത്ത് നിയമിച്ചവരായിരുന്നു. പകരം ബാങ്ക് നടത്താൻ കഴിവുള്ള വിദഗ്‌ദ്ധരെ അവരുടെ സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്തു. ബാങ്കിൽ പരിഷ്‌ക്കാരങ്ങൾ സാധിച്ചില്ലെങ്കിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ വിജയപ്രദമായില്ലെങ്കിൽ വത്തിക്കാന്റെ ഈ സ്വകാര്യ ബാങ്ക് നിർത്തൽ ചെയ്യുമെന്നും ഫ്രാൻസീസ് മാർപാപ്പ മുന്നറിയിപ്പ് കൊടുത്തിരുന്നു.

ജോൺ ഇരുപത്തിമൂന്നാമനു‌ ശേഷം പാവങ്ങൾക്കു വേണ്ടി സംസാരിക്കുന്ന സഭയ്ക്കു ലഭിച്ച  ഒരു മാർപാപ്പയായി  ഫ്രാൻസിസ് മാർപാപ്പയെ ലോകം കാണുന്നു.  ലിബറലും കൺസർവേറ്റിവും റാഡിക്കലുമൊത്തുചേർന്ന ചിന്തകളുള്ള അദ്ദേഹത്തെ മുൻഗാമികളായ മറ്റു മാർപാപ്പാമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.  അദ്ദേഹം സഭയുടെ ഭരണമേറ്റെടുത്ത നാളുകൾ മുതൽ വിശ്വാസികൾക്ക് സഭയോട് അടിസ്ഥാനപരമായ ഒരു അടുപ്പത്തിനും ആത്മീയബോധനത്തിനും വഴിതെളിയിച്ചു. ശരീര മാസകലം വൃണങ്ങൾകൊണ്ട് വൈകൃതമായിരിക്കുന്നവനെ ആലിംഗനം ചെയ്യുന്ന കാഴ്ചകളൊക്കെ കാണുമ്പോൾ സഭയെ ഫാസിസത്തിൽ നിന്ന് മോചിപ്പിക്കണമെന്ന്, മാർപ്പാപ്പ ആഗ്രഹിക്കുന്നുവെന്നു വേണം കരുതാൻ. ദരിദ്രരോടുള്ള സമീപനം വാക്കുകളേക്കാൾ പ്രവർത്തിയിൽ മാർപാപ്പ കാണിക്കുന്നു.

മാർപാപ്പയുടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലെ ഭരണകാലത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പദ്ധതികൾക്കും രൂപം നൽകിയിരുന്നു. ആഗോള ദാരിദ്ര്യത്തെപ്പറ്റിയുള്ള പരിഗണനകൾ വത്തിക്കാന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയിരുന്നു. സാമ്പത്തികമായി പുരോഗമിച്ച രാജ്യങ്ങളോട് ദരിദ്രരായ രാജ്യങ്ങളുടെ സ്ഥിതി വിശേഷങ്ങൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പണത്തെ ബിംബമായി കാണരുതെന്നും അഭ്യർത്ഥിച്ചു.  അടിമത്വത്തെ അദ്ദേഹം ലോകനേതാക്കന്മാരുമൊത്തു ചേർന്ന്  അപലപിച്ചു. 2020 ആകുമ്പോൾ ആഗോള തലത്തിലുള്ള അടിമത്വം മുഴുവനായി അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിൽ ലോകനേതാക്കന്മാരുമൊത്ത് ഒപ്പു വെക്കുകയും ചെയ്തു. 'അടിമത്വം മനുഷ്യത്വത്തോടുള്ള പാപമാണെന്നും' പ്രഖ്യാപിച്ചു. 'അടിമകളാക്കി ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തിനെപ്പറ്റിയും' അപലപിച്ചു. ഈ വിഷയം സംബന്ധിച്ച് 2015ലെ ആഗോള സമാധാന സന്ദേശത്തിൽ അദ്ദേഹത്തിൻറെ ഒരു പ്രഖ്യാപനവുമുണ്ടായിരുന്നു. 'അടിമത്വത്തിനെതിരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളും ജനവിഭാഗങ്ങളും ഒരുപോലെ പോരാടാൻ' അദ്ദേഹം ആവശ്യപ്പെട്ടു. 'മനുഷ്യരെല്ലാം സഹോദരി സഹോദരരെന്നും സ്വതന്ത്രമായി ജീവിക്കാൻ ഓരോരുത്തർക്കും തുല്യ അവകാശമുണ്ടെന്നും' മാർപാപ്പ പറഞ്ഞു.

ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വങ്ങളെ മാർപാപ്പ വിമർശിക്കാറുണ്ട്. ഉപഭോക്താക്കളുടെ ഉപയോഗ വസ്തുക്കൾ അമിതമായി പാഴാക്കുന്ന രീതികളെ വിമർശിച്ചു. അത് പ്രത്യേകിച്ച് അമേരിക്കയെയാണ് ബാധിക്കുന്നത്. അമിതമായി പാഴ്ചിലവുകൾ നടത്തുന്ന രീതികളാണ് പൊതുവെ അമേരിക്കൻ സംസ്ക്കാരത്തിലുള്ളത്. സമ്പത്ത് വ്യവസ്ഥിതിയെന്നുള്ളത് സമത്വത്തിലടിസ്ഥാനമായിരിക്കണം. പാവപ്പെട്ട ഒരു മനുഷ്യൻ മരിച്ചാൽ വളർത്തു മൃഗത്തിന്റെ വിലപോലും നൽകില്ല. സ്റ്റോക്ക് മാർക്കറ്റ് രണ്ടുശതമാനം താഴ്ന്നാൽ ആഗോള വാർത്തയാകും. വൻ കോർപ്പറേറ്റുകളുടെ സ്വാർത്ഥത നിറഞ്ഞ അമിത ലാഭമോഹങ്ങളെയും മാർപാപ്പ വിമർശിച്ചു.

ബുദ്ധമതവും വത്തിക്കാനുമായി നല്ലബന്ധം സ്ഥാപിക്കാനും മാർപാപ്പ ശ്രമിക്കുന്നു. ബുദ്ധമതക്കാരുടെയും കത്തോലിക്കരുടെയും ആത്മീയ നേതാക്കളുടെ കൂടിക്കാഴ്‌ച വത്തിക്കാനിലുണ്ടായിരുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചത് വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലും അമേരിക്കയുടെ കാത്തലിക്ക് ബിഷപ്പ് കോൺഫെറൻസുമായിരുന്നു. ആഗോളതലങ്ങളിലുളള സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധമതക്കാരും കത്തോലിക്കരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കോൺഫെറൻസിനുള്ളിൽ മാർപാപ്പയുടെ പ്രസംഗത്തിനുശേഷം ബുദ്ധ മതക്കാരുടെ ആത്മീയ നേതാക്കൾ കത്തോലിക്ക ആത്മീയ നേതൃത്വവുമായി ഒന്നിച്ചു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. പരസ്പ്പരം ആത്മീയ വെളിച്ചത്തിൽ അനുഗ്രഹാശീശുകൾ അർപ്പിക്കുകയും ചെയ്തു. 2017-നവംബർ ഇരുപത്തിയേഴാം തിയതി ഫ്രാൻസീസ് മാർപാപ്പ ബുദ്ധമതാനുയായികളുടെ രാജ്യമായ മ്യാൻമാർ സന്ദർശിച്ചു. അവിടുത്തെ രാജ്യഭരണാധികാരിയായ മിലിറ്ററി നേതാവായും കൂടികാഴ്ചയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ 'റോഹിൻഗ്യ' പ്രശ്നങ്ങളൊന്നും ചർച്ച ചെയ്തില്ല. തുടർന്ന് ലോക സമാധാനത്തിനായി ഭാവിയിലും ഇരുമതങ്ങൾ തമ്മിലുള്ള ചർച്ചകൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മ്യാൻമാറിൽ മാർപാപ്പ സന്ദർശിച്ചപ്പോൾ റോഹിങ്കരുടെ അഭയാർത്ഥി പ്രശ്നങ്ങൾ പരാമർശിച്ചില്ലെങ്കിലും അദ്ദേഹത്തിൻറെ രണ്ടുദിവസത്തെ ബംഗ്ളാദേശ് സന്ദർശന വേളയിൽ  'റോഹിങ്ക' മുസ്ലിമുകളോട് മാർപാപ്പ മാപ്പ് പറഞ്ഞു.  റോഹിങ്കർ  അഭയാർഥികളുമായി അഭിമുഖ സംഭാഷണം നടത്തി. അഭയാർഥികളുടെ പ്രതിനിധികളായി പതിനാല് പേർ മാർപാപ്പയെ സന്ദർശിച്ചിരുന്നു. അവരുടെ കൈകൾ പിടിച്ചുകൊണ്ട് അവർക്കുണ്ടായ കഷ്ടപ്പാടുകളുടെയും വേദനകളുടെയും കഥകൾ അദ്ദേഹം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകം കാട്ടുന്ന ക്രൂരതകളോട് പ്രതികാരത്തിനു പോയാൽ കൂടുതൽ ഭവിഷ്യത്തുക്കൾക്ക് ഇടയാക്കുമെന്നും പ്രശ്നങ്ങളെ സമാധാനമായും ക്ഷമയോടെയും നേരിടണമെന്നും മാർപാപ്പ അവരോട് പറഞ്ഞു.

ചൈനയും റോമുമായുള്ള ഒരു ഒത്തുതീർപ്പു ഫോർമുലായ്ക്കായി ചർച്ചകൾ പുരോഗമിക്കുന്നു. പരസ്പ്പരം നയതന്ത്രം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ചൈനയുമായി കത്തോലിക്ക സഭ ഒരു സൗഹാർദ്ദം സ്ഥാപിക്കുകയാണെങ്കിൽ അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായിരിക്കാം. വത്തിക്കാൻ ചൈനയിലെ നാസ്തിക സർക്കാരിന് കീഴടങ്ങുമോയെന്നതാണ് പ്രശ്‍നം. ചൈനയിൽ കത്തോലിക്ക ജനസംഖ്യ വളരെ കുറവാണെങ്കിലും അവിടെ ബിഷപ്പിനെ നിയമിക്കുന്നത് സർക്കാരിന്റ ചുമതലയിലാണ്. ചൈനീസ് സർക്കാരിനെ പിന്താങ്ങുന്നവരും മാർപാപ്പയെ അനുകൂലിക്കുന്നവരുമായി കത്തോലിക്കർ അവിടെ രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞുകൊണ്ടു ആരാധനകൾ നടത്തന്നു. മാർപാപ്പയെ അനുകൂലിക്കുന്നവർ രഹസ്യമായ സങ്കേതങ്ങളിൽ മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നു. ചൈനയുമായി ഒരു ഒത്തുതീർപ്പിൽ എത്തുന്നുണ്ടെങ്കിലും ചൈനയുടെ വ്യവസ്ഥകൾ മുഴുവനായി വത്തിക്കാൻ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബിഷപ്പുമാരെ നിയമിക്കുന്നത് അവിടെയുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയാണ്. അങ്ങനെ വരുകയാണെങ്കിൽ ചൈനയിലെ കമ്മ്യുണിസത്തെ വത്തിക്കാൻ   മാനിക്കേണ്ടി വരും. ഫ്രാൻസിസ് മാർപാപ്പയുടെ ഈ നയതന്ത്രം ചൈനയ്ക്ക് നൽകുന്ന ഏകപക്ഷീയമായ ഒരു ഔദാര്യവുമായിരിക്കും. വത്തിക്കാൻ ഒരു നാസ്തിക സർക്കാരായ ചൈനയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടിയും വരും.

മാർപാപ്പയുടെ ഈ ദൗത്യം വിജയിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ 1.4 ബില്യൺ ജനസംഖ്യയുള്ള ചൈനയും ഏറ്റവും വലിയ മതം 1.2 ബില്ലിയനുള്ള കത്തോലിക്ക സഭയുമായി ഒരു ഐക്യം സ്ഥാപിക്കാൻ സാധിക്കും. മാർപാപ്പയെ അംഗീകരിക്കുന്ന പത്തു മില്യൺ കത്തോലിക്കർ മാത്രമേ ചൈനയിലുള്ളു. അവർ ആചാരങ്ങൾ നടത്തുന്നത് ഒളിവു സങ്കേതങ്ങളിൽ നിന്നുമാണ്. ചൈനയുടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 70 മില്യൺ കത്തോലിക്കരിൽ വത്തിക്കാനു യാതൊരു സ്വാധീനവുമില്ല. അവരിൽ പ്രൊട്ടസ്റ്റന്റ് സഭകളും ഉൾപ്പെടും. ചൈനയിലെ കമ്മ്യുണിസ്റ്റ് നാസ്തിക സർക്കാർ കൂടുതൽ ഔദാര്യം കാണിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ട സംഗതിയാണ്.

 ഇന്ന് കത്തോലിക്ക സഭയുടെ സിനഡുകളിൽ നടക്കുന്ന സംവാദങ്ങളും ചർച്ചകളും മാർപാപ്പ നേരിട്ട് നടത്തുന്നതും ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ വത്തിക്കാനിലെ ബ്യുറോ ക്രാറ്റുകൾ അവരുടെ അധികാരം ഉപയോഗിച്ച് മെത്രാന്മാരുടെ സഭാ സിനഡ് വിളിച്ചുകൂട്ടുമായിരുന്നു. അഭിപ്രായങ്ങൾ പറയുന്നതും തീരുമാനങ്ങളെടുക്കുന്നതും വത്തിക്കാനിലെ അധികാരികളുടെ താൽപര്യങ്ങളിൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഫ്രാൻസിസ് മാർപാപ്പ നേരിട്ട് മാർപാപ്പയെ വിമർശിക്കുന്നവരെയും സിനഡിലേക്ക് ക്ഷണിക്കാറുണ്ട്. പൊതുവായ വിഷയം കൂടാതെ മെത്രാന്മാർക്ക് തുറന്ന അഭിപ്രായങ്ങളും ചർച്ചകളും നടത്താൻ കഴിയുന്നുവെന്നത് വത്തിക്കാനിലെ പുത്തൻ നടപടിക്രമങ്ങളിൽപ്പെട്ടതാണ്.

പരിസ്ഥിതി, ആഗോള താപനം എന്നീ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം ഒരു ചാക്രീയ ലേഖനം തന്നെ ഇറക്കിയിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സൃഷ്ടി ജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. നാശോന്മുഖമായിരിക്കുന്ന പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കാൻ, രക്ഷിക്കാൻ ലോകത്ത് ഇന്ന് ഏറ്റവും കഴിവുള്ള നേതാവായിട്ടാണ് മാർപാപ്പയെ കരുതിയിരിക്കുന്നത്. പരിസരങ്ങളും അന്തരീക്ഷവും മലിനമാക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ വാരങ്ങളിൽ അക്രൈസ്തവരുടെയും രോഗികളുടെയും ജയിൽ അന്തേവാസികളുടെയും സ്ത്രീകളുടെയും കാലുകൾ കഴുകി പാരമ്പര്യത്തെ പവിത്രീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്തു.  ഇത്തരം വിനയപൂർവ്വമായ പ്രവർത്തികൾമൂലം  അദ്ദേഹത്തെ സ്നേഹത്തിന്റെ മൂർത്തികരണ ഭാവമായ മാർപാപ്പയെന്ന നിലയിൽ ലോകം ആദരിക്കാൻ തുടങ്ങി. മില്യൺ കണക്കിന് ചെറുപ്പക്കാരായ കത്തോലിക്കർ അദ്ദേഹത്തിൻറെ പടങ്ങളും നല്ല പ്രവർത്തികളും പ്രഭാഷണങ്ങളും പങ്കു വെക്കുന്നു. കത്തോലിക്ക സഭയിൽനിന്നു പിരിഞ്ഞു പോയ അനേകർ മാതൃസഭയിലേക്ക് മടങ്ങി വന്നുകൊണ്ടുമിരിക്കുന്നു.

ഗർഭചിന്ദ്രം കൊടുംപാപമായിട്ടാണ് സഭ കരുതിയിരുന്നത്. അതിനുള്ള പാപമോചനം ബിഷപ്പിന്റെ അധികാര പരിധിയിലായിരുന്നു. മാർപാപ്പ അതിന് മാറ്റം വരുത്തി അത് സാധാരണ പാപത്തിനു തുല്യമാക്കി. വിവാഹമോചന കാര്യത്തിലും മാർപാപ്പ ഇടപെട്ടു. മുമ്പൊക്കെ പുനർവിവാഹം ചെയ്യുന്നതിന് സഭാ കോടതി വേണമായിരുന്നു. ഇന്ന് ഒരു വിവാഹം റദ്ദാക്കാൻ (nullify) സ്ഥലത്തെ ബിഷപ്പിന് അനുവാദം കൊടുക്കാം. രണ്ടാമത് വിവാഹം ചെയ്യുന്നവർക്കും സഭയുടെ വാതിൽ തുറന്നു കൊടുക്കാൻ മാർപാപ്പ പറഞ്ഞു.

സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം ലിംഗ വിഭാഗക്കാരെ (transgenders)പിശാചിന്റെ മക്കളെന്നു വരെ വിളിച്ചപമാനിക്കുന്ന വ്യവസ്ഥിതിയാണുള്ളത്. അവർ ദൈവത്തിന്റെ മക്കളെന്നു മാർപാപ്പ ഉച്ചത്തിൽ പറഞ്ഞു. മാർപാപ്പ ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കെ, അങ്ങകലെ ലെജറാഗേ (Lejarrage) എന്ന ട്രാൻസ്‌ജെൻഡർ 'പാപ്പ' എനിക്ക് സഭയിൽ പ്രവേശനമുണ്ടോയെന്നു വിളിച്ചു ചോദിച്ചു. മാർപാപ്പ അയാളുടെ സമീപത്തു ചെന്ന് സഭയിലങ്ങനെ ഒരു വിവേചനമില്ലെന്നും അറിയിച്ചു.

മറ്റുള്ള മാർപാപ്പമാരിൽ നിന്നും വ്യത്യസ്തനായി സ്വവർഗ രതികളുടെ അവകാശങ്ങൾക്കായി ഫ്രാൻസീസ് മാർപാപ്പ വാദിക്കുന്നു. സ്വവർഗ രതികളുടെ നീതിക്കായി പോരാടുന്ന എൽ.ജി.ബി.റ്റി സംഘടനയെ പിന്താങ്ങുകയും ചെയ്യുന്നു. കത്തോലിക്ക സ്‌കൂളുകളിലെ വേദപാഠം ക്ലാസിലും സ്വവർഗ രതികളുമായി സഹവർത്തിത്വം പാടില്ലെന്നു പഠിപ്പിക്കാറുണ്ട്. സ്വവർഗ സമൂഹങ്ങൾ മാർപാപ്പയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാറുമുണ്ട്. പേപ്പസിയുടെ നിലവിലുള്ള നയങ്ങൾക്ക് മാറ്റങ്ങൾ വരുമെന്നും അവർ പ്രതീക്ഷിക്കുന്നു. 2015 ജൂലൈയിൽ ബ്രസീലിൽ നിന്നുള്ള മടക്കയാത്രയിൽ സ്വവർഗ രതിക്കാരെപ്പറ്റി മാർപാപ്പ പറഞ്ഞു, "ഒരാൾ സ്വവർഗാനുരാഗിയെങ്കിൽ അയാൾ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മയുണ്ടെങ്കിൽ ഞാൻ ആര് അവനെ വിധിക്കാൻ." ബെനഡിക്റ്റ് പതിനാറാമൻ സ്വവർഗ രതിലീലകൾ ചാവു ദോഷമായി(Intrinsic sin) കരുതിയിരുന്നു. മാർപാപ്പ, അനുകൂലമായ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ സഭ സ്വവർഗരതികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനകൾ നടത്തിയിരുന്നു. മറ്റുളളവരെ വിധിക്കാതെ എല്ലാ മനുഷ്യർക്കും സഭയിൽ ആത്മീയതയ്ക്കായുള്ള അവസരങ്ങൾ നല്കണമെന്നുള്ളതാണ്, ഫ്രാൻസീസ് മാർപാപ്പാ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിൻറെ പാസ്റ്ററൽ ശുശ്രുഷ ലോകത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. നല്ലവനായി, മാന്യനായി ജീവിക്കുന്ന നാസ്തികർക്കുപോലും സ്വർഗ്ഗമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തു ബലിയർപ്പിച്ചത് കത്തോലിക്കരെ മാത്രം രക്ഷിക്കാനല്ല, എല്ലാവരും, ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും അതിൽ ഉൾപ്പെടും.

 ഫ്രാൻസീസ് മാർപാപ്പ സഭയുടെ ചരിത്രത്തിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും ദൈവശാസ്ത്ര മേഖലയിൽ കടുത്ത യാഥാസ്ഥിതികമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളത്. ഗർഭഛിദ്രം, സ്ത്രീ പൗരാഹിത്യം, വൈദിക ബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ സഭയുടെ വിശ്വാസങ്ങളിൽ അദ്ദേഹം തന്റെ മുൻഗാമികളുടെ പാതകൾ തന്നെ പിന്തുടരുന്നു. മാറ്റങ്ങൾക്ക് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല.  സ്വവർഗാനുരാഗത്തിന്റെ കാര്യത്തിലും അവരോട് കരുണ കാണിച്ചെങ്കിലും വത്തിക്കാന്റെ കീഴ്വഴക്കങ്ങൾക്കെതിരായി അദ്ദേഹം യാതൊരു പരിഷ്‌ക്കാരങ്ങൾക്കും മുതിർന്നിട്ടില്ല. സ്വവർഗ രതികൾ സഭയുടെ ദൃഷ്ടിയിൽ ഇന്നും കടുത്ത പാപമായി തന്നെ തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ലാറ്റിനമേരിക്കൻ നാടുകളിൽ കടുത്ത വിമോചന ശാസ്ത്രം പ്രചരിച്ചിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം മാർക്സിയൻ സിദ്ധാന്തങ്ങളും കൂട്ടിക്കുഴച്ചുള്ള  വിഷയങ്ങൾ സഭയൊന്നാകെ പ്രതിഫലിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പ കർദ്ദിനാളായിരുന്ന നാളുകളിൽ മാർക്സിയൻ തത്ത്വങ്ങളും ദൈവശാസ്ത്രവുമായി കലർന്ന തത്ത്വങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. മാർക്സിയൻ ചിന്താഗതികളെ എതിർത്തിരുന്ന മിലിറ്ററി ഏകാധിപത്യ ഭരണത്തെ അദ്ദേഹം പിന്താങ്ങിയിരുന്നു. അനേക പുരോഹിതരും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിച്ചു. അവരെ ഇല്ലാതാക്കാൻ, കമ്മ്യുണിസത്തെ ചെറുക്കാൻ അന്നത്തെ മിലിട്ടറി ഭരണകൂടം കൊടും ക്രൂരതകളും കാണിച്ചിട്ടുണ്ട്. പുതിയ ദൈവശാസ്ത്രത്തെ അനുകൂലിച്ച പുരോഹിതരെ ജയിലിലുമടച്ചു. ചിലരെ വധിക്കുകയും ചെയ്തു. ഫ്രാൻസീസ് മാർപാപ്പ മിലിറ്ററി ഭരണകൂടത്തെ അനുകൂലിച്ചെങ്കിലും സാധാരണക്കാർക്ക് വേണ്ടിയും ദരിദ്ര കോളനികളിലും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം മിലിട്ടറി ഭരണത്തിന്റെ ക്രൂരതയിൽ കണ്ടില്ലെന്നു ഭാവിച്ച് നിശ്ശബ്ദത പാലിച്ചതിലും വിമർശനങ്ങളുണ്ട്.

ഒരു മാർപാപ്പയുടെ ലളിതമായ ജീവിതം ഇത്രമാത്രം പ്രാധാന്യം കൊടുക്കണമോയെന്നു തോന്നിപ്പോവും! ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധനായ ഈ പാസ്റ്റർ ഇങ്ങനെ ലളിത ജീവിതം നയിക്കാൻ  പ്രതീക്ഷിക്കണമോയെന്നും ചോദ്യം വരാം. സംഘിടിത മതങ്ങളെല്ലാം 'അത് ചെയ്യണം, അത് ചെയ്യരുതെന്നുള്ള' തത്ത്വങ്ങളാണ് എഴുതിയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെയുള്ള നിയമങ്ങൾ മനുഷ്യരെ യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനു കാരണമാകുന്നു. അവിടെയാണ് ഫ്രാൻസീസ് മാർപാപ്പയുടെ ലാളിത്വത്തിന്റെ മഹത്വം വെളിവാകുന്നത്. മതത്തിന്റെ മൂല്യതയിൽ വിലമതിക്കാനും ഗർവ് കളഞ്ഞു വിനയശീലനാവാനും ഇത് സഭയിലുള്ള അംഗങ്ങൾക്കു പ്രചോദനമാകും. ദുഃഖിതരായവരെ സഹായിക്കുക, നമുക്കെതിരായുള്ളവരെയും തുല്യമായി കരുതുക എന്നീ തത്ത്വങ്ങൾ പ്രാവർത്തികമാക്കാനും സഹായകമാകും. കത്തോലിക്ക ലോകം വിവാദ വിഷയങ്ങൾ കൊണ്ട് പരസ്പ്പരം വിഘടിച്ചു ജീവിക്കുന്നു. മതസ്വാതന്ത്ര്യം, മൂല കോശ ഗവേഷണം (stem cell research) എന്നീ കാര്യങ്ങളിൽ സഭയൊന്നാകെ അഭിപ്രായ വിത്യാസങ്ങളിലാണ്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ മാർപാപ്പയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.

Read more

എന്തുകൊണ്ട് ഞാൻ വിമർശന ദർശിയായ ക്രിസ്ത്യൻ?

എന്തുകൊണ്ട് ഞാനൊരു ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന ചോദ്യം ചർച്ചാവിഷയമായി 'ഇ-മലയാളി' അവതരിപ്പിച്ചപ്പോൾ ഞാൻ ആരെന്ന് ഒരു നിമിഷം എന്നെപ്പറ്റി ചിന്തിച്ചുപോയി! ഈ ലേഖനം എഴുതുമ്പോഴും ശരിയായ ഒരു ഉത്തരം കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയെന്നു പറഞ്ഞാൽ എന്റെ ലേഖനം വായിക്കുന്നവർ പലരും അനുകൂലിച്ചെന്നു വരില്ല. പള്ളിയും പട്ടക്കാരും അവരോടു അടുത്തിരിക്കുന്നവരും ക്രിസ്തുവിനെ വിലയ്ക്കു മേടിച്ചിരിക്കുകയാണ്. നസ്രത്തിൽ പിറന്ന ക്രിസ്തുവിനെ പണ്ടേ അവർ പള്ളിയിൽനിന്ന് പുറത്താക്കി കഴിഞ്ഞിരുന്നു. യഥാർഥ ക്രിസ്തുവില്ലാത്ത ബലിപീഠങ്ങൾ കൈകാര്യം ചെയ്യുന്നത് ക്രിസ്തുവാണെന്നു പറഞ്ഞു സ്വയം പ്രഖ്യാപിതരായ പുരോഹിത ലോകമാണ്. ക്രിസ്തുവെന്ന ദിവ്യനായ ആചാര്യൻ ഒരിക്കലും പൗരാഹിത്യത്തെ അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല.

ഓർമ്മയായപ്പോൾ മുതൽ ഞാനൊരു കത്തോലിക്കനായ ക്രിസ്ത്യാനിയായിരുന്നു. എന്റെ മാതാപിതാക്കളും മുത്തച്ഛന്മാരും അവർക്കു മുമ്പുണ്ടായിരുന്നവരും ക്രിസ്ത്യാനികളായി അറിയപ്പെട്ടിരുന്നു. പൂർവിക പിതാക്കന്മാരിൽ ആരെങ്കിലും നമ്പൂതിരിയാണെന്നോ തോമ്മാശ്ലീഹായിൽ ജ്ഞാനസ്നാനം ചെയ്തെന്നോ ചരിത്ര രേഖകളിലൊന്നിലും കാണുന്നില്ല. കോട്ടയത്തിനു കിഴക്ക് കാഞ്ഞിരപ്പള്ളിയെന്ന ഗ്രാമത്തിൽ കൂടുതലും നസ്രാണികളുള്ള പ്രദേശത്തായിരുന്നു വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും. അന്നത്തെ ആചാരമനുസരിച്ച് ജനിച്ച ഏഴാം ദിവസം എന്നെ പള്ളിയിൽ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്. അമേരിക്കയിൽ വരുന്നതിനുള്ള വിസായ്ക്കായി എനിക്ക് മാമ്മോദീസ സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഔദ്യോഗികമായി ക്രിസ്ത്യാനിയാണെന്ന ഏറ്റവും വലിയ തെളിവ് എന്റെ മാമ്മോദീസ സർട്ടിഫിക്കറ്റ് തന്നെയാണ്. ഏഴാം വയസിൽ ആദ്യകുർബാന കൈകൊണ്ടപ്പോഴും പത്താം വയസിൽ മാത്യു കാവുകാട്ട് ബിഷപ്പിൽനിന്ന് സ്ഥൈര്യലേപനം ലഭിച്ചപ്പോഴും ആധികാരയുക്തമായ എന്നിലെ ക്രിസ്തീയതയ്ക്ക് അംഗീകാരം ലഭിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയും പള്ളിയുടെ കൂദാശകൾ സ്വീകരിച്ചുകൊണ്ടും എന്റെ വിവാഹവും നടന്നു. ഈ ആചാരങ്ങളെല്ലാം എന്നിലെ ക്രിസ്തീയത്വം ദൃഢമാക്കുകയായിരുന്നു.

ആദ്യകുർബാന സമയത്ത് സുന്ദരിയായ ഒരു കന്യാസ്ത്രി ഒരു വെന്തിങ്ങ എന്റെ കഴുത്തിൽ അണിയിച്ചുകൊണ്ടു പറഞ്ഞതും ഓർക്കുന്നു "എടാ ചെറുക്കാ! ഇത് ഉത്തരീയ ഭക്തിയുടെ അടയാളമാണ്. കത്തോലിക്കരെല്ലാം വെന്തിങ്ങ ധരിക്കണമെന്നു സഭയുടെ നിയമമാണ്. നീ എന്നും മാതാവിനോടു ഉത്തരീയ ഭക്തിയുള്ളവനായിരിക്കണമെന്നും" പറഞ്ഞു. അന്നൊക്കെ ഭക്തിയെന്നും ഉത്തരീയമെന്നും പറഞ്ഞാൽ എനിക്ക് മനസിലാകില്ലായിരുന്നു. അങ്ങനെ ബാല്യകാലത്തിൽ വെന്തിങ്ങാ കഴുത്തിൽ ധരിച്ചു നടന്നതായും ഓർമ്മയുണ്ട്. 'വെന്തിങ്ങാ'യെപ്പറ്റിയും 'വെന്തിങ്ങാ ഭക്തി'യുടെ പ്രാധാന്യത്തെപ്പറ്റിയും ഒരു മിനിറ്റുളള പ്രസംഗം കാണാപാഠം പഠിച്ച് അദ്ധ്യാപകരുടെ മുമ്പിലും കുട്ടികളുടെ മുമ്പിലും അവതരിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകൾ പോലും വെന്തിങ്ങയിൽ തട്ടി തെറിച്ചുപോയ കഥ വണക്കമാസത്തിൽ വായിക്കുമ്പോൾ ഞാൻ ആവേശഭരിതനായിരുന്നു. ഒരിക്കൽ ഒരു പെരുന്നാളുദിവസം എന്റെ സ്വർണ്ണമാല കള്ളൻ തട്ടിപറിച്ചുകൊണ്ടു പോയപ്പോഴും വെന്തിങ്ങ സുരക്ഷിതമായി കഴുത്തിലുണ്ടായിരുന്നു. മാലയ്ക്കുപകരം അന്ന് വെന്തിങ്ങ കഴുത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ കൂടുതൽ ദുഃഖിതനാകുമായിരുന്നു.

ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ആചാരങ്ങൾ പലതും അനുഷ്ഠിക്കേണ്ടതായുണ്ട്. ഞായറാഴ്ചകളിൽ പള്ളിയിൽ പോവണം. വരുമാനത്തിന്റെ പത്തുശതമാനം പള്ളിക്കു കൊടുക്കണം. കുർബാന കാണുകയും പാപപൊറുതിക്കായി കൂടെക്കൂടെ കുമ്പസാരിക്കുകയും കുർബാന കൈക്കൊള്ളുകയും വേണം. ബാല്യം മുതലേ കുമ്പസാരിക്കാനും കുർബാന കൈക്കൊള്ളാനും ഞാൻ മടിയനായിരുന്നു. മാതാപിതാക്കളിൽ 'അമ്മ'  ഭക്തികാര്യങ്ങളിൽ വളരെ കർശനക്കാരിയായിരുന്നു. എന്റെ പിതാവിന് പട്ടക്കാരോടും പള്ളിയോടും വിശ്വസമില്ലായിരുന്നതിനാൽ സ്വതന്ത്രമായ ഒരു ജീവിതം നയിക്കാൻ എനിക്ക് സാധിച്ചിരുന്നു. എങ്കിലും കത്തോലിക്കനെന്നുള്ള അഭിമാനം എനിക്കും കുടുംബത്തിലുള്ള മറ്റെല്ലാവർക്കും ഒരുപോലെയുണ്ടായിരുന്നു.

പ്രൈമറി-മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളി പള്ളിവക കത്തോലിക്കാ സ്‌കൂളിലായിരുന്നതുകൊണ്ടു ഭൂരിഭാഗം കുട്ടികളും കത്തോലിക്കാ ഭവനത്തിൽനിന്നുമുള്ളവരായിരുന്നു. എന്നിലെ മത യാഥാസ്തികതയും ഒപ്പം വളർന്നുകൊണ്ടിരുന്നു. സ്‌കൂളിൽ മറ്റു വിഷയങ്ങളോടൊപ്പം ഒരു പീരിയഡ് വേദപാഠം പഠിപ്പിക്കുമായിരുന്നു. അന്നൊക്കെ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുന്ന കഥകളൊക്കെ അദ്ധ്യാപകൻ വിവരിക്കുമ്പോൾ കണ്ണുനിറയുന്നതും ഓർമ്മിക്കുന്നു. അക്കാലത്ത് എല്ലാ ഹിന്ദുക്കുട്ടികളുടെയും രണ്ടു കാതിലും കടുക്കനുണ്ടായിരുന്നു. വേഷവിധാനങ്ങളിൽക്കൂടി ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും തമ്മിൽ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. സാരികൾ വിരളമായിരുന്ന കാലവും. ക്രിസ്ത്യൻ സ്ത്രീകൾ ഭൂരിഭാഗം പേരും ചട്ടയും മുണ്ടും ധരിച്ചിരുന്നു.

അക്കാലത്ത് ഒരു കുരുത്തക്കേട് കാണിച്ചതുകൊണ്ടു പള്ളി വികാരിയും അന്നത്തെ കുഞ്ഞാടായ പ്രഥമാധ്യാപകനും ഒത്തുചേർന്ന് എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി. എന്റെ പ്രായം അന്നു പതിനൊന്ന്. ഒരു പക്ഷെ പള്ളിയിലെ പുരോഹിതരോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടതിന്റെ തുടക്കവും ഇവിടെനിന്നാകാം. പിന്നീടുള്ള കാലങ്ങളിൽ എനിക്ക് പള്ളിയിൽ പോക്കോ കുമ്പസാരമോ കുർബാന സ്വീകരിക്കുന്ന പതിവോ ഉണ്ടായിരുന്നില്ല. കത്തോലിക്കാ സ്‌കൂളിൽനിന്നു പുറത്താക്കിയശേഷം ദിവസം രണ്ടര മൈൽ നടന്നു സർക്കാർ സ്‌കൂളിൽ പഠിക്കേണ്ടി വന്നു.  ഞങ്ങളുടെ കുടുംബം വാഴൂർക്ക് താമസം മാറ്റിയതുകാരണം നായന്മാരുടെ വക സ്‌കൂളിൽ പഠിക്കാനും തുടങ്ങി. ഇതിനോടകം പള്ളിയും പട്ടക്കാരനുമില്ലാത്ത ഒരു ക്രിസ്ത്യാനിയായും മനസിനെ പൊരുത്തപ്പെടുത്തിയിരുന്നു. ആരും എന്നെ ചോദ്യം ചെയ്യാനും വന്നിരുന്നില്ല. പിന്നീട് ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷം വിവാഹ സമയത്ത് കുമ്പസാരിച്ചു കുർബാന കൈകൊണ്ട് കത്തോലിക്കനെന്നു തെളിയിച്ചു.

എന്റെ വിദ്യാഭ്യാസം പുരോഹിതർ നിയന്ത്രിക്കുന്ന കത്തോലിക്ക സ്ക്കൂളിൽ തുടർന്നിരുന്നെങ്കിൽ ഒരു പക്ഷെ ഞാനൊരു തികഞ്ഞ യാഥാസ്ഥിതികനായി മാറുമായിരുന്നു. ഹൈന്ദവ സ്‌കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ഹൈന്ദവരോട് എനിക്ക് കൂടുതൽ സ്നേഹവും ബഹുമാനവും വന്നത്. ഞാൻ ഒരു ഹിന്ദുവും കൂടിയാണെന്നുള്ള തോന്നലുമുണ്ടായി. ഹിന്ദു അദ്ധ്യാപകർ ഒരിക്കലും മറ്റു മതങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് കേട്ടിട്ടില്ല. ക്രിസ്തുവിനെ വളരെ ആദരവോടെ മാത്രമേ അവർ കണ്ടിരുന്നുള്ളൂ. ചെറുപുഴകൾ പല വഴികളിലായി മഹാസമുദ്രത്തിൽ ലയിക്കുന്നപോലെ എല്ലാ മതങ്ങളും സഞ്ചരിക്കുന്നത് ഒരേ സൃഷ്ടാവിന്റെ സന്നിധാനത്തിലേക്കെന്നുള്ള തത്ത്വമാണ് ഹിന്ദുമതത്തിനുള്ളത്. വേദങ്ങളും ഉപനിഷത്തുക്കളും ഇന്ത്യയുടെ പൗരാണിക സംസ്ക്കാരത്തിന്റെ ഭാഗങ്ങളാണ്. ഹിന്ദുമതം ഒരു മതമല്ല, ഒരു സംസ്‌ക്കാരമാണ്. സിന്ധു നദി തടത്തിൽ തഴച്ചുവളർന്ന വേദ സംസ്ക്കാരമായ ഹിന്ദുമതത്തിന് ക്രിസ്തീയ സംസ്ക്കാരത്തെയും ഉൾക്കൊള്ളാൻ സാധിച്ചുവെന്നത് ആ മതത്തിന്റെ പവിത്രതയെ മഹത്വപ്പെടുത്തുന്നു.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്തു ഇസ്‌ലാം മതത്തെ അടുത്തറിയാനും കാരണമായി. വലിയൊരു പരന്ന പാത്രത്തിൽ ചുറ്റിനുമിരുന്ന് സഹോദരരെപ്പോലെ അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ എന്നെയും ക്ഷണിക്കുമായിരുന്നു. മുസ്ലിമും ക്രിസ്ത്യാനിയുമെന്ന വ്യത്യാസം ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിമുകൾ എന്റെ മതം ചോദിക്കുന്ന സമയങ്ങളിലെല്ലാം 'നീ എന്റെ സഹോദരനെന്നു' പറയുന്നതും ഓർക്കുന്നു. ഇസ്ലാം മതവും ക്രിസ്ത്യൻ മതവും പരസ്പ്പരം സാമ്യങ്ങളുള്ള മതങ്ങളാണ്. രണ്ടു മതക്കാരും ഒരേ ദൈവത്തെ ആരാധിക്കുകയും ഒരേ ദൈവത്തിന്റെ മക്കളെന്നു വിശ്വസിക്കുകയും ചെയ്യുന്നു. നോവ, എബ്രാഹം, മോസസ്, ദാവീദ്, ജോസഫ്, ജോൺ ബാപ്റ്റിസ്റ്റ് എന്നീ പ്രവാചകർ ഇസ്‌ലാമിന്റെ വിശ്വാസത്തിലുമുണ്ട്. പ്രവാചകൻ മുഹമ്മദിനെപ്പോലെ യേശുവിനും തുല്യമായ സ്ഥാനം മുസ്ലിമുകൾ കല്പിച്ചിരിക്കുന്നു. ബൈബിളും ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒന്നാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും ഒരുപോലെ മേരി കന്യകയായിരുന്നുവെന്നും യേശുവിനെ മേരി ദിവ്യഗർഭം ധരിച്ചുവെന്നും യേശു അത്ഭുതങ്ങൾ കാണിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. യേശു വാഗ്ദാനം ചെയ്ത രക്ഷകനായിരുന്നുവെന്നും അന്ത്യനാളിൽ യേശു വീണ്ടും വരുമെന്നും ഇരുമതങ്ങളും വിശ്വസിക്കുന്നു. ലോകാവസാനത്തിൽ തിന്മയുടെ പ്രതീകമായ അന്തി ക്രിസ്തുവിലും ഇസ്‌ലാമികൾ വിശ്വസിക്കുന്നുണ്ട്. ഭൂമിയിൽ ജീവിച്ചതനുസരിച്ച് തിന്മ ചെയ്യുന്നവർക്ക് നരകവും നന്മ ചെയ്യുന്നവർക്ക് സ്വർഗ്ഗവും ഇസ്‌ലാമിലുമുണ്ട്.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പുരയിടത്തിൽ താമസിച്ചിരുന്ന 'മറിയ' എന്ന് പേരുള്ള ഒരു ദളിത സ്ത്രീ മരണമടഞ്ഞു. അവർ നിത്യം പള്ളിയിൽ പോയിക്കൊണ്ടിരുന്ന ഒരു സാധു പുലയ  സ്ത്രീയായിരുന്നു. കൂലിവേല ചെയ്തുകൊണ്ട് ആറേഴു മക്കളെ വളർത്തിക്കൊണ്ടിരുന്നു. ലത്തീൻ പള്ളി ഇടവക അംഗമായിരുന്ന അവർക്ക് ആഴ്ചയിൽ ഒരു ദിവസത്തെ കൂലി പള്ളിക്ക് കൊടുക്കണമായിരുന്നു. അവരുടെ ഭർത്താവ് ദേവസ്യ പരസ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും  പറഞ്ഞു ലത്തീൻപള്ളിയിലെ വികാരി മൃതദേഹം സെമിത്തേരിയിൽ അടക്കാൻ സമ്മതിക്കില്ലായിരുന്നു. എട്ടുദിവസം ദുർഗന്ധം വമിച്ചു അവരുടെ മൃതദേഹം ആ കുടിലിന്റെ മുമ്പിൽ കിടക്കുന്നതു ഇന്നും ഓർമ്മിക്കുന്നു. മനുഷ്യത്വം നശിച്ചുപോയ വികാരിയുടെ മുമ്പിൽ നാട്ടുകാർ ഒന്നടങ്കം കേണപേക്ഷിച്ചിട്ടും വികാരിയുടെ മനസ് തുറന്നില്ല. സെമിത്തേരിയിൽ മൃതദേഹം അടക്കാൻ അനുവദിച്ചില്ല. ഒടുവിൽ യാതൊരു ആചാരവുമില്ലാതെ ഞങ്ങളുടെ പറമ്പിനുള്ളിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. യേശുവിന്റെ അനുയായികളെന്ന് സ്വയം പ്രഖ്യാപിച്ച പുരോഹിത വർഗങ്ങളിലും കരുണയുടെ സ്ഥാനത്ത് ക്രൂരതയുടെ മുഖങ്ങളുമുണ്ടെന്ന് വ്യക്തമായി എനിക്കന്നു മനസിലാക്കാൻ സാധിച്ചു. അന്നുമുതൽ പള്ളിയോടും പൗരാഹിത്യ വ്യവസ്ഥിതിയോടുമുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയും ചെയ്തു.

ബൈബിൾ ഒരു സാഹിത്യ കൃതിയാണ്. അതിനുള്ളിലെ വാക്യങ്ങൾ ദൈവത്തിന്റെ അരുളപ്പാടെന്നു  പഠിപ്പിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് ദഹിക്കാൻ പ്രയാസമാണ്. ബൈബിളിൽ സുവിശേഷകർ എഴുതിയിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങൾ അപ്പാടെ ദൈവം അരുളിചെയ്തതെന്ന് വിശ്വസിച്ചാലെ പുരോഹിതന്റെ കണ്ണിലെ ക്രിസ്ത്യാനിയാവുള്ളൂ. യേശുവിന്റെ ജന്മസ്ഥലവും പൂർവിക തലമുറകളും വ്യത്യസ്തമായിട്ടാണ് സുവിശേഷകർ വിവരിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ വിവാഹം ചെയ്‌താൽ അവർ കന്യകയല്ലെന്നറിഞ്ഞാൽ അവരെ കൊന്നുകളയണമെന്നാണ് പഴയ നിയമം നിയമാവര്‍ത്തന (Deuteronomy 22:13-21) പുസ്തകത്തിലുള്ളത്. അങ്ങനെ യുക്തിചിന്തകൾ ചൂണ്ടി കാണിക്കുന്നതിനെ മതം മുഴുവനായി വിലക്കിയിരിക്കുകയാണ്. തെറ്റു തെറ്റാണെന്നു സമ്മതിക്കാൻ മതം നടപ്പാക്കിയിരിക്കുന്ന നീതിബോധം അനുവദിക്കില്ല.

യേശു മാത്രം വഴിയും സത്യവുമെന്ന് ബൈബിളും പറയുന്നു. എന്നാൽ ഒരു ഹിന്ദുവിന് മുഹമ്മദിനെയും യേശുവിനെയും വിശ്വസിച്ചാലും ഹിന്ദുവാകാൻ സാധിക്കും. ബൈബിളനുസരിച്ച് ദൈവം ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും ഏഴുദിവസം കൊണ്ട് സൃഷ്ടിച്ചുവെന്നാണ് ലിഖിതം ചെയ്തിരിക്കുന്നത്. പതിനായിരം വർഷങ്ങൾക്കു മുമ്പ് ഭൂമിയേയും പ്രപഞ്ചാദികളെയും ദൈവം സൃഷ്ടിച്ചു. എന്നാൽ മുകളിൽ പറഞ്ഞ ദിവസത്തിന് 24 മണിക്കൂറായിരുന്നില്ല. ഒരുപക്ഷേ ആയിരങ്ങളോ മില്ലിയനുകളോ വർഷങ്ങളെ ഒരു വർഷമായി ഗണിക്കാമെന്ന് മതം വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഒരു ക്രിസ്ത്യാനി ബൈബിളിലെ വചനങ്ങൾ അപ്പാടെ ദിവ്യമായി സ്വീകരിക്കണം. അതിലെഴുതിയിരിക്കുന്ന ഒരു വചനത്തെയും വിമർശിക്കാൻ പാടില്ല. എഴുതിയിരിക്കുന്ന വചനങ്ങൾ  ലക്ഷോപലക്ഷം ജനങ്ങളിൽനിന്ന് തലമുറകളായി കൈമാറിയതാണ്. ദൈവിക വാക്കുകളെന്നു പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ കാലത്തിനനുസരിച്ച് മാറ്റപ്പെട്ടതെന്നു വ്യക്തമായി മനസിലാക്കാനും സാധിക്കും. ഏതു നൂറ്റാണ്ടിലാണ് ബൈബിൾ എഴുതിയതെന്ന് ആർക്കും അറിഞ്ഞുകൂടാ. ഭാഷകൾ മറ്റൊരു ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അനുയോജ്യമായ സാഹിത്യ പദങ്ങൾ കണ്ടെന്നു വരില്ല. അതുമൂലം ആശയങ്ങൾക്കു തന്നെ വ്യത്യാസങ്ങളും വരാം. ഓരോ ജനതയുടെയും സാംസ്ക്കാരിക ചിന്തകളുടെ മാറ്റങ്ങളനുസരിച്ചും ബൈബിൾ തർജ്ജിമ ചെയ്യുന്നു. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചിന്തകൾ തർജ്ജിമ ചെയ്യുന്നവരുടെ മനസ്സിൽ നിഴലിച്ചിരിക്കുന്നതും കാണാം. ആദ്യ പിതാക്കന്മാർ എഴുതിയ ബൈബിൾ തന്നെയാണോ നാം പാരായണം ചെയ്യുന്ന ബൈബിളെന്നതിലും വ്യക്തതയില്ല. വിശുദ്ധ പോളിനുണ്ടായ സ്വപ്നമാണ് പുതിയ നിയമത്തിലെ പോളിന്റെ സുവിശേഷങ്ങൾക്ക്  കാരണമായത്. ഒരുവൻ ഉറക്കത്തിൽ സ്വപ്നം കണ്ടാൽ ഉണർന്നു കഴിഞ്ഞശേഷം അതുപോലെ പകർത്താൻ ആർക്കെങ്കിലും സാധിക്കുമോ? പിന്നെയും ചോദ്യം വരുന്നു, ഈ സ്വപ്നം  വാസ്തവത്തിൽ ദൈവത്തിങ്കൽ നിന്നായിരുന്നുവോ? അതോ ദൈവത്തിങ്കൽ നിന്നായിരുന്നുവെന്ന് കഥയുണ്ടാക്കിയതോ? ഇത് പോളിനുണ്ടായ ഒരു മാനസിക വിഭ്രാന്തിയോ? ഏതോ നൂറ്റാണ്ടിൽ നടന്ന സുവിശേഷത്തിലെ പോളിനു കിട്ടിയ ദൈവത്തിന്റെ അശരീരി നൂറായിരം ജനങ്ങളിൽ കൈമറിഞ്ഞ ശേഷം നമ്മളോട് വിശുദ്ധ ഗ്രന്ഥം തുറന്നുകൊണ്ടു പുരോഹിതൻ പറയുന്നു, 'വിശ്വസിക്കുവിൻ, വിശ്വസിച്ചാൽ സ്വർഗം, അല്ലെങ്കിൽ നരകം!'

ബൈബിളിൽ നിന്ന് വചനമെടുത്തു വായിച്ചശേഷം പുരോഹിതൻ ആവർത്തിച്ചാൽ അതെങ്ങനെ സത്യമാകുന്നു. നാം അതെല്ലാം ശരിയെന്നു വിശ്വസിക്കണം. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വയം യുക്തിപൂർവം ചിന്തിക്കുന്നതല്ലേ നല്ലത്? വിശ്വസിക്കുന്നവരുടെ ചിന്തിക്കാനുള്ള കഴിവുകൾ നശിപ്പിച്ചുവെങ്കിൽ മാത്രമേ പള്ളിക്കും പുരോഹിതർക്കും വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ. ചിലർ പറയും, വിശുദ്ധഗ്രന്ഥങ്ങൾ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടു വിശുദ്ധ ഗ്രന്ഥവും സത്യമായിരിക്കും. എന്നാൽ ശാസ്ത്രം എക്കാലവും ശരിയായിരിക്കണമെന്നില്ല. പുതിയവ കണ്ടുപിടിക്കുമ്പോൾ പഴയതിനെ ശാസ്ത്രത്തിൽനിന്നും നീക്കം ചെയ്യാറുണ്ട്. ശാസ്ത്രീയ തത്ത്വങ്ങളും വസ്തുതകളും പിന്നീട് തെറ്റാണെന്നും തെളിയിച്ചിട്ടുണ്ട്. കൂടാതെ നൂറായിരം കാര്യങ്ങൾ ശാസ്ത്രത്തിന് മനസിലാകുന്നില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രം ഒന്നിനും അതിന്റെ അവസാനത്തെ തീർപ്പല്ല.

ക്രിസ്തുമതത്തെ ക്രിസ്തുപോലും സങ്കൽപ്പത്തിൽ കാണാഞ്ഞ അന്ധവിശ്വാസങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ക്രിസ്തുവിന്റെ കഷ്ടപ്പാടുകളും നിരത്തി വെച്ചുകൊണ്ട് കുരിശുരൂപത്തിന്റെ മുമ്പിൽ കരയാനാണ് സഭ പഠിപ്പിക്കുന്നത്. ക്രിസ്ത്യൻ കലകളെല്ലാം കുരിശിന്റെ വഴിയേ അനുസ്മരിക്കുന്ന രൂപങ്ങളായി കൊത്തിവെച്ചിരിക്കുന്നു. കുരിശുമരണത്തിനുമുമ്പിൽ കണ്ണീർ വാർക്കാനും വിലപിക്കാനും പഠിപ്പിക്കും. ക്രൂശിതനായ ക്രിസ്തുവിനെ സംബന്ധിച്ചുള്ള ദുഃഖകരമായ കഥകൾ ബാലമനസുകളിൽ അടിച്ചു കേറ്റും.  കോടാനുകോടി ജനങ്ങളാണ് ഇത്തരം വിശ്വാസങ്ങൾ പുലർത്തി വരുന്നത്. ബുദ്ധിജീവികളും ചിന്തിക്കുന്നവരും സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും പാടില്ല.

1982-നു ശേഷം പ്രാർത്ഥനാ ഗ്രൂപ്പുകളും കരിഷ്മാറ്റിക്ക് ഗ്രുപ്പുകളും കേരളത്തിൽ കൂണുപോലെ പൊന്തിവന്നു. അതിനുശേഷം സീറോ മലബാർ സഭയുടെ രൂപവും ഭാവവും മൊത്തം ഉടച്ചു വാർക്കപ്പെട്ടു. മാനസിക വൈകല്യമുള്ളവരുടെ എണ്ണവും വർദ്ധിച്ചു. സീറോ മലബാർ പള്ളികളിൽ  കുർബാനയുടെ ദൈർഘ്യം ഇരുപതു മിനിറ്റിൽ നിന്ന് ഒന്നര മണിക്കൂറായി. അതിനിടെ പുരോഹിതരുടെ ബോറടിച്ച നീണ്ട പ്രസംഗവും. പള്ളി പൊളിച്ചുപണിയുന്ന കാര്യവും പിരിവിന്റെ കാര്യവും ഓർമ്മിപ്പിക്കും. സാധാരണക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടും ഞെക്കിപ്പിഴിഞ്ഞുകൊണ്ടും പണവും പിരിക്കും. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരുടെ തീവ്ര പ്രാർത്ഥനകളും രോഗസൗഖ്യങ്ങളും കേരളത്തിൽ പുരോഹിതരുടെ നിയന്ത്രണത്തിലുള്ള വലിയൊരു വ്യവസായമായി മാറിക്കഴിഞ്ഞു.

അമേരിക്കയിലെ ഒരു മെഡിക്കൽ ജേർണലിൽ  പ്രാർത്ഥനകളെപ്പറ്റി നടത്തിയ ഒരു ശാസ്ത്രീയ റിപ്പോർട്ടുണ്ട്. അവർ നടത്തിയ പഠനത്തിൽ പ്രാർത്ഥനകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു  കണ്ടെത്തിയിരിക്കുന്നു. രോഗികളെ മൂന്നായി തരം തിരിച്ച് ഒരു കൂട്ടം രോഗികൾക്കുവേണ്ടി കഠിനമായി പ്രാർത്ഥിക്കുകയും അതേസമയം മറ്റൊരു കൂട്ടം രോഗികൾക്കായി പ്രാർത്ഥിക്കാതെയും ഇരുന്നു. മൂന്നാമതുള്ള ഒരു പ്രാർത്ഥനാക്കൂട്ടം രോഗികളറിയാതെ രോഗികൾക്കുവേണ്ടി രഹസ്യമായി പ്രാർത്ഥിച്ചു. എന്നാൽ രോഗികളായവർക്കുവേണ്ടി പ്രാർത്ഥിച്ചവരുടെ രോഗം മറ്റു രണ്ടു കൂട്ടരേക്കാളും വഷളായിരിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടർ രോഗികളിൽ യാതൊരു വ്യത്യാസവും കണ്ടില്ല. "നിനക്ക് പ്രാർത്ഥിണമെന്നുണ്ടെങ്കിൽ ധ്യാന നിരതനായി ഏകാന്തമായ മുറിയിൽ പ്രാർത്ഥിക്കാൻ" യേശു പറഞ്ഞിട്ടുണ്ട്. പ്രാർത്ഥനയുടെ പേരിൽ കരിഷ്മാറ്റിക്ക് പുരോഹിതരുടെ ചെണ്ടകൊട്ടും മേളങ്ങളും ഒരു സമൂഹത്തെ മൊത്തമായി ഭ്രാന്തൻ ലോകത്തിലേക്ക് നയിക്കുകയേയുള്ളൂ. .

പ്രാർത്ഥനകൾക്ക് ഫലം കണ്ടുവെന്ന് പലരും അവകാശപ്പെടുന്നുമുണ്ട്. ദൈവം അവരുടെ പ്രാർത്ഥന കേട്ടുവെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ദൈവം അവരുടെ പ്രാർത്ഥന കേട്ടാൽ തന്നെയും ബൈബിളിലെ ദൈവമാണ് ആ പ്രാർത്ഥന കേട്ടതെന്നും നിശ്ചയമില്ല. സത്യമെന്തന്നാൽ ഈ പ്രപഞ്ചമെന്നു പറയുന്നത് അത്ഭുതങ്ങൾ നിറഞ്ഞതാണ്‌. കണികകളും പരമാണുകളും തന്മാത്രകളും വൈദ്യുത കാന്ത തരംഗങ്ങളും അതിന്റെ പ്രവർത്തനങ്ങളും ഉൾക്കൊണ്ടതാണ് ഈ പ്രപഞ്ചം. ഇതിലെ ജീവജാലങ്ങളും പ്രകൃതിയും ശാസ്ത്രത്തിനും അതീന്ദ്രങ്ങൾക്കും ഗ്രഹിക്കാൻ കഴിയുന്നതിനേക്കാൾ ബുദ്ധിവൈഭവമുള്ളതാണ്. ആൽബർട്ട് ഐൻസ്റ്റീൻ അതിനെ ദൈവമെന്നു വിളിച്ചു. അദ്ദേഹം കണ്ടത് യഹൂദന്റെ ദൈവമോ ക്രിസ്ത്യൻ ദൈവമോ ആയിരുന്നില്ല. ഈ പ്രപഞ്ചം അനന്തവും കലാപരമായി സൃഷ്ടിക്കപ്പെട്ടതുമാണ്. നാം വസിക്കുന്ന ഈ ഭൂമിയും നിഗൂഢാത്മകമായ സത്യങ്ങൾകൊണ്ട് കോർത്തിണക്കിയതാണ്. ചിലപ്പോൾ നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകൾ വഴി പ്രതിഫലിച്ചേക്കാം. സഫലീകൃതമാകാം. അത് യാദൃശ്ചികമായി സംഭവിക്കുന്നതുമാണ്. ബൈബിളിലെ ദൈവമാണ് ആ പ്രാർത്ഥനകൾ കേൾക്കുന്നതെന്നുള്ള ന്യായികരണങ്ങളും നീതിയുക്തമല്ല. പാകതയില്ലാത്ത മനസാണ് അങ്ങനെ ചിന്തിക്കുന്നതിനു കാരണമാവുന്നത്.

ഞാൻ വളരെ ചെറുപ്പകാലം മുതൽ ഗാന്ധിയൻ ചിന്തകളിലും ഗാന്ധിജിയുടെ മതങ്ങളോടുള്ള മനോഭാവത്തിലും തൽപ്പരനായിരുന്നു. സ്വന്തം മതത്തെപ്പോലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കണമെന്ന ചിന്തകളായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗാന്ധിജി പറഞ്ഞിരുന്നു; "ഞാനൊരു ക്രിസ്ത്യനീയാണ്, ഹിന്ദുവാണ്, മുസ്ലിമാണ്, യഹൂദനാണ്. നിന്ദിക്കുന്നവനേയും തോക്കും മുനകൾ നെഞ്ചത്തു നീട്ടുന്നവനെയും സ്നേഹിക്കാൻ പഠിക്കണം. ഹിന്ദുവും മുസ്ലിമും സാഹോദര്യത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന ഒന്നായ ജനതയാണ്. എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്, ക്രിസ്തുദേവന്റെ സന്ദേശങ്ങൾ എന്റെ ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നു; എന്നാൽ ക്രിസ്ത്യാനികളെ ഇഷ്ടമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാനമായ ഭാരതം ഒന്നിച്ചുനിന്നാൽ ഒരു വിദേശ ശക്തിയും നമ്മുടെമേൽ മേധാവിത്വം പുലർത്തില്ല."

ക്രിസ്തുമതത്തെപ്പറ്റി കൂടുതൽ പഠിക്കും തോറും ഇത്തരം ചിന്തകൾ ചിന്താശക്തിയുള്ള ക്രിസ്ത്യാനികൾക്കും ഉണ്ടാകാവുന്നതാണ്. സഭയെ വിമർശിക്കാൻ പാടില്ലെന്നുളളതാണ് പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്. വിമർശിക്കുന്നവരുടെ നാവടക്കാൻ എല്ലാവിധ തരികിട ഗുണ്ടായിസങ്ങളും പുരോഹിതർ പ്രയോഗിക്കും. ബുദ്ധിജീവികളായ ജോസഫ് പുലിക്കുന്നേൽ, എം.പി.പോൾ, ജോസഫ് മുണ്ടശേരി എന്നിവരോട് സഭ ചെയ്ത ദ്രോഹം കാലത്തിനുപോലും പൊറുക്കാൻ സാധിക്കില്ല. എം.പി. പോളിനെ തെമ്മാടിക്കുഴിയിൽ അടക്കിയ ചരിത്രമാണ് സഭയ്ക്കുള്ളത്. അധർമ്മം പ്രവർത്തിക്കുന്നവരും കക്കുന്നവരും കൊലചെയ്യുന്നവരും ക്രിസ്ത്യാനികളാണ്. എന്നാൽ സഭയെ വിമർശിച്ചാൽ വിമർശിക്കുന്നവരുടെ നാവടപ്പിക്കാൻ  പൗരാഹിത്യ ലോകം അവർക്കെതിരെ സകല അടവുകളും പ്രയോഗിക്കും.

ശാസ്ത്രം എന്തുകണ്ടുപിടിച്ചാലും അതിന്റെ നേട്ടങ്ങളുമായി മതവും മുമ്പിലെത്തുക പതിവാണ്. ജനാൽപ്പഴുതുകളിൽക്കൂടി നോക്കുകയാണെങ്കിൽ ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ കണികകളുമെല്ലാം നമുക്ക് വിവരിക്കാൻ സാധിക്കും. നാം കാണുന്നതെല്ലാം സുപരിചിതവുമായിരിക്കാം. പലവിധത്തിൽ വ്യാഖ്യാനിക്കാം. മഴയും സ്നോയും പെയ്യുന്ന നാളുകളിൽ വഴികൾ ചെളിപിടിച്ചതെന്ന് വർണ്ണിച്ചേക്കാം. കുറച്ചു കഴിയുമ്പോൾ ഭൂമി വരണ്ടതാകും. മതവും അതിലെ അദ്ധ്യാത്മികതയും നാം വാതിലിനു പുറത്തുനോക്കുന്ന അതേ വൈകാരികതയിലാണ് ചഞ്ചലിക്കുന്നത്. പുറത്തേക്ക് നോക്കുമ്പോൾ  കാണപ്പെടാത്തതിനെ വിവരിക്കാൻ സാധിക്കില്ല. അതുപോലെ ഓരോ മതങ്ങളും ദൈവികത്വത്തെപ്പറ്റി അവരുടെ പരിമിതമായ അറിവിൽ നിന്ന് ഒരു ഭാഗം മാത്രം വിവരിക്കുന്നു. നാം ജനാലിൽക്കൂടി കണ്ടതിനെ വിവരിക്കുമ്പോൾ അവ്യക്തമായി നമുക്കു ലഭിച്ച അറിവുകൾ ശരിയെന്ന് മറ്റുള്ളവരിൽ സ്ഥാപിക്കാൻ ശ്രമിക്കും. അതുപോലെ ഓരോ മതത്തിന്റെയും ആത്മീയതയുടെ ഒരു വശം മാത്രം കാണുന്നുവെങ്കിൽ മറ്റുളള മതങ്ങളിലെ ആത്മീയ ചിന്തകൾ തെറ്റാണെന്നു വരുന്നില്ല. ഞാൻ തെറ്റാകണമെന്നില്ല, നിങ്ങളും തെറ്റാകണമെന്നില്ല. വ്യത്യസ്തങ്ങളായ സത്യങ്ങൾ നാം കാണുന്നുണ്ടെങ്കിലും ഞാനും നിങ്ങളും സത്യമാണെന്നു വിചാരിക്കണം. അതാണ് ഞാനെന്ന ക്രിസ്ത്യാനിയും, എന്റെ ക്രിസ്തീയതയും.

Read more

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും

ഡൊണാൾഡ് ട്രംപ്, 2018 ജനുവരി മുപ്പതാംതിയതി 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം  ചരിത്രപരവും ഹൃദ്യവുമായിരുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും രാജ്യാന്തര വിഷയങ്ങളുമടങ്ങിയ  പ്രസംഗം ഒരു മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. അതിലെ പ്രസക്തഭാഗങ്ങളെപ്പറ്റി ഒരു അവലോകനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കരുതുന്നു. ഉത്‌കടമായ അഭിലാഷങ്ങളും ഘോഷോച്ചാരണങ്ങളും പ്രസംഗത്തിൽ ഉടനീളം പ്രകടമായിരുന്നു. ട്രംപിന്റെ പ്രസംഗം ദേശസ്നേഹം ഉത്തേജിപ്പിക്കുന്നതും അമേരിക്കൻ പൗരനെന്ന ആത്മാഭിമാനം ഉണർത്തുന്നതുമായിരുന്നു.  മനസിന് കുളിർമ്മ നൽകുന്ന പ്രസംഗത്തിന്റെ ചാരുത്വം വളരെയധികം വിലമതിക്കേണ്ടതും വിവേചിച്ചറിയേണ്ടതുമാണ്.

ട്രംപ് പറഞ്ഞു, "അമേരിക്കൻ ഐക്യനാടുകൾ എക്കാലത്തേക്കാൾ ശക്തമാണ്. നാം പൗരന്മാർ ശക്തരായതുകൊണ്ടു രാജ്യം ശക്തിപ്രാപിച്ചിരിക്കുന്നു. ഒന്നായി ഐക്യമഹാബലത്തോടെ സുരക്ഷിതവും ശക്തവും അഭിമാനഭരിതവുമായ അമേരിക്കയെ നമുക്ക് പടുത്തുയർത്തണം. അമേരിക്കൻ ജനതയെപ്പോലെ ഭയരഹിതരായി എന്തിനെയും അഭിമുഖീകരിക്കാൻ തയാറാകുന്ന ഒരു ജനം ലോകത്തുണ്ടായിരിക്കില്ല. നിശ്ചയദാർഢ്യമാണ് നമ്മെ നയിക്കുന്നത്. ഇന്നു രാത്രിയിൽ എന്നോടൊപ്പം എന്റെ പ്രസംഗം ശ്രവിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും ദിനം വളരെ വിലയേറിയതാണ്. നിങ്ങൾ എവിടെയാണെങ്കിലും എവിടെനിന്നു വരുന്നവരാണെങ്കിലും ഒരേ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ പരസ്പ്പരം സൗഹാർദം അർപ്പിക്കാൻ സാധിക്കും. യാതനകളോടെയും വിയർത്തും അദ്ധ്വാനിച്ചും നിങ്ങൾ കഠിനമായി ജോലി ചെയ്യുന്നവരാണെങ്കിൽ സ്വയം വിശ്വാസം നിങ്ങളിൽതന്നെ അർപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തിനെയും ഈ പുണ്യഭൂമിയെത്തന്നെയും സ്വപ്നം കാണാൻ സാധിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങൾ എന്താണെങ്കിലും  ഒന്നിച്ചു നേടാൻ സാധിക്കുകയും ചെയ്യുന്നു. നാം ഒരേ ഭവനത്തിൽനിന്നുള്ളവരും ഒരേ മനദൃഢതയോടെ ഒരേ ഈശ്വര സങ്കൽപ്പങ്ങളുള്ളവരുമാണ്.   പാറിപ്പറക്കുന്ന അമേരിക്കയുടെ ദേശീയ പതാകയും ഒരേ മനസോടെ പങ്കിടുന്നു. നമ്മുടെ വിശ്വാസവും നമ്മുടെ കുടുംബവുമാണ് അമേരിക്കൻ ജീവിതമെന്നും അറിയുന്നു. അല്ലാതെ ഗവൺമെന്റോ അധികാരത്തിന്റെ ചുവപ്പുനാടകളോ നമ്മെ നയിക്കുന്നില്ല.

പതിറ്റാണ്ടുകളായി നാം അഭിമുഖീകരിച്ചിരുന്നത് നീതിയുക്തമല്ലാത്ത ഒരു വാണിജ്യ വ്യവസ്ഥയായിരുന്നു. നമ്മുടെതന്നെ അഭിവൃത്തിക്ക് അത് തടസവുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ധനവും തൊഴിലുകളും തൊഴിലുടമകളും കമ്പനികളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. വരുമാന വിഭവങ്ങളെ മറ്റുള്ളവർക്ക് കീഴ്പ്പെടുത്തിക്കൊണ്ടുള്ള ആ യുഗം അവസാനിച്ചു. ഇന്നുമുതൽ നീതിപൂർവമായ ഒരു ആഗോള വ്യവസായ ബന്ധം പ്രതീക്ഷിക്കുന്നു. അത് പരസ്‌പര പ്രവര്‍ത്തനസൂചകമായ ധർമ്മത്തിലധിഷ്ഠിതമായിരിക്കണം. നമ്മുടെ പൗരന്മാരെ സർക്കാരിന്റെ സാമ്പത്തികാശ്രയത്തിൽനിന്നും മുക്തിനേടിപ്പിച്ച് ജോലി ചെയ്യുന്നവരാക്കണം. മറ്റുള്ളവരെ ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്നവരെ സ്വയം കാലിൽ നിൽക്കാനുള്ള ത്രാണിയുള്ളവരാക്കി അവരെ സ്വതന്ത്രരാക്കണം. ദാരിദ്ര്യത്തിൽനിന്ന് മുക്തി നൽകി സമ്പത്തിലേക്ക് ഉയർത്തണം.

അമേരിക്ക ശില്പികളുടെയും ആകാശം മുട്ടെയുളള മണിഗോപുര  കെട്ടിടം നിർമ്മാതാക്കളുടെയും നാടാണ്. ഒരു വർഷം കൊണ്ട് എമ്പയർ സ്റ്റേറ്റ് കെട്ടിടം പടുത്തുയർത്താൻ നമുക്ക് സാധിച്ചു. എന്നാൽ ഇന്ന് ഒരു ചെറിയ റോഡിന്റെ നിർമ്മാണത്തിന് അംഗീകാരം കിട്ടാൻപോലും പത്തു വർഷം എടുക്കുന്നത് രാഷ്ട്രത്തിന്റെ ഒരു പോരായ്മയല്ലേ? അത് നമ്മുടെ രാജ്യത്തിനുതന്നെ അപമാനഹേതുവാകുന്നില്ലേ?

അമേരിക്ക സാനുകമ്പ നിറഞ്ഞ മഹനീയമായ ഒരു രാഷ്ട്രമാണ്. നിലനിൽപ്പിനായി പൊരുതുന്നവർക്കും നിർദ്ധനർക്കും അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്കും  മറ്റേതു രാജ്യങ്ങളെക്കാളും ഉദാരമായി നാം സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റെന്ന നിലയിൽ എന്റെ കൂറും എന്റെ സഹാനുഭൂതിയും, എന്റെ ഉത്‌കണ്‌ഠകളും അമേരിക്കൻ കുഞ്ഞുങ്ങൾക്കും, കഷ്ടപ്പെടുന്ന തൊഴിൽവിഭാഗത്തിനും നാം മറന്നുപോയ സമൂഹത്തിലെ ദുഃഖിതരായവർക്കും വേണ്ടി മാത്രമാണ്. വലിയ വലിയ കാര്യങ്ങൾ നേടാനായി നമ്മുടെ യുവാക്കൾ വളരാനും ആഗ്രഹിക്കുന്നു. രാജ്യത്തിലെ ദരിദ്രരായവർക്ക് ഉയരാനുള്ള അവസരങ്ങൾക്കുവേണ്ടിയും  ഇച്ഛിക്കുന്നു."

പോഡിയത്തിനു അഭിമുഖമായിനിന്നുകൊണ്ട് ട്രംപ് നടത്തിയ സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിൽ പലയിടങ്ങളിലും അതിശയോക്തി കലർത്തിയിട്ടുണ്ടായിരുന്നു. ചാനലുകാരുടെയും വാർത്താ മാധ്യമങ്ങളുടെയും ശ്രദ്ധയിൽപ്പെട്ട ചില വസ്തുതകളെ വിമർശന രൂപേണ പരിശോധിക്കാം. ശരിയോ തെറ്റോയെന്നു നിശ്ചയിക്കുന്നത് ഓരോരുത്തരുടെയും യുക്തികൾക്കനുസരിച്ചായിരിക്കും. അവിടെ വ്യാജ വാർത്തകളും സത്യത്തെ വളച്ചൊടിക്കുന്നവരും രാഷ്ട്രീയ ചേരിതിരിഞ്ഞുള്ളവരും വിഭിന്ന അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവരുമുണ്ടാകാം. ജനാധിപത്യത്തിന്റെ വൈകൃതങ്ങളായ ചിന്തകളാണ് അവകളെല്ലാം.

'അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നികുതിയിളവുകളാണ് തന്റെ നികുതി പരിഷ്ക്കരണത്തിലുള്ളതെന്ന' ട്രംപിന്റെ പ്രസ്താവന തികച്ചും യാഥാർഥ്യത്തിൽനിന്നും ഘടകവിരുദ്ധമാണെന്നു' കാണാം.  വിലപ്പെരുപ്പം അനുപാതമായി എടുക്കുകയാണെകിൽ 1940 നു ശേഷം ഇത് നാലാമത്തെ ഏറ്റവും വലിയ നികുതിയിളവാണ്‌. ജി.ഡി.പിയുടെ അനുപാതത്തിലെങ്കിൽ ഏഴാമത്തേതും. 2017-ൽ $150 ബില്യനും 2012-ൽ 321 ബില്യനും 2010-ൽ 210 ബില്യനും 1981-ൽ 208 ബില്യനും നികുതിയിളവുകൾ നൽകിയിരുന്നു. ജി.ഡി.പി യുടെ അനുപാതത്തിൽ 2017 ലുണ്ടായ നികുതിയിളവ് 0 .9 ശതമാനമാണ്.  1945-ൽ 2.67 ശതമാനവും 1981-ൽ 2.89 ശതമാനവും 2010-ൽ 1.31 ശതമാനവും 2013ൽ 1.78 ശതമാനവും  നികുതിയിളവുകളുണ്ടായിരുന്നു. അവിടെ ട്രംപിന്റെ വാദത്തിന് പ്രസക്തിയില്ല. ധനികരായവർക്ക് 35 ശതമാനത്തിൽനിന്നും 21 ശതമാനത്തിലേക്ക് നികുതിയിളവ് കൊടുത്തത് നീതിയുക്തമല്ല. അത് രാജ്യത്തിലെ സാധാരണ പൗരന്മാരോടുള്ള അധാർമ്മികത കൂടിയാണ്.

'മൂന്നു മില്യൺ ജോലിക്കാർക്ക് നികുതിയാനുകൂല്യമുള്ള ബോണസ് ലഭിക്കുമെന്നും' ട്രംപ് പറയുന്നു. ബോണസുകൾ താൽക്കാലികമായ ഒരു ആശ്വാസം മാത്രമേ നൽകുകയുള്ളൂ. . നികുതിയിളവുകൾ കൊണ്ട് കോർപ്പറേഷനുകൾ തങ്ങളുടെ ബിസിനസുകൾ വിപുലപ്പെടുത്തി പുതിയ ഫാക്ടറികൾ നിർമ്മിക്കുന്നുണ്ടോ, കൂടുതൽ മെഷിനറികൾ വാങ്ങിക്കുന്നുണ്ടോ, പുതിയ തൊഴിലുകൾ സൃഷ്ടിക്കുമോ മുതലായ വസ്തുതകളും ചിന്തിക്കേണ്ടതാണ്‌. നികുതിയിളവുകൾ കൊണ്ട് അതിന്റെ ഫലം അറിയണമെങ്കിൽ വർഷങ്ങൾ എടുക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. 'ചെറുകിട ബിസിനസുകാരുടെ വിശ്വാസം അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നുവെന്നും' ട്രംപ് പറഞ്ഞിരുന്നു.

'സാമ്പത്തിക പരിഷ്‌കാരങ്ങളും മാറ്റങ്ങളും മൂലം വർഷത്തിൽ 4000 ഡോളർ ഒരു കുടുംബത്തിന് ലഭിക്കാൻ സാധിക്കുമെന്നാണ്' ട്രംപിന്റെ പ്രസ്താവന. 4000 ഡോളർ അധിക വരുമാനമുണ്ടാകുമെന്ന കണക്കും വ്യക്തമല്ല. വൻകിട കോർപ്പറേഷനുകൾ നികുതിയിളവിൽ ലഭിക്കുന്ന അധിക വരുമാനത്തിന്റെ പങ്ക് ജോലി ചെയ്യുന്നവർക്ക് കൊടുക്കണമെന്നില്ല. കമ്പനികൾക്ക് കിട്ടുന്ന ലാഭം ധനികരായവരുടെ പോക്കറ്റിൽ പോവുകയും ചെയ്യും. അതുകൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം?

'സ്റ്റോക്ക് മാർക്കറ്റ്, കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. അത് ചരിത്രത്തിലെ ഏറ്റവുമധികമുണ്ടായിരുന്ന നേട്ടമാണെന്നുമുള്ള' ട്രംപിന്റെ  പ്രസംഗവും ശ്രദ്ധേയമായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് ഉയർന്നുവെന്നത് ശരിയാണ്. ട്രംപിന്റെ യൂണിയൻ അഡ്രസിനുശേഷം സ്റ്റോക്ക് താഴുന്ന വാർത്തകളും   വായിക്കുന്നു. 2013 മുതൽ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റോക്കിന്റെ വളർച്ചയുടെ ആരംഭമിട്ടത് ഒബാമയുടെ ഭരണകാലത്താണ്.

'വർഷങ്ങളോളം മരവിച്ചിരുന്ന തൊഴിൽ വേതനം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ള' ട്രംപിന്റെ പ്രസ്താവന മുഴുവൻ ശരിയല്ല. ട്രംപിന്റെ ഭരണത്തിൽ ആദ്യത്തെ ഒമ്പതു മാസത്തിൽ തൊഴിൽ വേതനം കൂടുന്നുണ്ടായിരുന്നു. എന്നാൽ അവസാന മൂന്നു മാസം വീണ്ടും വേതനം കുറഞ്ഞു. തൊഴിൽ വേതനം വർദ്ധിക്കാൻ ആരംഭിച്ചത് ഒബാമയുടെ അവസാന വർഷത്തെ ഭരണകാലങ്ങളിലായിരുന്നു. ചരിത്രത്തിൽ ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക്ക് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള വർഷമാണെന്ന് ട്രംപ് അഭിമാനിക്കുന്നുണ്ടെങ്കിലും ഈ പുരോഗമനം ഒബാമയുടെ ഭരണകാലത്തിലെ തുടർച്ചയുംകൂടിയായിരുന്നു.  തൊഴിലില്ലായമയുടെ സാമ്പത്തിക വിഷയം പരിഗണിക്കുമ്പോൾ രാജ്യം മുഴുവനുള്ള ധനതത്ത്വശാസ്ത്രം ഗഹനമായി പഠിക്കേണ്ടതായുണ്ട്. ഉൽപ്പാദന മേഖലകളുടെ വളർച്ചയും സപ്ലൈ ആൻഡ് ഡിമാൻഡും മാർക്കറ്റിങ്ങും തൊഴിൽനിപുണതകളും സാമ്പത്തിക മേഖലകളുടെ ഭാഗമാണ്. തൊഴിൽ മേഖലകളുടെ പുരോഗമനവും തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതും ഒരു പ്രസിഡണ്ടിന്റെ കഴിവിൽ ഒതുങ്ങുന്നതല്ല.

വിസാ ലോട്ടറിയെപ്പറ്റി ട്രംപിന്റെ പരാമർശം ഇങ്ങനെ, " ലോട്ടറി വിസായിൽക്കൂടെ ഗ്രീൻകാർഡുകൾ ലഭിക്കുന്നവരുടെ തൊഴിലിലുള്ള നൈപുണ്യമോ കഴിവോ മാനദണ്ഡമായി കണക്കാക്കാറില്ല.  ക്രിമിനലുകളും അക്കൂടെ കാണും. അമേരിക്കയുടെ സുരക്ഷിതത്വവും കണക്കാക്കാൻ സാധിക്കില്ല."  ട്രംപിന്റെ പ്രസ്താവനയിൽ,  വൈരുദ്ധ്യങ്ങളുണ്ട്. ഗ്രീൻകാർഡിനുളള ഇത്തരം അപേക്ഷകരെ ലോട്ടറിപോലെ തിരഞ്ഞെടുക്കുന്നുവെങ്കിലും അതിന് അപേക്ഷിക്കുന്നവർ ചില വിദ്യാഭ്യാസ മാനദണ്ഡങ്ങളും പൂലർത്തണം. അപേക്ഷിക്കുന്നവർക്ക് മുൻകാല തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. അവർ അമേരിക്കയിൽ വരുന്നതിനുമുമ്പ് അവരുടെ ജീവിത പശ്ചാത്തല ചരിത്രവും അന്വേഷിക്കാറുണ്ട്. പന്ത്രണ്ട് വർഷമുള്ള സീനിയർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും രണ്ടുവർഷത്തെ തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. ലോട്ടറി വിസാ കിട്ടുന്നവർക്ക് ഭാര്യയേയും കുട്ടികളെയും കൂടെ കൊണ്ടുവരാം.  കൂടെ വരുന്നവരെ  സൂക്ഷ്മ നിരീക്ഷണങ്ങളും നടത്താറുണ്ട്. പരിപൂർണ്ണമായി സ്‌ക്രീൻ ചെയ്യാതെ ആർക്കും ഈ രാജ്യത്തേക്ക് വിസാ കൊടുക്കാറില്ല.

'കുടിയേറ്റ നിയമം അനുസരിച്ച് ഒരു കുടിയേറ്റക്കാരന് എത്ര അകന്ന ബന്ധു ജനങ്ങളെയും  അമേരിക്കയിൽ കൊണ്ടുവരാൻ സാധിക്കുമെന്നുള്ള' ട്രംപിന്റെ ആരോപണം ശരിയല്ല. അമേരിക്കൻ കുടിയേറ്റക്കാർക്കോ പൗരന്മാർക്കോ അകന്ന ബന്ധുക്കളായ അമ്മായിമാരെയോ വല്യച്ഛൻ, വല്യമ്മ എന്നിവരെയോ കസിൻ, മരുമക്കൾ എന്നിവരെയോ കൊണ്ടുവരാൻ സാധിക്കില്ല. പൗരത്വമുള്ളവർക്ക്, സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയോ കൊണ്ടുവരാം. എന്നാൽ അവരുടെ വിസാ ലഭിക്കാനായി പതിമൂന്നിൽ കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ഗ്രീൻ കാർഡുകാർക്ക് അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിനെയോ പ്രായപൂർത്തിയാകാത്ത മക്കളെയോ കൊണ്ടുവരാം.

'അപകടകാരികളായ ആയിരക്കണക്കിന് ഭീകരരെ തടവറകളിൽ നിന്നും ഇറാഖിൽനിന്നും നാം മോചിപ്പിച്ചിരുന്നുവെന്നും അവരിൽ ഐ.എസ്‌.ഐ,എസ് നേതാവ് 'അൽ ബാഗ്ദാദി'യുമുണ്ടായിരുന്നുവെന്നും  യുദ്ധക്കളത്തിൽനിന്നും പിടികൂടി പിന്നീട് തടവറയിൽ നിന്നും മോചിപ്പിച്ച അവർ വീണ്ടും നമ്മോട് ഏറ്റുമുട്ടിയെന്നുള്ള' ട്രംപിന്റെ പ്രസംഗം അതിശയോക്തി നിറഞ്ഞതാണ്. ആയിരക്കണക്കെന്ന കണക്കുകൾ ട്രംപ് പെരുപ്പിച്ചു പറഞ്ഞതെന്നു കരുതണം. 122 പേരെയാണ് മോചിതരാക്കിയത്. അൽ-ബാഗ്‌ദാദിയെ മോചിപ്പിച്ചത് അമേരിക്കയല്ല. 2004 -ൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് നേതാവിനെ ഇറാഖിന് കൈമാറിയിരുന്നു. അയാളെ ഇറാക്ക് പിന്നീട് മോചിതനാക്കി. കീഴടക്കുന്നവരെ ഇറാഖിന് കൈമാറണമെന്ന് അമേരിക്കയും ബ്രിട്ടനുമായി നിയമപരമായ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു.

'ഭരണമേറ്റെടുത്ത ഒരു വർഷത്തിനുള്ളിൽത്തന്നെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരസഘടനയെ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ഇറാക്കിലും സിറിയയിലും അവർ കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ മോചിപ്പിച്ചുവെന്നും' ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അവകാശ വാദങ്ങളിൽ വാസ്തവമുണ്ട്. ഈ വിജയം ഒബാമയ്ക്കും അവകാശപ്പെട്ടതാണ്. ഒബാമയുടെ കാലത്താണ് അമേരിക്കൻ മിലിട്ടറി ഇസ്‌ലാമിക സ്റ്റേറ്റിനെതിരെ ശക്തിയായ ആക്രമണങ്ങൾ ആരംഭിച്ചത്.

'എമ്പയർ സ്റ്റേറ്റ് ഒരു വർഷം കൊണ്ട് പണിതീർത്തുവെന്നും ഇന്നൊരു റോഡ് നിർമ്മിക്കണമെങ്കിൽ അതിന്റെ അനുവാദത്തിനായി പത്തുവർഷം കാത്തിരിക്കണമെന്നുള്ള' കണക്കുകൂട്ടലുകളിൽ ചെറിയ മാറ്റങ്ങളും വരുത്തേണ്ടതായുണ്ട്. എമ്പയർ സ്റ്റേറ്റ് കെട്ടിടം പണി തീർക്കാൻ ഒരു വർഷവും നാൽപ്പത്തിയഞ്ച് ദിവസവും എടുത്തു. പത്തു വർഷം ഒരു റോഡ് പണിയാൻ സമയമെടുക്കുന്നുവെന്ന പ്രസ്താവനയിൽ! അതിശയോക്തിയുണ്ട്. അടുത്ത കാലത്തെ ഒരു പഠനത്തിൽനിന്നും റോഡ് പണിക്കുള്ള അനുവാദത്തിനായുള്ള സമയം നാലര വർഷം മുതൽ ആറര വർഷം വരെയെന്ന നിഗമനമാണുള്ളത്.

'അമേരിക്കയിൽ ഊർജ്ജത്തിനായുള്ള യുദ്ധം അവസാനിച്ചുവെന്നും ശുദ്ധമായ കൽക്കരി ഊർജ്ജത്തിലും നാം സ്വയംപര്യാപ്തി നേടിക്കഴിഞ്ഞുവെന്നും' ട്രംപ് പറഞ്ഞു. കൂടാതെ ലോകത്തിനു അമേരിക്ക ഊർജം കയറ്റുമതി ചെയ്യുന്നുണ്ടെന്നുമാണ് അവകാശപ്പെട്ടത്. ഇത് തെറ്റായ പ്രസ്താവനയാണ്. ഇന്നും അമേരിക്ക ഊർജം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അടുത്ത പത്തുകൊല്ലത്തേക്ക് അതിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല.  കൽക്കരിയിൽ നിന്നുള്ള ശുദ്ധ വാതകത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഈ വ്യവസായത്തിൽ യാതൊരു പുരോഗമനവും കാണുന്നില്ല. പ്രകൃതി വാതകം അതിലും വിലകുറഞ്ഞു കിട്ടുന്നതാണ് കാരണം.

'അമേരിക്കയിൽ ആപ്പിൾ കമ്പനി 350 ബില്യൺ ഡോളർ മുതൽ മുടക്കാൻ പോകുന്നുവെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആപ്പിൾ 20,000 ജോലിക്കാരെ നിയമിക്കുകയും ചെയ്യുമെന്നുള്ള പ്രസ്താവനയും' തെറ്റിധാരണ ജനിപ്പിക്കുന്നതാണ്.ആപ്പിൾകമ്പനി 350 ബില്യൺ ഡോളർ തുക പദ്ധതിയിട്ടിരിക്കുന്നത് അവർക്ക് ബിസിനസ്സ് തുടങ്ങാനുള്ള അടിസ്ഥാന ധനവിനിയോഗങ്ങൾക്കു വേണ്ടിയാണ്.  അല്ലാതെ അത് മുതൽമുടക്കല്ല. പ്ലാന്റിനാവശ്യമുള്ള സ്ഥലത്തിനും കെട്ടിടങ്ങൾക്കും, മെഷീനുകൾക്കും പണം ചെലവാക്കിയശേഷം 37 ബില്യൺ ഡോളറിൽ കൂടുതൽ മിച്ചം വരില്ലെന്ന് സ്റ്റാഫോർഡ് ഗ്രാഡുവേറ്റ് പ്രൊഫസർ 'ചാൾസ് ലീ'  അഭിപ്രായപ്പെട്ടിരിക്കുന്നു. ആപ്പിളിന്റെ പ്രസ്സ് റിലീസിൽ ഇൻവെസ്റ്റുമെന്റിനായി മിച്ചം വരുന്ന തുക 34 ബില്യനായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

'ക്രൈസലറിന്റെ പ്രധാന പ്ലാന്റുകൾ മെക്സിക്കോയിൽനിന്ന് മിച്ചിഗനിലേയ്ക്ക് മാറുന്നുവെന്നു' ട്രംപ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഈ അഭിപ്രായത്തിൽ ശരിയുമുണ്ട്. തെറ്റുമുണ്ട്. ക്രൈസലർ തങ്ങളുടെ മെക്സിക്കോയിലുള്ള ട്രക്ക് നിർമാണം 2020-ൽ മിച്ചിഗനിലേക്ക് മാറ്റും. എന്നാൽ മെക്സിക്കോയിൽ മറ്റൊരു വാഹന നിർമ്മാണമാരംഭിക്കും. അവിടെനിന്നുള്ള തൊഴിൽക്കാരെ മെക്സിക്കോയിൽ തന്നെ നിലനിർത്തുകയും ചെയ്യും.

'അമേരിക്കയിൽ മുമ്പുള്ള പ്രസിഡന്റുമാരുടെ ഭരണകാലയളവിൽ പ്രാബല്യത്തിലിരുന്ന രാജ്യാന്തര വാണിജ്യ ഉടമ്പടികൾ നീതീകരിക്കാൻ സാധിക്കില്ലന്നും അമേരിക്കയുടെ അഭിവൃത്തിയെ തന്നെ തുരങ്കം വെച്ചിരുന്നുവെന്നും നമ്മുടെ കമ്പനികളും ജോലികളും ദേശീയ സമ്പത്തും വിദേശ രാജ്യങ്ങളിൽ പോയി മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നുവെന്നും' ട്രംപ് പ്രസംഗത്തിൽ ഊന്നി പറഞ്ഞിരുന്നു. 'അമേരിക്ക ആദ്യം, പിന്നെ മറ്റു രാജ്യങ്ങളെന്ന മുദ്രാവാക്യം പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും' അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യവസായ ഉടമ്പടികൾ വിദേശ രാജ്യങ്ങളുമായി ഒപ്പു വെക്കാൻ കാരണങ്ങളുണ്ടായിരുന്നു. ഉൽപ്പാദന മേഖലയിലെ തൊഴിലുകൾ കംപ്യുട്ടറിന്റെയും അതി യന്ത്രവൽക്കരണക്കരണത്തിന്റെയും ആവിർഭാവത്തോടെ ഇല്ലാതായി.  ചൈനയുടെ ലോക മാർക്കറ്റിലെ പ്രവേശനവും അമേരിക്കയുടെ വ്യവസായ തകർച്ചയ്ക്ക് കാരണമാക്കി.

ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലും അമേരിക്കൻ എംബസി ജെറുസലേമിൽ സ്ഥാപിക്കുന്നതിലും ട്രംപ് വാചാലനായിരുന്നു. അത്തരം ഒരു തീരുമാനത്തിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ലോക രാഷ്ട്രങ്ങളുടെയിടയിൽ അത് അമേരിക്കയെ ഒറ്റപ്പെടുത്താനും അതിന്റെ പേരിൽ മിഡിൽ ഈസ്റ്റിൽ ഒരു യുദ്ധത്തിനു വഴി തെളിയിക്കാനും കാരണമായി. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുകയെന്ന  പദ്ധതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. നിയമപരമല്ലാത്ത കുടിയേറ്റക്കാരെയും മയക്കുമരുന്നുകാരെയും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് അതുകൊണ്ടു കരുതുന്നത്. എന്നാൽ മതിലു കെട്ടിയതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ തടയാൻ സാധിക്കില്ല. കുടിയേറ്റക്കാർ കൂടുതലായും കടന്നു വരുന്നത് മതിലുകളോ വേലികളോ ഉള്ള സ്ഥലങ്ങളിൽ നിന്നാണ്.

ടെലിവിഷൻ സ്റ്റാർ എന്ന നിലയിൽ ഡൊണാൾഡ് ട്രംപ് എന്നും തെളിഞ്ഞു നിന്നിരുന്നു. അതുപോലെ സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസിൽ  ടെലിവിഷൻ ചാനലുകളിൽ പലതും നല്ല റേറ്റിംഗ് ട്രംപിന് കൊടുത്തിട്ടുണ്ട്. 45.6 മില്യൺ ജനങ്ങൾ അദ്ദേഹത്തിൻറെ ചരിത്രപ്രസിദ്ധമായ ഈ പ്രസംഗം ശ്രദ്ധിച്ചുവെന്ന് അവകാശപ്പെടുന്നു. നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കെല്ലാം അദ്ദേഹം നന്ദിയും പറഞ്ഞു. 11.7 മില്യൺ ജനം ഫോക്സ് ന്യൂസ് ശ്രദ്ധിച്ചതും  ചരിത്ര റിക്കോർഡായിരുന്നു.  ടെലിവിഷൻ റേറ്റിംഗ് നടത്തുന്ന 'നിൽസേന കമ്പനിയുടെ റിപ്പോർട്ട്' ട്രംപിന്റെ ഈ റേറ്റിങ്ങിനെ  തിരസ്ക്കരിച്ചിരിക്കുന്നു. 1993 മുതൽ നെൽസൺ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ കാലം മുതലുള്ള റേറ്റിങ്ങിൽ ട്രംപിന് ആറാം സ്ഥാനമേ നൽകുന്നുള്ളൂ. ജോർജ് ബുഷ് 62 മില്യൺ (2003) ബില് ക്ലിന്റൺ 53 മില്യൺ (1998) ഡബ്ള്യൂ ബുഷ് 51.8 മില്യൺ (2002) ഒബാമ 48 മില്യൺ (2010) എന്നിങ്ങനെ ചാനൽ റേറ്റിംഗ് പോവുന്നു. എന്നാൽ കേബിൾ വാർത്തകളുടെ ചരിത്രത്തിൽ ട്രംപ് ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.

വാചാടോപത്തോടെ ട്രംപ് തന്റെ ആലങ്കാരികമായ ഭാഷയിൽ പറഞ്ഞു, "നമുക്കിടയിലുള്ള അഭിപ്രായ വിത്യാസങ്ങൾ മാറ്റി വെക്കുക. നമുക്കു വേണ്ടത് ഐക്യമത്യമാണ്. ജനം നമ്മെ തിരഞ്ഞെടുത്തത് ജനത്തെ സേവിക്കാനാണ്." വാസ്തവത്തിൽ ഐക്യമത്യത്തിനായുള്ള താല്പര്യം ട്രംപ് ഒരിക്കലും പ്രകടിപ്പിച്ചുട്ടുണ്ടായിരുന്നില്ല. രണ്ടായി ചിന്തിക്കുന്ന കോൺഗ്രസ് അംഗങ്ങളുടെയിടയിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും ആശയ വൈരുദ്ധ്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ട്രംപിന്റെ പ്രസ്താവനയെ കയ്യടിയോടെ സ്വാഗതം ചെയ്യുകയും ഒരു പുതുദിനത്തിന്റെ തുടക്കമായും വിലയിരുത്തുകയും ചെയ്തു.

ട്രംപ് പറയുന്നു, "അമേരിക്ക എക്കാലത്തേക്കാളും ശക്തമായിരിക്കുന്നത് നാം ശക്തമായതുകൊണ്ടാണ്. ദൗർബല്യങ്ങളും തളർച്ചകളും സംഘട്ടനങ്ങളുടെ വഴികൾ തുറക്കും. അതുല്യമായ നമ്മുടെ ശക്തി തീർച്ചയായും നമ്മുടെ പ്രതിരോധത്തിന്റെ മുഖാന്തരമാണ്‌. ചൈനയെയും റക്ഷ്യയെയും നാം കൈകാര്യം ചെയ്യുന്നതും നമ്മുടെ അജയ്യമായ ശക്തിയുടെ മാനദണ്ഡത്തിലാണ്. ഇസ്‌ലാമിക്ക് സ്റ്റേറ്റുമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത് അനുനയങ്ങളും അലംഭാവങ്ങളും ഔദാര്യങ്ങളും വിലപ്പോവില്ലെന്നായിരുന്നു. ശത്രുവിന്റെ കൈയേറ്റത്തെയും ആക്രമണങ്ങളെയും സഹികെട്ട് നമ്മുടെ ക്ഷമയെയും നശിപ്പിച്ചിരുന്നു. ശത്രു എക്കാലവും പ്രകോപനങ്ങളും  സൃഷ്ടിച്ചുകൊണ്ടിരുന്നു."

ട്രംപിന്റെ പ്രസംഗത്തിലുടനീളം രാജ്യസ്നേഹവും പൈതൃകമായ കാഴ്ചപ്പാടുകളും നിറഞ്ഞിരുന്നു. രാഷ്ട്ര ശില്പികളുടെ ഐതിഹാസിക സമരങ്ങളും രാജ്യത്തിനുവേണ്ടി ബലികഴിച്ചവരെപ്പറ്റിയുള്ള ഓർമ്മകളും കേൾവിക്കാരെ വികാരഭരിതരാക്കി.

 "അമേരിക്കക്കാർ ഭാവിയെപ്പറ്റി സ്വപ്നം കാണുന്നവരാണ്. ക്യാപിറ്റോളിന്റെ താഴികക്കുടത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രതിമ മറ്റുള്ള സ്മാരകങ്ങളോടൊപ്പം തലയുയർത്തി തന്നെ അഭിമാനപൂർവം നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിന്റെ ദീപം പൊലിയാതെ അവളെ സംരക്ഷിക്കാനായി നമ്മുടെ പൂർവിക തലമുറകൾ ജീവിക്കുകയും പൊരുതുകയും ഈ മണ്ണിൽ മരിക്കുകയും ചെയ്തു. വാഷിംഗ്‌ടനും   ജെഫേഴ്സണും ലിങ്കണും കിങ്ങും സ്മാരകങ്ങളായി ഇവിടെ നിലകൊള്ളുന്നു. യോർക്ടൗണിലെയും സറടോഗയിലെയും (Yorktown and Saratoga) വീര ആരാധ്യ പുരുഷന്മാരും യുവാക്കളായ അമേരിക്കക്കാരും നോർമാൻഡിയുടെ തീരത്തും അതിനുമപ്പുറവും രക്തം ചൊരിഞ്ഞിരുന്നു. മറ്റുള്ളവർ പസഫിക്ക് സമുദ്രത്തിന്റെ ജലനിരപ്പിൽക്കൂടിയും ഏഷ്യയുടെ മീതെയുള്ള ആകാശത്തിൽക്കൂടിയും രാജ്യരക്ഷക്കായി യാത്ര ചെയ്തും യുദ്ധം ചെയ്തും രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു. സ്വാതന്ത്ര്യം അവിടെ ഒന്നുകൂടി സ്മാരകമായി ഉയർന്നു നിൽക്കുന്നു. അഭിമാനത്തോടെ ഉയർന്നു നിൽക്കുന്ന ഈ ക്യാപിറ്റോൾ അമേരിക്കൻ ജനതയുടെ ജീവിക്കുന്ന സ്മാരകമാണ്. കഴിഞ്ഞ കാലത്തിലെ വീരപുരുഷന്മാർ മാത്രമല്ല അവിടെ ജീവിക്കുന്നത്.  ഇന്ന് നമുക്ക് ചുറ്റുമുള്ളവരും അമേരിക്കൻ വഴിയേ സഞ്ചരിക്കുന്നവരും നമ്മുടെ അഭിമാനത്തെയും പ്രതീക്ഷകളെയും കാത്തുസൂക്ഷിക്കുന്നവരും ഈ സ്മാരകത്തോടോപ്പം ജീവിക്കുന്നുണ്ട്. നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരിക മൂല്യങ്ങളിലും അന്തഃസത്തയിലും വിശ്വാസം പുലർത്തുകയും ദൈവത്തിൽ പ്രത്യാശകളുൾക്കൊള്ളുകയും ചെയ്താൽ നാം ഒരിക്കലും പരാജയപ്പെടില്ല."

Read more

ട്രംപണോമിക്സും അനുകൂല പ്രതികൂല പ്രതികരണങ്ങളും

ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായ ശേഷം സാമ്പത്തിക മേഖല മെച്ചപ്പെട്ടെന്നും അമേരിക്കൻ ജനത സംതൃപ്തിയുള്ളവരെന്നും ചില പത്രറിപ്പോർട്ടുകളിൽ കാണാനിടയായി. ഇത്തരം അഭിപ്രായ പ്രകടനങ്ങളും സർവേകളും വാൾസ്ട്രീറ്റ് ജേർണലിലും ചില ദൃശ്യമാധ്യമങ്ങളിലും എൻ.ബി.സി ടെലിവിഷൻ പരിപാടികളിലുമുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപ് ചുമതലയേറ്റശേഷം  അമേരിക്കയുടെ സാമ്പത്തികം പതിനേഴു ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൂട്ടൽ.

ട്രംപിന്റ് നേട്ടങ്ങളെപ്പറ്റിയുള്ള അന്ധമായ അഭിപ്രായ പ്രകടനങ്ങളെ മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. റിപ്പബ്ലിക്കന്മാരുടെ ടാക്സ് പരിഷ്ക്കരണങ്ങളെപ്പറ്റി മെച്ചമായ അഭിപ്രായങ്ങളാണ് അമേരിക്കൻ ജനതയിൽ നിന്നും ഇപ്പോൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വലിയ ഒരു ജനവിഭാഗത്തിന് ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കാൻ കഴിയാതെ പോവുന്നുമുണ്ട്. ദേശീയ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും നല്ലൊരു വിഭാഗം ജനങ്ങൾ അമേരിക്കയുടെ പുരോഗതിയെ ട്രംപിനുള്ള അംഗീകാരമായി കരുതുന്നില്ല. അദ്ദേത്തെപ്പറ്റി മെച്ചമായ പുതിയ അഭിപ്രായങ്ങൾ ജനങ്ങളിൽനിന്നുണ്ടാകുന്നുമില്ല. എൻ.ബി.സിയുടെയും വാൾ സ്ട്രീറ്റിന്റെയും പോളിങ്ങിൽ 29 ശതമാനം പേർ മാത്രമേ അദ്ദേഹത്തെ അനുകൂലിക്കുന്നുള്ളൂ. 52 ശതമാനം പേരും ട്രംപിനെ നിരാകരിക്കുന്നതായി കാണാം. അദ്ദേഹത്തിൻറെ നയങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും പതിനേഴു ശതമാനം ജനം വ്യക്തിപരമായി വെറുക്കുകയും ചെയ്യുന്നു. അമേരിക്കയിലെ പ്രസിദ്ധ ജേർണലുകൾ നടത്തുന്ന ഈ അഭിപ്രായ വോട്ടുകൾ ശരിയോ തെറ്റോ എന്ന് നിർണ്ണയിക്കാനും സാധിക്കുന്നില്ല.  ഇങ്ങനെയുള്ള മീഡിയാകളുടെ ജനാഭിപ്രായങ്ങൾ ഒരു പൊതുവികാരം സൃഷ്ടിക്കാൻ മാത്രമേ സഹായകമാവുള്ളൂ.

'ഒബാമ കെയർ' റദ്ദു ചെയ്യുകയും പകരം മെച്ചമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിക്കുകയെന്നതും ട്രംപിന്റെ നയങ്ങളിൽപ്പെട്ടതായിരുന്നു. അമേരിക്കയെ വീണ്ടും സാമ്പത്തിക ശക്തിയാക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ അജണ്ട. സാമ്പത്തീക ദേശീയത നടപ്പാക്കുകയെന്നതു അമേരിക്കയുടെ സ്വപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒബാമ കെയർ റദ്ദാക്കാനോ പകരം മറ്റൊരു ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. 'അമേരിക്ക ആദ്യ'മെന്ന മുദ്രാ സൂക്തങ്ങൾ മുഴക്കി പൊതുസമ്മേളനങ്ങളിൽ പങ്കുകൊള്ളുകയും ചെയ്യുന്നു.

ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അഥവാ ദേശീയ ഉത്ഭാദന വളർച്ചയെപ്പറ്റിയാണ്  പ്രസിഡന്റെന്ന നിലയിലുള്ള ട്രംപിന്റെ നേട്ടമായി കൊട്ടി ഘോഷിക്കുന്നത്. 2017-ലെ ദേശീയ സാമ്പത്തിക വർദ്ധനവിന്റെ സൂചിക (ജി.ഡി.പി.) ട്രംപിനും അദ്ദേഹത്തെ പിന്താങ്ങുന്നവർക്കും അനുകൂലമായിരുന്നു. ജിഡിപി എന്നാൽ രാഷ്ട്രത്തിന്റെ മുഴുവനായ ഒരു സാമ്പത്തിക അളവുകോലാണ്. ജിഡിപി എല്ലാ കാലത്തേക്കാളും ഓരോ ക്വാർട്ടറിലും വളരെയധികമെന്ന് ട്രംപ് അവകാശപ്പെടുന്നു. കഴിഞ്ഞ ക്വാർട്ടറിൽ ജിഡിപി 3.2 ആയിരുന്നു. അമേരിക്കയുടെ ജിഡിപി '3' എന്ന അക്കത്തിൽ വളരെ വർഷങ്ങളായി നിലകൊള്ളുന്നു. 2013-ൽ ജി.ഡി.പി ശരാശരി രണ്ടര ശതമാനമായിരുന്നു. ജി.ഡി.പി. '4' എന്ന അക്കം നാം വളരെക്കാലമായി കണ്ടിട്ടുമില്ല. വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെപ്പോലെ നാല് ശതമാനം വികസിച്ച രാഷ്ട്രങ്ങളിൽ കാണുന്നതും അപൂർവമാണ്. 1990 നു ശേഷം അമേരിക്ക നാലുശതമാനം വളർച്ചാ നിരക്കിൽ ഒരിക്കലും എത്തിയിട്ടില്ല. ഒബാമയുടെ കാലവും 3 ശതമാനമെന്ന തോതിൽ വളർച്ചാ നിരക്കുണ്ടായിരുന്നു. അമേരിക്കയുടെ തിരഞ്ഞെടുപ്പു വേളയിൽ പ്രസിഡന്റ് ട്രംപ് രാജ്യത്തിന്റെ ജി.ഡി.പി നാലു ശതമാനമായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

ആഗോളതലത്തിൽ കഴിഞ്ഞു പോയ വർഷം വളരെയധികം സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിരുന്നു.  അക്കൂടെ അമേരിക്കയുടെ സാമ്പത്തിക നിലവാരം ഉയരുകയും നേട്ടങ്ങൾ കൊയ്യുകയുമുണ്ടായി. ഇക്കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രതിഫലനത്തിന്റെ മുഴുവൻ നേട്ടങ്ങൾ ട്രംപിന് മാത്രമുള്ളതല്ല.  സാമ്പത്തിക നേട്ടങ്ങൾക്കായുള്ള അടിത്തറ പാകിയത് ഒബാമയുടെ ഭരണകാലങ്ങളിലാണ്. ട്രംപിന്റെ ഭരണത്തിലെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ അദ്ദേഹത്തിന് മാത്രമല്ല ഒബാമയ്ക്കുമുണ്ടെന്ന് ഒബാമ അവകാശപ്പെട്ടു. അങ്ങനെ ട്രംപിന്റെ ഭരണത്തിലുള്ള സാമ്പത്തിക വളർച്ചയിൽ ഡെമോക്രാറ്റുകളുൾപ്പടെ പൊതുവായ ഒരു സമ്മതത്തിന് കാരണമായിരിക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയാണ് ഈ ഒരു വർഷമെങ്കിലും തനിക്ക് അതിന്റെ മുഴുവൻ ക്രെഡിറ്റ് പൊതുജനം തരാൻ തയാറാകാത്ത കാര്യവും ട്രംപ് പറഞ്ഞു. "ട്രംപിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിലുണ്ടായിരുന്ന  സാമ്പത്തിക നിലവാരം  (ഇക്കോണമി) വളരെയധികം മെച്ചമായിരുന്നു. എന്നാൽ അതിന്റെ ക്രെഡിറ്റ് ഒബായ്ക്കാണ് കൊടുക്കേണ്ടതെന്ന്" സാൻഡേഴ്സും പറഞ്ഞു. ഇന്ന് ട്രംപ് ഓടിക്കുന്ന സാമ്പത്തിക ശാസ്ത്രം കൂടുതലും ഒബാമയുടെ കാലത്ത് ആരംഭിച്ചതാണ്. ഒബാമ നേടിയ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഴുവനും ക്രെഡിറ്റ് ട്രംപിന് ലഭിക്കുന്നില്ല. ഒരുപക്ഷെ, സാമ്പത്തികം അരാജകത്വത്തിലായിരുന്നെങ്കിൽ കഥ മാറി ഉത്തരവാദിത്വങ്ങൾ മുഴുവൻ ട്രംപ് വഹിക്കേണ്ടി വരുമായിരുന്നു.

ട്രംപ് പ്രസിഡന്റായി ഓഫീസിൽ എത്തിയ സമയംമുതൽ ഒരു മാസത്തിനുള്ളിൽ തന്നെ സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയെ പുകഴ്ത്തി പറയാറുണ്ടായിരുന്നു. അത് ഒബാമയുടെ കാലത്തുള്ള വളർച്ചാ നിരക്കായിരുന്നുവെന്ന് അദ്ദേഹം വിസ്മരിക്കുകയും ചെയ്യുന്നു. മാർക്കറ്റിൽ സ്റ്റോക്ക് വില എന്നത്തേക്കാളും ഉയർന്നു. അമേരിക്കയുടെ ദേശീയ കടങ്ങൾ വളരെയേറെ വീട്ടുവാൻ സാധിച്ചു. എല്ലാ കാലത്തേക്കാളും എസ്&പി 500 സൂചിക ഇരുപത്തിയേഴു ശതമാനം വർദ്ധിച്ചു. ഏകദേശം നാല് ത്രില്ലിയൻ ഡോളർ അതുമൂലം വർദ്ധനവുണ്ടായി. എന്നാൽ കടലാസിന്റെ മറ്റൊരു പുറവും കാണണം; 2009 മാർച്ചു മുതൽ സ്റ്റോക്ക് മാർക്കറ്റ് ഒരേ അനുപാതത്തിൽ ഓരോ വർഷവും വർദ്ധിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ സ്റ്റോക്ക് മാർക്കറ്റ് വിദേശ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ കുറവാണെന്നും കാണാം. സ്റ്റാൻഡേർഡ് ആൻഡ് പൂർ 500 സ്റ്റോക്കുകകളുടെ നേട്ടം ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളെക്കാൾ കുറവുമാണ്. അമേരിക്ക, ബ്രിട്ടനെക്കാളും മെച്ചമായ സ്റ്റോക്ക് നിലവാരം പുലർത്തുന്നുണ്ടെങ്കിലും ജർമ്മനിയുമായി ഒപ്പമാണെങ്കിലും ജപ്പാന്റെ സൂചിക (Index) അമേരിക്കയിലേക്കാൾ വളരെയധികം ഉയർന്നു നിൽക്കുന്നതായും കാണാം. സ്റ്റോക്ക് മാർക്കറ്റ് ഉയർന്നതുകൊണ്ട്! സ്റ്റോക്കിൽ പണമില്ലാത്ത സാധാരണക്കാർക്ക് നേട്ടങ്ങൾ ഉണ്ടായതായി അറിവില്ല. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള ചിലവുകൾ സാധരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത വിധമാണ്. അതേസമയം ധനികരായവരുടെ ധനം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ച കുട്ടികൾക്കായുള്ള 'പിനോക്കിച്ചിയോസ്' (Pinocchios) എന്ന ബാലകഥകൾ പ്രസിദ്ധമായിരുന്നു. അതിൽ ഓരോ കള്ളത്തിനും ഒരു കുട്ടിയുടെ മൂക്ക് നീളുന്ന കഥയാണുള്ളത്. പ്രസിഡണ്ടിന്റെ ആറുമാസത്തെ കാലയളവിൽ ഒരു മില്യൺ ജോലികൾ സൃഷ്ടിച്ചുവെന്ന വാദവും ഈ കഥയോട് ഉപമിക്കുന്നു. മറ്റുള്ള പ്രസിഡണ്ടുമാർ തൊഴിലുകൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ അതിന്റെ ക്രെഡിറ്റുകൾ അമേരിക്കക്കാർക്കും രാജ്യത്തിന്റെ സാമ്പത്തിക വിദഗ്ദ്ധർക്കും  ബിസിനസ്സ് സ്ഥാപനങ്ങൾക്കും കൊടുക്കും. എന്നാൽ ട്രംപിനെ സംബന്ധിച്ച് എല്ലാ ക്രെഡിറ്റുകളും അദ്ദേഹം തന്നെ എടുക്കുന്നതും വിമർശനങ്ങളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് പറഞ്ഞത് "താൻ പ്രസിഡണ്ടായപ്പോൾ മുതൽ ഒരു മില്യൺ തൊഴിലുകൾ സൃഷ്ടിച്ചെന്നാണ്." "ട്രംപ് ഒറ്റക്കാണോ അമേരിക്കയുടെ സാമ്പത്തിക പുരോഗതിയും പുനരുദ്ധാരണവും കൈവരിക്കുന്നതെന്നു" സാൻഡേഴ്‌സൺ ചോദിക്കുന്നു. 'സാമ്പത്തിക മേഖലകൾ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ വേരുകൾ ഒബാമയിൽനിന്നല്ലെ! വളർന്നതെന്നും' ട്രമ്പിനോടുള്ള അദ്ദേഹത്തിൻറെ  മറ്റൊരു ചോദ്യവുമാണ്.

തൊഴിൽ മേഖലകളിൽ തൊഴിലുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും തൊഴിലുകളിൽ നൈപുണ്യം നേടിയവരെയും പ്രായോഗിക പരിജ്ഞാനം ഉള്ളവരെയും ലഭിക്കുന്നില്ല. പലരും കുടിയേറ്റം, പ്രശ്നമാണെന്ന് പറഞ്ഞാലും കുടിയേറ്റം മൂലം അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥിതി പുരോഗമിച്ചിട്ടേയുള്ളൂ. കുടിയേറ്റക്കാരാണ് ആഗോള തലത്തിലുള്ള ഭീകര വാദത്തിന് കാരണക്കാരെന്നതിലും വാസ്തവികത  വളരെ കുറവാണ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാർ വെറുപ്പും, അസഹിഷ്ണിതയും കള്ളങ്ങളും പ്രചരിപ്പിക്കാറുണ്ട്. അവരാണ് രാജ്യത്തിന്റെ പ്രധാന ശത്രുക്കൾ. അമേരിക്ക ശക്തമാക്കാൻ ദേശ സ്നേഹികളായവരുടെ ഒരുമയും ശാക്തീകരണവും ആവശ്യമാണ്. പുറം രാജ്യങ്ങളിലുള്ള കമ്പനികൾ അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കാൻ തുടങ്ങിയതുകൊണ്ടു തൊഴിൽ മേഖലകളിൽ പ്രയോജനപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ അങ്ങനെ സ്ഥിതികരിക്കാവുന്ന കണക്കുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ശരാശരി മാസം തോറും  167,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നു പറയുന്നു. അതൊരു വിജയം തന്നെയായിരുന്നു. എങ്കിലും 2010 മുതൽ 185,000 ശരാശരി തൊഴിലുകൾ മാസംതോറും വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ട്രംപിന്റെ കണക്ക്, മുമ്പുള്ള പ്രസിഡണ്ടുമാരുടെ കാലത്തേക്കാളും കുറവെന്നും കാണാം.

2017 ജനുവരി മാസം മുതൽ നവംബർ മാസം വരെ 1.7 മില്യൺ തൊഴിലുകൾ കൂടുതലായി ഉണ്ടാക്കിയെന്ന് സ്ഥിതി വിവരകണക്കുകൾ പറയുന്നു. ഈ തൊഴിൽ വളർച്ച കഴിഞ്ഞ പത്തു വർഷങ്ങളായുള്ള വളർച്ചകളുടെ തുടർച്ചയായിരുന്നു. ഈ കാലഘട്ടത്തിൽ എട്ടുവർഷം ഒബാമ പ്രസിഡന്റായിരുന്നു. 2017 ബ്യുറോ ഓഫ് ലേബർ സ്ഥിതി വിവരകണക്കനുസരിച്ച് തൊഴിലില്ലായ്മ 4.1 ശതമാനമായിരുന്നു. വാസ്തവത്തിൽ ബ്യുറോ ഓഫ് ലേബറിലെ സ്ഥിതി വിവരകണക്കുകൾ വ്യാജമാണെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലങ്ങളിലും പ്രസിഡന്റാകുന്നവരെയും പ്രസംഗിക്കുമായിരുന്നു.  2011 മുതൽ 9.6-ൽ നിന്ന് തൊഴിലില്ലായ്‌മ രാജ്യത്ത് വളരെയധികം കുറഞ്ഞു വരുകയായിരുന്നു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുത്ത ജനുവരിയിൽ അത് 4.8 ആയി. 2017 ഡിസംബറിൽ തൊഴിലില്ലായ്‌മ ഇൻഡക്സ് 4.1 എന്നും പട്ടികയിൽ രേഖപ്പെടുത്തി. ഇരുപത്തഞ്ചിനും അമ്പത്തിയഞ്ചിനുമിടയിലുള്ള പ്രായമായവരുടെ സ്ഥിതിവിവര കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലഘട്ടം ഒരുവന്റെ സുപ്രധാന തൊഴിൽ ജീവിതമായി കണക്കാക്കുന്നു. ഇതിൽ പ്രായമായവരുടെയോ ഇപ്പോഴും സ്‌കൂളിൽ പഠിക്കുന്നവരുടെയോ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 2017-ൽ അവസാനം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 78.5 ശതമായിരുന്നു. ഈ കണക്ക് 2011 മുതൽ തുടർച്ചയായി മുകളിലോട്ടായിരുന്നുവെന്നും കാണാൻ സാധിക്കും. ട്രംപിന്റെ തൊഴിൽ പദ്ധതികൾക്കായി പൊതുമരാമത്ത് നിർമ്മാണ പണികൾ വികസിപ്പിക്കാനും പരിപാടിയിടുന്നു. പുറം ജോലികൾ ഇല്ലാതാക്കി ജപ്പാനിലും ചൈനായിലും മെക്സിക്കോയിലും പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ മടക്കി കൊണ്ടുവന്നതും അമേരിക്കക്കാർക്കുള്ള തൊഴിൽ പദ്ധതികളുടെ ഭാഗമാണ്. 1998 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയ്ക്ക് 34 ശതമാനം ജോലികൾ ഉൽപ്പാദന മേഖലകളിൽ നഷ്ടപ്പെട്ടിരുന്നു.

ദാരിദ്ര രേഖയെപ്പറ്റി അധികമൊന്നും ട്രംപ് വാചാലനായില്ലെങ്കിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ദാരിദ്ര്യ രേഖ കഴിഞ്ഞ പത്തു വർഷത്തേക്കാളും വളരെയധികം താഴെയായിരുന്നു. 2013 മുതൽ ദാരിദ്ര്യ രേഖ താഴാൻ തുടങ്ങിയിരുന്നു. 2010, 2011,2012 എന്നീ മൂന്നുവർഷ കാലയളവുകളിൽ 11.8 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നു. എന്നാൽ 2017-ൽ അത് 9.8 ആയി കുറഞ്ഞു.

ലോകം മുഴുവൻ അമേരിക്കയെ ബഹുമാനിക്കുന്നുവെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആഗോള തലത്തിലുള്ള ഒരു പോളിംഗ് അനുസരിച്ച് അമേരിക്കയോടുള്ള വിശ്വാസം ലോക രാഷ്ട്രങ്ങളുടെയിടയിൽ വളരെയധികം നഷ്ടപ്പെട്ടിരിക്കുന്നതായി കാണാം. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് ലോകരാഷ്ട്രങ്ങളുടെയിടയിൽ പ്രതിക്ഷേധങ്ങൾക്ക് കാരണമാക്കിയിരുന്നു. പാരീസ് ഉടമ്പടിയെ പിന്താങ്ങുന്ന ലോകം ഇന്ന് അമേരിക്കൻ നേതൃത്വത്തെ മാനിക്കാറില്ല. അമേരിക്കയുടെ ഈ പിൻവാങ്ങലോടെ ചൈന ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ അവസരം കാത്തിരിക്കുകയും ചെയ്യുന്നു.

അമേരിക്കയുടെ ഇൻകം ടാക്സ് പരിഷ്ക്കരണങ്ങളുടെ ബില്ല് പാസാക്കാൻ സാധിച്ചത് പ്രസിഡന്റ് ട്രംപിന്റെ ഒരു വിജയമായിരുന്നു. എന്നാൽ അതൊരു രാഷ്ട്രീയ വിജയമായി കണക്കാക്കാനും  സാധിക്കില്ല. കാരണം ഭൂരിഭാഗം ജനങ്ങളും ട്രംപിന്റെ ടാക്സ് ബില്ലിനെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിൽ ഭരിച്ച എല്ലാ പ്രസിഡണ്ടുമാരേക്കാളും കോൺഗ്രസിലും സെനറ്റിലും നിയമങ്ങൾ പാസാക്കാൻ സാധിക്കാതെ പരാജയപ്പെട്ട പ്രസിഡണ്ടായിരുന്നു അദ്ദേഹം. സെനറ്റിലും കോൺഗ്രസിലും കൊണ്ടുവന്ന ഏതാനും ബില്ലുകൾ മാത്രം പാസാക്കാനേ ട്രംപിനു സാധിച്ചുള്ളൂ. അത് അദ്ദേഹത്തിൻറെ വ്യക്തി വിജയങ്ങൾക്കും ദോഷമാകാനുമിടയാകുന്നു.

ചെലവുചുരുക്കൽ വഴി ദേശീയ കടം ഇല്ലാതാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ $5.3 ട്രില്യൻ ദേശീയ കടം വർദ്ധിക്കുകയാണുണ്ടായത്. നികുതി കുറയ്ക്കുംവഴി സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും അത് വരുമാനത്തിലുള്ള നഷ്ടം പരിഹരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നികുതി കുറവുമൂലം കൂടുതൽ വിദേശകമ്പനികൾ അമേരിക്കയിൽ പണം നിക്ഷേപിക്കാൻ തയ്യാറാകുമെന്നും സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാവുമെന്നും  കണക്കുകൂട്ടുന്നു. നികുതി കുറയ്ക്കുന്നതുമൂലം ആറു ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന്  കരുതുന്നു. അതുമൂലം നികുതി വരുമാനവും വർധിക്കും. ട്രംപിന്റെ നികുതിയിളവും കോർപറേഷൻ നികുതി 35 ശതമാനത്തിൽനിന്നും 21 ശതമാനമായി കുറയ്ക്കലും അമേരിക്കയുടെ ദേശീയ കടം വർദ്ധിക്കാൻ കാരണമാവുകയേയുള്ളൂവെന്നു സാമ്പത്തിക വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.

അമേരിക്കയിൽ നടന്ന സർവേകളിൽ ഭൂരിഭാഗവും ട്രംപിന്റെ ടാക്സ് പരിഷ്ക്കരണങ്ങളെ  അനുകൂലിച്ചിട്ടില്ല. പ്രസിദ്ധരായ ധനതത്വ ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റികളും ട്രംപിന്റെ പദ്ധതികളെ അംഗീകരിക്കുന്നില്ല. 'നികുതിയിളവും സാമ്പത്തിക പരിഷ്ക്കരണവും തനിക്കോ ധനികരായവർക്കോ ഗുണപ്രദമാവില്ലെന്നു ട്രംപ് പ്രസ്താവിച്ചതായി വാഷിംഗ്‌ടൺ പോസ്റ്റിൽ വന്ന ഒരു ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അത് തെറ്റായ വിവരമെന്നും വിവരിച്ചിട്ടുണ്ട്. 'എസ്റ്റേറ്റ് ടാക്സ്' ഇല്ലാതാകുന്നതോടെ ധനികർക്കാണ് അതുകൊണ്ടു പ്രയോജനപ്പെടുന്നത്. അതുമൂലം കൂടുതലും ഗുണപ്രദമാകുന്നത് ബില്യൺ കണക്കിന് സ്വത്തുള്ള ട്രംപിന്റെ മക്കൾക്കായിരിക്കും. ട്രംപിന്റെ ടാക്സ് പദ്ധതി 2005-ൽ നടപ്പാക്കിയിരുന്നെങ്കിൽ ഇന്നദ്ദേഹം നികുതിയിൽ $31 മില്യൺ ലാഭിക്കുമായിരുന്നുവെന്നാണ് കണക്ക്. അദ്ദേഹത്തിൻറെ എസ്റ്റേറ്റ് വാല്യൂ കണക്കനുസരിച്ച് എസ്റ്റേറ്റ് നികുതി ഒഴിവാക്കുന്നതിൽ നിന്നും $1.1 ബില്യൺ  ഡോളറാണ് ലാഭമുണ്ടാക്കുന്നത്.

ചൈനയുമായി പുതുക്കിയ ഉടമ്പടി ഉണ്ടാക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 2017-ൽ ട്രേഡ് ഡെഫിസിറ് (Trade deficit) $123 ബില്യൺ വർദ്ധിച്ചു. അതുമൂലം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തു. വ്യക്തികളുടെ ആദായ നികുതിയും കോർപറേഷൻ നികുതിയും കുറച്ചാൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും വിദഗ്ദ്ധരായ  ധനതത്ത്വ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യപരമായ ഒരു സാമ്പത്തിക വളർച്ച അത്ര പെട്ടെന്ന് സംഭവിക്കുക സാധ്യമല്ല. സാമ്പത്തികമായി പരാജയപ്പെടുകയാണെങ്കിൽ വീണ്ടും പണം കടം മേടിക്കുകയോ ഡോളർ പ്രിന്റ് ചെയ്യുകയോ സാധിക്കുമെന്നും ട്രംപ് കരുതുന്നു. അത്തരം ചിന്തകൾ രാജ്യത്ത് വിലപ്പെരുപ്പം ഉണ്ടാകാൻ മാത്രമേ സഹായകമാവുള്ളൂ. ഇത് തീർത്തും ട്രംപിന്റെ അപകടകരമായ ഒരു നീക്കമാണ്. ഡോളർ നിലംപതിച്ചാൽ ലോകത്തിലുള്ള ഭൂരിഭാഗം രാജ്യങ്ങളിലും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. അമേരിക്കയോടുള്ള വിശ്വസം നഷ്ടപ്പെട്ടാൽ കടം തരുന്നവർ പലിശയും കൂട്ടും. അത് അമേരിക്ക മുഴുവൻ സാമ്പത്തിക മാന്ദ്യത്തിനു വഴി തെളിയിക്കും. 2017-ൽ ജനുവരി 18, ഡോളർ ഇൻഡക്സ് കാണിക്കുന്നത് 127.25 ആണ്. അത് 2017 നവംബർ 18 നു 119.24 അയി കുറഞ്ഞു. ഏകദേശം ഏഴുശതമാനം കുറവ്. എന്നാൽ 2013 മുതലുള്ള കണക്കിൻപ്രകാരം 25 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

അമേരിക്കയയുടെ സൈനിക ശക്തി കൂടുതൽ വിപുലമാക്കാനും ട്രംപ് ആഗ്രഹിക്കുന്നു. രാജ്യത്തെ സുശക്തമാക്കാൻ മിലിറ്ററി ബഡ്‌ജറ്റ്‌ നിലവിലുള്ളതിനേക്കാളും പത്തു ശതമാനം കൂടി വർദ്ധിപ്പിച്ചു.  ജി.എൻ.പി യുടെ മൂന്നു ശതമാനം മാത്രം മിലിട്ടറി ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് വളരെ കുറവെന്നും അദ്ദേഹം കരുതുന്നു. മിലിട്ടറി ബഡ്ജറ്റ് ജി.എൻ.പിയുടെ ആറര ശതമാനം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. $574.5 ബില്യൺ  മിലിറ്ററി ബഡ്‌ജറ്റിനായി നീക്കി വെച്ചു. ഇത് സോഷ്യൽ സെകുരിറ്റി കഴിഞ്ഞാൽ അമേരിക്കയുടെ ഏറ്റവും വലിയ ബഡ്ജറ്റാണ്. ഐ.എസു്.ഐ.എസ് പോലുള്ള ഭീകര സംഘടനകൾക്കെതിരായി പ്രതികരിക്കാനും ബോംബിടാനും സിറിയയിൽ പട്ടാളത്തെ അയക്കാനുമുള്ള തീരുമാനവുമെടുത്തു. ഭീകരരന്മാരുടെ കുടുംബങ്ങളിലും അവരുടെ ദൈനം ദിന നീക്കങ്ങളിലും പ്രത്യേക ശ്രദ്ധക്കായി പട്ടാളത്തെ ചുമതലപ്പെടുത്തി. കൂടുതൽ ആയുധ കപ്പലുകളും വൈമാനിക പട്ടാള ശക്തിയും വർദ്ധിപ്പിച്ചു. ഇറാനും നോർത്ത് കൊറിയായ്ക്കും എതിരായി മിസൈൽ സംവിധാനവും വിപുലമാക്കി.  ഇസ്രായേലും പാലസ്തീനുമായി സമാധാനം ഉണ്ടാക്കാൻ അദ്ദേഹം തന്റെ മരുമകനെയും നിയമിച്ചു. സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക സുരക്ഷിത പദ്ധതികൾ നടപ്പാക്കി.

നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്നതും ട്രംപിന്റ് പദ്ധതിയാണ്. അവരുടെ രാജ്യത്തേക്കു അവരെ മടക്കി അയക്കണമെന്ന് വാദിക്കുന്നു. അനധികൃതമായി കയറിയവരിൽ മൂന്നു മില്യൺ കുറ്റവാളികൾ ഉണ്ടെന്നും കരുതുന്നു. 2000 മൈൽ മെക്സിക്കൻ അതിരിൽ മതില് പണിയുകയെന്നത് ട്രംപിന്റെ പദ്ധതിയായിരുന്നു. 20 ബില്യൺ ഡോളർ വരെ മതിൽ പണിക്ക് ചെലവ് വരാം. എന്നാൽ 2017-ലെ ബഡ്ജറ്റിൽ ട്രംപിന്റെ പദ്ധതി ഉൾപ്പെടുത്തിയില്ല. കാരണം മെക്സിക്കോക്കാരെകൊണ്ട് മതിലിനുള്ള പണം ചെലവാക്കിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പുകാലങ്ങളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മൂന്നുലക്ഷത്തിൽപ്പരം വിദേശ ജോലിക്കാർ സിലിക്കോൺ വാലിയിൽ ജോലിചെയ്യുന്നുണ്ട്. അവരിൽ കൂടുതൽപേരും തൊഴിലുകളിൽ വൈദഗ്ധ്യം നേടിയവരും കംപ്യൂട്ടർ സംബന്ധമായ ജോലികളിൽ, സ്പെഷ്യലിസ്റ്റുകളുമാണ്. H-1B വിസ നിർത്തൽ ചെയ്‌താൽ ഈ കമ്പനികൾക്ക് വിദഗ്ദ്ധരായ ജോലിക്കാരെ നഷ്ടപ്പെടും. അങ്ങനെയുള്ള കമ്പനികളുടെ മാർക്കറ്റും ഇടിഞ്ഞുപോകും.

യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും അയർലണ്ടിലും യുകെയിലും ഓസ്‌ട്രേലിയയിലും മിനിമം വേതനം അമേരിക്കയെക്കാളും കൂടുതലാണ്. അമേരിക്കയിൽ മിനിമം വേതനം മണിക്കൂറിൽ $7.25 ആണ്. അതുകൊണ്ടു ഉത്ഭാദന ചെലവ് കുറച്ച് അമേരിക്കൻ കമ്പനികൾക്ക് വിദേശ കമ്പനികളോട് മത്സരിക്കാൻ സാധിക്കും.

ട്രംപിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഭരണ കാലയളവിൽ നൂതനങ്ങളായ  പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നില ഉയർന്നുവെന്നു അദ്ദേഹം അഭിമാനിക്കുന്നു. ഏഴു ട്രില്യൺ ഡോളർ വളർച്ചയും അവകാശപ്പെടുന്നു. അമേരിക്കയിലെ വൻകിട കമ്പനികളിൽ ജോലിക്കാർക്ക് കൂടിയ പേച്ചെക്കും (Pay Check) ലഭിച്ചു. പുറം രാജ്യങ്ങളിലുള്ള  കമ്പനികൾ അമേരിക്കൻ മണ്ണിൽ ബിസിനസ് തുടങ്ങാനും ആരംഭിച്ചു. ട്രംപ് പറയുന്നു, "താനൊരു വ്യവസായി ആയിരുന്നു. ഒരു വ്യവസായിയെന്ന നിലയിൽ എക്കാലവും വിജയിയായിരുന്നു. ഞാനെന്നും അവർക്ക് നല്ലവനായിരുന്നു. അവരെന്നെയും സ്നേഹിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരനായ നിമിഷം മുതൽ എന്റെ പേരിനെ ദുഷിപ്പിക്കാൻ പത്രങ്ങളും മാസികകളും മാധ്യമങ്ങളും പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിൽ രാജ്യതാൽപ്പര്യത്തിനുവേണ്ടി ശ്രമിച്ച രാഷ്ട്രീയക്കാരും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഭരണാധികാരികളും ഇതേപാതയിൽ തന്നെ സഞ്ചരിച്ചവരാണ്".

Read more

നാടിന്റെ ഇതിഹാസം എ.കെ.ജിയും അധിക്ഷേപങ്ങളും

ഇന്ത്യൻ കമ്മ്യുണിസ്റ്റുചരിത്രത്തിലെ ജനകോടികളുടെ ഹൃദയം കവർന്ന മഹാനായ ഒരു ഐതിഹാസിക നായകനായിരുന്നു, ശ്രീ എ.കെ. ഗോപാലൻ. സ്നേഹപൂർവ്വം ജനങ്ങൾ അദ്ദേഹത്തെ മൂന്നക്ഷരം മാത്രമുള്ള ഏ.കെ.ജി യെന്നു വിളിച്ചിരുന്നു. ഓരോ കമ്യുണിസ്റ്റുകാരന്റെയും ഹൃദയത്തിൽ ഈ നാമം അഗാധമായി പതിഞ്ഞിരിക്കുകയും ചെയ്യുന്നു. ആയില്യത്ത് കുട്ട്യേരി ഗോപാലനെന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. അദ്വിതീയമായ ആത്മസമർപ്പണം ചെയ്ത  ഒരു സേവനത്തിന്റെ ചരിത്രം എ.കെ.ജി.യ്ക്കുണ്ട്. വ്യത്യസ്തങ്ങളായ രാഷ്ട്രീയ അഭിപ്രായങ്ങൾക്കു മീതെ എല്ലാ ജനവിഭാഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ കോഫീ ഹൌസ് എന്ന റസ്റ്റോറന്റ് ശൃംഖലകൾക്ക് തുടക്കമിടാൻ കാരണമായത് എ.കെ.ജി യായിരുന്നു. 1940-ൽ കോഫീ ബോർഡിന്റെ കീഴിൽ ഇന്ത്യൻ കോഫീ ഹൌസ്‌ രാജ്യമെമ്പാടും ആരംഭിച്ചു.  

1904-ഒക്ടോബർ ഒന്നാം തിയതി കണ്ണൂരിൽ പെരിളിശേരിക്കടുത്തു മക്രേരി ഗ്രാമത്തിൽ ആയില്യത്ത് കുറ്റിയരി എന്ന ജന്മി വീട്ടിൽ അദ്ദേഹം ജനിച്ചു. പിതാവ് വെള്ളുവ കണ്ണോത്ത് റൈരു നമ്പ്യാരും മാതാവ് ആയില്ലിയത് കുട്ടിയേരി മാധവി അമ്മയുമായിരുന്നു. തലശേരിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അധികം താമസിയാതെ ഒരു സ്‌കൂൾ അധ്യാപകനായി ജോലി ആരംഭിച്ചു. എ.കെ.ജിയുടെ മകൾ ലൈലയുടെ ഭർത്താവ് ശ്രീ. പി. കരുണാകരൻ കാസർകോട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗമാണ്.

1930-ൽ അദ്ദേഹം ജോലി രാജി വെച്ചുകൊണ്ട് മുഴുവൻ സമയവും പൊതു സേവനത്തിനായും രാഷ്ട്രീയ പ്രവർത്തനത്തിനായും രംഗത്തിറങ്ങി. കോൺഗ്രസ്സിന്റെ മുന്നണിയിലും നേതൃസ്ഥാനത്തും പ്രവർത്തിച്ചിരുന്നു. കേരള പ്രദേശ് കോൺഗ്രസിന്റെ സെക്രട്ടറിയായും കുറേക്കാലം പ്രസിഡന്റായും സേവനം ചെയ്തു. നീണ്ട കാലം ഏ.ഐ.സി.സി അംഗവുമായിരുന്നു. പ്രക്ഷോപണങ്ങൾ ജീവ വായുവായി കണ്ടു ജനലക്ഷങ്ങളെ നയിച്ചിരുന്ന ഒരു മഹാവിപ്ലവകാരിയായിരുന്നു. ദരിദ്രരുടെയും ദളിതരുടെയും സാധാരണക്കാരുടെയും ഇടയിൽ പ്രവർത്തിച്ചും ജനങ്ങൾക്കൊപ്പം ജീവിച്ചും രാഷ്ട്രീയ ജീവിതം തുടർന്നു. ഇന്ത്യയുടെ സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് യുഗങ്ങളടങ്ങിയ അദ്ധ്യായങ്ങൾ കോർത്തിണക്കിയ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിൽ താണ വർഗക്കാരുമായി ഒത്തു ചേർന്നു പട പൊരുതിയതുകൊണ്ടാണ് അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത്.

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അദ്ദേഹവും ഒരു പടയാളിയായിരുന്നു. 1930-ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അതിനുശേഷം മരിക്കുംവരെ സംഭവബഹുലമായ ഒരു ജീവിതമായിരുന്നു ശ്രീ ഏ.കെ.ജി. നയിച്ചുകൊണ്ടിരുന്നത്. ജീവിതത്തിൽ വിശ്രമമെന്തെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലായിരുന്നു. സമൂലമായ രാഷ്ട്ര പരിവർത്തനത്തിനായുള്ള വിപ്ലവം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളുമായി ഒത്തുചേർന്നു ജീവിച്ച് അവരുടെ ദുഖങ്ങളിൽ പങ്കുചേർന്ന് പ്രശ്നങ്ങളുമായി മല്ലിട്ടുകൊണ്ടായിരുന്നു ആ വിപ്ലവകാരി തന്റെ ജൈത്ര യാത്ര തുടർന്നിരുന്നത്. എക്കാലത്തെയും കമ്മ്യുണിസ്റ്റുകാർക്ക് അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു ആവേശമായിരുന്നു. വിവാദപുരുഷനായ അദ്ദേഹത്തിൻറെ സ്മാരക മണ്ഡപങ്ങളിൽ തലകുനിക്കാത്ത കമ്മ്യുണിസ്റ്റുകാർ വിരളമായേ കാണുകയുള്ളൂ.

1930-ൽ ഏ.കെ.ജിയ്ക്ക് 26 വയസുള്ളപ്പോൾ അദ്ദേഹത്തിന് ജയിലിൽ പോവേണ്ടി വന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കു കൊണ്ടതിനാലാണ് അറസ്റ്റ് ചെയ്തത്. ഖിലാഫത്ത് മുന്നേറ്റത്തിലും ഗോപാലൻ പങ്കു ചേർന്നിരുന്നു. 1927-ൽ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഖാദി പ്രസ്ഥാനത്തിലും സഹകരിച്ചിരുന്നു. പിന്നീട് സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ഹരിജനങ്ങളുടെ ഉന്നമനത്തിനായും പ്രവർത്തിച്ചുകൊണ്ടിരുന്നു. 1937-ൽ മലബാറിൽ നിന്ന് ചെന്നൈ വരെ ഒരു നിരാഹാര ജാഥാ സംഘടിപ്പിക്കുകയും അദ്ദേഹം അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. 750 മൈൽ കാൽനടയായി സഞ്ചരിച്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ നയിച്ച ഒരു നീക്കമായിരുന്നു അത്. എ.കെ.ജി ബ്രിട്ടീഷുകാരിൽനിന്നും മാത്രമല്ല, സാമൂഹിക, സാമ്പത്തിക തലങ്ങളിലുള്ള ദുരിതമനുഭവിക്കുന്നവർക്കായും മോചനമാഗ്രഹിച്ചിരുന്നു.

കോൺഗ്രസിലെ വലതുപക്ഷ ഗ്രുപ്പിൽപ്പെട്ട ചിലരുടെ ഫാസിസ്റ്റ് ചിന്താഗതികളുമായി അദ്ദേഹത്തിന് യോജിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് കോൺഗ്രസിൽ നിന്നും വിട്ടു കോൺഗ്രസ്സ് സോഷ്യലിസ്റ്റിക്ക് പാർട്ടിയിൽ ചേരുകയും 1939-ൽ അതിന്റെ പ്രവർത്തനങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയെന്ന് അറിയപ്പെടുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ട നാളുകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1942-ൽ ജയിൽ ചാടുകയും 1945-ൽ അദ്ദേഹത്തെ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.

സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതിയിൽ ജീവിതമാരംഭിച്ച ആദ്ദേഹം ദരിദ്രരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം ജീവിതത്തിൽക്കൂടി കണ്ടറിയുകയും ചെയ്തു.  സമസ്തമേഖലകളിലും കർമ്മോന്മുഖനായി പ്രവർത്തിച്ച ഒരു വ്യക്തിയേക്കാളുപരി ഒരു പ്രസ്ഥാനമായി അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. കമ്മ്യുണിസ്റ്റ് വിരോധികളായിരുന്നവർക്കു പോലും അദ്ദേഹം  ബഹുമാനിതനായിരുന്നു. 1977-ൽ മരിക്കും വരെ അദ്ദേഹത്തെ അഞ്ചു പ്രാവിശ്യം ഇന്ത്യയുടെ  പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തിരുന്നു.

എവിടെയെല്ലാം ഏ.കെ.ജി. സമരങ്ങൾ നയിച്ചിട്ടുണ്ടോ അവിടെയെല്ലാം വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് വിതച്ചിട്ടായിരുന്നു അദ്ദേഹം മടങ്ങി പോയിരുന്നത്. വർഗ മേധാവിത്വത്തിനെതിരായി ആരംഭിച്ച കമ്യുണിസ്റ്റ് പ്രസ്ഥാനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ രാജ്യമെങ്ങും തഴച്ചു വളർന്നിരുന്നു. നവോദ്ധാന ചിന്തകൾ പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും സാമൂഹിക പുനരുദ്ധാരണത്തിനായും നടത്തിയ ഗുരുവായൂർ സത്യാഗ്രഹത്തിൽ ഏ.കെ.ജി. യും പങ്കു ചേർന്നിരുന്നു. തൊട്ടുകൂടാ ജാതികൾക്ക് വഴി നടക്കാനുള്ള കൊച്ചിയിൽ നടത്തിയ പാലിയം സമരവും പ്രസിദ്ധമാണ്. പി. കൃഷ്ണപിള്ളയുമൊത്ത് കോഴിക്കോട് തൊഴിലാളി യൂണിയനുകളും ഉണ്ടാക്കി. കേരളത്തിലെ വടക്കൻ പ്രദേശങ്ങളിൽ കൃഷിക്കാരുടെ സായുധ വിപ്ലവത്തിനും നേതൃത്വം കൊടുത്തിരുന്നു. അത് കേരള ചരിത്രത്തിലെ ഐതിഹാസിക സമരമായി അറിയപ്പെടുന്നു.

എവിടെ അനീതി കണ്ടാലും അവിടെയെല്ലാം ഓടിയെത്തുകയെന്നത് അദ്ദേഹത്തിൻറെ രക്തത്തിലലിഞ്ഞ സ്വഭാവമായിരുന്നു. ജയിലിൽ അടച്ചാൽ എ.കെ.ജി യുടെ സമര പോരാട്ടങ്ങൾക്ക് അറുതി വരുത്താമെന്നായിരുന്നു അന്ന് അധികൃതർ കരുതിയിരുന്നത്. എന്നാൽ ജയിലിൽ ഉള്ളവരെയും സംഘടിപ്പിച്ചു സമരത്തിന്റെ വ്യാപ്തി അദ്ദേഹം വിപുലപ്പെടുത്തുകയാണുണ്ടായത്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ സ്വതന്ത്രമായപ്പോൾ ഏ.കെ.ജി. ജയിൽ അഴിക്കുള്ളിലായിരുന്നു. ജനങ്ങൾ സമര കോലാഹലങ്ങളുമായി വന്ന ശേഷമാണ് ആ വർഷം ഒക്ടോബറിൽ അദ്ദേഹത്തെ ജയിൽ വിമുക്തനാക്കിയത്. ഹരി ജനങ്ങൾക്ക് വഴി നടക്കാനായി സംഘടിപ്പിച്ച 'കണ്ടോത്ത്' സമരം പ്രസിദ്ധമാണ്. കോടതികളും അദ്ദേഹം വളരെ നിസ്സാരമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കോടതികളെയും തന്റെ പ്രത്യേയ ശാസ്ത്രത്തിന്റെ പ്രതീകമായും സമരവേദികളായും കണ്ടിരുന്നു. 'മുടവൻ മുകൾ' കേസുമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചപ്പോൾ കോടതിയിൽ സ്വയം വാദിച്ചുകൊണ്ട് ജയിൽ മോചിതനായ ചരിത്രവും പ്രസിദ്ധമാണ്.

ഭരണഘടനയുടെ ഇരുപത്തിരണ്ടാം വകുപ്പിന്റെ പശ്ചാത്തലത്തിൽ ചില നിയമങ്ങൾ കൂട്ടിച്ചേർത്ത് കരുതൽ തടവുകാരെ കൂടുതൽ കാലം ജയിലിൽ അടയ്ക്കാമെന്ന ഒരു നിയമം ഉണ്ടാക്കിയിരുന്നു. എ.കെ.ജി ആ നിയമത്തെ ശക്തിയുക്തം എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഭരണഘടന അനുസരിച്ച് ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് കാണിച്ചുകൊണ്ട് എ.കെ.ജി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വിജയിക്കുകയും ചെയ്തു. ഇന്ത്യൻ കോടതികളുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ കേസിനെ എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നു. നിയമ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വളരെ താല്പര്യമുള്ള ഒരു കേസ്സായിരുന്നു അത്.

എ.കെ.ജിയുടെ വിപ്ലവ നീക്കങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. 1951-ലെ കൽക്കട്ടാ കോൺഫറൻസ് തീരുമാനമനുസരിച്ച് അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്ത് എവിടെ കർഷകരുടെ സമരമുണ്ടായാലും ഏ.കെ.ജി. എന്നും അവരോടൊപ്പവും മുമ്പിലുമുണ്ടായിരുന്നു. ഈ സമര കോലാഹലങ്ങളിൽ പങ്കെടുത്തതതുകൊണ്ടു ഇന്ത്യയുടെ ഏതു ഗ്രാമ പ്രദേശങ്ങളിലും ഏ.കെ.ജി. യുടെ പേര് അറിയപ്പെട്ടിരുന്നു. ഗുജറാത്തിൽ നടന്ന ഒരു കാർഷിക വിപ്ലവത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിൽ വെള്ളത്തിനു കരം ചുമത്തിയ പ്രതിക്ഷേധത്തിൽ അദ്ദേഹത്തെ പഞ്ചാബിൽ നിന്നും നാടുകടത്തി.

സർ സി.പി.യുടെ കാലത്ത് തിരുവിതാംകൂറിൽ സ്വയം ഭരണത്തിനായും അദ്ദേഹം മലബാറിൽ ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. 1960-ൽ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരം വരെ പ്രകടന ജാഥ നടത്തിയതും ചരിത്രപരമായിരുന്നു. ഇടുക്കിയിൽ അമരാവതിയിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കിയപ്പോൾ അതിനെതിരായി വിപ്ലവ കൊടുങ്കാറ്റ് അഴിച്ചുവിട്ടതും എ.കെ.ജി.യായിരുന്നു. ചുരളിയിലും, കീരിത്തോടും കോട്ടിയൂരും വ്യാപകമായ കുടിയിറക്കുവന്നപ്പോൾ  പ്രതികരിക്കാനും അവരുടെ അവകാശങ്ങൾ വീണ്ടെടുക്കാനും അദ്ദേഹം നേതൃനിരയിലുണ്ടായിരുന്നു.

1952 മുതൽ അദ്ദേഹം പാർലമെന്റിൽ പ്രതിപക്ഷത്തിരുന്നുകൊണ്ട് കമ്മ്യുണിസ്റ്റ് എംപി മാരെ നയിച്ചുകൊണ്ടിരുന്നു. ഇന്ത്യ ചൈന യുദ്ധ കാലങ്ങളിൽ ചൈനയുടെ ഏജന്റ് എന്ന് പറഞ്ഞു 1962ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1964-ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ തിരുത്തൽ വാദികൾക്കെതിരെ ഏ.കെ.ജി ശക്തമായി പ്രതികരിച്ചിരുന്നു. സി.പി.എം ന്റെ പോളിറ്റ് ബ്യുറോ അംഗമാവുകയും ചെയ്തു. ആരോഗ്യം മോശമായെങ്കിലും1975-ലെ അടിയന്തിരാവസ്ഥക്കെതിരെ സ്വന്തം ആരോഗ്യസ്ഥിതി വകവെക്കാതെപോലും അദ്ദേഹം പ്രതികരിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥയെ ജനങ്ങൾ എതിർത്തിരുന്ന കാലങ്ങളിൽ അദ്ദേഹത്തിനു മരണം സംഭവിച്ചു.

നിയമസഭ സാമാജികനായ ശ്രീ വി.ടി. ബലറാമന്, സഖാവ് എകെ ഗോപാലന്റെ ത്യാഗപൂർവ്വമായ  ജീവിതത്തെപ്പറ്റി അധികമൊന്നും അറിയില്ലെന്നും ചരിത്രബോധമില്ലെന്നും വിചാരിക്കണം. കാരണം അദ്ദേഹം പുതിയ തലമുറയുടെ വക്താവാണ്. ബാലിശമായ ഇത്തരം പ്രസ്താവനകൾ അറിവിന്റെ കുറവുകൊണ്ടുമാണ് സംഭവിക്കുന്നതും. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള സ്വീകാര്യമല്ലാത്ത ഒരു പ്രസ്താവന ഏ.കെ.ജി യ്ക്കെതിരെ യുവാവായ ബൽറാം പുറപ്പെടുവിച്ചതിന്റെ കാരണം എന്തെന്നും മനസിലാകുന്നില്ല. ബൽറാം അവഹേളിച്ച വ്യക്തി ഒരു കാലത്തു കോൺഗ്രസിന്റെ തന്നെ പാർട്ടി സെക്രട്ടറിയായിരുന്നു. എ.കെ.ജി. യുടെ ജീവിതവുമായി ബന്ധപ്പെട്ടു നൂറായിരം നല്ല കാര്യങ്ങൾ ചികയാനുള്ളപ്പോൾ അതിൽ ലൈംഗികത മാത്രം മനസ്സിൽ വന്ന ശ്രീ ബലറാമന് കാര്യമായ എന്തോ മാനസിക വൈകല്യമുണ്ടെന്നും മനസിലാക്കണം.

എ.കെ. ഗോപാലനെതിരായുള്ള ബൽറാമിന്റെ പ്രസ്താവനയിൽ നാടിന്റെ നാനാഭാഗത്തുനിന്നും എതിർപ്പുകളുണ്ടായി. എതിർത്തവരെ ഒന്നടങ്കം ബൽറാം 'ഗോപാൽ സേനാ' എന്ന് വിളിച്ചു പരിഹസിച്ചു. പ്രകാശ് കാരാട്ടു പറഞ്ഞു; "ബൽറാമിന്റെ പ്രസ്താവന തികച്ചും പാകതയില്ലാത്ത   വ്യക്തിയെപ്പേലെയായിരുന്നു. ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആൾക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലെ നേതാവിനെ രാഷ്ട്രീയ പരമായി ഏതു വിധത്തിലും വിമർശിക്കാൻ അധികാരമുണ്ട്. ഞങ്ങൾ കോൺഗ്രസ്സ് നേതാക്കന്മാരെ വിമർശിക്കാറുണ്ട്. എന്നാൽ ഒരിക്കലും ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി പാർട്ടിയിലെ ഒരു നേതാക്കന്മാരും വിമർശിച്ചിട്ടില്ല. ഇത്തരം ബാലിശമായ കുറ്റാരോപണങ്ങൾ തീർച്ചയായും ഒരു സാമാജികന് യോജിച്ചതല്ല." ഇന്ന് അതിന്റെ പ്രതികരണം ലഭിച്ചിരിക്കുന്നത് പാർട്ടി പ്രവർത്തകരിൽ നിന്ന് മാത്രമല്ല, കേരളത്തിലെ നാനാതുറകളിലുള്ള സാധാരണ ജനങ്ങളെയും ഇതുമൂലം അസമാധാനമുണ്ടാക്കുകയും കുപിതരുമാക്കിയിരിക്കുന്നു.

'ബാലപീഢനം നടത്തിയ നേതാവ് എ.കെ.ജി മുതൽ ഒളിവു കാലത്തു അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവ പ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾക്ക് തെളിവുകളായി 2001-ൽ ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയും എ.കെ.ജി. യുടെ ആത്മകഥയുമായിരുന്നുവെന്നു' ബലറാം പറഞ്ഞു.  പോരാട്ട കാലങ്ങളിലെ പ്രണയമെന്ന തലക്കെട്ടോടു കൂടിയ ഹിന്ദുപത്രം ബലറാം തെളിവായി നിരത്തുന്നു. വിവാഹം കഴിച്ചപ്പോൾ സുശീലയ്ക്ക് 22 വയസ്സ്. ആ നിലയ്ക്ക് പത്തുവർഷത്തോളമുള്ള ഈ മധ്യ വയസ്‌ക്കന്റെ പ്രേമം ബൽറാം ബാലപീഢനമായി കാണുന്നു.

എ.കെ.ജി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രതീകമെന്നു കോൺഗ്രസ് ഉൾപ്പടെ എല്ലാ പാർട്ടികളിലെയും ജനവിഭാഗങ്ങൾക്കറിയാം. അങ്ങനെ ആരാധ്യനായ ഒരു നേതാവിനെ ഇടിച്ചുതാഴ്ത്തിയാൽ വോട്ടു ബാങ്കിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർക്കാമെന്ന വ്യാമോഹവും ചില കേന്ദ്രങ്ങളിൽ ഉണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ബലറാമിന്റെ ഈ പ്രസ്താവനയ്ക്ക് മൗനാനുവാദം നൽകുന്നതെന്നും കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങൾ കരുതുന്നു.

കൗമാര പ്രായത്തിൽ ഒരു പെൺക്കുട്ടിയോട് വൈകാരികമായ വികാരവും പ്രേമവും തോന്നിയാൽ അതെങ്ങനെ ബാലപീഢനം  ആകുന്നുവെന്നും വ്യക്തമായ ഒരു ഉത്തരമില്ല. എ.കെ.ജി യെ അറിയാവുന്ന പഴയ കോൺഗ്രസ് നേതാക്കന്മാർ ഇത്തരം ഒരു ആരോപണം ഉന്നയിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, ജീവിതത്തിലെ നാനാതുറകളിലുമുള്ളവർ എ.കെ.ജിയെ കണ്ടിരുന്നത് ആദർശവാനായ, ജനങ്ങളുടെ പ്രിയങ്കരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടായിരുന്നു. കറതീർന്ന അഴിമതിയില്ലാത്ത എ.കെ.ജിയെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകർ ഇന്ത്യയുടെ ചരിത്രത്തിൽ വളരെ ചുരുക്കമായേ കാണൂ.

ബൽറാം പറയുന്ന പോലെ അദ്ദേഹം രൂപീകരിച്ചത് ഗുണ്ടാ സേനയോ ഗോപാൽ സേനയോ അല്ലായിരുന്നു. അത് പട്ടിണി സേനയായിരുന്നു. കാസർകോടു മുതൽ തിരുവനന്തപുരം വരെയാണ് അദ്ദേഹം അന്ന് പട്ടിണി ജാഥ സംഘടിപ്പിച്ചത്. എ.കെ.ജി സ്മാരകം പോലും കോൺഗ്രസ്സ് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയായിരുന്നു സംഭാവന ചെയ്തത്.

ആദ്യത്തെ ഭാര്യയുമായി വിവാഹമോചനം നേടാതെ ജീവിച്ചിരിക്കെ തന്നെ ഗോപാലൻ സുശീലയെ വിവാഹം ചെയ്തുവെന്ന ബൽറാമിന്റെ പ്രസ്താവന തികച്ചും അസംബന്ധമാണ്. ഗോപാലൻ രണ്ടാമത് വിവാഹം കഴിക്കുന്ന സമയം അവർ മറ്റൊരാളിന്റെ ഭാര്യയായിരുന്നു. ഏ.കെ.ജി ഒരിക്കലും തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ചില്ല. അവരോട് അനീതി കാണിച്ചിട്ടില്ല. അപവാദം പറഞ്ഞു നടക്കുന്ന ബൽറാം ആദ്യം ആരാണ്, ബന്ധം ഉപേക്ഷിച്ചതെന്ന വസ്തുതയും വെളിപ്പെടുത്തണമായിരുന്നു. ഭാര്യ വീട്ടുകാരുടെ സമ്മർദ്ദമായിരുന്നു ആ ബന്ധം വേർപെടുത്തുന്നതിനു കാരണമായത്. ഭാര്യയെ ഹരിജൻ കോളനിയിൽ കൊണ്ടുപോയി എന്ന് ആരോപിച്ചുകൊണ്ടു അവരെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

ജാതിവ്യവസ്ഥ അങ്ങേയറ്റം നിലവിലുണ്ടായിരുന്ന ഒരു കാലത്ത് അന്നത്തെ മാമൂലുകൾ അനുസരിച്ച് നമ്പ്യാർ പാരമ്പര്യമുള്ള ഭാര്യ വീട്ടുകാർക്ക് അത് ക്ഷമിക്കാൻ സാധിക്കുമായിരുന്നില്ല. ആദ്യഭാര്യക്ക് ഏ.കെ.ജി യെ ഉപേക്ഷിക്കാൻ മനസ്സില്ലായിരുന്നു. പക്ഷെ അവർ ബന്ധുജനങ്ങളുടെ മുമ്പിൽ നിസ്സഹായയായിരുന്നു. സ്വന്തം വീട്ടുകാരുടെ ഇഷ്ടത്തിന് വിരോധമായി ഭാര്യ എ.കെ.ജിയോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ജയിലിലായിരുന്നപ്പോഴാണ് അവരെ ഭാര്യ വീട്ടുകാർ നിർബന്ധിച്ച് കൊണ്ടുപോവുകയും വിവാഹ മോചനം നടത്തിയതും.

എ.കെ.ജി അതിനെപ്പറ്റി എഴുതി, "അവളും എന്നെ ഉപേക്ഷിച്ചു. ജീവിതത്തിൽ സുഖദുഃഖങ്ങൾ പങ്കിടാൻ ഉണ്ടായിരുന്ന എന്റെ പങ്കാളി. എന്തിന്! അൽപ്പം ചിന്തിച്ചാൽ മറുപടി കിട്ടും. ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്. ജീവിതത്തിലെ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും വരിച്ച ഒരു പ്രവർത്തകൻ." ബൽറാം ഈ വാചകം വായിച്ചിരുന്നെങ്കിൽ എ.കെ.ജിയുടെ ധാർമ്മികതയെപ്പറ്റി അറിഞ്ഞിരുന്നുവെങ്കിൽ സ്വന്തം മനഃസാക്ഷിക്കെതിരെ ആ മഹാനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ലായിരുന്നു.

ജീവിതം തന്നെ ഭീക്ഷണിയും വെല്ലുവിളിയുമായി കഴിഞ്ഞിരുന്ന എ.കെ.ജിയ്ക്ക് വിവാഹമോ പ്രേമമോ ചിന്തിക്കാൻപോലും സാധിക്കില്ലായിരുന്നു. ഒളിവിൽ ജീവിതമെന്നു പറയുന്നത് സാഹസികതയുടെയും ആത്മ ത്യാഗത്തിന്റെതുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ഭയത്തോടെ ചുറ്റുപാടുകളും നോക്കണമായിരുന്നു. അനശ്ചിതത്തിന്റെ നാളുകളിൽ എപ്പോഴാണ് ആയുധധാരികളായ പോലീസുകാർ എത്തുന്നതെന്നും അറിവുണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിൽ ജീവിച്ച എ.കെ.ജിയുടെ മേലുള്ള ബൽറാമിന്റെ ആരോപണം നീതികരിക്കാവുന്നതല്ല. ആ ഒളിവു ജീവിതത്തിനെ ലൈംഗികാസ്വാദനമായി തിരുത്തുന്നതും ചരിത്രത്തോട് ചെയ്യുന്ന ഒരു അനീതി കൂടിയാണ്. ഒളിവു ജീവിത കാലത്ത് മനുഷ്യ ബന്ധങ്ങളുണ്ടാവാം. വൈകാരികമായി മനസിലടിഞ്ഞു കൂടുന്ന ആ സ്നേഹബന്ധങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നതും ശരിയല്ല. 1947-ൽ എ.കെ.ജി ജയിൽ മോചിതനായെങ്കിലും അദ്ദേഹം വിവാഹം കഴിക്കാൻ തയ്യാറല്ലായിരുന്നു. അഞ്ചു വർഷം കൂടി കഴിഞ്ഞാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

1952-ൽ നാല്പത്തിയെട്ടാം വയസിൽ ഏ.കെ.ജി സുശീലയെ വിവാഹം ചെയ്തു. സുശീലയ്ക്ക് അന്ന് 22 വയസ്സ് പ്രായം. പ്രായ വ്യത്യാസത്തിൽ ഒരാൾ വിവാഹം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ല. ആ ചെറിയ കുട്ടിയോടുള്ള സ്നേഹ വാത്സല്യത്തെപ്പറ്റി ഏ.കെ.ജി തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പന്ത്രണ്ടു വയസുള്ള ഒരു കുട്ടിയോട് ആകർഷണം ഉണ്ടായെങ്കിൽ അത് ബാലപീഢനമല്ല. അവർ തമ്മിൽ പരസ്പ്പരം സ്നേഹമുണ്ടായിരുന്നു. ഒരു കൊച്ചുകുട്ടിയോടുള്ള സ്നേഹം പീഢനമാവുന്നതെങ്ങനെ? അവൾ മുതിർന്നപ്പോൾ ആ സ്നേഹം പ്രേമമായി പരിണമിച്ചേക്കാം! അദ്ദേഹം, സുശീലയെ ബാല്യത്തിൽ വിവാഹം കഴിക്കുകയോ സദാചാര വിരുദ്ധമായി പെരുമാറിയതായോ ചരിത്രമില്ല. വിവാഹം വരെ സുശീല മാതാപിതാക്കളുടെ സുരക്ഷിതത്വത്തിലും സംരക്ഷണയിലുമായിരുന്നു.

എ.കെ.ഗോപാലൻ തന്റെ രാഷ്ട്രീയ യാത്രയിൽ പ്രധാനമന്ത്രി നെഹ്‌റുവിനെപോലും വെല്ലുവിളിച്ചിട്ടുണ്ട്. നെഹ്‌റു കാസർകോട് എത്തി എ.കെ.ഗോപാലനെതിരായി പാർലമെന്റിൽ എം.പി യായി ജയിക്കാനായിരുന്നു ആ വെല്ലുവിളി! നെഹ്‌റു മത്സരിക്കാൻ തയ്യാറായില്ലെങ്കിലും എ.കെ.ജി യെ തോൽപ്പിക്കാൻ കാസർകോട് എത്തിയിരുന്നു. എന്നാൽ എ.കെ. ഗോപാലൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത്. പാർലമെന്റിൽ ഒരു ചർച്ചാവേളയിൽ, ഏ.കെ.ജി സംസാരിക്കുന്ന സമയം അദ്ദേഹത്തിൻറെ ഇംഗ്ലീഷിനെ മറ്റു പാർലമെന്റ് അംഗങ്ങൾ പരിഹസിച്ചപ്പോൾ നെഹൃ ഇടപെട്ടുകൊണ്ട് പറഞ്ഞു, 'ശ്രീ ഗോപാലൻ ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്നില്ലായിരിക്കാം. മുറിച്ചു മുറിച്ചുള്ള ഭാഷയെന്നു നിങ്ങൾ പരിഹസിക്കുന്നുണ്ടെങ്കിലും അദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്നും മനസിലാക്കണം'. നെഹ്രുവിന്റെ അഭിപ്രായങ്ങൾ ശ്രവിച്ചയുടൻ മറ്റുള്ള പാർലമെന്റിലെ അംഗങ്ങൾ നിശബ്ദരാകുകയും ചെയ്തു. ലോകസഭാ രേഖകളിൽ നെഹ്രുവിന്റെ ഈ പ്രസ്താവന  രേഖപ്പെടുത്തിയിട്ടുണ്ട്.

എ.കെ.ജിയോട് ഏറ്റവും കൂടുതൽ സ്നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ളത് ജവർലാൽ നെഹ്രുവായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഒരു പ്രധാനിയെന്ന നിലയിൽ എ.കെ.ജിക്ക് നെഹ്‌റു  പ്രത്യേകമായ പരിഗണനകൾ നൽകിയിരുന്നു. രാജ്യത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തോട് ആലോചിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ അനൗദ്യോഗികമായ നേതാവെന്ന നിലയിൽ എ.കെ.ജിയുടെ അഭിപ്രായങ്ങൾക്ക് ഗൗരവപരമായ പരിഗണനകൾ നൽകുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥ രൂക്ഷമായിരുന്ന കാലത്തുപോലും ഇന്ദിരാ ഗാന്ധി എ.കെ.ജിയെ ആദരിച്ചിരുന്നു.

വടക്കേ മലബാറിൽ ഒരു ജന്മി കുടുംബത്തിൽ ജനിച്ചു വളർന്ന ഏ,കെ.ജി ജന്മിത്വത്തിന്റെ ക്രൂര മുഖങ്ങൾക്കെതിരായി പോരാടിയ മനുഷ്യ സ്നേഹിയായിരുന്നു. കപട രാഷ്ട്രീയക്കാരുടെ അയഥാര്‍ത്ഥമായ വ്യാജകഥകൾ നിഷ്കളങ്കനായ ആ മഹാന്റെ മഹാത്മ്യത്തിന് ഒട്ടും മങ്ങലേൽപ്പിക്കില്ല. എ.കെ.ജി യുടെ ആത്മകഥയിൽ പറയുന്നുണ്ട്, "ഞാനൊരു ഭ്രാന്തനാണ്. ഇവിടെ സാമ്രാജ്യത്വവും ജന്മിത്വവും നിലനിൽക്കുന്ന കാലത്തോളം ഈ ഭ്രാന്ത് തുടരണം." പ്രക്ഷോപങ്ങളെ മനസിന്റെ ഉള്ളറകളിൽ ആവഹിച്ച് ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്നുകൊണ്ട് അവരുടെ ജീവിതത്തെ പഠിച്ച് അവരെ നയിച്ച വിപ്ലവകാരിയായിരുന്നു സഖാവ് എ.കെ.ജി. അദ്ദേഹത്തിൻറെ ജീവിതം ഒരു കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രമാണ്. അദ്ധ്വാനിക്കുന്നവരുടെയും സമൂഹത്തിൽ നിന്ദിതരായവരുടെയും ദുർബല ജനവിഭാഗങ്ങളുടെയും മോചനത്തിനായുള്ള മാറ്റൊലികൾ ആ ധന്യ ജീവിതത്തിൽ അർപ്പിതവുമായിരുന്നു.

Read more

മതേതരത്വത്തിന്റെ പ്രസക്തിയും ഇന്ത്യൻ പശ്ചാത്തലവും

ആധുനിക പടിഞ്ഞാറൻ രാജ്യങ്ങളിൽ മതേതരത്വവും അതിന്റെ വീക്ഷണ ചിന്താഗതികളും  മാറ്റങ്ങളുടെതായ ഒരു നവമുന്നേറ്റമായിരുന്നു. പൗരാണിക, മദ്ധ്യകാല യുഗങ്ങളിൽ നടപ്പിലായിരുന്ന വ്യവസ്ഥിതികളിൽ നിന്നും സമൂലമായ ഒരു പരിവർത്തനമായിരുന്നു അത്. കൂടാതെ ലോകത്തു നടപ്പായിരുന്ന പല സാമൂഹിക വ്യവസ്ഥകൾക്കുമെതിരെ വ്യത്യസ്തമായി മതേതരത്വമെന്ന ആശയങ്ങൾ പ്രചരിച്ചുകൊണ്ടിരുന്നു. 'ജോർജ് ജേക്കബ് ഹോളിയോകെ' എന്ന ചിന്തകൻ മതേതരത്വത്തിന്റെ ദാർശനിക ശില്പ്പിയായി അറിയപ്പെടുന്നു. അജ്ഞയതാവാദിയായ ജോർജ് ഓക്ക് വാദിച്ചിരുന്നത് മതേതരത്വം എന്നുള്ളത് ക്രിസ്തുമതത്തിനെതിരല്ല മറിച്ച്, സ്വതന്ത്രമായ ഒരു ചിന്താഗതിയെന്നായിരുന്നു.  ബ്രിട്ടനിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു പത്രപ്രവർത്തകനും കൂടിയായിരുന്നു. 1851-ൽ സെക്യൂലരിസം അഥവാ മതേതരത്വമെന്ന വാക്കിന് നിർവചനം കൊടുത്തു. അതീവ ദേശഭക്തി എന്നർത്ഥത്തിൽ 1878-ൽ 'ജിങ്കോയിസം' (jingoism) എന്നാൽ എന്തെന്നും അദ്ദേഹം നിർവചിച്ചിരുന്നു.

ലാറ്റിനിൽ മതേതരത്വമെന്ന വാക്കിന്റെ അർത്ഥം മതത്തിന് വൈരുദ്ധ്യമെന്നുള്ളതാണ്. മതേതരത്വം അതിന്റെ അർത്ഥവ്യാപ്തിയിൽ മതവിശ്വാസങ്ങൾക്കും മതത്തിന്റെ ന്യായ നീതികരണങ്ങൾക്കും  പ്രതികൂലമനോഭാവമായിരിക്കണം. മതത്തിന്റെ ചട്ടക്കൂട്ടിൽനിന്നും മോചിപ്പിച്ച് എല്ലാവിധ കലകളെയും ശാസ്ത്രങ്ങളേയും പുരോഗമിപ്പിക്കുന്ന വിധമായിരിക്കണം. മതത്തിനെതിരാണ് മതേതരത്വം എന്ന സാമാന്യ സങ്കല്പമുണ്ടെങ്കിലും മതേതരത്വത്തിന്റെ ആരംഭം' മതങ്ങളിൽ നിന്നായിരുന്നുവെന്നതും ഒരു വസ്തുതയാണ്. മതമൗലിക വാദികൾ മതേതരത്വത്തെ നിഷേധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ആദ്യകാലങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ സമാധാനം സൃഷ്ടിക്കാനാണ് മതേതരത്വം വിഭാവന ചെയ്തത്. മതേതരത്വ തത്ത്വങ്ങൾ വ്യക്തിപരമായും സാംസ്ക്കാരികപരമായും സാമൂഹികമായും പ്രതിഫലനങ്ങൾ സൃഷ്ടിക്കാറുണ്ട്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൂല്യങ്ങളാൽ അധിഷ്ടിതമാണ് മതേതരത്വം. മതേതരത്വത്തിൽ ഏകാധിപത്യ പ്രവണതകൾ ഇല്ലാതാക്കി അധികാരത്തെ വികേന്ദ്രീകരിക്കുന്നു. ഏതാനും ആളുകളുടെ കൈകളിൽ അധികാരം നിഷിപ്തമായിരിക്കുന്നതിനെയും എതിർക്കുന്നു. അതുകൊണ്ടാണ് ഏകാധിപത്യ മതസ്ഥാപനങ്ങളെയും ഏകാധിപതികളായ മത നേതാക്കാന്മാരെയും മതേതരത്വം എതിർക്കുന്നത്.

മതേതരത്വം പൂർണ്ണമായും മതവിശ്വാസത്തെ നിഷേധിക്കുന്നു. മതവിശ്വാസങ്ങൾ രാജ്യഭരണവുമായി വേറിട്ട് നിൽക്കാനും ചിന്തിക്കുന്നു. മതം സർക്കാരിന്റെ പ്രശ്നങ്ങളിൽ ഇടപെടരുതെന്നും കൽപ്പിക്കുന്നു. പൊതു വിദ്യാഭ്യാസത്തിൽ നിന്നും മതത്തെ ഒഴിച്ച് നിർത്താൻ നിർദ്ദേശിക്കുന്നു. പബ്ലിക്ക് സ്‌കൂളിൽ മതത്തെപ്പറ്റി പഠിപ്പിക്കാൻ പാടില്ലെന്നും നിഷ്‌കർഷിക്കുന്നുണ്ട്. മതേതരവാദികൾ മതത്തിലോ മതകാര്യങ്ങളിലോ താല്പര്യപ്പെടാറില്ല. മാനവ മതത്തിനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്നു. നവോധ്വാന കാലത്തു മതേതരത്വത്തിന് നല്ല പ്രാധാന്യം കല്പിച്ചിരുന്നു.

മതേതരത്വം നിയമാനുഷ്ഠിതമായി നടപ്പാക്കിയ രാജ്യങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങളിൽ മതാധിപത്യ വാദികൾക്ക് സ്വാധീനം കുറവായിരിക്കും. മതേതരത്വ രാജ്യത്ത് ഒരു നിയമം ഉണ്ടാക്കുന്നത് മതത്തിന്റെ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല. ന്യുനപക്ഷവും ഭൂരിപക്ഷവും എന്നുള്ള വ്യത്യാസത്തെ മറന്നു എല്ലാവർക്കും തുല്യനീതിയും തുല്യമായ അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വ രാജ്യങ്ങളിൽ പ്രകടമായി കാണാം.

മതേതരത്വം ഒരു രാജ്യത്തു നടപ്പാക്കുന്ന പക്ഷം ഭരിക്കുന്ന സർക്കാരുകൾ മതങ്ങളെ ഭരണകാര്യങ്ങളിൽ ഉൾപ്പെടുത്താതെ വേറിട്ട് നിൽക്കണമെന്നുണ്ട്. ജനാധിപത്യത്തിന്റെ നിർവചനത്തിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിനെ ജനങ്ങൾതന്നെ നിയന്ത്രിക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ ഭരണ നിർവഹണങ്ങളിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരുപോലെ മുൻ‌തൂക്കം നൽകുന്നു. എന്നാൽ മൂന്നാം ലോകത്തിൽ പ്രത്യേകിച്ച് ഇസ്‌ലാമിക രാജ്യങ്ങളിൽ അവർ ജനാധിപത്യം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അവരുടെ പൗരന്മാരെ ഭരിക്കാൻ ഷാരിയ നിയമം നടപ്പാക്കുന്നു. മതാടിസ്ഥാനത്തിലുള്ള ഷാരിയാ നിയമങ്ങൾ ജനാധിപത്യപരമല്ലെന്നു കാണാം. ഉദാഹരണമായി ഒരാൾക്ക് നേതാവാകണമെങ്കിൽ അയാൾ മുസ്ലിമായിരിക്കണമെന്നുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി ബഹുമാനിക്കാനും ഷാരിയാ നിയമം അനുവദിക്കില്ല.

ഭാരതത്തിന്റെ മതേതരത്വത്തെ അവലോകനം ചെയ്യുമ്പോൾ ഈ രാജ്യത്തെ പൂർണ്ണമായും മതേതരരാഷ്‌ട്രമായി കാണാൻ സാധിക്കില്ല. ഭാരതത്തിലെ നിയമ സംഹിതയ്ക്കുള്ളിൽ ഇസ്‌ലാമിന്റെ വ്യക്തിഗതമായ ഷാരിയാ നിയമങ്ങളെയും അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയുടെ മതേതരത്വം മതത്തെ വേർതിരിക്കുന്നില്ലെന്നും കാണാം. അതേ സമയം മതേതരത്വം ഭാരതത്തിൽ വീക്ഷിച്ചിരിക്കുന്നത്,എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന വ്യവസ്ഥിതിയെന്നാണ്. ഇന്ത്യയിലെ നിയമം അനുസരിച്ച് നിഷ്പക്ഷമായി എല്ലാ മതങ്ങളോടും ഒരു പോലെ പെരുമാറുകയും തുല്യനീതിയും തുല്യസ്വാതന്ത്ര്യവും നടപ്പാക്കുകയും വേണം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം മതേതരത്വ ചിന്തകൾ നടപ്പാക്കുന്നതിൽ നാസ്തികനായിരുന്ന ഇന്ത്യയുടെ പ്രധാന മന്ത്രി ജവർലാൽ നെഹ്‌റുവിന് വളരെയേറെ പങ്കുണ്ട്. അദ്ദേഹവും അംബേദ്‌ക്കറുമായി ആലോചിച്ചുകൊണ്ട്,എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന, നാനാത്വത്തിൽ ഏകത്വം എന്ന ചിന്തകൾക്കനുഷ്ഠാനമായി ഒരു ഭരണഘടന തയ്യാറാക്കി. ഹിന്ദുമതത്തിലെ പേഗൻ വിശ്വാസങ്ങൾ സ്വീകരിക്കാൻ മുസ്ലിമുകൾക്കോ ക്രിസ്ത്യാനികൾക്കോ സാധിക്കുമായിരുന്നില്ല. മതേതരത്വത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം സെമറ്റിക്ക് മതങ്ങൾക്കെല്ലാം ആശ്വാസമായിരുന്നു. ഇസ്‌ലാമിക ക്രൈസ്തവ സംസ്‌കാരങ്ങൾ ഭാരതം സ്വാതന്ത്ര്യം നേടുന്നതിന്  നൂറ്റാണ്ടുകൾക്കു മുമ്പും ഈ മണ്ണിൽ വേരുറച്ചിട്ടുള്ളതാണ്. ഹൈന്ദവ ജനതയുമായി ഒത്തൊരുമിച്ച് സ്നേഹാദരവോടെ കഴിഞ്ഞ ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അവരുടെ സംസ്‌കാരങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വം സ്ഥാപിക്കണമെന്ന ഹിന്ദുത്വ വാദികളുടെ ചിന്തകളാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. തലമുറകളായി ഇവിടെ അലിഞ്ഞു ചേർന്ന ഹിന്ദു മുസ്ലിം സംസ്‌കാരങ്ങളെ സമൂലം നശിപ്പിക്കണമെന്ന ആര്യ ഹിന്ദുക്കളുടെ വാദഗതികളും ബാലിശമായിരുന്നു.

ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നും സ്വതന്ത്രയായപ്പോൾ ഭരണഘടനയനുസരിച്ച് മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. ഓരോ ഇന്ത്യക്കാരനും ഭരണഘടനയുടെ നിയമത്തിനുള്ളിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥരുമാണ്. എന്നാൽ ഭരണഘടനയുടെ ഈ അവകാശ വാദത്തെ സമീപകാലത്തെ രാഷ്ട്രീയക്കാർ ചോദ്യം ചെയ്യാനും ആരംഭിച്ചു. മതേതരത്വം കടലാസ്സിൽ മാത്രമല്ലേയുള്ളൂവെന്നും സംശയിക്കുന്നു. വാസ്തവത്തിൽ മതേതരത്വം ഇന്ത്യയിൽ നിലവിലുണ്ടോ?

സ്വാതന്ത്ര്യ സമരകാലത്ത് മതേതരത്വം ഭാരതത്തിലെ നേതാക്കന്മാരുടെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. ഗാന്ധിജിയും, മൗലാനാ അബ്ദുൾക്കലാം ആസാദും, നെഹ്രുവും മറ്റു നേതാക്കളും മതേതരത്വം പ്രസംഗിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും മതേതരത്വത്തെ വ്യത്യസ്ഥ തലങ്ങളിലായിരുന്നു വ്യഖ്യാനിച്ചിരുന്നത്. മതേതരത്വം ഇന്ത്യയുടെ പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി കണ്ടിരുന്നു. മതമൗലിക വാദികൾ തൊടുത്തു വിട്ട ഗാന്ധി വധം, ഇന്ത്യ പാക്കിസ്ഥാൻ വിഭജനം എന്നിവകളാൽ   രാജ്യം വിഭജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ അന്നുണ്ടായിരുന്ന നേതാക്കന്മാർ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യക്ക് ജന്മം നൽകിയ രാഷ്ട്ര ശിൽപ്പികൾ സമൂഹത്തിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും വികാരങ്ങളെ മാനിക്കാൻ ആഗ്രഹിച്ചിരുന്നു. പരസ്‌പരമുള്ള പോരാട്ടത്തിന് പരിഹാരമായി മതേതരത്വം ഒരു പോംവഴിയായും അവർ നിർദ്ദേശിച്ചിരുന്നു.

ജവഹർലാൽ നെഹ്രുവിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ മതേതരത്വം എന്ന ആശയസംഹിത ഇന്ത്യയിൽ നടപ്പാക്കി. ഇന്ത്യയുടെ രാഷ്ട്രീയ നവീകരണത്തിനും ദേശീയ ഐക്യത്തിനും  അത് സഹായകമായിരുന്നു. പടിഞ്ഞാറെ രാജ്യങ്ങളിൽ മതേതരത്വം ഉദിച്ചത് അവിടങ്ങളിലെ ഭരണകൂടവും മതവുമായുള്ള വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്നായിരുന്നുവെങ്കിൽ ഇന്ത്യയിൽ മതേതരത്വം വന്നത് ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യങ്ങളിൽ നിന്നും മതപരമായ പശ്ചാത്തലത്തിൽനിന്നുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി വളരെ സങ്കീർണ്ണങ്ങളായിരുന്നു. വ്യാവസായിക വളർച്ചയും സാവധാനമായിരുന്നു. ഭരണഘടനയിൽ മതേതരത്വം വിഭാവന ചെയ്‌തെങ്കിലും സർക്കാർ തലങ്ങൾ മുഴുവൻ ഉദ്യോഗസ്ഥ മേധാവിത്വത്തിലായിരുന്നു. നീതിന്യായവും, പട്ടാളവും പോലീസും മുഴുവനും വർഗീയ വാദികളെക്കൊണ്ട് നിറഞ്ഞിരുന്നു.

കോൺഗ്രസ് സർക്കാർ മതേതരത്വം പ്രസംഗിക്കുമായിരുന്നുവെങ്കിലും അനേകർ മതേതര വാദികളായിരുന്നെങ്കിലും നേതാക്കന്മാരിൽ പലരും തികഞ്ഞ വർഗീയ വാദികൾ കൂടിയായിരുന്നു. ഭ്രാന്തു പിടിച്ച ഹിന്ദു വർഗീയ ആശയങ്ങൾ ഭരണ തലങ്ങളിലും അവരെ സ്വാധീനിച്ചിരുന്നു. ഒരു വശത്തു മതേതരത്വം പ്രസംഗിച്ചിരുന്നെങ്കിലും മറുവശത്ത് അവരിൽ വർഗീയത ഒളിഞ്ഞു കിടന്നിരുന്നു. സാമൂഹിക മാറ്റങ്ങൾക്കൊപ്പം 1970-1980 കാലങ്ങളിൽ വർഗീയത അങ്ങേയറ്റം ഇന്ത്യ മുഴുവൻ ആഞ്ഞടിക്കുകയും ചെയ്തു. വർഗീയ ശക്തികൾ മതേതരത്വ ചിന്തകളെ തന്നെ ആക്രമിക്കാനും തുടങ്ങി. വർഗീയതയുടെ മൂടുപടമണിഞ്ഞുകൊണ്ടു തീവ്ര ചിന്താഗതിക്കാരായ ഹിന്ദുക്കളും രാജ്യത്ത് ശക്തിപ്രാപിക്കാൻ തുടങ്ങി. മതേതരത്വം കപടതയെന്നു ആക്ഷേപിച്ചുകൊണ്ടു തീവ്രഹിന്ദു വക്താക്കൾ ശക്തമായി ആക്രമിക്കാനും  തുടങ്ങി.   ഭൂരിഭാഗത്തെ തഴഞ്ഞുകൊണ്ടു ന്യുനപക്ഷത്തിന്റെ പ്രീതി സമ്പാദിക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ലക്‌ഷ്യം. ന്യുനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ എടുത്തുകളയണമെന്ന ഡിമാന്റുകളും എതിർ രാഷ്ട്രീയ ചേരികളായ ബി.ജി.പി. മുന്നണി മുന്നോട്ടു വെച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നും  സാമ്പത്തിക പിന്തുണയുള്ള വിശ്വ ഹിന്ദു പരിഷത്ത്, ബി.ജെ.പി യുടെ ചിന്താഗതികളെ പിന്താങ്ങുന്നുണ്ടായിരുന്നു. അവരുടെ സാമ്പത്തിക ബലത്തിന്റെ പിൻബലത്തോടെയാണ് ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടത്. മറ്റു ഹിന്ദു  സംഘടനകളായ ബജറാങ്ങ് ദളും ശിവസേനയും മസ്ജിദ് തകർക്കാൻ സഹകരിച്ചിരുന്നു. ഈ ഗ്രുപ്പുകൾ ഒരു ഹിന്ദുരാഷ്ട്രത്തിനായും മുറവിളി തുടങ്ങിയിരുന്നു.

ഇന്ത്യയുടെ ചരിത്രപരമായ വസ്തുതകളിലും സംസ്‌കാരങ്ങളിലും മുസ്ലിമുകൾ നൽകിയ സംഭാവനകൾ മുഴുവനായി ഹിന്ദുത്വ വാദികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സഹന ശക്തിയില്ലാതിരുന്ന മുസ്ലിം ചക്രവർത്തിമാരുടെ ചരിത്രങ്ങളും ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ തുടങ്ങി. അയോദ്ധ്യയിലെ മുസ്ലിം ദേവാലയം തകർത്തത് നാട് മുഴുവൻ ഒച്ചപ്പാടുകൾക്ക് കാരണമായി. അതിനുശേഷം ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ശത്രുതാ മനോഭാവം ഇരട്ടിയാവുകയും ചെയ്തു.

2002-ലെ ഗുജറാത്ത് കലാപത്തിൽ കുപിതരായ ജനം മുസ്ലിമുകളുടെ വീടുകളും ബിസിനസുകളും തകർത്തു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനത്തെ കൊന്നു. പതിനായിരങ്ങൾ ഭവനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് നാട് വിട്ടു. അയോദ്ധ്യായിൽ നിന്ന് മടങ്ങിവന്ന ഹിന്ദു തീർത്ഥാടകർ സഞ്ചരിച്ച ഒരു ട്രെയിൻ വാഗൻ തീ വെച്ച് കത്തിച്ചതു ഹിന്ദു മുസ്ലിം ലഹളയ്ക്ക് കാരണമായി മാറി.  സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിൽ അന്ന് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു ഭരിച്ചിരുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ മാത്രം എന്തുകൊണ്ട് മതേതരത്വത്തിന് വിള്ളലേറ്റുവെന്നതും ചോദ്യ ചിന്ഹമാണ്. ഒപ്പം ഹിന്ദുരാഷ്ട്ര എന്ന തത്ത്വത്തിനു ദൃഢത ലഭിക്കുകയും ചെയ്തു.

മതേതരത്വം എന്നത് മതത്തിൽ വിശ്വസിക്കുന്ന മൗലിക വാദികളുടെ ഒരു മൂടുപടമാണെന്ന് വർഗീയ ശക്തികൾ പ്രചരിപ്പിക്കുന്നു. മതേതര ചിന്തകളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. മൗലികതയും ഇസ്‌ലാമും തുല്യമായും ചിത്രീകരിക്കും. മതേതരത്വം ഇസ്‌ലാമിനെയും ന്യുന പക്ഷങ്ങളെയും പ്രീതിപ്പെടുത്താനെന്ന് പ്രചരണങ്ങളും നടത്തും. മറ്റൊരു ആരോപണം മതേതരത്വം മുസ്ലിമുകളുടെ വോട്ട് ബാങ്കിനുള്ള ഉപാധിയെന്നാണ്. 'മുസ്ലിമുകൾ പാകിസ്ഥാൻ പ്രേമികളാണ്; പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ക്രിക്കറ്റ് മത്സരം ഉണ്ടാകുമ്പോൾ ഇന്ത്യൻ മുസ്ലിമുകൾ പാക്കിസ്ഥാന് വേണ്ടി ആർത്തു വിളിക്കുന്നു'വെന്നല്ലാം സ്ഥിരമുള്ള പല്ലവികളാണ്. മുസ്ലിമുകളുടെ ചിന്തകൾ മതമൗലികതയ്ക്ക് അടിസ്ഥാനപ്പെട്ടുള്ളതിനാൽ ഇന്ത്യൻ സർക്കാർ മതേതരത്വത്തിന്റെ പേരിൽ മൗലിക ചിന്താഗതിക്കാരുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നുവെന്നും കുറ്റാരോപണങ്ങൾ നടത്താറുണ്ട്.

ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണെങ്കിലും അവർക്ക് വത്തിക്കാനോടാണ് കൂടുതൽ പ്രേമമെന്നും കുറ്റാരോപണമുണ്ട്. ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്ത് പാവപ്പെട്ട ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നുവെന്നാണ് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആരോപണം. മതത്തിന്റെ പേരിൽ ഗ്രഹാം സ്റ്റെയിനിനെയും രണ്ടു കുഞ്ഞുങ്ങളെയും ബജറാങ്ങ് ദൾ ചുട്ടു കരിച്ച കഥകൾ ജനമനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ബൈബിൾ ഉച്ഛരിക്കുന്നുവെന്നു പറഞ്ഞു കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും വർത്തമാന വാർത്തകളാണ്.

മൗലിക ചിന്തകൾ എന്നുള്ളത് ഫ്യൂഡൽ വ്യവസ്ഥിതികളുടെ തുടർച്ചയാണ്. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കാനും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ നിയന്ത്രണം നേടാനുമുളള ഒരു ബ്രാഹ്‌മണ വ്യവസ്ഥിതിയാണ്‌ അത്. ദളിതരുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. അവരുടെ പേരിൽ ബലം പ്രയോഗിച്ചു മേധാവിത്വം സൃഷ്ടിക്കാനും ഒരുമ്പെടുകയും ചെയ്യും. ആഗോളവൽക്കരണം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതുമൂലം ബ്രാഹ്മണ മേധാവിത്വ സംസ്ക്കാരം നശിച്ചു പോവുമെന്ന ചിന്തകളും ഹിന്ദുത്വ ശക്തികളെ അലട്ടുന്നുണ്ട്. ഹിന്ദു എന്നാൽ ഇന്ത്യനാണ്, ഹിന്ദുവല്ലാത്തതൊന്നും ഇന്ത്യനല്ലെന്നുള്ള പ്രചരണങ്ങളും സാധാരണമാണ്.

ഇന്ന് പട്ടണവാസികളുമായി ഗ്രാമീണ ജനത സഹവർത്തിത്വം ആരംഭിച്ചതിൽ പിന്നീട് ഗ്രാമ പ്രദേശങ്ങളും അസമാധാനത്തിലാണ്. പൂർവിക തലമുറകളിൽക്കൂടി കൈവശമുണ്ടായിരുന്ന ഭൂമി മക്കൾ മക്കൾക്കായി വീതിച്ചു പോയതുകൊണ്ട് കൃഷി ചെയ്തു ജീവിക്കുന്നവരുടെ ഇടയിലും ഉപജീവനത്തിന് മാർഗം ഇല്ലാതാവുകയും തൊഴിലില്ലായ്‌മ വർദ്ധിക്കുകയും ചെയ്തു. അവർ ജോലിക്കായി പട്ടണങ്ങളിൽ പോവുകയും അവർക്ക് മുമ്പില്ലാതിരുന്ന പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യുന്നു. സാമ്പത്തികമായി മെച്ചമായവർ വർഗീയ ശക്തികളായ വി.എച്.പി പോലുള്ള രാഷ്ട്രീയ പാർട്ടികളെ ഗ്രാമപ്രദേശങ്ങളിൽ വളർത്തുകയും ചെയ്യുന്നു. 2002-ലെ ഗുജറാത്ത് കലാപശേഷം ഗ്രാമ പ്രദേശങ്ങളിലും ലഹളകൾ പൊട്ടിപ്പുറപ്പെടുന്നതും സാധാരണമാണ്. ചരിത്രം മാറ്റിയെഴുതലും സ്‌കൂളിലെ പാഠപുസ്തകമാറ്റങ്ങളും, ഹിന്ദുരാഷ്ട്രത്തിനായുള്ള ഒരുക്കങ്ങളാണ്. ബലം പ്രയോഗിച്ചുള്ള ഒരു ദേശീയതയും അവരുടെയിടയിൽ വളർത്താൻ ശ്രമിക്കുന്നു. ന്യൂക്ലിയർ ബോംബ്‌ സമാഹരിക്കൽ രാഷ്ട്രത്തിന്റെ ശക്തിയെന്നും അവർ ചിന്തിക്കുന്നു. മതേതരത്വം ഒരിക്കൽ ആരും ചോദ്യം ചെയ്യുകയില്ലെന്നു വിചാരിച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ അടിത്തറ തന്നെ ഇളകുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. ഇന്ത്യയിലെ  മുസ്ലിമുകളും ക്രിസ്ത്യാനികളും വർഗീയ ശക്തികളുടെ അപകട ചിന്താഗതികളിൽ കുടിയാണ് കടന്നു പോവുന്നത്.

ഭരണഘടന കൽപ്പിക്കുന്ന നിയമങ്ങൾക്കെതിരായി പാശ്ചാത്യ ജനങ്ങളോ അമേരിക്കൻ ജനതയോ പ്രവർത്തിക്കാറില്ല. പൊതുസ്ഥലങ്ങളിൽ കുരിശുരൂപങ്ങളോ ദേവന്മാരെയോ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല. കാരണം, മതേതരത്വത്തിൽ എല്ലാ മതങ്ങൾക്കും തുല്യമായ പരിഗണനകൾ നൽകണമെന്ന സ്ഥിതിക്ക് നികുതിദായകരുടെ പണം കൊണ്ട് പ്രത്യേകമായ അവകാശങ്ങൾ നൽകാറില്ല. എങ്കിലും ഇന്ത്യയിലെ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. പൊതു സ്ഥലങ്ങളിൽ സർക്കാർ പ്രദേശങ്ങൾ കൈവശപ്പെടുത്തിക്കൊണ്ടുള്ള കുരിശുകൾ, വഴി നീളെ കാണാം. വനങ്ങൾ കൈവശപ്പെടുത്തിക്കൊണ്ടുള്ള അനധികൃതമായ കുരിശു കൃഷിയും പ്രധാന വാർത്തകളായി മാറിക്കഴിഞ്ഞു. ദൈവങ്ങളുടെ ബിംബങ്ങളും ചിത്രങ്ങളും സർക്കാർ ഓഫിസിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും കാണാം. ഇന്ത്യയിലെ പോലീസ് സ്റ്റേഷനുകളിൽ ഹിന്ദുക്കൾക്ക് മാത്രമായ പൂജാ മുറികളുണ്ട്. അവിടെ പോലീസുകാരുടെ തോക്കും ലാത്തിയും തൊപ്പിയും പൂജയ്ക്ക് വെക്കുക പതിവാണ്. നാസ്തികരായ ശാസ്ത്രജ്ഞന്മാർ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനു മുമ്പ് ഹൈന്ദവാചാര പ്രകാരം പൂജ ചെയ്തേ മതിയാവൂ. പുതിയതായി ഒരു ട്രെയിൻ യാത്ര തുടങ്ങുന്നതിനു മുമ്പും പൂജാ കർമ്മങ്ങൾ ചെയ്യേണ്ടതായുണ്ട്. ഭൂമി ദേവിയെ ധ്യാനിച്ചുകൊണ്ട് ട്രെയിൻ ഉത്‌ഘാടനത്തിന്റെ ആചാരവും കാണാം.

കുറേക്കാലം മുമ്പ് ഇന്ത്യയുടെ സംസ്ക്കാരത്തെ ആര്യ ദ്രാവിഡ സംസ്ക്കാരമെന്നു പറഞ്ഞിരുന്നു. പിന്നീട് അത് ലോപിച്ച് ആര്യ സംസ്ക്കാരമെന്നായി. സൂര്യ നമസ്ക്കാരം ചെയ്യാത്തവരും, ഗോമാംസം കഴിക്കുന്നവരും ഇന്ത്യ രാജ്യം വിടാൻ ചില വിഡ്ഢികളായ എം.പി. മാർ പാർലമെന്റിൽ വിളിച്ചു പറഞ്ഞതും മതേതരത്വത്തിന് ലജ്‌ജാവഹമാണ്. സൂര്യനെയും ചന്ദ്രനെയും നോക്കി ആരാധിക്കരുതെന്ന് സെമിറ്റിക്ക് മതങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉണ്ട്. അങ്ങനെയുള്ള ഒരു ജനതയുടെ ഇടയിലാണ് ഹിന്ദു മൗലികതയുടെ സംസ്‌കാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കൂടാതെ സൂര്യ നമസ്ക്കാരം നിർബന്ധമാക്കിക്കൊണ്ടുള്ള ഒരു സിലബസ് കേന്ദ്രീകൃത വിദ്യാലയങ്ങളിൽ  മതേതരത്വത്തിന് വിരുദ്ധമായി തയ്യാറാക്കിയിട്ടുണ്ട്.

പശു ഹിന്ദുക്കളുടെ ദൈവമാണ്. പാല് തരാത്ത, ശോഷിച്ച പശുക്കളെയും കൊല്ലാൻ പാടില്ല. മറ്റു മൃഗങ്ങൾക്ക് നിയന്ത്രണവുമില്ല. നികുതിദായകരുടെ പണം കൊണ്ട് ഈ ദൈവങ്ങൾക്ക് താമസിക്കാൻ സർക്കാർ വൻതോതിൽ രാജ്യം മുഴുവൻ ലയങ്ങളും ഉണ്ടാക്കുന്നു. ചാകാറായ ഈ ദൈവങ്ങൾ രാഷ്ട്രത്തിനു തന്നെ ഒരു ബാദ്ധ്യതയാണ്. മുസ്ലിമുകളും ക്രിസ്ത്യാനികളും വിശ്വസിക്കാത്ത ഈ ആചാരങ്ങളുടെ മറവിൽ ഹൈന്ദവ തീവ്രവാദികൾ കൊള്ളയടിക്കുന്നുവെന്നുള്ളതാണ് വാസ്തവം. മതേതരത്വം എന്ന് പറഞ്ഞാൽ സർക്കാരിന് ലഭിക്കുന്ന നികുതിപ്പണം ഒരു പ്രത്യേക മത താല്പര്യത്തിനുവേണ്ടി ചെലവഴിക്കാനുള്ളതല്ല. ഇത്തരുണത്തിൽ ഹജ്ജ് തീർത്ഥാടനത്തിനും  ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിലുള്ള സന്ദർശനത്തിനും സർക്കാർ നൽകുന്ന സബ്‌സിഡികളും വിവാദങ്ങളിലുണ്ട്.

ഇന്ത്യയിലെ പശുവിറച്ചി നിരോധനം സംബന്ധിച്ച് ഹിന്ദു മൗലിക ശക്തികളിൽ മാത്രം പഴി ചാരേണ്ട ആവശ്യമില്ല. മതവും ഭക്ഷണവും വ്യക്തിപരമായ ഓരോരുത്തരുടെയും താല്പര്യമാണെങ്കിലും ഈ നിരോധനങ്ങളിൽ കൂടുതലും കോൺഗ്രസ്സ് ഭരണകാലങ്ങളിലാണ് നിർവഹിച്ചത്. കാശ്മീരിലും കർണ്ണാടകയിലും മഹാരാഷ്ട്രയിലും കോൺഗ്രസ്സ് ഭരിച്ചിരുന്ന കാലത്താണ് ഗോവധ നിരോധനം നടപ്പാക്കിയത്. കേന്ദ്ര മന്ത്രിയായ വെങ്കിട്ട നായിഡുവിന്റെ അഭിപ്രായത്തിൽ 'ഒരുവൻ എന്ത് തിന്നണമെന്നുള്ളത്, അവരുടെ വ്യക്തിപരമായ തീരുമാന'മെന്നായിരുന്നു. അദ്ദേഹം പറഞ്ഞു, "പാർട്ടിക്ക് അങ്ങനെയൊരു തീരുമാനമില്ല. അത് കേന്ദ്ര സർക്കാരിന്റെ നയവുമല്ല. കേന്ദ്ര സർക്കാർ ഗോമാംസം നിരോധിക്കണമെന്ന് ഒരിക്കലും നിർദ്ദേശം കൊടുത്തിട്ടില്ല. ആരോഗ്യ പരിപാലനത്തിനായി യോഗയും സൂര്യ നമസ്ക്കാരവും പ്രോത്സാഹിപ്പിക്കുന്നത് പാശ്ചാത്യ നടപ്പു രീതികൾ കൊണ്ടാണ്."

ഹിന്ദുത്വ ചിന്താഗതികളുമായി പ്രചരണം നടത്തുന്നവർക്ക് ഹൈന്ദവത്വത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ അറിയില്ലെന്നുള്ളതാണ് വാസ്തവം. വൈദിക ചിന്തകളിൽ വിശ്വസിക്കുന്ന ഒരു ഹിന്ദുവിന് മറ്റു മതസ്ഥരോട് ശത്രുതയുണ്ടാവാൻ കഴിയില്ല. ഭാരതത്തിലെ മതങ്ങളെപ്പറ്റിയും മതങ്ങളുടെ പാരമ്പര്യങ്ങളെപ്പറ്റിയും തികച്ചും അറിവില്ലാത്തവരാണ് വൈദേശിക മതങ്ങളെന്ന് പറഞ്ഞു മറ്റു മതങ്ങളെ ഇടിച്ചു താക്കാൻ ശ്രമിക്കുന്നത്. ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കണമെന്നുള്ള കപട ഹിന്ദുത്വ വാദികൾക്കുള്ള മറുപടിയാണ് നമ്മുടെ പൈതൃകമായ സംസ്ക്കാരം. ആ സംസ്ക്കാരത്തിൽ വൈദേശിക മതങ്ങളെന്നു വിശ്വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെപ്പോലെ തന്നെ തുല്യ പങ്കാളികളുമാണ്. ഭാരതത്തിൽ ഹിന്ദുക്കൾ എന്ന പേരിൽ ഒരു മത വിഭാഗം ഉണ്ടായിരുന്നില്ല. സനാതന ധർമ്മം എന്ന പദം ഒരു പുരാണത്തിലും വേദങ്ങളിലും കാണാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ ഭാരതത്തിന്റെ നേട്ടങ്ങൾ എങ്ങനെ സവർക്കർ സ്ഥാപിച്ച പുതിയ മതമായ ഹിന്ദുത്വയ്ക്കുമാത്രം അവകാശപ്പെടാൻ സാധിക്കും.

ഹിന്ദുമതമെന്നത് ഒരു വിശ്വാസമാണ്. ഇന്ത്യയുടെ മതേതരത്വത്തിനും പുരോഗമനത്തിനും ഹിന്ദുമതം എതിരുമല്ല. മനഃസാക്ഷിയനുസരിച്ച് ഓരോരുത്തർക്കും അവരുടെ മതം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. മറ്റുള്ള മതങ്ങളുടെ മേൽ സഹനശക്തിയെന്നതും ഹിന്ദുമത തത്ത്വമാണ്. ഹിന്ദു മതത്തിന്റെ ഈ ശക്തിയെ ചിലർ അതിന്റെ ബലഹീനതയായി കാണുന്നു. അതേ സമയം മതേതരത്വം എന്നത് ഓരോരുത്തരുടെയും മനസിന്റെ പ്രതിഫലനവുമാണ്. ഇന്ത്യയെന്നത് ഒരു പാരമ്പര്യമേറിയ സമൂഹമായി അറിയപ്പെടുന്നു. ഒന്നല്ല അനേക പാരമ്പര്യങ്ങൾ കൊണ്ട് സമ്മിശ്രമായ സംസ്‌കാരമാണ് ഇന്ത്യയ്ക്കുള്ളത്. അനേകം മതങ്ങളും ഭാരതത്തിൽ തഴച്ചു വളർന്നു. എന്നിട്ടും മതേതരത്വമെന്ന ആ സ്വഭാവഘടനയ്ക്ക് മാറ്റം വന്നില്ല. നാം എല്ലാം ചരിത്രം പങ്കു വെക്കുന്നു. സൂഫികളും അവരുടെ ഭക്ത ഗണങ്ങളും പരസ്പ്പരം സംസ്‌കാരങ്ങൾ ഇവിടെ കാഴ്ച വെച്ചു. പാരമ്പര്യമായി നമുക്കു കിട്ടിയ സാംസ്ക്കാരികത ഇല്ലാതാക്കണോ? അതോ അഭിനവ രാഷ്ട്രീയക്കാരുടെ സ്വാർത്ഥതയ്ക്ക് മുമ്പിൽ മുട്ട് കുത്തണോ? ഇന്ത്യയുടെ പുരോഗതിക്കും ക്ഷേമത്തിനായും ഒന്നിച്ചു പ്രവർത്തിക്കാം. അവിടെ മതങ്ങളെ മാറ്റി നിർത്തേണ്ടതായുമുണ്ട്.

Read more

ഭൂമിയിടപാടിൽ സീറോ മലബാർ സഭ പ്രതിരോധത്തിൽ

സോഷ്യൽ മീഡിയാകളിലും ചർച്ചാ മാദ്ധ്യമങ്ങളിലും ഭൂമി വിൽപ്പനയുടെ ക്രമക്കേടുകളെ സംബന്ധിച്ച് സഭയ്ക്കും കർദ്ദിനാൾ ആലഞ്ചേരിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ പൊന്തി വന്നിരിക്കുന്നു. ഏതാനും പുരോഹിതരും അല്മായ പ്രമുഖരും ഉന്നയിച്ച ചൂടുപിടിച്ച ആരോപണങ്ങളിൽ കർദ്ദിനാൾ ആലഞ്ചേരി നിഷ്കളങ്കനോ കള്ളത്തരത്തിൽ കൂട്ടുനിന്നയാളോ എന്നൊക്കെ വിധിയെഴുതാൻ ഞാൻ ആളല്ല. ന്യായങ്ങൾ പൊലിപ്പിച്ചും ബോധിപ്പിച്ചും ശക്തിയേറിയ വാദപ്രതിവാദങ്ങൾ ഇരുഭാഗത്തും മുന്നേറുന്നതാണ് കാരണം. ഇതിൽ നെല്ലും പതിരും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ സത്യാവസ്ഥ മുഴുവൻ പുറത്താകുന്നതിനു മുമ്പ് സഭയിലെ ചില പ്രമുഖരും പുരോഹിതരും അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് സീറോ മലബാർ സഭയുടെ അന്തസ്സിനും അഭിമാനത്തിനും  തന്നെ ക്ഷതം ഏറ്റിരിക്കുകയാണ്.

തെറ്റുകൾ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയിൽ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു അഴിമതിയോട് ബന്ധപ്പെടുത്തി ആർക്കും സംസാരിക്കാൻ സാധിക്കില്ല. സഭയുടെ അടുത്തകാലത്തെ ഭൂമി വിൽപ്പനയിലുള്ള സാമ്പത്തിക ക്രമക്കേടുകളിൽ അദ്ദേഹം കൂട്ടുനിൽക്കുമെന്ന് തോന്നുന്നില്ല. മഹത്തായ  ഒരു വ്യക്തിമഹാത്മ്യം അദ്ദേഹത്തിനുണ്ട്. ലളിത ജീവിതം നയിക്കുന്ന ഒരു ഋഷിവര്യന് സമാനമാണ് അദ്ദേഹം. ആദ്യകാലങ്ങളിൽ വിദേശ യാത്രകളിൽ ഭ്രമമുള്ളവനായിരുന്നെങ്കിലും ഒരിക്കലും ആഡംബരപ്രിയനായിരുന്നില്ല. കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ചു നടക്കുന്ന ഈ വന്ദ്യ പുരോഹിതൻ എന്നും ഭാരതീയനായി ജീവിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്.

എന്നാൽ ചിന്തിക്കാതെയുള്ള സംഭവങ്ങളിൽ എടുത്തുചാടിയതുമൂലം ബലഹീനമായ സമയങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കൊല്ലത്തിനടുത്ത് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചിട്ടപ്പോൾ അദ്ദേഹം ഇറ്റാലിയൻ നാവികരോടൊപ്പമായിരുന്നുവെന്നു ആരോപണങ്ങളുണ്ടായിരുന്നു. നാക്കിനു വന്ന ചില താളപ്പിഴകൾ കാരണം അദ്ദേഹത്തെ അന്ന് പ്രതിയോഗികൾ രാജ്യ ദ്രോഹിയായി മുദ്ര കുത്തുകയും ചെയ്തു. രാജ്യത്തിനുവേണ്ടി സംസാരിക്കാതെ ഇറ്റാലിയൻ നാവികർക്കുവേണ്ടി സംസാരിച്ചുവെന്നായിരുന്നു ആരോപണം. എങ്കിലും കാലം അദ്ദേഹത്തെ നിഷ്കളങ്കനായി തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ ചില അഭിപ്രായങ്ങൾ ഇറ്റാലിയൻ റിപ്പോർട്ടർമാർ വളച്ചൊടിച്ചു റിപ്പോർട്ട് ചെയ്തതിന്റെ പ്രത്യാഘാതങ്ങളായിരുന്നു അത്. പിന്നീടുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെയിടയിൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ വിരാജിക്കുന്ന നാളുകളിലാണ് അദ്ദേഹത്തെപ്പറ്റി ഭൂമിയിടപാടുകൾ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ വന്നിരിക്കുന്നത്. ഈ ആരോപണങ്ങളെ നിസാരമായി തള്ളാനും സാധിക്കില്ല.
'
വിവാദപരമായ സഭയുടെ ഭൂമിയിടപാടിൽ ബിഷപ്പ്  'മാർ എടയന്ത്രത്ത് 'പുരോഹിതർക്കായി ഒരു സർക്കുലർ ലെറ്റർ അയച്ചിരുന്നു. വിശ്വാസികൾ  കത്തിലെ വിവരങ്ങൾ അറിയരുതെന്നു സർക്കുലറിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ബിഷപ്പിന്റെ കത്തിലെ വിവരങ്ങൾ പിന്നീട് പുരോഹിതർ വഴി ചോർന്നു പോവുകയാണുണ്ടായത്.  പൂർവികരിൽ നിന്നും പിടിയരി വാങ്ങി മേടിച്ച സഭാ സ്വത്തുക്കളുടെ ഇടപാടുകളുടെ കാര്യം വിശ്വാസ സമൂഹം അറിയരുതെന്നുള്ള ബിഷപ്പ് എടയന്ത്രയുടെ തീരുമാനം തികച്ചും ഗൂഢതന്ത്രങ്ങൾ എന്നു മനസിലാക്കണം. കത്തിന്റെ ഉള്ളടക്കം പുരോഹിതരിൽനിന്നും മാദ്ധ്യമങ്ങളുടെ വാർത്തകളാവുകയും ചെയ്തു. പുരോഹിതർക്കയച്ച കത്തിൽ നിന്നും ഭൂമിയിടപാടിൽ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

മാർ എടയന്ത്രതയുടെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചുരുക്കമായി വിവരിക്കുന്നു. "ഒരു മെഡിക്കൽ കോളേജ് തുടങ്ങാനായി എറണാകുളം ലിറ്റിൽ ഫ്ലവർ ഹോസ്‌പ്പിറ്റലിനടുത്ത് മറ്റൂർ എന്ന സ്ഥലത്തു 2015 മെയ് ഇരുപത്തിയൊമ്പതാം തിയതി സഭാ വക 23.22 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ഈ വസ്തു വാങ്ങുന്നതിനായി അറുപതു കോടി രൂപ ബാങ്കിൽ നിന്ന് കടം എടുക്കേണ്ടി വന്നു. ഈ കടം വരാന്തരപ്പള്ളിയിലുള്ള സഭയുടെ ചെറുകിട അഞ്ചു പുരയിടങ്ങൾ വിറ്റു വീട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ സ്ഥലം വിൽക്കാൻ സഭയ്ക്ക് സാധിച്ചില്ല. രൂപതയുടെ ചെലവുകൾ കഴിഞ്ഞു വാർഷിക വരുമാനത്തിൽ അധികമായ മിച്ചം വെക്കാൻ സാധിച്ചിരുന്നില്ല. ആറുകോടി രൂപയോളം ബാങ്ക് പലിശ കൊടുക്കാൻ സഭയ്ക്ക് കഴിയാതെയും വന്നു. അക്കാര്യം അതിരൂപത ഫൈനാൻസു കമ്മീഷന് ബോദ്ധ്യപ്പെടുകയും ചെയ്തതാണ്. അതിരൂപത അതിർത്തിയിൽ തന്നെ 23.2 ഏക്കർ സ്ഥലം മേടിച്ചതിനാൽ രൂപതയുടെ മറ്റു സ്ഥലങ്ങൾ വിറ്റു കടം വീട്ടിയാലോയെന്നും ആലോചനയുണ്ടായി. അപ്രകാരം വിൽക്കുന്നതിനായി തൃക്കാക്കരയും കാക്കനാട്ടുമുളള അഞ്ചു പ്ലോട്ടുകളായി 3.69 ഏക്കർ സ്ഥലം വിൽക്കുവാൻ തീരുമാനിക്കുകയും ചെയ്തു."

പാലായിലുള്ള ഒരു റീയൽ എസ്റ്റേറ്റ് ബ്രോക്കറുമായിട്ടാണ് ഇടപാടുകൾ മുഴുവൻ നടത്തിയത്. കർദ്ദിനാൾ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരം സാജു വർഗീസ് എന്ന ബ്രോക്കർ വഴി ഭൂമി കച്ചവടം ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപ്പനയുടെ തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയെങ്കിലും അത്രയും തുക വാങ്ങിയവരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. കൈവിട്ടുപോയ ഭൂമി പത്രങ്ങളിൽ പരസ്യം കൊടുത്ത് വിറ്റിരുന്നെങ്കിൽ എൺപതുകോടി രൂപ മതിപ്പുവില കിട്ടുന്ന സ്ഥലമായിരുന്നു അത്. എന്നാൽ ഈ ഭൂമി വിറ്റത് ഒരു സെന്റിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപായ്ക്കാണ്. ആ വിലയ്ക്കു വിൽപ്പന നടന്നിരുന്നെങ്കിലും 27 കോടി രൂപ സഭയ്ക്ക് ലഭിക്കേണ്ടതായിരുന്നു. പ്രമാണങ്ങൾ പരിശോധിച്ചതിൽ സഭയ്ക്ക് ലഭിച്ചിരിക്കുന്നത് 9.13 കോടി രൂപ മാത്രം. 'ജോഷി പുതുവാ' എന്ന പുരോഹിതനാണ് കർദ്ദിനാളുമായി സാജുവിനെ പരിചയപ്പെടുത്തിയതെന്നും ഫാദർ വട്ടോളി എന്ന പുരോഹിതൻ പറയുന്നു.

ഒരു മെഡിക്കൽ കോളേജ് നിർമ്മതിക്കായി മുന്നൂറു കോടി രൂപാ ആവശ്യമുണ്ടായിരുന്നു. പിന്നീട് വിദ്യാർത്ഥികളിൽ നിന്ന് വലിയ ഫീസ് വാങ്ങി ഈ തുക ഈടാക്കാമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇങ്ങനെ വ്യവസായ രീതിയിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതു സഭയുടെ മൂല്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും വട്ടോളി കരുതുന്നു. കർദ്ദിനാൾ വർക്കി വിതയത്തിന്റെ കാലത്തു തന്നെ  മെഡിക്കൽ കോളേജ് തുടങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നുള്ള നേതൃത്വം വർക്കി വിതയത്തിലിന്റെ തീരുമാനത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു.

"വസ്തു വിൽപ്പനയിൽ അസന്തുഷ്ടിതരായ പുരോഹിതർ ആദ്യം ആ വസ്തുവിന്റെ വിവരം ചോദിച്ചപ്പോൾ അങ്ങനെ ഒരു വസ്തു സഭയ്ക്കില്ലന്നായിരുന്നു ഉത്തരം. പുരോഹിതർ അതിന്റെ ഡോകുമെന്റ് ഹാജരാക്കുകയും ചെയ്തു. വ്യക്തമല്ലാത്ത വസ്തു വില്പനയെപ്പറ്റി ആരാഞ്ഞപ്പോൾ അത് വളരെ പണ്ടുകാലം മുതലുള്ള വസ്തുവായിരുന്നുവെന്നും പല വ്യക്തികളുടെ പേരിലായിരുന്നെന്നും അതിന്റെ നഷ്ടം പള്ളിയുടെ അംഗങ്ങളായ ഓരോ വ്യക്തികളാണ് വഹിക്കുന്നതെന്നും കർദ്ദിനാളിന്റെ മനസുസൂക്ഷിപ്പുകാരനായ ഒരു പുരോഹിതനിൽനിന്നും ഉത്തരം കിട്ടി. ഇങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ചോദ്യം ചെയ്യുന്നവരിൽ നിന്നു വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ടവർ അകന്നും നിന്നിരുന്നു.

ഒരു സെന്റിന് ഒമ്പത് ലക്ഷം മതിപ്പുവിലയുണ്ടായിരുന്ന സ്ഥലമായിരുന്നു അത്. രൂപതയുടെ അതിർത്തിയിലുള്ള ഈ സ്ഥലം മൂന്നാമതൊരു പാർട്ടിക്ക് അനുവാദം കൂടാതെ വിൽക്കാൻ പാടില്ലാന്നും പൊതുവായ ഒരു ധാരണയുണ്ട്. കാനോൻ നിയമം അനുശാസിക്കുന്നതും അങ്ങനെ തന്നെയാണ്. എന്നാൽ ഈ നിബന്ധനകൾ ലംഘിച്ച്‌ കർദ്ദിനാളിന്റെ അറിവോടെ സഭയുടെ വസ്തുക്കൾ 36 പ്ലോട്ടുകളായി വിൽക്കുകയാണുണ്ടായത്. വിൽപ്പനയുടെ പേരിൽ 27.3 കോടി രൂപ അതിരൂപതയ്ക്ക് ലഭിക്കുമെന്നും പണം ബാങ്കിലിട്ടു ബാക്കി 32 കോടി രൂപായെ കടം വരുകയുള്ളൂവെന്നും ഡോകുമെന്റ് അനുസരിച്ച് കരുതിയിരുന്നു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലെക്സിന്റെ പണി പൂർത്തിയായാൽ വാടക വഴി കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകാമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കു  ശേഷം ഒരു മാസത്തിനുള്ളിൽ  വാങ്ങുന്നവർ വിൽപ്പന വില തരണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും സഭയ്ക്ക് 9.13 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 18.17 കോടി രൂപാ വസ്തു വാങ്ങിയവരിൽ നിന്നും നാളിതു വരെ ലഭിച്ചിട്ടില്ല.

അതിരൂപതയിലെ സാമ്പത്തിക സമിതികൾ അറിയാതെയാണ് വസ്തുക്കൾ വിറ്റതും അഡ്വാൻസ് മേടിച്ചതും. അതിരൂപതയ്ക്ക് കിട്ടാനുള്ള കടം കൂടാതെ വീണ്ടും സാമ്പത്തിക സമിതികളുടെ അനുവാദം കൂടാതെ പത്തു കോടി രൂപ കൂടി ബാങ്കിൽ നിന്നും വായ്‌പ്പ എടുത്തു. 16.5 കോടി രൂപായ്ക്ക് കോതമംഗലം അടുത്തു കോട്ടപ്പടിയിൽ 7-4-2017-ൽ 25 ഏക്കറും 2-22-2017-ൽ പതിനേഴക്കർ സ്ഥലം ദേവികുളത്തും അതിരൂപതയുടെ പേരിൽ വാങ്ങിച്ച് രജിസ്റ്റർ ചെയ്തു. അതിരൂപതയിലെ മറ്റു പുരോഹിതരുടെ അറിവോ സമ്മതമോ കൂടാതെയാണ് ദേവികുളത്തും കോതമംഗലത്തും ആർക്കും വേണ്ടാതിരുന്ന സ്ഥലങ്ങൾ മേടിച്ചത്.

മറ്റൂരുള്ള സ്ഥലത്തിന്റെ കടം വിടുന്നവരെ മറ്റു സ്ഥലങ്ങൾ സഭാവക മേടിക്കരുതെന്നു സാമ്പത്തിക സമിതികളിൽനിന്നും കർശനമായ നിർദ്ദേശങ്ങളുണ്ടായിരുന്നു. മറ്റൂരിലെ കടം ബാധ്യത അറുപതുകോടിയായിരുന്നെങ്കിൽ പുതിയ സ്ഥലങ്ങൾ മേടിച്ചതു കാരണം ബാധ്യത 84 കോടിയായി വർദ്ധിച്ചിരുന്നു. അതി രൂപതയ്ക്ക് സാമ്പത്തിക പ്രതിസന്ധികൾ കൂടാതെ വസ്തു ക്രയ വിക്രയങ്ങൾ മൂലം ധാർമ്മികതയെ നശിപ്പിച്ചുവെന്നു ഫാദർ വട്ടോളി പറഞ്ഞു. കാനോനിക നിയമങ്ങൾ പാലിച്ചുമില്ല. വ്യക്തമായ ഒരു നയമില്ലാതെ കർദ്ദിനാളിനെ കരുവാക്കിക്കൊണ്ടു ഭരണം മുഴുവൻ ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. വസ്തു വിൽപ്പന പ്രകാരം ബാക്കി പണം കിട്ടിയാലും ധാർമ്മിക പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നു.

സീറോ മലബാർ സഭയിൽ ഭൂമി വില്പനയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സഭയുടെ ഉന്നത അധികാര കമ്മറ്റിയുമായുള്ള തർക്കങ്ങൾ തുടർന്നുകൊണ്ട് പോവുന്നു. ഏതാനും പുരോഹിതരുടെ നേതൃത്വം സഭയുടെ വസ്തു വിൽപ്പന സംബന്ധിച്ചുള്ള സുതാര്യതയിൽ ചോദ്യം ചെയ്യുകയും അവർ വില്പ്പനയിലുണ്ടായ ക്രമക്കേടുകളെപ്പറ്റി മാർപ്പാപ്പയെ ബോധ്യപ്പെടുത്തുമെന്നും അറിയിക്കുകയും ചെയ്തു. പരാതി ഉന്നയിച്ച പുരോഹിത നേതൃത്വത്തിൽ ചിലർ കോടതികളിൽ പോവുമെന്നും ഭീക്ഷണി മുഴക്കിക്കഴിഞ്ഞു. ഒരു ബിഷപ്പിനെതിരെ കോടതിയിൽ പോവാൻ സാധിക്കുമോയെന്നു കാനോൻ നിയമങ്ങൾ പരിശോധിക്കുമെന്നും വസ്തു ക്രയവിക്രയത്തിൽ എതിർക്കുന്ന പുരോഹിതർ പറയുന്നു.അതി രൂപതയിലെ ഭൂരിഭാഗം പുരോഹിതർ അംഗങ്ങളായ ഒരു സംഘടനയാണ് ഈ കുറ്റാരോപണങ്ങൾ നടത്തിയത്. നടപ്പു വിലയേക്കാൾ വളരെ കുറച്ചു സഭാ വക ഭൂമി വിറ്റതിനാൽ സഭയ്ക്ക് ഭീമമായ ഒരു നഷ്ടമാണ് ഉണ്ടായതെന്നും അവർ ആരോപിച്ചു. വാസ്തവത്തിൽ വസ്തു വിൽപ്പനകൊണ്ട് കടബാധ്യത സഭയ്ക്ക് കൂടുകയാണുണ്ടായത്.

വിശ്വാസികളെ  പിഴിഞ്ഞെടുത്ത പണംകൊണ്ട് ളോഹയിട്ട കള്ളന്മാർ സഭയുടെ സമ്പത്ത് ചൂതുകളിക്കുന്നുവെന്ന ആരോപണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ മുഴുവൻ നിറഞ്ഞിരിക്കുകയാണ്. ദുബായ് കേന്ദ്രീകരിച്ച മലയാളി നേതൃത്വം നൽകുന്ന കള്ളപ്പണ വ്യവസായത്തിൽ കേരളത്തിലെ പുരോഹിതർക്ക് തീവ്രമായ ബന്ധങ്ങളുണ്ടെന്നും ആരോപണങ്ങൾ പൊന്തിവന്നിരിക്കുന്നു. ഒരു കേസ് ഉണ്ടാവുമ്പോൾ അതിനു മീതെ സത്യവും അസത്യവുമായ ആരോപണങ്ങൾ ഉണ്ടാവുകയെന്നുള്ളതും സാധാരണമാണ്. ഒരു വശത്ത് ഒരു കൂട്ടം പുരോഹിതർ കർദ്ദിനാൾ ആലഞ്ചേരിയെ തേജോവധം ചെയ്യാനുള്ള പടയൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറുഭാഗത്ത് ആലഞ്ചേരിയെ വെറും ബലിയാട് മാത്രം ആക്കുകയായിരുന്നുവെന്ന വാദങ്ങളും ശക്തമാണ്. സത്യം ആലഞ്ചേരിക്ക് അറിയാമെന്നു ഭൂരിഭാഗം വിശ്വസിക്കുന്നു. മുപ്പത്തിയാറു ആധാരപത്രങ്ങളിലെ അദ്ദേഹത്തിൻറെ ഒപ്പുകൾ സാമൂഹിക മീഡിയാകളിൽ കൂടി പ്രചരിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹം കൈവരിച്ചിരുന്ന വ്യക്തി മാഹാത്മ്യങ്ങൾക്ക് ഒരു വെല്ലുവിളിയാണ്.

അടുത്തയിടെയുള്ള സാമൂഹിക വാർത്തകൾ വായിക്കുമ്പോൾ ഭൂമി വിവാദക്കേസിൽ കർദ്ദിനാൾ ആലഞ്ചേരിയുടെ ബലഹീന വശങ്ങളും കാണുന്നുണ്ട്. അദ്ദേഹം വിശ്വസ്തരായി കൊണ്ടുനടന്ന സ്വന്തം പുരോഹിതരുടെ കെണിയിൽപ്പെട്ടു കെട്ടഴിക്കാൻ തത്രപ്പെടുന്ന ദയനീയ വാർത്തകളും കേൾക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പുരോഹിതരെയും കന്യാസ്ത്രികളെയും സംഭാവന ചെയ്യുന്ന സീറോ മലബാർ സഭയുടെ അഭിവന്ദ്യ നേതാവാണ് അദ്ദേഹം. ലോകത്തിന്റെ നാനാ ഭാഗത്തും ഇന്ന് സീറോ മലബാർ പുരോഹിതർ സഭാ വിശ്വാസികൾക്കായി പള്ളികളും സ്ഥാപിച്ചു കർമ്മങ്ങൾ നടത്തുന്നു. വിദേശത്തും സ്വദേശത്തുമായി കണക്കില്ലാത്ത സാമ്പത്തിക ഒഴുക്കുമൂലം പുരോഹിതരും മെത്രാന്മാരും ഒരു പോലെ ആഡംബര ജീവിതവും നയിക്കുന്നു.

അഭിവന്ദ്യ കർദ്ദിനാൾ ആലഞ്ചേരി നിശബ്ദത പാലിക്കുന്നതിലും ഭൂമിയിടപാടുകളെ പിന്താങ്ങിയതിലും വട്ടോളി നേതൃത്വം കുറ്റപ്പെടുത്തുന്നുണ്ട്. സാധാരണ ഗതിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാരാണ് ഇങ്ങനെയുള്ള വസ്തു വില്പനകൾ നടത്താറുള്ളത്. വ്യവസായിക മാനദണ്ഡത്തോടെ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തതതും കാനോൻ നിയമങ്ങൾക്കും എതിരാണ്. സഭ ഒരു റിയൽ എസ്റ്റേറ്റ് വ്യവസായിയെപ്പോലെയാണ് വസ്തുവകകൾ ക്രയവിക്രയം ചെയ്തത്. വിൽപ്പന നടത്തിയതു ഉത്തരവാദിത്വപ്പെട്ടവരോട് ആലോചിക്കാതെയുമായിരുന്നു. ഒരു സ്ഥാപനം സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സാധാരണ ഗതിയിൽ വിൽപ്പന നടത്തുന്നതിനുമുമ്പ് അതാത് ഭരണസംഹിതകളുമായി ആലോചിക്കാറുണ്ട്. പത്രങ്ങളിൽ പരസ്യം ചെയ്തു മാർക്കറ്റനുസരിച്ചുള്ള വിലകൾ ക്ഷണിക്കുകയും ചെയ്യും. എന്നാൽ അങ്ങനെയുള്ള നടപടികളൊന്നും കർദ്ദിനാളിന്റെ ഓഫിസിൽ നിന്നും ഉണ്ടായില്ല.

മാർക്കറ്റ് വിലയേക്കാളും വളരെക്കുറച്ചു ഭൂമി വിറ്റതുകൊണ്ടു സർക്കാരിന്റെ നികുതി കിട്ടേണ്ട വരുമാനത്തിനും ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നു. കർദ്ദിനാളോ സഭയോ ഈ വസ്തു ഇടപാടിൽ നിന്നും ലാഭമുണ്ടാക്കിയെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ ഈ വസ്തു കൈമാറ്റത്തിൽ ആർക്കും വ്യക്തമായ ഒരു സുതാര്യത കാണാൻ സാധിക്കുന്നില്ല. അനേകം മാസ്റ്റർ ഡിഗ്രികളും ഡോക്ടർ ഡിഗ്രികളും സമ്പാദിച്ച, സഭാ വിഷയങ്ങളിൽ പതിറ്റാണ്ടുകൾ പരിചയവുമുള്ള സഭയുടെ തലവനായ കർദ്ദിനാൾ ആലഞ്ചേരി ഈ വിഷയത്തിൽ തികച്ചും അജ്ഞനാണെന്നു ചിന്തിക്കാനും സാധിക്കില്ല.  സഭയുടെ കാര്യനിർവഹണ സമിതിയിലുള്ള ഉത്തരവാദിത്വപ്പെട്ട പുരോഹിതരും കർദ്ദിനാൾ ആലഞ്ചേരിയും ഒന്നിച്ചു വസ്തുവിൽപ്പന സംബന്ധിച്ച യുക്തിപരമായ ഒരു തീരുമാനം എടുത്തില്ലെന്നും വ്യക്തമാണ്.

അധാർമ്മികമായി നേടുന്ന സഭയുടെ സ്വത്തിന് ഒരു കണക്കുമില്ല. അത് എത്രത്തോളമുണ്ടെന്ന് അല്മായ ലോകത്തിന് അറിഞ്ഞും കൂടാ. സുനാമി വന്നപ്പോൾ കാഞ്ഞിരപ്പള്ളി, പാലാ മെത്രാന്മാർ വലിയ തോതിൽ പിരിവുകൾ നടത്തിയെങ്കിലും അതിന്റ ഒരു ഡോളർ പോലും സുനാമിയിൽ ദുരിതരായവർക്ക് ലഭിച്ചില്ല. ഒരു മെത്രാന്റെ സമ്മതത്തോടെ ദീപികയുടെ കോടിക്കണക്കിനുള്ള സ്വത്തുക്കൾ ഒരു മുസ്ലിമിന് വിറ്റ് സഭയുടെ പണം ചോർത്തിക്കൊണ്ടു പോയ ചരിത്രവും മറക്കാൻ നാളുകളായിട്ടില്ല. റീയൽ എസ്റ്റേറ്റ് ഇടപാടുകളും റീയൽ എസ്റ്റേറ്റ് മാഫിയാകളും സഭയുടെ നിലനിൽപ്പിനു തന്നെ ചോദ്യമായിരിക്കുകയാണ്.

സഭയുടെ ചരിത്രത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളിൽ സംഭവിച്ചിരുന്നതായും കാണാം. ലൈംഗിക മ്ലേച്ഛകളിൽപ്പെട്ട എത്രയെത്ര പുരോഹിതരെ ഇവർ സംരക്ഷിക്കുന്നു. കുറ്റക്കാരായ ളോഹധാരികളെ രക്ഷിക്കാൻ വിധവയുടെ കൊച്ചുകാശുകൊണ്ട് പരമോന്നത കോടതികളും കയറിയിറങ്ങും. ലോക പ്രസിദ്ധരായ വക്കീലന്മാരെ വെച്ച് കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കാനും ശ്രമിക്കും. സ്ത്രീയുടെ മാനവും ജീവനും പോയാലും കുഞ്ഞുങ്ങൾ അനാഥരായാലും അതിനു കാരണക്കാരായ പുരോഹിതർക്കെന്നും സുഖവാസം ലഭിക്കുകയും ചെയ്യും. അഭയാക്കേസിൽ പുരോഹിതരുടെ മാനം രക്ഷിക്കാൻ മില്യൺക്കണക്കിന് രൂപാ പണമാണ് സഭ ഒഴുക്കിയത്. പണം എങ്ങനെ ചെലവാക്കുന്നു, എവിടെനിന്നു വന്നുവെന്നു ചോദിക്കാനും ആളില്ല.  പുരോഹിതർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ അല്മായർ നിശബ്ദരായിരിക്കണമെന്നും സഭയുടെ പാരമ്പര്യമായ പ്രമാണമാണ്. അപ്രമാദിത്യം കല്പിച്ചിട്ടുള്ള അവരെ ആരും ചോദ്യം ചെയ്യാൻ പാടില്ല. പക്ഷെ സോഷ്യൽ മീഡിയാകളുടെ ആവിർഭാവത്തോടെ പുരോഹിതരുടെ കള്ളക്കളികൾ ഓരോന്നായി പുറത്തുവരുന്നതും ഇവർക്കൊരു തിരിച്ചടിയായി തീർന്നു. യൂറോപ്പിൽ സംഭവിച്ചപോലെ സീറോ മലബാർ സഭയുടെ നാശത്തിന്റെ തുടക്കം ആരംഭിച്ചുവെന്നും കരുതണം.

സഭയുടെ വസ്തു വിൽപ്പന ഇടപാടുകളെപ്പറ്റി സോഷ്യൽ മീഡിയാകളും മാദ്ധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതുമൂലം നാളിതുവരെയുള്ള രഹസ്യങ്ങൾ പലതും പുറത്തുവന്നു കഴിഞ്ഞു. അതിൽ കള്ളപ്പണമുണ്ട്, നികുതി വെട്ടിപ്പുണ്ട്, എന്നെല്ലാമുള്ള സംശയങ്ങളാണ് നിറഞ്ഞിരിക്കുന്നത്. കാപട്യം നിറഞ്ഞ കാക്കനാട്ടെ മാഫിയ പുരോഹിതരുടെ ഭീക്ഷണിയും എതിർക്കുന്നവരുടെമേൽ പ്രയോഗിക്കുന്നു.  ആദരണീയനായ കർദ്ദിനാൾ ആലഞ്ചേരിയിൽ നിന്ന് ഇങ്ങനെയൊരു അധാർമ്മിക പ്രവർത്തി സംഭവിക്കില്ലെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.

മെഡിക്കൽ കോളേജുണ്ടാക്കാൻ വേണ്ടി മേടിച്ച വസ്തുവിൽ പിന്നീട് മെഡിക്കൽ കോളേജ് വേണ്ടെന്നു വെച്ചത് ആരുടെ തീരുമാനമെന്നും വ്യക്തമല്ല. കാക്കനാട്ട് നടന്നത് കള്ളപ്പണവും നികുതി വെട്ടിപ്പുമാണെങ്കിൽ അത് മാർപ്പാപ്പായാണോ തീരുമാനിക്കേണ്ടതെന്ന ചോദ്യത്തിനും ഉത്തരമില്ല. അക്കാര്യം തീരുമാനിക്കേണ്ട ബാധ്യത രാജ്യത്തെ നിയമ വ്യവസ്ഥകൾക്കുള്ളതാണ്. വസ്തു ഇടപാടുകളെ അന്വേഷിക്കാൻ ആലഞ്ചേരി ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. സ്വന്തം ആൾക്കാരെ മാത്രം കമ്മീഷനിൽ വെച്ച് അന്വേഷണം നടത്തിയാലും കുറ്റക്കാരെ കണ്ടുപിടിക്കാൻ സാധിക്കില്ല. മാർ ഏടയന്തിറ ഇറക്കിയ സർക്കുലർ ലെറ്ററിൽ മാർ ആലഞ്ചേരി ഒരു കള്ളനെന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഷപ്പുമാർ തമ്മിൽ ഇങ്ങനെ പോർവിളികൾ തുടങ്ങിയാൽ വിശ്വാസികൾ ഇവരെ ഇനി എത്രമേൽ അനുസരിക്കണമെന്നുള്ളതും അനശ്ചിതത്വത്തിലാണ്. പണം കിട്ടാതെ എങ്ങനെ വസ്തുവിന്റെ ആധാരം എഴുതിയെന്നുള്ളതിലും ദുര്‍ഗ്രാഹ്യത ബാക്കി നിൽപ്പുണ്ട്.

സഭാ നേതൃത്വം തന്നെ കാക്കനാട്ടെ ഭൂമിയിടപാടുകളെ വിമർശിച്ച വൈദികർക്കെതിരെ ശിക്ഷണനടപടികൾ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. സഭയുടെ നടപടി ക്രമങ്ങളിൽ വിശ്വസമില്ലാത്തതുകൊണ്ടാണ് എതിർപ്പുകളും വിമർശനങ്ങളുമായി പുരോഹിതർ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ സത്യമറിയാൻ ആരെയാണ് വിശ്വസിക്കേണ്ടത്, സഭയെയോ, വിമർശകരേയോ! ഉത്തരം, കർദ്ദിനാൾ ആലഞ്ചേരിയുടെ നിശബ്ദത മാത്രം. വൈദികർ പോലും ആലഞ്ചേരിയെ കള്ളനും പിടിച്ചുപറിക്കാരനുമായി വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച വാർത്തകൾ പ്രചരിക്കുമ്പോൾ അല്മായരുടെ സംശയങ്ങൾ വർദ്ധിക്കുകയും സഭയുടെ മൂല്യതയ്ക്ക് ഇടിവ് തട്ടുകയും ചെയ്യുന്നു. സഭ നിയമിച്ചിരിക്കുന്ന കമ്മീഷനെയും അധികാരികളെയും വൈദികർക്കുപോലും വിശ്വാസം ഇല്ലെങ്കിൽ സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നവർ ഇനി എത്രകാലം സഭയോടൊപ്പം നിൽക്കും. ഇതിനിടയിൽ തന്നെ സഭയുടെ ഭൂമിയിടപാടുകളിൽ സംശയം പ്രകടിപ്പിച്ച രണ്ടു വൈദികരെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.

മതപുരോഹിതർക്കും അഭിഷിക്തർക്കും കുന്നുകൂട്ടി കിടക്കുന്ന സമ്പത്തുണ്ട്. അല്മായരായ വിശ്വാസികൾ അവർക്കു സമ്പത്തുണ്ടാക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. പാടത്തും പണിശാലകളിലും കടലമ്മയെ ആശ്ലേഷിച്ചും കടലിനക്കരെയും മലമുകളിലും അദ്ധ്വാനിക്കുന്നവരുടെ വിയർപ്പുഫലത്തിന്റെ പങ്കുപറ്റിക്കൊണ്ടു പുരോഹിതർ ആഡംബരഭ്രമത്തിൽ ജീവിക്കുന്നു. സൗധങ്ങളും പള്ളികളും നിർമ്മിച്ചുകൊണ്ടിരിക്കുന്നു. കവർ സ്റ്റോറിയിൽ പറയുന്നു, "വചനവും ശുശ്രൂഷയും ഒരു വഴിക്ക്, വ്യാപാരവും കള്ളക്കച്ചവടവും മറുവഴിക്ക്, എല്ലാം അല്മായർഅറിയാതെ." സ്വത്തുക്കൾ നിയന്ത്രിക്കേണ്ടത് അല്മായരെന്ന വാദഗതികൾക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്. കൃഷ്ണയ്യരുടെ ചർച്ചാക്റ്റിന്റെ ആവശ്യകതയും പൊന്തിവരുന്നുണ്ട്. സഭാ സ്വത്തുക്കളിൽ അല്മായരുടെ പങ്ക് അഴിമതിയിൽ പൊതിഞ്ഞിരിക്കുന്ന സഭാനേതൃത്വത്തിനു ഒരു മറുപടിയുംകൂടിയാണ്. വ്യാപാര വ്യവസായ സമിതികളെ അടിച്ചോടിച്ചതും ദേവാലയത്തിൽ ശുദ്ധികലശം നടത്തിയതും യേശുക്രിസ്തു തന്നെയല്ലേ!

ഫാദർ വട്ടോളിയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്.  "അടുത്ത കാലത്ത് മാർപ്പാപ്പാ രണ്ടു വലിയ പാപങ്ങളെപ്പറ്റി വിലയിരുത്തിയിരുന്നു. ആദ്യത്തേത് കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നതും രണ്ടാമത്തേത് സാമ്പത്തിക ക്രമക്കേടുകളുമായിരുന്നു."

Read more

കഥ പറയുന്ന കലണ്ടറും പുതുവത്സരവും ആഘോഷങ്ങളും

ചുവരിന്മേൽ നാം തൂക്കിയിട്ടിരിക്കുന്ന പന്ത്രണ്ടു മാസങ്ങളടങ്ങിയ കലണ്ടറുകൾ പ്രയോജനകരമാക്കാത്തവർ  ആരും തന്നെ കാണുകയില്ല. എന്നാൽ അതിന്റെ ചരിത്രകഥകളെപ്പറ്റി ചിന്തിച്ചിട്ടുള്ളവർ വളരെ വിരളമായിരിക്കും.  ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറിനെ ഗ്രിഗോറിയൻ കലണ്ടർ എന്നാണ് പറയുന്നത്. ഏ,ഡി  1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പയാണ് ജൂലിയൻ കലണ്ടറിൽ നിന്നും പരിഷ്ക്കരിച്ച ഗ്രിഗോറിയൻ കലണ്ടർ രൂപ കൽപ്പന ചെയ്തത്. ജൂലിയൻ കലണ്ടറിന്റെ ഉപജ്ഞാതാവ് റോമ്മൻ ഏകാധിപതിയായിരുന്ന ജൂലിയസ് സീസറായിരുന്നു. അദ്ദേഹം ബി.സി 44നും ബി.സി. 100 നുമിടയിലുള്ള കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നു. ജൂലിയൻ കലണ്ടറിനു മുമ്പുണ്ടായിരുന്ന റോമ്മൻ കലണ്ടറിനു പത്തു മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോമ്മാ സാമ്രാജ്യം സ്ഥാപിച്ച റോമുലൂസും റീമൂസും ഒത്തുകൂടി ബി.സി. 738-ൽ റോമ്മാ കലണ്ടർ നിർമ്മിച്ചു. കലണ്ടറുകളുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ അതിന്റെ വലിയൊരു ശതമാനം ക്രെഡിറ്റ് റോമ്മാക്കാർക്ക് നൽകണം.

ഓരോ ദിവസങ്ങളെയും മാസങ്ങളെയും വർഷത്തെയും തരം തിരിച്ചുകൊണ്ടുള്ള കലണ്ടറുകളുടെ ആരംഭം പൗരാണിക കാലം മുതലുണ്ടായിരുന്നതായി കാണാം. സാംസ്‌കാരികമായുള്ള മനുഷ്യന്റെ ഉയർച്ചയോടൊപ്പം പുതുവർഷാഘോഷങ്ങളുടെ ചരിത്രവും തുടങ്ങിയെന്നു വേണം അനുമാനിക്കാൻ. സഹസ്രാബ്‌ദങ്ങളായി ഈ ആഘോഷങ്ങൾ തുടരുന്നു. ആധുനിക കാലത്ത് പുതുവർഷങ്ങൾ കൂടുതലായും ആഘോഷിക്കാറുള്ളത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ്. ഏ,ഡി 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ, ജനുവരി ഒന്നാം തിയതി പുതു വത്സര ദിനമായി പ്രഖ്യാപിച്ചു. ഒപ്പം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി  ഔദ്യോഗികമായി സ്ഥിതികരിക്കുകയും ചെയ്തു.

ആദ്യകാലങ്ങളിലുള്ള റോമ്മൻ കലണ്ടർ 304 ദിവസങ്ങൾ ഉൾപ്പെട്ട പത്തു മാസങ്ങളായി വീതിച്ചിരുന്നു. തുല്യദിനങ്ങളും തുല്യ രാത്രികളും അതിനു മാനദണ്ഡങ്ങളായി  കണക്കായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങൾ അന്നുണ്ടായിരുന്നില്ല.  സൂര്യന്റെ അവസ്ഥാ വിശേഷങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു, കലണ്ടർ പ്രായോഗികമായി നടപ്പാക്കിയിരുന്നത്. ബി.സി. 46-ൽ ചക്രവർത്തി ജൂലിയസ് സീസർ അക്കാലത്തെ ജ്യോതിഷന്മാരുമായി ആലോചിച്ചു ജൂലിയൻ കലണ്ടറുണ്ടാക്കി. ഈ കലണ്ടർ ഇന്നത്തെ ആധുനിക ഗ്രിഗോറിയൻ കലണ്ടറിനോട് വളരെയധികം സാമ്യമുണ്ട്. ജൂലിയസ് സീസറാണ് ജനുവരി ഒന്ന് എന്നുള്ളത് മാസത്തിന്റെ ആദ്യത്തെ ദിവസമായി നിശ്ചയിച്ചത്. അദ്ദേഹത്തിൻറെ കലണ്ടറിൽ ഒരു വർഷത്തിൽ 365 ദിവസങ്ങളുണ്ടായിരുന്നു. ഓരോ നാലുവർഷം കൂടുംതോറും ഫെബ്രുവരി 28 എന്നുള്ളത് 29 ആക്കി അധിവർഷം കൊണ്ടുവന്നതും ജൂലിയൻ കലണ്ടറാണ്.

പൗരാണിക കാലങ്ങളിൽ സംസ്‌കാരങ്ങളുടെ വളർച്ചയനുസരിച്ച് കലണ്ടറുകൾക്കും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് കൊയ്ത്തുകാലത്തിനു പ്രാധാന്യം കല്പിച്ചുകൊണ്ടു പുതിയ ദിനവും ആഘോഷിച്ചു വന്നു. ചൈനാക്കാരുടെ പുതുവർഷം തുടങ്ങുന്നത് തണുപ്പുകാലം കഴിഞ്ഞുള്ള രണ്ടാമത്തെ പൗർണ്ണമി ദിനത്തിലാണ്. ബാബിലോണിയായിൽ നാലു സഹസ്രാബ്ദങ്ങൾ മുമ്പുമുതൽ പുതുവർഷം ആഘോഷിച്ചിരുന്നതായി കാണാം. ബാബിലോണിയാക്കാർ മതപരമായ ആചാര രീതികളുടെ  ഭാഗമായി പുതുവർഷം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളെ 'അകിതു' എന്ന് പറഞ്ഞിരുന്നു. 'അകിതു' എന്നത് ബാർലി ചെടിയുടെ സുമേരിയൻ വാക്കാണ്. വസന്തകാലത്ത് ബാർലി കൊയ്യുന്നതിനോടനുബന്ധിച്ചു പുതുവത്സരങ്ങളും ആഘോഷിച്ചിരുന്നു. പതിനൊന്നു ദിവസങ്ങൾ ആചാരങ്ങളുണ്ടായിരുന്നു. 'മാർദുക്' എന്ന ബാബിലോണിയൻ ആകാശ ദേവൻ ഒരു സമുദ്ര ദുർദേവതയുമായി പോരാടി വിജയിച്ചെന്നും അതിന്റെ ഓർമ്മയാണ് പുതുവത്സര ആഘോഷമെന്നും കഥയുണ്ട്. പുതുവത്സര ദിനങ്ങളിൽ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങുകളും ആഘോഷിക്കാറുണ്ട്. ചില ആചാര ആഘോഷങ്ങളിൽക്കൂടി ഭരിക്കുന്ന രാജാവിന്റെ ദൈവികത്വം സ്ഥിതികരിക്കാറുമുണ്ട്.

പൗരാണിക ഈജിപ്റ്റുകാരുടെ കലണ്ടർ അയ്യായിരം വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് അനുമാനിക്കുന്നു. ഒരു വർഷത്തെ പന്ത്രണ്ടായി തരം തിരിച്ച് ആദ്യം കലണ്ടറുണ്ടാക്കിയത് ഈജിപ്റ്റുകാരായിരുന്നു. ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ഈ കലണ്ടറിനെ നാലുമാസങ്ങൾ വീതം മൂന്നു സീസണുകളായി തരം തിരിച്ചിരുന്നു. ഓരോ മാസത്തിനും മുപ്പതു ദിവസം വീതം ഒരു വർഷം 360 ദിവസങ്ങളുണ്ടായിരുന്നു. നൈൽ നദിയിലുള്ള വെള്ളപ്പൊക്കത്തിന്റെ അളവനുസരിച്ചായിരുന്നു കലണ്ടറുകളിലെ മാസങ്ങൾ നിശ്ചയിച്ചിരുന്നത്. ഏറ്റവും വെള്ളം കൂടിയിരിക്കുന്ന മാസത്തെ പുതുവർഷമായും ആദ്യത്തെ മാസമായും ഗണിച്ചു. വെള്ളം താഴുന്ന നിലയനുസരിച്ച് മുപ്പതു ദിവസങ്ങൾ വീതമുള്ള പന്ത്രണ്ടു മാസങ്ങളായും കലണ്ടറിനെ തരം തിരിച്ചിരുന്നു. ഡിസംബർ മാസത്തിൽ നൈൽ നദിയിൽ വെള്ളം കുറവായി കണക്കാക്കിയിരിക്കാം. പിന്നീട് ജ്യോതിർശാസ്ത്രം അനുസരിച്ച് അഞ്ചുദിവസം കൂടി കൂട്ടി മൊത്തം കലണ്ടർ ദിവസങ്ങൾ 365 ദിവസങ്ങളാക്കുകയായിരുന്നു.

'ജാനസ്' എന്ന റോമ്മൻ ദേവനോടുള്ള ആദരവിലാണ് ജനുവരി മാസത്തിന്റെ തുടക്കം. ആ ദേവന്റെ രണ്ടു മുഖങ്ങൾ വർത്തമാന കാലത്തിനൊപ്പം ഭൂതവും ഭാവിയും പ്രവചിക്കുന്നു. റോമ്മാക്കാർ പൗരാണിക കാലത്ത് 'ജാനസ് ദേവന്' ബലികളർപ്പിച്ചിരുന്നു. അന്നേ ദിവസം വീടുകൾ അലങ്കരിക്കുകയും പരസ്പ്പരം സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. മദ്ധ്യകാലങ്ങളിൽ ക്രിസ്ത്യൻ പുരോഹിതരും മത തീക്ഷ്ണതയുള്ളവരും ജനുവരി ഒന്നിനെ കൂടുതലും മതപരമായ ദിനമായി ആചരിച്ചിരുന്നു. ലാറ്റിൻ ഭാഷയിൽ ജനുവരി മാസത്തിനു വാതിലെന്നാണ് അർത്ഥം.  ജനുവരി, മറ്റുമാസങ്ങളുടെ തുടക്കമെന്ന നിലയിൽ മാറ്റത്തിന്റെ പുത്തനായ ഒരു വാതിലാവുകയും ചെയ്യുന്നു. റോമ്മായിലെ കൃഷിക്കാരുടെ ദേവനായ ജൂനോയുടെ പേരിലും ജനുവരി മാസം ആചരിക്കാറുണ്ട്. പാരമ്പര്യമായി റോമ്മിന്റെ കലണ്ടറിനു 304 ദിവസങ്ങൾ അടങ്ങിയ പത്തുമാസങ്ങളെയുണ്ടായിരുന്നുള്ളൂ. തണുപ്പുകാലങ്ങളിൽ ദിവസങ്ങൾ കുറവായിരുന്നു. ബി.സി.713-ൽ റോമുലസ് ചക്രവത്തിയുടെ പിൽക്കാല തലമുറയിൽപ്പെട്ട 'ന്യുമാ പോംപില്ലിയസ്' രാജാവ് (Numa Pompilius) ജനുവരി മാസത്തെയും ഫെബ്രുവരി മാസത്തെയും കലണ്ടറിനൊപ്പം കൂട്ടി ചേർത്തെന്ന് വിശ്വസിക്കുന്നു. 354 ദിവസം ചന്ദ്ര മാസങ്ങളടങ്ങിയ കലണ്ടറായിരുന്നു അത്. മദ്ധ്യകാലങ്ങളിൽ ക്രിസ്ത്യൻ സഭകളുടെ ആഘോഷങ്ങളിൽ പലതും ജനുവരി മാസത്തിൽ നടത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതൽ യൂറോപ്യന്മാർ ജനുവരി ഒന്നിനെ വർഷത്തിന്റെ ആരംഭദിനമായി തിരഞ്ഞെടുത്തു.  ച്ഛേദാചാരത്തിരുന്നാൾ ആഘോഷിച്ചിരുന്നതു ഡിസംബർ ഇരുപത്തിയഞ്ചിന് ശേഷമുള്ള ജനുവരി ഒന്നാം തിയതിയായിരുന്നു. ചെന്നായ്ക്കളുടെ മാസമെന്നും തണുപ്പുകാലത്തെ മാസമെന്നും ജനുവരിയെ പറയാറുണ്ട്.

'ഫെബ്രുയും' എന്ന ലത്തീൻ പദത്തിൽനിന്നാണ് ഫെബ്രുവരി എന്ന പേരുണ്ടായത്. വിശുദ്ധീകരിക്കുകയെന്ന അർത്ഥമാണ് ആ വാക്കിനുള്ളത്. പഴയ ചാന്ദ്രിക (ലൂണാർ) റോമ്മൻ കലണ്ടറിൽ ഫെബ്രുവരി പതിനഞ്ചിൽ പൗർണ്ണമി ആചരിച്ചിരുന്നതായും കാണുന്നു. ചരിത്രപരമായി ഈ മാസത്തെ വെള്ളം കലർന്ന മണ്ണിന്റെ (Mud) മാസമെന്നും പറയുന്നു. കൂടാതെ ചില രാജ്യങ്ങളിൽ കാബേജിന്റെ (Cabbage) മാസമെന്നും പവിഴത്തിന്റെ മാസമെന്നും പറയാറുണ്ട്. ഫെബ്രുവരി മാസം മരങ്ങളുടെ ശിഖരങ്ങളിൽനിന്നും സ്നോ ഉരുകുന്ന കാലം കൂടിയാണ്. മഞ്ഞുകട്ടയുടെ മാസമെന്നും അറിയപ്പെടുന്നുണ്ട്. മരം വെട്ടുന്ന മാസമെന്നും മഞ്ഞുകട്ടകൾ നദിയിലേക്ക് ഒഴുകുന്ന മാസമെന്നും അതാതു രാജ്യങ്ങളിലെ ഭൂപ്രകൃതിക്കനുസരണമായി ഫെബ്രുവരി മാസത്തെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

മാർച്ചെന്ന പദം ഗ്രീക്ക് പദമായ മാർഷ്യസ് (Martius) എന്ന വാക്കിൽ നിന്നും വന്നതാണ്. ഈ വാക്ക് ഇംഗ്ലീഷിൽ മാർസ് (കുജൻ അഥവാ ചൊവ്വാ ഗ്രഹം) എന്ന ദേവനിൽനിന്നു ഉത്ഭവിച്ചതെന്നും വിശ്വസിക്കുന്നു. കുജഗ്രഹം റോമ്മാക്കാരുടെ യുദ്ധ ദേവനും കൃഷിയുടെ പരിരക്ഷകനുമാണ്. കുജന്റെ പാരമ്പര്യത്തിൽനിന്നും റോമ്മൻ ജനതയുടെ തലമുറകൾ വന്നുവെന്നും വിശ്വസിക്കുന്നു. മക്കൾ റോമുലസ്, റെമ്യൂസ് എന്നിവരും ഈ തായ്‌വഴികളിൽ ഉള്ളവരെന്നാണ് റോമ്മാക്കാരുടെ വിശ്വാസം. കൃഷികൾ നടത്താൻ അനുയോജ്യമായ മാസമായി മാർച്ചിനെ കരുതുന്നു. സാധാരണ കാലാവസ്ഥ അനുകൂലമായതുകൊണ്ടു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും മാർച്ചു മാസത്തിലായിരുന്നു. ഈ മാസത്തിൽ നിരവധി ആഘോഷങ്ങളും കൊണ്ടാടുന്നു. ബി.സി. 713 വരെ മാർച്ചു മാസത്തെ ആദ്യത്തെ മാസമായി കരുതിയിരുന്നു. റോമ്മായിലെ പൗരാണിക ശിലകളിൽ മാർച്ചു മാസം ആദ്യത്തെ മാസമായി ലിഖിതം ചെയ്തിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു വരെ റക്ഷ്യയിലും മാർച്ച് ആദ്യത്തെ മാസമായി കണക്കാക്കിയിരുന്നു. ഏ.ഡി 1752 വരെ ഗ്രേറ്റ് ബ്രിട്ടനും ഈ കലണ്ടർ തന്നെ പിന്തുടർന്നു. പിന്നീട് അവർ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു. ഇന്നും പല സംസ്‌കാരങ്ങളും മാർച്ചു മാസം കൊല്ലത്തിന്റെ ആദ്യമാസമായും വസന്തകാലത്തിന്റെ തുടക്കമായും കരുതുന്നു. ദക്ഷിണ പൂർവങ്ങളിൽ ശരൽക്കാലവും. ഫലവർഗ്ഗങ്ങൾ ധാരാളം ഉണ്ടാകുന്ന മാസവുമാണിത്.

റോമ്മാക്കാർ 'ഏപ്രിൽ' എന്ന ലാറ്റിൻ പേര് ഏപ്രിൽ മാസത്തിനു നൽകി. 'തുറക്കുക' എന്ന അർത്ഥവും ഈ മാസത്തിന്റെ പേരിനോട് ധ്വാനിക്കുന്നുണ്ട്. പൂക്കളും ഇലകളും പൊട്ടി മുളയ്ക്കുന്ന കാലവുമാണ്. വസന്തകാലം ആരംഭിക്കുന്നതും ഈ മാസമാണ്. അപ്രോഡിറ്റ് (Aphrodite) എന്ന ഗ്രീക്ക് ദേവതയുടെ പേരിലാണ് ഏപ്രിൽ മാസം ആരംഭിച്ചതെന്നും വിശ്വാസമുണ്ട്. റോമ്മൻ കലണ്ടറിൽ ജനുവരിയും ഫെബ്രുവരിയും ആരംഭിക്കുന്നതിനുമുമ്പ് ഏപ്രിൽ രണ്ടാമത്തെ മാസമായിരുന്നു. ബി.സി.40-നോട് അടുത്ത കാലഘട്ടത്തിൽ കലണ്ടർ പരിഷ്‌ക്കരിച്ചപ്പോൾ ഏപ്രിൽ മാസത്തിനു മുപ്പതു ദിവസം നിശ്ചയിച്ചിരുന്നു. ജൂലിയസ് സീസറായിരുന്നു ആ തീരുമാനം എടുത്തത്. ഏപ്രിൽ മാസം ഈസ്റ്ററിന്റെ മാസമെന്നും പറയുന്നു. ഓസ്‌ട്രേ (Eostre) എന്ന ദേവതയുടെ പേരിലാണ് ഏപ്രിൽ മാസമെന്നും സങ്കല്പമുണ്ട്.

മായിയാ (Maia)എന്ന റോമ്മൻ ദേവതയോട് കൂട്ടി മെയ് മാസമുണ്ടായിയെന്നും ഗണിക്കുന്നു. റോമ്മൻ ദേവത 'മായിയാ' വിളവിന്റെ ദേവതയായും ഐശ്വര്യ ദേവതയായും പഴമയുടെ പുരാണം പറയുന്നു.  വടക്കേ ധ്രുവങ്ങളിൽ മെയ് മാസം വസന്തകാലവും തെക്കേ ധ്രുവങ്ങളിൽ ശരത്ക്കാലവും അനുഭവപ്പെടുന്നു. മെയ് അവസാനം വേനൽക്കാല അവധിയുടെ തുടക്കവുമായിരിക്കും.

റോമ്മാ കലണ്ടറുകളിൽ ജൂൺ മാസത്തെ നാലാമത്തെ മാസമായും ഗ്രിഗോറിയൻ കലണ്ടറിൽ ആറാമത്തെ മാസമായും കണക്കാക്കുന്നു. തെക്കേ ധ്രുവങ്ങളിലെല്ലാം ജൂൺമാസം വേനല്ക്കാലമായിരിക്കും. മുപ്പത് ദിവസമാണ് ജൂൺ മാസത്തിനുള്ളത്. ഏറ്റവും പകൽ അനുഭവപ്പെടുന്നതും ഇതേ മാസത്തിലായിരിക്കും. വടക്കേ അര്‍ദ്ധഗോളത്തിൽ തണുപ്പും പകൽ വെളിച്ചം കുറവുമായിരിക്കും.

ബി.സി. 713-ൽ ജനുവരി, ഫെബ്രുവരി മാസങ്ങളെ കലണ്ടറിൽ ഉൾപ്പെടുത്തുന്നവരെ ജൂലൈ മാസത്തെ അഞ്ചാമത്തെ മാസമായി കരുതിയിരുന്നു. 'അഞ്ച്' എന്ന അർത്ഥത്തിലുള്ള ലാറ്റിൻ വാക്കിൽ നിന്നാണ് ഈ പദം ആരംഭിച്ചത്. പിന്നീട് ഈ വാക്കു ജൂലിയസ് സീസറിനോടുള്ള ആദരവിന്റെ മാസമായി പരിഗണിക്കുകയും ചെയ്തു. ജൂലൈ സീസർ ജനിച്ചത് ജൂലൈ പന്ത്രണ്ടാം തിയതി എന്ന് കരുതുന്നു. അതിനുമുമ്പ് ഈ മാസത്തെ 'ക്വിന്റലിസ്' എന്നാണ് പറഞ്ഞിരുന്നത്. ദക്ഷിണ ധ്രുവങ്ങളിലും ഉത്തര ധ്രുവങ്ങളിലും ജൂലൈ മാസം പൊതുവെ ചൂടുള്ള കാലമായും കരുതുന്നു. ഒരു വർഷത്തിന്റെ പകുതി തുടങ്ങുന്നതും ജൂലൈയിലാണ്.

ബി.സി. 45-ൽ ജൂലിയസ് സീസ്സർ ജൂലിയൻ കലണ്ടർ ഉണ്ടാക്കിയപ്പോൾ ആഗസ്റ്റ് മാസത്തിനു 31 ദിനങ്ങൾ നൽകിയിരുന്നു. പിന്നീട് സീസർ അഗസ്റ്റസിന്റെ പേരിൽ ഈ മാസം അറിയപ്പെട്ടു. ഓഗസ്റ്റസ്, റോമ്മായുടെ ചക്രവർത്തിയായിരുന്നു. റോമ്മൻ കലണ്ടറിൽ ആഗസ്റ്റ് ആറാം മാസവും ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറുമനുസരിച്ച് എട്ടാമത്തെ മാസവുമാണ്. ബി.സി. 713-ൽ 'ന്യുമാ  പൊമ്പിളിയസ്' (Numa pompilius) രാജാവിന്റെ കാലത്ത് ജനുവരിയും ഫെബ്രുവരിയും കൂട്ടി ചേർക്കപ്പെട്ടുകൊണ്ട് ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി തരം തിരിക്കുകയുണ്ടായി.

സെപ്റ്റംബർ മാസം റോമൻ കലണ്ടറിൽ ഏഴാം മാസമായി ആരംഭിച്ചു. പിന്നീട് ജനുവരിയും ഫെബ്രുവരിയും കലണ്ടറിൽ വന്നപ്പോൾ സെപ്റ്റംബർ ഒമ്പതാം മാസമായി. സെപ്റ്റംബറിന് മുപ്പതു ദിവസം ദൈഘ്യമാണുള്ളത്. പല രാജ്യങ്ങളിലും സ്‌കൂളുകളിൽ അക്കാദമിക്ക് വർഷം തുടങ്ങുന്നത് സെപ്റ്റംബർ മാസത്തിലാണ്. വേനലവധി കഴിഞ്ഞു കുട്ടികൾ സ്‌കൂളിൽ പോവാൻ തുടങ്ങുന്നതും ഈ മാസങ്ങളിൽ ആയിരിക്കും. ലാറ്റിനിൽ 'സെപ്റ്റം' എന്ന് പറഞ്ഞാൽ ഏഴെന്നാണ് അർഥം. സെപ്റ്റംബർ മാസത്തെ ജൂലിയൻ കലണ്ടറിൽ ഇരുപത്തൊമ്പതു ദിവസമായിരുന്നത് ഒരു ദിവസം കൂടി കൂട്ടി മുപ്പതു ദിവസമാക്കി. സെപ്റ്റംബർ മാസം കൃഷി കൊയ്യുന്ന കാലമായും കണക്കാക്കുന്നു. ഈ മാസത്തിൽ വടക്കേ ധ്രുവ പ്രദേശങ്ങളിൽ ശരത് കാലവും തെക്കേ ധ്രുവങ്ങളിൽ വസന്തകാലവുമായിരിക്കും.

ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറുമനുസരിച്ച് ഒക്ടോബറെന്ന് പറയുന്നത് പത്താം മാസവും പഴയ റോമൻ കലണ്ടറുനുസരിച്ച് എട്ടാം മാസവും. 'എട്ടു' എന്ന അർത്ഥത്തിൽ 'ഒക്ടോ' അതിന്റ ലാറ്റിനിലുള്ള പേര് നിലനിർത്തിയിട്ടുണ്ട്. ഒക്ടോബർ മാസം വടക്കേ ധ്രുവങ്ങളിൽ ശരത്ക്കാലവും തെക്കേ ധ്രുവങ്ങളിൽ വസന്ത കാലവുമായിരിക്കും.

പൗരാണിക റോമ്മൻ കലണ്ടറിൽ നവംബറിനെ ഒമ്പതാം മാസമായി കരുതുന്നു. 'ഒമ്പത്' എന്ന അർത്ഥമുള്ള അതിന്റെ ലാറ്റിൻ പേരും നിലനിർത്തുന്നു. ജനുവരിയും ഫെബ്രുവരിയും കലണ്ടറിനൊപ്പം ചേർത്ത ശേഷം നവംബർ പതിനൊന്നാം മാസമായി അറിയപ്പെട്ടു. തെക്കേ ധ്രുവ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ അവസാന ഭാഗവും വടക്കേ ധ്രുവത്തിൽ ശരത് കാലത്തിന്റെ അവസാന ഭാഗവുമായി നവംബർ മാസം അറിയപ്പെടുന്നു. അങ്ങനെ നവംബർ മാസം തെക്കും വടക്കുമുള്ള ധ്രുവങ്ങൾ ശരത്കാലവും വസന്തകാലവുമായി ഭാഗിച്ചെടുക്കുന്നു.

ഡിസംബർ മാസത്തെ വർഷത്തിന്റെ അവസാന മാസമായി കരുതുന്നു. മുപ്പത്തിയൊന്നു ദിവസങ്ങളുള്ള മാസമാണിത്.ഡിസംബർ എന്ന വാക്കും ലാറ്റിനിൽ നിന്നും വന്നതാണ്. 'ഡിസം' എന്നാൽ ലാറ്റിനിൽ പത്തെന്നാണ് അർഥം ധ്വാനിക്കുന്നത്. റോമൻ കലണ്ടറിൽ പത്തുമാസമേയുണ്ടായിരുന്നുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങൾ തുടക്കത്തിൽ ചേർത്തെങ്കിലും ഡിസംബർ അവസാന മാസമായി തുടർന്നുകൊണ്ടിരുന്നു.

പുതുവത്സരം ലോകമെമ്പാടും ആഘോഷിക്കാറുണ്ട്. വിശേഷ ഭക്ഷണങ്ങളുൾപ്പടെ പരസ്പ്പരം അഭിവാദനങ്ങളും മംഗളങ്ങൾ നേരലും പുതുവർഷത്തിന്റെ ഭാഗമാണ്. ബന്ധുജനങ്ങളും സുഹൃത്തുക്കളും ഗ്രീറ്റിംഗ് കാർഡുകളും സമ്മാനങ്ങളും കൈമാറും. പുതുവർഷം വളരെ ആഘോഷമായി കൊണ്ടാടുന്ന ഒരു രാജ്യമാണ് സ്‌പെയിൻ. സുഹൃത്തുക്കളും കുടുംബങ്ങളുമൊത്ത് പന്ത്രണ്ടു മുന്തിരിങ്ങാകൾ ഒരേ സമയം തിന്നുന്ന പരമ്പരാഗതമായ ഒരു ആചാരം അവിടെയുണ്ട്. അങ്ങനെ ഓരോരുത്തരും പന്ത്രണ്ടു മുന്തിരങ്ങാകൾ തിന്നുന്ന വഴി കുടുംബത്ത് വർഷാവസാനംവരെയും ഐശ്വര്യവും സമാധാനവും ഉണ്ടാവുമെന്ന വിശ്വാസമാണ് സ്‌പെയിൻ ജനതയ്ക്കുള്ളത്. പാതിരായ്ക്ക് മുമ്പായിരിക്കും ഇവർ ഈ ചടങ്ങുകൾ അനുഷ്ഠിക്കുന്നതും.

ഇറ്റലിയിൽ പച്ചപ്പയറുകളും തെക്കേ അമേരിക്കയിൽ പീച്ചിപ്പഴവും, ആഘോഷത്തിൽ ഉപയോഗിക്കുന്നു. ചില സംസ്‌കാരങ്ങളിൽ പന്നി ഇറച്ചി പ്രധാന വിഭവമായിരിക്കും. ക്യൂബാ, ആസ്‌ത്രേലിയ, ഹംഗറി, പോർട്ടുഗൽ എന്നീ രാജ്യങ്ങൾ പന്നിയിറച്ചി വിഭവങ്ങൾകൊണ്ട് പുതുവർഷത്തെ ആഘോഷപൂർണ്ണമാക്കുന്നു. അൽമോണ്ട് (Almond) നിറച്ച കേക്കുകൾ സ്വീഡൻ, നോർവേ, മെക്സിക്കോ, ഗ്രീസ് എന്നിവടങ്ങളിൽ സുലഭമാണ്. റൈസ് പുഡിങ്ങും അന്നത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഏതെങ്കിലും ഭക്ഷണ വിഭവങ്ങളടങ്ങിയ ഡിഷിൽ അൽമോണ്ട് ഒളിച്ചു വെക്കുന്ന ആഘോഷവുമുണ്ട്.   ഒളിച്ചുവെച്ചിരിക്കുന്ന അൽമോണ്ട് ലഭിക്കുന്നവർക്ക് വർഷാവസാനം വരെയും ഐശ്വര്യവും ധനവും ലഭിക്കുമെന്ന വിശ്വാസവും അവിടെയുള്ള ജനങ്ങളിലുണ്ട്. പടക്കം പൊട്ടീരും കരിമരുന്നാഘോഷങ്ങളും പുതുവത്സരപ്പിറവയുടെ ഭാഗങ്ങളാണ്. ഗ്രാമീണ ഗീതങ്ങളും പാട്ടുകളും കൂട്ടമായി പാടിയും ആഘോഷങ്ങളുടെ മോഡി പിടിപ്പിക്കാറുണ്ട്. ചില സംസ്‌കാരങ്ങളിൽ ദൈവങ്ങളുടെ പ്രീതിയ്ക്കായി വാഗ്ദാനങ്ങളും ചെയ്യുന്നു. കടങ്ങൾ വീട്ടിക്കൊള്ളാമെന്നും കാർഷിക ഉപകരണങ്ങൾ മടക്കി നൽകാമെന്നും പ്രതിജ്ഞയും ചെയ്യുന്നു.

അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും പുതുവർഷം നിർണ്ണയിക്കാൻ ഗ്രിഗോറിയൻ കലണ്ടറിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭത്തോടൊപ്പം കൊഴിഞ്ഞുപോയ കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ!  ഓർമ്മിക്കാനായുള്ള അവസരങ്ങളും  ലഭിക്കുന്നു.  സുഹൃത്തുക്കളും കുടുംബങ്ങളുമൊത്തുള്ള പാർട്ടികളും മേളകളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ടെലിവിഷനുകൾ നിറയെ പ്രത്യേക പ്രോഗ്രാമുകൾ കൊണ്ട് നിറഞ്ഞിരിക്കും. അന്ന് അവധി ദിനമായതിനാൽ കുടുംബവുമൊത്തുള്ള ആഘോഷങ്ങളും പതിവായിരിക്കും. ചില പട്ടണങ്ങളിൽ  പരേഡുകളുമുണ്ടായിരിക്കും.  ഫുട്ബാൾ  ഗെയിംസും പുതുവർഷപ്പിറവി കാത്തിരിക്കുന്നവരുടെ താല്പര്യത്തിലുള്ളതാണ്.

പുതു വർഷത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ ചിലർ അവലോകനം ചെയ്യും. ചിലപ്പോഴെല്ലാം പുതുവർഷംകൊണ്ടു ചിലർക്ക് സ്വന്തം ജീവിതത്തിൽ മാറ്റങ്ങളുണ്ടാകാറുണ്ട്. കൂടുതൽ പേരും പ്രതിജ്ഞ ചെയ്യുന്നത് പുകവലി നിർത്തണമെന്നായിരിക്കും.  കള്ളുകുടി നിർത്തണമെന്നും ഭാരം കുറയ്‌ക്കണമെന്നും വ്യായാമം ചെയ്യണമെന്നും ആരോഗ്യപരമായ ജീവിത നിലവാരമാവണമെന്നും ചിന്തിക്കും. കുടുംബ വഴക്കുകളും ജേഷ്ഠാനുജന്മാർ തമ്മിലുള്ള വഴക്കുകളും ഒത്തുതീർപ്പാക്കണമെന്നും ആഗ്രഹിക്കും. ചിലർ പുതുവത്സരത്തിലെ ആഘോഷങ്ങളിൽ ആ വർഷം ചെയ്തുതീർക്കേണ്ട കർത്തവ്യങ്ങളെപ്പറ്റി പ്രമേയം അവതരിപ്പിക്കും. പുതുവർഷം മുതൽ എന്തെല്ലാം ചെയ്യണമെന്നും പലരും മനസ്സിൽ മനക്കോട്ട കെട്ടും.

ന്യുയോർക്ക് സിറ്റിയിൽ ടൈം സ്‌കൊയറിൽ (Time Squre) ഭീമാകാരമായ ബോൾ ഉയർത്തുന്ന ആഘോഷം പ്രസിദ്ധമാണ്. പാതിരാക്കായിരിക്കും ഈ ആഘോഷങ്ങൾ ആരംഭിക്കുക. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മില്യൺ കണക്കിന് ജനം മനോഹരമായ ആ കാഴ്ച്ച വീക്ഷിക്കുന്നു. 1907 മുതൽ ഓരോ വർഷവും ഈ ആഘോഷം ഭംഗിയായി കൊണ്ടാടുന്നു. അമേരിക്കയിലെ പല പട്ടണങ്ങളും ടൈം സ്‌കൊയറിലുള്ളപോലെ (Time Squre) ബലൂൺ ആകാശത്തിലേക്ക് വിക്ഷേപിക്കുന്ന ആഘോഷങ്ങൾ നടത്താറുണ്ട്.

ആൽബർട്ട് ഐൻസ്റ്റിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. "ഇന്നലെയുടെ ചരിത്രം പഠിക്കൂ! നാളെയുടെ പ്രതീക്ഷകളുമായി ഇന്ന് ജീവിക്കൂ!" 'നാളെ' എന്നത് 365 പേജുകൾ നിറഞ്ഞ എഴുതാത്ത, എഴുതാൻ ആരംഭിക്കേണ്ട ഒരു നൂതന പുസ്തകമാണ്. പുതിയ ഒരു ചരിത്രത്തിന്റെ ആരംഭവും. ആർക്കും ഇനി നവജീവിതത്തിനായി പുറകോട്ടു പോകാൻ സാധിക്കില്ല. എന്നാൽ ഇന്നുതന്നെ ആരംഭിക്കുകയും ചെയ്യാം. അവസാനം നാമെല്ലാം കഥകളാണ്. ചരിത്രമായി മാറുന്നു. നമുക്കും നന്മയുടെ ചരിത്രം സൃഷ്ടിക്കാം. പ്രിയപ്പെട്ട വായനക്കാർക്ക് പുതുവത്സരാശംസകൾ നേരുന്നു. എന്റെ ലേഖനങ്ങൾ ക്ഷമയോടെ വായിച്ച എല്ലാ വായനക്കാർക്കും അഭിപ്രായങ്ങൾ എഴുതിയവർക്കും നന്ദിയുമുണ്ട്.

Read more

രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയോ?

2017 ഡിസംബർ പതിനഞ്ചാം തിയതി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി രാഹുൽ ഗാന്ധിയെ ഏകപക്ഷീയമായി തിരഞ്ഞെടുത്തത് കോൺഗ്രസിന്റെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂർത്തമായി കരുതുന്നു. പത്തൊമ്പതു വർഷം കോൺഗ്രസിൻറെ അദ്ധ്യക്ഷ പദവി അലങ്കരിച്ച 'അമ്മ സോണിയായിൽ നിന്നാണ് രാഹുൽ ഈ സ്ഥാനം ഏറ്റുവാങ്ങിയത്. മഹാത്മാഗാന്ധിയുൾപ്പടെ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖരായ നേതാക്കന്മാരിൽ അനേകർ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ നിർണ്ണായകമായ ഒരു കാലഘട്ടത്തിലാണ് രാഹുൽ ഈ ചുമതലകൾ ഏറ്റെടുത്തത്. നെഹ്‌റു കുടുംബത്തിലെ ആറാമത്തെ കോൺഗ്രസിന്റെ പ്രസിഡന്റാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ മോത്തിലാൽ നെഹ്‌റു മുതൽ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി വരെ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരായിരുന്നു. 

ഇന്ത്യയുടെ ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1885-ൽ സ്ഥാപിച്ചു. ഒരു ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന 'അല്ലൻ ഒക്റ്റാവിൻ' ഈ സംഘടനയുടെ സ്ഥാപകനും 'വുമേഷ് ചന്ദ്ര ബോന്നേർജീ' ആദ്യത്തെ പ്രസിഡന്റുമായിരുന്നു. വിദ്യാഭ്യാസമുള്ള ഇന്ത്യൻ യുവാക്കളുടെ സംഘടനയായിട്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാനമായും ബ്രിട്ടീഷ് നയങ്ങൾ നടപ്പാക്കണമെന്നുള്ളതായിരുന്നു പാർട്ടിയുടെ ലക്‌ഷ്യം. 1920-നു ശേഷം മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പടയോട്ടം കോൺഗ്രസ്സ് ഏറ്റെടുത്തു. കൊളോണിയൽ ഭരണത്തിനെതിരെയുള്ള കോൺഗ്രസിന്റെ വിപ്ലവ കൊടുങ്കാറ്റ് ലോകം മുഴുവനുമുള്ള സ്വാതന്ത്ര്യ ദാഹികൾക്ക് ആവേശം നൽകിയിരുന്നു. മതേതര പാർട്ടിയായ കോൺഗ്രസ് കൂടുതലും ഗാന്ധിയൻ തത്ത്വങ്ങളാണ് ആവിഷ്‌കരിച്ചിരുന്നത്.   

രാഹുൽ ഗാന്ധി, രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകനായി 1970 ജൂൺ 19-ന് ഡൽഹിയിൽ  ജനിച്ചു. 'പ്രിയങ്ക' എന്ന സഹോദരിയും അദ്ദേഹത്തിനുണ്ട്. പിന്നീട് രാജീവ് ഗാന്ധിയെ ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. നെഹ്‌റു, ഗാന്ധി കുടുംബത്തിലെ നാലാം തലമുറക്കാരനാണ് രാഹുൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുതലായ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മൂന്നു പ്രാവിശ്യം അദ്ദേഹം അമേത്യായിൽ നിന്നും പാർലമെന്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2019-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഭരണത്തിന് സാധ്യത വളരെ കുറവായി മാത്രമേ കാണുന്നുള്ളൂ. പക്ഷെ ഭാവിയെപ്പറ്റി ആര് അറിയുന്നു? അത് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഇനി ഒന്നര വർഷംകൂടിയുണ്ട്. ഈ കാലഘട്ടത്തിൽ കോൺഗ്രസിന്റെ പഴയ പ്രതാപത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പിനായി പലതും സംഭവിച്ചേക്കാം. ഒരു പക്ഷെ എൻ.ഡി.എ സർക്കാരിന് വോട്ടു ചെയ്യാൻ ജനങ്ങൾക്ക് താൽപ്പര്യമില്ലാതെയും വന്നേക്കാം! അങ്ങനെ വന്നാൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. 

ഇന്നത്തെ രാഷ്ട്രീയമായ ചുറ്റുപാടുകളിൽ മോദി സർക്കാരിൽ ജനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വരുന്നതും രാഹുലിന്റെ സാധ്യതകൾ വർദ്ധിക്കുന്നു. മോദി സർക്കാരിന്റെ ഡിമോണിറ്റേഷനും ജി.എസ.റ്റിയും സാമ്പത്തിക വളർച്ചയുടെ മാന്ദ്യവും, തൊഴിലില്ലായ്മയും ജനങ്ങളിൽ ഇന്നത്തെ ഭരണകൂടത്തിലുള്ള വിശ്വസത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷങ്ങൾ കരുതുന്നു. സാമൂഹികമായ പ്രശ്നങ്ങളും നാടാകെ ജനങ്ങളിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. വർഗീയതയുടെ പേരിലുള്ള ചേരിതിരിവു മൂലം ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുന്നു. ഈ സാഹചര്യങ്ങൾ രാഹുലിന് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളിൽ അനുകൂലമായ തരംഗങ്ങൾ സൃഷ്ടിച്ചേക്കാം.  

ഇന്ത്യയിലെ എല്ലാ പാർട്ടികളും ഐക്യപ്പെടുകയാണെങ്കിൽ, രാഷ്ട്രീയ വൈവിധ്യങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കുകയാണെങ്കിൽ ഒരു പക്ഷെ ബി.ജെ.പി. യ്ക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കാതെയും വരാം. അങ്ങനെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി പൊരുതി ലോകസഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയാണെങ്കിൽ, രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കൂടും. അത്തരം നടക്കാൻ സാധ്യതയില്ലാത്ത സ്വപ്നങ്ങൾ! യാഥാർഥ്യങ്ങൾക്കു മീതെയാണെങ്കിലും രാഷ്ട്രീയ പ്രേമികൾ രാഹുലിൽ നാളെയുടെ പ്രധാനമന്ത്രിയായി പ്രതീക്ഷകളും അർപ്പിക്കുന്നുണ്ട്.  

സുഗമമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരെന്നു പറയുന്നത് ജനങ്ങളാണ്. തീരുമാനം എടുക്കേണ്ട രാജാക്കന്മാരും ജനങ്ങളാണ്. രാജ്യത്തെ ശക്തമാക്കേണ്ടതു കെട്ടുറപ്പോടെയുള്ള ഒരു ജനതയുടെ കർത്തവ്യം കൂടിയാണ്. സർക്കാരിനെ നിയന്ത്രിക്കുന്നവർ പൊതു സേവകരും. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഭൂരിഭാഗം ജനതയും നിലനിൽപ്പിനുവേണ്ടി ജീവിതവുമായി ഏറ്റുമുട്ടുന്നു. വിലപ്പെരുപ്പം സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത വിധമായി. യുവജനങ്ങളുടെയിടയിൽ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും നേതാക്കന്മാരുടെ ദേശീയത്വം പ്രസംഗിക്കലും മതേതരത്വം പുലമ്പലും അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. ഈ കാരണങ്ങൾ മൂലം ഒരു വോട്ടറിന്റെ വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചിന്താ ശക്തികൾക്കും മാറ്റം വരുത്തിയേക്കാം. ജനങ്ങളുടെ ചിന്തകൾ ഒരു യുവ നേതാവായ രാഹുൽ ഗാന്ധിക്ക് അനുകൂലമായും തിരിഞ്ഞേക്കാം. 

മേൽപ്പറഞ്ഞ കാരണങ്ങൾ ഒരു പ്രധാനമന്ത്രിയെ നിശ്ചയിക്കാൻ മതിയോയെന്നും വ്യക്തമല്ല. ജനങ്ങൾ തീരുമാനിച്ചാൽ ഏതു വിദ്യാഭ്യാസമില്ലാത്തവനും മന്ത്രിയോ പ്രധാനമന്ത്രിയോ ആകാവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. അങ്ങനെയുള്ള നാട്ടിൽ എന്തുകൊണ്ട് രാഹുലിനും പ്രധാനമന്ത്രിയായിക്കൂടാ? കാരണം, നരേന്ദ്രമോദി കഴിഞ്ഞാൽ ഇന്ത്യൻ പ്രധാനമന്ത്രി ആരെന്നുള്ള ചോദ്യത്തിനുത്തരം രാഹുൽ ഗാന്ധി തന്നെയാണ്. ജനാധിപത്യ സംവിധാനമുള്ള ഒരു രാജ്യമെന്ന നിലയിൽ തീർച്ചയായും രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ അർഹതയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയ പ്രവചനങ്ങൾക്കും മീതെ 2019-ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എന്തും സംഭവിക്കാം. രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് പുത്തനായ മാറ്റങ്ങളും ഉണ്ടാകാം.

എങ്കിലും രാഹുലിനു പോലും 2019-ലെ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിൽ പ്രതീക്ഷയുണ്ടായിരിക്കില്ല. കാരണം, ഇന്നത്തെ രാഷ്ട്രീയ നീക്കങ്ങളെ അവലോകനം ചെയ്യുകയാണെങ്കിൽ രാഹുലിന്റെ അങ്ങനെയൊരു സ്വപ്നം നിരർത്ഥകമാകാനേ സാധ്യതയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ ബിജെപി യെയും മോദിയെയും വെല്ലാൻ ലോകസഭയിലും രാജ്യസഭയിലും ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലെന്നുള്ളതാണ് വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതിപക്ഷ യോഗ്യതപോലും ലഭിച്ചില്ല.

രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോയെന്നല്ല ചോദ്യം. രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോയെന്നാണ് ചിന്തനീയമായിട്ടുള്ളത്. പ്രവചനങ്ങൾ അനുസരിച്ച്, 2019 -ൽ രാഹുൽ പ്രധാനമന്ത്രിയാകാൻ സാധ്യതയില്ല. കാരണം, എല്ലാ സർവ്വേകളിലും  കണക്കുകൂട്ടലുകളിലും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്നാണ്. ആ സ്ഥിതിക്ക് രാഹുൽ പ്രധാനമന്ത്രി മത്സരത്തിൽ മിക്കവാറും വേദിക്ക് പുറത്തായിരിക്കും. രണ്ടാമത്തെ കാര്യം, അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ യൂ.പി.എ. കഷ്ടിച്ച് തൂക്കു മന്ത്രിസഭയ്ക്ക് യോഗ്യമായെങ്കിൽ, ആടുന്ന ഒരു പാർലമെന്റ് രൂപീകരിക്കുന്നുവെങ്കിൽ, മറ്റുള്ള പാർട്ടികളുടെ പിന്തുണയും ലഭിക്കുന്നുവെങ്കിൽ, പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സാധ്യത വളരെ കുറവായിരിക്കും. കോൺഗ്രസൊഴികെ മറ്റുള്ള പാർട്ടികൾ രാഹുലിനെ അംഗീകരിക്കാൻ തയാറാവുകയില്ല. അങ്ങനെ കോൺഗ്രസിന് മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയായി നിർദ്ദേശിക്കുകയോ അല്ലെങ്കിൽ മറ്റു പാർട്ടികളിലുളള നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയോ ചെയ്യാം. രാഹുൽ ഗാന്ധിയ്ക്ക് അവിടെ സാധ്യത കുറവായും കാണുന്നു

കോൺഗ്രസ് നേരീയ ഭൂരിപക്ഷത്തിൽ വിജയിക്കുകയാണെങ്കിലും സ്വന്തം പാർട്ടിതന്നെ നെഹ്‌റു കുടുംബങ്ങളുടെ പരമ്പരാഗത ഭരണത്തെ  എതിർക്കും. കഴിഞ്ഞകാല ചരിത്രംപോലെ നേതൃത്വത്തിനുള്ള വടംവലി കൂടുകയും ചെയ്യും. അത്തരണത്തിൽ ഒരു പാവ പ്രധാനമന്ത്രിയെ പ്രതിഷ്ഠിച്ച് തീരുമാനങ്ങൾ എടുക്കുന്ന നേതാവായി രാഹുൽ പിന്നിൽ നിന്നും ഭരിക്കാനുള്ള സാധ്യതകളുണ്ട്. സോണിയായുടെയും മൻമോഹന്റെയും മാതൃകയിൽ ഭരണം തുടരുകയും ചെയ്യും. അങ്ങനെ തീരുമാനങ്ങളെടുക്കുന്ന ഒരാളായി രാഹുലിന് രാഷ്ട്രീയ നേതൃത്വത്തിൽ തുടരാനും സാധിക്കും. പാർട്ടി പ്രസിഡന്റെന്ന നിലയിൽ പ്രധാനമന്ത്രിയെക്കാൾ അധികാരം ആസ്വദിക്കുകയും ചെയ്യാം. മൻമോഹൻ സിങ്ങിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം കുറച്ചുകൂടി ഭംഗിയായി പ്രധാനമന്ത്രി പദം അലങ്കരിക്കുമായിരുന്നു. കോൺഗ്രസിന് 'മാമ്മാ' പറയുന്നതുപോലെ അനുസരിക്കുന്ന ചെറുക്കനെ പ്രധാനമന്ത്രിയാക്കണമെന്നാണ് മോഹം. അല്ലെങ്കിൽ ഗാന്ധി കുടുംബമായി ബന്ധമില്ലാത്ത മൻമോഹൻ സിംഗിനെപ്പോലെ ശുദ്ധനായ ഒരു മനുഷ്യനെ പ്രധാനമന്ത്രിയായി കണ്ടെത്തണം. 

ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ഇന്ന് ഭരിക്കുന്നില്ല. അതിനാൽ ഇന്ത്യ മുഴുവനായ ജനകീയ വോട്ടുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് നേടുക എളുപ്പമല്ല. അനേകം നേതാക്കന്മാർക്കു കോൺഗ്രസിനോടുള്ള വിശ്വാസം കുറഞ്ഞതു കാരണം പാർട്ടി വിടുകയും ചെയ്യുന്നു. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽക്കൂടി പാർട്ടിയുടെ ഇമേജ് വളർത്താമെന്നുള്ള പ്രതീക്ഷകൾ മാത്രമാണ് കോൺഗ്രസ്സ് പാർട്ടിക്കുള്ളത്. പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഡീമോണിറ്റേഷനുശേഷവും രാജ്യം മുഴുവൻ ബി.ജെ.പി.യ്‌ക്കൊപ്പമെന്നുള്ളതും ഒരു വസ്തുതയാണ്.  

കോൺഗ്രസ്സ് പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിൽ താൽപ്പര്യമില്ല. ഇന്ത്യയിലെ യുവജനങ്ങൾ കൂടുതലും മോദിയ്‌ക്കൊപ്പമാണ്. എന്തെങ്കിലും അഴിമതിയാരോപണങ്ങളിൽപ്പെട്ടു മോദി പുറത്തുപോയാൽ മാത്രമേ രാഹുലിന് പ്രധാനമന്ത്രിയെന്ന പദം മോഹിക്കാൻ സാധിക്കുള്ളൂ. കോൺഗ്രസ്സിൽ സമർത്ഥരായ നേതാക്കന്മാർ ഉണ്ടായിട്ടും സോണിയ തന്റെ മകനെ പാർട്ടിയുടെ ഉന്നത തലത്തിൽ പ്രതിഷ്ടിക്കാനാണ് ആഗ്രഹിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പി. ഭരണകാര്യങ്ങളിൽ അത്യധികം പ്രയാസമേറിയ കാലഘട്ടത്തിൽക്കൂടിയായിരുന്നു കടന്നു പോയത്. 2019-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി മുമ്പിൽ നിറുത്തുകയാണെങ്കിലും മൂന്നാം മുന്നണി കോൺഗ്രസിനേക്കാളും ശക്തമായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്. 

രാഹുലിന്റെ ജീവിതശൈലികൾ അദ്ദേഹത്തിൻറെ പിതാവിന്റെയോ മുത്തശ്ശിയുടെയോ രീതികളിൽനിന്നും വ്യത്യസ്തമാണ്. വല്യ മുത്തച്ഛനെപ്പോലെ ആശയനിരീക്ഷണങ്ങളും രാഹുലിൽ പ്രകടമായി കാണുന്നില്ല. ലോകം മുഴുവൻ കറങ്ങി സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. കണ്ടാൽ സുന്ദരൻ, വിവാഹം കഴിച്ചിട്ടില്ലെങ്കിലും സ്ത്രീ സുഹൃത്തുക്കൾ ധാരാളമായുണ്ട്. ഉന്നത കുടുംബ പാരമ്പര്യം, ഒരു രാഷ്ട്രീയ കുടുംബത്തിൽ പിറന്നയാൾ എന്നിങ്ങനെയുള്ള നാനാവിധ യോഗ്യതകളുമുണ്ട്. ജീവിതത്തിൽ ഒരിക്കലും ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല. സാധാരണക്കാരായ മനുഷ്യർ കടന്നുപോവുന്ന കഷ്ടപ്പാടുകളും അറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെപ്പറ്റി ജീവിതവുമായി ഏറ്റുമുട്ടുന്ന സാമാന്യ ചിന്താഗതിയുള്ള ഒരു ഇന്ത്യൻ പൗരൻ എങ്ങനെ ചിന്തിക്കണം?

ഇന്ത്യയിൽ സാമ്പത്തികമായി മെച്ചപ്പെട്ട ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത് തങ്ങളുടെ മക്കളെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണമെന്നല്ലാമാണ്. ഐ.എ.എസ് സ്വപ്നങ്ങളുമായി കഴിയുന്നവരുമുണ്ട്. മനുഷ്യന്റെ അഭിരുചിയനുസരിച്ച് മക്കൾ വളരാൻ മാതാപിതാക്കൾ അനുവദിക്കില്ല. ഗാന്ധി കുടുംബത്തിലെ സ്വപ്നം ഇന്ത്യൻ രാഷ്ട്രീയം അവരുടെ മക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നുള്ളതാണ്. രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്തവർ പ്രവർത്തിക്കുമ്പോൾ ഒരു മഹാജനത്തെ മുഴുവനായി ദുരിതത്തിലേക്ക് നയിക്കും. രാഹുലിനെ അദ്ദേഹത്തിൻറെ 'അമ്മ നിർബന്ധിച്ച് രാഷ്ട്രീയത്തിലിറക്കുകയായിരുന്നു. മകനിൽ ഒരു പ്രധാനമന്ത്രിയെന്ന സ്വപ്നവും ആ അമ്മയിലുണ്ട്. എന്നാൽ അദ്ദേഹം രാഷ്ട്രീയം ഒരു തൊഴിലായി എടുക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ നേതാവാകണമെന്നുള്ളതു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബലഹീനമായ ഒരു ചിന്തകൂടിയാണ്. 

ഇന്ത്യയിലെയും വിദേശത്തെയും പ്രസിദ്ധമായ യുണിവേഴ്സിറ്റികളിൽനിന്നുള്ള വിദ്യാഭ്യാസ യോഗ്യതകളും രാഹുൽ ഗാന്ധിയുടെ യോഗ്യതയായി കണക്കാക്കാം. രാഹുൽ ഗാന്ധിയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിലും ആഭ്യന്തര വകുപ്പുകളിലും വിദേശകാര്യങ്ങളിലും നല്ല പരിജ്ഞാനമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിൽ സ്വന്തം അമ്മയിൽനിന്നും പ്രചോദനവും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ട്രിനിറ്റി കോളേജിലും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടുണ്ട്. കെയ്ബ്രിഡ്ജിൽനിന്ന് അദ്ദേഹത്തിന് എംഫിൽ ഡിഗ്രിയുമുണ്ട്. രാഹുൽ ഗാന്ധി ലണ്ടനിൽ വലിയ ഒരു കോർപ്പറേഷനിൽ മാനേജിങ് ഗ്രുപ്പിലും ജോലിചെയ്തു. എന്നാൽ ഇന്ത്യയിലെ ശരിയായ രാഷ്ട്രീയവും അദ്ദേഹം പഠിക്കേണ്ടതായുണ്ട്. അനേക വർഷങ്ങളിലെ പ്രായോഗിക പരിജ്ഞാനമാണ്‌ ഒരാളെ രാഷ്ട്ര തന്ത്രജ്ഞനാകാൻ പ്രാപ്തനാക്കുന്നത്. രാഹുലിന് അത് ഇല്ലെന്നുള്ളതാണ് സത്യം. ഈ സാഹചര്യങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഇനിയും കാത്തിരിക്കുകയായിരിക്കും ഉചിതം. രാഷ്ട്രീയത്തിലെ സ്ഥിരമായ ഉത്സാഹവും കർമ്മോന്മുഖമായ പ്രവർത്തനങ്ങളും കാലം അദ്ദേഹത്തെ നല്ല നേതാവായി വാർത്തെടുക്കാൻ സഹായിക്കുകയും ചെയ്യും.

2019ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന സ്ഥിതിവിശേഷത്തെപ്പറ്റി ഒന്ന് ചിന്തിക്കുക! അങ്ങനെയെങ്കിൽ ഇന്ത്യ മുഴുവനായുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരിക്കണം. ജനങ്ങളുടെ മനസ് പിടിച്ചെടുക്കാൻ കഴിവുള്ള പ്രസംഗ പാടവവും ഉണ്ടായിരിക്കണം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം പ്രാഗത്ഭ്യം ഒന്നും തന്നെ അദ്ദേഹം നേടിയിട്ടില്ല. ആരോപണങ്ങൾ മാത്രം ഉന്നയിക്കാതെ സർക്കാരിന്റെ പോരായ്മകൾ തെളിവു സഹിതം നിരത്താൻ രാഹുലിനും രാഹുലിന്റെ പാർട്ടിക്കും കഴിവുണ്ടാകണം. തീർച്ചയായും ഇന്നത്തെ സർക്കാരിന് തെറ്റുകൾ ധാരാളം ഉണ്ട്. പക്ഷെ ആ തെറ്റുകളെ പരിഹരിക്കാൻ രാഹുൽ പ്രാപ്തനുമല്ല. എന്തെല്ലാമാണ് തെറ്റുകളെന്നു ചൂണ്ടി കാണിക്കാനുള്ള കഴിവുകളും അദ്ദേഹത്തിനില്ല. 

2014-ൽ കോൺഗ്രസ് പാർട്ടി ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. ഭൂരിഭാഗം സ്റ്റേറ്റുകളിലെ അസംബ്ളി മണ്ഡലങ്ങളും കോൺഗ്രസിന് നഷ്ടപ്പെട്ടു. കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ നെഹ്‌റു തലമുറകൾ നിലനിർത്താൻവേണ്ടി രാഹുലിനെ അവരുടെ നേതാവായി നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒട്ടും താൽപ്പര്യമില്ലാത്ത വ്യക്തിയെന്നത് മറുവശത്തെ കഥയും. അദ്ദേഹത്തിൻറെ അമ്മയുടെ പിന്തുണയില്ലാതെ പാർട്ടിയുടെ അണികളുടെ മുഴുവനായുള്ള നിയന്ത്രണം പിടിച്ചെടുക്കാൻ സാധിക്കില്ല. 2014-ലെ കോൺഗ്രസ്സ് പരാജയശേഷം പ്രാദേശിക പാർട്ടികളുടെ ശക്തിയും വർദ്ധിച്ചു. ഇന്ന് ബി.ജെ.പി ശക്തമായ നേതൃത്വത്തിന്റെ കീഴിൽ തല ഉയർത്തി നിൽക്കുന്ന സ്ഥിതിക്ക് ആ പാർട്ടിയെ നേരിടാൻ രാഹുൽ കരുത്താർജിച്ചിട്ടില്ല. 

ഇന്ത്യയെ സംബന്ധിച്ച് നരേന്ദര മോദി ഇന്ന് ഒരു ജനതയുടെ മതിപ്പുള്ള നേതാവായി അറിയപ്പെടുന്നു. സർക്കാരിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളും അദ്ദേഹത്തിൻറെ കീഴിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പി യിൽ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്ത നേതാവായി അദ്ദേഹം വളർന്നു കഴിഞ്ഞു. മോദി ഒരു കഠിനാധ്വാനിയാണ്. വളരെയധികം കാര്യപ്രാപ്തിയുള്ള ആളും തീരുമാനങ്ങൾ അനുചിതമായി എടുക്കാൻ കഴിവുള്ള ഒരു വ്യക്തി പ്രഭാവവുമാണ്. നല്ല ഒരു പ്രാസംഗികനു പുറമെ നേതൃപാടവവും മോദിയിൽ പ്രകടമാണ്. മോദി, രാഷ്ട്രീയത്തിൽ ചേർന്നത് അർപ്പണ ബോധത്തോടെ രാജ്യത്തെ സേവിക്കാനാണ്. ഭരണകാര്യങ്ങളിൽ വിവേകവും ജ്ഞാനവുമുണ്ട്. രാഷ്ട്രീയ അവബോധവും മോദിയിൽ കുടികൊള്ളുന്നു. ഇന്ത്യയിലെ വെറും സാധാരണക്കാരനായ മനുഷ്യനായിട്ടാണ് അദ്ദേഹം വളർന്നത്. നർമ്മ ബോധമുള്ള വ്യക്തിയുമാണ്. മോദിയ്ക്ക് ഇന്ത്യൻ പൗരത്വം മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ ശമ്പളമല്ലാതെ അദ്ദേഹത്തിന് മറ്റൊരു സമ്പാദ്യവുമില്ല. നാളിതുവരെയായി ഒരു അഴിമതിയാരോപണങ്ങളിലും അകപ്പെട്ടിട്ടുമില്ല. മോദിയുടെ സംഘിടിതമായ രാഷ്ട്രീയ ടീമിനെ നേരിടുക അത്ര എളുപ്പമല്ല. അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ഒരു വ്യക്തിത്വം രാഹുൽ ഗാന്ധി നാളിതുവരെ നേടിയിട്ടില്ല.

രാഹുൽ ഗാന്ധിയെ സംബന്ധിച്ച് അദ്ദേഹം ഇത്രത്തോളം എത്തിയത് രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെന്ന നിലയിലുമാണ്. രാഹുൽ ഗാന്ധിക്ക് ധാരാളം വസ്തു വകകളും വ്യവസായങ്ങളും ഉണ്ട്. സ്വർണ്ണക്കരണ്ടിയിൽ ജനിച്ച പുത്രനായിരുന്നു രാഹുൽ ഗാന്ധി. പ്രധാന മന്ത്രിയാകാൻ രാഹുലിന് ആഗ്രഹമുണ്ടെങ്കിൽ ഇന്ന് അദ്ദേഹം നടത്തുന്ന വ്യക്തിപരമായ വിദേശ യാത്രകൾ ഒഴിവാക്കണം. അവധിക്കാലങ്ങൾ വിദേശരാജ്യങ്ങളിൽ ആഹ്ലാദിക്കന്ന സമയങ്ങളിൽ ജനങ്ങളെ സേവിക്കാൻ തയ്യാറാകണം. ഭാരതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്ന കാലങ്ങളിൽ രാഹുൽ ഗാന്ധി അപ്രത്യക്ഷമാകുന്ന സാഹചര്യങ്ങളാണ് സാധാരണ കാണപ്പെടുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണാതെയുള്ള ഈ ഒളിച്ചോട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിക്ക് നന്നല്ല. ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. 

രാഹുൽ ഗാന്ധി ഇന്ത്യയുടെ പുരോഗമനം എങ്ങനെ വേണമെന്ന നിർദേശങ്ങൾ ജനങ്ങളുടെ മുമ്പിൽ അർപ്പിക്കാൻ തയ്യാറാകണം. അധികാരത്തിനുവേണ്ടി ഭരണകക്ഷി എത്ര നല്ല കാര്യങ്ങൾ ചെയ്താലും ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായ നിർദ്ദേശങ്ങൾ നൽകുകയാണ് വേണ്ടത്. അദ്ദേഹം ഭരണാധികാരികളുടെ കുടുംബത്തിൽനിന്നു വന്നുവെങ്കിലും സ്വന്തം രാജപരമ്പരയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. ലാലു പ്രസാദിനെപ്പോലെ അഴിമതി പിടിച്ച നേതാക്കന്മാരുമായുള്ള കൂട്ടുകെട്ടു രാഹുലും കോൺഗ്രസ്സും അവസാനിപ്പിക്കേണ്ടതായുണ്ട്. ഇത് അദ്ദേഹത്തിൻറെ പേര് ചീത്തയാക്കുകയും അക്കാരണത്താൽ ജനങ്ങൾ വോട്ടു ചെയ്യാതെയുമിരിക്കാം.

നമ്മൾ ചരിത്രപരമായി പുറകോട്ടു പോവുകയാണെങ്കിൽ 1984 മുതൽ ഇന്നുവരെ കോൺഗ്രസിലെ  പ്രധാനമന്ത്രിമാർ നാലുതവണകൾ രാജ്യം ഭരിച്ചിരുന്നതായി കാണാം. രാജീവ് ഗാന്ധിയും നരസിംഹ റാവുവും ഓരോ തവണകളും മൻമോഹൻ സിങ്ങു രണ്ടു പ്രാവശ്യവും പ്രധാനമന്ത്രിയായി. അതിൽനിന്നും മനസിലാക്കേണ്ടത് ഇന്ന് ബി.ജെ.പി. യ്ക്ക് വോട്ടു ചെയ്തവർ നല്ലൊരു ശതമാനം മുമ്പ് കോൺഗ്രസിന് വോട്ടു ചെയ്തവരെന്നാണ്. അതുകൊണ്ടു വോട്ടർമാരുടെ ചിന്താഗതിയും മാറ്റങ്ങളുമനുസരിച്ച് ഭരണം മാറി മാറി വരുന്നുവെന്നുള്ളതാണ്. അവസാനത്തെ വോട്ട് കാസ്റ്റ് ചെയ്യുന്നതുവരെ ആരു വിജയിക്കും ആര് തോൽക്കുമെന്ന് വ്യക്തമായി പ്രവചിക്കാൻ സാധിക്കില്ല. നല്ലൊരു ശതമാനം വോട്ടർമാർ ആർക്ക് വോട്ടു ചെയ്യണമെന്ന് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ചിന്തിക്കാറുള്ളത്. അതുകൊണ്ടു ഇന്നത്തെ നിലപാട് അനുസരിച്ച് 2019-ൽ ആരു ജയിക്കും അല്ലെങ്കിൽ ആരു തോൽക്കുമെന്ന് പ്രവചിക്കുന്നതും ശരിയാവണമെന്നില്ല. 


എൻ.ഡി.എ നയിച്ചിരുന്ന വാജ്‌പേയി സർക്കാർ ഇന്ത്യയുടെ ചരിത്രത്തിൽ നല്ലയൊരു ഭരണം കാഴ്ച്ച വെച്ചെങ്കിലും അദ്ദേഹത്തിൻറെ പാർട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് കോൺഗ്രസ്സ് സർക്കാർ 2004-ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അന്ന് എൻ ഡി എ സർക്കാരിന് 181 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയെ ന്യുക്‌ളീയർ സ്റ്റാറ്റസിൽ ഉയർത്തിയതും വാജ്പേയിയുടെ കാലഘട്ടത്തിലായിരുന്നു. ഇൻഷുറൻസ് മേഖലകളിലും ഐ.ടി വളർച്ചയിലും വാജ്‌പേയി സർക്കാർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കാർഗിൽ യുദ്ധത്തിൽ വിജയി ആവുകയും ചെയ്തു. എങ്കിലും തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാരിന് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തിൽ ബിജെപിയെ മാറ്റി നിർത്തി മറ്റൊരു പാർട്ടിക്ക് ഭരണം കൈമാറേണ്ട ആവശ്യമില്ല. എങ്കിലും ഭാരതത്തിൽ ശക്തമായ ഒരു സർക്കാർ വേണം. അതുപോലെ ഒപ്പം ബലവത്തായ ഒരു പ്രതിപക്ഷവും ആവശ്യമാണ്. എങ്കിൽ മാത്രമേ ജനാധിപത്യത്തിന്റെ ഫലം നമുക്ക് അനുഭവിക്കാൻ സാധിക്കുള്ളൂ. 

മഹാന്മാരുടെ പിന്തുടർച്ചക്കാരനായി വന്ന രാഹുൽ ഗാന്ധിയുടെ സ്ഥാന പദവിയിൽ ലോകം മുഴുവൻ അഭിവാദനങ്ങൾ അർപ്പിക്കുന്നുണ്ട്. വിപ്ലവ ചൈതന്യം പരമ്പരാഗതമായി ലഭിച്ച ഈ ചെറുപ്പക്കാരന്റെ യാത്ര സുവർണ്ണ താളുകളിൽ നാളത്തെ ഭാരതത്തിന്റെ ചരിത്രം മാറ്റിയെഴുതുമെന്നു വിചാരിക്കാം. 

Read more

ജറുസലേമിന്റെ ചരിത്ര പശ്ചാത്തലവും തർക്കങ്ങളും

'പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്' ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് വൈറ്റ്ഹൌസിൽനിന്നും പ്രഖ്യാപിച്ചപ്പോൾ അത് ഇസ്രായേലിന്റെ സ്ഥാപനശേഷമുള്ള ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡണ്ടിൽനിന്നും വന്ന ആദ്യത്തെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. 1948-ലാണ് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിതമായത്.  എംബസ്സി മാറ്റാനുള്ള അമേരിക്കയുടെ പുതിയ നയം ഇസ്രായേൽ പ്രധാനമന്ത്രി 'ബെഞ്ചമിൻ നേതൻ യാഹുവിനേയും' പാലസ്തീനിയൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഉടൻതന്നെ അറിയിക്കുകയും ചെയ്തു. ഇത് മിഡിൽ ഈസ്റ്റ് മേഖലയിൽ അസമാധാനം സൃഷ്ടിക്കുമെന്ന് അറബ് നേതാക്കൾ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. സൗദി ആറേബ്യയായിലെ സൽമാൻ രാജാവ് ലോകം മുഴുവനുമുള്ള മുസ്ലിമുകളിൽ അമേരിക്കയുടെ തീരുമാനം പ്രകോപനം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാലസ്തീനും ഇസ്രായേലുമായുള്ള തർക്ക പ്രദേശങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ആരുടേയും പക്ഷം ചേരില്ലെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. യഹൂദരുടെയും മുസ്ലിമുകളുടെയും വിശുദ്ധ സ്ഥലങ്ങളിലോ ആഭ്യന്തര കാര്യങ്ങളിലോ  കൈകടത്തുകയില്ലെന്നും  പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ഈ വിളംബരം മതപരവും രാഷ്ട്രീയ ഉദ്ദേശ്യവും കുത്തക മുതലാളിത്വം പരിപാലിക്കുന്നതിനുമാണെന്ന് വിമർശനങ്ങളുണ്ട്.

രണ്ടായിരം വർഷങ്ങളോളം യഹൂദന്മാർ സ്വന്തം നാടില്ലാതെ അലയുകയായിരുന്നു. സങ്കീർത്തനം അദ്ധ്യായം 137-(5-6) വാക്യങ്ങളിൽ പറയുന്നു, "യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ" ജെറുസലേമിനെ ഷാലോം എന്നും വിളിക്കാറുണ്ട്. സമാധാനമെന്നാണ് അതിന്റെ അർത്ഥം. 1948-ൽ ഇസ്രായേൽ ഉണ്ടായപ്പോൾ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന് ഓരോ യഹൂദനും ചിന്തിച്ചിരുന്നു. രാഷ്ട്രീയ താൽപ്പര്യത്തിന് ഇസ്രായിലിനെ വിഭജിച്ചാൽ ഭീകരത സൃഷ്ടിക്കുമെന്ന്  അറിയാമായിരുന്നു. മതപരമായി പൊതുവായ ചില പങ്കുവെക്കൽ സ്വീകാര്യവുമായിരുന്നു.

മുസ്ലിമുകളും യഹൂദരും ജെറുസലേമിനുവേണ്ടിയുള്ള വികാരഭരിതമായ അവകാശ വാദങ്ങളുടെ കാരണങ്ങൾ അറിയണമെങ്കിൽ ആ പട്ടണത്തിന്റെ പൗരാണിക ചരിത്രം മുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ജറുസലേമിൽ മനുഷ്യ വാസം തുടങ്ങിയത് ബി.സി.3500 മുതലെന്നു അനുമാനിക്കുന്നു. ബി.സി.1000-ത്തിൽ ദാവീദ് രാജാവ് ജെറുസലേമിനെ ആക്രമിച്ചു കീഴടക്കുകയും അവിടെ രാജ്യം സ്ഥാപിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് നാൽപ്പതു വർഷത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ സോളമൻ രാജാവ് ആദ്യത്തെ വിശുദ്ധ ദേവാലയം പണിതുയർത്തി. ബി.സി. 586-ൽ ബാബിലോൺകാർ ജെറുസലേം കീഴടക്കി അവിടെയുണ്ടായിരുന്ന ദേവാലയം തകർത്തു. ജെറുസലേമിലുണ്ടായിരുന്ന യഹൂദന്മാരെ ഒന്നാകെ അവിടെനിന്ന് പുറത്താക്കി. അമ്പതു വർഷത്തിനുശേഷം ജെറുസലേം പേർഷ്യൻ അധീനതയിലായി.  പേർഷ്യൻ രാജാവായ 'സൈറസ്' യഹൂദരെ ജെറുസലേമിലേക്ക് മടക്കി വിളിക്കുകയും നശിക്കപ്പെട്ട ദേവാലയം പുതുക്കി പണിയാൻ അനുവദിക്കുകയും ചെയ്തു. ബി.സി. 332-ൽ അലക്‌സാണ്ടർ ചക്രവർത്തി ജെറുസലേമിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകളിൽ ജെറുസലേമിനെ അനേകം വംശജർ ആക്രമിക്കുകയും അവിടെ ഭരണം നടത്തുകയും ചെയ്തു. അക്കൂടെ റോമ്മാക്കാരും പേർഷ്യക്കാരും, അറബികളും ഈജിപ്തുകാരും ടർക്കികളും ഉൾപ്പെടുന്നു.

മതപരമായ വിശ്വാസങ്ങളും ജെറുസലേമിന്റെ ചരിത്രത്തോടായി ബന്ധപ്പെട്ടിട്ടുണ്ട്. ബി.സി. 37-ൽ   ഹെരോദ് ചക്രവർത്തി ജറുസലേമിൽ രണ്ടാമതും ദേവാലയം പുതുക്കി പണിതു. അതിനു ചുറ്റും മതിലുകളും തീർത്തു. എ.ഡി 30-ൽ യേശുവിന്റെ കുരിശുമരണം ജറുസലേമിൽ സംഭവിച്ചെന്നു  വിശ്വസിക്കുന്നു. എ.ഡി. 70-ൽ റോമാക്കാർ രണ്ടാമത്തെ ദേവാലയവും നശിപ്പിച്ചു. എ.ഡി.632-ൽ പ്രവാചകൻ മുഹമ്മദ് മരിച്ചു. ജെറുസലേമിൽ നിന്നാണ് പ്രവാചകൻ സ്വർഗാരോഹണം ചെയ്തതെന്നു  വിശ്വസിക്കുന്നു. ആദ്യനൂറ്റാണ്ടിൽ തന്നെ ക്രിസ്ത്യാനികൾ അവിടെ തീർത്ഥാടനം തുടങ്ങിയിരുന്നു. എ.ഡി. 1099 മുതൽ1187 വരെ കുരിശു യുദ്ധക്കാരായ ക്രിസ്ത്യാനികൾ ജെറുസലേമിനെ അധീനമാക്കിക്കൊണ്ടു   ഭരിച്ചിരുന്നു. 'ഓട്ടോമൻ രാജവംശത്തിലെ ചക്രവർത്തിമാരുടെ കാലത്ത് ജെറുസലേമിനെ മതപരമായ ചരിത്ര പ്രാധാന്യം നൽകുന്ന പട്ടണമായി പ്രഖ്യാപിച്ചു.

എ.ഡി. 1516 മുതൽ എ.ഡി.1917 വരെ ജറുസലേമും മിഡിൽ ഈസ്റ്റിലുള്ള മറ്റു ഭൂരിഭാഗം രാജ്യങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധ ശേഷം ജെറുസലേം ബ്രിട്ടന്റെ കൈവശമായി.  ജനറൽ 'അല്ലെൻബിയുടെ' നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം 1917-ൽ ജെറുസലേം പിടിച്ചെടുത്തു. 1948 വരെ ഇസ്രയേലും പാലസ്തീനും ബ്രിട്ടന്റെ ഭരണത്തിൻകീഴിലായിരുന്നു.1948-ൽ ഇസ്രായേൽ സ്വതന്ത്രമാകുന്ന വരെ ഇസ്രായേലും സമീപ പ്രദേശങ്ങളും ബ്രിട്ടൻ നിയന്ത്രിച്ചിരുന്നു. ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യത്തെ ഇരുപതു വർഷം ജറുസലേമിനെ രണ്ടായി വിഭജിച്ചിരുന്നു. പടിഞ്ഞാറേ ജെറുസലേം ഇസ്രായേലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോർദാന്റെ നിയന്ത്രണത്തിലുമായിരുന്നു. 1967-ൽ ആറു ദിവസ യുദ്ധത്തിൽ ഇസ്രായേൽ ജെറുസലേം മുഴുവനായും പിടിച്ചെടുത്തു.

ജറുസലേമിൽ ഏകദേശം മുപ്പതു ഏക്കർ കോമ്പൗണ്ടിൽ 'ടെമ്പിൾ മൗണ്ടെ'നെന്ന പേരിൽ ഒരു ദേവാലയം സ്ഥിതി ചെയ്യുന്നു. വെസ്റ്റേൺ വാൾ, ഡോം ഓഫ് റോക്ക്, അൽ അഖ്‌സ മോസ്‌ക്ക് എന്നീ മത വിഹാരങ്ങളെല്ലാം ഈ കോമ്പൗണ്ടിനുള്ളിലാണ്. യഹൂദ ഗ്രന്ഥങ്ങളിലെ ആദിപിതാവായ എബ്രാഹമിന്റെ മകനായ ഇസഹാക്കിനെ ബലിയർപ്പിക്കാനായി യഹോവായ്ക്ക് സമർപ്പിച്ചതും ഈ പ്രദേശങ്ങളിലെന്നു വിശ്വസിക്കുന്നു. അതുമൂലം അവിടം  എബ്രാഹാമിക്ക്‌ മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളായി ആചരിക്കുന്നു. യഹൂദരുടെ പ്രവാചകരിൽ കൂടുതൽ പേരും അവരുടെ ഗുരുക്കളും പുരോഹിതരും ഈ പ്രദേശങ്ങളിൽ വസിച്ചിരുന്നു. 'ടെമ്പിൾ മൌണ്ട്', സൗദി അറേബ്യയായിലെ മെക്കായ്ക്കും മെഡീനായ്ക്കും ശേഷം ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായി ഗണിക്കുന്നു. പ്രവാചകന്റെ സ്വർഗാരോഹണം ബന്ധപ്പെടുത്തിയാണ് മുസ്ലിമുകൾ ഇവിടം പുണ്യ നഗരമായി കരുതുന്നത്. ക്രിസ്ത്യാനികൾക്കും ജെറുസലേം പുണ്യ സ്ഥലമാണ്. പുതിയ നിയമം അനുസരിച്ചു യേശു ഈ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എബ്രാഹാമിക്ക് മതങ്ങളുടെയെല്ലാം പവിത്രമായ പ്രദേശങ്ങളായതുകൊണ്ടു ടെമ്പിൾ മൗണ്ടിനുവേണ്ടി യഹൂദ-മുസ്ലിം തർക്കങ്ങൾ തുടരുന്നു. ഇന്ന് മുസ്ലിമുകൾക്കും അവിടെ ആരാധനയ്ക്കായുള്ള സ്വാതന്ത്ര്യമുണ്ട്.

പാലസ്തീനും ഇസ്രായേലുമായി പൊരുത്തപ്പെട്ടു പോകാൻ ഇരു രാഷ്ട്രങ്ങളും കാലാകാലങ്ങളിൽ ഒത്തുതീർപ്പുകൾക്ക് ശ്രമിച്ചിട്ടുണ്ട്. ആഗോള നിയമങ്ങളെ ധിക്കരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുണൈറ്റഡ് നാഷൻസ് തീർപ്പു കൽപ്പിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾ ലോകത്തിലെ കുത്തക വ്യവസായികളായ രാജ്യങ്ങൾ ലംഘിക്കുന്ന സ്ഥിതി വിശേഷമാണ് നാമിന്ന് കാണുന്നത്. ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം ആഗോള സമാധാന നിയമങ്ങളെ യാതൊരു സങ്കോചവുമില്ലാതെ ലംഘിക്കുന്നു. അത്തരം ചരിത്രം എന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ട്രംപിന് വ്യക്തിപരമായി ഇസ്രായേൽ വ്യവസായ സാമ്രാജ്യത്തിൽ പങ്കുണ്ടെന്നു പ്രമുഖ ചാനലുകളിൽ വാർത്തകൾ പുറപ്പെടുവിക്കുന്നത് കേൾക്കാം. അതുകൊണ്ടാണ് ഇസ്രായിലിന്റെ താല്പര്യത്തിനായി അദ്ദേഹം തന്റെ നയങ്ങൾ രൂപീകരിച്ചിരിക്കുന്നതും ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും വിശ്വസിക്കുന്നു. അമേരിക്കയിൽ ഇസ്രായിലികളുടെ താൽപ്പര്യങ്ങളും നയങ്ങളും  രൂപീകരിക്കുന്നതിനുള്ള യഹൂദരുടെ ലോബി വളരെ ശക്തമാണ്. ജെറുസലേം പ്രശ്നത്തിൽ ട്രംപ് ഇസ്രായേലിനെ പൂർണ്ണമായും പിന്താങ്ങുകയും ചെയ്യുന്നു.

ജെറുസലേമിന്റെ ചരിത്ര പശ്ചാത്തലവും ഈ സാഹചര്യങ്ങളിൽ കണക്കാക്കണം. ജെറുസലേമിനെ വിഭജിക്കാതെ ആഗോള പട്ടണമാക്കാൻ യുണൈറ്റഡ് നാഷൻസ് പദ്ധതിയിട്ടത് 1947-ലാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇസ്രായിലിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധത്തിൽ പട്ടണത്തെ രണ്ടായി വിഭജിക്കുകയാണുണ്ടായത്. യുദ്ധം 1949 ൽ അവസാനിച്ചപ്പോൾ പടിഞ്ഞാറേ പകുതി ജെറുസലേം ഇസ്രായിലിന്റെ നിയന്ത്രണത്തിലും കിഴക്കേ ജെറുസലേം ജോർദാന്റെ നിയന്ത്രണത്തിലൂമായി. ചരിത്ര പ്രധാനമായ വിശുദ്ധ സ്ഥലങ്ങളുൾപ്പെട്ടിരുന്ന പഴയ ജെറുസലേം ജോർദാന്റെ ഭാഗമായും മാറിയിരുന്നു.

ജെറുസലേമിന്റെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്നുവെങ്കിലും ഈ പട്ടണം ചരിത്രപരമായ പ്രാധാന്യമുള്ളതും മത കേന്ദ്രവും രാഷ്ട്രീയ സ്വാധീനവുമുള്ള സ്ഥിതിക്ക് പട്ടണത്തിന്റെ നിയന്ത്രണം യഹൂദരും മുസ്ലിമുകളും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.യഹൂദരെ സംബന്ധിച്ചു ജെറുസലേമെന്നത് വെറും ഭൗതികമായ നഗരം മാത്രമല്ല, അവിടം ഭൗതികാനുഭവ സീമകൾക്ക് അതീതമായ ആത്മീയ അവസ്ഥകൾ സൃഷ്ടിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. യഹൂദരുടെ ആദ്യപിതാവായ എബ്രാഹം ജെറുസലേമിൽ ബി.സി. 1800-ൽ ജീവിച്ചെന്നും അദ്ദേഹത്തിൻറെ മകൻ ഇസഹാക്കിനെ ബലികഴിക്കാൻ യഹോവാ ആജ്ഞാപിച്ചതു ഈ സ്ഥലത്തുനിന്നുമാണെന്നും യഹൂദ പാരമ്പര്യം പുലമ്പുന്നു. ബലി നടത്താൻ തീരുമാനിച്ച അതേ സംഭവസ്ഥലത്തുനിന്നു ജെറുസലേം പണികഴിപ്പിച്ചെന്നു ഐതിഹ്യവുമുണ്ട്.

1980-ൽ ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി വിളംബരം ചെയ്തു. എന്നാൽ ലോക രാജ്യങ്ങൾ ആരും ഇസ്രയേലിന്റെ ഈ തീരുമാനത്തെ അംഗീകരിച്ചില്ല. 2017 മെയ്മാസം പാലസ്തീനിലെ 'ഹമാസ് ഗ്രുപ്പ്' ജെറുസലേമിനെ തലസ്ഥാനമാക്കിക്കൊണ്ടു ഒരു ഡോകുമെന്റ് തയ്യാറാക്കി. ഇസ്രായേൽ സർക്കാർ അവരുടെ തീരുമാനങ്ങളെ നിരസിക്കുകയും ചെയ്തു. ഇന്ന് ജെറുസലേമിലും പരിസരങ്ങളിലും  മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും നിറഞ്ഞിരിക്കുകയാണ്. പാലസ്തീന്റെയും ഇസ്രായേലിന്റെയും പട്ടാളം നേർക്കുനേരെ യുദ്ധഭീതിയിൽ നിലകൊള്ളുന്നു. ജെറുസലേമിനെ രണ്ടായി വീതിക്കാൻ ലോകത്തിലെ മിക്ക രാജ്യങ്ങളും ഉപദേശിക്കുന്നു. പക്ഷെ അങ്ങനെയുള്ള പദ്ധതികൾക്കു ലോകരാഷ്ട്രങ്ങളുടെയിടയിൽ, ഏകചിത്തമായ ഒരു അഭിപ്രായം സ്വരൂപിക്കാൻ സാധിക്കുന്നില്ല.

ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അതനുസരിച്ച് അമേരിക്കയുടെ എമ്പസ്സി ടെൽ അവീവിൽനിന്ന് ജെറുസലേമിലേക്ക് മാറ്റുവാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നല്കുകയുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ മറ്റു പല പ്രസിഡന്റുമാരെപ്പോലെ ഇസ്രായിലിന്റെ തലസ്ഥാനം ടെൽ അവീവിൽ നിന്ന് ജെറുസലേമിൽ മാറ്റുവാനുള്ള പിന്തുണ അമേരിക്ക നൽകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മുസ്ലിം രാജ്യങ്ങൾ അമേരിക്കയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ടർക്കീഷ്‌ പ്രസിഡന്റ് 'റിസെപ് തയ്യിപ് എർദോഗാൻ' ഇസ്രായിലിന് താക്കീതു കൊടുത്തു കഴിഞ്ഞു. അത്തരം നീക്കങ്ങൾ ടർക്കിയും ഇസ്രായേലും തമ്മിൽ നയതന്ത്രം വിച്ഛേദിക്കാൻ ഇടയാക്കുമെന്നും മുന്നറിയിപ്പു നൽകി.

മൂന്നു നാല് വർഷങ്ങൾകൊണ്ടു പടിപടിയായി മാത്രമേ എംബസ്സി ടെൽഅവീവിൽ നിന്നും ജറുസലേമിൽ മാറ്റപ്പെടുകയുള്ളുവെന്നും അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യൊഗസ്ഥർ പറഞ്ഞു. ഇതിൽനിന്നും ഈ തീരുമാനം പ്രസിഡണ്ടിന്റെ അടുത്ത തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ അജണ്ടായെന്നും വ്യക്തമാണ്. എംബസ്സി ജെറുസലേമിൽ മാറ്റപ്പെടുന്നതിനായി സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള താൽക്കാലിക ആറുമാസത്തേക്കുള്ള മരവിപ്പിക്കലിൽ (സ്റ്റേ) പ്രസിഡന്റ് ഒപ്പിടും.  തുടർന്നുള്ള വർഷങ്ങളിലും എംബസി ജെറുസലേമിലേയ്ക്ക് മാറ്റുന്ന പ്രശ്‍നം നീട്ടികൊണ്ടു പോവാൻ സാധിക്കും. അതിനുള്ള സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഫണ്ടും തടയാനും സാധിക്കും.

പ്രസിഡന്റ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് ഇവാഞ്ചലിക്കൽ വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്നുള്ള ഭയത്താലാണെന്നും പറയുന്നു.  ഇവാഞ്ചലിക്കൽ സഭ, പ്രവചനങ്ങളിൽ വിശ്വസിക്കുന്നു. അവസാനകാലം ജെറുസലേം മുഴുവൻ യഹൂദരുടെ നിയന്ത്രണത്തിലാകുമെന്നും വിശ്വസിക്കുന്നു. സാംസ്ക്കാരിക പരമായി ജെറുസലേമിൽ മാറ്റങ്ങൾ ഉണ്ടാവുകയും യഹൂദർ ഒന്നുകിൽ ക്രിസ്ത്യാനികൾ ആവുമെന്നും അല്ലെങ്കിൽ ദൈവത്തിന്റെ ശാപത്തിൽ അവരെല്ലാം നശിച്ചു പോവുമെന്നും പ്രവചനമുണ്ട്. ഇവാഞ്ചലിക്കൽ കാരുടെ പ്രാർത്ഥനയിലും ട്രംപിനെ അവരുടെ പ്രവാചക തുല്യനായിട്ടാണ് കരുതിയിരിക്കുന്നത്.

മില്യൻ  കണക്കിന് ഇവാഞ്ചലിക്കൽ സഭക്കാർ ട്രംപിന്റെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണ്. അമേരിക്കൻ എംബസി ജറുസലേമിൽ സ്ഥാപിക്കുമോയെന്നു അറിയാൻ അവർ കാത്തിരിക്കുന്നു. ഇവാഞ്ചലിക്കൽ സഭയ്ക്ക് അമേരിക്കയിൽ ഏകദേശം അറുപത് മില്യൻ അംഗങ്ങളുണ്ട്. വോട്ടു ബാങ്കിനെ സംബന്ധിച്ചിടത്തോളം ഈ സഭ നിർണ്ണായകമായ ഒരു പങ്കും വഹിക്കുന്നു. സഭയുടെ പാസ്റ്റർ ജോൺ ഹേഗ് പറഞ്ഞത് "എമ്പസ്സി ജെറുസലേമിൽ സ്ഥാപിക്കാൻ സാധിച്ചാൽ അത് ട്രംപിനെ ചരിത്രത്തിൽ അനശ്വരനാക്കുമെന്നാണ്. അതുമൂലം ട്രംപിന്റെ നാമം ആയിരം വർഷങ്ങൾ കഴിഞ്ഞാലും ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുമെന്നും" അദ്ദേഹം പറഞ്ഞു. "ട്രംപിന് ജെറുസലേമിനെ സംബന്ധിച്ചുള്ള സുപ്രധാനമായ ഈ തീരുമാനം നടപ്പാക്കാൻ കഴിയാത്ത പക്ഷം ചരിത്രപ്രസിദ്ധമായ ഒരു നയം നടപ്പാക്കാൻ കഴിയാതെപോയ പരാജയപ്പെട്ട പ്രസിഡണ്ടായും കരുതും."
ആഗോള തലത്തിലുള്ള രാജ്യങ്ങൾ ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചിട്ടില്ലായിരുന്നു. മറ്റുള്ള രാജ്യങ്ങളെപ്പോലെ അമേരിക്കയുടെയും എംബസ്സി ടെൽ അവീവിലായിരുന്നു സ്ഥാപിച്ചിരുന്നത്. ജെറുസലേമിലേക്ക് എംബസ്സി മാറ്റുന്ന വഴി അമേരിക്കയുടെ നയതന്ത്ര ബന്ധത്തിന് വലിയ ഇടിവ് തട്ടുമെന്നു നിരീക്ഷകർ കരുതുന്നു. ഇസ്രായേലും പാലസ്തീനുമെന്നുള്ള ഒരു മദ്ധ്യവർത്തിയെന്ന നിലയിൽ അമേരിക്കയെ ആരും വിശ്വസിക്കാതെയും വരാം. മിഡിൽ ഈസ്റ്റിൽ സമാധാനം സൃഷ്ടിക്കാനായി അമേരിക്ക പക്ഷാപാത നയം സ്വീകരിക്കുമെന്നും പാലസ്തീനും അറബിരാജ്യങ്ങളും കരുതാം. ജെറുസലേമിൽ ചരിത്രപരമായ കാര്യങ്ങളിൽ ചെറിയ മാറ്റം ഉണ്ടായാൽ തന്നെയും അത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

മുമ്പുണ്ടായിരുന്ന  ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പ്രസിഡണ്ടുമാർ എല്ലാവരും തന്നെ എമ്പസ്സി ജെറുസലേമിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചിന്തിച്ചിരുന്നവരായിരുന്നു. ടെൽ അവീവിൽ നിന്നും ജെറുസലേമിലേക്ക് എംബസ്സി മാറ്റാൻ മുൻ പ്രസിഡണ്ടുമാരായ ഒബാമയും ബിൽ ക്ലിന്റണും ബുഷും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. വൈറ്റ് ഹൌസിൽ എത്തുമ്പോൾ അവരുടെ ആശയങ്ങൾക്കും തീരുമാനങ്ങൾക്കും മാറ്റങ്ങളും വരുത്തിയിരുന്നു. 1995-ൽ ഇതു സംബന്ധിച്ച ബില്ല് കോൺഗ്രസ്സ് അംഗീകരിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 1999-ൽ എംബസ്സി മാറ്റണമെന്നായിരുന്നു തീരുമാനം. എന്നാൽ ജെറുസലേമിൽ എംബസ്സി മാറ്റുന്ന തീരുമാനം പ്രസിഡന്റ് ഒപ്പിടാതെ നീട്ടികൊണ്ടു പോവുകയായിരുന്നു. മുൻ പ്രസിഡന്റുമാരെല്ലാം തന്നെ മിഡിൽ ഈസ്റ്റിൽ അസമാധാനം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ല.  ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനാന്തരീക്ഷം അവിടെ അവസാനിക്കുമെന്നാണ് മുമ്പുള്ള പ്രസിഡന്റുമാർ ഭയപ്പെട്ടിരുന്നത്. 2008-ലെ തിരഞ്ഞെടുപ്പ് വേളയിലുള്ള ഒബാമയുടെ പ്രസ്താവനയും പ്രാധാന്യം അർഹിക്കുന്നു. ഇസ്രായിലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കണമെന്ന് ഒബാമ പറഞ്ഞു. എന്നാൽ ചർച്ചകളിൽക്കൂടി വേണമെന്നും അദ്ദേഹം കൂട്ടി ചേർത്തിരുന്നു.

ഇസ്രായേലിലെ നേതൃത്വം ഒഴികെ ലോകത്ത് മറ്റൊരു രാജ്യവും ട്രംപിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നില്ല. യുണൈറ്റഡ് നാഷനും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും  അറബ് രാജ്യങ്ങളും എംബസ്സി ജെറുസലേമിൽ മാറ്റുന്നതിനെ എതിർക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ വിദേശകാര്യമന്ത്രി സിഗ്മാർ ഗബ്രിയേൽ എന്നിവരും ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അതിർത്തി ഗ്രാമങ്ങൾ അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട ചുമതല ജനീവ ഉടമ്പടിയനുസരിച്ച് ഇസ്രായേലിനുള്ളതാണ്. അവിടെ പാലസ്തീൻകാരുടെ ടൗണുകളുമുണ്ട്. ഇസ്രായേൽ ആണ് അതിർത്തി പട്ടണങ്ങൾ പരിപാലിക്കുന്നതെങ്കിലും യാതൊരു നിയമവും അവിടെ പാലിക്കാറില്ല. മയക്കു മരുന്നുകൾ വളരെയധികം അതിർത്തി പ്രദേശങ്ങളിൽ പ്രചാരത്തിലുമുണ്ട്. ജനങ്ങളുടെ ആരോഗ്യവും ഗുരുതരമാണ്. മലിന പദാർത്ഥങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു. ഓടയിൽനിന്നും ഒഴുകുന്ന മലിന വസ്തുക്കൾ എവിടെയും തളം കെട്ടി നിൽക്കുന്നു. മലിന ജലം തുറസായ സ്ഥലത്തുകൂടി ഒഴുകുന്നമൂലം ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങളും സാധാരണമാണ്.

ജെറുസലേമിന്റെ ഇന്നത്തെ സ്ഥിതി വളരെയധികം പരിതാപകരമാണ്. ജെറുസലേം പട്ടണത്തിന്റെ പൂർണ്ണ നിയന്ത്രണവും പട്ടാളത്തിന്റെ അധീനതയിലാണ്. ഒരു സ്‌കൂളിലെ കുട്ടികൾ വീട്ടിൽ എത്തുമെന്ന ഉറപ്പുപോലുമില്ല. സംശയത്തിന്റെ പേരിൽ കുട്ടികളെ തല്ലുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. കൗമാരക്കാരെയാണ് അതിർത്തി പോലീസായി നിയമിച്ചിരിക്കുന്നത്. ക്രൂരമായ രീതിയിൽ അതിർത്തി പോലീസ് കുട്ടികളോട് പെരുമാറുന്ന വിഷയം യു എസ്‌ കോൺഗ്രസിലും ചർച്ചാ വിഷയമായിരുന്നു.

ജെറുസലേം പാലസ്തീൻകാരിൽനിന്നും ഇസ്രായേൽ കൈവശപ്പെടുത്തിയ ഒരു പട്ടണമാണ്. അവിടെ അമേരിക്ക എംബസ്സി പണിയുന്നതും നിയമാനുസൃതമല്ലാത്ത ഒരു പ്രദേശത്തുമാണ്. അതിന്റെ അർത്ഥം 1967-ൽ ഇസ്രായേൽ യുദ്ധത്തിൽക്കൂടി പാലസ്തീനിയിൽ നിന്നും അക്രമിച്ചെടുത്ത ഭൂപ്രദേശങ്ങളെ അമേരിക്ക അംഗീകരിച്ചുവെന്നാണ്. ഉദാഹരണമായി പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കാശ്മീരിൽ ചൈന എംബസ്സി പണിയുവാൻ തീരുമാനമെടുത്താൽ ഇന്ത്യയുടെ പ്രത്യാഘാതം എന്തായിരിക്കും? ഇത് അമേരിക്കയുടെ ഒരു രാഷ്ട്രീയ ചൂതുകളിയാണ്. ഇത്തരം അനേകം ചൂതുകളികൾ സംഭവിച്ചെങ്കിൽ മാത്രമേ ട്രംപിന് രണ്ടാം പ്രാവശ്യവും പ്രസിഡന്റ് പദവി ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ജീവൻ കളയാൻപോലും യഹൂദരും യാഥാസ്ഥിതിക ക്രിസ്ത്യാനികളും ട്രംപിനൊപ്പമുണ്ട്. മനുഷ്യന്റെ മതമെന്ന വിഡ്ഢിചിന്തകൾ ഇല്ലാതാക്കാൻ ശാസ്ത്രജ്ഞന്മാർ പുതിയ മരുന്നുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ലോകം നിലനിൽക്കാനും ലോകസമാധാനത്തിനും അങ്ങനെയൊരു മരുന്ന് ആവശ്യമാണ്.

Read more

രാമാനുജനും അനന്തതയും ഗണിത ശാസ്ത്ര നേട്ടങ്ങളും

ഭാരതം കണ്ടിട്ടുള്ളതിൽ വെച്ച് മഹാനായ ഒരു ശാസ്ത്രജ്ഞനും ഗണിതങ്ങളുടെ ലോകത്തിലെ അതുല്യപ്രഭയുമായിരുന്നു 'ശ്രീനിവാസ രാമാനുജം'. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. ഗണിത ശാസ്ത്രജ്ഞനായ അദ്ദേഹത്തിൻറെ കഥ തികച്ചും വൈകാരികത നിറഞ്ഞതായിരുന്നു. മരിക്കുമ്പോൾ 32 വയസു മാത്രമായിരുന്നു പ്രായം. ഹൃസ്വമായ ജീവിതത്തിനുള്ളിൽ ഒരു ശാസ്ത്രജ്ഞൻ, നേടാവുന്ന നേട്ടങ്ങൾ മുഴുവനും നേടിക്കഴിഞ്ഞിരുന്നു. വിശ്രമമില്ലാത്ത ജീവിതവും കഠിന പ്രയത്നവും ജന്മനായുള്ള കഴിവുകളും അദ്ദേഹത്തെ ലോക പ്രസിദ്ധനായ ഒരു ഗണിത ശാസ്ത്രജ്ഞനാക്കി. അദ്ദേഹം, ഗണിതങ്ങളുടെ കണക്കുകൂട്ടലുകളിൽ സഹപാഠികളെ വിസ്മയിപ്പിക്കുമായിരുന്നു. അക്കങ്ങളുടെ ലോകത്തിൽ അക്കങ്ങളെ വിഭജിക്കാനുള്ള അസാധാരണ കഴിവുകളുമുണ്ടായിരുന്നു. ഗണിത ശാസ്ത്രത്തിൽ അനേകമനേകം ഫോർമുലാകളും തീയറങ്ങളും കണ്ടുപിടിച്ച വഴി ലോകം അറിയുന്ന ഒന്നാം നിരയിലുള്ള ശാസ്ത്രജ്ഞനായി അറിയപ്പെട്ടിരുന്നു.

രാമാനുജം, തന്റെ ചുരുങ്ങിയ ജീവിത കാലത്തു തന്നെ ഗണിതശാസ്ത്ര മേഖലകളിൽ എത്താവുന്നടത്തോളം അറിവിന്റെ ഉയരങ്ങൾ കീഴടക്കിയിരുന്നു. ഔദ്യോഗികമായ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് അദ്ദേഹത്തിനു കിട്ടാതെ പോയ വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ പരിഹരിക്കുകയും ചെയ്തു. ദരിദ്രനായിരുന്ന അദ്ദേഹം സ്വന്തം ബുദ്ധി വൈഭവം കൊണ്ട് ശാസ്ത്ര ലോകത്തു തന്നെ ഒരു അത്ഭുത പ്രതിഭാസമായി മാറിയിരുന്നു. അദ്ദേഹത്തിൻറെ തലയിൽ കുരുത്ത  ആശയങ്ങളും ഗണിത വിജ്ഞാനങ്ങളും  ലോകമാകമാനമുള്ള വിജ്ഞാന തീക്ഷ്ണശാലികൾക്കു ഒരു മുതൽകൂട്ടായിരുന്നു. അദ്ദേഹം തുടങ്ങി വെച്ച  ഗണിത ശാസ്ത്രത്തിലെ കണ്ടെത്തലുകൾ തലമുറകളായി അന്നും ഇന്നും ശാസ്ത്ര ലോകത്തെ ആകർഷിച്ചുകൊണ്ടുമിരിക്കുന്നു. രാമാനുജനെ ഭാരതത്തിലെ 'ന്യുട്ടൺ' എന്നാണ് പാശ്ചാത്യ ലോകം വിളിക്കുന്നത്.

1887 ഡിസംബർ ഇരുപത്തിരണ്ടാം തിയതി 'രാമാനുജൻ ശ്രീനിവാസൻ' തമിഴ്നാട്ടിലുള്ള ഈറോഡിൽ ജനിച്ചു. ജനിച്ചത് അദ്ദേഹത്തിൻറെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു. അച്ഛൻ കെ.ശ്രീനിവാസ അയ്യങ്കാറും 'അമ്മ കോമള അമ്മാളും. സദഗോപൻ എന്ന ഒരു സഹോദരനുമുണ്ടായിരുന്നു. രാമാനുജന് ഒരുവയസുള്ളപ്പോൾ അദ്ദേഹത്തിൻറെ 'അമ്മ കുംഭകോണത്തു താമസമാക്കി. അവിടെ, ഒരു തുണിക്കടയിൽ അദ്ദേഹത്തിൻറെ പിതാവ് ഒരു ക്ലർക്കായി ജോലി ചെയ്യുന്നുണ്ടായിരുന്നു. 1889-ൽ വസൂരി രോഗം വന്നു പിതാവ് മരിച്ചു. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോൾ കുംഭകോണത്തുള്ള ഒരു പ്രൈമറി സ്‌കൂളിൽ പഠിക്കാനാരംഭിച്ചു. സ്‌കൂളിൽ പഠനവിഷയങ്ങളിൽ സാമാന്യം കഴിവ് പ്രകടിപ്പിച്ചിരുന്നു. അക്കാലങ്ങളിൽ എല്ലാ വിഷയങ്ങളിലും നല്ല മാർക്കുകളും നേടിയിരുന്നു. 1900-ൽ അദ്ദേഹം ഉയർന്ന ക്ലാസ്സുകളിൽ മാത്രം പഠിപ്പിച്ചിരുന്ന ജ്യോമട്രിയും അരിത്തമറ്റിക്കും സ്വയം പഠിക്കാനാരംഭിച്ചു.

രാമാനുജം ഹൈസ്‌കൂളിൽ പഠിച്ചിരുന്നത് സ്‌കോളർഷിപ്പ് സഹിതമായിരുന്നു. അദ്ദേഹത്തിന് പതിനഞ്ചു വയസുള്ളപ്പോൾ 'ജോർജ് ഷൂബ്രിഡ്ജ് കാർ' രചിച്ച 'സിനോപ്സിസ് ഓഫ് എലിമെന്ററി റിസൾട്സ് ഇൻ പ്യൂർ ആൻഡ് അപ്പ്ളൈഡ് മാത്തമാറ്റിക്സ് (Synopsis of Elementary Results in Pure and Applied Mathematics) എന്ന ഒരു ഗണിത പുസ്തകം ലഭിക്കാനിടയായി. ആയിരക്കണക്കിന് തെളിയിച്ചതും തെളിയിക്കപ്പെടാത്തതുമായ തീയറങ്ങൾ ആ ഗണിത ശാസ്ത്ര ഗ്രന്ഥത്തിലുണ്ടായിരുന്നു. 1860 നു ശേഷമുള്ള പുതിയ അറിവുകളൊന്നും കണക്കിനെ സംബന്ധിച്ചു ജോർജ് കാറിന്റെ   പുസ്തകത്തിലുണ്ടായിരുന്നില്ല. ഗണിത ശാസ്ത്രത്തിൽ ഒരു ഗവേഷണ ചിന്തകനാകാൻ ഈ ഗ്രന്ഥം രാമാനുജനെ പ്രേരിപ്പിച്ചു. 'ജോർജ് ഷൂബ്രിഡ്ജ് കാറി'ന്റെ ഗ്രന്ഥം പരിശോധിച്ചതിൽ രാമാനുജൻ  അന്നുവരെ തെളിയിക്കാതിരുന്ന ഗണിത ശാസ്ത്രത്തിലെ പല തീയറങ്ങളും തെളിയിച്ചെടുത്തു.  പകലും രാത്രിയും വ്യത്യാസമില്ലാതെ ഗവേഷണത്തിൽ മാത്രം അദ്ദേഹം മുഴുകിയിരുന്നു. അതുമൂലം മറ്റു വിഷയങ്ങളിൽ പഠിക്കാൻ സമയം കിട്ടാതെ പരാജയപ്പെടാനും തുടങ്ങി. തുടർച്ചയായി എല്ലാ വിഷയങ്ങളും പരാജയപ്പെടുന്നതു കാരണം അദ്ധ്യാപകരുടെയും സഹപാഠികളുടെയും പരിഹാസങ്ങൾക്കും നിത്യം ഇരയാകുമായിരുന്നു.

1906-ൽ രാമാനുജം മദ്രാസിലുള്ള പച്ചയ്യപ്പാസ് കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിയായി ചേർന്നു. ആർട്സ് വിഷയങ്ങളിൽ ഒരു വർഷം പഠിച്ചാൽ മാത്രമേ മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുമായിരുന്നുള്ളു. പച്ചയ്യപ്പാസ് കോളേജിൽ മൂന്നു മാസം പഠന ശേഷം അദ്ദേഹം രോഗ ബാധിതനായി തീർന്നിരുന്നു. കോളേജിൽ കണക്കൊഴിച്ച് എല്ലാ വിഷയങ്ങളിലും അക്കൊല്ലം പരാജിതനായി. അതുകൊണ്ടു മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചില്ല. 1909-ൽ ജൂലൈ പതിനാലാം തിയതി അദ്ദേഹത്തിൻറെ 'അമ്മ തീരുമാനിച്ച പ്രകാരം പത്തു വയസുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. എസ്. ജാനകിയമ്മാൾ എന്നായിരുന്നു അവരുടെ പേര്. രാമാനുജൻ ഭാര്യയ്ക്ക് പന്ത്രണ്ടു വയസു തികഞ്ഞതിൽ പിന്നീടാണ് ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. അതുവരെ അവർ രണ്ടായി ജീവിച്ചിരുന്നു.

അക്കാദമിക്ക് തലങ്ങളിലെ കണക്കൊഴിച്ചുള്ള മറ്റു വിഷയങ്ങളിൽ തുടർച്ചയായ പരാജയങ്ങൾ കാരണവും സ്‌കോളർഷിപ്പ് നഷ്ടപ്പെട്ടതുമൂലവും അദ്ദേഹത്തിന് കോളേജിലെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജീവിതം തന്നെ അനശ്ചിതത്വമായി മാറി. മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിതം തുടരേണ്ടിയും വന്നു. പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഗണിത ശാസ്ത്രത്തെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ സ്വയം ഗവേഷണം തുടർന്നു കൊണ്ടിരുന്നു. ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ രാമചന്ദ്രൻ റാവു അദ്ദേഹത്തിന് സാമ്പത്തിക സഹായം നൽകാൻ തുടങ്ങിയതുമുതൽ ഗണിത ഗവേഷണം പുരോഗമിക്കാനും തുടങ്ങി.

1909-ൽ അദ്ദേഹം വിവാഹിതനായ ശേഷം സർക്കാരിൽ ജോലി സ്വീകരിച്ചു. പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നുവെങ്കിലും നോട്ടുബുക്കുകൾ ഉപയോഗിച്ച് ഗണിതത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു. സ്‌കൂളിൽ പോകാതുള്ള പഠനം കാരണം ഗണിത ശാസ്ത്രത്തിൽ പിന്നീടു വന്ന മാറ്റങ്ങളും പുരോഗതികളും അദ്ദേഹം അറിയാതെയും പോയി. മാത്രമല്ല സ്വയം പ്രയത്‌നം കൊണ്ട് ഗണിതശാസ്ത്രത്തിൽ അദ്ദേഹം കണ്ടുപിടിച്ചെടുത്തതു പലതും മറ്റുള്ളവർ പരീക്ഷണ ശാലകളിൽ പരീക്ഷണം നടത്തി വിജയിച്ചിട്ടുള്ളതുമായിരുന്നു.

മദ്രാസിൽ പോർട്ട് ട്രസ്റ്റിൽ ഒരു ക്ലർക്കായി അദ്ദേഹത്തിന് ജോലി ലഭിച്ചത് ഒരു ആശ്വാസമായിരുന്നു. ഈ കാലഘട്ടത്തിൽ ബെർനൗലി (Bernoulli) ഗണിതങ്ങളെ സംബന്ധിച്ച് അദ്ദേഹം പതിനേഴു പേജുള്ള ഒരു ലഘു പുസ്തകം പ്രസിദ്ധീകരിച്ചു. 1911-ൽ അത് ഇന്ത്യൻ മാത്തമാറ്റിക്സ് സൊസൈറ്റിയുടെ വക ഒരു ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടും രാമാനുജൻ ഒരു ബുദ്ധി രാക്ഷസനെന്നോ തല തിരിഞ്ഞ ചിന്തകനെന്നോ ആരും മനസിലാക്കിയിരുന്നില്ല. അദ്ദേഹത്തിൻറെ കൂട്ടുകാരുടെ നിർബന്ധം മൂലം ഈ ഗവേഷണങ്ങൾ അംഗീകാരത്തിനായി കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലുള്ള പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞർക്ക് അയച്ചുകൊണ്ടിരുന്നു. ആരും മറുപടി അയക്ക