പ്രത്യേക ശ്രദ്ധയ്ക്ക്

ഗ്ലോക്കോമയും കാറ്ററാക്റ്റ്സും, ഒരു പഠനം

ജോസഫ് പടന്നമാക്കല്‍ 2018-07-08 06:10:18pm

നാം അറിയാതെ പോവുന്ന രണ്ടു നേത്ര രോഗങ്ങളാണ് ഗ്ലോക്കോമയും തിമിരം അഥവാ കാറ്ററാക്റ്റ്സും. ഗ്ലോക്കോമയെ കണ്ണിന്റെ നിശബ്ദമായ കൊലയാളിയെന്നും വിളിക്കുന്നു. നമ്മുടെ ശരീരത്തെപ്പറ്റി സ്വയം ബോധവാന്മാരെങ്കിൽ ആരോഗ്യത്തിനെ തുരങ്കം വെക്കുന്ന പല രോഗങ്ങളിൽനിന്നും നമുക്ക് വിമുക്തി നേടാൻ സാധിക്കും. നാം തന്നെയും നാം ഉൾക്കൊള്ളുന്ന മനസ്സും നമ്മുടെ ശരീരവുമാണ് ഏറ്റവും നല്ല വൈദ്യനെന്നു ആരോ പറഞ്ഞിട്ടുള്ളതും ഓർമ്മിക്കുന്നു.  ഏകദേശം ഇരുപത്തിയഞ്ചു വർഷം മുമ്പ് അവിചാരിതമായിട്ടായിരുന്നു ഞാൻ എന്റെ കണ്ണുകൾ ന്യൂയോർക്കിലുള്ള  'ന്യൂ റോഷലിലെ' കണ്ണു ഡോക്ടറായ ഡോക്ടർ മോറോല്ലോയെക്കൊണ്ട് പരിശോധിപ്പിച്ചത്. എന്റെ കണ്ണുകൾക്കും ഗ്ലോക്കോമ ബാധിച്ചുവെന്ന കാര്യം  അന്നാണ് തിരിച്ചറിഞ്ഞത്. അതിനുശേഷം നാളിതുവരെ വർഷത്തിൽ രണ്ടു പ്രാവിശ്യം ഡോക്ടറെ കാണുകയും കണ്ണിൽ ദിവസവും മരുന്നൊഴിക്കുകയും കണ്ണുകൾ സൂക്ഷ്മതയോടെ പരിപാലിക്കുകയും ചെയ്യുന്നു.

ഗ്ലോക്കോമ ഒരു പാരമ്പര്യ രോഗമായി കണക്കാക്കുന്നു. എന്റെ മുത്തച്ഛനും പിതാവിനും ബന്ധുജനങ്ങളിൽ പലർക്കും കണ്ണുകളിൽ ഗ്ലോക്കോമയുണ്ടായിരുന്നു. ഈ രോഗം മൂലം മുത്തച്ഛന്റെ കണ്ണുകൾ നഷ്ടപ്പെടുകയുമുണ്ടായി. കണ്ണു കാണില്ലാത്ത മുത്തച്ഛന്റെ വടിയെ പിടിച്ച് അദ്ദേഹത്തെ സഹായിച്ചിരുന്ന ബാല്യകാലങ്ങളും ഓർമ്മയിലുണ്ട്. എന്റെ കണ്ണുകൾ ശരിയാം വിധം  സംരക്ഷിച്ചിരുന്നതുകൊണ്ടു നാളിതു വരെ   സർജറിയില്ലാതെ ജീവിതം തള്ളി നീക്കാൻ സാധിച്ചു. എന്നാൽ ഈ അടുത്ത ദിവസം ഓർക്കാപ്പുറത്ത് പ്രായമാകുമ്പോഴുണ്ടാകുന്ന കാറ്ററാക്റ്റ്സുകൂടി ബാധിച്ചപ്പോഴാണ് കണ്ണിന്റെ ഈ രണ്ടു രോഗങ്ങളെപ്പറ്റി ഒരു ലേഖനം എഴുതണമെന്നുള്ള ആശയമുണ്ടായത്. കാറ്ററാക്റ്റ്സിനുള്ള സർജറി ഈ മാസം ചെയ്യുകയും വേണം.

പ്രായം കഴിയുംതോറും ആരോഗ്യം ക്ഷയിക്കുകയെന്നത് പ്രകൃതിയുടെ നിശ്ചയമാണ്. ഒരുവന്റെ ജീവിതത്തിലെ കടന്നുപോവുന്ന കാലങ്ങളിൽ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ അഭിമുഖീകരിക്കുകയും വേണം. അക്കൂടെ ഡയബീറ്റിക്സ്, ഹൃദയാഘാത പ്രശ്നങ്ങൾ എന്നിവകളെല്ലാം കാരണങ്ങളാകാം. അതുപോലെ പ്രായമാകുമ്പോൾ കണ്ണിനും രോഗം വരുകയെന്നത് സാധാരണമാണ്.  പതിവായി ഡോക്ടറെ സന്ദർശിച്ച് കണ്ണുകൾ പരിശോധിച്ചുകൊണ്ടിരുന്നാൽ നമ്മുടെ കണ്ണുകളെ സംരക്ഷിക്കാൻ നമ്മളാൽ കഴിയുന്നതു ചെയ്തുവെന്ന സംതൃപ്തിയും  ലഭിക്കും. ഗ്ലോക്കോമായും  കാറ്ററാക്റ്റ്സും (തിമിരം)  പ്രായമായശേഷമുള്ള കണ്ണിന്റെ മറ്റു രോഗങ്ങളും പെട്ടെന്ന് കാണപ്പെടാനോ അറിയാനോ സാധിക്കില്ല. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത് വളരെ സാവധാനമായിരിക്കും. ഈ രോഗങ്ങൾ  ആരംഭത്തിൽ തന്നെ കണ്ടുപിടിച്ചാൽ രോഗം നിയന്ത്രിച്ചുകൊണ്ടു കണ്ണിനെ പരിപാലിക്കാൻ സാധിക്കും.

ഡയബീറ്റിക്സുള്ളവർ കണ്ണുകൾ പരിശോധിച്ചുകൊണ്ടിരിക്കണം. കാരണം ഡയബീറ്റിക്സ് പെട്ടെന്ന് കണ്ണുകളെ ബാധിക്കുകയും കാറ്ററാക്റ്റ്സിനു വഴി തെളിയിക്കുകയും ചെയ്യും. അമേരിക്കൻ ഡയബെറ്റിക്സ് സംഘടനയുടെ സ്ഥിതിവിവര കണക്കുകളനുസരിച്ച് ഏകദേശം 22 മില്യൺ രോഗികൾ തങ്ങൾക്കു ഡയബെറ്റിക്സുണ്ടെന്നുള്ള വസ്തുത അറിയുന്നില്ല. കണ്ണുകൾ ഡോക്ടർ പരിശോധിക്കുമ്പോഴാണ് ഡയബെറ്റിക്സ് ഉള്ള വിവരം അറിയുന്നത്. 'റേറ്റിനായിൽ' രക്ത വാഹിനിയിൽ ഷുഗർ ലവൽ ശേഖരിക്കുമ്പോൾ പ്രോട്ടീൻ ചോരാൻ സാധ്യതയുണ്ട്. അങ്ങനെ കണ്ണിന്റെ റെറ്റിനയ്ക്ക് തകരാറ് സംഭവിക്കുന്നു. ഡയബീറ്റിക്സ് ഉള്ളവർക്ക് കണ്ണിന്റെ കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. ഓക്സിജനും ന്യുട്രിജനും കണ്ണിൽ എത്താത്തതാണ് കാരണം. വർഷം തോറും കണ്ണിന്റെ പരിശോധനയ്ക്ക് പോയാൽ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിച്ച് കണ്ണിനെ രക്ഷിക്കാനും സാധിക്കും.

നാം അറിയാതെ പതിയെ നമ്മുടെ കണ്ണിനെ അന്ധമാക്കുന്ന ഒരു രോഗമാണ് ഗ്ലോക്കോമ. ഒരിക്കൽ കാഴ്ച കുറഞ്ഞാൽ പിന്നീട് പൂർവ്വ സ്ഥിതിയിൽ ഒരിക്കലും കണ്ണിനെ കൊണ്ടുവരാൻ സാധിക്കില്ല. ഗ്ലോക്കോമയുടെ ആരംഭത്തിൽ നേരെയുള്ള വസ്തുക്കൾ വ്യക്തമായി നാം കാണുന്നുണ്ടെങ്കിലും പാർശ വശങ്ങൾ അദൃശ്യങ്ങളായിരിക്കും. കണ്ണിന്റെ മർദ്ദം സാധാരണ ലെവലിൽ നിന്ന് അധികമായാൽ ചീകത്സ തുടങ്ങേണ്ടതാണ്. വർഷത്തിൽ ഒന്നു രണ്ടു പ്രാവശ്യം ഡോക്ടറെ കണ്ടുകൊണ്ടിരിക്കണം. കണ്ണിലെ റെറ്റിനയുടെ ആവരണത്തിൽ സെല്ലുകൾ നശിക്കുന്ന കാരണം മങ്ങിയ വെളിച്ചത്തിൽ വസ്തുക്കൾ കാണാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ വസ്തുക്കളെ രണ്ടായി കാണും. രണ്ടു വശങ്ങളും സൂക്ഷ്മ ദൃഷ്ടിയോടെ കാണാൻ സാധിക്കാത്തതുകൊണ്ടു ഗ്ലോക്കോമയുള്ളവർ ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. കണ്ണ് വീർക്കുകയും ചുമക്കുകയും അമിതമായി കണ്ണിൽ വെള്ളം വരുകയും ചെയ്യാം. ഗ്ലോക്കോമയുടെ ആരംഭ പ്രശ്നങ്ങളെല്ലാം കണ്ണിൽ മരുന്നൊഴിച്ച് പരിഹരിക്കാനും സാധിക്കുന്നു.

ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമങ്ങൾ നല്ലതു തന്നെ. എന്നാൽ ചില തരം വ്യായാമങ്ങൾ ചിലപ്പോൾ കണ്ണിന് തകരാറുണ്ടാക്കും. അമിതമായ ഭാരം എടുത്തുകൊണ്ടുള്ള വ്യായാമം (Weight Lifting)കണ്ണിന് നല്ലതല്ല. ഭാരം എടുത്തുകൊണ്ടു ശ്വസോച്ഛാസത്തെ നിയന്ത്രിച്ചാൽ കണ്ണിനെ ബാധിക്കുമെന്ന് ഗവേഷണപ്രബന്ധങ്ങളിൽ കാണുന്നു. നീണ്ട സമയം ഭാരം ചുമക്കുന്നതുമൂലം കണ്ണിന്റെ സമ്മർദ്ദം കൂടുകയും ഗ്ലോക്കോമ, തിമിരംപോലുള്ള കണ്ണിന്റെ അസുഖങ്ങൾ വഷളാവുകയും ചെയ്യും. കൂടാതെ ബ്ലഡ് പ്രഷർ കൂടിയാലും ഗ്ലോക്കോമയ്ക്കു വഴിയൊരുക്കും.

കണ്ണിൽ സ്വാഭാവികമായുണ്ടാകുന്ന ദ്രാവകം ഉത്ഭാദിപ്പിക്കുകയും ആ ദ്രാവകം ഒഴുകിപോവുകയും ചെയ്യുന്ന അനുപാതം തെറ്റുമ്പോഴാണ് ഗ്ലോക്കോമ ഉണ്ടാവുന്നത്. ഒരു ബാസ്‌ക്കറ്റ് ബോളിന്‌ അതിന്റെ ശരിയായ ആകൃതിക്ക് കാറ്റു നിറക്കേണ്ടത് ആവശ്യമാണ്. എങ്കിലേ അതിന്റെ വട്ടത്തിലുള്ള ആകൃതി നിലനിൽക്കുള്ളൂ. അതുപോലെ കണ്ണിലെ ഉണ്ണിക്ക് സ്വയം ഉണ്ടാവുന്ന ദ്രാവകം ആവശ്യമാണ്. എന്നാൽ മാത്രമേ അത് പന്തിന്റെ ആകൃതിയിലാവുകയും നമുക്ക് കാണാൻ സാധിക്കുകയുമുള്ളൂ. കണ്ണിന് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ദ്രാവകം ഉത്ഭാദിപ്പിക്കാതെ വരുകയും ഗ്ലോക്കോമയുണ്ടാവുകയും ചെയ്യും. ശരിയായ പരിപാലനമില്ലെങ്കിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്യും.

ഗ്ലോക്കോമ സൂക്ഷിച്ചില്ലെങ്കിൽ വളരെ വഷളാകുന്ന ഒരു കണ്ണു രോഗമാണ്. കണ്ണിനകത്തുള്ള സമ്മർദം (pressure) കൂടുന്നതുകൊണ്ടാണ് ഗ്ലോക്കോമയായി രൂപാന്തരപ്പെടുന്നത്. കണ്ണിലെ ഈ രോഗം ഏതു പ്രായത്തിലുള്ളവർക്കും ഉണ്ടാകാം. രോഗം മൂർച്ഛിച്ചാൽ കണ്ണിന്റെ കാഴ്ച ശക്തിയും നശിക്കാം. സാധാരണ ആരോഗ്യമുള്ള ഒരു കണ്ണിന്റെ മർദ്ദം പന്ത്രണ്ടു മുതൽ ഇരുപതുവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ പരിധി കഴിഞ്ഞാൽ ഗ്ലോക്കോമ രോഗമായി മാറും. സമ്മർദം ഇരുപത്തിയഞ്ചു കഴിയുമ്പോൾ കണ്ണിന് ലേസർ സർജറി മുതലായ പരിഹാര മാർഗങ്ങൾ തേടേണ്ടി വരും. പരിധി കഴിഞ്ഞുള്ള സമ്മർദ്ദം കുറയ്ക്കാൻ ഡോക്ടറിന്റെ നിർദ്ദേശങ്ങളനുസരിച്ച് 'ലുമീഗൻ', 'കോംബിഗൻ' മുതലായ ഔഷധ ദ്രാവകങ്ങൾ കണ്ണിലൊഴിക്കേണ്ടി  വരുന്നു.

കണ്ണിന്റെ ബാഹ്യമായ അറകളിൽനിന്നും തെളിമയാർന്ന ഒരു ദ്രാവകം സാധാരണ ഊർന്നുകൊണ്ടിരിക്കും. അത് രക്തവാഹിനിക്കുഴലിൽ നിന്നും രൂപാന്തരം പ്രാപിച്ചു  വരുന്ന ദ്രാവകമാണ്. ഈ ദ്രാവകം മറുവശത്തുകൂടി പൊയ്ക്കൊണ്ടുമിരിക്കും. മനുഷ്യ ശരീരത്തിൽ പ്രായമനുസരിച്ച് മർദ്ദങ്ങളുടെ മാറ്റമുണ്ടാകാം. കണ്ണിന്റെ അളവുകോലായ പന്ത്രണ്ടിനും പത്തൊമ്പതിനുമിടക്ക് മർദ്ദം നിന്നില്ലെങ്കിൽ ദ്രാവകം അറയിൽ ശേഖരിച്ച് കണ്ണിന്റെ ലെൻസിനെ പുറകോട്ടു തള്ളാൻ കാരണമാകും. അത് കാഴ്ച്ചയെ  ബാധിക്കും.

ഗ്ലോക്കോമ കൂടാതെ കണ്ണിനെ പ്രായമാകുമ്പോൾ ബാധിക്കുന്ന മറ്റൊരു രോഗമാണ് കാറ്ററാക്റ്റ്സ് അഥവാ തിമിരം. കാറ്ററാക്റ്റ്സ്   തന്നെ പലവിധമുണ്ട്. ഏറ്റവും പ്രധാനമായത് പ്രായത്തിനെ അടിസ്ഥാനമാക്കിയുള്ള കാറ്ററാക്റ്റ്സാണ്.  അറുപതും എഴുപതും പ്രായമടുക്കുമ്പോൾ കണ്ണുകളിൽ ഈ രോഗമുണ്ടാകാം. മറ്റൊന്ന് മുറിവുകൾ കൊണ്ട് പരിക്കേൽക്കുമ്പോഴുള്ള കാറ്ററാക്റ്റ്സാണ്. അത് സാധാരണ കായിക കളി മേഖലകളിൽ ഏർപ്പെടുന്നവർക്കുണ്ടാവാം. അല്ലെങ്കിൽ കണ്ണിനുള്ളിൽ അപകടം സംഭവിക്കുന്ന വിധം ജോലി ചെയ്യുന്നവർക്കും വരാം. ജന്മനാലുള്ള കാറ്ററാക്റ്റ്‌സുകളുമുണ്ട്. അത് ഒരു വയസുള്ള കുഞ്ഞിനും സംഭവിക്കാം. അത്തരംകാറ്ററാക്റ്റ്സുകൾ അപൂർവമാണ്. കോർട്ടികൊ സ്റ്റിറോയ്ഡ്, ഡയബീറ്റിക്സ്, കൂടാതെ ചില മെഡിക്കേഷൻ മൂലവും കാറ്ററാക്റ്റ്സ് അപൂർവമായി സംഭവിക്കാറുണ്ട്.

കണ്ണ് ധാരാളം പ്രവർത്തിച്ചതുകൊണ്ടോ, വളരെയധികം വായിച്ചതുകൊണ്ടോ ടെലിവിഷൻ അമിതമായി കണ്ടതുകൊണ്ടോ നീണ്ട സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നതുകൊണ്ടോ, കുറച്ചു സമയം ഉറങ്ങിയതുകൊണ്ടോ കാറ്ററാക്റ്റ്സ് ഉണ്ടാവില്ല. നാം പുലർത്തുന്ന പല പാരമ്പര്യങ്ങളായ ധാരണകളും തെറ്റായ വിശ്വാസങ്ങളാണ്. കാറ്ററാക്റ്റ്സ് പാരമ്പര്യമായി ലഭിച്ച രോഗമാകാം. അതായത് മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കാറ്ററാക്റ്റ്സ് ഉണ്ടെങ്കിൽ അത് തലമുറകളിൽക്കൂടി ലഭിക്കുകയുമാവാം. കണ്ണിനു മുറിവ് പറ്റിയാലോ കണ്ണ് എവിടെയെങ്കിലും മുട്ടിയാലോ കാറ്ററാക്റ്റ്സിലേക്ക് നയിച്ചേക്കാം.

നിരവധി ടെസ്റ്റുകളിൽക്കൂടി കാറ്ററാക്റ്റ്സുണ്ടോയെന്നു അറിയാൻ സാധിക്കുന്നു. ടെസ്റ്റുകൾ നടത്തുന്നത് കണ്ണിന്റെ സ്പെഷ്യലിസ്റ്റുകളായിരിക്കും. പ്രകാശം നിറഞ്ഞ ലൈറ്റിൽക്കൂടി ഡോക്ടർമാർ  കണ്ണിന്റെ 'ബാൾ' ടെസ്റ്റ് ചെയ്യും. എന്നിട്ട് കാറ്ററാക്റ്റ്സ് ഉണ്ടോയെന്ന് തീരുമാനിക്കും. കണ്ണ് മുഴുവനായി ടെസ്റ്റ് ചെയ്യാതെ കാറ്ററാക്റ്റ്സ് നിശ്ചയിക്കുക സാധിക്കില്ല. കാറ്ററാക്റ്റ്സ് പഴകി പോയില്ലെങ്കിൽ, അടുത്ത നാളുകളിലാണ് കണ്ണിന്റെ കാഴ്ച്ച മങ്ങിയതെങ്കിൽ ഭയപ്പെടേണ്ട ആവശ്യവുമില്ല.

ചിലർക്ക് കാറ്ററാക്റ്റ്സ് അവരുടെ സുവർണ്ണ കാലത്തു തന്നെ സംഭവിക്കുന്നു. കൂടിയതും കുറഞ്ഞതുമായ കാറ്ററാക്റ്റ്സുകൾ ഭേദപ്പെടുത്തുവാൻ ആധുനിക മെഡിക്കൽ ശാസ്ത്രത്തിന് ഇന്ന് പല പോംവഴികളുണ്ട്. എങ്കിലും കാറ്ററാക്റ്റ്സ് എന്തെന്ന് രോഗം ബാധിച്ചവർ അറിഞ്ഞിരിക്കേണ്ടതായുമുണ്ട്. ഇത് പാരമ്പര്യ രോഗമായതുകൊണ്ടും പ്രായമായവർക്ക് ഉണ്ടാവുന്ന രോഗമായതുകൊണ്ടും അതിന്റെ വളർച്ചയെ തടയാൻ സാധിക്കില്ല. എങ്കിലും കണ്ണിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പലതും ചെയ്യാൻ സാധിക്കും. പുറത്തിറങ്ങുമ്പോൾ സൂര്യ താപമേൽക്കേണ്ടി വരുന്നുവെങ്കിൽ, പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ  കണ്ണിനെ പ്രതിരോധിക്കാൻ കൂളിംഗ് ഗ്ളാസ് ധരിക്കുന്നത് നന്നായിരിക്കും. തലയിൽ തൊപ്പി ധരിക്കുന്നതും കണ്ണിന്റെ സുരക്ഷിതത്വത്തിനു സഹായകമാകും. അതുപോലെ വോളിബാൾ, ഫുട്ട്ബാൾ കളിക്കുന്നവരും കെട്ടിട നിർമാണ തൊഴിലുകളിൽ ഏർപ്പെടുന്നവരും കണ്ണിന് പരിക്കേൽക്കാതെ ശ്രദ്ധിക്കണം.  വേണ്ട രീതികളിൽ കണ്ണിനെ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് കണ്ണിന് കേടുകൾ സംഭവിക്കാൻ സാധ്യതകളുണ്ട്.

മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദിരീയങ്ങളിൽ കണ്ണാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഒരുവന് കാഴ്ച നഷ്ടപ്പെടുന്ന ഒരു സ്ഥിതിവിശേഷം ചിന്തിക്കാനും സാധിക്കില്ല. എല്ലാ പ്രായത്തിലുള്ളവർക്കും കണ്ണിന്റെ ലെൻസിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളായ പുകവലി, മദ്യപാനം കൊണ്ടും കണ്ണിലെ മൂടൽ അനുഭവപ്പെടാം. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിന്റ ദുരിത ഫലം അനുഭവിക്കുന്നതും നമ്മുടെ കണ്ണുകളാണ്. പുകവലിയും പ്രായം ഏറെയാകുന്നതും കാറ്ററാക്റ്റ്സിനു കാരണമാകും. പുകവലി നിർത്തുന്നവരിൽ കാറ്ററാക്റ്റ്സ് കുറവെന്നും കാണുന്നു. കുടിയന്മാർക്കും കാലക്രമത്തിൽ ഈ രോഗം ബാധിക്കാം. രോഗം ബാധിക്കുന്നത്
 കുടിക്കുന്ന കാലഘട്ടത്തിലായിരിക്കില്ല. കള്ളുകുടിയുടെ അളവ് കുറയ്ക്കുന്നതു ആരോഗ്യത്തിനും കണ്ണിനും നല്ലതായിരിക്കും. ഭക്ഷണം ശരിക്കു കഴിക്കാതിരുന്നാലും  സ്റ്റിറോയ്ഡ് പോലുള്ള മെഡിക്കേഷൻ എടുക്കുന്നവർക്കും കണ്ണിന്റെ പ്രശ്നങ്ങൾ അനുഭവപ്പെടാം. ചുവന്ന വൈൻ മിതമായി കുടിക്കുന്നത് കാറ്ററാക്റ്റ്സ് ഉണ്ടാകാതിരിക്കാൻ നല്ലതെന്നും പറയപ്പെടുന്നു. ഒരിക്കലും കുടിക്കാത്തവർക്കും അല്പം ചുവന്ന വൈൻ ആരോഗ്യത്തിനു നല്ലതു തന്നെ. കണ്ണിനു ശരിയാം വിധം  സുരക്ഷിതത്വം  നൽകാതെ സൂര്യ പ്രകാശത്തിൽ നടന്നാലും കൂടുതൽ സമയം നട്ടുച്ചകളിൽ സമയം ചെലവഴിച്ചാലും കണ്ണിന്റെ ആരോഗ്യം നശിച്ചേക്കാം.

കാറ്ററാക്റ്റ്സ് മൂലം കാഴ്ച്ചയുടെ പ്രശ്നമുണ്ടാവുന്നെങ്കിൽ ആദ്യം കണ്ണിനുള്ളിൽ മഴക്കാറുകൾ പോലെ കാണുക മാത്രമല്ല തീർത്തും ദൃശ്യങ്ങൾ അവ്യക്തവുമായിരിക്കും. അതിന്റെ കാരണം കാറ്ററാക്റ്റ്സിനു
ആവശ്യമുള്ള പ്രോട്ടീൻ ഒരു പ്രത്യേക സ്ഥലത്ത് കൂടിയിരിക്കുന്നതുകൊണ്ടാണ്. കാറ്ററാക്റ്റ്സ്  കൂടുതോറും പുറമെയുള്ള വസ്തുക്കൾ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ കണ്ണുകളിൽ കാണപ്പെടും. ശരിയായി കണ്ണുകളുടെ സുരക്ഷിതത്വം പാലിക്കാത്തവർ ഈ രോഗം മൂലം കണ്ണിനെ അന്ധമാക്കും.

കാറ്ററാക്റ്റ്സിന്റെ ലക്ഷണങ്ങളെന്തെന്നും ഭാവിയിൽ കാറ്ററാക്റ്റ്സ് എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അറിയേണ്ടിയിരിക്കുന്നു. കാറ്ററാക്റ്റ്സ് അനുഭവപ്പെടുന്നത് കണ്ണിനു മൂടൽ വരുകയോ, കാണുന്ന വസ്തുക്കൾ അവ്യക്തമായി കാണുമ്പോഴാണ്. ആരംഭത്തിൽ ഇടയ്ക്കിടെ മാത്രം മങ്ങലുകൾ അനുഭവപ്പെടാം. ഡ്രൈവിംഗ് സമയത്തോ ജോലി ചെയ്യുമ്പോഴോ മൂടലിനെപ്പറ്റി ശ്രദ്ധിച്ചേക്കാം. വളരെ സാവധാനം കണ്ണിന്റെ കാഴ്ച്ച മങ്ങുകയും ചെയ്യുന്നു. മനുഷ്യരുടെ മുഖം തിരിച്ചറിയാനും കാറോടിക്കാനും പ്രയാസമായി വരുകയും ചെയ്യും. രാത്രിയിൽ വസ്തുക്കൾ തിരിച്ചറിയാനും കാണാനും ബുദ്ധിമുട്ടായിരിക്കും. കാരണം, കാറ്ററാക്റ്റ്സ് കണ്ണിന്റെ കാഴ്ച്ച ഇരുട്ടാക്കുന്നു. കാറ്ററാക്റ്റ്സിന്റെ ആരംഭത്തിൽ, പകൽസമയങ്ങളിൽ കാഴ്ചയ്ക്ക് അധികം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. രാത്രികാലങ്ങളിൽ വണ്ടികൾ ഓടിക്കുന്നവർക്ക് കാറ്ററാക്റ്റ്സുമൂലം കാണാൻ സാധിക്കാതെ അപകടങ്ങളുണ്ടാകാം.

പ്രായേണ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് കണ്ണിലേക്ക് ലൈറ്റ് വരുമ്പോൾ പെട്ടെന്നു കണ്ണിന് അസ്വസ്ഥത അനുഭവപ്പെടുക സാധാരണമാണ്. അതുപോലെ ഇരുട്ടുമുറിയിൽ നിന്നും പ്രകാശത്തിലേക്ക് പോവുമ്പോഴും കണ്ണിന് മഞ്ചലുണ്ടാവുന്നു. കണ്ണിലേക്ക് ഫ്‌ളാഷ് ലൈറ്റ് വന്നടിക്കുമ്പോഴും കണ്ണ് അറിയാതെ അടച്ചുപോകും. ലൈറ്റിൽ നിന്നും പെട്ടെന്നു ഭവിക്കുന്ന പ്രതിഫലനം മാറി പോവുകയും ചെയ്യും. എന്നാൽ കാറ്ററാക്റ്റ്സുള്ളവർക്കു ലൈറ്റിൽ നിന്നുള്ള പ്രകാശവും പ്രതിഫലനങ്ങളും കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നു. ചിലപ്പോൾ അവർക്ക് വെളിച്ചം വേദനാജനകവും ആയിരിക്കും. കഴിഞ്ഞ കാലത്തേക്കാളും പ്രകാശത്തോട് കൂടുതൽ അലർജിയുണ്ടാവുകയും ചെയ്യും.

കത്തി നിൽക്കുന്ന ഒരു ബൾബിനു ചുറ്റും  കണ്ണുകൾക്ക് വ്യത്യസ്തമായി ദീപ്തി വലയം കാണുന്നുവെങ്കിൽ കാറ്ററാക്റ്റ്സുണ്ടന്നു അനുമാനിക്കാം. അങ്ങനെയുള്ളവർക്ക് രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ എതിരെയുള്ള കാറിന്റെ പ്രകാശ വലയം അപകടത്തിലേക്ക് വലിച്ചിഴക്കാൻ കാരണമാകാം. പ്രത്യേകിച്ച് പട്ടണത്തിൽ കൂടി ഓടിക്കുമ്പോൾ കൂടുതൽ അപകട സാധ്യതകളും തെളിയും.

പുതിയ പുതിയ കണ്ണടകളും കോണ്ടാക്റ്റ് ലെൻസുകളും മാറി മാറി ആവശ്യം വരുന്നതും കാറ്ററാക്റ്റ്സിന്റെ ലക്ഷണമാണ്. സാധാരണ കണ്ണടയിലുള്ള ഗ്ലാസ്സുകൾക്ക് മാറ്റങ്ങളാവശ്യം വരുന്നത് മൂന്നും നാലും വർഷങ്ങൾക്കു ശേഷമായിരിക്കും. ഏതാനും മാസങ്ങൾക്കുള്ളിലോ ഒരു വർഷത്തിനു ശേഷമോ കണ്ണടകൾ മാറ്റേണ്ട ആവശ്യം വരില്ല. കണ്ണടകൾ കൂടെക്കൂടെ മാറേണ്ട ആവശ്യം വരുന്നുവെങ്കിൽ കണ്ണിന്റെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമായി വരുന്നു. കാറ്ററാക്റ്റ്സ് അല്ലെങ്കിൽ കണ്ണിന് മറ്റെന്തെങ്കിലും പ്രശ്നവുമാകാനും സാധ്യതയേറും.

കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ ഒരു വസ്തുവിനെ രണ്ടായി കാണുന്നതും കാറ്ററാക്റ്റ്സിന്റെ  അടയാളമാണ്. കണ്ണിന്റെ ലെൻസിനു ചുറ്റും പ്രോട്ടീൻ സമാഹരിക്കുന്നതുകൊണ്ടാണ് ഒരാൾക്ക് കാണുവാൻ ബുദ്ധിമുട്ടാകുന്നത്. അത്തരം അടയാളങ്ങൾ കണ്ണിനു വീർപ്പോ, നീരോ, സ്ട്രോക്കോ, തലച്ചോറിന് ക്യാൻസറോ വന്നവർക്കും വരാം.

കണ്ണിന് ഒരു മൂടലാണ് സാധാരണ കാറ്ററാക്റ്റ്സിൽ ഉണ്ടാവുന്നത്. കാറ്ററാക്റ്റ്സ് രൂപീകരിക്കുന്ന ആദ്യഘട്ടത്തിൽ കണ്ണുകൾക്കു കാണാൻ ബുദ്ധിമുട്ടു വരണമെന്നില്ല. എന്നാൽ പ്രായമാകുംതോറും കണ്ണിലെ പ്രോട്ടീൻ വളരെയധികം ക്ഷയിക്കും. സാവധാനമേ കണ്ണിൽ ഈ രോഗം വളരുകയുള്ളൂ. ചിലപ്പോൾ കാറ്ററാക്റ്റ്സ് തുടങ്ങി പൂർണ്ണ വളർച്ചയെടുക്കാൻ വളരെ വർഷങ്ങൾ വേണ്ടി വരും. ചില സന്ദർഭങ്ങളിൽ കണ്ണിന്റെ ഈ രോഗം ബാധിക്കുന്നതു ഒരുവന്റെ എഴുപതും എൺപതും വയസുകൾ കഴിഞ്ഞ കാലഘട്ടങ്ങളിലായിരിക്കാം. ഒരു വസ്തു കാണുമ്പോൾ ചില ഭാഗങ്ങൾ അദൃശ്യങ്ങളായിരിക്കാം. നിറങ്ങളും മങ്ങിയതായി മാത്രമേ കാണാൻ സാധിക്കുള്ളൂ.

ആരോഗ്യ പരിപാലനത്തിന് ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ആവശ്യത്തിനുള്ള വ്യായാമവും വേണം. നടക്കുകയും ഓടുകയും നീന്തുകയും മുതലായ വ്യായാമങ്ങൾ ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യം മെച്ചമായിരിക്കുന്നടത്തോളം നമ്മുടെ കണ്ണുകളും ആരോഗ്യമായി തന്നെ നിലകൊള്ളും. പോഷകാംശമുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടിരുന്നാൽ പ്രായമാകുമ്പോഴുളള ആരോഗ്യ പ്രശ്നങ്ങൾക്ക് ശമനം വരാം. കണ്ണിന്റെ ആരോഗ്യ രക്ഷയ്ക്ക് വിറ്റാമിൻ എ.സി.ഇ ഭക്ഷണ പദാർത്ഥങ്ങൾ സഹായകമെന്നു ഗവേഷകരുടെ കുറിപ്പുകളിൽ കാണുന്നു. ഈ വിറ്റാമിനുകൾ പഴവർഗങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ബ്രോക്കളിയും ഓറഞ്ചും ക്യാരറ്റും കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായകമാണ്. ക്യാരറ്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്നു പഴമക്കാരും പറയാറുണ്ട്. അവരുടെ ആപ്തവാക്യങ്ങൾ തികച്ചും സത്യമാണ്. ശരീര ഭാരം അധികം കൂടാതെ വ്യായാമത്തിൽക്കൂടി ഡയബീറ്റിക്സിനെയും നിയന്ത്രിച്ചാൽ കണ്ണിന്റെ ആരോഗ്യം നില നിർത്താൻ സാധിക്കും. ഡയബീറ്റിക്സിനെ നിയന്ത്രിച്ചില്ലെങ്കിൽ കണ്ണിലുള്ള രക്തവാഹിനികൾ നശിക്കുകയും അതുമൂലം കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. പ്രായം കൂടുംതോറും കണ്ണിൽ പലയിടത്തും അന്ധമാകാനുള്ള ലക്ഷണങ്ങളുമുണ്ടാകും. മറ്റൊരാളിന്റെ മുഖം തന്നെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകളുമുണ്ടാകാം.

കാറ്ററാക്റ്റ്സ് മൂർച്ഛിക്കുമ്പോൾ സർജറി വേണ്ടി വരും. സർജറിയിൽക്കൂടി മൂടിക്കിടക്കുന്ന കണ്ണിന്റെ സ്വാഭാവിക ലെൻസിനെ നീക്കം ചെയ്തശേഷം അതേ സ്ഥാനത്ത് കൃത്രിമമായ മറ്റൊരു ലെൻസ് സ്ഥാപിക്കുന്നു. ഓരോ വർഷവും അമേരിക്കയിൽ നാലു മില്യൺ കാറ്ററാക്റ്റ്സ് സർജറികൾ നടത്തപ്പെടാറുണ്ട്. ഇത്തരം സർജറികൾ അമേരിക്കയിൽ സർവ്വ സാധാരണമാണ്. കാറ്ററാക്റ്റ്സ് രോഗത്തെ സ്വാഭാവിക രീതിയിൽ തടയാൻ സാധിക്കില്ല. സർജറിയിൽക്കൂടി മാത്രമേ മങ്ങിക്കിടക്കുന്ന കണ്ണിനു രോഗ നിവാരണം നടത്താൻ സാധിക്കുള്ളൂ.

കാറ്ററാക്റ്റ്സിനുള്ള സർജറി നടത്തിയ ഭൂരിഭാഗം പേരും സർജറിയിൽ തൃപ്തരും അത് ആവശ്യമെന്നു കരുതുകയും ചെയ്യുന്നു. തങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും രോഗ നിവാരണത്തിന് സർജറിയുടെ ആവശ്യകതയെപ്പറ്റി ശുപാർശ ചെയ്യുകയും ചെയ്യുന്നു. ഭൂരിഭാഗം പേർക്കും പിന്നീട് കണ്ണട വെക്കേണ്ട ആവശ്യം വരില്ല. ഇത് അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സർജറിയായിട്ടാണ് കരുതുന്നത്‌. എന്നിരുന്നാലും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അണുബാധ, വ്രണം, പഴുപ്പ് മുതലായവകൾ കണ്ണിനെ ബാധിക്കാം. സർജറിക്കുമുമ്പ് സർജറി ചെയ്യുന്ന ഡോക്ടർ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ നേരത്തെ തന്നെ രോഗിയെ അറിയിക്കുകയും ചെയ്യും.

കാറ്ററാക്റ്റ്സിനു പല രീതികളിലുള്ള ചീകത്സാസമ്പ്രദായങ്ങളുണ്ട്. കൂടുതലും കേസുകളിൽ സർജറി വേണ്ടി വരും. കാറ്ററാക്റ്റ്സ് നീക്കം ചെയ്തിട്ട് അവിടെ കൃത്രിമമായ ലെൻസ് വെക്കുന്നു. സർജറിക്ക് മുമ്പ് ഏതു തരം ലെൻസാണ് അനുയോജ്യമെന്ന് ഡോക്ടർ തീരുമാനിക്കും. സർജറി മൂലം എസ്റ്റിമാറ്റിസം (Astimaticsm) പോലുള്ള കണ്ണിന്റെ പ്രശ്നവും ഒപ്പം പരിഹരിക്കാൻ സാധിക്കും. അതായത് ദൂരെയുള്ള കാഴ്ചകൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ സർജറിയിൽക്കൂടി പ്രശ്നങ്ങൾ പരിഹരിക്കുന്നു. സർജറിയല്ലാതെ കാറ്ററാക്റ്റ്സിന്റെ രോഗനിവാരണത്തിനായി പ്രത്യേകമായ ഒരു മെഡിക്കേഷനും മാർക്കറ്റിലില്ല.

സാധാരണ കാറ്ററാക്റ്റ്സ് സർജറിയ്ക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ട ആവശ്യമില്ല. ലോക്കൽ അനസ്‌തേഷ്യ തരും. അതിനുശേഷം അന്നേ ദിവസം തന്നെ വീട്ടിൽ പോവാനും സാധിക്കുന്നു. സർജറിയുടെ എല്ലാ നടപടി ക്രമങ്ങളും അപ്പോൾത്തന്നെ പൂർത്തിയാക്കുകയും ചെയ്യും. സർജറിയുടെ ചിട്ടകൾ വളരെ ലളിതമാണെങ്കിലും സർജറി എപ്പോഴും ഗൗരവമേറിയതു തന്നെയാണ്. ഡോക്ടർമാരുമായി ഇതേപ്പറ്റി വിശദമായ ഒരു ചർച്ചയും സർജറിക്ക് മുമ്പ് ആവശ്യമാണ്. അതുപോലെ ഏറ്റവും അനുയോജ്യമായ സമയം നോക്കി സർജറി നടത്തുകയും ചെയ്യണം.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC