പ്രത്യേക ശ്രദ്ധയ്ക്ക്

കടല്‍ കടന്നൊരു മാത്തുക്കുട്ടി

രാജു മൈലപ്ര 2017-11-10 06:23:17am

അങ്ങിനെ കണ്ണടച്ചുതുറക്കുന്നതിനു മുന്‍പ് നവംബറിങ്ങെത്തി. പതിവില്ലാതെ കൊടുംതണുപ്പിനേയും കൂട്ടു പിടിച്ചാണ് വരവ്. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തു മനോഹരമായ ഒരു പാര്‍ക്കുണ്ട്- വേനല്‍ക്കാലത്തു ഞാനും ഭാര്യ പുഷ്പയും അവിടെ നടക്കുവാന്‍ പോകാറുണ്ട്.

'നീ മുന്നേ നടന്നോ- ഞാന്‍ പിറകേ എത്തിയേക്കാം' എന്നു പറഞ്ഞിട്ട് തടാകക്കരയിലുള്ള ഏതെങ്കിലും ഒരു ബെഞ്ചിലിരിക്കുകയാണ് എന്റെ പതിവ്. അങ്ങിനെ ഒരു ദിവസം- പതിവുപോലെ ഞാന്‍ ബെഞ്ചിലിരിക്കുകയായിരുന്നു. പുഷ്പയും നടത്തം കഴിഞ്ഞ് എന്നൊടൊപ്പം അവിടെയിരുന്നു.

തടാകത്തിന്റെ മറുകരയില്‍ക്കൂടി ഒരു മലയാളി നടന്നു പോകുന്നു. വെള്ളനിക്കറും, വരയന്‍ ബനിയനും, ഒരു തൊപ്പിയുമാണു വേഷം- കറങ്ങിത്തിരിഞ്ഞു അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി. അടുത്തു വന്നപ്പോഴാണ് ആളിനെ മനസ്സിലായത്. നമ്മുടെ മാര്‍ത്തോമ്മാക്കാരന്‍ മാത്തുക്കുട്ടി. ഞങ്ങളെ കണ്ടപ്പോള്‍ മാത്തുക്കുട്ടി വെളുക്കെ ചിരിച്ചു. 

'എന്താ-രണ്ടു പേരും കൂടി ഇവിടെയിരിക്കുന്നത്?'

'ഇന്നത്തെ നടത്തം മതിയാക്കി, വെറുതേ ഇരുന്നതാണ്.'
സാധാരണ ഇവിടെ നടക്കാന്‍ വരുമോ?'
'വല്ലപ്പോഴുമൊക്കെ.'

'ഞാന്‍ കഴിഞ്ഞ ഏപ്രിലില്‍ റിട്ടയര്‍മെന്റ് എടുത്തു.'

മാത്തുക്കുട്ടി ചെറിയൊരു സംഭാഷണത്തിനു തുടക്കമിടുകയാണെന്നു എനിക്കു മനസ്സിലായി. മിക്കവാറും ദിവസം ഇവിടെ വരും. വീട്ടിലിരുന്നാല്‍ ഉറക്കം വരും. പിന്നെ രാത്രിയില്‍ തീരെ ഉറങ്ങുവാന്‍ പറ്റുകയില്ല- ഞായറാഴ്ച പിന്നെ പളളീം പട്ടക്കാരനുമായിയൊക്കെ നടക്കും-' മാത്തുക്കുട്ടി ഒന്നു നിര്‍ത്തിയിട്ട് ഒരു പതിവു മലയാളിയുടെ ചോദ്യം എറിഞ്ഞു.

'നിങ്ങളേതു പള്ളിയിലാ പോകുന്നത്?'

'അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല- സൗകര്യം കിട്ടുന്നിടത്തൊക്കെ പോകും. എന്തെല്ലാം കള്ളത്തരങ്ങളാണ് ചിലയിടത്തൊക്കെ നടക്കുന്നത്? ചിലതൊക്കെ കാണുമ്പോള്‍ മടുപ്പു തോന്നും-' നൂറു ശതമാനം പള്ളിഭക്തയായ എന്റെ ഭാര്യ നെടുവീര്‍പ്പിട്ടു.

'ആരെന്തു കാണിച്ചാലും നമ്മളു പള്ളിക്കും, പട്ടക്കാര്‍ക്കുമെതിരായി ഒന്നും പറയരുത്. അവരു കേള്‍ക്കാതെ വല്ലതും പറയുന്നതില്‍ തെറ്റില്ല. അവരുടെ വയറ്റിപ്പിഴപ്പല്ലിയോ? അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുക- വേണ്ടാത്തതു വിട്ടു കളയുക.'മാത്തുക്കുട്ടിയിലെ ഉപദേശി ഉണര്‍ന്നു.

'അതിനു അച്ചന്മാരോടോ, തിരുമേനിമാരോടോ ഞങ്ങള്‍ക്കൊരു പിണക്കവുമില്ല. അവരോട് അങ്ങേയറ്റം സ്‌നേഹബന്ധവും ബഹുമാനവുമാണ്. അവരോടൊപ്പം കൂടെ നില്‍ക്കുന്ന ചില സില്‍ബന്ധികളാണു കള്ളത്തരം കാണിക്കുന്നത്. അവരാണു അച്ചന്മാരുടെ പേരു കളയുന്നത്-' ഞങ്ങള്‍ നയം വ്യക്തമാക്കി.

'രാജു, ഞാനൊരു സത്യം പറയാം-' മാത്തുക്കുട്ടി സ്വരം താഴ്ത്തി ചുറ്റും നോക്കി-' ഞാനും ദൈവവുമായി ഡയറക്റ്റ് ബന്ധമാണ്.'

'മനസ്സിലായില്ല.' മാത്തുക്കുട്ടിയോട് ഇരിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
'വേണ്ടാ- ഇരുന്നാല്‍ ഇരുന്നു പോകും.'

ഇതു കേള്‍ക്ക്- പണ്ടു സംസാരിക്കുമ്പോള്‍ എനിക്കു നല്ല വിക്കുണ്ടായിരുന്നു. നമ്മുടെ ചെറിയ ക്ലാസിലൊക്കെ പദ്യം കാണാതെ പഠിച്ച് ക്ലാസില്‍ ചൊല്ലണമായിരുന്നല്ലോ!

ഞാനെല്ലാം ശരിക്കു കാണാതെ പഠിക്കും, പക്ഷേ സാറു ചോദ്യം ചോദിച്ച് എന്റെയടുക്കല്‍ വരുമ്പോഴേക്കും നാവിറങ്ങിപ്പോകും. പദ്യം ചൊല്ലുമ്പോള്‍ വിക്കിപ്പോകുമോ എന്നൊരു പേടി. മറ്റു കുട്ടികളൊക്കെ കളിയാക്കുമോ എന്നൊരു പേടി. പിന്‍ ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ 'വിക്കന്‍ മാത്തു' എന്നു വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ചങ്കു തകരും.

പക്ഷേ, പരീക്ഷകളിലൊക്കെ വലിയ തരക്കേടില്ലാതെ വിജയിച്ചു. വിവാഹം കഴിഞ്ഞു. അമേരിക്കയില്‍ എത്തി. ടെസ്റ്റുകളിലൊക്കെ പാസ്സായി, ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസര്‍ പദവി വരെ എത്തി. കൂട്ടുകാരൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോള്‍, അതിലും വലിയ തമാശകള്‍ മനസ്സില്‍ വരാറുണ്ട്. പക്ഷേ അവതരിപ്പിക്കാനൊരു പേടി. ഇടയ്ക്കു വാക്കുകള്‍ തൊണ്ടയില്‍ തടയുമോ എന്ന വേവലാതി.

ഒരു പാടു രാത്രികളില്‍ ആരും കാണാതെ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അപ്പോഴാണു ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മ വന്നത്. ഞാന്‍ മുട്ടിപ്പായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു: 'ദൈവമേ, എന്റെ വിക്കു മാറ്റിത്തരണമേ! മാറ്റിത്തന്നേ പറ്റൂ. മാറ്റിത്തരാതെ ഞാന്‍ നിന്നെ വിടില്ല, എന്റെ അപേക്ഷ ഡിമാന്റായി.

'നീ പള്ളിയില്‍ പോകാറുണ്ടോ? എവിടെ നിന്നോ ദൈവത്തിന്റെ ശബ്ദം' 
പള്ളിയില്‍ പോകുമ്പോള്‍ വിശുദ്ധ വേദപുസ്തകം കൈയിലെടുക്കാറുണ്ടോ?'
'ഇല്ല.'

എന്നാല്‍ ഇനി മുതല്‍ പള്ളിയില്‍ പോകുമ്പോള്‍ വേദപുസ്തകം കൈയിലെടുക്കണം. പുരോഹിതന്മാരുടെ പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കണം. നിന്നെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ എഴുതി എടുക്കണം. മറ്റുള്ളവര്‍ എന്തു കരുതുമെന്നു കരുതി വേവലാതിപ്പെടരുത്.

'എന്റെ പൊന്നു രാജു, പുഷ്‌പേ, ഞാനതു പോലെ ചെയ്തു- പറഞ്ഞാല്‍ വിശ്വസിക്കുകയില്ല. എന്റെ വിക്ക് പരിപൂര്‍ണ്ണമായും മാറി. എനിക്കു നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കുവാന്‍ വേണ്ടി ഞാനിപ്പോള്‍ ആവശ്യത്തിലധികം സംസാരിക്കാറുണ്ട്. എനിക്കു വട്ടു പിടിച്ചോ എന്നു ചിലര്‍ക്കു സംശയമുണ്ട്. എന്റെ ഭാര്യ പോലും പറയുന്നത് ആ പഴയ വിക്കുള്ള സമയമായിരുന്നു. നല്ലതെന്ന്'- മാത്തുക്കുട്ടി ഹൃദയം നിറഞ്ഞു ചിരിച്ചു.

'നിങ്ങള്‍ക്ക് ബോറടിക്കുന്നുണ്ടെന്ന് എനിക്കറിയാം- ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ നിര്‍ത്തിക്കൊള്ളാം-' മാത്തുക്കുട്ടി മുന്‍കൂര്‍ ജാമ്യം എടുത്തു.

'ധൃതിയൊന്നുമില്ല- പറഞ്ഞോളൂ-' സത്യം പറഞ്ഞാല്‍ എനിക്കു അയാളുടെ സംസാരം കേട്ടിരിക്കുന്നതില്‍ രസം പിടിച്ചു തുടങ്ങിയിരുന്നു.

'രാജുവിനു വിവരവും വിദ്യാഭ്യാസവുമുള്ളതു കൊണ്ടു മാത്രം പറയുകയാ. അല്ലാതെ കണ്ട ആപ്പ ഊപ്പയോടൊന്നും ഞാന്‍ ആവശ്യമില്ലാതെ സംസാരിക്കാറില്ല.' കൂട്ടത്തില്‍ എന്നെ ഒന്നു കിളത്തുവാന്‍ മാത്തുക്കുട്ടി മറന്നില്ല. മാത്തുക്കുട്ടിയുടെ 'ആപ്പ-ഊപ്പ' ലിസ്റ്റില്‍ എന്റെ പേരില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കഭിമാനം തോന്നി.

'നീ കേട്ടോടി പുല്ലേ, ആമ്പിള്ളാര്‍ എന്നെക്കുറിച്ച് പറയുന്നത്? നിനക്കാണല്ലോ എന്നെ വലിയ പുച്ഛം?' ആ ചോദ്യം എന്റെ ഭാര്യയോടു ഞാന്‍ മനസ്സില്‍ ചോദിച്ചതാണ്.

'ഇതു കേക്ക്-' മാത്തുക്കുട്ടി ഞങ്ങളുടെ ശ്രദ്ധ വീണ്ടും ക്ഷണിച്ചു.

'നാലഞ്ചു തവണ എഴുതിയിട്ടും എന്റെ പെണ്ണുംപിള്ളക്ക് R.N.ലൈസന്‍സ് കിട്ടിയില്ല. 
കൂട്ടുകാരുടെ ഭാര്യമാര്‍ക്ക് എല്ലാവര്‍ക്കും ലൈസന്‍സു കിട്ടി. അവന്മാര്‍ക്കൊക്കെ ഒരു അഹങ്കാരം.
'എന്താടോ, തന്റെ പെണ്ണുംപിള്ള മാത്രം ടെസ്റ്റു പാസ്സാക്കാത്തത്?'

വീണ്ടും മുറിയില്‍ കയറി കതകടച്ചു കണ്ണീരോടെ പ്രാര്‍ത്ഥിച്ചു.

'അപേക്ഷ കേള്‍ക്കുന്നവനെ, എന്നെ ഉപേക്ഷിക്കരുതേ, അത്തവണ അവള്‍ക്ക്  ലൈസന്‍സ് കിട്ടി. ദൈവം വലിയവനാണു രാജു.'. എന്നാല്‍ ഞങ്ങള്‍ പോവുകയാ മാത്തുക്കുട്ടി- കുഞ്ഞിനെ സ്‌ക്കൂളില്‍ നിന്നും പിക്ക് ചെയ്യണം-' പുഷ്പക്ക് സംഭാഷണം നീട്ടുന്നതില്‍ വലിയ താല്‍പര്യം ഇല്ലെന്ന് എനിക്കു മനസ്സിലായി.

'ഈയിടെയെങ്ങാനാം നാട്ടില്‍ പോകുന്നുണ്ടോ?'- ലാസ്റ്റ് ക്വസ്റ്റന്‍-
'മിക്കവാറും അടുത്ത മാസം പോകും- ഒരു നീണ്ട അവധി.'

'എന്റെ രാജു ഞാന്‍ നാട്ടില്‍ ഒന്നാന്തരം ഒരു വീടുവെച്ചിട്ടുണ്ട്. അവിടെ കുറേ നാള്‍ പോയി താമസിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല.-'മാത്തുക്കുട്ടിയുടെ നിരാശ ഒരു നെടുവീര്‍പ്പായി പുറത്തു വന്നു.

'അതെന്താ?'  ഞാന്‍ കാരണം തിരക്കി. തിരക്കണമല്ലോ! 'ഇളയ പയ്യന്റെ കല്യാണം കഴിയാതെ റിട്ടയര്‍മെന്റ് എടുക്കില്ല എന്ന വാശിയിലാണു ഭാര്യ-mother-in-law ഒരു വല്യമ്മയാണെന്നു മരുമകള്‍ കരുതിയാലോ എന്നവള്‍ക്കൊരു പേടി. അതുകൊണ്ട് അവിടെയുമിവിടെയുമൊക്കെ കളറടിച്ച് വലിഞ്ഞ് വലിഞ്ഞ് അവള്‍ ജോലിക്കു പോകുന്നുണ്ട്.'

'പിന്നൊരു കാര്യം, ദൈവകൃപയാല്‍ ഇവിടെയും നാട്ടിലും ഇഷ്ടം പോലെ സ്വത്തുണ്ട്. നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുകയില്ല-എല്ലാത്തിനും അസൂയയാ, രണ്ടു BMW യും ഒരു ബെന്‍സും ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം? അനുഭവിക്കാനുമൊരു യോഗം വേണം. ഇതൊന്നും നമ്മള്‍ ആരോടും പറഞ്ഞുകൊണ്ടു നടക്കരുത്. അതു ദൈവത്തിനിഷ്ടമല്ല. നിങ്ങളോടായതുകൊണ്ടു ഞാന്‍ പറഞ്ഞതാണ്. 'അയ്യോ കുഞ്ഞിനെ പിക്കു ചെയ്യണ്ടായോ? നിങ്ങളു പൊയ്‌ക്കോ!'

ഞങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിട്ട് മാത്തുക്കുട്ടി വീണ്ടും നടന്നു തുടങ്ങി.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC