തൊടുപുഴ കെ. ശങ്കര്

അനുകരണ ഗായകര്‍ക്ക് കിഷോര്‍ കുമാറിന്റെ സന്ദേശം

സംഗീതം ദേവഭാഷയാണ്. ദേവലോകത്തില്‍ മാത്രമല്ല, ദൈവങ്ങള്‍ അവതരിച്ചരുളിയ ഭൂമിയിലും സംഗീതത്തിന്റെ മാഹാത്മ്യവും അവര്‍ണനീയവും അഭംഗുരവുമാണല്ലോ. സംഗീതത്തില്‍ അഗാധമായ ജ്ഞാനമില്ലാത്തവര്‍ക്കു പോലും സംഗീതമാസ്വദിക്കുവാനെന്നാല്‍ അത് ഒരു ശ്രേഷ്ഠമായ അനുഭവമായി കരുതുന്നു. സംഗീതത്തിന് ശ്രോതാക്കളെ വിസ്മയസ്തബ്ധരാക്കുവാനുള്ള മാസ്മരശക്തിയുണ്ട്. സംഗീതം കേട്ടാല്‍ നെല്ല് ധാരാളം വിളയുന്നു, പശുക്കള്‍ കൂടുതല്‍ പാല്‍ തരുന്നു എന്നെല്ലാം നാം കേട്ടിട്ടുണ്ടല്ലോ. രോഗികള്‍ക്കു പോലും എളുപ്പത്തില്‍ അസുഖങ്ങള്‍ ഭേദമാകുമെന്നും പറയുന്നു. ഏതായാലും സംഗീതത്തിനു മനുഷ്യമനസ്സുകള്‍ക്കു സുഖവും സമാശ്വാസവും പകരാനുള്ള ഏതോ ഒരു ഔഷധവീര്യമുണ്ടെന്നതില്‍ സംശയമില്ല.

ഇന്നു സംഗീതത്തില്‍ അഭിരുചിയും താല്പര്യവുമുള്ളവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കാനുള്ള സംവിധാനം എല്ലായിടത്തും നിലവിലുണ്ടു താനും. വളരെ അപര്യാപ്തമായ പരിതസ്ഥിതികളില്‍പ്പോലും അഹോരാത്രം സംഗീതം അഭ്യസിച്ചും പരിശീലിച്ചും അതില്‍ അഗാധമായ പാണ്ഡിത്യം സമ്പാദിച്ചു ലോകപ്രസിദ്ധരായ സൈഗള്‍, മുഹമ്മദ് റഫി, ഡോ. എം എസ് സുബ്ബലക്ഷ്മി, ഡോ. ബാലമുരളീകൃഷ്ണ, ലതാമങ്കേഷ്കര്‍, പത്മശ്രീ ഡോ. കെ ജെ യേശുദാസ്, പി ലീല, കെ എസ് ചിത്ര, ഇങ്ങനെ എത്ര പേരാണു സംഗീതത്തില്‍ അനിതരസാധാരണമായ പ്രാവീണ്യം നേടി സ്വന്തം വ്യക്തിത്വം തെളിയിച്ച്, സംഗീതലോകത്തിന്റെ അത്യുന്നതങ്ങളായ മേഖലകളിലും ആരാധകരുടെ ഹൃദയതലങ്ങളിലും ഒരുപോലെ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളവര്‍ വിരളമാണല്ലോ.

സംഗീതത്തില്‍ ജന്മസിദ്ധമായ അഭിരുചിയും താല്പര്യവും വളര്‍ത്തി രാപകല്‍ പണിപ്പെട്ട് ശബ്ദസൗകുമാര്യവും ഗാംഭീര്യവും വരുത്തി പ്രശസ്തി നേടുന്നവര്‍ രണ്ടു തരത്തിലുണ്ട്.

ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ സ്വന്തമായി പുതിയ പുതിയ പാഠങ്ങളും രാഗമാലികകളും സാധനകളും കൊണ്ട് സംഗീതത്തില്‍ പക്വത വരുത്തുവാനും ആലാപനരീതിയില്‍ നവീനത്വം നേടുവാനും വേണ്ടി സ്വയം മറന്നു പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ ഒരിക്കലും പൂര്‍ണതയിലെത്തീ തങ്ങള്‍ എന്നു കരുതാതെ, നിത്യവിദ്യാര്‍ത്ഥികളായി കഴിയുന്നു. ഇവരെന്നും പുതുമ തേടുന്നവരായി തുടരുന്നു. ഇവര്‍ക്കു തങ്ങളില്‍ ആത്മവിശ്വാസവും ഭാവിയില്‍ ശുഭാപ്തിവിശ്വാസവും അതിലെല്ലാമുപരി, വിനയവുമുള്ളവരായിരിക്കും. ഇവര്‍ സംഗീതലോകത്തില്‍ അവിസ്മരണീയമായ പാദമുദ്രകള്‍ പതിപ്പിയ്ക്കുന്നവരായിരിക്കും.

എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ മനപ്പാഠമാക്കി, വള്ളിപുള്ളി വിസര്‍ഗം വിടാതെ തന്മയത്വമായി പൊതുസദസ്സുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവതരിപ്പിക്കും, കൈയടിയും വാങ്ങും. ഇങ്ങനെ ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടും. ഇവര്‍ ഭൂതകാലത്തെ ചികഞ്ഞുകൊണ്ടേയിരിക്കും. പഴമ തേടി നടക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ ഒരു സംഭവകഥ ശങ്കരാ ടീവിയില്‍ ഈയടുത്ത കാലത്തു സുപ്രസിദ്ധനായ ഡോ. (പ്രൊഫ.) ഗുരുരാജ് കര്‍ഗി (ഉൃ. ഏൗൃൗൃമഷ ഗമൃഴശ) വളരെ ആകര്‍ഷണീയമായ ശൈലിയില്‍, അല്പം പോലും കൃത്രിമത്വമില്ലാതെ കഥാപംക്തിയില്‍ പറഞ്ഞത് എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്നു. അതെന്താണെന്നു നമുക്കു നോക്കാം.

ഇതിലെ കഥാനായകന്‍ മഹാരാഷ്ട്രയിലെ ഒരു കോളേജുവിദ്യാര്‍ത്ഥിയായിരുന്ന സുരേഷ് ഗയ്‌ത്തോണ്ടേ ആയിരുന്നു. അദ്ദേഹത്തിനു മ്യൂസിക് ലെജന്റായിരുന്ന കിഷോര്‍കുമാറിനെ അനുകരിച്ച്, അദ്ദേഹത്തിന്റെ ഹിറ്റായിത്തീര്‍ന്ന അനവധി പാട്ടുകള്‍ അതേപടി ഹൃദയഹാരിയായി പാടുവാന്‍ കഴിയുമായിരുന്നു. ശ്രോതാക്കള്‍ക്ക് അതു കിഷോര്‍കുമാര്‍ തന്നെ പാടുന്നതു പോലെ തോന്നുമായിരുന്നു. അത്ര സാമ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. അഭൂതപൂര്‍വമായ ഈ വരദാനം ഈശ്വരന്‍ അകമഴിഞ്ഞരുളിയ ഗയ്‌ത്തോണ്ടേയെ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുപോലെ വളരെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ആ കോളേജിന്റെ വാര്‍ഷികാഘോഷം പൂര്‍വാധികം ഭംഗിയായും ഗംഭീരമായും നടത്തുവാന്‍ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും തീരുമാനിച്ചു. ആ ആഘോഷത്തില്‍ ഒരു പ്രശസ്തനായ സാഹിത്യകാരനെ മുഖ്യാതിഥിയായി ക്ഷണിക്കുവാനും അതോടൊപ്പം സുപ്രസിദ്ധ പിന്നണിഗായകനായിരുന്ന കിഷോര്‍കുമാറിന്റെ ഗാനമേള ഒരുക്കുവാനും ഏവരും ഐകകണ്‌ഠ്യേന തീരുമാനിച്ചു. ചുരുക്കത്തില്‍ ഒരു കിഷോര്‍കുമാര്‍ നൈറ്റ്!

നിശ്ചിതദിവസം സമാഗതമായി. ആഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും ആസനസ്ഥരായി. മുഖ്യാതിഥിയായി വന്ന സാഹിത്യകാരനും മറ്റു പ്രാസംഗികരും തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലും എല്ലാവരും അവരവരുടെ വിഹിതം പ്രസംഗം അവസാനിപ്പിച്ചപ്പോള്‍, അടുത്തതായി കിഷോര്‍കുമാറിന്റെ ഗാനമേള തുടങ്ങാനുള്ള സമയമായി. അല്പനേരത്തേയ്ക്കു തിരശ്ശീല വീണു. പത്തു നിമിഷങ്ങള്‍ക്കു ശേഷം കര്‍ട്ടനുയരുമ്പോള്‍ അരങ്ങില്‍ നടുവില്‍ മൈക്കും പിടിച്ചു കിഷോര്‍കുമാര്‍ നില്‍ക്കുന്നു. വാദ്യമേളക്കാരെല്ലാം പിന്നില്‍ അണിനിരന്നിരിക്കുന്നു. പെട്ടെന്ന്, വിദ്യാര്‍ത്ഥിനേതാക്കളുടേയും ചില അദ്ധ്യാപകരുടേയും അഭിപ്രായപ്രകാരം സുരേശ് ഗയ്‌ത്തോണ്ടെ കിഷോര്‍കുമാറിന്റെ ഒന്നു രണ്ടു ഹിറ്റ് നമ്പറുകള്‍ സ്റ്റേജില്‍ വന്ന് വളരെ ഭംഗിയായും ഭാവാത്മകമായും പാടി. പാടിക്കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്നു കരഘോഷം മുഴങ്ങി. തുടര്‍ന്ന് കിഷോര്‍കുമാര്‍ മൈക്കുവാങ്ങിയിട്ട് ഇപ്രകാരം പറഞ്ഞു:

""ശ്രീമാന്‍ സുരേഷ് ഗയ്‌ത്തോണ്ടേ, താങ്കള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങള്‍! പക്ഷേ, ക്ഷമിക്കണം, നിങ്ങള്‍ എന്റെ പാട്ടുകള്‍ പാടി സ്വയം നശിക്കുകയാണ്.'' ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും വളരെ അതിശയവും ഗയ്‌ത്തോണ്ടേയ്ക്കു കടുത്ത നിരാശയും തോന്നി. കിഷോര്‍കുമാര്‍ ഇപ്രകാരം തുടര്‍ന്നു:

""ഞാന്‍ ഇങ്ങനെ പറഞ്ഞല്ലോ എന്നോര്‍ത്തു താങ്കള്‍ക്ക് അതിശയം തോന്നുമായിരിക്കും. എന്നെ അനുകരിച്ചു പാടി താങ്കള്‍ സംതൃപ്തി നേടുമ്പോള്‍ താങ്കളുടെ സ്വന്തം വ്യക്തിത്വം ഇല്ലാതാവുകയാണ്. എന്റെ പാട്ടുകള്‍ എന്റെ സ്വരത്തിലും ഈണത്തിലും അതേപടി പാടുമ്പോള്‍ കേള്‍ക്കുന്നവര്‍ താങ്കളെ വാനോളം പുകഴ്ത്തുമെന്നതു വാസ്തവമാണ്. പക്ഷേ, എനിക്കും എന്റെ പാട്ടുകള്‍ക്കുമാണ് അമരത്വം ലഭിക്കുന്നത്. എന്നെ ലോകര്‍ എന്നും സ്മരിക്കും. താങ്കളെ പാടേ മറന്നുപോകും. വെറും ഓര്‍ക്കെസ്ട്രാക്കാര്‍ മാത്രമേ താങ്കളെപ്പോലെയുള്ള അനുകരണഗായകരെ സ്മരിക്കുകയുള്ളൂ. ഞങ്ങള്‍ക്കെല്ലാം, നാളെ ഞങ്ങളില്ലെങ്കിലും ഞങ്ങളുടെ ഓര്‍മ്മയെ നിലനിര്‍ത്തുവാന്‍ ഞങ്ങള്‍ പാടിയിട്ടുള്ള ചലച്ചിത്രങ്ങളും മ്യൂസിക്ക് ആല്‍ബങ്ങളും ഉപകരിക്കും. അതിനു കാലപരിമിതിയില്ല. സിനിമാനിര്‍മ്മാതാക്കള്‍ക്കോ സംവിധായകര്‍ക്കോ സംഗീതസംവിധായകര്‍ക്കോ അനുകരണഗായകരെ ആവശ്യമില്ല. അവര്‍ക്കു വേണ്ടതു സംഗീതം അഭ്യസിച്ച, പുതിയ പാട്ടുകള്‍ പഠിക്കുവാനുള്ള അഭിവാഞ്ഛയുള്ള നല്ല സ്വരമാധുരിയുള്ള യുവഗായകരെയാണ്, പിന്നണിഗായകരായി പ്രവര്‍ത്തിക്കുവാന്‍. നിങ്ങള്‍ ഒരു ജോലിക്കുവേണ്ടി ഒരാഫീസില്‍പ്പോയി, ഒറിജിനലും കാര്‍ബണ്‍ കോപ്പിയും (Duplicate) കൊടുത്താല്‍ അവര്‍ കോപ്പി തിരിച്ചുതരും. ആര്‍ക്കും കോപ്പി വേണ്ട. ഒറിജിനല്‍ മാത്രം മതി. ഈ സത്യം മനസ്സിലാക്കി താങ്കള്‍ അശ്രാന്തപരിശ്രമം ചെയ്താല്‍ താങ്കള്‍ക്കു സംഗീതലോകത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാനും ചിരപ്രതിഷ്ഠ നേടാനും കഴിയും അതിനു വേണ്ട ശബ്ദസൗഷ്ഠവവും ഗാംഭീര്യവും നിങ്ങള്‍ക്കു ജഗദീശ്വരന്‍ തന്നിട്ടുണ്ട്. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കുക.''

ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ നിരാശയുടെ കാര്‍മേഘപടലം മൂടിയിരുന്ന ഗയ്ത്തോണ്ടേയുടെ മുഖം പ്രതീക്ഷകളുടേയും ശുഭാപ്തിവിശ്വാസത്തിന്റേയും മണിമുകിലുകളണി നിരന്ന ആകാശം പോലെ പ്രസന്നമായി. കിഷോര്‍കുമാര്‍ തന്റെ ഗാനമേളയും ആരംഭിച്ചു.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC