രാജു മൈലപ്ര

കുസൃതികുപ്പായം

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരിശന്മാരുമായുള്ളോരെ - നിങ്ങള്‍ക്കു ഹാ കഷ്ടം - വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു. അതു പുറമേ അഴകായി ശോഭിക്കുന്നെങ്കിലും, അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കു തോന്നുന്നു -അകമോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ (മത്തായി 23:27)

ദൈവവിളി കിട്ടിയിട്ടാണ് പലരും പുരോഹിതന്മാരാകുന്നതെന്ന് പറയപ്പെടുന്നു. അങ്ങിനെ 'മോനേ! രാജു - നീ പുരോഹിതനാകണം' എന്ന് ദൈവം ആരേയും രാത്രിയില്‍ വന്നു നേരില്‍ വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. 'രാത്രി' എന്നെടുത്തു പറയുവാന്‍ കാരണം, പലരും നേരം വെളുക്കുമ്പോഴാണ് ഈ 'ദൈവവിളി' യുടെ കാര്യം പുറത്തറിയിക്കുന്നത്.

ദൈവവേലയേക്കാള്‍, നല്ലൊരു ജീവിത മാര്‍ഗ്ഗമായിട്ടാണ് പലരും പുരോഹിത പട്ടം കാണുന്നത്. വലിയ വരുമാനമുള്ള പള്ളികളിലെ വികാരി ആകുവാന്‍, വലിയ ചരടുവലി വേണം. നല്ല പെരുത്ത ശമ്പളം, കൂടാതെ വിവാഹം, മാമ്മോദീസാ, ശവമടക്ക്, വീട്ടു കൂദാശ, ധൂപം വെയ്ക്കല്‍. കുപ്പായത്തിന്റെ കീശകളെല്ലാം നിറഞ്ഞു കവിയുന്നു. കൂടാതെ കൊച്ചമ്മമാര്‍ക്ക് സഭയുടെ കോളേജുകളില്‍ ലക്ച്ചര്‍ പോസ്റ്റ്. ഒരു കൈക്കൂലിയുമില്ലാതെ!

വികാരിമാരില്‍ പലര്‍ക്കും ഈയിടെയായി 'വികാരം' ഇച്ചരെ കൂടുതലാണെന്നു തോന്നുന്നു. 'പത്തായത്തില്‍ അരി ഉണ്ടെങ്കില്‍ എലി പാലക്കാട്ടു നിന്നും വരും' എന്നു പറഞ്ഞതുപോലെ ചില വികാരിമാര്‍ വികാരം ശമിപ്പിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും കൊച്ചിവരെ പറന്നെത്തി വരും. വീട്ടു ചെലവിനു ആയിരം രൂപാ മുടക്കാന്‍ മുക്കിമൂളുന്നവന്‍, വ്യഭിചാരത്തിന് പതിനായിരങ്ങള്‍ വാരി എറിയും.

രഹസ്യ കുമ്പസ്സാരത്തോടനുബന്ധിച്ചാണത്രേ, ഈ വെടിമരുന്നിന് തിരി കൊളുത്തുന്നത്. ഒരു പെണ്ണുമ്പിള്ളക്ക് കല്യാണത്തിന് മുന്‍പുതന്നെ അയല്‍വാസിയായ ഒരു വൈദികനോടു ഒരു 'ഇത്'ഉണ്ടായിരുന്ന്രേത! ആ ഒരു 'ഇത്' പിന്നീട് 'അത്' ആയി മാറി.

ഒരു ചെറുപ്പക്കാരനെ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ വിവാഹം കഴിച്ച ആ യുവതി, താന്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ച കാര്യം ഒരു കുമ്പസ്സാരവേളയില്‍ പുരോഹിതനോട് ഏറ്റു പറഞ്ഞു. അപ്പോള്‍ തുടങ്ങി 'ബ്ലാക്ക്മെയിലിംഗ്'. അച്ചന്‍ യുവതിയുമായുള്ള ബന്ധത്തെപ്പറ്റി കൂട്ടു വികാരിമാരോടു പറഞ്ഞു. വികാരം അണപൊട്ടി ഒഴുകി. 'എലികള്‍ ഓരോന്നായി പത്തായത്തില്‍ കയറിയിറങ്ങി. ഈ താടിയില്‍ പിടിച്ചുള്ള കായികാഭ്യാസം രണ്ടു കുട്ടികളുടെ അമ്മയായ ആ സ്ത്രീക്ക് ഒരു വീക്നെസ് ആയിരുന്നു എന്നു വേണം കരുതുവാന്‍.

രഹസ്യ കുമ്പസ്സാരം എന്തിനാണ് നിര്‍ബന്ധമാക്കുന്നത്?

'ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
(യോഹന്നാന്‍ 14:16)

അപ്പോള്‍ പിന്നെ എന്തിന് ഈ ഇടനിലക്കാര്‍.

'നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന പിതാവ് നിനക്കു പ്രതിഫലം തരും' (മത്തായി 6:6)

എന്നാല്‍ ഇടവകാംഗങ്ങളുടെ ബലഹീനത മനസ്സിലാക്കുവാന്‍ 'ആണ്ടു കുമ്പസ്സാരം' എന്നൊരു ഇണ്ടാസ് ഇറക്കിയിട്ടുണ്ട്. അങ്ങിനെ കുമ്പസ്സാരിച്ചു കുര്‍ബാന കൊള്ളാത്തവര്‍ക്ക് പൊതുയോഗത്തില്‍ ഇരിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കുമ്പസ്സാരിക്കാത്തവരോട് പലതവണ പലപേരും പറഞ്ഞ് പിരിവു നടത്തുന്നതിന് തടസ്സമൊന്നുമില്ല.

കുമ്പസ്സാരം ഒരു വലിയ പ്രഹസനമാണ്. തങ്ങള്‍ ചെയ്ത തെറ്റുകളെല്ലാം, തങ്ങളെപോലെ തന്നെയുള്ള ഒരു മനുഷ്യനോട് ഏറ്റു പറയുവാന്‍ തക്ക വിഡ്ഡികളൊന്നുമല്ലല്ലോ പൊതുജനം?

അമേരിക്കയില്‍ ഇനി 'ഫാമിലി കോണ്‍ഫറന്‍സുകളുടെ' വസന്തകാലമാണ്. പ്രീ മാരിയേജ് ക്ണ്‍സലിംഗ്, ആഫ്ടര്‍ മാരിയേജ് ക്ണ്‍സലിംഗ്, കപ്പിള്‍ മീറ്റിംഗ് അങ്ങിനെ പല പേരുകളില്‍, അവിവാഹിതരായ പുരോഹിതന്മാര്‍ ക്ലാസ്സെടുക്കുന്നു. ചര്‍ച്ചകള്‍ നയിക്കുന്നു. ശംഭോ മഹാ ദേവാ.

അമേരിക്കയിലെ നമ്മുടെ കുട്ടികള്‍ പൊതുവേസ്റ്റ്രെയിറ്റ് ഫോര്‍വേഡ് ആണ്. അവര്‍ക്കു വക്രബുദ്ധിയൊന്നുമില്ല. തെറ്റെന്ന് അവരെ മാതാപിതാക്കളും പള്ളിയും പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍, അവര്‍ കുമ്പസ്സാരത്തില്‍ വെളിപ്പെടുത്തും. വലിയൊരു കെണിയിലേക്കാണ് അവര്‍ ചെന്നു വീഴുന്നതെന്ന് അവര്‍ അറിയുന്നില്ല. അതിനാല്‍ നോക്കിയും കണ്ടും വേണം, മക്കളെ, പ്രത്യേകച്ച് പെണ്‍മക്കളെ കുമ്പസ്സാരത്തിന് പറഞ്ഞുവിടുന്നത്.

പിടിക്കപ്പെട്ട അച്ചന്മാര്‍ക്കെതിരെ പരാതി പറഞ്ഞവരോട് 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നാണ്' സഭാനേതൃത്വം പറയുന്നത്.

ഇപ്പോള്‍, അച്ചന്മാരുടെ വികാര ശമനം നടത്തിയ യുവതിയുടെ ഭര്‍ത്താവിനെതിരെ മാനനഷ്ടത്തിനു കേസ്സുകൊടുക്കുവാന്‍ പോകുകയാണെന്നും കേട്ടു - കേസു കൊടുക്കണം - എങ്കില്‍ മാത്രമല്ലേ ഇവര്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയുള്ളു.

ഒരു കാര്യത്തില്‍ ദു:ഖമുണ്ട്, അച്ചന്‍മാരുടെ അദ്ധ്യാപികമാരായ കൊച്ചമ്മമാരും, വിദ്യാര്‍ത്ഥികളായ അവരുടെ മക്കളും ഓരോ ദിവസവും പൊതുസമൂഹത്തെ നേരിടേണ്ടിവരുന്ന ദയനീയമായ അവസ്ഥ ഓര്‍ക്കുമ്പോള്‍!

പിടിച്ചതിനേക്കാള്‍ വലുത് അളയിലുണ്ടെന്നാണ് കേള്‍ക്കുന്നത്! 

Read more

ഇനി വിശ്രമകാലം

ആദ്യകാല അമേരിക്കന്‍ മലയാളി കുടിയേറ്റക്കാര്‍ക്ക് ഇനി വിശ്രമകാലം. 'കുടി' ഏറിപ്പോയതുകൊണ്ട്
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണെന്‍ ശ്വാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്-'
എന്ന പാട്ടുംപാടി, ഈ ലോകവിശ്രമത്തിനു കാത്തു നില്‍ക്കാതെ പലരും നേരത്തെ തന്നെ പരലോകം പൂകി.

സ്വന്തം നാട്ടിലൊഴിച്ച്, ലോകത്തിന്റെ മറ്റേതു കോണിലായാലും, ഏതു പണിയും ചെയ്യുവാന്‍ മടിയില്ലാത്തവരാണ് മലയാളികള്‍. മറ്റുള്ളവര്‍ക്കിട്ടു പണികൊടുക്കുവാനും അവരൊട്ടും പിന്നിലല്ല. അങ്ങിനെ ഇവിടെ അമേരിക്കയിലും കഠിനാധ്വാനം ചെയ്തു മിക്ക മലയാളികളും തരക്കേടില്ലാത്ത സമ്പത്തുണ്ടാക്കി. ഇനി കൊയ്ത്തു കാലം കണ്ണീരോടെ വിതച്ചവര്‍ ആര്‍പ്പോടെ കൊയ്യുന്നു. പലരും സോഷ്യല്‍ 'സെക്യൂരിറ്റി'യുടെ പടിവാതിലായ അറുപത്തിരണ്ടാം വയസ്സില്‍ത്തന്നെ വിരമിച്ചു. ചിലര്‍ 'Full benefti' കിട്ടുവാന്‍ വേണ്ടി എഴുപതിലേക്കു തുഴയുന്നുണ്ട്. വഞ്ചി അക്കരെയെത്തുമോ, ആവോ?
റിട്ടയര്‍മെന്റ് എടുത്തു കഴിഞ്ഞാല്‍, അവശേഷിച്ചിരിക്കുന്ന അല്പായുസ്, ആസ്വാദ്യകരമാക്കുവാന്‍ വേണ്ടി, അതുവരെ ചെയ്യാതിരുന്ന പല സംഗതികളിലും ഏര്‍പ്പെടാറുണ്ട്.

 ജിമ്മില്‍ ചേരുക അതിലൊരു പ്രധാന ഇനമാണ്. 'ആരോഗ്യം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലോ പ്രമാണം. അറുപത്തിരണ്ടു വര്‍ഷത്തെ ചിട്ടയില്ലാത്ത ജീവിതം സമ്മാനിച്ച കുടവയറും, തൂങ്ങിത്തുടങ്ങിയ 'മില്‍മാ' യും ഒന്നു Firm ആക്കുവാനുള്ള ആഗ്രഹം.

ഇവിടെയടുത്തു ന്യൂയോര്‍ക്ക് സിറ്റിയുടെ വകയായി ഒരു 'ജിം' ഉണ്ട്. സീനിയര്‍ സിറ്റിസണ്‍സിനു വെറും അഞ്ചു ഡോളറാണ് വാര്‍ഷീക ഫീസ്. ഇത്ര നല്ല ഒരു bargain കണ്ടാല്‍ മലയാളി വിടുമോ? അതു അമേരിക്കയിലായാലും അട്ടപ്പാടിയിലായാലും!

Treadmill, elliptical, cycle തുടങ്ങിയവയാണു പ്രധാന എക്‌സര്‍സൈസ് ഉപകരണങ്ങള്‍. പഴയ നേഴ്‌സിംഗ് യൂണിഫോം ധരിച്ചുകൊണ്ടാണഅ പല വനിതകളുടേയും വരവ്. റിട്ടയര്‍ ചെയ്‌തെങ്കിലും യൂണിഫോം കളയണ്ട കാര്യമില്ലല്ലോ! തേയിലസഞ്ചിപോലത്തെ മുലയും, അരിചാക്കു പോലത്തെ വയറും, കലം കമഴ്ത്തിയതു പോലുള്ള നിതംബവുമാണ് പൊതുവേയുള്ള ഒരു ലുക്ക്. ഈ കളിമണ്ണില്‍ നിന്നു വേണം ഭാവിയിലെ ഐശ്വരറായിമാരെ കടഞ്ഞെടുക്കുവാന്‍-Elliptical ലില്‍ കയറുന്ന കാണുമ്പോള്‍ പഴയകാല പരവന്മാരെ ഓര്‍മ്മ വരും.

ഈ കസര്‍ത്തുകള്‍ക്കിടയില്‍ മലയാളി മങ്കമാര്‍ തമ്മില്‍ നാട്ടുവര്‍ത്തമാനങ്ങളൊക്കെ പേശുന്നുണ്ട്.
'എവിടുന്നാ മീന്‍ വാങ്ങിക്കുന്നത്?'
'അച്ചായനു തലക്കറിയാണിഷ്ടം'
'കൊച്ചുമോളു കഴിഞ്ഞാഴ്ച പള്ളിയിലൊരു പാട്ടു പാടി' അങ്ങിനെ പലതരം വിഷയങ്ങളങ്ങു പരത്തുകയാണ്. ഉച്ചത്തിലുള്ള ഈ മലയാളസംസാരം സായിപ്പന്മാരെ അലോസരപ്പെടുത്തുന്നതൊന്നും ഇവര്‍ക്കു വിഷയമല്ല.

അവസാനം കയറിയ treadmill ഒന്നു തുടച്ചു വൃത്തിയാക്കാതെ പൃഷ്ടത്തിലെ പൊടിയും തട്ടി ഒരു പോക്കുണ്ട് നമ്മള്‍ അടിസ്ഥാനപരമായി മലയാളികളല്ലേ! നമ്മുടെ കാര്യം കഴിഞ്ഞാല്‍ പിന്നെ 'Who cares?'
വിശ്രമജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരിനമാണ് cruise! Queen mary പോലുള്ള luxury cruise liner തുടങ്ങി, Circle Line പോലുള്ള സാദാ ബോട്ടുകള്‍ വരെ, യാത്രക്കാര്‍ക്ക് ആനന്ദം പകര്‍ന്നുകൊണ്ട് കടലിലൊഴുകി നടക്കുകയാണ്. Cruise കഴിഞ്ഞു വരുന്ന മിക്കവരും ഫുഡിനേപ്പറ്റിയാണ് വാതോരാതെ സംസാരിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ നല്ല ആഹാരം കഴിച്ചിട്ടില്ലെന്നു തോന്നും ചിലരുടെ പറച്ചില്‍ കേട്ടാല്‍.

ക്രിസ്ത്യാനി റിട്ടയറീസിനു ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരിനമാണ് ഇസ്രയേല്‍ യാത്ര.
'സീയോന്‍ സഞ്ചാരി ഞാന്‍, യേശുവിന്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍-' എന്ന പാട്ടും പാടി അവരങ്ങനെ പോകും- ഒരു തീര്‍ത്ഥാടക സംഘത്തിന്റെയൊപ്പം എന്റെ പ്രിയതമയും വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ചു. അന്നു മുതല്‍ ഇന്നുവരെ ഇസ്രയേല്‍ യാത്രയുടെ വിവരണമാണ്- സുഹൃത്തുക്കളോട്, ബന്ധുക്കളോട്, നാട്ടുകാരോട്, ഗലീലക്കടല്‍, മുന്തിരിത്തോട്ടങ്ങള്‍, അത്തിവൃക്ഷം, ചാവുകടല്‍, പീറ്റര്‍ ഫിഷ് ഇവയൊക്കെ എന്റെ തലയ്ക്കു ചുറ്റും കിടന്നു കറങ്ങുകയാണ്.

റിട്ടയര്‍ ചെയ്ത മിക്കവരുടേയും ജീവിതം കൊച്ചുമക്കളാല്‍ സമ്പന്നമാണ്. കൊച്ചുമക്കളോടൊപ്പം കൊച്ചുവര്‍ത്തമാനവും പറഞ്ഞ്, കളിചിരി തമാശകളുമായി കഴിയുന്നിടത്തോളം ഒരു ആനന്ദം ഇതുവരെ അനുഭവിച്ചിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പരസ്യമായി പേരു വെളിപ്പെടുത്തുവാന്‍ താല്പര്യമില്ലാത്ത ഒരു സുഹൃത്ത് അയാളുടെ കൊച്ചുമക്കളെപ്പറ്റി മനസ്സു തുറന്നതിങ്ങനെ, 'എന്റെ രാജു! ഇതുപോലൊരു ദുരിതം ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. രാവിലെ ജോലിക്കു പോകുന്നതിനു മുന്‍പ് മോളും മരുമോനും കൂടി കൊച്ചു മക്കളെ രണ്ടുപേരെയും ഞങ്ങളെ ഏല്‍പിക്കും. പിന്നീട് അവര്‍ വൈകീട്ടുവരുന്നതുവരെ ഞങ്ങളു കൊച്ചുമക്കളുടെ പുറകെയാ... പാലു കൊടുക്കണം, ഡയപ്പറു മാറ്റണം, കുളിപ്പിക്കണം, ഉറക്കണം- സത്യത്തില്‍ നമ്മുടെ പിള്ളേരു നമ്മളെ use ചെയ്യുകയാ. വീക്കെന്‍ഡില്‍ അവര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിക്കോ പരിപാടിക്കോ പോകണമെങ്കിലും പിള്ളേരെ കൊണ്ടു വന്നു ഞങ്ങളുടെ അടുത്തു തള്ളും. നമുക്കു സ്വന്തമായി ഒരു ജീവിതമില്ലെന്നാ അവരുടെ വിചാരം. കൊച്ചുമക്കളുടെ കാര്യം നോക്കി, ഇരുപത്തിനാലു മണിക്കൂറും കഴിയുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നാണ് അവരുടെ ധാരണ രണ്ടു കോഷാ!'

രഹസ്യമായി പലരും പറയുന്നത് കൊച്ചു മക്കളെ ബേബിസിറ്റ് ചെയ്തു ഫെഡ്-അപ് ആയി എന്നാണ്. എന്നാല്‍ ബുദ്ധിമാന്മാരായ മക്കള്‍ ഇതൊന്നും അറിയുന്നില്ല എന്നു ഭാവിക്കുകയാണ്.
തലമുറ തലമുറ കൈമാറി, മക്കളേയും കൊച്ചു മക്കളെയും, ദൈവഹിതമുണ്ടെങ്കില്‍ അവരുടെ മക്കളേയും വളര്‍ത്തി വലുതാക്കുവാനുള്ള മഹാഭാഗ്യം നമുക്കു വിധിക്കപ്പെട്ടതാണെന്നു കരുതി സമാധാനിക്കാം.

Read more

"ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ!"

തോണ്ടലും, തലോടലും, കെട്ടിപ്പിടുത്തവുമെല്ലാം വാര്‍ത്തകളാണല്ലോ ഈ വര്‍ത്തമാന കാലത്ത്. മീഡിയാ ഇത്രകണ്ടു സ്‌ട്രോംഗ് അല്ലാതിരുന്ന കാലത്ത് ഇതിനൊന്നും വലിയ വാര്‍ത്താ പ്രാധാന്യമില്ലായിരുന്നു. 

വടശ്ശേരിക്കരയില്‍ പൂവാലശല്യം- എന്നോ മറ്റോ ഒരു ഒറ്റക്കോളം വാര്‍ത്ത അകത്താളുകളില്‍ എവിടെയെങ്കിലും ഇടംകണ്ടാലായി. 'പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റും വനിതാമെംബറും തമ്മില്‍ കാമകേളി-' തുടങ്ങി ചില എരിവും പുളിയുമുള്ള വാര്‍ത്തകള്‍ 'തനിനിറം' എന്ന മഞ്ഞപ്പത്രത്തില്‍ അച്ചടിച്ചുവരുമായിരുന്നു. ഈ പരിപാടി നിര്‍ത്തിയില്ലെങ്കില്‍, പേരു വിവരം അടുത്ത ലക്കത്തില്‍ എന്നൊരു ഭീക്ഷണിയും- ഈ ഭീക്ഷണിയുടെ പേരില്‍, പത്രാധിപര്‍ക്കു പണവും, ചിലപ്പോള്‍ പണിയും കിട്ടിയിട്ടുണ്ടെന്നും കേള്‍ക്കുന്നു.

ഇന്ന് വായനാ വസന്തം വിരല്‍ത്തുമ്പിലാണല്ലോ ആര്‍ക്കും എന്തും വാര്‍ത്തയാക്കാം. വായനക്കാര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യാം. നല്ല അടിപൊടി സെറ്റപ്പ്!
ആണും പെണ്ണും തമ്മിലുള്ള അഹിതബന്ധത്തിന് ആദാമിന്റെ കാലത്തോളം പഴക്കമുണ്ട് തോട്ടത്തിന്റെ നടുവിലുള്ള ഫലം ഭക്ഷിക്കരുതെന്ന് കര്‍ശന നിയമമുണ്ടായിരുന്നു. എന്നാല്‍ പാമ്പിന്റെ പ്രലോഭനത്തിനു വഴങ്ങി ഹവ്വാ അമ്മച്ചി പഴം പറിച്ച് അപ്പച്ചനു കൂടി കൊടുത്തു. അന്നു തുടങ്ങിയതാ ഈ വെള്ളമിറക്കല്‍ പരിപാടി.

ആദ്യകാലങ്ങളില്‍ ആണും പെണ്ണും തമ്മിലായിരുന്നു ഇരുട്ടിപ്പിടുത്തവും, കെട്ടിമറിച്ചിലുമെല്ലാം- ഇപ്പോള്‍ ഇതിനൊന്നും ലിംഗവ്യത്യാസമില്ല. ലിംഗം തന്നെ വേണമെന്നില്ല.

'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനു
നാട്ടില്‍ തെണ്ടി നടപ്പൂ-' സ്വര്‍ണ്ണക്കടക്കാരന്റെ പരസ്യമാണ്- ഈ ഒടുക്കത്തെ നോട്ടു പ്രശ്‌നം വന്നതില്‍ പിന്നെ സ്വര്‍ണ്ണം കൈയിലുണ്ടെങ്കില്‍ ത്തന്നെ ബാങ്കുകള്‍ തോറും തെണ്ടി നടന്നേ പറ്റൂ.
പണികൊടുക്കുകയാണെങ്കില്‍ ഇങ്ങിനെ തന്നെ വേണം.

എട്ടിന്റെ പണി-ബെസ്റ്റു മോഡി-ബെസ്റ്റ്!

അതു പോട്ടെ!
എത്ര സൗന്ദര്യമുള്ള ഭാര്യ കൂടെയുണ്ടെങ്കില്‍ത്തന്നെയും, പരസ്ത്രീകളെ പഞ്ചാരയടിക്കുന്നത് പുരുഷന്റെ ഒരു ദൗര്‍ബല്യമാണ്. മദ്യലഹരിയിലാണെങ്കില്‍ ആവേശം ഒന്നു കൂടി കൂട്ടും.
അമിതാവേശം ഒരു രോഗലക്ഷണമാണെന്ന് ലാലേട്ടന്‍ പറഞ്ഞതൊന്നും ആരും ചെവിക്കൊണ്ടില്ല എന്നു തോന്നുന്നു.

മനസ്സിലൊരു മോഹമുണ്ടെങ്കില്‍ത്തന്നെയും, അന്യസ്ത്രീകളെ പരസ്യമായി ആലിംഗനം ചെയ്യുന്നതില്‍ ഞാനല്പം പിന്നോട്ടാണ്.

സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാത്യൂസ് ഫ്യൂണറല്‍ ഹോമിലാണു അവിടെയുള്ള മലയാളികള്‍ മരിക്കുമ്പോള്‍ Wake Service നടത്തുന്നത്.

എന്റെ സുഹൃത്തും, സഹപാഠിയും അയല്‍വാസിയുമാണു ദാനിയേല്‍ ചന്ദനപ്പള്ളി. അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി എന്റെ സഹപ്രവര്‍ത്തകയുമായിരുന്നു. അമ്മിണിയുടെ പിതാവ് ന്യൂയോര്‍ക്കില്‍ വെച്ചു നിര്യാതനായി. എന്റെ സുഹൃത്ത് തോമസ് പാലത്തറയോടൊപ്പമാണു ഞാന്‍ ഫ്യൂണറല്‍ ഹോമില്‍ പോയത്. മൃതശരീരത്തിന് ആദരവുകള്‍ അര്‍പ്പിച്ചശേഷം തോമ്മാച്ചന്‍ ദാനിയേലിനു ഹസ്തദാനം നടത്തി. പിന്നാലെ അമ്മിണിക്ക് ആശ്വാന ആശ്ലേഷനും നല്‍കി. തൊട്ടുപിന്നില്‍ ഞാന്‍. ദാനിയേലിനു കൈകൊടുത്തു. അമ്മിണിയെ കെട്ടിപ്പിടിക്കുവാന്‍ കൈ പൊക്കിയപ്പോള്‍ എന്നെ വിയര്‍ക്കുവാനും തുടങ്ങി. ആ ഉദ്യമത്തില്‍ നിന്നും ഞാന്‍ തന്ത്രപൂര്‍വ്വം പിന്‍മാറി.
മദ്യപിച്ചു കഴിയുമ്പോള്‍ ചിലര്‍ക്ക് ഒരു Over Confidence ഉണ്ടാകും. പരിസരബോധമില്ലാതെ പരസ്ത്രീകളോടു ഫ്രീ ആയി ഇടപെടുവാന്‍ ശ്രമിക്കും.

മദ്യപിക്കാതെ തന്നെ സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുവാനും, സ്‌നേഹ ആശ്ലേഷണം നല്‍കുവാനും അമേരിക്കയില്‍ ലൈസന്‍സുള്ളവരാണ് ശശിയണ്ണന്‍, തിരുവല്ലാ ബേബി, അനിയന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍.

ഈയുള്ളവനും രണ്ടുമൂന്നുതവണ ഫോണില്‍കൂടി ശൃംഗരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സ്ത്രീകള്‍ മര്യാദക്കാരായിരുന്നതു കൊണ്ട് എന്റെ ഭാര്യയോടോ, അവരുടെ ഭര്‍ത്താക്കന്മാരോടോ പറഞ്ഞില്ല. അല്ലെങ്കില്‍ എനിക്കെന്തെങ്കിലും അംഗഭംഗം വന്നേനേ! അമേരിക്കയില്‍ അഴിയെണ്ണുവാന്‍ ഈ വകുപ്പു ധാരാളം മതി.

സ്ത്രീകള്‍ എല്ലാവരും ഇക്കാര്യത്തില്‍ തീര്‍ത്തും നിരപരാധികളാണെന്നു പറയുവാന്‍ പറ്റില്ല. ചിലര്‍ ചില പ്രത്യേക കടാക്ഷങ്ങളില്‍കൂടിയും, അംഗവിക്ഷേപങ്ങളില്‍ കൂടിയും അവര്‍ക്കിഷ്ടപ്പെട്ട പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ ശ്രമിക്കാറുണ്ട്. ഒന്നു രണ്ടു സ്ത്രീകള്‍ എന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നു അഭിമാനപുരസ്സരം ഇവിടെ രേഖപ്പെടുത്തട്ടെ! എന്റെ ഭാര്യയുടെ സമയോചിത ഇടപെടല്‍ മൂലം അതു നടന്നില്ല. അതിലുള്ള ഇച്ഛഭംഗവും, ഭാര്യയോടുള്ള പ്രതിക്ഷേധവും എനിക്കിന്നും മാറിയിട്ടില്ല. 

ഇനിയെന്നെ ഏതു സ്ത്രീകള്‍ പീഢിപ്പിക്കുവാന്‍ വന്നാലും എന്റെ ഭാര്യയ്ക്കതൊരു പ്രശ്‌നമല്ല. 'ഓന്തു ചാടിയാല്‍ വേലിക്കലോളം-' എന്നെപ്പറ്റിയുള്ള അവളുടെ സമീപകാല വിലയിരുത്തല്‍ അതാണ്. അതുകൊണ്ടാണ് മൈലപ്രായില്‍ എന്നെ ഏകനാക്കിയിട്ട്, മന:സ്സമാധാനത്തോടു കൂടി അവള്‍ അമേരിക്കയിലേക്കു പറന്നത്.

'ഇഷ്ടമല്ലടാ- എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടു നോട്ടം ഇഷ്ടമല്ലാടാ-'
എന്ന് ഏതെങ്കിലും പെണ്‍കൊച്ചു പാടിയാല്‍, പിന്നെ അതിന്റെ പിറകെ നടക്കാതിരിക്കുന്നതാണു ബുദ്ധി.

ഇല വന്നു മുള്ളില്‍ വീണാലും, മുള്ളു വന്നു ഇലയില്‍ വീണാലും, മുള്ളിന്റെ മുനയൊടിയുവാനാണു ഇക്കാലത്തു സാദ്ധ്യത കൂടുതല്‍!

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC