ജോര്‍ജ് തുമ്പയില്‍

പ്രത്യാശയാണ് ജീവിതം

മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്‍ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. 

സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, 'നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.' അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു. 'അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വര്‍ഷത്തെ ആയുസ്? എനിയ്ക്ക് 20 വര്‍ഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു.' കാള പറഞ്ഞു.

അതു കേട്ടു ദൈവത്തിന് അലിവു തോന്നി. അദ്ദേഹം അപ്രകാരം ചെയ്തു. രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചു. 'മനുഷ്യരുടെ സ്‌നേഹത്താല്‍ നിന്റെ ജീവിതം ധന്യമാകും. അതു കൊണ്ടും ജീവിതകാലം മുഴുവന്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ കാവല്‍ കിടക്കുക. അരികില്‍ കൂടെ ആരു പോയാലും നീ കുരയ്ക്കുക. നിനക്ക് ഞാന്‍ അതിനായി 20 വര്‍ഷത്തെ ആയുസ് തരുന്നു.' പട്ടിക്കും അതത്ര തൃപ്തികരമായി തോന്നിയില്ല. അത് വേദനയോടെ, ദൈവത്തോടു പറഞ്ഞു.

'20 വര്‍ഷം കുരച്ചു കൊണ്ടു ജീവിയ്ക്കാന്‍ വയ്യ പ്രഭോ. എനിയ്ക്ക് 10 വര്‍ഷം മതി. ബാക്കി 10 അങ്ങ് തിരിച്ചെടുത്തോളു.'
നായ പറയുന്നതില്‍ കാര്യമുണ്ടെന്നു സര്‍വ്വശക്തനായ ദൈവത്തിനു തോന്നി. അദ്ദേഹം അപ്രകാരം ചെയ്തു. തുടര്‍ന്നു, മൂന്നാം ദിവസമായി. അദ്ദേഹം ദൈവം കുരങ്ങനെ സൃഷ്ടിച്ചു. എന്നിട്ടു കുരങ്ങനോടായി പറഞ്ഞു, 'നീ പോയി ചാടിയും കളിച്ചും എല്ലാവരെയും സന്തോഷിപ്പിയ്ക്കൂ. നിനക്ക് 20 വര്‍ഷം ആയുസ്സു തരുന്നു.' ദൈവത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കുരങ്ങനു ദുഃഖമായി. കുരങ്ങന്‍ കരുണയോടെ ദൈവത്തോട് പറഞ്ഞു.

'പ്രഭോ, മറ്റുള്ളവരെ സന്തോഷിപ്പിച്ച് 20 വര്‍ഷം എങ്ങനെ ജീവിയ്ക്കും? അങ്ങ് പട്ടിയ്ക്കു കൊടുത്ത അത്രയും മതി എനിയ്ക്കും ആയുസ്സ്. ബാക്കി 10 വര്‍ഷം തിരിച്ചെടുത്തോളു.'

കുരങ്ങന്റെ മറുപടിയില്‍ കാര്യമുണ്ടെന്നു മനസ്സിലാക്കിയ ദൈവം അപ്രകാരം ചെയ്തു.

നാലാം ദിവസം ദൈവം തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് മനുഷ്യനെ സൃഷ്ടിച്ചു. തന്റെ സൃഷ്ടിയില്‍ ഏറ്റവും മികച്ചത് മനുഷ്യനാണെന്നു ദൈവത്തിനു തോന്നി. അദ്ദേഹം മനുഷ്യനെ അടുത്തു വിളിച്ചിട്ടു പറഞ്ഞു,
'എന്റെ ഏറ്റവും മികച്ച പാത്രസൃഷ്ടിയാണ് നീ. നിനക്ക് ബുദ്ധിയും ശക്തിയും ഞാന്‍ തരുന്നു. അതു കൊണ്ട് നീ പോയി തിന്നുക, കുടിയ്ക്കുക, ഉല്ലസിയ്ക്കുക, ഉറങ്ങുക, ഒരു ജോലിയും ചെയ്യാതിരിയ്ക്കുക. നിനക്കു ഞാന്‍ 20 വര്‍ഷം ആയുസ്സ് തരുന്നു. ജീവിതം ആസ്വദിക്കുക.'

എന്നാല്‍, ദൈവത്തിന്റെ വാക്കുകളില്‍ മനുഷ്യന് തീരെ തൃപ്തി ഉണ്ടായില്ല. അവന്‍ തന്റെ അനിഷ്ടം മറച്ചുവയ്ക്കാതെ തന്നെ പറഞ്ഞു, 'എന്ത്? വെറും 20 വര്‍ഷങ്ങളോ? ജീവിതം ആസ്വദിച്ച് തീര്‍ക്കാന്‍ ഇതു മതിയാവുകയില്ല. അങ്ങൊരു കാര്യം ചെയ്യു. മറ്റുള്ളവരില്‍ നിന്നും തിരിച്ചെടുത്ത ജീവിതവര്‍ഷവും കൂടി എനിക്ക് കൂട്ടിത്തരിക. കാളയുടെ നാല്‍പ്പതും പട്ടിയുടെയും കുരങ്ങിന്റെയും 10 വീതവും എന്റെ ഇരുപതും കൂടെ കൂട്ടി മൊത്തം 80 വര്‍ഷങ്ങളെങ്കിലും എനിക്കു തരൂ.'
ആദ്യം ദൈവത്തിന് അതില്‍ അതൃപ്തി തോന്നിയെങ്കിലും, തന്റെ മികച്ച സൃഷ്ടിയാണല്ലോ തന്നോട് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്നോര്‍ത്ത് അദ്ദേഹം സമ്മതിച്ചു. മനുഷ്യനു 80 വര്‍ഷത്തെ ആയുസ്സു നല്കി. പക്ഷേ, അതില്‍ മറ്റുള്ളവര്‍ക്കായി വീതം വച്ചു നല്‍കിയ വര്‍ഷങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ അവര്‍ക്കു നല്‍കിയ അതേ വരങ്ങളുടെ സ്വഭാവം കൂടി ഉണ്ടാകുമെന്നു മനുഷ്യന് ഓര്‍ത്തതേയില്ല. അതു കൊണ്ടാവണം, ദൈവം സമ്മാനിച്ച ആയുസ്സില്‍ ആദ്യത്തെ 20 വര്‍ഷം തിന്നും കുടിച്ചും കളിച്ചും സന്തോഷിച്ചും ജീവിയ്ക്കുന്നു. പിന്നെയുള്ള 40 വര്‍ഷം കുടുംബത്തിനു വേണ്ടി കാളയെ പോലെ അധ്വാനിച്ചും വിയര്‍പ്പൊഴുക്കിയും ജീവിക്കുന്നു. അടുത്ത 10 വര്‍ഷം കുരങ്ങിനെ പോലെ കൊച്ചുമക്കളെ ചിരിപ്പിച്ചും കളിപ്പിച്ചും രസിപ്പിച്ചും ജീവിയ്ക്കുന്നു. അവസാനത്തെ 10 വര്‍ഷം വീട്ടുവാതില്‍ക്കല്‍ നായയെ പോലെ കുരച്ച് ജീവിയ്ക്കുന്നു. പിന്നെയോ എല്ലാമുണ്ടെന്ന് അഹങ്കരിച്ച് ലക്ഷങ്ങള്‍ വാരിക്കൂട്ടി പേരിനൊപ്പം പലതും കൂട്ടിച്ചേര്‍ത്ത് പലതും സ്വന്തമാക്കിയ നാം മരിച്ചാലുടനെ നമ്മുടെ മേല്‍വിലാസം 'ബോഡി' എന്നാകുന്നു. നമ്മളെപ്പറ്റി 'ബോഡി' കൊണ്ട് വന്നോ? 'ബോഡി' എപ്പഴാ എടുക്കുന്നത്, എന്നിങ്ങനെയാകും ചോദ്യങ്ങള്‍. ഓര്‍ത്തു നോക്കൂ, നമ്മുടെ പേരുപോലും ആരും പറയില്ല. ആരുടെ ഒക്കെ മുമ്പിലാണോ നമ്മള്‍ ആളാവാന്‍ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പില്‍ നമ്മള്‍ വെറും 'ബോഡി' മാത്രം... അത്രയേ ഉള്ളൂ. നമ്മള്‍ ജീവിതം തന്നവന് നന്ദി പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ആരെയും തോല്പിക്കാനായി ജീവിക്കാതിരിക്കുക. പ്രതീക്ഷയും പ്രത്യാശയുമാണ് ജീവിതമെന്നും അതെല്ലാം ദൈവത്തിന്റെ വരദാനമാണെന്നും കരുതി ജീവിതത്തെ ക്രമീകരിക്കുക.

അതിനൊപ്പം, ദൈവത്തെ മറക്കാതെ തന്നെ ആനന്ദം കണ്ടെത്താന്‍ കഴിയുന്ന നല്ല കാര്യങ്ങളില്‍ ആനന്ദിക്കുക. ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്ക് പണം ഉപയോഗിക്കുക. വയറു വേദനിക്കും വരെ പൊട്ടിച്ചിരിക്കുക. ഡാന്‍സ് ചെയ്യാന്‍ അറിയില്ലെങ്കിലും ചെയ്യുക. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ എയര്‍ പിടിക്കാതെ കൂളാവുക. കുട്ടികളെ പോലെ എല്ലാം ആസ്വദിക്കുക. ഓര്‍ക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചതു പോലെ, ജീവിക്കുന്നതാണു നഷ്ടം. ആലോചിക്കുക ഈ അവസ്ഥയ്ക്ക് പറയുന്ന പേരാകണം 'ജീവിതം'. എന്നാല്‍ ഇതിനൊന്നും കഴിയാതെ എന്നും പട്ടിണിയുമായും ദുരിതങ്ങളുമായും മുന്നോട്ടു ജീവിക്കുന്നവര്‍ ഈ ജീവിതത്തെ തള്ളി പറയാറുണ്ട്. അവര്‍ ദൈവത്തെ എക്കാലവും സ്തുതിക്കും. എന്നാല്‍ ഫലമൊന്നും ഇല്ലല്ലോയെന്നു കാണുമ്പോള്‍ തിരിച്ച് നടക്കാന്‍ തുടങ്ങും. അങ്ങനെയുള്ളവരുടെ ജീവിതം എങ്ങനെയാണെന്നു തിരിച്ചറിയണം. വാട്‌സാപ്പിലൂടെ കറങ്ങിത്തിരിഞ്ഞ് എന്നെ തേടിയെത്തിയ ഈ നാടോടിക്കഥ നിങ്ങള്‍ക്കു സമ്മാനിക്കുന്നതിലൂടെ അതു വ്യക്തമാവുമെന്നുറപ്പ്.

ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയില്‍ ആണ് ജോനഥന്‍ എല്‍വി എന്ന ദരിദ്രനായ മനുഷ്യന്റെ വീട്. വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യന്‍ ദിവസവും നാലു നേരം പ്രാര്‍ഥിക്കുന്ന മനുഷ്യന്‍ ആണ്. മരിയ എന്ന തന്റെ ഭാര്യ, എഡ്വിന്‍ എന്ന മകന്‍ എന്നിവര്‍ അടങ്ങുന്ന ഒരു ചെറിയ കുടുംബം. തെംസിന്റെ കരയില്‍, അദ്ദേഹത്തിന് ഒരു ചെറിയ കൃഷിസ്ഥലം ഉണ്ട്. വൈകുന്നേരങ്ങളില്‍ തെംസ് നദിയില്‍ മീന്‍ പിടിക്കുവാന്‍ അദ്ദേഹം പോകാറുണ്ട്. പലപ്പോഴും നിരാശന്‍ ആയി അദ്ദേഹം മടങ്ങി വരും. അപ്പോഴെല്ലാം അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്. 'ഇന്നത്തെ ദിവസത്തേക്കാളും ശ്രേഷ്ടമായി നാളെ നീ എനിക്കായി ഒരുക്കിയിട്ടുള്ളത് ഓര്‍ത്ത് നാഥാ നിനക്ക് നന്ദി.' തന്റെ പിതാവിന്റെ പ്രാര്‍ത്ഥന ഇങ്ങനെ കേള്‍ക്കുന്ന മകന്‍ എഡ്വിന്‍ പിതാവിനോട് ചോദിക്കുക പതിവാണ്. 'ഡാഡി, എന്താണ് നാളത്തേക്ക് ദൈവം നമുക്ക് ഒരുക്കുന്നത്?'

അത് കേള്‍ക്കുന്ന ജോനഥന്‍ ഇങ്ങനെ പറയും. 'മകനേ, നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമായി ദൈവം നമുക്ക് നല്‍കും. പക്ഷേ, അത് എന്ത് എന്ന് നാം പ്രതീക്ഷികരുത്. കാരണം, ദൈവത്തിന്റെ ദാനം അത് ഏറ്റവും വിലയേറിയത് ആണ്.'

പലപ്പോഴും തെംസ് നദി കരകവിഞ്ഞ് ഒഴുകാറുണ്ട്. അപ്പോള്‍ അതില്‍ കൂടി മൃഗങ്ങളും, മരത്തടികളും ഒഴുകി വരും. അത് ഒക്കെയും നീന്തി എടുത്തു അന്വേഷിച്ചു വരുന്നവര്‍ക്ക് ജോനഥന്‍ തിരികെ നല്കും. ഒരിക്കല്‍ ഒരു മഴക്കാലത്ത്, രാത്രിയില്‍ ഒരു ആടിന്റെ കരച്ചില്‍ കേട്ട് ജോനഥന്‍ ഉണര്‍ന്നു. താന്‍ കരച്ചില്‍ കേട്ട ലക്ഷ്യം വെച്ച് നീന്തി ചെന്നപ്പോള്‍ ഒരു പലകയില്‍ പിടിച്ചു ഒഴുകി വരുന്ന ഒരു ആട്. അതിനെയും എടുത്തു കരയില്‍ കയറുമ്പോള്‍ എഡ്വിന്‍ പറഞ്ഞു.

'ഡാഡി ഇതിനെ അന്വേക്ഷിച്ച് ആരും അടുത്ത ദിവസങ്ങളില്‍ വരാതെ ഇരുന്നാല്‍ എനിക്ക് ഇതിനെ സൂപ്പ് ആകി തരുമോ?' മകന്റെ ചോദ്യം കേട്ട് ജോനഥന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു: 'ഒരിക്കലും ഇല്ല എഡ്വിന്‍, നിന്റെ ഡാഡി അങ്ങനെ ചെയ്യില്ല.'
എഡ്വിന്‍ തിരിച്ച് ചോദിച്ചു: 'ഡാഡി, ദൈവം നല്കിയ സമ്മാനം ആണ് ഇതാണെങ്കിലോ.?'

ജോനഥന്‍ ചിരിച്ചു കൊണ്ട് തുടര്‍ന്നു: 'ഇല്ല എഡ്വിന്‍, ആ സമ്മാനം ഞാന്‍ വേണ്ട എന്ന് വെക്കും.'

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു വൃദ്ധയായ സ്ത്രീ തന്റെ ആടിനെ അന്വേഷിച്ചു ജോനഥന്റെ വീട്ടില്‍ എത്തി. തന്റെ മൃഗത്തെ തിരിച്ച് ലഭിച്ചപ്പോള്‍ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു. 'കുഞ്ഞേ, നീ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് ദൈവം ഒരു വലിയ പ്രതിഫലം നിനക്ക് നല്കും.'

പിന്നെയും ദിവസങ്ങള്‍ കടന്നു പോകവേ, ഒരുനാള്‍ ഇംഗ്ലണ്ട് മുഴുവനും ശക്തമായ കാറ്റും, മഴയും തുടങ്ങി. ദിവസങ്ങള്‍ പോകും തോറും അത് ശക്തി പ്രാപിച്ചു തുടങ്ങി. തെംസ് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങി. ജോനഥന്റെ കൃഷിയിടം മുഴുവന്‍ വെള്ളത്തില്‍ ആയി. ആഹാരത്തിനുള്ള മാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞു. വൈകുന്നേരം ആയപ്പോള്‍ എഡ്വിന്‍ വിശന്നു കരച്ചില്‍ ആരംഭിച്ചു. ജോനഥന്‍ തന്റെ മകനെ ചേര്‍ത്ത് പിടിച്ചു ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

'ദൈവമേ, എന്റെ കുഞ്ഞിന്റെ വിശപ്പ് മാറ്റുവാന്‍ അവിടുന്ന് സഹായിക്കേണം. ഞാന്‍ വിശ്വസിക്കുന്നു. ഇന്നലെയെക്കാള്‍ ശ്രേഷ്ടമായി ഇന്ന് എന്നെ പോഷിപ്പികുവാന്‍ കഴിവുള്ള ദൈവം ആണ് അവിടുന്ന്.' മരിയയും ജോനഥനും കരങ്ങള്‍ ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു. ശബ്ദം മഴയുടെ മുഴക്കത്തില്‍ അലിഞ്ഞു പോയി. അതിരാവിലെ കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോനാഥാന്‍ ചാടി എഴുന്നേറ്റു. ചുവരില്‍ തൂക്കിയിട്ട ക്ലോക്കിലേക്ക് ജോനഥന്‍ നോക്കി പുലര്‍ച്ചെ മൂന്ന് മണി സമയം. ഈ നേരത്ത് ആരാണ് ഇത്?
മരകതകിന്റെ പാളി വലിച്ചു തുറന്ന ജോനഥന്‍ പുറത്തേക്കു നോക്കി. ഒരു റാന്തല്‍ വിളക്കിന്റെ വെളിച്ചം ആണ് ആദ്യം കണ്ണില്‍ ഉടക്കിയത്. തൊട്ടു പിറകില്‍ മഴകൊട്ടും, തൊപ്പിയും വെച്ച് ഒരു ഉയരം ഉള്ള മനുഷ്യന്‍. ആ മനുഷ്യന്‍ ജോനഥനോട് ഇങ്ങനെ പറഞ്ഞു. 'സ്‌നേഹിതാ എന്നെ ഒന്ന് സഹായിക്കുമോ? ഞാന്‍ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കന്‍ പട്ടണത്തിലെ ഒരു വ്യാപാരി ആണ്. കച്ചവട ആവശ്യത്തിനായി പോകുകയാണ്. പക്ഷേ, ഈ ആര്‍ത്തൊഴുകുന്ന തെംസ് നദി എന്റെ യാത്രയെ അപ്പാടെ മാറ്റി കളഞ്ഞു. എന്റെ പായകപ്പല്‍ ഈ നിലയില്‍ മുന്നോട്ടു പോയാല്‍ തകര്‍ന്നു പോകും. ഭാരമേറിയ കച്ചവടസാധനങ്ങളുമായി മുന്നോട്ടുപോയാല്‍ എന്റെ ജീവന്‍ പോലും നഷ്ടപ്പെട്ടെന്നിരിക്കും. നിങ്ങള്‍ എന്നെ ഒന്ന് സഹായിക്കണം. ഞാന്‍ എന്റെ പായ്ക്കപ്പല്‍ ഇവിടെ അടുപ്പിച്ചിട്ടുണ്ട്. അതിലുള്ള ഭാരം എനിക്ക് കുറക്കണം. അതിന് ഒറ്റയ്ക്ക് എനിക്കു കഴിയുകയില്ല. നിങ്ങളുടെ കൂടെ സഹായം എനിക്ക് വേണം. നദിയില്‍ കളയുവാന്‍ തുടങ്ങിയപ്പോള്‍ ആരോ എന്നെ തടയുന്നപോലെ തോന്നിയത്. അപ്പോഴാണ് ഈ വീടില്‍ റാന്തല്‍ വെട്ടം കണ്ടത്.'

ജോനഥന്‍ ആ മനുഷ്യനോടൊപ്പം വഞ്ചി അടുപ്പിച്ച സ്ഥലത്തേക്ക് നടന്നു. അയാള്‍ ഇറക്കി വെക്കുന്ന സാധനങ്ങള്‍ നിറഞ്ഞ തടി പെട്ടികള്‍ ഓരോന്നും തന്റെ വീടിന്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു. ആ മനുഷ്യനോട് ഇപ്രകാരം ജോനഥന്‍ പറഞ്ഞു. 'എന്റെ പ്രിയ സുഹൃത്തേ, നിങ്ങള്‍ തിരിച്ചു വരുന്നതു വരെ ഇത് ഇവിടെ ഞാന്‍ സൂക്ഷിച്ചു കൊള്ളാം. നിങ്ങള്‍ എപ്പോള്‍ വന്നാലും ഇത് മടക്കി കൊണ്ടുപോകാം.'

അപ്പോള്‍ ആ മനുഷ്യന്‍ മന്ദഹസിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: 'ഒരിക്കലും ഞാന്‍ ഈ ഇനി ഈ വഴി വരില്ല. ഇതില്‍ ഉള്ളതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. ഈ പാതയിലൂടെ കച്ചവടത്തിന് ഞാന്‍ ഇനി വരില്ല, എല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാം. നേരം പുലരുമ്പോള്‍ എനിക്ക് പട്ടണത്തില്‍ എത്തണം. നന്ദി, സ്‌നേഹിതാ.'

നേരം പുലര്‍ന്നപ്പോള്‍ എഡ്വിന്‍ ഉണര്‍ന്നു ഡാഡിയെ അന്വേഷിച്ചു. പുറത്തു വരാന്തയില്‍ ഇരിക്കുന്ന പെട്ടികള്‍ തുറന്ന് പരിശോധിക്കുന്ന പിതാവിനെ കണ്ടു അവന്‍ ചോദിച്ചു.'ഡാഡി എന്താണ് ഇത്?'
അവന്റെ കുഞ്ഞു കയ്യിലേക്ക് ഒരു ടിന്‍ എടുത്തുവെച്ചു കൊടുത്തു ജോനാഥാന്‍ പറഞ്ഞു.

'എഡ്വിന്‍, ഇത് ആടിന്റെ ഇറച്ചി ഉണക്കിയതാണ്. നിന്റെ അമ്മയോട് പറയു ഇത് സൂപ്പ് ആക്കി തരുവാന്‍.. എഡ്വിന്‍, മോന്റെ ഡാഡി എപ്പോഴും പറയാറില്ലേ. ശ്രേഷ്ഠമായ ഒന്ന് ദൈവം നില്‍കുമെന്ന്. ഇതാണ് ആ സമ്മാനം. നമുക്കായി ദൈവം ഒരുക്കി തന്ന വലിയ സമ്മാനം. അരിയും, ഗോതമ്പും, കമ്പിളിയും, മത്സ്യവും, ഇറച്ചിയും എല്ലാം ഇതില്‍ ഉണ്ട്. എഡ്വിന്‍ ഇത് നല്കിയ ദൈവത്തിനു നന്ദി പറയു. ഇതിനെക്കാള്‍ ഉപരിയായി ഇനിയും ദൈവം നമ്മെ നടത്തും.'

കൈയിലിരുന്ന ടിന്‍ എടുത്തു അവന്‍ അടുക്കളയിലേക്കു ഓടുമ്പോള്‍ ആ കുഞ്ഞു കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നിരുന്നു. ജോനഥന്‍ എല്‍വി എന്ന ഈ നല്ല മനുഷ്യന്റെ ജീവിതം ഇന്ന് നമുക്ക് ഒരു ജീവിതാനുഭവത്തിന്റെ പിന്തുടര്‍ച്ച ആകണം. ഒന്നിനെയും കുറിച്ച് ഓര്‍ത്ത് വിചാരപ്പെടാതെ എല്ലാ ആവശ്യങ്ങളും സമര്‍പ്പണത്തോടെ ദൈവത്തിനെ അറിയിച്ചു കാത്തിരിക്കാം. ഇന്നിനേക്കാള്‍ ശ്രേഷ്ഠമായ നല്ലയൊരു നാളേയ്ക്കായി പ്രത്യാശയോടെ.......

(ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍, അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉല്‍ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കുവിന്‍. എന്തെന്നാല്‍, അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്) വിശുദ്ധ പത്രോസിന്റെ ഒന്നാം അധ്യായം അഞ്ചു മുതല്‍ ഏഴു വരെയുള്ള വാക്യങ്ങള്‍. ഇത് ജീവിതത്തില്‍ ശീലമാക്കണമെന്നു താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാര്‍ക്കും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗസ്മരണയുടെയും ക്രിസ്മസ് നവവത്സര ആശംസകള്‍...

Read more

ബ്രെക്‌സിറ്റും ഡോളറും

ബ്രി­ട്ടന്‍ യൂ­റോ­പ്യന്‍ യൂ­ണി­യ­നില്‍ നിന്നും പു­റ­ത്തു പോക­ണമോ എന്ന­തു സം­ബന്ധ­ച്ച് ന­ടത്തി­യ ഹി­ത­പ­രി­ശോ­ധ­ന­യാ­യി­രു­ന്നു ബ്രെ­ക്‌­സിറ്റ്. ഒടു­വില്‍ ഹിതപരി­ശോ­ധന വിജയം നേടി­യ­പ്പോള്‍ യൂറോ­പ്യന്‍ യൂണി­യ­നിലെ യൂറോ കവച്ചു വച്ചു നിന്നി­രുന്ന പൗണ്ടിനു ക്ഷീണം സംഭ­വി­ച്ചു. ആഗോ­ള­വ്യാ­പ­ക­മായി സംഭ­വിച്ച ഈ ക്ഷീണ­ത്തില്‍ ഡോളര്‍ നട­ത്തിയ മികച്ച പ്രക­ടനം അമേ­രി­ക്കന്‍ മല­യാ­ളി­കളെ സ്വാധീ­നി­ച്ചത് പല തര­ത്തി­ലാ­ണ്. ഇന്ത്യന്‍ രൂപ­യു­മാ­യുള്ള വിനി­മയ നിര­ക്കില്‍ ഒരു ഡോള­റിന് 70 രൂപ എന്ന മാന്ത്രിക സംഖ്യയെ തൊട്ടു തൊട്ടി­ല്ലെന്ന മട്ടില്‍ നില കൊള്ളുന്ന അവ­സ്ഥ­യാണ് ഇപ്പോള്‍ നില­നില്‍ക്കു­ന്ന­ത്. ഡോള­റിന്റെ വില എന്താ­യാലും ഉടന്‍ താഴേയ്ക്ക് പോവു­ക­യി­ല്ലെ­ന്നാണ് സാമ്പ­ത്തിക വിദ­ഗ്ധ­രുടെ വില­യി­രു­ത്തല്‍. അതു കൊണ്ട് തന്നെ അമേ­രി­ക്ക­യി­ലുള്ള ഇന്ത്യ­ക്കാ­രില്‍ ബഹു­ഭൂ­രി­പ­ക്ഷവും ഈ സാഹ­ച­ര്യ­ത്തിന്റെ ആനു­കൂല്യം പര­മാ­വധി മുത­ലെ­ടു­ക്കാ­നായി നാട്ടി­ലേക്ക് പല വിധ­ത്തില്‍ പണം അയച്ചു കൊണ്ടി­രി­ക്കു­ക­യാ­ണ്. 

ഈ പണം നാട്ടിലെ ബാങ്ക് അക്കൗ­ണ്ടില്‍ വെറുതേ കിട­ന്നാലും പത്തി­നോ­ട­ടുത്ത് പല വിധ­ത്തില്‍ പലിശ ലഭിച്ചു കൊണ്ടി­രി­ക്കും. ഗുജ­റാ­ത്തി­കള്‍, മാര്‍വാ­ഡി­കള്‍ തുട­ങ്ങിയ ഉത്ത­രേ­ന്ത്യ­ക്കാ­രി­ലൂടെ ഇത്ത­ര­ത്തില്‍ കോടി­ക്ക­ണ­ക്കിന് രൂപ­യുടെ ഇട­പാട് ഡോള­റു­മാ­യുള്ള വിനി­മ­യ­ത്തി­ലൂടെ പ്രതി­ദിനം സംഭ­വി­ക്കു­ന്നു­ണ്ട്. 

എന്നാല്‍ ദക്ഷി­ണേ­ന്ത്യ­ക്കാ­രില്‍ എന്താണ് സംഭ­വി­ക്കു­ന്ന­ത്. ഡോള­റിനു വില­യേ­റി­യ­തോ­ടെ, ഇത്ത­ര­ക്കാ­രുടെ നെഞ്ചി­ടി­പ്പാണ് ഇപ്പോള്‍ വര്‍ദ്ധി­ക്കു­ന്ന­ത്. ഇവ­രില്‍ പലരും നാടു­മായി ബന്ധ­പ്പെട്ട ഏതെ­ങ്കിലും ബിസി­ന­സ്സില്‍ വ്യാപൃ­ത­രാ­യി­രി­ക്കും. നാട്ടില്‍ നിന്നുള്ള പണം ഇവി­ടേക്ക് (അ­മേ­രി­ക്ക­യി­ലേ­ക്ക്) കൊണ്ടു വരാ­നുള്ള അവ­രുടെ ശ്രമ­ത്തില്‍ ഡോള­റു­മാ­യുള്ള രൂപ­യുടെ വിനി­മയ നിരക്ക് കുറഞ്ഞു നില്‍ക്കു­ന്ന­താ­യി­രിക്കും അവര്‍ക്ക് അനു­ഗ്ര­ഹം. ആ സ്ഥിതി വിശേഷം കഴിഞ്ഞ കുറേ മാസ­ങ്ങ­ളായി തുട­രു­ക­യു­മാ­യി­രു­ന്നു. എന്നാല്‍ ബ്രെക്‌സിറ്റ് ഇപ്പോള്‍ അവ­രു­ടെ തല­യ്ക്കാണ് തല്ലി­യി­രി­ക്കു­ന്ന­ത്. യൂറോ­പ്യന്‍ യൂണി­യന്റെ ശക്ത­മായ ഇട­പെ­ട­ലു­കള്‍ വരും ദിവ­സ­ങ്ങ­ളില്‍ ഉണ്ടാ­വു­ക­യാ­ണെ­ങ്കില്‍ യൂറോ ശക്തി പ്രാപി­ക്കു­മെന്നും ആ നിലയ്ക്ക് പൗണ്ടിനു മൂല്യ­ച്യുതി സംഭ­വി­ക്കാനും സാധ്യ­ത­യാ­ണ്. അങ്ങനെ വന്നാല്‍ രൂപ­യു­മാ­യുള്ള വിനി­മയ നിരക്ക് താര­തമ്യം ചെയ്താല്‍ വീണ്ടും ഡോളര്‍ മുക­ളി­ലേക്ക് കുതിച്ചു കയ­റാ­നാണ് സാധ്യ­ത. 

നാട്ടിലെ സ്ഥലം വിട്ട് ആ പണം അമേ­രി­ക്ക­യി­ലേക്ക് കൊണ്ടു വരാന്‍ കാത്തി­രി­ക്കു­ന്ന­വര്‍ക്കും ഇപ്പോള്‍ നഷ്ട­ത്തിന്റെ കണ­ക്കു­ക­ളാണ് മുന്നില്‍ തെളി­യു­ന്ന­ത്. കേര­ള­ത്തിലെ റിയല്‍ എസ്റ്റേ­റ്റ് ബിസി­നസ് തകര്‍ന്നു നില്‍ക്കു­കയും കിട്ടിയ വിലയ്ക്ക് ഉള്ള സ്ഥലം വിറ്റ പണം അമേ­രി­ക്ക­യി­ലേക്ക് ഡോള­റായി മാറ്റി­യെ­ടു­ക്കാന്‍ ശ്രമി­ക്കു­മ്പോ­ഴാണ് കൂനി­ന്മേല്‍ കുരു എന്നതു പോലെ രൂപ­യുടെ മൂല്യം താഴേയ്ക്ക് വീണ­ത്. 

ഇപ്പോ­ഴത്തെ സാഹ­ചര്യം മുത­ലാ­ക്കാന്‍ എക്‌സ്‌ചേഞ്ച് കമ്പ­നി­കള്‍ ഉപ­യോ­ക്താ­ക്കള്‍ക്ക് പല ഓഫ­റു­കളും പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ട്. പ്രതി­ദിനം ഇവ­രുടെ ബിസി­ന­സ്സില്‍ പത്തു മുതല്‍ 40 ശത­മാനം വരെ ഉയര്‍ച്ച സംഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നാണ് ഏക­ദേശ കണ­ക്ക്. ഇന്ത്യന്‍ ബാങ്കു­കള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുക­യുടെ കാര്യ­ത്തിലും നല്ല വളര്‍ച്ച കഴിഞ്ഞ ഒരാ­ഴ്ച­യ്ക്കി­ട­യില്‍ സംഭ­വി­ച്ചി­ട്ടു­ണ്ട്. എന്നാല്‍ ഇന്ത്യ­യി­ലേക്ക് വരുന്ന പണത്തിന്റെ നാലി­ലൊന്നു പോലും കേര­ള­ത്തി­ലേക്ക് വരുന്നി­ല്ലെ­ന്നത് മല­യാളി ബിസി­നസ്സ് സംരം­ഭ­കരെ ആശ­ങ്ക­യി­ലാ­ഴ്ത്തു­ന്നു. ഐടി രംഗത്തുള്ള­വ­രെയും ബിസി­നസ്സ് ഔട്ട്‌സോഴ്‌സ് രംഗ­ത്തു­ള്ള­വര്‍ക്കും ഇത് വന്‍ തിരി­ച്ച­ടി­യാ­യി­രി­ക്കു­ക­യാ­ണ്. പ്രവാസി നിക്ഷേ­പ­ത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തി വിദേ­ശ­നാണ്യ വരു­മാനം വര്‍ദ്ധി­പ്പി­ക്കാന്‍ അധി­കൃ­ത­രുടെ ഭാഗത്തു നിന്നു ശ്രമ­ങ്ങ­ളു­ണ്ടാ­കാ­ത്തി­ട­ത്തോളം ബ്രെക്‌സിറ്റ് ആനു­കൂല്യം കേര­ള­ത്തില്‍ തരം­ഗ­മാ­കി­ല്ലെ­ന്നു­റ­പ്പ്. 

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC