കെ. ജയകുമാര്‍

സിനിമയും സാഹിത്യവും തമ്മില്‍ പിണക്കത്തിലോ?

മികച്ച സാഹിത്യകൃതികള്‍ മലയാളത്തിന് നല്ല കുറെ സിനിമകള്‍ക്കൂടി സമ്മാനിക്കുകയുണ്ടായി. ആദ്യം ഓര്‍മയിലെത്തുന്നത് ചെമ്മീന്‍ തന്നെ. തകഴിയുടെ വിഖ്യാതനോവലിന് ചലച്ചിത്രഭാഷ്യം രചിച്ച രാമുകാര്യാട്ട്, ആ സാഹിത്യകൃതി അര്‍ഹിക്കുന്ന എല്ലാ പ്രാധാന്യത്തോടെയുമാണ് അതിനെ സമീപിച്ചത്. മികച്ച തിരക്കഥ, മികച്ച സാങ്കേതിക വിദഗ്ദ്ധര്‍, മികച്ച ഗാനങ്ങള്‍, ജീവിതാന്തരീക്ഷത്തിന്റെ തനിമ പകര്‍ത്താനുള്ള സന്നദ്ധത ഇങ്ങനെ ഉദാത്തതയെക്കുറിച്ചുള്ള സങ്കല്പത്താല്‍ ആ ചലച്ചിത്രം പ്രചോദിതരായിരുന്നു. ആ മുന്നൊരുക്കങ്ങളും സമര്‍പ്പണവും ഫലപ്രാപ്തിയിലെത്തുകയും ചെയ്തു. വ്യാപകമായ അംഗീകാരവും പ്രശംസയും പുരസ്‌കാരങ്ങളും കൈവരിച്ച് ചെമ്മീന്‍ എന്ന ചലച്ചിത്രം ഇന്ത്യന്‍സിനിമയുടെ മികവിന്റെ മാതൃകയായി മാറി, തകഴിയുടെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കുന്ന ആ നോവലിനോട് നീതിപുലര്‍ത്തി.

അതിനു മുന്‍പും പിന്‍പും മലയാളസിനിമയും സാഹിത്യവുമായുള്ള പാരസ്പര്യത്തില്‍ നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. മുട്ടത്തുവര്‍ക്കിയുടെ നോവലുകളോടായിരുന്നു ആദ്യകാലത്ത് നിര്‍മാതാക്കള്‍ക്ക് പ്രിയം. അങ്ങനെ പാടാത്ത പൈങ്കിളിയും, മറിയക്കുട്ടിയും ഇണപ്രാവുകളും, പൂത്താലിയും, അധ്യാപികയും, പട്ടുത്തൂവാലയും, വെളുത്ത കത്രീനയും, അഴകുള്ള സെലീനയും ഒക്കെ പ്രദര്‍ശനവിജയം നേടിയ ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടു. ചെമ്മീനിന് മുന്‍പുതന്നെ തകഴിയുടെ രണ്ടിടങ്ങഴിയും പിന്നീട് ഏണിപ്പടികളും, അനുഭവങ്ങള്‍ പാളിച്ചകളും ചലച്ചിത്രമായി. എസ്.കെ. പൊറ്റെക്കാട്ടിന്റെ മൂടുപടവും, പുള്ളിമാനും നാടന്‍പ്രേമവും സിനിമകളായി. നിണമണിഞ്ഞ കാല്പാടുകള്‍ അരനാഴികനേരം എന്ന പ്രശസ്തചിത്രങ്ങള്‍ പാറപ്പുറത്തിന്റെ നോവലുകളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയവും മതിലുകളും മികച്ച ചലച്ചിത്രങ്ങളായി. ബാല്യകാല സഖിക്ക് രണ്ടാമതൊരു ചലചിത്രഭാഷ്യം ഈ വര്‍ഷം വീണ്ടും പുറത്തിറങ്ങുകയുണ്ടായി. കേശവദേവിന്റെ ഓടയില്‍ നിന്ന്, റൗഡി എന്ന നോവലുകളും സിനിമകളായി. തോപ്പില്‍ഭാസിയുടെ പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, തുലാഭാരം, ശരശയ്യ, മൂലധനം തുടങ്ങി അനേകം നാടകങ്ങള്‍ നല്ല ചലച്ചിത്രങ്ങളായി. എസ്.എല്‍. പുരത്തിന്റെ അഗ്നിപുത്രി, കാട്ടുകുതിര തുടങ്ങിയ മികച്ച നാടകങ്ങളില്‍ നിന്നുളവായ സിനിമകള്‍ ശ്രദ്ധേയം. ഉറൂബിന്റെ ഉമ്മാച്ചു, മലയാറ്റൂരിന്റെ യക്ഷി, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, സി. രാധാകൃഷ്ണന്റെ അഗ്നി, മാടമ്പ് കുഞ്ഞിക്കുട്ടന്റെ അശ്വത്ഥാത്മാവ് എന്നിവയൊക്കെ നോവലുകളില്‍ നിന്ന് പിറന്ന ചലച്ചിത്രങ്ങളാണ്.

സാഹിത്യത്തിന്റെയും സിനിമയുടേയും പാരസ്പര്യത്തിന് ഏറ്റവുമധികം സംഭാവന നല്‍കിയത് എം.ടി. വാസുദേവന്‍ നായര്‍ തന്നെ. തന്റെ മികച്ച കഥകളും നോവലുകളും ചലച്ചിത്രഭാഷയിലേക്ക് അദ്ദേഹം മെരുക്കിയെടുത്തു. സാഹിത്യവും സിനിമയും പരസ്പരം ബന്ധപ്പെടാവുന്ന കലാരൂപങ്ങളാണെങ്കിലും രണ്ട് ആവിഷ്‌കാരഭാഷകളാണ് അവയ്ക്ക്. ഇത് തിരിച്ചറിഞ്ഞ്, സാഹിത്യകൃതികളുടെ കൈയൊതുക്കമുള്ള ദൃശ്യഭാഷ രചിക്കാന്‍ എം.ടി.ക്ക് സാധിച്ചു. കഥയിലുള്ളത് ചോരാതെ, ചലച്ചിത്രത്തിന് സാധിക്കുന്നത് നഷ്ടമാവാതെ, തിരക്കഥയെന്ന കലാരൂപത്തിന് എം.ടി. പുതിയൊരു വ്യാകരണവും ഭാവുകത്വവും നല്‍കി. മുറപ്പെണ്ണ്, നഗരമേ നന്ദി, കുട്ട്യേട്ടത്തി, നിര്‍മാല്യം, ഇരുട്ടിന്റെ ആത്മാവ്, പാതിരാവും പകല്‍വെളിച്ചവും, അസുരവിത്ത്, അങ്ങനെ നീളുന്ന സാഹിത്യകൃതികളെ പുരസ്‌ക്കരിച്ചെഴുത്തിയ ഈടുറ്റ ആ തിരക്കഥകള്‍.

ഇതേ ജാഗ്രതയോടെ ചലച്ചിത്രകലയെ സമീപിച്ച മറ്റൊരു ശ്രദ്ധേയനായ എഴുത്തുകാരനും ചലച്ചിത്രകാരനും പത്മരാജനാണ്. പെരുവഴയമ്പലവും, തകരയും ഒരിടത്തൊരു ഫയല്‍മാനും, ഇതാ ഇവിടെ വരെയും എന്നിങ്ങനെയുള്ള അന്യൂനമായ തിരക്കഥകളിലൂടെ തന്റെ കഥാലോകത്തെ പത്മരാജന്‍ സമര്‍ത്ഥമായി സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്തു.

കഥ സിനിമയാകുമ്പോള്‍

എഴുത്തുകാരന്റെ മനസ്സില്‍ ജനിക്കുന്ന ഓരോ കഥയും വായനക്കാരന്റെ ഭാവനയില്‍ പുനര്‍ജനിക്കുകയാണ്. ഓരോ വായനക്കാരനും അനുഭവസീമകളാലും അഭിരുചികളാലും ഭാവനയാലും ഓരോ കൃതികളേയും തന്റേതായ ഇമേജുകളിലൂടെ സ്വന്തമാക്കും. വായനയുടെ മഹത്വവും പ്രാധാന്യവും അത് വായനക്കാരന് നല്‍കുന്ന ഈ ഭാവനാസ്വാതന്ത്ര്യമാണ്.

എഴുത്ത് അതിന്റെ സാഫല്യം നേടുന്നത് വായനയിലൂടെയാണ്. ഏതു വികാരവും വിക്ഷോഭവും പ്രകൃതവും ചരിത്രവും സമൂഹവും എല്ലാം ആവിഷ്‌കരിക്കാന്‍ ഒരെഴുത്തുകാരനുള്ള ഉപകരണം ഭാഷ മാത്രമാകുന്നു. എഴുത്തുകാരന്റെ മനസ്സിലെ ചിത്രങ്ങള്‍ വാക്കുകളിലൂടെ വാക്യങ്ങളിലൂടെ വായനക്കാരന്‍ പിടിച്ചെടുത്ത് പുനഃസൃഷ്ടിക്കുന്നു. എഴുത്തുകാരന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമായിരിക്കില്ല വായനക്കാരന്റെ ഉള്ളില്‍ വിടര്‍ന്നത്. ഇത് സാഹിത്യത്തിന്റെ ന്യൂനതയല്ല; സാദ്ധ്യതയാണ്.

എന്നാല്‍ കഥ ചലച്ചിത്രമാകുമ്പോള്‍ വാക്കുകള്‍ കൊണ്ട് എഴുത്തുകാരന്‍ വരയ്ക്കാന്‍ ശ്രമിക്കുന്ന സങ്കല്‍പചിത്രം യഥാര്‍ത്ഥമാവുന്നു. സിനിമയുടെ ഈ ദൃശ്യസാദ്ധ്യത ആസ്വാദകന്റെ വ്യാഖ്യാനസ്വാതന്ത്ര്യത്തില്‍ കടന്നുകയറി അയാളുടെ ഭാവനാപ്രക്രിയയെ പരിമിതപ്പെടുത്തിക്കളയുന്നു. ക്യാമറ പകര്‍ത്തി വയ്ക്കുന്ന യാഥാര്‍ത്ഥ്യം കാണുകയെന്നത് മാത്രമായിത്തീരുന്നു പ്രേക്ഷകന്റെ ജോലി. അപ്പോള്‍ ദ്യോതിപ്പിക്കാനും, അര്‍ദ്ധോക്തിയില്‍ നിറുത്താനുമുള്ള സാഹിത്യത്തിന്റെ കഴിവ് സിനിമയ്ക്ക് അപ്രാപ്യമാവുകയാണ്. തിരക്കഥയുടെ വ്യാകരണം മനസ്സിലാക്കുന്ന എഴുത്തുകാരന്‍ കഥാഖ്യാനത്തെ മാധ്യമത്തിന്റെ സാദ്ധ്യതയ്ക്കനുസൃതമായി മെരുക്കിയെടുക്കുന്നു. മികച്ച നോവലുകള്‍ അത്ര നിലവാരമില്ലാത്ത സിനിമകളായിപ്പോയതും, അത്ര കേമമല്ലാത്ത കഥകള്‍ മികച്ച ചലച്ചിത്രങ്ങളായി മാറിയതും തിരക്കഥയുടെ ശക്തിദൗര്‍ബല്യങ്ങള്‍ കൊണ്ട് മാത്രം. ഭാഷയ്ക്ക് സാധിക്കാത്തത് ചിലപ്പോള്‍ ദൃശ്യത്തിന് സാധിക്കുന്നു. ദൃശ്യങ്ങള്‍ക്ക് കഴിയാത്തത് ഭാഷയ്ക്ക് സാധിക്കുന്നു. ആദ്യകാല ചലച്ചിത്രങ്ങള്‍ സംഭാഷണ പ്രധാനമായതും, വെള്ളിത്തിരയിലാക്കപ്പെട്ട നാടകം പോലെയായതും ഇതു തിരിച്ചറിയാതെ പോയതുകൊണ്ടാണ്. ആ തിരിച്ചറിവാണ് എം.ടി.യേയും പത്മരാജനേയും മലയാളത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്തുകളാക്കുന്നത്.

സിനിമയെ സമ്പന്നമാക്കിയ സാഹിത്യം

ഓരോ കാലഘട്ടത്തിലേയും പ്രധാന സാഹിത്യകൃതികള്‍ സമൂഹവും വ്യക്തികളും അനുഭവിക്കുന്ന വൈകാരികവും ധാര്‍മികവുമായ പ്രതിസന്ധികളെയാണ് പ്രതിഫലിപ്പിക്കുക. ഒരു നല്ല എഴുത്തുകാരന്‍ സമൂഹത്തിന്റെ ഹൃദയമിടിപ്പ് സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിജീവിതങ്ങളിലെ വൈരുദ്ധ്യങ്ങളേയും സംഘര്‍ഷങ്ങളേയും ഒരു കഥയോ നോവലോ പകര്‍ത്തി വയ്ക്കുമ്പെള്‍, ആ കഥാകാരന്‍, സമൂഹവും കാലവും വ്യക്തികളെയും, ജീവിതങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നുക്കൂടി പ്രതിഫലിപ്പിക്കുകയാണ്. സാധാരണ മനുഷ്യര്‍ക്ക് അവ്യക്തമായി മാത്രം അറിയാന്‍ കഴിയുന്ന കാലത്തിന്റെ, വിധിയുടെ, കര്‍മഗതിയുടെ ചലനങ്ങള്‍ കാണാനുള്ള അന്തര്‍നേത്രങ്ങളാണ് ഒരെഴുത്തുകാരനെ സമൂഹത്തില്‍ വ്യത്യസ്തനും ശ്രദ്ധേയനുമാക്കുന്നത്. ഈ വിധത്തിലുള്ള ദര്‍ശന സാന്ദ്രത ദൃശ്യഭാഷയില്‍ വിദഗ്ദമായി പരിഭാഷപ്പെടുത്തിയപ്പോള്‍ മലയാളചലച്ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായി. അവ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി. അവ ജീവിതഗന്ധികളായി. ഇന്ത്യന്‍ ചലച്ചിത്രനഭസ്സില്‍ മലയാള സിനിമ അന്യാദൃശ്യപ്രഭയോടെ തിളങ്ങിയിരുന്നു. സാഹിത്യകൃതികളുമായുള്ള വേഴ്ചയില്‍ നിന്നാണ് മലയാളസിനിമയ്ക്ക് ആദ്യകാലങ്ങളില്‍ ഈ ദേശീയ-ദേശാന്തര പ്രശ്‌സ്തിയും അംഗീകാരവും കൈ വന്നത്. അക്ഷരകലയായ സാഹിത്യത്തെ ദൃശ്യകലയായ സിനിമയുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ കെല്‍പ്പുള്ള തിരക്കഥാകൃത്തുകളിലൂടെയായിരുന്നു ഈ ജൈത്രയാത്ര സാധ്യമായത്.

എന്നാല്‍ തൊണ്ണൂറുകളോടെ ഈ ബന്ധം മെല്ലെ ദുര്‍ബലമാകാന്‍ തുടങ്ങി. വല്ലപ്പോഴുമൊരിക്കല്‍ ഒരു സാഹിത്യകൃതി സിനിമയായാല്‍ അതൊരൊറ്റപ്പെട്ട സാഹസമായി മാത്രം കരുതപ്പെടുന്ന സ്ഥിതിയാണിത്. സിനിമയുടെ സ്വാഭാവിക നോട്ടം, സാഹിത്യത്തിന്റെ മതിലകത്തേയ്ക്ക് എത്തുന്നില്ല. എന്നാണിതിന് കാരണം? മലയാളത്തില്‍ കഥാ-നോവല്‍ശാഖ ദുര്‍ബലമായെന്ന് കരുതാന്‍ വയ്യ. അതൊരു സത്യവിരുദ്ധമായ നിരീക്ഷണമായിരിക്കും. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ കഥാസാഹിത്യം മികവിന്റെയും നേട്ടങ്ങളുടേയും പുതിയ വിതാനങ്ങള്‍ കൈയടക്കുകയായിരുന്നല്ലോ. എത്രയെത്ര പ്രശസ്ത നോവലുകള്‍ നമുക്ക് കിട്ടി! എണ്ണമറ്റ കഥകളുണ്ടായി! എന്നിട്ടും സമിനിമയുടെ തട്ടകത്തിലേയ്ക്ക് അവയെ ആരും ക്ഷണിക്കുന്നില്ല. സിനിമകളും ഈ കാലയളവില്‍ ധാരാളമുണ്ടായി. അവയുടെ കഥകളൊക്കെ എവിടെ നിന്ന് വന്നു? സിനിമയ്ക്ക് വേണ്ടി മാത്രമായി ചമയ്ക്കുന്ന നാടകീയ സന്ദര്‍ഭങ്ങളും കൃത്രിമമായി തീര്‍ത്ത ആഖ്യാനങ്ങളുമായി നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഒരു നോവലിസ്റ്റിന്റെ ജീവിത വീക്ഷണമോ, സമഗ്രതയോ, ദര്‍ശനസാന്ദ്രതയോ ഒന്നും തങ്ങള്‍ക്കിപ്പോള്‍ ആവശ്യമില്ലെന്ന് വിളംബരം ചെയ്യുന്ന ഈ നിലപാടില്‍ മറ്റെന്തൊക്കെയോ സാംസ്‌കാരികവും ലാവണ്യശാസ്ത്രപരവുമായ പ്രഹേളികകള്‍ അടങ്ങിയിട്ടുണ്ട്.

ചലച്ചിത്രം ആവിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നത് ആഴമില്ലാത്ത ജീവിത നാടകത്തെയാണെന്ന് സാമാന്യവത്കരിക്കാന്‍ കഴിയുകയില്ല. ഗൗരവപൂര്‍ണമായ ആധുനികജീവിത സമസ്യകള്‍ രേഖപ്പെടുത്തുന്ന നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. സാഹിത്യകൃതികളില്‍ നിന്നുള്ള ദൂരം സിനിമയെ വിലകുറഞ്ഞ ഒരു കലാരൂപമാക്കിത്തീര്‍ത്തു എന്ന് പറയുന്നത് ഉപരിപ്ലവമായ സാമാന്യവത്കരണമായിരിക്കും. ഈ രണ്ട് പ്രധാനകലാരൂപങ്ങള്‍ തമ്മിലുള്ള അകലം എങ്ങനെയാണ് പിന്നെ വ്യാഖ്യാനിക്കുക? നോവലുകളിലും ഈ കാലയളവില്‍ ആഖ്യാനശൈലിയിലും രൂപഘടനയിലുമൊക്കെ വലിയ പരിവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. സിനിമകളിലുമുണ്ടായി ഒരു ഭാവുകത്വ പരിണാമം. മലയാളസിനിമ കൂടുതല്‍ സാങ്കേതികമികവ് പുലര്‍ത്താനും പരീക്ഷണാത്മകമാകാനും തുടങ്ങി. ദൃശ്യഭാഷയായി പരാവര്‍ത്തനം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കാത്തവിധത്തിലുള്ള പരീക്ഷണങ്ങള്‍ കഥാ നോവല്‍ സാഹിത്യത്തില്‍ നടക്കുകയും, ഇതിവൃത്തത്തിലും ദൃശ്യഭാവുകത്വത്തിലും പുതിയ പ്രതീക്ഷകള്‍ സിനിമാരംഗത്ത് വ്യാപകമാവുകയും ചെയ്തപ്പോഴാണ് ഈ അകല്‍ച്ച കൂടുതല്‍ പ്രകടമായതെന്ന് അനുമാനിക്കാം. എഴുത്തുകാരനും ചലച്ചിത്രകാരനും ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന പ്രമേയവും ഭാവുകത്വവും സമാനമാവുന്ന ഘട്ടങ്ങളില്‍ സാഹിത്യവും സിനിമയും തമ്മില്‍ പുതിയ വേഴ്ചകള്‍ ഇനിയുമുണ്ടാകാം. ഇരുവഴികളിലൂടെയുള്ള വളര്‍ച്ചയില്‍ പുതിയ സീമ താണ്ടിയതിനുള്ള സാക്ഷ്യമായി കണ്ടാല്‍മതി സാഹിത്യവും സിനിമയുമായുള്ള അകലം. കൂടുതല്‍ പഠനം അര്‍ഹിക്കുന്ന ഒരു സാംസ്‌കാരിക പ്രതിഭാസവുമാണിത്. 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC