കൗതുകം

വയസ്സ് പത്ത്; തൂക്കം 192 കിലോഗ്രാം

2016-06-30 10:02:26am

ആര്യ പെർമന എന്ന ഇന്തോനേഷ്യയിലെ ബാലന് വെറും 10 വയസ് മാത്രമേയായിട്ടുള്ളൂ. എന്നാൽ അവന്റെ തൂക്കം 192 കിലോഗ്രാമാണ്. ഇതിലൂടെ ലോകത്തിലെ ഏറ്റവും തൂക്കമുള്ള ബാലനായി മാറിയിരിക്കുകയാണ് ആര്യ. സാധാരണ കുട്ടികൾക്ക് പാകമുള്ള വസ്ത്രങ്ങളൊന്നും ധരിക്കാൻ കുട്ടിക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ തടിയും തൂക്കവും വർധിച്ചാൽ കുട്ടി മരിച്ച് പോകുമെന്ന ഭയത്താൽ കർക്കശമായ ആഹാരനിയന്ത്രണങ്ങൾ ആര്യയ്ക്ക് മേൽ ഏർപ്പെടുത്താനൊരുങ്ങുകയാണ് രക്ഷിതാക്കൾ.

ദിവസത്തിൽ ചുരുങ്ങിയത് അഞ്ച് പ്രാവശ്യം വരെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ട് ഈ പൊണ്ണത്തടിയന്. ചോറ്, മത്സ്യം, ബീഫ്, പച്ചക്കറി സൂപ്പ്, തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. മുതിർന്ന രണ്ട് പേർക്ക് കഴിക്കാവുന്ന ആഹാരം ഒരു ദിവസം ഈ പത്ത് വയസുകാരൻ കഴിക്കുന്നുവെന്ന് ചുരുക്കം. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലാണ് ആര്യയുടെ താമസം. ഏത് സമയത്തും വിശക്കുന്ന ആര്യയ്ക്ക് നടക്കുകയെന്നത് പ്രയാസമുള്ള കാര്യമായതിനാൽ അവൻ സ്‌കൂളിൽ പോകുന്നില്ലെന്നാണ് അമ്മയാായ റോകായാഹ് വെളിപ്പെടുത്തുന്നത്.

തടി കൂടിയത് കാരണം ശ്വാസം കഴിക്കാൻ പോലും ബാലൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും മാത്രമാണ് ആര്യ ചെയ്തുകൊണ്ടിരിക്കുന്നത്. തുടർന്ന് ബാത്ത് ടബിൽ മണിക്കൂറുകളോളം കഴിയുകയും ഇഷ്ട വിനോദമാണ്. നിലവിൽ ആഹാരം നിയന്ത്രണം ആര്യയ്ക്ക് മുകളിൽ ആരംഭിച്ച രക്ഷിതാക്കൾ ബ്രൗൺ റൈസ് മാത്രമേ നൽകുന്നുള്ളൂ.

കുട്ടി ഏതാനും സ്റ്റെപ്പുകൾ നടക്കുമ്പോഴേക്കും തളർന്ന് പോകുന്നുണ്ടെന്നും അവൻ പഠിക്കണമെന്നും മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കണമെന്നുമാണ് രക്ഷിതാക്കൾ അതിയായി ആഗ്രഹിക്കുന്നത്. 35 കാരിയായ റോകായാഹിന്റെയും ഭർത്താവ് 45 കാരനായ അദെ സോമാൻത്രിയുടെയും രണ്ടാമത്തെ മകനാണ് ആര്യ. ജനിക്കുമ്പോൾ സാധാരണ തൂക്കമായ 3.2 കിലോഗ്രാം മാത്രമേ കുട്ടിക്കുണ്ടായിരുന്നുള്ളൂ.

എന്നാൽ രണ്ടാം വയസ് മുതലാണ് കുട്ടി അസാധാരമായ രീതിയിൽ തടിക്കാൻ തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ ഇത് കണ്ട് രക്ഷിതാക്കൾ സന്തോഷിക്കുകായായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ തടി അധികമാണെന്നു ചികിത്സ അത്യാവശ്യമാണെന്നും മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.എന്നാൽ ആര്യയുടെ മൂത്ത സഹോദരനായ ആർഡിക്ക് സാധാരണ തടി മാത്രമേയുള്ളൂ. തുടർന്ന് ആര്യയെയും കൊണ്ട് രക്ഷിതാക്കൾ നിരവധി ഡോക്ടർമാരെ ചെന്ന് കണ്ടിരുന്നു. അവരുടെ പ്രദേശമായ ചിപുർവസാരിയിലെ ഡോക്ടർമാർക്കൊന്നും പരിഹാരം കാണാൻ സാധിച്ചിട്ടില്ല. തുടർന്ന് അവർ മികച്ച ഡോക്ടർമാരെ കാണിക്കാൻ നിർദേശിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം ഈ കർഷക ദമ്പതികൾക്ക് അതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്.