കൗതുകം

മലയാളി ഗായികയുടെ ആൽബത്തിനു സോഷ്യൽ മീഡിയയിൽ തെറിവിളിയും അശ്ലീല കമന്റുകളും; ജസീന്ത മോറിസ് മ്യൂസിക് ആൽബം പിൻവലിച്ചു

2016-06-09 03:52:27am

തിരുവനന്തപുരം: മലയാളി ഗായികയുടെ ആൽബത്തിനു സോഷ്യൽ മീഡിയയിൽ തെറിവിളിയും അശ്ലീല ഭാഷണവും. മലയാളി ഗായികയും എഴുത്തുകാരിയുമായ ജസീന്ത മോറിസ് മധ്യവയസുള്ള സ്ത്രീയുടെ ജീവിതം ചിത്രീകരിച്ച് ഇറക്കിയ യൂട്യൂബ് ആൽബമാണു വിവാദത്തിലായത്.

സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ സഹികെട്ട് ജസീന്ത ആൽബം പിൻവലിക്കുകയും ചെയ്തു. സംഭവം ദേശീയ- അന്തർദേശീയ മാദ്ധ്യമങ്ങളിൽ വരെ വാർത്തയാകുകയും ചെയ്തു.

ജസീന്ത എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച 'സൂസൻ തെറ്റുകാരിയാണോ?' എന്ന തലവാചകത്തിലെ ആൽബമാണ് എതിർപ്പിനെത്തുടർന്നു പിൻവലിക്കേണ്ടിവന്നത്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവർ ജസീന്തയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ഒ രാജഗോപാലാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഈ ആൽബം പ്രകാശനം ചെയ്തത്.

വീഡിയോ യൂട്യൂബിൽ കണ്ട ഉത്തരേന്ത്യക്കാരാണ് വിമർശനവും അശ്ലീലവർഷവുമായി രംഗത്തെത്തിയത്. അവസാനം ജസീന്ത ആ വീഡിയോ യൂടൂബിൽ നിന്ന് പിൻവലിച്ചു. എന്നാൽ അതിനിടെ, ആ ഗാനം പല യൂട്യൂബ് ചാനലുകളിലും ഫേസ്‌ബുക്ക് പേജുകളിലും റീപോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ബ്ലോഗുകളാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

പാക്കിസ്ഥാനിഗായകൻ താഹിർ ഷാ അപ്‌ലോഡ് ചെയ്ത് ഹിറ്റ് ആയ ഏഞ്ചൽ എന്ന ഗാനത്തിന്റെ ദക്ഷിണേന്ത്യൻ വേർഷൻ എന്നാണു ഈ ഗാനം വിശേഷിപ്പിക്കപ്പെട്ടത്. ഇതോടെ പാക്കിസ്ഥാനിൽ നിന്നും വലിയ തോതിലുള്ള വെല്ലുവിളികളാണ് ഗായികയ്ക്കെതിരെ. സ്‌ക്രോൾ.കോം മുതൽ ഹഫിങ്ടൺ പോസ്റ്റുവരെ സൂസന്റെ വീഡിയോ വാർത്തയായി. ഇന്ത്യൻ താഹിർഷായെന്നാണു ഹഫിങ്ടൺ പോസ്റ്റ് ജസീന്തയെ വിശേഷിപ്പിച്ചത്.

ഈ ഗാനം വീഡിയോ ആൽബമുണ്ടാക്കി യൂടൂബ് പോലെയുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് അതിന്റെ നെഗറ്റീവ് പബ്ലിസിറ്റിക്കും, അത് വഴിയുള്ള ഹിറ്റിന് വേണ്ടിയുമല്ല ചെയ്തത്, വളരെ പ്രതീക്ഷയോടെ, ഒരു ഗാനം എഴുതി, പാടി അഭിനയിച്ചതാണ് ഈ വീഡിയോ എന്നാണ് അമ്പത്തിരണ്ടുകാരിയായ സർക്കാർ ഉദ്യോഗസ്ഥയായ ജസീന്ത ദേശീയ മാദ്ധ്യമങ്ങളോട് പറയുന്നത്. വെറുതെ ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ അതിൽ ഉണ്ടാകുന്ന പ്രത്യഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നാണ് ഇവരുടെ അനുഭവം തെളിയിക്കുന്നത്.