കൗതുകം

പ്രേത സിനിമ കോണ്‍ജുറിംഗ്­ 2 കണ്ട് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

2016-06-22 10:11:02am

ഹൈദരാബാദ്: പ്രേതസിനിമയായ കോണ്‍ജുറിംഗ്­ 2 കണ്ട് പേടിച്ച് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രേതാത്മാക്കളുടെ കഥ പറയുന്ന കോണ്‍ജുറിംഗ്­2 കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

തിയറ്ററില്‍ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ട ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് ഡോക്­ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് പോസ്­റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോയ മൃതദേഹവും കൂടെപോയ സുഹൃത്തിനെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. സിനിമയെക്കുറിച്ച് പേടിപ്പിക്കുന്ന നിരവധി കഥകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമ കണ്ട യുവതിക്ക് പ്രേതബാധയുണ്ടായതായ തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനകം അരക്കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞു.

അതേസമയം സിനിമ കണ്ട് തിരിച്ചെത്തിയ തന്റെ മുറിയിലെ കണ്ണാടിയില്‍ കുരിശിന്റെ രൂപത്തില്‍ ഒരടയാളം പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയ സിംഗപ്പൂര്‍ സ്വദേശിയുടെ പോസ്­റ്റും വൈറലാകുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മാതാക്കള്‍ തന്നെ ചെയ്യുന്നതാണെന്നും വിമര്‍ശനമുണ്ട്.