lekhanam

ദീർഘയാത്ര അന്ത്യ യാത്രയാകുമ്പോൾ ..........!

സന്തോഷ്‌ പിള്ള 2018-07-11 02:58:59am

സാംകുട്ടി ജോലിയിൽ നിന്നും അറുപത്തിരണ്ടാമത്തെ വയസ്സിൽ വിരമിച്ചപ്പോൾ അറിയിച്ചു, ഇനിയാണ്  ജീവിതം ആസ്വദിക്കാൻ തുടുങ്ങുന്നത്. ഇത്രയും നാൾ കുടുംബാങ്ങൾക്ക്  വേണ്ടി കഷ്ടപ്പെട്ട്  ജോലിചെയ്തു.  മറിയാമ്മയുടെ ആറു സഹോദരങ്ങളേയും , എന്റെ നാലു സഹോദരങ്ങളേയും അമേരിക്കയിൽ എത്തിച്ച്  രക്ഷപെടുത്തി. മക്കൾ രണ്ടു  പേർക്കും  ജോലിയുമായി. എഴുപതുകളിൽ ഡിട്രോയിറ്റിൽ ആദ്യമായി എത്തിയപ്പോൾ എത്രമാത്രം കഷപെട്ടെന്നോ?  പത്തുഡോളറും കൊണ്ടാണ് അമേരിക്കയിലെത്തുന്നത് . ജോലി  അന്വേഷിച്ച് ആറിഞ്ച്  സ്നോയിലൂടെ നാട്ടിലെ ഷൂവുമിട്ടോണ്ട്  നടന്നപ്പോൾ അഞ്ച്  മിനിറ്റിനുള്ളിൽ പാദം രണ്ടും മരവിച്ച്  അന്വേഷണം അവസാനിപ്പിച്ച്, തിരികെ അപ്പാർട്മെന്റിനുള്ളിലേക്ക്  ഓടിക്കേറേണ്ടി വന്നിട്ടുണ്ട്.  മാസങ്ങളോളം രണ്ടും മൂന്നും കുടുംബങ്ങൾ ഒരുമിച്ച് ഒരു വീട്ടിൽ  താമസിച്ചിട്ടുണ്ട് . ബസ്സും പ്രതീക്ഷിച്ച്  എത്ര നാൾ തണുത്തു വിറങ്ങലിച്ച്  ബസ്റ്റോപ്പിൽ നിന്നിട്ടുണ്ടെന്നോ.  ഇപ്പോഴിതാ റിട്ടയറായി, ഇനി  വേണം  ലോകം  മുഴുവൻ ഒന്ന് ചുറ്റി കറങ്ങാൻ. ആദ്യമായി നാട്ടിൽ ചെന്ന്  കുറച്ചുനാൾ താമസിക്കണം. അങ്ങനെയാണ്  സാംകുട്ടി ആറു മാസത്തേക്ക് നാട്ടിലേക്ക്  പോയത്.

നാട്ടിൽ നിന്നും തിരികെ  അമേരിക്കയിൽ എത്തിയ ഉടനെ ഫോണിൽ  വിളിച്ചു.  സമ്മറിൽ  ആറുമാസം അമേരിക്കയിലും, വിന്റർ സമയത്ത് ഇനി നാട്ടിലുമായിരിക്കും.  കറന്റ് പോക്ക്, ഹർത്താൽ, പിരിവ് , കൊതുക്, വൈറസ്,  എന്നീ  ശല്യങ്ങൾ  ഒക്കെ ഉണ്ടെങ്കിലും  നാട്ടിൽ താമസിക്കാൻ  ഒരു പ്രത്യേക സുഖമാ.  ജോലിയിൽ നിന്നും വിരമിച്ചപ്പോൾ  ആണ്  പൂർണമായ  സ്വാതന്ത്ര്യം അനുഭവിക്കുന്നത് . എന്തായാലും അടുത്ത മാസം ഇസ്രായേലിൽ പോകാനും തീരുമാനിച്ചു . പള്ളിയിൽ നിന്നും ഒരു ഗ്രൂപ്പായിട്ടാ പോകുന്നത്.  മറിയാമ്മക്കും യാത്ര ചെയ്യാൻ ഇഷ്ടമാ.   

പിന്നീടറിയുന്നത്  സാംകുട്ടി  ICU ൽ ആണെന്ന് . രാവിലെ സോഫയിൽ ഇരുന്ന ആൾ  ബോധമില്ലാതെ  കുഴഞ്ഞു  താഴേക്കുവീണു . രണ്ടു ദിവസം ആശുപത്രിയിൽ  കിടന്നതിനുശേഷം, ലോകമെമ്പാടും യാത്രചെയ്യണമെന്നുള്ള തൻറെ സ്വപ്നങ്ങൾ  ബാക്കിവെച്ചിട്ട്,    അനേകം കുടുംബാംഗങ്ങെളയും സുഹൃത്തുക്കളെയും  കണ്ണീർക്കയത്തിലാഴ്ത്തി  സാംകുട്ടി   വിടപറഞ്ഞു.  അനുശോചന സമ്മേളനത്തിൽ പലരും വര്ഷങ്ങളുടെ കണക്കുകൾ നിരത്തി  സാംകുട്ടിയുമായിട്ടുള്ള  പരിചയത്തിന്റെ  ദൈർഘ്യം  വിളിച്ചറിയിച്ചു . മറ്റുചിലർ  വിയോഗത്തിൻറെ  ദുരന്ത വാർത്ത അറിഞ്ഞപ്പോൾ അവർ എവിടെയായിരുന്നു എന്നതിനെ  ആസ്പദമാക്കി  പ്രസംഗിച്ചു   .  വളരെ  ഊർജസ്വലനും  ആരോഗ്യവാനുമായിരുന്ന സാംകുട്ടിയുടെ   മരണകാരണം എന്തായിരിക്കും…?  ആദ്യം കേട്ടത് ഹാർട്ടറ്റാക്ക്  എന്നായിരുന്നു. പിന്നീട്  അറിഞ്ഞു ഡി വി ടി (DVT)  എന്ന  അസുഖമാണ്  മരണകാരണമായതെന്ന് .

ഡീപ്  വെയിൻ  ത്രോംബോസിസ്  (DVT)  എന്ന  അസുഖം  ദീർഹ  ദൂര വിമാന യാത്രക്കാരിൽ പെട്ടന്ന്  ഉടലെടുക്കാവുന്ന  മാരകമായ ഒരു  ആരോഗ്യ പ്രശ്നമാണ് . മണിക്കൂറുകൾ   ഒറ്റയിരിപ്പിരിക്കുമ്പോൾ  കാലുകളിൽ നിന്നും ഹൃദയത്തിലേക്കുള്ള   രക്ത സഞ്ചാരം  സാവധാനത്തിൽ  ആവുകയും, രകതം ധമനികളിൽ  തളം  കെട്ടികിടക്കുവാൻ  ആരംഭിക്കുകയും  ചെയ്യുന്നു. തളം കെട്ടികിടക്കുന്ന  രകതം   കട്ട പിടിക്കുവാൻ   തുടങ്ങുമ്പോൾ മാരകമായ  DVT ആരംഭിക്കുകയായി.

ഇങ്ങനെ  ഉടലെടുക്കുന്ന  രക്ത കട്ടകൾ  ചിലപ്പോൾ  രക്ത കുഴലുകളിൽ ഒട്ടിപിടിച്ചിരിക്കുകയും  കുറച്ചുദിവസങ്ങൾക്കുള്ളിൽ  വേർപെട്ട്  ഹൃദയത്തിലേക്കും, പിന്നീട് ശ്വാസകോശത്തിലേക്കും  എത്തിച്ചേരും. ശ്വസകോശത്തിന്   ഓക്സിജൻ  എത്തിക്കുന്ന രക്‌തക്കുഴലുകൾ തടസ്സപ്പെട്ടാലും, ഓക്സിജൻ , കാർബൺഡൈഓക്‌സൈഡ്  വിനിമയം നടക്കുന്ന  രക്തക്കുഴലുകൾ  വിഖാ തപ്പെട്ടാലും,  രക്തക്കട്ടകൾ   വലിപ്പമേറിയതാണെങ്കിൽ  ഹൃദയത്തിനകത്തു  തന്നെ  രക്ത  സഞ്ചാരം  നിന്നുപോയാലും  അതിവേഗത്തിൽ  മരണം സംഭവിക്കും.  പൽമനറി എമ്പോളിസം എന്നാണ്  ശ്വസകോശത്തിനുള്ളിൽ  രക്ത കട്ടകൾ ചെന്നാലുള്ള അസുഖം അറിയപ്പെടുന്നത്. 

ദീർഘ ദൂര  യാത്രക്കിട യിലോ, അതിനുശേഷമോ,  നെഞ്ചുവേദന, ശ്വാസം എടുക്കുമ്പോൾ  കൂടതലായി അനുഭവപ്പെടുന്ന  വേദന, ചുമക്കുമ്പോൾ  രക്തം കലർന്ന കഫം, ശ്വാസ തടസ്സം ഇവയെല്ലാം അനുഭവപെട്ടാൽ  പൽമനറി എമ്പോളിസം   ആണെന്നുറപ്പിക്കാം.  എത്രയും വേഗത്തിൽ വൈദ്യ സഹായം കിട്ടിയാൽ  ചിലപ്പോൾ  രക്ഷപെട്ടേക്കാം.

പതിനഞ്ചും  അതില്കൂടുതൽ  സമയവും ഇരിക്കേണ്ടി  വരുന്ന  ദീർഘ ദൂര ആകാശ യാത്രകളിൽ  ഓരോമണിക്കൂറിലും എഴുനേറ്റ് നിൽക്കാൻ ശ്രമിക്കുക. ഇടക്കിടെ  അല്പം നടക്കാൻ  ശ്രമിക്കുക.  വിമാനയാത്രക്കിടയിൽ, സീറ്റ് ബെൽറ്റ് ധരിക്കുക എന്ന മുന്നറിയിപ്പ്  ഉണ്ടാവുന്നതു കൊണ്ടും, ഭക്ഷണം വിതരണം ചെയ്യുന്നതു കൊണ്ടും നടക്കുക  എന്നത് പ്രയാസമാകുമെങ്കിലും  സന്ദർഭം കിട്ടുമ്പോൾ  എല്ലാം  അല്പദൂരമെങ്കിലും  നടക്കുക.

കാലുകളിൽ  നിന്നും  തിരികെ  രക്തം ഹൃദയത്തിലേക്കെത്തിക്കുവാൻ കാൽമുട്ടിന്  താഴെയായി കാലിൻറെ പിൻഭാഗത്തുള്ള  "കാഫ് " പേശികൾ നിർണായക പങ്കാണ് വഹിക്കുന്നത് . ഒരു പമ്പായി പ്രവർത്തിച്ച്  രക്തം മുകളിലേക്ക്  ഉയർത്തിവിടുന്നത്  "കാഫ് " പേശികൾ ആണ് .  ദീർഘ സമയം ഇരിക്കേണ്ടി വരുമ്പോൾ , കാൽ  വിരലുകളും   പത്തിയും  അമർത്തിച്ചവിട്ടി പാദത്തിന്റെ  പിൻഭാഗം  ഉയർത്തുകയും  താഴ്ത്തുകയും ചെയ്യുമ്പോൾ പാദങ്ങളിലെ രക്‌തചക്രമണം സാധാരണഗതിയിലാവും.  ഉപ്പൂറ്റി  തറയിലമർത്തി കാൽ പാദങ്ങൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്താലും രക്തം തളംകെട്ടുന്നത്  ഒഴിവാക്കാൻ  സാധിക്കും.  കാലിൽ  മുറുകെ പിടിച്ചു കിടക്കുന്ന  സോക്സും  ദീർഘ ദൂര യാത്രയിൽ സുഗമമായ രക്ത ചംക്രമണത്തിന്  സഹായകമാണ് .  അമിത ഭാരമുള്ളവർ  ദീർഘ  നേരം ചലിക്കാതെ ഇരുന്നാൽ ഈ അസുഖം പെട്ടന്ന്  ഉടലെടുക്കാം.

DVT എന്ന് കേട്ടപ്പോൾ കൂടുതൽ  അന്വേഷിച്ചു  കണ്ടെത്തിയ  അറിവുകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.   സാംകുട്ടിയുടെ  വേർപാടിനുമുമ്പ്  ഈ അറിവുകൾ  നേടിയിരുന്നു എങ്കിൽ,  ഒരുപക്ഷേ  ഇപ്പോഴും ജീവിതം ആസ്വദിക്കുവാൻ  അദ്ദേഹം  ഉണ്ടാകുമായിരുന്നോ?

  ആദ്യകാലങ്ങളിൽ  അമേരിക്കയിൽ കുടിയേറിപ്പാർത്തവർ  റിട്ടയർമെൻറ്  ആസ്വദിക്കുന്ന  ഈ  സമയത്ത്,  നാട്ടിലേക്കുള്ള  ദീർഘമായ  വിമാനയാത്രകൾ സുലഭമാണ് . വിമാനത്തിൽ  ആകണമെന്നില്ല,  എപ്പോഴം മണിക്കൂറുകൾ ചലിക്കാതെ  ഇരിക്കേണ്ടിവരുമ്പോൾ  DVT  വരാനുള്ള  സാധ്യത  കൂടി  മുന്നിൽ കണ്ടുകൊണ്ട്  അതൊഴിവാക്കാനായി  ശ്രമിക്കുക.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC