കൗതുകം

സ്മാര്‍ട്ട്‌ഫോണിനെ ഭാര്യയാക്കി, പള്ളിയില്‍വെച്ച് വിവാഹം!

2016-06-30 09:54:28am

സെല്‍ഫോണ്‍ പ്രണയം അതിരുകടന്ന യുവാവ് ഫോണിനു വരണമോതിരമണിയിച്ചു വിവാഹം ചെയ്തു. ലാസ് വാഗാസിലെ പള്ളിയില്‍ നടന്ന ചടങ്ങിലാണ് ലോസ് ഏഞ്ചല്‍സ് സ്വദേശി സെല്‍ഫോണിനെ ഭാര്യയാക്കിയത്.

ആര്‍ട്ടിസ്റ്റായ ആരോണ്‍ ചെര്‍വെനാക്കാണ് സെല്‍ഫോണിനെ മോതിരമണിയിച്ച് സ്വന്തമാക്കിയത്. വിവാഹവസ്ത്രത്തിലാണ് വരന്‍ എത്തിയതെങ്കില്‍ മനോഹരമായ കേയ്‌സോടെയാണ് വധുവായ സ്മാര്‍ട്ട്‌ഫോണ്‍ വിവാഹത്തിനെത്തിയത്.

സാധാരണ ക്രിസ്റ്റ്യന്‍ വിവാഹം പോലെ തന്നെ വിളിച്ചു ചൊല്ലിയായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ വിവാഹവും നടന്നത്.

'ഈ സ്മാര്‍ട്ട്‌ഫോണിനെ വിവാഹം ചെയ്യാനും സ്‌നേഹിക്കാനും സംരക്ഷിക്കാനും അവളോട് കൂറുപുലര്‍ത്താനും തയ്യാറുണ്ടോ ആരോണ്‍' എന്ന് പള്ളിയുടെ ഉടമസ്ഥന്‍ മിഖൈല്‍ കെല്ലി ചോദിച്ചു.

'തയ്യാറാണ്' എന്ന് ആരോണ്‍ മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് 'ഭാര്യയുടെ' പ്ലാസ്റ്റിക് കെയ്‌സിന്‍മേല്‍ മോതിരമണിയിക്കുകയും ചെയ്തു.

പുതുതലമുറ എത്രത്തോളം സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്നു എന്നാണ് ആരോണിന്റെ പ്രതീകാത്മക വിവാഹം വ്യക്തമാക്കുന്നതെന്ന് കെല്ലി പറഞ്ഞു. 

ആളുകള്‍ ഫോണുമായി വലിയ അടുപ്പമാണ് സൂക്ഷിക്കുന്നത്. അവര്‍ ഉറങ്ങുന്നത് ഫോണിനൊപ്പമാണ്. ഉണരുന്നതും. ഉണര്‍ന്നാല്‍ ആദ്യം നോക്കുന്നതും ഫോണാണെന്നും കെല്ലി പറഞ്ഞു.