kavitha

സൃഷ്ടിയുടെ വഴുക്കല്‍

ഗീതാ രാജന്‍ 2017-05-03 01:21:14am

ഓര്‍മ്മയുടെ ചിന്തുകളില്‍
പറ്റിപ്പിടിച്ചിരുന്ന വിളികള്‍
വട്ടമിട്ടു മൂളുന്നു ചുറ്റിലും...
"മോനെ" "ഡാ" "കണ്ണാ" "കുട്ടാ"

കണ്ണാടിക്കുള്ളില്‍ നിന്നും
ഇറങ്ങി ഓടുന്നു
വെട്ടിയൊതുക്കിയ തലമുടി
ചമയങ്ങളില്ലാത്ത മുഖം!

മറയ്ക്കാത്ത മാറില്‍
കൈത്തലങ്ങള്‍ ചേര്‍ത്തു
ഇറക്കം കുറഞ്ഞ നിക്കര്‍
വലിച്ചു നീട്ടുന്ന മനസ്സ് !!

"അവനെ" കീറിമുറിച്ച്
നീണ്ടു വരുന്ന കരങ്ങളില്‍
മുറുക്കി പിടിച്ച ലിപ്സ്റ്റിക്
കണ്‍മഷി, പിന്നെ ചാന്തു പൊട്ടും!!

തറച്ചിറങ്ങും ചൂണ്ടു വിരലുകള്‍
കോര്‍ത്തെടുക്കുന്ന കണ്ണുകള്‍
വരിഞ്ഞു മുറുക്കുന്ന വിലക്കുകള്‍
മുറിച്ചുവക്കും പച്ചയായൊരു ജീവനെ!!

പട്ടുപാവടയിഹലേക്ക് തുടിക്കുന്ന ഹൃദയം
വലിച്ചെറിഞ്ഞ കൂട്ടുകാര്‍
ഒറ്റയായി വരച്ചിടുന്നു
സൃഷ്ടിയുടെ വഴുക്കലില്‍
അടിതെറ്റി പോയൊരു ജന്മത്തെ!!