സാംസ്‌കാരിക വിശേഷങ്ങള്‍

മാര്‍ നിക്കോളോവോസ് സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭ സന്ദര്‍ശിച്ചു

ജോര്‍ജ് തുമ്പയില്‍ 2017-11-13 11:04:01am

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ  എക്യുമിനിക്കൽ റിലേഷൻസ് ഡിപ്പാർട്മെന്റ് പ്രസിഡന്റും  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷനുമായ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത, സെർബിയൻ പാത്രിയർക്കീസ് പരി. ഐറിനെജ് ഗാർവിലോവിച്ചിനെ ബോസ്നിയയിലെ ബിജെജ്ന തിയോടോക്കോസ് കത്തീഡ്രലിലെത്തി സന്ദർശിച്ചു.

സെർബിയൻ ഓർത്തഡോക്സ് സഭയുടെ സ്വോർനിക്കോ തുസ്ലങ്ക്സ ഭദ്രാസന ആസ്ഥാന കത്തീഡ്രലാണിത്. മലങ്കരസഭ എക്യുമിനിക്കൽ ഡിപ്പാർട്മെന്റ് സെക്രട്ടറി ഫാ. ഏബ്രഹാം തോമസ്, സെർബിയൻ സഭ എക്യുമിനിക്കൽ ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അശ്വിൻ സെഫ്രിൻ ഫെർണാണ്ട ിസ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

സെർബിയയുടെ മണ്ണിൽ പരീക്ഷണങ്ങളെ അതിജീവിച്ച് സഭ വളരുന്നതിലെ സന്തോഷം മാർ നിക്കോളോവോസ് പങ്കുവച്ചു. എട്ട് പതിറ്റാണ്ടിലേറെയായി മലങ്കര ഓർത്തഡോക്സ് സഭയും സെർബിയൻ സഭയുമായി തുടരുന്ന ഊഷ്മള ബന്ധത്തെയും മാർ നിക്കോളോവോസ് അനുസ്മരിച്ചു. മലങ്കര സഭയുടെയും പരി. ബസേലിയോസ് മാർതോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെയും ആശംസകളും സ്നേഹവും മാർ നിക്കോളോവോസ് പങ്കുവെയ്ക്കുകയും ചെയ്തു. സ്നേഹസമ്മാനമായി ഒരു സ്ലീബാ നൽകുകയും ചെയ്തു.

പരി.  ഐറിനെജ് പാത്രിയർക്കീസ് ബാവായുടെ സ്ഥാനാരോഹണം നടന്ന 2010ൽ മലങ്കരസഭയെ പ്രതിനിധീകരിച്ച് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പങ്കെടുത്തത് പരി.  ഐറിനെജ് അനുസ്മരിച്ചു. യോങ്കേഴ്സിലെ സെന്റ് വ്ലാഡിമിർ തിയളോജിക്കൽ സെമിനാരിയുടെ ട്രസ്റ്റി ബോർഡിൽ മാർ നിക്കോളോവോസും പരി. ഐറിനെജും അംഗങ്ങളാണ്.