സാംസ്‌കാരിക വിശേഷങ്ങള്‍

ഡീക്കന്‍ അരുണ്‍ സാമുവേല്‍ പട്ടംകൊടശുശ്രൂഷ ഡാലസില്‍ ജൂലൈ 15 ശനി

പി. പി. ചെറിയാന്‍ 2017-07-15 11:03:58am

ഡാലസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗവും കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ വര്‍ഗീസ് ജോണ്‍ എലിസബത്ത് ജോണ്‍ ദമ്പതിമാരുടെ മകനുമായ ഡീക്കന്‍ അരുണ്‍ സാമുവേല്‍ വര്‍ഗീസിന്റെ പൗരോഹിത്യ സ്ഥാനാരോഹണം ജൂലൈ 15 ശനി രാവിലെ എട്ട് മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചില്‍ മെത്രാപ്പോലീത്താ റൈറ്റ്. റവ. ജോസഫ് മാര്‍ത്തോമായുടെ മുഖ്യകാര്‍മ്മികത്വത്തിലും ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫിലെക്‌സിനോസിന്റെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു.

തിരുവല്ല മാര്‍ത്തോമാ ചര്‍ച്ചില്‍ റൈറ്റ്. റവ. ജോസഫ് മാര്‍ ബര്‍ണബാസ്, റൈറ്റ് റവ. ഡോ. തോമസ് മാര്‍ തിമൊത്തിയോസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷയിലാണ് അരുണ്‍ സാമുവേല്‍ ഡീക്കന്‍ പദവിയിലേക്ക് പ്രവേശിച്ചത്.

ദുബായില്‍ ജനിച്ച അരുണ്‍ മാതാപിതാക്കളോടൊപ്പം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ (ഡാലസ്) നിന്നും ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ അരുണ്‍ ആത്മീക വിഷയങ്ങളില്‍ പ്രകടിപ്പിച്ച താല്പര്യമാണ് പട്ടത്വ ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കുവാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന പതിനൊന്നാമത്തേയും ഡാലസില്‍ നിന്നും അഞ്ചാമത്തേയും ഫാര്‍മേഴ്‌സ് ഇടവകയില്‍ നിന്നും മൂന്നാമത്തേയും പട്ടക്കാരനാണ് അരുണ്‍ സാമുവേല്‍.

ജൂലൈ 15 നു നടക്കുന്ന പട്ടംകൊടശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. ഭദ്രാസനത്തിലെ വിവിധ സഭകളെ പ്രതിനിധീകരിച്ചു പട്ടക്കാര്‍ ഇടവകജനങ്ങള്‍ എന്നിവരും പ്രത്യേക ശുശ്രൂഷയിലും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കണം.