പ്രത്യേക ശ്രദ്ധയ്ക്ക്

ഇന്ത്യയെന്ന ഇന്ദിര : ഒരു നൂറ്റാണ്ടിന്റെ സ്ത്രീശക്തി

ബ്‌ളസന്‍ ഹൂസ്റ്റന്‍ 2017-11-08 07:18:51am

1984 ഒക്‌ടോബര്‍ 31 ഇന്നും ഇന്ത്യന്‍ ജനത ഞെട്ടലോടുകൂടി ഓര്‍ക്കുന്ന ദിവസമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ സുരക്ഷാഭടന്മാരുടെ തോക്കിനിരയായി ഈ ലോകത്തോട് വിടപറഞ്ഞ ദിവസം. രാഷ്ട്രപിതാവ് മഹാത്മജിക്കുശേഷം ഇന്ത്യന്‍ ജനതയും ഒപ്പം ലോക ജനതയും നടുക്കത്തോടെ കേട്ട വാര്‍ത്ത യായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത. ആള്‍ ഇന്ത്യ റേ ഡിയോയില്‍ക്കൂടി ഇന്ത്യന്‍ ജനത ആ വാര്‍ത്ത കേട്ടപ്പോള്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ കൂടിയാണ് ലോക ജനത ആ വാര്‍ത്ത കേട്ടത്. അന്ന് ഇന്ത്യയില്‍ ദൂരദര്‍ശന്‍ ഉണ്ടെങ്കിലും അത്രകണ്ട് പ്രചാരമായിരുന്നില്ല. ഒരു നിശ്ചിത സമയം മാത്രമെ സംപ്രേക്ഷണം ഉണ്ടാ യിരുന്നുള്ളു. അതുകൊണ്ടുതന്നെ റേഡിയോ ആയിരുന്നു പ്രധാന ആശ്രയം.

ഒക്‌ടോബര്‍ 31 ഔദ്യോഗിക വസതിയില്‍ നിന്ന് അതിന് തൊട്ടടുത്തു ള്ള ഓഫീസിലേക്ക് പോകുന്ന വഴിമദ്ധ്യേ ബീന്ത്‌സിംങ് സത്വന്ത് സിംങ് എന്നീ രണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാര്‍ ഇന്ദിരാഗാന്ധിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി ഇന്ത്യയെ പുതിയൊരു യുഗത്തിലേക്ക് നയിച്ചുയെന്നു തന്നെ പറയാം. കോണ്‍ഗ്രസ്സിനെ നയിച്ചപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിനുവേണ്ട നേതൃത്വഗുണമായിരുന്നു ഇന്ദിരയില്‍ ഉണ്ടായതെങ്കില്‍, പ്രധാന മന്ത്രിയായപ്പോള്‍ ഒരു ഭരണാ ധികാരിക്കുവേണ്ട കാര്യപ്രാപ്തിയായിരുന്നു ഉണ്ടായത്. ആരൊക്കെ ഏതൊക്കെ രീതിയില്‍ അവരെ കുറ്റപ്പെടുത്തിയാലും ഇന്ദിരയുടെ പ്രധാനമന്ത്രി പദവി ഇന്ത്യയെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റിയെന്നു തന്നെ പറയാം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തണമെന്നുള്ള അവരുടെ ഉറച്ച തീരുമാനം ഇന്ത്യയുടെ സ്വ പ്നങ്ങള്‍ ശൂന്യാകാശത്തു വരെയെത്തിച്ചു. റഷ്യയുമായി സഹകരിച്ച് ഇന്ത്യ ബഹിരാകാശ സ്വപ്നങ്ങള്‍ പൂവണിഞ്ഞപ്പോള്‍ രാ കേഷ് ശര്‍മ്മ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മാറി. വാര്‍ത്താവിതണ പ്രക്ഷേ പണരംഗത്ത് ഒരു മാറ്റത്തിന് തുടക്കമിടാന്‍ അവര്‍ക്ക് സാധിച്ചു. പ്രധാനമായും സോവ്യറ്റ് യൂണിയനുമായി സഹകരിച്ചുകൊണ്ട് വാര്‍ത്താ പ്രക്ഷേപണ രംഗത്ത് ഇന്ത്യ സജീവസാന്നിദ്ധ്യമായി തീര്‍ന്നുയെന്നു തന്നെ പറയാം. ഇന്ത്യയുടെ പ്രതിരോധസേനയെ 71-ലെ പാക്ക് യുദ്ധത്തിനുശേഷം ശക്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഡോ.കലാമിനെപോലുള്ളവരെ രംഗത്തിറക്കിക്കൊണ്ട് അതിന് തുടക്കമിട്ടപ്പോള്‍ 74-ലെ അമേരിക്ക പോലുമറിയാത്ത ആണവ പരീക്ഷണം പൊഖ്‌റാനില്‍ നടത്തി.

പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സാമ്പത്തികരംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയുണ്ടായി. ബാങ്കുകളുടെ ദേശസാല്‍ക്കരണമായിരുന്നു അതിപ്രധാനമായത്. പതിന്നാല് പ്രധാനബാങ്കുകളെ ദേശസാല്‍ക്കരിച്ചുകൊണ്ട് ഇതിന് തുടക്കംകുറിച്ചു. അന്ന് ബാങ്കുകളുടെ ദേശസാല്‍ക്കരണം ഏറെ വിമര്‍ശനം വരുത്തി വച്ചുയെങ്കിലും പിന്നീട് ഇന്ത്യയുടെ ബാങ്കിംഗ് മേഖല കെട്ടുറപ്പുള്ളതാക്കാന്‍ കഴിഞ്ഞുയെന്നതാ ണ് അതിന്റെ നേട്ടം. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചു നിന്നത് ഇന്ദിരയുടെ ദീര്‍ഘവീക്ഷണ ത്തോടെയുള്ള സാമ്പത്തിക അടിത്തറയായിരുന്നു യെന്നത് സമ്മതിക്കാതെ വയ്യ. കല്‍ക്കരി, ഇരുമ്പ്, കോട്ടണ്‍ വ്യവസായമേഖല തുടങ്ങി ഇന്‍ഷുറ ന്‍സ് മേഖലവരെയുള്ളവയുടെ വളര്‍ച്ചയ്ക്ക് ഇന്ദിരാഗാന്ധി എന്ന മികച്ച ഭരണാധികാരിയുടെ കരുത്തുറ്റ നേതൃത്വമായിരുന്നുയെന്നതിന് യാതൊരു സംശയവുമില്ല.71-ലെ ഇന്ത്യ പാക്ക് യുദ്ധത്തിനുശേഷം പെട്രോള്‍ വ്യവസായരംഗത്ത് വന്ന പ്രതിസന്ധി മറികടക്കാന്‍ മൂന്ന് വന്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയത് അവരുടെ നേട്ടമായി കാണാം.

അങ്ങനെ അവരുടെ ഭരണനേട്ടങ്ങള്‍ നിരവധിയാണ്. എക്കാലവും ലോകം അറിയുന്ന ചുരുക്കം ചില ഇന്ത്യന്‍ നേതാ ക്കളില്‍ ഒരാളായിരന്നു ഇന്ദിരാ ഗാന്ധി. ലോകത്തില്‍ വനിതാ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്ദിരാഗാന്ധി. ആദ്യത്തെ വനിത പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ദാര നായകെ ആയിരുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ ലോകം കണ്ട ഏറ്റവും കരുത്തരായ രണ്ട് വനിതകളില്‍ ഒരാളായിരുന്നു ഇന്ദിര. മറ്റൊരാള്‍ ബ്രിട്ടീഷ് പ്രധാ നമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെയായിരുന്നു. താച്ചരെ ഉരുക്കുവനിത എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയെ കരുത്തിന്റെ വനിത എന്നായിരുന്നു വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ ഇന്ദിരയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചവര്‍ വളരെ വിരളമായിരുന്നുയെങ്കില്‍ മന്ത്രിസഭയില്‍ അതിനുപോലും ആരുമില്ലായിരുന്നുയെന്ന് പറയാം. അവരുടെ ഏറാന്‍മൂളികള്‍ മാത്രമായിരുന്നു മന്ത്രിസഭാംഗങ്ങള്‍. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയെന്ന് മിക്ക മന്ത്രിമാരും അറിഞ്ഞത് പിറ്റേ ദിവസത്തെ പത്രങ്ങളില്‍ക്കൂടിയാണെന്ന് പറയുമ്പോള്‍ അത് എത്ര മാത്രം ശരിയാണെന്ന് ഊഹിക്കാ വുന്നതേയുള്ളു.

പ്രധാനമന്ത്രിയുടെ ഏറ്റവും അടുപ്പമുള്ള ചുരുക്കം ചിലരുമായി ആലോചിച്ചായിരുന്നു സുപ്രധാന തീരുമാനങ്ങ ള്‍ എല്ലാം എടുത്തിരുന്നത്. മകന്‍ സഞ്ജയ്ഗാന്ധി പറക്കും സ്വാമി ധീരേന്ദ്രബ്രഹ്മചാരി എ ന്നിവരായിരുന്നു അതില്‍ ചിലര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പോലും സഞ്ജയ്ഗാന്ധിക്കായിരുന്നു. തന്നിഷ്ട ത്തോടെയുള്ള ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തികളായിരുന്നു സഞ്ജയ്ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു കൊണ്ട് ചെയ്തിരുന്നത്. കേന്ദ്രമന്ത്രിമാര്‍ കേവലം ജോലിക്കാര്‍ എന്ന രീതിയിലായിരുന്നു അദ്ദേഹം കണ്ടിരുന്നത്. സഞ്ജയ് ഗാന്ധിയുടെ കൂട്ടാളികളുടെ തേര്‍വാഴ്ചയായിരുന്നു അന്ന് ഡല്‍ഹിയിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്നിരുന്നതെന്നായിരുന്നു ആരോപണം. നിര്‍ബന്ധ കുടുംബാസൂത്രണം ഡല്‍ഹി കനോട്ട്‌പ്ലെയ്‌സില്‍ നിന്ന് ജ നങ്ങളെ ശീതീകരണ മാര്‍ക്കറ്റ് പണിയാന്‍ കുടിയൊഴിപ്പിച്ചത് തുടങ്ങി നിരവധി സംഭവങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചുയെന്നത് ഇന്ദിരക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ കാരണമായി. അലഹബാദ് ഹൈക്കോടതി വിധി അവര്‍ക്കെതിരായപ്പോള്‍ അത് ഇന്ത്യയുടെ കറുത്ത അദ്ധ്യാമെന്ന് ഇന്നും വിശേഷിപ്പിക്കുന്ന അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ഇന്ദിരയുടെ ഏറ്റവും വലിയ ഭരണ പരാജയമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടു ത്തിയത്.

അടിയന്തിരാവസ്ഥയെന്ന അടിച്ചമര്‍ത്തലില്‍ പിറന്ന സന്തതിയായ ജനതാ പാര്‍ട്ടിയുടെ കോണ്‍ഗ്രസ്സേതര മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ ഉത്തരവാദിത്വം ഇന്ദിരയില്‍ ചുമത്തി അവരെ ഇരുമ്പഴിക്കുള്ളിലാക്കി. അങ്ങനെ ചരിത്രം അവര്‍ക്ക് മറ്റൊരു പേരുകൂടി നേടിക്കൊടുത്തു. അഴിക്കുള്ളിലായ ആദ്യ മുന്‍ പ്രധാനമന്ത്രിയെന്ന്. ഇന്നും അതിനൊപ്പം മറ്റൊരു പേരുകൂടി വന്നിട്ടില്ലായെന്നത് എടുത്തു പറയേണ്ട ഒന്നു ത ന്നെയാണ്. ജനതാ മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ പേരില്‍ അവരെ അഴിക്കുള്ളിലാക്കിയെങ്കിലും ജനഹൃദയങ്ങളില്‍ നിന്ന് അവരെ പറിച്ചെറിയാന്‍ കഴിഞ്ഞില്ല. ഇന്ദിരയെ എതിര്‍ക്കാന്‍ വേണ്ടി വര്‍ക്ഷശത്രുക്കള്‍ ഒന്നായെങ്കിലും അത് കേവലം താല്‍ക്കാലികം മാത്രമായി, തമ്മിലടികൊണ്ട് തകര്‍ന്ന് ജനതാ സര്‍ക്കാരില്‍ ഇന്ത്യ അനാഥമാകുന്നുയെന്ന സ്ഥിതി സംജാതമായപ്പോള്‍ ഇന്ത്യ ഇന്ദിരയെ വിളിച്ചു. അത് നേതൃത്വത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായി. ഇന്ത്യയെ നയിക്കാന്‍ ഇന്ദിരക്കേ ആകൂ എന്നത് കേവലമൊരു മുദ്രാവാക്യമല്ല. അതൊരു സത്യമാണെന്ന് ജനം അതില്‍ക്കൂടി തിരിച്ചറിഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്ന് മാറി തന്റേതായ ലോകത്തേക്ക് ഒതുങ്ങിക്കൂടാന്‍ ഇന്ദിര തീരുമാനിച്ചപ്പോഴാണ് ജനം അവരെ തിരിച്ചു വിളിച്ചത്. ആ തിരിച്ചുവരവ് ഇന്ത്യയെ വളര്‍ച്ചയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി. ഖാലിസ്ഥാന്‍ വാദവുമായി ഭിദ്രന്‍വാല പഞ്ചാബില്‍ തീവ്രവാദത്തിന്റെ വിത്തുവിതച്ചപ്പോള്‍ അതിനെതിരെ മുഖം നോക്കാതെ നടപടിയെടുത്തു. സിഖ വംശത്തിന്റെ ഹൃദയഭാഗമെന്ന് വിളിക്കുന്ന സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് കയറി തീവ്രവാദത്തിന്റെ വിത്ത് വേരൊടെ പിഴുതെറിഞ്ഞപ്പോള്‍ അവര്‍ കരുതിയില്ല അത് തന്റെ ജീവനെടുക്കുമെന്ന്. 1984 ഒക്‌ടോബര്‍ 31ന് അവര്‍ കൊല്ലപ്പെടുമ്പോള്‍ ഇന്ദിര ഇല്ലാത്ത ഇന്ത്യയെ ന്തെന്ന് ജനം അറിഞ്ഞു. അവരുടെ കരുത്തും കഴിവും എത്രമാത്രമെന്ന് ജനം മനസ്സിലാക്കി. അതായിരുന്നു ഇന്ദിര. ഇന്ദിരയായിരുന്നു ഇന്ത്യ ഇന്ത്യയായിരുന്നു ഇന്ദിരയെന്ന് ഇന്നും ജനം പറയുന്നതില്‍ അതിശയോക്തിയില്ല. ഒക്‌ടോബര്‍ 31ന് അവരുടെ 33-ാം ചരമ വാര്‍ഷികവും നവംബര്‍ 19ന് അവരുടെ നൂറാം ജന്മദിനവുമാണ്. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ ആ വനിതക്കുശഷം ഇന്ത്യയുടെ നേതൃ ത്വത്തില്‍ മറ്റൊരു വനിതയും വന്നിട്ടില്ലായെന്നത് നിഷേധിക്കാനാവാത്ത അവരുടെ നേതൃത്വമാണ്. അവര്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.

Credits to joychenputhukulam.com