സിബി ഡേവിഡ്

അതിരുകളില്ലാതെ

കല സര്‍വ്വലൌകീകമാണ്. അതിന് മതത്തിന്റെയൊ, ഭാഷയുടെയോ ദേശത്തിന്റെയൊ അതിരുകളില്ല. അത് മനുഷ്യനെ, ജീവജാലങ്ങളെത്തന്നെ ഒന്നിപ്പിക്കുന്നു. സരോദിന്റെ തന്ത്രികളില്‍ ഉതിരുന്ന നാദവിസ്മയം നമ്മുടെ മനസ്സുകളെ രഞ്ജിപ്പിക്കുമ്പോള്‍ നമ്മള്‍ അന്വേഷിക്കാറില്ല അംജദ് അലി ഖാന്റെ മതമേതാണെന്ന്. ആ ശ്രുതിലയങ്ങളില്‍ നമ്മുടെ മനസ്സ് ആര്‍ദ്രമാകുന്നു. മനുഷ്യന്‍ ഇന്ന് ഏറ്റവും ഭയക്കുന്നത് അന്യഗ്രഹജീവികളെയോ, വന്യമൃഗങ്ങളെയോ അല്ല.

മനുഷ്യന്‍ ഭയക്കുന്നത് മനുഷ്യനെത്തന്നെയാണ്. ദൈവങ്ങളുടെ മധ്യവര്‍ത്തികളെന്നു അവകാശപ്പെടുന്ന മതങ്ങള്‍ത്തന്നെയാണ് ഇന്ന് മനുഷ്യന് മുഖ്യ ഭീതികാരണം. ഇവിടെ മനുഷ്യ മനസ്സുകള്‍ ഉണരേണ്ടിയിരിക്കുന്നു. ജാതിമതഭേദങ്ങളില്ലാത്ത, ഉച്ചനിച്ചത്വങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് മനസ്സിനെ ഉയര്‍ത്താന്‍ കലയിലുടെ മാത്രമേ കഴിയു. അത് മാത്രമാണ് കലാവേദിയിലുടെ ആര്ജ്ജിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതും.

കുടിയേറ്റഭൂമികയില്‍ നമ്മള്‍ നമ്മുടെതായ സാംസ്‌കാരികമായ ഒരിടം സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് കലാവേദിയുടെ പിറവിയ്ക്ക് കാരണമായി. പത്തുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രവര്‍ത്തനമണ്ഡലവ്യാപ്തി വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സവിശേഷതയാര്‍ന്ന വ്യക്തിത്വങ്ങളെ ആകര്‍ഷിക്കുവാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. വരുംകാലപ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകാന്‍ ഇനിയും മനസ്സുകള്‍ ഉണരട്ടെ. ഇനിയും മനസ്സുകള്‍ ഉണരട്ടെ. 

Read more

നാനാത്വത്തില്‍ ഏകത്വം

ചൂതുകളിയില്‍ തോറ്റ് രാജ്യവും പ്രതാപവും നഷ്ടപെട്ട പാണ്ഡവര്‍ക്ക് 13 വര്‍ഷത്തെ വനവാസത്തിന് ശേഷം ഇന്ദ്രപ്രസ്ഥം നിഷേധിച്ച ദുര്യോധനന്‍ സമാധാനദൗത്യവുമായെത്തിയ കൃഷ്ണനെ പരിഹസിച്ച് മടക്കിയയച്ചു. ഇന്ദ്രപ്രസ്ഥമില്ലെങ്കില്‍ അഞ്ചു നാടുകളെങ്കിലും പാണ്ഡവര്‍ക്ക് വിട്ടുകൊടുക്കണമെന്ന അപേക്ഷ പുച്ചിച്ചുതള്ളിയെന്ന് മാത്രമല്ല, വീണ്ടും വനവാസമാണ് ദുര്യോധനന്‍ പാണ്ഡവര്‍ക്ക് നിര്‍ദേശിച്ചത്. മറ്റു പോംവഴിയില്ലെന്ന് തിരിച്ചറിഞ്ഞ കൃഷ്ണന്‍ ധര്‍മ്മയുദ്ധത്തിനു തയ്യാറെടുക്കാന്‍ പാണ്ഡവരെ ഉപദേശിച്ചു. സ്വാര്‍ത്ഥതയുടെയും, അധികാരമോഹത്തിന്റെയും, പ്രതികാരത്തിന്റെയും കഥകളൊരുക്കി, കുരുക്ഷേത്രയുദ്ധം ഭാരതചരിത്രത്തില്‍ അനുസ്മരിക്കപ്പെടുന്നു.

മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. എല്ലാം അവന്റെ ദേശത്തിനുവേണ്ടി, അവന്റെ മതത്തിനുവേണ്ടി, അവന്റെ സമുദായത്തിനുവേണ്ടി, എല്ലാം അവനുവേണ്ടിമാത്രം അവന്‍ ചിന്തിക്കുന്നു.

ഭാരതം നൂറ്റാണ്ടുകളോളം അസ്വാതന്ത്ര്യത്തിന്റെ ചങ്ങലയില്‍ തളച്ചിടപ്പെട്ടു. എന്നാല്‍ ഒരു കൊടുക്കല്‍വാങ്ങല്‍പ്രക്രിയ അവിടെയുമുണ്ടായി. പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാര്‍ക്കുംസാധ്യമായതുവഴി സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സാമുഹ്യപുരോഗതിക്കു വഴിതുറന്നു. സാമുഹ്യമുന്നേറ്റത്തിനു കേരളീയര്‍ ഭാരതത്തിന്തന്നെ മാതൃകയായി. പ്രബുദ്ധതയുള്ള ജനതയെന്ന് നാം കേരളീയര്‍ പ്രശംസിക്കപ്പെട്ടു.

നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശത്തില്‍ അടിയുറച്ച നമ്മുടെ ദേശിയ ഐക്യബോധത്തിനു അടിവരയിടുന്നതായിരുന്നു കേരളത്തിലെ മതസഹിഷ്ണുതയും, മതസെ#ൗഹാര്‍ദ്ദവും. ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടം മഹോത്സവവും, എരുമേലിയിലെ വാവരുപള്ളിയും കൊച്ചമ്പലവും അതിനോടനുബന്ധിച്ച കഥകളും മറ്റും കേരളത്തിലെ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം മതസൗഹാര്‍ദ്ദം ചൂണ്ടിക്കാണിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രം.

എന്നാല്‍ ഇന്നും, വളരുംതോറും പിളരുമെന്ന പ്രതിഭാസം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മതമൗലികവാദങ്ങള്‍ നാം കൈയൊഴിയുന്നില്ല.

പകരം, മുറുകെപ്പിടിക്കുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ പലയിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്ന മത വംശീയ സംഘര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ നാം എത്തപെട്ടിരിക്കുന്ന അപകടാവസ്ഥ ബോധ്യമാകും.

അമേരിക്കന്‍മണ്ണില്‍ പരദേശവാസികളായി ജീവിക്കുന്ന നമ്മള്‍ക്കും സംസ്‌കാരികൈക്യം നഷ്ടപ്പെടുന്നൊ എന്ന് തോന്നിപ്പിക്കുന്നതാണ് ഇവിടുത്തെ മതസാമുദായിക സംഘടനകളുടെ പ്രവര്‍ത്തനരീതി.

ഒരനുഭവം പങ്കുവയ്ക്കാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പഴയ കാര്‍ വാങ്ങാന്‍ ഒരു വയോധികനായ മലയാളിയുടെ അടുത്തെത്തി. ഉറപ്പിച്ച വിലക്ക് കാര്‍ തരാമെന്ന് സമ്മതിച്ചു. എന്നോട് പ്രത്യക മമത കാണിച്ച ആ ചേട്ടന്‍ 200 ഡോളറിന്റെ ഒരു പ്രത്യേക കിഴിവ് എനിക്ക് വാഗ്ദാനം ചെയ്തു. ടൈറ്റില്‍ സൈന്‍ ചെയ്ത് ചെക്ക് കൈമാറിക്കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു 'മോന്‍ ഏതു പള്ളീലാ പോകുന്ന'തെന്ന്. ഞാന്‍ പള്ളിയുടെ പേര് പറഞ്ഞു. അതുവരെ വളരെ തല്പര്യത്തോടുകൂടി എന്നോട് കുശലമൊക്കെ പറഞ്ഞു നിന്ന ആ ചേട്ടന്‍ വളരെ ദുഖിതനായി കാണപ്പെട്ടു. എന്നിട്ട് പറഞ്ഞു, 'ഞാന്‍ വിചാരിച്ചു നീ ഞങ്ങടെ കൂട്ടത്തില്‍ ഉള്ളതാന്ന്, അതുകൊണ്ടാ കിഴിവ് തന്നതെന്ന്'. പിന്നെ ഒന്നും പറയാതെ അയാളുടെ വീട്ടിലേക്കു കയറിപ്പോയി. ഞാനും പ്രയാസത്തിലായി.

ആ ചേട്ടന്റെ മനോഭാവം മിക്കവാറും മലയാളിയുടെതന്നെയാണ്. ഞാന്‍ മറ്റൊരു കേരളീയനാണെന്ന പരിഗണനക്ക് ഉപരിയായി അയാളുടെ അതേ സമുദായക്കാരന്‍ അല്ലെന്ന പുച്ഛം നിറഞ്ഞ ആ മനോഭാവ മാണ് അപകടം. ഭാഷാ സംസ്‌കാരികാടിസ്ഥാനത്തില്‍ ഒരു സമൂഹമായി ജാതി മത സാമുദായിക താല്പര്യങ്ങള്‍ക്ക് ഉപരിയായി നാം ചിന്തിക്കേണ്ടതുണ്ട്.

പ്രശസ്ത വാഗ്മിയും, പണ്ഡിതനുമായ റവ. ഡോ. കെ. എം. ജോര്‍ജ് എഴുതിയ 'പ്രവാസത്തിന്റെ നാളുകള്‍' എന്ന കാവ്യകഥാഗ്രന്ഥത്തില്‍ ഒരു കഥയുണ്ട്. നിറങ്ങള്‍ ഏഴും, ഏഴു കൂടാരങ്ങളില്‍ വസിച്ച് തങ്ങളാണ് ഏറ്റവും ശ്രേഷ്ടമെന്നു വാദിച്ചുകൊണ്ടിരുന്നു. നിറങ്ങളുടെ കലഹം തീര്‍ക്കുന്നതിനായി സൂര്യന്‍ സൂര്യനഗരിയില്‍ നിറങ്ങള്‍ക്കെല്ലാം ഒരു വിരുന്നു നല്കി. വിശിഷ്ടമായ വിരുന്നു മേശക്കു ചുറ്റും നിറങ്ങളെല്ലാം ഇരുപ്പുറപ്പിച്ചു. ആ സമയത്ത് സൂര്യഭഗവാന്‍ പ്രക്ത്യക്ഷപെട്ടു അതിന്റെ സ്വര്‍ണ്ണക്കതിരുകള്‍കൊണ്ട് നിറങ്ങളെയെല്ലാം തലോടി വാത്സല്യപൂര്‍വ്വം എന്റെ മക്കളെ എന്ന് വിളിച്ചു. ആ തലോടലില്‍ ഏഴുനിറങ്ങളും അലിഞ്ഞുചേര്‍ന്ന് ഒന്നായിത്തീര്‍ന്നു.

സ്‌നേഹസൂര്യനായ ഈശ്വരന്‍ മനുഷ്യമനസ്സുകളെ തലോടുമ്പോള്‍ എല്ലാ മനുഷ്യരും അവിടെ ഒന്നായിത്തീരുന്നു. പിന്നെ സ്വാര്‍ത്ഥപരമായ ഇടുങ്ങിയ ചിന്തകള്‍ക്ക് പ്രസക്തിയില്ല.

ജാതിമതഭേദങ്ങള്‍ക്കതീതമായി മലയാളത്തിന്റെ മഹോത്സവമായ തിരുവോണം വിളംബരം ചെയ്യുന്ന ഒരുമയുടെയും, സമത്വത്തിന്റെയും വലിയ സന്ദേശം ഇന്ന് പോയ്മറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലും വിഭാഗിയതയെ വളര്‍ത്തുന്ന, സൗഹാര്‍ദ്ധാന്തരീക്ഷം തകര്‍ക്കുന്ന മനോഭാവമുള്ള ആളുകള്‍ നേതാക്കളുടെ ചമയമണിഞ്ഞു നടക്കുന്നുണ്ട്. അത് തിരിച്ചറിയുവാന്‍ വിവേകശാലികള്‍ക്കെ കഴിയു.

പ്രാദേശികവും, ദേശിയവുമായ സാംസ്‌കാരിക സംഘടനകള്‍ക്ക് പൊതുഐക്യം പരിരക്ഷിക്കുന്നതില്‍ ഗൗരവമായ പങ്കാണുള്ളത്. പക്ഷെ അത് എത്രത്തോളം നിര്‍വഹിക്കപ്പെടുന്നുവെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ സംസ്സ്‌കരികാപചയം മതമെ#ൗലികവാദികള്‍ക്ക് വളക്കൂറൊരുക്കും.

ഏകദേശം മൂന്നു ദശാബ്ദക്കാലമായി പ്രവര്‍ത്തനനിരതമായിരിക്കുന്ന ബാള്‍ട്ടിമോറിലെ കൈരളി എന്ന സാംസ്‌കാരികസംഘടനപോലെയുള്ള പ്രസ്ഥാനങ്ങളുടെ കര്‍ത്തവ്യബോധം ഇവിടെയാണ് പ്രകീര്‍ത്തിക്കപ്പെടെണ്ടത്.

ഭാഷയുടെയും സംസ്‌കൃതിയുടെയും അടിസ്ഥാനത്തില്‍ ഒന്നിച്ചുനില്‌ക്കേണ്ട സമൂഹം ജാതി മത സാമുദായികാടിസ്ഥാനത്തില്‍ പല തട്ടുകളിലായി വിഭജിക്കപ്പെടുന്നത് വരും തലമുറകള്‍ക്ക് അപകടമാണെന്ന സത്യം നമ്മള്‍ തിരിച്ചറിഞ്ഞു ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇന്നത്തെ കേരളത്തിലെ മത രാഷ്ട്രിയ സാമുദായിക മേല്‍ക്കോയ്മകള്‍ പരദേശത്തു പാര്‍ക്കുന്നവരുടെ ഇടയില്‍ നടത്തുന്ന ഇടപെടലുകളുടെ ഒരേ ഒരു ലക്ഷ്യം പിഴിയാവുന്നത്ര പിഴിഞ്ഞ് അവരുടെ ആസ്തിയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ്. ലക്ഷ്യപ്രാപ്തിക്കായി ഏതടവും അവര്‍ പ്രയോഗിക്കും. അതിനു പിണിയാളായി പ്രവര്‍ത്തിക്കുവാന്‍ പ്രവാസികളും തയ്യാറാവുന്നത് ഖേദകരമാണ്.

ജാതിയും മതവും മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെയാണ്, അത് ഭ്രാന്തായിക്കഴിഞ്ഞാല്‍. ഇന്നത്തെ സാഹചര്യത്തില്‍ ആത്മീയതയും മതഭ്രാന്തും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. സാംസ്‌കാരിക നേതൃത്വങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

മറ്റൊരു ഓണക്കാലം സമാഗതമായിരിക്കുന്ന ഈ വേളയില്‍ എല്ലാ കേരളീയര്‍ക്കും വിഭാഗിയതകള്‍ക്കതീതമായ മാനവൈക്യത്തിലുടെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആശംസകള്‍ നേരുന്നു.

Read more

മലയാളസിനിമയും വൈതരണികളും

അമ്മെ, എങ്ങനാമ്മെ കുഞ്ഞുണ്ടാവുന്നെ? ബാല്യത്തില്‍ നമ്മളില്‍ പലരും ചോദിച്ചിരിക്കാനിടയുള്ള കൗതുകകരമായ ഒരു ചോദ്യം. കുഞ്ഞിന്റെ ജിജ്ഞാസ നിറഞ്ഞ ഈ ചോദ്യത്തിന് അമ്മ വളരെ വിദഗ്ധമായി മറുപടി തരും. ക്രിസ്മസ്രാവില്‍ ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനപ്പൊതികളുമായി വരുമെന്ന് പറയുന്നതുപോലെ ഒരു കൊച്ചുകള്ളം. കുഞ്ഞിനോട് അങ്ങനെ പറയാനെ അമ്മയ്ക്ക് സാധിക്കു. എന്നാല്‍ ബാല്യം കടന്ന് കൗമാരമെത്തുന്നതോടെ നമ്മള്‍ സത്യം മനസ്സിലാക്കും.

പൊതുവിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന അടിസ്ഥാന അറിവുകളില്‍പ്പെടുന്നതായ്കകൊണ്ട,#് പ്രജനനം, ജനനം, മരണം തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കൗമാരപ്രായത്തിലെത്തിയവര്‍ക്ക് ഗ്രഹിക്കാവുന്ന സാമാന്യകാര്യങ്ങളാണ്. പ്രത്യേകിച്ച്, വര്‍ത്തമാനകാലത്തെ ബഹുജനസമ്പര്‍ക്കമാധ്യമങ്ങളുടെ പ്രവാഹത്തില്‍.

താജ്മഹല്‍ ആരാണ് ആദ്യം കണ്ടത് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? അത് രൂപകല്പന ചെയ്തുനിര്‍മ്മിച്ച ശില്പി അയാളുടെ ഭാവനയിലാണ് താജ്മഹല്‍ ആദ്യം കണ്ടതെന്ന് ഏതൊരാള്‍ക്കും അറിയാം. സംവിധായകന്‍ തന്റെ ഭാവനയില്‍ മെനഞ്ഞെടുത്ത അതേ കലാചാരുതയോടെ, ദൃശ്യഭംഗിയോടെയാണ് പ്രേക്ഷകന്‍ സിനിമ വെള്ളിത്തിരയില്‍ കാണുന്നത്. സാങ്കേതികപ്പിഴവ് വരാം.

എനിക്കൊരു സ്വപ്നമുണ്ട് എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞതുപോലെ തന്റെ ഭാവനയില്‍ മാതൃത്വം വിഷയമാക്കി ഒരു സിനിമയുണ്ടെന്ന് ബ്ലസി തന്റെ ഭാവിസിനിമാപദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ആക്രോശങ്ങളുടെ പ്രവാഹമായിരുന്നു. കഥയെയും, അതിന്റെ ആഖ്യാനപ്രക്രിയയുടെ സൂക്ഷ്മതലങ്ങളെയും വളരെ മികവോടെയും വൈകാരിക തീവ്രതയോടെയും അവതരിപ്പിക്കുവാന്‍ കഴിവുള്ള സംവിധായകനെന്ന് ഉത്തരേന്ത്യന്‍ ചലച്ചിത്രനിരൂപകരുടെപോലും പ്രശംസ പിടിച്ചുപറ്റിയ സംവിധായകന്‍ ബ്ലസിയാണ് ഇവിടെ കുറ്റാരോപിതന്‍.

ഗര്‍ഭിണിയായ സ്ത്രീ തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ഓരോ ഹൃദയമിടിപ്പും അനുഭവിച്ചറിയുന്നവളാണ്. ഒരു ശരീരവും രണ്ടു ആത്മാക്കളുമായി, കുഞ്ഞിന്റെ സങ്കടവും, ആഹ്ലാദവുമെല്ലാം ആ അമ്മ അറിയുന്നു. സംവിധായകന്റെ ഭാവനയില്‍ എത്ര പവിത്രമായിട്ടായിരിക്കണം ആ മുഹൂര്‍ത്തങ്ങള്‍ക്ക് രൂപഭംഗി ചാര്‍ത്തിയിരിക്കുന്നത്.

ഒരു പക്ഷെ സംവിധായകനുപോലും സങ്കല്പിക്കാന്‍ കഴിയാത്തത്ര വൈകാരികവേലിയേറ്റങ്ങള്‍ അനുഭവിക്കുന്നുണ്ടാവും കുഞ്ഞിന് ജന്‍മം കൊടുക്കുന്ന അമ്മ. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് ലോകത്തിന്റെ വെളിച്ചത്തിലേക്ക് പിറന്നു വീഴുന്ന ആ നിമിഷത്തില്‍ കുഞ്ഞിന്റെ കണ്ണിലെ ചൈതന്യം തുടിക്കുന്ന ആ തിളക്കം, അത് ഒരു അമ്മയ്ക്ക് നല്‍കുന്ന അനുപമമായ നിര്‍വൃതിയുടെയും, അതിരറ്റ ആഹല്‍ദത്തിന്റെയും അനിര്‍വ്വചനീയമായ നിമിഷങ്ങള്‍, ഇതായിരിക്കാം ബ്ലസിയുടെ സ്വപ്നം.

സംവിധായകന്റെ ഭാവനയില്‍ മാത്രമുള്ള ഒരു സിനിമ, അതിന്റെ ഗര്‍ഭാവസ്ഥയില്‍ വികാസം പ്രാപിച്ചു വരുന്ന ഒരു കഥയെയും, കഥാസന്ദര്‍ഭങ്ങളെയും അശ്ലീലമെന്നു മുദ്ര കുത്താന്‍ മലയാളി വെമ്പുന്നതു കാണുമ്പോള്‍ മൂക്കത്തു വിരല്‍ വച്ചുപോവില്ലെ സാമാന്യബുദ്ധിയുള്ളവരെ!

കേരളത്തിലെ നിയമസഭാസ്പീക്കര്‍, മഹിളാസംഘടന പ്രവര്‍ത്തകര്‍ തുടങ്ങി പലതലങ്ങളില്‍പ്പെട്ട പ്രശസ്തരുടെ ഒരു നിരയാണ് അടുത്തകാലത്ത് ബ്ലെസ്സിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്ന് സ്പീക്കര്‍ പറഞ്ഞത് ഇത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മനുഷ്യാവകാശപ്രശ്‌നമാണെന്നാണ്. ജീവിച്ചിരിക്കുന്ന എത്രപേരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഈ അധികാരികള്‍ക്ക് കഴിയുന്നുണ്ട്?

ഇവിടെ സിനിമ നിര്‍മ്മിക്കപ്പെട്ടിട്ടില്ല, എനിക്കൊരു സ്വപ്നമുണ്ടെന്ന് പറഞ്ഞതേയുള്ളു. അപ്പോഴേക്കും സ്ത്രീത്വം സംരക്ഷിക്കാന്‍ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന മഹിളാസംഘടനകള്‍ കൊടിയുയര്‍ത്തി. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ അധികാരികള്‍ വാളെടുത്തു.

താത്വികമായും, യുക്തിപരമായും ചിന്തിച്ചാല്‍ ഒരു കലാകാരന്റെ ആത്മാവിഷ്‌ക്കാര സ്വാതന്ത്ര്യം വിലക്കാന്‍ മറ്റാര്‍ക്കാണ് അവകാശം? കലാകാരന്‍ ഇടപെടുന്നത് തീവ്രവാദപ്രവര്‍ത്തനത്തിലൊ, ദേശവിരുദ്ധകുറ്റകൃത്യങ്ങളിലൊ അല്ലല്ലൊ.

മേല്പ്പറഞ്ഞ വിരുദ്ധനിലപാടുകളും, അന്ധമായ ജല്പ്പനങ്ങളും നല്ല സിനിമയെ വളരാന്‍ സഹായിക്കില്ല, പകരം പിന്നോട്ടടിക്കും എന്നതില്‍ സംശയമില്ല. പരിഷ്‌കൃതരാജ്യങ്ങളില്‍ നിലവിലില്ലാത്ത സിനിമാസെന്‍സറിംഗ് എന്ന ഏര്‍പ്പാടാണ് ഇന്ത്യയില്‍ നല്ല സിനിമയെ പിന്നോക്കം നിര്‍ത്തുന്ന മറ്റൊരു വൈതരണി.

ഒരു ചിത്രകാരന്‍ ചിത്രം വരയ്ക്കുന്നുവെന്ന് സങ്കല്പ്പിക്കുക. ഭരണകൂടം നിശ്ചയിച്ച കമ്മറ്റി അത് കണ്ടിട്ട് ഒരു കമ്മിറ്റി അംഗം നിശ്ചയിക്കുന്നു, ചിത്രത്തിലെ കഥാപാത്രത്തിന്റെ മൂക്കിന് നീളം കൂടിപ്പോയി. ഇക്കാരണത്താല്‍ ആ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നു. അതായത് അധികാരി കണ്ടെത്തിയ പോരായ്മ പരിഹരിക്കാതെ ആരും ആ ചിത്രം കാണാന്‍ പാടില്ല. അഥവാ ഇനി ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ കമ്മറ്റി നിര്‍ദ്ദേശിക്കുംവിധം മൂക്കിന്റെ അഗ്രം മായ്ചു#്കളയണം. ഇവിടെ ചിത്രകാരന്റെ ഭാവനാവിലാസങ്ങള്‍ക്കൊ പ്രേക്ഷകന്റെ ആസ്വാദനാഭിരുചികള്‍ക്കൊ ഒരു സ്ഥാനവുമില്ല. ഇതുപോലെയാണ് ഇന്ത്യയില്‍ സിനിമ സെന്‍സര്‍ ചെയ്ത് അതിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന സെന്‍സറിംഗ്കമ്മിറ്റിയുടെ പ്രവര്‍ത്തനരീതി.

സെന്‍സറിംഗ് എന്ന പേരിലുള്ള സര്‍ക്കാരിന്റെ ഇത്തരം നടപടിയെ ഒരു കലാകാരന്റെ ആത്മപ്രകാശനത്തിന്മേലുള്ള കുറ്റകരമായ കടന്നുകയറ്റമായി വേണം തിരിച്ചറിയേണ്ടത്. സിനിമയെ അതിന്റെ സ്വഭാവം അനുസരിച്ച് തരംതിരിക്കാം. അങ്ങനെയാവുമ്പോള്‍ പ്രത്യേകതരത്തില്‍പ്പെട്ട സിനിമ പ്രേക്ഷകന് കാണാം, അഥവാ കാണാതിരിക്കാം.

മിഠായി മോഷ്ടിക്കുന്ന കൊച്ചു കുട്ടിയുടെ കൈപ്പത്തി ഛേദിക്കണം എന്ന് അനുശാസിക്കുന്ന കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളെപ്പോലും നാണിപ്പിക്കുന്നതാണ് ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ചില സിനിമാസെന്‍സറിംഗ് നിയമങ്ങള്‍. ഇത് പണവും, സ്വാധീനവും അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുമെന്നുള്ളത് എല്ലാവര്‍ക്കുമറിയാവുന്ന അലിഖിത നിയമവും. ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയപ്രക്രിയയില്‍ എല്ലാ അംഗങ്ങളും മല്‍സരത്തിനെത്തുന്ന എല്ലാ സിനിമകളും കാണേണ്ടതില്ല എന്ന വിചിത്രമായ സത്യം വേറെ.

ഇതിനുംപുറമെ, സിനിമാഭിനേതാക്കളുടെയും, നിര്‍മ്മാതാക്കളുടെയും, സാങ്കേതിക പ്രവര്‍ത്തകരുടെയും, വിതരണക്കാരുടെയും സംഘടനകള്‍ വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളും സിനിമയുടെ സമഗ്രമായ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കുന്നു.

നിര്‍മ്മിതിയുടെ അവസാനഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 'കളിമണ്ണ്' പ്രദര്‍ശന സജ്ജമാകുന്നതും കാത്ത് ലോകത്തിന്റെ എല്ലാ കോണുകളിലും കലാസ്‌നേഹികളായ മലയാളികള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ യൂട്യൂബില്‍ കാണാവുന്ന കളിമണ്ണിലെ ഗാനങ്ങള്‍ അപ്ലോഡ് ചെയ്ത് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അത് കണ്ടത് ഏഴരലക്ഷത്തിലധികം പ്രേക്ഷകരാണ്. മറ്റൊരു മലയാളസിനിമയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് ഈ റിക്കോര്‍ഡ് സൂചിപ്പിക്കുന്നത്.

പ്രതിഭാശാലിയായ ബ്ലസിയുടെ ശില്പവൈദഗ്ധ്യത്തില്‍ കാഴ്ചയും, തന്‍മാത്രയും, പളുങ്കും, കല്‍ക്കട്ടാന്യൂസും, ഭ്രമരവും, പ്രണയവും പോലെ, 'കളിമണ്ണും' ആസ്വാദനത്തിന്റെ അനിര്‍വ്വചനീയമായ മാസ്മരികതയില്‍ പ്രേക്ഷക മനസ്സുകളെ ഉന്‍മത്തരാക്കുമെന്ന് പ്രതീക്ഷിക്കാം. കലാകാരന്റെ ആത്മാവാകുന്ന മൂശയുടെ കനല്‍ചൂടില്‍ വാര്‍ത്തെടുത്ത ഒരു പുതിയ ചലച്ചിത്രാനുഭവത്തിനായി കാത്തിരിക്കാം.

Read more

മലയാളം മഹിതമായി

(ന്യൂയോര്‍ക്കിലെ ഗുരുകുലം മലയാളം സ്‌കൂള്‍ സുവനിറില്‍ June 2013 പ്രസ്സിദ്ധീകരിച്ചത്.)

പരദേശത്തു പാര്‍ക്കുന്ന ഒരുപറ്റം മനുഷ്യര്‍. ഭാഷ വേറെ, സംസ്‌കാരം വേറെ. അതിജീവനത്തിനുള്ള നെട്ടോട്ടം. ആ മണ്ണില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളാവട്ടെ ആ ദേശത്തിന്റെ സംസ്‌കാരത്തില്‍ വളരുന്നു. തങ്ങള്‍ക്കു സ്വന്തമായൊരു ദേശവും, ഭാഷയും, സംസ്‌കാരവും ഉണ്ടെന്നു ആ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ വെമ്പുന്ന മാതാപിതാക്കള്‍. ആ വെമ്പലില്‍ നിന്നും, വേദനയില്‍ നിന്നും 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുകുലത്തിന്റെ തിരി തെളിഞ്ഞു.

ദാര്‍ശനികരായ ഗുരുക്കന്മാരുടെ അചഞ്ചലമായ ആര്‍ജ്ജവവും, അവികലമായ നിശ്ചയദാര്‍ട്യവും ഒന്നു കൊണ്ട് മാത്രം കൊളുത്തിയ ദീപം കൈകളിലെന്താന്‍ അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടംപേര്‍ മുന്നോട്ടു വന്നപ്പോള്‍, ആ നാളമണയാതെ തലമുറകള്‍ കൈമാറി അനുഗ്രഹിതരായ ശിഷ്യസമ്പത്താല്‍ വളര്‍ന്ന് ഗുരുകുലം ഇന്ന് സമൂഹത്തില്‍ ഒരു പ്രകാശഗോപുരമായി ശോഭിക്കുന്നു.

ഗുരുക്കന്മാരെ നിങ്ങള്‍ക്കഭിമാനിക്കാം !

മറുനാട്ടില്‍ മലയാളവും, മലയാളസംസ്‌കൃതിയും പുതുതലമുറയിലേക്കു പകര്‍ന്നു കൊടുക്കുന്നതില്‍ ഒരളവോളം വിജയം കണ്ടെത്താന്‍ നമ്മള്‍ക്ക് കഴിയുന്നു. എന്നാല്‍ നമ്മുടെ സ്വന്തം എന്ന് പറയുന്ന മലയാളനാട്ടില്‍ മലയാളം സംസാരിക്കുന്നത് നീയമം കൊണ്ട് നടപ്പിലാക്കേണ്ടുന്ന അവസ്ഥയിലാണ് കേരളം ഇന്ന്. അവിടെ മലയാളവത്ക്കരണം നടപ്പിലാക്കുന്നു. അതായത് മലയാളം സംസാരിക്കാത്തവര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശനം ഇല്ല. ഒരു നാട്ടില്‍ ആ നാടിന്റെ ഭാഷ സംരക്ഷിക്കാന്‍ നീയമം വേണ്ടി വരുന്നു. എത്ര പരിതാപകരമായ അവസ്ഥയാണെന്നു നോക്കു !

ചില വസ്തുതകള്‍ പരിശോധിച്ചാല്‍ ഭാഷയോടുള്ള വിരോധം അല്ല ഈ വിരോധാഭാസത്തിലേക്ക് നമ്മളെ നയിച്ചതെന്ന് മനസ്സിലാകും. ആഗോളവത്ക്കരണമൊ, മറ്റു അന്താരാഷ്ട്ര ഇടപെടലുകളോ അല്ല മലയാളം നമ്മുടെ നാട്ടില്‍ തന്നെ അവഗണിക്കപ്പെടുവാന്‍ ഉണ്ടായ കാരണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നമ്മള്‍ക്കില്ലാതെ പോയതും നമ്മുടെ സ്വാഭിമാനം നഷ്ടപെട്ടതുമാണ് പ്രധാന കാരണങ്ങള്‍. ഇംഗ്ലീഷ് പഠിക്കണം എന്ന ആവശ്യം മലയാളം പഠിക്കാതിരിക്കാനുള്ള ഒരു കാരണമാകാന്‍ പാടില്ലായിരുന്നു.

ആരാണ് ഭാഷയും സംസ്‌കാരവും ഒക്കെ സംരക്ഷിക്കേണ്ടത്? അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണോ? അതോ വ്യക്തിയുടെതാണോ? ജീവിതം സാമ്പത്തികമായി മാത്രം മെച്ചപ്പെടുത്തുവാന്‍ മനുഷ്യന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുമ്പോള്‍ ഭാഷയും, സംസ്‌കാരവും ഒന്നും പ്രഥമപരിഗണനയില്‍ വരില്ല. പ്രാഥമിക ആവശ്യങ്ങളും ജീവിത രീതികളും മെച്ചപ്പെട്ടുക്കഴിഞ്ഞാല്‍പ്പിന്നെ അല്പം സല്‍ക്കീര്‍ത്തിക്കൊ, പദവിക്കൊ മാത്രമുള്ള ഉപാധിയാവും കലയും, ഭാഷയും, സാഹിത്യവും ഒക്കെ. അതിനു എത്ര വളഞ്ഞ വഴിയില്‍ സഞ്ചരിക്കാനും നാം മടിക്കില്ല.

ഇവിടെയാണ് മൂല്യം, മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഇവയുടെയൊക്കെ പ്രസക്തി. മൂല്യാധിഷ്ടിത വിദ്യാഭ്യാസം ആര്ജ്ജിക്കുന്ന, സ്വന്തം ഭാഷയിലും സംസ്‌ക്കാരത്തിലും അഭിമാനം ഉള്ള ഒരാള്‍ ഒരിക്കലും തന്റെ മാതൃഭാഷയെ കുറച്ചു കാണില്ല. മൂല്യാധിഷ്ടിത വിദ്യാഭ്യാസം അവനവന്റെ വീടുകളിലാണ് ആരംഭിക്കേണ്ടത്.

ആത്മീയതയുടെ പരകോടിയില്‍ അന്യഭാഷ സംസാരിക്കുന്ന വിശ്വാസികളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ ഇന്ന് കേരളത്തില്‍ അന്യഭാഷ സംസാരിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. അവര്‍ സംസാരിക്കുന്ന അന്യഭാഷ മറ്റൊന്നുമല്ല. അത് മലയാളമാണ്. അതെ, കേരളത്തില്‍ മലയാളം അന്യഭാഷയായികൊണ്ടിരിക്കുന്നു. കരയില്‍ കിടന്ന് ജീവവായുവിനു വേണ്ടി പിടയുന്ന മത്സ്യത്തിന്റെ അവസ്ഥയിലൂടെയാണ് മലയാളഭാഷ കടന്നുപോകുന്നത്.

ജനസമ്പര്‍ക്കമാധ്യമസുനാമികളുടെ ശക്തമായ വേലിയേറ്റത്തില്‍ ഭാഷ ചക്രശ്വാസം വലിക്കുന്നു. ഭാഷ മരിക്കുന്നിടത്ത് സംസ്‌കാരവും മരിക്കും. ഈ വേലിയേറ്റം പെട്ടെന്നുണ്ടായതല്ല. ഇത് നാം സൃഷ്ടിച്ചെടുത്തതാണ്.

ടെലിവിഷന്‍ ചാനലുകളില്‍ കൊഞ്ചിക്കുഴയുന്ന അവതാരകര്‍ക്ക് (അതൊ അപരാധകരോ) നാവിനു വഴങ്ങുന്നത് മംഗ്ലീഷ് മാത്രം. പ്രശസ്തിയില്‍ അഭിരമിക്കുന്ന ഇക്കൂട്ടങ്ങളെ മുന്നോട്ടു നയിക്കുന്നത് 'നാണമില്ലാത്തതണെന്റെ നേട്ടം' എന്നൊരു വികാരം മാത്രമാണെന്ന് ബോധ്യമാകും.

പത്രം, പത്രധര്‍മ്മം എന്നൊക്കെയുള്ളത് വെറും പാഴ്വാക്കുകളായിക്കഴിഞ്ഞു. വെറും പണക്കൊതി മൂത്ത് ഏര്‍പ്പെടുന്ന നിക്ഷേപവ്യവസായങ്ങള്‍ ആയിക്കഴിഞ്ഞു മാധ്യമപ്രവര്‍ത്തനം. ദിനംപ്രതി ചാനലുകളും, പോര്‍ടലുകളും പൊട്ടിമുളക്കുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് ഉത്തരവാദിത്വം, റിയല്‍ എസ്റ്റെറ്റ് മാഫിയക്ക് വഴി മാറുന്നു. അതിനുവേണ്ടി ഏത് കൊള്ളക്കാരനുമായും സന്ധികൂടാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവുന്നു. ഇതിന് അപവാദമായി ചില പത്രങ്ങള്‍ ചെറിയൊരു അളവെങ്കിലും നിലകൊള്ളുന്നത് വിസ്മരിക്കുന്നില്ല.

ഒരു സംസ്‌കാരത്തിന്റെ അധപതനത്തിന് വഴിവയ്ക്കുന്നത് ആ ജനതയുടെ മനോഭാവം തന്നെയാണ്. ഒരു വ്യക്തിയിലുടെ മാത്രം അധപതനം പൂര്‍ണമാവുന്നില്ല. വ്യക്തികളും, കുടുംബങ്ങളും, സമൂഹങ്ങളും, ദേശവും അറിഞ്ഞോ അറിയാതെയോ അവരുടെ പങ്ക് നന്നായി നിര്‍വഹിക്കുന്നു.

മലയാളത്തിലെ കലാമൂല്യമുള്ള ഒരു മികച്ച സിനിമയുടെ ഭാഗങ്ങള്‍ യുട്യൂബില്‍ കണ്ടത് പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ്. എന്നാല്‍ 'ഈ സുന്ദരി നടിയുടെ രഹസ്യഭാഗങ്ങള്‍ കാണൂ' എന്ന് ആഹ്വാനം ചെയ്യുന്ന മലയാളവീഡിയോ കണ്ടത് 10 ലക്ഷത്തില്‍ അധികം ആളുകളാണ്. ഇവിടെയാണ് മനോഭാവം തിരിച്ചറിയപ്പെടുന്നത്. ഇതിനു കാരണമാവുന്ന സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു.

നമ്മുടെ മാതൃഭാഷയായ മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു നവോത്ഥാന കാലഘട്ടമായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് അനുമാനിക്കാം. അധ:പതനം സംഭവിച്ചു കഴിഞ്ഞാല്‍പ്പിന്നെ നവോത്ഥാനം അനിവാര്യമാണ്. മലയാളവത്ക്കരണം, മലയാള സര്വ്വ കലാശാലയുടെ സ്ഥാപനവല്ക്കരണം, തുടങ്ങിയ പുനരുദ്ധാരണ നടപടികളുടെ തുടക്കം. അതിലൊരു പൊന്തൂവലായി ഇപ്പോഴിതാ മലയാളഭാഷക്ക് ശ്രേഷ്ഠപദവിയും.

ഈ പാശ്ചാത്തലത്തിലാണ് വെട്ടത്തുനാട്ടില്‍ തുഞ്ചത്ത്പറമ്പില്‍ രാമാനുജന്‍ അഥവ തുഞ്ചത്തെഴുത്തചന്‍ എന്ന ആധുനിക മലയാള ഭാഷയുടെ പിതാവിന്റെ നാമധേയത്തില്‍ മലപ്പുറത്തെ തിരൂരില്‍ ഈയിടെ സ്ഥാപിതമായ മലയാള സര്‍വ്വകലാശാലയുടെ പ്രസക്തി വിലയിരുത്തപ്പെടെണ്ടത്.

ഇത്രയും വിപുലവും സമഗ്രവുമായ ഒരു പദ്ധതി തയ്യാറാക്കി ഈ വിദ്യാ പീഠത്തിന്റെ പ്രഥമഗുരുവായി കെ. ജയകുമാര്‍ നിയോഗിക്കപ്പെടുന്നത്, നമ്മുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. മലയാള ഭാഷയിലും, സാഹിത്യത്തിലും, കലാരംഗത്തും അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ പോലെതന്നെ അദ്ദേഹം കാഴ്ച്ചവച്ച ഭരണനൈപുണ്യവും അദ്ദേഹത്തെ പ്രഥമഗണനീയനാക്കുന്നു.

മാതൃഭാഷയെയും, മാതൃഭൂമിയെയും മാതാവിനെപ്പോലെ ആദരിക്കണീ. സാഹിതിനായകനും, ചിന്തകനും, നിരൂപകനുമായ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നു. 'മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്ന മകാരത്രയം പരിശുദ്ധവും പരിപാവനവും ആണ്. മാതൃഭാഷ അവഗണിക്കുന്നത് മാതാവിനെ അവഗണിക്കുന്നതിന് തുല്യമാണ്'

മലയാളഭാഷാപ്രേമികള്‍ അഭിമാനത്തിന്റെ ഗിരിശ്രുംഗത്തില്‍ എത്തി നില്‍ക്കുന്ന സമയമാണിത്. നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭിക്കാന്‍ വേണ്ടിയുള്ള മലയാളികളുടെ നിലവിളിക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. ഇന്ന് മലയാളിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. അതെ, മലയാളം മഹിതമായിരിക്കുന്നു.

Read more

ഊര്‍ജ്ജതന്ത്രം (നിരീക്ഷണം)

വിശ്വാമിത്രമഹര്‍ഷി കഠിനതപസ്സനുഷ്ഠിക്കുന്ന വാര്‍ത്ത ദേവന്മാര്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. കഠിനതപസ്സിലൂടെ വിശ്വാമിത്രന്‍ അപാരശക്തി ആര്‍ജ്ജിക്കും. അത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. അതിന് പാര വയ്ക്കണം. വിശ്വാമിത്രന്റെ തപസ്സ് മുടക്കുന്നതിന് സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ മുന്നിട്ടിറങ്ങി. സുന്ദരിമാരില്‍ സുന്ദരിയും കന്യകയുമായ, (സ്ഥിരീകരിച്ചിട്ടില്ല) മേനകയെ ദൗത്യമേല്‍പ്പിച്ച് വിശ്വാമിത്രന്റെ അരികിലേയ്ക്ക് പറഞ്ഞയച്ച് ദേവന്മാര്‍ കണ്ണിലെണ്ണയുമൊഴിച്ചിരുന്നു. ടാസ്‌ക് ഏറ്റെടുത്ത മേനക ഫോറസ്റ്റില്‍ എത്തി, വിശ്വാമിത്രന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ചു. നമ്പറുകള്‍ ഓരോന്നായ് ഇറക്കി. ആടിപ്പാടി, ഇക്കിളിയിട്ടു. മഹര്‍ഷിയെ ഇളക്കാന്‍ ശ്രമിച്ചു. ഏതൊ ശല്യം എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ വിശ്വാമിത്രന്‍ കണ്ണു മുറുക്കിയടച്ച് ഒരുവിധം പിടിച്ചു നിന്നു.

എവളുമാരുടെ ശല്യം സഹിക്കാന്‍ പറ്റാതെ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടായിരിക്കണം ആശാന്‍ കാട്ടിലേയ്ക്ക് വച്ചുപിടിച്ചത്. മേനക പെങ്കൊച്ച് വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അവള് ഒരൊന്നൊന്നര ഐറ്റം ഡാന്‍സ് അങ്ങ് വച്ച് കാച്ചി. ഒരു ബോളിവുഡ് സ്റ്റൈല്‍. മഹര്‍ഷിയുടെ നാസാരന്ധ്രത്തിലൂടെ മേനകയുടെ ഗന്ധം തുളച്ചു കയറി, തലച്ചോറിനെ മദിച്ചു. ശരീരത്തിലെ രോമങ്ങള്‍ ഓരോന്നായി എഴുന്നേറ്റുനിന്ന് സല്യുട്ടടിച്ചു. മഹര്‍ഷി, മേനക കാണാതെ അരക്കണ്ണു തുറന്നു നോക്കിയപ്പോള്‍ അമ്പരന്നുപോയി! എത്രയോ പെങ്കൊച്ചുങ്ങളുമായി ഡീല്‍ ചെയ്#തിട്ടൊണ്ട്. പക്ഷെ ഇത് ! സംശയം മാറ്റാന്‍ രണ്ട് കണ്ണുകളും 'വൈഡ് ഓപ്പണ്‍ ചെയ്തു നോക്കി. ംീം ! യൂ വോണ്ട് ബിലീവ് ഇറ്റ് ! മഹര്‍ഷി ഞെട്ടിപ്പോയി. പിന്നെ നടന്നതൊന്നും എഴുതി വെറുതെ സ്ഥലം കളയുന്നില്ല.

മഹര്‍ഷി വീണെന്ന് പറഞ്ഞാല്‍ മതിയല്ലോ.

പണ്ട് ഏദന്‍ തോട്ടത്തില്‍ വച്ച് സംഭവിച്ചതും ഇത് തന്നെയല്ലേ? ആ പെണ്ണ് ഹവ്വ, വച്ചു നീട്ടി ആപ്പിളൊരണ്ണം, വിലക്കപ്പെട്ട കനി. ആദ്യം നോ പറഞ്ഞ് ആദം അല്പം വെയിറ്റ് ഇട്ടെങ്കിലും അവള് വിട്ടില്ല. വെറുതെ ജാഡ കാണിച്ചതാണെന്നു അവള്‍ക്ക് പിടികിട്ടി. ങും.. കഴിക്കൂന്നേ.. ഹവ്വ ചുമ്മാ ഒരു നമ്പരിറക്കി. അവസാനം ആപ്പിളിന്റെ ടേസ്റ്റ് നോക്കി, ആദം ഫ്‌ളാറ്റായി.

പിന്നെയല്ലെ നമ്മുടെ തെറ്റയില്‍.

സുന്ദരിയായ ഒരു പെണ്ണ്, പശ്ചാത്തലമെന്തുമാവട്ടെ. വിലപ്പെട്ട ആപ്പിളില്‍ (ഐഫോണ്‍) ഡയല്‍ ചെയ്ത് അവളുടെ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചു വരുത്തുകയും പഞ്ചാരവാക്കുകളാല്‍ കൈയ്യിലെടുത്ത് ഉഴിഞ്ഞ്, ദേഹത്ത് വലിഞ്ഞു കേറുകയും ചെയ്താല്‍ ആദമല്ല, വിശ്വാമിത്രനല്ല, തെറ്റയിലല്ല ഏത് ബിഷപ്പും വീണു പോകുമെന്നാണ് മിമിക്രിക്കാര് പറയുന്നത്.

സംഗതി അങ്ങനെയാ ബില്‍റ്റ് ഇന്‍ ചെയ്തിരിക്കുന്നെ! അഥവാ വീണു പോയില്ലെങ്കില്‍ 'യൂ ആര്‍ ബീയിംഗ് ഇന്‍ ദ റോംഗ് പ്ലേയിസ് അറ്റ് റോംഗ് ടൈം' എന്നു കരുതിയാല്‍ മതി. യു ഗോട്ട് ഇറ്റ്?

ഇപ്പോള്‍ വാദി പ്രതിയാകുന്ന ലക്ഷണമാ കാണുന്നെ. ബ്ലൂ സ്റ്റഫ് നിര്‍മ്മിച്ച്# ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് ഐ. റ്റി. വകുപ്പനുസരിച്ച് പെങ്കൊച്ചിനെ അകത്താക്കുമെന്നാണ് ലേറ്റസ്റ്റ് അപ്‌ഡേറ്റ്

അവസാനം ആപ്പായെങ്കിലും തന്ത്രം ഫലിച്ചു. എന്താ ഈ പെങ്കൊച്ചിന്റെ ഒരു ഊര്‍ജ്ജം.

പണ്ടു കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ടാല്‍പോലും മാനക്കേടോര്‍ത്ത് പുറത്തു പറയാത്ത നാട്ടില്‍ ഇപ്പോള്‍ എന്തൊക്കെയാ നടക്കുന്നെ!

ഇന്ന് സൗരോര്‍ജ്ജം എന്ന ഒറ്റവാക്ക് കേട്ടാല്‍ മതി മലയാളികള്‍ കണ്ണും കാതും കൂര്‍പ്പിച്ച് ശ്രദ്ധിക്കും. കാരണം വി. എസിന്റെ പെഴ്‌സ്‌പെക്ടിവില്‍ ആണുങ്ങളെ ആകര്‍ഷിക്കാനുള്ള എന്തോ ഒരു 'സ്റ്റഫ്' അതിനുള്ളില്‍ ഉണ്ട്.

ഇപ്പോഴത്തെ കേരളത്തിന്റെ പ്രത്യേക രാഷ്ട്രിയ അന്തരീക്ഷ ഊഷ്മാവില്‍ ഇനി തെറ്റയിലിന്റെ പൊളിറ്റിക്കല്‍ കരിയര്‍ തഥൈവ. പണ്ട് പി. റ്റി. ചാക്കോയെ വീഴ്ത്തിയതും ഇതേ തന്ത്രം തന്നെയായിരുന്നല്ലോ. പിന്നെ എത്രയെത്ര നീലക്കഥകള്‍. നീലന്‍ വന്നു, പി.ജെ. ജോസഫ് വന്നു, പി.ജെ. കുര്യന്‍, കുഞ്ഞാലിക്കുട്ടി, സന്തോഷ് മാധവന്‍, സാമി നിത്യാനന്ദ, സാമി സത്യാനന്ദ, ഒരു പള്ളിലച്ചനും ദത്തുപുത്രിയും, തിരുമേനി, ത്രിപാഠി, ഇപ്പോള്‍ നേപ്പാളിലെ മന്ത്രി പിന്നെ തന്ത്രി. അങ്ങനെ പോകുന്നു കഥകള്‍. അറിഞ്ഞത് തുച്ഛം. അറിയാത്തതായിരങ്ങള്‍! ഇതിനിടക്ക്ആലപ്പുഴയില്‍ കായല്‍ക്കരയില്‍ സൊറ പറഞ്ഞിരുന്ന ഒരു ഭാര്യയെയും, ഭര്‍ത്താവിനെയും സദാചാരപോലീസും മറ്റെ പോലീസും കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമാനമായ ചില സമകാലിന അമേരിക്കന്‍ കഥകളിലേയ്ക്ക് ഒന്നു നോക്കാം. പണ്ടു മുതല്‍ക്കെ കഥകളുണ്ടെങ്കിലും ആരെയും കൊതിപ്പിക്കുന്ന ഒരു ലാന്‍ഡ്മാര്‍ക്ക് കേസ് നമുക്ക് സമ്മാനിച്ചത് ബില്‍ ക്ലിന്റനും, മോനിക്കാ ലെവിന്‍സ്‌കിയും ചേര്‍ന്നാണ്. അതുകൊണ്ടൊന്നും ബില്‍ ക്ലിന്റന്റെ ജനകീയത ഒട്ടു കുറഞ്ഞതുമില്ല.

2007-08 ല്‍ ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്ന ഏലിയറ്റ് സ്പിറ്റ്‌സര്‍, ഈയിടെ ഒരു ചൂടുവാര്‍ത്തയുമായി ലൈംലൈറ്റില്‍ വന്ന് ന്യൂയോര്‍ക്കേഴ്‌സിനെ അമ്പരിപ്പിച്ചു. ഏലിയറ്റ്, ഗവര്‍ണ്ണറാകുന്നതിനുമുമ്പ് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ മുതല്‍ക്കെ പഞ്ചനക്ഷത്ര 'മാഡ'ങ്ങളുമായി എന്തൊ 'സമാധാനചര്‍ച്ചകള്‍' ചെയ്തതിനും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനും ആപ്പിലാകുകയും അവസാനം 2008ല്‍ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവരികയും ചെയ്തു. ഇത് അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് വളരെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ച സംഭവമായിരുന്നു.

അറ്റോര്‍ണിയായിരിക്കുമ്പോള്‍ വാള്‍സ്ട്രീറ്റിലെ കൊമ്പന്മാരെ സദാചാരം പഠിപ്പിച്ചും, മാഫിയാകളെ വരച്ചവരയില്‍ നിര്‍ത്തിയും വിറപ്പിച്ചു ഏലിയറ്റ്. ന്യൂയോര്‍ക്കിലെ മാഡത്തിന്റെ 'ഊര്‍ജ്ജം' എന്തെന്ന് മനസ്സിലാക്കാന്‍ തന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പതിനായിരക്കണക്കിന് ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു.

അവസാനം ഇംപീച്ച് ചെയ്യുമെന്ന സാഹചര്യം വന്നപ്പോള്‍ രാജിവച്ച് തടി രക്ഷപ്പെടുത്തി. സാങ്കേതികത്വത്തിന്റെ പേരില്‍ നിയമ സംവിധാനത്തെ വെല്ലുവിളിച്ചു മിടുക്ക് കാണിച്ചു. 'നാണമില്ലാത്തതാണെന്റെ നേട്ടം' എന്നതായിരിക്കും ഏലിയറ്റിന്റെ മനസ്സിലെ മന്ത്രം. ഇപ്പോള്‍ ഇതാ അടുത്തുവരുന്ന ഇലക്ഷനില്‍ പ്രെ#െമറിയില്‍ ന്യൂയോര്‍ക്ക് സിറ്റി കംപ്‌ട്രോളര്‍ സ്ഥാനത്തേയ്ക്ക് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി പേര് സമര്‍പ്പിച്ച് ജനത്തെ വീണ്ടും നാണിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും മറ്റൊരു കഥ. കഥാപാത്രം മുന്‍ യു.എസ.് കോണ്‍ഗ്രസംഗം ആന്റണി വീനര്‍. യു. എസ്. പ്രതിനിധിസഭാംഗമായിരിക്കെ ട്വീറ്ററില്‍ സെക്സ്റ്റിംഗ് നടത്തി കോളിളക്കം സൃഷ്ടിച്ച വീരനാണ് വീനര്‍. തന്റെ 'സ്വകാര്യ അഹങ്കാരങ്ങളുടെ' ചിത്രങ്ങള്‍ ട്വീറ്ററിലൂടെ ഒരു സത്രീയുമായി ഇന്റര്‍നെറ്റിലുടെ നടത്തി പങ്കുവച്ചു എന്നതായിരുന്നു കേസ്.

ഏഴുതവണ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാനായി വിരാജിച്ച വീരനാണ് വീനര്‍. വിവാദം മൂത്ത് നില്‍ക്കെ രാജിവച്ച് മൂങ്ങിപൊങ്ങി. ഇപ്പോള്‍ ഇതാ വീനര്‍ പ്രസ്താവിച്ചിരിക്കുന്നു. അടുത്ത ന്യൂയോര്‍ക്ക് സിറ്റി മേയറായി താന്‍ മത്സരിക്കുന്നുവെന്ന്. ഞെട്ടാന്‍ വരട്ടെ! സ്വകാര്യ അഭിപ്രായ വോട്ടെടുപ്പില്‍ ഇപ്പോള്‍ ആന്റണി വീനറാണ് ജനങ്ങളുടെ ഇഷ്ടസ്ഥാനാര്‍ത്ഥി. നിങ്ങള്‍ നെറ്റി ചുളിക്കല്ലെ ! സത്യം ! ഇപ്പോഴത്തെ കണ്‍ട്രോളര്‍ ജോണ്‍ ലൂ, സ്പീക്കര്‍ ക്വിന്‍ എന്നിവരെയെല്ലാം വീനര്‍ കടത്തിവെട്ടിയിരിക്കുകയാണ്, ജനകീതയില്‍.

തന്ത്രമറിയാവുന്നവന്റേതാണ് കളരി.
ഊര്‍ജ്ജമുണ്ടാവണമെന്നു മാത്രം.
അഥവാ നാണമുണ്ടാവരുത്.

Read more

കൊലപതി

ഒരിക്കല്‍ ലേഖകനും സുഹൃത്തായ ഒരു 'യഥാര്‍ത്ഥ' പത്രപ്രവര്‍ത്തകനും തിരുവനന്തപുരത്ത്, ടാഗോര്‍ തീയറ്ററില്‍ ഒരു പരിപാടിക്കിടെ പുറത്ത് കുശലം പറഞ്ഞു നില്ക്കുകയാണ്.

ചെവിപൊട്ടും ശബ്ദത്തില്‍ ഒരു അറിയിപ്പ് നിലവിളിയുടെ ഈണത്തില്‍ മൈക്കിലൂടെ തെറിച്ചു വന്നു. അടുത്തതായി നമ്മളോട് രണ്ട് വാക്ക് സംസാരിക്കുവാന്‍ മാധ്യമരംഗത്തെ 'കൊലപതി'യെ (പേരും ചേര്‍ത്ത്) ക്ഷണിച്ചു കൊള്ളുന്നു.

ഈ കൊലപതി എന്ന വിശേഷണത്തിന് അര്‍ഹരായ ആരും തന്നെ അവിടില്ല. അത്യാവശ്യം ഉത്തരാധുനിക പത്ര പ്രവര്‍ത്തനം ഒക്കെ നടത്തി ഉപജീവനം നടത്തി പോരുകയാണ് എന്റെ സുഹൃത്ത്. (ഉത്തരാധുനികമെന്നു വച്ചാല്‍ ഇഷ്ടന് ഒരു വിഷയത്തില്‍ താല്പര്യം തോന്നിയാല്‍ ഗൂഗിള്‍ ചെയ്ത് അതിന്റെ അടിവേര് വരെ തപ്പിപിടിക്കും. എന്നിട്ട് മലയാളീകരിച്ച് ഒരു അലക്കലക്കും. താന്‍ പണ്ട് ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചിരുന്നതൊക്കെ ഓര്‍മ്മയില്‍ നിന്നും ചുരണ്ടിയെടുക്കുകയാണെന്നു തോന്നിപ്പിക്കുംവിധം ക്ലാവ് പിടിച്ച പുരാതനത്വം ചാര്‍ത്തി, ഒരു അസല്‍ തലക്കെട്ടും വച്ചു കൊടുക്കും, കക്ഷിക്ക് ഇതു ചെയ്യാനുള്ള ഒരു മൂഡു മതി. ഒരേ സമയം പല പ്രസിദ്ധീകരണങ്ങളിലും നല്ല സൊയമ്പന്‍ സാധനങ്ങള്‍ എഴുതിക്കൊടുക്കാറുണ്ട്).

'കൊലപതി'യെ ക്ഷണിച്ചു കൊണ്ടുള്ള നിലവിളി കേട്ട് ഞങ്ങള്‍ രണ്ട് പേരും അക്ഷരാര്‍ത്ഥത്തില്‍ പകച്ചു പോയി, ചുറ്റും നോക്കി. പേരു ചേര്‍ത്തു വിളിച്ചതിനാല്‍ മറ്റാരെങ്കിലുമാണെന്ന സംശയം തോന്നിയില്ല. ഞാനും പ്രോത്സാഹിപ്പിച്ചു. അയാള്‍ സ്റ്റേജിലേക്ക് പാഞ്ഞു. 

Read more

പൊന്നാട വേണോ ? പൊന്നാാാട !

നമ്മള്‍ മലയാളികള്‍ ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അയാളെ ഇരുത്തിപ്പുകഴ്ത്തിയും അവാര്‍ഡ് കൊടുത്തും പൊന്നാടയണിയിച്ചും നാനാവിധമാക്കും. പലപ്പോഴും ഇതിന് വിധേയനാകുന്ന ആള്‍ തന്നെ പകച്ചുപോകും. പ്രത്യേകിച്ച് മാധ്യമ രംഗത്തുള്ളവര്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. കാരണം തങ്ങളുടെ വാര്‍ത്തകള്‍ വെണ്ടക്കാ അക്ഷരത്തിലും ഫോട്ടോകള്‍ മത്തങ്ങാ വലിപ്പത്തിലും അച്ചടിച്ചു വരുമല്ലൊ.

സാധാരണ പുകഴ്ത്തല്‍ പരിപാടിയിലെ മുഖ്യ ഇനമാണ് പൊന്നാട ചാര്‍ത്തല്‍.

ഈ പൊന്നാടയെന്ന് പറഞ്ഞാല്‍ പണ്ടു ഞാന്‍ കരുതിയിരുന്നത് പൊന്‍നൂലും പട്ടുനൂലും ഒക്കെ ഇഴചേര്‍ത്ത് പ്രത്യകം നെയ്ത് എടുക്കുന്ന വിലയേറിയ ഒരുതരം പുതപ്പാണെന്നാണ്. അമേരിക്കയിലെത്തിയതിന് ശേഷമാണ് സംഗതി ഈ പറയുന്നതുപോലൊന്നും കോംപ്ലിക്കേറ്റഡ് അല്ലെന്ന് മനസ്സിലായത്. അമ്മച്ചിമാരൊക്കെ മേല്‍മുണ്ടായി ധരിക്കുന്ന ഒരു കുട്ടി നേര്യത.് അത്രമാത്രം.

ഒന്നിലധികം പ്രതിഭകളെ പൊന്നാടയണിയിക്കാന്‍ പൊന്നാട ധാതാക്കള്‍ തീരുമാനിച്ചാല്‍ ഒന്നിലധികം പൊന്നാടകള്‍ കരുതിയിരിക്കും. എന്നാല്‍ ഒരൊറ്റ കുട്ടി നേര്യത് കൊണ്ട്## പല പ്രതിഭകളെ പൊന്നാടയണിയിച്ച സംഭവും മലയാളികളുടെ ചരിത്രത്തിലുണ്ട്..

ഒരു കഥ പറയാം. ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് ഏരിയായില്‍ ആണ്# സംഭവം. ഓണം സീസണ്‍ കഴിഞ്ഞപ്പോള്‍ ഇനി ഒരു വാര്‍ത്ത പത്രത്തിലടിച്ചു വരാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം. എന്നാല്‍ അതിനുള്ള ക്ഷമയില്ലാത്തതിനാല്‍ പൊന്നാട ഗുണഭോക്താവായി ഒരു പ്രമുഖനെ ചുമ്മാ ഇരുത്തി പുഴത്ത്#ാന്‍ കമ്മിറ്റി തീരുമാനിച്ചു. വാര്‍ത്തയായി, അറിയിപ്പായി അങ്ങനെ പരിപാടിക്കുള്ള സമയമായി.

പുകഴ്ത്തല്‍ കഴിഞ്ഞു. ഇനി പൊന്നാട ചാര്‍ത്തല്‍ സമയമാണ്#.

ഇതിനിടെ സംഘാടകരിലെ ഒരു വെട്ടെരന്‍ ശിങ്കിടിക്കൊരു മോഹം. താനും എത്രയൊ നാളായി ഇങ്ങനെ സ്റ്റേജ് നിറഞ്ഞു നില്‍ക്കുന്നു.

തനിക്കും വേണ്ടെ ഒരു പൊന്നാട! അതിയാന്‍ സംഘാടക മൂപ്പരോട് രഹസ്യമായി കരാറിലേര്‍പ്പെട്ടു.

പ്രമുഖനെ പൊന്നാട ചാര്‍ത്തി കഴിഞ്ഞാല്‍ കൈയ്യടി തീരും മുമ്പേ ശിങ്കിടിയെ അവതരിപ്പിക്കണം. പക്ഷെ സമയമായപ്പോള്‍ ഒരു പ്രശ്‌നം. ആകെ ഒരു പൊന്നാടയെ കരുതിയിട്ടുള്ളു. എന്തു ചെയ്യും? സംഘടക മൂപ്പന്‍ പ്രൊബ്‌ളം സോള്‍വ് ചെയ്തു. പ്രമുഖനെ അണിയിച്ച കുട്ടി നേര്യത് ഊരിയെടുത്തു, മണവാട്ടിയെപോലെ വിനയപൂര്‍വ്വം കഴുത്തു കാട്ടി തല നീട്ടി നില്‍ക്കുന്ന ശിങ്കിടിയെ കുരുക്കെറിഞ്ഞു പിടിക്കുന്നതുപോലെ പൊന്നാടയണിയിച്ചു. എല്ലാവരും ഹാപ്പിയായി.

ഇനി ഞാന്‍ പൊന്നാടയെക്കുറിച്ചു ഒരക്ഷരം മിണ്ടില്ല!

ഫൈന്‍ പ്രിന്റ്

ഇക്കോണമി ഒക്കെ മോശമായി കിടക്കുക, എന്റെ അഭിപ്രായത്തില്‍ കുബെര്‍ കുഞ്ചി, പൊന്നാട, ചെണ്ട, തബല, രുദ്രാക്ഷമാല എന്നിത്യാദി വകകളുടെ ഒരു നെറ്റ്‌വര്‍ക്ക് മാര്‍ക്കെറ്റിംഗ് അമേരിക്കയില്‍ ശ്രമിച്ചു നോക്കാവുന്നതാണ്. 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC