പ്രത്യേക ശ്രദ്ധയ്ക്ക്

അടിച്ചമർത്തപ്പെട്ട സ്ത്രീകളും സാമൂഹിക മാറ്റങ്ങളും

ജോസഫ് പടന്നമാക്കല്‍ 2017-11-11 11:14:29am

'പെണ്ണായി ജനിക്കുന്നവൾ ബാല്യത്തിൽ അച്ഛന്റെയും അമ്മയുടെയും യൗവ്വനത്തിൽ  ഭർത്താവിന്റെയും വാർദ്ധക്യത്തിൽ മക്കളുടെയും സംരക്ഷണയിലായിരിക്കണമെന്ന്'  മനുസ്മൃതി പറയുന്നു. മതത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ സ്വാതന്ത്ര്യം മോഹിച്ചു ജീവിക്കുന്ന അവൾ ഒരിക്കലും മോചിതയാവില്ല. സ്ത്രീയെ സൃഷ്ടിച്ചത് ബ്രഹ്മനെന്നു ഹൈന്ദവ പുരാണങ്ങൾ പറയുന്നു. ഒരേ സൃഷ്ടിയിൽ സ്ത്രീയും പുരുഷനുമായി ദ്വൈതഭാവമാണുള്ളത്. സന്താനോത്ഭാദനശക്തി, വംശപരമ്പരകൾ മുതലായവകൾ പുരുഷനും സ്ത്രീയുമായുള്ള ഈ സൃഷ്ടി വൈഭവത്തിൽ അടങ്ങിയിരിക്കുന്നു. സ്ത്രീയെന്നാൽ പ്രകൃതിയുടെ വരദാനമെന്നും ഭൂമിദേവിയുടെ മൂർത്തീകരണമെന്നുമെല്ലാം ഹിന്ദു ഗ്രന്ഥങ്ങളിൽ വായിക്കാം. ശക്തി സ്വരൂപണിയെന്നാണ് അവളുടെ മറ്റൊരു പേര്. അവളിൽ പരിശുദ്ധിയുടെ ഊർജം നിലകൊള്ളുന്നു. അവൾ മാതാവും 'അമ്മ ദേവതയും ദേവിയുമെല്ലാമാണ്.

ഇന്നുള്ള ലോകത്തിലെ മിക്ക മതങ്ങളും പുരുഷ ദൈവങ്ങളെ ആരാധിക്കുമ്പോൾ ഹിന്ദുക്കൾ സ്ത്രീ ദൈവങ്ങളെയും ദേവികളെയും ആരാധിക്കുന്നു.   ഭൂമി ദേവിയെ സ്ത്രീയുടെ പ്രതിച്ഛായയിൽ കാണുന്നു. ദൈവത്തിനും അനേകം കൂട്ടുകാരികളായി ദേവിമാരുമുണ്ട്. സ്ത്രീകളെ വാക്കാൽപോലും പീഡിപ്പിക്കാൻ പാടില്ലെന്ന് ഹിന്ദു നിയമസംഹിതകളിൽ എഴുതപ്പെട്ടിട്ടുണ്ട്. ജീവിതാവസാനം വരെ സ്ത്രീകളെ സംരക്ഷിക്കുകയെന്നതും പുരുഷന്റെ കടമയാണ്. അവളെ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലെന്നും ദൈവസന്നിധിയിൽ പ്രതിജ്ഞ ചെയ്യുന്നു. അതുപോലെ പ്രായമായ അമ്മയെയും ആശ്രയിച്ചു കഴിയുന്ന മക്കളെയും നോക്കാനുള്ള കടമയുമുണ്ട്. അങ്ങനെ പൗരാണിക തത്ത്വങ്ങളിൽ സ്ത്രീയെ വാനോളം പുകഴ്ത്തുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും സ്ത്രീയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തിൽ ഭൂരിഭാഗം സ്ത്രീകളുടെ ജീവിതം കഷ്ടമാണ്. അവൾ ദേവിയായിട്ടല്ല ഭർത്താവിന്റെ സേവികയായിട്ടാണ് ജീവിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാ മതങ്ങൾപോലെ ഹിന്ദുമതവും പുരുഷ മേധാവിത്വത്തിലുള്ളതാണ്. സ്ത്രീകൾക്ക് കുടുംബത്തിൽ രണ്ടാം സ്ഥാനമേയുള്ളൂ. സ്ത്രീയുടെ പ്രാഥമിക കടമ ഭർത്താവിനെ സഹായിക്കുകയെന്നു സ്മൃതികളും പുരാണങ്ങളും  പറയുന്നു.

സ്ത്രീയെ ശക്തിയും ദേവിയുമായി പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്ത്രീയുടെ സ്ഥാനം എന്നും സമൂഹത്തിൽ താണ നിലവാരത്തിലായിരുന്നു. അവൾ ശക്തിയുടെ മൂർത്തികരണമായിരിക്കാം. എന്നാൽ അവളുടെ ശക്തിയുടെ ഏജന്റ് എക്കാലവും പുരുഷനായിരിക്കും. അങ്ങനെ സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും സ്ത്രീയ്ക്ക്  പ്രഭാതം മുതൽ ജോലി ചെയ്യണം. ദേശീയ തലത്തിൽ സ്ത്രീകളും പുരുഷന്മാരുമായുള്ള എണ്ണത്തിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. പുരുഷന്മാരെക്കാളും സ്ത്രീകളുടെ ആയുസും കുറവായി കാണുന്നു.  വർഷംതോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരിക്കുന്നു. ആയിരം പുരുഷന്മാർക്ക്  തൊള്ളായിരം സ്ത്രീകളുള്ള അനുപാതമാണ് നിലവിലുള്ളത്.

ഭാര്യ ഭർത്താക്കന്മാരിൽ ഒരു സ്ത്രീയും ഒരു പുരുഷനും ചെയ്യേണ്ട ജോലികളെന്തെല്ലാമെന്ന് സ്മൃതികളിൽ വിവരിച്ചിട്ടുണ്ട്. ഭാര്യയെക്കാൾ ഭർത്താവിനാണ് കൂടുതലും ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും നിഷിപ്തമായിരിക്കുന്നത്. വേദങ്ങൾ പ്രകാരമുള്ള മതാചാരങ്ങൾ അനുഷ്ഠിക്കുന്നത് പുരുഷന്മാർ മാത്രം. മതാനുഷ്ഠാനങ്ങളിൽ അവർ നേതൃത്വം കൊടുക്കണം. പൂജാ കർമ്മങ്ങൾ സ്ത്രീകൾക്ക് ചെയ്യാൻ പാടില്ല. വീടിനുള്ളിൽ സ്ത്രീകൾക്ക് പൂജ ചെയ്യാം. എന്നിരുന്നാലും ബലിയിടുന്ന കർമ്മങ്ങൾ പുരുഷന്മാർക്കു മാത്രമേ ചെയ്യാൻ അവകാശമുള്ളൂ. സ്ത്രീ എന്നും പുരുഷന്റെ സംരക്ഷണയിലും ആശ്രയത്തിലുമായിരിക്കും. അമ്മയെന്ന നിലയിൽ അവർക്ക് കുഞ്ഞുങ്ങളെയും സംരക്ഷിക്കണം. ഭർത്താവിന്റെ പങ്കാളിയായി ഭർത്താവിനെയും, ഭർത്താവിന്റെ മാതാപിതാക്കളെയും ശുശ്രുഷിക്കണം.

പുരാണത്തിലെ ചാരിത്രവതികളായ സീതയെപ്പോലെയുള്ള സ്ത്രീകളെയാണ് മാതൃകയായി കാണുന്നത്. സ്ത്രീ മഹത്വത്തെപ്പറ്റി വാചാലമാകുമ്പോൾ സീതയും സത്യവതിയും പാഞ്ചാലിയും, ഗംഗയും കുന്തിയും ശകുന്തളയും വിഷയങ്ങളായി വരും. സ്വകാര്യ ജീവിതത്തിലും സ്ത്രീകൾ മഹത്തുക്കളായ ദേവിമാരെ  മാതൃകയാക്കാനാണ് ഗുരുക്കന്മാരും ഉപദേശിക്കുന്നത്. ശ്രീ രാമന്റെ സീതയ്ക്കും പാഞ്ചാലിക്കും കുന്തിക്കും പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അത്തരം പരീക്ഷണങ്ങൾ ഒരു സ്ത്രീ നേരിടാൻ തയ്യാറായിരിക്കണം. വിവാഹിതയായ ഹിന്ദു സ്ത്രീ ദാസിയെപ്പോലെയായിരിക്കണം. ഉത്തരവാദിത്വമുള്ള അമ്മയായിരിക്കണം. കുടുംബത്തിലുള്ള എല്ലാവരുടെയും ഇഷ്ടങ്ങൾ നോക്കി പരിചരിക്കുകയും അവരെ സ്നേഹിക്കുകയും വേണം.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയും  'സതി'യെന്ന ആചാരത്തിന്റെ വെളിച്ചത്തിൽ  ഒരു സ്ത്രീയുടെ ഭർത്താവു മരിച്ചു കഴിഞ്ഞാൽ ഭർത്താവിന്റെ ചിതയിൽ  ഭാര്യയും ചാടി ആത്മാഹുതി ചെയ്യണമായിരുന്നു. ബ്രിട്ടീഷ് സർക്കാർ നിയമം മൂലം പിന്നീട് സതി നിരോധിക്കുകയാണുണ്ടായത്.  1829-ൽ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ബെനഡിക് (Lord Bentinck) പ്രഭുവാണ്  'സതി' നിർത്തൽ ചെയ്തത്. വിധവകൾക്ക് വിവാഹം കഴിക്കാനുള്ള നിയമം 1856-ൽ പാസായി. വിവാഹിതരായുള്ള സ്ത്രീകളുടെ സ്വത്തവകാശ നിയമം 1874-ൽ പ്രാബല്യത്തിലും വന്നു. 1929-ൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം (ശാരദ ആക്ട്) നിരോധിച്ചു. അടുത്ത കാലത്തെ പരിഷ്ക്കരണമനുസരിച്ച് വിവാഹിതരാകാൻ പെൺക്കുട്ടികൾക്ക് പതിനെട്ടും ആൺക്കുട്ടികൾക്ക് ഇരുപത്തൊന്നും വയസുണ്ടായിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നൽകണമെന്ന നിയമവും നടപ്പിലാക്കി. സാമൂഹിക ചിന്തനീയമായ വിവിധ തരം നിയമങ്ങൾ കാലാകാലങ്ങളിൽ പാസായിട്ടും യാഥാസ്ഥിതിക മനോഭാവം പുലർത്തുന്നവരിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പാരമ്പര്യ ചിന്തകളെ മുറുകെ പിടിക്കാനാണ് ഹൈന്ദവരിലെ തീവ്ര മതതീക്ഷ്ണതയുള്ളവർ എക്കാലവും ചിന്തിച്ചിരുന്നത്.

സതി നിർത്തൽ ചെയ്ത ശേഷവും സ്ത്രീകളുടെ അവസ്ഥകൾ പഴയതിനേക്കാളും പരിതാപകരമായിരുന്നു. ഭർത്താവ് മരിച്ചു വിധവയായാൽ സമൂഹത്തിൽ നിന്നു അവർ തിരസ്ക്കരിക്കപ്പെടുമായിരുന്നു. വിധവയായ സ്ത്രീയ്ക്ക് യാതൊരു അന്തസ്സും കൽപ്പിച്ചിരുന്നില്ല. അവരുടെ മക്കളുടെ നിയന്ത്രണത്തിലോ ബന്ധുക്കളുടെ നിയന്ത്രണത്തിലോ കഴിച്ചുകൂട്ടണമായിരുന്നു. അവരെ എല്ലാ വിധത്തിലും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. ജീവിതം നിത്യവും യാതനകളിൽക്കൂടി കടന്നുപോയിരുന്നു. ചെറുപ്പക്കാരികളായ വിധവകളെങ്കിൽ ജീവിതം കൂടുതൽ അരാജകത്വം നിറഞ്ഞതുമായിരിക്കും. ഭർത്താവ് ചെറുപ്പത്തിലേ മരിക്കുന്നുവെങ്കിൽ അയാളുടെ അടുത്ത ബന്ധുക്കൾ വിധവയായി തീർന്ന സ്ത്രീയെ പഴിചാരുകയും കുടുംബത്തിനു വന്ന ദൗർഭാഗ്യവസ്ഥയ്ക്കു കാരണം സ്‌ത്രീയെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവളുടെ വലത്തുകാൽ കുത്തിയുള്ള ഭവന പ്രവേശനം കാലന്റെ വരവായും ചിത്രീകരിച്ചിരുന്നു. അങ്ങനെ വിധവകളുടെ ജീവിതം ക്ലേശകരവും ദുരിതങ്ങൾ നിറഞ്ഞതുമായിരുന്നു.

ഗുപ്ത രാജാക്കന്മാരുടെ കാലത്ത് സ്ത്രീകൾ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു.  രാജകീയ ഭരണ സംവിധാനങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളും പങ്കാളികളായിരുന്നു. ഉത്തരവാദിത്വങ്ങളുള്ള  ജോലികൾ  സ്ത്രീകൾ കൈകാര്യം ചെയ്തിരുന്നു. രാജകീയ ചർച്ചകളിൽ അവരും  പങ്കു ചേർന്നിരുന്നു. എന്നാൽ അങ്ങനെയുള്ള സ്ത്രീകളുടെ കാര്യനിർവഹണങ്ങൾ സമൂഹത്തിൽ ഉയർന്ന ജാതികൾക്ക് മാത്രമുള്ളതായിരുന്നു. താണ  ജാതികളിൽ സ്ത്രീ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ചാതുർവർണ്യം കൽപ്പിച്ചിരുന്ന ഭാരതത്തിൽ പുരുഷന്മാർക്കായിരുന്നു പ്രാമാണ്യമുണ്ടായിരുന്നത്. സ്ത്രീകൾക്ക് എന്തെങ്കിലും ബഹുമാനം കല്പിച്ചിരുന്നത് അവർ മകളായിരിക്കുമ്പോഴും അമ്മയായിരിക്കുമ്പോഴും, ഭാര്യയായിരിക്കുമ്പോഴും മാത്രമായിരുന്നു.

സ്വാതന്ത്ര്യം കിട്ടുന്നവരെ ഹിന്ദുക്കൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം ചെയ്യാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ സ്ത്രീകളെ സ്വന്തം വീട്ടിൽ വെപ്പാട്ടികളായി താമസിപ്പിക്കാൻ സാധിക്കുമായിരുന്നു. സമൂഹത്തിലെ ഉന്നതരും ഭൂപ്രഭുക്കളും, കച്ചവടക്കാരും മന്ത്രിമാരും വലിയ ഉദ്യോഗങ്ങൾ വഹിക്കുന്നവരും യാതൊരു സങ്കോചവും കൂടാതെ വ്യപിചാര ശാലകളിലും പോയിരുന്നു. അതേ സമയം വീട്ടിലുള്ള സ്ത്രീകളെ ജയിലറകൾക്ക് തുല്യമായി പാർപ്പിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ പര പുരുഷന്മാരുമായി സംസാരിക്കാൻപോലും അനുവദിച്ചിരുന്നില്ല. ഇത്തരം വൈകൃതങ്ങളായ നിയമങ്ങൾ മനുസ്മൃതിയിലും ഹിന്ദു പുരാണങ്ങളിലും എഴുതി ചേർത്തിട്ടുണ്ട്.  മനുസ്മൃതിയുടെ നിയമങ്ങൾ സ്ത്രീകളോട് യാതൊരു ദയയും പ്രകടിപ്പിക്കുന്നില്ല. അതിലെ സ്ത്രീ വിരുദ്ധങ്ങളായ നിയമങ്ങൾ ഹിന്ദുക്കൾ പാലിക്കാറില്ലെങ്കിലും രാജാക്കന്മാരുടെ കാലത്തു അത്തരം നിയമങ്ങൾ കർശനമായിരുന്നു. ഉയർന്ന ജാതികളിലെ കൊച്ചു പെൺപിള്ളേർ വൃദ്ധ പുരുഷന്മാരെ വിവാഹം കഴിക്കുന്ന വ്യവസ്ഥിതികളുമുണ്ടായിരുന്നു. ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്ന പെൺക്കുട്ടികളുടെ ജീവിതവും അങ്ങേയറ്റം ശോചനീയവും കഷ്ടതകൾ നിറഞ്ഞതുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാമൂഹിക പരിഷ്കർത്താക്കൾ സ്ത്രീകളുടെ നേരെയുളള വിവേചനങ്ങളെപ്പറ്റി ആദ്യമായി ശബ്ദം ഉയർത്തുവാൻ ആരംഭിച്ചത്. അവരിൽ രാജാ റാം  മോഹൻറായി,  ഈശ്വര ചന്ദ്ര വിദ്യാസാഗർ, ജ്യോതി ഫുലെ, എന്നിവർ ഉൾപ്പെടുന്നു. സ്ത്രീകളുടെ പൗര സ്വാതന്ത്ര്യം ഉയർത്തണമെന്നുള്ള ചിന്താഗതികളുമായി ദേശീയ തലത്തിലും സാമൂഹിക തലത്തിലും പരിഷ്‌കാര ചിന്താഗതിക്കാരായ ആചാര്യന്മാർ രംഗത്തു വന്നിരുന്നു. മഹാത്മാ ഗാന്ധിയും സാമൂഹിക  പരിഷ്കർത്താക്കളോടൊപ്പം മുമ്പിൽ തന്നെയുണ്ടായിരുന്നു. അതനുസരിച്ച് സ്ത്രീകൾ അടച്ചിട്ടിരുന്ന  മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തു വന്നു സ്വാതന്ത്ര്യ സമരത്തിലും പ്രവർത്തിക്കാൻ തുടങ്ങി. സ്വതന്ത്ര്യം കിട്ടി കഴിഞ്ഞു ഭരണഘടന എഴുതിയുണ്ടാക്കുകയും സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക നിലകളിൽ തുല്യ നീതിയും തുല്യ സ്വാതന്ത്ര്യവും നിയമാനുസൃതമാക്കുകയും  ചെയ്തു. സ്വതന്ത്രമായി ചിന്തിക്കാനും ആരാധിക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശങ്ങൾ നൽകി. ഭരണഘടന സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ അനുവദിച്ച വഴി സ്ത്രീകൾക്കും തങ്ങളുടെ അവകാശങ്ങൾ നേടുന്നതിനെപ്പറ്റി ഒരു ഉൾബോധവുമുണ്ടായി.

അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും വിവിധ തുറകളിൽ പരിഹാരം കാണാനും സാധിച്ചു. സരോജിനി നായിഡു, കമലാദേവി, ചതോപത്യയായ മുതലായ പേരുകേട്ട വനിതകളും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു വന്നു. വിജയ ലക്ഷ്മി പണ്ഡിറ്റ്, രേണു ചക്രവർത്തി മുതലായ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉയർന്നപ്പോൾ സ്ത്രീ ജനങ്ങളിൽ മാറ്റത്തിന്റേതായ ഒരു തുടക്കവും കുറിച്ചു . എന്നിരുന്നാലും സ്ത്രീകളിൽനിന്നും വരുമാനം ഇല്ലായ്‌മ, ജാതി വ്യവസ്ഥ, കുറഞ്ഞ വിദ്യാഭ്യാസം എന്നിവകൾ സ്ത്രീകളെ അപകർഷതാബോധത്തോടെ നയിച്ചിരുന്നു. ഒരു ദളിത സ്ത്രീ ഉയർന്ന ജാതിയിലുള്ള സ്ത്രീകളെക്കാൾ ഇരട്ടി വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഫാക്റ്ററി തൊഴിലാളികളെ ഫാക്ടറി ഉടമകൾ ചൂഷണം ചെയ്തു കൊണ്ടിരുന്നു. സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം കൊടുത്തിരുന്നു. ഭരണഘടന എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സ്ത്രീയെ എന്നും താഴ്ത്തികെട്ടുന്ന വ്യവസ്ഥകളാണ് സമൂഹം എന്നും  പുലർത്തിയിരുന്നത്.

സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്ന മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജോലിസ്ഥലത്തും വെല്ലുവിളികളെ പലപ്പോഴും നേരിടേണ്ടി വരുന്നു. ജാതിക്കു പുറത്തുള്ള സമൂഹത്തിൽ നിന്നും വിവാഹം കഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാവാം. ചില സമയങ്ങളിൽ വിവാഹിതരായവരെ കൊലയും ചെയ്യാറുണ്ട്. അല്ലെങ്കിൽ ഗ്രാമീണത്തലവന്മാർ അവരെ സമൂഹത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ തങ്ങളുടെ മകൾ എന്ത് പഠിക്കണമെന്ന കാര്യത്തിലും നിർബന്ധ സ്വഭാവം പ്രകടിപ്പിക്കുന്നു. ആരെ വിവാഹം കഴിക്കണമെന്ന കാര്യത്തിലും മാതാപിതാക്കളുടെ താല്പര്യവും കൂടി പരിഗണിക്കണം.

സ്വന്തം ഭവനത്തിലെ ബന്ധു ജനങ്ങളിൽ നിന്നുള്ള പീഡനവും സ്ത്രീകളെ അലട്ടുന്നു. സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യാറുമില്ല.  വധുവിനെ കത്തിക്കലും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ഇന്ത്യയിൽ വളരെയേറെയാണ്. പെൺകുഞ്ഞു ജനിക്കുകയാണെങ്കിൽ കുഞ്ഞിനെ ഇല്ലാതാക്കുന്നതും വടക്കേ ഇന്ത്യയിൽ സാധാരണമാണ്. കുഞ്ഞായിരിക്കുന്ന കാലങ്ങളിലും ആൺപിള്ളേർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കും. പെൺകുട്ടികളെ വേണ്ടവിധം മാതാപിതാക്കൾ സംരക്ഷിക്കുകയുമില്ല. സ്ത്രീ വിവേചനം ഗർഭപാത്രം മുതൽ തുടങ്ങുന്നതുകൊണ്ട് സ്ത്രീകൾ വളരെ കുറവായ അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പെൺകുട്ടികളെ ലൈംഗിക ജോലിക്കായി മാതാപിതാക്കൾ വിൽക്കുന്നു. അല്ലെങ്കിൽ അടിമ ജോലിക്കായി അയക്കുന്നു.

സ്ത്രീകൾക്കായി ചില പ്രത്യേക ജോലികൾ പാരമ്പര്യമായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതലും ബുദ്ധിമുട്ടും പ്രശ്നങ്ങൾ നിറഞ്ഞ ജോലികളും സ്ത്രീകൾക്കു ലഭിക്കുന്നു.  ദരിദ്രരായവർക്ക് കുടുംബം നില നിർത്തണമെങ്കിൽ സ്ത്രീകളും പുരുഷന്മാർക്കൊപ്പം കൂലിപ്പണിക്ക് പോവേണ്ടതായുണ്ട്. കൃഷിയിലും മരാമത്ത് പണികളിലും സ്ത്രീകൾ നിത്യവൃത്തിക്കായി ജോലി ചെയ്യുന്നു. സ്വകാര്യ കുടുംബ ബിസിനസിലും സ്ത്രീകൾ പങ്ക് വഹിക്കുന്നുണ്ട്. ടെക്സ്റ്റയിൽ, ചണം, കൽക്കരി, തോട്ട വ്യവസായങ്ങളിലും അനേക സ്ത്രീ തൊഴിലാളികളുണ്ട്. വീട്ടിലെ ജോലിയും, കന്നുകാലി വളർത്തലും കൃഷിയിൽ ഭർത്താവിനെ സഹായിക്കലും ഭക്ഷണം പാകം ചെയ്യലും സ്ത്രീകൾ ചെയ്യുന്നു. അടുപ്പിൽ തീ കത്തിക്കാൻ വിറകും പാത്രത്തിൽ വെള്ളവും ദൂരസ്ഥലങ്ങളിൽനിന്നു അവർ ചുമന്നു കൊണ്ട് വരണം. തൊഴിൽസ്ഥലത്തും സ്ത്രീ തൊഴിലാളികൾ സുരക്ഷിതരുമല്ല. നീണ്ട മണിക്കൂർ ജോലിയും തുച്ഛമായ പ്രതിഫലവും അവർക്ക് ലഭിക്കുന്നു.

ഭാരതീയ സംസ്ക്കാരത്തിൽ ഒരു സ്ത്രീയുടെ ചാരിത്ര്യത്തിന് അമൂല്യമായ വില കല്പിച്ചിട്ടുണ്ട്. ചെറു പ്രായത്തിലുള്ള വിവാഹവും ജീവിതാവസാനം വരെയുള്ള ഭാര്യ ഭർത്താക്കന്മാരുടെ വൈവാഹിക ബന്ധവും ഭാരതീയ കാഴ്ചപ്പാടുകളാണ്. വിവാഹം വേർപെടുത്തലും വിധവയായി ജീവിക്കലും ഒരു സ്ത്രീയെ ദൗർഭാഗ്യകരമായ അവസ്ഥയിൽ എത്തിക്കുന്നു. സ്ത്രീധനവും ആർത്തി പിടിച്ച പുരുഷന്റെ ധനമോഹവും സ്ത്രീയുടെ വൈവാഹിക ബന്ധത്തിന്റെ ഭാഗമാണ്. പുരുഷന്മാരിൽ ഉന്നത വിദ്യാഭ്യാസമുള്ളവരും സർക്കാർ ജോലിക്കാരും പ്രൊഫഷണൽ തൊഴിലുള്ളവരും വിവാഹിതരാകുമ്പോൾ വൻതുകകൾ സ്ത്രീധനം ആവശ്യപ്പെടുന്നു. വരുമാനമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവദിക്കാതെ ചില മാതാപിതാക്കൾ അവരെ ചൂഷണം ചെയ്യാറുമുണ്ട്. പെൺക്കുട്ടികൾക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിലുണ്ടെങ്കിലും സ്ത്രീധനത്തിന് കുറവ് വരില്ല. സ്ത്രീധനത്തിന്റെ അപര്യാപ്തതയിൽ വധുവിനെ കൊലചെയ്യുന്നതും നിത്യ സംഭവങ്ങളാണ്. വധു വീട്ടുകാർ കൂടെക്കൂടെ ഭർത്താവിന്റെ കുടുംബത്തിൽ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും എത്തിച്ചില്ലെങ്കിൽ യുവതിയായ ഭാര്യയെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും പീഡിപ്പിക്കുകയും ചെയ്യുന്നു. ജനിക്കുന്ന കുട്ടി പെണ്ണായാലും പഴി സ്ത്രീക്കായിരിക്കും. ചിലപ്പോൾ പുത്തൻ വധുവിനെവരെയും വീട്ടിൽനിന്നും പുറത്താക്കും. ഭർത്താവിന്റെ കുടുംബത്തിലെ പീഡനമേറ്റ മകളെ അവരുടെ മാതാപിതാക്കൾ സ്വന്തം വീട്ടിൽ കയറ്റാതെയുമിരിക്കും. ഭർത്താവുമായി വഴക്കുകൂടി മടങ്ങി വരുന്ന മകളെ അഭിമാന പ്രശ്നമായതിനാൽ തിരിച്ചു സ്വീകരിക്കാൻ തയ്യാറാവുകയുമില്ല. അവസാനം അവൾ ആത്മഹത്യ ചെയ്യുകയോ ബന്ധുജനങ്ങളാൽ കൊല ചെയ്യപ്പെടുകയോ ചെയ്യും.

ആധുനിക കാലത്തു സ്ത്രീകളെപ്പറ്റിയുള്ള പുരുഷലോകത്തിന്റെ സാമൂഹിക ചിന്താഗതികളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ആശ്വാസപ്രദമാണ്. സ്ത്രീകളുടെ ഇന്നത്തെ സാമൂഹികമായ വ്യവസ്ഥിതികൾ വിവരിക്കാൻ പ്രയാസമാണ്. നാനാവിധ സമൂഹങ്ങൾ ഇന്ന് സങ്കീർണ്ണങ്ങളായ ചിന്താഗതികളാണ് പുലർത്തിവരുന്നത്. ഗ്രാമീണരുടെ ജീവിതചര്യകളെക്കാൾ വ്യത്യസ്തമാണ് പട്ടണത്തിലെ ജനങ്ങളുടെ ജീവിതം. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവിത രീതി മറ്റൊരു തരത്തിലുമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയന്ത്രണങ്ങൾ ഗ്രാമീണ പ്രദേശങ്ങളിൽ നിലവിലുണ്ട്. അതുപോലെ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീകളും പാരമ്പര്യ വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികരാൽ അസ്വസ്ഥരാണ്. ഇക്കാര്യത്തിൽ സ്ത്രീകളുടെ സാമ്പത്തികമായ സുസ്ഥിരത ഒരു പ്രധാന ഘടകമായും കരുതണം.  അവരുടെ മെച്ചമായ വിദ്യാഭ്യാസം ചിലപ്പോൾ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബത്തിലെ മറ്റുള്ളവരുമായി സഹമനോഭാവത്തോടെ  ജീവിക്കാൻ സഹായകമാവുകയും ചെയ്യുന്നു.

കാലം മാറിയപ്പോൾ വിധവകൾക്കും മെച്ചമായ ജീവിതവും സൗകര്യങ്ങളും ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. വിധവകൾക്ക് പഴയ മാമൂലുകൾ ഭേദിച്ച് വീണ്ടും വിവാഹിതരാവുകയും ചെയ്യാം. ഇന്ന് ഭർത്താവ് മരിച്ച സ്ത്രീകൾക്ക് മറ്റുള്ളവരിൽനിന്ന് സഹതാപവും ലഭിക്കുന്നു. എന്നാലും കുടുംബത്തിൽ മറ്റു വിവാഹങ്ങൾ വരുമ്പോൾ ഇന്നും അവർക്കെതിരെ വിവേചനങ്ങളുണ്ട്. വിവാഹം പോലുള്ള  ആചാരങ്ങളിൽ അവരെ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തും. വിവാഹിതരായി ഭർത്താവ് ഉള്ളവരെ മാത്രമേ ആചാരങ്ങളിൽ പങ്കു കൊള്ളാനും ചില കർമ്മങ്ങളിൽ പങ്കാളിയാവാനും അനുവദിക്കുള്ളൂ.

ഗ്രാമീണ ജീവിതവുമായി കണക്കാക്കുമ്പോൾ പട്ടണ പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിത നിലവാരം വളരെയധികം വ്യത്യസ്തമാണെന്നു കാണാം. പട്ടണത്തിൽ താമസിക്കുന്നവരിൽ ഉന്നത ജോലികളുള്ളവരിൽ സ്ത്രീകളെയും കാണാം. ഡോക്ടർ, എൻജിനീയർ എന്നീ നിലകളിൽ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന അനേകം സ്ത്രീകളുമുണ്ട്. വിവാഹിതരായ സ്ത്രീകൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും വഹിക്കണം. പുരുഷന്മാരായിരിക്കും കുടുംബത്തെ നിയന്ത്രിക്കുന്നത്. നല്ല ശമ്പളത്തോടെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും കുടുംബ ഭാരത്തിൽ നിന്നും അവർ മുക്തരായിരിക്കില്ല. കുട്ടികളുടെ കാര്യവും അടുക്കള ജോലിയുടെ ചുമതലയും  വഹിക്കേണ്ടത് സ്ത്രീകളായിരിക്കണമെന്നുള്ള സാമൂഹിക കാഴ്ചപ്പാടിന് മാറ്റവും വന്നിട്ടില്ല.

സ്വതന്ത്ര  ഇന്ത്യ ടെക്കനോളജിക്കൽ യുഗത്തിൽക്കൂടി പരിവർത്തന വിധേയമായി കടന്നുപോവുന്നു. അതോടൊപ്പം സ്ത്രീകളുടെ സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകിയിട്ടുണ്ട്.  കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം  സ്ത്രീകൾക്കുവേണ്ടിയുള്ള  വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ അവരുടെ പുരോഗമനങ്ങൾക്കും   കാരണമായിരുന്നു. കഴിഞ്ഞ നൂറു വർഷങ്ങൾക്കിടയിൽ സ്ത്രീകൾ സാമൂഹികമായി വളരെയധികം മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ലാന്നു ചിന്തിക്കുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. വീട്ടു ജോലികൾ മാത്രം സ്ത്രീകൾ പഠിക്കുകയെന്ന ചിന്താഗതികളായിരുന്നു പുരുഷ ലോകത്തിനുണ്ടായിരുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുമെങ്കിൽ അവൾ വിധവയാകുമെന്ന അന്ധവിശ്വാസവും ചിലർ പൂലർത്തിയിരുന്നു. ഇത്തരം വിശ്വാസങ്ങൾ പുലർത്തുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾക്കും വിദ്യാഭ്യാസം നേടാനുള്ള വഴികൾ തുറന്നു കൊടുത്തിരുന്നത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കൾക്ക് സ്ത്രീകൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുകയെന്നത് എളുപ്പമായിരുന്നില്ല. അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. പിന്നീട് സ്ത്രീകളെ മിഡിൽ സ്‌കൂളിനപ്പുറം പഠിപ്പിക്കരുതെന്നായി. വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകിയാൽ പുരാതനകാലം മുതൽ കാത്തു സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങൾക്ക് കോട്ടം തട്ടുമെന്ന വിശ്വസമായിരുന്നു യാഥാസ്ഥിതിക ലോകത്തുണ്ടായിരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ  സ്ത്രീകൾക്ക് പുരോഗമനപാതയിൽ മാറ്റങ്ങളുണ്ടായെങ്കിലും ആഗോള നിലവാരത്തിൽ നോക്കുമ്പോൾ ഇന്ത്യൻ സ്ത്രീകൾ സാംസ്ക്കാരികപരമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നിലായിരുന്നു.  ഗ്രാമീണ പ്രദേശങ്ങളിൽ അവരുടെ വിദ്യാഭ്യാസ നിലവാരം പട്ടണപ്രദേശങ്ങളിൽ നിന്നും വളരെയധികം താഴെയാണ്. പെൺക്കുട്ടികളെ സ്‌കൂളിൽ അയക്കാത്ത കാരണം സാമൂഹികമായ പ്രശ്നങ്ങളും ഉടലെടുക്കുന്നു. പെൺക്കുട്ടികൾ വീടിനെ സഹായിക്കേണ്ടവരെന്ന ഒരു കാഴ്ചപ്പാടാണുള്ളത്. പാവപ്പെട്ട വീട്ടിൽ ആൺമക്കളെ മാത്രം സ്‌കൂളിൽ വിടുവാൻ മാതാപിതാക്കൾ താല്പര്യപ്പെടുന്നു. പെൺക്കുട്ടികൾ അവരുടെ ഇളയത്തുങ്ങളെ നോക്കിയും വീട്ടു ജോലികളും ചെയ്തു കഴിയുകയും വേണം.   പെൺക്കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതും അവരുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിനു തടസ്സമാകുന്നു. ചില സാമൂഹിക നിയന്ത്രണങ്ങളും അവരെ സ്‌കൂൾ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഗ്രാമ പ്രദേശങ്ങളിൽ സ്‌കൂളുകൾ വളരെയധികം ദൂരെയായിരിക്കുമെന്നതും മറ്റൊരു കാരണമാണ്.

ഭാരതത്തിലെ സ്ത്രീകൾ സ്വതന്ത്രരാവണമെങ്കിൽ ഇനിയും നീണ്ട പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും. ഇന്നുള്ളവരും അവരുടെ മനസ്ഥിതിയും സമൂലം ഇല്ലാതാകണം. ഇന്ത്യ മുഴുവനായുള്ള പുരുഷന്മാരുടെ മനസുകളിൽ പാരമ്പര്യം നിറഞ്ഞിരിക്കുന്നു. സ്ത്രീ, പുരുഷന്റെ ലൈംഗികാവശ്യത്തിനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ മാത്രമുള്ളവരെന്നും കരുതുന്നു. സ്ത്രീയെ അബലയായി കരുതുകയും തീരുമാനങ്ങൾ പുരുഷൻ മാത്രം  എടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്ത്രീകളെ സ്വതന്ത്രരാക്കുകയും ആത്മാഭിമാനമുള്ളവരാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കാം.  അവർക്ക് സ്വന്തം നിലയിൽ പരാശ്രയം കൂടാതെ ജീവിക്കാൻ തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കണം. കുടുംബം മാത്രം നോക്കുകയാണ് സ്ത്രീകളുടെ ജോലിയെന്ന മിഥ്യാ ധാരണയ്ക്കും മാറ്റങ്ങൾ കൂടെയേതീരൂ.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC