മൊയ്തീന്‍ പുത്തന്‍ചിറ

ഹജ്ജ് സബ്‌സിഡിയും എയര്‍ ഇന്ത്യയും

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കാരണം, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കേണ്ടത് ഓരോ വ്യക്തിയുടേയും സ്വന്തം സമ്പാദ്യത്തില്‍ നിന്നു വേണമെന്ന നിബന്ധനയുള്ളതുകൊണ്ടു തന്നെ. ഹജ്ജ് കര്‍മ്മം നിര്‍ബ്ബന്ധമായും നിര്‍‌വ്വഹിക്കേണ്ടത് ഓരോ ഇസ്ലാം മത വിശ്വാസിയുടേയും കടമയാണ്. എന്നാല്‍ സാമ്പത്തികശേഷിയും ശാരീരികക്ഷമതയും യാത്രാ സൗകര്യവും ഉള്ളവര്‍ക്കേ ശരീഅത്ത് നിയമപ്രകാരം ഹജ്ജ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. പരസഹായത്തോടെ ഹജ്ജ് ചെയ്യാന്‍ ആരോടും കല്‍പിച്ചിട്ടില്ല. ഇതാണ് സബ്സിഡി നിഷേധത്തെ സ്വാഗതം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹജ്ജ് സബ്സിഡി ഹജ്ജ് യാത്രികര്‍ക്ക് ആശ്വാസമാണെങ്കിലും സമുദായത്തിന് അത് ഭാരവും കളങ്കവും ചാര്‍ത്തുന്നു എന്നതാണ് മറ്റൊരു കാരണം. ഇസ്ലാം മത വിശ്വാസികള്‍ നിര്‍‌വ്വഹിക്കുന്ന ശുദ്ധ മതചടങ്ങായ ഹജ്ജിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശതകോടികള്‍ ചോര്‍ത്തുന്നുവെന്നും, അത് ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമാണെന്നും ഏറെ കാലമായി തല്പര കക്ഷികള്‍ പ്രചരിപ്പിച്ചുവരുന്നു. ഇതര സമുദായങ്ങളില്‍ മുസ്ലിം വിരുദ്ധ മനോഭാവം വളരാന്‍ അതും ഒരു കാരണമാണ്.

ഒരു മുസ്ലിം ഹജ്ജ് കര്‍മ്മത്തിനായി യാത്ര പുറപ്പെടുന്നതു മുതല്‍ മടക്കയാത്ര വരെ ആ വ്യക്തിക്ക് ആവശ്യമായി വരുന്ന യാത്രാ ചിലവ്, ഭക്ഷണം, താമസ സൗകര്യങ്ങള്‍ തുടങ്ങി മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ആവശ്യമായ ധനം കൈവശമുണ്ടായിരിക്കണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ശരിഅത്ത് പറയുന്നു. അതുപോലെ ഹജ്ജിന് പോകുന്ന വ്യക്തി ചെലവ് നല്‍കാന്‍ ബാധ്യതയുള്ള തന്റെ കുടുംബത്തിനും ആശ്രിതര്‍ക്കും യാത്ര കഴിഞ്ഞു തിരിച്ചു വരുന്നതുവരെ മാന്യമായി ജീവിക്കുന്നതിനുള്ള ധനം വകയിരുത്തുകയെന്നതും ഈ നിബന്ധനയുടെ പരിധിയില്‍ പെടുന്നു. സംഭാവനകള്‍ പിരിച്ചുകൊണ്ടുള്ള ഹജ്ജ് ഇസ്ലാം അനുശാസിക്കുന്നില്ല. ഹജ്ജിനും ഉംറക്കും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും സ്വന്തം സമ്പാദ്യത്തില്‍ നിന്നോ, അല്ലെങ്കില്‍ നേരായ രൂപത്തില്‍ നിന്നോ അനന്തരാവകാശമായി ലഭിച്ച സ്വത്തില്‍നിന്നോ ചെലവഴിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ ഒരുങ്ങാവൂ എന്നാണ് നിബന്ധന. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുമിത്രാദികളില്‍ നിന്നോ, മറ്റു ഔദാര്യവാന്മാരില്‍നിന്നോ സംഭാവന സ്വീകരിച്ചുകൊണ്ട് ഹജ്ജിന്ന് പോകണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നില്ല. മറ്റുള്ളവരുടെ ധനം സ്വീകരിക്കുന്നതില്‍ നിന്നും അവരോട് ചോദിച്ചു വാങ്ങുന്നതില്‍ നിന്നും ഹജ്ജിന്ന് പുറപ്പെടാനുദ്ദേശിക്കുന്ന വ്യക്തി മാന്യമായി മാറിനില്‍ക്കേണ്ടതുണ്ട്.

അടുത്തതായി കടബാധ്യതകളാണ്. എല്ലാവിധ കടങ്ങളും മറ്റു ബാധ്യതകളും വീട്ടിയിട്ടായിരിക്കണം ഒരു വ്യക്തി ഹജ്ജിന് പോകേണ്ടത്. ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ ഉപയോഗിക്കുന്ന പണം പരിപൂര്‍ണ്ണമായും ഹലാലായ (നേരായ) മാര്‍ഗേണ സമ്പാദിച്ചതായിരിക്കണം. നബി (സ) പറഞ്ഞു: ഒരാള്‍ തന്റെ നല്ല സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ‘ (നിന്റെ ആഹ്വാനത്തിന് ഞാനുത്തരം നല്‍കിയിരിക്കുന്നു) എന്ന് പറയുമ്പോള്‍ വാന ലോകത്തുനിന്ന് ഒരു പ്രതിശബ്ദമുണ്ടാകും.... ‘നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്‍കി, നീ സൗഭാഗ്യവാനായി, നിന്റെ പാഥേയം ഹലാലാണ്. നിന്റെ വാഹനം ഹലാലാണ്. നിന്റെ ഹജ്ജ് സ്വീകരിക്കപ്പെട്ടിരിക്കുന്നു.’ എന്നാല്‍ മറ്റൊരു വ്യക്തി ഹറാമായി സമ്പാദിച്ച സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ‘ എന്ന് പറയുമ്പോള്‍, വാനലോകത്ത് നിന്ന് അവന് കിട്ടുന്ന ഉത്തരം: നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്‍കിയിട്ടില്ല; നീ സൗഭാഗ്യവാനായതുമില്ല. നിന്റെ പാഥേയം ഹറാമാണ്. നിന്റെ സമ്പാദ്യവും ഹറാമാണ്. നിന്റെ ഹജ്ജ് അസ്വീകാര്യമാണ്.’

ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കുന്നതിനു മുന്‍പ് പാലിക്കേണ്ട ചില നിബന്ധനകള്‍ മാത്രമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കേട്ടയുടനെ നിരവധി സംഘടനകളും വ്യക്തികളും രംഗപ്രവേശം ചെയ്ത് പരസ്പര ബന്ധമില്ലാത്തതും അവിശ്വസനീയവുമായ പ്രസ്താവനകളിറക്കുന്നത് അപഹാസ്യമാണ്. 2012-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സബ്സിഡി പത്തുകൊല്ലത്തിനകം നിര്‍ത്തലാക്കണമെന്നും, ആ തുക മുസ്ലിം സമുദായത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്നുമാണ് അന്ന് സുപ്രീം കോടതി വിധിച്ചത്. ആ വിധിയില്‍ ചില കേന്ദ്രങ്ങള്‍ വിയോചിപ്പ് പ്രകടിപ്പിച്ചെങ്കിലും മുസ്ലിം സമുദായം ബഹുഭൂരിഭാഗവും അന്ന് സ്വാഗതം ചെയ്തിരുന്നു. 2023 ആകുമ്പോഴേക്കും സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി, അത് ഭരണഘടനക്കോ സെക്യുലരിസത്തിനോ വിരുദ്ധമായതുകൊണ്ടല്ലെന്നും അമര്‍നാഥ് തീര്‍ഥാടനം, കുംഭമേള തുടങ്ങിയ മതചടങ്ങുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നതുപോലെ ഭരണഘടനാ വിധേയം തന്നെയാണെന്നും, ഹജ്ജ് സബ്സിഡി ഖുര്‍ആനിന് നിരക്കാത്തതുകൊണ്ടാണ് അവസാനിപ്പിക്കാനാവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയിരുന്നു.

'ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള ആനുകൂല്യം രാജാക്കന്മാരുടെ കാലം മുതല്‍ക്കുളളതാണ്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷവും ഈ പാരമ്പര്യം തുടര്‍ന്നു വന്നു. ഈ ആനുകൂല്യമാണ് കേന്ദ്ര സസര്‍ക്കാര്‍ ഏകപക്ഷിയമായി നിര്‍ത്തലാക്കിയത്. ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുകയും ഇതര മതസ്ഥരായ തീര്‍ത്ഥാടകകര്‍ക്ക് ആനുകൂല്യം തുടരുകയും ചെയ്യുന്നത് വിവേചനപര'മാണെന്നാണ് ഒരു മുസ്ലിം മത സംഘടന പറയുന്നത്. എത്ര ബാലിശമായ പ്രസ്താവനയാണിത്. മൂന്നര പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇന്ദിരാഗാന്ധിയാണ്‌ ഹജ്ജ്‌ സബ്സിഡി ആദ്യമായി നടപ്പാക്കിയത്‌. ഹജ്ജ് കര്‍മ്മത്തിന്റെ നിബന്ധനകളെ സൗകര്യപൂര്‍‌വ്വം വിസ്മരിച്ച്, ഇസ്ലാം മത ശാസനകള്‍ പോലും നിഷിദ്ധമായി കരുതുന്ന ഹജ്ജിനുള്ള സര്‍ക്കാര്‍ ധനസഹായം എന്ന അനീതി അടിച്ചേല്‍പ്പിക്കുക വഴി കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് അവരുടെ സ്വാധീനം കൂടുതലായി മുസ്ലീങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുക എന്നതായിരുന്നു.

ഹജ്ജ് സബ്സിഡി വഴി യഥാര്‍ത്ഥത്തില്‍ ലാഭം കൊയ്തത് എയര്‍ ഇന്ത്യയായിരുന്നു. ഓരോ ഹാജിമാര്‍ക്കും അനുവദിച്ചിട്ടുള്ള സബ്സിഡി മുഴുവനും ടിക്കറ്റ് വിലയിനത്തില്‍ എയര്‍ ഇന്ത്യക്കായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. തത്വത്തില്‍ ഹാജിമാര്‍ക്ക് സബ്സിഡി നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമെങ്കിലും ഹാജിമാര്‍ നേരിട്ട് അത് കൈപ്പറ്റുന്നില്ല. 2023 ഓടെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ള ഹജ്ജ് സബ്‌സിഡി ഒറ്റയടിക്ക് പൂര്‍ണമായി നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത് ഗൂഢ ലക്ഷ്യങ്ങളാണോ എന്ന സംശയവും ഇപ്പോള്‍ ബലപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഹജ്ജ് യാത്രക്കാരെ കൊള്ളയടിക്കുമ്പോള്‍ അതില്‍ ഒരു ആശ്വാസം എന്ന നിലയ്ക്കാണ് ഹജ്ജ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യാത്രാ നിരക്കില്‍ യാതൊരു നിയന്ത്രണവും വരുത്താതെ തന്നെ ഹജ്ജ് സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്. സുപ്രീം കോടതിയുടെ തീരുമാനപ്രകാരം 2023 ആകുമ്പോഴേക്കും സബ്സിഡി നിര്‍ത്തലാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ 2018-ന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു തീരുമാനമെടുത്തതിലും ദുരൂഹതകളുണ്ട്.

എയര്‍ ഇന്ത്യയുടെ പകല്‍ക്കൊള്ള

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയില്‍ ജിദ്ദയിലേക്ക് ഏത് സമയത്തും വിമാന സര്‍വ്വീസ് ഉണ്ട്. ഹജ്ജ് സീസണ്‍ അല്ലാത്ത കാലത്ത് ഏകദേശം 25,000-30,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഹജ്ജ് സീസണില്‍ ഈ നിരക്ക് 75,000 വരെയാണ് എയര്‍ ഇന്ത്യ ഉയര്‍ത്തുന്നത്. അതായത് ഒരു തീര്‍ത്ഥാടകന് 40000 രൂപ കൂടുതല്‍ ! ഈ തുകയാണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കി സബ്സിഡി എന്ന പേരില്‍ ഓരോ യാത്രക്കാരന്റേയും തലയില്‍ കെട്ടി വെയ്ക്കുന്നത്. ഹാജിമാരെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത് സൗദിയ എയര്‍ലൈന്‍സായാലും എയര്‍ ഇന്ത്യക്ക് 'നഷ്ടപരിഹാരം' കിട്ടുന്നു. 'കുടത്തില്‍ നിന്നുപോയാല്‍ കുളത്തിലേക്ക്' എന്ന് പറയുന്നപോലെ സര്‍ക്കാര്‍ ഹാജിമാരുടെ പേരില്‍ നല്‍കുന്ന പണം ചെന്നെത്തുന്നത് എയര്‍ ഇന്ത്യയുടെ കൈയ്യില്‍. സബ്സിഡി നിര്‍ത്തലാക്കിയ സ്ഥിതിക്ക് ഇനി ഹജ്ജിനു പോകുന്നവരുടെ കൈയ്യില്‍ നിന്ന് മേല്പറഞ്ഞ തുക എയര്‍ ഇന്ത്യ വസൂലാക്കുകയും ചെയ്യും. ഈ തീവെട്ടിക്കൊള്ളയ്ക്ക് അറുതി വരുത്തിയിട്ട് വേണമായിരുന്നു ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍. അല്ലാത്ത പക്ഷം അത് ദുരുദ്ദേശപരമാണ്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഹജ്ജിനു പോകുന്നവര്‍ക്ക് ഇരുതല വാളു പോലെയായി. 

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിനെതിരെ ചില സംഘടനകള്‍ മറ്റു ചില ന്യായവാദങ്ങളുമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്. ഹജ്ജിനു മാത്രമല്ല മറ്റു പല തീര്‍ത്ഥാടന യാത്രകള്‍ക്ക് വേണ്ടിയും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും അല്ലാതെയും ഖജനാവില്‍ നിന്ന് പണം നല്‍കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം. ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജെയ്ന്‍ എന്നിവിടങ്ങളില്‍ നടന്നുവരുന്ന കുംഭമേളകള്‍ക്ക് ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്. ഈ തീര്‍ത്ഥാടക സംഗമങ്ങളുടെ നടത്തിപ്പിനാവശ്യമായ കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണത്രേ നല്‍കുന്നത്. 2014-ലെ അലഹബാദ് കുംഭമേളക്ക് കേന്ദ്ര സര്‍ക്കാര്‍ 1150 കോടിയും, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 11 കോടിയും ചിലവഴിച്ചത്രേ. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉജ്ജെയ്‌നില്‍ വെച്ച് നടക്കുന്ന സിംഹസ്ഥ മഹാകുംഭ മേളക്ക് വേണ്ടി 100 കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാറിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കഴിഞ്ഞ വര്‍ഷം നല്‍കിയത്.  മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവിട്ട 3400 കോടി രൂപക്ക് പുറമെയാണതെന്നും പറയുന്നു. നിലവില്‍ 450 കോടി രൂപയാണ് ഹജ്ജ് സബ്‌സിഡിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇവിടെ മറ്റൊരു സത്യം ആരോപണമുന്നയിക്കുന്ന സംഘടനകള്‍ വിസ്മരിക്കുകയാണ്. ഇതര മതവിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളേയും കുംഭമേളകളേയും ഒരിക്കലും ഹജ്ജുമായി താരതമ്യം ചെയ്യരുത്. ഹജ്ജ് കര്‍മ്മത്തിന്റെ നിബന്ധനകളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുവേണം ആ പരിശുദ്ധ കര്‍മ്മം നിര്‍‌വ്വഹിക്കാന്‍. അങ്ങനെ വരുമ്പോള്‍ ഈ സബ്സിഡി നിര്‍ത്തലാക്കല്‍ ഹജ്ജിനു പോകുന്നവര്‍ക്ക് ഗുണമേ ചെയ്യൂ.

മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാനെന്നോണം സബ്സിഡി നിര്‍ത്തലാക്കിയതിന് ബദലായി മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതാതത് ആ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് ഓരോ വര്‍ഷവും ഏകദേശം 450 കോടി രൂപ. സബ്സിഡി നിര്‍ത്തലാക്കുന്നത് നിയമപരമായി പ്രാബല്യത്തിലാകുന്നത് 2023-ലാണ്. അപ്പോള്‍ 2023 വരെ മാത്രമേ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കൂവെന്നാണോ എന്നതിന് വ്യക്തതയില്ല. തന്നെയുമല്ല, മതേതര ഇന്ത്യയില്‍ എല്ലാ വിഭാഗത്തിലും പെട്ട നികുതിദായകരുടെ പണം എന്തിന് ഒരു പ്രത്യേക സമുദായത്തിനു മാത്രം നല്‍കണം? സര്‍ക്കാര്‍ ഖജനാവിലൂടെ ചിലവഴിക്കുന്ന ഈ തുക എന്തുകൊണ്ട് പാവപ്പെട്ട എല്ലാ വിഭാഗക്കാരുടേയും ഉന്നമനത്തിന് വിനിയോഗിച്ചു കൂടാ? ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കത്തക്ക സം‌വിധാനങ്ങളൊരുക്കുക, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ കുട്ടികളുടേയും വിദ്യാഭ്യാസത്തിനും അവരുടെ ഉന്നമനത്തിനുമായി വിനിയോഗിക്കുക, വയോധികര്‍ക്ക് സം‌രക്ഷണം നല്‍കുക, രോഗ ചികിത്സയ്ക്ക് വകയില്ലാത്തവര്‍ക്ക് ആതുരാലയങ്ങള്‍ നിര്‍മ്മിക്കുക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കേ, എന്തുകൊണ്ട് മുസ്ലിം പെണ്‍‌കുട്ടികള്‍ക്ക് മാത്രം ഈ തുക ചിലവഴിക്കണം?

മുസ്ലിം സമുദായത്തിനുമേല്‍ വന്നു പതിക്കുന്ന ഈ കളങ്കത്തിന് പരിഹാരം ഒന്നേയുള്ളൂ.  ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് ഹജ്ജിന് പുറപ്പെടാനൊരുങ്ങുന്നവര്‍ക്ക് മുസ്ലിം സംഘടനകള്‍ ഒരു ബോധവത്ക്കരണം നല്‍കുന്നത് ഇത്തരുണത്തില്‍ ഉചിതമായിരിക്കും. തന്നെയുമല്ല, സൗദിയ പോലുള്ള എയര്‍ലൈന്‍സുകള്‍ മിതമായ നിരക്കില്‍ എയര്‍ ടിക്കറ്റ് നല്‍കുമ്പോള്‍ എന്തിന് എയര്‍ ഇന്ത്യയെ അഭയം പ്രാപിക്കണം? എയര്‍ ഇന്ത്യയിലെ യാത്ര ഒഴിവാക്കിയാല്‍ സീസണ്‍ സമയമാകുമ്പോള്‍ അവര്‍ ഈടാക്കുന്ന 40000 രൂപ അധിക ചാര്‍ജ് കൊടുക്കേണ്ടി വരില്ലല്ലോ. അതുവഴി പരിശുദ്ധ ഹജ്ജ് കര്‍മ്മം നേരായ രീതിയിലാണ് നിര്‍‌വ്വഹിച്ചതെന്ന ആത്മസംതൃപ്തി ലഭിക്കുകയും ചെയ്യും. 

Read more

പുതുമ നിറഞ്ഞതാകട്ടേ ഈ പുതുവര്‍ഷം

കാലത്തിന്‍റെ ഈടു വെയ്പില്‍ ഒരു സംവത്സരം കൂടി ഇതള്‍ കൊഴിച്ചു. പുതിയൊരെണ്ണത്തിന് നാമ്പു മുളയ്ക്കുന്നു. ഹിമകണങ്ങള്‍ വകഞ്ഞുമാറ്റി, കുളിരണിഞ്ഞു കടന്നുവരുന്ന പുതുവര്‍ഷം സമസ്ത മാനവരാശിക്കും നന്മയുടേയും വിജയത്തിന്‍റേയും സ്‌നേഹത്തിന്‍റെയും സന്തോഷത്തിന്‍റേതുമായിരിക്കട്ടേയെന്ന് ആശംസിക്കുന്നു.

ആധുനിക മാനവരാശിയുടെ വളര്‍ച്ച റോക്കറ്റിനെ വെല്ലുന്നതാണ്. മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറാനുള്ള വ്യഗ്രതയില്‍ മാനവിക മൂല്യങ്ങള്‍ക്കു വില കല്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് 2018-ന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ന്യൂനത. പരസ്പരം സ്‌നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്ന നാം, എല്ലാവരേയും എല്ലാത്തിനേയും സംശയത്തിന്‍റെ കണ്ണിലൂടെ മാത്രമാണ് നോക്കിക്കാണുന്നത്. സ്‌നേഹവും കാരുണ്യവും പകയ്ക്കും വിദ്വേഷത്തിനും വഴി മാറുന്നു. ജീവിതത്തേക്കാള്‍ മരണത്തിനു പ്രാമുഖ്യം ലഭിക്കുന്നു. സൃഷ്ടിക്കപ്പെടുന്നതിനേക്കാള്‍ തകര്‍ക്കപ്പെടുന്നതിനു മുന്‍തൂക്കം ലഭിക്കുന്നു. കലുഷിതമായ ഈ അന്തരീക്ഷം മാനവരാശിയുടെ വളര്‍ച്ചയുടേതു തന്നെയോ എന്നു ശാന്തമായി ചിന്തിക്കണം.

പോയ വര്‍ഷം ലോകത്ത് ശാന്തിയേക്കാളധികം പുലര്‍ന്നത് അശാന്തിയായിരുന്നു. സമാധാനത്തേക്കാള്‍ മുന്നിട്ടു നിന്നത് സംഘര്‍ഷങ്ങളായിരുന്നു. നിരപരാധികളായ ലക്ഷോപലക്ഷം അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും ആയോധനമത്സരത്തിന്‍റെ ബലിയാടുകളായി. വിശ്വാസത്തിന്‍റെ പേരില്‍ കൂട്ടക്കുരുതികളും ഭീകരാക്രമണങ്ങളും ലോകത്ത് പെരുകി. യുദ്ധക്കെടുതികളുടെ കണക്കെടുപ്പ് ഒരിക്കലും പൂര്‍ത്തിയാവുന്നില്ല. ഐഎസ് എന്ന പേരില്‍ ലോകജനതയ്ക്ക് ഭീഷണിയായി വളര്‍ന്ന ഭീകര സംഘടനയെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങളടക്കം ലോകത്തെ ഒട്ടെല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് പോരാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അറിഞ്ഞും അറിയാതെയും അതില്‍ പെട്ടുപോയ ഹതഭാഗ്യരായ ചെറുപ്പക്കാരുടെ ദുരന്തങ്ങളും ദുരനുഭവങ്ങളും നാമെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞു. കൊല്ലാനും മരിക്കാനും മാത്രം അതിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന ഞെട്ടിക്കുന്ന സത്യവും നാമറിഞ്ഞു.

ആയുധത്തിന്‍റേയും അഹന്തയുടേയും കണക്കെടുക്കുന്നവര്‍ കാണാതെ പോകുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ലോകത്താകമാനമുള്ള 7.3 ബില്യണ്‍ ജനസംഖ്യയില്‍ 795 ദശലക്ഷം ആളുകള്‍ അല്ലെങ്കില്‍ ഒന്‍പതു പേരില്‍ ഒരാള്‍ സ്ഥിരമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. അതില്‍ 780 ദശലക്ഷം പേര്‍ വികസ്വര രാജ്യങ്ങളില്‍ ജീവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് 12.9 ശതമാനം, അല്ലെങ്കില്‍ എട്ടു പേരില്‍ ഒരാള്‍. ആഗോളതലത്തില്‍ 2.6 ദശലക്ഷം കുട്ടികള്‍ 2016-ലെ ആദ്യ മാസത്തില്‍ മരണമടഞ്ഞു. ദിവസത്തില്‍ ഏകദേശം 7000 നവജാതശിശുക്കള്‍ മരിക്കുന്നു. ഇതില്‍ 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ 46 ശതമാനമാണിത്.

ഇങ്ങനെ ആഹാരം കിട്ടാതെയും പോഷകാഹാരക്കുറവുമൂലവും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴാണ് സമ്പത്തും അഹന്തയും ആയുധത്തിന്‍റെ രൂപത്തിലെത്തി നിരപരാധികളുടെ ചോര കുടിച്ചു മദിക്കുന്നത്.

വിദ്വേഷത്തിന്‍റെ വിഷബീജങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ബാധ്യത മാനവകുലത്തിനു മൊത്തത്തിലുള്ളതാണ്. സ്വയം വിദ്വേഷത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും മറ്റുള്ളവരെ അകറ്റി നിര്‍ത്തുകയും ചെയ്യുകയാണ് ലോക സമാധാനത്തിനുള്ള ഏക വഴി. സഹോദരന്‍റെ ചോരയില്‍ കണ്ണു വെയ്ക്കുന്നതിനു പകരം അവന്‍റെ വിശപ്പിന്‍റെ ആഴം കുറയ്ക്കാന്‍ ആവുന്നതു ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാന്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് കഴിഞ്ഞെങ്കില്‍. ലോകത്തിന് ആര്‍ഷഭാരതത്തിന്‍റെ എക്കാലത്തേയും മഹത്തായ സംഭാവനയായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധിയുടെ വീക്ഷണത്തിന് ഓരോ പുതുവര്‍ഷപ്പുലരിയിലും പ്രസക്തിയുണ്ട്. സമാധാനത്തോടും സഹവര്‍ത്തിത്തത്തോടും പരസ്പരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലുള്ള എല്ലാവരേയും തീറ്റിപ്പോറ്റാനുള്ള വക ചെറുതെങ്കിലും നമ്മുടെ ഭൂമിയിലുണ്ട്. പക്ഷെ, നമുക്കില്ലാതെ പോകുന്നത് സമാധാനവും സഹവര്‍ത്തിത്തവുമാണ്. അതുതന്നെയാണ് ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധവും.

ദൈവത്തിന്‍റെ സ്വന്തം നാടെന്നു പുകള്‍പെറ്റ നമ്മുടെ കൊച്ചു കേരളം എക്കാലവും ശാന്തിയുടേയും സമാധാനത്തിന്‍റേയും സന്ദേശവാഹകയാണ്. എന്നാല്‍, ആ പുണ്യഭൂമിയിലും അശാന്തിയുടെ ലാഞ്ഛനകളുണ്ടാകുന്നു എന്ന ആശങ്ക സമീപകാലത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ തീവ്രവാദം വളര്‍ത്താന്‍ വിദേശത്തുള്ള ഭീകര സംഘടനകളില്‍ ചേരാന്‍ പോയത് അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളാണെന്ന ഞെട്ടിക്കുന്ന സത്യം അശാന്തിയുടേയും അസമാധാനത്തിന്‍റേയും പാത പിന്തുടരാനുള്ള യുവാക്കളുടെ ത്വരയേയാണ് സൂചിപ്പിക്കുന്നത്. അവരെ തിരുത്തി നേര്‍വഴിക്ക് നടത്തേണ്ടത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. ആരെങ്കിലും അറിവില്ലായ്മകൊണ്ട് അത്തരം ബന്ധങ്ങളില്‍ ചെന്നു ചാടുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. അവരെ കണ്ടെത്തി നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരേണ്ടതും, പുനരധിവാസത്തിലൂടെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കേണ്ടതും സര്‍ക്കാരിന്‍റെ ചുമതലയുമാണ്. ഇത്തരമൊരു ചിന്തയ്ക്കുപോലും ഇടമില്ലെന്ന് പ്രതിജ്ഞയെടുക്കാനും, സമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള അവസരം കൂടിയാണ് മലയാളികളുടെ പുതുവര്‍ഷം.

സ്‌നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും കാരുണ്യത്തിന്‍റേയും സനാതനമായ മാനവിക മൂല്യങ്ങളുടെയും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാമെന്ന് ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ മനസ്സുകളില്‍ പകയ്ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് ഉറപ്പാക്കാം.

എല്ലാവര്‍ക്കും നന്മകള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

Read more

മൂന്നാം "ഇന്‍‌തിഫാദ"യ്ക്ക് വഴിമരുന്നിട്ട ട്രം‌പ്

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതു വഴി അമേരിക്ക ചെയ്തത് ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചാ പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തീരുമാനം ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കൂടുതൽ രൂക്ഷമാക്കും. മൂന്ന് അബ്രഹാമിക് മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളുള്ള ജറുസലേം, ഇസ്രായേലികളും ഫലസ്തീനികളും അവരവരുടേതെന്ന് അവകാശവാദമുന്നയിക്കുന്നതിന്റെ കേന്ദ്ര ബിന്ദുവാണ്.

1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ പടിഞ്ഞാറന്‍ ജറുസലേമില്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ കിഴക്കന്‍ ജറുസലേം അവരുടെ ഭാവി സംസ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കണമെന്ന് ഫലസ്തീനികളും നിര്‍ബ്ബന്ധം പിടിച്ചു. ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് തങ്ങളുടെ സ്ഥാനപതി കാര്യാലയം മാറ്റാന്‍ വാഷിംഗ്ടണില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്. കണ്‍‌ഗ്രഷണല്‍ പ്രമേയം ഉണ്ടെങ്കിലും, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ എല്ലാവരും ഈ പ്രശ്നത്തിന്റെ നിയമപരവും, സദാചാരപരവും, രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ഒഴിഞ്ഞു മാറുകയായിരുന്നു.

മുന്‍ പ്രസിഡന്റുമാരുടെ അഭിപ്രായത്തോട് യോജിക്കാതെ, അവരുടെ നയതന്ത്രത്തെ മാനിക്കാതെ ട്രം‌പിന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇസ്രായേലിന്റെ അവകാശവാദത്തെ ഉയര്‍ത്തിക്കാട്ടി ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ യഹൂദ ലോബിക്കും ട്രം‌പിന്റെ സാമൂഹ്യ അടിത്തറയായ അമേരിക്കന്‍ സുവിശേഷ അപ്പൊസ്തലന്മാരുടെയിടയിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമേ ഇത് സഹായിക്കൂ. ഇസ്രായേല്‍ ജനത തീര്‍ച്ചയായും സന്തുഷ്ടരാണ്. അറബ് രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം. അമേരിക്കയുടെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ അവര്‍ക്കാവുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ജറുസലേം പ്രശ്നം കൈകാര്യം ചെയ്തതു വഴി ട്രം‌പിന്റെ യു എസ് നയതന്ത്രത്തെ ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ട്രം‌പ് ചെയ്തത് ഇസ്രായേല്‍-ഫലസ്തീന്‍ മേഖലയിലെ സമാധാന ശ്രമങ്ങളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കലാണ്. ജറുസലേം "പൂര്‍ണ്ണവും ഐക്യവുമായ" തലസ്ഥാനമാണെന്ന ഇസ്രായേലിന്റെ അവകാശവാദത്തെ ഐക്യരാഷ്ട്ര സഭയുടെ 'പ്രമേയം 478' നിരാകരിക്കുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. അംഗരാജ്യങ്ങള്‍ വിശുദ്ധ നഗരത്തില്‍ നിന്നും നയതന്ത്ര ദൗത്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതാണ് 'പ്രമേയം 478.'  ഈ പ്രമേയത്തിന്റെ സാധുതയാണ് ട്രം‌പ് ഇപ്പോള്‍ തള്ളിക്കളഞ്ഞത്. അതായത് പ്രമേയത്തിന് ഘടകവിരുദ്ധമായാണ് ട്രം‌പ് പ്രവര്‍ത്തിച്ചതെന്ന് ചുരുക്കം.

ജറുസലേമിന്റെ ചതുരംഗക്കളിയില്‍ ഉള്‍പ്പെട്ട പ്രവിശ്യകളില്‍ പ്രതിഷേധങ്ങളുടേയും അടിച്ചമര്‍ത്തലുകളുടേയും മറ്റൊരു മുഖമാണ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത്. 2000-ത്തില്‍, പഴയ നഗരത്തിലെ അല്‍ അഖ്സയില്‍ ഏരിയല്‍ ഷാരോണ്‍ നടത്തിയ സന്ദര്‍ശനത്തെ രണ്ടാമത്തെ 'ഇന്‍തിഫാദ' എന്നാണ് ഫലസ്തീന്‍ പേരിട്ടിരിക്കുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ ഉയര്‍ത്തെഴുന്നേല്പുകളാണ് 'ഇന്‍‌തിഫാദ' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതുവരെ രണ്ട് ഇന്‍തിഫാദകളാണ് ഫലസ്തീനില്‍ നടന്നത്. അതില്‍ ഒന്നാമത്തേത് 1987 ഡിസംബര്‍ 8 ന് ആരംഭിച്ച് 1993 സെപ്റ്റംബര്‍ 13 വരെ നീണ്ടു നിന്നു. ജബൈലിയാ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇത് ആരംഭിച്ചത്. ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ ബത്‌സെലേം (B’Tselem) പുറത്തു വിട്ട കണക്കുപ്രകാരം 1987-1993 കാലഘട്ടത്തില്‍ നടന്ന ഒന്നാം ഇന്‍തിഫാദയില്‍ 304 കുട്ടികളുള്‍പ്പടെ 1489 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ പക്ഷത്ത് 91 സൈനികരുള്‍പ്പെടേ 185 പേരാണ് കൊല്ലപ്പെട്ടത്. (http://www.btselem.org/)

രണ്ടാം ഇന്‍തിഫാദ 'അല്‍ അഖ്‌സ ഇന്‍തിഫാദ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ രണ്ടാമത്തെ ഉയര്‍ത്തെഴുന്നേല്‍പാണത്. ഇസ്രായേലിനും ഫലസ്തീനുമിടയിലെ പോരാട്ടം ഏറ്റവും കൊടുമ്പിരി കൊണ്ട നാളുകളിലൊന്നായിരുന്നു അത്. 2000 സെപ്റ്റംബര്‍ 28 ന് ആരംഭിച്ച പോരാട്ടം 2005 ഫെബ്രുവരി 8 നാണ് അവസാനിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ടെം‌മ്പിള്‍ മൗണ്ട് (Temple Mount) സന്ദര്‍ശിച്ചതോടെയാണ് പോരാട്ടം ആരംഭിച്ചത്. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടാവുകയും ഇസ്രയേലികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു പോവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്.

രണ്ടാം ഇന്‍തിഫാദ കാലഘട്ടത്തില്‍ 4,000ത്തിലധികം ഫലസ്തീനികളും 1,000ത്തിലധികം ഇസ്രായേലികളും കൊല്ലപ്പെട്ടു. 2005 ന്റെ അവസാനത്തില്‍ രണ്ടാം ഇന്‍ത്തിഫാദ അവസാനിച്ചെങ്കിലും മരണ നിരക്കും പരിക്കേറ്റവരുടെ എണ്ണവും വീണ്ടും വര്‍ധിച്ചുകൊണ്ടിരുന്നതായി B'Tselem വ്യക്തമാക്കുന്നുണ്ട്. '10 years to the second Intifada' എന്ന റിപ്പോര്‍ട്ടില്‍ 1,317 കുട്ടികളുള്‍പ്പെടെ ഏകദേശം 6,371 ഫലസ്തീനികളെ ഇസ്രായേല്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സംഘടന സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ഇന്‍തിഫാദയുടെ അനന്തരഫലമായി ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ക്ക് കുറവു വരികയും ചെയ്തു.

ഫലസ്തീന്‍- ഇസ്രായേല്‍ പോരാട്ട ചരിത്രത്തിലെ ഈ രണ്ട് ഉയര്‍ത്തെഴുന്നേല്പുകളും ഇസ്രായേലിന് കനത്ത നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇസ്രായേലിന് തങ്ങളുടെ പൗരന്മാരെ ഏറ്റവുമധികം ബലി കൊടുക്കേണ്ടി വന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. ഈ വര്‍ധിച്ച ആളപായം തീര്‍ച്ചയായും ഇന്‍തിഫാദയെക്കുറിച്ചുള്ള ഭീതികള്‍ ഇസ്രായേലി മനസ്സുകളില്‍ സൃഷ്ടിക്കാന്‍ കാരണമായിരുന്നു. കാരണം, പൊതുവെ ഭീരുക്കളാണ് ഇസ്രായേലികള്‍. അവരിലെ ഓരോ പൗരന്റെയും ജീവന് അവര്‍ വലിയ വില കല്‍പിച്ചിരുന്നു. മുമ്പ് ഹമാസ് തടവിലാക്കിയ ഷാലിത് എന്ന ഇസ്രായേലി ഭടനെ വിട്ടുകിട്ടാന്‍ ആയിരത്തിലധികം ഫലസ്തീനികളെ തടവറകളില്‍ നിന്നും മോചിപ്പിച്ച സംഭവം ലോകം ദര്‍ശിച്ചതാണ്. അപ്പോള്‍ രണ്ടാം ഇന്‍തിഫാദയില്‍ ആയിരത്തിലധികം വരുന്ന ഇസ്രായേലികള്‍ കൊല്ലപ്പെട്ടത് അവരില്‍ എത്ര ആഘാതം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതാണ്.

ഈ സംഭവങ്ങള്‍ കഴിഞ്ഞതിനു ശേഷം മുന്നാം ഇന്‍തിഫാദയെക്കുറിച്ച ആലോചനകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ അന്ന് ഉയര്‍ന്നു വന്നിരുന്നു. പടിഞ്ഞാറന്‍ ജലുസലേമിലെ ഹാര്‍നോഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിനഗോഗില്‍ പ്രാര്‍ത്ഥനക്കെത്തിയവരെ രണ്ട് ഫലസ്തീനികള്‍ ചേര്‍ന്ന് ആക്രമിക്കുകയും അഞ്ച് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതുമാണ് ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നു വരാന്‍ കാരണം. ഇസ്രായേല്‍ ഭരണകൂടം സംഭവത്തെ അപലപിച്ച് രൂക്ഷമായി പ്രതികരിക്കുകയും ഫലസ്തീന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ലോക മുസ്‌ലിംകളുടെ വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തുന്ന ഫലസ്തീനികളെ നിരന്തരമായി ആക്രമിക്കുകയും അവരെ തടയുകയും ചെയ്ത ഇസ്രായേലികളുടെ നടപടികള്‍ ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സമാനമായ ദുരിതങ്ങളാണ് ഫലസ്തീനികള്‍ അനുഭവിക്കുന്നത്. ഇസ്രായേല്‍ ക്രമേണ തങ്ങളുടെ അധിനിവേശത്തെ ശക്തിപ്പെടുത്തുകയും പുതിയ കുടിയേറ്റം കെട്ടിപ്പടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാന പ്രക്രിയ ഒരിക്കലും പൂര്‍ത്തിയാകുകയില്ലെന്ന് അവര്‍ സംശയിക്കുന്നു. ഹമാസാകട്ടേ ഒരു "മൂന്നാം ഇന്‍തിഫാദ" അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ട്രം‌പ് ഈ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ നടന്നുവരുന്ന സമാധാന-പരിഹാര പ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. അതായത് ഒരു മൂന്നാം ഇന്‍തിഫാദയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നു.

ജറുസലേമിന്റെ പദവിയെക്കുറിച്ചുള്ള സ്ഥിരീകരണത്തിനുശേഷം മാത്രമേ ഇസ്രായേലി-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയൂ. 1947 ലെ ഐക്യരാഷ്ട്രസഭയുടെ പദ്ധതിയില്‍ ഫലസ്തീന്‍ ഇസ്രായേലിന്റെ ഭാഗമേ ആയിരുന്നില്ല. ഒരു അന്തര്‍ദേശീയ ട്രസ്റ്റീഷിപ്പിന്റെ ഭരണത്തിന്‍ കീഴിലാകേണ്ട ജറുസലേമിനെ ഇസ്രായേല്‍ പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ടാണ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി ഐക്യരാഷ്‌ട്ര സഭ അംഗീകരിക്കാതിരുന്നത്. ഇപ്പോള്‍ ട്രം‌പ് ചെയ്തതാകട്ടേ ഇസ്രായേലിന്റെ ആ അധിനിവേശത്തെ അംഗീകരിക്കുകയായിരുന്നു. അതുവഴി ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിൽ അമേരിക്ക നിഷ്പക്ഷമായി നിലകൊള്ളുന്ന 'ഏജന്റ്' ആണെന്ന നിലപാടിനെ അട്ടിമറിക്കുകയാണ് ട്രം‌പ് ചെയ്തത്. ചുരുക്കത്തില്‍, അദ്ദേഹം സമാധാന പ്രക്രിയയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്.

Read more

"ജിമിക്കി കമ്മലും" മുസ്ലിം പെണ്‍‌കുട്ടികളും

ലോക എയ്ഡ്സ് ദിനത്തില്‍ എയ്ഡ്സിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ചില മുസ്ലിം പെണ്‍‌കുട്ടികള്‍ ഹിജാബ് ധരിച്ച് "ജിമിക്കി കമ്മല്‍" ഗാനത്തിനൊത്ത് ഫ്ലാഷ് മോബ് നൃത്തം ചെയ്ത സംഭവം ഏറെ വിവാദമാക്കിയിരിക്കുകയാണ് "ഇസ്ലാമിന്റെ കാവല്‍ക്കാര്‍" എന്ന് സ്വയം അവകാശപ്പെടുന്ന ചില സദാചാരവാദികള്‍.

മലപ്പുറത്തെ തെരുവുകളിലാണ് ഈ മുസ്ലിം പെണ്‍കുട്ടികള്‍ എയ്ഡ്സിനെതിരെ ബോധവല്‍ക്കരണം നടത്താനുളള ആഹ്വാനവുമായി ഫളാഷ് മോബുമായി കടന്നുവന്നത്. ഹിജാബ് ധരിച്ച് ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസഭ്യങ്ങളും പുലഭ്യങ്ങളും എഴുതിയാണ് സദാചാര ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്.  
ഫ്ളാഷ് മോബിന്റെ വീഡിയോ വൈറലായതോടെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ഇവര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. 

ഈ പെണ്‍കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും വരെ സൈബര്‍ സദാചാര വാദികള്‍ വെറുതെ വിടുന്നില്ല. വളര്‍ത്തുദോഷത്തിന്റെ ഫലമാണിതെന്നും, അവരെ വളര്‍ത്തിയ മാതാപിതാക്കളെ പച്ചമടല്‍ കൊണ്ട് അടിക്കണമെന്നും, നൃത്തം ചെയ്യുന്നത് സ്വന്തം വീട്ടില്‍ മാത്രം മതിയെന്നും മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നു വരെയാണ് ഭീഷണികള്‍ മുഴക്കുന്നത്. മുന്നും പിന്നും കുലുക്കി ഡാന്‍സ് കളിച്ചാല്‍ എയ്ഡ്സ് വരാനുള്ള സാധ്യത കുറയുമോ?, നടുറോഡില്‍ അന്യപുരുഷന്മാരുടെ മുന്‍പില്‍ കൂത്താടുന്നതല്ല സംസ്‌ക്കാരം, വീട്ടില്‍ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണോ? ഇവളുമാരെ തല്ലിക്കൊല്ലണം ഇങ്ങനെ പോകുന്നു സദാചാര ആക്രമണം. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഏതെല്ലാം വിധത്തില്‍ ഈ പെണ്‍കുട്ടികളെ അധിക്ഷേപിക്കാമോ അതെല്ലാം ദിനം‌പ്രതി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണോത്സുകരായ സൈബര്‍ സദാചാര ഗുണ്ടകളുടെ അശ്ലീല പ്രചരണങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും സൈബര്‍ സെല്ലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നതോടെ മേല്പറഞ്ഞ "ഇസ്ലാമിന്റെ കാവല്‍ക്കാരുടെ" പോസ്റ്റുകളും, ലൈവും എല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.  

ആ പെണ്‍കുട്ടികള്‍ ചെയ്തത് ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടേ, അവരെ ഉപദേശിക്കാനോ ശിക്ഷിക്കാനോ സോഷ്യല്‍ മീഡിയയിലെ ദീനി പ്രബോധകരെ ആരും ചുമതലയേല്പിച്ചിട്ടില്ല. തന്നെയുമല്ല ഇക്കൂട്ടരെക്കൊണ്ടാണ് സത്യത്തില്‍ ഇസ്ലാം മതം നാറിക്കൊണ്ടിരിക്കുന്നത്. എവിടേയും എന്തും വിളിച്ചുപറയാനും പ്രവര്‍ത്തിക്കാനും യാതൊരു മടിയും കാണിക്കാത്ത ഇവരെയാണ് മുക്കാലിയില്‍ കെട്ടി ചാട്ടവാറുകൊണ്ട് അടിക്കേണ്ടത്.  

പൊതുജന നന്മ ലക്ഷ്യമാക്കി ആ പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച്‌ നൃത്തം ചെയ്തപ്പോള്‍ ഇസ്ലാം ആകെ തകര്‍ന്നു തരിപ്പണമായ പോലെയാണ് ചിലരുടെ പ്രതികരണം. നേരെ മറിച്ച് അവരവിടെ ജിമിക്കി കമ്മലിനു പകരം ഒപ്പന കളിച്ചെങ്കില്‍ ഈ സോഷ്യല്‍ മീഡിയ സദാചാരവാദികള്‍ ലൈക്കുകളും ഷെയറുകളും നല്‍കി അവരെ പ്രോത്സാഹിപ്പിച്ചേനെ. ഇസ്ലാം എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തില്‍ ആക്രമണം നടത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. വാക്കു കൊണ്ടോ പ്രവൃത്തികോണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വമാണ് ഇതിനെല്ലാം കാരണം. പുരുഷന്മാര്‍ക്ക് എന്തുമാകാം എന്നാല്‍ സ്ത്രീകള്‍ക്ക് അത് പാടില്ല എന്ന നയം ജാഹിലിയ്യ കാലഘട്ടത്തിലേതാണ്.  സ്ത്രീക്ക്‌ ഇസ്ലാം നല്‍കിയ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാനും ചോദ്യം ചെയ്യാനും ഈ സോഷ്യല്‍ മീഡിയ പ്രബോധകരെ ആരാണു ഏല്‍പ്പിച്ചത്‌? പെണ്‍കുട്ടികള്‍ ആടും പാടും സംസാരിക്കും. പൊതുസ്ഥലങ്ങള്‍ പുരുഷന് മാത്രമല്ല സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്, നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് മുസ്ലിം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാത്രം വരുന്ന ദീനീ സ്നേഹം ഒരു രോഗമാണു. വ്രണം ബാധിച്ച ഹൃദയമാണത്‌. നൃത്തമാടിയ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും നാം മാനിക്കണം, ബഹുമാനിക്കണം, അവര്‍ക്ക് ഒരു മനസ്സുണ്ടെന്നും സ്വന്തമായ ചിന്തയുണ്ടെന്നും കുടുംബമുണ്ടെന്നും അവര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കണം. ഈ പെണ്‍കുട്ടികളുടെ നൃത്തം ഒരുപക്ഷെ ഒരു തുടക്കമായിരിക്കാം. ഇതുപോലുള്ള ഫ്ലാഷ് മോബുകളും നൃത്തങ്ങളും ഗാനങ്ങളും ഇനി കൂടുതല്‍ വ്യാപകമാകാനേ സാധ്യതയുള്ളൂ. 

ഇസ്ലാം മതത്തെ ലോകവ്യാപകമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഖുര്‍‌ആനെ ആയുധമാക്കിയാണ് സൈബര്‍ സദാചാരവാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. അവരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. അവരുടെ സദാചാര പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. മലപ്പുറത്ത് പെണ്‍‌കുട്ടികള്‍ 'ജിമിക്കി കമ്മല്‍' ഗാനത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ ഇസ്ലാം ഒലിച്ചുപോയി എന്നു പറയുന്നവരോട് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുണ്ട്. 

ഒപ്പന, കോല്‍ക്കളി, അറവന മുട്ട്, ഗാനമേള, ദഫ് മുട്ട്, ആനയെ എഴുന്നെള്ളിച്ചുള്ള ചന്ദനക്കുടം, ദര്‍ഖകളിലെ പ്രാര്‍ത്ഥനകള്‍ എന്നിവ ഇസ്ലാമില്‍ അനുവദനീയമാണോ? ഇന്ന് മുസ്ലിം വിവാഹങ്ങളില്‍ ഒപ്പന ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമായിത്തീര്‍ന്നിരിക്കുകയാണ്. പണക്കാരന്റേയും പാവപ്പെട്ടവന്റേയും വീടുകളില്‍ പല രീതിയില്‍ പല വേഷത്തില്‍ ഒപ്പന അവതരിപ്പിക്കപ്പെടുന്നു. അതില്‍ പങ്കെടുക്കുന്നതോ പെണ്‍‌കുട്ടികളും. വിവാഹ വേദികളില്‍ മാത്രമല്ല, പരസ്യമായി സ്റ്റേജുകളിലും സ്കൂള്‍/കോളേജ് കലോത്സവങ്ങളിലും മത്സര വേദികളിലും ഒപ്പന അവതരിപ്പിക്കപ്പെടുന്നു. വിവാഹ വീടുകളില്‍ ഗാനമേളയും നൃത്തവുമെല്ലാം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അപ്പോഴൊന്നും ഈ സദാചാരവാദികള്‍ ഇസ്ലാമിന്റെ പേരും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നതു കണ്ടിട്ടില്ല. അതുപോലെ തന്നെ ദഫ് മുട്ട്/അറവന മുട്ട്, കോല്‍ക്കളി എന്നിവയും മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം പെണ്‍‌കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തകലകള്‍ അവതരിപ്പിക്കുന്നതും നാം കാണുന്നുണ്ട്. 

ഇനി മറ്റൊന്ന് ഉറൂസ്, ചന്ദനക്കുടം എന്നിവയാണ്. ചെണ്ട മേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ചന്ദനക്കുടം നേര്‍ച്ച ഇസ്ലാമിന് വിരുദ്ധമാണെന്ന് ഈ സദാചാരവാദികള്‍ക്ക് അറിവില്ലാത്തതാണോ?  ദഫ് മുട്ടിന്റേയും കോല്‍ക്കളിയുടേയും അകമ്പടിയോടെ നാടാകെ നടത്തുന്ന നബിദിന റാലികള്‍ ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ടോ? കഴിഞ്ഞയാഴ്ചയായിരുന്നു നബിദിനം. അന്നത്തെ ദിവസം കുട്ടികളെ ഒരു പ്രത്യേക യൂണിഫോം ധരിപ്പിച്ച് പല ഗ്രൂപ്പുകളായി തിരിച്ച് കൈകളില്‍ ഏതോ കൊടിയും കൊടുത്ത് തെരുവുകളിലൂടെ നടത്തിച്ചത് ഇസ്ലാം അംഗീകരിക്കുന്നുണ്ടോ? അങ്ങനെ വേണം തന്റെ ജന്മദിനം ആഘോഷിക്കാനെന്ന് പ്രവാചകന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതെല്ലാം പരസ്യമായി നടക്കുമ്പോഴെല്ലാം നിശ്ശബ്ദരായിരുന്ന സൈബര്‍ സദാചാരവാദികള്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ കാവല്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കപടവിശ്വാസികളല്ലേ..!  

അടുത്തത് റാതീബുകളാണ്. ഈ റാതീബുകളില്‍ ദൈവത്തെ വാഴ്ത്തുക, ദൈവ നാമങ്ങളും, സ്തോത്രങ്ങളും, പ്രാര്‍ത്ഥന ശകലങ്ങളും ഉരുവിടുക, ഖുര്‍ആനിലെ വചനങ്ങള്‍ ഉരുവിടുക, പ്രവാചകന്മാരുടെയും, സയ്യിദന്മാരുടെയും, സൂഫി യോഗികളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുക, പ്രവാചകന്മാരുടെ ഗുണ മേന്മകള്‍ വര്‍ണ്ണിക്കുക, വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തി പാടുക എന്നതൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആത്മീയ ചലനങ്ങളെന്ന പേരില്‍ ആട്ടവും, കറക്കവും മറ്റുമുണ്ടാകും. അകമ്പടിയായി വായ്പാട്ട്, ദഫ്, അറബന മുട്ട് എന്നിവയുമുണ്ടാകും. ചില റാത്തീബുകളില്‍ ആയുധ പ്രയോഗങ്ങളും, അഭ്യാസ മുറകളും നടത്താറുണ്ട്. വുഷു, കുങ്ഫു, സിലറ്റ്, കളരി എന്നീ ആയോധന കലകളും റാത്തീബുകളില്‍ പ്രദർശിപ്പിക്കാറുണ്ട്. 

മറ്റൊരു റാതീബാണ് കുത്ത് റാതീബ് അഥവാ വെട്ടും കുത്തും റാതീബ്. സാധാരണ റാതീബുകളില്‍ നിന്നും വ്യത്യസ്തമായി റാതീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, ആളിക്കത്തുന്ന തീ കുണ്ഡത്തില്‍ ഇരിക്കുക, തീ തിന്നു കെടുത്തുക, കത്തി മറിയുന്ന തീകൊണ്ട് കളിക്കുക, ജീവനുള്ള പാമ്പിനെ തിന്നുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം റാത്തീബുകള്‍ക്കിടയില്‍ അരങ്ങേറും. റാത്തീബുകള്‍ക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും നടത്തുക പതിവാണ്. ഇങ്ങനെയുള്ള റാതീബുകള്‍ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും, പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍, വ്യാപകമാണ്. ഇതില്‍ പങ്കെടുക്കുന്നവരാകട്ടേ മതപുരോഹിതരും, മത പണ്ഡിതരും അനുയായികളുമാണ്. ഇവയൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടാണോ? അതേ മലബാറിലാണ് മൂന്ന് മുസ്ലിം പെണ്‍‌കുട്ടികള്‍ സദുദ്ദേശപരമായ ഒരു ലക്ഷ്യം നേടുന്നതിന് പൊതുസ്ഥലത്ത് നൃത്തച്ചുവട് വെച്ചതിന് പുലഭ്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നതെന്നത് വിരോധാഭാസമായി തോന്നുന്നില്ലേ?  

ഇനി സിനിമാ മേഖലയിലേക്ക് നോക്കിയാല്‍ എത്രയെത്രെ മുസ്ലിം നടീനടന്മാരെ കാണാം. പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി, സിദ്ദിഖ് പോലെയുള്ള നടന്മാര്‍ ഏതെല്ലാം വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു, അഭിനയിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനവും, വ്യഭിചാരവും, ചൂതുകളിയും, കൊലപാതകവും, ഗുണ്ടായിസവും, ക്വട്ടേഷന്‍ ജോലിയുമൊക്കെ അവരുടെ അഭിനയത്തിലൂടെ നാം കണ്ടിട്ടുണ്ട്. തിയ്യേറ്ററുകള്‍ കത്തിക്കാനോ പ്രതിഷേധങ്ങള്‍ മുഴക്കാനോ അവരെ കല്ലെറിയാനോ ആരും മുതിരുന്നില്ല. ഇസ്ലാമിനെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അവരേയും കല്ലെറിയേണ്ടതല്ലേ?  സത്യത്തില്‍ ഈ സദാചാരവാദികളെ വാര്‍ത്തെടുക്കുന്നതും വഴിതെറ്റിക്കുന്നതും ഗുരുക്കന്മാരായി നടിക്കുന്ന ചില അല്പജ്ഞാനികളാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ സം‌യമനം പാലിക്കേണ്ടത് എങ്ങനെയെന്നും, ഏതു ഭാഷയില്‍ എങ്ങനെ, എപ്പോള്‍, എവിടെ പ്രതികരിക്കേണ്ടതെന്നും പഠിപ്പിക്കേണ്ടത്. അങ്ങനെ പഠിപ്പിക്കുന്നത് അവരുടെ നിലനില്പിനെ ബാധിക്കുമെന്നു തോന്നിയതുകൊണ്ടാകാം അവരും ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നത്. 

കപടവിശ്വാസികള്‍ അങ്ങനെയാണ്. മറ്റുള്ളവരെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അവര്‍ ഇസ്ലാം തുറുപ്പു ചീട്ടായി ഉപയോഗിക്കും.  ലോകത്ത്‌ നടക്കുന്ന മറ്റൊന്നും തന്നെ അവര്‍ കണ്ടില്ല കേട്ടില്ല എന്നു നടിക്കും. ഇസ്ലാമിക കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റി പുരുഷ പൗരോഹിത്യ മേധാവിത്വം നിലനിര്‍ത്തലാണു അവരുടെ ലക്ഷ്യം. നായക്ക്‌ വെള്ളം നല്‍കിയ വേശ്യ സ്വര്‍ഗ്ഗത്തിലാണു എന്നു പറഞ്ഞ ഇസ്ലാമിന്റെ വിശാലത ഇടുങ്ങിയ ചിന്തയിലേക്ക്‌ തളച്ചിടുന്ന ഇത്തരക്കാരാണു ഇസ്ലാമിന്റെ ശാപം. 

വീഡിയോ ലിങ്ക്: https://youtu.be/L0CFWilMKn8

Read more

ആക്രമണത്തിനിരയായ നടി നീതി തേടുമ്പോള്‍

കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയേയും നടന്‍ ദിലീപിനേയും ചേര്‍ത്ത് നിരവധി വാര്‍ത്തകളാണ് നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. കേസിന്റെ അന്വേഷണവും, തെളിവെടുപ്പും തകൃതിയായി നടക്കുമ്പോള്‍, പള്‍സര്‍ സുനി എന്ന ഈ കുറ്റവാളി ജയിലിനകത്തു കിടന്ന് കേസ് വഴിതിരിച്ചുവിടാനുള്ള എല്ലാ പ്ലാനുകളും പദ്ധതികളും തയ്യാറാക്കുന്നു. പോലീസാകട്ടേ സുനി പറയുന്നത് മുഖവിലയ്‌ക്കെടുത്ത് നിരന്തരം വിവിധ പ്രസ്താവനകളുമിറക്കുന്നു.

നടിയെ തട്ടിക്കൊണ്ടുപോയത് സുനിയുടെ സ്വന്തം ആവശ്യപ്രകാരമല്ല, സിനിമാ ഫീല്‍ഡില്‍ തന്നെയുള്ള പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ക്വട്ടേഷനാണ് സുനിയെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നും സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട്. എന്നാല്‍, നാളിതുവരെ ആരാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് സുനി പറഞ്ഞിട്ടില്ല, പകരം മൊഴികള്‍ മാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടം കറക്കുകയായിരുന്നു. ഇപ്പോള്‍ ദിലീപിന് എഴുതിയെന്നു പറയുന്ന കത്ത് മാധ്യമങ്ങള്‍ വഴി പുറത്തായി . സംശയിച്ചത് ഏറെക്കുറെ സത്യമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാന്‍ തുടങ്ങി. പക്ഷെ, അപ്പോഴും ഏതോ 'പ്രമുഖന്‍, അല്ലെങ്കില്‍ പ്രമുഖര്‍' ദിലീപിനു വേണ്ടി അണിയറയില്‍ ചരടു വലിക്കുന്നുണ്ടെന്നുള്ള സത്യം പുറത്തുവരുന്നത് സുനിക്കുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ രംഗപ്രവേശം ചെയ്തതോടെയാണ്. സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. സുനിയുടെ നിലവിലെ അഭിഭാഷകനെ മാറ്റി ആളൂരിന് തന്റെ വക്കാലത്ത് കൈമാറണമെന്ന് സുനി ജയില്‍ സുപ്രണ്ടിന് കത്തു നല്‍കിയിരുന്നു. ഈ അപേക്ഷ ജയില്‍ സുപ്രണ്ട് കോടതിയില്‍ നല്‍കും. അഭിഭാഷകനെ മാറ്റാനുള്ള അനുമതി കോടതി നല്‍കിയാല്‍ ആളൂരാകും സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാവുക.

ജയിലില്‍ യാതൊരു വരുമാനവുമില്ലാതെ കഴിയുന്ന സുനി ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെങ്കില്‍ ആരായിരിക്കും ആളൂരിന്റെ ഫീസ് നല്‍കുക എന്ന ചോദ്യത്തിനാണ് ഇവിടെ പ്രസക്തി. കുപ്രസിദ്ധമായ സൗമ്യവധക്കേസ് പ്രതി ഗോവിന്ദ ചാമി, ബണ്ടിചോര്‍, ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം, സോളാര്‍ കേസില്‍ സരിതാ നായര്‍ എന്നിവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി മാധ്യമ ശ്രദ്ധ നേടിയ അഭിഭാഷകനാണ് ബി എ ആളൂര്‍ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍. ഇവരില്‍ സരിതാ നായരൊഴിച്ച് ബാക്കിയെല്ലാവരും യാതൊരു വരുമാനവുമില്ലാത്തവരാണ്. ഇവര്‍ക്കുവേണ്ടി ആരാണ് പണം മുടക്കുന്നതെന്ന് ഒരു അഭിഭാഷകനെന്ന നിലയില്‍ വ്യക്തമാക്കേണ്ട കടമ ആളൂരിനില്ല. നിയമപരമായി അഭിഭാഷകന്‍കക്ഷി ബന്ധത്തില്‍ അത് അനുശാസിക്കുന്നുമില്ല. എന്നിരുന്നാലും, കേസില്‍ ഹാജരാവണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്ന ആളൂരിന്റെ പ്രസ്താവന ഈ കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. പള്‍സര്‍ സുനിക്ക് ബി എ ആളൂരിനെപ്പോലുള്ള ഒരു അഭിഭാഷകനെ നിയമിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നിരിക്കെ നടിയെ ആക്രമിച്ച കേസില്‍ പങ്കുള്ളവരായിരിക്കാം ആളൂരിനെ നിയമിച്ചതെന്ന സംശയവും ബലപ്പെടുന്നു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. അതുവരെ ഈ കേസ് പുകമറയ്ക്കുള്ളിലായിരുന്നു. കത്ത് പുറത്തുവന്നതോടെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും സംവാദങ്ങളും വാര്‍ത്തകളും പുറത്തു വരാന്‍ തുടങ്ങി. അതോടെയാണ് പോലീസും സടകുടഞ്ഞെഴുന്നേറ്റത്. ദിലീപിനെയും സന്തതസഹചാരി നാദിര്‍ഷായേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതും അതുകൊണ്ടുതന്നെ. പള്‍സര്‍ സുനി സഹതടവുകാരനിലൂടെ ദിലീപിനേയും നാദിര്‍ഷായേയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയിലെ മൊഴിയെടുക്കാനാണ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചിരിക്കുന്നതെന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോലീസ് മൊഴിയെടുക്കുന്നത് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചാണെന്ന് അവിടെ ചെന്നപ്പോഴാണ് ദിലീപ് അറിഞ്ഞത്. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി കത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ ഗൂഢാലോചനയെക്കുറിച്ചാക്കിയത്. നടിയേയും പള്‍സര്‍ സുനിയേയും ബന്ധപ്പെടുത്തി ചാനലില്‍ ദിലീപ് നല്‍കിയ പ്രസ്താവനയാണ് ഇപ്പോള്‍ ദിലീപിനു തന്നെ വിനയായി ഭവിച്ചത്. നടിയും പ്രതിയായ സുനില്‍കുമാറും നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു എന്ന് ദിലീപ് പറഞ്ഞതാണ് വിവാദമായത്. നടിയും കുടുംബവും ഇതിനെതിരെ രംഗത്തു വരികയും ചെയ്തു.

ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യപ്പെട്ട ദിലീപ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പതറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ദിലീപ് പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണെന്ന സൂചനയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വ്യക്തമാകുന്നതത്രേ. ഭീഷണിപ്പെടുത്താനായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന വെളിപ്പെടുന്നതാണ് പൊലീസിന് ലഭിക്കുന്ന വിവരങ്ങളെന്നു പറയുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് മുന്നില്‍ തയ്യാറല്ലെന്ന മറുപടിയാണ് ദിലീപ് നല്‍കിയത്. നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ തണുപ്പിക്കാനായി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വെറുതെ പറഞ്ഞതാണെന്നും ദിലീപ് സമ്മതിച്ചിട്ടുണ്ട്. അന്വേഷണസംഘം ദിലീപിനെ ആക്രമിക്കപ്പെട്ട നടിയുടെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരം കാണിക്കുകയും ഈ വസ്തുവില്‍ ദിലീപിന് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. തുടക്കത്തില്‍ ഇല്ല എന്ന് ഉത്തരം നല്‍കിയിരുന്ന ദിലീപ് ചോദ്യങ്ങള്‍ മുറുകിയതോടെ പ്രസ്തുത വസ്തുവില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചു.

ഇത്തരം ഇടപാടുകള്‍ക്ക് സാക്ഷിയായിരുന്നുവെന്ന മഞ്ജു വാര്യരുടെ മൊഴിയെ അടിസ്ഥാനമാക്കിയും അന്വേഷണ സംഘം ദിലീപില്‍ നിന്നും വിവരങ്ങളാരാഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഫോണില്‍ വിളിച്ചെന്നും അവരുടെ പേരിലുള്ള തന്റെ സ്വത്തുക്കള്‍ സുഹൃത്തും പാര്‍ട്ണറുമായ നാദിര്‍ഷായുടെ പേരില്‍ എഴുതിക്കൊടുക്കണമെന്നു ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടി ദിലീപിന്റെ ആവശ്യം നിരസിച്ചു. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി പറയാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. ചില ചോദ്യങ്ങള്‍ക്ക് ആദ്യം നല്‍കിയ ഉത്തരങ്ങളില്‍ നിന്നും നടന്‍ പിന്നീട് വ്യതിചലിച്ചുവെന്നും പറയുന്നു. ചില ഘട്ടങ്ങളില്‍ പരസ്പര ബന്ധമില്ലാതെയാണ് ദിലീപ് മറുപടികള്‍ നല്‍കിയിരിക്കുന്നതത്രേ.

ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടി കാരണമാണ് തന്റെ ജീവിതത്തില്‍ വിവാഹമോചനം നടന്നത് എന്ന ദിലീപിന്റെ മൊഴിയില്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മറഞ്ഞു കിടപ്പുണ്ടെന്നു തന്നെ ഊഹിക്കാവുന്നതേ ഉള്ളൂ. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാവ്യാ മാധവനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പ് വാര്‍ത്തകള്‍ ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യരെ അറിയിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നും ദിലീപ് പറഞ്ഞുവത്രേ. മഞ്ജുവിന് അക്രമിക്കപ്പെട്ട നടി അയച്ച വാട്ട്‌സാപ്പ് സന്ദേശം ദിലീപ് പൊലീസിന് കൈമാറിയിട്ടുണ്ട്.

ഒരുപക്ഷെ യാദൃശ്ചികമാകാം ഇതിനിടയില്‍ താര സംഘടന 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പൊതുയോഗവും വിളിച്ചുകൂട്ടിയത്. കേസ് കോടതിയിലാകയാല്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസന്റ് പ്രസ്താവനയിറക്കിയെങ്കിലും ചര്‍ച്ച നടന്നു എന്നും, ദിലീപിനെ പ്രതിയാക്കാത്തിടത്തോളം അമ്മ എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിവ്. ആരോപണത്തിന്റെ മുള്‍മുന ദിലീപിലേക്കും, നാദിര്‍ഷായിലേക്കും നീണ്ടതോടെ സംഘടനക്കുള്ളില്‍ തന്നെ രണ്ടഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ടെന്നാണ് അറിവ്. തുടക്കത്തില്‍ ദിലീപിനൊപ്പം നിന്നിരുന്ന പല പ്രമുഖരും നിലപാട് മയപ്പെടുത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ നടിയെ അപമാനിക്കുന്ന തരത്തില്‍ ദിലീപ് പരാമര്‍ശം നടത്തിയതാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്. അമ്മയിലെ അംഗങ്ങള്‍ കൂടിയായ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വനിതാ സംഘടന ഇപ്പോള്‍ തന്നെ ദിലീപിനെതിരെ രംഗത്തുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്നതിനിടയിലാണ് ആളൂര്‍ രംഗപ്രവേശം ചെയ്തതും വക്കാലത്ത് ഏറ്റെടുത്തതും.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ആളൂര്‍ പറയുന്നത്. വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും വേണ്ടിവന്നാല്‍ സെക്ഷന്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി കോടതിയില്‍ രഹസ്യ മൊഴിയായി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂരിനെ ഈ ഉന്നതര്‍ തന്നെയാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് പ്രത്യക്ഷത്തില്‍ തോന്നുകയില്ലെങ്കിലും, കേസിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ അത് സത്യമാണെന്ന് വ്യക്തമാകും. പ്രമാദമായ സൗമ്യ വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയെ സുപ്രീം കോടതിയില്‍ നിന്ന് പുഷപം പോലെ ഇറക്കിക്കൊണ്ടുവന്ന ആളൂരിന്റെ വൈദഗ്ധ്യം നാമെല്ലാം കണ്ടതാണ്. ആ കേസില്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്ന് കണ്ടവര്‍ ആരുമില്ല, ട്രെയിനില്‍ നിന്ന് വീണതുകൊണ്ടാണ് മരണം സംഭവിച്ചതെന്നതിന് തെളിവുകളില്ല എന്നീ കാരണങ്ങളാണ് ആളൂര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. സര്‍ക്കാരാകട്ടേ വിശ്വസനീയമായ തെളിവുകളോ സാക്ഷികളെയോ ഹാജരാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്? കേസ് അന്വേഷിച്ച പോലീസിന്റെ പിടിപ്പുകേടായിരുന്നു അത്. നേരാംവണ്ണം കേസ് അന്വേഷിക്കാനോ തെളിവെടുക്കാനോ സാക്ഷിമൊഴിയെടുക്കാനോ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. 
 
ഏതാണ്ട് അതേ രീതിയില്‍ തന്നെയാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിനും സംഭവിക്കാന്‍ പോകുന്നത്. നടിയെ പീഡിപ്പിച്ചെന്നും, വീഡിയോ എടുത്തെന്നും, ഫോട്ടോ എടുത്തെന്നുമൊക്കെ പോലീസ് എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും വിശ്വസനീയമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ഈ കേസിന്റെ ദൗര്‍ബല്യം. തന്നെയുമല്ല, പോലീസ് തന്നെ എഫ്‌ഐആറില്‍ പല പഴുതുകളും സൃഷ്ടിച്ചിട്ടുണ്ടാകാം. 
 
അതെന്തൊക്കെയാണെന്ന് ആളൂരിനറിയാം. ആ പഴുതുകള്‍ ഉപയോഗിച്ച് കോടതിയില്‍ കേസ് വാദിക്കുകയും സുനിയും സുനിയെ നിയോഗിച്ച 'ഉന്നതരെയും' രക്ഷപ്പെടുത്തുകയും ചെയ്യും. കേസ് വിചാരണ തുടങ്ങുമ്പോഴായിരിക്കും ആ പഴുതുകള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ അറിയുക. വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എഫ്‌ഐആര്‍ മാറ്റാനോ തിരുത്താനോ കഴിയില്ല.

ഇപ്പോള്‍ പോലീസ് മേധാവിയും അന്വേഷണ സംഘവും ചോദ്യം ചെയ്യല്‍ തകൃതിയായി നടത്തുന്നുണ്ടെങ്കിലും, അതെല്ലാം പോലീസും ദിലീപും അന്വേഷണ സംഘവുമൊക്കെ എഴുതിയുണ്ടാക്കിയ തിരക്കഥയാണ്. അതായത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. അല്ലെങ്കില്‍ ഒരുതരം കണ്ണുകെട്ടിക്കളിയാണ്. കേസ് കോടതിയിലെത്തിയാല്‍ അവിടെ ശക്തമായ തെളിവുകളും ഹാജരാക്കേണ്ടി വരും. സാക്ഷികളുടെ മൊഴിമാറ്റവും, പ്രതിഭാഗം വക്കീലിന്റെ വിസ്താരവും ക്രോസ് വിസ്താരവുമൊക്കെയാകുമ്പോള്‍ പോലീസും മലക്കം മറിയും. ഗോവിന്ദച്ചാമിയുടെ കേസില്‍ ആളൂര്‍ എടുത്ത തുറുപ്പുചീട്ട് ഇവിടെയും എടുക്കുമെന്നുറപ്പ്. ഇപ്പോഴത്തെ ചോദ്യം ചെയ്യലും ബഹളവുമൊക്കെ കൂടി വന്നാല്‍ ഒരാഴ്ച കഴിയുമ്പോള്‍ മന്ദീഭവിക്കും. സുനി പിടിക്കപ്പെടാതിരിക്കേണ്ടത് ആളൂര്‍ പറഞ്ഞ 'ഉന്നതരുടെ' ആവശ്യമാണ്. അതിനവര്‍ ലക്ഷങ്ങളോ കോടികളോ ചിലവഴിക്കുകയും ചെയ്യും.

തങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് നീതി ലഭിക്കില്ലെന്ന തിരിച്ചറിവുണ്ടായതോടെയാണ് 'വിമന്‍ ഇന്‍ കളക്ടീവ്' എന്ന സംഘടനക്ക് വനിതാ താരങ്ങള്‍ രൂപം നല്‍കിയത്. അതുകൊണ്ടാണ് ഈ സംഘടനയെ അമ്മയിലെ പുരുഷ താരങ്ങള്‍ തള്ളിപ്പറഞ്ഞതും. ഇപ്പോള്‍ അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദിലീപിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടായിരിക്കും കൈക്കൊള്ളുക എന്നത് ഏറെക്കുറെ ഉറപ്പാണ്. തൊട്ടും തൊടാതെയും വിഷയം അവതരിപ്പിച്ച് തടി തപ്പാനായിരിക്കും സംഘടനാ നേതാക്കളുടെ ശ്രമം. പ്രത്യക്ഷമായി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും ദിലീപിന്റെ ആശങ്ക കൂടി കേള്‍ക്കണമെന്നായിരിക്കും സംഘടനയുടെ പൊതു നിലപാട്.

അതേസമയം നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം അണിയറയില്‍ സജീവമാണത്രെ. ഇതിന്റെ ഭാഗമായി ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ തലസ്ഥാനത്ത് യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു അനൗദ്യോഗിക യോഗം. പ്രമുഖരായ എട്ടോളം നിര്‍മ്മാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളുടേയും നിലപാട്. ദിലീപിനൊപ്പം തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് നടിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. അമ്മയുടെ യോഗത്തിന് ശേഷം യോഗം ചേര്‍ന്ന് ദിലീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കമെന്നും കേള്‍ക്കുന്നു.

ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെങ്കില്‍ ഈ കേസ് സിബിഐ തന്നെ ഏറ്റെടുക്കണം. കാരണം, കേസ് അന്വേഷിച്ച കേരള പോലീസില്‍ തന്നെ സിനിമയിലെ ഉന്നതരുമായുള്ള അടുപ്പവും സ്വാധീനവും ഉള്ളവര്‍ ഏറെയാണ്. മുഖ്യമന്ത്രി പോലും അവര്‍ക്കനുകൂലമായി പ്രസ്താവന ഇറക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയപരമായും ഈ ഉന്നതര്‍ സംരക്ഷിക്കപ്പെടും. അഡ്വ. ആളൂരിനെ സുനിയുടെ അഭിഭാഷകനായി നിയമിച്ചതും, അമ്മ എന്ന താരസംഘടനയുടെ നിലപാടും കൂട്ടി വായിച്ചാല്‍ സുനി ഈ കേസില്‍ നിന്ന് 'നിരപരാധി'യായി പുറത്തുവരും. ആക്രമിക്കപ്പെട്ട നടി ജീവിതകാലം മുഴുവനും അപമാനഭാരവും പേറി ജീവിക്കേണ്ടി വരികയും ചെയ്യും. 

Read more

ഖത്തര്‍ ഉപരോധം അമേരിക്കയുടെ പദ്ധതിയോ? അതോ മറ്റൊരു ഇറാഖ് സൃഷ്ടിക്കാനുള്ള പടയൊരുക്കമോ?

ഖത്തറിനെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനു വേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്. ഖത്തര്‍ വിഷയത്തില്‍ ട്രംപ് ആദ്യമായാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിക്കുന്നത്.

തന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. വിവിധ ലോകനേതാക്കള്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സൗദി അറേബ്യയെ മാത്രം ഉദ്ധരിച്ചാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 

കാരണം, സൗദിയുടെ ശത്രു രാജ്യമാണ് ഇറാന്‍. അമേരിക്കയുടേയും കണ്ണിലെ കരടായി ഇറാന്‍ നിലനില്‍ക്കുന്നു. ഖത്തറാകട്ടേ ഇറാനോട് മൃദുസമീപനവും നയിക്കുന്നു. ഇക്കാരണത്താല്‍ സൗദിയുടെ സമ്മര്‍ദ്ദമായിരിക്കാം ട്രംപിനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. 

തന്നെയുമല്ല, അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്നത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. അവര്‍ക്കും അറബ് രാജ്യങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നത് കാണാനാണ് ആഗ്രഹവും. അങ്ങനെ വരുമ്പോള്‍ ട്രംപ് അഡ്മിനിസ്‌ട്രേഷനില്‍ ഭൂരിഭാഗവും ജൂത വംശജരും അറബ് രാജ്യങ്ങളോട് പ്രതിപത്തിയില്ലാത്തവരുമായ സ്ഥിതിക്ക് അങ്ങനെയൊരു നീക്കം ട്രംപ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഭീകരര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അറബ് രാജ്യങ്ങളോട് താന്‍ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. അതനുസരിച്ചാണ് ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജിസിസി രാജ്യങ്ങള്‍ പ്രതിരോധം ഏര്‍പ്പെടുത്തിയതെന്ന ട്രംപിന്റെ പ്രതികരണം കേട്ടപ്പോള്‍ ഇറാഖിനു മേല്‍ വ്യാജ ആരോപണമുന്നയിച്ച് ആ രാജ്യത്തെ നാമാവശേഷമാക്കിയ ജോര്‍ജ് ബുഷിനെയാണ് ഓര്‍മ്മ വരുന്നത്. 

'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' അതായത് കൂട്ട നശീകരണായുധങ്ങളുടെ സംഭരണികള്‍ സദ്ദാം ഹുസൈന്‍ ഇറാഖില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവ തേടിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും 2003ല്‍ ഇറാഖ് അധിനിവേശം ആരംഭിച്ചത്. അതിന് കാരണമാകട്ടേ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും.

സ്വന്തം സഹോദര രാജ്യങ്ങളെപ്പോലെ കഴിഞ്ഞിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ മറ്റൊരു രാജ്യം പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു തന്നെ തെറ്റാണ്. കുവൈത്തില്‍ സദ്ദാം പടയാളികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ കുറച്ചൊന്നുമല്ല. 'മോങ്ങാന്‍ നില്‍ക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണു' എന്നു പറഞ്ഞപോലെയായി സദ്ദാമിന്റെ അവസ്ഥ പിന്നീട്. 

ഏകാധിപതിയായി ഇറാഖില്‍ വാണിരുന്ന സദ്ദാമിന്റെ ദുര്‍ബുദ്ധിയായിരുന്നു കുവൈത്തിനെ ആക്രമിക്കാന്‍ പ്രേരകമായത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സൗദി അറേബ്യക്ക്, സദ്ദാം ഹുസൈന്‍ തലവേദനയായിരുന്നു. കൂട്ടത്തില്‍ ഇസ്രയേലിനും തലവേദനയായിരുന്നു. എങ്ങനെയെങ്കിലും സദ്ദാമിനെ ഒതുക്കാന്‍ തക്കം പാര്‍ത്തിരുന്ന അമേരിക്കക്ക് കിട്ടിയ പിടിവള്ളിയായിരുന്നു അവ. ഇറാഖില്‍ കടന്നുകൂടാന്‍ ഒരു കാരണം തേടി നടന്ന അമേരിക്ക അത് ശരിക്കും മുതലെടുത്തു. 

ഡിപ്ലോമാറ്റുകളെയും സൈനികരെയും കുടിയിരുത്തി അമേരിക്കന്‍ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര കാര്യാലയം ബഗ്ദാദില്‍ സ്ഥാപിച്ചാണ് അമേരിക്ക അധിനിവേശം പൂര്‍ത്തിയാക്കിയത്. എന്നാല്‍, നശീകരണായുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ ഏജന്‍സി വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും തെളിഞ്ഞു. 

ഇറാഖില്‍ അധിനിവേശം നടത്താന്‍ അന്ന് അമേരിക്കയ്ക്ക് കൂട്ടു ചേര്‍ന്നത് സൗദി അറേബ്യയും കുവൈത്തുമാണെന്ന് പില്‍ക്കാലത്ത് ലോകം അറിഞ്ഞു. സമ്പന്നതയിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഇറാഖി ജനതയെ മുഴുവന്‍ പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിയിട്ടാണ് യുദ്ധം അവസാനിപ്പിച്ച് സഖ്യസേനയ്‌ക്കൊപ്പം അമേരിക്കന്‍ സേനയും പിന്‍വാങ്ങിയത്. 

ശേഷം നടന്നതോ? ഭീകരതയുടെ വിത്തുകള്‍ മുളച്ചു പൊങ്ങുന്ന രാജ്യമായി ഇറാഖ് മാറി. മൂന്നു മില്യനിലധികം വിധവകളെ സൃഷ്ടിച്ചു, നാല് മില്യനിലധികം ഇറാഖികള്‍ ഭവന രഹിതരായി, നാലര മില്യനോളം കുട്ടികള്‍ അനാഥരായി, എഴുപതുകളില്‍ കുട്ടികളുടെ സംരക്ഷണത്തിലും പരിപാലനത്തിലും മധ്യപൗരസ്ത്യ ദേശത്തെ മികച്ച രാജ്യങ്ങളിലൊന്നായിരുന്ന ഇറാഖില്‍ 6,000,000ത്തിലധികം കുട്ടികള്‍ തെരുവില്‍ ജീവിക്കേണ്ട അവസ്ഥയിലായി. 

പോഷകാഹാരക്കുറവു മൂലം ഒന്നര മില്യനോളം കുട്ടികള്‍ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്നു. തൊണ്ണൂറു ശതമാനം ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ മരുഭൂമിയായി. ഭീകരരുടെ കാടത്ത നിയമങ്ങള്‍ നടപ്പാക്കുന്ന നവപരീക്ഷണങ്ങള്‍ക്കുള്ള വേദിയായി മാറി സമാധാനപ്രിയരുടെ സ്വന്തം രാജ്യം. കുവെത്താകട്ടെ, അധിനിവേശവും യുദ്ധവും അതിജീവിച്ച് വികസനത്തിന്റേയും പുരോഗതിയുടേയും പുതിയ ചരിത്രമെഴുതുന്നു.

അമേരിക്ക പറഞ്ഞത് കണ്ണടച്ച് വിശ്വസിച്ച് പടക്കപ്പലുകളും ബോംബറുകളും അയച്ച് ഇറാഖിനെ ആക്രമിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ തനിക്ക് തെറ്റു പറ്റിയെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് നാമെല്ലാം കണ്ടതാണ്. യുദ്ധം അനിവാര്യമാണെന്നും താനതില്‍ അഭിമാനം കൊള്ളുന്നു എന്നും ഗീര്‍വാണം മുഴക്കിയ ടോണി ബ്ലയര്‍, അമേരിക്ക തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും പരസ്യമായി പറഞ്ഞു.. 

'ഇറാഖില്‍ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരങ്ങള്‍ തെറ്റായിരുന്നു. തന്റെ നയങ്ങള്‍ ഇറാഖില്‍ പ്രാവര്‍ത്തികമായില്ല. ആസൂത്രണത്തില്‍ കാര്യമായ പിഴവു സംഭവിച്ചു. താന്‍ യുദ്ധക്കുറ്റം ചെയ്തിട്ടില്ല. എന്നാല്‍, യുദ്ധക്കുറ്റ വിചാരണ നേരിടാന്‍ തയ്യാറാണ്. ഭരണകൂടത്തെ പുറത്താക്കിയാല്‍ ഇറാഖില്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതും തെറ്റായി. സദ്ദാം ഭരണകൂടം പുറത്താക്കപ്പെട്ടതാണ് ഐഎസിന്റെ വളര്‍ച്ചയ്ക്കു കാരണമെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട്....' ഇതാണ് ടോണി ബ്ലയര്‍ 2015ല്‍ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

അധിനിവേശം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് ബ്ലെയര്‍ കുറ്റമേല്‍ക്കുന്നത്. അഭിമുഖത്തില്‍ അധിനിവേശത്തെ ന്യായീകരിക്കാനും ബ്ലെയര്‍ ശ്രമിക്കുന്നുണ്ട്. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ ക്ഷമ ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന അദ്ദേഹം അധിനിവേശം നടന്നില്ലായിരുന്നെങ്കില്‍ സിറിയയുടെ ഇന്നത്തെ അവസ്ഥ ഇറാഖിനുണ്ടാവുമായിരുന്നെന്നും അവകാശപ്പെടുന്നു. 

ഇറാഖ് അധിനിവേശം തുടങ്ങുന്നതിന് ഒരുവര്‍ഷം മുമ്പു തന്നെ ബ്ലെയറും ബുഷും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ച വൈറ്റ്ഹൗസ് രേഖ ദി ഡെയ്‌ലി മെയില്‍ പുറത്തുവിട്ടിരുന്നു. നയതന്ത്ര പരിഹാരത്തിന്റെ മറവില്‍ അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ പിന്തുണയ്ക്കാമെന്ന് ബ്ലെയര്‍ സമ്മതിച്ചിരുന്നുവെന്നായിരുന്നു അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍, പ്രസിഡന്റ് ബുഷിന് കൈമാറിയ രേഖ.

ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് വരുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ ട്രംപ് സൗദി അറേബ്യയെ മാത്രം ഉള്‍പ്പെടുത്താതിരുന്നതില്‍ ദുരൂഹതയുണ്ടായിരുന്നു. ആ ഏഴു രാജ്യങ്ങളുടെ പട്ടികയില്‍ ഇറാഖ് ഉള്‍പ്പെട്ടിരുന്നു. പിന്നീടത് വെട്ടിച്ചുരുക്കി ഇറാഖിനെ ഒഴിവാക്കിയെങ്കിലും സൗദി അറേബ്യയെ മാത്രം ഉള്‍പ്പെടുത്തിയില്ല. 

ഭീകരാക്രമണം തടയുകയായിരുന്നു ലക്ഷ്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും സൗദിയേയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കാരണം വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരര്‍ സൗദികളായിരുന്നു എന്നതു തന്നെ. അല്‍ഖ്വയ്ദയുടെ സാമ്പത്തിക സ്രോതസ്സും സൗദിയായിരുന്നു. എന്തുകൊണ്ട് അവരെ മാത്രം ട്രാവല്‍ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കി എന്ന കാരണം ഇതുവരെ പറഞ്ഞിട്ടില്ല. 

അല്‍ഖ്വയ്ദയുടെ ഉറവിടം സൗദി അറേബ്യയാണെന്നിരിക്കെ അവര്‍ക്ക് ഖത്തറിനെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല. മധ്യപൂര്‍വ്വ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (മിന) വെച്ച് ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുള്ള ഖത്തറിനെ കൂട്ടമായി ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയത് സൗദി അറേബ്യയാണെന്ന് നിസ്സംശയം പറയാം. 

163 രാജ്യങ്ങളുള്‍പ്പെട്ട മിനയില്‍ ഖത്തറിന്റെ സ്ഥാനം മുപ്പതാണ്. കുവൈത്തിന് 58ഉം, യുഎഇയ്ക്ക് 65ഉം സൗദി അറേബ്യക്ക് 133ഉം ആണ്. ഈ രാജ്യങ്ങളാണ് തങ്ങളെക്കാള്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഖത്തറിനെ ക്രൂശിക്കാന്‍ അമേരിക്കയെ കൂട്ടുപിടിച്ചതും അവര്‍ക്ക് അമേരിക്ക ഒത്താശ ചെയ്തതും. 

അത്തരമൊരു ഉപരോധമാണെന്ന സൂചന നല്‍കും വിധമാണ് ഇപ്പോള്‍ ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്. അറബ് മേഖലയില്‍ ഖത്തറിന്റെ വളര്‍ച്ച കണ്ട് അസൂയ പൂണ്ടതുകൊണ്ടാകാം അത്തരമൊരു നീക്കം അവര്‍ നടത്തിയത്. അധികാരമേറ്റയുടന്‍ ട്രംപിന്റെ ആദ്യ പറക്കല്‍ സൗദിയിലേക്കായിരുന്നു. ഒബാമയുടെ നയങ്ങള്‍ പൊളിച്ചെഴുതുമെന്നും തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തീവ്രവാദത്തിനായി പണമൊഴുകുന്നെന്ന ആരോപണം നേരത്തേയും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. അത് സൗദി അറേബ്യയാണെന്നും അറിയാം. പിന്നെ എന്തുകൊണ്ട് ട്രംപ് സൗദി അറേബ്യക്ക് തന്നെ പറന്നു? ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി തീവ്രവാദത്തിന്റെ വേരറുക്കാനാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അപലപനീയം തന്നെയാണ്. 

2022ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഖത്തറിനെ ഒറ്റപ്പെടുത്തുക, പുരോഗമന പാതയില്‍ അവരെ തകര്‍ക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തിയ അഞ്ച് അറബ് രാജ്യങ്ങളുടേതെന്ന് ആര്‍ക്കറിയാം? മില്യണ്‍ കണക്കിന് ഡോളര്‍ ചിലവിട്ടാണ് ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. 

നിര്‍മ്മാണ മേഖലയിലേക്ക് സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുന്നത്. മത്സരങ്ങള്‍ക്കായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ തയ്യാറാകുന്നത്. അതില്‍ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം മാത്രമാണ് പൂര്‍ത്തിയായത്. 

ആഴ്ചയില്‍ അമ്പതുകോടി ഡോളറിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഖത്തര്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ ശക്തരായ സൗദി അറേബ്യ ഇങ്ങനെയൊരു നീക്കം നടത്തുന്നതിലൂടെ 2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിന് ഖത്തര്‍ വേദിയാകുന്നതിനെ അട്ടിമറിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

വ്യോമ, കര, നാവിക ഗതാഗതം നിര്‍ത്തലാക്കുന്നതോടെ ഖത്തറില്‍ നടക്കുന്ന അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകും എന്ന് അവര്‍ കണക്കുകൂട്ടിക്കാണും. 

പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നത്. നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ഖത്തറിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയും സൗദിയും യുഎഇയും നിര്‍ത്തി വെച്ചതും ഖത്തറിനെ സംബന്ധിച്ച് പ്രശ്‌നം തന്നെയാണ്. 

അതേസമയം, ജിസിസിയിലോ റിയാദില്‍ നടന്ന അമേരിക്കന്‍ ഇസ്‌ലാമിക് അറബ് ഉച്ചകോടിയിലോ പറയാത്ത ആരോപണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറയുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും, ഒരു ജിസിസി രാജ്യത്തെ മറ്റു ജിസിസി രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന നടപടി അത്ഭുതകരമാണെന്നും അദ്ദേഹം പറയുന്നു. 

ഖത്തറിനെ മറ്റൊരു തീവ്രവാദ രാജ്യമാക്കി മാറ്റാന്‍ നടത്തുന്ന ഗൂഡാലോചന പുറത്തുവന്നതിന്റെ ക്ഷീണം മാറ്റാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതെന്നും, അമേരിക്കയുമായി ചേര്‍ന്ന് ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ജിസിസി അംഗരാജ്യങ്ങള്‍ നടത്തിയതെന്നും ഖത്തര്‍ ആരോപിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഖത്തര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുതന്നെയാണ് സമാധാന രാജ്യമായ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

'ലോക പോലീസാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല, മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ന്‍' എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച ട്രംപ് പിന്നെ എന്തുകൊണ്ട് സൗദിയെ കൂട്ടുപിടിച്ച്, അല്ലെങ്കില്‍ സൗദി പറയുന്നത് കണ്ണടച്ച് വിശ്വസിച്ച് ഇങ്ങനെയൊരു നീക്കം നടത്തി എന്നാണ് ഇപ്പോഴത്തെ സംസാര വിഷയം. ഖത്തറിനെ മറ്റൊരു ഇറാഖ് ആക്കുകയാണോ ലക്ഷ്യം? 

അതല്ല, ഗള്‍ഫ് മേഖലയില്‍ സമാധാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ പ്രശ്‌നം ഉടനടി പരിഹരിക്കപ്പെടേണ്ടതാണ്. അതല്ലാ എങ്കില്‍ അമേരിക്ക വീണ്ടും ലോക പോലീസിന്റെ വേഷം കെട്ടുകയാണെന്നു വേണം കരുതാന്‍. 

Read more

ദുരുപയോഗം ചെയ്യപ്പെടുന്ന "ത്വലാഖ്" അഥവാ "മുത്വലാഖ്" - ഭാഗം മൂന്ന്

“സൗദിയാണ് ദേശം, ശരിഅത്താണ് നീതി” – കമലിന്റെ 'പെരുമഴക്കാലം' എന്ന സിനിമയില്‍ സലീം കുമാറില്‍ നിന്ന് കൂടെക്കൂടെ ഉയരുന്ന ഈ ഡയലോഗ് കാഴ്ച്ചക്കാരില്‍ മിക്കപ്പോഴും ഭീതി ഉണര്‍ത്താന്‍ ഉതകുന്നതായിരുന്നു. സൗദി അറേബ്യയെക്കുറിച്ചും അവിടത്തെ നിയമവ്യവസ്ഥയെക്കുറിച്ചും അറിയാത്തവര്‍ “ഇതെന്തു നീതി” എന്ന് ചോദിക്കാന്‍ അവസരം കൊടുത്ത സംഭാഷണം. എന്നാല്‍, സൗദിയെക്കുറിച്ചും അവിടത്തെ ശരിഅത്ത് നിയമത്തെക്കുറിച്ചും അറിവുള്ളവര്‍ക്ക് അതൊന്നും അത്ര വലിയ പ്രാധാന്യമുള്ള ഒന്നല്ല. ശരിഅത്ത് നിയമം കര്‍ശനമായി നടപ്പിലാക്കുന്ന ഏകരാജ്യം സൗദി അറേബ്യയാണെന്നതില്‍ തര്‍ക്കമില്ല. 'കട്ടവന്റെ കൈ വെട്ടുക, കൊന്നവന്റെ തല വെട്ടുക' എന്നതില്‍ കുറഞ്ഞ ശിക്ഷകള്‍ അവിടെയില്ല. ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും കഠിനമായ നീതിയും, നീതിനിര്‍വ്വഹണവുമാണ് ശരിഅത്ത് എന്നതിന് തര്‍ക്കമില്ലതന്നെ. പക്ഷേ മറുപക്ഷം ചിന്തിച്ചാല്‍ അതിന്റെ കാടത്തം അംഗീകരിച്ചുകൊണ്ടു തന്നെ, കുറഞ്ഞ അളവില്‍ തെറ്റിദ്ധാരണകളാല്‍ ഈ നിയമം നിരപരാധികളില്‍ അതിന്റെ എല്ലാ തീവ്രതയിലും അടിച്ചേല്‍പ്പിക്കപ്പെടുന്നു.

സത്യത്തില്‍ ഇസ്ലാം മതത്തിലെ പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്മാരാണ്. എന്തുകൊണ്ടാണ് സുപ്രീം കോടതി പോലും മുസ്‌ലിം വ്യക്തി നിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നത്? മുസ്‌ലിം വ്യക്തി നിയമത്തില്‍ നിയമമില്ല, വിവേചനം മാത്രമാണുള്ളത്. ശരിഅത്തിന്റെ പേരില്‍ ഇന്ത്യയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് മുസ്ലിം സ്തീകളാണ്. മൂന്ന് കാര്യങ്ങളാണ് ശരിഅത്ത് അഥവാ മുസ്ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിഗണിക്കപ്പെടേണ്ടത്. ഒന്ന്, മുസ്ലിം സ്ത്രീയുടെ ജീവിത സാഹചര്യങ്ങളിലെ വൈവിധ്യങ്ങള്‍. രണ്ട്, ഇസ്ലാമിന്റെ പ്രത്യേകതകള്‍. മൂന്ന്, മുസ്ലിങ്ങള്‍ ജീവിക്കുന്ന ദേശ രാഷ്ട്രങ്ങളിലെ ഭരണഘടനയും നിയമങ്ങളും. ഈ മൂന്ന് കാര്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടും പരിഗണിച്ചുകൊണ്ടും മുസ്ലിം സ്ത്രീക്കു നീതിയും അവസരസമത്വവും ലഭ്യമാകുന്ന രാഷ്ട്രീയ പരിപാടികളാണ് ആവിഷ്‌കരിക്കേണ്ടത്.

മുത്വലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മെയ് 11-ന് വാദം കേട്ടു തുടങ്ങി. അതുകൊണ്ടുതന്നെ കേന്ദ്ര ഗവണ്മെന്റിന്റെ സത്യവാങ്മൂലം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍, കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ട അഭിപ്രായങ്ങള്‍ പാടെ നിരാകരിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും രാഷ്ട്രീയ നേതൃത്വവും കൈക്കൊണ്ടിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കേന്ദ്രത്തിനെ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ് - “We are fully satisfied with the commands of Islamic laws, especially on Islamic orders related to nikah (marriage), talaq (divorce), fasakh (annulment) and virasat (inheritance). We are fully satisfied with and strongly deny the possibility of any type of change in them. The Constitution of India has provided complete freedom for followers of all faiths to practice their religion. We, therefore, do not accept uniform civil code in any form. We are with All India Muslim Personal Law Board to save and protect shariah laws.” മുത്വലാഖ് വിഷയം ഉയര്‍ത്തി മുസ്ലിം സ്ത്രീകളെ കൂടെ നിര്‍ത്താൻ നോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവരോട് സ്നേഹമുള്ളതുകൊണ്ടല്ലെന്നും ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ശരിഅത്ത് നിയമം രാഷ്ട്രീയവത്ക്കരിച്ചിരിക്കുന്നു.

ഈ വിഷയത്തില്‍ വാദം കേട്ട ആദ്യ ദിവസം തന്നെ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. "പാപമെന്നും അധാര്‍മികമെന്നും ദൈവം കല്‍പ്പിച്ച ഒന്നിന് നിയമസാധുത നല്‍കാന്‍ മനുഷ്യന് കഴിയുമോ" എന്നാണ് സുപ്രീം കോടതിയുടെ ആദ്യത്തെ ചോദ്യം. വധശിക്ഷ തെറ്റാണ്, അപരാധമാണ്. എന്നാല്‍, പല രാജ്യങ്ങളിലും അത് നിയമപരമാണെന്നും കോടതി പറഞ്ഞു. "മുത്വലാഖ് മൗലികാവകാശമല്ലെന്നു മാത്രമല്ല, ഇസ്ലാമിലെ എല്ലാറ്റിനെയും ലംഘിക്കുകയും ചെയ്യുന്നു. മുത്വലാഖ് അടിസ്ഥാനപരമായി സ്ത്രീകളോട് അനീതി കാട്ടുന്നു. ദൈവത്തിന് നിരക്കാത്ത നീതിയാണത്. പുരുഷന്‍ ഏതു വിധത്തില്‍ വാദിച്ചാലും അത് പരിഹരിച്ചെടുക്കാനാകില്ല. സ്ത്രീയാണ് എന്നതുകൊണ്ട് ഒരുവിധ വിവേചനവും സാധ്യമല്ല. സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഏതു നിയമവും. ഭരണഘടനയുടെ 13ാം അനുച്ഛേദത്തിനുകീഴില്‍ മുത്തലാഖ് കൊണ്ടുവരുന്നതില്‍നിന്ന് കോടതി ഒഴിഞ്ഞുമാറരുതെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാം‌ ജേത്‌മലാനി കോടതിയില്‍ ബോധിപ്പിച്ചത്. 

ശരിഅത്തിലെ എല്ലാ വസ്തുതകളിലുമല്ല, മറിച്ച് നിയമവശങ്ങള്‍ മാത്രമാണ് നോക്കുന്നതെന്ന് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശരിഅത്തിന്റെ പേരില്‍ മുത്വലാഖിന് വിധേയരായ ഇരകളുടെ പ്രശ്‌നങ്ങളാണ് കോടതി പരിഗണിക്കുന്നത്. മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്കും മറ്റു സമുദായങ്ങളിലെ വനിതകള്‍ക്കുമുള്ള തുല്യാവകാശം മുസ്ലിം വനിതകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്, ഇതര രാജ്യങ്ങളിലെ മുസ്ലിം വനിതകള്‍ക്ക് ലഭിക്കുന്ന സാമൂഹിക പദവി ഇവിടെയില്ല, ഭരണഘടനയുടെ 21ാം ഖണ്ഡിക വനിതകള്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും മാന്യതയും പരമപ്രധാനമാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമങ്ങളില്‍ കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെയായി പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ജനസംഖ്യയില്‍ എട്ട് ശതമാനം വരുന്ന മുസ്ലിം വനിതകളുടെ പ്രശ്നമാണിതെന്നും, ഒറ്റയിരിപ്പിലുള്ള വിവാഹമോചനം എന്ന ഭീതി അവരെ അലട്ടുന്നുണ്ടെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഒരു മതേതര ജനാധിപത്യക്രമത്തില്‍ ഒരു മതത്തിന് തുല്യവകാശവും അഭിമാനവും സാമൂഹിക പദവിയും നിഷേധിക്കാനാവുമോ എന്നതാണ് മൗലിക പ്രശ്നമെന്ന് കേന്ദ്രം പറയുന്നു. മുത്വലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ എതിര്‍ത്ത് ലിംഗസമത്വം, മതേതരത്വം എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പുനഃപരിശോധന വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

ശരിഅത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൂരത മനുഷ്യത്വത്തെ മരവിപ്പിക്കുന്നതാണ്. യാതൊരു ദയയും സ്തീകളോട് കാണിക്കാത്ത, അധാര്‍മ്മിക പുരുഷ മേധാവിത്വം. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കുന്ന മുത്വലാഖ് തുടരുകയാണെങ്കില്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂരമായ പീഡനത്തിനിരയായ രെഹന. 1999-ലാണ് രെഹ്‌ന വിവാഹിതയാകുന്നത്. ഭര്‍ത്താവിന് അമേരിക്കയില്‍ ജോലി. സന്തോഷകരമായ ജീവിതം. വിവാഹത്തിനുശേഷം അമേരിക്കയിലേക്ക് വന്നു. എന്നാല്‍, പീഡനം ആരംഭിക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ലെന്ന് രെഹ്‌ന പറയുന്നു. ഒരു ആണ്‍‌കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയതായി അവര്‍ പറയുന്നു. ഒടുവില്‍ 2011-ല്‍ രെഹ്‌നയേയും മകനേയും നാട്ടിലേക്ക് തിരിച്ചയച്ചു. മകനുമായി ഭര്‍തൃഗൃഹത്തിലായിരുന്നു താമസം. ഇതിനിടെ ഭര്‍ത്താവ് നാട്ടില്‍ എത്തിയെങ്കിലും രെഹ്‌നയെ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചില്ല. അതിന്റെ കാരണം അയാള്‍ ന്യൂസിലാന്‍ഡിലേക്ക് പോകുകയാണെന്ന് പറഞ്ഞത്രെ. പക്ഷെ, ഭര്‍ത്താവ് തിരിച്ച് അമേരിക്കയിലെത്തി ടെലഫോണിലൂടെ മുത്വലാഖ് ചൊല്ലിയെന്നും ആ പേരില്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് അവരെ അടിച്ചിറക്കാന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരന്മാരും ശ്രമിച്ചെന്നും പറയുന്നു. എതിര്‍ത്തു നിന്ന അവരെ ശാരീരികമായി ഉപദ്രവിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തു. ഒടുവില്‍ നിര്‍ബ്ബന്ധപൂര്‍‌വ്വം അവരെ ഇറക്കിവിട്ടുവെന്നു മാത്രമല്ല, ആസിഡ് നിറച്ച കുപ്പി എറിഞ്ഞ് ശരീരത്തിന് പൊള്ളലേല്പിക്കുകയും ചെയ്തു.

ഇതോടെ ഈ കാടന്‍ നിയമത്തിനെതിരെ പോരാടാന്‍ തന്നെ അവര്‍ തീരുമാനിച്ചിരിക്കുകയാണ്. അതല്ലെങ്കില്‍ തന്റെ മതവും വിശ്വാസവും വലിച്ചെറിയുമെന്നും അവര്‍ പറയുന്നു. രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനും അതിനുശേഷം നഷ്ടപരിഹാരമുള്‍പ്പെടെ ലഭിക്കുന്നതിനും ഹിന്ദുമതത്തില്‍ സാമാന്യ നീതി നടപ്പാകുന്നുണ്ടെന്നാണ് രഹ്‌ന പറയുന്നത്. സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ള കുടുംബമായിരുന്നിട്ടു കൂടി തനിക്ക് മുത്വലാഖിന്റെ നീതിനിഷേധം അനുഭവിക്കേണ്ടിവന്നതായി രഹന പറയുന്നു. എത്ര പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മതമനുശാസിക്കുന്ന ഹീനമായ ത്വലാഖ് രീതികൊണ്ട് കഷ്ടപ്പെടുന്നതെന്നും രെഹന ചോദിക്കുന്നു. വിവാഹ ജീവിതത്തില്‍ സ്ത്രീക്ക് പുരുഷനെപ്പോലെ തുല്യനീതി നല്‍കുന്നതുകൊണ്ടാണ് ഹിന്ദുമതത്തിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നതെന്നും, ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും അവര്‍ പറയുന്നു.

ഉത്തര്‍‌പ്രദേശില്‍ നിന്നു തന്നെയുള്ള മറ്റൊരു യുവതി തന്റെ ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയതും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതയായ ഈ യുവതിക്ക് രണ്ടു പെണ്‍‌കുട്ടികളാണ് പിറന്നത്. അതോടെ ഭര്‍തൃവീട്ടുകാരുടെ പീഡനവും തുടങ്ങി. മൂന്നാം തവണയും ഗര്‍ഭം ധരിച്ചെങ്കിലും അതു പെണ്‍കുട്ടിയാകുമെന്ന ഭയത്താല്‍ ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും സമ്മതിക്കാതെ വന്നപ്പോള്‍ അടിവയറ്റില്‍ തൊഴിച്ച് ഗര്‍ഭസ്ഥശിശുവിനെ കൊല്ലാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോള്‍ മുത്വലാഖ് ചൊല്ലി യുവതിയെ ഒഴിവാക്കിയെന്നും, ഇപ്പോള്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും, ഏതു നിമിഷവും തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവതി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ നീതി ലഭിക്കാന്‍ ഇടപെടണമെന്നും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന ‘മുത്വലാഖ്’ സമ്പ്രദായം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എഴുതിയ കത്തുകളില്‍ ഇവരുടെ ആവശ്യം.

മുംബൈയില്‍ നിന്നുള്ള 18 കാരി അര്‍ഷിത ബഗ്‌വാനും പറയാനുള്ളത് തന്റെ ജീവിതം പിച്ചിച്ചീന്തിയ ശരിഅത്ത് നിയമത്തെക്കുറിച്ചു തന്നെയാണ്. മുസ്ലിം വനിതകളുടെ പരമ്പരകളെ തന്നെ നശിപ്പിക്കുന്ന മുത്വലാഖ് അവസാനിപ്പിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഈ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 16-ാം വയസിലാണ് അര്‍ഷിത പച്ചക്കറി വ്യാപാരിയായ കാസിമിനെ വിവാഹം കഴിക്കുന്നത്. രണ്ടു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം പേപ്പറില്‍ 'ത്വലാഖ്' എന്ന് മൂന്നു തവണയെഴുതി ഇയാള്‍ ബന്ധം അവസാനിപ്പിച്ചു. എന്റെ ഹൃദയത്തില്‍ നിനക്ക് സ്ഥാനമില്ലെന്നു പറഞ്ഞ ഇയാള്‍ അര്‍ഷിതയെ ഉപേക്ഷിച്ചു. എട്ടുമാസം പ്രായമായ കുഞ്ഞുമായി വീടു വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കുമ്പോള്‍ 11-ാം ക്ലാസിലായിരുന്നു അര്‍ഷിത പഠിച്ചിരുന്നതെന്നും, വിവാഹം കഴിഞ്ഞാലും തുടര്‍ന്നു പഠിപ്പിക്കാമെന്ന ഉറപ്പിലാണ് വിവാഹം നടത്തിയതെന്നും എന്നാല്‍, ഭര്‍തൃവീട്ടിലെത്തിയതിനു ശേഷമാണ് അവരുടെ തനിസ്വഭാവം കാണിച്ചതെന്നും അര്‍ഷിത പറയുന്നു. വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, പീഡനവും ആരംഭിച്ചു എന്നും പറയുന്നു. സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് അര്‍ഷിതയുടെ പിതാവ് നിസാര്‍ പറയുന്നത്. മകള്‍ അനുഭവിച്ചത്ര വേദന ആരും സഹിച്ചിട്ടുണ്ടാകില്ല. ഒരു പച്ചക്കറിക്കടക്കാരന് താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മകളെ വിവാഹം ചെയ്ത് കൊടുത്തത് വലിയ തെറ്റായിപ്പോയെന്നാണ് നിസാര്‍ പറയുന്നത്. എന്നെപ്പോലെയുള്ള നിരവധി സ്ത്രീകളുടെ ജീവിതം തകര്‍ക്കുന്ന മുത്വലാഖ് അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയോട് അര്‍ഷിത ആവശ്യപ്പെടുന്നത്. ഏകീകൃത സിവില്‍ കോഡിനെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് മുസ്ലീം വിഭാഗം ഭയപ്പെടുന്നുവെന്നും നിസാര്‍ പറയുന്നു.

ശരിഅത്ത് എന്ന കാലഹരണപ്പെട്ട നിയമത്തേയും, മുത്വലാഖ് എന്ന പ്രാകൃത സമ്പ്രദായത്തെയും ഉന്മൂലനം ചെയ്ത് മുസ്ലിം വ്യക്തി നിയമ ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞെന്ന് കേരളത്തില്‍ ചങ്കൂറ്റത്തോടെ പറഞ്ഞ വ്യക്തിയാണ് ജസ്റ്റിസ് കമാല്‍ പാഷ. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. യാഥാസ്ഥിക മുസ്‌ലിം പൗരോഹിത്യവും ഏകദേശം ചിന്താശേഷി പരിപൂര്‍ണ്ണമായും പണയം വെച്ച അവരുടെ ദാസന്മാരായ അണികളുമാണ് മുസ്ലിം സമുദായത്തെ പിന്നോട്ടടിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇസ്‌ലാമിലെ സ്ത്രീ അല്ലെങ്കില്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും- തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും, മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ കേരളത്തിലെ മറ്റേതൊരു വിഭാഗം സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോഴും പിന്നാക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്. ഗള്‍ഫ് പണത്തിന്റെ ‘ആഡംബരങ്ങള്‍’ ആസ്വദിക്കുമ്പോള്‍ പോലും ഒരു സ്വത്വമുള്ള മനുഷ്യന്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ജീവിതാവസ്ഥകള്‍ പിന്നാക്കം തന്നെയെന്നത് ആരും സമ്മതിക്കും. അത് സാംസ്‌കാരികവും സാമൂഹികവും മതപരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ്. എന്തായാലും ഇസ്ലാമിക ശരിഅത്ത് നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനമുണ്ട് എന്നത് വളരെ പ്രകടമാണ്. അത് വിവാഹ നിയമത്തിലും സ്വത്തവകാശ നിയമത്തിലും മാത്രമല്ല, അത്രമേല്‍ സങ്കീര്‍ണ്ണവും വ്യാപിച്ചു കിടക്കുന്നതുമായ ഒന്നാണത് എന്നത് വസ്തുതയാണ്.

'അളമുട്ടിയാല്‍ ചേരയും കടിക്കും' - ഭര്‍ത്താവിന്റെ ക്രൂര പീഡനം സഹിക്കാനാകാതെ ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ മൊഴി ചൊല്ലി. മുത്വലാഖ് വിഷയത്തില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ് വ്യത്യസ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ അമ്‌റീന്‍ ബാനുവാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലിയത്. ഇരുപത്തിനാലുകാരിയായ അമ്‌റിന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സമുദായംഗങ്ങളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടത്താന്‍ അനുവദിക്കണമന്നും അമ്‌റീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2012ലാണ് അമ്‌റീനും സഹോദരി ഫര്‍ഹീനും അയല്‍ ഗ്രാമത്തില്‍ നിന്നും സഹോദരന്മാരായ സബീര്‍, ഷക്കീര്‍ എന്നിവരെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ ഇവര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് അമ്‌റിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഫര്‍ഹീനെ ഭര്‍ത്താവ് മൊഴി ചൊല്ലിയിരുന്നു. തുടര്‍ന്ന് ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങി. നിരന്തരമായ പീഡനം മൂലം തന്റെ ഗര്‍ഭം അലസിയിരുന്നതായും പരാതിയില്‍ ഉന്നയിക്കുന്നു. എനിക്കോ മക്കള്‍ക്കോ ജീവിക്കാനുള്ള ഒന്നും തന്നെ എന്റെ ഭര്‍ത്താവ് തന്നിരുന്നില്ല. അയാള്‍ ശിക്ഷിക്കപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുസ്ലിം സ്ത്രീകള മൊഴി ചൊല്ലി ബന്ധം അവസാനിപ്പിക്കുന്ന പോലെ ഞാനും എന്റെ ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അമ്‌റീന്‍ ബാനു പറയുന്നു. 

ഇതിനിടെ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ സംഭവവും ഉത്തര്‍‌പ്രദേശിലെ വാരാണാസിയിലാണ് നടന്നത്. മുത്വലാഖിനെതിരെ വിധിയുണ്ടാകാന്‍ ഒരു കൂട്ടം മുസ്ലിം സ്ത്രീകള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ മന്തോച്ചാരണവുമായി ദര്‍ശനം നടത്തിയെന്നത് കൗതുകവും അതോടൊപ്പം മുസ്ലിം പുരുഷന്മാരുടെ കണ്ണു തുറപ്പിക്കുന്നതുമാണ്. സാധാരണ ഗതിയില്‍ തടസങ്ങള്‍ ഒഴിവാക്കിക്കിട്ടുന്നതിനാണു വിഘ്‌നേശ്വരനെ പൂജിക്കാനായി ആളുകള്‍ ഈ ക്ഷേത്രത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ സദാസമയം മന്ത്രമുഖരിതമായ ഈ അന്തരീക്ഷത്തിലേക്കാണു ബുര്‍ഖ ധരിച്ചു മുസ്ലിം വനിതകള്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലം കൂടിയാണിത്. മുസ്ലിം മഹിളാ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണു പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയതെന്നു കേള്‍ക്കുമ്പോള്‍ ഈ ശരിഅത്തും മുത്വലാഖും വരുത്തി വെക്കുന്ന വിനകള്‍ എത്രയെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ക്ഷേത്രത്തിലെത്തിയ മുസ്ലിം സ്ത്രീകള്‍ ഹൈന്ദവ വിശ്വാസികളുടെ കൂടെ ഹനുമാന്‍ മന്ത്രം ഉരുവിട്ട് പ്രാര്‍ത്ഥനാനിരതരായത്രേ. തന്നെയുമല്ല ഹനുമാന്‍ മന്ത്രം ഉറുദുവില്‍ എഴുതിക്കൊണ്ടുവന്ന് ക്ഷേത്രാങ്കണത്തിലിരുന്ന് അതേറ്റു ചൊല്ലി. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന് ഈ ക്ഷേത്രം പ്രത്യേകത നിറഞ്ഞതാണെന്നു മനസിലാക്കിയതുകൊണ്ടാണ് ഇവിടെയെത്തിയതെന്നും, മുത്വലാഖിന്റെ പേരില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ ഒഴിവാക്കാനാണ് ഇവിടെ എത്തിയതെന്നുമാണ് സംഘടനയുടെ ദേശീയ പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരി പറഞ്ഞത്. മുത്വലാഖ്, നിക്കാഹ് ഹലാല, മുസ്ലിം സ്ത്രീകള്‍ക്കു നേരേ നടക്കുന്ന മറ്റ് അതിക്രമങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും, അതിന് ഹനുമാന്റെ അനുഗ്രഹമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുത്വലാഖിനെതിരെ മുസ്ലിം സ്ത്രീകളും വിവിധ സംഘടനകളും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജികളില്‍ ഭൂരിഭാഗവും ക്രൂരപീഡനങ്ങള്‍ക്കിരയായവരാണ്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത പുരുഷന്മാരെ ശരീഅത്തിന്റെ പേരില്‍ ഭയപ്പെടുത്തി അവരെ മന്ദബുദ്ധികളാക്കുന്ന മതമേലധ്യക്ഷന്മാരെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ രംഗത്തുവരാനുള്ള മുഖ്യ കാരണം. അവര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം, ശരിഅത്ത് നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയും ലഭ്യമാക്കണം. 

(അവസാനിച്ചു)

Read more

ദുരുപയോഗം ചെയ്യപ്പെടുന്ന "ത്വലാഖ്" അഥവാ "മുത്വലാഖ്" (ഭാഗം രണ്ട്)

സത്യത്തില്‍ 'മുത്വലാഖ്' വിഷയം ദേശീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ 'അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്' രംഗപ്രവേശം ചെയ്യുകയും, അവരാണ് രാജ്യത്തുള്ള മുസ്ലീങ്ങളുടെ മതമൗലിക കാര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെന്നുമുള്ള ന്യായീകരണം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകണമെങ്കില്‍ ഈ ബോര്‍ഡ് എന്തിനാണ് രൂപീകരിച്ചതെന്നും, അവരുടെ ലക്ഷ്യങ്ങളെന്താണെന്നും മനസ്സിലാക്കുമ്പോഴാണ്. മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനാണെന്നു പറഞ്ഞ് 1973-ലാണ് ഈ 'അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അഥവാ AIMPLB' രുപീകരിച്ചത്. മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം ഏക സിവില്‍ കോഡ്, വ്യക്തിനിയമ പരിഷ്കാരങ്ങള്‍ എന്നിവയുടെ ഭാഗമായി ഹനിക്കാന്‍ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊടുത്തതെന്നും, വിവിധ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഉത്തരേന്ത്യയിലെ കുറെ 'മതപണ്ഡിതരെന്ന്' അവകാശപ്പെടുന്നവരാണ് ഈ സംഘടനയുടെ രക്ഷാധികാരികള്‍.

ശരീഅത്ത് നിയമം സംരക്ഷിക്കാനും വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, നേരിട്ടോ അല്ലാതെയോ സമാന്തരമായോ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന നിയമനിര്‍മ്മാണങ്ങളില്‍ നിന്ന് മുസ്‌ലിം വ്യക്തിനിയമത്തെ ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുക, മുസ്‌ലിം വ്യക്തിനിയമത്തെയും അതിന്റെ അനുശാസനങ്ങളെയും കുറിച്ച് മുസ്‌ലിം സമൂഹത്തില്‍ അവബോധമുണ്ടാക്കുക, നിയമവിദഗ്ദ്ധരും മതപണ്ഡിതരും ഉള്‍പ്പെടുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ഗവണ്മെന്റിന്റെയും മറ്റും നിയമങ്ങളെയും കുറിച്ചും അവയുടെ സ്വാധീനത്തെയും പറ്റി പഠനം നടത്തുക, ഇസ്ലാമിലെ വിവിധ ചിന്താസരണികളെ പൊതുവിഷയങ്ങളില്‍ ഏകോപിപ്പിക്കുക, നിലവിലുള്ള മുഹമ്മദന്‍ നിയമത്തിന് ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ചുള്ള മാറ്റങ്ങള്‍ നിർദ്ദേശിക്കുക എന്നിവയാണ് ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെന്ന് അവരുടെ വെബ് സൈറ്റില്‍ പറയുന്നു (http://www.aimplboard.in/)

എന്നാല്‍, ശരീഅത്ത് നിയമത്തില്‍ നിഷ്ക്കര്‍ഷിക്കുന്ന പല കാര്യങ്ങളും ഈ സംഘടനയില്‍ പെട്ടവര്‍ തന്നെ ദുര്‍‌വ്യാഖ്യാനം ചെയ്യുകയോ ഗോപ്യമായി ചിത്രീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് അവരുടെ അടുത്ത കാലങ്ങളിലെ ചില ഇടപെടലുകളില്‍ നിന്ന് മനസ്സിലാകും. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ അത് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് (ഷാ ബാനു കേസില്‍ കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനം ചെലുത്തിയതടക്കം). സുന്നി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഈ സംഘടന എങ്ങനെ മറ്റു വിഭാഗക്കാരുടെ താത്പര്യം സം‌രക്ഷിക്കും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. പക്ഷെ, ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ ബി.ജെ.പി. ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് മുസ്ലിം സമുദായം മാത്രമല്ല, മറ്റു മതവിഭാഗങ്ങളും ഉണ്ടായിരുന്നു എന്ന സത്യത്തിനും ഇവിടെ പ്രസക്തിയേറുന്നു. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തിനിയമ സംഹിത വേണം എന്ന ആശയമാണ് ഏകീകൃത സിവിൽ കോഡുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ പൊതുവായ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു അതെന്നും, ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശക തത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കണക്കുകൂട്ടിയതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയൊരു നീക്കത്തിന് മുതിര്‍ന്നത്. അവിടെയാണ് ഈ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതിന്റെ കാരണവും അവര്‍ പറയുന്നു. 

നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആരുടെ സിവില്‍ കോഡാണ് നടപ്പാക്കുക? വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്നതാണ് ഇന്ത്യാ മഹാരാജ്യം. ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം, പഞ്ചാബി, പാഴ്സി, ജെയ്ന്‍ ഇത്യാദി വിശ്വാസികള്‍ക്ക് അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടനയില്‍ അനുശാസിക്കുന്നു. ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ ഇവയില്‍ ഏത് വിശ്വാസക്കാരുടെ നിയമമായിരിക്കും സാധൂകരിക്കുക എന്ന സംശയമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടാതെ മുത്വലാഖ് അനുവദിക്കാത്തത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും, മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും,  ഖുറാനില്‍ മുത്വലാഖ്  അംഗീകരിക്കുന്ന സ്ഥിതിക്ക് മുത്വലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നുമാണ് ഈ സംഘടന  കോടതിയില്‍ പറഞ്ഞിരിക്കുന്നത്. മുന്നു തവണ ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതിക്കെതിരെ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുത്വലാഖിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലിം സ്ത്രീപുരുഷന്മാരുള്‍പ്പെടെ അന്‍പതിനായിരത്തോളം പേരാണ് ഒപ്പുവെച്ചിട്ടുള്ളത്. മുത്വലാഖിനെ തൊട്ടുകളിക്കരുതെന്ന് ബോര്‍ഡ് പറയുമ്പോള്‍ തന്നെ പുരുഷന്മാര്‍ക്ക് സം‌രക്ഷണം നല്‍കുന്ന രീതിയില്‍ അവര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് ശരീഅത്ത് നിയമത്തെ വക്രീകരിച്ചത് അവര്‍ സ്വയം വിസ്മരിക്കുകയാണ്. മതസ്വാതന്ത്ര്യവും, ത്വലാഖും, മുത്വലാഖും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കാണിക്കുന്ന ചിലരുടെ വ്യഗ്രത കോടതിയില്‍ ചോദ്യം ചെയ്തേ പറ്റൂ. 

ഭീഷണികള്‍ മുസ്ലിം മതപണ്ഡിതരില്‍ നിന്ന് ഉയര്‍ന്നു വരുന്നതിന്റെ കാരണം തന്നെ മുസ്ലിം സമുദായത്തിലെ 'പുരുഷ മേധാവിത്വം' നിലനിര്‍ത്താന്‍ അവര്‍ തട്ടിക്കൂട്ടിയെടുത്ത നിയമത്തെ രക്ഷിക്കാന്‍ തന്നെയാണെന്നേ പറയാന്‍ പറ്റൂ. 'ശരിഅത്ത്' അല്ലാഹുവിന്റെ നിയമമാണെങ്കില്‍ എങ്ങനെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തി? അതുമല്ലെങ്കില്‍ ശരിഅത്ത് പുരുഷന്മാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ട് ഈ വ്യക്തിനിയമ ബോര്‍ഡ് മനസ്സിലാക്കുന്നില്ല? സ്ത്രീകളെ അടിമകളാക്കി അതുമല്ലെങ്കില്‍ ഉപഭോക്തവസ്തുവാക്കി വെച്ചുകൊണ്ടിരിക്കാന്‍ പുരുഷന്മാര്‍ ശരിഅത്തിനെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി. ആ സ്വാധീനത്തില്‍ മുസ്ലിം സ്ത്രീകളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നേ ഇപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നുള്ളൂ. മുത്വലാഖിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതും അതുകൊണ്ടാണ്. ‘ഹിന്ദുക്കള്‍ക്കിടയില്‍ സ്ത്രീ ഭ്രൂണഹത്യ നടത്തുന്നവര്‍ ജയിലില്‍ പോകേണ്ടിവരും. അതുപോലെയാണു ഫോണിലൂടെ വിവാഹമോചനം നടത്തുന്നവര്‍. അവര്‍ മുസ്‌ലിം സഹോദരിമാരുടെ ജീവിതം നശിപ്പിക്കുകയാണ്, അത് അനുവദിച്ചുകൊടുക്കാനാവില്ല. അതേസമയം വിഷയത്തെ രാഷ്ട്രീയവര്‍ക്കരിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ ടിവി ചാനലുകള്‍ ഈ വിഷയത്തെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലോ ബിജെപിയും മറ്റു പാര്‍ട്ടികളും തമ്മിലോ ഉള്ള തര്‍ക്കവിഷയമാക്കി മാറ്റരുതെന്നും മോദി അഭ്യര്‍ഥിച്ചിരുന്നു. ചര്‍ച്ച നടത്തേണ്ടതു മാധ്യമങ്ങളല്ല, ഖുര്‍ആന്‍ പരിജ്ഞാനമുള്ള മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാരാണെന്നും, ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങള്‍ മുസ്‌ലിം വനിതകള്‍ക്കു നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും,  അതിന് പ്രബുദ്ധരായ, വിവരവും വിദ്യാഭ്യാസവുമുള്ള, മുസ്ലിം പുരുഷന്മാര്‍ മുന്നോട്ടു വന്ന് ഈ ഭയാനകമായ വിപത്തിനെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഏകീകൃത സിവില്‍ കോഡിനു പകരം ശരിഅത്തിനെ കൂട്ടുപിടിച്ച് 'മുത്വലാഖ്' എന്ന പ്രാകൃത സമ്പ്രദായം ഇല്ലാതാക്കിയാല്‍ മുസ്ലീം സ്ത്രീകളുടെ ഭാവി ഭദ്രമാകുമെന്നു മാത്രമല്ല, പുരുഷന്മാര്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരത്തിന് അറുതിയും വരും.

പരസ്ത്രീകളെ പൂകാനും, ഉള്ളതിനെ അകറ്റി നിര്‍ത്താനുമുള്ള ആയുധമായി ഉപയോഗിക്കുന്ന 'ബഹുഭാര്യത്വത്തിന്റെ മറ്റൊരു പതിപ്പാണ് ഈ 'മുത്വലാഖ്.' മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത ഈ നിയമത്തില്‍ എന്തിനാണ് മുസ്ലിം സമുദായം കടിച്ചുതൂങ്ങിക്കിടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സ്ത്രീയും പുരുഷനും ദൈവ സൃഷ്ടിയാണെങ്കില്‍ ആ ദൈവം സ്ത്രീക്ക് ഒരു നിയമവും പുരുഷന് മറ്റൊരു നിയമവും ഒരിക്കലും നിഷ്ക്കര്‍ഷിക്കുകയില്ല. സമാധാനപരമായി കുടുംബജീവിതം നയിക്കാന്‍ ഏതൊരു സ്ത്രീക്കും അര്‍ഹതയുണ്ട്, അവകാശമുണ്ട്. സ്ത്രീകളെ പുരുഷന്മാര്‍ അടിമകളാക്കി വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം അറബ് രാജ്യങ്ങളിലുണ്ട്. പാക്കിസ്ഥാനിലും തഥൈവ. അവിടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല, അവര്‍ക്ക് നീതി ലഭിക്കുകയില്ല, അവര്‍ക്കുവേണ്ടി വാദിക്കാനും ആരുമില്ല. അതുകൊണ്ടുതന്നെ സ്ത്രീ പീഡനവും ഭ്യാര്യാ പീഡനവും അവിടെ കൊടികുത്തി വാഴുന്നു. സ്ത്രീകളെ പച്ചയ്ക്ക് കത്തിക്കുന്നു.. അഥവാ അവരെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവരെ കാഫിറുകളാക്കി ചിത്രീകരിച്ച് അവരെയും ശിക്ഷിക്കുന്നു. എന്നാല്‍, ഇന്ത്യയിലെ സ്ഥിതി അതല്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭാര്യാ പീഡനം കുറവാണെന്നു പറയാം. എന്നിരുന്നാലും ചില യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ ഈ ശരിഅത്തിന്റെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നുമുണ്ട്. 

ഈയ്യിടെ ഇസ്ലാമിക് പണ്ഡിതന്മാര്‍ക്കെതിരെയും മുത്വലാഖിനെതിരെയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തിയ പ്രസ്താവനയില്‍ മുസ്ലിം സ്ത്രീകള്‍ 'ബുദ്ധിവൈഭവത്തോടെ' കാര്യങ്ങള്‍ ഗ്രഹിക്കണമെന്ന് പറയുന്നുണ്ട്. മൂന്നു തവണ ത്വലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്ന് നിയമം ഖുര്‍‌ആനില്‍ ഇല്ലെന്നും,  ഈ വിഷയത്തില്‍ ഇസ്ലാമിക് പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുറാന്‍ വായിച്ചു പഠിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ വലിയ ചര്‍ച്ച നടക്കുന്ന സമയത്താണ് മുത്വലാഖിനെ എതിര്‍ത്ത് ഉപരാഷ്ട്രപതിയുടെ ഭാര്യ രംഗത്ത് വന്നിരിക്കുന്നത്.  മുസ്ലിം സമുദായത്തിലെ മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിം കോടതി വാദം കേള്‍ക്കുകയാണ്, മുത്വലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഖുറാനില്‍ നോക്കാമെന്നും, അത് വായിച്ച് മനസ്സിലാക്കാത്ത പക്ഷം തെറ്റിദ്ധാരണകള്‍  ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. "ഖുര്‍‌ആന്‍ വായിച്ചാല്‍ സത്യമെന്താണെന്നത് നിങ്ങള്‍ക്ക് മനസിലാകും. അറബിയില്‍ എഴുതിയ ഖുര്‍‌ആന്‍ വായിക്കണം. പരിഭാഷ വായിക്കരുത്. എന്താണ് പുരോഹിതര്‍ പറയുന്നത് അത് അക്ഷരംപ്രതി അനുസരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അത് ചെയ്യരുത്. ഖുര്‍‌ആന്‍ വായിക്കൂ... എന്താണ് റസൂല്‍ പറഞ്ഞതെന്ന് നോക്കൂ..." സല്‍മ അന്‍സാരി സ്ത്രീകളോടായി പറയുന്നു. 

(തുടരും....)

അടുത്തത്: മുത്വലാഖിന്റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍

Read more

ദുരുപയോഗം ചെയ്യപ്പെടുന്ന ത്വലാഖ് അഥവാ മുത്വലാഖ്

മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന 'മുത്വലാഖ്' പ്രശ്‌നം ഒരു ദേശീയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സാധാരണ ചര്‍ച്ചാ വിഷയമല്ല, അതൊരു വിവാദമാക്കി 'രാഷ്ട്രീയ ചര്‍ച്ച'യാക്കുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. ഈ വിഷയത്തില്‍ നിരവധി കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നത്. 'കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന സ്ഥിതിയിലാണ് സുപ്രിം കോടതി. മതപരമായ വിഷയമായതുകൊണ്ട് പൂര്‍ണ്ണമായ ഒരു വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്.

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതിന് പല കാരണങ്ങളുമുണ്ട്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന നിര്‍ബ്ബന്ധം ബിജെപിക്കാണ്. പക്ഷെ, അവരുടെ ഓരോ നീക്കങ്ങളും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സംശയത്തോടെ കാണുകയും നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ട് കോടതികളില്‍ കേന്ദ്രത്തിന്റെ ന്യായവാദങ്ങളൊന്നും വിലപ്പോകുന്നില്ല. അതിന്റെ മൂലകാരണം മനസ്സിലായതുകൊണ്ടാകാം മുത്വലാഖ് വിവാദം രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശരിഅത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലുന്നതിന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും അടുത്തിടെ അനുകൂലമായിട്ടാണു പ്രതികരിച്ചത്. ഇതിനിടെ വീണ്ടും വിഷയം ചര്‍ച്ചയാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രശ്‌നം തന്റെ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണു മോദി സംശയലേശമന്യേ വ്യക്തമാക്കുന്നത്. ഇതൊരു സാമൂഹിക വിഷയമായി കണ്ട് മുസ്ലിം വിഭാഗത്തില്‍ നിന്ന് പ്രബുദ്ധരായവര്‍ ഇതിനെതിരേ മുന്നോട്ടുവരണമെന്നും, ഇത്തരമൊരു ശിക്ഷയില്‍നിന്നു നമ്മുടെ മുസ്ലിം പെണ്‍കുട്ടികളെയും ഭാര്യമാരെയുമൊക്കെ മോചിപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മുത്തലാഖിനെതിരേ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡില്‍നിന്നുള്ള ഷയറാ ബാനു എന്ന മുപ്പത്തഞ്ചുകാരിയുടെ നിയമ പോരാട്ടാത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണു മോദിയുടെ ഈ പ്രസ്താവന. രണ്ടു കുട്ടികളുടെ അമ്മയായ ഷയറാ ബാനു, രാജ്യത്തുള്ള എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടിയാണു താന്‍ നിയമ പോരാട്ടം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണു മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് മെയ് 11ന് ഈ വിഷയം പരിഗണിക്കാനിരിക്കേയാണു മോദിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

മുത്വലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരായ ഹര്‍ജിയാണ് ഷയറാ ബാനു സുപ്രീം കോടതിയില്‍ നല്‍കിയത്. എന്നാല്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ തന്നെ ചിലര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും, വ്യക്തിപരമായിട്ട് ഒന്നും കിട്ടില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണു മുസ്ലിം മതത്തെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നതെന്നാണ് ഷയറ കേന്ദ്രത്തിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, എന്നേപ്പോലെ ദുരിതത്തിലായ നൂറുകണക്കിനു സ്ത്രീകള്‍ക്കു വേണ്ടിയാണ് താനിതൊക്കെ ചെയ്യുന്നതെന്നും, മരിച്ചാലും പിന്മാറാന്‍ തയ്യാറല്ല എന്നുമാണ് അവരുടെ മറുപടി.

സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ഷയറാ ബാനുവിന്റെ ജീവിതം വന്‍ ദുരന്തമാണ്. വിവാഹശേഷം ഭര്‍ത്താവില്‍നിന്നും ഒരു ദശകത്തോളം ക്രൂര പീഡനങ്ങളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ആറിലേറെ തവണ ഗര്‍ഭഛിദ്രത്തിനു വിധേയമാകേണ്ടിവന്നു. ഇതിനുള്ള ഗുളികകള്‍ നിര്‍ബന്ധപൂര്‍വം കഴിച്ചിപ്പിച്ചതോടെ ഇവരുടെ ആരോഗ്യവും താറുമാറായി. ഇതോടെ ഇവര്‍ 2015 ഒക്‌ടോബറില്‍ അവര്‍ സ്വന്തം വീട്ടിലേക്കു പോയി. പിന്നീട് ഒരു കത്താണ് ലഭിച്ചത്. ഇതില്‍ ‘ത്വലാഖ്’ എന്നു മൂന്നുവട്ടം എഴുതിയിട്ടുണ്ടായിരുന്നുവത്രേ. ഇതാണ് അവരെ നിയമപോരാട്ടത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്കൊപ്പം മറ്റു ഏഴ് മുസ്ലിം സ്ത്രീകളുമുണ്ട് നിയമ പോരാട്ടത്തില്‍ പങ്കു ചേരാന്‍.

പര്‍ദ്ദകള്‍ക്കുള്ളില്‍ പൊതിഞ്ഞ് വീട്ടിനുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ എന്തുകൊണ്ടാണ് അവയെല്ലാം വലിച്ചെറിഞ്ഞ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. 'ശരിഅത്ത്' നിയമത്തിന്റെ ദുര്‍പയോഗം തന്നെ. ഭാര്യയെ വിവാഹബന്ധത്തില്‍ നിന്ന് കാരണമില്ലാതെ ഒഴിവാക്കാം എന്ന മിഥ്യാധാരണയാണ് ഇതിനെല്ലാം കാരണം. ശരിഅത്ത് നിയമം എന്താണെന്നും, അതില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും എന്തൊക്കെയാണെന്നും അറിയാവുന്നവര്‍ ഒരിക്കലും ഭാര്യയെ പീഡിപ്പിക്കുകയോ ബന്ധം ഒഴിവാക്കുകയോ ചെയ്യുകയില്ല.

ശരിഅത്തിനെ ഓരോരോ കാലങ്ങളില്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടപ്പോഴാണ് അതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചത്. മോദിയുടെ ഇപ്പോഴത്തെ പ്രസ്താവനക്കെതിരെയും ചില മുസ്ലിം സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു. കൂടുതല്‍ ശ്രദ്ധയൂന്നേണ്ട മറ്റു വിഷയങ്ങളുള്ളപ്പോള്‍ മോദി ഈ വിഷയം ഉയര്‍ത്തുന്നത് വിസ്മയകരമാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ തന്നെ ഒരംഗം പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ചുട്ടുകൊല്ലപ്പെടുകയും ഗര്‍ഭഛിദ്രത്തിനു വിധേയമാകുകയും ചെയ്യുന്ന നാട്ടില്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു മത വിഭാഗങ്ങളെ അപേക്ഷിച്ചു മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ കുറവാണ്. മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണു വിവാഹ മോചനങ്ങള്‍ കൂടുതലും. ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ദശലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും പ്രധാനമന്ത്രിക്ക് ആശങ്കയില്ലേയെന്നും അവര്‍ ചോദിക്കുന്നു. ഇതു തന്നെയാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നവും. 'ചക്കയ്‌ക്കെന്തു വില എന്നു ചോദിച്ചാല്‍ ഇല വെച്ച് മുറിയ്ക്കണം' എന്നു പറഞ്ഞ പോലെ, ഗൗരവമായ വിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയ.

1937 ല്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1937 നു ശേഷം യാതൊരു പരിഷ്കരണവുമില്ലാതെ നില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ത്വലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകള്‍ക്ക് ചിലവിനു കൊടുക്കാന്‍ ശരിഅത്ത് നിയമം പറയുന്നില്ല. അവര്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തുവകകളില്‍ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ല്‍ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ചിലവിനു കൊടുക്കേണ്ടത് ഭര്‍ത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു. വ്യക്തിനിയമം തിരുത്തിയാല്‍ സമുദായ വ്യക്തിത്വം നഷ്ടമാകുമെന്നൊരു പൊതു ധാരണയുണ്ടായിരുന്നു. മുസ്ലിം വ്യക്തിനിയമം ഖുര്‍ആന്‍ അനുശാസിക്കുന്നതും അതില്‍ മാറ്റം വരുത്താന്‍ വ്യക്തികള്‍ക്കോ കോടതികള്‍ക്കോ അധികാരമില്ല എന്നുമാണ് വയ്പ്പ്. ഏകികൃത സിവില്‍ കോഡിനെതിരെ മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പു നിലനില്‍ക്കുന്നുമുണ്ട്. രാജ്യത്തെ മുസ്‌ലിം സ്ത്രീകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്നും മുസ്‌ലിംങ്ങളിലെ ബഹുഭൂരിപക്ഷവും ബഹുഭാര്യാത്വം ആചരിക്കുന്നവരാണെന്നുമുള്ള ഒരു പ്രചരണവും ഇതിനിടെയുണ്ട് എന്നുള്ളതും ഒരു വാസ്തവമാണ്. പരിഷ്കാരങ്ങള്‍ മുത്തലാഖ് പ്രശ്‌നത്തില്‍ മാത്രമായൊതുങ്ങാതെ മുസ്‌ലിം ജനവിഭാഗങ്ങളുടെ പൊതു ജീവിത ശൈലിയില്‍ കാതലായ പല പരിഷ്കാരങ്ങളും ആവശ്യമാണെന്ന് പുരോഗമന ചിന്താഗതിക്കാര്‍ കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹങ്ങളെപ്പോലെ സ്ത്രീകളുടെ കാര്യത്തില്‍ പല പിന്തിരിപ്പന്‍ നയങ്ങളും മുസ്ലിം സമൂഹവും പിന്തുടരുന്നുണ്ട് എന്നുള്ളതാണ് സത്യം.

ഇനി എന്താണ് ഈ മുത്വലാഖിന്റെ ചരിത്രമെന്ന് നോക്കാം:

മുത്വലാഖ് സമ്പ്രദായം ആദ്യമായി നടപ്പിലാക്കപ്പെട്ടത്, പ്രവാചകന്റെ രണ്ടാമത്തെ അനുയായിയായി അറിയപ്പെടുന്ന ഖലീഫ ഉമറിന്റെ ഭരണകാലത്താണ് എന്നാണ് ചരിത്രം. പ്രവാചകനുമായി സൗന്ദര്യപ്പിണക്കത്തില്‍ ഏര്‍പ്പെട്ട ഭാര്യമാരെ മൊഴി ചൊല്ലി ഒഴിവാക്കാം എന്ന ധ്വനിയില്‍, ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രവാചകനോടുള്ള തന്റെ സ്‌നേഹം ചൊരിഞ്ഞ സന്ദര്‍ഭത്തില്‍, പ്രവാചക പത്‌നിമാരുടെ കാര്യത്തില്‍ ഇടപെടാന്‍ ആരാണ് താങ്കളെ നിയോഗിച്ചത് എന്ന് നബിയുടെ പത്‌നി ആയിശാബീവി ഖലീഫ ഉമറിനോട് ദേഷ്യപ്പെടാന്‍ ഇടവന്നതായി ചില ഹദീസുകളില്‍ കാണുന്നു. പ്രവാചകന്റെ കാലത്ത് ഒരാള്‍ മൂന്നു ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലിയതറിഞ്ഞപ്പോള്‍ നബി ക്ഷോഭിച്ചുകൊണ്ടു ചോദിച്ചുവത്രേ "ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ഗ്രന്ഥംകൊണ്ട് കളിക്കുന്നോ?" മറ്റൊരു സന്ദര്‍ഭത്തില്‍ മൂന്നു ത്വലാഖും ചൊല്ലി എന്നറിയിച്ച അനുയായിയോട് നബി ചോദിച്ചായി പറയപ്പെടുന്നു "മൂന്നു ത്വലാഖും ചൊല്ലിയത് ഒരേ സദസ്സില്‍ വെച്ചാണോ?" അതെ എന്നായിരുന്നു അനുയായിയുടെ മറുപടി. നബിയുടെ വിധി ഇങ്ങനെയായിരുന്നു: "എങ്കില്‍ ഒന്ന് ആയതായി കണക്കു കൂട്ടിയാല്‍ മതിയാകും, നിങ്ങള്‍ അവളുമായി രമ്യതപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ മടക്കിയെടുക്കുന്നതാണ് ഉത്തമം."

മുസ്ലിം ശരിഅത്ത് നിയമവും ന്യൂനതകളും

1. ഇസ്ലാമായ ഒരുവന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ ഒരേസമയം നിലനിര്‍ത്താം (ഒരേ സമയം ഇത് 4 വരെയാകാമെന്നുണ്ട്).

2. ആ ഭാര്യമാരെ അവരുടെ യാതൊരു സമ്മതവും കൂടാതെ എപ്പോള്‍, ഏതു സമയത്തും ത്വലാഖ് (Divorce) ചൊല്ലി ഒഴിവാക്കാവുന്നതാണ്.

3. സ്വത്തുക്കളുടെ അവകാശത്തേക്കുറിച്ചു പറഞ്ഞാല്‍, മാതാപിതാക്കളുടെ സ്വത്തുവകകളില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ നേര്‍പകുതി അവകാശം മാത്രമേ അവള്‍ക്കു ലഭിക്കുകയുള്ളു.

4. പെണ്‍കുട്ടികള്‍ മാത്രമുള്ള മുസ്ലിം ദമ്പതികളില്‍, ആ വീട്ടിലെ കുടുംബനാഥന്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ അദ്ദേഹത്തിന്റെ വിധവക്കോ പെണ്‍മക്കള്‍ക്കോ യാതൊരു അവകാശവുമില്ല. ആ അവകാശം കിട്ടുന്നത് മരണപ്പെട്ട വ്യക്തിയുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആകുന്നു.

5. മൂന്ന് ത്വലാഖ് (മുത്വലാഖ്) ചൊല്ലി ഒഴിവാക്കിയ തന്റെ മുന്‍ഭാര്യയെ ഒരു മുസ്ലിം പുരുഷന് തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ആ സ്ത്രീയെ മറ്റൊരു പുരുഷന് ഉത്തരവാദിത്തപ്പെട്ടവരുടെ മധ്യസ്ഥതയില്‍ വിവാഹം ചെയ്തു നല്‍കി അയാളുമൊത്ത് ആ സ്ത്രീ കുറച്ചു നാള്‍ ജീവിച്ചതിനുശേഷം അയാളില്‍ നിന്നും വിവാഹമോചനം വാങ്ങി പുനര്‍വിവാഹം ചെയ്യാം.

6. ആണോ പെണ്ണോ ആയ ഒരു മുസ്ലിം വ്യക്തിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കേ അവനോ അവളോ മരണപ്പെട്ടാല്‍, മരണപ്പെട്ട ആളുടെ കുട്ടികള്‍ക്കോ ഭാര്യക്കോ ഈ മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ല.

7. ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടിയ മുസ്ലിം വനിതയ്ക്ക് മൂന്നുമാസം (ഇത് ഇദ്ദ കാലയളവ് എന്ന് പറയുന്നു) മാത്രമേ ജീവനാംശം ലഭിക്കാനുള്ള അവകാശമുള്ളൂ. ഇന്ത്യന്‍ ക്രിമിനല്‍ നടപടി നിയമം 125 പ്രകാരമുള്ള നിയമ പരിരക്ഷ മുസ്ലിം സ്ത്രീക്ക് ലഭിക്കുന്നതല്ല.

രണ്ട് തവണയാണ് വിവാഹമോചനം. ഒറ്റത്തവണയായി മൊഴിചൊല്ലിയാല്‍തന്നെ വിവാഹമോചനം സാധുവാകും. എന്നാല്‍ 'ഇദ്ദ' കാലത്ത് ഭാര്യയെ തിരിച്ചെടുക്കാനും അതിന് സാധ്യമായില്ലെങ്കില്‍ അതിന് ശേഷം പുനര്‍വിവാഹം ചെയ്യാനും ഖുര്‍ആന്‍ പുരുഷന് അനുവാദം നല്‍കുന്നു. അതായത്, രണ്ട് തവണയാണ് വിവാഹമോചനം. മൂന്നാം തവണ വിവാഹമോചനം അന്തിമമാണ്. പിന്നെ അവര്‍ തമ്മില്‍ വേര്‍പിരിയുക തന്നെ വേണം. ഖുര്‍ആന്‍ പറഞ്ഞു: 'വിവാഹമോചനം രണ്ട് പ്രാവശ്യമാകുന്നു. അനന്തരം മാന്യമായ രീതിയില്‍ കൂടെ നിറുത്തുകയോ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യണം. "മൂന്ന് വിവാഹമോചനവും ഒറ്റയടിക്ക് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കണമെന്ന് തോന്നുകയും ചെയ്താല്‍ സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ മൂന്ന് ത്വലാഖുകള്‍ (വിവാഹമോചനം) നിശ്ചയിച്ചത്. അതായത്, ഖുര്‍ആന്‍ നിയമമായി നിശ്ചയിച്ച വിവാഹമോചനരീതി ഒന്നിന് ശേഷം ഒന്ന് എന്ന നിലക്കാണ്. ഒന്നാമത്തെയും രണ്ടാമത്തെയും വിവാഹമോചനത്തിനു ശേഷം തിരിച്ചെടുക്കാവുന്നതാണ്. മൂന്നാമത്തേത് ചൊല്ലിക്കഴിഞ്ഞാല്‍ വിവാഹമോചനം പൂര്‍ണമായും നിലവില്‍ വരും. പിന്നീട് അവര്‍ക്ക് ദാമ്പതൃത്തില്‍ തുടരാന്‍ സാധ്യമല്ല. ആ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും സ്വാഭാവികമായ രീതിയില്‍ അവര്‍ തമ്മില്‍ വിവാഹമോചനം ചെയ്തു വേര്‍പിരിയുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് വീണ്ടും ഒരുമിക്കാന്‍ സാധിക്കുകയുള്ളൂ. അയാള്‍ അവളെ വിവാഹമോചനം ചെയ്താല്‍ അനന്തരം അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതുവരെ അയാള്‍ക്ക് അവള്‍ നിഷിദ്ധയാണ്."

ചുരുക്കത്തില്‍ വിവാഹം ഒരു കരാറാണ്. സ്‌നേഹവും കാരുണ്യവും, ക്ഷമയും, പരസ്പര വിശ്വാസവും, വിട്ടുവീഴ്ചാമനോഭാവവുമാണ് ഈ കരാറിന്റെ അഥവാ ദാമ്പതൃജീവിതത്തിന്റെ കാതല്‍. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് ഭാര്യയെ വെറുത്തെന്നുവരാം. ചിലപ്പോള്‍ തിരിച്ചും സംഭവിച്ചേക്കാം. അതിന് പ്രത്യേകിച്ച് കാരണവും കണ്ടേക്കാം. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്ത് ദാമ്പത്യ ജീവിതം മുമ്പോട്ട് കൊണ്ടുപോകണമെന്നാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. ദാമ്പത്യ രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാഹമോചനം ചെയ്യുകയല്ല ഖുര്‍ആന്റെ രീതി. ദമ്പതികള്‍ രണ്ടുപേരുടെയും കുടുംബങ്ങളില്‍ നിന്ന് ഓരോ പ്രതിനിധി വീതം ഒരുമിച്ചു കൂടുകയും വിഷയം പഠിച്ച് രണ്ടുപേരെയും രമ്യതയില്‍ എത്തിക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്.

നിസ്സാര കാരണങ്ങള്‍ക്ക് വിവാഹമോചനം ചെയ്യാവുന്നതല്ല. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹമോചനം ഒരു ഹോബിയായിട്ടാണ് പലരും കാണുന്നത്. പുതിയ കാമുകിയെ കണ്ടെത്തിയാല്‍, അല്ലെങ്കില്‍ പരസ്ത്രീ ബന്ധം ആരംഭിച്ചാല്‍ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് മുത്തലാഖിന്റെ പേരില്‍ അവരെ ഒഴിവാക്കുന്ന രീതി ഖുര്‍ആന്‍ സ്വീകരിക്കുകയില്ല. ദമ്പതികള്‍ തമ്മിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെ സംബന്ധിച്ചും പഠിക്കുകയും പോംവഴി ആരായുകയും സാധ്യമാകുന്ന വിട്ടുവീഴ്ചകള്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഖുര്‍ആന്‍ ആവശൃപ്പെടുന്നു. ഒരു വിവാഹമോചനം സംഭവിക്കാതാരിക്കാനാണത്.

മുത്വലാഖിലെ ന്യൂനതകള്‍:

ഗുണവും ദോഷവും ഒരുപോലെയുള്ള ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ പോലെയാണ് മുത്തലാഖ് എന്ന വ്യക്തി നിയമത്തിലെ സംവിധാനം. ആധുനിക കാലഘട്ടത്തില്‍ 3 തവണ മൊബൈലിലൂടെയോ, എസ്.എം.എസ്. ആയോ, ഇമെയില്‍ വഴിയോ ത്വലാഖ് എന്ന പദം ആവര്‍ത്തിച്ചാല്‍ വിവാഹബന്ധം വേര്‍പെട്ടതായിട്ടു മുത്തലാഖിനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഒരേസമയം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണെന്നാണ് വനിതാ സംഘടനകളും മറ്റും വാദിക്കുന്നത്.

മേല്‍വിവരിച്ച ഷയറാ ബാനുവിനെപ്പോലെ മുത്തലാഖ് വിഷയം ദേശീയഅന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിച്ചത് 1984ലാണ്. ഏറ്റവും കൂടുതല്‍ വിവാദമായ ഷാബാനു കേസായിരുന്നു അത്. 1984 ല്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തന്റെ മുന്‍ ഭര്‍ത്താവായ മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയില്‍ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്‌ക്കോടതിയില്‍ ഒരു അപ്പീല്‍ സമര്‍പ്പിച്ചു. വാര്‍ദ്ധക്യത്തിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുന്‍ഭാര്യയായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്‍ക്കുന്നില്ല എന്ന വാദമുയര്‍ത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, പുനര്‍വിവാഹതിയാകുന്നതുവരെ അവര്‍ക്ക് ആദ്യ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് (സി ആര്‍ സി പി സെക്ഷന്‍125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ഭാരതത്തിലാകെ വന്‍തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ശരീഅത്ത് നിയമങ്ങള്‍ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിച്ചു. ഈ വിധി മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിനിയമങ്ങള്‍ ഈ വിധി വഴി ദുര്‍ബലപ്പെടുമെന്നു പൊതുവേ വിലയിരുത്തപ്പെട്ടു. യോജിച്ച ഈ ചെറുത്തു നില്‍പ്പിന്റെ ഫലമായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരില്‍ മുസ്ലീം സംഘടനകള്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മുസ്ലിം വുമണ്‍സ് പ്രൊട്ടക്ഷന്‍ ആക്ട് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ് ആക്ട് 1986) എന്ന പേരില്‍ ഒരു നിയമം പാസാക്കപ്പെട്ടു. (https://en.wikipedia.org/wiki/The Muslim Women Protection of Rights on Divorce Act 1986) ഈ പുതിയ നിയമം സി ആര്‍ സി പി 125 വകുപ്പിന്റെ പരിധിയില്‍ നിന്നു മുസ്ലിം പുരുഷന്മാരെ ഒഴിവാക്കി. ഇദ്ദ കാലയളവ് വരെ മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്നും അതിനു ശേഷം സ്ത്രീ പുനര്‍വിവാഹിതയാകുന്നില്ലെങ്കില്‍ ആ സ്ത്രീയുടെ മറ്റു ബന്ധുക്കള്‍ക്കാണ് അവരെ സംരക്ഷിക്കാനുള്ള പൂര്‍ണ്ണ ബാദ്ധ്യതയെന്നും ബന്ധുക്കള്‍ക്ക് അതിനു കഴിവില്ലാത്ത അവസ്ഥയില്‍ വഖ്ഫ് സംവിധാനം വഴി അവരെ പുനരധിവസിപ്പിക്കണമെന്നു ഈ നിയമം അനുസാസിക്കുന്നു. സി ആര്‍ പി സി സെക്ഷന്‍ 125ല്‍ നിന്ന് മുസ്‌ലിം പുരുഷനെ ഒഴിവാക്കി നിര്‍ത്തുക വഴി താത്കാലികമായി മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 44 സംബന്ധിച്ച തീരുമാനങ്ങള്‍ കോടതിയല്ല, ഭരണകൂടമാണു കൈക്കോള്ളേണ്ടതെന്ന ഭരണഘടനയുടെ തീര്‍പ്പ് സര്‍ക്കാറിനെ അതിന് നിര്‍ബന്ധിതമാക്കിയെന്നു വേണം കരുതുവാന്‍. യഥാര്‍ത്ഥത്തില്‍ ഇതുവഴി മുസ്ലിം സ്ത്രീകള്‍ പരിപൂര്‍ണ്ണമായി മതനേതാക്കന്മാരാലും ഭരണ കോണ്‍ഗ്രസിനാലും അവഗണനയുടെ പടുകുഴിയിലേയ്ക്കു വീഴുകയായിരുന്നു. ഈ പുതിയ നിയമം മുസ്ലീം സ്ത്രീകളക്കു കൂടുതല്‍ ദുരിതങ്ങളിലേയ്ക്കു നയിക്കുവാനേ ഉപകരിച്ചുള്ളു എന്നതാണ് വസ്തുത.

മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ വര്‍ഷങ്ങളായി മൗനത്തിലായിരുന്നത് എന്തുകൊണ്ടാണെന്നതിന് അവര്‍ ഉത്തരം പറയണമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ഇപ്പോള്‍ ആവശ്യപ്പെട്ടതിന്റെ പൊരുള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും മനസ്സിലായിക്കാണുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പോരാടുന്നവരാണെന്നു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് മേല്പറഞ്ഞ ഷബാനു ബീഗം കേസ് തന്നെ ഉദാഹരണമാണ്. ഇപ്പോള്‍ ബിജെപി കൈക്കൊണ്ട തീരുമാനം പോലെ അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ചെയ്തിരുന്നെങ്കില്‍ എത്രയോ ന്യൂനപക്ഷ സമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം സമുദായം, രക്ഷപ്പെട്ടേനെ. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്റെയും അസമത്വത്തിന്റെയും പ്രശ്‌നമാണിത്.

(തുടരും)

(അവലംബം: https://ml.wikipedia.org/wiki/മുത്തലാഖ്)

Read more

പിണറായി പിടിച്ച കുരിശ് (രണ്ടാം ഭാഗം)

മൂന്നാറില്‍ ഭൂമി കൈയ്യേറി കുരിശ് മാത്രമല്ല സ്ഥാപിച്ചിട്ടുള്ളതെന്ന് ഇടതുവലതു സര്‍ക്കാരുകള്‍ക്ക് വ്യക്തമായി അറിവുള്ളതാണ്. അര്‍പ്പണ ബോധവും ഇച്ഛാശക്തിയുമുണ്ടായിരുന്നെങ്കില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ അവയെല്ലാം ഒഴിപ്പിക്കാമായിരുന്നു. പക്ഷെ, അദ്ദേഹത്തെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് പാര്‍ട്ടി തന്നെയാണ്. യു.ഡി.എഫ്, സിപിഐ, സിപി‌എം പാര്‍ട്ടികളുടേയും, ടാറ്റ പോലുള്ള വന്‍‌കിട കൈയ്യേറ്റക്കാരുടെയും അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുമെന്ന് ബോധ്യമായപ്പോഴാണ് അന്നത്തെ ദൗത്യസംഘത്തെ ഭീഷണിയിലൂടെ പുറത്താക്കിയത്. അതിനുശേഷം വന്ന യു.ഡി.എഫ്. സര്‍ക്കാരാകട്ടേ ആ വഴിക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. ഇപ്പോള്‍ യുഡി‌എഫ് നേതാക്കള്‍ പിണറായി വിജയനെ പഴിചാരുന്നത് ഒരുതരം അവസരവാദമായിട്ടേ കാണാന്‍ കഴിയൂ.

‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനു’മെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മത-രാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂര്‍ത്തീകരണമാണ്. രാഷ്ട്രീയ സമ്പത്തിന്മേല്‍ മതത്തിന്റെ പേരിലെ കൈയേറ്റത്തെയാണ് മൂന്നാറിലെ പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്മാര്‍ മടികൂടാതെ രംഗത്തുവന്നെന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും. അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ സഭകള്‍ തന്നെ സര്‍ക്കാര്‍ നടപടിയെ ശ്ലാഘിക്കുകയായിരുന്നു.

ഇപ്പോള്‍ മൂന്നാറില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ് അനധികൃതവും അനാവശ്യവുമാണെന്ന് വിവിധ സഭകള്‍ പ്രസ്താവിച്ചിട്ടും ആ കുരിശിന്റെ പേരില്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ വെപ്രാളങ്ങള്‍ സ്വന്തം പാര്‍ട്ടിയേയും സഖ്യകക്ഷികളേയും രക്ഷിക്കാന്‍ തന്നെയാണ്. കുരിശ് പൊളിച്ച സംഭവം അറിഞ്ഞില്ലെന്ന് പറയുന്നത് അപഹാസ്യമാണ്. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഭൂരഹിത കുടിയേറ്റക്കാര്‍ വീടുവെക്കാന്‍ നല്‍കിയ അപേക്ഷകള്‍ക്ക് അനുമതി നല്‍കാതെ അവരുടെ പേരില്‍ കൈയേറ്റക്കാര്‍ക്കായി പ്രതിരോധം തീര്‍ക്കുന്നവരുടെ തനിനിറം ജനം തിരിച്ചറിയും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ നിക്ഷിപ്ത ഭൂ-റിസോര്‍ട്ട് മാഫിയ സംഘങ്ങളാണ് മുന്‍‌നിരയില്‍ നില്‍ക്കുന്നത്. അതില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.

കൈയേറ്റത്തിനെതിരായ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന സിപി‌എം പാര്‍ട്ടി ഓഫീസ് പൊളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് കെപി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെ നിരവധി തവണ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടുള്ളതാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ രവീന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ പോലും യു.ഡി.എഫിനോ എല്‍‌ഡി‌എഫിനോ കഴിഞ്ഞില്ല. അനധികൃതമായി ഭൂമി കൈയ്യേറി കൈവശം വെച്ചിരിക്കുന്ന ടാറ്റക്കെതിരെ നടപടിയെടുക്കാന്‍ സിപി‌ഐയും റവന്യൂ വകുപ്പും ഇതുവരെ ശ്രമിച്ചിട്ടുമില്ല.

മതചിഹ്നങ്ങള്‍ സ്വാര്‍ഥതാല്‍പര്യത്തിന് ഉപയോഗിക്കുന്നവര്‍ ഏത് മതക്കാരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. അതിനുള്ള ആര്‍ജ്ജവമാണ് വേണ്ടത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൈയ്യേറ്റമൊഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതെന്ന് ദേവികുളം കലക്ടര്‍ പറയുമ്പോള്‍, സര്‍ക്കാരും പോലീസും അറിയാതെയാണ് ഇതൊക്കെ ചെയ്തതെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ പൊരുളാണ് സംശയത്തിനിട നല്‍കുന്നത്. സല്‍‌പ്രവൃത്തികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ ചിലരുടെ കുത്സിത ശ്രമങ്ങളിലൂടെ സ്ഥലം മാറ്റുന്ന പ്രവണത സര്‍ക്കാരുകള്‍ കാണിക്കാറുണ്ട്. അതുപോലെ ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മുഖ്യമന്ത്രിയുടെ വികാരപ്രകടനമെന്നും സംശയിക്കണം.

മൂന്നാര്‍ കുറിഞ്ഞി സങ്കേതത്തില്‍ 32 ഏക്കര്‍ കൈയ്യേറിയ സി.പി.എം എം.പി ജോയ്സ് ജോര്‍ജിനെയും, മൂന്നാറില്‍ തന്നെ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുള്ള പാര്‍ട്ടി എം.എല്‍.എ എസ്. രാജേന്ദ്രനേയും കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിച്ചിരുന്നെങ്കില്‍ പ്രശ്നം ഇത്ര സങ്കീര്‍ണ്ണമാകുകയില്ലായിരുന്നു. എം.എല്‍.എ. രാജേന്ദ്രനാണ് സബ് കലക്ടറേയും ഭൂസം‌രക്ഷണ സേനയേയും ആക്രമിക്കാന്‍ മുന്‍‌നിരയില്‍ തന്നെ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈയ്യേറ്റങ്ങള്‍ കുരിശിന്റെ രൂപത്തിലായാലും മറ്റെന്തിന്റെയെങ്കിയെങ്കിലുമോ രൂപത്തിലായാലും ഒഴിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന തന്നെ സ്വന്തം പാര്‍ട്ടി കൈയ്യേറ്റക്കാരാണെന്ന് പറയാതെ പറഞ്ഞുവെച്ചതല്ലേ.

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ട അടയാളമാണ്. ഇതിനെ ആദരവോടെ സമീപിക്കണമെന്നാണ് സഭയുടെ ആഗ്രഹം. വനഭൂമി കൈയേറ്റത്തിനെ ന്യായീകരിക്കുന്നില്ല. എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെതിരെ നടപടി എടുക്കുകയാകും ചെയ്യുന്നത്. എന്തായാലും ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാണ്. വനഭൂമി കൈയേറി കുരിശ് സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ല. വനഭൂമി കൈയേറ്റത്തെ സഭ അംഗീകരിക്കുന്നില്ല' കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകളാണിത്.

കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി യോജിച്ചു പോകുന്നതല്ല സ്പിരിറ്റ് ഇന്‍ ജീസസിന്റെ രീതിയെന്നും ഇത് സംബന്ധിച്ച് ശ്രദ്ധയില്‍പെട്ടപ്പോള്‍ തിരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. തന്നെയുമല്ല ഇവര്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്നും ബിഷപ്പ് പറയുന്നു. സ്പിരിറ്റ് ഇന്‍ ജീസസിനേയോ അവരുടെ നിലപാടുകളെയോ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സഭയുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ബിഷപ് പറയുന്നു. സ്ഥലം കൈയ്യേറി കുരിശ് സ്ഥാപിച്ചത് ക്രൈസ്തവ ദര്‍ശനത്തിന് എതിരാണ്. കൈയേറിയ സ്ഥലത്ത് മതചിഹ്നങ്ങള്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

'കുരിശ് ആദരത്തിന്റെ പ്രതീകമാണ്. അത് അനാദരിക്കപ്പെടുന്ന രീതിയില്‍ പ്രതിഷ്ഠിക്കുന്നത് തെറ്റാണ്. സഭ ഒരു സ്ഥലത്തും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, കുരിശ് ഒരു വികാരവും വിശ്വാസവുമാണ്. ക്രൈസ്തവ ജീവിതത്തിന്റെ പ്രധാന ആണിക്കല്ലാണത്. അനധികൃതമായി ഭൂമി കൈയേറി അത് സ്ഥാപിക്കുന്നത് ശരിയല്ല.' സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ വാക്കുകളാണിവ. ' ക്രൈസ്തവ സഭ ഒരിക്കലും കൈയ്യേറ്റത്തെ ന്യായീകരിക്കില്ല. സഭയുടെ വിശ്വാസത്തിന്റെ പ്രതീകമായ കുരിശിനെ കൈയേറ്റ ഭൂമിയിലല്ല സ്ഥാപിക്കേണ്ടത്.' 'എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നു.

മൂന്നാറിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നടക്കുന്നതുവരെ പാപ്പാത്തിച്ചോലയിലെ കുരിശിന്റെ ചരിത്രം ആര്‍ക്കും അറിയില്ലായിരുന്നു. 'സ്പിരിറ്റ് ഇന്‍ ജീസസ്' മേധാവി ടോം സക്കറിയയുടെ പിതാവ് അറുപതു വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണത്രേ ആ കുരിശ് !! അത് ജീര്‍ണ്ണാവസ്ഥയിലെത്തിയപ്പോള്‍ 'പുതുക്കി' പണിതതെന്നാണ് സംഘടനയുടെ പ്രസ്താവന. കുരിശു പ്രശ്നം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ടോം സക്കറിയയും കുടുംബവും നടത്തിയ വന്‍ കൈയ്യേറ്റത്തിലേക്കാണ്. വൈദ്യുതി മന്ത്രി എം എം മണിയും സിപി‌എം എം.എല്‍.എ രാജേന്ദ്രനും ടോം സക്കറിയയെ ന്യായീകരിക്കാന്‍ കാരണം അവരുടെ അറിവോടെയാണ് ഈ കൈയ്യേറ്റങ്ങള്‍ നടത്തിയിരിക്കുന്നതെന്ന സത്യം മറച്ചു വെക്കാനായിരുന്നു. 'ഒരു കുരിശല്ലേ' എന്ന് ലാഘവത്തോടെ പറയുന്ന എം എം മണി യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

'സ്പിരിറ്റ് ഇന്‍ ജീസസ്' മേധാവി ടോം സക്കറിയയും കുടുംബവും ഉടുമ്പന്‍ചോല താലൂക്കിലെ പരിസ്ഥിതിലോല മേഖലയായ ചിന്നക്കനാലില്‍ എത്ര ഭൂമി കൈയേറിയെന്നതിനെക്കുറിച്ച് റവന്യൂ വകുപ്പിനുപോലും കണക്കില്ലെന്നു പറയുന്നു. പാപ്പാത്തിച്ചോലയില്‍ കുരിശാണ് സ്ഥാപിച്ചതെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ടോം സക്കറിയയുടെ വെള്ളുക്കുന്നേല്‍ കുടുംബം വ്യാജപട്ടയം മറയാക്കി വന്‍കിട റിസോര്‍ട്ടുകളാണ് പണിതുയര്‍ത്തിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോകളും പട്ടയം റദ്ദാക്കണമെന്ന കലക്ടറുടെ ഉത്തരവും നോക്കുകുത്തിയാക്കിയാണ് ഈ കൈയേറ്റങ്ങള്‍ നടത്തിയത്. ടോം സക്കറിയയുടെ സഹോദരന്‍ ജിജി സക്കറിയയുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ ജംഗിള്‍ റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന ഭൂമി വ്യാജപട്ടയത്തിലൂടെ സ്വന്തമാക്കിയതാണെന്ന് റവന്യൂ കമീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളില്‍ ടോമിന്റെ പിതാവ് സക്കറിയ ജോസഫിനെയും കുടുംബാംഗങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷി എം.എല്‍.എയുമായും ടോം സക്കറിയയുമായും അടുത്ത ബന്ധമുള്ള പ്രദേശിക സി.പി.എം നേതാവാണ് ചിന്നക്കനാലിലെ കൈയേറ്റങ്ങളുടെ ഇടനിലക്കാരനെന്നും പറയുന്നു.

'സ്പിരിറ്റ് ഇന്‍ ജീസസി'ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ തലോറിലാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പഠന കേന്ദ്രം. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് ടോം സ്കറിയ തൃശൂരിലെ പീച്ചിയില്‍ ‘വചനം കൂടാരം’ എന്ന പേരില്‍ ധ്യാനകേന്ദ്രം ആരംഭിച്ചത്. ജില്ലയില്‍ കേച്ചേരി, പുതുശേരി എന്നിവിടങ്ങളിലാണ് ടോമിനെ പിന്തുണക്കുന്നവരുള്ളതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് സ്പരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി. ഇടുക്കി ജില്ലയില്‍ ഇവര്‍ക്ക് അനുയായികളില്ല. കുരിശിനെ മാത്രം ആരാധിക്കുന്ന വ്യക്തി കേന്ദ്രീകൃത സഭയായതിനാല്‍ മറ്റ് ക്രൈസ്തവ സഭകളുടെ പിന്തുണയും ഇവര്‍ക്കില്ല. 24 വര്‍ഷം മുമ്പ് തനിക്ക് യേശുവിന്റെ വെളിപാടുണ്ടായി എന്നാണ് ടോം സക്കറിയ അവകാശപ്പെടുന്നത്.

കൈയ്യേറ്റ ഭൂമിയില്‍ നാട്ടിയ കുരിശ് വിവാദത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. 'ആരായാലും അവരുടേതല്ലാത്ത ഭൂമി കൈയേറുന്നത് നീതിയല്ല, ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയുമുണ്ടാകില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്. ഭൂമിയുടെ ഒന്നാമത്തെ അവകാശി വീടില്ലാത്തവരാണ്. നിര്‍ധനര്‍ക്ക് വീടുവെക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഭൂമി ജനങ്ങള്‍ക്ക് കൊടുക്കണം. ആരാണെങ്കിലും അതിന്റെ ഉടമസ്ഥനോട് ചോദിക്കാതെ കൈയേറാന്‍ പാടില്ല. മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യം നിഷേധിച്ച് കൈയേറ്റങ്ങള്‍ പാടില്ല.' അതെ, അദ്ദേഹം പറഞ്ഞതാണ് ശരി. നിര്‍ധനരും തല ചായ്ക്കാന്‍ ഒരിടം പോലുമില്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കേരളത്തിലുള്ളത്. 'പട്ടയ ദാന മേള' എന്ന പേരില്‍ എല്ലാ സര്‍ക്കാരുകളും കൊട്ടിഘോഷിച്ച് പട്ടയം നല്‍കുന്നു, മറുവശത്ത് പാര്‍ട്ടിക്കാരും ഗുണ്ടകളും അവരില്‍ നിന്ന് വ്യാജ രേഖകളിലൂടെ അതൊക്കെ തട്ടിയെടുക്കുന്നു. ഇതാണ് കേരളത്തില്‍ നടക്കുന്നത്.

കുരിശിന്റെ ചരിത്രമറിയാവുന്ന ക്രൈസ്തവ സഭകളും അവയുടെ നേതൃത്വവും ഇത്രയധികം പ്രസ്താവനകളിറക്കിയിട്ടും, ആ കുരിശിന്റെ പേരില്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ വെപ്രാളങ്ങള്‍ ഒരുതരം കാപട്യമാണ്. പിണറായിയെപ്പോലെയുള്ള ഒരു നേതാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തി. കുരിശ് പൊളിച്ചു മാറ്റിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനാണ് വികാരം കൊള്ളുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിക്കുന്നത്. തിരുകേശ വിവാദത്തില്‍ 'ബോഡി വേസ്റ്റ്' പ്രയോഗം നടത്തിയപ്പോഴും, ശ്രീനാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും മതവികാരം വ്രണപ്പെടുമെന്ന് തോന്നിയിട്ടില്ലാത്ത പിണറായിക്ക് ഇപ്പോള്‍ അങ്ങനെ തോന്നുന്നതിന്റെ കാരണമെന്താണെന്നുമാണ് കുമ്മനം ചോദിക്കുന്നത്. കൈയ്യേറ്റ വിഷയത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ല, ദേശദ്രോഹ നടപടിയെന്ന നിലക്ക് വേണം ഇതിനെ കാണാനെന്നും കുമ്മനം പറയുന്നു. (2012ല്‍ അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തമ്മില്‍ നടന്ന വാക്‌പോര് കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിയാണെന്നു പറഞ്ഞ് എവിടെനിന്നോ ആരുടേയോ കുറച്ചു മുടി സംഘടിപ്പിച്ച് എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്‍. പ്രവാചകന്റെ മുടിയ്ക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും, മുടി ‘ബോഡി വെയ്സ്റ്റ്‘ ആണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. 'മുറിച്ചു മാറ്റിയ മുടിയായാലും നഖമായാലും വിയര്‍പ്പായാലും അതെല്ലാം ബോഡി വെയ്സ്റ്റാണ്. ബോഡി വേസ്റ്റിനല്ല പ്രാധാന്യം നല്‍കേണ്ടത്. അതായത് പ്രവാചകന്റെ മുടിയ്ക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നത് തെറ്റാണ്. സി പി എം മതപരമായ കാര്യങ്ങളില്‍ ഇടപെടില്ല. അതേസമയം വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്തവരാണ് സി പി എം. വര്‍ഗീയതയ്ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കാറില്ല' ' അന്ന് പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞതാണിവ). ക്രൈസ്തവ സഭാ പുരോഹിതരെ 'നികൃഷ്ട ജീവികള്' എന്നു വിളിച്ചപ്പോഴില്ലാത്ത ഈ വിശ്വാസികളോടുള്ള സ്‌നേഹവും ജാഗ്രതയും ഇപ്പോഴുണ്ടാകുന്നതില്‍ തീര്‍ച്ചയായും ദുരൂഹതയുണ്ട്.

കുരിശ് വിവാദത്തിന്റെ മറവില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്താനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ ഇതും ഒരു പ്രഹസനമായിത്തീരാന്‍ സാധ്യതയുണ്ട്. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മതവിശ്വാസത്തിന്റെ പേരില്‍ എല്ലാ വിഭാഗങ്ങളും സര്‍ക്കാര്‍ ഭൂമി കൈയ്യേറി അവരവരുടെ ആരാധനാലയങ്ങള്‍ പണിതുയര്‍ത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് സമഗ്രമായ ഒരനേഷണം നടത്തിയാല്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാകും. അങ്ങനെ എല്ലാ വഴിയോരങ്ങളിലുമുള്ള മത അടയാളങ്ങള്‍ നീക്കം ചെയ്ത്, കൈയ്യേറിയിട്ടുള്ള ഭൂമിയെല്ലാം തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജ്ജവം എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കാണിക്കുകയാണെങ്കില്‍ അടുത്ത ഭരണവും അവര്‍ക്ക് നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാം.

കൈയ്യേറ്റം ഒഴിപ്പിക്കലിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടേയും ജില്ലയില്‍നിന്നുള്ള മന്ത്രി എം.എം. മണിയുടെയും സഹകരണം ഉറപ്പാക്കണമെന്നാണ് മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്രയ്ക്ക് ബുദ്ധിശൂന്യനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും, കൈയ്യേറ്റങ്ങളില്‍ അഗ്രഗണ്യരായ മണിയുടേയും രാജേന്ദ്രന്റേയും സമ്മതം കലക്ടറും സബ് കലക്ടറും വാങ്ങണമെന്ന് പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. മൂന്നാറില്‍ കൈയേറ്റമില്ലെന്ന് വാദിക്കുകയും സബ്കലക്ടറുടെ നപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണ് എം.എം. മണി. കൂടാതെ മണിയും മണിയുടെ സഹോദരനും കൈയ്യേറ്റക്കാരാണ്. രാജേന്ദ്രനാകട്ടെ സ്വയം കൈയ്യേറ്റക്കാരനും മറ്റു കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന എം.എല്‍.എ.യും. സബ് കലക്ടരെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത് രാജേന്ദ്രന്റെയും സിപി‌എമ്മിന്റേയും ഗുണ്ടകളാണ്. അവരോടാണ് സമ്മതം ചോദിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നത് അപഹാസ്യമല്ലാതെ മറ്റെന്താണ്? കുരിശ് നീക്കം ചെയ്തതിന് മുഖ്യമന്ത്രി കലിപ്പ് തീര്‍ത്തത് ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ്കലക്ടറും അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേരെയാണ്. മുഖ്യമന്ത്രി എത്ര വിയോജിപ്പ് പ്രകടിപ്പിച്ചാലും അവയെ എതിര്‍ത്ത് നില്‍ക്കുന്ന റവന്യൂ മന്ത്രിയാണ് മേല്പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഉണര്‍‌വ്വ് നല്‍കുന്നത്. പാപ്പാത്തിച്ചോലയിലെ കുരിശിന്റെ മറവില്‍ കൈയ്യേറ്റമൊഴിപ്പിക്കലില്‍ അലംഭാവം കാണിച്ചാല്‍ ഒരു കുരിശല്ല അനേകം കുരിശുകള്‍ പിണറായി വിജയന്‍ ചുമക്കേണ്ടിവരുമെന്നുള്ളത് തീര്‍ച്ചയാണ്. ഇപ്പോള്‍ തന്നെ എം എം മണി ഒരു വലിയ കുരിശായി നിലകൊള്ളുകയാണ്.

വിവാദങ്ങള്‍ ഒന്നൊന്നായി എല്‍‌ഡി‌എഫ് സര്‍ക്കാരിനെ പിന്തുടരുമ്പോള്‍ ഒരു കാര്യം അവര്‍ മറന്നുപോകുന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ അറുപതാം വാര്‍ഷികത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റത്. വന്‍ പ്രതീക്ഷകളോടെയായിരുന്നു ജനം ഈ സര്‍ക്കാറിനെ വരവേറ്റത്. പക്ഷെ ആ പ്രതീക്ഷകള്‍ ഒന്നൊന്നായി തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് ഇന്ന് ജനം കണ്ടുകൊണ്ടിരിക്കുന്നത്. വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികമാണ് എല്‍‌ഡി‌എഫ് ആഘോഷിക്കാനൊരുങ്ങുന്നത്. ഇതുവരെ കേരളത്തില്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാറിനും സംഭവിച്ചിട്ടില്ലാത്ത അത്ര പ്രതിച്ഛായാ നഷ്ടവുമായാണ് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നതെന്നതും വിരോധാഭാസമായി തോന്നാം. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാറിന്‍െറ ഒരേയൊരു തീരുമാനം മാത്രമാണ് പൊതുസമൂഹത്തിന്‍െറ അഭിനന്ദനം നേടിയെടുത്തുള്ളൂ. എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണത്. ഈയൊരു തീരുമാനം ഒഴിച്ചുനിര്‍ത്തിയാല്‍ കൈ വെച്ചതെല്ലാം പിണറായിക്ക് പൊള്ളുന്ന അനുഭവമായിരുന്നു.

ഒരു വര്‍ഷത്തിനിടെ രണ്ടു മന്ത്രിമാരുടെ നാണം കെട്ട രാജിയാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. അതില്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി ജയരാജന്‍ രാജിവച്ചത് ബന്ധുനിയമന ആരോപണത്തിലാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തായത് ഇടതുപക്ഷ സര്‍ക്കാറിന് കുറച്ചൊന്നുമല്ല നാണക്കേടായത്. മറ്റൊരു മന്ത്രിയായ എ.കെ ശശീന്ദ്രനാകട്ടെ, അതിനേക്കാള്‍ നാണംകെട്ട ആരോപണത്തിലും പുറത്തായി. പിണറായിയുടെ മറ്റൊരു വിശ്വസ്തനായ എം.എം മണിയാകട്ടെ സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റൊരു വിവാദച്ചുഴിയിലാണിപ്പോള്‍. ഇത്തരം വിവാദങ്ങള്‍ ഭരണരംഗത്തെയും മുന്നണി ബന്ധങ്ങളെയും അടിമുടി ഉലച്ചു.

ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ പിണറായി വിജയന് പൊലീസിനുമേല്‍ ശക്തമായ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ നാളുകള്‍ക്കുള്ളില്‍ അത് പൊലിഞ്ഞു. യു.ഡി.എഫ് ഭരണത്തില്‍ പോലുമില്ലാത്തവിധം പൊലീസ് അഴിഞ്ഞാടി. നിസാര സംഭവങ്ങള്‍ക്കുപോലും യു.എ.പി.എ ചുമത്തി. ഇത് പൊലീസ് മേധാവിക്കുതന്നെ തള്ളിപ്പറയേണ്ടിവന്നു. നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ചുകൊന്നത് ഇടതുപക്ഷ സര്‍ക്കാറിന്‍െറ മുഖത്തേറ്റ മറ്റൊരു കളങ്കമായി. ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് വലതുപക്ഷ പൊലീസ് ആണെന്ന് അതിന്‍െറ നടപടികള്‍ തെളിയിച്ചു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ വലതുപക്ഷ പൊലീസുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പിണറായി വിജയന്‍ ആരോപണം നേരിടുന്ന ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടാണ് ലോക്നാഥ് ബഹ്റയെ അപമാനം സഹിച്ചും ഡി.ജി.പിയായി തുടരാന്‍ അനുവദിച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. മുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മിലെ തന്നെ ഒരു വിഭാഗവും ബഹ്റക്കെതിരെ രംഗത്തുവന്നിട്ടും പിണറായി വിജയന്‍ ബഹ്റക്കു പിന്നില്‍ ഉറച്ചുനില്‍ക്കുന്നത് തന്‍െറ നേരെ തൂങ്ങിനില്‍ക്കുന്ന ലാവ്‌ലിന്‍ വാളില്‍നിന്ന് രക്ഷതേടിയാണെന്നാണ് സംസാരം.

വന്‍ പരാജയമായ മറ്റൊരു മന്ത്രി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ്. വിദ്യാഭ്യാസ വകുപ്പ് സി.പി. എം ഏറ്റെടുത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍, മൗലികമായ ഒരു സംഭാവനയും മന്ത്രിയില്‍നിന്നുണ്ടായില്ലെന്നു മാത്രമല്ല, എസ്.എസ്.എല്‍.പി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയൊക്കെ സര്‍ക്കാറിനുതന്നെ നാണക്കേടായി. വന്‍ പ്രതീക്ഷകളോടെയായിരുന്നു ജനം ഈ സര്‍ക്കാറിനെ കണ്ടത്. ‘ഇരട്ടച്ചങ്കന്‍’ എന്നൊക്കെ ഇരട്ടപ്പേരുള്ള ഒരു മുഖ്യമന്ത്രി അതിഗംഭീരമായ ഭരണം കാഴ്ചവക്കുമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷ. എന്നാല്‍, ഇരട്ടച്ചങ്കുപോയിട്ട് ഒറ്റച്ചങ്കിന്‍റ കരുത്തുപോലും ഇല്ലാത്ത ഒരാളാണ് പിണറായി എന്ന് അതിവേഗം തെളിയിച്ചു.

പിണറായിയുടെ പരാജയം യഥാര്‍ഥത്തില്‍ മുതലെടുത്തത് സി.പി.ഐയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഇടതുപക്ഷത്തെ യഥാര്‍ഥ പ്രതിപക്ഷമായി സി.പി.ഐ മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. വി.എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷം ഭരണപരിഷ്കാര കമീഷന്‍ കസേരയില്‍ സുഖസുഷുപ്തിയിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഈ ഗ്യാപാണ് സി.പി.ഐ മുതലാക്കിയത്. ഒരുപക്ഷെ, പിണറായി സര്‍ക്കാറിന്‍െറ ജനവിരുദ്ധ തീരുമാനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് സി.പി.ഐയാണ്.

സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണെങ്കിലും, ഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചാല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് കോട്ടം തട്ടുന്നത്. വീഴ്ചയില്‍ നിന്ന് ഗുണപാഠം പഠിക്കുന്ന നേതാക്കള്‍ ഇച്ഛാശക്തിയോടെ, തെറ്റുകള്‍ തിരുത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസം കൂടുതല്‍ തിളങ്ങുന്നത്. അങ്ങനെയൊരു തിളക്കം പിണറായി വിജയനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിതമാകട്ടേ എന്ന് ആശംസിക്കുന്നു.

അവസാനിച്ചു 

Read more

പിണറായി പിടിച്ച കുരിശ് ! (ഭാഗം ഒന്ന്)

മൂന്നു നേരവും അന്നം ഭക്ഷിക്കാന്‍ വകയില്ലെങ്കിലും കേരളീയര്‍ക്ക് ഭക്ഷിക്കാന്‍ ഇഷ്ടം പോലെ വിവാദങ്ങള്‍ വിളമ്പിക്കൊടുക്കുന്നുണ്ട് സര്‍ക്കാര്‍. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന്, വിവാദങ്ങളുടെ സ്വന്തം നാടായി കേരളം മാറുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാര്‍ കൈയ്യേറ്റവും കുടിയൊഴിപ്പിക്കലും. 

2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ മൂന്നു പൂച്ചകളേയും കൊണ്ട് മൂന്നാര്‍ മലനിരകള്‍ കയറി കൈയ്യേറ്റങ്ങളൊക്കെ ഇടിച്ചു നിരപ്പാക്കി മുന്നോട്ടു നീങ്ങിയപ്പോള്‍ ജനം കൈയ്യടിച്ചു, ആര്‍ത്തു വിളിച്ചു, അച്യുതാനന്ദന് കീജെയ് വിളിച്ചു. അന്നത്തെ 'മൂന്നാര്‍ ദൗത്യസേന' സമ്മര്‍കാസില്‍ എന്ന അഞ്ചു നിലയുള്ള റിസോര്‍ട്ട് ഇടിച്ചുനിരത്തിയപ്പോഴാണ് 'ലവന്‍ പുലിയാണ് കേട്ടാ' എന്ന് കൗതുകത്തോടെയെങ്കിലും അച്യുതാനന്ദന് ജനങ്ങളിട്ട ഓമനപ്പേര്. 2007 മെയ് പതിമൂന്നാം തിയ്യതിയായിരുന്നു സമ്മര്‍കാസില്‍ നിലം പൊത്തിയത്. അതും വെറും രണ്ടു മാസമേ ആയിരുന്നുള്ളൂ ആ റിസോര്‍ട്ട് അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ആ റിസോര്‍ട്ട് ഇടിച്ചുപൊളിച്ച് തവിടുപൊടിയാക്കുന്നത് മലയാളികള്‍ അവിശ്വസനീയതയോടെയാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്നത്. അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയ ദൗത്യസേനയെ ജനങ്ങള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൈയ്യേറ്റമൊഴിപ്പിക്കലിന് പുതിയ പാത വെട്ടിത്തുറന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റെഡ് സല്യൂട്ടുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെയുയര്‍ന്നു. മെയ് മാസം മുതല്‍ ജൂണ്‍ ആദ്യവാരം വരെ 91 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനായത് പന്തീരായിരത്തോളം ഏക്കര്‍ ഭൂമിയായിരുന്നു.

ഇടിച്ചുനിരത്തലില്‍ ഏറ്റവും പ്രമാദമായത് 'ക്ലൗഡ് നയന്‍'  എന്ന റിസോര്‍ട്ട് ആയിരുന്നു. ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായത്. ആ വിധിയാണ്  'ക്ലൗഡ് നയന്‍' നിലം പൊത്താനിടയായതും. ഏലം കൃഷിക്ക് അനുവദിച്ച സ്ഥലത്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയതിനാണ് ക്ലൗഡ് നയന്റെ മുന്‍പില്‍ അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ ഉരുണ്ടു ചെന്നു നിന്നത്. ഒരു പ്രമുഖ യു.ഡി.എഫ്. മന്ത്രിയുടെ ബന്ധുവിന്റെ പേരിലുള്ളതായിരുന്നു ക്ലൗഡ് നയന്‍. 2.87 ഏക്കറോളം സ്ഥലത്ത് ഏകദേശം പത്തുകോടിയോളം രൂപ മുടക്കിയാണ് അത് പണിതിരുന്നത്. പക്ഷേ വി.എസ്. അയച്ച മൂന്നു 'പൂച്ചകള്‍ക്ക്' (ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, അന്ന് ഐ.ജി.യായിരുന്ന ഋഷിരാജ് സിംഗ്, അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമി) പാലും പഴവും കൊടുത്ത് അച്യുതാനന്ദന്‍ പറഞ്ഞയച്ചത് ഇരയെ പിടിക്കാന്‍ തന്നെയായിരുന്നു. മുന്‍പിന്‍ നോക്കാതെ ക്ലൗഡ് നയനെ അവര്‍ നിലംപരിശാക്കി.  പത്തോളം റിസോര്‍ട്ടുകളാണ് അവര്‍ പൊളിച്ചടുക്കിയത്. സുരേഷ്‌കുമാറും ഋഷിരാജ് സിംഗും രാജുനാരായണസ്വാമിയും ചൂണ്ടിക്കാണിച്ചിടത്തെല്ലാം ബുള്‍ഡോസര്‍ കയറിയിറങ്ങി. ഏതാണ്ട് മൂന്നു മാസത്തോളം ആ പൂച്ചകള്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്തു. ചാനലുകാര്‍ അവരുടെ ഒബി വാനുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് ഇടിച്ചുനിരത്തല്‍ 'തത്സമയം' സംപ്രേക്ഷണം ചെയ്തുകൊണ്ടുമിരുന്നു. 

വി.എസ്സിനെ തരം കിട്ടുമ്പോഴൊക്കെ 'ഒതുക്കാന്‍' നടന്ന പിണറായികോടിയേരി കോക്കസിന് തിരിച്ചടിയായി വി.എസിന്റെ റേറ്റിംഗ് കുത്തനെ കൂടി. അതുകണ്ട് പാര്‍ട്ടിയില്‍ തന്നെ കുശുകുശുപ്പും ആരംഭിച്ചു. ഇങ്ങനെ പോയാല്‍ പിണറായിയേയും കൊടിയേരിയേയുമൊക്കെ പോളിറ്റ് ബ്യൂറോ മൂലയ്ക്കലിരുത്തുമെന്നുവരെ അന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ മറുത്തൊന്നും പറയാതെ പാര്‍ട്ടിയും വി.എസിനെ പിന്തുണച്ചുകൊണ്ടിരുന്നു. എന്നാല്‍ സി.പി.ഐ.യുടെ നെഞ്ചകം പുകയുകയായിരുന്നു. കാരണം, അവരുടെ ഓഫീസും അച്യുതാനന്ദന്റെ 'പൊളിച്ചടുക്കല്‍' ലിസ്റ്റില്‍ ഉണ്ടായിരുന്നു. പൂച്ചകളുടെ കണ്ണുകള്‍ അധികം താമസിയാതെ മേല്പടി ഓഫീസ് കെട്ടിടത്തിലും പതിഞ്ഞു…ബുള്‍ഡോസര്‍ ഉരുണ്ടു…കെട്ടിടത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി…അതോടെ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി. രാജേന്ദ്രന്‍ കണ്ണുരുട്ടി. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്നും, അതില്‍ തൊട്ടാല്‍ കളി മാറുമെന്നും വി.എസിന് മുന്നറിയിപ്പ് കൊടുത്തു. ആ 'പൊളി'ക്ക് സുല്ലിട്ട് പൂച്ചകള്‍ മറ്റൊരു ദിശയിലെക്ക് നീങ്ങി.

അവര്‍ നേരെ പോയത് മറ്റൊരു ഹോട്ടലിന്റെ മുന്നിലേക്കാണ്. 'ധന്യശ്രീ' എന്ന് പേരുള്ള ആ ഹോട്ടല്‍ പൊളിക്കാന്‍ ചെന്നപ്പോഴാണ് അറിയുന്നത് അത് മറ്റൊരു സി.പി.എം. നേതാവും വി.എസിന്റെ വിശ്വസ്തനുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണിയുടേതാണെന്ന് (ഇപ്പോഴത്തെ വിദ്യുച്ഛക്തി മന്ത്രി). അവിടെയും പൂച്ചകള്‍ക്ക് പിന്മാറേണ്ടി വന്നു. എം.എം. മണി വി.എസുമായി തെറ്റിപ്പിരിഞ്ഞത് അതോടെയാണ്. മണി നേരെ പോയി പിണറായി വിജയന്റെ കാല്‍ക്കല്‍ വീണു. അന്ന് പിണറായി മണിയ്ക്ക് വേദോപദേശം കൊടുത്തു. ഉപദേശം കിട്ടിയ മണി വീണ്ടും മൂന്നാറിലേക്ക് ചെന്നു... 'ഇനിയെങ്ങാനും ഒഴിപ്പിക്കലെന്നും പറഞ്ഞ് ആരെങ്കിലും ഇങ്ങോട്ടു വന്നാല്‍ വരുന്നവരുടെ കാലു ഞാന്‍ വെട്ടും' എന്ന പ്രഖ്യാപനവും നടത്തി.  മണി പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നറിയാവുന്ന അച്യുതാനന്ദന്‍ കണ്ണടച്ചു പിന്മാറി.  

പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷിയായ സി.പി.ഐ.യില്‍ നിന്നും കലാപക്കൊടി ഉയര്‍ന്നതോടെ വി.എസ്സിന് ദൗത്യസംഘത്തെ പിന്‍വലിക്കേണ്ടിവന്നു. പൂച്ചകളേയും തിരിച്ചുവിളിച്ചു. അക്കാലത്ത് കേരളത്തിലും മറുനാട്ടിലുമൊക്കെ ഉയര്‍ന്നുവന്ന ഒരു ചോദ്യമായിരുന്നു 'ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി എങ്ങനെ അനധികൃതമായി ഓരോരുത്തര്‍ കൈവശപ്പെടുത്തി' എന്ന്. അതേക്കുറിച്ച് അന്വേഷണമാരംഭിച്ചപ്പോഴാണ് 'രവീന്ദ്രന്‍ പട്ടയ'ത്തിന്റെ പേര് ഉയര്‍ന്നു വന്നത്. അതെന്തു പട്ടയം ??

പണ്ട് ദേവികുളം ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന ഒരു രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കുറെ പേര്‍ക്ക് പട്ടയം നല്‍കിയത്രേ.  1999ല്‍ തൊടുപുഴയില്‍ നടത്തിയ പട്ടയമേളയിലൂടെ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ പിന്നീട് 'രവീന്ദ്രന്‍ പട്ടയം' എന്ന പേരില്‍ വിവാദമായി മാറിയിരുന്നു. എല്ലാം അനധികൃതം. ഈ പട്ടയമേളയില്‍ പട്ടയവിതരണം നടത്തിയത് മന്ത്രി കെ.ഇ. ഇസ്മയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തിന്റെ പേരിലാണ് മൂന്നാറിലെ സി.പി.ഐ. ഓഫീസിന് പട്ടയം നല്‍കിയത്. സി.പി.ഐയ്ക്കു പുറമെ സി.പി.എം. ഓഫീസിനും പട്ടയം നല്‍കിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പട്ടയം നല്‍കിയ ഭൂമിയുടെ കരം 2007 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവത്രെ. വി.എസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യത്തെ സംരംഭമായിരുന്നു മൂന്നാറിലെ കൈയ്യേറ്റഭൂമി തിരിച്ചു പിടിക്കുക എന്നത്. ആ തീരുമാനത്തിനു ശേഷം കൈയ്യേറ്റ ഭൂമിയുടെ കരം വാങ്ങുന്നത് നിര്‍ത്തി, ഭൂമി വില്‍ക്കുന്നതിനും ആധാരം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും കലാപക്കൊടി ഉയരുകയും, വി.എസിന്റെ ഒറ്റയാള്‍ പട്ടാള ശൈലിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ മൂന്നാര്‍ ദൗത്യം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു എന്നു മാത്രമല്ല, അദ്ദേഹം പറഞ്ഞ വ്യാജ പട്ടയങ്ങളില്‍ ഒന്നുപോലും റദ്ദാക്കാന്‍ ഭരണത്തില്‍നിന്നും ഇറങ്ങുന്നതുവരെ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

ആ പട്ടയത്തിന്റെ പേരില്‍ പിന്നീട് സംഭവിച്ചത് സര്‍ക്കാര്‍ തന്നെ നിയമക്കുരുക്കില്‍ അകപ്പെടുന്നതാണ്. നിയമവിരുദ്ധമായി കൈക്കലാക്കിയ സര്‍ക്കാര്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെന്ന സര്‍ക്കാരിനെ കൈയ്യേറ്റക്കാര്‍ തന്നെ നിയമക്കുരുക്കിലാക്കി. അതായത് കടുവയെ കിടുവ പിടിച്ചതുപോലെയായി കാര്യങ്ങള്‍. കോടതി ഇടപെട്ട് എല്ലാ ദൗത്യങ്ങള്‍ക്കും തടയിട്ടു. അതോടെ ദൗത്യസംഘത്തിന്റെ ദൗത്യം സങ്കീര്‍ണമായി. പല ഫയലുകളും സ്‌റ്റേയില്‍ കുടുങ്ങി. നിരവധി വിവാദങ്ങളില്‍ കുടുങ്ങി ദൗത്യസംഘം മലയിറങ്ങി. പിന്നീടൊരിക്കലും അത്തരമൊരു ഒഴിപ്പിക്കല്‍ മൂന്നാറിലുണ്ടായില്ല. 

കാലം മാറി, കഥ മാറി. യു.ഡി.എഫ്. ഭരിച്ചു. ഒന്നും ശരിയായില്ല. 'എല്ലാം ശരിയാകും' എന്ന മാജിക് മന്ത്രവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ആവേശത്തോടെ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിയ്ക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു. രാജു നാരായണസ്വാമിയുടെ സ്ഥാനത്ത് ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കട്ടരാമന്‍. യുവത്വത്തിന്റെ ചോരത്തിളപ്പുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. സുരേഷ്‌കുമാറിനേക്കാള്‍ ശൂരത്വമുള്ളവന്‍, മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിവുള്ളവന്‍. മൂന്നാറില്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ കൈയ്യേറ്റക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രഖ്യാപനം സബ് കളക്ടര്‍ക്ക് തുണയായി. അതോടെയാണ് മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ പട്ടിക അദ്ദേഹം പരിശോധിച്ചത്. അതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതായിരുന്നു. റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമെ കോടതി ആമീനും കൈയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ജനസേവകരാകേണ്ട ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നതെന്നത് ഗുരുതരമായ കുറ്റമാണ്. അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. 

കൈയ്യേറ്റങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ പ്രദേശമാണ് ചിന്നക്കനാല്‍. അതുകൊണ്ടുതന്നെ അവിടത്തെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ അത്ര എളുപ്പമാകില്ലെന്ന് ദൗത്യസംഘത്തിനറിയാമായിരുന്നു. കാരണം കൈയ്യേറ്റക്കാരില്‍ ഭൂരിഭാഗവും സിപിഐഎം നേതാക്കളുടേതാണ്. അതിനാല്‍ വലിയ പ്രതിഷേധം തന്നെ റവന്യൂ സംഘത്തിന് നേരിടേണ്ടി വരുമെന്ന് രഹസ്യ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി വച്ചിരിക്കുന്നതായി മുന്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പക്ഷെ, സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിരുന്നില്ല. കാരണം രാഷ്ട്രീയ സ്വാധീനം തന്നെ.  

2007ല്‍ സിപിഐ ഓഫീസ് ഇടിച്ചു നിരത്താന്‍ ചെന്നപ്പോഴാണ് ദൗത്യസംഘത്തിന് പിന്തിരിയേണ്ടി വന്നതെങ്കില്‍ ഇപ്പോള്‍ ഒരു 'കുരിശ്' ആണ് അവര്‍ക്ക് കുരിശായത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്പിരിറ്റ് ഓഫ് ജീസസ്' പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചതത്രെ. 15 അടിയോളം ഉയരമുള്ള കുരിശ് കോണ്‍ക്രീറ്റ് അടിത്തറയിലാണ് സ്ഥാപിച്ചിരുന്നത്. അനുബന്ധമായി അതിനടുത്തുതന്നെ രണ്ട് താല്‍കാലിക ഷെഡുകളും അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളിന്റെ നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്നു. ഏകദേശം രണ്ടായിരത്തോളം ഏക്കര്‍ വരുന്ന പ്രദേശത്ത് കുരിശ് സ്ഥാപിച്ച് ആധ്യാത്മിക ടൂറിസം നടത്താന്‍ സ്പിരിറ്റ് ഓഫ് ജീസസ് നീക്കം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. 

ആ കുരിശാണ് സബ് കളക്ടറും കര്‍മ്മ സേനയും പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച കുരിശ് കോണ്‍ക്രീറ്റിലാണ് ഉറപ്പിച്ചിരുന്നത്. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയാന്‍ ഗുണ്ടകളെ വരെ നിയോഗിച്ചിരുന്നുവെന്നും, ഇടുങ്ങിയ വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മാര്‍ഗതടസ്സമുണ്ടാക്കാന്‍ ശ്രമിച്ചു എന്നുമൊക്കെ കേള്‍ക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.  ഇവര്‍ക്കെല്ലാം ഒത്താശ ചെയ്തുകൊടുത്തത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി വീടു വെച്ചിരിക്കുന്ന മറ്റൊരു സി.പി.എം. എംഎല്‍എയുമാണ്.

എല്ലാ നിയമവശങ്ങളും മനസ്സിലാക്കി, നിയമപ്രകാരം തന്നെയാണ് കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സബ് കളക്ടറേയും ദൗത്യസേനയേയും ഭൂമാഫിയകള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്ന പോലീസുകാരെ നാമെല്ലാം കണ്ടതാണ്. സബ് കളക്ടറുടെ നേരെ കയര്‍ത്തു സംസാരിക്കുന്ന സിപിഎം എം.എല്‍.എയും കണ്ടു. അപ്പോഴൊന്നും പിണറായി വിജയന്‍ പ്രതികരിച്ചില്ല. പക്ഷേ, കുരിശില്‍ തൊട്ടപ്പോള്‍ പിണറായി വിജയന്റെ ധാര്‍മ്മികരോഷം അണപൊട്ടി. 'ആ കുരിശ് എന്തു പിഴച്ചു, എന്തിനതു മാറ്റി' എന്നൊക്കെ ചോദിക്കുന്നതു കേട്ടപ്പോള്‍ ഇതാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വൃഥാ ഓര്‍ത്തു പോയി.  

'പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു, സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു, ആ കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്, കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്' എന്നൊക്കെയുള്ള പിണറായി വിജയന്റെ പ്രസ്താവനകള്‍ അപഹാസ്യമായാണ് തോന്നിയത്. 

(തുടരും)

Read more

കുടിപ്പിച്ച് കുടിപ്പിച്ച് കുടി നിര്‍ത്തിച്ചു

അവസാനം കേരളത്തിലെ മദ്യഷാപ്പുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും പൂട്ട് വീണു. കേരളത്തെ സമ്പൂര്‍ണ്ണ മദ്യ വിമുക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുമ്പോള്‍ പറഞ്ഞ പോലെയല്ല ഇത്തവണ സംഭവിച്ചത്. എന്നാലും സമ്പൂര്‍ണ്ണ മദ്യവിമുക്തമാണോ അതോ മദ്യനിരോധനമാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വായിച്ചപ്പോള്‍ തോന്നിയത്. പൂട്ടിയത് പൂട്ടട്ടേ...നല്ല മദ്യ ഷാപ്പുകള്‍ തുറക്കാം എന്ന ശുഭാപ്തിവിശ്വാസം കുടിയന്മാര്‍ക്ക് കൊടുക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. അപ്പോഴും സംശയം ബാക്കി. അങ്ങനെ നല്ല മദ്യം ചീത്ത മദ്യം എന്നൊന്നുണ്ടോ?

എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം മദ്യപാനികളുടെ പറുദീസയായി മാറിയത്? ജനങ്ങളാണോ അതോ സര്‍ക്കാരാണോ അതിനുത്തരവാദികള്‍? മന്ത്രി സുധാകരന്‍ പറഞ്ഞപോലെ 'നല്ല' മദ്യശാലകള്‍ തുറക്കണമെങ്കില്‍ എവിടെ തുറക്കും? സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകളും അടച്ചു പൂട്ടിയത്. അടച്ചുപൂട്ടിയതിനു പകരമായി മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാമെന്നു വെച്ചാല്‍ അതിനും കഴിയാതെ സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഈയൊരു അവസ്ഥ വരുത്തിവെച്ചത് കേരളം മാറിമാറി ഭരിച്ച ഇടത്‌വലത് സര്‍ക്കാരുകള്‍ തന്നെയാണ്. പ്രതിവര്‍ഷം 8000 കോടി രൂപയാണ് മദ്യവില്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തുന്നതെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ കുടിയന്മാരുടെ ആസക്തി എത്രയുണ്ടെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

രാജ്യത്ത് അപകടങ്ങള്‍ പെരുകാനും കുടുംബ ബന്ധങ്ങള്‍ അതിവേഗം ശിഥിലമാകാനും ആത്മഹത്യയുടെ എണ്ണം വര്‍ധിക്കാനും പ്രധാന കാരണം മദ്യമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ നമുക്ക് സാധ്യമല്ല. മദ്യ ഉപഭോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം തന്നെയാണ് ആത്മഹത്യയിലും ഒന്നാമതുള്ളതെന്ന് നാം ഓര്‍ക്കണം. മദ്യമെന്ന മഹാമാരി നമ്മുടെ നാട്ടിലും സമൂഹത്തിലും വരുത്തിവെക്കുന്ന വിപത്ത് എത്രമാത്രം വലുതാണെന്ന് ഭരണനേതൃത്വം ഇനിയും മനസ്സിലാക്കണം.

കേരളം മദ്യപാനികളുടെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. 201415ലെ കണക്കനുസരിച്ച് മൂന്നു കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുണ്ടായിരുന്ന കേരളത്തില്‍ ഏകദേശം ഒന്നര കോടിയോളം പേര്‍ സ്ഥിരം മദ്യപാനികളാണെന്നായിരുന്നു കണക്ക്. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.

ആദ്യമൊക്കെ പ്രായപൂര്‍ത്തിയായവരാണ് മദ്യപാനം നടത്തിയിരുന്നതെങ്കില്‍ പിന്നീടത് ശരാശരി 13 വയസ്സ് പ്രായമുള്ളവരിലായി എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് സ്ത്രീകളിലേക്കും മദ്യപാനം വ്യാപിച്ചു എന്ന നടുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍. സ്ത്രീപുരുഷഭേദമന്യേ സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മദ്യത്തിന് അടിമകളായിത്തീര്‍ന്നു. മദ്യപാനം മൂലം എത്രയോ കുടുംബങ്ങള്‍ നശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ കണ്ടുവന്നിരുന്ന ചെറിയ മദ്യഷാപ്പുകള്‍ ഇപ്പോള്‍ വന്‍ബാറുകളാണ് കൈയ്യടക്കിയിരിക്കുന്നത്. എല്ലാറ്റിനും സ്റ്റാര്‍ പദവിയുമുണ്ട്. ഏത് ഓണംകേറാമൂലയാണെങ്കിലും ഒരു ബാറോ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മദ്യവില്പനശാലയോ കാണാതിരിക്കില്ല. അവിടെയെല്ലാം ജനക്കൂട്ടവും കാണാനാകും. ബാറുകളിലെ ജനക്കൂട്ടം കണ്ട് അതിനു ചുറ്റും വിവിധ കച്ചവട സ്ഥാപനങ്ങളും മുളച്ചുപൊന്തുന്നത് പതിവ് കാഴ്ച. അവരും കച്ചവടം പൊടിപൊടിക്കുന്നു. ചുരുക്കത്തില്‍ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഉന്നമനത്തിന് ഇവ അത്യന്താപേക്ഷിതമായിരിക്കുന്നുവെന്ന് സാരം. സര്‍ക്കാരിനാണെങ്കില്‍ വര്‍ഷംതോറും നികുതിയിനത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപ മറ്റേത് വരുമാന സ്രോതസ്സില്‍ നിന്നുള്ളതിനെക്കാളും പതിന്മടങ്ങുതന്നെ. ഈ മദ്യഷാപ്പുകളും, മദ്യപാനികളും നാടിനും നാട്ടുകാര്‍ക്കും വരുത്തി വെക്കുന്ന ദോഷങ്ങള്‍ അവര്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

അങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം മദ്യം ലഭ്യമാക്കിയതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ വരെ എത്തിയത്. അമിതമായാല്‍ മദ്യം മാത്രമല്ല അമൃതും വിഷമാകുമെന്ന സത്യമാണ് ജനങ്ങളും സര്‍ക്കാരും മനസ്സിലാക്കേണ്ടത്. പകലന്തിയോളം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ ശാരീരിക ഉന്മേഷത്തിനായി അല്പം അന്തിക്കള്ള് മോന്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് 24 മണിക്കൂറും ലഭ്യമാകാവുന്ന വിധത്തില്‍ സൗകര്യങ്ങളുണ്ടാക്കിക്കൊടുത്തത് സര്‍ക്കാരുകളാണ്. മദ്യവില്പനയിലൂടെ കിട്ടുന്ന കോടികളായിരുന്നു അബ്കാരികളടേയും അവരെ സംരക്ഷിക്കുന്ന സര്‍ക്കാരുകളുടെയും കണ്ണില്‍. അതിനായി നാടുനീളെ അവര്‍ മദ്യഷാപ്പുകള്‍ തുറന്നു. മദ്യപാനം മൂലം നാട്ടില്‍ നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. അതോടെ പൊറുതിമുട്ടിയ ജനങ്ങള്‍ കൂട്ടത്തോടെ ഇളകി. അതിന്റെ പര്യവസാനമാണ് ഈ സുപ്രീം കോടതി വിധി. ചുരുക്കിപ്പറഞ്ഞാല്‍ 'കുടിപ്പിച്ച് കുടിപ്പിച്ച് കുടി നിര്‍ത്തിച്ചു.'

ഇനിയും പാഠം പഠിക്കാത്ത സര്‍ക്കാര്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും മദ്യശാലകള്‍ തുറക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ മദ്യശാലകള്‍ക്കെതിരെ സംസ്ഥാനത്തെങ്ങും അതിശക്തമായ ജനകീയ പ്രക്ഷോഭം നടന്നുവരികയാണിപ്പോള്‍. ജനവികാരം മാനിക്കാതെ സര്‍ക്കാറിന് ബലപ്രയോഗത്തിലൂടെ ഒരിടത്തും മദ്യഷാപ്പ് തുറക്കാനുമാകില്ല. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ചില്ലറ മദ്യവില്‍പനശാലകളുടെ ദൂരപരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും ഇത് കേരളത്തിന് ബാധകമാകില്ല. കാരണം, ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ ഈ ഇളവില്‍ കേരളത്തില്‍ ഒരിടത്തും മദ്യശാലകള്‍ തുറക്കാനും സാധിക്കുകയില്ല.

സംസ്ഥാനത്തെ റോഡരികുകളില്‍ പ്രവര്‍ത്തിക്കുന്ന 31 പഞ്ചനക്ഷത്ര ബാറുകളാണ് സുപ്രീം കോടതി വിധിയെതുടര്‍ന്ന് പൂട്ടിയത്. കൂടാതെ 815 ബിയര്‍, വൈന്‍ പാര്‍ലറുകളും സംസ്ഥാത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ഇവയെല്ലാം ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കാനും നിവൃത്തിയില്ലാതെ പൂട്ടേണ്ടി വന്നു. ബീവറേജസ് കോര്‍പറേഷന് 270 ചില്ലറ വിപണന ശാലകളാണുള്ളത്. ഇതില്‍ 180 എണ്ണം മാറ്റണം. എന്നാല്‍ 46 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങള്‍ ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് നടന്നില്ല. ഈ സാഹചര്യത്തില്‍ 134 ബീവറേജസ് ഷോപ്പുകളും ഞായറാഴ്ച മുതല്‍ അടച്ചിടേണ്ടിവരും. ചുരുക്കത്തില്‍ ഞായറാഴ്ച മുതല്‍ അടച്ചിടുന്ന മദ്യഷാപ്പുകളൊന്നും തുറക്കാനിടയില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മദ്യ ലൈസന്‍സുള്ള 18 ക്‌ളബുകളും മാറ്റണം. ആകെ 34 ക്‌ളബുകളാണ് കേരളത്തിലുള്ളത്. 1130 കള്ളുഷാപ്പുകള്‍ പൂട്ടിക്കഴിഞ്ഞു. ഇനിയും 5200 കള്ളു ഷാപ്പുകളുണ്ടെന്നാണ് കണക്കുകള്‍.

സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പല തന്ത്രങ്ങളും പയറ്റി നോക്കിയിരുന്നു. ആ ശ്രമമെല്ലാം വിഫലവുമായി. സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് സുപ്രീം കോടതി നിഷ്ക്കര്‍ഷിച്ച ദൂരപരിധിയില്‍ മദ്യശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ അനുയോജ്യമായ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്തു വില കൊടുത്തും സ്ഥലം കണ്ടെത്താനും അവര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. പക്ഷെ, പ്രബുദ്ധരായ കേരളീയര്‍ സര്‍ക്കാരിന്റെ എല്ലാ നീക്കത്തേയും ശക്തിയുക്തം എതിര്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദൂരപരിധിയൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. ഏതെങ്കിലും രീതിയില്‍ വീണ്ടും മദ്യശാലകള്‍ തുറന്നാല്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം തന്നെയുണ്ടാകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞു. അതാണ് ഇപ്പോള്‍ സര്‍ക്കാറിനെ കുഴയ്ക്കുന്നത്. മാത്രവുമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഒരിടത്തും മദ്യശാലകള്‍ തുറക്കാനും കഴിയില്ല. അഥവാ ജനവികാരം മാനിക്കാതെ തുറന്നാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും മാത്രമല്ല ഹര്‍ത്താലുകള്‍ക്കു പോലും മദ്യസേവ നടത്തുക, കുടിച്ചു തിമര്‍ക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷനായി തീര്‍ന്നിരിക്കുകയാണ്. സമൂഹം ഈ അര്‍ഥത്തില്‍ മദ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുകയും നിര്‍ലജ്ജം മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ അതിന് തടയിടേണ്ടവര്‍ തന്നെ ഇതിന് വളം വെച്ചു കൊടുക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. മദ്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അതിനുവേണ്ടി പരിശ്രമിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന നിരവധി സന്നദ്ധ സംഘടനകള്‍ കേരളത്തിലുള്ളപ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് അവരോടൊപ്പം ചേര്‍ന്ന് നമ്മുടെ നാടിനെ ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ധാര്‍മിക ബോധവും ആരോഗ്യവുമുള്ള തലമുറ വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഇത്തരം നടപടികള്‍ക്ക് കൂട്ടായി സര്‍ക്കാറിനൊപ്പം എന്നും ഉണ്ടാകും.

'മദ്യവില്പനയും മദ്യപാനവും പൗരാവകാശമല്ല' എന്ന സുപ്രീം കോടതിയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

Read more

അസാധു നോട്ടുകളും വിദേശ ഇന്ത്യക്കാരും

2016 നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കുറച്ചൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. ആ ബുദ്ധിമുട്ട് വെറും 50 ദിവസങ്ങള്‍ കൊണ്ട് തീരുമെന്നും അതുകഴിഞ്ഞാല്‍ "അഛേ ദിന്‍" എത്തുമെന്ന വാഗ്ദാനവും പിന്നീട് പാഴ്വാക്കായി എന്ന് പലരും ഇതിനോടകം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്നതും കക്ഷത്തില്‍ വെച്ചതും പോകുകയും ചെയ്തു "അഛേ ദിന്‍" വന്നതുമില്ല. പിന്നീടു വന്ന ദിനങ്ങള്‍ നരകതുല്യമാകുകയും ചെയ്തു.

ഇന്ത്യയെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ മോദി കണ്ടുപിടിച്ച ഒരു ഉപായമായിരുന്നു നോട്ട് നിരോധനമെന്ന് മണ്ടന്മാരായ ജനങ്ങള്‍ മനസ്സിലാക്കിയത് ഏറെ വൈകിയാണ്. ടോട്ടല്‍ ക്യാഷ്ലസ് അല്ലെങ്കില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് അവശ്യം ചെയ്യേണ്ടതായ യാതൊരു സംവിധാനവും ഒരുക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു നോട്ട് നിരോധനം. ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ ന്യൂനതകള്‍ പരിഹരിക്കാതെ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നതിന് ബലിയാടുകളായത് ഗ്രാമവാസികളാണ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വിവിധ ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിനോക്കിയിട്ടേയില്ല. രാജസ്ഥാനിലെ ഉദയ്പൂര്‍ തന്നെ ഉദാഹരണം. അവിടെ ഗ്രാമീണരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പിഒഎസ് മെഷീനുമായി ഉദ്യോഗസ്ഥര്‍ മരത്തിനു മുകളിലാണ് കയറി ഇരിക്കുന്നതത്രേ ! മരച്ചില്ലകളിലും താഴെയുമായി തങ്ങളുടെ ഊഴം നോക്കി ഗ്രാമീണരും. മണിക്കൂറുകള്‍ ഇരുന്നാല്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സിഗ്‌നല്‍ കൊണ്ട് മെഷീന്‍ പ്രവര്‍ത്തിപ്പിക്കും. റേഷന്‍ സംവിധാനം പൂര്‍ണമായും സാങ്കേതികവല്‍ക്കരിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഉദയ്പൂരിലെ ഗ്രാമീണരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മരം കയറ്റുന്നത്. ഇങ്ങനെ എത്രയെത്ര ഗ്രാമവാസികള്‍ മരം കയറുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോ റിസര്‍വ്വ് ബാങ്കിനോ അറിയാമോ ആവോ. കോടികള്‍ കള്ളപ്പണമായി കെട്ടിപ്പൂഴ്ത്തി വെച്ചവരല്ല ഈ ഗ്രാമീണര്‍. അന്നന്നത്തെ ആഹാരത്തിന് അദ്ധ്വാനിച്ച് പണമുണ്ടാക്കുന്നവരാണവര്‍.

നോട്ട് അസാധുവാക്കലിലൂടെ മോദി ലക്ഷ്യമിട്ടത് അതിര്‍ത്തിവഴിയുള്ള കള്ളനോട്ടുകളുടെ പ്രവാഹം തടയുക എന്നതായിരുന്നു. പക്ഷെ, ആ ലക്ഷ്യവും പിന്നീട് പിഴച്ചു. കള്ളനോട്ടുകളുടെ പ്രവാഹം പതിന്മടങ്ങ് വര്‍ദ്ധിക്കുക മാത്രമല്ല, ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇന്ത്യയിലേക്കൊഴുകുകയും ചെയ്തു, അതും 2000 രൂപയുടെ കള്ളനോട്ടുകള്‍ ! അതിര്‍ത്തി സുരക്ഷാസേനയും ദേശീയ അന്വേഷണ ഏജന്‍സിയും അത് കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ആ രഹസ്യം കേന്ദ്ര സര്‍ക്കാര്‍ പോലും അറിയുന്നത്. പാക് ചാര സംഘടനയായ ഐ.എസ്.ഐ (ഇന്‍ര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്) യുടെ സഹായത്തോടെ പാക്കിസ്ഥാനിലാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും, 2000 രൂപയുടെ കള്ളനോട്ട് എത്തിച്ചാല്‍ 600 രൂപ വരെ കമ്മീഷന്‍ കിട്ടുമെന്നും അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഇന്ത്യയിലെ കള്ളപ്പണ ഏജന്റുമാര്‍ പറഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നു.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് അതിര്‍ത്തി വഴി കടത്തുന്ന നോട്ടു കെട്ടുകള്‍ സമ്മാനിക്കുന്നത്. നിരവധി സുരക്ഷാ പ്രത്യേകതകളോടെയാണ് പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചതെന്ന് റിസര്‍വ്വ് ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. 17 പ്രത്യേകതകള്‍ അതിലുണ്ടെന്നും പറയുന്നു. എന്നാല്‍ 80 ശതമാനത്തോളം സവിശേഷതകള്‍ അതുപോലെ ചേര്‍ത്തിട്ടുള്ള വ്യാജനോട്ടുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നാണ് ബി.എസ്.എഫും ദേശീയ സുരക്ഷാ ഏജന്‍സിയും പറയുന്നത്. എല്ലാവര്‍ക്കും എടിഎം കാര്‍ഡുകള്‍ നല്‍കി പണം പിന്‍വലിക്കാന്‍ നിബന്ധനകളും ഏര്‍പ്പെടുത്തി, പിന്‍വലിക്കുന്ന പണത്തിന് സര്‍വ്വീസ് ചാര്‍ജും ഈടാക്കുമ്പോള്‍ "അഛേ ദിന്‍" വന്നത് ബാങ്കുകള്‍ക്ക് മാത്രം. സാധാരണക്കാര്‍ക്ക് ഇപ്പോഴും "ബുരേ ദിന്‍" തന്നെ.

നോട്ട് നിരോധനത്തിലൂടെ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്കും നഷ്ടങ്ങള്‍ ഏറെ സംഭവിച്ചു. ഇന്ത്യയില്‍ പോയി തിരിച്ചുവരുന്നവരുടെ കൈയ്യിലുള്ള ഇന്ത്യന്‍ രൂപ എങ്ങനെ മാറ്റിയെടുക്കുമെന്നതായിരുന്നു പലരുടേയും ചിന്ത. കുറച്ചു പണമുള്ളവര്‍ സുഹൃത്തുക്കള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അവ കൊടുത്തുവിടുന്നുണ്ടെന്ന് വാര്‍ത്തകളിലും മറ്റും കാണുന്നുണ്ട്. എന്നാല്‍, അതിനും കഴിയാതെ വരുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസി വഴിയോ, കോണ്‍സുലേറ്റ് വഴിയോ അതുമല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ ബാങ്കുകളുടെ ശാഖ വഴിയോ ഒക്കെ മാറ്റിയെടുക്കാന്‍ സൗകര്യങ്ങള്‍ ചെയ്യണമെന്നും ചെയ്യുമെന്നുമൊക്കെ നിരന്തരം പ്രസ്താവനകളുമൊക്കെ കാണാറുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ ശാഖയില്‍ നേരിട്ടു ചെന്ന് പണമടച്ചാല്‍ മതിയെന്ന വാര്‍ത്തയും പിന്നീട് പുറത്തുവന്നു.

അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരില്‍ പലരും ഇക്കാര്യത്തില്‍ ആശങ്കയുള്ളവരായിരുന്നു. എന്നാല്‍, നാം വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല ഇന്ത്യന്‍ രൂപ മാറ്റിയെടുക്കല്‍ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 2017 ജനുവരി 2 മുതല്‍ 2017 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ ബ്രാഞ്ചുകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് നിരോധിത നോട്ടുകള്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റിസര്‍വ്വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍, ഈ വിജ്ഞാപന പ്രകാരം പണം നിക്ഷേപിച്ച നിരവധി പേരുടെ പണം നഷ്ടമായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ കാരണം തേടുമ്പോള്‍ പലരും "ഫൈന്‍ പ്രിന്റ്" വായിച്ചില്ല എന്നാണ് മനസ്സിലാകുന്നത്.

2016 നവംബര്‍ 9 മുതല്‍ 2016 ഡിസംബര്‍ 30 വരെ ഇന്ത്യയിലില്ലാതിരുന്നവര്‍ക്കാണ് ബാങ്കുകളില്‍ നിരോധിത നോട്ടുകള്‍ നല്‍കാന്‍ അനുമതിയുള്ളതെന്ന് റിസര്‍വ്വ് ബാങ്കിന്റെ ആദ്യത്തെ വിജ്ഞാപനത്തില്‍ പറയുന്നു. പക്ഷെ, "വിദേശരാജ്യങ്ങളില്‍ താമസമാക്കിയിട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അത് ലഭിക്കൂ എന്നും, വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ല" എന്നും അവര്‍ പറഞ്ഞില്ല. എന്നാല്‍ അത് പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തു. റിസര്‍വ്വ് ബാങ്കിന്റെ വിജ്ഞാപന പ്രകാരം നിരവധി പേര്‍ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളില്‍ നോട്ടുകള്‍ നല്‍കിയിരുന്നെങ്കിലും വിദേശ പൗരത്വമുള്ളവരുടെ പണം സ്വീകരിക്കില്ല എന്ന് പറയാനുള്ള സന്മനസ്സ് ബാങ്ക് അധികൃതര്‍ കാണിച്ചില്ലെന്നു മാത്രമല്ല അവരുടെ പണവും വാങ്ങിയെന്നാണ് ലണ്ടനില്‍ റിട്ടെയ്ല്‍ കമ്പനി ഡയറക്ടറായ മയൂര്‍ പട്ടേല്‍ പറയുന്നത്. നിരോധിച്ച നോട്ടുകളുടെ മൂല്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനല്ലായിരുന്നെങ്കില്‍ എന്തിനാണ് അവ സ്വീകരിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിദേശ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ മാറാനാകില്ലെന്ന വിജ്ഞാപനം റിസര്‍വ്വ് ബാങ്ക് വെബ്‌സൈറ്റില്‍ കണ്ടിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമെന്ന് തന്‍െറ ബാങ്ക് മാനേജര്‍ ഇ-മെയില്‍ വഴി നിര്‍ദേശിച്ചതായും മയൂര്‍ പട്ടേല്‍ പറയുന്നു. ലണ്ടനില്‍ തന്നെ ബാങ്ക് മാനേജരായ ഭാര്യ സ്വാതി പട്ടേലിനൊപ്പം മുംബൈയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലാണ് 66,500 രൂപയുടെ 1000,500 നോട്ടുകള്‍ പട്ടേല്‍ നല്‍കിയത്. ഭാര്യയുടെ പേരില്‍ 25,000വും ശേഷിച്ചത് അദ്ദേഹത്തിന്റെ പേരിലും നിക്ഷേപിക്കുകയായിരുന്നു. ഒരാള്‍ക്ക് 25,000 രൂപ പരിധിയെന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ പണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥന്‍ ഉള്ളത് മുഴുവനായും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്നും, എന്നാല്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച പണം ഇതുവരെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ജര്‍മ്മനിയില്‍ നിന്നുള്ള മലയാളി ദമ്പതികളായ ചാക്കോ അബ്രഹാം, ലീലാമ്മ എന്നിവരും സമാന അനുഭവമാണ് പങ്കുവെക്കുന്നത്. ജര്‍മ്മന്‍ പോലീസില്‍നിന്ന് വിരമിച്ച ചാക്കോയും അവിടെ നഴ്‌സായിരുന്ന ഭാര്യ ലീലാമ്മയും ഫെബ്രുവരി 10നാണ് നിരോധിച്ച നോട്ടുകളുമായി മുംബൈയിലെ റിസര്‍വ് ബാങ്കിലെത്തിയത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എന്‍.ആര്‍.ഐകള്‍ക്ക് മാത്രമേ നിരോധിച്ച നോട്ട് നിക്ഷേപിക്കാനാകൂ എന്ന പേരില്‍ ആദ്യം പണം വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും, പിന്നീട് പണം വാങ്ങി. പുറത്തിറങ്ങി ഇരുവരുടെയും പേരിലായി 66,000 രൂപ നിക്ഷേപിച്ചതിന്‍െറ രസീത് കണ്ട അവര്‍ ഞെട്ടി ! സ്വീകരിച്ച പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നതിന് ഉറപ്പുനല്‍കാനാകില്ലെന്നാണത്രേ അതില്‍ എഴുതിയിരിക്കുന്നത്. 75,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ നിക്ഷേപിച്ച ലണ്ടനില്‍ കഴിയുന്ന ഡോ. ഹഷ്മുഖ് ഷാ, 25,000 രൂപ മാതാവിന്‍െറ പേരില്‍ നിക്ഷേപിച്ച ന്യൂസിലന്‍ഡില്‍ കഴിയുന്ന അനിന്ദിത സിന്‍ഗാള്‍ എന്നിവര്‍ക്കും സമാന അനുഭവങ്ങളാണുണ്ടായതെന്ന് പറയുന്നു.

ഏറ്റവും ഒടുവിലായി ഇന്ന് ഒരു അമേരിക്കന്‍ മലയാളിയും തന്റെ കൈവശമുള്ള അരലക്ഷത്തിലധികം രൂപയുടെ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ ഡല്‍ഹിയില്‍ നട്ടംതിരിയുകയാണെന്ന് കേട്ടു. തന്റെ കൈവശമുള്ള നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുന്നില്ലെന്നതാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരാതി. പഴയ നോട്ടു മാറാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സാവകാശമുണ്ടെന്ന വാര്‍ത്തകള്‍ കേട്ടാണ് അദ്ദേഹം അത്രയധികം നോട്ടുകളുമായി ഡല്‍ഹിയിലെത്തിയത്. എന്നാല്‍, അദ്ദേഹത്തിന്റെ അമേരിക്കന്‍ പൗരത്വമാണ് തിരിച്ചടിയായത്.

ഇരുപതിലധികം വര്‍ഷമായി ന്യൂയോര്‍ക്കിലാണ് അറുപത്തിയഞ്ചുകാരനായ അദ്ദേഹം താമസം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ കൈയ്യില്‍ കരുതിയ അന്‍പത്തൊമ്പതിനായിരം രൂപയാണ് മാറ്റിയെടുക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ സാവകാശമുണ്ടെന്നറിഞ്ഞാണ് റിസര്‍വ് ബാങ്കില്‍ ചെന്നത്. പക്ഷെ ബാങ്കുകാര്‍ അവ സ്വീകരിച്ചില്ല. ഒ.സി.ഐ. കാര്‍ഡ് ഉണ്ടെങ്കിലും അതൊന്നും ഇളവുനല്‍കാന്‍ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്രേ. തുടര്‍ന്ന് പണം റിസര്‍വ് ബാങ്കിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും താക്കീതു ചെയ്തു. അസാധുനോട്ടുകള്‍ കൈവശം വെച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് അദ്ദേഹമിപ്പോള്‍. കോടതിയെ സമീപിക്കുന്നകാര്യവും പരിഗണനയിലുണ്ടെന്നു കേള്‍ക്കുന്നു. ഇതേ പ്രശ്നം നേരിടുന്ന നിരവധി പ്രവാസി ഇന്ത്യക്കാരാണ് ദിവസവും റിസര്‍വ് ബാങ്കിന്റെ മുന്നിലെത്തുന്നത്. വിദേശപൗരത്വമുള്ളതുകൊണ്ട് കൈവശമുള്ള പണം എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് ഇക്കൂട്ടര്‍.

ഇവര്‍ക്കെല്ലാം ഈ അനുഭവമുണ്ടായത് റിസര്‍വ്വ് ബാങ്കിന്റെ വിജ്ഞാപനം ശ്രദ്ധയോടെ വായിക്കാതിരുന്നതിനാലാണ് എന്നു തോന്നുന്നു. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്നും, വിദേശ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അനുമതിയില്ല എന്നും റിസര്‍വ്വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. en¦v: https://www.rbi.org.in/Scripts/FAQView.aspx?Id=122

അമേരിക്കയിലെ വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും, അമേരിക്കയില്‍ ഇന്ത്യന്‍ എംബസ്സിയിലോ കോണ്‍സുലേറ്റുകളിലോ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ചെയ്തുതരണമെന്നുമൊക്കെയുള്ള നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അവയൊക്കെ പ്രായോഗികമാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ പൗരത്വമുള്ളവരും, ഒസിഐ, പിഐഒ കാര്‍ഡ് ഉള്ളവര്‍ക്കൊന്നും മേല്പറഞ്ഞ ആനുകൂല്യം ലഭിക്കുകയില്ലെന്നു മാത്രമല്ല, നിരോധിത ഇന്ത്യന്‍ കറന്‍സിയും കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ പിഴയൊടുക്കുക മാത്രമല്ല ജയില്‍ ശിക്ഷയും കിട്ടും. മേല്പറഞ്ഞ അമേരിക്കന്‍ മലയാളിയുടെ അനുഭവം തന്നെ ഉദാഹരണം.

Read more

ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍

ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍ സ്വന്തം മനോധര്‍മ്മത്തിനനുസരിച്ചും ഭരണത്തില്‍ മാറ്റം വരുത്തും. മറ്റു ചിലരാകട്ടേ പൊതുസമൂഹത്തിന്റെ അഥവാ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഭരണപരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. അവരവരുടെ സ്വത്വം ഓരോ ഭരണാധികാരികളുടേയും പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. എന്നാല്‍, ഒരു ദേശത്തിന്റെ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ 'ചരിത്ര'ത്തെത്തന്നെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ അറിയപ്പെടുന്നത് 'സ്വേഛാധിപതികള്‍' എന്നാണ്. അങ്ങനെയുള്ളവരെ ഭരണകര്‍ത്താക്കളായോ, ഭരണനിപുണരായോ ലോകം അംഗീകരിച്ചിട്ടില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. അവരുടെ ചെയ്തികളെല്ലാം തേച്ചുമായ്ച്ചു കളയാനാകാത്ത വിധം ആലേഖനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ലോകത്തില്‍ മാതൃകാ ജനാധിപത്യ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉന്നതിയില്‍ നിലകൊള്ളുന്ന ഇന്ത്യയും അമേരിക്കയും മേല്പറഞ്ഞ സ്വേഛാധിപത്യ രാഷ്ട്രങ്ങളായി മാറുകയാണോ എന്നാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും നടക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ചരിത്രമെടുത്തു നോക്കിയാല്‍ മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും പേരു കേട്ട രാജ്യമാണ്. എന്നാല്‍, ആ സഹിഷ്ണുതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലാണ് അടുത്ത കാലങ്ങളിലെ സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും ഭീഷണി മാത്രമല്ല ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പുനഃസ്ഥാപിക്കുന്നതിലൂടെ മനസ്സിലാകുന്നത്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോദ്‌സേയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, ഗോദ്‌സേയെ പൂജിക്കുകയും, ഗോദ്‌സേയുടെ ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നതൊക്കെ വരാന്‍ പോകുന്ന വിപത്തുകള്‍ക്കുള്ള മുന്നറിയിപ്പായി കരുതണം. ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കുന്നതിന് ഗാന്ധിജി ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തുകയും സമരത്തിലിറക്കുകയും ചെയ്യാന്‍ ശ്രമിച്ചിരുന്ന കാലഘട്ടത്തില്‍, ഗാന്ധിജിയുടെ ആശയങ്ങളെ ചെറുത്തു തോല്‍പ്പിക്കാനായിരുന്നു ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരുന്നതെന്ന് ചരിത്രം പറയുന്നു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യ സ്വതന്ത്രയാക്കുക എന്നതിനേക്കാള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥയും, പഴയ നാടുവാഴി വ്യവസ്ഥയും നിലനിര്‍ത്തുകയും അങ്ങനെ ഇന്ത്യയെ സവര്‍ണര്‍ക്ക് ആധിപത്യമുള്ള ഒരു ജാതി ജന്മി നാടുവാഴി വ്യവസ്ഥയില്‍ നിര്‍ത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഈ ചരിത്രം എങ്ങനെ തിരുത്തിയെഴുതാന്‍ സാധിക്കും? ഏത് പാര്‍ട്ടി ജയിച്ചാലും, ഏത് ഭരണാധികാരി ഭരിച്ചാലും ചരിത്രം ചരിത്രസത്യമായിത്തന്നെ നിലകൊള്ളും.

2017 ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്, വിജയിക്കുമെന്നുറപ്പില്ലെങ്കിലും. ഭരണകക്ഷികളെ നൂറു ശതമാനം അംഗീകരിക്കുന്ന ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഈ ഭൂമിയിലില്ല. ഒരു പാര്‍ട്ടി ചെയ്യുന്നത് മറുവശത്തുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടവുമാകില്ല എന്ന സത്യം നിലനില്‍ക്കേ തന്നെ, 'താന്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി' എന്ന് ധരിച്ചുവശായി ഏതൊരു ഭരണാധികാരിക്കും മുന്നോട്ടുപോകാനുമാവില്ല. അമേരിക്കയുടെ നല്പത്തിയഞ്ചാം പ്രസിഡന്റായി അധികാരത്തില്‍ വന്ന ട്രംപ് ഏഴു ദിവസം കൊണ്ട് നാല്പത്തിയഞ്ച് കാര്യങ്ങളാണ് ചെയ്തതെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ സാംഗത്യം വെളിപ്പെടുത്തുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അവസാന ദിവസങ്ങളില്‍ നടപ്പിലാക്കിയ പല ഉത്തരവുകളും റദ്ദാക്കിയതും, ഇനി അമേരിക്ക ലോക പോലീസ് വേഷം കെട്ടാനും തയ്യാറല്ല എന്ന തീരുമാനവും, അമേരിക്കന്‍ നികുതിദായകരുടെ പണമുപയോഗിച്ച് ലോകത്ത് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് 'പ്രോത്സാഹനം' നല്‍കുന്ന പരിപാടി റദ്ദ് ചെയ്തതും, അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ നാടു കടത്തുന്നതും, അഭയാര്‍ത്ഥികളുടെ പേരില്‍ നുഴഞ്ഞു കയറുന്നവരെ പിടികൂടുകയോ അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍, ആ പേരില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നത് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന് അറുതി വരുമോ? സത്യത്തില്‍ ഈ ഏഴു രാജ്യങ്ങളിലെ പൗരന്മാരാണോ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയത്?

തീവ്ര മുസ്ലീം ചിന്താഗതിക്കാരടങ്ങുന്ന രാജ്യത്തെ പൗരന്മാരെന്ന് അമേരിക്ക ആരോപിക്കുന്ന ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് വിസ അനുവദിക്കണമെങ്കില്‍ കടമ്പകളേറെ കടക്കാനുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ അനുവദിക്കുന്നതിനു മുന്‍പ് അവരുടെ ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്തിയതിനുശേഷമാണല്ലോ വിസ നല്‍കുന്നത്? എന്നാല്‍ അഭയാര്‍ത്ഥികളുടെ കാര്യം നേരെ തിരിച്ചാണ്. ട്രംപിന്റെ ഉത്തരവില്‍ പ്രത്യേകമായി പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു കാര്യമാണ് സിറിയിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ പലായനം ചെയ്യുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുകയെന്ന്. ''ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മാര്‍ഗമാണിത്. അത്തരക്കാരെ ആവശ്യമില്ലെന്നും അമേരിക്കയെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും'' അദ്ദേഹം പറയുന്നു.

ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ഡെമോക്രാറ്റുകളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ വിവാദ ഉത്തരവ് നൂറു കണക്കിന് യാത്രക്കാരെയാണ് രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ അധികൃതര്‍ തടഞ്ഞു വെച്ചത്. ബോസ്റ്റണിലെ ലോഗന്‍, ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. എന്നീ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ട്രംപ്പിന്റെ ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ പോയി തിരിച്ചു വന്നവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചത്. അവരില്‍ നിയമപരമായി അഭയാര്‍ത്ഥി സ്റ്റാറ്റസ് ഉള്ളവരും ഗ്രീന്‍ കാര്‍ഡുള്ളവരുമൊക്കെയുണ്ട്, സ്റ്റഡി ടൂറിനു പോയ അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്, എന്തിനു പറയുന്നു ഗൂഗിളിലെ ഉദ്യോഗസ്ഥര്‍ വരെയുണ്ട്. യാത്രയിലായിരുന്ന 200 ഉദ്യോഗസ്ഥരെയാണ് ഗൂഗിള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ഏതായാലും ഫെഡറല്‍ കോടതി ട്രംപിന്റെ ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തതുകൊണ്ട് തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചേക്കാം. വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ച 200 ഓളം പേര്‍ക്ക് കോടതി ഉത്തരവിന്റെ പ്രയോജനം കിട്ടുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ പറയുന്നത്. വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരെയാണ് ഉത്തരവ് വന്നതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചത്. സാധുവായ വിസയുണ്ടായിട്ടും തങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തതിനെതിരെയാണ് വിമാനത്താവളങ്ങളില്‍ പ്രതിഷേധം നടന്നത്. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് മറുപടിയുമായി ഇറാനും ഇപ്പോള്‍ രംഗത്തെത്തി. മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഓരോ രാജ്യത്തും അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചാലത്തെ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ഈ അകല്‍ച്ച സൃഷ്ടിക്കുന്നത് അമേരിക്ക പോലെയുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്നതല്ല.

അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തവര്‍ മേല്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരല്ല എന്നും ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങി. ഈ രാജ്യങ്ങളിലെല്ലാം ട്രംപിന് ബിസിനസ് സാമ്രാജ്യമുണ്ടെന്നും അതുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്നുമാണ് വിവിധ സംഘടനകള്‍ പറയുന്നത്. കൂടാതെ ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍ യെമന്‍ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരുടെ ഭാവി എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് എസിഎല്‍യു വക്താവ് പറഞ്ഞു. നാളെ ഇന്ത്യക്കാര്‍ക്കെതിരെയും ട്രംപ് തിരിയുകയില്ലെന്നെന്താണുറപ്പ്? തീവ്രവാദികളില്ലെങ്കിലും ഔട്ട്‌സോഴ്‌സിംഗില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുകൊണ്ടായിരിക്കും ആ നീക്കം. ലക്ഷക്കണക്കിന് പേരെ അത് ബാധിക്കുകയും ചെയ്യും.

കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ് അമേരിക്ക എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ കുടിയേറ്റ ചരിത്രം. 'റെഡ് ഇന്ത്യക്കാര്‍' ഏഷ്യയില്‍ നിന്ന് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക് കുടിയേറിയതോടെ അമേരിക്കന്‍ കുടിയേറ്റ ചരിത്രം ആരംഭിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളാണ് ഇതര മനുഷ്യസമൂഹങ്ങള്‍ അമേരിക്കയുടെ അസ്തിത്വം അറിയാതെ ഇവിടെ ജീവിച്ചത്. 1492-ല്‍ സ്പാനിഷ് സര്‍ക്കാരിന്റെ കീഴില്‍ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് ഇന്നത്തെ ബഹാമാസ് ദ്വീപുകള്‍ കണ്ടെത്തിയതോടെയാണ് അമേരിക്കയില്‍ യൂറോപ്പിന്റെ അധിനിവേശം തുടങ്ങുന്നത്. യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ് റെഡ് ഇന്ത്യക്കാര്‍ക്ക് സാംസ്കാരിക സ്വഭാവങ്ങള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. യൂറോപ്യന്മാര്‍ എത്തുമ്പോള്‍ ജനസംഖ്യയില്‍ അവര്‍ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ്. ആ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങള്‍ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കയില്‍ തന്നെ ഏതാനും പ്രദേശങ്ങളില്‍ നേറ്റീവ് ഇന്ത്യക്കാര്‍ (കിറശമി ഞലലെൃ്മശേീി)െ സ്വയംഭരണത്തില്‍ ഒതുങ്ങി കഴിയുന്നു.

കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ട്രംപിന്റെ അമ്മ മേരി ആന്‍ തന്നെ ഒരു കുടിയേറ്റക്കാരിയായിരുന്നില്ലേ? 1912 ല്‍ സ്കോട്ട്ലന്‍ഡിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച മേരി സ്വന്തം രാജ്യത്തെ അരാജകത്വം മൂലവും, ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നു ആ രാജ്യം പട്ടിണിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോള്‍, പട്ടിണി സഹിക്കാനാകാതെ വിസിറ്റിംഗ് വിസ തരപ്പെടുത്തിയാണ് ന്യൂയോര്‍ക്കിലേക്കു 'രക്ഷപ്പെട്ട'ത്. മേരി ആന്‍ എന്ന ട്രംപിന്റെ ആ അമ്മയും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അത് മാറ്റിയെഴുതാന്‍ ട്രംപിനെന്നല്ല ആര്‍ക്കും കഴിയില്ല. ലോംഗ് ഐലന്റില്‍ വീട്ടു ജോലിക്കാരിയായി ജീവിതമാരംഭിച്ച് 1936-ല്‍ ട്രംപിന്റെ പിതാവ് ഫ്രഡ് ട്രംപിനെ വിവാഹം കഴിക്കുന്നതുവരെ മേരിയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. 1912-ല്‍ അമേരിക്കയിലെത്തിയ മേരിക്ക് 1942-ലാണ് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. അങ്ങനെ ഒരു കുടിയേറ്റക്കാരിയുടെ മകന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ തീവ്രവാദികളുടെ പേരു പറഞ്ഞ് കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കുടിയേറ്റവിരുദ്ധമായാണ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടത്. "എന്റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയവരാണ്. എന്റെ ഭാര്യയായ പ്രിസില്ലയുടെ രക്ഷിതാക്കളും ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. നമ്മളതില്‍ അഭിമാനിക്കണം" സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുന്നു. "പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച് നിങ്ങളെല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ട്. രാജ്യം സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് പക്ഷേ അത് ഭീഷണി ഉയര്‍ത്തുന്നവരെ കേന്ദ്രീകരിച്ചാവണം. നമ്മുടെ സഹായം ആവശ്യമുള്ളവരെയും അഭയാര്‍ഥികളെയും നമ്മള്‍ സ്വീകരിക്കണം. ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നമ്മള്‍ അത് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രിസില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാവുകയില്ലായിരുന്നു. നമ്മള്‍ കുടിയേറ്റക്കാരുടെ രാജ്യമാണ്. ലോകം മുഴുവനുമുള്ള സമര്‍ഥരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ ഇവിടേക്ക് വരികയും തൊഴിലവസരം തേടുകയും ചെയ്യുമ്പോള്‍ നമ്മുക്കാണ് അത് ഗുണം ചെയ്യുകയെന്നും" സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റിലൂടെ പറയുന്നു. കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്കയില്‍ കുടിയേറ്റത്തിന് തടയിടാന്‍ പൂര്‍വ്വികര്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഡോണാള്‍ഡ് ട്രംപിന്റെ അമ്മ അമേരിക്കയിലെത്തുകയുമില്ല ട്രംപ് പ്രസിഡന്റുമാകുമായിരുന്നില്ല.

ട്രംപിന്റെ ഭാര്യ, അമേരിക്കയുടെ 'പ്രഥമ വനിത' മെലാനിയ (46) യും ഒരു കുടിയേറ്റക്കാരിയാണ്. വിദേശത്ത് ജനിച്ച രണ്ടാമത്തെ അമേരിക്കന്‍ പ്രഥമ വനിത. ഇതിനു മുന്‍പ് പ്രസിഡന്റ് ജോണ്‍ ക്വിന്‍സി ആഡംസിന്റെ (182529) ഭാര്യ ലൂസിയ ആയിരുന്നു "പ്രഥമ വനിതാ പട്ടം" അലങ്കരിച്ച വിദേശ വനിത. ഇംഗ്ലണ്ടിലായിരുന്നു ലൂസിയ ജനിച്ചത്. യൂഗോസ്ലോവിയയുടെ ഭാഗമായിരുന്ന സ്ലോവേനിയയില്‍ ജനിച്ച മെലാനിയ 1996-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഫാഷന്‍ രംഗത്തെ സൂപ്പര്‍ മോഡലായ അവര്‍ 1998-ല്‍ ട്രംപിനെ കണ്ടുമുട്ടുകയും 2005-ല്‍ വിവാഹം കഴിക്കുകയും ചെയ്തു.

ഇന്ന് അമേരിക്കയുടെ സ്വന്തം പൗരന്മാരെന്ന് പറയാന്‍ ആരുണ്ടിവിടെ? ഇപ്പോഴുള്ളവരെല്ലാം തന്നെ കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരോ ആണ്. അമേരിക്കയില്‍ ജനിച്ചതുകൊണ്ടും, പൗരത്വമെടുത്തതുകൊണ്ടും അവരെ "അമേരിക്കന്‍" പൗരന്‍ എന്ന് വിളിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അമേരിക്കയിലേക്ക് നിത്യേനയെന്നോണം കുടിയേറ്റ പ്രവാഹം നടന്നുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ചില തീവ്ര ചിന്താഗതിക്കാരും അവര്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് നാശങ്ങള്‍ വിതയ്ക്കുന്നു. അക്കൂട്ടരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാന്‍ മുന്‍ ഗവണ്മെന്റുകള്‍ക്ക് കഴിയാതെ പോയത് കുടിയേറ്റക്കാരുടെ കുറ്റമല്ല. ട്രംപ് പ്രഖ്യാപിച്ച ഏഴു രാജ്യങ്ങളില്‍ തീവ്രവാദികള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ അവരില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പാലായനം ചെയ്യുന്നവര്‍ കൃസ്ത്യാനികള്‍ മാത്രമല്ല മുസ്ലീങ്ങളുമുണ്ട്. കലാപകാരികളില്‍ നിന്ന് രക്ഷപ്പെട്ടോടി വരുന്നവരോട്, അല്ലെങ്കില്‍ അവര്‍ക്ക് അമേരിക്കയില്‍ അഭയം കൊടുത്ത് പുതിയ നിയമം കൊണ്ടുവന്ന് ഇനി 'കൃസ്ത്യാനികള്‍ക്ക്' മാത്രമേ അഭയമുള്ളൂ എന്നു പറഞ്ഞ് മറ്റുള്ളവരെ വീണ്ടും കലാപകാരികള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് മനുഷ്യത്വപരമായ സമീപനമല്ല. ഇനി 'കൃസ്ത്യാനികളായ 'അഭയാര്‍ത്ഥികളുടെ' കൂട്ടത്തില്‍ മുസ്ലിം തീവ്രവാദികള്‍ വേഷപ്രഛന്നരായി കടന്നുകൂടുന്നില്ലെന്ന് എന്താണുറപ്പ്. ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ അതുതന്നെയല്ലേ നടന്നത്?

മേല്പറഞ്ഞ രാജ്യങ്ങളില്‍ തീവ്രവാദികള്‍ കൊന്നുതള്ളുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ തന്നെയാണ്. ആ കൊലയാളികളെ ഈ ഭൂമിയില്‍ നിന്നുതന്നെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? തീവ്രവാദികള്‍ മുസ്ലീങ്ങളല്ല, മുസ്ലീങ്ങള്‍ തീവ്രവാദികളുമല്ല. മതത്തിന്റെ 'സംരക്ഷകരെന്ന്' വിശേഷിപ്പിക്കുന്നവര്‍ ഭൂരിഭാഗവും താത്വികമായി മതവിരുദ്ധരാണ് എന്നതാണ് ആധുനിക ലോകത്തിന്റെ വലിയ ദുരന്തങ്ങളില്‍ ഒന്ന്. ബോംബും മാരകായുധങ്ങളുമായി ഇസ്ലാമിന്റെ സംരക്ഷകരാണെന്ന് സ്വയം പ്രഖ്യാപിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വികാരജീവികള്‍. യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ അവരുടെ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തി, അവരുടെ ഇഛയ്ക്ക് വിലങ്ങുതടിയാകുന്നവരെയെല്ലാം അവര്‍ കൊന്നൊടുക്കുന്നു, കൂട്ടത്തോടെ അഗ്‌നിക്കിരയാക്കുന്നു, നിരപരാധികളെ പച്ചയ്ക്ക് കഴുത്തറുക്കുമ്പോള്‍ അവര്‍ വിളിക്കുന്നത് 'അല്ലാഹു അക്ബര്‍' എന്നാണ്. അറവു മാടുകളെപ്പോലെ മനുഷ്യരെ ട്രക്കുകളില്‍ കുത്തിനിറച്ച് വിജനമായ മരുഭൂമിയില്‍ കൊണ്ടുപോയി വൈക്കോല്‍ കൂനകള്‍ കൂട്ടിയിടുന്നത് പോലെ കൂട്ടിയിട്ട ശേഷം തുരുതുരാ വെടിവെച്ച് കൊല്ലുമ്പോള്‍ വിളിക്കുന്നതും 'അല്ലാഹു അക്ബര്‍' എന്നു തന്നെ. ചന്തകളിലും പൊതുസ്ഥലങ്ങളിലും വരുന്ന നിരപരാധികളുടെ ഇടയില്‍ ചാവേറായി പൊട്ടിത്തെറിക്കുമ്പോഴും വിളിക്കുന്നത് അല്ലാഹു അക്ബര്‍ എന്നുതന്നെ. മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൂടുന്ന വെള്ളിയാഴ്ചകളില്‍ ചാവേറുകളായി ഈ മനുഷ്യപിശാചുക്കള്‍ വന്ന് പൊട്ടിത്തെറിച്ച് നൂറു കണക്കിന് നിരപരാധികളെ കൊല്ലുന്നു. സ്വയം പൊട്ടിത്തെറിക്കുന്നതിനു മുന്‍പ് വിളിക്കുന്നതും 'അല്ലാഹു അക്ബര്‍' എന്ന്. അകാരണമായി ഒരു മനുഷ്യനെ കൊല്ലുന്നവന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊന്നവന് സമാനനനാണെന്ന വിശുദ്ധ ഖുര്‍ആന്റെ സുവ്യക്തമായ അധ്യാപനങ്ങളെ ഭ്രാന്തമായി തമസ്കരിച്ചുകൊണ്ടാണ് ഈ അല്ലാഹു അക്ബര്‍ വിളി ഉയരുന്നത്. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ എന്ന വിശുദ്ധ കല്പനക്കെതിരിലാണ് ഈ മനുഷ്യപ്പിശാചുക്കളുടെ കഠാരകള്‍ ഉയരുന്നത്. മനുഷ്യത്വത്തിന്റെ ഒരു കണികപോലുമില്ലാത്ത നിഷ്ഠൂരരാണവര്‍.

തന്റെ ആദര്‍ശത്തോട് നൂറുശതമാനം പ്രതിബദ്ധത പുലര്‍ത്തുമ്പോഴും അന്യരുടെ വിശ്വാസത്തില്‍ മുഹമ്മദ് നബി (സ്വ) കൈകടത്തിയിട്ടില്ല. തന്റെ അധികാര പരിധിയില്‍ അവര്‍ക്ക് എന്നും ആരാധനാ സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. മദീന സന്ദര്‍ശിക്കാനെത്തിയ ക്രിസ്ത്യന്‍ സംഘത്തിന് പ്രാര്‍ത്ഥിക്കാന്‍ സ്വന്തം പള്ളിയില്‍ സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കുന്ന അന്യ മതസ്ഥനായ സഹോദരനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും അവിവേകികള്‍ ചെയ്യുന്ന തെററുകള്‍ക്ക് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുന്നവര്‍ അറിയേണ്ടതാണ് ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. ബഹുസ്വര സമൂഹങ്ങളില്‍ ഒരു മുസ്ലിം എങ്ങനെ വര്‍ത്തിക്കണമെന്നതിന് ഇനിയും ചരിത്രത്തില്‍ ഒട്ടേറെ നല്ല മാതൃകകളുണ്ട്. ഇസ്ലാമേതര ഭരണകൂടങ്ങളെ പ്രവാചകരും ഖലീഫമാരും എന്നും മാനിച്ച് ആദരിച്ചിരുന്നു. മൃഗങ്ങളോടും വൃക്ഷലതാദികളോടും ആകാശഭൂമിയോടും ആര്‍ദ്രതയോടെ വര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സമവായത്തിന്റെയും അനശ്വര പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്ത ആ മഹാത്മാവിന്റെ പേരില്‍ അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കോപ്പു കൂട്ടുന്നവര്‍ ഇസ്ലാമിന്റെ പേരു പോലും ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇവര്‍ കാണിക്കുന്ന അവിവേകത്തിന് മുസ്ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരുടെയും ഉദ്ദേശ്യശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇതെല്ലാം ഒരു നഗ്‌നസത്യമാണെന്നിരിക്കെ അമേരിക്കയുടെ കുടിയേറ്റനിയമത്തില്‍ മാറ്റം വരുത്തുന്നു എന്ന പേരില്‍ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സത്യത്തിനു നേരെ മുഖം തിരിക്കുന്നതിനു തുല്യമാണ്.

ട്രംപ് പ്രസിഡന്റായി അവരോധിതനായപ്പോള്‍ ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തിന്റെ അമിത ആവേശപ്രകടനങ്ങളും കാണാനിടയായി. അമേരിക്കയെ രക്ഷിക്കാന്‍ 'ദൈവം രക്ഷകനെ' അയച്ചു എന്നുവരെ പോയി കമന്റുകള്‍. ഫെയ്‌സ്ബുക്കു വഴി പരസ്പരം പഴിചാരിയും ചെളിവാരിയെറിഞ്ഞും അവര്‍ ആഘോഷിച്ചു. ആര് ആരോട് എന്താണ് പറയുന്നതെന്നുപോലും ആലോചിക്കാതെ അര്‍മാദിച്ചു. ലേഖകനേയും ഒരു മിലിറ്റന്റ് അല്ലെങ്കില്‍ ഒരു തീവ്രവാദിയായി മുദ്രകുത്താനും ചിലര്‍ മടിച്ചില്ല. ഒബാമ കെയര്‍ റദ്ദു ചെയ്ത നടപടി ശരിയായില്ല എന്ന ഫെയ്‌സ്ബുക്കിലെ എന്റെ ഒരു ചെറിയ പോസ്റ്റിന് കമന്റുകളായി വന്നതില്‍ ചിലത് തീര്‍ത്തും അധിക്ഷേപം തന്നെയായിരുന്നു. ഒരുപക്ഷേ ട്രംപിന്റെ പ്രസ്താവനയില്‍ ഭ്രമിച്ചുവശായി എഴുതിയാകാം. പക്ഷെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റ് എഴുതിയത് ഒരു പ്രമുഖ സഭയിലെ പുരോഹിതനായാലോ? എന്നെ ഒരു അനധികൃത കുടിയേറ്റക്കാരനായും, അമേരിക്കയിലെ ക്രിസ്ത്യന്‍ പൗരന്മാരെ ചൂഷണം ചെയ്ത് ജീവിക്കുന്നവനും, നികുതി കൊടുക്കാത്തവനും, ഭീകരപ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നവനെന്നുമൊക്കെ എഴുതുകയും, ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയാണെങ്കില്‍ എന്നെ എഫ്ബിഐ പിടിക്കും എന്നുവരെ ആ പുരോഹിതന്‍ തട്ടിവിട്ടു. തീര്‍ന്നില്ല, എന്നോട് മക്കയിലേക്ക് പോകാനും അദ്ദേഹം ഉപദേശിച്ചു. ഒരു പുരോഹിതന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കടുത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ആ സഭയിലെ എനിക്കറിയാവുന്ന പുരോഹിതരേയും നിരവധി സുഹൃത്തുക്കളേയും കുടുംബസുഹൃത്തുക്കളേയുമോര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു. എന്റെ അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കില്‍ രണ്ട് അക്കൗണ്ടുകളാണ് ഈ പുരോഹിതനുള്ളത്. ഒന്നില്‍ മാന്യമായ ആശയവിനിമയങ്ങളും ഫാമിലി ഫോട്ടോകളും കുറച്ച് ഫ്രണ്ട്‌സും, മറ്റൊന്നില്‍ രാഷ്ട്രീയപരമായ പോസ്റ്റുകളും, തീവ്ര സ്വഭാവമുള്ള ചിത്രങ്ങളും മറ്റും. ഇത്രയും വര്‍ഗീയത ആ അച്ചന്റെ മനസ്സില്‍ കടന്നുകൂടിയത് ട്രംപിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും ഉത്തരവുകളുമാണെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള അച്ചന്മാര്‍ സഭയ്ക്ക് തന്നെ ശാപമാണ്.

Read more

പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും

പ്രശസ്ത ആഗോള ഓണ്‍ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി തീര്‍ന്നിരിക്കുകയാണ്. ആമസോണ്‍ വഴി വിറ്റഴിക്കുന്ന ഉല്പന്നങ്ങള്‍ ഇന്ന് ലോകമെങ്ങും ലഭ്യമാണ്. സാധാരണക്കാര്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ കടകളില്‍ വാങ്ങാന്‍ കിട്ടുന്ന സാധനങ്ങള്‍ ആദായവിലയ്ക്ക് ആമസോണ്‍ വഴി വാങ്ങാവുന്നതുകൊണ്ട് കൂടുതല്‍ പേര്‍ ഈ ഓണ്‍ലൈന്‍ കച്ചവട ഭീമനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍, അറിഞ്ഞോ അറിയാതെയോ ഈ ഭീമന്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്ക്കാരിക ഭാരതത്തിന്റെ പൈതൃകത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അടുത്ത നാളുകളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കാനഡ ആസ്ഥാനമായുള്ള ആമസോണ്‍ ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ഡോര്‍ മാറ്റ് (ചവിട്ടി) വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. അവയുടെ ഫോട്ടോകളും സൈറ്റില്‍ പ്രത്യക്ഷമായി. അത് കണ്ടുപിടിച്ച ഒരു ട്വിറ്റര്‍ ഉപഭോക്താവ് വിദേശകാര്യമന്ത്രി സുഷമസ്വരാജിന് ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ ഉടനടി മറുപടി കൊടുക്കുന്ന സുഷമ സ്വരാജ് പെട്ടെന്നു തന്നെ ആമസോണിന് ട്വീറ്റ് ചെയ്തു... "ഇന്ത്യയുടെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ പിന്‍വലിക്കണം, ഇത് അനുസരിക്കാതിരുന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് മാത്രമല്ല നേരത്തെ ഇഷ്യൂ ചെയ്ത വിസയും റദ്ദാക്കും. ആമസോണ്‍ ഉടനെ മാപ്പുപറയണം." തീര്‍ന്നില്ല, കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനോട് ആമസോണില്‍ നിന്നും വിശദീകരണം തേടാനും സുഷമ സ്വരാജ് നിര്‍ദ്ദേശിച്ചു. സംഭവം നയതന്ത്ര പ്രശ്‌നമായി വളരുമെന്നുറപ്പായ ആമസോണ്‍ ഉടനടി വെബ്‌സൈറ്റില്‍നിന്ന് ഉല്‍പന്നം പിന്‍വലിക്കുകയും നിരുപാധികം മാപ്പു പറയുകയും ചെയ്തു.

പക്ഷെ, ആമസോണ്‍ വീണ്ടും പുലിവാലു പിടിച്ചു. ഇതാ വരുന്നു മറ്റൊരു ഉല്പന്നം !! ഗാന്ധിജിയുടെ മുഖചിത്രമുള്ള വള്ളിച്ചെരിപ്പാണ് ഇത്തവണ ഓണ്‍ലൈനിലൂടെ വില്പനയ്ക്ക് വെച്ചത്. ഭാരതിയരെ സംബന്ധിച്ച് രാഷ്ട്രപിതാവിനോടുള്ള കടുത്ത അനാദരവാണ് ഈ ചെരിപ്പ്. ‘ഗാന്ധി ഫഌപ് ഫ്‌ളോപ്‌സ്’ എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരുന്ന ഒരു ജോഡി ചെരിപ്പിന് 16.99 ഡോളറായിരുന്നു വില. ഇത് ഇന്ത്യക്കാരെ മുഴുവനും പ്രകോപിപ്പിച്ചുവെന്നു മാത്രമല്ല, മലയാളികളുടെ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് പൊങ്കാലയ്ക്ക് ആഹ്വാനം നല്‍കിക്കൊണ്ട് ആമസോണിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ ആക്രമണം തുടര്‍ന്നു, അതും മലയാളികളുടെ തനതു ഭാഷയില്‍. കൂടാതെ ആമസോണിനെ ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി ആീ്യരേേീഅാമ്വീി എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ആമസോണില്‍ നിന്നുണ്ടാകുന്നത് ആദ്യമല്ല. ഓം എന്ന് രേഖപ്പെടുത്തിയ അടിവസ്ത്രങ്ങള്‍, ഗണപതി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചവിട്ടികള്‍, ദേശീയപതാക ആലേഖനം ചെയ്ത പാദരക്ഷകള്‍ തുടങ്ങി വേറേയും ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ വില്‍ക്കുന്നുണ്ടായിരുന്നു. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ട് പ്രതിഷേധമറിയിച്ചാല്‍ അവരതുടനെ പിന്‍വലിക്കും. പക്ഷെ, മറ്റൊരു ഉല്പന്നവുമായിട്ടായിരിക്കും വീണ്ടും സൈറ്റ് പ്രത്യക്ഷപ്പെടുക.

'ഫോര്‍ച്യൂണ്‍' എന്ന അമേരിക്കന്‍ ബിസിനസ് മാസികയുടെ 2013 ജനുവരി ലക്കത്തിന്റെ മുഖചിത്രം ആമസോണ്‍ സിഇഒ ജെഫ് ബോസിനെ ഹിന്ദു ദൈവമായ മഹാവിഷ്ണുവായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് കാണിച്ച് ഒട്ടേറെ പേര്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ആര്‍ട്ടിസ്റ്റ് നീഗല്‍ ബച്ചനാണ് കാര്‍ട്ടൂണിന്റെ രചയിതാവ്. വലതുകൈയ്യില്‍ ആമസോണിന്റെ ലോഗോയും മറുകൈയ്യില്‍ താമരയുമായി നില്‍ക്കുന്ന വിഷ്ണു ഭഗവാനായാണ് ജെഫ് ബോസിനെ ചിത്രീകരിച്ചിരുന്നത്. ഇന്ത്യയില്‍ ആമസോണിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോര്‍ച്ച്യൂണ്‍ മാസിക ആമസോണിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍, കാര്‍ട്ടൂണിനെതിരെ ശക്തമായ പ്രതിഷേധമാണ് അന്ന് അമേരിക്കയിലും ഇന്ത്യയിലും നടന്നത്. ചിത്രം വിവാദമായതോടെ ഫോര്‍ച്ച്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് അലന്‍ മ്യുറേ ട്വിറ്ററിലെത്തി മാപ്പ് ചോദിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദൈവമാണ് മഹാവിഷ്ണുവെന്നും അതിനാല്‍ നാടകീയ രംഗങ്ങള്‍ക്ക് വേണ്ടി പുനരാവിഷ്കരിക്കരുതെന്നും അന്ന് വിവിധ സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഗുരുത്വദോഷമാണോ അതോ അഹങ്കാരമാണോ എന്നറിയില്ല, ആമസോണിന് എന്തോ ശാപം കിട്ടിയിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം 2014ല്‍ അവര്‍ വിവാദ ഉല്പന്നങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ഇത്തവണ അവര്‍ വില്പനയ്ക്കു വെച്ചത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ലെഗിംഗ്‌സാണ്. 'യിസാം' എന്ന പേരിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ലെഗിംഗ്‌സും യോഗ പാന്റും അന്നവര്‍ പുറത്തിറക്കിയത്. ഗണപതി, ശിവന്‍, ബ്രഹ്മാവ്, വിഷ്ണു, മുരുകന്‍, ഹനുമാന്‍, രാമന്‍, രാധകൃഷ്ണ, കാളി തുടങ്ങിയ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങളായിരുന്നു ആമസോണ്‍ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. 48 മുതല്‍ 52 ഡോളര്‍ വരെയായിരുന്നു അതിന്റെ വില. സംഭവം വാര്‍ത്തയായതോടെ ആമസോണ്‍ 24 മണിക്കൂറിനകം ഉല്പന്നങ്ങള്‍ പിന്‍വലിച്ചു. വിവാദ ലെഗിംഗ്‌സിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിന്നു. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും പൂജാമുറിയിലുമാണ് ദൈവങ്ങളെ ബഹുമാനത്തോടെ ആരാധിക്കുന്നത്. കാലിലും ജനനേന്ദ്രയത്തിലും അരക്കെട്ടിലുമൊക്കെ കച്ചവട താത്പര്യത്തോടുകൂടി ദൈവങ്ങളെ ചിത്രീകരിച്ചത് അനുവദിക്കാനാവില്ലെന്ന് അവര്‍ പ്രതികരിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ലെഗിംഗ്‌സ് വില്പന അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിക്കുകയും മതവികാരണം വ്രണപ്പെടുത്തിയതില്‍ മാപ്പുചോദിക്കുകയും ചെയ്തു.

അടുത്തത് ഇന്ത്യന്‍ ദേശീയപതാകയാണ്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെ ദേശീയ പതാകയുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ നിബന്ധനകളുണ്ട്. ഇന്ത്യന്‍ ദേശീയ പതാകയ്ക്കുമുണ്ട് നിബന്ധനകള്‍. ഇന്ത്യന്‍ ദേശീയ പതാകയുടേയും ദേശീയ ഗാനത്തിന്റേയും ചരിത്രത്തെക്കുറിച്ചും അവ ഉപയോഗിക്കുകയും ആദരിക്കുകയും ചെയ്യേണ്ട നിബന്ധനകളെക്കുറിച്ചും മറ്റും ഈ ലിങ്കുകളില്‍ ലഭ്യമാണ്: ദേശീയ പതാക https://en.wikipedia.org/wiki/Flag_of_India, ദേശീയഗാനം - https://en.wikipedia.org/wiki/Jana_Gana_Mana. ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ ശിക്ഷാര്‍ഹരാണെന്ന കാര്യം പലരും മറക്കുന്നുണ്ടെന്ന് ചില സംഘടനകള്‍ ദേശീയപതാകയോട് കാണിക്കുന്ന അനാദരവില്‍ നിന്ന് മനസ്സിലാക്കാം. അമേരിക്കയിലെ പല സംഘടനകളും അക്കൂട്ടത്തില്‍ പെടും. ദേശീയ പതാക തലതിരിച്ചു കെട്ടിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഓ....അമേരിക്കയിലല്ലേ, ആര് കാണാന്‍' എന്നു പറയുന്നവരെയും കണ്ടിട്ടുണ്ട്.

ഇന്നലെ അബുദാബിയില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ദേശീയ പതാക തലതിരിച്ചാണ് പ്രദര്‍ശിപ്പിച്ചത്. സുസ്ഥിര ഊര്‍ജ്ജ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് മന്ത്രി അബുദാബിയിലെത്തിയത്. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഹാലിഹുമായി മന്ത്രി പീയുഷ് ഗോയല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് തലതിരിഞ്ഞ ഇന്ത്യന്‍ ദേശീയ പതാക കാണുന്നത് (ചിത്രം കാണുക). സൗദി പ്രസ് ഏജന്‍സി ട്വീറ്റ് ചെയ്ത ചിത്രമാണത്.

2015 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലതിരിച്ച് കെട്ടിയ ദേശീയ പതാകയ്ക്കു മുന്‍പില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആസിയാന്‍ ഉച്ചക്കോടിക്കിടെ മലേഷ്യയില്‍ മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയിരുന്നത്. പല സന്ദര്‍ഭങ്ങളിലും മന്ത്രിമാര്‍ പോലും ഇന്ത്യന്‍ ദേശീയ പതാകയെ ശ്രദ്ധിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.

ഗാന്ധിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരിക്കാം കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രം, സ്‌കെച്ച് തുടങ്ങിയവ മോശം സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചര്‍ക്ക തുടങ്ങിയവയുടെ ചിത്രങ്ങളും വികൃതമാക്കപ്പെടാവുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും, പൊതുകക്കൂസിന്‍െറ ഭിത്തി, ചവറ്റു കൊട്ട തുടങ്ങിയവയില്‍ അലങ്കാരമെന്ന പോലെ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ പരിപാടികള്‍ക്കും ഗാന്ധി ചിത്രങ്ങളോ മഹാത്മാവിന്‍െറ ഉപയോഗവസ്തുക്കളോ ദുരുപയോഗം ചെയ്യരുതെന്നും പറയുന്നു. ഖാദി ഗ്രാമവ്യവസായ കോര്‍പറേഷന്‍െറ കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഗാന്ധിജിയെ കുടിയിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിയേറിയതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പോയിരിക്കുന്നതെന്നത് വിരോധാഭാസമായി തോന്നുന്നു.

Read more

സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ?

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കുകയില്ല (ചുരിദാറിന്റെ മേലെ മുണ്ടുടുത്താല്‍ പ്രവേശിക്കാം).
അമേരിക്കയില്‍ അനുവാദമില്ലാതെ സ്ത്രീയെ കെട്ടിപ്പിടിച്ച് സെല്‍ഫിയെടുത്തു !

സ്ത്രീകളോടുള്ള പുരുഷവര്‍ഗത്തിന്റെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചോ എന്ന് മേല്പറഞ്ഞ സംഭവങ്ങള്‍ വിളിച്ചോതുന്നു. അതില്‍ ആദ്യത്തെ മൂന്നെണ്ണം 'വിശ്വാസത്തിന്റെ' പേരിലാണെങ്കില്‍ നാലാമത്തേത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി അവരുടെ പൗരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കാനോ, അതിക്രമങ്ങളും വിവേചനങ്ങളുമൊന്നുമില്ലാതെ, അവരുടെ വ്യക്തിസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതില്‍ പുരുഷമേധാവിത്വം ഒരു തടസ്സമായി തീരുന്നുവോ എന്ന തരത്തില്‍ പലകോണുകളില്‍ നിന്നുള്ള നിയന്ത്രണം അദൃശ്യമായി തുടരുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നവോത്ഥാന പോരാട്ടങ്ങളും സ്ത്രീ മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നുവരുന്ന അവഗണനാ മനോഭാവം മാറ്റിയെടുക്കേണ്ടത് സാമൂഹ്യബാധ്യതയാണ്. ദൈവ വിശ്വാസത്തിന്റെ പേരില്‍, മതവിശ്വാസത്തിന്റെ പേരില്‍, ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളില്‍ തളച്ചിടേണ്ടതാണോ സ്ത്രീ വംശം?

മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത് ചില മതമൗലികവാദികളുടെ സമ്മര്‍ദ്ദം മൂലമാണ്. 15-ാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദര്‍ഗ. അറേബ്യന്‍ കടലില്‍ 500 അടി ഉള്ളിലേക്കുമാറി വര്‍ളി തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദര്‍ഗ ലേഖകനും സന്ദര്‍ശിച്ചിട്ടുണ്ട്. 2010 വരെ ജാതിമതസ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമായിരുന്ന ഈ ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത് 2012-ല്‍ ആണ്. എന്തു കാരണം കൊണ്ടാണെന്ന് നിരോധനം ഏര്‍പ്പെടുത്തിയ ട്രസ്റ്റ് വെളിപ്പെടുത്തിയില്ലെങ്കിലും മതമൗലികവാദികളുടെ സമ്മര്‍ദ്ദമാണെന്ന് പിന്നീട് അവര്‍ക്ക് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നു. ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ.) മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ വിധി വന്നിട്ടുപോലും ഹാജി അലി ട്രസ്റ്റ് അംഗീകരിച്ചില്ല. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് വിശ്വാസത്തെ കൂട്ടുപിടിച്ച് ചില മതമൗലികവാദികള്‍ സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നു തന്നെയാണ്. കടലില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയ്ക്കകത്താണ് സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷായുടെ ഖബറിടം. അവിടെ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. സ്ത്രീകളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നത് പാപമാണെന്നായിരുന്നു ദര്‍ഗ ഭാരവാഹികളുടെ വാദം. 2012 വരെ ഇല്ലാതിരുന്ന ഈ വിശ്വാസം എങ്ങനെ അവര്‍ക്ക് കിട്ടി എന്നത് അജ്ഞാതം.

ഇതേ രീതി തന്നെയാണ് മഹാരാഷ്ട്രയിലെ തന്നെ ശനി ഷിഗ്‌നാപൂര്‍ ക്ഷേത്ര പ്രവേശനവും സ്ത്രീകള്‍ നേടിയെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. അവിടെയും സ്ത്രീ മുന്നേറ്റ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയപ്പോഴാണ് അധികൃതരുടെ കണ്ണു തുറന്നത്. ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.പി.) എന്ന സംഘടന പ്രക്ഷോഭം ആരംഭിക്കുകയും മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് കോടതി ഉത്തരവിലൂടെയാണ് ഈ ക്ഷേത്രത്തിലേക്ക് സ്ത്രീ പ്രവേശനം അനുവദനീയമായത്. മാസങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഈ അവകാശം അവര്‍ നേടിയെടുത്തതെന്ന് ഓര്‍ക്കണം. മഹാരാഷ്ട്ര ഹിന്ദു പ്ലെയ്സ് ഓഫ് വര്‍ഷിപ് ആക്ട് 1956 പ്രകാരം ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കിയാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അടുത്തതായി ശബരിമലയിലെ സ്ത്രീ പ്രവേശനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും അറിയാത്തവര്‍ വിരളമാണ്. എന്നാല്‍, അവിടെയും സ്ത്രീ പ്രവേശനം നിഷിദ്ധമാണ്. 55 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്കു മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ എന്ന് ക്ഷേത്രഭാരവാഹികളും ദേവസ്വം ബോര്‍ഡും ശഠിക്കുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് പുരോഗമനവാദികളും കോടതിയും ചോദിക്കുന്നു. ചരിത്രപരമായ, വിശ്വസനീയമായ ഒരു വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നുമില്ല. ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമുണ്ടോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്. പത്തിനും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പണ്ടുമുതലേ പ്രവേശം അനുവദിച്ചിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ ന്യായീകരണത്തിന് 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നോ എന്ന് ആര്‍ക്കാണറിവ് എന്നാണ് കോടതി ചോദിച്ചത്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്നത് അവരുടെ താല്‍പര്യമാണ്. ആര്‍ക്കാണത് തടയാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. എന്നാല്‍ പാരമ്പര്യവാദങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പറയുന്നു സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന്. അതിന് അവര്‍ പറയുന്ന ന്യായീകരണം 41 ദിവസത്തെ വ്രതവും ആര്‍ത്തവവുമാണ്. ആര്‍ത്തവകാലത്ത് വീട്ടില്‍ വിളക്ക് വെയ്ക്കാത്ത, അമ്പലങ്ങളിലും പള്ളികളിലും പോകാത്ത സ്ത്രീകളുള്ള നാട്ടില്‍, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ പ്രവേശനം വേണമെന്ന് പറഞ്ഞാല്‍ അതു നടക്കുന്ന കാര്യമല്ലെന്നാണവര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയവും ആചാരങ്ങളും തമ്മില്‍ കൂട്ടികുഴയ്ക്കരുതെന്ന് പറയുന്നവരും നിരവധിയാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവബുദ്ധിമുട്ട് ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ കയറുന്നതിന് മേല്‍പ്പറഞ്ഞ ക്ഷേത്രത്തിലെ താന്ത്രിക സങ്കല്‍പ്പം തടസ്സമാണെങ്കില്‍ അത് കാലോചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതല്ലേ എന്നാണ് പുരോഗമനവാദികള്‍ ചോദിക്കുന്നത്.

ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന്റെ അടുക്കളകളില്‍ പോലും പ്രവേശനമില്ലാത്ത വീടുകളുണ്ട്. സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ മാത്രം അത്രക്കും അപകടകാരിയാണോ അയിത്തം കല്പിക്കുന്ന ആര്‍ത്തവകാലം? സന്താനോല്പാദനത്തിന് വളരെ പ്രധാനപ്പെട്ട ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. അതും ദൈവീകമായ വരദാനം. ആര്‍ത്തവം ജൈവികമായ സ്വാഭാവിക പ്രക്രിയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ആര്‍ത്തവകാല വിലക്കുകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നു. ശബരിമല സീസണ്‍ ആയിക്കഴിഞ്ഞാല്‍ പമ്പയിലേക്കുള്ള ബസുകളില്‍ പോലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. പുരുഷന്നും സ്ത്രീക്കും ഒരുപോലെ പൊതുസ്ഥലങ്ങളും പൊതു സര്‍വീസുകളും ഉപയോഗിക്കാന്‍ തുല്യമായ അവകാശം ഭരണഘടനയിലൂടെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തുടരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് ബി.ആര്‍.പി പോലുള്ള സ്ത്രീ മുന്നേറ്റ സംഘടനകളുടെ വാദം. ആര്‍ത്തവം ദൈവീകമാണെങ്കില്‍ ആ ദൈവത്തെ കാണാന്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും അവര്‍ ചോദിക്കുന്നു. 

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള തര്‍ക്കം ഇത്രയും രൂക്ഷമാകാന്‍ കാരണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇടപെടലാണെന്ന് വ്യക്തമാണ്. മാറിമാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുകയും, കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ സുപ്രീം കോടതി വരെ കേസ് എത്തിയത്. എന്തുകൊണ്ടാണ് സ്ത്രീകളെ നിരോധിച്ചതെന്നുള്ള ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ ക്ഷേത്രക്കമ്മിറ്റിയ്‌ക്കോ ദേവസ്വം ബോര്‍ഡിനോ സാധിച്ചിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നോ, സ്ത്രീകള്‍ അവിടെ പൂജ ചെയ്തിരുന്നോ, സ്ത്രീകള്‍ വേദമന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ പാടില്ലെന്ന ആചാരമുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ക്ഷേത്രാധികാരികള്‍ക്ക് കഴിഞ്ഞില്ല. പക്ഷെ, സ്ത്രീകള്‍ക്ക് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ശബരിമല വിഷയം കോടതി സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് സാഹചര്യം മുതലെടുത്ത് മഹാരാഷ്ട്രയിലെ സ്ത്രീസന്നദ്ധ സംഘടനകള്‍ ജനുവരിയില്‍ ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കേ തന്നെ അയ്യപ്പന് സ്ത്രീകളെ ഭയമാണെന്ന വാദവുമായി ഡി.സി. ബുക്‌സ് ഒരു വീഡിയോ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. അയ്യപ്പനെന്തിനാണ് പെണ്ണിനെപ്പേടി എന്ന് വാദിക്കുന്ന 'റെഡി ടു വിസിറ്റ്' എന്ന ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നു.  വീഡിയോ ഈ ലിങ്കില്‍ കാണാം: https://youtu.be/p-pri2eDEa4

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആര്‍ത്തവം ദൈവീകമാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കരുതെന്നും ആല്‍ബത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. എസ്.വി റിഷിയുടെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സഞ്ജീവ് എസ് പിള്ളയാണ്. ദീപയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

അടുത്തത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. വിശ്വപ്രശസ്തമായ ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ അതിവിചിത്രവും സാമൂഹ്യനീതിക്ക് ചേരാത്തതുമാണ്. മാന്യമായി വസ്ത്രം ധരിച്ച് ഏതു സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കേ 'ഞങ്ങളതിനു സമ്മതിക്കില്ല' എന്ന ശാഠ്യവുമായി ക്ഷേത്രം അധികൃതരും ചില ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത് അപലപനീയമാണ്. ആചാരമനുസരിച്ച് ചുരിദാറിന് മുകളില്‍ മുണ്ട് ധരിച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ കയറ്റുകയുള്ളൂവെന്ന വിചിത്രമായ വാദവുമായാണ് അവര്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. പുരുഷന്മാര്‍ മുണ്ടു മാത്രമുടുത്ത് ബാക്കിഭാഗം നഗ്‌നമാക്കി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മാന്യമായി വേഷം ധരിച്ചെത്തുന്ന സ്ത്രീകളോട് 'പോയി മുണ്ടുടുത്തോണ്ട് വാ പെണ്ണേ' എന്നു പറഞ്ഞ് തിരിച്ചയക്കുന്നത് ദൈവത്തെപ്പോലും വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ?

ഇനി അമേരിക്കയിലെ മലയാളി സ്ത്രീകളിലേക്ക് വരാം. കേരളത്തിലെപ്പോലെ ആരാധനാലയങ്ങളില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അത് അംഗീകരിക്കുകയുമില്ല. അപ്പോള്‍ കര്‍ശനമായ നിയമവ്യവസ്ഥയുണ്ടെങ്കില്‍ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും, സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല എന്നു സാരം. അമേരിക്കയില്‍ സ്ത്രീപ്രാതിനിധ്യമില്ലാത്ത ഒരൊറ്റ സംഘടന പോലുമില്ലെന്നു പറയാം. മിക്കവാറും എല്ലാ സംഘടനകള്‍ക്കും വിമന്‍സ് ഫോറം അല്ലെങ്കില്‍ വിമന്‍സ് വിംഗ് ഉണ്ട്. നിരവധി ആക്റ്റിവിസ്റ്റുകള്‍ അവയില്‍ അംഗങ്ങളായുമുണ്ട്. ഒരു പോഷക സംഘടനപോലെ അവര്‍ മാതൃസംഘടനകളുടെ ഉന്നമനത്തിനും, അതുവഴി സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നു. തൊഴില്‍ മേഖലകളില്‍ അവര്‍ ഉന്നതിയിലെത്തുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വീണുകിട്ടുന്ന സമയം അവര്‍ സാമൂഹ്യസേവനത്തിനു വേണ്ടി നീക്കിവെയ്ക്കുന്നു. എന്നാല്‍, കുടുംബത്തിലെ പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തിലല്ലാതെ സൂര്യാസ്തമയത്തിനുശേഷം 'നല്ല സ്ത്രീകള്‍' വീട്ടിനുപുറത്തിറങ്ങുകയില്ലെന്ന ധാരണ മനസ്സുകളില്‍ ആഴത്തില്‍ ഉറഞ്ഞുകിടക്കുന്ന ചില മലയാളികള്‍ അമേരിക്കയിലുമുണ്ട്. അവര്‍ സ്വന്തം ഭാര്യമാര്‍ മറ്റു പുരുഷന്മാരുമായി ചേര്‍ന്ന് സംഘടനാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ അതൃപ്തിയുള്ളവരുമാണ്. അമേരിക്കയിലെത്തിയിട്ടും, ഔദ്യോഗിക-സാമ്പത്തിക-സാമൂഹിക-സാംസ്‌ക്കാരികപരമായി ഉന്നതിയിലെത്തിയിട്ടും ഈ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ അനവധിയുണ്ടിവിടെ. എവിടെയും പുരുഷന്മാര്‍ മാത്രം മതി. സ്ത്രീകള്‍ ധനസമ്പാദനത്തിനും മക്കളെ പ്രസവിക്കാനും മാത്രമുള്ള ഉപകരണമായി മാത്രം അവര്‍ കാണുന്നു.

എന്നാല്‍, അമേരിക്കന്‍ മലയാളികളില്‍ തന്നെ അറിയപ്പെടുന്ന നിരവധി സ്ത്രീകളെ നമുക്ക് പൊതുവേദികളില്‍ കാണാന്‍ കഴിയും. സംഘടനാ നേതൃത്വം വഹിക്കുന്നവര്‍ നിരവധിയുണ്ട്. അവര്‍ വളരെ സോഷ്യലായി എല്ലാവരോടും ഇടപെടുന്നു. ആ ഇടപെടല്‍ കാണുമ്പോള്‍ ചിലരുടെ മനസ്സുകളില്‍ 'ലഡ്ഡു പൊട്ടുന്നത്' സ്വാഭാവികം. ലഡ്ഡു പൊട്ടിക്കാന്‍ നടക്കുന്ന സ്ത്രീകളുമുണ്ടാകാം. പക്ഷെ, 'കംഫര്‍ട്ട് സോണില്‍' നിന്നുകൊണ്ടുതന്നെ അവര്‍ പുരുഷന്മാരോടിടപെടുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു, തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു, കുശലാന്വേഷണങ്ങള്‍ നടത്തുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു..... എല്ലാം വിശ്വാസത്തിന്റെ പേരില്‍. ഏതെങ്കിലും സ്ത്രീകള്‍ അല്പം അമിതസ്വാതന്ത്ര്യം കാണിച്ചാല്‍ 'മനസ്സില്‍ ലഡ്ഡു പൊട്ടുന്നവര്‍' സാഹചര്യം ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ആ ചൂഷണത്തെ സ്ത്രീ എതിര്‍ക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവളെ സമൂഹത്തിനു മുന്‍പില്‍ അപഹാസ്യയാക്കാനായിരിക്കും പിന്നെയുള്ള ശ്രമം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇങ്ങനെയൊരു മാനസിക വൈകൃതമുണ്ടാകുന്നത്?  എന്തുകൊണ്ടാണ് സംഘടനകളും പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും, സാമൂഹ്യ-സാംസ്‌ക്കാരിക-തൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ സ്ത്രീകള്‍ ഏറെ മുന്നോട്ടു ഗമിച്ചിട്ടും, വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുന്നത്?

Read more

നഴ്‌സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്‌സുമാരും (ഭാഗം രണ്ട്)

കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചതുപോലെ ഇതൊരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. സാധാരണ പൊതുജനങ്ങള്‍ അറിയാത്ത നിരവധി ഘടകങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ഒരുപക്ഷെ കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നിയമപരമായിത്തന്നെ ഏത് കേസും വാദിച്ച് ജയിക്കാം. എന്നാല്‍ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്നുകൂടി വ്യക്തമാക്കുകയും ചെയ്യുന്നു. ഓരോരോ കേസുകള്‍ക്കും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടത്. അവയുടെ നിയമസാധുതയെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചതിനുശേഷമേ തീരുമാനമെടുക്കാവൂ. കോടതികളില്‍ ബോധിപ്പിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണമെന്നു മാത്രമല്ല തെളിവുകളും ഹാജരാക്കണം. ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗങ്ങള്‍ അറിയാത്തവര്‍ പരിഭാഷകരെ നിയോഗിക്കാം. അതും കോടതികളില്‍ അനുവദനീയമാണ്. സ്വന്തം ചിലവില്‍ പരിഭാഷകരെ നിയോഗിക്കാന്‍ കഴിവില്ലെങ്കില്‍ ആ വിവരം കോടതിയെ അറിയിച്ചാല്‍ സര്‍ക്കാര്‍ ചിലവില്‍ അവരെ നിയോഗിച്ചുതരും. യാതൊരു കാരണവശാലും പക്ഷഭേദം കാണിക്കാത്ത ജഡ്ജിയാണ് തീര്‍പ്പു കല്പിക്കുന്നതെന്നും, കോടതികളില്‍ വൈകാരികഭാവങ്ങള്‍ക്കോ പ്രകോപിത വികാരങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ലെന്നും ഓര്‍ക്കണം. കൂടാതെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ജഡ്ജിമാര്‍ എല്ലാവരും ശ്ലാഘ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രീതി സമ്പാദിച്ചവരാണ്. യാതൊരുവിധത്തിലുമുള്ള വിവേചനവും കാണിക്കാത്ത വ്യക്തിത്വത്തിനുടമകളാണ് എല്ലാവരും. 

ലോംഗ് ഐലന്റില്‍ അറസ്റ്റിലായ നഴ്‌സുമാരെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊസിക്യൂട്ട് ചെയ്തു കാണാനിടയില്ലെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. എങ്കിലും അവരുടെ കേസ് ഫയലുകള്‍ ലീഗല്‍ അഫയേഴ്‌സില്‍ എത്തിക്കാണണം. ആ വിവരം അറ്റോര്‍ണി ജനറല്‍ ഓഫീസിനും (ഏജീസ്) അറിയാം. ഇങ്ങനെയുള്ള കേസുകളില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനമെടുക്കുന്നത് എജീസ് ഓഫീസിന്റെ തീരുമാനം കഴിഞ്ഞതിനുശേഷമായിരിക്കും. അവരുടേത് ക്രിമിനല്‍ വകുപ്പാണെന്നുള്ളതുകൊണ്ട് നഴ്‌സിംഗ് ലൈസന്‍സിനെ നേരിട്ട് ബാധിക്കുന്നത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റേയും വിചാരണയ്ക്കു ശേഷമായിരിക്കും. ഒരു കേസിന് മൂന്ന് ശിക്ഷയോ എന്ന് പലരും സംശയിച്ചേക്കാം. എന്നാല്‍ അതാണ് നിയമം. തന്നെയുമല്ല, ഒരു കേസില്‍ ഉള്‍പ്പെട്ട മെഡിക്കല്‍ പ്രൊഫഷണലുകള്‍ അവരുടെ കേസ് തീര്‍പ്പാക്കുന്നതുവരെ ഏതെങ്കിലും മെഡിക്കല്‍ ഫെസിലിറ്റികളില്‍ സമാന ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമല്ല.

അറ്റോര്‍ണി ജനറല്‍ കേസ് വിചാരണ നടത്തുന്നത് കോടതികളിലാണ്. എന്നാല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിചാരണ നടത്തുന്നത് റീജന്‍ ഓഫീസുകളിലെ ഹിയറിംഗ് റൂമുകളിലുമാണ്. മേല്പറഞ്ഞ നഴ്‌സുമാരുടെ കേസുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതിനോടകം തന്നെ സ്‌റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ശേഖരിച്ചുകാണും. കിട്ടാവുന്നതിന്റെ പരമാവധി വിവരങ്ങള്‍ അവര്‍ ശേഖരിക്കും. അതില്‍ അബ്യൂസ് ചെയ്ത വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ പൂര്‍ണ്ണ വിവരങ്ങള്‍, അബ്യൂസ് ചെയ്യപ്പെട്ട റസിഡന്റിന്റെ പൂര്‍ണ്ണവിവരങ്ങള്‍, സാക്ഷി മൊഴി, ഫോട്ടോഗ്രാഫുകള്‍, റസിഡന്റിന്റെ കെയര്‍ പ്ലാന്‍, കഴിക്കുന്ന മരുന്നുകള്‍, അലര്‍ട്ട് ഇന്‍ഫര്‍മേഷന്‍, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍/ഡയറക്ടര്‍/അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം പ്രത്യേക ഫോര്‍മാറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ അവര്‍ ജോലിക്ക് അപേക്ഷിച്ച സമയത്തുള്ള രേഖകളും, ബയോഡേറ്റയുമോക്കെ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ഫയല്‍ ആയിരിക്കും ലീഗല്‍ അഫയേഴ്‌സില്‍ എത്തുക. ഒരു റസിഡന്റ് മരിച്ചതുകൊണ്ട് ഈ കേസ് അല്പം സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്രഗത്ഭരായ അഭിഭാഷകരെ വേണം ഈ കേസ് ഏല്പിക്കാന്‍ എന്ന് കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. 

ഒരു കേസ് ഫയല്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറ്റോര്‍ണിയുടെ കൈയ്യില്‍ എത്തുന്നതിനുമുന്‍പ് അതിലെ വിവരങ്ങള്‍ ട്രാക്കിംഗ് സിസ്റ്റത്തില്‍ എന്‍ട്രി ചെയ്യുന്നതോടെ കേസ് നമ്പര്‍ ലഭിക്കുന്നു. ഈ നമ്പറിലാണ് പിന്നീട് എല്ലാ കറസ്‌പോന്‍ഡന്‍സും നടക്കുന്നത്. ഫയലില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഡോക്യുമെന്റാണ് 'കേസ് ഹിസ്റ്ററി.' കേസിനെക്കുറിച്ച് ചുരുക്കിയെഴുതിയിരിക്കുന്ന ആ ഹിസ്റ്ററിയില്‍ എല്ലാമുണ്ടാകും. അതിന്റെ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ്‌സ് വേറെയും. കേസില്‍ തീര്‍പ്പു കല്പിക്കാന്‍ വര്‍ഷങ്ങളോളം ഫയല്‍ സൂക്ഷിക്കാറില്ല. കേസ് ഹിസ്റ്ററി വായിച്ചു കഴിയുമ്പോള്‍ അറ്റോര്‍ണിക്ക് കേസിനെക്കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടും. പിന്നെ സമയം കളയാതെ ഒരു ലറ്റര്‍ പ്രതിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. 'Commissioner's Designee Letter' എന്നറിയപ്പെടുന്ന മൂന്നു പേജുള്ള ആ ലറ്ററില്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേസ് ഹിസ്റ്ററിയില്‍ ചുരുക്കിയെഴുതിയിരിക്കുന്ന ഭാഗം പകര്‍ത്തിയതായിരിക്കും. പിന്നെ കേസിന്റെ വകുപ്പുകള്‍, നിബന്ധനകള്‍, പ്രതിയുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കൂടാതെ, "ഈ കേസ് ചോദ്യം ചെയ്യപ്പെടുകയോ, കുറ്റകൃത്യം നിഷേധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിനെ വെല്ലുവിളിക്കുകയോ ചെയ്താല്‍ സ്‌റ്റേറ്റിന്റെ പ്രൊസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നു മാത്രമല്ല, ഒരുപക്ഷെ ലൈസന്‍സ് നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും, കേസില്‍ തോറ്റാല്‍ ഓരോ കുറ്റത്തിനും രണ്ടായിരം ഡോളര്‍ വീതം പിഴയടക്കേണ്ടിയും വരും.." എന്ന് പ്രത്യേകം എഴുതിയിട്ടുണ്ടാകും. ഈ ഭാഗം ഒരു 'ട്രാപ്പ്' ആണെന്ന് പലര്‍ക്കും അറിയില്ല. അശ്രദ്ധകൊണ്ടോ അജ്ഞത കോണ്ടോ ആ ട്രാപ്പില്‍ കുരുങ്ങിയവര്‍ നിരവധിയാണ്. ആ ലറ്ററിന്റെ കൂടെ മൂന്ന് അറ്റാച്‌മെന്റുകളുണ്ടാകും. അവ ഇപ്രകാരമാണ്: 1) WAIVER FORM - "ലറ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണ്. ഞാന്‍ അത് സമ്മതിക്കുന്നു. കമ്മീഷണറുടെ തീരുമാനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു...എനിക്കതില്‍ യാതൊരു പരാതിയുമില്ല. എന്റെ ലൈസന്‍സ് റദ്ദാക്കുകയോ ഓരോ കുറ്റകൃത്യത്തിനും രണ്ടായിരം ഡോളര്‍ പിഴ ചുമത്തുകയോ ചെയ്യുന്നതിന് കമ്മീഷണര്‍ക്ക് ഞാന്‍ പൂര്‍ണ്ണ സമ്മതം തരുന്നു, ഭാവിയില്‍ ഈ കേസ് ഞാന്‍ ചലഞ്ച് ചെയ്യുകയില്ല... " എന്നീ വിവരങ്ങളാണ് ഈ അറ്റാച്‌മെന്റിലുള്ളത്. താഴെ ഒപ്പ് രേഖപ്പെടുത്താനുള്ള സ്ഥലവുമുണ്ട്. 2) PRE-HEARING CONFERENCE REQUEST FORM - "കമ്മീഷണറുടെ കുറ്റാരോപണം ഞാന്‍ നിഷേധിക്കുന്നു. വിചാരണയ്ക്കു മുന്‍പ് എനിക്ക് സ്‌റ്റേറ്റ് അറ്റോര്‍ണിയുമായി സംസാരിക്കാന്‍ അനുവാദം തരണം.." 3) HEARING REQUEST FORM - ഇത് കുറ്റാരോപിതര്‍ക്ക് നേരിട്ടോ അഭിഭാഷകര്‍ വഴിയോ ഏജന്റുമാര്‍ വഴിയോ യൂണിയന്‍ വഴിയോ കോടതിയില്‍ കേസ് വാദിക്കാനുള്ള അപേക്ഷയാണ്. ഈ മൂന്ന് അറ്റാച്‌മെന്റുകളില്‍ ഏതു തിരഞ്ഞെടുക്കണമെന്ന് പ്രതികള്‍ക്ക് അവകാശമുണ്ട്. മുപ്പതു ദിവസത്തിനകം അത് അയക്കുകയും വേണം.

മെല്പറഞ്ഞ ഡോക്യുമെന്റുകള്‍ സര്‍ട്ടിഫൈഡ് മെയിലായും റഗുലര്‍ ഫസ്റ്റ് ക്ലാസ് മെയിലായുമാണ് അയക്കുന്നത്. അതാണ് നിയമവും. സ്‌റ്റേറ്റിന്റെ സര്‍ട്ടിഫൈഡ് മെയില്‍ കാണുമ്പോള്‍, അല്ലെങ്കില്‍ പോസ്റ്റ്മാന്‍ മഞ്ഞ കാര്‍ഡ് മെയില്‍ ബോക്‌സില്‍ ഇട്ടാല്‍, പലരും ആ സര്‍ട്ടിഫൈഡ് മെയില്‍ കളക്ട് ചെയ്യാറില്ല. അഡ്രസ്സില്‍ കാണുന്ന ആള്‍ ഒപ്പിടാതെ പോസ്റ്റ്മാന്‍ അത് കൈമാറുകയുമില്ല. എന്നാല്‍, റഗുലര്‍ മെയില്‍ പ്രതിയുടെ മെയില്‍ ബോക്‌സിലുണ്ടാകും. മൂന്നു പ്രാവശ്യം സര്‍ട്ടിഫൈഡ് മെയില്‍ ഡെലിവറി ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ പോസ്റ്റ് ഓഫീസ് അത് തിരിച്ച് ലീഗല്‍ അഫയേഴ്‌സിനയക്കും. എന്തു കാരണം കൊണ്ടാണ് തിരിച്ചയക്കുന്നതെന്ന് കവറിനു പുറത്ത് എഴുതിയിട്ടുണ്ടാകും. കൂടാതെ എത്ര പ്രാവശ്യം അത് ഡെലിവറി ചെയ്യാന്‍ ശ്രമിച്ചു എന്നും, തിയ്യതികളുമുണ്ടാകും (മൂന്നു പ്രാവശ്യം ശ്രമിക്കണമെന്നാണ് നിയമം). ആ കവര്‍ ഇവിടെ കിട്ടിക്കഴിഞ്ഞാല്‍ അത് ഫയലില്‍ സൂക്ഷിക്കും. കൃത്യം 30 ദിവസം കഴിഞ്ഞ് 'ഫ്‌ലാഗ്' ചെയ്ത ഫയല്‍ നോക്കി മറുപടി വന്നോ അതോ കവര്‍ തിരിച്ചുവന്നോ എന്ന് പരിശോധിക്കും. 

ധമെയിലുകള്‍ തിരിച്ചു വരുന്നത് പല കാരണങ്ങളാലായിരിക്കും. "അഡ്രസില്‍ പറഞ്ഞിരിക്കുന്ന വ്യക്തി താമസം മാറ്റി, ഫൊര്‍വേഡിംഗ് അഡ്രസ് ഫയലില്‍ ഇല്ല" എന്നാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ക്ക് ചെയ്തിട്ടുള്ളതെങ്കില്‍ പുതിയ അഡ്രസ് തേടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബെയ്‌സിലേക്കാണ് അന്വേഷണം പോകുന്നത് (ലീഗല്‍ ഡിവിഷന് ഈ ഡാറ്റാബെയ്‌സിലേക്കുള്ള ആക്‌സസ് ഉണ്ട്). അവിടെയും പുതിയ അഡ്രസ് ഇല്ലെങ്കില്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബെയ്‌സില്‍ അന്വേഷിക്കും. നഴ്‌സുമാര്‍ സ്ഥലം മാറി മറ്റൊരു സ്ഥലത്ത് ജോലി തേടുമ്പോള്‍ ആ സ്ഥാപനം പുതിയ അഡ്രസ് അപ്പോള്‍ തന്നെ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരിക്കും. അതുപോലെ തന്നെയാണ് നഴ്‌സസ് എയ്ഡ്‌സും. അവരുടെ അഡ്രസ് നഴ്‌സസ് എയ്ഡ് രജിസ്ട്രിയിലായിരിക്കും കൊടുക്കുക. ഇതെഴുതുവാന്‍ പ്രത്യേക കാരണവുമുണ്ട്. പലരും അഡ്രസ് മാറുന്നത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാറില്ല. എന്നാല്‍, അങ്ങനെയുള്ളവരെ കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് പല സംവിധാനങ്ങളുമുണ്ട്. അത് അടുത്ത ലക്കത്തില്‍.പ 

ഇനി മുകളില്‍ പറഞ്ഞിരിക്കുന്ന അറ്റാച്‌മെന്റിലെ ആദ്യത്തെ ഫോം ആണ് ഒപ്പിട്ട് അയച്ചിട്ടുള്ളതെങ്കില്‍ കേസില്‍ കൂടുതല്‍ സമയം ചിലവഴിക്കില്ല. പ്രതിയുടെ ഒപ്പോടുകൂടിയുള്ള രേഖ പ്രകാരം അറ്റോര്‍ണി ഒരു "Stipulation And Order" (ഉടമ്പടി) തയ്യാറാക്കുന്നു. അതിലും മേല്പറഞ്ഞ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ അക്കമിട്ട് എഴുതിയിട്ടുണ്ടാകും. നാലു പേജോളം വരുന്ന ഈ ഉടമ്പടി പ്രതിക്ക് അയച്ചുകൊടുക്കും. 30 ദിവസത്തിനകം അവരതില്‍ ഒപ്പു വെച്ച് അറ്റോര്‍ണിക്ക് തിരിച്ചയച്ചുകൊടുക്കണം. പിഴ കൊടുക്കണമെങ്കില്‍ പിഴ സംഖ്യയും എഴുതിയിട്ടുണ്ടാകും. പ്രതിയുടെ ഒപ്പോടുകൂടിയുള്ള ഉടമ്പടി തിരിച്ചുകിട്ടിക്കഴിഞ്ഞാല്‍ അറ്റോര്‍ണി അതില്‍ ഒപ്പ് വെച്ച് കമ്മീഷണറുടെ ഓഫീസിലേക്ക് കൊടുക്കും. കമ്മീഷണര്‍ അതില്‍ ഒപ്പു വെച്ചു കഴിഞ്ഞാല്‍ അതൊരു ലീഗല്‍ ഡോക്യുമെന്റ് ആയി. അത് ഡിസ്‌പൊസിഷന്‍ ഡാറ്റാബേസിലേക്ക് സ്കാന്‍ ചെയ്യുകയും ഒറിജിനല്‍ ഫയലില്‍ സൂക്ഷിക്കുകയും ചെയ്യും. കേസുകളുടെ വകുപ്പനുസരിച്ച് വിവിധ ഏജന്‍സികള്‍ക്കും, ബ്യൂറോകള്‍ക്കും, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും അതിന്റെ ഇലക്ട്രോണിക് കോപ്പികള്‍ അയച്ചുകൊടുക്കും. അതില്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, അറ്റോര്‍ണി ജനറല്‍, റീജനല്‍ ഓഫീസ്, സ്‌റ്റേറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (നഴ്‌സസ് ആണെങ്കില്‍), നഴ്‌സസ് എയ്ഡ് രജിസ്ട്രി എന്നിവയൊക്കെ ഉള്‍പ്പെടും.

രണ്ടാമത്തെ ഡോക്യുമെന്റ് (PRE-HEARING CONFERENCE REQUEST FORM) ആണ് അയക്കുന്നതെങ്കില്‍ അറ്റോര്‍ണി പ്രതിയുമായി നേരിട്ട് ടെലഫോണില്‍ സംസാരിക്കും. ആ സമയത്ത് എന്തു ചോദ്യവും പ്രതിക്ക് അറ്റോര്‍ണിയോട് ചോദിക്കാം. നേരിട്ട് മുഖാമുഖം സംസാരിക്കണമെങ്കില്‍ അതിനും അറ്റോര്‍ണി സമ്മതിക്കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം തിരഞ്ഞെടുത്ത് ഏത് റീജനല്‍ ഓഫീസിന്റെ പരിധിയിലാണോ കേസ് ഉള്‍പ്പെട്ടിരിക്കുന്നത് ആ ഓഫീസിലായിരിക്കും കോണ്‍ഫറന്‍സിന് സൗകര്യം ചെയ്യുന്നത്. പ്രതിക്ക് പറയാനുള്ളത് എല്ലാം അപ്പോള്‍ പറയാം. കുറ്റകൃത്യം നിഷേധിക്കുകയാണെങ്കില്‍ എന്തുകൊണ്ട് എന്നതിന്റെ വിശദാശംങ്ങളും, വേണ്ടിവന്നാല്‍ തെളിവുകളും നല്‍കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില ധാരണകളോടെ പല കേസുകളും ഒത്തുതീര്‍പ്പാക്കാറുണ്ട്. കാരണം, കേസ് വാദിക്കാന്‍ നിന്നാല്‍ ഇരുകൂട്ടര്‍ക്കും പല നഷ്ടങ്ങളും ഉണ്ടാകുമെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ. കേസിന്റെ ഗൗരവമനുസരിച്ച് ചില കേസുകളില്‍ നഴ്‌സുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യാറുണ്ട്. ചിലര്‍ക്ക് പിഴ ചുമത്തും. ചിലര്‍ക്ക് രണ്ടുമുണ്ടാകും. എല്ലാം അറ്റോര്‍ണിയുടെ മുമ്പാകെ പ്രതിയുടെ സമീപനത്തേയും തെളിവുകള്‍ നല്‍കുന്നതിനേയും വിവരങ്ങള്‍ പറയുന്നതിനേയും ആശ്രയിച്ചിരിക്കും. 

മൂന്നാമത്തെ HEARING REQUEST FORM ആണ് അയക്കുന്നതെങ്കില്‍ അതില്‍ പ്രതിയുടെയോ പ്രതിഭാഗം വക്കീലിന്റേയോ പൂര്‍ണ്ണ വിവരങ്ങളെല്ലാം വ്യക്തമായി നല്‍കിയിരിക്കണം. ഈ ഫോറം ലഭിച്ചുകഴിഞ്ഞാല്‍ ബ്യൂറോ ഓഫ് അഡ്ജുഡിക്കേഷനില്‍ വിവരമറിയിക്കും. അവിടെയാണ് ജഡ്ജിമാര്‍. അവരുടെ ലഭ്യതയും പ്രൊസിക്യൂഷന്‍ അറ്റോര്‍ണിയുടെ ലഭ്യതയും കൂടി നോക്കിയിട്ടാണ് വിചാരണയ്ക്കുള്ള തിയ്യതി അറ്റോര്‍ണി നിശ്ചയിക്കുന്നത്. വിചാരണ നേരിടാന്‍ തയ്യാറാകുന്ന പ്രതികള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ചും ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുന്ന നഴ്‌സസ് എയ്ഡുമാരെക്കുറിച്ചും അടുത്തതില്‍....... 

(തുടരും....) 

Read more

നഴ്‌സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്‌സുമാരും (ഭാഗം ഒന്ന്)

ലോംഗ് ഐലന്റ് യൂണിയന്‍ഡെയ്‌ലിലെ ഹോളി പാറ്റേഴ്‌സണ്‍ എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയില്‍ 81 വയസ്സുള്ള റസിഡന്റ് മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളെന്ന കുറ്റമാരോപിച്ച് രണ്ട് മലയാളി നഴ്‌സുമാരെയും ഒരു നഴ്‌സസ് എയ്ഡിനേയും അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത കണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നത് വായിക്കാനിടയായി. ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് അല്ലെങ്കില്‍ അതപ്പാടെ കോപ്പി ചെയ്ത് ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് സായൂജ്യമടഞ്ഞവരേയും കണ്ടു. ആ നഴ്‌സുമാര്‍ നമ്മുടെ മലയാളി സമൂഹത്തിലെ സഹോദരിമാരാണെന്ന പരിഗണന പോലും കൊടുക്കാതെ അവരെ തേജോവധം ചെയ്യുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് സംസ്‌ക്കാരസമ്പന്നരെന്ന് വിശേഷിപ്പിക്കുന്ന മലയാളികള്‍ക്ക് ഭൂഷണമല്ല. ഇന്ന് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് (അതോ കോടിക്കണക്കിനോ) നഴ്‌സുമാര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതവരുടെ അര്‍പ്പണബോധത്തിനും ആത്മാര്‍ത്ഥതയ്ക്കും അവര്‍ക്ക് കിട്ടിയ  അംഗീകാരമാണ്. അതുകൊണ്ടുതന്നെയാണ് മലയാളി നഴ്‌സുമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ മുന്‍ഗണനയും പരിഗണനയും ലഭിക്കുന്നതും.

അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത നഴ്‌സുമാരുടെ ചരിത്രം കുറിക്കുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച് ആ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കപ്പെടാന്‍, അല്ലെങ്കില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍, അവരെ സഹായിക്കാന്‍ കാര്യപ്രാപ്തിയുള്ള വ്യക്തികളോ സംഘടനകളോ നിലവിലുണ്ടോ എന്നുകൂടി അറിയാനുമാണ്. ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍, ഇന്തോ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ എന്നിങ്ങനെയുള്ള നഴ്‌സുമാരുടെ സംഘടനകള്‍ നഴ്‌സുമാര്‍ക്കായി പല സേവനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, നിയമക്കുരുക്കില്‍ പെടുന്ന നഴ്‌സുമാരെ രക്ഷപ്പെടുത്തിയെടുക്കാന്‍ പര്യാപ്തമായ സംവിധാനം ഈ സംഘടനകള്‍ക്കുണ്ടോ എന്നറിയില്ല.

ഇവിടെ നിയമക്കുരുക്കില്‍ പെട്ടിരിക്കുന്നത് മലയാളി സമൂഹത്തില്‍ നിന്നു തന്നെയുള്ള രണ്ട് നഴ്‌സുമാരാണ്. അവര്‍ ആരോ ആയിക്കൊള്ളട്ടേ, ആപത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് തുണയായി നില്‍ക്കേണ്ടവര്‍ തന്നെ നെഗേറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമങ്ങളില്‍കൂടി അപവാദം പടച്ചുവിടുന്നവര്‍ ആ നഴ്‌സുമാരുടെ മാനസികവ്യഥയെക്കുറിച്ചും ചിന്തിക്കണം. ആതുര ശുശ്രൂഷാ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം അവരുടെ റിസ്‌ക്കുകള്‍ എന്തെല്ലാമാണെന്ന്. ആശുപത്രികളായാലും നഴ്‌സിംഗ് ഹോമുകളായാലും നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും ഇതര ടെക്‌നീഷ്യന്മാരുടേയും ജോലി വളരെ അപകടം പിടിച്ചതാണ്. ഒരു നിമിഷത്തെ അശ്രദ്ധ മതി അവരുടെ ജോലി നഷ്ടപ്പെടാനും കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ച ലൈസന്‍സ് റദ്ദാകാനും. അതു മനസ്സിലാക്കാതെയാണ് പലരും കമന്റുകള്‍ അടിച്ചുവിടുന്നത്.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്‌സില്‍ (പ്രൊസിക്യൂഷന്‍) ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ട്, ഡിപ്പാര്‍ട്ട്‌മെന്റില്‍ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു ലഘുവിവരണം വായനക്കാരുമായി പങ്കു വെയ്ക്കാനാണ് ഈ ലേഖകന്‍ ശ്രമിക്കുന്നത്. ആര്‍ക്കെതിരെയും ആരോപണമുന്നയിക്കുകയോ, വ്യക്തിഹത്യ നടത്തുകയോ അല്ല ലക്ഷ്യം. നമ്മള്‍ മലയാളികള്‍ ചിന്തിക്കുന്നതുപോലെ സര്‍ക്കാരില്‍ 'അയ്യോ പാവം' കളിച്ചാല്‍ ഒരു ദയയും ലഭിക്കുകയില്ലെന്നുകൂടി ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ.  വൈകാരിക പ്രകടനങ്ങള്‍ക്കും  ഇവിടെ പ്രസക്തിയില്ല. ലേഖകന് പരിചയമുള്ള പലരുടേയും കേസുകള്‍ വന്ന കൂട്ടത്തില്‍ 'അയ്യോ പാവം' കാണിച്ച് ചിലര്‍ക്ക് സഹായം ചെയ്തുകൊടുത്തതിന് എനിക്കിട്ട് ചിലര്‍ പാര വെച്ചതിനെക്കുറിച്ച് പിന്നീട് എഴുതാം. ഇത് ഒരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. ഒരുപക്ഷെ ചില വിവരങ്ങള്‍ ഇങ്ങനെയുള്ള കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നിയമപരമായി ഏത് കേസും വാദിച്ച് ജയിക്കാം. എന്നാല്‍ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ല.  കേസിനെ പ്രതികൂലമായി ബാധിക്കാവുന്ന യാതൊരു നീക്കവും സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഓരോ ദിവസവും നൂറു കണക്കിനു കേസ് ഫയലുകളാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ റീജനുകളില്‍ നിന്ന് ലീഗല്‍ ഡിവിഷനിലെത്തുന്നത്. ഓരോ റീജനുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസുകളുണ്ട്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ഓരോ കൗണ്ടികളിലുമുണ്ട് ഓഫീസ്. കംപ്ലെയ്ന്റിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് ഈ ഓഫീസുകളിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ്. എല്ലാവരും അവരവരുടെ ഫീല്‍ഡുകളില്‍ നല്ല പരിജ്ഞാനമുള്ളവരായിരിക്കും. ഉദാഹരണത്തിന് പേഷ്യന്റ് അബ്യൂസ്  കേസുകള്‍ അന്വേഷിക്കാന്‍ വരുന്നത് ഇരുപതും ഇരുപത്തഞ്ചും വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുള്ള വ്യക്തികളായിരിക്കും. അവര്‍ സ്‌റ്റേറ്റ് പരീക്ഷയെഴുതി ഗവണ്മെന്റ് സര്‍വ്വീസില്‍ കയറുന്നു. കേസ് അന്വേഷണവും ഫയല്‍ രൂപീകരണവുമൊക്കെ റീജനല്‍  ഓഫീസുകളില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അവ പ്രൊസിക്യൂഷനു വേണ്ടി ലീഗല്‍ അഫയേഴ്‌സിലേക്ക് അയക്കുന്നത്. എങ്ങനെയാണ് ഈ ലീഗല്‍ പ്രൊസസിഗ് നടക്കുന്നതെന്നും, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം... https://www.health.ny.gov/facilities/nursing/rights/docs/2013_nh_resident_abuse_report.pdf

ആരോഗ്യമേഖലകളിലെ എല്ലാ നിയമലംഘനവും പ്രൊസിക്യൂട്ട് ചെയ്യുന്നത് ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്‌സ് ആണ്. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍സ്, ആംബുലന്‍സ് സര്‍വീസ്, ഫ്യൂണറല്‍ ഹോംസ്, ഫാര്‍മസി, നര്‍ക്കോടിക്‌സ്, ഫുഡ് സ്റ്റാമ്പ്, ണീാലി കിളമി േമിറ ഇവശഹറൃലി (ണകഇ) ചെക്കുകള്‍, ഗ്രോസറിക്കടകള്‍ (ഫുഡ് സ്റ്റാമ്പ്, വിക് ചെക്ക് എടുക്കുന്നവ), അഡള്‍റ്റ് ഹോംസ്, ഹോം കെയര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍സ്, റസ്പിറ്റോറി, നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റര്‍, നഴ്‌സിംഗ് ഹോം ഓപ്പറേറ്റര്‍, നഴ്‌സസ്, നഴ്‌സിംഗ് അസിറ്റന്റ്‌സ്, നഴ്‌സ് പ്രാക്ടീഷണര്‍, ഡോക്ടര്‍മാര്‍, ഹോം നഴ്‌സസ് എന്നുവേണ്ട നൂറു കണക്കിന് പൊതുജനാരോഗ്യ മേഖലകളിലെ കേസുകളൊക്കെ അതില്‍ ഉള്‍പ്പെടും. ഈ ഫീല്‍ഡിലെല്ലാം പ്രാവീണ്യം നേടിയ അതിവിദഗ്ദ്ധരായ അറ്റോര്‍ണിമാരാണ് കേസ് വാദിക്കാന്‍ കോടതിയിലെത്തുന്നത്. അവരുടെ വാദങ്ങളെ ഘണ്ഡിക്കാന്‍ അവരേക്കാള്‍ വൈഭവമുള്ള അറ്റോര്‍ണിമാര്‍ തന്നെ വേണം. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണിമാര്‍ അവരുടെ ഭാഗം ജയിക്കാന്‍ തീവ്രശ്രമമായിരിക്കും നടത്തുക. കാരണം 'തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല' എന്ന ചിന്താഗതിക്കാരാണ് ഭൂരിഭാഗം പേരും.

കേസ് ഫയലുകള്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ എന്താണിവിടെ നടക്കുന്നതെന്നോ, ആ ഫയലുകളില്‍ എന്തെല്ലാം രേഖകളാണ് അടങ്ങിയിരിക്കുന്നതെന്നോ, കേസ് കൈകാര്യം ചെയ്യാന്‍ ഏത് അറ്റോര്‍ണിയെയാണ് നിര്‍ണ്ണയിക്കുന്നതെന്നോ പുറത്തുള്ള ആര്‍ക്കും അറിയില്ല. പ്രമാദമായ കേസുകള്‍ വാദിക്കാന്‍ പോലും പ്രത്യേക പരിശീലനം ലഭിച്ച അറ്റോര്‍ണിമാരാണ് സര്‍ക്കാരിലുള്ളത്. അവര്‍ ഒരു കേസ് ഏറ്റെടുത്താല്‍ ജയിക്കുമെന്നുറപ്പ്. ലീഗല്‍ അഫയേഴ്‌സില്‍തന്നെ വ്യത്യസ്ഥ ബ്യൂറോകളുണ്ട്. ഓരോ ബ്യൂറോയിലും ഡയറക്ടര്‍മാരുമുണ്ട്. ആ ഡയറക്റ്റര്‍മാരുടെ കീഴില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം നേടിയ പത്ത് അറ്റോര്‍ണിമാരെങ്കിലുമുണ്ടാകും. ബ്യൂറോ ഡയറക്ടര്‍മാരുടെ സുപ്പീരിയര്‍ ആയി ജനറല്‍ കൗണ്‍സലുമുണ്ട്. കൂടാതെ ബ്യൂറോ ഓഫ് അഡ്ജുഡിക്കേഷനില്‍ ജഡ്ജിമാരുമുണ്ട്. അവിടെയുമുണ്ട് ഒരു ഡയറക്ടര്‍. ആ ജഡ്ജിമാരാണ് വിധി നിര്‍ണ്ണയിക്കുന്നത് (അറ്റോര്‍ണി ജനറല്‍ കേസുകള്‍ സാധാരണ കോടതികളില്‍ വിചാരണ നടത്തും). ഇവരെല്ലാവരും ഹെല്‍ത്ത് കമ്മീഷണറുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരാണ്. ഹെല്‍ത്ത് കമ്മീഷണറാകട്ടേ ഗവര്‍ണ്ണറുമായും. ഇങ്ങനെ ഒരു ചെയ്ന്‍ ഓഫ് കമാന്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം അട്ടിമറിക്കാനോ അവരുടെ തീരുമാനങ്ങളെ നിസ്സാരവത്ക്കരിക്കാനോ പത്രവാര്‍ത്തകള്‍ക്കോ നെഗേറ്റീവ് കമന്റുകള്‍ക്കോ സാധിക്കുകയില്ല എന്നുകൂടി ഇത്തരുണത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു.

ഭാഷാ പ്രശ്‌നമുണ്ടെന്നോ, ജോലിഭാരം കാരണം ക്ഷീണമായിരുന്നെന്നോ, സഹപ്രവര്‍ത്തകര്‍ അസൂയാലുക്കളാണെന്നോ, ഫെസിലിറ്റിയില്‍ സ്റ്റാഫ് കുറവായിരുന്നെന്നോ ഒന്നും ഒരു കാരണമായി ഈ കേസുമായി ബന്ധപ്പെടുത്തി വാദിക്കാന്‍ കഴിയില്ല. ഈ കേസില്‍ നഴ്‌സുമാര്‍ ജോലി ചെയ്തിരുന്ന  നഴ്‌സിംഗ് ഹോമിനെതിരായി മറ്റൊരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ടായിരിക്കും. റസിഡന്റ് മരണപ്പെട്ടതിന് അവരും ഉത്തരവാദികളാണ്. ഒരുപക്ഷെ എമര്‍ജന്‍സി അലാറം കേടായിരുന്നെങ്കിലോ എന്ന വാദത്തിനും ഇവിടെ പ്രസക്തിയില്ല. കാരണം അത് കേടാകാതിരിക്കാന്‍ നോക്കേണ്ടത് നഴ്‌സിംഗ് ഹോമിന്റെ ഉത്തരവാദിത്വമാണ്. ഏതായാലും ആ കേസ് കൈകാര്യം ചെയ്യുന്നത് ലീഗല്‍ അഫയേഴ്‌സിലെ തന്നെ നഴ്‌സിംഗ് ഹോം പ്രൊസിക്യൂട്ടര്‍മാരായിരിക്കും.

മേല്പറഞ്ഞ മലയാളി നഴ്‌സുമാരുടെ കേസ് നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ചില മാധ്യമങ്ങളില്‍ കണ്ടു. കേസിന്റെ ഗൗരവം മനസ്സിലാക്കാതെയുള്ള അത്തരം വാര്‍ത്തകളും കമന്റുകളും ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഈ കേസ് വ്യത്യസ്ഥ സ്വഭാവമുള്ളതുകൊണ്ടാണ് അറ്റോര്‍ണി ജനറല്‍ നേരിട്ട് ഏറ്റെടുത്ത് പ്രൊസിക്യൂട്ട് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം കഴിഞ്ഞതിനുശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനിക്കുന്നത് അവരത് ഏറ്റെടുക്കണോ വേണ്ടയോ എന്ന്. ദുര്‍ബ്ബലമായ കേസുകള്‍ അറ്റോര്‍ണി ജനറല്‍ പ്രൊസിക്യൂട്ട് ചെയ്യാറില്ല. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രൊസിക്യൂഷന്‍ കഴിഞ്ഞാല്‍ കമ്മീഷണറുടെ ഓര്‍ഡര്‍ അറ്റോര്‍ണി ജനറലിന് അയച്ചുകൊടുക്കും. അവരത് പരിശോധിച്ചതിനുശേഷമാണ് അന്വേഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഇവിടെ നടന്നത് 81 വയസ്സുള്ള ഒരു റസിഡന്റ്, അതും വെന്റിലേറ്ററിനെ ആശ്രയിക്കുന്ന, മരണപ്പെട്ടതാണ്. അറസ്റ്റു ചെയ്യപ്പെട്ടവരെ സ്വന്തം ജാമ്യത്തില്‍ വിട്ടു എന്നു വെച്ച് അവരെ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന് ഓര്‍ക്കണം."The charges are merely accusations, and the defendants are presumed innocent until and unless proven guitly." എല്ലാ കേസുകളിലും സാധാരണ പറയുന്ന ഭാഷയാണിത്. അറ്റോര്‍ണി ജനറല്‍ ക്രിമിനല്‍ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. അതു കഴിഞ്ഞാല്‍ മൂന്ന് വ്യത്യസ്ഥ കേസുകളാണ് ഈ നഴ്‌സുമാര്‍ ഇനി നേരിടേണ്ടി വരിക. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രൊഫഷണല്‍ ലൈസന്‍സിംഗ് ബ്യൂറോയും (അവരാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണോ അതോ റദ്ദാക്കണോ എന്നു തീരുമാനിക്കുന്നത്). പിന്നെ മരണപ്പെട്ട റസിഡന്റിന്റെ ബന്ധുക്കള്‍ ഫയല്‍ ചെയ്യാവുന്ന സിവില്‍ കേസ്. അതേക്കുറിച്ച് അടുത്തതില്‍ വിശദീകരിക്കാം. ഏതായാലും ഈ രണ്ടു സഹോദരിമാര്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സഹായം എത്രയും വേഗം തേടണം. ശുപാര്‍ശകള്‍ക്കും കൈക്കൂലിക്കും ഇവിടെ പ്രസക്തിയില്ലെന്നും ഓര്‍ക്കണം. നേരിട്ട് ഈ കേസ് ഒരിക്കലും കൈകാര്യം ചെയ്യരുത്. വൈകാരിക പ്രകടനവും അരുത്. 

(തുടരും....)

Read more

ദേശ്‌വാസികള്‍ ദരിദ്രവാസികളായി

നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കേട്ട് ഞെട്ടിയത് ഭാരതീയര്‍ മാത്രമല്ല, ലോകം തന്നെയാണ്. മോദിയുടെ പ്രസ്താവനയും പ്രഖ്യാപനവും പ്രസംഗവുമെല്ലാം തുടങ്ങുന്നത് 'മേരേ പ്യാരേ ദേശ്‌വാസിയോം...' എന്നാണ്. ആ പ്യാരേയില്‍ തേനും പാലും ഒക്കെ അടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യക്കാര്‍ക്ക് അതുമതി. മേരേ പ്യാരേയില്‍ തുടങ്ങി എന്തുപറഞ്ഞാലും അവരത് വിശ്വസിക്കും. അങ്ങനെ നവംബര്‍ 8ന് വായും പൊളിച്ചിരുന്ന് മോദി പറയുന്നത് കേട്ട ദേശ്‌വാസികളെല്ലാം ജനുവരി 1 ആയതോടെ ദരിദ്രവാസികളായപ്പോള്‍, മറുവശത്തുള്ള അമീരി ലോഗ് (പണക്കാര്‍) കള്ളപ്പണക്കാരായി. നോട്ടുകള്‍ കെട്ടുകെട്ടായി വെച്ചിരുന്ന 'കള്ളപ്പണ'ക്കാരെ പിടികൂടാനായിരുന്നു പഴയ 500, 1000 നോട്ടുകള്‍ മോദി റദ്ദാക്കിയത്. പകരം 2000 രൂപയുടെ പുതിയ കറന്‍സി ഇറക്കുകയും ചെയ്തു. അതെന്തിനാ 2000 രൂപയുടെ പുതിയ കറന്‍സി എന്ന് ദോഷൈകദൃക്കുകള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഒരു ഉത്തരം മോദിയോ റിസര്‍വ്വ് ബാങ്കോ നല്‍കിയില്ല. കള്ളപ്പണക്കാര്‍ക്ക് എളുപ്പത്തില്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കിയതാണെന്നത് വേറെ ഭാഷ്യം. പുതിയ കറന്‍സികള്‍ അച്ചടി പൂര്‍ത്തിയാകുന്നതനുസരിച്ച് ബാങ്കുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച റിസര്‍വ്വ് ബാങ്ക് പക്ഷെ അവ കൈമാറിയത് കള്ളപ്പണക്കാര്‍ക്ക് തന്നെ. അതിന്റെ തെളിവാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ പുതിയ 2000 നോട്ടുകളാണ് റെയ്ഡിലൂടെയും മറ്റും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് കറന്‍സികള്‍ അപ്രാപ്യമായി, ബാങ്കുകളില്‍ പണമില്ല, എടിഎംല്‍ പണമില്ല. ജനം നെട്ടോട്ടമോടുന്നു..... ദരിദ്രവാസികളെപ്പോലെ.

നവംബര്‍ 8ന് മോദിയുടെ പ്രഖ്യാപനമനുസരിച്ച് 50 ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകേണ്ടതായിരുന്നു. ഡിസംബര്‍ 30ന് ജനം കാതോര്‍ത്തു....മോദിയുടെ പുതിയ പ്രഖ്യാപനത്തിനായി. അദ്ദേഹം വന്നു...പ്രസ്താവിച്ചു...പതിവുപോലെ 'മേരെ പ്യാരേ ദേശ്‌വാസിയോം..ല്‍ തുടങ്ങി. അദ്ദേഹമുണ്ടോ അറിയുന്നു ദേശ്‌വാസികള്‍ ദരിദ്രവാസികളായിത്തീര്‍ന്നെന്ന്. നോട്ട് നിരോധനത്തിലൂടെ 50 ദിവസമായി ദുരിതം നേരിടുന്നവര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും, ഒരു മാറ്റവും മോദി പ്രഖ്യാപിച്ചില്ല. പണഞെരുക്കം മാറ്റിയെടുക്കുന്ന നടപടികളൊന്നും പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, ബാങ്കുകളിലും എ.ടി.എമ്മുകളിലും നോട്ട് കൂടുതല്‍ എത്തിക്കുന്നതിന്‍െറ യാതൊരു സൂചനയും നല്‍കിയില്ല. പകരം സാധാരണക്കാര്‍ക്ക് വീട് വെക്കാനുള്ള പദ്ധതികള്‍, ഗ്രാമങ്ങളിലെ പഴയ വീട് പുതുക്കാന്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുക, മൂന്നു ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡാക്കുക, കാര്‍ഷികവായ്പകള്‍ക്ക് ആദ്യത്തെ രണ്ടു മാസം പലിശരഹിതമാക്കുക, വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടി, ചെറുകിട കച്ചവടക്കാരുടെ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി, ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്ഷേമപദ്ധതി, ഏഴര ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് പത്തു വര്‍ഷത്തേക്ക് എട്ടു ശതമാനം വാര്‍ഷിക സ്ഥിരപലിശ, ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തില്‍നിന്നും 25 ശതമാനമാക്കി ഉയര്‍ത്തല്‍ ഇതൊക്കെയായിരുന്നു പ്രഖ്യാപനത്തിലെ മുഖ്യ വിഷയങ്ങള്‍.

രാജ്യം ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും, ജനങ്ങള്‍ അക്രമത്തിലേക്കും രാജ്യം അരാജകത്വത്തിലേക്കും വഴുതി വീഴാന്‍ സാധ്യതയുള്ള ഈ ഘട്ടത്തില്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒന്നിച്ചുനിന്ന് മോദിയുടെ ഈ തലതിരിഞ്ഞ സാമ്പത്തിക പരിഷ്ക്കാരം പിന്‍വലിപ്പിക്കാനുള്ള യാതൊരു പദ്ധതിയും ആവിഷ്ക്കരിക്കാന്‍ സാധിച്ചില്ല. അവര്‍ പതിവുപോലെ തമ്മില്‍ത്തല്ലിക്കൊണ്ടിരുന്നു. ഏറ്റവും പ്രബലമായ പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന സിപിഎം പോലും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. കേന്ദ്രത്തില്‍ അത്ര വലിയ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയാത്ത സിപിഎം, കേരളത്തില്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ബിജെപി ചവിട്ടിയരയ്ക്കുന്ന കാലം അതിവിദൂരമല്ല എന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍...!

സമ്പന്നരായ (കള്ള)പണക്കാരുടെ പാര്‍ട്ടിയാണ് ബിജെപി എന്നത് ജനങ്ങള്‍ക്കറിയില്ല. 'പ്യാരേ ദേശ്‌വാസിയോം'ല്‍ വിശ്വസിച്ച് ജനങ്ങള്‍ ആ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സിപിഎമ്മിനും കോണ്‍ഗ്രസിനും 'പ്യാരേ' എന്ന വാക്കുപോലും ഉച്ചരിക്കാനറിയില്ല. ബിജെപിയും മോദിയും ആരുടെ ദല്ലാള്‍മാരാണെന്ന സത്യം മനസ്സിലാക്കിയാല്‍ ഈ നോട്ട് നിരോധനത്തിന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. അത് കോണ്‍ഗ്രസിനും സിപിഎംനും മമതയുടെ തൃണമുല്‍ കോണ്‍ഗ്രസിനും അറിയാം. ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍ തെളിവുകള്‍ നിരത്തിയിട്ടുപോലും കോണ്‍ഗ്രസോ സിപിഎമ്മോ അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദി പയറ്റുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് മോദിയെ എതിര്‍ക്കുകയില്ലെന്നറിയാം. മോദി പറയുന്നത് അപ്പാടെ വിശ്വസിക്കുന്ന മൂഢന്മാരായ ഭക്തരും അവരുടെ ഭക്തിയെ താങ്ങുന്ന മറ്റുള്ളവരുമാണ് മോദിയുടെ രക്ഷകര്‍. 

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പിന്നോട്ട് പോയി... തൊഴിലില്ലായ്മ വര്‍ധിച്ചു.... പെട്രോളിന്റേയും ഡീസലിന്റേയും വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു... സബ്‌സിഡിയുള്ള പാചകവാതകത്തിനുപോലും വിലവര്‍ധന (ഏഴു മാസത്തിനിടെ എട്ടാമത്തെ തവണയാണ് പാചകവാതകത്തിന്‍െറ വില വര്‍ധിച്ചതെന്നുകൂടി കൂട്ടി വായിക്കണം)..... ദളിതരും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു..കലാലയങ്ങള്‍ യുദ്ധക്കളങ്ങളായി മാറുന്നു..തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒഴികെ മറ്റെല്ലാ ഏജന്‍സികളും ഇന്ന് മോദിയുടെ കാല്‍ക്കിഴിലാണ്... വിശ്വസ്ഥതയോടെ നീതിപൂര്‍വ്വകമായി പ്രവര്‍ത്തിക്കേണ്ട സി.ബി.ഐ. പോലും മോദിയുടെ കൈപ്പിടിയിലാണ്. ഇനി തെരഞ്ഞെടുപ്പു കമ്മീഷനും കൂടി കൈപ്പിടിയിലായാല്‍ പിന്നെ രാജ്യത്ത് ഒരൊറ്റ വോട്ടിംഗ് ചിഹ്നമേ കാണൂ. അതോടെ ഇന്ത്യാ മഹാരാജ്യം മറ്റൊരു ഉത്തര കൊറിയ ആയി മാറുകയില്ലെന്നാരു കണ്ടു..!! 

മോദിയുടെ "അഛാ ദിന്‍" വരുന്നതും നോക്കി കാത്തിരുന്ന ജനത്തിന് എട്ടിന്റെ പണി കിട്ടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല. നവംബര്‍ എട്ടാം തിയ്യതിയാണ് എട്ടിന്റെ പണി കൊടുക്കാന്‍ പറ്റിയ ദിവസമെന്ന് മോദിയ്ക്ക് പറഞ്ഞുകൊടുത്തത് ആരായിരിക്കും? അരുണ്‍ ജെയ്റ്റ്‌ലിയോ? അതോ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറോ? അല്ല, മോദിയുടെ ഏറ്റവും വിശ്വസ്തനായ, ഗുജറാത്ത് കൂട്ടക്കൊല ആസൂത്രണം ചെയ്ത, ആ കൂട്ടക്കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിയെ രക്ഷിച്ച, മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹസ്മുഖ് ആദിയയാണ് ഈ കൂട്ടക്കൊലയ്ക്കും ചുക്കാന്‍ പിടിച്ചത്. അന്ന് ഗുജറാത്ത്‌വാസിയോം ആയിരുന്നു ലക്ഷ്യമെങ്കില്‍ പ്രധാനമന്ത്രിയായപ്പോള്‍ ദേശ്‌വാസിയോം ആയി എന്നു മാത്രം. ഗുജറാത്തിലെ നരോദ പാഡിയയില്‍ നടന്ന അതേ കൂട്ടക്കൊലയല്ലേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ധനമന്ത്രാലയത്തില്‍ റവന്യു സെക്രട്ടറിയായി വാഴുന്ന ആദിയ ഇനി ഏതെല്ലാം കുരുട്ടുബുദ്ധിയായിരിക്കും മോദിക്ക് ഓതിക്കൊടുക്കുക എന്ന് ആര്‍ക്കുമറിയില്ല, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും. ചുരുക്കിപ്പറഞ്ഞാല്‍ "അഛാ ദിന്‍" കഭീ നഹിം ആയേംഗേ...!! 

പലതരം ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്കുപോലും ആവശ്യത്തിന് പണമെടുക്കാന്‍ കഴിയാത്ത ഏതെങ്കിലും രാജ്യങ്ങള്‍ ലോകത്തുണ്ടെന്നു തോന്നുന്നില്ല. ലക്ഷക്കണക്കിനു രൂപ ബാങ്കിലുണ്ടായിട്ടും 'ദരിദ്രവാസികളായി' കഴിയാനാണ് അവരുടെ യോഗം. മോദി പറഞ്ഞ 'മീഠീ മീഠീ ബാതേം സുന്‍കര്‍ സബ് പാഗല്‍ ഹോഗയാ....' (മോദി പറഞ്ഞ മധുരമായ വാക്കുകള്‍ കേട്ട് എല്ലാവരും ഭ്രാന്തരായി). പണം പിന്‍വലിക്കാന്‍, അല്ലെങ്കില്‍ പുതിയ നോട്ട് വാങ്ങാന്‍ ക്യൂവില്‍ നിന്ന് കുഴഞ്ഞു വീണവരെ നോക്കി മറ്റുള്ളവര്‍ പറഞ്ഞു 'അഛാ ദിന്‍ കേലിയേ' എന്ന്. മോദി പറഞ്ഞു 'ഭാരതത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു' എന്ന്. അതുകേട്ടും ജനം കൈയ്യടിച്ചു. ഒന്നുകില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭ്രാന്തിളകി, അല്ലെങ്കില്‍ അവരെ മോദി മന്ദബുദ്ധികളാക്കി. 

ഈയ്യിടെ ഫെസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു അധ്യാപികയുടേതാണ് പോസ്റ്റ്. സ്കൂളിലെ മറ്റു അധ്യാപകരൊക്കെ നോട്ട് നിരോധനത്തിലൂടെ അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ വിവരിച്ചപ്പോള്‍ ഈ അധ്യാപിക അവരോട് പറഞ്ഞത്രേ "നല്ലൊരു നാളേക്കു വേണ്ടി അല്‍പം ബുദ്ധിമുട്ട് സഹിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം. 50 ദിവസത്തെ സമയമല്ലേ പ്രധാനമന്ത്രി ചോദിച്ചുള്ളൂ, എല്ലാം നെഗേറ്റീവ് ആയി കാണാതെ പോസിറ്റീവ് ആയി കണ്ടുകൂടെ, നോട്ട് നിരോധനം കൊണ്ട് എനിക്ക് ലാഭമാണ്" എന്ന്. ഇതു കേട്ടപ്പോള്‍ മറ്റു അധ്യാപകര്‍ ചോദിച്ചു 'അതെങ്ങനെ' എന്ന്. അധ്യാപികയുടെ മറുപടി "മെനുവില്‍ നിന്ന് ഇറച്ചിയും മീനും ഒഴിവാക്കി." ഇതു വായിച്ചാല്‍ ആരാണ് പ്രതികരിക്കാതിരിക്കുന്നത്? ഇതാണ് മോദി ഇഫക്റ്റ് എന്നു പറയുന്നത്. അല്ലെങ്കില്‍ മോദി സൃഷ്ടിച്ച മന്ദബുദ്ധികളിലൊരാള്‍.

നോട്ട് നിരോധനത്തിലൂടെ ആശ്വാസം ലഭിച്ച നിരവധി വീട്ടമ്മാമാരുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. മുഴുക്കുടിയനായ ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തിയെന്നാണ് കേള്‍ക്കുന്നത്. ഭര്‍ത്താവിന്റെ കുടി നിര്‍ത്താന്‍ പല മാര്‍ഗങ്ങളും നോക്കി. തീര്‍ത്ഥാടനത്തിനു പോയി, നേര്‍ച്ചകള്‍ നേര്‍ന്നു, വഴിപാട് നടത്തി, ധ്യാനം കൂടി. പക്ഷെ 'കുടി' കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ നോട്ട് നിരോധനം വന്നതെന്ന് ഈ വീട്ടമ്മമാര്‍ പറയുന്നു. മദ്യം വാങ്ങാന്‍ കൈയ്യില്‍ പണമില്ലാതെ വന്നതോടെ ഭര്‍ത്താക്കന്മാര്‍ മദ്യപാനം നിര്‍ത്തിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ഭര്‍ത്താക്കന്മാര്‍ സന്ധ്യയ്ക്ക് വീട്ടിലെത്തും. കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും, മക്കളോട് ഭയങ്കര സ്‌നേഹം, അവരുടെ പഠിത്തകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു, ഭാര്യമാരോടാണെങ്കില്‍ മുമ്പെങ്ങും കാണിക്കാത്ത അമിതമായ പ്രേമം. ..!! ഭാര്യ ഖുശി, ഭര്‍ത്താവും ഖുശി..!! ഇതൊക്കെ സാധിതമായത് മോദിയുടെ നോട്ട് നിരോധനത്തിലൂടെയല്ലേ എന്നാണവര്‍ ചോദിക്കുന്നത്. അവര്‍ക്ക് മോദി ഒരു വിശുദ്ധനോ പുണ്യവാളനോ ഒക്കെ ആണ്. വി.എം. സുധീരന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് നോട്ടു നിരോധനത്തിലൂടെ നടപ്പിലായതുകണ്ട് ബി.ജെ.പി.യുടെ ആത്മവിശ്വാസവും വളര്‍ന്നു.

മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ 'യോജന'കള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരണം കിട്ടിയത്. ആവാസ് യോജന, സുരക്ഷാ ഭീമാ യോജന, ജീവന്‍ ജ്യോതി ഭീമാ യോജന, സുകന്യ സമൃദ്ധി യോജന, അടല്‍ പെന്‍ഷന്‍ യോജന, ഗരീബ് കല്യാണ്‍ യോജന, ജന്‍ ഔഷധി യോജന, കൃഷി സിഞ്ചായ് യോജന, ബേഠി ബചാവോ ബേഠി പധാവോ യോജന, നയീ മന്‍സില്‍ യോജന, സുരക്ഷാ ബന്ധന്‍ യോജന, സ്‌റ്റേറ്റ് യോജനാസ് എന്നീ യോജനകള്‍ക്കാണ് മോദി രൂപം നല്‍കിയത്. ഈ യോജനകള്‍ ഇത്രയും കാലം അദ്ദേഹത്തിന്റെ കസ്റ്റഡിയിലായിരുന്നോ എന്നാണ് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളത്. അവര്‍ ഈ യോജനകള്‍ നേരത്തേ കൊണ്ടുവന്നിരുന്നെങ്കില്‍ ഒരുപക്ഷെ ജനം കൂടെ നിന്നേനെ. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെയും ജനങ്ങളുടെ ജീവിതത്തെയും പൂര്‍ണ്ണ സ്തംഭനാവസ്ഥയിലത്തെിച്ച ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു നിര്‍ദേശവും 50 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോദിക്ക് നല്‍കാനില്ല. അതിനര്‍ത്ഥം നോട്ട് പരിഷ്കാരം പൂര്‍ണ പരാജയമാണെന്ന് തുറന്ന് സമ്മതിക്കുകയാണ് മോദി. നോട്ട് ക്ഷാമം എന്ന് അവസാനിക്കുമെന്ന് പറയാനും മോദിക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്, മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ എന്തൊക്കെയോ പറഞ്ഞ് ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. വഞ്ചനാപരമായ ഈ നീക്കത്തെ ക്രിയാത്മകമായി നേരിടാന്‍ ഇടതുവലതു പക്ഷത്തിനോ നേതാക്കള്‍ക്കോ കഴിയുന്നില്ല. കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളാകട്ടേ 'ചന്ദനമഴ' സീരിയലിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ആര്‍ക്കും നേരും നെറിവുമില്ല. പ്രസ്താവനകളിറക്കുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരുണത്തില്‍ ജനങ്ങള്‍ സംഘടിതരായി തെരുവിലിറങ്ങി പ്രക്ഷോഭം അഴിച്ചുവിട്ടാല്‍ ആരായിരിക്കും അതിനുത്തരവാദി? മോദിയും പ്രതിപക്ഷവും തന്നെ. ആ ഒരു രംഗം സംജാതമാകാന്‍ ഇനി അധികനാളുകളില്ല എന്ന് കേന്ദ്രവും പ്രതിപക്ഷവും മനസ്സിലാക്കിയാല്‍ രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയില്ലെന്ന് വിശ്വസിക്കാം. 

രണ്ടര വര്‍ഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ബി.ജെ.പി. പ്രാദേശിക ഘടകങ്ങള്‍ നിരത്തുമ്പോള്‍ അതിലെത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് പ്രബുദ്ധരായ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. ജനങ്ങള്‍ അക്രമത്തിലേക്കും രാജ്യം അരാജകത്വത്തിലേക്കും നീങ്ങാതിരിക്കണമെങ്കില്‍ കേന്ദ്രം സത്വരനടപടികള്‍ കൈക്കൊണ്ടേ പറ്റൂ. ഡിസംബര്‍ 30നു ശേഷം അഛാ ദിന്‍ വന്നില്ലെങ്കില്‍ 'എന്നെ തൂക്കിലേറ്റിക്കൊള്ളൂ' എന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. അത് മാറ്റിപ്പറയാന്‍ ഇനി അനുവദിക്കരുത്. ഇനിയും 'പ്യാരേ ദേശ്‌വാസിയോം' എന്നു വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അവരെല്ലാം ദരിദ്രവാസികളായി. ആ ദാരിദ്രത്തില്‍ നിന്ന് അവരെ രക്ഷിക്കുകയാണ് പ്രധാനമന്ത്രിയെന്ന നിലക്ക് മോദിക്ക് ചെയ്യാനുള്ള ഒരേയൊരു ഒരു പ്രതിവിധി. 

Read more

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

കേരള രാഷ്ട്രീയം, പ്രത്യേകിച്ച് യുഡിഎഫ് എപ്പോഴും കലക്കവെള്ളം പോലെയാണ്. ഒരിയ്ക്കലും തെളിയാത്ത രീതിയില്‍ അതങ്ങനെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ 'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ ' ഈ പാര്‍ട്ടിയില്‍ ധാരാളമുണ്ടുതാനും. പൊളിറ്റിക്കലി കറക്റ്റായി പറഞ്ഞാല്‍ നേരെ ചൊവ്വേ ഭരിയ്ക്കാനറിയാത്ത ഒരു പാര്‍ട്ടിയും പരസ്പരം പാരകളാകുന്ന പ്രവര്‍ത്തകരും. എപ്പോഴെങ്കിലും വെള്ളമൊന്ന് തെളിഞ്ഞുവന്നാല്‍ ഉടനെ ഇറങ്ങും ആരെങ്കിലും അത് വീണ്ടും കലക്കാന്‍. അതാണിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ കോലാഹലം 'പ്രതിപക്ഷത്തിന് മൂച്ച് പോരാ' എന്ന കെ. മുരളീധരന്റെ പ്രസ്താവനയെക്കുറിച്ചാണ്. ഇരിക്കുന്ന കൊമ്പ് മുറിയ്ക്കലോ മലര്‍ന്നു കിടന്നു തുപ്പുകയോ ഒക്കെയാണെന്ന് വേണമെങ്കില്‍ പറയാം. പ്രതിപക്ഷത്തിരുന്നുകൊണ്ട് പ്രതിപക്ഷത്തെത്തന്നെ കുറ്റം പറഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ ക്ഷമിക്കുകയില്ല എന്ന ഒരു സാമാന്യ ബോധമെങ്കിലും കരുണാകര പുത്രനായ ഈ മുരളീധരന് ഇല്ലാതെ പോയതെന്തേ? മുരളിയെ ചൊറിയാനുള്ള ഒരവസരവും കെ.പി.സി.സി. വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാഴാക്കുകയില്ല. കാരണം കുറെ കാലങ്ങള്‍ക്കുമുന്‍പ്, അതായത് 2004ല്‍ പരസ്യമായി ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞവനാണ് ഈ മുരളീധരന്‍.

പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ തനിക്കൊരു പിന്‍ഗാമി വേണമെന്ന ആഗ്രഹത്താലാണ് മുരളീധരനെ രാഷ്ട്രീയത്തിലിറക്കി കളി പഠിപ്പിച്ചത്. പക്ഷെ രാഷ്ട്രീയ ചാണക്യനായ കരുണാകരനെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രകടനം. സ്ഥാനത്തും അസ്ഥാനത്തും കൈയ്യിട്ടു വാരുന്ന പ്രകൃതം. മകനെ രാഷ്ട്രീയ ഗോദായിലേക്ക് വിരല്‍തുമ്പില്‍ പിടിച്ച് കയറ്റി, കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പതിനെട്ടടവും പൂഴിക്കടകനും പഠിപ്പിച്ച് മെയ്‌വഴക്കവും കൈതഴക്കവും വന്ന പോരാളിയാക്കിയപ്പോള്‍ ''അഛാ, അഛനഛന്റെ വഴി, എനിക്കെന്റെ വഴി..'' എന്നു പറഞ്ഞ് ഒരിയ്ക്കല്‍ വഴിപിരിഞ്ഞുപോയതാണ് മുരളി. ഒടുവില്‍ മാനസാന്തരപ്പെട്ട് തിരിച്ചുവന്ന് അച്ഛനോടും പാര്‍ട്ടിയോടും മാപ്പുപറഞ്ഞ് തിരിച്ചു കയറി. അന്ന് ആ തിരിച്ചു വരവ് മുരളി ആഘോഷിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞുകൊണ്ടാണ്. പാര്‍ട്ടി ഒന്നാണെങ്കിലും അന്നത്തോടെ ഉണ്ണിത്താനുമെടുത്തു ഒരു ശപഥം 'എന്നെങ്കിലും ഞാന്‍ നിന്നെ എടുത്തോളാമെന്ന്.'

അന്നുമുതല്‍ ഉണ്ണിത്താന്റെ കണ്ണ് മുരളീധരനിലും മുരളീധരന്റെ കണ്ണ് ഉണ്ണിത്താനിലുമായി കാലം കടന്നുപോയി. അതിനുശേഷം ഉണ്ണിത്താന്‍ ചെന്നു പെട്ടത് ഒരു പെണ്ണ് കേസിലാണ്. മഞ്ചേരിയില്‍ വെച്ച് ഒരു പെണ്ണിന്റെ കൂടെ പോലീസ് പൊക്കിയതോടെ പോലീസ് അസാന്മാര്‍ഗ്ഗിക നടപടിക്ക് കേസെടുത്തതു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അന്വേഷണത്തെ നേരിട്ട് അഗ്‌നിശുദ്ധി വരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. അന്നും ഉണ്ണിത്താന്‍ ഒരു ശപഥം ചെയ്തു. താന്‍ നേരിട്ട ദുര്‍ഗതി ഇനിയൊരാള്‍ക്കും വരാതിരിക്കാനുള്ള ഒരു നിയമനിര്‍മ്മാണത്തിനു തന്നെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നായിരുന്നു ആ ശപഥം. അതിന്റെ ആദ്യ പടിയായി പുരുഷനും സ്ത്രീക്കും ഏതു പാതിരാത്രിക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാവുന്ന ഒരു ബില്ലിന്റെ കരടുരേഖയുണ്ടാക്കുകയെന്ന ദൗത്യവും ഏറ്റെടുത്തു. സദാചാരബോധമില്ലാത്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറിയിട്ടേ ഞാനടങ്ങൂ എന്നാണ് അന്ന് ഉണ്ണിത്താന്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും എവിടെയും പോകാമെന്നും, ഒന്നിച്ചു താമസിക്കാമെന്നുമുള്ള സുപ്രീം കോടതി വിധിയാണ് ഉണ്ണിത്താന്‍ തുറുപ്പു ചീട്ടായി എടുത്തത്. അതെങ്ങുമെത്തിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസ് ഭരണം കൈവിട്ടുപോയി ഇപ്പോള്‍ ഇടതുപക്ഷം ഭരണത്തില്‍ വരികയും ചെയ്തു. ഇക്കാലമത്രയും മുരളീധരനും ഉണ്ണിത്താനും രണ്ടു ദ്രുവങ്ങളിലായിരുന്നു ജീവിതം.

പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല ഭരണപരിഷ്‌ക്കാരങ്ങളും ദഹിക്കാത്ത കോണ്‍ഗ്രസ് പക്ഷെ അതിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിപക്ഷം കൊണ്ടുവരുന്ന ഓരോ ആരോപണങ്ങളുടേയും മുനകള്‍ അപ്പപ്പോള്‍ ഒടിച്ചു കളഞ്ഞ് എല്‍ഡിഎഫ് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നു. ഉമ്മന്‍ചാണ്ടിയോ, സുധീരനോ, രമേശ് ചെന്നിത്തലയോ സാക്ഷാല്‍ എ.കെ. ആന്റണിപോലും മുട്ടുകുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയപ്പോഴാണ് അടങ്ങിയൊതുങ്ങി നില്‍ക്കാന്‍ പഠിച്ചിട്ടില്ലാത്ത മുരളീധരന്‍ തന്നെ ഒരു വെടിപൊട്ടിച്ചത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന വെടി പൊട്ടിച്ചതോടെ യുഡിഎഫില്‍ മാലപ്പടക്കത്തിന് തീകൊടുത്ത പോലെയായി. ആകെ പൊട്ടിത്തെറി. യുഡിഎഫില്‍ തന്നെ ഘടകകക്ഷികള്‍ ചേരി തിരിഞ്ഞ് മുരളീധരന് അനുകൂലമായും പ്രതികൂലമായും പടക്കം പൊട്ടിക്കാന്‍ തുടങ്ങി. വെള്ളം കലങ്ങി, ഇനി മീന്‍ പിടിച്ചാല്‍ മതി എന്നു ധരിച്ച് ചിലര്‍ അരയും തലയും മുറുക്കി തയ്യാറെടുത്തു.  ആര്‍എസ്പിയും, കേരള കോണ്‍ഗ്രസും (ജേക്കബ്), മുസ്ലീം ലീഗുമൊക്കെ അവരവര്‍ക്ക് തോന്നുന്ന രീതിയില്‍ പ്രസ്താവനകളിറക്കി. 'കേരളത്തില്‍ പ്രതിപക്ഷമില്ല' എന്നു മാത്രമേ മുരളി പറഞ്ഞുള്ളൂ. എന്നാല്‍ മറ്റുള്ളവരുടെ പ്രസ്താവനകള്‍ കേട്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. അവരെല്ലാം തന്നെ അസംതൃപ്തരായിരുന്നു. ഉദാഹരണത്തിന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായം തന്നെ എടുക്കാം. അദ്ദേഹം പറയുന്നു 'വല്ലപ്പോഴും യുഡിഎഫ് കൂടി പിരിയുമെന്നല്ലാതെ ജനങ്ങളെ അണിനിരത്തിയുളള സമരങ്ങളൊന്നും നടക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ധര്‍മ്മം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നില്ലെന്ന് സംശയമില്ലാതെ പറയാം. പ്രതിപക്ഷത്തിന്റെ ഒരു ധര്‍മ്മം കേരളത്തില്‍ പൂര്‍ണമായിട്ട് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാന്നുളള അഭിപ്രായക്കാരാണ് ഞങ്ങളും. പ്രതിപക്ഷത്തിന് ജനാധിപത്യത്തില്‍ ഒരു ധര്‍മ്മം ഉണ്ടല്ലോ, ആ ധര്‍മ്മം നിര്‍വഹിക്കുന്നതില്‍, സര്‍ക്കാരിന്റെതായ ദുഷ്‌ചെയ്തികള്‍ തുറന്നുകാണിച്ച് അതിനെതിരായിട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന കാര്യങ്ങളാണ്. ഇടതുപക്ഷം ഒരു ദയനീയ പരാജയമാണ്. അത് വേണ്ടത്ര ഉയര്‍ത്തിക്കാട്ടി ഇക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്താന്‍ പറ്റിയ സന്ദര്‍ഭങ്ങള്‍, ആ സന്ദര്‍ഭങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയിട്ടുണ്ടെന്നത് സത്യമാണ്. ഞങ്ങളുടെ ഉദ്ദേശം എന്നുപറയുന്നത്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുക എന്നുളളതല്ല, അങ്ങനെ ഒരു അജണ്ട ഞങ്ങള്‍ക്കില്ല. അത് വേറെ സംഗതികളാണ്. ഞങ്ങള്‍ അടക്കമുളള ആളുകള്‍ ജനങ്ങളുടെ മുമ്പില്‍ പറയേണ്ട കാര്യമുണ്ട്. കോണ്‍ഗ്രസിനകത്തുളള വിഷയങ്ങള്‍ അവരാണ് പറയേണ്ടത്. ഗവണ്‍മെന്റിന് ഇപ്പോള്‍ ഒരു ശല്യവുമില്ലല്ലോ. ജനങ്ങളെ അണിനിരത്തേണ്ട സമയമാണ്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സജീവമായിട്ട് ഒരു ടീമായി വര്‍ക്ക് ചെയ്തിരുന്നു. അതിനുശേഷം ബാക്കി കാര്യങ്ങളൊന്നും കൂടിയിട്ടില്ല. എപ്പോഴെങ്കിലും യുഡിഎഫ് കൂടി അങ്ങ് പിരിയുമെന്നല്ലാതെ ജനങ്ങളെ മുഴുവന്‍ അണിനിരത്തേണ്ട സമരങ്ങളുടെ സന്ദര്‍ഭങ്ങളായല്ലോ. എന്നിട്ടും കാര്യമായിട്ടൊന്നും നടക്കുന്നില്ലല്ലോ.' സത്യത്തില്‍ ഇതു കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ്. അദ്ദേഹം ഈയ്യിടെ ഒരു പടക്കം പൊട്ടിച്ചു. ഇസ്രയേല്‍ പലസ്തീനികളുടെ സ്ഥലം കൈയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ യു.എന്‍. പ്രമേയം പാസാക്കി. അതിനെ വീറ്റോ ചെയ്യാന്‍ അമേരിക്ക തയ്യാറായില്ല. ഇസ്രയേലികള്‍ക്ക് കലിപ്പ് വരാന്‍ അത് കാരണവുമായി. പ്രസിഡന്റായി അധികാരമേറ്റെടുത്തിട്ടില്ലെങ്കിലും ട്രംപ് ഉടനെ ട്വീറ്റ് ചെയ്തു... 'ഈ ഐക്യരാഷ്ട്ര സഭ എന്നു പറഞ്ഞാല്‍ ഒരു മഹാസംഭവമൊന്നുമല്ല, അത് വെറുമൊരു ക്ലബ്ബ്. കുറെ പേര്‍ക്ക് വന്നിരുന്ന് സൊറ പറയാനുള്ളൊരു സ്ഥലം, അത്ര തന്നെ. ഞാന്‍ അധികാരമേറ്റെടുക്കട്ടെ, എല്ലാം ശരിയാക്കുന്നുണ്ട്...' എന്ന്. എല്ലാം ശരിയാക്കുന്നുണ്ട് എന്നു പറഞ്ഞത് ഐക്യരാഷ്ട്ര സഭയെ പിരിച്ചു വിടുമെന്നോ അതോ പലസ്തീനികള്‍ക്കിട്ട് വീണ്ടും കൊട്ടുകൊടുത്ത് അവരുടെ ഭൂമിയൊക്കെ ഇസ്രയേലികള്‍ക്ക് പതിച്ചുകൊടുക്കുമെന്നാണോ  ട്രംപ് ഉദ്ദേശിച്ചത്  എന്നറിയില്ല.

മുസ്ലീം ലീഗും കൂടി ഉള്‍പ്പെട്ട മന്ത്രിസഭയായിരുന്നല്ലോ കേരളം ഭരിച്ചിരുന്നത്. അവര്‍ക്ക് എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്ന് ചിന്തിക്കാനുള്ള കഴിവില്ലാഞ്ഞിട്ടാണോ? അച്യുതാനന്ദന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് ഭരണം കൈയ്യടക്കിയവരാണ് യുഡിഎഫ്. നാലു കൊല്ലം ഭരിച്ച അവരെ എന്തുകൊണ്ട് ജനങ്ങള്‍ കൈയൊഴിഞ്ഞു എന്ന് ചിന്തിക്കാതെ ഇപ്പോഴും ചേരിതിരിഞ്ഞ് വിഴുപ്പലക്കുകയല്ലാതെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള യാതൊരു പുതിയ പദ്ധതികളും അവര്‍ക്കില്ല. ഇനി പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടണം. അതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മുരളീധരന്‍ വീണ്ടും കുഴലൂതിയത്. എന്നാല്‍ മുരളീരവത്തിന് മറുപടി കൊടുത്തത് ഉണ്ണിത്താനായിരുന്നു. വടി കൊടുത്ത് അടി വാങ്ങിയ പോലെയായി ഉണ്ണിത്താന്‍. കോണ്‍ഗ്രസിനെ അവഹേളിക്കുന്ന കെ. മുരളീധരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും, മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയായ മുരളീധരന്‍ പഴയ പാത (ഗുണ്ടായിസം) സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്ന് സംശയമുണ്ടെന്നുമാണ് ഉണ്ണിത്താന്‍ പ്രതികരിച്ചത്. അതാ വന്നു മുരളീധരന്റെ മറുപടി. 'വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാരന് എന്താണ് കാര്യം, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി പ്രസിഡന്റാണ്, അതിനു പകരം മറ്റുള്ളവര്‍ കുരയ്‌ക്കേണ്ട' എന്നാണ് മുരളി ചോദിച്ചത്. ഉന്തിന്റെ കൂടെ ഒരു തള്ളും എന്നു പറഞ്ഞതുപോലെ 'അനാശാസ്യ കേസില്‍ പ്രതിയായി താന്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ല' എന്നും മുരളി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇവര്‍ രണ്ടുപേരും വീണ്ടും ഏറ്റുമുട്ടുമെന്നുറപ്പായ സീനിയര്‍ നേതാക്കള്‍ രംഗപ്രവേശം ചെയ്ത് അരങ്ങ് കൊഴുപ്പിച്ചു. ഇതെല്ലാം കണ്ടും കേട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഊറിച്ചിരിച്ചു. അവര്‍ അങ്കവും കണ്ടു താളിയും പറിച്ചു.

എന്നാല്‍ ഉണ്ണിത്താന്‍ കെ.പി.സി.സി. വക്താവ് എന്ന തന്റെ ഔദ്യോഗിക പദവി രാജിവെച്ചതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഡിസംബര്‍ 28ന് കൊല്ലം ഡിസിസി ഓഫീസില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്യുകയും, ചീമുട്ടയെറിയുകയും ചെയ്താണ് മുരളീപക്ഷക്കാര്‍ പകരം വീട്ടിയത്. കോണ്‍ഗ്രസ് ജന്മദിനാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഉണ്ണിത്താന്‍ എത്തിയത്. ഓഫീസിലെക്ക് കയറാന്‍ സമ്മതിക്കാതെ 'ഗോ ബാക്ക്' വിളിച്ചും മുരളീസംഘം കത്തിക്കയറി. കാറിന്റെ ചില്ലു തകര്‍ത്ത് തനി ഗുണ്ടകളെപ്പോലെയാണ് അവര്‍ പെരുമാറിയതെന്ന് ഉണ്ണിത്താന്‍ പറയുന്നു. 2004ല്‍ തന്നെ ആക്രമിച്ച അതേ ഗുണ്ടകള്‍ തന്നെയാണ് അവരെന്നും, അവര്‍ മുരളി തീറ്റിപ്പോറ്റുന്ന ഗുണ്ടകളാണെന്നുമാണ് ഉണ്ണിത്താന്‍ പറയുന്നത്. ഈ സംഭവങ്ങളെല്ലാം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നോക്കിനില്‍ക്കേയാണ് നടന്നതെന്ന് കേള്‍ക്കുമ്പോള്‍ 'എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല' എന്ന പഴഞ്ചൊല്ലാണ് ഓര്‍ത്തുപോകുന്നത്. ഈ വിഴുപ്പലക്കലും തെരുവിലെ തമ്മിലടിയും നടന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തിലായിരുന്നു എന്നത് ലജ്ജാകരം തന്നെ.

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1885 ഡിസംബര്‍ 28ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തായ്‌വേര് അറുക്കുന്ന പ്രവര്‍ത്തികളാണ് പില്‍ക്കാലത്തു വന്ന കോണ്‍ഗ്രസുകാര്‍ ചെയ്തുകൊണ്ടിരുന്നത്. അവരത് ഇപ്പോഴും ചെയ്തുകോണ്ടേയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രമറിയാവുന്ന ആരും ഈ അനീതിക്ക് കൂട്ടു നില്‍ക്കുകയില്ല. രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കും എന്ന പ്രതിജ്!ഞയോടെ ആരംഭിച്ച ഒരു മഹാപ്രസ്ഥാനത്തെയാണ് താന്‍പോരിമയിലൂടെയും അധികാരക്കൊതിയോടെയുമുള്ള നേതാക്കള്‍ അപഹാസ്യമാക്കുന്നത്. ജനങ്ങള്‍ നെഞ്ചേറ്റിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴിയാക്കി ചിലര്‍ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ നാണം കെട്ട വഴികളിലൂടെയുള്ള നേതാക്കളുടെ സഞ്ചാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ മാനം കെടുത്തി. ഭരണ പരാജയങ്ങള്‍ ഒരു തുടര്‍ക്കഥപോലെ പിന്തുടര്‍ന്നിട്ടും നേതാക്കള്‍ അവരുടെ സ്വഭാവങ്ങളില്‍ മാറ്റം വരുത്തിയില്ല. ഫലമോ 130 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പാര്‍ട്ടി ഛിന്നഭിന്നമായി.

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ഭിന്നിച്ചകന്നുണ്ടായവയാണെന്നത് ചരിത്ര സത്യമാണ്. അവരൊക്കെ പിരിഞ്ഞുപോയത് ആദര്‍ശത്തിന്റെ പേരിലല്ല, മറിച്ച് അധികാരത്തിനുവേണ്ടിയുള്ള നാണംകെട്ട ഏറ്റുമുട്ടലുകളെത്തുടര്‍ന്നുണ്ടായ ഭാഗം വയ്ക്കലായിരുന്നു. പിളര്‍ത്താന്‍ കഴിവുള്ളവരൊക്കെ പുതിയ പാര്‍ട്ടിയുണ്ടാക്കി. അതിനു കഴിയാത്തവര്‍ അകത്തിരുന്ന് തമ്മില്‍ത്തല്ലിയും കുതികാല്‍ വെട്ടിയും പരസ്പരം പഴിച്ചും ഭത്സിച്ചും താന്തങ്ങളുടെ തരാതരത്തിന് പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇപ്പോള്‍ നാം കാണുന്നതും കേള്‍ക്കുന്നതുമായവര്‍. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഒരു സ്ഥിരഭരണം കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ലഭിക്കാതെ പോകുന്നതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ.... അധികാരത്തിനുവേണ്ടിയുള്ള തൊഴുത്തില്‍ കുത്ത്. ആ സത്യം ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ കലഹങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പറഞ്ഞുതീര്‍ക്കുന്നതിനു പകരം അവരത് തെരുവിലേക്കെറിയുന്നു. പാര്‍ട്ടിയെ സംരക്ഷിക്കേണ്ടവര്‍ തന്നെ തെരുവു ഗുണ്ടകളെപ്പോലെ ആക്രോശിക്കുന്നതും തെറി വിളിക്കുന്നതും അഴിഞ്ഞാടുന്നതും കേരളീയ പൊതുസംസ്‌കാരത്തിനു തീരെ ചേര്‍ന്നതല്ല. പരസ്പര ബഹുമാനമില്ലാതെ കൊലവിളിച്ചും തെറി വിളിച്ചും വിലസുന്ന കോണ്‍ഗ്രസുകാരെ സമൂഹം വെറുത്തെങ്കില്‍ അതവര്‍ ചോദിച്ചു വാങ്ങിയതാണ്. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രൂപം നല്‍കിയ അലന്‍ ഒക്ടോവിയോ ഹ്യൂം എന്ന ബ്രിട്ടീഷ് സായിപ്പോ രാഷ്ട്ര പിതാവ് മാഹാത്മാഗാന്ധിയോ ഒരിക്കലും ചിന്തിച്ചുകാണില്ല തങ്ങള്‍ രൂപീകരിച്ച ഈ പ്രസ്ഥാനം പില്‍ക്കാലത്ത് ഒരുപറ്റം തെരുവുഗുണ്ടകളുടെ കൈപ്പിടിയിലാകുമെന്ന്.

Read more

"ഡിജിറ്റല്‍ ഇന്ത്യ"യില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

'ഡിജിറ്റല്‍ ഇന്ത്യ'യുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ജനങ്ങളിലേല്പിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്‍‌കൂട്ടി ചിന്തിച്ചിരുന്നില്ലെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റല്‍ ശാക്തീകരണ സമൂഹവുമുള്ളതാക്കിത്തീര്‍ക്കുക,   സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരൊറ്റ ബൃഹത്തായ കാഴ്ചപ്പാടിലേക്ക് നെയ്‌തെടുക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നല്ലോ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.  

പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം അമേരിക്കയുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, അവിടങ്ങളിലെല്ലാം ടെക്‌നോളജിയുടെ വളര്‍ച്ചയും ഉപയോഗവും അതിന്റെ ഗുണങ്ങളേയും ഗുണഭോക്താക്കളേയും നേരില്‍ കണ്ട് മനസ്സിലാക്കി, അതുപോലെ ഇന്ത്യയിലും മാറ്റങ്ങള്‍ വരുത്താമെന്ന ചിന്തയാണ് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയം അദ്ദേഹം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്രോഡ് ബാന്‍ഡ് ഹൈവേകള്‍, ഇ-ഗവേര്‍ണന്‍സ്, മൊബൈല്‍ കണക്ടിവിറ്റി, ഇ-ക്രാന്തി- ഇലക്‌ട്രോണിക് സേവനം മുതലായവയാണ് ലക്ഷ്യം വെച്ചതെങ്കിലും, അതിന്റെ മുന്നോടിയായിട്ടെന്നോണം നോട്ട് നിരോധനം കൊണ്ടുവന്നത് ബുദ്ധിപരമായിരുന്നോ  എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിവിശേഷങ്ങളാണ് പിന്നീട് സംഭവിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ഷംതോറും കൂടിക്കൂടി വരുന്ന ഇന്ത്യയില്‍ നോട്ടുകള്‍ അസാധുവാക്കി 'ക്യാഷ്‌ലസ്' ക്രയവിക്രയങ്ങള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞതുതന്നെ ആന മണ്ടത്തരമാണെന്നാണ് പൊതുകാഴ്ചപ്പാട്. ശരാശരി മൂന്നിലൊന്നു തൊഴിലാളികള്‍ക്കും വര്‍ഷം മുഴുവന്‍ ജോലിയില്ലാത്ത രാജ്യത്ത്, ഉള്ളവരില്‍ അറുപത്തെട്ട് ശതമാനം പേര്‍ക്കും പതിനായിരം രൂപയില്‍ താഴെ മാത്രം ശമ്പളമുള്ള രാജ്യത്ത്, ഒരു അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധനം കൊണ്ടുവന്നതുതന്നെ തെറ്റാണെന്ന് പറയപ്പെടുന്നു.

2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍‌വേ പ്രകാരം നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍‌രഹിതരുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന 42 ശതമാനം പേര്‍ക്കും 12 മാസം ജോലി ഇല്ല. അവര്‍ കൂടുതലും കാര്‍ഷിക മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 77% ഗ്രാമവാസികള്‍ക്കും ലഭിക്കുന്നത് 10,000 അല്ലെങ്കില്‍ അതില്‍ താഴെയാണ് വരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ സാമ്പിള്‍ സര്‍വ്വേയിലെ വിവരങ്ങളാണിവ. യുപിഎ സര്‍ക്കാരിനേപ്പോലെ എന്‍ഡിഎ സര്‍ക്കാരിനും ഇക്കാര്യത്തില്‍ മാറ്റമൊന്നും വരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ  ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുക അസാദ്ധ്യമാണെന്ന് മനസ്സിലാക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു  നോട്ട് നിരോധനം. അത് ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ പൗരന്മാര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനു തുല്യമായി നോട്ടു നിരോധനം മാറി. ഡിജിറ്റല്‍ പണമിടപാട്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, കെഡ്രിറ്റ് കാര്‍ഡ്, സ്വൈപ്പിംഗ് മെഷീനുകള്‍ ഇവയൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിലും, ഇതൊന്നും കറന്‍സി പിന്‍വലിച്ചതിന് പരിഹാരമാവുമോ എന്നാണ് ചോദ്യം. 

ഇത്തരം പണമിടപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചു പലരും അജ്ഞരാണ്. സാധാരണക്കാരിലാണ് ഈ അജ്ഞത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. അത് മുതലാക്കി അവരുടെ പണം വിഴുങ്ങാന്‍ വമ്പന്‍ സ്രാവുകളെ പോലെ ചൂണ്ടയിട്ടിരിക്കുകയാണ് സുരക്ഷിതമല്ലാത്ത സാങ്കേതികവിദ്യകളും. എലിയെ പേടിച്ചു ഇല്ലം ചുടുന്നതുപോലെയാണ് കളളപ്പണം ഇല്ലാതാക്കാന്‍ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രത്തിന്റെ നടപടിയെന്ന് ഇതിനോടകം ധനതത്വശാസ്ത്രജ്ഞര്‍ പോലും പ്രതികരിച്ചു കഴിഞ്ഞു. പണം ഡിജിറ്റലായി സൂക്ഷിക്കാന്‍ യാതൊരു ഗ്യാരണ്ടിയും നല്‍കാതെ, പണം സുരക്ഷിതമാണെന്ന തോന്നല്‍ ഉണ്ടാക്കാനേ ഇതുകൊണ്ട് സാധിക്കുളളൂ എന്നറിവുള്ള ബാങ്ക് അധികൃതര്‍ക്കും വ്യക്തമായ ഉത്തരങ്ങളില്ല. ഇത്തരത്തിലുളള പണമിടപാടില്‍ ബാങ്കുകളും യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.

ഈ ഡിജിറ്റലൈസേഷന്‍ കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുന്നത്? സൈബര്‍ ക്രിമിനലുകള്‍ക്ക് യഥേഷ്ടം നുഴഞ്ഞുകയറാനും, ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യാനും കൂടുതല്‍ സൗകര്യമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, നടന്ന ഓണ്‍‌ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, എടി‌എം തട്ടിപ്പുകള്‍ എന്നിവ തന്നെ ഉദാഹരണങ്ങളായി എടുക്കാം. അടിസ്ഥാന വിദ്യാഭ്യാസമോ, ലോകപരിചയമോ ഒന്നുമില്ലാത്ത സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അജ്ഞാത സംഘങ്ങള്‍ പണം പിന്‍‌വലിച്ച സംഭവങ്ങള്‍ നിരവധിയാണ്. എടി‌എം എന്താണെന്നോ അതെങ്ങനെ പ്രവര്‍ത്തിക്കുന്നെന്നോ സാമാന്യ പരിജ്ഞാനം പോലുമില്ലാത്തവരാണ് തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത്. പിന്‍ നമ്പര്‍ കാര്‍ഡിന്റെ പുറകില്‍ എഴുതുകയോ അല്ലെങ്കില്‍ ഒരു ചെറിയ പേപ്പറില്‍ എഴുതി കാര്‍ഡിന്റെ കൂടെ വെക്കുകയോ ചെയ്തുകൊണ്ടാണ് മിക്കവരും എടി‌എംന്റെ മുന്‍പിലെത്തുന്നത്. ഈ സാഹചര്യമാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത്. 

സൈബര്‍ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായവരില്‍ ഒന്നാം സ്ഥാനം ഈജിപ്റ്റിനും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുമാണെന്ന് വിവിധ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ മൂന്നും യുഎഇ നാലും ബ്രിട്ടന്‍ അഞ്ചും ജര്‍മ്മനി ഏഴും അമേരിക്ക ഒന്‍പതും ചൈന പത്താം സ്ഥാനത്തുമാണുള്ളത്‌. യുഎഇയ്ക്ക്‌ പുറമെ ഗള്‍ഫ്‌ രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും സൈബര്‍ ക്രിമിനലുകളുടെ ലക്ഷ്യങ്ങളാണെന്നും പറയുന്നു. ബാങ്കിംഗ്, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, വ്യവസായം, ഔഷധനിര്‍മാണം, സൈനിക രഹസ്യങ്ങള്‍ എന്നീ മേഖലകളിലാണ്‌ മുഖ്യമായും സൈബര്‍ ആക്രമണകാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യയാണ് അതിന്റെ പ്രഭവ കേന്ദ്രമെന്നും പറയുന്നു. അത്യാധുനിക സോഫ്റ്റ്‌വെയറുകളുപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലുള്ള സര്‍വറുകളിലും നുഴഞ്ഞു കയറാനും രഹസ്യങ്ങള്‍ ചോര്‍ത്താനും കഴിവുള്ളവരാണത്രേ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ വെല്ലാന്‍ കെല്പുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയിലെ വിവരസാങ്കേതിക വിഭാഗം പര്യാപ്തമാണോ എന്ന് പരിശോധിക്കണം. സൈബര്‍ ആക്രമണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും ക്രിമിനലുകള്‍ പ്രതിവര്‍ഷം തട്ടിയെടുക്കുന്നത്‌ 81,000 കോടി രൂപയാണെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 'ഡിജിറ്റല്‍ ഇന്ത്യ'യുടെ അവസ്ഥ എന്തായിത്തീരുമെന്നത് പ്രവചനാതീതമാണ്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബോംബെയിലിരുന്നുകൊണ്ട് കേരളത്തിലെ പലരുടേയും അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍‌വലിച്ച വിദേശികളടങ്ങുന്ന എടി‌എം തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കഥയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മേല്പറഞ്ഞ റഷ്യന്‍ ആസ്ഥാനമായ സൈബര്‍ ക്രിമിനലുകളായിരുന്നു അതിന്റെ പുറകില്‍. അവരുടെ ശൃംഖലയിലെ കണ്ണികളായിരുന്നു റുമേനിയയില്‍ നിന്നെത്തി കേരളത്തിലുള്ള എടി‌എംല്‍ നിന്ന് പണം പിന്‍‌വലിച്ചത്. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലവത്തായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയോ, അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി മോഷ്ടിച്ച പണം ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുകയോ ബാങ്കുകള്‍ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കേ പുതിയ ഡിജിറ്റല്‍ സം‌വിധാനം ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യുകയുള്ളൂ.  അതോടൊപ്പം സൈബര്‍ ക്രിമിനലുകള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ അതൊന്നുമില്ലാത്ത അന്യ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവനും കര്‍ഷകനും ധനികനും എല്ലാം ഒരുപോലെ ഡിജിറ്റലാവാന്‍ പറയുന്നത് ന്യായമാണോ എന്നും ചിന്തിക്കേണ്ടതാണ്.

ഏറ്റവും കൂടുതല്‍ ബാങ്ക് തട്ടിപ്പുകള്‍ നടക്കുന്ന കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കറന്‍സിരഹിത ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31-നകം എല്ലാ വില്ലേജുകളെയും കറന്‍സിരഹിത പദവിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകള്‍, ഇ-വാലറ്റ്, സ്മാര്‍ട്ട് ഫോണ്‍, ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചുളള ഇടപാടുകള്‍ മുതലായവയിലാണ് പരിശീലനം നല്‍കുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നും എത്രപേരുടെ പണം തട്ടിപ്പിലൂടെ നഷ്ടപ്പെടുമെന്നും ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഈ മേഖലകളില്‍ ഹൈടെക്‌ സാങ്കേതികവിദ്യകളുപയോഗിച്ചാണ്‌ സൈബര്‍ കുറ്റവാളികള്‍ ഇന്ത്യയുടെ വമ്പന്‍ പ്രതിരോധ ബജറ്റിനോളം പോന്ന തുക ഓരോ വര്‍ഷവും തട്ടിയെടുക്കുന്നത്‌. ഓരോ വര്‍ഷവും ആഗോളതലത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ എട്ട്‌ മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുന്നുവെങ്കില്‍ ഇന്ത്യയിലെ വര്‍ധനയുടെ തോത്‌ കഴിഞ്ഞ വര്‍ഷം 17 ശതമാനത്തോളമായിരുന്നു എന്നു കേള്‍ക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.

മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ അടിസ്ഥാനപരമായി പ്രശ്നങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ല. കള്ളപ്പണ വേട്ട തകൃതിയായി രാജ്യമെങ്ങും നടക്കുന്നുണ്ട്. കോടിക്കണക്കിന് കള്ളപ്പണം പിടിച്ചെടുത്ത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നുമുണ്ട്. അതേ നിലയില്‍ തന്നെ സമാന്തരമായി സാധാരണക്കാരുടെ ദൈനംദിന ജീവിതവും ആകെ താറുമാറായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ മുഴുവന്‍ ഡിജിറ്റലാക്കുമെന്ന മോദിയുടെ ആഗ്രഹം സഫലമാകണമെങ്കില്‍ മേല്പറഞ്ഞ സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലും  ഉത്തരവാദിത്വമേറ്റെടുക്കണം.

അമേരിക്കയിലും മറ്റിതര രാജ്യങ്ങളിലും വിവര സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ സം‌വിധാനവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. കാരണം അത്രയും കെട്ടുറപ്പോടെ, വിശ്വസനീയതയോടെ, എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടങ്ങളിലെല്ലാം ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളവും, പെന്‍ഷനും, ആനുകൂല്യങ്ങളുമെല്ലാം ബാങ്കുവഴിയാണ് നടക്കുന്നത്. ഓണ്‍‌ലൈന്‍ പര്‍ച്ചെയ്സിംഗും, വ്യാപാരവും, ബില്‍ പെയ്മെന്റുകളും, ഓട്ടോമാറ്റിക് പെയ്മന്റുകളുമൊക്കെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ഭദ്രമായി നടക്കുന്നു. ക്യാഷ് കൈയ്യിലില്ലെങ്കിലും എടി‌എം-ക്രഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നമുക്ക് ക്രയവിക്രയങ്ങള്‍ നടത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബാങ്കുകളിലെ എടി‌എം കാര്‍ഡുകള്‍ ലോകത്ത് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ബാങ്ക് ഡെപ്പോസിറ്റുകള്‍, ട്രാന്‍സ്ഫറുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്യാം. അക്കൗണ്ടുകള്‍ ഓണ്‍‌ലൈന്‍ വഴി പരിശോധിക്കാം.... ഇവയൊക്കെ സുരക്ഷിതമായ സാങ്കേതികതത്വത്തോടെ ബാങ്കുകളും സര്‍ക്കാരിതര സ്ഥാപനങ്ങളും ജനങ്ങള്‍ക്കായി ഒരുക്കിത്തന്നിട്ടുണ്ട്. എടി‌എം/ക്രഡിറ്റ് കാര്‍ഡുകളില്‍ ഏതെങ്കിലും തരത്തിലുള്ള  അനധികൃത ഇടപാടുകള്‍ നടന്നതായി സംശയം തോന്നിയാല്‍ ബാങ്കുകള്‍ എത്രയും പെട്ടെന്ന് അതിന് പരിഹാരങ്ങളും ചെയ്തുതരുന്നു. എന്നാല്‍ ഇന്ത്യയിലോ? ബാങ്ക് മാനേജരും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘങ്ങള്‍ പോലും അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് ഇടപാടുകാരുടെ പണം മോഷ്ടിച്ചതിന് പിടിക്കപ്പെടുന്ന ഒരു രാജ്യത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സം‌വിധാനം ഒരുക്കുക അസാധ്യമാണെന്ന് മോദി സര്‍ക്കാരിനും റിസര്‍‌വ്വ് ബാങ്കിനും അറിയാതെ പോയത് ദൗര്‍ഭാഗ്യകരമായിപ്പോയി.

ഇപ്പോള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നിരിക്കുന്ന നോട്ട് നിരോധനത്തിലൂടെയുള്ള ഡിജിറ്റല്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനത്തിലൂടെ ഡിജിറ്റല്‍ പണമിടപാടുകളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും വലിയതോതില്‍ വര്‍ധിച്ചതോടൊപ്പം പരാതികളും പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഗായകന്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ ഓണ്‍ലൈന്‍ വഴി ആരോ തട്ടിയെടുത്തത്. അതേ ദിവസം തന്നെ കേന്ദ്ര സര്‍വ്വകലാശാലാ ജീവനക്കാരിയുടെ അക്കൗണ്ടില്‍ നിന്നും അറുപതിനായിരത്തോളം രൂപയും പിന്‍‌വലിച്ചത്രേ. സാധാരണ ഗതിയില്‍ ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും, പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യാന്‍ നിലവിലെ കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാണ് ക്രിമിനലുകള്‍ പണം പിന്‍‌വലിക്കാറ്. എന്നാല്‍ ഈ കേസില്‍ അതുപോലുമില്ലാതെയാണ് പണം പിന്‍‌വലിച്ചതത്രേ. ഇത്തരം കേസുകളില്‍ ബാങ്കുകാര്‍ പോലീസിലറിയിച്ച്  അവര്‍ സൈബര്‍ സെല്ലിലറിയിച്ച് കാത്തിരിക്കുകയാണ് പതിവ്. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടാന്‍ ഒരുപക്ഷേ കാലങ്ങളെടുക്കും.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണ വേട്ട പുരോഗമിക്കുകയും കോടിക്കണക്കിന് രൂപ കണ്ടുകെട്ടുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ക്രിമിനലുകളെ എങ്ങനെ നേരിടുമെന്ന് സര്‍ക്കാരിന് ഇതുവരെ ഒരു രൂപവും കിട്ടിയിട്ടില്ല. രാജ്യമെങ്ങുമുള്ള ബാങ്കുകള്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപ ഡെപ്പോസിറ്റുകളും വാങ്ങി എല്ലാം ഭദ്രമായി എന്നു ചിന്തിച്ച് സ്വസ്ഥമായി ഇരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍‌വ്വ് ബാങ്കും 'എല്ലാം ശരിയായി' എന്ന മട്ടില്‍ ആശ്വാസം കൊള്ളുന്നു. പക്ഷെ, ഇതിന്റെയെല്ലാം അന്ത്യം സൈബര്‍ ക്രിമിനലുകളുടെ കടന്നു കയറ്റവും ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ജനങ്ങളുടെ പണം മോഷ്ടിക്കലുമാണെന്ന് അവര്‍ അറിയുന്നില്ല. ഈ ക്രിമിനലുകളെ എങ്ങനെ നേരിടാമെന്നുള്ള യാതൊരു സം‌വിധാനവും ബാങ്കുകള്‍ ഒരുക്കിയിട്ടില്ലെന്നുള്ളതും ഭീകരമായ ഒരു സത്യമാണ്. കൈയ്യിലുള്ള പണം മുഴുവന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരനെ കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തമാണെന്ന് അവര്‍ അറിയുന്നതേ ഇല്ല. 

Read more

തിയ്യേറ്ററുകളിലൊതുങ്ങുന്ന ദേശസ്‌നേഹം

സിനിമാ തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും, ആ സമയത്ത് എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവും തുടര്‍ന്നുള്ള കോലാഹലങ്ങളും വിവാദങ്ങളും അടങ്ങുന്നതിനു മുന്‍പുതന്നെ വിവാദം കൊഴുപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ട ഘട്ടത്തിലെത്തിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആസ്വാദനത്തിന്റെ പുത്തന്‍തലങ്ങള്‍ക്കപ്പുറം അരാജകത്വത്തിന്റെ പുതിയ പാഠങ്ങളാണ് ദേശീയഗാനത്തിന്റെ കാരണം പറഞ്ഞ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദേശീയഗാനം വര്‍ഗീയവത്ക്കരിക്കുന്നതും, ദേശീയഗാനത്തോടുള്ള അനാദരവും ചലച്ചിത്രമേളയില്‍ ഒരു പതിവു കാഴ്ചയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് തിയ്യേറ്ററുകള്‍ക്ക് ചുറ്റും റോന്തു ചുറ്റുന്ന കാഴ്ചയാണത്രേ തിരുവനന്തപുരത്തെ ചലച്ചിത്ര മേളയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആരൊക്കെ ഇരിക്കുന്നു, ആരൊക്കെ ദേശീയഗാനത്തെ ആദരിക്കുന്നില്ല, ആരൊക്കെ മൊബൈലില്‍ സംസാരിക്കുന്നു, ആരൊക്കെ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു എന്നെല്ലാം കൃത്യമായി കണ്ടുപിടിക്കാന്‍ ചിലര്‍ തിയ്യേറ്ററിനകത്തുതന്നെയുണ്ടുതാനും. അനാദരവ് കാണിക്കുന്നവരുടെ ഫോട്ടോ എടുത്ത് വാട്‌സ്ആപ്പ് വഴി പുറത്തു കാത്തുനില്‍ക്കുന്ന പോലീസിന് കൈമാറുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കൂട്ടത്തില്‍ ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകരും ക്യാമറയുമായി അകത്തുണ്ടെന്നും, അവര്‍ കൈമാറുന്ന ദൃശ്യങ്ങള്‍ നോക്കി ദേശീയഗാനാലാപനം കഴിഞ്ഞയുടനെ പോലീസ് അകത്തു കയറി അതീവ സന്തോഷത്തോടെ ഇരയുടെ അടുത്തേയ്ക്ക് പാഞ്ഞടുത്ത് അയാളെ അല്ലെങ്കില്‍ അവരെ കൈയ്യോടെ പിടികൂടുകയും ചെയ്യുന്നു. എതിര്‍ത്താല്‍ അറസ്റ്റ്, ഇല്ലെങ്കില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ദേശസ്‌നേഹത്തെക്കുറിച്ച് സ്റ്റഡി ക്ലാസെടുത്ത് ജാമ്യത്തില്‍ വിടുക. ഇതാണ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്നത്.

ഇത്രയുമായപ്പോള്‍ സ്വാഭാവികമായി ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ്... 'ഇതെന്താ ഇപ്പോള്‍ ഇങ്ങനെ' എന്ന്. ആദ്യകാലങ്ങളില്‍ സിനിമ കഴിഞ്ഞയുടനെ സ്ക്രീനില്‍ ദേശീയപതാക കാണിച്ച് ദേശീയഗാനവും കേള്‍പ്പിക്കുമായിരുന്നു. ആ പതിവ് നിര്‍ത്തിയിട്ട് എത്രയോ കാലങ്ങളായി. അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചു, എത്രയോ ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ മാറിമാറി വന്നു പോയി. ഇപ്പോള്‍ ഇങ്ങനെ ഒരു ദേശസ്‌നേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മനസ്സിലുദിക്കാന്‍ കാരണമെന്ത്? അതിലെന്തെങ്കിലും ദുരൂഹതയുണ്ടോ? എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ? അതില്‍ സുപ്രീം കോടതിക്കും പങ്കുണ്ടോ? നാഴികക്കു നാല്പതു വട്ടം ദേശീയഗാനം പാടിയാലോ, കേട്ടാലോ മാത്രമേ ദേശസ്‌നേഹം തോന്നുകയുള്ളോ? ചലച്ചിത്ര മേളയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരുടെ ഫോട്ടോ എടുക്കാനും പോലീസിനെക്കൊണ്ട് പിടിപ്പിക്കാനും ഉത്സാഹം കാണിക്കുന്നത് ബി.ജെ.പി. പ്രവര്‍ത്തകരാണെന്നു കേള്‍ക്കുമ്പോള്‍ മേല്പറഞ്ഞ സംശയങ്ങള്‍ക്ക് ആക്കം കൂടും. ചലച്ചിത്രങ്ങളെ എപ്പോഴും വെറുപ്പോടെ കണ്ടിരുന്ന ചില സംഘടനകളുടെ പ്രവര്‍ത്തകരാണ് ചലച്ചിത്ര മേളയിലേക്ക് ഇടിച്ചു കയറിക്കൊണ്ടിരിക്കുന്നതത്രേ. ഒരു പ്രത്യേക ഗ്രൂപ്പായാണ് അവര്‍ തീയേറ്ററുകളില്‍ എത്തുന്നത്. അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും, താമസവും ഭക്ഷണവുമുള്‍പ്പടെ, അവരുടെ മാതൃസംഘടനയുടെ ഓഫീസില്‍ ചെയ്തുകൊടുക്കുന്നു. ഓരോ ദിവസവും പ്രതിഷേധിക്കാനുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമൊക്കെ ഈ ഓഫീസിലിരുന്ന് എഴുതി തയ്യാറാക്കി, അന്നന്ന് കാണേണ്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് വാട്‌സാപ്പില്‍ മെസേജ് നല്‍കി കൂട്ടമായാണ് ഇവര്‍ തീയേറ്റിലെത്തുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരോടൊപ്പം അരാജകവാദികളായ പതിവ് ബുദ്ധിജീവികളും കൂടി ചേര്‍ന്നാണ് ദേശീയ ഗാനവിവാദം കൊഴുപ്പിക്കുന്നതെന്നും പറയുന്നു.

സുപ്രീം കോടതി എന്തു കാരണത്താലാണ് തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ടതെന്നാണ് ഇപ്പോഴും മനസ്സിലാകാത്തത് ! തിയ്യേറ്ററിനെന്താണ് പ്രത്യേകത? സിനിമ കാണാന്‍ തിയ്യേറ്ററിലിരിക്കുന്നവര്‍ക്ക് മാത്രം മതിയോ ദേശസ്‌നേഹം? മറ്റുള്ളവര്‍ക്ക് വേണ്ടേ? എന്തുകൊണ്ട് സുപ്രീം കോടതിയടക്കം എല്ലാ കോടതികളിലും അത് നടപ്പിലാക്കുന്നില്ല? ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും മറ്റു കോടതി ജീവനക്കാര്‍ക്കാര്‍ക്കും ദേശസ്‌നേഹം വേണ്ടേ? എന്തുകൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, കോളേജുകള്‍, െ്രെപവറ്റ് ഓഫീസുകള്‍, കമ്പനികള്‍, ഫാക്ടറികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ദേശീയ ഗാനം കേള്‍പ്പിച്ചുകൂടാ? അവിടെയുള്ളവര്‍ക്കൊന്നും ദേശസ്‌നേഹം വേണമെന്നില്ലേ? ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് ദേശസ്‌നേഹം വേണ്ടെ? എന്തുകൊണ്ട് സിനിമാ തിയ്യേറ്ററുകളില്‍ മാത്രം ദേശീയഗാനം കേള്‍പ്പിക്കാനും ജനങ്ങള്‍ എഴുന്നേറ്റു നില്‍ക്കാനും സുപ്രീം കോടതി ഉത്തരവിറക്കി? ആരുടെ പ്രേരണയില്‍? ബി.ജെ.പിആര്‍എസ്എസ്ശിവസേനസംഘ്പരിവാര്‍ അജണ്ടയാണോ സുപ്രീം കോടതി നടപ്പിലാക്കിയത്?

ഈ ദേശീയഗാനത്തിന്റേയും ദേശഭക്തിയുടേയും പിറകില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്താണെന്ന് ഇപ്പോഴല്ലെങ്കില്‍ പിന്നീട് ജനങ്ങള്‍ക്ക് മനസ്സിലാകും. കഴിഞ്ഞ വര്‍ഷം (2015ല്‍) സ്കൂളുകളില്‍ സൂര്യനമസ്ക്കാരം നിര്‍ബ്ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയതു തന്നെ ഒരു ഉദാഹരണമായിട്ടെടുക്കാം. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എന്നും സൂര്യനമസ്ക്കാരം ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞ് രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തി. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ് ഹിന്ദുമത/സനാതന ധര്‍മ്മ വിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ മുതലായ ദേവന്മാരും, അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. സൂര്യനെ നമസ്ക്കരിക്കുന്നതും ദൈവപരിവേഷം നല്‍കുന്നതും െ്രെകസ്തവരും, മുസ്ലീങ്ങളും, മറ്റു ചില മതവിഭാഗങ്ങളും വിശ്വസിക്കുന്നില്ല. അതവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതാണ്. അതേച്ചൊല്ലിയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് ആളിപ്പടര്‍ന്നത്. അപകടം മണത്ത ബി.ജെ.പി. കണ്ടുപിടിച്ച മറ്റൊരു പോംവഴിയാണ് എല്ലാ സ്കൂളുകളിലും യോഗാ നിര്‍ബ്ബന്ധമാക്കല്‍. ആയുരാരോഗ്യപരിപാലനത്തിന് യോഗയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. ആ യോഗയുടെ പേരിലായിരുന്നു പിന്നീടുള്ള വിവാദങ്ങള്‍. യോഗ ചെയ്യുന്നതിനു മുന്‍പ് സൂര്യ നമസ്ക്കാരം നിര്‍ബ്ബന്ധമാണല്ലോ. ജൂണ്‍ 21ന് യോഗ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന സൂര്യനമസ്ക്കാരം മുസ്ലീം സംഘടനകളുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് പിന്‍ വലിച്ചിരുന്നു. ഇഷ്ടമുള്ളവര്‍ മാത്രം സൂര്യനമസ്ക്കാരം ചെയ്താല്‍ മതിയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിവാദത്തോട് സ്വീകരിച്ചത്. അപ്പോഴും പ്രതിഷേധത്തിന് ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. കാരണം 'ഓം' ഉരുവിട്ടുകൊണ്ട് യോഗ അഭ്യസിക്കണമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. അതിനെതിരെ ബിജെപി മുസ്ലീം അനുകൂല സംഘടനകളും രംഗത്തെത്തിയതോടെ സൂര്യനമസ്ക്കാരം, 'ഓം' മുതലായവ വേണമെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്ന നിബന്ധന വെച്ചതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.

യോഗയെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചതിന്റെ കാരണം ഇപ്പോള്‍ ദേശഭക്തിയുടെ മറവില്‍ ദേശീയഗാനം അടിച്ചേല്പിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് പറയാനാണ്. ബി.ജെ.പി.ആര്‍.എസ്.എസ്.സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ദേശീയഗാനത്തിന്റെ 'രക്ഷകരായി' അവതരിച്ച് തിയ്യേറ്ററുകളില്‍ കടന്നുകൂടി എഴുന്നേറ്റു നില്‍ക്കാത്തവരെ കണ്ടുപിടിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിപ്പിക്കുന്നതെന്നതു തന്നെയാണ് അതിന്റെ മറ്റൊരു കാരണവും. ഒരു ചെറിയ സംഭവം പോലും വലിയൊരു പ്രസ്ഥാനമാക്കി മാറ്റാനുള്ള മോദിയുടെ കഴിവ് ഒന്നു വേറെ തന്നെയാണല്ലോ. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിപ്പിക്കണമെന്ന മോദിയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചത് മോദി ഭക്തരില്‍ ആവേശം ജനിപ്പിച്ചിരുന്നു. ഇത് മോദി വിരുദ്ധര്‍ക്കെതിരായ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ വീര്യം കൂട്ടുകയും ചെയ്തിരുന്നു. ആ വീരസ്യമാണ് ഇപ്പോള്‍ ദേശീയഗാനത്തില്‍ കയറിപ്പിടിച്ചിരിക്കുന്നത്. ദേശീയഗാനത്തെ ആദരിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. പത്തുപേര്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനമാലപിക്കണമെന്ന സുപ്രീം കോടതിയുടെ അടുത്ത വിധി വരുമ്പോള്‍ അതനുസരിക്കാന്‍ നിര്‍ബ്ബന്ധിതരാകേണ്ടിവരുന്ന പൗരന്മാരുടെ നിസ്സഹായവസ്ഥയും മുന്‍കൂട്ടി കാണണമല്ലോ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിരോധിച്ചുകൊണ്ട് ഈ അടുത്തയിടെ സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 'ശബ്ദമലിനീകരണ'മാണ് അതിന് കാരണം കണ്ടുപിടിച്ചത്. എന്നാല്‍, അതും മറ്റൊരു രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്ന സംശയം ബലപ്പെടണമെങ്കില്‍ ആരാധനാലയങ്ങളില്‍ ഇനി മുതല്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം. യോഗയുടെ മറവില്‍ സൂര്യനമസ്ക്കാരം നിര്‍ബ്ബന്ധമാക്കാന്‍ ശ്രമിച്ചതുപോലെ, ദേശഭക്തിയുടെ മറവില്‍ ദേശീയ ഗാനം കൊണ്ടുവന്നതുപോലെ അതും സംഭവിക്കാം.

ഈ വിഷയത്തില്‍ പലരും പല അഭിപ്രായങ്ങളും പറയുന്നത് ചാനലുകളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അറിഞ്ഞതില്‍ നിന്ന് മനസ്സിലാകുന്നത്, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവര്‍ ദേശവിരുദ്ധരാണെന്നോ, അവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നവര്‍ ദേശസ്‌നേഹികളാണെന്നോ അല്ല. മറിച്ച്, പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ജാതിമതവിശ്വാസങ്ങളില്‍ വിഷം കലര്‍ത്തുക എന്ന ഗൂഢലക്ഷ്യമാണെന്നാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കൊടുങ്ങല്ലൂരിലുള്ള വീടിനു മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം. പ്രകടനം നടത്തിയതോ ബി.ജെ.പി.ക്കാരും. മറ്റൊരു പാര്‍ട്ടിക്കാരും അങ്ങോട്ടു ചെന്നതുമില്ല. പ്രകടനക്കാരില്‍ ആരും തന്നെ ദേശീയ പതാക ഏന്തിയിരുന്നില്ല, പകരം ബി.ജെ.പി.യുടെ കൊടിയായിരുന്നു കൈയില്‍. കൂടാതെ പ്രകടനക്കാര്‍ ദേശീയഗാനത്തെ മുദ്രാവാക്യം പോലെയാണ് വിളിച്ചതെന്നും, അത് ഭരണഘടനയുടെ ലംഘനമാണെന്നും കാണിച്ച് റവല്യൂഷണറി യൂത്ത് ഭാരവാഹികള്‍ പരാതി കൊടുത്തപ്പോള്‍ പോലീസിന്റെ ഭാഷ്യം ഇങ്ങനെയായിരുന്നു.... "പ്രതിഷേധസൂചകമായി ദേശീയഗാനം ആലപിച്ചതില്‍ കേസെടുക്കാനാകില്ല, നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല, ദേശീയഗാനം ആലപിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ എഴുന്നേറ്റുനില്‍ക്കുകയായിരുന്നു....!" ഇതില്‍ നിന്നും മനസ്സിലാകുന്നത് ദേശീയഗാനം എങ്ങനെയാണ് ആലപിക്കേണ്ടതെന്നും, അത് ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകളെന്താണെന്നും പോലീസിനോ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കോ അറിയില്ല എന്നാണ്. പോലീസിന്റെ നോട്ടത്തില്‍ പ്രകടനക്കാര്‍ കമലിന്റെ വീട്ടു പടിക്കല്‍ കൊടിയുമേന്തി നിന്ന് അട്ടഹസിക്കുകയും മുഷ്ടി ചുരുട്ടി ദേശീയഗാനം മുദ്രാവാക്യമായി വിളിച്ചുകൂവുകയുമായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസിന്റെ വിവരക്കേട് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. മറ്റൊരു വശം ചിന്തിച്ചാല്‍ പോലീസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്തരവുകള്‍ അനുസരിക്കുക എന്നതാണല്ലോ അവരുടെ ഉത്തരവാദിത്വം. നമ്മുടെ ഭരണകൂടവും നീതിന്യായപീഠവും ദേശസ്‌നേഹത്തിന്റെ മാര്‍ക്കറ്റിംഗ് ഏറ്റെടുത്താല്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. ദേശസ്‌നേഹം എന്താണ്, അത് എങ്ങനെയാണ് ഓരോരുത്തരിലും ഉളവാകുന്നത് എന്നെല്ലാം മനസ്സിലാക്കാതെയുള്ള നടപടികള്‍ ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമാണെന്ന് പറയാതെ വയ്യ.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഓരോ സിനിമകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് അപ്രായോഗികമാണെന്ന് പറഞ്ഞ കമലിന്റെ വസതിക്കു മുമ്പില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യമായി ആലപിച്ചതാണോ അനാദരവ് അതോ കമല്‍ പറഞ്ഞതാണോ ശരി? ബി.ജെ.പി.ആര്‍.എസ്.എസ്. ആണോ ഭാരതീയരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടത്? രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്‌സെയെ പൊടിതപ്പിയെടുത്ത് രാഷ്ട്രപിതാവായി വാഴിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് ബി.ജെ.പി. സഖ്യകക്ഷികള്‍ കേന്ദ്രഭരണത്തില്‍ വന്നതിനു ശേഷമാണ്. ഈ സഖ്യകക്ഷികള്‍ക്ക് ദേശീയഗാനത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കാനും മറ്റുള്ളവരെ പാഠം പഠിപ്പിക്കാനും അര്‍ഹതയുണ്ടോ? ദേശീയ പതാകയോടും, ദേശീയഗാനത്തോടും അതുപോലെ ദേശസ്‌നേഹപരമായ എന്തിനോടും ആദരവ് കാണിക്കാത്തവരാണ് ആര്‍.എസ്.എസ്. ഇന്ത്യയൊട്ടാകെ കാവിക്കൊടി പറത്താനും, ദേശസ്‌നേഹത്തിന്റെ പേരില്‍ ഇന്ത്യയെ കാവിവത്ക്കരിക്കാനുമുള്ള ഗൂഢമായ നീക്കമാണ് ഇപ്പോള്‍ ഉന്നയിക്കുന്ന ദേശീയഗാന ഭക്തി. ദേശീയഗാനം ഒരു പാര്‍ട്ടിയുടേയും സ്വത്തല്ല. അത് രാഷ്ട്രത്തിന്റെ സ്വത്താണ്. അതായത് ഓരോ ഭാരതീയന്റേയും സ്വത്ത്. ദേശീയഗാനത്തെ അനാദരിച്ചവരുടെ പേരില്‍ കേസെടുക്കണമെന്നു വിധിച്ച സുപ്രീം കോടതിയോടും, ആ വിധിയെ അപ്പാടെ തലയിലേറ്റി കൈവിലങ്ങുമായി നടക്കുന്ന പോലീസിനോടും ഒന്നേ ചോദിക്കാനുള്ളൂ. സിനിമാ തിയ്യേറ്ററുകളില്‍ പോകുന്നവര്‍ക്ക് മാത്രം മതിയോ ദേശഭക്തി? ദേശീയഗാനത്തെ അവര്‍ മാത്രം ആദരിച്ചാല്‍ മതിയോ? ദേശഭക്തി പ്രകടിപ്പിക്കാന്‍ ദേശീയഗാനം കേള്‍ക്കണമെന്നുണ്ടോ? അതുപോലെ ദേശീയഗാനം കേള്‍ക്കുന്നവരൊക്കെ ദേശഭക്തിയുള്ളവരാണോ?

ഇത്തരുണത്തില്‍ ജൃല്‌ലിശേീി ീള കിൗെഹെേ ീേ ചമശേീിമഹ ഒീിീൗൃ അര േ1971 പ്രകാരം 1986ലെ സുപ്രീം കോടതിയുടെ തന്നെ ഒരു സുപ്രധാന വിധി പരിശോധിക്കാം..... "1986 ലെ ബിജോ ഇമ്മാനുവേല്‍ വേര്‍സസ് സ്‌റ്റേറ്റ് ഓഫ് കേരള കേസില്‍ ദേശീയ ഗാനം ചൊല്ലുന്ന തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നും അങ്ങനെ ചൊല്ലാതിരുന്നതിനെ തുടര്‍ന്ന് സ്കൂളില്‍ നിന്ന് തങ്ങളെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യഹോവ സാക്ഷി വിശ്വാസികളായ മൂന്ന് കുട്ടികളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. കേസില്‍ വിധി പറഞ്ഞ ജഡ്ജി ജസ്റ്റീസ് ഒ. ചിന്നപ്പ റെഡ്ഡി ദേശിയഗാനം ആലപിക്കുമ്പോള്‍ കൂടെ ചൊല്ലണം എന്നില്ലെന്നും സംസാരിക്കാന്‍ അവകാശമുള്ളത് പോലെ മിണ്ടാതിരിക്കാനും അവകാശം ഉണ്ടെന്നും പ്രസ്താവിച്ചു. മതവിശ്വാസ പ്രകാരം ഒരാള്‍ക്ക് ദേശിയഗാനം ചൊല്ലുന്നതില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അതനുവദിച്ചു തരുന്നുണ്ടെന്നും വിധിയില്‍ പറയുന്നു. ജൃല്‌ലിശേീി ീള കിൗെഹെേ ീേ ിമശേീിമഹ വീിീൃ മര േ1971 പ്രകാരം ദേശീയ ഗാനം ചൊല്ലാതിരിക്കുന്നത് നിയമലംഘനം ആയി കണക്കാക്കാം എന്നിരിക്കെ പ്രസ്തുത വിധിപ്രകാരം ദേശീയഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് തരുന്നു..." (ആശഷീല ഋാാമിൗലഹ & ഛൃ െഢ. ടമേലേ ീള ഗലൃമഹമ & ഛൃ െധ1986പ കചടഇ 167), എന്നാണ് പറഞ്ഞിരിക്കുന്നത്.

ദേശീയ ഗാനത്തോട് ആദരവ് കാണിക്കണമെന്ന് ഓരോ ഭാരതീയനും അറിയാം. അത് ഓരോരുത്തരുടെയും ഭരണഘടനാപരമായ കടമയാണ്. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ നമ്മള്‍ അനുഭവിക്കുമ്പോള്‍ ആ ഭരണഘടന അനുശാസിക്കുന്ന കടമകള്‍ നിര്‍വ്വഹിക്കാനും ഓരോരുത്തരും ബാധ്യസ്ഥരാണ്. എന്നാല്‍ എഴുന്നേറ്റ് നിന്നുകൊണ്ട് വേണം ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ എന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല. മേല്പറഞ്ഞ1971 ലെ ദേശീയതയെ അവഹേളിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ മൂന്നില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ആരെങ്കിലും മനഃപ്പൂര്‍വ്വം ദേശീയ ഗാനാലാപനത്തെ തടയുകയോ ദേശീയ ഗാനം ആലപിക്കുന്ന സമ്മേളനത്തെ അലങ്കോലപ്പെടുത്തുകയോ ചെയ്താല്‍ ആ വ്യക്തി മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടതാണ്" എന്നാണ് നിയമം. ഇവിടെ എവിടെയും എഴുന്നേറ്റ് നിന്ന് ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. ദേശീയഗാനം ആലപിക്കാത്തവരേയും എഴുന്നേറ്റു നില്‍ക്കാത്തവരെയും രാജ്യദ്രോഹികളായി കണക്കാക്കണമെന്നോ ശിക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ല. തന്നെയുമല്ല, സിനിമാ തിയ്യേറ്ററില്‍ മാത്രം ദേശീയഗാനം കേള്‍പ്പിക്കണമെന്നും പറഞ്ഞിട്ടില്ല. ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ ദേശീയഗാനം കേള്‍ക്കണമെന്നും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തത് അനാദരവാകും?

ഇപ്പോള്‍ അതേ സുപ്രീം കോടതി തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആ സമയത്ത് തിയേറ്ററിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് ആദരവ് കാണിക്കണമെന്നും ഉത്തരവിറക്കിയത് കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയാണ്. സുപ്രീം കോടതി തന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു. ഉത്തരവ് പാലിച്ച പോലീസും ഭരണഘടനാ വിരുദ്ധവുമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ചു മാത്രമേ ഒരു വ്യക്തിക്കെതിരെ കേസെടുക്കാന്‍ സാധിക്കൂ. നിയമം തന്നെ നിലവിലില്ലെങ്കില്‍ കുഴങ്ങുന്നത് പോലീസായിരിക്കും. ഒരു സംഘടനയുടെ, അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഇല്ലാത്ത നിയമത്തിന്റെ പേരില്‍ കേസെടുത്താല്‍ അത് മൗലീകാവകാശ ധ്വംസനത്തില്‍ പെടും. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം മൂന്നിലെ 20ാം അനുച്ഛേദത്തില്‍ അത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. (Article 20 {Protection in respect of conviction for offenses} No person shall be convicted of any offence except for violation of a law in force at the time of the commission of the act charged as an offence, not be subjected to a penatly greater than that which might have been inflicted under the law in force at the time of the commission of the offence). അതായത് ഒരു കുറ്റത്തിന് ശിക്ഷ നല്‍കേണ്ടത് ആ കുറ്റം ചെയ്യപ്പെടുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമാണ്. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ ശിക്ഷിക്കാന്‍ നിലവിലുള്ള ഒരു നിയമവും പറയുന്നില്ല.

ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ മര്‍ദ്ദിച്ച സംഭവവും നടക്കുന്നുണ്ട്. മര്‍ദ്ദിച്ചവര്‍ ദേശസ്‌നേഹികളായതുകൊണ്ടല്ല, മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് അവരത് ചെയ്തത്. അത്തരം 'ദേശസ്‌നേഹികളുടെ' ഉദ്ദേശശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യപ്പെടാനോ അവരെ അനാവശ്യമായി ആക്രമിക്കാനോ ഒരു നിയമവും അനുശാസിക്കുന്നില്ല. ദേശീയ ഗാനാലാപന സമത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് നിയമലംഘനവും, ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇവിടെ ബി.ജെ.പി. അഭിനവ രാജ്യസ്‌നേഹികളായി വേഷം മാറിയെങ്കില്‍ തീര്‍ച്ചയായും ഇത് അവരുടെ 'രഹസ്യ അജണ്ട'യുടെ ഭാഗം തന്നെയാണ്. നിയമലംഘനം നടത്തുന്ന പോലീസുകാരേയും, അവരെ സംരക്ഷിക്കുന്ന സര്‍ക്കാരുകളേയും, ആ സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന പാര്‍ട്ടിയേയും ശിക്ഷിക്കേണ്ട സുപ്രീം കോടതി തന്നെയാണ് ഈ വിപത്തുകളെല്ലാം വരുത്തി വെച്ചിരിക്കുന്നത്. ആ കോടതിയെ ആര് നിയന്ത്രിക്കും?

ഒരാളുടെ ദേശസ്‌നേഹം വിലയിരുത്തപ്പെടേണ്ടതും കണക്കിലെടുക്കേണ്ടതും അയാള്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചിട്ടു വേണ്ട. ദേശസ്‌നേഹം സിനിമാ തിയ്യേറ്ററുകളില്‍ ഒതുങ്ങേണ്ട ഒന്നല്ല. ദേശസ്‌നേഹം രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ഭാരതീയന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. അത് പ്രകടിപ്പിക്കേണ്ടത് ഏതൊരു ഭാരതീയന്റേയും പൗരാവകാശവുമാണ്.

ജയ് ഹിന്ദ്‌

Read more

"എല്ലാം ശരിയാക്കുന്ന" ഫിലിപ്പോസ് ഫിലിപ്പ്

അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 201618 കാലഘട്ടത്തിലേക്കുള്ള ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പ് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പുതുമുഖമല്ല. തന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുടെ മേമ്പൊടി ചേര്‍ത്ത് അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ആ സാഫല്യത്തില്‍ കൃതാര്‍ത്ഥനാകുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ് ഫിലിപ്പ്.

അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാടവവും ശുഷ്‌ക്കാന്തിയും നേരിട്ട് കണ്ട ഒരു വ്യക്തിയാണ് ഞാന്‍. 20092010 വര്‍ഷങ്ങളില്‍ ആല്‍ബനിയില്‍ വെച്ചാണ് ഫിലിപ്പോസ് ഫിലിപ്പിനെ ആദ്യമായി അടുത്ത് പരിചയപ്പെടുന്നത്. എംപയര്‍ സ്‌റ്റേറ്റ് പ്ലാസയില്‍ സ്ഥിതി ചെയ്യുന്ന ഏജന്‍സി ബില്‍ഡിംഗ്2ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ ഫിലിപ്പും, കോണിംഗ് ടവറില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്, ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്‌സില്‍ ഞാനും ജോലി ചെയ്യുന്നു. ലഞ്ച് സമയത്ത് അവിടെയുള്ള എല്ലാവരും കോണ്‍കോഴ്‌സ് ലവലിലുള്ള റസ്‌റ്റോറന്റുകളിലും കഫേകളിലും ലഞ്ച് കഴിയ്ക്കാന്‍ ഒത്തുചേരും. സകലരും വന്നു ചേരുന്ന സമയം. ഏത് ആള്‍ക്കൂട്ടത്തിലും മലയാളികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അങ്ങനെയാണ് ഫിലിപ്പോസ് ഫിലിപ്പിനെ ഞാന്‍ നേരില്‍ കാണുന്നത്. ആരെക്കണ്ടാലും 'നിറഞ്ഞ ചിരി'യോടെ സംസാരം തുടങ്ങുന്നത് ഫിലിപ്പിന്റെ ഒരു പ്രത്യേകതയാണെന്ന് മനസ്സിലാക്കാന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ആല്‍ബനിയില്‍ നടത്താനുള്ള പദ്ധതിയെപ്പറ്റി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായം പറഞ്ഞത്. ആല്‍ബനി മലയാളി അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്നോട് അസ്സോസിയേഷന്റെ പിന്തുണ കിട്ടുമോ എന്ന് അന്വേഷിച്ച ഫിലിപ്പിനോട് ഞാന്‍ പറഞ്ഞത് 'അതു വെണോ' എന്നായിരുന്നു. കാരണം ആല്‍ബനി മറ്റു നഗരങ്ങളെ അപേക്ഷിച്ച് അത്ര വലിയ നഗരമൊന്നുമല്ല. അതൊക്കെ ശരിയാകും എന്നായിരുന്നു ഫിലിപ്പിന്റെ മറുപടി. പിന്നീട് ഞങ്ങള്‍ തമ്മില്‍ നിത്യവും കാണും. ബ്രേക്ക് സമയത്തും ലഞ്ച് സമയത്തുമൊക്കെ ഞങ്ങള്‍ ഒത്തുകൂടും... സംസാരവിഷയം ഫൊക്കാന തന്നെ. അന്ന് ഫിലിപ്പ് ഫൊക്കാനയിലെ യാതൊരു ഔദ്യോഗിക പദവിയും വഹിക്കുന്നുണ്ടായിരുന്നില്ല.  പിന്നീട് കാര്യങ്ങളെല്ലാം ധ്രുതഗതിയിലായിരുന്നു.

2010ലെ കണ്‍വന്‍ഷന്‍ ആല്‍ബനിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ച വിവരം ഫിലിപ്പ് പറഞ്ഞപ്പോള്‍ ഞാനൊന്ന് പരുങ്ങാതിരുന്നില്ല. കോടതി കേസും മറ്റുമൊക്കെയായി ഫൊക്കാന ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോയതിനുശേഷം നടത്തുന്ന ആദ്യത്തെ കണ്‍വന്‍ഷനാണ്. അടി തെറ്റിയാല്‍ ഫൊക്കനയല്ല ഏത് ആനയും വീഴുമല്ലോ. ഇക്കാര്യവും ഞാന്‍ ഫിലിപ്പിനോട് പറഞ്ഞു. അപ്പോഴും ആ നിറഞ്ഞ ചിരി തന്നെ. വെറുതെ പല്ലിളിച്ചു കാണിച്ചാല്‍ പോരാ...ബുദ്ധിപരമായി ചിന്തിക്കാന്‍ ഞാന്‍ പറഞ്ഞുനോക്കി. അപ്പോഴും ചിരി തന്നെ. പക്ഷെ, ഒരു ദൃഢനിശ്ചയത്തില്‍ നിന്ന് രൂപാന്തരം പ്രാപിച്ച ചിരിയായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.

അന്നത്തെ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു നേതാക്കളും ആല്‍ബനിയിലെ കണ്‍വന്‍ഷന്‍ വേദി തിരഞ്ഞെടുക്കാന്‍ എത്തുന്നു എന്ന് ഫിലിപ്പ് പറഞ്ഞപ്പോള്‍ അന്തം വിട്ട എന്നോട് പറഞ്ഞത് 'എല്ലാം ശരിയാകും' എന്നാണ്. ഓരോ ദിവസവും ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ കണ്‍വന്‍ഷനെക്കുറിച്ച് മാത്രമേ ഫിലിപ്പിന് പറയാനുണ്ടായിരുന്നുള്ളൂ. യാതൊന്നിലും താല്പര്യമില്ലാത്ത, ഒരു സംഘടനയിലും ഭാഗഭാക്കാകാത്ത സാധാരണ മലയാളികള്‍ പറയുന്നതുപോലെ 'ഇയ്യാള്‍ക്ക് വേറെ പണിയൊന്നുമില്ലേ' എന്നു ചോദിക്കാന്‍ എനിക്കാവില്ലായിരുന്നു. കാരണം, ആല്‍ബനി മലയാളി അസ്സോസിയേഷന്‍ ഫൊക്കാനയുടെ അംഗസംഘടനയാണെന്നതു തന്നെ. കൂടാതെ, 1993ല്‍ സംഘടന രൂപീകരിച്ച നാള്‍ മുതല്‍ ഏഴു വര്‍ഷത്തോളം ഞാന്‍ അതിന്റെ സെക്രട്ടറിയായിരുന്നു. ഇക്കാലയളവിലാണ് ഫൊക്കാനയില്‍ അംഗത്വമെടുത്തതും. ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ ഈ സംഘടന പങ്കെടുത്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഫിലിപ്പിന്റെ ദൃഢനിശ്ചയം എന്നെ സ്വാധീനിക്കുകയും ചെയ്തു.

അന്നത്തെ ഫൊക്കാന പ്രസിഡന്റ് പോള്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ടീം ആല്‍ബനിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കാണുവാന്‍ വന്ന ദിവസം ഫിലിപ്പ് എന്നേയും കൂടെക്കൂട്ടി. ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. വളരെ ഊര്‍ജ്ജസ്വലതയോടെയായിരുന്നു എല്ലാവരും സംസാരിച്ചത്. അപ്പോഴും എന്റെ മനസ്സിലെ ശങ്ക വിട്ടുപോയിരുന്നില്ല. കാരണം, 1992ല്‍ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്ന് സ്ഥലം മാറി ആല്‍ബനിയിലെത്തിയ എനിക്ക് ആല്‍ബനിയുടെ ഭൂമിശാസ്ത്രവും മലയാളികളുടെ മനോഭാവങ്ങളും നന്നായി അറിയാമെന്നതു തന്നെ. നല്ലതു ചെയ്യുന്നവരെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ എല്ലായിടത്തും കാണുമല്ലോ. അപ്പോള്‍ ഫൊക്കാന എന്ന ദേശീയ സംഘടന ഒരു കണ്‍വന്‍ഷന്‍ ആല്‍ബനിയില്‍ നടത്തിയാലുണ്ടാകാവുന്ന പരിണതഫലം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ, എതു പറഞ്ഞിട്ടും ഫിലിപ്പിന്റെ തലയില്‍ കയറിയില്ല.

ഹോട്ടല്‍ ബുക്കിംഗ് കഴിഞ്ഞ് എല്ലാവരും തിരിച്ചുപോയതിനുശേഷം വീണ്ടും ഫിലിപ്പിനോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാനായി ഫിലിപ്പിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും, സഹായത്തിനായി എന്നോട് കൂടെ നില്‍ക്കാനും ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയുടെ യാതൊരു ഔദ്യോഗിക പദവിയും വഹിക്കാത്ത ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോള്‍ 'മീഡിയാ കൈകാര്യം ചെയ്താല്‍ മതി' എന്ന ഫിലിപ്പിന്റെ മറുപടി കേട്ടപ്പോള്‍ 'ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചു' എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്. അത് ശരിയാകുകയില്ല എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഫിലിപ്പിന്റെ മറുപടി 'എല്ലാം ശരിയാകും' എന്നുതന്നെയായിരുന്നു.

ഫൊക്കാനയുടെ പേരും പ്രശസ്തിയും പദവിയുമെല്ലാം ഒന്നുകൂടെ അരക്കിട്ടുറപ്പിക്കാന്‍ 2010ലെ കണ്‍വന്‍ഷനിലൂടെ കഴിയണമെന്ന ഒരൊറ്റ 'മന്ത്രജപം' മാത്രമായി പിന്നീട്. മീഡിയാ ചെയര്‍മാനെന്ന നിലയില്‍ അതെനിക്ക് സാധിക്കുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും, കണ്‍വന്‍ഷന്‍ ചെയര്‍മാനായ ഫിലിപ്പിന്റെ ശുഭാപ്തി വിശ്വാസവും ദൃഢനിശ്ചയവും എന്നിലും അനുരോധ ഊര്‍ജമുണര്‍ത്തി. അന്നുമുതലാണ് ഫിലിപ്പിന്റെ സംഘടനാ മികവ് എത്രത്തോളമുണ്ടെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയത്.

2010ലെ കണ്‍വന്‍ഷന്‍ ഒരു മഹാസംഭവമാക്കിത്തീര്‍ക്കാനും, ഫൊക്കാനയുടെ ചരിത്ര ഏടുകളില്‍ പുതിയൊരു അദ്ധ്യായം എഴുതിച്ചേര്‍ക്കാനും ഫിലിപ്പിന്റെ അസാമാന്യ പാടവം ഒരു കാരണമായി. മന്ത്രിമാര്‍, എം.പി.മാര്‍, കലാകാരന്മാര്‍, സിനിമാ നടീനടന്മാര്‍, ഗായകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസ് സംരംഭകര്‍ എന്നുവേണ്ട കണ്‍വന്‍ഷന്‍ നഗരി ജനസമുദ്രമായി. ആല്‍ബനി നഗരത്തെ ഒരു പൂരനഗരിയാക്കാന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘടനാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഫിലിപ്പിന്റെ നേതൃത്വപാടവം കാരണമായി എന്നത് നിസ്തര്‍ക്കമായ പരമാര്‍ത്ഥമാണ്.

യാതൊരു ഔദ്യോഗിക പദവിയും അന്ന് ഫിലിപ്പ് വഹിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും ഇത്തരുണത്തില്‍ പ്രസക്തമാണ്. തിരഞ്ഞെടുത്ത സ്ഥാനമാനങ്ങളില്ലാത്ത ഒരു വ്യക്തി, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്കുവേണ്ടി ഇത്ര ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിച്ചുവെങ്കില്‍ അതേ വ്യക്തി തിരഞ്ഞെടുപ്പിലൂടെ ഔദ്യോഗിക സ്ഥാനത്തെത്തുമ്പോള്‍ ആ സംഘടനയ്ക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്. 201618 കാലഘട്ടത്തിലേക്ക് ജനറല്‍ സെക്രട്ടറിയായി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കഴിവുള്ളവരെ ഫൊക്കാന പ്രോത്സാഹിപ്പിക്കുകയും സംഘടനയുടെ ഭാഗഭാക്കാക്കുകയും ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നത്.

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ മാത്രം സ്വത്തല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഗഋഅച) ഇന്ന് ലോകമാകെ അറിയപ്പെടുന്ന സംഘടനയായി മാറിക്കഴിഞ്ഞു. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന, നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന സദ്‌വാര്‍ത്ത നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ഒരിക്കല്‍ ആ സംഘടനയുടെയും മീഡിയ കൈകാര്യം ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചത് ഫിലിപ്പോസിന്റെ ആത്മാര്‍ത്ഥത കൊണ്ടാണ്.

1989 മുതല്‍ ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷനില്‍ സജീവ പ്രവര്‍ത്തകനാണ് ഫിലിപ്പ്. പ്രസിഡന്റ്, ചെയര്‍മാന്‍, അസ്സോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ മലയാളി കുട്ടികളെ സാംസ്‌കാരിക മൂല്യങ്ങളിലും കാലാകായിക പാരമ്പര്യങ്ങളില്‍ താല്പര്യമുള്ളവരാക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനും ശക്തമായ നേതൃത്വവും നല്‍കിവരുന്നു. അമേരിക്കന്‍ മുഖ്യധാരയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കടന്നുചെല്ലുന്നതിനും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും ഈ സംഘടന അംഗങ്ങള്‍ക്ക് മാതൃകാപരമായ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. ഇതിനെല്ലാം നേതൃത്വവും മാര്‍ഗദര്‍ശനവും സഹകരണവും നല്‍കി ഫിലിപ്പോസ് ഫിലിപ്പ് ജനകീയനായി.

സഭാ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ കഴിവ് പ്രകടിപ്പിച്ച് താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയ്ക്കുവേണ്ടിയും ഫിലിപ്പ് എപ്പോഴും മുന്‍പന്തിയില്‍ തന്നെയുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും ശ്രമിച്ചിട്ടുണ്ടെന്ന് ഫിലിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മനസ്സിലാകും.

ആത്മവിശ്വാസം കൈമുതലായുള്ള ഫിലിപ്പോസ് ഫിലിപ്പിനെപ്പോലെയുള്ള വ്യക്തിപ്രഭാവങ്ങള്‍ ഫൊക്കാനയുടെ അമരക്കാരനായി വരുന്നത് ഫൊക്കാനയുടെ അടിത്തറ ഒന്നുകൂടെ ബലപ്പെടുമെന്നുതന്നെ വിശ്വസിക്കാം. തന്നെയുമല്ല, അമേരിക്കന്‍ മലയാളികളുടെ ഇഛകള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഫിലിപ്പിന് കഴിയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും, ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.

ഫിലിപ്പോസ് ഫിലിപ്പിന് എല്ലാ വിജയാശംസകളും നേരുന്നു.

Read more

ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഭീഷണിയോ ..?

ഈയ്യിടെ അമേരിക്കയിലെ ഒരു അച്ചടി മാധ്യമത്തില്‍ ഓണ്‍‌ലൈന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ലേഖനം വായിക്കാനിടയായി. അച്ചടി മാധ്യമങ്ങളുടെ നിലനില്പ് ഓണ്‍‌ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവോടെ ചോദ്യചിഹ്നമായിരിക്കുന്നു എന്ന ധ്വനിയോടെയുള്ള വിമര്‍ശനങ്ങള്‍ ഇതിനു മുന്‍പും കേട്ടിട്ടുണ്ട്. ആ ഒരു നിഗമനം ഒട്ടും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങളുടെ അന്തകനായിത്തീരുകയാണെന്ന ധാരണയോടെ പല സമ്മേളനങ്ങളിലും ചില അമേരിക്കന്‍ മലയാളി പത്രപ്രതിനിധികള്‍ വേവലാതിയോടെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. സത്യത്തില്‍ ഈ അച്ചടി മാധ്യമങ്ങളുടെ ആരോപണം ശരിയാണോ?

പരസ്യങ്ങള്‍ക്ക് ഭീമമായ തുക വാങ്ങി പ്രസിദ്ധീകരിക്കുന്ന പല പത്രങ്ങളും ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നത് സത്യം തന്നെ. ചിലരാകട്ടേ ഓണ്‍‌‌ലൈനിലേക്ക് ചുവടുമാറ്റുകയും, മറ്റു ചിലര്‍ അവ രണ്ടും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകുകയും  ചെയ്യുന്നു. എന്നാല്‍, ഇക്കാരണമൊന്നും പരമ്പരാഗത ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് ഭീഷണിയല്ല, പരസ്യങ്ങള്‍ക്കാണെങ്കിലും വലിയ നിഷ്ക്കര്‍തയില്ല. ടെക്‌നോളജിയുടെ അനന്തസാധ്യത മുതലെടുത്ത്, അത് വേണ്ടുവോളം ഉപയോഗപ്രദമാക്കുകയും ആ ഒഴുക്കിനനുസരിച്ച് നീന്തുന്ന ജനങ്ങളെയാണ് ഇന്ന് നാം കാണുന്നത്. അവര്‍ മൈക്രോ വായനയിലേക്ക് മന്ദം മന്ദം മാറിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് ഒരു പത്രം കൈയ്യിലെടുത്ത് അതിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി വായിക്കുന്ന സ്വഭാവം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മൈക്രോ വായനകളാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. പ്രധാന വാര്‍ത്തകള്‍....ഓടിച്ചൊരു വായന..., ടാബ്ലറ്റും, ഐഫോണും, ഐപാഡും, വാട്സ്‌ആപ്പുമൊക്കെയായി, യാത്രയില്‍ പോലും ഒരു ത്വരിത വായന... പത്രം ചുരുട്ടിക്കെട്ടി കക്ഷത്തില്‍ വെച്ച് പോകുന്നിടത്തെല്ലാം നിവര്‍ത്തിപ്പിടിച്ചിരുന്ന് വായിക്കുന്നില്ലെന്ന് ചുരുക്കം.

അച്ചടി മാധ്യമങ്ങളുടെ നിലനില്‍‌പ് പരസ്യങ്ങളെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ പല പത്രങ്ങളും ചില വാര്‍ത്തകള്‍ തമസ്ക്കരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. രാഷ്‌ട്രീയ കൂട്ടുകെട്ടോ മതങ്ങളുടെ സ്വാധീനമോ ഒക്കെ ആകാം അതിനു കാരണം. പ്രധാനപ്പെട്ട പല വാര്‍ത്തകളും അച്ചടി മാധ്യമങ്ങള്‍ തിരസ്കരിക്കുമ്പോള്‍ ജനം ആ വാര്‍ത്ത അറിയുന്നത് ഓണ്‍ലൈന്‍ മീഡിയ വഴിയായിരിക്കും. പരസ്യം നല്‍കുന്നവര്‍ക്ക് പേന അടിയറവ് വെക്കാന്‍ നിര്‍ബന്ധിതമാകുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെ തെളിഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ പരസ്യദാതാക്കള്‍ക്കെതിരായ വാര്‍ത്തകളെ പാടേ വിഴുങ്ങുന്ന മുഖ്യധാരാ മാധ്യമ സംസ്കാരത്തിന് വെല്ലുവിളി തന്നെയാണ് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍.

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദ്വൈവാര്‍ഷിക സെമിനാറുകളില്‍ കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് അച്ചടി മാധ്യമങ്ങളുടെ പതം പറച്ചില്‍. പല അച്ചടി മാധ്യമങ്ങളും ചരമഗീതം പാടേണ്ട അവസ്ഥയാണ് ഓണ്‍‌ലൈന്‍ മാധ്യമങ്ങളുടെ കടന്നു വരവോടെ സം‌ജാതമായിരിക്കുന്നതെന്നാണ് അവരുടെ പരാതി. എന്നാല്‍, അമേരിക്കയിലെ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ 'ഒരാള്‍ മരിച്ചാല്‍ ശവമടക്ക് കഴിഞ്ഞതിനുശേഷമാണോ മരണവാര്‍ത്ത ലോകം അറിയേണ്ടത് ?' -  അദ്ദേഹം അങ്ങനെ ചോദിച്ചതിനു കാരണവുമുണ്ട്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മരണം നടന്നാലും നിമിഷങ്ങള്‍ക്കകം അത് ഓണ്‍‌ലൈനില്‍ ചരമ വാര്‍ത്തയായി പ്രത്യക്ഷപ്പെടും. അമേരിക്കയിലെ എല്ലാ അച്ചടി മാധ്യമങ്ങളും ആഴ്ചയിലൊരിക്കലാണ് പ്രസിദ്ധീകരിക്കുന്നത്. ഇവിടെയാണ് മാധ്യമ പ്രവര്‍­ത്തകന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നത്. ചരമ വാര്‍ത്ത മാത്രമല്ല, മറ്റു പല വാര്‍ത്തകളും ആഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ അറിഞ്ഞിട്ടെന്തു പ്രയോജനം? അപ്പോള്‍ 24 മണിക്കൂറും അപ്‌ഡേറ്റു ചെയ്യുന്ന ഓണ്‍‌ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ ആശ്രയിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്?

മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെങ്കിലും രാഷ്‌ട്രീയ-മത വിഭാഗങ്ങളാല്‍ സ്വാധീനം ചെലുത്തപ്പെട്ടവരോ അല്ലെങ്കില്‍ ആഭിമുഖ്യം പുലര്‍ത്തുന്നവരോ ആണെങ്കില്‍ തീര്‍ച്ചയായും വാര്‍ത്തകള്‍ മുക്കാനും ഈ മാധ്യമങ്ങള്‍ ശ്രമിച്ചെന്നിരിക്കും. അഴിമതി, അക്രമം, പീഡനം, കൊലപാതകം എന്നിവ കൊണ്ട് അവര്‍ പേജുകള്‍ നിറയ്ക്കുമ്പോള്‍, ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ അവര്‍ തമസ്ക്കരിക്കുന്നു. ഈ പ്രവണത ആരംഭിച്ചതോടെയാണ് ഒരു ബദല്‍ മാര്‍ഗമെന്ന നിലക്ക് ആരെയും ഭയക്കാതെ, ആരേയും പ്രീണിപ്പിക്കാതെ, ചങ്കൂറ്റത്തോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും രംഗപ്രവേശം ചെയ്തത്. നിലവിലുള്ള മാധ്യമ സംസ്കാരത്തെ തന്നെ തിരുത്തിയെഴുതുകയാണ് പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന ഇത്തരം നവമാധ്യമങ്ങള്‍.

അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ എന്നെന്നും നിലനില്‍ക്കുമെന്നാണ് ചിലരുടെ വാദം. എത്ര അര്‍ത്ഥശൂന്യമാണ് ഈ ചിന്താഗതി...! ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇങ്ങനെയുള്ള ബാലിശമായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നതു തന്നെ അജ്ഞത കൊണ്ടാണ്. ഏത് വാര്‍ത്തയും ഡിജിറ്റലായി ആര്‍കൈവ്സ് ചെയ്യാനുള്ള സം‌വിധാനം ഇന്ന് ലഭ്യമാണ്. ഒരു ഓണ്‍‌ലൈന്‍ മാധ്യമം അവരുടെ ഡാറ്റാബേസ് നശിപ്പിക്കാത്തിടത്തോളം കാലം ആ സൈറ്റിലെ വാര്‍ത്തകള്‍ അവിടെയുണ്ടാകും, എത്ര കാലം കഴിഞ്ഞാലും. ഇനി ആര്‍ക്കെങ്കിലും സ്വന്തം വാര്‍ത്തകളോ മറ്റോ ആര്‍ക്കൈവ്സ് ചെയ്യണമെങ്കില്‍ അതും സ്വന്തം നിലയില്‍ തന്നെ ചെയ്യുകയും ചെയ്യാം. ഈ അടുത്ത കാലത്ത് മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ ശ്രീ എ.സി. ജോര്‍ജ്ജ് ഹൂസ്റ്റണില്‍ നിന്ന് എഴുതിയ ഒരു ലേഖനത്തില്‍ കണ്ടു ഒരു ഗ്രോസറിക്കടയില്‍ മീന്‍ വെട്ടുന്നത് ഒരു മലയാള പത്രം നിരത്തി വെച്ചാണെന്ന്. അതാണ് സംഭവിക്കുന്നത്. വായിച്ചു കഴിഞ്ഞാല്‍ മീന്‍ വെട്ടാനോ, ഇറച്ചി പൊതിയാനോ, അതുമല്ലെങ്കില്‍ വല്ല ആക്രിക്കാര്‍ക്കോ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ആ പത്രത്തിന്റെ പൊടിപോലും കാണില്ല. അച്ചടി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്ര കാലം സൂക്ഷിച്ചു വെക്കാനാകും? പേപ്പര്‍ കട്ടിംഗ് സൂക്ഷിച്ചു വെക്കുന്ന കാലവും അസ്തമിക്കുകയാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏതു സമയത്തും എവിടെവെച്ചും വായിക്കാനുമുള്ള ടെക്നോളജി ഇന്ന് സുലഭമാണെന്ന് പറഞ്ഞുകഴിഞ്ഞു. അമേരിക്കയിലെ എഴുത്തുകാര്‍ക്ക് അവരുടേ കൃതികള്‍ നിമിഷനേരം കൊണ്ട് ലോകമൊട്ടാകെ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല മീഡിയം ഓണ്‍‌ലൈന്‍ മാധ്യമങ്ങളാണ്. ചിലരുടെ രചനകള്‍ ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്യുമ്പോള്‍ പതിനായിരക്കണക്കിന് പേര്‍ക്കാണ് അത് ഷെയര്‍ ചെയ്ത് പോകുന്നത്. അങ്ങനെ ആ എഴുത്തുകാരനേയും അവരുടെ സാഹിത്യത്തേയും ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രക്രിയ കൂടി ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ ചെയ്തുകൊടുക്കുന്നു. ഈയൊരു സൗകര്യമാണ് അച്ചടി മാധ്യമങ്ങള്‍ക്ക് ഇല്ലാത്തതും.

ജനങ്ങള്‍ക്ക് അറിയേണ്ടുന്ന പല വാര്‍ത്തകളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം കോടികളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ബിസിനസ് സാമ്രാജ്യം തന്നെ. പ്രമുഖ ബ്രാന്‍ഡ് വിതരണക്കാര്‍ രാജ്യവ്യാപകമായി അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആശ്രയിക്കുന്നത് മാധ്യമങ്ങളേയാണ്, അവയില്‍ കൂടുതലും പത്രങ്ങളും ചാനലുകളുമാണ്. കോടികളുടെ പങ്ക് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും പരസ്യങ്ങള്‍ വഴി അവര്‍ നല്‍കുന്നു. പത്രത്താളുകളില്‍ പരസ്യങ്ങള്‍ നിറയുന്നു. അതുകൊണ്ട് തന്നെ അവര്‍ നടത്തുന്ന അഴിമതിയെക്കുറിച്ചോ, അവരുടെ ഉത്പ്പന്നങ്ങളുടെ ഗുണമില്ലായ്മയെക്കുറിച്ചോ മറ്റോ ഉള്ള വാര്‍ത്തകളും ഈ പരസ്യങ്ങള്‍ക്കു പിന്നില്‍ ഒളിക്കുന്നു. വെബ്സൈറ്റുകള്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്.

അമേരിക്കയില്‍ വളര്‍ന്നു വരുന്ന മറ്റൊരു പ്രവണതയാണ് പരസ്യങ്ങള്‍ വാര്‍ത്തകളായി പത്രക്കാര്‍ക്ക് കൊടുക്കുന്നത്. സ്റ്റേജ് ഷോകള്‍, റിയാലിറ്റി ഷോകള്‍ മുതലായ, പ്രവേശന ഫീസ് വെച്ച് നടത്തുന്ന പരിപാടികളുടെ പരസ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളെ ഒഴിവാക്കി സംഘാടകര്‍ അതൊരു വാര്‍ത്തയായി മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. പരസ്യമാണോ വാര്‍ത്തയാണോ എന്ന് വേര്‍തിരിച്ചറിയാനാവാതെ ചില അച്ചടി മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുന്നു, മറ്റു ചിലര്‍ അത് തിരസ്ക്കരിക്കുന്നു. എന്നാല്‍ ഓണ്‍‌ലൈന്‍ മാധ്യമങ്ങളാകട്ടെ അത് അപ്പാടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. അത് പ്രസിദ്ധീകരിക്കരുതെന്ന് പറയാന്‍ ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇല്ല. ഒരു ഓണ്‍‌ലൈന്‍ തിരസ്ക്കരിച്ചാല്‍ മറ്റുള്ളവര്‍ അത് പ്രസിദ്ധീകരിക്കും. പരസ്പരധാരണയും സഹകരണവും ഇല്ലാത്തതാണ് അതിനു കാരണം. പരസ്യവും വാര്‍ത്തയും വേര്‍തിരിച്ചുകണ്ട് അവയെ നിയന്ത്രിക്കാന്‍ ഒരു സംഘടനയും അമേരിക്കയില്‍ നിലവിലില്ല. ഉള്ള സംഘടനയ്ക്കാകട്ടെ അക്കാര്യത്തില്‍ ഇടപെടാന്‍ താല്പര്യവുമില്ല.

ചില പത്രക്കാര്‍ക്ക് പരസ്യങ്ങള്‍ ലഭിക്കുന്നതോടെ വാര്‍ത്ത വാര്‍ത്തയായും പരസ്യം പരസ്യമായും മുന്നോട്ട് പോകുമെന്ന് പറയാനുള്ള ആര്‍ജവം അവര്‍ക്ക് ചോര്‍ന്നു പോകുന്നു. വാര്‍ത്ത വാര്‍ത്തയായിത്തന്നെ മുന്നോട്ട്പോകുമെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടാകുമ്പോഴാണ് മാധ്യമങ്ങളുടെ നേരെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവുക. പരസ്യം തരുന്നവരോടുള്ള കടപ്പാടിനും ബഹുമാനത്തിനും ഒരു ലക്ഷ്മണ രേഖയുണ്ടാകണം. സമൂഹത്തിന് അറിയാനവകാശമുള്ള ഒരു സുപ്രധാന വാര്‍ത്തയെ പാടേ തിരസ്കരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ ബഹുമാനവും കടപ്പാടും മാറുമ്പോള്‍ മാധ്യമ ധര്‍മത്തിന്‍റെ അടിവേരുകളിലാണ് കത്തി വീഴുന്നത്.

കോടിക്കണക്കിന് രൂപയൊന്നും അമേരിക്കന്‍ അച്ചടി മാധ്യമങ്ങള്‍ക്ക് കിട്ടാറില്ല. എങ്കിലും, അമേരിക്കയിലെ എല്ലാ സംഘടനകളുടേയും ദൈനംദിന വാര്‍ത്തകളും വിശേഷങ്ങളും മാലോകരെ അറിയിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങള്‍ തന്നെ. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ തന്നെ. അച്ചടി മാധ്യമങ്ങള്‍ പോലെ ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്കും ചിലവുണ്ട്. എന്നാല്‍, വളരെ ചുരുക്കം പരസ്യങ്ങളേ അവര്‍ക്ക് കിട്ടുന്നുള്ളൂ എങ്കിലും, ഒട്ടുമിക്ക പത്രപ്രവര്‍ത്തകരും സ്വന്തമായി ജോലി ഉള്ളവരും വരുമാനമുള്ളവരുമാകയാല്‍ ഓണ്‍‌ലൈന്‍ മാധ്യമ പ്രവര്‍ത്തനം ഒരു പാഷന്‍ അല്ലെങ്കില്‍ മലയാള ഭാഷയോടുള്ള ഒരു അഭിനിവേശം അതുമല്ലെങ്കില്‍ ഒരു സാമൂഹ്യസേവനം എന്ന നിലയ്ക്ക് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി അത് നടത്തുന്നു, പരാതിയില്ലാതെ....പരിഭവമില്ലാതെ....!! ചില ഓണ്‍‌ലൈന്‍ മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസുകള്‍ ഉണ്ടെങ്കിലും എല്ലാ മാധ്യമങ്ങളും അങ്ങനെയല്ല.

പല സംഘടനകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ നിശ്ചിത തുക നല്‍കാറുണ്ട്. പക്ഷെ, ഓണ്‍‌ലൈന്‍ മാധ്യമങ്ങളെ അവര്‍ പാടെ അവഗണിച്ച മട്ടാണ്. അച്ചടി മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ പേരില്‍ അവരുടെ വാര്‍ത്തകളും വിശേഷങ്ങളും എത്തിച്ചുകൊടുക്കുന്നത് ഓണ്‍‌ലൈന്‍ മാധ്യമങ്ങളാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍, മറ്റു  ചില സംഘടനകള്‍ അവര്‍ക്ക് താല്പര്യമുള്ള അച്ചടി/ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് പണം കൊടുക്കുന്നുണ്ടെന്നുള്ളതും സത്യമാണ്. അങ്ങനെ ഒന്നോ രണ്ടോ മാധ്യമങ്ങളെ സ്വാധീനിച്ച് മറ്റു മാധ്യമങ്ങളെ തഴയുന്ന പ്രവണതയും ശരിയല്ല. അതുപോലെതന്നെ ഏതെങ്കിലും ഒരു മാധ്യമത്തിന് 'എക്സ്‌ക്ലൂസീവ് റൈറ്റ്സ്' കൊടുക്കുന്നതും ശരിയല്ല.

അച്ചടി മാധ്യമങ്ങളേക്കാള്‍ കരുത്തും ആര്‍ജ്ജവവും ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്കു തന്നെയാണ്. സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പല മുഖ്യധാരാ മാധ്യമങ്ങളും വിസമ്മതിക്കുമ്പോള്‍
ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ അതേറ്റെടുക്കുന്നു, ധൈര്യപൂര്‍‌വ്വം അവ പ്രസിദ്ധീകരിക്കുന്നു. ഭരണകൂടങ്ങളെപ്പോലും വിറപ്പിച്ച ഓണ്‍‌ലൈന്‍ മാധ്യമങ്ങളുണ്ട്. ടെക്‌നോളജിയുടെയും വിവര സാങ്കേതികവിദ്യയുടേയും കരുത്തറിഞ്ഞ് തന്നെയാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ദൗത്യവുമായി ജൂലിയന്‍ അസാഞ്ജെ ‘വിക്കിലീക്സ്’ ആരംഭിച്ചത്. ലക്ഷക്കണക്കിന് വിവരങ്ങളാണ് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടിട്ടുള്ളത്. അതുപോലെ എത്രയെത്ര രഹസ്യങ്ങള്‍ 'രഹസ്യ   ഓപ്പറേഷനിലൂടെ' നവമാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു. പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്യാന്‍ മടിക്കുന്നതാണ് സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം നടക്കുന്ന ഒരു പരിപാടിയുടെ വാര്‍ത്തകള്‍ ഒരാഴ്ച കഴിഞ്ഞ് പത്രത്തില്‍ വന്നതുകൊണ്ട് എന്തു പ്രയോജനം? വാര്‍ത്തകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സം‌വിധാനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുണ്ട്. പരസ്യം കിട്ടിയോ ഇല്ലയോ എന്ന് അവര്‍ അന്വേഷിക്കാറില്ല. എന്നിരുന്നാലും പല സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ ലോകജനതയെ അറിയിച്ചുകൊണ്ടിരിക്കുന്നു. പ്രാദേശിക അച്ചടി മാധ്യമങ്ങളേക്കാള്‍ എന്തുതന്നെയായാലും ലോകമാകെ വായനക്കാരുള്ള ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ തന്നെയാണ് പുതുയുഗത്തിന്റെ ശക്തി. പരസ്യം നല്‍കുന്നവര്‍ക്ക് പേന അടിയറവെക്കാന്‍ നിര്‍ബന്ധിതമാക്കുന്ന അച്ചടി മാധ്യമങ്ങള്‍ ഏതാണ്ട് അസ്തമനത്തോടടുക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുന്ന വാര്‍ത്തകള്‍ മരിക്കുന്ന കാലം അസ്തമിച്ച് കഴിഞ്ഞുവെന്നും വാര്‍ത്ത മുക്കുന്ന പത്രമുതലാളിമാര്‍ നവമാധ്യമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. എന്ത് തന്നെയായാലും മുഖ്യധാരാമാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ എത്ര മൂടിവെച്ചാലും അവ പുറത്തുകൊണ്ടുവരുന്ന നവ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിങ്ങളെ വിചാരണ ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. അല്ലാതെ ജനങ്ങളില്‍ നിന്നും മൂടിവെക്കാനുള്ള സ്വാതന്ത്ര്യമല്ല.

മുന്‍പ് സൂചിപ്പിച്ചപോലെ അമേരിക്കയിലെ ഓണ്‍‌ലൈന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിക്കാന്‍ തൊഴിലുണ്ട്. അവര്‍ക്ക് വരുമാനമുണ്ട്. അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നത് സംഘടനകളുടേയും സംഘടനാ നേതാക്കളുടേയും മനോധര്‍മ്മമനുസരിച്ചിരിക്കും. എന്നാല്‍, അച്ചടി മാധ്യമങ്ങള്‍ അമേരിക്കയിലെ പത്രപ്രവര്‍ത്തനം അവരുടെ കുത്തകയാക്കി വെച്ചുകൊണ്ടിരിക്കുന്നതിനെ മാധ്യമ പ്രവര്‍ത്തനമെന്നല്ല പറയേണ്ടത്.

പരസ്യങ്ങളുടെ ദൗര്‍ലഭ്യം മൂലം പത്രങ്ങളുടെ അച്ചടി മുടങ്ങിയാല്‍ അതിന്റെ കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവാണെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. സമകാലീനസാഹചര്യത്തില്‍ അച്ചടി- ദൃശ്യമാധ്യമങ്ങളുടെ പ്രസക്തി അപ്രത്യക്ഷമായിക്കൊണ്ടിരിക്കെ സാധാരണ മനുഷ്യന്‍ ആശയാവിഷ്കാരത്തിനായി നവമാധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സോഷ്യല്‍ മീഡിയയും പരസ്പരപൂരകമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരം ആശയാവിഷ്കാരത്തിനുള്ള വേദികളാണ്.

Read more

"ഇതു താന്‍ടാ മുഖ്യമന്ത്രി... ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി.."

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഇനി പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പ്രശംസിക്കേണ്ടതാണ്. ജനങ്ങളില്‍ ഒരുവനായി അല്ലെങ്കില്‍ ഒരുവളായി ജീവിച്ച്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് എം.എല്‍.എ.ആകുകയും പിന്നീട് മന്ത്രിപദത്തിലേക്കെത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്, എന്തിനാണ് അതേ ജനങ്ങളില്‍ നിന്ന് സം‌രക്ഷണമെന്ന് ഇപ്പോഴെങ്കിലും ആലോചിക്കാനുള്ള സത്ബുദ്ധി തോന്നിയല്ലോ എന്നും ആശ്വസിക്കാം.

ജനസേവനമാണ് മന്ത്രിമാരുടെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക് സം‌രക്ഷണത്തിന്റെ ആവശ്യമേ ഇല്ല. നേരെ മറിച്ച് ജനദ്രോഹപരമായ നടപടികളാണ് അവര്‍ ചെയ്തുകൂട്ടുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് സം‌രക്ഷണം വേണം, അതുപക്ഷേ സ്വന്തം ചിലവിലാകണമെന്നു മാത്രം. നികുതിദായകരുടെ പണം കൊണ്ടായിരിക്കരുത് അവര്‍ക്ക് സം‌രക്ഷണം നല്‍കേണ്ടത്.

'അനുഭവം ഗുരു' അതാകാം പിണറായി വിജയന്‍ മാറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. മുന്‍‌കാലങ്ങളിലെ മന്ത്രിസഭകളിലെ മന്ത്രിമാര്‍ക്കെല്ലാം സം‌രക്ഷണഭിത്തി തീര്‍ത്ത് ചുറ്റും പോലീസ് കാവലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ 'ഇതോ ജനനായകന്‍' എന്നു ചിന്തിച്ചുപോകും. സാദാ പോലീസ് കൂടാതെ, കമാന്റോകളും കരിം‌പൂച്ചകളും അകമ്പടി സേവിച്ചിട്ടാണോ ഒരു മന്ത്രി ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെടേണ്ടത്? അല്ലേ അല്ല.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിക്ക് പതിനാറു പോലീസുകാര്‍ വരെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ധൂര്‍ത്തിന് മറ്റൊരു നിര്‍‌വ്വചനത്തിന്റെ ആവശ്യമില്ല. പെഴ്‌സണല്‍ സ്റ്റാഫും, സെക്യൂരിറ്റിയും, ഗാര്‍ഹിക ജോലിക്കാരുമൊക്കെയായി, ജനങ്ങളുടെ ചിലവില്‍ വിലസി നടന്നിരുന്നവര്‍ക്കും, വിലസാന്‍ പ്ലാന്‍ ചെയ്തവര്‍ക്കും ഇരുട്ടടി പോലെയായി ശ്രീ പിണറായി വിജയന്റെ തീരുമാനം.

മന്ത്രിമാര്‍ക്ക് മാത്രമല്ല, ആത്മീയ-മത നേതാക്കള്‍ക്കും സാമുദായിക നേതാക്കള്‍ക്കും വരെ സുരക്ഷ നല്‍കിയിരുന്നത് സര്‍ക്കാരിന്റെ ചിലവിലാണെന്ന് കേള്‍ക്കുമ്പോഴാണ് സാക്ഷര കേരളം ഭരിക്കുന്നവരുടെ വിവരക്കേട് മനസ്സിലാകുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആറ് പോലീസുകാരുടെ സം‌രക്ഷണമാണത്രേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്...!! വെള്ളാപ്പള്ളി നടേശന്‍ ഒരു രാഷ്‌ട്രീയ നേതാവോ ആത്മീയ ഗുരുവോ ഒന്നുമല്ല. ഒരു അബ്‌കാരി എന്ന സ്ഥാനമേ വെള്ളാപ്പള്ളിക്കുള്ളൂ. ആ അബ്‌കാരിക്കാണ് നികുതിദായകരുടെ പണമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സം‌രക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഏതായാലും വെള്ളാപ്പള്ളിയുടെ സം‌രക്ഷണത്തിന് നിയോഗിച്ചിരുന്ന ആറു പോലീസുകാരെയും പിന്‍വലിച്ചത് ജനങ്ങളോട് കാണിച്ച നീതിയാണ്. പക്ഷെ, കേന്ദ്രസര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷയും വെള്ളാപ്പള്ളിക്ക് നല്‍കിയിട്ടുണ്ടത്രേ....!!

ജനങ്ങളാല്‍ തിരഞ്ഞെടുത്ത, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി എന്തിനാണ് പോലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നാണ് പിണറായി വിജയന്‍ ചോദിക്കുന്നത്. ശരിയല്ലേ... ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണെങ്കില്‍ ഈ പണിക്ക് പോകരുത്.  ഏതായാലും മാതൃകയായി തനിക്കേര്‍പ്പെടുത്തിയ പോലീസ് കമാന്‍ഡോ സുരക്ഷ പിന്‍വലിക്കണമെന്ന് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദേശിച്ചു കഴിഞ്ഞു. 'ഇതു താണ്ടാ മുഖ്യമന്ത്രി...ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി..'

ഇങ്ങനെ വി.ഐ.പികള്‍ക്ക് അകമ്പടി സേവിക്കേണ്ടി വരുന്നതിനാല്‍ പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിനു പോലീസുകാരില്ലെന്ന വിമര്‍ശനം നിലനിക്കേയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നതെന്നുകൂടി കൂട്ടി വായിക്കണം.

ശ്രീ പിണറായി വിജയന്‍ എടുത്ത തീരുമാനം കേരള ജനത ഒന്നടങ്കം സ്വീകരിക്കുമെന്നുറപ്പാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് തോന്നിയപോലെ ഭരണം നടത്തുമ്പോള്‍ അവരെ അവരാക്കിയ സമ്മതിദായകരുടെ നിസ്സഹായവസ്ഥ അവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിട്ടും അതിനൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ 'അനുഭവമാണ് ഗുരു' എന്ന ആപ്തവാക്യത്തിന് ഇവിടെ പ്രസക്തിയേറുന്നു.

മുന്‍ എല്‍.ഡി.എഫ്. സാര്‍ക്കാരിനു തോന്നാത്ത സല്‍ബുദ്ധി ഇപ്പോള്‍ പിണറായി വിജയന് തോന്നിയത് തീര്‍ച്ചയായും അദ്ദേഹം മാറ്റത്തില്‍ വിശ്വസിക്കുന്നതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ മുന്‍‌കാല അനുഭവമായിരിക്കാം. മന്ത്രിമാരുടെ സുരക്ഷാ വലയത്തില്‍ മാത്രമല്ല, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടവും കൊണ്ടുവന്നത് സുതാര്യമായ ഒരു ഭരണം അദ്ദേഹം ജനങ്ങള്‍ക്കായി വാര്‍ത്തെടുക്കുന്നുണ്ടെന്ന സൂചന കൂടിയാണ്.

Read more

ജസീറയുടെ സമരം കുട്ടികളുടെ അവകാശ ലംഘനം

മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ജസീറ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വനിതയാണ്. ജസീറയും അവരുടെ അണയാത്ത സമരവീര്യവും എല്ലാം ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. മനുഷ്യാവകാശ സംഘടനയുള്‍പ്പടെ നിരവധി സംഘടനകള്‍ ഇതിനോടകം അവര്‍ക്ക് പിന്തുണയുമായി രംഗത്തു വന്നു.

മണല്‍ മാഫിയക്കെതിരെയാണ് കണ്ണൂര്‍ സ്വദേശിനി ജസീറ സമരം നടത്തുന്നതെങ്കിലും, ഇവിടെ വിഷയം അതല്ല. കണ്ണൂരിലെ മാടായി കടപ്പുറത്തെ മണല്‍ കടത്തിനെതിരെ ജസീറ ആദ്യം പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലും കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലും സമരം നടത്തി. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. 2013 ആഗസ്റ്റില്‍ തുടങ്ങിയ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 64 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. ജസീറ ഒറ്റയ്ക്കല്ല...അവരുടെ രണ്ടു പെണ്‍മക്കളും രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകന്‍ മുഹമ്മദും ഉണ്ട് കൂടെ. മൂത്ത കുട്ടികള്‍ അമ്മയുടെ സമരത്തെ പിന്തുണയ്ക്കുന്നു.

ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളും, വെറും രണ്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടിയും അമ്മയുടെ കൂടെ തെരുവോരങ്ങളിലെ സമരപ്പന്തലില്‍ കഴിച്ചുകൂട്ടുന്നത് കുട്ടികളോട് രക്ഷിതാക്കള്‍ നടത്തുന്ന മനുഷ്യാവകാശലംഘനമല്ലേ എന്ന ചോദ്യമാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്. ആറു മാസമായി തിരുവനന്തപുരത്തും ഡല്‍ഹിയിലും നടത്തിയ സമരനാളുകളില്‍ ആ കുഞ്ഞുങ്ങള്‍ മഴയും വെയിലും ഏറ്റു, വിദ്യാഭ്യാസം മുടങ്ങി സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടി കഴിയേണ്ട സാഹചര്യം അമ്മ എന്ന നിലയില്‍ ജസീറ ചെയ്തത് കുഞ്ഞുങ്ങളോടു ചെയ്ത മനുഷ്യാവകാശ ലംഘനമല്ലേ? തന്റെ മക്കളെ തന്റെ കൂടെത്തന്നെ നിര്‍ത്തുന്നു എന്ന വാദഗതിക്ക് ഇവിടെ പ്രസക്തിയില്ല. കൂടെ നിര്‍ത്തിയതു കൊണ്ട് മാത്രം അവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജസീറക്ക് എത്ര മാത്രം സാധ്യമാവും. എങ്കില്‍ പോലും അവരുടെ വിദ്യാഭ്യാസവും സാമൂഹ്യജീവിതവും നിഷേധിക്കാന്‍ ജസീറക്ക് അവകാശമുണ്ടോ? രണ്ടു മക്കളുടെ വിദ്യാഭ്യാസം മുടക്കി ജസീറ നടത്തുന്ന സമരം രക്ഷിതാവിന്റെ ഉത്തരവാദിത്വം മറക്കുന്നതാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കലാണെന്നും എന്തുകൊണ്ട് സര്‍ക്കാരും ഇതര സന്നദ്ധസംഘടനകളും ജസീറയെ പറഞ്ഞു മനസ്സിലാക്കിയില്ല?

അനധികൃതവും വിവേചനരഹിതവുമായ മണല്‍വാരല്‍ തടയുന്നതിനാണ് ജസീറ സമരം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. ജസീറ ഒറ്റയ്ക്ക് സമരം ചെയ്താല്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പ് ഉണ്ടാകുമോ? ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിയ ജസീറയെ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫും കമീഷന്‍ അംഗങ്ങളും ചെന്നു കണ്ടിരുന്നു. കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.) വിദ്യാര്‍ത്ഥികളും ഏതാനും അദ്ധ്യാപകരും ചെന്നു കണ്ടിരുന്നു. 64 ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തിയ ജസീറക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതുകൊണ്ടാണ് ഡല്‍ഹിയിലേക്ക് സമരവേദി മാറ്റിയതെന്ന് അന്ന് അവര്‍ പറയുകയും ചെയ്തിരുന്നു.

പക്ഷേ, മക്കളായ റിസ്വാന (12), ഷിഫാന (10) എന്നിവരുടെ പഠനം മുടക്കി അവരെയും കൂട്ടി സത്യഗ്രഹം നടത്തുന്ന രീതിയോട് ഒരിക്കലും യോജിച്ചുപോകാന്‍ കഴിയില്ല. ജസീറ രക്ഷിതാവിന്റെ ഉത്തരവാദിത്തമാണ് അവഗണിക്കുന്നത്. ഭരണഘടനയുടെ 51എ(കെ) അനുഛേദ പ്രകാരവും വിദ്യാഭ്യാസാവകാശ നിയമത്തിലെ 10#ാ#ം വകുപ്പു പ്രകാരവും ഇത് തെറ്റാണ്. മക്കളോടുള്ള മാതാപിതാക്കളുടെ കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇടപെടാനുള്ള അധികാരവും ബാധ്യതയും സര്‍ക്കാരിനുണ്ട്. മാതാപിതാക്കള്‍ മക്കളെ പീഡിപ്പിച്ചാല്‍, അവരില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നാല്‍ സര്‍ക്കാര്‍ ഇടപെടണം. കുട്ടികള്‍ പൊതു സ്വത്താണ്. സമൂഹത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നവര്‍. അതിനാല്‍ തന്നെ അവരുടെ സ്വഭാവ രൂപീകരണത്തില്‍ സമൂഹത്തിനു താല്പര്യവും അവകാശവും ഉണ്ട്.

ഇന്ത്യന്‍ ഭരണഘടന കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ഇത് നടപ്പാക്കുന്നതിനായി നിലവില്‍ വന്നതാണ് ശിശു സംരക്ഷണ നിയമങ്ങള്‍. ശിശു സംരക്ഷണ വകുപ്പ് ഈ നിയമങ്ങളനുസരിച്ച് നടപടി എടുക്കാന്‍ ബാദ്ധ്യസ്ഥരുമാണ്. പക്ഷെ കടമകള്‍ നിര്‍വ്വഹിക്കുവാന്‍ ഈ വകുപ്പുകള്‍ക്ക് എന്തുകൊണ്ട് കഴിയാതെ പോകുന്നു. ജസീറയുടെ സമരം ഗാര്‍ഹിക പീഡനത്തിനോ സ്വത്തുതര്‍ക്കത്തിനോ വേണ്ടിയുള്ളതല്ല. പൊതുകാര്യപ്രസക്തിയുള്ള വിഷയത്തിനാണ്. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിക്കാനോ അവരെ അതിനു പ്രേരിപ്പിക്കാനോ അര്‍ഹതയില്ല.

ശിശു സംരക്ഷണ നിയമങ്ങളും, വകുപ്പും മറ്റും നിലവിലുള്ള കേരളത്തിലും ഡല്‍ഹിയിലും മൂന്നു കുഞ്ഞുങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷണയും നിഷേധിക്കപ്പെട്ടു കഴിയുന്നത് എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ജസീറക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല?

ഡല്‍ഹിയില്‍ നിന്ന് സമരം അവസാനിപ്പിച്ച് കേരളത്തിലേക്ക് വണ്ടി കയറിയ ജസീറ ഇപ്പോള്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വസതിയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്. അതാണ് ഏറെ രസകരം. തിരുവനന്തപുരത്ത് എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നേതാക്കളോട് തട്ടിക്കയറിയ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കൂട്ടത്തില്‍ മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്ത ജസീറയ്ക്കും അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചു. സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ മാത്രമേ പണം നല്‍കൂവെന്നും ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ സമരത്തിലായിരുന്ന ജസീറ സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിടാന്‍ എത്തിയില്ല. ചിറ്റിലപ്പിള്ളി പുലിവാലിലാണ് കയറിപ്പിടിച്ചതെന്ന് അദ്ദേഹം അറിയുന്നത് ഇപ്പോഴാണ്. തനിക്ക് നല്‍കാമെന്നു പറഞ്ഞ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും തന്റെ പേര് പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചുമാണ് ജസീറ ഇപ്പോള്‍ ചിറ്റിലപ്പള്ളിയുടെ വസതിയ്ക്കു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത് !

ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച തുക ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കുട്ടികള്‍ക്കായി നല്‍കുന്ന പണം താന്‍ സ്വീകരിക്കില്ലെന്ന് ജസീറയും പറയുന്നു. തന്നെയുമല്ല, തന്റെ കുട്ടികളില്‍ ചിറ്റിലപ്പിള്ളിക്ക് യാതൊരു അവകാശവുമില്ലെന്നും സമരത്തിനായി തുക തരുന്നെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും പറയുന്നു. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. മണല്‍ മാഫിയയുടെ പേരും പറഞ്ഞ് ജസീറ നടത്തുന്ന സമരം പബ്ലിസിറ്റിക്കുവേണ്ടിയും പണത്തിനു വേണ്ടിയുമാണ്. മണല്‍കടത്തലിനെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് നേരത്തേ ജസീറ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ജസീറ അറിയിച്ചത്. എങ്കില്‍ പിന്നെ എന്തിനാണ് ചിറ്റിലപ്പിള്ളിയില്‍ നിന്ന് അഞ്ചു ലക്ഷം ജസീറ സ്വീകരിക്കുന്നത്?

കുട്ടികളുടെ അവസ്ഥ കണ്ടാണ് സമ്മാനം പ്രഖ്യാപിച്ചതെന്നും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് തുകയെന്നുമാണ് ചിറ്റിലപ്പള്ളി പറയുന്നത്. കുട്ടികളെ സ്‌കൂളില്‍ അയക്കാതെയുള്ള സമരത്തിന് ന്യായീകരണമില്ലെന്നും ജസീറയുടെ സമരത്തിനല്ല തുകയെന്നും ചിറ്റിലപ്പള്ളി പറയുന്നു. ജസീറയുടെ പോരാട്ടത്തിനാണ് പാരിതോഷികമെന്ന് 5 ലക്ഷം രൂപ പ്രഖ്യാപിച്ചതിനുശേഷം ചിറ്റിലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. പക്ഷെ, അതിപ്പോള്‍ ഇത്രയും വലിയ പുലിവാലാകുമെന്ന് അദ്ദേഹം ഓര്‍ത്തതേ ഇല്ല എന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. തന്റെ സമരം പിന്‍വലിക്കാന്‍ ചിറ്റിലപ്പള്ളി ഇടപെട്ടെന്ന് ജസീറ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല. സന്ധ്യയ്‌ക്കൊപ്പം സമ്മാനം സ്വീകരിച്ചില്ലെങ്കില്‍ 5 ലക്ഷം രൂപ പിന്നീട് തരില്ലെന്ന് ചിറ്റിലപ്പള്ളി പറഞ്ഞതായും ജസീറ പറയുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അവര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ജസീറയുടെ ഈ സമരരീതിക്ക് ആരാണ് ഒത്താശ ചെയ്യുന്നതെന്നും, രാഷ്ട്രീയ പ്രേരിതമാണോ ഈ സമരമെന്നും സര്‍ക്കാര്‍ അന്വേഷിക്കണം. അതുപോലെ ജസീറയില്‍ നിന്ന് മൂന്നു കുട്ടികളേയും വേര്‍പെടുത്തി അവരെ ഏതെങ്കിലും ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ക്കുകയും ശരിയായ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കണം. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read more

പ്രവാസികാര്യ വകുപ്പിന്റെ കെടുകാര്യസ്ഥത

എന്റെ മുന്‍ ലേഖനത്തിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രശംസിച്ചും വിമര്‍ശിച്ചും പലരും കമന്റുകള്‍ എഴുതുകയും, ഇമെയില്‍, ടെലഫോണ്‍ വഴി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തതില്‍ നിന്നാണ് രണ്ടാം ഭാഗം എഴുതുവാന്‍ പ്രചോദനം കിട്ടിയത്. വ്യക്തിപരമായി ആരേയും തേജോവധം ചെയ്യാതെയും, സാമാന്യവത്ക്കരിച്ചുകൊണ്ട് ചില നഗ്നസത്യങ്ങള്‍ പ്രവാസികളേയും അമേരിക്കന്‍ മലയാളികളേയും തെര്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടു മാത്രമാണ് ഞാനങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്. വിമര്‍ശിച്ചവര്‍ക്കുള്ള വിശദീകരണം ആ ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ തന്നെയുണ്ട്. കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ ഓടാതെ ഗൗരവമായ കാര്യങ്ങള്‍ ഗൗരവമായിത്തന്നെ കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. 'പ്രതികരിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിനെ പിന്നോട്ടടിക്കുന്നതെന്ന് ' ഞാന്‍ സൂചിപ്പിച്ചതും അതുകൊണ്ടാണ്.

ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നീ പ്രമുഖ സംഘടനകളുടെ പ്രയത്‌നം ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോഴാണ് 'ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍' (ഐപാക്) എന്ന സന്നദ്ധ സംഘടനയ്ക്ക് മൂന്നു വര്‍ഷം മുന്‍പ് രൂപം നല്‍കിയത്. കാരണം, മേല്പറഞ്ഞ സംഘടനകള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, മന്ത്രിമാരോടും ബന്ധപ്പെട്ട അധികാരികളോടും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ 'ഐപാക്' അങ്ങനെയായിരുന്നില്ല.

കഴിവും പ്രാപ്തിയുമുള്ള നിരവധി വ്യക്തികളാണ് ഐപാകിലെ ഓരോ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നത്. ആരേയും എടുത്തുപറയേണ്ടതില്ല. ഓരോരുത്തരും അവരവരുടെ കര്‍മ്മമേഖലകളില്‍ കഴിവു തെളിയിച്ചവരാണ്. മറ്റൊന്ന് ഈ സന്നദ്ധ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി ഇമെയിലുകളും പ്രോത്സാഹനങ്ങളും ലഭിച്ചിരുന്നു എന്നുള്ളതാണ്. അമേരിക്കയിലെ മിക്കവാറും എല്ലാ സംഘടനകളിലേയും പ്രവര്‍ത്തകര്‍ ഇതില്‍ ഭാഗഭാക്കാകുകയും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തീര്‍ന്നില്ല, നിരവധി പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് അവര്‍ നേരിട്ട പ്രയാസങ്ങളും ഐപാകുമായി പങ്കുവെച്ചിരുന്നു. ലേഖകനും ഒരു കമ്മിറ്റിയിലെ അംഗമായിരുന്നു.

മലയാളികള്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ സമൂഹത്തിനും സഹകരിക്കാവുന്ന രീതിയിലായിരുന്നു ഐപാകിന്റെ വെബ് സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. ജിബി തോമസ് കോഓര്‍ഡിനേറ്ററും, സിബി ഡേവിഡ്, വിന്‍സന്‍ പാലത്തിങ്കല്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ടി. ഉണ്ണികൃഷ്ണന്‍, സജീവ് വേലായുധന്‍, ഷിബു ദിവാകരന്‍, പ്രസന്ന നായര്‍, റെജി വര്‍ഗീസ്, ജേക്കബ് തോമസ്, സന്തോഷ് നായര്‍, ലെജി ജേക്കബ്, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ബിജു തോമസ്, സജി പോള്‍ തുടങ്ങിയ കഴിവും പ്രാപ്തിയുമുള്ള അംഗങ്ങളുമടങ്ങിയ വെബ് മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആ വെബ്‌സൈറ്റിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ വെബ്‌സൈറ്റ്, ഇതര വെബ്‌സൈറ്റുകളെ വെല്ലുന്ന രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്.

ലേഖകനെക്കൂടാതെ, ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്ജ് ജോസഫ്, മധു കൊട്ടാരക്കര, മനു വര്‍ഗീസ്, എ.സി. ജോര്‍ജ്, സോദരന്‍ വര്‍ഗീസ്, വിന്‍സന്റ് ഇമ്മാനുവേല്‍, യോഹന്നാന്‍ ശങ്കരത്തില്‍, സജി ഏബ്രഹാം, അരവിന്ദാക്ഷന്‍, വര്‍ഗീസ് ഫിലിപ്പ്, രാജു പള്ളം തുടങ്ങിയ കരുത്തരായ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മീഡിയാ ടീം ആയിരുന്നു ഐപാകിന്റെ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ, അലക്‌സ് കോശി വിളനിലം, തോമസ് ടി. ഉമ്മന്‍, അനിയന്‍ ജോര്‍ജ്, ഡോ. എ.കെ.ബി. പിള്ള, അറ്റൊര്‍ണി രാം ചീരത്ത്, ജോസഫ് ഔസൊ, ഡോ. ശ്രീധര്‍ കാവില്‍, സുധ കര്‍ത്താ, ജോണ്‍ ടൈറ്റസ്, യു.എ. നസീര്‍, തമ്പി ആന്റണി, ഡോ. ഫ്രീമു വര്‍ഗീസ്, തോമസ് കൂവള്ളൂര്‍, ശശിധരന്‍ നായര്‍, വര്‍ഗീസ് തെക്കേക്കര, ആനന്ദന്‍ നിരവേല്‍, എബ്രഹാം തെക്കേമുറി, കളത്തില്‍ പാപ്പച്ചന്‍, ഫിലിപ്പ് മഠത്തില്‍, ഷീല ചെറു, ഷാജി എഡ്വേര്‍ഡ്, ഗോപിനാഥ കുറുപ്പ്, ഫ്രഡ് കൊച്ചിന്‍, തിരുവല്ല ബേബി, ജോര്‍ജ് മാത്യു, ഐപ് മാരേട്ട്, ഹരികൃഷ്ണന്‍ നമ്പൂതിരി, തുടങ്ങിയ ശക്തരായ പ്രവര്‍ത്തകര്‍ 14 കമ്മിറ്റികളിലായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം 130ഓളം പ്രവര്‍ത്തകരാണ് ഐപാകിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും പ്രത്യേക പരിഗണനയോ സ്ഥാനമാനങ്ങളോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയെന്ന പ്രത്യേകതയും ഐപാകിന്റേതായിരുന്നു. അവരുടെ പേരുവിവരങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്ന മേഖലകളുടേയും പൂര്‍ണ്ണരൂപം ഐപാക് വെബ്‌സൈറ്റ് വേേു://ംംം.ുൃമ്മശെമരശേീി.രീാ സന്ദര്‍ശിച്ചാല്‍ ലഭ്യമാണ്. നിസ്വാര്‍ത്ഥ സേവനമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. ഇത്രയും കായബലമുള്ള ഒരു സംഘടന ലോകത്തൊരിടത്തും കാണുകയില്ല. വിയറ്റ്‌നാമില്‍ നിന്നും, ഫിലിപ്പീന്‍സില്‍ നിന്നും, ലൈബീരിയയില്‍ നിന്നുമൊക്കെ ഐപാകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിവിധ പ്രശ്‌നങ്ങളുടെ അന്വേഷണങ്ങളുമൊക്കെ ലഭിച്ചതാണ്. തന്നെയുമല്ല, ഇതര ഇന്ത്യന്‍ സമൂഹത്തെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയിലായിരുന്നു ഐപാക് രൂപീകരിച്ചത്. വിവിധ ദേശക്കാരും ഭാഷക്കാരുമായി ആശയവിനിമയം നടത്തുന്നതിനായി കിൃേമ ഇീാാൗിശ്യേ അംമൃലില ൈഇീാാശേേലല യും ഉണ്ടായിരുന്നു.

ഐപാകിനെ സംബന്ധിച്ച വാര്‍ത്തകള്‍, ഇമെയിലുകല്‍, വീഡിയോ ക്ലിപ്പുകള്‍, ഇന്ത്യാ ഗവണ്മെന്റിന് സമര്‍പ്പിച്ച നിവേദനങ്ങളുടെ പകര്‍പ്പുകള്‍ എന്നിവയെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവയിലൂടെ കണ്ണോടിക്കുന്ന ഓരോ വ്യക്തിയുടേയും മനസ്സിലൂടെ കടന്നുപോകുന്ന ഒരു ചോദ്യമുണ്ട് 'വജ്രായുധം കൈയ്യിലുള്ളപ്പോള്‍ പേനാക്കത്തി അന്വേഷിച്ചു നടക്കുന്നു' എന്നു പറഞ്ഞതുപോലെ, ഇത്രയും ശക്തമായ, ജനപിന്തുണ നേടിയ ഈ സംഘടനയിലെ പലരും ഇന്ന് എന്തുകൊണ്ട് ദിശമാറി സഞ്ചരിക്കുന്നു ? എങ്ങനെ ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നതും അജ്ഞാതമായി തുടരുന്നു. ന്യൂയോര്‍ക്ക്, ന്യൂജെഴ്‌സി എന്നിവിടങ്ങളില്‍ ടൗണ്‍ മീറ്റിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ച് ഐപാക് പ്രവര്‍ത്തകര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയിരുന്നത്. ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പ്രതിവിധി കാണാന്‍ കഴിയുമായിരുന്നു.

എന്റെ മുന്‍ ലേഖനത്തെ വിമര്‍ശിക്കുന്നവരോട് ഒരു വാക്ക്. ഞാനും നിങ്ങളും വ്യത്യസ്ഥ ചിന്താഗതിയുള്ളവരാണെങ്കിലും സഞ്ചരിക്കുന്നത് ഒരേ പാതയിലൂടേയാണ്. 'ഇന്ത്യന്‍ പൗരത്വം വെടിഞ്ഞവരെന്തിനാണ് ഇന്ത്യാ ഗവണ്മെന്റുമായി സമരം ചെയ്യുന്നതെന്നും, എന്തിനാണ് മന്ത്രിമാരുടെ മെക്കട്ട് കയറുന്നതെന്നും' ചിലര്‍ക്ക് സംശയമുണ്ടാകാം. ഞാനും അതേ ചോദ്യം ചോദിക്കുന്നു. അമേരിക്കന്‍ പൗരത്വം എടുത്തവര്‍ മാത്രമല്ല, ഏതു രാജ്യത്തെ പൗരത്വമുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഒരു വിസയുടെ ആവശ്യമേ ഉള്ളൂ. പക്ഷെ, ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമല്ല, പൈതൃകമായി ലഭിച്ച ഭൂസ്വത്തുക്കള്‍ വരെ നാട്ടിലുള്ളവര്‍ക്ക് ഒരു സ്ഥിരം വിസ ലഭിക്കുന്നത് അനുഗ്രഹമാണ്. ആ സ്ഥിരം വിസയുടെ മറവിലാണ് ഇന്ത്യാ ഗവണ്മെന്റ് അമേരിക്കന്‍ മലയാളികളെ ചൂഷണം ചെയ്തത്. ആജീവനാന്ത വിസ എന്നു പറഞ്ഞാല്‍ മരണം വരെയുള്ള വിസ എന്നാണ്. അല്ലാതെ തോന്നുമ്പോള്‍ പുതുക്കാനുള്ളതല്ല. ഈ ആജീവനാന്ത വിസ (ഒ.സി.ഐ.) പൊതുജനങ്ങളെക്കൊണ്ട് എടുപ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപയോഗിച്ചത് ഇവിടത്തെ സാമുഹ്യസാംസ്‌ക്കാരിക സംഘടനകളെയാണ്. അതില്‍ മലയാളികളും ഇതര ഭാഷക്കാരും ഉള്‍പ്പെടും. അവര്‍ അമേരിക്കയിലുടനീളം ഒ.സി.ഐ.ക്യാമ്പുകള്‍ സംഘടിപ്പിച്ച് പതിനായിരക്കണക്കിന് പേരെക്കൊണ്ട് ഒ.സി.ഐ. എടുപ്പിച്ചു. അതുവഴി ഇന്ത്യാ ഗവണ്മെന്റ് ലക്ഷക്കണക്കിന് ഡോളര്‍ പിരിച്ചെടുക്കുകയും ചെയ്തു. ആ സംഘടനകളേയും സംഘടനാ നേതാക്കളേയും പിന്നീട് ഇന്ത്യാ ഗവണ്മെന്റ് തള്ളിപ്പറഞ്ഞതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളെല്ലാം.

ഒ.സി.ഐ. കാര്‍ഡ് പിന്നീട് പുതുക്കേണ്ടിവരുമെന്നോ, കാലഹരണപ്പെടുമെന്നോ ഒന്നും ഒ.സി.ഐ. ക്യാമ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. എന്തിന്, ഇന്ത്യന്‍ എംബസ്സിയുടേയോ കോണ്‍സുലേറ്റുകളുടേയോ വെബ്‌സൈറ്റില്‍ പോലും പരസ്യപ്പെടുത്തിയിരുന്നില്ല. അവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അജ്ഞരായ മലയാളി സംഘടനകളും നേതാക്കളുമാകട്ടെ അവര്‍ പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. പ്രവാസികാര്യ വകുപ്പിന്റെ ഗൂഢലക്ഷ്യം നിറവേറ്റിക്കഴിഞ്ഞ്, പിരിച്ചെടുത്ത ലക്ഷങ്ങള്‍ ഖജനാവില്‍ നിക്ഷേപിച്ചതിനു ശേഷമാണ് അവരുടെ യഥാര്‍ത്ഥ രുപവും ഭാവവും പ്രവാസി മലയാളികള്‍ കണ്ടുതുടങ്ങിയത്. കാലഹരണപ്പെട്ട ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിന് ഫീസ് നിശ്ചയിച്ച നയതന്ത്രകാര്യാലയങ്ങളെ എന്തു പേരിട്ട് വിളിക്കണമെന്നറിഞ്ഞുകൂടാ. ഭാഷാടിസ്ഥാനത്തില്‍ വിവേചനപരമായ പെരുമാറ്റവും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് മലയാളികള്‍ നേരിടുന്നുണ്ടെന്നതും സത്യമാണ്.

പ്രവാസികളുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോകുകയോ, സ്വന്തക്കാരും ബന്ധുക്കളും ചെര്‍ന്ന് കൃത്രിമ രേഖകള്‍ ചമച്ച് തട്ടിയെടുക്കുകയോ ചെയ്യുന്ന കഥ നാമെല്ലം കേട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ തന്നെ നിരവധി പേര്‍ ഈ ചതിയില്‍ അകപ്പെട്ടിട്ടുണ്ട്. അവരുടെ പരാതികള്‍ അങ്ങ് പാര്‍ലമെന്റില്‍ വരെ എത്തിയിട്ടുമുണ്ട്. പക്ഷെ, അതിനൊരു പരിഹാരമോ പോംവഴിയോ ഇതുവരെ കണ്ടെന്ത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ നിന്ന് മന്ത്രിമാര്‍ അമേരിക്കയിലേക്കും അമേരിക്കയില്‍ നിന്ന് നേതാക്കള്‍ ഇന്ത്യയിലേക്കും നിരന്തരം യാത്ര ചെയ്ത് ഫോട്ടോകളെടുത്ത് പത്രത്താളുകള്‍ നിറയ്ക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. 'എന്റെ ഭൂസ്വത്ത് ആരും തട്ടിയെടുത്തിട്ടില്ല, ഞാന്‍ സുരക്ഷിതനാണ്....എന്റെ കുടുംബം സുരക്ഷിതരാണ്.....ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല' എന്നെല്ലാം ചിന്തിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ ലേഖനം എന്നുകൂടി പറയട്ടേ.

ഇന്ത്യാ ഗവണ്മെന്റിന്റെ ഈ ചതിപ്രയോഗത്തില്‍ വീണ സംഘടനകളും നേതാക്കളും ഇപ്പോള്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുന്‍പില്‍ യാചിക്കുന്നതു കാണുമ്പോള്‍ ധാര്‍മ്മികരോഷം ആളിക്കത്തുന്നത് സ്വാഭാവികമാണ്. ആരാണ് ഈ അവസ്ഥ വരുത്തിവെച്ചത്? ഇന്ത്യന്‍ കോണ്‍സുലേറ്റിന് പ്രവാസികളെ ചൂഷണം ചെയ്യാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് ഇവിടത്തെ ചില സംഘടനകളും അവയിലെ ചില നേതാക്കളുമാണ്. അവരാകട്ടേ കോണ്‍സുലേറ്റിലെ വിരുന്നു സല്‍ക്കാരങ്ങളിലും അത്താഴവിരുന്നുകളിലും സ്ഥിരം ക്ഷണിതാക്കളുമാണ്. അതുകൊണ്ടുതന്നെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ മിതത്വം പാലിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് ഐപാക് രംഗപ്രവേശം ചെയ്തത്. ഈ തട്ടിപ്പ് അമേരിക്കയില്‍ വിലപ്പോവില്ലെന്ന സന്ദേശമാണ് ഐപാക് ഉയര്‍ത്തിക്കാട്ടിയത്.

2011 ഒക്‌ടോബര്‍ 28ന് ന്യൂജെഴ്‌സി സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദുമായി ഐപാക് പ്രവര്‍ത്തകര്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. ലേഖകനടക്കം നിരവധി ഐപാക് പ്രവര്‍ത്തകരും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുമായി മുഖാമുഖം സംസാരിച്ചു. കൂടാതെ, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ഒരു മന്ത്രിയും കാണിക്കാത്ത ശുഷ്‌ക്കാന്തിയാണ് അന്ന് ഇ.അഹമ്മദ് ഐപാക് പ്രവര്‍ത്തകരോട് കാണിച്ചതെന്ന് പറയാതിരിക്കാന്‍ വയ്യ. ഐപാകിന്റെ നിവേദനത്തില്‍ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. വളരെ ക്ഷമയോടെ അദ്ദേഹം എല്ലാം കേട്ടു. കേള്‍ക്കുക മാത്രമല്ല, അദ്ദേഹത്തിന് ഉടന്‍ ചെയ്യാവുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ അപ്പോള്‍തന്നെ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ പ്രമോദ് ബജാജിനോട് ആവശ്യപ്പെടുകയും സത്വര നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതില്‍ പ്രധാനമായത് കോണ്‍സുലേറ്റില്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ടെലഫോണ്‍/ഇമെയില്‍ സംവിധാനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു. നിവേദനത്തില്‍ പറഞ്ഞിരുന്ന മറ്റാവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. തീര്‍ന്നില്ല, ഡല്‍ഹിയില്‍ ചെന്നാലുടന്‍ മന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രെ#െവറ്റ് സെക്രട്ടറി സുഹൈല്‍ ഖാനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരു മണിക്കൂറില്‍ കൂടുതല്‍ അന്ന് മന്ത്രി ഐപാക് പ്രവര്‍ത്തകരോടൊപ്പം ചിലവഴിക്കുകയും സംശയദുരീകരണം നടത്തുകയും ചെയ്തു. ഇന്ത്യയിലെ മറ്റേതെങ്കിലും മന്ത്രിമാര്‍ ഇത്ര ക്ഷമയോടെ പരാതികള്‍ കേള്‍ക്കുമെന്ന് തോന്നുന്നില്ല. അന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഐപാക്കിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എന്നാല്‍ നേരെ വിപരീതമായാണ് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അദ്ദേഹവുമായി അഭിമുഖമെടുത്ത ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്റെ നേരെ തട്ടിക്കയറുന്ന കാഴ്ച മലയാളം ഐ.പി. ടി.വി ഇമലയാളിയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി കേട്ട് ഞെട്ടിപ്പോയി..'താനാരാടോ ഇതു ചോദിക്കാന്‍.....താന്‍ വലിയ പത്രക്കാരനാണെന്ന ഭാവമാണോ.....ഞങ്ങളുടെ ഗവണ്മെന്റ് ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും....താനാരാ ചോദിക്കാന്‍....' എന്നിങ്ങനെയുള്ള മന്ത്രിയുടെ ആക്രോശം പലരും കണ്ടുകാണും. മന്ത്രിയുടെ ഈ ആക്രോശം കേട്ട് പുഞ്ചിരിച്ചുകൊണ്ട് ഇവിടത്തെ ചില സംഘടനാ നേതാക്കള്‍ തൊട്ടുപുറകില്‍ നില്പ്പുണ്ടായിരുന്നു. ആ വീഡിയോക്ലിപ്പ് മലയാളം ഐ.പി.ടി.വി.യുടെ കൈവശമുണ്ട്. അവരത് റിലീസ് ചെയ്യണം. ആ വീഡിയോ കാണുന്ന, മന:സ്സാക്ഷിയുള്ള, ഒരു വ്യക്തിയും പിന്നെ ആ മന്ത്രിയെ കാണാന്‍ മുതിരുകയില്ല. മന്ത്രിയുമായി കാണുന്നതോ ഫോട്ടൊ എടുക്കുന്നതോ ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ, പ്രവാസികളെ ആകെ 'ഉദ്ധരിക്കാനാണെന്ന' വ്യാജേന അത് വാര്‍ത്തയാക്കുന്നതാണ് ശുദ്ധ അസംബന്ധം.

പിന്നെ അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ (വിദ്യാഭ്യാസം, ഉദ്യോഗം, തൊഴില്‍, ബിസിനസ് മുതലായവ) കൈകാര്യം ചെയ്യേണ്ടത് അമേരിക്കന്‍ ഗവണ്മെന്റല്ലേ ? ഈ രാജ്യത്ത് നിയമാനുസരണം പ്രവേശിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവരുടെ ന്യായമായ അവകാശങ്ങളും നിഷേധിക്കുന്ന നിയമമൊന്നും ഇവിടെയില്ല. വിദ്യാഭ്യാസം, തൊഴിലില്ലായ്മ വേതനം, ചികിത്സാ സഹായം, ബിസിനസ് ചെയ്യാനുള്ള അവസരം, ഫുഡ് സ്റ്റാമ്പ് മുതലായവയെല്ലാം പൗരനെന്നോ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറെന്നോ വ്യത്യാസമില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്ന വ്യവസ്ഥ അമേരിക്കയിലുണ്ട്.

ലോകാവസാനം വരെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടു പോകേണ്ട കാര്യമില്ല. എല്ലാത്തിനും ഒരു അന്ത്യം വേണം. പ്രവാസികളെ ചൂഷണം ചെയ്തതും പോരാഞ്ഞിട്ട് അവരുടെ നിക്ഷേപങ്ങളില്‍ കണ്ണുവെച്ച് അമേരിക്ക സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്. പരിഹാര മാര്‍ഗങ്ങള്‍ ഏറെയുണ്ട്. വിവിധ സംഘടനകള്‍ മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളുടെ പകര്‍പ്പ്, അവര്‍ക്ക് ഇന്ത്യാ ഗവണ്മെന്റില്‍ നിന്നും മന്ത്രിമാരില്‍ നിന്നും കിട്ടിയ മറുപടികള്‍ ഇവയെല്ലാം ജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അതവര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. അവരുടെ നിവേദനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അലംഭാവം കാട്ടിയിട്ടുണ്ടെങ്കില്‍ അതും പൊതുജനങ്ങളെ അറിയിക്കണം.

മറ്റൊരു നിര്‍ദ്ദേശം അമേരിക്കയില്‍ ഇന്ന് ശക്തിപ്രാപിച്ചിരിക്കുന്ന ഒരു നിഷ്പക്ഷ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. അവരുമായി കൂടിയാലോചിച്ച് അടുത്ത പ്രാവശ്യം മന്ത്രി വരുമ്പോഴോ, അല്ലെങ്കില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായോ ഒരു പ്രസ് മീറ്റ് എന്തുകൊണ്ട് സംഘടിപ്പിച്ചുകൂടാ. സംഘടനകള്‍ അവരവര്‍ മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പ് ഇന്ത്യാ പ്രസ് ക്ലബ്ബിന് നല്‍കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമായി.

കമന്റുകള്‍ എഴുതുന്നവരോട് ഒരു അഭ്യര്‍ത്ഥന. ഐപാകിന്റെ വെബ് സൈറ്റ് നിങ്ങള്‍ സന്ദര്‍ശിക്കണം. എല്ലാ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. സത്യവിരുദ്ധമായി ഒന്നും തന്നെ ഈ ലേഖനത്തില്‍ ഞാന്‍ പ്രതിപാദിച്ചിട്ടില്ല. കഠിനഭാഷാ പ്രയോഗങ്ങളില്ലാതെ, ലളിതഭാഷാ പ്രയോഗമാണ് ഇവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വികാരപരമായി പ്രതികരിക്കാതെ വിവേകപരമായി പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഐപാക് വെബ്‌സൈറ്റ്:http://www.pravasiaction.com

Read more

പ്രഹസനമാകുന്ന പ്രവാസികാര്യ വകുപ്പ്

അമേരിക്കയില്‍ ഏറ്റവും വലിയ മണ്ടത്തരം കാണിക്കുന്നവര്‍ക്ക് ഒരു അവാര്‍ഡ് നിശ്ചയിച്ചാല്‍ അതിന് അര്‍ഹരായവര്‍ ഇവിടത്തെ ചില മലയാളി നേതാക്കളാണെന്ന് പറയാതിരിക്കാന്‍ വയ്യ. നാണമില്ലത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതവന് തണലാണെന്ന് ഒരു ചൊല്ലുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ഇവിടത്തെ പല നേതാക്കളിലും ദര്‍ശിക്കാന്‍ കഴിയുന്നത്.

കറിവേപ്പിലച്ചെടിയുടെ വേരില്‍ നിന്ന് മുളച്ചു പൊട്ടുന്ന തൈകള്‍ പോലെ സംഘടനകളും ഉപസംഘടനകളും, അവയുടെ ലേബലില്‍ അറിയപ്പെടുന്ന നേതാക്കളും പറയുന്നത് ഒരേ കാര്യം; പ്രവാസികളുടെ 'നീറുന്ന' പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണത്രേ അവരൊക്കെ ശ്രമിക്കുന്നത്. ഈ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ ചെയ്യുന്നതോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കേന്ദ്രസംസ്ഥാന മന്ത്രിമാരേയും എം.എല്‍.എ.മാരേയും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത് പൊതുവേദികളില്‍ കയറ്റി ആടയും പൊന്നാടയും അണിയിച്ച് എഴുന്നള്ളിക്കുന്നു. സ്വന്തം നിയോജകമണ്ഡലത്തില്‍ നിസ്സാര കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിവില്ലാത്ത നേതാക്കളോടാണ് അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഓര്‍ക്കണം.

ഇപ്പോള്‍ ഇവിടെയെത്തിയിട്ടുള്ള കേന്ദ്ര മന്ത്രി ആ സ്ഥാനത്ത് ഉപവിഷ്ടനായതിനുശേഷം നിരന്തരം അമേരിക്ക സന്ദര്‍ശിക്കുന്ന മഹാത്മാവാണ്. അദ്ദേഹത്തിനറിയാം ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. തലമൂത്ത നേതാക്കളുമായി വ്യക്തിബന്ധം വരെയുള്ള വ്യക്തിയാണ് ഈ മന്ത്രി. അദ്ദേഹം വിചാരിച്ചാല്‍ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാനും സാധിക്കും. ഓരോ പ്രാവശ്യവും 'ഇപ്പ ശരിയാക്കിത്തരാം.....ഇപ്പ ശരിയാക്കിത്തരാം....' എന്ന പൊള്ള വാഗ്ദാനം നല്‍കി അദ്ദേഹം വന്നവഴിയേ തിരിച്ചുപോകുന്നതല്ലാതെ കാതലായ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധി കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കുറെ നേതാക്കള്‍ കുറെ ഫോട്ടോകള്‍ തരപ്പെടുത്തി വെച്ച് അവ ഓരോന്നായി ആഴ്ചയില്‍ മൂന്നു വട്ടമെങ്കിലും പത്രങ്ങളില്‍ കൊടുത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു മാത്രം മിച്ചം. ഇവരാകട്ടേ പറഞ്ഞതുതന്നെ മറിച്ചും തിരിച്ചും പറഞ്ഞ് പൊതുജനങ്ങളെ കണ്‍ഫ്യൂഷനിലാക്കുന്നു. ഇവിടെ ഒരു കാര്യം തീര്‍ച്ചയാണ്. ഒന്നുകില്‍ ഈ മന്ത്രി ഇവരെ വട്ടു കളിപ്പിക്കുന്നു, അല്ലെങ്കില്‍ ഈ നേതാക്കള്‍ മന്ദബുദ്ധികള്‍, അതുമല്ലെങ്കില്‍ ഇവര്‍ മന:പ്പൂര്‍വ്വം പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നു.

മേല്പറഞ്ഞ മന്ത്രി ഇനി തുടര്‍ച്ചയായി അമേരിക്കയില്‍ വരും. കാരണം 2014ല്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ വെച്ചു നടക്കുന്ന പ്രവാസി ദിവസിലേക്ക് ആളെക്കൂട്ടാന്‍. അല്ലാതെ ഇവിടെയുള്ള പ്രവാസികളുടെ 'നീറുന്ന' പ്രശ്‌നത്തിന് പരിഹാരം കാണാനല്ല. ഇതുവരെ പ്രവാസികളുടെ പ്രശ്‌നമായിരുന്നെങ്കില്‍ ഇപ്പോള്‍ മന്ത്രിക്ക് വേവലാതി അമേരിക്കയിലെ പുതിയ തലമുറയുടെ ഇന്ത്യയുമായുള്ള ബന്ധം കുറഞ്ഞുവരുന്നതിനാലാണ്. ഇതു കേട്ടപ്പോള്‍ നാട്ടിലെ ഒരു ജന്മിയുടെ കാര്യമാണ് ഓര്‍മ്മയില്‍ വന്നത്.

ജന്മി കുടിയാന്മാരെ കഷ്ടപ്പെടുത്തി പണി ചെയ്യിക്കും. അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുമെന്നു മാത്രമല്ല, കൂലി പോലും ശരിക്ക് കൊടുക്കുകയില്ല. കുടിയാന്മാരാകട്ടേ തങ്ങളുടെ ഗതി മക്കള്‍ക്ക് വരരുതെന്ന് ആഗ്രഹിച്ച് അവരെ പള്ളിക്കൂടങ്ങളില്‍ അയച്ചു പഠിപ്പിക്കാന്‍ തുടങ്ങി. അത് ജന്മിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹത്തിന് കുണ്ഠിതമായി. അവരങ്ങനെ പഠിച്ച് മിടുക്കരും മിടുക്കികളുമായാല്‍ ജന്മിക്ക് പണിക്കാരെ കിട്ടാതെ വരും. അതുകൊണ്ട് ഉടനെ ഉത്തരവായി. കുടിയാന്മാരുടെ കുട്ടികളെയും ജന്മിയുടെ പണിക്കാരുടെ കൂട്ടത്തില്‍ കൂട്ടുക. അവരും പണി പഠിക്കട്ടേ...!! ഏതാണ്ട് ഇതുപോലെയാണ് മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ തോന്നിയത്. ഒന്നാം തലമുറയും രണ്ടാം തലമുറയും അലമുറയിട്ട് കരഞ്ഞിട്ടുപോലും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിച്ച മന്ത്രിക്ക് ഇവിടത്തെ മലയാളിക്കുഞ്ഞുങ്ങള്‍ അന്തസ്സായി ജീവിക്കുന്നതു കണ്ടപ്പോള്‍ ജന്മിയുടെ കുണ്ഠിത രോഗം പിടിച്ചിരിക്കുകയാണ്. അവരെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുപോയിട്ടുവേണം പണി പഠിപ്പിക്കാന്‍...!

പ്രവാസി വകുപ്പിനെ പ്രഹസന വകുപ്പാക്കിയ മന്ത്രിയും മന്ത്രി സഭയും എത്ര കിണഞ്ഞു ശ്രമിച്ചാലും ഇവിടെയുള്ള പുതുതലമുറയെ ബ്രെയ്ന്‍ വാഷ് ചെയ്ത് വരുതിയിലാക്കാന്‍ സാധിക്കുകയില്ല. മന്ദബുദ്ധികളായ ചില 'ബുദ്ധി ജീവികള്‍' തന്നെ അതിനു കാരണം. ഈ ബുദ്ധിജീവികള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ ഓരോ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു മാമാങ്കം സംഘടിപ്പിക്കുക പതിവാണ്. അതില്‍ യുവ ജനങ്ങളെ, അല്ലെങ്കില്‍ പുതിയ തലമുറയെ ഉദ്ധരിക്കാനായി 'തലമുറകള്‍ക്കിടയിലെ വിടവു നികത്തലെന്നോ,' അമേരിക്കയിലെ ജീവിത സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാമെന്നോ' ഒക്കെ ഉള്‍പ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും പതിവാണ്. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവരാകട്ടേ വിരലിലെണ്ണാവുന്നവര്‍ മാത്രം. കാരണം, ഈ വിഷയങ്ങള്‍ തിരഞ്ഞെടുത്ത ഓര്‍ഗനൈസര്‍മാരേക്കാളും ഇതവതരിപ്പിക്കുന്ന സാമൂഹിക ശാസ്ത്ര പണ്ഡിതരെക്കാളും അറിവുണ്ടെന്ന് ഭാവിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് ഇങ്ങനെയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അവര്‍ക്ക് വിവിധ സ്റ്റാളുകളില്‍ കറങ്ങി നടക്കാനായിരിക്കും താല്പര്യം. കുടുംബ ഭരണത്തിലോ, സാമൂഹിക സഹകരണത്തിലോ അറിവ് കുറവുള്ളവര്‍ക്കുവേണ്ടിയാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും തങ്ങള്‍ക്കതിന്റെ ആവശ്യമില്ലെന്നുമുള്ള ഭാവമായിരിക്കും പലര്‍ക്കും.

മാതാപിതാക്കളുടെ അജ്ഞതയും അല്പത്വവും അത്യാഗ്രഹവുമൊക്കെ കണ്ടു മടുത്ത പുതുതലമുറയാകട്ടേ ദിശമാറ്റി അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. അടുത്ത പ്രവാസി ഭാരതീയ ദിവസില്‍ ഇവിടെയുള്ള യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് എന്തൊക്കെയോ ചെയ്യുമെന്നുള്ള വിളംബരം കേട്ട് രോമാഞ്ചകുഞ്ചകമണിയുന്നവര്‍ കാണുമായിരിക്കും. എന്നാല്‍, മൂഢ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ഇവരൊക്കെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത നിലയില്‍ ജീവിക്കുന്ന മലയാളികളുടെ മക്കള്‍ അത്ര വിവരം കെട്ടവരാണെന്നു ധരിക്കരുത്. ഇന്ത്യന്‍ മന്ത്രിമാര്‍ ഈ വൈകിയ വേളയില്‍ ഇന്ത്യക്കാരുടെ പുതിയ തലമുറയെത്തേടിയിറങ്ങിയതിന്റെ പൊരുള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാനുള്ള ബുദ്ധി ഇവിടത്തെ മലയാളി നേതാക്കള്‍ക്കുണ്ടാകണം.

പൈതൃകവും വികാരപരമായ ബന്ധത്തെക്കുറിച്ചും, മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ മുന്നേറുന്ന ഇന്ത്യയെക്കുറിച്ചും, പ്രവാസി യുവജനതയുടെ സ്വപ്നങ്ങളെക്കുറിച്ചുമൊക്കെയാണ് പ്രവാസി ദിവസില്‍ ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നതെന്നുള്ള മന്ത്രിയുടെ പ്രസ്താവന തന്നെ പരിഹാസ്യമാണ്. അമേരിക്കന്‍ മാതാപിതാക്കളുടെ പാരമ്പര്യസാംസ്‌ക്കാരികസാമ്പത്തിക ജീവിതരീതികളെക്കുറിച്ച് ആദ്യം തന്നെ മനസ്സിലാക്കാതെ, സായിപ്പിന്റെ കുട്ടികളെ അന്ധമായി അനുകരിക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ച മലയാളികളാണ് അറുപതുകളിലും എഴുപതുകളിലും കുടിയേറിയവര്‍. രാപകലില്ലാതെ ജോലിക്ക് പോകുന്ന മമ്മിയും മൂവന്തിക്ക് മുക്കുടി കഴിഞ്ഞ് പോത്തുപോലെ കിടന്നുറങ്ങുന്ന ഡാഡിയും അവരുടെ സായിപ്പ് കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ഒരു ഭാഗമായിരുന്നില്ല. കൗമാരത്തിലെത്തുന്ന അമേരിക്കന്‍ കുട്ടികളെ, ഭാവി ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് അവരുമായി ഇടപഴകി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അമേരിക്കന്‍ മാതാപിതാക്കളും, ജാതിനിര്‍ണ്ണയത്തിന് രക്തപരിശോധനവരെ നടത്താന്‍ നിര്‍ബ്ബന്ധിക്കുന്ന മലയാളി മതാപിതാക്കളും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെ ജീവിച്ചവരുടെ തലമുറകളെ അന്വേഷിച്ചിറങ്ങിയ ഈ മന്ത്രിയടക്കം പലരും മറന്ന ഒരു സത്യമുണ്ട്. ഇപ്പോള്‍ കാണിക്കുന്ന ഈ 'വ്യഗ്രത' കതിരില്‍ വളം വെയ്ക്കുന്നതിനു തുല്യമാണ്.

ഇന്ത്യയില്‍ നിന്നു വരുന്ന മന്ത്രിമാരെ സ്വീകരിക്കേണ്ടെന്നോ അവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടെന്നോ അല്ല പറഞ്ഞു വരുന്നത്. അമേരിക്കന്‍ മലയാളികള്‍ എല്ലാവരും മന്ദബുദ്ധികളാണെന്ന് ധരിച്ചുവശായവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ഊര്‍ജ്ജസ്വലതയും, ഇവിടെയുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വവും ഇല്ലെങ്കില്‍ ആരും നേതാവ് ചമയുന്ന പണിക്ക് പോകരുത്. ഉള്ള വില നിങ്ങളായി കളഞ്ഞുകുളിക്കരുത്. പ്രവാസികളുടെ പ്രതികരണം ഫലപ്രദമായ രീതിയിലാക്കേണ്ടതെങ്ങനെ എന്ന് ഗള്‍ഫ് മലയാളികളില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ക്രൂര പീഢനത്തിനിരയായ ഗള്‍ഫ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നാം അറിഞ്ഞതാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പിന്നീട് അങ്ങോട്ടു ചെന്ന മന്ത്രിയെ ബഹിഷ്‌ക്കരിച്ചതും ഘേരാവോ ചെയ്തതും ആ മന്ത്രി പോയതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോയതും നാം അറിഞ്ഞതാണ്. അതാണ് യഥാര്‍ത്ഥ പ്രവാസി കൂട്ടായ്മ. ഉശിരു വേണം....പറഞ്ഞത് ചെയ്യുകയും ചെയ്യുന്നത് പറയുകയും വേണം....! അമേരിക്കയിലാണെങ്കിലോ, ജൂതന്‍ പനിനീര്‍ക്കുപ്പി വെച്ച കഥപോലെയാണ്. പ്രഹസനം പോലെ ഒരു പ്രവാസി മന്ത്രിയും പ്രഹസനം പോലെ കുറെ നേതാക്കളും. ഇവരുടെ കോമാളിത്തരം കണ്ട് പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നില്‍ക്കുന്ന കുറെ മലയാളികളും.

മന്ത്രിയുമായി പല രൂപത്തില്‍ ബന്ധമുള്ളവരും അടുപ്പമുള്ളവരുമൊക്കെ ഇവിടെയുണ്ട്. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഏറെക്കുറെ ഇവിടെയുള്ള മലയാളികള്‍ക്ക് അറിയുകയും ചെയ്യാം. സഹ്യാദ്രി പര്‍വ്വതം പൊക്കിക്കൊണ്ടുവരാനൊന്നും ആരും പറഞ്ഞിട്ടില്ല. ഒരു വകുപ്പ് മന്ത്രിക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് ഇക്കണ്ട കാലമത്രയും ആവശ്യപ്പെട്ടിട്ടുള്ളത്. അത് നിറവേറ്റാന്‍ കഴിയാത്ത മന്ത്രിയെ എന്തിന് വീണ്ടും വീണ്ടും എഴുന്നള്ളിക്കണം? മന്ത്രിയെ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ തന്നെ മന്ത്രിയെ എഴുന്നള്ളിക്കുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കാണുന്നത്. പ്രതികരിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയും അമേരിക്കയിലെ മലയാളി സമൂഹത്തിനെ പിന്നോട്ടടിക്കുന്നു. പിന്നെ മന്ത്രി പറയുന്ന വങ്കത്തരം കണ്ണുമടച്ച് വിശ്വസിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? 'ചക്കിക്ക് തോന്നുന്നുമ്പോള്‍ ചങ്കരന് തോന്നുകയില്ല.........ചങ്കരന് തോന്നുന്നുമ്പോള്‍ ചക്കിക്ക് തോന്നുകയില്ല....രണ്ടു പേര്‍ക്കും തോന്നുമ്പോള്‍ കൊച്ചെഴുന്നേല്‍ക്കും' എന്നൊരു കഥ കേട്ടിട്ടുണ്ട്. പ്രവാസി വകുപ്പിന് ആഗ്രഹമുണ്ടെങ്കിലും മറ്റു രണ്ടു വകുപ്പുകളും വിചാരിച്ചാലേ കാര്യങ്ങള്‍ നടക്കൂ എന്ന മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ മനസ്സിലോടിയെത്തിയ ഒരു കുസൃതിക്കഥയാണ് ഇവിടെ കുറിച്ചത്.

കുടിയേറ്റ നിയമമനുസരിച്ച് അമേരിക്കന്‍ പൗരത്വമുള്ളവരെ പ്രവാസി ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും, പ്രവാസി സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒട്ടേറെ നേതാക്കള്‍ ഇവിടെയുണ്ട്. പക്ഷേ, അവര്‍ക്ക് ആവശ്യ സമയത്ത് ഊര്‍ജ്ജം ലഭിക്കുന്നില്ല. വല്ലപ്പോഴും കിട്ടുന്ന ഊര്‍ജ്ജമാകട്ടേ പൊതുവേദികളില്‍ മൈക്രോഫോണ്‍ കൈയില്‍ കിട്ടുമ്പോള്‍ മാത്രം !! ആവനാഴിയില്‍ നിറച്ചുവെച്ചിരിക്കുന്ന അമ്പുകളെല്ലാം ഒറ്റയടിക്ക് എയ്തുതീര്‍ത്ത് അവരെന്തോ മഹാകാര്യം ചെയ്‌തെന്ന മട്ടില്‍ കുറെ ഫോട്ടോകള്‍ക്ക് പോസ് ചെയ്യും. അത്രതന്നെ. ഒരേ നിവേദനത്തിന്റെ ആയിരം കോപ്പികളെടുത്ത് പോകുന്നിടത്തൊക്കെ വിതരണം ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല. അവയൊക്കെ ചവറ്റുകുട്ടയില്‍ പോകുമെന്ന് ആര്‍ക്കാണ് അറിയാത്തത്.

'പ്രവാസി ആക്ഷന്‍ കൗണ്‍സില്‍' എന്ന പേരില്‍ വളരെ കരുതലോടെയും ശ്രദ്ധയോടെയും രൂപീകരിച്ച സംഘടന ഇന്ന് മോര്‍ച്ചറിയില്‍ മരവിച്ച ശവശരീരം കണക്കെ കിടപ്പാണ്. എല്ലാ തുറകളിലും കഴിവും പരിജ്ഞാനവുമുള്ളവരായിരുന്നു അതിന്റെ കമ്മിറ്റികളില്‍ ഏറിയ പങ്കും. നല്ല കഴിവും ആര്‍ജ്ജവവുമുണ്ടായിരുന്ന ആ സംഘടനയിലുള്ള മിക്കവരും ഈയ്യാം പാറ്റകളെപ്പോലെ ഇപ്പോള്‍ അലഞ്ഞു തിരിയുകയാണ്. എവിടെ പ്രകാശം കാണുന്നോ അവിടെയെല്ലാം പറന്നു ചെന്ന് നിമിഷനേരം കൊണ്ട് ചിറകു കരിഞ്ഞ് താഴെ വീഴുന്നു. പ്രവാസി ആക്ഷന്‍ കൗണ്‍സിലിനു ശേഷം നിരവധി സംഘടനകള്‍ സമാന ചിന്തകളുമായി പൊട്ടിമുളച്ചു. ഇപ്പോഴും മുളച്ചുകൊണ്ടേയിരിക്കുന്നു. അവരൊക്കെ ഇപ്പോള്‍ ഹല്ലേലുയ്യാ പാടുന്ന തിരക്കിലാണ്. കുറെ കഴിയുമ്പോള്‍ അവര്‍ക്കും അടച്ചുപ്രൂശ്മ ചെയ്യേണ്ടിവരും. അപ്പോഴും ഈ മന്ത്രി പറയും....'ഇപ്പ ശരിയാക്കിത്തരാം....ഇപ്പ ശരിയാക്കിത്തരാം.......!'

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC