മണ്ണിക്കരോട്ട്

ഓണം: അന്നും ഇന്നും

ചിങ്ങം പിറന്നാല്‍ പിന്നെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മയും ചിന്തയും ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുകയായി. കര്‍ക്കടകത്തില്‍ ചിങ്ങം പിറക്കണേ എന്ന് അവര്‍ ആശിക്കുന്നു. നാശം വിതച്ച് പഞ്ഞം പരത്തുന്ന, കാര്‍മേഘം മൂടിയ കര്‍ക്കടകം. കലിപൂണ്ട് ഇരുണ്ടു കറുത്ത ആകാശമേഘങ്ങള്‍. മനം മടിപ്പിക്കുന്ന അന്തരീക്ഷം. കോരിച്ചൊരിയുന്ന പെരുമഴ. നിലംകുത്തി പാഞ്ഞുപതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍. വിത്തും വിളവുമില്ല. വൃക്ഷലതാദികളില്‍ ഫലങ്ങളില്ല. എവിടെയും തികഞ്ഞ അരക്ഷിതാവസ്ഥ. അരാജകത്വത്തില്‍ അലയുന്ന ആളുകളുടെ വീര്‍പ്പുമുട്ടല്‍. കേരളീയര്‍ പഞ്ഞ കര്‍ക്കടകത്തോട് വിടപറഞ്ഞ് ചിങ്ങം പിറക്കാന്‍ കാത്തിരിക്കുന്നു.

ചിങ്ങം, പൊന്നിന്‍ ചിങ്ങം. കലിതുള്ളിപെയ്ത കാലവര്‍ഷം കെട്ടടങ്ങി. നിലംകുത്തി ഒഴുകിയ നീര്‍ച്ചാലു കള്‍ നിലച്ചു. എങ്ങും പച്ചപ്പരപ്പും പൂച്ചെടികളും. ആഞ്ഞടിച്ച് ആര്‍ത്തലച്ച് ഇരമ്പിപാഞ്ഞുകൊണ്ടിരുന്ന കൊടും ങ്കാറ്റ് മന്ദമാരുതനായി. ആ മന്ദമാരുതനില്‍ പൂച്ചെടികള്‍ ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്ക്കുന്നു. പൂച്ചെടികളില്‍ നിന്ന് പരന്നൊഴുകുന്ന പരിമളം എങ്ങും നിറഞ്ഞൊഴുകുന്നു. തുമ്പയും തുളസിയും തലയുയര്‍ത്തി എല്ലാം വീക്ഷിച്ചാസ്വദിച്ചാനന്ദിക്കുന്നതുപോലെ. ചിങ്ങം ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുകയായി. അന്തരീക്ഷം ശാന്തം, സുന്ദരം. 

ഓണമെന്നു കേട്ടാല്‍ ഓരോ കേരളീയന്റേയും ഓര്‍മ്മയില്‍ ആഘോഷത്തിന്റെ തിമിര്‍പ്പ് ഓടിക്കളിക്കുക യായി. ഒരു ദിവസത്തെ ആഘോഷത്തിലോ ഒരു ഓണസദ്യയിലോ ഒതുങ്ങുന്നതല്ല ഓണം. മനസ്സിനും നാവിനും കുളിരേകി എന്നും നീളുന്ന ആഘോഷം സിരകളില്‍ ഓടിക്കളിക്കും. കേരളത്തിന്റെ പരമ്പരാഗത പാരമ്പര്യം ഓര്‍മ്മകളില്‍ മിന്നിമറയുന്ന അസുലഭ സന്ദര്‍ഭം. 

അത്തം പിറന്നാല്‍ പിന്നെ പത്തുനാള്‍ ഒത്തുകളിച്ച് തകര്‍ക്കാനുള്ള അവസരം. എവിടെയും ആഹ്‌ളാദം അലതല്ലുകയായി. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി. പരിസരം ചെത്തിവാരി വെടിപ്പാക്കി. തുഷാരബിന്ദുക്ക ള്‍ മൂടിയ പറമ്പുകളില്‍ പൂമ്പാറ്റകള്‍പോലെ കുട്ടികള്‍ പൂറിക്കാന്‍ മത്സരിക്കുന്നു. ഇളവെയിലില്‍ പൂതുമ്പികളും ചിത്രശലഭങ്ങളും ചിത്രംചിത്രമായി ഇളകിപ്പറക്കുന്നു. ആങ്ഹ! പ്രഭാപൂര പ്രഭാതം കിരണങ്ങള്‍ വിടര്‍ത്തി. പ്രകൃതി പ്രസീദയായിരിക്കുന്നു. 

ഓണസദ്യയുടെ കാര്യം പറയേണ്ടെല്ലോ. അത്തത്തിന് തുടക്കം ഓണവിഭവങ്ങളുടെ പട്ടിക തയ്യാറാക്ക ലുണ്ട്. പിന്നങ്ങോട്ട് ചന്തയിലും മറ്റ് കടകമ്പോളങ്ങളിലും ഓണവിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്ക്. എല്ലാം നാട്ടിലെ മണ്ണില്‍ വിളഞ്ഞ വിഭവങ്ങള്‍. ഉത്രാടത്തിനു തുടങ്ങും ഊണ്. അത് തുടക്കം മാത്രം. സ്ത്രീകള്‍ അടുക്കളയില്‍ തിരക്കാകുമ്പോള്‍ പുരുഷന്മാര്‍ പുറത്ത് പൊരിക്കലും വറക്കലും. തിരുവോണദിവസത്തെ കാര്യം എന്തുപറയാന്‍? എന്തുകഴിക്കണം. എങ്ങനെ കഴിക്കണമെന്നറിയാത് വട്ടം നോക്കി വാരിതിന്ന കുട്ടിക്കാലം. അമ്മയും മുതിര്‍ന്നവരും ഓതിത്തന്ന ഇന്നും ഓര്‍മ്മയില്‍ ഓടിയെത്തുന്ന രീതികള്‍. പിന്നെ ഓണക്കോടിയും ധരിച്ച് ഓടുകയായി. മൈതാനങ്ങള്‍ ജനനിബിഡമാകും. അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല; പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്‌ളാദം, ഐക്യം. 

ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന ഓര്‍മ്മകളുടെ ഒരേടുമാത്രം. ഇന്ന് കാലം ഏറെ കടന്നുപോയിരിക്കുന്നു. കാലചക്രം വളരെ പ്രാവശ്യം കറങ്ങി. നാടിന്റെ ഗതി അതിലേറെ കറങ്ങി. അത് അതിവേഗം മുമ്പോട്ടു കടന്നുപോയിരിക്കുന്നു. ജാതിയും മതവും കവര്‍ന്നെടുത്ത നാട്ടില്‍ സാഹോദര്യവും സ്‌നേഹവും ഐക്യവും ചില്ലുകൊട്ടാരംപോലെ പൊട്ടിത്തകര്‍ന്നു. പരസ്പരധാരണ പരസ്പര പാരയായി. രാഷ്ട്രം രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു. വെട്ടും കുത്തും, വെടിയും ബോബും ബന്തും എല്ലാമാ യി നാടിന്റെ നട്ടെല്ലു തകര്‍ന്നു. ജനങ്ങളുടെ ഗതിമുട്ടി. അവരുടെ ജീവിതം വഴിമുട്ടി. ആധുനികതയും ശാസ്ത്രീയ മുന്നേറ്റങ്ങളും നാടിനെ യന്ത്രവത്ക്കരിച്ചു. നട്ടുവളര്‍ത്തി വിളവുണ്ടാക്കാന്‍ നാട്ടില്‍ ആളുകളില്ല. എല്ലാം അയല്‍ രാജ്യങ്ങളില്‍നിന്നു വരുന്ന വിഷം വിതച്ച വിളവുകള്‍. ജാതിമതങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ പെറ്റുകൂട്ടുന്ന എണ്ണമറ്റ കൂട്ടങ്ങളും ചേര്‍ന്ന് നാനാവിധമാക്കിയ നാട്. ഇന്ന് എവിടെയാണ് യഥാര്‍ത്ഥ ഓണം? ഓണം സ്വീകര ണമുറിയിലെ ദൂരദര്‍ശിനികളിലും ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്ക് ഇലയിലെ സദ്യയിലും ഒതുങ്ങി. 

നമ്മുടെ മതേതരവും സമത്വവും സന്തോഷവുമെല്ലാം എവിടെ? പാവപ്പെട്ടവന് തിരുവോണത്തിനെ ങ്കിലും സദ്യയുണ്ണണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. ആ കനിവു പലപ്പോഴും കടലാസില്‍ ഒതുങ്ങുന്നു. പിന്നെ കണ്ണീരിന്റെ ഓണമായിരിക്കും അവര്‍ക്ക്. റേഷനായി കിട്ടുന്നതുതന്നെ ഷുദ്രജീവിള്‍ ആസ്വദിച്ചാനന്ദിച്ചുപേക്ഷി ച്ച അരിയുടെ അവശിഷ്ടങ്ങള്‍. അതു കഴിച്ചാല്‍ വയറ്റിളിക്കംകൊണ്ട് വാടി വീഴുന്ന കുട്ടികള്‍ ഫലം. 

അന്നത്തെ ഓണം ഓര്‍മ്മയില്‍ ഒതുങ്ങുന്നു. ഇന്ന് ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷി ക്കുന്നെങ്കില്‍ അത് പ്രവാസികളാണെന്നു തോന്നുന്നു. കാരണം പ്രവാസികള്‍ക്ക് ഗൃഹാതുരത്വ ചിന്തകളുണ്ട്. നാട്ടിലുള്ളവര്‍ക്ക് നാട് നശിപ്പിക്കാനും നാട്ടില്‍നിന്ന് കടക്കാനുമാണ് ചിന്ത. പ്രവാസികള്‍ എന്നും എപ്പോഴും നാടിന്റെ സംസ്ക്കാരം നിലനിര്‍ത്താന്‍ മോഹിക്കുന്നു. അങ്ങനെ അമേരിക്കയിലും കേരളത്തിന്റെ തനതു ഓണാ ഘോഷം പൊടിപൊടിയ്ക്കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍!!! 

മണ്ണിക്കരോട്ട് (mannickarottu@gmail.com) 

Read more

ആടുവിലാപം

കുറെ നാളായി ഈ വിലാപം കേട്ടുതുടങ്ങിയിട്ട്, ആടുവിലാപം. അതായത് ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ പോലെ ഒരു കൃതി അമേരിക്കയില്‍നിന്നും ഉണ്ടായിട്ടില്ല; അതുപോലെ ഒന്ന് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. എഴുത്തുകാരും വായനക്കാരും പൊതുവെ അമേരിക്കയില്‍ മലയാളവുമായി ബന്ധപ്പെട്ട മിക്കവരില്‍നിന്നും ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് ഈ കണ്ടെത്തല്‍. അത്തരം ഒരു കൃതിയുടെ അഭാവം ഒരു അപരാധംപോലെ എഴുത്തുകാരെ പിന്തുടരുകയാണ്. 

അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ തോന്നിയ്ക്കുന്ന ഈ കുറവ് ചൂണ്ടിക്കാണിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയും ഭാഷാസ്‌നേഹവും മനസ്സിലാക്കാം. കാരണം ആടുജീവിതം അത്രമേല്‍ പ്രസിദ്ധമാണ്. അതിന്റെ നൂറ് പതിപ്പുകള്‍ കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. ചില സര്‍വ്വകലാശാലകള്‍ അത് പഠന ഗ്രന്ഥമായി അംഗീകരിച്ചു. എഴുത്തും വായനയുമായി ബന്ധപ്പെട്ട എല്ലാവരും അതു വായിച്ചിട്ടുണ്ടാകും. മാത്രമല്ല ആടുജീ വിതം ചലച്ചിത്രമാകാന്‍പോകുന്നു. ചുരുക്കത്തില്‍ മലയാള സാഹിത്യത്തില്‍ അടുത്തെങ്ങും ഉണ്ടാകാത്തതോ അപൂര്‍വ്വമായി ഉണ്ടാകുന്നതോ അല്ലെങ്കില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തതോ ആയ പല പ്രശസ്തിയും പത്തുവര്‍ ഷം തികയുന്നതിനു മുമ്പേ ഈ കൃതി നേടിക്കഴിഞ്ഞു എന്നുള്ളതാണ്. അപ്പോള്‍ അത്തരത്തില്‍ ഒരു കൃതി അമേരിക്കയില്‍നിന്നും ഉണ്ടാകണമെന്ന് സന്മനസുകള്‍ ആഗ്രഹിച്ചുപോകും.

എന്നാല്‍ ഈ സമസ്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുറച്ചൊക്കെ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പലേ ചിന്തകളാണ് എന്റെ ഉള്ളില്‍ ഉരുവിട്ടുണരുന്നത്. അതായത് ആടുജീവിതംപോലെ ഒരു കൃതി ഇല്ലാതെ ഇവിടെ മലയാള സാഹിത്യം ഇല്ലെന്നോ, അല്ലെങ്കില്‍ അതുപോലെ ഒരു കൃതി ഇല്ലാത്ത അമേരിക്കയിലെ മലയാള സാഹിത്യം അപൂര്‍ണ്ണമാണെന്നോ ഒക്കെയാണോ ശങ്കിയ്ക്കുന്നവര്‍ ചിന്തിക്കുന്നത്? ആടുജീവിതത്തിന്റെ അഭാവം അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ ഒരു വലിയ കുറവാണെ ങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു കൃതി ഉണ്ടാകാത്തത് എന്നും ചിന്തിക്കുകയാണ്. ഇവിടെയും കുറച്ചെങ്കിലും ഭേദപ്പെട്ട എഴുത്തുകാരുണ്ട്. ഭേദപ്പെട്ട ധാരാളം കൃതികളുണ്ട്. പുതിയ രചനകളുമുണ്ട്. എന്നിരുന്നാ ലും ആടുജീവിതംപോലെ ഒരു കൃതി ഉണ്ടാകുന്നില്ല എന്നത് സത്യംതന്നെ. എന്താണ് ഇതിനു കാരണം? 

അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ ഉണ്ടെന്നുധരിക്കുന്ന ഈ കുറവിന്റെ വിവധ വശങ്ങളെക്കുറിച്ച് ചെറുതായിട്ടെങ്കിലും വിശകലനം ആവശ്യമാണ്. അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതിനു മുമ്പായി അനുബ ന്ധമായ മറ്റൊരു സമസ്യകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. അത് അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റം, ജീവിതം മുതലായ വിഷയങ്ങള്‍ പശ്ചാത്തലമാക്കി കൃതികളുണ്ടാകുന്നില്ല, അത്തരത്തില്‍ കൃതികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നൊക്കെയും അഭിപ്രായങ്ങളുണ്ട്. ഇത്തരം ന്യൂനതകള്‍ എടുത്തുകാണിക്കുന്നവര്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചും കൃതികളെക്കുറിച്ചും കുറച്ചെങ്കിലും മനസിലാ ക്കിയിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ്.

വാസ്തവത്തില്‍ അമേരിക്കയിലെ മലയാളികളുടെ ജീവിതം ആസ്പദമാക്കി പല കൃതികളുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് നോവല്‍. ഏതൊക്കെയാണ് ആ കൃതികള്‍? 1982-ലാണ് അമേരിക്കയില്‍നിന്ന് ആദ്യമായി ഒരു മലയാള നോവല്‍ പ്രസിദ്ധീകരിക്കുന്നത് (ഞാന്‍ എഴുതിയ ‘ജീവിതത്തിന്റെ കണ്ണീര്‍’. നാട്ടില്‍വച്ചേ എഴുതിയതെ ങ്കിലും ഇവിടെ കുടിയേറി എട്ടു വര്‍ഷത്തിനുശേഷമാണ് അത് ആദ്യമായി പ്രസദ്ധീകരിക്കുന്നത്). പിന്നീട് 1990-കള്‍ മുതല്‍ ധാരാളം നോവലുകളും മറ്റ് കൃതികളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ അമേരിക്കയിലെ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ചില നോവലുകളെക്കുറിച്ചു മാത്രം വളരെ ചുരുക്കമായി ഇവിടെ സൂചിപ്പിക്കുകയാണ്.

1994-ല്‍ ഞാന്‍ ‘അമേരിക്ക’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (എന്‍.ബി.എസ്.). അതിന്റെ രണ്ട് പതിപ്പുകള്‍ എന്‍.ബി.എസും രണ്ട് പതിപ്പികള്‍ പ്രഭാത് ബുക്ക് ഹൗസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരിത്തിതൊള്ളായിരത്തി അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലുള്ള നമ്മുടെ നെഴ്‌സുമാരുടെ അമേരിക്കയിലെ കുടിയേറ്റം മുതല്‍ ഈ നോവല്‍ ആരംഭിക്കുന്നു. ഈ രാജ്യത്ത് കാലുറപ്പിക്കാനും ജോലി കണ്ടെത്താനും ജീവിതം തരപ്പെടുത്താനുമുള്ള അവരുടെ കഷ്ടപ്പാടുകളും; തുടര്‍ന്ന് ഭര്‍ത്തക്കാന്മാരും കുട്ടികളും, വിവാഹം അങ്ങനെ അമേരിക്കയില്‍ ഒരു മലയാളി സമൂഹം ആരംഭിക്കുന്നതിന്റെ ആരംഭം മുതല്‍ മാതാപിതാക്കളും മറ്റു ബന്ധപ്പെട്ടവര്‍ വരുന്നതും എല്ലാമായി ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തെ അമേരക്കയിലെ മലയാളികളുടെ ജീവിതം ഈ കൃതിയുടെ ഭാഗമാണ് (ഈ കൃതി ഇപ്പോള്‍ ഇ-മലയാളിയില്‍ ഖഃണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു). 

1987-ല്‍ മുരളി ജെ. നായര്‍ ‘സ്വപ്നഭൂമിക’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (കറന്റു ബുക്‌സ്). “ഒരു കുടുംബത്തിലൂടെ അമേരിക്കയിലെ ശരാശരി മലയാളികളുടെ ജീവിതരീതി കരവിരുതുള്ള ഒരു കലാകാരനെ പ്പോലെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു” (അമേരിക്കയിലെ മലയാള സാഹിത്യചരിത്രം: മണ്ണിക്കരോട്ട്). അമേരിക്ക യിലെ ആഡംബരങ്ങളുടെ അഴുക്കുചാലില്‍ വീണുപോകുന്ന സന്ധ്യ, ശരാശരി മലയാളി മാതാപിതാക്കളുടെ മകളാണ്. അവള്‍ ഡ്രഗ്‌സ്, ട്രിങ്ക്‌സ്, സെക്‌സ് എന്നുവേണ്ടാ എല്ലാവിധ അസാന്മാര്‍ഗ്ഗികതകള്‍ക്കും വശംവദയാ കുന്നു. ഏകമകന്‍ അമേരിക്കയിലെ സാധാരണ ചെറുപ്പക്കാരെപ്പോലെ മതാപിതാക്കളില്‍നിന്ന് അകന്നു ജീവിക്കു ന്നു. അങ്ങനെ അമേരിക്കയിലെ ചില മലയാളികള്‍ക്ക് സംഭവിച്ച അപചയങ്ങളുടെ ചുരുളഴിയുകയാണ് ഈ നോവലില്‍. 

2003-ല്‍ നീന പനയ്ക്കല്‍ ‘സ്പനാടനം’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (കറന്റ് ബുക്‌സ്). കഥാപാത്ര ങ്ങളുടെ നാടുമായുള്ള ബന്ധം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ നോവലിന്റെ പ്രധാന പശ്ചാത്തലം അമേരിക്കയിലെ ജീവിതം തന്നെ. നാട്ടിലും അമേരിക്കയിലും വളരുന്ന കുട്ടികളുടെ ജീവിത വൈപരിത്യങ്ങള്‍ വളരെ വിദഗ്ധമായി ഈ കൃതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. “... മലയാളികള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും പ്രതിസന്ധികളും അവര്‍ അനുഭവിക്കേണ്ടിവരുന്ന വിഹ്വലതകളും അവര്‍ നേരിടുന്ന ജീവിതവി ജയങ്ങളും നോവലിസ്റ്റ് ഓജസുള്ള ഭാഷയില്‍ കോറിയിട്ടിരിക്കുന്നു” (അവതാരികയില്‍നിന്ന്). വനിതയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ നോവല്‍ ‘സമ്മര്‍ ഇന്‍ അമേരിക്ക’ എന്ന പേരില്‍ സീരിയലാക്കി കൈരളി ചാനല്‍ പ്രക്ഷേപണം പെയ്തിട്ടുണ്ട്. നീനയുടെ മറ്റു നോവലുകളും അമേരിക്കന്‍ ജീവിതം ആധാരമാക്കി എഴുതിയിട്ടു ള്ളതാണ്.

2015-ല്‍ സാംസി കൊടുമണ്‍ ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (ഡി.സി.ബുക്‌സ്). മലയാളികളുടെ പ്രവാസ ജീവിതം അവലംബിച്ച് എഴുതിയിട്ടുള്ള ഒരു കൃതിയാണിത്. ഈ കൃതിയുടെ അവതാരികയില്‍ പ്രശസ്ത് സാഹിത്യകാരനും അക്കാഡമി ചെയര്‍മാനുമായിരുന്ന പെരുമ്പടവം ശ്രീധരന്‍ എഴുതിയിരിക്കുന്നതു നോക്കാം. “പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ നോവലിന്റെ ഉള്ളടക്കം. മാറിയ ജീവിതസാഹചര്യങ്ങളില്‍ ഓരോരുത്തര്‍ക്കുണ്ടാകുന്ന ഭാവഭേദങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. മനുഷ്യബന്ധങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയുമൊക്കെ അവിടെ നേര്‍ക്കുനേര്‍ കാണാറാ കുന്നു.” ഏഴു ഭാഗങ്ങളായി എഴുതിയിട്ടുള്ള ഈ നോവല്‍ അമേരിക്കയിലെ മലയാളികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നുചെന്നിട്ടുണ്ട്. 

ഇതൊക്കെകൂടാതെ നമ്മുടെ മറ്റ് പല എഴുത്തുകാരും പ്രവാസജീവിതം ഇതിവൃത്തമാക്കി നോവലുകള്‍ എഴുതിയിട്ടുണ്ട്. ചെറുകഥകളും ലേഖനങ്ങളും ധാരാളമുണ്ട്. നാടകങ്ങള്‍ വേറെയും. എല്ലാം വിശദീകരിക്കാന്‍ ഈ ലേഖനത്തിന്റെ ദൈര്‍ഘ്യം അനുവദിക്കാത്തതുകൊണ്ട് അതിനു മുതിരുന്നില്ല. ഇത്രയുമെങ്കിലും എടുത്തുകാണിച്ചത് മലയാളികളുടെ ജീവിതം അമേരിക്കയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ള ധാരാളം കൃതികള്‍ ഇവിടുത്തെ എഴുത്തുകാര്‍ എഴുതിയിട്ടുണ്ടെന്നു സൂചിപ്പിക്കാന്‍ വേണ്ടി മാത്രം.

എന്നാല്‍ അതൊന്നും മലയാള സാഹിത്യലോകത്ത് പൊതുവെ വേണ്ടത്ര പ്രസിദ്ധിയാര്‍ജ്ജിക്കുകയോ കോളിളക്കം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല എന്ന സത്യം വിസ്മരിക്കുന്നില്ല. അതൊന്നും നാട്ടിലെ പ്രസിദ്ധരായ എഴുത്തുകാരെപ്പോലെയുള്ളവരല്ല എഴുതിയതെന്ന സത്യവും മറക്കുന്നില്ല. ആടുജീവിതംപോലെ അത്യപൂര്‍ വ്വമായ പശ്ചാത്തലം ഉള്‍ക്കൊണ്ട് എഴുതിയതുമല്ല. എന്നാല്‍ അതൊക്കെ അമേരിക്കയില്‍തന്നെ എത്രപേര്‍ വായിച്ചിരിക്കുമെന്നുള്ളതാണ് ചിന്തിക്കാനുള്ളത്. അല്ലെങ്കില്‍ എഴുത്തുകാരെന്നു പറയുന്നവരില്‍തന്നെ എത്രപേര്‍ വായിച്ചിട്ടുണ്ട്? അഭിപ്രായം പറയുന്നവരെങ്കിലും അമേരിക്കയില്‍നിന്ന് ഉണ്ടായിട്ടുള്ള കൃതിളെക്കുറിച്ച് മനസിലാ ക്കിയിട്ട് അതിനു ശ്രമിക്കുന്നതല്ലേ ഉത്തമം.

അമേരിക്കന്‍ ജീവിതം അവലംബിച്ച് കൃതികള്‍ ഉണ്ടായിട്ടുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ട് ആടുജീവി തത്തിലേക്ക് കടന്നുവരാം. എന്താണ് ആടുജീവിതം? ആടുജീവിതത്തിന്റെ കഥയും പശ്ചാത്തലവുമെല്ലാം എല്ലാവ ര്‍ക്കും അറിവുള്ളതാണ്. എങ്കിലും ഈ ലേഖനത്തിന്റെ തികവിനുവേണ്ടി ഒന്നുകൂടി ഓര്‍ക്കുകയും ചിന്തിക്കു കയും ചെയ്യേണ്ടിയിരിക്കുന്നു. കേരളത്തില്‍നിന്ന് പണിതേടി ഏജന്റുമുഖേന പുറപ്പെട്ട രണ്ടുപേര്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നു. നാട്ടില്‍നിന്ന് ഏജന്റ് പറഞ്ഞുവിട്ടതനുസരിച്ച് സ്‌പോണ്‍സര്‍ ചെയ്തവര്‍ വന്ന് കൂട്ടിക്കൊണ്ടുപോകേണ്ടതാണ്. വളരെ നേരത്തെ കാത്തിരിപ്പിനുശേഷം ഏതോ ഒരു അറബി വന്ന് അവരെ കൂട്ടിക്കൊണ്ടുപോകുന്നു. അവരെ കൊണ്ടെത്തിക്കുന്നതോ? മഹാസമുദ്രത്തിന്റെ മദ്ധ്യത്തിലെന്ന പോലെ മനുഷ്യവാസത്തിന്റെ മണംപോലുമില്ലാത്ത മണലാരണ്യത്തിന്റെ മദ്ധ്യത്തില്‍. അവിടെ രണ്ടുപേരേയും രണ്ടിടത്തായി ഇറക്കി വിടുന്നു: നജീബും ഹക്കിമും.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മണലാരണ്യത്തില്‍, അര്‍ദ്ധരാത്രിയോടടുത്ത സമയത്ത്, എതോ നരകത്തില്‍ ചെന്നുപതിച്ചതുപോലെ നജീബ് പകച്ചുനിന്നു. അടുത്തുനിന്നും ഉയര്‍ന്നുകൊണ്ടിരുന്ന ആടുകളുടെ ഞരക്കം മാത്രം ശബ്ദമായി അയാളുടെ കാതില്‍ പതിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസംതന്നെ ആടുകളുമായിട്ടാണ് തന്റെ ജീവിതമെന്ന് അയാള്‍ മനസിലാക്കുകയാണ്. അസംഖ്യം ആടുകളെ പരിചരിച്ചും ‘മസറകള്‍’ (ആടുകളെ സൂക്ഷിക്കുന്ന സ്ഥലമെന്ന അറബി വാക്ക്) വൃത്തിയാക്കിയും നജീബിന്റെ റിയാദിലെ ജീവിതം ആരംഭിക്കുകയാണ്. ആടുകള്‍ മാത്രമായിരുന്നില്ല, ധാരാളം ഒട്ടകങ്ങളും അയാളുടെ പരിചരണ വലയത്തില്‍ ഉള്‍പ്പെട്ടിരുന്നു. പലപ്പോഴും 24 മണിക്കൂറും പണി. കിടന്നുറങ്ങാന്‍ മണല്‍പ്പരപ്പ്. പലപ്പോഴും ആടുക ളോടൊപ്പവും കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. വെള്ളം ഉപയോഗിക്കുന്നത് കൊലപാതകത്തിനു തുല്യം. ആദ്യദിവസം തന്നെ നജീബ് അക്കാര്യം അനുഭവിച്ചറിഞ്ഞു. പ്രഥമികകാര്യങ്ങള്‍ എങ്ങനെയൊ സാധിച്ചു. അതിനുശേഷം ശുചീകരണത്തിന് വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയതും വായുവേഗത്തില്‍ ഒരു ശീല്‍ക്കാരം അയാളുടെ കാതി ല്‍ പതിഞ്ഞു. തിരിഞ്ഞു നോക്കും മുമ്പേ പുറം പൊളിയുന്ന ചാട്ടവാര്‍ അടി അവന്റെ മുതുകില്‍ വീണുകഴിഞ്ഞി രുന്നു. 

ധരിക്കാന്‍ ഏതോ ആട്ടുകാരന്‍ ഉപയോഗിച്ചു പഴകി അഴുക്കുപിടിച്ച, ഒരിക്കല്‍പോലും വെള്ളം കണ്ടിട്ടില്ലാ ത്ത, നാറുന്ന നീണ്ട കുപ്പായം. കഴിക്കാന്‍ ഖുബൂസ് എന്ന ഉണക്ക റൊട്ടി. അതും കിട്ടിയെങ്കിലായി. ഒരിക്കല്‍ പോലും കഴുകാതെ, കുളിക്കാതെ, മുടിവെട്ടാതെ താടിവടിക്കാതെ അഴുക്ക് അടര്‍ന്നു വീഴത്തക്ക ദുര്‍ഗന്ധം വമിക്കുന്ന ശരീരവുമായി ആടുകളുടെ കൂടെ മറ്റൊരു ആടായി അയാള്‍ ജീവിച്ചു. അവിടെ എല്ലാം പരിശോധിക്കുന്ന ഒരു അറബിയുണ്ട്. ചാട്ടവാറും തോക്കും; അങ്ങ് ദൂരെദൂരെ കാണാന്‍ കഴിയുന്ന ബയ്‌നൊക്ക്‌ളറുമായി എല്ലാം മനസ്സിലാക്കുന്ന, കാണുന്ന അറബി. എന്തെങ്കിലും ഒന്നു തെറ്റിയാല്‍ മതി പുറം പൊളിയുന്ന ചാട്ടവാറിന്റെ അടിയില്‍ നിജീബ് പുളഞ്ഞുപോകും. കിരാത ലോകത്തെപോലും കിടിലം കൊള്ളിക്കുന്ന ജീവിതരീതി. നരകമെ ന്ന് ഒന്നുണ്ടെങ്കില്‍ അവിടുത്തെ ജീവിതം ഇതിലും മെച്ചമായിരിക്കുമെന്നു തോന്നിപ്പോകും. ഇതേ രീതിയില്‍ ഏതാണ്ട് മൂന്നര വര്‍ഷത്തോളം. 

അവിടെനിന്ന് അതിസാഹസികമായി നജീബ് രക്ഷപെടുകയാണ്. സിനിമയിലോ ഏതെങ്കിലും മായാലോ കത്തോ ഉണ്ടാകാന്‍ കഴിയാത്തവിധം അത്ഭുതകരമായ ഒരു രക്ഷപെടല്‍. മണലാരണ്യത്തിന്റെ മദ്ധ്യത്തില്‍, ദിക്ക് ഏതാണെന്നറിയാതെ, എത്രദൂരം ഓടണമെന്നറിയാതെ, കയ്യില്‍ ആഹാരമോ, വെള്ളോ ഇല്ലാത നജീബ് ഓടുകയാ ണ്. ആ ഓട്ടത്തില്‍ കൂട്ടുകാരന്‍ ഹക്കിം, സകല ശക്തിയും നഷ്ടപ്പെട്ട് മണില്‍ക്കൂമ്പാരത്തില്‍ മറയപ്പെടുന്നു. 

ഇതാണ് ആടുജീവിതം എന്ന നോവലിന്റെ ഏകദേശ കഥാരൂപം. അതായത് നജീബ് റിയാദില്‍ അനുഭവിച്ച ദുരന്തത്തിന്റെ ഒരു തനിയാവര്‍ത്തനം. ആടുജീവിതംപോലെ ഇവിടെനിന്ന് കൃതികള്‍ ഉണ്ടാകുന്നില്ല എന്നു പറയുന്നവരും ചിന്തിക്കുന്നവരും അമേരിക്കയുടെ അന്തരീക്ഷം, ജീവിതരീതി ഒക്കെകൂടി ചിന്തിക്കേണ്ടിയിരി ക്കുന്നു. ആടുജീവിതം എങ്ങനെയാണ്, എന്തുകൊണ്ടാണ് അമേരിക്കയിലെ സാഹിത്യരചനകളുമായി ബന്ധപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. സംഭവം ഒരു മറുരാജ്യത്തു നടന്നതുകൊണ്ടോ അതോ നോവലിസ്റ്റ് ഗള്‍ഫുകാരനായിരുന്നതുകൊണ്ടോ? എങ്കില്‍ അത് ഇംഗ്ലീഷിലെ ഒരു ചൊല്ലുപോലെ ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യപ്പെടുത്തുന്നതുപോലെ മാത്രം. 

അമേരിക്കയില്‍ ഏതൊരു കുടിയേറ്റക്കാരന് ആടുജീവിതത്തിന്റെ നൂറിലൊന്നെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്? മലയാളികളെ സംബന്ധിച്ചിടത്തോളം ആദ്യം കുടിയേറിയ നെഴ്‌സുമാര്‍ക്ക് തീര്‍ച്ചയായും ജീവിതം കരുപ്പിടിപ്പിക്കാന്‍ കുറെ അധികം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒരു നല്ല ജീവിതത്തിനുവേണ്ടിയുള്ള തുടക്കമായിരുന്നു. അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും അമേരിക്കയിലുണ്ട്. അമേരിക്ക സ്വതന്ത്രരുടെ രാജ്യവും സാഹസികര്‍ അല്ലെങ്കില്‍ ധൈര്യശാലികളുടെ ഭവനുമാണ് (Land of the free, home of the brave).. ഇവിടെ നീതിയും നിയമവുമുണ്ട്. ഇവിടെ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കു പോലും മാനുഷികമായ ആനുകൂല്യങ്ങളും പരിഗണനയും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. 

പിന്നെ അമേരിക്കയില്‍നിന്ന് എങ്ങനെയാണ് ആടുജീവിതംപോലെ ഒരു കൃതി ഉണ്ടാകേണ്ടതെന്നു മനസ്സിലാകുന്നില്ല. ആടുജീവിതം ഇത്രയും പ്രസിദ്ധമായത് അതിന്റെ ഇതിവൃത്തം ആടുജീവിതമായതുകൊണ്ടു മാത്രമാണെന്ന സത്യവും മറക്കരുത്. മാത്രമല്ല, ദുഃഖം, സഹനം, പ്രണയം മുതലായവയാണ് സാഹിത്യത്തിന് എന്നും ഇഷ്ട വിഷയം. അതൊക്കെ അമേരിക്കയില്‍ തുലോം കുറവും. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് ആടുജീവിതംപോലൊരു കൃതി ഉണ്ടാകാനൊക്കുന്നതല്ല, കാരണം ഇവിടെയുള്ളത് ആടുജീവിതമല്ല, മനുഷ്യജീവിതമാണ്. എന്നിരുന്നാലും ഇവിടുത്തെ ജീവിതം അവലംബിച്ച് ഇനിയും മെച്ചപ്പെട്ട കൃതികള്‍ ഉണ്ടാകാമെന്ന കാര്യത്തില്‍ എനിക്ക് രണ്ടുപക്ഷമില്ല. 

മണ്ണിക്കരോട്ട് (www.mannickarottu.net) 

Read more

വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും

കേരള രാഷ്ട്രീയത്തില്‍ അമേരിക്കയിലെ മലയാളികളുടെ പ്രത്യേകിച്ച് പതിറ്റാണ്ടുകളായവരുടെ പോലും അതിയായ ഔത്സുക്യം കാണുമ്പോള്‍ ഇതെന്തൊരു വൈകാരിക പ്രതിഭാസമാണെന്ന് ചിന്തിച്ചുപോകയാണ്. തീര്‍ച്ചയായും തങ്ങളുടെ കുട്ടിക്കാലത്തെ അതായത് സ്ക്കൂള്‍ കോളജ് തലങ്ങളിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ അവര്‍ അയവിറക്കുന്നുണ്ടാവാം, പ്രത്യേകിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പു കാലങ്ങളില്‍. അല്ലെങ്കില്‍ കേരളീയരുടെ പൊതുവായ രാഷ്ട്രീയ പ്രബുദ്ധതയെന്ന മാനസിക മൗഢ്യമായിരിക്കാം. അല്ലെങ്കില്‍ തങ്ങള്‍ കണ്ടും കേട്ടും വളര്‍ന്നുവന്ന രാഷ്ട്രീയ ചിന്തയുടെ ഭാഗമായിരിക്കാം. അതുമല്ലെങ്കില്‍ ഗൃഹാതുരത്വ ചിന്തകളുടെ പിരിമുറുക്കമാകാം. എന്തായാലും അതിന്റെയൊക്കെ തനതായ ഒരു പ്രതിഫലനമാണെല്ലോ അടുത്ത കാലത്ത് കേരളത്തില്‍ നടന്ന തീപാറിയ തിരഞ്ഞെടുപ്പിന്റെ ജ്വലനം അമേരിക്കയിലെ മലയാളികളിലും പടര്‍ന്നു പന്തലിച്ചത്. 

അവിടെ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇവിടെയും പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളുമായി മലയാളികള്‍ തിരക്കിലായി. ആനുകാലികങ്ങളില്‍ വാര്‍ത്തകള്‍ പരന്നു. ടെലിവിഷനിലും ടെലിഫോണിലും ചര്‍ച്ച. ടെലിഫോ ണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നാട്ടില്‍ പോയി നേരിട്ടും തങ്ങളുടെ പാര്‍ട്ടിയ്ക്കുവേണ്ടി പ്രചരണം നടത്തി. പ്രവചനങ്ങളും പ്രശ്‌നം വെയ്പ്പും വേറെ. എന്നുവേണ്ടാ നാട്ടില്‍ തങ്ങളുടെ പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി ഇവിടെനിന്ന് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തു. 

കേരളത്തിലെ ജനങ്ങളെല്ലാം പൊതുവെ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നാണെല്ലോ പറയുന്നത്. എന്റെ ചെറുപ്പകാലത്തെ കാര്യങ്ങള്‍ ഓര്‍ക്കുകയാണ്. അന്ന് തട്ടുകട രാഷ്ട്രീയമായിരുന്നു പ്രധാനം. രാവിലെ ദോശയും ചായയും, ഇഷ്ടംപോലെ രാഷ്ട്രീയവും. അതുകഴിഞ്ഞായിരിക്കും ദിനപ്പത്രം വരുന്നത്. ഒരാള്‍ വായിക്കും. മറ്റെല്ലാവരുംകൂടി വിശദീകരിക്കും. തീപാറുന്ന ചര്‍ച്ചകള്‍. ഇങ്ങനെ കൂടുന്നവരില്‍ ഏറിയ പങ്കും ഒരു പണിയുമില്ലാത്തവരോ വീട്ടില്‍പോലും ഒന്നും ചെയ്യാത്തവരോ ആണെന്നുള്ളതാണ് ഓര്‍ക്കേണ്ടത്. ഇതാണ് അവരുടെ പണി. മദ്യപാനവും കുടുംബ കലഹവും വേറെ. ഇതൊക്കെ കണ്ടും കേട്ടുമാണ് കുട്ടികള്‍ സ്ക്കൂളുകളിലും ചെറുപ്പക്കാര്‍ കോളെജുകളിലും രാഷ്ട്രീയം വിളയിക്കുന്നത്. ഇതെല്ലാം ഉള്ളിലൊതുക്കി ഇവിടെ കുടിയേറിയിട്ടുള്ളവര്‍ അവസരം വരുമ്പോള്‍ അതൊക്കെ കഴിയുന്നത്രയും പ്രയോഗിക്കുന്നത് സ്വാഭാവികം തന്നെ, പ്രത്യേകിച്ച് കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍. 

എന്നാല്‍ അമേരിക്കയിലെ ആദ്യകാല മലയാളികള്‍ കുടിയേറി കാലമേറെ കഴിഞ്ഞവരാണ്. ഇവിടെ ജീവിച്ച് ഇവിടുത്തെ പൗരത്വം സ്വീകരിച്ചവര്‍. ഇവിടെ ജോലിചെയ്ത് കരംകൊടുത്ത് ഇവിടുത്തെ നിയമവ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്‍. ബഹൂഭൂരിപക്ഷവും സാമ്പത്തിക പ്രാപ്തി നേടിയിട്ടുള്ളവര്‍. ഇവിടെത്തന്നെ മരിച്ച് മണ്ണടിയേണ്ടവര്‍. അതോടൊപ്പം പാശ്ചാത്യ സംസ്ക്കാരത്തിന്റെ പരമ കോടിയില്‍ വിരാജിക്കുന്നവര്‍. പരിഷ്ക്കാരത്തിന്റെയും ആഡംഭരത്തിന്റെയും അനന്ത സീമകള്‍ അവരുടെ മുന്നിലാണ്. അനുദിനമെന്നോണം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ ജീവിക്കുന്നവര്‍. അമേരിക്കയില്‍ മൂന്നും നാലും പതിറ്റാണ്ട് കഴിഞ്ഞവര്‍. അത്തരക്കാര്‍ ഇപ്പോഴും നാട്ടിലെ തട്ടുരാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനം തുടരുന്നതു കാണുമ്പോള്‍ സഹതാപം തോന്നും. കേരളം നമ്മുടെ ജന്മനാടാണ്. ആ നാടിന്റെ നന്മയില്‍ പങ്കാളികളാകുകയും കഴിവതു സഹായിക്കേണ്ടതും ആവശ്യമാണെന്നുള്ള സത്യം മറക്കുന്നില്ല. എന്നാല്‍ കുടിയേറ്റ രാജ്യത്ത് ഒരു സാധാരണ പൗരന്റെ പ്രഥമവും പ്രധാനവുമായ വോട്ടവകാശം എന്ന കടമ പോലും നിര്‍വഹിക്കാത്തവരാണ് ഏറിയപങ്കു മലയാളികളും.

ഇപ്പോള്‍ അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാലമാണെല്ലോ. ഈ പ്രക്രിയയില്‍ നാം എത്രമാത്രം താല്‍പര്യം കാണിക്കുന്നു എന്നുള്ളത് ചിന്തിക്കേണ്ടതാണ്. വാസ്തവത്തില്‍ ഇവിടുത്തെ തിരഞ്ഞെടുപ്പിലല്ലേ നമ്മള്‍ കൂടുതല്‍ താല്‍പര്യം കാണിക്കേണ്ടതും അമേരിക്കരോട് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതും. നമ്മുടെ സന്താനങ്ങള്‍ വളര്‍ന്നു വലുതാകേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഇവിടുത്തെ സമൂഹത്തിലും രാഷ്ട്രീയ ചുറ്റുപാടിലുമാണ്. ഈ നാടിന്റെ ഭാവിയും നമ്മുടെ അനുദിന ജീവിതത്തില്‍ വേണ്ട സര്‍ക്കാര്‍തല ആനൂകൂല്യങ്ങളും മറ്റ് സഹായങ്ങളും ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നവരെ ആശ്രയിച്ചിരിക്കും. അതുമാത്രല്ല, ഇവിടുത്തെ പ്രസിഡന്റു തിരഞ്ഞെടുപ്പ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. കാരണം ലോകരാഷ്ട്രങ്ങളുടെ ഭാവി നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കേണ്ടവരാണ് അമേരിക്കയിലെ പ്രസിഡന്റുമാര്‍. അങ്ങനെയുള്ള ഒരു പ്രക്രിയയില്‍ നാം യുക്തമായി പെരുമാറിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് തീര്‍ച്ചയായും നമ്മേ ഓരോരുത്തരേയും നമ്മുടെ തലമുറയേയും ബാധിക്കുമെന്നുള്ളതിന് സംശയമില്ല.

ഇവിടെയാണ് സാമൂഹ്യസംഘടനകള്‍ക്ക് വളരെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. പ്രത്യേകിച്ച് കേന്ദ്രസംഘടനകളെന്ന ‘മഹാസംഘടനകള്‍’ക്ക്. എന്നാല്‍ എന്താണ് നടക്കുന്നത്? നാട് നശിപ്പിച്ച് കുട്ടിച്ചോറാക്കുന്ന കുറെ രാഷ്ട്രീയക്കാരെ എഴുന്നള്ളിക്കുന്നതാണ് പതിവ് (ഇപ്പോള്‍ അതിന് അല്‍പം അയവു വന്നിട്ടുണ്ടെന്നു തോന്നുന്നു). കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ഒരു പ്രവാസി വകുപ്പും അതിന് ഒരു മന്ത്രിയും ഉണ്ടായിരുന്നല്ലോ. അത് ഒരു മലയാളി ആയിരുന്നതുകൊണ്ട് അദ്ദേഹത്തെ ആനയിക്കാനും എഴുന്നള്ളിക്കാനും മലയാളികള്‍ മത്സരിച്ചു. വളരെ പ്രാവശ്യം അദ്ദേഹം അമേരിക്കയില്‍ അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങി. സര്‍ക്കാരിന്റെ ഏറെ പണം ഒഴുക്കി. “അമേരിക്കന്‍ മലയാളികളുടെ നീറുന്നു പ്രശ്‌നങ്ങള്‍ അക്കമിട്ട് അദ്ദേഹത്തെ ധരിപ്പിച്ചുട്ടുണ്ടെ”ന്ന് നമ്മുടെ നേതാക്കളുടെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. എന്നിട്ട് എന്തുണ്ടായി? മുമ്പ് കൊണ്‍സുലേറ്റുകളില്‍നിന്ന് എന്തെങ്കിലും സാധിക്കുന്നതിന് സഹ്യന്‍ കയറേണ്ടിയിരുന്നെങ്കില്‍ ഇന്നത് ഹിമാലയം കയറേണ്ട സ്ഥിതിയാണെന്നാണ് അനുഭവപ്പെട്ടവര്‍ പറയുന്നത്. 

ഇപ്പോള്‍ മഹാസംഘടനകളാകുന്ന കേന്ദ്രസംഘടനകളില്‍ സിനിമാക്കാരെ എഴുന്നള്ളിക്കുന്നതാണ് കൂടുതല്‍ ഹരമെന്നു തോന്നുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 25-നു കണ്ട ഫൊക്കാനയുടെ ഒരു വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. “... നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയിലെ മുഴുവന്‍ താരങ്ങളും താള, സംഗീത, നിര്‍ത്ത മികവിന്റെ അകമ്പടിയോടുകൂടി ടൊറാന്റോയിലെ മാറക്കാന സിറ്റിയെ ഇളക്കി മറിക്കാന്‍ എത്തുന്നു. നിങ്ങളുടെ പ്രിയതാരത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്കുതന്നെ. ... പതിനാറ് ഇനങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കി നമ്മുടെ താരങ്ങളെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു. ... ഈ അനുഗ്രഹീത കലാകാരന്മാരുടെ സാന്നിദ്ധ്യം ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്റെ മുഖച്ഛായതന്നെ മാറ്റി മറിക്കും. തന്നെയുമല്ല കണ്‍വന്‍ഷനില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഈ കലാകാരന്മാരുടെ സാന്നിദ്ധ്യം ഉന്മേഷവും ഉത്സാഹവും നല്‍കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.” തുടര്‍ന്ന് പതിവ് ഭാരവാഹികളുടെ ഒരു നീണ്ട പട്ടികയുമുണ്ട്. 

അമേരിക്കയില്‍ അഭിമാനത്തോടു ജോലിചെയ്തു ജിവിക്കുന്നവരാണ് മലയാളികള്‍. പലരും ഉന്നത സ്ഥാനങ്ങളിലും. ഇത്രയും വിലകുറഞ്ഞതും തരംതാണതും ബാലിശവുമായ ഒരു പ്രസ്താവന ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. ഇതാണോ മലയാളികളുടെ അഭിമാനം? ഒരു കാര്യം ശരിയായിരിക്കാം ഈ സിനിമാക്കരുടെ “സാന്നിദ്ധ്യം, കണ്‍വന്‍ഷനില്‍ എത്തുന്ന പവര്‍ത്തകര്‍ക്ക് (ഭാരവാഹികള്‍ക്ക്) ഉന്മേഷവും ഉത്സാഹവും നല്‍കി”യേക്കും. അതിന് അമേരിക്കയിലെ സാധാരണ മലയാളികള്‍ക്ക് എന്തു കാര്യം? “നിങ്ങളുടെ പ്രിയതാരത്തെ”, ആരുടെ പ്രിയതാരം? “...പതിനാറ് ഇനങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കി നമ്മുടെ താരങ്ങളെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു.” സംസ്ഥാനസര്‍ക്കാരില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നുമെല്ലാം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളവര്‍ക്ക്, അമേരിക്കയിലെ മലയാളികളില്‍നിന്ന് സമാഹരിച്ച് ഇനിയും വാരിക്കോരി കൊടുക്കുക. അമേരിക്കയിലെ അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നു. അല്ലെങ്കില്‍ ഓരോ ‘പലകക്കഷ്ണ’മിരിക്കട്ടെ. പണ്ട് (പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും) കേരളത്തില്‍ ബ്രാഹ്മണര്‍ വിഭവസമൃദ്ധമായ അമൃതേത്തു കഴിച്ച് ഏബക്കം വിട്ടുപോകുന്നതുകണ്ട് അധഃകൃതര്‍ തൃപ്തിയടഞ്ഞിരുന്ന സമ്പ്രദായത്തെ ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്. അങ്ങനെ ആ കാലങ്ങളുടെ ഒരു തനിയാവര്‍ത്തനമാകട്ടെ അമേരിക്കയില്‍ പതിറ്റാണ്ടുകളോളം വസിക്കുന്ന മലയാളികള്‍ക്ക് കേന്ദ്രസംഘടനകളുടെ സാംസ്ക്കാരിക സംഭാവന. ഇനിയും ഇക്കൂട്ടര്‍ നാട്ടിലെ സിനിമാനടീനടന്മാരുടെ ഫാന്‍സ് ക്ലബുകൂടി സംഘടിപ്പിക്കട്ടെ.

ഇവിടെ വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും എന്ന സ്ഥിതിവിശേഷമാണ് കാണാന്‍ കഴിയുന്നത്. കുറഞ്ഞത് അരനൂറ്റാണ്ട് പിന്നിലെ കേരളീയരുടെ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നവര്‍ ഇന്നു കുറവല്ല. അന്നു കഴിയാതിരുന്നത് ഇന്നാണ് കഴിയുന്നത്. അപ്പോള്‍ ചിന്തയും അത്രയ്ക്കും പിന്നിലേക്കു പായുന്നു. ഈ നിലപാടും മനോഭവവും മാറാതെ അല്ലെങ്കില്‍ സ്വയം വളരാത് (മനസ്സ്) അമേരിക്കയിലെ മലയാളികളില്‍ മാറ്റമുണ്ടാകുകയില്ല, പ്രത്യേകിച്ച് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരില്‍. രാഷ്ട്രീയക്കാരേയോ സിനമാക്കാരേയോ കൊണ്ടുവന്നാല്‍ നഗരത്തെ “ ഇളക്കി മറിക്കു”മെന്നു പറയുന്നു. വാസ്തവത്തില്‍ നഗരമോ അമേരിക്കയിലെ ഒരു മലയാളിയോപോലും ഇളകുകയില്ല. ഇളകുന്നത് അവരെ പൊക്കിക്കൊണ്ടു നടക്കുന്ന നേതാക്കളായിരിക്കും.

അമേരിക്കയിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നോക്കുക. മലയാളികളുടെ പ്രതിനിധ്യം എവിടെ? അമേരിക്കയില്‍ മറ്റു രാജ്യക്കാരുടെ പ്രാതിനിധ്യം എവിടെയുമുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ നാലാമത്തെ വലിയ പട്ടണമായ ഹ്യൂസ്റ്റനില്‍ എം.ജെ. ഖാന്‍ എന്ന ഒരു പാകിസ്ഥാന്‍കാരന്‍ മൂന്നു പ്രാവശ്യം സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവിടെ വിയ്റ്റ്‌നാമികള്‍വരെയുണ്ട്. വടക്കെ ഇന്ത്യക്കാര്‍ പലര്‍ പലവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളി ഇല്ല. ഹ്യൂസ്റ്റനടുത്ത് വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മറ്റൊരു പ്രധാന നഗരമായ ഷുഗര്‍ ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ വടക്കെ ഇന്‍ഡ്യക്കാര്‍ പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 7-ന് (2016) നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മറ്റ് മൂന്ന് വെള്ളക്കാരോടൊപ്പം ഹരിഷ് ജാജൊ എന്ന ഒരു ഇന്‍ഡ്യക്കാരനും സര്‍വര്‍ ഖാന്‍ എന്ന ഒരു പാകിസ്ഥാന്‍കാരനും മത്സരിച്ചു. ഹരിഷ് ജാജൊയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എന്തായാലും ഭാവിയില്‍ ഷുഗര്‍ ലാന്‍ഡിലെ മേയര്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാരുടെ കടുത്ത മത്സരം നടക്കുമെന്നുള്ളതിന് സംശയമില്ല. ഇത് വടക്കെ ഇന്‍ഡ്യക്കാരുടെയും പാകിസ്ഥാന്‍കാരുടെയും അമേരിക്കയിലെ മുന്നേറ്റത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. മലയാളികള്‍ ചുരുക്കമായി നഗരസഭകളില്‍ ജയിച്ചിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല (ഷുഗര്‍ ലാന്‍ഡ് നഗരസഭയില്‍ മലയാളിയായ ടോം ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്). പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ കഴിവിന്റെ ഒരംശംപോലും ആയിട്ടില്ലെന്നുള്ളതാണ് സത്യം. 

ഒബാമ പ്രസിഡന്റായ ശേഷം അന്‍പതോളം ഇന്ത്യക്കാരെ വിവിധ വകുപ്പുകളില്‍ നിയമിച്ചിട്ടുണ്ട്. ഒരു മലയാളിപോലും ഇല്ല. മലയാളികളുടെ വ്യക്തിപരമായും സംഘടനാപരമായുമുള്ള ചിന്താപ്രശ്‌നമാണ് ഈ പിന്നോക്കാവസ്ഥയ്ക്കുള്ള ഒരു പ്രധാന കാരണം. 

കേന്ദ്രസംഘടനകളിലും മറ്റ് സംഘടനകളില്‍പോലും കഴിയുന്നത്ര അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹ്യ-കലാ രംഗങ്ങളിലുള്ള നേതാക്കളെ വരുത്തുക പതിവാക്കണം. ഇവിടുത്തെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയും എല്ലാവര്‍ക്കും പ്രയോജനപ്രദവും പ്രചോദനപ്രദവുമായ സെമിനാറുകള്‍ സംഘടിപ്പിക്കുകയും വേണം. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കൊണ്ട് ഇവിടുത്തെ അച്ചടി ദൃശ്യമാധ്യമങ്ങള്‍ നിറയുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ട അമേരിക്കന്‍ തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ പേരിന് എവിടെയെങ്കിലും കണ്ടെങ്കിലായി. അതും അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന് ആറിത്തണുത്ത വാര്‍ത്തള്‍ ചുരുക്കി മലയാളത്തില്‍ പ്രസ്താവിക്കുന്നു എന്നു മാത്രം. അതല്ലാതെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും അതില്‍ നമ്മുടെ പങ്കിനെക്കുറിച്ചും ബോധവത്ക്കരിക്കത്തക്ക തനതായ വാര്‍ത്തകള്‍ ഉണ്ടാകണം. നമ്മുടെ അടുത്ത തലമുറ അമേരിക്കയിലെ മാതൃകാ പൗരന്മാരാകണമെങ്കില്‍ ആദ്യം നാം മാതൃകയാകണം. അതിന് നാടിനെ കുട്ടച്ചോറാക്കുന്ന വിവര വിഹീനരായ രാഷ്ട്രീയക്കാരേയും നടീനടന്മാരേയും കേരളത്തില്‍നിന്നു കൊണ്ടുവന്ന് നഗരത്തെ “ഇളക്കി മറിക്കു”ന്ന മാതൃകായാണോ വേണ്ടത്? 

ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കണം. പേരിനും പടത്തിനുംവേണ്ടി മാത്രം കളംമാറ്റി ചവിട്ടി സ്ഥിരം നേതൃനിരയില്‍ ഇത്തിള്‍ക്കണ്ണികള്‍പോലെ പറ്റിപ്പിടിച്ച് പുരോഗമനം വലിച്ചു കുടിച്ച് നശിപ്പിക്കുന്ന ചിന്തശക്തിയില്ലാത്ത സ്ഥാനമോഹികളെ മാറ്റി ചിന്താശക്തിയും പ്രവര്‍ത്തന ചാതുര്യവുമുള്ള യുവാക്കള്‍ക്ക് അവസരം കൊടുക്കണം. പടങ്ങളിള്‍ സ്ഥിരം പുള്ളികളെ കണ്ടിട്ടുണ്ട്. മുന്‍നിരിയില്‍ വസ്ത്രം വിതറി ഇടിച്ചുകയറി നില്‍ക്കും. അല്ലെങ്കില്‍ മറ്റുള്ളവരുടെകൂട് വെട്ടിചേര്‍ത്തു വയ്ക്കും. അതു കണ്ടാല്‍ വ്യക്തമാണ് ഇവര്‍ പടത്തിനു മാത്രമായിട്ടാണ് കമ്മിറ്റിയില്‍ കയറിയിട്ടുള്ളതെന്ന്്. അവരെക്കുറിച്ച് എത്ര എഴുതിയാലും നാട്ടില്‍നിന്ന് എഴുതിച്ചാലും അവര്‍ ചിന്താശക്തിയും കര്‍മ്മപ്രാപ്തിയും ഇല്ലാത്തവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരക്കാരെ മാറ്റിനിര്‍ത്തണം. ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മഭൂമിയായ അമേരിക്കയിലെ സാമൂഹ്യ-രാഷ്ടിരീയ രംഗങ്ങളില്‍ നാം ഉത്തരവാദിത്വമുള്ള ഭാഗഭാക്കുകളാകണം. അതിന് നമ്മുടെ ചിന്താഗതിയില്‍ സമൂല മാറ്റം അനിവാര്യമാണ്. അത് നേതൃനിരിയില്‍ തുടങ്ങി ഓരോ അമേരിക്കയിലെ മലയാളിയിലും മാറ്റം വരേണ്ടതായിട്ടുണ്ട്. അപ്പോള്‍ വയസ്സു മുന്നോട്ടും മനസ്സു പിന്നോട്ടും എന്ന പ്രതിഭാസത്തിനു മാറ്റം ഉണ്ടാകും. അപ്പോള്‍ മനസ്സ് വയസ്സിനെക്കാള്‍ ‘അതിവേഗം ബഹുദൂരം’ മുന്നോട്ടു പോകും.

മണ്ണിക്കരോട്ട് (www.mannickarottu.net)

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC