തോമസ് കളത്തൂര്‍

മത തീവ്രവാദം എന്ന ശാപം

ദിശാബോധം നഷ്ടപ്പെട്ട മതങ്ങളേ! പൗരോഹിത്യമേ! ഇന്ന് നിങ്ങള്‍ എവിടെ എത്തിയിരിക്കുന്നു എന്ന് ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ധാര്‍മ്മികതയുടെ കാവല്‍ക്കാര്‍ എന്നവകാശപ്പെടുന്ന നിങ്ങളില്‍ പലരും കൈക്കൂലി, കള്ളത്തരം മുതല്‍ അസഭ്യവര്‍ഷവും അതിക്രമങ്ങളും വരെ പരിപോഷിപ്പിക്കുകയാണ്. ഇത് ദയനീയമാണ്. സമൂഹത്തിന് അനുഗ്രഹമാകേണ്ടവര്‍ ശാപമായി മാറുകയാണ്. ലോകത്തെ നന്നാക്കാനായി പിരിവെടുത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേഴ്‌സറി മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഇന്ന് ലക്ഷങ്ങളുടെ കൈക്കൂലി ആവശ്യപ്പെടുന്നു ജോലിക്കായും പ്രവേശനത്തിനായും. അഴിമതിയുടെ കഥയല്ല, മതമൗലീകതയുടെ, മതതീവ്രവാദത്തിന്റെ, ഉച്ഛനീചത്വം ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തി നിരയാക്കിയ സംഭവമാണ് ചിന്തകളെ പിടിച്ച് കുലുക്കിയത്.

താഴ്ന്ന ജാതിക്കാരനെ -അന്യമതക്കാരനെ വിവാഹം ചെയ്യാന്‍ ഉറച്ച "ആതിര' എന്ന പെണ്‍കുട്ടിയെ സ്വന്തം പിതാവ് കുത്തിക്കൊന്ന വാര്‍ത്ത മതത്തിന്റെയും പൗരോഹിത്യത്തിന്റെയും നേരെ വിരല്‍ചൂണ്ടുന്നു. ഈ ജാതിമത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തേണ്ടത് നിങ്ങളുടെ ആവശ്യമാണല്ലോ. കാരണം നിങ്ങളുടെ ആധിപത്യം സൂക്ഷിക്കണം. അധികാര സമ്പത്തിനെ അവകാശമാക്കുന്നു. ലളിത ജീവിതം പ്രസംഗിച്ച് സമര്‍ത്ഥ ജീവിതം നയിക്കാം. വിഭജിച്ച് ഭരിക്കുകയാണ് എളുപ്പം. സ്വര്‍ഗ്ഗവും നരകവും പുനര്‍ജന്മവുമൊക്കെ ""ഉമ്മാക്കികളാക്കി'' പാവം വിശ്വാസികളെ മുതലെടുക്കുന്നത് നിര്‍ത്തണം. അവരെ ""ഒരു നല്ല ദൈവത്തില്‍'' നിന്ന് അകറ്റി നിര്‍ത്തുകയാണ് നിങ്ങളുടെ സ്വാര്‍ത്ഥതക്കുവേണ്ടി. സ്‌നേഹവാനായ ദൈവത്തെ ക്രൂരനായി അവതരിപ്പിച്ച് വിശ്വാസികളെ കൊള്ളയടിക്കുന്നത് നിര്‍ത്തിവെയ്ക്കുക. ദൈവം സ്‌നേഹമാകുന്നു എന്നും, ""വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവയില്‍ വലിയതോ സ്‌നേഹം തന്നെ'' എന്നും ""സ്‌നേഹമാണഖിലസാരമൂഴിയില്‍'' എന്നും പഠിപ്പിക്കുന്ന നിങ്ങള്‍ക്ക്, ഭിന്ന മതങ്ങളില്‍ ജനിച്ചു പോയ കുറ്റത്തിന്, പ്രേമഭാജനങ്ങളിലൊന്നിനെ വകവരുത്താന്‍ പോന്ന ""മതതീവ്രത''/മതവൈരം എങ്ങനെ ഉണ്ടാക്കാന്‍ കഴിയുന്നു. ഈ രൗദ്രതയെ, ഭീകരതയെ കെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോ? വാല്മീകി ""മാനിഷാദാ... എന്ന് പാടിയത് നിങ്ങളോടാണ്. നിങ്ങളതു ശ്രദ്ധിക്കാഞ്ഞതിനാല്‍ ""വയലാര്‍'' വീണ്ടും പാടി, എത്രയോ പേര്‍ അത് ആവര്‍ത്തിച്ചു പാടുന്നു. അധികാര സാമ്പത്തിക ഭ്രമത്തില്‍ നിങ്ങള്‍ കുരുടരായും ചെകിടരായും നടിക്കുന്നു. കണ്ണു തുറക്കൂ! ജാതിയുടേയും മതത്തിന്റെയും പേരിലുള്ള ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കൂ!

വിശ്വാസികള്‍ ഉണരേണ്ട സമയമായി. നമുക്ക് ദൈവവിശ്വാസമാണ് ആവശ്യം, മതവിശ്വാസമല്ല. മനുഷ്യരില്‍ ദൈവത്വം കല്പിക്കരുത്. മതവും അതിന്റെ വിശ്വാസവും വിറ്റു ജീവിക്കുന്നവരെ മനസ്സിലാക്കണം. ഏതൊരു കച്ചവടക്കാരനും തന്റെ ഉല്പന്നങ്ങള്‍ മഹത്തരമാണെന്നും, മറ്റെല്ലാ ഉല്പന്നങ്ങളും നിലവാരം കുറഞ്ഞതാണെന്നും പറയും. അത് സാമ്പത്തിക നേട്ടത്തിന്റെ ഒരാവശ്യമാണ്. വാങ്ങുന്നവരാണ് സൂക്ഷ്മമായി പഠിച്ച് തുലനം ചെയ്തു തീരുമാനിക്കേണ്ടത്. അതിന് മറ്റുല്പന്നങ്ങളെ കൂടെ പഠിക്കുന്നത് നന്നായിരിക്കും. അങ്ങനെ മറ്റു മതങ്ങളെക്കൂടി ബഹുമാനിക്കാനും സഹകരിക്കാനും അവസരമാകും. വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു, മതാത്മകതയും ആത്മീകതയും രണ്ടും രണ്ടാണ്.

ഇന്ന് രാഷ്ട്രീയവും മതവും അഴിമതി നടത്തുന്നതില്‍ മത്സരിക്കുകയാണ്. അതിനാല്‍ ഗവണ്‍മെന്റ് തലത്തില്‍ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ കാര്യമായ നടപടികള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് ഇന്ത്യ ആകമാനം മതഭ്രാന്തിന്റെ തീവ്രതയിലാണ്. മതം എങ്ങനെ മനുഷ്യത്വത്തെപോലും നശിപ്പിക്കുന്നു എന്ന് വാര്‍ത്തകള്‍ കാണിച്ചുതരുന്നു. ഈ ദു:സ്ഥിതിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ആരൊക്കെ ചിന്തിക്കുന്നു? എന്തൊക്കെ ഉപാധികള്‍ കണ്ടുപിടിച്ചു? ഇതു സമൂഹപ്രജ്ഞയെത്തന്നെ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യാക്കാരിലും പ്രവാസികളില്‍പ്പോലും മതമൗലീകത ശ്രദ്ധേയമാണ്. എങ്ങനെ ഇതില്‍ ""തട'' ഇടാം? ഒരു ലക്ഷത്തിലധികം സ്കൂള്‍ കുട്ടികള്‍, പ്രവേശനത്തിനുള്ള അപേക്ഷാഫാറത്തിലെ, "മതം' എന്ന കോളം പൂരിപ്പിക്കാതെ വിട്ടു എന്നത് പ്രതീക്ഷയുണര്‍ത്തുന്നു. ഇനി ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഗവണ്‍മെന്റ് തലത്തില്‍ മാത്രമാക്കണം. രജിസ്റ്റര്‍ കച്ചേരികളും പൊതു ശ്മശാനങ്ങളും ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അവയെ കൂടുതലായി ആശ്രയിക്കാന്‍ യുവജനങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും പ്രോത്സാഹനം നല്കണം. എല്ലാ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളെപ്പോലെ തന്നെ നികുതിയടക്കണം. പള്ളിയെയോ അമ്പലത്തിനെയോ മോസ്കിനെയോ ധര്‍മ്മ സ്ഥാപനങ്ങളെയോ നികുതി നിയമത്തിന് അതീതമാക്കരുത്. ഇവയെല്ലാം വിവരാവകാശ കമ്മീഷന്റെ കീഴില്‍ കൊണ്ടുവരണം. അങ്ങനെ ധനസ്രോതസ്സ് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ദൂരീകരിക്കാമല്ലോ.

മനുസ്മതൃതി മുതല്‍ നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നു പോകുന്ന ഒരു ദുഷിപ്പാണ് ""ജാതിമത ഉച്ഛനീചത്വങ്ങള്‍.'' ലോകം ശാസ്ത്രീയമായും ബുദ്ധിപരമായും ഇത്ര വളര്‍ന്നിട്ടും, ഈ വിഭാഗീയതയെ താങ്ങി നിര്‍ത്തുന്നത് മതപൗരോഹിത്യങ്ങളാണ്. വെള്ളയും കാവിയും മഞ്ഞയും പച്ചയും അടയാളങ്ങളില്ലാത്തതും ഒക്കെ ഇതില്‍പ്പെടുന്നു. മതമൗലീകത, മതവൈരമായി മനസ്സിലും രക്തത്തിലും കലര്‍ത്തിവെച്ചിരിക്കുകയാണ്. അധികാരത്തിലേറാന്‍ രാഷ്ട്രീയം മതങ്ങളെ കൂട്ടുപിടിക്കുന്നു. സമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ മതങ്ങള്‍ രാഷ്ട്രീയത്തെ ചേര്‍ത്തുപിടിക്കുന്നു. ഇവിടെ ധാര്‍മ്മികതയോ പ്രത്യയശാസ്ത്രങ്ങളോ ഒന്നും പ്രശ്‌നമാകുന്നില്ല. മതവും രാഷ്ട്രീയവും സമ്പത്തിലേക്കും അധികാരത്തിലേക്കും ലക്ഷ്യം കേന്ദ്രീകരിക്കുമ്പോള്‍ അഴിമതിയും കൈക്കൂലിയും മൂല്യച്ഛ്യുതിയും ഉണ്ടാകുന്നു. ""സമത്വ സുന്ദരം'', ""സ്വര്‍ഗ്ഗത്തിലെപ്പോലെ'' എന്നീ ലക്ഷ്യങ്ങളില്‍ നിന്നകന്നു പോകുന്നു. ""മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ'' മാത്രമായി മാറുന്നു, സുവിശേഷം. കൊടിയുടെ നിറത്തിലും രക്തസാക്ഷികളുടെ കഥകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു വേദോപദേശങ്ങള്‍. അതിനാല്‍ വചനത്തിനും മാനിഫെസ്റ്റോയ്ക്കും പുതിയ നിര്‍വ്വചനങ്ങള്‍ കണ്ടുപിടിച്ചേ മതിയാകൂ. ഈ വേഷപ്രച്ഛന്നത ഇനിയെങ്കിലും അവസാനിപ്പിക്കൂ! ലോകത്തെ രക്ഷിക്കൂ! ഭൂമിയെ രക്ഷിക്കൂ! ഇനി വളര്‍ന്നു വരുന്ന തലമുറയെങ്കിലും സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും വളരട്ടെ.

പ്രശസ്ത നോവലിസ്റ്റ് സക്കറിയ പറയും പോലെ ""ജനസേവകര്‍'' ജനത്തിന്റെ യജമാനന്മാരല്ലാ, സേവകരാണ്. അതുപോലെ ""ദൈവസേവകര്‍'' എന്ന് സ്വയം അഭിമാനിക്കുന്നവര്‍ ദൈവത്തിന്റെ യജമാനന്മാരോ ഉടമസ്ഥരോ അല്ല. മനുഷ്യന്‍ അന്യോന്യം സ്‌നേഹിക്കണം, ബഹുമാനിക്കണം. ഒരാള്‍ മറ്റേയാളേക്കാള്‍ ഉന്നതനെന്നു കണ്ടല്ലാ, സ്‌നേഹവും ബഹുമാനവും, കൊടുക്കേണ്ടത്. എന്നെപ്പോലെ തന്നെ മറ്റൊരാളും ""ഈശ്വരാംശം'' എന്നു കരുതിയാണ്. സംഘടിതമതങ്ങള്‍ ഗുരുക്കന്മാരുടെ സ്ഥാനങ്ങളില്‍ സി.ഇ.ഓ.മാരേയും മാനേജരന്മാരേയും അവരോധിക്കുകയാണ് ചെയ്യുന്നത്. അവരില്‍ പലരും സ്വയം ദൈവങ്ങളായി നടിക്കുന്നു. അങ്ങനെ സംഘടിത മതങ്ങള്‍ പലപ്പോഴും ""കച്ചവടവല്‍ക്കരിക്കപ്പെടുന്ന ദു:സ്ഥിതി ഉണ്ടാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൈക്കൂലിയും ആതുര സേവനരംഗത്ത് അടിമപ്പണിയും, അനാവശ്യ ചികിത്സാ ചിലവുകള്‍ ചുമത്തിയുള്ള ധനസമ്പാദനവും നടക്കുന്നു. വിശ്വാസികളുടെ ഭയത്തേയും അന്ധവിശ്വാസങ്ങളേയും ചൂഷണം ചെയ്യുന്ന നേര്‍ച്ചകാഴ്ചകളും അവസാനിപ്പിക്കണം. മതങ്ങള്‍ സൗഹാര്‍ദ്ദത്തിലേക്ക് നീങ്ങണം. ഉപരിപ്ലവമാകാതെ മനുഷ്യത്വത്തിന് പ്രാധാന്യം നല്കണം. ""മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു'' എന്ന സിനിമാഗാനം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മതങ്ങള്‍ സ്വയം ആദര്‍ശശുദ്ധി നേടണം. അതിനുശേഷം രാഷ്ട്രത്തേയും രാഷ്ട്രീയത്തേയും ശുദ്ധീകരിക്കാനാവും. ""ശാസ്ത്രം'' തെറ്റുകള്‍ സമ്മതിക്കുന്നു. കാലികമായി വിശ്വാസങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയാല്‍, അത് സമ്മതിക്കാനും തിരുത്താനുമുള്ള ഹൃദയവിശാലത അഥവാ ആര്‍ജ്ജവം, മതങ്ങളും കാണിക്കണം.

പുനര്‍ജനനങ്ങളും നവീകരണങ്ങളും അനേക തവണ നടന്നു കഴിഞ്ഞു. 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ചു വിപ്ലത്തിനുശേഷം തങ്ങളുടെ വീഴ്ചകളെ മതം അഥവാ സഭ തിരിച്ചറിയേണ്ടതായിരുന്നു. നൂറ്റാണ്ടു കഴിഞ്ഞിട്ടും, റഷ്യയിലെ സാധാരണ ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും ആഴ്ന്നു പോകുമ്പോഴും, തെരുവുകളില്‍ മുഴങ്ങുന്ന വിശപ്പിന്റെ ആര്‍ത്തനാദങ്ങളെ കേള്‍ക്കുകയും കാണുകയും ചെയ്യാതെ, ചക്രവര്‍ത്തിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ വിലകൂടിയ കുപ്പായങ്ങള്‍ തേടി നടന്ന പുരോഹിതര്‍ റഷ്യന്‍ വിപ്ലവത്തിന്റെ തീജ്വാലയില്‍ എരിയേണ്ടി വന്നു. ചരിത്രം മറന്നു കളയരുത്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതാണ്.

മനുഷ്യന്‍ ഇന്ന് കൂടുതല്‍ ബോധവാനാണ്. അവന്‍ ആധുനികതയിലേക്ക് കടന്നപ്പോള്‍, ""സത്യത്തെ'' അന്വേഷിക്കാന്‍ ആരംഭിച്ചു. ഉത്തരാധുനികതയില്‍ എത്തിയ മനുഷ്യന്‍, കണ്ടുപിടിച്ച സത്യം എങ്ങനെ സംഭവിച്ചു എന്നും അത് എങ്ങനെ നിലനിന്നുപോകുന്നു എന്നും കൂടി അന്വേഷിക്കുന്നു. പരിസ്ഥിതി വിപത്തും ജീവശാസ്ത്രപരമായ നിലനില്പും ഒക്കെ മഥിയ്ക്കുന്ന മനസ്സുകളുടെ ഉടമകളായ മനുഷ്യര്‍ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നു. സ്വയം മഠയരായി തുടരാന്‍ അവര്‍ക്കു മനസ്സുമില്ലാ. മതങ്ങള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന സമ്പാദ്യങ്ങള്‍ നന്മക്കായി ഉപയോഗിച്ചു കാണിക്കേണ്ട സമയമാണ്. വാങ്ങുന്ന സമയം കഴിഞ്ഞു. കൊടുക്കേണ്ട സമയമായി. അങ്ങനെ ദ്രവ്യാഗ്രഹവും അധികാര മോഹങ്ങളും ഉപേക്ഷിച്ച്, സാക്ഷാല്‍ ഈശ്വരന്‍ എന്ന ലക്ഷ്യത്തിലേക്ക് നോക്കാന്‍ സമയമായി. ലോകത്ത് സമാധാനവും സന്തോഷവും ഉണ്ടാകണം. മതം, അതിന്റെ കെട്ടുകളെ അഴിച്ചു കളഞ്ഞ്, മനുഷ്യരെ സ്വതന്ത്രരാക്കൂ! ദൈവത്തെ സ്വതന്ത്രനാക്കൂ! ഞങ്ങള്‍ക്ക് ഒരു ലോകമതമാണ് വേണ്ടത്, എല്ലാമതങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒന്ന് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതം. 

Credits to joychenputhukulam.com

Read more

വിദ്വാന്‍ കുട്ടിയും യൂയോ മതവും: നവോത്ഥാനങ്ങള്‍ തുടരുന്നു....

കഴിഞ്ഞ ഒരു പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്ന നവോത്ഥാന നേതാക്കളുടെ ചിത്രങ്ങളില്‍ വിദ്വാന്‍കുട്ടി എന്ന യുസ്‌തോസ് യോസഫിന്റെ കൂടെ ചിത്രം ഉള്‍പ്പെടുത്താന്‍ നടത്തിയ അന്വേഷണത്തില്‍ പുതിയതായ ചില അറിവുകളും നേടാന്‍ കഴിഞ്ഞു. 

ഒന്നാമതായി പറയട്ടെ, ആ ചിത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കാരണം, യാതൊരു മതചിഹ്നങ്ങളും സ്മാരകങ്ങളും യൂയോ മതക്കാര്‍ക്കില്ല.  വിദ്വാന്‍കുട്ടിയുടെ സമാധിസ്ഥാനം പോലും പരിരക്ഷിച്ചിട്ടില്ല. വ്യക്തികളേയും സ്മാരകങ്ങളേയും ക്രമേണ അതിശയപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായും പുതിയ ആരാധനാ ഭണ്ഡാരങ്ങളായും മാറ്റി എടുക്കാറുണ്ടല്ലോ. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്ത യൂയോമതം അഭിനന്ദനം അര്‍ഹിക്കുന്നു. 

എന്നാല്‍, ഭാവിതലമുറയ്ക്കുവേണ്ടി, സദുദ്ദേശത്തോടെ, ചരിത്രത്തിന് കൈമാറാന്‍ ഇതാവശ്യമാണ്. ഈ മതനിയമത്തെ കര്‍ക്കശമായി യൂയോമതക്കാര്‍ പിന്തുടരുന്നു. ആരാധനാലയങ്ങളോ സ്ഥാപനങ്ങളോ യൂയോമതത്തിനില്ല. അതുപോലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവര്‍ പിന്തുടരുന്നില്ല. ഭാരതീയ പാശ്ചാത്യദര്‍ശനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരുള്‍ക്കാഴ്ച വിദ്വാന്‍കുട്ടിയ്ക്കുണ്ടായിരുന്നു. ഒരുപുതിയ സമൂഹത്തെ, സ്‌നേഹത്തിലൂടെയും സൗഹാര്‍ദ്ദത്തിലൂടെയും സ്ഥാപിച്ചെടുക്കാനുള്ള ദീര്‍ഘവീക്ഷണം അദ്ദേഹത്തിന്റെ ഉദ്യമങ്ങളില്‍ കാണാം. 

ലോകത്തെല്ലാവര്‍ക്കുമായി ഒരു ഭാഷ അദ്ദേഹം സ്ഥാപിച്ചത്, ആശയവിനിമയത്തിന്റെ പ്രാധാന്യത്തെ മനസ്സിലാക്കികൊണ്ടാണ്. അതുപോലെ, സ്ത്രീപുരുഷഭേദമെന്യെ വിദ്യാഭ്യാസം ചെയ്യണമെന്നും, മലയാളം, സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളും സംഗീതവും വശമാക്കണമെന്നും, സ്ത്രീകളും ഏതെങ്കിലും തൊഴിലില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിയ്ക്കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. പഴയ - പുതിയനിയമബൈബിള്‍ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട്, ഉപനിഷത് സംസ്‌കാരത്തിന്റെ സ്വാധീനത്തോടെയുള്ള ഒരു മതസങ്കല്പമായിരുന്നു, വിദ്വാന്‍കുട്ടിയ്ക്കുണ്ടായിരുന്നത്. 

സവര്‍ണ്ണ-അവര്‍ണ്ണ വ്യത്യാസങ്ങളെ അതിജീവിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യപദ്ധതിയ്ക്കാണ്, യൂയോമതത്തിലൂടെ അദ്ദേഹം ശ്രമിച്ചത്, അതും ജാതീയത ഭ്രാന്തുപിടിച്ച ഒരു കാലഘട്ടത്തില്‍. അവര്‍ 'ഹാലേലൂയ്യാ'' ഗാനത്തോടൊപ്പം ''പുരുഷസൂക്തവും'' ചൊല്ലിക്കൊണ്ടാണ് ആരാധന നടത്തുന്നത്. നാമകരണം ചെയ്യുന്നതിലും ഈ യോഗം കാണാവുന്നതാണ്. യൂയോ രാലിസന്‍ എന്ന വിദ്വാന്‍കുട്ടിയുടെ ഭാര്യയുടെ പേര് ''സീതാമേരി,'' മക്കള്‍ ദാനിയേല്‍ മനു, ഏലിസബേത്ത് കൃപാവല്ലി, മറിയ വത്സ യോഹന്നാന്‍, ക്രിസ്തുവര്‍ണ്ണന്‍ എന്നിവര്‍.

സഭാംഗങ്ങള്‍ പാലിക്കേണ്ടതായ ജീവിതക്രമത്തിലും നിഷ്‌കര്‍ഷയുണ്ടായിരുന്നു. മത്സ്യം, മാംസം, മദ്യം എന്നിവ ഉപയോഗിക്കുകയോ ആഭരണങ്ങള്‍ അണിയുകയോ ചെയ്യാന്‍ പാടില്ല. ക്രിസ്തുവിനെ പരിശുദ്ധത്മാവായി കാണുന്നു എങ്കിലും ഛായാചിത്രങ്ങളോ പ്രതിമകളോ യൂയോമതം അംഗീകരിക്കുന്നില്ല. പ്രത്യേക പ്രാര്‍ത്ഥനാലയങ്ങള്‍ ഇല്ലാതെ ഇവര്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്തുന്നു.

മതം സ്ഥാപനവത്കരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും സത്യസന്ധതയും ഇവര്‍ മനസ്സിലാക്കുന്നു എന്നുവേണം കരുതാന്‍. ദൈവത്തിന്റെ ഒരേ ഒരു ദേവാലയം, ആകാശവും ഭൂമിയും ഉള്‍ക്കൊണ്ട മഹാദേവാലയമാണെന്നും, അവിടെ ആര്‍ക്കും സ്വന്തരീതിയില്‍ പ്രാര്‍ത്ഥന നടത്താമെന്നും യൂയോമതം വിശ്വസിക്കുന്നു. യൂസ്തസ് യോസഫാകുന്ന പരിശുദ്ധാത്മാവിന് വേറെ ഏഴു പേരുകള്‍ കൂടി ഉള്ളതായി പറയപ്പെടുന്നു. ഒരു സര്‍വ്വമതദേശീയസമ്മേളനം അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അതിനുദാഹരണമാണ് സര്‍വ്വലോകഭാഷകള്‍ക്കും ഉപരിയായ ഒരു ഭാഷയും വ്യാകരണവും അദ്ദേഹം സ്വന്തമായി രൂപപ്പെടുത്തിയത്. 1882 ല്‍ ''ഇരിഞ്ചിക്ക്വാ നൊവൊ'' അഥവാ ''ഇരുവായ്ത്തലവാളിന്‍ നാവ്'' എന്ന ഭാഷ നടപ്പില്‍ വന്നു. 1896 ല്‍ മനോരമ പ്രസ്സിലാണ് ഇത് പുസ്തകമായി അച്ചടിച്ചത്. 

''നിത്യാക്ഷരങ്ങള്‍'' എന്ന പുസ്തകം യൂയോ മതത്തിന്റെ വേദപുസ്തകമാണ്. ചക്രത്തിന്റെ ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട ''ചിത്രബന്ധശ്ലോകം'' മറ്റൊരു പ്രത്യേകതയാണ്. മറ്റു ക്രിസ്തു സഭകളെപ്പോലെ, ''യൂയോമതം'' ക്രിസ്തു സഭയുടെ ഒരു ശാഖയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പലനാടുകളില്‍ നിന്നായി അവര്‍ണ്ണ-സവര്‍ണ്ണഭാഷാഭേദമെന്യെ ഇരുപത്തിനാലു മൂപ്പന്മാരെ ഉള്‍പ്പെടുത്തികൊണ്ട് ഒരു നവസമൂഹപദ്ധതിക്ക് അദ്ദേഹം രൂപം നല്കി. ബോധമാണ് ദൈവമെന്നും മനുഷ്യന്റെ ബോധത്തിലാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേല്ക്കുന്നതെന്നും പിന്നീട് വിദ്വാന്‍കുട്ടി വ്യക്തമാക്കുകയുണ്ടായി. ഹൈന്ദവ ചിന്തയിലെ അവതാരസങ്കല്പവും ക്രിസ്തുവിന്റെ പുനരുത്ഥാനവും സമന്വയിപ്പിച്ചതാണ് വിദ്വാന്‍കുട്ടിയുടെ ഉണര്‍വ്വുസഭ.

20-ാം നൂറ്റാണ്ടില്‍, ഭൂമിയുടെ മറ്റൊരു ഭാഗത്ത്, ക്രിസ്തു വീണ്ടും വന്ന് തങ്ങളെ രക്ഷിയ്ക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ജനതവിഭാഗമുണ്ടായിരുന്നു, ജെമെയ്ക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍. എത്യോപ്പിയയില്‍ നിന്നും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അടിമകളായി കൊണ്ടുവരപ്പെട്ടവരായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. ജോര്‍ജ് ലെയ്‌ലി എന്ന വെള്ളക്കാരനായ ഒരു ബാപ്റ്റിസ്റ്റ് ഉപദേശി, ജെമെയ്ക്കയില്‍ ഒരു ''എത്യോപ്യന്‍ ബാപ്റ്റിസ്റ്റ് സഭ'' ആരംഭിച്ചു. 

അവരുടെ പ്രവാചകനായി അറിയപ്പെട്ട 'മാര്‍ക്കസ് ഗ്രേവി' എത്യോപ്യയില്‍ നിന്ന് ''ജഹോവാ'' അഥവാ 'ജോ'' പുറപ്പെട്ടു വന്ന് നീഗ്രാകളായ നമ്മെ എല്ലാം രക്ഷിയ്ക്കും എന്ന് പ്രവചിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ ''ഗ്രേവിക്കാര്‍'' എന്നറിയപ്പെട്ടു. അന്ന് എത്യോപ്യയുടെ രാജാവായിരുന്ന ''മെനലിക് മൂന്നാമന്റെ ചാര്‍ച്ചക്കാരനും പ്രധാന ഉപദേശകനുമായിരുന്നു ''തഫാരി മക്കേണന്‍ വോല്‍ഡേ മിഖായേലിന്റെ'' പിതാവ്. 1916 മുതല്‍ 1930 വരെ ''റീജന്റ്'' ആയി ''തഫാരി മക്കേണന്‍'' ഭരണം നടത്തി, 1930 ല്‍  ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു. ത്രിത്വമായ ''പിതാവ് - പുത്രന്‍ - പരിശുദ്ധാത്മാവ്'' എന്നര്‍ത്ഥമുള്ള ''ഹെയ്‌ലി സലാസി'' എന്ന നാമം അദ്ദേഹം സ്വീകരിച്ചു. 

ഹെയ്‌ലി സലാസിയുടെ കിരീടധാരണത്തോടെ തന്റെ പ്രവചനം സാക്ഷാത്കരിക്കാന്‍ പോകുന്നു എന്ന് ജെമെയ്ക്കന്‍ പ്രവാചകനായ ''മാര്‍ക്കസ് ഗ്രേവി'' ഉദ്‌ഘോഷിച്ചു. നൂറ്റാണ്ടുകളായി അടിമത്വത്തിലും പ്രവാസത്തിലും കഴിയുന്ന കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വിടുതല്‍ അഥവാ രക്ഷ നല്കാനെത്തിയ 'മശിഹാ'' ആയി ഹെയ്‌ലി സലാസിയെ അവര്‍ കണ്ടു. ചിലര്‍ ദൈവമായിതന്നെ അദ്ദേഹത്തെ കണക്കാക്കി. ജെമെയ്ക്കയില്‍ രസ്തഫാരി മൂവ്‌മെന്റ് ആരംഭിച്ച്, അത് ഒരു മതമായി വളര്‍ന്നു. ഹെയ്‌ലി സലാസിയുടെ യഥാര്‍ത്ഥപേരായ ''രസ്തഫാരി മക്കോനന്‍'' ല്‍ നിന്നാണ് പുതിയമതത്തിന് ''രസ്തഫാരി'' എന്ന പേരു നല്‍കിയത്. തങ്ങളുടെ ഉറവിടമായ ''എത്യോപ്യാ'' ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്നും, ജ്ഞാനിയായ ശലോമോന്‍ രാജാവും ബൈബിളിലെ പിതാക്കന്മാരും ഒക്കെ എത്യോപ്യയില്‍ നിന്ന് വന്നവരാണെന്നും നമ്മുടെ ദൈവം എത്യോപ്യക്കാരുടെ ദൈവമാണെന്നും ഗ്രേവിക്കാര്‍ പഠിപ്പിച്ചു. അതിനാല്‍ വെളുത്ത ദൈവത്തെ അവര്‍ നിരാകരിച്ചു. ജെമെയെയ്ക്കയില്‍ കൂട്ടമായി കറുത്ത വര്‍ഗ്ഗക്കാര്‍ ''രസ്തഫാരി'' മതം സ്വീകരിച്ചു. 1976 ആയപ്പോഴേക്കും എല്ലാ ബ്രിട്ടീഷ് നഗരങ്ങളിലും നോര്‍ത്ത് സൗത്ത് അമേരിക്കകളിലും ആസ്‌ട്രേലിയവരെയും ഈ മതം വ്യാപിച്ചു.

ഹെയ്‌ലി സലാസി ചക്രവര്‍ത്തി 1966 ല്‍ ജെമെയ്ക്കാ സന്ദര്‍ശിച്ചു. അദ്ദേഹം അര്‍മ്മേനിയാ സന്ദര്‍ശിക്കുകയും ''ഓട്ടമന്‍ കൂട്ടക്കൊലയില്‍'' മാതാപിതാക്കള്‍ നഷ്ടപ്പെട്ട 40 കുഞ്ഞുങ്ങളെ ദത്തെടുക്കുകയും വളര്‍ത്തുകയും ചെയ്തു. (1915 മുതല്‍ ഓട്ടമന്‍ ഗവണ്‍മെന്റ് അവരുടെ മാതൃരാജ്യത്തുനിന്ന് അസീറിയ, അര്‍മ്മനിയാ, ഗ്രീക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്നരകോടിയിലധികം ജനങ്ങളെ പലവിധത്തിലായി കൂട്ടക്കൊല ചെയ്യുകയുണ്ടായി). 1950 കളില്‍ ഹെയ്‌ലി സലാസി ചക്രവര്‍ത്തി ഇന്‍ഡ്യാ സന്ദര്‍ശിച്ചു. 

കേരളം സന്ദര്‍ശിച്ച അവസരത്തില്‍ കോട്ടയത്തും അദ്ദേഹം വരികയുണ്ടായി. അദ്ദേഹത്തെ ഒരുനോക്കു കാണുവാനായി, എന്റെ പിതാവിനോടൊപ്പം ബാലനായിരുന്ന ഞാനും കെ.കെ.റോഡരികില്‍ കാത്തുനിന്നു. ഒരുവലിയ ജനക്കൂട്ടം വഴിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരുന്നു. ഒരു തുറന്ന കാറില്‍, പോലീസ് അകമ്പടിയോടെ, സ്ഥാനവസ്ത്രങ്ങളുമണിഞ്ഞ്, ഹെയ്‌ലി സലാസി ചക്രവര്‍ത്തി കടന്നുപോയത് ഇന്നും ഒര്‍ക്കുന്നു. അദ്ദേഹം കേരളത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന്, ഒരു മലയാളി യുവാവ് അദ്ദേഹത്തിന്റെ സെക്രട്ടറി ആയി ജോലി ചെയ്തിരുന്നു. ആ യുവാവു ശ്രദ്ധേയമായ സാമര്‍ത്ഥ്യം പ്രകടിപ്പിയ്ക്കുകയും ചക്രവര്‍ത്തിയുടെ പ്രശംസയും ഉത്തമവിശ്വാസവും നേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാജി സമര്‍പ്പിച്ച് കേരളത്തില്‍ തിരികെ എത്തിയിരുന്നു. പട്ടത്വം സ്വീകരിച്ച് പ്രഗത്ഭനായ ഒരു വൈദീകനായിത്തീര്‍ന്ന ''പോള്‍വറുഗീസച്ചനായിരുന്നു, ആ യുവാവ്. പിന്നീട് പൗലൂസ് മാര്‍ഗ്രിഗോറിയോസ് എന്ന പേരു സ്വീകരിച്ച് മെത്രാനായി അഭിഷിക്തനായി. തത്വചിന്തയിലും ദൈവശാസ്ത്രത്തിലും പേരുകേട്ട പണ്ഡിതനും വാഗ്മിയുമായിരുന്നു, അദ്ദേഹം.

ഹെയ്‌ലി സലാസി ചക്രവര്‍ത്തി 1942 ല്‍ അടിമക്കച്ചവടം നിറുത്തലാക്കി. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. 1936 ല്‍ ഇറ്റലി എത്യോപ്യയെ ഉപരോധിക്കുകയും ചക്രവര്‍ത്തി നാടുവിടേണ്ടതായി വരികയും ചെയ്തു. എന്നാല്‍ ജനീവയിലെത്തി ''ലീഗ് ഓഫ് നേഷന്‍സില്‍'' അദ്ദേഹം നടത്തിയ ശ്രമഫലമായി, ഇംഗ്ലണ്ടിന്റെ സഹായത്തോടെ 1941 ല്‍ എത്യോപ്യയെ മോചിപ്പിക്കുകയും അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ 1975 ല്‍ അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ്, അദ്ദേഹത്തെ സ്വസ്ഥാനത്തു നിന്നു നീക്കി, വീട്ടുതടങ്കലിലാക്കിയിരുന്നു. 

എന്നാല്‍ ''രസ്തഫാരി മതം'' അനുദിനം വളര്‍ച്ച പ്രാപിച്ചു. അതിന്റെ വളര്‍ച്ചയ്ക്ക് ജമെയ്ക്കയില്‍ ജനിച്ച ''ബോബ് മാര്‍ലിയും'' അദ്ദേഹത്തിന്റെ ''രേഗേ'' സംഗീതവും ഗണനീയമായ പങ്കുവഹിച്ചു. ആത്മീയനിഷേധി, കരയരുത് പെണ്ണേ, തീപിടിക്കട്ടെ, എരിയുന്നു മുതലായ ഗാനങ്ങള്‍ ബോബു മാര്‍ലിയെ ലോകപ്രസിദ്ധനാക്കി. ഇസ്രയേലിന്റെ ഈജിപ്തില്‍ നിന്നുള്ള വിടുതല്‍പോലെ, ജെമെയ്ക്കര്‍ എത്യോപ്യയിലേക്കുള്ള തിരിച്ചുപോക്ക് സ്വപ്നം കണ്ടു.

ജൂഢയിസവും ക്രിസ്തുമതവും സമ്മേളിച്ച മതമാണ് തങ്ങളുടേതെന്നും എന്നാല്‍ അവയേക്കാള്‍ കുറ്റമറ്റതാണെന്നും രസ്തഫാരികള്‍ അവകാശപ്പെടുന്നു. രസ്തഫാരികള്‍ക്ക് മദ്യവും പുകയിലയും ചുരുട്ടും നിഷിദ്ധമാണ്. ഭക്ഷണക്രമത്തില്‍ എബ്രായരെപ്പോലെ തന്നെ അനുശാസനങ്ങള്‍ ഉണ്ട്. മുടിവെട്ടാനോ, ചീകാനോ, ശരീരത്തില്‍ ശസ്ത്രക്രിയ നടത്താനോ പാടില്ല. കാരണമായി പറയുന്ന ബൈബിള്‍ ഉദ്ധരണി ലേവ്യപുസ്തകം 21:5 ആണ്. എന്നാല്‍ ''കഞ്ചാവ് അഥവാ മാര്‍വാന'' പ്രാര്‍ത്ഥനയിലും ആരാധനയിലും ധൂപമായി ഉപയോഗിക്കുന്നു. (യഹൂദരും ക്രിസ്ത്യാനികളും കുന്തിരിക്കവും, ഹിന്ദുക്കള്‍ കര്‍പ്പൂരവും തങ്ങളുടെ ആരാധനകളില്‍ ഉപയോഗിക്കുംപോലെ) കഞ്ചാവുചെടിയുടെ ഉത്ഭവം, ശലോമോന്‍ രാജാവിന്റെ ശവക്കല്ലറയുടെ മുകളില്‍ നിന്നുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ ''ജ്ഞാനച്ചെടിയും'' ആയി ബന്ധപ്പെടുത്തി അവര്‍ ഉദ്ധരിക്കുന്ന ബൈബിള്‍ ഭാഗം സങ്കീര്‍ത്തനം 104:14 ആണ്. 

വിശ്വാസങ്ങളും ആചാരങ്ങളും സ്ഥാപിച്ചെടുക്കാന്‍ വേദഗ്രന്ഥങ്ങളിലെ വാക്യങ്ങളെയോ ഉപദേശങ്ങളെയോ വളച്ചൊടിക്കാന്‍, സാധാരണക്കാരനെ കഴുതയാക്കാന്‍ എന്നും ശ്രമം നടക്കുന്നു, നടന്നുകൊണ്ടേയിരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ കൂട്ടമായി രസ്തഫാരിയില്‍ ചേര്‍ന്നു. അവരുടെയും ആരോപണം, ക്രിസ്തുമതം  തങ്ങളെ അടിമകളായി മാത്രമെ കണ്ടിട്ടുള്ളൂ എന്നായിരുന്നു. കേരളത്തിലും ഇന്ത്യയിലും മതപരിവര്‍ത്തനം ചെയ്യപ്പെട്ട അവര്‍ണ്ണര്‍ക്ക് അഥവാ ദളിതര്‍ക്കുണ്ടായ അനുഭവം മറിച്ചായിരുന്നില്ലല്ലോ.

ബോബ് മാര്‍ലിയും ''വെയിലേഴ്‌സ്'' എന്ന സംഘവും ലോകം മുഴുവന്‍ അറിയപ്പെട്ടു. വര്‍ണ്ണവിവേചനത്തിനും, പാര്‍ശ്വവല്‍ക്കരണത്തിനും യുദ്ധങ്ങള്‍ക്കും ഒക്കെ എതിരായി അവര്‍ പാടി. ലോകസമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു ബോബ് മാര്‍ലിയും സംഘവും പ്രചരിപ്പിച്ചത്. കാല്‍ വിരലില്‍ അര്‍ബുദം ബാധിച്ച ബോബ് മാര്‍ലി, മതം അനുവദിക്കാത്തതിനാല്‍, ശസ്ത്രക്രിയ നടത്തിയില്ല. രോഗം കാലില്‍ നിന്നും മറ്റു ശരീരഭാഗങ്ങളിലേക്കും കടന്നുകയറി. പിന്നീട് ക്രിസ്തീയസഭയിലേക്ക് അദ്ദേഹം മതംമാറിയത്. 

രോഗശാന്തി പ്രതീക്ഷിച്ചായിരുന്നുവത്രേ. 1981 മെയ് 11 ന് അമേരിക്കയിലെ ഒരു ആശുപത്രിയില്‍ വെച്ച് 36-ാം വയസ്സില്‍ ബോബ് മാര്‍ലി ഈ ലോകത്തോടു യാത്രപറഞ്ഞു. കഞ്ചാവുപുക തന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്നു എന്നു പറഞ്ഞ ബോബ് മാര്‍ലി, തന്റെ രോഗശമനത്തിനും അത് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരിക്കാം. എത്യോപ്യയിലും ജെമെയ്ക്കയിലും കാട്ടുചെടിയായി ധാരാളം വളര്‍ന്നു വരാറുള്ള കഞ്ചാവിനെ വിശുദ്ധവസ്തുവാക്കി ആചാരാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെടുത്തിയത്, പലപ്പോഴും ചുറ്റുപാടുകളുടെ സ്വാധീനം പുതിയ വിശ്വാസങ്ങളെ സൃഷ്ടിക്കും എന്നതിനുദാഹരണമാണ്. 

എല്ലാ മതങ്ങളിലും പല അര്‍ത്ഥശൂന്യവും ഉപദ്രവകരങ്ങളുമായ വിശ്വാസങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ വിശ്വാസങ്ങളെ കാലാകാലം പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. അന്ധവിശ്വാസങ്ങളേയും, മതവിദ്വേഷങ്ങളേയും, സ്ഥാപിത താല്പര്യങ്ങളേയും ഒഴിവാക്കിക്കൊണ്ട്, മനസ്സു ശുദ്ധീകരണത്തോടെ ''ഈശ്വര സാക്ഷാത്കാരം പ്രാപ്യമാക്കുന്ന മതം'' നിലവില്‍ വരണം. അല്ലെങ്കില്‍ ''ഓപ്പിയം എന്ന കറുപ്പോ, കഞ്ചാവെന്ന മാര്‍വാനയോ'' ഒക്കെയായി, മതം നിര്‍വ്വചിക്കപ്പെടും. നവോത്ഥാനം എല്ലാക്കാലത്തും, പൂര്‍ണ്ണതയിലെത്തുംവരെ ...... അതു പൂര്‍ണ്ണത സാക്ഷാത്കരിക്കപ്പെടട്ടെ.

Read more

ചില നവോ­ത്ഥാന നായ­ക­ന്മാര്‍ (തോമസ് കളത്തൂര്‍)

പതി­നെട്ടാം നൂറ്റാ­ണ്ടില്‍ കേര­ള­പ്ര­ദേ­ശത്ത് നടന്ന നവോ­ത്ഥാന പ്രസ്ഥാ­ന­ങ്ങ­ളി­ലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ബാഹ്മ­ണ്യ­മേ­ധാ­വി­ത്വവും ഫ്യൂഡല്‍പ്ര­ഭു­ക്ക­ളുടെ ചൂഷ­ണവും അന്ധ­വി­ശ്വാ­സ­ങ്ങളും ദുരാ­ചാ­ര­ങ്ങളും കെടി­കെ­ട്ടി­വാ­ണി­രുന്ന കാലം. ""തൊട്ടു­കൂ­ടാ­ത്ത­വര്‍, തീണ്ടി­കൂ­ടാ­ത്ത­വര്‍,ദൃഷ്ടി­യില്‍പ്പെ­ട്ടാലും ദോഷ­മു­ള്ളോര്‍'' എന്നി­ങ്ങ­നെ­യുള്ള ജാതി­ക്കോ­മ­ര­ങ്ങള്‍ ഉറഞ്ഞാടുന്ന കാലം. തനിക്കുചുറ്റിനും താഴെയും ഉള്ള­തെല്ലാം തന്റെ ഉപ­ഭോ­ഗ­ത്തി­നാ­ണെന്നും എന്നാല്‍ അവ­യെല്ലാം താന­ട­ക്കം തന്റെ മുക­ളി­ലു­ള്ള­വ­­രുടെ ഉപ­ഭോ­ഗ­വ­സ്തു­ക്ക­ളാ­ണെന്നും സമ്മ­തിച്ചു ധരി­ച്ചി­രു­ന്നു, അങ്ങനെ സ്വാത­ന്ത്ര്യവും വ്യക്തിത്വനും നഷ്ട­പ്പെട്ട ഒരു ജന­ത­യു­ടെ കാഴ്ച­പ്പാ­ടിന് വ്യതി­യാനം ഉണ്ടാ­ക്കു­വാന്‍ പാശ്ച­ത്യ­മി­ഷ്യ­ന­റി­മാ­രുടെ ആഗ­മനം വളരെ സഹാ­യി­ച്ചു. അവര്‍ സ്ഥാപിച്ച വിദ്യാ­ഭ്യാസ സ്ഥാപ­ന­ങ്ങള്‍ പുറം ലോക­ത്തേക്ക് എത്തി­നോ­ക്കാ­നും തന്നെ­ത്താന്‍ മന­സ്സി­ലാ­ക്കു­വാനും ഒരു നല്ല നാളെയെ സ്വപ്നം കാണാനും സഹാ­യി­ച്ചു. നമുക്ക് ചരി­ത്ര­ത്തിലെ ചില ഏടു­കള്‍ നോക്കാം.

വിദ്വാന്‍കുട്ടി എന്ന രാമ­യ്യന്‍ (1835­-1887) : ഭാര­ത­ത്തിനു പുറത്തു നിന്നും ഇറ­ക്കു­മ­തി­ചെ­യ്യ­പ്പെട്ട ക്രിസ്തു­മ­ത­ത്തി­ലേക്ക് ഒരു തമിഴ് ബ്രാഹ്മ­ണ­കു­ടുംബം ആകര്‍ഷി­ക്ക­പ്പെ­ട്ടു. പാല­ക്കാ­ട്ടി­ന­ടുത്ത് മണി­പ്പുരം വില്ലേ­ജില്‍ വെങ്കി­ടേ­ശ്വര അയ്യ­രു­ടെയും (ഭാ­ഗ­വതര്‍ മീനാക്ഷി അമ്മാ­ളിന്റെയും ഏഴു­മ­ക്ക­ളില്‍ ഒരാ­ളായി രാമ­യ്യന്‍ ജനി­ച്ചു. സമര്‍ത്ഥ­നായി വളര്‍ന്നു­വന്ന രാമ­യ്യന് തിരു­വി­താം­കൂര്‍ മഹാ­രാ­ജാവ് ""വിദ്വാന്‍കുട്ടി'' എന്ന പേരു­നല്‍കി. ക്രിസ്ത്യന്‍ അയല്‍ക്കാ­രു­മാ­യുള്ള സംസര്‍ഗ്ഗ­ത്തി­ലൂടെ ജോസഫ് പീറ്റ് എന്ന ആംഗ്ലി­ക്കല്‍ മിഷ്യ­നറി വൈദീ­ക­നു­മായി പരി­ച­യ­പ്പെ­ട്ടു. അദ്ദേഹം രാമ­യ്യന്റെ കുടും­ബാം­ഗ­ങ്ങള്‍ക്ക് വായി­ക്കാ­നായി ""പര­ദേശി മോക്ഷ­യാത്ര'' എന്ന പുസ്തകം നല്‍കു­ക­യു­ണ്ടാ­യി. (ജോണ്‍ബ­നി­യന്‍, അനു­വാദം വാങ്ങാതെ സുവി­ശേ­ഷ­പ്ര­സംഗം നട­ത്തി­യ­തിന് "" ചര്‍ച്ച് ഓഫ് ഇംഗ്ല­ണ്ടില്‍'' ജയില്‍ ശിക്ഷ അനു­ഭ­വി­ക്കുന്ന കാലത്ത് എഴു­തി­യ­താണ് ഈ പുസ്ത­കം. ബൈബിള്‍ കഴി­ഞ്ഞാല്‍ ഏറ്റ­വും­കൂ­ടു­തല്‍ വായി­ക്ക­പ്പെ­ടു­കയും ഭാഷാ­ന്തരം ചെയ്യ­പ്പെ­ടു­കയും ചെയ്ത പുസ്ത­ക­മാ­ണിത്. (സ്ഥ­ല­കാ­ല­താ­ര­ത­മ്യ­പ­ഠ­ന­ത്തി­ന്) സംസ്കൃതം പഠി­ച്ച­തിന് എഴു­ത്ത­ച്ഛനെ ചക്കാടി ജീവിതം കഴി­ക്കാന്‍ വിധി­ച്ചതും ഈശ്വ­ര­നാമം ജപി­ച്ചു­കൊണ്ട് ""ചക്ക് ആട്ടി'', ചക്കും കുറ്റി­യില്‍ ഈശ്വ­രനെ ദര്‍ശിച്ചു വേദ­ഗ്ര­ന്ഥ­ങ്ങള്‍ രചി­ച്ച­തിന് ""ശിര­ഛേദം'' ചെയ്യാന്‍ സാമു­തിരി കല്പി­ച്ചതും ആഴ്‌­വാ­ഞ്ചേരി തമ്പ്രാ­ക്ക­ളുടെ ഇട­പെ­ട­ലാല്‍ ശിര­ഛേദം നാടു­ക­ട­ത്ത­ലായി ഇളവു ചെയ്തതും സ്മരി­ക്കു­ന്നു.) ഈ പുസ്തകം വായി­ച്ച­തി­നു­ശേ­ഷ­മാണ് വെങ്കി­ടേ­ശ്വര അയ്യരും കുടും­ബവും മാമോ­ദീസാ മുങ്ങി ക്രിസ്ത്യാ­നി­ക­ളാ­യി­ത്തീര്‍ന്ന­ത്. അതിനു­ശേഷം യൂസ്‌തോസ് ജോസ­ഫായി നാമ­ക­രണം ചെയ്യ­പ്പെട്ട രാമ­യ്യന്‍ എന്ന വിദ്വാന്‍കുട്ടിയെ കോട്ടയം സിമ്മ­നാ­രി­യില്‍ ഗ്രീക്ക് ഇംഗ്ലീ­ഷ്, ബൈബിള്‍ എന്നി­വ­യുടെ പഠ­ന­ത്തി­നായി അയ­ച്ചു. പഠ­ന­ശേഷം അദ്ദേഹം സി.­എം.­എ­സ്. സഭ­യിലെ ഒരു പുരോ­ഹി­ത­നായി അവ­രോ­ധി­ക്ക­പ്പെ­ട്ടു. അദ്ദേഹം ക്രമേണ ഒരു ഉണര്‍വ്വ് പ്രാസം­ഗി­ക­നാ­യി­ത്തീര്‍ന്നു. അദ്ദേ­ഹ­ത്തിന്റെ സംഗീ­ത്ത­തിലും ഗാന­ര­ച­ന­യി­ലു­മു­ളള പ്രാവീണ്യം പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് മിഴി­വേ­കി. മാര്‍ത്തോമ്മ സഭ­യുടെ ""ക്രിസ്ത്രീ­യ­കീര്‍ത്തന''ങ്ങളിലെ ശ്രുതി­മ­ധു­രവും താള­നി­ബ­ന്ധ­വു­മായ ""26'' ഓളം ഗീത­ങ്ങള്‍ അദ്ദേഹം രചി­ച്ച­താ­ണ്. ആംഗ്ലി­ക്കന്‍ സഭ­യില്‍ ഒരു പുരോ­ഹി­ത­നാ­യി­ത്തീര്‍ന്ന ആദ്യത്തെ ബ്രാഹ്മ­ണ­നാ­യി­രുന്നു വിദ്വാന്‍കുട്ടി അച്ഛന്‍. അദ്ദേ­ഹ­ത്തിന്റെ സഹോ­ദ­ര­ന്മാ­രാ­യി­രുന്ന യൂസ്‌തോസ് യാക്കോ­ബു­കു­ട്ടിയും യൂസ്‌തോസ് മത്താ­യി­ക്കു­ട്ടിയും ക്രിസ്തു­വിന്റെ രണ്ടാം­വ­ര­വിനെ പ്രഘോ­ഷി­പ്പിച്ച് ആയി­ര­ങ്ങളെ പിന്‍ഗാ­മി­ക­ളാ­ക്കി. തങ്ങ­ളുടെ കൂട്ട­ത്തില്‍ ചിലര്‍ക്ക് ചില­സ്വ­പ്ന­ങ്ങളും വെളി­പ്പാ­ടു­ക­ളും ഉണ്ടാ­യ­തായി അവര്‍ പ്രച­രി­പ്പി­ച്ചു. കൂടാ­ര­പ്പ­ള്ളില്‍തൊമ്മന്‍ എന്ന പ്രവാ­ച­കനും അവ­രോടു ചേര്‍ന്നു. എന്നാല്‍ ഇവരെ ആരെയും സി.­എം.­എ­സ്.­സഭ അംഗീ­ക­രി­ച്ചി­ല്ല. അഞ്ച­ര­ക്കൊല്ലം കഴി­യു­മ്പോള്‍ ക്രിസ്തു­വീണ്ടും വരു­മെന്നും മറ്റും ഒരു വെളി­പ്പാട് തൊമ്മന് ഉണ്ടാ­യ­യെന്നും അത് സംഭ­വി­ക്കു­മെന്നും സഹോ­ദ­ര­ന്മാര്‍ വിദ്വാന്‍കുട്ടി അച്ചനെ വിശ്വ­സി­പ്പി­ച്ചു.. ഈ വിവരം അച്ചന്‍ സഭാ­നേ­തൃ­ത്വത്തെ അറി­യി­ക്കു­കയും സഭ­യില്‍ പ്രസം­ഗി­ക്കു­കയും ചെയ്തു. അങ്ങനെ അംഗീ­ക­രി­ക്കാ­നാ­വാത്ത വെളി­പ്പാട് പ്രസം­ഗിച്ചു നട­ന്ന­തിന് യൂസ്‌തോസ് ജോസഫ് എന്ന വിദ്വാന്‍ കുട്ടി­യ­ച്ചനെ സഭ­യില്‍ നിന്ന് നീക്കം ചെയ്തു. "".യൂ­സ്‌തോ­സ്‌ജോ­സഫ് യൂയോ­രാ­ലി­സന്‍'' എന്ന പേര് സ്വീക­രി­ച്ചു­കൊണ്ട് ""യൂയേമയ''മത­ത്തിന് രൂപം നല്‍കി. പുരോ­ഹി­തന്‍ എന്ന­തിന് ബോധ­കന്‍ അഥവാ അവ­ബോധം കൊടു­ക്കു­ന്ന­വന്‍ എന്ന പേരു­മാറ്റം നല്‍കി. പാശ്ചാ­ത്യ­പൗ­ര­സ­ത്യ­ദര്‍ശ­ന­ങ്ങളെ സംഗ­മി­പ്പി­ച്ചു­കൊ­ണ്ടുള്ള ഒരു ആത്മീ­യ­തയെ അദ്ദേഹം പരി­ച­യ­പ്പെ­ടു­ത്തി. ഉപ­നി­ഷത് ദര്‍ശ­ന­ത്തേയും ക്രൈസ്തവ വിശ്വാ­സ­ത്തെയും സമീ­ക­രിച്ചു കൊണ്ടാ­ണ് ""യൂയേ­മയ'' മതം സ്ഥാപി­ച്ച­ത്. അഞ്ച­ര­കൊ­ല്ല­ത്തിനു ശേഷം ലോകാ­വ­സാ­നമോ ക്രിസ്തു­വിന്റെ വീണ്ടും വര­വോ, വെളി­പ്പാ­ടില്‍ പ്രകാരം സംഭ­വി­ക്കാതെ പോയി. അതി­നാല്‍ ഈ സഭയെ ""അഞ്ച­ര­ക്കാര്‍'' എന്ന മറു­പേ­രില്‍ അറി­യ­പ്പെ­ട്ടു. 1882 ല്‍ ഹീബ്രു സിറി­യന്‍ ഭാ­ഷ­ക­ളുടെ സ്വാധീ­ന­ത്തില്‍ ""ഇരി­ഞ്ചി­ക്ക്വാ­നൊവൊ'' എന്നൊരു പുതിയ ഭാഷയും അതിന്റെ വ്യാക­ര­ണവും വിദ്വാന്‍കുട്ടി അച്ചന്‍ നിര്‍മ്മിച്ചു നില­വി­ലാ­ക്കി. ക്രമേണ ഈ സഭ നാമ­മാ­ത്ര­മായിത്തീര്‍ന്നു­വെ­ങ്കി­ലും. ആത്മീ­യ­ത­യോ­ടുള്ള പുതിയ സമീ­പനം പഠ­നാര്‍ഹ­മാ­ണ്. എല്ലാ ശബ്ദ­ങ്ങ­ളും അന്ത­രീ­ക്ഷ­ത്തില്‍ ചല­ന­ങ്ങള്‍ സൃഷ്ടി­ക്കു­മ­ല്ലോ. എല്ലാ സംഭ­വ­ങ്ങളും മനു­ഷ്യന്റെ ചിന്തയ്ക്കും വിചാ­ര­വി­കാ­ര­ങ്ങള്‍ക്കും അദ്ധ്യാ­പ­ക­നാ­യി­ഭ­വി­ക്കും. മനു­ഷ്യ­നോ­ടൊപ്പം അവന്റെ സംസ്കൃ­തി­യുടെ പരി­ണാ­മ­ത്തില്‍ കാര­ണ­മാ­വു­കയും ചെയ്യും. 

അയ്യ­പ്പന്‍ എന്ന ചട്ട­മ്പി­സ്വാ­മി­കള്‍ (1853­-1924): തിരു­വ­ന­ന്ത­പു­രത്ത് കണ്ണ­ന്മു­ല­യില്‍ വാസു­ദേ­വന്‍ നമ്പൂ­തി­രി­യു­ടെയും നായര്‍ സമു­ദാ­യ­ത്തില്‍പ്പെട്ട നങ്ങ­മ്മ­യു­ടെയും മക­നായി ജനി­ച്ചു. വലിപ്പം കുറഞ്ഞ കുട്ടി­യാ­യി­രു­ന്ന­തി­നാല്‍ അയ്യ­പ്പനെ ""കുഞ്ഞന്‍'' എന്നും വിളി­ച്ചി­രു­ന്നു. മാതാ­പി­താ­ക്കള്‍ക്ക് മകനെ വിദ്യാ­ഭ്യാസം ചെയ്യി­ക്കാന്‍ കഴി­യാ­തി­രു­ന്ന­തി­നാല്‍ സ്വന്ത­മായി കണ്ടും­കേട്ടും പഠി­ക്കാ­നാ­രം­ഭി­ച്ചു. അയ്യ­പ്പന്റെ അറിവു പ്രാപി­ക്കാ­നുള്ള ദാഹം മന­സ്സി­ലാ­ക്കിയ പേട്ട­യില്‍ രാമന്‍പിള്ള ആശാന്‍ ""ഫീസി­ല്ലാതെ'' അപ്പനെ പഠി­പ്പി­ക്കാ­നാ­രം­ഭി­ച്ചു. അയ്യ­പ്പന്‍ പഠി­ത്ത­ത്തില്‍ സമര്‍ത്ഥ­നാ­യി­രു­ന്ന­തി­നാല്‍ വള­രെ­വേഗം പഠി­ക്കു­കയും ക്ലാസ്സിലെ ""മോനി­ട്ടര്‍'' ആയി നിയ­മി­ക്ക­പ്പെ­ടു­കയും അങ്ങനെ ""ചട്ടമ്പി'' എന്ന പേരും ലഭി­ച്ചു. പഠ­ന­ശേഷം പല സ്ഥല­ങ്ങ­ളിലും അല­ഞ്ഞു­ന­ടന്ന് എല്ലാ­മ­ത­ങ്ങ­ളെയും പഠി­ക്കാന്‍ ശ്രമി­ച്ചു. ശൂഭ­ജ­ത­പ­തി­ക­ളുടെ' ശിക്ഷണം പൂര്‍ത്തി­യാ­ക്കി­യ­ശേഷം തമി­ഴ്‌നാ­ട്ടില്‍ ഒരു ക്രിസ്ത്യാനി പാതി­രി­യുടെ കൂടെ താമ­സിച്ച് ക്രിസ്തു­മ­ത­ത്തെ­പ്പറ്റി പഠി­ച്ചു. പിന്നീട് ഒരു വൃദ്ധ­നായ മുസ്ലീം പണ്ഡി­ത­നോ­ടൊപ്പം താമ­സി­ച്ചു. ഖുര്‍ ആനും സൂഫി­സവും പഠി­ച്ചു. അദ്ദേഹം തൈക്കാട്ട് അയ്യാ­വു­സ്വാ­മി­ക­ളില്‍ നിന്നും ""യോഗാ ശാസ്ത്രവും'' വശ­മാ­ക്കി. ജാതി­വ്യ­വ­സ്ഥ­യില്‍ നില­നി­ന്നി­രുന്ന ഉച്ച­നീ­ച­ത്വ­ങ്ങ­ളെയും സ്ത്രീകളെ സമൂ­ഹ­ത്തിന്റെ താഴേ­ത്ത­ട്ടില്‍ വെറും ഉപ­ഭോ­ഗ­വ­സ്തു­മ­ത്ര­മാ­യി­ക­ണ­ക്കാ­ക്കി­യി­രു­ന്ന­തി­നെയും ചട്ട­മ്പി­സ്വാ­മി­കള്‍ എതിര്‍ത്തു. ജാതി­ചി­ന്ത­ക­ളില്‍ നിന്നും മനു­ഷ്യനെ വിമോ­ചി­പ്പി­ക്കാനും സ്ത്രീകള്‍ക്ക് സമൂ­ഹ­ത്തില്‍ മാന്യ­സ്ഥാനം കൊടു­പ്പാ­നു­മായി അദ്ദേഹം പരി­ശ്ര­മി­ച്ചു. അതി­നായി അദ്ദേഹം ധാരാളം പുസ്ത­ക­ങ്ങള്‍ പ്രസി­ദ്ധ­പ്പെ­ടു­ത്തു­ക­യും­ചെ­യ്തു. ക്രിസ്ത്യന്‍ മിഷ്യ­ന­റി­മാ­രുടെ മതം മാറ്റല്‍ സംരം­ഭ­ങ്ങ­ളെയും അദ്ദേഹം എതിര്‍ത്തു. 

ശ്രീനാ­രാ­യ­ണ­ഗു­രു­സ്വാ­മി­കള്‍ (1856­-1928): തിരു­വ­ന­ന്ത­പു­ര­ത്തി­ന­ടുത്ത് ചെമ്പഴ­ന്തി­യില്‍ ഒരു ഈഴ­വ­കു­ടും­ബ­ത്തില്‍ ""മാടന്‍'' ആശാ­ന്റെയും കുട്ടി­യ­മ്മ­യു­ടെയും മക­നായി ""നാണു'' എന്ന ശ്രീനാ­രാ­യ­ണ­ഗു­രു ജനി­ച്ചു. സവര്‍ണ്ണ അവര്‍ണ്ണ വേര്‍തി­രി­വു­കല്‍ അദ്ദേ­ഹത്തെ അസ്വ­സ്ഥ­നാ­ക്കി. വേദാ­ന്ത­വും യോഗവും വശ­മാ­ക്കി­യ­ശേഷം ഒരു സത്യാ­ന്വേ­ഷി­യായി അലഞ്ഞു നട­ന്നു. നില­വി­ലി­രുന്ന പല അനാ­ചാ­ര­ങ്ങ­ളോടും അനു­ഷ്ഠാ­ന­ങ്ങ­ളോടും അദ്ദേഹം വിമു­ഖത കാണി­ച്ചു. ബ്രാഹ്മ­ണര്‍ക്കു മാത്രം വിധി­ച്ചി­രുന്ന ""പ്രതി­ഷ്ഠാ­വ­കാ­ശത്തെ'' നിരാ­ക­രി­ച്ചു­കൊണ്ട് അദ്ദേ­ഹവും അനു­യാ­യി­കളും "അരു­വി­പ്പു­റത്ത്' ഒരു "ഈഴവ ശിവ' പ്രതിഷ്ഠ നട­ത്തി. അദ്ദേഹം എഴു­തിയ "ആത്മോ­പ­ദേശ നുതകം' മല­യാ­ള­ത്തിലെ ഉന്നത കൃതി­ക­ളി­ലൊ­ന്നായി ഇന്നും നില­നില്‍ക്കു­ന്നു. നില­വി­ലു­ണ്ടാ­യി­രുന്ന "താലി­കെ­ട്ടു­ക­ല്യാണം' തിര­ണ്ടു­കുളി എന്നീ ആ­ചാ­ര­ങ്ങളെ അദ്ദേഹം എതിര്‍ത്തു. ഈഴവ സമു­ദാ­യ­ത്തിന്റെ ഉദ്ധാ­ര­ണ­ത്തിനും മനു­ഷ്യ­സ­ഹോ­ദ­ര്യ­ത്തിനും വേണ്ടി ജീവിതം ഉഴി­ഞ്ഞു­വച്ച ഒരു സിദ്ധനാ­യി­രുന്നു ശ്രീനാ­രാ­യ­ണ­ഗു­രു. അദ്ദേ­ഹ­ത്താല്‍ സ്ഥാപി­ത­മായതാണ് ""ശ്രീനാ­രാ­യ­ണ­ധര്‍മ്മ പരി­പാ­ല­ന­യോഗം (എ­സ്.­എന്‍.­ഡി.­പി) മദ്യ­ത്തിനും മത­വി­ദ്വേ­ഷ­ത്തിനും എതി­രായി അദ്ദേഹം ഉത്‌ബോ­ധനം നട­ത്തി. "മതം ഏതാ­യാലും മനു­ഷ്യന്‍ നന്നാ­യാല്‍ മതി', ഒരു­ജാതി ഒരു­മതം ഒരു ദൈവം മനു­ഷ്യ­ന്, തുട­ങ്ങിയ ആപ്ത­വാ­ക്യ­ങ്ങള്‍ അദ്ദേ­ഹ­ത്തില്‍ നിന്നും ഉതിര്‍ന്നു വീണ­താ­ണ്. മത­മൗ­ലി­ക­ത­യുടെ നേരെ ആഞ്ഞ­ടിച്ച ഒരു കൊടു­കാ­റ്റാ­യി­രുന്നു ശ്രീനാ­രാ­യണഗുരു­ദേവന്‍. മത­സാം­സാ­കാ­രിക രാഷ്ട്രീയ മണ്ഡ­ല­ങ്ങ­ളില്‍ അദ്ദേ­ഹ­ത്തിന്റെ വാക്കു­കള്‍ ഇന്നും ഒരു മാന­ദ­ണ്ഡ­മായി ഉയര്‍ന്നു വരാ­റു­ണ്ട്. അദ്ദേ­ഹ­ത്തിന്റെ ശിക്ഷ്യ­ഗ­ണ­ങ്ങ­ളില്‍ ഡോക്ടര്‍ പല്‍പ്പു­വിന്റെ മകന്‍ നട­രാ­ജ­ഗുരു "ന്യൂജേ­ഴ്‌സി­യില്‍'' നാരാ­യ­ണ­ഗു­രു­കുലം' സ്ഥാപി­ച്ചു. ശ്രീനാ­രാ­യ­ണ­ഗു­രു­ദേവന്‍ 1928 ല്‍ വര്‍ക്ക­ല­യില്‍ വച്ച് സമാ­ധി­യാ­യി.

മഹാ­ത്മാ­അ­യ്യ­ങ്കാളി (1863­-1941): തിരു­വ­ന­ന്ത­പു­രത്ത് വെങ്ങാന്നൂ­രില്‍ പുല­യ­സ­മു­ദാ­യ­ത്തില്‍പെട്ട അയ്യ­ന്റേയും മാല­യു­ടെയും എട്ടു­മ­ക്ക­ളില്‍ മൂത്ത­വ­നായി ജനി­ച്ചു. അക്കാ­ലത്ത് നായര്‍ക്കു­പോലും നമ്പൂ­തിരി അഥവാ ബ്രാഹ്മ­ണനെ ""തൊട്ട്'' അശു­ദ്ധ­മാ­ക്കാന്‍ പാടി­ല്ലാ­യെ­ങ്കിലും അടു­ത്തു­ചെ­ല്ലാ­മാ­യി­രു­ന്നു. അതു­പോലെ ക്രിസ്ത്യാ­നിക്കും. എന്നാല്‍ ഈഴ­വന്‍ മുപ്പ­ത്തി­ആറ് അടി അക­ല­ത്തില്‍ മാത്രമേ നില്‍ക്കാന്‍ പാടു­ള്ളു. അതു­പോലെ വസ്ത്ര­ധാ­ര­ണ­ത്തിലും ആഭ­ര­ണ­ധാ­ര­ണ­ത്തിനും വരെ നിയ­ന്ത്ര­ണ­ങ്ങള്‍ കല്പി­ച്ചി­രു­ന്നു. എല്ലാ പൊതു­വ­ഴി­കളും അവര്‍ണ്ണര്‍ക്ക് ഉപ­യോ­ഗി­ക്കാന്‍ അനു­വ­ദി­ച്ചി­രു­ന്നി­ല്ല. ഇത്തരം അസ­മ­ത്വ­ങ്ങ­ളോട് പല്ലും നഖവും ഉപ­യോ­ഗിച്ച് എതിര്‍ത്ത ഒരു പോരാ­ളി­യാ­യി­രുന്നു അയ്യന്‍കാ­ളി. ഈ പാര്‍ശ്വ­വല്‍ക്ക­ര­ണ­ത്തിലും പീഢ­ന­ങ്ങ­ളിലും പൊറു­തി­മു­ട്ടിയ അവര്‍ണ്ണര്‍ ഹിന്ദു­മ­ത­ത്തില്‍ നിന്നും ക്രിസ്തു­മ­ത­ത്തി­ലേക്ക് പാലാ­യനം ചെയ്തു. എന്നാല്‍ അവി­ടെയും അവരെ "അവശ ക്രൈസ്ത­വര്‍' അഥവാ "പുതു­ക്രി­സ്ത്യാനി' എന്ന മറ്റൊരു കൂട്ട­മായി വേറിട്ടു കാണു­കയും അക­ല­ങ്ങള്‍ സൃഷ്ടി­ക്കു­കയും ചെയ്തു. അയ്യന്‍കാളി ഈ വിവേ­ച­ന­ത്തെയും ചൂണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ട്, ""സാധു പരി­പാ­ലന സംഘം'' സ്ഥാപി­ച്ചു. തിരു­വി­താം­കൂര്‍ അസം­ബ്‌ളി­യില്‍ അദ്ദേഹം അംഗ­മാ­യി. ദ­ളിത് കുട്ടി­കള്‍ക്ക് സ്കൂളു­ക­ളില്‍ പോയി പഠി­ക്കു­ന്ന­തി­നുള്ള അനു­വാ­ദവും മറ്റ­നേകം സ്വാത­ന്ത്ര്യ­ങ്ങളും അദ്ദേഹം നേടി­യെ­ടു­ത്തു. അവര്‍ണ്ണ­രോ­ടുള്ള സമൂ­ഹ­ത്തിന്റെ കാഴ്ച­പ്പാ­ടി­നെ­തി­രുത്തി എടു­ക്കാന്‍ വിപ്ല­വ­ക­ര­മായ ശ്രമ­ങ്ങള്‍ നട­ത്തിയ മഹാത്മാ അയ്യന്‍കാളി 1941 ല്‍ ദിവം­ഗ­ത­നാ­യി.

വൈക്കം അബ്ദുള്‍ഖാ­ദര്‍ മൗലവി (1873­-1932): ചിറ­യി­ങ്കല്‍ എന്ന സ്ഥലത്ത് ജനി­ച്ചു. പഠി­ത്ത­ത്തില്‍ സമര്‍ത്ഥ­നാ­യി­രു­ന്നു. അനേക ഭാഷ­കള്‍ വശ­മാ­ക്കി. അദ്ദേ­ഹ­മാണ് ""സ്വദേ­ശാ­ഭി­മാനി'' എന്ന മല­യാളം പത്രം ആരം­ഭി­ച്ച­ത്. രാമ­കൃ­ഷ്ണ­പിള്ള ആ പത്ര­ത്തിന്റെ ""എഡി­റ്റര്‍'' ആയി. എന്നാല്‍ 1910 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അത് അട­ച്ചു­പൂട്ടി മുദ്ര­വെ­ച്ചു. ധാരാളം പുസ്ത­ക­ങ്ങള്‍ മല­യാ­ള­ത്തിലും അറ­ബി­മ­ല­യാ­ള­ത്തിലും എഴു­തി പ്രസി­ദ്ധീ­ക­രിച്ച അദ്ദേഹം മുസ്ലീം സമു­ദാ­യ­ത്തിന്റെ സമു­ദ്ധാ­ര­കനും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­സ­മ­ര­പോ­രാ­ളി­യു­മാ­യി­രു­ന്നു. മുസ്ലീം മത­വി­ശ്വാ­സ­ങ്ങ­ളില്‍ കട­ന്നു­കൂ­ടിയ അനാ­ചാ­ര­ങ്ങളെ ഉന്മൂ­ലനം ചെയ്യു­വാനും സ്ത്രീ വിദ്യാ­ഭ്യാ­സ­ത്തിന് പ്രചോ­ദനം നല്‍കു­ന്ന­തിനും അദ്ദേഹം ശ്രമി­ച്ചു. അദ്ദേ­ഹ­ത്തിന്റെ പ്രവര്‍ത്ത­ന­ഫ­ല­മായി അറ­ബിക് വിദ്യാ­ഭ്യാ­സം, തിരു­വി­താം­കൂര്‍- കൊച്ചി സംസ്ഥാന സ്കൂളു­ക­ളില്‍ ആരം­ഭി­ച്ചു. തന­തായി ഒരു മല­യാളം ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തു­ണ്ടാ­ക്ക­ണ­മെന്ന ആഗ്രഹം സാധി­ക്കാതെ 1732 ല്‍ അദ്ദേഹം കാല­യ­വ­നി­കയ്ക്കുള്ളില്‍ മറഞ്ഞു.

പൊയ്ക­യില്‍ കുമാ­ര­ഗുരു അഥവാ പൊയ്ക­യില്‍ അപ്പ­ച്ചന്‍ എന്ന പോയ്ക­യില്‍ യോഹ­ന്നാന്‍ ( 1879­-1934) : ഇര­വി­പേ­രൂ­രുള്ള ഒരു പറ­യ­കു­ടും­ബ­ത്തില്‍ കണ്ട­ന്റെയും ലച്ചി­യു­ടെയും മക­നായി ജനി­ച്ചു. ""കുമാ­രന്'' ചെറുപ്പം മുത­കലേ പുസ്ത­ക­വാ­യ­ന­യില്‍ അഭി­മുഖ്യം ഉണ്ടാ­യി­രു­ന്നു. കേരള ചരി­ത്ര­ത്തില്‍ നിന്നും പറ­യര്‍, പുല­യര്‍, കുറ­വര്‍ എന്നീ സമു­ദാ­യ­ങ്ങള്‍ തമ്മി­ലുള്ള ബന്ധ­ത്തെ­പ്പറ്റി മന­സ്സി­ലാ­ക്കു­കയും അവരെ ഒന്നി­പ്പിച്ച് ഒരു കുട­ക്കീ­ഴില്‍ കൊണ്ടു­വ­രാ­നുള്ള ശ്രമം ആരം­ഭി­ക്കു­കയും ചെയ്തു. സവര്‍ണ്ണ­രില്‍ നിന്നുള്ള ""തൊട്ടു­കൂ­ടാ­യ്മ­യിലും തീണ്ടി­കൂ­ടാ­യ്മ­യിലും'' നിന്നു രക്ഷ­നേ­ടു­വാ­നാ­യി, പൊയ്ക­യില്‍ അപ്പ­ച്ചനും അനേ­ക­ദ­ളി­ത­കു­ടും­ബ­ങ്ങ­ളും, നവോ­ത്ഥാന മാര്‍ത്തോ­മ്മ­സ­ഭ­യുടെ അംഗ­ങ്ങ­ളാ­യി. അധികം താമ­സി­യാതെ തന്നെ അവര്‍ക്ക് മന­സ്സി­ലായി, ""ഈ നവോ­ത്ഥാന ക്രിസ്ത്യാ­നി­കളും ദളി­തരെ ഒരു താഴ്ന്ന കൂട്ട­മാ­യി­ട്ടാ­ണ് കണ­ക്കാ­ക്കു­ന്ന­തെന്ന്.'' ഈ ക്രൂര­മായ അറിവ് അദ്ദേ­ഹ­ത്തെയും അനു­യാ­യി­ക­ളേയും മറ്റൊരു പരീ­ക്ഷ­ണ­ത്തിനും നിര്‍ബ­ന്ധി­ത­രാ­ക്കി. അങ്ങനെ അവര്‍ ""ബ്രദര്‍ മിഷ്യന്‍'' എന്ന സഭ­യില്‍ വിശ്വാ­സ­മര്‍പ്പിച്ച് അവ­രോടു ചേര്‍ന്നു. എന്നാല്‍ ബ്രദ­റല്‍ സമൂ­ഹ­ത്തില്‍ നിന്നും മുമ്പ് മാര്‍ത്തോമ്മ സഭ­യില്‍ നിന്നു­ണ്ടായ അതേ കയ്പുള്ള അനു­ഭ­വ­മാണ് ഉണ്ടാ­യ­ത്. രക്ഷ­യെ­പ്പറ്റി പഠി­പ്പി­ച്ചി­രുന്ന ഈ സഭ­ക­ളില്‍ നിന്ന് സാമൂ­ഹി­കവും മാനു­ഷി­ക­വു­മായ ഒരു രക്ഷയും ­ദ­ളി­തര്‍ക്ക് ലഭി­ച്ചി­ല്ല. ഭാവി­യി­ലേ­ക്കുള്ള ഒരു രക്ഷ അല്ലാ, ""രക്ഷ ഇന്ന്'' എന്ന­താ­യി­രുന്നു ദളി­ത­രുടെ ആവ­ശ്യം. അങ്ങനെ ""പ്രത്യക്ഷ രക്ഷ­ദൈ­വ­സഭ'' (പി.­ആര്‍.­ഡി.­എ­സ്) പൊയ്ക­യില്‍ കുമാ­ര­ഗു­രു­വി­നാല്‍ സ്ഥാപി­ത­മാ­യി. വ്യക്തി­ത്വ­ത്തോടെ മാന്യ­മായും സ്വത­ന്ത്ര­മായും ജീവി­ക്കാന്‍ അദ്ദേഹം ദളി­തരെ പഠി­പ്പി­ച്ചു. അദ്ദേ­ഹ­ത്തിന്റെ ശ്രമ­ഫ­ല­മായി ഗവണ്‍മെന്റില്‍ നിന്നും പല സഹാ­യ­ങ്ങളും ദളി­തര്‍ക്കു ലഭി­ക്കാ­നി­ട­യാ­യി. സാമൂ­ഹ്യ­പ്ര­വര്‍ത്ത­ന­ങ്ങളും ദളി­തര്‍ക്ക് ലഭി­ക്കാ­നി­ട­യാ­യി. സാമൂ­ഹ്യ­പ്ര­വര്‍ത്ത­ന­ങ്ങളെ അംഗീ­ക­രി­ച്ചു­കൊണ്ട് ശ്രീമൂലം സഭ­യി­ലേക്ക് പൊയ്ക­യില്‍ അപ്പ­ച്ചനെ നാമ­നിര്‍ദ്ദേശം ചെയ്യ­പ്പെ­ട്ടു. അദ്ദേഹം ഒരു ക്രിസ്ത്യന്‍ ഉപ­ദേ­ശിയും ദളിത് ഉദ്ധാ­ര­കനും ഒരു കവി­യു­മാ­യി­രു­ന്നു.

സമൂ­ഹ­ത്തിന്റെ മേല്‍ത്ത­ട്ടില്‍ അയി­ത്ത­ങ്ങളും ദുരാ­ച­ര­ങ്ങളും നിര്‍മ്മിച്ച് വാണി­രു­ന്ന സവര്‍ണ്ണ­രുടെ പതനം 20­-ാം നൂറ്റാ­ണ്ടിനു മുമ്പേ ആരം­ഭിച്ചു കഴി­ഞ്ഞി­രു­ന്നു. മഹാ­ത്മാ­ഗാ­ന്ധിയും സ്വാത­ന്ത്ര്യ­സ­മ­രവും വ്യക്തി­ത്വ­ത്തെ­പ്പ­റ്റിയും സ്വാത­ന്ത്ര്യ­ത്തെ­പ്പ­റ്റിയും ചിന്തി­യ്ക്കാന്‍ സാധാ­ര­ണ­ക്കാ­രനും അവ­സ­ര­മൊ­രു­ക്കി. പിന്നാലെ വന്ന കമ്യൂ­ണിസ്റ്റ് പ്രസ്ഥാ­നവും ലോക­ത്തിന്റെ മറ്റു­ഭാ­ഗ­ങ്ങ­ളില്‍ നട­ക്കുന്ന സംഭ­വ­ങ്ങളും വലിയ ഉത്തേ­ജ­ന­മാണ് നല്‍കി­യ­ത്. വിദ്യാ­ഭ്യാ­സ­ത്തിന്റെ വളര്‍ച്ച ഏറ്റവും പ്രധാന ഹേതു­വാ­ണ്. ""സ്ത്രീവി­ദ്യാ­ഭ്യാസം'' സവര്‍ണ്ണ­രേയും അവര്‍ണ്ണ­രേയും ഒരു പോലെ ബാധി­ച്ചു. അനേ­ക­സ്ത്രീ­കള്‍ മറ­ക്കു­ടയും പര്‍ദ്ദയും ദൂരെ­യെ­റിഞ്ഞ് സമു­ദാ­യ­ത്തിന്റെ മുഖ്യ­ധാ­ര­യി­ലെ­ത്തി. ""ബ്രാഹ്മ­ണ്യ­ത്തെ''യും സംര­ക്ഷി­ക്കു­വാനും സമു­ദ്ധരി­ക്കു­വാ­നു­മുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ ആരം­ഭി­ച്ചു. മനു­ഷ്യനും ലോക­ത്തിനും ഉണ്ടാ­കുന്ന പരി­ണാ­മം, സമൂ­ഹ­ത്തിനും സംഭ­വിച്ചു കൊണ്ടി­രി­ക്കു­ന്നു. ഈ പരി­ണാ­മത്തെ മന­സ്സി­ലാ­ക്കു­ക. അംഗീ­ക­രി­ക്കു­ക. സ്വയം സമു­ദ്ധ­രി­ക്കു­ക. സമു­ദ്ധാ­ര­ണ­ത്തി­ന്റെയും പുരോ­ഗ­മ­ന­ത്തി­ന്റെയും ഭാഗ­മാ­കു­ക.

ഈ ലേഖ­ന­മെ­ഴു­താന്‍ ഉത്തേ­ജനം തന്ന ജോണ്‍മാ­ത്യു, ഉമ്മന്‍ജോര്‍ജ്ജ്, ജോര്‍ജ്ജ് മണ്ണി­ക്ക­രോട് എന്നീ സുഹൃ­ത്തു­ക്ക­ളോ­ടുള്ള നന്ദിയും അറി­യി­ക്ക­ട്ടെ.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC