ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം

അഭിമാനവും ദുരഭിമാനവും

കഴിഞ്ഞ ദിവസങ്ങളിൽ മലയാള വാർത്താ മാധ്യമങ്ങൾ ചർച്ചചെയ്ത ഒന്നാണ് ദുരഭിമാനക്കൊല ? മനുഷ്യൻ അഹങ്കാരത്തോടെ പടുത്തുയർത്തിയ അഭിമാനം ഇല്ലാതാകുവാൻ ഒരു രാത്രിയുടെ അകലം മാത്രം. ക്രൈസ്തവ സമൂഹത്തിനു ഇത് സ്വയം തിരിച്ചറിയാലിന്റെ നിമിഷമായി മാറണം. അഹങ്കാരം മനുഷ്യന് വരുത്തി വെക്കുന്ന വിനയെക്കുറിച്ചു നമുക്ക് നന്നായി അറിയാം.  ‘സ്വത്വാഭിമാനം’ ഒരളവുവരെ നല്ലതാണ് പക്ഷേ അത് നമുക്കും നമ്മുടെ  ചുറ്റിലുള്ളവർക്കും  പ്രശ്നങ്ങളും ഭയപ്പാടുകളും ഉണ്ടാക്കുന്നുവെങ്കിൽ  അത്  ‘ ദുരഭിമാനം ‘ തന്നെയാണ്. 

പിന്നാക്ക വിഭാഗത്തിലുള്ളയാളാണെന്നതാണ് മുന്നോക്ക വിഭാഗക്കാരൻ എന്നഭിമാനിക്കുന്ന വീട്ടുകാരുടെ എതിര്‍പ്പിന് വഴിവെച്ചതും തട്ടിക്കൊണ്ടു പോവുന്നതിനും അവസാനം ജീവൻ ബലികൊടുക്കുന്നതിനും ഇടയായത്. മൂന്ന് ദിവസം മുമ്പാണ് കെവിന്റെയും നീനുവിന്റെയും രജിസ്റ്റര്‍ വിവാഹം നടന്നത് എന്ന് പറയപ്പെടുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇവിടെ ഒരു ചോദ്യം ഉയരുന്നത് എവിടെപ്പോയി ഇരു കൂട്ടരുടെയും സഭകൾ ?.  കെവിന്റെ മൃതശരീരം സംസ്കരിക്കുവാൻ അഞ്ചോളം യുവവൈദീകരുണ്ടായിരുന്നു എന്നത് ശ്രദ്ധേയം.  ഹിന്ദു ചേരമർ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ് എന്നാണു അറിയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കേരളത്തിൽ നിലനിൽക്കുന്ന ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്.  സവർണ-അവർണ വിവേചനം ക്രൈസ്തവ സഭകളിലും നിലനിൽക്കുന്നു എന്ന സന്ദേശം ഉൾക്കൊള്ളുവാൻ സഭകൾ തയ്യാറാവണം. ഉചിതമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു. ദളിത് വിവാഹത്തെ അംഗീകരിക്കുവാൻ സാധിക്കാത്ത രീതിയിൽ ജാതീയമായ വിവേചനം എല്ലാക്കാലവും നാം പിന്തുടരുന്നു എന്നത് ചരിത്രയാഥാർഥ്യം.

ഇവിടെ കൊന്നതും കൊലചെയ്യപ്പെട്ടതും രാഷ്ട്രീയ വിഷയങ്ങളാലല്ല. ജാതിയുടെയും ഉപജാതിയുടെയും അഭിമാനപ്രശ്‌നമാണ്. അഥവാ ദുരഭിമാനം. സ്വന്തം കാര്യം വരുമ്പോള്‍ അല്പം അഭിമാനവും ദുരഭിമാനവും ഇല്ലാത്തവര്‍ കുറയും. പക്ഷെ അത് ആസൂത്രിത കൊലപാതകത്തിലേക്കും അക്രമത്തിലേക്കും നീങ്ങുമ്പോഴാണു നാം നമ്മെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നത്. വാർത്താ ചാനലുകളിൽ ആടിതിമിർക്കുന്ന  ചർച്ചകൾ എല്ലാം തന്നെ ചിലരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടിയുള്ളത് മാത്രമാണ്.  ഇരുകൂട്ടരുടേയും രാഷ്ട്രീയ ചിന്താഗതികളും അനുഭാവ സ്വഭാവങ്ങളും അസംബന്ധ രാത്രി ചർച്ചകളായി വഴിമാറുന്നു. അവിടെ മതവും ക്രൈസ്തവ സഭകളും  തല്ക്കാലം രക്ഷപെട്ടു എന്ന് വേണമെങ്കിൽ അഭിമാനിക്കാം.
 
വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചിന്താഗതികളും അതിന്റെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും നമ്മെ പിന്നോട്ട് നയിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളെ ഞെട്ടലോടെ വേണം വിലയിരുത്തുവാൻ. ക്രൈസ്തവ സഭകൾക്ക് ഇവിടെ എങ്ങനെ ഇടപെടുവാൻ സാധിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും അഭ്യസ്തവിദ്യരും സാംസ്‌കാരികമായി ഉന്നതിയിലുള്ളവരും സഹോദരങ്ങളായി ജീവിച്ചുപോരുന്ന ഈ കൊച്ചുകേരളത്തില്‍ ഇങ്ങനെയൊന്നും  നടക്കുകയില്ലെന്നു വിചാരിച്ചിരുന്നു. ജനാധിപത്യത്തിലെ നാലാംതൂണുകള്‍ എന്നവകാശപ്പെടുന്നവർപോലും ഇന്നും പണത്തിനുവേണ്ടി ജോലിയെടുക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അധഃപതനത്തിന്റെ വെടിയൊച്ചകളും നിലവിളികളും നമ്മുടെ കാതുകളിൽ മുഴങ്ങുകയാണ്.
 
അന്യന്റെ ജീവനു വിലയില്ലാതാകുകയും അക്രമവും അക്രമവാസനകളും പെരുകുകയും എതിരാളിയെ അറപ്പില്ലാതെ ഇല്ലാതാക്കാനുള്ള മാനസിക നിലവാരത്തിലേക്കു കേരളജനതയും തരംതാണുപോകുകയും ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാനാകുകയില്ല. നവമാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും വളര്‍ന്നുപന്തലിച്ചപ്പോള്‍ നന്മയേക്കാള്‍ ഏറെ തിന്മയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, പകയുടെ വാഹകര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.നിയമവ്യവസ്ഥകള്‍ക്കും നിയമപാലകര്‍ക്കും അതിന്റേതായ ചില പോരായ്മകള്‍ ഉള്ളപ്പോഴും നഷ്ടമാകാതെ പോകേണ്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിലാണു നമ്മള്‍ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്യേണ്ടത്.  അയിത്തത്തിന്റേയും തൊട്ടുകൂടായ്മയുടേയും നാളുകളില്‍നിന്നു നമ്മെ കൈപിടിച്ചുയർത്തിയ  മത-സാംസ്കാരിക-രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങളുടെ കെട്ടുറപ്പും, ദിശാബോധവും എവിടെയൊക്കെയോ കൈമോശം വന്നിരിക്കുന്നു. മനുഷ്യനെ മനുഷ്യനായ് കാണുവാനും പരസ്പരം സ്‌നേഹിക്കുവാനും  വെറുപ്പിനു പകരം സ്‌നേഹവും അനുകമ്പയും സമത്വവും പകര്‍ന്നുനല്കാനുമാകുമ്പോള്‍ മാത്രമേ നാളെയുടെ നന്മ പ്രത്യാശിക്കാന്‍ വകയുള്ളൂ.

വിവിധ മതങ്ങളില്‍പെട്ടവരും മതമില്ലാത്തവരും ജീവിക്കുന്ന നാടാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികപരമായും വളരെയേറെ ഉന്നതിയില്‍ നില്‍ക്കുന്നവരും ഉല്‍ബുദ്ധരും നമ്മള്‍ കേരളീയര്‍ തന്നെയാണ് എന്നാണ് നമ്മുടെ അവകാശവാദം. എന്നാൽ ആധുനിക വാർത്തകൾ വിശകലനം ചെയ്യുമ്പോൾ നമ്മുടെ അവകാശവാദം നമ്മെ അഹങ്കാരികളാക്കി മാറ്റുന്നില്ലേ എന്നൊരു സംശയം ബാക്കിനിൽക്കുന്നു. എല്ലാവരും വിശ്വസിക്കുന്നത് അവരവരുടെ ഭാഷ്യം ശരിയാണ് എന്ന് തന്നെയാണ്. പിന്നെ ആര്‍ക്കാണ് പിഴച്ചത്? ഈ ചോദ്യത്തിന് എല്ലാവര്‍ക്കുമറിയുന്ന ഒരു ഉത്തരമുണ്ട് 'ഞങ്ങൾക്കല്ല ' എന്ന്. ഇവിടെ എല്ലാവരും ശരിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ശരിയാണ് എന്ന് അംഗീകരിച്ചുകൊടുക്കില്ല എന്നതാണ് സത്യം. 

സ്നേഹത്തിന്റെ കുറവാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ‘ദുരഭിമാനം ‘ ചിലരിൽ കൂടുന്നത് എന്നറിയില്ല. പക്ഷെ ഇത് മൂലമുള്ള പ്രശ്നങ്ങൾ അനവധി ആണെന്ന് മനസ്സിലാക്കാം. അഭിമാനം മൂത്തു അവരിലുണ്ടാവുന്ന വ്യത്യാസങ്ങൾ അവർക്കു തന്നെ അതിലും ഭീകരമായി അഭിമാന ക്ഷതം ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് പോലും അവർ മനസ്സിലാക്കുന്നില്ല. എല്ലാരിലും കുറച്ചു അഭിമാനം വേണം എന്ന് പറയുന്നു. എന്നാലും ചില സത്യങ്ങൾ മറച്ചു പിടിക്കുവാൻ അതിനു സാധിക്കുന്നു. തനിക്കും മറ്റുള്ളവർക്കും അത് ദോഷമുണ്ടാക്കുന്നവ അല്ലെങ്കിൽ കുഴപ്പമില്ല എന്ന ഒരു വശവും ഉണ്ട്. എന്നിരുന്നാലും ഇത്രയും ദോഷങ്ങൾ തരുന്ന അഭിമാനങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ തനിക്കും മറ്റുള്ളവർക്കും കൂടുതൽ സ്വാതന്ത്ര്യവും സ്നേഹവും ഉറപ്പായും ലഭിക്കും. 

കേരളത്തിൽ ശക്തിപ്പെടുന്നത് ജാതീയതയാണ്. സഭയിലും രാഷ്ട്രത്തിലും അനുദിനം വർദ്ധിക്കുന്നു. മനുഷ്യത്വം മരവിക്കുമ്പോൾ ജാതിയതയും അധികാരവും ശക്തിപ്പെടും.വേർകൃത്യങ്ങൾ വളരും. പുത്തൻ യുഗത്തിലും കേരളം ജാതീയതയുടെ കരാളഹസ്തത്തിൽ തന്നെ എന്ന് നിസംശയം പറയാം.

ജാതീയതക്കെതിരായുള്ള ദശാബ്ദങ്ങളുടെ പോരാട്ടം മലയാളി മനസ്സിനെ എവിടെ എത്തിച്ചു എന്ന് വിലയിരുത്തുന്നത് ഉചിതമാണ്? നാം എവിടെയായിരുന്നു? ഇന്ന് എവിടെ എത്തി? ഇത് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാകും- ഇന്നലകളിൽ നാം കൊയ്തത് ഒക്കെയും പതിരായിരുന്നു എന്ന്. ഇത്രയും നീണ്ട കാലയളവും അതിന്റെ ഫലവും വിശകലനം ചെയ്താല്‍ ജാതീയത അതിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് പലായനം ചെയ്യുക മാത്രമാണ് ചെയ്തത്. കടുത്ത അവഗണനക്കും അവഹേളനത്തിനും ഇടയിലും ദളിതന് രാജ്യത്തിന്റെ രാഷ്ട്രീയ- വിദ്യഭ്യാസ- കലാ സാംസ്‌കാരിക മേഖലകളില്‍ ചെറിയ തോതിലെങ്കിലും എത്തിപ്പെടാന്‍ സാധിച്ചു എന്നത് ചെറിയൊരു ആശ്വാസം തന്നെ. അവിടെ ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ വിസ്മരിക്കുന്നില്ല. എന്നാൽ ഇന്ന് ജാതിവ്യവസ്ഥ അതിന്റെ പഴയ കാല രീതികളും കര്‍മമണ്ഡലങ്ങളും മാറ്റി പുതിയ രീതിയില്‍ ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് മാത്രം.ജാതീയത അതിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിന്റെ മറ്റൊരു തെളിവാണ് ഞായറാഴ്ചകളിലെ ജാതി തിരിച്ചുള്ള മാട്രിമോണിയലുകള്‍. ഈഴവ മാട്രിമോണി, നായര്‍ മാട്രിമോണി, പുലയ മാട്രിമോണി എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇവയെല്ലാം തന്നെ ഭൂരിപക്ഷ ന്യുനപക്ഷ വർഗീയതയെ പരോക്ഷമായി വളർത്തുകയാണ്. 

Read more

"ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന"

എന്റെ ആലയം പ്രാർത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി.
യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ്‌ ഓശാനയുടെ പരമ പ്രധാനമായ സന്ദേശം.
(മത്തായി 21:1214 , മർക്കോസ് 11:1517 , ലൂക്കോസ് 19:4546 ,യോഹന്നാൻ 2:1317)

വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനും ശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെ ന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായ മറുപിടി ന്യായപ്രമാണത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെ ശബ്‌ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഇന്നും ഉയരുന്നു. മതനേതാക്കളും അധികാരികളും ഇന്നും ഇത് തിരിച്ചറിയുന്നില്ല. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു.

തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്? തിന്മ ചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ.

മതഭക്തി, പള്ളിഭക്തി, വ്യക്തിഭക്തി തുടങ്ങി ആധുനികഭക്തികൾ നിരവധി.

ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന് ? സ്നേഹത്തോടു കൂടിയ യേശുക്രിസ്തുവിന്റെ ഈ കരച്ചിൽ ശൗലിനെ പൗലോസാക്കി മാറ്റിയെങ്കിലും കർത്താവിന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത ആധുനിക ശൗലുമാർ ഇന്നും ദേവാലയം കള്ളകച്ചവടകേന്ദ്രങ്ങളാക്കി മാറ്റുന്നു.

“അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു. ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു, ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.”

ഇടയന്മാർ സാധാരണക്കാർക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാൻ സാധിക്കാത്ത സാഹചര്യം.

• ആർഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം
• സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങൾ.
• വിശ്വാസികളോടുള്ള ധാര്ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങൾ
• സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ
• സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത
• കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.
• മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങൾ
• ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
• കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുൾള അപമാനഭയത്താൽ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവർ
• ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകൾ
• സഭയുടെ സ്ഥാപനങ്ങളിൽ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്ള ഉപാധികളായി മാറുന്നതും അവ തമ്മിൽ അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും
• ദേവാലയ നിര്മ്മാണത്തിൽ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകർഷകത്വത്തിനും പണക്കൊഴുപ്പിനും പ്രാധാന്യം നൽകികൊണ്ടുള്ള ദേവാലയ പുനർനിര്മ്മാണങ്ങൾ:കേവലം പിരിവുകൾ നൽകാൻ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികൾ. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകൾ, കുരിശടികൾ, സ്വർണ കൊടിമരങ്ങൾ, വെടിക്കെട്ടുകൾ, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാൻ ലക്ഷങ്ങൾ ചെലവിടുമ്പോൾ അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോൾ ജീവിതത്തിന്റെ പുറമ്പോക്കിൽ അനേകർ ജീവിക്കുന്നു എന്നതും നാം മറന്നു പോവുന്നു.
• സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി.
• ചില ആഘോഷങ്ങൾ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു.
• മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നിൽക്കുന്നവർ
• ഇടവകകളിലെ അനാവശ്യമായ ‘ഫോര്മാലിറ്റി’കൾ മൂലം സഭ വിടേണ്ടിവന്നവർ
• വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തൻ സഭകളിലേക്കു ചേക്കേറുവാൻ നിർബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തിൽ ചെങ്ങാലിവില്പനക്കാരെ ചാട്ടവാർ കൊണ്ടടിച്ചു പുറത്താക്കിയ കർത്താവ് വീണ്ടും വരുവാൻ താമസിക്കുന്നത് ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല.

‘അല്പനേരക്രിസ്ത്യാനി’കളുടെ എണ്ണം സഭകളിൽ കൂടിവരുന്നു. ദേവാലയത്തിനകത്തു വരുമ്പോൾ വിശ്വാസിയുടെ മുഖം മൂടിയണിയുകയും അതിനു പുറത്തു ഏതു മാർഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നിൽ അർപ്പിതമായ കര്ത്തവ്യങ്ങൾ അനുഷ്ഠിക്കുകയും അര്ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. ജീവിതം കൊണ്ട് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ സഭകളോടുള്ള അകൽച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാർഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം കൂടുന്നതും വിശ്വാസികളെ സഭയിൽ നിന്നകറ്റുന്നു.

ലാളിത്യം ക്രൈസ്തവസഭകളിൽ കുറയുന്നു ‘ജീവിതത്തിലെ ലാളിത്യം’ ക്രൈസ്തവസഭകളിൽ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും ‘മതി’ എന്നു പറയാനുൾള ആർജവത്വമാണ് ആത്മീയശക്തിയുടെ ലാളിത്യം. നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവർ മാറണം. മനോഭാവത്തിലും പ്രവര്ത്തനശൈലികളിലും, കൂടുതല് ലാളിത്യം പുലർത്തണം. സമൃദ്ധിയുടെ സംസ്‌ക്കാരത്തില് ജീവിക്കുന്ന ആധുനിക സമൂഹത്തിൽ, യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന നന്മ കാട്ടികൊടുക്കുവാൻ അസാമാന്യമായ ആത്മാർത്ഥതയും ധീരതയും നേതാക്കൾക്ക് അനിവാര്യമാണ്. എന്നാൽ ഇന്ന് വിപരീതദിശയിൽ ഉപഭോഗസംസ്‌കാരത്തിലും, വ്യക്തിപൂജയിലും സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നു ആധുനികക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില് നിന്നുൾള വിടുതൽ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ, ഒട്ടിപ്പിടിക്കുവാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണത്. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിയണം. യെരുശലേം ദേവാലയം അറിഞ്ഞില്ല, മതപുരോഹിതന്മാർ അറിഞ്ഞില്ല. ശാസ്ത്രിമാരും പരീശന്മാരും അറിഞ്ഞില്ല. സദൂക്യർ അറിഞ്ഞില്ല, എരിവുകാർ അറിഞ്ഞില്ല.

വാസ്തവത്തിൽ പ്രാർത്ഥനാലയങ്ങളിൽനിന്നു പുറത്താക്കപ്പെടേണ്ടവർ, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്.
ഇടയന്റെ ജീവിതവിശുദ്ധി പരമപ്രധാനമാണ്.

അധികാരി എന്ന ഭാവം വെടിഞ്ഞു പകഷപാതം കാണിക്കാതെ, ഗ്രൂപ്പ് പിടിക്കാതെ തന്റെ ചുമതലയിലുൾള ഇടവകയിലെ, സഭയിലെ വിശ്വാസികളെ എല്ലാവരെയും ഒരുപോലെ കാണുകയും നീതിയുടെയും, സത്യത്തിന്റെയും മാർഗത്തിൽ പുരോഹിതരും അല്മായരും തമ്മിലുൾള പരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്‌നേഹവും, കരുതലും വളർത്തുകയും ചെയ്താൽ ഒരളവുവരെ വിശ്വാസി സമൂഹത്തെ ചിതറി പോകാതെ പരിരക്ഷിക്കുവാൻ സാധിക്കും.

ആടുകളുടെ ചോര കുടിക്കുന്ന ഇടയന്മാർ സഭയെ നശിപ്പിക്കും. രണ്ടു കണ്ണുകൾ കൊണ്ട് മാത്രം നോക്കി കാണുന്ന ഇടയനെ അനേകം കണ്ണുകളിലൂടെയാണ് വിശ്വാസികൾ നോക്കികാണുന്നത് എന്ന യാഥാർഥ്യം ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഇടയന്മാർ. ഇടയന്റെ നോട്ടം, പെരുമാറ്റങ്ങൾ, സ്പർശനം, സംസാരങ്ങൾ, സുതാര്യത തുടങ്ങി നിരവധി കാര്യങ്ങളിൽ ഇടയന്മാർ ശ്രദ്ധിച്ചില്ലെങ്കിൽ ആടുകൾ ചിതറിപ്പോകും.

സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയും കയത്തിൽ മുങ്ങി കുളിക്കുന്ന ഗോവിന്ദച്ചാമിമാരായ ഇടയന്മാർ വിശ്വാസികളെ സഭകളിൽ നിന്നകറ്റും. തങ്ങൾക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് സുഖിച്ച് ജീവിച്ച് മരിക്കുന്നു. കാപട്യത്തിന്റെ പര്യായമായ ഇവർ ദൈവവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങൾ നടത്തുന്നു. ചെമ്മരിയാടുകളെ നയിക്കുന്ന കപടവേഷ ധാരികളായ പുരോഹിത ഇടയതാരങ്ങൾ ബലിപീഠത്തിൽ ക്രിസ്തുവിന്റെ ബലിയെ വെറും പ്രഹസനങ്ങളാക്കി മാറ്റി സഭയെ ദിനംപ്രതി തകർത്തുകൊണ്ടിരിക്കുന്നു. സത്യവും നീതിയും ധർമവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടു ള്ള, ഏറെ അറിവും പഠിപ്പുമുൾള വൈദികന്മാര് ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള് എന്തുകൊണ്ട് വിശ്വാസികള് പള്ളിയില് നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില് നിന്നും പള്ളീലച്ചന്മാരിൽ നിന്നും പരമാവധി അകന്നു നിൽക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില് അത് മേല്പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്.

മുഖസ്തുതികളിൽ കോൾമയിർ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാർ. അത് സ്വയം പൂജയാണ്. അതിലുള്‌പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്ക്കും, അയാൾ ഉള്‌പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യിൽല. യഥാര്ത്ഥ പ്രശ്‌നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികൾ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാർ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില് കോള്മയിർ കൊള്ളുന്ന ആത്മാനുരാഗികള്. ‘ഈ കൊട്ടാര വിദൂഷകരാണ് സഭാനേതൃത്വത്തെ കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളിൽ നിന്നകറ്റുവാൻ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്‌കാരം കാരണമാകുന്നു.

ദേവാലയങ്ങളിലെ ഹാജർ നില കുറവാണെങ്കിലും ദൈവവിശ്വാസം ഉള്ളവർ കൂടുന്നു എന്നത്യാഥാർഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും, ആഭരണങ്ങളും, വസ്ത്രങ്ങളും പ്രദർശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള് അതിനുൾള ഏറ്റവും നല്ല വേദികള് ആയി മാറുന്നില്ലേ നമ്മുടെ ആരാധനാലയങ്ങൾ പോലും. ഒരു കണക്കിന് പറഞ്ഞാല്, അമേരിക്കയിലെ ദേവാലയങ്ങളും കലാസാംസ്‌കാരിക സംഘടനകളും തമ്മിൽ വലിയ വിത്യാസം അനുഭവപ്പെടുന്നിൽല. രണ്ടിടങ്ങളിലും കലാഅഭ്യസപ്രകടനങ്ങള്, സാംസ്‌കാരിക പഠനങ്ങള്, ഗ്രൂപ്പു രാഷ്ട്രീയം, അധികാരകസേര, പടലപിണക്കങ്ങൾ, കാലുവാരൽ, കുതികാല് വെട്ട്, തൊഴുത്തിൽ കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില് ഇറക്ക്, കുഴിയില് വീഴ്ത്തല്, മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം കലാപരിപാടികൾ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകൾ വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തിൽ നിന്ന് മാറി നിൽക്കുന്നവരും കുറവല്ല

Read more

സോഷ്യൽ മീഡിയ വിപ്ലവം

ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപ്ലവമാണ് സോഷ്യല്‍ മീഡിയ വിപ്ലവം. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും, ജീവിതചര്യകളുമെല്ലാം  എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയുടെ യുദ്ധനിഴലിലാണ്. ആധുനിക മാധ്യമ വിപ്ലവം ഒരുക്കുന്ന മായിക ലോകത്ത്  വ്യത്യസ്ത തലങ്ങളിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. ഇന്നലകളിൽ വ്യാവസായിക വിപ്ലവം കോളനിവൽക്കരണത്തിനും ഒരുകാലത്ത് അപ്രധാനമായിരുന്ന ശക്തികളെ ലോകശക്തികളാക്കി മാറ്റുന്നതിനു കാരണമായെങ്കിൽ ഇന്ന് സോഷ്യല്‍ മീഡിയ മറ്റൊരു വിപ്ലവത്തിന് ആക്കം കൂട്ടുകയാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയുവാനും കൈമാറുവാനും ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നടിച്ച് പ്രകടിപ്പിവാനും, പ്രോത്സാഹിപ്പിക്കുവാനും, യോജിക്കുവാനും വിയോജിക്കുവാനുമുള്ള സാധ്യതകൾക്ക് സോഷ്യല്‍ മീഡിയ വേദികളാകുന്നു. എന്നാൽ അത് സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിലേക്ക് വഴിമാറൂമ്പോൾ വിഴുപ്പലക്കലുകൾക്കും കലാപങ്ങള്‍ക്കും സംഘട്ടനത്തിനും കൊലപാതകത്തിനുമെല്ലാം കാരണമായി മാറുന്ന കാഴ്ച നമുക്ക് അപരിചിതമല്ല. പരസ്പര വിദ്വേഷം പടര്‍ത്തുന്നതിനും, ശത്രുത വെച്ചു പുലര്‍ത്തുന്നതിനും ചില  പോസ്റ്റുകള്‍ കാരണമാക്കിയിട്ടുണ്ട് എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. വ്യക്തികളും, സഭകളും, മതങ്ങളും, സാമൂഹ്യ-രാഷ്ടീയ പ്രസ്ഥാനങ്ങളും ഒക്കെ ഇരകളായി മാറുന്നു. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും  മോശമായി ചിത്രീകരിക്കാനും തരംതാഴ്ത്തികാണിക്കാനുമുള്ള വേദികളായി മാറിയാൽ കാലം വലിയ വില കൊടുക്കേണ്ടിവരും.

ഇത് വേസ്‌റ്റു റീഡിങ്ന്റെ കാലം 

മുൻപൊക്കെ ബസ്സിലും ട്രെയിനിലുമൊക്കെ  യാത്ര ചെയ്യുമ്പോൾ ആളുകൾ പരസ്പരം പരിചയപ്പെടുവാനും  കുശലാന്വേഷണം നടത്തുവാനും, പരിസര കാഴ്ചകൾ ആസ്വദിക്കുവാനും ഒക്കെ സമയം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന്  മനുഷ്യൻ പരിസരം മറന്ന് തന്റെ സ്വകാര്യതയിലേക്ക് ഊളിയിടുന്നു. ഒന്നുകിൽ ഇരു ചെവികളിലും ഹെഡ്ഫോണും തിരുകി പരിസരക്കാഴ്ചകളും ചുറ്റുമുള്ള ശബ്ദങ്ങളും മറന്ന് സ്മാർട്ട്  ഫോണിൽ വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ ഒക്കെ ആയിരിക്കും മിക്കവരും. വിരലുകൾ താഴോട്ടും മേലോട്ടും ഉരുട്ടി വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നവരുടെ കാലം. നല്ല ഒന്നിനു വേണ്ടി അനാവശ്യമായ നൂറുകണക്കിന് മെസേജുകളിലൂടെ കണ്ണോടിക്കുമ്പോൾ നഷ്ടമാവുന്നത് നമ്മുടെ വിലപ്പെട്ട സമയവും പണവും. ഒപ്പം മരിക്കുന്നത് നമ്മുടെ ആലോചനയും ശ്രദ്ധയും ഏകാഗ്രതയും നേരിട്ടുള്ള വായനയും. വ്യക്തിബന്ധങ്ങൾ ഇന്ന് സോഷ്യൽ മീഡിയക്ക് വഴിമാറി. ചിലപ്പോൾ അത് ബന്ധനങ്ങളായി മാറിയേക്കാം.

ഇത് ട്രോളുകളുടെ കാലം.

ജാതിയും മതവും രാഷ്ട്രീയവും എല്ലാം  ട്രോളുകൾക്ക് വഴിമാറുന്നു. അതുകൊണ്ട് തന്നെ ക്രിസ്മസ്സിനേയും ഒഴിവാക്കാന്‍ ട്രോളന്‍മാര്‍ക്ക് സാധിച്ചില്ല. യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ് "യേശു ബ്രോയുടെ ബര്‍ത്ത് ഡേ" എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ എന്ന് വരെ ചോദിക്കുന്ന ട്രോളുകളുടെ കാലം. ഇവിടെയാണ്  മനസ്സിൽ കോറിയിടുന്ന ചില ചോദ്യങ്ങൾ ഉയരുന്നത്. സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലത്തായിരുന്നു യേശുക്രിസ്തു കാനാവിൽ പച്ചവെള്ളത്തെ മേത്തരം വീഞ്ഞാക്കി മാറ്റിയതെങ്കിൽ എന്തെല്ലാം ട്രോളുകൾ ഉണ്ടാകുമായിരുന്നു. മാർത്തയും, മറിയയും, മഗ്‌ദൽന മറിയയും എല്ലാമിന്ന് ആരുടെയൊക്കെ എന്തെല്ലാം ട്രോളുകൾക്ക് കഥാപാത്രങ്ങൾ ആകുമായിരുന്നു.

ടെക്നോളജി ബന്ധങ്ങൾ പിരിമുറുക്കം കൂട്ടും കാലം 

ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍മീഡിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നത്, അയാളുടെ ദാമ്പത്യജീവിതത്തെ സാരമായി ബാധിക്കുന്നു. ദിവസം മുഴുവന്‍ സ്മാര്‍ട്ട്‌ഫോണിനും ഇന്റര്‍നെറ്റിനും സോഷ്യല്‍മീഡിയയ്ക്കുമൊപ്പം ചെലവിടുന്ന ആധുനിക തലമുറ ജീവിക്കാൻ മറക്കുന്നു. കിടപ്പറയില്‍പ്പോലും അത് മാറ്റിവെക്കാന്‍ തയ്യാറല്ല. ഇത് ദമ്പതികള്‍ തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും, ക്രമേണ ആ ബന്ധത്തിലെ ദൃഢത ഇല്ലാതാകുകയും, ദാമ്പത്യം തകരുകയും ചെയ്യുവാനുള്ള സാധ്യത ഏറുന്നു. ഫെയ്സ്ബുക് അക്കൗണ്ടിൽ രാത്രിയിൽ പച്ചവെളിച്ചം കണ്ടാൽ അവൾ മോശക്കാരിയാണെന്നു ചിന്തിക്കുന്നവരുടെ കാലം. വാ‌ട്സ്ആപ്പിലെ ലാസ്റ്റ് സീൻ നോക്കി ഭാര്യയുടെയോ സുഹൃത്തിന്റെയോ ചാരിത്രം വിലയിരുത്തുന്നവരുടെ എണ്ണം ഏറിവരുന്നു. അനവസരത്തിൽ മൊബൈൽ ഫോണിൽ വരുന്ന ഒരു മിസ്ഡ് കോൾ മതി ഒരു ജീവിതം തന്നെ തകരുവാൻ.

വീടുകൾ ഷോപ്പിംഗ്‌ മാളുകളായി മാറുന്ന കാലം

നമ്മുടെ വീടുകളെ ചെറിയ ചെറിയ ഷോപ്പിംഗ്‌ മാളുകളാക്കി മാറ്റാനുള്ള ആധുനിക മീഡിയയുടെ സ്വാധീനത്തെ  നമ്മള്‍ തന്നെയാണ്‌ വിജയിപ്പിക്കുന്നത്‌. കാണുന്ന ചാനലുകളും വായിക്കുന്ന പ്രസിദ്ധീകരണങ്ങളും നമ്മുടെ ശീലങ്ങളെയും ജീവിത ശൈലികളെയും രൂപപ്പെടുത്തുന്ന നിര്‍മാതാക്കളായിമാറിയിരിക്കുന്നു. നമ്മുടെ ഇഷ്‌ടങ്ങളെയും അനിഷ്ടങ്ങളെയും നിര്‍ണയിക്കുന്നതില്‍ നവമാധ്യമങ്ങൾക്ക്  വലിയ പങ്കുണ്ട്‌. ഭക്ഷണം, വസ്‌ത്രം, നടത്തം. ചിരി, ബന്ധങ്ങള്‍, സൗഹൃദം, സദാചാരം, സാമൂഹിക ബോധം ഇവയെല്ലാം മീഡിയ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ കലണ്ടറും മെനുവും ചിന്തയും വിനോദങ്ങളും സ്വപ്‌നങ്ങളും എല്ലാംതീരുമാനിക്കുന്നത്‌ നവമാധ്യമങ്ങളാണ്. ഇവിടെ മനസ്സുകളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുവാൻ സോഷ്യൽ മീഡിയക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇത് കപട സദാചാരത്തിന്റെ കാലം 

സ്ത്രീയും പുരുഷനും ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് പാപമാണ് എന്ന് ചിന്തിക്കുന്ന കപടസദാചാരത്തിന്റെ മുഖം. അവർ തമ്മില്‍ അല്പം സൗഹൃദം പങ്കുവച്ചാൽ അത് അപവാദപ്രചരണങ്ങൾക്ക് വഴിവെക്കും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുന്ന ഞരമ്പുരോഗികളുടെ ലോകം. വ്യക്തികൾ തമ്മിൽ പരസ്പരം സ്‌നേഹിക്കുവാനുള്ള അവകാശം നിഷേധിക്കുക എന്നതാണത് ഇന്നിന്റെ ഏറ്റവും വലിയ ശാപം. രണ്ടുപേർ പരസ്പരസമ്മതത്തോടെ സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടുമ്പോൾ അതിനു സാധിക്കാത്ത മൂന്നാമാനുണ്ടാകുന്ന ചൊറിച്ചിലായി മാറുന്നു നമ്മുടെ പുതുപുത്തൻ സദാചാരബോധം. പരസ്പരമുള്ള സ്നേഹം യാതൊരു തടസ്സമോ ഭയമോ ഇല്ലാതെ പങ്കുവയ്ക്കുവാൻ സാധിക്കുന്നത് എത്ര മനോഹരമാണ്. പാശ്ചാത്യലോകം അത് പ്രകൃതി നിയമമായി അംഗീകരിക്കുന്നു. "പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.(1 യോഹന്നാൻ 4:7,8 ). "  അന്യോന്യം സ്നേഹം പകർന്ന് സ്വതന്ത്രരായി പെരുമാറുന്ന കാഴ്ച മലയാളിക്ക് അരോചകമായി തോന്നിയേക്കാം. എങ്കിലും ഒളികണ്ണിട്ട് നോക്കാൻ അവൻ മടിക്കില്ല.  (ഇടയ്ക്കിടയ്ക്ക് ഒരാൾ മറ്റാളുടെ അടുത്തേയ്ക്ക് ചാഞ്ഞിരുന്ന് മുഖം ചേർത്ത് കണ്ണടച്ചിരിക്കുന്നു. ഒരാൾ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റെയാൾ സുഹൃത്തിന്റെ തലയിൽ ഒന്ന് തലോടുന്നു, എന്റെ മനസ്സിൽ എപ്പോഴും നീയുണ്ട് എന്നറിയിക്കാൻ. അല്ലെങ്കിൽ ഒരാപ്പിൾ മാറിമാറിക്കടിച്ചു തിന്നുന്നു. ഇത്തരം കൊച്ചു സ്നേഹപ്രകടനങ്ങൾപോലും കൈമാറാൻ സമ്മതിക്കുന്ന ചുറ്റുപാടുകൾ.  ഇഷ്ടം എവിടെവച്ചും പ്രകടിപ്പിക്കാൻ  പാശ്ചാത്യസംസ്കാരം തടയുന്നില്ല. കാരണം, അസൂയയല്ല ഇവിടെ മനുഷ്യരെ നയിക്കുന്ന സദാചാരനിയമം. പരസ്പരസ്നേഹം തുടരേണം "സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റസ്നേഹമുള്ളവരായിരിപ്പിൻ‍." 1 പത്രൊസ്. 4:8. "അവളുടെ ഭര്‍ത്താവു അവളെ പ്രശംസിക്കട്ടെ!" സദൃശവാക്യങ്ങൾ. 31:28. "വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നു ചിന്തിക്കുന്നു." 1 കൊരിന്ത്യര്‍ 7:34. "സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിൻ‍. റോമര്‍. 12:10. നമ്മൾ എല്ലാ പെരുമാറ്റവും ഓരോ ഇടത്തിനും തരത്തിനും വേണ്ടി നിയമങ്ങൾ  നോക്കി അളന്നു തൂക്കി കുറിച്ചുവച്ചിരിക്കുകയാണ്. വീട്ടിലൊന്ന്, പുറത്തൊന്ന്, ദേവാലയത്തിലൊന്ന്, സ്കൂളിലൊന്ന്, എന്നിങ്ങനെ. സ്വാതന്ത്ര്യം പാപമാണെന്നാണ് നാം പറയാതെ പറയുക.  മക്കളുടെ മുമ്പിൽ വച്ച് സ്നേഹം പങ്കുവയ്ക്കുന്നത് പോലും നിഷിദ്ധമായ ഒരു വരണ്ട സംസ്കാരമാണെന്ന് ചിന്തിക്കുന്ന മലയാളി മനസ്സ്. സ്‌നേഹിക്കാനും  സ്‌നേഹിക്കപ്പെടാനും ഉള്ള അവകാശമാണ് എന്ന സദാചാരമാണ് നാം ആദ്യം അംഗീകരിക്കേണ്ടത്. നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ നിങ്ങളെ കെണിയില്‍ വീഴ്ത്താതെ സൂക്ഷിക്കുക. "അവന്‍ തന്‍റെ മനസ്സില്‍ കണക്കുകൂട്ടുന്നതുപോലെ ആകുന്നു" സദൃശവാക്യങ്ങൾ. 23:7. "കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്" പുറപ്പാട്. 20:17. " സകല ജാഗ്രതയോടും കൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക" സദൃശവാക്യങ്ങൾ. 4:23. "ഒടുവില്‍ സഹോദരന്മാരേ സത്യമായത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായത്..., രമ്യമായത്..., നിര്‍മ്മലമായത്..., സൽക്കീര്‍ത്തിയായത്..., സല്‍ഗുണമായത് ഒക്കെയും ചിന്തിച്ചുകൊള്‍വിൻ‍." ഫിലിപ്പിയർ. 4:8.

Read more

തുരുമ്പെടുക്കുന്ന ഇരുമ്പുസൗധങ്ങൾ ?

“ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?”

ശ്രീ. ഏ കെ ആൻറ്റണി കഴിഞ്ഞ ദിവസം ഉയർത്തിയ ഈ ചോദ്യം മനോരമ ചാനലിൽ 9  മണിക്കു ചർച്ചചെയ്യപ്പെട്ടതാണ്. ഈ വിഷയം പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ കൂടുതൽ പഠനവിധേയമാക്കേണ്ടതാണ്. 

പ്രപഞ്ച സൃഷ്ടാവായ ദൈവം താൻ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം  സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയിൽ 

മനുഷ്യാവതാരം ചെയ്തു. കുറുനരികള്‍ക്കു കൂടുകളും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടം ഇല്ലാത്തവനായി  താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും ആള്‍രൂപമായി ദൈവപുത്രൻ കാലിത്തൊഴുത്തിൽ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടം വാങ്ങിയത് ..

കടം വാങ്ങിയ മാതൃഉദരം ..

തനിക്കു ജനിക്കുവാൻ കടം വാങ്ങിയ കാലിത്തൊഴുത്ത്..

കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫര്‍ണഹോമില്‍ അഭ്യസനം നടത്തി .

കടം വാങ്ങിയ വഞ്ചിയില്‍ യാത്ര ..

ബാലന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അകേര്‍ക്ക് വിശപ്പടക്കി ..

കടം വാങ്ങിയ കഴുതകുട്ടി..

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല

ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് ..

മരുഭൂമികളിലൂടെ നീണ്ട യാത്രകള്‍..

കടം വാങ്ങിയ മാളിക മുറിയില്‍ അന്ത്യഅത്താഴം

കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു

കടം വാങ്ങിയ കല്ലറയിൽ അടക്കപ്പെട്ടു.

ഇവയുടെയെല്ലാം തന്റെ ലളിതജീവിതം ആന്തരികമായ സ്വാതന്ത്ര്യമാണ് എന്ന് താൻ ശിഷ്യർക്ക് കാട്ടിക്കൊടുത്തു. അധികാരത്തോടോ, അംഗീകാരത്തോടോ, സമ്പത്തിനോടോ, സ്വന്തം ജീവനോടു പോലുമോ അടിമപ്പെടാതെ  അത്യാവശ്യമായതു മാത്രം മതി എന്നു തീരുമാനിച്ചുകൊണ്ട്, അതിനപ്പുറത്തുള്ളവയില്‍ അള്ളിപ്പിടിക്കാനോ, ഒട്ടിപ്പിടിക്കാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് യഥാര്‍ത്ഥ ആന്തരിക സ്വാതന്ത്ര്യം പരിധികളില്ലാതെ സ്‌നേഹിക്കാനുള്ള കഴിവാണ് എന്ന് യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെ മാനവകുലത്തിനു കാട്ടിക്കൊടുത്തു. തികച്ചും ലളിതങ്ങളായ ജീവിതശൈലിയിലൂടെ വയലും, വീടും കടൽതീരവും, കുന്നിന്‍ചെരിവുകളും തന്റെ പ്രബോധനവേദികളാക്കികൊണ്ട്  അനുദിനജീവിതത്തിന്റെ ഭാഗമായ പുളിമാവും, വീഞ്ഞുഭരണികളും എണ്ണവിളക്കുകളും, മുറുവിലൊഴിക്കുന്ന എണ്ണയും, പാടത്തു മുളക്കുന്ന വിത്തുകളും, കടുകുമണിയും, ആകാശത്തിലെ പറവകളും എല്ലാം തന്റെ വചനപ്രഘോഷണത്തിന്റെ ഭാഗമാക്കികൊണ്ട് നിശ്ചയദാര്‍ഢ്യത്തോടും  തികഞ്ഞ ദൗത്യബോധത്തോടുംകൂടി  യേശുക്രിസ്തു കാട്ടിക്കൊടുത്ത ജീവിതരീതി ലളിതവും ജീവിതസ്പര്‍ശിയുമായി  ദൈവജനത്തിന് അനുഭവപ്പെട്ടു. 

എന്നാൽ ഇന്ന് നമ്മുടെ ജീവിത ശൈലിയും ആരാധനാലയങ്ങളും  സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായി മാറ്റിയിരിക്കുന്നു. ദൈവപുത്രന്‍ ലോകത്തില്‍ അവതരിച്ചത് കൊട്ടാരത്തിലെ മായികലോകത്തിലല്ല മറിച്ചു കേവലം കാലിത്തൊഴുത്തിലാണ്. തന്റെ ഉന്നതസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നു സ്വീകരിച്ചില്ല. മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നതിന് ഉപകരിക്കുംവിധത്തിൽ പണിയപ്പെടേണ്ട പ്രാര്‍ഥനാലയങ്ങള്‍ കാഴ്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളും കൊത്തുപണികളും, രൂപക്കൂടുകളും, സ്വർണകോടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു.  സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാം അഭിമാനംകൊള്ളേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന്, നമ്മുടെ പള്ളിയും പള്ളിയകവും സമ്പത്തിന്റെയും കരവിരുതിന്റെയും പ്രദര്‍ശനശാലകളായി മാറുന്നു. എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു. 

ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന സദുക്യരുടെ നേർക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു. കല്ലിന്മേല്‍ കല്ലുശേഷിക്കാതെ യറുസലേം ദേവാലയം തകര്‍ന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന  ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കും എന്ന താക്കീതാണെന്നു ഓർത്താൽ നന്ന്. വിശുദ്ധ വേദപുസ്തകത്തിൽ ലാളിത്യം എന്നതിന് ഉപയോഗിച്ചിരിക്കുന്ന “ഹപ്ലോതെസ്” എന്ന ഗ്രീക്കുപദം ആണ്. ഇത് പങ്കുവയ്ക്കലിന്റെ ലാളിത്യത്തെയാണ് അവതരിപ്പിക്കുന്നത്. ആദിമസഭയുടെ ജീവിതശൈലിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പദമാണിത്. വിശ്വസിച്ചവര്‍ എല്ലാവരും  തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും, ഏക മനസ്സോടെ ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ആരാധനയിൽ പങ്കുചേരുകയും ചെയ്തിരുന്നു.

ഒരാളുടെ വസ്ത്രധാരണത്തിലും, ജീവിതശൈലിയിലും, ഭവനത്തിലുമാണ്‌ സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്. എന്നാൽ ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളി പണിയിലാണ്. പഴയ പള്ളികള്‍ പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി  പണിത ദേവാലയങ്ങൾ, ഇന്നത്തെ പുരോഗമന ചന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നൽ, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യന്താധുനിക രീതിയിൽ സിമന്റു,കമ്പി,തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും   തിരിച്ചറിയാന്‍ പാടില്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. പരിശുദ്ധ റൂഹായാല്‍ ആത്മീയനൽവരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കാന്‍ ആഹ്വാനം ചെയ്തതായി കാണുന്നില്ല. ദൈവപുത്രന് പടുകൂറ്റന്‍ ആലയങ്ങള്‍ പണിത് ഊറ്റം കൊള്ളുവാനല്ല അവര്‍ തങ്ങളില്‍ അര്‍പ്പിതമായിരിരുന്ന കടമയേ വിനിയോഗിച്ചത്. നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരിക്കുമെന്നാണ് യേശുക്രിസ്തു അരുളിച്ചെയ്തത്. 

കേരളത്തില്‍ ക്രൈസ്തവരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതുകൊണ്ടാണോ വമ്പൻ ദേവാലയങ്ങള്‍ പണിതുയർത്തുന്നത് എന്ന ചോദ്യം ഉയരുന്നു?  2011 -ലെ  സെന്‍സസ് രേഖകള്‍ പ്രകാരം കേരളത്തിലെ ക്രൈസ്തവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞതായി കാണുന്നു. ജനനനിരക്കാവട്ടെ ക്രൈസ്തവരുടേതാണ് ഏറ്റവും കുറവ്(15.41). ഉന്നത വിദ്യാഭ്യാസം നേടുന്നവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു.  ചിലപ്പോൾ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടാകാം. അത് മുഴുവന്‍ കല്ലും,സിമന്റും, കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന്  തീരുമാനമെടുക്കുന്നത് ആരാണ്?  സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, കടബാധ്യതകളില്‍ പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു?

ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാർന്ന ഘോഷയാത്രകളിലൂടെയും, പെരുന്നാൾ ആഘോഷങ്ങളുടെയും, വെടിക്കെട്ടുകളുടെയും മാസ്മരികതയിൽ സായൂജ്യമടയുവാൻ ശ്രമിക്കുന്ന പുതുപുത്തൻ ആധ്യാത്മികത. 

ഒരിക്കല്‍ വായിച്ച കഥ ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. ഒരിക്കൽ സാത്താൻ ദൈവത്തോടുപറഞ്ഞു  "അങ്ങേയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മതങ്ങളും 

സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളുമില്ലാതിരുന്നെങ്കിൽ ലോകത്തിൽ  ദാരിദ്ര്യവും അസമത്വവും 

കുറെയൊക്കെ ഇല്ലാതാകുമായിരുന്നു." ദൈവം ചോദിച്ചു - "സാത്താനെ നീ എന്താണ് അങ്ങനെ പറഞ്ഞത് ? സാത്താൻ മറുപടി പറഞ്ഞു; "അങ്ങ് എന്റെകൂടെ വരാമെങ്കിൽ ഞാൻ ചിലതു കാട്ടിത്തരാം". സാത്താൻ ദൈവത്തെ സോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു. നിരവധി ചേരിപ്രദേശങ്ങളും, സിറയയിലെയും ഇറാക്കിലെയും, നൈജീരിയയിലെയും, ഇങ്ങു അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങളും, വയനാട്ടിലെയും ഇടുക്കിയിലെയും ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെയും കാണിച്ചു കൊടുത്തു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ട ദൈവം ചോദിച്ചു. " ലോകത്ത് എല്ലാവര്‍ക്കും കഴിയാനുള്ള സമ്പത്ത് ഞാന്‍ ആവശ്യംപോലെ സൃഷ്ട്ടിച്ചു നല്കിയതാണല്ലോ അതെവിടെ?". സാത്താന്റെ മറുപടി  ഇതായിരുന്നു " അത് ചില ക്ഷേത്രങ്ങളിലെ  ഭൂഗർഭ അറകളിലേക്കും, പള്ളികളിലെ ഭണ്ഡാരപ്പെട്ടികളിലേക്കും,  സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്കും,. അഴിമതിയിൽ കുളിച്ച രഷ്ട്രീയ നേതാന്ക്കന്മാരുടെ അന്തപുരങ്ങളിലേക്കും, സ്വാശ്രയകോളോജ് മുതലാളന്മാരുടെയും, ഭക്തിവ്യാപാരികളുടെയും, ബ്ലയിഡ് കമ്പനിക്കാരുടെയും, മദ്യലോബികളുടെയും ലോക്കറുകളിലേക്കും കുന്നുകൂട്ടിയിരിക്കുന്നത്  അങ്ങ് കാണുന്നില്ലേ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഈ മതങ്ങളും, സംഘടനകളും, രാഷ്ട്രീയ പാർട്ടികളും ഇല്ലാതിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്. 

ദൈവത്തെ ആരധിക്കാനാണോ അതോ ഒരൊ മതത്തിന്റെയും  അന്തസ്സ് ഉയരത്തി കാണിക്കാൻ വേണ്ടിയാണോ ഈ കോടികൾ സ്വരുക്കൂട്ടി വച്ചിരിക്കുന്നത് ? നിധിയൊളിച്ചുവച്ചിരിക്കുന്ന അനന്തപദ്മനാഭന്റെ നിലവറകള്‍ തുറന്നപ്പോള്‍ ഈ ലോകം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ചുപോയി. കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ ആറ് രഹസ്യ നിലവറകളില്‍ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് സ്വര്‍ണക്കീരിടവും രത്‌നങ്ങളുമടക്കം ഏകദേശം ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന വിസ്മയിപ്പിയ്ക്കുന്ന നിധിക്കൂമ്പാരം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നായിരുന്നു നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചിലർ ഈ പ്രശ്‌നത്തോട് പ്രതികരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ്, ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തം. രാജഭരണകാലത്തെ നിധികുംബങ്ങള്‍ ജനാതിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.‌ രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്  അത് മുതല്‍ക്കൂട്ടാകണം, ഒപ്പം രാജഭരണകാലത്തെ നിഷ്ടൂരതകൾക്ക് അതാകട്ടെ പ്രായശ്ചിത്യം.  

 കേവലം രണ്ടോ മൂന്നോ പേർക്ക് താമസിക്കുവാൻ വേണ്ടി പണിതുയർത്തിയ  കോടികളുടെ കണക്കുകൾ പറയുന്ന അരമനകളിൽ ചിലതെങ്കിലും ആളനക്കമില്ലാതെ മാറാലകൾപിടിച്ചു അസ്ഥികഷണങ്ങളായി വിലപിക്കുന്നു. ചേലയില്‍ക്കൂടിയവരും, കത്തങ്ങളും, ചില സംരംഭകരും കൈകോർത്ത് കൊട്ടാരസൗധങ്ങളും, ഫ്ലാറ്റ് സമുച്ചയങ്ങളും, റീയൽഎസ്റ്റേറ്റ് സംരംഭങ്ങളും പണിതുയർത്തുവാൻ ശ്രമിക്കുമ്പോൾ ഉൾക്കാഴ്ച നഷ്ടമാക്കിയ പദികന്റെ മുഖമാണ് ഓർമ്മയിൽ  ഊളിയിട്ടു വരുന്നത്. അവിടെ മനസ്സിലെവിടെയോ ഒരു തേങ്ങൽ മാത്രം ബാക്കിയാകുന്നു. മോഹങ്ങളുടെ പർണശാലയിൽ പണിതുയർത്തിയ  അരമനകെട്ടിടങ്ങളിൽ  ചിലതെങ്കിലും ഇന്ന് അനാഥമായി കിടക്കുന്നതു കാണുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു?  എന്തിനു വേണ്ടിയായിരുന്നു ഇവയൊക്കെ?

നിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ടി  വരുന്ന ഭാരിച്ച ചിലവ് കൊടുക്കാൻവേണ്ടി മാത്രം വിധിക്കപ്പെട്ടവരായ പാവം ജനങ്ങളിൽ നിന്ന് നിര്‍ബന്ധിച്ചു പിരിചെടുക്കും. ഇവിടെ ഭവന രഹിതരും, രോഗികളും അനാഥരുമായവരുടെ കണ്ണുനീർ നാം കാണാതെ പോകരുത്. ആരെങ്കിലും ചോദിക്കുന്ന വരി  കൊടുക്കാതെ ബാക്കിവെച്ചാല്‍ അത് കുടിശ്ശിക കണക്കിലെഴുതിവെക്കും. പിന്നീട് കൂദാശകൾ നടത്തികിട്ടുന്നതിനുള്ള അവസരത്തില്‍ നിര്‍ബന്ധമായി പിരിച്ചെടുക്കും. ഇത് ദൈവീകനീതിയയാണോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉള്ളവർ നൽകട്ടെ. സാധാരണക്കാർക്ക് പലപ്പോഴും താങ്ങാനാവാത്ത തുകയാണ് ചില മൊത്തക്കച്ചവടക്കാർ  ആവശ്യപെടുന്നത്. വർഷത്തിലിരിക്കൽ മാത്രം കോടി ഉയർത്തുന്നതിനുവേണ്ടി ലക്ഷങ്ങൾ മുടക്കി പണിതുയർത്തുന്ന  സ്വർണകൊടിമരങ്ങൾ ഇന്ന് കേരളത്തിലെ ആരാധനാലയങ്ങളിൽ സർവസാധാരണമായിട്ടുണ്ട്. 

ഒരുവശത്ത് കോടികൾ ചിലവാക്കി ക്രൈസ്തവർ ദേവാലയം പുതുക്കി പണിയുമ്പോൾ അതിനെക്കാൾ മികച്ച ദേവാലയങ്ങൾ പണിയാനുള്ള മത്സരബുദ്ധി ഇതരമതസ്ഥർക്കുണ്ടാകുന്നത് സ്വാഭാവികം മാത്രം. അങ്ങനെ അനാവശ്യമായ ഒരു മത്സരം മതങ്ങൾ തമ്മിലുണ്ടാകും. തല്ഫലമായി, സമൂഹത്തിനു പ്രയോജനപ്പെടെണ്ട കോടികൾ പഴായിപ്പോകും. തിരുത്തലുകൾ ആവശ്യമെന്നു മനസ്സ് മന്ത്രിക്കുന്നെങ്കിൽ താമസം അരുതേ..! 

Read more

സുപ്രീം കോടതി പുറപ്പെടുവിച്ച 28 വിധി തീർപ്പുകൾ മലങ്കര സഭ പുതിയ വഴിതിരിവിലേക്ക്...?

സുപ്രീം കോടതി പുറപ്പെടുവിച്ച പ്രസക്തമായ  28 വിധി തീർപ്പുകൾ മലങ്കര സഭയിലെ എല്ലാ സ്ഥാനികൾക്കും, ഭദ്രാസനങ്ങൾക്കും, ഇടവക പള്ളികൾക്കും, സെമിത്തേരികൾക്കും, സ്ഥാപനങ്ങൾക്കും, ഒപ്പം സഭയുടെയും ഇടവകകളയുടെയും സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുവകകൾക്കും  ബാധകമാണ്. ഇത് ഒഴിവാക്കികൊണ്ടോ, മാറ്റിവച്ചുകൊണ്ടോ ഉള്ള യാതൊരുവിധ ഒത്തുതീർപ്പു വ്യവസ്ഥകളോ, സ്ഥാനങ്ങളോ നിയമപരമായി നിലനിൽക്കുകയുമില്ല എന്ന് മാത്രമല്ല അത് കോടതി അലക്ഷ്യമാവുകയും ചെയ്യും. പരമോന്നത നീതി പീഠത്തിന്റെ ഈ അന്തിമ വിധി അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യാതെ ഭരണാധികാരികൾ ഉൾപ്പെടെ ആർക്കും മുന്നോട്ടു പോകുവാൻ സാധ്യമല്ല. ഇനിയും തർക്ക-വിതർക്കങ്ങൾക്കു യാതൊരു പ്രസക്‌തയുമില്ല. മുട്ടാത്തർക്കങ്ങൾ പറഞ്ഞു വിശ്വാസികളെ അധികകാലം കബളിപ്പിക്കുവാൻ ആർക്കും സാധ്യമല്ല. ഇവിടെ ശാശ്വതമായ പരിഹാര നിർദ്ദേശങ്ങളാണ് ഉരുത്തിരിയേണ്ടത്. 

മലങ്കര സഭയിലെ ഇടവക പള്ളികൾ ഭരിക്കപ്പെടേണ്ടത് പൂർണമായും 1934 -ലെ ഭരണ ഘടനപ്രകാരമാണ്. അതിനു വിരുദ്ധമായി ഒരു സ്ഥാനികൾക്കും സ്ഥാനങ്ങൾക്കും നിലനിൽക്കുവാൻ സാധിക്കില്ല. അത് എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത് വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ഈ കേസിൽ ഉൾപ്പെട്ട കക്ഷികളായ മൂന്നു ഇടവകൾക്കു  മാത്രമല്ല മലങ്കര സഭയിലെ എല്ലാ തൽപരകക്ഷികൾക്കും, നേരത്തേയുള്ള സമുദായക്കേസിൽ ഉൾപ്പെട്ട ഇടവകകൾക്കും ഇടവകാംഗങ്ങൾക്കും ബാധകമാണ്. 1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികൾക്കും ബാധകമാകയാൽ ഏതെങ്കിലും ഒരു ഇടവകപള്ളിക്ക് 2002 ലേതു പോലെ പുതിയ ഭരണഘടന ഉണ്ടാക്കാൻ കഴിയില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ നിലവിലുള്ള പള്ളികളിൽ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല.

പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി പരിശുദ്ധ കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണ്. ഇതിലൂടെ പരിശുദ്ധ കാതോലിക്കാ സമന്മാരിൽ മുമ്പൻ മാത്രമാണ് എന്ന വാദവും അസ്ഥാനത്തായി. 

1934 ലെ ഭരണഘടനക്കു വിരുദ്ധമായി അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരം മലങ്കര സഭയിൽ നിലനിൽക്കുകയില്ല എന്ന് മാത്രമല്ല  പാത്രിയർക്കീസിന് മേൽപ്പട്ടക്കാർ, വികാരിമാർ, വൈദികർ, ഡീക്കന്മാർ,  എന്നിവരെ വാഴിക്കുവാനോ, നിയമിച്ച് ഇടവകപ്പള്ളികളുടെ ഭരണത്തിൽ ഇടപെടാനോ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും കഴിയില്ല. സുപ്രീം കോടതിയുടെ വിധി പാത്രിയർക്കീസിനും കാതോലിക്കോസിനും എല്ലാവർക്കും ബാധകമാണ്.

ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയിൽ ഒരു സഭവിട്ടു പോകാൻ എല്ലാ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്, 1934 ലെ ഭരണഘടന പ്രകാരം, ഇടവകാംഗങ്ങൾക്കു പള്ളി വിട്ടുപോകാം. പക്ഷേ, മലങ്കരസഭയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ ഒന്നും മലങ്കരസഭയുടെ അനുമതിയില്ലാതെ കൊണ്ടു പോകാൻ കഴിയില്ല. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയിൽ വിശ്വസിക്കുന്നുവെങ്കിൽ, ഇവിടെ അന്തസ്സോടെ സംസ്ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുള്ള അവകാശത്തെ, ആർക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകൾ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങൾക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്നു കരുതി, അവ ആർക്കും കയ്യേറാനുള്ളതല്ല.

ഇടവകാംഗങ്ങൾക്കു പാത്രിയാർക്കീസിൻറ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടർച്ചയിലും വിശ്വസിക്കാൻ സ്വാതന്ത്യ്രമുണ്ട്. എന്നാൽ ആ സ്വാതന്ത്യം ഉപയോഗിച്ച് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കുന്നതിന് അനുവാദമില്ല, മാത്രമല്ല അത് 1934 ലെ ഭരണഘടനയ്ക്കെതിരാണ്. ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ പാത്രിയർക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കിൽ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവർക്കും ബാധകമാണ് എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

മലങ്കരസഭയുടെ വസ്തുവകകൾ ഉൾപ്പെടെ. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷത്തിന്റെ പേരിലോ അല്ലാതെയോ, വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തിൽ അനധികൃതമായ ഇടപെടലാണ്, വസ്തുവകകൾ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിൽപ്പോലും, സഭയുടെ ഭരണമോ വസ്തുക്കളോ പിടിച്ചെടുക്കാൻ പാടില്ല. ഭരണം മാറ്റണമെങ്കിൽ അത് നിയമപരമായി 1934 ലെ ഭരണ ഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണ ഘടനയ്ക്കു വിരുദ്ധമായി ഇടവകപ്പള്ളികൾക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ല.

2002 -ൽ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ അംഗീകരിക്കാനാവില്ല. മലങ്കര സഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി, അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് മലങ്കര സഭയിലെ ഇടവകപള്ളികൾ ഭരണം നടത്തേണ്ടത്.  ഓരോ വിഭാഗത്തിന്റെയും രണ്ടു വികാരിമാർക്ക്, ആരാധന നടത്താൻ അവസരം നൽകണം എന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.

 1934 -ലെ ഭരണ ഘടന, നിയമ പ്രകാരം ഭേദഗതി ചെയ്ത്, ഒരു പൊതുവേദിയിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ഒരിക്കലും സമാന്തര സംവിധാനം ഉണ്ടാക്കാനോ, പള്ളികളിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനോ, പള്ളികൾ അടച്ചു പൂട്ടുന്ന നിലയിൽ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല.

Read more

വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? ഒരന്വേഷണം?

ആധുനിക ക്രൈസ്തവസമൂഹം സാമ്പത്തികസാമൂഹികആത്മീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുവാന്‍ നാം  ശ്രമിക്കാതെ  'ഇരുട്ടുകൊണ്ടു ഒട്ട അടക്കുന്ന' സമീപനം സ്വീകരിക്കുന്നത് ശാശ്വതപരിഹാരമാകികില്ല.  വിശ്വാസികള്‍ സഭകള്‍ വിടുന്നെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തണം. നഷ്ട്ടപ്പെട്ട ആടുകളെ കണ്ടെത്തുവാനും തിരികെ കൊണ്ടുവരുവാനുമുള്‍ള കഠിനമായ ഒരു പരിശ്രമം സഭകളും, ഇടവകകളും, ഇടയന്മാരും നടത്തേണ്ടിയിരിക്കുന്നു. സ്വയം തിരുത്തലിനുവേണ്ടിയുള്ള ഒരന്വേഷണമാണ് ഇത്. തിരുത്തലിനും പുനര്‍ ക്രമീകരണങ്ങള്‍ക്കും ഇനിയും അവസരങ്ങള്‍ ഉണ്ട്. 2018 മുതല്‍ 2020 വരെയുള്‍ള വര്‍ഷങ്ങള്‍ മറ്റെല്ലാ അജണ്ടകളും മാറ്റിവച്ച്  'പുനരേകീകരണ വര്‍ഷമായി' കൊണ്ടാടാം. ഈ വിഷയം പഠന വിധേയമാക്കിയപ്പോള്‍ ഞാന്‍ കണ്ടെത്തിയ ചില യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ പഠനത്തിനായി കുറിക്കുന്നു. 

•    ഇടയന്മാര്‍ സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാന്‍ സാധിക്കാത്ത സാഹചര്യം 
•    ആര്‍ഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം 
•    സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങള്‍. 
•    വിശ്വാസികളോടുള്‍ള   ധാര്ഷ്ട്യത്തോടെയുള്‍ള പെരുമാറ്റങ്ങള്‍ 
•    സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍    
•    വര്‍ദ്ധിച്ചുവരുന്ന പ്രണയവിവാഹങ്ങ ള്‍   
•    സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത
•    കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. 
•    മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങള്‍ 
•    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
•    കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുളള അപമാനഭയത്താല്‍ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവര്‍ 
•    ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും  ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകള്‍ 
•    സഭയുടെ സ്ഥാപനങ്ങളില്‍ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്‍ള ഉപാധികളായി മാറുന്നതും അവ തമ്മില് അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും 
•    ദേവാലയ നിര്മ്മാണത്തില്‍ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകര്‍ഷകത്വത്തിനും പണക്കൊഴുപ്പിനും  പ്രാധാന്യം നല്‍കികൊണ്ടുള്ള ദേവാലയ പുനര്‍നിര്മ്മാണങ്ങള്‍:കേവലം പിരിവുകള്‍ നല്‍കാന്‍ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികള്‍. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകള്‍, കുരിശടികള്‍, സ്വര്‍ണ കൊടിമരങ്ങള്‍, വെടിക്കെട്ടുകള്‍, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാന് ലക്ഷങ്ങള്‍   ചെലവിടുമ്പോള് അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോള് ജീവിതത്തിന്റെ പുറമ്പോക്കില് അനേകര്‍ ജീവിക്കുന്നു എന്നതും നാം മറന്നു പോവുന്നു.
•    സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി.  
•    ചില ആഘോഷങ്ങള്‍   കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്‍ള വേദികളായി മാറുന്നു.
•    മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നില്‍ക്കുന്നവര്‍ 
•    ഇടവകകളിലെ അനാവശ്യമായ 'ഫോര്മാലിറ്റി'കള്‍ മൂലം സഭ വിടേണ്ടിവന്നവര്‍
•    വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തന്‍ സഭകളിലേക്കു ചേക്കേറുവാന്‍ നിര്‍ബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തില്‍ ചെങ്ങാലിവില്പനക്കാരെ ചാട്ടവാര്‍ കൊണ്ടടിച്ചു പുറത്താക്കിയ കര്‍ത്താവ് വീണ്ടും വരുവാന്‍ താമസിക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല.

ആകര്‍ഷിക്കപ്പെടുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍  
ആത്മീയമയക്കത്തിലാണ്ടവരെ കൂടുതല്‍ മയക്കത്തിലേക്ക് തള്ളിവിട്ടു ചൂഷണം ചെയ്ത് കോടീശ്വരാകുന്ന സംഘടിത സമൂഹത്തിലെ പുണ്യാളന്മാര്‍ ദിനംപ്രതി പൊട്ടിമുളക്കുന്നു. രോഗശാന്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതത്തിനായി പരക്കം പായുന്ന സാധാരണക്കാര്‍. പ്രസംഗത്തിനിടയില്‍ ഉത്തേജനത്തിനായി ഹാലേലുയ്യായും ആമ്മീനും  സ്വരലയസംഗീതത്തിന്റെ മേമ്പൊടിയോടെ കാതടക്കുന്ന ശബ്ദത്തില്‍ കാതുകളില്‍ ഇടിച്ചിറങ്ങുമ്പോള്‍ തോന്നുന്ന അനുഭൂതി ആത്മാഭിഷേകമായി ചിത്രീകരിക്കപ്പെടുന്നു. സമ്പത്തും സമൃദ്ധിയും ഉണ്ടാക്കുവാന്‍ വേണ്ടി ഒന്നുമില്ലാത്തവനായി ഈ ലോകത്തില്‍ ജനിച്ചുജീവിച്ചു കാല്‍വറിയില്‍ പരമയാഗമായി സ്വയം സമര്‍പ്പിച്ച യേശുക്രിസ്ത്തുവിന്റെ പേരിലാണ് ഇതെല്ലാം എന്നോര്‍ക്കേണം. വൈവിധ്യങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്ന പുതുപുത്തന്‍ കരിസ്മാറ്റിക് ആരാധനാശൈലികള്‍, സഭയുടെ അംഗീകാരമില്ലാത്ത യോഗങ്ങള്‍, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍, സെക്ടുകള് എന്നിവയില് നിന്ന് അകന്നിരിക്കുക എന്നത് സാധ്യമല്ലാത്ത അനുഭവങ്ങളായി മാറുന്നു. 

പ്രവാസസമൂഹത്തിലെ ഭൂരിഭാഗവും യുവജനങ്ങളും യുവകുടുംബങ്ങളുമാണ്. ആധുനിക ആശയവിനിമയ സംവിധാനങ്ങള്, ജീവിതശൈലികള്, ആഘോഷങ്ങള് മുതലായവ ഇവരെ ദ്രുതഗതിയില്‍ സ്വാധീനിക്കുന്നു. നഗരങ്ങളില് ഒരു അജ്ഞാതത്ത്വം നിലനില്ക്കുന്നതിനാല്‍ സഭയ്ക്ക് അതാതു സ്ഥലങ്ങളിലെ പ്രവാസികളെ അന്വേഷിക്കുവാനോ, തിരിച്ചറിയുവാനോ ആവശ്യമായ കാര്യക്ഷമമായ സംവിധാനങ്ങളോ, ആശയസംവേദനമാര്ഗ്ഗങ്ങളോ സഭകള്‍ക്കില്ല. ഇവാന്‍ജലിക്കല്‍ സഭകളിലേക്കും പെന്തക്കോസ്ത് സഭകളിലേക്കും ഉള്ള ഒഴുക്ക് വര്‍ദ്ധിക്കുന്നു. 

സാമൂഹത്തിലെ മാന്യതക്കു കോട്ടം വരാതെയും  അഭിമാനം കൈവിടാതെയും ജീവിക്കുവാന്‍ വേണ്ടി തങ്ങളുടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി സഭകളില്‍ കൂടിനടക്കുന്നവരുമുണ്ട് വിദ്യാസമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ ആളുകളാണ് ഇക്കൂട്ടത്തിലധികവും.

കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ വ്യക്തികള്‍ക്ക് വിശ്വാസത്തിന്റെ ഉണര്‍വും തീഷ്ണതയും പലപ്പോഴും അവരുടെ ഇടവക വികാരിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. നമ്മുടെ സഭകളില്‍നിന്നും വേര്‍പിരിഞ്ഞുപോയവരെ മോശക്കാരും വഴിതെറ്റിയവരുമായി കാണുന്ന മനോഭാവം ശരിയല്ല. പലപ്പോഴും അവര്‍ കൂട്ടം തെറ്റിയതിന്റെ ഉത്തരവാദിത്വം നമുക്കാണ്, സഭയ്ക്കാണ്.

സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കരങ്ങള്‍ നീട്ടാന്‍ നാം കൂട്ടാക്കാത്തതിന്റെ പേരില്‍ കിട്ടിയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നവരെയും ആത്മാവിന്റെ പുതിയ പ്രവര്‍ത്തനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും പ്രാര്‍ത്ഥനാപൂര്‍വം നയിക്കാനും കഴിയാത്തതിന്റെ പേരില്‍ ഗതിമാറിപ്പോയ ജീവിതങ്ങളെയും നാം കരുണയോടും ആദരവോടും കൂടിത്തന്നെ കാണണം. നഷ്ടപ്പെട്ട നാണയത്തെ കണ്ടുകിട്ടുവോളം അന്വേഷിക്കുന്ന ഒരു മനസ്സും കാണാതെപോയ ആടിനെ തേടിനടക്കുന്ന ഒരു ഇടയ ഹൃദയവും ധൂര്‍ത്തപുത്രനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പിതൃഹൃദയവും സഭക്കുണ്ടാകണം. 

അല്പനേരക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിച്ചത്
'അല്പനേരക്രിസ്ത്യാനി'കളുടെ എണ്ണം സഭകളില്‍ കൂടിവരുന്നു. ദേവാലയത്തിനകത്തു വരുമ്പോള്‍ വിശ്വാസിയുടെ മുഖം മൂടിയണിയുകയും  അതിനു പുറത്തു ഏതു മാര്‍ഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നില്‍ അര്‍പ്പിതമായ കര്ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും  അര്ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു.  ജീവിതം കൊണ്ട് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ  എണ്ണം വര്‍ദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ സഭകളോടുള്ള അകല്‍ച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാര്‍ഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം കൂടുന്നതും വിശ്വാസികളെ സഭയില്‍ നിന്നകറ്റുന്നു.

ലാളിത്യം ക്രൈസ്തവസഭകളില്‍ കുറയുന്നു
'ജീവിതത്തിലെ ലാളിത്യം' ക്രൈസ്തവസഭകളില്‍ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും 'മതി' എന്നു പറയാനുളള ആര്‍ജവത്വമാണ് ആത്മീയശക്തിയുടെ  ലാളിത്യം. നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും മാതൃക അനുകരിച്ച്  ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവര്‍ മാറണം. മനോഭാവത്തിലും പ്രവര്ത്തനശൈലികളിലും, കൂടുതല് ലാളിത്യം പുലര്‍ത്തണം. സമൃദ്ധിയുടെ സംസ്‌ക്കാരത്തില് ജീവിക്കുന്ന ആധുനിക സമൂഹത്തില്‍,  യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന നന്മ കാട്ടികൊടുക്കുവാന്‍ അസാമാന്യമായ ആത്മാര്‍ത്ഥതയും ധീരതയും നേതാക്കള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ഇന്ന് വിപരീതദിശയില്‍ ഉപഭോഗസംസ്‌കാരത്തിലും, വ്യക്തിപൂജയിലും  സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നു ആധുനിക ക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില്‍  നിന്നുള്ള വിടുതല്‍ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ,  ഒട്ടിപ്പിടിക്കുവാനോ  സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണത്.

കടമെടുത്ത കുടിയേറ്റസംസ്‌കാരം 
പ്രവാസികളുടെ ലോകത്തില്‍ കടമെടുത്ത കുടിയേറ്റസംസ്‌കാരം തങ്ങളുടെ വിശ്വാസത്തിന്റെയും, പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും, കുടുംബബന്ധങ്ങളുടെ പവിത്രതയിലും മാറ്റം സംഭവിച്ചു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങള്‍ ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ്. ജോലി, പഠനം, വിദേശകുടിയേറ്റം എന്നിവയുടെ ഫലമായി ഒറ്റപ്പെടുന്ന മാതാപിതാക്കള്‍, ശൂന്യമാകുന്ന വീടുകള്‍.ആധുനിക കുടിയേറ്റങ്ങള്‍ വഴി മാതാപിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതല്ല മറിച്ചൂ മക്കള്‍ക്ക് കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്‌കാരം ഒറ്റയാന്‍ സംസ്‌കാരമായി മാറുന്നു. ഇത് ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോള്‍ നഷ്ടമാകുന്നത് കുടുംബത്തിന്റെ തായ് വേരാണ്. 

ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കും. ഒരുമിച്ചു ദേവാലയത്തില്‍ പോകുന്ന രീതി നസ്രാണി പാരമ്പര്യത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരാധനാ ഭാഷ മനസിലാകുന്നില്‍ല എന്ന പേരില്‍ രണ്ടു പള്ളിയിലേക്ക് പോകുവാന്‍ നിര്‍ബന്ധിക്കുന്ന പുത്തന്‍ സംസ്‌കാരം കുടുംബത്തിന്റെ താളം തെറ്റിക്കും...... 

Click Here to Read Fullstory

Read more

ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണംമനുഷ്യന്‍ ഉള്‍പ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏല്‍പ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ് നമ്മുടെ പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും പേരില്‍ പൊട്ടി അമരുന്നത്. വെടിക്കെട്ടുകള്‍ നമുക്ക് എക്കാലവും മനോഹരകാഴ്ചകള്‍ സമ്മാനിക്കുമ്പോള്‍ അതിനുപിന്നിലെ സ്‌ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറെ ഇല്ല.

അമിട്ടുകള്‍, കതിനകള്‍, പടക്കങ്ങള്‍ എന്നിവ ഉണ്ടാക്കുവാന്‍ സാധാരണ ഗണ്‍പൗഡറാണ് ഉപയോഗിക്കുന്നത്. വിവിധ രാസവസ്തുക്കളുടെ സമ്മിശ്രമാണ് ഈ ഗണ്‍പൗഡര്‍ എന്ന് നമുക്കറിയാം. കാഴ്ചകള്‍ മനോഹരമാക്കുവാന്‍ വിവിധ വര്‍ണ്ണങ്ങള്‍ പൊഴിക്കുന്ന വെടിക്കെട്ടുകള്‍ ആഘോഷങ്ങളിലെ മത്സരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ നിയമങ്ങളും, ചട്ടങ്ങളും ഇവിടെ നോക്കുകുത്തികളായി മാറുന്നു.

നമ്മുടെ ഉത്സവങ്ങളുടെയും, പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും മേമ്പോടിയായി വെടിക്കെട്ടുകള്‍ ആരംഭിച്ചിട്ട് അധിക വര്‍ഷങ്ങളായിട്ടില്ല. ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു#് എകദേശം 200 വര്‍ഷത്തെ ചരിത്രപാരമ്പര്യം മാത്രമേ ഉള്ളു. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇനങ്ങളായ വെടിക്കെട്ടും, കുടമാറ്റവും, പൂരച്ചമയപ്രദര്‍ശനവും, മേളവും, ഇത്രയും വിപുലമായി തുടങ്ങിയിട്ട് അധിക വര്‍ഷങ്ങളായിട്ടില്ല. ഓരോ വര്‍ഷവും ചെലവഴിക്കുന്ന തുകയുടെ വലിപ്പവും ഇരട്ടിക്കിരട്ടി കൂടികൊണ്ടിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അതേസമയം ഹൃദയം തകര്‍ക്കുന്നതുമായ വെടിക്കെട്ട്, ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നല്‍ , ഡൈന എന്നിവ ചേര്‍ന്നുള്ള വെടിക്കെട്ട് പൂരത്തിന്റെ പ്രത്യേകതയാണ് എന്നതില്‍ തര്‍ക്കമില്ല. ഈ വെടികോപ്പുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്തൊക്കെയെന്ന് നാം അറിഞ്ഞിരിക്കണം. അപ്പോഴാണ് ഇത് നിരോധിക്കേണ്ടതാണോ എന്ന ബോധ്യം നമുക്കുണ്ടാവുക.

ചുവപ്പ്‌നിറം കിട്ടുവാന്‍ സ്‌ട്രോന്റിയം കാര്‍ബനെട്ട്, :(SrCO3 (strontium carbonate) Li2CO3 (lithium carbonate) LiCl (lithium chloride)
ഓറഞ്ച് നിറത്തിന് കാല്‍സിയം ക്ലോറയിട്, (CaCl2 (CaCl2 (calcium chloride)
മഞ്ഞനിറത്തിന് സോഡിയം നൈട്രേറ്റ്, (NaNO3 (NaNO3 (sodium nitrate)
പച്ചനിറം കിട്ടുവാന്‍ ബറിയം ക്ലോറയിട്, (BaCl2 (BaCl2 (barium chloride)
നീലനിറത്തിന് കോപ്പര്‍ ക്ലോറയിട്,  (CuCl2 (copper chloride), at low temperature)
ഇന്‍ഡിഗോ നിറത്തിന് സിസിയം നൈട്രേറ്റ്, (CsNO3 (cesium nitrate)
വയലറ്റ്‌നിറത്തിന് പൊട്ടാസ്യം നൈട്രേറ്റ്, റുബീഡിയം നൈട്രേറ്റ് (KNO3(KNO3 (potassium nitrate), RbNO3 (rubidium nitrate)എന്നിവയും,
സ്വര്‍ണനിറത്തിന് ചാര്‍ക്കോള്‍(കരി), (Charcoal, iron, or lampblack)
വെള്ളനിറത്തിന് ടൈറ്റാനിയം, അലൂമിനിയം(Titanium, aluminium, beryllium, or magnesium powders എന്നിവയുമാണ് ഗണ്‍പൗഡറില്‍ (വെടിമരുന്നില്‍ ) സാധാരണ ഉപയോഗിക്കാറുള്ളത്.

സംസ്ഥാനത്തെ കോളേജുകളിലെ ലാബുകളില്‍പ്പോലും അമോണിയം നൈട്രേറ്റ് പോലുള്ള രാസപദാര്ഥങ്ങള്‍ ഉപയോഗിക്കുവാന്‍ അനുവാദമില്ല എന്നിരിക്കെയാണ് ഈ പദാര്ഥങ്ങള്‍ എന്താണെന്നുപോലും അറിയാത്തവരായ അക്ഷരാഭ്യാസം പോലും ഇല്ലാത്ത കൂലിപ്പണിക്കാരാണ് ഇവ കൈകാര്യം ചെയ്യുന്നത് എന്നോര്‍ക്കണം. വെടിക്കെട്ടുകള്‍ കാഴ്ചയ്ക്കും, കേള്‍വിക്കും താല്ക്കാലികസുഖം നല്‍കുമെന്നതുകൊണ്ടാണ് ജനം ഇത്തരം സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ നാം അറിയുന്നുപൊലുമില്ല.

ദൈവം കനിഞ്ഞ് നല്കിയ പുണ്യ ഭൂമി: നമുക്ക് ജീവിക്കുവാനും, ഒരു കോട്ടവും വരുത്താതെ പിന്‍തലമുറക്ക് കൈമാറുവാനും ബാധ്യതയുള്ള, മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഈ പുണ്യ ഭൂമി എത്രയോ മനോഹരിയാണ്. കോടാനുകോടി സസ്യങ്ങളും, ജന്തുക്കളും അടങ്ങുന്ന ഇപ്പോള്‍ സ്വന്തമെന്നഭിമാനിക്കുന്ന എന്റെ മണ്ണ്. പുഴകളും,പൂക്കളും,പൂമ്പാറ്റകളും,കാടും,കാട്ടാറുകളും, താഴ്വരകളും ഒക്കെയുളള അനുഗൃഹീത ഭൂമി. ഇവിടെ നമ്മുടെ ആവാസവ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കും നിങ്ങള്‍ക്കുമുണ്ട്. മനുഷ്യരും, പ്രകൃതിയും, ജന്തുക്കളും, സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. വായു, ജലം, മണ്ണ് ഇവയാണ് ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍. അതിന് ആഘാതം വരുത്തുന്ന ഒന്നും എന്തിന്റെ പേരിലായാലും നമുക്ക് ചെയ്യുവാന്‍ അവകാശമില്ല.

പരിസ്ഥിതിമലിനീകരണം: അമിട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നപ്ലാസ്റ്റിക്കിലെ ടോക്‌സിക് വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കത്തിയമരുമ്പോള്‍ ഡയോക്‌സിന്‍ എന്ന ഏറ്റവും അപകടകാരിയായ വസ്തു അന്തരീക്ഷത്തിലും ഭൂമിയിലും വ്യാപിക്കും.കൂടാതെ അമിട്ടുകള്‍, കതിനകള്‍, പടക്കങ്ങള്‍ എന്നിവ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക താപോര്‍ജ വിസര്‍ജനം മൂലം സൂര്യതാപത്തില്‍ വര്‍ധനയുണ്ടാകും. ഈ വര്‍ധന പ്രാദേശിക കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പോലും ഭൂമിയുടെ ഭെ#ൗതിക പരിസ്ഥിതിയില്‍ ഗുരുതരമായ വ്യതിയാനങ്ങള്‍ വരുത്തുവാന്‍ ഉതകുന്നതാണ്. ഇതുമൂലം സമീപ പ്രദേശങ്ങളിലെ ജലം മലിനീകരിക്കപ്പെടും, ചിതറി വീഴുന്ന പാഴ് വസ്തുക്കള്‍ മണ്ണിനെ മലിനമാക്കും, റേഡിയോആക്ടീവ് മലിനീകരണം, വായു മലിനീകരണം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വിത്യാസം എന്നിവ പാര്‍ശ്വഫലങ്ങളാണ്. ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ദ്ധിക്കുന്നുക്കും.അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകും. ഭൂമിയിലെ ജൈവ പ്രക്രിയയില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് ബാക്ടീരിയക്കുള്ളത്. ജലസ്രോതസകളുടെ ശുചീകരണപ്രക്രിയ സാധ്യമാക്കുന്നത് ഇതാണ്. ഈ ബാക്ടീരിയകളെപ്പോലും ഇല്ലാതാക്കുന്നതാണ് നാം പൊട്ടിക്കുന്ന അമിട്ടുകള്‍ എന്ന് നാം ഓര്‍ക്കുന്നില്ല.

ശബ്ദമലിനീകരണം: ഒരു മനുഷ്യന് താങ്ങാന്‍ പറ്റുന്ന പരമാവധി ശബ്ദം 80 !ഡസിബല്‍ ആണ്. 100 ഡെസിബലില്‍ അധികമുള്ള ശബ്ദം ബധിരത സൃഷ്ടിക്കുവാന്‍ കാരണമാകും. തലച്ചോറിനെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെയാണ്. ശബ്ദമലിനീകരണം ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് പോലും ഭീഷണിയാണ്. മനുഷ്യന്റെയോ മറ്റുജീവജാലങ്ങളുടെയോ സൈ്വരജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്ന അമിതവും അസഹ്യവുമായ ശബ്ദമാണ് ഓരോ ആഘോഷങ്ങളിലും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഇത് ജീവനുള്ളവയുടെയെല്ലാം ആരോഗ്യത്തെ സാരമായി ബാധിക്കും. നാഡീഞരമ്പുകള്‍, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങള്‍ക്ക് ക്ഷതംമേല്‍ക്കുന്നതിനും, മാനസിക പിരിമുറുക്കത്തിനും,കേള്‍വിശേഷി നഷ്ടപ്പെടലിനും കാരണമാകും. അത്യുച്ചത്തിലുള്ള 120 ഡെസിബല്‍ കൂടുതല്‍ ഉള്ള ശബ്ദം അരമണിക്കൂറിലേറെ സമയം തുടര്‍ച്ചയായി കേട്ടാല്‍ അത് മനുഷ്യന്റെയും ജന്തുക്കളുടെയും കാതിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശബ്ദമലിനീകരണം മൂലം പിരിമുറുക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കേള്‍വിക്കുറവ്, മറവിരോഗം തുടങ്ങി മാനസ്സികവും, ശാരീരികവുമായ പ്രശനങ്ങള്‍ക്ക് കാരണമാകും. നമ്മുടെ ആഘോഷങ്ങളിലെ പടക്കങ്ങളും,വെടിക്കെട്ടുകളും, പൂത്തിരികളും മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം ഇന്നത്തെ നിയമമനുശാസിക്കുന്നതിലും എത്രയോ പതിന്മടങ്ങാണ്.

ജലമലിനീകരണം: പടക്കങ്ങളും,വെടിക്കെട്ടുകളും, പൂത്തിരികളും പൊട്ടി ചിതറി സമീപ പ്രദേശങ്ങളിലെ കിണറുകള്‍, ജലാശയങ്ങള്‍, നദികള്‍ എന്നിവകളിലേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന ജലമലിനീകരണത്തിന് കാര്‍ബണികമോ അകാര്‍ബണികമോ ആയ പദാര്‍ത്ഥങ്ങള്‍ കാരണമാകുന്നു എന്ന് നമുക്കറിയാം. ജലം മികച്ച ഒരു ലായകമായതിനാല്‍ ചെറിയ അളവിലും അതിലേക്ക് വീഴുന്ന പദാര്‍ത്ഥങ്ങളെ ലയിപ്പിക്കും. ജൈവവിഘടനത്തിന് വിധേയമാകുന്ന കാര്‍ബണികവസ്തുക്കള്‍ ശുദ്ധീകരണപ്രക്രിയയില്‍ സങ്കീര്‍ണ്ണങ്ങളായ കാര്‍ബണികതന്മാത്രകളെ സൂക്ഷ്മാണുക്കള്‍ വിഘടിച്ച് ഹാനികരമായ പദാര്‍ത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തില്‍ ലയിച്ചുചേര്‍ന്ന പദാര്‍ത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ ജലം ഉപയോഗിക്കുന്ന ജീവനുള്ളവക്കെല്ലാം ശ്വാസകോശാര്‍ബുദം, ആസ്തമ, അലര്‍ജി, ശ്വാസ സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവ ബാധിക്കും. സമീപ പ്രദേശങ്ങളിലെ വൃക്ഷങ്ങളും, ചെടികളും വരെ ഉണങ്ങി കരിഞ്ഞു പോകും.

പുകപടലങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം: സമീപപ്രദേശത്തോക്കെയും ചിതറി വീഴുന്ന മാലിന്യങ്ങള്‍മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ മനുഷ്യനും, മറ്റു ജീവികളും കാലങ്ങളോളം അനുഭവിക്കേണ്ടി വരുന്നു. ഇതുമൂലം ജീവനുള്ളവയുടെയെല്ലാം കേള്‍വിക്കും കാഴ്ചശക്തിക്കും അപാരമായ കോട്ടം സംഭവിക്കുന്നു. മനുഷ്യന് ചികിത്സ തേടാം. സമീപ പ്രദേശങ്ങളിലെ മൃഗങ്ങളും, പക്ഷി മൃഗാദികളും, ജീവജാലങ്ങളും എവിടേക്ക് ചികിത്സതേടി പോകും. പെട്ടന്നുണ്ടാകുന്ന കാതടപ്പിക്കുന്ന കഠോരശബ്ദം മൂലം വളര്‍ത്തു മൃഗങ്ങളും,വന്യമൃഗങ്ങളും അവയുടെ കൂട് വിട്ട് ഓടി പോകേണ്ടിവരും. വേലികെട്ടുകളും, മുള്‍പടര്‍പ്പുകളും താണ്ടി ഓടുമ്പോള്‍ അവകള്‍ക്കൊക്കെ സാരമായ പരുക്കുകള്‍ പറ്റും. ചിലതിന് മരണം തന്നെ സംഭവിക്കും. അവയുടെ വേദനയും, കണക്കുകളും നാം അന്വേഷിക്കാറില്ല. സമീപനീര്‍ചാലുകലിലെ മത്സ്യങ്ങള്‍ പോലും ചത്ത് പൊങ്ങും എന്നാണ് ആധികാരിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങള്‍ സമീപ ദേശങ്ങളിലോക്കെയും ചിതറിവീഴും. മലീമസമാകുന്ന കിണറുകളിലെ ജലം, സമീപ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന പച്ചകറികള്‍ എന്നിവ ഉപയോഗിക്കുന്നതുമൂലം തൈറോയിഡ് ഗ്ലാന്റിന് ഉണ്ടാകാവുന്ന അസുഖങ്ങള്‍, ആസ്മാ രോഗികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ ഉള്‍പ്പെടെ നിരവധി തീരാവ്യാധികള്‍ പില്‍ക്കാലത്ത് ഉണ്ടാകുമെന്നുള്ളതും ഗവേഷക പഠനങ്ങള്‍ സാക്ഷീകരിക്കുന്നു.

7നൂറ്റാണ്ടില്‍ ടാങ്ക് ടൈനസ്റ്റിയുടെ കാലത്ത് കരിമരുന്ന് പ്രയോഗം കണ്ട് പിടിച്ചു എന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ദുഷ്ടാത്മശക്തികളെ ഓടിക്കുവാനെന്നപേരില്‍ 12നൂറ്റാണ്ടിലാണ് ചൈനാക്കാര്‍ ഇത് ഉപയോഗിക്കുവാന്‍ തുടങ്ങിയത്. പിന്നീട് 18 നൂറ്റാണ്ടായപ്പോഴേക്കും ചൈനാക്കാര്‍ കെട്ടിയെഴുന്നള്ളിച്ച വെടിക്കെട്ട് ഭാരതത്തിലെയും, പ്രത്യേകിച്ച് കേരളത്തിലെയും ദേവാലയങ്ങളുടെയും, അമ്പലങ്ങളുടെയും പാരമ്പര്യ ആചാരമാണെന്ന് സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് ഭക്തിയും, വിശ്വാസവും ആവശ്യത്തിന് മേമ്പൊടി കൂട്ടികലര്‍ത്തി ഉപയോഗിക്കുവാന്‍ തുടങ്ങി. ആദ്യ കാലങ്ങളില്‍ വളരെ കുറച്ചു മാത്രമേ ഇവയുടെ ഉപയോഗം ഉണ്ടായിരുന്നുള്ളൂ.

ഇവിടെ ആധുനികകാലഘട്ടത്തിലെ സമ്പന്നതയുടെ സ്‌പോന്‍സര്‍മാര്‍ വിസ്മരിച്ചു പോകുന്ന ചില യാധാര്‍ധ്യങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ കൊന്നൊടുക്കുവാന്‍ കൂട്ട് നില്ക്കുന്നത് നിങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ജനതതിയുടെ ആവാസവ്യവസ്ഥയാണ്. ഇന്നലകളില്‍ ചിതറിവീണ മാംസകഷണങ്ങളുടെ ഭീഭല്‍സ ചിത്രങ്ങള്‍ ഇനിയെങ്കിലും അധികാരികള്‍കും, ചുമതലക്കാര്‍ക്കും ഒരു വീണ്ടുവിചാരത്തിനു കാരണമാകുന്നില്ലെങ്കില്‍ നമ്മിലെ മൃഗീയത ഇനിയും അവശേഷിക്കുന്നു എന്നതാണ് സത്യം. ദേശീയദുരന്തത്തിന് സമാനമായ ദുഃഖം ഇന്ന് കേരളജനത അനുഭവിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും എന്റെ സഹോദരന്റെ ജീവനെ സ്‌നേഹിക്കുവാന്‍ ഉതകുന്ന തീരുമാനങ്ങളെടുക്കുവാന്‍ ദേവാലയങ്ങളുടെയും, അമ്പലങ്ങളുടെയും ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കണം. ഓരോ ജീവനും വിലയേറിയതാണ്. ഓരോ അപകടങ്ങളും നമ്മുടെ മുന്‍പില്‍ സംഭവിക്കുമ്പോള്‍ അതില്‍ നിന്ന് നാം ഇനിയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും, വീണ്ടും അത് ആവര്‍ത്തിക്കാതിരിക്കുവാനും ആവശ്യമായ നിലപ്പപാടുകളും, തീരുമാനങ്ങളും എടുത്ത് പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് സാധിക്കണം.

'ഭൂമി മനുഷ്യന്റെതല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. രക്തം മനുഷ്യ ശരീരത്തെ യോജിപ്പിക്കുന്നത് പോലെ പ്രകൃതിയിലെ ഓരോ ആവാസവ്യവസ്ഥകളും പരസ്പരപൂരകങ്ങളാണ്. ഇവിടെ നാം ജീവന്റെ വലയിലെ കണ്ണികള്‍ നെയ്യുന്നില്ല,ഓരോരുത്തരും ഒരിഴ മാത്രമാണ്. ആ വലയോട് നാം ചെയ്യുന്നത് എന്തും നമ്മോട് ചെയ്യുന്നതാകുന്നു' എന്ന് ചീഫ് സിയാറ്റിന്‍ പറയുന്നത് പോലെ പ്രകൃതിയുടെ ജീവന്റെ നിലനില്‍പ്പിനു വേണ്ടി നമുക്കും ഒരുമിക്കാം. വരും തലമുറകള്‍ക്ക് വേണ്ടി ഈ പ്രപഞ്ചത്തിന്റെ ഐശ്വര്യം നമുക്ക് പകര്‍ന്ന് നല്‍കാം. ഇന്നെലെ കൊഴിഞ്ഞു വീണ എന്റെ സഹോദരങ്ങളുടെ ജീവനുമുമ്പില്‍ ഒരു തുള്ളി കണ്ണ്‌നീര്‍ എങ്കിലും പോഴിക്കുവാന്‍ ബാക്കി ഉണ്ടെങ്കില്‍ നമ്മുടെ നിയതനിയമങ്ങളും, രാഷ്ട്രീയവും, ജാതിയും, മതവും, വിഭാഗവും, പണവും, കൂട്ടുകെട്ടുകളും ഒന്നും വിലങ്ങുതടിയാകാതെ ഞാന്‍ എന്റെ ആരാധനാ സ്ഥലത്ത് സ്‌പോടക വസ്തുക്കള്‍ ഒഴിവാക്കും എന്ന തീരുമാനം എടുത്തുകൊണ്ട് സ്വയപ്രഖ്യാപിത നിരോധനം നടപ്പിലാക്കാം. 

Read more

കേരളം ഭ്രാന്താലയമായി മാറുകയാണോ ?

'ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും'. ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചു നടത്തിയ 'ഭാരതത്തിന്റെ ഭാവി' എന്ന പ്രസംഗത്തില്‍ വിവേകാനന്ദ സ്വാമിജി വേദനിക്കുന്ന ഹൃദയത്തോടെ പറഞ്ഞ വാക്കുകളാണ്. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതിരുന്ന കാലം. അന്നത്തെ കേരളത്തിലെ ആ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമിജി ഇങ്ങനെ പറഞ്ഞത്. ഉത്തരാധുനികതയിലേക്ക് നടന്നടുക്കന്ന കേരള മനസ്സിന് സാംസ്‌കാരിക നേതാക്കള്‍ എന്നവകാശപ്പെടുന്നവര്‍ വിവേകാനന്ദ സ്വാമിജിയുടെ വാക്കുകള്‍ക്ക് ഒരു പുനര്‍വായന അനിവാര്യമാക്കിയിരിക്കുന്നു. ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍, ഭൂരിപക്ഷന്യൂനപക്ഷ വിഭാഗങ്ങളുടെ പേരില്‍ വിദ്വേഷവും പകയും വളര്‍ത്തി ഭാരതത്തെ ഭിന്നിപ്പിക്കുന്നതിനു അച്ചാരം വാങ്ങിയ ഇന്നിന്റെ നേതാക്കള്‍ അറിയാതെ പോകുന്നു രണ്ടായിരത്തിലധികം വര്‍ഷത്തെ കേരളത്തിന്റെ മതസാംസ്‌കാരിക പാരമ്പര്യം. കേരളത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന സവിശേഷതയാണ് മതവൈവിദ്ധ്യവും, മതസൗഹാര്‍ദ്ധവും. ഇത് കേരളത്തിന്റെ മാത്രം വിലതീരാത്ത പൈതൃകമാണ്. മതനിരപേക്ഷമായി വളര്‍ന്നു വികസിച്ച ഒരു സംസ്‌കാരവും ലോകചരിത്രത്തില്‍ തന്നെ ഉണ്ടാകില്ല. ഈ പൈതൃകം അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്ക് വേണ്ടി കടിപിടികൂടുന്ന സ്വാര്‍ത്ഥമതികളായ ചിലരുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വശംവദരായി നശിക്കുവാന്‍ ഇടയാകരുത്.

ഭാരതത്തെ ഏകമായി ദര്‍ശിച്ച ശ്രീശങ്കരാചാര്യരെപ്പോലെയുള്ള മുനിവര്യന്മാര്‍, ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍, ഒന്നു മറ്റൊന്നുമായി എപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ വിഘടിച്ചു നിന്നപ്പോള്‍, ജാതി, മതം,വര്‍ണം, ഭാഷ മുതലായവയുടെ മറയ്ക്കുള്ളില്‍ ശിഥിലീകരണത്തിന്റെ അടിത്തട്ടിലേക്ക് ഭാരതം നീങ്ങിയ ഒരു ദശാസന്ധിയില്‍, ഭാരതീയ സംസ്‌ക്കാരത്തിനും ജീവിതത്തിനും സര്‍വത്ര ഏകീഭാവം മാത്രമാണെന്നാണ് പഠിപ്പിച്ചത്. നാനാത്വത്തില്‍ ഏകത്വം' എന്ന ആദര്‍ശം പ്രായോഗികജീവിതത്തില്‍ കൊണ്ടുവരുവാന്‍ പഠിപ്പിച്ചവരാണ് ഈ ഗുരുസ്രേഷ്ടര്‍. ഭാരതം എത്രതന്നെ ദുര്‍ബലമായ അവസ്ഥകളിലും അതിന്റെ ആന്തരിക ഐക്യം പരിരക്ഷിക്കുവാന്‍ കഴിഞ്ഞതിന് കടപ്പെട്ടിരിക്കുന്നത് അദ്വൈതസിദ്ധാന്തത്തോടാണ്. ഭാരതത്തിന് തനതായ പാരമ്പര്യവും, സംസ്‌കാരവും ഉണ്ട്. മതത്തെയോ മതവിരോധത്തെയോ പൂര്‍ണമായി നിഷ്‌കാസനം ചെയ്യുവാന്‍ ആര്‍ക്കും സാധ്യമല്ല. വൈവിധ്യം നമ്മുടെ സമ്പത്താണ്.സംഗീതവും, കലയും, നാട്യശാസ്ത്രവും എല്ലാം വൈവിധ്യമതങ്ങളുടെ സംഭാവനകളാണ്.

പുരാതന മതങ്ങള്‍

ലോകത്തിലെ എല്ലാ പ്രധാന മതങ്ങളും വളരെ പുരാതനങ്ങളാണ്. ഈ ലോകമതങ്ങള്‍ ഓരോന്നും ഗംഗാനദിക്കും യൂഫ്രട്ടീസ് നദിക്കും മദ്ധ്യേയുള്ള ഭൂമിയില്‍ നിന്ന് ഉദ്ഭവിച്ചതാണ്. യൂറോപ്പില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ഒരു മഹാമതവും ഉദ്ഭവിച്ചിട്ടില്ല. ഇന്ന് ലോകത്തിലുള്ള എല്ലാ മതങ്ങളും ഏഷ്യയില്‍ ഉണ്ടായതും അവിടേയ്ക്കു ചേര്‍ന്നതുമാകുന്നു. ആര്യന്‍, തമിഴന്‍ തുടങ്ങിയ ഭാരതീയ ജനതയുടെ ഈ രണ്ടു മഹാവിഭാഗങ്ങളും പടിഞ്ഞാറേ അതിരിനു വെളിയില്‍നിന്നാണ് വന്നത്, ഏറ്റവും പ്രാചീനകാലം മുതല്ക്കുതന്നെ ഇവരെ തമ്മില്‍ അകറ്റി നിര്‍ത്തിവന്നിട്ടുള്ളതു രക്തമല്ല, ഭാഷയാണ്. 'ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.വരുവിന്‍; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.'(ഉല്പത്തി11:19 ) ബാബേലില്‍ വച്ച് വേര്‍പിരിഞ്ഞവരില്‍ ഒരു വിഭാഗം സിന്ധൂ നദിയുടെ കരകളിലേക്ക് കുടിയേറി പാര്‍ത്തു. പേര്‍ഷ്യക്കാര്‍ സിന്ധൂ നദിയുടെ പാര്‍ശ്വങ്ങളില്‍ താമസിക്കുന്നവരെ 'സിന്ദുക്കള്‍'എന്ന് പേര്‍ വിളിച്ചു. കാലക്രമേണ 'സിന്ദുക്കള്‍' പിന്നെ ഹിന്ദുക്കളായി അറിയപ്പെട്ടു. കൂടാര വാസികളായ ഇവര്‍ പിന്നെയും യാത്ര ചെയ്ത് കേരളം, തമിഴ് നാട്, ആന്ത്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ ഭാഗങ്ങളിലേക്ക് കുടിയേറി. മലയാളം, തമിഴ്, സംസ്‌കൃതം, കന്നഡ, തെലുങ്ക് തുടങ്ങിയ ദ്രാവിഡ ഭാഷ സംസാരിക്കുന്ന നമ്മുടെ പൂര്‍വികര്‍ കാലക്രമത്തില്‍ പല ഗോത്രങ്ങളും വിഭാഗങ്ങളുമായി ഇണചേര്‍ന്ന് സങ്കരവര്‍ഗങ്ങളായി മാറിയതാണ് ചരിത്രം.

പുരാതനകാലത്ത് തടാകങ്ങളില്‍ പാര്‍ത്തിരുന്നവര്‍, ഗുഹാവാസികള്‍, പര്‍ണ്ണധാരികള്‍, കാട്ടുജാതിക്കാര്‍, പ്രാകൃതരുമായ നായാടികള്‍, നീഗ്രോ ഗ്ല കോള്‍വംശ്യര്‍, ദ്രാവിഡര്‍, മിശ്രമംഗോളര്‍, തനിമംഗോളര്‍, താര്‍ത്താര്‍മാര്‍, ആര്യന്മാര്‍, പാഴ്‌സിയും, ഗ്രീക്കും, യുഞ്ചിയും, ഹൂണനും, ചീനനും, സിതിയനും, ജൂതരും, പാഴ്‌സികളും, അറേബ്യക്കാരും, മംഗോളരും, വൈക്കിങ്ങുകളുടെ സന്തതികളും, ജര്‍മ്മന്‍വനങ്ങളുടെ അധീശ്വരന്മാരും തുടങ്ങി നാനാ ജാതി മതസ്തര്‍ ഉരുകിച്ചേര്‍ന്നതാണ് ഭാരതീയ സംസ്‌കാരം. പില്ക്കാലത്ത് അവരില്‍ ഉത്കൃഷ്ടമായ ജാതി സ്വയം ആര്യന്മാര്‍, മാന്യന്മാര്‍ എന്നു പേരിട്ടു. അവര്‍ കൈക്കൊണ്ട ഉപായമാണ് വര്‍ണ്ണാശ്രമാചാരം അല്ലെങ്കില്‍ ജാതി എന്നു വിളിച്ചുവരുന്നത്. അറിഞ്ഞോ അറിയാതെയോ ആര്യജാതിക്കാര്‍ ഒട്ടേറെ അവകാശങ്ങള്‍ തങ്ങള്‍ക്കു മാത്രമായി സൂക്ഷിച്ചുവെച്ചു. ജാതിവ്യവസ്ഥയില്‍ നിലനിന്നിരുന്ന കീഴ് വഴക്കങ്ങള്‍ താണജാതിക്കാരുടെ സംസ്‌കാരിക ഉന്നതിക്ക് തടസമായി മാറി.

എന്താണ് ഹിന്ദുത്വം?

ഭാരതീയ സംസ്‌കൃതിയില്‍ 'ഹിന്ദുത്വം' എന്ന പദം ഇല്ല. ആധുനിക കാലഘട്ടത്തിലെ ജീര്‍ണിച്ച രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ആ പദം. പുരാണ ഇതിഹാസങ്ങളില്‍ എത്ര തന്നെ പരതിയാലും 'ഹിന്ദു' എന്ന പദം കിട്ടില്ല. ഇന്ത്യ എന്ന പേരുപോലും ഹെറോഡോട്ടസിന്റെ രചനകളിലാണ് ആദ്യം പ്രകടമായി കാണുന്നത്. 'സനാധനധര്‍മ്മം' എന്നതായിരുന്നു ഭാരതത്തിന്റെ ആദിമതം. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയുള്ള കേവലസത്യമാണ് സനാതനധര്‍മ്മം. പുരാതന ധര്‍മ്മസംഹിതകള്‍ പ്രധാനമായും നാലെന്നമാണ്.
1. ക്ഞാനം (കേവല സത്യത്തെ അറിയുക)
2. യോഗം (ആത്മ കഞാനം നേടുക)
3. ക്രീയ (ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുക)
4. കാര്യം (അച്ചടക്കവും ആത്മ നിയന്ദ്രണവും പാലിക്കുക)

സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭൗതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ല!#ാ#ം നഷ്ടപ്പെട്ട് പരാജയമടയും. അതാണ് ഇന്നയോളമുള്ള ലോക ചരിത്രം സാക്ഷിക്കുന്നത്. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ. ധര്‍മം എന്ന പദത്തിന് ഒരു പ്രത്യക മതം എന്ന് അര്‍ഥമില്ലയിരുന്നു. എല്ലാ മതങ്ങളിലും തെളിവായി കാണുന്ന ഒന്നായിരുന്നു ധര്‍മ്മം. ധര്‍മസംസ്ഥാപനത്തിനു വേണ്ടി യക്‌നിച്ച അശോകന്റെ ശിലാപ്രഖ്യാപനങ്ങളില്‍ എല്ലാ മതങ്ങളിലുമുള്ള ധര്‍മസംഹിതകളായിരുന്നു ആലേഘനം ചെയ്തിട്ടുള്ളത്. സത്യവും, നീതിയും ഒരുപോലെ സ്വാംശീകരിക്കുന്ന ഭാവമായിരുന്നു ധാര്‍മപരിപാലനത്തിന്റെ ലക്ഷ്യം.

മതനിരപേക്ഷതക്ക് ഒരിക്കലും ജനാധിപത്യഭാരതത്തിന്റെ അടിസ്ഥാനശിലയാകുവാന്‍ സാധിക്കില്ല. ഹിന്ദുത്വമോ, മതനിരപേക്ഷതയോ പ്രചരിപ്പിച്ചത് കൊണ്ട് അഖണ്ട ജനാധിപത്യ ഭാരതം കെട്ടിപ്പടുക്കുവാന്‍ സാധിക്കില്ല. അവിടെ സനാധനധര്‍മ്മസിദ്ധാന്തങ്ങള്‍ പുനപ്രതിഷ്ടിക്കപ്പെടണം. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിവിധ വിശ്വാസസംഹിതകളെ ഉള്‍കൊള്ളുന്ന സനാതനധര്‍മ്മ പരിപാലനമായിരിക്കണം ഓരോ ഭാരതീയന്റെയും ജീവിത ലക്ഷ്യം. അത്തരത്തിലുള്ള ഒരു ജീവിതസംസ്‌കൃതിയാണ് യുഗങ്ങളായി ഭാരതത്തില്‍ നിലനിന്നിരുന്നത്. ഒരു പ്രത്യേക മതത്തെ താലോലിക്കാനോ, മതത്തിന്റെയുള്ളില്‍ കടന്നു പ്രവര്‍ത്തിക്കുവാനൊ രാഷ്ട്രത്തിനു അവകാശമില്ല. മതത്തില്‍ നിന്ന് രാഷ്ട്രത്തെ വേര്‍തിരിച്ചു കാണുവാന്‍ ഇന്നിന്റെ നേതാക്കള്‍ക്ക് കഴിയണം.

ഹൈന്ദവഭാരതം എന്ന കാഴ്ചപ്പാട് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തക്ക് ഘടകവിരുദ്ധവും വിവേചനാപരവും, അനീതിയുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ 44ഭേതഗതിയില്‍ 'പരമാധികാര സോഷ്യലിസ്റ്റ് സെക്കുലര്‍ ജനാധിപത്യ റിപ്പബ്‌ളിക്ക്' എന്നാണ്. സെക്കുലര്‍ ജനാധിപത്യ റിപ്പബ്‌ളിക്കിന് മാത്രമേ നിയമസമാധാനം പുലര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന് ന്യൂനപക്ഷഭൂരിപക്ഷ സമൂഹങ്ങള്‍ നിലപാട് സ്വീകരിക്കണം. സെക്കുലര്‍ ജനാധിപത്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് രാഷ്ട്രീയത്തില്‍ മതത്തിന്റെ ദുരുപയോഗം നിരോധിക്കേണ്ടിയിരിക്കുന്നു എന്നതാണ്. ജാതി,മത,വര്‍ഗീയ ചായ് വുകളില്‍ നിന്ന് സ്വതന്ദ്രമായ ജൂഡീഷറിയും, എക്‌സിക്കുട്ടീവും ഇന്നിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

ഒരു പ്രത്യേക മതത്തെയോ, വിഭാഗത്തെയോ പരിപോഷിപ്പിക്കാനോ വിവേചനം കാണിക്കുവാനോ പാടില്ല. സീറ്റ് സംവരണത്തിലൂടെയും ജാതിമത അടിസ്ഥാനത്തില്‍ ജോലിക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും, എന്ന് വേണ്ട പ്രമോഷമ്പോലും ക്വോട്ടാനിശ്ചയിക്കുന്നതിലൂടെയും മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചുകൂടാ എന്ന സെക്കുലര്‍ രാഷ്ട്രമെന്ന അടിസ്ഥാനതത്വത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുകയാണ്. ഹരിജനങ്ങള്‍ ഇസ്ലാമിലെക്കൊ, ക്രിസ്തുമതത്തിലേക്കോ മതപരിവര്‍ത്തനം ചെയ്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും, ഹിന്ദുമതത്തിലും, സിക്ക്മതത്തിലും വിശ്വസിച്ചെങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കൂ എന്നതും സെക്കുലര്‍ സിദ്ധാന്തത്തിന്റെ നക്‌നമായ ലംഘനമാണ്.

മതവും രാഷ്ടീയവും

ഇത്രയും മതവൈവിധ്യവും, മതസൗഹാര്‍ദ്ദവും ഒരുപോലെ നിലനില്‍ക്കുന്ന ഭാരതം പോലെ ബഹുഭൂരിപക്ഷം പേരും മതാനുയായികളായിട്ടുള്ള ഒരു രാജ്യത്തില്‍ മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തുക സാധ്യമല്ല. മതവും രാഷ്ടീയവും തമ്മില്‍ സര്‍ഗാത്മകമായ ഒരു ബന്ധം നിലനിര്‍ത്തുകയാണ് ഭാരതത്തിന്റെ ഇന്നിന്റെ ആവശ്യം. ഇന്ന് കാണുന്ന സാമൂഹ്യധാര്‍മിക ഉന്നതിക്ക് മതങ്ങള്‍ ശക്തമായ സ്വാധീനം ചോലുത്തിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം ചിലരെങ്കിലും വിസ്മരിക്കുന്നു. സാമൂഹ്യ സന്തുലിതാവസ്ഥ പരിരക്ഷിക്കുവാന്‍ മതങ്ങള്‍ പ്രത്യേകിച്ച്ക്രിസ്തീയ സഭകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കരുത്. കേരളത്തില്‍ പള്ളിയോടനുബന്ധിച്ചു ആരംഭിച്ച പള്ളിക്കൂടങ്ങളാണ് ഇന്ന് കാണുന്ന സാമൂഹ്യ ഉന്നതിക്ക് പ്രധാന കാരണമായത്. അത് പന്നീട് രാഷ്ട്രീയസാമൂഹ്യ അവബോധത്തിലേക്കും, പ്രസ്ഥാനങ്ങളിലെക്കും വഴി മാറി. അതുകൊണ്ട് തന്നെ രാഷ്ടീയ പാര്‍ട്ടികളുടെ ആരംഭത്തിന് കാരണമായത് മതങ്ങളാണ് എന്ന് നിസംശയം പറയാം.

മതം എന്നാല്‍ 'വര്‍ഗീയത' എന്നോ 'വിഭാഗീയത' പ്രചരിപ്പുക്കുവാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രീയ ഭൂതകണ്ണാടിയിലൂടെ കണ്ണടച്ച് ഇരുട്ടാക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എക്കാലത്തും ഇവിടെ എല്ലാ രാഷ്ടീയ കക്ഷികളും മതത്തെ പരമാവധി ചൂഷണം ചെയ്തു ഉപയോഗിക്കുവാനാണ് ശ്രമിക്കുന്നത്. സമൂഹത്തിലെ ചില വിഭാഗങ്ങളോട് ചില പ്രത്യേക താല്പര്യങ്ങള്‍ പുലര്‍ത്തുകയും ചില വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുമ്പോള്‍ മത നേതാക്കന്മാര്‍ പ്രതികരിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ഒളിഞ്ഞും തെളിഞ്ഞും മതനേതാക്കന്മാരുടെ സ്വാധീനം ഉപയോഗിക്കുവാന്‍ ശ്രമിക്കും എന്നതും യാധാര്‍ധ്യമാണ്.

എല്ലാവര്ക്കും തുല്യ നീതി എന്നതാണ് മതങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തീയ സഭകള്‍ എക്കാലത്തും ഉയര്‍ത്തിപിടിച്ചിട്ടുള്ളത്. സ്വന്ത മതത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും മറ്റു മതങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് മതസഹിഷ്ണത അന്വര്‍ത്ഥമാകുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കേണ്ടത് മതങ്ങളുടെ ധര്‍മമാണ്. ന്യൂനപക്ഷഭൂരിപക്ഷ വിത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.മതപ്രീണനസ്വഭാവം എക്കാലവും രാഷ്ട്രീയക്കാര്‍ തങ്ങളുടെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി പിന്തുടരുന്ന യാഥാര്ധ്യമാണ്. നിലവിലുള്ള രാഷ്ടീയ സാഹചര്യത്തില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിത്യം സംരക്ഷിക്കപ്പെടാതെ വരുമ്പോഴാണ്പ്രതികരിക്കേണ്ടിവരുന്നത്. അതിനെ വര്‍ഗീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് നീതിയുക്തമല്ല.

അനീതി കൊടികുത്തിവാഴുന്നിടത്തു വിഭാഗീയത ഇല്ലാതാകണമെങ്കില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്ന സംസ്‌കാരം നടപ്പിലാക്കണം. അടിസ്ഥാന വിദ്യാഭ്യാസമോ പ്രത്യേക കഴിവുകളോ പ്രവര്‍ത്തന പാരമ്പര്യമോ ഇല്ലാത്തവര്‍ പോലും ഇന്ന് വിഭാഗങ്ങളുടെ സ്വാധീനത്താല്‍ പദവികള്‍ കയ്യടക്കുന്നു എന്നത് യാധാര്ത്യമാണ്. ന്യൂനപക്ഷഭൂരിപക്ഷ വിത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും കഴിവുള്ള നേതാക്കന്മ്മാരുടെ പ്രാതിനിത്യം നിലനിര്‍ത്തുവാന്‍ രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം.സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നു എന്ന ബോധ്യം ജനങ്ങള്‍ക്ക് ഉണ്ടാവുകയും വേണം. വിഭാഗീകതയുടെ യഥാര്‍ഥ കാരണം മതമല്ല, മതത്തെ രാഷ്ട്രീയ നേതാക്കള്‍ സ്വകാര്യ താലപര്യങ്ങള്‍ക്ക് വികലമായി ഉപയോഗിക്കുമ്പോഴാണ് വിഭാഗീകത ഉടലെടുക്കുന്നത്.

ഒരു മതത്തിലെ സര്‍വ്വസിദ്ധാന്തങ്ങളേയും കണ്ണുമൂടി വിശ്വസിക്കണമെന്നു പറയുന്നതു തീര്‍ച്ചയായും മനുഷ്യമനസ്സിനെ ദുഷിപ്പിച്ച് അധഃപതിപ്പിക്കുകയാണ്. അങ്ങനെ വിശ്വസിക്കണമെന്നു പറയുന്നവന്‍ തന്നെത്താന്‍ അധഃപതിപ്പിക്കുന്നു: നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങളേയും അധഃപതിപ്പിക്കും. മതം ഗ്രന്ഥങ്ങളിലല്ല, ദേവാലയങ്ങളിലല്ല, അത് സാക്ഷാല്‍ അനുഭവമാണ് എന്നു മനസ്സിലാക്കുമ്പോഴേ മതകാര്യങ്ങളിലുള്ള തര്‍ക്കവും, വഴക്കുംഇല്ലാതാകൂ. മനുഷ്യനു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം അനുഗ്രഹം മറ്റൊന്നും ചെയ്തിട്ടില്ല. അതേ സമയത്തു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം നിഗ്രഹവും മറ്റൊന്നും ചെയ്തിട്ടില്ല. ശാന്തിയും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ മതത്തേക്കാളധികം മറ്റൊന്നും ഇടയാക്കീട്ടില്ല; കഠിനവിദ്വേഷം ജനിപ്പിക്കാനും മതത്തെക്കാള്‍ അധികം മറ്റൊന്നും നിമിത്തമായിട്ടില്ല. മനുഷ്യസാഹോദര്യം അധികം അനുഭവത്തില്‍ വരുത്തിയിട്ടുള്ളത് മതത്തെപ്പോലെ മറ്റൊന്നുമല്ല; മനുഷ്യനു മനുഷ്യനോടു കഠോരവൈരം വളര്‍ത്തിയിട്ടുള്ളതും മതത്തെപ്പോലെ മറ്റൊന്നുമല്ല.

ഇന്നിന്റെ രാഷ്ട്രീയം

ജീര്‍ണിച്ച മതവും ജീര്‍ണിച്ച രാഷ്ട്രീയവും ഇണയില്ലാപിണചേരുന്നതാണ് ചേരുന്നതാണ് ഇന്നിന്റെ അടിസ്ഥാന പ്രശ്‌നം. ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുവാനും അജണ്ട നടപ്പിലാക്കുവാനും വേണ്ടി ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതയും, സെക്കുലറിസവും, ഫണ്ടമെന്റലിസവും ജാതി,മത,പ്രാദേശീയ താല്‍പര്യങ്ങളും ഒക്കെ ചേര്‍ന്ന് വേലിക്കെട്ടുകള്‍ ഒരുക്കി സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടിയെടുക്കുവാനുള്ള ഉപാധിയാക്കി മാറ്റുന്നു. മതങ്ങള്‍ ഒരു കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല.വര്‍ഗീയതക്ക് മതം ഒരു വാളായി ഉപയോകിക്കുക മാത്രമായിരുന്നു. രാജ്യത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കും, ഉന്നതിക്കും വേണ്ടി പ്രയക്‌നിക്കുന്ന ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം ഇന്നുണ്ടായിരിക്കുന്നവിഭാഗീകതക്ക് കാരണമായിട്ടുണ്ട്. ഈ രാജ്യത്ത് സാധാരണക്കാരന് ഒരുപോലെ നീതി ലഭ്യമാകുന്നു എന്ന ഉത്തമബോധ്യം ഉണ്ടാക്കുക എന്നത് മാത്രമാണ് വര്‍ഗീയത ചേരിതിരിവ് കുറയ്ക്കുവാനുള്ള പരിഹാരം. ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്‌കാരം.

ദൈവാന്വേഷണമാണ് മതങ്ങള്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നത്. മനുഷ്വനെ അന്വേഷിക്കുവാനും അവനിലെ പട്ടിണി ദാരിദ്ര്യം ശുചിത്വ മില്ലായ്മ, നിരക്ഷരത, അന്ധവിശ്വാസം എന്നിവ പരിഹരിക്കുവാനും ഊന്നല്‍ നല്‍കണം. സ്വാര്‍ഥ താല്പര്യങ്ങള്‍ക്കുപരിയായി സമൂഹത്തിന്റെ നന്മ എന്നതായിരിക്കണം ലക്ഷ്യം. സങ്കുചിതവും പ്രാദേശികവും മതാത്മകവും വര്‍ഗീയവുമായ കൂറുകളില്‍ നിന്ന് വിമുക്തമായ ഭാരതം എന്നതായിരിക്കണം ഓരോ പെ#ൗരന്റെയും ലക്ഷ്യം. ,സ്‌നേഹം, ശാന്തി, ദീനാനുകമ്പ, സമത്വം, സര്‍വ്വസാഹോദര്യം എന്നിവ വളര്‍ത്തുന്നതായിരിക്കണം ഓരോ ഭാരതീയന്റെയും ധര്‍മം. സ്വന്തം മതത്തിലുള്ള അഭിമാനത്തോടൊപ്പം മറ്റ് മതങ്ങളോടുള്ള ആദരവും വളര്‍ത്തിയെടുക്കുന്നതില്‍ സമകാലീന ലോകം പരാജയപ്പെടുന്നു. മതസംഘര്‍ഷങ്ങള്‍ക്ക് മതമൗലികവാദമോ മതനിഷേധമോ ഒരു പ്രശ്‌നപരിഹാരമല്ല. സര്‍വ്വ ധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് അതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം. ഹിന്ദുവിന്റെ ആദ്ധ്യാത്മികതയും ബൗദ്ധന്റെ ഭൂതദയയും മുസ്ലീമിന്റെ സാഹോദര്യവും കൃസ്ത്യാനിയുടെ കര്‍മ്മകുശലതയും ' സമന്വയിക്കുന്നിടത്ത് മതസംഘര്‍ഷങ്ങള്‍ ഇല്ലാതാകും. സ്വന്തമതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അന്യമതാനുയായികളെ ബഹുമാനിക്കുകയും മാനവരാശിയുടെ മുഴുവന്‍ ഉല്‍കര്‍ഷത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഓരോ മനുജന്റെയും ധര്‍മ്മം.എന്റെ മതതീഷ്ണത വര്‍ഗീയതക്ക് കാരണമാകരുത് എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. നമ്മുടെ പ്രസ്താവനകളും പ്രതികരണങ്ങളും ജാതീയവും, വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകരുത്.

Read more

ഞാന്‍ ആരെന്നു എന്നോട് തന്നെ ചോദിക്കുക?

ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കള്‍ മുഴുവന്‍ സൃഷ്ടിയുടെ നന്മക്കു വേണ്ടിയാണ്. ഒരു ഭെ#ൗധീകവസ്തുവും അനാവശ്യമായി ഈ പ്രപഞ്ചത്തിലില്ല. വിവേക പൂര്‍ണമായ വിവേചനത്തിലൂടെ സര്‍വത്തിനെയും ഉള്‍കൊള്ളാന്‍ കഴിയണം. ഒരേസമയം നാം ഈ പ്രപഞ്ചത്തിലാണ്. അതായത് പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിട്ടും വിജയിച്ചും വരിക. അതേസമയം നാം ഈ പ്രപഞ്ചത്തിന്റെ മായികഭാവങ്ങളില്‍ നിന്നെല്ലാം വേറിട്ട് ഈശ്വരങ്കല്‍ ജീവിക്കുക. ഇത് രണ്ടും നേര്‍രേഖയില്‍ ഒരുമിപ്പിക്കുന്നവനാണ് പൂര്‍ണത കൈവരിക്കുന്നത്. സൃഷ്ടിയുടെ ആദിയില്‍ ഈ പ്രപഞ്ചത്തെ സംബന്ധിച്ച സര്‍വ്വ അറിവും ഉള്‍ക്കൊള്ളുന്ന ഒരു അറിവ് നമുക്ക് ഈശ്വരന്‍ കനിഞ്ഞുനല്‍കിയത്. ആ അറിവിനെയാണ് വേദം എന്നു പറയുന്നത്. 'വേദം' എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അറിവ് എന്നാണ്. ലോകത്തിലെ എല്ലാ അറിവുകളും അതതു വസ്തുക്കളില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു.എല്ലാ അറിവും പൂര്‍ണമല്ല. ആര്‍ക്കും ഈ പൂര്‍ണത അവകാശപ്പെടുവാന്‍ സാധിക്കില്ല.

ബ്രഹ്മത്തില്‍ ചരിക്കുന്നതാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാല്‍ പലരുടേയും ധാരണ ലൈംഗിക ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നതാണ്. അതും ലൈംഗികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യയാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാല്‍ സ്ത്രീവിരുദ്ധസമീപനമാണെന്നു ചിലര്‍ തെറ്റിദ്ധരിച്ചു. സ്വന്തം ഭാവം എന്താണോ അതില്‍ പൂര്‍ണത തേടുക എന്നതാണ് ബ്രഹ്മചര്യം. ജീവിതം സമ്പന്നമായാലെ ആത്മാവും സമ്പന്നമാകൂ. ശരീരവും ആത്മാവും ഒരുപോലെ ആനന്ദമനുഭവിക്കുവാന്‍ പരിശീലിക്കണം. ശരീരത്തിന് വേണ്ടി മനസിനെയോ മനസിന് വേണ്ടി ശരീരത്തെയോ തള്ളികളയുവാന്‍ ശ്രമിക്കരുത്.

എന്താണ് സ്വന്തം ഭാവം?

കപടത ഇല്ലാത്ത, മുഖംമൂടി അണിയാത്ത, അഭിനയമില്ലാത്ത ഭാവം. അനുകരണം ഇന്ന് എല്ലായിടത്തും കീഴടക്കിയിരിക്കുന്നു. മറ്റുള്ളവരെ അനുകരിക്കാനാണ് മിക്കവരുടെയും ശ്രമം. നിങ്ങള്‍ ചെയ്യുന്നത് പലതും മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുകയാണ്. തന്നില്‍ ഇല്ലാത്ത ഭാവങ്ങള്‍ ഉണ്ടെന്നു വരുത്തുവാനുള്ള ബോധപൂര്‍വമായ ശ്രമം. മനസ് സൂക്ഷിക്കുന്ന സ്വകാര്യ ഭാവമാണ് കപടത. ഉള്ളത് പ്രകടിപ്പിക്കാന്‍ താല്പര്യ മില്ലാത്തത് കൊണ്ട് ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുന്നു. ഈ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും തനതായ രൂപവും ഭാവവും ഉണ്ട്. അതില്ലെങ്കില്‍ ലോകം അപൂര്‍ണമായരിക്കും. മനുഷ്വനും തനതായ സ്ഥാനവും ഭാവവും ഉണ്ട്. സ്വന്തം ഭാവം എന്താണെന്നു അറിയുവാന്‍ നാം ശ്രമിക്കാറില്ല.

ആരാണ് യധാര്‍ത്ഥ സന്യാസി ?

ഒന്നിനോടും ആസക്തി ഇല്ലാത്തവനാണ് യഥാര്‍ത്ഥ സന്യാസി. സന്യാസിയില്‍ ആസക്തി ഉണ്ടാവില്ല. യഥാര്‍ത്ഥ സന്യാസത്തിന്റെ പ്രകടഭാവം അനാസക്തിയാണ്. ഒട്ടലും, ഒട്ടലില്ലായ്മയും ചേര്‍ന്നതാണ് അനാസക്തി. രണ്ടും ത്യജിച്ചവന്‍ എന്നാണര്‍ത്ഥം. ഉദാഹരണത്തിനു ചിലര്‍ സ്ത്രീകളെ നോക്കാതിരിക്കും. അവര്‍ വരുന്ന സ്ഥലത്തേക്ക് വരാതിരിക്കും. അവരുടെ ചിത്രങ്ങള്‍ കാണാതിരിക്കും. സ്ത്രീശബ്ദം കേള്‍ക്കാതിരിക്കും. ഇതെല്ലാം കണ്ടാല്‍ തോന്നും ഇവര്‍ വീതരാഗരാകാത്തതിനു കാരണം സ്ത്രീകളാണെന്ന്. വാസ്തവത്തില്‍ ഇത് അനാസക്തിയാണെന്നു പറയുവാന്‍ സാധിക്കില്ല. ഇതും ഒരു തരത്തിലുള്ള ആസക്തിയാണ്. തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് പുറമേ കാണിക്കുന്ന ഈ കാട്ടിക്കൂട്ടല്‍. അതുമല്ലെങ്കില്‍ സ്ത്രീകളോടുള്ള വിരോധമായി വേണം ഗണിക്കാന്‍. ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത് സ്ത്രീകളും കൂടിച്ചേര്‍ന്നാണ് എന്നത് ഇക്കൊട്ടര്‍ വിസ്മരിക്കുന്നു. ഓരോരുത്തരും ജന്മമെടുക്കുന്നതും വളരുന്നതും സ്ത്രീകളില്‍ നിന്നു തന്നെയാണ്. ചില നവീനവേദാന്തികള്‍ സ്ത്രീകളെ പാപത്തിന്റെ കവാടമായി ചിത്രീകരിക്കുന്നു.

ജീവിത തനിമ

ആന്തരികതയും ബാഹ്യതയും സമഞ്ജസഭാവമാണ് ജീവിതം. നിങ്ങള്‍ നിങ്ങളുടെ തനിമയില്‍ ജീവിക്കണം. നിങ്ങള്‍ മാറി എന്ന് പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ആത്മവഞ്ചനയാണ്. മനുഷ്യന് ലഭ്യമായ പ്രബുദ്ധത എന്തെന്ന് കണ്ടെത്തി ജീവിച്ചാല്‍ അതാണ് യഥാര്‍ത്ഥ സന്യാസം. ആവശ്യമായവ ദൈവം തന്നുകൊള്ളും എന്ന പരിപൂര്‍ണ വിശ്വാസത്തോടെ ദൈവത്തോട് പോലും ഒന്നും ആവശ്യപ്പെടാത്തവനാകണം സന്യാസി. ചിലര്‍ എല്ലാം ഉപേക്ഷിച്ച സന്യാസി ആണെന്ന് പറയുകയും, എല്ലാം ചോദിച്ചും ആവശ്യപ്പെട്ടും കൊണ്ടിരിക്കുന്നു. ഇനി ഞാന്‍ ആരെന്നു എന്നോട് തന്നെ ചോദിക്കുക. ബുദ്ധികൊണ്ടും ആത്മജ്ഞാനം കൊണ്ടും ജീവിതം അനുഭവിക്കുന്നവരാണ് സന്യാസത്തില്‍ പൂര്‍ണത പ്രാപിച്ചവര്‍. നിങ്ങളിലുള്ള പ്രകൃതിനിയമങ്ങളെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കരുത്. വികാരമുള്ളവന്‍ അത് പ്രകടിപ്പിക്കും. അടിച്ചമര്‍ത്തുന്നത് പിന്നീട് പാപത്തിനും, രോഗത്തിനും കാരണമാകും

സജീവവസ്തുക്കളിലെ തീവ്രമായ ആഗ്രഹമാണ് തൃഷ്ണ അഥവാ ദാഹം. ജീവനുള്ള എന്തിലും ഈ ദാഹം പ്രകടമാണ്. വിഷയസുഖങ്ങളിലുള്ള എല്ലാതരം ആസക്തിയെയും തൃഷ്ണ എന്നു പറയുന്നു. തൃഷ്ണയെ കെടുത്താന്‍ ശ്രമിച്ചാല്‍ അത് ശാരീരികമാനസിക പ്രതികരണങ്ങളുണ്ടാക്കും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തും. ഭെ#ൗതീക സുഖങ്ങള്‍ ത്യജിക്കുകയല്ല മറിച്ച് തന്നിലെ സ്വാര്‍ത്ഥതയെയും, അഹന്തയും, ഞാനെന്ന ഭാവത്തെയും ത്യജിക്കാന്‍ സാധിക്കണം. ജീവിത അനുഭവങ്ങള്‍ നിഷേധിക്കാതെ ഉള്‍ക്കൊണ്ട് ജീവിക്കന്നവനാണ് യഥാര്‍ത്ഥ സന്യാസി.

അനാസക്തി

ഇതേപോലെയാണ് ചിലര്‍ക്ക് പണത്തിനോടും, ആഡംബരവസ്തുക്കളോടുമുള്ള സമീപനം. താനൊരിക്കലും പണം കൈ കൊണ്ടു തൊടില്ലെന്ന് ചിലര്‍ സ്വയം പ്രഖ്യാപിക്കും. പണം ആരെയെങ്കിലും ദ്രോഹിച്ചതായി അറിവില്ല. പണത്തിനോടും ആഡംബരവസ്തുക്കളോടുമുള്ള വെറുപ്പിനെ നമുക്ക് അനാസക്തി എന്നു പറയാനാവില്ല. സ്ത്രീയോടും, പണത്തിനോടും,ആഡംബരവസ്തുക്കളോടുമുള്ള നമ്മുടെ ഭാവമെന്താണ്? ചിലര്‍ക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ചിലരാകട്ടെ സ്ത്രീകളെ കാണുന്നതുതന്നെ വെറുക്കുന്നു. ഇവ രണ്ടും ഒട്ടലാണ്. ഒന്ന് സ്ത്രീയോടുള്ള ഒട്ടല്‍. മറ്റൊന്ന് സ്ത്രീവിരോധത്തോടുള്ള ഒട്ടല്‍. ആദ്യത്തെ ഒട്ടല്‍ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തേത് ഒരിക്കലും തിരിച്ചറിയാനാകില്ല.

യഥാര്‍ത്ഥ ആത്മീയത

ലെ#ൗകീക ജഡീകഭെ#ൗധീകലൈംഗീക ചിന്തകളില്ലാത്തതാണ് യഥാര്‍ത്ഥ ആത്മീയത എന്ന് ചിലര്‍ തെറ്റി ധരിച്ചിരിക്കുന്നു. ഇവക്കിടയിലൂടെയുള്ള ബാലന്‍സ് ചെയ്യലാണ് ആത്മീയത എന്നാ അറിവ് ഉണ്ടാകണം. മനുഷ്യനിലെ സിദ്ധമായ എല്ലാ വസനകളെയും, കഴിവുകളേയും, അഭിരുചികളെയും സിദ്ധികളെയും സമന്വയിപ്പിച്ചു ജീവിക്കുമ്പോഴാണ് ജീവിതം ധ്യന്യമാകുന്നത്.

ജീവിതം ഒന്നേ ഉള്ളു. അത് ജീവിക്കുവാനുള്ളതാണ്. ജീവിതത്തോടു ആഴമായ പ്രേമമുണ്ടാകണം ദൈവത്തിന്റെ വരദാനമാണ് ജീവിതം. സുഖവും, ദുഖവും എല്ലാം ചേര്‍ന്നത്. അതില്‍ ആത്മവിശ്വാസം നേടിയെടുക്കുകവാന്‍ കഴിയുന്നവന്‍ വിജയിക്കും. ഐശ്വര്യത്തേയും സമൃദ്ധിയേയും ആസ്വദിക്കുകയും, അനുഭവിക്കുകയും വേണം. ജീവിതത്തില്‍ നിന്നുള്ള പാലായനം രക്ഷ നേടുവാനുള്ള മാര്‍ഗമല്ല. അതോടൊപ്പം തികഞ്ഞ ആധ്യാത്മികനായി ഇരിക്കുകയും വേണം. ഒരേസമയം ആധുനികനായിരിക്കുക. ഒപ്പം ഉള്ളില്‍ നല്ലൊരു ഋഷിയുമായിരിക്കുക.

ഒരു ചെടിയുടെ വിത്ത് അതിന്റെ പുഷ്പങ്ങളെ വിരിയിക്കുന്നു. താന്‍ ഏതു ചെടിയാണ് എന്ന് പ്രപഞ്ചത്തിനു കാട്ടികൊടുക്കുക എന്നതാണ് വിത്തിന്റെ ജീവിത ലക്ഷ്യം. ഫലം കൊണ്ട് വൃക്ഷം തിരിച്ചറിയും. നിലവിലുള്ളവയെ തകിടം മറിച്ചാലേ പുണ്യ പൂര്‍ണതലഭിക്കൂ എന്ന് ചിന്തിക്കുന്നത് അപകടകരമായ ഒരവസ്ഥയാണ്. ശതകോടി മനുജര്‍ ഈ പ്രപഞ്ചത്തില്‍ ജീവിച്ചു കടന്നുപോയി. അവരിലോരാളാകുവാന്‍ ശ്രമിക്കരുത്. നിങ്ങളുടെ അസ്ഥിത്വത്തോട് നീതി പുലര്‍ത്തണം. നിങ്ങളുടെ ജീവിതത്തിന്റെ കയ്യൊപ്പ് ഈ പ്രപഞ്ചത്തില്‍ എക്കാലവും നിലനില്ക്കണം.

Read more

വേശ്യവല്ക്കരിക്കപ്പെടുന്ന മാധ്യമവിചാരണ

മനുഷ്യന്‍ ഇന്നേവരെ ആവിഷ്‌കരിച്ച രാഷ്ട്രീയ സംവിധാനങ്ങളില്‍ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന് നാം അവകാശപ്പെടുമ്പോഴും അതിന്റെ സഹജമായ ദൗര്‍ബല്യങ്ങള്‍ വന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കൂടാ.

ആടിനെ പട്ടിയാക്കുന്ന മാധ്യമവിചാരണയാണ് ഇന്നിന്റെ സാംസ്‌കാരിക കേരളം ആടി തിമിര്‍ക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടെത്. 'മുഖ്യന്‍ മുഖ്യപ്രതി' എന്നതായിരുന്നു മിക്ക ചാനലുകളുടെയും ഫ്‌ളാഷ് ന്യുസ് . അഭിപ്രായസ്വാതന്ത്ര്യവും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ കാതലാണ്. ഇന്ന് തിമിര്‍ത്താടുന്ന മാധ്യമവിചാരണകളിലൂടെ എത്രയേറെ മനുഷ്യരുടെ ജീവിതങ്ങള്‍ തകര്‍ത്തിരിക്കുന്നു എന്നത് ആരും ഓര്‍ക്കുന്നില്ല. ഭരണകൂടങ്ങളുടെ നിഗൂഢ അജണ്ടകളോട് അറിഞ്ഞോ അറിയാതെയോ ചേര്‍ന്നുകൊണ്ട് അവ വ്യക്തിഹത്യക്കും വ്യക്തിസ്വാതന്ത്ര്യഹത്യക്കും എത്രതവണ കൂട്ടുനിന്നിരിക്കുന്നു. കള്ളക്കേസില്‍ അകപ്പെടുത്തപ്പെട്ട ഒട്ടനേകം യുവാക്കളെ ഒടുവില്‍ കോടതി വിട്ടയക്കുമ്പോള്‍ മുഴച്ചുനില്‍ക്കാറുള്ളത് ഭരണകൂടത്തിന്റെ അത്യാചാരം മാത്രമല്ല, അതിനു പിന്തുണ നല്‍കിയ മാധ്യമങ്ങളുടെ കൊള്ളരുതായ്മ കൂടിയാണ്. ഇന്നിന്റെ ഭമാധ്യമവിചാരണ' നീതിന്യായ കോടതികളെവരെ സ്വാധീനിക്കുമ്പോളും നിരപരാധികള്‍ അപരാധികളായി മാറുന്നു. നിരപരാധികള്‍ ക്രൂശിക്കപ്പെടുമ്പോള്‍ നിയമത്തെ വഴിക്കുവിടുന്നവര്‍ സ്വന്തം അപരാധത്തിനു നിയമത്തെ വഴിതിരിച്ചു വിടുന്നതിനെ ഏത് ആധിപത്യത്തിന്റെ പേരിലാണ് എന്ന് സാധാരണ മനസ്സിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ് .

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിരുപാധികമായിക്കൂടാ എന്നതാണ് സത്യം. പൊതുനന്മക്ക് അത്യാവശ്യമെന്ന നിലക്കാണ് മാധ്യമ സ്വാതന്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളത് അവിടെ മാധ്യമങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്വാതന്ദ്ര്യം ദുരുപയോഗം ചെയ്യാതെയും, നഷ്ടപ്പെടുത്തതെയും കാത്തു സൂക്ഷിക്കക എന്നതായിരിക്കണം ഓരോ മാധ്യമങ്ങളുടെയും ലക്ഷ്യം. ആ സ്വാതന്ത്ര്യം തിന്മക്കുവേണ്ടി പ്രയോഗിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ സ്വന്തം നിലനില്‍പിന്‍#െറ ന്യായമാണ് ഇല്ലാതാക്കുന്നത്. അവിടെ അതിര്‍വരമ്പുകള്‍ കൂടിയേ തീരൂ. ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാനോ അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനോ നമ്മുടെ മാധ്യമങ്ങള്‍ പൊതുവെ തയ്യാറാകുന്നില്ല. പല മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ നയം പോലുമില്ല. തങ്ങള്‍ക്ക് കിട്ടിയ അവകാശാധികാരം മുറുകെ പിടിക്കുകയും എന്നാല്‍, ഉത്തരവാദിത്തം അവഗണിക്കുകയും ചെയ്യുന്ന ഈ രീതിതന്നെ മാധ്യമഅധാര്‍മികമാണ്. മാധ്യമങ്ങള്‍ക്ക് ആഭ്യന്തരതലത്തില്‍ ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരിക്കുക, അതിനെപ്പറ്റി ജനങ്ങളെ അറിയിക്കുക, ധാര്‍മിക മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തുക എന്നിവ ആവശ്യമായിരിക്കുന്നു.

കഴിഞ്ഞ ദിവസത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ പ്രതികളാക്കി കേസ്സെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തയാണ് ചാനലുകള്‍ മത്സരിച്ച് ആഘോഷമാക്കി മാറ്റിയത് .എന്നാല്‍ കോടതി വിധി പുറത്തു വന്ന പ്പോള്‍ മുഖ്യമന്ത്രിക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാകില്ല. മറ്റു മന്ത്രിമാരുടെ പേരോ വിധിയില്‍ പരാമര്‍ശിച്ചിട്ട് പോലുമില്ല . പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തില്‍ കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട് എന്ന കാരണത്താല്‍ മുഖ്യമന്ത്രിയ്ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു കോടതി വിധിയില്‍ പറഞ്ഞിരുന്നത്. ഊതി വീര്‍പ്പിക്കപ്പെട്ട ബലൂണ്‍ പോലെ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തലേദിവസം മത്സരിച്ച് ആഘോഷിച്ച മിണ്ടാട്ടമില്ലതായി. ഈ കോടതിവിധി എങ്ങനെ നേര്‍വിപരീതമായി വ്യാഖ്യാനിക്കപെട്ടു എന്നതാണ് സാംസ്‌കാരിക കേരളം ഉറ്റുനോക്കുന്നത് . വിജിലന്‍സ് കോടതി വിധി വളചൊടിച്ച് അതില്‍ സര്‍ക്കാരിലെ പ്രമുഖരുടെ പേര് ചേര്‍ത്ത് വാര്‍ത്ത കെട്ടിച്ചമക്കാന്‍ തിരക്ക് കൂട്ടിയതിനു പിന്നില്‍ ആരൊക്കെ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിന്റെ ജീവവായു എന്നനിലയിലാണ് മാധ്യമങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. മാധ്യമരംഗത്തെ ദുഷ്പ്രവണതകള്‍ക്ക് അറുതിവരുത്തുന്ന കൂട്ടത്തില്‍ ആശയപ്രചാരണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം എത്രത്തോളം ഹനിക്കപ്പെടുമെന്നതും ചിന്താവിഷയമാക്കേണ്ടതുണ്ട് . മാധ്യമരംഗത്തെ കുത്തകവത്കരണത്തെയും ചീത്ത സ്വാധീനങ്ങളെയും തടയാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടായേ മതിയാകു

കൂടുതല്‍ കോര്‍പറേറ്റുകള്‍ മാധ്യമരംഗത്തേക്ക് കടന്നുവരുകയും അവര്‍ മാധ്യമങ്ങളില്‍ അവിഹിതമായി ഇടപെടുകയും മാധ്യമശൃംഖലകള്‍ സ്വന്തമാക്കി കുത്തക സ്ഥാപിക്കുകയും ചെയ്തപ്പോള്‍ ചൂടുള്ള വാര്‍ത്തകള്‍ അല്പം മസാല ചേര്‍ത്ത് വിളമ്പുന്നതില്‍ മത്സരിക്കുകയാണ് നവമാധ്യമങ്ങള്‍. രാഷ്ട്രീയാധികാരമുപയോഗിച്ച് വിവിധ പാര്‍ട്ടികള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയും ഇന്ന് വ്യാപകമാണ്.

പണം വാങ്ങി വാര്‍ത്ത നല്‍കുന്ന 'പെയ്ഡ് ന്യൂസ്' രോഗവും പരസ്യങ്ങള്‍ക്ക് വിലയായി ഓഹരികള്‍ സ്വന്തമാക്കുന്ന രഹസ്യധാരണകളും എല്ലാം ഇന്ന് മാന്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തില്‍ പവിത്രമായി കരുതേണ്ട പൊതുജനാഭിപ്രായങ്ങളെയും ജനതാല്‍പര്യങ്ങളെയും അവഗണിച്ച് വന്‍കുത്തകകള്‍ക്ക് വിടുപണിചെയ്യുന്ന സ്ഥിതിയിലേക്ക് മാധ്യമങ്ങള്‍ തരംതാഴുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സങ്കുചിത വീക്ഷണങ്ങളുള്ള പാര്‍ട്ടികളും സംഘടനകളും മാധ്യമരംഗത്തെ ദുഷിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശാപം.

വിയോജിപ്പുകള്‍ ഫലപ്രദമായി രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിന്റെ മര്‍മമായിരിക്കെ മാധ്യമരംഗത്ത് അവ ക്രീയാത്മകമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടെണ്ടാതാണ്. എന്ത് പറയണം, എന്ത് പറയാതിരിക്കണം, എന്ത് എഴുതണമെന്നും എഴുതാതിരിക്കണമെന്നും, എന്ത് അവതരിപ്പിക്കണമെന്നും അവതരിപ്പിക്കാതിരിക്കണമെന്നും തീരുമാനിക്കുന്നത് ആരാണ്? സാംസ്‌കാരിക പൈതൃകം എന്ന അജ്ഞാതവും അദൃശ്യവുമായ അസ്തിത്വത്തിന്റെ തീരുമാനമെടുക്കല്‍ അധികാരം ശരിയോ തെറ്റോ എന്നത് ചര്‍ച്ച ചെയ്യാവുന്നതാണ്.

പണമോ മറ്റു സൗജന്യങ്ങളോ കൈപ്പറ്റി വാര്‍ത്തകളും പരിപാടികളും അവതരിപ്പിക്കുന്ന 'പെയ്ഡ് ന്യൂസ്' ഏര്‍പ്പാട് പത്രങ്ങളിലും ചാനലുകളിലും ഇന്ന് ഒരുപോലെ വ്യാപകമാണ് .പൊതുജനത്തിന്‍#െറ അറിയാനുള്ള അവകാശത്തെ വേശ്യവല്ക്കരിക്കുന്ന ഈ ദുഷ്പ്രവണത സമൂഹത്തെ മലീമസമാക്കും. ഭപെയ്ഡ് ന്യൂസ് 'എന്ന പകര്‍ച്ചവ്യാധി ഇപ്പോള്‍ പൂര്‍വാധികം വ്യാപകവും വിനാശകരവുമായിട്ടുണ്ട് എന്നത് ഇന്നിന്റെ യാഥാര്‍ധ്യമാണ്

രാഷ്ട്രജീവിതത്തിന്റെ രോമകൂപങ്ങളില്‍ പോലും അഴിമതി എന്ന മഹാവ്യാധി പടര്‍ന്നുകയറിയിരിക്കെ, അത് അനാവരണം ചെയ്യാന്‍ വ്യഗ്രത കാട്ടുന്ന മാധ്യമങ്ങളെയും അതേ രോഗം പിടികൂടിയെന്നു പറഞ്ഞാല്‍ ആരെയാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത്, ആരിലാണ് അവര്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടത്? സത്യസന്ധമായും സ്വതന്ത്രമായും വാര്‍ത്തകള്‍ വാര്‍ത്തകളായിത്തന്നെ ജനങ്ങള്‍ക്ക് നല്‍കാനും പരസ്യങ്ങള്‍ പരസ്യങ്ങളായി അവതരിപ്പിക്കാനുമുള്ള പ്രാഥമിക ബാധ്യത നവമാധ്യമങ്ങള്‍ക്കുണ്ട് എന്ന സത്യം മറക്കരുത്. നിലനില്‍പിന് പരസ്യങ്ങളെ ആശ്രയിച്ചേ തീരൂ എന്നത് യാഥാര്‍ഥ്യമായിരിക്കെത്തന്നെ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, വഴിപിഴപ്പിക്കുകയും ചെയ്യുന്ന വിധം വാര്‍ത്തകള്‍ മാറ്റിമറിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും അധാര്‍മികവുമാണെന്ന സത്യത്തിന് അടിവരയിട്ടേ മതിയാകു.

ജനാധിപത്യത്തിന്റെ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് മറതീര്‍ക്കുന്നത് ജനാധിപത്യ റിപ്പബ്‌ളിക്കിനു ചേര്‍ന്നതല്ല. മാധ്യമങ്ങള്‍ തങ്ങളുടെ കിടമത്സരത്തിനിടയില്‍ ഈ സുതാര്യത നഷ്ടമാക്കുവാന്‍ കൂട്ട്‌നില്ക്കരുത്.
 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC