കൗതുകം

ആന്ധ്രാപ്രദേശിലെ ജൂവലറിയിൽ കയറിയ കുരങ്ങന്‍ 20,000 രൂപയുമായി മുങ്ങി

2016-06-07 01:32:23am

ഗുണ്ടുർ: മോഷണവും പിടിച്ചുപറിയും മനുഷ്യന്റെ മാത്രം കുത്തകയാണോ? അല്ലെന്ന് ഈ വീഡിയോ തെളിയിക്കും.

വ്യത്യസ്തനായ മോഷ്ടാവ് ജുവലറിയിൽ കയറി പണവുമായി മുങ്ങിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകഴിഞ്ഞു. ഒരു കുരങ്ങനാണു കഥയിലെ നായകൻ അഥവാ വില്ലൻ.

20,000 രുപയുമായാണു ഈ വാനരൻ മുങ്ങിയത്. അതും കടയുടമ നോക്കി നിൽക്കെ. ദേശിയ മാദ്ധ്യമങ്ങളാണ് വാർത്തയും കുരങ്ങൻ മോഷണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടത്. ജൂവലറിയിൽ സ്ഥാപിച്ചിരിക്കുന്ന സിസി ടിവിയിൽ നിന്നുമാണ് കുരങ്ങൻ പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച് കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടുരിലുള്ള ഒരു ജൂവലറിയിലാണ് ഈ രസകരമായ സംഭവം നടന്നത്. കയ്യിൽ നിന്നും തെറിച്ചുവീണ ഒരു പേരയ്ക്കയ്ക്ക് പിന്നാലെയാണ് കുരങ്ങൻ കടക്കുള്ളിൽ എത്തിയത്. കടയ്ക്കുള്ളിലേയ്ക്ക് ഉരുണ്ടുപോയ പേരക്ക അന്വേഷിച്ച് നടക്കുമ്പോഴാണ് കുരങ്ങന്റെ കണ്ണിൽ പണം സൂക്ഷിക്കുന്ന പെട്ടി പെടുന്നത്. പിന്നീട് പെട്ടിതുറന്ന് 20,000 രൂപയുടെ ഒരു കെട്ട് നോട്ട് കൈയിൽ എടുത്തു. പണം തിരിച്ച് വാങ്ങാൻ കടയുടമ ശ്രമിച്ചുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പണവുമായി കുരങ്ങൻ മുങ്ങുകയായിരുന്നു.