കണ്മുന്നില് കാണുന്ന ഇത്തിരി 'വട്ട' ത്തില്‍
എന്തല്ലാം കാഴ്ച്ചകള്‍ കാണ്മൂ നമ്മള്
സൂര്യനുദിക്കുന്നു, ചന്ദ്രനുദിക്കുന്നു
രാപ്പകല്‍ മാറി മറഞ്ഞീടുന്നൂ
ഇന്നലെ കണ്ടവര്‍ ഇന്നില്ല ലോകത്തില്‍
'ഇന്നോ', നാളെയിന്നായി മാറീടുന്നു.
എത്ര കുറച്ചു നാം കാണുന്നു, അറിയുന്നു
പഞ്ചേന്ദിയങ്ങളിലൂടെ നിത്യം
പരിധികളുണ്ട്, പരാധീനതയുണ്ട്
നരജന്മം ഒട്ടുമേ പൂര്‍ണ്ണമല്ല
അല്പജ്ഞാനത്തിന്റെ' ഠ' വട്ടമല്ലാതെ
ഞാനെന്ന് ഭാവിക്കാന്‍ ഒന്നുമില്ല
നിത്യം കലഹിച്ചഹങ്കരിച്ചീ ജന്മം
പാഴാക്കുന്നല്ലോ മനുഷ്യരെല്ലാം
കാഴ്ച്ചകള്‍ കണ്ടു നാം മുന്നോട്ട് നീങ്ങുമ്പോള്‍
കാഴ്ച്ചകള്‍ പിന്നിലും മാറിപ്പോകും
ഒരു കൊച്ചു ജീവിതം ജീവിച്ച് തീര്‍ക്കുന്ന
മനുഷ്യനറിയുന്നതെത്ര തുച്ഛം
എന്നിട്ടുമെല്ലാമറിയുന്ന നാട്യവും
ഞാനെന്ന ഭാവവും എന്തിനാവോ?
credits to joychenputhukulam.com